കാലത്തിന്റെ അടയാളങ്ങള്‍

യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം!

Print By
about

01 - 12 - 2018

യേഹ്ശുവാ വീണ്ടും വരികയും ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്? ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ എത്രപേര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്? കത്തോലിക്കാസഭയിലെയും മറ്റിതര സഭകളിലെയും ആചാര്യന്മാരില്‍ എത്രപേര്‍ ഇതിനെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കുന്നുണ്ട്? യേഹ്ശുവാ വീണ്ടുംവരും എന്ന് വിശ്വസിക്കുന്നവരാണോ എല്ലാ ക്രിസ്ത്യാനികളും? യഥാര്‍ത്ഥത്തില്‍ അവിടുന്ന് വരുമോ? ഇന്നു നാം പ്രധാനമായി ചര്‍ച്ചചെയ്യുന്നത് ഇക്കാര്യങ്ങളാണ്. അതോടൊപ്പം ഗോഗ്, മഗോഗ് എന്നിവയുടെ കാര്യത്തിലെ ചില തെറ്റായ പ്രചരണങ്ങളെയും പരിശോധിച്ച് സത്യം കണ്ടെത്തുന്നു!

"മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28). യേഹ്ശുവായുടെ വീണ്ടുംവരവിനെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണിത്. ദൈവവചനത്തെ തള്ളിക്കളഞ്ഞവരും മരവിച്ച ആദ്ധ്യാത്മികതയുടെ വക്താക്കളുമായവര്‍ അദ്ധ്യാപക തസ്തികയില്‍ നിയമിതരായതിലൂടെ തമസ്ക്കരിക്കപ്പെട്ട അനേകം സത്യങ്ങളിലൊന്നാണ് അവിടുത്തെ വീണ്ടുംവരവ്! യേഹ്ശുവാ വീണ്ടും വരുമെന്ന് വിശ്വസിക്കാന്‍ കഴിയാത്തവിധം വിശ്വാസസമൂഹത്തെ ആത്മീയമരണം ഗ്രസിച്ചിരിക്കുന്നു. എന്നാല്‍, ക്രൈസ്തവ സഭകള്‍ ഔദ്യോഗികമായി യേഹ്ശുവായുടെ വീണ്ടും വരവിനെ ഒരേസ്വരത്തില്‍ അംഗീകരിക്കുന്നു. വീണ്ടും വരവിനെ നിഷേധിക്കുന്ന സഭകളെ ക്രൈസ്തവമെന്നു വിളിക്കാന്‍ കഴിയില്ലെന്നതാണു യാഥാര്‍ത്ഥ്യം. കത്തോലിക്കാസഭയുടെ വിശ്വാസത്തില്‍ ഏറ്റുപറയുന്ന സത്യമാണു വീണ്ടും വരവ്! വിശ്വാസപ്രമാണത്തില്‍ ഇങ്ങനെ ഏറ്റുപറയുന്നു: "അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വീണ്ടും വരുമെന്നും ഞങ്ങള്‍ (ഞാന്‍) വിശ്വസിക്കുന്നു"(വിശ്വാസപ്രമാണം). കത്തോലിക്കാസഭ ഓരോ വിശ്വാസിയെക്കൊണ്ടും ഏറ്റുപറയിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലും, വീണ്ടും വരവിനെക്കുറിച്ചുള്ള വ്യക്തമായ വിവരണം നല്‍കാന്‍ ഇന്നുവരെ സഭ തയ്യാറായിട്ടില്ല. സഭയുടെ ആചാര്യന്മാരില്‍ പലരും ഇത് വിശ്വസിക്കുന്നില്ല എന്നതാണ് അതിനു കാരണം!

യേഹ്ശുവായുടെ വീണ്ടുംവരവ്, ആയിരം വര്‍ഷത്തെ ഭരണം, അന്തിമയുദ്ധം, അന്ത്യവിധി എന്നീ വിഷയങ്ങളില്‍ ഓരോ സഭകള്‍ക്കുമുള്ളത് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണെന്നു നമുക്കറിയാം. ചില സഭകളാകട്ടെ ഇവയെല്ലാം പുച്ഛിച്ചുതള്ളുന്നു. ക്രിസ്തുവിന്റെ വീണ്ടുംവരവിനെയും അന്ത്യവിധിയെയും സംബന്ധിച്ചുള്ള വിശ്വാസം കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെങ്കിലും, ഈ പ്രഖ്യാപനത്തിനു വിരുദ്ധമായ മറ്റുചില ആചാരങ്ങള്‍ സഭയിലുണ്ട്. വിശുദ്ധരെ പ്രഖ്യാപിക്കുന്ന പ്രഹസനമാണ് അവയിലൊന്ന്. അന്ത്യവിധി നടത്താന്‍ അവകാശമുള്ളത് തനിക്കു മാത്രമാണെന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ നിശ്ചയിക്കുന്ന ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിശുദ്ധരെ പ്രഖ്യാപിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കുകയും ചെയ്യുന്നത് വചനവിരുദ്ധമായ നിലപാടാണ്. താന്‍ മടങ്ങിവന്ന് തന്റെ ശിഷ്യന്മാരെ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകും എന്നാണ് യേഹ്ശുവായുടെ വാഗ്ദാനം. ക്രിസ്ത്യാനികള്‍ പ്രത്യാശ പുലര്‍ത്തേണ്ടത് അവിടുത്തെ വാഗ്ദാനങ്ങളിലാണ്. ആയതിനാല്‍, ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിശുദ്ധരുടെ സ്ഥാനം എവിടെയാണെന്ന് അന്ത്യവിധിയുടെ ദിവസം നമുക്കെല്ലാം നേരിട്ടുകാണാം.

ക്രിസ്തുവിന്റെ പുനരാഗമനം മുതല്‍ അന്ത്യവിധി വരെയുള്ള നാളുകളില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളില്‍ സഭാചാര്യന്മാരുടെ വിശ്വാസങ്ങളും പഠിപ്പിക്കലുകളും എന്തുതന്നെയായിരുന്നാലും, ബൈബിളില്‍ ഇക്കാര്യങ്ങള്‍ സ്പഷ്ടമാണ്. ആയതിനാല്‍, ബൈബിളിലെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യുകയെന്നതാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്ന ദൗത്യം!

പാപപരിഹാരാര്‍ത്ഥം ഒരിക്കല്‍ യേഹ്ശുവാ വന്നുവെന്ന് നമുക്കറിയാം. നാം ക്രിസ്ത്യാനികള്‍ ആയിരിക്കുന്നതുതന്നെ അതിനാലാണ്. എന്നാല്‍, ഇനി അവിടുന്ന് വരുന്നത് പാപപരിഹാരാര്‍ത്ഥമല്ലെന്നും, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കാണെന്നും ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു. അതായത്, യേഹ്ശുവായുടെ പുനരാഗമനത്തില്‍ വിശ്വസിക്കുകയും, അതിനായി ഒരുക്കത്തോടെ കാത്തിരിക്കുന്നവരുടെയും രക്ഷമാത്രമാണ് അവിടുത്തെ പുനരാഗമനത്തിന്റെ ലക്‌ഷ്യം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, നോഹിന്റെ കാലം ഇവിടെ പുനരാവിഷ്ക്കരിക്കപ്പെടും! നോഹിന്റെ കാലത്തു ജീവിച്ചിരുന്ന മനുഷ്യരുടെ മനോഭാവം എന്തായിരുന്നുവെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. യേഹ്ശുവായുടെ ഒരു പ്രഖ്യാപനം ശ്രദ്ധിക്കുക: "ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും. എന്നാല്‍, ആദ്യമേ അവന്‍ വളരെ കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.  നോഹിന്റെ ദിവസങ്ങളില്‍ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ് പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു"(ലൂക്കാ: 17; 24-27).

കഷ്ടതകള്‍ സഹിക്കേണ്ടതിനും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടേണ്ടതിനുമായി ഒരിക്കല്‍ യേഹ്ശുവാ വന്നെങ്കില്‍, ഇനി അവിടുന്ന് വരുന്നത് ഭൂമി മുഴുവന്റെയും രാജാവായി വാഴേണ്ടതിനാണ്. പെട്ടകം പണിത നോഹിനെ പരിഹസിച്ച സമകാലിക സമൂഹം അന്നുണ്ടായിരുന്നു. ക്രിസ്തുവിന്റെ വരവിനെ പ്രഘോഷിക്കുന്നവര്‍ക്കുനേരേ പരിഹാസ ശരങ്ങളുമായി നിലകൊള്ളുന്ന സമൂഹം ഇന്നുമുണ്ട്. ഇതാണ് നോഹിന്റെ കാലം പുനരാവിഷ്ക്കരിക്കപ്പെടുമെന്ന് പറഞ്ഞതിന്റെ പൊരുള്‍! ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളെ വെറും താമശയായി കാണുന്നവരില്‍ വിജാതിയര്‍ മാത്രമല്ല ഉള്ളത്; പുരാതന ക്രിസ്ത്യാനികള്‍ എന്ന് മേനിപറയുന്നവരും സഭകളിലെ ആചാര്യന്മാരും ഉണ്ട്. എന്നാല്‍, അറിവു ലഭിക്കാത്തതുമൂലം അജ്ഞതയില്‍ കഴിയുന്നവരും ആചാര്യന്മാരാല്‍ വഞ്ചിക്കപ്പെട്ടവരുമായ അനേകരുടെ അവസ്ഥകള്‍ പരിഗണിക്കാതിരിക്കാന്‍ മനോവയ്ക്കാവില്ല. ആയതിനാല്‍, വഞ്ചിക്കപ്പെട്ടവര്‍ക്കും അറിവു ലഭിക്കാത്തവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് ഈ ലേഖനം!

കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ ഉത്ഥിതനായ യേഹ്ശുവാ നാല്പതുനാള്‍ ശരീരത്തോടുകൂടി ഈ ഭൂമിയിലുണ്ടായിരുന്നു. അതിനുശേഷം ഒലിവുമലയില്‍നിന്ന് തന്റെ ശിഷ്യന്മാരുടെയും അനുയായികളുടെയും സാന്നിദ്ധ്യത്തില്‍ അവിടുന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്തു. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയില്‍നിന്നു മറച്ചു"(അപ്പ. പ്രവര്‍: 1; 9). അതിനുശേഷം സംഭവിച്ചത് എന്താണെന്നു നോക്കുക: "അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു : അല്ലയോ ഗെലീലെയാക്കാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ. പ്രവര്‍: 1; 10, 11). സ്വര്‍ഗ്ഗത്തിലേക്കു പോകുന്നത് എങ്ങനെയാണോ കണ്ടത്, അതുപോലെതന്നെ തിരിച്ചുവരും എന്ന് പ്രഖ്യാപിച്ചത് സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൂതന്മാരാണ്. അതിനാല്‍ത്തന്നെ, അവരിലൂടെ അറിയിക്കപ്പെട്ടത് സ്വര്‍ഗ്ഗത്തിന്റെ പ്രഖ്യാപനമായി കണക്കാക്കാം.

യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ ശിഷ്യന്മാരെ ഗ്രസിച്ചിരുന്ന ഒരു സംശയമുണ്ടായിരുന്നു. അവര്‍ അത് യേഹ്ശുവായ്ക്കു മുന്നില്‍ അവതരിപ്പിക്കുകയും അവിടുന്ന് അതിനു മറുപടി നല്‍കുകയും ചെയ്തു. അത് എന്താണെന്നു ശ്രദ്ധിക്കുക: "ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: ഗുരോ, അവിടുന്ന് യിസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല."(അപ്പ. പ്രവര്‍: 1; 6, 7). ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കാന്‍ ശിഷ്യന്മാര്‍ക്ക് മതിയായ കാരണമുണ്ട്. യിസ്രായേലിനു രാജാവായി ക്രിസ്തു -മ്ശിഹാ- വരും എന്നത് യെഹൂദരുടെയും യിസ്രായേല്‍ മുഴുവന്റെയും പ്രതീക്ഷയായിരുന്നു. മരണത്തെ തോല്പിച്ച് ഉത്ഥാനം ചെയ്തവനായ യേഹ്ശുവാ, യിസ്രായേലിന്റെ ഭരണം ഏറ്റെടുക്കുമെന്ന് അവര്‍ കരുതി. മാത്രവുമല്ല, യേഹ്ശുവാ മനുഷ്യനായി ജനിക്കുമെന്ന അറിയിപ്പുമായി കടന്നുവന്ന ഗെബ്രിയേല്‍ ദൂതന്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദൈവദൂതന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല"(ലൂക്കാ: 1; 30-33).

ഈ പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെ നടപ്പാകാത്ത അവസ്ഥയില്‍ ശിഷ്യന്മാര്‍ക്ക് നിരാശ തോന്നിയെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ക്രിസ്തുവില്‍നിന്നു യെഹൂദസമൂഹം പ്രതീക്ഷിക്കുന്നത് രാജ്യത്തിന്റെ പുനഃസ്ഥാപനമായിരിക്കെ, സാധാരണക്കാരായ യെഹൂദരില്‍നിന്നു വിളിക്കപ്പെട്ട ശിഷ്യന്മാര്‍ക്ക് തങ്ങളുടെ ആശങ്ക വെളിപ്പെടുത്താന്‍ അവകാശമുണ്ട്. യിസ്രായേലിന്റെ പുനഃസ്ഥാപനം അന്നുണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്ന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കാത്തതിന് അനേകം കാരണങ്ങളുണ്ട്. അവയില്‍ പ്രധാനകാരനമാണ് യേഹ്ശുവാ ശിഷ്യാന്മാരോടു പറഞ്ഞ മറുപടിയുടെ അടുത്തഭാഗത്തുള്ളത്. അതില്‍ നാം കാണുന്നത് ഒരു ദൗത്യം ഭരമേല്പിക്കലായിരുന്നു. അതായത്, സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല എന്ന് പറഞ്ഞതിനുശേഷം അവിടുന്ന് ഇപ്രകാരം പറഞ്ഞു: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. യെരുശലെമിലും യെഹൂദാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍: 1; 8). ആദ്യമായി അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കണം. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവരില്‍ വരുന്ന മാറ്റം അറിഞ്ഞതിനുശേഷം ദൗത്യത്തെക്കുറിച്ചു ചിന്തിക്കാം.

പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിയുമ്പോള്‍ ശക്തിപ്രാപിക്കുക മാത്രമല്ല, മറ്റുചില അനുഗൃഹങ്ങള്‍ക്കൂടി ലഭിക്കുന്നുണ്ട്. യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും - അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും, ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും"(യോഹ: 16; 8-11). പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യം ലഭിച്ചവരായി മാറുമ്പോള്‍, ഈ ബോധ്യം ലോകത്തെ അറിയിക്കാനുള്ള ദൗത്യമാണ് ശിഷ്യന്മാരില്‍ ഭരമേല്പിക്കപ്പെട്ടത്. അതായത്, ലോകം മുഴുവനിലും അവിടുത്തെ വചനം അറിയിക്കണം. നിത്യരക്ഷ പ്രാപിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ അറിയിച്ചതിനുശേഷമാണ് അവിടുത്തെ പുനരാഗമനം. എന്തെന്നാല്‍, യെഹൂദര്‍ ധരിച്ചുവച്ചിരുന്നതുപോലെ ചെറിയൊരു രാജ്യമല്ല ദൈവത്തിന്റെ പദ്ധതിയിലുള്ളത്. അതിര്‍ത്തികള്‍ വിശാലമാക്കപ്പെട്ട, ഭൂമിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന സാമ്രാജ്യമാണ്‌ യേഹ്ശുവായുടെ പദ്ധതിയിലുള്ള രാജ്യം! ഈ രാജ്യനിര്‍മ്മാണമാണ് ഓരോ ക്രിസ്ത്യാനിയും ഏറ്റെടുത്തിരിക്കുന്ന ദൗത്യം. യെരുശലെമിലോ യെഹൂദാ മുഴുവനിലുമോ ശെമരിയായിലോ ഒതുങ്ങിനില്‍ക്കുന്ന രാജ്യമല്ല അത്; മറിച്ച് ലോകത്തിന്റെ അതിര്‍ത്തികളാണ് അവിടുത്തെ രാജ്യത്തിന്റെ അതിര്‍ത്തികള്‍! ആയതിനാല്‍, സകല ജനതകളെയും രക്ഷ അറിയിക്കേണ്ടത് അനിവാര്യമാകുന്നു!

നാം അനേകം തവണ പരിശോധിച്ചിട്ടുള്ള ഈ വചനം ശ്രദ്ധിക്കുക: "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). യുഗാന്തംവരെ തുടരേണ്ടതായ ഈ ദൗത്യം നമ്മെ ഭരമേല്പിച്ചത് യേഹ്ശുവായുടെ നീതിപൂര്‍വ്വകമായ വിധിയുടെ ഭാഗമാണെന്നു നാം മനസ്സിലാക്കണം. സത്യത്തെ സംബന്ധിച്ച് അറിവില്ലാത്തവരായി ആരും ഈ ഭൂമുഖത്ത് ഉണ്ടായിരിക്കരുതെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. യേഹ്ശുവായുടെ പുനരാഗമനവും അന്ത്യവിധിയും മറച്ചുവയ്ക്കപ്പെടരുത്. നിയമത്തെ സംബന്ധിച്ചുള്ള അറിവ് ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹത്തെ ശിക്ഷിക്കുന്നത് അനീതിയാണെന്ന് നമുക്കുപോലും അറിയാം. അങ്ങനെയെങ്കില്‍, നീതിരാജാവായ നമ്മുടെ ദൈവം അനീതിനിറഞ്ഞ വിധി നടപ്പാക്കുകയില്ല. ആയതിനാല്‍, സകലരെയും സത്യം അറിയിക്കുന്നതുവരെ അവിടുത്തെ പുനരാഗമനം നീട്ടിവയ്ക്കേണ്ടിയിരിക്കുന്നു. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും"(മത്താ: 24; 14).

ഇവിടെ യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്ന കാര്യം വളരെ ഗൗരവമുള്ളതാണ്. എന്തെന്നാല്‍, അവിടുത്തെ രാജ്യം ഇവിടെ സ്ഥാപിതമാകണമെങ്കില്‍, സകല മനുഷ്യരും സുവിശേഷം അറിയണം. ഇത് അറിയിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു വിരമിക്കുകയും എല്ലാ മതങ്ങളിലും രക്ഷയുണ്ട് എന്ന പൈശാചിക സിദ്ധാന്തത്തിന്റെ പ്രചാരകരാകുകയും ചെയ്ത കോമരങ്ങളെ നമുക്കറിയാം. യേഹ്ശുവായുടെ വരവിനെയും അവിടുത്തെ രാജ്യസ്ഥാപനത്തെയും തടസ്സപ്പെടുത്തുന്ന സാത്താന്റെ ആത്മാവാണ് ഇവരെ ഭരിക്കുന്നത്. ഇന്നിവര്‍ രാമായണമാസവും ഇഫ്താര്‍ വിരുന്നും 'ഗോട്ടി' കളിയുമായി എന്തിനോവേണ്ടി തിളയ്ക്കുകയാണ്! ഇത് മനോവ വെറുതെ ആരോപിക്കുന്നതല്ല; തെളിവ് കാണണമെങ്കില്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! നാമിവിടെ കണ്ടത് സുവിശേഷം ഭരമേല്പിക്കപ്പെട്ട ഒരുപറ്റം ആചാര്യന്മാരുടെ 'ഗോട്ടി കളിയാണ്'!

യേഹ്ശുവായുടെ വചനത്തില്‍നിന്നു മനസ്സിലാക്കാനുള്ള മറ്റൊരു കാര്യംകൂടിയുണ്ട്. എന്തെന്നാല്‍, അതിനുശേഷം അന്ത്യം ആഗതമാകുമെന്ന് പറഞ്ഞിരിക്കുന്നത് ഭൂമി മുഴുവന്‍ നശിപ്പിക്കപ്പെടുന്ന അന്ത്യവിധിയെക്കുറിച്ചല്ല; മറിച്ച്, യുഗാന്തത്തെക്കുറിച്ചാണ്. ഈ യുഗം അവസാനിച്ച്, യേഹ്ശുവാ രാജാവായി വാഴുന്ന പുതിയ രാജ്യം ഈ ഭൂമിയില്‍ത്തന്നെ സ്ഥാപിക്കുന്നതാണ് പുതിയയുഗം! ശിഷ്യന്മാര്‍ യേഹ്ശുവായോടു ചോദിച്ചതും ഇക്കാര്യമാണ്. അവരുടെ ചോദ്യം നോക്കുക: "അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!"(മത്താ: 24; 3). ശിഷ്യന്മാരോടുള്ള മറുപടിയിലാണ്, എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും എന്ന സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.

യേഹ്ശുവായുടെ രാജ്യത്തിന്റെ സുവിശേഷം അറിയാത്തവരായി ഇന്ന് കോടാനുകോടി ജനങ്ങള്‍ ഉണ്ടെന്നുകണ്ട്, അവിടുത്തെ പുനരാഗമനം വൈകുമെന്ന് ആരും ധരിക്കരുത്. എന്തെന്നാല്‍, ക്രിസ്ത്യാനികളെ ഭരമേല്പിച്ച ദൗത്യത്തില്‍നിന്ന് അവര്‍ പിന്‍വലിഞ്ഞുവെങ്കില്‍, അവരെക്കാള്‍ ശക്തരായ ജനത്തെ ഈ ദൗത്യം ഏല്പിക്കുവാനും അത്യന്താധുനികമായ സംവീധാനങ്ങള്‍ അവര്‍ക്കുവേണ്ടി സ്ഥാപിക്കുവാനും അവിടുത്തേക്ക്‌ കാലത്തിന്റെയോ സമയത്തിന്റെയോ പരിമിതികള്‍ ഇല്ല! അതിനാല്‍, CMI സമൂഹവും മറ്റിതര സമൂഹങ്ങളും അവരുടെ 'ഗോട്ടി കളികള്‍' തുടരട്ടെ! എന്നിരുന്നാലും, ഈ പ്രവചനം ഓര്‍മ്മയിലുണ്ടായിരുന്നാല്‍ എല്ലാ ക്രിസ്ത്യാനികള്‍ക്കും നന്ന്! പ്രവചനമിതാണ്: "യാഹ്‌വെയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍! രക്തം ചൊരിയാതെ വാള്‍ അടക്കിവെക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍!"(യിരെമി: 48; 10). മലയാളം ബൈബിള്‍ പരിശോധിച്ചാല്‍ ഈ വചനത്തിന്റെ പരിഭാഷ അത്ര ശക്തമല്ല. ആയതിനാല്‍, യഥാര്‍ത്ഥ പരിഭാഷ ഇവിടെ കൊടുത്തിരിക്കുന്നു. രക്തം ചൊരിയാതെ വാള്‍ അടക്കിവയ്ക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് വചനമാകുന്ന വാളിന് വിശ്രമം നല്‍കുന്ന അവസ്ഥയെക്കുറിച്ചാണ്. അതായത്, വചനശുശ്രൂഷയില്‍നിന്നു വിരമിച്ച്, അവിടുത്തെ ജോലിയില്‍ ഉദാസീനരാകുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു വിവക്ഷ!

ഇതുവരെ നാം പരിശോധിച്ച കാര്യങ്ങളെ ചുരുക്കിയെഴുതാം. ഭൂമി മുഴുവന്റെയും രാജാവായി വാഴാനായി യേഹ്ശുവാ കടന്നുവരുമ്പോള്‍, അവിടുത്തെ രാജ്യത്തിന്റെ ഭാഗമാകാനുള്ള ജനതകളെ സജ്ജരാക്കുക എന്ന ഉത്തരവാദിത്വമാണ് ശിഷ്യരായ നമ്മില്‍ നിക്ഷിപ്തമായിരിക്കുന്നത്. തങ്ങളോട് അനീതി കാട്ടിയെന്ന് ഒരു സമൂഹവും പറയാന്‍ ഇടവരരുത് എന്നതുകൊണ്ടാണ് സകലരെയും അറിയിക്കാന്‍ അവിടുന്ന് നമ്മോടു പറഞ്ഞിരിക്കുന്നത്. നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നവരെ നമ്മോടുകൂടെ ചേര്‍ക്കുകയും, താത്പര്യമില്ലാത്തവരെ അവരുടെ വഴിക്ക് വിട്ടേക്കുകയും ചെയ്യുക! എന്നാല്‍, അറിയിക്കാനുള്ള ഉത്തരവാദിത്തം നാം നിറവേറ്റണം! ഈ വിളംബരം അവസാനിക്കുന്നിടത്ത് യേഹ്ശുവാ ഇറങ്ങിവരും!

ഇമ്മാനുവേല്‍ പ്രവചനം!

നമ്മില്‍ ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെടാതെപോയ ഒരു വചനമുണ്ട്. ചിലര്‍ ആ വചനത്തെ കാര്യമായെടുത്തിട്ടുണ്ടാകില്ല. മറ്റുചിലര്‍ വ്യാഖ്യാനം അന്വേഷിച്ചുവെങ്കിലും, ലഭിക്കാതെവന്നപ്പോള്‍ നിരാശരായിട്ടുണ്ടാകാം. പ്രവചനപരമായ ആ വചനം ഇതാണ്: "കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു യാഹ്‌വെ പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്"(മത്താ: 1; 22, 23). പ്രവചനഗ്രന്ഥംകൂടി നമുക്കു പരിശോധിക്കാം. ഇതാണ് പ്രവചനം: "അതിനാല്‍, യാഹ്‌വെതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും"(യേശൈയാഹ്: 7; 14). ഈ പ്രവചനം പൂര്‍ണ്ണമായി നാമിപ്പോള്‍ ചര്‍ച്ചചെയ്യുന്നില്ല; മറിച്ച്, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ചചെയ്യുന്നു. എന്നാല്‍, ഈ ലേഖനത്തിന്റെ തുടര്‍ ഘട്ടങ്ങളില്‍ എവിടെയെങ്കിലും ഈ പ്രവചനം ചര്‍ച്ചചെയ്യേണ്ടത് അനിവാര്യമായി വന്നാല്‍, അപ്പോള്‍ അവിടെ ഇത് ചര്‍ച്ചചെയ്യേണ്ടി വന്നേക്കാം. തത്ക്കാലം ഇമ്മാനുവേല്‍ പ്രവചനത്തിലേക്ക്‌ പ്രവേശിക്കുന്നു.

