കാലത്തിന്റെ അടയാളങ്ങള്‍

കുഞ്ഞാടിന്റെ വിവാഹവിരുന്ന്!

Print By
about

26 - 08 - 2026            YouTube

കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍! ബൈബിളില്‍ ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്നാണ് കുഞ്ഞാടിന്റെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് വേറെയും പരാമര്‍ശങ്ങള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. കുഞ്ഞാടിന്റെ മണവാട്ടി, കുഞ്ഞാടിന്റെ വിവാഹവിരുന്ന്, മണവാളനായി കാത്തിരിക്കുന്ന കന്യക, വിവാഹവസ്ത്രം, വിവാഹവാരം എന്നീ പരാമര്‍ശങ്ങളൊക്കെയും വളരെ പ്രാധാന്യത്തോടെയാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്ബൈബിളിലെ നവീനഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍, പല ഉപമകളിലും യേഹ്ശുവാ വിഷയമാക്കിയിട്ടുള്ളത് വിവാഹമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വിവാഹവിരുന്നിന്റെ ഉപമ, പത്ത് കന്യകമാരുടെ ഉപമ എന്നീ രണ്ട് ഉപമകളിലും അവന്‍ വിഷയമാക്കിയത് വിവാഹമാണ്. ഈ ഉപമകളിലൂടെ അവന്‍ ജനത്തോട് സംസാരിച്ചത് എന്തിനെക്കുറിച്ചായിരുന്നുവെന്നാണ് ഇന്ന് നാം മനസ്സിലാക്കാന്‍ പോകുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട ആഘോഷമാണ് വിവാഹവിരുന്ന്. ഈ വിരുന്ന് ഒരുക്കുന്നത് വിവാഹത്തിന് ക്ഷണിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയാണ്. എന്നിരുന്നാലും, വിവാഹം എന്ന ചടങ്ങില്‍ പങ്കെടുക്കാത്തവരും വിവാഹവിരുന്നില്‍ സംബന്ധിക്കാറുണ്ട്. എന്തെന്നാല്‍, ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരിക്കാം വിവാഹം എന്ന ചടങ്ങില്‍ പങ്കുകൊള്ളുന്നത്. വിവാഹത്തിന് സാക്ഷ്യംവഹിക്കുന്നവരെല്ലാം സ്വാഭാവികമായും വിവാഹവിരുന്നില്‍ സന്നിഹിതരാകുകയും വിരുന്ന് ആസ്വദിക്കുകയും ചെയ്യും. ചുരുക്കത്തില്‍, വിവാഹം എന്ന സുപ്രധാന ചടങ്ങിന്റെ അനുബന്ധ ആഘോഷമാണ് വിവാഹവിരുന്ന്! പുരാതന യിസ്രായേലില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് വിവാഹാഘോഷം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അത് അറിയപ്പെടുന്നത് വിവാഹവാരം എന്നാണ്.

വിവാഹവാരത്തെ സംബന്ധിക്കുന്ന അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. അവയില്‍ ഒന്ന് ഇതാണ്: “ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്ക് തരാം. ഏഴ് വര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം. യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവന് ഭാര്യയായി നല്‍കി”(സൃഷ്ടി: 29; 27, 28). യാക്കോബിന്റെ വിവാഹങ്ങളുമായി ബന്ധപ്പെട്ട ഈ ലിഖിതം പരിശോധിക്കുമ്പോള്‍, വിവാഹാഘോഷം എന്നത് ഒരു വാരം നീണ്ടുനില്‍ക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒന്നിലധികം വാരങ്ങള്‍ നീളുന്ന വിവാഹാഘോഷത്തെ കുറിച്ചും ബൈബിളില്‍ പരാമര്‍ശമുണ്ട്. തോബിത്തിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നത് രണ്ട് വാരം നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷമാണ്.

തോബിയാഹിന്റെ വിവാഹാഘോഷത്തെക്കുറിച്ച് തോബിത്തിന്റെ പുസ്തകത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “പതിന്നാല് ദിവസം നീണ്ടുനിന്ന വിവാഹവിരുന്ന് അവന്‍ നടത്തി. വിരുന്ന് ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പ്, വിവാഹവിരുന്നിന്റെ പതിന്നാല് ദിവസവും പൂര്‍ത്തിയാകാതെ, അവിടം വിട്ടുപോകരുതെന്ന് റെഗുയേല്‍ തോബിയാഹിനോട് നിര്‍ബ്ബന്ധമായി പറഞ്ഞു”(തോബിത്ത്: 8; 19, 20). നിയമം ലഭിക്കുന്നതിന് മുന്‍പുതന്നെ നിയമത്തില്‍ അധിഷ്ഠിതമല്ലാത്ത ആചാരങ്ങള്‍ പൂര്‍വ്വപിതാക്കന്മാര്‍ പാലിച്ചിട്ടുണ്ട്. ദൈവത്താല്‍ നിഷ്ക്കര്‍ഷിക്കപ്പെട്ട ആചാരങ്ങളായിരുന്നു അവയെന്ന് പറയാന്‍ സാധിക്കില്ല. എന്തെന്നാല്‍, യാക്കോബ് വിവാഹം ചെയ്ത രണ്ട് ഭാര്യമാരും സത്യദൈവത്തെ ആരാധിച്ചിരുന്ന മാതാപിതാക്കളുടെ പുത്രിമാര്‍ ആയിരുന്നില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വ്യാജ ദൈവങ്ങളായ കുലദൈവങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. ഇത് തെളിയിക്കുന്ന ലിഖിതങ്ങള്‍ സൃഷ്ടിയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യാക്കോബിന്റെ അമ്മാവനും അമ്മായിയപ്പനും ആയ ലാബാന്റെ വാക്കുകള്‍ സൃഷ്ടിയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക“എന്നാല്‍, നല്ലതോ ചീത്തയോ ആയി യാതൊന്നും യാക്കോബിനോട് പറയാതിരിക്കാന്‍ സൂക്ഷിക്കുക എന്ന് നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞരാത്രി എന്നോട് പറഞ്ഞു. പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹംകൊണ്ടാണ് നീ പോന്നതെങ്കില്‍ എന്റെ കുലദൈവങ്ങളെ കട്ടെടുത്തത് എന്തിന്?”(സൃഷ്ടി: 31; 29, 30). റാഹേല്‍ എടുത്തുകൊണ്ടുപോന്നത് ലാബാന്റെ കുലദൈവങ്ങളെയായിരുന്നു. അതായത്, വിവാഹവാരം എന്ന ആചാരം ആരംഭിച്ചത് വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന ജനതകളുടെയിടയിലാണ്. എന്നാല്‍, ഉപദ്രവകരമല്ലാത്ത ആചാരമായതുകൊണ്ട് യിസ്രായേല്‍ക്കാര്‍ അത് തങ്ങളുടെ വിവാഹാഘോഷങ്ങളുടെ ഭാഗമായി തുടര്‍ന്നുപോന്നു. അതുകൊണ്ട് കൂടിയാണ് തോബിത്തിന്റെ പുസ്തകത്തില്‍ പതിനാല് ദിവസത്തെ വിവാഹവിരുന്നിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

സൃഷ്ടിയുടെ പുസ്തകത്തില്‍ നാം വായിക്കുന്നത് വിവാഹവാരം എന്നാണെങ്കില്‍, തോബിത്തിന്റെ പുസ്തകത്തില്‍ വായിക്കുന്നത് പതിനാല് ദിവസത്തെ വിരുന്നാണ്. ഓരോരുത്തരുടെയും സാമ്പത്തിക അവസ്ഥ അനുസരിച്ചാണ് ആഘോഷദിനങ്ങള്‍ എത്ര വേണമെന്ന് നിശ്ചയിക്കുന്നത്. രാജാക്കന്മാരും പ്രഭുക്കന്മാരും ഒരുക്കുന്നതുപോലെ ആര്‍ഭാടം ദരിദ്രരുടെ വിവാഹവിരുന്നില്‍ ഉണ്ടാകില്ലെന്ന് നമുക്കറിയാം. എല്ലാക്കാലത്തും അത് അങ്ങനെതന്നെയാണ്. ഇവിടെയാണ്‌ കുഞ്ഞാടിന്റെ വിവാഹവും വിവാഹവിരുന്നും വ്യക്തതയോടെ മനസ്സിലാക്കിയിരിക്കേണ്ടത്.

കുഞ്ഞാടിന്റെ വിവാഹം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? ഇതുമായി ബന്ധപ്പെട്ട ഒരു പ്രവചനം ശ്രദ്ധിക്കുക: “നമുക്ക് ആനന്ദിക്കാം; ആഹ്ളാദിച്ച് ആര്‍പ്പുവിളിക്കാം. അവന് മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവന്റെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ശോഭയേറിയതും നിര്‍മ്മലവുമായ മൃദുലവസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ വസ്ത്രം വിശുദ്ധരുടെ സത്പ്രവൃത്തികളാണ്. ദൂതന്‍ എന്നോട് പറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്റെ സത്യവചസ്സുകളാണ്”(വെളിപാട്: 19; 7-9).

ദൈവത്തിന്റെ സത്യവചസ്സുകളായ ഈ പ്രവചനസൂക്തം വളരെ വ്യക്തമായി ഒരു കാര്യത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്; മണവാളനായ യേഹ്ശുവാ തന്റെ മണവാട്ടിക്കായി ഒരുക്കുന്ന ആഹ്ളാദത്തിന്റെയും മഹത്വത്തിന്റെയും ദിനങ്ങളാണത്. എന്നാല്‍, എന്താണ് യഥാര്‍ത്ഥത്തില്‍ ഈ കുഞ്ഞാടിന്റെ വിവാഹവിരുന്ന്? പലരും ചിന്തിക്കുന്നത് പോലെ ഇത് കേവലം ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന ഒരു ചടങ്ങല്ല. പുരാതന പ്രവചനങ്ങളുടെയും ബൈബിളിന്റെ ആത്മീയ പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍, കുഞ്ഞാടിന്റെ വിവാഹവിരുന്ന് എന്നത് യേഹ്ശുവാ ഈ ഭൂമിയില്‍ സ്ഥാപിക്കാന്‍ പോകുന്ന ആയിരം വര്‍ഷത്തെ മഹത്വപൂര്‍ണ്ണമായ ഭരണത്തെയാണ് (Millennial Reign) സൂചിപ്പിക്കുന്നത്. വചനം പറയുന്ന ആഹ്ളാദത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളായ ‘വിവാഹവാരം’ എന്നത്, അവന്റെ വിശുദ്ധര്‍ അവനോടൊപ്പം വാഴുന്നതും ആയിരം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമായ ഒരു നിത്യാഘോഷമാണ്! ഈ ആത്മീയ രഹസ്യത്തിന്റെ ആഴങ്ങളിലേക്കും അതിന്റെ വചനപരമായ തെളിവുകളിലേക്കും നമുക്ക് കടന്നുചെല്ലാം.

കുഞ്ഞാടിന്റെ വിവാഹവും വിവാഹവിരുന്നും!

കുഞ്ഞാടിന്റെ വിവാഹം, കുഞ്ഞാടിന്റെ വിവാഹവിരുന്ന് എന്നതെല്ലാം പ്രതീകാത്മകമായ സൂചകങ്ങളാണ്. ബൈബിളിലെ പ്രവചനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരത്തിലുള്ള അനേകം പ്രതീകങ്ങള്‍ കാണാം. ദൈവരാജ്യത്തെക്കുറിച്ച് ഉപമകളിലൂടെ സംസാരിച്ചപ്പോള്‍ യേഹ്ശുവാ തിരഞ്ഞെടുത്തതും പ്രതീകങ്ങളായിരുന്നു. ബൈബിളിലെ ഏത് ഉപമ പരിശോധിച്ചാലും അത് ദൈവരാജ്യത്തെ സംബന്ധിക്കുന്ന പ്രബോധനമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ‘ദൈവരാജ്യമെന്നാല്‍’ എന്ന മുഖവുരയോടെ തന്നെയാണ് ഉപമകളില്‍ അധികവും യേഹ്ശുവാ പറഞ്ഞിട്ടുള്ളത്. ഒരു ഉപമ ശ്രദ്ധിക്കുക: “അവന്‍ പറഞ്ഞു: ദൈവരാജ്യം എന്തിനോട് സദൃശമാണ്? എന്തിനോട് ഞാന്‍ അതിനെ ഉപമിക്കും? അത് ഒരുവന്‍ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണിക്ക് സദൃശമാണ്. അത് വളര്‍ന്ന് മരമായി. ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി. അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടാണ് ഞാന്‍ ഉപമിക്കേണ്ടത്? ഒരു സ്ത്രീ മൂന്നളവ് മാവില്‍ അത് മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ച പുളിപ്പുപോലെയാണത്”(ലൂക്കാ: 13; 18-21).

മാര്‍ക്കോ എഴുതിയ സുവിശേഷത്തിലെ ഒരുപമ നോക്കുക: “അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്ത് വിതയ്ക്കുന്നതിന് സദൃശം”(മാര്‍ക്കോ: 4; 26). മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “മറ്റൊരുപമ അവന്‍ അവരോട് പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്ത് വിതയ്ക്കുന്നതിനോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം”(മത്തായി: 13; 24). മത്തായി ‘സ്വര്‍ഗ്ഗരാജ്യം’ എന്നും മറ്റ് സുവിശേഷകരെല്ലാം ‘ദൈവരാജ്യം’ എന്നും പറഞ്ഞിരിക്കുന്നത് യേഹ്ശുവാ രാജാവായി വാഴാനിരിക്കുന്ന രാജ്യത്തെക്കുറിച്ച് തന്നെയാണ്! ‘ദൈവം’ എന്ന് പറയുന്നതിന് പകരം ‘സ്വര്‍ഗ്ഗം’ എന്നാണ് മത്തായി തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മത്തായി സുവിശേഷം രചിച്ചത് പലസ്തീനായിലും പരിസരപ്രദേശങ്ങളിലും ചിതറിപ്പാര്‍ത്തിരുന്ന യെഹൂദ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചായിരുന്നു.

‘ദൈവം’ എന്ന് പറയാന്‍പോലും ഭയപ്പെട്ടിരുന്ന യെഹൂദസമൂഹത്തില്‍നിന്ന് രക്ഷയിലേക്ക് കടന്നുവന്നവരോട് ‘ദൈവരാജ്യം’ എന്ന് പറയാതെ, ‘സ്വര്‍ഗ്ഗരാജ്യം’ എന്ന് മത്തായി പറഞ്ഞത് അന്നത്തെ സാമൂഹികസാഹചര്യം കണക്കിലെടുത്താണ്. എന്നിരുന്നാലും, മത്തായി പൊതുവെ ‘സ്വര്‍ഗ്ഗരാജ്യം’ എന്ന് ഉപയോഗിച്ചെങ്കിലും, യേഹ്ശുവാ കടുത്ത മുന്നറിയിപ്പുകള്‍ നല്‍കിയപ്പോഴും പൂര്‍ണ്ണ അധികാരത്തോടെ സംസാരിച്ചപ്പോഴും അവന്റെ ആ കാര്‍ക്കശ്യ ഭാവവും വാക്കുകളുടെ തീക്ഷ്ണതയും ഒട്ടും ചോര്‍ന്നുപോകാതെ അതേപടി രേഖപ്പെടുത്താന്‍ മത്തായി ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നതും നാം കാണാതെപോകരുത്.

മത്തായി മാത്രം രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരുപമ നോക്കുക: “സ്വര്‍ഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥന് സദൃശം”(മത്തായി: 20; 1). ഈ ഉപമയും ദൈവരാജ്യത്തെ സംബന്ധിക്കുന്ന പ്രവചനമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതെ, യേഹ്ശുവാ തന്റെ ദൗത്യകാലത്ത് ജനങ്ങള്‍ക്ക് പ്രബോധനം നല്‍കാന്‍ പരിഗണിച്ച ഉപമകളെല്ലാംതന്നെ ദൈവരാജ്യത്തെ സംബന്ധിച്ചുള്ളതായിരുന്നു. ആ ദൈവരാജ്യത്തിന്റെ അഥവാ, സ്വര്‍ഗ്ഗരാജ്യത്തിന്റെ  സ്ഥാപനമാണ് കുഞ്ഞാടിന്റെ വിവാഹവിരുന്നിലൂടെ വെളിപ്പെടുന്നത്. ഈ ദിവ്യരഹസ്യത്തില്‍ മണവാളന്‍ യേഹ്ശുവായും മണവാട്ടി അവന്റെ സഭയുമാണ്. അതായത്, യേഹ്ശുവാ രാജാവായി വാഴുന്ന ആ നിത്യരാജ്യത്തിലെ വിശുദ്ധരായ ജനങ്ങള്‍ മുഴുവന്‍ ചേരുന്നതാണ് അവന്റെ മണവാട്ടിയായ സഭ! ഈ മണവാട്ടിയെ സ്വീകരിക്കാനാണ് മണവാളനായ യേഹ്ശുവാ വരുന്നത്. യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും, സ്നാനത്തിലേക്ക് നയിച്ച വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരെല്ലാം അവന്റെ മണവാട്ടിയാകുന്ന സഭയുടെ ഭാഗമാണ്! അങ്ങനെയുള്ളവരാണ് യേഹ്ശുവായുടെ രാജ്യത്തിന്റെ അവകാശികള്‍!

മ്ശിയാഹിന്റെ മണവാട്ടിയും ദൈവരാജ്യവും!

“സ്വര്‍ഗ്ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്ത് കന്യകമാര്‍ക്ക് സദൃശം. അവരില്‍ അഞ്ചുപേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു. വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു”(മത്തായി: 25; 1-4). ഈ ഉപമയില്‍ പറയുന്ന ‘കന്യകമാര്‍’ ഒരു പ്രതീകമാണ്. വാച്യാര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്ത് കന്യകമാര്‍ സ്ത്രീകളാണെന്ന് ചിന്തിച്ചേക്കാം. എന്നാല്‍, യേഹ്ശുവാ ഇവിടെ ഉദ്ദേശിച്ചത് അങ്ങനെയല്ല; സഭയിലെ വിശ്വാസികളെയാണ് ഇവിടെ അവന്‍ കന്യകമാരോട് ഉപമിച്ചിരിക്കുന്നത്. ‘കന്യകാത്വം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശ്വാസമാണ്. വിശ്വാസം വഴിയാണ് ഒരുവന്‍ സഭയിലെ അംഗമാകുന്നതെന്ന് നമുക്കറിയാം. എന്നാല്‍, വിശ്വാസവും ജ്ഞാനസ്നാനവും വഴി ഒരുവന്‍ സഭയില്‍ അംഗമാകുമെങ്കിലും, അവന്‍ ദൈവരാജ്യത്ത് പ്രവേശിക്കണമെന്ന് നിര്‍ബ്ബന്ധമില്ല. വിശ്വാധിഷ്ഠിതമായ കാത്തിരിപ്പ് കൂടി അനിവാര്യമാണ്. 

