അറിഞ്ഞിരിക്കാന്‍

പുരനിറഞ്ഞ് പുരുഷന്മാര്‍!

Print By
about

20 - 10 - 2019

കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ സംജാതമായിരിക്കുന്ന ദുരവസ്ഥയാണിത്. അല്പംപോലും അതിശയോക്തി ഈ വാക്കുകളില്‍ ഇല്ലെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞവര്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇന്നുണ്ടെങ്കിലും വൈകിയതുകൊണ്ടുതന്നെ അപരിഹാര്യമായി ഈ അവസ്ഥ തുടരുന്നു! യഥാര്‍ത്ഥ കാരണം ഗ്രഹിക്കാന്‍ കഴിയാത്തവിധം ക്രൈസ്തവ ആചാര്യന്മാരുടെ ഇന്ദ്രിയങ്ങള്‍ മിഥ്യാബോധത്തിന്റെ പിടിയിലമര്‍ന്നതാണ് പ്രശ്നത്തെ അപരിഹാര്യമാക്കി തീര്‍ത്തത്. തൊലിപ്പുറത്തെ ചികിത്സകളും രോഗനിര്‍ണ്ണയം നടത്താതെയുള്ള ചികിത്സകളും മൂലം ഓരോദിവസവും രോഗത്തെ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു എന്നതാണ് നിലവിലെ ദുരവസ്ഥ! ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്യാന്‍ ഇനിയും നാം വൈകിക്കൂടാ. മാത്രവുമല്ല, ഈ ദുരവസ്ഥ ആഗോളതലത്തില്‍ത്തന്നെ ക്രിസ്തീയത നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണെന്ന യാഥാര്‍ത്ഥ്യംകൂടി ഇതിനോടൊപ്പം ചേര്‍ത്തുവച്ചു നാം പരിശോധിക്കേണ്ടിയിരിക്കുന്നു. വരുത്തേണ്ട മാറ്റങ്ങളൊന്നും വരുത്താന്‍ തയ്യാറാകാതെ, 'നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ' എന്ന് ആശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന നിസംഗതയുടെ ദുരാത്മാവ്‌ ക്രിസ്തീയതയെ ആകമാനം ഗ്രസിച്ചിരിക്കുന്നു എന്ന സത്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പഠനത്തിലേക്കു പ്രവേശിക്കുന്നു.

വിശ്വാസത്തകര്‍ച്ചയും ആത്മീയമന്ദതയും ലൗകികതൃഷ്ണയും ശിഥിലീകരണവും സഭയെ ഗ്രസിച്ചിരിക്കുന്നുവെന്ന് ആചാര്യസംഘത്തിനുള്‍പ്പെടെ വിശ്വാസസമൂഹത്തില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഈ ദുരവസ്ഥയുടെ യഥാര്‍ത്ഥ കാരണം നേതാക്കന്മാരില്‍ ആര്‍ക്കും അറിയില്ല. യഥാര്‍ത്ഥ കാരണം മനസ്സിലാക്കിയവര്‍ അത് നേതാക്കന്മാരെ അറിയിച്ചാല്‍, അവരത് അംഗീകരിക്കില്ലെന്നു മാത്രമല്ല, അറിയിക്കുന്നവരെ ശത്രുക്കളായി കണക്കാക്കുകയും ചെയ്യും. സ്വന്തം കാല്‍പാദത്തിനടിലുള്ള വസ്തുവിനെ ചുറ്റുപാടും തപ്പുന്നവന്‍ എന്നെങ്കിലും അതു കണ്ടെത്തുമോ? യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ടുപോയ നേതാക്കന്മാരുടെ കീഴിലായിരിക്കുന്ന ഒരു സമൂഹത്തിനു സ്വാഭാവികമായി വന്നുഭവിക്കാന്‍ സാദ്ധ്യതയുള്ള ദുരന്തം മാത്രമേ ക്രൈസ്തവസഭകളെയും ബാധിച്ചിട്ടുള്ളു. വിവേകശൂന്യതയെക്കാള്‍ വലിയ അപകടമാണ് തങ്ങള്‍ ആയിരിക്കുന്ന ഈ ദുരവസ്ഥ തിരിച്ചറിയാന്‍ കഴിയാത്തത്! പരിശുദ്ധാത്മാവാണ് തങ്ങളെ നയിക്കുന്നതെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വിഭാഗത്തെ ഒരിക്കലും നേര്‍വഴിക്കു നയിക്കാന്‍ കഴിയില്ല! ആരൊക്കെയോ അടിച്ചേല്പിച്ച അപകടകരമായ ആശയങ്ങളുടെ തടവറയില്‍, ഇതിനപ്പുറം വലിയ സ്വാതന്ത്ര്യം മറ്റേതുമില്ല എന്ന് ആശ്വസിക്കുന്നവരെ ആര്‍ക്കു രക്ഷിക്കാന്‍ കഴിയും!? നേതാക്കന്മാരുടെ ഈ അവസ്ഥയാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം! നമുക്കു വിഷയത്തിലേക്കു കടക്കാം.

ഇന്നത്തെ ക്രൈസ്തവ കുടുംബങ്ങളില്‍, വിശിഷ്യാ കത്തോലിക്കാ കുടുംബങ്ങളില്‍ ഒരാണും ഒരു പെണ്ണും എന്ന അനുപാതത്തിലാണ് മക്കളെ ജനിപ്പിക്കുന്നത്. ക്രൈസ്തവ കുടുംബമെന്നും കത്തോലിക്കാ കുടുംബമെന്നും സാങ്കേതികമായി പറയാമെങ്കിലും, അതില്‍ വലിയ കാര്യമൊന്നും ഇല്ലെന്നു മനോവയ്ക്കറിയാം. എന്നിരുന്നാലും പറയുന്നു: ക്രൈസ്തവ സമൂഹത്തില്‍ അങ്ങേയറ്റം രണ്ടു മക്കള്‍ എന്ന അവസ്ഥയാണുള്ളത്.ഒരാണും ഒരു പെണ്ണും എന്ന അനുപാതത്തിലാണ് ഒട്ടുമിക്ക കുടുംബങ്ങളിലെയും 'സന്താനസൗഭാഗ്യം'! എങ്ങനെ ഇത്ര കൃത്യമായി ഈ അനുപാതം നിലനിര്‍ത്തുന്നുവെന്നത് ഗവേഷണം ആവശ്യമുള്ള ഒരു വിഷയമാണ്. അതെന്തുമാകട്ടെ; ഇതാണ് ക്രൈസ്തവമെന്നു പറയപ്പെടുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളിലെയും അവസ്ഥ!

ആണും പെണ്ണുമായി രണ്ടു കുഞ്ഞുങ്ങള്‍ ഓരോ ക്രൈസ്തവ ദമ്പതിമാര്‍ക്കും ജനിക്കുന്നുവെന്നിരിക്കട്ടെ. ഈ സാഹചര്യത്തിലും വിവാഹങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തി കൊണ്ടുപോകാന്‍ സ്വാഭാവികമായും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് യുവാക്കള്‍ക്കു വിവാഹം കഴിക്കാന്‍ യുവതികളില്ലാത്ത അവസ്ഥ ക്രിസ്തീയതയില്‍ സംജാതമായി? മാതാപിതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തടിയൂരാനാണ് സഭാചാര്യന്മാര്‍ ശ്രമിക്കുന്നത്. സ്വയം നീതികരണങ്ങളുമായി അവര്‍ രംഗത്തിറങ്ങിയിട്ടിണ്ട്. ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്ന ആശയം ക്രിസ്ത്യാനികള്‍ നടപ്പാക്കുന്നതാണത്രെ കാരണം! ഒരാണും ഒരു പെണ്ണും ഉള്ളപ്പോള്‍ ഈ വാദം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ല. മറ്റൊരു കാരണമായി ആചാര്യന്മാര്‍ ചൂണ്ടിക്കാണിക്കുന്നത് ആഗോള പ്രതിഭാസത്തിലേക്കാണ്. ഇതൊരു ആഗോള പ്രതിഭാസമാണെന്ന് ഇവര്‍ ആശ്വസിക്കുന്നു. ഒരു രാജ്യം സാമ്പത്തികമായി തകരുമ്പോള്‍, ആ രാജ്യത്തെ ഭരിക്കുന്നവര്‍ പറയുന്ന ചില വരട്ടുവാദങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്കു ചൂണ്ടിയുള്ള സ്വയം ന്യായീകരണ വാദം. വിവേകമുള്ള രാജാവുണ്ടായിരിക്കുകയോ രാജാവിന് വിവേകശാലിയായ ഒരു ഉപദേഷ്ടാവ് ഉണ്ടായിരിക്കുകയോ ചെയ്‌താല്‍, ലോകത്തെ ആകമാനം ബാധിക്കുന്ന മാന്ദ്യങ്ങള്‍ ആ രാജ്യത്തെ ബാധിക്കില്ല. ഈജിപ്തിലെ ഫറവോയെ ഉപദേശിക്കാന്‍ യാക്കോബിന്റെ പുത്രനായ യോസഫ് ഉണ്ടായിരുന്നതുകൊണ്ട് ലോകത്തെ ആകമാനം ബാധിച്ച ക്ഷാമം ആ രാജ്യത്തെ ഗ്രസിച്ചില്ല. ഇതൊരു ചരിത്രസത്യം കൂടിയാണ്!

