അറിഞ്ഞിരിക്കാന്‍

ഈശോ മറിയം യൗസേപ്പ് നിങ്ങളുടെ ആത്മാവിനു കൂട്ടായിരിക്കുമോ?

Print By
about

06 - 07 - 2019

ശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരാള്‍ മരിച്ചാല്‍ അയാളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുമോ എന്നറിയില്ല. എന്നാല്‍, യേഹ്ശുവായേ, എന്നോടു കരുണതോന്നി എന്നെ രക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് മരണമടയുന്നവര്‍ക്ക് ലജ്ജിക്കേണ്ടിവരില്ല എന്നകാര്യത്തില്‍ ഉറപ്പുണ്ട്. പരിശുദ്ധാത്മാവില്‍ നിറഞ്ഞ് വചനം പ്രസംഗിച്ചുകൊണ്ടിരുന്ന കാലത്ത് സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ വെളിപ്പെടുത്തിയ അനേകം സത്യങ്ങളില്‍ ഒന്നാണിത്. എന്നാല്‍, മനോവയ്ക്ക് ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചത് യേഹ്ശുവായില്‍നിന്നു തന്നെയാണ്.

ഈശോ മറിയം യൗസേപ്പ് (ഈ. മ. യൗ) എങ്ങനെയാണ് ആത്മാക്കള്‍ക്കു രക്ഷനല്‍കുന്നത്? ആത്മരക്ഷയ്ക്കായി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് 'ഈശോ മറിയം യൗസേപ്പ്' എന്ന ത്രിത്വത്തെയല്ല; മറിച്ച്, യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള നാമത്തിലാണ് രക്ഷ! ആ നാമം വഹിക്കുന്നത് ക്രിസ്തുവാണ്‌! ആദിമസഭയിലോ ദൈവവചനത്തിലോ ഇങ്ങനെയൊരു പ്രാര്‍ത്ഥനാപാരമ്പര്യം ഇല്ലെന്നിരിക്കെ, ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കണേ എന്ന് ഉരുവിട്ടുകൊണ്ട് മരിക്കാന്‍ ക്രൈസ്തവരെ പഠിപ്പിച്ചത് പരിശുദ്ധാത്മാവാണെന്നു മാത്രം പറയരുതെന്ന് അപേക്ഷിക്കുന്നു. ചില 'വെളിച്ചപ്പാടുകള്‍' തങ്ങളുടെ ദര്‍ശനങ്ങള്‍ക്ക് ആധികാരികത ലഭിക്കാന്‍ പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കുന്ന രീതി അവലംബിച്ചു കാണുന്നതുകൊണ്ടാണ് ഈ അപേക്ഷ! പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷകയാക്കി ദൈവത്തിന്റെ രക്ഷാകരപദ്ധതി എളുപ്പമുള്ളതാക്കുന്ന വിരുതന്മാരും ക്രിസ്തീയതയുടെ പേരില്‍ ഉപജീവനം കഴിക്കുന്നുണ്ട്. ഒരു വചനം വായിച്ചുകൊണ്ട് നമുക്ക് ഈ പഠനം മുന്നോട്ടുകൊണ്ടുപോകാം. വചനമിതാണ്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). കത്തോലിക്കാസഭയുടെയും ക്രൈസ്തവസഭകളുടെയും പ്രഥമ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധ പത്രോസ് നടത്തിയ പ്രഖ്യാപനമാണിത്. പരിശുദ്ധാത്മാവില്‍ നിറഞ്ഞയുടനെ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പ്രഖ്യാപനം! അതായത്, എല്ലാ കാലത്തേക്കുമായി പരിശുദ്ധാത്മാവ് നടത്തിയ പ്രഖ്യാപനമാണ് പത്രോസിന്റെ അധരങ്ങളിലൂടെ നാം കേട്ടത്!

ആത്മരക്ഷയെ സംബന്ധിച്ചുള്ള വിശദമായ പഠനത്തിലേക്കു പ്രവേശിക്കാം. മനുഷ്യന്റെ എല്ലാ പാപങ്ങളില്‍നിന്നും അവന്‍ രക്ഷപ്രാപിക്കുന്നത് യേഹ്ശുവായുടെ കുരിശിലെ ബലിയുടെ യോഗ്യതയാലാണ്. ഈ സത്യത്തെ അംഗീകരിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. ക്രിസ്തുവിന്റെ നാമത്തില്‍ വിശ്വസിക്കുകയും ആ നാമം ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് ഒരുവന്‍ രക്ഷയിലേക്കു പ്രവേശിക്കുന്നത് എന്ന സത്യം ഓരോ ക്രിസ്ത്യാനികളും അറിയുന്നു. എന്നാല്‍, പരിപൂര്‍ണ്ണ സത്യത്തില്‍നിന്നു വിശ്വാസികളെ പൂര്‍ണ്ണ അസത്യത്തിലേക്കു നയിക്കാന്‍ ചില അര്‍ദ്ധസത്യങ്ങള്‍ സഭയില്‍ അവതരിക്കപ്പെടുന്നത് ആരംഭത്തില്‍ ആരും തിരിച്ചറിയുന്നില്ല. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അവതരിപ്പിക്കുന്നത് ശ്രേഷ്ഠരായി പരിഗണിക്കപ്പെടുന്നവരിലൂടെയാകുമ്പോള്‍ അവയ്ക്കു കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുവെന്നതാണ് അതിലേറെ അപകടം! അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പാരമ്പര്യത്തിന്റെ ഭാഗമായി മാറുകയും, അവയ്ക്കെല്ലാം പരിശുദ്ധാത്മാവിന്റെ അംഗീകാരപത്രം ഉണ്ടെന്നു സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ അന്വര്‍ത്ഥമാകുന്നത് യേഹ്ശുവാ നല്‍കിയ ഒരു മുന്നറിയിപ്പാണ്! ഇപ്രകാരം അത് രേഖപ്പെടുത്തിയിരിക്കുന്നു: "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, ഏശയ്യാഹ് നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷികനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു"(മത്താ: 15; 6-9).

അക്ഷരത്തെറ്റുകളെപ്പോലും പാരമ്പര്യമായി ചുമക്കുന്ന അപകടകരമായ അവസ്ഥ ക്രൈസ്തവസഭകളില്‍, വിശിഷ്യാ അപ്പസ്തോലിക സഭകളില്‍ ഇന്നുണ്ട്. ക്രിസ്തീയതയിലേക്കു കടന്നുവന്നതിനുശേഷവും വിജാതിയ ആചാരങ്ങളില്‍നിന്നു വിരമിക്കാത്ത അവസ്ഥ പൗരസ്ത്യസഭകളിലുണ്ടായിരുന്നു. വിജാതിയ പാരമ്പര്യത്തെ ക്രിസ്തീയതയുമായി ലയിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു. ദിക്കുനോക്കിയുള്ള പ്രാര്‍ത്ഥനകളെല്ലാം വിജാതിയരായ പൂര്‍വ്വികരില്‍നിന്നു പകര്‍ന്നുകിട്ടിയതാണ്. വിജാതിയ ആരാധനാരീതികളും ആചാരങ്ങളുമെല്ലാം ക്രിസ്തീയ പരിവേഷത്തോടെ അവതരിപ്പിക്കുകയും അവയെ ക്രൈസ്തവ പാരമ്പര്യമെന്നോണം തലമുറകളിലേക്കു പകരുകയും ചെയ്തു. എന്നാല്‍, അവയെല്ലാം യഥാര്‍ത്ഥത്തില്‍ ഇവരുടെ വിജാതിയ പിതാക്കന്മാരില്‍നിന്നു ലഭിച്ചവയാണ്. അപ്പസ്തോലനായ പൗലോസിന് ഇവരെക്കുറിച്ചുണ്ടായിരുന്ന ആകുലതയും ഇതുതന്നെയായിരുന്നു. പൗരസ്ത്യസഭകളിലൊന്നായിരുന്ന ഗലാത്തിയിലെ സഭയ്ക്ക് എഴുതിയ കത്തില്‍ അപ്പസ്തോലന്‍ ഇക്കാര്യം വേദനയോടെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരമാണ് അതു നാം വായിക്കുന്നത്: "ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലയോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാത്തി: 4; 8-11).

യേഹ്ശുവായുടെയും പൗലോസ് അപ്പസ്തോലന്റെയും വാക്കുകളാണ് നാമിവിടെ വായിച്ചത്. ഇവ തമ്മില്‍ ഒരു വ്യത്യാസമേയുള്ളു; യേഹ്ശുവാ പറഞ്ഞത് യെഹൂദരോട് ആയിരുന്നുവെങ്കില്‍, പൗലോസ് പറഞ്ഞത് വിജാതിയരോടായിരുന്നു എന്നതാണ് ആ വ്യത്യാസം! ദൈവികനിയമങ്ങളെ അപ്രസക്തമാക്കുന്ന വിധത്തില്‍ പാരമ്പര്യങ്ങള്‍ സ്ഥാനംപിടിച്ചതായിരുന്നു യെഹൂദരുടെയിടയിലെ ദുരന്തം. ദൈവികനിയമങ്ങളില്‍ പഴുതുകണ്ടെത്തിയും നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുമാണ് ഇത്തരം പാരമ്പര്യങ്ങള്‍ സ്ഥാനംപിടിക്കുന്നത്. എന്നാല്‍, ക്രിസ്ത്യാനികളുടെയിടയില്‍, വിശിഷ്യാ വിജാതിയതയില്‍നിന്നു സത്യദൈവത്തിലേക്കു തിരിഞ്ഞ ക്രിസ്ത്യാനികളുടെയിടയില്‍ നിലനിന്നത് വിജാതിയ പാരമ്പര്യങ്ങളായിരുന്നു. ദൈവികനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധങ്ങളായ ആചാരങ്ങള്‍ യെഹൂദരുടെയിടയില്‍ കടന്നുകൂടുകയും, അവയെല്ലാം പിതാക്കന്മാരുടെ പാരമ്പര്യമായി പരിഗണിക്കപ്പെടുകയും ചെയ്തതുകൊണ്ടാണ് യേഹ്ശുവായ്ക്ക് അവയെ തള്ളിപ്പറയേണ്ടിവന്നത്. വിജാതിയരെ അനുകരിച്ചതിലൂടെ ലഭിച്ച പൈശാചിക ആചാരങ്ങളെപ്പോലും പിതാക്കന്മാരുടെ പാരമ്പര്യങ്ങളോട് ചേര്‍ത്തുവച്ചവരാണ് യിസ്രായേല്‍ക്കാര്‍! മോശയുടെ അസാന്നിദ്ധ്യത്തില്‍ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചവരാണ് ഇവരുടെ പൂര്‍വ്വികര്‍! അഷേരാപ്രതിഷ്ഠകളെയും ബാല്‍ദേവന്മാരെയും ആരാധിച്ച കാലഘട്ടങ്ങളും ഇവരുടെ ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. അവയെ ആരാധിച്ചപ്പോള്‍ കടന്നുകൂടിയ ദുരാചാരങ്ങളുടെ സ്വാധീനം അവരിലുണ്ടായിരുന്നു. അതായത്, സത്യദൈവമായ യാഹ്‌വെയെ ഉപേക്ഷിച്ച് അന്യദേവന്മാരെ അനുഗമിച്ച കാലത്ത് യിസ്രായേല്‍ക്കാര്‍ തോളിലേറ്റിയ പൈശാചിക ആചാരങ്ങളെയാണ് യേഹ്ശുവാ കുറ്റപ്പെടുത്തിയത്.

ക്രിസ്തീയതയിലേക്ക് കടന്നുവന്നത് യെഹൂദരും വിജാതിയരുമായിരുന്നുവെന്ന് നമുക്കറിയാം. യെഹൂദരെ സ്വാധീനിച്ചത് വിജാതിയതയില്‍നിന്നു കടമെടുത്ത ആചാരങ്ങളാണെങ്കില്‍, വിജാതിയരില്‍ അവരുടെ പൈതൃകമായിത്തന്നെ ദുരാചാരങ്ങളുടെ സ്വാധീനം ഉണ്ടായിരിക്കുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍, യെഹൂദരെന്നോ ഗ്രീക്കുകാരെന്നോ വ്യത്യാസമില്ലാതെ, ക്രിസ്തീയതയിലേക്കു കടന്നുവരുന്ന ഏതൊരുവന്റെയും മുന്‍കാല പാരമ്പര്യങ്ങള്‍ എന്നേക്കുമായി നവീകരിക്കപ്പെടുന്നു. ഇതാണ് ക്രിസ്തീയതയിലേക്കു കടന്നുവരുന്നവരുടെ പ്രത്യേകത! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു"(2 കോറി: 5; 17). പൈതൃകം എന്നേക്കുമായി പുതുക്കപ്പെടുന്നു. ഇതിനെയാണ് 'വീണ്ടുംജനനം' എന്ന് പറയുന്നത്! അബ്രാഹത്തെ തിരഞ്ഞെടുത്തപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്തത് എന്താണെന്നു നോക്കുക: "യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക"(ഉത്പ: 12; 1). ക്രിസ്തുവഴി ഒരുക്കപ്പെടാനിരിക്കുന്ന ജനത്തിന്റെ ആരംഭമാണ് അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പിലൂടെ കുറിക്കപ്പെട്ടത്! പിതൃഭവനത്തെയും ദേശത്തെയും ഉപേക്ഷിക്കാത്ത ഒരുവനും ദൈവത്തിന്റെ വിളിയെ അനുഗമിക്കാന്‍ കഴിയില്ല! പുതിയ പൈതൃകവും പുതിയ സംസ്കാരവുമാണ്‌ ദൈവവിളി ലഭിച്ചവന്റെ അടയാളം! ഇത് വളരെ ഗൗരവമുള്ള ഒരു കാര്യമാണ്!

തന്റെ ദേശത്തെയും പിതൃഭവനത്തെയും വിട്ട്, യാഹ്‌വെ കാണിച്ചുകൊടുക്കുന്ന നാട്ടിലേക്കു പോകാന്‍ അബ്രാഹത്തോടു പറഞ്ഞത് ഒരു വിശുദ്ധജനത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയായിരുന്നു. പിതൃഭവനത്തെയും ദേശത്തെയും വിടുക എന്നതിനു വലിയ അര്‍ത്ഥതലങ്ങളുണ്ട്. പിതാക്കന്മാര്‍ ആരാധിച്ച ദൈവത്തില്‍നിന്നും, വിശ്വാസപരമായ എല്ലാ ആചാരങ്ങളിലും നിന്നുള്ള വിടുതലാണ് പിതൃഭവനത്തെ വിടുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. ദേശത്തെ വിടുകയെന്നാല്‍, സംസ്കാരത്തെ ഉപേക്ഷിക്കുകയെന്നാണ്. പുതിയൊരു സംസ്കാരവും സത്യദൈവത്തെ മാത്രം സേവിക്കുന്ന പൈതൃകവും വാര്‍ത്തെടുക്കണമെങ്കില്‍ പഴയതെല്ലാം പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെടണം. അനേകം ജനതകള്‍ക്കു പിതാവാക്കാന്‍ അബ്രാഹത്തെ തിരഞ്ഞെടുത്തപ്പോള്‍ പിതൃഭവനത്തില്‍നിന്നോ സ്വദേശത്തുനിന്നോ ഉള്ള യാതൊന്നും അവനില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ദൈവം നിശ്ചയിച്ചു. എന്നാല്‍, അബ്രാഹത്തിന്റെ പരമ്പരയില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന സന്തതികള്‍ക്കെല്ലാം അവരുടെ പൈതൃകമായി അവന്റെ ദൈവത്തെ ലഭിച്ചു. അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമെന്ന് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വിളിക്കപ്പെടുന്നത് ഈ തിരഞ്ഞെടുപ്പിന്റെ പരിണിതഫലമാണ്! മറ്റു ജനതകളില്‍നിന്നു വേറിട്ടവരായിരിക്കണം തന്റെ ജനമെന്ന് യാഹ്‌വെയ്ക്കു നിര്‍ബ്ബന്ധമുണ്ട്! ആചാരങ്ങളിലും സംസ്കാരത്തിലും മറ്റു ജനതകളുമായി ഇടകലരാത്തവരായി വേറിട്ടുനില്‍ക്കാന്‍ അവര്‍ക്ക് നീതിയുക്തമായ നിയമങ്ങളും ചട്ടങ്ങളും യാഹ്‌വെ നല്‍കി! അബ്രാഹത്തിന്റെ സന്തതികളെ മറ്റു ജനതകളില്‍നിന്നു വേറിട്ടവരാക്കുന്നത് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ നാമത്താലാണ്!

യാഹ്‌വെയുടെ വിളി ഏറ്റെടുത്തപ്പോള്‍ അബ്രാഹം ഉപേക്ഷിച്ചത് കല്‍ദായദേശവും ആ സംസ്കാരവുമായിരുന്നു എന്നുകൂടി നാം മനസ്സിലാക്കിയിരിക്കണം. അന്ന് അബ്രഹാം ഉപേക്ഷിച്ച കല്‍ദായപാരമ്പര്യത്തെ അഭിമാനത്തോടെ ആശ്ലേഷിക്കുന്ന ഒരു വിഭാഗം ക്രിസ്തീയതയുടെ ഭാഗമായി ഇന്ന് നിലവിലുള്ളതുകൊണ്ടുതന്നെയാണ് ഇക്കാര്യം പ്രാധാന്യമര്‍ഹിക്കുന്നത്. കല്‍ദായദേശമാണ്‌ പിന്നീട് ബാബിലോണ്‍ സാമ്രാജ്യമായി അറിയപ്പെട്ടതെന്നു നമുക്കറിയാം. അബ്രാഹത്തിന്റെ സന്തതികളായ യിസ്രായേലിനെ പലപ്പോഴും പീഡിപ്പിച്ചിരുന്നത് ബാബിലോണ്‍ രാജാക്കന്മാരായിരുന്നുവെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്! യിസ്രായേല്‍ജനത്തെ അടിമകളാക്കി പീഡിപ്പിച്ച ഒരു സമൂഹത്തിന്റെ പാരമ്പര്യത്തെ മഹനീയമായി കരുതുകയും ഈ പാരമ്പര്യത്തെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുകയും ചെയ്യുന്നത് എത്രത്തോളം ദൈവനിന്ദയാണെന്നു തിരിച്ചറിയാനുള്ള ജ്ഞാനം ദൈവമക്കള്‍ ആര്‍ജ്ജിക്കണം. നാലായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് യാഹ്‌വെയുടെ നിര്‍ദ്ദേശത്തെ പരിഗണിച്ച് അബ്രാഹം മറന്നുകളഞ്ഞ പാരമ്പര്യവും സംസ്കാരവുമാണ് കല്‍ദായം! ക്രിസ്തീയതയില്‍ ഇത്തരം കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്നു കരുതുന്നവര്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തീയതയെ അടുത്തറിയാത്തവരാണെന്നു പറയാതെവയ്യ!

യിസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമാണ് ക്രിസ്തീയതയെങ്കില്‍, പ്രാചീന യിസ്രായേലിനെപ്പോലെയോ അതിനേക്കാള്‍ അല്പംകൂടി ഉയര്‍ന്ന തലത്തിലോ വിശുദ്ധി നിലനിര്‍ത്തേണ്ടവരാണ് ക്രൈസ്തവസമൂഹം! എന്തെന്നാല്‍, പ്രാചീന യിസ്രായേലിനെ അബ്രാഹംവഴി തിരഞ്ഞെടുത്ത അതേ ദൈവംതന്നെയാണ് ക്രിസ്തീയതയ്ക്ക് മൂലക്കല്ലായിരിക്കുന്നത്. ആയതിനാല്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്ഷപ്പെടുക കൂടുതല്‍ പ്രയാസമാണ്. അന്ന് അവന്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയും ഒരിക്കല്‍ക്കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന് ഇപ്പോള്‍ അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ഇനിയും ഒരിക്കല്‍ക്കൂടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഇളക്കപ്പെട്ടവ- സൃഷ്ടിക്കപ്പെട്ടവ - നീക്കം ചെയ്യപ്പെടുമെന്നാണ്. ഇളക്കപ്പെടാന്‍ പാടില്ലാത്തവ നിലനില്‍ക്കാന്‍വേണ്ടിയാണ് ഇത്. സുസ്ഥിരമായ ഒരു രാജ്യം ലഭിച്ചതില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം. കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്"(ഹെബ്രാ: 12; 25-29). ഈ വെളിപ്പെടുത്തലിനെ വ്യക്തയോടെ ഗ്രഹിക്കാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം. എന്തെന്നാല്‍, ഏറ്റവും ഗൗരവകരമായ ഒരു മുന്നറിയിപ്പ് ഇതിലുണ്ട്.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ് അബ്രാഹത്തെ വിളിച്ചപ്പോള്‍ നിയമം നല്‍കപ്പെട്ടിരുന്നില്ല. ആയതിനാല്‍, അബ്രാഹം മുതല്‍ മോശവരെയുള്ള തലമുറകള്‍ നിയമം കൂടാതെയുള്ള വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടവരായി. മറ്റു ജനതകളുമായോ അവരുടെ ആചാരങ്ങളുമായോ ഇടകലരാതെ, യാഹ്‌വെയെ മാത്രം ദൈവമായി ആരാധിച്ചുകൊണ്ടാണ് അവര്‍ ജീവിച്ചത്. പിന്നീട് മോശയുടെ കാലത്ത് ദൈവം തന്റെ ജനത്തിനു നിയമങ്ങള്‍ നല്‍കി. കുറ്റമറ്റവിധം നിയമങ്ങള്‍ അനുസരിക്കാനുള്ള ബാദ്ധ്യത അന്നുമുതല്‍ക്കാണ് പ്രാബല്യത്തില്‍ വന്നത്. സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവം സംസാരിച്ചതാണ് അവിടുത്തെ നിയമങ്ങള്‍! എന്നാല്‍, ദൈവം മനുഷ്യനായി ഭൂമിയിലേക്കു വരുകയും, അവിടുന്ന് നേരിട്ടുതന്നെ സംസാരിക്കുകയും ചെയ്തതോടെ നിയമങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചു. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളില്‍ പൂര്‍ത്തീകരിക്കേണ്ടവ പൂര്‍ത്തീകരിക്കുകയും സ്ഥിരപ്പെടുപ്പെടുത്തേണ്ടവ സ്ഥിരപ്പെടുത്തുകയും ചെയ്തു. ബലിയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് അവിടുന്ന് പൂര്‍ത്തീകരിച്ചത്. തന്റെ ശരീരം ബലിയായി അര്‍പ്പിച്ചുകൊണ്ട്, ബലിയുടെ നിയമം എന്നേക്കുമായി പൂര്‍ത്തീകരിച്ചു. അവിടുന്ന് പൂര്‍ത്തീകരിച്ച ബലിയുടെ അനുസ്മരണമാണ് ഇന്ന് കത്തോലിക്കാസഭയുടെ അള്‍ത്താരകളില്‍ നടക്കുന്നത്!

മറ്റു നിയമങ്ങളില്‍ ഒന്നുപോലും നീക്കംചെയ്യാതെ, അവയെല്ലാം വ്യക്തതയോടെ വ്യാഖ്യാനിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്തു. ബലിയുമായി ബന്ധപ്പെട്ട പുതിയ ഉടമ്പടിയും, നിയമങ്ങളെ സ്ഥിരീകരിച്ചുകൊണ്ടുള്ള ഉടമ്പടിയും യേഹ്ശുവാ സ്ഥാപിച്ചതോടെ, അത് എന്നേക്കുമായി ഉറപ്പിക്കപ്പെട്ടു. ഇനിമേല്‍ മറ്റൊരു ഉടമ്പടിയിലും ഭാഗമാകാന്‍ ക്രിസ്ത്യാനികള്‍ക്ക് അനുവാദമില്ല. ക്രിസ്തു സ്ഥാപിച്ച ഉടമ്പടിയുടെമേല്‍ മറ്റൊരു ഉടമ്പടിയും സ്ഥാപിക്കാന്‍ ആരെയും അവിടുന്ന് അയയ്ക്കുകയുമില്ല. ക്രിസ്തുവിന്റെ ഉടമ്പടി, അന്നുവരെയുള്ള മറ്റെല്ലാ ഉടമ്പടികളെയും ഉള്‍ക്കൊള്ളുന്ന ഉടമ്പടിയാണ്. നിയമങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് നാം മനസ്സിലാക്കേണ്ടത്. മോശയിലൂടെ നല്‍കപ്പെട്ട എല്ലാ നിയമങ്ങളും കഠിനമാക്കിക്കൊണ്ട് അവിടുന്ന് അവയെ സ്ഥിരപ്പെടുത്തി. ഇളക്കപ്പെടാന്‍ പാടില്ലാത്തവ എന്ന് പൗലോസ് പറയുന്നത് ഈ നിയമങ്ങളെയും ഉടമ്പടിയെയും സംബന്ധിച്ചാണ്. ആയതിനാല്‍, ആധുനിക യിസ്രായേലിന് നിയമങ്ങളില്‍ ഇളവുണ്ടെന്ന് ആരെങ്കിലും പറയുന്നെങ്കില്‍, അവരെ നമ്മുടെ ഭവനത്തില്‍ സ്വീകരിക്കുകയോ അഭിവാദ്യം ചെയ്യുകപോലുമോ അരുത്! ക്രിസ്തീയതയില്‍ എന്തുമാകാമെന്ന് ചിന്തിക്കുന്ന ചില കോമാളികളുണ്ട്. ക്രിസ്തുവിന്റെ മരണത്തോടെ സകല നിയമങ്ങളും നിരോധിച്ചുവെന്നാണ് ഈ വിനാശകാരികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല; മറിച്ച്, ആധുനിക യിസ്രായേലിന്റെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്! നിയമങ്ങള്‍ ഉദാരമാക്കപ്പെട്ടുവെന്നു പറയുന്നവര്‍ ഒരുകാര്യം സ്വയം ചിന്തിക്കുക; എന്തെന്നാല്‍, ഏതെങ്കിലും പാപങ്ങള്‍ പാപമല്ലാതാകുകയോ ഏതെങ്കിലും അശുദ്ധി അശുദ്ധിയല്ലാതാകുകയോ ചെയ്തിട്ടുണ്ടോ? വിഗ്രഹങ്ങള്‍ അന്നുമിന്നും മ്ലേച്ഛംതന്നെ!

ആയതിനാല്‍, അബ്രാഹത്തെ തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടതുവരെയുള്ള എല്ലാ ഉടമ്പടികളും നിലനില്‍ക്കുന്നതാണ്. കാരണം, ക്രിസ്തുവിനാല്‍ സ്ഥാപിതമായ ഉടമ്പടി എന്നത് മുന്‍കാല ഉടമ്പടികളുടെ തുടര്‍ച്ചയും പൂര്‍ണ്ണതയുമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്: പരിച്ഛേദനം എന്ന ഉടമ്പടിയാണ് ജ്ഞാനസ്നാനത്തിലൂടെ തുടരുന്നത്. രക്തത്തിലുള്ള ഉടമ്പടി പൂര്‍ത്തിയാക്കാനായി ക്രിസ്തു തന്റെ രക്തം സമര്‍പ്പിക്കുകയും, ക്രിസ്തുവില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിക്കുന്ന എല്ലാവരും ആ ഉടമ്പടിയുടെ ഭാഗമാകുകയും ചെയ്യുന്നു. ഈ സത്യത്തെ സ്ഥിരീകരിക്കുന്ന വചനം ശ്രദ്ധിക്കുക: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന മ്ശിഹായുടെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന്‍ അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു"(കൊളോ: 2; 11, 12). പരിച്ഛേദനമെന്ന ഉടമ്പടി നീക്കംചെയ്യുകയല്ല യേഹ്ശുവാ ചെയ്തത്; മറിച്ച്, ബാഹ്യമായ പരിച്ഛേദനത്തെ ആന്തരീകമായ പരിച്ഛേദനമാക്കി തുടരുകയാണു ചെയ്തത്! നിയമങ്ങളുടെ കാര്യത്തിലും ഇതുതന്നെ നമുക്ക് കാണാന്‍ കഴിയും. ഉടമ്പടിയോടു കൂടിയ നിയമമാണ് ബലി. അഹറോന്റെ ക്രമപ്രകാരമുള്ള ബലി തന്റെ രക്തം സമര്‍പ്പിച്ചതിലൂടെ പൂര്‍ത്തീകരിക്കുകയും, മെല്‍ക്കിസെദെക്കിന്റെ ബലി പുനഃസ്ഥാപിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ പുനരാഗമനംവരെ അനുസ്മരിക്കപ്പെടേണ്ട ബലിയാണിത്!