കുഞ്ഞാടിന്റെ വിവാഹം എന്ന് വ്യക്തമായി പരാമര്‍ശിക്കുന്ന ലിഖിതങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍, മണവാളന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേഹ്ശുവായെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, അപ്പസ്തോലിക സഭയാണ് യേഹ്ശുവായുടെ മണവാട്ടി എന്ന് നേരിട്ട് പറയുന്ന ലിഖിതം ബൈബിളില്‍ കണ്ടെത്താന്‍ കഴിയില്ല. എന്നിരുന്നാലും, യേഹ്ശുവാ ചില ഉപമകളിലൂടെയും അപ്പസ്തോലന്മാര്‍ തങ്ങളുടെ പ്രബോധനങ്ങളിലൂടെയും പരോക്ഷമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പരം എങ്ങനെയായിരിക്കണം എന്ന പ്രബോധനം നല്‍കിയപ്പോള്‍ ശൗവുലാണ് ഇത് ഏറ്റവും കൃത്യതയോടെ പറഞ്ഞിട്ടുള്ളത്. ശൗവുലിന്റെ പ്രബോധനം ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്: “ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും മ്ശിയാഹിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇത് പറയുന്നത്”(എഫേസോസ്: 5; 32).

യേഹ്ശുവായും സഭയും തമ്മിലുള്ള ഗാഢബന്ധ ബന്ധത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്ന മഹനീയ ഗ്രന്ഥമാണ് ശലോമോന്റെ ഉത്തമഗീതം! ഒരു പ്രണയകാവ്യം എന്നപോലെയാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. ഉത്തമഗീതത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ മണവാളനും മണവാട്ടിയും ആണ്. സഭയുടെമേല്‍ മ്ശിയാഹിനുള്ള അധികാരവും, മ്ശിയാഹിനോട് സഭയ്ക്കുള്ള വിധേയത്വവുമാണ് മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധത്തിലൂടെ ശലോമോന്‍ വരച്ചുകാണിക്കുന്നത്‌. ഉത്തമഗീതം യഥാര്‍ത്ഥത്തില്‍ ഒരു പ്രവചനഗ്രന്ഥമാണ്. മണവാളനായ യേഹ്ശുവായെയും മണവാട്ടിയായ സഭയെയും സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവചനഗ്രന്ഥമാണ് ഉത്തമഗീതം. മാത്രവുമല്ല, ഉത്തമഗീതം ഒരു യുഗാന്ത പ്രവചനംകൂടിയാണ്!

മണവാട്ടിയുടെ കന്യകാത്വം മണവാളന് പ്രധാനമായിരിക്കുന്നതുപോലെ സഭയാകുന്ന മണവാട്ടിയുടെ കന്യകാത്വം സഭയുടെ നാഥനും മണവാളനുമായ യേഹ്ശുവായ്ക്കും പ്രധാനപ്പെട്ടതാണ്. വിശുദ്ധലിഖിതം പറയുന്നത് എന്താണെന്ന് നോക്കുക: “അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ട് കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റ് കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്”(എഫേസോസ്: 5; 26, 27). ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രബോധനം നല്‍കിയപ്പോഴാണ്, യേഹ്ശുവായും സഭയും തമ്മിലുള്ള ബന്ധത്തോട്‌ അതിനെ ഉപമിക്കാന്‍ അപ്പസ്തോലന്‍ ശ്രദ്ധിച്ചത്. ഭാര്യയുടെ ശരീരത്തിന്മേല്‍ ഭര്‍ത്താവിനും, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ ഭാര്യയ്ക്കുമാണ് യഥാര്‍ത്ഥ അവകാശമെന്ന് വ്യക്തമാക്കുമ്പോള്‍, സഭയുടെമേല്‍ പൂര്‍ണ്ണാധികാരം മ്ശിയാഹിനാണ് എന്ന യാഥാര്‍ത്ഥ്യം ശൗവുല്‍ ഇവിടെ സ്ഥിരീകരിക്കുന്നു.

ഒരു മണവാട്ടിയെ സംബന്ധിച്ചിടത്തോളം മണവാളനായി കരുതിവയ്ക്കാന്‍ കഴിയുന്ന ഏറ്റവും വലിയ വിവാഹസമ്മാനം അവളുടെ കന്യകാത്വമാണ്. തുടര്‍ന്നുള്ള ജീവിതത്തിലും പരസ്പരം ഈ വിശ്വസ്തത നിലനിര്‍ത്തുമ്പോഴാണ് ദാമ്പത്യജീവിതം സന്തോഷപ്രദമാകുന്നത്. കറയോ ചുളിവോ മറ്റ് കുറവുകളോ ഇല്ലാതെ മണവാട്ടി തന്നെത്തന്നെ മണവാളന് സമര്‍പ്പിക്കുമ്പോള്‍, മണവാളന്‍ അവളെ ഗാഢമായി സ്നേഹിക്കും. മ്ശിയാഹിന് സഭ സ്വീകാര്യയാകുന്നതും ഇങ്ങനെയാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: “വിശുദ്ധനഗരമായ പുതിയ യെരുശലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു”(വെളിപാട്: 21; 2). യെരുശലേം എന്ന് പ്രതീകാത്മകമായി വെളിപ്പെടുത്തുന്നത് വിശുദ്ധര്‍ ഇപ്പോള്‍ ആയിരിക്കുന്ന പറുദീസായെക്കുറിച്ചാണ്. നിഖ്യാസൂനഹദോസിന് മുന്‍പ് ഉണ്ടായിരുന്നതും തുടര്‍ന്ന് എടുക്കപ്പെട്ടതുമായ അപ്പസ്തോലിക സഭയാണ് അത്. യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിച്ചതോടെ ആ സഭ പറുദീസായിലേക്ക് എടുക്കപ്പെട്ടു. കറയോ ചുളിവോ ഇല്ലാതെ ആ സഭ അവിടെ ഇന്നും നിലനില്‍ക്കുന്നു.   

എന്താണ് സഭയുടെ കന്യകാത്വം? കന്യക തന്റെ കന്യകാത്വം ഭര്‍ത്താവിന് മാത്രമാണ് സമര്‍പ്പിക്കുന്നത്. തന്റെ ഭാവി ഭര്‍ത്താവിനായി അവള്‍ തന്റെ കന്യകാത്വം കാത്തുസൂക്ഷിക്കുന്നു. ഈ കാത്തുസൂക്ഷിക്കലിനെ വിശ്വാസവുമായി ചേര്‍ത്ത് പരിഗണിക്കുമ്പോള്‍, അന്യദൈവങ്ങള്‍ക്ക് മുന്‍പില്‍ പ്രണമിക്കുകയോ ആരാധിക്കുകയോ ചെയ്യാതെ, സത്യദൈവത്തെ മാത്രം ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന ആത്മീയാവസ്ഥയെയാണ് കന്യകാത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലാക്കാം. മറ്റൊരു ദൈവത്തിനും നല്‍കാതെ, യേഹ്ശുവായില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ട വിശ്വാസം എന്നത് കളങ്കമേല്‍ക്കാതെ കാത്തുസൂക്ഷിക്കപ്പെട്ട വിശ്വാസമാണ്. ഒരു കന്യക തന്റെ ഭര്‍ത്താവിനായി കാത്തുസൂക്ഷിക്കുന്ന കന്യകാത്വം പോലെയാണത്. അതെ, യേഹ്ശുവാ തന്റെ മണവാട്ടിയായി സ്വീകരിക്കുന്നത് ശരീരവും ആത്മാവും മനസ്സും തനിക്ക് മാത്രമായി സമര്‍പ്പിക്കുന്നവരെയാണ്. ഈ വചനം ശ്രദ്ധിക്കുക: “യിസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ യാഹ്‌വെ ഒരേ ഒരു ദൈവമാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കണം”(നിയമം: 6; 4, 5).

നിയമഗ്രന്ഥത്തിലെ ഈ വചനം യേഹ്ശുവായും ആവര്‍ത്തിച്ചിട്ടുണ്ട്. ഒരു പണ്ഡിതന്റെ ചോദ്യത്തിന് ഉത്തരമായാണ് യേഹ്ശുവാ അത് ആവര്‍ത്തിച്ചത്. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ്? അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന”(മത്തായി: 22; 35-38). മാര്‍ക്കോയും ലൂക്കായും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ടത്, ദൈവം നമ്മില്‍നിന്ന് ആഗ്രഹിക്കുന്ന സ്നേഹവും വിശ്വാസവും എങ്ങനെയുള്ളതായിരിക്കണം എന്നതാണ്. മറ്റ് ദൈവങ്ങളോടൊപ്പം തന്നെയുംകൂടി പരിഗണിക്കുന്നവരെയല്ല സത്യദൈവം സ്വീകരിക്കുന്നത്; മറിച്ച്, മനസ്സും ശരീരവും ആത്മാവും തനിക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നവരെയാണ്.

ഭാര്യയില്‍നിന്ന് ഒരു ഭര്‍ത്താവ് ആഗ്രഹിക്കുന്നതും ഇങ്ങനെയൊരു സമര്‍പ്പണമാണ്‌. ശരീരത്തില്‍ മാത്രമല്ല, മനസ്സിലും അവള്‍ കന്യകയായിരിക്കണം. മറ്റൊരു പുരുഷന് ശരീരമോ മനസ്സോ സമര്‍പ്പിച്ചവള്‍ ഒരു ഉത്തമയായ ഭാര്യയല്ല! അതായത്, ‘കന്യകാത്വം’ ശരീരത്തില്‍ മാത്രമല്ല, ഹൃദയത്തിലും മനസ്സിലും ഉണ്ടായിരിക്കണം. യേഹ്ശുവാ എന്ന കുഞ്ഞാടിന്റെ മണവാട്ടിയ്ക്ക് അനിവാര്യമായി വേണ്ടതും ഈ യോഗ്യതയാണ്. അതെ, സ്നേഹത്തില്‍ അധിഷ്ഠിതമായ വിശ്വാസത്തെയാണ് ‘കന്യകാത്വം’ എന്നതിലൂടെ വിവക്ഷിക്കുന്നത്. ദൈവരാജ്യത്തെക്കുറിച്ച് യേഹ്ശുവാ നല്‍കിയ പ്രബോധനങ്ങളെല്ലാം ഉപമകളിലൂടെയായിരുന്നു. അതുപോലെതന്നെ, ഉപമകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെല്ലാം പ്രതീകങ്ങള്‍ മാത്രമാണ്. പത്ത് കന്യകമാരുടെ ഉപമയിലെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ മറ്റ് ചില പ്രബോധനങ്ങളോട് ചേര്‍ത്തുവെച്ച് പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും.

ഉപമ ഇങ്ങനെ തുടരുന്നു: “മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. അര്‍ദ്ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു. വിവേകശൂന്യകള്‍ വിവേകവതികളോട് പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്ക് തരുക. വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍. അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്ത് വിവാഹവിരുന്നിന് അകത്ത് പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് മറ്റ് കന്യകമാര്‍ വന്ന്, നാഥാ, നാഥാ, ഞങ്ങള്‍ക്ക് തുറന്ന് തരണമേ എന്ന് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല”(മത്തായി: 25; 5-13).

പത്തുപേരും ‘കന്യകമാര്‍’ ആയിരുന്നുവെങ്കിലും അഞ്ചുപേര്‍ മാത്രമേ സ്വീകാര്യരായുള്ളുവെന്ന് ഇവിടെ കാണാം. സ്വീകാര്യരായ ഈ അഞ്ചുപേരെപ്പോലെ, മറ്റ് അഞ്ചുപേരും കന്യകമാരായിരുന്നുവെന്ന് മാത്രമല്ല, അവരും വിളക്കെടുത്തിരുന്നു. എന്നിട്ടും അവര്‍ പരിത്യക്തരായതിന്റെ കാരണം, വിളക്കുകളോടൊപ്പം അത് തെളിക്കാനാവശ്യമായ ‘എണ്ണ’ അവര്‍ കരുതിയില്ല എന്നതാണ്. അതായത്, കന്യകാത്വവും വിളക്കും ഉണ്ടായിരുന്നുവെങ്കിലും, വിളക്കില്‍ ഒഴിക്കാന്‍ ‘എണ്ണ’ കരുതാത്തതുകൊണ്ട് അവര്‍ പരിത്യക്തരായി. അവര്‍ എത്ര വിലപിച്ചിട്ടും അവര്‍ക്കുവേണ്ടി വാതില്‍ തുറന്നുകൊടുക്കാന്‍ മണവാളന്‍ തയ്യാറായില്ല. മാത്രവുമല്ല, ഞാന്‍ നിങ്ങളെ അറിയില്ലെന്ന് മണവാളന്‍ പറയുകയും ചെയ്തു! ‘കന്യകമാര്‍’ വിശ്വാസികളുടെ പ്രതീകമാണെന്ന് നാം കണ്ടുകഴിഞ്ഞു. അങ്ങനെയെങ്കില്‍, വിളക്കില്‍ പകരാന്‍ അവര്‍ കരുതാതിരുന്ന ‘എണ്ണ’ എന്തിന്റെ പ്രതീകമാണെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. ചെറിയൊരു വിവരണത്തിലൂടെ അതിന്റെ വിശദാംശത്തിലേക്ക് നമുക്ക് കടക്കാം. 

വിശ്വസിച്ച്, യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെ ഒരുവന്‍ സഭയില്‍ അംഗമാകും എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, സഭയില്‍ അംഗമായ ഒരുവന്‍ ദൈവരാജ്യം സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അപ്പസ്തോലനായ ശൗവുല്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് മനസ്സിലാക്കുമ്പോള്‍ എണ്ണ എന്തിന്റെ പ്രതീകമാണെന്ന് വ്യക്തമാകും. ഈ പ്രബോധനം ശ്രദ്ധിക്കുക: “അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രായര്‍: 9; 28). അപ്പസ്തോലന്‍ ഇവിടെ നല്‍കുന്നത് മണവാളന്റെ വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. മണവാളന്റെ വരവിനായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ ആരോ, അവരാണ് രക്ഷിക്കപ്പെടുന്നത്. രക്ഷിക്കപ്പെടുന്നവരാകട്ടെ, മണവാളനോടൊപ്പം വിവാഹവിരുന്നിലേക്ക് പ്രവേശിക്കും.

ദൈവരാജ്യത്തെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യം ഇവിടെ കൂടുതല്‍ അനാവൃതമാകുകയാണ്. പാപപരിഹാരാര്‍ത്ഥം ഒരിക്കല്‍ വന്ന യേഹ്ശുവായെ ഏകരക്ഷകനായി സ്വീകരിക്കുകയും അവന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച് പാപമോചനം പ്രാപിക്കുകയും ചെയ്തവരുടെ കൂട്ടായ്മയാണ് സഭ! വിജാതീയതയാലോ അവരുടെ ദൈവങ്ങളാലോ മലിനപ്പെടാത്തിടത്തോളം കാലം വ്യക്തികളും സഭയും കന്യകാത്വം നിലനിര്‍ത്തുന്നു. എന്നാല്‍, കന്യകയും മണവാട്ടിയുമായ ഈ സഭ, മണവാളനായ യേഹ്ശുവായ്ക്ക് സ്വീകാര്യയാകുന്നത് അവനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നുവെങ്കില്‍ മാത്രമാണ്. അതായത്, യേഹ്ശുവായുടെ പ്രത്യാഗമനം സംഭവിക്കില്ലെന്നും, സംഭവിച്ചാല്‍ത്തന്നെ അത് ഉടനൊന്നും ആയിരിക്കില്ലെന്നും പഠിപ്പിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്ന സകലരും പരിത്യക്തരാകും. അവരാണ് വിളക്കില്‍ പകരാന്‍ എണ്ണ കരുതാത്ത വിവേകശൂന്യകളായ കന്യകമാര്‍! യേഹ്ശുവായുടെ പ്രത്യാഗമനവും, ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന അവന്റെ വാഴ്ചയും പ്രഘോഷിക്കാത്ത ഒരു ക്രൈസ്തവ സമൂഹവും ദൈവരാജ്യം അവകാശമാക്കില്ല!

മണവാട്ടിയെ പരിഗ്രഹിക്കാന്‍ മണവാളന്‍ വരുന്നത് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന അവസ്ഥയെയാണ് വിളക്കിലെ എണ്ണ എന്ന പ്രതീകത്തിലൂടെ ഉദ്ദേശിക്കുന്നത്. വിളക്കാകട്ടെ, ഓരോ വ്യക്തിയെയും പ്രതിനിധാനം ചെയ്യുന്നു. വിശ്വസിച്ച് യേഹ്ശുവായുടെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും നിയമങ്ങള്‍ അനുസരിച്ച് വിശുദ്ധിയില്‍ ജീവിക്കുകയും ചെയ്യുന്നതിലൂടെ ഒരുവന് ലഭിക്കുന്നത് ദൈവരാജ്യത്തില്‍ പ്രവേശിക്കാനുള്ള അടിസ്ഥാന യോഗ്യതയാണ്. എന്നാല്‍, മണവാളനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്ക് മാത്രമേ അതില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. അതായത്, വിശ്വാസത്തോടും വിശുദ്ധിയോടുമൊപ്പം യേഹ്ശുവായുടെ പ്രത്യാഗമനത്തെക്കുറിച്ചുള്ള അചഞ്ചലമായ പ്രത്യാശയും നിലനിര്‍ത്തുന്നവരാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്. ആ ദിനമാണ് കുഞ്ഞാടിന്റെ വിവാഹദിനം!    

യാഹ്‌വെയുടെ ദിനം അഥവാ യേഹ്ശുവായുടെ ദിനം!

കുഞ്ഞാടിന്റെ വിവാഹത്തെക്കുറിച്ച് പഠിക്കുമ്പോള്‍, ‘യാഹ്‌വെയുടെ ദിനം’ എന്താണെന്നുകൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. പുരാതനഗ്രന്ഥങ്ങളില്‍, വിശിഷ്യാ പ്രവചനങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ‘യാഹ്‌വെയുടെ ദിനം’ എന്നത്. നവീനഗ്രന്ഥങ്ങളില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് ‘യേഹ്ശുവായുടെ ദിനം’ എന്നാണ്. പുരാതനഗ്രന്ഥങ്ങളില്‍ ‘യാഹ്‌വെയുടെ ദിനം’ എന്ന് പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ആ ‘മഹാദിനം’ തന്നെയാണ് നവീനഗ്രന്ഥങ്ങളില്‍ വായിക്കുന്ന ‘യേഹ്ശുവായുടെ ദിനം’! ആ ദിനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുന്‍പ് ഈ ആശയക്കുഴപ്പം പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്തുകൊണ്ടാണ് പുരാതനഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ‘യാഹ്‌വെയുടെ ദിനം’ നവീനഗ്രന്ഥങ്ങളില്‍ എത്തിയപ്പോള്‍ ‘യേഹ്ശുവായുടെ ദിനം’ എന്നായി മാറിയത്?

