09 - 02 - 2019
യിസ്രായേല്‍ മക്കള്‍ ക്ഷിപ്രകോപികളാണ്. അപ്രിയകരമായ വാര്‍ത്തകളോട് ഞൊടിയിടയില്‍ ഇവര്‍ പ്രതികരിക്കും. കാണാനും കേള്‍ക്കാനും ആഗ്രഹിക്കാത്തവ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ വ്യത്യസ്തങ്ങളായ രീതികളിലാണ് ഇവര്‍ അതിനോടു പ്രതികരിക്കുന്നത്. ഇത്തരം പ്രതികരണങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 'വസ്ത്രംകീറല്‍'! യിസ്രായേല്‍ മക്കളില്‍ ആരെങ്കിലും തങ്ങളുടെതന്നെ വസ്ത്രം കീറിയെന്നറിഞ്ഞാല്‍, അവര്‍ക്ക് ഇഷ്ടമില്ലാത്ത എന്തോ ഒന്നു സംഭവിച്ചിരിക്കുന്നുവെന്ന് അനുമാനിക്കാം. സ്വന്തം ശിരസ്സില്‍ പൂഴി വാരിയിടുന്നതും ദേഷ്യപ്രകടനത്തിന്റെ ഭാഗമാണ്. ക്ഷിപ്രകോപികളായവര്‍ അല്പംകൂടി കടന്ന്, സ്വന്തം താടിയും മുടിയും വലിച്ചു പറിക്കാറുണ്ട്. ദേഷ്യവും ദുഃഖവും പ്രകടിപ്പിക്കാന്‍ മാത്രമല്ല ഇവര്‍ വസ്ത്രം കീറുകയോ തലയില്‍ പൂഴി വാരിയിടുകയോ ചെയ്യുന്നത്. തങ്ങളുടെ തെറ്റുകള്‍ ബോധ്യമാകുമ്പോഴും ഇത്തരം പ്രകടനങ്ങള്‍ ഇവര്‍ നടത്താറുണ്ട്. വസ്ത്രം കീറല്‍, തലയില്‍ പൂഴി വാരിയിടല്‍, താടിയും മുടിയും പിഴുതെടുക്കല്‍, ചാക്കുടുക്കല്‍, ചാരം പൂശല്‍, ചാരത്തില്‍ കിടക്കല്‍ തുടങ്ങിയവയെല്ലാം അനുതാപത്തിന്റെ പ്രതീകങ്ങളായി യിസ്രായേല്‍ മക്കളില്‍ ദര്‍ശിക്കാന്‍ കഴിയും. ഇനി വിഷയത്തിലേക്കു കടക്കാം.
അനുതാപത്തിന്റെ പ്രതീകമായുള്ള വസ്ത്രം കീറലിനെയാണ് ഈ ലേഖനത്തിലൂടെ നാം പഠിക്കാന്‍ തയ്യാറെടുക്കുന്നതെങ്കിലും, മറ്റുചില വികാരങ്ങള്‍ പ്രകടിപ്പിക്കാനായി തങ്ങളുടെ വസ്ത്രങ്ങള്‍ കീറിയ വ്യക്തികളെക്കൂടി പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. ഏതെല്ലാം തരത്തിലുള്ള വികാരങ്ങളാണ് വസ്ത്രം കീറലിലൂടെയും മുടിയും താടിയും പിഴുതെടുക്കലിലൂടെയും പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് എന്നകാര്യത്തില്‍ ബൈബിള്‍ നമുക്ക് ദൃഷ്ടാന്തങ്ങള്‍ നിരത്തിവച്ചിട്ടുണ്ട്. അങ്ങനെയുള്ള ചില വസ്ത്രം കീറലുകളെ പരിശോധിച്ചതിനുശേഷം അനുതാപത്തിന്റെ അടയാളമായ വസ്ത്രം കീറലിന്റെ വിശദാംശങ്ങള്‍ നമുക്കു പരിശോധിക്കാം.
രാജാക്കന്മാരുടെ രണ്ടാംപുസ്തകത്തില്‍ നിന്നുള്ള ചില വാക്യങ്ങള്‍ നോക്കുക: "യിസ്രായേല്‍രാജാവു കത്തു വായിച്ചിട്ട് വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ എന്നോടാവശ്യപ്പെടുന്നു! ജീവന്‍ എടുക്കാനും കൊടുക്കാനും ഞാന്‍ ദൈവമാണോ? കണ്ടോ എന്നോടു മല്ലിടാന്‍ അവന്‍ പഴുതു നോക്കുന്നു! യിസ്രായേല്‍രാജാവു വസ്ത്രം കീറിയെന്നുകേട്ട് ദൈവപുരുഷനായ യെലീശാ രാജാവിനെ അറിയിച്ചു: നീ എന്തിനാണ് വസ്ത്രം കീറിയത്? അവന്‍ എന്റെ അടുത്തുവരട്ടെ! യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടെന്ന് അറിയട്ടെ!"(2 രാജാ: 5; 7, 8). തന്റെ സൈന്യാധിപനായ നാമാന്റെ കുഷ്ഠരോഗം സുഖപ്പെടുത്താന്‍ കഴിവുള്ള പ്രവാചകന്‍ യിസ്രായേലിലുണ്ടെന്ന് അറിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിറിയയുടെ രാജാവ് യിസ്രായേല്‍രാജാവിന്റെ അടുക്കലേക്ക് സന്ദേശമയച്ചത്. യിസ്രായേല്‍രാജാവിനു നല്‍കാനായി വിലപിടിപ്പുള്ള അനേകം സമ്മാനങ്ങളും അവര്‍ കരുതിയിരുന്നു. പ്രവാചകനായ യെലീശായാണ് സുഖപ്പെടുത്തുന്നതെങ്കിലും, രാജാവിന്റെ അടുക്കലേക്ക് കത്തുമായി അയച്ചത് നയതന്ത്രബന്ധത്തിന്റെ ഭാഗമായിട്ടായിരിക്കാം. എന്നിരുന്നാലും, കത്തിലെ ഉള്ളടക്കം യിസ്രായേല്‍രാജാവിനെ ക്ഷുഭിതനാക്കി. എന്തെന്നാല്‍, പ്രവാചകന്‍ മുഖാന്തിരം കുഷ്ഠരോഗത്തില്‍നിന്നു മോചിപ്പിക്കണം എന്നായിരുന്നില്ല കത്തില്‍ എഴുതിയിരുന്നത്; മറിച്ച്, അതില്‍ എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു: "എന്റെ ദാസന്‍ നാമാനെ കുഷ്ഠരോഗത്തില്‍നിന്നു സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാനാണ് ഈ എഴുത്ത്"(2 രാജാ: 5; 6).
ഇങ്ങനെയൊരു കത്ത് ലഭിച്ചാല്‍ ആര്‍ക്കായാലും ദേഷ്യംവരും എന്നകാര്യത്തില്‍ സംശയമില്ല. അതുതന്നെയാണ് യിസ്രായേല്‍രാജാവിനെ പ്രകോപിതനാക്കിയതും. വസ്ത്രം കീറിക്കൊണ്ട് ഒരുവന്‍ തന്റെ കോപം പ്രകടിപ്പിക്കുന്ന രീതി യിസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നുവെന്ന്‍ വ്യക്തമാക്കാനാണ് ഈ സംഭവം ഇവിടെ ഉദാഹരിച്ചത്. ഒരു നീചയായ സ്ത്രീയുടെ വസ്ത്രം കീറലിനെക്കുറിച്ച് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. യെഹൂദാരാജാവായിരുന്ന അഹസിയാഹിന്റെ അമ്മയായ അഥാലിയാഹ് ആണ് ആ നീചയായ സ്ത്രീ. യെഹൂദാഹിന്റെ സ്വയംപ്രഖ്യാപിത രാജ്ഞിയായി ആറുവര്‍ഷം അവള്‍ ഭരണം നടത്തി. തന്റെ പുത്രനായ അഹസിയാഹ് മരിച്ചതിനെത്തുടര്‍ന്നാണ് അവള്‍ ഭരണം പിടിച്ചെടുത്തത്. അതിനായി രാജകുടുംബത്തിലെ സകലരെയും അഥാലിയാഹ് വധിച്ചുകളഞ്ഞു. എന്നാല്‍, അഹസിയാഹിന്റെ ഒരു പുത്രനെ മാത്രം അവള്‍ക്കു വധിക്കാന്‍ സാധിച്ചില്ല. ശിശുവായിരുന്ന യോവാഷിനെ ഒളിപ്പിച്ചതുകൊണ്ടാണ് അവന്‍ രക്ഷപ്പെട്ടത്. ബൈബിളില്‍ ഇപ്രകാരം അത് രേഖപ്പെടുത്തിയിരിക്കുന്നു: "എന്നാല്‍, അഹസിയാഹിന്റെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായ യഹോശേബാ, രാജകുമാരന്മാര്‍ വധിക്കപ്പെടുന്നതിനു മുന്‍പ് അഹസിയാഹിന്റെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല"(2 രാജാ: 11; 2).
