കാലത്തിന്റെ അടയാളങ്ങള്‍

നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ!

Print By
about

31 - 10 - 2015

"സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). നിയമനിഷേധിയെ തിരിച്ചറിയാനുള്ള അടയാളമാണ് നാമിവിടെ വായിച്ചത്. ഈ നിയമനിഷേധിയില്‍ പ്രവര്‍ത്തിക്കുന്നതു സാത്താനായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. അതായത്, ദൈവത്തിന്റെ നിയമങ്ങളെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി പിശാചായിരിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ നിയമത്തില്‍നിന്നു മനുഷ്യനെ വ്യതിചലിപ്പിച്ചാല്‍ മാത്രമേ തന്റെ രാജ്യം വളര്‍ത്തുവാന്‍ സാത്താനു സാധിക്കുകയുള്ളു. ഭൂമിയില്‍ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയും, അതുവഴി നരകത്തിലേക്കു സകലരെയും നയിക്കുകയുമാണ് സാത്താന്റെ ലക്‌ഷ്യം!

നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും കൂടെയായിരിക്കുമെന്ന മുന്നറിയിപ്പും ഇവിടെ നല്‍കപ്പെട്ടിരിക്കുന്നു. അടയാളങ്ങളും അദ്ഭുതങ്ങളും അന്വേഷിച്ചു നടക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത് ഈ വെളിപ്പെടുത്തലില്‍ കാണാം. ആദ്ധ്യാത്മികതയുടെ പേരിലാണെങ്കില്‍പ്പോലും, അദ്ഭുതങ്ങളും അടയാളങ്ങളും സ്വീകരിക്കുന്നത് വളരെ കരുതലോടെയായിരിക്കണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. കാരണം, സാത്താനും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും! ബൈബിളില്‍ ഇതിനു വ്യക്തമായ തെളിവുകളുണ്ട്. മഹാപ്രവാചകനായ മോശയിലൂടെ എത്രയോ വലിയ അദ്ഭുതങ്ങളാണു യാഹ്‌വെ പ്രവര്‍ത്തിച്ചതെന്നു നമുക്കറിയാം. ഫറവോയുടെ മുമ്പില്‍ മോശ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളില്‍ ഒരെണ്ണം ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോടും അഹറോനോടും പറഞ്ഞു: ഫറവോ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്നപക്ഷം നീ അഹറോനോടു നിന്റെ വടിയെടുത്തു ഫറവോയുടെ മുന്‍പിലിടുക എന്നു പറയണം. അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് യാഹ്‌വെ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുന്‍പില്‍ ഇട്ടു. അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്‍മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു. അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു"(പുറ: 7; 8-12). ഇതിലൂടെ വ്യക്തമാകുന്ന വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്; എന്തെന്നാല്‍, എല്ലാ അദ്ഭുതങ്ങളും ദൈവത്തില്‍നിന്ന് ആയിരിക്കണമെന്നില്ല!

സാത്താന്റെ പ്രവര്‍ത്തനത്താല്‍ അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുമെന്നതിന് അനേകം തെളിവുകള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. മോശ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളില്‍ പലതും ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ചെയ്തു. നൈല്‍ നദിയിലെ ജലം രക്തമാക്കിയപ്പോഴും നാട്ടിലെങ്ങും തവളകളെക്കൊണ്ടു നിറച്ചപ്പോഴും മോശ ചെയ്തതുപോലെതന്നെ ഈജിപ്തിലെ മന്ത്രവാദികള്‍ക്കും ചെയ്യുവാന്‍ സാധിച്ചു. എന്നാല്‍, ഈജിപ്തിലെ പൂഴി മുഴുവനെയും മോശ പേനാക്കി മാറ്റിയതുപോലെ, ഈജിപ്തിലെ മന്ത്രവാദികള്‍ക്കു തങ്ങളുടെ മാന്ത്രികവിദ്യയാല്‍ സാധിച്ചില്ല. തങ്ങളുടെ മന്ത്രവിദ്യ ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഇവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: "അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: ഇവിടെ ദൈവകരം പ്രവര്‍ത്തിക്കുന്നു"(പുറ: 8; 19). തങ്ങളിലൂടെ പ്രവര്‍ത്തിച്ചതു ദൈവം ആയിരുന്നില്ലെന്ന ഏറ്റുപറച്ചില്‍ ഈ വാക്കുകളിലുണ്ട്. മോശയിലൂടെ പ്രവര്‍ത്തിച്ചതു ദൈവകരങ്ങളാണെന്നു സമ്മതിക്കുമ്പോള്‍, തങ്ങളിലൂടെ പ്രവര്‍ത്തിച്ച ശക്തിയുടെ പേര് വെളിപ്പെടുത്തുന്നില്ലെങ്കില്‍ക്കൂടി, ഈ ശക്തി ദൈവമല്ല എന്ന പ്രഖ്യാപനം അവരുടെ വാക്കുകളില്‍ വായിച്ചെടുക്കാന്‍ കഴിയും. ആയതിനാല്‍, അടയാളങ്ങളും അദ്ഭുതങ്ങളും അന്വേഷിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു!

മോശയുടെ കാലത്തു മാത്രമായിരുന്നില്ല മന്ത്രവാദികള്‍ ഉണ്ടായിരുന്നത്. അപ്പസ്തോലന്മാരുടെ കാലത്തുണ്ടായിരുന്ന ഒരു മന്ത്രവാദിയെക്കുറിച്ചു ബൈബിളില്‍ വായിക്കാന്‍ കഴിയും. പൗലോസും ബാര്‍ണബാസും സുവിശേഷം പ്രസംഗിച്ചുകൊണ്ട് പാഫോസ് എന്ന ദ്വീപിലൂടെ ചുറ്റിസഞ്ചരിക്കുമ്പോള്‍ ഒരു മന്ത്രവാദിയെ കണ്ടുമുട്ടുന്നുണ്ട്. ഇപ്രകാരമാണു ബൈബിളില്‍ അതു വായിക്കുന്നത്: "അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്രവാദിയെ കണ്ടുമുട്ടി. അവന്‍ ബര്‍-യേശുവ എന്നു പേരുള്ള യെഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു"(അപ്പ. പ്രവര്‍: 13; 6). യേഹ്ശുവായുടെ പേരുമായി സാമ്യമുള്ള പേരിലാണ് വ്യാജപ്രവാചകനും പ്രത്യക്ഷപ്പെട്ടതെന്നതു ശ്രദ്ധേയമാണ്. ഉപസ്ഥാനപതിയായ സേര്‍ജിയൂസ് പാവുളൂസിന്റെ സദസ്യനായിരുന്നു ഇയാള്‍. പൗലോസില്‍നിന്നു വചനം ശ്രവിക്കാന്‍ ആഗ്രഹിച്ച ഉപസ്ഥാനപതിയെ വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ഈ മന്ത്രവാദി ശ്രമിക്കുന്നതായി കാണാം. വ്യാജപ്രവാചകന്മാരുടെ അടയാളമാണിത്! അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട്‌ യഥാര്‍ത്ഥ സത്യത്തില്‍നിന്നും ആളുകളെ വ്യതിചലിപ്പിക്കുന്ന ശൈലി ഇവര്‍ അവലംബിക്കുന്നു. ഉപസ്ഥാനപതിയെ വചനം കേള്‍ക്കുന്നതില്‍നിന്നു തടസ്സപ്പെടുത്തിയപ്പോള്‍ പൗലോസ് എന്താണു ചെയ്തതെന്നു നോക്കുക: "പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന ശൗവുലാകട്ടെ, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അവന്റെ നേരേ സൂക്ഷിച്ചുനോക്കി പറഞ്ഞു: സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ട തയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍ നിന്നു വിരമിക്കയില്ലേ? ഇതാ യാഹ്‌വെയുടെ കരം ഇപ്പോള്‍ നിന്റെമേല്‍ പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും അന്ധകാരവും അവനെ ആവരണം ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു. ഈ സംഭവം കണ്ടപ്പോള്‍ ഉപസ്ഥാനപതി യേഹ്ശുവായുടെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു"(അപ്പ. പ്രവര്‍: 13; 9-12).

യാഥാര്‍ത്ഥ്യത്തില്‍നിന്നു നമ്മെ വ്യതിചലിപ്പിക്കുന്ന വിധത്തിലുള്ള വ്യാജമായ അടയാളങ്ങളുമായി സാത്താന്‍ നമ്മെ സമീപിച്ചുകൊണ്ടിരിക്കും. സത്യത്തെ സ്വീകരിക്കുന്നതിനു പകരമായി വ്യര്‍ത്ഥമായതിനെ സ്വീകരിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുകയാണ് അവന്റെ ലക്‌ഷ്യം. ഇക്കാര്യത്തില്‍ ജാഗ്രതയോടെ വര്‍ത്തിക്കാത്ത അനേകര്‍ വിശ്വാസത്തില്‍നിന്ന്‍ അകന്നുപോയിട്ടുണ്ട്! ദൈവജനത്തെ വ്യര്‍ത്ഥതയിലേക്കു നയിക്കുന്നവരെ നേരിടേണ്ടത് എങ്ങനെയാണെന്നു പൗലോസ് അപ്പസ്തോലന്‍ നമുക്കു സാക്ഷ്യം നല്‍കി! ആയതിനാല്‍, ദൈവജനത്തെ വഞ്ചിക്കുന്ന എല്ലാ വ്യാജ അടയാളങ്ങളെയും വിവേചിക്കുകയും ബന്ധിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വം നമ്മില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. വ്യാജമായ അടയാളങ്ങളെയും അദ്ഭുതങ്ങളെയും എങ്ങനെയാണു തിരിച്ചറിയാന്‍ സാധിക്കുന്നതെന്നു പിന്നീടു നമുക്കു പരിശോധിക്കാം. കാരണം, അതിനുമുന്‍പ്‌ മറ്റുചില വിഷയങ്ങള്‍ക്കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

ദൈവം ഉണര്‍ത്തുന്ന മിഥ്യാബോധം!

പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കര്‍ക്ക് എഴുതിയ രണ്ടാംലേഖനത്തിലെ ചില ഉദ്ധരണികളോടെയാണ് ഈ പഠനം നാം ആരംഭിച്ചത്. രണ്ടാമത്തെ അദ്ധ്യായത്തില്‍നിന്ന്‍ ഒന്‍പതുമുതല്‍ പന്ത്രണ്ടുവരെയുള്ള വാക്യങ്ങള്‍ നാം അവിടെ വായിച്ചു. പതിനൊന്നാമത്തെ വാക്യം ഇങ്ങനെയായിരുന്നു: "അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും"(2 തെസലോ: 2; 11). വ്യാജമായതിനെ വിശ്വാസിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധം അവരില്‍ ഉണര്‍ത്തുന്നത് ദൈവമാണെന്ന വെളിപ്പെടുത്തല്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടാകാം. ദൈവം ഉണര്‍ത്തുന്ന മിഥ്യാബോധാത്താലാണ് ഒരുവന്‍ വഴിതെറ്റിപ്പോകുന്നതെങ്കില്‍, അവരെ എന്തിനു കുറ്റപ്പെടുത്തണമെന്ന ചോദ്യവും ഉയര്‍ന്നുവന്നേക്കാം! ആയതിനാല്‍, ഇവരില്‍ ദൈവം എന്തിനാണു മിഥ്യാബോധം ഉണര്‍ത്തുന്നതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ആരംഭത്തില്‍ നാം വായിച്ച ബൈബിള്‍ വാക്യങ്ങളില്‍ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍, അതില്‍ത്തന്നെ ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ സാധിക്കും. നിയമനിഷേധിയുടെ ആഗമനത്തെക്കുറിച്ചു പറയുമ്പോള്‍, ആരാണ് ഇവന്റെ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടു വഴിതെറ്റുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. പത്താമത്തെ വാക്യം നോക്കുക: "സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും"(2 തെസലോ: 2; 10). സത്യത്തെ സ്നേഹിക്കുകവഴി രക്ഷപ്രാപിക്കാന്‍ വിമുഖത കാണിക്കുന്നവരെ ലക്ഷ്യമിട്ടാണ് സാത്താന്‍ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുന്നത്. അടയാളങ്ങളെയും അദ്ഭുതങ്ങളെയും അന്വേഷിച്ച് ഓടിനടക്കുന്ന ഇക്കൂട്ടര്‍, അടയാളങ്ങളിലും അദ്ഭുതങ്ങളിലും സത്യത്തെ തളച്ചിടുന്നു!

അദ്ഭുതങ്ങളും അടയാളങ്ങളും കാണുന്നിടത്തെല്ലാം ദൈവീകത ആരോപിക്കുന്നവരെയാണ് വിജാതിയര്‍ എന്നു വിളിക്കുന്നത്. അമാനുഷികമായ എല്ലാറ്റിലും ഇവര്‍ ദൈവീകത ആരോപിക്കുന്നു. പ്രകൃതിശക്തികളെ ആരാധിക്കുന്ന തരത്തിലേക്കു മനുഷ്യന്‍ തരംതാഴ്ത്തപ്പെട്ടത് ഇക്കാരണത്താലാണ്! വിജാതിയതയുടെ അടിസ്ഥാനംതന്നെ വിഗ്രഹങ്ങളാണെന്നു നമുക്കറിയാം. അമാനുഷികമായി തോന്നുന്നതും തങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയാത്തതുമായ വസ്തുക്കളെയും ജീവികളെയും ശക്തികളെയും ഇവര്‍ ദൈവങ്ങളായി പരിഗണിക്കുന്നു! വിജാതിയര്‍ ദൈവങ്ങളായി പരിഗണിച്ചു സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സകലതും പിശാചുക്കളാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുള്ളവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! പേരുകള്‍ക്കൊണ്ടോ വേഷഭൂഷാദികള്‍കൊണ്ടോ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ക്രിസ്ത്യാനികളായി ജീവിക്കുന്നവരെയല്ല മനോവ ഇവിടെ ഉദ്ദേശിച്ചത്. ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കായുള്ള ഏക നാമമായി യേഹ്ശുവായുടെ നാമത്തെ സ്വീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ദൈവമക്കളെ മാത്രമാണു ക്രിസ്ത്യാനികളായി മനോവ പരിഗണിച്ചിട്ടുള്ളൂ! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന വിഡ്ഢിത്തം വിളിച്ചുപറയുന്ന ഊളന്മാരെ പരിഗണിച്ചിട്ടില്ലെന്നുതന്നെ സാരം! മനോവയുടെ ഈ ആശയത്തിനു വ്യക്തമായ അടിത്തറയുണ്ട്; ഇതാണ് ആ അടിത്തറ: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20).

വിജാതിയരുടെ ആരാധനാലയങ്ങളിലും തീര്‍ഥാടനകേന്ദ്രങ്ങളിലും അദ്ഭുതങ്ങള്‍ നടക്കുന്നില്ലെന്നു പറയാന്‍ മനോവയ്ക്കു സാധിക്കില്ല. മരുന്നുകടകളില്‍ ലഭിക്കുന്ന ഏതെങ്കിലുമൊരു മരുന്നിനു രോഗസൗഖ്യം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എത്രകാലം ആ മരുന്ന് വിപണികളില്‍ നിലനില്‍ക്കും? വിജാതിയരുടെ ആരാധനാലയങ്ങളില്‍ അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതുകൊണ്ടു മാത്രമാണ് അവയൊക്കെ കാലങ്ങളായി നിലനില്‍ക്കുന്നത്. ഇവിടെയെല്ലാം അദ്ഭുതങ്ങള്‍ നടക്കുന്നുവെന്നതുകൊണ്ടു മാത്രം ഇവര്‍ സേവിക്കുന്ന മൂര്‍ത്തികളില്‍ ദൈവീകത അംഗീകരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, സത്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ സാത്താനൊരുക്കുന്ന കെണിയാണ്‌ ഇവയെല്ലാം. അടയാളങ്ങളിലൂടെയും അദ്ഭുതങ്ങളിലൂടെയും മനുഷ്യരെ വഴിപിഴപ്പിക്കുന്നതിനു സാത്താന്‍ ശ്രമിക്കും എന്നകാര്യം നാം വിസ്മരിക്കരുത്. ദൈവം നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതെ അവിടുത്തോടു ചേര്‍ന്നുനിന്നാല്‍ നാം വഞ്ചിതരാകുകയില്ല. സത്യത്തെ സ്നേഹിക്കുന്നതിനുപകരം അസത്യത്തെ സ്നേഹിക്കുന്നവര്‍ രക്ഷയില്‍നിന്നും വിദൂരത്താണെന്നു ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നതു നാം വായിച്ചു. രക്ഷയില്‍നിന്നു വിദൂരത്തായിരിക്കുന്നവരെ വഞ്ചിക്കാന്‍ സാത്താനു കഴിയും. മിഥ്യാബോധത്താല്‍ ഇവര്‍ വ്യാജമായതിനെ പുല്കുകയും തങ്ങളുടെ നാശം പൂര്‍ണ്ണമാക്കുകയും ചെയ്യും.

അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടു വഞ്ചിതരാകുന്നവരില്‍ ക്രൈസ്തവ നാമധാരികളുമുണ്ടെന്നതു നാം മറക്കരുത്. ക്രിസ്തീയതയെ വിജാതിയതയോടു ചേര്‍ത്തുവയ്ക്കാനും, എല്ലാ മതങ്ങളും ഒന്നാണെന്ന അബദ്ധധാരണ വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ആളുകളെ ക്രൈസ്തവരുടെയിടയില്‍ നാം കണ്ടിട്ടുണ്ട്. 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നപേരില്‍ വിശുദ്ധഗ്രന്ഥത്തെ അശുദ്ധഗ്രന്ഥമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരും മിഥ്യാബോധത്തിന് ഇരയാക്കപ്പെട്ടവരാണ്! ദൈവത്തെക്കുറിച്ചുള്ള അറിവില്‍ പക്വതപ്രാപിക്കാത്തവരായ ക്രൈസ്തവ നാമധാരികളാണ് അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടു വഴിതെറ്റിപ്പോകുന്നത്. വിജാതിയ ദേവന്മാരിലൂടെ സംഭവിക്കുന്ന അടയാളങ്ങളിലും അദ്ഭുതങ്ങളിലും ഇക്കൂട്ടര്‍ ദൈവീകത കാണുന്നു. യേഹ്ശുവാ അറിയിച്ച ഒരു വചനം ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ:17;3). ഈ അറിവില്‍ അപൂര്‍ണ്ണരായവര്‍ വഴിപിഴയ്ക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ട. ദൈവത്തെക്കുറിച്ചും അവിടുത്തെ രക്ഷയെക്കുറിച്ചുമുള്ള അറിവു നമുക്കു നല്‍കുന്നത് പരിശുദ്ധാത്മാവാണ്! ഈ സത്യാത്മാവിന്റെ സഹായത്താല്‍ വചനം പഠിക്കുകയല്ലാതെ, ദൈവത്തെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണത പ്രാപിക്കാന്‍ മറ്റു വഴികളൊന്നുമില്ല! വിജാതിയ ദേവന്മാരുടെ ആലയങ്ങളിലോ അവരെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലോ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് സത്യം കണ്ടെത്താന്‍ കഴിയുകയില്ല. മാത്രവുമല്ല, അപകടകരമായ ആശയങ്ങളിലേക്കു വ്യതിചലിച്ചുപോകാനുള്ള സാധ്യത ഏറെയുമാണ്! ഇത്തരത്തില്‍ വഴിപിഴച്ചുപോയ അനേകര്‍ ക്രൈസ്തവസഭകളിലുണ്ട്. യോഗാചാര്യന്മാരും വിജാതിയ അനുകരണത്തിന്റെ വക്താക്കളുമായി സഭകളില്‍ വിലസുന്നത് ഇക്കൂട്ടരാണ്! ക്രൈസ്തവ ആരാധനാലയങ്ങളില്‍പ്പോലും വിജാതിയ ദേവന്മാരുടെ മ്ലേച്ഛതകള്‍ സ്ഥാപിക്കാനും അവരുടെ ആഘോഷങ്ങള്‍ ഏറ്റെടുത്തു നടത്താനും ഇവര്‍ക്കുള്ള ആവേശം നാം കണ്ടിട്ടുണ്ട്!