യഥാകാലം പൂര്‍ത്തിയാകേണ്ട ഒരു പ്രവചനം പൂര്‍ത്തിയായിട്ടില്ലെങ്കില്‍, അത് പൂര്‍ത്തിയാകാനുള്ള കാലം ഇനിയും വരാനിരിക്കുന്നതെയുള്ളുവെന്ന് നാം മനസ്സിലാക്കണം. മുപ്പത്തിമൂന്നു വര്‍ഷത്തോളം ഈ ഭൂമിയില്‍ ശരീരത്തോടെ വസിക്കുകയും തന്റെ ദൗത്യം നിര്‍വ്വഹിച്ചു കടന്നുപോവുകയും ചെയ്ത യേഹ്ശുവായെ, ആ കാലയളവില്‍ ഒരിക്കല്‍പ്പോലും 'ഇമ്മാനുവേല്‍' എന്ന് ആരും വിളിച്ചില്ല! അതായത്, ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്ന പ്രവചനം ഇന്നോളം പൂര്‍ത്തിയായിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. അങ്ങനെയെങ്കില്‍ യഥാകാലം പൂര്‍ത്തിയാകേണ്ട ഈ പ്രവചനം എന്ന് പൂര്‍ത്തിയാകും? പ്രവചനങ്ങളെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ മനസ്സിലാക്കിയതിനുശേഷം ഈ പ്രവചനം നിറവേറുന്നത് എപ്പോഴാണെന്നു ചിന്തിക്കാം. ഒരു പ്രവചനം നിറവേറുന്നത് ഏതെങ്കിലുമൊരു കാലത്ത് നടക്കുന്ന ഒരു സംഭവത്തില്‍ ആകണമെന്നില്ല. അതായത്, ഒരു പ്രവചനം പൂര്‍ത്തിയാകുന്നത് വ്യത്യസ്തമായ ഘട്ടങ്ങളിലായിരിക്കാം. ബൈബിളിലെ ഒട്ടുമിക്ക പ്രവചനങ്ങളുടെയും പൂര്‍ത്തീകരണം ഈ രീതിയിലാണ്. അതുപോലെതന്നെ, ഓരോ പ്രവചനങ്ങളിലും ഭൗതികവും ആത്മീയവുമായ രണ്ടുവശങ്ങള്‍ ഉണ്ടായിരിക്കും. യിസ്രായേലിന്റെ ഭൗതികമായ രക്ഷയും ആത്മീയമായ രക്ഷയുമാണ് ഈ രണ്ടുവശങ്ങള്‍! ഈ ലോകത്തു നല്കാനിരിക്കുന്ന അനുഗൃഹവും വരാനിരിക്കുന്ന നിത്യതയില്‍ പ്രാപിക്കേണ്ട അനുഗൃഹവും ഒറ്റ പ്രവചനത്തില്‍ മറഞ്ഞിരിപ്പുണ്ട്. അതായത്, പുരാതന യിസ്രായേലിന് ഭൗതികവും ആധുനിക യിസ്രായേലിന് ആത്മീയവും ആയിട്ടാണ് പല പ്രവചനങ്ങളും നിറവേറുന്നത്. ഇത് തിരിച്ചറിയാത്ത യെഹൂദ ആചാര്യന്മാര്‍ക്ക് യേഹ്ശുവയെ തിരിച്ചറിയാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. ക്രിസ്തുവില്‍ രൂപപ്പെടുന്ന പുതിയ യിസ്രായേലിനെ അവര്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് അത്!

പല ഘട്ടങ്ങളിലായാണ് ഒരു പ്രവചനം പൂര്‍ത്തിയാകുന്നതെന്നു മനോവ പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്ന ചില തെളിവുകള്‍ നമുക്കു പരിശോധിക്കാം. യേശൈയാഹ് പ്രവാചകന്‍ നടത്തിയ ഇമ്മാനുവേല്‍ പ്രവചനത്തില്‍ ചിലതെല്ലാം പല ഘട്ടങ്ങളിലായി പൂര്‍ത്തിയായെങ്കിലും, പലതും ഇനി പൂര്‍ത്തിയാകാനുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. ആഹാസ് യെഹൂദായുടെ രാജാവായിരുന്ന കാലത്ത് സിറിയയും യിസ്രായേലിലെ ഒരു ഗോത്രമായ യെഫ്രായിമും യെരുശലെമിനെതിരേ യുദ്ധത്തിനു വന്നു. ആ സംഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "സിറിയാ, യെഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്‍, കൊടുങ്കാറ്റില്‍ വനത്തിലെ വൃക്ഷങ്ങള്‍ ഇളകുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു"(യേശൈയാഹ്: 7; 2). ഈ അവസരത്തിലാണ് യേശൈയാഹ് പ്രവാചകന്‍ ആഹാസിനുവേണ്ടി പ്രവചനം നടത്തുന്നത്. ശത്രുക്കളുടെ ഉദ്യമം സാദ്ധ്യമാകുകയില്ലെന്ന് യേശൈയാഹ് പ്രവചിച്ചു. ഈ പ്രവചനത്തില്‍ വിശ്വസിക്കേണ്ടതിന് ഒരു അടയാളം ആവശ്യപ്പെടാന്‍ ആഹാസിനോട്‌ പറഞ്ഞുവെങ്കിലും അവനത് ആവശ്യപ്പെട്ടില്ല. അപ്പോള്‍, യാഹ്‌വെതന്നെ ഒരു അടയാളം അവനായി നല്‍കി. ആ അടയാളമായിരുന്നു ഇമ്മാനുവേല്‍ പ്രവചനം! 

പ്രവചനം ശ്രദ്ധിക്കുക: "അതിനാല്‍, യാഹ്‌വെതന്നെ നിനക്ക് അടയാളം തരും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ വെണ്ണയും തേനും ഭക്ഷിക്കും. നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള്‍ നിര്‍ജ്ജനമാകും. യെഹൂദായില്‍നിന്ന് യെഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ - അസ്‌സീറിയാരാജാവിന്റെ ഭരണംതന്നെ-യാഹ്‌വെ നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയും മേല്‍ വരുത്തും. അന്ന് ഈജിപ്തിലെ നദികളുടെ ഉദ്ഭവസ്ഥാനത്തുള്ള ഈച്ചകളെയും അസ്‌സീറിയാരാജ്യത്തെ തേനീച്ചകളെയും യാഹ്‌വെ വിളിച്ചുവരുത്തും. അവ ആഴമേറിയ മലയിടുക്കുകളിലും പാറയിടുക്കുകളിലും മുള്‍ച്ചെടികളിലും മേച്ചില്‍പ്പുറങ്ങളിലും വന്നുകൂടും. അന്ന് യാഹ്‌വെ നദിയുടെ അക്കരെനിന്നു കടംവാങ്ങിയ ക്ഷൗരക്കത്തികൊണ്ട് - അസ്‌സീറിയാരാജാവിനെക്കൊണ്ടുതന്നെ- തലയും കാലിലെ രോമവും താടിയും ക്ഷൗരം ചെയ്യും. ആ നാളില്‍ ഒരുവന്‍ ഒരു പശുക്കിടാവിനെയും രണ്ട് ആടുകളെയും വളര്‍ത്തും. അവ സമൃദ്ധമായി പാല്‍ നല്‍കുന്നതുകൊണ്ട് അവന്‍ വെണ്ണ ഭക്ഷിക്കും; ആ ദേശത്ത് അവശേഷിക്കുന്നവരും വെണ്ണയും തേനും ഭക്ഷിക്കും. ആദിനത്തില്‍ ആയിരം ഷെക്കല്‍ വെള്ളി വിലവരുന്ന ആയിരം മുന്തിരിച്ചെടികള്‍ വളര്‍ന്നിരുന്ന സ്ഥലങ്ങളില്‍ മുള്‍ച്ചെടികളും മുള്ളുകളും വളരും. ദേശം മുഴുവന്‍മുള്‍ച്ചെടികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ , അമ്പും വില്ലുമായിട്ടേ ആളുകള്‍ അവിടെ പ്രവേശിക്കുകയുള്ളു. തൂമ്പാകൊണ്ടു കിളച്ചിളക്കപ്പെട്ടിരുന്ന ആ കുന്നുകളില്‍ ഇന്നു മുള്ളും മുള്‍ച്ചെടിയും നിറഞ്ഞിരിക്കുന്നതിനാല്‍, നീ അവിടെ പ്രവേശിക്കുകയില്ല, അത് കന്നുകാലികളെ അഴിച്ചുവിടാനും ആടുകള്‍ക്കു മേയാനും ഉള്ള സ്ഥലമാകും"(യേശൈയാഹ്: 7; 14-25).

ഈ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന പശുവും ആടുകളും ഈച്ചകളും തേനീച്ചകളും കാലിലെ രോമവും മാത്രമല്ല, ക്ഷൗരക്കത്തിപോലും പ്രതീകങ്ങളാണ്. കൂടാതെ, പല ഘട്ടങ്ങളിലായി നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഈ പ്രവചനത്തിലെ കാര്യങ്ങളില്‍ പലതും സംഭവിച്ചത്. മാത്രവുമല്ല, പല പ്രവചനങ്ങളും ഇനിയും നിറവേറിയിട്ടില്ലാത്തതും നിറവേറേണ്ടതുമാണ്. ഒരുകാര്യംകൂടി നാം ചിന്തിക്കണം. എന്തെന്നാല്‍, 'കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും' എന്നത് ആഹാസ് രാജാവിനു നല്‍കിയ അടയാളമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ കാലത്ത് അതു സംഭവിച്ചിട്ടുണ്ട്. ഇതാണ് പ്രവചനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. യാഹ്‌വെ പറയാന്‍ കല്പിക്കുന്ന കാര്യങ്ങള്‍ പ്രവാചകന്‍ പറയുന്നു. പറയുന്നതിന്റെ പൊരുള്‍ എന്താണെന്നു പ്രവാചകനുപോലും ഒരുപക്ഷെ മനസ്സിലാകണമെന്നില്ല. യേശൈയാഹിലൂടെ ആഹാസിനോടു പറഞ്ഞ കാര്യങ്ങള്‍ അവന്റെ കാലത്തുതന്നെ അവനു ബോധ്യപ്പെട്ടു. യേഹ്ശുവായുടെ ജനനമോ യിസ്രായേലിനു ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളോ ആഹാസിനു ദൃഷ്ടാന്തമാകേണ്ടതില്ല. എല്ലാ പ്രവചനങ്ങളുടെയും കാര്യം ഇതുതന്നെയാണ്. തന്റെ ജീവിതത്തിലെ വേദനകള്‍ സങ്കീര്‍ത്തനങ്ങളായി ദാവീദ് ആലപിച്ചപ്പോള്‍ അവയില്‍ പലതും യേഹ്ശുവായെക്കുറിച്ചുള്ള പ്രവചനങ്ങളായി ഉയര്‍ത്തപ്പെട്ടു! തന്റെ വൈരികളാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ദാവീദില്‍നിന്നുയര്‍ന്ന രോദനങ്ങളാണ് യേഹ്ശുവായുടെ സഹനങ്ങളെ സംബന്ധിച്ചുള്ള പ്രവചനങ്ങളായത്!

യേശൈയാഹിന്റെ പ്രവചനത്തില്‍ പ്രതീകാത്മകമായി നല്‍കിയിരിക്കുന്ന സൂചനകളില്‍ പലതും ഭൗതികമായി യെഹൂദാരാജ്യത്തു സംഭവിക്കേണ്ട കാര്യങ്ങളാണ്. അവയെല്ലാംതന്നെ സംഭവിച്ചുകഴിഞ്ഞു. എന്നാല്‍, ഇതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്നത് നിത്യരക്ഷയെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ്. കന്യക ഗര്‍ഭംധരിച്ച് പുത്രനെ പ്രസവിക്കും എന്നത് നമുക്കുള്ള രക്ഷയുടെ പ്രവചനമാണെങ്കില്‍, ആഹാസിനു നല്‍കിയത് രാജ്യങ്ങളുടെ ജനനവും തകര്‍ച്ചയും ഉയര്‍ച്ചയും ഒക്കെയായിരുന്നു. ക്രിസ്തുവിനുശേഷം സംഭവിച്ച പലതും ഈ പ്രവചനത്തില്‍ വായിക്കാന്‍ കഴിയും. യിസ്രായേലും യെഹൂദായും നിര്‍ജ്ജനമായപ്പോള്‍, മുന്തിരിത്തോട്ടങ്ങള്‍ നിലനിന്ന സ്ഥലം കന്നുകാലികളുടെ മേച്ചില്‍പ്പുറവും, മുള്ളും മുള്‍ച്ചെടികളുംകൊണ്ട് നിറഞ്ഞ പ്രദേശവുമായി. ക്രിസ്തുവിനുശേഷം തുര്‍ക്കികളുടെ അധീനതയിലായപ്പോള്‍ സംഭവിച്ച കാര്യമാണിത്. അതായത്, ആഹാസിനുശേഷം പല നൂറ്റാണ്ടുകള്‍ അപ്പോഴേക്കും കടന്നുപോയിരുന്നു. അതുപോലെ, അബ്രാഹത്തിനു തന്റെ വാഗ്ദത്ത സന്തതിയെ സംബന്ധിച്ച് നല്‍കിയ അടയാളങ്ങളില്‍ ചിലത് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് നിറവേറിയത്. വാഗ്ദത്ത സന്തതിയുടെ തലമുറയില്‍നിന്നുള്ള ജനതയുടെ നാനൂറു വര്‍ഷത്തെ അടിമത്വവും പിന്നീടുള്ള മോചനവും കാണാന്‍ അബ്രാഹം ഉണ്ടായിരുന്നില്ല. വരാനിരിക്കുന്ന തലമുറകള്‍ക്കുവേണ്ടിയാണ് പ്രവചനങ്ങള്‍ നല്‍കുന്നത് എന്നതിന്റെ തെളിവാണ് ഇതെല്ലാം. പല ഘട്ടങ്ങളിലായിട്ടാണ് ഒരു പ്രവചനം പൂര്‍ത്തീകരിക്കപ്പെടുന്നത് എന്നതിന്റെ സ്ഥിരീകരണത്തിനാണ് നാമിത് പരിശോധിച്ചത്.

