"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 12). ആദ്യത്തെ മാര്‍പ്പാപ്പയുടെ വാക്കുകളാണിത്. കേപ്പായില്‍നിന്നു ഫ്രാന്‍സീസ് വരെ സഭ വളര്‍ന്നപ്പോള്‍, അവഗണിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്ത ഈ സത്യത്തിന്റെ പ്രാധാന്യമാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്!
രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭയില്‍ പിടിമുറുക്കിയ 'ഫ്രീമേസണ്‍' സംഘം നടപ്പില്‍വരുത്തിയ അനേകം 'മരണ'സംസ്കാരങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു 'സെക്കുലറിസം'! അതിനെത്തുടര്‍ന്ന് അനവധി പൈശാചിക പരിഷ്കാരങ്ങള്‍ കത്തോലിക്കാസഭയെ ഗ്രസിച്ചുവെന്നു നമുക്കറിയാം. നിത്യരക്ഷ പ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗമായി സ്വര്‍ഗ്ഗം പ്രഖ്യാപിച്ചിട്ടുള്ള യേഹ്ശുവായെ മറച്ചുവയ്ക്കുന്ന കൗശലമാണ് സാത്താനും അവന്റെ അനുചരന്മാരും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരുവന്റെ സ്വര്‍ഗ്ഗപ്രവേശനത്തിന് ക്രിസ്തുവിനെക്കൂടാതെ സാദ്ധ്യതയുണ്ടെന്ന അബദ്ധം പ്രചരിപ്പിക്കാന്‍, സാത്താനൊരുക്കിയ കെണിയായിരുന്നു ഈ സൂനഹദോസ് എന്ന സത്യം മനോവ മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്! അന്യദേവന്മാരിലേക്കും മറ്റു ചില മെഡിറ്റേഷനുകളിലേക്കും ദൈവജനത്തെ നയിക്കാന്‍ വൈദീകവേഷത്തില്‍പ്പോലും സാത്താന്‍ ഇറങ്ങിയിരിക്കുന്നത് ഈ പൈശാചികതയുടെ ദുരന്തം വര്‍ദ്ധിപ്പിക്കുന്നു. ദൈവജനത്തെ നരകത്തിലേക്കു നയിക്കുന്നതുകൂടാതെ, തിന്മയില്‍ കഴിയുന്നവരെ അതില്‍ത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ നീചന്മാരെ തിരിച്ചറിയുകയും ദൈവജനത്തില്‍നിന്നു വിച്ഛേദിക്കുകയും ചെയ്തില്ലെങ്കില്‍, ഈ ലോകം ഒന്നടങ്കം നശിക്കുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ട!
സഭയ്ക്കുപുറത്തു രക്ഷയുണ്ടെന്ന സന്ദേശത്തില്‍ ആരംഭിക്കുകയും ക്രിസ്തുവിനെക്കൂടാതെ രക്ഷയുണ്ടെന്ന അബദ്ധത്തില്‍ ചെന്നെത്തുകയും ചെയ്ത ദുരന്തമായിരുന്നു ഈ സൂനഹദോസ്! ക്രിസ്തുവിന്റെ ശരീരമാണു സഭയെന്ന വചനം അറിയാത്തവരാണോ സഭയ്ക്കുപുറത്തു രക്ഷ പ്രഘോഷിച്ചത്?
പരസ്യവും രഹസ്യവുമായി അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരുവശത്ത് അരങ്ങുകൊഴുപ്പിക്കുമ്പോള്‍, മറ്റു ചിലരാകട്ടെ, യേഹ്ശുവാ ഏകരക്ഷകനാണെന്ന കാര്യത്തില്‍ മൗനം അവലംബിക്കുന്നു! ക്രിസ്തുവിനെ നിഷേധിക്കാതെതന്നെ, ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിപ്പിക്കുന്ന നിഗൂഢമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കൗശലമാണ് 'ഫ്രീമേസണ്‍'സംഘം അനുവര്‍ത്തിക്കുന്നത്. ഇത്തരക്കാരുടെ അബദ്ധജടിലങ്ങളായ പഠനങ്ങളിലും പ്രചരണങ്ങളിലും ആകൃഷ്ടരായി ദൈവജനം നശിക്കാതിരിക്കേണ്ടതിന് ഈ ലേഖനം മനോവ സമര്‍പ്പിക്കുന്നു! ദൈവവചനം നല്‍കുന്ന ഒരു താക്കീതോടെ ഈ ആത്മീയയാത്ര നമുക്ക് ആരംഭിക്കാം: "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന്‍ അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നുവെങ്കില്‍ നമ്മോടു കൂടെ നില്‍ക്കുമായിരുന്നു"(1 യോഹ: 2; 18, 19). ഒരു താക്കീതുകൂടി നോക്കുക: "വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും എതിര്‍ക്രിസ്തുവും"(2 യോഹ: 1; 7).
