02 - 09 - 2017
വ്യത്യസ്തമായ എന്തെങ്കിലും ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഓരോ സംഘടനകളും പ്രസ്ഥാനങ്ങളും രൂപംകൊള്ളുന്നത്. നിലവിലുള്ള പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ആശയങ്ങളില്‍നിന്നു വ്യത്യസ്തമായ ആശയങ്ങള്‍ ഉയര്‍ന്നുവന്നാല്‍ മാത്രമേ പുതിയൊരു പ്രസ്ഥാനത്തിനു പ്രസക്തിയുണ്ടാവുകയുള്ളൂ. അതിനാല്‍ത്തന്നെ, പുതിയൊരു സംഘടനയോ പ്രസ്ഥാനമോ രൂപീകരിക്കാന്‍ ശ്രമിക്കുന്നവര്‍, നിലവിലുള്ളവയുടെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് തങ്ങളുടെ സംഘടനയെ ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കും. ഈ ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന വ്യക്തികളാണ് പുതിയ പ്രസ്ഥാനത്തിലോ സംഘടനയിലോ അംഗത്വമെടുക്കുന്നത്. തങ്ങള്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള സംഘടനയോ പ്രസ്ഥാനമോ എന്തുതന്നെയുമോ ആകട്ടെ, പ്രഖ്യാപിതമായ ആശയങ്ങളില്‍നിന്നു വ്യതിചലിക്കുന്നുവെങ്കില്‍ അതിനെ ചോദ്യംചെയ്യാന്‍ ഓരോ അംഗങ്ങള്‍ക്കും അവകാശമുണ്ട്. എന്തെന്നാല്‍, തങ്ങള്‍ ഈ പ്രസ്ഥാനത്തിലേക്കു കടന്നുവന്നത് ആശയത്തില്‍ ആകൃഷ്ടരായിട്ടാണ്. തന്റെ ആശയത്തോടു സമാനമായ ആശയം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് ഈ സംഘടനയില്‍ അംഗത്വമെടുക്കാന്‍ അവനെ പ്രേരിപ്പിച്ച ഘടകം! അതിനാല്‍ത്തന്നെ, അംഗങ്ങളായി കടന്നുവന്നതിനുശേഷം ഈ ആശയത്തില്‍നിന്നു വേറിട്ട ആശയങ്ങളിലേക്കുള്ള വ്യതിചലനം സംഘടനയ്ക്കുണ്ടായാല്‍ പുനര്‍വിചിന്തനം അനിവാര്യമായി വരും.
ഏതൊരു പ്രസ്ഥാനത്തിനും അതിന്റേതായ നിയമാവലികള്‍ ഉണ്ടായിരിക്കും. ഈ നിയമാവലികള്‍ക്കു വിധേയരായി പ്രവര്‍ത്തിക്കാന്‍ ഓരോ അംഗങ്ങള്‍ക്കും ബാധ്യതയുണ്ട്. നിയമങ്ങളില്‍ മാറ്റംവരുത്തുന്നത് എങ്ങനെയായിരിക്കണം എന്നകാര്യത്തില്‍പ്പോലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരിക്കും ഓരോ നിയമാവലികളും. ഇതിന്റെ അടിസ്ഥാനത്തില്‍ വരുത്തുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഓരോ അംഗങ്ങളും ബാദ്ധ്യസ്ഥരാണ്. എന്നാല്‍, ചിലര്‍ക്കെങ്കിലും ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ സംഘടനയില്‍ ഉണ്ടായേക്കാവുന്ന രണ്ടു പ്രതിഭാസങ്ങളില്‍ ഒന്നാണു പിളര്‍പ്പ്! പുറത്തുപോയി പുതിയ പ്രസ്ഥാനത്തിനു രൂപംകൊടുക്കുന്നതും പിളര്‍പ്പിന്റെ ഭാഗംതന്നെയാണ്. സംഘടനകളില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവര്‍ ചേരിതിരിഞ്ഞു വിമത നീക്കങ്ങള്‍ നടത്താറുണ്ട്. ചിലരുടെ ഏകാധിപത്യ ശൈലികളില്‍ ആലോസരമുള്ളവരും ഇത്തരത്തിലുള്ള വിമതരായി വര്‍ത്തിക്കുന്നു. സംഘടനയുടെ നിയമാവലി അനുസരിച്ചു വരുത്തുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാതെ, വിമത നീക്കങ്ങള്‍ നടത്തുന്നവരെ പുറത്താക്കാനുള്ള അവകാശം ഭരണ സമിതിയ്ക്കുണ്ട്. ഇത്തരം പുറത്താക്കലിനും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭരണഘടനയുടെ നിയമാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കണം. ഓരോ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യത്യസ്ത രീതിയാണ് ഇക്കാര്യത്തില്‍ അവലംബിക്കുന്നത്. ശാസന, താക്കീത്, തരംതാഴ്ത്തല്‍, വിലക്ക്, സസ്പെന്‍ഷന്‍, പുറത്താക്കല്‍ എന്നിങ്ങനെയുള്ള ഘട്ടങ്ങള്‍ പുറത്താക്കല്‍ പ്രക്രിയകളിലുണ്ട്.
സാമൂഹികമോ രാഷ്ട്രീയമോ മറ്റെന്തെങ്കിലും ലൗകീക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ രൂപീകരിക്കപ്പെടുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കാര്യമാണ് നാമിവിടെ മനസ്സിലാക്കിയത്. മനുഷ്യര്‍ രൂപീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നിയമാവലികള്‍ തയ്യാറാക്കുന്നത് മനുഷ്യര്‍തന്നെ ആയതുകൊണ്ട്, അതില്‍ ഭേദഗതി വരുത്താനുള്ള അവകാശവും അവര്‍ക്കുണ്ട്. ഈ ഭേദഗതികളെ അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് തങ്ങളുടേതായ വഴി തിരഞ്ഞെടുക്കുക എന്നതല്ലാതെ, നിയമപരമായി അംഗീകാരമുള്ള ഭേദഗതികളെ ചോദ്യചെയ്യാന്‍ അവകാശമില്ല. എന്തെന്നാല്‍, നിയമാവലികളുടെമേല്‍ അല്ല സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്; മറിച്ച്, ഏതെങ്കിലും ആശയത്തെ അടിസ്ഥാനമാക്കി സംഘടനകള്‍ രൂപീകരിക്കപ്പെട്ടതിനുശേഷമാണ് നിയമങ്ങള്‍ നിലവില്‍വരുന്നത്! ഈ നിയമങ്ങളില്‍ കാലാനുസരണമായ മാറ്റങ്ങള്‍ വരുത്തുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍, ആത്മീയതയെ ലക്ഷ്യമാക്കി മുന്നേറുന്ന മതവിഭാഗങ്ങള്‍ക്ക് തങ്ങളുടെ നിയമങ്ങളില്‍ മാറ്റംവരുത്താന്‍ അവകാശമില്ല. ഏതെങ്കിലും മതവിഭാഗങ്ങള്‍ തങ്ങളുടെ നിയമങ്ങളില്‍ മാറ്റംവരുത്തുന്നുവെങ്കില്‍, ഈ മതവിഭാഗങ്ങള്‍ മനുഷ്യനിര്‍മ്മിത മതമാണെന്നു വ്യക്തം! എന്തെന്നാല്‍, ഒരു പ്രത്യേക ലക്ഷ്യത്തോടെ മനുഷ്യര്‍ തട്ടിക്കൂട്ടിയ മതങ്ങളുടെ നിയമാവലികളും അവരുടെതന്നെ സൃഷ്ടിയായിരിക്കും. മനുഷ്യര്‍ നിര്‍മ്മിക്കുന്ന ഈ നിയമങ്ങളില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ അനിവാര്യമായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല!
ജനതകളും മതങ്ങളും!
ജനതകള്‍ രൂപംകൊണ്ട കാലംമുതല്‍ക്കേ ദൈവാരാധനയും ആരംഭിച്ചു. ചില ജനതകള്‍ തങ്ങളുടെ ഭാവനയില്‍ രൂപപ്പെടുത്തിയെടുത്ത ദൈവങ്ങളെ ആരാധിച്ചു. സത്യദൈവത്തെ ആരാധിക്കുന്ന മനുഷ്യരേക്കാള്‍ അധികമായിരുന്നു ഇവരുടെ സംഖ്യ! ആദംമുതല്‍ നോഹ് വരെയുള്ളവരുടെ ചരിത്രം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും! യഥാര്‍ത്ഥ ദൈവത്തില്‍നിന്ന് അകന്നുപോയവരെല്ലാം ഭൂമിയെ ശാപംകൊണ്ടു നിറച്ചു. എന്നാല്‍, ഭൂമിയില്‍ ഒരുവനെ ദൈവം നീതിമാനായി കണ്ടു. അവന്റെ പേരാണു നോഹ്! ഈ വചനം ശ്രദ്ധിക്കുക: "ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും യാഹ്‌വെ കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ യാഹ്‌വെ പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. യാഹ്‌വെ അരുളിച്ചെയ്തു: എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്നാല്‍, നോഹ് യാഹ്‌വെയുടെ പ്രീതിക്കു പാത്രമായി"(ഉത്പ: 6; 5-8). ദൈവത്തില്‍നിന്നു വേറിട്ട് മനുഷ്യന്‍ ചിന്തിക്കുകയും, തന്റെ ഭാവനയില്‍ ദൈവത്തെ സങ്കല്പിക്കുകയും ചെയ്തതാണ് മനുഷ്യന്റെ അധഃപതനത്തിന് ആധാരം! ഇവരില്‍നിന്നു വ്യത്യസ്തനായി ദൈവം നോഹിനെ മാത്രമേ കണ്ടുള്ളൂ!
മനുഷ്യന്റെ ചിന്തയും ഭാവനയും ദുഷിച്ചപ്പോള്‍ അവന്‍ പൂര്‍ണ്ണമായി ദുഷിക്കപ്പെടുകയും ദൈവത്തില്‍നിന്ന് അകന്നുപോകുകയും ചെയ്തു. അവന്റെ ഭാവനയില്‍ രൂപപ്പെടുത്തിയ ദൈവങ്ങളെ തന്റെ അധിപതികളായി അവന്‍ അവരോധിച്ചു! ഇത്തരത്തിലാണ് ഭൂമിയില്‍ മതങ്ങള്‍ ആവിര്‍ഭവിച്ചത്. തന്റെ സൃഷ്ടികള്‍ തന്നെ ഉപേക്ഷിക്കുകയും സ്വന്തം കരവേലയായ വിഗ്രഹങ്ങളെ തങ്ങളുടെ ദൈവങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്തത് സത്യദൈവത്തെ പ്രകോപിപ്പിച്ചു. അവരുടെയിടയില്‍ ഒരുവനെ നീതിമാനായി കണ്ടതുകൊണ്ട്, ആ നീതിമാനെ അവരോടൊപ്പം നശിപ്പിക്കാന്‍ ദൈവം തയ്യാറായില്ല. നോഹിനെ രക്ഷിച്ചുകൊണ്ട് ദുഷ്ക്കര്‍മ്മികളെ എപ്രകാരമാണ് ദൈവമായ യാഹ്‌വെ ശിക്ഷിച്ചതെന്നു നോക്കുക: "ദൈവം നോഹിനോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും. ഗോഫെര്‍മരംകൊണ്ടു നീയൊരു പെട്ടകമുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക. അതിന്റെ അകത്തും പുറത്തും കീലു തേക്കണം"(ഉത്പ: 6; 13, 14). പെട്ടകം എങ്ങനെയാണു നിര്‍മ്മിക്കേണ്ടതെന്ന വിവരണമാണ് തുടര്‍ന്നുള്ള ഭാഗത്തു നാം വായിക്കുന്നത്.
ദൈവം നോഹിനോട് അരുളിച്ചെയ്തു: "ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനു കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും. എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം; നിന്റെ കൂടെ നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും. എല്ലാ ജീവജാലങ്ങളിലും നിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ കയറ്റി സൂക്ഷിക്കണം. എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെ കൂടെ വരട്ടെ. നിനക്കും അവയ്ക്കും ആഹാരത്തിനുവേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം. ദൈവം കല്പിച്ചതുപോലെ നോഹ് പ്രവര്‍ത്തിച്ചു"(ഉത്പ: 6; 17-22). പിന്നീട് നാല്പതു രാവും നാല്പതു പകലും നീണ്ടുനിന്ന പെരുമഴയായിരുന്നു! പ്രളയാനന്തരം നോഹയും അവന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും മാത്രമാണ് ഈ ഭൂമുഖത്ത് ജീവനോടെയുണ്ടായിരുന്ന മനുഷ്യര്‍! ഷേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാരാണ് നോഹിനുണ്ടായിരുന്നത്. നോഹും കുടുംബവും പെട്ടകത്തിനു പുറത്തുവന്നപ്പോള്‍ യാഹ്‌വെ അവരെ അനുഗ്രഹിച്ചു. ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "നോഹിനെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താനപുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍. സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെയെല്ലാം ഞാന്‍ നിങ്ങളെ ഏല്പിച്ചിരിക്കുന്നു. ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. എന്നാല്‍, ജീവനോടുകൂടിയ, അതായത്, രക്തത്തോടു കൂടിയ മാംസം ഭക്ഷിക്കരുത്"(ഉത്പ: 9; 1-4).
ഇവിടെനിന്നാണ് ജനതകളുടെ ഉദ്ഭവം വീണ്ടും ആരംഭിച്ചത്. ഉത്പത്തിയുടെ പുസ്തകത്തിലെ പത്താം അദ്ധ്യായത്തില്‍ നാം വായിക്കുന്നത് ഇക്കാര്യമാണ്. നോഹിന്റെ മൂന്നു പുത്രന്മാരില്‍ ഒരുവനായ ഷേമിനെ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തു. ഇവന്റെ തലമുറയില്‍ നിന്നാണ് ദൈവം അബ്രാഹത്തെ തിരഞ്ഞെടുത്ത് ഉടമ്പടി സ്ഥാപിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത്. ദൈവമായ യാഹ്‌വെ ഷേമിനെ പ്രത്യേകമായി തിരഞ്ഞെടുക്കാന്‍ കാരണമുണ്ടായിരുന്നു. കാനാന്റെ പിതാവുകൂടിയായ ഹാം ഒരു തെറ്റുചെയ്തു. തന്റെ പിതാവിന്റെ നഗ്നത ദര്‍ശിച്ചു എന്നതായിരുന്നു ഹാമിന്റെ തെറ്റ്. മനഃപൂര്‍വമോ അല്ലാതെയോ പിതാവിന്റെ നഗ്നത ദര്‍ശിച്ചതുമൂലം, പിതാവ് അവനെ ഇപ്രകാരം ശപിച്ചു: "കാനാന്‍ ശപിക്കപ്പെടട്ടെ. അവന്‍ തന്റെ സഹോദരര്‍ക്ക് ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും"(ഉത്പ: 9; 24, 25). പിന്നീട് നോഹ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: "ഷേമിന്റെ ദൈവമായ യാഹ്‌വെ വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ. യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും"(ഉത്പ: 9; 26, 27). ഇവിടെ വലിയൊരു സത്യം തെളിഞ്ഞു നില്‍ക്കുന്നുണ്ട്. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ ഷേമിന്റെ ദൈവമെന്നാണ് നോഹ് പ്രഖ്യാപിച്ചത്. അതായത്, സത്യദൈവത്തെ ഷേമിന്റെ ദൈവമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം മൂലം ഷേമിന്റെ തലമുറയില്‍നിന്ന് ദൈവം അവിടുത്തെ ജനത്തെ തിരഞ്ഞെടുത്തു. അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് അറിയപ്പെടാന്‍ അവിടുന്ന് ആഗ്രഹിക്കുകയും ചെയ്തു!
ശീര്‍ഷകവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലൂടെയാണ് ഈ പഠനം കടന്നുപോകുന്നതെന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. നാം നിലനില്‍ക്കുന്നത് വേലിക്ക് പുറത്തോ അകത്തോ എന്ന് വ്യക്തതയോടെ മനസ്സിലാക്കാന്‍ ഇത്തരത്തിലുള്ള ഒരു പഠനം അനിവാര്യമായതുകൊണ്ടാണ് ഇങ്ങനെയൊരു അടിത്തറ പാകിയത്. ജനതകള്‍ ആവിര്‍ഭവിക്കപ്പെട്ടതും അവരുടെ ആശയങ്ങളുടെ പരിണിതഫലമായി മതങ്ങള്‍ രൂപപ്പെട്ടതും എങ്ങനെയെന്ന്‍ നാം അറിഞ്ഞേ മതിയാകൂ. നീതിമാനായി ദൈവം പരിഗണിച്ച നോഹിനെ ദൃഷ്ടാന്തമാക്കിയാണ് നമ്മുടെ പഠനം ആരംഭിക്കേണ്ടത്. എന്തെന്നാല്‍, അവന്റെ ദൈവത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയെ അവന്‍തന്നെ തിരഞ്ഞെടുത്തു. ഇവിടെ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. നാം പറയുന്ന ഓരോ വാക്കുകളും ദൈവം പ്രാധാന്യത്തോടെ പരിഗണിക്കുന്നു. ഈ വചനം നോക്കുക: "മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥ വാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും"(മത്താ: 12; 36, 37). ഒരു മനുഷ്യനുതന്നെ കെട്ടാനും അഴിക്കാനും സാധിക്കും. നോഹ് എന്ന പിതാവിനു തനിക്കു ലഭിച്ചിരിക്കുന്ന അനുഗൃഹം താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു കൈമാറാന്‍ അവകാശമുണ്ട്. ഷേമിനു കരഗതമായ അനുഗൃഹവും ഇപ്രകാരം കൈമാറ്റം ചെയ്യപ്പെട്ടതാണ്!
ഇത് ഒരു അവകാശത്തിന്റെ കൈമാറ്റമാണ്. ഇങ്ങനെയൊരു കൈമാറ്റം അനുവദിക്കപ്പെടുന്നത് വിശ്വാസത്തില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണെന്നു നാം അറിഞ്ഞിരിക്കണം. ദൈവം തിരഞ്ഞെടുത്ത ചിലരെ ദൈവംതന്നെ പരിത്യജിച്ചിട്ടുണ്ട്. സാവൂള്‍ എന്ന രാജാവാണ് ഇതിനിന്റെ ഉത്തമ ദൃഷ്ടാന്തം. ഇസ്രായേലിന്റെ രാജാവായി അഭിഷിക്തനായ ആദ്യത്തെ വ്യക്തിയായിരുന്നു സാവൂള്‍! ഈ സാവൂള്‍ പരിത്യജിക്കപ്പെട്ടത് അവന്റെ പ്രവൃത്തിയുടെ പരിണിതഫലമായിട്ടാണ്. നിയമം ലംഘിക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ പരിത്യജിക്കപ്പെടും എന്നതിന്റെ ദൃഷ്ടാന്തമായും ഇതിനെ പരിഗണിക്കാന്‍ കഴിയും! സത്യദൈവത്തെ മുറുകെപ്പിടിക്കുന്ന ഏതൊരുവനും ആ ദൈവത്തിന്റെ നാമത്തില്‍ ഒരുവനെ അനുഗൃഹിക്കാനും ശപിക്കാനും സാധിക്കും! നോഹ് സത്യദൈവത്തെ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു. അവന്‍ തന്റെ ദൈവത്തിന്റെ അനുഗൃഹം ഷേമിനു കൈമാറിയത് സ്വര്‍ഗ്ഗത്തിലും സ്വീകാര്യമായി എന്നതിന്റെ തെളിവാണ് അബ്രാഹം! എന്നാല്‍, ഇവിടെ ഒരു പ്രത്യേകതയുണ്ട്. നോഹ് അനുഗൃഹം കൈമാറിയത് നിയമം നല്കപ്പെടുന്നതിനു മുന്‍പാണ്. നിയമം നല്കപ്പെട്ടതിനുശേഷം നിയമത്തില്‍നിന്നുകൊണ്ടു മാത്രമാണ് ഈ കൈമാറ്റം സാധ്യമാകുകയുള്ളു. നിയമം നല്‍കപ്പെട്ടത് മോശവഴിയാണ്. അതിനാല്‍ത്തന്നെ, മോശയ്ക്കുശേഷം നിയമമാണ് സകല വിഷയങ്ങളിലും അവസാന വാക്ക്. നിയമം നല്കപ്പെടുന്നതുവരെ അതിന്റെ കീഴിലായിരുന്നില്ല മനുഷ്യന്‍. എന്നാല്‍, നിയമം നല്കപ്പെട്ടതോടെ മനുഷ്യന്‍ നിയമത്തിനു കീഴിലായി.
ബൈബിള്‍ നല്‍കുന്ന സന്ദേശം ഇതാണ്: "എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടമില്ല. നിയമബദ്ധരല്ലാതിരിക്കെ പാപം ചെയ്തവരെല്ലാം നിയമം കൂടാതെ നശിക്കും; നിയമബദ്ധരായിരിക്കെ പാപം ചെയ്തവര്‍ നിയമാനുസൃതം വിധിക്കപ്പെടും. കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാന്മാര്‍; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. നിയമം ലഭിച്ചിട്ടില്ലാത്ത വിജാതിയര്‍ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോള്‍, നിയമമില്ലെന്നിരിക്കിലും അവര്‍ തങ്ങള്‍ക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്. നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയത്തില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനസ്സാക്ഷി അതിനു സാക്ഷ്യം നല്‍കുന്നു. അവരുടെ വൈവിദ്ധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും. ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേഹ്ശുവാ മ്ശിഹാവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ദിവസം ഇതും വെളിവാകും"(റോമാ: 2; 11-16). വളരെ വ്യക്തതയോടെയുള്ള വെളിപ്പെടുത്തലാണ് പൗലോസ് അപ്പസ്തോലന്‍ ഇവിടെ നല്‍കിയിരിക്കുന്നത്. നിയമം നല്കപ്പെട്ടതിനുശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നതെങ്കിലും യഥാര്‍ത്ഥ സത്യത്തില്‍ നിലനില്‍ക്കാത്തവരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ഒരു ദിനമുണ്ട്. ഇവിടെ വിധിക്കപ്പെടുന്നത് നിയമത്തെ മുന്‍നിര്‍ത്തിയായിരിക്കും. നിയമം നല്‍കപ്പെട്ടത് മോശയിലൂടെയാണെന്നു നാം മനസ്സിലാക്കി. അതുവരെയും അനുശാസിക്കേണ്ടതു മനസ്സാക്ഷി കുറ്റപ്പെടുത്താത്ത വിധമായിരിക്കണം.
നിയമം നല്കപ്പെട്ടതിനുശേഷം ആര്‍ക്കും നിയമത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ല. നിയമം അറിയില്ലായിരുന്നുവെന്നത് ഒരു ഒഴിവുകഴിവല്ല; നിയമം അറിയുകയും അതിനു കീഴ്പ്പെടുകയും ചെയ്യുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നാം പ്രാരംഭത്തില്‍ പരിശോധിച്ചതും ഇതുതന്നെയാണ്. ഓരോ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും അവയുടേതായ നിയമങ്ങളുണ്ട്. ആ നിയമങ്ങളില്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ ആ സംഘടനകളിലോ പ്രസ്ഥാനങ്ങളിലോ അംഗങ്ങളായി തുടരാന്‍ കഴിയുകയുള്ളൂ. എന്നാല്‍, മതങ്ങളുടെ കാര്യം അല്പം വ്യത്യസ്തമാണ്. എന്തെന്നാല്‍, ഒരുവന്‍ ഒരു മതത്തെ സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രസ്ഥാനങ്ങളിലും സംഘടനകളിലും അംഗങ്ങളാകുന്നതും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍പ്പോലും ആ വിശ്വാസത്തിനു ചില പ്രത്യേകതകളുണ്ട്. ഒരു വ്യക്തിയോ സമൂഹമോ രൂപീകരിക്കുന്ന പ്രസ്ഥാനങ്ങളാണ് അവയൊക്കെ. അവയുടെ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും വ്യക്തികളും സമൂഹങ്ങളുമാണ്. എന്നാല്‍, മതത്തെ സംബന്ധിച്ചുള്ള നിയമങ്ങള്‍ വ്യക്തികളാല്‍ നിര്‍മ്മിക്കപ്പെടുന്നത് ആയിരിക്കാന്‍ പാടില്ല. അപ്രകാരമായാല്‍ അത് വെറുമൊരു സംഘടന മാത്രമായിരിക്കും. ഇത്തരത്തിലുള്ള അനേകം മതങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്.
നീതിമാനായ അബ്രാഹം!
നമ്മുടെ പഠനം കടന്നുപോകേണ്ടത് ഷേമിന്റെ വംശാവലിയിലൂടെയാണ്. എന്തെന്നാല്‍, സത്യദൈവത്തിന്റെ പാതയില്‍ സഞ്ചരിച്ചവരുടെ പൂര്‍വ്വപിതാവാണു ഷേം. ഷേമിന്റെ സഹോദരങ്ങളുടെ തലമുറ വ്യതിചലിച്ചുവെന്നതും ഷേമിന്റെ തലമുറയിലെതന്നെ പലരും സത്യദൈവത്തിന്റെ മാര്‍ഗ്ഗം അന്വേഷിച്ചില്ല എന്നതും നാം മനസ്സിലാക്കണം. ഇക്കാര്യത്തിനു നമുക്കു മുന്നിലുള്ള ദൃഷ്ടാന്തം അബ്രാഹമാണ്. ഷേമിന്റെ തലമുറയില്‍ത്തന്നെ അനേകര്‍ ജനിച്ചിട്ടും, അബ്രാഹത്തിന്റെ സമകാലീകരായി മറ്റു നീതിമാന്മാരെ ദൈവം കണ്ടെത്തിയില്ല. കുറച്ചുകൂടി പിന്നോട്ടു ചിന്തിച്ചാല്‍ മറ്റൊരു സത്യംകൂടി നമുക്കു വെളിപ്പെട്ടു കിട്ടും. നോഹ് നീതിമാനായിരുന്നിട്ടും എന്തുകൊണ്ട് അവന്റെ എല്ലാ സന്തതികളും നീതീമാന്മാരായില്ല? ദൈവം ആരെയെങ്കിലും തള്ളിക്കളഞ്ഞിട്ടുണ്ടോ? അവിടുന്ന് ആരെയെങ്കിലും തള്ളിക്കളയുമോ? ദൈവത്തിന്റെ വചനത്തില്‍ യേഹ്ശുവാ ഇപ്രകാരമാണ് അരുളിചെയ്യുന്നത്: "പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല"(യോഹ: 6; 37). സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനായ യേഹ്ശുവായുടെ വാക്കുകള്‍ ഇതാണെങ്കില്‍, ഇതില്‍നിന്നു വ്യത്യസ്തമായ ഒരു തീരുമാനവും സ്വര്‍ഗ്ഗത്തിന്റെ നിയമത്തിലില്ല. അതായത്, മനുഷ്യനെ ദൈവം തള്ളിക്കളയുന്നില്ല; എന്നാല്‍, മനുഷ്യനു ദൈവത്തെ തള്ളിക്കളയാന്‍ സാധിക്കും. ഇതുതന്നെയാണ് ഷേമിന്റെ സഹോദരങ്ങളുടെ തലമുറയ്ക്കും സംഭവിച്ചത്.
ഷേമിന്റെ സഹോദരങ്ങളുടെ തലമുറയ്ക്കു മാത്രമല്ല ഇതു സംഭവിച്ചത്, ഷേമിന്റെ തലമുറയില്‍പ്പോലും ഇതു സംഭവിച്ചു. സത്യദൈവത്തെ സേവിക്കുന്നവര്‍ ഇല്ലാത്തവിധം വ്യതിചലിച്ച തലമുറയില്‍ ഒരുവനെ മാത്രമേ ദൈവത്തിനു കണ്ടെത്താന്‍ സാധിച്ചുള്ളൂ. അബ്രാഹത്തിന്റെ സമകാലികരായി ജീവിച്ച ജനതകളെല്ലാം നോഹിന്റെ പുത്രന്മാരുടെ പരമ്പരയില്‍ ജനിച്ചവരായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്. ഇവിടെ മറ്റൊരു സത്യംകൂടി നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍, നീതിമാനായി ദൈവം കണ്ടെത്തിയ നോഹിന്റെ പുത്രന്മാരില്‍ ആരെയും ദൈവം തള്ളിക്കളഞ്ഞിരുന്നില്ല എന്നതാണ് ആ സത്യം. തള്ളിക്കളഞ്ഞിരുന്നുവെങ്കില്‍ നോഹ് നിര്‍മ്മിച്ച പെട്ടകത്തില്‍ അവര്‍ക്കു സ്ഥാനം ലഭിക്കുമായിരുന്നില്ല. പ്രളയാനന്തരം നോഹിന്റെ മക്കളില്‍ ആരെങ്കിലും ചെയ്ത പാപംകൊണ്ടാണ് രണ്ടു മക്കള്‍ പരിത്യജിക്കപ്പെട്ടത് എന്ന ചിന്തയിലും ഒരു തിരുത്തല്‍ അനിവാര്യമാണ്. കാരണം, പിതാവിന്റെ നഗ്നത മനപ്പൂര്‍വ്വം ദര്‍ശിച്ച വ്യക്തിയായിരുന്നില്ല കാനാന്റെ പിതാവായ ഹാം. അഥവാ അങ്ങനെയായിരുന്നുവെങ്കില്‍ക്കൂടി, മറ്റൊരു സഹോദരനായ യാഫെത്തിന്റെ തലമുറ എന്തുപിഴച്ചു? ഷേം മാത്രം അനുഗൃഹിക്കപ്പെട്ടത്തിന്റെ കാരണമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. അതായത്, യാഫെത്തിന്റെയും ഹാമിന്റെയും തലമുറയെ ദൈവം എന്നേക്കുമായി പരിത്യജിക്കുകയായിരുന്നില്ല; മറിച്ച്, വലിയൊരു പ്രവചനം അവിടെ നടത്തുകയായിരുന്നു! അബ്രാഹത്തെ കേന്ദ്രീകരിച്ചുള്ള പുതിയൊരു തിരഞ്ഞെടുപ്പിന്റെ പ്രവചനമായിരുന്നു അത്!
ഷേമിന്റെ ദൈവം എന്നത്, അവന്റെ തലമുറയില്‍ ജനിക്കാനിരിക്കുന്ന അബ്രാഹത്തിന്റെ ദൈവമാണ്! അവിടുന്ന് ആഗ്രഹിച്ചത് അബ്രഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമെന്ന് അറിയപ്പെടാനായിരുന്നു. അവിടുന്ന് ഇന്നും അറിയപ്പെടുന്നത് ഈ നാമധേയത്തില്‍ത്തന്നെയാണ്! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അനുസ്മരിക്കപ്പെടേണ്ടതായ അവിടുത്തെ പരിശുദ്ധ നാമം 'യാഹ്‌വെ' എന്നാകുന്നു!
ആദത്തിന്റെ സന്തതികളില്‍ നോഹും അബ്രാഹവും മാത്രമേ തിരഞ്ഞെടുക്കപ്പെട്ടുള്ളുവെന്ന് ആരും ചിന്തിക്കരുത്. എന്തെന്നാല്‍, അബ്രഹത്തിലൂടെ ഈ ഭൂമുഖത്തുള്ള സകല ജനതകളും സ്വീകാര്യരാകുവാനുള്ള ഒരു നിയോഗമായിരുന്നു അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ അനുഗൃഹം ഇപ്രകാരമായിരുന്നു: "ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതരാകും"(ഉത്പ: 12; 2, 3). അബ്രാഹത്തിലൂടെ ഒരുവന്‍ അനുഗ്രഹിക്കപ്പെടുന്നത് എങ്ങനെയാണ്? അബ്രഹാം അനുഗ്രഹിക്കപ്പെട്ടത് ഏതു മാര്‍ഗ്ഗത്തിലൂടെയാണോ, ആ മാര്‍ഗ്ഗത്തിലൂടെയാണ് മറ്റൊരുവന്‍ അനുഗ്രഹിക്കപ്പെടുന്നത്. അതായത്, അബ്രാഹം അനുഗ്രഹിക്കപ്പെട്ടത് സത്യദൈവമായ യാഹ്‌വെയെ മാത്രം വിശ്വസിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണ്. അതുപോലെതന്നെ, അബ്രാഹത്തിന്റെ ദൈവത്തെ സ്വീകരിക്കുന്നവന്‍ അബ്രാഹത്തിന്റെ അനുഗ്രഹത്തിനു പാത്രമാകും! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, നോഹും അബ്രാഹവും രണ്ടു ദൃഷ്ടാന്തങ്ങളായിരുന്നു. ഇവരുടെ മുന്‍ഗാമികളില്‍ നീതീമാന്മാരായി മറ്റാരും ഉണ്ടായിരുന്നില്ല എന്ന ചിന്ത ശരിയല്ല. കാരണം, ആബേല്‍ തുടങ്ങിയ നീതിമാന്മാരുടെ ഗണത്തില്‍ ഹെനോക്കും ഉണ്ടായിരുന്നുവെന്നത് നാം വിസ്മരിക്കരുത്. എന്നാല്‍, നോഹിന്റെയും അബ്രഹാത്തിന്റെയും കാലത്ത് മറ്റു നീതിമാന്മാരെ ആരെയും ദൈവത്തിനു കണ്ടെത്താന്‍ സാധിച്ചില്ല.
അബ്രാഹത്തെ തിരഞ്ഞെടുത്തതിനുശേഷവും വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാഗ്ദാനപ്രകാരം ദൈവം നല്‍കിയ യിസഹാക്ക് എന്ന പുത്രനെ കൂടാതെ വേറെയും സന്തതികള്‍ അബ്രാഹത്തിനുണ്ടായിരുന്നു. എന്നാല്‍, അവരാരും അബ്രാഹത്തിന്റെ അവകാശികളായില്ല. ഭാര്യയായ സാറായില്‍ ജനിച്ച വാഗ്ദത്തപുത്രന്‍ യിസഹാക്കിനും ഹാഗാര്‍ എന്ന ഈജിപ്തുകാരി അടിമയില്‍ ജനിച്ച ഇസ്മായേലിനും പുറമേ ആറു സന്തതികളായിരുന്നു അബ്രാഹത്തിനുണ്ടായിരുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അബ്രാഹം കെത്തൂറാ എന്നു പേരായ സ്ത്രീയെ വിവാഹം ചെയ്തു. അവളില്‍ അവന് സിമ്രാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു"(ഉത്പ: 25; 1, 2). ഇവരില്‍നിന്നു ദൈവം തിരഞ്ഞെടുത്തത് യിസഹാക്കിനെ മാത്രമായിരുന്നു. ഇവനെക്കൂടാതെ, അബ്രാഹത്തിനുണ്ടായിരുന്ന ഏഴു പുത്രന്മാരുടെ തലമുറയെ പൂര്‍ണ്ണമായും പരിത്യജിച്ചുവെന്ന് ഇതിനര്‍ത്ഥമില്ല. അബ്രാഹത്തിന്റെ ദൈവത്തെ അംഗീകരിക്കുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ ഭാഗമായി തുടരാനുള്ള അവകാശം ദൈവം നല്‍കി. ശാരീരികമായി അബ്രാഹത്തിന്റെ സന്തതികളല്ലാത്തവര്‍ക്കുപോലും ഇത് സാധ്യമാകും എന്നതാണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. വിശ്വാസംവഴി അബ്രാഹത്തിന്റെ സന്തതികളായി പരിഗണിക്കപ്പെടുന്ന അവസ്ഥയാണിത്.
സകല ജനതകള്‍ക്കുമുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയുടെ പ്രവചനമായും അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പ് പരിഗണിക്കാവുന്നതാണ്. അബ്രാഹത്തിന്റെ ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെയും പൂര്‍ണ്ണ ശക്തിയോടെയും പൂര്‍ണ്ണാത്മാവോടു കൂടെയും അനുഗമിക്കുന്ന ആര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഭാഗമാകാന്‍ സാധിക്കും. പ്രവാചക കാലഘട്ടത്തില്‍ പരിച്ഛേദനമായിരുന്നു ഇതിന്റെ ആധാരം! എന്നാല്‍, കൃപയുടെ യുഗത്തില്‍ ജ്ഞാനസ്നാനം ആധാരമാക്കപ്പെട്ടു! വിശ്വസിക്കുന്ന ആര്‍ക്കും അവര്‍ ആരെന്നുള്ള ചോദ്യമില്ലാതെതന്നെ ദൈവജനത്തിന്റെ ഭാഗമാകാനുള്ള അവസാമാണ് ക്രിസ്തുവഴി സംജാതമായത്. ഈ സത്യത്തിന് ആധാരമായ വചനമിതാണ്: "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു"(യോഹ: 3; 16-19). രക്ഷയെ സംബന്ധിച്ച് ഇതിനേക്കാള്‍ പൂര്‍ണ്ണതയുള്ള മറ്റൊരു വിശദ്ദീകരണമില്ല!
അബ്രാഹത്തിന്റെ ദൈവത്തില്‍ വിശ്വസിക്കുന്ന ഏതൊരുവനും തങ്ങളുടെ വിശ്വാസംവഴി അവന്റെ സന്തതിയാകാന്‍ സാധിക്കുമായിരുന്നെങ്കില്‍, യേഹ്ശുവായില്‍ വിശ്വസിക്കുന്ന ഏതൊരുവനും ദൈവപുത്ര സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. നോഹിന്റെ കാലത്തും അബ്രാഹത്തിന്റെ കാലത്തും ജീവിച്ചിരുന്ന സമാന്തരസമൂഹങ്ങള്‍ പരിത്യജിക്കപ്പെട്ടതുപോലെ, കൃപയുടെ യുഗത്തിലും പരിത്യജിക്കപ്പെടും! വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള തിരസ്ക്കരണം അന്നു സംഭവിച്ചതുപോലെതന്നെ ഇന്നും സംഭവിക്കുന്നു. യേഹ്ശുവായില്‍ വിശ്വസിക്കാതെ രക്ഷപ്രാപിക്കാം എന്ന വ്യാമോഹത്തിന് അവതാരികയെഴുതി പ്രോത്സാഹിപ്പിക്കുന്ന സകലര്‍ക്കുമുള്ള മുന്നറിയിപ്പാണിത്. ഈ വചനംകൂടി ഓര്‍മ്മയില്‍ സൂക്ഷിക്കുക: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). പ്രവാചക കാലഘട്ടത്തില്‍ വിശ്വാസത്തിന്റെ അടയാളം പരിച്ഛേദനമായിരുന്നെങ്കില്‍, കൃപയുടെ കാലഘട്ടത്തില്‍ വിശ്വാസത്തിന്റെ അടയാളം സ്നാനമാണ്!
ഒരുവന്‍ തന്റെ വിശ്വാസത്തിലൂടെ അവന്റെ നിത്യരക്ഷ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ അടയാളമായി സ്നാനം അനിവാര്യമായിവരുന്നു. ഈ അനിവാര്യത വ്യക്തമാക്കിക്കൊണ്ട് രക്ഷകന്‍ ഇപ്രകാരം അരുളിച്ചെയ്തു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ: 3; 5). നിത്യരക്ഷയെ സംബന്ധിച്ചിടത്തോളവും ദൈവരാജ്യത്തെ സംബന്ധിച്ചിടത്തോളവും അവസാനത്തെ വാക്ക് യേഹ്ശുവായുടെതാണ്. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനും സ്വര്‍ഗ്ഗത്തിലെ സകല അധികാരങ്ങളും കൈയ്യാളുന്നവാനുമായ ഒരുവന്‍ മാത്രമേയുള്ളൂ. ഈ അധികാരിയ്ക്കല്ലാതെ മറ്റാര്‍ക്കും ഇതു പ്രഖ്യാപിക്കാന്‍ സാധിക്കുകയില്ല. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 19). ഇതിനപ്പുറമൊരു സ്ഥിരീകരണം നിത്യജീവനെ സംബന്ധിച്ച് ആവശ്യമില്ല.
മതം എന്നതിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണ്. ഒരു വ്യക്തിയുടെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവന്‍ തീരുമാനങ്ങളെടുക്കുന്നത്. സത്യദൈവത്തെ തിരിച്ചറിഞ്ഞ്, ആ ദൈവത്തെ തിരഞ്ഞെടുക്കുന്നതുവഴി ഒരുവന്‍ ദൈവഭവനത്തിനു യോഗ്യത നേടുന്നു. ദൈവത്താല്‍ വിളിക്കപ്പെടുന്നവര്‍ക്കു മാത്രമാണ് ഈ സൗഭാഗ്യം ലഭിക്കുന്നത്. ഈ വിളിയോടു മറുതലിക്കുന്നവരാണ് പുറന്തള്ളപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് നാശത്തില്‍ അവന്‍ പതിക്കണം എന്ന ലക്ഷ്യത്തോടെയല്ല. നിത്യരക്ഷയും നിത്യനാശവും മനുഷ്യന്റെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ അവനു ലഭിക്കുന്നതാണ്. വചനം ഇപ്രകാരം പറയുന്നു: "മനസ്സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്, അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാ: 15; 15-17). മനുഷ്യന്റെ വിവേചനാധികാരമാണ് ഇവിടെ പ്രധാനം. അതായത്, രക്ഷ ഓരോരുത്തരുടെയും സമീപത്തുണ്ട്; എന്നാല്‍, അത് സ്വന്തമാക്കാന്‍ അവര്‍ തയ്യാറാകണം. സത്യദൈവത്തെ അറിയാനും അവിടുത്തെ സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങളെല്ലാം അവിടുന്നുതന്നെ ഒരുക്കിയിട്ടുണ്ട്. ഇത് ഈ കാലത്തിന്റെ മാത്രം പ്രത്യേകതയല്ല; മറിച്ച്, സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ അവിടുന്ന് ഇപ്രകാരം തന്നെയായിരുന്നു. അവിടുത്തെ അന്വേഷിക്കുകയും അവിടത്തോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്ത നോഹിനെയും കുടുംബത്തെയും ശിക്ഷയില്‍നിന്നു മാറ്റിനിര്‍ത്തി. എന്നാല്‍, പിന്നീട് ഉദ്ഭവിച്ച തലമുറയില്‍ ഭൂരിഭാഗവും ദൈവത്തെ നിഷേധിച്ചു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്!
നോഹിന്റെ കാലത്തുണ്ടായ ജലപ്രളയാനന്തരം ജനതകള്‍ ഈ ഭൂമുഖത്ത് അവശേഷിച്ചില്ല. ഒരു കുടുംബം മാത്രമാണ് ഇവിടെ അവശേഷിച്ചത്. ഒരു നീതിമാന്റെ കുടുംബമായിരുന്നു അത്. ദൈവം നീതിമാനായി കണ്ടെത്തിയ ഏക വ്യക്തിയുടെ കുടുംബം! എന്നാല്‍, അബ്രാഹത്തിന്റെ കാലമെത്തിയപ്പോള്‍ ആ കുടുംബത്തില്‍നിന്നുതന്നെ മ്ലേച്ഛന്മാര്‍ ഉദയം ചെയ്തു. സത്യദൈവത്തെ നിഷേധിച്ചു എന്നതായിരുന്നു അവരുടെ പാപം. അബ്രാഹത്തിന്റെ സഹോദരപുത്രനായ ലോത്ത് ജീവിച്ച പ്രദേശത്ത് സംഭവിച്ചതും നാം സ്മരിക്കണം. സ്വവര്‍ഗ്ഗരതി എന്ന പാപംമൂലം ആ ദേശം അഗ്നിക്കിരയാക്കപ്പെട്ടു. സത്യദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ച സമൂഹമാണ് ഈ ദുരന്തത്തിനു പാത്രമായത്. നീതിമാനായ നോഹിന്റെ തലമുറയിലാണ് ഈ ദുരന്തം സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. അബ്രാഹത്തിന്റെ കാലത്ത് സമാന്തര ജനതകള്‍ ഈ ലോകത്തു പാര്‍ത്തിരുന്നു. സത്യദൈവത്തെ നിഷേധിച്ചു ജീവിച്ച ഈ ജനതകളും കൃപയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരായി അവഗണിക്കപ്പെട്ടു. അബ്രാഹത്തിന്റെ എട്ടു സന്തതികളില്‍ ഒരുവനായ യിസഹാക്കിന്റെ കാലത്ത് ജീവിച്ചിരുന്നവരില്‍ ആരെല്ലാമുണ്ടായിരുന്നു എന്നകാര്യം ഓര്‍ക്കാതെ പോകരുത്. അബ്രാഹത്തിന്റെ മറ്റ് ഏഴു സന്തതികളും അവരുടെ കുടുംബവും സത്യദൈവത്തെ ആരാധിക്കാത്തവരായി അധഃപതിച്ചപ്പോള്‍ അവരും വിച്ഛേദിക്കപ്പെട്ടു. അതായത്, സത്യദൈവത്തെ അംഗീകരിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ മാത്രമാണ് അവിടുന്ന് പരിഗണിക്കുന്നത്.
സത്യദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും നല്‍കുകയും അവിടുത്തെ മഹനീയമായ നാമം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഈജിപ്തില്‍നിന്നു സ്വന്തം ദേശത്തേക്കുള്ള യാത്രയുടെയിടയിലും അവര്‍ വ്യാജ ദൈവങ്ങള്‍ക്കു പിന്നാലെ പോയി. കാളക്കുട്ടികളെ ആരാധിക്കാന്‍ തക്കവണ്ണം അധഃപതിച്ചവര്‍ തങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും നല്‍കപ്പെട്ട ഏക ജതയുടെ അധഃപതനമാണ് അവിടെ ദര്‍ശിച്ചത്. അനേകം ജനതകള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നപ്പോള്‍, ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് ഇവരുടെ അംഗസംഖ്യ പരിഗണിച്ചായിരുന്നില്ല. ഈ വെളിപ്പെടുത്തല്‍ നോക്കുക: "യാഹ്‌വെ നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു"(നിയമം: 7; 7). ഇപ്രകാരംതന്നെയാണ് ഇന്നും ദൈവത്തിന്റെ തിരഞ്ഞെടുപ്പ്. സ്വര്‍ഗ്ഗത്തില്‍ ആളെക്കൂട്ടാന്‍വേണ്ടി നിയമത്തില്‍ അവിടുന്ന് വിട്ടുവീഴ്ചകള്‍ വരുത്തുന്നില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു"(ലൂക്കാ: 12; 32). വളരെ വലിയൊരു സത്യമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടത്.
ദൈവത്തിന്റെ പരിശുദ്ധി വെളിപ്പെടുത്തുന്ന നിയമങ്ങളാണ് അവിടുന്ന് തന്റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യനു നല്‍കിയത്. സത്യദൈവത്തെ ഉപേക്ഷിച്ചു വ്യാജദൈവങ്ങളെ സ്വീകരിക്കുന്നതിലൂടെ മനുഷ്യര്‍ നശിച്ചുപോകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇവ അവിടുന്ന് നല്‍കിയതെന്നു നമുക്കറിയാം. മോശയിലൂടെ നിയമം നല്‍കുന്നതുവരെ നിയമത്തിന്റെ പരിധി താരതമ്യേന ഋജുവായിരുന്നു. എന്തെന്നാല്‍, മനുഷ്യന്റെ പാപങ്ങള്‍ അക്കാലത്തൊന്നും വിശാലമായിരുന്നില്ല. നിയമത്തില്‍ പഴുതുകള്‍ കണ്ടെത്തി പാപംചെയ്യാന്‍ മനുഷ്യനെ പരിശീലിപ്പിച്ചതു സാത്താനായിരുന്നു. ഇത്തരത്തില്‍ പുതിയ പാപങ്ങള്‍ ഉടലെടുത്തപ്പോഴാണ് നിയമം അനിവാര്യമായി വന്നത്. ആയതിനാല്‍, ദൈവം തന്റെ ജനത്തിനു വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും നല്‍കി! അതായത്, പാപം കടന്നുവന്നപ്പോള്‍ അതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് നിയമം പ്രാബല്യത്തില്‍വന്നത്.
ഉടമ്പടിയുടെ സമൂഹം!
നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പുതന്നെ ഉടമ്പടി നിലവിലുണ്ടായിരുന്നു. നോഹുമായി ദൈവം നടത്തിയ ഉടമ്പടി നാം കണ്ടു. സന്താനപുഷ്ടിയുള്ളവരായി ഭൂമിയില്‍ പെരുകുവാനും ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും അധിപരായിരിക്കുവാനും കല്പിച്ചുകൊണ്ടുള്ള ഉടമ്പടിയായിരുന്നു അത്. ആദം എന്ന ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവനുമായി ഏര്‍പ്പെട്ട ഉടമ്പടിയും ഇതുതന്നെയായിരുന്നു. നോഹിനുശേഷം ദൈവം ഉടമ്പടിയിലേര്‍പ്പെട്ടത് അബ്രാഹവുമായിട്ടാണെന്നും നാം മനസ്സിലാക്കി. ആ ഉടമ്പടി എന്താണെന്നും നമുക്കറിയാം. അതായത്, ദൈവത്തിന്റെ ജനം ഉടമ്പടിയുടെ ജനമാണ്!
പാപത്തിനു പഴുതുകള്‍ കണ്ടെത്തിയാണ് മനുഷ്യന്‍ വ്യാജ ദൈവങ്ങളുടെ സേവകരായത് എന്നകാര്യവും നാം മനസ്സിലാക്കിക്കഴിഞ്ഞു. നിയമമില്ലാതിരുന്നപ്പോള്‍ നിയമത്തിന്റെ അനിവാര്യത സംജാതമായതും ഈ വ്യതിചലനം മൂലമായിരുന്നു. ഇതുതന്നെയാണ് ഉടമ്പടിയില്‍നിന്നുള്ള വ്യതിചലനം! വീണ്ടും ദൈവജനവുമായി ഉടമ്പടി ചെയ്യാന്‍ ദൈവം സന്നദ്ധനായി. അവിടുന്ന് മനുഷ്യന്റെ രൂപം സ്വീകരിച്ചു ഭൂമിയില്‍ അവതരിച്ച് ഉടമ്പടി സ്ഥാപിച്ചു! നിയമത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ഉടമ്പടിയായിരുന്നില്ല അത്; മറിച്ച്, നിയമത്തിന്റെ പൂര്‍ത്തീകരണമായി, നിയമത്തെ സ്ഥിരീകരിച്ചുകൊണ്ടുള്ള ഉടമ്പടിയായിരുന്നു. എല്ലാ ഉടമ്പടിയും രക്തത്താലാണ് മുദ്രചെയ്യുന്നത്. നോഹുമായി സ്ഥാപിച്ച ഉടമ്പടിയില്‍ ദൈവം ഇപ്രകാരമാണ് അവനോട് അരുളിച്ചെയ്തത്: "എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. ജീവരക്തത്തിന് മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും"(ഉത്പ: 9; 4, 5). മനുഷ്യനോടും മൃഗത്തോടും ചോദിക്കുന്ന കണക്കിനെ സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇവിടെ മുതിരുന്നില്ല. ആയതിനാല്‍, വിഷയത്തില്‍ത്തന്നെ നമുക്കു തുടരാം. നോഹ് ബാലിയര്‍പ്പിച്ചതിനുശേഷമാണ് അവനുമായി ദൈവം ഉടമ്പടിയില്‍ ഏര്‍പ്പെട്ടത് എന്നകാര്യം തൊട്ടുമുന്‍പുള്ള അദ്ധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദൈവം മനുഷ്യനുമായി ഉടമ്പടി സ്ഥാപിക്കുന്നതൊക്കെ രക്തത്തെ സാക്ഷ്യമാക്കിയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അബ്രാഹവുമായി സ്ഥാപിച്ച ഉടമ്പടിയായിരുന്നല്ലോ പരിച്ഛേദനം! രക്തത്തെ സാക്ഷ്യമാക്കിയുള്ള ഉടമ്പടി ഇസ്രായേലിന്റെ ചരിത്രത്തിലുടനീളം കാണാന്‍ കഴിയും. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് അപ്പസ്തോലനായ പൗലോസ് വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല"(ഹെബ്രാ: 9; 22). ക്രിസ്തു തന്റെ പരിശുദ്ധമായ രക്തം ചിന്തിയത് ഉടമ്പടി പൂര്‍ത്തീകരിക്കാനും നവീകരിക്കുവാനുമാണ്. ഇതാണ് പുതിയ ഉടമ്പടി! എന്നേക്കുമായി അവിടുന്ന് രക്തം ചിന്തിയതുകൊണ്ട്, ഇനിമേല്‍ ആരും പാപപരിഹാരാര്‍ത്ഥമോ ഉടമ്പടിക്കായോ രക്തം ചിന്തേണ്ടതില്ല. ഇത് നിയമത്തില്‍ അധിഷ്ഠിതമായ പുതിയ ഉടമ്പടിയാണ്. നിയമങ്ങളൊന്നും അസാധുവാക്കാതെ നല്‍കപ്പെട്ട പുതിയ നിയമവും ഇതുതന്നെ! കൂടുതല്‍ വ്യക്തതയോടെ പറഞ്ഞാല്‍, നിയമത്തിന്റെ വ്യാഖ്യാനമാണ് യേഹ്ശുവാ നടത്തിയത്! അതിനാല്‍ത്തന്നെ, ക്രിസ്തുവിന്റെ സഭ നിയമത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ പടുത്തുയര്‍ത്തപ്പെട്ട പുതിയ ഉടമ്പടിയാണ്. നോഹിനോടും അബ്രാഹത്തോടും ഇസ്രായേല്‍ ജനത്തോടും ചെയ്ത ഉടമ്പടികളെല്ലാം ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു! ഇക്കാരണത്താല്‍ത്തന്നെ, മോശയുടെ നിയമങ്ങള്‍ അസാധുവാക്കപ്പെട്ടിട്ടില്ല!
പുതിയ ഉടമ്പടി എന്നത് പഴയ ഉടമ്പടിയെ അസാധുവാക്കുന്ന ഒന്നാണെന്നു കരുതുന്നവര്‍ക്ക് തെറ്റുപറ്റും. കാരണം, ഉടമ്പടി നവീകരിക്കപ്പെടുന്നത് പഴയതിനെ അസാധുവാക്കിക്കൊണ്ടല്ല! പഴയ ഉടമ്പടികളെല്ലാം പുതിയതിലേക്കുള്ള ചൂണ്ടുപലകകളായിരുന്നു. പുതിയ ഉടമ്പടിയിലെത്തുന്നതുവരെ പഴയതിന്റെ പ്രസക്തി നിലനില്‍ക്കും. പുതിയത് വന്നുകഴിയുമ്പോള്‍, പഴയതെല്ലാം പുതിയതില്‍ ലയിക്കുകയും പുതിയതിനോട് പൂര്‍ണ്ണമായി ഐക്യപ്പെടുകയും ചെയ്യും. ഇതാണ് ഉടമ്പടിയുടെ കാര്യമെങ്കില്‍, നിയമത്തിന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്! നിയമം എപ്പോഴെങ്കിലും അസാധുവാക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍, ആ നിയമം അബദ്ധമായിരുന്നുവെന്നു കരുതേണ്ടിവരും! ദൈവത്തില്‍നിന്ന് ഒരിക്കലും അബദ്ധങ്ങള്‍ പുറപ്പെടുകയില്ല. ഇസ്രായേലിനു നിയമങ്ങളും ചട്ടങ്ങളും നല്‍കിയതിനുശേഷം ഈ നിയമത്തെക്കുറിച്ച് ഇപ്രകാരമാണ് മോശ അരുളിചെയ്തിരിക്കുന്നത്: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ഈ നിയമങ്ങള്‍ നല്‍കിയവന്‍ തന്നെയാണ് നിയമങ്ങളെ സ്ഥിരീകരിച്ചത്.
ദൈവതന്നെയായ യേഹ്ശുവാ നിയമത്തെ സ്ഥിരീകരിച്ചുകൊണ്ട് ഇപ്രകാരം അരുളിച്ചെയ്തു: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്" (മത്താ: 5; 17). യേഹ്ശുവാ നല്‍കിയിരിക്കുന്ന മറ്റൊരു സ്ഥിരീകരണം നോക്കുക: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). അതായത്, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളൊന്നും യേഹ്ശുവാ അസാധുവാക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍ പലതും യഹൂദര്‍ ഗ്രഹിച്ചതു പൂര്‍ണ്ണതയോടെയായിരുന്നില്ല. ഈ അപാകത പരിഹരിച്ചുകൊണ്ട്, നിയമങ്ങളെ പൂര്‍ണ്ണതയോടെ മനസ്സിലാക്കിത്തന്നത് യേഹ്ശുവായാണ്! അവിടുന്ന് ഇപ്രകാരം വ്യാഖ്യാനിച്ചു: "വ്യഭിചാരംചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). ഇവിടെ നിയമം അസാധുവാക്കപ്പെടുകയാണോ കൂടുതല്‍ ദൃഢപ്പെടുത്തുകയാണോ ചെയ്തത്!? ഓരോ നിയമങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് യേഹ്ശുവാ ചെയ്തത്! എന്നാല്‍, ശാശ്വതമായ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതോടെ പിന്നീട് ഒരു ഉടമ്പടിക്കുള്ള സാദ്ധ്യത ഇല്ലാതാകും. യേഹ്ശുവായാണ് പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥന്‍! യേഹ്ശുവാ തന്റെ രക്തത്താല്‍ ഉറപ്പിച്ചിരിക്കുന്ന ഉടമ്പടിയുടെ മുദ്രയാണ് ജ്ഞാനസ്നാനത്തിലൂടെ നമ്മില്‍ പതിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ഉടമ്പടി ശാശ്വതമാണ്! അതുകൊണ്ടുതന്നെ, യേഹ്ശുവായുമായുള്ള ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുവന്‍ മറ്റൊരുടമ്പടിയില്‍ ഏര്‍പ്പെടുന്നതോടെ ശാശ്വതമായ ഉടമ്പടി അസാധുവാകും!
ഇനി നമുക്ക് പ്രാധാന വിഷയത്തിലേക്കു കടന്ന് ഉപസംഹരിക്കാം!
വേറിട്ടു ചിന്തിക്കുന്നവര്‍ വേലിക്കു പുറത്ത്!
സംഘടനകളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച വിഷയങ്ങളാണ് നാം തുടക്കത്തില്‍ ചിന്തിച്ചത്. ഏതെങ്കിലും ആശയങ്ങളാണ് ഇതിന്റെയെല്ലാം ഉദ്ഭവത്തിനു കാരണമെന്നും നാം മനസ്സിലാക്കി. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രത്യേകമായ നിയമാവലികള്‍ ഉണ്ടായിരിക്കുമെന്ന യാഥാര്‍ത്ഥ്യവും നാം പരിശോധിച്ചു. ഈ നിയമങ്ങള്‍ക്കു കീഴില്‍ നില്‍ക്കാന്‍ തയ്യാറാകാത്തവരാണ് പുറത്താക്കപ്പെടുന്നത്. എന്തെന്നാല്‍, ഈ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും അതിന്റേതായ നിയമാവലികളുണ്ട്. ഇക്കാരണത്താല്‍ത്തന്നെ നിയമലംഘകരെ പുറത്താക്കുന്നതില്‍ നിയമപരമായ സാധുതയുമുണ്ട്. ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സാധ്യമാകുന്നത്. എന്നാല്‍, ക്രിസ്തീയതയുടെ കാര്യത്തിലും ഇസ്രായേലിന്റെ കാര്യത്തിലും ചെറിയൊരു വ്യത്യാസമുണ്ടെന്ന യാഥാര്‍ത്ഥ്യംകൂടി നാം മനസ്സിലാക്കിയിരിക്കണം. ക്രിസ്തീയത മനുഷ്യ സ്ഥാപിതമായ ഒരു പ്രസ്ഥാനമോ സംഘടനയോ അല്ല. ഇതില്‍ ഒരുവനെ അംഗമാക്കുന്നത് മനുഷ്യന്‍ അല്ലാത്തതുകൊണ്ടുതന്നെ, പുറത്താക്കാനും മനുഷ്യനു സാധിക്കില്ല!
യിസ്രായേലിന്റെ പിന്തുടര്‍ച്ചയാണ് ക്രിസ്തീയതയെന്നും ഇസ്രായേലിന്റെ പൂര്‍ണ്ണത ക്രിസ്തീയതയിലാണെന്നും തിരിച്ചറിയാത്തവരെ ക്രിസ്ത്യാനികളുടെ ഗണത്തില്‍ മനോവ കാണുന്നില്ല. ക്രിസ്തീയത യിസ്രായേലിന്റെ പിന്തുടര്‍ച്ച ആയതുകൊണ്ടുതന്നെ, യിസ്രായേലുമായി ചേര്‍ത്തുവച്ചു പല കാര്യങ്ങളും നാം ചിന്തിക്കണം! നിയമം ലംഘിക്കുന്നവരെ സമൂഹത്തില്‍നിന്നു വിച്ഛേദിക്കണമെന്ന നിയമം യിസ്രായേലിനു ദൈവം നല്‍കിയിട്ടുണ്ട്. ഈ നിയമം ഇന്നുവരെ ദൈവം നീക്കിയിട്ടില്ലാത്തതുകൊണ്ട് ഇന്നും അതു നിലനില്‍ക്കുന്നു. പരസ്യപാപം ചെയ്യുന്നവരെ കത്തോലിക്കാസഭയില്‍നിന്നു പുറത്താക്കാന്‍ സാധിക്കുന്ന നിയമം നിലനില്‍ക്കുന്നതും അതുകൊണ്ടാണ്. ഉദാഹരണമായി എടുക്കാന്‍ കഴിയുന്ന ഒരു പാപം ഭ്രൂണഹത്യയെ സംബന്ധിച്ചുള്ളതാണ്. ഭ്രൂണഹത്യ എന്നത് ഒരു പരസ്യപാപം ആയതുകൊണ്ടുതന്നെ, ഈ നീചപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ സഭയില്‍നിന്നു പുറത്താക്കാന്‍ നിയമമുണ്ട്. അതുപോലെതന്നെ, വിവാഹബന്ധങ്ങള്‍ അവിഹിത വേഴ്ച്ചകളില്‍ മുഴുകി ജീവിക്കുന്നവരും പരസ്യപാപികളാണ്. വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നവരും അങ്ങനെതന്നെ! ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ സഭയുടെ ഇന്നത്തെ ആചാര്യന്മാര്‍ക്കു സമയമില്ലെന്നു നമുക്കറിയാം. എന്നാല്‍, സഭയില്‍ അംഗമായി ചേര്‍ക്കപ്പെടുന്ന വ്യക്തികള്‍ രഹസ്യമായി ചെയ്യുന്ന പാപംപോലും അവനു സഭയിലുള്ള അംഗത്വം സ്വാഭാവികമായിത്തന്നെ റദ്ദുചെയ്യപ്പെടാന്‍ കാരണമാകും എന്നകാര്യം പലര്‍ക്കും അറിയില്ല. പരിശുദ്ധ സഭയെന്നാല്‍ വിശുദ്ധരുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയില്‍ അശുദ്ധര്‍ക്കു സ്ഥാനമില്ല.
അതിനാല്‍ത്തന്നെ, സ്വാഭാവികമായിത്തന്നെ പുറന്തള്ളപ്പെട്ട അനേകര്‍, അംഗങ്ങളെന്ന ധാരണയില്‍ വിവിധ സഭകളിലായി ഇന്നു വ്യാപരിക്കുന്നുണ്ട്. ഒരുവന്‍ സഭയില്‍നിന്നു പുറത്തുപോകുന്നതും അകത്തു കയറുന്നതും അവന്റെ ചെയ്തികളുടെയും വിശ്വാസത്തിന്റെയും പരിണിതഫലമായി മാത്രമാണ്. ആരാണ് ഒരുവനു സഭയില്‍ അംഗത്വം കൊടുക്കുന്നതെന്നു ശ്രദ്ധിക്കുക: "രക്ഷപ്രാപിക്കുന്നവരെ യാഹ്‌വെ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 2; 47). പത്രോസോ മറ്റ് അപ്പസ്തോലന്മാരോ ആയിരുന്നില്ല ഒരു വിശ്വാസിയെ സഭയുടെ ഭാഗമായി ചേര്‍ത്തത്. ദൈവം നേരിട്ടുതന്നെ അംഗത്വം നല്‍കുന്ന ഒരു സംവീധാനത്തില്‍നിന്നു പുറത്താക്കാന്‍ മനുഷ്യന് അവകാശമുണ്ടോ? സ്വയം വിരമിക്കുക എന്നതില്‍ക്കവിഞ്ഞ്, പുറത്താക്കല്‍ ദൈവത്തിന്റെ സഭയില്‍ സാധ്യമല്ല. എന്തെന്നാല്‍, ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവമാണ് ഒരുവന്റെ വിശ്വാസത്തിലെ പൂര്‍ണ്ണതയും അപൂര്‍ണ്ണതയും വിവേചിക്കുന്നത്. എന്നാല്‍, ദൈവത്തിന്റെ നിയമത്തില്‍നിന്നു വ്യതിചലിച്ചുള്ള ആശയങ്ങളില്‍ വ്യാപരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പുറത്താക്കാന്‍ നിയമം പാലിക്കുന്നവര്‍ക്ക് അവകാശമുണ്ട്. നിയമം പാലിക്കുന്നവര്‍ക്കു മാത്രം! കാരണം, നിയമം പാലിക്കുന്നവര്‍ മാത്രമാണ് സഭയില്‍ നിലനില്‍ക്കുന്നത്. സഭയിലില്ലാത്ത ഒരുവന് ആരെയെങ്കിലും സഭയില്‍നിന്നു പുറത്താക്കാന്‍ സാധിക്കുമോ?
ഈ അടുത്തകാലത്ത് ചില 'കുട്ടികള്‍' മനോവയെ കത്തോലിക്കാസഭയിലേക്കു തിരിച്ചുവരാന്‍ ക്ഷണിക്കുകയുണ്ടായി! ഇവരില്‍ ആരാണ് മനോവയെ സഭയില്‍നിന്നു പുറത്താക്കിയതെന്ന് അറിയില്ല. നിയമം ലംഘിച്ചാല്‍ സ്വാഭാവികമായിത്തന്നെ ഏത് ഉന്നതനും പുറത്തുപോകും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്! എന്നാല്‍, മനോവ ലംഘിച്ചത് ഏതു നിയമമാണെന്ന് ഇവരാരും പറയുന്നില്ല. ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ വചനത്തിനു വിരുദ്ധമായി മനോവ എന്താണു പ്രഘോഷിച്ചത്. എല്ലാ ക്രിസ്ത്യാനികളും ഹൃദയത്തോടു ചേര്‍ത്തുവയ്ക്കേണ്ടത് യേഹ്ശുവായെയും അവിടുത്തെ പ്രബോധനങ്ങളെയുമാണ്. ഇതോടു ചേര്‍ത്തുവയ്ക്കാന്‍ ക്രിസ്ത്യാനികള്‍ക്കു ബാദ്ധ്യതയുള്ളത് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ മാത്രമാണ്! ഇവയെല്ലാം മാറോടണച്ചു ശുശ്രൂഷയില്‍ വ്യാപരിക്കുന്ന മനോവ ഇന്നും സഭയില്‍ത്തന്നെയുണ്ട്. എന്നാല്‍, ഇവയില്‍നിന്നെല്ലാം വ്യതിചലിച്ചു ജീവിക്കുന്ന ചിലര്‍, സഭാമക്കളുടെ ഔദാര്യമായി ലഭിച്ച സകലതും ആസ്വദിച്ചുകൊണ്ട് മനോവയെ സഭയിലേക്കു ക്ഷണിക്കുമ്പോള്‍ മനോവയ്ക്കു പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ആത്മരക്ഷ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സഭയോടു ചേര്‍ന്നുനിന്ന് അത് കരഗതമാക്കുക!
വിജാതിയ അനുകരണവും സകലവിധ പൈശാചികതകളും അലങ്കാരമായി ചുമക്കുന്ന ദൈവനിഷേധികളാണ് മനോവയെ എതിര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്! ഇവരെയെല്ലാം ഇവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടാണ് മനോവ മുന്നേറുന്നത്! എന്താണ് സഭയെന്നും സഭയുടെ ദൗത്യം എന്താണെന്നും മനസ്സിലാക്കിയതിനുശേഷം മനോവയുമായി സംവദിക്കാന്‍ വരിക! മനോവ ഉയര്‍ത്താത്ത വിഷയങ്ങളെ മനോവയുടെ പേരില്‍ ആരോപിച്ചുകൊണ്ട് സായൂജ്യമടയുന്ന സകലരോടുമാണ് മനോവ ഇതു പറയുന്നത്! എഴുതിയിട്ടുള്ള ഒന്നില്‍നിന്നും മനോവ ഒഴിഞ്ഞുമാറുന്നില്ല; ഒഴിഞ്ഞുമാറുകയുമില്ല! നുണ പറയുന്ന അധരങ്ങളെ ദൈവം വെറുക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ ഭയത്തോടെ തിരിച്ചറിയണം. ദൈവത്തിന്റെ വചനത്തിനും ആഹ്വാനത്തിനും വിരുദ്ധമായി ഒരു നിമിഷംപോലും മുന്നോട്ടുപോകാന്‍ മനോവ ആഗ്രഹിക്കുന്നില്ല. ഇന്നും സഭയ്ക്കു കൃത്യമായി നികുതികൊടുക്കുന്ന മനോവയെ ആരാണ് പുറത്താക്കിയത്?
സഭയില്‍ കടന്നുകൂടിയ ചില സ്ഥാപിതതാത്പര്യക്കാര്‍ പടയ്ക്കുന്ന നിയമങ്ങള്‍ സഭയുടെ നിയമങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, കത്തോലിക്കാസഭയോ മറ്റേതെങ്കിലും ക്രൈസ്തവസഭകളോ നിയമനിര്‍മ്മാണ സഭയല്ല; മറിച്ച്, നിയമ നിര്‍വ്വഹണ സഭയാണ്. ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങളെ പരിഷ്ക്കരിക്കാനുള്ള അവകാശം ആര്‍ക്കും നകിയിട്ടില്ല എന്നതാണ് യഥാര്‍ത്ഥ സത്യം! കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും കടന്നുകൂടി ആധിപത്യം സ്ഥാപിച്ചിട്ടുള്ള ചില ശക്തികളുടെ ചിന്തകളില്‍നിന്നു വേറിട്ടു ചിന്തിക്കുന്നവരെ വേലിക്കു പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല! നിയമം പാലിക്കുന്നവരെ നിയമനിഷേധികള്‍ക്ക് പുറത്താക്കാന്‍ കഴില്ല എന്നതുകൊണ്ടുതന്നെയാണ് അത്!
യേഹ്ശുവാ അവസാനമായി കല്പിച്ചത് ഇപ്രകാരമാണ്: "ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 19, 20). ഇതില്‍നിന്നു വ്യത്യസ്തമായ നിയമം ക്രിസ്തീയ സഭകള്‍ക്കില്ല. യേഹ്ശുവായുടെ അന്തിമ ഉപദേശങ്ങളില്‍ നിന്നുകൊണ്ടു മാത്രമാണ് ഇക്കാലമത്രയും മനോവ പ്രവര്‍ത്തിക്കുന്നത്. നിങ്ങളില്‍ പലരും ഈ ദൗത്യത്തില്‍നിന്നു വിരമിച്ചിട്ടും മനോവ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മഹത്വപൂര്‍ണ്ണമായ ശുശ്രൂഷയാണിത്! സത്യത്തില്‍നിന്നു വ്യതിചലിച്ചു മിഥ്യയില്‍ വ്യാപരിക്കുന്നത് നിങ്ങളാണോ മനോവയാണോ എന്ന് പരിശോധിച്ചുറപ്പാക്കുക! മനോവയ്ക്ക് മറുപടിയുമായി ഇറങ്ങുന്നതിനുമുമ്പ് പലവട്ടം ആലോചിക്കുക! മാത്രവുമല്ല, സ്വയം പരിഹാസിതരാകുന്നതു തിരിച്ചറിയുകയും ചെയ്യുക! എന്തെന്നാല്‍, വൈദീകരില്‍നിന്ന് ഇതിലേറെ നന്മകള്‍ ദൈവജനം പ്രതീക്ഷിക്കുന്നുണ്ട്!
ഉപസംഹാരം!
നിയമാവലികളാല്‍ വേലികെട്ടി തിരിച്ചിരിക്കുന്ന പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ അംഗങ്ങളായിട്ടുള്ളവര്‍ നിയമലംഘകരായാല്‍ അവര്‍ പുറത്താക്കപ്പെടും. ദൈവത്തിന്റെ നിയമത്തില്‍നിന്നു വേറിട്ട് ചിന്തിച്ചവരെ അവിടുന്ന് പരിത്യജിച്ചു. അന്നത്തെ ദൈവംതന്നെയാണ് ഇന്നും ദൈവം! എക്കാലവും അവിടുന്നു മാത്രമായിരിക്കും ദൈവം! അവിടുത്തെ പരിശുദ്ധിക്കു ചേര്‍ന്നവിധം അവിടുന്ന് നല്‍കിയ നിയമങ്ങളില്‍നിന്നു വ്യതിചലിച്ചു ജീവിക്കുന്നവര്‍, ആ അവസ്ഥയില്‍ തുടരുന്നിടത്തോളം വേലിക്കു പുറത്തുതന്നെയാണ്! നിയമത്തില്‍നിന്നു വ്യതിചലിച്ചു ജീവിക്കുന്നവരില്‍നിന്നു വേറിട്ട് ചിന്തിക്കുക! ഈ ചിന്ത ദൈവത്തിന്റെ പക്ഷത്തു നിന്നുകൊണ്ടായിരിക്കട്ടെ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-