അഥാലിയാഹിന്റെ ഭരണം ഏഴാം വര്‍ഷത്തിലേക്കു പ്രവേശിച്ചപ്പോള്‍ അഹസിയാഹിന്റെ പുത്രനായ യോവാഷിനെ രാജാവായി അഭിഷേകം ചെയ്യേണ്ടതിന് യാഹോശേബാ ശ്രമിക്കുകയും, ഏഴുവയസ്സ് മാത്രം പ്രായമുള്ള അവന്‍ രാജാവായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. ഇതറിഞ്ഞ അഥാലിയാഹ് പ്രതികരിച്ചത് തന്റെ വസ്ത്രം കീറിക്കൊണ്ടാണ്. ആ സംഭവം ഇപ്രകാരമാണ് നാം ബൈബിളില്‍ വായിക്കുന്നത്: "രാജാവ് ആചാരമനുസരിച്ച് തൂണിന്റെ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്മാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആനന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അഥാലിയാഹ് വസ്ത്രംകീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു. പുരോഹിതന്‍ യഹോയാദാ സേനാപതികളോടു കല്പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തു കൊണ്ടുവരുവിന്‍. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദൈവാലയത്തില്‍വച്ച് അവളെ വധിക്കരുത്. അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു"(2 രാജാ: 11; 14-16).
പശ്ചാത്താപത്തിന്റെയോ അനുതാപത്തിന്റെയോ അടയാളമായ 'വസ്ത്രം കീറല്‍' ആയിരുന്നില്ല അഥാലിയാഹില്‍ കണ്ടത്. യോവാഷിനെ രാജാവായി അഭിഷേകം ചെയ്തത് രാജദ്രോഹമായി അവള്‍ കണക്കാക്കി. ഇത്തരം അവസരങ്ങളിലും ദൈവദൂഷണം കേള്‍ക്കാനിടയാകുമ്പോഴും വസ്ത്രം കീറിക്കൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത് യിസ്രായേലില്‍ പതിവായിരുന്നു. കോപവും നൈരാശ്യവും ദുഃഖവുമെല്ലാം ഒത്തുചേര്‍ന്ന വികാരമാണ് അഥാലിയാഹ് അവിടെ പ്രദര്‍ശിപ്പിച്ചത്. ദുഃഖത്തിന്റെയും അവമാനിക്കപ്പെടലിന്റെയും അടയാളമായി വസ്ത്രം കീറിയ സംഭവവും ബൈബിളില്‍ വായിക്കാന്‍ കഴിയും. ദാവീദിന്റെ പുത്രി താമാര്‍ തന്റെ വസ്ത്രം കീറിയത് അവമാനിക്കപ്പെട്ടപ്പോഴാണ്. താമാറിന്റെ അര്‍ദ്ധസഹോദരനും ദാവീദിന്റെ പുത്രനുമായ അമ്നോനാണ് അവളെ മാനഭംഗപ്പെടുത്തി അവമാനിച്ചത്. താമാര്‍ തന്റെ ദുഃഖവും വേദനയും നിരാശയും പ്രകടിപ്പിച്ചത് എപ്രകാരമാണെന്നു നോക്കുക: "താമാര്‍ തലയില്‍ ചാരം വിതറി, താന്‍ ധരിച്ചിരുന്ന നീണ്ട അങ്കി വലിച്ചുകീറി, തലയില്‍ കൈവച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടുപോയി"(2 സാമു: 13; 19). താമാറിന്റെ സഹോദരനായ അബ്ശാലോം അതിന് അമ്നോനോടു പ്രതികാരം ചെയ്തത് അവനെ വധിച്ചുകൊണ്ടായിരുന്നു.
അമ്നോന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ദാവീദും തന്റെ വസ്ത്രം കീറിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണം ശ്രദ്ധിക്കുക: "അവര്‍ കൊട്ടാരത്തിലെത്തുന്നതിനു മുമ്പുതന്നെ അബ്‌ശലോം അവരെയെല്ലാം കൊന്നു; ആരും ശേഷിച്ചിട്ടില്ല എന്നൊരു വാര്‍ത്ത ദാവീദിന്റെ ചെവിയിലെത്തി. രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി തറയില്‍ കിടന്നു. കൂടെയുണ്ടായിരുന്ന ഭൃത്യന്മാരും വസ്ത്രം കീറി"(2 സാമു: 13; 30, 31). ദാവിദ് ഈ അവസരത്തില്‍ വസ്ത്രം കീറിയത് ഒന്നിലധികം വികാരങ്ങളുടെ പ്രകടനമായിട്ടാണ്. മകള്‍ താമാറിന് അനുഭവിക്കേണ്ടിവന്ന മാനഹാനിയെപ്രതിയുള്ള വേദനയും, സഹോദരിയുമായി വ്യഭിചാരത്തിലേര്‍പ്പെട്ട മകനെപ്രതിയുള്ള പശ്ചാത്താപവും മാത്രമല്ല, സഹോദരന്റെ രക്തം ചിന്തിയ അബ്ശലോമിലൂടെ വന്നുഭവിച്ച ശാപത്തെപ്രതിയുള്ള ഭയവും ദാവീദിനെ വസ്ത്രം കീറാന്‍ പ്രേരിപ്പിച്ചു.
ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക"(സംഖ്യ: 32; 23). താന്‍ ചെയ്ത ഒരു പാപത്തിന്റെ ശാപം തന്റെ ജീവത്തിലുടനീളം വേട്ടയാടുന്നുവെന്ന് മനസ്സിലാക്കിയ ദാവീദ് തന്റെ ജീവിതകാലം മുഴുവന്‍ അനുതാപത്തോടെ ചാക്കുടുക്കുകയും ചാരം പൂശുകയും വസ്ത്രം കീറുകയും ചെയ്തു. എന്തെന്നാല്‍, നാഥാന്‍ പ്രവാചകനിലൂടെ ദാവീദിനോട് യാഹ്‌വെ അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു: "എന്നെ നിരസിച്ച് ഹിത്യനായ ഊറിയാഹിന്റെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍ നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു. ഞാനിതു യിസ്രായേലിന്റെ മുഴുവന്‍ മുന്‍പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും"(2 ശാമു: 12; 10-12). യാഹ്‌വെയുടെ ഈ വാക്കുകളാണ് ജീവിതകാലം മുഴുവനും അനുതപിക്കുന്നവനായി ദാവീദിനെ രൂപപ്പെടുത്തിയത്.
പ്രവാചകനായ നാഥാനിലൂടെ അരുളിച്ചെയ്ത വാക്കുകള്‍ ശ്രവിച്ചതിനുശേഷം എന്താണു സംഭവിച്ചതെന്നു നോക്കുക: "ഞാന്‍ യാഹ്‌വെയ്ക്കെതിരായി പാപം ചെയ്തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: യാഹ്‌വെ നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ യാഹ്‌വെയെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും. നാഥാന്‍ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിന്റെ കുഞ്ഞിനു യാഹ്‌വെയുടെ പ്രഹരമേറ്റു. അതിനു രോഗം പിടിപെട്ടു. കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അവന്‍ ഉപവസിച്ചു. രാത്രിമുഴുവന്‍ മുറിയില്‍ നിലത്തുകിടന്നു"(2 ശാമു: 12; 10-12).
അനുതാപത്തിന്റെ ഉത്തമപ്രതീകമായി ബൈബിളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണു ദാവീദ്. ദുഃഖവും വേദനയും പ്രകടിപ്പിക്കാന്‍ വസ്ത്രം കീറിയതിനെക്കാള്‍, പശ്ചാത്താപവിവശനായി വസ്ത്രം കീറിയ സന്ദര്‍ഭങ്ങളാണ് ദാവീദിന്റെ ജീവിതത്തില്‍ അധികമായി കണ്ടെത്താന്‍ കഴിയുന്നത്. യെഹൂദാഹ്, യിസ്രായേല്‍ എന്നീ രാജ്യങ്ങളുടെ ഭരണാധികാരി എന്നനിലയില്‍ ജനത്തിന്റെ പാപങ്ങളെപ്രതിയും, തന്റെതന്നെ പാപത്തെപ്രതിയും ദാവീദ് വിലപിച്ചിട്ടുണ്ട്. ചാക്കുടുക്കുകയും ചാരത്തില്‍ക്കിടക്കുകയും വസ്ത്രം കീറുകയും ചെയ്ത അനേകം അവസരങ്ങള്‍ ദാവീദിന്റെ ജീവിതത്തിലുണ്ടായി. ജീവിതത്തിലെ സിംഹഭാഗവും അനുതാപത്തിനായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നുവെന്ന് ദാവീദിന്റെ ചരിത്രം പരിശോധിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. യാഹ്‌വെയ്ക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിയായി ദാവീദ് പരിഗണിക്കപ്പെട്ടത് അവന്റെ ആത്മാര്‍ത്ഥമായ അനുതാപംകൂടിയായിരുന്നു. ഊറിയാഹിന്റെ ഭാര്യയെ പരിഗ്രഹിക്കാനായി ചെയ്ത നീചകൃത്യത്തിലൊഴികെ, മറ്റെല്ലാ കാര്യങ്ങളിലും ദാവീദ് യാഹ്‌വെയുടെ സന്നിധിയില്‍ വിശ്വസ്തതയോടെ വ്യാപരിച്ചു. ബൈബിള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: "ദാവീദ് ഹിത്യനായ ഊറിയാഹിന്റെ കാര്യത്തിലൊഴികെ യാഹ്‌വെ കല്പിച്ച യാതൊന്നിലുംനിന്ന് ആയുഷ്‌കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്തു"(1 രാജാ: 15; 5).
ദാവീദിനെക്കുറിച്ച് യാഹ്‌വെ സാക്ഷ്യപ്പെടുത്തുന്നത് തന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍ എന്നായിരുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു"(അപ്പ. പ്രവര്‍: 13; 22). ദാവീദിന്റെ ഓരോ വസ്ത്രം കീറലുകളും വ്യത്യസ്തമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു. അതില്‍ ചിലതെല്ലാം നാം പരിശോധിച്ചു കഴിഞ്ഞു. ആയതിനാല്‍, മറ്റു ചിലരുടെ വസ്ത്രം കീറലുകളും അവയുടെ പിന്നിലെ വികാരങ്ങളും പരിശോധിച്ചുകൊണ്ട് യഥാര്‍ത്ഥ വിഷയത്തിലേക്കു പ്രവേശിക്കാം.
