24 - 03 - 2026 YouTube
‘ക്രിപ്റ്റോ’ (Crypto) എന്ന വാക്കിന്റെ ഉത്ഭവം ഗ്രീക്ക് ഭാഷയിലെ ‘ക്രിപ്റ്റോസ്’ (Kryptos) എന്ന വാക്കില്‍നിന്നാണ്. രഹസ്യമായത് (Secret), മറഞ്ഞിരിക്കുന്നത് (Hidden), അദൃശ്യമായത് (Invisible) എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വാക്ക്. മലയാളത്തിലെ ഈ മൂന്ന് വാക്കുകള്‍ക്കും അല്പംകൂടി വിശാലമായ വ്യാഖ്യാനം നല്‍കിയാല്‍ മാത്രമേ ശീര്‍ഷകത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുകയുള്ളു. Secret അഥവാ, രഹസ്യമായത് എന്ന വാക്കിന്റെ വിശാലമായ അര്‍ത്ഥം, എല്ലാവര്‍ക്കും കാണാന്‍ കഴിയാത്തവിധം മറച്ചുവെച്ചത് എന്നാണ്. ഒരു കവചത്തിനുള്ളിലോ, അല്ലെങ്കില്‍ മറ്റൊരു രൂപത്തിലോ ഒളിപ്പിച്ചിരുന്നത് എന്ന അര്‍ത്ഥമാണ് Hidden അഥവാ മറഞ്ഞിരിക്കുന്നത് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. Invisible അഥവാ അദൃശ്യമായത് എന്ന വാക്ക് സൂചിപ്പിക്കുന്നത് പുറമെനിന്ന് നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയാത്തതിനെയാണ്.
‘ക്രിപ്റ്റോ’ എന്ന വാക്കിന്റെ അര്‍ത്ഥമാണ് നാം ആമുഖമായി മനസ്സിലാക്കിയത്. വര്‍ത്തമാനകാലത്ത് ഈ വാക്കിന് പ്രചുരപ്രചാരം ലഭിച്ചത് ‘ക്രിപ്റ്റോ കറന്‍സി’യുമായി ബന്ധപ്പെട്ടാണ്. ലളിതമായി പറഞ്ഞാല്‍, നമ്മുടെ കയ്യിലുള്ള നോട്ടുകളോ നാണയങ്ങളോ പോലെ നേരിട്ട് തൊടാനോ കാണാനോ കഴിയാത്ത, ഇന്റര്‍നെറ്റില്‍ മാത്രം നിലനില്‍ക്കുന്ന ഡിജിറ്റല്‍ പണമാണ് ‘ക്രിപ്റ്റോ കറന്‍സി’. കറന്‍സിയുമായി ചേര്‍ത്തുവെച്ച് ഈ വാക്ക് നമുക്ക് സുപരിചിതമാണെങ്കിലും, ക്രിസ്തീയതയുമായി ചേര്‍ത്തുവെച്ച് ഈ വാക്ക് അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാല്‍, ക്രൈസ്തവ ആദ്ധ്യാത്മികതയില്‍ ‘ക്രിപ്റ്റോ’ എന്ന വാക്കിനുള്ളത് വളരെ വലിയ ബന്ധമാണ്. ഈ ബന്ധമാണ് നാമിവിടെ പഠനവിധേയമാക്കാന്‍ പോകുന്നത്.
‘ക്രിപ്റ്റോ ക്രൈസ്തവര്‍’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ‘ക്രിപ്റ്റോ’ എന്ന വാക്ക് സൂചിപ്പിക്കുന്നതുപോലെതന്നെ, മറഞ്ഞിരിക്കുന്ന, അല്ലെങ്കില്‍ രഹസ്യമായിരിക്കുന്ന വിശ്വാസികള്‍ യേഹ്ശുവായ്ക്കുണ്ട്. അങ്ങനെയുള്ള വിശ്വാസികളെയാണ് ‘ക്രിപ്റ്റോ ക്രൈസ്തവര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. യേഹ്ശുവായുടെ മനുഷ്യാവതാരകാലത്തും അപ്പസ്തോലന്മാരുടെ കാലത്തും ഇത്തരത്തില്‍ രഹസ്യശിഷ്യന്മാര്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. കുരിശുമരണത്തിനുശേഷം യേഹ്ശുവായുടെ ശരീരം സംസ്‌കരിച്ചത് അവന്റെ രഹസ്യശിഷ്യനായിരുന്ന ഹരമഥിംകാരന്‍ യോസെഫിന്റെ കല്ലറയിലായിരുന്നുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ലിഖിതം ശ്രദ്ധിക്കുക: “യെഹൂദരോടുള്ള ഭയം നിമിത്തം യേഹ്ശുവായുടെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന ഹരമഥിംകാരന്‍ യോസെഫ് യേഹ്ശുവായുടെ ശരീരം എടുത്തുമാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കി. അവന്‍ വന്ന് ശരീരം എടുത്തുമാറ്റി”(യോഹന്നാന്‍: 19; 38). ഈ രഹസ്യശിഷ്യന്‍ തനിക്കുവേണ്ടി നിര്‍മ്മിച്ച കല്ലറയിലാണ് യേഹ്ശുവായുടെ ശരീരം സംസ്ക്കരിച്ചതെന്ന് മത്തായി എഴുതിയ സുവിശേഷം വായിക്കുമ്പോള്‍ മനസ്സിലാകും. മത്തായിയുടെ വിവരണം നോക്കുക: “യോസെഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്‌കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി”(മത്തായി: 27; 59-60). ഹരമഥിംകാരന്‍ യോസെഫ് എന്നയാള്‍ യേഹ്ശുവായുടെ ഒരു രഹസ്യശിഷ്യനായിരുന്നുവെന്ന് ഇവിടെ വ്യക്തമാണ്. എന്തുകൊണ്ടാണ് അവന്‍ രഹസ്യശിഷ്യനായി ജീവിച്ചതെന്നും യോഹന്നാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് യെഹൂദരോടുള്ള ഭയം നിമിത്തമായിരുന്നു. യെഹൂദരോടും അവരുടെ നേതാക്കന്മാരായ ഫരിസേയരോടും പുരോഹിതന്മാരോടുമുള്ള ഭയം നിമിത്തം രഹസ്യശിഷ്യരായി കഴിഞ്ഞിരുന്ന പലരില്‍ ഒരുവനായിരുന്നു ഹരമഥിംകാരന്‍ യോസെഫ്.
എന്നാല്‍, സിനഗോഗില്‍നിന്ന് പുറത്താക്കപ്പെടുമെന്ന ഭയംമൂലം യേഹ്ശുവായില്‍നിന്ന് അകന്നുപോയവരും അക്കാലത്തുണ്ടായിരുന്നു. സുവിശേഷത്തില്‍ അവരെക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കുക: “എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്ന് ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല. ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു”(യോഹന്നാന്‍: 12; 42, 43). യേഹ്ശുവായെ അനുഗമിക്കുന്നവരെ മാത്രമല്ല, അവനെ പിന്തുണച്ച് സംസാരിക്കുന്നവരെപ്പോലും സിനഗോഗില്‍നിന്ന് പുറത്താക്കുന്ന സാഹചര്യം അന്ന് നിലനിന്നിരുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെ പറഞ്ഞത് യെഹൂദരെ ഭയന്നിട്ടാണ്. കാരണം, യേഹ്ശുവായെ മ്ശിയാഹ് എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്ന് പുറത്താക്കണമെന്ന് യെഹൂദര്‍ തീരുമാനിച്ചിരുന്നു”(യോഹന്നാന്‍: 9; 22).
യേഹ്ശുവായുടെ വചനം കേട്ടവരില്‍ത്തന്നെ മൂന്ന് വിഭാഗമുണ്ടായിരുന്നു. യേഹ്ശുവായുടെ വചനം കേട്ടമാത്രയില്‍ സകലതും ഉപേക്ഷിച്ച് അവനെ അനുഗമിച്ചവരാണ് ഒന്നാമത്തെ വിഭാഗം. അപ്പസ്തോലന്മാരും മഗ്ദലേഥ് മറിയവും അടക്കം നൂറിലധികംപേര്‍ ഈ വിഭാഗത്തില്‍ അന്നുണ്ടായിരുന്നു. ശിമെയോനും ആദ്യശിഷ്യന്മാരും യേഹ്ശുവായുടെ വിളിയോട് പ്രത്യുത്തരിച്ചത് എപ്രകാരമായിരുന്നുവെന്ന് നോക്കുക: “അവന്‍ ഗെലീലെയാക്കടല്‍ത്തീരത്ത് നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു - കേപ്ഫാ എന്ന് വിളിക്കപ്പെടുന്ന ശിമെയോനെയും സഹോദരന്‍ അന്ദ്രേയായെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. അവന്‍ അവരോട് പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു. അവര്‍ അവിടെനിന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ വേറെ രണ്ട് സഹോദരന്മാരെ കണ്ടു - സെബ്ദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്ന് വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു. തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു”(മത്തായി: 4; 18-22). ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇവരാണ്. സകലതും പരിത്യജിച്ച് യേഹ്ശുവായെ അനുഗമിച്ച ഇവര്‍ക്കാണ് കൂടുതല്‍ ശേഷ്ഠമായ പദവി ലഭിക്കുന്നത്.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവരെയാണ് ഇനി നാം പരിചയപ്പെടേണ്ടത്. ഈ ലേഖനത്തിന്റെ ശീര്‍ഷകം പ്രതിനിധീകരിക്കുന്നത് ഈ വിഭാഗത്തെയാണ്. അതായത്, നാം പരിചയപ്പെടാന്‍ പോകുന്ന രണ്ടാമത്തെ വിഭാഗമാണ് ‘ക്രിപ്റ്റോ ക്രൈസ്തവര്‍’! ക്രിപ്റ്റോ ക്രൈസ്തവരില്‍പ്പെടുന്ന ഒരുവനെ നാം മുന്‍പ് പരിചയപ്പെട്ടിരുന്നു. ഹരമഥിംകാരന്‍ യോസെഫ് ആണ് അവന്‍. യോസെഫിനെ കൂടാതെ മറ്റൊരു ‘ക്രിപ്റ്റോ’ ക്രിസ്ത്യാനിയെ ബൈബിളില്‍ നാം കാണുന്നുണ്ട്. അത് യേഹ്ശുവായെ രഹസ്യമായി രാത്രിയില്‍ സന്ദര്‍ശിച്ച നിക്കോദേമോനാണ്. ഈ ലിഖിതം ശ്രദ്ധിക്കുക: “ഫരിസേയരില്‍ നിക്കൊദേമോന്‍ എന്ന് പേരായ ഒരു യെഹൂദപ്രമാണിയുണ്ടായിരുന്നു. അവന്‍ രാത്രി യേഹ്ശുവായുടെ അടുത്തുവന്ന് പറഞ്ഞു: റബ്ബീ, നീ ദൈവത്തില്‍നിന്ന് വന്ന ഒരു ഗുരുവാണെന്ന് ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല”(യോഹന്നാന്‍: 3; 1, 2).
നിക്കൊദേമോനെ ഇവിടെ പരിചയപ്പെടുത്തുന്നത് യെഹൂദപ്രമാണിയായ ഒരു ഫരിസേയന്‍ എന്നാണ്. യെഹൂദരിലെ കാര്‍ക്കശ്യ നിലപാടുകാരായാണ് ഫരിസേയര്‍ അറിയപ്പെടുന്നത്. നിയമങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഫരിസേയര്‍ തയ്യാറാകില്ല. അങ്ങനെയുള്ള നിക്കൊദേമോന്‍ രാത്രിയിലാണ് യേഹ്ശുവായെ സന്ദര്‍ശിച്ചത്. പകല്‍ അവന്‍ തിരഞ്ഞെടുക്കാത്തത് യെഹൂദരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായിരുന്നു. ഫരിസേയനായ ഒരുവന്‍ യേഹ്ശുവായെ സന്ദശിച്ചുവെന്ന് മറ്റ് ഫരിസേയരോ നിയമജ്ഞരോ അറിഞ്ഞാല്‍ സിനഗോഗില്‍നിന്ന് അവന്‍ പുറത്താക്കപ്പെടും. അതിനാല്‍ നിക്കൊദേമോന്‍ രാത്രിയില്‍ രഹസ്യമായി യേഹ്ശുവായെ സന്ദര്‍ശിച്ചു. തന്നെ അനുഗമിക്കാന്‍ പറഞ്ഞപ്പോള്‍ വള്ളവും വലകളുമുപേക്ഷിച്ച് യേഹ്ശുവായെ അനുഗമിച്ച കേപ്ഫായെയും അന്ദ്രേയായെയും സെബ്ദിപുത്രന്മാരെയും പോലെ, തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ലൗകിക നേട്ടങ്ങളെ വിശ്വാസത്തെപ്രതി നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത അനേകരുടെ പ്രതിനിധിയായിരുന്നു നിക്കൊദേമോന്‍! എന്നാല്‍, യേഹ്ശുവായിലുള്ള വിശ്വാസം രഹസ്യമായി പിന്തുടരാന്‍ അവന്‍ തയ്യാറായി. മാത്രവുമല്ല, നിക്കൊദേമോന്റെ സന്ദര്‍ശനവേളയിലാണ് ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന സുപ്രധാന പ്രബോധനം യേഹ്ശുവാ നല്‍കിയത്.
യേഹ്ശുവായുടെ ശിഷ്യസമൂഹത്തിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയായി നിക്കൊദേമോനെ നമുക്ക് കാണാം. ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരെ അപേക്ഷിച്ച് താരതമ്യേന ശ്രേഷ്ഠത കുറഞ്ഞ വിഭാഗമാണ് ഇതെങ്കിലും, മൂന്നാമത്തെ വിഭാഗത്തെപ്പോലെ, ദൈവരാജ്യത്തില്‍നിന്ന് അകറ്റപ്പെട്ടവരായി രണ്ടാമത്തെ വിഭാഗത്തെ കാണാന്‍ സാധിക്കില്ല. അതിന്റെ കാരണമെന്താണെന്ന് മൂന്നാമത്തെ വിഭാഗത്തെ പരിചയപ്പെടുമ്പോള്‍ നമുക്ക് മനസ്സിലാകും.
മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്ന് ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല. ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു”(യോഹന്നാന്‍: 12; 42-43). നിക്കൊദേമോനും ഹരമഥിംകാരന്‍ യോസെഫും അടങ്ങുന്ന രണ്ടാമത്തെ വിഭാഗത്തില്‍നിന്ന് മൂന്നാമത്തെ വിഭാഗം എങ്ങനെയാണ് വേറിട്ട് നില്‍ക്കുന്നതെന്ന് പരിശോധിക്കാം. യേഹ്ശുവായിലുള്ള വിശ്വാസം രഹസ്യമായി പിന്തുടര്‍ന്നവരാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍. എന്നാല്‍, മൂന്നാമത്തെ വിഭാഗക്കാര്‍ തങ്ങളുടെ പഴയ ജീവിതരീതിതന്നെ പിന്തുടര്‍ന്നു. യേഹ്ശുവായാണ് മ്ശിയാഹ് എന്നറിഞ്ഞിട്ടും, ആ അറിവിനോട് ചേര്‍ന്നുനില്‍ക്കാതെ, തങ്ങളുടെ നേതാക്കന്മാരുടെ വാക്കുകള്‍ക്ക് കീഴ്പ്പെട്ട് നിത്യജീവനില്‍നിന്ന് അവര്‍ അകറ്റപ്പെട്ടു.
ഇത്തരത്തില്‍ നിത്യജീവനില്‍നിന്ന് സ്വയം അകന്നുപോയവര്‍ അന്നത്തേതിനേക്കാള്‍ അധികമായി ഇക്കാലത്തുണ്ട്. യേഹ്ശുവാ എന്ന സത്യദൈവത്തെ അറിഞ്ഞിട്ടും വ്യാജ മ്ശിയാഹിന്റെ പേര് വിളിച്ചപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാകുന്നു. യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തിലൂടെ മാത്രമേ അപ്പസ്തോലികസഭയുടെ ഭാഗമാകാനും ദൈവരാജ്യം അവകാശമാക്കാനും സാധിക്കുകയുള്ളുവെന്ന് അറിഞ്ഞിട്ടും ഇവര്‍ അതിന് തയ്യാറാകാത്തത് നേതാക്കന്മാരെ ഭയന്നാണ്. വിവാഹം, മൃതസംസ്കാരം തുടങ്ങിയ കാര്യങ്ങളാണ് ഇവരെ നിത്യജീവനില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. ദൈവരാജ്യത്തെക്കാള്‍ അധികമായി ഇവര്‍ തങ്ങളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശ്മശാനങ്ങളെ പരിഗണിക്കുന്നു. ഈ വിഷയം നമുക്ക് അതിന്റെ ക്രമത്തില്‍ പരിശോധിക്കാം. ഇപ്പോള്‍ നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തിലുള്ളവരെക്കുറിച്ചാണ്.
നിക്കൊദേമോനും ഹരമഥിംകാരന്‍ യോസെഫും അടങ്ങുന്ന രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ ഏതെങ്കിലും ഘട്ടത്തില്‍ ധൈര്യപൂര്‍വ്വം തങ്ങളുടെ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് പരസ്യമായി രംഗത്ത് വരും. യേഹ്ശുവായുടെ മരണശേഷം ശിഷ്യന്മാരെല്ലാം ഭയപ്പെട്ട് കഴിഞ്ഞപ്പോള്‍ ധൈര്യപൂര്‍വ്വം ഇറങ്ങിയത് ഹരമഥിംകാരന്‍ യോസെഫ് ആയിരുന്നു. അവന്റെ പ്രവൃത്തിയെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “അതിനാല്‍, വൈകുന്നേരമായപ്പോള്‍ ഹരമഥിംകാരന്‍ യോസെഫ് ധൈര്യപൂര്‍വ്വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേഹ്ശുവായുടെ ശരീരം ചോദിച്ചു”(മാര്‍ക്കോ: 15; 43). ഹരമഥിംകാരന്‍ യോസെഫിന്റെ ധൈര്യപൂര്‍വ്വമുള്ള പ്രവൃത്തി നമുക്കിവിടെ കാണാം. ഏത് ഘട്ടത്തിലാണ് ഒരു രഹസ്യശിഷ്യന്‍ ധൈര്യമവലംബിച്ച് പരസ്യമായി രംഗത്തിറങ്ങുന്നതെന്ന് പറയാന്‍ നമുക്ക് സാധിക്കില്ല. അവര്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയംവരെ അവര്‍ രഹസ്യവിശ്വാസികളായി തുടരും.
ഇവിടെ ഒരുകാര്യം നാം പ്രത്യേകം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരെയും മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരെയും തമ്മില്‍ തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല. അവരുടെ ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവത്തിന് മാത്രമേ അവര്‍ ഏത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. ആചാരാനുഷ്ഠാനങ്ങളില്‍നിന്നുപോലും അവരെ തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. കാരണം, മനുഷ്യരുടെ ദൃഷ്ടിയില്‍ അവര്‍ അന്യദൈവങ്ങളെ സേവിക്കുന്നവരായി ഒരുപക്ഷെ കാണപ്പെട്ടേക്കാം. ഇങ്ങനെയൊരുവനെ ബൈബിളിലെ പുരാതനഗ്രന്ഥങ്ങളില്‍ നാം പരിചയപ്പെടുന്നുണ്ട്. സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്ന നാമാനാണ് അത്. ധീരനും പരാക്രമിയുമായിരുന്ന അവന്‍ കുഷ്ഠരോഗിയായിരുന്നു. രാജാവിന് ഏറെ പ്രിയങ്കരനായിരുന്ന നാമാനെ സുഖപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് പ്രവാചകനായ യെലീശാ ആയിരുന്നു.