രക്ഷാകര ദൗത്യവുമായി ഈ ഭൂമിയിലേക്ക് വരുന്നതിന് മുന്‍പ് പ്രവാചകന്മാര്‍ക്ക് ദൈവത്തില്‍നിന്ന് ലഭിച്ചിരുന്നത് ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും എന്നര്‍ത്ഥമുള്ള ‘യാഹ്‌വെ’ എന്ന പേരായിരുന്നു. ദൈവത്തിന്റെ പേരില്‍ അവന്റെ അസ്തിത്വവും ദൗത്യവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, തന്റെ ദൗത്യത്തിനായി മനുഷ്യാവതാരം ചെയ്യുന്നതുവരെ അവന്‍ വെളിപ്പെടുത്തിയത് അസ്തിത്വം മാത്രമായിരുന്നു. എന്നാല്‍, മാനവരാശിയുടെ രക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്തപ്പോള്‍ അവന്‍ തന്റെ പേരിന്റെ പൂര്‍ണ്ണത സകലര്‍ക്കും വെളിപ്പെടുത്തി. അതായത്, ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും ആയവന്‍ രക്ഷകനാണ്‌ എന്നര്‍ത്ഥമുള്ള യേഹ്ശുവാ എന്നാണ് അവന്റെ പൂര്‍ണ്ണമായ പേര്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ദൈവം തന്റെ പേരിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് തന്റെതന്നെ അസ്തിത്വവും ദൗത്യവുമാണ്. അതുകൊണ്ടുതന്നെ, യേഹ്ശുവാ എന്ന പേരിലെ ഒരക്ഷരംപോലും മാറാന്‍ പാടില്ല. അങ്ങനെ മാറിയാല്‍ ആള്‍തന്നെ മാറിപ്പോകും! ഇനി നമുക്ക് വിഷയത്തിലേക്ക് വരാം.

പുരാതനഗ്രന്ഥങ്ങളില്‍ ‘യാഹ്‌വെയുടെ ദിനം’ എന്ന് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് യേഹ്ശുവായുടെ പ്രത്യാഗമന ദിനത്തെക്കുറിച്ചാണ് എന്ന യാഥാര്‍ത്ഥ്യം നാം ആമുഖമായി മനസ്സിലാക്കിയിരിക്കണം. അല്ലാത്തപക്ഷം ആ ദിനത്തിന്റെ പ്രാധാന്യം അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കാന്‍ സാധിക്കില്ല. അതെ, സകല പ്രവാചകന്മാരും സകല അപ്പസ്തോലന്മാരും ഏറ്റവും പ്രാധാന്യത്തോടെ പ്രവചിച്ചിട്ടുള്ള ആ മഹാദിനത്തെക്കുറിച്ചാണ് ഇനി നാം മനസ്സിലാക്കാന്‍ പോകുന്നത്.

ആമോസ് ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: “യാഹ്‌വെയുടെ ദിനത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്ക് ദുരിതം! എന്തിനാണ് നിങ്ങള്‍ക്ക് യാഹ്‌വെയുടെ ദിനം? അത് അന്ധകാരമാണ്, പ്രകാശമല്ല. സിംഹത്തിന്റെ വായില്‍നിന്ന് രക്ഷപ്പെട്ട് കരടിയുമായി കണ്ടുമുട്ടുന്നതുപോലെയോ, വീട്ടിലെത്തി ചുമരില്‍ കൈചേര്‍ത്ത് ചാരിനില്‍ക്കുമ്പോള്‍ സര്‍പ്പദംശനം ഏല്‍ക്കുന്നതുപോലെയോ ആയിരിക്കും അത്. യാഹ്‌വെയുടെ ദിനം പ്രകാശമല്ല, അന്ധകാരമാണ്; പ്രകാശലേശമില്ലാത്ത തമസ്‌സാണ്! നിങ്ങളുടെ ആഘോഷദിനങ്ങളോട് എനിക്ക് വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്ക് പ്രസാദമില്ല”(ആമോസ്: 5; 18-21). യാഹ്‌വെയുടെ ദിനം എന്ന് പുരാതനഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന യേഹ്ശുവായുടെ പ്രത്യാഗമനദിനം അന്ധകാരമാണെന്ന് പ്രവചിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?

ബൈബിളിലെ പ്രവചനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, സംഭ്രാന്തിയുടെയും ഭീതിയുടെയും വിലാപത്തിന്റെയും ദിനം എന്നാണ് യാഹ്‌വെയുടെ ദിനത്തെക്കുറിച്ച് എല്ലാ പ്രവാചകന്മാരും പ്രവചിച്ചിരിക്കുന്നത്. മറ്റുചില പ്രവചനങ്ങള്‍ക്കൂടി പരിശോധിച്ചതിനുശേഷം അതിന്റെ കാരണം വ്യക്തമാക്കാം. യാഹ്‌വെയുടെ ദിനം എന്ന് യോയേല്‍ പ്രവാചകന്റെ പ്രവചനത്തില്‍ കാണുന്നത് അഞ്ച് തവണയാണ്. യോയേലിന്റെ ഒരു പ്രവചനം നോക്കുക: “സീയോനില്‍ കാഹളം ഊതുവിന്‍. എന്റെ വിശുദ്ധഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. ദേശവാസികള്‍ സംഭ്രാന്തരാകട്ടെ! യാഹ്‌വെയുടെ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു”(യോയേല്‍: 2; 1).

മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: “തന്റെ സൈന്യത്തിന്റെ മുന്‍പില്‍ യാഹ്‌വെയുടെ ശബ്ദം മുഴങ്ങുന്നു. അവന്റെ സൈന്യം വളരെ വലുതാണ്. അവന്റെ ആജ്ഞ നടപ്പിലാക്കുന്നവന്‍ ശക്തനാണ്; യാഹ്‌വെയുടെ ദിനം മഹത്തും അത്യന്തം ഭയാനകവുമാണ്. ആര്‍ക്ക് അതിനെ അതിജീവിക്കാനാവും?”(യോയേല്‍: 2; 11). മറ്റൊരു പ്രവചനം ഇതാണ്“യാഹ്‌വെയുടെ ദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ, കഷ്ടം! സര്‍വ്വശക്തനില്‍നിന്നുള്ള സംഹാരമായി അത് വരുന്നു”(യോയേല്‍: 1; 15). ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: “വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, യാഹ്‌വെയുടെ ദിനം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു”(യോയേല്‍: 3; 14, 15).

ഈ പ്രവചനങ്ങളിലൂടെയെല്ലാം വ്യക്തമാക്കുന്നത് യേഹ്ശുവായുടെ പ്രത്യാഗമനദിനം എന്നത് സംഹാരത്തിന്റെയും വിലാപത്തിന്റെയും ദിനമായിട്ടാണ്. എന്നാല്‍, യേഹ്ശുവായുടെ പ്രത്യാഗമനം ഒരു സംഹാരദിനമായി ഭവിക്കുന്നത് അവനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്കല്ല, അവന്റെ പ്രത്യാഗമനത്തില്‍ വിശ്വസിക്കാത്തവരും ആ ദിനത്തിനുവേണ്ടി ഒരുങ്ങിയിരിക്കാത്തവരുമായ ലൗകിക മനുഷ്യര്‍ക്കാണ്. ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ യോഗ്യത ലഭിക്കാത്തവര്‍ക്ക് വിലാപത്തിന്റെയും, യോഗ്യത ലഭിച്ചവര്‍ക്ക് ആഹ്ളാദത്തിന്റെയും ദിനമായിരിക്കും അത്. എന്തെന്നാല്‍, രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന പേര് വിളിച്ചപേക്ഷിക്കുന്ന സകലരും ആ ദിനത്തിന്റെ ദുരന്തത്തെ അതിജീവിക്കും എന്ന ആശ്വാസവാര്‍ത്തയും യോയേല്‍ പ്രവചിച്ചിട്ടുണ്ട്.

യോയേലിന്റെ ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിന് മുന്‍പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. യാഹ്‌വെ അരുളിച്ചെയ്തതുപോലെ, സീയോന്‍ പര്‍വ്വതത്തിലും യെരുശലെമിലും രക്ഷപ്പെടുന്നവരുണ്ടാകും. യാഹ്‌വെ വിളിക്കുന്നവര്‍ അതിജീവിക്കും”(യോയേല്‍: 2; 31, 32). യേഹ്ശുവായുടെ പ്രത്യാഗമനത്തെ ഒരുക്കത്തോടെ കാത്തിരിക്കുന്ന ഒരുവന്‍പോലും പരിത്യക്തനാകില്ല. അപ്പസ്തോലനായ ശൗവുല്‍ നല്‍കിയ പ്രബോധനം നോക്കുക: “അതുപോലെതന്നെ മ്ശിയാഹും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രായര്‍: 9; 28).

ആമോസിന്റെയും യോയേലിന്റെയും പ്രവചനങ്ങളാണ് നാമിവിടെ പരിശോധിച്ചത്. മറ്റ് പ്രവാചകന്മാരും ആ ദിനത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. അവരെല്ലാവരും ആ ദിനത്തെക്കുറിച്ച് പ്രവചിച്ചത് വിലാപത്തിന്റെയും നിരാശയുടെയും ദിനമായി തന്നെയാണ്. യോയേല്‍ പ്രവചനത്തില്‍ മാത്രം അഞ്ച് തവണയാണ് യാഹ്‌വെയുടെ ദിനം എന്ന് ആവര്‍ത്തിച്ചിരിക്കുന്നത്. സെഫാനിയാഹ്, ആമോസ്, യേശൈയാഹ്, യെസെക്കിയേല്‍, ശെഖരിയാഹ് എന്നീ പ്രവാചകന്മാരും ആ മഹാദിനം പ്രവചിച്ചിട്ടുണ്ട്. ആ ദിനത്തിന്റെ പരമപ്രാധാന്യമാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. സെഫാനിയാഹിന്റെ ഒരു പ്രവചനം ശ്രദ്ധിക്കുക: “നാഥനായ യാഹ്‌വെയുടെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. എന്തെന്നാല്‍, യാഹ്‌വെയുടെ ദിനം ആസന്നമായിരിക്കുന്നു. യാഹ്‌വെ ഒരു ബലി ഒരുക്കിയിരിക്കുന്നു. തന്റെ അതിഥികളെ അവന്‍ ശുദ്ധീകരിച്ചിരിക്കുന്നു”(സെഫാനിയാഹ്: 1; 7).

സെഫാനിയാഹ് പ്രവചിച്ച ഈ ബലി എന്താണെന്ന് അറിയണമെങ്കില്‍, യേശൈയാഹിന്റെ ഈ പ്രവചനം നോക്കുക: “എന്തെന്നാല്‍, എന്റെ വാള്‍ ആകാശങ്ങളില്‍ വച്ച് മതിയാവോളം പാനംചെയ്തിരിക്കുന്നു. യേദോമിന്റെമേല്‍, ഞാന്‍ നാശത്തിന് വിധിച്ചിരിക്കുന്ന ജനതയുടെമേല്‍, ശിക്ഷ നടപ്പാക്കാന്‍ ഇതാ, അത് ഇറങ്ങിവരുന്നു. യാഹ്‌വെയ്ക്കൊരു വാളുണ്ട്. രക്തംകുടിച്ച് അതിന് മതിയായിരിക്കുന്നു. അത് മേദസ്‌സ് ഭക്ഷിച്ച് ചെടിച്ചിരിക്കുന്നു. കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടും തന്നെ. എന്തെന്നാല്‍ യാഹ്‌വെയ്ക്ക് ബൊസ്രാഹില്‍ ഒരു ബലിയും യേദോമില്‍ ഒരു മഹാസംഹാരവും ഉണ്ട്”(യേശൈയാഹ്: 34; 5, 6). ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: “പ്രതികാരത്തിന്റെ ദിനം ഞാന്‍ മനസ്‌സില്‍ കരുതിയിരുന്നു. ഞാന്‍ നല്‍കുന്ന മോചനത്തിന്റെ വത്‌സരം ആസന്നമായി”(യേശൈയാഹ്: 63; 4).

ഭൂവാസികളില്‍ മൂന്നില്‍ രണ്ടുഭാഗത്തെ നശിപ്പിക്കുന്ന സംഹാരത്തെയാണ് ബലി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. യേഹ്ശുവാ രാജാവായി വാഴുന്ന ദൈവരാജ്യം സ്ഥാപിതമാകുന്നതിന് മുന്‍പ് ഈ ഭൂമിയില്‍ നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണ് ഈ ബലി! ശെഖരിയാഹിന്റെ പ്രവചനം നോക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടുഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരുഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ പേര് വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്ന് ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും”(ശെഖരിയാഹ്: 13; 8, 9).  

ഈ ഭൂമി മുഴുവന്റെയും രാജാവായി യേഹ്ശുവാ ഭരണം നടത്തുമെന്ന് പ്രവചിച്ചതും ശെഖരിയാഹ് ആണ്. ആ ഭരണകാലയളവ് ആയിരം വര്‍ഷമായിരിക്കുമെന്ന് അപ്പസ്തോലനായ യോഹന്നാനും പ്രവചിച്ചു. ശെഖരിയാഹിന്റെ പ്രവചനമിതാണ്: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവന് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). യേഹ്ശുവാ ഈ ഭൂമിയിലേക്ക് മനുഷ്യാവതാരം ചെയ്യുന്നതിന് മുന്‍പാണ് ശെഖരിയാഹ് ഇത് പ്രവചിച്ചത്. യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്നും, യാഹ്‌വെ എന്ന പേരിന്റെ പൂര്‍ണ്ണതയാണ് യേഹ്ശുവാ എന്ന പേരെന്നും നാമിപ്പോള്‍ അറിയുന്നു.

കുഞ്ഞാട് എന്ന വിശേഷണമുള്ള യേഹ്ശുവായാണ് ഈ ഭൂമിയില്‍ രാജാവായി വാഴുന്നതെന്ന് വ്യക്തമാക്കുന്ന പ്രവചനം വെളിപാട് പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “പിന്നെ ഞാന്‍ കുറെ രാജപീഠങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്ക് വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിയാഹിനോടുകൂടി വാഴുകയും ചെയ്തു. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും മ്ശിയാഹിന്റെയും പുരോഹിതന്മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും”(വെളിപാട്: 20; 4-6).

ശെഖരിയാഹ് പ്രവചിച്ചതും യോഹന്നാന്‍ പ്രവചിച്ചതും ഒരേ സംഭവത്തെക്കുറിച്ച് തന്നെയാണ്. എന്നാല്‍, ഒരാള്‍ യാഹ്‌വെ എന്ന് പ്രവചിച്ചപ്പോള്‍ മറ്റൊരാള്‍ യേഹ്ശുവാ എന്നാണ് പ്രവചിച്ചത്. യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന് ഇതിലൂടെ സ്ഥിരീകരിക്കുന്നു. ദൈവരാജ്യം സ്ഥാപിക്കുന്നതിനായുള്ള യേഹ്ശുവായുടെ പ്രത്യാഗമനദിനത്തെക്കുറിച്ചാണ് സകല പ്രവാചകന്മാരും ‘യാഹ്‌വെയുടെ ദിനം’ എന്ന് പ്രവചിച്ചിരിക്കുന്നത്. മറ്റൊരു പ്രവചനം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “യാഹ്‌വെയുടെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. യാഹ്‌വെയുടെ ദിനത്തിന്റെ മുഴക്കം ഭയങ്കരമാണ്; ശക്തന്മാര്‍ അപ്പോള്‍ ഉറക്കെ നിലവിളിക്കും”(സെഫാനിയാഹ്: 1; 14).

‘യാഹ്‌വെയുടെ ദിനം’ എന്നത് വിനാശംപോലെയാണെന്ന് യേശൈയാഹ് പ്രവചിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “ഉച്ചത്തില്‍ വിലപിക്കുവിന്‍. യാഹ്‌വെയുടെ ദിനം സമീപിച്ചിരിക്കുന്നു. സര്‍വ്വശക്തനില്‍നിന്നുള്ള വിനാശംപോലെ അതുവരും”(യേശൈയാഹ്: 13; 6). ദൈവത്തെ വെല്ലുവിളിച്ച് ജീവിക്കുന്നവരും പരമ്പരാഗത വിശ്വാസങ്ങളുടെ അന്ധതയില്‍ തളയ്ക്കപ്പെട്ടവരും അന്ന് വിലപിക്കും. എന്തെന്നാല്‍, നിനച്ചിരിക്കാത്ത സമയത്ത് ഒരു കെണിപോലെ ആ ദിനം വരുമ്പോള്‍ അനുതപിക്കാന്‍ അവസരം ലഭിക്കുകയില്ല! അനുതപിക്കാനുള്ള അവസരമുള്ളത് ഇപ്പോള്‍ മാത്രമാണ്. ആയതിനാല്‍, ഇന്ന് വിലാപത്തോടെ യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിച്ചാല്‍ അന്ന് വിലപിക്കേണ്ടിവരില്ല! യേശൈയാഹിന്റെ തന്നെ മറ്റൊരു പ്രവചനം നോക്കുക: “ഇതാ, യാഹ്‌വെയുടെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടുംകൂടെ അത് വരുന്നു”(യേശൈയാഹ്: 13; 9).

യെസെക്കിയേല്‍ പ്രവചനംകൂടി ശ്രദ്ധിക്കുക: “ദിവസം അടുത്തു. യാഹ്‌വെയുടെ ദിനം സമാഗതമായി, അത് കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണത്”(യെസെക്കിയേല്‍: 30; 3). യേഹ്ശുവാ എന്ന പേര് അറിയുകയും, ആ പേര് വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിനത്തിന്റെ ക്രോധത്തെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. പരമ്പരാഗതമായ ആചാരങ്ങളിലും ആഘോഷങ്ങളിലും അഭിരമിച്ചുകൊണ്ട് യാഹ്‌വെയുടെ ദിനത്തിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആ ദിനം പ്രകാശലേശമില്ലാത്ത കൂരിരുട്ടായിരിക്കും എന്ന മുന്നറിയിപ്പാണ് ഈ പ്രവചനത്തിലുള്ളത്. ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെട്ടവര്‍ അപ്പസ്തോലിക പ്രബോധനങ്ങളിലേക്ക് തിരികെവന്നില്ലെങ്കില്‍ യേഹ്ശുവായുടെ പ്രത്യാഗമനദിനം ഒരു ദുരന്തമായിരിക്കും.