ദൈവീകനിയമങ്ങളുടെ പരസ്യമായ ലംഘനം ദൈവജനത്തില്‍ നിന്നുണ്ടാകുമ്പോള്‍, അതിനെക്കുറിച്ച് യാഹ്‌വെയുടെ യഥാര്‍ത്ഥ ഭക്തന് വേദനയും ഭയവുമുണ്ടാകും. ദൈവജനത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ദൈവനിന്ദയുണ്ടായല്ലോ എന്നതാണ് അവന്റെ വേദനയെങ്കില്‍, ദൈവജനത്തിനുമേല്‍ വന്നുഭവിക്കാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തിയാണ് അവനെ ഭയവിഹ്വലനാക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യിസ്രായേല്യര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി അവരുടെ പുത്രിമാരെ സ്വീകരിച്ചു. അങ്ങനെ വിശുദ്ധവംശം തദ്ദേശവാസികളുമായി കലര്‍ന്ന് അശുദ്ധമായി. ഈ അവിശ്വസ്തതയില്‍ മുന്നിട്ടു നില്‍ക്കുന്നത് ശുശ്രൂഷകരും നേതാക്കളുമാണ്. ഇതു കേട്ടു ഞാന്‍ വസ്ത്രവും മേലങ്കിയും കീറി; മുടിയും താടിയും വലിച്ചുപറിച്ചു; സ്തബ്ധനായി ഇരുന്നു"(എസ്രാ: 9; 2, 3). വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുതെന്ന് യാഹ്‌വെ അവിടുത്തെ ജനത്തോടു കല്പിച്ചിട്ടുള്ളതു നമുക്കറിയാം. ഈ കല്പനയുടെ ഗൗരവം വ്യക്തമാക്കുന്ന പ്രവൃത്തിയാണ് യെസ്രാ ചെയ്തത്. വിദേശികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട യെഹൂദര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കുകയും, അവരുടെ തെറ്റിന്റെ ഗൗരവം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് യെസ്രാ യെരുശലെമില്‍ എത്തിയത്. മോശയുടെ നിയമങ്ങളില്‍ പാണ്ഡിത്യമുള്ള നിയമജ്ഞനായിരുന്നു യെസ്രാ!
യെസ്രായുടെ പ്രാര്‍ത്ഥനകളുടെയും പ്രബോധനങ്ങളുടെയും ഫലമായി യെഹൂദര്‍ മിശ്രവിവാഹത്തില്‍നിന്നു പിന്തിരിയാന്‍ തയ്യാറായി. വിദേശികളില്‍നിന്നു സ്വീകരിച്ച ഭാര്യമാരെയും അവരില്‍ ജനിച്ച കുട്ടികളെയും ഉപേക്ഷിക്കാമെന്ന്‍ ദൈവത്തിന്റെ സന്നിധിയില്‍ അവര്‍ പ്രതിജ്ഞ ചെയ്തു. ഈ വിവരണം ശ്രദ്ധിക്കുക: "അങ്ങും നമ്മുടെ ദൈവത്തിന്റെ കല്പനകളെ ഭയപ്പെടുന്നവരും അനുശാസിക്കുന്നതനുസരിച്ച്, ഈ ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിക്കുമെന്ന് നമുക്കു ദൈവത്തോട് പ്രതിജ്ഞ ചെയ്യാം. ദൈവത്തിന്റെ നിയമം അനുശാസിക്കുന്നതു നാം ചെയ്യും. എഴുന്നേല്‍ക്കൂ, ഇത് ചെയ്യേണ്ടത് അങ്ങാണ്. ഞങ്ങളും അങ്ങയോടൊത്തുണ്ട്. ധൈര്യപൂര്‍വ്വം ചെയ്യുക. അപ്പോള്‍ യെസ്രാ എഴുന്നേറ്റ്, അപ്രകാരം ചെയ്തുകൊള്ളാമെന്നു ശപഥം ചെയ്യാന്‍ പുരോഹിതപ്രമുഖന്മാരെയും ലേവ്യരെയും യിസ്രായേല്‍ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ ശപഥം ചെയ്തു"(യെസ്രാ: 10; 3-5). വിജാതിയരില്‍നിന്നു ഭാര്യമാരെ സ്വീകരിച്ച സകലരും തങ്ങളുടെ ഭാര്യമാരെയും അവരില്‍ ജനിച്ച കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുകയും പ്രായശ്ചിത്തമായി പാപപരിഹാരബലി അര്‍പ്പിക്കുകയും ചെയ്തു. ഇതു നാം ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്!
വിജാതിയരുമായുള്ള വിവാഹം കത്തോലിക്കാസഭയുടെ പള്ളികളില്‍ ആശിര്‍വദിക്കുന്ന പൈശാചിക ദുരാചാരം ഇന്നുണ്ട്. ഇത്തരം നിയമനിഷേധങ്ങള്‍ നടത്തുന്നവര്‍ ചാക്കുടുക്കുകയും വസ്ത്രം കീറുകയും മാത്രമല്ല, ജീവിതകാലം മുഴുവന്‍ ചാരത്തില്‍ കിടക്കുകയും വേണം. ദൈവത്തിന്റെ നിയമത്തെ തങ്ങളുടെ യുക്തികൊണ്ട് അസാധുവാക്കുന്ന വങ്കന്മാരാണ് ഈ ആഭാസങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവസഭകളിലെ യുവതികള്‍ വിജാതിയരോടൊപ്പം അവിഹിതവേഴ്ച ആഗ്രഹിക്കുന്നതിന്റെ പിന്നിലെ കാരണം തേടി അങ്ങുമിങ്ങും അലയേണ്ടതില്ല. എന്തെന്നാല്‍, പള്ളികളില്‍ മിശ്രവിവാഹം ആശിര്‍വദിക്കുന്ന ആഭാസാചാരത്തിനുള്ള ശിക്ഷയാണിത്! വിജാതിയരുമായുള്ള വിവാഹത്തില്‍ നിലനില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ആ അവിഹിതബന്ധത്തില്‍നിന്നു വിടുതല്‍ പ്രാപിക്കാന്‍ തയ്യാറായാല്‍ മാത്രമേ നിങ്ങള്‍ക്കു നിത്യജീവന്‍ ലഭിക്കുകയുള്ളു. വിവാഹാനന്തരം നിങ്ങളുടെ പങ്കാളി യേഹ്ശുവായെ രക്ഷകനായി സ്വീകരിക്കാനും ജ്ഞാനസ്നാനം സ്വീകരിക്കാനും തയ്യാറായാല്‍ മാത്രം ആ ബന്ധം തുടരാം. അല്ലാത്തപക്ഷം നിങ്ങള്‍ നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരായിരിക്കും!
മോശയുടെ നിയമങ്ങളില്‍നിന്ന് അകന്നുപോയ യിസ്രായേല്‍ജനത്തെ തിരികെക്കൊണ്ടുവരാന്‍ നിയുക്തനായ വ്യക്തിയായിരുന്നു യെസ്രാ! ജനത്തെ മോശയുടെ നിയമങ്ങളിലേക്ക് തിരികെക്കൊണ്ടുവരാന്‍ യെസ്രായ്ക്കു സാധിച്ചുവെന്നത് നാം തിരിച്ചറിയണം. നിയമത്തില്‍നിന്നു ബഹുദൂരം അകന്നുപോയ ക്രൈസ്തവസമൂഹങ്ങളെ നിയമത്തിലേക്ക് തിരിച്ചുനടത്താന്‍ അനേകം യെസ്രാമാരെ ഇന്ന് ആവശ്യമുണ്ട്. അല്ലാത്തപക്ഷം, ഈ ജനത്തിനുമേല്‍ വരാനിരിക്കുന്ന പ്രഹരത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല!
നിയമവിരുദ്ധമായ വസ്ത്രം കീറല്‍!
നിയമവിരുദ്ധമായ വസ്ത്രം കീറലുമുണ്ട്. അനുതാപത്തിന്റെ അടയാളമായി വസ്ത്രം കീറിയ വ്യക്തികളെ ദൈവം ശ്ലാഘിക്കുന്നുണ്ടെങ്കിലും, നിയമംകൊണ്ട് യാഹ്‌വെ വിലക്കിയിട്ടുള്ള വസ്ത്രം കീറലും ഉണ്ടെന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. ഈ നിയമം ശ്രദ്ധിക്കുക: "അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വിശുദ്ധവസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനും സഹോദരന്മാരില്‍ പ്രധാന പുരോഹിതനുമായവന്‍ തന്റെ തല നഗ്‌നമാക്കുകയോ വസ്ത്രം കീറുകയോ അരുത്"(ലേവ്യര്‍: 21; 10). അഹറോന്റെ തലമുറയില്‍പ്പെട്ട പുരോഹിതന്മാരെ വസ്ത്രം കീറുന്നതില്‍നിന്നും വിലാപം ആചരിക്കുന്നതില്‍നിന്നും യാഹ്‌വെ വിലക്കിയിരിക്കുന്നു. എന്നാല്‍, യേഹ്ശുവായെ വിചാരണ ചെയ്യുന്ന വേളയില്‍ പ്രധാനപുരോഹിതനായ കയ്യാഫാസ് തന്റെ മേലങ്കി കീറിയത് നാം കണ്ടു. യേഹ്ശുവായുടെ വാക്കുകളില്‍ ദൈവദൂഷണം ഉണ്ടെന്ന ആരോപണത്തോടെയാണ് അവന്‍ തന്റെ മേലങ്കി കീറിയത്. നീ ദൈവപുത്രനാണോ എന്ന് പ്രധാനപുരോഹിതന്‍ യേഹ്ശുവായോടു ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞ മറുപടി അവനെ പ്രകോപിതനാക്കി.
