14 - 11 - 2015
“മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 27, 28). അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ് നാം ഇന്നു ചര്‍ച്ചചെയ്യുവാന്‍ പരിഗണിച്ചിരിക്കുന്നത്. യേഹ്ശുവായുടെ വീണ്ടുംവരവ് എപ്രകാരമായിരിക്കും എന്നതിനെ സംബന്ധിച്ചു സഭകള്‍ക്കിടയിലെ ഭിന്നതകള്‍ നമുക്കറിയാം. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള അനേകം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഓരോ സഭകളും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതുമൂലം അനേകര്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുകയാണ്. യേഹ്ശുവായുടെ രണ്ടാംവരവിനെ സംബന്ധിച്ചുള്ള പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും വ്യക്തിസഭകളില്‍പ്പെട്ടവരാണെന്നത് ആശയക്കുഴപ്പത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. എന്തെന്നാല്‍, ആശയങ്ങളുടെ ഉദ്ഭവസ്ഥാനം ആര്‍ക്കുമറിയില്ല. കേള്‍ക്കുന്നവരെല്ലാം തങ്ങളുടേതായ ചില കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും നടത്തി പ്രചരിപ്പിക്കുന്നു! പ്രവചനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതും തങ്ങളുടെ യുക്തിചിന്തകളില്‍ രൂപപ്പെട്ടതുമായ ആശയങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്. ആയതിനാല്‍, പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തമായ പഠനം ഇന്ന് അനിവാര്യമായിരിക്കുന്നു.
'യാഹ്‌വെ' അന്ന് ഒലിവുമലയില്‍ നിലയുറപ്പിക്കും!
യേഹ്ശുവായുടെ വീണ്ടും വരവിനെ ക്രൈസ്തവസഭകളെല്ലാം ഒരേസ്വരത്തില്‍ അംഗീകരിക്കുന്നു. വീണ്ടും വരവിനെ നിഷേധിക്കുന്ന സഭകളെ ക്രൈസ്തവമെന്നു വിളിക്കാന്‍ കഴിയില്ലെന്നതാണു യാഥാര്‍ത്ഥ്യം. കത്തോലിക്കാസഭയുടെ വിശ്വാസത്തില്‍ ഏറ്റുപറയുന്ന സത്യമാണു വീണ്ടും വരവ്! വിശ്വാസപ്രമാണത്തില്‍ ഇങ്ങനെ ഏറ്റുപറയുന്നു: “അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വീണ്ടും വരുമെന്നും ഞങ്ങള്‍ (ഞാന്‍) വിശ്വസിക്കുന്നു”(വിശ്വാസപ്രമാണം). കത്തോലിക്കാസഭ ഓരോ വിശ്വാസിയെക്കൊണ്ടും ഏറ്റുപറയിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലും, വീണ്ടും വരവിനെക്കുറിച്ചുള്ള വ്യക്തമായ വിവരണം നല്‍കാന്‍ ഇന്നുവരെ സഭ തയ്യാറായിട്ടില്ല. ഇക്കാരണത്താല്‍ത്തന്നെ, മറ്റു സഭകളുടെ വികലമായ വിവരണങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു കത്തോലിക്കാസഭയിലെ വിശ്വാസികള്‍! സഭയിലെ ഏതെങ്കിലും വൈദീകരോടു ചോദിച്ചാല്‍ ചിലര്‍ ഒഴിഞ്ഞുമാറും! മറ്റു ചിലരാകട്ടെ, ചോദ്യമുന്നയിക്കുന്നവരോടു കയര്‍ക്കുകയോ അവരെ വിമതരായി കണക്കാക്കുകയോ ചെയ്യുന്നു! യേഹ്ശുവായുടെ വീണ്ടും വരവ് പ്രതീകാത്മകം മാത്രമാണെന്നു കരുതുകയും, രഹസ്യത്തില്‍ ഇങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്ന വൈദീകരും സഭയിലുണ്ട്. ലോകാവസാനം എന്നത് ഓരോരുത്തരുടെയും മരണത്തെയാണു സൂചിപ്പിക്കുന്നതെന്ന വാദം കത്തോലിക്കാസഭയിലെ വൈദീകരുടെയിടയില്‍ മുന്‍കാലങ്ങളിലുണ്ടായിരുന്നു. ഒരുവന്റെ മരണത്തോടെ അവന്റെ ലോകം അവസാനിച്ചുവെന്നാണ് ഇക്കൂട്ടരുടെ വാദം! യേഹ്ശുവായുടെ രണ്ടാം വരവിനെ സംബന്ധിച്ചും ഇങ്ങനെതന്നെ ചിന്തിക്കുന്നവര്‍ കത്തോലിക്കാസഭയില്‍ വിരളമല്ല!
യേഹ്ശുവായുടെ വീണ്ടും വരവിനെ സംബന്ധിച്ചുള്ള വ്യക്തമായ വിവരണത്തിനു കത്തോലിക്കാസഭയിലെ ‘പണ്ഡിതന്മാര്‍’ മുതിരാത്തതിനുപിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. യേഹ്ശുവായുടെ പ്രഖ്യാപനത്തിനു വിരുദ്ധമായി വിശുദ്ധരെ തിരഞ്ഞെടുത്ത് സ്വര്‍ഗ്ഗത്തിലേക്ക് അയച്ചതിനാല്‍, യഥാര്‍ത്ഥ വിവരണം നല്‍കുന്നതോടെ ഈ വിശുദ്ധരെ തിരികെ വരുത്തേണ്ടി വരും എന്നതാണു പ്രധാന കാരണം! കത്തോലിക്കാസഭ വിശുദ്ധരായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തികളെല്ലാം ഇന്നു സ്വര്‍ഗ്ഗത്തിലാണെന്ന അബദ്ധചിന്ത വിശ്വാസികള്‍ക്കിടയില്‍ വളര്‍ത്തിയിട്ടുണ്ട്. സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരെന്നു വിശുദ്ധരെ വിളിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, യേഹ്ശുവാ അവിടുത്തെ വീണ്ടും വരവിനെ സംബന്ധിച്ചു നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 1-3). അപ്പസ്തോലന്മാരോട് യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകളാണിത്. അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്മാരെ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് വീണ്ടും വരവിലാണെന്നു പ്രഖ്യാപിച്ചിരിക്കെ, വിശുദ്ധരെ എന്തിനാണു തിടുക്കപ്പെട്ടു സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുന്നത്? ഈ വിഷയത്തിലേക്കു ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ മനോവ ശ്രമിക്കുന്നില്ല.
തന്റെ വീണ്ടും വരവിനെ സംബന്ധിച്ചുള്ള യേഹ്ശുവായുടെ ആദ്യത്തെ വെളിപ്പെടുത്തലാണ് നാം വായിച്ചത്! വീണ്ടും വരവിനെക്കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷികളായിരുന്നത് നൂറ്റിയിരുപതോളം ആളുകളായിരുന്നു. ആ സംഭവം വിവരിച്ചിരിക്കുന്നതു നോക്കുക: “ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയില്‍നിന്നു മറച്ചു. അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവ സ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു : അല്ലയോ ഗെലീലെയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും”(അപ്പ. പ്രവര്‍: 1; 9-11). ഒലിവുമലയിലാണ് ഇതു സംഭവിച്ചതെന്ന് അറിയണമെങ്കില്‍ പന്ത്രണ്ടാമത്തെ വാക്യം പരിശോധിക്കണം. അതില്‍ ഇപ്രകാരം വായിക്കുന്നു: “അവര്‍ ഒലിവുമലയില്‍നിന്നു യെരുശലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു ശബാത്തുദിവസത്തെ യാത്രാദൂരമാണുള്ളത്”(അപ്പ. പ്രവര്‍: 1; 12). ഒരു ശബാത്തുദിവസത്തെ യാത്രാദൂരം ഏകദേശം ആയിരത്തിയിരുന്നൂറു മീറ്ററാണ്. ശബാത്തില്‍ ഒരു യെഹൂദനു യാത്രചെയ്യാന്‍ അനുമതിയുള്ളത് ഇത്രയും ദൂരം മാത്രമാകുന്നു! ഒലിവുമലയില്‍നിന്നു യെരുശലെമിലേക്കുള്ള ദൂരമല്ല നമ്മുടെ ചര്‍ച്ചാവിഷയമെങ്കിലും, യേഹ്ശുവാ സംവഹിക്കപ്പെട്ടത് ഒലിവുമലയില്‍ നിന്നായിരുന്നുവെന്നതിന്റെ സ്ഥിരീകരണം അനിവാര്യമാണ്. കാരണം, അവിടുന്ന് സംവഹിക്കപ്പെട്ടതു നോക്കിനിന്ന ശിഷ്യന്മാരോടു ദൂതന്മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും”(അപ്പ. പ്രവര്‍: 1; 11). അതായത്, എങ്ങിനെയാണോ സംവഹിക്കപ്പെട്ടത്, അതുപോലെതന്നെ മടങ്ങിവരും! അങ്ങനെയെങ്കില്‍, യേഹ്ശുവായുടെ വീണ്ടും വരവിനു വേദിയാകേണ്ട സ്ഥലം ഒലിവുമലയാണ്!
യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതായി കണ്ടത് അവിടുത്തെ ശിഷ്യന്മാരാണ്. പോയതുപോലെ മടങ്ങിവരുമെങ്കിലും, അത് ഒലിവുമലയില്‍ തന്നെയായിരിക്കണമെന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍, ഈ സംശയത്തെ ദൂരീകരിക്കുന്ന വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. യേഹ്ശുവായുടെ പുനരാഗമനത്തിന്റെ വേദി ഒലിവുമലയായിരിക്കും എന്നത് മനോവയുടെ കണ്ടെത്തലായി കരുതി ആരും അവഗണിക്കേണ്ടാ. കാരണം, ശെഖരിയാഹ് പ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: “യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും”(ശെഖരിയാഹ്: 14; 4). അവിടുത്തെ വീണ്ടും വരവിനു വേദിയാകുന്നത് എവിടമാണെന്നു വ്യക്തമാക്കുന്ന പ്രവചനമാണിത്. കത്തോലിക്കാസഭയില്‍നിന്നു വിഘടിച്ചുപോയ ഒരു കൂട്ടര്‍ ചില തമാശകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മദ്ധ്യകേരളത്തിലെ ഒരു ഗ്രാമത്തില്‍ അവിടുന്ന് പ്രത്യക്ഷപ്പെടും എന്ന പ്രഖ്യാപനത്തോടെ ഇവര്‍ ഒരു പെട്ടകം നിര്‍മ്മിച്ചു കാത്തിരിക്കുകയാണ്! ഇക്കൂട്ടര്‍ പ്രതീക്ഷ വച്ചിരിക്കുന്ന രക്ഷകന്‍ ഇപ്പോള്‍ത്തന്നെ എവിടെയോ ജനിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്! സമയമാകുമ്പോള്‍ പ്രത്യക്ഷപ്പെടേണ്ടതിന്, ഇപ്പോള്‍ എവിടെയോ കൂലിപ്പണിയെടുത്തു ജീവിക്കുകയാണത്രെ! എന്നാല്‍, ദൈവംതന്നെയായ യേഹ്ശുവായുടെ പ്രത്യക്ഷീകരണം സര്‍വ്വ പ്രതാപത്തോടും കൂടെയായിരിക്കുമെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു! പ്രവചനം നോക്കുക: “നിങ്ങളുടെ ദൈവമായ യാഹ്‌വെ തന്റെ എല്ലാ പരിശുദ്ധന്‍മാരോടും കൂടെ വരും”(ശെഖരിയാഹ്: 14; 5). ഇവിടെ 'യാഹ്‌വെ' എന്നു പറഞ്ഞിരിക്കുന്നതിനെയോര്‍ത്ത് ആരും ആകുലപ്പെടേണ്ടാ. എന്തെന്നാല്‍, ഈ വെളിപ്പെടുത്തല്‍ ശ്രദ്ധയോടെ വായിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9).