രക്ഷ യേഹ്ശുവായിലൂടെ മാത്രം!
മരണാനന്തരം നിത്യജീവനില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണിത്. ഈ ലോകത്ത് സകലരാലും അംഗീകരിക്കപ്പെടുകയും, ദാനധര്‍മ്മങ്ങളും സത്പ്രവര്‍ത്തികളും മുഖേന എല്ലാവരാലും പ്രശംസിക്കപ്പെടുകയും ചെയ്താലും, യേഹ്ശുവായിലൂടെയല്ലാത്ത ഒരു പ്രവര്‍ത്തിയും ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. കാരണം, "വിശ്വാസം വഴി കൃപയാലാണ് നാം രക്ഷപ്രാപിക്കുന്നത്". സത്പ്രവര്‍ത്തികള്‍ക്ക് പാപമോചനശക്തി ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ കുരിശുമരണം ആവശ്യമായിരുന്നില്ല. യേഹ്ശുവായുടെ ബലിയിലൂടെ മാനവകുലത്തിനു രക്ഷനല്കുകയെന്നത് ദൈവത്തിന്റെ മാറ്റമില്ലാത്ത തീരുമാനമാണ്!
ദൈവത്തിന്റെ മുന്നറിയിപ്പുമായി കടന്നുവന്ന 'പതിനെട്ടു' പ്രവാചകന്മാരുടെയും പ്രവചനങ്ങളുടെ ആകെത്തുകയാണ് യേഹ്ശുവാ! ഈ സത്യത്തെ മനസ്സിലാക്കുവാന്‍ പ്രവചനങ്ങളെയും യേഹ്ശുവായുടെ സാക്ഷ്യങ്ങളെയും പരിശോധിക്കുകയാണ് നാമിവിടെ ചെയ്യുന്നത്. ഇതിനു സഹായകരമായ ചില വചനങ്ങളിലൂടെ യഥാര്‍ത്ഥ രക്ഷയെ തിരിച്ചറിയാന്‍ ഈ കൊച്ചുലേഖനം ഉപകരിക്കട്ടെ!
ജീവകാരുണ്യ പ്രവര്‍ത്തികളും മറ്റു സത്പ്രവര്‍ത്തികളും നല്ലതുതന്നെ! അത് ദൈവത്തിനു സ്വീകാര്യമാകാന്‍ അവിടുന്ന് ചില കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. "നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരുപാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല"(മര്‍ക്കോ: 9; 41). യേഹ്ശുവായുടെ നാമത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ക്കു മാത്രമാണ് പിതാവില്‍നിന്നുള്ള പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. മാത്രവുമല്ല, ക്രിസ്തുവിനുള്ളവരെ സഹായിക്കുമ്പോഴാണ് അതു ലഭിക്കുന്നത്. കാരണം, പാപികളെ നിങ്ങള്‍ സഹായിക്കരുതെന്നു ദൈവവചനം പറഞ്ഞിട്ടുണ്ട്. അവരെ നാം സഹായിക്കുമ്പോള്‍, അവര്‍ ആശ്രയം വച്ചിരിക്കുന്ന വിഗ്രഹങ്ങളാണ് സഹായിക്കുന്നതെന്ന് ചിന്തിക്കുവാന്‍ ഇടയാകും. പാപത്തില്‍ ജീവിക്കുമ്പോള്‍പോലും അനുഗ്രഹിക്കപ്പെടുന്നതായി അറിയുമ്പോള്‍, ഒരു വിടുതല്‍ അവര്‍ ആഗ്രഹിക്കുകയില്ല. നമ്മുടെ സഹായം അവര്‍ക്ക് പാപത്തിനുള്ള സാഹചര്യമായി മാറുവാന്‍ ഇടയാകരുത്. എന്നാല്‍, അവരെ പാപത്തില്‍നിന്നും മോചനംപ്രാപിക്കാന്‍ സഹായിക്കാം. നിത്യജീവനിലേക്ക് ഒരുവനെ നയിക്കുക എന്നതില്‍ക്കവിഞ്ഞ് ഒരു സഹായവുമില്ല.