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനമല്ല ആഹാസിനുവേണ്ടി നടത്തിയത്. എന്നാല്‍, യേശൈയാഹ് ആഹാസിനുവേണ്ടി നടത്തിയ പ്രവചനത്തില്‍, യേഹ്ശുവായെക്കുറിച്ചുള്ള ഇമ്മാനുവേല്‍ പ്രവചനം മറഞ്ഞിരിപ്പുണ്ടായിരുന്നു. കന്യക ഗര്‍ഭംധരിച്ച് പുത്രനെ പ്രസവിച്ചപ്പോള്‍ അവനു നല്‍കാന്‍ സ്വര്‍ഗ്ഗം കല്പിച്ച നാമം ഇമ്മാനുവേല്‍ എന്നായിരുന്നില്ല. അവന് യേഹ്ശുവാ എന്ന് പേരിടണം എന്നാണ് ദൈവദൂതന്‍ കല്പിച്ചത്. ആ പേരില്‍ തന്നെയാണ് യേഹ്ശുവാ വിളിക്കപ്പെട്ടത്. എന്നാല്‍, കന്യകയുടെ ഉദരഫലമായ പുത്രന്‍, ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടണമെങ്കില്‍, ആ പേരിന്റെ അര്‍ത്ഥം യേഹ്ശുവായില്‍ പൂര്‍ത്തിയാകണം. അതായത്, ദൈവം നമ്മോടുകൂടെ എന്ന അര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടണമെങ്കില്‍, മനുഷ്യപുത്രനായി ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്നു വര്‍ഷങ്ങളില്‍ അതു സാധിക്കില്ല. ആയതിനാല്‍, യേഹ്ശുവായുടെ പുനരാഗമനത്തില്‍ പൂര്‍ത്തിയാകേണ്ട പ്രവചനമാണ് ഇമ്മാനുവേല്‍ പ്രവചനം! പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് പല ഘട്ടങ്ങളിലായാണ്. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന പ്രവചനം പൂര്‍ത്തിയായി. ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും എന്ന പ്രവചനം പൂര്‍ത്തിയാകാനുണ്ട്. അതുപോലെതന്നെ, യേഹ്ശുവായില്‍ പൂര്‍ത്തിയാകാനിരിക്കുന്ന പ്രവചനങ്ങള്‍ ഏതൊക്കെയാണെന്നു നാം കണ്ടു. അവ ഇതാണ്: "അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല"(ലൂക്കാ: 1; 32, 33).

ഈ ഭൂമിയില്‍ യേഹ്ശുവാ ജീവിച്ചതും മരിച്ചതും പരിപൂര്‍ണ്ണ മനുഷ്യാനായിട്ടാണെന്ന് അവിടുന്നുതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പസ്തോലന്മാരിലൂടെ പരിശുദ്ധാത്മാവും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, അബദ്ധങ്ങളുടെ കാര്യത്തില്‍ യാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന ചിലര്‍ സത്യത്തെ തമസ്ക്കരിക്കുകയും മനോവയില്‍ പിശാചുബാധ ആരോപിക്കുകയും ചെയ്യുന്നു! ദൈവത്തെ കൊല്ലാന്‍ മനുഷ്യനോ മറ്റാര്‍ക്കെങ്കിലും സാധിക്കില്ലെന്നു മാത്രമല്ല, ദൈവത്തിനു മരണവുമില്ല! അവിടുത്തേക്ക്‌ ആരംഭമോ അവസാനമോ ഇല്ല! മരിച്ചുയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ ദൈവമാണ്. ഒരേയൊരു ദൈവം മാത്രമേയുള്ളു; ആ ദൈവമാണ് യേഹ്ശുവാ! ഈ വിഷയത്തിലേക്ക് ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ മനോവ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്‍ ഈ ലേഖനം വായിക്കുക: ദൈവമായ യേഹ്ശുവായും മനുഷ്യനായ യേഹ്ശുവായും!

ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയാകണമെങ്കില്‍ യേഹ്ശുവാ തിരിച്ചുവരികയും നമ്മോടുകൂടെ ജീവിക്കുകയും വേണം. ആയിരം വര്‍ഷത്തെ ഭരണത്തിനുള്ള തുടക്കമായിരിക്കും അത്. അതായത്, ഉടന്‍ നിറവേറേണ്ടതായ പ്രവചനം അവിടുത്തെ തിരിച്ചുവരവാണ്. ഇപ്പോള്‍ ഈ ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം അവിടുത്തെ തിരിച്ചുവരവിനുള്ള ഒരുക്കങ്ങളാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, ദൈവത്തെയും ദൈവീകനിയമങ്ങളെയും നിഷേധിക്കുന്ന ആത്മാവിന്റെ പ്രവര്‍ത്തനം അതിന്റെ പൂര്‍ണ്ണഭാവത്തില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നു. മാത്രവുമല്ല, വലിയൊരു യുദ്ധത്തിന്റെ അന്ത്യഘട്ടത്തിലായിരിക്കും യേഹ്ശുവാ ഒലിവുമലയില്‍ ഇറങ്ങിവന്ന് നിലയുറപ്പിക്കുന്നത്. നോഹിന്റെ കാലത്തെ ജനങ്ങള്‍ എങ്ങനെയായിരുന്നുവോ, ആ അവസ്ഥയെ അതിലംഘിക്കുന്ന പ്രകടനം ഇന്നത്തെ ജനം നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാം അതിന്റെ പൂര്‍ണ്ണതയിലെത്തുകയും, സകല ജനതകളെയും സുവിശേഷം അറിയിക്കുകയും ചെയ്തതിനുശേഷം അവിടുന്ന് ഇറങ്ങിവരും! അത് അവിടുത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ മാത്രം രക്ഷയ്ക്കായിരിക്കും എന്നകാര്യം മറക്കരുത്. അതായത്, യേഹ്ശുവാ വന്നതിനുശേഷം അവിടുത്തെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യാമെന്നു ചിന്തിക്കുന്നവര്‍ ലജ്ജിതരാകും! ഇതു സ്ഥിരീകരിക്കുന്ന വചനമാണ് ആരംഭത്തില്‍ നാം വായിച്ചത്!

മുപ്പത്തിമൂന്നു വര്‍ഷത്തോളം ഈ ഭൂമിയില്‍ ജീവിച്ച യേഹ്ശുവാ, ദൈവം നമ്മോടുകൂടെ എന്ന അര്‍ത്ഥമുള്ള 'ഇമ്മാനുവേല്‍' എന്ന് ഒരിക്കല്‍പ്പോലും വിളിക്കപ്പെടാത്തതിന്റെ കാരണം  അന്വേഷിക്കാന്‍ ആരെങ്കിലും തയ്യാറായിട്ടുണ്ടോ? ഈ പ്രവചനം പൂര്‍ത്തിയാകാന്‍ ഇനി അധികം വൈകില്ല!

അവന്‍ ഒലിവുമലയില്‍ നിലയുറപ്പിക്കും!

"യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും"(സഖറിയാ: 14; 4). സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത യേഹ്ശുവായെ നോക്കിനില്‍ക്കുകയായിരുന്ന ശിഷ്യസമൂഹത്തെ ദൈവദൂതന്മാര്‍ ഓര്‍മ്മിപ്പിച്ചത് ഈ പ്രവചനമായിരുന്നു. യേഹ്ശുവാ തങ്ങളുടെ ദൃഷ്ടിയില്‍നിന്നു മറഞ്ഞത് എപ്രകാരമാണോ, അതുപോലെതന്നെ അവിടുന്ന് തിരികെ വരുന്നത് മനുഷ്യര്‍ കാണും. അതായത്, ചില 'ദൈവശാസ്ത്രജ്ഞന്മാര്‍' തങ്ങളുടെ യുക്തിയില്‍ ചിന്തിച്ചുകൂട്ടിയിരിക്കുന്നതുപോലെ, പ്രതീകാത്മകമായ ഒരു വരവല്ല അവിടുത്തെ തിരിച്ചുവരവ്! എന്നാല്‍, അവിടുത്തെ തിരിച്ചുവരവിനുമുമ്പ് അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ട് അവനുള്ളവരെയെല്ലാം അവന്‍ സ്വന്തമാക്കേണ്ടിയിരിക്കുന്നു!

എതിര്‍ക്രിസ്തു (ഈസാനബി) പ്രത്യക്ഷനാകുകയും അനേകരെ അവന്റെ അനുയായികളാക്കുകയും വേണം. നാമമാത്ര ക്രിസ്ത്യാനികളും യേഹ്ശുവായെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണതപ്രാപിക്കാത്തവരുമായ അനേകരെ അവന്‍ വഞ്ചിക്കും. ഇക്കാര്യം ദൈവത്തിന്റെ വചനം നമ്മെ അറിയിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും (മത്താ:24; 24). യേഹ്ശുവായും ഈസാനബിയും ഒരുവന്‍തന്നെയാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന അനേകം വ്യക്തികള്‍ ക്രൈസ്തവരുടെയിടയില്‍പ്പോലും ഇന്നുണ്ട്. ഇക്കൂട്ടരെയെല്ലാം എളുപ്പത്തില്‍ തന്റെ പക്ഷത്തു ചേര്‍ക്കാന്‍ എതിര്‍ക്രിസ്തുവിനു സാധിക്കും. എന്തെന്നാല്‍, ഈസാനബി തന്നെയാണ് എതിര്‍ക്രിസ്തു! ഇവിടെ നാം ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. എന്തെന്നാല്‍, ഒരുകാലത്തും സംഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള വലിയ അദ്ഭുതങ്ങളും അടയാളങ്ങളും ഇക്കാലത്ത് സംഭവിക്കും. അവയിലെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍പോലും അവിടേക്ക് നമ്മുടെ ശ്രദ്ധതിരിയാന്‍ പാടില്ല. എന്തെന്നാല്‍, മനുഷ്യന്റെ കണ്ണുകളെയും മറ്റെല്ലാ ഇന്ദ്രിയങ്ങളെയും മാത്രമല്ല, സ്വബോധത്തെപ്പോലും ബന്ദിയാക്കാനുള്ള കൗശലങ്ങളുമായാണ് അവന്‍ പ്രത്യക്ഷപ്പെടുന്നത്. ആയതിനാല്‍, ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രതപുലര്‍ത്തണം!

"അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും"(മത്താ: 24; 29, 30). യേഹ്ശുവായും പ്രവാചകന്മാരും നമ്മെ അറിയിച്ച അടയാളങ്ങള്‍ എല്ലാം സംഭവിച്ചതിനുശേഷം മാത്രമേ ക്രിസ്തുവിന്റെ പുനരാഗമനം ഉണ്ടാകുകയുള്ളു. അതിനാല്‍ത്തന്നെ, അതിനുമുമ്പ് ക്രിസ്തുവിന്റെ അടയാളത്തോടു സാമ്യമുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും അതിനെ സ്വീകരിക്കാന്‍ ആരും തയ്യാറാകരുത്. എന്തെന്നാല്‍, വ്യാജ ക്രിസ്തുമാരെക്കുറിച്ച് യേഹ്ശുവാതന്നെ നമുക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍, ലോകത്തു നടക്കുന്ന സംഭവവികാസങ്ങളെയെല്ലാം വചനത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കണം. ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റൊന്നുണ്ട് എന്നുകരുതാന്‍ നമുക്ക് രണ്ടാത്മാവില്ല! രണ്ടാമതൊരു അവസരവുമില്ല!

തൊട്ടുമുന്‍പ് നാം വായിച്ച വചനം ലോകാന്ത്യത്തെ സംബന്ധിച്ചുള്ളതല്ല; മറിച്ച്, യുഗാന്തത്തെയും ക്രിസ്തുവിന്റെ പുനരാഗമനത്തെയും സംബന്ധിച്ചുള്ളതാണ്. യേഹ്ശുവാ വന്ന് തന്റെ രാജ്യം സ്ഥാപിക്കുകയും ആയിരം വര്‍ഷം നീതിയോടെ അവിടുന്ന് ഭരിക്കുകയും ചെയ്തതിനുശേഷമായിരിക്കും ലോകാന്ത്യവും അന്ത്യവിധിയും സംഭവിക്കുന്നത്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും ക്രിസ്തുവിന്റെ രാജ്യത്തിനു സ്വീകാര്യരുമായ ജനത്തെ ലോകവും ലോകത്തിന്റെ ഭരണാധികാരിയും പീഡിപ്പിക്കുമ്പോള്‍, ആ പീഡനത്തിന്റെ അന്ത്യത്തില്‍ തന്റെ ജനത്തെ രക്ഷിക്കാന്‍ അവിടുന്ന് ഒലിവുമലയില്‍ ഇറങ്ങിവന്ന് നിലയുറപ്പിക്കും! ഈ പ്രവചനം നോക്കുക: "ഇതാ, യാഹ്‌വെയുടെ ദിനം, നിന്നില്‍നിന്ന് എടുത്ത മുതല്‍ നിന്റെ മുമ്പില്‍വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനം വരുന്നു. ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെരുശലെമിനെതിരേ യുദ്ധം ചെയ്യാന്‍ വരുത്തും. അവര്‍ പട്ടണം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അവമാനിക്കുകയും ചെയ്യും. നഗരത്തിന്റെ പകുതി പ്രവാസത്തിലേക്കു പോകും. എന്നാല്‍, ശേഷിക്കുന്ന ജനത്തെ നഗരത്തില്‍നിന്നു വിച്‌ഛേദിക്കുകയില്ല. യാഹ്‌വെ പുറപ്പെട്ട്‌ യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും"(ശെഖരിയാഹ്: 14; 1-3). ഈ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന യെരുശലെം ഒരു പ്രതീകമാണ്. ഭൗമികമായ യെരുശലെമിനെയും ആത്മീയമായ യെരുശലെമിനെയും നാമതില്‍ കാണണം. യെരുശലെമിന്റെ പ്രത്യേകത, ദൈവവചനങ്ങളെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മാത്രമേ നമുക്കു മനസ്സിലാകുകയുള്ളു.