യോസഫിന്റെ ചരിത്രം ഇവിടെ കുറിക്കുന്നില്ല. അവന്റെ വിവേകപൂര്‍ണ്ണമായ ഉപദേശത്തെ സ്വീകരിച്ച ഫറവോയുടെ ചരിത്രവും ഇവിടെ കുറിക്കുന്നില്ല. എന്നാല്‍, വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചതിന്റെ ഫലമെന്തായിരുന്നുവെന്ന് നോക്കുക: "ഈജിപ്തിലെ സമൃദ്ധിയുടെ ഏഴുവര്‍ഷം അവസാനിച്ചു. യോസഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ ആരംഭിച്ചു. എല്ലാ നാടുകളിലും ക്ഷാമമുണ്ടായി. എന്നാല്‍, ഈജിപ്തില്‍ ആഹാരമുണ്ടായിരുന്നു"(ഉത്പ: 41; 53, 54). വിവേകമതിയായ ഭരണാധികാരിയുടെ കീഴില്‍ പൗരന്മാര്‍ പട്ടിണികിടക്കില്ല; അവന്റെ രാജ്യത്തെ പൗരന്മാര്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായിരിക്കും. അതുപോലെതന്നെ, ലോകത്തെ ആകമാനം ബാധിക്കുന്ന മഹാമാരികളില്‍ ഒന്നുപോലും കത്തോലിക്കാസഭയെ ഗ്രസിക്കാന്‍ പാടില്ല! പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന നേതാക്കന്മാര്‍ ഉണ്ടെങ്കില്‍ കത്തോലിക്കാസഭയെ ഒരു മഹാമാരിയും ഗ്രസിക്കില്ല എന്നത് ക്രിസ്തു നല്‍കിയ ഉറപ്പാണ്. എന്താണ് ആ ഉറപ്പെന്നു ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല"(മത്താ: 16; 18). ആഗോളതലത്തില്‍ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തങ്ങള്‍ കത്തോലിക്കാസഭയെ സമീപിക്കുമോ? അങ്ങനെ സംഭവിച്ചാല്‍ ക്രിസ്തുവിന്റെ സഭയ്ക്ക് മറ്റു സമൂഹങ്ങളില്‍നിന്നു വ്യത്യസ്തമായ മറ്റൊരു മഹത്വവുമില്ലെന്നു സമ്മതിക്കേണ്ടിവരും! എന്നാല്‍, പത്രോസ് എന്ന പാറമേല്‍ സ്ഥാപിക്കപ്പെട്ട സഭയ്ക്ക് മറ്റെല്ലാ സമൂഹങ്ങളില്‍നിന്നും വേറിട്ടതായ മഹത്വം ഉണ്ടെന്നു മനോവ പറയും! അങ്ങനെയെങ്കില്‍ ആഗോളപ്രതിഭാസങ്ങള്‍ ഈ സഭയെ ബാധിക്കുമോ?

യേഹ്ശുവായുടെ വാഗ്ദാനം അവിടുന്ന് പിന്‍വലിക്കുന്നില്ല. അതിനാല്‍ത്തന്നെ, പത്രോസിന്റെമേല്‍ സ്ഥാപിതമായിരിക്കുന്ന സഭയ്ക്കെതിരേ നരകകവാടങ്ങള്‍ പ്രബലപ്പെടുകയുമില്ല! പ്രബലപ്പെട്ടതായി നാം കാണുന്നുവെങ്കില്‍, അത് പത്രോസിന്റെമേല്‍ സ്ഥാപിതമായ സഭയല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. നാമിന്നു ബാഹ്യമായി കാണുന്ന കത്തോലിക്കാസഭ, യഥാര്‍ത്ഥ സഭയുടെമേല്‍ പൊതിഞ്ഞിരിക്കുന്ന ക്ലാവു മാത്രമാണ്. യഥാര്‍ത്ഥ സഭ ഒരു പോറല്‍പ്പോലുമേല്‍ക്കാതെ അവിടുത്തെ വചനത്താല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ഐഹികമായ അധികാരങ്ങളും പുത്തന്‍ നിയമങ്ങളുമുള്ള സഭയാണ് യഥാര്‍ത്ഥ സഭയെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവര്‍ക്ക് പത്രോസിന്റെസഭ പണ്ടാരമടങ്ങിയതായി തോന്നുന്നത് സ്വാഭാവികം മാത്രമാണ്! ക്രിസ്തുവിന്റെ രാജ്യം ഐഹികമല്ലാത്തതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ സഭയും ഐഹികമല്ല! പത്രോസിന്റെ പ്രഖ്യാപനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരും, ക്രിസ്തുവിന്റെ മൂന്ന്‍ ആഹ്വാനങ്ങള്‍ അനുവര്‍ത്തിക്കുന്നവരുമായ ഒരു വിശുദ്ധസമൂഹം കത്തോലിക്കാസഭയ്ക്കുള്ളില്‍ ഇന്നുമുണ്ട്. ഈ സമൂഹത്തെ പുത്തന്‍ പരിഷ്ക്കാരങ്ങളോ ബാഹ്യാധികാരങ്ങളോ ഒരുതരത്തിലും ബാധിക്കുന്നില്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക നിയമങ്ങള്‍ക്കു കീഴിലല്ല ഈ സമൂഹം ആയിരിക്കുന്നത്. ക്രിസ്തുവും അപ്പസ്തോലന്മാരും അറിയിച്ച സത്യത്തില്‍ നിലകൊള്ളുന്ന ഈ സഭയെ ബാഹ്യമായ സഭയ്ക്കോ ലോകത്തിലെ ഏതെങ്കിലും ശക്തികള്‍ക്കോ സമീപിക്കാന്‍പോലും കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം!

ആയതിനാല്‍, ഏതെങ്കിലും സഭയ്ക്കോ സമൂഹത്തിനോ എതിരേ നരകകവാടങ്ങള്‍ പ്രബലപ്പെട്ടിരിക്കുന്നതു കാണുമ്പോള്‍, ആ സഭയോ സമൂഹമോ ക്രിസ്തുവിന്റെതല്ല എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊള്ളുക! ലോകത്തിലെ ഏതെങ്കിലും ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ നിയമം ക്രിസ്തുവിന്റെ സഭയില്‍ സ്ഥാപിക്കാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ, ബാഹ്യമായി ലോകം കാണുന്ന കത്തോലിക്കാസഭയ്ക്കുള്ളില്‍ മാലിന്യമേല്‍ക്കാതെ ഈ സഭ നിലനില്‍ക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെയും അതിനോടനുബന്ധിച്ച് രൂപപ്പെടുത്തിയ പൈശാചിക മതബോധനത്തിന്റെയും ശാപങ്ങള്‍ ഈ സഭയ്ക്കെതിരേ പ്രബലപ്പെടുകയില്ല! ക്രിസ്തുവിന്റെ ആഹ്വാനങ്ങളെ തള്ളിക്കളയുകയും പത്രോസിന്റെ പ്രഖ്യാപനങ്ങളില്‍ നിലനില്‍ക്കാതിരിക്കുകയും ചെയ്യുന്ന അനീതിയുടെ വക്താക്കള്‍ സഭയുടെ ബാഹ്യമായ നേതൃത്വം ഏറ്റെടുക്കുമ്പോള്‍, ആന്തരികസഭ അവരുടെ അധികാരത്തില്‍നിന്നു പൂര്‍ണ്ണമായി വിമുക്തമായിരിക്കും. എന്നാല്‍, ക്രിസ്തുവിന്റെ വാക്കുകള്‍ ശിരസാവഹിക്കുന്ന വിവേകമതികള്‍ നേതൃത്വത്തിലെത്തുമ്പോള്‍ സഭ അവരുടെ കരങ്ങളില്‍ ഭരമേല്പിക്കപ്പെടുകയും ചെയ്യുന്നു. സഭ സംരക്ഷിക്കപ്പെടുന്നത് ഇങ്ങനെയാണ്! ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ ആത്മീയജ്ഞാനമുള്ളവര്‍ക്കു സാധിക്കുന്നു. യിസ്രായേലില്‍ ഭരണം നടത്തിയ നീതിരഹിതരായ രാജാക്കന്മാരില്‍നിന്ന്‍ ആ രാജ്യത്തു ജീവിച്ച നീതിമാന്മാര്‍ സംരക്ഷിക്കപ്പെട്ടതുപോലെ തന്നെയാണ് കത്തോലിക്കാസഭയിലെ 'ക്രിസ്ത്യാനികള്‍' സംരക്ഷിക്കപ്പെടുന്നത്!

കത്തോലിക്കാസഭയ്ക്കുള്ളില്‍ ആയിരിക്കുന്ന ആന്തരികസഭ വിശുദ്ധരുടെ കൂട്ടായ്മയാണ്. പാപംചെയ്യുന്നവര്‍ ഈ സഭയില്‍നിന്നു സ്വാഭാവികമായി പുറത്തുപോകും. എന്നാല്‍, പുറത്തുപോകുന്നവര്‍ ബാഹ്യമായ സഭയില്‍ തുടരുകയും, പിന്നീട് അനുരഞ്ജനത്തിലൂടെ അവര്‍ക്ക് ആന്തരികസഭയിലേക്കു മടങ്ങിവരാന്‍ സാധിക്കുകയും ചെയ്യുന്നു. ബാഹ്യമായി കാണപ്പെടുന്ന സഭ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല; ആന്തരികസഭയാണ് അവിടുത്തെ രാജ്യത്തിനായുള്ളത്! എന്നിരുന്നാലും ബാഹ്യസഭയുമായി ആന്തരികസഭയ്ക്കു ബന്ധമുണ്ട്. ആന്തരികസഭയും ബാഹ്യസഭയും തമ്മിലുള്ള പ്രധാന ബന്ധം വിവാഹമാണ്. ആന്തരികസഭയില്‍നിന്നു ബാഹ്യസഭയിലേക്കും ബാഹ്യസഭയില്‍നിന്ന് ആന്തരികസഭയിലേക്കും വിവാഹത്തിലൂടെ മക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. അതായത്, സാങ്കേതികമായി സഭയില്‍ അംഗമായിരിക്കുന്ന പുരുഷന് യഥാര്‍ത്ഥ ക്രിസ്തീയതയില്‍ നിലനില്‍ക്കുന്ന സ്ത്രീയെ വിവാഹത്തിലൂടെ ലഭിക്കുന്നു. അതുപോലെതന്നെ, വിശുദ്ധമായ വിശ്വാസത്തില്‍ ജീവിക്കുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍ക്കു വിവാഹത്തിലൂടെ ലഭിക്കുന്നത് 'സെക്കുലര്‍' ദുരാത്മാവിനാല്‍ നയിക്കപ്പെടുന്നവളും സാങ്കേതികമായി മാത്രം കത്തോലിക്കാസഭയില്‍ അംഗമായിരിക്കുന്നവളും ആയ സ്ത്രീയെയായിരിക്കാം. കത്തോലിക്കാസഭയുടെ ഉള്ളില്‍ത്തന്നെ ആയിരിക്കുന്ന ബാഹ്യ-ആന്തരിക സഭകള്‍ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്ന മറ്റു മേഖലകളും ഉണ്ട്. അവയെല്ലാം ഇവിടെ ചര്‍ച്ചചെയ്യാന്‍ സമയമില്ലാത്തതുകൊണ്ട് യഥാര്‍ത്ഥ വിഷയത്തിലേക്ക് പ്രവേശിക്കാം.

പത്രോസ് എന്ന പാറമേല്‍ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയായതിനാല്‍, കത്തോലിക്കാസഭയുടെമേല്‍ നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ല എന്ന് അവിടുന്ന് പറഞ്ഞത് എങ്ങനെയാണ് അന്വര്‍ത്ഥമാകുന്നതെന്നു പരിശോധിക്കുകയായിരുന്നു നാമിതുവരെ. യൂറോപ്പിലെ കത്തോലിക്കാസഭ ഉപ്പുവച്ച കലംപോലെ ആയിട്ടും നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ലെന്നു വാദിക്കുന്നതു വ്യര്‍ത്ഥമല്ലേയെന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്‌. ബാഹ്യമായ സഭയില്‍ സ്വവര്‍ഗ്ഗഭോഗികളും വിഗ്രഹാരാധകരും എല്ലാ മതങ്ങളും ഒന്നാണെന്നു ചിന്തിക്കുന്ന ഭോഷന്മാരും ഓണക്കുര്‍ബ്ബാന നടത്തുന്ന കോമാളികളും നിരീശ്വരവാദികളും ഉണ്ട്. എന്നാല്‍, ആന്തരികസഭയുടെ പടിവാതില്‍ക്കല്‍പ്പോലും ഈ ജാതികള്‍ക്കു കടന്നുവരാന്‍ കഴിയില്ല! ആ സഭയ്ക്കെതിരേ നരകകവാടങ്ങള്‍ പ്രബലപ്പെടുകയുമില്ല! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിക്കപ്പെട്ടത് ബാഹ്യസഭയുടെ മാത്രം നയങ്ങളാണ്. ആന്തരികസഭയുടെ നിയമങ്ങള്‍ ആദ്യനൂറ്റാണ്ടിലെ നിയമങ്ങള്‍ത്തന്നെയണെന്നു മാത്രമല്ല, കത്തോലിക്കാസഭയുടേതായി അറിയപ്പെടുന്ന മതബോധനവുമായി ഈ വിശുദ്ധ സഭയ്ക്ക് യാതൊരു ബന്ധവുമില്ല! ബാഹ്യസഭയുടെ വ്യര്‍ത്ഥതയും മലിനതയും തിരിച്ചറിഞ്ഞ്, ആന്തരികസഭയിലേക്ക് സഭാമക്കള്‍ കടന്നുവരുന്നതിനുള്ള അവസരമൊരുക്കുകയെന്നതാണ് മനോവ ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം! എന്തെന്നാല്‍, ആന്തരികസഭയില്‍ ആയിരിക്കുന്നവരായി കാണുന്നവരെ മാത്രമേ യേഹ്ശുവാ അവിടുത്തെ പുനരാഗമനത്തില്‍ സ്വീകരിക്കുകയുള്ളു!  

ഇനി നമുക്ക് കത്തോലിക്കാസഭ (ആന്തരികവും ബാഹ്യവും) നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധി ചര്‍ച്ചചെയ്യാം. കത്തോലിക്കാസഭ മാത്രമല്ല, ക്രൈസ്തവരായി അറിയപ്പെടുന്ന എല്ലാ സഭകളും നേരിടുന്ന പ്രതിസന്ധി നാമിവിടെ ചര്‍ച്ചചെയ്യാന്‍ പോകുന്നു. വിശ്വാസികളും വൈദീകസമൂഹവും ജാഗ്രത്താകേണ്ടതിനായി മനോവ മുന്നറിയിപ്പു നല്‍കിയ കാര്യങ്ങള്‍ത്തന്നെയാണ് കത്തോലിക്കാസഭയിലും ക്രിസ്തീയതയിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, അവശേഷിക്കുന്ന ദുരന്തംകൂടി ക്ഷണിച്ചുവരുത്തിയിട്ടേ അടങ്ങൂ എന്ന വാശിയിലാണ് സഭാവസ്ത്രധാരികളായ ദൈവനിഷേധികളും ഇവരുടെ കുഴലൂത്തുകാരും!പത്തുവര്‍ഷത്തിലേറെയായി മനോവ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദൈവമക്കളുടെ കാതുകളില്‍ പതിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ ശക്തികള്‍ നിലകൊള്ളുന്നത്. ചൂണ്ടിക്കാണിക്കാന്‍ ഒരു കാരണവുമില്ലാതെയുള്ള എതിര്‍പ്പുകള്‍ തങ്ങളുടെ നാശത്തിനായി ഇവര്‍ തുടരുന്നു! മനോവയെ എതിര്‍ക്കാനുള്ളതൊന്നും ബൈബിളില്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട്, വിജാതിയ മതഗ്രന്ഥങ്ങളും രാജ്യത്തിന്റെ ഭരണഘടനയും പഠിക്കുന്ന തിരക്കിലാണ് ചില വിരുതന്മാര്‍! കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികളെ ബാഹ്യസഭ എക്കാലത്തും എതിര്‍ത്തുകൊണ്ടാണിരുന്നത്. പുറത്തുള്ള ശത്രുക്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഈ സഭ അകത്തുള്ള മിത്രങ്ങളെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുന്നു.

ആന്തരികസഭ എക്കാലത്തും യുദ്ധംചെയ്തത് പുറത്തുള്ള ശത്രുക്കളോടു മാത്രമായിരുന്നില്ല; മറിച്ച്, സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കളോടു കൂടിയായിരുന്നു. സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന ദുരാത്മാക്കളാണ് ബാഹ്യമായി ലോകം കാണുന്ന സഭയുടെ നാഥന്മാര്‍! സഭയെ കളങ്കപ്പെടുത്തുന്നതും ലോകത്തിന്റെ കാല്‍ക്കീഴില്‍ അതിനെ സമര്‍പ്പിക്കുന്നതും ബാഹ്യസഭയുടെ നാഥന്മാരാണ്. ലോകത്തിന്റെ ദൃഷ്ടിയില്‍ കത്തോലിക്കാസഭ എന്നാല്‍ ഈ നാഥന്മാരും ഇവരുടെ ആജ്ഞാനുവര്‍ത്തികളും ആയതിനാല്‍, ഇവര്‍ പറയുന്നതാണ് സഭയുടെ നിയമമായി ലോകം അംഗീകരിക്കുന്നത്. ലോകത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഇവര്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. ദൈവികനിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇവര്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ആന്തരികസഭയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും, ഈ നിയമങ്ങള്‍ ഇന്ന് ബാഹ്യസഭയുടെ നാഥന്മാര്‍ക്കും ഒരു കെണിയായി ഭവിച്ചിരിക്കുന്നു. പുരുഷന്മാര്‍ പുരനിറഞ്ഞതിനെ പ്രതി ഇവര്‍ വിലപിക്കുന്നത് കെണിയില്‍ അകപ്പെട്ടുവെന്നതിന്റെ അടയാളമാണ്.

പുരുഷന്മാര്‍ പുരനിറഞ്ഞതെങ്ങനെ?