ദൈവത്തോടു പൂര്‍ണ്ണമായി ചേര്‍ന്നുനില്‍ക്കാന്‍ വിമുഖത കാണിക്കുകയും, അവിടുന്ന് ആയിരിക്കുന്നതുപോലെ അവിടുത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ്‌ മിഥ്യാബോധത്തിനു ദൈവം വിട്ടുകൊടുക്കുന്നത്! എല്ലാ ദേവന്മാരെയും സത്യദൈവത്തോടു ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നവരെ നയിക്കുന്നതു മിഥ്യാബോധമാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട!

വഴിപിഴപ്പിക്കുന്ന അദ്ഭുതങ്ങള്‍!

"കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 24). ഭൗമീകരായ ആരെങ്കിലും നല്‍കിയ വെളിപ്പെടുത്തലല്ല നാമിവിടെ വായിച്ചത്. ആദിയില്‍ ഉണ്ടായിരുന്നവനും സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നവനും ദൈവത്തിന്റെ ഏകജാതനുമായ യേഹ്ശുവാ നല്‍കുന്ന മുന്നറിയിപ്പാണിത്! ഈ താക്കീതു ശ്രദ്ധിക്കുക: "ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്ഷപ്പെടുക കൂടുതല്‍ പ്രയാസമാണ്"(ഹെബ്രാ: 12; 25). യേഹ്ശുവാ നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകളെ സൂക്ഷമതയോടെ മനസ്സിലാക്കുകയും അതിനനുസരണമായി വ്യാപരിക്കുകയും ചെയ്‌താല്‍ ആര്‍ക്കും നമ്മെ വഴിതെറ്റിക്കാന്‍ സാധിക്കില്ല. എന്നാല്‍, മറ്റു മതങ്ങളിലും അവരുടെ ദേവന്മാരിലും രക്ഷയ്ക്കുള്ള സാദ്ധ്യതകളുണ്ടെന്നു കരുതുകയും, ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കണം. അവര്‍ ആരുതന്നെയായിരുന്നാലും നമുക്കുമേല്‍ അധികാരികളോ ഉപദേശകരോ ആയി അവരെ ദൈവം നിയോഗിച്ചിട്ടുമില്ല! ഈ താക്കീതുകൂടി ശ്രദ്ധിക്കുക: "മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്റേതാണ്. ഞാന്‍ പകരംവീട്ടും എന്നും യാഹ്‌വെ തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിന്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്"(ഹെബ്രാ: 10; 28-31). അവിടുത്തെ മുന്നറിയിപ്പുകളെ അവഗണിച്ചു മുന്നോട്ടു പോകുന്നവര്‍ ശിക്ഷയേല്ക്കാതിരിക്കുകയില്ല.

തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ചുകൊണ്ട് വ്യാജന്മാര്‍ പ്രത്യക്ഷപ്പെടുമെന്ന വചനത്തെ നാം നിഷേധിക്കരുത്. കാരണം, ഒരിക്കലും മാറ്റമില്ലാത്തതാണ് അവിടുത്തെ വചനങ്ങള്‍! ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവര്‍പ്പോലും അടയാളങ്ങളിലും അദ്ഭുതങ്ങളിലും ആകൃഷ്ടരായി അന്യദേവന്മാരെ ആദരിക്കുന്ന അവസ്ഥ കാണുമ്പോള്‍, വചനം നിറവേറുന്നതു നാം തിരിച്ചറിയണം. ഇതുതന്നെയാണു തിരഞ്ഞെടുക്കപ്പെട്ടവരുടെ വഴിതെറ്റല്‍!

പത്തോളം വര്‍ഷങ്ങള്‍ ആദ്ധ്യാത്മിക പഠനം നടത്തി പുറത്തിറങ്ങുന്ന വൈദീകര്‍ക്ക് സത്യദൈവത്തെയും അന്യദേവന്മാരെയും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍, ഇവരെല്ലാം ആയിരിക്കുന്നത് മിഥ്യാബോധത്തിന്റെ തടവറയിലാണ്. സ്വന്തം നാശത്തോടൊപ്പം അനേകരെ നശിപ്പിക്കാന്‍ ശേഷിയുള്ള ഇത്തരം വ്യാജപ്രവാചകന്മാരെ നാം സൂക്ഷിക്കണം! വിജാതിയമായ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ വിസമ്മതിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്ന വൈദീകര്‍ ഇന്നു വിവിധ സഭകളിലുണ്ട്. എന്നാല്‍, വിജാതിയതയിലെ പൊള്ളത്തരങ്ങളും പൈശാചികതയും തിരിച്ചറിഞ്ഞ അനേകം ചെറുപ്പക്കാരും ഇന്നു ക്രൈസ്തവ സഭകളിലുണ്ട്. വിജാതിയ ആഘോഷങ്ങളില്‍ പങ്കുചേരാതെ ഇവയിലെ തിന്മകള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ ഏറെപ്പേരും. നവമാധ്യമങ്ങളിലൂടെ ഇവര്‍ നടത്തുന്ന പ്രചാരണങ്ങള്‍ പ്രശംസനീയവുമാണ്. എന്നാല്‍, ഇത്തരം ചെറുപ്പക്കാരുടെ ആത്മവീര്യം കെടുത്തുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദീകവേഷധാരികള്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓണവും വിഷുവും ആഘോഷിക്കാത്തവരെ ആക്ഷേപിച്ചുകൊണ്ട് ഇവര്‍ അരങ്ങുതകര്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വ്യാജപ്രവാചകനാണ്‌ ഡാനി കപ്പൂച്ച്യന്‍! തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കാന്‍ ഇവനിലൂടെ സാത്താന്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ഇവന്റെ ഓരോ വാക്കുകളിലും വ്യക്തതയോടെ തിരിച്ചറിയാന്‍ കഴിയും. യേഹ്ശുവായിലൂടെയുള്ള രക്ഷയെക്കുറിച്ചു സംസാരിക്കാന്‍ ഇക്കൂട്ടര്‍ക്കു താത്പര്യമില്ല; മറിച്ച്, യേഹ്ശുവായിലൂടെയല്ലാതെ എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് ഇവറ്റകള്‍! ഇവരെക്കുറിച്ചു ബൈബിള്‍ പറയുന്നത് ഇതാണ്: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1 കോറി: 8; 2). 

കപട വിനയത്തോടെ കടന്നുവന്ന് ആശയപരമായി വഴിതെറ്റിക്കുന്നവരെപ്പോലെതന്നെ, അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അസത്യത്തിലേക്കു നയിക്കുന്ന ദുരാത്മാക്കളും ഈ ഭൂമിയില്‍ വ്യാപരിക്കുന്നുണ്ട്. ക്രിസ്തീയ ആദ്ധ്യാത്മികതയുടെ രൂപത്തിലും ഇത്തരം അടയാളങ്ങള്‍ സംഭവിക്കുന്നുവെന്നത് അപകടത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. യഥാര്‍ത്ഥ വിശ്വാസത്തില്‍നിന്നു വിശ്വാസികളെ പടിപടിയായി അകറ്റുന്ന അദ്ഭുതങ്ങളും അടയാളങ്ങളും നമുക്കിടയില്‍ സംഭവിക്കാറുണ്ട്. അടയാളങ്ങള്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നവരെ ഇത്തരം അദ്ഭുതങ്ങള്‍ വഴിതെറ്റിച്ചിട്ടുമുണ്ട്. സാദ്ധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് വ്യാജന്മാര്‍ കടന്നുവരുമെന്ന് യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പ് ഇതുമായി ചേര്‍ത്തുവായിക്കണം.

പ്രതിമകളില്‍നിന്നു തേനും പാലും രക്തക്കണ്ണീരും!

പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതിമയില്‍ അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. പ്രതിമകള്‍ ഉണ്ടാക്കരുതെന്നും അവയ്ക്ക് മുന്‍പില്‍ പ്രണമിക്കരുതെന്നും കല്പിച്ച ദൈവം പ്രതികളില്‍ അടയാളങ്ങള്‍ നല്‍കുമെന്ന് ചിന്തിക്കുന്നതുപോലും ദൈവദൂഷണമാണെന്ന് നാം അറിഞ്ഞിരിക്കണം. വിജാതിയരുടെ പൈശാചിക മൂര്‍ത്തികളുടെ വിഗ്രഹങ്ങളിലും ഇത്തരം അടയാളങ്ങള്‍ സംഭവിക്കാറുണ്ട്. ഗണപതിയുടെ മ്ലേച്ഛവിഗ്രഹം പാല് കുടിക്കുന്ന പൈശാചിക പ്രതിഭാസത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. പ്രതിമയ്ക്ക് ജീവന്‍ നല്‍കിക്കൊണ്ട് വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എതിര്‍ക്രിസ്തുവിന് അധികാരം നല്കപ്പെടുമെന്ന് വെളിപാടിന്റെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രവചനം ശ്രദ്ധിക്കുക: “ആകാശത്തുനിന്ന് ഭൂമിയിലേക്ക് തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അത് കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അത് ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ട് മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അത് ഭൂവാസികളോട് നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്ക് ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്ക് സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്”(വെളിപാട്: 13; 13-15). അതുകൊണ്ടുതന്നെ, അടയാളങ്ങള്‍ക്ക് പിന്നാലെപോകാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തയ്യാറായാല്‍, അവര്‍ എതിര്‍ക്രിസ്തുവിന്റെ ലാവണത്തില്‍ അകപ്പെടും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്തെന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന അടയാളങ്ങളും അദ്ഭുതങ്ങളുമായാണ് എതിര്‍ക്രിസ്തു രംഗപ്രവേശം ചെയ്യുന്നതെന്ന് നാം കണ്ടു.