ആരും നശിച്ചുപോകണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല; മറിച്ച്, സകലരും രക്ഷപ്രാപിക്കേണ്ടതിനാണ് പാപപരിഹാരാര്‍ത്ഥം അവന്‍ ഒരിക്കല്‍ മനുഷ്യനായി വന്നത്. എന്നാല്‍, അത് സാദ്ധ്യമാകുന്നത് അവനില്‍ വിശ്വസിക്കുകയും അവനെ സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാണ്. അങ്ങനെയുള്ളവര്‍ക്ക് ദൈവമക്കളാകാന്‍ അധികാരം നല്‍കി. ഈ വചനം നോക്കുക: “എന്നാല്‍ അവനെ സ്വീകരിച്ചവര്‍ക്കെല്ലാം, അവന്റെ പേരില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ അധികാരം നല്‍കി”(യോഹന്നാ‌ന്‍: 1; 12). യേഹ്ശുവായുടെ ആഗ്രഹം ഇതാണെങ്കിലും, ചുരുക്കം ചിലര്‍ മാത്രമേ അവന്റെ ആഗ്രഹത്തോട് ചേര്‍ന്നുനിന്ന് രക്ഷപ്രാപിക്കുകയുള്ളു. തന്റെ പ്രത്യാഗമനദിനത്തില്‍ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച് യേഹ്ശുവാ വേദനയോടെ ചോദിച്ച ചോദ്യം ഇങ്ങനെയാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്: “എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?”(ലൂക്കാ: 18; 8).

തന്റെ പ്രത്യാഗമനദിനത്തില്‍ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് മുന്നില്‍ക്കണ്ട് യേഹ്ശുവാ ഉയര്‍ത്തിയ ചോദ്യമാണിത്! ഒരു മുന്നറിയിപ്പ് കൂടി അവന്‍ നല്‍കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “നോഹിന്റെ ദിവസങ്ങളില്‍ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ് പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു”(ലൂക്കാ: 17; 26-27). നോഹിന്റെ ദിവസങ്ങളില്‍ സംഭവിച്ചത് തന്നെയാണ് മനുഷ്യപുത്രന്റെ ദിവസങ്ങളിലും സംഭവിക്കാനിരിക്കുന്നത് എന്ന മുന്നറിയിപ്പിനെ നിസ്സാരമായി കാണാന്‍ പാടില്ല. എന്തെന്നാല്‍, യേഹ്ശുവായുടെ ഈ മുന്നറിയിപ്പും മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്ന ചോദ്യവും ചേര്‍ത്തുവെച്ച് മനസ്സിലാക്കുമ്പോള്‍ ഭയാനകമായ ഒരു യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവരുംയേഹ്ശുവായുടെ പ്രത്യാഗമന ദിനം എന്നത് അന്ധകാരപൂര്‍ണ്ണവും വിനാശകരവും ആയ പ്രതികാരദിനമായിരിക്കും എന്നതാണ് ആ യാഥാര്‍ത്ഥ്യം.

ആകാശത്തിലെ പക്ഷികള്‍ക്കായി ദൈവം ഒരുക്കുന്ന യാഗവിരുന്ന് മനുഷ്യമാംസംകൊണ്ടായിരിക്കുമെന്ന് യെസെക്കിയേല്‍ പ്രവചിച്ചത് വെളിപാട് പുസ്തകത്തില്‍ യോഹന്നാനും ആവര്‍ത്തിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “സൂര്യനില്‍ നില്‍ക്കുന്ന ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ മദ്ധ്യാകാശത്തില്‍ പറക്കുന്ന സകല പക്ഷികളോടും വലിയ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തിന്റെ മഹാവിരുന്നിന് വരുവിന്‍. രാജാക്കന്മാര്‍, സൈന്യാധിപന്മാര്‍, ശക്തന്മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരും ആയ എല്ലാവരുടെയും മാംസം ഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍”(വെളിപാട്: 19; 17-18).

നോഹിന്റെ കാലത്ത് പ്രളയത്തെ അതിജീവിച്ചത് പെട്ടകത്തില്‍ കയറിയ എട്ടുപേര്‍ മാത്രമായിരുന്നുവെന്ന് മറക്കരുത്. മനുഷ്യപുത്രന്റെ പ്രത്യാഗമനദിനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ സംഖ്യ എട്ടിലേക്ക് ചുരുങ്ങിയാലും അദ്ഭുതപ്പെടാനില്ല! അപ്പസ്തോലിക സഭയാണ് ഈ കാലഘട്ടത്തിലെ നോഹിന്റെ പെട്ടകം! യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കുകയും അവന്റെ പ്രത്യാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയും ചെയ്യുന്നവരാണ് അപ്പസ്തോലിക സഭയാകുന്ന പെട്ടകത്തില്‍ പ്രവേശിക്കുന്നത്. അവര്‍ മാത്രമേ കുഞ്ഞാടിന്റെ വിവാഹവിരുന്ന് ആസ്വദിക്കുകയുള്ളൂ!  

ഈ പ്രവചനം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “അവന്റെ കല്പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, യാഹ്‌വെയെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. യാഹ്‌വെയുടെ ക്രോധത്തിന്റെ ദിനത്തില്‍ ഒരുപക്‌ഷേ നിങ്ങളെ അവന്‍ മറച്ചേക്കാം”(സെഫാനിയാഹ്: 2; 3). യാഹ്‌വെയുടെ ദിനം’ എന്ന് പുരാതനഗ്രന്ഥങ്ങളിലും ‘യേഹ്ശുവായുടെ ദിനം’ എന്ന് നവീനഗ്രന്ഥങ്ങളിലും പറയുന്നത് കുഞ്ഞാടിന്റെ വിവാഹദിനത്തെക്കുറിച്ചാണ്. മണവാളന്‍ വരുമ്പോള്‍ വിളക്ക് തെളിച്ച് എതിരേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന കന്യകമാര്‍ മാത്രം അവനോടൊപ്പം മണവറയില്‍ പ്രവേശിക്കും. അതെ, മുന്‍പന്മാരായ പിന്‍പന്മാരും പിന്‍പന്മാരായ മുന്‍പന്മാരും അന്നുണ്ടാകും!

യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനം നോക്കുക: “അബ്രാഹവും യിസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും. അപ്പോള്‍ മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരും ഉണ്ടായിരിക്കും”(ലൂക്കാ: 13; 28-30). അപ്പസ്തോലിക പ്രബോധനങ്ങളെ അവഗണിച്ച്, കല്‍പ്പിത പാരമ്പര്യങ്ങളുടെ അടിമകളായി ജീവിക്കുന്നവരും ആചാരാനുഷ്ഠാനങ്ങളില്‍ അഭിരമിക്കുന്നവരും അന്ന് വിലപിക്കുകയും പല്ലുകടിക്കുകയും ചെയ്യും!

കുഞ്ഞാടിന്റെ വിവാഹവിരുന്ന്!

കുഞ്ഞാടിന്റെ വിവാഹം എന്നത് വിലാപദിനം ആയിരിക്കുന്നത് ആര്‍ക്കാണെന്ന് നാം മനസ്സിലാക്കി. അതുപോലെതന്നെ, കുഞ്ഞാടായ യേഹ്ശുവായാണ് മണവാളന്‍ എന്നും യേഹ്ശുവായുടെ സഭയാണ് മണവാട്ടിയെന്നും ഇതിനോടകം നാം മനസ്സിലാക്കി കഴിഞ്ഞു. ഇനി നാം മനസ്സിലാക്കേണ്ടത് കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ട അനുഗൃഹീതരുടെ ആഘോഷദിനങ്ങളെക്കുറിച്ചും അന്ത്യത്താഴവേളയില്‍ യേഹ്ശുവാ നടത്തിയ പ്രഖ്യാപനത്തിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചുമാണ്.

അന്ത്യത്താഴവേളയില്‍ യേഹ്ശുവാ നടത്തിയ പ്രഖ്യാപനം ഇതായിരുന്നു: “ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്ത് നവമായി ഇത് പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല”(മത്തായി: 26; 29). മനുഷ്യപുത്രനായ യേഹ്ശുവായാണ് ഈ പ്രഖ്യാപനം നടത്തിയത്. അവന്‍ ഇവിടെ വ്യക്തമാക്കിയത് തന്റെ പിതാവിന്റെ രാജ്യത്തില്‍ എന്നാണ്. ദൈവരാജ്യത്തെക്കുറിച്ച് പിതാവിന്റെ രാജ്യം എന്ന് യേഹ്ശുവാ പറഞ്ഞത് അവന്‍ മനുഷ്യപുത്രനായിരുന്നപ്പോള്‍ ആയിരുന്നു. ദൈവികതയിലേക്ക് യേഹ്ശുവാ തിരികെ പ്രവേശിച്ചത് അവന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷമാണ്. ആദിയില്‍ ആയിരുന്നതുപോലെതന്നെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ഒരേയൊരു ദൈവമാണ് യേഹ്ശുവാ. അതായത്, താന്‍ രാജാവായി വാഴുന്നതും ഭൂമിയില്‍ സ്ഥാപിക്കാനിരിക്കുന്നതുമായ ദൈവരാജ്യത്തെക്കുറിച്ചാണ് അന്ത്യത്താഴവേളയില്‍ യേഹ്ശുവാ പറഞ്ഞത്.

ഈ പ്രഖ്യാപനംതന്നെ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ഞാന്‍ നിങ്ങളോട് പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല”(ലൂക്കാ: 22; 18). യേഹ്ശുവാ അന്ന് പ്രഖ്യാപിച്ചത് ദൈവരാജ്യം സ്ഥാപിതമാകുന്ന ദിനംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് കുടിക്കുകയില്ല എന്നാണ്. ദൈവരാജ്യം എന്നും പിതാവിന്റെ രാജ്യം എന്നും വിശേഷിപ്പിക്കപ്പെടുന്നത് സ്വര്‍ഗ്ഗമല്ലെന്നും ഈ ഭൂമിയില്‍ സ്ഥാപിതമാകാനിരിക്കുന്ന രാജ്യമാണെന്നും നാം ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ വിളിച്ച് അപേക്ഷിക്കാനുള്ള പ്രാര്‍ത്ഥന പഠിപ്പിച്ചപ്പോള്‍, ഇക്കാര്യം ആ പ്രാര്‍ത്ഥനയില്‍ യേഹ്ശുവാ ഉള്‍ക്കൊള്ളിച്ചിരുന്നു. ആ പ്രാര്‍ത്ഥനയുടെ ആദ്യഭാഗം ഇങ്ങനെയാണ്: “നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ പേര് വിശുദ്ധീകരിക്കപ്പെടട്ടെ. നിന്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ”(മത്തായി: 6; 9-10).

ഈ പ്രാര്‍ത്ഥനയിലൂടെ അപേക്ഷിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ആവശ്യം പരിശോധിച്ചാല്‍ ദൈവരാജ്യം എന്നത് ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന രാജ്യമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിക്കുവാനും ദൈവത്തിന്റെ ഇഷ്ടങ്ങളില്‍ അധിഷ്ഠിതമായ നിയമം ആ രാജ്യത്ത് നടപ്പാക്കാനുമുള്ള പ്രാര്‍ത്ഥനയാണ് യേഹ്ശുവാ പഠിപ്പിച്ചത്. ദൈവത്തിന്റെ ഇഷ്ടം ഭൂമിയില്‍ നടപ്പാക്കപ്പെടുന്നത് ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുമ്പോള്‍ മാത്രമാണ്! ഈ രാജ്യം സ്ഥാപിതമാകുന്നതുവരെ വീഞ്ഞ് കുടിക്കില്ല എന്നാണ് അന്ത്യത്താഴവേളയില്‍ യേഹ്ശുവാ പ്രഖ്യാപിച്ചതെന്ന് മനസ്സിലാക്കാന്‍ ഇവിടെ സാധിക്കും. മണവാളനും മണവാട്ടിയും അന്ന് വീഞ്ഞ് കുടിക്കും! അതുകൊണ്ടാണ് “പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്ത് നവമായി ഇത് പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല” എന്ന് അവന്‍ പറഞ്ഞത്. അന്ന് അവന്‍ ഇത് പറഞ്ഞത് അപ്പസ്തോലിക സഭയോട് ആയിരുന്നു. ആ സഭയാണ് യേഹ്ശുവായുടെ മണവാട്ടി! മണവാട്ടിയോടൊത്ത് മണവാളന്‍ വീഞ്ഞ് കുടിക്കുന്നത് വിവാഹവിരുന്നിലാണ്! 

പുരാതന യിസ്രായേല്‍ക്കാരുടെ വിവാഹങ്ങളില്‍ വീഞ്ഞ് എന്നത് കേവലം ഒരു പാനീയം മാത്രമായിരുന്നില്ല, മറിച്ച് ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിരുന്നു. മാത്രവുമല്ല, വിവാഹവിരുന്നുകളില്‍ വീഞ്ഞ് ഒരു അനിവാര്യഘടകം ആയിരുന്നുവെന്നും കാണാം. ബൈബിള്‍ പശ്ചാത്തലത്തില്‍ വീഞ്ഞ് സന്തോഷത്തെയാണ് പ്രതിനിധീകരിക്കുന്നത്വിവാഹം പോലുള്ള വിശേഷപ്പെട്ട ചടങ്ങുകളില്‍ അതിഥികള്‍ക്ക് വീഞ്ഞ് വിളമ്പുന്നത് ആ സന്തോഷം പങ്കുവെക്കുന്നതിന്റെ പ്രധാന ഭാഗമായാണ്.

​ആഹ്ളാദത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി മാത്രമല്ല, ആതിഥ്യമര്യാദയുടെ അളവുകോലായും യിസ്രായേല്‍ക്കാര്‍ വീഞ്ഞ് സത്ക്കാരത്തെ കണക്കാക്കിയിരുന്നു. ഒരു വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളെ ആദരിക്കുന്നതിലും സത്ക്കരിക്കുന്നതിലും വീഞ്ഞിന്റെ ലഭ്യതയും ഗുണനിലവാരവും അവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. വിരുന്ന് നടത്തുന്നവരുടെ സാമ്പത്തിക സ്ഥിതിയും ഔദാര്യവും വിളമ്പുന്ന വീഞ്ഞിന്റെ അളവിലൂടെയും മേന്മയിലൂടെയും അളക്കപ്പെട്ടിരുന്നു.

​യേഹ്ശുവാ തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചത് ഒരു വിവാഹവേളയിലാണ്. ഗെലീലെയായിലെ കാനായില്‍ നടന്ന വിവാഹത്തില്‍ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍, വെള്ളം വീഞ്ഞാക്കിക്കൊണ്ട് അവന്‍ ആ ആഘോഷത്തെ ധന്യമാക്കി. ഇത് ലൗകികമായ വീഞ്ഞിനപ്പുറം, ആത്മീയമായ വീണ്ടെടുപ്പിന്റെയും പുതിയ വീഞ്ഞിന്റെയും (പുതിയൊരുക്കത്തിന്റെ) പ്രതീകാത്മകമായ അര്‍ത്ഥം കൂടിയുള്ളതാണ്. വിവാഹവിരുന്ന് എന്നത് വചനത്തില്‍ പ്രതീകാത്മകമായി സൂചിപ്പിച്ചിരിക്കുന്നതുപോലെ, മ്ശിയാഹിന്റെ വരവും ആത്മീയ സന്തോഷത്തിന്റെ പൂര്‍ത്തീകരണവുമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ വിവാഹത്തിലെ വീഞ്ഞ് ആ വലിയ ആത്മീയ ആഹ്ളാദത്തിന്റെ കൂടി അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ദൈവരാജ്യത്തില്‍ നവമായി പാനംചെയ്യുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് കുടിക്കുകയില്ല എന്ന് യേഹ്ശുവാ അരുളിച്ചെയ്ത വചനത്തെയും കുഞ്ഞാടിന്റെ വിവാഹത്തെയും ചേര്‍ത്തുവെച്ച് ചിന്തിക്കുമ്പോള്‍ ചില ആത്മീയ ഉള്‍ക്കാഴ്ചകള്‍ നമുക്ക് ലഭിക്കും. മണവാളന്റെ കാത്തിരിപ്പും ഉപവാസവുമാണ് അതില്‍ പ്രധാനപ്പെട്ടത്. അന്ത്യാത്താഴ വേളയില്‍ മുന്തിരിയുടെ ഫലത്തില്‍ നിന്നുള്ള പാനം ഒഴിവാക്കിക്കൊണ്ട് യേഹ്ശുവാ പ്രഖ്യാപിച്ചത് തന്റെ മണവാട്ടിയായ സഭയോടൊപ്പമുള്ള ആനന്ദത്തിന്റെ നിത്യാഘോഷത്തിനായി താന്‍ കാത്തിരിക്കുന്നു എന്നാണ്. അതായത്, മണവാട്ടി പൂര്‍ണ്ണമായും അണിഞ്ഞൊരുങ്ങി തന്നിലേക്ക് ചേരുന്ന ആ ആയിരം വര്‍ഷത്തെ മഹത്വപൂര്‍ണ്ണമായ ഭരണകാലത്ത് (Millennial Reign) തന്റെ വിശുദ്ധരോടൊപ്പം അവന്‍ ആ വീഞ്ഞ് വീണ്ടും നവമായി കുടിക്കും!

​കുഞ്ഞാടിന്റെ വിവാഹവും വീഞ്ഞും നമുക്ക് നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. അതായത്, കുഞ്ഞാടിന്റെ വിവാഹവും വിവാഹവിരുന്നും എന്നത് കേവലം പ്രതീകങ്ങള്‍ മാത്രമല്ല, മറിച്ച് മണവാളനായ യേഹ്ശുവായും അവന്റെ മണവാട്ടിയായ സഭയും തമ്മിലുള്ള നിത്യമായ സന്തോഷത്തിന്റെ സംഗമമാണ്. അവിടെ വെച്ചാണ് യേഹ്ശുവാ അന്ന് മാറ്റിവെച്ച ആ മുന്തിരിവീഞ്ഞ് തന്റെ സഭയോടൊപ്പം വീണ്ടും നവമായി കുടിച്ച് ആ ആഘോഷം പൂര്‍ത്തിയാക്കുന്നത്.

​വിവാഹവിരുന്നിന്റെ ആത്മീയ പൂര്‍ത്തീകരണമാണ് മറ്റൊരു ഉള്‍ക്കാഴ്ച. പുരാതന വിവാഹങ്ങളില്‍ വീഞ്ഞ് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പാരമ്യത്തെ സൂചിപ്പിക്കുന്നതുപോലെ, യേഹ്ശുവാ വാഗ്ദാനം ചെയ്ത ആ ‘നവമായ വീഞ്ഞ്’ എന്നത് അവന്റെ രാജ്യത്തിലെ നിത്യമായ ആനന്ദത്തിന്റെ പ്രതീകമാണ്.

വിവാഹവാരവും ആയിരം വര്‍ഷത്തെ ഭരണവും!