യെരുശലെമിനെക്കുറിച്ച് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത് വിശുദ്ധനഗരമെന്നാണ്. യെരുശലെം വിശുദ്ധനഗരമാകുന്നത് ദൈവത്തിന്റെ ആലയം അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു മാത്രമാണ്. ഇന്ന് യെരുശലെമില്‍ ദൈവാലയമില്ലെന്നു മാത്രമല്ല, ഇനിയൊരു ദൈവാലയം സ്ഥാപിതമായാല്‍ അവിടെ ദൈവം വസിക്കുകയുമില്ല! എന്തെന്നാല്‍, ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ചുള്ള പഴയ നിര്‍വ്വചനം യേഹ്ശുവാ പുതുക്കി! അത് എന്താണെന്നു നോക്കുക: "നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും"(യോഹ: 2; 19). യേഹ്ശുവാ ഇവിടെ അരുളിച്ചെയ്തത് തന്റെ ശരീരമാകുന്ന ആലയത്തെ സംബന്ധിച്ചായിരുന്നു. എന്നാല്‍, മറ്റെല്ലാ പ്രവചനങ്ങളിലും എന്നപോലെ ഈ പ്രവചനത്തിലും രണ്ടു വിഷയങ്ങളാണ് അവതരിപ്പിച്ചത്. അത് അറിയണമെങ്കില്‍ ഈ വചനം ശ്രദ്ധിക്കുക: "യേഹ്ശുവാ ദൈവാലയം വിട്ടുപോകുമ്പോള്‍ ദൈവാലയത്തിന്റെ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നുവല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും"(മത്താ: 24; 1, 2). ഇന്ന് യെരുശലെമില്‍ ഒരു ദൈവാലയമില്ല; ഇനി ഒരു ദൈവാലയത്തിന്റെ പ്രസക്തി അവിടെ ഇല്ലെന്നതാണ് അതിനു കാരണം. ക്രിസ്തുവിന്റെ ബലി പൂര്‍ത്തിയായതിനുശേഷവും, മൃഗബലി നടത്തുന്നതിനെ സ്വര്‍ഗ്ഗമോ സ്വര്‍ഗ്ഗത്തിലെ ദൈവമോ അംഗീകരിക്കുന്നില്ല. എന്നേക്കുമുള്ള ബലിയാണ് യേഹ്ശുവാ അര്‍പ്പിച്ചത്. ഇനി അവിടുത്തെ ശിഷ്യസമൂഹം അര്‍പ്പിക്കേണ്ടത് അഹറോന്റെ ക്രമപ്രകാരമുള്ള ബലിയല്ല; മറിച്ച്, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള ക്രിസ്തുവിന്റെ ബലിയുടെ സ്മരണയാണ്‌. പെസഹാ ആചരിച്ചപ്പോള്‍ അവിടുന്ന് അത് സ്ഥിരീകരിച്ചു!

യെരുശലെമിലെ ദൈവാലയത്തിനു പകരമായി നിര്‍മ്മിച്ച അവിടുത്തെ ആലയമാണ് സഭ! ക്രിസ്തുവാണ്‌ ആ സഭയുടെ മൂലക്കല്ലും ശിരസ്സും! കേപ്പാ എന്ന പാറയിലാണ് ഈ സഭ പണിയപ്പെട്ടിരിക്കുന്നത്! അതുപോലെതന്നെ, യേഹ്ശുവായുടെ നാമത്തില്‍ ദൈവമക്കളായി മാറുന്ന ഓരോരുത്തരും ദൈവാലയങ്ങളായി മാറുകയും ചെയ്യുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: "നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?"(1 കോറി: 3; 16). ഒരു വെളിപ്പെടുത്തല്‍ക്കൂടി പരിശോധിച്ചതിനുശേഷം വിശദാംശങ്ങളിലേക്ക് കടക്കാം. "നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും"(2 കോറി: 6; 16). ഇതില്‍നിന്നു നാം എന്തു മനസ്സിലാക്കണം? ക്രിസ്ത്യാനികളായിരിക്കുന്ന നാമോരോരുത്തരും ദൈവത്തിന്റെ ആലയങ്ങളാണ് എന്ന വെളിപ്പെടുത്തലാണ് ഇവിടെ നടത്തിയിരിക്കുന്നത്. ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്നത് യെരുശലെമിലാണെന്നു നമുക്കറിയാം. യെരുശലെമിലല്ലാതെ മറ്റൊരിടത്തും ദൈവത്തിന് ആലയം നിര്‍മ്മിക്കരുത് എന്ന നിയമം മോശയിലൂടെ നല്‍കപ്പെട്ടിട്ടുള്ളത് നമുക്കറിയാം. ആ വചനമിതാണ്: "തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്. നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു യാഹ്‌വെ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹനബലിയര്‍പ്പിക്കുകയും ഞാന്‍ ആജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുവിന്‍"(നിയമം: 12; 13, 14).

ഒരു വചനംകൂടി നോക്കുക: "നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും. അപ്പോള്‍ തന്റെ നാമം സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും സമര്‍പ്പണങ്ങളും യാഹ്‌വെയ്ക്കു നേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെ കൊണ്ടുവരണം"(നിയമം: 12; 10, 11). ദൈവാലയം സ്ഥാപിക്കാന്‍ ദൈവം അനുവദിച്ച സ്ഥലത്താണ് ശലോമോന്‍ അവിടുത്തേക്ക്‌ ആലയം നിര്‍മ്മിച്ചത്. ഇനി വിഷയത്തിലേക്കു കടക്കാം. ദൈവാലയം സ്ഥിതിചെയ്യുന്നത് യെരുശലെമിലാണെങ്കില്‍, നാമാകുന്ന ദൈവാലയം സ്ഥിതിചെയ്യുന്നതും യെരുശലെമില്‍ത്തന്നെ! അതായത്, നാമായിരിക്കുന്നതും കേപ്പായുടെമേല്‍ സ്ഥാപിതവുമായ സഭയാണു യെരുശലെം! അന്ത്യകാല സംഭവങ്ങളുമായി ബന്ധപ്പെട്ട് യെരുശലെം എന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നതെല്ലാം കത്തോലിക്കാസഭയെ സംബന്ധിച്ചാണ്. എന്തെന്നാല്‍, എല്ലാ അടയാളങ്ങളും വിരല്‍ചൂണ്ടുന്നത് കത്തോലിക്കാസഭയിലേക്കു മാത്രമാണ്. അന്ത്യകാലത്തെ സംബന്ധിക്കുന്ന ഏതൊരു പ്രവചനം പരിശോധിച്ചാലും ഈ സത്യം മനസ്സിലാക്കാന്‍ സാധിക്കും. കത്തോലിക്കാസഭയോടുള്ള ഒടുങ്ങാത്ത പകയുമായി നടക്കുന്ന സ്വകാര്യസഭകള്‍, യെരുശലെമില്‍ ദൈവാലയം നിര്‍മ്മിക്കുന്നതും ചുവന്ന പശുവിനെ ദഹിപ്പിക്കുന്നതും നോക്കിയിരിക്കുകയാണ്!

കത്തോലിക്കാസഭയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് യെരുശലെമും ദൈവാലയവും എന്നത് സ്ഥിരീകരിക്കുന്ന ചില തെളിവുകള്‍ക്കൂടി പരിശോധിച്ചതിനുശേഷം അടുത്ത ഭാഗത്തേക്കു കടക്കാം. എതിര്‍ക്രിസ്തു വന്നുകഴിയുമ്പോള്‍ അവന്‍ സ്ഥാനംപിടിക്കുന്നത് ദൈവാലയത്തിലാണെന്നും, യെരുശലെമിന്റെ കോട്ടകളെ അവന്‍ മലിനമാക്കുമെന്നും ബൈബിള്‍ പറയുന്നുണ്ട്. അതുപോലെ, അവന്‍ ചെയ്യുന്ന മറ്റൊരുകാര്യം ശ്രദ്ധിക്കുക: "അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍: 11; 31). ഇത് അന്ത്യകാലത്തേക്കുള്ള പ്രവചനമാണ്. നിരന്തരദഹനബലി നിര്‍ത്തലാക്കണമെങ്കില്‍, അങ്ങനെയൊരു ബലി നിലവിലുണ്ടായിരിക്കണം. യെരുശലെമില്‍ ദൈവാലയമോ ബലിയര്‍പ്പണമോ ഇല്ലാതായിട്ട് രണ്ടായിരം വര്‍ഷമാകാന്‍ പോകുന്നു. അഥവാ, ഇനി അവിടെ ബലി ആരംഭിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്താലും ദൈവത്തെ അത് ബാധിക്കുന്നില്ല. എന്തെന്നാല്‍, അങ്ങനെയുള്ള ബലികളുടെ സാധുതതന്നെ നഷ്ടപ്പെട്ടതാണ്. നിരര്‍ത്ഥകമായ ഒരു ചടങ്ങ് നിര്‍ത്താലാക്കുന്നതിനെ സംബന്ധിച്ച് ഇത്രത്തോളം ഗൗരവത്തോടെ പ്രവചിക്കേണ്ട ആവശ്യമില്ലെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാകും. യെരുശലെമില്‍ കാളയെ ബലിയര്‍പ്പിച്ചാല്‍ അതിനുകാലാവധി കഴിഞ്ഞ മരുന്നിന്റെ പ്രാധാന്യമേ കല്പിക്കേണ്ടതുള്ളു!

ഇവിടെയാണ്‌ കത്തോലിക്കാസഭയുടെ പ്രാധാന്യം വെളിപ്പെടുന്നത്. എന്തെന്നാല്‍, ഇന്ന് ഈ ഭൂമുഖത്ത് നിരന്തരദഹനബലി അര്‍പ്പിക്കുന്ന സഭയുടെങ്കില്‍ അത് കത്തോലിക്കാസഭ മാത്രമാണ്! കുര്‍ബ്ബാന അര്‍പ്പിക്കുന്ന മറ്റുചില സഭകളുണ്ടെങ്കിലും, എല്ലാ ദിവസവും ബലിയര്‍പ്പിക്കണം എന്ന നിയമം കത്തോലിക്കാസഭയില്‍ മാത്രമേയുള്ളു! ആയതിനാല്‍, കത്തോലിക്കാസഭയില്‍ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതാണ് അന്ത്യകാല ലക്ഷണം! കത്തോലിക്കാസഭയുടെ ആധികാരികത വ്യക്തമാക്കുന്ന ലേഖനത്തിന്റെ 'ലിങ്ക്' ഇവിടെ ചേര്‍ത്തുകൊണ്ട് അടുത്തഭാഗത്തേക്കു കടക്കുന്നു.

യേഹ്ശുവായുടെ തിരിച്ചുവരവിനു മുന്‍പ് കത്തോലിക്കാസഭയില്‍ സ്ഥാപിക്കപ്പെടേണ്ട വിനാശത്തിന്റെ അശുദ്ധലക്ഷണം ഇപ്പോള്‍ത്തന്നെ സ്ഥാനംപിടിച്ചു കഴിഞ്ഞു. വിനാശകനെ എതിരേല്ക്കാനുള്ള ഒരുക്കങ്ങളാണ് വത്തിക്കാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. യേഹ്ശുവായുടെ പുനരാഗമനത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ചുമതലയേറ്റവര്‍ ഇപ്പോള്‍ എതിര്‍ക്രിസ്തുവിനെ സന്നദ്ധസേവകരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയില്‍ കടന്നുകൂടുന്ന അവന്‍, അവിടെ വരുത്തുന്ന പരിഷ്ക്കാരങ്ങള്‍ എന്തൊക്കെയാണെന്നു നോക്കുക: "നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെ മേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനി: 9; 27). എല്ലാ ദിവസവും കുര്‍ബ്ബാന അര്‍പ്പിക്കുന്നതുകൊണ്ടു കാര്യമില്ലെന്നു മുന്‍പൊരിക്കല്‍ ഫ്രാന്‍സീസ് നടത്തിയ ജല്പനയുമായി ഈ പ്രവചനത്തെ ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. അവസാനകാലങ്ങളില്‍ സംഭവിക്കാനിരിക്കുന്ന പ്രവചനങ്ങള്‍ വായിക്കുമ്പോള്‍ ഫ്രാന്‍സീസിന്റെ മുഖവും ചെയ്തികളും ഓര്‍മ്മവരുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്! ഈ പ്രവചനം ശ്രദ്ധിക്കുക: "അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ആഘോഷദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും"(ദാനി: 7; 25). ഈ പ്രവചനത്തിലൂടെ നാലു വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നാലു വിഷയങ്ങളും ഫ്രാന്‍സീസില്‍ പൂര്‍ണ്ണമാകുന്നു എന്നത് ജാഗ്രതയോടെ നാം മനസ്സിലാക്കണം.