ഈ പ്രവചനത്തില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു സത്യമുണ്ട്. അന്നു യാഹ്‌വെ ഒരുവന്‍ മാത്രമാണെങ്കില്‍, ഇന്ന് അവിടുന്ന് ഒരുവന്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അതായത്, യേഹ്ശുവായുടെ വീണ്ടും വരവില്‍ ത്രിത്വത്തിലെ മൂന്ന് ആളത്വം എന്ന അബദ്ധചിന്തയില്‍ കഴിയുന്നവര്‍ ലജ്ജിതരാകും! സര്‍വ്വ സൈന്യാധിപനായുള്ള അവിടുത്തെ വരവില്‍ എന്താണു സംഭവിക്കുന്നതെന്നു നോക്കുക: “യെരുശലെമിനോടു യുദ്ധംചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരേ കൈയുയര്‍ത്തും”(ശെഖരിയാഹ്: 14; 12, 13). അവിടുത്തെ പ്രതാപം വര്‍ണ്ണിച്ചുകൊണ്ടുള്ള പ്രവചനം ഇങ്ങനെ തുടരുന്നു: “യെരുശലെമിനെതിരേ വന്ന സര്‍വ്വ ജനതകളിലും അവശേഷിക്കുന്നവര്‍ സൈന്യങ്ങളുടെ രാജാവായ യാഹ്‌വെയെ ആരാധിക്കാനും കുടാരത്തിരുന്നാള്‍ ആചരിക്കാനും ആണ്ടുതോറും അവിടേക്കു വരും. ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ രാജാവായ യാഹ്‌വെയെ ആരാധിക്കാന്‍ യെരുശലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു മഴ ലഭിക്കുകയില്ല. ഈജിപ്തു ഭവനം ആരാധിക്കാന്‍ വന്നില്ലെങ്കില്‍ കൂടാരത്തിരുന്നാള്‍ ആചരിക്കാന്‍ വരാത്ത ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി അവരുടെമേലും വരും”(ശെഖരിയാഹ്: 14; 16- 18). യേഹ്ശുവാ വീണ്ടും വരുന്നത് വെറുമൊരു കൂലിപ്പണിക്കാരനെപ്പോലെ ആയിരിക്കില്ലെന്നു മനസ്സിലാക്കാന്‍ ഈ പ്രവചനങ്ങള്‍ ധാരാളമാണ്!
യേഹ്ശുവായുടെ വീണ്ടുംവരവിനെ സംബന്ധിച്ചുള്ള അനേകം ദുരൂഹതകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നു പ്രാരംഭത്തില്‍ മനോവ സൂചിപ്പിച്ചു. ഈ അടുത്തനാളില്‍ കേട്ട ഒരു പ്രചരണം വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാം. എന്തെന്നാല്‍, യേഹ്ശുവാ ഇനി രണ്ടുപ്രാവശ്യംകൂടി വരുമെന്നതാണ് പുതിയ കണ്ടെത്തല്‍! അതായത്, രഹസ്യമായി ഒരിക്കല്‍ വന്നുപോകുമെന്നാണ് ഇക്കൂട്ടരുടെ വാദം. യേഹ്ശുവായുടേതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വചനത്തെയും തെസലോനിക്കാക്കാര്‍ക്ക് പൗലോസ് എഴുതിയ ലേഖനത്തിലെ ഒരു വെളിപ്പെടുത്തലിനെയും ചേര്‍ത്തുവച്ചുകൊണ്ടാണ് ഇവര്‍ വാദിക്കുന്നത്. യേഹ്ശുവായുടെ വചനമിതാണ്: “നിങ്ങളുടെ യാഹ്‌വെ ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നതെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ച്ചചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്”(മത്താ: 24; 42-44). ലേഖനഭാഗംകൂടി വായിച്ചതിനുശേഷം, ഇവര്‍ ഉയര്‍ത്തുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ അനാവരണം ചെയ്യാം. ഇതു ശ്രദ്ധിക്കുക: “അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ യേഹ്ശുവായെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും യേഹ്ശുവായോടുകൂടെ ആയിരിക്കുകയും ചെയ്യും”(1 തെസ: 4; 17). ആദ്യത്തെ വചനം യേഹ്ശുവാ അരുളിചെയ്തവയാണ്. അവിടുന്ന് പറഞ്ഞിരിക്കുന്നതു തന്റെ രഹസ്യ വരവിനെക്കുറിച്ചാണെന്ന വാദമാണ് ചില പുതുതലമുറ സഭകള്‍ പ്രചരിപ്പിക്കുന്നത്. കള്ളന്‍ വരുന്നതിനോട് ഉപമിച്ചതാണ് ഇവരെ തെറ്റിദ്ധാരണയ്ക്ക് ഇരയാക്കിയത്! അവിടുത്തെ വരവ് മുന്‍കൂട്ടി വിളംബരം ചെയ്തിട്ടായിരിക്കില്ല എന്നു വ്യക്തമാക്കാനാണ് കള്ളനോട് ഉപമിച്ചിരിക്കുന്നതെന്നു കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാകും എന്നിരിക്കെ, ഇവര്‍ എന്താണ് ഇങ്ങനെയായിപ്പോയത്?
തെസലോനിക്കാക്കാര്‍ക്കുള്ള ലേഖനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന വരവും രഹസ്യവരവും രണ്ടാണെന്നു പഠിപ്പിക്കുന്നവര്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും”(2 കേപ്പാ: 3; 10). ഇവിടെ പറഞ്ഞിരിക്കുന്നതും കള്ളനെപ്പോലെ വരുമെന്നാണ്! ഈ വരവ് രഹസ്യവരവാണോ? അവിടുത്തെ വരവിന്റെ ദിനം രഹസ്യമായിരിക്കും എന്നു മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്; മറിച്ച്, അവിടുന്ന് കള്ളനെപ്പോലെ ഒളിച്ചും പതുങ്ങിയും നടക്കുമെന്നല്ല! അവിടുന്ന് വരുന്നത് എപ്പോഴാണെന്ന് ആര്‍ക്കും ആറിയില്ല; എന്നാല്‍, അവിടുന്ന് വരുമ്പോള്‍ സകലരും അവിടുത്തെ കാണും. എന്തെന്നാല്‍, ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: “നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും”(അപ്പ. പ്രവര്‍: 1; 11). അവിടുത്തെ ദിനം കള്ളനെപ്പോലെ വരുമെന്നു പറഞ്ഞ കേപ്പാ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: “ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു”(2 കേപ്പാ: 3; 12, 13). ദൈവമായ യാഹ്‌വെയോ മനുഷ്യപുത്രനായ യേഹ്ശുവായോ ഒളിച്ചുകളി നടത്തുകയില്ല! എന്നാല്‍, അവിടുന്ന് പ്രത്യക്ഷനാകുന്നത് മുന്‍കൂട്ടി അറിയിച്ചതിനുശേഷം ആയിരിക്കില്ലെന്നു മാത്രം!
സഭ ഈ ഭൂമിയില്‍നിന്ന് എടുക്കപ്പെടുമെന്നാണ് ഇവരുടെ മറ്റൊരു വാദം. അതായത്, സഭ എന്നത് ഒരു വസ്തുവാണെന്ന ധാരണയിലാണ് ഇവര്‍ നിലകൊള്ളുന്നത്! ഇനിയിപ്പോള്‍ ഏതു സഭയെയാണ് എടുക്കുന്നതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള അനേകം അബദ്ധങ്ങള്‍ ഈ ഭൂമുഖത്തു പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആരെങ്കിലുമൊക്കെ പറയുന്ന വാക്കുകളെ അപ്പാടെ വിഴുങ്ങുന്നതിനു പകരം, ബൈബിള്‍ എന്താണു വെളിപ്പെടുത്തുന്നതെന്നു പഠിക്കാന്‍ ശ്രമിക്കാം.
ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക; എന്തെന്നാല്‍, യേഹ്ശുവായുടെ വീണ്ടുംവരവ് പ്രതീകാത്മകമല്ല; സകലര്‍ക്കും ദൃഷ്ടിഗോചരമായിട്ടായിരുക്കും അവിടുത്തെ വരവ്! അവിടുത്തെ വാക്കുകള്‍ത്തന്നെ ശ്രദ്ധിക്കുക: “നോഹിന്റെ ദിവസങ്ങളില്‍ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ് പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്റെ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്തു കൊണ്ടിരുന്നു. പക്‌ഷേ, ലോത്ത് സോദോമില്‍നിന്ന് ഓടിപ്പോയ ദിവസം സ്വര്‍ഗ്ഗത്തില്‍നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും”(ലൂക്കാ: 17; 26-30). യേഹ്ശുവാ രഹസ്യമായി വന്നുപോകും എന്നാണോ ഇവിടെ പറഞ്ഞിരിക്കുന്നത്? ജലപ്രളയം ഉണ്ടാകുന്നതിനു മുന്‍പുതന്നെ നോഹും കുടുംബവും അറിഞ്ഞിരുന്നു. എന്നാല്‍, പാപത്തില്‍ ജീവിച്ച ജനം, പ്രളയത്താല്‍ തങ്ങള്‍ നശിക്കുന്നതുവരെ ഇത് അറിഞ്ഞില്ല. ഗന്ധകവും അഗ്നിയുമിറങ്ങി തങ്ങളെ ചാമ്പലാക്കുന്നതുവരെ സോദോം-ഗോമോറാ നിവാസികളും തങ്ങളുടെമേല്‍ നിപതിക്കാനിരിക്കുന്ന ദുരന്തം മനസ്സിലാക്കിയില്ല. എന്നാല്‍, നീതിമാന്മാരായ അബ്രാഹവും ലോത്തും മുന്‍കൂട്ടി എല്ലാം അറിഞ്ഞു. ഇതുതന്നെയാണ് യേഹ്ശുവായുടെ വീണ്ടുംവരവിലും സംഭവിക്കാനിരിക്കുന്നത്! നീതിയില്‍ വ്യാപരിക്കുന്ന ജനങ്ങള്‍ അവിടുത്തെ പുനരാഗമനത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുമെങ്കിലും, അനീതി പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയ മനുഷ്യരെ പരിഹസിക്കുകയും തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വ്യാപരിക്കുകയും ചെയ്യും!
യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരുമെന്ന് യേഹ്ശുവാ പറഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമായില്ലെങ്കില്‍ ഈ വചനംകൂടി ശ്രദ്ധിക്കുക: “ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും”(ലൂക്കാ: 7; 24). മിന്നല്‍പ്പിണര്‍ ഉണ്ടാകുന്നതിനുമുമ്പ് മുന്നറിയിപ്പുകള്‍ ഒന്നും ലഭിക്കാറില്ല. ഇടിമുഴക്കവും മിന്നല്‍പ്പിണരും അവയുടെ ഉദ്ഭവസ്ഥാനത്ത് ഒരേ സമയത്തുതന്നെ ഉദ്ഭവിക്കുന്നു. എന്നാല്‍, ശബ്ദത്തേക്കാള്‍ വേഗതയില്‍ വെളിച്ചം സഞ്ചരിക്കുന്നതുകൊണ്ട് മിന്നലിനെ നാം ആദ്യം അറിയുന്നു. മിന്നല്‍ ദര്‍ശിച്ചാല്‍, പിന്നാലെ വരുന്ന ഇടിമുഴക്കത്തെ നാം പ്രതീക്ഷിക്കും. ആയതിനാല്‍, മുന്നറിയിപ്പുകളില്ലാതെ വരുന്ന മിന്നല്‍പ്പിണറിനോട് തന്റെ ദിനത്തെ യേഹ്ശുവാ ഉപമിച്ചിരിക്കുകയാണ്! യേഹ്ശുവായെ അല്ല, അവിടുത്തെ ദിനത്തെയാണ് രഹസ്യമാക്കി വച്ചിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തെയാണ് നാം മനസ്സിലാക്കേണ്ടത്! കാരണം, മിന്നല്‍ നാം കാണുന്നു; എന്നാല്‍ അത് മുന്‍കൂട്ടി അറിയുന്നില്ല! യേഹ്ശുവായെ നാം കാണും; എന്നാല്‍, ആ ദിനം നാം മുന്‍കൂട്ടി അറിയുകയില്ല! ഇതാ, അവിടുത്തെ വാക്കുകള്‍: “മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും”(മര്‍ക്കോ: 14; 62). കാണും എന്ന് യേഹ്ശുവാ പറഞ്ഞാല്‍ അതിനു മറ്റൊരര്‍ത്ഥവുമില്ല!
യേഹ്ശുവായുടെ വീണ്ടും വരവിനു വേദിയാകുന്നത് ഒലിവുമലയാണെന്നു സ്ഥിരീകരിക്കുന്ന പ്രവചനങ്ങളും മറ്റു വെളിപ്പെടുത്തലുകളുമാണ് നാം മുന്‍പ് പരിശോധിച്ചത്. ഈ ലേഖനത്തിലൂടെ നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പരമപ്രധാനമായ വിഷയത്തിലേക്ക് എത്തിച്ചേരാന്‍ പല മേഖലകളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആയതിനാല്‍, ക്രമാനുഗതമായിത്തന്നെ നമുക്കു പഠനം തുടരാം. ഒലിവുമലയില്‍ ഇറങ്ങിവരുന്നവന്റെ നാമം എന്തായിരിക്കുമെന്നുള്ള അന്വേഷണത്തിലേക്കാണു നാമിനി പ്രവേശിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വെളിപ്പെടുത്തിയ സത്യം സഖറിയാപ്രവാചകനിലൂടെ നാം അറിഞ്ഞു. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമായിരിക്കുമെന്നും അവിടുത്തേക്ക് ഒരു നാമം മാത്രമായിരിക്കും എന്നുമുള്ള വെളിപ്പെടുത്തലാണ് നമുക്കു ലഭിച്ചിരിക്കുന്നത്. എന്താണ് അവിടുത്തെ നാമം? ഏതു നാമത്തിലായിരിക്കും അവിടുന്ന് അറിയപ്പെടുക?
അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും!
യേശൈയാഹ് പ്രവാചകനിലൂടെ അരുളിച്ചെയ്ത ദൈവമായ യാഹ്‌വെയുടെ വാക്കുകളാണിത്. യാഹ്‌വെയില്‍നിന്ന്‍ ഇപ്രകാരമൊരു അരുളപ്പാടുണ്ടാകാന്‍ കാരണമായ സാഹചര്യം പരിശോധിക്കേണ്ടത് ഇവിടെ അനിവാര്യമാണ്. അന്ന് യെഹൂദാരാജ്യത്തിന്റെ രാജാവായി ഭരണം നടത്തിയിരുന്നത് ആഹാസ് രാജാവായിരുന്നു. അക്കാലത്തു സിറിയയും യെഫ്രായിമും സംഘംചേര്‍ന്ന് യെരുശലെമിനെതിരേ യുദ്ധത്തിനു തയ്യാറായി. തങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ യെഫ്രായിമുമായി സിറിയയും സഖ്യം ചേര്‍ന്നുവെന്നറിഞ്ഞ യെഹൂദാ ഭയന്നുവിറച്ചു. ഈ അവസരത്തിലാണ് പ്രവാചകനായ യേശൈയാഹിനെ യെഹൂദാരാജാവിന്റെ അടുക്കലേക്കു യാഹ്‌വെ അയയ്ക്കുന്നത്. യെഹൂദാരാജാവായ ആഹാസിനെ അറിയിക്കാന്‍ യേശൈയാഹിനോടു യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ഇതാണ്: “ആഹാസിനെക്കണ്ട് ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്. നമുക്ക് യൂദായ്‌ക്കെതിരേ ചെന്ന് അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും യെഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി. ആകയാല്‍ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല. സിറിയായുടെ തലസ്ഥാനം ദമാസ്‌ക്കസും, ദമാസ്‌ക്കസിന്റെ തലവന്‍ റസീനും ആണ്. അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ യെഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില്‍ അത് ഒരു ജനതയായിരിക്കുകയില്ല. യെഫ്രായിമിന്റെ തലസ്ഥാനം ശെമരിയായും അധിപന്‍ റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല”(യേശൈയാഹ്: 7; 4- 9).
സൂക്ഷിച്ചു വീക്ഷിക്കുന്നവര്‍ക്ക് ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണം മനസ്സിലാകും. യെഫ്രായിം എന്നു വിളിക്കപ്പെടുന്ന യിസ്രായേലിന്റെ തലസ്ഥാനം ശെമരിയായാരുന്നുവെങ്കില്‍, ഇന്ന് ശെമരിയാ തലസ്ഥാനമായിട്ടുള്ള ഒരു രാജ്യം ഈ ഭൂമുഖത്തില്ല. ഒരിക്കലും സംഭവിക്കില്ലെന്ന് അരുളിച്ചെയ്ത യാഹ്‌വെയുടെ വാക്കുകളെ അവിശ്വസിക്കുവാന്‍ പാടില്ല. യെഹൂദായെ നശിപ്പിക്കാമെന്ന സിറിയയുടെ വ്യാമോഹമാണ് ഒരിക്കലും സംഭവിക്കില്ലെന്നു യാഹ്‌വെ അരുളിച്ചെയ്തത്! ഇന്നു സിറിയയിലേക്കു നോക്കുന്നവര്‍ക്ക് യാഹ്‌വെയുടെ വാക്കുകളുടെ ശക്തി തിരിച്ചറിയാന്‍ കഴിയും. യേഹ്ശുവായുടെ വീണ്ടും വരവിനു മുന്‍പ് സിറിയയ്ക്കും യെഫ്രായിമിനും സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുള്ള യാഹ്‌വെയുടെ അരുളപ്പാട് ശ്രദ്ധിക്കുക: “നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള്‍ നിര്‍ജ്ജനമാകും. യെഹൂദായില്‍നിന്ന് യെഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ - അസ്‌സീറിയാരാജാവിന്റെ ഭരണംതന്നെ- യാഹ്‌വെ നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയുംമേല്‍ വരുത്തും”(യേശൈയാഹ്: 7; 16, 17).
ഏതു ബാലനെക്കുറിച്ചാണ് ഇവിടെ പ്രവചിച്ചിരിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുന്‍പ്, സിറിയയുടെയും യെഫ്രായിമിന്റെയും ഇന്നത്തെ അവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ട്. ആരാണ് യെഫ്രായിം? ശലോമോന്റെ കാലശേഷം രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ പിരിഞ്ഞുപോയ പത്തു ഗോത്രങ്ങള്‍ ചേരുന്നതാണ് യെഫ്രായിം അഥവാ യിസ്രായേല്‍. ഈ രാജ്യത്തിന്റെ തലസ്ഥാനമാണു ശെമരിയാ! യെഹൂദായ്ക്കെതിരേ യെഫ്രായിമിനെ സഹായിക്കുവാന്‍ കടന്നുവന്ന സിറിയയുടെ തലസ്ഥാനം ദമാസ്ക്കസാണ്. ആദ്യനൂറ്റാണ്ടില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്ത പട്ടണമായിരുന്നു ദമാസ്ക്കസ്. ഇവിടെയുണ്ടായിരുന്ന ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനാണ് ശൗവുല്‍ യെരുശലെമില്‍നിന്നു പുറപ്പെട്ടത്! ഈ സിറിയയുടെ സഹായത്തോടെ യെഹൂദായെ ആക്രമിക്കുവാന്‍ ശ്രമിച്ച ശെമരിയ ഇന്നു പലസ്തീനിലാണ്. പലസ്തീന്റെയും സിറിയയുടെയും ഇന്നത്തെ അവസ്ഥ നാമെല്ലാം കണ്ടുകൊണ്ടാണിരിക്കുന്നത്.
ഇനി നമുക്കു ബാലനെക്കുറിച്ചു ചിന്തിച്ചതിനുശേഷം, ഈ രണ്ടു വിഷയങ്ങളെ ചേര്‍ത്തുവച്ചു പരിശോധിക്കാം. യേശൈയാഹിലൂടെ പ്രവചിക്കപ്പെട്ട ഇമ്മാനുവേലാണ് ആ ബാലനെന്നു നമുക്കറിയാം. സംശയമുള്ളവര്‍ ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: നിന്റെ ദൈവമായ യാഹ്‌വെയില്‍നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ യാഹ്‌വെയെ പരീക്ഷിക്കുകയോ ഇല്ല. അപ്പോള്‍ യേശൈയാഹ് പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതിനാല്‍, യാഹ്‌വെതന്നെ നിനക്ക് അടയാളം തരും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ വെണ്ണയും തേനും ഭക്ഷിക്കും”(യേശൈയാഹ്: 7; 10- 15). അനേകം കാര്യങ്ങള്‍ ഈ പ്രവചനത്തില്‍നിന്നു പഠിക്കാനുണ്ട്. അവ ഓരോന്നും അതിന്റെ ക്രമമനുസരിച്ചു പരിശോധിക്കുകയും പഠിക്കുകയും ചെയ്യാം. ഇമ്മാനുവേല്‍ ആണ് ബാലന്‍ എന്നകാര്യം വ്യക്തമായതിനാല്‍ അടുത്ത വിഷയത്തിലേക്കു പ്രവേശിക്കാമെന്നു കരുതുന്നു.
തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ വെണ്ണയും തേനും ഭക്ഷിക്കും എന്ന പ്രവചനത്തിലൂടെ എന്താണു വിവക്ഷിക്കുന്നത്? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെതന്നെയാണ് ഇമ്മാനുവേല്‍ എന്നറിയപ്പെടുന്നത്. അങ്ങനെയെങ്കില്‍, തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോള്‍ എന്ന പ്രയോഗം അനാവശ്യമല്ലേ? കാരണം, ദൈവംതന്നെ ആയിരുന്നവനും ജന്മപാപം ഇല്ലാതെ മനുഷ്യനായി ജനിച്ചവനുമായ യേഹ്ശുവാ ഒരിക്കലും പാപം ചെയ്തിട്ടില്ല! ഈ വെളിപ്പെടുത്തലുകള്‍ ശ്രദ്ധിക്കുക: “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍”(ഹെബ്രാ:4;15). ഇംഗ്ലീഷ് ബൈബിളില്‍ ഇങ്ങനെയാണു വായിക്കുന്നത്: “For we do not have a high priest who is unable to sympathize with our weaknesses, but one who has similarly been tested in every way, yet without sin”(Hebrews:4;15). അതായത്, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എന്നല്ല, പാപത്തില്‍ ഒഴികെ എന്നാണ്! ഈ ഭാഗം പരിഭാഷപ്പെടുത്തിയ കാര്യത്തില്‍ പ്രൊട്ടസ്റ്റന്റ് ബൈബിളാണ് കൂടുതല്‍ നീതിപുലര്‍ത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പാപവുമായി ഒരു ബന്ധവുമില്ലാത്ത യേഹ്ശുവായ്ക്ക് തിന്മ ത്യജിക്കാന്‍ പ്രായം ഒരു പരിഗണനാവിഷയമല്ല. എന്തെന്നാല്‍, അവിടുന്ന് പാപത്തില്‍ ഒഴികെ മറ്റെല്ലാ കാര്യത്തിലുമാണ് അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായി കാണപ്പെട്ടത്. ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി”(ഫിലിപ്പി: 2; 6-8). സത്യമിതായിരിക്കെ, യേശൈയാഹ് പ്രവാചകന്റെ പ്രവചനത്തില്‍നിന്ന് എന്താണു നാം ഗ്രഹിക്കേണ്ടത്?
ഇമ്മാനുവേല്‍ പ്രവചനം യേഹ്ശുവായെ സംബന്ധിച്ചുള്ളതാണെങ്കിലും, തിന്മയും നന്മയും തിരിച്ചറിയാന്‍ പ്രായമാകുന്നതിനുമുമ്പ് എന്ന വെളിപ്പെടുത്തല്‍ അവിടുത്തെ സംബന്ധിച്ചുള്ളതല്ല. ആയിരുന്നുവെങ്കില്‍ ഈ പ്രവചനം ഇന്നും പൂര്‍ത്തിയായിട്ടില്ലെന്നു പറയേണ്ടിവരും. നാം മുന്‍പ് വായിച്ച പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള്‍ നിര്‍ജ്ജനമാകും. യെഹൂദായില്‍നിന്ന് യെഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ - അസ്‌സീറിയാരാജാവിന്റെ ഭരണംതന്നെ- യാഹ്‌വെ നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയുംമേല്‍ വരുത്തും”(യേശൈയാഹ്: 7; 16, 17). നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് പാലസ്തീനും സിറിയയും നിര്‍ജ്ജനമായിട്ടില്ല! ഇപ്പോഴും ഈ രാജ്യങ്ങള്‍ ജനനിബിഡമാണെന്നു നമുക്കറിയാം. ആയതിനാല്‍, ഈ പ്രവചനത്തെ വാച്യാര്‍ത്ഥത്തില്‍ എടുക്കുവാന്‍ പാടില്ല. പ്രവചനങ്ങള്‍ ഒന്നുംതന്നെ വാച്യാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുവാനുള്ളതല്ല.