യിസ്രായേല്‍ക്കാരുടെ വിവാഹാഘോഷവും വിരുന്നും ഒരു ദിവസംകൊണ്ടോ രണ്ട് ദിവസംകൊണ്ടോ അവസാനിക്കുന്നതല്ലെന്ന് ബൈബിള്‍ അധിഷ്ഠിതമായി നാം മനസ്സിലാക്കിയതാണ്. യിസ്രായേലിന്റെയും യെഹൂദരുടെയും പാരമ്പര്യത്തില്‍ ‘വിവാഹവാരം’ (Wedding Week) അഥവാ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വലിയൊരു ‘ഫെസ്റ്റിവെല്‍’ ആണ് വിവാഹാഘോഷങ്ങള്‍. എന്നാല്‍, കുഞ്ഞാടിന്റെ വിവാഹാഘോഷവും വിവാഹവിരുന്നും ഒരാഴ്ചകൊണ്ട് അവസാനിക്കില്ല. നമ്മുടെ ഒരു വാരം എന്നത് ഏഴ് ദിവസം ആണെങ്കില്‍, യേഹ്ശുവായുടെ ഒരു വാരം എന്നത് ആയിരം വത്സരമാണ്! കേപ്ഫായുടെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “പ്രിയപ്പെട്ടവരേ, നാഥന്റെ മുമ്പില്‍ ഒരുദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസംപോലെയുമാണ് എന്നകാര്യം നിങ്ങള്‍ വിസ്മരിക്കരുത്”(2 കേപ്ഫാ: 3; 8).

കേപ്ഫാ ഇത് പറഞ്ഞത് സ്വമേധയാ ആയിരുന്നില്ല; മറിച്ച്, ദാവീദിന്റെ സങ്കീര്‍ത്തനം ഉദ്ധരിക്കുകയാണ് ചെയ്തത്. സങ്കീര്‍ത്തനം ഇതാണ്: “ആയിരം വത്‌സരം നിന്റെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെത്തെ പകല്‍പോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്”(സങ്കീര്‍ത്തനങ്ങള്‍: 90; 4). പ്രവചനഭാഷയില്‍ ഒരു ദിവസം എന്നത് ഒരു നിശ്ചിത കാലഘട്ടത്തെയോ ദൈവത്തിന്റെ ഒരു ദിവസമെന്നത് ആയിരം വര്‍ഷങ്ങളെയോ ഒക്കെ സൂചിപ്പിക്കാറുണ്ട്. വരാനിരിക്കുന്ന യേഹ്ശുവായുടെ രാജ്യം എന്നത് വെറുമൊരു ഭരണകൂടമല്ല, മറിച്ച് തന്റെ മണവാട്ടിയോടൊപ്പമുള്ള ആഹ്ളാദത്തിന്റെയും ആനന്ദത്തിന്റെയും ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിവാഹവാരാഘോഷമാണ്. ആ ആയിരം വര്‍ഷം ഒരു ദിവസംപോലെ കടന്നുപോകും! ആഹ്ളാദവും സന്തോഷവും നിറഞ്ഞ കാലയളവിന് ഇങ്ങനെയൊരു പ്രത്യേകതയുണ്ട്. സമയം കടന്നുപോകുന്നത് അറിയില്ല. എന്നാല്‍, വേദനയുടെ ഒരു ദിവസത്തിന് പോലും ആയിരം വര്‍ഷത്തിന്റെ ദൈര്‍ഘ്യം അനുഭവപ്പെടും.

യേഹ്ശുവായുടെ ഭരണകാലം ആയിരം വര്‍ഷം ആയിരിക്കുമെന്ന് പറയുമ്പോള്‍, കുഞ്ഞാടിന്റെ വിവാഹാഘോഷം ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെടുന്നവര്‍ അനുഗൃഹീതരാകുന്നത് അതുകൊണ്ടാണ്. ആ രാജ്യത്തിലെ അവസ്ഥയെക്കുറിച്ച് ഏറ്റവും കൃത്യവും വ്യക്തവുമായി പ്രവചിച്ചിട്ടുള്ള പ്രവാചകനാണ്‌ യേശൈയാഹ്! 

എല്ലാ പ്രവാചകന്മാരും ശ്രേഷ്ഠരാണ് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നിരുന്നാലും, യേശൈയാഹിന്റെ പ്രവചനത്തിന് മറ്റ് പ്രവചനങ്ങളില്‍നിന്ന് വേറിട്ട ചില സവിശേഷതകളുണ്ട്. പ്രവചനങ്ങളുടെ പ്രവചനം എന്ന് ഈ പുസ്തകത്തെ വേണമെങ്കില്‍ വിശേഷിപ്പിക്കാന്‍ സാധിക്കും. കാരണം, മ്ശിയാഹിന്റെ ജനനത്തെക്കുറിച്ച് മാത്രമല്ല, അവന്റെ പ്രത്യാഗമനത്തെക്കുറിച്ചും രാജത്വസ്വീകരണത്തെക്കുറിച്ചും വ്യക്തതയോടെ പ്രവചിച്ച പ്രവാചകനാണ്‌ യേശൈയാഹ്. ഇമ്മാനു-യേല്‍ പ്രവചനം അവയിലൊന്ന് മാത്രമാണ്. ത്രിത്വത്തില്‍ മൂന്ന് ആളുളില്ലെന്നും പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് ഒരുവന്‍തന്നെയാണെന്നും മ്ശിയാഹിന്റെ മനുഷ്യാവതാരത്തിന് ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ വെളിപ്പെടുത്തിയ പ്രവാചകനും യേശൈയാഹ് ആയിരുന്നു! യേശൈയാഹിന്റെ പ്രവചനഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണികളാണ് സിനഗോഗുകളിലെ പ്രസംഗങ്ങളില്‍ യേഹ്ശുവാ കൂടുതലായി ഉദ്ധരിച്ചിട്ടുള്ളത്.

യേഹ്ശുവായുടെ മനുഷ്യാവതാരത്തിന് ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് യെശൈയാഹ് നടത്തിയതാണ് ഇമ്മാനു-യേല്‍ പ്രവചനം എന്ന് നാം കണ്ടു. ആ പ്രവചനം പൂര്‍ത്തിയാകുന്നത് യേഹ്ശുവായുടെ പ്രത്യാഗമനത്തിലാണ്. എന്തെന്നാല്‍, പാപപരിഹാരാര്‍ത്ഥം ഒരിക്കല്‍ അവന്‍ വന്നത് പരിപൂര്‍ണ്ണ മനുഷ്യന്‍ എന്ന അവസ്ഥയിലായിരുന്നു. അന്ന് ദൈവം എന്ന അവസ്ഥ അവന്‍ തന്നില്‍ നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍, അവന്‍ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിയിരുന്ന ദൈവികാവസ്ഥയിലേക്ക് മരണാനന്തരം തിരികെ പ്രവേശിക്കുകയും തുടര്‍ന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുകയും ചെയ്യുന്നു. ഇനി അവന്‍ ഭൂമിയിലേക്ക് വരുന്നത് പാപപരിഹാരാര്‍ത്ഥം മരണത്തെ ആശ്ലേഷിക്കാന്‍ അല്ലാത്തതുകൊണ്ട് ദൈവം എന്ന അവസ്ഥയിലായിരിക്കും. അപ്പോഴാണ്‌ ദൈവം നമ്മോടുകൂടെ എന്ന അര്‍ത്ഥമുള്ള ഇമ്മാനു-യേല്‍ എന്ന് അവന്‍ വിളിക്കപ്പെടുന്നത്. അതെ, ഇമ്മാനു-യേല്‍ പ്രവചനം നിറവേറുന്നത് യേഹ്ശുവായുടെ രണ്ടാം വരവിലാണ്!

ഇവിടെ ഒരുകാര്യം നാം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, യേഹ്ശുവായുടെ ആയിരംവര്‍ഷത്തെ ഭരണം അവസാനിക്കുന്നിടത്താണ് ഇമ്മാനു-യേല്‍ പ്രവചനം പൂര്‍ണ്ണമാകുന്നത്. അവന്റെ ഭരണകാലത്തെ അവസ്ഥ ഏറ്റവും വ്യക്തതയോടെ പ്രവചിച്ചിട്ടുള്ളതും യേശൈയാഹാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആ പ്രവചനത്തിലെ വാക്കുകള്‍ ഓരോന്നും നമുക്ക് ശ്രദ്ധയോടെ വായിക്കാം. കാരണം, ആ പ്രവചനത്തിലെ ഓരോ വാക്കിനും ഓരോ വാചകത്തിനും ആഴമായ അര്‍ത്ഥതലമുണ്ട്.

“ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്‌സില്‍ വരുകയോ ഇല്ല. ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. യെരുശലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു. യെരുശലെമിനെക്കുറിച്ച് ഞാന്‍ ആനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല. ശിശുക്കളോ ആയുസ്‌സ് തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറ് തികയുന്നതിന് മുന്‍പുള്ള മരണം ശാപലക്ഷണമായി പരിഗണിക്കും. അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും. അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്‌സ് വൃക്ഷത്തിന്റെ ആയുസ്‌സ് പോലെയായിരിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കും. അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ യാഹ്‌വെയാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും. വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരുംമുന്‍പേ ഞാന്‍ അത് കേള്‍ക്കും. യാഹ്‌വെ അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ച് മേയും; സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല”(യേശൈയാഹ്: 65; 17-25).

നൂറ് വയസ്സില്‍ ഒരുവന്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും എന്ന പ്രവചനത്തില്‍നിന്ന്, ഇത് ഈ ഭൂമിയില്‍ സ്ഥാപിതമാകാനിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചാണെന്ന് വ്യക്തം! സ്വര്‍ഗ്ഗം എന്നത് നിത്യതയാണെന്നും നിത്യജീവന് നിയോഗം ലഭിച്ചവരാണ് അതില്‍ പ്രവേശിക്കുന്നതെന്നും നമുക്കറിയാം. അവിടെ പ്രവേശിക്കുന്ന ആര്‍ക്കും മരണമില്ല! അങ്ങനെയെങ്കില്‍, നൂറ് വയസ്സില്‍ ആരെങ്കിലും മരിക്കുന്നുണ്ടെങ്കില്‍, അത് സ്വര്‍ഗ്ഗത്തില്‍ ആയിരിക്കില്ലെന്നും, ഭൂമിയില്‍ സ്ഥാപിതമാകുന്ന ദൈവരാജ്യത്തില്‍ ആയിരിക്കുമെന്നും നമുക്ക് മനസ്സിലാക്കാം.

യേഹ്ശുവായുടെ ഭരണകാലത്തെ അവസ്ഥ വിവരിക്കുന്ന പ്രവചനത്തില്‍നിന്ന് പ്രത്യേകമായി നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എന്തെന്നാല്‍, ആ രാജ്യത്ത് പ്രവേശിക്കുന്ന ആരും ‘പൂര്‍വ്വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ ആരുടെയും മനസ്‌സില്‍ വരുകയോ ഇല്ല’! എന്തുകൊണ്ടാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവരുടെ ഓര്‍മ്മകളില്‍നിന്ന് പൂര്‍വ്വകാര്യങ്ങള്‍ പൂര്‍ണ്ണമായും നീക്കംചെയ്യപ്പെടുന്നത്? അത് അറിയണമെങ്കില്‍ ആദ്യം ഈ പ്രവചനം ശ്രദ്ധിക്കുക: “ഞാന്‍ നിങ്ങളോട് പറയുന്നു: അന്ന് രാത്രി ഒരു കട്ടിലില്‍ രണ്ടുപേര്‍ ഉണ്ടായിരിക്കും. ഒരാള്‍ എടുക്കപ്പെടും; മറ്റേയാള്‍ അവശേഷിക്കും. രണ്ട് സ്ത്രീകള്‍ ഒരുമിച്ച് ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ അവശേഷിക്കും”(ലൂക്കാ: 17; 34-35). മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് കൂടി വായിച്ചതിനുശേഷം പൂര്‍വ്വകാര്യങ്ങള്‍ വിസ്മൃതിയിലാക്കുന്നതിന്റെ കാരണം വ്യക്തമാക്കാം.

മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “നോഹിന്റെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിന് മുമ്പുള്ള ദിവസങ്ങളില്‍, നോഹ് പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും. അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ ഉപേക്ഷിക്കപ്പെടും. രണ്ട് സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ ഉപേക്ഷിക്കപ്പെടും. നിങ്ങളുടെ രക്ഷകന്‍ ഏത് ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍”(മത്തായി: 24; 37-42). യേഹ്ശുവായുടെ വാക്കുകളാണ് ഇരു സുവിശേഷകരുടെയും ലിഖിതങ്ങളില്‍ നാം വായിച്ചത്.

യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയത് താന്‍ രാജാവായി വാഴുന്ന ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ യോഗ്യത നേടുന്നവരില്‍ സംഭവിക്കുന്ന മാറ്റമാണ്. ഞൊടിയിടയില്‍ പൂര്‍വ്വകാര്യങ്ങള്‍ പൂര്‍ണ്ണമായും അവരില്‍നിന്ന് നീക്കംചെയ്യപ്പെടും എന്നതാണ് അവരില്‍ സംഭവിക്കുന്ന പ്രധാന മാറ്റം. അങ്ങനെ നീക്കംചെയ്യപ്പെടുന്നില്ലെങ്കില്‍, ദൈവരാജ്യത്തില്‍ അവരുടെ സന്തോഷം പൂര്‍ണ്ണമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, ഈ ലോകത്ത് അവര്‍ ഏറ്റവുമേറെ സ്നേഹിച്ചവര്‍ അവരോടൊപ്പം ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ ആ വേര്‍പാട് ഒരു വേദനയായി അവരില്‍ നിലനില്‍ക്കും. ഭര്‍ത്താവ് സ്വീകരിക്കപ്പെടുകയും ഭാര്യ സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്‌താല്‍, സ്വീകാര്യനാകുന്ന ഭര്‍ത്താവിന്റെ സന്തോഷം പൂര്‍ണ്ണമാകുമോ? ഒരു കട്ടിലില്‍ ഒരുമിച്ച് കിടന്ന രണ്ടുപേരില്‍ ഒരാള്‍ മാത്രമാണ് സ്വീകരിക്കപ്പെടുന്നതെന്ന് പറയുമ്പോള്‍, അത് ഭാര്യാഭര്‍ത്താക്കന്മാരുടെ വേര്‍പിരിയലിനെയാണ് സൂചിപ്പിക്കുന്നത്. പൂര്‍വ്വസ്മരണകള്‍ ഇല്ലാതാകേണ്ടത് അനിവാര്യമാകുന്നത് ഇവിടെയാണ്‌!

വെളിപാട് പുസ്തകത്തിലെ ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: “രാജപീഠത്തില്‍നിന്ന് വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവന്‍ അവരോടൊത്ത് വസിക്കും. അവര്‍ അവന്റെ ജനമായിരിക്കും. അവന്‍ അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവന്‍ അവരുടെ മിഴികളില്‍നിന്ന് കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി”(വെളിപാട്: 21; 3, 4). ഈ പ്രവചനത്തില്‍നിന്ന് ആദ്യമായി നാം മനസ്സിലാക്കേണ്ടത്, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ എന്ന പ്രഖ്യാപനത്തിന്റെ അര്‍ത്ഥമാണ്. ഇമ്മാനു-യേല്‍ പ്രവചനം പൂര്‍ത്തീകരിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യരുടെ ഇടയിലേക്ക് ദൈവിക പദവിയോടെ യേഹ്ശുവാ ഇറങ്ങിവരും!

ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന കുഞ്ഞാടിന്റെ വിവാഹാഘോഷത്തിനിടയില്‍ ദുഃഖമോ കണ്ണീരോ വിലാപങ്ങളോ അവിടെയുണ്ടാകില്ല. വരാനിരിക്കുന്ന ആയിരം വര്‍ഷം എന്നത് തിന്മയുടെതായ ചിന്തകള്‍ക്ക് പോലും ഇടമില്ലാത്ത കാലഘട്ടമാണ്! യേഹ്ശുവാ രാജാവായി വാഴുന്ന ആ കാലത്ത് ആരും ആര്‍ക്കും ഉപദ്രവം ചെയ്യില്ല. പ്രവചനത്തില്‍ പറയുന്നതുപോലെ, പാമ്പുകളോ ഹിംസ്ര മൃഗങ്ങളോ മനുഷ്യനെ ഉപദ്രവിക്കാത്ത കാലമാണത്‌. എന്തെന്നാല്‍, ആ ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ പ്രലോഭകന്‍ തടവറയില്‍ ബന്ധനസ്ഥനായിരിക്കും!

സാത്താന്‍ ബന്ധിക്കപ്പെടുന്നു!

“സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ ഇറങ്ങുന്നത് ഞാന്‍ കണ്ടു. അവന്റെ കയ്യില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവന്‍ ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതനസര്‍പ്പത്തെ - പിടിച്ച് ആയിരം വര്‍ഷത്തേക്ക് ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ച് മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. തദനന്തരം അല്പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു”(വെളിപാട്: 20; 1-3). യേഹ്ശുവായുടെ ഭരണകാലത്ത് ഒരിക്കല്‍പ്പോലും ഈ ഭൂമിയില്‍ സാത്താന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയില്ല! ജനത്തെ വഴിതെറ്റിക്കുന്ന സാത്താന്റെ സാന്നിദ്ധ്യം ഭൂമിയില്‍ ഇല്ലാത്തതുകൊണ്ടാണ് ആ കാലത്ത് സമാധാനവും സന്തോഷവും ഭൂമിയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍, ആയിരം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അല്പസമയത്തേക്ക് സാത്താനെ അഴിച്ചുവിടുകയും അനേകരെ അത് വഴിതെറ്റിക്കുകയും ചെയ്യും.

ഗോഗ്, മാഗോഗ് എന്നിവയെ ചേര്‍ത്ത് വിശുദ്ധര്‍ക്കും ദൈവത്തിനും എതിരേ യുദ്ധം ചെയ്യാന്‍ സാത്താന്‍ പുറപ്പെടുന്നത് ഇങ്ങനെ വഴിതെറ്റിക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടിയാണ്. ഈ പ്രവചനം നോക്കുക: “എന്നാല്‍, ആയിരം വര്‍ഷം തികയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്ന് മോചിതനാകും. ഭൂമിയുടെ നാല് കോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളം ആയിരിക്കും. അവര്‍ ഭൂതലത്തില്‍ കയറിവന്ന് വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളഞ്ഞു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങി. അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും”(വെളിപാട്: 20; 7-10).

ആയിരം വര്‍ഷത്തെ ഭരണത്തിനുശേഷം നടക്കാനിരിക്കുന്ന അന്തിമ യുദ്ധത്തെക്കുറിച്ചുള്ള പ്രവചനമായതിനാല്‍ ഇതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അല്പസമയത്തേക്ക് സാത്താന്‍ അഴിച്ചുവിടപ്പെടും എന്ന് സ്ഥിരീകരിക്കാനാണ് ഈ പ്രവചനം ഇവിടെ കുറിച്ചത്. സമാധാനപൂര്‍ണ്ണമായ ആയിരം വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ അല്പസമയത്തേക്ക് സാത്താന്‍ മോചിതനാകുമെന്ന് പ്രവചനത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിനിടയില്‍ ഒരിക്കല്‍പ്പോലും സാത്താന് ഭൂമിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിക്കാത്തതുകൊണ്ടാണ് കുഞ്ഞാടിന്റെ വിവാഹാഘോഷം ആഹ്ളാദത്തിന്റെയും ആനന്ദത്തിന്റെയും കാലഘട്ടമാകുന്നത്. ആ ആയിരം വര്‍ഷത്തെ ആഘോഷകാലത്ത് ഭൂമിയില്‍ മനുഷ്യന്റെ ജീവിതം എപ്രകാരമായിരിക്കുമെന്ന് യേശൈയാഹിന്റെയും യോഹന്നാന്റെയും പ്രവചനങ്ങളില്‍നിന്ന് നാം മനസ്സിലാക്കിയതാണ്. ആ രാജ്യത്ത് പ്രവേശനമില്ലാത്തവര്‍ ആരൊക്കെയാണെന്നാണ് ഇനി നാം മനസ്സിലാക്കാന്‍ പോകുന്നത്!

ദൈവരാജ്യപ്രവേശം നിഷിദ്ധമാക്കപ്പെട്ടവര്‍!

ഈ വചനം ശ്രദ്ധിക്കുക: “യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. നിക്കൊദേമോന്‍ ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവന് ജനിക്കുവാന്‍ കഴിയുമോ? യേഹ്ശുവാ പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല”(യോഹന്നാ‌ന്‍: 3; 3-5). യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ വാഴ്ചയില്‍ പങ്കാളികളാകാനുള്ള അടിസ്ഥാന യോഗ്യത യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാന സ്വീകരണമാണ്! അനിവാര്യമായ മറ്റ് യോഗ്യതകള്‍ എന്തെല്ലാമാണെന്ന് ഇതിനോടകം മനസ്സിലാക്കി. എന്നാല്‍, ദൈവരാജ്യം വിലക്കപ്പെട്ടിരിക്കുന്നത് എങ്ങനെയുള്ളവര്‍ക്കാണെന്ന് ഇതുവരെ നാം പരിശോധിച്ചില്ല.

നിക്കൊദേമോന്‍ എന്ന യെഹൂദപ്രമാണിയോട് യേഹ്ശുവാ അരുളിച്ചെയ്ത സത്യം പരിശോധിക്കുമ്പോള്‍, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ വീണ്ടും ജനിക്കാത്തവര്‍ക്ക് ദൈവരാജ്യത്ത് പ്രവേശിക്കാനോ, ആ രാജ്യം കാണാന്‍പോലുമോ സാധിക്കില്ലെന്ന് വ്യക്തമാകും. ദൈവരാജ്യത്തിന്റെ രാജാവും പരമാധികാരിയുമാണ് ഈ സത്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിച്ചതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. നിഖ്യാ സൂനഹദോസിന്റെ പിന്നിലെ സാത്താന്റെ സാന്നിദ്ധ്യമാണ് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നത്. ആ സൂനഹദോസില്‍ എടുത്ത തീരുമാനങ്ങളില്‍ രണ്ടാമത്തേത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിക്കലായിരുന്നു! ഇതിലൂടെ തള്ളിക്കളഞ്ഞത് അപ്പസ്തോലിക പ്രബോധനങ്ങളെയും പാരമ്പര്യങ്ങളെയും മാത്രമായിരുന്നില്ല, യേഹ്ശുവായെയും അവന്റെ പേരിനെയും കൂടിയാണ്!

രക്ഷയ്ക്കായി നല്‍കപ്പെട്ട ഒരേയൊരു പേരിനെ തള്ളിക്കളഞ്ഞിട്ട് ആര്‍ക്കെങ്കിലും രക്ഷപ്രാപിക്കാന്‍ സാധിക്കുമോ? എന്തെന്നാല്‍, അവന്റെ പേരിലാണ്, അവന്റെ പേരില്‍ മാത്രമാണ് രക്ഷ! അതായത്, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ളതും അപ്പസ്തോലന്മാര്‍ നല്‍കിയതുമായ ജ്ഞാനസ്നാനം സ്വീകരിക്കാതെ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഈ പേര് ഉച്ചരിക്കപ്പെടാത്ത സ്നാനങ്ങളെല്ലാം അസാധുവാണ്! അപ്പസ്തോലിക സഭയുടെ അവസാനവാക്കായ കേപ്ഫായുടെ പ്രഖ്യാപനം നോക്കുക: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 38). ഈ പ്രഖ്യാപനത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കാത്തവര്‍ക്ക് പാപമോചനവും ലഭിക്കില്ല, പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ലഭില്ല എന്നാണ്! പാപികള്‍ക്കും അശുദ്ധര്‍ക്കും പ്രവേശനമില്ലാത്ത ദൈവരാജ്യത്തില്‍ എങ്ങനെയാണ് പാപമോചനം ലഭിക്കാത്തവര്‍ പ്രവേശിക്കുന്നത്?!

അശുദ്ധമായതൊന്നും ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെങ്കില്‍, അശുദ്ധരായവര്‍ക്കും അവിടെ പ്രവേശിക്കാന്‍ കഴിയില്ല. ഈ പ്രവചനത്തിലെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല”(വെളിപാട്: 21; 27). അശുദ്ധര്‍ക്ക് പ്രവേശനം നിഷിദ്ധമാക്കപ്പെട്ട ഇടമാണ് ദൈവരാജ്യം. യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനത്തിന്റെ അനിവാര്യത ഇവിടെയാണ്‌! ഈ മുന്നറിയിപ്പ് നോക്കുക: “നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്”(വെളിപാട്: 22; 15). ‘നായ്ക്കള്‍’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്, ആ ജീവിയുടെ ഒരു പ്രത്യേക സ്വഭാവത്തെ സൂചിപ്പിക്കാനാണ്. ഛര്‍ദ്ദിച്ചത് വീണ്ടും ഭക്ഷിക്കുന്ന സ്വഭാവം നായയ്ക്കുണ്ട്. അതുപോലെ, ഉപേക്ഷിച്ച തിന്മയിലേക്ക് വീണ്ടും തിരിയുന്ന മനുഷ്യരുമുണ്ട്. ഇത്തരം ആളുകള്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് ‘നായ്ക്കള്‍’ എന്ന പ്രയോഗത്തില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. 

ബൈബിളില്‍ ഇത് വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദ്ദിച്ചത് ഭക്ഷിക്കുന്ന നായയെപ്പോലെയാണ്”(സുഭാഷിതങ്ങള്‍: 26; 11). കുറച്ചുകൂടി വ്യക്തതയോടെ അപ്പസ്തോലനായ കേപ്ഫായും തന്റെ പ്രബോധനത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രബോധനം നോക്കുക: “നമ്മുടെ നാഥനും രക്ഷകനുമായ യേഹ്ശുവാ മ്ശിയാഹിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്ന് രക്ഷപ്രാപിച്ചതിനുശേഷം വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും. കാരണം, തങ്ങള്‍ക്ക് ലഭിച്ച വിശുദ്ധ കല്പനയെക്കുറിച്ച് അറിഞ്ഞിട്ട് അതില്‍നിന്ന് പിന്‍മാറുന്നതിനെക്കാള്‍ അവര്‍ക്ക് നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു. നായ് ഛര്‍ദ്ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ച് ശരിയാണ്”(2 കേപ്ഫാ: 2; 20-22).

വിജാതീയരുടെ ആരാധനാരീതികള്‍ അനുകരിക്കുന്നത് ഛര്‍ദ്ദിച്ചത് ഭക്ഷിക്കുന്നതുപോലെയാണ്. സത്യദൈവത്തെ അറിഞ്ഞ് യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചതിനുശേഷം വിജാതീയരെ അനുകരിക്കുകയോ അവരുടെ പൈശാചികതയോട് സന്ധിചെയ്യുകയോ ചെയ്‌താല്‍, അവര്‍ക്ക് മുന്നില്‍ ദൈവരാജ്യത്തിന്റെ വാതില്‍ അടയ്ക്കപ്പെടും. ദൈവരാജ്യത്തില്‍ പ്രവേശനമില്ലാത്തവരുടെ ഗണത്തില്‍ ‘നായ്ക്കള്‍’ എന്ന് പറഞ്ഞിരിക്കുന്നത് വളര്‍ത്തുനായകളെ കുറിച്ചല്ലെന്ന് വ്യക്തമാക്കാനാണ് ഈ വചനങ്ങള്‍ നാം പരിശോധിച്ചത്. ദൈവരാജ്യത്തില്‍ പ്രവേശനം ലഭിക്കാത്ത മറ്റൊരു വിഭാഗം അസത്യത്തെ സ്നേഹിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. സത്യമല്ലാത്തതെല്ലാം അസത്യമാണെന്നും യേഹ്ശുവായാണ് ഏകസത്യമെന്നും നാം മനസ്സിലാക്കിയിരിക്കണം. വിജാതീയര്‍ സേവിക്കുന്ന വ്യാജദൈവങ്ങളെ സേവിക്കുകയോ അവയുടെ പേരുകള്‍ സ്മരിക്കുകയോ വിജാതീയ ആചാരങ്ങള്‍ അനുകരിക്കുകയോ ചെയ്യുന്നവരെല്ലാം അസത്യത്തെ സ്നേഹിക്കുന്നവരാണ്!  

യേഹ്ശുവാ പ്രഖ്യാപിച്ച സത്യം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോ പറഞ്ഞു: നാഥാ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ച് തരുക, ഞങ്ങള്‍ക്ക് അതുമതി. യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ച് തരുക എന്ന് നീ പറയുന്നതെങ്ങനെ?”(യോഹന്നാ‌ന്‍: 14; 6-9). മനുഷ്യന്‍ എന്ന അവസ്ഥയിലായിരിക്കെ യേഹ്ശുവാ അറിയിച്ച വചനമാണിത്. താനാണ് നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം എന്ന് അവന്‍ ഇവിടെ പ്രഖ്യാപിച്ചു. കൂടാതെ, സ്വര്‍ഗ്ഗത്തില്‍ താന്‍ നിലനിര്‍ത്തിരിക്കുന്ന തന്റെതന്നെ ദൈവികതയെയാണ് താന്‍ പിതാവേ എന്ന് വിളിക്കുന്നതെന്നും യേഹ്ശുവാ ഇവിടെ വ്യക്തമാക്കി. 

ദൈവരാജ്യത്ത് പ്രവേശനമില്ലാത്തവരുടെ പട്ടികയാണ് ഇതുവരെ നാം കണ്ടതെങ്കില്‍, സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ലാത്തവരും നിത്യജീവന് നിയോഗം ലഭിക്കാത്തവരുമായവര്‍ ആരൊക്കെയാണെന്ന് ശ്രദ്ധിക്കുക: “എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണ് രണ്ടാമത്തെ മരണം”(വെളിപാട്: 21; 8). അന്ത്യവിധിക്ക് ശേഷം സ്വര്‍ഗ്ഗത്തിലെ നിത്യജീവനിലേക്ക്‌ പ്രവേശിക്കാതെ, നിത്യശിക്ഷയിലേക്ക് എറിയപ്പെടുന്നത് എങ്ങനെയുള്ളവരായിരിക്കും എന്നാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. അതായത്, ദൈവികനിയമങ്ങള്‍ അനുസരിക്കാതെ അശുദ്ധിയില്‍ ജീവിക്കുന്നവര്‍ക്ക് ദൈവരാജ്യത്തിലോ സ്വര്‍ഗ്ഗത്തിലോ പ്രവേശിക്കാന്‍ കഴിയില്ല.

നിത്യജീവനാകുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ വെളിപ്പെടുത്തലിന് തന്റെ മനുഷ്യാവതാരകാലത്ത് യേഹ്ശുവാ തയ്യാറാകാതിരുന്നത് അത് ഗ്രഹിക്കാന്‍ ലോകത്തിന് സാധിക്കുകയില്ലാത്തതുകൊണ്ടാണ്. ദൈവരാജ്യം സ്ഥാപിതമാകുമ്പോള്‍ അവിടെവെച്ച്‌ അവന്‍ അത് നമ്മെ പഠിപ്പിക്കും. അപ്പോഴാണ്‌ നാം ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകുന്നത്. യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു”(യോഹന്നാ‌ന്‍: 6; 45). യിരെമിയാഹിന്റെ പ്രവചനമാണ് യോഹന്നാന്‍ ഇവിടെ ഓര്‍മ്മപ്പെടുത്തിയത്‌.

ആ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: ആ ദിവസം വരുമ്പോള്‍ ഞാന്‍ യിസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്‌ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവും ആയിരിക്കും. യാഹ്‌വെയെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ സഹകാരിയെയോ പഠിപ്പിക്കേണ്ടി വരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിന് ഞാന്‍ മാപ്പ് നല്‍കും; അവരുടെ പാപം മനസ്‌സില്‍ വയ്ക്കുകയില്ല”(യിരെമിയാഹ്: 31; 33, 34). ആ ദിവസം എന്ന് ഇവിടെ പ്രവചിച്ചിരിക്കുന്നത് യേഹ്ശുവായുടെ പ്രത്യാഗമനദിനത്തെക്കുറിച്ചാണ്. അന്ന് യേഹ്ശുവാ പഠിപ്പിക്കാനിരിക്കുന്ന വിഷയം ഇപ്പോള്‍ ഇവിടെ അവതരിപ്പിക്കാന്‍ മനോവയെ ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. ആയതിനാല്‍, മനോവയെ ഭരമേല്പിച്ചിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രബോധനത്തിലേക്ക് തന്നെ തിരികെവരാം.

നിയമത്തിലൂടെ വിലക്കപ്പെട്ടിരിക്കുന്നതും ദൈവരാജ്യപ്രവേശനത്തിന് തടസ്സമായതുമായ മറ്റൊരു അശുദ്ധി ഇതാണ്: “മരിച്ചവരെപ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് യാഹ്‌വെ”(ലേവ്യര്‍: 19; 28). ദേഹത്ത് പച്ചകുത്തുക എന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, മരിച്ചവരെപ്രതി ശരീരത്തില്‍ മുറിവുണ്ടാക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. കര്‍ണ്ണാഭരണങ്ങളും മൂക്കുത്തിയും അടക്കമുള്ള ആഭരണങ്ങള്‍ തികച്ചും വിജാതീയമാണ് എന്നതുകൊണ്ടുതന്നെ ശരീരം തുളച്ച് ആഭരണങ്ങള്‍ ധരിക്കുന്നവര്‍ക്ക് ദൈവരാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. പലരും ഇതിനെ അലങ്കാരമായാണ് കാണുന്നതെങ്കിലും ദൈവം ഇത് കാണുന്നത് അലങ്കാരമായല്ല. എന്തെന്നാല്‍, പ്രാകൃത ഗോത്രങ്ങളും വിജാതീയരും തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി അനുഷ്ഠിച്ചുപോന്നതാണ് ഇതെല്ലാം. ശരീരം തുളച്ച് ആഭരണങ്ങള്‍ ധരിക്കുന്നത് അശുദ്ധാത്മാക്കള്‍ക്കും വ്യാജദൈവങ്ങളായ വിജാതീയ മൂര്‍ത്തികള്‍ക്കും തങ്ങളെത്തന്നെ അടിമപ്പെടുത്തുന്നതിന്റെ ഭാഗമായാണ്.

പുരാതന ഈജിപ്ഷ്യന്‍, അസീറിയന്‍, ബാബിലോണിയന്‍ സംസ്ക്കാരങ്ങളിലും മറ്റ് വിജാതീയ സംസ്ക്കാരങ്ങളിലും സ്വന്തം ശരീരത്തെ വികലമാക്കുന്നതും തുളയ്ക്കുന്നതും സാധാരണമായിരുന്നു. ലൈംഗികാവയവങ്ങളിലും ശരീരത്തിന്റെ മറ്റ് രഹസ്യഭാഗങ്ങളിലും ആഭരണങ്ങള്‍ ധരിക്കുന്ന രീതി കാമാസക്തിയെ ഉണര്‍ത്തുന്നതിനും വിജാതീയ ആരാധനകളുടെ ഭാഗമായുള്ള വ്യഭിചാര ആചാരങ്ങള്‍ക്കും വേണ്ടി പുരാതനകാലം മുതല്‍ക്കേ അനുവര്‍ത്തിച്ചുപോന്നതാണ്. കര്‍ണ്ണാഭരണങ്ങളും മൂക്കുത്തിയും അലങ്കാരത്തിനുള്ള വസ്തുക്കളായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നത് സാത്താന്‍ ആണ്. അവയ്ക്കെല്ലാം ദുര്‍മ്മൂര്‍ത്തികള്‍ക്കുള്ള സമര്‍പ്പണത്തിന്റെ ഭാഗമായ ആചാരങ്ങളുടെ ചരിത്രമുണ്ട്. മാത്രവുമല്ല, ഗര്‍വ്വിഷ്ഠരും സ്വൈരിണികളുമായ സ്ത്രീകളുടെ അടയാളമായാണ് ദൈവം ഇതിനെ കാണുന്നത്.

ഈ പ്രവചനം നോക്കുക: “യാഹ്‌വെ അരുളിച്ചെയ്തു: സീയോന്‍പുത്രിമാര്‍ ഗര്‍വ്വിഷ്ഠരും ഞെളിഞ്ഞ് നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരം കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്. യാഹ്‌വെ അവരുടെ ശിരസ്‌സ് ചിരങ്ങുകൊണ്ട് നിറയ്ക്കും; അവരെ നഗ്‌നരാക്കും. അന്ന് നാഥന്‍ അവരുടെ പാദസരത്തിന്റെ അലങ്കാരവും തലമുടി നാടയും കിരീടവും കുണ്ഡലവും വളയും കണ്ഠപടവും ശിരോവസ്ത്രവും തോള്‍വളയും അരപ്പട്ടയും സുഗന്ധച്ചിമിഴും ഏലസ്‌സും മുദ്രമോതിരവും മൂക്കുത്തിയും വിലപിടിച്ച വസ്ത്രവും മേലങ്കിയും കുപ്പായവും ചെറുസഞ്ചിയും ലോലമായ വസ്ത്രവും പട്ടുവസ്ത്രവും തലപ്പാവും മൂടുപടവും എടുത്തുമാറ്റും”(യേശൈയാഹ്: 3; 16-23). മൂക്കുത്തിയും പാദസരവുമെല്ലാം ദുര്‍ന്നടപ്പുകാരികളായ സ്ത്രീകളുടെ അടയാളമായാണ് ദൈവം കാണുന്നതെങ്കില്‍, അതെല്ലാം അലങ്കാരമായി കാണുന്നവരെ ദൈവരാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇന്ത്യയിലെ വിജാതീയരുടെയിടയില്‍ കാതുകുത്ത് കല്യാണം എന്നൊരു ആചാരമുണ്ടായിരുന്നു. വിജാതീയമായ ഈ ആചാരങ്ങളുടെയെല്ലാം പിന്നില്‍ ദുര്‍മ്മൂര്‍ത്തികള്‍ക്കുള്ള സമര്‍പ്പണമുണ്ട്. ഇത്തരം ദുരാചാരങ്ങളെ അലങ്കാരമായി പരിഗണിക്കുന്നവര്‍ ക്രൈസ്തവരെന്ന് പറയപ്പെടുന്നവരുടെയിടയില്‍ ഉണ്ടെങ്കില്‍, അതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം അവരെ നയിക്കുന്ന വ്യാജ ഇടയന്മാരാണ്‌!  

