29 - 06 - 2019
മൂന്നു സുപ്രധാന പ്രവചനങ്ങളും ആ പ്രവചനങ്ങള്‍ തമ്മില്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുമാണ് ഈ ലേഖനം പഠനവിഷയമാക്കുന്നത്. ഓരോ ഖണ്ഡികയില്‍ ഒതുങ്ങുന്ന വിധത്തില്‍ ആ പ്രവചനങ്ങളെ പരിചയപ്പെട്ടതിനുശേഷം വിശദമായ പഠനത്തിലേക്കു പ്രവേശിക്കാം. ഒന്നാമതായി പരിശോധിക്കുന്ന പ്രവചനമിതാണ്: “മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ യാഹ്‌വെ ഇറങ്ങിവന്നു. അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്. അവര്‍ക്ക് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാദ്ധ്യമായിരിക്കയില്ല”(സൃഷ്ടി: 11; 5, 6). ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ നിക്ഷിപ്തമായിരിക്കുന്നത് സാദ്ധ്യതകളുടെ കലവറയാണ്. ദൈവത്തിനു കഴിയുന്ന പലതും മനുഷ്യനും കഴിയുമെന്നതാണ് മറ്റു ജീവികളില്‍നിന്നു മനുഷ്യനെ വേറിട്ടവനാക്കുന്ന ഒരു സവിശേഷത! മനുഷ്യന്റെ നാസാരന്ധ്രങ്ങളിലേക്കു മാത്രമാണ് ദൈവത്തിന്റെ ജീവശ്വാസം നിശ്വസിച്ചിട്ടുള്ളതെന്ന് ദൈവമക്കള്‍ക്കറിയാം. മനുഷ്യനെ ദൈവം തന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കുകയും അവിടുത്തെ ജീവശ്വാസം അവനിലേക്കു പകരുകയും ചെയ്തുകൊണ്ട് സൃഷ്ടിയുടെ മകുടമായി ഉയര്‍ത്തി. എന്നാല്‍, ദൈവം ഉയര്‍ത്തിസ്ഥാപിച്ച ഈ പദവിയില്‍നിന്നു മനുഷ്യനെ വലിച്ചു താഴെയിറക്കാന്‍ ശ്രമിക്കുന്നതു മനുഷ്യന്‍തന്നെയാണ്. ഗ്രീന്‍പ്രോട്ടോക്കോള്‍, പരിസ്ഥിതി എന്നൊക്കെപ്പറഞ്ഞ് ഇല്ല്യൂമിനാറ്റി സംഘം നടത്തുന്ന നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യവും മറ്റൊന്നല്ല. മനുഷ്യന്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച്, നികൃഷ്ടജീവികളെപ്പോലും മനുഷ്യനേക്കാള്‍ ഉന്നതമായ പദവിയില്‍ പ്രതിഷ്ഠിക്കാന്‍ മനുഷ്യന്‍തന്നെയാണു പ്രവര്‍ത്തിക്കുന്നത്. ഇത് മനുഷ്യനോടുള്ള വെല്ലുവിളിയല്ല; മറിച്ച്, ദൈവത്തിന്റെ പ്രതിച്ഛായയോടുള്ള വെല്ലുവിളിയാണ്!
മനുഷ്യന്റെ മുന്‍പിലുള്ള സാദ്ധ്യതകളെ സംബന്ധിച്ചാണ് ഒന്നാമത്തെ പ്രവചനമെന്നു നാം മനസ്സിലാക്കി. ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെടുകയും അവിടുത്തെ ജീവശ്വാസം നിക്ഷേപിക്കപ്പെടുകയും ചെയ്തതുകൊണ്ടാണ് ഈ സാദ്ധ്യതകള്‍ മനുഷ്യനു മുന്‍പില്‍ തുറക്കപ്പെട്ടത്. ഇത്രയും മാത്രമേ ആദ്യത്തെ പ്രവചനത്തെ സംബന്ധിച്ച് ആമുഖമായി പരിഗണിക്കുന്നുള്ളു. ആയതിനാല്‍, നമുക്ക് അടുത്ത പ്രവചനത്തിലേക്കു കടക്കാം. പ്രവചനമിതാണ്: “നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും”(ഒബാദിയാഹ്: 1; 4). യേസാവു ഭവനം അഥവാ ആധുനിക ഇസ്ലാമിനെക്കുറിച്ചാണ് പ്രവചനമെങ്കിലും മനുഷ്യന്റെ അഹങ്കാരത്തിനു നേരേയുള്ള പ്രവചനമായും ഈ പ്രവചനത്തെ പരിഗണിക്കാന്‍ സാധിക്കും. ശാസ്ത്രലോകത്ത് ഒരുക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പ്രവചനങ്ങളെയും ചേര്‍ത്തുവച്ചുള്ള പഠനത്തിലേക്കു പ്രവേശിക്കുമ്പോള്‍ മാത്രമാണ് ഇക്കാര്യം നമുക്കു വ്യക്തമാകുകയുള്ളു.
മൂന്നാമതായി പരിഗണിക്കുന്ന പ്രവചനം ശ്രദ്ധിക്കുക: “അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ദ്ധിക്കുകയും ചെയ്യും”(ദാനിയേല്‍: 12; 4). അവസാനകാലത്തെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ഒന്നാണിത്. അറിവും ജ്ഞാനവും രണ്ടാണെന്നു മനസ്സിലാക്കിക്കൊണ്ടുവേണം ഈ പ്രവചനത്തെ പരിഗണിക്കാന്‍. അറിവ് നന്മയിലോ തിന്മയിലോ ആകാം. ബൈബിള്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു: “തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്”(പ്രഭാ: 19; 22). പാപികളുടെ ഉപദേശത്തിലൂടെയും അറിവ് ലഭിക്കാം. എന്നാല്‍, ജ്ഞാനമാര്‍ജ്ജിച്ചവന്‍ ഈ അറിവിനെ പരിഗണിക്കുന്നില്ല! ആത്മീയവും ഭൗതികവുമായ അറിവുകളുണ്ട്. ആത്മീയമായ അറിവുകളാണ് ഏറ്റവും ശ്രേഷ്ഠമെങ്കിലും, ഭൗതികമായ അറിവുകള്‍ തിന്മയാണെന്നു പറയാന്‍ കഴിയില്ല. ലോകത്തിന്റെ അറിവുകളില്‍പ്പോലും നല്ലതും മോശവുമുണ്ട്. തിന്മയില്‍നിന്ന് അകന്നുനില്‍ക്കാനും നന്മയോടു ചേര്‍ന്നു വ്യാപരിക്കാനുമുള്ള വിവേകമുള്ളവനെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ അറിവുകള്‍ അപായകരമാകുന്നില്ല. അറിവ് ഒരുവന് അനുഗ്രഹമാകുന്നത് അവന്‍ അറിയുന്നത് എന്താണെന്നതിനെ അടിസ്ഥാനമാക്കിയാണ്. ഏറ്റവും ശ്രേഷ്ഠമായ അറിവ് എന്താണെന്നു നോക്കുക: “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ: 17; 3). യേഹ്ശുവാതന്നെ അറിയിച്ച വാക്കുകളാണിത്.
അറിവിനെക്കുറിച്ച് അല്പംകൂടി മനസ്സിലാക്കിയതിനുശേഷം മൂന്നു പ്രധാന വചനങ്ങളെ ചേര്‍ത്തുവച്ചുള്ള പഠനത്തിലേക്കു പ്രവേശിക്കുന്നതായിരിക്കും കൂടുതല്‍ ഗുണകരം. എന്തെന്നാല്‍, ദാനിയേല്‍പ്രവാചകനിലൂടെ യാഹ്‌വെ ഉദ്ദേശിച്ചത് ഏത് അറിവിനെക്കുറിച്ചാണെന്ന് വ്യക്തമായാല്‍, തുടര്‍ന്നുള്ള പഠനം സുഗമമാകും. മാത്രവുമല്ല, ദാനിയേല്‍പ്രവചനത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിലെ നാലാം വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഗുരുതരമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലുമാണ്. നിലവിലുള്ള ഓരോ പരിഭാഷകളിലും വ്യത്യസ്തങ്ങളായ അര്‍ത്ഥമാണ് ഗ്രഹിക്കാന്‍ കഴിയുന്നത്. കത്തോലിക്കാസഭയുടെ പിഒസി ബൈബിളില്‍ ഈ പ്രവചനം പൂര്‍ണ്ണമായി വായിക്കുന്നത് ഇങ്ങനെയാണ്: “ദാനിയേലേ, അവസാനദിവസംവരെ വചനങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ദ്ധിക്കുകയും ചെയ്യും”(ദാനിയേല്‍: 12; 4). അറിവു വര്‍ദ്ധിക്കും എന്നതിനുപകരം ‘അകൃത്യം’ വര്‍ദ്ധിക്കും എന്ന് പരിഭാഷപ്പെടുത്താനുള്ള സാദ്ധ്യതയും പിഒസി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, അറിവ്, അകൃത്യം എന്നിങ്ങനെ രണ്ട് അര്‍ത്ഥങ്ങളില്‍ ഏതിനും സാദ്ധ്യതയുണ്ടെന്ന് പിഒസി ബൈബിളിന്റെ വിവര്‍ത്തകര്‍ പറയുന്നു.
നമുക്ക് ഊഹോപോഹങ്ങളല്ല, യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കുന്ന പരിഭാഷയാണ് ആവശ്യം. ആയതിനാല്‍, മറ്റുചില പരിഭാഷകള്‍ക്കൂടി പരിശോധിക്കുകയും യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കി മുന്നോട്ടുപോകുകയും ചെയ്യാം. ‘സത്യവേദപുസ്തകം’ എന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്റ് ബൈബിളില്‍ വായിക്കുന്നത് എങ്ങനെയെന്നു നോക്കുക: “നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും”(ദാനിയേല്‍: 12; 4). ‘പലരും അതിനെ പരിശോധിക്കയും’ എന്ന പരിഭാഷ വളരെ അര്‍ത്ഥവത്തും മൂലഗ്രന്ഥത്തോട് നീതിപുലര്‍ത്തുന്നതുമാണ്. എന്നാല്‍, ‘ജ്ഞാനം വര്‍ദ്ധിക്കുകയും’ എന്ന പരിഭാഷ ഗുരുതരമായ പിഴവായതുകൊണ്ട്, ആ ഭാഗം അപ്പാടെ തള്ളിക്കളയുന്നതാണ് ഉത്തമം. സത്യവേദപുസ്തകത്തിലല്ലാതെ, മറ്റൊരു ഭാഷയിലും ‘ജ്ഞാനം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതായി വായിക്കാന്‍ കഴിയില്ല. ‘ജ്ഞാനം’ എന്ന പരിഭാഷയുടെ അപകടം എത്രത്തോളം വലുതാണെന്ന് മുന്നോട്ടുള്ള പഠനത്തില്‍ നമുക്കു ഗ്രഹിക്കാന്‍ കഴിയും. “ ” ‘ ’
ജര്‍മ്മന്‍ ബൈബിളില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് നോക്കുക: “Du, Daniel, halte diese Worte geheim und versiegle das Buch bis zur Zeit des Endes! Viele werden nachforschen und die Erkenntnis wird groß sein”(Daniel: 12; 4). കൃത്യമായ മലയാളം ഇങ്ങനെയാണ്: “ദാനിയേലേ, നീ, ഈ വാക്കുകള്‍ രഹസ്യമായി സൂക്ഷിക്കുകയും അവസാനംവരെ പുസ്തകം മുദ്രയിടുകയും ചെയ്യുക! പലരും അന്വേഷിക്കുകയും അറിവ് മികച്ചതായിരിക്കുകയും ചെയ്യും”(ദാനിയേല്‍: 12; 4). മികച്ചതെന്നോ വലുതെന്നോ പരിഭാഷപ്പെടുത്താവുന്നതാണ്. കത്തോലിക്കാസഭയുടെ ഔദ്യോഗിക ജര്‍മ്മന്‍ പരിഭാഷയാണ് ഇവിടെ നാം വായിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ത്രിയ, ലക്സംബര്‍ഗ്ഗ്, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ മെത്രാന്മാരുടെ സമിതി അംഗീകരിച്ചിരിക്കുന്ന ഈ പരിഭാഷയ്ക്ക് ഇംഗ്ലീഷ് പരിഭാഷയെക്കാള്‍ ആധികാരികത കല്പിക്കപ്പെടുന്നു. ഹീബ്രു, ലത്തീന്‍ ഭാഷകളിലെ വാക്കുകളില്‍ പലതും ജര്‍മ്മന്‍ഭാഷയിലും ഉപയോഗിക്കപ്പെടുന്നു എന്നത് ഈ വിവര്‍ത്തനത്തിനു കൂടുതല്‍ ആധികാരികത കല്പിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ബൈബിളില്‍നിന്നു വീണ്ടും മറ്റേതെങ്കിലും ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആശയപരമായിപ്പോലും പിഴവുകള്‍ സംഭവിക്കാറുണ്ട്. മലയാളം ബൈബിളില്‍ ഈ പിഴവുകള്‍ വളരെ കൂടുതലായി കാണാന്‍ കഴിയും. എതിര്‍ക്രിസ്തുവിന്റെ പേര് മുദ്രയിടുന്നതിനായി പ്രചരിപ്പിക്കപ്പെട്ട ഒരു ഭാഷയില്‍നിന്നു സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതാണ് ഈ പൈശാചികത! ആയതിനാല്‍ത്തന്നെ, ഗ്രീക്ക്, ഇംഗ്ലീഷ് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ബൈബിളിന്റെ യാതൊരു സ്വാധീനവുമില്ലാത്ത വിവര്‍ത്തനത്തിന് മൂലഗ്രന്ഥത്തിലെ ആശയത്തോട് കൂടുതല്‍ നീതിപുലര്‍ത്താന്‍ സാധിക്കും. ജര്‍മ്മന്‍ ബൈബിളില്‍ മനോവ കണ്ട ആധികാരികത അതാണ്!
വിഷയത്തിലേക്കു വരാം. ദാനിയേല്‍പ്രവചനം സൂചിപ്പിച്ചിരിക്കുന്നത് അറിവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചു തന്നെയാണ്. സത്യവേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഗുരുതരമായ പിഴാവാണെന്നു മനസ്സിലാക്കിയില്ലെങ്കില്‍, ജ്ഞാനം എന്നത് തിന്മയായി കണക്കാക്കേണ്ടിവരും. എന്തെന്നാല്‍, അറിവ് എന്നോ അകൃത്യം എന്നോ അര്‍ത്ഥം വരുന്ന പദമാണ് മൂലഗ്രന്ഥത്തിലുള്ളതെന്ന് ബൈബിള്‍ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജ്ഞാനത്തെ ഒരുതരത്തിലും അകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെങ്കിലും, അറിവ് അകൃത്യമായി ഗണിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. അറിവ് എങ്ങനെയാണ് അകൃത്യമായി പരിണമിക്കുന്നതെന്നു മനസ്സിലാക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ഏദന്‍തോട്ടത്തില്‍ ദൈവം നട്ടുവളര്‍ത്തിയ രണ്ടു വൃക്ഷങ്ങളെക്കുറിച്ചു നാം വായിച്ചിട്ടുണ്ട്. ഏതാണ് ആ വൃക്ഷങ്ങളെന്നു നോക്കുക: “ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി”(സൃഷ്ടി: 2; 9). തോട്ടത്തിനു നടുവില്‍ ദൈവം വളര്‍ത്തിയ രണ്ടു വൃക്ഷങ്ങളിലൊന്ന് അറിവിന്റെ വൃക്ഷമായിരുന്നു. ദൈവം വളര്‍ത്തിയ രണ്ടു വൃക്ഷങ്ങളില്‍ ഏതെങ്കിലുമൊന്ന് തിന്മയോ അകൃത്യമോ ആയിരുന്നില്ല. എന്നാല്‍, അറിവിന്റെ വൃക്ഷം മനുഷ്യന് അവന്റെ ചെയ്തിമൂലം തിന്മയായി പരിണമിച്ചു. അതായത്, മനുഷ്യന്റെ ആദ്യത്തെ അകൃത്യം അറിവിനോടായിരുന്നു.