"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല."(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 12). മൂന്നര വര്‍ഷക്കാലം ഊണിലും ഉറക്കത്തിലും യേഹ്ശുവായുടെ കൂടെയായിരുന്നുകൊണ്ട് രക്ഷ അനുഭവിച്ചറിഞ്ഞ കേപ്പായുടെ, ആത്മാവില്‍ നിറഞ്ഞ വാക്കുകളാണിത്.
ദൈവവചനം പരിചയപ്പെടുത്തിയിട്ടുള്ള എല്ലാ നീതിമാന്മാരും നീതികരിക്കപ്പെട്ടത് വിശ്വാസം വഴിയാണെന്ന് കാണാം. ദൈവത്തിലും ദൈവം അയക്കാനിരിക്കുന്ന രക്ഷകനിലുമുള്ള വിശ്വാസമായിരുന്നു സകല നീതിമാന്മാരെയും നീതീകരിച്ചത്. പൂര്‍വ്വപിതാക്കന്മാരെല്ലാം രക്ഷകനെ പ്രത്യാശയോടെ കാത്തിരുന്നതായി വചനത്തില്‍ കാണുന്നുണ്ടല്ലോ?! ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനു മുമ്പുള്ളത് കാത്തിരിപ്പിന്റെ വിശ്വാസമായിരുന്നെങ്കില്‍, രക്ഷകന്റെ വരവിനു ശേഷമുള്ളത് അനുഭവിച്ചറിഞ്ഞ വിശ്വാസമാണ്.
യേഹ്ശുവാ തന്റെ അധരങ്ങളിലൂടെ അറിയിക്കുന്നു: "എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും ചെയ്തു"(യോഹ: 8; 56). ഈ വചനംകേട്ട യെഹൂദരില്‍ ഇടര്‍ച്ചയുണ്ടായി. അതു മനസ്സിലാക്കിയ യേഹ്ശുവാ അവരോടു തുടര്‍ന്നു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്"(യോഹ: 8; 58). എന്താണ് ഈ വചനങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്? യേഹ്ശുവായുടെ മനുഷ്യാവതാരത്തിന് ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പാണ് അബ്രാഹം ജീവിച്ചിരുന്നത്. ഇതിലൂടെ അവിടുന്ന് വ്യക്തമാക്കിത്തരുന്നത്, ലോകാരംഭത്തിനുമുമ്പേ പിതാവിനോടൊപ്പം താന്‍ ഉണ്ടായിരുന്നു എന്നുതന്നെയാണ്! സൃഷ്ടിയുടെ പുസ്തകത്തില്‍ ഇത് വ്യക്തമാക്കുന്ന ഒരു ഭാഗമുണ്ട്. മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് യാഹ്‌വെ ഇങ്ങനെ പറയുന്നു: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം"(സൃഷ്ടി: 1; 26). സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ച ദൈവംതന്നെയാണ് യേഹ്ശുവാ. ഈ സത്യം തെളിയിക്കുന്ന വചനം ബൈബിളിലുണ്ട്.
യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത് ഈ സത്യം വെളിപ്പെടുത്തിക്കൊണ്ടാണ്. "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല"(യോഹ: 1; 1-5). സത്യാന്വേഷിയായ ഏതൊരുവനും യേഹ്ശുവായുടെ ദൈവത്വത്തെ അറിയാന്‍ ഈ ഒരു വചനം മാത്രം മതി! "ദൈവത്തെ ആരും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്"(യോഹ: 1; 18). ത്രിത്വത്തെ സംബന്ധിച്ചുള്ള അറിവില്‍ വളരുമ്പോള്‍ മാത്രമേ ഈ വചനത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ കഴിയുകയുള്ളു.
"ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേഹ്ശുവാ മ്ശിഹായിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്"(റോമ: 3; 22 ). രക്ഷയെക്കുറിച്ച് വചനം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: "ആകയാല്‍, യേഹ്ശുവാ മ്ശിഹായാണ് (ക്രിസ്തു) എന്ന്‍ അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമ: 10; 9). അറിയുകയും അനുഭവിക്കുകയും ചെയ്ത രക്ഷയെ പ്രഘോഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യണം. അപ്പോഴാണ് രക്ഷ പൂര്‍ണ്ണമാകുന്നത്!
ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. സാത്താനും അപ്രകാരംതന്നെ വിശ്വസിക്കുന്നു! ദൈവം ഏകനാണെന്നും സര്‍വ്വശക്തനാണെന്നും, മറ്റാരേക്കാളും കൂടുതലായി അവന്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ഈ വിശ്വാസം അവന്‍ ഏറ്റുപറയുന്നില്ല; എന്നുമാത്രമല്ല, സത്യത്തെ മറച്ചുവയ്ക്കുകയും ചെയ്യുന്നു. വിശ്വാസം പരമപ്രധാനമായ കാര്യമാണെങ്കിലും, അതിന് അനുസരണമായ പ്രവര്‍ത്തിയും ഉണ്ടാകണം. ജീവിത സാക്ഷ്യവും പ്രഘോഷണവുമായിരിക്കണം വിശ്വാസത്തിന്റെ പരിണിതഫലങ്ങള്‍! "വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമാ: 10; 17). അറിഞ്ഞ സത്യം അറിയിക്കാത്തതുകൊണ്ട് ആരെങ്കിലും സത്യം അറിയാതെപോയാല്‍, അവരുടെ നാശത്തിനു നാം ഉത്തരവാദി ആയിരിക്കുമെന്ന് വചനം മുന്നറിയിപ്പ് തരുന്നു. "മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവനെ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും"(യെസെക്കി: 3; 18).
എന്നേക്കുമുള്ള ഏകബലിയായ യേഹ്ശുവായുടെ കുരിശുമരണമാണ് സകല ജനതകള്‍ക്കുമുള്ള ഏകരക്ഷ! ഒരേയൊരു ദൈവം മാത്രമേയുള്ളൂ എന്നതുപോലെ ഒരേയൊരു രക്ഷകനെയുള്ളൂ. വ്യത്യസ്തമായ മതങ്ങളിലും ദൈവീക സങ്കല്‍പ്പങ്ങളിലും വ്യാപരിക്കുന്നവരുണ്ടാകാം. എന്നാല്‍, ഒരു മതവും മതസ്ഥാപകരും ദൈവങ്ങളായി വിളിക്കപ്പെടുന്നവരും പറയാന്‍ ധൈര്യം കാണിക്കാത്ത സത്യം യേഹ്ശുവാ വിളിച്ചുപറഞ്ഞു. "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു."(യോഹ: 14; 9). "ഞാനും പിതാവും ഒന്നാണ്"(യോഹ: 10; 30). ഒരേയൊരു ദൈവമേയുള്ളുവെന്നും ആ ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ അവതരിച്ചതാണ് യേഹ്ശുവായെന്നും വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണിത്. ത്രിത്വത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന ദുരൂഹതയുടെ മറ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ഈ വചനംകൂടി ശ്രദ്ധിക്കുക: "എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്. എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെക്കാണുന്നു"(യോഹ: 2; 44, 45). ഇത്രമാത്രം ശക്തമായി ദൈവത്തെക്കുറിച്ചും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും സംസാരിക്കാന്‍ ആര്‍ക്കു കഴിയും? ദൈവത്തെ പിതാവേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം യേഹ്ശുവായിലൂടെ മാത്രമാണ് ലഭിക്കുന്നത്. യേഹ്ശുവാ പറയുന്നു: "നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്"(യോഹ: 8; 54 ). താന്‍ ദൈവത്തിന്റെ പുത്രനാണെന്ന് ഈ വചനത്തിലൂടെ യേഹ്ശുവാതന്നെ വ്യക്തമാക്കുന്നു. അതുപോലെതന്നെ, പാപമില്ലാത്ത അവസ്ഥയില്‍ ആയിത്തീരുമ്പോള്‍, നാമെല്ലാവരും ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആകുമെന്ന സത്യവും യേഹ്ശുവായിലൂടെ അനാവരണം ചെയ്യപ്പെട്ടു.