ആ സംഭവം വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച് അവന്‍ യോര്‍ദ്ദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖംപ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി. അവന്‍ ഭൃത്യന്മാരോടൊത്ത് ദൈവപുരുഷന്റെ അടുത്ത് തിരിച്ചുചെന്ന് പറഞ്ഞു: ഭൂമിയില്‍ യിസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു. നിന്റെ ദാസനില്‍നിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും. യെലീശാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന യാഹ്‌വെയാണേ, ഞാന്‍ സ്വീകരിക്കുകയില്ല. നാമാന്‍ നിര്‍ബ്ബന്ധിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല. അപ്പോള്‍ നാമാന്‍ പറഞ്ഞു: സ്വീകരിക്കുകയില്ലെങ്കില്‍ രണ്ട് കഴുതച്ചുമട് മണ്ണ് തരണമെന്ന് ഞാന്‍ യാചിക്കുന്നു. ഇനിമേല്‍ യാഹ്‌വെയ്ക്കല്ലാതെ മറ്റൊരു ദൈവത്തിനും നിന്റെ ദാസന്‍ ദഹനബലിയോ കാഴ്ചയോ അര്‍പ്പിക്കുകയില്ല. യാഹ്‌വെ ഒരു കാര്യത്തില്‍ ഈ ദാസനോട് ക്ഷമിക്കട്ടെ! എന്റെ യജമാനന്‍ എന്റെ കയ്യില്‍ ചാരിക്കൊണ്ട് റിമ്മോന്‍ക്‌ഷേത്രത്തില്‍ ആരാധനയ്ക്ക് പോവുകയും ഞാന്‍ അവിടെ വണങ്ങുകയും ചെയ്യുമ്പോള്‍ യാഹ്‌വെ അത് എന്നോട് ക്ഷമിക്കട്ടെ! യെലീശാ പറഞ്ഞു: സമാധാനമായി പോവുക”(2 രാജാക്കന്‍മാര്‍: 5; 14-19).
ബൈബിളില്‍ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തിയായതുകൊണ്ട് മാത്രമാണ് നാമാനെ രണ്ടാമത്തെ വിഭാഗത്തില്‍ പരിഗണിക്കാന്‍ നമുക്ക് സാധിക്കുന്നത്. എന്നാല്‍, അക്കാലത്ത് സിറിയയില്‍ ജീവിച്ചിരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം നാമാന്‍ ഒരു ബഹുദൈവവിശ്വാസിയാണ്. എന്തെന്നാല്‍, റിമ്മോന്‍ക്‌ഷേത്രത്തില്‍ ആരാധനയ്ക്ക് പോകുന്ന നാമാനെ അവരെല്ലാം കണ്ടിട്ടുണ്ട്. പിന്നീട് നാമാന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നമുക്കറിയില്ല. എന്നിരുന്നാലും, നാമാന്‍ എന്ന വ്യക്തിയുടെ ചരിത്രത്തില്‍നിന്ന് നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു സത്യമുണ്ട്. എന്തെന്നാല്‍, വിജാതീയരായി കാണപ്പെടുന്നവരെല്ലാം വിജാതീയരായിരിക്കണമെന്നില്ല. ഇവിടെയാണ് യേഹ്ശുവായുടെ ഒരു മുന്നറിയിപ്പ് ഗൗരവത്തോടെ പരിഗണിക്കേണ്ടത്. മുന്നറിയിപ്പ് ഇതാണ്: “എന്നാല്‍, മുന്‍പന്മാരില്‍ പലരും പിന്‍പന്മാരും പിന്‍പന്മാരില്‍ പലരും മുന്‍പന്മാരുമാകും”(മാര്‍ക്കോ: 10; 31). മുന്‍പന്മാര്‍ എന്നോ പിന്‍പന്മാര്‍ എന്നോ ആരെയും നാം വിധിക്കരുതെന്നുള്ള മുന്നറിയിപ്പാണിത്. അതുപോലെതന്നെ, നമ്മളാണ് മുന്‍പന്മാരെന്ന് ആരും അഹങ്കരിക്കാനും പാടില്ല. എന്തെന്നാല്‍, നമ്മളെ പിന്‍പന്മാരാക്കുന്നവര്‍ മറഞ്ഞിരിപ്പുണ്ട്!
പുരാതനഗ്രന്ഥങ്ങളില്‍ വേറെയും രഹസ്യവിശ്വാസികളെ കാണാം. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഹീനരായ വ്യക്തികളും ഇക്കൂട്ടത്തിലുണ്ട്. യെരീക്കോ പട്ടണത്തില്‍ യിസ്രായേല്‍ക്കാരെ സംരക്ഷിച്ച റാഹാബ് എന്ന വേശ്യയാണ് അവരിലൊരാള്‍. റാഹാബിനെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “നൂനിന്റെ മകനായ യോഹ്ശ്വ ഷിത്തിമില്‍നിന്ന് രണ്ട് പേരെ രഹസ്യനിരീക്ഷണത്തിനയച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ പോയി നാട് നിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച് യെരീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിന്റെ വീട്ടില്‍ രാത്രി കഴിച്ചു. നാട് ഒറ്റുനോക്കാന്‍ ഏതാനും യിസ്രായേല്‍ക്കാര്‍ രാത്രിയില്‍ അവിടെ എത്തിയിട്ടുണ്ടെന്ന് യെരീക്കോരാജാവിന് അറിവുകിട്ടി. അവന്‍ ആളയച്ച് റാഹാബിനെ അറിയിച്ചു: നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റ് നോക്കാന്‍ വന്നവരാണ്. ഇരുവരെയും ഒളിപ്പിച്ചിട്ട് അവള്‍ പറഞ്ഞു: ഏതാനും പേര്‍ ഇവിടെ വന്നു എന്നത് വാസ്തവം തന്നെ. എന്നാല്‍, അവര്‍ എവിടത്തുകാരാണെന്ന് എനിക്കറിഞ്ഞുകൂടാ”(യോഹ്ശ്വ: 2; 1-4).
തന്റെ വീട്ടില്‍ അഭയംപ്രാപിച്ച യിസ്രായേല്‍ക്കാരായ രഹസ്യനിരീക്ഷകരോട് റാഹാബ് പറഞ്ഞ വാക്കുകളും അതിന് അവര്‍ നല്‍കിയ മറുപടിയും ശ്രദ്ധിക്കുക: “കിടക്കാന്‍ പോകുന്നതിന് മുമ്പ് റാഹാബ് അവരുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: യാഹ്‌വെ ഈ ദേശം നിങ്ങള്‍ക്ക് തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. നിങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു; നാട് മുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതി നിറഞ്ഞിരിക്കുന്നു. നിങ്ങള്‍ ഈജിപ്തില്‍നിന്ന് പോന്നപ്പോള്‍ യാഹ്‌വെ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, യോര്‍ദ്ദാനക്കരെ സീഹോന്‍, ഓഗ് എന്നീ രണ്ട് അമോര്യ രാജാക്കന്മാരെ നിങ്ങള്‍ നിര്‍മ്മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഇത് കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്‌സ് തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ യാഹ്‌വെ തന്നെയാണ് ദൈവം. അതുകൊണ്ട് ഞാന്‍ നിങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ എന്റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വ്വം വര്‍ത്തിക്കുമെന്ന് യാഹ്‌വെയുടെ പേരില്‍ എന്നോട് ശപഥം ചെയ്യുവിന്‍. എന്റെ മാതാപിതാക്കളുടെയും സഹോദരീ സഹോദരന്മാരുടെയും മറ്റ് ബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കുമെന്നതിന് ഉറപ്പുള്ള അടയാളവും എനിക്ക് തരണം. അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവന് പകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ യാഹ്‌വെ ഈ ദേശം ഞങ്ങള്‍ക്ക് ഏല്പിച്ച് തരുമ്പോള്‍ നിങ്ങളോട് കാരുണ്യത്തോടും വിശ്വസ്തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും”(യോഹ്ശ്വ: 2; 8-14).
വേശ്യയായി അറിയപ്പെട്ടിരുന്ന റാഹാബും അവളുടെ പിതൃഭവനവും യിസ്രായേല്‍ക്കാരോടൊപ്പം കാനാന്‍ദേശത്ത് വസിച്ചുവെന്നതാണ് പിന്നീടുള്ള ചരിത്രം. പിന്‍പന്മാര്‍ അങ്ങനെ മുന്‍പന്മാരോടൊപ്പം എണ്ണപ്പെട്ടു! രഹസ്യനിരീക്ഷണത്തിന് വന്ന യിസ്രായേല്‍ക്കാരുടെ മുന്‍പില്‍ യാഹ്‌വെയെ സാക്ഷ്യപ്പെടുത്തുമ്പോള്‍ യെരീക്കോക്കാരുടെ ദൃഷ്ടിയില്‍ റാഹാബ് തങ്ങളില്‍ ഒരുവളായിരുന്നു. അതായത്, യിസ്രായേല്‍ക്കാര്‍ അവിടം പിടിച്ചടക്കുന്നതുവരെ അവള്‍ രഹസ്യവിശ്വാസിയായി ജീവിച്ചു.
വേറെയും രഹസ്യവിശ്വാസികള്‍ പുരാതനകാലത്തുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ കാണുന്ന ഒബാദിയാഹാണ് അത്. യിസ്രായേല്‍ രാജാവായ ആഹാബിന്റെ കാര്യസ്ഥനായിരുന്ന ഒബാദിയാഹ് ഒരു രഹസ്യവിശ്വാസി ആയിരുന്നു. യിസ്രായേലിന്റെ രാജാവായി ശെമരിയായില്‍ ഭരണം നടത്താന്‍ നിയുക്തനായത് ആഹാബ് ആയിരുന്നുവെങ്കിലും, അവന്റെ ഭാര്യയായ യെശെബെല്‍ ആണ് ഭരണം നടത്തിയിരുന്നത്. അവളുടെ പൈശാചിക ഭരണത്തിന്‍കീഴില്‍ എല്ലാത്തരം മ്ലേച്ഛതകളും രാജ്യത്ത് നടമാടി. യാഹ്‌വെയെ ആരാധിക്കുന്നവരെ വാളിനിരയാക്കി. യാഹ്‌വെയുടെ പ്രവാചകന്മാരില്‍ അനേകംപേര്‍ വധിക്കപ്പെട്ടു. ആ കാലഘട്ടത്തിലാണ് രഹസ്യവിശ്വാസിയായി ഒബാദിയാഹ് കൊട്ടാരത്തില്‍ ജീവിച്ചത്. അവന്റെ നീതിപൂര്‍വ്വമായ പ്രവൃത്തിയെക്കുറിച്ച് ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: “ആഹാബ് തന്റെ കാര്യസ്ഥനായ ഒബാദിയാഹിനെ വരുത്തി, അവന്‍ വലിയ ദൈവഭക്തനായിരുന്നു. യെശെബെല്‍ യാഹ്‌വെയുടെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഒബാദിയാഹ് നൂറ് പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി, അന്‍പതുപേരെ വീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍ അവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ കൊടുത്ത് സംരക്ഷിച്ചു”(1 രാജാക്കന്‍മാര്‍: 18; 3-4).
സത്യവിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ യിസ്രായേലില്‍പ്പോലും ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഒബാദിയാഹ്! എന്നാല്‍, തങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിച്ച സത്യവിശ്വാസം സാക്ഷ്യപ്പെടുത്താനുള്ള അവസരം ഏതെങ്കിലും ഘട്ടത്തില്‍ സൃഷ്ടിക്കപ്പെടും. ഇങ്ങനെയാണ് ദൈവത്തിന്റെ പദ്ധതി. മനുഷ്യന്റെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും അപ്പുറമാണ് അത്. ഒബാദിയാഹ് എന്ന രഹസ്യശിഷ്യനെ യാഹ്‌വെ നിയോഗിച്ചത് തന്റെ നൂറ് പ്രവാചകന്മാരെ സംരക്ഷിക്കുന്നതിനാണ്. പരസ്യമായി തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കാത്തതുകൊണ്ട് ആരെയും അവിശ്വാസിയായി പരിഗണിക്കരുത് എന്ന മുന്നറിയിപ്പാണ് ഒബാദിയാഹിലൂടെ ദൈവം നല്‍കുന്നത്. അവന്‍ തന്റെ വിശ്വാസം പ്രവൃത്തിയിലൂടെ തെളിയിച്ചു. അതുപോലെതന്നെ, യേഹ്ശുവായുടെ മനുഷ്യാവതാരകാലത്തും രഹസ്യശിഷ്യന്മാര്‍ ഉണ്ടായിരുന്നു. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ഹൃദയത്തില്‍ വിശ്വാസം അണയാതെ സൂക്ഷിച്ചവരാണ് അവര്‍!
യേഹ്ശുവായുടെ പ്രസംഗം ശ്രവിച്ചവരും അവന്റെ അദ്ഭുതപ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിച്ചവരുമായ അനേകര്‍ പലസ്തീനായിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു. അദ്ഭുതപ്രവര്‍ത്തനത്താല്‍ രോഗമുക്തരാക്കപ്പെട്ടവര്‍പോലും പരസ്യമായി അത് സാക്ഷ്യപ്പെടുത്താന്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യേഹ്ശുവാ ഒരിക്കല്‍ ഒരു അന്ധനായ യാചകനെ സുഖപ്പെടുത്തുന്ന സംഭവം യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജന്മനാ അന്ധനായ ഒരുവനെയാണ് ഒരു ശബാത്ത് ദിനത്തില്‍ അവന്‍ സുഖപ്പെടുത്തിയത്. മുന്‍പ് അവന്‍ അന്ധനായിരുന്നുവെന്നും യാചകനായിരുന്നുവെന്നും അവന്റെ അയല്‍വാസികള്‍ക്ക് അറിയാമായിരുന്നു. ആരാണ് നിനക്ക് കാഴ്ച നല്‍കിയതെന്ന് അവരും ഫരിസേയരും അവനോട് ചോദിച്ചപ്പോള്‍ അവന്‍ നല്‍കിയ മറുപടി ഇപ്രകാരമാണ് യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്: “അവന്‍ പറഞ്ഞു: യേഹ്ശുവാ എന്ന് പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, ഷിലോവാഹില്‍ പോയി കഴുകുക എന്ന് പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്ക് കാഴ്ച ലഭിച്ചു”(യോഹന്നാന്‍: 9; 11). അവന്റെ വാക്കുകള്‍ ഒരു സാക്ഷ്യമായിരുന്നു.
അന്ധനായ യാചകന്‍ യേഹ്ശുവായെ സാക്ഷ്യപ്പെടുത്തിയെങ്കിലും അവന്റെ മാതാപിതാക്കള്‍ അതിന് തയ്യാറായില്ല. ഈ വെളിപ്പെടുത്തല്‍ നോക്കുക: “അവന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെ പറഞ്ഞത് യെഹൂദരെ ഭയന്നിട്ടാണ്. കാരണം, യേഹ്ശുവായെ മ്ശിയാഹ് എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്ന് പുറത്താക്കണമെന്ന് യെഹൂദര്‍ തീരുമാനിച്ചിരുന്നു”(യോഹന്നാന്‍: 9; 22). അന്ധനും യാചകനുമായിരുന്നവന്‍ തനിക്ക് ലഭിച്ച അനുഗ്രഹം പരസ്യമായി സാക്ഷ്യപ്പെടുത്തിയതുകൊണ്ട് പരസ്യവിശ്വാസിയായി അവനെ പരിഗണിക്കാമെങ്കിലും, അവന്റെ മാതാപിതാക്കളെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഗണത്തില്‍ മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ.
യേഹ്ശുവായെ അനുഗമിക്കാന്‍ പലര്‍ക്കും സാധിക്കാത്തതിന്റെ കാരണം അവരുടെ ഭയമായിരുന്നു. ഈ ഭയം നിമിത്തം അവര്‍ക്ക് നഷ്ടപ്പെട്ടത് ദൈവരാജ്യം സ്വന്തമാക്കാനുള്ള അവസരമാണ്. യേഹ്ശുവായുടെ കാലത്തെ ആളുകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് നോക്കുക: “ആളുകള്‍ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്ന് ചിലര്‍ പറഞ്ഞു. അല്ല, അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്ന് മറ്റ് ചിലരും. എങ്കിലും യെഹൂദരെ ഭയന്ന് ആരും അവനെപ്പറ്റി പരസ്യമായി ഒന്നും സംസാരിച്ചില്ല”(യോഹന്നാന്‍: 7; 12, 13). മുന്‍പ് നാം മനസ്സിലാക്കിയതുപോലെ, പലരുടെയും ഭയത്തിന്റെ അടിസ്ഥാനം ലൗകികമായ നഷ്ടങ്ങളെക്കുറിച്ചുള്ള ആകുലതയായിരുന്നു. സമൂഹത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്നും സാമൂഹികമായ അംഗീകാരം നഷ്ടപ്പെടുമെന്നും ഭയന്ന് അവരാരും യേഹ്ശുവായെ അനുഗമിച്ചില്ല. മറ്റുചിലരെ വേട്ടയാടിയത് ജീവഭയമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. യേഹ്ശുവായുടെ മരണത്തിനുശേഷം അപ്പസ്തോലന്മാരെയും ഈ ഭയം വേട്ടയാടിയിരുന്നു. പന്തക്കുസ്താനാളില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതുവരെ അപ്പസ്തോലന്മാര്‍ ഭയവിഹ്വലരായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ആഴ്ചയുടെ ആദ്യദിവസമായ അന്ന് വൈകിട്ട് ശിഷ്യന്മാര്‍ യെഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേഹ്ശുവാ വന്ന് അവരുടെ മദ്ധ്യേനിന്ന് അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് സമാധാനം!”(യോഹന്നാന്‍: 20; 19). ഇത് സമൂഹത്തില്‍നിന്ന് പുറന്തള്ളപ്പെടുമെന്നോ സിനഗോഗില്‍നിന്ന് പുറത്താക്കപ്പെടുമെന്നോ ഉള്ള ഭയമായിരുന്നില്ല; മറിച്ച്, കല്ലെറിഞ്ഞ് കൊല്ലപ്പെടുമെന്ന മരണഭയമായിരുന്നു. എന്നാല്‍, പരിശുദ്ധാത്മാവിനെ സ്വീകരിച്ചതോടെ ആ ഭയം അപ്പസ്തോലന്മാരില്‍നിന്ന് എന്നേക്കുമായി വിട്ടകലുകയും ധൈര്യപൂര്‍വ്വം യേഹ്ശുവായ്ക്ക് സാക്ഷ്യം നല്‍കുകയും ചെയ്തു! ഇവിടെയാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട രഹസ്യശിഷ്യന്മാരെക്കുറിച്ച് ചിന്തിക്കേണ്ടത്. അപ്പസ്തോലന്മാര്‍പ്പോലും ഭയപ്പാടോടെ കഴിഞ്ഞിരുന്ന സമയത്ത് ധൈര്യപൂര്‍വ്വം രംഗത്തിറങ്ങിയ രണ്ട് രഹസ്യശിഷ്യന്മാരെ നാം തുടക്കത്തില്‍ കണ്ടതാണ്. ഹരമഥിംകാരന്‍ യോസെഫും നിക്കൊദേമോനും ആണ് ആ രഹസ്യശിഷ്യന്മാര്‍ (Crypto-disciples)!