കേവലം മുപ്പത്തിമൂന്നു വര്‍ഷത്തെ ചരിത്രം മാത്രം ഉള്‍ക്കൊള്ളുന്നതല്ല ഇമ്മാനുവേല്‍ പ്രവചനം! യേഹ്ശുവാ എന്ന ദൈവപുത്രന്‍ മനുഷ്യപുത്രനായി ജീവിച്ച കാലയളവില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല ഇമ്മാനുവേല്‍ പ്രവചനത്തില്‍ വായിക്കുന്നത്. ഈ പ്രവചനത്തെ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് ഇതു വ്യക്തമാകും. ആഹാസിനു നല്‍കിയ അടയാളമായിട്ടായിരുന്നു ഇമ്മാനുവേല്‍ പ്രവചനം എന്നു നാം കണ്ടു. 'കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.' ഇവിടെവരെ ആര്‍ക്കും സംശയത്തിനിടമില്ലാത്തവിധം സ്പഷ്ടമാണ്. എന്നാല്‍, പിന്നീടുള്ള ഭാഗങ്ങള്‍ മുപ്പത്തിമൂന്നു വര്‍ഷത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ഇപ്പോള്‍ നിറവേറിക്കൊണ്ടിരിക്കുന്നതും, ഇനിയും നിറവേറാനിരിക്കുന്നതുമാണ്! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, യേഹ്ശുവാ എന്ന ഇമ്മാനുവേലിന്റെ ഭൂമിയിലെ ദൗത്യം മുപ്പത്തിമൂന്നു വര്‍ഷംകൊണ്ട് അവസാനിച്ചിട്ടില്ല; മറിച്ച്, ദൗത്യത്തിന്റെ ആരംഭം മാത്രമായിരുന്നു. അവിടുന്നു വീണ്ടുംവരികയും ആയിരം വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ അവിടുത്തെ ദൗത്യത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകും. അസ്സീറിയായും പാലസ്തീനും നിര്‍ജ്ജനമാകുമെന്ന പ്രവചനം പൂര്‍ത്തിയാകുന്ന നാളുകള്‍ അടുത്തുവരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇറാഖും സിറിയയും അടങ്ങുന്ന പ്രദേശങ്ങളാണ് അസ്സീറിയ എന്നപേരില്‍ അറിയപ്പെട്ടിരുന്നത്! ബാബിലോണ്‍ എന്നുകൂടി അറിയപ്പെടുന്ന ഈ ദേശത്തിന്റെ സമ്പൂര്‍ണ്ണ നാശത്തെക്കുറിച്ച് അനേകം പ്രവചനങ്ങളുണ്ട്. സിറിയയ്ക്കെതിരെയുള്ള ഒരു പ്രവചനം നോക്കുക: “ആഹ്ളാദത്തിന്റെ നഗരം, പ്രശസ്തിയുടെ നഗരം, ഇതാ, ഉപേക്ഷിക്കപ്പെടുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അന്ന് അവളുടെ യുവാക്കള്‍ പൊതുസ്ഥലങ്ങളില്‍ വീഴും; അവളുടെ യോദ്ധാക്കള്‍ നശിപ്പിക്കപ്പെടും. ദമാസ്ക്കസിന്റെ കോട്ടകള്‍ക്കു ഞാന്‍ തീ കൊളുത്തും. അതു ബന്‍ഹദാദിന്റെ ദുര്‍ഗ്ഗങ്ങളെ വിഴുങ്ങും”(യിരെമി: 49; 25-27).
ബാബിലോണിനെക്കുറിച്ചുള്ള ഒരു പ്രവചനം ശ്രദ്ധിക്കുക: “ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും വിഹരിക്കും. അവിടെ ആരും ഒരിക്കലും വസിക്കുകയില്ല. ദൈവം തകര്‍ത്ത സോദോമിനെയും ഗൊമോറായെയും സമീപനഗരങ്ങളെയുംപോലെ അവിടെ ആരും വസിക്കുകയില്ല; സഞ്ചാരികള്‍ തങ്ങുകയുമില്ല- യാഹ്‌വെ അരുളിച്ചെയ്യുന്നു”(യിരെമി: 50; 39, 40). മറ്റൊരു പ്രവചനം ഇങ്ങനെ: “ബാബിലോണ്‍ ആകാശംവരെ ഉയര്‍ന്നാലും ഉന്നതങ്ങളില്‍ കോട്ട കെട്ടിയാലും ഞാന്‍ അവളുടെമേല്‍ സംഹാരകനെ അയയ്ക്കും - യാഹ്‌വെ അരുളിച്ചെയ്യുന്നു”(യിരെമി: 51; 53). അതായത്, അസ്സീറിയായെയും ശെമരിയായെയും സംബന്ധിച്ചുള്ള പ്രവചനം യേഹ്ശുവായുടെ വീണ്ടുംവരവിനു മുന്നോടിയായി മാത്രം പൂര്‍ത്തിയാകേണ്ടതാണ്! ലോകത്തിന്റെ മുഴുവന്‍ പരിലാളനം ഏറ്റുവാങ്ങിക്കൊണ്ടു നിലകൊള്ളുന്ന പാലസ്തീനെ സംബന്ധിച്ചുള്ള ഈ പ്രവചനം ശ്രദ്ധിക്കുക: “ഗാസാ നിര്‍ജ്ജനമാകും; അഷ്കലോണ്‍ ശൂന്യമാകും. അഷ്ദോദിലെ ജനങ്ങള്‍ മദ്ധ്യാഹ്നത്തില്‍ തുരത്തപ്പെടും. യെക്രോണ്‍ പിഴുതെറിയപ്പെടും”(സെഫാനിയാഹ്: 2; 4).
ഇമ്മാനുവേല്‍ പ്രവചനം പരിശോധിക്കുന്നവര്‍ക്ക് മറ്റൊരു കാര്യംകൂടി ഗ്രഹിക്കാന്‍ കഴിയും. എന്തെന്നാല്‍, ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും എന്നാണു പ്രവചനമെങ്കിലും, അവിടുന്ന് വിളിക്കപ്പെട്ടത് യേഹ്ശുവാ എന്ന പേരിലാണ്. അങ്ങനെയെങ്കില്‍ ഈ പ്രവചനത്തില്‍ ചില ദുരൂഹതകള്‍ മറഞ്ഞിരിക്കുന്നില്ലേ? ഈ ദുരൂഹതയെ ആയുധമാക്കി ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് 'എമ്പറര്‍ എമ്മാനുവേല്‍' എന്നപേരില്‍ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്! യേഹ്ശുവാ എന്നപേരില്‍ ഒരിക്കല്‍ വന്നുപോയ മനുഷ്യപുത്രന്റെ പുനരാഗമനം എമ്മാനുവേല്‍ എന്ന പേരിലായിരിക്കുമെന്ന് ഇവര്‍ വാദിക്കുന്നു. ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെട്ടില്ല എന്നതാണ് ഈ വാദത്തിന് ആധാരം! ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുമെന്ന യേശൈയാഹിന്റെ പ്രവചനത്തെ ഇവര്‍ ശരിയാംവണ്ണം മനസ്സിലാക്കിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇമ്മാനുവേല്‍ എന്നത് ഒരു പേരാണെന്ന് ഇവര്‍ ധരിച്ചു.
വിളിക്കപ്പെടുന്ന പേരുകളെല്ലാം ഒരുവന്റെ ഔദ്യോഗിക പേരല്ല. യേശൈയാഹിന്റെ പ്രവചനത്തില്‍ത്തന്നെ അനേകം വിശേഷണങ്ങള്‍ യേഹ്ശുവായ്ക്കു നല്‍കിയിട്ടുണ്ട്. ഈ പ്രവചനം നോക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും”(യേശൈയാഹ്: 9; 6). ദൈവം മനുഷ്യപുത്രനായി ജനിക്കുമ്പോള്‍ അവന്റെ പേര് ഇമ്മാനുവേല്‍ എന്നല്ല; മറിച്ച്, യേഹ്ശുവാ എന്നാണ്. യാഹ്‌വെ രക്ഷിക്കുന്നു എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. അങ്ങനെയെങ്കില്‍, ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും എന്ന പ്രവചനത്തിലൂടെ നാം എന്തു മനസ്സിലാക്കണം? വിളിക്കപ്പെടുന്ന പേരുകള്‍ ഔദ്യോഗികമായ പേര് ആകണമെന്നില്ല എന്നതാണ് വസ്തുത! ഉദാഹരണത്തിന്: കുഞ്ഞുമോന്‍ എന്ന ജോസഫ് എന്ന് പറയുമ്പോള്‍, ജോസഫ് എന്നത് ഔദ്യോഗിക നാമവും, കുഞ്ഞുമോന്‍ എന്നത് വിളിപ്പേരുമാണ്! കോടതികളിലും മറ്റും സാക്ഷികളെയോ പ്രതികളെയോ പേര് വിളിക്കുമ്പോള്‍, ഇത്തരത്തില്‍ സംബോധന ചെയ്യുന്ന പതിവുണ്ട്. യേഹ്ശുവായുടെ കാര്യത്തിലും ഇതുതന്നെയാണ് നാം കാണുന്നത്. ഗബ്രിയേല്‍ ദൂതന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും”(ലൂക്കാ: 1; 30-32).
ഈ വചനത്തില്‍ വളരെയധികം കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. യേശൈയാഹിന്റെ പ്രവചനത്തില്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുമെന്നു പറഞ്ഞിരിക്കുന്നതുപോലെ, സമാനമായ വെളിപ്പെടുത്തല്‍ ഗെബ്രിയേല്‍ ദൂതനും നല്‍കുന്നു. ദൂതന്‍ പറഞ്ഞത് 'അത്യുന്നതന്റെ പുത്രന്‍' എന്ന് വിളിക്കപ്പെടുമെന്നാണെങ്കില്‍, യേഹ്ശുവാ എന്ന പേരിടണമെന്ന് കല്പിച്ചിരിക്കുന്നു! അതായത്, വിളിക്കപ്പെടുന്ന പേരും ഔദ്യോഗിക പേരും വ്യത്യസ്തമാകാം. വിശേഷണത്തിനായി അനേകം പേരുകളുണ്ടെങ്കിലും, ഔദ്യോഗികമായി ഒരു പേര് മാത്രമേ ഉണ്ടാകുകയുള്ളൂ. യേഹ്ശുവാ എന്ന യഥാര്‍ത്ഥ പേര് നിലനില്‍ക്കുമ്പോള്‍ത്തന്നെ അവിടുത്തേക്കു നല്‍കപ്പെട്ടിരിക്കുന്ന വിശേഷണമാണ് ഇമ്മാനുവേല്‍ എന്നുള്ളത്! അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടുമെന്നാണ് ദൂതന്‍ പറഞ്ഞതെങ്കിലും, അവിടുന്ന് വിളിക്കപ്പെട്ടത് യേഹ്ശുവാ എന്ന പേരിലാണ്. യേഹ്ശുവാ സ്വയം പരിചയപ്പെടുത്തിയ വിശേഷണമാകട്ടെ, മനുഷ്യപുത്രന്‍ എന്നുമാണ്! മറ്റുള്ളവര്‍ യേഹ്ശുവായെ വിളിച്ചത് അത്യുന്നതന്റെ പുത്രന്‍ എന്നായിരുന്നില്ല; മറിച്ച്, യോസെഫിന്റെ പുത്രന്‍ എന്നായിരുന്നു. ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “ഇവന്‍ യോസെഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു”(ലൂക്കാ: 4; 22). ആശാരി, യോസെഫിന്റെ മകന്‍ എന്നെല്ലാമായിരുന്നു യേഹ്ശുവായ്ക്കു നല്‍കപ്പെട്ട വിശേഷണങ്ങള്‍! ആയതിനാല്‍, ഗെബ്രിയേല്‍ ദൂതന്‍ കന്യകാമറിയത്തെ അറിയിച്ചത് ഒരു പ്രവചനമായിരുന്നു. വരാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനെയാണല്ലോ പ്രവചനം എന്നു പറയുന്നത്. അന്ന് ദൂതന്‍ അറിയിച്ച പ്രവചനങ്ങളില്‍ ചിലതുമാത്രമാണ് പൂര്‍ത്തിയായത്. മൂന്നു കാര്യങ്ങള്‍ അറിയിച്ചതില്‍ ഒന്നു മാത്രം പൂര്‍ത്തിയാകുകയും, മറ്റു രണ്ടു കാര്യങ്ങള്‍ ഇനിയും നിറവേറാന്‍ അവശേഷിക്കുകയും ചെയ്തു. പുത്രനെ പ്രസവിക്കുകയും യേഹ്ശുവാ എന്നു പേരിടുകയും ചെയ്തുകൊണ്ട് ഒരു പ്രവചനം പൂര്‍ത്തിയാക്കി. എന്നാല്‍, ഇനി അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ദാവീദിന്റെ സിംഹാസനത്തില്‍ ഭരണം നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇത് രണ്ടാമത്തെ വരവില്‍ സംഭവിക്കേണ്ട കാര്യങ്ങളാണ്!
അസ്സീറിയ, ശെമരിയ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ചുള്ള പ്രവചനം ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുവെങ്കില്‍, ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് യാക്കോബിന്റെ ഭവനത്തിന്‍മേല്‍ എന്നേക്കും ഭരണം നടത്തുമെന്ന പ്രവചനം ഇനി സംഭവിക്കേണ്ടതാണ്! ഗെബ്രിയേല്‍ ദൂതന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും”(ലൂക്കാ: 1; 33). ശെഖരിയാഹ് പ്രവാചകനും ഇതുതന്നെയാണു പ്രവചിച്ചിരിക്കുന്നത്. ആ പ്രവചനം ഇങ്ങനെ: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). ശെഖരിയാഹ് പ്രവാചകനിലൂടെ യാഹ്‌വെ നല്‍കിയ വെളിപ്പെടുത്തലിനെ ഗൗരവമായി കാണണം. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ 'കു' ബുദ്ധിജീവികള്‍ ഈ സത്യത്തെ തള്ളിക്കളഞ്ഞിരിക്കുന്നു. മാത്രവുമല്ല, യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ വാഴ്ചയെ വിശ്വസിക്കുന്നവരെ പരിഹസിക്കുകയും ചെയ്യുന്നു. മരണത്തോടെതന്നെ വിധി നടപ്പാക്കപ്പെടുന്നുവെന്ന രണ്ടാംവത്തിക്കാന്‍ സൂന്നഹദോസിന്റെ അബദ്ധ സിദ്ധാന്തത്തെ സാധൂകരിക്കണമെങ്കില്‍ അനേകം നുണകള്‍ പറയേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ പുനരാഗമനത്തിനുശേഷം ആയിരം വര്‍ഷം ഭരണം നടത്തുമെന്ന പ്രവചനത്തെ നിഷേധിക്കുന്നവര്‍ ദൈവപുത്രനെയാണു നിഷേധിക്കുന്നത്! കാരണം, അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: “ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 18). പ്രവചനങ്ങളെ നിഷേധിക്കുന്നതിലൂടെ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ പരിഹസിക്കുകയാണു ചെയ്യുന്നത്!