അദ്ഭുതങ്ങളും അടയാളങ്ങളുമൊക്കെ വിശ്വാസത്തിലേക്ക് ഒരുവനെ നയിക്കുന്നതിനു കാരണമായേക്കാം. അതുപോലെതന്നെ, വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുന്നതിനു നിമിത്തമാകുന്ന അദ്ഭുതങ്ങളും സംഭവിക്കാറുണ്ട്. ഇവ തമ്മിലുള്ള അന്തരം തിരിച്ചറിയുകയെന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാകുന്നു. യേഹ്ശുവായെ ഏകരക്ഷകനായി സ്വീകരിക്കുന്നതിനും അതുവഴി ആത്മരക്ഷ പ്രാപിക്കുന്നതിനും കാരണമാകുന്ന അദ്ഭുതങ്ങളെ ദൈവീകമായി കരുതാം. ഈ അദ്ഭുതങ്ങള്‍ എങ്ങോട്ടാണു പരിണമിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഇവയിലെ നന്മയും തിന്മയും വിവേചിക്കേണ്ടത്. നന്മയുടെ രൂപത്തില്‍പ്പോലും തിന്മ കടന്നുവരാനുള്ള സാദ്ധ്യത നാം തള്ളിക്കളയരുത്! കാരണം, ബൈബിള്‍ നമുക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളിലൊന്ന് ഇപ്രകാരം വാ യിക്കുന്നു: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2 കോറി: 11; 14, 15). നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടി വരുന്ന അനീതിയുടെ ശുശ്രൂകരെ സംബന്ധിച്ചു മാത്രമല്ല ഈ മുന്നറിയിപ്പ്. നാശത്തിലേക്കു പടിപടിയായി നയിക്കുന്നതിനായി സാത്താന്‍ ഒരുക്കുന്ന അദ്ഭുതങ്ങളെയും നാം തിരിച്ചറിയണം. വിജാതിയ ദേവന്മാരിലൂടെ സംഭവിക്കുന്ന അടയാളങ്ങളെയും അദ്ഭുതങ്ങളെയും നാം പരിശോധിച്ചതാണ്. എന്നാല്‍, അതിനേക്കാള്‍ ഏറെ അപകടകരമായ വ്യാജ അടയാളങ്ങള്‍ നമ്മുടെയിടയില്‍ കണ്ടുവരാറുണ്ട്!

സുവിശേഷ പ്രഘോഷണ വേദികളില്‍ അനേകം അദ്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്നു നമുക്കറിയാം. ഇവിടെ പ്രഘോഷിക്കപ്പെടുന്ന വചനത്തെ സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് ഈ അടയാളങ്ങളും അദ്ഭുതങ്ങളും ദൈവം അനുവദിക്കുന്നത്. ബൈബിളിലെ വെളിപ്പെടുത്തല്‍ നോക്കുക: "അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് യേഹ്ശുവാ തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നല്‍കി"(അപ്പ. പ്രവര്‍: 14; 3). അതായത്, വചനത്തെ സാക്ഷ്യപ്പെടുത്തുകയെന്നതാണ് ദൈവത്തില്‍നിന്നുള്ള അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും  പ്രഥമ ലക്‌ഷ്യം. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ച യേഹ്ശുവായെ സാക്ഷ്യപ്പെടുത്തുവാന്‍ ദൈവം അനുവദിക്കുന്ന അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ട്. ഒരിക്കല്‍ യോഹന്നാന്റെ ശിഷ്യന്മാര്‍ യേഹ്ശുവായെ സമീപിച്ചു ചോദിച്ചു: "വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?"(മത്താ: 11; 3). യേഹ്ശുവാ അവരോടു പറഞ്ഞ മറുപടി ശ്രദ്ധിക്കുക: "യേഹ്ശുവാ പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു"(മത്താ: 11; 4, 5). യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ലക്ഷ്യമെന്തായിരുന്നുവെന്നുള്ള വെളിപ്പെടുത്തല്‍ ഈ വചനത്തിലുണ്ട്. ദൈവത്തില്‍നിന്നു വന്ന മ്ശിഹായാണു താനെന്നു ലോകത്തിനു സാക്ഷ്യം നല്‍കുവാനായിരുന്നു ഈ അടയാളങ്ങള്‍! വചനം പ്രഘോഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്ന അദ്ഭുതങ്ങളുടെ പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്! മരിച്ച ലാസറിനെ ഉയിര്‍പ്പിക്കുന്ന വേളയില്‍ യേഹ്ശുവാ പിതാവിന്റെ സന്നിധിയില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന ശ്രദ്ധിക്കുക: "യേഹ്ശുവാ കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്. ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക. അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു"(യോഹ: 11; 41-44).

ജനങ്ങളെ വിശ്വാസത്തിലേക്കു നയിക്കുക എന്നാതായിരുന്നു യേഹ്ശുവാ പ്രവര്‍ത്തിച്ച എല്ലാ അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ലക്‌ഷ്യം! എന്നാല്‍, യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളുടെ ഫലം അനുഭവിച്ചവരില്‍ അധികംപേരും വിശ്വാസത്തില്‍ നിലനിന്നില്ല എന്നതാണു സത്യം! അന്നത്തെപോലെതന്നെ അടയാളങ്ങളെയും അദ്ഭുതങ്ങളെയും കൗതുകത്തോടെ കാണുന്നവര്‍ ഇന്നുമുണ്ട്. അദ്ഭുതങ്ങള്‍ കാണാനും അതിനെക്കുറിച്ചു സംസാരിക്കാനും ഇക്കൂട്ടര്‍ക്കു വലിയ താത്പര്യമാണെങ്കിലും അല്പകാലത്തേക്കു മാത്രമാണ് ഇവര്‍ നിലനില്‍ക്കുന്നത്. യിസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കാനാന്‍ദേശത്തേക്കു നയിച്ച മോശയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ അനേകമായിരുന്നു. ചെങ്കടലിനെ രണ്ടാക്കി വിഭജിച്ചപ്പോള്‍ ആശ്ചര്യപ്പെട്ട ജനതയുടെ വ്യതിചലനം നാം കണ്ടതാണ്. ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ ക്ഷണനേരംകൊണ്ടു വിസ്മരിക്കുകയും, തങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന ദേവനാണെന്നു പറഞ്ഞുകൊണ്ട് കാളക്കുട്ടിയെ നിര്‍മ്മിച്ച്‌ ആരാധിക്കുകയും ചെയ്തവരാണ് യിസ്രായേല്‍ജനം! അതായത്, അടയാളങ്ങളെയും അദ്ഭുതങ്ങളെയും അടിസ്ഥാനപ്പെടുത്തി മാത്രം രൂപപ്പെടുന്ന വിശ്വാസത്തിന് ആഴത്തില്‍ വേരൂന്നാന്‍ സാധിക്കുകയില്ല; മറിച്ച്, ഹൃദയത്തില്‍ അനുഭവിച്ചറിഞ്ഞ വിശ്വാസമാണു നിലനില്‍ക്കുന്നത്.

അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കാന്‍ തയ്യാറായപ്പോഴും, അവയെ അമിതമായി ആശ്രയിക്കുന്നതിനെ യേഹ്ശുവാ പ്രോത്സാഹിപ്പിച്ചില്ല. താന്‍ ആരാണെന്നു തന്റെ ജനം അറിയുകയെന്നതു മാത്രമാണ് ഓരോ അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവിടുന്ന് ലക്ഷ്യമിട്ടത്. അദ്ഭുതങ്ങളുടെ ഫലം അനുഭവിക്കുകയെന്നതിനപ്പുറം ആത്മരക്ഷ ആഗ്രഹിക്കാത്ത ജനത്തോടുള്ള യേഹ്ശുവായുടെ പ്രതികരണം ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചതുകൊണ്ടാണ് നിങ്ങള്‍ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെമേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു"(യോഹ: 6; 26, 27). അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവിടുന്ന് ലക്ഷ്യമിടുന്നത് ആത്മരക്ഷ മാത്രമാണ്. ഇക്കാരണത്താല്‍ത്തന്നെ, ആത്മരക്ഷയിലേക്കു നയിക്കാത്ത അടയാളങ്ങളെ സൂക്ഷിക്കുകതന്നെ വേണം! യേഹ്ശുവാ ഇതു പറഞ്ഞപ്പോള്‍ ജനം അവിടുത്തോടു ചോദിച്ച ചോദ്യവും അതിന് അവിടുന്നു നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. ബൈബിളില്‍ ഇപ്രകാരം അതു രേഖപ്പെടുത്തിയിരിക്കുന്നു: "ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യേഹ്ശുവാ മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക? അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ അപ്പംകൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ വച്ചു മന്നാ ഭക്ഷിച്ചു. യേഹ്ശുവാ മറുപടി പറഞ്ഞു: സത്യം സത്യമായി  ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍നിന്ന്‍ അപ്പം തന്നത്; എന്റെ പിതാവാണ് സ്വര്‍ഗ്ഗത്തില്‍നിന്ന്‍ നിങ്ങള്‍ക്കു യഥാര്‍ത്ഥമായ അപ്പം തരുന്നത്. എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്കുന്നതത്രേ"(യോഹ: 6; 28-33).

യേഹ്ശുവായുടെ ഈ വാക്കുകള്‍ കേട്ടപ്പോഴും ജനം ആവശ്യപ്പെട്ടത് അപ്പമായിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇറങ്ങിവന്ന അപ്പം താനാണെന്ന് യേഹ്ശുവാ പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ യെഹൂദര്‍ക്കു കഴിഞ്ഞില്ല. അവര്‍ യേഹ്ശുവായ്ക്കെതിരേ പിറുപിറുത്തുവെന്നാണു ബൈബിളില്‍ വായിക്കുന്നത്. അതായത്, മനുഷ്യരില്‍ അധികംപേരും അടയാളങ്ങള്‍ അന്വേഷിക്കുന്നത് ഭൗതീക ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതന്നെയാണ് അടയാളങ്ങള്‍ അന്വേഷിക്കുന്നവരോട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തത്: "ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യോനാപ്രവാചകന്റെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരിക്കും. നിനെവേനിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത് എഴുന്നേറ്റ് ഇതിനെ കുറ്റംവിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട് അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍! ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, ശലോമോന്റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു വന്നെത്തി. ഇതാ, ഇവിടെ ശലോമോനെക്കാള്‍ വലിയവന്‍!"(മത്താ: 12; 39-42). വളരെ വലിയൊരു പ്രഖ്യാപനമാണ് യേഹ്ശുവാ ഇവിടെ നടത്തിയിരിക്കുന്നത്. എന്നാല്‍, ഈ വചനങ്ങളുടെ വ്യാപ്തി എത്രപേര്‍ പൂര്‍ണ്ണതയോടെ ഗ്രഹിച്ചിട്ടുണ്ടെന്നു മനോവയ്ക്കറിയില്ല! ആയതിനാല്‍, ചെറിയൊരു വിവരണമെങ്കിലും ഇവിടെ അനിവാര്യമായിരിക്കുന്നു.