ഇതൊരു ആഗോളപ്രതിഭാസമാണെന്ന് പറഞ്ഞ് തടിതപ്പാന്‍ ആര്‍ക്കും കഴിയില്ല. ഈജിപ്തിലെ ഫറവോയുടെയും യാക്കോബിന്റെ പുത്രന്‍ യോസഫിന്റെ ചരിത്രം പരിശോധിച്ചത് ഈ വിഷയം ചര്‍ച്ചചെയ്യാന്‍ വേണ്ടിയായിരുന്നു. ലോകം മുഴുവനെയും ബാധിക്കുന്ന മഹാമാരിയായിരുന്നാലും, ലോകത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന കത്തോലിക്കാസഭയെ ആ മഹാമാരി ബാധിക്കാന്‍ പാടില്ല! ക്രിസ്തുവിന്റെ സഭ വചനത്താല്‍ സംരക്ഷിക്കപ്പെടണം എന്നത് അവിടുത്തെ തിരുഹിതമാണ്. എന്നാല്‍, ഒരു ചെറിയ പ്രതികൂലത്തെപ്പോലും അതിജീവിക്കാന്‍ കത്തോലിക്കാസഭയ്ക്കു കഴിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. സഭയെ നശിപ്പിക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന്, പഴയകാല ചരിത്രങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ച് വിളിച്ചുകൂകുന്നവര്‍ യൂറോപ്പിലെ സഭ എവിടെയാണെന്നു പറയണം. ശരീരമാസകലം പച്ചകുത്തി, മയക്കുമരുന്നും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും സാത്താന്‍സേവയും ഒക്കെയായി അധഃപതിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സഭ എവിടെപ്പോയെന്നു പറയാനുള്ള ബാദ്ധ്യതയും ബാഹ്യസഭയുടെ നാഥന്മാര്‍ക്കുണ്ട്. ഒരുകാര്യം മറക്കാതിരിക്കുക: എന്തെന്നാല്‍, ക്രിസ്തു അവിടുത്തെ വാഗ്ദാനപ്രകാരം സംരക്ഷിക്കുന്നത് നിയമനിഷേധികള്‍ അരങ്ങുവാഴുന്ന ബാഹ്യസഭയെയല്ല! മറിച്ച്, ബാഹ്യസഭ മഹറോന്‍ ചൊല്ലിയിട്ടും പുറത്താകാതെ അകത്തുതന്നെ തുടരുന്ന വിശുദ്ധരുടെ ആന്തരികസഭയെയാണ് യേഹ്ശുവാ അവിടുത്തെ വചനത്താല്‍ സംരക്ഷിക്കുന്നത്!

ലോകത്തിന്റെ ദൃഷ്ടിയില്‍ ബാഹ്യസഭയാണ് കത്തോലിക്കാസഭ. എന്നാല്‍, ഇതല്ല സത്യമെന്നു നാം മനസ്സിലാക്കി. ദൈവികനിയമങ്ങളെയോ ദൈവവചനത്തെയോ മാനിക്കാത്തതും, സത്യത്തില്‍ നിലനില്‍ക്കുന്ന ആന്തരികസഭയെ ഞെരുക്കി ക്രിസ്തീയതയെ വികൃതമാക്കി ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ അടച്ചുകളയുന്നതും ബാഹ്യസഭയാണ്. ലോകത്തിലുള്ള മറ്റു മതങ്ങളില്‍നിന്നു വേറിട്ടതായ ഒന്നും ക്രിസ്തീയതയില്‍ ഇല്ലെന്നു പ്രഖ്യാപിക്കുന്നതാണ് ബാഹ്യസഭയുടെ മതബോധനം! തങ്ങളുടെ യുവതികളെ പള്ളിയില്‍ വച്ചുതന്നെ വിജാതിയര്‍ക്കു വിവാഹം ചെയ്തുകൊടുക്കുന്നതും ഈ ബാഹ്യസഭയാണ്! നാടന്‍ഭാഷയില്‍ ഇതിനെ 'കൂട്ടിക്കൊടുപ്പ്' എന്നും വിശേഷിപ്പിക്കാറുണ്ട്! ക്രിസ്തീയ മേല്‍വിലാസത്തില്‍ നിന്നുകൊണ്ട് ക്രിസ്തീയതയെ ദുഷിക്കുകയും, അതുവഴി രക്ഷപ്രാപിക്കാനുള്ള മനുഷ്യന്റെ അവസരം ഇല്ലാതാക്കുകയും ചെയ്യുന്ന ബാഹ്യസഭയാല്‍ മറയ്ക്കപ്പെട്ട അവസ്ഥയിലാണ് ആന്തരികസഭ ഇന്നുള്ളത്. എന്നാല്‍, എല്ലാക്കാലത്തും കത്തോലിക്കാസഭയുടെ അവസ്ഥ ഇതായിരുന്നില്ല. ആശയപരമായ അധഃപതനത്തിലൂടെ ആന്തരികസഭയില്‍നിന്ന് പലപ്പോഴായി പുറത്തുപോയവരാണ് ബാഹ്യസഭയായി രൂപപ്പെട്ടതും ആന്തരീകസഭയെ ആവരണംചെയ്ത് അതിനെ മറയ്ക്കുന്നതും. ആന്തരീകസഭയിലേക്ക് മടങ്ങിവരുന്നവരും കുറവല്ല. ഇത്തരത്തില്‍ മടങ്ങിവന്ന്, ആന്തരീകസഭയുടെ ഭാഗമാകുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഈ വിശുദ്ധസഭ ലോകത്തിനു ദര്‍ശിക്കാന്‍ ആകുംവിധം ബാഹ്യസഭയുടെ ആവരണം ഇല്ലാതാക്കും. ആദിമസഭ നൂറ്റാണ്ടുകളോളം ഇങ്ങനെയായിരുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷമാണ് ആന്തരികസഭ പരിപൂര്‍ണ്ണമായി മറയ്ക്കപ്പെടാന്‍ തുടങ്ങിയത്!

കത്തോലിക്കാസഭയ്ക്കുള്ളിലെ യഥാര്‍ത്ഥ സഭയെ സംബന്ധിച്ചും അന്ത്യകാലത്ത് ഈ സഭയുടെ പ്രസക്തി എന്തായിരിക്കും എന്നതിനെ സംബന്ധിച്ചുമുള്ള മറ്റൊരു ലേഖനം മനോവയുടെ അണിയറയില്‍ ഒരുങ്ങുന്നതിനാല്‍ കൂടുതല്‍ വിവരണത്തിന് മുതിരുന്നില്ല. ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് പുരുഷന്മാര്‍ പുരനിറയുന്ന അവസ്ഥ എങ്ങനെ സംജാതമായി എന്നതാണ്. യഥാര്‍ത്ഥ കത്തോലിക്കാസഭയെ ഹൈജാക്ക് ചെയ്തിരിക്കുന്ന ബാഹ്യസഭയാണ് ഈ സാഹചര്യം സൃഷ്ടിച്ചത് എന്ന സത്യം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് കത്തോലിക്കാസഭയുടെ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളെ സംബന്ധിച്ച് ആമുഖമായി ഇത്രയും കുറിച്ചത്.

പുരുഷന്മാര്‍ പുരനിറയാനുള്ള കാരണങ്ങള്‍ പലതാണ്. മനുഷ്യന്റെ ആസൂത്രണം കുടുംബത്തിന്റെമേല്‍ വരുത്തിയ ഘടനാമാറ്റം പല കാരണങ്ങളില്‍ ഒന്നായി മാത്രമേ മനോവ കാണുന്നുള്ളു. ദൈവാശ്രയത്തിനപ്പുറം തന്റെതന്നെ സമ്പത്തിലും കഴിവിലും ആശ്രയിക്കാനുള്ള മനുഷ്യന്റെ ശ്രമത്തിനുള്ള തിരിച്ചടിയും പ്രധാനമാണ്. സ്വാര്‍ത്ഥമതികളായ വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരലുകളായി ദാമ്പത്യജീവിതങ്ങള്‍ മാറിയപ്പോള്‍, ഈ ദമ്പതികളില്‍നിന്നു സ്വാര്‍ത്ഥമതികള്‍ ജനിച്ചു. സ്വാര്‍ത്ഥമതികളായ മാതാപിതാക്കളെ സ്നേഹിക്കാനോ ബഹുമാനിക്കാനോ ഇരട്ടി സ്വാര്‍ത്ഥമതികളായ മക്കള്‍ തയ്യാറാകുന്നില്ല! ഇത് ലോകത്തിന്റെ നിയമത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയാണ്. ഇന്നത്തെ പല സന്തതികളും ഉരുവായത് കൊലക്കളത്തിലാണ് എന്നത് മാതാപിതാക്കളോടുള്ള വെറുപ്പിനും കാരണമായിട്ടുണ്ട്. പെണ്‍ഭ്രൂണങ്ങളെ സ്കാനിംങിലൂടെ കണ്ടെത്തി ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊന്നുകളയുന്ന രീതി ക്രൈസ്തവനാമധാരികളുടെയിടയില്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഇങ്ങനെ കൊലക്കളങ്ങളായി മാറിയ ഗര്‍ഭപാത്രങ്ങളിലാണ് ഇന്നത്തെ കുട്ടികളില്‍ പലരും വളര്‍ന്നത്. ദുര്‍മ്മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ദുരാത്മാക്കള്‍ വസിക്കുന്നുവെന്ന വിശ്വാസത്താല്‍, ആ സ്ഥലങ്ങളെ ഭീതിയോടെ കാണുന്നവര്‍ അനേകരുണ്ട്. ഇതില്‍ ചില വാസ്തവങ്ങള്‍ ഉണ്ടെന്നു മനോവയ്ക്കറിയാം. ആയതിനാല്‍, നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ട ഇടങ്ങളില്‍ ഒന്‍പതു മാസത്തിലേറെ ജീവിക്കുന്ന ഒരു കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിഷേധികളും ക്രിമിനല്‍ വാസനകളുള്ളവരുമായി ഇവര്‍ വളര്‍ന്നുവരുന്നതിന്റെ ഉത്തരവാദികള്‍ മാതാപിതാക്കളും ലോകവുമാണ്!