യേഹ്ശുവായുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: "നീ പറഞ്ഞുവല്ലോ; എന്നാല്‍, മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും."(മത്താ: 26; 64). യേഹ്ശുവായുടെ വാക്കുകള്‍ ശ്രവിച്ച കയ്യാഫാസിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് നോക്കുക: "അപ്പോള്‍ പ്രധാന പുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങള്‍ ഇപ്പോള്‍ കേട്ടുവല്ലോ!"(മത്താ: 26; 65). തന്റെ അറിവിന്റെ പരിമിതിയില്‍നിന്നുകൊണ്ട് ചിന്തിച്ച കയ്യാഫാസിന് യേഹ്ശുവായുടെ വാക്കുകള്‍ ദൈവദൂഷണപരമായിരുന്നു. എന്നാല്‍, യാഹ്‌വെയുടെ നിയമം ലംഘിച്ചുകൊണ്ട് തന്റെ വസ്ത്രം കീറിയ കയ്യാഫാസിന്റെ പ്രവൃത്തിയാണ് യഥാര്‍ത്ഥത്തില്‍ ദൈവദൂഷണപരം! മറ്റൊരുവനില്‍ ദൈവദൂഷണം ആരോപിക്കുന്നവര്‍ തങ്ങളുടെ ചെയ്തികളിലെ ദൈവദൂഷണപരമായ നിയമലംഘനങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അന്നുമിന്നും ഈ ദുരവസ്ഥയ്ക്ക് മാറ്റമില്ലെന്നതു നാം ഗൗരവത്തോടെ കാണണം. സഭയിലെ മൂപ്പന്മാരുടെ വചനവിരുദ്ധമായ ചെയ്തികളെ നാം ചോദ്യംചെയ്യേണ്ടതു തന്നെയാണ്. വചനവിരുദ്ധമായ ആചാരങ്ങളുടെ അനുകരണങ്ങളെ ചോദ്യംചെയ്യാനുള്ള അവകാശവും കടമയും ഓരോ ക്രിസ്ത്യാനികള്‍ക്കുമുണ്ട്. എന്നാല്‍, കല്പനകളെ, വിശിഷ്യാ ഒന്നാംപ്രമാണത്തെ കര്‍ശനമായി പാലിക്കുന്നവര്‍ക്കു മാത്രമേ ഈ അവകാശമുള്ളു.
പുരോഹിതന്‍ തന്റെ വസ്ത്രം കീറുകയോ തല നഗ്നമാക്കുകയോ അരുതെന്നു മാത്രമല്ല, ദുഃഖസൂചകമായി പുരോഹിതന്മാര്‍ തല മുണ്ഡനം ചെയ്യുകയോ താടി വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുതെന്നും നിയമം അനുശാസിക്കുന്നു! ദൈവമായ യാഹ്‌വെ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് പുരോഹിതന്‍ വിശുദ്ധനായിരിക്കണം എന്നതാണ് അവിടുത്തെ ഹിതം. ദുഃഖസൂചകമായി വസ്ത്രം കീറുന്ന രീതി യിസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നു. തന്റെ മകള്‍ക്ക് മാനഹാനി സംഭവിച്ചപ്പോഴും പുത്രന്‍ വധിക്കപ്പെട്ടപ്പോഴുമെല്ലാം ദാവീദ് വസ്ത്രം കീറിയത് നാം കണ്ടതാണല്ലോ! തന്റെ പുത്രന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ പൂര്‍വ്വപിതാവായ യാക്കോബ് തന്റെ വസ്ത്രം കീറിയിട്ടുണ്ട്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "യാക്കോബു തന്റെ വസ്ത്രം വലിച്ചുകീറി; ചാക്കുടുത്തു വളരെനാള്‍ തന്റെ മകനെക്കുറിച്ചു വിലപിച്ചു. അവന്റെ പുത്രന്‍മാരും പുത്രിമാരും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ക്കു കഴിഞ്ഞില്ല. കരഞ്ഞുകൊണ്ടുതന്നെ പാതാളത്തില്‍ എന്റെ മകന്റെയടുത്തേക്കു ഞാന്‍ പോകും എന്നു പറഞ്ഞ് അവന്‍ തന്റെ മകനെയോര്‍ത്തു വിലപിച്ചു"(ഉത്പ: 37; 34).
യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ വച്ചു തങ്ങളുടെ വസ്ത്രം കീറിയതും ദുഃഖത്താലായിരുന്നു. തങ്ങളുടെ ഇളയസഹോദരനായ ബെന്യാമിനെ പ്രതിയാണ് അവര്‍ അങ്ങനെ ചെയ്തത്. ഇക്കാര്യം ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ: "ബെന്യാമിന്റെ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ വസ്ത്രം വലിച്ചുകീറി, ഓരോരുത്തനും ചുമട് കഴുതപ്പുറത്തു കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി"(ഉത്പ: 44; 13). ഇത്തരത്തില്‍ വിലാപം ആചരിക്കാന്‍ പുരോഹിതരെ അനുവദിച്ചിട്ടില്ല. ബലിപീഠത്തില്‍ ശുശ്രൂഷചെയ്യുന്ന പുരോഹിതന്‍ ദുഃഖമോ കോപമോ പ്രകടിപ്പിക്കുന്നവനായിരിക്കരുത്.
എന്നാല്‍, ഈ നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട്, ദൈവജനത്തിനുമേല്‍ ഭാരമുള്ള നുകം വച്ചുകൊടുക്കുന്നത് അന്നത്തെ പുരോഹിതരുടെയും ഇന്നത്തെ വൈദീകരുടെയും പൊതുശൈലിയാണ്! യേഹ്ശുവായില്‍ കുറ്റമാരോപിക്കാന്‍ തക്കംപാര്‍ത്തു നടന്ന കയ്യാഫാസാണ് പരസ്യമായി നിയമലംഘനം നടത്തിയത്. അക്കാലത്തെ പുരോഹിതന്മാരും നിയമജ്ഞരും ഫരിസേയരുമെല്ലാം വസ്ത്രം കീറിക്കൊണ്ട് വികാരങ്ങള്‍ പ്രകടിപ്പിക്കുമായിരുന്നുവെന്ന് ബൈബിള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, അതെല്ലാം യഥാര്‍ത്ഥ അനുതാപത്തിന്റെ പ്രകടനമായിരുന്നില്ല. മറിച്ച്, അവരുടെ വിലാപങ്ങളും വസ്ത്രം കീറലുകളും കാപട്യമായിരുന്നു. അവരെ നോക്കി യോയേല്‍ പ്രവാചകന്‍ ഇപ്രകാരം വിളിച്ചുപറഞ്ഞു: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍. നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ യാഹ്‌വെയിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്; ശിക്ഷ പിന്‍വലിക്കാന്‍ സദാ സന്നദ്ധനുമാണ് അവിടുന്ന്"(യോയേല്‍: 2; 12, 13).
ഹൃദയത്തില്‍ സകലവിധ മ്ലേച്ഛതകളും പ്രതിഷ്ഠിച്ചുകൊണ്ട് വസ്ത്രം കീറുകയും ചാക്കുടുക്കുകയും ചെയ്‌താല്‍ മനുഷ്യനെ വഞ്ചിക്കാന്‍ സാധിച്ചേക്കും. എന്നാല്‍, ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ സകലത്തെയും വിവേചിച്ചറിയുന്നു. അതായത്, ഭക്തിപ്രകടനങ്ങളും ആത്മാര്‍ത്ഥതയില്ലാത്ത വസ്ത്രം കീറലുകളും വെറും പ്രഹസനം മാത്രമാണ്! എന്നാല്‍, ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവത്തിനു പ്രീതികരമായ ചില വസ്ത്രം കീറലുകളെ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ലേഖനത്തിന്റെ ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കുന്നതും അതുതന്നെയാണ്. യാഹ്‌വെ ശ്ലാഘിച്ച ചില വസ്ത്രം കീറലുകള്‍ നമുക്കു പരിശോധിക്കാം.
ശ്ലാഘനീയമായ വസ്ത്രം കീറല്‍!
ദാവീദിനുശേഷം യിസ്രായേലിലോ യെഹൂദായിലോ ഭരണം നടത്തിയ രാജാക്കന്മാരില്‍, ദാവിദിനെപ്പോലെ യാഹ്‌വെയോടു വിശ്വസ്തത പുലര്‍ത്തിയത് രണ്ടോമൂന്നോ രാജാക്കന്മാര്‍ മാത്രമായിരുന്നു. അവരില്‍ ഏറ്റവുമധികം യാഹ്‌വെയോടു ചേര്‍ന്നുനിന്ന രാജാവായിരുന്നു യോസിയാഹ്. ഇദ്ദേഹത്തെക്കുറിച്ച് ബൈബിള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: "മോശയുടെ നിയമങ്ങളനുസരിച്ച് പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടെ യാഹ്‌വെയെ പിന്‍ചെന്ന മറ്റൊരു രാജാവു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല"(2 രാജാ: 23; 25). എട്ടാമത്തെ വയസ്സില്‍ യെഹൂദാഹ് എന്ന രാജ്യത്തിന്റെ രാജാവായി ഭരണം ഏറ്റെടുത്തവനും ദാവീദിന്റെ വംശാവലിയില്‍ ജനിച്ച രാജാക്കന്മാരില്‍ ശ്രേഷ്ഠനുമായിരുന്നു അവന്‍. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന നിയമഗ്രന്ഥം വീണ്ടെടുക്കപ്പെട്ടത് യോസിയാഹിന്റെ ഭരണകാലത്താണ്! വീണ്ടെടുക്കപ്പെട്ട നിയമഗ്രന്ഥം വായിച്ചതിനുശേഷം യോസിയാഹ് തന്റെ വസ്ത്രം കീറി! ബൈബിളില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: "നിയമഗ്രന്ഥം വായിച്ചുകേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി"(2 രാജാ: 22; 11). എന്തിനാണ് യോസിയാഹ് തന്റെ വസ്ത്രം കീറിയത്?