യേഹ്ശുവാ നമുക്കു മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നത് രണ്ടു പ്രതീകങ്ങളാണ്. നിനെവേയിലെ നിവാസികളാണ് ഒരു പ്രതീകമെങ്കില്‍, ദക്ഷിണദേശത്തെ രാജ്ഞിയായ ശേബായാണു രണ്ടാമത്തെ പ്രതീകം. നിനെവേയിലെ നിവാസികള്‍ അടയാളം അന്വേഷിച്ചു കാത്തിരുന്ന ജനതയായിരുന്നില്ലെന്നു മാത്രമല്ല, അവര്‍ക്ക് ദൈവം അടയാളം നല്‍കിയുമില്ല. എന്നാല്‍, അവരുടെ അരികിലേക്കു യോനാഹ് പ്രവാചകനെ അവിടുത്തെ ദൂതുമായി അയച്ചു. താക്കീതിന്റെ ദൂതായിരുന്നു അത്! പാപത്തിന്റെ അന്ധകാരത്തില്‍ ജീവിച്ചിരുന്ന നിനെവേ നിവാസികള്‍ പശ്ചാത്തപിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ദൈവം അയയ്ക്കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ച് യോനാഹ് മുന്നറിയിപ്പു നല്‍കി! പ്രവാചകന്റെ താക്കീതു ഗൗരവമായി പരിഗണിച്ചതുകൊണ്ട് ആ ദേശവും അവിടെ വസിച്ചിരുന്ന ജനവും ശിക്ഷിക്കപ്പെട്ടില്ല. ആ ജനം രക്ഷപ്രാപിച്ചത് അടയാളമോ അദ്ഭുതമോ കണ്ടിട്ടായിരുന്നില്ല; മറിച്ച്, യോനാഹ് പ്രവാചകനിലൂടെ ദൈവം അറിയിച്ച വചനം സ്വീകരിച്ചതുകൊണ്ടായിരുന്നു. എന്നാല്‍, വരാനിരിക്കുന്ന തലമുറയ്ക്കു യോനാഹ് പ്രവാചകന്‍ ഒരു അടയാളമാണ്! യോനാഹിനെക്കാള്‍ വലിയവനുവേണ്ടി യോനാഹിലൂടെ ദൈവം ഒരുക്കിയ അടയാളം! യേഹ്ശുവായുടെ മരണത്തെയും ഉയിര്‍പ്പിനെയും സംബന്ധിക്കുന്ന അടയാളമായി യോനാഹ് ഉയര്‍ത്തപ്പെട്ടു! ഇനി നമുക്കു രണ്ടാമത്തെ പ്രതീകം പരിശോധിക്കാം.

ദക്ഷിണദേശത്തെ രാജ്ഞി ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ശലോമോന്റെ അരികിലെത്തിയത് അടയാളം അന്വേഷിച്ചായിരുന്നു. ശലോമോന്റെ വിജ്ഞാനത്തെക്കുറിച്ചുള്ള കേട്ടറിവാണു ശേബാരാജ്ഞിയെ ശലോമോന്റെയരികില്‍ എത്തിച്ചത്. കേട്ടറിഞ്ഞതിലെ യാഥാര്‍ത്ഥ്യം നേരിട്ടറിയാന്‍ അവള്‍ നടത്തിയ സന്ദര്‍ശനമായിരുന്നു അത്. അവളുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "അവള്‍ രാജാവിനോടു പറഞ്ഞു: ഞാന്‍ എന്റെ നാട്ടില്‍വച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവമാണ്. ഇവിടെ വന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ ഞാന്‍ അവ വിശ്വസിച്ചിരുന്നില്ല. അങ്ങയുടെ ജ്ഞാനത്തിന്റെ മാഹാത്മ്യത്തില്‍ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ടതിനേക്കാള്‍ എത്രയോ ശ്രേഷ്ഠനാണങ്ങ്!"(2 ദിന: 9; 5, 6). ശേബാരാജ്ഞി അന്വേഷിച്ച അടയാളം അവള്‍ കണ്ടെത്തുകയും ശലോമോനെ പുകഴ്ത്തുകയും ചെയ്തുവെന്നതായിരുന്നില്ല ശേബായെ ദൈവസന്നിധിയില്‍ സ്വീകാര്യയാക്കിയത്; മറിച്ച്, ശലോമോന്റെ വിജ്ഞാനത്തിനു പിന്നിലെ ദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്തുവെന്നതാണ് അവളുടെ സ്വീകാര്യത! അവളുടെ വാക്കുകള്‍ നോക്കുക: "തന്റെ രാജപീഠത്തില്‍ അങ്ങയെ രാജാവായി വാഴിക്കാന്‍ തിരുമനസ്‌സായ അങ്ങയുടെ ദൈവമായ യാഹ്‌വെ വാഴ്ത്തപ്പെട്ടവന്‍! അങ്ങയുടെ ദൈവം യിസ്രായേലിനെ സ്‌നേഹിക്കുകയും അവരെ എന്നേക്കും സുസ്ഥിരരാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് അവര്‍ക്കു നീതിയും ന്യായവും നടത്തിക്കൊടുക്കാന്‍ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നത്"(2 ദിന: 9; 8). ശേബാരാജ്ഞിക്കു ലഭിച്ച അടയാളത്തിലൂടെ അവള്‍ യിസ്രായേലിന്റെ ദൈവത്തെ തിരിച്ചറിഞ്ഞു. ഇത്തരത്തില്‍ ദൈവത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുവാന്‍ ഓരോ അടയാളങ്ങളും കാരണമാകുന്നുവെങ്കില്‍, ഈ  അടയാളങ്ങള്‍ ദൈവത്തില്‍നിന്നുള്ളതാണെന്നു മനസ്സിലാക്കാന്‍ സാധിക്കും.

അപ്പസ്തോലനായ പൗലോസിലൂടെ ദൈവം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: "യെഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു"(1 കോറി: 1; 22). വിജാതിയയായ ശേബാരാജ്ഞി അന്വേഷിച്ചതു വിജ്ഞാനമാണെങ്കിലും അവള്‍ക്ക് അതുവഴി അടയാളം കണ്ടെത്താന്‍ സാധിച്ചു. താന്‍ കണ്ടെത്തിയ അടയാളത്തിലൂടെ അവള്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. വിജാതിയതയുടെ പ്രതീകമായ ശേബാരാജ്ഞിയും വഴിപിഴച്ചുപോയവരില്‍നിന്നുള്ള വീണ്ടെടുപ്പിന്റെ പ്രതീകമായ നിനെവേ നിവാസികളും വിധിദിവസം കുറ്റംവിധിക്കുന്നത് അടയാളം അന്വേഷിക്കുന്ന തലമുറയെയായിരിക്കും. എന്തെന്നാല്‍, ഇവര്‍ അടയാളങ്ങള്‍ അന്വേഷിച്ചുവെങ്കിലും, തങ്ങള്‍ക്കു ലഭിച്ച അടയാളങ്ങളിലൂടെ ദൈവത്തോടു ചേര്‍ന്നുനില്‍ക്കാന്‍ തയ്യാറായില്ല! അടയാളം അന്വേഷിക്കുന്നവരെ ദുഷിച്ച തലമുറ എന്നു സംബോധനചെയ്യാന്‍ യേഹ്ശുവാ തയ്യാറായതും ഇക്കാരണത്താല്‍ത്തന്നെ!

ആത്മീയജ്ഞാനം നേടിയിട്ടില്ലാത്തവര്‍ അടയാളങ്ങള്‍മൂലം വഴിതെറ്റാനുള്ള സാഹചര്യം ഏറെയാണ്‌. അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ഉറവിടം എവിടെനിന്നാണെന്നു വിവേചിക്കാന്‍ കഴിയാത്തതാണ് ഈ വഴിതെറ്റലിനു കാരണം. ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം വായിച്ചത് ഇക്കാര്യംതന്നെയാണ്. സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും കൂടെയായിരിക്കുമെന്ന മുന്നറിയിപ്പിനെ നാം ഗൗരവമായി കാണണം. ആയതിനാല്‍, ഇനി മനോവ നല്‍കുവാന്‍ ശ്രമിക്കുന്ന ഉപദേശത്തെ അതിന്റെ ഉദ്ദേശശുദ്ധിയോടെതന്നെ പരിഗണിക്കണം. ആരെയെങ്കിലും കുറ്റപ്പെടുത്തുവാനുള്ള ശ്രമമായി ആരുമിതിനെ കാണരുത്; മറിച്ച്, തിരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങള്‍ വഴിതെറ്റിപ്പോകാതിരിക്കുവാനുള്ള ഉപദേശമായി മാത്രം ഇതിനെ കാണുക!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസങ്ങളിലും അനേകം അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാറുണ്ട്. വചനപ്രഘോഷണ വേദികളില്‍ മാത്രമല്ല, തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ഇത്തരം അടയാളങ്ങള്‍ സംഭവിക്കുന്നതായി നമുക്കറിയാം. പഞ്ചക്ഷതധാരികളായ ചില വ്യക്തികളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. ജപമാലയില്‍നിന്നു സുഗന്ധം വമിക്കുക, കന്യകാമറിയത്തിന്റെ ചിത്രത്തില്‍നിന്നും പ്രതിമകളില്‍നിന്നും രക്തക്കണ്ണീര്‍ പൊഴിയുക, തേനും പാലും ഒഴുകുക തുടങ്ങിയ അദ്ഭുതങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തവരായി നമ്മില്‍ ആരുതന്നെ ഉണ്ടാകില്ല. ലോകത്താകമാനം അനേകം ഇടങ്ങളില്‍ ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ നടന്നിട്ടുള്ളതും നമുക്കറിയാം. ഇവയിലെ സത്യവും മിഥ്യയും വേര്‍തിരിക്കുകയെന്ന കടമയല്ല മനോവ ഇവിടെ നിര്‍വ്വഹിക്കുന്നത്; മറിച്ച്, ഇവയിലൂടെ സംഭവിച്ചിട്ടുള്ളതും സംഭവിക്കാന്‍ സാദ്ധ്യതയുള്ളതുമായ അനുഗ്രഹങ്ങളും അപകടങ്ങളും ചൂണ്ടിക്കാണിക്കുവാനുള്ള ശ്രമമാണു മനോവ നടത്തുന്നത്.

ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെതന്നെ, ഇത്തരം അടയാളങ്ങളെയും അദ്ഭുതങ്ങളെയും നിഷേധിക്കാന്‍ മനോവയ്ക്കാകില്ലെന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. എന്നാല്‍, നൂറ് അദ്ഭുതങ്ങള്‍ ദൈവത്തില്‍നിന്നു വരുമ്പോള്‍ ഒരെണ്ണമെങ്കിലും പിശാചിന്റെ സംഭാവനയായി അവനും പ്രവര്‍ത്തിക്കുന്നുണ്ട്. മോശയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ അനുകരിച്ചുകൊണ്ട് പിശാചു നടത്തിയ പ്രവര്‍ത്തനങ്ങളെ ഉദാഹരണമായി പരിഗണിക്കാവുന്നതാണ്! യാഥാര്‍ത്ഥ്യം ഇതായിരിക്കെ, സത്യവും മിഥ്യയും വിവേചിക്കാന്‍ കഴിയാത്ത സാധാരണ വിശ്വാസികള്‍ അപകടത്തില്‍ പതിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെ അപകടത്തിലകപ്പെട്ട അനേകരെ മനോവയ്ക്കറിയാം. ചില വീടുകള്‍ കേന്ദ്രീകരിച്ചു നടത്തപ്പെടുന്ന ആദ്ധ്യാത്മിക കച്ചവടവും മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അടയാളങ്ങള്‍ക്കോ അദ്ഭുതങ്ങള്‍ക്കോ സാക്ഷികളായിട്ടുള്ള വ്യക്തികളെ ആള്‍ദൈവങ്ങളായി പരിഗണിക്കുകയും ഇവരിലൂടെ പ്രഖ്യാപിക്കപ്പെടുന്ന സന്ദേശങ്ങളെ സ്വര്‍ഗ്ഗീയദൂതായി കണക്കാക്കുകയും ചെയ്യുന്ന അവസ്ഥയും കുറവല്ല! ഇത്തരം വെളിച്ചപ്പാടുകളില്‍നിന്നു കേള്‍ക്കുന്ന സന്ദേശങ്ങളെ അടിസ്ഥാനമാക്കി ആത്മീയ ദിനചര്യകള്‍ ക്രമീകരിച്ചിരിക്കുന്നവരും അനേകരാണ്!

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ ഉപേക്ഷിക്കാന്‍ ഉപദേശിക്കുന്ന ദര്‍ശനക്കാര്‍മൂലം അപകടത്തില്‍പ്പെട്ട രോഗികളെക്കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാകാം. ആത്മീയതയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ചരിത്രം അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്നത് വ്യാജ അടയാളങ്ങളായിരിക്കും. പ്രതിമകളില്‍നിന്ന് ഒഴുകിയ തേനും പാലും രക്തവുമൊക്കെ ചിലരെയെങ്കിലും ഇത്തരത്തില്‍ വഴിതെറ്റിച്ചിട്ടുണ്ട്. ഇത്തരം പ്രതിഭാസങ്ങള്‍ അരങ്ങേറിയ വീടുകള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാവുകയും ആ ഭവനത്തിലെ അന്തേവാസികള്‍ അദ്ഭുത പ്രവര്‍ത്തകരോ ആള്‍ദൈവങ്ങളോ ആയി പരിഗണിക്കപ്പെടുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ദൈവവചനത്തില്‍ വ്യക്തമായ അടിത്തറയില്ലാത്തവരായ ചിലര്‍ തങ്ങളുടെ ചിന്തകളെയും ബോദ്ധ്യങ്ങളെയും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുന്ന അവസ്ഥയും ഇവിടങ്ങളില്‍ ഉണ്ടാകാറുണ്ട്. പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു പറഞ്ഞുവെന്നും പരിശുദ്ധാത്മാവു നല്‍കിയ സന്ദേശമാണെന്നും പറഞ്ഞുകൊണ്ട് ഇവര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ പലപ്പോഴും ദൈവവചനത്തിനു വിരുദ്ധമായിരിക്കും. പരിശുദ്ധാത്മാവില്‍നിന്നോ പരിശുദ്ധ കന്യകാമറിയത്തില്‍നിന്നോ വചനവിരുദ്ധമായ ആശയങ്ങളൊന്നും ഉദ്ഭവിക്കില്ലെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയിരിക്കണം. അല്ലാത്തപക്ഷം, എളുപ്പത്തില്‍ വഴിതെറ്റാനുള്ള സാദ്ധ്യതയുണ്ട്! വചനത്തെക്കാളുപരിയായി ദര്‍ശനക്കാരുടെ വെളിപാടുകളെ പരിഗണിക്കുന്നവര്‍ അപകടത്തില്‍ അകപ്പെട്ടുകഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം അവര്‍പോലും തിരിച്ചറിയുന്നില്ല! ബൈബിളിലെ വചനങ്ങളുമായി നീതിപുലര്‍ത്താത്ത ഉപദേശങ്ങള്‍ വിശുദ്ധരുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നതും ഗൗരവമായി കാണണം!

മറ്റൊരു അപകടമാണ് വ്യക്ത്യധിഷ്ഠിത മുന്നേറ്റങ്ങള്‍! സ്വതന്ത്രമായ ആത്മീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെങ്കിലും, ഒരു വ്യക്തിയുടെ ആശയങ്ങളില്‍ സകലരെയും തളച്ചിടുന്നത് ആദ്ധ്യാത്മികതയ്ക്കു ഭൂഷണമല്ല. ഓരോരുത്തരും സ്വതന്ത്രരാക്കപ്പെട്ടത് യേഹ്ശുവാ വഴിയാണ്. അതിനാല്‍ത്തന്നെ നാം ഓരോരുത്തരും വളരേണ്ടത് യേഹ്ശുവായില്‍ മാത്രമായിരിക്കണം. വ്യക്തികളും അവരുയര്‍ത്തുന്ന ആശയങ്ങളും ശ്രേഷ്ഠമാണെങ്കിലും, മനുഷ്യര്‍ ആരുംതന്നെ പൂര്‍ണ്ണരല്ല. ഈ ഭൂമിയില്‍ ജനിച്ചവരില്‍ പരിപൂര്‍ണ്ണനായ ഒരുവന്‍ മാത്രമേയുള്ളൂ. അതു മനുഷ്യനായ യേഹ്ശുവായാണ്! മറ്റേതെങ്കിലും വ്യക്തികളെയോ അവരുടെ ആശയങ്ങളെയോ അമിതമായി ആശ്രയിക്കുന്നതിലൂടെ ഈ വ്യക്തികളും അവരുടെ ആശയങ്ങളും നമ്മുടെ ജീവിതത്തില്‍ വിഗ്രഹങ്ങളായി മാറും. ഈ വ്യക്തികളിലൂടെയും ഇവരുടെ ആശയങ്ങളിലൂടെയുമായിരിക്കാം നാം ഒരുപക്ഷെ യേഹ്ശുവായെ അറിഞ്ഞത്. അതിനാല്‍ത്തന്നെ, ഈ വ്യക്തികളെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം. അപ്പസ്തോലനായ പൗലോസ് ഇക്കാര്യത്തില്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തന്റെ അദ്ധ്യാപകനു നല്‍കണം"(ഗലാ: 6; 6). നമുക്കു വചനം പകര്‍ന്നുതന്ന വ്യക്തിയേക്കാള്‍ വലിയൊരു അദ്ധ്യാപകന്‍ നമുക്കില്ല. ആയതിനാല്‍, ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തങ്ങളുടെ ഭൗതീക സമ്പത്തുകൊണ്ടും ഇവരെ അനുഗ്രഹിക്കണം. എന്നാല്‍, ഇവരിലേക്കു വളരുകയെന്നത് ദൈവഹിതമല്ല!