രഹസ്യശിഷ്യന്മാരുടെ ധീരമായ പ്രവൃത്തിയെ ഇങ്ങനെയാണ് ബൈബിളില്‍ വിവരിച്ചിരിക്കുന്നത്: “യെഹൂദരോടുള്ള ഭയം നിമിത്തം യേഹ്ശുവായുടെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന ഹരമഥിംകാരന്‍ യോസെഫ് യേഹ്ശുവായുടെ ശരീരം എടുത്തുമാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കി. അവന്‍ വന്ന് ശരീരം എടുത്തുമാറ്റി. യേഹ്ശുവായെ ആദ്യം രാത്രിയില്‍ ചെന്നുകണ്ട നിക്കോദേമോനും അവിടെയെത്തി. മീറയും ചെന്നിനായകവും ചേര്‍ന്ന ഏകദേശം നൂറ് റാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവര്‍ യേഹ്ശുവായുടെ ശരീരമെടുത്ത് യെഹൂദരുടെ ശവസംസ്‌കാരരീതിയനുസരിച്ച് സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞു. അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യെഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേഹ്ശുവായെ അവിടെ സംസ്‌കരിച്ചു”(യോഹന്നാന്‍: 19; 38-42). രഹസ്യശിഷ്യന്മാരായിരുന്നവര്‍ പരസ്യമായി രംഗത്തിറങ്ങിയതാണ് ഹരമഥിംകാരന്‍ യോസെഫിലൂടെയും നിക്കൊദേമോനിലൂടെയും നാമിവിടെ കണ്ടത്.
യേഹ്ശുവായുടെ മനുഷ്യാവതാര കാലത്തും അതിന് മുന്‍പും രഹസ്യവിശ്വാസികള്‍ ഉണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കി. സത്യം അറിയുമ്പോള്‍ത്തന്നെ സത്യത്തിന് സാക്ഷ്യംവഹിക്കാന്‍ പരസ്യമായി രംഗത്തിറങ്ങുന്നവരെ കൂടുതല്‍ ശ്രേഷ്ഠരായി പരിഗണിക്കാമെങ്കിലും, ഒരു പ്രത്യേക ഘട്ടംവരെ രഹസ്യശിഷ്യന്മാരായി തുടരുന്നവരെ കുറ്റപ്പെടുത്താനോ തള്ളിക്കളയാനോ പാടില്ല. എന്തെന്നാല്‍, അവരെക്കുറിച്ചുള്ള ദൈവികപദ്ധതി എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളു. ആദ്യമണിക്കൂറില്‍ വരുന്നവനും അവസാന മണിക്കൂറില്‍ വരുന്നവനും ഒരേപോലെ കൂലി കൊടുക്കാനാണ് യജമാനന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അതിനെ ചോദ്യംചെയ്യാന്‍ വേലക്കാരായ നമുക്ക് അധികാരമില്ല. നമുക്ക് വാഗ്ദാനംചെയ്യപ്പെട്ടത് നമുക്ക് ലഭിക്കുന്നുണ്ടോ എന്നത് മാത്രമാണ് നാം നോക്കേണ്ടത്.
യേഹ്ശുവാ എന്ന ഏകരക്ഷകനെ അറിഞ്ഞിട്ടും അവനെ അനുഗമിക്കാത്ത മൂന്നാമത്തെ വിഭാഗത്തിലുള്ളവരാണ് ശിക്ഷാവിധി സ്വയം തിരഞ്ഞെടുത്തവര്‍. എന്തെന്നാല്‍, സത്യം അറിഞ്ഞാല്‍, അത് വിശ്വസിക്കാന്‍ തയ്യാറാകുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മാര്‍ക്കോ: 16; 15-16). രക്ഷയെ സംബന്ധിക്കുന്ന സത്യസുവിശേഷം ശ്രവിക്കാന്‍ ഒരുവന് അവസരം ലഭിച്ചുകഴിഞ്ഞാല്‍, പിന്നീട് അവന് ഒഴിവുകഴിവില്ല. അതുകൊണ്ടുതന്നെ, ന്യായീകരണങ്ങള്‍ നിരത്തി പൂര്‍വ്വവിശ്വാസത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നവര്‍ തങ്ങളുടെ ശിക്ഷാവിധി സ്വയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിശ്വാസത്തിന്റെ പരിണിതഫലമായി സംഭവിക്കേണ്ട അധരങ്ങള്‍ക്കൊണ്ടുള്ള ഏറ്റുപറച്ചില്‍ ഏത് ഘട്ടത്തിലായിരിക്കണമെന്ന് അവരെ വിളിച്ചവന്‍ നിശ്ചയിക്കട്ടെ!
യേഹ്ശുവാ ഒരുവനെ വിളിച്ചിട്ടുണ്ടെങ്കില്‍, അവന് എല്ലാക്കാലവും മറഞ്ഞിരിക്കാന്‍ കഴിയില്ല. ഈ പ്രബോധനം ശ്രദ്ധിക്കുക: “ആകയാല്‍, യേഹ്ശുവായാണ് നാഥന്‍ എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു”(റോമാ: 10; 9-10). ഇവിടെ നാം തിരിച്ചറിയേണ്ട വലിയൊരു സത്യമുണ്ട്. എന്തെന്നാല്‍, ക്രിപ്റ്റോ ക്രൈസ്തവര്‍ രക്ഷപ്രാപിക്കുന്നത് അധരംകൊണ്ട് ഏറ്റുപറയുമ്പോള്‍ മാത്രമാണ്. അതായത്, രഹസ്യമായി വിശ്വസിക്കുകയും എന്നാല്‍ പരസ്യമായി ഏറ്റുപറയാന്‍ മടിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ രക്ഷയെയാണ് അപകടത്തിലാക്കുന്നത്. കാരണം, മരണംവരെ ക്രിപ്റ്റോ ക്രൈസ്തവരായി തുടരുന്നവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാനോ നിത്യജീവന്‍ അവകാശമാക്കാനോ സാധിക്കില്ല! എന്നാല്‍, അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനകാലഘട്ടത്തില്‍ ഇത്തരത്തില്‍ രഹസ്യവിശ്വാസികളായിരുന്നവര്‍ എപ്രകാരമാണ് ആത്മാവിനാല്‍ ഉണര്‍ത്തപ്പെട്ട് വെളിച്ചത്തിലേക്ക് വന്നതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ആ ഉണര്‍വ് എപ്രകാരമായിരുന്നുവെന്ന് കാണാന്‍ അപ്പസ്തോലന്മാരുടെ കാലത്തെ ‘ക്രിപ്റ്റോ’ ക്രൈസ്തവരിലേക്ക് നമുക്ക് നോക്കാം.
അപ്പസ്തോലന്മാരുടെ കാലത്തെ ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍!
അപ്പസ്തോലന്മാരുടെ കാലത്തും ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ഉണ്ടായിരുന്നു. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അപ്പസ്തോലന്മാര്‍ സുവിശേഷവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചപ്പോള്‍, അവര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങളാണ്. യെഹൂദ പ്രമാണികളില്‍നിന്നും റോമന്‍ അധികാരികളില്‍നിന്നും ഭീഷണി നേരിട്ട ആ കാലഘട്ടത്തിലും, തങ്ങളുടെ പദവികളോ ജീവനോ നഷ്ടപ്പെടുമെന്ന് ഭയന്ന് വിശ്വാസം പരസ്യമാക്കാത്ത നിരവധി പേര്‍ ഭരണകൂടങ്ങളിലും അധികാര കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ സത്യദൈവത്തെ തിരിച്ചറിയുകയും ഹൃദയത്തില്‍ വിശ്വാസം സൂക്ഷിക്കുകയും ചെയ്തു. ഭയത്താലോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലോ വിശ്വാസം വെളിപ്പെടുത്താന്‍ കഴിയാതിരുന്ന ഇവരെയും തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം, നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ ഇവരില്‍ പലരും സത്യവിശ്വാസത്തിനായി നിലകൊണ്ടിട്ടുണ്ട്.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനകാലത്ത് ഒരു യെഹൂദ പണ്ഡിതനുണ്ടായിരുന്നു. ഗെമാലിയേല്‍ എന്ന ആ പണ്ഡിതന്‍ ഒരു നസ്രേനിയന്‍ ആയിരുന്നില്ലെങ്കിലും, അപ്പസ്തോലന്മാരെ മരണത്തില്‍നിന്ന് രക്ഷിക്കാനായി ഇടപെടുന്നുണ്ട്. ഗെമാലിയേല്‍ ഏതെങ്കിലും ഘട്ടത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചതായി ഒരു തെളിവുമില്ലെങ്കിലും, ചില കോണ്‍സ്റ്റന്റൈന്‍ സഭകള്‍ ഗെമാലിയേലിനെ ക്രൈസ്തവ വിശുദ്ധനായി പ്രഖ്യാപിക്കുകയെന്ന സാഹസത്തിന് മുതിര്‍ന്നിട്ടുണ്ട്. യേഹ്ശുവായെ പാര്‍ശ്വവത്ക്കരിക്കുക എന്നതുകൂടിയാണല്ലോ വിശുദ്ധരെ പ്രഖ്യാപിക്കുകയെന്ന വചനവിരുദ്ധ സാഹസത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്! ഓരോ ദിവസവും ഒന്നിലധികം വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരുടെ ചിന്തയില്‍ യേഹ്ശുവായുടെ പേരിന്റെ സ്ഥാനം പാര്‍ശ്വവത്ക്കരിക്കപ്പെടുകയെന്നത് സ്വാഭാവികമാണ്! ഗെമാലിയേലിന്റെ കാര്യത്തിലേക്ക് തിരിച്ചുവരാം.
ഗെമാലിയേല്‍ പിന്നീട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയം. ഗെമാലിയേലിന്റെ ഇടപെടലിലൂടെ യെഹൂദരുടെ കരങ്ങളില്‍നിന്ന് അപ്പസ്തോലന്മാര്‍ രക്ഷപ്പെട്ടതിനെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ഇത് കേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും അപ്പസ്‌തോലന്മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍, നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗെമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്ക് പുറത്തുനിര്‍ത്താന്‍ ആവശ്യപ്പെട്ടു. അനന്തരം അവന്‍ പറഞ്ഞു: യിസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്ന് തീരുമാനിക്കുന്നത് സൂക്ഷിച്ചുവേണം. കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍ തെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറ് പേര്‍ അവന്റെ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്റെ അനുയായികള്‍ ചിതറുകയും തുടച്ചുനീക്കപ്പെടുകയും ചെയ്തു. അനന്തരം കാനേഷുമാരിയുടെ കാലത്ത് ഗെലീലെയാക്കാരനായ യെഹൂദാ പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആകര്‍ഷിച്ച് അനുയായികളാക്കി. അവനും നശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്തു. അതുകൊണ്ട്, ഞാന്‍ നിങ്ങളോട് പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും. അവര്‍ അവന്റെ ഉപദേശം സ്വീകരിച്ചു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 5; 33-39).
അപ്പസ്തോലന്മാരുടെ വിശ്വാസം സത്യദൈവത്തില്‍നിന്നുള്ളതാണോ എന്നകാര്യത്തില്‍ ഗെമാലിയേലിന് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നത് വ്യക്തം! യേഹ്ശുവായുടെ അനുയായികള്‍ ദൈവത്തില്‍നിന്നുള്ളവരാണോ എന്നകാര്യത്തില്‍ ഗെമാലിയേലിന് വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ, അവരെ എതിര്‍ക്കാന്‍ അവന്‍ ഭയപ്പെട്ടു. ദൈവത്തില്‍നിന്നാണ് അപ്പസ്തോലന്മാരുടെ ആലോചനയെങ്കില്‍, അവരെ എതിര്‍ക്കുന്നത് ദൈവത്തെ എതിര്‍ക്കുന്നതുപോലെ കണക്കാക്കപ്പെടും എന്ന ബോദ്ധ്യമാണ് ഗെമാലിയേലിനെ ഭയപ്പെടുത്തിയത്. ഇത് നീതിയുടെ പക്ഷത്തുനിന്നുള്ള ഭയമാണ്. അതുകൊണ്ടുതന്നെ, അവന്റെ നീതിബോധം അവനെ സത്യത്തിലേക്ക് നയിച്ചാല്‍ അതിശയിക്കേണ്ടതില്ല. അങ്ങനെയെങ്കില്‍, ഗെമാലിയേലിന് രക്ഷപ്രാപിക്കാനുള്ള അവസരം ദൈവം നല്‍കിയിട്ടുണ്ടാകാം. ഗെമാലിയേലിന്റെ നീതീകരണവുമായി നമ്മുടെ ആത്മരക്ഷയ്ക്ക് ബന്ധമൊന്നുമില്ലാത്തതിനാല്‍, ആ വിഷയം അതിന്റെ വഴിക്ക് പോകട്ടെ!
അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിച്ച കാലത്തും അനേകം രഹസ്യവിശ്വാസികള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ബൈബിളില്‍നിന്നുള്ള ഒരു തെളിവ് നോക്കുക: “മറ്റുള്ളവരില്‍ ആരുംതന്നെ അവരോടുചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 5; 13). അപ്പസ്തോലന്മാരെ ബഹുമാനിക്കുകയും അവരുടെ പ്രബോധനങ്ങളെ സ്വീകരിക്കുകയും ചെയ്ത അനേകര്‍ പരസ്യമായി വിശ്വാസം ഏറ്റുപറയാനോ കൂട്ടായ്മകളില്‍ പങ്കുചേരാനോ തയ്യാറാകാതിരുന്നത് ജീവഭയംകൊണ്ടായിരുന്നു. വിശ്വാസം സ്വീകരിച്ച്, നസ്രേനിയരായി ജീവിക്കുന്നവരെ തിരഞ്ഞുപിടിച്ച് വധിക്കാന്‍ യെഹൂദ പുരോഹിതന്മാരും ഫരിസേയരും സമ്മതിപത്രം നല്കിയിരുന്നുവെന്നതിന്റെ തെളിവാണ് ശൗവുല്‍. അവന്‍ എപ്രകാരമാണ് നസ്രേനിയരെ പീഡിപ്പിച്ചതെന്ന് നോക്കുക: “എന്നാല്‍, ശൗവുല്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ച് കൊണ്ടുവന്ന് തടവിലാക്കി”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 8; 3).
സ്തേഫാനോയെ വധിച്ചപ്പോഴും ശൗവുലിന്റെ സാന്നിദ്ധ്യം അവിടെയുണ്ടായിരുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അവര്‍ അവനെ നഗരത്തിന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ശൗവുല്‍ എന്ന ഒരു യുവാവിന്റെ കാല്‍ക്കല്‍ അഴിച്ചുവച്ചു. അനന്തരം, അവര്‍ സ്‌തേഫാനോയെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു: നാഥനായ യേഹ്ശുവായേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 7; 58, 59). ദമാസ്‌ക്കസിലെ നസ്രേനിയരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള യാത്രാമദ്ധ്യേയാണ് ശൗവുലിനെ യേഹ്ശുവാ പിടികൂടി മാനസാന്തരത്തിലേക്ക് നയിച്ചത്.
ആ സംഭവം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “ശൗവുല്‍ അപ്പോഴും യേഹ്ശുവായുടെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, മ്ശിയാഹിന്റെ മാര്‍ഗ്ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി യെരുശലെമിലേക്ക് കൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു. അവന്‍ യാത്രചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെമേല്‍ പതിച്ചു. അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: ശൗവുല്‍, ശൗവുല്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവന്‍ ചോദിച്ചു: നാഥാ, നീ ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേഹ്ശുവായാണ് ഞാന്‍. എഴുന്നേറ്റ് നഗരത്തിലേക്ക് പോവുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 9; 1-6).
ശൗവുലിന്റെ മാനസാന്തരത്തെപ്പോലും ആദ്യമൊന്നും അപ്പസ്തോലന്മാര്‍ വിശ്വസിച്ചില്ല. അത്രമാത്രം അവര്‍ അവനെ ഭയപ്പെട്ടിരുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “യെരുശലെമിലെത്തിയപ്പോള്‍ ശിഷ്യരുടെ സംഘത്തില്‍ ചേരാന്‍ അവന്‍ പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന്‍ ഒരു ശിഷ്യനാണെന്ന് അവര്‍ വിശ്വസിച്ചില്ല”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 9; 26). പരിശുദ്ധാത്മാവില്‍ സ്നാനമേറ്റതോടെ ധൈര്യപൂര്‍വ്വം യേഹ്ശുവായ്ക്ക് സാക്ഷ്യംവഹിക്കാന്‍ അപ്പസ്തോലന്മാര്‍ തയ്യാറായെങ്കിലും, ദൈവഹിതപ്രകാരമുള്ള ഭയം അവരിലുമുണ്ടായിരുന്നു. ദൈവഹിതപ്രകാരമുള്ള ഭയം എന്ന് കേള്‍ക്കുമ്പോള്‍ ആരും അസ്വസ്ഥരാകേണ്ടതില്ല. എന്തെന്നാല്‍, ദൈവഹിതപ്രകാരമുള്ള ഭയവുമുണ്ട്. അത് വിവേകത്തില്‍നിന്നുള്ള ഭയമാണ്. അതുപോലെതന്നെ, വിവേകശൂന്യമായ ധൈര്യവുമുണ്ട്. ജീവന്‍ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയവന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചുനിന്ന് മരണം വരിക്കുന്നതല്ല ദൈവഹിതം. ദൈവരാജ്യ ശുശ്രൂഷകരെല്ലാം കൂട്ടത്തോടെ രക്തസാക്ഷിത്വം വഹിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍, ദൈവരാജ്യം എങ്ങനെ പ്രഘോഷിക്കപ്പെടും?
യേഹ്ശുവായ്ക്കുവേണ്ടി മരിക്കാനല്ല, അവനുവേണ്ടി ജീവിക്കാനാണ് ശുശ്രൂഷകര്‍ വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കുന്നതും. യേഹ്ശുവായുടെ പേരിനെപ്രതി ഒരുവന്‍ തന്റെ ജീവന്‍ നഷ്ടപ്പെടുത്തിയാല്‍, അത് അവന് നേട്ടമാണ് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, ആ നേട്ടം അവന് മാത്രമുള്ളതാണ്. അവന്‍ യേഹ്ശുവായ്ക്ക് വേണ്ടി ജീവിച്ചാല്‍, അത് അനേകര്‍ക്ക് നേട്ടമാകും. ഒരു നസ്രേനിയന്റെ ജീവിതം അവനുവേണ്ടി മാത്രമല്ല, അപരനുവേണ്ടിക്കൂടി ഉള്ളതാണ്. അപ്പസ്തോലനായ ശൗവുലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “എനിക്ക് ജീവിതം മ്ശിയാഹും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് മ്ശിയാഹിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണ് കൂടുതല്‍ ശ്രേഷ്ഠം. പക്‌ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവശ്യമാണ്”(ഫിലിപ്പി: 1; 21-24).
യേഹ്ശുവായ്ക്കുവേണ്ടി മരിക്കുമ്പോള്‍ അത് തനിക്ക് നേട്ടമാണെങ്കിലും, താന്‍ യേഹ്ശുവായ്ക്കുവേണ്ടി ജീവിച്ചിരിക്കുന്നതാണ് മറ്റുള്ളവര്‍ക്ക് നല്ലതെന്ന് ശൗവുല്‍ ഇവിടെ വ്യക്തമായി പറയുന്നു. ശൗവുലിന്റെതന്നെ മറ്റൊരു ലിഖിതം നോക്കുക: “എന്തെന്നാല്‍, ദൈവത്തിനായി ജീവിക്കേതിന് ഞാന്‍ നിയമത്തിലൂടെ നിയമത്തിന് മൃതനായി. ഞാന്‍ മ്ശിയാഹിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, മ്ശിയാഹാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്”(ഗലാത്തിയാ: 2; 19, 20). ഈ ലോകത്ത് ജീവിക്കാനുള്ള ആസക്തിമൂലം ജീവനെ സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നതിനെയല്ല, മ്ശിയാഹിന് വേണ്ടി ശുശ്രൂഷചെയ്യാനാണ് ജീവനെ സുരക്ഷതമാക്കേണ്ടത്. ശൗവുലിന്റെ മറ്റൊരു പ്രബോധനം ഇങ്ങനെ: “ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്”(2 കോറിന്ത്: 5; 15).
അപ്പസ്തോലന്മാരുടെ ജീവിതത്തില്‍നിന്നും അവരുടെ പ്രബോധനങ്ങളില്‍നിന്നും നാം ഗ്രഹിക്കേണ്ടത് വിവേകപൂര്‍വ്വം ദൈവികശുശ്രൂഷയില്‍ വ്യാപരിക്കണമെന്നാണ്. കാരണം, ചെന്നായ്ക്കളുടെയിടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെയാണ് യേഹ്ശുവാ നമ്മെ അയച്ചിരിക്കുന്നത്. അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു”(ലൂക്കാ: 10; 3). എന്നാല്‍, ചെന്നായ്ക്കള്‍ക്ക് ഇരയാകുക എന്നതല്ല കുഞ്ഞാടുകളെക്കുറിച്ചുള്ള ഇടയന്റെ ഹിതം. മറിച്ച്, നിഷ്ക്കളങ്കരായിരിക്കുമ്പോള്‍ത്തന്നെ വിവേകപൂര്‍വ്വം വര്‍ത്തിക്കണമെന്നതാണ് കുഞ്ഞാടുകള്‍ക്ക് ഇടയന്‍ നല്‍കിയിട്ടുള്ള ഉപദേശം. ലൂക്കായുടെ വിവരണത്തിന്റെ പൂര്‍ണ്ണരൂപം മത്തായിയുടെ സുവിശേഷത്തില്‍ വായിക്കാന്‍ കഴിയും.
മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദ്ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്ക് നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും”(മത്തായി: 10; 16-18). മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍ എന്ന മുന്നറിയിപ്പ് നല്‍കിയാണ് യേഹ്ശുവാ ശുശ്രൂഷകരെ അയച്ചത്. ദൈവരാജ്യ ശുശ്രൂഷകര്‍ സൂക്ഷിക്കേണ്ടത് ഒറ്റുകാരായ മനുഷ്യരെയാണ്. ഇത്തരം ഒറ്റുകാരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ വിവേകപൂര്‍വ്വം വര്‍ത്തിക്കണമെന്ന് യേഹ്ശുവാ നമുക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
സുവിശേഷം മായംചേര്‍ക്കാതെ പ്രസംഗിക്കുന്ന ഏതൊരുവനും പീഡിപ്പിക്കപ്പെടും എന്നത് യേഹ്ശുവാ നല്‍കിയിട്ടുള്ള മുന്നറിയിപ്പാണ്. ലോകത്തിന്റെ പ്രീതിക്കായി വചനം വളച്ചൊടിച്ച് പ്രസംഗിക്കുന്നവര്‍ക്ക് ഈ പീഡനമേല്‍ക്കേണ്ടി വരില്ല. എന്തെന്നാല്‍, സാത്താന്‍ ഭയപ്പെടുന്നത് സത്യവചനത്തെയാണ്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ച സത്യവചനത്തില്‍ നിത്യജീവനുണ്ട്. നിത്യജീവനില്‍നിന്ന് സകല മനുഷ്യരെയും അകറ്റുകയെന്നതാണ് സാത്താന്റെ ദൗത്യം. അതുകൊണ്ടുതന്നെ, മുഖസ്തുതികൊണ്ട് വഞ്ചിക്കുന്ന വ്യാജപ്രബോധകരെ അവന്‍ പിന്തുണയ്ക്കുകയും വളര്‍ത്തുകയും ചെയ്യും. ഏതെങ്കിലും ഒരു വചനപ്രഘോഷകനെ ലോകം അംഗീകരിക്കുകയും ബഹുമതികള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അവന്‍ പ്രസംഗിക്കുന്നത് സത്യവചനമല്ലെന്ന് ഉറപ്പിക്കാം. എന്തെന്നാല്‍, സാത്താന്‍ പിന്തുണ നല്‍കി വളര്‍ത്തുന്നത് വിജീതീയതയെയാണ്. എന്തെന്നാല്‍, വിജാതീയര്‍ അവനെയാണ് ആരാധിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് ദുര്‍ഭൂതങ്ങള്‍ക്കാണ്”(1 കോറിന്ത്: 10; 20). സത്യദൈവത്തെയല്ലാതെ മറ്റേത് മൂര്‍ത്തികളെ ആരാധിച്ചാലും, ആ ആരാധനകളെല്ലാം ഏറ്റെടുക്കുന്നത് സാത്താനാണ്. മനുഷ്യന്‍ ആരാധിക്കുന്ന വിഗ്രഹങ്ങളിലെല്ലാം കടന്നുകൂടി ആരാധനകള്‍ സ്വീകരിക്കുന്നവനാണ് സാത്താന്‍! വിഗ്രഹാരാധനയെ ദൈവം വെറുക്കുന്നത് മനുഷ്യന്റെ രക്ഷയെ കരുതിയാണ്!
യേഹ്ശുവായുടെ വചനം പ്രസംഗിക്കുന്നവര്‍ക്ക് ഈ ലോകത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത് പീഡനമാണ്. രക്ഷയുടെ വചനം പ്രസംഗിക്കുന്നവരെയും യേഹ്ശുവായുടെ പേരില്‍ സംസാരിക്കുന്നവരെയും സ്വീകരിക്കാന്‍ ലോകത്തിന് സാധിക്കില്ല! ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നുവെന്ന് യേഹ്ശുവാ പറഞ്ഞത് അതുകൊണ്ടാണ്! ലോകം ഒരിക്കലും ദൈവത്തെയോ ദൈവം തിരഞ്ഞെടുത്തവരെയോ സ്വീകരിക്കില്ല. യേഹ്ശുവായെ ലോകം വെറുത്തതുപോലെ യേഹ്ശുവായ്ക്ക് ഉള്ളവരെയും ലോകം വെറുക്കും. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്ന് തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു”(യോഹന്നാന്‍: 15; 18-19).
ദൈവമാണ് ഭൂമിയുടെ അവകാശിയെങ്കില്‍, ലോകത്തിന്റെ അവകാശി സാത്താനാണ്. സാത്താന്റെ ആധിപത്യത്തിന്‍ കീഴിലായിരിക്കുന്ന ലോകത്തില്‍നിന്ന് വേര്‍പ്പെടുന്നവരെയാണ് ദൈവം സ്വീകരിക്കുന്നത്. ലോകത്തിന്റെ ആധിപത്യത്തില്‍നിന്ന് മനുഷ്യരെ മോചിപ്പിച്ച് ദൈവത്തിനുള്ളവരാക്കുക എന്നതാണ് ഓരോ സുവിശേഷകന്റെയും ദൗത്യം! ലോകത്തില്‍നിന്ന് യേഹ്ശുവാ തിരഞ്ഞെടുത്തത് ആരെയെല്ലാമാണെന്ന് നമുക്കറിയില്ലാത്തതുകൊണ്ട് ലോകം മുഴുവനോടും നാം സുവിശേഷം പ്രസംഗിക്കുന്നു. യേഹ്ശുവായാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സുവിശേഷം സ്വീകരിക്കുകയും രക്ഷപ്രാപിക്കുകയും ചെയ്യും. ഇവിടെയാണ് വിജാതീയതയുടെ ദുരന്തം നാം തിരിച്ചറിയേണ്ടത്.
സാത്താന്‍ പിന്തുണ നല്‍കി വളര്‍ത്തുന്നത് വിജീതീയതയെയാണ്. എന്തെന്നാല്‍, വിജാതീയര്‍ അവനെയാണ് ആരാധിക്കുന്നത്. ശൗവുലിന്റെ പ്രബോധനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് ദുര്‍ഭൂതങ്ങള്‍ക്കാണ്”(1 കോറിന്ത്: 10; 20). സത്യദൈവത്തെയല്ലാതെ മറ്റേത് മൂര്‍ത്തികളെ ആരാധിച്ചാലും, ആ ആരാധനകളെല്ലാം ഏറ്റെടുക്കുന്നത് സാത്താനാണെന്ന യാഥാര്‍ത്ഥ്യമാണ് അപ്പസ്തോലനിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എല്ലായ്പ്പോഴും നമുക്കുണ്ടായിരിക്കണം. മനുഷ്യന്‍ ആരാധിക്കുന്ന വിഗ്രഹങ്ങളിലെല്ലാം കടന്നുകൂടി ആരാധനകള്‍ സ്വീകരിക്കുന്നവനാണ് സാത്താന്‍ എന്ന തിരിച്ചറിവില്‍നിന്ന് ഒരിക്കലും നാം പിന്നോട്ട് പോവുകയുമരുത്! വിജാതീയതയെയും വിഗ്രഹാരാധനയെയും സാത്താന്‍ എതിര്‍ക്കാത്തതിന്റെ പിന്നിലെ കാരണവും ഇതുതന്നെ. വിഗ്രഹാരാധനയെ ദൈവം വെറുക്കുന്നത് മനുഷ്യന്റെ രക്ഷയെ കരുതിയാണെന്ന് പറഞ്ഞത് അതുകൊണ്ടുതന്നെയാണ്! സാത്താന്റെ ആധിപത്യത്തില്‍നിന്ന് വിജാതീയരെ മോചിപ്പിക്കുക എന്ന ദൗത്യം ഭരമേല്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ് യേഹ്ശുവായ്ക്ക് ശുശ്രൂഷചെയ്യുന്ന സകലരും പീഡിപ്പിക്കപ്പെടുന്നത്.
അപ്പസ്തോലന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ത്ഥമായ കാര്യങ്ങള്‍ വിഭാവനം ചെയ്തതുമെന്തിന്? യാഹ്‌വെയ്ക്കും അവന്റെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുകയും അധികാരികള്‍ ഒരുമിച്ചുകൂടുകയും ചെയ്തു. നീ അഭിഷേകംചെയ്ത നിന്റെ പരിശുദ്ധ ദാസനായ യേഹ്ശുവായ്ക്കെതിരേ ഹെരോദും പന്തിയോസ് പീലാത്തോസും വിജാതീയരോടും യിസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 25-27). ദാവീദിന്റെ പ്രവചനമാണ് അപ്പസ്തോലന്മാര്‍ ഇവിടെ ആവര്‍ത്തിച്ചത്. സങ്കീര്‍ത്തനങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിന് വ്യര്‍ത്ഥമായി ഗൂഢാലോചന നടത്തുന്നു?യാഹ്‌വെയ്ക്കും അവന്റെ അഭിഷിക്തനും -മ്ശിയാഹ്- എതിരേ ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുന്നു; ഭരണാധിപന്മാര്‍ കൂടിയാലോചിക്കുന്നു”(സങ്കീര്‍ത്തനങ്ങള്‍: 2; 1-2).
ഭൂമിയിലെ രാജാക്കന്മാരും ഭരണാധിപന്മാരും കൂടിയാലോചിക്കുന്നത് യേഹ്ശുവായ്ക്ക് എതിരെയാണ്. എന്തെന്നാല്‍, രാജാക്കന്മാരും ഭരണാധിപന്മാരും മാത്രമല്ല, മതനേതാക്കന്മാരും സാത്താന്റെ ആധിപത്യത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. യേഹ്ശുവായാണ് ഇവരുടെയെല്ലാം പൊതുശത്രു! അതുപോലെതന്നെ, യേഹ്ശുവായുടെ പേരില്‍ ശുശ്രൂഷചെയ്യുന്ന ഏതൊരുവനും ഇവര്‍ക്ക് ശത്രുവാണ്. അപ്പസ്തോലന്മാരെ പീഡിപ്പിക്കുന്നതില്‍ മുന്നിട്ടുനിന്നത് യെഹൂദമതത്തിലെ പുരോഹിതന്മാരും നിയമജ്ഞന്മാരും ആയിരുന്നുവെന്നത് വിസ്മരിക്കരുത്. മതനേതാക്കന്മാര്‍ പിന്തുടരുന്ന പാരമ്പര്യങ്ങള്‍ ദൈവത്തില്‍നിന്ന് ഉള്ളവയായിരുന്നുവെങ്കില്‍ അവര്‍ യേഹ്ശുവായെയും അപ്പസ്തോലന്മാരെയും എതിര്‍ക്കുമായിരുന്നില്ല. യേഹ്ശുവായെ പീഡിപ്പിച്ചവര്‍ യേഹ്ശുവായുടെ പേരില്‍ അയയ്ക്കപ്പെട്ടവരെയും പീഡിപ്പിക്കും. ഇത് ഏതെങ്കിലും പ്രത്യേക കാലഘട്ടത്തില്‍ മാത്രമായിരിക്കുമെന്നല്ല യേഹ്ശുവാ മുന്നറിയിപ്പ് നല്‍കിയത്. സാത്താന്റെ ആത്മാവ് ഈ ലോകത്തെ നിയന്ത്രിക്കുന്ന കാലത്തെല്ലാം സത്യവചനത്തിന് സാക്ഷ്യംവഹിക്കുന്നവര്‍ പീഡിപ്പിക്കപ്പെടും.
അപ്പസ്തോലന്മാര്‍ പ്രസംഗിച്ച വചനം മായംചേര്‍ക്കാതെ പ്രസംഗിക്കുന്നവര്‍ക്ക് മാത്രമേ പീഡനങ്ങളെ നേരിടേണ്ടി വരികയുള്ളു. വചനത്തില്‍ മായംചേര്‍ത്ത് കച്ചവടം നടത്തുന്ന വ്യാജപ്രബോധകര്‍ക്ക് ലോകത്തുനിന്ന് യാതൊരു ഉപദ്രവവും ഉണ്ടാകില്ല! സത്യവചനം തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത് പ്രസംഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍! എന്നാല്‍, എല്ലാ പീഡനങ്ങളും സത്യത്തിനുള്ള സാക്ഷ്യമായി പരിഗണിക്കരുത്. യേഹ്ശുവായുടെ പ്രഖ്യാപനങ്ങളോടും പ്രവാചക ലിഖിതങ്ങളോടും അപ്പസ്തോലിക പ്രബോധനങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന പ്രഘോഷണത്തിന് നേരെയുള്ള പീഡനങ്ങളെ മാത്രമേ സത്യത്തിനുള്ള സാക്ഷ്യമായി പരിഗണിക്കാവൂ. എന്തെന്നാല്‍, സാത്താന്‍ വലിയ കൗശലക്കാരനാണ്! തിന്മയുടെ പ്രതിഫലമായി ലഭിക്കുന്ന സ്വാഭാവിക ശിക്ഷയെപ്പോലും വിശുദ്ധ സഹനങ്ങളായി പരിഗണിക്കാന്‍ അവന്‍ പ്രേരിപ്പിക്കും.
ഇവിടെയാണ് കേപ്ഫായുടെ പ്രബോധനം പ്രസക്തമാകുന്നത്. ഏതാണ് ആ പ്രബോധനമെന്ന് നോക്കുക: “അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും. തെറ്റുചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് മഹത്വമാണുള്ളത്? നിങ്ങള്‍ നന്മചെയ്തിട്ട് പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അത് ദൈവസന്നിധിയില്‍ പ്രീതികരമാണ്”(1 കേപ്ഫാ: 2; 19-20). അപ്പസ്തോലന്റെ മറ്റൊരു ഉപദേശംകൂടി ശ്രദ്ധിക്കുക: “പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. മ്ശിയാഹിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ളാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ളാദിക്കും. മ്ശിയാഹിന്റെ പേര് നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ അനുഗൃഹീതര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു. നിങ്ങളിലാരുംതന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്‌കര്‍മ്മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്. നസ്രേനിയന്‍ - ക്രിസ്ത്യാനി - എന്ന നിലയിലാണ് ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, നസ്രേനിയന്‍ - ക്രിസ്ത്യാനി - എന്ന പേരില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ”(1 കേപ്ഫാ: 4; 12-16).
നസ്രേനിയര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളെ വിവേചിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് കേപ്ഫായുടെ ഈ പ്രബോധനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. സത്യത്തിന് സാക്ഷ്യംവഹിച്ചതിന്റെ പേരിലാണ് നാം പീഡിപ്പിക്കപ്പെടുന്നതെങ്കില്‍, അത് യേഹ്ശുവായുടെ വാഗ്ദാനപ്രകാരമുള്ള സഹനമാണ്. അങ്ങനെയുള്ള സഹനങ്ങള്‍ക്ക് വാഗ്ദാനപ്രകാരംതന്നെ പ്രതിഫലം ലഭിക്കും. യേഹ്ശുവായുടെ വചനത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന സഹനങ്ങളാണ് വാഗ്ദാനപ്രകാരമുള്ള സഹനങ്ങള്‍. അതായത്, അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളോടും പ്രവര്‍ത്തനങ്ങളോടും ചേര്‍ത്തുവെച്ച് നമ്മുടെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുമ്പോഴാണ് നമ്മള്‍ സത്യത്തിന്റെ സാക്ഷികളാണോ എന്ന് തിരിച്ചറിയുന്നത്.
യേഹ്ശുവായുടെ വചനങ്ങളില്‍നിന്നും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍നിന്നും അണുവിട വ്യതിചലിക്കാതെ നിലനിന്ന കാലത്തെല്ലാം അപ്പസ്തോലികസഭ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. യേഹ്ശുവായുടെ പേരില്‍ അറിയപ്പെടുന്ന സകലരും മരണത്തെ മുഖാമുഖം കണ്ടാണ് ജീവിച്ചത്. പരസ്യമായി ഒരുമിച്ച് കൂടാനോ പ്രാര്‍ത്ഥിക്കാനോ അവര്‍ക്ക് സാധിച്ചിരുന്നില്ല. സ്ത്രീകളെന്നോ കുട്ടികളെന്നോ ഉള്ള പരിഗണന നസ്രേനിയര്‍ക്ക് ലഭിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പസ്തോലന്മാരുടെ കാലത്ത് മാത്രമല്ല, അവരുടെ മരണശേഷവും നസ്രേനിയര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടു. അപ്പസ്തോലിക പ്രബോധനങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ അവര്‍ തയ്യാറാകാത്തതുകൊണ്ടായിരുന്നു അത്. എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടിരുന്ന അവരെ സത്യത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ വിജാതീയ ഭരണാധികാരികളുടെയും യെഹൂദരുടെയും പീഡനമുറകള്‍ക്കൊന്നും സാധിച്ചില്ല.
സ്തെഫാനോയെ കല്ലെറിഞ്ഞ് വധിച്ചു, സെബ്ദിപുത്രനായ യാക്കോബ് ഹെരോദ് അഗ്രിപ്പാ രാജാവിനാല്‍ ശിരച്ഛേദം ചെയ്യപ്പെട്ടു. കേപ്ഫായെ റോമില്‍ വച്ച് തലകീഴായി കുരിശില്‍ തറച്ചു. ഗ്രീസില്‍ വച്ച് എക്സ് (X) ആകൃതിയില്‍ ക്രൂശിലേറ്റിയാണ് അന്ദ്രേയായെ വധിച്ചത്. ഇങ്ങനെ ക്രൂശിക്കപ്പെട്ട അന്ദ്രേയാ കുരിശില്‍ കിടന്നുകൊണ്ട് രണ്ട് ദിവസം സുവിശേഷം പ്രസംഗിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയതെന്ന് ചരിത്രം പറയുന്നു. ഏഷ്യാ മൈനറില്‍ (ഇന്നത്തെ തുര്‍ക്കി) വച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കുരിശില്‍ തറച്ചാണ് പീലിപ്പോയെ വധിച്ചത്. അര്‍മേനിയയില്‍ വച്ച് ജീവനോടെ തൊലി ഉരിഞ്ഞെടുത്തും, പിന്നീട് ശിരച്ഛേദം ചെയ്തുമാണ് ബെര്‍ത്തലോമിയോയെ വധിച്ചത്. ഇന്ത്യയിലെ മൈലാപ്പൂരില്‍ വച്ച് അപ്പസ്തോലനായ തോമായെ വധിച്ചത് കുന്തംകൊണ്ട് കുത്തിയാണ്. മത്തായിയെ എത്യോപ്യയില്‍ വച്ച് വാളാല്‍ വധിച്ചു.
അല്‍ഫായിയുടെ പുത്രന്‍ യാക്കോബിനെ യെരുശലേം ദൈവാലയത്തിന്റെ മുകളില്‍നിന്ന് താഴേക്ക് തള്ളിയിടുകയും, മരിച്ചിട്ടില്ലെന്ന് കണ്ട് വടികൊണ്ട് അടിച്ചുകൊല്ലുകയുമായിരുന്നു. പേര്‍ഷ്യയില്‍ വച്ച് അമ്പുകള്‍കൊണ്ട് എയ്താണ് യെഹൂദാ തദ്ദായിയെ വധിച്ചത്. പേര്‍ഷ്യയില്‍ വച്ച് സുവിശേഷം പ്രസംഗിച്ചതിന് ഈര്‍ച്ചവാള്‍കൊണ്ട് രണ്ടായി പിളര്‍ന്ന് ശിമെയോനെ വധിച്ചു. യെഹൂദാ യിസ്ക്കറിയോത്തിന്റെ പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മത്തിയായെ വധിച്ചത് ശിരച്ഛേദം ചെയ്താണ്. അപ്പസ്തോലനായ ശൗവുല്‍ റോമില്‍ വച്ച് ശിരച്ഛേദം ചെയ്യപ്പെട്ടു. സ്വാഭാവിക മരണം ലഭിച്ചത് അപ്പസ്തോലനായ യോഹന്നാന് മാത്രമാണ്. ഇവരില്‍ ശൗവുല്‍ ഒഴികെ മറ്റെല്ലാവരും യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചവരായിരുന്നു.
തങ്ങള്‍ നേരിട്ട് കണ്ടും കേട്ടും സ്പര്‍ശിച്ചും അറിഞ്ഞ സത്യത്തിന് സാക്ഷ്യം വഹിക്കുന്നതില്‍നിന്ന് അപ്പസ്തോലന്മാരെ പിന്തിരിപ്പിക്കാനോ നിശബ്ദരാക്കാനോ ലോകത്തിലെ ഏതെങ്കിലും ശക്തിക്കോ പ്രഭുത്വങ്ങള്‍ക്കോ സാധിച്ചില്ല! തങ്ങള്‍ സാക്ഷ്യംവഹിച്ച സത്യത്തെ നിഷേധിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് അപ്പസ്തോലന്മാര്‍ക്ക് രക്തസാക്ഷികളാകേണ്ടിവന്നത്. അവരുടെ മുന്‍പില്‍ ഈ ലോകത്തിന്റെ അധികാരികള്‍ വച്ചത് ജീവിതവും മരണവുമായിരുന്നു. ഈ ലോകജീവിതം തിരഞ്ഞെടുത്താല്‍ നഷ്ടപ്പെടുന്നത് നിത്യജീവനാണെന്ന ബോദ്ധ്യമാണ് അവരെക്കൊണ്ട് മരണത്തെ തിരഞ്ഞെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അവര്‍ യേഹ്ശുവായില്‍ ആശ്രയിച്ചത് ഈ ലോകത്തെ നശ്വരമായ ജീവിതത്തിന് വേണ്ടിയായിരുന്നില്ല. ഇഹലോകജീവിതത്തിനുവേണ്ടി മാത്രം യേഹ്ശുവായില്‍ ആശ്രയിക്കുന്നവരുടെ ഭോഷത്വത്തെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: “ഈ ജീവിതത്തിനുവേണ്ടി മാത്രം മ്ശിയാഹില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ ദയനീയരാണ്”(1 കോറിന്ത്: 15; 19).
ഈ ലോകത്തിലെ ജീവിതം സുഖകരമാകുക എന്ന ലക്ഷ്യത്തോടെയല്ല തങ്ങള്‍ മ്ശിയാഹിനെ അനുഗമിച്ചതെന്ന് അപ്പസ്തോലന്മാര്‍ തങ്ങളുടെ മരണത്തിലൂടെ തെളിയിച്ചു. അപ്പസ്തോലന്മാര്‍ മാത്രമല്ല, അവരുടെ പ്രബോധനത്തില്‍ ആകൃഷ്ടരായി സഭയിലേക്ക് കടന്നുവന്ന സകലരും ദൈവരാജ്യത്തെപ്രതി മ്ശിയാഹിനെ അനുഗമിച്ചവരായിരുന്നു. ലോകത്തിന്റെ പിന്തുണ ഒരിക്കലും അവര്‍ക്ക് ലഭിച്ചില്ല. മറിച്ച്, യേഹ്ശുവാ വാഗ്ദാനം ചെയ്തതുപോലെ ലോകം അവരെ വെറുക്കുകയും ഞെരുക്കുകയും ചെയ്തു. എന്നാല്‍, ലോകത്തിന്റെ പീഡനങ്ങള്‍ക്കൊന്നും അവരെ വിശ്വാസത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞില്ല.
യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിന് സാക്ഷ്യംവഹിച്ചത് നൂറ്റിയിരുപതോളം ശിഷ്യരായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ലിഖിതം ബൈബിളിലുണ്ട്. യെഹൂദരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും അവരിലാരും ജീവിതത്തിലൊരിക്കലും സത്യത്തിനെതിരേ മറുസാക്ഷ്യം നല്‍കിയില്ല. യേഹ്ശുവാ ഉയിര്‍പ്പിക്കപ്പെട്ട സത്യം മറച്ചുവയ്ക്കാന്‍ അവന്റെ കല്ലറയ്ക്ക് കാവല്‍നിന്ന കാവല്‍ക്കാര്‍ക്ക് കൈക്കൂലി കൊടുത്ത യെഹൂദ പുരോഹിതന്മാരെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാം പ്രധാനപുരോഹിതന്മാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്ക് വേണ്ടത്ര പണം കൊടുത്തിട്ട് പറഞ്ഞു: ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിച്ച് കൊണ്ടുപോയി എന്ന് പറയുവിന്‍”(മത്തായി: 28; 11-13).
സത്യം മറച്ചുവയ്ക്കാന്‍ അന്നത്തെ പുരോഹിതസമൂഹം നടത്തിയ ശ്രമങ്ങള്‍ വെളിവാക്കുന്നതാണ് ഈ ലിഖിതം. എന്നാല്‍, പുരോഹിതസമൂഹത്തിന്റെ കൈക്കൂലിക്കോ ഭീഷണിക്കോ വശംവദരാകാന്‍ ശിഷ്യന്മാര്‍ തയ്യാറായില്ല. സ്വര്‍ഗ്ഗാരോഹണം നേരിട്ട് ദര്‍ശിച്ച നൂറ്റിയിരുപതോളം ശിഷ്യരില്‍ ഒരാള്‍പ്പോലും എതിര്‍സാക്ഷ്യം നല്‍കിയില്ലെന്നതാണ് ആ സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആധികാരികത! സത്യത്തിന് സാക്ഷ്യം നല്‍കിയവരെ പീഡനത്തിലൂടെ നിശബ്ദരാക്കാന്‍ യെഹൂദ നേതാക്കന്മാരും വിജാതീയരും കൂട്ടായി നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലായെന്ന് മാത്രമല്ല, എതിര്‍ക്കുംതോറും അപ്പസ്തോലികസഭയുടെ കരുത്ത് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍പ്പോലും നസ്രേനിയര്‍ പീഡിപ്പിക്കപ്പെടാതിരുന്നിട്ടില്ല. അപ്പസ്തോലന്മാര്‍ ജീവിച്ചിരുന്ന ആദ്യനൂറ്റാണ്ടില്‍ എപ്രകാരം സഭ പീഡിപ്പിക്കപ്പെട്ടുവോ, അപ്രകാരംതന്നെ തുടര്‍ന്നും പീഡിപ്പിക്കപ്പെട്ടു. അപ്പസ്തോലികസഭ നിലനിന്ന കാലത്തെല്ലാം യേഹ്ശുവാ പ്രഖ്യാപിച്ച പീഡനം എന്ന അടയാളവും ആ സഭയില്‍ ദൃശ്യമായിരുന്നു. അതുകൊണ്ടാണ് അപ്പസ്തോലികസഭയില്‍ രഹസ്യവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നത്.
അപ്പസ്തോലന്മാര്‍ പരസ്യമായി സാക്ഷ്യംവഹിച്ചപ്പോള്‍, രഹസ്യമായി സാക്ഷ്യം വഹിച്ച അനേകായിരം വിശ്വാസികള്‍ അപ്പസ്തോലികസഭയില്‍ ഉണ്ടായിരുന്നു. പരസ്യശുശ്രൂഷകര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ഈ രഹസ്യവിശ്വാസികളാണ്. പ്രാര്‍ത്ഥനകള്‍ക്കായി ഇവര്‍ സമ്മേളിച്ചിരുന്നതുപോലും രഹസ്യകേന്ദ്രങ്ങളിലായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പ്രവാചകകാലഘട്ടത്തിലും യേഹ്ശുവായുടെ കാലത്തും ഉണ്ടായിരുന്നതിനേക്കാള്‍ അധികമായി രഹസ്യവിശ്വാസികള്‍ ഉണ്ടായിരുന്നത് അപ്പസ്തോലന്മാരുടെ കാലത്താണ്. യെരീക്കോപട്ടണത്തിലെ വേശ്യയായ റാഹാബും പ്രവാചകന്മാര്‍ക്ക് സംരക്ഷണം നല്‍കിയ ഒബാദിയാഹും പ്രവാചകകാലത്തെ ‘ക്രിപ്റ്റോ വിശ്വാസികള്‍’ ആയിരുന്നതുപോലെയും, നിക്കൊദേമോന്‍, ഹരമഥിംകാരന്‍ യോസെഫ് എന്നിവര്‍ യേഹ്ശുവായുടെ കാലത്തെ ‘ക്രിപ്റ്റോ വിശ്വാസികള്‍’ ആയിരുന്നതുപോലെയും, അപ്പസ്തോലിക കാലത്തും ‘ക്രിപ്റ്റോ വിശ്വാസികള്‍’ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല, അവരുടെ സംഖ്യ എക്കാലത്തെക്കാളും വലുതായിരുന്നു. എന്തെന്നാല്‍, ആദ്യനൂറ്റാണ്ടുകളിലാണ് വിശ്വാസികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടത്.
റോമന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍പോലും രഹസ്യവിശ്വാസികളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അപ്പസ്തോലന്മാര്‍ക്ക് രഹസ്യമായി അവര്‍ സഹായങ്ങള്‍ ചെയ്തിരുന്നു. റോമാലേഖനം പതിനാറാം അദ്ധ്യായത്തില്‍ കാണുന്ന എറാസ്ത്തൂസും സഹോദരനായ ക്വാര്‍ത്തൂസും അക്കൂട്ടത്തില്‍പ്പെടും. റോമാനഗരത്തിലെ ധനകാര്യവകുപ്പില്‍ ഉന്നതപദവി അലങ്കരിച്ചിരുന്ന വ്യക്തിയാണ് എറാസ്ത്തൂസ്. ഹെരോദിന്റെ കൊട്ടാരത്തില്‍ മാത്രമല്ല, റോമന്‍ ഭരണാധികാരിയായ കൈസറിന്റെ കൊട്ടാരത്തില്‍പ്പോലും രഹസ്യവിശ്വാസികള്‍ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു ലിഖിതം ശ്രദ്ധിക്കുക: “എല്ലാ വിശുദ്ധരും പ്രത്യേകിച്ച് കൈസറിന്റെ ഭവനത്തില്‍പ്പെട്ടവര്‍, നിങ്ങളെ അഭിവാദനം ചെയ്യുന്നു”(ഫിലിപ്പി: 4; 22). പീഡനങ്ങളുടെ ആധിക്യത്താല്‍ രഹസ്യവിശ്വാസികളായി തുടര്‍ന്നവരെ നമുക്ക് ചെറുതായി കാണാന്‍ കഴിയില്ല. എന്തെന്നാല്‍, അവരിലൂടെയും സുവിശേഷപ്രഘോഷണം ശക്തിപ്രാപിച്ചിട്ടുണ്ട്.
പീഡനങ്ങളുടെ അന്ത്യവും വചനത്തിലെ മായവും!
അപ്പസ്തോലന്മാരുടെ കാലഘട്ടത്തിനുശേഷം എ.ഡി. 325 വരെ അപ്പസ്തോലികസഭ അതിക്രൂരമായ പീഡനങ്ങളെയാണ് നേരിട്ടത്. റോമന്‍ സാമ്രാജ്യത്വത്തിന്റെ കീഴില്‍ സിംഹങ്ങള്‍ക്ക് ഇരയാക്കപ്പെട്ടും, ജീവനോടെ ദഹിപ്പിക്കപ്പെട്ടും നസ്രേനിയര്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു. യേഹ്ശുവായുടെ മാര്‍ഗ്ഗത്തില്‍ ചരിച്ചപ്പോള്‍, അവന്‍ വാഗ്ദാനം ചെയ്ത പീഡനങ്ങള്‍ അവന്റെ അനുയായികള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഈ പീഡനങ്ങള്‍ക്ക് അറുതിവന്നത് എ.ഡി. 313 നും എ.ഡി. 325 നും ഇടയില്‍ സംഭവിച്ച ചില മാറ്റങ്ങളിലൂടെയാണെന്ന പ്രചാരണത്തിന് പതിനേഴ് നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം?
എ.ഡി. 325 വരെയാണ് അപ്പസ്തോലികസഭ പീഡിപ്പിക്കപ്പെട്ടത് എന്ന വാദം ചരിത്രപരമായി നിലനില്‍ക്കുന്നതല്ല. എ.ഡി. 313 - ലെ മിലാന്‍ വിളംബരത്തോടെ പീഡനങ്ങള്‍ അവസാനിച്ചുവെന്ന പൊതുധാരണയിലും ചില തിരുത്തുകള്‍ അനിവാര്യമാണ്. കാരണം, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പൊതുബോധത്തിലൂടെ നമുക്ക് ലഭിച്ച ‘മാനിപുലേറ്റഡ് ഹിസ്റ്ററി’ (Manipulated History) അഥവാ നിര്‍മ്മിത ചരിത്രമാണ് നമ്മില്‍ പലരെയും ഇന്നും നയിച്ചുകൊണ്ടിരിക്കുന്നത്. സത്യം വീണ്ടെടുക്കാനായുള്ള ചരിത്രത്തിന്റെ അപനിര്‍മ്മിതി അനിവാര്യമാകുന്നത് ഇവിടെയാണ്.
പീഡനങ്ങള്‍ അവസാനിച്ചുവെന്ന് ലോകം കരുതുന്ന എ.ഡി. 313-നും സഭയുടെ ഔദ്യോഗിക ‘രൂപമാറ്റം’ നടന്ന എ.ഡി. 325-നും ഇടയിലുള്ള ആ കാലയളവാണല്ലോ ഏറ്റവും നിര്‍ണ്ണായകം. അവിടെയാണ് അപ്പസ്തോലിക പ്രബോധനങ്ങളില്‍ ശരിക്കുമുള്ള ‘മായം’ കലരുന്നത്. അപ്പസ്തോലികസഭയ്ക്ക് 280 വയസ്സ് പൂര്‍ത്തിയായത് എ.ഡി. 313 - ലാണ്. അതായത്, നാല്പത് ശബാത്ത് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അപ്പസ്തോലികസഭയുടെ നിയന്ത്രണം കോണ്‍സ്റ്റന്റൈന്‍ ഏറ്റെടുത്തു. പീഡനങ്ങളിലൂടെ നശിപ്പിക്കാന്‍ കഴിയാത്ത സത്യത്തെ, സൗകര്യങ്ങളും പദവികളും നല്‍കി കോണ്‍സ്റ്റന്റൈന്‍ എങ്ങനെ വഴിതെറ്റിച്ചുവെന്ന് അറിയണമെങ്കില്‍, തുടര്‍ന്നുള്ള പന്ത്രണ്ട് വര്‍ഷത്തെ ആസൂത്രണങ്ങളുടെ പരിസമാപ്തി എന്തായിരുന്നുവെന്ന് നോക്കിയാല്‍ മതി.
പന്ത്രണ്ട് വര്‍ഷത്തെ ആസൂത്രണങ്ങളുടെ പരിസമാപ്തി എന്നത് എ.ഡി. 325 - ല്‍ നടന്ന നിഖ്യാസൂനഹദോസാണ്. ഈ സൂനഹദോസില്‍ വച്ചാണ് യേഹ്ശുവായെ നീക്കംചെയ്ത് ‘യീസുസ്’ എന്ന ഗ്രീക്ക് മിത്തിനെ പ്രതിഷ്ഠിച്ചത്. മാത്രവുമല്ല, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള അപ്പസ്തോലിക ജ്ഞാനസ്നാനം നിരോധിക്കുകയും പകരം വിജാതീയ തത്വങ്ങളെ ആധാരമാക്കിയുള്ള പുതിയ രീതികള്‍ കൗശലപൂര്‍വ്വം കൊണ്ടുവരികയും ചെയ്തു. അതിനായി യേഹ്ശുവായുടെ വാക്കുകളെ അവര്‍ വളച്ചൊടിച്ചു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ ജ്ഞാനസ്നാനം നല്‍കണമെന്ന് യേഹ്ശുവാ പറഞ്ഞപ്പോള്‍, ആ പേര് യേഹ്ശുവാ മ്ശിയാഹ് എന്നാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അപ്പസ്തോലന്മാര്‍ ആ പേരില്‍ ജ്ഞാനസ്നാനം നല്‍കിയത്. എന്നാല്‍, നിഖ്യാസൂനഹദോസിലൂടെ അഭിനവാചാര്യന്മാര്‍ സ്നാനത്തെ വ്യര്‍ത്ഥമാക്കി. ഇതോടെ അപ്പസ്തോലിക സഭയുടെ ആത്മീയമായ തനിമ പൂര്‍ണ്ണമായും ഇല്ലാതായി.
യഥാര്‍ത്ഥത്തില്‍ പീഡനം അവസാനിച്ചത് യേഹ്ശുവായെയും അവന്റെ പേരിലുള്ള ജ്ഞാനസ്നാനത്തെയും നീക്കംചെയ്തതോടെയാണ്. കൃത്യമായിപ്പറഞ്ഞാല്‍ അപ്പസ്തോലികസഭയുടെ ആത്മീയമായ തനിമ ഇല്ലാതാകുകയും ഗ്രീക്ക് മിത്തോളജിയില്‍ അധിഷ്ഠിതമായ പുതിയ സഭ സ്ഥാപിതമാകുകയും ചെയ്തതോടെ പീഡനങ്ങള്‍ അവസാനിച്ചു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഇംഗിതത്തിനനുസരണമായി സ്ഥാപിതമായ പുതിയ സഭയ്ക്കെതിരേ പീഡനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം, അത് അപ്പസ്തോലികസഭ അല്ലെന്നതാണ്. എന്തെന്നാല്‍, പീഡനമാണ് അപ്പസ്തോലികസഭയുടെ ഏറ്റവും വലിയ അടയാളം! യേഹ്ശുവായുടെ വാക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
യേഹ്ശുവായോടും യേഹ്ശുവായുടെ പേര് വഹിക്കുന്ന വ്യക്തികളോടും ലോകത്തിന്റെ സമീപനം എന്തായിരിക്കുമെന്ന് അവന്‍ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്ന് തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്റെ പേരുമൂലം അവര്‍ ഇതെല്ലാം നിങ്ങളോട് ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല”(യോഹന്നാന്‍: 15; 18-21). ഇതാണ് അപ്പസ്തോലികസഭയുടെ അടയാളം!