ജീവന്റെ വൃക്ഷവും അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിലുണ്ടായിരിക്കെ, അറിവിന്റെ വൃക്ഷത്തിലെ ഫലങ്ങള്‍ ഭക്ഷിക്കുന്നതില്‍നിന്നു മനുഷ്യനെ ദൈവം വിലക്കി; ജീവന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കുന്ന ദിവസം മനുഷ്യന്‍ മരിക്കുമെന്ന് ദൈവം മുന്നറിയിപ്പും നല്‍കി. വ്യക്തമായിപ്പറഞ്ഞാല്‍, തോട്ടത്തിന്റെ നടുവിലുണ്ടായിരുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവന്റെ വൃക്ഷവും മരണത്തിന്റെ വൃക്ഷവുമായിരുന്നു. എന്നാല്‍, ജീവന്‍ തിരഞ്ഞെടുക്കാന്‍ തയ്യാറാകാതെ മരണം തിരഞ്ഞെടുത്തത് മനുഷ്യനാണ്. ജീവനും മരണവും നിന്റെ മുന്നിലുണ്ടെന്ന് ബൈബിളിലെ ദൈവം പലവട്ടം നമുക്കു മുന്നറിയിപ്പ് നല്‍കിയത് നാമിവിടെ അനുസ്മരിക്കണം. അറിവ് എന്നത് അകൃത്യമല്ലെങ്കിലും, വിലക്കപ്പെട്ടിരിക്കുന്ന കാലത്തോളം അത് പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍, നിയമലംഘനവും അകൃത്യവുമാകും! അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കാന്‍ അനുവാദം ലഭിക്കുമ്പോള്‍ ഭക്ഷിച്ചാല്‍ അത് നിയമലംഘനമോ കുറ്റകൃത്യമോ ആകുന്നില്ല. തോട്ടത്തിന്റെ നടുവില്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളിലെ ഫലങ്ങള്‍ എല്ലാക്കാലത്തേക്കും മനുഷ്യനു നിഷിദ്ധമാക്കുകയെന്നത് ദൈവത്തിന്റെ ചിന്തയില്‍ ഉണ്ടായിരുന്ന കാര്യമല്ല. ദൈവസന്നിധിയില്‍ മനുഷ്യന്‍ വിശ്വസ്തതയോടെ വ്യാപരിക്കുകവഴി വിജയം വരിക്കുമ്പോള്‍ നല്‍കാനുള്ള സമ്മാനമായിരുന്നു അവ. ഇത് വ്യക്തമാക്കുന്ന വചനം ബൈബിളില്‍ വായിക്കാന്‍ കഴിയും.
ഈ വചനം ശ്രദ്ധിക്കുക: “വിജയം വരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും”(വെളിപാട്: 2; 7). ജീവന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കാന്‍ നല്‍കുന്നത് വിജയം വരിക്കുന്നവര്‍ക്കു മാത്രമാണ്. ഇടംവലം വ്യതിചലിക്കാതെ, ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിലൂടെയാണ് മനുഷ്യന്‍ വിജയംവരിക്കുന്നത്. ഒരേയൊരു നിയമം മാത്രമായിരുന്നു അവിടുന്ന് മനുഷ്യന്റെ മുന്‍പില്‍ വച്ചതെന്നു നമുക്കറിയാം. ആ നിയമം ലംഘിച്ചതിലൂടെ മനുഷ്യന്‍ പരാജിതനാകുകയും മരണത്തെ വരിക്കുകയും ചെയ്തു. ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുകയും ജീവന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ച് പക്വതപ്രാപിക്കുകയും ചെയ്യുമ്പോള്‍, ആദ്യം നിഷിദ്ധമാക്കിയിരുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലം അവനു ലഭിക്കുമായിരുന്നു. ദൈവം ആര്‍ക്കു നല്കുന്നുവോ, അവനു മാത്രം സ്വീകരിക്കാനുള്ളതാണ് അറിവിന്റെ വൃക്ഷത്തിലെ ഫലം. ജീവന്റെ വൃക്ഷത്തിലെ ഫലം ഭക്ഷിക്കാനായി ലഭിച്ചവരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദൈവം ദാനമായി നല്‍കുന്നതാണ് അറിവിന്റെ വൃക്ഷത്തിലെ ഫലം. ഈ വചനം ശ്രദ്ധിക്കുക: “വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്‍കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും: അതില്‍ ഒരു പുതിയ പേര് കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല”(വെളിപാട്: 2; 17). നിഗൂഢ മന്ന തന്നെയാണ് ജീവന്റെ വൃക്ഷത്തിലെ ഫലമെന്ന് ഇവിടെ വ്യക്തമാകുന്നു. ഈ മന്ന സ്വീകരിക്കുന്നവര്‍ക്ക് ദൈവം കൊടുക്കുന്ന വെള്ളക്കല്ലില്‍ കൊത്തിയിരിക്കുന്ന പുതിയ പേര് മറ്റാര്‍ക്കും വെളിപ്പെടുത്തുന്നില്ല. വെള്ളക്കല്ല് സ്വീകരിക്കുന്നവര്‍ക്കു മാത്രമാണ് അത് അറിയാന്‍ കഴിയുന്നത്!
ഏദന്‍തോട്ടത്തിന്റെ നടുവില്‍ വളര്‍ത്തിയ വൃക്ഷങ്ങള്‍ രണ്ടു പ്രതീകങ്ങളാണ്. ജീവന്റെ വൃക്ഷം മനുഷ്യപുത്രന്റെ പ്രതീകവും, അറിവിന്റെ വൃക്ഷം പരിശുദ്ധാത്മാവിന്റെ പ്രതീകവും! ജീവന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ച് നിത്യജീവനു യോഗ്യതയുള്ളവരായി മാറിയതിനുശേഷം മാത്രമാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ അനുവാദമുള്ളു. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷമെന്നാണ് ഏദന്‍തോട്ടത്തിലെ വൃക്ഷങ്ങളിലൊന്നിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അത് പരിശുദ്ധാത്മാവിനെയാണ് പ്രതിനിധീകരിക്കുന്നതെന്നു വ്യക്തമാക്കുന്ന വചനം ശ്രദ്ധിക്കുക: “എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും”(യോഹ: 16; 7, 8). പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോദ്ധ്യപ്പെടുത്തുകയെന്നാല്‍, നന്മതിന്മകളെക്കുറിച്ച് അറിവുനല്‍കുക എന്നുതന്നെയാണ്!
ഏദന്‍തോട്ടത്തിലെ വൃക്ഷങ്ങളെക്കുറിച്ചും ആദ്യപാപത്തെക്കുറിച്ചും കൂടുതലായി വിവരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. അത് വ്യക്തതയോടെ വിവരിക്കുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. ആ ലേഖനം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അതിന്റെ ‘ലിങ്ക്’ ഇവിടെ കൊടുക്കുന്നു: ‘ആദിപാപവും ചില അബദ്ധപഠനങ്ങളും!’
‘അറിവ്’ എന്ന വിഷയത്തിലേക്കുതന്നെ നമ്മുടെ ശ്രദ്ധ തിരിക്കാം. അറിയാന്‍ വിശാലമായ തലങ്ങളുള്ള ഒരു മേഖലയാണ് അറിവ്! അതിനാല്‍ത്തന്നെ, അറിവിനെ അറിയുകയെന്നത് ശ്രമകരവുമാണ്. എന്നിരുന്നാലും, ഈ ലേഖനത്തിലൂടെ നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വിഷയത്തിനാവശ്യമായ മേഖലയിലൂടെ യാത്രചെയ്യേണ്ടിയിരിക്കുന്നു. ദാനിയേല്‍പ്രവചനത്തില്‍ സൂചിപ്പിക്കുന്ന അറിവ് ഏതാണെന്നു മനസ്സിലാക്കുകയാണ് ഇവിടെ പ്രധാനം. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ദ്ധിക്കുകയും ചെയ്യും എന്നാണ് പിഒസി ബൈബിളില്‍ നാം വായിച്ചത്. ഇതിനോടു സമാനമായ മറ്റുചില വിവര്‍ത്തനങ്ങളും നാം കണ്ടു. അങ്ങുമിങ്ങും ഓടിനടന്ന് അറിവ് വര്‍ദ്ധിപ്പിക്കും എന്ന് പിഒസി ബൈബിളില്‍ വായിക്കുന്ന പരിഭാഷ തികച്ചും തെറ്റാണെന്നു മാത്രമല്ല, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍നിന്നു വളരെയേറെ വ്യതിചലിച്ചതുമാണ്. അതുപോലെതന്നെ, അറിവ് എന്നതിനു പകരം ‘ജ്ഞാനം’ എന്ന് സത്യവേദപുസ്തകത്തില്‍ വായിക്കുന്ന പരിഭാഷയും തെറ്റാണ്. അതായത്, പിഒസി ബൈബിളിലും സത്യവേദപുസ്തകത്തിലും തെറ്റുകള്‍ ഉള്ളതുപോലെ, ശരികളുമുണ്ട്. ആയതിനാല്‍, രണ്ടില്‍നിന്നും ശരിയായതുമാത്രം എടുത്താല്‍, ജര്‍മ്മന്‍ പരിഭാഷയിലെ പൂര്‍ണ്ണസത്യത്തോടു ചേര്‍ന്നുനില്‍ക്കും. മൂന്നു വിവര്‍ത്തനങ്ങളും ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന സത്യം ഇതാണ്: “ദാനിയേലേ, നീ, ഈ വാക്കുകള്‍ രഹസ്യമായി സൂക്ഷിക്കുകയും അവസാനംവരെ പുസ്തകം മുദ്രയിടുകയും ചെയ്യുക! പലരും അത് അന്വേഷിക്കുകയും അറിവ് വര്‍ദ്ധിക്കുകയും ചെയ്യും”(ദാനിയേല്‍: 12; 4).