സീയോന്‍പുത്രിമാര്‍ എന്നാല്‍ ദൈവം തിരഞ്ഞെടുത്ത ജനത്തിനിടയിലെ സ്ത്രീകളാണ്. അവരുടെ അധഃപതനത്തെയാണ് പ്രവാചകനിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിജാതീയതയാല്‍ അലംകൃതരായ ഇവര്‍ ശിക്ഷിക്കപ്പെടുമെന്ന് യാഹ്‌വെ പ്രഖ്യാപിച്ചിരിക്കുന്നു. സീയോന്‍പുത്രിമാരുടെ പിന്തുടര്‍ച്ചയാണ് ക്രൈസ്തവരുടെയിടയിലെ സ്ത്രീകള്‍. അതുകൊണ്ടുതന്നെ ഗര്‍വ്വിന്റെ ചിഹ്നങ്ങള്‍ ധരിച്ചുകൊണ്ട് ദൈവരാജ്യത്ത് പ്രവേശിക്കാമെന്ന് ആധുനിക സീയോന്‍പുത്രിമാര്‍ വ്യാമോഹിക്കേണ്ട! വിജാതീയമായ അടയാളങ്ങള്‍ ശരീരത്തില്‍ അണിഞ്ഞുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താന്‍ കഴിയില്ല. അടിമകളാക്കപ്പെടുന്ന പുരുഷന്മാരുടെ കാതുകളും സ്ത്രീകളുടെ മൂക്കും തുളച്ച് കടുക്കനും ലോഹവളയങ്ങളും ഇടുന്ന രീതി പ്രാചീനകാലം മുതല്‍ക്കേ മദ്ധ്യേഷ്യയിലും മിഡില്‍ ഈസ്റ്റിലും ഉണ്ടായിരുന്നു. സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന്റെ പ്രതീകമായാണ് അവരുടെ മൂക്ക് തുളച്ച് മൂക്കുത്തി ഇടുന്നത്. മൂക്കുത്തി അണിയുന്നതോടെ ലൈംഗിക അടിമകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് കാമം വര്‍ദ്ധിക്കുമെന്നും തങ്ങളുടെ അടിമകളായി എക്കാലവും അവര്‍ നിലകൊള്ളുമെന്നും അവരുടെ യജമാനന്മാര്‍ വിശ്വസിക്കുന്നു. കാമത്തെ പ്രതിനിധീകരിക്കുന്ന ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിന്റെ അടയാളമായാണ് ഇതിനെ ചില ഗോത്രസമൂഹങ്ങള്‍ കണക്കാക്കുന്നത്.

മറ്റ് പ്രദേശങ്ങളിലെപ്പോലെ ഇന്ത്യയിലും ഈ ആചാരത്തിന് മതപരമായ അര്‍ത്ഥങ്ങള്‍ കല്പിച്ച് നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും  ദുര്‍മ്മൂര്‍ത്തികള്‍ക്കാണ് അടിമപ്പെട്ട സ്ത്രീകളെ സമര്‍പ്പിക്കുന്നത്. യിസ്രായേല്‍ക്കാര്‍ക്ക് ഇടയില്‍ ജീവിച്ചിരുന്ന വിജാതീയരുടെയിടയില്‍ ഇത് അറിയപ്പെട്ടിരുന്നത് ‘യാഗവേശ്യാ’ സമ്പ്രദായം എന്നാണ്. ഇന്ത്യയില്‍ എത്തിയപ്പോള്‍ ‘ദേവദാസി’ സമ്പ്രദായം ആയിമാറി. യിസ്രായേല്‍ മക്കളുടെയിടയില്‍ ഈ മ്ലേച്ഛത നിയമംമൂലം നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്. ഈ നിയമം നോക്കുക: “യിസ്രായേല്‍ സ്ത്രീകളിലാരും - ദേവദാസികള്‍ - യാഗവേശ്യകളാവരുത്. യിസ്രായേല്‍ പുരുഷന്മാരും വിഗ്രഹാലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്”(നിയമം: 23; 17). ശിവന്റെ ഭാര്യയായ പാര്‍വ്വതിയ്ക്ക് സമര്‍പ്പിക്കുന്നതിന്റെ അടയാളമായാണ് ഇന്ത്യയില്‍ ഇത് ചെയ്യുന്നത്.

പാര്‍വ്വതിയുടെ ഉഗ്രശക്തിയും പ്രണയഭാവവുമായ ‘കാമാക്ഷി’ സങ്കല്‍പ്പവുമായി മൂക്കുത്തിയെ ബന്ധപ്പെടുത്താറുണ്ട്. ‘കാമാക്ഷി’ എന്നാല്‍ കണ്ണുകളില്‍ കാമം തുളുമ്പുന്നവള്‍ എന്നാണര്‍ത്ഥം. സ്ത്രീകളുടെ പ്രണയാകര്‍ഷണത്തെയും കാമാസക്തിയെയും പ്രതീകപ്പെടുത്തുന്ന പ്രധാന ആഭരണമായി മൂക്കുത്തിയെ കാണാറുണ്ട്‌. പുരുഷന്മാരുടെ കാമാസക്തിയെ ഉണര്‍ത്തുന്നതിന് വേണ്ടി ദേവദാസികള്‍ നിര്‍ബ്ബന്ധമായും മൂക്കുത്തി അണിയണമായിരുന്നു. അതുകൊണ്ടുതന്നെ, ദൈവരാജ്യം ആഗ്രഹിക്കുന്നവര്‍ ഇന്നുതന്നെ മൂക്കുത്തി ഉപേക്ഷിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ സ്വീകാര്യരായേക്കാം

യഥാര്‍ത്ഥ ദൈവമക്കള്‍ തങ്ങള്‍ക്ക് സ്വന്തമല്ല, അവര്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ഈ പ്രബോധനം ശ്രദ്ധിക്കുക: “നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍”(1 കോറിന്ത്: 6; 19-20). യേഹ്ശുവായുടെ രക്തത്താല്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ ശരീരങ്ങള്‍ ദുര്‍മ്മൂര്‍ത്തികളുടെ പ്രീതിയ്ക്കായി സമര്‍പ്പിക്കാനുള്ളതല്ല. ദേഹത്ത് പച്ചകുത്തരുത് എന്നതാണ് നിയമമെങ്കില്‍, എത്ര ചെറിയ വലിപ്പത്തില്‍ പച്ചകുത്തുന്നതും നിയമനിഷേധമായി കണക്കാക്കപ്പെടും. അതായത്, അതിന്റെ വലിപ്പമോ അതില്‍ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളോ എന്തുതന്നെയായിരുന്നാലും അത് നിയമലംഘനമാണ്. ചിലര്‍ തങ്ങളുടെ ശരീരത്തില്‍ ദൈവത്തിന്റെ പേരോ കുരിശടയാളമോ പച്ചകുത്താറുണ്ട്. പച്ചകുത്തരുത് എന്ന് കല്പിച്ചവന്റെ പേരുതന്നെ അതിന് ഉപയോഗിച്ചാല്‍ ലംഘിക്കപ്പെടുന്നത് രണ്ട് നിയമങ്ങളാണ്. ദൈവത്തിന്റെ പേര് ദുരുപയോഗിക്കരുത് എന്ന നിയമവും പച്ചകുത്തരുത് എന്ന നിയമവും ഒരേസമയം അവന്‍ ലംഘിക്കുന്നു!

ശരീരത്തില്‍ തുളകളുണ്ടാക്കി ആഭരണം ധരിക്കുന്ന കാര്യത്തിലും വലിപ്പച്ചെറുപ്പമോ തുളകളുടെ സ്ഥാനമോ പാപത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല. മരിച്ചവരെപ്രതി ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കരുത് എന്ന നിയമമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. മൂക്കുത്തിയും കര്‍ണ്ണാഭരണങ്ങളും എല്ലാം ദുര്‍മ്മൂര്‍ത്തികള്‍ക്കുള്ള സമര്‍പ്പണം ആയതുകൊണ്ടുതന്നെ, അത് മരിച്ചവരെ പ്രതിയുള്ള സമര്‍പ്പണം കൂടിയാണ്. എന്തെന്നാല്‍, ദുര്‍മ്മൂര്‍ത്തികള്‍ക്ക് ജീവനില്ലെന്ന് മാത്രമല്ല, അവ ജീവന്‍ നശിപ്പിക്കുന്നവയുമാണെന്ന് നാം മനസ്സിലാക്കിയിരിക്കണം. രഹസ്യഭാഗങ്ങളില്‍ തുളയുണ്ടാക്കി ആഭരണങ്ങള്‍ ധരിക്കുന്നതുപോലെതന്നെ ദൈവരാജ്യം നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണ്‌ മൂക്കോ കാതോ തുളയ്ക്കുന്നതും. എന്തെന്നാല്‍, ദൈവമക്കളുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. ശരീരം പരിശുദ്ധാത്മാവിന്റെ ആലയമായി നിലനിര്‍ത്തുന്നവര്‍ക്ക് മാത്രമേ ദൈവരാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ! പച്ചകുത്തുകയോ മൂക്കുത്തി ധരിക്കുകയോ മറ്റ് പാപങ്ങളില്‍ വ്യാപരിക്കുകയോ ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവ് ആ ശരീരത്തില്‍നിന്ന് പുറത്തുപോകുന്നു! കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സകലരും ഈ കാര്യങ്ങളിലെല്ലാം വേണ്ടത്ര ജാഗ്രതപുലര്‍ത്തണം. എന്തെന്നാല്‍, അശുദ്ധര്‍ക്ക് അവിടെ പ്രവേശനമില്ല! 

പിന്‍പന്മാരായ മുന്‍പന്മാരും, മുന്‍പന്മാരായ പിന്‍പന്മാരും!

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അബ്രാഹവും യിസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും. അപ്പോള്‍ മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരും ഉണ്ടായിരിക്കും”(ലൂക്കാ: 13; 28-30). മുന്‍പന്മാരായ പിന്‍പന്മാരും പിന്‍പന്മാരായ മുന്‍പന്മാരും ഉണ്ടായിരിക്കുമെന്ന് പ്രവചിച്ചത് യേഹ്ശുവായാണ്. അതുകൊണ്ടുതന്നെ ഈ പ്രവചനത്തെ വളരെ ഗൗരവത്തോടെ ഗ്രഹിക്കേണ്ടതുണ്ട്‌. യേഹ്ശുവായുടെ രാജ്യം സ്ഥാപിതമാകുമ്പോള്‍ സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ചുള്ള പ്രവചനമാണിത്. യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി ആയിരംവര്‍ഷം ഭരണം നടത്തുമ്പോള്‍, ആ രാജ്യത്ത് ആര്‍ക്കെല്ലാം പ്രവേശനം ലഭിക്കുമെന്നുള്ള വ്യക്തമായ സൂചന ഈ പ്രവചനത്തില്‍ കാണാം. അബ്രാഹവും യിസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുമെന്ന് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

പൂര്‍വ്വപിതാക്കന്മാരായ അബ്രാഹവും യിസഹാക്കും യാക്കോബും പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നത് കാണുമെന്ന് പറയുമ്പോള്‍, ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് യേഹ്ശുവാ ഇവിടെ വരച്ച് കാണിക്കുന്നത്‌. ഭൂമി മുഴുവന്റെയും രാജാവായി ഭരണം നടത്താന്‍ താന്‍ വരുമ്പോള്‍ തന്നോടൊപ്പം സകല വിശുദ്ധരും ഇറങ്ങിവരും എന്ന പ്രഖ്യാപനം ഈ പ്രവചനത്തിലുണ്ട്. ഇതേ കാര്യംതന്നെ ശെഖരിയാഹ് പ്രവചിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “എന്റെ ദൈവമായ യാഹ്‌വെ, തന്റെ സകല വിശുദ്ധരോടുംകൂടെ വരും”(ശെഖരിയാഹ്: 14; 5). ഈ പ്രവചനത്തില്‍ പറയുന്നത് യാഹ്‌വെ, തന്റെ സകല വിശുദ്ധരോടുംകൂടെ വരും എന്നാണ്. യാഹ്‌വെതന്നെയാണ് യേഹ്ശുവാ എന്ന് നമുക്കറിയാം. ശെഖരിയാഹ് പ്രവചിച്ച കാലത്ത് യേഹ്ശുവാ എന്ന പൂര്‍ണ്ണമായ പേര് വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ, യേഹ്ശുവായുടെ പ്രത്യാഗമനത്തില്‍ അവനോടൊപ്പം വരുന്ന വിശുദ്ധരുടെ കൂട്ടത്തില്‍ അപ്പസ്തോലികസഭയിലെ വിശ്വാസികളും ഉണ്ടായിരിക്കും. ‘സകല വിശുദ്ധര്‍’ എന്ന് പറയുമ്പോള്‍ അവരുംകൂടി ഉള്‍പ്പെടുന്നതാണ്. ഇത് വ്യക്തമാക്കുന്ന പ്രവചനം വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പ്രവചനം ശ്രദ്ധിക്കുക: “പിന്നെ ഞാന്‍ കുറെ രാജപീഠങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്ക് വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിയാഹിനോടുകൂടി വാഴുകയും ചെയ്തു”(വെളിപാട്: 20; 4). യേഹ്ശുവായോടൊപ്പം ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുന്നവരുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്നവരെക്കുറിച്ചാണ് ഈ പ്രവചനം. ഇവരെക്കൂടാതെ മറ്റൊരു വിഭാഗത്തെക്കൂടി പരിഗണിക്കുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ട്. ‘കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുമെന്ന്’ യേഹ്ശുവാ പ്രവചിച്ചത് ഈ വിഭാഗത്തെക്കുറിച്ചാണ്. അവരാണ് മുന്‍പന്മാരാകുന്ന പിന്‍പന്മാര്‍!

പാരമ്പര്യത്തിന്റെ ഗര്‍വ്വില്‍ അഹങ്കരിച്ച് ജീവിക്കുന്നവര്‍ ചിന്തിക്കുന്നത് തങ്ങളാണ് മുന്‍പന്മാര്‍ എന്നാണ്. എന്നാല്‍, വ്യാജ ഇടയന്മാരുടെ പ്രത്യയശാസ്ത്ര അടിമകളായി ജീവിക്കുന്ന ഇക്കൂട്ടര്‍ പിന്‍പന്മാരായി മാറുകയും, അവരുടെ ദൃഷ്ടിയില്‍ പിന്‍പന്മാരായിരുന്നവര്‍ മുന്‍പന്മാരായി മാറുകയും ചെയ്യുമെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നു. യേഹ്ശുവായുടെ മറ്റൊരു പ്രഖ്യാപനം നോക്കുക: “യേഹ്ശുവാ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്ക് മുമ്പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക. എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അത് കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല”(മത്തായി: 21; 31, 32).

കപടനാട്യക്കാരും ദുരുപദേശകരുമായ ഇടയന്മാരും ഇവരുടെ അടിമകളായി ജീവിക്കുന്നവരും സത്യം അന്വേഷിക്കുകയോ സ്വീകരിക്കുകയോ ഇല്ല. എന്തെന്നാല്‍, നിഖ്യാ സൂനഹദോസിന്റെ പൈശാചിക പാരമ്പര്യമാണ് അവര്‍ ചുമക്കുന്നത്. എന്നാല്‍, പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത വേശ്യകളും ചുങ്കക്കാരും ഈ നാളുകളില്‍ അനുതപിച്ച് അപ്പസ്തോലിക ജ്ഞാനസ്നാനം സ്വീകരിക്കും! യേഹ്ശുവായുടെ പ്രഖ്യാപനമാണിത്! ചുങ്കക്കാരും വേശ്യകളും ചെയ്യുന്നത് അവരുടെ തൊഴിലാണ്. തിന്മയുടെതായ ഈ തൊഴില്‍ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയാന്‍ തയ്യാറായാല്‍ അവര്‍ക്കും രക്ഷ ലഭിക്കും. വേശ്യയും സ്വൈരിണിയും തമ്മിലുള്ള വ്യത്യാസംകൂടി ഇവിടെ മനസ്സിലാക്കിയിരിക്കണം.

വേശ്യ ഒരു പുരുഷനോടൊപ്പം ശയിക്കുന്നത് ലൈംഗികത ആസ്വദിക്കാന്‍ അല്ലെന്ന് മാത്രമല്ല, അവളോടൊപ്പം ശയിക്കുന്ന പുരുഷന് അവളുടെ ഹൃദയത്തില്‍ സ്ഥാനം നല്‍കുന്നുമില്ല. എന്നാല്‍, ഒരു സ്വൈരിണി പുരുഷന്മാരെ അന്വേഷിക്കുന്നത് അവളുടെ കാമാസക്തി ശമിപ്പിക്കാനാണ്. അവളോടൊപ്പം ശയിക്കുന്നവനുമായി ഹൃദയപൂര്‍വ്വം അവള്‍ ഇഴുകിച്ചേരുന്നുവേശ്യകളാകട്ടെ തങ്ങളോടൊപ്പം ശയിക്കുന്ന പുരുഷനുമായി ഇഴുകിച്ചേര്‍ന്ന് തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നില്ലആയതിനാല്‍, വേശ്യാവൃത്തി പാപമാണെങ്കിലും അവര്‍ക്ക് അതില്‍നിന്ന് മോചനം പ്രാപിക്കാന്‍ കഴിയും. എന്നാല്‍, പരപുരുഷന്മാരുമായി അവിഹിതവേഴ്ചകളില്‍ മുഴുകി ജീവിക്കുന്ന സ്വൈരിണിമാരില്‍ ഒരുവളും ആ തിന്മയില്‍നിന്ന് പുറത്തുവരികയില്ല! എന്തുകൊണ്ടെന്നാല്‍, വേശ്യകളുടെ ശരീരം മാത്രമാണ് അശുദ്ധമാകുന്നതെങ്കില്‍, സ്വൈരിണിമാരുടെ ശരീരവും മനസ്സും ആത്മാവും അശുദ്ധമാകുന്നു. അതുകൊണ്ടുതന്നെ, പിന്‍പന്മാരായിരുന്നവര്‍ മുന്‍പന്മാരാകുമ്പോള്‍ അവരുടെ കൂട്ടത്തില്‍ വേശ്യകളും ചുങ്കക്കാരും സ്ഥാനം പിടിച്ചാലും സ്വൈരിണിമാരുടെ സ്ഥാനം പുറത്തായിരിക്കും.

യേഹ്ശുവായുടെ രാജത്വം!

രാജപദവി സ്വീകരിച്ച് തിരിച്ചുവരാന്‍ ദൂരദേശത്തേക്ക് പോയ ഒരു പ്രഭുവിന്റെ ഉപമ ലൂക്കാ അറിയിച്ച യേഹ്ശുവായുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേഹ്ശുവാ തന്റെ രാജത്വത്തെ പ്രതീകാത്മകമായി വെളിപ്പെടുത്തുന്നതാണ് ആ ഉപമയില്‍ നാം കാണുന്നത്. ഉപമ ആരംഭിക്കുന്നത് ഇപ്രകാരമാണ്: “അവര്‍ ഇത് കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ തുടര്‍ന്ന് ഒരു ഉപമ പറഞ്ഞു. കാരണം, അവന്‍ യെരുശലെമിന് സമീപത്തായിരുന്നു. ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്തിരുന്നു. അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ച് തിരിച്ചുവരാന്‍വേണ്ടി ദൂരദേശത്തേക്ക് പോയി”(ലൂക്കാ: 19; 11-12). ദൈവരാജ്യം പ്രതീക്ഷിച്ച് കാത്തിരുന്നവരോടാണ് ഈ ഉപമയിലൂടെ യേഹ്ശുവാ സംസാരിച്ചത്. ഈ വിഷയം ഇവിടെ ചൂണ്ടിക്കാണിച്ചത് തന്റെ പ്രത്യാഗമനത്തെക്കുറിച്ച് യേഹ്ശുവാ നേരിട്ട് നല്‍കിയ സൂചന ഓര്‍മ്മപ്പെടുത്താനാണ്.

പ്രവാചകന്മാരും അപ്പസ്തോലന്മാരും ഏറ്റവും പ്രാധാന്യത്തോടെ പ്രഖ്യാപിച്ചത് യേഹ്ശുവായുടെ പ്രത്യാഗമനത്തെക്കുറിച്ചും അവന്‍ സ്ഥാപിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അനേകം പ്രവചനങ്ങളില്‍ പലതും നാം ഇതിനോടകം പരിശോധിച്ച് കഴിഞ്ഞു. കുഞ്ഞാടിന്റെ വിവാഹവും ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവാഹവിരുന്നുമാണ് ദൈവരാജ്യത്തിന്റെ പ്രതീകമായി പ്രവചനങ്ങളില്‍ നാം കാണുന്നത്. കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ അനുഹൃഹീതര്‍ എന്ന് പറഞ്ഞത്, അശുദ്ധര്‍ക്ക് പ്രവേശനമില്ലാത്തതും യേഹ്ശുവായോടൊത്ത് വിശുദ്ധര്‍ വാഴുന്നതുമായ ആ രാജ്യത്തിലേക്ക് പ്രവേശിക്കുന്നവരെക്കുറിച്ചാണ്! നിയമനിഷേധികളായ ആരും ആ രാജ്യത്ത് പ്രവേശിക്കില്ല. എന്തെന്നാല്‍, ദൈവികനിയമങ്ങളുടെ ലംഘനമാണ് ഒരുവനെ അശുദ്ധനാക്കുന്നത്.

ഈ പ്രവചനം ശ്രദ്ധിക്കുക: “ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞ് കൈകളില്‍ കുരുത്തോലയുമായി രാജപീഠത്തിന് മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു”(വെളിപാട്: 7; 9). എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം യേഹ്ശുവായുടെ രാജ്യത്ത് പ്രവേശിക്കും എന്ന് ഈ പ്രവചനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നു. അന്ന് ജീവിച്ചിരിക്കുന്ന ജനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഈ ശുഭ്രവസ്ത്രധാരികള്‍ എന്ന് ആരും തെറ്റിദ്ധരിക്കേണ്ടാവെള്ളയങ്കിയണിഞ്ഞ ഇവര്‍ നിഖ്യാ സൂനഹദോസോടെ എടുക്കപ്പെട്ട അപ്പസ്തോലികസഭയുടെ ഭാഗമായവരാണ്. പതിനാലാമത്തെ വാക്യം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും.

വാക്യമിതാണ്: “ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, നിനക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണ് വലിയ ഞെരുക്കത്തില്‍നിന്ന് വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍”(വെളിപാട്: 7; 14). കുഞ്ഞാടിന്റെ രക്തത്തില്‍ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിക്കുകയെന്നാല്‍, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ആ പ്രഖ്യാപനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “കേപ്ഫാ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 38). കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകുമ്പോഴാണ് പാപക്കറ നീക്കംചെയ്യപ്പെടുന്നതെങ്കില്‍, ആ കഴുകലാണ് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം! നിഖ്യാ സൂനഹദോസ് വരെ കഠിനമായ ഞെരുക്കത്തില്‍ ജീവിച്ച ദൈവജനം സ്വീകരിച്ചത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ളതും അപ്പസ്തോലന്മാര്‍ പ്രഖ്യാപിച്ചതുമായ യഥാര്‍ത്ഥ ജ്ഞാനസ്നാനം ആയിരുന്നു. അവരാണ് വലിയ ഞെരുക്കത്തില്‍നിന്ന് വന്നവരും, കുഞ്ഞാടിന്റെ രക്തത്തില്‍ വസ്ത്രങ്ങള്‍ വെളുപ്പിച്ചവരുമായ ആ വലിയ ജനക്കൂട്ടം.

തന്റെ പേരിനെപ്രതിയോ ദൈവരാജ്യത്തെ പ്രതിയോ ഒരുവന് ഈ ഭൂമിയില്‍ എന്തെങ്കിലും ത്യജിക്കേണ്ടിവന്നാല്‍, ഈ ഭൂമിയില്‍ വെച്ചുതന്നെ അവയെല്ലാം നൂറിരട്ടിയായി അവന് ലഭിക്കുമെന്നത് യേഹ്ശുവായുടെ വാഗ്ദാനമാണ്. ഈ വചനം ശ്രദ്ധിക്കുക: “യേഹ്ശുവാ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേകമടങ്ങ് ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും”(ലൂക്കാ: 18; 29, 30). ഈ വചനം മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “എന്റെ പേരിനെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും”(മത്തായി: 19; 29).

മാര്‍ക്കോ എഴുതിയ സുവിശേഷത്തിലെ വചനംകൂടി നോക്കുക: “യേഹ്ശുവാ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്ത് നിത്യജീവനും. എന്നാല്‍, മുന്‍പന്മാരില്‍ പലരും പിന്‍പന്മാരും പിന്‍പന്മാരില്‍ പലരും മുന്‍പന്മാരുമാകും”(മാര്‍ക്കോ: 10; 29-31). മൂന്ന് സുവിശേഷങ്ങളിലെയും വചനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, യേഹ്ശുവായുടെ വാഗ്ദാനം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. നഷ്ടപ്പെട്ടതെല്ലാം ഇവിടെവച്ചുതന്നെ നൂറിരട്ടിയായി ലഭിക്കും എന്നതാണ് അവന്റെ വാഗ്ദാനം. എന്നാല്‍, യേഹ്ശുവായുടെ ഈ വാഗ്ദാനം നിലനില്‍ക്കെ, അപ്പസ്തോലന്മാര്‍ക്കും അവരുടെ പ്രബോധനങ്ങളില്‍ നിലനിന്നവര്‍ക്കും ലഭിച്ചത് നഷ്ടങ്ങള്‍ മാത്രമായിരുന്നു.

യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ദൈവരാജ്യം പ്രസംഗിക്കുകയും ചെയ്ത സകലരും പീഡിപ്പിക്കപ്പെട്ടു. സ്വജീവന്‍ അടക്കം അവര്‍ നഷ്ടപ്പെടുത്തിയതൊന്നും അവര്‍ക്ക് തിരികെ ലഭിച്ചില്ലെന്ന് നമുക്കറിയാം. യേഹ്ശുവായെ പ്രതിയും ദൈവരാജ്യത്തെ പ്രതിയും പരിത്യജിച്ചതെല്ലാം ഇവിടെവച്ചുതന്നെ നൂറിരട്ടിയായി ലഭിക്കുമെന്നുള്ള വാഗ്ദാനം വ്യാജമായിരുന്നില്ല. അന്ന് യേഹ്ശുവാ വാഗ്ദാനം ചെയ്തത് നല്‍കാനാണ് തന്റെ സകല വിശുദ്ധരോടും കൂടെ അവന്‍ വരുന്നത്. എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം എന്ന് വെളിപാട് പുസ്തകത്തില്‍ പ്രവചിച്ചിരിക്കുന്നത് ഈ വിശുദ്ധരെക്കുറിച്ചാണ്. യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരാണ് അവരില്‍ പലരും.

ഈ പ്രവചനം ശ്രദ്ധിക്കുക: “പിന്നെ ഞാന്‍ കുറെ രാജപീഠങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്ക് വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിയാഹിനോടുകൂടി വാഴുകയും ചെയ്തു. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും മ്ശിയാഹിന്റെയും പുരോഹിതന്മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും”(വെളിപാട്: 20; 4-6).  

ഈ ഭൂമിയില്‍ അന്ന് ജീവിച്ചിരിക്കുന്ന ആരെങ്കിലും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരായി ഉണ്ടെങ്കില്‍, യേഹ്ശുവായോടൊപ്പം ഇറങ്ങിവരുന്ന വിശുദ്ധരുടെ ആ വലിയ ജനക്കൂട്ടത്തോടൊപ്പം ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കും! എന്നാല്‍, യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനമാകുന്ന വെള്ളവസ്ത്രം ധരിക്കാത്ത ഒരുവന്‍പോലും ആ രാജ്യത്ത് പ്രവേശിക്കില്ല! എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ട അനുഗൃഹീതര്‍ ധരിക്കുന്ന വിവാഹവസ്ത്രമാണ് വെള്ളവസ്ത്രം! വിവാഹവസ്ത്രം ധരിക്കാത്തവരായി കാണപ്പെടുന്നവരുടെ അവസ്ഥ വെളിപ്പെടുത്തുന്ന ഉപമ ബൈബിളില്‍ വായിക്കാന്‍ കഴിയും.

ഈ ഉപമ നോക്കുക: “ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു. അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോട് ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്മാരോട് പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം”(മത്തായി: 22; 10-14). പശ്ചാത്തപിച്ച്‌, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവരുടെ വസ്ത്രങ്ങള്‍ കുഞ്ഞാടിന്റെ രക്തത്താല്‍ കഴുകപ്പെടുകയും, ആ വസ്ത്രങ്ങള്‍ വെണ്മയുള്ളതായിത്തീരുകയും ചെയ്യും! പരമ്പരാഗത സഭകളില്‍ അടിയുറച്ച് നില്‍ക്കുന്നവരെ പിന്‍പന്മാരാക്കിക്കൊണ്ട് ‘പുതുക്രിസ്ത്യാനികള്‍’ അന്ന് മുന്‍പന്മാര്‍ ആകുന്നത് ഇങ്ങനെയാണ്!

അപ്പസ്തോലന്മാര്‍ പ്രസംഗിച്ച ജ്ഞാനസ്നാനം ഉപേക്ഷിച്ച് നിഖ്യാസ്നാനം സ്വീകരിച്ചവരെല്ലാം അന്ന് ലജ്ജിതരാകും. തങ്ങള്‍ സ്വീകരിച്ചത് യഥാര്‍ത്ഥ സ്നാനമാണെന്നും തങ്ങള്‍ മുന്‍പന്മാരാണെന്നും തെറ്റിദ്ധരിച്ച് ജീവിക്കുന്ന നിഖ്യാസ്നാനക്കാരാണ് അന്ന് പിന്‍പന്മാരായി പുറന്തള്ളപ്പെടുന്നത്! തങ്ങളുടെ വഴിപിഴച്ച പൂര്‍വ്വപിതാക്കന്മാരുടെ വഴിപിഴച്ച പാരമ്പര്യത്തെ ഓര്‍ത്ത് അന്ന് അവര്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും! നിഖ്യാ സൂനഹദോസോടെ എടുക്കപ്പെട്ട അപ്പസ്തോലികസഭയുടെ ഇറങ്ങിവരവ് പ്രവചിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധനഗരമായ പുതിയ യെരുശലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു”(വെളിപാട്: 21; 1, 2).

അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ ദൈവസന്നിധിയില്‍നിന്ന് ഇറങ്ങിവരുന്ന ഈ യെരുശലേം ആണ് മ്ശിയാഹിന്റെ മണവാട്ടിയായ അപ്പസ്തോലികസഭ! അപ്പസ്തോലന്മാരോടും പ്രവാചകന്മാരോടും വിവാഹവിരുന്നിന് വിളിക്കപ്പെട്ട സകലരോടും ഒപ്പം മുന്തിരിയുടെ ഫലത്തില്‍നിന്ന് യേഹ്ശുവാ കുടിക്കുന്നത് അന്നാണ്! ആ ദിവസമോ മണിക്കൂറോ മനുഷ്യര്‍ക്കെന്നല്ല, ദൈവദൂതന്മാര്‍ക്കുപോലും അറിയില്ല. മനുഷ്യാനായി ഈ ഭൂമിയില്‍ ജീവിച്ച കാലയളവില്‍ തന്നില്‍നിന്നുപോലും യേഹ്ശുവാ ഇത് മറച്ചുവെച്ചു! ഈ വചനം നോക്കുക: “ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ”(മത്തായി: 24; 36).

ഇവിടെ രണ്ട് കാര്യങ്ങള്‍ നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ഒന്നാമതായി മനസ്സിലാക്കിയിരിക്കേണ്ടത്, ഈ ഭൂമിയില്‍ മനുഷ്യനായി വന്നപ്പോള്‍ ലോകത്തിന് വെളിപ്പെടുത്തേണ്ട കാര്യങ്ങള്‍ മാത്രമേ യേഹ്ശുവാ തന്റെ അറിവില്‍ നിലനിര്‍ത്തിയിരുന്നുള്ളു എന്ന സത്യമാണ്. തന്റെ ദൈവികതയോടൊപ്പം ആ രഹസ്യങ്ങളും സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിയാണ് അവന്‍ മനുഷ്യനായി ഭൂമിയില്‍ വന്നത്. അതുകൊണ്ടുതന്നെ, അവന്‍ പറഞ്ഞതെല്ലാം പരിപൂര്‍ണ്ണമായും സത്യങ്ങളായിരുന്നു! ലോകത്തില്‍നിന്ന് മറച്ചുവെയ്ക്കേണ്ടതായ രഹസ്യങ്ങള്‍ അവന്റെ അറിവില്‍ ഇല്ലാതിരുന്നതുകൊണ്ട് അവന് വ്യാജം പറയേണ്ടിവന്നില്ല! പരിപൂര്‍ണ്ണ സത്യമായ യേഹ്ശുവാ, ഈ ലോകത്തോട് എന്തെല്ലാം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചുവോ, ആ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമേ ഭൂമിയിലായിരുന്നപ്പോള്‍ അവന്‍ തന്നില്‍ നിലനിര്‍ത്തിയുള്ളു. അപ്പോള്‍ അവന്റെ അനന്തജ്ഞാനം തന്റെ ദൈവികതയോടൊപ്പം സ്വര്‍ഗ്ഗത്തിലായിരുന്നു.

രണ്ടാമതായി നാം മനസ്സിലാക്കിയിരിക്കേണ്ടത്, ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ മനുഷ്യര്‍ക്ക് അറിഞ്ഞുകൂടാ എന്നതിനെ സംബന്ധിച്ചാണ്. അതായത്, രണ്ടായിരത്തിമുപ്പത്തിമൂന്ന് പകുതിയോടെ യേഹ്ശുവാ വരുമെന്ന് മനോവ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് പലരും വിമര്‍ശിക്കാറുണ്ട്. മനോവ ഇവിടെ വ്യക്തമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷവും മാസവും പ്രഖ്യാപിച്ചത്. അത് സൂക്ഷ്മതയോടെ ദൈവവചനം പഠിച്ച് നടത്തിയ കണക്കുകൂട്ടലാണ്. എന്നാല്‍, മനോവ ഒരിക്കലും ആ ദിവസമോ മണിക്കൂറോ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം! വര്‍ഷമോ മാസമോ കണക്കുകൂട്ടി കണ്ടെത്താന്‍ മനുഷ്യന് സാധിക്കില്ലെന്ന് ഒരിക്കലും യേഹ്ശുവാ പറഞ്ഞിട്ടില്ല; മറിച്ച്, മനുഷ്യരില്‍നിന്നും ദൂതന്മാരില്‍നിന്നും മറച്ചുവെയ്ക്കപ്പെട്ടിരിക്കുന്നത് ദിവസവും സമയവുമാണ്. എന്തെന്നാല്‍, ആ ദിനം കള്ളനെപ്പോലെ വരും. ഈ പ്രവചനം ശ്രദ്ധിക്കുക: “ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്നനായി മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രംധരിച്ച് ഉണര്‍ന്നിരിക്കുന്നവന്‍ അനുഗൃഹീതന്‍”(വെളിപാട്: 16; 15).    

ഉപസംഹാരം!

കുഞ്ഞാടിന്റെ വിവാഹദിനം തൊട്ടടുത്ത് എത്തിയിരിക്കുന്നുവെന്നതാണ്‌ ഇതുവരെ വിശാലമായി മനസ്സിലാക്കിയ സത്യങ്ങളുടെ സംക്ഷിപ്ത രൂപം! അതെ, മൂന്ന് വര്‍ഷത്തിനുള്ളില്‍ യേലിയാഹും മോശയും വരികയും എല്ലാം പുനഃസ്ഥാപിക്കുകയും ചെയ്യും. അവരുടെ വരവിനുശേഷം മൂന്നര വര്‍ഷംകൂടി കാത്തിരുന്നാല്‍, യേഹ്ശുവായുടെ ആ ദിനം നമുക്ക് കാണാം. പ്രവാചകന്മാരും അപ്പസ്തോലന്മാരും ഒരേപോലെ വിളംബരം ചെയ്ത ആ ദിനം വന്നുചേരാന്‍ ഇനി പരമാവധി ആറര വര്‍ഷം മാത്രം! യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ അനുഗൃഹീതര്‍! എന്തെന്നാല്‍, അവരാണ് കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെടുന്നവര്‍! ഈ സന്ദേശം ഇവിടെ ഉപസംഹരിക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി ഈ പ്രവചനം ശ്രദ്ധിക്കുക: “വിശുദ്ധനഗരമായ പുതിയ യെരുശലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു”(വെളിപാട്: 21; 2).

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    58 views

LOG IN

Lost your password?

SIGN UP

LOST PASSWORD