ഈ അടയാളം എവിടെവെച്ച് അപ്രത്യക്ഷമായോ, അവിടെവെച്ച് അപ്പസ്തോലികസഭ എടുക്കപ്പെട്ടുവെന്ന് നാം തിരിച്ചറിയണം. എന്തെന്നാല്‍, യേഹ്ശുവാ അരുളിച്ചെയ്ത അടയാളങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ അത് അവന്റെ സഭയായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രവുമല്ല, യേഹ്ശുവായുടെ സഭയായ അപ്പസ്തോലികസഭയില്‍ ഒരുവന്‍ അംഗമാകുന്നത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെയാണ്. അപ്പസ്തോലന്മാര്‍ നല്‍കിയ ഈ ജ്ഞാനസ്നാനം നിരോധിച്ചതോടെ അപ്പസ്തോലികസഭയില്‍ അംഗമാകാനുള്ള അവസരം മനുഷ്യര്‍ക്ക് നഷ്ടമായി! അതായത്, നിഖ്യാസൂനഹദോസിലൂടെ അപ്പസ്തോലികസഭയിലേക്കുള്ള പ്രവേശനകവാടം അടയ്ക്കപ്പെട്ടു!
അപ്പസ്തോലന്മാര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പ്രധാന കാരണം അവര്‍ യേഹ്ശുവായുടെ പേരില്‍ സംസാരിച്ചുവെന്നതാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “അവര്‍ അവരെ വിളിച്ച് യേഹ്ശുവായുടെ പേരില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്ന് കല്പിച്ചു. കേപ്ഫായും യോഹന്നാനും അവരോട് മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നത് ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 18-19). യേഹ്ശുവായെ അനുസരിക്കുന്നതില്‍നിന്ന് ഇടംവലം വ്യതിചലിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് അപ്പസ്തോലന്മാരും അപ്പസ്തോലികസഭയും പീഡിപ്പിക്കപ്പെട്ടത്. യേഹ്ശുവായുടെ പേരില്‍ പ്രസംഗിക്കാതിരുന്നുവെങ്കില്‍ അവര്‍ അംഗീകരിക്കപ്പെടുമായിരുന്നു. അക്കാലത്ത് ലോകത്തുണ്ടായിരുന്ന മറ്റ് മതങ്ങള്‍ പീഡിപ്പിക്കപ്പെടാതിരുന്നത് അവര്‍ യേഹ്ശുവായുടെ രക്ഷാകരമായ പേര് പ്രചരിപ്പിക്കാത്തതുകൊണ്ടാണ്. യേഹ്ശുവാ എന്ന പേരിന്റെ പ്രചാരണമാണ് സാത്താനും സാത്താന്റെ ആധിപത്യത്തിലുള്ള ലോകവും ഭയപ്പെടുന്നത്. ഈ പേര് പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിച്ചത് ഇക്കാരണത്താലാണ്. ഈ പേര് ഉപേക്ഷിച്ചതോടെ റോമാസാമ്രാജ്യത്തില്‍ മതസ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടുവെന്നാണ് ഇന്നോളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അര്‍ദ്ധസത്യം!
യഥാര്‍ത്ഥത്തില്‍ മിലാന്‍ വിളംബരം എന്നത് മതസ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നില്ല. യേഹ്ശുവായ്ക്ക് പകരം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ആരാധിച്ചിരുന്ന ദൈവത്തെ പ്രതിഷ്ഠിച്ചുകൊണ്ട് സ്ഥാപിച്ച മതത്തെ രാജകീയമതമായി പ്രഖ്യാപിക്കുകയും, ആ മതത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുമാണ് അന്ന് ചെയ്തത്. അതായത്, സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് കോണ്‍സ്റ്റന്റൈന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പുതിയ മതത്തിന് മാത്രമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യൂറോപ്പില്‍ അന്ന് നടന്നത് നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമായിരുന്നു. അതുകൊണ്ടാണ് കോണ്‍സ്റ്റന്റൈന്‍ സഭയല്ലാതെ, മറ്റൊരു മതവും യൂറോപ്പില്‍ ഇല്ലാതായത്.
അപ്പസ്തോലികസഭയുടെ പ്രബോധനങ്ങള്‍ ഉപേക്ഷിച്ച്, നിഖ്യാവിശ്വാസപ്രമാണം അംഗീകരിക്കുകയും പുതിയ സ്നാനം സ്വീകരിക്കുകയും ചെയ്‌താല്‍ മാത്രമാണ് റോമാസാമ്രാജ്യത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള യഥാര്‍ത്ഥ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ നിഖ്യാവിശ്വാസപ്രമാണം ഏറ്റുപറഞ്ഞ് പുതിയ സ്നാനം സ്വീകരിക്കണം. അതിന് തയ്യാറാകാത്തവര്‍ക്ക് ഊര് വിലക്ക് കല്പിച്ചു. അതിനായി അവര്‍ ‘അഞ്ച് കല്പനകള്‍’ എഴുതിയുണ്ടാക്കി! അതാണ് ‘തിരുസഭയുടെ കല്പനകള്‍’ എന്നപേരില്‍ അറിയപ്പെടുന്നത്. മിലാന്‍ വിളംബരത്തിന് ശേഷം എ.ഡി. 325 - ല്‍ രൂപീകൃതമായ നിഖ്യാസഭയുടെ അഞ്ച് പ്രമാണങ്ങളില്‍ നാലാമത്തേത് പരിശോധിച്ചാല്‍ ഊര് വിലക്കിന്റെ ഗൗരവം മനസ്സിലാകും.
നിഖ്യാസഭയുടെ നാലാംപ്രമാണം ഇതാണ്: “വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്”(നിഖ്യാസഭയുടെ നാലാംപ്രമാണം). തിരുസഭ വിലക്കിയിരിക്കുന്നത് നിഖ്യാവിശ്വാസപ്രമാണത്തെ അംഗീകരിക്കാതെ, അപ്പസ്തോലന്മാര്‍ പഠിപ്പിച്ച യഥാര്‍ത്ഥ ജ്ഞാനസ്നാനത്തില്‍ നിലനിന്നവരെയാണ്. വിജാതീയരുമായുള്ള വിവാഹംപോലും പള്ളികളില്‍ വെച്ച് നടത്തിക്കൊടുക്കുന്നവരാണ് ‘തിരുസഭ’ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹബന്ധം നിഷിദ്ധമാക്കിക്കൊണ്ട് കല്പനയിറക്കിയിരിക്കുന്നതെന്ന് നാം കാണാതെപോകരുത്. ഇങ്ങനെയുള്ളവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമല്ല, അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍പോലും ‘മഹറോന്‍’ ശിക്ഷ നേരിടേണ്ടിവരും. ‘മഹറോന്‍’ ചൊല്ലുകയെന്നാല്‍ സഭാഭ്രഷ്ടരാക്കുക (Excommunication) എന്നാണ് അര്‍ത്ഥമാക്കുന്നത്. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ ആ സ്നാനം ഉപേക്ഷിച്ച്, നിഖ്യാവിശ്വാസപ്രമാണം അനുസരിച്ചുള്ള പുതിയ സ്നാനം സ്വീകരിക്കുന്നില്ലെങ്കില്‍, അവരെല്ലാം സഭാഭ്രഷ്ടരാണ്!
അപ്പസ്തോലികസഭയെയും അതിന്റെ പാരമ്പര്യത്തെയും ഉന്മൂലനം ചെയ്യുകയും, നിഖ്യാവിശ്വാസപ്രമാണത്തില്‍ അധിഷ്ഠിതമായ പാരമ്പര്യങ്ങളെ യഥാര്‍ത്ഥ പാരമ്പര്യങ്ങളായി അടിച്ചേല്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അപ്പസ്തോലികസഭയ്ക്ക് ‘ഊര് വിലക്ക്’ കല്പിച്ചത്. റോമാസാമ്രാജ്യത്തിന്റെ രാജകീയമതമായി നിഖ്യാസഭ പ്രഖ്യാപിക്കപ്പെട്ടതോടെ, കാലക്രമേണ മറ്റ് മതങ്ങളെല്ലാം ഉന്മൂലനം ചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് പലഘട്ടങ്ങളിലായി നിഖ്യാസഭയില്‍ വിഭാഗിയത ഉടലെടുക്കുകയും അനേകം കഷണങ്ങളായി അത് ചിതറിക്കപ്പെടുകയും ചെയ്തു. നിഖ്യാസഭ എന്ന കോണ്‍സ്റ്റന്റൈന്‍ സഭയുടെ 45,000 കഷണങ്ങളില്‍ വലിയ കഷണമാണ് റോമന്‍ കത്തോലിക്കാ സഭ! ആറാംനൂറ്റാണ്ടോടെ പൗരസ്ത്യ റോമാസാമ്രാജ്യത്തില്‍ ഇസ്ലാംമതം സ്ഥാപിതമാകുന്നതുവരെ കോണ്‍സ്റ്റന്റൈന്‍ സഭയുടെ വിവിധ വിഭാഗങ്ങളല്ലാതെ മറ്റൊരു മതവും പാശ്ചാത്യ-പൗരസ്ത്യ റോമാസാമ്രാജ്യങ്ങളില്‍ ഉണ്ടായിരുന്നില്ല.
ഗ്രീക്ക്-ലാറ്റിന്‍ വത്ക്കരണം യാഥാര്‍ത്ഥ്യമായതോടെ അപ്പസ്തോലികസഭ ഇല്ലാതായി എന്നതാണ് സത്യം. അപ്പസ്തോലികസഭ ഒരിക്കലും പൗരോഹിത്യത്തിന് കീഴിലായിരുന്നില്ല. എന്നാല്‍, നിഖ്യാസൂനഹദോസില്‍ വെച്ച് സ്ഥാപിതമായ പുതിയ സഭ പൗരോഹിത്യത്തിന് കീഴിലായിരുന്നു. റോമന്‍ ഭരണാധികാരികളും പുരോഹിത നേതാക്കന്മാരും ചേര്‍ന്ന് വിശ്വാസികളുടെമേലുള്ള അധികാരം പങ്കിട്ടെടുത്തു. വിശ്വാസികള്‍ അങ്ങനെ രാഷ്ട്രീയാധികാരത്തിനും ആത്മീയാധികാരത്തിനും കീഴിലായി. പൗരോഹിത്യം ഭൂവുടമകളും വിശ്വാസികള്‍ തൊഴിലാളികളും എന്നതായിരുന്നു യൂറോപ്പിലെ അവസ്ഥ. ഇവിടെ നാം തിരിച്ചറിയേണ്ടത് നിഖ്യാസൂനഹദോസിന് ശേഷം അപ്പസ്തോലികസഭ എടുക്കപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യമാണ്. അപ്പസ്തോലികസഭ എടുക്കപ്പെട്ടതുകൊണ്ടാണ് സഭയ്ക്കെതിരേയുള്ള പീഡനം അവസാനിച്ചതായി അനുഭവപ്പെട്ടത്. യേഹ്ശുവായെ വിളിച്ചപേക്ഷിക്കുന്ന സമൂഹം ഉണ്ടങ്കിലല്ലേ പീഡനത്തിന് സാദ്ധ്യതയുള്ളൂ! യേഹ്ശുവാ എന്ന പേരിനെപ്രതിയാണ് സത്യവിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടത്.
യഥാര്‍ത്ഥത്തില്‍ പീഡനം അവസാനിച്ചത് ക്രിസ്തീയതയെ വിജാതീയതയില്‍ ലയിപ്പിക്കുകയും സൂര്യദൈവത്തെ വിളിച്ചപേക്ഷിക്കുന്ന അവസ്ഥയിലേക്ക് അധഃപതിക്കുകയും ചെയ്തപ്പോഴാണ്. ഗ്രീക്ക് സംസ്കാരത്തെയാണ് വിജാതീയതയുടെ പ്രതീകമായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രീക്കുവല്‍ക്കരണം എന്നാല്‍ വിജാതീയവല്‍ക്കരണം തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനോ സത്യം അന്വേഷിച്ച് കണ്ടെത്താനോ ഉള്ള സാദ്ധ്യതകള്‍പ്പോലും അന്നത്തെ വിശ്വാസികള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് നാം മനസ്സിലാക്കിയിരിക്കണം. പൗരോഹിത്യം പഠിപ്പിക്കുന്നതല്ലാതെ, സ്വന്തമായി പഠിക്കാന്‍ ശ്രമിക്കുന്നവരെ സഭാഭ്രഷ്ടരാക്കിയിരുന്നതുകൊണ്ട് സത്യാന്വേഷണത്തിന് ആരുംതന്നെ ധൈര്യപ്പെട്ടില്ല. ഇന്നും വിശ്വാസികളില്‍ ഏറെപ്പേരും പൗരോഹിത്യത്തിന്റെ കീഴില്‍ അടിമകളായി ജീവിക്കുന്നുവെന്നതാണ് പരമാര്‍ത്ഥം.
ശ്മശാന നഷ്ടം ഭയപ്പെടുന്ന മൃതവിശ്വാസികള്‍!
ദൈവരാജ്യം ഏറ്റവും അടുത്തെത്തിയിരിക്കുന്ന ഈ നാളുകളില്‍ നിഖ്യാസഭകളിലെ വിശ്വാസികളില്‍ ഒരു ഉണര്‍വുണ്ടാകുമെന്നത് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന സത്യമാണ്. യേലിയാഹും മോശയും വന്ന് സകലതും പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയായി സംഭവിക്കുന്നതാണ് അത്. ഇപ്പോള്‍ നിലവിലുള്ള നാല്‍പത്തയ്യായിരത്തില്‍പ്പരം സഭകളിലും ഈ ഉണര്‍വിന്റെ കാറ്റ് വീശും. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട സത്യാന്വേഷികള്‍ക്ക് വ്യര്‍ത്ഥമായ വിശ്വാസങ്ങളുടെ അടിമത്തത്തില്‍നിന്ന് സ്വതന്ത്രരാകാനുള്ള അവസരം ലഭിക്കുന്നത് ഈ നാളുകളിലാണ്. സത്യാന്വേഷണത്തിനായി ദൈവം ഒരുക്കിയിരിക്കുന്ന വിപുലമായ സംവിധാനങ്ങളിലൂടെ പുരോഹിതരുടെയും നേതാക്കന്മാരുടെയും അജ്ഞത തിരിച്ചറിയുകയും, സത്യം കണ്ടെത്തുകയും ചെയ്യുന്നതിലൂടെയാണ് അത് സംഭവിക്കുന്നത്. എന്നാല്‍, സഭകളില്‍ ആഞ്ഞുവീശുന്ന ഈ ഉണര്‍വിനെ തടഞ്ഞുനിര്‍ത്താന്‍ പുരോഹിതനേതൃത്വം തങ്ങളുടെ പരമ്പരാഗത ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയും തങ്ങളുടെ വ്യാജാധികാരത്തിന് കീഴില്‍ വിശ്വാസികളെ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്യും.
പുരോഹിതര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത ആയുധങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് സെമിത്തേരിയും കൂദാശകളും മാത്രമാണ്! അപ്പസ്തോലികസഭയിലേക്കുള്ള മടങ്ങിപ്പോക്കിനെ തടയുന്നതിനാണ് അവര്‍ കൂദാശകളെയും സെമിത്തേരിയിലെ ആറടി മണ്ണിനെയും ആയുധങ്ങളായി ഉയര്‍ത്തുന്നത്. എന്നാല്‍, അപ്പസ്തോലികസഭയുടെ സത്യം തിരിച്ചറിയുന്നവരെ തടഞ്ഞുനിര്‍ത്താന്‍ ഇവരുടെ ആയുധങ്ങള്‍ക്കൊന്നും സാധിക്കില്ല. എന്തെന്നാല്‍, അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായ ആദിമസഭയിലെ വിശുദ്ധരെ തടയാന്‍ യെഹൂദര്‍ പ്രയോഗിച്ച ആയുധങ്ങളുടെ കൂട്ടത്തില്‍ ഇവയുമുണ്ടായിരുന്നു. സിനഗോഗുകളില്‍നിന്ന് പുറത്താക്കുമെന്ന ഭീഷണിയെയും മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ ഇടം ലഭിക്കില്ലെന്ന മുന്നറിയിപ്പിനെയും അവര്‍ അവഗണിച്ചു. ദൈവരാജ്യത്തെപ്രതി അവയെല്ലാം ഉച്ഛിഷ്ടംപോലെ കരുതി. എന്തെന്നാല്‍, ഈ ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സ്രഷ്ടാവ് മനുഷ്യരൂപം ധരിച്ച് വന്നപ്പോള്‍ അവന് ജനിക്കാന്‍ ഒരു വീടോ മരിച്ചടക്കംചെയ്യാന്‍ ഒരു കല്ലറ പോലുമോ സ്വന്തമായി ഉണ്ടായിരുന്നില്ല. അവന്റെ ശരീരം എവിടെ സംസ്കരിക്കണമെന്ന് ആരോടും കല്പിച്ചിരുന്നുമില്ല. മരണാനന്തരം മൃതദേഹം എങ്ങനെ സംസ്കരിച്ചാലും അത് ഒരുവന്റെ നിത്യരക്ഷയെ ബാധിക്കില്ല എന്ന് തന്റെ അനുയായികള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ യേഹ്ശുവാ നല്‍കിയ വലിയൊരു ദൃഷ്ടാന്തമാണിത്. അങ്ങനെയുള്ള യേഹ്ശുവായുടെ അനുയായികളെയാണ് കല്ലറയെക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നത്!
മനുഷ്യന്റെ ആത്മീയമായ അജ്ഞതയെയും ഭയത്തെയും ചൂഷണം ചെയ്യുന്ന കല്ലറ വ്യാപാരം നാം കാണാതെപോകരുത്. ഒരു കല്ലറയ്ക്ക് വാടകയിനത്തില്‍ സീറോമലബാര്‍സഭ വസൂലാക്കുന്നത് ഇന്ത്യയിലെ ഏതൊരു മെട്രോപോളിറ്റന്‍ സിറ്റിയിലും ഇല്ലാത്ത വിലയാണ്. മനോവ ബോധപൂര്‍വ്വം തന്നെയാണ് വാടകയെന്ന് പറഞ്ഞത്. ഭീമമായ പണം മുടക്കി വാങ്ങുന്ന ആറടി മണ്ണ് രജിസ്റ്റര്‍ ചെയ്ത് തരില്ലെന്ന് മാത്രമല്ല, ഒരു കുടുംബത്തിലുള്ളവര്‍ക്ക് പരമ്പരാഗതമായി ഉപയോഗിക്കാന്‍ കല്ലറ മാഫിയ അനുവദിക്കാറുമില്ല. അതുകൊണ്ടാണ് അത് വാടക സ്ഥലമാണെന്ന് പറഞ്ഞത്. സീറോമലബാര്‍സഭയുടെ സെമിത്തേരിയില്‍ കല്ലറയ്ക്കായി നല്‍കേണ്ടിവരുന്നത് അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലവിലയുള്ള മുംബൈയിലെ മലബാര്‍ ഹില്ലില്‍പ്പോലും ഇത്രയും വിലയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇവിടെ ഒരുകാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍, ദൈവരാജ്യത്തെക്കാള്‍ അധികമായി സെമിത്തേരിയിലെ കല്ലറയെ പരിഗണിക്കുന്നവര്‍ മ്ശിയാഹിന് യോജിച്ചവരല്ല. അങ്ങനെയുള്ളവര്‍ ദൈവരാജ്യം കാണുകപോലുമില്ല എന്നതാണ് സത്യം. ദൈവരാജ്യത്തെപ്രതിയും യേഹ്ശുവായുടെ പേരിനെപ്രതിയും ത്യജിക്കുന്നതൊന്നും നൂറിരട്ടിയായി ലഭിക്കാതിരിക്കില്ല എന്നത് യേഹ്ശുവായുടെ വാഗ്ദാനമാണ്. തങ്ങളുടെ മൃതദേഹങ്ങള്‍ എവിടെ സംസ്ക്കരിക്കുമെന്ന ആകുലത ദൈവരാജ്യത്തെപ്രതി ഉപേക്ഷിച്ചാല്‍, അവര്‍ക്ക് ലഭിക്കുന്നത് നൂറ് കല്ലറയല്ല, നിത്യജീവനാണ്! അവര്‍ മരിച്ചാലും നിത്യതയ്ക്കായി ഉയിര്‍പ്പിക്കപ്പെടും!
ഭൗതികമായ നഷ്ടങ്ങളെ ഓര്‍ത്ത് പകച്ച് നില്‍ക്കുന്നവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമായിരിക്കും എന്ന യാഥാര്‍ത്ഥ്യമാണ് നാമിവിടെ മനസ്സിലാക്കിയിരിക്കേണ്ടത്. യേഹ്ശുവായെ സമീപിച്ച ധനികനായ യുവാവിന്റെ പ്രശ്നവും ഭൗതിക സമ്പത്ത് കൈവിടാനുള്ള വൈമുഖ്യമായിരുന്നു. ചെറുപ്പം മുതല്‍ നിയമങ്ങളെല്ലാം അനുസരിച്ചിട്ടും അവനെ ദൈവരാജ്യത്തില്‍നിന്ന് അകറ്റിയത് ഈ ഭൂമിയിലെ അവന്റെ നിക്ഷേപങ്ങളാണ്. സഭാധികാരികളും ഈ ലോകവും നമ്മെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്നത് ഭൗതിക നഷ്ടങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരിക്കും. ലോകം നമ്മെ ട്രാപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍, ലോകം വെച്ചുനീട്ടുന്നതിനെയെല്ലാം ഉച്ഛിഷ്ടംപോലെ കരുതുമ്പോള്‍ അവന് ദൈവരാജ്യം സ്വന്തം!
നിഖ്യാപാരമ്പര്യത്തിന്റെ കെട്ടുകള്‍ പൊട്ടിക്കാതെ യേഹ്ശുവാ മ്ശിയാഹിനെ തിരിച്ചറിയാന്‍ ആര്‍ക്കും സാധിക്കില്ല. എന്തെന്നാല്‍, ഇന്നത്തെ ആത്മീയ നേതാക്കന്മാര്‍ പഠിപ്പിക്കുന്നത് വ്യാജ മ്ശിയാഹിനെയാണ്. അതായത്, നിഖ്യാസൂനഹദോസില്‍ പ്രതിഷ്ഠിക്കപ്പെട്ടത് ഗ്രീക്കുകാരുടെ പ്രധാന കുലദൈവത്തെയായിരുന്നു. അതുകൊണ്ടുതന്നെ, മ്ശിയാഹ് വരുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടും. ഒരിക്കല്‍ യേഹ്ശുവാ വന്നപ്പോള്‍ അവനെ സ്വീകരിക്കുന്നതില്‍നിന്ന് പുരാതന യിസ്രായേലിനെ തടഞ്ഞത് പുരോഹിതരായിരുന്നതുപോലെ, അവന്റെ പ്രത്യാഗമനത്തിലും രക്ഷയ്ക്ക് തടസ്സമായി നിലകൊള്ളുന്നത് പുരോഹിതരും ആത്മീയാചാര്യന്മാരും ആയിരിക്കും. ഇവിടെയാണ് ‘മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരും’ എന്ന പ്രവചനം പ്രസക്തമാകുന്നത്.
‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ഉണര്‍ന്നാല്‍!
“അബ്രാഹവും യിസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും. അപ്പോള്‍ മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരും ഉണ്ടായിരിക്കും”(ലൂക്കാ: 13; 28-30). മുന്‍പന്മാരായ പിന്‍പന്മാരും പിന്‍പന്മാരായ മുന്‍പന്മാരും ഉണ്ടായിരിക്കുമെന്ന് പ്രവചിച്ചത് യേഹ്ശുവായാണ്. അതുകൊണ്ടുതന്നെ ഈ പ്രവചനത്തെ വളരെ ഗൗരവത്തോടെ ഗ്രഹിക്കേണ്ടതുണ്ട്. യേഹ്ശുവായുടെ രാജ്യം സ്ഥാപിതമാകുമ്പോള്‍ സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ചുള്ള പ്രവചനമാണിത്. യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി ആയിരംവര്‍ഷം ഭരണം നടത്തുമ്പോള്‍, ആ രാജ്യത്ത് ആര്‍ക്കെല്ലാം പ്രവേശനം ലഭിക്കുമെന്നുള്ള വ്യക്തമായ സൂചന ഈ പ്രവചനത്തില്‍ കാണാം. അബ്രാഹവും യിസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുമെന്ന് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
പൂര്‍വ്വപിതാക്കന്മാരായ അബ്രാഹവും യിസഹാക്കും യാക്കോബും പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നത് കാണുമെന്ന് പറയുമ്പോള്‍, ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് യേഹ്ശുവാ ഇവിടെ വരച്ച് കാണിക്കുന്നത്. ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്താന്‍ താന്‍ വരുമ്പോള്‍ തന്നോടൊപ്പം സകല വിശുദ്ധരും ഇറങ്ങിവരും എന്ന പ്രഖ്യാപനം ഈ പ്രവചനത്തിലുണ്ട്. ഇതേ കാര്യംതന്നെ ശെഖരിയാഹ് പ്രവചിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “എന്റെ ദൈവമായ യാഹ്‌വെ, തന്റെ സകല വിശുദ്ധരോടുംകൂടെ വരും”(ശെഖരിയാഹ്: 14; 5). ഈ പ്രവചനത്തില്‍ പറയുന്നത് യാഹ്‌വെ, തന്റെ സകല വിശുദ്ധരോടുംകൂടെ വരും എന്നാണ്. യാഹ്‌വെതന്നെയാണ് യേഹ്ശുവാ എന്ന് നമുക്കറിയാം. ശെഖരിയാഹ് പ്രവചിച്ച കാലത്ത് യേഹ്ശുവാ എന്ന പൂര്‍ണ്ണമായ പേര് വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ, യേഹ്ശുവായുടെ പ്രത്യാഗമനത്തില്‍ അവനോടൊപ്പം വരുന്ന വിശുദ്ധരുടെ കൂട്ടത്തില്‍ അപ്പസ്തോലികസഭയിലെ വിശ്വാസികളും ഉണ്ടായിരിക്കും. ‘സകല വിശുദ്ധര്‍’ എന്ന് പറയുമ്പോള്‍ അവരുംകൂടി ഉള്‍പ്പെടുന്നതാണ്. ഇത് വ്യക്തമാക്കുന്ന പ്രവചനം വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രവചനം ശ്രദ്ധിക്കുക: “പിന്നെ ഞാന്‍ കുറെ രാജപീഠങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്ക് വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിയാഹിനോടുകൂടി വാഴുകയും ചെയ്തു”(വെളിപാട്: 20; 4). യേഹ്ശുവായോടൊപ്പം ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുന്നവരുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്നവരെക്കുറിച്ചാണ് ഈ പ്രവചനം. ഇവരെക്കൂടാതെ മറ്റൊരു വിഭാഗത്തെക്കൂടി പരിഗണിക്കുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ട്. ‘കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുമെന്ന്’ യേഹ്ശുവാ പ്രവചിച്ചത് ഈ വിഭാഗത്തെക്കുറിച്ചാണ്. അവരാണ് മുന്‍പന്മാരാകുന്ന പിന്‍പന്മാര്‍!
യേഹ്ശുവാ പ്രവചിച്ച മുന്‍പന്മാരാകുന്ന ഈ പിന്‍പന്മാരാണ് ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍! ഇവര്‍ ഇന്ന് നിലവിലുള്ള ക്രൈസ്തവ സഭകളില്‍ ഒന്നിന്റെയും ഭാഗമല്ല. പരമ്പരാഗത ‘ക്രിസ്ത്യാനികള്‍’ ഇവരെ തങ്ങളുടെ ഭാഗമായി പരിഗണിച്ചിട്ടുമില്ല. ഏതെങ്കിലും മെത്രാന്മാരുടെയോ സഭാനേതാക്കന്മാരുടെയോ അടിമകളല്ലാത്ത ഇവര്‍ ഇന്ന് എല്ലാവരുടെയും ദൃഷ്ടിയില്‍ പിന്‍പന്മാരാണ്. ഈ പിന്‍പന്മാര്‍ മുന്‍പന്മാരാകുന്നത് കാണുമ്പോള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നവരാണ് ഇന്നത്തെ ദൈവശാസ്ത്ര പണ്ഡിതന്മാരും അവരുടെ അടിമകളും! പിതാക്കന്മാരുടെ വഴിപിഴച്ച പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് സത്യവചനത്തില്‍നിന്നും അപ്പസ്തോലിക പ്രബോധനങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്ന ഇവരെ ലജ്ജിതരാക്കിക്കൊണ്ട് ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ഉണരുന്നത് യേലിയാഹും മോശയും പ്രവര്‍ത്തനം ആരംഭിക്കുമ്പോഴാണ്.
ഇന്ന് നിലവിലുള്ള സഭകളില്‍ ഏതിന്റെയെങ്കിലും ഭാഗമായിരിക്കുന്നവര്‍ക്ക് യേലിയാഹിനെയും മോശയെയും അംഗീകരിക്കാന്‍ സാധിക്കില്ല. എന്തെന്നാല്‍, അവരുടെ നേതാക്കന്മാര്‍ അവരെ തടയും. നിഖ്യാസഭകളുടെ പ്രബോധനങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത പ്രബോധനങ്ങളുമായി വരുന്ന യേലിയാഹിനെയും മോശയെയും അവര്‍ പാഷണ്ഡികളായി പ്രഖ്യാപിക്കും. സത്യം പറയുന്നവരുടെമേല്‍ ‘പാഷണ്ഡത’ ആരോപിച്ച് തകര്‍ക്കുന്ന കുതന്ത്രം നിഖ്യാസൂനഹദോസ് മുതല്‍ ആരംഭിച്ചതാണ്. കോണ്‍സ്റ്റന്റൈന്‍ സഭകളുടെ ആചാര്യന്മാര്‍ ഇങ്ങനെയാണ് വിശ്വാസികളെ തങ്ങളുടെ അടിമകളാക്കി നിലനിര്‍ത്തിയിരുന്നത്. ഇവിടെയാണ് പിന്‍പന്മാരുടെ മുന്നേറ്റത്തെക്കുറിച്ചുള്ള പ്രവചനത്തിന്റെ പ്രസക്തി!
പിന്‍പന്മാരെ മുന്‍പന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് യേലിയാഹും മോശയുമായിരിക്കും. ഇത് മനസ്സിലാകണമെങ്കില്‍ ഈ അത്യുന്നത പ്രവാചകന്മാരുടെ ദൗത്യം എന്താണെന്ന് പരിശോധിച്ചാല്‍ മതി. പ്രവാചകശ്രേഷ്ഠന്മാരായ ഇവരുടെ ദൗത്യം പുനഃസ്ഥാപനമാണെന്ന് മറ്റ് പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുണ്ടെന്ന് മാത്രമല്ല, യേഹ്ശുവായും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവന്‍ പറഞ്ഞു: യേലിയാഹ് വന്ന് എല്ലാം പുനഃസ്ഥാപിക്കുകതന്നെ ചെയ്യും”(മത്തായി: 17; 11). യേലിയാഹിനോടൊപ്പം മോശയും ഉണ്ടായിരിക്കുമെന്ന് മറ്റ് പ്രവചനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഇത് വ്യക്തമാക്കുന്ന ലേഖനം മനോവ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ‘യേലിയാഹ് വരും, എല്ലാം പുനഃസ്ഥാപിക്കും!’
യേഹ്ശുവായുടെ പ്രത്യാഗമനത്തിന് മുന്‍പ് യേലിയാഹിനെയും മോശയെയും അയയ്ക്കുമെന്നും, അവര്‍ വന്ന് പിതാക്കന്മാരുടെ നിയമങ്ങളിലേക്ക് മക്കളെ നയിക്കുമെന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണ്. അതായത്, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ മുതല്‍ അപ്പസ്തോലിക പ്രബോധനങ്ങള്‍ വരെയുള്ള സകലതും പുനഃസ്ഥാപിക്കുകയെന്നതാണ് യേലിയാഹിന്റെയും മോശയുടെയും ദൗത്യം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, നിഖ്യാസൂനഹദോസിന് മുന്‍പ് ക്രൈസ്തവര്‍ എങ്ങനെയായിരുന്നുവോ, ആ അവസ്ഥയില്‍ അപ്പസ്തോലികസഭ പുനഃസ്ഥാപിക്കപ്പെടും. എന്നാല്‍, ഈ പുനഃസ്ഥാപനത്തോട് സഹകരിക്കാന്‍ ഇന്നത്തെ സഭാസമൂഹങ്ങള്‍ തയ്യാറാകില്ല. എന്തെന്നാല്‍, ഇന്ന് നിലവിലുള്ള നാല്പത്തയ്യായിരത്തില്‍പ്പരം സഭകളും പിന്തുടരുന്നത് നിഖ്യാജ്ഞാനസ്നാനമാണ്. അപ്പസ്തോലിക ജ്ഞാനസ്നാനത്തിലേക്ക് തിരിച്ചുപോകാന്‍ ഈ സഭകളെ നയിക്കുന്ന പണ്ഡിതഭാവികള്‍ അനുവദിക്കില്ല! അതുകൊണ്ടുതന്നെ, പുനഃസ്ഥാപിക്കപ്പെടുന്ന അപ്പസ്തോലികസഭയുടെ ഭാഗമാകാനോ ദൈവരാജ്യത്തില്‍ പ്രവേശിക്കാനോ സഭാചാര്യന്മാരുടെ അടിമകളായി ജീവിക്കുന്നവര്‍ക്ക് സാധിക്കുകയുമില്ല!
ഇവിടെയാണ് ‘ക്രിപ്റ്റോ’ ക്രൈസ്തവരുടെ അവസരം അനേകരുടെ വിലാപത്തിനും പല്ലിറുമ്മലിനും കാരണമാകുന്നത്. തങ്ങളുടെ പാരമ്പര്യങ്ങളെല്ലാം വ്യര്‍ത്ഥമായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴേക്കും അവര്‍ പുറന്തള്ളപ്പെട്ടിരിക്കും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും വരുന്ന ജനസഞ്ചയം ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുന്ന മഹനീയ ദിനത്തില്‍ പുറന്തള്ളപ്പെടുന്നവരുടെ ഗണത്തില്‍പ്പെടാതിരിക്കണമെങ്കില്‍ ഇപ്പോള്‍ നമുക്ക് മുന്‍പില്‍ അവസരമുണ്ട്. അബദ്ധപാരമ്പര്യത്തിന്റെ കെട്ടുകള്‍ പൊട്ടിച്ച് അപ്പസ്തോലികസഭയുടെ യഥാര്‍ത്ഥ സത്യം അന്വേഷിക്കുകയും സത്യത്തിലേക്ക് മടങ്ങുകയും ചെയ്യാനുള്ള ഈ അവസരം വിവേകപൂര്‍വ്വം വിനിയോഗിക്കുന്നവര്‍ പുറന്തള്ളപ്പെടുകയില്ല. സത്യം അന്വേഷിക്കുന്നവര്‍ അത് കണ്ടെത്തുകയും, ആ സത്യം അവരെ സ്വതന്ത്രരാക്കുകയും ചെയ്യും.
‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ഇപ്പോള്‍ എവിടെ എന്ന ചോദ്യം സ്വാഭാവികമായും ഉയരാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഇതിന്റെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രവാചകകാലത്തും യേഹ്ശുവായുടെ കാലത്തും അപ്പസ്തോലന്മാരുടെ കാലത്തുമൊക്കെ ജീവിച്ച ‘ക്രിപ്റ്റോ’ ക്രൈസ്തവരെക്കുറിച്ച് നാം മനസ്സിലാക്കി. ഇന്നും കോടിക്കണക്കിന് ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ വിവിധ രാജ്യങ്ങളിലായി ജീവിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പരസ്യക്രിസ്ത്യാനികളെക്കാള്‍ അധികം രഹസ്യക്രിസ്ത്യാനികള്‍ ഉള്ള രാജ്യമാണ് ചൈന! അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചുകള്‍പ്പോലും ആ രാജ്യത്തുണ്ട്. മ്ശിയാഹില്‍ വിശ്വസിക്കുന്ന വ്യക്തികളും സമൂഹങ്ങളും തങ്ങളുടെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നു. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളിലും രഹസ്യക്രിസ്ത്യാനികള്‍ അഥവാ ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ജീവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ‘ക്രിപ്റ്റോ’ ക്രൈസ്തവരുടെ സംഖ്യ തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. മാത്രവുമല്ല, പല ‘ക്രിപ്റ്റോ’ ക്രൈസ്തവരും എണ്ണപ്പെടുന്നത് വിജാതീയരുടെ കണക്കിലാണ്!
നിലവിലെ (2025-2026) റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. അതില്‍ത്തന്നെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയാണ് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്ത് കൊല്ലപ്പെട്ട ക്രിസ്ത്യാനികളില്‍ ഏകദേശം 70%-ത്തിലധികം പേരും ഈ ഒരു രാജ്യത്ത് നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് (ISIS), ബോക്കോ ഹറാം തുടങ്ങിയ ഗ്രൂപ്പുകളുടെ ഭീഷണി അവിടെ വളരെ ശക്തമാണ്.
നൂറ് ശതമാനവും ഇസ്ലാംമത വിശ്വാസികള്‍ മാത്രമുള്ള കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ഒരുവന്‍ ഇസ്ലാംമതം ഉപേക്ഷിച്ചാല്‍ അവന് വധശിക്ഷ നേരിടേണ്ടിവരും. യെമന്‍, എറിത്രിയ എന്നീ രാജ്യങ്ങളിലും ഇസ്ലാംമതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ ലഭിക്കും. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ലിബിയ, ഇറാന്‍ എന്നീ രാജ്യങ്ങളിലെ മതനിന്ദാ നിയമങ്ങളും ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും ക്രൈസ്തവ വിശ്വാസികള്‍ക്ക് വലിയ വെല്ലുവിളിയാണ്. ആഫ്രിക്കയിലെ രാജ്യങ്ങളായ സൂഡാന്‍, മാലി, ബുര്‍ക്കിനഫാസോ എന്നിവിടങ്ങളിലും അതിഭീകരമായ പീഡനങ്ങളാണ് നടക്കുന്നത്. ഈ രാജ്യങ്ങളെ ഇപ്പോള്‍ ആഗോള ഏജന്‍സികള്‍ കാണുന്നത് മതപീഡനത്തിന്റെ പ്രഭവകേന്ദ്രങ്ങളായാണ്.
എല്ലാ മതത്തില്‍പ്പെട്ടവരും പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ ഉത്തര കൊറിയ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ രാജ്യത്ത് മതവിശ്വാസം നിയമംമൂലം തടഞ്ഞിരിക്കുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി മതപീഡനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഉത്തര കൊറിയയാണ്. അവിടെ വചനം വായിക്കുന്നതോ പ്രാര്‍ത്ഥിക്കുന്നതോ ആയ കാര്യങ്ങള്‍ പിടിക്കപ്പെട്ടാല്‍ വധശിക്ഷയോ ലേബര്‍ ക്യാമ്പുകളിലെ കഠിനതടവോ ആണ് ശിക്ഷ. അവിടുത്തെ ഭരണകൂടം എല്ലാ മതവിശ്വാസത്തെയും രാജ്യദ്രോഹമായാണ് കാണുന്നത്.
അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ (Open Doors പോലുള്ളവ) അനുസരിച്ച്, ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. പ്രത്യേകിച്ച് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും പ്രാദേശികമായ അക്രമങ്ങളും ഇതില്‍ പ്രധാനമാണ്. ഇന്ത്യയെ ക്രൈസ്തവ മുക്തമാക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന സംഘപരിവാര്‍ സംഘടനകളാണ് ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഏറ്റവും വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു. ഈ അവസ്ഥയില്‍ തുടന്നുപോയാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവ പീഡനം നടമാടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തേക്ക് ഇന്ത്യ ഉയരും! ഭരണകൂടങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത്. ആടുകളെക്കുറിച്ച് കരുതലില്ലാത്ത ഇടയന്മാരാല്‍ നയിക്കുപ്പെടുന്നുവെന്നതാണ് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി! എന്നാല്‍, ഈ രാജ്യങ്ങളിലെല്ലാം ക്രിസ്ത്യാനികളുടെ അദൃശ്യസാന്നിദ്ധ്യം ശക്തമായിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ അദൃശ്യസാന്നിദ്ധ്യത്തെയാണ് ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ എന്ന് വിശേഷിപ്പിക്കുന്നത്.
‘ക്രിപ്റ്റോ’ ക്രൈസ്തവരുടെ കണക്കെടുപ്പ് എന്നത് അന്താരാഷ്‌ട്ര പഠനകേന്ദ്രങ്ങള്‍ക്ക് ഏറെ പരിമിതികളുള്ള വിഷയമാണ്. എന്തെന്നാല്‍, സര്‍ക്കാര്‍ രേഖകളിലോ മതസ്ഥാപനങ്ങളുടെ രേഖകളിലോ അവര്‍ ക്രൈസ്തവരല്ല. സ്വന്തം ഭവനത്തിലുള്ളവര്‍ക്കുപോലും പിടികൊടുക്കാതെയാണ് പലയിടങ്ങളിലും അവര്‍ തങ്ങളുടെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നത്. ഇസ്ലാംമതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന സൊമാലിയപോലുള്ള രാജ്യങ്ങളിലെ ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ക്ക് അവരുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അവര്‍ ഇസ്ലാംമത വിശ്വാസികളാണ്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗിക്കപ്പെടുന്ന ഇന്ത്യയിലാണ് ഏറ്റവുമധികം ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ഉള്ളത്. മതാടിസ്ഥാനത്തിലുള്ള സെന്‍സെസുകളില്‍ ഇവരുടെ സ്ഥാനം ഹിന്ദുക്കളുടെ പട്ടികയിലായിരിക്കും. സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്ന നാമാനെപ്പോലെ വിജാതീയരുടെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോഴും ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നവരാണ് ഇവര്‍! ഒരുപക്ഷെ ഇവരില്‍ ചിലര്‍ ക്ഷേത്ര കമ്മിറ്റികളില്‍പ്പോലും സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടാകാം!
ഇവിടെ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടത്, ഈ രഹസ്യവിശ്വാസികളെ ക്രൈസ്തവസഭകളില്‍ ഒന്നുപോലും തങ്ങളുടെ കൂട്ടത്തില്‍ പരിഗണിച്ചിട്ടില്ലെന്നതാണ്. ഇതുതന്നെയാണ് ഇവരുടെ യഥാര്‍ത്ഥ രക്ഷ! എന്തെന്നാല്‍, യേലിയാഹും മോശയും വന്ന് അപ്പസ്തോലികസഭ പുനഃസ്ഥാപിക്കുമ്പോള്‍, അതില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഇവരെ തടയാന്‍ നിഖ്യാസഭകളുടെ നേതാക്കന്മാരിലാരും ഉണ്ടാകില്ല. പരിശുദ്ധാത്മാവിന്റെ പ്രേരണയ്ക്ക് അനുസരണമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ‘ക്രിപ്റ്റോ’ വിശ്വാസികള്‍ക്കുണ്ടായിരിക്കും. ഇന്ന് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിലകൊള്ളുന്നത് നിഖ്യാസഭകളിലെ ആചാര്യന്മാരാണ്. യേഹ്ശുവായുടെ ദൗത്യകാലത്തും ഇതുപോലുള്ള മാരണങ്ങള്‍ ഉണ്ടായിരുന്നു. അന്ന് യെഹൂദപുരോഹിതരും ഫരിസേയരും നിയമജ്ഞരുമൊക്കെ ആയിരുന്നുവെങ്കില്‍, ഇന്ന് അവരുടെ സ്ഥാനത്തുള്ളത് നിഖ്യാസഭകളിലെ പുരോഹിതരും നിയമജ്ഞാരുമാണ്. രക്ഷയ്ക്ക് പ്രതിബന്ധമായി നിലകൊണ്ട അന്നത്തെ ആചാര്യന്മാരെക്കുറിച്ച് യേഹ്ശുവാ പറഞ്ഞത് ഇന്നത്തെ ആചാര്യന്മാര്‍ക്കും ബാധകമാണെന്ന് മറക്കരുത്.
രക്ഷയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെക്കുറിച്ച് യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും”(മത്തായി: 15; 14). യേഹ്ശുവാ അരുളിച്ചെയ്ത മറ്റൊരു വചനം ശ്രദ്ധിക്കുക: “കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്ക് ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നുകഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു”(മത്തായി: 23; 13-15).
ദൈവരാജ്യത്തിന്റെ വാതില്‍ അടച്ചുകൊണ്ട് പ്രതിബന്ധം സൃഷ്ടിക്കുന്നത് ആരാണെന്ന് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് യെഹൂദരുടെ നേതാക്കന്മാരാണ് അത് ചെയ്തതെങ്കില്‍, ഇന്ന് ദൈവരാജ്യത്തിന്റെ വാതില്‍ക്കല്‍ വിലങ്ങുതടിയായി നിലകൊള്ളുന്നത് നിഖ്യാസഭകളുടെ ആചാര്യന്മാരാണ്! ഇവരെക്കുറിച്ച് കൂടിയാണ് അന്ധരെ നയിക്കുന്ന അന്ധരെന്നും ദൈവരാജ്യം അടച്ചുകളയുന്നവരെന്നും യേഹ്ശുവാ പ്രഖ്യാപിച്ചത്. യേഹ്ശുവായുടെ ഈ പ്രഖ്യാപനത്തില്‍നിന്ന് ഒരുകാര്യം നമുക്ക് വ്യക്തമാകും. എന്തെന്നാല്‍, ഇവരുടെ ഉപദേശം സ്വീകരിക്കുന്നവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല! ‘അവരെ വിട്ടേക്കൂ’ എന്ന് യേഹ്ശുവാ പറഞ്ഞത് ദൈവരാജ്യത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടുമാണ്!
ദൈവത്തെയും ദൈവത്തിന്റെ സഭയെയും വ്യക്തമായി അറിയാത്തതുകൊണ്ടാണ് തങ്ങളില്ലെങ്കില്‍ ദൈവരാജ്യം ശൂന്യമായിരിക്കുമെന്ന് നിഖ്യാസഭകളുടെ ആചാര്യന്മാരും അനുയായികളും കരുതുന്നത്. യേഹ്ശുവായുടെ ഈ വചനം ശ്രദ്ധിക്കുക: “നോഹിന്റെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിന് മുമ്പുള്ള ദിവസങ്ങളില്‍, നോഹ് പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും”(മത്തായി: 24; 37-39). നോഹിന്റെ പേടകത്തില്‍ കയറിയവര്‍ മാത്രമാണ് അന്ന് തങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയത്. പേടകത്തിന് വെളിയിലുണ്ടായിരുന്നത് ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര വലിയ ജനസഞ്ചയമായിരുന്നുവെന്നത് ദൈവം പരിഗണിച്ചില്ല. ഈ യാഥാര്‍ത്ഥ്യം നാം ഭയത്തോടെ തിരിച്ചറിയണം. നീതിമാന്മാരുടെ സംഖ്യ എത്ര ചെറുതാണെങ്കിലും, അവര്‍ മാത്രമേ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയുള്ളൂ.
ഈ പ്രബോധനം ശ്രദ്ധിക്കുക: “അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ നാഥനായ യേഹ്ശുവാ മ്ശിയാഹിന്റെ പേരിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും സ്‌നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു”(1 കോറിന്ത്: 6; 9-11). യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനത്തിലൂടെ മാത്രമേ പാപത്തിന്റെ അശുദ്ധി നീക്കംചെയ്യപ്പെടുകയുള്ളൂ. അതായത്, നിഖ്യാസൂനഹദോസില്‍ നിരോധിക്കപ്പെട്ട യഥാര്‍ത്ഥ ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടുകയും, ആ ജ്ഞാനസ്നാനത്തിലേക്ക് തിരിയുകയും വേണം. അല്ലാത്തപക്ഷം ഒരുവന്‍പോലും ദൈവരാജ്യം കാണുകയില്ല!
വെളിപാടിലെ ഒരു പ്രവചനംകൂടി ഇവിടെ ചേര്‍ത്തുവച്ച് മനസ്സിലാക്കണം. പ്രവചനമിതാണ്: “എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല”(വെളിപാട്: 21; 27). യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം പുനഃസ്ഥാപിക്കപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ പ്രവചനവും വിരല്‍ചൂണ്ടുന്നത്. എന്നാല്‍, ഈ യഥാര്‍ത്ഥ ജ്ഞാനസ്നാനത്തിലേക്ക് തിരികെപ്പോകാന്‍ നിഖ്യാസഭകളുടെ ആചാര്യന്മാര്‍ തങ്ങളുടെ ആദ്ധ്യാത്മിക അടിമകളെ അനുവദിക്കില്ല. അന്ധന്മാരെ നയിക്കുന്ന ഈ അന്ധന്മാരാണ് ദൈവരാജ്യത്തിന്റെ വാതില്‍ അടച്ചുകളയുന്നത്. ഇവരൊരിക്കലും അതില്‍ പ്രവേശിക്കില്ല; പ്രവേശിക്കാന്‍ വരുന്നവരെ അതിന് അനുവദിക്കുകയുമില്ല! എന്നാല്‍, ‘ക്രിപ്റ്റോ’ വിശ്വാസികള്‍ക്ക് ഈ ആചാര്യന്മാരുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ട്, യേലിയാഹ് വന്ന് യഥാര്‍ത്ഥ ജ്ഞാനസ്നാനം പുനഃസ്ഥാപിക്കുമ്പോള്‍ അത് സ്വീകരിക്കാന്‍ അവര്‍ക്ക് സാധിക്കും. അതേ, അവരാണ് മുന്‍പന്മാരാകുന്ന പിന്‍പന്മാര്‍! യേലിയാഹും മോശയും വരുമ്പോള്‍ എല്ലാ ‘അണ്ടര്‍ഗ്രൗണ്ട്’ കൂട്ടായ്മകളും ‘ക്രിപ്റ്റോ’ വിശ്വാസികളും ഉണരും! അവരുടെ ഉണര്‍വിനെ ചെറുത്തുനില്‍ക്കാന്‍ നിഖ്യാസഭകളുടെ ആചാര്യന്മാര്‍ക്കോ വിജാതീയര്‍ക്കോ കഴിയുകയില്ല! അപ്പോള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നത് ആരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ!
ഉപസംഹാരം!
ഏറ്റവും ഒടുവിലത്തെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനം മാത്രമാണ്. ഏകദേശം 140 കോടി കടന്ന ഇന്നത്തെ ജനസംഖ്യയില്‍, ഔദ്യോഗിക രേഖകളില്‍ ക്രൈസ്തവരായി രേഖപ്പെടുത്തിയിട്ടുള്ളവര്‍ 2.8 കോടി മുതല്‍ 3 കോടി വരെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ഔദ്യോഗിക ശതമാനം കണക്കാക്കപ്പെടുന്നത് 2.3 ആയിത്തന്നെയാണ്. 140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ വെറും 2.3 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ എന്നറിയുമ്പോള്‍, വിജാതീയര്‍ എന്ന് നാം വിളിക്കുന്ന ബാക്കി 97.7 ശതമാനം ജനങ്ങള്‍ക്കിടയില്‍ എത്രയധികം ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ഒളിഞ്ഞിരിപ്പുണ്ടാകാം? സംഘപരിവാര്‍പോലും പ്രചരിപ്പിക്കുന്നത് ഇന്ത്യയിലെ ജനസംഖ്യയില്‍ പത്ത് ശതമാനം ജനങ്ങള്‍ ക്രൈസ്തവരാണെന്നാണ്. ഈ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ആരും ചിന്തിക്കേണ്ട. അവര്‍ പറയുന്ന കണക്കില്‍ ഏറ്റക്കുറച്ചില്‍ വന്നേക്കാമെങ്കിലും രഹസ്യവിശ്വാസികളുടെ സംഖ്യ ഔദ്യോഗിക കണക്കിന്റെ പലമടങ്ങ് ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സംഘപരിവാര്‍ സംഘടകളുടെ പീഡനം എത്രത്തോളം വര്‍ദ്ധിക്കുന്നുവോ, അത്രത്തോളം രഹസ്യവിശ്വാസികളുടെ സംഖ്യയും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. പീഡിപ്പിക്കുന്നവന്റെ ഭവനത്തില്‍പ്പോലും ‘ക്രിപ്റ്റോ’ വിശ്വാസികള്‍ ജീവിക്കുന്നുവെന്ന് അവര്‍ അറിയുന്നില്ല.
2.3 ശതമാനം എന്നത് ഇന്ത്യയിലെ ക്രൈസ്തവരുടെ ഔദ്യോഗിക കണക്കാണെങ്കില്‍, അവരെല്ലാം ഏതെങ്കിലും നിഖ്യാസഭകളുടെ രേഖകളില്‍ പേര് ചേര്‍ക്കപ്പെട്ടവരായിരിക്കും. ഇവരില്‍ എത്രപേര്‍ നിഖ്യാസഭകളുടെ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും കൃത്യമായി പിന്തുടരുന്നവരാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും, പകുതിയിലേറെയും നിഖ്യാസഭകളുടെ ആചാര്യന്മാര്‍ക്ക് കീഴ്പ്പെട്ട് ജീവിക്കുന്നവരാകാനാണ് സാദ്ധ്യത. ദൈവവിശ്വാസമില്ലാത്തവര്‍പ്പോലും മാമോദീസാ, വിവാഹം, മൃതസംസ്ക്കാരം തുടങ്ങിയ കാര്യങ്ങള്‍ക്കും സാമൂഹിക അംഗീകാരത്തിനുംവേണ്ടി പള്ളിഭക്തരായി നടിക്കാറുണ്ട്. ഏതെങ്കിലും നിഖ്യാസഭയില്‍ അംഗങ്ങളായ മാതാപിതാക്കള്‍ക്ക് ജനിച്ചതുകൊണ്ട് മാത്രം ക്രൈസ്തവരുടെ സമൂഹത്തില്‍ എണ്ണപ്പെടുന്നവരും കുറവല്ല! അതായത്, കമ്മ്യൂണിസ്റ്റുകളും ക്രിസംഘികളും നാസ്തികരും എല്ലാം ഈ 2.3 ശതമാനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, വിശ്വാസികളും അവിശ്വാസികളും ചേരുന്നതാണ് ക്രൈസ്തവരുടെ ഔദ്യോഗിക കണക്ക്!
അവിശ്വാസികളും വിശ്വാസികളും ചേരുന്ന ഈ കണക്കില്‍നിന്ന് അവിശ്വാസികളെ നമുക്ക് ഒഴിവാക്കാം. അവരുടെ രക്ഷ ദൈവം തീരുമാനിക്കട്ടെ! അവിശ്വാസികളെ ഒഴിവാക്കുമ്പോള്‍ അവശേഷിക്കുന്ന വിശ്വാസികള്‍ പൂര്‍ണ്ണമായും ഏതെങ്കിലും നിഖ്യാസഭകളിലെ ആചാര്യന്മാരുടെ ആദ്ധ്യാത്മിക അടിമകളായിരിക്കും. നിഖ്യാപാരമ്പര്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുപോയ ഇവര്‍ക്ക് ഒരിക്കലും പുനഃസ്ഥാപിക്കപ്പെടുന്ന അപ്പസ്തോലികസഭയിലേക്ക് കടന്നുചെല്ലാന്‍ കഴിയില്ല. യേലിയാഹിനെയും മോശയെയും അവര്‍ പാഷണ്ഡതയുടെ പ്രചാരകരായി പ്രഖ്യാപിക്കും. ഇവിടെയാണ് ‘ക്രിപ്റ്റോ’ ക്രൈസ്തവരുടെ ഉണര്‍വ് നാം ഗൗരവമായി കാണേണ്ടത്. ആചാര്യന്മാരുടെ കെട്ടുകള്‍ അവരുടെമേല്‍ ഇല്ലാത്തതുകൊണ്ട് യേലിയാഹിനെയും മോശയെയും സ്വീകരിക്കാന്‍ അവര്‍ക്ക് സാധിക്കും. പിന്‍പന്മാര്‍ മുന്‍പന്മാരാകുന്നത് ഇങ്ങനെയാണ്. എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്തത്ര വലിയൊരു ജനമായിരിക്കും അത്.
ഈ പ്രവചനം ശ്രദ്ധിക്കുക: “ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞ് കൈകളില്‍ കുരുത്തോലയുമായി രാജപീഠത്തിന് മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: രാജപീഠത്തില്‍ ഉപവിഷ്ടനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണ് രക്ഷ”(വെളിപാട്: 7; 9-10).
ഈ പ്രവചനത്തില്‍ പറയുന്ന എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത വലിയ ജനക്കൂട്ടത്തില്‍ ഭൂരിഭാഗവും ‘ക്രിപ്റ്റോ’ ക്രൈസ്തവര്‍ ആയിരിക്കും! സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവരാണ് അവര്‍! ചൈനയിലും ഉത്തരകൊറിയയിലും സൊമാലിയയിലും അറബിരാജ്യങ്ങളിലും ഇന്ത്യയിലും മറ്റെല്ലാ രാജ്യങ്ങളിലും നിന്നുള്ള ഈ ‘ക്രിപ്റ്റോ’ ക്രൈസ്തവരാണ് പിന്‍പന്മാരായ മുന്‍പന്മാര്‍! ആയതിനാല്‍, നിഖ്യാസഭകളില്‍നിന്ന് പുറത്തിറങ്ങി, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച്, അപ്പസ്തോലിക പ്രബോധനങ്ങളില്‍ നിലനിന്ന്, അപ്പസ്തോലികസഭ ആകുന്ന നോഹിന്റെ പേടകത്തില്‍ ഇരിപ്പിടം ഉറപ്പിക്കാന്‍ സകലരോടും ആഹ്വാനം ചെയ്തുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു!
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube

