01 - 07 - 2025 YouTube
‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ പേര് വിശുദ്ധീകരിക്കപ്പെടട്ടെ! നിന്റെ രാജ്യം വരണമേ! നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ!’. തന്റെ പ്രത്യാഗമനംവരെ ഓരോ ക്രിസ്ത്യാനിയും വിളിച്ചപേക്ഷിക്കേണ്ടതിനായി യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ആദ്യഭാഗമാണിത്. ഓരോ ക്രിസ്ത്യാനിയും നിരന്തരം ദൈവസന്നിധിയില്‍ സമര്‍പ്പിക്കേണ്ട മൂന്ന് നിയോഗങ്ങള്‍ ഈ പ്രാര്‍ത്ഥനയിലുണ്ട്. അതുകൊണ്ടുതന്നെ, ഓരോ ക്രിസ്ത്യാനിയും ഈ പ്രാര്‍ത്ഥനയുടെ ശരിയായ അര്‍ത്ഥം വ്യക്തതയോടെ ഗ്രഹിക്കുകയും, ഈ പ്രാര്‍ത്ഥനയിലെ നിയോഗങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയും വേണം. മാത്രവുമല്ല, ഈ പ്രാര്‍ത്ഥനയെ അപ്രസക്തമാക്കാന്‍ സാത്താനും അവന്റെ സേവകരും നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിനാല്‍, ഇന്ന് ഈ വിഷയം നാം പഠനവിധേയമാക്കുകയാണ്!
എല്ലാ ക്രിസ്ത്യാനികള്‍ക്കും പൊതുവായി അറിയാവുന്ന ഒരു പ്രാര്‍ത്ഥനയാണ് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന! സ്വര്‍ഗ്ഗത്തില്‍നിന്ന് നല്‍കപ്പെട്ടിരിക്കുന്ന ഏക പ്രാര്‍ത്ഥന എന്നനിലയിലും യേഹ്ശുവാ പഠിപ്പിച്ച ഒരേയൊരു പ്രാര്‍ത്ഥന എന്നനിലയിലും ഈ പ്രാര്‍ത്ഥനയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. മത്തായിയും ലൂക്കായുമാണ് ഈ പ്രാര്‍ത്ഥന ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മത്തായി തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയതില്‍നിന്ന് അല്പം വ്യത്യാസത്തോടെയാണ് ലൂക്കാ തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്ര പൂര്‍ണ്ണത ലൂക്കായുടെ സുവിശേഷത്തില്‍ ദര്‍ശിക്കാന്‍ കഴിയില്ല. ചില വാക്കുകള്‍ ലൂക്കാ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് അതിനുകാരണം. ലൂക്കാ ഇത് മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് പറയാന്‍ കഴിയില്ല. മറിച്ച്, കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ എഴുതിയപ്പോള്‍ ചില വാക്കുകള്‍ വിട്ടുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. യേഹ്ശുവാ തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത് ലൂക്കായുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നില്ല. ശിഷ്യന്മാരില്‍നിന്ന് കേട്ടറിഞ്ഞതാണ് ലൂക്കാ എഴുതിയത്. എന്നാല്‍, മത്തായിയാകട്ടെ, യേഹ്ശുവായില്‍നിന്ന് നേരിട്ട് കേട്ടത് എഴുതി! അതിനാല്‍ത്തന്നെ, ആധികാരികമായി പരിഗണിക്കാന്‍ സാധിക്കുന്നത് മത്തായിയുടെ ലിഖിതമാണ്. അതിനര്‍ത്ഥം ലൂക്കായുടെ സുവിശേഷത്തിന് ആധികാരികതയില്ലെന്നല്ല!
ലൂക്കാ എഴുതിയതില്‍ എന്തെങ്കിലും തെറ്റ് കടന്നുകൂടുകയോ, അവന്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന് ആദ്യമായി നാം അറിഞ്ഞിരിക്കണം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലെ ദൈവരാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിയോഗങ്ങളില്‍ ഒരു നിയോഗം വിട്ടുപോയി എന്നതാണ്. അതായത്, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍നിന്ന് ‘നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ’ എന്ന നിയോഗം വിട്ടുപോയി! അതുകൊണ്ടുതന്നെ, യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥന പൂര്‍ണ്ണതയോടെ രേഖപ്പെടുത്തിയിരിക്കുന്നത് മത്തായിയുടെ സുവിശേഷത്തിലാണെന്ന് മനസ്സിലാക്കാം. ഇനി നമുക്ക് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ അര്‍ത്ഥതലങ്ങള്‍ സൂക്ഷ്മതയോടെ പരിശോധിക്കാം. അതിനുമുമ്പ് ഈ പ്രാര്‍ത്ഥനയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന ശത്രുവിനെക്കുറിച്ച് ചില പ്രാഥമിക അറിവുകള്‍ പങ്കുവയ്ക്കേണ്ടിയിരിക്കുന്നു. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ എക്കാലത്തെയും ശത്രു സാത്താനാണ്. എന്തെന്നാല്‍, സാത്താന്റെ സാമ്രാജ്യത്വത്തെ അടിവേരോടെ പിഴുതെറിയാന്‍ ശക്തിയുള്ള ഏക പ്രാര്‍ത്ഥനയാണിത്. അതുകൊണ്ടുതന്നെ, ക്രൈസ്തവരുടെയിടയില്‍ അനേകം പ്രാര്‍ത്ഥനകള്‍ അവതരിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ പ്രാര്‍ത്ഥനയെ പാര്‍ശ്വവത്ക്കരിച്ചു.
അമിതപ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന വചനവിരുദ്ധമായ അനേകം പ്രാര്‍ത്ഥനകള്‍ ഇന്ന് ക്രൈസ്തവസമൂഹങ്ങളിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ന് ക്രൈസ്തവസമൂഹങ്ങളില്‍, വിശിഷ്യാ കത്തോലിക്കാസമൂഹത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഭൂരിഭാഗവും വചനവിരുദ്ധമാണ്. നന്മയുടെ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഇത്തരം പ്രാര്‍ത്ഥനകളിലേറെയും യേഹ്ശുവായ്ക്ക് എതിരെയുള്ള വെല്ലുവിളികളാണെന്ന് നാം തിരിച്ചറിയണം. ലൗകികമായ നന്മകള്‍ മാത്രം ലക്ഷ്യംവച്ചുള്ള നിവേദനങ്ങളായി ഇന്നത്തെ പ്രാര്‍ത്ഥനകളെല്ലാം അധഃപതിച്ചിരിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ പ്രാര്‍ത്ഥനകളുമായി രംഗത്തിറങ്ങുന്ന വെളിച്ചപ്പാടുകള്‍ എല്ലാ ക്രൈസ്തവസമൂഹങ്ങളിലും സ്ഥാനംപിടിച്ചിട്ടുണ്ട്. ലൗകികമായ നേട്ടങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനകളോടാണ് വിശ്വാസികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യം. വിശ്വാസികള്‍ക്കിടയില്‍ ഇങ്ങനെയൊരു അവസ്ഥ സൃഷ്ടിച്ചത് അവരുടെ നേതാക്കന്മാര്‍ തന്നെയാണെങ്കിലും, ഈ നേതാക്കന്മാരെ നയിച്ചത് സാത്താനാണ്. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍നിന്ന് വിശ്വാസികളെ അകറ്റുന്നതിനുവേണ്ടിയാണ് സാത്താന്‍ അങ്ങനെ ചെയ്യുന്നത്.
ലൗകിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവരെക്കുറിച്ച് ബൈബിള്‍ പറയുന്നത് എന്താണെന്ന് നോക്കുക: “ഈ ജീവിതത്തിനുവേണ്ടി മാത്രം മ്ശിയാഹില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ ദയനീയരാണ്”(1 കോറിന്ത്: 15; 19). അതായത്, നവനാള്‍ പ്രാര്‍ത്ഥനകളടക്കം ഇപ്പോള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനകളെല്ലാംതന്നെ ക്രിസ്ത്യാനികളെ എല്ലാ മനുഷ്യരെയുംകാള്‍ ദയനീയാവസ്ഥയിലേക്ക് അധഃപതിപ്പിക്കാനുള്ള പ്രാര്‍ത്ഥനകളാണ്! ലോകത്തോടുള്ള മൈത്രിയെക്കുറിച്ച് അപ്പസ്തോലനായ യാക്കോബ് നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു”(യാക്കോബ്: 4; 4). നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത് എന്ന് അപ്പസ്തോലനായ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം വാക്യത്തില്‍ പറയുന്നു. യേഹ്ശുവായും അപ്പസ്തോലന്മാരും നമുക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ് ഇതാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഈ ലോകജീവിതത്തിന് ആവശ്യമായത് ലഭിക്കുന്നതിനുവേണ്ടി മാത്രമുള്ള പ്രാര്‍ത്ഥനകളാണ് അഭിനവാചാര്യന്മാര്‍ ഇന്ന് വിശ്വാസികള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്നത്.
യേഹ്ശുവാ ഒരിക്കല്‍പ്പോലും ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടില്ലെന്ന് മാത്രമല്ല, ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരെയും ഉപദേശിച്ചിട്ടുമില്ല! അവന്‍ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് എപ്രകാരമായിരുന്നുവെന്ന് നോക്കുക: “ലോകത്തില്‍നിന്ന് നീ എനിക്ക് നല്‍കിയവര്‍ക്ക് നിന്റെ പേര് ഞാന്‍ വെളിപ്പെടുത്തി. അവര്‍ നിന്റേതായിരുന്നു; നീ അവരെ എനിക്ക് നല്‍കി. അവര്‍ നിന്റെ വചനം പാലിക്കുകയും ചെയ്തു. നീ എനിക്ക് നല്‍കിയതെല്ലാം നിന്നില്‍നിന്നാണെന്ന് അവര്‍ ഇപ്പോള്‍ അറിയുന്നു. എന്തെന്നാല്‍, നീ എനിക്ക് നല്‍കിയ വചനം ഞാന്‍ അവര്‍ക്ക് നല്‍കി. അവര്‍ അത് സ്വീകരിക്കുകയും ഞാന്‍ നിന്റെ അടുക്കല്‍നിന്ന് വന്നുവെന്ന് സത്യമായി അറിയുകയും നീ എന്നെ അയച്ചുവെന്ന് വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അവര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, നീ എനിക്ക് തന്നവര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്”(യോഹന്നാന്‍: 17; 6-9).
ലോകം എല്ലാക്കാലത്തും ദൈവത്തിന്റെ ശത്രുവാണ്. എന്തെന്നാല്‍, സാത്താനാണ് ഈ ലോകത്തിന്റെ നാഥന്‍! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്ന് തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു”(യോഹന്നാന്‍: 15; 18, 19). ലോകം എന്നത് സാത്താന്റെതായതുകൊണ്ടുതന്നെ, ലോകത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയെന്നത് സാത്താനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്! സാത്താനും അവന്റെ സംവിധാനങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാനല്ല ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ പിടിയില്‍നിന്ന്, അതായത് സാത്താന്റെ പിടിയില്‍നിന്ന് വിടുവിക്കപ്പെട്ടവരാണ് യേഹ്ശുവായ്ക്കുള്ളവര്‍! ലോകത്തില്‍നിന്ന് തനിക്ക് നല്കപ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് യേഹ്ശുവാ പറഞ്ഞതിന്റെ പൊരുളിതാണ്. അതിനാല്‍ത്തന്നെ, ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവരാരും ദൈവത്തില്‍നിന്നുള്ളവരല്ല! ലോകം മുഴുവനോടും കരുണകാണിക്കണം എന്ന് യാചിക്കുന്ന കരുണക്കൊന്തയേയും അതിന്റെ ഉപജ്ഞാതാവായ ഫൗസ്റ്റീനയേയും മാത്രമല്ല, ഈ പ്രാര്‍ത്ഥനയുടെ പ്രാചാരകരേയും നയിക്കുന്നത് ഏതാത്മാവാണെന്ന് വിവേചിക്കേണ്ടത് ഇവിടെയാണ്!
വചനവിരുദ്ധമായ ഇത്തരം പ്രാര്‍ത്ഥനകളുടെയെല്ലാം പിന്നില്‍ ഒരു ലക്‌ഷ്യം മാത്രമേയുള്ളു. അത് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയെ അപ്രസക്തമാക്കുകയും വിസ്മൃതിയിലാക്കുകയും ചെയ്യുകയെന്നതാണ്! വചനവിരുദ്ധമായ പ്രാര്‍ത്ഥനകള്‍ വിശ്വാസികളുടെമേല്‍ അടിച്ചേല്പിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് വിശുദ്ധരെ ഇവര്‍ പ്രഖ്യാപിക്കുന്നത്. വിശുദ്ധരുടെത് എന്നപേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളും പ്രാര്‍ത്ഥനകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതുപോലെതന്നെ, ക്രിസ്തുവിനെക്കുറിച്ചുള്ള ചിന്ത പരമാവധി ഇല്ലാതാക്കുകയെന്ന കൗശലം വിശുദ്ധരെ പ്രഖ്യാപിക്കുന്ന അഭ്യാസത്തിന് പിന്നിലുമുണ്ട്. ഒരു വചനത്തിന്റെപോലും പിന്തുണ ഈ പ്രഖ്യാപനത്തിനില്ല എന്നതാണ് നാം തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യം. എണ്ണിയാലൊടുങ്ങാത്തത്ര വിശുദ്ധരെ പ്രഖ്യാപിക്കുകയും അവരുടെയെല്ലാം പേരില്‍ നവനാള്‍ പ്രാര്‍ത്ഥനകളുണ്ടാക്കി വിശ്വാസികള്‍ക്ക് നല്‍കുകയും ചെയ്യുന്നതിനെ ആരും നിഷ്ക്കളങ്കമായി കാണരുത്. എന്തെന്നാല്‍, ഇതിന്റെ പിന്നിലുള്ളത് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍നിന്ന് പിന്തിരിപ്പിക്കുകയെന്ന പൈശാചിക അജണ്ടയാണ്. പുരാതന യിസ്രായേല്‍ക്കാര്‍ക്ക് ആരാധിക്കാന്‍ വിഗ്രഹം നിര്‍മ്മിച്ച് നല്‍കിയ അഹറോനെപ്പോലെ, ക്രൈസ്തവസമൂഹത്തിന് വിഗ്രഹം നിര്‍മ്മിച്ച് നല്കുന്ന പ്രവൃത്തിയാണ് വിശുദ്ധരെ പ്രഖ്യാപിക്കുന്നതിലൂടെ ക്രൈസ്തവാചാര്യന്മാര്‍ ചെയ്യുന്നത്!
ഓരോ ക്രിസ്ത്യാനിയും എങ്ങനെയായിരിക്കണമെന്ന് യേഹ്ശുവാ നമ്മെ ഉപദേശിച്ചിട്ടുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: “നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍, നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി”(മത്തായി: 6; 33). ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവര്‍ക്ക് അതോടൊപ്പം മറ്റുള്ളവയെല്ലാം നല്‍കുമെന്നത് യേഹ്ശുവായുടെ വാഗ്ദാനമാണ്. ഈ വാഗ്ദാനം നിറവേറുന്നതിനുവേണ്ടിയാണ് ഓരോ ക്രിസ്ത്യാനിയും പ്രാര്‍ത്ഥിക്കേണ്ടത്. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ഘടന പരിശോധിച്ചാല്‍ അത് ദൈവത്തിന്റെ രാജ്യവും നീതിയും സ്ഥാപിതമാകുന്നതിനുവേണ്ടിയുള്ള യാചനയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും! അതുകൊണ്ടുതന്നെ, ക്രിസ്ത്യാനി പ്രാര്‍ത്ഥിക്കേണ്ട ഒരേയൊരു പ്രാര്‍ത്ഥന യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്. ഈ സത്യം ആരെക്കാളും കൃത്യമായി സാത്താനറിയാം. അതിനാലാണ് ഈ പ്രാര്‍ത്ഥനയെ അപ്രസക്തമാക്കാന്‍ അവന്‍ കിണഞ്ഞ് ശ്രമിക്കുന്നത്. ക്രൈസ്തവസമൂഹങ്ങളിലെ ആചാര്യവേഷധാരികളിലൂടെ അവന്‍ തന്റെ ഇംഗിതം നടപ്പാക്കുന്നു.
യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയേക്കാള്‍ പ്രാധാന്യത്തോടെ കത്തോലിക്കാസമൂഹം പരിഗണിക്കുന്നത് ‘മരിയന്‍ പ്രാര്‍ത്ഥനകള്‍’ ആണെന്നത് നാം വിസ്മരിക്കരുത്. ജപമാലയിലെ രഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍, യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയ്ക്ക് നല്‍കുന്ന പരിഗണനയും ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയ്ക്ക് നല്‍കുന്ന പരിഗണനയും താരതമ്യം ചെയ്‌താല്‍ സാത്താന്റെ കൗശലം വ്യക്തമാകും. ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയെ പ്രധാന പ്രാര്‍ത്ഥനയായി പരിഗണിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ശക്തിയും അനിവാര്യതയും തിരിച്ചറിയാത്തവരാണ്! ആയതിനാല്‍, ഈ അവസാനനാളുകളിലെങ്കിലും യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ അര്‍ത്ഥം വ്യക്തതയോടെ ഗ്രഹിക്കുവാനും, അങ്ങനെ വ്യര്‍ത്ഥമായ മറ്റ് പ്രാര്‍ത്ഥനകളില്‍നിന്ന് വിരമിച്ച്, യഥാര്‍ത്ഥ പ്രാര്‍ത്ഥനയെ നെഞ്ചോട് ചേര്‍ക്കുവാനും നമുക്ക് പരിശീലിക്കാം!
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍ എന്നരുളിച്ചെയ്തുകൊണ്ട് യേഹ്ശുവാ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥന ഇതാണ്: “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ പേര് വിശുദ്ധീകരിക്കപ്പെടട്ടെ. നിന്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട അപ്പം ഇന്ന് ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്താതെ, തിന്മയില്‍നിന്ന് ഞങ്ങളെ വിടുവിക്കണമേ. എന്തുകൊണ്ടെന്നാല്‍, രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിന്റെതാകുന്നു”(മത്തായി: 6; 9-13). ഒരു ക്രിസ്ത്യാനിയുടെ മുന്‍പിലെ പ്രഥമ പരിഗണന ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുകയെന്നതാണെന്ന് യേഹ്ശുവാ ഉപദേശിച്ചിട്ടുണ്ട്. ഈ ഉപദേശത്തെ ഓര്‍മ്മപ്പെടുത്തുന്നതും ഉറപ്പിക്കുന്നതുമാണ് ക്രിസ്ത്യാനിക്ക് നല്‍കപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനയിലെ നിയോഗങ്ങള്‍! ആദ്യത്തെ മൂന്ന് നിയോഗങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും. ആ നിയോഗങ്ങള്‍ ഇവയാണ്: ‘സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പേര് വിശുദ്ധീകരിക്കപ്പെടണം, ദൈവത്തിന്റെ രാജ്യം വരണം, ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം!’ ഈ മൂന്ന് നിയോഗങ്ങളില്‍ ഓരോന്നും വ്യക്തതയോടെ പഠിക്കുകയെന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ്.
ദൈവത്തിന്റെ പേര് വിശുദ്ധീകരിക്കപ്പെടണം!
ദൈവത്തിന്റെ പേര് വിശുദ്ധീകരിക്കപ്പെടണം എന്നതാണ് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ആദ്യനിയോഗം! ദൈവത്തിന്റെ പേര് വിശുദ്ധീകരിക്കപ്പെടേണ്ടി വരുന്നത് ആ പേര് അശുദ്ധമാകുമ്പോഴാണ്. ദൈവം തന്റെ പേര് യിസ്രായേലിന് വെളിപ്പെടുത്തിയപ്പോള്‍ അത് പരിശുദ്ധമായിരുന്നു. യേഹ്ശുവാ തന്റെ ശിഷ്യന്മാരെ ഈ പ്രാര്‍ത്ഥന പഠിപ്പിച്ച കാലത്തും ദൈവത്തിന്റെ പേര് അശുദ്ധമാക്കപ്പെട്ടിരുന്നില്ല. യേഹ്ശുവായെ ഉദരത്തില്‍ വഹിച്ചുകൊണ്ട് കന്യകാമറിയം ദൈവത്തെ പ്രകീര്‍ത്തിച്ചത് ഇപ്രകാരമായിരുന്നു: “ശക്തനായവന്‍ എനിക്ക് വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവന്റെ പേര് പരിശുദ്ധമാണ്”(ലൂക്കാ: 1; 49). ദാവീദിന്റെ സങ്കീര്‍ത്തനം നോക്കുക: “എന്റെ ആത്മാവേ, യാഹ്‌വെയെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവന്റെ പരിശുദ്ധമായ പേരിനെ പുകഴ്ത്തുക”(സങ്കീര്‍ത്തനങ്ങള്‍: 103; 1). ദൈവത്തിന്റെ പേര് അതില്‍ത്തന്നെ പരിശുദ്ധമാണ്! എന്നാല്‍, ഈ പേര് അശുദ്ധമാകുന്ന സാഹചര്യങ്ങളുണ്ടെന്ന് ദൈവംതന്നെ അരുളിച്ചെയ്തിട്ടുണ്ട്. ആ സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
പല കാരണങ്ങള്‍ക്കൊണ്ട് ദൈവത്തിന്റെ പേര് അശുദ്ധമാകാം. ക്രൈസ്തവര്‍ ദുര്‍മ്മാര്‍ഗ്ഗികളാകുമ്പോള്‍ അശുദ്ധമാകുന്നത് ക്രിസ്തുവിന്റെ പേരാണ്. എന്തെന്നാല്‍, ക്രിസ്തുവിന്റെ പേരാണ് ഒരു ക്രിസ്ത്യാനി ധരിച്ചിരിക്കുന്നത്. പുരാതന യിസ്രായേലിനെപ്പോലെതന്നെ ആധുനിക യിസ്രായേലും ദൈവത്തിന്റെ പേര് വഹിക്കുന്നു. പുരാതന യിസ്രായേലിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്: “യാഹ്‌വെയുടെ പേര് നീ വഹിക്കുന്നത് കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും”(നിയമം: 28; 10). പുരാതന യിസ്രായേല്‍ വഹിച്ചത് യാഹ്‌വെ എന്ന പേരാണെങ്കില്‍, ആധുനിക യിസ്രായേല്‍ വഹിക്കുന്നത് യാഹ്‌വെ എന്ന പേരിന്റെ പൂര്‍ണ്ണരൂപമാണ്. യാഹ്‌വെ എന്ന പേരിന്റെ പൂര്‍ണ്ണതയാണ് യേഹ്ശുവാ! ഈ പേര് വഹിച്ചുകൊണ്ട് ആരെങ്കിലും ദുര്‍മ്മാര്‍ഗ്ഗിയായി ജീവിക്കുമ്പോള്‍ അശുദ്ധമാകുന്നത് ഈ പേരാണ്. അതായത്, വചനവിരുദ്ധവും മാതൃകാപരമല്ലാത്തതുമായ ജീവിതം നയിക്കുന്നതിലൂടെ ഒരു ക്രിസ്ത്യന്‍ പേരുധാരി ക്രിസ്തുവിന്റെ പേര് അശുദ്ധമാക്കുന്നു. അതുപോലെതന്നെ, ദൈവത്തിന്റെ പേര് ദുരുപയോഗിക്കുമ്പോഴും അത് അശുദ്ധമാകും. അതുകൊണ്ടാണ് ദൈവം തന്റെ പേരിന്റെ ദുരുപയോഗം കല്പനയിലൂടെ വിലക്കിയിരിക്കുന്നത്. രണ്ടാം പ്രമാണം ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യാഹ്‌വെയുടെ പേര് വൃഥാ ഉപയോഗിക്കരുത്. തന്റെ പേര് വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്‌ഷിക്കാതെ വിടുകയില്ല”(പുറപ്പാട്: 20; 7). തന്റെ പേര് അശുദ്ധമാക്കുന്നതിനെ ദൈവം ഗൗരവത്തോടെയാണ് കാണുന്നത്. ദൈവത്തിന്റെ പേര് അശുദ്ധമാകുന്ന മറ്റൊരു സാഹചര്യം നോക്കുക: “എങ്കിലും, ആരുടെയിടയില്‍ അവര്‍ കഴിഞ്ഞുകൂടിയോ, ആരുടെ മദ്ധ്യത്തില്‍വച്ച് ഞാന്‍ അവരെ ഈജിപ്തില്‍നിന്ന് പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ, ആ ജനതയുടെ മുമ്പില്‍ എന്റെ പേര് അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു”(യെസെക്കിയേല്‍: 20; 9).
ദൈവം തന്റെ ജനത്തോട് ചേര്‍ന്നുനില്‍ക്കുന്നത് അവര്‍ നിയമങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. വിഗ്രഹങ്ങളുടെ സാന്നിദ്ധ്യം അവരുടെയിടയിലുണ്ടെങ്കില്‍ ദൈവത്തിന് അവരോടൊപ്പം വസിക്കാനോ അവരെ സഹായിക്കാനോ സാധിക്കില്ല. ഇത്തരം അവസരങ്ങളില്‍ ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ അവരെ കീഴടക്കി നശിപ്പിക്കാന്‍ സാധിക്കും. പുരാതന യിസ്രായേലിന്റെ തകര്‍ച്ചകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തമാണ് യിസ്രായേല്‍ നശിപ്പിക്കപ്പെടുന്നതെങ്കിലും, അശുദ്ധമാക്കപ്പെടുന്നത് അവരുടെ ദൈവത്തിന്റെ പേരാണെന്നത് നാം വിസ്മരിക്കരുത്. എന്തെന്നാല്‍, യാഹ്‌വെയുടെ ജനം നശിക്കപ്പെട്ടുവെന്ന് മറ്റ് മനുഷ്യര്‍ പറയും. തിന്മ പ്രവര്‍ത്തിച്ച് തന്നില്‍നിന്ന് തന്റെ ജനം അകന്നുപോയാലും, അവരെ വീണ്ടെടുക്കാന്‍ ദൈവം തയ്യാറാകുന്നതിന്റെ ഒരു കാരണം തന്റെ പേരിനെക്കുറിച്ചുള്ള തീക്ഷ്ണതയാണ്. യെസെക്കിയേലിന്റെ മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: “എന്നാല്‍ ഞാന്‍ അവരെ പുറത്തുകെണ്ടുവരുന്നത് കണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്റെ പേര് അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു”(യെസെക്കിയേല്‍: 20; 14).
ദൈവജനത്തിന്റെ ദുഷ്കൃത്യങ്ങളാണ് ദൈവത്തിന്റെ പേര് അശുദ്ധമാക്കുന്നത്. ദൈവത്തിന്റെ പേരില്‍ കള്ളസത്യം ചെയ്യുമ്പോഴും അവന്റെ പേര് അശുദ്ധമാകും. ഈ മുന്നറിയിപ്പ് നോക്കുക: “എന്റെ പേരില്‍ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിന്റെ പേര് അശുദ്ധമാക്കുകയുമരുത്. ഞാനാണ് യാഹ്‌വെ”(ലേവ്യര്‍: 19; 12). യാഹ്‌വെയുടെ പേരില്‍ കള്ളസത്യം ചെയ്യുകയെന്നാല്‍, ആ പേര് ദുരുപയോഗിക്കലാണ്. അതുപോലെതന്നെ ദൈവത്തിന്റെ പേരില്‍ എടുക്കുന്ന പ്രതിജ്ഞകള്‍ നിറവേറ്റാതിരിക്കുന്നതിലൂടെയും ആ പേര് കളങ്കപ്പെടും. ഈ വചനം ശ്രദ്ധിക്കുക: “എന്നാല്‍ നിങ്ങള്‍ വീണ്ടും മനസ്‌സുമാറ്റി; നിങ്ങള്‍ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ പിന്നെയും അടിമകളാക്കിക്കൊണ്ട് എന്റെ പേരിന് കളങ്കം വരുത്തി”(യിരെമിയാഹ്: 34; 16).
ദൈവത്തിന്റെ പേര് അശുദ്ധമാക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ചിലതാണ് നാമിവിടെ മനസ്സിലാക്കിയത്. എന്നാല്‍, ദൈവത്തിന്റെ പേരിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോരുത്തരും താന്താങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തിന്റെ പേര് ദുരുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ യഥാര്‍ത്ഥ പേര് ഏതാണെന്നുപോലും ഇന്നത്തെ ക്രൈസ്തവര്‍ക്ക് അറിയില്ല! സര്‍വ്വ തലമുറകളും ഈ പേരിനാല്‍ തന്നെ സ്മരിക്കണം എന്ന കല്പനയോടെ ദൈവം പ്രഖ്യാപിച്ച പേര് ഇന്ന് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. ഇതിനേക്കാളെല്ലാം വലിയൊരു പാതകം ദൈവത്തിന്റെ പേരിനോട് ക്രൈസ്തവസമൂഹം ചെയ്തുവെന്നതാണ് നാം തിരിച്ചറിയേണ്ട യഥാര്‍ത്ഥ സത്യം! അതായത്, ദൈവത്തിന്റെ പേരിനോടൊപ്പം ദൈവത്തെതന്നെ അവര്‍ മാറ്റി! ഇന്ന് ക്രൈസ്തവര്‍ വിളിച്ചപേക്ഷിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തെയോ ഈ ദൈവത്തിന്റെ പേരോ അല്ല! ഇതാണ് ദൈവത്തിനെതിരെയും ദൈവത്തിന്റെ പേരിനെതിരെയും നടത്തിയ ഏറ്റവും വലിയ യുദ്ധം!
ദൈവത്തിന്റെ പേരും ദൈവത്തെത്തന്നെയും മാറ്റുന്നതിലൂടെ സംഭവിക്കുന്നതും അവന്റെ പേര് അശുദ്ധമാക്കലാണ്. സത്യദൈവത്തെ മാറ്റി തത്സ്ഥാനത്ത് വ്യാജദൈവത്തെ പ്രതിഷ്ഠിക്കുമ്പോള്‍ സത്യദൈവത്തിന്റെ പേര് അശുദ്ധമാക്കപ്പെടുന്നു. അതായത്, സത്യദൈവത്തെ മാറ്റി, പകരം വ്യാജദൈവത്തെ പ്രതിഷ്ഠിക്കുകയും, ഈ വ്യാജദൈവമാണ് സത്യദൈവം എന്ന് പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദുഷിക്കപ്പെടുന്നത് സത്യദൈവവും സത്യദൈവത്തിന്റെ പേരുമാണ്. ദൈവത്തിന്റെ പേര് അശുദ്ധമാക്കുന്ന മറ്റൊരു രീതിയാണിത്! ഇത് സംഭവിക്കുമെന്ന് പ്രവാചകനായ യിരെമിയാഹ് വഴി ദൈവം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു”(യിരെമിയാഹ്: 2; 11). യിരെമിയാഹിന്റെ ഈ പ്രവചനം പൂര്‍ത്തിയായത് നിഖ്യാസൂനഹദോസിലാണ്. പ്രവചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെതന്നെ ഏകസത്യദൈവത്തെ മാറ്റുകയും വ്യാജദൈവത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു. വ്യര്‍ത്ഥതയ്ക്കുവേണ്ടിയാണ് അവര്‍ സത്യദൈവത്തെ മാറിയത്.
നിഖ്യാസൂനഹദോസില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. കോണ്‍സ്റ്റന്റൈന്‍ വിളിച്ചുചേര്‍ത്ത നിഖ്യാസൂനഹദോസില്‍ നടന്നത് ഒരു ആള്‍മാറാട്ടമായിരുന്നു. യേഹ്ശുവായ്ക്ക് പകരം കോണ്‍സ്റ്റന്റൈനും അവന്റെ പിതാക്കന്മാരും സേവിച്ചിരുന്ന സിയൂസിന്റെ പുത്രനെ പ്രതിഷ്ഠിച്ചതാണ് ആ ആള്‍മാറാട്ടം! സിയൂസിന്റെ പുത്രനായ അപ്പോളോണിയോസിനെയാണ് വാഴ്ത്തപ്പെട്ട ‘സിയൂസ്’ എന്നര്‍ത്ഥമുള്ള ‘യീ-സിയൂസ്’ എന്നപേരില്‍ കോണ്‍സ്റ്റന്റൈന്‍ പ്രതിഷ്ഠിച്ചത്. ഇത് ഗ്രീക്കുകാരുടെ എക്കാലത്തെയും പൊതുശൈലിയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഏതെങ്കിലും രാജ്യങ്ങളെ പിടിച്ചടക്കിയാല്‍, ആ രാജ്യത്തുള്ള ആരാധനാലയങ്ങളില്‍ തങ്ങളുടെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നതും തങ്ങള്‍ അടിമകളാക്കിയ ജനങ്ങള്‍ക്ക് തങ്ങളുടെ ദൈവങ്ങളുടെ പേരുകള്‍ നല്‍കുന്നതുമാണ് ഗ്രീക്കുകാരുടെ ശൈലി! ഇതിന് ബൈബിളില്‍ തെളിവുകളുണ്ട്.
ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യെരുശലെം ദൈവാലയത്തെ അശുദ്ധമാക്കി, അതിനെ ഒളിമ്പസിലെ സിയൂസിന്റെ ക്‌ഷേത്രമെന്നും, ഗെരിസിം ദൈവാലയത്തെ, തദ്ദേശീയരെ അനുകരിച്ച് വിദേശികളുടെ സംരക്ഷകനായ സിയൂസിന്റെ ക്‌ഷേത്രമെന്നും വിളിക്കാന്‍ നിര്‍ബ്ബന്ധിക്കണമെന്നും രാജാവ് അവനോട് നിര്‍ദ്ദേശിച്ചു”(2 മക്കബായര്‍: 6; 2). യിസ്രായേലില്‍ പൈശാചികത സ്ഥാപിക്കാന്‍ ഗ്രീക്കുകാര്‍ ശ്രമം നടത്തിയെന്നതിന്റെ തെളിവാണിത്. സത്യദൈവത്തിന്റെ പേര് നീക്കംചെയ്യാനും, അതുവഴി യിസ്രായേലിനെ അരക്ഷിതാവസ്ഥയില്‍ എത്തിക്കുകയെന്നതുമായിരുന്നു ഗ്രീക്കുകാരുടെ ലക്‌ഷ്യം. അവരുടെ ഈ ലക്‌ഷ്യം പൂര്‍ണ്ണതയോടെ നിറവേറിയത് ആധുനിക യിസ്രായേലായ ക്രൈസ്തവസഭയിലാണ്. A.D. 313 -ല്‍ ക്രൈസ്തവസഭയുടെ നിയന്ത്രണം ഗ്രീക്കുകാര്‍ ഏറ്റെടുത്തതോടെ സാത്താന്റെ ഇംഗിതം നടപ്പായി. യേഹ്ശുവാ എന്ന രക്ഷാകരമായ പേരിന് പകരം വാഴ്ത്തപ്പെട്ട ‘സിയൂസ്’ എന്നര്‍ത്ഥമുള്ള ‘യീ-സിയൂസ്’ എന്ന പൈശാചികപേര് പ്രതിഷ്ഠിക്കപ്പെട്ടു. ‘യീ-സിയൂസ്’ ആണ് പിന്നീട് ‘യീസുസ്’ ആയത്. ഏകദൈവത്തെ മൂന്നാക്കിയതും, ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസത്തില്‍നിന്ന് ക്രിസ്ത്യാനികളെ പടിപടിയായി വിഗ്രഹസംസ്കാരത്തിലേക്ക് പരിവര്‍ത്തിതരാക്കിയതും ഗ്രീക്കുകാര്‍ തന്നെയാണ്!
അമാനുഷികമായ പ്രത്യേകത ആരിലെങ്കിലും കണ്ടാല്‍, അവരെ സിയൂസിന്റെ അവതാരമായി പരിഗണിച്ച്, അവര്‍ക്ക് ‘സിയൂസ്’ എന്ന് പേര് നല്‍കുന്നതും ഗ്രീക്കുകാരുടെ രീതിയായിരുന്നു. യേഹ്ശുവായ്ക്ക് പകരം യീസുസിനെ ക്രൈസ്തവസമൂഹത്തിനുമേല്‍ കെട്ടിയേല്പിക്കുന്നതിന് മുന്‍പ് ചില സുവിശേഷ പ്രസംഗകര്‍ക്ക് ‘സിയൂസ്’ എന്ന പേര് ഗ്രീക്കുകാര്‍ നല്‍കിയിട്ടുണ്ട്. ശൗവുലിന്റെ കൂടെ സുവിശേഷശുശ്രൂഷ ചെയ്തിരുന്ന ബാര്‍ണബായെ ‘സിയൂസ്’ ആക്കാന്‍ ഗ്രീക്കുകാര്‍ ശ്രമം നടത്തിയതായി മനസ്സിലാക്കാന്‍ സാധിക്കും. ഈ വിവരണം നോക്കുക: “അവര്‍ ബാര്‍ണബായെ സിയൂസെന്നും, പൗലോസ് എന്നുകൂടി പേരുണ്ടായിരുന്ന ശൗവുല്‍ പ്രധാന പ്രസംഗകനായിരുന്നതിനാല്‍ അവനെ ഹെര്‍മസ് എന്നും വിളിച്ചു. നഗരത്തിന്റെ മുമ്പിലുള്ള സിയൂസിന്റെ ക്‌ഷേത്രത്തിലെ പുരോഹിതന്‍ കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍വന്ന് ജനങ്ങളോട് ചേര്‍ന്ന് ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതറിഞ്ഞ് അപ്പസ്‌തോലന്മാരായ ബാര്‍ണബായും ശൗവുലും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യര്‍ത്ഥമായ ഈ രീതികളില്‍നിന്ന്, ജീവിക്കുന്ന ദൈവത്തിലേക്ക് നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അവനാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 14; 12-15).
അന്ന് ബാര്‍ണബായും ശൗവുലും തടഞ്ഞ പൈശാചികതയെയാണ് പിന്നീട് ആരാലും തടയപ്പെടാതെ ക്രൈസ്തവസമൂഹത്തില്‍ കോണ്‍സ്റ്റന്റൈന്‍ നടപ്പാക്കിയത്. സീയുസിന്റെ മനുഷ്യാവതാരമാണ് ‘മ്ശിയാഹ്’ എന്ന് കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചപ്പോള്‍ അത് തടയാന്‍ അന്ന് ആരും തയ്യാറായില്ല. മാത്രവുമല്ല, ‘സിയൂസ്’ എന്ന സൂര്യദൈവത്തിന്റെ പുത്രനാണ് ‘യീ-സിയൂസ്’ എന്ന് വിശ്വാസികളെ പഠിപ്പിക്കാനും തുടങ്ങി. ‘യീ-സിയൂസ്’ പിന്നീട് ലോപിച്ച് ‘യീസുസ്’ (IESUS) ആയി. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാറ്റിന്‍ അക്ഷരമാലയില്‍ ‘J’ എന്ന അക്ഷരം കൂട്ടിച്ചേര്‍ത്തതോടെ ഐ (I), വൈ (Y) എന്നീ അക്ഷരങ്ങളുടെ സ്ഥാനം ‘J’ അപഹരിച്ചു. അങ്ങനെ അന്നുമുതല്‍ യീസുസിനെ (IESUS) ഇംഗ്ലീഷുകാര്‍ ‘ജീസസ്’ (JESUS) എന്ന് വിളിക്കാന്‍ തുടങ്ങി. ഇന്നും ക്രൈസ്തവസഭകള്‍ ഈ പൈശാചികമായ പേര് ചുമക്കുന്നു. ഇംഗ്ലീഷുകാര്‍ ‘ജീസസ്’ എന്നും ജര്‍മ്മന്‍കാര്‍ ‘ജേസുസ്’ എന്നും മലയാളികള്‍ ‘യേശു’ എന്നും വിളിക്കുന്നത് ഈ ‘യീസുസ്’ (IESUS) എന്ന സൂര്യപുത്രനെത്തന്നെയാണ്! സൂര്യദൈവത്തെ ക്രൈസ്തവരുടെ ദൈവമാക്കിയതോടെ, ആ വ്യാജദൈവത്തോടുള്ള ബഹുമാനാര്‍ത്ഥം ശബാത്താചരണം ഞായറാഴ്ചയാക്കി. നിഖ്യാസൂനഹദോസിന് മുന്‍പ് ക്രൈസ്തവര്‍ ശബാത്ത് ആചരിച്ചിരുന്നത് ശനിയാഴ്ച ആയിരുന്നു. ആള്‍മാറാട്ടത്തിന്റെ വസ്തുനിഷ്ഠമായ തെളിവാണിത്.
യിരെമിയാഹ് പ്രവചിച്ചത് ഈ ദുരന്തത്തെക്കുറിച്ചാണ്. ആ പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു”(യിരെമിയാഹ്: 2; 11). മുന്‍പ് നാം മനസ്സിലാക്കിയതുപോലെ, ദൈവജനം തങ്ങളുടെ ദൈവത്തെ മാറ്റിയത് നിഖ്യാസൂനഹദോസിലാണ്! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് ഇന്നത്തെ ക്രൈസ്തവര്‍ ജീവിക്കുന്നത്. മാത്രവുമല്ല, നിഖ്യാസൂനഹദോസിനുശേഷം യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതും അവസാനിപ്പിച്ചു. അതുകൊണ്ടുതന്നെ, ഇന്ന് ക്രൈസ്തവരെന്ന് അവകാശപ്പെടുന്ന ആരും അപ്പസ്തോലികസഭയുടെ ഭാഗമല്ല എന്നതാണ് നാം തിരിച്ചറിയേണ്ട ഭയാനകമായ മറ്റൊരു യാഥാര്‍ത്ഥ്യം! ഇവിടെയാണ് യെസെക്കിയേല്‍, സെഫാനിയാഹ് എന്നിവരുടെ പ്രവചനങ്ങളും യേഹ്ശുവായുടെ പ്രഖ്യാപനവും നിറവേറുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്.
യെസെക്കിയേലിന്റെ പ്രവചനം ഇതാണ്: “എന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ എന്റെ പരിശുദ്ധമായ പേര് ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധമായ പേര് ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് യിസ്രായേലിന്റെ പരിശുദ്ധനായ യാഹ്‌വെ എന്ന് ജനതകള്‍ അറിയും. നാഥനായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇതാ, അത് വരുന്നു. അത് സംഭവിക്കുകതന്നെ ചെയ്യും. ആ ദിനത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്”(യെസെക്കിയേല്‍: 39; 7, 8). യിസ്രായേലിന്റെ മദ്ധ്യേ തന്റെ പരിശുദ്ധമായ പേര് വെളിപ്പെടുത്തുമെന്ന് യെസെക്കിയേല്‍ പ്രവചിച്ചത് എന്തിനായിരുന്നു? യെസെക്കിയേല്‍ ഇപ്രകാരം പ്രവചിക്കുന്നതിന് മുന്‍പുതന്നെ മോശയിലൂടെ വെളിപ്പെടുത്തപ്പെട്ട പേരായിരുന്നില്ലേ ദൈവത്തിന്റേത്? അതേ, യെസെക്കിയേല്‍ പ്രവചിച്ച കാലത്ത് യിസ്രായേല്‍ക്കാര്‍ക്ക് അവരുടെ ദൈവത്തിന്റെ പേര് അറിയാമായിരുന്നു. എന്നാല്‍, ആധുനിക യിസ്രായേല്‍ എന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് അവരുടെ രക്ഷകന്റെ പേര് അറിയില്ല! പേര് മാത്രമല്ല, രക്ഷകനും നാഥനുമായ യേഹ്ശുവായെപ്പോലും പൂര്‍ണ്ണമായി അറിയാത്തവരാണ് ആധുനിക യിസ്രായേല്‍!
അങ്ങനെയെങ്കില്‍ യെസെക്കിയേല്‍ പ്രവചിച്ചത് കാലങ്ങള്‍ക്കുശേഷം സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ചാണ്. പ്രവചനത്തില്‍ പറയുന്ന ആ ദിനമാണ് ഈകാലഘട്ടം! അതായത്, നിഖ്യാസൂനഹദോസില്‍ നീക്കംചെയ്യപ്പെട്ട യേഹ്ശുവായെ അവന്റെ പേരിനോടൊപ്പം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് യെസെക്കിയേല്‍ പ്രവചിച്ചത്. ദൈവത്തെ മാറുന്നതിനെക്കുറിച്ച് പ്രവചിച്ചത് യിരെമിയാഹാണെങ്കില്‍, പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രവചിച്ചത് യെസെക്കിയേലാണ്. യിരെമിയാഹിന്റെ പ്രവചനം നിറവേറിയതിനുശേഷം ആയിരത്തിയെഴുന്നൂറ് വര്‍ഷം പൂര്‍ത്തിയായ ഈ കാലഘട്ടത്തിലാണ് യെസെക്കിയേലിന്റെ പ്രവചനം നിറവേറുന്നത്.
രക്ഷകനായ ദൈവത്തിന്റേത് എന്ന ധാരണയില്‍ ക്രൈസ്തവര്‍ വിളിച്ചപേക്ഷിക്കുന്ന പേരുകളില്‍ ഒന്നുപോലും ദൈവത്തിന്റെ യഥാര്‍ത്ഥ പേരല്ലെങ്കില്‍, ആ പേരുകള്‍ ആരുടേതാണെന്ന് വ്യക്തതയോടെ നാം മനസ്സിലാക്കിയിരിക്കണം. അപ്പോള്‍ മാത്രമേ വിളിച്ചപേക്ഷിച്ചുകൊണ്ടിരിക്കുന്ന പേരുകളിലെ വ്യര്‍ത്ഥതയും പൈശാചികതയും തിരിച്ചറിയാന്‍ കഴിയുകയുള്ളു. രക്ഷകനായി മനുഷ്യാവതാരം നടത്തിയപ്പോഴാണ് യാഹ്‌വെ തന്റെ പേരിന്റെ പൂര്‍ണ്ണരൂപം മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയതെന്ന് നമുക്കറിയാം. ‘ഞാന്‍ ആകുന്നു രക്ഷകന്‍’ അഥവാ ‘ഞാന്‍ രക്ഷകന്‍ ആകുന്നു’ എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്നതാണ് ദൈവത്തിന്റെ പേരിന്റെ പൂര്‍ണ്ണരൂപം! ഈ അര്‍ത്ഥമുള്ള ഏതെങ്കിലും പേര് ‘യേഹ്ശുവാ’ എന്ന പേരിന് പകരമായി സ്വീകരിച്ച പേരുകളിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല, പേര് പരിഷ്കരിക്കാന്‍ പാടില്ല എന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണ് മറ്റൊരു കൗശലം നാം തിരിച്ചറിയേണ്ടത്. ആ കൗശലം തിരിച്ചറിയണമെങ്കില്‍, A.D 1524 -ല്‍ മാത്രം സൃഷ്ടിക്കപ്പെട്ട ‘ജീസസ്’ (Jesus) എന്ന പേര് ബൈബിളില്‍ എങ്ങനെ കടന്നുകൂടിയെന്ന് അന്വേഷിച്ചാല്‍ മതി. അപ്പോള്‍ സാത്താന്റെ ആ കൗശലം മറനീക്കി പുറത്തുവരും.
‘J’ എന്ന അക്ഷരം ലാറ്റിന്‍ ലിപിയില്‍ നിലവില്‍വന്നത് A.D. 1524 - ല്‍ ആണ്. ഈ അക്ഷരം നിലവില്‍വന്നതോടെ, ‘Y, I’ എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന വാക്കുകളില്‍ ‘J’ എന്ന അക്ഷരം സ്ഥാനംപിടിച്ചു. അതായത്, ‘J’ എന്ന അക്ഷരത്തിന്റെ വരവോടെ ‘Y, I’ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്നിടത്തെല്ലാം ‘J’ എന്ന അക്ഷരം മാറ്റിപ്രതിഷ്ഠിക്കപ്പെട്ടു! അങ്ങനെയാണ് യോസെഫ് എന്ന പേര് ജോസഫ് എന്നായത്. യാക്കോബും യെരുശലെമും മാത്രമല്ല, ‘Y, I’ എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന പേരുകളെല്ലാം A.D. 1524 - ല്‍ പരിഷ്കരിക്കപ്പെട്ടു! അതായത്, A.D. 1524 -ന് മുന്‍പ് ‘ജീസസ്’ എന്ന പേരോ ജീസസിന്റെ അനുബന്ധപേരുകളോ ഉണ്ടായിരുന്നില്ല! ‘ജീസസ്’ എന്ന പേരുമായോ പേരിന്റെ ഉടമയുമായോ യേഹ്ശുവായ്ക്ക് ഒരു ബന്ധവുമില്ല എന്ന സത്യംകൂടി നാം അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ ആരാണ് ജീസസ്? യേഹ്ശുവാ എന്ന പേരിന് എന്ത് സംഭവിച്ചു?
‘യേഹ്ശുവാ’ എന്ന പേരിന് എന്ത് സംഭവിച്ചുവെന്ന് ഇനിയാണ് നാം മനസ്സിലാക്കാന്‍ പോകുന്നത്. A.D. 1524 - ല്‍ ‘J’ എന്ന അക്ഷരം ഉണ്ടാകുന്നതുവരെ ജീസസിന്റെ (JESUS) പേര് ‘യീസുസ്’ (IESUS) എന്നായിരുന്നു. അതായത്, പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ‘ജീസസ്’ ആയി മാറിയത് യേഹ്ശുവാ ആയിരുന്നില്ല; മറിച്ച്, ‘യീസുസ്’ ആയിരുന്നു. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യേഹ്ശുവാ അല്ല ‘ജീസസ്’! ‘വാഴ്ത്തപ്പെട്ട സിയൂസ്’ എന്നര്‍ത്ഥമുള്ള ‘യീസുസ്’ ആണ് പതിനാറാം നൂറ്റാണ്ടില്‍ ‘ജീസസ്’ ആയി മാറിയത്. ഗ്രീക്കുകാരുടെ പ്രധാന ദൈവമായ സൂര്യദൈവമാണ് ‘സിയൂസ്’! വാഴ്ത്തപ്പെട്ട ‘സിയൂസ്’ എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് പദം ‘യി-സിയൂസ്’ ആണ്. ഇത് ചേര്‍ത്തുവായിക്കുമ്പോള്‍ ‘യീസുസ്’ (IESUS) ആകും. ‘I’ എന്ന അക്ഷരത്തിന് പകരം ‘J’ എന്ന അക്ഷരം ചേര്‍ത്തപ്പോള്‍ യീസുസ് (IESUS) ‘ജീസസ്’ (JESUS) ആയി. ഗ്രീക്കുകാര്‍ ഇപ്പോഴും വിളിക്കുന്നത് ‘യീസുസ്’ എന്നുതന്നെയാണ്. ഈ വ്യാജദൈവത്തെയാണ് ക്രൈസ്തവരുടെ തലയില്‍ കോണ്‍സ്റ്റന്റൈന്‍ കെട്ടിവച്ചത്. ഇസ്ലാംമതക്കാര്‍ ‘ഈസാ’ എന്നും കല്‍ദായ സുറിയാനികള്‍ ‘ഈശോ’ എന്നും വിളിക്കുന്നത് ഈ യീസുസിനെയാണ്.
‘യേശു’ ഉണ്ടായത് എങ്ങനെയാണെന്നുകൂടി ഇനി വെളിപ്പെടുത്താം. ‘ജീസസ്’ ഉണ്ടായതുപോലെ A.D. 1524 - ല്‍ തന്നെയാണ് യേശുവും ഉണ്ടായത്. ‘യേശു’ കേരളത്തില്‍ എത്തിയതാകട്ടെ, പോര്‍ച്ചുഗീസുകാര്‍ വഴിയാണ്. പോര്‍ച്ചുഗീസുകാര്‍ക്ക് ഇത് എങ്ങനെ കിട്ടിയെന്ന് മനസ്സിലാക്കുമ്പോള്‍ ആരാണ് യേശുവെന്ന് കുറച്ചുകൂടി വ്യക്തമാകും. J-E-S-U-S എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമാണ് ‘ജീസസ്’ എന്ന് ഉച്ചരിക്കുന്നത്. ജര്‍മ്മന്‍, ലാറ്റിന്‍, പോര്‍ച്ചുഗീസ് തുടങ്ങിയ ഒട്ടുമിക്ക യൂറോപ്യന്‍ ഭാഷകളിലും ഉച്ചരിക്കുന്നത് ജേസുസ് എന്നാണ്. ‘J’ എന്ന അക്ഷരത്തിന് പാശ്ചാത്യര്‍ ‘യ’ (Ya) എന്ന ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. അതായത്, ജര്‍മ്മന്‍കാരും പോര്‍ച്ചുഗീസുകാരും അടക്കമുള്ള ഭൂരിപക്ഷം പാശ്ചാത്യരും ഉച്ചരിക്കുന്നത് ‘യേസുസ്’ എന്നാണ്. പോര്‍ച്ചുഗീസുകാരില്‍നിന്നും ഡച്ചുകാരില്‍നിന്നുമാണ് ‘യേസുസ്’ എന്ന പേര് മലയാളികളുടെയിടയില്‍ പ്രചരിക്കപ്പെട്ടതെങ്കിലും, മലയാളികള്‍ക്ക് ‘യേശു’ എന്ന ഉച്ചാരണം ലഭിച്ചത് ഇറ്റാലിയന്‍ മിഷ്നറിമാരില്‍നിന്നയിരുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ‘യീസുസ്’ എന്ന പേരിന്റെ ഉച്ചാരണം ‘ജേസു’ (Gesù) എന്നാണ്. ഗ്രീക്കുകാരുടെ യീസുസിന്റെ വിവിധ ഭാഷകളിലുള്ള ഉച്ചാരണമാണ് ഇവിടെ നാം മനസ്സിലാക്കിയത്. മുന്‍പ് സൂചിപ്പിച്ചതുപോലെ, ഗ്രീക്കുകാര്‍ ഇപ്പോഴും ‘യീസുസ്’ എന്നുതന്നെ വിളിക്കുന്നു!
‘യീസുസ്’ ആരാണെന്നും ഗ്രീക്കുകാരുടെ അജണ്ട എന്താണെന്നും അറിയുമ്പോഴാണ് എത്രത്തോളം വലിയ കെണിയിലാണ് തങ്ങള്‍ അകപ്പെട്ടിരിക്കുന്നതെന്ന് ക്രിസ്ത്യാനികള്‍ മനസ്സിലാക്കുകയുള്ളു. എന്നാല്‍, നാമിപ്പോള്‍ ആ സത്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. ‘യീസുസ്’ എന്ന പേരിന്റെ അര്‍ത്ഥം വാഴ്ത്തപ്പെട്ട ‘സിയൂസ്’ എന്നാണെന്നും ‘യീ-സിയൂസ്’ എന്നത് ലോപിച്ചാണ് ‘യീസുസ്’ ആയതെന്നും മാത്രമല്ല, ഗ്രീക്കുകാരുടെ അനേകം മ്ലേച്ഛദൈവങ്ങളില്‍ പ്രധാനിയായ സൂര്യദൈവമാണ് ‘സിയൂസ്’ എന്നും ഇപ്പോള്‍ നാം മനസ്സിലാക്കി. എന്നാല്‍, ഇതൊന്നും മനസ്സിലാക്കാത്തവരാണ് ക്രൈസ്തവരില്‍ അധികവും. പുരാതന യിസ്രായേലിനെ ലക്ഷ്യമാക്കി ആരംഭിച്ച ആസൂത്രണമാണ് ആധുനിക യിസ്രായേലിന്റെമേല്‍ സാത്താന്‍ നടപ്പാക്കിയത്. ആറ് നൂറ്റാണ്ടിന്റെ നിതാന്ത പരിശ്രമത്തിനൊടുവില്‍, കോണ്‍സ്റ്റന്റൈനിലൂടെ അവന്‍ അത് നടപ്പാക്കി. അതാണ് കോണ്‍സ്റ്റന്റൈന്‍ വിളിച്ചുചേര്‍ത്ത നിഖ്യാസൂനഹദോസില്‍ നടപ്പാക്കപ്പെട്ടത്. മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ നാം വായിച്ചത് ഈ ചരിത്രമാണ്.
ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ഗ്രീക്കുകാര്‍ യെരുശലേം പിടിച്ചടക്കുകയും ശലോമോന്‍ പണികഴിപ്പിച്ച ദൈവാലയത്തെ സിയൂസിന്റെ ക്ഷേത്രമായി പ്രഖ്യാപിക്കുകയും സിയൂസിന്റെ മ്ലേച്ഛവിഗ്രഹം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാല്‍, ഈ പ്രതിഷ്ഠ ശാശ്വതമായി നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് സാദ്ധ്യമായത് നിഖ്യാസൂനഹദോസിലാണ്! പന്ത്രണ്ട് വര്‍ഷം നീണ്ട ആസൂത്രണം അതിന് വേണ്ടിവന്നു. A.D. 313 -ലെ മിലാന്‍ വിളംബരം മുതല്‍ A.D. 325 -ല്‍ നടന്ന നിഖ്യാസൂനഹദോസ് വരെയുള്ള പന്ത്രണ്ട് വര്‍ഷമാണ് ആസൂത്രണത്തിനായി കോണ്‍സ്റ്റന്റൈന്‍ ചെലവഴിച്ചത്. ക്രൈസ്തവസമൂഹത്തെ അവന്‍ തന്റെ വരുതിയിലാക്കിയത് മിലാന്‍ വിളംബരത്തിലൂടെയായിരുന്നുവെങ്കിലും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ യേഹ്ശുവായെ അവന്റെ പേരിനോടൊപ്പം നീക്കംചെയ്തത് നിഖ്യാസൂനഹദോസില്‍ ആയിരുന്നു. ആ പൈശാചിക പ്രതിഷ്ഠയുടെ ആയിരത്തിയെഴുന്നൂറാം വാര്‍ഷികമാണ് ചില സമൂഹങ്ങള്‍ ഈ വര്‍ഷം കൊണ്ടാടുന്നത്. അതേ, 2025 ആയപ്പോള്‍ 1700 വര്‍ഷം പൂര്‍ത്തിയായി. നിഖ്യാസൂനഹദോസിലൂടെ ക്രൈസ്തവസമൂഹത്തില്‍ നടത്തിയ പ്രതിഷ്ഠ 1700 വര്‍ഷം പിന്നിട്ട് ഇന്നും നിലനില്‍ക്കുന്നു!
ഗുരുതരമായ ഈ പാതകത്തെക്കുറിച്ചാണ് യിരെമിയാഹ് പ്രവാചകന്‍ പ്രവചിച്ചത്! എന്നാല്‍, കഴിഞ്ഞ 1700 വര്‍ഷമായി മറച്ചുവയ്ക്കപ്പെട്ട പേര് ഈ അവസാന നാളുകളില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും പ്രവചനമുണ്ട്. അതായത്, 1700 വര്‍ഷമായി ഇന്നും നിലനില്‍ക്കുന്ന യീസുസിന്റെ പ്രതിഷ്ഠയും വെട്ടിവീഴ്ത്തപ്പെടും. യെസെക്കിയേലും സെഫാനിയാഹും പ്രവചിച്ചത് ഈ സത്യമാണ്! യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നതും ഇക്കാര്യംതന്നെ! സെഫാനിയാഹിന്റെ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ പേര് ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്സോടെ അവന് ശുശ്രൂഷ ചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും”(സെഫാനിയാഹ്: 3; 9). മാറ്റൊരു പ്രവചനം നോക്കുക: “ഞാന്‍ നിന്റെ മദ്ധ്യത്തില്‍ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവര്‍ യാഹ്‌വെയുടെ പേരില്‍ അഭയംപ്രാപിക്കും”(സെഫാനിയാഹ്: 3; 12). അധരങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടവരും വിനയവും എളിമയും ഉള്ളവരും, ദൈവത്തിന്റെ പേരില്‍ അഭയംപ്രാപിക്കുന്നവരുമായ ഒരു ജനത്തെ യുഗാന്തകാലത്ത് അവശേഷിപ്പിക്കുമെന്നാണ് സെഫാനിയാഹ് പ്രവചിച്ചിരിക്കുന്നത്. യെസെക്കിയേല്‍ പ്രവചിച്ചതാകട്ടെ, ദൈവത്തിന്റെ വിശുദ്ധമായ പേര് യിസ്രായേല്‍ജനത്തിനിടയില്‍ പ്രഖ്യാപിക്കും എന്നാണ്. യെസെക്കിയേലിന്റെ പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “എന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ എന്റെ പരിശുദ്ധമായ പേര് ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധമായ പേര് ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് യിസ്രായേലിന്റെ പരിശുദ്ധനായ യാഹ്‌വെ എന്ന് ജനതകള്‍ അറിയും. നാഥനായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇതാ, അത് വരുന്നു. അത് സംഭവിക്കുകതന്നെ ചെയ്യും. ആ ദിനത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്”(യെസെക്കിയേല്‍: 39; 7, 8).
രക്ഷകനായ യേഹ്ശുവായ്ക്ക് പകരം യീസുസിനെ പ്രതിഷ്ഠിച്ചതിലൂടെ അന്നുവരെ ക്രിസ്തീയമായിരുന്ന സഭ ക്രിസ്തീയമല്ലാതായി. ക്രിസ്തീയമല്ലാതായതോടെ യേഹ്ശുവായുടെ പേരിലുള്ള സംരക്ഷണവും പിന്‍വലിക്കപ്പെട്ടു. യേഹ്ശുവാ എന്ന പേര് നീക്കംചെയ്തതിലൂടെ വന്നുഭവിച്ച ദുരന്തങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. കഴിഞ്ഞ 1700 വര്‍ഷത്തിനിടയില്‍ ജീവിച്ച് കടന്നുപോയ ആര്‍ക്കും യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു ദുരന്തം. ഈ ദുരന്തത്തിന്റെ ആഴം മനസ്സിലാകണമെങ്കില്‍ രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗത്തെക്കുറിച്ചറിയണം. അതുപോലെതന്നെ, അപ്പസ്തോലികസഭയില്‍ അംഗമാകാന്‍ ഒരുവനെ യോഗ്യനാക്കുന്നത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനമാണെന്ന് അറിയുകയും വേണം. അപ്പോള്‍ മാത്രമേ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിര്‍ത്തലാക്കിയതിലൂടെ വന്നുഭവിച്ച ദുരന്തത്തിന്റെ ആഴം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, കഴിഞ്ഞുപോയ 1700 വര്‍ഷക്കാലം നിഷേധിക്കപ്പെട്ട യഥാര്‍ത്ഥ ജ്ഞാനസ്നാനം മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള അവസരവും ദൈവം ഒരുക്കിയിട്ടുണ്ട്. മരിച്ചവര്‍ക്കുവേണ്ടിയുള്ള ജ്ഞാനസ്നാനമാണത്! മരിച്ചുപോയവര്‍ക്ക് വേണ്ടിപ്പോലും ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ദൈവം അവസരമൊരുക്കിയതിന് പിന്നിലെ കാരുണ്യവും ദീര്‍ഘവീക്ഷണവും നാം തിരിച്ചറിയണം. ഈ വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള സന്ദേശത്തില്‍ വെളിപ്പെടുത്താം. കാരണം, ഇവിടെ അത് വെളിപ്പെടുത്താന്‍ തുനിഞ്ഞാല്‍ യഥാര്‍ത്ഥ വിഷയത്തില്‍നിന്ന് നാം വ്യതിചലിക്കും. ഇപ്പോള്‍ നാം മനസ്സിലാക്കേണ്ടത് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ നിയോഗങ്ങളെക്കുറിച്ചാണ്.
യേഹ്ശുവാ എന്ന പേര് നീക്കംചെയ്യപ്പെട്ടതോടെ വന്നുഭവിച്ച ഒരു ദുരന്തം പാപമോചനത്തിനുള്ള ജ്ഞാനസ്നാനം തടയപ്പെട്ടതാണെങ്കില്‍, സംരക്ഷണം നഷ്ടമായി എന്നതാണ് മറ്റൊരു ദുരന്തം! സത്യദൈവത്തിന്റെ പേരറിയുകയും ആ പേര് വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം ക്രിസ്ത്യാനികളെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് സാത്താനും അവനെ സേവിക്കുന്നവര്‍ക്കും നന്നായറിയാം. ദൈവജനം സംരക്ഷിക്കപ്പെടുന്നത് ദൈവത്തിന്റെ പേരിനാലാണെന്ന് സ്ഥിരീകരിക്കുന്ന വചനം ശ്രദ്ധിക്കുക: “അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും”(സങ്കീ: 91; 14). രക്ഷപ്രാപിക്കേണ്ടതിനായി വിളിച്ചപേക്ഷിക്കേണ്ടതും ഈ പേര് തന്നെയാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “എന്തെന്നാല്‍, യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും”(റോമാ: 10; 13). യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്നും, പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് ഒരുവന്‍തന്നെയാണെന്നും വ്യക്തമാക്കുന്ന പ്രവചനം ശ്രദ്ധിക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ രാജപീഠത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ച് പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇത് നിറവേറ്റും”(യേശൈയാഹ്: 9; 6, 7).
സര്‍വ്വശക്തനായ ദൈവം, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെയെല്ലാം വിളിക്കപ്പെടുന്നവനും ദാവീദിന്റെ രാജപീഠത്തില്‍ ഭരണം നടത്താനിരിക്കുന്നവനും യേഹ്ശുവായാണ്. ഈ ഏകദൈവത്തിന്റെ പേരാണ് ഒരു ക്രിസ്ത്യാനി ധരിക്കേണ്ടത്. യേഹ്ശുവായുടെ പേരില്‍ സ്നാനം സ്വീകരിക്കുമ്പോള്‍ അത് സാദ്ധ്യമാകും. എന്നാല്‍, നിഖ്യാസൂനഹദോസിനുശേഷം ആരുംതന്നെ ഈ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, ക്രൈസ്തവരെന്ന് വിളിക്കപ്പെടുന്നവരില്‍ ആരുംതന്നെ യേഹ്ശുവായുടെ പേര് ധരിക്കുന്നില്ല. യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനമാണ് പാപമോചനം സാദ്ധ്യമാക്കുന്ന ഏക മാര്‍ഗ്ഗമെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനം ശ്രദ്ധിക്കുക: “കേപ്ഫാ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 38, 39). പാപമോചനത്തിനായുള്ള ഏകമാര്‍ഗ്ഗമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന ഒരേയൊരു പേര് ഏതാണെന്നുകൂടി ശ്രദ്ധിക്കുക: “വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെയിടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 11, 12). ആ പേര് യേഹ്ശുവാ മ്ശിയാഹ് എന്നാണ്! എന്തെന്നാല്‍, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിന്റെ പേര് യേഹ്ശുവാ എന്നാണ്! ഈ പേരല്ലാതെ മറ്റൊരു പേരും രക്ഷയ്ക്കായി നല്കപ്പെട്ടിട്ടില്ല! രക്ഷപ്രാപിക്കാന്‍ വിളിച്ചപേക്ഷിക്കേണ്ടതും പാപമോചനത്തിനുള്ള ജ്ഞാനസ്നാനം സ്വീകരിക്കേണ്ടതും ഈ പേരില്‍ മാത്രമാണ്! യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ഒരുവന്‍ ജ്ഞാനസ്നാനം സ്വീകരിക്കുമ്പോള്‍, ആ പേര് അവന്റെ നെറ്റിയില്‍ മുദ്രിതമാകുന്നു. ഇപ്രകാരം യേഹ്ശുവായുടെ പേര് ധരിക്കുന്നവരെല്ലാം ആ പേരിന്റെ സംരക്ഷണയിലാണ്. ആ പേര് ധരിക്കാത്തവര്‍ക്ക് ആ പേരിന്റെ സംരക്ഷണം ലഭിക്കില്ല എന്നതാണ് ഭയാനകമായ മറ്റൊരുയാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, സത്യദൈവത്തെയും സത്യദൈവത്തിന്റെ പേരിനെയും അവരില്‍നിന്ന് നീക്കംചെയ്യേണ്ടത് സാത്താനും അനുചരന്മാര്‍ക്കും അനിവാര്യമായിരുന്നു. കോണ്‍സ്റ്റന്റൈനിലൂടെ സാത്താന്‍ അത് സാദ്ധ്യമാക്കി. യേഹ്ശുവായ്ക്ക് പകരം യീസുസിനെ പ്രതിഷ്ഠിച്ചതിലൂടെ രക്ഷകനായ ദൈവത്തെയും രക്ഷയ്ക്കായി നല്‍കപ്പെട്ട ഏക പേരുമാണ് നീക്കംചെയ്യപ്പെട്ടത്. യിരെമിയാഹ് പ്രവചിച്ചത് ഇക്കാര്യത്തെക്കുറിച്ചാണ്!
യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവക്ക് മാത്രമേ പാപമോചനം ലഭിക്കുകയുള്ളുവെന്ന് നാം മനസ്സിലാക്കി. രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന ഒരേയൊരു പേരിലല്ലാതെ, മറ്റേത് പേരിലാണ് പാപമോചനത്തിനുള്ള ജ്ഞാനസ്നാനം സ്വീകരിക്കേണ്ടത്? യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നില്ലെങ്കില്‍ ആരുടെയെങ്കിലും പാപം മോചിക്കപ്പെടുമോ? യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കാത്ത ആര്‍ക്കെങ്കിലും അവന്റെ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് യേഹ്ശുവാ മ്ശിയാഹ്! ആകാശത്തിന് കീഴെ മനുഷ്യരുടെയിടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്നത് യേഹ്ശുവാ എന്ന പേര് മാത്രമാണ്. അതുകൊണ്ടുതന്നെ, ഈ പേരില്‍ മാത്രമേ പാപമോചനം സാദ്ധ്യമാകുകയുള്ളു! അതുപോലെതന്നെ, യേഹ്ശുവായുടെ പേര് അറിയുകയും ഈ പേര് വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ പേരിന്റെ സംരക്ഷണവും ലഭിക്കും! അങ്ങനെയെങ്കില്‍, രക്ഷയ്ക്കുവേണ്ടി നല്‍കപ്പെട്ടതും എടുത്തുമാറ്റപ്പെട്ടതുമായ ഈ പേര് പുനഃസ്ഥാപിക്കപ്പെടുകയെന്നത് ഈ യുഗാന്തകാലത്തിന്റെ അനിവാര്യതയാണ്. അല്ലാത്തപക്ഷം ഒരുവന്‍പോലും ദൈവരാജ്യം കാണുകയില്ല! ഇവിടെയാണ് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ കാലാതീത പ്രാധാന്യം ഉറപ്പിക്കപ്പെടുന്നത്. അതെ, രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന തന്റെ പേര് പുനഃസ്ഥാപിക്കണം എന്നതാണ് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ആദ്യത്തെ നിയോഗം!
ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് നിയോഗങ്ങളില്‍ ഒന്നാമത്തെ നിയോഗത്തെക്കുറിച്ചാണ് ഇവിടെ നാം മനസ്സിലാക്കിയത്. ദൈവത്തിന്റെ പേര് അശുദ്ധമാക്കപ്പെട്ടത് എങ്ങനെയാണെന്നും നാം മനസ്സിലാക്കി. യിരെമിയാഹ് പ്രവചിച്ചതുപോലെ, രക്ഷകനായ ദൈവത്തെത്തന്നെ മാറ്റിക്കൊണ്ടാണ് ആ പേര് അശുദ്ധമാക്കിയതെന്നും നാം കണ്ടു. യിരെമിയാഹിന്റെ പ്രവചനമാണ് നിഖ്യാസൂനഹദോസില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. യിരെമിയാഹ് പ്രവചിച്ച ദുരന്തം സംഭവിച്ചതിനുശേഷം പതിനേഴ് നൂറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. അതേ, 2025 -ലാണ് ആ ദുരന്തത്തിന്റെ ആയിരത്തിയെഴുന്നൂറാം വാര്‍ഷികം! എന്നാല്‍, നിഖ്യാ സൂനഹദോസിലൂടെ കോണ്‍സ്റ്റന്റൈന്‍ വരുത്തിവച്ച ഈ ദുരന്തം പരിഹരിക്കപ്പെടുമെന്ന് യെസെക്കിയേല്‍, സെഫാനിയാഹ് എന്നീ പ്രവാചകന്മാരിലൂടെയും യേഹ്ശുവാ നേരിട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, യെസെക്കിയേലിന്റെയും സെഫാനിയാഹിന്റെയും പ്രവചനങ്ങള്‍ നിറവേറാനും യേഹ്ശുവായുടെ പ്രഖ്യാപനം നടപ്പാകാനുമുള്ള പ്രാര്‍ത്ഥനയാണ് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലെ പ്രഥമ നിയോഗം!
യേഹ്ശുവാ എന്ന പേര് മാത്രമല്ല, ഈ പേരിലുള്ള ജ്ഞാനസ്നാനവും പുനഃസ്ഥാപിക്കപ്പെടണം! എന്തെന്നാല്‍, യേഹ്ശുവാ എന്ന പേര് പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍, അത് യഥാര്‍ത്ഥ ജ്ഞാനസ്നാനത്തപ്പോലും പ്രതികൂലമായി ബാധിക്കും. ജ്ഞാനസ്നാനം സ്വീകരിക്കാത്ത ആരും ദൈവരാജ്യം അവകാശമാക്കുകയോ കാണുകപോലുമോ ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്ന യേഹ്ശുവാതന്നെയാണ്! അതിനാല്‍ത്തന്നെ, യേഹ്ശുവാ എന്ന പേര് പുനഃസ്ഥാപിച്ചാല്‍ മാത്രമേ സാധുവായ ജ്ഞാനസ്നാനം സാദ്ധ്യമാകുകയുള്ളൂ. സര്‍വ്വാധികാരിയായ യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ - സമയത്തിന്റെ അവസാനംവരെ - എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്തായി: 28; 18-20). പിതാവും പുത്രനും പരിശുദ്ധാത്മാവുമായവന്റെ പേര് എന്താണെന്ന് യേശൈയാഹ് മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. മാത്രവുമല്ല, കേപ്ഫായ്ക്കും സഹ അപ്പസ്തോലന്മാര്‍ക്കും ആ പേരിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നുമില്ല.
യേശൈയാഹിന്റെ പ്രവചനവും അപ്പസ്തോലനായ കേപ്ഫായുടെ പ്രഖ്യാപനവും നാം വായിച്ചതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ജ്ഞാനസ്നാനം സ്വീകരിക്കേണ്ടതും നല്‍കേണ്ടതും ഏത് പേരിലാണെന്നുള്ള പ്രഖ്യാപനമാണ് അപ്പസ്തോലനായ കേപ്ഫാ നടത്തിയത്. യേഹ്ശുവായുടെ പേരിലുള്ള സ്നാനത്തെ മാത്രമേ സ്വര്‍ഗ്ഗം അംഗീകരിക്കുകയുള്ളുവെന്ന് കേപ്ഫാ അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു. അതായത്, യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനമാണ് ദൈവരാജ്യപ്രവേശം സാദ്ധ്യമാക്കുന്ന ഏക ജ്ഞാനസ്നാനം! ഈ സ്നാനം സ്വീകരിക്കാത്ത ആര്‍ക്കും യേഹ്ശുവായുടെ സഭയില്‍ അംഗമാകാന്‍ സാധിക്കില്ല! ജ്ഞാനസ്നാനത്തെ സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരണം മറ്റൊരു ലേഖനമായി പ്രസിദ്ധീകരിക്കേണ്ടതിനാല്‍ ഇവിടെ ഇത്രയും മാത്രമേ കുറിക്കുന്നുള്ളൂ.
ഇന്ന് ഏതെങ്കിലും ക്രൈസ്തവസമൂഹം യേഹ്ശുവാ എന്ന പേരില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതായി കണ്ടെത്താന്‍ സാധിക്കില്ല. എല്ലാവരും ഒന്നടങ്കം വ്യാജദൈവത്തെയും അതിന്റെ പേരുമാണ് വിളിച്ചപേക്ഷിക്കുന്നത്. എന്നാല്‍, ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ ഒരുവന്‍പോലും രക്ഷപ്രാപിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബൈബിളിലുടനീളം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സത്യമാണിത്. പ്രവാചകന്മാരിലൂടെ മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടതും യേഹ്ശുവാ നേരിട്ട് പ്രഖ്യാപിച്ചതുമായ സത്യമാണ് പേരിന്റെ പുനഃസ്ഥാപനം! അതെ, പ്രവാചകന്മാരും യേഹ്ശുവായും ഒരേപോലെ പ്രഖ്യാപിച്ചത് രക്ഷയ്ക്കായി നല്‍കപ്പെട്ട പേരിന്റെ പുനഃസ്ഥാപനത്തെ സംബന്ധിച്ചാണ്! യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്‍പ് ഈ പേര് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രവാചകന്മാരും യേഹ്ശുവായും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. യേഹ്ശുവായുടെ പ്രഖ്യാപനമിതാണ്: “നിന്റെ പേര് അവരെ ഞാന്‍ അറിയിച്ചു. നീ എനിക്ക് നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും”(യോഹന്നാന്‍: 17; 26).
ഞാന്‍ ഇനിയും അത് അറിയിക്കും എന്നാണ് യേഹ്ശുവാ ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ അറിയിച്ച പേര് എന്തിനാണ് വീണ്ടും അറിയിക്കുന്നത്? അറിഞ്ഞ പേര് മറന്നുപോയാല്‍, അത് വീണ്ടും അറിയിക്കണം. അതായത്, താന്‍ അറിയിച്ച പേര് തന്റെ ജനത്തില്‍നിന്ന് മറയ്ക്കപ്പെടുകയും, വീണ്ടും അത് വെളിപ്പെടുത്തുകയും ചെയ്യുമെന്നാണ് യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്! യെസെക്കിയേല്‍, സെഫാനിയാഹ് എന്നിവരുടെ പ്രവചനവും യേഹ്ശുവായുടെ വാഗ്ദാനവുമാണ് മനോവയിലൂടെ നിറവേറിക്കൊണ്ടിരിക്കുന്നത്! അതെ, യെസെക്കിയേല്‍ പ്രവചിച്ച ആ ദിനമിതാണ്! രക്ഷകനായ ദൈവത്തിന്റെ പേര് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള യെസെക്കിയേലിന്റെ പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “എന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ എന്റെ പരിശുദ്ധമായ പേര് ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധമായ പേര് ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് യിസ്രായേലിന്റെ പരിശുദ്ധനായ യാഹ്‌വെ എന്ന് ജനതകള്‍ അറിയും. നാഥനായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇതാ, അത് വരുന്നു. അത് സംഭവിക്കുകതന്നെ ചെയ്യും. ആ ദിനത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്”(യെസെക്കിയേല്‍: 39; 7, 8). മനോവ പറയുന്നതും ആ ദിനത്തെക്കുറിച്ചാണ്!
ഇതുവരെ നാം പരിശോധിച്ചത് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലെ ആദ്യത്തെ നിയോഗമാണ്. പിതാവിന്റെ പേര് ശുദ്ധീകരിക്കപ്പെടുകയെന്നാല്‍, യേഹ്ശുവാ എന്ന പേര് പുനഃസ്ഥാപിക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നത്. വ്യാജമായത് നീക്കംചെയ്ത് യഥാതഥമായത് പുനഃസ്ഥാപിക്കുമ്പോള്‍ എല്ലാം പൂര്‍വ്വസ്ഥിതിയിലാകും! പിന്നീടൊരിക്കലും തന്റെ പേര് അശുദ്ധമാക്കാന്‍ ആരെയും ദൈവം അനുവദിക്കുകയില്ല! അതുപോലെതന്നെ, ദൈവം തന്റെ മഹത്വം മറ്റാര്‍ക്കും പങ്കുവയ്ക്കുകയില്ല എന്ന യാഥാര്‍ത്ഥ്യവും ഇവിടെ നാം മനസ്സിലാക്കിയിരിക്കണം. ഈ പ്രവചനം ശ്രദ്ധിക്കുക: “ഞാനാണ് യാഹ്‌വെ; അതാണ് എന്റെ പേര്. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്ക് കൊടുക്കുകയുമില്ല”(യേശൈയാഹ്: 42; 8). അതേ, തന്റെ പേര് ദുരുപയോഗിക്കുന്നവനെ ദൈവം വെറുതെവിടുകയില്ല!
യേഹ്ശുവായുടെ രാജ്യം വരണം!
യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ രണ്ടാമത്തെ നിയോഗമാണിത്! ഈ നിയോഗത്തിലൂടെ ഉണര്‍ത്തിക്കുന്നത് യേഹ്ശുവായുടെ പ്രത്യാഗമനം ത്വരിതപ്പെടുത്തുകയും അവന്റെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന യാചനയാണ്! പ്രഥമ നിയോഗത്തെ സംബന്ധിച്ച് നല്‍കിയതുപോലെ വിശാലമായ വിവരണം ഈ നിയോഗത്തിന് ആവശ്യമുള്ളതായി മനോവ കരുതുന്നില്ല. എന്തെന്നാല്‍, വളരെ വ്യക്തതയോടെതന്നെ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സത്യമാണ് യേഹ്ശുവായുടെ പ്രത്യാഗമനം! മാത്രവുമല്ല, യേഹ്ശുവായുടെ പ്രത്യാഗമനം എന്നത് ക്രിസ്തീയതയിലെ വിശ്വാസസത്യങ്ങളില്‍ പ്രധാനപ്പെട്ടതുമാണ്. യേഹ്ശുവായുടെ പ്രത്യാഗമനത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ നിലനില്‍ക്കുന്നവര്‍ക്ക് മാത്രമേ അപ്പസ്തോലികസഭയുടെ ഭാഗമായിരിക്കാന്‍ കഴിയുകയുള്ളു! എന്തെന്നാല്‍, അപ്പസ്തോലികസഭയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ പ്രധാനപ്പെട്ടത് യേഹ്ശുവായുടെ പ്രത്യാഗമനമാണ്! അപ്പസ്തോലന്മാര്‍ തങ്ങളുടെ എല്ലാ ലേഖനങ്ങളിലും യേഹ്ശുവായുടെ പ്രത്യാഗമനത്തെക്കുറിച്ച് പ്രബോധനം നല്‍കിയിട്ടുണ്ട്.
അപ്പസ്തോലനായ ശൗവുലിന്റെ പ്രബോധനം ശ്രദ്ധിക്കുക: “അതുപോലെതന്നെ മ്ശിയാഹും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രായര്‍: 9; 28). മനുഷ്യന്റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യേണ്ടതിനായി യേഹ്ശുവാ ഒരിക്കല്‍ ഈ ഭൂമിയില്‍ വന്നത് പരിപൂര്‍ണ്ണ മനുഷ്യനായാണ്. ഇനി വരുന്നതാകട്ടെ, ഇമ്മാനു-യേല്‍ പ്രവചനം പൂര്‍ത്തീകരിച്ചുകൊണ്ടായിരിക്കും. അപ്പോഴാണ് ദൈവം നമ്മോടുകൂടെ എന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന ഇമ്മാനു-യേല്‍ എന്ന് അവന്‍ വിളിക്കപ്പെടുന്നത്. രക്ഷ പൂര്‍ണ്ണമാകുന്നതും അപ്പോള്‍ മാത്രമാണ്. എന്തെന്നാല്‍, ഒരിക്കല്‍ അവന്‍ മനുഷ്യനായി ഈ ഭൂമിയില്‍ വന്നത് പാപപരിഹാരാര്‍ത്ഥമായിരുന്നെങ്കില്‍, ഇനി അവന്‍ വരുന്നത് അവനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായാണ്! രക്ഷിക്കപ്പെട്ടവരെ യേഹ്ശുവാ തന്റെ രാജ്യത്ത് പ്രവേശിപ്പിക്കുകയും അവരോടൊത്ത് ഭൂമി മുഴുവന്റെയും രാജാവായി ആയിരം വര്‍ഷം അവന്‍ വാഴുകയും ചെയ്യും!
ഈ ഭൂമിയില്‍ യേഹ്ശുവായുടെ രാജ്യം സ്ഥാപിക്കപ്പെടുമെന്നുള്ള ഒരു പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവന് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). ശെഖരിയാഹ് ഇത് പ്രവചിക്കുന്ന കാലത്ത് യേഹ്ശുവാ എന്ന പൂര്‍ണ്ണമായ പേര് ദൈവം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ശെഖരിയാഹ് പ്രവചിച്ചത് യേഹ്ശുവായെക്കുറിച്ചാണെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന രണ്ട് ദൂതന്മാരാണ് ഇത് വെളിപ്പെടുത്തിയത്. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണം നോക്കിനിന്ന ശിഷ്യന്മാരോട് ദൈവദൂതന്മാര്‍ പ്രഖ്യാപിച്ചത് ഇപ്രകാരമാണ്: “അവന്‍ ആകാശത്തിലേക്ക് പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: അല്ലയോ ഗെലീലെയാക്കാരേ, നിങ്ങള്‍ ആകാശത്തിലേക്ക് നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 1; 10, 11). യേഹ്ശുവാ തിരിച്ചുവരുമെന്നുള്ളത് സ്വര്‍ഗ്ഗത്തിന്റെ പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനത്തെയാണ് ഓരോ ക്രിസ്ത്യാനിയും പ്രത്യാശാപൂര്‍വ്വം കാത്തിരിക്കുന്നത്. അവന്‍ തിരിച്ചുവരുന്നത് ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്താനാണ്. പോയതുപോലെതന്നെ തിരിച്ചുവരണമെങ്കില്‍ അത് ഒലിവുമലയില്‍ തന്നെയായിരിക്കും. എന്തെന്നാല്‍, യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്തത് ഒലിവുമലയില്‍നിന്നായിരുന്നു. ഈ ഒലിവുമലയില്‍ ഇറങ്ങിവരുന്നവനെക്കുറിച്ചാണ് ശെഖരിയാഹ് പ്രവചിച്ചത്.
ശെഖരിയാഹിന്റെ പ്രവചനമിതാണ്: “ഇതാ, യാഹ്‌വെയുടെ ദിനം, നിന്നില്‍നിന്ന് എടുത്ത മുതല്‍ നിന്റെ മുന്‍പില്‍ വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനം വരുന്നു. ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെരുശലെമിനെതിരേ യുദ്ധം ചെയ്യാന്‍ വരുത്തും. അവര്‍ പട്ടണം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അവമാനിക്കുകയും ചെയ്യും. നഗരത്തിന്റെ പകുതി പ്രവാസത്തിലേക്ക് പോകും. എന്നാല്‍, ശേഷിക്കുന്ന ജനത്തെ നഗരത്തില്‍നിന്ന് വിച്‌ഛേദിക്കുകയില്ല. യാഹ്‌വെ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോട് പൊരുതും. യെരുശലെമിന് കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവന്‍ നിലയുറപ്പിക്കും”(ശെഖരിയാഹ്: 14; 1-4). അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകത്തിലും ശെഖരിയാഹിന്റെ പ്രവചനത്തിലും മാത്രമല്ല ഈ പ്രഖ്യാപനം നാം വായിക്കുന്നത്. യോഹന്നാന്റെ വെളിപാടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “പിന്നെ ഞാന്‍ കുറെ രാജപീഠങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്ക് വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിയാഹിനോടുകൂടി വാഴുകയും ചെയ്തു”(വെളിപാട്: 20; 4). ഈ ഭൂമി മുഴുവന്റെയും രാജാവായി യേഹ്ശുവാ ഭരിക്കുന്നത് ആയിരം വര്‍ഷമാണ്. അവന്‍ ഭരിക്കുന്ന രാജ്യമാണ് ദൈവരാജ്യം! ഈ രാജ്യം സ്ഥാപിക്കപ്പെടണം എന്നതാണ് ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലെ രണ്ടാമത്തെ നിയോഗം!
ദൈവരാജ്യം സ്ഥാപിതമാകുമെന്നത് യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുള്ള സത്യമാണ്. അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവന്‍ അവരോട് പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നത് കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു”(മാര്‍ക്കോ: 9; 1). ദൈവരാജ്യം സമാഗതമാകുന്നത് കാണുന്നതുവരെ മരിക്കാത്തവരായ ചിലര്‍ ആരൊക്കെയാണെന്നത് ഇവിടെ വെളിപ്പെടുത്തുന്നില്ല. കാരണം, ഇവിടെ ചര്‍ച്ചചെയ്യുന്നത് യേഹ്ശുവായുടെ പ്രത്യാഗമനത്തെക്കുറിച്ചും രാജ്യം സ്ഥാപിക്കപ്പെടുന്നതിനെക്കുറിച്ചുമാണ്. മുന്‍പ് സൂചിപ്പിച്ചതുപോലെ, എല്ലാ അപ്പസ്തോലന്മാരും പ്രാധാന്യത്തോടെ പ്രബോധനം നല്‍കിയിട്ടുള്ള വിഷയമാണ് യേഹ്ശുവായുടെ പ്രത്യാഗമനം! വെളിപാടിന്റെ പുസ്തകം ഉപസംഹരിക്കുന്നതുതന്നെ യേഹ്ശുവായേ, വരണമേ എന്ന പ്രാര്‍ത്ഥനയോടെയാണ്! വെളിപാടില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഇത് സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമ്മേന്‍; നാഥനായ യേഹ്ശുവായേ, വരണമേ!”(വെളിപാട്: 22; 20). രണ്ടാമത്തെ നിയോഗവുമായി ബന്ധപ്പെട്ട വിവരണം ഇവിടെ ഉപസംഹരിക്കുന്നു! ഇനി നാം മനസ്സിലാക്കാന്‍ പോകുന്നത് മൂന്നാമത്തെ നിയോഗത്തെക്കുറിച്ചാണ്!
ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം!
യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ മൂന്നാമത്തെ നിയോഗമാണിത്. ‘ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം’ എന്ന നിയോഗത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയണമെങ്കില്‍, ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണെന്നറിയണം. ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തതയോടെ വെളിപ്പെടുത്തിയിരിക്കുന്നത് മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളിലാണ്. തനിക്ക് ഇഷ്ടമായുള്ളതും അനിഷ്ടകരമായുള്ളതും എന്തൊക്കെയാണെന്ന് ദൈവം ആ നിയമങ്ങളിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ദൈവത്തിന് പ്രീതികരമായവ ചെയ്യാനും പ്രീതികരമല്ലാത്തവയില്‍നിന്ന് അകന്നിരിക്കാനും ആ നിയമങ്ങളിലൂടെ അവന്‍ തന്റെ തിരഞ്ഞെടുക്കപ്പെട്ടവരോട് കല്പിച്ചിരിക്കുന്നു! അതുകൊണ്ടുതന്നെ, ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് അറിയണമെങ്കില്‍ മോശയിലൂടെ നല്‍കപ്പെട്ടതും യേഹ്ശുവാ സ്ഥിരീകരിച്ച് ഉറപ്പിച്ചതുമായ നിയമങ്ങള്‍ വ്യക്തതയോടെ പഠിച്ചാല്‍ മതി! യേഹ്ശുവായുടെ രാജ്യം സമാഗതമാകുമ്പോള്‍ ആ രാജ്യത്തിന്റെ നിയമമായി സ്ഥാപിക്കപ്പെടുന്നത് മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളായിരിക്കും. അപ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകുന്നത്!
താനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത് എന്ന കല്പനയാണ് മോശയിലൂടെ ദൈവം നല്‍കിയ കല്പനകളില്‍ ഒന്നാമത്തേതെന്ന് നമുക്കറിയാം. തന്നെ മാത്രം ദൈവമായി പരിഗണിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ഒന്നാമത്തെ കല്പനയിലൂടെ യാഹ്‌വെ വെളിപ്പെടുത്തി. അതുപോലെതന്നെ, തന്നെയല്ലാതെ മറ്റൊരു ദൈവത്തെ സ്വീകരിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നും ഈ കല്പനയിലൂടെ യാഹ്‌വെ വ്യക്തമാക്കിയിരിക്കുന്നു! കല്പനകള്‍ ഓരോന്നും പരിശോധിക്കുമ്പോള്‍ ഈ വിധത്തില്‍ ദൈവത്തിന്റെ ഇഷ്ടവും അനിഷ്ടവും തിരിച്ചറിയാന്‍ നമുക്ക് സാധിക്കും. ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് അവന്‍ നിയമംമൂലം നമുക്ക് നിഷിദ്ധമാക്കിയിരിക്കുന്നത്. അതായത്, ദൈവത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വിവേചിക്കാന്‍ നമുക്ക് സാധിക്കുന്നത് ദൈവികനിയമങ്ങള്‍ ഗ്രഹിക്കുന്നതിലൂടെയാണ്!
തന്റെ പേര് വൃഥാ ഉപയോഗിക്കുന്നത് യാഹ്‌വെയ്ക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് കല്പനകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും! രണ്ടാമത്തെ കല്പനയാണിത്. മോശയ്ക്ക് ദൈവം എഴുതി നല്കിയ കല്പന നോക്കുക: “നിന്റെ ദൈവമായ യാഹ്‌വെയുടെ പേര് വൃഥാ ഉപയോഗിക്കരുത്. തന്റെ പേര് വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്‌ഷിക്കാതെ വിടുകയില്ല”(പുറപ്പാട്: 20; 7). തന്റെ പേര് അശുദ്ധമാക്കുന്നത് ദൈവത്തിന് ഇഷ്ടമില്ലെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, തന്റെ പേരിന് മഹത്വം നല്‍കുന്നത് ദൈവത്തിന് ഇഷ്ടമാണ്! അതുപോലെതന്നെ, ഒരുവന്‍ അവന്റെ പിതാവിനെയും മാതാവിനെയും ദുഷിക്കുന്നത് ദൈവം ഇഷ്ടപ്പെടുന്നില്ല! എന്നാല്‍, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്നത് ദൈവത്തിനിഷ്ടമാണ്. വ്യഭിചാരം, കൊലപാതകം, മോഷണം എന്നിവയെല്ലാം ദൈവം വെറുക്കുന്നതുകൊണ്ടാണ് നിയമംമൂലം അവ നമുക്ക് നിഷിദ്ധമാക്കിയിരിക്കുന്നത്. ദൈവം ഏറ്റവുമധികം വെറുക്കുന്ന ഒന്നാണ് വിഗ്രഹാരാധന! ഒന്നാം പ്രമാണത്തോട് ചേര്‍ത്തുവച്ചാണ് ഇത് ദൈവം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒന്നാമത്തെ കല്പന ശ്രദ്ധിക്കുക: “അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്ന് നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്; അവയ്‌ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്‌ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാന്‍ കരുണ കാണിക്കും”(പുറപ്പാട്: 20; 2-6). വിഗ്രഹാരാധനയെ വിഗ്രഹത്തോടൊപ്പം വെറുക്കുന്ന ദൈവമാണ് സത്യദൈവമായ യാഹ്‌വെ! അതുകൊണ്ടുതന്നെ, ദൈവരാജ്യം സ്ഥാപിതമാകുമ്പോള്‍ അവിടെ വിഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയില്ല! ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകുന്നത് ഇങ്ങനെയാണ്. യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്തുന്ന കാലയളവില്‍ സാത്താന്‍ ബന്ധനത്തിലായിരിക്കുമെന്ന് ദൈവം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, നിയമനിഷേധത്തിന് പ്രേരിപ്പിക്കാന്‍ ആരുമുണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, സാത്താനാണ് നിയമനിഷേധി!
ഈ പ്രബോധനം ശ്രദ്ധിക്കുക: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും”(2 തെസ്സലോനിക്കി: 2; 9-11). സാത്താന്റെ പ്രവര്‍ത്തനത്താലാണ് നിയമനിഷേധിയുടെ ആഗമനമെന്ന് ഇവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാല്‍, യേഹ്ശുവായുടെ ഭരണകാലത്ത് ഒരിക്കല്‍പ്പോലും സാത്താന്‍ ബന്ധനാവസ്ഥയില്‍നിന്ന് മോചിതനാവുകയില്ലെന്നാണ് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ ഇറങ്ങുന്നത് ഞാന്‍ കണ്ടു. അവന്റെ കയ്യില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവന്‍ ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്ക് ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ച് മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു”(വെളിപാട്: 20; 1-3). സാത്താന്റെ പ്രവര്‍ത്തനമില്ലാത്തതുകൊണ്ട് നിയമനിഷേധത്തിലേക്ക് മനുഷ്യന്‍ നയിക്കപ്പെടുകയില്ല! അതിനാല്‍ത്തന്നെ, യേഹ്ശുവായുടെ ഭരണകാലത്ത് നിയമം സുസ്ഥിരമായിരിക്കും!
യേഹ്ശുവാ രാജാവായി വാഴുന്ന രാജ്യത്ത് സ്ഥാപിതമാകുന്നത് മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളാകുമ്പോള്‍, ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകും! യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ മൂന്നാമത്തെ നിയോഗം യാഥാര്‍ത്ഥ്യമാകുന്നത് അവന്റെ രാജ്യം സ്ഥാപിതമാകുമ്പോഴാണ്. അതായത്, മോശയിലൂടെ നല്‍കപ്പെട്ട ദൈവികനിയമങ്ങളായിരിക്കും യേഹ്ശുവായുടെ രാജ്യത്തിന്റെ ഭരണഘടന! എന്നാല്‍, യേഹ്ശുവായുടെ രാജ്യം സ്ഥാപിതമാകുന്നതിന് മുന്‍പുതന്നെ ഈ നിയമങ്ങളിലേക്ക് ദൈവമക്കള്‍ നയിക്കപ്പെടുമെന്ന് മലാക്ഖി പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ യിസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറെബില്‍വച്ച് ഞാന്‍ അവന് നല്‍കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍. യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിന് മുന്‍പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്ന് ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും”(മലാക്ഖി: 4; 4-6). പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും നയിക്കുമെന്ന് പറഞ്ഞാല്‍, പിതാക്കന്മാര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങള്‍ ഈ തലമുറയിലേക്ക് പകരപ്പെടുമെന്നും, ഈ തലമുറയെ പിതാക്കന്മാര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങളിലേക്ക് പുനരാനയിക്കുമെന്നുമാണ് അര്‍ത്ഥമാക്കുന്നത്!
ഇവിടെ നാം പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. എന്തെന്നാല്‍, യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ആദ്യത്തെ മൂന്ന് നിയോഗങ്ങള്‍, അവ നല്‍കപ്പെട്ടിരിക്കുന്ന ക്രമത്തിലാണ് നിറവേറുന്നത്. പേരിന്റെ പുനഃസ്ഥാപനം, രാജ്യത്തിന്റെ സ്ഥാപനം, നിയമത്തിന്റെ പുനഃസ്ഥാപനം എന്നിങ്ങനെയാണ് ആ ക്രമം! അതേ, മോശയിലൂടെ നല്‍കപ്പെട്ട ദൈവികനിയമങ്ങള്‍ പുനഃസ്ഥാപിക്കപ്പെടണം! യെസെക്കിയേലും സെഫാനിയാഹും പ്രവചിച്ചത് പേരിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചാണെങ്കില്‍, ശെഖരിയാഹ് പ്രവചിച്ചത് യേഹ്ശുവായുടെ രാജ്യം സ്ഥാപിക്കപ്പെടുന്നതിനെക്കുറിച്ചാണ്. യോഹന്നാന്റെ വെളിപാടിലും ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ട് ഇണവചനവും നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, മോശയുടെ നിയമങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് മലാക്ഖിയും പ്രവചിച്ചു. ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലൂടെ ഉയര്‍ത്തപ്പെടുന്ന മൂന്ന് ആവശ്യങ്ങളെക്കുറിച്ചാണ് ഇതുവരെ നാം മനസ്സിലാക്കിയത്. ഈ പ്രാര്‍ത്ഥനയിലെ ആദ്യഭാഗത്തെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന ശുശ്രൂഷയായും പരിഗണിക്കാന്‍ കഴിയും. എന്തെന്നാല്‍, ഈ മൂന്ന് ആവശ്യങ്ങളിലും ദൈവത്തിന്റെ രാജ്യവും നീതിയും സ്ഥാപിതമാകുന്നതിനുവേണ്ടിയുള്ള അപേക്ഷയുണ്ട്!
അന്നന്ന് വേണ്ട അപ്പം തരണം!
ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവര്‍ക്ക് അവയോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെടുന്നത് ദൈവരാജ്യം സ്ഥാപിതമാകുന്നതുവരെ നിലനില്‍ക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങളാണ്. ഇതാണ് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ രണ്ടാംഭാഗം! ആത്മീയവും ശാരീരികവുമായ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായത് ലഭ്യമാകുന്നതിനുള്ള പ്രാര്‍ത്ഥനയാണത്. ശാരീരികമായ ജീവന്‍ നിലനിര്‍ത്താന്‍ പ്രധാനപ്പെട്ടതാണ് അന്നന്ന് വേണ്ട അപ്പം! ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവര്‍ക്ക് അന്നന്ന് വേണ്ട അപ്പം മാത്രമല്ല, ദൈനംദിന ആവശ്യങ്ങളെല്ലാം ദൈവം നിറവേറ്റിത്തരും. ദൈവരാജ്യം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം ഇതില്‍ കൂടുതലായി ഒന്നും ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, ദൈവരാജ്യത്തിന്റെ സമൃദ്ധിയിലേക്കാണ് അവന്‍ പ്രവേശിക്കാന്‍ പോകുന്നത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അതിനാല്‍ എന്ത് ഭക്ഷിക്കും, എന്ത് പാനംചെയ്യും, എന്ത് ധരിക്കും എന്ന് വിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍, നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി”(മത്തായി: 6; 31-34).
ദൈവരാജ്യം പ്രത്യാശിക്കുന്ന ആത്മീയമനുഷ്യന്‍ നാളെയെക്കുറിച്ച് ആകുലപ്പെടില്ല! ഈ ലോകത്ത് നിക്ഷേപം കരുതിവയ്ക്കാനായി നെട്ടോട്ടമോടുകയുമില്ല! നശ്വരമായ ഈ ലോകത്തില്‍ പ്രത്യാശവയ്ക്കുന്നത് വിജാതീയരാണ്! എന്നാല്‍, ക്രിസ്ത്യാനികള്‍ യേഹ്ശുവായുടെ അനശ്വരമായ രാജ്യത്തില്‍ പ്രത്യാശവയ്ക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് തിരിച്ചറിഞ്ഞവരാണ് യഥാര്‍ത്ഥ ദൈവമക്കള്‍! ഈ പ്രബോധനം ശ്രദ്ധിക്കുക: “ചോദിച്ചിട്ടും നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍, അത് നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്. വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു”(യാക്കോബ്: 4; 3, 4).
ഈ ലോകത്തിന്റെ നശ്വരമായതിനുവേണ്ടിയല്ല ക്രിസ്ത്യാനി അദ്ധ്വാനിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. ഒരുവന്‍ യേഹ്ശുവായില്‍ പ്രത്യാശവയ്ക്കുന്നതും ഈ ലോകത്തിനുവേണ്ടിയല്ല. അപ്പസ്തോലനായ ശൗവുലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഈ ജീവിതത്തിനുവേണ്ടി മാത്രം മ്ശിയാഹില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്”(1 കോറിന്ത്: 15; 19). യേഹ്ശുവായുടെ പ്രത്യാഗമനത്തെ ആകാക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒരുവന് ആവശ്യമായുള്ളത് അന്നന്ന് വേണ്ടുന്ന അപ്പം മാത്രമാണ്!
പാപക്ഷമയും തിന്മയില്‍നിന്നുള്ള വിടുതലും!
‘ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ!’ യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ അഞ്ചാമത്തെ ആവശ്യമാണിത്. ദൈവരാജ്യം സ്ഥാപിതമാകുന്നതുവരെ ഈ ഭൂമിയില്‍ ജീവിക്കാന്‍ നമുക്ക് അനിവാര്യമായ മറ്റൊന്നാണ് പാപക്ഷമ! നമ്മോട് തെറ്റ് ചെയ്യുന്നവരോട് നമ്മള്‍ ക്ഷമിക്കുന്നതുപോലെ നമ്മുടെ തെറ്റുകള്‍ നമ്മോടും ക്ഷമിക്കണമെന്നാണ് ദൈവത്തോട് നാമിവിടെ യാചിക്കുന്നത്. പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ദൈവരാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല! അതുകൊണ്ടുതന്നെ, ഈ നിയോഗത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. തികച്ചും വ്യക്തിപരമായ നിയോഗമാണ് ഇതെങ്കില്‍ക്കൂടി, ഈ നിയോഗത്തിനും ആറാമത്തെ നിയോഗത്തിനും ആത്മീയമായ ഒരു തലംകൂടിയുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, ഈ നിയോഗങ്ങളിലൂടെ ലക്ഷ്യമിടുന്നത് ഇഹലോകജീവിതത്തിലെ സമ്പല്‍സമൃദ്ധിയല്ല; മറിച്ച്, ദൈവരാജ്യപ്രവേശം സാദ്ധ്യമാകണമെന്ന ആഗ്രഹത്തോടെയുള്ള പ്രാര്‍ത്ഥനയാണ്!
പാപാവസ്ഥയില്‍ അല്ലാതിരിക്കുമ്പോള്‍ മാത്രമാണ് ഒരുവന് യേഹ്ശുവായുടെ സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കുകയുള്ളു. അതുപോലെതന്നെ, യേഹ്ശുവായുടെ രാജ്യത്ത് പ്രവേശനം ലഭിക്കുന്നത് അവന്റെ സഭയുടെ ഭാഗമായിരിക്കുന്നവര്‍ക്ക് മാത്രമാണ്. ഇവിടെയാണ് അഞ്ചാമത്തെയും ആറാമത്തെയും നിയോഗങ്ങളിലെ ആത്മീയതലം ഗ്രഹിക്കേണ്ടത്! യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ അഞ്ചാമത്തെയും ആറാമത്തെയും നിയോഗങ്ങളില്‍ ദൈവരാജ്യത്തോടുള്ള അഭിവാഞ്ഛ ദര്‍ശിക്കാന്‍ കഴിയും! ദൈവരാജ്യം ലക്ഷ്യമാക്കിയുള്ള എല്ലാ പ്രാര്‍ത്ഥനകളും ദൈവത്തിന് പ്രീതികരവും സ്വീകാര്യവുമാണ്!
‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലെ അഞ്ചാമത്തെ നിയോഗം പാപക്ഷമയ്ക്കായുള്ളതാണെങ്കില്‍, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താതെ, തിന്മയുടെ ശക്തിയില്‍നിന്ന് വിടുവിക്കണമെന്ന നിയോഗമാണ് ആറാമതായി ഉയര്‍ത്തപ്പെടുന്നത്! മനുഷ്യനെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് സാത്താനാണ്. ഏദന്‍തോട്ടത്തില്‍ ആരംഭിച്ചതാണ് പ്രലോഭകന്റെ വിജയപരമ്പര! ഇന്നും അവന്‍ പ്രലോഭനങ്ങളുമായി മനുഷ്യന്റെ പിന്നാലെയുണ്ട്. അതുകൊണ്ടുതന്നെ, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാത്താനില്‍നിന്ന് വിടുതല്‍ ലഭിക്കേണ്ടത് ദൈവരാജ്യപ്രവേശത്തിന് അനിവാര്യമാണ്. സാത്താന്‍ തിന്മയാണെന്ന് നമുക്കറിയാം. തിന്മയില്‍നിന്നുള്ള വിടുതല്‍ എന്നത് സാത്താനില്‍നിന്നുള്ള വിടുതലാകുന്നത് അതുകൊണ്ടാണ്. എന്നാല്‍, ഈ പ്രാര്‍ത്ഥനയെ തെറ്റായി വ്യാഖ്യാനിക്കുന്ന ചിലരുണ്ട്. പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ദൈവമായതുകൊണ്ടാണ്, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താതെ തിന്മയില്‍നിന്ന് വിടുവിക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നതെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു! ഈ വാദത്തിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥന വിവര്‍ത്തനം ചെയ്തപ്പോള്‍ വന്ന പാളിച്ചയാണ് അതില്‍ പ്രധാനപ്പെട്ടത്. അതുപോലെതന്നെ, ഈ പ്രാര്‍ത്ഥന ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടവരും വിമര്‍ശനങ്ങളുമായി രംഗത്തിറങ്ങുന്നു!
‘പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താതെ, തിന്മയില്‍നിന്ന് വിടുവിക്കണമേ’ എന്ന പ്രാര്‍ത്ഥനയിലൂടെ ഉദ്ദേശിക്കുന്നത് പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തുന്ന സാത്താന്റെ പിടിയില്‍നിന്ന് വിടുതല്‍ നല്‍കണമെന്നാണ്! തിന്മയാകുന്ന സാത്താന്റെ പിടിയില്‍ ഒരുവന്‍ അകപ്പെടുമ്പോഴാണ് പ്രലോഭനങ്ങളില്‍ അവന്‍ ഉള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിക്കണമെങ്കില്‍ തിന്മയില്‍നിന്ന് വിടുതല്‍ നേടണം. പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിക്കണമെങ്കില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. അപ്പസ്തോലന്മാരായ കേപ്ഫാ, യാക്കോബ്, യോഹന്നാന്‍ എന്നിവരോടൊപ്പം ഗെഥ്സെമനിയില്‍ പ്രാര്‍ത്ഥിക്കുന്ന വേളയിലാണ് യേഹ്ശുവാ ഇക്കാര്യം വ്യക്തമാക്കിയത്. അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അനന്തരം അവന്‍ ശിഷ്യന്മാരുടെ അടുത്തേക്ക് വന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നത് കണ്ടു. അവന്‍ കേപ്ഫായോട് ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്”(മത്തായി: 26; 40, 41). പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന വചനമാണ് നാമിവിടെ വായിച്ചത്.
പ്രലോഭനങ്ങള്‍ ഉണ്ടാകാതിരിക്കുകയെന്നത് അസാദ്ധ്യമായ കാര്യമാണ്. സാത്താന്‍ പ്രവര്‍ത്തനനിരതനായിരിക്കുന്ന കാലത്തോളം പ്രലോഭനങ്ങളുണ്ടാകും. യേഹ്ശുവായുടെ രാജ്യം സ്ഥാപിക്കപ്പെടുമ്പോഴാണ് സാത്താന്‍ ബന്ധിക്കപ്പെടുന്നത്. യേഹ്ശുവാ രാജാവായി വാഴുന്ന ആയിരം വര്‍ഷം അവന്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരിക്കും. വെളിപാടിന്റെ പുസ്തകത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “അവന്‍ ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്ക് ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ച് മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു”(വെളിപാട്: 20; 2, 3). അതായത്, സാത്താന്‍ ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്! അതുകൊണ്ടുതന്നെ, പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ് നമുക്ക് മുന്‍പിലുള്ള ഏക പോംവഴി! യേഹ്ശുവായില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രലോഭനങ്ങളെ നേരിടാനുള്ള ശക്തി നമുക്ക് ലഭിക്കും. മനുഷ്യനായി വന്ന യേഹ്ശുവായെപ്പോലും പ്രലോഭനങ്ങളുമായി സാത്താന്‍ സമീപിച്ചിട്ടുണ്ടെന്ന് നാം മറക്കരുത്.
യേഹ്ശുവായുടെ മുന്‍പില്‍ പ്രലോഭനങ്ങളുമായി സാത്താന്‍ വന്നത് എങ്ങനെയാണെന്ന് നോക്കുക: “വീണ്ടും, സാത്താന്‍ വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോട് പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്ക് ഞാന്‍ നല്‍കും”(മത്തായി: 4; 8, 9). യേഹ്ശുവായ്ക്ക് മുന്‍പില്‍ പ്രലോഭനങ്ങളുമായി വന്ന സാത്താന്‍ നമ്മെ വെറുതെവിടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അപ്പസ്തോലനായ കേപ്ഫായുടെ പ്രബോധനം ശ്രദ്ധിക്കുക: “നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു”(1 കേപ്ഫാ: 5; 8). സമചിത്തതയോടെ ഉണര്‍ന്നിരിക്കുകയെന്നാല്‍, പ്രാര്‍ത്ഥനാനിരതരായിരിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരിന്ന് പ്രാര്‍ത്ഥിക്കാന്‍ അരുളിച്ചെയ്ത യേഹ്ശുവായുടെ വാക്കുകള്‍ ഇവിടെ ചേര്‍ത്തുവച്ച് പരിഗണിക്കണം. ഇവിടെയാണ് യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ കാലാതീത പ്രാധാന്യം നാം തിരിച്ചറിയേണ്ടത്. അതെ, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥന പ്രലോഭനങ്ങളെ അതിജീവിക്കാന്‍വേണ്ടിക്കൂടി യേഹ്ശുവാ നമുക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ്! അതുകൊണ്ടുതന്നെ, യേഹ്ശുവായ്ക്കും അവന്റെ അനുയായികള്‍ക്കും എതിരേയെന്നതുപോലെ ഈ പ്രാര്‍ത്ഥനയ്ക്കെതിരേയും എല്ലാക്കാലത്തും സാത്താന്‍ നിലകൊള്ളുന്നു! യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയെ അപ്രസക്തമാക്കാനായി വ്യര്‍ത്ഥവും വചനവിരുദ്ധവുമായ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കുന്ന ആചാര്യന്മാര്‍ ക്രൈസ്തവസമൂഹങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇക്കാര്യം നാം ഓര്‍മ്മിക്കണം!
‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന സ്വര്‍ഗ്ഗീയ പ്രാര്‍ത്ഥന എത്രത്തോളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്ന് അറിയണമെങ്കില്‍ കത്തോലിക്കാസമൂഹത്തിന്റെ ജപമാല ശ്രദ്ധിച്ചാല്‍ മതി. യേഹ്ശുവാ പഠിപ്പിച്ച പ്രാര്‍ത്ഥനയെക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന അനേകം പ്രാര്‍ത്ഥനാഭാസങ്ങള്‍ ക്രൈസ്തവസമൂഹങ്ങളില്‍ ഇന്നുണ്ട്. ലൗകികമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ദൈവത്തില്‍ ആശ്രയിക്കുന്ന വിജാതീയരെക്കാള്‍ അധഃപതിച്ച അവസ്ഥയില്‍ ക്രൈസ്തവസമൂഹങ്ങള്‍ എത്തിച്ചേര്‍ന്നത് അവരെ നയിക്കുന്ന ആചാര്യന്മാരുടെ വഴിപിഴച്ച പ്രബോധനങ്ങള്‍ മൂലമാണ്! നൊവേനകളും കൃപാസനങ്ങളിലെ ഉടമ്പടികളും വഴി വിജാതീയവത്ക്കരിക്കപ്പെട്ട തലമുറയാണ് ഇന്നത്തെ ക്രൈസ്തവസമൂഹം! ജീവജലത്തിന്റെ ഉറവയായ യേഹ്ശുവായെ ഉപേക്ഷിക്കുകയും ജലം സൂക്ഷിക്കാന്‍ കഴിയാത്ത പൊട്ടക്കിണറുകള്‍ അവര്‍ കുഴിക്കുകയും ചെയ്തു! കത്തോലിക്കാസമൂഹത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ‘വിശുദ്ധരും’ അവരുടെ പേരില്‍ നടത്തപ്പെടുന്ന നവനാള്‍ പ്രാര്‍ത്ഥനകളുമാണ് ആ പൊട്ടക്കിണറുകള്‍! യേശൈയാഹിന്റെ പ്രവചനം ശ്രദ്ധിക്കുക: “ഞാനാണ് യാഹ്‌വെ; അതാണ് എന്റെ പേര്. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്ക് കൊടുക്കുകയുമില്ല”(യേശൈയാഹ്: 42; 8). ‘യേഹ്ശുവായേ, വേഗം വരണമേ’ എന്ന പ്രാര്‍ത്ഥനയോടെ ഈ ലേഖനം ഇവിടെ ഉപസംഹരിക്കുമ്പോള്‍ ഒരുകാര്യം എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു; എന്തെന്നാല്‍, ജീവജലത്തിന്റെ ഉറവയായ യേഹ്ശുവായിലേക്ക് മടങ്ങിവരാന്‍ ഇനിയും വൈകരുത്!
അപ്പസ്തോലനായ ശൗവുലിന്റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “ഈ ജീവിതത്തിനുവേണ്ടി മാത്രം മ്ശിയാഹില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ ദയനീയരാണ്”(1 കോറിന്ത്: 15; 19).
ഉടന്‍ സ്ഥാപിതമാകാനിരിക്കുന്ന ദൈവരാജ്യത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട സത്യങ്ങളാണ് മനോവ വിളംബരം ചെയ്യുന്നത്. ആയതിനാല്‍, ഈ യുഗാന്തത്തില്‍ ദൈവം നടത്തുന്ന ക്രമീകരണങ്ങള്‍ കൃത്യതയോടെ അപ്പപ്പോള്‍ അറിയണമെങ്കില്‍ മനോവയുടെ ‘YouTube’ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! നിങ്ങളുടെ ബന്ധുക്കള്‍ക്കും സ്നേഹിതര്‍ക്കും ഈ സന്ദേശം പങ്കുവയ്ക്കുക! ഉടന്‍ വരാനിരിക്കുന്ന യേഹ്ശുവായുടെ പരിശുദ്ധമായ പേരിന് മഹത്വം!
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube