മനുഷ്യര്‍ ബലഹീനരാണ്! പല ദുര്‍ബല നിമിഷങ്ങളിലും അവന്‍ പാപത്തില്‍ വീണുപോകാം. വീഴ്ച്ചയില്‍നിന്നും എഴുന്നേല്‍ക്കാതിരിക്കുമ്പോഴാണ് പാപപത്തിന്റെ കാഠിന്യം വലുതാകുന്നത്. `യാഹ്‌വെയില്‍ ആശ്രയിക്കുന്നവന്‍ വീണാലും എഴുന്നേല്‍ക്കും` എന്നാണ് തിരുവചനം പറയുന്നത്.പാപം മനുഷ്യ സഹചമാണ്, പാപം ചെയ്യാത്തവരായി ഒരുവന്‍ പോലുമില്ല. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു; "നീതിമാനായി ആരുമില്ല; ഒരുവന്‍പോലുമില്ല"(റോമാ: 3; 10). അതുകൊണ്ടുതന്നെ, സാഹചര്യങ്ങളും ബലഹീനതകളും നിമിത്തം സംഭവിക്കുന്ന പാപത്തിനു ഒഴിവുകഴിവുണ്ട്.
എങ്കിലും സാഹചര്യങ്ങളില്‍നിന്ന് മാറിനില്‍ക്കുവാന്‍ മനുഷ്യനു കടമയുണ്ട്. ജ്ഞാനസ്നാന വേളയില്‍ നമുക്കുവേണ്ടി തലതൊട്ടപ്പനും തലതൊട്ടമ്മയും ഏറ്റുചൊല്ലുന്ന പ്രതിജ്ഞ ഇപ്രകാരമാണ്;`പാപത്തെയും പാപ സാഹചര്യങ്ങളെയും ഞാന്‍ ഉപേക്ഷിക്കുന്നു!` പ്രായപൂര്‍ത്തിയായതിനു ശേഷം ഈ പ്രതിജ്ഞ പുതുക്കുവാന്‍ ചില സഭകള്‍ അവസരം നല്‍കുന്നുമുണ്ട്.
സാഹചര്യങ്ങളാണ് പാപത്തിനു കാരണമെങ്കില്‍ തീര്‍ച്ചയായും, ഈ സാഹചര്യങ്ങളില്‍നിന്നു മാറിനില്‍ക്കണം. ചില കൂട്ടുകെട്ടുകള്‍ പാപത്തിനു കാരണമാകാം. അതുപോലെ ചില സാഹചര്യങ്ങള്‍ പാപത്തിലേക്കു നയിച്ചെന്നും വരാം. ഒരു മദ്യപാനി ആ ശീലം ഉപേക്ഷിച്ചതിനുശേഷവും അത്തരം സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ചെന്നുപെടുന്നത് അപകടമാണ്. വ്യഭിചാര പാപത്തില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തി വീണ്ടും പഴയ ബന്ധങ്ങളിലും സാഹചര്യങ്ങളിലും തുടരുന്ന പക്ഷം മോചനം ലഭിക്കുക സാധ്യമല്ല.
വേശ്യകളോടൊപ്പം പാപം ചെയ്ത് ജീവിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് വിശുദ്ധനായിതീര്‍ന്ന വി.അഗസ്ത്യന്‍. ആ വ്യക്തി മാനസാന്തരപ്പെട്ട് ദൈവീക വഴികളില്‍ ചരിക്കുവാന്‍ തുടങ്ങിയപ്പോള്‍; മുന്‍കാലങ്ങളില്‍ അയാളോടൊത്ത് പാപത്തില്‍ ജീവിച്ച സ്ത്രീകള്‍ പാപം ചെയ്യുന്നതിനായി ക്ഷണിക്കുമായിരുന്നു. അപ്പോള്‍ വിശുദ്ധന്‍ ഇപ്രകാരം പറയുമായിരുന്നു: 'നിങ്ങള്‍ അറിയുന്ന പഴയ അഗസ്ത്യന്‍ മരിച്ചുപോയി ഇതു പുതിയ അഗസ്ത്യനാണ്' എന്ന്. സ്വര്‍ഗ്ഗരാജ്യത്തെ പ്രത്യാശ വച്ചിരിക്കുന്ന ആരും പാപസാഹചര്യങ്ങളിലേക്ക് പോകുകയില്ല.