പലവിധത്തിലുള്ള വികാരങ്ങള്‍ വസ്ത്രം കീറലിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കുമെന്നു നാം കണ്ടു. അപ്രിയസത്യങ്ങള്‍ കേള്‍ക്കുമ്പോഴുള്ള അസഹിഷ്ണുതയും വസ്ത്രം കീറിക്കൊണ്ടു പ്രകടിപ്പിക്കാന്‍ സാധിക്കും. അനുതാപത്തിന്റെ ബാഹ്യപ്രകടനമായുള്ള വസ്ത്രം കീറലും യെഹൂദര്‍ നടത്തിയിട്ടുണ്ട്. നിയമഗ്രന്ഥം വായിച്ചുകേട്ടപ്പോള്‍, യോസിയാഹ് വസ്ത്രം കീറിയതിനെ ഏതര്‍ത്ഥത്തിലാണ് യാഹ്‌വെ പരിഗണിച്ചതെന്ന് നോക്കുക: "നീ ഈ വചനം കേള്‍ക്കുകയും പശ്ചാത്തപിക്കുകയും യാഹ്‌വെയുടെ മുമ്പില്‍ സ്വയം വിനീതനാവുകയും ചെയ്തു; ഈ ദേശത്തിനും ഇതിലെ നിവാസികള്‍ക്കും എതിരേ അവര്‍ ശൂന്യതയും ശാപവും ആകുമെന്നു ഞാന്‍ അരുളിച്ചെയ്തപ്പോള്‍ നീ വസ്ത്രം കീറി എന്റെ മുന്‍പില്‍ നിന്നു കരഞ്ഞു. നിന്റെ വിലാപം ഞാന്‍ കേട്ടിരിക്കുന്നുവെന്നു യാഹ്‌വെ അരുളിച്ചെയ്യുന്നു. അതിനാല്‍, ഞാന്‍ നിന്നെ പിതാക്കന്മാരോടു ചേര്‍ക്കും. നീ സമാധാനപൂര്‍വ്വം കല്ലറ പൂകും. ഞാന്‍ ഈ സ്ഥലത്തിനു വരുത്തുന്ന അനര്‍ത്ഥങ്ങള്‍ നിനക്കു കാണേണ്ടിവരുകയില്ല"(2 രാജാ: 22; 19, 20). പശ്ചാത്താപത്തിന്റെയും ഏറ്റുപറച്ചിലിന്റെയും അടയാളമായിട്ടാണ് യോസിയാഹിന്റെ വസ്ത്രം കീറലിനെ യാഹ്‌വെ പരിഗണിച്ചത്.
ദൈവീകനിയമങ്ങളുടെ ലംഘനത്തിലൂടെ ജനത്തിനുമേല്‍ വരാനിരിക്കുന്ന മഹാദുരന്തത്തെക്കുറിച്ച് യോസിയാഹ് ഭയപ്പെട്ടു. ദൈവജനത്തിന്റെ ചുമതല വഹിക്കുന്ന ഭരണാധികാരിയില്‍നിന്നു ദൈവം ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. ദൈവഭയമില്ലാത്ത ഭരണാധികാരികള്‍ ഭൂമിയുടെ ശാപമാണെന്ന തിരിച്ചറിവിലേക്കാണ് നാം വളരേണ്ടത്. ജനാധിപത്യത്തില്‍ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം വിനിയോഗിക്കുന്ന ഏവരും ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കണം. ദൈവത്തിന്റെ ക്രോധം രാജ്യത്തേക്കു ക്ഷണിച്ചുവരുത്തുന്നവരെ ഭരണസാരഥ്യം ഏല്പിക്കാതിരിക്കാനുള്ള വിവേകം നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ദൈവീകനിയമങ്ങളെ പുച്ഛിച്ചുതള്ളുന്ന പൈശാചിക ശക്തികളെ ഭരണമേല്പിക്കുന്നതിലൂടെ രാജ്യത്തിന്റെമേല്‍ മഹാമാരി ക്ഷണിച്ചുവരുത്തുന്നു. ജനങ്ങള്‍ വഴിപിഴച്ചുപോയാല്‍, അവരെ ദൈവീകനിയമങ്ങളിലേക്കു തിരികെക്കൊണ്ടുവരുന്ന രാജാക്കന്മാരെയാണ് ദൈവം അംഗീകരിക്കുന്നത്. മറിച്ച്, മാനുഷിക നിയമങ്ങളിലൂടെ ദൈവീകനിയമങ്ങളെ നിഷേധിക്കുന്ന രാജാക്കന്മാരെയല്ല! ഈജിപ്തിലെ ഫറവോയുടെ ദൈവനിഷേധവും ധാര്‍ഷ്ട്യവും മൂലമാണ് ആ രാജ്യത്തെ ജനങ്ങള്‍ മഹാമാരികളാല്‍ പീഡിപ്പിക്കപ്പെട്ടത്. അവരുടെ ആദ്യജാതന്മാര്‍ സംഹരിക്കപ്പെട്ടതിന്റെ ഉത്തരവാദി ഫറവോയായിരുന്നു!
നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത് എന്ന് വസ്ത്രം കീറലുകളുടെ ആത്മാര്‍ത്ഥതയില്ലായ്മയെ കുറ്റപ്പെടുത്തിയ ദൈവംതന്നെയാണ് യോസിയാഹിന്റെ പ്രവൃത്തിയെ ശ്ലാഘിച്ചത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമം വായിച്ചപ്പോള്‍ യോസിയാഹ് വസ്ത്രം കീറുകയും കരയുകയും ചെയ്തത് എന്തുകൊണ്ടായിരിക്കാം? നിയമത്തില്‍നിന്ന് ബഹുദൂരം വ്യതിചലിച്ച അവസ്ഥയിലാണ് തന്റെ രാജ്യവും ജനവും എന്ന തിരിച്ചറിവാണ് അവനെ വസ്ത്രം കീറാനും കരയാനും പ്രേരിപ്പിച്ചത്. അതിനുശേഷം യോസിയാഹ് നടത്തിയ ശുദ്ധീകരണ പ്രവൃത്തികള്‍ എല്ലാറ്റിലും മഹത്തരമായിരുന്നു. പുരോഹിതന്മാരോടും മറ്റു ശ്രേഷ്ഠന്മാരോടും രാജാവ് ഇപ്രകാരം കല്പിച്ചു: "എനിക്കും ജനത്തിനും യെഹൂദാഹ് മുഴുവനുംവേണ്ടി നിങ്ങള്‍ പോയി കണ്ടുകിട്ടിയ ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ച് യാഹ്‌വെയോട് ആരായുവിന്‍. നമ്മള്‍ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ അനുസരിക്കാതിരുന്നതിനാല്‍ യാഹ്‌വെയുടെ ഉഗ്രകോപം നമുക്കെതിരേ ജ്വലിക്കുന്നു"(2 രാജാ: 22; 13). രാജാവിന്റെ കല്പനയനുസരിച്ച് അവര്‍ 'ഹുല്‍ദാഹ്' എന്ന പ്രവാചികയുടെ അടുത്തുചെന്ന് അവളോടു സംസാരിച്ചു.
തന്റെയടുക്കല്‍ വന്ന പുരോഹിതരോടും ശ്രേഷ്ഠന്മാരോടും അവള്‍ ഇപ്രകാരം പറഞ്ഞു: "യാഹ്‌വെ അരുളിച്ചെയ്യുന്നു, യെഹൂദാരാജാവു വായിച്ച ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ശിക്ഷ ഈ സ്ഥലത്തിന്റെയും അതിലെ നിവാസികളുടെയുംമേല്‍ ഞാന്‍ വരുത്തുമെന്ന് യിസ്രായേലിന്റെ യാഹ്‌വെ അരുളിച്ചെയ്യുന്നുവെന്ന് നിങ്ങളെ എന്റെ അടുത്ത് അയച്ചവരോടു പറയുക. അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തി; തങ്ങളുടെ കരവേലകളാല്‍ അവര്‍ എന്നെ പ്രകോപിപ്പിച്ചു. അതിനാല്‍, എന്റെ കോപം ഈ സ്ഥലത്തിനെതിരേ ജ്വലിക്കും; അതു ശമിക്കുകയില്ല. എന്നാല്‍, യാഹ്‌വെയുടെ ഹിതം ആരായാന്‍ നിങ്ങളെ അയച്ച യെഹൂദാഹ് രാജാവിനോടു പറയുക: യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: നീ ഈ വചനം കേള്‍ക്കുകയും പശ്ചാത്തപിക്കുകയും യാഹ്‌വെയുടെ മുമ്പില്‍ സ്വയം വിനീതനാവുകയും ചെയ്തു; ഈ ദേശത്തിനും ഇതിലെ നിവാസികള്‍ക്കും എതിരേ അവര്‍ ശൂന്യതയും ശാപവും ആകുമെന്നു ഞാന്‍ അരുളിച്ചെയ്തപ്പോള്‍ നീ വസ്ത്രം കീറി എന്റെ മുന്‍പില്‍ നിന്നു കരഞ്ഞു. നിന്റെ വിലാപം ഞാന്‍ കേട്ടിരിക്കുന്നുവെന്നു യാഹ്‌വെ അരുളിച്ചെയ്യുന്നു. അതിനാല്‍, ഞാന്‍ നിന്നെ പിതാക്കന്മാരോടു ചേര്‍ക്കും. നീ സമാധാനപൂര്‍വ്വം കല്ലറ പൂകും. ഞാന്‍ ഈ സ്ഥലത്തിനു വരുത്തുന്ന അനര്‍ത്ഥങ്ങള്‍ നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ ഈ വചനം രാജാവിനെ അറിയിച്ചു"(2 രാജാ: 22; 15-21).