അല്പം സംയമനവും വ്യക്തമായ കണക്കുകൂട്ടലും ഉണ്ടെങ്കില്‍ ആണ്‍കുഞ്ഞിനോ പെണ്‍കുഞ്ഞിനോ ജന്മം നല്‍കാന്‍ ദമ്പതിമാര്‍ക്കു സാധിക്കുന്ന വിധത്തിലാണ് ദൈവം ഇത് സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ലോകം നിര്‍മ്മിച്ച നിയമങ്ങളിലൂടെ പാപബോധം നഷ്ടപ്പെട്ട തലമുറയ്ക്ക് എളുപ്പമുള്ള വഴി കൊലപാതകമാണ്! പാപത്തെക്കുറിച്ച് ബോധമുണ്ടാകണമെങ്കില്‍ ദൈവികനിയമങ്ങളെക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം. നിയമങ്ങളെ നിഷേധിക്കുന്ന ദമ്പതിമാര്‍ക്ക് നിയമം അനുസരിക്കുന്ന മക്കളുണ്ടാകണം എന്ന് വാശിപിടിച്ചിട്ടു കാര്യമില്ലല്ലോ! ഇരട്ടി ശക്തിയോടെ നിയമങ്ങള്‍ ലംഘിക്കുന്ന മക്കളായിരിക്കും ഇവര്‍ക്കു ജനിക്കുന്നത്! ഇങ്ങനെയുള്ള മക്കളെ ദൈവഭക്തിയില്‍ വളര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? മതബോധത്തിലും ദൈവചിന്തകളിലും മക്കളെ വളര്‍ത്താനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇന്ന് ഭൂമിയില്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! ഇത് ക്രിസ്ത്യാനികളുടെ, വിശിഷ്യാ കത്തോലിക്കരുടെ മാത്രം കാര്യമാണ്! ഇസ്ലാംമതക്കാര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടെന്നു മാത്രമല്ല, അവര്‍ കാര്‍ക്കശ്യത്തോടെ ഈ സാഹചര്യം വിനിയോഗിക്കുകയും ചെയ്യുന്നു. സാഹചര്യമില്ലെങ്കില്‍ ഏതുവിധേനയും സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ ഇസ്ലാംമതക്കാര്‍ ശ്രമിക്കും.

പുതിയ മതമായ ഹിന്ദുമതംപോലും മതബോധനത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ മതത്തില്‍ അംഗങ്ങളെ ഉറപ്പിച്ചുനിര്‍ത്താന്‍ ഇവര്‍ക്കെല്ലാം സാധിക്കുന്നത് 'സെക്കുലറിസം' ഇവരുടെ മതബോധനത്തിന്റെ ഭാഗമാക്കാത്തതുകൊണ്ടാണ്. ഈ മിനിമം ബുദ്ധിപോലുമില്ലാത്തവര്‍ കത്തോലിക്കാസഭയുടെ ഭരണനിയന്ത്രണം ഏറ്റെടുത്തതാണ് സഭ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും കാരണം. ക്രിസ്തു സ്ഥാപിച്ചതോ അവിടുത്തെ അപ്പസ്തോലന്മാര്‍ കെട്ടിപ്പടുത്തതോ ആയ സഭയാണ് ഇന്ന് കാണപ്പെടുന്ന കത്തോലിക്കാസഭയെന്ന്‍ ആരും ചിന്തിക്കരുത്. യേഹ്ശുവായുടെ എല്ലാ ആഹ്വാനങ്ങളെയും തള്ളിക്കളഞ്ഞ് പിശാചിനുവേണ്ടി വിടുവേല ചെയ്യുന്ന അധമന്മാര്‍ ഇന്ന് സഭയെ ഏറ്റെടുത്തിരിക്കുന്നു. ഇവര്‍ നിര്‍മ്മിച്ച പൈശാചിക നിയമങ്ങളാണ് കത്തോലിക്കാസഭയുടെ നിയമങ്ങളായി ലോകം കണക്കാക്കുന്നത്. ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഈ നിയമം പ്രചരിപ്പിക്കുന്നവരെയും വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കാനും പൈശാചികസംഘം തയ്യാറാകുന്നു. കത്തോലിക്കാസഭയ്ക്കുവേണ്ടി പൈശാചികസന്തതികള്‍ നിര്‍മ്മിച്ചിരിക്കുന്ന ദൈവദൂഷണപരമായ നിയമങ്ങളും, ഈ നിയമങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന മതബോധനവുമാണ് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരെ സൃഷ്ടിച്ചതെന്നു വിളിച്ചുപറയാന്‍ മനോവയ്ക്കു മടിയില്ല. എന്തെന്നാല്‍, സത്യമിതാണ്! വിളിച്ചുപറയുക മാത്രമല്ല, വിളിച്ചുപറയുന്നത് സത്യമാണെന്നു തെളിയിക്കാനും മനോവയ്ക്കു ബാദ്ധ്യതയുണ്ട്. ആയതിനാല്‍, ആ ബാദ്ധ്യത മനോവ നിറവേറ്റുന്നു!

കത്തോലിക്കാമതബോധനം വരുത്തിവച്ച ദുരന്തം!

യേഹ്ശുവാ അരുളിച്ചെയ്തു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല"(യോഹ: 3; 3). ദൈവരാജ്യം കാണാന്‍ ഒരുവനെ യോഗ്യനാക്കുന്നത് വീണ്ടുംജനനം ആണെന്നു പ്രഖ്യാപിച്ചത് ദൈവരാജ്യത്തിന്റെ അധിപതിയാണ്. അവിടുന്ന് വീണ്ടും അരുളിച്ചെയ്യുന്നു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല"(യോഹ: 3; 5). ദൈവരാജ്യം കാണാന്‍ വീണ്ടുംജനനം അനിവാര്യമാണെന്നു പറഞ്ഞവന്‍തന്നെ, വീണ്ടുംജനനം എന്നത് ജലത്താലും ആത്മാവിനാലുമാണ് സാദ്ധ്യമാകുന്നതെന്നും, അങ്ങനെ വീണ്ടുംജനിക്കുന്നവര്‍ മാത്രമാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതെന്നും വ്യക്തമാക്കി! ഇതു വ്യക്തമാക്കിയത് മനുഷ്യനോ ദൈവദൂതനോ അല്ല; മറിച്ച്, സകലത്തിന്റെയും സൃഷ്ടാവും ദൈവരാജ്യത്തിന്റെ അധിപതിയുമായ യേഹ്ശുവായാണ്! ഈ യേഹ്ശുവാ ദൈവമാണെന്ന സത്യം അറിയുകയും അത് പ്രചരിപ്പിക്കാന്‍ വിളിക്കപ്പെടുകയും ചെയ്തവരാണ് ക്രിസ്ത്യാനികള്‍!

യേഹ്ശുവാ അറിയിച്ച ഈ സത്യം ലോകത്തോടു വിളിച്ചുപറഞ്ഞ അപ്പസ്തോലന്മാരില്‍ പ്രമുഖനും സഭയുടെ ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു പത്രോസ്. കത്തോലിക്കാസഭ അറിയപ്പെടുന്നത് പത്രോസിന്റെ സഭ എന്ന വിശേഷണത്തോടെയാണ്. പത്രോസ് വിളിച്ചുപറഞ്ഞ സത്യത്തിന്റെ പിന്മുറക്കാര്‍ എന്നനിലയിലാണ് കത്തോലിക്കാസഭ ഈ വിശേഷണത്തിനു പാത്രമായത്. അങ്ങനെയെങ്കില്‍, പത്രോസ് പ്രഖ്യാപിച്ച വിശ്വാസസത്യം പ്രഘോഷിക്കുന്നതില്‍നിന്നു കത്തോലിക്കാസഭയ്ക്ക് പിന്നോട്ടുപോകാനോ വ്യതിചലിക്കാനോ കഴിയില്ല; കഴിയരുത്! പത്രോസ് പ്രഖ്യാപിച്ചത് എന്താണെന്നു നോക്കുക: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല(അപ്പ.പ്രവ: 4; 12). ഈ സത്യത്തില്‍നിന്നു വ്യതിചലിച്ചവരായ ആര്‍ക്കെങ്കിലും കത്തോലിക്കാസഭയില്‍ ഭാഗഭാഗിത്വം അവകാശപ്പെടാന്‍ സാധിക്കുമോ? രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം എന്താണെന്നു പത്രോസ് പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്(അപ്പ.പ്രവ: 2; 38, 39).

രക്ഷപ്രാപിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണ് പത്രോസ് പ്രഖ്യാപിച്ചത്. പത്രോസിന്റെ പ്രഖ്യാപനം സ്വമേധയാ ആയിരുന്നില്ലെന്നു വ്യക്തമാക്കുന്നതാണ് യേഹ്ശുവായുടെ പ്രഖ്യാപനം. ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കണമെന്ന് യേഹ്ശുവാ പറഞ്ഞെങ്കില്‍, അത് യേഹ്ശുവായുടെ നാമത്തില്‍ ആയിരിക്കണമെന്ന് പത്രോസ് പ്രഖ്യാപിച്ചു. ഇതില്‍നിന്നു വ്യത്യസ്തമായ ഒരു നിയമമോ സുവിശേഷമോ ഇല്ല! ഈ സത്യത്തിലാണ് ക്രൈസ്തവര്‍ തങ്ങളുടെ മക്കളെ വളര്‍ത്തുന്നതെങ്കില്‍ അവര്‍ രക്ഷയില്‍ ജീവിക്കുകയും, മരണാനന്തരം നിത്യജീവനില്‍ പ്രവേശിക്കുകയും ചെയ്യും. ജീവിതകാലത്തൊരിക്കലും അവര്‍ മറ്റൊരു മതത്തെക്കുറിച്ചു ചിന്തിച്ച് തങ്ങള്‍ക്കുവേണ്ടി നിത്യനാശത്തെ ക്ഷണിച്ചുവരുത്തുകയില്ല. കത്തോലിക്കാസഭയ്ക്ക് എന്നേയ്ക്കുമായി ക്രിസ്തു നല്‍കിയിരിക്കുന്ന മതബോധനം ഇതാണ്! എന്നാല്‍, കത്തോലിക്കാസഭയിലെ ബാഹ്യസഭയുടെ ആധിപത്യം പിടിച്ചെടുത്ത നരകസന്തതികള്‍ നിയമഭേദഗതിയിലൂടെ ഈ മതബോധനം അരനൂറ്റാണ്ടിനപ്പുറം ഉപേക്ഷിച്ചു.

ക്രിസ്തുവിലുള്ള വിശ്വാസവും അവിടുത്തെ നാമത്തിലുള്ള വീണ്ടുംജനനവും രക്ഷപ്രാപിക്കുന്നതിന് അനിവാര്യമാല്ലെന്നു പഠിപ്പിക്കാന്‍ തുടങ്ങിയത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ശപിക്കപ്പെട്ട മനുഷ്യന്‍ തുടങ്ങിവച്ച പൈശാചിക പരിഷ്ക്കരണങ്ങളാണ് കത്തോലിക്കാസഭയുടെ ആവരണം ഇത്രത്തോളം പൈശാചികമാക്കിയത്. മതബോധനം പൊളിച്ചെഴുതിയതും ഈ സമ്മേളനാനന്തരമാണ്. ഇന്ന് കത്തോലിക്കാസഭയിലെ ദൈവനിഷേധികള്‍ പഠിപ്പിക്കുന്നത് മറ്റു മതങ്ങളിലൂടെ രക്ഷപ്രാപിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചാണെന്നു നമുക്കറിയാം. നേഴ്സറിതലത്തില്‍ത്തന്നെ ഈ പൈശാചിക പ്രബോധനം ആരംഭിക്കുന്നതിനുള്ള എല്ലാ കുതന്ത്രങ്ങളും സഭാചാര്യന്മാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ മതബോധനത്തിന് ഇരുന്നുകൊടുക്കാത്തവര്‍ക്ക് സഭയുടെ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കില്ലെന്നു ചില വൈദികവേഷധാരികള്‍ ഭീഷണി മുഴക്കുന്നു. നിയമപരമായ അറിവില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ഈ ഭീഷണിയ്ക്കു മുന്‍പില്‍ വഴങ്ങുന്നതായി മനോവയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

പന്ത്രണ്ടാം തരംവരെ കത്തോലിക്കാസഭയുടെ മതബോധനം നേടിയിട്ടുള്ള ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന ആത്മീയ അറിവ് ക്രിസ്തീയത എന്നത് നിത്യരക്ഷപ്രാപിക്കാന്‍ അനിവാര്യമായ ഒന്നല്ല എന്നതായിരിക്കും. ഏതു മതത്തില്‍ വിശ്വസിച്ചാലും രക്ഷപ്രാപിക്കാന്‍ സാധിക്കും എന്ന തെറ്റായ അറിവുമായിട്ടാണ് കത്തോലിക്കാമതബോധനം നേടുന്ന ഓരോരുത്തരും പുറത്തിറങ്ങുന്നത്. മതബോധന പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പന്ത്രണ്ടാം ക്ലാസുവരെ ഒരു ഹാജര്‍പോലും നഷ്ടപ്പെടുത്താത്തതിന് കോടഞ്ചേരി ഇടവക പൊന്നാടയണിയിച്ച് ആദരിച്ച പെണ്‍കുട്ടിയാണ് ഇസ്ലാമിക യുവാവിനോടൊപ്പം വ്യഭിചരിക്കാന്‍ സരോവരം ബയോപാര്‍ക്കില്‍ പോയത്. വിജാതിയനെ പ്രണയിക്കുകയോ അവനെ വിവാഹം കഴിക്കുകയോ ചെയ്യുന്നതില്‍ അപകടമൊന്നുമില്ലെന്നു പഠിപ്പിച്ചുവിട്ടവര്‍ ആരായിരുന്നാലും സാത്താനില്‍നിന്നു ജനിച്ചവരാണ്. ഇത്തരം മതബോധനം നിര്‍ബ്ബന്ധപൂര്‍വ്വം അടിച്ചേല്പിക്കാനുള്ള തീവ്രപരിശ്രമാത്തിലാണ് സഭയിലെ ഇത്തിള്‍ക്കണ്ണികളായ വൈദികവേഷധാരികള്‍! ഇവരും ഇവരുടെ മതബോധനവും നിലനില്‍ക്കുന്ന കാലത്തോളം സഭ നേരിടാന്‍ പോകുന്നത് അതീവഗുരുതരമായ പ്രതിസന്ധികളെയായിരിക്കും എന്നകാര്യത്തില്‍ സംശയംവേണ്ട!

വിജാതിയര്‍ ആരാധിക്കുന്നത് ദൈവത്തെയാണ് എന്ന നുണയാണ് കത്തോലിക്കാസഭയുടെ ആധുനിക മതബോധനത്തിന്റെ അടിസ്ഥാനം. എന്നാല്‍, ദൈവത്തിന്റെ ആത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഈ സത്യത്തെ പുച്ഛിച്ചുതള്ളുകയും വ്യാജദൈവങ്ങള്‍ക്ക് സത്യത്തിന്റെ പരിവേഷം നല്‍കുകയും ചെയ്യുന്നവര്‍ ആരായിരുന്നാലും അവര്‍ പിശാചിന്റെ സന്തതികളാണ്. ഇതു പ്രചരിപ്പിക്കാനായി ആരെയും ക്രിസ്തു അഭിഷേകം ചെയ്യില്ല. ആയതിനാല്‍ത്തന്നെ, ഇവരെ അഭിഷിക്തരായി പരിഗണിക്കുന്നതുപോലും ശാപമാണെന്നു നാം തിരിച്ചറിയണം. ദൈവത്തിന്റെ അഭിഷിക്തരാണെന്ന്  സ്വയം പ്രഖ്യാപിക്കുകയും പിശാചിനുവേണ്ടി വിടുവേല ചെയ്യുകയും ചെയ്യുന്നവരെ തിരിച്ചറിയുകയെന്നതാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്ന പ്രധാന കാര്യം. വിജാതിയര്‍ക്ക് തങ്ങളുടെ ആരാധനാമൂര്‍ത്തികളായ പിശാചുക്കളെ ആരാധിക്കാനായി കത്തോലിക്കാസഭയുടെ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കുന്നതിനെ മഹത്വമായി കാണുന്ന ആഭാസന്മാര്‍ ഇന്ന് വൈദികവേഷത്തില്‍ ജീവിക്കുന്നുണ്ട്. ദൈവത്തിന്റെ മക്കളുടെ ചിലവില്‍ ഉണ്ടുറങ്ങി ജീവിക്കുകയും, പിശാചിനുവേണ്ടി സേവനം ചെയ്യുകയും ചെയ്യുന്ന ഇവരെ 'അച്ചന്‍' എന്നും 'പിതാവേ' എന്നും വിളിക്കുന്നതിലൂടെ തങ്ങളുടെ പിതാവായി പിശാചിനെ അംഗീകരിക്കുകയാണു ചെയ്യുന്നത്.

ക്രൈസ്തവസഭകളിലെ യുവതികളെ വിജാതിയരോടൊപ്പം അവിഹിതവേഴ്ചകള്‍ക്കു പ്രേരിപ്പിക്കുന്ന മതബോധനത്തിന്റെ വക്താക്കള്‍ ഇന്ന് കത്തോലിക്കാസഭയില്‍ പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരെ നോക്കി മുതലക്കണ്ണീര്‍ പൊഴിക്കുന്നു! ഈ ദുരവസ്ഥയുടെ യഥാര്‍ത്ഥ കാരണം ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു എന്നതാണ് മറ്റൊരു ദുരവസ്ഥ! കത്തോലിക്കാ കുടുംബങ്ങളില്‍ കുട്ടികള്‍ ജനിക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നു പറഞ്ഞുകൊണ്ട് മക്കളെ ജനിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നാടകവുമായി ചില രൂപതകള്‍ രംഗത്തുവന്നത് നമുക്കറിയാം. കത്തോലിക്കാസഭയുടെ പേരില്‍ വൈദികസമൂഹങ്ങള്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങളായ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോഴാണ് പുതിയ കുതന്ത്രവുമായി ഇവര്‍ രംഗത്തിറങ്ങിയത്. വൈദികരുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച ചിലര്‍ തീവ്രപരിശ്രമത്തിലൂടെ കൂടുതല്‍ മക്കളെ ജനിപ്പിച്ചു. ഈ കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നുള്ള പ്രഖ്യാപനവും ഉണ്ടായിരുന്നു. ഇതനുസരിച്ച് കന്യാസ്ത്രിമാരുടെ സ്കൂളില്‍ അഡ്മിഷന് ആപേക്ഷിച്ച ഒരു പിതാവിനു ലഭിച്ചത് പരിഹാസമാണ്!