പരിണാമ സിദ്ധാന്തത്തെ അനുകൂലിച്ചുകൊണ്ട് ഫ്രാന്‍സീസ് നടത്തിയ പ്രസ്താവനതന്നെ അത്യുന്നതനെതിരേയുള്ള ദൂഷണമായിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളെ ആദരിച്ചതിലൂടെ, സോദോം-ഗോമോറാ ദേശങ്ങളെ നശിപ്പിച്ച ദൈവത്തെ ഫ്രാന്‍സീസ് വെല്ലുവിളിക്കുകയാണു ചെയ്തത്. ദൈവത്തിന്റെ ജനത്തെ പീഡിപ്പിക്കാന്‍ കിരാതരായ നരഭോജികളെ സിറിയയില്‍നിന്ന് യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്തതും ഇയാളാണ്. അപ്പസ്തോലിക സഭയില്‍ നിലനിന്നിരുന്ന വിശുദ്ധനിയമങ്ങള്‍ ഇയാള്‍ സാത്താനുവേണ്ടി മാറ്റിയെഴുതാന്‍ പലവട്ടം ശ്രമിച്ചു. ഫ്രാന്‍സീസ് നടത്തുന്ന പരിഷ്ക്കാരങ്ങളെല്ലാം എതിര്‍ക്രിസ്തുവിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ്! റോമിനെ ശത്രുവിന്റെ കരങ്ങളില്‍ ഏല്പിച്ചുകൊടുക്കുക എന്നതാണ് ഫ്രാന്‍സീസ് എന്ന ആന്റി പോപ്പിന്റെ ദൗത്യം! അത് ഈ മനുഷ്യന്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. എതിര്‍ക്രിസ്തുവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളുടെ മറ്റൊരു അടയാളമാണ് സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന അവസ്ഥ. ആരെല്ലാമാണ് എതിര്‍ക്രിസ്തു എന്ന മൃഗത്തെ അനുഗമിക്കുന്നതെന്നു നോക്കുക: "വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെ ആരാധിക്കും"(വെളി: 13; 8). ഫ്രാന്‍സീസിന്റെ ആരാധകരുടെ ബാഹുല്യം കാണുമ്പോള്‍ പ്രവചനങ്ങള്‍ നിറവേറുന്നത് മനസ്സിലാക്കാന്‍ സാധിക്കും. എതിര്‍ക്രിസ്തുവിന്റെ മറ്റൊരടയാളം ശ്രദ്ധിക്കുക: "തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും"(ദാനിയേല്‍: 11; 39). ഇന്ന് വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. തന്നെ എതിര്‍ക്കുന്നവരെ പുറത്താക്കുകയും, സ്തുതിപാഠകര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നതിന്റെ അടയാളമാണ്! എല്ലാ അടയാളങ്ങളും ഇവിടെ കുറിക്കണമെങ്കില്‍ കുറഞ്ഞത്, ദാനിയേല്‍, ശെഖരിയാഹ്, വെളിപാട് എന്നീ പുസ്തകങ്ങള്‍ പൂര്‍ണ്ണമായും പകര്‍ത്തേണ്ടതായി വരും. ആയതിനാല്‍, യേഹ്ശുവായുടെ തിരിച്ചുവരവിനെ സംബന്ധിക്കുന്ന അടുത്ത ഘട്ടത്തിലേക്കു കടക്കാം.

യേഹ്ശുവായുടെ തിരിച്ചുവരവിനുമുമ്പ് യേലിയാഹും മോശയും വരേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയില്‍ മ്ലേച്ഛത സ്ഥാപിക്കപ്പെടുകയും, ക്രിസ്തുവിന്റെ നിയമങ്ങളില്‍നിന്നു പൂര്‍ണ്ണമായി വ്യതിചലിക്കുകയും ചെയ്യുമ്പോള്‍, തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വെണ്മയുള്ളതാക്കി സൂക്ഷിക്കുന്ന വിശ്വാസികള്‍ സഭയിലുണ്ടായിരിക്കും. ഇവരെ ശക്തിപ്പെടുത്താനും, സഭയിലെ ആചാര്യന്മാര്‍ക്ക് താക്കീത് നല്‍കാനുമാണ് അവര്‍ വരുന്നത്. എന്നാല്‍, സഭയിലെ ആചാര്യന്മാര്‍ യേലിയാഹിനെയും മോശയെയും അനുസരിക്കാന്‍ കൂട്ടാക്കുകയില്ല. മോശയും യേലിയാഹും വരുന്നതിനു മുന്‍പുതന്നെ ഇവരുടെ ദൗത്യത്തിന് വഴിയൊരുക്കാന്‍ അനേകരെ ദൈവം സഭയില്‍നിന്നുതന്നെ ഉയര്‍ത്തും. യേലിയാഹിന്റെ  തീക്ഷ്ണതയും മോശയുടെ ധൈര്യവും അഭിഷേകമായി പ്രാപിച്ചിട്ടുള്ള അനേകര്‍ ഇന്ന് സഭയില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ദൈവജനത്തെ അവര്‍ പ്രബോധനങ്ങളിലൂടെ ഒരുക്കിക്കൊണ്ടിരിക്കുന്നു. മനോവയും ഈ ശുശ്രൂഷയുടെ ഭാഗമായി നിലകൊള്ളുകയാണ്. മോശയും യേലിയാഹും വരികയും വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മ്ലേച്ഛത അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോഴായിരിക്കും.

ഈ പ്രവചനം ശ്രദ്ധിക്കുക: "നാല്പത്തിരണ്ടു മാസം അവര്‍ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും. ചാക്കുടുത്ത് ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും. അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്. അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും. സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ത്ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്. ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്മാര്‍. മൂന്നരദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു. സ്വര്‍ഗ്ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കെ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി"(വെളി: 11; 2-12).

തങ്ങളുടെ പ്രവചനകാലത്ത് മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടച്ചത് യേലിയാഹിന്റെ പ്രാര്‍ത്ഥനയിലൂടെയാണെന്നും ജലാശയങ്ങളെ രക്തമാക്കി മാറ്റിക്കൊണ്ട് അടയാളം കാണിച്ചത് മോശയാണെന്നും നമുക്കറിയാം. അതുകൊണ്ടുതന്നെ, അന്ത്യകാലത്ത് വരാനിരിക്കുന്ന പ്രവാചകന്മാരെ, അവര്‍ പ്രവര്‍ത്തിക്കുന്ന അടയാളങ്ങളിലൂടെ ആരെല്ലാമാണെന്നു തിരിച്ചറിയാന്‍ സാധിക്കും. ഈ പ്രവചനംകൂടി പരിശോധിക്കുക: "യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും"(മലാക്കി: 4; 5, 6). ദൈവം അയയ്ക്കുന്ന പ്രവാചകന്മാരെ കേള്‍ക്കാനും അനുസരിക്കാനും തയ്യാറാകാത്ത സകലരെയും ഉന്മൂലനംചെയ്യാനാണ് യേഹ്ശുവാ (യാഹ്‌വെ) വരുന്നത്. തിരിച്ചുവരവിന്റെ ദിനത്തില്‍ യേഹ്ശുവായില്‍നിന്നു ശത്രുക്കള്‍ കാരുണ്യം പ്രതീക്ഷിക്കരുത്. എന്തെന്നാല്‍, അവിടുത്തെ സ്വീകരിക്കാന്‍ മുന്‍പേതന്നെ ഒരുക്കത്തോടെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയാണ് അവിടുന്ന് തിരിച്ചുവരുന്നത്. അത് ശത്രുക്കള്‍ക്ക് പ്രതികാരത്തിന്റെ ദിനമായിരിക്കും. യേഹ്ശുവാ യാഹ്‌വെതന്നെയാണ് എന്ന് വിശ്വസിക്കുന്നവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും! യാഹ്‌വെതന്നെയാണ് യേഹ്ശുവാ എന്ന് വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നവര്‍ക്ക് ആ ദിനത്തില്‍ അവിടുന്ന് സ്ഥിരീകരണം നല്‍കും. ഇതാ, ഈ പ്രവചനം ശ്രദ്ധിക്കുക്കുക: "യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും"(ശെഖരിയാഹ്: 14; 9).

യേഹ്ശുവായുടെ ഭരണം ആരംഭിക്കുന്നതിനുമുമ്പ് എല്ലാ ശത്രുക്കളെയും അവിടുന്ന് പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യും. ക്രിസ്തുവിന്റെ രാജ്യം സ്ഥാപിക്കപ്പെടുന്നതിനു മുന്‍പുള്ള അവസാനത്തെ യുദ്ധമായിരിക്കും അത്. ഇവിടെയാണ്‌ 'ഗോഗ് - മഗോഗ്' എന്നീ പേരുകള്‍ പ്രസക്തമാകുന്നത്. ഇതിനെ സംബന്ധിച്ച് അനേകം പ്രചരണങ്ങള്‍ ലോകത്ത് ഇപ്പോള്‍ത്തന്നെ നടക്കുന്നുണ്ട്. 'പ്രൊട്ടസ്റ്റന്റ്' സമൂഹങ്ങളാണ് ഈ വിഷയത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. തെറ്റിദ്ധാരണയും ഭയവും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്ന പ്രചാരകരാണ്‌ ഇവരിലധികവും. മാത്രവുമല്ല, തങ്ങള്‍ക്ക് അനഭിമതരായ ജനതകളെയും സമൂഹങ്ങളെയും എതിര്‍ക്രിസ്തുവിന്റെ പക്ഷത്തു ചേര്‍ത്തുനിര്‍ത്താന്‍ ഇവര്‍ എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കൂട്ടരുടെ സാമ്പത്തിക സ്രോതസ് അമേരിക്കയായതുകൊണ്ട്, അമേരിക്കയുടെയും യിസ്രായേലിന്റെയും എതിര്‍പക്ഷത്തുള്ള സകലരെയും ഇവര്‍ എതിര്‍ക്രിസ്തുവിന്റെ ആളുകളായി പരിഗണിക്കുന്നു. റഷ്യയെ ഇവര്‍ ഗോഗും മഗോഗും ആക്കിയത് ഇക്കാരണത്താലാണ്! റഷ്യയും അമേരിക്കയും ഭായി-ഭായി ആകുന്നപക്ഷം വെളിപാട് പുസ്തകത്തിനു പുതിയ വ്യാഖ്യാനവും നിലപാടുകളില്‍ മാറ്റവും പ്രതീക്ഷിക്കാവുന്നതാണ്! യെഹൂദരാണ് ഇസ്രായേല്‍ എന്ന അബദ്ധധാരണയിലാണ് പെന്തക്കോസ്തു വിഭാഗങ്ങള്‍ ഇന്നും ഉറച്ചുനില്‍ക്കുന്നത്. ക്രിസ്ത്യാനിയായി എന്നതിലുള്ള സന്തോഷത്തിനപ്പുറം, യെഹൂദരാകാന്‍ കഴിയാത്തതിലുള്ള നിരാശയിലാണ് ഇവരില്‍ പലരും! ഇക്കാര്യത്തിലൂടെ മുന്നോട്ടുപോകാതെ, ക്രിസ്തുവിന്റെ രാജ്യം സ്ഥാപിക്കുന്നതിനു മുന്‍പ് നടക്കാനിരിക്കുന്ന മഹായുദ്ധത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് പ്രവേശിക്കാം.

'ഗോഗ് - മഗോഗ്'!

യെഹൂദരെയും അമേരിക്കയെയും ഇവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും നന്മയുടെ പക്ഷത്തും, ഇവരുടെ എതിര്‍പക്ഷത്തുള്ള സകലരെയും തിന്മയുടെ പ്രതീകങ്ങളായും വ്യാഖ്യാനിക്കുന്ന നിലപാടുകളെ അപ്പാടെ തള്ളിക്കളയാത്തപക്ഷം എതിര്‍ക്രിസ്തുവിന്റെ സ്തുതിപാഠകരായി എണ്ണപ്പെടുമെന്ന ഓര്‍മ്മപ്പെടുത്തലോടെ അന്ത്യകാല യുദ്ധത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കാം. 'ഗോഗ് - മഗോഗ്' എന്നീ സൂചനകളെ ഏതെങ്കിലും പ്രത്യേക വംശങ്ങളെയോ ഗോത്രങ്ങളെയോ രാജ്യങ്ങളെയോ പ്രതിനിധാനം ചെയ്യുന്ന പദങ്ങളായി പരിഗണിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ വ്യാഖ്യാനമാണ്. എന്തെന്നാല്‍, ഇവ ഏതെങ്കിലും വംശത്തെയോ രാജ്യത്തെയോ സൂചിപ്പിക്കുന്ന പ്രതീകങ്ങളല്ല. പ്രവാചകകാലത്തെ യിസ്രായേലിലും യെഹൂദായിലുമാണ് പ്രവാചകന്മാരും പ്രവചനങ്ങളും ഉണ്ടായിരുന്നതെന്ന് നമുക്കറിയാം. നാം മുന്‍പ് പഠിച്ചതുപോലെ, ഓരോ പ്രവചനങ്ങളും അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും വരാനിരിക്കുന്ന നിത്യജീവന്റെ വിഷയങ്ങളെയും ചേര്‍ത്തുവച്ചാണ് നടത്തിയിട്ടുള്ളത്. പ്രവാചകന്മാര്‍ മനസ്സില്‍ ചിന്തിക്കാത്തതും അവരുടെ ബുദ്ധിക്ക് അപ്രാപ്യവുമായ കാര്യങ്ങള്‍ അവര്‍ പ്രവചിച്ചിട്ടുണ്ട്. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകുമെന്ന് കേപ്പാ പറഞ്ഞത് ഇതിന്റെയൊരു തെളിവാണ്!