ഏതു മതവിഭാഗത്തില്‍ വിശ്വസിക്കുന്നവര്‍ ആയിരുന്നാലും ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ദൈവത്തോടാണെന്നു കരുതുന്നുവെങ്കില്‍, തീര്‍ച്ചയായും അറിഞ്ഞിരിക്കുക! ഒരേയൊരു ദൈവമേയുള്ളൂ. സ്വര്‍ഗ്ഗത്തെ ഭരിക്കുന്നത് ഒരു കൂട്ടുകക്ഷി മന്ത്രിസഭയല്ല!! സ്വര്‍ഗ്ഗത്തിന്റെ അധിപനായ ഏകസത്യദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഒരേയൊരു മദ്ധ്യസ്ഥന്‍ മാത്രമേയുള്ളൂ. ആ മദ്ധ്യസ്ഥന്‍ മനുഷ്യനായ യേഹ്ശുവായാണ്. പാപംമൂലം ദൈവത്തില്‍നിന്നു അകന്നുപോയ മനുഷ്യനെ, ദൈവവുമായി കൂട്ടിചേര്‍ത്തത് മനുഷ്യപുത്രനായ യേഹ്ശുവായാണ്. ദൈവമായിരുന്നിട്ടും മനുഷ്യനായി കടന്നുവന്ന യേഹ്ശുവായുടെ മരണവും ഉത്ഥാനവും വഴി മനുഷ്യരുടെ രക്ഷ സാദ്ധ്യമായി! ദൈവത്തിനു ലോകത്തോടുള്ള സ്നേഹത്തിന്റെ അടയാളമാണ് തന്റെ ഏകജാതന്‍!
ആദം എന്ന ആദ്യമനുഷ്യന്‍ ദൈവപുത്രനായിരുന്നു. അവന്‍ നഷ്ടപ്പെടുത്തിയ ദൈവപുത്രസ്ഥാനവും പറുദീസായും വീണ്ടെടുക്കാന്‍, സൃഷ്ടിയുടെ ആരംഭത്തില്‍തന്നെ ദൈവത്തിന്റെ ജ്ഞാനത്തില്‍ ഉറപ്പിക്കപ്പെട്ട തീരുമാനമായിരുന്നു യേഹ്ശുവായുടെ മനുഷ്യാവതാരം! അതിനാല്‍, സ്വര്‍ഗ്ഗരാജ്യത്തിലോ സ്വര്‍ഗ്ഗത്തിന്റെ മുന്നോടിയായ പറുദീസായിലോ പ്രവേശിക്കാന്‍ യോഗ്യത ലഭിക്കുന്നത് യേഹ്ശുവാ എന്ന ഏകരക്ഷകനിലൂടെ മാത്രമാണ്. യേഹ്ശുവാ അരുളിച്ചെയ്യുന്നു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). മനുഷ്യനായ യേഹ്ശുവാ പിതാവിനോട് പ്രാര്‍ത്ഥിക്കുന്ന ഒരുഭാഗം ഇങ്ങനെയാണ്: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3).
ഈ വചനം കേള്‍ക്കുമ്പോള്‍ പലര്‍ക്കും അസ്വസ്ഥത തോന്നിയേക്കാം. അസ്വസ്ഥതയെക്കുറിച്ച് മുന്‍കൂട്ടി അറിവുള്ളതുകൊണ്ട് യേഹ്ശുവാ വ്യക്തമായി പറയുന്നു: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3).
പാപവും അതുവഴിയുള്ള മരണവും ഒരുവന്‍മൂലം ലോകത്തേയ്ക്ക് കടന്നുവന്നു. ആദത്തിന്റെ അനുസരണക്കേട് ഭൂമിയിലേക്ക് കൊണ്ടുവന്ന മരണം, അത്തരം പാപം ചെയ്തിട്ടില്ലാത്തവരിലും ആധിപത്യം പുലര്‍ത്തി! പറുദീസാ നഷ്ടപ്പെടുത്തുകയും ചെയ്തു(റോമ: 5; 12 ). ഈ പറുദീസാ വീണ്ടും തുറക്കപ്പെടുന്നത് യേഹ്ശുവായുടെ കുരിശുമരണത്തിനു ശേഷമാണെന്ന് തിരുവചനത്തില്‍നിന്ന് മനസ്സിലാക്കാം. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ടവരില്‍ ഒരുവന്‍ സ്വര്‍ഗ്ഗരാജ്യം ആഗ്രഹിക്കുന്നതായി കാണുന്നു. അവനോട് യേഹ്ശുവാ പറയുന്നത് ഇപ്രകാരമാണ്: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും"(ലൂക്കാ: 23; 43).
സന്മാര്‍ഗ്ഗ ചിന്തകളും മനുഷ്യസ്നേഹവും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള യുഗപുരുഷന്മാരും, അവരുടെ ആശയങ്ങളിലുടലെടുത്ത മതങ്ങളും പ്രസ്ഥാനങ്ങളും ലോകത്തുണ്ട്. ഇവയെ പിന്തുടരുന്ന മനുഷ്യരും അനേകരാണ്! എന്നാല്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നുവെന്നും ദൈവംതന്നെയായ മനുഷ്യപുത്രനാണ് താനെന്നും, പാപം മോചിക്കുവാനുള്ള അവകാശം തനിക്കുണ്ടെന്നും ഇന്നുവരെ മറ്റാരും പറഞ്ഞിട്ടില്ല. യേഹ്ശുവാ ഇക്കാര്യങ്ങള്‍ പറയുക മാത്രമല്ല തെളിയിക്കുകയും ചെയ്തു. ഇത് വ്യക്തമാക്കുന്ന ചില വചനഭാഗങ്ങള്‍ ശ്രദ്ധിക്കാം: "ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇത് ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്"(യോഹ: 6; 50, 51). സ്വര്‍ഗ്ഗത്തില്‍നിന്നു വന്നതും നിത്യജീവന്‍ നല്‍കുന്നതും യേഹ്ശുവായാണെന്ന് തെളിയിക്കുന്ന അനേക വചനങ്ങളില്‍ ഒന്നു മാത്രമാണിത്. മറ്റൊരിടത്ത് യേഹ്ശുവാ പറയുന്നു: "ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും"(യോഹ: 10; 9). രോഗശാന്തി നല്‍കുന്ന വേളകളില്‍ യേഹ്ശുവാ പറയുന്നത്, നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നാണെന്നു മനസ്സിലാക്കാന്‍ കഴിയും!
യേഹ്ശുവാ എന്ന ഏകരക്ഷയെക്കുറിച്ച് ഇത്രമാത്രം കൃത്യതയോടെ ബൈബിള്‍ വെളിപ്പെടുത്തുന്നു. സഹസ്രാബ്ദങ്ങളായി നിലകൊള്ളുന്ന ഈ വിശ്വാസസത്യങ്ങള്‍ കാലം കഴിയുംതോറും പ്രസക്തി വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. സത്യമല്ലാത്ത ഒന്ന് എത്രകാലം നിലനില്‍ക്കും? യേഹ്ശുവാ സ്വര്‍ഗ്ഗത്തില്‍നിന്നുവന്നവനും മുപ്പത്തിമൂന്നു വര്‍ഷം മനുഷ്യനായി ഈ ഭൂമിയില്‍ ജീവിക്കുകയും ഇപ്പോള്‍ പരിപൂര്‍ണ്ണ ദൈവമായി സ്വര്‍ഗ്ഗത്തില്‍ വാഴുകയും ചെയ്യുന്നു! ഇത് തെറ്റാണെങ്കില്‍ ബൈബിള്‍ പൂര്‍ണ്ണമായും തെറ്റാണ്! ക്രിസ്തുവിന്റെ നാമത്തില്‍ രക്തസാക്ഷികളായ അപ്പസ്തോലന്മാരും, പതിനായിരക്കണക്കിനു മറ്റു രക്തസാക്ഷികളും പരിപൂര്‍ണ്ണ പരാജയവും ആയിരുന്നിരിക്കണം! ഒരു അസത്യത്തിനുവേണ്ടി എത്രയാളുകള്‍ മരിക്കാന്‍ തയ്യാറാകും? പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍ ഒഴികെ മറ്റെല്ലാവരും ഈ സത്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തു! നഷ്ടപ്പെടുത്തുന്ന ജീവന്‍ തിരികെ നല്‍കാന്‍ കഴിവുള്ളവനാണ് യേഹ്ശുവായെന്ന് ഉത്തമബോദ്ധ്യം അവര്‍ക്കുണ്ടായിരുന്നു! അതിനാല്‍, മറ്റെല്ലാം ഉച്ഛിഷ്ടംപോലെ കരുതുവാന്‍ അപ്പസ്തോലന്മാര്‍ക്ക് കഴിഞ്ഞു.
അജ്ഞത അനുഗ്രഹമോ?
അജ്ഞത ഒരു ഒഴിവുകഴിവല്ല; കാരണം, അറിവുകേടിന്റെ കാലഘട്ടം കഴിഞ്ഞു. മാത്രവുമല്ല, അറിവില്ലായ്മ പാപമാണെന്നു വചനം പറയുന്നുമുണ്ട്. യേഹ്ശുവായുടെ മനുഷ്യാവതാരത്തോടെ പ്രകാശം ഭൂമിയിലേക്ക് കടന്നുവന്നു. പ്രവാചകന്‍ പറയുന്നു: "അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു"(യേശൈയാഹ്: 9; 2). ഈ പ്രകാശത്തെ സ്വീകരിക്കുകയെന്നത് ഇരുട്ടില്‍ ജീവിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.
എന്താണ് തിന്മയെന്നു വചനം മുന്നറിയിപ്പ് തരുന്നതു ശ്രദ്ധിക്കുക: "പ്രകാശം ലോകത്തേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു"(യോഹ: 3; 19). പ്രവാചകനായ യിരെമിയാഹ് പറഞ്ഞു: "എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു"(യിരെമി: 2; 13). പൊട്ടക്കിണറുകള്‍ കുഴിച്ചത് തിന്മയാണെങ്കില്‍, അറിവുകേടും തിന്മ തന്നെയാണ്. അറിഞ്ഞുകൊണ്ട് ആരും പൊട്ടക്കിണര്‍ കുഴിക്കില്ലല്ലോ?!
അന്വേഷിച്ചറിയുക എന്നത് എല്ലാവരുടെയും കടമയാണ്. ജീവിക്കാന്‍ ആവശ്യമായ തൊഴിലും മറ്റു കാര്യങ്ങളും ആരുടേയും ഉപദേശം ഇല്ലാതെതന്നെ അന്വേഷിക്കാറുണ്ടല്ലോ! എന്നാല്‍, ശാശ്വതമായ രക്ഷയുടെ കാര്യത്തില്‍ എന്തുകൊണ്ട് ഈ അന്വേഷണമില്ല? അന്വേഷിക്കുന്നവന്‍ കണ്ടെത്തുമെന്ന് വചനം ഉറപ്പു നല്‍കുന്നു.
ജീവജലത്തിന്റെ ഉറവയും പ്രകാശവും യേഹ്ശുവായെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അവിടുന്നുതന്നെ പറഞ്ഞിട്ടുണ്ട്. "ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും"(യോഹ: 8; 12). "ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്"(യോഹ: 9; 5).
"എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗ്ഗളിക്കുന്ന അരുവിയാകും"(യോഹ: 4; 14). "എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും"(യോഹ: 7; 38 ). ജീവജലത്തിന്റെ ഉറവയും ക്രിസ്തുവാണെന്ന സ്ഥിരീകരണമാണ് ഇവിടെ നാം വായിക്കുന്നത്.
എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ദിശയിലേക്കുള്ള വാഹനത്തില്‍ കയറുന്നില്ലെങ്കില്‍, അവിടെ എത്തുകയില്ല. ഉദാഹരണത്തിന്: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരു വ്യക്തി തിരുവനന്തപുരത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറിയാല്‍ തിരുവനന്തപുരത്ത് എത്തുകയില്ല. അവന്‍ എത്ര ദൃഢമായി വിശ്വസിച്ചാലും ഫലമില്ല. അതുകൊണ്ട്, സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയില്‍ ആയിരിക്കുന്നവര്‍ തീര്‍ച്ചയായും വഴി അറിഞ്ഞിരിക്കണം. യേഹ്ശുവാ പറയുന്നു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). മറ്റു മാര്‍ഗ്ഗങ്ങളൊന്നും ദൈവസന്നിധിയിലേക്ക് മനുഷ്യനെ എത്തിക്കുകയില്ല. ആരും അത് അവകാശപ്പെട്ടിട്ടുമില്ല! യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ട ഈ വചനങ്ങളെ അവിശ്വസിക്കുന്നവര്‍ അവിടുത്തെ വ്യാജം പറയുന്നവനാക്കുന്നു!