വ്യക്ത്യധിഷ്ഠിതമായ സഭകളിലൂടെയും ആത്മീയ മുന്നേറ്റങ്ങളിലൂടെയും നന്മകള്‍ ഉണ്ടാകാറില്ലെന്നു പറയാന്‍ മനോവയ്ക്കാവില്ല. അനേകം വ്യക്തികളെ ദൈവത്തിലേക്കു വളര്‍ത്തിയിട്ടുള്ള സഭകളും മുന്നേറ്റങ്ങളുമുണ്ട്. എന്നാല്‍, ഇവരുടെ ആത്മീയ വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി മാത്രമേ നമ്മളും വളരുകയുള്ളുവെന്ന ശാഠ്യം പാടില്ല. അതുപോലെതന്നെ, തങ്ങളിലൂടെ വചനം അറിഞ്ഞവര്‍ക്കു തങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു വളര്‍ച്ച പാടില്ലെന്നു നേതാക്കന്മാരും ചിന്തിക്കരുത്! വ്യക്ത്യധിഷ്ഠിത സഭകളിലും മുന്നേറ്റങ്ങളിലും കണ്ടുവരുന്ന തെറ്റായ പ്രവണതയാണിത്‌. ഇത്തരത്തില്‍ വിഘടിച്ചുപോയ അനേകം സഭകളും മുന്നേറ്റങ്ങളും ലോകത്തുണ്ട്. ഒരു വ്യക്തിയില്‍നിന്നോ സമൂഹത്തില്‍നിന്നോ ഉയര്‍ന്നുവരുന്ന ആശയങ്ങളെ വചനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും, സ്വീകരിക്കേണ്ടവ മാത്രം സ്വീകരിക്കുകയും ചെയ്യുക. മനോവ ഉയര്‍ത്തുന്ന ആശയങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടല്ല ഇതു പറയുന്നത്. ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഇന്നുവരെ ഒന്നും മനോവ പറഞ്ഞിട്ടില്ല. വചനത്തെ വചനംകൊണ്ടു മാത്രം വ്യാഖ്യാനിക്കുന്ന ആരോഗ്യപരമായ ശൈലി മാത്രമേ ഇന്നുവരെ മനോവ സ്വീകരിച്ചിട്ടുള്ളു. ഇതില്‍നിന്നു വ്യത്യസ്തമായ ശൈലി മനോവയില്‍ എന്നെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍, ആ നിമിഷംതന്നെ വായനക്കാര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകണം! മനോവ ഉയര്‍ത്തുന്ന ആശയങ്ങള്‍ വചനത്തോടു നൂറുശതമാനം ചേര്‍ന്നുനില്‍ക്കുന്നതാണെങ്കില്‍പ്പോലും ആരും മനോവയിലേക്കു വളരുകയോ മനോവയുടെ അനുയായികളായി മാറുകയോ അരുത്! കാരണം, മനോവതന്നെയും യേഹ്ശുവാ മ്ശിഹായുടെ അനുയായിയാണ്! മനോവയില്‍നിന്നു വചനത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പലരും ഇന്നു മനോവയോടൊപ്പമില്ല. ആത്മീയ ഉള്‍ക്കാഴ്ച്ചകളില്‍ ഇന്ന് മനോവയെക്കാള്‍ അനേകം മടങ്ങ്‌ വളര്‍ന്നതിനാലോ, മനോവയുടെ ആശയങ്ങള്‍ സത്യമല്ലെന്ന ധാരണയിലോ ആകാം ഇത്! കാരണം എന്തുതന്നെയായിരുന്നാലും ഇവരിലാരെയും മനോവ ശത്രുപക്ഷത്തു നിര്‍ത്തിയിട്ടില്ല; ആരെയും മനോവ പിന്തുടരുകയോ ആരുടെയെങ്കിലും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കുകയോ ചെയ്യാറുമില്ല! എന്തെന്നാല്‍, ദൗത്യത്തിന്റെ അതിര്‍വരമ്പുകള്‍ നന്നായി ഗ്രഹിച്ചുകൊണ്ടുതന്നെയാണു മനോവ ഇപ്പോഴും വ്യാപരിക്കുന്നത്!

അദ്ഭുതങ്ങളിലേക്കും അടയാളങ്ങളിലേക്കും നമ്മുടെ ചിന്തകളെ തിരികെക്കൊണ്ടുവരാം. അദ്ഭുതങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ എങ്ങനെ നാം വിവേചിക്കും? ഒരുവനെ ആത്മീയ ഉത്കര്‍ഷത്തിലേക്കാണു നയിക്കുന്നതെങ്കില്‍ അദ്ഭുതങ്ങളും അടയാളങ്ങളും ദൈവത്തില്‍നിന്നാണെന്നു മനസ്സിലാക്കാം. എന്നാല്‍, ബൈബിളിലെ പ്രവചനങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ സന്ദേശം ഇവിടെ പ്രചരിപ്പിക്കപ്പെടുകയോ വചനവിരുദ്ധ ആശയങ്ങളിലേക്ക് ആരങ്കിലും നയിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഈ അടയാളങ്ങള്‍ക്കും അദ്ഭുതങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ ആത്മാവല്ല! ആയതിനാല്‍, അടയാളങ്ങളെയും അദ്ഭുതങ്ങളെയും പിന്‍പറ്റുന്നവര്‍ തീര്‍ച്ചയായും ദൈവീക നിയമങ്ങളെയും പ്രവചനങ്ങളെയും സംബന്ധിച്ചു വ്യക്തമായ അവബോധം നേടിയിരിക്കണം. അടയാളങ്ങളും അദ്ഭുതങ്ങളും അപ്പാടെ നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുന്നതാണ് ആത്മീയ ഉന്നതിക്കു കൂടുതല്‍ അഭികാമ്യം. അടയാളങ്ങളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിലൂടെ അപകടം കടന്നുവരും എന്നകാര്യവും നാം വിസ്മരിക്കരുത്. കാരണം, ദൈവത്തില്‍നിന്നുള്ള ഒരു അടയാളമോ അദ്ഭുതമോ നാംമൂലം അവഹേളിക്കപ്പെട്ടാല്‍ അതിലൂടെ നമ്മുടെ ഭവനങ്ങളിലേക്കു ശാപം കടന്നുവരുന്നതിനു കാരണമായേക്കാം. ഇക്കാരണത്താല്‍ത്തന്നെ, അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതായി അറിഞ്ഞാല്‍, അവയ്ക്കുപിന്നാലെ ഓടാതിരിക്കുന്നതാണ് ഉത്തമം! ഒരു വിശ്വാസിയുടെ ആദ്ധ്യാത്മികതയ്ക്ക് തിളക്കം കൂട്ടാന്‍ അദ്ഭുതങ്ങളോ അടയാളങ്ങളോ അനിവാര്യമായ ഘടകമല്ല. ഇതിനാലാണ് യേഹ്ശുവാ ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). 

അദ്ഭുതങ്ങളും അടയാളങ്ങളും എല്ലായ്പ്പോഴും ദൈവത്തില്‍നിന്ന് ആകണമെന്നില്ല. ദൈവത്തില്‍നിന്നല്ലാത്ത അടയാളങ്ങള്‍ ആദ്ധ്യാത്മികമായ അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും എന്നകാര്യം ആരും വിസ്മരിക്കരുത്! രോഗസൗഖ്യങ്ങളില്‍പ്പോലും അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അന്തിമമായി ഒരുവനെ നാശത്തിലേക്കു നയിക്കുന്നതിനായി താത്ക്കാലിക നന്മകള്‍ നല്‍കുവാന്‍ സാത്താന്‍ തയ്യാറാണ്! ചില വ്യക്തികള്‍ക്ക് അദ്ഭുത രോഗശാന്തി നല്‍കുവാനുള്ള വരമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് അനേകരെ ആകര്‍ഷിക്കുന്ന ശൈലി ക്രിസ്തീയ ആദ്ധ്യാത്മികതയുടെ പേരിലും കണ്ടുവരാറുണ്ട്. തങ്ങള്‍ക്കു രോഗസൗഖ്യമോ സാമ്പത്തീക തകര്‍ച്ചകളില്‍നിന്നുള്ള വിടുതാലോ ലഭിക്കുന്നതിനു കാരണമായിട്ടുള്ള കൂട്ടായ്മയോടു ചേര്‍ന്നുനില്‍ക്കുകയെന്നത് സ്വാഭാവികമാണ്. രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ച വ്യക്തിയെ ദൈവത്തെപ്പോലെ കാണുകയും ഈ വ്യക്തിയുടെ പ്രബോധനങ്ങളെ അപ്പാടെ വിഴുങ്ങുകയും ചെയ്യുന്ന രീതി അപകടം വരുത്തിവയ്ക്കുന്നു. യഥാര്‍ത്ഥ സത്യത്തില്‍നിന്നു വ്യതിചലിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഇത്തരം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ സാത്താനും ശ്രദ്ധാലുവാണെന്നു മറക്കരുത്! അബദ്ധങ്ങളിലേക്ക് ഒരുവനെ നയിക്കാന്‍ ആദ്ധ്യാത്മിക ശുശ്രൂഷകളെപ്പോലും സാത്താന്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. ദൈവീക നിയമങ്ങളും ദൈവവചനവും പരിശോധിച്ചു മാത്രമേ ആത്മീയ ശുശ്രൂഷകളെപ്പോലും സ്വീകരിക്കാവൂ. കണ്ണില്‍ക്കാണുന്ന എല്ലാ ധ്യാന മന്ദിരങ്ങളിലും വചനപ്രഘോഷണ വേദികളിലും ഓടിനടക്കുന്നത് ആത്മീയതയില്‍ ആരോഗ്യപരമായ പ്രവണതയല്ല!

ഒന്നോ രണ്ടോ ധ്യാനങ്ങളില്‍ പങ്കെടുത്ത അനുഭവം മാത്രം കൈമുതലായിട്ടുള്ള ആത്മീയ ഉപദേഷ്ടാക്കളും നമുക്കിടയിലുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ കത്തോലിക്കാസഭയ്ക്കു ലഭിച്ച അനേകം നന്മകളുടെ ചൈതന്യം കെടുത്തുന്ന ഇത്തരം നീക്കങ്ങളെയും നാം ശ്രദ്ധിക്കണം. കാരണം, ഇക്കൂട്ടരുടെ വികലമായ കാഴ്ചപ്പാടുകളെ ദൈവത്തില്‍നിന്നുള്ള വെളിപാടുകളായി തെറ്റിദ്ധരിക്കുന്ന വിശ്വാസികള്‍ അപകടത്തിലാണ്! ദൈവവചനത്തെക്കാളും ദൈവീകനിയമങ്ങളെക്കാളും ഉപരിയായി ദര്‍ശനങ്ങളെ ആശ്രയിക്കുന്ന അനേകരുണ്ട്. ആത്മീയതയില്‍ ഉയരുക എന്നതിനേക്കാള്‍, തങ്ങളുടെ ഭാവി പ്രവചിക്കുന്നതു കേള്‍ക്കാനാണ്‌ ഇവര്‍ക്കു താത്പര്യം! ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത് ദൈവാത്മാവാണെന്നു കരുതരുത്.

ഈ മുന്നറിയിപ്പിനെ ഗൗരവമായി കാണുക: "മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടുകൂടെ വ്യര്‍ത്ഥമായി അഹങ്കരിക്കുന്നവരത്രേ"(കൊളോ: 2; 18). വേറിട്ട ശൈലികളും ആശയങ്ങളുമായി ഉയര്‍ന്നുവരുന്ന അവതാരങ്ങള്‍ക്ക് ആത്മീയമേഖലയില്‍ ഒരുകാലത്തും ദൗര്‍ലഭ്യമുണ്ടായിട്ടില്ല!