അറിവുനേടാന്‍ മനുഷ്യര്‍ അങ്ങുമിങ്ങും ഓടിനടക്കുന്ന അവസ്ഥ അന്ത്യകാലത്തിന്റെ അടയാളമായി പലരും മനസ്സിലാക്കിവച്ചത് ഈ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഈ പ്രവചനത്തില്‍ നാം മനസ്സിലാക്കേണ്ടത് അറിവുനേടാന്‍ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചല്ല; മറിച്ച്, ദാനിയേല്‍ മുദ്രവച്ച വാക്കുകള്‍ എന്താണെന്ന് അറിയാന്‍ മനുഷ്യര്‍ നടത്തുന്ന വിഫലശ്രമത്തെക്കുറിച്ചാണ്. മാത്രവുമല്ല, പിഒസി ബൈബിള്‍ സൂചിപ്പിക്കുന്നതുപോലെ, അറിവ് എന്നതിനുപകരം അകൃത്യം എന്നു വിവര്‍ത്തനം ചെയ്താലും തെറ്റാകില്ല. എന്തെന്നാല്‍, ദൈവമായ യാഹ്‌വെയുടെ കല്പനപ്രകാരം മുദ്രയിട്ടിരിക്കുന്ന വചനത്തെ തുറക്കാന്‍ ശ്രമിക്കുന്നത് അകൃത്യമാണ്! ഇത് വ്യക്തമാക്കാനാണ് ഏദന്‍തോട്ടത്തിന്റെ നടുവില്‍ നട്ടുവളര്‍ത്തിയ അറിവിന്റെ വൃക്ഷത്തിലേക്കു പഠനം തിരിച്ചുവിട്ടത്!
അനുവദനീയമല്ലാത്തത് ചെയ്യുന്നത് കുറ്റകരമാണെന്നു നമുക്കറിയാം. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കരുതെന്നു കല്പിച്ചതിലൂടെ ഒരു നിയമം പ്രാബല്യത്തില്‍ വരുന്നതാണ് ഏദന്‍തോട്ടത്തില്‍ നാം കണ്ടത്. ഭൂമുഖത്ത് സൃഷ്ടിച്ച മനുഷ്യനിലോ ജീവജാലങ്ങളിലോ തിന്മയുണ്ടായിരുന്നില്ല. തിന്മയില്ലാത്തതുകൊണ്ടുതന്നെ, നന്മതിന്മകളെക്കുറിച്ചുള്ള അറിവ് മനുഷ്യന് ആവശ്യവുമില്ല. അറിവിന്റെ വൃക്ഷത്തില്‍നിന്നുള്ള ഫലം തിന്നുന്നതില്‍നിന്നു മനുഷ്യനെ ദൈവം വിലക്കിയത്, അവന് അത് ആവശ്യമില്ലാത്തതുകൊണ്ടാണ്. അറിവിന്റെ വൃക്ഷം എന്നത് തിന്മയാണെന്ന് മനസ്സിലാക്കിവച്ചിരിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, അറിവിന്റെ വൃക്ഷം തിന്മയല്ലെന്നും, അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കരുതെന്ന നിയമം ലംഘിച്ചതാണ് തിന്മയായി പരിഗണിക്കപ്പെട്ടതെന്നും മനസ്സിലാക്കുമ്പോഴാണ് സത്യത്തിലേക്കു നാം അടുക്കുന്നത്. തിന്മയുടെ ആരംഭം അനുസരണക്കേട് എന്ന നിയമലംഘനമാണ്. ഒരു ശിശുവിന് അറിയേണ്ടാത്ത പല വിഷയങ്ങളും ലോകത്തുണ്ട്. അതുകൊണ്ടുതന്നെ, അവര്‍ അറിയേണ്ടാത്ത കാര്യങ്ങള്‍ അവരില്‍നിന്നു മറച്ചുവയ്ക്കാന്‍ നാം ശ്രമിക്കും. പാപമില്ലാത്ത ഒരു കുഞ്ഞിന് നന്മതിന്മകളെക്കുറിച്ചുള്ള അറിവ് ആവശ്യമില്ലാത്തതുകൊണ്ടാണ് നാം അപ്രകാരം ചെയ്യുന്നത്. എന്നാല്‍, കുഞ്ഞുങ്ങളില്‍നിന്നു മറച്ചുവച്ചിരിക്കുന്നവയെന്തോ, അതിലേക്ക് അവര്‍ ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കും. മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നതിലേക്ക് എത്തിനോക്കുകയെന്നത് മനുഷ്യസഹജമായ കാര്യമാണ്. ഏദന്‍തോട്ടത്തില്‍ സംഭവിച്ചതും അതുതന്നെ!
ദാനിയേല്‍പ്രവചനത്തിലെ ചില വാക്കുകള്‍ മനുഷ്യരില്‍നിന്നു മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നത്, അത് മനുഷ്യന്‍ അറിയേണ്ട വിഷയമല്ലാത്തതുകൊണ്ടോ, അറിയാനുള്ള സമയമാകാത്തതുകൊണ്ടോ ആയിരിക്കാം. ഇത്തരത്തില്‍ മുദ്രയിട്ടു സൂക്ഷിക്കപ്പെട്ടിരിക്കുന്ന വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ പ്രവചനങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് നിയമലംഘനമാണ്. എന്നാല്‍, ദാനിയേല്‍പ്രവചനത്തിലും വെളിപാടിന്റെ പുസ്തകത്തിലും മുദ്രയിട്ടു സൂക്ഷിച്ചിരിക്കുന്ന പ്രവചനങ്ങളെ വ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങള്‍ നാം കണ്ടുവരുന്നു. സ്വതന്ത്രസഭകള്‍ എന്നറിയപ്പെടുന്ന സഭകളിലെ സുവിശേഷകാരാണ് ഇത്തരം അപകടകരമായ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും. പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങളുമായി ഇക്കൂട്ടര്‍ എല്ലായിടത്തും വ്യാപരിക്കുന്നു. ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം മുദ്രയിടപ്പെട്ട ഈ പ്രവചനങ്ങള്‍ വ്യാഖ്യാനിക്കാനുള്ള കഴിവ് ആര്‍ക്കും അവിടുന്ന് നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ, വ്യാഖ്യാതാകളെല്ലാം ഇരുട്ടില്‍ത്തപ്പുകയും ഇളിഭ്യരാകുകയും ചെയ്യുന്നു! ഇക്കാര്യമാണ് ദാനിയേല്‍ പ്രവചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുദ്രയിടപ്പെട്ട പ്രവചനങ്ങളുടെ വ്യാഖ്യാനമല്ല മനോവ ഇവിടെ വെളിപ്പെടുത്തിയത്. മനുഷ്യരിലാര്‍ക്കും തുറന്നുകൊടുക്കാത്ത വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുകയെന്ന മൗഢ്യം മനോവയുടെ ഭാഗത്തുനിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. മുദ്രയിടപ്പെട്ട പ്രവചനങ്ങള്‍ തുറക്കാനുള്ള ശ്രമം മനുഷ്യന്‍ നടത്തുമെന്നതും ഒരു പ്രവചനമാണ്. തുറന്നുവച്ചിരിക്കുന്ന ആ പ്രവചനത്തിന്റെ വ്യാഖ്യാനമാണ് മനോവ ഇവിടെ വെളിപ്പെടുത്തിയത്. ഇത്രയും മനസ്സിലാക്കിയതിനുശേഷം ദാനിയേല്‍പ്രവചനം ഒന്നുകൂടി വായിച്ചാല്‍, സത്യം ഗ്രഹിക്കാന്‍ ഏവര്‍ക്കും സാധിക്കും. ദാനിയേല്‍പ്രവചനത്തിലെ മുദ്രയിടപ്പെട്ട വാക്കുകള്‍ എന്താണെന്നറിയാന്‍ മനുഷ്യന്‍ നടത്തുന്ന വിഫലശ്രമത്തെക്കുറിച്ചാണ് അവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഈ ശ്രമം നിയമലംഘനമായതുകൊണ്ട് അകൃത്യമായി പരിഗണിക്കപ്പെടും. അറിവ്, അകൃത്യം എന്നിങ്ങനെ രണ്ടു വിവര്‍ത്തനങ്ങള്‍ ഉള്ളതിന്റെ കാരണവും ഇതുതന്നെ!