വചനം പറയുന്നു: "നിന്റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി എറിഞ്ഞുകളയുക"(മത്താ: 18; 8). വീണ്ടും ഒന്‍പതാമത്തെ വാക്യം പറയുന്നു: "നിന്റെ കണ്ണ് നിനക്കു ദുഷ്പ്രേരണക്കു കാരണമാകുന്നെങ്കില്‍ അതു ചുഴ്ന്നെടുത്ത് എറിഞ്ഞുകളയുക"(മത്താ: 18; 9). ഇവിടെ ഭൗതികമായ കണ്ണുകളെയോ കൈകാലുകളെയോ അല്ല ചൂണ്ടികാണിക്കുന്നത്.
ഒരുപക്ഷെ നമ്മുടെ `വലംകൈ` പോലെതന്നെ ഉപകാരിയായ വ്യക്തിയുണ്ടാകാം! നമുക്ക് കണ്ണുപോലെ പ്രാധാന്യമുള്ളവരും കാണാം. എന്നാല്‍, എത്ര വേണ്ടപ്പെട്ടവരായാലും നമുക്ക് പാപത്തിനു കാരണമാകുന്നവരെങ്കില്‍ അതു മുറിച്ചു മാറ്റണമെന്ന് തന്നെയാണ് വചനം പറയുന്നത്. ഈ ഭൂമിയില്‍ ഒത്തിരി ഉപകാരങ്ങള്‍ അവരിലൂടെ ലഭിച്ചാലും, നിത്യജീവനെ നഷ്ടപ്പെടുവാന്‍ അവര്‍ കാരണമാകുന്നുവെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ നന്മയല്ല. കാരണം, ഈ ഭൂമിയിലെ ജീവിതത്തെക്കാള്‍ എന്തുകൊണ്ടും പ്രധാനപ്പെട്ടത് സ്വര്‍ഗ്ഗരാജ്യമാണ്. വരാനിരിക്കുന്ന ജീവിതത്തില്‍ പ്രത്യാശ വച്ചിരിക്കുന്നവര്‍ ഈ ഭൂമിയില്‍ പലതും ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍, യേഹ്ശുവായുടെ നാമത്തെ പ്രതി എന്തുതന്നെ ഉപേക്ഷിച്ചാലും അതിനു പ്രതിഫലം അവിടുന്നു വഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവെഴുത്ത് ഇപ്രകാരമാണ്: "എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ: 19; 29).
നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍പോലെതന്നെ പ്രിയപ്പെട്ട ബന്ധങ്ങള്‍പോലും ചിലപ്പോള്‍ നിത്യജീവന്‍ നഷ്ടപ്പെടുത്തുന്നതാകാം. അതു തിരിച്ചറിഞ്ഞ് മാറ്റുവാന്‍ നാം ശ്രദ്ധിക്കണം. ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടമായാല്‍ അവനെന്തു പ്രയോജനം!
പലപ്പോഴും മനുഷ്യന്‍,താന്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് സാഹചര്യങ്ങളെയും മറ്റു വ്യക്തികളെയും പഴിക്കാറുണ്ട്. എന്നാല്‍, ഈ സഹചര്യങ്ങള്‍ മാറിയാലും ജീവിതത്തില്‍ മാറ്റം വരുത്താത്ത ആളുകള്‍ ഉണ്ട്. ദൈവസന്നിധിയില്‍ ഇവര്‍ക്ക് ഒഴിവുകഴിവില്ല. ഏതൊരു വ്യക്തിക്കും മനസ്സുവച്ചാല്‍ സാഹചര്യങ്ങളില്‍നിന്നു മാറുവാന്‍ കഴിയും. അതിനുള്ള അവസരം എല്ല മനുഷ്യര്‍ക്കും ദൈവം കൊടുക്കും. എന്നാല്‍, ചിലര്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കുകയില്ല. പാപം നല്‍കുന്ന താത്കാലിക സുഖങ്ങളില്‍ മുഴുകി ആത്മാവിനെ നഷ്ടപ്പെടുത്തുന്നു.
പാപം ചെയ്യുവാന്‍വേണ്ടി സഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവരും ഉണ്ട്. പാപത്തിന്റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നവരാണിവര്‍! ഇത്തരം പ്രവര്‍ത്തികളില്‍ ആയിരിക്കുന്നവര്‍ ഇനിയും പാപം ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയാത്ത പക്ഷം കാത്തിരിക്കുന്നത് ഭീകരമായ ദുരന്തങ്ങളായിരിക്കുമെന്നു മറക്കരുത്.
ബലഹീനതകളില്‍ നമ്മെ ശക്തിപ്പെടുത്തുന്ന യേഹ്ശുവായുടെ കരംപിടിച്ച് പ്രാര്‍ഥനാപൂര്‍വ്വം നമുക്കു മുന്നേറാം.
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-