കത്തോലിക്കാസഭയുടെ മതബോധനത്തിനു വിട്ടുകൊടുക്കാന്‍ മക്കളെ ജനിപ്പിക്കുന്നതിലും നല്ലത് അനപത്യനായി മരിക്കുന്നതാണ്. ഇത് മനോവ പറയുന്നതല്ല; ദൈവവചനം പറയുന്നതാണ്. ഈ വചനം നോക്കുക: "ദൈവഭയം ഇല്ലാത്ത മക്കള്‍ ഉണ്ടാകുന്നതിനെക്കാള്‍ ഭേദം അനപത്യനായി മരിക്കുന്നതാണ്"(പ്രഭാ: 16; 3). ദൈവത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പഠിപ്പിക്കുന്ന അധോലോകമായി കത്തോലിക്കാസഭയുടെ മതബോധനകേന്ദ്രങ്ങള്‍ മാറിയിരിക്കുന്നതിനാല്‍, മക്കളെ സ്വന്തം നിലയില്‍ പഠിപ്പിക്കാന്‍ കഴിയുമെങ്കില്‍ മാത്രം സന്തതികളെ ജനിപ്പിക്കുക. വിജാതിയരുടെ സംഘത്തില്‍ ആളെക്കൂട്ടാനും വിജാതിയര്‍ക്കു വ്യഭിചരിക്കാനുമായി മക്കളെ ജനിപ്പിക്കുന്നവര്‍ക്കു ദുരിതം! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "യെരുശലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും"(ലൂക്കാ: 23; 28, 29).

ഷണ്ഡത്വം അടിച്ചേല്പിക്കുന്ന മതബോധനം!

മൂന്നുതരം ഷണ്ഡത്വത്തെക്കുറിച്ച് യേഹ്ശുവാ പറഞ്ഞിട്ടുണ്ട്. അവയില്‍ രണ്ടാമത്തെ ഷണ്ഡത്വമാണ് ക്രൈസ്തവസഭകളിലെ പുരുഷന്മാരെ ഇന്ന് ഗ്രസിച്ചിരിക്കുന്നത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ"(മത്താ: 19; 12). ക്രിസ്തീയസഭകളില്‍, വിശിഷ്യാ കത്തോലിക്കാസഭയില്‍ ഇന്ന് യുവാക്കള്‍ അവിവാഹിതരായി ജീവിക്കേണ്ട അവസ്ഥയിലാണെങ്കില്‍ പല കാരണങ്ങളുണ്ട്. അവ ഓരോന്നും പ്രത്യേകം പ്രത്യേകം ചര്‍ച്ചചെയ്യേണ്ടത് സഭകളിലെ ദൈവമക്കളുടെ ഉത്തരവാദിത്വമാണെന്ന് മനോവ കരുതുന്നു. ചില കാരണങ്ങള്‍ നാമിവിടെ ചര്‍ച്ചചെയ്തു. ആരാണ് കത്തോലിക്കാ യുവാക്കളുടെമേല്‍ ഷണ്ഡത്വം അടിച്ചേല്പിച്ചത്? ഷണ്ഡരായി ജനിച്ചവരോ ഷണ്ഡത്വം സ്വമേധയാ ഏറ്റെടുത്തവരോ അല്ല ഇവര്‍!

കത്തോലിക്കാസഭയുടെ പൈശാചിക മതബോധനത്താല്‍ ഷണ്ഡന്മാരാക്കപ്പെട്ട യുവാക്കള്‍ ഇന്ന് കേരളത്തില്‍ മാത്രം ലക്ഷം കവിഞ്ഞു! മുപ്പത്തഞ്ചിനും അന്‍പതിനുമിടയില്‍ പ്രായമുള്ളവരാണ് ഇവരിലേറെയും 'ക്നാനായ' സമൂഹങ്ങളെ അരനൂറ്റാണ്ടു മുന്‍പുതന്നെ ഗ്രസിച്ച ഈ ദുരന്തം ഇന്ന് ക്രൈസ്തവസഭകളെ ആകമാനം ഗ്രസിച്ചിരിക്കുന്നു. ക്രൈസ്തവസഭകള്‍ ക്രിസ്തീയ മതബോധനത്തില്‍നിന്നു വ്യതിചലിച്ചതാണ് ഈ ദുരന്തത്തിനു കാരണമെന്ന് ആവര്‍ത്തിച്ചുപറയുന്നതില്‍ ആരും അസ്വസ്ഥരായിട്ടു കാര്യമില്ല. എന്തെന്നാല്‍, യാഥാര്‍ത്ഥ്യബോധത്തോടെ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും ഈ സത്യം തിരിച്ചറിയാന്‍ സാധിക്കും. വിവാഹത്തിലൂടെ മറ്റു മതങ്ങളിലേക്കു കടന്നുപോകാന്‍ യാതൊരു മടിയുമില്ലാത്തവരായി ക്രൈസ്തവസഭകളിലെ യുവതികളെ വാര്‍ത്തെടുത്തത് മതബോധനം തന്നെയാണ്. ഓണാഘോഷം, ഇഫ്താര്‍ വിരുന്നുകള്‍ തുടങ്ങിയ പൈശാചിക അനുഷ്ഠാനങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ വൈദികവേഷധാരികള്‍ മത്സരിക്കുമ്പോള്‍ എങ്ങനെയാണ് വിജാതിയത എന്നത് മരണമാണെന്ന സത്യം ക്രൈസ്തവ ഭവനങ്ങളിലെ യുവതികള്‍ ഗ്രഹിക്കുന്നത്?

ക്രൈസ്തവസഭകളില്‍നിന്നു യുവതികളെ സ്വീകരിക്കാന്‍ വിജാതിയ മതങ്ങളുണ്ട്! എന്നാല്‍, ക്രൈസ്തവ യുവാക്കള്‍ക്കു യുവതികളെ നല്‍കാന്‍ ഒരു വിജാതിയ മതങ്ങളും ഒരുക്കമല്ല! ഇതാണ് കത്തോലിക്കാസഭയില്‍ യുവാക്കള്‍ പുരനിറയാനുള്ള മറ്റൊരു പ്രധാന കാരണം. കത്തോലിക്കാസഭയില്‍ മാത്രം കണ്ടുവരുന്ന ഒരു പൈശാചികതയാണ് വിജാതിയരായ യുവാക്കളും ക്രൈസ്തവഭവനങ്ങളിലെ യുവതികളും തമ്മിലുള്ള വിവാഹം കത്തോലിക്കാപ്പള്ളികളില്‍ വച്ചു നടത്തിക്കൊടുക്കുന്ന ഏര്‍പ്പാട്! എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും ഈ ആശയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പിശാചാണെന്നു വ്യക്തം എന്തെന്നാല്‍, ദൈവത്തിന്റെ മാറ്റമില്ലാത്ത നിയമം ഇപ്രകാരം പ്രഖ്യാപിക്കുന്നു: "നിങ്ങള്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്. അവര്‍ നിങ്ങളുമായും; അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് യാഹ്‌വെ അരുളിച്ചെയ്തിരുന്നു"(1 രാജാക്കന്മാര്‍: 11; 2). അന്യദേവന്മാരിലേക്ക് ഒരു വ്യക്തിയുടെ ഹൃദയം വശീകരിക്കപ്പെടുന്നത് അപകടമാണെന്നു വ്യക്തമാക്കിയ ദൈവത്തെ നിഷേധിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിച്ചത് ആരായിരിക്കുമെന്നു ദൈവമക്കള്‍ ചിന്തിക്കുക!

സത്യദൈവത്തിന്റെ നിയമം ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). കത്തോലിക്കാസഭയുടെ നിത്യനാശം ആഗ്രഹിക്കുന്നവരാണ് സഭാപുത്രിമാരുടെ വിവാഹം അന്യദേവന്റെ പുത്രന്മാരുമായി നടത്തിക്കൊടുക്കുന്നത്. ദൈവത്തിന്റെ നിയമവും സഭാചാര്യവേഷധാരികളുടെ നിയമവും ചേര്‍ത്തുവച്ചു പരിശോധിക്കുന്ന വിവേകമതികള്‍ക്കു ഗ്രഹിക്കാന്‍ സാധിക്കുന്ന സത്യമിതാണ്. പിശാചുക്കളെ സേവിക്കുന്ന വിജാതിയര്‍പ്പോലും ഈ വിഡ്ഢിത്വം തങ്ങളുടെ നിയമമാക്കാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍പ്പോലും തങ്ങളുടെ ആശയങ്ങള്‍ക്കു വിരുദ്ധമായ ആശയം വച്ചുപുലര്‍ത്തുന്നവരുമായുള്ള വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ ചേര്‍ത്തുവായിക്കപ്പെടണം. സംശയമുണ്ടെങ്കില്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒരു അന്വേഷണത്തിനു തയ്യാറാകുക!

