അറിഞ്ഞിരിക്കാന്‍

സകലത്തെയും സൃഷ്ടിച്ചത് ദൈവമോ?

Print By
about

08 - 11 - 2014              YouTube

ന്ന് ഈ പ്രപഞ്ചത്തില്‍ കാണുന്ന സകലതും സൃഷ്ടിച്ചത് ദൈവമാണെന്നു കരുതുന്നവരാണ് വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും. സത്യദൈവത്തില്‍ വിശ്വസിക്കുന്നവരും സത്യദൈവമാണെന്ന ധാരണയില്‍ വ്യാജദൈവങ്ങളില്‍ വിശ്വസിക്കുന്നവരുമായ എല്ലാവരുടെയും പൊതുധാരണയാണിത്‌! യുക്തിവാദികളും മതവിശ്വാസികളില്‍ത്തന്നെ ചിലരും ഈ വിശ്വാസത്തെ പുച്ഛിച്ചുതള്ളുന്നു എന്നത് മറ്റൊരു വസ്തുത. ഈ വിധത്തിലുള്ള വൈരുദ്ധ്യാത്മക ഭൗതീകവാദത്തിന്റെ വക്താക്കളെ ഈ ലേഖനത്തില്‍ പരിഗണിക്കുന്നില്ല എന്നകാര്യം ആമുഖമായിത്തന്നെ വ്യക്തമാക്കുന്നു. കാണപ്പെടുന്നതും അല്ലാത്തവയുമായ എല്ലാറ്റിനെയും സൃഷ്ടിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്ന വ്യക്തികള്‍ക്കുവേണ്ടിയാണ് ഈ ലേഖനം. എല്ലാ വസ്തുക്കളെയും ചരാചരങ്ങളെയും സൃഷ്ടിച്ചതു ദൈവമാണെന്ന ധാരണ വെറും അബദ്ധമാണെന്നു സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്വം ദൈവമായ യാഹ്‌വെയില്‍നിന്ന് അവിടുത്തെ പുത്രനായ യേഹ്ശുവാ വഴി മനോവ ഏറ്റെടുത്തിരിക്കുന്നു. ഈ മുഖവുര വായിച്ച് ആരും അസ്വസ്ഥാരാകരുതെന്നും വായന ഇവിടംകൊണ്ട് അവസാനിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ആരംഭിക്കട്ടെ!

വിഷയം സൃഷ്ടിയെ സംബന്ധിച്ചുള്ളതായതിനാല്‍ ഉല്‍പത്തിയുടെ പുസ്തകത്തില്‍നിന്നു തുടങ്ങാം. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു(ഉല്‍പത്തി: 1; 1-2). ബൈബിളിലെ ആദ്യത്തെ വാക്യങ്ങളാണ് നാം ഇവിടെ വായിച്ചത്. ഇവയുടെ ശാസ്ത്രീയതയിലേക്കു പ്രവേശിച്ചാല്‍ ഇവിടെ വിശകലനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍നിന്നു വ്യതിചലിക്കുവാനുള്ള സാദ്ധ്യതയുള്ളതിനാല്‍ അതിനു ശ്രമിക്കുന്നില്ല! എന്നിരുന്നാലും, ഒരു വസ്തുത ചൂണ്ടിക്കാട്ടുന്നു; ഇന്നുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ള ഒരു കണ്ടെത്തലുകളും ബൈബിളിലെ ഒരു വചനത്തെപ്പോലും അതിശയിക്കുന്നതല്ല. പ്രപഞ്ചത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചുള്ള ഏറ്റവും അവസാനത്തെ കണ്ടുപിടുത്തമായ 'മഹാവിസ്ഫോടന' സിദ്ധാന്തംപോലും ബൈബിളിലെ തിരുവെഴുത്തുകളെ പിന്തുണയ്ക്കുന്നവ മാത്രമാണ്! അതിനാല്‍, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യങ്ങളില്‍ ഒന്നുപോലും ബൈബിളിനോട് എതിരിടുന്നവയല്ല; മറിച്ച്, വചനത്തെ ശരിവയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ സത്യങ്ങളെ മനോവ മാനിക്കുന്നു. എന്നാല്‍, കെട്ടുകഥകളെയും ശാസ്ത്രീയ നിഗമനങ്ങളെയും കൂട്ടുപിടിച്ച് ബൈബിളിനെ പരിഹസിക്കുന്നവരുടെ ജല്പനങ്ങള്‍ക്കു പിന്നാലെ പോകാന്‍ മനോവയ്ക്കു സമയമില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! ക്ഷുദ്രവിദ്യകളെയും യോഗയെയുമൊക്കെ ശാസ്ത്രശാഖകളായി പരിഗണിക്കുന്നതുകൊണ്ട് 'ശാസ്ത്രം' എന്ന വാക്കുപോലും ദുരൂഹമായിരിക്കുന്നതുകൊണ്ടാണ് അത്. ആയതിനാല്‍, 'ശാസ്ത്രീയം' എന്ന വാക്ക് ഈ ലേഖനത്തില്‍ മനോവ ഉപയോഗിക്കുന്നത് പൈശാചികവത്ക്കരിക്കപ്പെട്ട ഈ മേഖലയ്ക്കു നല്‍കുന്ന അംഗീകാരമായി ആരും കരുതേണ്ട! ഇനി നേരേ വിഷയത്തിലേക്കു കടക്കാം.

മുഖവുരയില്‍ കുറിച്ചതുപോലെ യുക്തിവാദികളുടെയും നാസ്തികവാദികളുടെയും ആശയങ്ങള്‍ക്കുള്ള മറുപടിയല്ല ഈ ലേഖനം. ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുകയും, എന്നാല്‍ വികലമായ വിശ്വാസങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന വ്യക്തികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി ഈ ലേഖനത്തെ പരിഗണിച്ചാല്‍ മതി!

ആദിയില്‍ ഉണ്ടായിരുന്നത് ദൈവം മാത്രമാണെന്നു ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു. യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത് ഈ സത്യം വെളിപ്പെടുത്തിക്കൊണ്ടാണ്. “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു”(യോഹ: 1; 1, 2). തൊട്ടടുത്ത വചനം ഇങ്ങനെ വായിക്കുന്നു: “സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല”(യോഹ: 1; 3). ലോകത്തിലുള്ള ചലിക്കുന്നതും ചലിക്കാത്തതുമായ സകലതും അവനിലൂടെയാണ് ഉണ്ടായതെന്ന വചനത്തില്‍ എല്ലാം സമ്പൂര്‍ണ്ണമാണ്. കാരണം, വചനം ദൈവമായതുകൊണ്ട് ഈ വചനത്തിനു തെറ്റുപറ്റുകയില്ല! എന്നാല്‍, ഇതു വ്യാഖ്യാനിക്കുന്നത് അപൂര്‍ണ്ണനായ മനുഷ്യനായതുകൊണ്ട് വ്യാഖ്യാനത്തില്‍ തെറ്റുപറ്റാം! ഒരു വചനത്തെ മറ്റൊരു വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത് എന്ന അടിസ്ഥാനതത്വം ഇവിടെ നാം ഓര്‍ക്കണം. വചനത്തെ ഗ്രഹിക്കാത്തക്കവിധം സ്ഫുടം ചെയ്യുന്നത് ഇണവചനമാണ്. പ്രവാചകനിലൂടെ ഇതു വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെയുടെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു”(യേശയ്യാഹ്: 34; 16). ദൈവത്തിന്റെ വചനങ്ങള്‍ പരിശുദ്ധാത്മാവു മുഖേനെയാണ് വ്യാഖ്യാനിക്കേണ്ടത്. അതുകൊണ്ടുതന്നെ, ബുദ്ധികൊണ്ടു വ്യാഖ്യാനിച്ചവയെല്ലാം പിന്നീടു തിരുത്തേണ്ടിവന്നു! ഒരിക്കല്‍ തങ്ങളുടെ ബുദ്ധിയ്ക്കു ഗ്രഹിക്കാന്‍ കഴിയുമായിരുന്നവ മാത്രമാണ് സത്യമെന്നു കരുതിയവര്‍ പിന്നീട് ബൗദ്ധീകമായി വികാസം പ്രാപിച്ചപ്പോള്‍ തിരുത്തലുകളോടെ പുതിയ വ്യാഖ്യാനവുമായി വന്നു! ഇതാണ് ആധുനീക ദൈവശാസ്ത്രം!

വചനത്തിനു മാറ്റമില്ലാത്തതുപോലെ അവയുടെ വ്യാഖ്യാനങ്ങള്‍ക്കും ഒരിക്കലും മാറ്റമില്ല! എന്നാല്‍, ബുദ്ധികൊണ്ടും യുക്തികൊണ്ടും വ്യാഖ്യാനിക്കുമ്പോള്‍ തങ്ങളുടെ അറിവുകളുടെ പരിധിയില്‍ സത്യത്തെ തളച്ചിടുകയാണ് ചെയ്യുന്നത്. അതിനാല്‍, യുക്തിയും ബുദ്ധിയും മാറ്റിവച്ച് വചനംകൊണ്ടു വചനത്തെ വ്യാഖ്യാനിക്കുന്ന മനോവയുടെ സ്ഥിരം ശൈലിതന്നെ ഇവിടെയും പിന്തുടരുന്നു!

അവനുവേണ്ടി അവനിലൂടെ സകലതും സൃഷ്ടിക്കപ്പെട്ടു!

സമസ്തവും അവനിലൂടെ ഉണ്ടായിയെന്നും അവനെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല എന്നും വചനം വെളിപ്പെടുത്തിയിരിക്കുന്നതിനെ ഇണവചനംകൊണ്ട് മുദ്രയിട്ടിരിക്കുന്നത് ഇങ്ങനെയാണ്: “ഒരു മ്ശിഹായെ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ”(1 കോറി: 8; 6). ആദിയില്‍ ഉണ്ടായിരുന്ന വചനം ആരായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇവിടെ! ഉല്‍പത്തിയുടെ പുസ്തകത്തില്‍ നാം വായിച്ചതുപോലെ, ആദിയില്‍ ദൈവത്തോടുകൂടെയുണ്ടായിരുന്ന, ദൈവംതന്നെയായ വചനം യേഹ്ശുവായാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. മറ്റൊരു വചനം നോക്കുക: “അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്”(കൊളോ: 1; 15, 16). അടുത്ത ഇണവചനം ശ്രദ്ധിക്കുക: “അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു”(ഹെബ്രാ: 1; 2).

ഈ വചനത്തില്‍ എത്തിച്ചേരാനാണ് മറ്റു വചനങ്ങളിലൂടെ നാം സഞ്ചരിച്ചത്. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് പ്രപഞ്ചത്തിന്റെ ഉല്‍പത്തി തന്നെയാണ്. പ്രപഞ്ചത്തില്‍ അനേകം ഗോളങ്ങള്‍ ഉണ്ടായിട്ടും ഭൂമിയെ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന ചോദ്യം യുക്തിയില്‍ ഉയര്‍ന്നേക്കാം. എന്നാല്‍, ഇതിനുള്ള ഉത്തരവും ബൈബിള്‍ നമുക്കു നല്‍കുന്നുണ്ട്! പിതാവായ ദൈവവും പുത്രനായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചാല്‍ ഇതു മനസ്സിലാകും! (യഥാര്‍ത്ഥത്തില്‍ മൂന്നു ദൈവങ്ങളില്ലെന്നും, പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നത് ഏകദൈവമാണെന്നും നമുക്കറിയാം.) യിസ്രായേലിന്റെ തിരഞ്ഞെടുപ്പും ദാവീദിന്റെ തിരഞ്ഞെടുപ്പും മാത്രമല്ല, യേഹ്ശുവാ അവിടുത്തെ അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തതും ശ്രദ്ധിച്ചാല്‍ ഭൂമിയുടെ തിരഞ്ഞെടുപ്പിലെ ദൈവത്തിന്റെ ശൈലി മനസ്സിലാകും! അതുകൊണ്ട്, യുക്തിപരമായ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ മനോവ തയ്യാറാകുന്നില്ല!

ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളിലായി സൃഷ്ടികര്‍മ്മം ദൈവം പൂര്‍ത്തിയാക്കി. “അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. ദൈവം തന്റെ ജോലി ഏഴാംദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി. ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉല്‍പത്തിചരിത്രം”(ഉല്‍പത്തി: 2; 1-4). ആകാശവും ഭൂമിയും (പ്രപഞ്ചം) സൃഷ്ടിച്ചുകൊണ്ട് ആരംഭിച്ച പ്രവര്‍ത്തികള്‍ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചുകൊണ്ട് പൂര്‍ത്തിയാക്കുകയാണു ചെയ്തത്! അതായത്, ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടികളില്‍ അവസാനത്തേത് 'ഹവ്വാ' ആകുന്നു! ആകാശവും ഭൂമിയും അവയിലുള്ള സകലത്തിന്റെയും അധിപതിയായിട്ടാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. ഈ വചനം അതു വ്യക്തമാക്കുന്നു: “നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ”(ഉല്‍പ: 1; 26).

ഇണവചനത്തില്‍ ഇതിനെക്കുറിച്ച് എന്താണു പറയുന്നതെന്ന് നോക്കുക: “അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്ത്യനെന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാള്‍ അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്‍കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി”(സങ്കീ: 8; 4-6). ഭൂപണയബാങ്കില്‍നിന്നു ലോണെടുത്ത കര്‍ഷകന്റെ അവസ്ഥയില്‍ ഇന്നത്തെ മനുഷ്യന്‍ അധഃപതിച്ചുവെങ്കില്‍ അതിന്റെ ഉത്തരവാദിയും അവന്‍തന്നെയാണ്! സകലത്തെയും അടക്കിഭരിക്കാനുള്ള അധികാരത്തോടെയാണ് മനുഷ്യനെ സ്വന്തം ഛായയില്‍ അവിടുന്ന് സൃഷ്ടിച്ചത്! ആദത്തെയും അവനില്‍നിന്നു ഹവ്വയെയും സൃഷ്ടിച്ചതോടെ യാഹ്‌വെ സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ, പിന്നീടു നടന്ന സൃഷ്ടികളുടെ ഉത്തരവാദിത്വം ദൈവത്തിന്റെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ഒരു കൗശലത്തിന്റെ ഭാഗമാണ്. നാസ്തികവാദികള്‍ക്കുപോലും ദൈവത്തെ പരിഹസിക്കാന്‍ അവസരമൊരുക്കുന്ന പിശാചിന്റെ കുതന്ത്രമായിട്ടാണ് മനോവ ഇതിനെ കാണുന്നത്. കേരളത്തിലെ 'കുപ്രസിദ്ധ' നാസ്തികവാദി, താന്‍ സംവീധാനംചെയ്ത സിനിമയ്ക്ക് 'ദൈവത്തിന്റെ വികൃതികള്‍' എന്നു നാമകരണം നടത്തിയതും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം അബദ്ധം പ്രചരിക്കുന്നതില്‍ സത്യദൈവ വിശ്വാസികളായ ക്രൈസ്തവരും യെഹൂദരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റു മതങ്ങളും മതമില്ലാത്തവരും നടത്തുന്ന പ്രചരണങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ മനോവ തയ്യാറാകാത്തത് അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെ വേണ്ടവിധം മനസ്സിലാക്കി എന്നതുകൊണ്ടുതന്നെ!

എന്തുകൊണ്ടാണ് സത്യദൈവ വിശ്വാസികള്‍പ്പോലും സകല സൃഷ്ടികളുടെയും ബാധ്യത ദൈവത്തിനുമേല്‍ ആരോപിക്കുന്നത് എന്ന ചോദ്യത്തിന് മനോവയ്ക്കു പറയാന്‍ ഒരു ഉത്തരമേയുള്ളൂ. ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇത്തരം വാദഗതികള്‍ക്കു പിന്നിലെ ഹേതു. വചനം വായിക്കുകയോ വായിച്ചാല്‍ത്തന്നെ അതു പഠിക്കാന്‍ തയ്യാറാകുകയോ ചെയ്യാത്തതുമൂലം തലമുറകളിലേക്ക് കൈമാറിയ ദുരന്തമാണ് ഈ അജ്ഞത എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല! ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, വചനത്തെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ വചനംകൊണ്ടുതന്നെ വ്യാഖ്യാനിക്കാന്‍ തയ്യാറായാല്‍ ഈ വിധത്തിലുള്ള മഹാദുരന്തം ലോകത്തിനുമേല്‍ സംഭവിക്കില്ലായിരുന്നു. ആദത്തിനും ഹവ്വായ്ക്കും ശേഷം ഇവരില്‍നിന്നല്ലാതെ ഈ ഭൂമുഖത്ത് അവതരിച്ച ഏക വ്യക്തി മെല്‍ക്കിസെദേക്ക് മാത്രമായിരുന്നു. യേഹ്ശുവാപോലും ശാരീരികമായി യെഹൂദാഗോത്രത്തിന്റെ പരമ്പരയില്‍ കന്യകാമറിയത്തില്‍നിന്നാണ് ജാതനായത്! യേഹ്ശുവായുടെ ജനനത്തെ മറ്റു മനുഷ്യരുടെ ജനനവുമായി സദൃശ്യപ്പെടുത്തുവാന്‍ സാധിക്കില്ല! ആയതിനാല്‍, വംശപരമ്പരയോ മാതാവോ പിതാവോ ഇല്ലാത്തവനായി ലോകത്തിലേക്ക് അവതരിച്ച ഒരേയൊരു മനുഷ്യന്‍ 'മെല്‍ക്കിസെദേക്ക്' മാത്രമായിരുന്നുവെന്ന് പറയേണ്ടിവരും!

മെല്‍ക്കിസെദേക്കിനെ ബൈബിളിലൂടെ പരിചയപ്പെട്ടതിനുശേഷം മറ്റു വിവരണങ്ങളിലേക്കു കടക്കുന്നതായിരിക്കും ഉചിതം. ഉല്‍പത്തിയുടെ പുസ്തകത്തിലാണ് ആദ്യമായി മെല്‍ക്കിസെദേക്കിനെ നാം കാണുന്നത്. അബ്രാഹത്തെ അനുഗ്രഹിക്കാന്‍ അത്യുന്നതദൈവം ചുമതലപ്പെടുത്തിയ അവിടുത്തെ പുരോഹിതനായിരുന്നു മെല്‍ക്കിസെദേക്ക്! ഇതുമായി ബന്ധപ്പെട്ട വചനം ഇതാണ്: “ശലേം രാജാവായ മെല്‍ക്കിസെദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍”(ഉല്‍പ: 14; 18). ഇതിന്റെ ഇണവചനം ഹെബ്രായ ലേഖനത്തിലാണ് വായിക്കുന്നത്. ആ ഭാഗത്ത് ഇങ്ങനെ കാണാം: “രാജാക്കന്മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, ശലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു”(ഹെബ്രാ: 7; 1). ആദത്തിന്റെ സന്തതിപരമ്പരയില്‍ ജനിച്ചവനായിരുന്നില്ല ഈ പുരോഹിതന്‍ എന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്: “അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും രണ്ടാമതു ശലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ത്ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്”(ഹെബ്രാ: 7; 2, 3). യേഹ്ശുവായെ സൂചിപ്പിക്കുന്ന പൗരാണികഗ്രന്ഥത്തിലെ വ്യക്തിയാണ് മെല്‍ക്കിസെദേക്ക്!

സൃഷ്ടിയുടെ ഭാഗത്തേക്കുതന്നെ നമുക്കു തിരിച്ചുവരാം. ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചതിനുശേഷം ദൈവമായ യാഹ്‌വെ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ ഇപ്രകാരം അരുളിച്ചെയ്തു: “സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍”(ഉല്‍പത്തി: 1; 28). സന്താനങ്ങളെ ജനിപ്പിക്കാനുള്ള കഴിവു നല്‍കി അനുഗ്രഹിക്കുകയും, സൃഷ്ടികര്‍മ്മത്തില്‍ മനുഷ്യരെ ദൈവം പങ്കാളികളാക്കുകയുമാണ്‌ ചെയ്തത്. അതായത്, ആറുദിവസംകൊണ്ട് യാഹ്‌വെ അവിടുത്തെ സൃഷ്ടി പൂര്‍ത്തിയാക്കുകയും, തുടര്‍ന്നുള്ള വംശവര്‍ദ്ധനവിനു സൃഷ്ടികളെത്തന്നെ അവിടുന്ന് ചുമതലപ്പെടുത്തുകയും ചെയ്തു. സകല ജീവജാലങ്ങളും ഈ കല്പന ഏറ്റെടുത്തു പ്രവര്‍ത്തിക്കുമ്പോള്‍, ദൈവം അവിടുത്തെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യന്‍മാത്രം അവിടുത്തോടു മറുതലിക്കുകയും തങ്ങളുടെ പിഴവുകളെല്ലാം ദൈവത്തില്‍ ആരോപിക്കുകയും ചെയ്യുന്നു. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലൂടെ ലഭിക്കുന്ന നന്മകളെ സ്വന്തം കഴിവായി ചിന്തിക്കുകയും, പിഴവുകളുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ആരോപിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പും മനുഷ്യരിലുണ്ട്. ആറുദിവസംകൊണ്ട് ദൈവം സൃഷ്ടിച്ച ഒന്നിനും വൈകല്യമില്ലാതിരിക്കെ, പിന്നീട് അത്തരത്തിലുള്ള സൃഷ്ടികള്‍ അവിടുന്നു നടത്തുമെന്ന് കരുതാന്‍ കഴിയില്ല. മാത്രവുമല്ല, മനുഷ്യന്റെ ദുഃഖം അവിടുന്ന് അഭിലഷിക്കുന്നില്ല. വചനം ഇങ്ങനെ പറയുന്നു: എന്റെ വീഴ്ചയ്ക്കു കാരണം യാഹ്‌വെയാണെന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല(പ്രഭാ: 15; 11).

ഓരോ ദിവസത്തെയും സൃഷ്ടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം അവയെ നല്ലതെന്നു കണ്ടു എന്നാണ് വചനം പറയുന്നത്. ഉദാഹരണമായി, ഒരു ഭാഗം ശ്രദ്ധിക്കുക: അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന്‍ അവിടുന്നു കണ്ടു(ഉല്‍പത്തി: 1; 25). ദൈവം നടത്തിയിട്ടില്ലാത്ത സൃഷ്ടികളുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ചാര്‍ത്തിക്കൊണ്ട് സ്വയം ന്യായീകരിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഉപാധിയാണ് സകലത്തെയും സൃഷ്ടിച്ചത് ദൈവമാണെന്ന സിദ്ധാന്തം! മനോവയുടെ ഈ പ്രസ്താവനയെ നേരിടാനുള്ള ചില വചനങ്ങള്‍ വായനക്കാരുടെ ചിന്തയില്‍ ഉണരുന്നത് മനോവ കാണുന്നുണ്ട്. ആ വചനങ്ങളും അതിനുള്ള മറുപടിയും വെളിപ്പെടുത്താനുള്ള ധാര്‍മ്മീകമായ ചുമതലയില്‍നിന്ന് മനോവ ഒളിച്ചോടില്ല! ക്രമാനുഗതമായി അവയിലേക്കു വരാം.

യാഹ്‌വെ പരിപൂര്‍ണ്ണനാണ്; അവിടുത്തെ സൃഷ്ടികളും അങ്ങനെതന്നെ!

ദൈവമായ യാഹ്‌വെ സൃഷ്ടിച്ച ഒന്നും വികലമോ അപൂര്‍ണ്ണമോ ആയിരുന്നില്ല. എന്നാല്‍, സൃഷ്ടികള്‍ത്തന്നെ സ്രഷ്ടാവായപ്പോഴാണ് വൈകല്യങ്ങള്‍ കടന്നുവന്നത്! മനുഷ്യന്‍ നടത്തിയ സൃഷ്ടികര്‍മ്മങ്ങളുടെ പിശകുകള്‍ ദൈവത്തിനുമേല്‍ ആരോപിക്കാന്‍ ഇവനെ പ്രേരിപ്പിക്കുന്നത് സാത്താനാണ്‌! കാരണം, ദൈവത്തിനുമേല്‍ കുറ്റം ആരോപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സാത്താന്‍ പാഴാക്കുകയില്ല. ഹവ്വായെ പ്രലോഭിപ്പിക്കാന്‍ കടന്നുവന്ന സാത്താന്‍, അവളോടു ദൈവത്തെക്കുറിച്ച് കുറ്റം പറയുന്നത് കാണാം. തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കരുതെന്നു ദൈവം കല്പിച്ചത് നിങ്ങള്‍ അവിടുത്തെപ്പോലെ ആകാതിരിക്കാനാണ് എന്നുപറഞ്ഞ് സാത്താന്‍ സ്ത്രീയെ വഞ്ചിച്ചു! അതു ഭക്ഷിച്ചാല്‍ മരിക്കുമെന്ന കല്പന നിലനില്‍ക്കെ, നിങ്ങള്‍ മരിക്കില്ലെന്നു പറഞ്ഞത് പിശാചായിരുന്നു! അവന്‍ പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം(ഉല്‍പത്തി: 3; 4, 5).

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും, ദൈവത്തോട് അസംതൃപ്തിയുള്ളവരാക്കി മനുഷ്യകുലത്തെ മാറ്റുകയുമാണ് സാത്താന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇവന്‍ പഠിപ്പിക്കുന്ന ആശയങ്ങള്‍ തോളിലേറ്റുന്നവര്‍, തങ്ങള്‍ക്കുണ്ടാകുന്ന അനര്‍ത്ഥങ്ങള്‍ക്കെല്ലാം ദൈവത്തോട് പിറുപിറുക്കും. പാപത്തിന്റെ പരിണിതഫലമായി രോഗങ്ങളും തകര്‍ച്ചകളും ഉണ്ടാകാറുണ്ട്. ഈ അവസരങ്ങളിലെല്ലാം, ദൈവമേ, നീ എന്നോട് ഇതു ചെയ്തല്ലോ എന്ന പരിഭവമാണ് ഇവര്‍ ഉണര്‍ത്തുന്നത്. ഭ്രൂണഹത്യ ചെയ്തതിലൂടെ സ്ത്രീ മരണപ്പെട്ടാല്‍ അതിന്റെ കുറ്റം ദൈവത്തിന്! ഭ്രൂണഹത്യ ചെയ്ത സ്ത്രീകള്‍ക്ക് പിന്നീടുണ്ടാകുന്ന കുട്ടികള്‍ക്കു വൈകല്യങ്ങളുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണെന്നു നമുക്കറിയാം. ഇങ്ങനെ വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളെ നോക്കി ദൈവത്തിന്റെ വികൃതിയെന്നു പറയാനും മനുഷ്യനു മടിയില്ല! മദ്യപാനവും പുകവലിയും മറ്റിതര ദുശ്ശീലങ്ങളും വഴി മാരകമായ രോഗത്തിന് ഒരുവന്‍ കീഴ്പ്പെടുമ്പോള്‍, അവനെ നോക്കിയും ദൈവത്തെ കുറ്റംപറയുന്നവരാണ് നമുക്കു ചുറ്റുമുള്ളത്. മാതാപിതാക്കളുടെ രതിവൈകൃതത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആ പാപത്തിന്റെ സ്വാധീനം ഉണ്ടാകുക സ്വാഭാവികമാണ്. പ്രകൃതിവിരുദ്ധ ലൈംഗീകതയുടെ അടിമകളായ മാതാപിതാക്കളുടെ വേഴ്ചയില്‍ ജനിക്കുന്ന ജന്മങ്ങള്‍ സ്വവര്‍ഗ്ഗരതിക്കാരായി മാറുമ്പോള്‍, അവരെ സൃഷ്ടിച്ചത് ദൈവമാണെന്നു പറയുന്നവര്‍ സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ് എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല!

നീലച്ചിത്രങ്ങള്‍ ആസ്വദിച്ചുകൊണ്ട് കാമകേളികളില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്കും, പരസ്പരം ഇണകളെ മാറി ഉപയോഗിക്കുന്ന ദമ്പതികള്‍ക്കും അറിയാതെ ജനിച്ചുപോകുന്ന സന്തതികളുടെ സ്രഷ്ടാവ് ദൈവമാണെന്നു പറയുന്നത് സാത്താന്റെ സന്തതികളായിരിക്കും. കാരണം, അവിഹിതവേഴ്ചയില്‍ ജനിക്കുന്ന സന്തതികളെയാണ്‌ 'ജാരസന്തതി' എന്നു വിളിക്കുന്നത്. ഇത്തരം സന്തതികളെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെയാണ്: “അധര്‍മ്മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വെരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല”(ജ്ഞാനം: 4; 3). മറ്റൊരു വചനത്തില്‍ ഇങ്ങനെ വായിക്കാം: “ഭര്‍ത്താവിനെ വഞ്ചിച്ച് അന്യപുരുഷനില്‍നിന്ന് സന്താനങ്ങള്‍ക്ക് ജന്മം നല്‍കി. അവളെ സമൂഹത്തിന്റെ മുമ്പാകെ കൊണ്ടുവരും; അവളുടെ സന്താനങ്ങളുടെമേല്‍ ശിക്ഷയുണ്ടാകും. അവളുടെ കുഞ്ഞുങ്ങള്‍ വേരുപിടിക്കുകയോ ശാഖകള്‍ ഫലം പുറപ്പെടുവിക്കുകയോ ചെയ്യുകയില്ല(പ്രഭാ: 23; 23-25). ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ സൃഷ്ടികളാണെന്ന പ്രഖ്യാപനം ദൈവനിന്ദയാണ്! ഒരു വചനംകൂടി വായിക്കുക: വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ദ്ധക്യവും അവമാനം നിറഞ്ഞിരിക്കും. യൗവ്വനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മ്മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും(ജ്ഞാനം: 3; 16-19).

ഒരു വചനംകൂടി സാക്ഷ്യത്തിനായി കുറിക്കുന്നു. ഇതു വായിച്ചതിനുശേഷം നിങ്ങള്‍ സ്വയം തീരുമാനിക്കുക: ദൈവം വിചാരണ നടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും(ജ്ഞാനം: 4; 6). അവിഹിതമായ ബന്ധത്തില്‍നിന്നു ജനിച്ചവര്‍ ദൈവത്തിന്റെ സൃഷ്ടിയാണെങ്കില്‍ എന്തിനിവരെ തിന്മയുടെ സാക്ഷികളാക്കണം? ദൈവത്തെ കുറ്റപ്പെടുത്താനായി സാത്താന്‍ കൗശലപൂര്‍വ്വം നടത്തുന്ന പ്രചാരണങ്ങളെ മനുഷ്യന്‍ ശിരസ്സാവഹിച്ചതാണ് ഈ അപകടകരമായ ആശയം വ്യാപകമാകാന്‍ കാരണം! മനുഷ്യന്‍ ചെയ്യുന്ന സകല പാപങ്ങളുടെയും മൂലകാരണം, ദൈവത്തിന്റെ സൃഷ്ടിയില്‍ ഉണ്ടായ പിശകുകളാണെന്ന അബദ്ധധാരണയിലേക്കു നയിക്കുകയും, ദൈവത്തെ ശത്രുവായി കാണാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയുമാണ് സാത്താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്! പാപങ്ങളെ ജനിതക പ്രശ്നങ്ങളായി അവതരിപ്പിച്ചുകൊണ്ട്, തിന്മ പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രവണത ഇന്നു ശക്തമാകുകയും സഭാനേതാക്കള്‍പ്പോലും ഇതിന്റെ വക്താക്കളാകുകയും ചെയ്യുമ്പോള്‍ നാം ജാഗരൂകരാകണം!

മനുഷ്യര്‍ തങ്ങളുടെ തിന്മകളിലും അവിഹിത വേഴ്ച്ചകളിലും സന്താനങ്ങളെ ജനിപ്പിച്ചതിനുശേഷം അവരെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഇവിടെ വചനത്തെ അടിസ്ഥാനമാക്കി ഒരു ചോദ്യം ഉയര്‍ന്നുവരാം. ചോദ്യമിതാണ്: “ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ?”(യോഹ: 9; 2). ഇവിടെ ഉന്നയിച്ച ചോദ്യവും അതിനുള്ള ഉത്തരവും വളരെ പ്രസക്തമാണ്. ജന്മനാ അന്ധനായ വ്യക്തിയെ ചൂണ്ടി ചോദിക്കുന്നത്, ഇവന്റെ പാപമാണോ ഇവന്റെ മാതാപിതാക്കന്മാരുടെ പാപമാണോ ഇവന്‍ അന്ധനായി ജനിക്കാന്‍ കാരണമായത് എന്നാകുന്നു. കാരണം, മാതാപിതാക്കന്മാരുടെ പാപത്തിനു മക്കള്‍ ശിക്ഷ ഏല്‍ക്കേണ്ടിവരുമെന്ന് മോശയുടെ നിയമം അനുശാസിക്കുന്നു. ആരാണ് ഇവനെ സൃഷ്ടിച്ചത് എന്ന ചോദ്യം ഇവിടെ ഉയര്‍ന്നിട്ടില്ല എന്നത് വിസ്മരിക്കരുത്. ഇവിടെ യേഹ്ശുവാ നല്‍കുന്ന മറുപടി പലരും തെറ്റായി വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. യേഹ്ശുവാ മറുപടിപറഞ്ഞു: “ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്. എന്നെ അയച്ചവന്റെ പ്രവര്‍ത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു”(യോഹ: 9; 3, 4).

ഇവിടെ യേഹ്ശുവാ ഉത്തരം നല്‍കിയത് ലോകത്തുള്ള മുഴുവന്‍ അന്ധന്മാരുടെയും കാര്യത്തിലല്ല; മറിച്ച്, ഇവന്റെ കാര്യത്തിലാണ്. കാരണം, ഇവനെ സുഖപ്പെടുത്തിക്കൊണ്ട് ദൈവത്തിന്റെ മഹത്വം പകടിപ്പിക്കേണ്ടിയിരുന്നു. മാതാപിതാക്കന്മാരുടെ പാപം നിമിത്തമോ വ്യക്തിപരമായ പാപങ്ങളുടെ പരിണിതഫലമായോ ഇങ്ങനെ സംഭവിക്കില്ലെന്ന് യേഹ്ശുവാ ഇവിടെ പറഞ്ഞില്ല. എല്ലാ രോഗങ്ങളും വൈകല്യങ്ങളും ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രകടമാകാന്‍ അനുവദിച്ചിരിക്കുന്നതാണെന്ന സന്ദേശവും യേഹ്ശുവാ നല്‍കിയില്ല. മറ്റുള്ളവര്‍ക്കുള്ള സാക്ഷ്യമായി ഇവനെ സുഖപ്പെടുത്തുകയാണ് അവിടുന്ന് ചെയ്തത്. മാത്രവുമല്ല, മറ്റുചില രോഗികളെ സുഖപ്പെടുത്തുന്ന അവസരങ്ങളില്‍ പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടാണ് യേഹ്ശുവാ അദ്ഭുതം പ്രവര്‍ത്തിച്ചത്. ഒരു തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ സംഭവം ഉദാഹരണമായി കുറിക്കുന്നു: അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു(മത്താ:9;1,2). പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന ഒറ്റ വാക്കുകൊണ്ടുതന്നെ ഒരുവന്‍ സുഖംപ്രാപിച്ചുവെങ്കില്‍, അവന്റെ വൈകല്യത്തിനു കാരണമായത്, അവന്റെ പാപമായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പാപമല്ല ഇവന്റെ അന്ധതയുടെ കാരണമെന്ന് ഒരു സന്ദര്‍ഭത്തില്‍ മാത്രം പറയുകയും മറ്റനേകം സംഭവങ്ങളില്‍ പാപം ക്ഷമിച്ചുകൊണ്ട് രോഗശാന്തി കൊടുക്കുകയും ചെയ്യുമ്പോള്‍, ഇതെല്ലാം അവഗണിച്ചുകൊണ്ട്, പാപത്തിന്റെ ഫലമായി വൈകല്യങ്ങള്‍ ഉണ്ടാകില്ലെന്നു പഠിപ്പിക്കുന്നവരെ സൂക്ഷിക്കണം! ഒരു വചനത്തെ അതു നല്‍കപ്പെട്ട സാഹചര്യത്തെ മനസ്സിലാക്കാതെ വ്യാഖ്യാനിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരന്തം അനേകരെ വഴിതെറ്റിക്കും.

മക്കള്‍ യാഹ്‌വെയുടെ ദാനമാണ്!

യാഹ്‌വെയുടെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും(സങ്കീ: 127; 3). ഈ ലേഖനത്തില്‍ പ്രസ്താവിച്ച കാര്യങ്ങളെയെല്ലാം അസാധുവാക്കുന്ന വചനമല്ലേ ഇതെന്നു സ്വാഭാവികമായും ചോദ്യമുയരാം. എന്നാല്‍, അസാധുവാക്കുകയല്ല; മറിച്ച്, സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തില്‍ ആശ്രയിച്ച്, പരസ്പര സ്നേഹത്തില്‍ സന്തതികളെ ജനിപ്പിക്കുമ്പോള്‍, ആ സൃഷ്ടിയുടെമേല്‍ ദൈവത്തിന്റെ അനുഗ്രഹവും അംഗീകാരവും ഉണ്ടാകും. മറിച്ച്, കൃത്രിമ ബീജസങ്കലനത്തിലൂടെയും അവിഹിതവേഴ്ചയിലൂടെയും ജഢികാഭിലാഷങ്ങളുടെ നിവര്‍ത്തിക്കായും സന്തതികളെ ജനിപ്പിക്കുമ്പോള്‍, അവിടെ യാഹ്‌വെയുടെ അംഗീകാരമോ അനുഗ്രഹമോ ഇല്ല! പൂര്‍വ്വപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും ജനത്തെക്കുറിച്ചു പരിശോധിക്കുമ്പോള്‍ ഇതു വ്യക്തമാകും. യാഹ്‌വെയാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെയെല്ലാം ജനനം വന്ധ്യമായ ഉദരത്തില്‍നിന്നായിരുന്നു. യിസഹാക്ക്(ഉല്‍പ: 17; 16), യാക്കോബ്(ഉല്‍പ: 25; 21), യോസെഫ്(ഉല്‍പ: 29; 31), സംസണ്‍(ന്യായാധിപന്മാര്‍: 13; 2) എന്നിവരുടെ ചരിത്രം നമുക്കറിയാം. ഓരോ പ്രവാചകന്മാരുടെയും ചരിത്രം പരിശോധിച്ചാല്‍, ഇതിനു സമാനമാണെന്നു കാണാന്‍ കഴിയും അന്ത്യപ്രവാചകനായ യോഹന്നാന്റെ ജനനവും വന്ധ്യമായ ഉദരത്തില്‍നിന്നായിരുന്നു(ലൂക്കാ: 1; 7). തങ്ങളുടെ കഴിവുകൊണ്ടാണ്‌ തങ്ങള്‍ക്കു സന്തതിയെ ലഭിച്ചതെന്ന് അവകാശവാദം ഉന്നയിക്കാന്‍, പൂര്‍വ്വപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും മാതാപിതാക്കള്‍ക്കു സാധിക്കുകയില്ല! ദൈവത്തിന്റെ പ്രത്യേക ഇടപെടലിലൂടെ ജനിച്ച ഈ സന്തതികള്‍ അവിടുത്തെ സ്വന്തമാണ്!

യാഹ്‌വെയോടു പ്രാര്‍ത്ഥിച്ചതിലൂടെ അവിടുന്ന് നല്‍കുന്ന ദാനമായി സന്തതികള്‍ ഉണ്ടായതുപോലെ, തങ്ങള്‍ക്കു ലഭിച്ച സന്തതികളെ ദൈവകരങ്ങളില്‍നിന്നു സ്വീകരിച്ച മാതാപിതാക്കളും ചരിത്രത്തിലുണ്ട്. സമാനമായ ജനനങ്ങള്‍ ഇന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം!

സാത്താന്‍ വിതച്ച വിത്തുകള്‍!

ദൈവമായ യാഹ്‌വെ സൃഷ്ടി നടത്തിയതിനു പിന്നാലെ, സാത്താനും ഈ ഭൂമുഖത്തു ചില സൃഷ്ടികള്‍ നടത്തിയതായി ബൈബിളില്‍ സൂചനയുണ്ട്! പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷം സ്വീകരിക്കാന്‍ സാത്താനു സാധിക്കുമെന്ന് വചനം മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്റെ രൂപം സ്വീകരിക്കാനും മനുഷ്യരില്‍ അവന്റെ സന്തതികളെ ജനിപ്പിക്കാനും സാത്താനു കഴിയും. ഇതു വ്യക്തമാക്കുന്ന വചനം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്! എന്നാല്‍, ഇവയൊന്നും വേണ്ടവിധത്തില്‍ പഠിപ്പിക്കാന്‍ സഭാധികാരികള്‍പ്പോലും തയ്യാറാകാത്തത് ദുരൂഹമായിരിക്കുന്നു. ഈ വചനഭാഗം ഗൗരവത്തോടെ ശ്രദ്ധിക്കുക: ഒരുവന്‍ വയലില്‍ നല്ല വിത്തുവിതയ്ക്കുന്നതിനോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രു വന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കലകളും പ്രത്യക്ഷപ്പെട്ടു. വേലക്കാര്‍ ചെന്ന്‍ വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെനിന്ന്? അവന്‍ പറഞ്ഞു: ശത്രുവാണ് ഇതു ചെയ്തത്. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍ പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവന്‍ പറഞ്ഞു: വേണ്ടാ; കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളായി വയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍(മത്താ: 13; 24-30). അനേകം ദൈവശാസ്ത്രജ്ഞന്മാര്‍ തന്നിഷ്ടംപോലെ വ്യാഖ്യാനിച്ചു വികലമാക്കിയ വലിയൊരു സത്യമാണ് ഈ ഉപമയുടെ ഉള്ളടക്കം! ഉപമകളില്‍ പലതിന്റെയും വ്യാഖ്യാനം യേഹ്ശുവാ നല്കിയിട്ടില്ലെങ്കിലും, ഈ ഉപമയുടെ വ്യാഖ്യാനം ആര്‍ക്കും വ്യക്തമാകുന്ന വിധത്തില്‍ അവിടുന്നുതന്നെ നല്‍കിയിരിക്കുന്നു. കാരണം, ആരെങ്കിലുമൊക്കെ വ്യാഖ്യാനിച്ച് സത്യത്തെ വികലമാക്കരുതെന്ന്‍ യേഹ്ശുവാ ആഗ്രഹിച്ചു. എന്നാല്‍, ഈ വ്യാഖ്യാനങ്ങള്‍ മറച്ചുവച്ചുകൊണ്ട് സ്വന്തമായ വിവരണം നല്‍കിയതിലൂടെ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്.

യേഹ്ശുവാതന്നെ ഈ ഉപമയ്ക്കു നല്‍കിയിരിക്കുന്ന സ്ഫുടമായ വ്യാഖ്യാനം ശ്രദ്ധിക്കുക: “നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല്‍ ലോകവും. നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകള്‍ ദുഷ്ടന്റെ പുത്രന്മാരുമാണ്. അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്മാരും. കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും”(മത്താ: 13; 37-40). യേഹ്ശുവാ പറഞ്ഞ ഉപമയില്‍ സൂചിപ്പിച്ചിരിക്കുന്ന ഓരോ വാക്കുകളും ആപേക്ഷികനാമങ്ങളും എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇത്രമാത്രം വ്യക്തതയോടെ ഉപമയുടെ വിശദീകരണം നല്‍കിയിട്ടും, അവയെ അവഗണിച്ചുകൊണ്ട് പുത്തന്‍ വ്യാഖ്യാനങ്ങളുമായി ഇറങ്ങിയിരിക്കുന്ന 'പണ്ഡിതന്മാര്‍' ആരെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത്?! നല്ല വിത്തു വിതയ്ക്കുന്നത് മനുഷ്യപുത്രനാണെന്നും, വിത്ത് രാജ്യത്തിന്റെ പുത്രന്മാരാണെന്നും വ്യക്തമാക്കിയ യേഹ്ശുവാതന്നെ കളയെക്കുറിച്ചും അതു വിതയ്ക്കുന്നവനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നു. കള വിതയ്ക്കുന്നതു പിശാചും, അവന്‍ വിതയ്ക്കുന്ന കള അവന്റെ പുത്രന്മാരും ആണെങ്കില്‍, ഈ ഭൂമുഖത്തു അവിടുന്നു നടാത്ത ചെടികളും ഉണ്ടെന്നു വ്യക്തമാണ്! ഇതിനെ മറച്ചുവയ്ക്കുന്നവര്‍ സാത്താന് പ്രവര്‍ത്തിക്കുവാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്!

ഉപമയുടെ വ്യാഖ്യാനം ഇങ്ങനെ തുടരുന്നു: “മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”(മത്താ: 13; 41-43). ദുഷ്ടന്‍ വിതയ്ക്കുന്ന 'കളകള്‍' എന്നതുകൊണ്ട്, ലോകത്തില്‍ വളരുന്ന പാപത്തെയാണ് ഉദ്ദേശിക്കുന്നതെന്നും, വ്യക്തികളെ അല്ലെന്നും പറയുന്നവര്‍ രക്ഷകനായ യേഹ്ശുവായെ പരസ്യമായി ധിക്കരിക്കുകയാണു ചെയ്യുന്നത്!

മനുഷ്യന്‍ സൃഷ്ടിച്ച ദുരന്തങ്ങള്‍!

ദൈവത്തിന്റെ സൃഷ്ടിയ്ക്കു പിന്നാലെ ദുഷ്ടനായ സാത്താന്‍ സൃഷ്ടി നടത്തിയതുപോലെ മനുഷ്യനും ഈ ഭൂമുഖത്ത് അനേകം സൃഷ്ടികള്‍ നടത്തിയിട്ടുണ്ട്. ദൈവം ഉണ്ടാക്കിവച്ച വസ്തുക്കളെ ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യന്‍ അതു ചെയ്തത്. മനുഷ്യനെ തന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാക്കിയത് ദൈവമാണെന്നു നാം കണ്ടു. എന്നാല്‍, ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ചുകൊണ്ട് അനേകം ദുരന്തങ്ങള്‍ ഈ ഭൂമിയില്‍ സൃഷ്ടിച്ചു! ഓരോ സൃഷ്ടിയും പൂര്‍ത്തിയാക്കിയതിനുശേഷം അവയെല്ലാം നല്ലതെന്ന് അവിടുന്നു കണ്ടുവെന്ന്‍ ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ നല്ലതായി സൃഷ്ടിക്കപ്പെട്ടവയെ തിന്മയ്ക്കായി പുനര്‍സൃഷ്ടി നടത്തുന്ന പ്രവൃത്തിയിലാണ് മനുഷ്യന്‍ വ്യാപരിക്കുന്നത്.

ദൈവമായ യാഹ്‌വെ നിര്‍മ്മിച്ച ഭൗതീക വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യന്‍ ഉണ്ടാക്കിയ മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ലോകത്തിനു ഭീഷണിയാകുമ്പോള്‍, അവയുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ വച്ചുകെട്ടുന്നത് ഭൂഷണമല്ല! വിവിധയിനം സസ്യങ്ങള്‍ ഈ ഭൂമിയില്‍ യാഹ്‌വെ സൃഷ്ടിച്ചു. ഇവയില്‍നിന്ന്‍ ഔഷധസസ്യങ്ങള്‍ കണ്ടെത്തി അവയെ കൂട്ടിക്കലര്‍ത്തി വൈദ്യന്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നു. രോഗശമനത്തിനായി വൈദ്യന്‍ ചെയ്യുന്ന പ്രവര്‍ത്തി ദൈവത്തിനും മനുഷ്യനും സ്വീകാര്യമാണ്! എന്നാല്‍, ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ചില മരുന്നുകള്‍ ദുരുപയോഗിച്ചാല്‍, അത് മനുഷ്യനു ഹാനികരവും ദൈവഹിതത്തിനു വിരുദ്ധവുമാകും. മയക്കുമരുന്നുകള്‍ ഇത്തരത്തില്‍ ദുരുപയോഗിക്കപ്പെടുന്നവയാണ്! അതായത്, മനുഷ്യന്റെ നന്മയ്ക്കായി ദൈവം സൃഷ്ടിച്ച വസ്തുക്കളെ തിന്മയ്ക്കായി ഒരുവന്‍ ഉപയോഗിച്ചാല്‍ അവയുടെ ഉത്തരവാദി ദൈവമല്ല! കാരണം, ഇതു മനുഷ്യന്റെ വിവേചനാധികാരമാണ്!

ദൈവം സൃഷ്ടിച്ച വസ്തുക്കളെ ഉപയോഗിച്ച് മനുഷ്യരുടെയും സഹസൃഷ്ടികളുടെയും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തോടു സഹകരിക്കുന്നവരാണ്. എന്നാല്‍, ദൈവീകസംവീധാനങ്ങളെ ലോകത്തിന്റെ നാശത്തിനായി ഉപയോഗിക്കുകയും സൃഷ്ടി നടത്തുകയും ചെയ്യുന്നവര്‍ സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നു. ഇവര്‍ ഇരുകൂട്ടരും അടിസ്ഥാനപരമായി ഉപയോഗിക്കുന്നത് ദൈവീകസംവീധാനങ്ങളെയാണെങ്കിലും സൃഷ്ടിനടത്തുന്നത് ദൈവമല്ല! മനുഷ്യനിര്‍മ്മിതമായ നൂറുകണക്കിന് വിവിധോദ്ദേശ ഉപഗ്രഹങ്ങള്‍ ഭൂമിക്കുചുറ്റും പ്രദക്ഷിണംവയ്ക്കുന്നുണ്ട്. ഇവയെല്ലാം നിര്‍മ്മിച്ചത് ദൈവമല്ലെങ്കിലും, ഇവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ അടിസ്ഥാനപരമായി ദൈവത്തിന്റെതാണ്!

ദൈവം അനുവദിച്ചാല്‍!

ദൈവം അനുവദിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന മുഖവുരയോടെ ആശ്വാസം കണ്ടെത്തുന്നവരും ആവലാതികള്‍ പ്രകടിപ്പിക്കുന്നവരുമുണ്ട്! ഇസ്ലാംമതക്കാര്‍ അവരുടെ ദൈവമെന്ന്‍ അവര്‍ വിശ്വസിക്കുന്ന അല്ലാഹുവിന്റെ അനുവാദത്തെക്കുറിച്ച്, സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നത് നമുക്കറിയാം. സംസാരത്തിനിടയില്‍ അനേകം തവണ 'അല്ലാഹു അനുവദിച്ചാല്‍...' എന്ന്‍ ഉരുവിടുന്ന പതിവ് ഈ മതക്കാരുടെ പ്രത്യേകതയാണ്! മനുഷ്യരെ കൊന്നൊടുക്കുന്ന 'ചാവേര്‍' ആക്രമണങ്ങള്‍ നടത്തുന്നതും അല്ലാഹുവിന്റെ അനുവാദത്തോടെയാണെന്ന് അവര്‍ പറയുന്നു. ഇക്കാര്യം ശരിയാണെന്ന കാര്യത്തില്‍ മനോവയ്ക്ക് അഭിപ്രായവ്യത്യാസം ഒന്നുമില്ല! എന്നാല്‍, മനുഷ്യന്‍ ചെയ്യുന്ന എല്ലാക്കാര്യത്തിലും സത്യദൈവത്തിന്റെ അനുവാദമുണ്ടെന്ന വാദം തികച്ചും തെറ്റാണ്! മനുഷ്യന്‍ ചെയ്യുന്ന ഒരു തിന്മയ്ക്കും ദൈവമായ യാഹ്‌വെ അനുവാദം തന്നിട്ടില്ല; മറിച്ച്, അവിടുന്ന് നല്‍കിയ സ്വാതന്ത്ര്യത്തെ മനുഷ്യന്‍ ദുരുപയോഗിക്കുകയാണ്! അമ്മയുടെ ഉദരത്തില്‍ ഉരുവായ ഒരു കുഞ്ഞിനെ കൊന്നുകളയാന്‍ ദൈവം അനുവദിച്ചിട്ടുണ്ടോ? ദൈവം അരുതെന്നു കല്പിച്ചിരിക്കുന്നവ അനുവദനീയമാക്കാന്‍ മനുഷ്യന് അവകാശമില്ല. പാപം ചെയ്യരുതെന്ന കല്പന നിലനില്‍ക്കേ, ദൈവം അനുവദിച്ചാല്‍ ഞാന്‍ അതു ചെയ്യുമെന്ന് പറയുന്നതുപോലും പാപമാണ്!

ദൈവം അനുവദിക്കാത്ത കാര്യങ്ങള്‍ മനുഷ്യനു ചെയ്യാന്‍ സാധിക്കുകയില്ലായിരുന്നെങ്കില്‍ പ്രമാണങ്ങളുടെ ആവശ്യംപോലും ഉണ്ടാകുമായിരുന്നില്ല. കൊല്ലരുത്, മോഷ്ടിക്കരുത്, വ്യഭിചാരം ചെയ്യരുത്..തുടങ്ങിയ കല്പനകള്‍ ദൈവം നല്‍കിയിട്ടും മനുഷ്യന്‍ ഇവയെല്ലാം ചെയ്യുന്നു. ഇവ ചെയ്യുന്നത് ദൈവം അനുവദിച്ചിട്ടാണ് എന്ന വാദം അവിടുത്തെ പരിശുദ്ധിയെ ചോദ്യംചെയ്യുന്ന അപരാധമായി പരിഗണിക്കണം.

എന്നാല്‍, മനുഷ്യന്‍ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങള്‍ അനന്തജ്ഞാനിയായ ദൈവത്തിന് അറിയാം! ഈ അറിവിനെ അനുവാദമെന്നു വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് മനുഷ്യനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യമാണ്. നന്മയോ തിന്മയോ തിരഞ്ഞെടുക്കുവാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്, ഇവയുടെ പ്രതിഫലത്തെക്കുറിച്ചുള്ള മുന്നറിയിപ്പോടെയാകുന്നു. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, ദൈവമക്കള്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ അവിടുത്തെ ഹിതപ്രകാരം വ്യാപരിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു സത്യം. പ്രമാണങ്ങള്‍ അനുസരിക്കുകയും വചനപ്രകാരം തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ അനുവാദമുള്ള ജീവിതമായി അത് മാറും. ഓരോ പ്രവൃത്തികള്‍ ചെയ്യുമ്പോഴും ദൈവഹിതം അന്വേഷിക്കുന്ന ശൈലി ദൈവമക്കളുടെ ജീവിതത്തില്‍ ഉണ്ടാകണം. ദൈവത്തിന്റെ ഹിതം അന്വേഷിച്ചു ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുന്നുവെങ്കില്‍, അത് അവിടുത്തെ അനുവാദത്തോടെ മാത്രമായിരിക്കും. നീതിമാനായ ഇയൗബിന്റെ ചരിത്രം ഉദാഹരണമായി എടുക്കാം. യേഹ്ശുവായുടെ കാര്യത്തിലും വ്യത്യസ്തമായ അവസ്ഥയുണ്ടായിരുന്നു. സകലത്തിന്റെയും അധികാരിയായ യേഹ്ശുവായുടെമേല്‍ ആര്‍ക്കെങ്കിലും അധികാരം പ്രയോഗിക്കണമെങ്കില്‍ ദൈവത്തില്‍നിന്നു മുന്‍കൂട്ടിയുള്ള അനുവാദം അനിവാര്യമായിരുന്നുവെന്ന് ബൈബിളില്‍ കാണാം. പീലാത്തോസിനോട് യേഹ്ശുവാ പറയുന്ന വാക്കുകള്‍ ഇതു സ്ഥിരീകരിക്കുന്നു. “ഉന്നതത്തില്‍നിന്നു നല്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല”(യോഹ: 19; 11). സ്വര്‍ഗ്ഗത്തില്‍നിന്ന്‍ അനുവദിച്ച അധികാരത്തെയാണ് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയത്. എന്നാല്‍, ദുഷ്ടരുടെ കരങ്ങളില്‍ ഏല്പിച്ചുകൊടുക്കുന്നത് ദൈവമല്ല. തൊട്ടടുത്ത വചനത്തില്‍ ഇതു വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “അതിനാല്‍, എന്നെ നിനക്കേല്പിച്ചു തന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്”(യോഹ: 19; 11). പിതാവായ ദൈവത്തെയാണോ യേഹ്ശുവാ ഇവിടെ ഉദ്ദേശിച്ചത്? ഒരിക്കലുമല്ല!

ഒരു വചനം ശ്രദ്ധിക്കുക: “ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല”(1 യോഹ: 5; 18, 19).

ദൈവഹിതം ആരായുന്നത് എങ്ങനെയാണെന്നും, അതിന്റെ പ്രാധാന്യം എന്താണെന്നും വ്യക്തമാക്കിയിട്ടുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. വായിച്ചിട്ടില്ലാത്തവര്‍ക്കായി ആ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു: ദൈവവുമായി ആലോചന ചോദിക്കുമ്പോള്‍!

അവനെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല!

ശൂന്യതയില്‍നിന്ന്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല. ഒരു വസ്തുവില്‍നിന്നോ ഒന്നിലധികം വസ്തുക്കള്‍ ചേര്‍ത്തുവച്ചോ മറ്റൊന്നിനു രൂപംകൊടുക്കാന്‍ മനുഷ്യനു സാധിക്കും. എല്ലാ നിര്‍മ്മാണങ്ങള്‍ക്കും ഇതു ബാധകമാണ്! (മഹാവിസ്ഫോടന സിദ്ധാന്തത്തെ സംബന്ധിച്ചുള്ള ലേഖനത്തില്‍ ഇതിന്റെ കൂടുതല്‍ വിവരണമുണ്ട്) ഈ യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോള്‍, അവനെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല എന്ന വചനം അന്വര്‍ത്ഥമാകുന്നു!

ചില മായാജാലക്കാരായ ആള്‍ദൈവങ്ങള്‍ ആപ്പിള്‍, വാച്ച്, ഭസ്മം തുടങ്ങിയവ ശൂന്യതയില്‍നിന്ന്‍ എടുക്കുന്നതായി കേട്ടിട്ടുണ്ട്. ഇത്തരം ചെപ്പടിവിദ്യകളുടെ പൊള്ളത്തരങ്ങള്‍ 'ബുദ്ധിയുള്ള' മനുഷ്യര്‍ പൊളിച്ചിട്ടുമുണ്ട്! എന്നാല്‍, ഇത്തരത്തിലുള്ള അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാത്താന്റെ സന്തതികള്‍ക്കു കഴിയില്ലെന്നു സമ്മതിക്കാന്‍ മനോവയ്ക്കാവില്ല! കാരണം, അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നത് വലിയ അദ്ഭുതങ്ങളോടും അടയാളങ്ങളോടും കൂടെയായിരിക്കുമെന്ന് വചനം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്! വചനം നോക്കുക: “ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു”(വെളി: 13; 13, 14). അടുത്ത വചനംകൂടി ശ്രദ്ധിക്കുക: “വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്”(വെളി: 13; 14, 15). മോശയിലൂടെ യാഹ്‌വെ പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ ഈജിപ്തിലെ മന്ത്രവാദികളും അതേപടി ചെയ്തത് പുറപ്പാടിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്.

ഈ ഭൂമുഖത്ത് പാപം ഒരു യാഥാര്‍ത്ഥ്യമാണെന്നു നമുക്കറിയാം. എന്നാല്‍, പാപത്തെ ദൈവം സൃഷ്ടിച്ചിട്ടില്ല. അതുപോലെതന്നെ, പാപത്തിന്റെ സ്രഷ്ടാവായ പിശാചുക്കളെയും ദൈവം സൃഷ്ടിച്ചത് പ്രഭാപൂര്‍ണ്ണരായ ദൈവദൂതന്മാരായിട്ടായിരുന്നു. അവര്‍ തങ്ങളുടെ പ്രവൃത്തിയുടെ പരിണിതഫലമായി ഇന്നത്തെ അവസ്ഥയിലേക്ക് അധഃപതിച്ചു!

സകലരും ദൈവത്തിന്റെ മക്കളോ?

“യേഹ്ശുവായാണ്  മ്ശിഹായെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്”(1 യോഹ: 5; 1). യേഹ്ശുവായെ ദൈവപുത്രനായി വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതുവഴിയാണ് ഒരുവന്‍ ദൈവപുത്രന്‍ ആകുന്നതെങ്കില്‍, സകല മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. മറ്റൊരു വചനം നോക്കുക: “യേഹ്ശുവായിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. മ്ശിഹായോട് ഐക്യപ്പെടാന്‍ സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും മ്ശിഹായെ ധരിച്ചിരിക്കുന്നു”(ഗലാ: 3; 26, 27). ശിശുസ്നാനത്തെ പരിഹസിക്കുന്ന പെന്തക്കോസ്തുകാരന്റെ മക്കളുടെ ഗതി എന്തായിരിക്കുമെന്ന് ജ്ഞാനമുള്ളവന്‍ തിരിച്ചറിയട്ടെ!

ഈ വചനവുംകൂടി മനസ്സിലാക്കിയിരിക്കുക: “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി”(യോഹ: 1; 12). ദൈവമക്കളാകാന്‍ ഒരുവന്‍ കഴിവുനേടുന്നത് യേഹ്ശുവായിലുള്ള വിശ്വാസംവഴിയാണെങ്കില്‍, വിജാതിയരെല്ലാം ദൈവമക്കളാണെന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല. ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും തിരിച്ചറിയാനുള്ള അടയാളവും ബൈബിളില്‍ നല്‍കിയിട്ടുണ്ട്: “പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്. എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്. ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപംചെയ്യാന്‍ സാധ്യമല്ല. ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്”(1 യോഹ: 3; 8-10). പിശാചിന്റെ മക്കളെയും ദൈവത്തിന്റെ മക്കളെയും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന ലേഖനം മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ഇവിടെ ചേര്‍ത്തുവച്ചിരിക്കുന്ന 'ലിങ്ക്' സന്ദര്‍ശിക്കുക: 'ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും!'

ഈ വചനങ്ങളില്‍നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നത്, ജന്മംകൊണ്ട് ഒരുവനും ദൈവമക്കളാകുന്നില്ല എന്നുതന്നെയാണ്. ഇതിനെ സ്ഥിരീകരിക്കുന്ന വചനം രക്ഷകനായ യേഹ്ശുവായുടെ നാവില്‍നിന്നു പുറപ്പെടുകയും അത് ബൈബിളില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു: മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ടാ(യോഹ: 3; 6, 7). മാംസത്തില്‍നിന്നു ജനിച്ച ഒരു വ്യക്തി, ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുമ്പോഴാണ് ദൈവപൈതലും ദൈവരാജ്യത്തിനു സ്വീകാര്യനുമാകുന്നത്. അതുകൊണ്ടാണ് ദൈവത്തില്‍നിന്നു വന്ന യേഹ്ശുവാ ഇങ്ങനെ അരുളിച്ചെയ്തത്: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല(യോഹ: 3; 5). ഈ വചനത്തെ സ്ഥിരീകരിക്കുന്ന വേറെയും ഇണവചനങ്ങള്‍ ബൈബിളിലുണ്ട്. 'ജ്ഞാനസ്നാനവും സഭകളുടെ അബദ്ധപ്രബോധനങ്ങളും' എന്ന ലേഖനത്തില്‍ ഇതിന്റെ പൂര്‍ണ്ണമായ വിവരണം വായിക്കാന്‍ കഴിയും.

ആരാണ് സഹോദരന്‍?

“സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്‌”(1 യോഹ: 3; 15). സഹോദരന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ സ്പഷ്ടമായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യക്തമായി മനസ്സിലാക്കിയിട്ടില്ലെങ്കില്‍ സഹോദരനെ വെറുക്കുകയും, അതുവഴി കൊലപാതകികളായി നാം മാറുകയും ചെയ്യും! ആരെയും വെറുക്കാന്‍ ദൈവം പറഞ്ഞിട്ടില്ലെങ്കിലും, കൊലപാതകികളാക്കി മാറ്റുന്ന വെറുപ്പ് സഹോദരനോടുള്ള വെറുപ്പാണ്. ഇതിന് അടിസ്ഥാനപരമായ ഒരു കാരണമുണ്ട്. അത് എന്താണെന്ന് അറിയണമെങ്കില്‍ സഹോദരന്‍ ആരാണെന്ന് നാം അറിഞ്ഞിരിക്കണം.

വളരെ ലളിതമായി പറഞ്ഞാല്‍, ദൈവത്തിന്റെ മക്കള്‍ പരസ്പരം സഹോദരങ്ങളാണ്. സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണെന്ന വചനം നല്‍കിയിരിക്കുന്ന അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്: കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും(1 യോഹ: 3; 1). മുന്‍പുതന്നെ ദൈവമക്കള്‍ അല്ലാത്തതുകൊണ്ടാണല്ലോ ദൈവമക്കള്‍ എന്നു വിളിക്കപ്പെടുന്നു എന്ന പ്രയോഗം ആവശ്യമായി വന്നത്. ഇത് വ്യക്തമാകാത്തവര്‍ താഴോട്ടു വായിക്കുക: “പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്”(1 യോഹ: 3; 2). ദൈവമക്കളായി പരിണമിച്ചവരെയാണ് അപ്പസ്തോലനായ യോഹന്നാന്‍ അഭിസംബോധനചെയ്തതെന്ന വസ്തുത വ്യക്തമായി എന്നു കരുതുന്നു. അതായത്, മുന്‍പ് നാം ദൈവമക്കളായിരുന്നില്ല!

മനുഷ്യന്‍ ജനിക്കുന്നത് ജഡത്തില്‍നിന്നുള്ള ജഡമായിട്ടാണെന്നും, യേഹ്ശുവായുടെ നാമത്തിലുള്ള ജ്ഞാനസ്നാനം വഴി പരിശുദ്ധാത്മാവില്‍ അവന്‍ ദൈവമകനായി മാറുകയും ചെയ്യുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ജഡത്തില്‍ ജനിച്ച ഒരുവന് ദൈവത്തിന്റെ മകനായി മാറാന്‍ കഴിയുന്നതുപോലെ, പിശാചിന്റെ മകനായി മാറാനും കഴിയും എന്നതാണ് സത്യം. അതായത്, ഈ ഭൂമിയില്‍ ശരീരത്തോടെ ജനിച്ചുവീഴുന്ന കുഞ്ഞ് ദൈവത്തിന്റെയോ പിശാചിന്റെയോ മകനല്ല; മറിച്ച്, മനുഷ്യന്റെ പുത്രനാണ്. പിന്നീട്, യേഹ്ശുവായുടെ നാമത്തില്‍ സ്നാനമേറ്റ് ദൈവപൈതലായി മാറാന്‍ അവനു സാധിക്കും. അതുപോലെ, പിശാചിന്റെ മകനായി ഒരുവന്‍ മാറുന്നത് എപ്രകാരമാണെന്നു നോക്കുക: “പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്”(1 യോഹ: 3; 8). അടുത്ത ഒരു വചനംകൂടി പരിശോധിച്ചതിനുശേഷം ഇതില്‍ വ്യക്തത വരുത്താം. “ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാദ്ധ്യമല്ല. ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ”(1 യോഹ: 3; 9, 10).

വലിയൊരു വിവരണത്തിന്റെ സഹായമില്ലാതെതന്നെ സഹോദരന്‍ ആരാണെന്നും കൊലപാതകിയായി മാറുന്നത് ആരോടുള്ള വെറുപ്പുമൂലം ആണെന്നും മനസ്സിലാക്കാന്‍ സാധിച്ചുവെന്ന് കരുതുന്നു! ഇസ്ലാമിനെയും മറ്റു വിജാതിയ മതക്കാരെയും സഹോദരങ്ങളെന്നു വിളിച്ചുകൊണ്ട് സാഹോദര്യത്തെ വിശാലമാക്കാന്‍ ശ്രമിക്കുന്നത് ദൈവവചനവിരുദ്ധവും സ്വന്തം പിതൃത്വത്തെ തള്ളിപ്പറയലുമാണ്! കാരണം, ദൈവപുത്രസ്ഥാനം എന്നത് നിസ്സാരമായി കരുതുന്നവര്‍ മ്ശിഹായുടെ രക്തത്തിനെതിരേ പാപം ചെയ്യുന്നു. മനുഷ്യപുത്രനായ യേഹ്ശുവാ കുരിശില്‍ ചിന്തിയ രക്തമാണ് ദൈവപുത്രസ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിനുള്ള അച്ചാരം! കാരണം, അവിടുന്ന് ദൈവമായിരുന്നിട്ടും അത് കാര്യമായി പരിഗണിക്കാതെ പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്കു വന്നത് മനുഷ്യപുത്രന്മാരെ ദൈവപുത്രന്മാരാക്കാനാണ്! അന്യദേവന്മാരെ സേവിച്ച്, പിശാചിന്റെ മക്കളായി കഴിയുന്ന വ്യക്തികളെ സഹോദരനെന്നു സംബോധന ചെയ്യുന്നതിലൂടെ അവന്റെ പിതാവിനെ സ്വന്തം പിതാവായി പരിഗണിക്കുകയും, യേഹ്ശുവാ വഴി നമുക്കു ലഭിച്ച മഹത്തായ പദവിയെ നിസ്സാരമാക്കുകയും ചെയ്യുന്നു! ഒരുപാത്രം പായസത്തിനുവേണ്ടി കടിഞ്ഞൂല്‍ പുത്രസ്ഥാനം നിസ്സാരമാക്കിയ ഏസാവിനു പിന്നീടത് അത് നേടാന്‍ ആഗ്രഹിച്ചപ്പോള്‍ ലഭിച്ചില്ല. ഏസാവിനു നഷ്ടപ്പെട്ട കടിഞ്ഞൂല്‍ പുത്രസ്ഥാനത്തെക്കാള്‍ എത്രയോ മഹത്തരമായ സ്ഥാനത്തേക്കാണ് ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നത് എന്നകാര്യം നാം വിസ്മരിക്കരുത്.

വിധിയെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെയാണ് യേഹ്ശുവാ വ്യക്തമാക്കുന്നത്. എന്നാല്‍, ഈ വചനഭാഗത്തിന്റെ ശീര്‍ഷകം ഉണ്ടാക്കിയവര്‍ കൌശലപൂര്‍വ്വം ചില മാറ്റങ്ങള്‍ വരുത്തുകയും, സഹോദരന്‍ എന്നതിനുപകരം അന്യരെ എന്നാക്കുകയും ചെയ്തു. ശീര്‍ഷകത്തിനു താഴെ വിവരിച്ചിരിക്കുന്ന വചനം ഇങ്ങനെയാണ്: “വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?”(മത്താ: 7; 1-3). സഹോദരനുമായി ബന്ധപ്പെടുത്തി യേഹ്ശുവാ നല്‍കിയ ഉപദേശങ്ങളെയെല്ലാം, ലോകത്തെ സകലരെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു എന്നവിധത്തില്‍ പ്രചരിപ്പിക്കുന്നവര്‍ സഹോദരന്‍ ആരെന്നു മനസ്സിലാക്കാത്തവരാണ്! യേഹ്ശുവായുടെ ചില വചനങ്ങള്‍ നോക്കുക: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹാനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക(മത്താ: 5; 22-24).

എല്ലാ മനുഷ്യരും പരസ്പരം സഹോദരങ്ങളല്ല എന്ന യാഥാര്‍ത്ഥ്യം പൗലോസ് അപ്പസ്തോലന്‍ അറിഞ്ഞിരുന്നു. യേഹ്ശുവായുടെ വചനത്തെ അപ്പസ്തോലന്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിച്ചതുകൊണ്ടാണ് ഇപ്രകാരം എഴുതിയത്: “വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടി വരുമായിരുന്നു. പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നു കണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്”(1 കോറി: 5; 9-11). എല്ലാവരും സഹോദരനല്ലെന്ന യാഥാര്‍ത്ഥ്യം ഇതില്‍ക്കൂടുതല്‍ വ്യക്തതയോടെ അറിയിക്കാന്‍ മനോവയ്ക്കാവില്ല!

വചനം ഇങ്ങനെ പറയുന്നു: “എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്”(1 കേപ്പാ: 2; 9). നമ്മുടെ പദവിയുടെ മാഹാത്മ്യം വ്യക്തമാക്കുന്ന മറ്റൊരു വചനം ഇങ്ങനെ: “ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്"(എഫേ: 2; 19). ദൈവത്താല്‍ വിളിക്കപ്പെട്ടവരായി നാം കടന്നുവന്നിരിക്കുന്നത് എത്ര ഉന്നതമായ അവസ്ഥയിലേക്കാണെന്നു മനസ്സിലാക്കിത്തരുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനം നോക്കുക: “സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്”(ഹെബ്രാ: 12; 22). ഈ ഉന്നതമായ പദവിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള വിവരണം തുടരുകയാണ്: “സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ട ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുമ്പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേഹ്ശുവായുടെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തേക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്”(ഹെബ്രാ: 12; 23, 24).

ഒരുകാര്യം നാം അറിഞ്ഞിരിക്കണം; ദൈവമായ യാഹ്‌വെ സൃഷ്ടി നടത്തിയത്, അവരെയെല്ലാം നരകാഗ്നിക്ക് ഇരയാക്കാനോ അവരിലൂടെ ഭൂമിയില്‍ നാശം വിതയ്ക്കാനോ ആയിരുന്നില്ല. ഈ ഭൂമിയില്‍ സഹിച്ചും ഞെരുങ്ങിയും ജീവിക്കാനുമായിരുന്നില്ല! സന്തോഷിക്കുവാനും ഉല്ലസിക്കുവാനും നന്മ ചെയ്യുവാനുമായിരുന്നു! എല്ലാ തിന്മകളുടെയും മൂലകാരണം ദൈവമാണെന്ന അബദ്ധം മനുഷ്യനെക്കൊണ്ട് പറയിപ്പിക്കുന്നത് പിശാചാണ്! എന്തെന്നാല്‍, അവന്‍ നുണയനും നുണയന്റെ പിതാവുമാണ്! ആദത്തെയും അവനില്‍നിന്നു സ്ത്രീയെയും സൃഷിഷ്ടിച്ചതിനുശേഷം, സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി യാഹ്‌വെ വിശ്രമിച്ചു! പിന്നീടു നടത്തിയ സൃഷ്ടികളുടെ ഉത്തരവാദിത്വം മനുഷ്യനും പിശാചിനുമാണ്!

ചേര്‍ത്തുവായിക്കാന്‍: അവനെ കൂടാതെ ഒന്നുമുണ്ടായിട്ടില്ല എന്ന വചനത്തെ മനോവ അസാധുവാക്കിയിട്ടില്ല. വചനം മാറ്റമില്ലാതെ നിലനില്‍ക്കും. ദൈവമായ യാഹ്‌വെ ആറു ദിവസംകൊണ്ടു സൃഷ്ടിച്ചവയെക്കൂടാതെ ഒന്നും പുതുതായി ഉണ്ടാക്കാന്‍ മനുഷ്യനോ പിശാചിനോ സാധിക്കില്ല! എന്നാല്‍, സൃഷ്ടിനടത്താന്‍ മനുഷ്യനും പിശാചിനും സാധിക്കും! ദൈവം സൃഷ്ടിച്ചവയില്‍നിന്നുള്ള തുടര്‍ സൃഷ്ടികളായിരിക്കും അവ. പുതിയതായി നിര്‍മ്മിച്ച വിശ്വാസപ്രമാണത്തില്‍, ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ചവനെന്ന പ്രയോഗം വാസ്തവത്തില്‍ ദൈവത്തെ ബഹുമാനിക്കലാണോ? 'സര്‍വ്വശക്തനും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ' എന്നു തുടങ്ങുന്ന അര്‍ത്ഥവത്തായ വിശ്വാസപ്രമാണത്തിനു പകരമായി പുതിയതിന്റെ ആവശ്യം എന്തായിരുന്നു?

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-         YouTube

    6683 views

LOG IN

Lost your password?

SIGN UP

LOST PASSWORD