സത്യദൈവമായ യാഹ്‌വെയെ ഉപേക്ഷിച്ച് അന്യദേവന്മാരെയും വിഗ്രഹങ്ങളെയും സേവിച്ചതാണ് യെഹൂദാഹിന്റെമേല്‍ അവിടുത്തെ ക്രോധം ആളിക്കത്താന്‍ കാരണമായത്. ഇവിടെ ഒരുകാര്യംകൂടി മനസ്സിലാക്കാനുണ്ട്. എന്തെന്നാല്‍, നിയമഗ്രന്ഥം വായിച്ചപ്പോഴാണ് രാജാവിനുപോലും തന്റെ രാജ്യത്തിന്റെ വഴിപിഴച്ച അവസ്ഥ തിരിച്ചറിയാന്‍ സാധിച്ചത്. എട്ടാമത്തെ വയസ്സില്‍ രാജപദവി ഏറ്റെടുത്ത യോസിയാഹിനെ നിയമം പഠിപ്പിക്കാനോ യാഹ്‌വെയുടെ മാര്‍ഗ്ഗം അഭിസിപ്പിക്കാനോ ആരും ഉണ്ടായിരുന്നിരിക്കില്ല. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ത്തന്നെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നതിലുപരി, ദൈവനിന്ദകരായ മാതാപിതാക്കളുടെ സന്തതികൂടിയായിരുന്നു അവന്‍! യോസിയാഹിന്റെ പിതാവായിരുന്ന ആമോന്‍ സേവിക്കാത്ത ദേവന്മാരോ വിഗ്രഹങ്ങളോ ഇല്ലായിരുന്നു. ആമോന്റെ പിതാവായിരുന്ന മനാസ്സെഹ് ആകട്ടെ സ്വന്തമായി ദേവന്മാരെ സൃഷ്ടിക്കുകപോലും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും.
ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യാഹ്‌വെ യിസ്രായേല്‍ജനത്തിന്റെ മുന്‍പില്‍നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ മ്‌ളേച്ഛാചാരങ്ങള്‍ അനുസരിച്ച് അവന്‍ യാഹ്‌വെയുടെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ചു. തന്റെ പിതാവായ ഹെസക്കിയാഹ് നശിപ്പിച്ചുകളഞ്ഞ പൂജാഗിരികള്‍ അവന്‍ പുനഃസ്ഥാപിച്ചു. യിസ്രായേല്‍രാജാവായ ആഹാബിനെപ്പോലെ അവന്‍ ബാലിനു ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠയും ഉണ്ടാക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. യെരുശലെമില്‍ ഞാന്‍ എന്റെ നാമം സ്ഥാപിക്കും എന്നു യാഹ്‌വെ പറഞ്ഞ അവിടുത്തെ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ പണിതു. ദൈവാലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അവന്‍ ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. തന്റെ പുത്രനെ ബലിയര്‍പ്പിക്കുകയും ഭാവിഫലപ്രവചനം, ശകുനം, ആഭിചാരം, മന്ത്രവാദം എന്നിവ സ്വീകരിക്കുകയും ചെയ്തു. വളരെയധികം തിന്മ ചെയ്ത് അവന്‍ യാഹ്‌വെയെ പ്രകോപിപ്പിച്ചു. ഞാന്‍ യിസ്രായേലിനു നല്‍കിയ കല്പനകളും എന്റെ ദാസനായ മോശ അവര്‍ക്കു നല്‍കിയ നിയമങ്ങളും ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കുകയാണെങ്കില്‍, അവരുടെ പിതാക്കന്മാര്‍ക്കു നല്‍കിയ ദേശത്തുനിന്നു ബഹിഷ്‌കൃതരാകാന്‍ ഞാന്‍ അവര്‍ക്ക് ഇടയാക്കുകയില്ല എന്നും യാഹ്‌വെ അരുളിച്ചെയ്തിരുന്നു. എന്നാല്‍, അവര്‍ അതു വകവച്ചില്ല. യിസ്രായേല്‍ജനത്തിന്റെ മുന്‍പില്‍നിന്നു യാഹ്‌വെ നശിപ്പിച്ചുകളഞ്ഞ ജനതകള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ തിന്മ ചെയ്യാന്‍ മനാസ്സെ അവരെ പ്രേരിപ്പിച്ചു"(2 രാജാ: 21; 2-9).
മനാസ്സെഹിനെക്കുറിച്ചും അവന്റെ സന്തതിയായ ആമോനെക്കുറിച്ചുമാണ് തുടര്‍ന്നുള്ള വിവരണങ്ങള്‍. യോസിയാഹിന്റെ പൂര്‍വ്വീകരുടെ പൈശാചികത വ്യക്തമാക്കാനാണ് ഇതിവിടെ കുറിച്ചത്. പിശാചുതന്നെ മനുഷ്യരൂപം ധരിച്ചു വന്നതാണെന്നു തോന്നിപ്പോകുന്ന ജീവിതമായിരുന്നു മനാസ്സെഹിന്റെത്! അവന്റെ സന്തതിയും യോസിയാഹിന്റെ പിതാവുമായിരുന്ന ആമോന്റെ ആദ്ധ്യാത്മിക അവസ്ഥകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അവനെക്കുറിച്ചു ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "തന്റെ പിതാവ് മനാസ്സെഹിനെപ്പോലെ അവന്‍ യാഹ്‌വെയുടെ മുന്‍പില്‍ തിന്മ ചെയ്തു. പിതാവു ചരിച്ച പാതകളിലെല്ലാം അവനും സഞ്ചരിച്ചു; പിതാവു സേവിച്ച വിഗ്രഹങ്ങളെ അവനും സേവിക്കുകയും ആരാധിക്കുകയും ചെയ്തു. പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെയെ അവന്‍ പരിത്യജിച്ചു: അവിടുത്തെ മാര്‍ഗ്ഗത്തില്‍ നടന്നില്ല. ഭൃത്യന്മാര്‍ ഗൂഢാലോചന നടത്തി ആമോനെ സ്വഭവനത്തില്‍വച്ചു കൊന്നു"(2 രാജാ: 21; 20-23). അതായത്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു പ്രിയങ്കരനായി വര്‍ത്തിച്ച യോസിയാഹിന്റെ പിതാവും പിതാമഹനും എങ്ങനെയുള്ള വ്യക്തികളായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു. പൈശാചികതയുടെ പൂര്‍ണ്ണതയില്‍ ചരിച്ചിരുന്ന പൂര്‍വ്വീകരില്‍നിന്നു യോസിയാഹിന് ദൈവീകനിയമങ്ങള്‍ പകര്‍ന്നുകിട്ടാനുള്ള യാതൊരു സാദ്ധ്യതയുമില്ലായിരുന്നു എന്നകാര്യം വ്യക്തം! നിയമഗ്രന്ഥംപോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു രാജ്യവും രാജ്യത്തെ ജനങ്ങളും!
അതായത്, നിയമഗ്രന്ഥം വീണ്ടെടുക്കപ്പെട്ടപ്പോള്‍ മാത്രമാണ് രാജാവും ജനങ്ങളും മോശയുടെ നിയമങ്ങള്‍ ആദ്യമായി അറിയുന്നത്. ഈ നിയമങ്ങള്‍ വായിച്ചുകേട്ടപ്പോള്‍ രാജാവു വസ്ത്രം കീറുകയും കരയുകയും ചെയ്തതില്‍ അദ്ഭുതപ്പെടാനില്ല. എന്തെന്നാല്‍, ഇങ്ങനെയുള്ള ദൈവീകനിയമങ്ങള്‍ ഉണ്ടെന്നും അത് അത് ലംഘിക്കുന്നവരുടെമേല്‍ ദൈവകോപം ആളിക്കത്തുമെന്നും അറിയുന്ന ഏതൊരു വ്യക്തിയും ഭയപ്പെടും! ദൈവത്തിന്റെ നിയമങ്ങളെ പരിപൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള ജീവിതമാണ് രാജ്യത്തെ ജനങ്ങള്‍ നയിച്ചുകൊണ്ടിരിക്കുന്നതെന്നു തിരിച്ചറിഞ്ഞവന്റെ പശ്ചാത്താപവും യോസിയാഹിന്റെ വസ്ത്രം കീറലിലുണ്ടായിരുന്നു. ഈ തിരിച്ചറിവു ലഭിച്ചവന്റെ പ്രവൃത്തി ഏതുവിധമായിരുന്നുവെന്നു നോക്കുക: "രാജാവ് യെഹൂദാഹിലെയും യെരുശലെമിലെയും ശ്രേഷ്ഠന്മാരെ ആളയച്ചു വരുത്തി. അവന്‍ യാഹ്‌വെയുടെ ആലയത്തില്‍ പ്രവേശിച്ചു. യെഹൂദാഹിലെയും യെരുശലെമിലെയും നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന്‍ യാഹ്‌വെയുടെ ആലയത്തില്‍നിന്നു കണ്ടു കിട്ടിയ ഉടമ്പടിഗ്രന്ഥം എല്ലാവരും കേള്‍ക്കെ വായിച്ചു. സ്തംഭത്തിനു സമീപം നിന്നുകൊണ്ട് ഉടമ്പടി ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന യാഹ്‌വെയുടെ കല്പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ പാലിച്ച്, അവിടുത്തെ പിന്‍തുടര്‍ന്നു കൊള്ളാമെന്നു രാജാവ് യാഹ്‌വെയുമായി ഉടമ്പടിചെയ്തു. ജനവും ഉടമ്പടിയില്‍ പങ്കുചേര്‍ന്നു"(2 രാജാ: 23; 1-3).
തുടര്‍ന്നുള്ള ശുദ്ധീകരണം ശ്രദ്ധിക്കുക: "ബാലിനും അഷേരായ്ക്കും ആകാശഗോളങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കിയ പാത്രങ്ങള്‍ യാഹ്‌വെയുടെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുവരാന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയാഹിനോടും സഹപുരോഹിതന്മാരോടും വാതില്‍ക്കാവല്‍ക്കാരോടും രാജാവ് ആജ്ഞാപിച്ചു. അവന്‍ അവ യെരുശലെമിനു പുറത്തു കിദ്രോന്‍വയലുകളില്‍വച്ചു ദഹിപ്പിച്ചു ചാരം ബഥേലിലേക്കു കൊണ്ടുപോയി. യെഹൂദാഹിലും യെരുശലെമിനു ചുറ്റുമുള്ള നഗരങ്ങളിലെ പൂജാഗിരികളിലും ധൂപാര്‍ച്ചന നടത്താന്‍ യെഹൂദാഹ് രാജാക്കന്മാര്‍ നിയമിച്ച വിഗ്രഹാരാധകരായ പുരോഹിതന്മാരെയും, ബാലിനും സൂര്യചന്ദ്രന്മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെയും അവന്‍ സ്ഥാനഭ്രഷ്ടരാക്കി. അവന്‍ യാഹ്‌വെയുടെ ആലയത്തില്‍നിന്ന് അഷേരാപ്രതിഷ്ഠ എടുത്ത് യെരുശലെമിനു പുറത്തു കിദ്രോന്‍ അരുവിക്കരികേ കൊണ്ടുവന്നു ദഹിപ്പിച്ചു ചാരമാക്കി. പൊതു ശ്മശാനത്തില്‍ വിതറി. യാഹ്‌വെയുടെ ആലയത്തിലെ ദേവപ്രീതിക്കായുള്ള പുരുഷവേശ്യാവൃത്തിക്കാരുടെ ഭവനങ്ങള്‍ അവന്‍ തകര്‍ത്തു. അവിടെയാണ് സ്ത്രീകള്‍ അഷേരായ്ക്കു തോരണങ്ങള്‍ നെയ്തുണ്ടാക്കിയിരുന്നത്"(2 രാജാ: 23; 4-7).
ഇവിടംകൊണ്ടൊന്നും യോസിയാഹ് തന്റെ ശുദ്ധീകരണം അവസാനിപ്പിച്ചില്ല. തുടര്‍ന്നുള്ള ശുദ്ധീകരണം നോക്കുക: "അവന്‍ യെഹൂദാഹ് നഗരങ്ങളില്‍നിന്ന് പുരോഹിതന്മാരെ പുറത്തുകൊണ്ടുവരുകയും അവര്‍ ഗേബാമുതല്‍ ബേര്‍ശെബാവരെ ധൂപാര്‍ച്ചന നടത്തിയിരുന്ന പൂജാഗിരികള്‍ മലിനമാക്കുകയും ചെയ്തു. നഗരാധിപനായ യോഹ്ശ്വായുടെ പ്രവേശനകവാടത്തില്‍ ഇടത്തുവശത്തുള്ള പൂജാഗിരികള്‍ അവന്‍ തകര്‍ത്തു. പൂജാഗിരികളിലെ പുരോഹിതന്മാര്‍ യെരുശലെമിലെ യാഹ്‌വെയുടെ ബലിപീഠത്തിങ്കലേക്കു വന്നില്ല. അവര്‍ പുളിപ്പില്ലാത്ത അപ്പം തങ്ങളുടെ സഹോദരന്മാരോടൊത്തു ഭക്ഷിച്ചു. യാഹ്‌വെയുടെ ആലയത്തിനടുത്ത് പള്ളിയറ വിചാരിപ്പുകാരനായ നാഥാന്‍മെലേക്കിന്റെ വസതിക്കു സമീപം, ദൈവാലയ കവാടത്തില്‍ യെഹൂദാരാജാക്കന്മാര്‍ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അവന്‍ നീക്കം ചെയ്ത്, സൂര്യരഥങ്ങള്‍ അഗ്നിക്കിരയാക്കി. ആഹാസിന്റെ മേടയില്‍ യെഹൂദാരാജാക്കന്മാര്‍ നിര്‍മ്മിച്ച ബലിപീഠങ്ങളും യാഹ്‌വെയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളില്‍ മനാസ്സെ ഉണ്ടാക്കിയ ബലിപീഠങ്ങളും അവന്‍ തകര്‍ത്ത് ധൂളിയാക്കി കിദ്രോന്‍ അരുവിയില്‍ ഒഴുക്കി"(2 രാജാ: 23; 8-12).
ഇവിടംകൊണ്ടും യോസിയാഹ് രാജ്യത്തെ ശുദ്ധീകരിക്കുന്നതില്‍നിന്നു വിരമിച്ചില്ല. തുടര്‍ന്നു വായിക്കുക: "യിസ്രായേല്‍രാജാവായ ശലോമോന്‍, സീദോന്യരുടെ മ്ലേച്ഛവിഗ്രഹമായ അസ്താര്‍ത്തെയ്ക്കും മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛ വിഗ്രഹമായ മില്‍ക്കോവിനുംവേണ്ടി യെരുശലെമിനു കിഴക്ക് നാശഗിരിയുടെ തെക്ക് സ്ഥാപിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനമാക്കി. അവന്‍ സ്തംഭങ്ങള്‍ തകര്‍ക്കുകയും, അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തുകയും, അവനിന്നിരുന്ന സ്ഥലങ്ങള്‍ മനുഷ്യാസ്ഥികള്‍കൊണ്ടു മൂടുകയും ചെയ്തു. യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യെരോബോവാം ബഥേലിലെ പൂജാഗിരിയില്‍ നിര്‍മ്മിച്ച ബലിപീഠം യോസിയാഹ് തകര്‍ത്തു; അഷേരാപ്രതിഷ്ഠ അഗ്നിക്കിരയാക്കുകയും ചെയ്തു. തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ അവിടെ, മലയില്‍ ശവകുടീരങ്ങള്‍ കണ്ടു. അവയില്‍നിന്ന് അസ്ഥികള്‍ എടുപ്പിച്ചുകൊണ്ടുവന്ന് ബലിപീഠത്തില്‍വച്ചു കത്തിച്ച് അത് അശുദ്ധമാക്കി. യാഹ്‌വെ ദൈവപുരുഷന്‍വഴി അരുളിച്ചെയ്തത് അനുസരിച്ചാണ് ഇങ്ങനെ സംഭവിച്ചത്"(2 രാജാ: 23; 13-16). യോസിയാഹിന്റെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എത്രത്തോളം അധഃപതനത്തിലായിരുന്നു യാക്കോബിന്റെ മക്കള്‍ എത്തിച്ചേര്‍ന്നതെന്നു വ്യക്തമാക്കുന്നതാണ് ഈ വിവരണം! വിജാതിയരെപ്പോലും ലജ്ജിപ്പിക്കുന്ന അവസ്ഥയിലാണ് ദൈവമക്കള്‍ എത്തിപ്പെട്ടത്. ഈ പൈശാചിക അവസ്ഥ ഒറ്റ ദിവസംകൊണ്ടോ ചില വര്‍ഷങ്ങള്‍ക്കൊണ്ടോ രൂപംകൊണ്ടതായിരുന്നില്ല. കാലാകാലങ്ങളില്‍ ഭരിച്ച രാജാക്കന്മാരും പുരോഹിതന്മാരും നടപ്പാക്കിയ പരിഷ്ക്കാരങ്ങളിലൂടെയാണ് ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കും.
നിയമഗ്രന്ഥം നഷ്ടപ്പെട്ട ക്രൈസ്തവസഭകള്‍!
നിയമഗ്രന്ഥം നഷ്ടപ്പെട്ടുപോയ ജനതയുടെ അവസ്ഥയിലാണ് ഇന്നത്തെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും ജീവിക്കുന്നത്! നിയമഗ്രന്ഥം വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതിരിക്കുന്നതും നിയമഗ്രന്ഥം നഷ്ടപ്പെടുന്നതും ഫലത്തില്‍ ഒന്നുപോലെയാണ്. ദൈവീകനിയമങ്ങള്‍ക്കു ബദലായി മാനുഷിക നിയമങ്ങളും പൈശാചിക നിയമങ്ങളും സഭകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ത്തന്നെ, ക്രൈസ്തവരെന്നു വിളിക്കപ്പെടുന്ന സമൂഹങ്ങളെ ദൈവീകനിയമങ്ങള്‍ പഠിപ്പിക്കാന്‍ ആരുമില്ല. വിവിധതരം പാരമ്പര്യങ്ങളുടെ അടിമകളായി അധഃപതിച്ച സമൂഹങ്ങളെ ദൈവീകനിയമങ്ങളിലേക്കു നയിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവരെ ഒറ്റപ്പെടുത്താനും പൈശാചികത ആരോപിച്ച് ഇല്ലായ്മചെയ്യാനും അനേകര്‍ രംഗത്തുവരും!
യോസിയാഹിന്റെ കാലത്ത് വീണ്ടുകിട്ടിയത് നഷ്ടപ്പെട്ടുപോയ നിയമഗ്രന്ഥമായിരുന്നു. എന്നാല്‍, ഇന്ന് ക്രൈസ്തവസഭകള്‍ ആ നിയമഗ്രന്ഥം അഗ്നിക്കിരയാക്കി എന്നതാണു യാഥാര്‍ത്ഥ്യം! മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളുടെ പ്രസക്തി വ്യക്തമാക്കിയത് യേഹ്ശുവായാണ്. ആകാശവും ഭൂമിയും കടന്നുപോയാലും നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു വ്യക്തമാക്കിയതിലൂടെ നിയമങ്ങള്‍ അവിടുന്ന് സ്ഥിരീകരിച്ചു. യേഹ്ശുവായിലൂടെ സ്ഥിരീകരിക്കപ്പെട്ട നിയമങ്ങളെ 'പഴയനിയമം' എന്നു വിളിച്ചു പുച്ഛിച്ചുതള്ളിയവരാണ് സഭകളുടെ നേതൃത്വങ്ങളില്‍ വിഹരിക്കുന്നത്. അതായത്, നിയമഗ്രന്ഥം നഷ്ടപ്പെട്ടതല്ല; മനഃപൂര്‍വ്വം നശിപ്പിച്ചതാണ്!
സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണച്ചുകൊണ്ടു നടത്തിയ പൈശാചിക പ്രഖ്യാപനത്തിലൂടെ യോസിയാഹിന്റെ കാലത്തു തുടച്ചുനീക്കിയ പുരുഷവേശ്യാസമ്പ്രദായം പുനഃസ്ഥാപിക്കുകയാണു ഫ്രാന്‍സീസ് ചെയ്തത്! അതുപോലെതന്നെ, നിതംബം കുലുക്കി ആരതിയുഴിയുന്ന ആചാരം സൂചിപ്പിക്കുന്നത് ദേവദാസി സമ്പ്രദായത്തിന്റെ പ്രതീകാത്മക തിരിച്ചുവരവാണ്! ക്രൈസ്തവസഭകളുടെ ആരാധനാലയങ്ങളില്‍ ശിവ-പാര്‍വ്വതി ലൈംഗിക വൈകൃതത്തിന്റെ പ്രതീകമായ നിലവിളക്കുകള്‍ സ്ഥാപിച്ചതിലൂടെ അഷേരാപ്രതിഷ്ഠയും പൂര്‍ത്തിയായി. യെരുശലെമിലെ ദൈവാലയത്തില്‍ സ്ഥാപിച്ച പൈശാചിക വിഗ്രഹങ്ങളെ വെല്ലുന്ന പ്രതിഷ്ഠകള്‍ അപ്പസ്തോലിക സഭകളുടെ ആരാധനാലയങ്ങളില്‍ ഇന്നു ദര്‍ശിക്കാന്‍ കഴിയും. അതായത്, യോസിയാഹ് തൂത്തെറിഞ്ഞ സകല മ്ലേച്ഛതകളും പൂര്‍വ്വാധികം ശക്തിയോടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു! ഇവിടെയാണ് പുനര്‍വിചിന്തനം അനിവാര്യമാകുന്നതും. നിയമഗ്രന്ഥം വായിക്കുകയും വസ്ത്രം കീറുകയും ചെയ്യാന്‍ ദൈവജനം തയ്യാറായില്ലെങ്കില്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങളോടൊപ്പം അഗ്നിക്കിരയാകും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട!
ദൈവീകനിയമങ്ങളിലേക്കു ഹൃദയങ്ങളെ തിരിച്ചുവിടാന്‍ ഏലിയായും മോശയും വരുമ്പോള്‍, അവരെ കല്ലെറിയാനും വധിക്കാനും മുന്നിട്ടിറങ്ങുന്നതു ക്രൈസ്തവ നാമധാരികളായിരിക്കും. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും"(മലാക്കി: 4; 5, 6). എന്താണ് ഈ പ്രവചനത്തിലൂടെ ഗ്രഹിക്കാന്‍ സാധിക്കുന്നത്? വാച്യാര്‍ത്ഥത്തില്‍ പരിഗണിച്ചാല്‍ കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് യേലിയാഹും മോശയും വരുന്നതെന്നു ചിന്തിക്കേണ്ടിവരും. എന്നാല്‍, മാതാപിതാക്കന്മാരും മക്കളും തമ്മിലുള്ള ഏതെങ്കിലും അസ്വാരസ്യങ്ങള്‍ പരിഹരിക്കാനാണ് യേലിയാഹും മോശയും വരുന്നതെന്ന് ആരും ധരിക്കരുത്. പിതാക്കന്മാരുടെ നിയമങ്ങളിലേക്ക്, അതായത്, മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളിലേക്ക് ഈ തലമുറയേയും, ഈ തലമുറയിലേക്ക് മോശയുടെ നിയമങ്ങളെയും തിരിക്കാനാണ് അവര്‍ വരുന്നത്. പിതാക്കന്മാരും മക്കളും ഇവിടെ പ്രതീകങ്ങളാണ്!
മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രശ്നപരിഹാരമാണ് പ്രവചനത്തിലെ ലക്ഷ്യമെങ്കില്‍, 'പിതാക്കന്മാര്‍' എന്നു മാത്രമായി സൂചിപ്പിക്കുകയില്ല; മറിച്ച്, മാതാപിതാക്കള്‍ എന്നുതന്നെ എഴുതുമായിരുന്നു. മോശയിലൂടെ യാഹ്‌വെ നമുക്കു നല്‍കിയിരിക്കുന്ന പത്തു കല്പനകളില്‍ നാലാമത്തേത് ഇപ്രകാരമാണ്: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ: 20; 12,13). ഏതായാലും ഈ പ്രമാണത്തിന്റെ ലംഘനത്തെ തടയാനായി യേലിയാഹിനെയും മോശയെയും അയയ്ക്കാന്‍ അന്ത്യകാലം തിരഞ്ഞെടുക്കുമെന്നു കരുതാന്‍ ബുദ്ധിമുട്ടാണ്. ഈ പ്രമാണത്തിന്റെ ലംഘനത്തില്‍നിന്നു ദൈവമക്കളെ പിന്തിരിപ്പിക്കാനാണ് യേലിയാഹും മോശയും വരുന്നതെങ്കില്‍ മാതാക്കളെ ഒഴിവാക്കി, പിതാക്കന്മാര്‍ എന്ന് മാത്രമായി പറയില്ലെന്നും നമുക്കറിയാം. എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, അവിടുത്തെക്കുറിച്ചും അവിടുത്തെ നിയമങ്ങളെക്കുറിച്ചും അറിയിക്കുമ്പോള്‍, പിതാക്കന്മാരെ ചേര്‍ത്തുവയ്ക്കാറുണ്ട്. പിതാക്കന്മാരുടെ ദൈവം, പിതാക്കന്മാരുടെ നിയമങ്ങള്‍ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ആയതിനാല്‍, പിതാക്കന്മാരിലേക്കു മക്കളെ തിരിക്കുക എന്നതിലൂടെ, പിതാക്കന്മാരുടെ നിയമങ്ങളിലേക്കും പിതാക്കന്മാരുടെ ദൈവത്തിലേക്കും മക്കളെ തിരിക്കും എന്നുതന്നെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെതന്നെ, പിതാക്കന്മാരുടെ നിയമങ്ങളെയും പിതാക്കന്മാരുടെ ദൈവത്തെയും മക്കളിലേക്കു തിരിക്കുമെന്നും പ്രവചിച്ചിരിക്കുന്നു.
ദൈവമായ യാഹ്‌വെയെയും അവിടുത്തെ നിയമങ്ങളെയും വ്യക്തതയോടെ ഈ തലമുറയ്ക്കു പരിചയപ്പെടുത്താനും, ഈ തലമുറയെ ദൈവീകനിയമങ്ങളിലൂടെ സൈന്യങ്ങളുടെ യാഹ്‌വെയിങ്കലേക്ക് അടുപ്പിക്കാനുമാണ് അവര്‍ വീണ്ടും വരുന്നത്. യിസ്രായേല്‍ജനം വഴിപിഴച്ചപ്പോള്‍ യേലിയാഹ് ആദ്യം വന്നതെന്നു നമുക്കറിയാം. മോശയുടെ നിയമങ്ങളിലേക്ക് യിസ്രായേല്‍ജനത്തെ തിരികെക്കൊണ്ടുവരുകയെന്ന ദൗത്യം പ്രവാചകന്‍ നിര്‍വ്വഹിക്കുകയും ചെയ്തു. യേഹ്ശുവാ സ്ഥിരീകരിച്ച മോശയുടെ നിയമങ്ങളില്‍നിന്നു ബഹുദൂരം അകന്നുപോയതിലൂടെ വഴിപിഴച്ച മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരാണ് ക്രൈസ്തവരില്‍ ഭൂരിപക്ഷവും. മോശയുടെ നിയമത്തിലേക്ക് ഇവരെ തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന വ്യക്തികളില്‍ കുടികൊള്ളുന്നത് യേലിയാഹിന്റെ ചൈതന്യവും മോശയുടെ ധൈര്യവുമാണ്! മനോവയും ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു! നിയമഗ്രന്ഥം വായിക്കുകയും വസ്ത്രം കീറുകയും ചെയ്യാന്‍ സകലരോടും ഒരിക്കല്‍ക്കൂടി ആഹ്വാനം ചെയ്തുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു!
"അവന്റെ ആനന്ദം യാഹ്‌വെയുടെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു"(സങ്കീ: 1; 2).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-