പിശാചിന്റെ സന്തതികള്‍ തന്തയ്ക്കുപിറക്കായ്ക കാണിക്കാറില്ലെങ്കിലും, ക്രൈസ്തവരായി അറിയപ്പെടുന്നവര്‍ തന്തയ്ക്കു പിറക്കായ്ക മാത്രം കാണിക്കുന്നു എന്നതാണ് ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടത്! വിജാതിയനായ ഒരു വ്യക്തിയെ വിവാഹംചെയ്ത് വിജാതിയതയിലേക്ക് ഒരു ക്രൈസ്തവ യുവതി കടന്നുപോകുമ്പോള്‍, നിങ്ങള്‍ മരണത്തിലേക്കും നിത്യനാശത്തിലേക്കുമാണ് പോകുന്നതെന്നു തുറന്നുപറയാനുള്ള ആര്‍ജ്ജവം ക്രൈസ്തവസഭകളിലെ ആചാര്യന്മാര്‍ക്ക് ഉണ്ടായിരിക്കണം. ഈ സത്യം തുറന്നുപറയണമെങ്കില്‍, ഇതാണ് സത്യമെന്നു മനസ്സിലാക്കിയ ആചാര്യന്മാരായിരിക്കണം സഭയില്‍ പ്രബോധനം നടത്തുന്നത്. ഇന്നത്തെ ക്രൈസ്തവ മതബോധനത്തിന്റെ ചുമതല വഹിക്കുന്നത് വിഡ്ഢികളോ വിഡ്ഢിത്വം നടിക്കുന്നവരോ ആണ്.

കത്തോലിക്കാസഭയിലെ കന്യാസ്ത്രിമഠങ്ങളും പുരുഷന്മാരില്‍ ഷണ്ഡത്വം അടിച്ചേല്പിക്കുന്നതില്‍ തങ്ങളുടേതായ സംഭാവന ചെയ്യുന്നുണ്ട്. പത്താംതരത്തിലെ പരീക്ഷ കഴിയുമ്പോള്‍ത്തന്നെ കളപ്പുര ലൂസിമാര്‍ ചൂണ്ടയുമായി കത്തോലിക്കാ ഭാവനങ്ങളിലേക്ക് ഇറങ്ങുകയും, എട്ടുപൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ വഴിതെറ്റിക്കുകയും ചെയ്യുന്നത് തടയാത്തിടത്തോളം വലിയ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ദൈവത്തിനോ ദൈവത്തിന്റെ സഭയ്ക്കോ തങ്ങള്‍ക്കുപോലുമോ യാതൊരു ഉപകാരവുമില്ലാത്ത സമൂഹമാണ് ഇന്നത്തെ കന്യാസ്ത്രിമഠങ്ങള്‍! ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവരായി വാര്‍ത്തെടുക്കപ്പെട്ട ഈ വര്‍ഗ്ഗമാണ് കത്തോലിക്കാസഭയിലെ കുഞ്ഞുങ്ങള്‍ക്ക് മതബോധനം നല്‍കുന്നത്. സഭയ്ക്ക് പേരുദോഷം മാത്രമാണ് ഇന്നത്തെ ഇവരുടെ പ്രധാന സംഭാവന! ആണും പെണ്ണുമായി രണ്ടു മക്കള്‍ മാത്രമുള്ള കത്തോലിക്കാഭവനങ്ങളില്‍ കടന്നുചെന്നു യുവതികളെ വലവീശി പിടിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹിക ദുരന്തം ആരും തിരിച്ചറിയുന്നില്ല. മഠങ്ങളില്‍ തളയ്ക്കപ്പെട്ട യുവതികളുടെ സഹോദരന്മാരാണ് തങ്ങളുടെ പൂര്‍വ്വാശ്രമങ്ങളില്‍ പുരനിറഞ്ഞു നില്‍ക്കുന്നത്!

കത്തോലിക്കാസഭയില്‍ സാങ്കേതികമായി അംഗങ്ങളായിരിക്കുന്ന മാതാപിതാക്കള്‍ക്കും ചില ഉത്തരവാദിത്വങ്ങള്‍ ഇക്കാര്യത്തിലുണ്ട്. തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നല്‍കുന്നതില്‍ കത്തോലിക്കാസഭയിലെ മാതാപിതാക്കള്‍ മറ്റുള്ളവരെക്കാള്‍ ശ്രദ്ധിക്കുന്നവരാണ്‌. ഒരുപരിധിവരെ ഇതിനെ പിന്തുണയ്ക്കാമെങ്കിലും, ആണ്‍മക്കളെ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരായി വീട്ടുഭരണം ഏല്പിച്ചുകൊണ്ടുള്ള ഈ പ്രവൃത്തിയെ ശ്ലാഘിക്കാന്‍ മനോവയ്ക്കാകില്ല! ഉന്നത വിദ്യാഭ്യാസവും തൊഴിലുമുള്ള യുവതികള്‍ക്കിണങ്ങിയ ഭര്‍ത്താക്കന്മാരെ കത്തോലിക്കാസഭയില്‍ കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണം മറ്റെവിടെയെങ്കിലും അന്വേഷിക്കേണ്ടതുണ്ടോ? ആരാണ് ഈ അവസ്ഥ സൃഷ്ടിച്ചതെന്നു ചോദിച്ചാല്‍, മാതാപിതാക്കന്മാരിലേക്കു മാത്രമേ വിരലുകള്‍ ചൂണ്ടപ്പെടുകയുള്ളു! കത്തോലിക്കാസഭയില്‍ തങ്ങള്‍ക്കിണങ്ങിയ ഭര്‍ത്താക്കന്മാരില്ലാത്ത അവസ്ഥയും, വിജാതിയരായി എന്നതുകൊണ്ട് യാതൊരു അപകടവും ഇല്ലെന്ന അബദ്ധ പ്രബോധനവും സമന്വയിക്കപ്പെടുമ്പോള്‍, കത്തോലിക്കാസഭയിലെ യുവതികള്‍ വിജാതിയരുമായുള്ള വിവാഹത്തിലൂടെ (വ്യഭിചാരം) വിജാതിയതയിലേക്ക് ചേക്കേറുന്നു! കത്തോലിക്കാസഭയില്‍ പുരുഷന്മാര്‍ പുരനിറയുകയും ചെയ്യുന്നു! ഇസ്ലാംമതത്തില്‍ ചേര്‍ന്നാല്‍ പെണ്ണുകിട്ടാനുള്ള സാഹചര്യമുണ്ടെന്നു മനസ്സിലാക്കുന്ന മദ്ധ്യവയസ്ക്കരായ ചില ക്രൈസ്തവനാമധാരികള്‍ അങ്ങനെ ചെയ്യുകയും, മുത്തലാക്കിനു വിധേയരായ മുസ്ലീംസ്ത്രീകളുടെ പുയ്യാപ്ലമാരായി ആശ്വസിക്കുകയും ചെയ്യുന്നു!

ഇവിടെയാണ്‌ കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ദൈവമക്കള്‍ ഉണര്‍ന്നുചിന്തിക്കാന്‍ തയ്യാറാകേണ്ടത്. കത്തോലിക്കാസഭയിലെ ആന്തരികസഭയില്‍ സത്യവിശ്വാസികളായ യുവതികളും യുവാക്കളും ഉണ്ട്. ഇവര്‍ വിവാഹത്തിലേക്കു പ്രവേശിക്കുമ്പോള്‍, യഥാര്‍ത്ഥ വിശ്വാസികളായ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സാങ്കേതികമായി കത്തോലിക്കാസഭയില്‍ അംഗങ്ങളായതുകൊണ്ടു മാത്രം തങ്ങളുടെ മക്കളുടെ ജീവിതപങ്കാളികളായി ആരെയും കണ്ടെത്തരുത്. തങ്ങളുടെ മക്കള്‍ക്കായി കണ്ടെത്തുന്ന ജീവിതപങ്കാളികള്‍ ആന്തരികസഭയിലുള്ളവരാണെന്ന്‍ ഉറപ്പുവരുത്താന്‍ ദൈവമക്കള്‍ക്കു ബാദ്ധ്യതയുണ്ട്. അതായത്, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയോ കത്തോലിക്കാ മതബോധനത്തെയോ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ നല്‍കുകയോ, അവരില്‍നിന്നു തങ്ങളുടെ ആണ്‍മക്കള്‍ക്കായി പെണ്‍മക്കളെ സ്വീകരിക്കുകയോ അരുത്. എന്തെന്നാല്‍, വിജാതിയരും അവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല! 

അജ്ഞത ഒരു മഹാമാരിയാണ്; എന്നാല്‍, തങ്ങളുടെ അജ്ഞതയെ ബൗദ്ധിക ഔന്നത്യമായി കരുതുന്നതാണ് മഹാമാരിയെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നത്. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ! "നമ്മുടെ ദൈവവും രക്ഷകനുമായ യേഹ്ശുവാ മ്ശിഹായെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും. കാരണം, തങ്ങള്‍ക്കു ലഭിച്ച വിശുദ്ധ കല്പനയെക്കുറിച്ച് അറിഞ്ഞിട്ട് അതില്‍നിന്നു പിന്മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു. നായ് ഛര്‍ദ്ദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ്"(2 പത്രോ: 2; 20-22).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4346 views

LOG IN

Lost your password?

SIGN UP

LOST PASSWORD