യേഹ്ശുവായുടെ മനുഷ്യാവതാരത്തിനുമുമ്പ് മരിച്ചുപോയവര്‍ക്കും ഈ ഒരു വഴിയല്ലാതെ മറ്റൊന്നില്ല. അതുകൊണ്ടാണല്ലോ യേഹ്ശുവാ മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചത്! ഈ വെളിപ്പെടുത്തല്‍ നോക്കുക: "എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യനെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്"(1 കേപ്പാ: 4; 6). ബൈബിള്‍ വീണ്ടും പറയുന്നു: "ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു"(1 കേപ്പാ: 3; 19, 20).
വ്യാജദേവന്മാരുടെയും വ്യാജപ്രവാചകന്മാരുടെയും പിന്നാലെ പോകുന്ന വ്യക്തികള്‍ ഓര്‍ക്കുക; അവര്‍ക്കു ലഭിക്കുന്ന പ്രതിഫലമായിരിക്കും നിങ്ങള്‍ക്കും ലഭിക്കുക! സാത്താനും വ്യാജദേവന്മാര്‍ക്കും എരിയുന്ന ഗന്ധകാഗ്നിത്തടാകമായിരിക്കും പ്രതിഫലം! എല്ലാ ദേവന്മാരും വിധിദിനത്തില്‍ യേഹ്ശുവായുടെ മുമ്പില്‍ നില്‍ക്കും. വിധിക്കാന്‍ അധികാരം ലഭിച്ചിരിക്കുന്നവനും നമ്മുടെ നാഥനുമായ യേഹ്ശുവാ സകലരെയും വിധിക്കും. സാത്താനെയും സകല വിഗ്രഹങ്ങളെയും നരകാഗ്നിയിലേക്ക് വലിച്ചെറിയുമ്പോള്‍, അവരെ അനുഗമിച്ചിരുന്നവരും അവരോടൊപ്പം തള്ളപ്പെടും! വിജാതിയരുടെ രക്ഷയെ സംബന്ധിച്ച് ആശയക്കുഴപ്പത്തില്‍ കഴിയുന്നവര്‍ ഈ ലേഖനം വായിക്കുക: വിജാതിയര്‍ പാപം ചെയ്യാതിരുന്നാല്‍ രക്ഷപ്രാപിക്കുമോ?
"പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും"(യോഹ: 6; 40). "എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല"(യോഹ: 6; 37). ദൈവമായ യേഹ്ശുവാ, തന്റെ അടുക്കല്‍ വരുന്നവര്‍ക്കു നല്‍കുന്ന വാഗ്ദാനമാണിത്!
പ്രിയപ്പെട്ടവരേ നാം വഞ്ചിതരാകരുത്. രണ്ടാംവട്ടം എഴുതി ജയിക്കാന്‍ കഴിയുന്ന ഒരു പരീക്ഷയല്ല ഈ ജീവിതം. പരാജയപ്പെട്ടാലും വിജയിച്ചാലും ഒരവസരം മാത്രമേയുള്ളൂ! രക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മരക്ഷയും സ്വര്‍ഗ്ഗരാജ്യ പ്രവേശവുമാണെങ്കില്‍, യേഹ്ശുവായിലൂടെയല്ലാതെ മറ്റൊരു രക്ഷ ആരും പ്രതീക്ഷിക്കേണ്ടാ! ഇതില്‍നിന്നു വ്യത്യസ്തമായ വാഗ്ദാനവുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവരുടെ ലക്‌ഷ്യം നിങ്ങളുടെ നാശമാണെന്നു മറക്കരുത്!
യേഹ്ശുവാ അരുളിച്ചെയ്യുന്നു: "ഇതാ ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവര്‍ത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്"(വെളി: 22; 12).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-