'ഗോഗ് - മഗോഗ്' എന്നിവ എന്താണെന്ന് ആദ്യം പരിശോധിക്കാം. സൃഷ്ടിയുടെ പുസ്തകത്തില്‍ നോഹിന്റെ മക്കളുടെ ചരിത്രം കുറിച്ചിരിക്കുന്നിടത്ത് വായിക്കുന്ന ഒരു പേരാണ് 'മഗോഗ്' എന്നത്! നോഹിന്റെ മൂന്നു പുത്രന്മാരില്‍ ഒരുവനായിരുന്ന യാഫെത്തിന്റെ പുത്രനാണ് മഗോഗ്. ബൈബിള്‍ നല്‍കുന്ന ചരിത്രസൂചന ശ്രദ്ധിക്കുക: "യാഫെത്തിന്റെ പുത്രന്മാര്‍: ഗോമര്‍, മഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്"(സൃഷ്ടി: 10; 2). നമുക്ക് ആവശ്യമുള്ളതുമാത്രം ഈ ലേഖനത്തിനുവേണ്ടി പരിഗണിച്ചാല്‍, യാഫെത്തിന്റെയും ഹാമിന്റെയും സഹോദരനായ ഷേമിന്റെ തലമുറയിലാണ് അബ്രാഹം ജനിക്കുന്നത്. അബ്രാഹത്തില്‍നിന്നുള്ള യിസഹാക്കിന്റെ പുത്രനായ യാക്കോബില്‍നിന്നാണ് ദൈവജനം ഉണ്ടായതെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, സമകാലികരായ മറ്റെല്ലാ സമൂഹങ്ങളും വിജാതിയരാണെന്നു നമുക്കു മനസ്സിലാക്കാം. അതായത്, സമകാലികരായ മറ്റെല്ലാ സമൂഹങ്ങളെയുംപോലെ മഗോഗില്‍നിന്നുള്ള ജനതയും വിജാതിയരാണ്. യാക്കോബിന്റെ മക്കളും തിരഞ്ഞെടുക്കപ്പെട്ട ദൈവജനവുമായ യിസ്രായേലിനോട് എതിരിടുകയോ അവരെ അടിമകളാക്കി പീഡിപ്പിക്കുകയോ അവരെ സഹായിക്കാതിരിക്കുകയോ ചെയ്തിട്ടുള്ള എല്ലാ ജനതകളെയും അവര്‍ ശത്രുക്കളായി പരിഗണിച്ചിരുന്നു. ഇന്ന് അമേരിക്ക - യെഹൂദ പക്ഷത്തിന്റെ എതിര്‍ചേരിയിലുള്ളവരെ പെന്തക്കോസ്തുകള്‍ ശത്രുപക്ഷത്തു നിര്‍ത്തിരിക്കുന്നതുപോലെ!

എന്നാല്‍, അബ്രാഹത്തിന്റെ സന്തതികളും യാക്കോബിന്റെ നാമത്തിലുള്ള ജനതയുടെ ഭാഗവുമായി ഏതൊരു വംശത്തിനും മാറാന്‍ സാധിക്കുമെന്ന യാഥാര്‍ത്ഥ്യം പലരും വിസ്മരിക്കുന്നു. ഇക്കാര്യത്തില്‍ ഇന്നും അന്നും വ്യത്യാസമില്ല. ഈ വാഗ്ദാനം ശ്രദ്ധിക്കുക: "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും"(സൃഷ്ടി: 12; 3). അബ്രാഹത്തിനു യാഹ്‌വെ നല്‍കിയ വാഗ്ദാനമാണിത്. അബ്രാഹത്തിന്റെ ദൈവത്തില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും വംശ-ഗോത്ര-ഭാഷാ ഭേദമെന്യേ ദൈവജനത്തിന്റെ ഭാഗമാകാന്‍ കഴിയും. അത് ഈ ഭൂമുഖത്തിന്റെ ഏത് കോണില്‍ ജീവിക്കുന്നു എന്നത് പരിഗണിക്കപ്പെടാതെതന്നെയാണ്! അതിനാല്‍ത്തന്നെ, രാജ്യത്തിന്റെ അതിര്‍ത്തികള്‍ പരിഗണിച്ചുകൊണ്ടല്ല ഒരുവന്‍ അനഭിമതനോ അഭിമതനോ എന്നു നിശ്ചയിക്കുന്നത്. അവന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തെ അടിസ്ഥാനമാക്കി അവന്റെ സ്വീകാര്യത നിശ്ചയിക്കപ്പെടുന്നു. രക്ഷിക്കപ്പെടുന്നവരെ നിശ്ചയിക്കുന്നതും ഇങ്ങനെതന്നെയാണ്. എന്തെന്നാല്‍, ബൈബിള്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നു: "യെഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേഹ്ശുവാ മ്ശിഹായില്‍ ഒന്നാണ്"(ഗലാത്തി: 3; 28). അങ്ങനെയെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ടവരെ നിശ്ചയിക്കുന്നത് രാജ്യത്തിന്റെയോ വന്‍കരകളുടെയോ അതിര്‍ത്തികള്‍ പരിഗണിച്ചല്ല.

അതിനാല്‍ത്തന്നെ, 'ഗോഗ് - മഗോഗ്' എന്നിവ വെറും പ്രതീകങ്ങള്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പരാമര്‍ശം ബൈബിളില്‍ കുറിക്കപ്പെട്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. യാക്കോബിന്റെ സന്തതികളുടെയിടയിലാണ് പ്രവാചകന്മാര്‍ പ്രവചിച്ചതെന്നു നാം കണ്ടു. അതുപോലെതന്നെ, ഈ ജനത പലപ്പോഴായി പ്രവാസത്തിലേക്കു പോകുകയോ അടിമകളാക്കപ്പെടുകയോ മറ്റു ജനതകളാല്‍ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ടെന്നും നാം മനസ്സിലാക്കി. അപ്പോഴൊക്കെ ദൈവജനത്തിനിടയിലേക്ക് പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടു. ഇവര്‍ പ്രവചിച്ചപ്പോള്‍ ജനങ്ങള്‍ക്കു ഗ്രഹിക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവരുടെ വൈരികളെ പ്രതീകമാക്കാന്‍ പ്രവാചകന്മാര്‍ക്കു സന്ദേശം നല്‍കിയത് ദൈവമാണ്. തങ്ങള്‍ പരിത്യജിച്ച സത്യദൈവത്തിലേക്കും മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളിലേക്കും മടങ്ങിവരാന്‍ തയ്യാറായാല്‍ സകല ശത്രുക്കളുടെമേലും വിജയം നല്‍കാന്‍ യാഹ്‌വെ തയ്യാറാകുമെന്നും, അല്ലാത്തപക്ഷം ശത്രുക്കള്‍ക്ക് അവരെ ഏല്പിച്ചുകൊടുക്കും എന്നുള്ളതുമായിരുന്നു എല്ലാ പ്രവചനങ്ങളുടെയും ഒരുവശം! അതുകൊണ്ടുതന്നെ, അവരുടെ ശത്രുക്കളെ പ്രതിനായകസ്ഥാനത്തു നിര്‍ത്തിയുള്ള പ്രവചനങ്ങള്‍ അനിവാര്യമായി വന്നു.

എന്നാല്‍, യിസ്രായേലിന്റെ പൂര്‍ണ്ണതയായ ആധുനിക യിസ്രായേല്‍ രൂപീകരിക്കപ്പെട്ട ഈ കാലഘട്ടത്തിലും പഴയ പ്രതീകങ്ങളെ വാച്യാര്‍ത്ഥത്തില്‍ എടുത്താല്‍ അപകടം സംഭവിക്കും. കാരണം, ഭൂമിയിലെ സകല രാജ്യങ്ങളിലും ഗോത്രങ്ങളിലും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട അവിടുത്തെ ജനമായ യിസ്രായേലുണ്ട്! മാത്രവുമല്ല, രാജ്യങ്ങളുടെ സഖ്യസമവാക്യങ്ങളില്‍ ഇരുട്ടിവെളുക്കുമ്പോഴേക്കും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടുമിരിക്കുന്നു! ആയതിനാല്‍, 'ഗോഗ് - മഗോഗ്' എന്നത് ക്രിസ്തീയ വിരുദ്ധതയുടെ പ്രതീകങ്ങളായി മാത്രം കണ്ടാല്‍മതി! എല്ലാ രാജ്യങ്ങളിലും ഗോത്രങ്ങളിലും ഈ വിഭാഗങ്ങളുണ്ട്! നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിന്റെ അന്ത്യത്തില്‍, നന്മയുടെമേല്‍ തിന്മ വിജയിക്കുന്ന ഘട്ടം വരുമ്പോഴാണ് യേഹ്ശുവാ തന്റെ ജനത്തിനുവേണ്ടി ഇറങ്ങിവരുന്നത്. ലോകരാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ പക്ഷംപിടിക്കാന്‍ വരുന്നതാണ് യേഹ്ശുവാ എന്ന് ചിന്തിക്കരുത്. എല്ലാ രാജ്യങ്ങളിലും ദൈവമക്കള്‍ ഉള്ളതുപോലെ ദൈവത്തിന്റെ ശത്രുക്കളുമുണ്ട്. ഇവിടെ രാജ്യമല്ല പ്രധാനം; മറിച്ച്, യേഹ്ശുവായെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന വ്യക്തികളുടെ മാത്രം രക്ഷയാണ്! യെഹൂദരില്‍ത്തന്നെ സ്വവര്‍ഗ്ഗഭോഗികളും ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളുടെ വക്താക്കളുമുണ്ട്. ഇവരുടെ സംരക്ഷകനായി യേഹ്ശുവാ വരുമെന്ന് പ്രചരണം നടത്തുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ ഇപ്പോഴും ഇരുട്ടില്‍ത്തപ്പുന്നവരാണ്!

ദൈവത്തിന്റെ ജനം എന്നാല്‍, ക്രിസ്ത്യാനികള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ക്കെങ്കിലും സാധിക്കണം! ക്രൈസ്തവനാമധാരികളെയല്ല മനോവ ഇവിടെ ഉദ്ദേശിച്ചത്; മറിച്ച്, സത്യദൈവത്തിന്റെ നാമം അറിയുകയും ആ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ ദൈവമക്കളെയാണ്! യേഹ്ശുവാ വന്നതിനുശേഷം അവിടുത്തെ വിശ്വസിക്കാമെന്നു കരുതുന്ന ആരെയും അവിടുന്ന് പരിഗണിക്കില്ല. യേലിയാഹിനെയും മോശയെയും മറ്റു ദൈവീക ശുശ്രൂഷകരെയും ഗൗനിക്കാത്തവര്‍ക്കുവേണ്ടി കാത്തിരിക്കുന്നത് അവിടുത്തെ ക്രോധമായിരിക്കുമെന്നു മറക്കരുത്. തന്റെ ജനത്തിന്റെ രക്ഷ എന്നത് യിസ്രായേലിന്റെ രക്ഷതന്നെയാണെങ്കിലും, യിസ്രായേല്‍ എന്നത് യെഹൂദരാണെന്നു ധരിക്കുമ്പോള്‍ തെറ്റുപറ്റും!

അവസാനയുദ്ധം രാജ്യങ്ങള്‍ തമ്മിലും വിശ്വാസങ്ങള്‍ തമ്മിലുമായിരിക്കുമെന്ന് നാം മനസ്സിലാക്കിയിരിക്കണം. ലോകമനുഷ്യന്‍ തിരിച്ചറിയുന്നതും ആശങ്കപ്പെടുന്നതും രാജ്യങ്ങള്‍ തമ്മില്‍ നടക്കാന്‍പോകുന്ന യുദ്ധത്തെക്കുറിച്ചാണ്. എന്നാല്‍, അതിന്റെ മറവില്‍ സംഭവിക്കാനിരിക്കുന്നത് സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും എതിരെയുള്ള കൊടിയ മര്‍ദ്ദനമായിരിക്കും. ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെ കേന്ദ്രീകരിക്കുമ്പോള്‍, ഈ രാജ്യങ്ങളിലെല്ലാം യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. എന്നാല്‍, ദൈവമായ യാഹ്‌വെ ശ്രദ്ധിക്കുന്നത് അതുമാത്രമായിരിക്കും. അവിടുന്ന് ഏകനായി ഒലിവുമലയില്‍ ഇറങ്ങിവരുന്നത്, വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്റെ പുനരാഗമനത്തെ പ്രതീക്ഷിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയായിരിക്കും. അവിടുന്ന് ശത്രുക്കളോടു പ്രതികാരം ചെയ്യുന്നത് എങ്ങനെയെന്നു നോക്കുക: "യെരുശലെമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരേ കൈയുയര്‍ത്തും. യെഹൂദാപോലും യെരുശലെമിനെതിരേ യുദ്ധം ചെയ്യും. ചുററുമുള്ള സകല ജനതകളുടെയും സമ്പത്ത് - ധാരാളം വെള്ളിയും സ്വര്‍ണ്ണവും വസ്ത്രങ്ങളും - ശേഖരിക്കപ്പെടും"(ശെഖരിയാഹ്: 14; 12-14).

ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, 'യെഹൂദാപോലും യെരുശലെമിനെതിരേ യുദ്ധം ചെയ്യും' എന്ന പ്രവചനമാണ് പ്രസക്തമാകുന്നത്. യെരുശലെം എന്നത് യെഹൂദായുടെ തലസ്ഥാനമാണെന്നു നമുക്കറിയാം. സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്തിനുനേരേ ആരെങ്കിലും ആക്രമണം നടത്തുമോ? നടത്തുമെന്ന് യാഹ്‌വെ പറഞ്ഞിട്ടുണ്ടെങ്കില്‍, അത് സംഭവിക്കുകതന്നെചെയ്യും. ഇവിടെയാണ്‌ യെഹൂദാ എന്ന രാജ്യവും അതിന്റെ തലസ്ഥാനമായ യെരുശലെമും വെറും പ്രതീകമാണെന്നു നാം ഗ്രഹിക്കേണ്ടത്. ഇത് കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടുള്ള പ്രവചനമായി തിരിച്ചറിയേണ്ടതും ഇവിടെയാണ്‌. യെരുശലെം എന്നത് ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന നഗരമാണെന്ന് നാം കണ്ടു. അതായത്, കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികളെ നാമമാത്ര ക്രിസ്ത്യാനികള്‍ അന്ന് ആക്രമിക്കും. അവരെ ഒറ്റിക്കൊടുക്കുകയും ചെയ്യും. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സത്യവിശ്വാസികളുടെ ശത്രുക്കള്‍ പുറത്തും അകത്തും സജ്ജീവമായിരിക്കും. എന്നാല്‍, അവരില്‍ ആരും അവശേഷിക്കുകയില്ല. എന്തെന്നാല്‍, ഇപ്രകാരം പ്രവചിക്കപ്പെട്ടിരിക്കുന്നു: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും"(ശെഖരിയാഹ്: 13; 8, 9).

ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക രാജ്യങ്ങളില്‍ മാത്രമായിരിക്കില്ല; മറിച്ച്, അവര്‍ ആയിരിക്കുന്ന രാജ്യങ്ങളില്‍ അവര്‍ സംരക്ഷിക്കപ്പെടും! ഈ പ്രവചനം ശ്രദ്ധിക്കുക: "യെരുശലെമിനെതിരേ വന്ന സര്‍വ്വ ജനതകളിലും അവശേഷിക്കുന്നവര്‍ സൈന്യങ്ങളുടെ രാജാവായ യാഹ്‌വെയെ ആരാധിക്കാനും കുടാരത്തിരുന്നാള്‍ ആചരിക്കാനും ആണ്ടുതോറും അവിടേക്കു വരും. ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ രാജാവായ യാഹ്‌വെയെ ആരാധിക്കാന്‍ യെരുശലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു മഴ ലഭിക്കുകയില്ല. ഈജിപ്ത് ഭവനം ആരാധിക്കാന്‍ വന്നില്ലെങ്കില്‍ കൂടാരത്തിരുന്നാള്‍ ആചരിക്കാന്‍ വരാത്ത ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി അവരുടെമേലും വരും"(ശെഖരിയാഹ്: 14; 16-18). യേഹ്ശുവായാല്‍ സംരക്ഷിക്കപ്പെട്ട ജനം എല്ലാ ദേശങ്ങളിലും ഉണ്ടായിരിക്കുമെന്നതിന്റെ ഉറപ്പാണ് ഈ പ്രവചനം. കൂടാരത്തിരുനാള്‍ ആഘോഷിക്കാന്‍ യെരുശലെമില്‍ വരണമെന്നു പറഞ്ഞാല്‍, സകല ദേശങ്ങളും യേഹ്ശുവായുടെ ചെങ്കോലിനു കീഴിലായിരിക്കുമെന്നും അത് അംഗീകരിക്കാത്ത ജനത്തെ ശിക്ഷിക്കുന്നത് മഹാമാരികളാല്‍ ആയിരിക്കുമെന്നുമുള്ള പ്രഖ്യാപനമാണ്. ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: "ഇതാ, യാഹ്‌വെയുടെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടുംകൂടെ അതു വരുന്നു"(യേശൈയാഹ്: 13; 9).

പുതിയ ആകാശവും പുതിയ ഭൂമിയും ആയിരം വര്‍ഷത്തെ ഭരണവും!

"യിസ്സൈയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. യാഹ്‌വെയുടെ ആത്മാവ് അവന്റെമേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്. അവന്‍ ദൈവഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല. ദരിദ്രരെ അവന്‍ ധര്‍മ്മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വ്വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കയ്യിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലംകൊണ്ടെന്നപോലെ ഭൂമി യാഹ്‌വെയെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും"(യേശൈയാഹ്: 11; 1-9).

ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയാകുന്നത് ഇവിടെയാണ്‌! യേഹ്ശുവായുടെ ഭരണകാലം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള മറ്റൊരു പ്രവചനം നോക്കുക: "ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്‌സില്‍ വരുകയോ ഇല്ല. ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. യെരുശലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു. യെരുശലെമിനെക്കുറിച്ചു ഞാന്‍ ആനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല. ശിശുക്കളോ ആയുസ്‌സു തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപലക്ഷണമായി പരിഗണിക്കും. അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും. അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്‌സ് വൃക്ഷത്തിന്റെ ആയുസ്‌സ് പോലെയായിരിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കും. അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ യാഹ്‌വെയാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും. വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരുംമുമ്പേ ഞാന്‍ അതു കേള്‍ക്കും. യാഹ്‌വെ അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല"(യേശൈയാഹ്: 65; 17-25).

യേഹ്ശുവായുടെ രാജ്യത്ത് ശാന്തിയും സമാധാനവും നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണവും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു"(വെളി: 20; 1-3). ഭൂമി മുഴുവന്റെയും രാജാവായി യേഹ്ശുവാ ഭരണം നടത്തുന്ന കാലത്തൊന്നും സാത്താന്‍ മോചിതനാവുകയില്ല. എന്നാല്‍, ഈ ഭരണം അവസാനിപ്പിക്കുമ്പോള്‍ അവനെ താത്ക്കാലികമായി അഴിച്ചുവിടേണ്ടിയിരിക്കുന്നു. ഈ അഴിച്ചുവിടല്‍ ഒരു ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്. എന്തെന്നാല്‍, വെള്ളിയെന്നപോലെ അഗ്നിശുദ്ധി വരുത്തുകയും സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കുകയും ചെയ്തതിനുശേഷമേ സ്വര്‍ഗ്ഗരാജ്യത്തേക്ക് ഒരുവനെ പ്രവേശിപ്പിക്കാന്‍ സാധിക്കുകയുള്ളു.

ഒരിക്കല്‍ സ്വര്‍ഗ്ഗവാസികളായിരുന്ന ദൂതന്മാരാണ് ഇന്ന് പിശാചുക്കളായി രൂപാന്തരപ്പെട്ടതെന്നു നമുക്കറിയാം. സ്വര്‍ഗ്ഗത്തിന്റെ ആധിപത്യം പിടിച്ചെടുക്കാനുള്ള ദുര്‍മ്മോഹമാണ് ഇവരെ ഇന്ന് ഈ അവസ്ഥയില്‍ എത്തിച്ചത്. അതുപോലെ, യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണകാലത്തും ദുര്‍മ്മോഹികള്‍ രൂപംകൊള്ളുകയും അസംതൃപ്തി ഉള്ളിലൊതുക്കി ജീവിക്കുകയും ചെയ്യും. ഇവര്‍ തങ്ങളുടെ നേതാവായി പിശാചിനെ പരിഗണിക്കുമ്പോള്‍ നെല്ലും പതിരും വേര്‍തിരിയപ്പെടും. ഈ പ്രവചനം ശ്രദ്ധിക്കുക: "എന്നാല്‍, ആയിരം വര്‍ഷം തികയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്നു മോചിതനാകും. ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളം ആയിരിക്കും. അവര്‍ ഭൂതലത്തില്‍ കയറിവന്നു വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്‌നിയിറങ്ങി അവരെ വിഴുങ്ങി. അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്‌നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും"(വെളി: 20; 7-10).

നാമിപ്പോള്‍ വായിച്ച പ്രവചനങ്ങളില്‍നിന്നു വെളിപ്പെടുന്ന പല വസ്തുതകളുണ്ട്. യേഹ്ശുവായുടെ ഭരണകാലത്തും ജനം വര്‍ദ്ധിച്ചു പെരുകും എന്നതാണ് ഒരുകാര്യം. അതായത്, ജനനനിരക്ക് കൂടുതലും മരണനിരക്ക് കുറവുമായിരിക്കും. നൂറു വയസ്സായ ഒരുവന്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കുമെന്നു വെളിപ്പെടുത്തുന്നു. ഇതിനെല്ലാമപ്പുറം വെളിപ്പെടുന്ന മറ്റൊരു വസ്തുത 'ഗോഗ്-മഗോഗ്' എന്നീ പ്രതീകങ്ങളുടെ കാര്യമാണ്. യേഹ്ശുവായുടെ ഭരണത്തിന്‍കീഴില്‍ ജീവിക്കുന്ന ജനതയില്‍ 'ഗോഗ്-മഗോഗ്' വിഭാഗങ്ങള്‍ ഉണ്ടാകണമെങ്കില്‍, പെന്തക്കോസ്തു വിഭാഗങ്ങള്‍ പറയുന്നതുപോലെ, റഷ്യയോ ചൈനയോ ഒന്നുമല്ല ഈ വിഭാഗം. അതായത്, 'ഗോഗ്-മഗോഗ്' എന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നത്, ദൈവത്തെയും ദൈവജനത്തെയും എതിര്‍ക്കുന്ന വിഭാഗം  എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്! യേഹ്ശുവായുടെ ഭരണം ആരംഭിക്കുന്നതിനു മുന്‍പും അവിടുത്തെ ഭരണത്തിന്റെ അന്ത്യത്തിലും ഉന്മൂലനം ചെയ്യപ്പെടുന്നത് ദൈവനിഷേധികളും സാത്താനെ അനുഗമിക്കുന്നവരുമായ ജനതകളെയാണ്. 'ഗോഗ് - മഗോഗ്' എന്നത് ഏതെങ്കിലും വംശമോ ഗോത്രമോ ദേശക്കാരോ അല്ലെന്നതിന് ഇതിനപ്പുറമുള്ള തെളിവുകള്‍ ആവശ്യമുണ്ടെന്നു കരുതുന്നില്ല!

അന്ത്യവിധിയെ സംബന്ധിച്ചുള്ള മറ്റു ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ വിരചിതമാണ്. ആയതിനാല്‍, സുദീര്‍ഘമായ ഈ ലേഖനം ഇവിടെ ഉപസംഹരിച്ചുകൊണ്ട് ഒരു പ്രവചനം ഇവിടെ കുറിക്കുന്നു: "ബേത്‌ലെഹെം- യെഫ്രാത്താ, യെഹൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും യിസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ, ഉള്ളവനാണ്. അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന്‍ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ യിസ്രായേല്‍ജനത്തിലേക്കു മടങ്ങിവരും. യാഹ്‌വെയുടെ ശക്തിയോടെ തന്റെ ദൈവമായ യാഹ്‌വെയുടെ മഹത്വത്തോടെ, അവന്‍ വന്ന് തന്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും"(മിക്കാ: 5; 2-4).

സഭ എടുക്കപ്പെടും!

സഭ എടുക്കപ്പെടും എന്ന പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 'പ്രോട്ടസ്റ്റന്റ്' സമൂഹങ്ങളാണ്. കത്തോലിക്കാസഭയിലെയും അപ്പസ്തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്ന മറ്റു സഭകളിലെയും വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ പ്രബോധനം എവിടെനിന്നും ലഭിക്കുന്നില്ല. എന്നാല്‍, സഭ എടുക്കപ്പെടും എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്! എന്നിരുന്നാലും, 'പ്രോട്ടസ്റ്റന്റ്' സമൂഹങ്ങള്‍ പറയുന്നതുപോലെ ആയിരിക്കില്ല ആ എടുക്കപ്പെടല്‍! വ്യത്യസ്തമായ രീതിയിലുള്ള പ്രചരണംമൂലം പെന്തക്കോസ്തു വിഭാഗങ്ങളുടെയിടയില്‍പ്പോലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ ആയിരം വര്‍ഷത്തെ ഭരണാനന്തരം പിശാചിനെ താത്ക്കാലികമായി അഴിച്ചുവിടുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത് നാം വായിച്ചിട്ടുണ്ട്. 'ഗോഗ്, മഗോഗ്' എന്ന പ്രതീകത്തിലൂടെ തിന്മയുടെ പക്ഷക്കാരെ നാം തിരിച്ചറിയുകയും ചെയ്തു. ഇവര്‍ പിശാചിനോട്‌ സന്ധിചെയ്യുന്ന ഘട്ടത്തിലാണ് സഭ എടുക്കപ്പെടുന്നത്! ആദിമസഭയുടെ ചൈതന്യത്തില്‍ നിലനില്‍ക്കുന്നവരായി അവശേഷിക്കുന്നവര്‍ മാത്രമാണ് അവിടുത്തെ സഭ! ഇപ്രകാരം ആത്മാവില്‍ പൂരിതരായ വ്യക്തികളെ ജീവനോടെത്തന്നെ സംവഹിക്കുന്നതിനെയാണ് സഭയുടെ എടുക്കപ്പെടല്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ദുഷ്ടരോടൊപ്പം ഭൂമിയെ നശിപ്പിക്കേണ്ടതിനാണ് വിശുദ്ധരെ വാനമേഘങ്ങളില്‍ സംവഹിക്കുന്നത്. അതിനുശേഷം ഭൂമിയെ അതിന്റെ ആകാശത്തോടൊപ്പം ദഹിപ്പിച്ചുകളയും!

ഈ പ്രവചനം ശ്രദ്ധിക്കുക: "യേഹ്ശുവായുടെ (യാഹ്‌വെ) ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 കേപ്പാ: 3; 10). പ്രവചനം ഇങ്ങനെ തുടരുന്നു: "ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍"(2 കേപ്പാ: 3; 12). ഇതാണ് സഭയുടെ എടുക്കപ്പെടല്‍!

അനുബന്ധ ലേഖനങ്ങള്‍!

നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! 

ഈസാനബി എന്ന എതിര്‍ക്രിസ്തു!

അന്ത്യവിധിയും അസ്ഥികളുടെ താഴ്വരയും!

അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!

ചുവന്ന നിറമുള്ള പശുവും യെരുശലേമിലെ ദൈവാലയവും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6663 views

LOG IN

Lost your password?

SIGN UP

LOST PASSWORD