ദൈവത്തില്‍നിന്നുള്ള അടയാളം!

ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളെയും അടയാളങ്ങളെയും തിരിച്ചറിയാന്‍ എങ്ങനെ സാധിക്കും? സാത്താനും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെങ്കില്‍, ഇവന്റെ അദ്ഭുതങ്ങളില്‍നിന്ന് ദൈവത്തിന്റെ അദ്ഭുതങ്ങളെ വേറിട്ടു മനസ്സിലാക്കാന്‍ എന്ത് അടയാളമാണു നമുക്കു മുന്‍പിലുള്ളത്? ഇതിനുള്ള ഉത്തരം വളരെ വ്യക്തമായിത്തന്നെ ബൈബിള്‍ നല്‍കിയിട്ടുണ്ട്. സത്യദൈവത്തില്‍നിന്നും അവിടുത്തെ നിയമങ്ങളില്‍നിന്നും വ്യതിചലിപ്പിക്കുന്ന അദ്ഭുതങ്ങളൊന്നും ദൈവത്തില്‍നിന്നു വരില്ല. നമ്മെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സാത്താന്റെ അടയാളങ്ങളാണ് ഇത്തരം അദ്ഭുതങ്ങള്‍! സുവിശേഷ ശുശ്രൂഷകരോ സഭയിലെ ശ്രേഷ്ഠന്മാരോ ആരുതന്നെയായിരുന്നാലും, ദൈവീക നിയമങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളിലേക്കു നയിക്കുന്ന പ്രബോധനങ്ങള്‍ നല്‍കിയാല്‍, ഇവര്‍ പ്രവര്‍ത്തിക്കുന്ന അദ്ഭുതങ്ങളെ സൂക്ഷിക്കുക! മോശയിലൂടെ ദൈവമായ യാഹ്‌വെ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3).

സത്യദൈവത്തില്‍നിന്നും അവിടുത്തെ നിയമങ്ങളില്‍നിന്നും വ്യതിചലിപ്പിക്കുന്ന ആശയങ്ങളുടെ പ്രചാരകരില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നാം അവഗണിക്കണം! എന്തെന്നാല്‍, ഇത്തരത്തിലുള്ള ആരെയും ദൈവം നമുക്കുവേണ്ടി അയച്ചിട്ടില്ല. യേഹ്ശുവായുടെ വരവിനു മുന്നോടിയായി ഇത്തരത്തിലുള്ള അനേകം വ്യാജപ്രവാചകന്മാര്‍ തങ്ങളുടെ വ്യാജ അടയാളങ്ങളുമായി ജനങ്ങളെ വഴിതെറ്റിക്കുവാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പ് അവിടുന്ന് നമുക്കു നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകളെ അവഗണിക്കുമ്പോള്‍ നാം നമുക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു. അദ്ഭുതങ്ങളെയും അടയാളങ്ങളെയും കാണുമ്പോള്‍, അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെയോ കൂട്ടായ്മയുടെയോ ആദര്‍ശം പരിഗണിക്കണം. ഇവരിലൂടെ പ്രചരിക്കപ്പെടുന്നത് ദൈവീകനിയമങ്ങളാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിവേണം ആത്മാക്കളെ വിവേചിക്കാന്‍! നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടവന്റെ നിയമങ്ങളെ നിഷേധിക്കുന്ന വ്യക്തികളിലൂടെയോ പ്രസ്ഥാനങ്ങളിലൂടെയോ ദൃശ്യമാകുന്ന അടയാളങ്ങള്‍ക്കു പിന്നില്‍ സാത്താന്റെ കരങ്ങളുണ്ട്. ഈജിപ്തിലെ മന്ത്രവാദികളിലൂടെ ഫറവോയെയും അവന്റെ ജനത്തെയും സാത്താന്‍ വഞ്ചിക്കുകയായിരുന്നു. ഇന്നത്തെ അവസ്ഥയും മറ്റൊന്നല്ല. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്ന വിധത്തിലുള്ള അടയാളങ്ങളും അദ്ഭുതങ്ങളും അവന്‍ പ്രവര്‍ത്തിക്കുന്നു. അദ്ഭുതങ്ങളുടെയെല്ലാം പിന്നില്‍ ദൈവമാണെന്നു ചിന്തിക്കുന്നവരെല്ലാം ഇതിലൂടെ വഞ്ചിതരാകും!

വത്തിക്കാനിലെ രാജാവായ ഫ്രാന്‍സീസിന്റെ അദ്ഭുതങ്ങള്‍ ഈ അടുത്തനാളുകളില്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. മോശയുടെ നിയമങ്ങളെയും ഈ നിയമങ്ങളെ സ്ഥിരപ്പെടുത്തിയ യേഹ്ശുവായുടെ അപ്രമാദിത്വത്തെയും ചോദ്യംചെയ്തുകൊണ്ട്, കത്തോലിക്കാസഭയില്‍ പിശാചിന്റെ നിയമങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സീസിനെ ദൈവജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ദൈവജനത്തിന്റെ ഈ തിരിച്ചറിവില്‍ അസഹിഷ്ണുക്കളാണു ഫ്രാന്‍സീസിന്റെ ഭക്തര്‍! അദ്ഭുത രോഗശാന്തികള്‍ ഫ്രാന്‍സീസിലൂടെ സംഭവിക്കുന്നുവെന്ന പ്രചരണം ഈ അസഹിഷ്ണുതയില്‍നിന്ന് ഉടലെടുത്തതാണ്. ഫ്രാന്‍സീസ് ഒരു വിശുദ്ധനാണെന്നും ഇയാളിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവമാണെന്നും ധരിപ്പിക്കാനുള്ള വിഫലശ്രമമാണ്‌ ഇവര്‍ നടത്തുന്നത്. അധികാരത്തില്‍ അതിക്രമിച്ചുകയറിയ നാള്‍മുതല്‍ ഫ്രാന്‍സീസും അനുയായികളും നടത്തുന്ന പൊറാട്ടുനാടകത്തിന്റെ 'ക്ലൈമാക്സ്' ആണ് ഈ അദ്ഭുതങ്ങള്‍! ഫ്രാന്‍സീസിലൂടെ സംഭവിക്കുന്നതായി പ്രചരിപ്പിക്കപ്പെടുന്ന അദ്ഭുതവാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നു മനോവ വാദിക്കുന്നില്ല. കാരണം, നിയമനിഷേധിയുടെ അടയാളം എന്താണെന്ന് യേഹ്ശുവായിലൂടെ മനോവ അറിഞ്ഞിരിക്കുന്നു. ഈ ലേഖനത്തിലുടനീളം നാം പരിശോധിച്ചതും ഈ അടയാളങ്ങള്‍ത്തന്നെ!

നിയമത്തെ മാറ്റിമറിക്കാന്‍ ആലോചിക്കുന്നവനാണു നിയമനിഷേധി. കത്തോലിക്കാസഭ പിന്തുടരുന്ന നിയമങ്ങള്‍ ദൈവീകനിയമങ്ങളാണെന്നു നമുക്കറിയാം. കത്തോലിക്കാസഭ പിന്തുടരുന്ന ദൈവീകനിയമങ്ങള്‍ മാറ്റാന്‍ ആലോചിക്കുന്നത് ആരാണ്? വിവാഹമോചനത്തെ സംബന്ധിച്ച് യേഹ്ശുവാ അരുളിച്ചെയ്ത നിയമത്തെ പൂര്‍ണ്ണമായും പിന്തുടരുന്ന ഏക സഭയാണു കത്തോലിക്കാസഭ! ഈ നിയമത്തില്‍ ഇളവുവരുത്താന്‍ ശ്രമിക്കുന്നത് ആരാണ്? സ്വവര്‍ഗ്ഗവിവാഹത്തെയും സ്വവര്‍ഗ്ഗരതിയെയും മ്ലേച്ഛതയെന്നാണു ദൈവം വിളിച്ചത്! ഈ പാപത്തെ മ്ലേച്ഛതയായിത്തന്നെ കണ്ടുകൊണ്ട്, ഇതിനെതിരേ ശക്തമായി നിലപാടെടുത്തിട്ടുള്ള ഏക സഭയും കത്തോലിക്കാസഭയാണ്. എന്നാല്‍, ഈ മ്ലേച്ഛത പ്രവര്‍ത്തിക്കുന്നവരെ സഭയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത് ആരാണ്? ഭ്രൂണഹത്യയെ ഏറ്റവുമധികം എതിര്‍ത്തുപോന്ന സഭ കത്തോലിക്കാസഭയാണെന്ന് അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. മറ്റേതു പാപത്തെയും നിസ്സാരമായി പരിഗണിക്കുന്നതുപോലെ, ഭ്രൂണഹത്യയെയും നിസ്സാരമാക്കാന്‍ ശ്രമിക്കുന്നത് ആരാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഒരേയൊരു ഉത്തരമാണു വത്തിക്കാനിലെ രാജാവ്! ആയതിനാല്‍ത്തന്നെ, ഈ മനുഷ്യനിലൂടെ പ്രകടമാകുന്ന അദ്ഭുതങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നതു പൈശാചിക ശക്തിയാണ്! വത്തിക്കാനിലെ അധികാരി പിശാചാണെന്നോ എതിര്‍ക്രിസ്തുവാണെന്നോ ഇതിനര്‍ത്ഥമില്ല. എന്നാല്‍, നിയമനിഷേധിയിലൂടെ നടക്കുന്ന അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നില്‍ സാത്താനാണെന്ന മുന്നറിയിപ്പു വായിച്ചുകൊണ്ടാണ് ഈ പഠനം നാം ആരംഭിച്ചത്. ഈ ലേഖനം ഉപസംഹരിക്കുമ്പോഴും അതേ മുന്നറിയിപ്പുതന്നെ ആവര്‍ത്തിക്കുന്നു: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12).

ആയതിനാല്‍, അടയാളങ്ങളും അദ്ഭുതങ്ങളും ആരെയും വഴിതെറ്റിക്കാതിരിക്കട്ടെ! അവയെ അവയുടെ വഴിക്ക് വിട്ടേക്കൂ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6202 views

LOG IN

Lost your password?

SIGN UP

LOST PASSWORD