ക്രിസ്തുവിന്റെ ഉടമ്പടി എന്നേയ്ക്കുമുള്ളതും ഇളക്കപ്പെടാന്‍ പാടില്ലാത്തതുമാണ്‌. യേഹ്ശുവായുമായി നാം ഏര്‍പ്പെട്ടിരിക്കുന്ന ഉടമ്പടിക്കുശേഷം മറ്റൊരു ഉടമ്പടിയിലും ഏര്‍പ്പെടാന്‍ പാടില്ല. എന്തെന്നാല്‍, യേഹ്ശുവായുമായി ക്രിസ്ത്യാനികള്‍ ഏര്‍പ്പെട്ടിരിക്കുന്നത് ശാശ്വതമായ ഉടമ്പടിയിലാണ്. ആയതിനാല്‍, മാതാവിന്റെ പേരിലോ വിശുദ്ധരെന്നു പറയപ്പെടുന്ന ആരുടെയെങ്കിലും പേരിലോ ഉടമ്പടിയിലേര്‍പ്പെട്ടാല്‍, അതോടെ ക്രിസ്തുവുമായുള്ള ഉടമ്പടി റദ്ദാക്കപ്പെടും! ഏതൊരു ഉടമ്പടിയെ സംബന്ധിച്ചും ഇതുതന്നെയാണ് നിയമം! ഏറ്റവും ഉന്നതനായ ഒരു വ്യക്തിയുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുവന്‍, താരതമ്യേന താഴെയുള്ള മറ്റൊരു വ്യക്തിയുമായി ഉടമ്പടി ചെയ്യുന്നത് ഉന്നതസ്ഥാനിയനെ ഇകഴ്ത്തുന്നതിനു തുല്യമായ പ്രവൃത്തിയാണ്‌! ക്രിസ്ത്യാനികള്‍ ഉടമ്പടി ചെയ്തിരിക്കുന്നത് ക്രിസ്തുവുമായാണെങ്കില്‍, ക്രിസ്തുവിനെക്കാള്‍ ഉന്നതനായ മറ്റാരെങ്കിലുമായേ പുതിയ ഉടമ്പടിയ്ക്ക് സാധുതയുള്ളു. അങ്ങനെയൊരാള്‍ സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഇല്ലെന്നിരിക്കെ, കൃപാസനത്തില്‍ നടക്കുന്ന മരിയന്‍ ഉടമ്പടി വചനവിരുദ്ധമാണ്!

ക്രിസ്തുവുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുവനെ അതില്‍നിന്നു വിടുവിക്കാന്‍ സാത്താന്‍ ഒരുക്കുന്ന കെണിയാണ്‌ പത്രം തിന്നുമ്പോള്‍ ലഭിക്കുന്ന രോഗശാന്തിയെങ്കിലോ? എല്ലാ അദ്ഭുതങ്ങളും ദൈവത്തില്‍നിന്നാകണമെന്നു നിര്‍ബ്ബന്ധമില്ല. ഫലത്തില്‍നിന്നാണ് വൃക്ഷത്തെ നാം തിരിച്ചറിയേണ്ടത്! അദ്ഭുതങ്ങള്‍ നയിക്കുന്നത് ആത്മരക്ഷയിലേക്കാണെങ്കില്‍, അത് ദൈവത്തില്‍നിന്നുള്ള അടയാളമാണ്! മാത്രവുമല്ല, യേഹ്ശുവായുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുവനെ അതില്‍നിന്നു വിടുവിക്കാന്‍ പരിശുദ്ധ അമ്മ ശ്രമിക്കില്ല! അതുകൊണ്ടുതന്നെ നമ്മുടെ അമ്മ പുതിയ ഉടമ്പടിയുമായി നമ്മേ സമീപിക്കുകയുമില്ല! വിവാഹ ഉടമ്പടിപോലും നാം നടത്തുന്നത് യേഹ്ശുവായുടെ നാമത്തിലും സാന്നിദ്ധ്യത്തിലും അവിടുത്തോടാണ്.

ശീര്‍ഷകത്തിലെ വിഷയത്തില്‍നിന്നു ബഹുദൂരം വ്യതിചലിച്ചാണ് നാം പഠനം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. യഥാര്‍ത്ഥ വിഷയത്തിലേക്കുള്ള യാത്രയില്‍ത്തന്നെയാണ് നാമുള്ളത്. ക്രിസ്ത്യാനികളുടെ പാരമ്പര്യം എന്താണെന്നു വ്യക്തതയോടെ മനസ്സിലാക്കിയാല്‍ മാത്രമേ 'ഈശോ മറിയം യൗസേപ്പിലെ' ഗുരുതരമായ വീഴ്ച ഗ്രഹിക്കാന്‍ കഴിയുകയുള്ളു എന്നതിനാലാണ് വിശാലമായ മേഖലകളിലൂടെ നാം കടന്നുപോകുന്നത്. യാഹ്‌വെയുടെ വിളി ലഭിച്ചപ്പോള്‍ അബ്രാഹത്തിന് ഉപേക്ഷിക്കേണ്ടിവന്ന പാരമ്പര്യം ഏതായിരുന്നുവെന്നു പരിശോധിച്ചുകൊണ്ട്‌ പഠനം തുടങ്ങിയതും വ്യക്തമായ ബോധ്യത്തോടെയാണ്. എന്തെന്നാല്‍, ദൈവത്തിന്റെ വിളി ഒരുവനു ലഭിക്കുന്ന നിമിഷംമുതല്‍ അവന്റെ പൈതൃകവും പാരമ്പര്യവും പുതുക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കണമെങ്കില്‍ അബ്രാഹത്തില്‍നിന്നുതന്നെ പഠനം ആരംഭിക്കേണ്ടിയിരുന്നു. അബ്രാഹത്തെ വിളിച്ചപ്പോള്‍, അന്നുവരെ അവന്‍ പിന്തുടര്‍ന്ന പൈതൃകവും സംസ്കാരവും പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടി വന്നതുപോലെ, ക്രിസ്തീയതയിലേക്ക് ഒരുവന്‍ വിളിക്കപ്പെടുമ്പോള്‍, അന്നുവരെ അവന്‍ തുടര്‍ന്നുവന്ന സംസ്കാരവും പൈതൃകവും പുതിയ സൃഷ്ടിയാകേണ്ടതിനായി ഉപേക്ഷിക്കപ്പെടുന്നു. ക്രിസ്തുവിന്റെ വിളികള്‍ പരിശോധിച്ചുകൊണ്ട് ഇക്കാര്യം നമുക്കു സ്ഥിരീകരിക്കാം.

ആദ്യമായി ക്രിസ്തുവിന്റെ വിളിലഭിച്ചത് പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ക്കായിരുന്നു. അവരുടെ വിളികള്‍ എപ്രകാരമായിരുന്നുവെന്ന് ശ്രദ്ധിക്കുക: "അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു - പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു"(മത്താ: 4; 18-20). അന്നുവരെ അവര്‍ മീന്‍പിടുത്തക്കാരായിരുന്നുവെങ്കില്‍, യേഹ്ശുവായുടെ വിളി ലഭിച്ച നിമിഷംമുതല്‍ അവരുടെ അവസ്ഥ മറ്റൊന്നായി മാറി! അന്നുവരെ വലയും വള്ളവുമായിരുന്നു അവരുടെ പാരമ്പര്യമെങ്കില്‍, യേഹ്ശുവായുടെ വിളി ലഭിച്ചപ്പോള്‍ മറ്റൊരു പാരമ്പര്യത്തിലേക്ക്‌ അവര്‍ ചേര്‍ക്കപ്പെട്ടു! അടുത്ത വിളി ശ്രദ്ധിക്കുക: "അവര്‍ അവിടെനിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്മാരെ കണ്ടു - സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു. തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു"(മത്താ: 4; 21, 22). വഞ്ചിയും വലയും മാത്രമല്ല, പിതാവിനെയും അവര്‍ വിട്ടു! അബ്രാഹത്തിനു പിതൃഭവനമാണ് ഉപേക്ഷിക്കേണ്ടി വന്നതെങ്കില്‍, യാക്കോബിനും യോഹന്നാനും ഉപേക്ഷിക്കേണ്ടിവന്നത് പിതാവിനെത്തന്നെയാണ്! വിളി ലഭിക്കുന്നതോടെ ഒരുവന്‍ പുതിയൊരു പാരമ്പര്യത്തിലേക്ക് മാറ്റപ്പെടുന്നില്ലെങ്കില്‍, അവന്‍ തനിക്ക് ലഭിച്ച വിളിയെ തിരസ്കരിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്! ചുങ്കക്കാരന്‍ മത്തായിയെ വിളിച്ചപ്പോഴും അവന്‍ വിളിയോടു പ്രതികരിച്ചത് സമാനമായിത്തന്നെയാണ്.