ദൈവവചന വിപരീതമായ തനതുവിധി എന്ന ഭോഷ്ക്കിനുപിന്നില്‍ ചില നിഗൂഢതകള്‍ മറഞ്ഞിരിപ്പുണ്ട്. ജോണ്‍ ഇരുപത്തിമൂന്നാമനെപ്പോലെയുള്ള ആന്റി പോപ്പുമാരെ വിശുദ്ധ പദവിയില്‍ എത്തിക്കുകയെന്ന കുതന്ത്രമാണ് ഈ നിഗൂഢതകളില്‍ ഒന്ന്! അപ്പസ്തോലന്മാരോടുപോലും യേഹ്ശുവാ അറിയിച്ചത് ഇപ്രകാരമായിരുന്നു: “എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 2,3). യേഹ്ശുവായുടെ പുനരാഗമനത്തിലാണ് വിശുദ്ധര്‍ വാഗ്ദാനം പ്രാപിക്കുന്നത്. അതുവരെയും വിശുദ്ധര്‍ ആയിരിക്കുന്നത് പറുദീസായിലാണെന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ക്കു സ്വീകാര്യരായവരെ സ്വര്‍ഗ്ഗത്തിലെത്തിക്കാനും അതുവഴി തെരുവോരങ്ങളില്‍ കാണിക്കവഞ്ചികള്‍ സ്ഥാപിക്കാനും അവസരമൊരുക്കുക എന്ന പദ്ധതി നടപ്പാക്കാനാണ് പ്രവചനങ്ങളെ നിഷേധിക്കുന്നത്! ആയിരം വര്‍ഷത്തെ ഭരണത്തെ അംഗീകരിക്കുകയും സ്വര്‍ഗ്ഗീയ വിശുദ്ധരെ പ്രഖ്യാപിക്കലും ഒരുമിച്ചു സാദ്ധ്യമല്ലാത്തതുകൊണ്ട് പ്രവചനങ്ങളെ തള്ളിക്കളഞ്ഞു. വചനപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത തനതുവിധി എന്ന യുക്തികൊണ്ട് സത്യത്തെ തളച്ചിട്ടു!
മാരകപാപികളെ മരണത്തോടെതന്നെ നരകത്തില്‍ തള്ളുമെന്നാണ് അഭിനവ പണ്ഡിതന്മാരുടെ കണ്ടെത്തല്‍! എന്നാല്‍, ഈ പണ്ഡിതന്മാര്‍ സെമിത്തേരികളില്‍ നടത്തുന്ന ഒപ്പീസില്‍ ഇങ്ങനെയൊരു പ്രാര്‍ത്ഥനയുണ്ട്: “മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍നിന്നു പുറത്തുവരികയും ജീവിച്ചിരിക്കുന്നവര്‍ രൂപാന്തരപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ ഈ വ്യക്തിയുടെ ആത്മാവിനെ അങ്ങയുടെ വലത്തുഭാഗത്തു നിര്‍ത്തേണമേ”(കത്തോലിക്കാസഭയുടെ ഒപ്പീസ്). ആത്മാക്കളോടുള്ള സുവിശേഷ പ്രഘോഷണത്തെ നിഷേധിക്കാനായി സണ്‍ഡേ ശാലോം ഈ അടുത്തനാളുകളില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കേരള കത്തോലിക്കാസഭയുടെ ദൈവശാസ്ത്ര പണ്ഡിതനായ മൈക്കിള്‍ കാരിമറ്റമാണ് ലേഖനം എഴുതിയത്. മാരകപാപത്തില്‍ മരിച്ചവര്‍ ഇപ്പോള്‍ നരകത്തിലും, വിശുദ്ധര്‍ സ്വര്‍ഗ്ഗത്തിലുമാണെന്ന് ഇദ്ദേഹം വാദിക്കുന്നു. അവശേഷിക്കുന്ന വിഭാഗത്തിനു ശുദ്ധീകരണസ്ഥലവും ഇദ്ദേഹം കല്പിച്ചു നല്‍കിയിട്ടുണ്ട്! ബൈബിളില്‍നിന്നു പ്രത്യേകമായി ഒരു സാക്ഷ്യവും ഇല്ലാത്തതിനാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയും കത്തോലിക്കാ മതബോധന ഗ്രന്ഥത്തെയുമാണ് കാരിമറ്റത്തിലച്ചന്‍ കൂട്ടുപിടിച്ചിരിക്കുന്നത്. അന്ത്യവിധി നാളില്‍ നരകത്തില്‍ കിടക്കുന്നവരും സ്വര്‍ഗ്ഗത്തിലുള്ളവരും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളും തങ്ങള്‍ ആയിരുന്നിടത്തുനിന്നു പുറത്തുവന്നു ശരീരം സ്വീകരിക്കുമെന്നാണ് അച്ചന്റെ വാദം! ഈ കാരിമറ്റത്തിലച്ചന് എന്തു പറ്റിയെന്നു മനോവയ്ക്കറിയില്ല. പണ്ടൊന്നും ഇദ്ദേഹം ഇങ്ങനെയായിരുന്നില്ല! ശാലോമിലെ ലേഖനം വായിച്ചപ്പോള്‍ മനോവയുടെ ഓര്‍മ്മയില്‍ ഓടിവന്നത്, യിസ്രായേലിനെ ശപിക്കാന്‍ മൊവാബു രാജാവായ ബാലാക്ക് കൂലിക്കെടുത്ത ബാലാമിനെയാണ്! കാരണം, ആത്മാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രബോധനം നല്‍കുന്ന ചില ആത്മീയ മുന്നേറ്റങ്ങളെ ഇടയ്ക്കിടെ കുത്തുവാന്‍ ഈ ലേഖനത്തിലൂടെ കാരിമറ്റത്തിലച്ചന്‍ ശ്രമിക്കുന്നുണ്ട്!
സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആയിരിക്കുന്നവര്‍ക്ക് ഇനിയുമൊരു വിധിയുടെ അനിവാര്യത ബൈബിളിനെ അടിസ്ഥാനമാക്കി മൈക്കിള്‍ കാരിമറ്റത്തിലച്ചന്‍ വെളിപ്പെടുത്തേണ്ടിയിരുന്നു. സൃഷ്ടിയുടെ പുസ്തകത്തിലെ ആദ്യഭാഗങ്ങള്‍ യക്ഷിക്കഥയാണെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന്‍ ഇതിനപ്പുറം പ്രതീക്ഷിക്കുന്നതാണ് അബദ്ധം! വിജ്ഞാനികളില്‍നിന്നു മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ രക്ഷയുടെ രഹസ്യം 'പണ്ഡിതന്മാര്‍' കൈകാര്യം ചെയ്തതിലെ അപകടമാണ് വിശ്വാസികള്‍ ഇന്ന് അനുഭവിക്കുന്നത്! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ദൈവമായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍നിന്നും ബുദ്ധിമാന്മാരില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം”(ലൂക്കാ: 10; 21). യാഹ്‌വെയുടെ അഭീഷ്ടം ഇന്നത്തെ മൂപ്പന്മാര്‍ കാര്യമായെടുക്കുന്നില്ല! എന്നാല്‍, യാഹ്‌വെയുടെ അഭീഷ്ടപ്രകാരം ശിശുസഹജമായ ഭാവത്തോടെ പ്രവചനങ്ങളെ നമുക്കു സമീപിക്കാം.
എല്ലാ കാര്യങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി മാത്രം പരിഗണിക്കുന്നുവെന്ന വാദത്തോടെ നിലകൊള്ളുന്ന ആധുനിക സഭകള്‍ പ്രചരിപ്പിക്കുന്ന അനേകം അബദ്ധങ്ങളില്‍ ഒന്ന് ഇവിടെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. നരകവും സ്വര്‍ഗ്ഗവും അനുഭവവേദ്യമാകുന്നത് അന്ത്യവിധിക്കുശേഷമാണെന്ന വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ ഈ സഭകള്‍ ശ്രദ്ധിക്കാറുണ്ട്. വളരെയേറെ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍പ്പോലും അടിസ്ഥാനപരമായ ഈ സത്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതിനെപ്രതി ഇവരെ മനോവ ശ്ലാഘിക്കുന്നു. എന്നാല്‍, കുറച്ചുകാലങ്ങള്‍ക്കുമുമ്പ് സമൂഹമാധ്യമത്തില്‍ കണ്ട ഒരു വീഡിയോ മനോവയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു! കത്തോലിക്കാസഭയിലെ പോപ്പായിരുന്ന ജോണ്‍പോള്‍ നരകത്തില്‍ കിടന്നു യാതനകള്‍ സഹിക്കുന്നതായി ഏതോ പെന്തക്കോസ്തു സഭാംഗം ദര്‍ശനത്തില്‍ കണ്ടിരിക്കുന്നു. അന്ത്യവിധിയ്ക്കു മുന്‍പുതന്നെ ജോണ്‍പോളിനെ നരകത്തിലേക്കയയ്ക്കാന്‍ ഇവര്‍ കാണിച്ച വ്യഗ്രതയാണ് മനോവയെ ഞെട്ടിച്ചത്! ജോണ്‍പോള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോയെന്നു മനോവ വിശ്വസിക്കുന്നില്ല; അതുപോലെതന്നെ, അന്ത്യവിധി നാളില്‍ അദ്ദേഹത്തിന്റെ ഓഹരി എന്തായിരിക്കുമെന്നും മനോവയ്ക്കറിയില്ല! എന്നാല്‍, കത്തോലിക്കാസഭയോടുള്ള അസഹിഷ്ണുത മൂലം സ്വന്തം വിശ്വാസങ്ങളെയും പ്രഘോഷണങ്ങളെയും മറന്നുകൊണ്ടുള്ള പ്രചാരണങ്ങള്‍ ലജ്ജാകരമാണെന്നു പറയാതെവയ്യ!
ഏതു സഭാവിഭാഗവും ആയിക്കൊള്ളട്ടെ, നരകത്തിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ ആളുകളെ 'റിക്രൂട്ട്' ചെയ്യുന്നുവെങ്കില്‍ അത് ദൈവവചന വിരുദ്ധവും ശാപഗ്രസ്തവുമായ ആശയമാണ്. കാരണം, ഒരുവനെ ശിക്ഷിക്കുകയോ മോചിപ്പിക്കുകയോ ചെയ്യുന്നതു ന്യായാധിപനാണ്! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു”(യോഹ: 5; 22). വിധിക്കുവാനുള്ള അധികാരം യേഹ്ശുവായില്‍ മാത്രം നിക്ഷിപ്തമായിരിക്കെ, ആരെയെങ്കിലും നരകത്തിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ അയയ്ക്കാന്‍ മനുഷ്യര്‍ വ്യഗ്രത കാണിക്കേണ്ടതില്ല. ജോണ്‍പോളിനെ നരകത്തില്‍ വിടാന്‍ ശ്രമിക്കുന്നവരും, ജോണ്‍പോളിനെ സ്വര്‍ഗ്ഗത്തിലേക്കു കയറ്റിവിടാന്‍ അദ്ഭുതങ്ങള്‍ അന്വേഷിച്ചു നടക്കുന്നവരും തെറ്റുചെയ്യുന്നു. കാരണം, ന്യായവിധി എന്നത് ശിക്ഷയുടെ മാത്രമല്ല; കുറ്റവാളി അല്ലെന്നുകണ്ട് മോചിപ്പിക്കുന്നതും ന്യായവിധിയുടെ ഭാഗമാണ്! പിതാവ് ആരെയും വിധിക്കുന്നില്ല എന്ന് യേഹ്ശുവാ പറഞ്ഞതിനെ ആരും തെറ്റായി വ്യാഖ്യാനിക്കരുത്. ത്രിത്വത്തിലെ മൂന്ന് ആളത്വമുണ്ടെന്നു വാദിക്കുന്നവര്‍ക്ക് ബലം നല്‍കുന്ന വചനമായി ഈ വചനത്തെ പരിഗണിക്കുകയുമരുത്. എന്തെന്നാല്‍, മുപ്പത്തിമൂന്നു വര്‍ഷം ഈ ഭൂമിയില്‍ പരിപൂര്‍ണ്ണ മനുഷ്യനായി ജീവിച്ച നാളുകളിലാണ് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തത്! അന്നും ഇന്നും എന്നും സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവം മാത്രമേയുള്ളു! ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്തൊക്കെയും യേഹ്ശുവാ മനുഷ്യന്‍ മാത്രമായിരുന്നു! എന്നാല്‍, മരണാനന്തരം ഇയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ ഒരേസമയം മനുഷ്യനും ദൈവവുമാണ്. അതേ, സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ യേഹ്ശുവാ അല്ലാതെ മറ്റൊരു ദൈവമില്ല! മാത്രവുമല്ല, അന്ത്യവിധിവരെ യേഹ്ശുവാ മനുഷ്യനും ദൈവവുമായിരിക്കും എന്ന സത്യവും നാം തിരിച്ചറിയണം.
അതായത്, യേഹ്ശുവാ പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ്! യേശൈയാഹ് പ്രവചിച്ചത് ഈ സത്യമായിരുന്നു! ആ പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും”(യേശൈയാഹ്: 9; 6). നിത്യനായ പിതാവ്, ശക്തനായ ദൈവം, വിസ്മയനീയനായ ഉപദേഷ്ടാവ്, സമാധാനത്തിന്റെ രാജാവ് എന്നിങ്ങനെ വിളിക്കപ്പെടുന്നത് ഒരുവന്‍തന്നെയാണെങ്കില്‍, പിന്നെങ്ങനെയാണ് ത്രിത്വത്തില്‍ മൂന്നാളുകള്‍ ഉണ്ടെന്ന വാദം നിലനില്‍ക്കുന്നത്?! ത്രിത്വം എന്ന വിഷയം ഇവിടെ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്, നാമിവിടെ ചര്‍ച്ചചെയ്തുകൊണ്ടിരുന്ന വിഷയത്തിലേക്കു വരാം. മനുഷ്യപുത്രനുംകൂടിയായ യേഹ്ശുവായാണ് വിധി നടപ്പാക്കുന്നത് എന്ന സത്യമാണ് നാമിവിടെ ചര്‍ച്ചചെയ്തുകൊണ്ടിരുന്നത്. ഒരുവനു സ്വര്‍ഗ്ഗമോ നരകമോ നിശ്ചയിക്കുന്നത് ആരാണെന്നും എപ്രകാരമാണെന്നും ശ്രദ്ധിക്കുക: “മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും”(യോഹ: 5; 27-29). കല്ലറകളിലുള്ളവര്‍ പുറത്തുവരുന്ന ഭയാനകമായ വിധിദിവസം വരെ കാത്തിരിക്കാനുള്ള ക്ഷമ എല്ലാ സഭകളുടെയും ഭാഗത്തുനിന്നുണ്ടാകണം! വിശുദ്ധരെ പ്രഖ്യാപിക്കുന്നതുപോലും വിധിയുടെ ഭാഗമായതിനാല്‍, യേഹ്ശുവായില്‍ മാത്രം നിക്ഷിപ്തമായ അധികാരത്തിനുമേലുള്ള കടന്നുകയറ്റമായി ഇതു വ്യാഖ്യാനിക്കപ്പെടും! ഈ ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്ത ഗീവര്‍ഗ്ഗീസിനെപ്പോലും സ്വര്‍ഗ്ഗത്തിലെത്തിച്ചത് ഈ കടന്നുകയറ്റത്തിന്റെ ഭാഗമാണ്!
യാഹ്‌വെയുടെ പ്രതികാരദിനം!
“സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ദിനമാണിത് -പ്രതികാരത്തിന്റെ ദിനം! ശത്രുക്കളോടു പകവീട്ടുന്ന ദിനം! അവരെ സംഹരിച്ച് വാളിനു മതിവരും; അവരുടെ രക്തം തൃപ്തിയാവോളം കുടിക്കും. ഉത്തരദിക്കില്‍ യൂഫ്രട്ടെസ് തീരത്ത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു യാഗം അര്‍പ്പിക്കുന്നു”(യിരെമി: 46; 10). ദൈവം സ്നേഹമാണ്, അവിടുത്തെ കാരുണ്യം അതിരറ്റതാണ് തുടങ്ങിയ പ്രഘോഷണങ്ങള്‍ നാം കേള്‍ക്കാറുണ്ട്. ദൈവത്തിന്റെ കാരുണ്യവും സ്നേഹവും അളവറ്റതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ദൈവസ്നേഹത്തിന്റെ പൂര്‍ണ്ണത വെളിവാക്കുന്ന ഈ സന്ദേശം ശ്രദ്ധിക്കുക: “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്”(യോഹ: 3; 16, 17). ദൈവത്തിന്റെ നിസ്സീമമായ സ്നേഹത്തെ വെളിപ്പെടുത്തുന്ന വചനത്തില്‍ത്തന്നെ ചില താക്കീതുകളും മറഞ്ഞിരിക്കുന്നുണ്ട്. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ നല്‍കുകയെന്ന ദൗത്യത്തോടെയാണ് ദൈവം മനുഷ്യനായി ഭൂമിയില്‍ വന്നത്! തൊട്ടടുത്ത വചനംകൂടി നോക്കുക: “അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ പേരില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു”(യോഹ: 3; 18, 19).
ദൈവത്തിന്റെ ഏകജാതനായ യേഹ്ശുവായില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യം വിളിച്ചുപറയാത്ത സുവിശേഷപ്രഘോഷണം അതില്‍ത്തന്നെ അപൂര്‍ണ്ണമാണ്! ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പു നല്‍കാതെ, അനുഗ്രഹത്തിന്റെ സന്ദേശം മാത്രം നല്‍കുന്നത് തികച്ചും വഞ്ചനയാണെന്നു തിരിച്ചറിയണം! താക്കീതുകളുടെ വചനങ്ങളെ തിരസ്ക്കരിക്കുന്ന ശൈലി പല സുവിശേഷകരും പിന്തുടരുന്നുണ്ട്. ദൈവത്തിന്റെ സ്നേഹവും കാരുണ്യവും കേള്‍ക്കാനുള്ള കേള്‍വിക്കാരുടെ ആഗ്രഹമാണ് സുവിശേഷകരെ ഈ ശൈലിയിലേക്കു നയിക്കുന്നത്. ദൈവത്തിന്റെ ക്രോധത്തെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ കേള്‍വിക്കാരില്‍ ആലോസരമുണ്ടാക്കുന്നതിനാല്‍, ഇത്തരം പ്രബോധനങ്ങള്‍ നല്‍കാന്‍ പ്രബോധകര്‍ മടിക്കുന്നു. എന്നാല്‍, കേള്‍വിക്കാരുടെ അഭിരുചിക്കനുസരിച്ച് പ്രസംഗിക്കുകയെന്നതല്ല പ്രവാചകന്റെയും അപ്പസ്തോലന്റെയും ദൗത്യം! മറിച്ച്, ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന വചനങ്ങള്‍ മായംചേര്‍ക്കാതെ അറിയിക്കുകയെന്നതാണ് ശുശ്രൂഷകരില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം! ബൈബിള്‍ നല്‍കുന്ന ഒരു പ്രബോധനം ശ്രദ്ധിക്കുക: “ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും”(2 തിമോത്തി: 4; 3, 4). ഇത്തരത്തിലുള്ള പ്രബോധരെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുകയാണ്! വിജാതിയ ഗ്രന്ഥങ്ങളെ ഉദാഹരിച്ചുകൊണ്ട് പ്രബോധനം നടത്തുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പും ഇവിടെ വായിക്കാന്‍ കഴിയും. കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കുക എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ ആത്മീയജ്ഞാനം അനിവാര്യമാണ്! വചനപ്രഘോഷണ വേദികളില്‍ ഫലിതം പറഞ്ഞുനടക്കുന്ന ആളുകളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍ത്തന്നെ! പ്രവാചകന്മാരോ അപ്പസ്തോലന്മാരോ 'കോമഡി' പറഞ്ഞു നടന്നവരായിരുന്നുവെങ്കില്‍, അവരുടെയാരുടെയും തടി കേടാവില്ലായിരുന്നു!
നമുക്കു വിഷയത്തിലേക്കുതന്നെ തിരിയാം. യാഹ്‌വെയുടെ ദിനം പ്രതികാരത്തിന്റെ ദിനമാണെന്ന ചിന്തയിലൂടെയാണ് നാം കടന്നുപോകേണ്ടത്. യേഹ്ശുവായുടെ വീണ്ടുംവരവിനായി ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്ത ദിനത്തെയാണ് യാഹ്‌വെയുടെ ദിനം എന്നു വിശേഷിപ്പിക്കുന്നത്. എല്ലാ ദിനവും ദൈവത്തിന്റെതായിരിക്കെ, യാഹ്‌വെയുടെ ദിനമെന്ന് ഏതെങ്കിലുമൊരു ദിനത്തെ പ്രത്യേകമായി വിശേഷിപ്പിക്കുന്നത് ഇക്കാരണത്താലാണ്. യാഹ്‌വെയുടെ ദിനത്തെ സംബന്ധിച്ചുള്ള വിവരണം മുന്‍ ലേഖനങ്ങളില്‍ നല്‍കിയിട്ടുള്ളതിനാല്‍, ഇനിയുമൊരു വിവരണത്തിനു മനോവ മുതിരുന്നില്ല. എന്നാല്‍, ഈ ദിനം പ്രതികാരത്തിന്റെ ദിനമായിരിക്കുന്നത് ആര്‍ക്കെല്ലാമാണെന്നു വെളിപ്പെടുത്തെണ്ടിയിരിക്കുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാം വായിച്ച പ്രവചനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. യേഹ്ശുവായുടെ വീണ്ടുംവരവ് ആര്‍ക്കുവേണ്ടിയാണെന്ന പ്രഖ്യാപനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. പ്രവചനത്തില്‍ ഇപ്രകാരമാണു വായിക്കുന്നത്: “അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). വരാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനെയാണ് പ്രവചനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെയാണ്, പൗലോസ് അപ്പസ്തോലന്റെ ഈ വെളിപ്പെടുത്തലിനെ പ്രവചനം എന്നു വിശേഷിപ്പിച്ചത്. അപ്പസ്തോലന്റെ ഈ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം എന്താണെന്നു നോക്കുക: യേഹ്ശുവാ വീണ്ടുംവരുന്നത് അവിടുത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കാണെങ്കില്‍, അവിടുത്തെ പുനരാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ആ ദിനം പ്രതികാരത്തിന്റെ ദിനമായിരിക്കും. യേഹ്ശുവായുടെ വീണ്ടുംവരവിനെ ഗൗരവമായി പരിഗണിക്കാത്തവരും, ഈ പ്രത്യാഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളെ പുച്ഛിച്ചുതള്ളുന്നവരും അവിടുത്തെ പ്രതികാരത്തിനു പാത്രമാകും എന്നകാര്യം സുനിശ്ചിതമാണ്!
ഒരിക്കല്‍ യേഹ്ശുവാ വന്നതുപോലെതന്നെ ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നവര്‍ വലിയ അപകടത്തിലാണ് അകപ്പെട്ടിരിക്കുന്നത്. പാപപരിഹാരാര്‍ത്ഥം അവിടുന്ന് ഒരിക്കല്‍ വന്നു. അന്ന് അവിടുന്നു വന്നത് ദാസന്റെ രൂപം സ്വീകരിച്ചാണെങ്കില്‍, യേഹ്ശുവായുടെ പുനരാഗമനം രാജത്വം സ്വീകരിച്ചുകൊണ്ടായിരിക്കും. രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവുമായി അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍, തന്നെ നിഷേധിച്ച സകലരെയും അവിടുന്ന് സംഹരിച്ചുകളയും. അവിടുത്തെ മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള ശക്തിയില്ലാത്തവരായി ശത്രുക്കള്‍ ഭയവിഹ്വലരാകും! ഈ പ്രവചനം നോക്കുക: “എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ് അവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും”(മലാക്കി: 3; 2, 3). മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ദിനം മഹത്തും അത്യന്തം ഭയാനകവുമാണ്. ആര്‍ക്ക് അതിനെ അതിജീവിക്കാനാവും”(യോയേല്‍: 2; 11). യോയേല്‍ പ്രവാചകന്റെ മറ്റൊരു വെളിപ്പെടുത്തല്‍ ഇങ്ങനെ: “യാഹ്‌വെയുടെ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു. അത് അന്ധകാരത്തിന്റെയും മനത്തകര്‍ച്ചയുടെയും ദിനമാണ്. കാര്‍മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!”(യോയേല്‍: 2; 2). ഇതാ, മറ്റൊരു പ്രവചനം: “അവിടുത്തെ രോഷത്തിനുമുമ്പില്‍ നിലകൊള്ളാന്‍ ആര്‍ക്കു കഴിയും? അവിടുത്തെ കോപാഗ്നി ആര്‍ക്കു സഹിക്കാനാവും? അഗ്നിപോലെ അവിടുത്തെ ക്രോധം വര്‍ഷിക്കപ്പെടുന്നു”(നാഹും: 1; 6). സകല പ്രവാചകന്മാരും ദൈവത്തിന്റെ ക്രോധത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആധുനീക പ്രവാചകന്മാര്‍ അവിടുത്തെ ക്രോധം ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കുകയും അവരെ വഞ്ചിക്കുകയും ചെയ്യുന്നു. യാഹ്‌വെയുടെ കാരുണ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനോടൊപ്പം, കാഠിന്യത്തെയും വെളിപ്പെടുത്താന്‍ പ്രവാചകന്മാര്‍ തയ്യാറായി. അപ്പസ്തോലന്മാര്‍ സ്വീകരിച്ചതും ഈ ശൈലിതന്നെയായിരുന്നു.
ആമോസ് പ്രവാചകനിലൂടെ നല്‍കപ്പെട്ട വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ദിനത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തിനാണു നിങ്ങള്‍ക്കു യാഹ്‌വെയുടെ ദിനം? അത് അന്ധകാരമാണ്, പ്രകാശമല്ല. സിംഹത്തിന്റെ വായില്‍നിന്നു രക്ഷപ്പെട്ട് കരടിയുമായി കണ്ടുമുട്ടുന്നതുപോലെയോ, വീട്ടിലെത്തി ചുമരില്‍ കൈചേര്‍ത്തു ചാരിനില്‍ക്കുമ്പോള്‍ സര്‍പ്പദംശനം ഏല്ക്കുന്നവനെപ്പോലെയോ ആയിരിക്കും അത്. യാഹ്‌വെയുടെ ദിനം പ്രകാശമല്ല, അന്ധകാരമാണ്; പ്രകാശമില്ലാത്ത താമസ്സാണ്!”(ആമോ: 5; 18-20). പ്രവചനങ്ങള്‍ ഇനിയുമുണ്ട്. സെഫാനിയാഹ് പ്രവാചകന്‍ ഇങ്ങനെ പ്രവചിച്ചു: “യാഹ്‌വെയുടെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. യാഹ്‌വെയുടെ ദിനത്തിന്റെ മുഴക്കം ഭയങ്കരമാണ്; ശക്തന്മാര്‍ അപ്പോള്‍ ഉറക്കെ നിലവിളിക്കും. ക്രോധത്തിന്റെ ദിനമാണ് അത്. കഷ്ടതയുടെയും കഠിനദുഃഖത്തിന്റെയും ദിനം! നാശത്തിന്റെയും ശൂന്യതയുടെയും ദിനം! അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!”(സെഫാനിയാഹ്: 1;14, 15). നീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും തുല്യ പ്രതിഫലമല്ല അവിടുന്നു നല്‍കുന്നത്. ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയെ ഭയപ്പെടുകയും അവിടുത്തെ പേര് ധ്യാനിക്കുകയും ചെയ്യുന്നവരെ ഓര്‍മ്മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുമ്പില്‍ എഴുതപ്പെട്ടു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അവര്‍ എന്റേതായിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാന്‍ അവരെ രക്ഷിക്കും. അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും”(മലാക്കി: 3; 16-18). മറ്റൊരു പ്രവചനംകൂടി ശ്രദ്ധിക്കുക: “സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്ക്കോല്‍ പോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാല്‍, എന്റെ പേരിനെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്”(മലാക്കി: 4; 1, 2).
പ്രവാചകന്മാരും അപ്പസ്തോലന്മാരും ലോകത്തോടു വിളിച്ചുപറഞ്ഞത് അപ്രിയസത്യങ്ങളായിരുന്നു. അപ്പസ്തോലനായ പൗലോസ് നമുക്കു നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: “അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും”(റോമ: 11; 22). അപ്പസ്തോലനായ കേപ്പായുടെ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും! നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!”(1 കേപ്പാ: 4; 17, 18). ദൈവത്തിന്റെ ക്രോധം വെളിപ്പെടുത്തുന്ന അനേകം പ്രവചനങ്ങളില്‍ ചിലതുമാത്രമാണ് നാമിവിടെ പരിശോധിച്ചത്. യേഹ്ശുവായ്ക്കു മുന്‍പും പിന്‍പും ദൈവം ഒരുവന്‍തന്നെയാകുന്നു. ചിലര്‍ ചിന്തിച്ചുവച്ചിരിക്കുന്നത് യേഹ്ശുവായുടെ കാരുണ്യം മാത്രമാണ്. എന്നാല്‍, മുപ്പത്തിമൂന്നു വര്‍ഷക്കാലം ഭൂമിയില്‍ ജീവിച്ചു മടങ്ങിപ്പോയ യേഹ്ശുവാ വീണ്ടുംവരുന്നത് പുതിയ ഭാവത്തിലായിരിക്കും.
പ്രവാചകന്മാരിലൂടെയും അപ്പസ്തോലന്മാരിലൂടെയും അനേകം സുവിശേഷകരിലൂടെയും നല്‍കപ്പെട്ടിട്ടുള്ള താക്കീതുകളെ അവഗണിക്കുന്നവര്‍ക്കു മാത്രമാണ് ശിക്ഷാവിധിയുള്ളൂ. ബൈബിള്‍ ഇപ്രകാരം വ്യക്തമാക്കുന്നു: “ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല”(റോമാ: 8; 1). ദൈവം തന്റെ ഏകജാതനെ ഈ ലോകത്തേക്കു പാപപരിഹാരാര്‍ത്ഥം അയയ്ക്കുകയും, അവനില്‍ വിശ്വസിക്കുന്ന സകലര്‍ക്കും സൗജന്യമായ രക്ഷ നല്‍കുവാന്‍ തിരുമനസ്സാകുകയും ചെയ്തിട്ടും, ഈ രക്ഷയെ അവഗണിക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയെന്നത് തികച്ചും നീതിപൂര്‍വ്വകമായ വിധിയാണ്. രണ്ടായിരം വര്‍ഷത്തെ സാവകാശം അവിടുന്നു ലോകത്തിനു നല്‍കി. സത്യദൈവത്തെ തിരിച്ചറിയാന്‍ ഇനിയും തയ്യാറാകാത്തവര്‍ ശിക്ഷിക്കപ്പെടുന്നുവെങ്കില്‍, ഈ ശിക്ഷയെ അനീതിയെന്നു വിളിക്കുവാന്‍ ആര്‍ക്കും സാധിക്കില്ല.
ആയിരം വര്‍ഷത്തെ ഭരണം!
യേഹ്ശുവായുടെ വീണ്ടുംവരവിനെ അന്ത്യവിധിയായും ലോകാന്ത്യമായും കരുതിയിരിക്കുന്ന അനേകരുണ്ട്. എന്നാല്‍, ബൈബിളിലെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ ഇതു ലോകാന്ത്യമോ അന്ത്യവിധിയോ അല്ലെന്നു മനസ്സിലാക്കാന്‍ കഴിയും. യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി ആയിരംവര്‍ഷം ഭരണം നടത്തുമെന്നു വിശ്വസിക്കുന്ന അനേകര്‍ ഇന്നുണ്ട്. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂന്നഹദോസിനുശേഷം കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ ഈ സത്യത്തില്‍നിന്നു സ്വയം വിരമിക്കുകയും വിശ്വാസികളെ അബദ്ധ പ്രചരണങ്ങള്‍ക്കൊണ്ടു വഞ്ചിക്കുകയും ചെയ്യുന്നു. അമ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് വത്തിക്കാനില്‍ നടന്ന പൈശാചിക സമ്മേളനത്തില്‍ ആവിഷ്കരിച്ച സിദ്ധാന്തങ്ങളാണ് സഭയുടെ മതബോധനഗ്രന്ഥത്തിന് ആധാരം. യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണത്തെ നിഷേധിക്കുക മാത്രമല്ല, അന്ത്യവിധിയെപ്പോലും വികലമായി വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്! പരിണാമ സിദ്ധാന്തത്തിന്റെ പ്രചാരകനും, ഗര്‍ഭനിരോധന ഉറകളുടെ 'ബ്രാന്‍ഡ് അംബാസിഡറുമായ' 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍' ആണ് ഈ ഗ്രന്ഥത്തിന്റെ സാരഥി! ഡോക്ടര്‍ മൈക്കിള്‍ കാരിമറ്റം ഈ പുസ്തകത്തെ ആധാരമാക്കിയാണ് അന്ത്യവിധിയെ വ്യാഖ്യാനിച്ചിരിക്കുന്നത്. നരകത്തില്‍ അടയ്ക്കപ്പെട്ടവരെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും തിരികെക്കൊണ്ടുവന്ന് അന്ത്യവിധി നടപ്പാക്കുമെന്ന് ഇദ്ദേഹം പറയുന്നു. അതായത്, തൂക്കിക്കൊന്നവനെ ജീവിപ്പിച്ചു വീണ്ടും തൂക്കിലേറ്റുന്നതുപോലെ!
“സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കയ്യില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്‍പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു. പിന്നെ ഞാന്‍ കുറെസിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയുംനെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിഹായോടുകൂടി വാഴുകയും ചെയ്തു. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും മ്ശിഹായുടെയും പുരോഹിതന്‍മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും”(വെളി: 20; 1-6). ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നവിധം ലളിതമായ ഭാഷയിലാണ് ഈ പ്രവചനം നല്കപ്പെട്ടിരിക്കുന്നത്! ആയിരം വര്‍ഷത്തെ ഭരണത്തെ നിഷേധിക്കുന്നവര്‍ വെളിപാടിലെ ഈ പ്രവചനത്തിന്റെ അര്‍ത്ഥം മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ വ്യക്തമാക്കണം. ഇത് നിങ്ങളുടെ ധാര്‍മ്മീക ഉത്തരവാദിത്തമാണ്!
ദൈവവചനത്തിനു വിരുദ്ധമായതും ബുദ്ധിജീവികള്‍ തങ്ങളുടെ ഭാവനയില്‍ രൂപപ്പെടുത്തിയതുമായ 'തനതുവിധി'യെ സാധൂകരിക്കാനുള്ള തത്രപ്പാടാണ് കാരിമറ്റത്തിലച്ചന്റെ വാക്കുകളില്‍ കാണുന്നത്. യേഹ്ശുവാ നമുക്കു വീടൊരുക്കിയതിനുശേഷം നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നതുവരെ കാത്തിരിക്കാതെ, സ്വര്‍ഗ്ഗത്തിലേക്ക് തള്ളിക്കയറ്റിയവരെ ഇനിയും വിധിക്കുമെന്നാണ് അച്ചന്റെ വാദം! എന്നാല്‍, യേഹ്ശുവായുടെ വീണ്ടുംവരവ് അന്ത്യവിധി അല്ലെന്നു ബൈബിള്‍ പറയുന്നു. അവിടുത്തെ ആയിരം വര്‍ഷത്തെ ഭരണത്തിനുശേഷം മാത്രമാണ് അന്ത്യവിധി നടപ്പാക്കുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കി ഈ വിഷയം അടുത്ത ലേഖനത്തില്‍ നാം ചര്‍ച്ചചെയ്യുന്നതിനാല്‍, ഇവിടെയൊരു വിവരണത്തിനു മുതിരുന്നില്ല. അന്ത്യവിധിക്കു മുമ്പുള്ള ആയിരം വര്‍ഷത്തെ ഭരണത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ഈ ലേഖനം നമുക്ക് ഉപസംഹരിക്കാം.
ഭൂമിയില്‍ യേഹ്ശുവാ ഭരണം നടത്തും.
അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന ഗെബ്രിയേല്‍ ദൂതന്‍ നടത്തിയ പ്രവചനമാണിത്! ദാവീദിന്റെ സിംഹാസനം ഭൂമിയിലായിരുന്നുവെന്നു നമുക്കറിയാം. അങ്ങനെയെങ്കില്‍, ഈ ഭൂമിയില്‍ത്തന്നെ യേഹ്ശുവായുടെ ഭരണം യാഥാര്‍ത്ഥ്യമാകേണ്ടിയിരിക്കുന്നു. ദൈവദൂതന്റെ പ്രവചനം ഇന്നുവരെ നിറവേറിയിട്ടില്ലാത്തതുകൊണ്ടുതന്നെ, അതു സംഭവിച്ചേ തീരൂ! അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു”(മത്താ: 28; 18). ഭൂമിയില്‍ നല്‍കപ്പെട്ടിരിക്കുന്ന അധികാരത്തിന്റെ പിന്‍ബലത്തില്‍ യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോടു കല്പിച്ചത് ഇതാണ്: “ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 19, 20). അതായത്, അവിടുത്തെ ഭരണത്തിന്‍കീഴില്‍ ആയിരിക്കുവാന്‍ യോഗ്യരാക്കപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ദൗത്യമാണ് ശിഷ്യന്മാരില്‍ ഭരമേല്പിക്കപ്പെട്ടത്! യേഹ്ശുവായെ അറിയുകയും, അവിടുത്തെ സ്വന്തം രക്ഷകനായി സ്വീകരിക്കുകയും ചെയ്തവര്‍ക്കു മാത്രമേ അവിടുത്തെ ഭരണത്തിന്‍കീഴില്‍ ആയിരിക്കുവാന്‍ കഴിയുകയുള്ളൂ!
യേഹ്ശുവായെ രാജാവായി അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്കുള്ള ശിക്ഷ ഇതാണ്: “ഇതാ ഒരു വാള്‍, തേച്ചുമിനുക്കി മൂര്‍ച്ചകൂട്ടിയ വാള്‍. വധത്തിനായി അതിനു മൂര്‍ച്ചകൂട്ടിയിരിക്കുന്നു. ഇടിവാള്‍പോലെ തിളങ്ങാന്‍ അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നമുക്ക് ഉല്ലസിക്കാമെന്നോ? എന്റെ പുത്രന്റെ ചെങ്കോലിനെ മറ്റു തടിക്കഷണങ്ങള്‍പ്പോലെ നിങ്ങള്‍ നിന്ദിച്ചു. ആകയാല്‍ ഉടനെ പ്രയോഗിക്കാന്‍ വേണ്ടിത്തന്നെ അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കയ്യില്‍ കൊടുക്കാന്‍വേണ്ടി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു”(യെസക്കി: 21; 9-11). യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴുമെന്ന പ്രവചനം നിലനില്‍ക്കുന്നുവെങ്കിലും, പീലാത്തോസിന്റെ ചോദ്യത്തിനുള്ള മറുപടിയായി അവിടുന്നു പറഞ്ഞത് 'എന്റെ രാജ്യം ഐഹീകമല്ല' എന്നായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ, ഈ ഭൂമിയില്‍ യേഹ്ശുവായുടെ ഭരണം ഉണ്ടാകില്ലെന്നു ചില മൂപ്പന്മാര്‍ വാദിക്കുന്നു. പീലാത്തോസിന്റെ ചോദ്യവും യേഹ്ശുവായുടെ മറുപടിയും എന്തായിരുന്നുവെന്ന് വ്യക്തമായി ഗ്രഹിക്കാത്തവര്‍ക്കു പറ്റിയ അബദ്ധമാണിത്. യോഹന്നാന്റെ സുവിശേഷത്തില്‍ വായിക്കുന്ന ഈ സംഭവം പരിശോധിക്കുന്നതിനുമുമ്പ് മറ്റു സുവിശേഷകര്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാം. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം വായിക്കുന്നു: “പീലാത്തോസ് അവനോടു ചോദിച്ചു: നീ യെഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നു”(മര്‍ക്കോ: 15; 2). ലൂക്കാ എഴുതിയിരിക്കുന്നതു നോക്കുക: “പീലാത്തോസ് അവനോടു ചോദിച്ചു: നീ യെഹൂദരുടെ രാജാവാണോ? അവന്‍ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ”(ലൂക്കാ: 23; 3). രണ്ടു സുവിശേഷകരുടെയും വിവരണം ഒന്നുപോലെതന്നെയാണ്! എന്നാല്‍, യോഹന്നാന്‍ കുറച്ചുകൂടി വിവരണം നല്‍കിയിട്ടുണ്ട്.
യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ ഈ സംഭവം ഇപ്രകാരമാണു വായിക്കുന്നത്: “പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേഹ്ശുവായെ വിളിച്ച് അവനോടു ചോദിച്ചു: നീ യെഹൂദരുടെ രാജാവാണോ? യേഹ്ശുവാ പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? പീലാത്തോസ് പറഞ്ഞു: ഞാന്‍ യെഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിത പ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്പിച്ചു തന്നത്. നീ എന്താണു ചെയ്തത്? യേഹ്ശുവാ പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യെഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല. പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേഹ്ശുവാ പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു”(യോഹ: 18; 33-37). ഇവിടെയൊരു സൂക്ഷ്മപരിശോധന അനിവാര്യമാണ്? യേഹ്ശുവായുടെ രാജ്യം ഐഹീകമല്ല എന്ന് പറയുന്നത് ഏതു സന്ദര്‍ഭത്തിലാണ്? യെഹൂദരുടെ രാജാവായിരുന്നിട്ടും എന്തുകൊണ്ടാണ് അവര്‍ യേഹ്ശുവായെ വധിക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് ഇതു പറയുന്നത്. ഇവിടെ രണ്ടുകാര്യങ്ങള്‍ മനസ്സിലാക്കണം; യേഹ്ശുവാ യെഹൂദരുടെ മാത്രം രാജാവല്ല; മറിച്ച്, ഭൂമി മുഴുവന്റെയും രാജാവാണ് അവിടുന്ന്! മറ്റൊരു കാര്യം, അവിടുത്തെ രാജ്യം ഐഹീകമല്ല എന്നതുതന്നെയാണ്! ഐഹീകം എന്നാല്‍, ലോകസംബന്ധമായ എന്നാണ് അര്‍ത്ഥം. യേഹ്ശുവായുടെ ഭരണത്തോടെ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നതോടെ ഈ വാക്കുകള്‍ അന്വര്‍ത്ഥമാകും! (അനിവാര്യമായ പുതുക്കല്‍)
ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍നിന്നും വ്യത്യസ്തമായിരിക്കും യേഹ്ശുവാ ഒരുക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും. തന്നെ അംഗീകരിക്കാത്ത സകല മര്‍ത്യരെയും ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കിക്കൊണ്ടാണ് യേഹ്ശുവായുടെ ഭരണം ആരംഭിക്കുന്നത്! തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ പീഡിപ്പിക്കുന്ന സകല ജനതകളെയും അവിടുന്ന് സംഹരിക്കും. പ്രവചനത്തില്‍ ഇപ്രകാരം നാം വായിക്കുന്നു: “യെരുശലെമിനോടു യുദ്ധംചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരേ കയ്യുയര്‍ത്തും”(ശെഖരിയാഹ്: 14; 12, 13). ഇസ്ലാംതന്നെ പരസ്പരം കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ കാണുമ്പോള്‍ അവിടുന്ന് പടിവാതില്‍ക്കല്‍ എത്തിയെന്നു ഗ്രഹിച്ചുകൊള്ളുക! ഇവര്‍ പരസ്പരം പിടികൂടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു! അവിടുത്തെ രാജ്യം സ്ഥാപിതമാകാന്‍ പോകുന്നതിന്റെ അടയാളങ്ങളില്‍ ഒന്നാണിത്!
പുതിയ ആകാശവും പുതിയ ഭൂമിയും!
“ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ യെരുശലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും”(വെളി: 21; 1-3). എന്റെ രാജ്യം ഐഹീകമല്ല എന്ന് യേഹ്ശുവാ പറഞ്ഞതിന്റെ അര്‍ത്ഥമിതാണ്. ഭൗമീകമല്ലാത്ത യെരുശലേം സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരികയും ഇവിടെ നിലനിന്നിരുന്ന ആകാശവും ഭൂമിയും കടന്നുപോകുകയും ചെയ്യും! അക്കാലത്ത് രാത്രി ഉണ്ടായിരിക്കുകയിലെന്ന വെളിപ്പെടുത്തലും ബൈബിള്‍ നല്‍കുന്നുണ്ട്. “നഗരത്തില്‍ ഞാന്‍ ദൈവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വ്വശക്തനും ദൈവവുമായ യാഹ്‌വെയും കുഞ്ഞാടുമാണ് അതിലെ ദൈവാലയം. നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്‌സ് അതിനെ പ്രകാശിപ്പിച്ചു. അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്‍മാര്‍ തങ്ങളുടെ മഹത്വം അതിലേക്കുകൊണ്ടുവരും. അതിന്റെ കവാടങ്ങള്‍ പകല്‍ സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും”(വെളി: 21; 22-25). യേഹ്ശുവായുടെ രാജ്യം ഐഹീകമാല്ലെന്നും, എന്നാല്‍, അവിടുന്ന് രാജാവാണെന്നും വ്യക്തമാക്കിയത് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. ആയിരം വര്‍ഷത്തെ ഭരണത്തിനു മുന്‍പോ ആയിരം വര്‍ഷത്തെ ഭരണകാലയളവിലോ വിശുദ്ധരാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നില്ല!
ശെഖരിയാഹിന്റെ പ്രവചനത്തില്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അന്നു തണുപ്പോ മഞ്ഞോ ഉണ്ടാവുകയില്ല. അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമല്ല, പകല്‍മാത്രം; കാരണം, വൈകുന്നേരവും വെളിച്ചമുണ്ടായിരിക്കും. ഈ ദിനം യാഹ്‌വെയ്ക്കു മാത്രം അറിയാം”(ശെഖരിയാഹ്: 14; 6, 7). ത്രിത്വത്തിന്റെ രഹസ്യം അന്നു ജീവിച്ചിരിക്കുന്ന സകലരും ഗ്രഹിക്കും. കാരണം, അന്നു യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9).
യേഹ്ശുവായുടെ കീഴില്‍ ആയിരം വര്‍ഷത്തെ ജീവിതം എപ്രകാരമായിരിക്കുമെന്ന വെളിപ്പെടുത്തലും ബൈബിളിലുണ്ട്. ഭൂമിയില്‍ തന്നെയാണ് ഈ രാജ്യമെന്നു വ്യക്തമാക്കുന്ന പ്രവചനം ശ്രദ്ധിക്കുക: “ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കയ്യിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി യാഹ്‌വെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും”(യേശൈയാഹ്: 11; 6-9). മുലകുടിക്കുന്ന കുഞ്ഞുങ്ങളോ സര്‍പ്പമോ വന്യമൃഗങ്ങളോ സ്വര്‍ഗ്ഗരാജ്യത്ത് ഉണ്ടായിരിക്കുകയില്ലെന്നു മനസ്സിലാക്കാന്‍ ഉന്നതമായ പാണ്ഡിത്യത്തിന്റെ ആവശ്യമില്ല. മാത്രവുമല്ല, സ്വര്‍ഗ്ഗരാജ്യത്ത് മരണമില്ലെന്ന് യേഹ്ശുവാ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, ആയിരം വേഷത്തെ ഭരണത്തില്‍ എങ്ങനെയായിരിക്കുമെന്നു നോക്കുക: “ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്‌സില്‍ വരുകയോ ഇല്ല. ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. യെരുശലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു. യെരുശലെമിനെക്കുറിച്ചു ഞാന്‍ ആനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല”(യേശൈയാഹ്: 65; 17-19).
ഈ പുതിയ ആകാശവും പുതിയ ഭൂമിയും സ്വര്‍ഗ്ഗരാജ്യമല്ലെന്നും, അന്ത്യവിധിക്കു മുന്‍പുള്ള അവസ്ഥയാണെന്നും വ്യക്തമാക്കിക്കൊണ്ട് പ്രവചനം ഇങ്ങനെ തുടരുന്നു: “ശിശുക്കളോ ആയുസ്‌സു തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപ ലക്ഷണമായി പരിഗണിക്കും. അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും. അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്‌സ് വൃക്ഷത്തിന്റെ ആയുസ്‌സ് പോലെയായിരിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കും. അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ യാഹ്‌വെയാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും. വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. യാഹ്‌വെ അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല”(യേശൈയാഹ്: 65; 17-25). ദീര്‍ഘായുസ്സ് ഉണ്ടെങ്കിലും മരണമുണ്ടെന്ന സൂചന ഇവിടെ നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, സന്താനോത്പദനവും ഈ പുതിയ ഭൂമിയിലുണ്ട്. മുന്തിരിത്തോട്ടം വച്ചുപിടിപ്പിക്കുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യുമെന്നു വ്യക്തമാക്കിയിരിക്കുന്നു. ഈ പ്രവചനത്തിലെ ഓരോ വാക്കുകളും മനോവയുടെ വാദത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ്!
ആയിരം വര്‍ഷത്തെ ഭരണം അവസാനിക്കുമ്പോള്‍, ബന്ധിക്കപ്പെട്ടിരുന്ന സാത്താനെ തുറന്നുവിടും! ആകാശവും ഭൂമിയും കടന്നുപോയാലും, ദൈവത്തിന്റെ വചനം കടന്നുപോകുകയില്ല! ഇതാണ് അവിടുത്തെ വചനം: “ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”(മത്താ: 5; 18). അതേ, “അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). അവിടുന്ന് വീണ്ടുംവരുമ്പോള്‍ ഈ ഭൂമുഖത്തുനിന്നു വിജാതിയത പരിപൂര്‍ണ്ണമായും തുടച്ചുമാറ്റപ്പെടും. ഇതാണ് പ്രവചനം: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ പേര് വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും”(ശെഖരിയാഹ്: 13; 8, 9).
ഈ ലേഖനത്തിന്റെ തുടര്‍ച്ച: 'അന്ത്യവിധിയും അസ്ഥികളുടെ താഴ്വരയും!'
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-