അറിവ് രണ്ടുവിധത്തിലുണ്ടെന്നു നാം മനസ്സിലാക്കി. ശരിയായ അറിവ് ഒരുവനു നന്മയായി ഭവിക്കുമെങ്കില്‍, തെറ്റായ അറിവുകള്‍ അവനെ നാശത്തിലേക്കു നയിക്കും. ദൈവത്തെ അറിയുന്നവന്‍ തന്റെ ജീവനെ രക്ഷിക്കുന്നുവെങ്കില്‍, ദൈവത്തെക്കുറിച്ച് ഒരുവനു ലഭിക്കുന്ന തെറ്റായ അറിവുകള്‍ അവന്റെ മാര്‍ഗ്ഗത്തെ ശിക്ഷാവിധിയിലേക്കും നരകത്തിലേക്കുമുള്ളതാക്കുന്നു. ആയതിനാല്‍, സത്യം അറിയുകയെന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രധാനം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”(യോഹ: 8; 32). നാം അറിയുന്നത് സത്യമാണെങ്കില്‍, ആ സത്യം നമ്മെ സ്വതന്ത്രരാക്കും. എന്നാല്‍, നാം അറിയുന്നത് അസത്യങ്ങളാണെങ്കില്‍, ആ അസത്യങ്ങള്‍ നമ്മെ അടിമത്വത്തിലേക്കായിരിക്കും നയിക്കുന്നത്. ഇതാണ് അറിവിന്റെ പ്രത്യേകത! എല്ലാ അറിവുകളും ഒരുവനു നന്മയായി പരിണമിക്കണമെന്നില്ല. നിത്യജീവനിലേക്ക് നയിക്കുന്നത് ഏകസത്യ ദൈവത്തെയും അവിടുന്ന് അയച്ച രക്ഷയെയും അറിയുകയെന്നതാണ്. എന്നാല്‍, സത്യദൈവത്തെയല്ലാതെ, വ്യാജദൈവങ്ങളെയാണ് ഒരുവന്‍ അറിയുന്നതെങ്കില്‍, അവന്റെ അറിവ് അവനുതന്നെ കെണിയായി ഭവിക്കുന്നു. അറിവ് അനുഗ്രഹമായും ശാപമായും നമുക്കു മുന്‍പിലുണ്ട്. സത്യം അറിയാന്‍ ശ്രമിക്കുന്നവന് അത് കണ്ടെത്താന്‍ കഴിയും. സത്യം സത്യമായി എന്ന മുഖവുരയോടെയാണ് യേഹ്ശുവാ നിത്യജീവനെ സംബന്ധിച്ചുള്ള അറിവ് മനുഷ്യര്‍ക്കു മുന്‍പില്‍ തുറന്നിട്ടുള്ളത്. ഈ വിധത്തില്‍ മനുഷ്യരോടു സംസാരിച്ചിട്ടുള്ള മറ്റൊരു മതസ്ഥാപകനെയും നമുക്കു കാണാന്‍ കഴിയില്ല.
ഏതെങ്കിലും അറിവുകള്‍ ദൈവം മനുഷ്യനില്‍നിന്നു മറച്ചുവയ്ക്കുന്നുണ്ടെങ്കില്‍, അത് മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയാണ്. അവന്‍ അറിയേണ്ടതിനപ്പുറം അന്വേഷണം നടത്തുമ്പോള്‍ അവനു വന്നുഭവിക്കാന്‍ സാദ്ധ്യതയുള്ള അപകടങ്ങളെ സംബന്ധിച്ച് ദൈവം ബോധവാനാണ്. നിയമംവഴി ചില അറിവുകള്‍ മറച്ചുവയ്ക്കാന്‍ ദൈവം തയ്യാറായത് മനുഷ്യനോടുള്ള സ്നേഹത്തെ കരുതിയാണെന്നു നാം അറിഞ്ഞിരിക്കണം. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്‌നേഹമോ ആത്മീയോത്കര്‍ഷം വരുത്തുന്നു”(1 കോറി: 8; 1). അഹന്തയ്ക്ക് കാരണമാകുന്ന അറിവുകള്‍ അന്വേഷിക്കുന്ന മനുഷ്യന്‍ അവന്റെതന്നെ നാശമാണ് അന്വേഷിക്കുന്നത്. ഒരു ശിശുവിനെ അതിന്റെ മാതാപിതാക്കള്‍ ചില അറിവുകളില്‍നിന്നു മാറ്റിനിര്‍ത്തുന്നത് ആ കുഞ്ഞിനോടുള്ള സ്നേഹംകൊണ്ടാണെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല; കഴുതകള്‍പ്പോലും തങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നത് അങ്ങനെയാണ്.
ഒരു ശിശു ജനിച്ചുവീഴുമ്പോള്‍ ആയിരിക്കുന്ന നൈര്‍മ്മല്യത്തെക്കാള്‍ നിര്‍മ്മലതയോടെയാണ് ആദത്തെ ദൈവം സൃഷ്ടിച്ചത്. അവനില്‍ ജന്മപാപംപോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ആദത്തിനും ഹവ്വായ്ക്കും നന്മതിന്മകളെക്കുറിച്ചുള്ള അറിവ് ആവശ്യമില്ലെന്നു മാത്രമല്ല, തങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന നൈര്‍മ്മല്യത്തെ ആ അറിവ് കളങ്കപ്പെടുത്താനുള്ള സാദ്ധ്യതയുമുണ്ട്. അതുതന്നെയാണ് സംഭവിച്ചതെന്നു നമുക്കറിയാം. ആയതിനാല്‍, മനുഷ്യനില്‍നിന്നു ദൈവം എന്തെങ്കിലും മറച്ചുവച്ചിട്ടുണ്ടെങ്കില്‍, അത് ചികയാന്‍ ശ്രമിക്കുന്നത് അപകടമാണ്. ജീവന്‍പോലും നഷ്ടപ്പെടുത്തുന്ന അപകടം!
പരിധികളില്ലാതെ അന്വേഷിക്കാവുന്ന ഒന്നാണ് ജ്ഞാനം. ജ്ഞാനം ആരെയും അപായപ്പെടുത്തുന്നില്ല. ഒരുവനില്‍ എത്രത്തോളം ജ്ഞാനമുണ്ടോ, അത്രത്തോളം അടുത്തായിരിക്കും അവന്റെ രക്ഷ! എന്നാല്‍, ജ്ഞാനവും അറിവും ഒന്നാണെന്നു ധരിക്കുന്നവന്‍ അറിവ് നേടാന്‍ ശ്രമിക്കുകയും നാശത്തില്‍ നിപതിക്കുകയും ചെയ്യുന്നു! അറിവ് ജ്ഞാനമല്ലാത്തതുപോലെ, വിജ്ഞാനവും ജ്ഞാനമല്ല. ലോകസംബന്ധിയായ അറിവ് എന്നാണ് വിജ്ഞാനത്തിന്റെ നിര്‍വ്വചനം. ഒരു ഡോക്ടറോ ഐഎഎസ് കാരനോ ആകാന്‍ ജ്ഞാനം ആവശ്യമില്ല; അറിവും ഓര്‍മ്മശക്തിയും ഉള്ളവര്‍ക്ക് അത് സാദ്ധ്യമാകും. എന്നാല്‍, ഒരു നല്ല ഡോക്ടറോ ഐഎഎസ് കാരനോ ആകണമെങ്കില്‍ ജ്ഞാനം അനിവാര്യമാണ്! വിജ്ഞാനികളായ പലരും ജ്ഞാനമില്ലാതെ ഇരുട്ടില്‍ത്തപ്പുന്നത് നാം കണ്ടുകൊണ്ടാണിരിക്കുന്നത്. വിജ്ഞാനിയാണെങ്കിലും തനിക്ക് ജ്ഞാനമില്ലെന്നു തെളിയിച്ച വ്യക്തിയാണ് അലക്സാണ്ടര്‍ ജേക്കബ് എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍! ഇസ്ലാമിന്റെ കുഴലൂത്തുകാരനായി അധഃപതിച്ചത് ജ്ഞാനമില്ലാത്ത അവസ്ഥയില്‍ അറിവുനേടിയതുകൊണ്ടാണ്. ജേക്കബ് തോമസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സംഘപരിവാറില്‍ എത്തിച്ചതും ജ്ഞാനമില്ലാതെ നേടിയ അറിവാണ്! ജ്ഞാനമില്ലാത്തവന്‍ ബൈബിള്‍ വായിച്ചാല്‍പ്പോലും അവനു സത്യം കണ്ടെത്താന്‍ കഴിയില്ല. ബൈബിള്‍ പണ്ഡിതന്മാരെന്നു പറയപ്പെടുന്ന പലരുടെയും അവസ്ഥ ഇതാണ്! ജ്ഞാനമില്ലാതെ അവര്‍ നേടിയ അറിവ് അവര്‍ക്കും അവരെ അനുഗമിക്കുന്നവര്‍ക്കും ദുരിതമായി ഭവിക്കുന്നു! ഇതാണ് കാരണം: “അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല”(1 കോറി: 8; 2). അറിവ് അന്വേഷിക്കുന്നവര്‍ക്ക് അറിയേണ്ടത് അറിയാന്‍ കഴിയണമെങ്കില്‍ ജ്ഞാനം അനിവാര്യമാണ്! ജ്ഞാനമില്ലാത്തവര്‍ അറിവുനേടിയാലും അറിയേണ്ടത് അറിയാന്‍ അവര്‍ക്കു സാധിക്കില്ല!
അറിവ് അന്ത്യകാല അടയാളമല്ല!
അറിവുനേടാനുള്ള മനുഷ്യന്റെ ശ്രമങ്ങളെ അന്ത്യകാല അടയാളമായി പരിഗണിച്ചാല്‍ തെറ്റുപറ്റും. എന്തെന്നാല്‍, സൃഷ്ടിക്കപ്പെട്ട കാലംമുതല്‍ മനുഷ്യന്‍ ശ്രമിച്ചുകൊണ്ടിരുന്നത് അറിവുനേടാനാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ മാത്രമല്ല ഈ അന്വേഷണം നടന്നിട്ടുള്ളത്. എല്ലാക്കാലത്തും അറിവിനായി മനുഷ്യന്‍ പരിശ്രമിക്കുകയും അവന്‍ അത് നേടുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ത്തന്നെ, ദാനിയേല്‍പ്രവചനം ചൂണ്ടിക്കാണിക്കുന്ന അറിവ് അന്ത്യകാല അടയാളമായി പരിഗണിക്കാന്‍ കഴിയില്ല. ദാനിയേല്‍പ്രവാചകനിലൂടെ മുദ്രയടിക്കപ്പെട്ട കാലംമുതല്‍ ആ പ്രവചനം എന്താണെന്ന് അറിയാനുള്ള ശ്രമം മനുഷ്യന്‍ നടത്തിക്കൊണ്ടിരുന്നു. ദൈവത്തിന്റെ വചനത്താല്‍ അടയ്ക്കപ്പെട്ട ഒന്ന് തുറക്കണമെങ്കില്‍ അവിടുന്നുതന്നെ ഇടപെടണം. അവസാനംവരെ മുദ്രവച്ചിരിക്കുന്ന പ്രവചനം അവസാനത്തിനു മുന്‍പ് തുറക്കപ്പെടുകയില്ല. ദൈവം തുറക്കുന്നതുവരെ അത് അടഞ്ഞുതന്നെയിരിക്കും. വെളിപാട് പുസ്തകം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരെല്ലാം ഇളിഭ്യരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല!
അറിവിനുവേണ്ടിയുള്ള അന്വേഷണം അന്ത്യകാല അടയാളമല്ലെങ്കിലും, ജ്ഞാനം സ്വന്തമാക്കിയിട്ടുള്ളവന് അറിവ് ലഭിച്ചാല്‍, അത് അന്ത്യകാല അടയാളങ്ങളിലേക്കു വെളിച്ചം വീശാം. എന്തെന്നാല്‍, അറിവുകളെ വിവേചിക്കാന്‍ കഴിവു നല്‍കുന്നതാണ് ജ്ഞാനം! ജ്ഞാനമില്ലാത്തവന്‍ അറിവുനേടുമ്പോള്‍, ആ അറിവ് അവനെയും സമൂഹത്തെയും ഹാനികരമായി ബാധിക്കുന്നു. ജ്ഞാനം എന്തെന്നുപോലും അറിയാത്ത ഇസ്ലാമിക ഭീകരന്മാര്‍ക്ക് അണുബോംബ് നിര്‍മ്മിക്കാനുള്ള അറിവ് ലഭിച്ചാല്‍ എന്തായിരിക്കും സംഭവിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അറിവ് അഹന്ത ജനിപ്പിക്കുകയും, ഈ അഹന്ത ലോകത്തിനുതന്നെ ഭീഷണിയായി മാറുകയും ചെയ്യുന്നത് ജ്ഞാനമില്ലാത്തവര്‍ക്ക് അറിവു ലഭിക്കുമ്പോഴാണ്. ജ്ഞാനമില്ലാതെ നേടുന്ന അറിവ് ദൈവത്തെപ്പോലും വെല്ലുവിളിക്കാന്‍ കാരണമാകുമെന്നതിനുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ നമുക്കുചുറ്റുമുണ്ട്. ജ്ഞാനമില്ലാതെ നേടിയ അറിവാണ് ചിലരെ യുക്തിവാദികളാക്കി മാറ്റിയത്. ഇവര്‍ പറയുന്ന യുക്തികള്‍ അറിവിന്റെ അപൂര്‍ണ്ണതയാണെന്നു തിരിച്ചറിയാന്‍ ജ്ഞാനമുള്ളവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. അതിനാല്‍ത്തന്നെ, യുക്തിവാദികളുടെ ആശയപ്രചരണം ജ്ഞാനമില്ലാത്ത അനേകരെ ദൈവദൂഷകരാക്കി മാറ്റുന്നു. എന്നാല്‍, വിജ്ഞാനികളുടെ ഭോഷത്തം ജ്ഞാനികള്‍ തിരിച്ചറിയും; ജ്ഞാനികള്‍ മാത്രമേ അത് തിരിച്ചറിയുകയുള്ളു!
ശാസ്ത്രവും തോല്‍ക്കും മനുഷ്യനും തോല്‍ക്കും!
അമര്‍ത്യത കൈവരിക്കാന്‍ എങ്ങനെ സാധിക്കുമെന്നുള്ള അന്വേഷണത്തിലാണ് ആധുനിക ശാസ്ത്രലോകമെന്ന് നമ്മില്‍ ചിലര്‍ക്കെങ്കിലും അറിയാവുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് അനേകം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യനെ സൃഷ്ടിക്കാനുള്ള കഴിവ് ശാസ്ത്രം നേടിക്കഴിഞ്ഞുവെന്ന പ്രചാരണമാണ് പലപ്പോഴും സജ്ജീവ ചര്‍ച്ചകള്‍ക്കു വിഷയമായി മാറുന്നത്. ഒരുതുള്ളി രക്തംപോലും കൃത്രിമമായി നിര്‍മ്മിക്കാനുള്ള കഴിവ് ശാസ്ത്രം ഇതുവരെ ആര്‍ജ്ജിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേതന്നെ, മനുഷ്യനെ നിര്‍മ്മിക്കാനുള്ള ശാസ്ത്രത്തിന്റെ കഴിവിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പലരും തയ്യാറാകുന്നു. ശാസ്ത്രത്തിന്റെ പേരിലാണെങ്കില്‍ ഏത് വ്യാജങ്ങളെയും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നവിധം മനുഷ്യബുദ്ധിയെ അന്ധകാരത്തിലാഴ്ത്തുന്നത് ലോകത്തെ കീഴടക്കിയിരിക്കുന്ന മിഥ്യാബോധമാണ്. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാല്‍ വെള്ളമുണ്ടാകുമെന്ന് ശാസ്ത്രം പറയുമ്പോള്‍ ആര്‍ക്കും അതില്‍ സംശയമില്ല. ഓക്സിജനും ഹൈഡ്രജനും കൂട്ടിക്കലര്‍ത്തി വെള്ളമുണ്ടാക്കുന്നത് ആരെങ്കിലും കണ്ടിട്ടല്ല അത് വിശ്വസിക്കുന്നത്. ഒരുതുള്ളി വെള്ളത്തിനുവേണ്ടി തമിഴ്നാട്ടിലെ ജനം വലയുമ്പോള്‍, ഹൈഡ്രജനും ഓക്സിജനും കൂട്ടിക്കലര്‍ത്തി പ്രശ്നപരിഹാരമുണ്ടാക്കാന്‍ ശാസ്ത്രികളിലാരും തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്!
ഹൈഡ്രജന്‍ വാതകം നിറച്ച ബലൂണുകള്‍ ആകാശത്തു പറന്നുനീങ്ങുന്നത് നാം കാണുന്നു. വ്യാപരസ്ഥാപനങ്ങളുടെയും അവരുടെ പരസ്യങ്ങള്‍ വഹിക്കുന്ന കൂറ്റന്‍ ബലൂണുകളില്‍ നിറച്ചിരിക്കുന്നത് ഹൈഡ്രജന്‍ വാതകമാണ് (ഹീലിയം വാതകവും ഉപയോഗിക്കാറുണ്ട്). സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് നമ്മില്‍പ്പലരും ഹൈഡ്രജന്‍ വാതകമുണ്ടാക്കി ബലൂണുകള്‍ പറത്തിയത് ഓര്‍ക്കുന്നുണ്ടാകാം. ചുണ്ണാമ്പ്, അലക്കുകാരം, അലൂമിനിയം കടലാസ്, ചൂടുവെള്ളം എന്നിവ ചേര്‍ത്താല്‍ ഹൈഡ്രജന്‍ വാതകമായി! ഈ ഹൈഡ്രജനും ഓക്സിജനും നിശ്ചിതയളവില്‍ ചേര്‍ത്താല്‍ വെള്ളമുണ്ടാകും. ഇത്തരത്തില്‍ ജലക്ഷാമം പരിഹരിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനോവയ്ക്കറിയില്ല! എന്നാല്‍, ഒരുകാര്യം മനോവയ്ക്കറിയാം; ശാസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നവയില്‍ അധികവും നുണകളാണെങ്കിലും മനുഷ്യന് ഒന്നും അസാദ്ധ്യമല്ല എന്ന സത്യമാണ് അത്!
മനുഷ്യന് അസാദ്ധ്യമായി ഒന്നുമില്ലെങ്കിലും, സകലതും സാദ്ധ്യമാകുന്ന അവസ്ഥയില്‍ അവന്‍ എത്തിച്ചേരുന്നതിന് ദൈവം അവനെ അനുവദിക്കില്ല. ശാസ്ത്രവും മനുഷ്യനും തോല്‍ക്കുമെന്ന് പറഞ്ഞതിന്റെ പൊരുളിതാണ്. മനുഷ്യന് അസാദ്ധ്യമായി ഒന്നുമുണ്ടായിരിക്കില്ല എന്ന് വെളിപ്പെടുത്തിയത് ദൈവമായതുകൊണ്ട് മനോവ അത് വിശ്വസിക്കുന്നു. എന്നാല്‍, എല്ലാം സാദ്ധ്യമാകുന്ന അവസ്ഥയില്‍ അവന്‍ എത്തിച്ചേരില്ല എന്നുപറഞ്ഞതും ദൈവംതന്നെയാണ്. ആയതിനാല്‍, മനോവ അതും ഉറച്ചു വിശ്വസിക്കുന്നു. ഇനിയാണ് യഥാര്‍ത്ഥ വിഷയത്തിലേക്കു നാം കടക്കുന്നത്! അതിനായി നാം ആദ്യത്തെ വചനം ഒന്നുകൂടി പരിശോധിക്കുകയാണ്. മനുഷ്യന്റെ സാദ്ധ്യതകളെ സംബന്ധിച്ച് ദൈവമായ യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ നോക്കുക: “മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ യാഹ്‌വെ ഇറങ്ങിവന്നു. അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്. അവര്‍ക്ക് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാദ്ധ്യമായിരിക്കയില്ല”(സൃഷ്ടി: 11; 5, 6).
മനുഷ്യന്‍ നില്‍ക്കുന്നത് സാദ്ധ്യതകളുടെ മുന്‍പിലാണ്. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവന് അസാദ്ധ്യമായിരിക്കില്ല. മനുഷ്യനെ സൃഷ്ടിക്കാന്‍പോലും അവനു സാധിക്കുമെന്നല്ലേ ദൈവമായ യാഹ്‌വെ അരുളിചെയ്തിരിക്കുന്നത്? ദൈവത്തിന്റെ പ്രതിച്ഛായയില്‍ ദൈവംതന്നെ മെനെഞ്ഞെടുത്ത മനുഷ്യനില്‍ ജീവശ്വാസം പകര്‍ന്നതും അവിടുന്നാണ്. അതിനാല്‍ത്തന്നെ, അവന്‍ ആഗ്രഹിക്കുന്നതെന്തും അവന്‍ യാഥാര്‍ത്ഥ്യമാക്കും. ഈ സത്യമാണ് ദൈവമായ യാഹ്‌വെ വെളിപ്പെടുത്തിയത്. ആയതിനാല്‍, താന്‍ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനുഷ്യന്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുമ്പോള്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല! അവന്‍ പറയുന്നതെന്തും അവനു ചെയ്യാന്‍ സാധിക്കും. എന്നാല്‍, മനുഷ്യന്‍ മനുഷ്യനെ നിര്‍മ്മിക്കുന്നതിനു മുന്‍പ്, മനുഷ്യന്‍ അമര്‍ത്യത കൈവരിക്കുന്നതിനു മുന്‍പ് ദൈവം ഇടപെടും. അപ്പോഴാണ് മനുഷ്യനും ശാസ്ത്രവും തോല്‍ക്കുന്നത്. ആ തോല്‍വി അസാദ്ധ്യതയുടെ പരിണിതഫലമായി സംഭവിക്കുന്നതല്ല; മറിച്ച്, മാനവരാശിയുടെ നന്മയ്ക്കായി ദൈവം നടത്തുന്ന ഇടപെടലിലൂടെ സംഭവിക്കുന്നതാണ്.
അന്യഗ്രഹങ്ങളില്‍ മനുഷ്യവാസം സാദ്ധ്യമാണോ എന്ന അന്വേഷണത്തിലാണ് ഇന്നത്തെ ശാസ്ത്രലോകമെന്ന് നമുക്കറിയാം. ഭൂമിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം അന്യഗ്രഹങ്ങളില്‍ ജലാംശമുണ്ടോ എന്ന് മനുഷ്യന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. രാജ്യങ്ങള്‍ ഇന്ന് മത്സരിക്കുന്നത് ചൊവ്വയിലും ചന്ദ്രനിലും ആധിപത്യം സ്ഥാപിക്കാനാണ്. കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണികൊണ്ട് മരിക്കുമ്പോള്‍, സഹസ്രകോടികള്‍ ചിലവഴിച്ച് മംഗള്‍യാന്‍ ദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യയുടെ ലക്ഷ്യവും അന്യഗ്രഹവാസമാണെന്ന് നമുക്കറിയാം. ഭൂമിയില്‍ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം നിഷേധിച്ചുകൊണ്ട്, അന്യഗ്രഹങ്ങളിലെ സാദ്ധ്യതകള്‍ അന്വേഷിക്കുന്നതിനെ അഹങ്കാരമായി മാത്രമേ നമുക്കു കാണാന്‍ കഴിയുകയുള്ളു. ശാസ്ത്രീയ പരീക്ഷണങ്ങളെയൊന്നും മനോവ തള്ളിപ്പറയുന്നില്ല. എന്നാല്‍, രാജ്യത്തെ പൗരന്മാരുടെ വിശപ്പകറ്റാന്‍ ശ്രമിക്കാതെയുള്ള പരീക്ഷണങ്ങളില്‍ രക്തത്തിന്റെ രൂക്ഷഗന്ധമുണ്ടെന്നു പറയാതിരിക്കാന്‍ കഴിയില്ല. ജ്ഞാനമില്ലാത്തവര്‍ അറിവിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളിലെ അപകടമാണ് ചൊവ്വാപര്യവേഷണങ്ങളില്‍ നാം തിരിച്ചറിയേണ്ടത്. ജ്ഞാനം ബൈബിളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ പര്യവേഷണങ്ങള്‍ക്കുവേണ്ടി പട്ടിണിപ്പാവങ്ങളെ ഇന്ത്യ കൊള്ളയടിക്കുമായിരുന്നില്ല.
പോഷകാഹാരം ലഭിക്കാതെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരിച്ചുവീഴുന്നു. ഈ കുഞ്ഞുങ്ങളുടെ ശവക്കൂനയില്‍നിന്നാണ് ചന്ദ്രനിലേക്ക് കുതിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത്. രാജ്യത്തെ പട്ടിണിയകറ്റാതെ, ബഹിരാകാശ പരീക്ഷണങ്ങളുമായി നടക്കുന്ന ഏകരാജ്യം ഇന്ത്യയാണ്. ഒരിക്കലും സാക്ഷാത്ക്കരിക്കാന്‍ കഴിയാത്ത സ്വപ്നമാണ് അന്യഗ്രഹവാസമെന്ന് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കെ, മനുഷ്യന്‍ നടത്തുന്ന ഈ ശ്രമങ്ങളെ ദൈവത്തോടുള്ള വെല്ലുവിളിയായി മാത്രമേ മനോവയ്ക്കു കാണാന്‍ സാധിക്കുകയുള്ളു. ഈ ലേഖനത്തില്‍ നാം കണ്ട രണ്ടാമത്തെ പ്രവചനത്തില്‍ ഇക്കാര്യം ദൈവം വ്യക്തമാക്കിയിട്ടുണ്ട്. പ്രവചനമിതാണ്: “നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും”(ഒബാദിയാഹ്: 1; 4). നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടാന്‍ മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലം എന്തായിരിക്കുമെന്ന് ഈ പ്രവചനത്തിലുണ്ട്. അന്യഗ്രഹവാസം മനുഷ്യനു സാദ്ധ്യമായാലും അത് ശാശ്വതമായി നിലനില്‍ക്കില്ല എന്ന സത്യമാണ് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബൈബിളിനും ബൈബിളിലെ ദൈവത്തിനും എതിരായി എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കുമോ എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബൈബിളിലെ ജ്ഞാനം ഗ്രഹിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, പണവും സമയവും വ്യയംചെയ്ത് ഇത്തരം ബഹിരാകാശ മത്സരങ്ങളില്‍ ഇന്ത്യപോലും പങ്കാളിയാകുന്നു.
അന്ത്യകാല അടയാളമായി പരിഗണിക്കാന്‍ കഴിയുന്ന ഒന്നാണ് അന്യഗ്രഹവാസത്തിനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍! അറിവ് നേടാനുള്ള മനുഷ്യന്റെ പരിശ്രമങ്ങളെ അന്ത്യകാല അടയാളമായി പരിഗണിക്കാന്‍ കഴിയില്ലെങ്കിലും, ശാസ്ത്രവും മനുഷ്യനും എത്തിനില്‍ക്കുന്നത് ലോകാന്ത്യത്തിന്റെ വക്കത്താണ്. ഇത് പറയാന്‍ വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, മനുഷ്യന്റെ അന്വേഷണങ്ങളും കണ്ടെത്തലുകളും ദൈവത്തെ പ്രകോപിപ്പിക്കുന്നില്ല. ഭൂവാസികള്‍ക്കു നന്മയായി പരിണമിക്കുന്ന ഏതൊരു അന്വേഷണത്തെയും ദൈവം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ശാസ്ത്രീയമായ കണ്ടെത്തലുകളില്‍ ചിലത് മനുഷ്യനും ഭൂമിക്കും ഹാനികരമാകുന്നുണ്ടെങ്കിലും, അതിന്റെ ഗുണവശങ്ങളില്‍ ദൈവം സംതൃപ്തനാണ്. ആരോഗ്യപരിപാലന രംഗത്ത് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ചില മരുന്നുകള്‍ തന്നെയാണ് മയക്കുമരുന്നുകളായി ദുരുപയോഗിക്കപ്പെടുന്നതെന്നു നമുക്കറിയാം. എന്നാല്‍, ദുരുപയോഗിക്കപ്പെടുന്ന വസ്തുവിനെ അതിന്റെ ഗുണകരമായ ഉപയോഗത്തെപ്രതി ദൈവം അംഗീകരിക്കുന്നു. ആണവപദ്ധതികളുടെ കാര്യത്തിലും നന്മയെയാണ് ദൈവം പരിഗണിക്കുന്നത്. മനുഷ്യന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ദൈവത്താല്‍ തടയപ്പെടാത്തതിന്റെ കാരണം, അതില്‍ നന്മയുടെതായ ഒരു വശം ഉള്ളതുകൊണ്ടാണ്. എന്നാല്‍, ഭൂമിയില്‍നിന്നു മാറി അന്യഗ്രഹവാസത്തിനു മനുഷ്യന്‍ മുതിര്‍ന്നാല്‍ ദൈവം അതില്‍ ഇടപെടും. എന്തെന്നാല്‍, ഭൂമിയിലെ പൂഴികൊണ്ടാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. അതുപോലെതന്നെ, ഭൂമിയിലെ മണ്ണിലേക്കുതന്നെ മടങ്ങേണ്ടവനാണ് മനുഷ്യന്‍!
മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനു നല്‍കിയിരിക്കുന്നത് ഭൂമിയുടെമേലും ഭൂമിയിലുള്ള സകലത്തിന്റെയുംമേലുമുള്ള ആധിപത്യമാണ്. ഈ വചനം ശ്രദ്ധിക്കുക: “അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ”(സൃഷ്ടി: 1; 26). ഈ വചനംകൂടി നോക്കുക: “ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ”(സൃഷ്ടി: 1; 28). ഭൂമിയുടെമേലും ഭൂമിയിലെ ജീവികളുടെമേലും ആധിപത്യം സ്ഥാപിക്കേണ്ട മനുഷ്യനാണ് ഇഴജന്തുക്കളെപ്പോലും ആരാധിക്കുന്നവരായി ദൈവത്തിന്റെ പ്രതിച്ഛായയെ നിന്ദിക്കുന്നത്!
മനുഷ്യന്‍ ഭൗമികനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അന്യഗ്രഹങ്ങളില്‍ വസിക്കാനുള്ള അവന്റെ ശ്രമത്തിനുമേല്‍ ദൈവം ഇടപെടാതിരിക്കില്ല. ഒബാദിയാഹിന്റെ പ്രവചനം വ്യക്തമാക്കുന്നത് ഇക്കാര്യംതന്നെയാണ്! പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അന്യഗ്രഹവാസം സാദ്ധ്യമാക്കുമെന്ന് അഹങ്കാരത്തോടെ വിളിച്ചുപറയാന്‍ വിഡ്ഢിയായ മോഡിപോലും തയ്യാറാകുന്നത് അന്ത്യകാലത്തിന്റെ അടയാളമല്ലാതെ മറ്റെന്താണ്? പോഷകാഹാരത്തിന്റെ അഭാവത്താല്‍ മരണമടയുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ സഹായിക്കാന്‍ പ്രതിമാസം അഞ്ഞൂറുരൂപ ഭിക്ഷയാചിക്കുന്ന രാജ്യത്തുനിന്നുപോലും ഇത്രത്തോളം അഹന്ത മുറ്റിയ വാക്കുകള്‍ ഉയരുമ്പോള്‍, ഈ പ്രവചനം ഓര്‍ക്കുക: “നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും”(ഒബാദിയാഹ്: 1; 4).
അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അന്യഗ്രഹവാസത്തിന് ഭാണ്ഡം ഒരുക്കി കാത്തിരിക്കുന്നവര്‍ അറിയുന്നില്ല ഈ കാലയളവില്‍ ദൈവം നടത്താന്‍പോകുന്ന ഇടപെടലുകള്‍ എങ്ങനെയുള്ളതായിരിക്കുമെന്ന്! ദൈവത്തെ വെല്ലുവിളിക്കുന്ന മനുഷ്യന്‍ അറിയാനായി ഒരു വചനമിതാ: “മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും”(സൃഷ്ടി: 3; 19). ശാസ്ത്രവും മനുഷ്യനും ഒന്നുപോലെ തോല്‍ക്കുന്നത് ദൈവത്തിന്റെ വചനത്തിനു മുന്‍പില്‍ മാത്രമായിരിക്കും! ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മറ്റൊന്നിന്റെ മുന്‍പിലും പരാജയപ്പെടില്ല! അതുതന്നെയാണ് ദൈവഹിതം! വചനത്താല്‍ സ്ഥാപിതമായ ദൈവീകസംവിധാനങ്ങളോടുള്ള മനുഷ്യന്റെ മത്സരം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ ദൈവം ഭൂമിയില്‍ സന്ദര്‍ശനം നടത്തും! അതായത്, ദൈവത്തെ ഭൂമിയിലേക്കു ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയിലാണ് മനുഷ്യന്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, അവനത് അറിയുന്നില്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-