വിളിയെ തിരസ്കരിച്ചവരെക്കൂടി പരിചയപ്പെടാം. തന്നെ അനുഗമിക്കാനായി ധനികനായ ഒരു യുവാവിനെ യേഹ്ശുവാ വിളിക്കുന്ന സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ് നാം വായിക്കുന്നത്: "യേഹ്ശുവാ പറഞ്ഞു: നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു"(മത്താ: 19; 21, 22). ക്രിസ്തുവിന്റെ വിളി സ്വീകരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ അന്നുവരെ ആയിരുന്ന അവസ്ഥയില്‍നിന്നു മാറേണ്ടത് അനിവാര്യമായ കാര്യമാണ്! യെഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പരദേശിയെന്നോ സ്വദേശിയെന്നോ ഉള്ള വ്യത്യാസം ക്രിസ്തീയതയിലില്ല! ക്രിസ്തുവിലായിരിക്കുന്ന എല്ലാവരും പുതിയ സൃഷ്ടികളാണ്; പഴയതെല്ലാം കടന്നുപോയി. ബൈബിളിലെ പ്രബോധനം ശ്രദ്ധിക്കുക: "ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു"(2 കോറി: 5; 17). യിസ്രായേല്‍ക്കാരും കല്‍ദായദേശത്തുള്ളവരും അന്ത്യോക്യയിലുള്ളവരും റോമാക്കാരും ക്രിസ്തുവിനെ സ്വീകരിക്കുന്നതോടെ ഒരേയൊരു പാരമ്പര്യത്തിന്റെ കീഴിലേക്കു പരിവര്‍ത്തിതരാകുന്നു! ജാതി, ദേശം, ഭാഷ, വര്‍ഗ്ഗം എന്നിങ്ങനെയുള്ള വേലിക്കെട്ടുകളൊന്നും ക്രിസ്തീയതയില്‍ അനുവദിച്ചിട്ടില്ല. ആയതിനാല്‍, പാരമ്പര്യവാദം ക്രിസ്തീയവിരുദ്ധമാണ്! ഏതെങ്കിലും അപ്പസ്തോലന്റെ പേരില്‍ അറിയപ്പെടുന്നതുപോലും ക്രിസ്തീയപാരമ്പര്യത്തില്‍ അംഗീകരിക്കപ്പെടുന്നതല്ല!

അതായത്, സുറിയാനി, കല്‍ദായം, ലത്തീന്‍, മലങ്കര, മാര്‍ത്തോമ്മാ എന്നിങ്ങനെയുള്ള വംശവാദങ്ങള്‍ ക്രിസ്തീയവിരുദ്ധമാണ്. ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്റെ സഹോദരരേ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്‌ളോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്?"(1 കോറി: 1; 11-13). പാരമ്പര്യവാദത്തെ എതിര്‍ത്തുകൊണ്ട് യേഹ്ശുവാ അറിയിച്ച വചനവുമായി ചേര്‍ത്തുവച്ചു പരിശോധിക്കേണ്ട പ്രബോധനമാണ് പൗലോസ് നടത്തിയിരിക്കുന്നത്. പൗരസ്ത്യസമൂഹത്തില്‍ ഉടലെടുത്ത വിഭാഗിയതയെക്കുറിച്ച് അപ്പോസ്തോലന്‍ നടത്തിയ വിമര്‍ശനം യേഹ്ശുവായുടെ വചനവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ഓരോ പ്രദേശങ്ങളിലേയും വിശ്വാസികളുടെ കൂട്ടായ്മകള്‍ അതതു പ്രദേശത്തിന്റെ പേരില്‍ അറിയപ്പെടുന്നത് തെറ്റല്ല. എന്നാല്‍, പ്രാദേശികമായ പാരമ്പര്യങ്ങളെ ക്രിസ്തീയതയുമായി ചേര്‍ത്തുവയ്ക്കുന്നത് ക്രിസ്തുവിനും ക്രിസ്തീയതയ്ക്കും വിരുദ്ധമാണ്. ക്രിസ്ത്യാനികളുടെ പാരമ്പര്യം ക്രിസ്തു മാത്രമാണെന്നു തിരിച്ചറിയാത്തവരാണ് വിഭാഗിയതകള്‍ക്കു തുടക്കമിട്ടത്. സുവിശേഷം പ്രസംഗിച്ച വ്യക്തിയുടെ പേരിലല്ല ക്രിസ്ത്യാനികള്‍ അറിയപ്പെടേണ്ടത്, ക്രിസ്തുവിന്റെ പേരിലാണ്! മാര്‍ത്തോമ്മായുടെ മക്കള്‍ എന്നൊക്കെ വീരസ്യം പറയുന്നവര്‍, തങ്ങള്‍ ക്രിസ്ത്യാനികളാണോ എന്ന് ആത്മശോധന ചെയ്യണം! അതുപോലെതന്നെ, കത്തോലിക്കാസഭ പത്രോസിന്റെ സഭയല്ലെന്നും, ക്രിസ്തുവിന്റെ സഭയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

എന്താണ് ക്രിസ്തീയ പാരമ്പര്യം?

ക്രിസ്ത്യാനികള്‍ തങ്ങളുടെ പാരമ്പര്യമായി പരിഗണിച്ചിരിക്കുന്ന പലതും ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്തവയാണെന്നു മാത്രമല്ല, ക്രിസ്തീയവിരുദ്ധവുമാണ്. ക്രിസ്ത്യാനികള്‍ പിന്തുടരേണ്ടത് ക്രിസ്തുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും പ്രബോധനങ്ങളായിരിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാന്‍ ബൈബിളിനെയാണ് ആശ്രയിക്കേണ്ടത്. ക്രിസ്തു പറഞ്ഞതും ചെയ്തതുമായ എല്ലാക്കാര്യങ്ങളും ബൈബിളില്‍ ഇല്ലെന്നതു വാസ്തവമാണ്. എന്നാല്‍, ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നവയില്‍ ഒന്നുപോലും അവിടുന്ന് പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളല്ല! ക്രിസ്തുവിനെയും ക്രിസ്തീയതയെയും കൂടുതല്‍ അടുത്തറിയാന്‍, ബൈബിളല്ലാതെ മറ്റു ഗ്രന്ഥങ്ങളെക്കൂടി പരിഗണിക്കുന്ന ചിലരുണ്ട്. ഇത്തരം ഗ്രന്ഥങ്ങളില്‍ പതിയിരിക്കുന്ന അപകടം പലരും തിരിച്ചറിയുന്നില്ല. യേഹ്ശുവായുടെ ബാല്യകാലത്തെക്കുറിച്ചും, ആ കാലഘട്ടത്തെക്കുറിച്ചും, അന്ന് ജീവിച്ചിരുന്ന വ്യക്തികളെക്കുറിച്ചുമൊക്കെ അനേകം കഥകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ബൈബിളിനെക്കാള്‍ അധികമായി ഇത്തരം പുസ്തകങ്ങളിലെ കഥകള്‍ക്കു പ്രാധാന്യം നല്‍കിയതിലൂടെ വന്നുഭവിച്ച ദുരന്തങ്ങളാണ് പല ക്രൈസ്തവസഭകളെയും ഇന്ന് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അപകടകരമായ പൈശാചിക ആശയങ്ങളെ പൂര്‍വ്വീകപാരമ്പര്യമായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നത് സമാന്തരമായി സൃഷ്ടിക്കപ്പെട്ട ഇത്തരം കഥകളാണ്. ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ സഭകളില്‍ കടന്നുകൂടിയതും ഇങ്ങനെതന്നെ!

യേഹ്ശുവാ മനുഷ്യനായി ജീവിച്ചിരുന്ന കാലഘട്ടത്തെ പശ്ചാത്തലമാക്കി തയ്യാറാക്കുന്ന കഥകള്‍ക്ക് വിശുദ്ധഗ്രന്ഥത്തിനു സമമായ പരിഗണന നല്‍കുകയും, കാലക്രമേണ അത് പിതാക്കന്മാരുടെ പാരമ്പര്യമായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പൗരസ്ത്യ സമൂഹങ്ങളിലാണ് ഇത്തരം കഥകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചത്. വ്യാജമായി സൃഷ്ടിക്കപ്പെട്ട ഭാവനകള്‍ക്കുപോലും ചരിത്രത്തിന്റെ ഭാഷ്യം നല്‍കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ് ഖുറാനിലെ കഥാപാത്രങ്ങള്‍! കഥകള്‍ ചമയ്ക്കുന്ന കാര്യത്തില്‍ പൗരസ്ത്യദേശക്കാര്‍ സമര്‍ത്ഥരായാതുകൊണ്ടുതന്നെ, അനേകം ഗ്രന്ഥങ്ങള്‍ ക്രിസ്തീയതയുടെ ഭാഗമെന്ന രീതിയില്‍ വിരചിതമായിട്ടുണ്ട്. നിറംപിടിപ്പിച്ച ഭാവനകള്‍ മാത്രമായ ഇത്തരം കഥകളില്‍ പലതും പൗരസ്ത്യ ക്രൈസ്തവര്‍ വിശുദ്ധഗ്രന്ഥങ്ങളായി പരിഗണിക്കുന്ന അപകടകരമായ അവസ്ഥ ഇന്നുമുണ്ട്. ബൈബിളിലെ സത്യങ്ങള്‍ക്കു വിരുദ്ധമായ കഥകള്‍പ്പോലും പൗരസ്ത്യരെ സ്വാധീനിച്ചപ്പോള്‍, ആശയക്കുഴപ്പവും, അതുവഴി വിഭാഗിയതയും ശക്തമായി! പരസ്പരം പോരടിക്കുന്ന നൂറുകണക്കിനു സഭകള്‍ പൗരസ്ത്യദേശത്തുണ്ടായത് കഥകളിലെ കഥാപാത്രങ്ങളുടെ പാരമ്പര്യം ഏറ്റെടുത്തതുകൊണ്ടാണ്. കത്തോലിക്കാസഭയിലെ ഇരുപത്തിനാലു റീത്തുകളില്‍ ഇരുപത്തിരണ്ടും പൗരസ്ത്യ റീത്തുകളാണ്! ഇവയെല്ലാം ചേര്‍ന്നാലും മാതൃറീത്തായ ലത്തീന്റെ പകുതിപോലും വരില്ല! അതായത്, ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ ഏഷ്യയിലാണ് ഏറ്റവുമധികം സഭകളുള്ളത്. ക്രിസ്തീയത രൂപംകൊണ്ടത് ഏഷ്യയിലായിരുന്നിട്ടും, ക്രിസ്തീയത അവിടെ നാലാം സ്ഥാനത്താണ്! ഇസ്ലാം-ഹിന്ദു-ബുദ്ധ മതങ്ങളുടെ പിന്നില്‍ നാലാം സ്ഥാനത്ത് അനേകായിരം സഭകളിലായി ക്രിസ്തീയത 'വരളുന്നു'!

ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ക്കു സ്വീകാര്യത ലഭിച്ചത് അവയുടെ ഉപജ്ഞാതാക്കളെ ആത്മീയപിതാക്കന്മാരായി അവരോധിച്ചതുകൊണ്ടാണ്. അനേകം ആത്മീയപരീക്ഷണങ്ങള്‍ക്കു വേദിയായിട്ടുള്ള മണ്ണാണ് പൗരസ്ത്യദേശം. ഇത്തരത്തില്‍ നടന്ന ഒരു ആത്മീയപരീക്ഷണമാണ് ഇസ്ലാംമതമായി പരിണമിച്ചത്. പൗരസ്ത്യ ക്രൈസ്തവസമൂഹത്തെ ഈ മതം വിഴുങ്ങിയതാണ് പരീക്ഷണത്തിന്റെ പരിണിതഫലം! പൗരസ്ത്യ ക്രൈസ്തവ ആചാര്യന്മാരുടെയിടയില്‍ ഉരുത്തിരിഞ്ഞ വചനവിരുദ്ധമായ മറ്റൊരു ആശയമാണ് 'ഈശോ മറിയം യൗസേപ്പ്'! ത്രിത്വത്തെക്കുറിച്ച് നടന്ന പരീക്ഷണങ്ങള്‍ അതിരുകടന്നപ്പോള്‍ ഈശോ മറിയം യൗസേപ്പില്‍ എത്തിച്ചേര്‍ന്നു എന്നതാണ് കൂടുതല്‍ ശരി! പ്രഥമദൃഷ്ടിയില്‍ അപകടം തിരിച്ചറിയാന്‍ സാധിക്കാത്ത വലിയൊരു ദുരന്തമാണ് 'ഈശോ മറിയം യൗസേപ്പ്'! വിനാശകരമായ ഒരു പാരമ്പര്യമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ഇതൊരു പ്രാര്‍ത്ഥനയായി ഏറ്റെടുത്തവര്‍ക്കുപോലും അറിയില്ല. മരണാസന്നനായ ഒരുവനെപ്പോലും ഭക്തിയുടെ ബാഹ്യരൂപത്തില്‍ കടന്നുവന്ന് ആക്രമിക്കുന്ന പിശാചിന്റെ കുതന്ത്രം ഈ പ്രാര്‍ത്ഥനയുടെ പിന്നിലുണ്ട്. ഈ സത്യം ഗ്രഹിക്കേണ്ടതിനാണ് അബ്രാഹംമുതല്‍ ക്രിസ്തുവരെയുള്ള ചരിത്രം പരിശോധിച്ചുകൊണ്ട് പഠനം നടത്തിയത്. പാരമ്പര്യത്തിന്റെ പേരില്‍ വിനാശകരമായ ആശയത്തെ മുറുകെപ്പിടിക്കുന്നവരുടെ ജീവിതം ക്രിസ്തീയ വിരുദ്ധതയിലാണ് മുന്നോട്ടുപോകുന്നതെന്നു മനസ്സിലാക്കാന്‍ ഈ പഠനം അനിവാര്യമായിരുന്നു. യാഹ്‌വെയും യേഹ്ശുവായും ഒരുവന്‍തന്നെയാണെന്നും, യാഹ്‌വെയുടെ വിളിയും യേഹ്ശുവായുടെ വിളിയും സമാനമാണെന്നും വ്യക്തമാക്കിയാല്‍ മാത്രമേ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ പാരമ്പര്യം ക്രിസ്തു മാത്രമാണെന്നു സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു.

ക്രിസ്തീയതയില്‍ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിച്ച പൈശാചികത എന്താണെന്നറിയാന്‍ ഈ പ്രബോധനം ശ്രദ്ധിക്കുക: "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ: 2; 8). ഈ ഉപദേശം ഗ്രഹിക്കാനോ സ്വജീവിതത്തില്‍ അഭ്യസിക്കാനോ തയ്യാറാകാത്തതാണ് എല്ലാ ദുരന്തങ്ങള്‍ക്കും പിന്നിലുള്ള മൂലകാരണം. ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി കൈമാറിവരുന്ന വചനവിരുദ്ധമായ ആശയങ്ങള്‍മൂലം ക്രിസ്തുവിനെക്കാള്‍ ഉന്നതമായ സ്ഥാനം മനുഷ്യര്‍ക്കു നല്‍കപ്പെട്ടിട്ടുണ്ട്. ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്ത കഥാപാത്രങ്ങള്‍ വിശുദ്ധപദവിയില്‍ വണങ്ങപ്പെടുന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടു! ക്രിസ്തുവിനു സമരായി മനുഷ്യരെ പ്രതിഷ്ഠിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധ യൗസേപ്പിനെയുംതന്നെ തിരഞ്ഞെടുത്തതിനു പിന്നിലും പിശാചിന്റെ കൗശലം നിസ്സാരമല്ല! ആരെങ്കിലും ഈ ആശയത്തെ ചോദ്യംചെയ്താല്‍, മഹിമയണിഞ്ഞവരെ ദുഷിച്ചുവെന്ന കുറ്റം അവരുടെമേല്‍ ചുമത്താമെന്നു കണ്ടതാണ് പിശാചിന്റെ ദീര്‍ഘവീക്ഷണമുള്ള കൗശലം!

പരിശുദ്ധ കന്യകാമാതാവിനും വിശുദ്ധ യൗസേപ്പിതാവിനും മഹനീയസ്ഥാനങ്ങളാണ് ക്രിസ്ത്യാനികള്‍ നല്‍കുന്നതെന്ന് പിശാചിനറിയാം. ഈ അവസ്ഥയെയാണ് പിശാച് അവസരമാക്കിയത്. പരിശുദ്ധാത്മാവിന്റെ ജ്ഞാനം ലഭിച്ചിട്ടില്ലാത്തവരും, എന്നാല്‍ പണ്ഡിതരായി പരിഗണിക്കപ്പെടുന്നവരുമായ വ്യക്തികളുടെ സത്യാന്വേഷണപരീക്ഷണങ്ങളില്‍ പിശാച് ഇടപെട്ടപ്പോള്‍, അനേകം പാഷാണ്ഡതകള്‍ പൗരസ്ത്യസഭകളില്‍ ഉടലെടുത്തു. ഇത്തരം പാഷാണ്ഡതകളുടെ ഉപജ്ഞാതാക്കളില്‍ പലരും സഭാപിതാക്കന്മാരായി അംഗീകരിക്കപ്പെടുകയും ചെയ്തു. ഇവരുടെ വിജ്ഞാനാഭാസങ്ങളില്‍ ഒന്നാണ് ഇസ്ലാംമതത്തിന്റെ രൂപീകരണത്തിനു കാരണമായ ഖുറാന്‍! അതുപോലെതന്നെ, പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ഏകദൈവത്തെ മൂന്നു വ്യക്തികളാക്കി കഥകള്‍ ചമച്ചതും ഇവര്‍ത്തന്നെയാണ്. ബൗദ്ധികമായ അന്വേഷണങ്ങള്‍ക്ക് ത്രിത്വത്തെ സംബന്ധിക്കുന്ന സത്യത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കാത്ത പണ്ഡിതര്‍, തങ്ങളുടെ ഭാവനയില്‍ തെളിഞ്ഞുവന്ന ആശയങ്ങളെ ആസ്പദമാക്കി കഥകള്‍ മെനഞ്ഞു. ഇത്തരത്തില്‍ മെനഞ്ഞെടുത്ത കഥകളിലൊന്നാണ് 'ഈശോ മറിയം യൗസേപ്പ്'! കേരളത്തില്‍ ഉടലെടുത്ത 'എമ്പറര്‍ ഇമ്മാനുവേല്‍' എന്ന നിഗൂഢസംഘം തോളിലേറ്റിയിരിക്കുന്നത് ഈ ത്രിത്വത്തെയാണ്! എമ്പറര്‍ ഇമ്മാനുവേല്‍ എന്ന നിഗൂഢസംഘത്തിന് ഈ നൂറ്റാണ്ടില്‍ വീണുകിട്ടിയ ആശയമാണിതെന്ന് ആരും ചിന്തിക്കരുത്. മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയില്‍ പൗരസ്ത്യ ക്രൈസ്തവസഭകളെ ഗ്രസിച്ച അനേകം പാഷാണ്ഡതകളില്‍ ഇതുമുണ്ടായിരുന്നു. പരസ്യമായി പറഞ്ഞാല്‍ പരിഹസിക്കപ്പെടുമെന്നു ഭയന്ന് രഹസ്യത്തില്‍ ഇത്തരം വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ഇന്നുമുണ്ട്.

പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അന്വേഷിച്ചുള്ള ബുദ്ധിപരമായ യാത്ര എത്തിച്ചേര്‍ന്നത് ഈശോ മറിയം യൗസേപ്പില്‍ ആയതുകൊണ്ടാണ്‌ ഇസ്ലാംമത സ്ഥാപകനും 'ഹു'ബാലിന്റെ പ്രവാചകനുമായ മുഹമ്മദിനെ ആശയക്കുഴപ്പത്തിലാക്കിയത്! ക്രിസ്ത്യാനികള്‍ക്കു മൂന്നു ദൈവങ്ങളുണ്ടെന്നും അതിലൊന്ന് പെണ്ണാണെന്നും മുഹമ്മദ്‌ വിലപിച്ചത് പൗരസ്ത്യ ക്രൈസ്തവര്‍ക്കിടയിലെ പാഷാണ്ഡതയെ അടിസ്ഥാനമാക്കിയാണ്! മുഹമ്മദിന്റെ വിലാപം ശ്രദ്ധിക്കുക: "അല്ലാഹുവിന്‌ പുറമെ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ്‌ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌"(സുറ: 4; 117). ഒരു ഇസ്ലാമിക 'വെബ്സൈറ്റ്' പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചില വാക്കുകള്‍ ഇങ്ങനെയാണ്: "യേശുവിനെയും മറിയമിനെയും ഇലാഹാക്കുകയും അതിന്റെ പേരില്‍ പൌരോഹിത്യം ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഇസ്ലാം അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോരാട്ടം തുടങ്ങുന്നത്....."

പൗരസ്ത്യദേശത്തുനിന്നു ക്രൈസ്തവസമൂഹം തുടച്ചുനീക്കപ്പെട്ടത് അവിടെ ഉടലെടുത്ത പാഷാണ്ഡതകളുടെ പരിണിതഫലമായിട്ടാണ്. കത്തോലിക്കാസഭയോടു ചേരുന്നതുവരെ കേരളത്തിലെ സുറിയാനികളുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പുസ്തകങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക്, ആ സമൂഹം എത്രത്തോളം അപകടകരമായ അവസ്ഥയിലായിരുന്നുവെന്ന് മനസ്സിലാകും. പാര്‍സിമാന്‍, മാര്‍ഗ്ഗസീശ, പിതാക്കന്മാരുടെ പുസ്തകം, പവിഴത്തിന്റെ പുസ്തകം, മാക്കമൊത്ത്‌(പറുദീസ), മിശിഹായുടേ തിരുബാല പുസ്തകം, സുന്നഹദോസുകളുടെ പുസ്തകം, സ്വര്‍ഗത്തില്‍നിന്നും വന്ന കത്ത്‌,  നര്‍സായുടേ പുസ്തകം, പ്രഹന്‍ പുസ്തകം(യൗസേപ്പിന്‌ മറിയത്തെ വിവാഹം കഴിക്കുന്നതിനു മുന്‍പ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു), യോഹന്നാന്‍ വരകല്‍ദോസ, വാവാകട്ടെ പുസ്തകം, നുഹറ, എംങ്കര്‍ത്താപുസ്തകം, കമ്മീസിന്റെ പാട്ടുകള്‍, ഇദാറ, സുബാടേ നമസ്കാരം, അന്‍പത്‌ നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന എന്നിവയൊക്കെ കത്തോലിക്കാസഭ നിരോധിച്ച പുസ്തകങ്ങളായിരുന്നു. കൂനന്‍കുരിശിനുശേഷം വീണ്ടും പൊടിതട്ടിയെടുത്ത ഈ ദുരന്തം സുറിയാനിസഭയില്‍ ഇന്നു ശക്തമാണ്! ഇതില്‍നിന്നെല്ലാം ലഭിച്ച ആശയങ്ങളുടെ അടിമകളായ വ്യക്തികളാണ് മരണവേളയില്‍ ഒരുവനെക്കൊണ്ട് 'ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കണേ' എന്ന് ഉരുവിടുവിപ്പിക്കുന്നത്!

ഈശോ മറിയം യൗസേപ്പ് ആത്മാക്കളെ രക്ഷിക്കുമോ?

രക്ഷയ്ക്കായി നമുക്കു നല്‍കപ്പെട്ടിരിക്കുന്ന ഏകനാമം ആരുടേതാണെന്ന് ആരംഭത്തില്‍ നാം പരിശോധിച്ചു. ബൈബിളിലുടനീളം പരിശോധിക്കുമ്പോള്‍ ഇതില്‍നിന്നു വ്യത്യസ്തമായ ഒരു രക്ഷാമാര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയില്ല. ആത്മാക്കളെ വിധിക്കാന്‍ അധികാരമുള്ളത് യേഹ്ശുവായ്ക്കു മാത്രമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് അവിടുന്നുതന്നെയാണ്! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു"(യോഹ: 5; 22). മനുഷ്യന്‍ രക്ഷപ്രാപിക്കുന്നത് എങ്ങനെയാണെന്നു നോക്കുക: "ആകയാല്‍, യേഹ്ശുവാ രക്ഷകനാണെണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും"(റോമാ: 10; 9). മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "എന്തെന്നാല്‍, യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമാ: 10; 13). യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നതെന്ന് ആധികാരികതയോടെയാണ് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യേഹ്ശുവാ എന്ന നാമത്തിനു രക്ഷിക്കാനുള്ള ശക്തിയില്ലെന്ന് കരുതുന്ന ആരെയും ക്രിസ്ത്യാനികളായി പരിഗണിക്കാന്‍ മനോവയ്ക്കോ കത്തോലിക്കാസഭയ്ക്കോ കഴിയില്ല! യേഹ്ശുവായുടെ നാമത്തിന്റെ ശക്തിയെക്കുറിച്ച് പ്രഖ്യാപിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. എന്നാല്‍, മറ്റേതെങ്കിലും നാമങ്ങള്‍ വിളിച്ചപേക്ഷിക്കുന്നതിലൂടെ രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നുള്ള ഒരു സൂചനപോലും ബൈബിളില്‍ കണ്ടെത്താന്‍ കഴിയില്ല. യേഹ്ശുവായുടെ നാമത്തില്‍ അപേക്ഷിച്ചുകൊണ്ട് മരണാനന്തര ജീവിതം സുരക്ഷിതമാക്കിയ ആദ്യത്തെ മനുഷ്യനെ നാം കാണുന്നത് കാല്‍വരി മലയിലാണ്. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടുപേരില്‍ ഒരുവനാണ് ആ ഭാഗ്യവാന്‍! അവന്‍ ഇപ്രകാരം യേഹ്ശുവായോടപേക്ഷിച്ചു: "യേഹ്ശുവായേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും"(ലൂക്കാ: 23; 42, 43).

തന്റെ നാമത്തിന്റെ ശക്തിയെന്താണെന്ന് യേഹ്ശുവാതന്നെ വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും"(യോഹ: 14; 13, 14). ഇത് യേഹ്ശുവായുടെ വാഗ്ദാനമാണ്. ഒരുവന്‍ ഉണര്‍ത്തിക്കുന്ന പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കിയതും യേഹ്ശുവായാണ്. അവിടുത്തെ വചനം നോക്കുക: "നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും"(യോഹ: 15; 16). ഇവിടെയെല്ലാം നാം കാണുന്നത് യേഹ്ശുവായുടെ നാമത്തിന്റെ പ്രാധാന്യമാണ്. യേഹ്ശുവായില്‍നിന്നു പഠിച്ച സത്യമാണ് പത്രോസ് തന്റെ ആദ്യത്തെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.

ഈ വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും"(മത്താ: 18; 20). യേഹ്ശുവായുടെ നാമത്തില്‍ ഒരുമിച്ചുകൂടിയാല്‍ മാത്രമേ അവിടുന്ന് നമ്മുടെ മദ്ധ്യേ കടന്നുവരുകയുള്ളു. ക്രിസ്തുവിന്റെ ശുശ്രൂഷകരായ ആരെയെങ്കിലും നാം സഹായിക്കുമ്പോള്‍ അതിന് പ്രതിഫലം ലഭിക്കണമെങ്കില്‍ യേഹ്ശുവായുടെ നാമത്തില്‍ അതു ചെയ്യണം. അവിടുത്തെ വാക്കുകള്‍ ഇതാണ്: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല"(മര്‍ക്കോ: 9; 41). സ്വര്‍ഗ്ഗത്തില്‍നിന്നുള്ള എന്തെങ്കിലും അനുഗ്രഹങ്ങള്‍ നമുക്കു ലഭിക്കുന്നത് യേഹ്ശുവായുടെ നാമത്തില്‍ മാത്രമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, 'ഈശോ മറിയം യൗസേപ്പേ' എന്ന വ്യര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ ദൈവജനത്തെ വഞ്ചിക്കുന്നത് ആരായിരിക്കുമെന്ന് ചിന്തിക്കാന്‍ ഇനിയെങ്കിലും ഓരോരുത്തരും തയ്യാറാകണം.

യാഹ്‌വെ രക്ഷിക്കുന്നു എന്നാണ് 'യേഹ്ശുവാ' എന്ന നാമത്തിന്റെ അര്‍ത്ഥം! എന്നാല്‍, രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് പറയുന്ന അര്‍ത്ഥശൂന്യമായ ശബ്ദം മാത്രമാണ് 'ഈശോ'! ഒരാത്മാവിനെയും ശിക്ഷാവിധിയില്‍നിന്നു രക്ഷിക്കാന്‍ ഈ വാക്കിന് ശക്തിയില്ല! മനുഷ്യരുടെ രക്ഷയ്ക്കായി ഇങ്ങനെയൊരു നാമം നല്കപ്പെട്ടിട്ടുമില്ല! മാത്രവുമല്ല, യേഹ്ശുവായെ ഉദ്ദേശിച്ചാണ് 'ഈശോ' എന്ന ശബ്ദം പുറപ്പെടുവിക്കുന്നതെങ്കില്‍, ഈശോ മറിയം യൗസേപ്പേ എന്ന് പ്രാര്‍ത്ഥിച്ചാല്‍ അത് ദൈവദൂഷണമായി കണക്കാക്കപ്പെടും! എന്തെന്നാല്‍, ദൈവത്തോടു തുല്യരായി മനുഷ്യരെ പരിഗണിക്കുന്നത് ദൈവദൂഷണമാണ്! വിശുദ്ധ യൗസേപ്പിതാവ് നീതിമാനായ മനുഷ്യനായിരുന്നു. സ്ത്രീകളില്‍ ഏറ്റവും അനുഗൃഹീത എന്ന വിശേഷണംതന്നെ കന്യകാമറിയത്തിന്റെ മനുഷ്യപ്രകൃതമാണ് വ്യക്തമാക്കുന്നത്. അബ്രാഹവും ഏലിയാഹും മോശയും ദാവീദുമെല്ലാം തീതിമാന്മാരായ മനുഷ്യരുടെ ഗണത്തില്‍ പരിഗണിക്കപെടുന്നു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലേക്കു ദൂതുമായി വന്ന ഗബ്രിയേല്‍ മനുഷ്യനല്ല; ദൈവദൂതനാണ്! മനുഷ്യരിലെ നീതിമാന്മാരെയോ സ്വഗ്ഗത്തിലെ അതിവിശുദ്ധ ദൂതന്മാരെയോ ദൈവതുല്യരായി പരിഗണിക്കുന്നില്ല. ഓരോരുത്തരുടെയും പദവികള്‍ക്കു യോഗ്യമായ പരിഗണന മാത്രമാണു നല്‍കുന്നത്. അതിനപ്പുറമുള്ളതൊന്നും ദൈവത്തില്‍നിന്നല്ല!

ഈ വിഷയത്തില്‍ യേഹ്ശുവായ്ക്കു പറയാനുള്ളത് എന്താണെന്നു നോക്കുക: "പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ: 10; 41). പ്രവാചകനെ പ്രവാചകനായും നീതിമാനെ നീതിമാനായുമാണ് സ്വീകരിക്കേണ്ടത്. പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളത് ഈ പ്രവൃത്തിക്കാണ്. ദൈവം നമ്മോട് ആവശ്യപ്പെടുന്നതില്‍നിന്ന് അല്പം കുറയുകയോ അല്പം കൂടുകയോ അരുത്. അതായത്, രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ക്രിസ്തീയതയിലെ പല കുഴപ്പങ്ങള്‍ക്കും മൂലകാരണം! വിശുദ്ധരെ വിശുദ്ധരായി പരിഗണിക്കുന്നതിനു പകരം അവരോടുള്ള ആദരവ് ആരാധനയുടെ തലത്തിലേക്ക് വളര്‍ന്നത് ലഘുവായ കുറ്റമല്ല! പുരയ്ക്കുമേലേ ചാഞ്ഞ പൂമരങ്ങളായി വിശുദ്ധരില്‍ ആരെങ്കിലും വളര്‍ന്നിട്ടുണ്ടെങ്കില്‍, അവര്‍ നിങ്ങളുടെ ജീവിതത്തിലെ വിഗ്രഹങ്ങളാണ്! പ്രവാചകന്‍ പ്രവാചകനായും നീതിമാന്‍ നീതിമാനായും മാത്രമേ പരിഗണിക്കപ്പെടാവു! പരിശുദ്ധ കന്യകാമറിയത്തെ നമുക്കു നല്‍കിയത് യേഹ്ശുവായാണ്. പരിപൂര്‍ണ്ണ മനുഷ്യനായി ഈ ഭൂമിയില്‍ ജീവിക്കേണ്ടതിനു സ്ത്രീയില്‍നിന്നു ജനിച്ച യേഹ്ശുവായുടെ അമ്മ ഒരു പരിപൂര്‍ണ്ണ സ്ത്രീയാണ്! മനുഷ്യന്‍ മാത്രമായി ജീവിക്കേണ്ട സമയം പൂര്‍ത്തിയാകുന്ന നിമിഷത്തില്‍, മനുഷ്യപുത്രന്റെ അമ്മയെ മനുഷ്യപുത്രന്‍ മനുഷ്യമക്കള്‍ക്കായി നല്‍കി! യേഹ്ശുവാ അരുളിച്ചെയ്തു: "ഇതാ, നിന്റെ അമ്മ"(യോഹ: 19; 27). പരിശുദ്ധ കന്യകാമറിയത്തെ യേഹ്ശുവാ നമുക്കു നല്‍കിയത് നമ്മുടെ അമ്മയായിട്ടാണ്; ദൈവമാതാവായിട്ടല്ല! അമ്മയെ അമ്മയായി സ്വീകരിക്കുന്നവന് അമ്മയുടെ പ്രതിഫലം!

ഇവിടെ പറഞ്ഞ കാര്യങ്ങളില്‍നിന്ന് വ്യത്യസ്തമായതൊന്നും ക്രിസ്തുവിന്റെ സഭയിലില്ല! ഇതില്‍നിന്നു വ്യത്യസ്തമായ പാരമ്പര്യവും ക്രിസ്ത്യാനികള്‍ക്കില്ല! താന്‍ ഉപേക്ഷിച്ച പാരമ്പര്യത്തിലേക്ക്‌ അബ്രാഹം തിരിച്ചുനടന്നില്ലെന്നും, അബ്രാഹത്തിന് ദൈവം നല്‍കിയ പുതിയ പൈതൃകമാണ് അവന്റെ സന്തതികളായ യിസഹാക്കിലേക്കും യാക്കോബിലേക്കും പകര്‍ന്നതെന്നും നാം മനസ്സിലാക്കിയിരിക്കണം. എന്നാല്‍, യാക്കോബിന്റെ മക്കള്‍ കാളക്കുട്ടികളെയും അഷേരാപ്രതിഷ്ഠകളെയും ബാല്‍ദേവന്മാരെയും ആരാധിച്ചതായി നമുക്കറിയാം. അത് അബ്രാഹത്തിന്റെയോ യിസഹാക്കിന്റെയോ യാക്കൊബിന്റെയോ പാരമ്പര്യമായി പരിഗണിക്കപ്പെടുന്നില്ല. വഴിപിഴച്ച യിസ്രായേല്‍ക്കാര്‍ ചെയ്ത മ്ലേച്ഛപ്രവൃത്തികളെ പാരമ്പര്യമായി സ്വീകരിക്കുന്നവര്‍ക്ക് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയില്‍ യാതൊരു ഓഹരിയും ലഭിക്കില്ല! യാഹ്‌വെയില്‍നിന്നുള്ള ഓഹരിക്ക് അര്‍ഹരാകുന്നത് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും പാരമ്പര്യത്തെ പൈതൃകമായി സ്വീകരിക്കുന്നവരാണ്. ആധുനിക യിസ്രായേലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല! പത്രോസ് വിളിച്ചുപറഞ്ഞതും അപ്പസ്തോലന്മാര്‍ സാക്ഷ്യപ്പെടുത്തിയതുമായ സത്യത്തില്‍ നിലനില്‍ക്കുന്നവര്‍ക്ക് ക്രിസ്തുവില്‍നിന്നുള്ള ഓഹരി ലഭിക്കും! യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരും രക്ഷപ്രാപിക്കും! ആ നാമത്തോടു തുല്യമായി ചേര്‍ത്തുവയ്ക്കാന്‍ മറ്റൊരു നാമം സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഇല്ല! "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ ദൈവമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9- 11).

യേഹ്ശുവായുടെ സ്ഥാനത്തേക്കാള്‍ ഉയര്‍ന്നതോ യേഹ്ശുവായുടെ സ്ഥാനത്തിനു തുല്യമായതോ ആയ ഒരു സ്ഥാനവും സ്വര്‍ഗ്ഗത്തിലില്ല! യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18). യേഹ്ശുവാ എന്ന നാമത്തില്‍ രക്ഷയുണ്ട്; ആ നാമത്തില്‍ മാത്രമേ രക്ഷയുള്ളു. പത്രോസും അപ്പസ്തോലന്മാരും സാക്ഷ്യപ്പെടുത്തിയത്തിനുശേഷം സഭ നൂറ്റാണ്ടുകള്‍ പിന്നിട്ടു. അതിനിടയില്‍ പലരും കാളക്കുട്ടികളെയും അഷേരാപ്രതിഷ്ഠകളെയും ബാല്‍ദേവന്മാരെയും സഭയിലേക്കു കൊണ്ടുവന്നു. ഈശോ മറിയം യൗസേപ്പിന്റെ വരവും ഇത്തരത്തിലുള്ളതാണ്! ചിലരെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ പാരമ്പര്യമായി അവയെ സ്വീകരിച്ചു! സാങ്കേതികമായി ഇന്നും ഇവര്‍ സഭയുടെ ഭാഗമായി അറിയപ്പെടുന്നു! സാങ്കേതികമായി മാത്രം!

"നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം രക്ഷകനായ യേഹ്ശുവാ വഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍"(കൊളോ: 3; 17). സ്തേഫാനോസ് മുതല്‍ എല്ലാ വിശുദ്ധരും തങ്ങളുടെ ആത്മാവിനെ യേഹ്ശുവായുടെ നാമത്തില്‍ അവിടുത്തെ കരങ്ങളില്‍ ഏല്പിച്ചുകൊണ്ട് മരണത്തെ വരിച്ചു! സ്തേഫാനോസ് മരണനിദ്ര പ്രാപിച്ചത് ഇങ്ങനെയാണ്: "രക്ഷകനായ യേഹ്ശുവായേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ. അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു: യേഹ്ശുവായേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ മരണനിദ്ര പ്രാപിച്ചു"(അപ്പ. പ്രവര്‍: 7; 59, 60). എന്നാല്‍, കട്ടിലില്‍ കിടന്ന് മരിച്ച മലയാളികളില്‍ പലരും ദൈവദൂഷണം ഏറ്റുപറഞ്ഞുകൊണ്ടാണ് ഇഹലോകവാസം വെടിഞ്ഞത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4069 views

LOG IN

Lost your password?

SIGN UP

LOST PASSWORD