25 - 07 - 2015
ക്രിസ്തീയതയുടെ ആരംഭംമുതല്‍ പലപ്പോഴായി വിവിധ ‘പാഷണ്ഡതകള്‍’ സഭകളില്‍ ഉടലെടുത്തിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ അഭിപ്രായം എതിരായി വരുമ്പോഴാണ് ഒരു ആശയത്തെ പാഷണ്ഡമായി പ്രഖ്യാപിക്കപ്പെടുന്നത്. ഏറ്റവുമധികം ‘പാഷണ്ഡതകള്‍’ ആവിര്‍ഭവിച്ചത് പൗരസ്ത്യ ക്രൈസ്തവസഭകളിലായിരുന്നു. ഇതില്‍ത്തന്നെ പ്രധാനപ്പെട്ട പാഷണ്ഡതയായി കണക്കാക്കുന്നത് നെസ്തോറിയന്‍ സിദ്ധാന്തത്തെയാണ്! പാശ്ചാത്യസഭയിലും പാഷണ്ഡതകള്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും പൗരസ്ത്യസഭയിലേതുപോലെ തങ്ങളെത്തന്നെ ഉന്മൂലനം ചെയ്യുന്ന ആശയങ്ങളൊന്നും രണ്ടാംവത്തിക്കാന്‍ സൂനഹദോസുവരെ അവതരിപ്പിക്കപ്പെട്ടില്ല. എന്നിരുന്നാലും, പാശ്ചാത്യസഭയെ നെടുകെപ്പിളര്‍ത്തിയ ആശയഭിന്നത ഉടലെടുത്തിട്ടുണ്ട്. കത്തോലിക്കാസഭയെ പിളര്‍പ്പിലേക്കു നയിച്ച ലൂഥറന്‍ ആശയമാണ് ഇവയില്‍ പ്രധാനപ്പെട്ടത്! സഭയുടെ പിളര്‍പ്പിലേക്കു നയിച്ചുവെങ്കിലും, ക്രിസ്തീയതയ്ക്കു പകരമായി മറ്റേതെങ്കിലും പൈശാചികമതങ്ങള്‍ അവിടെ ഉയര്‍ന്നുവന്നില്ല എന്നതുകൊണ്ടുതന്നെ, ആ പിളര്‍പ്പിനെ പാഷണ്ഡതയുടെ പരിണിതഫലമായുണ്ടായ പിളര്‍പ്പായി പരിഗണിക്കാന്‍ കഴിയില്ല! മാത്രവുമല്ല, പാഷണ്ഡതകളായി പ്രഖ്യാപിക്കപ്പെട്ട എല്ലാ ആശയങ്ങളും ‘പാഷണ്ഡതകള്‍’ ആകണമെന്നു നിര്‍ബന്ധവുമില്ല. ഒരുവനിലൂടെ അവതരിപ്പിക്കപ്പെട്ട ആശയങ്ങളെ സ്വീകരിക്കാനുള്ള ആത്മീയജ്ഞാനം ലഭിച്ചവരുടെ അഭാവംമൂലവും പാഷണ്ഡത ആരോപിക്കപ്പെടാം!
നിലവില്‍ പ്രചാരത്തിലുള്ള മതവിശ്വാസത്തില്‍നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കില്‍ വചനവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തില്‍ ഇതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ‘പാഷണ്ഡികള്‍’ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാര്‍ വിളിക്കുന്നത്. ഭൂരിപക്ഷത്തിന് അസ്വീകാര്യമായവയെല്ലാം അസത്യമാണെന്നു കരുതാന്‍ മനോവയ്ക്കു കഴിയാത്തതുകൊണ്ടുതന്നെ, പാഷണ്ഡതകളായി പ്രഖ്യാപിക്കപ്പെട്ട മുഴുവന്‍ ആശയങ്ങളെയും പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല. ഇവയിലെ നല്ല വശങ്ങളെ വിശകലനം ചെയ്യുകയും അപാകതകളുണ്ടെങ്കില്‍ അവ പരിഹരിച്ചു സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് യഥാര്‍ത്ഥ ജ്ഞാനമെന്നു മനോവ കരുതുന്നു. കാരണം, പാഷണ്ഡതകളായിട്ടല്ല ആശയങ്ങളൊന്നും ആരംഭിക്കുന്നത്. ആശയരൂപീകരണത്തിന്റെ അന്ത്യഘട്ടങ്ങളിലാണ് പലതും പാഷണ്ഡതകളായി പരിണമിക്കുന്നത്. അതായത്, വചനവിരുദ്ധതയുടെ ആരംഭംവരെയും ഈ ആശങ്ങള്‍ ആത്മീയജ്ഞാനമായി പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍, പാഷണ്ഡതകളായി പ്രഖ്യാപിക്കപ്പെടുന്ന ആശയങ്ങളുടെ ഉപജ്ഞാതാക്കളെ ഒരു വിധത്തിലും അംഗീകരിക്കാന്‍ തയ്യാറാകാത്തതുമൂലം, ഇവരിലൂടെ ഉയര്‍ന്നുവന്ന നന്മകളെല്ലാം അവഗണിക്കപ്പെട്ടതാണ് ചരിത്രം! നെസ്തോറിയനും മാര്‍ട്ടിന്‍ ലൂഥറുമൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന നല്ല ആശയങ്ങള്‍പ്പോലും, ഇവരോടുള്ള വിരോധംമൂലം അംഗീകരിക്കപ്പെടാതെ പോയിട്ടുണ്ട്.
ഒരു നൂതന ആശയവുമായി സഭകളില്‍ ആരെങ്കിലും ഉയര്‍ന്നുവന്നാല്‍, ഇവരുയര്‍ത്തുന്ന ആശയങ്ങള്‍ക്ക് ശീശ്മ കല്പിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ ആശയങ്ങളുമായി സാദൃശ്യമുണ്ടെന്ന വാദത്തോടെ ഇവരെയും പാഷണ്ഡികളുടെ ഗണത്തില്‍പെടുത്തും എന്നതിനാല്‍, പുത്തന്‍ ആശയങ്ങളും വചന വ്യാഖ്യാനങ്ങളും ചുരുക്കമായിട്ടേ ഉണ്ടാകാറുള്ളു!
കത്തോലിക്കാസഭയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ ആശയങ്ങളുടെയും ആരംഭം വചനവിരുദ്ധമായിരുന്നില്ല. സഭയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കംചെയ്യുകയെന്ന സദുദ്ദേശപരമായ ആശയമായിരുന്നു ഇദ്ദേഹം ഉയര്‍ത്തിയത്. മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ 95 വാദങ്ങളില്‍ 54 വാദങ്ങളും കത്തോലിക്കാസഭ അംഗീകരിച്ചുവെങ്കിലും വചനവിരുദ്ധമായ ചില വാദങ്ങളിലും അയാള്‍ ഉറച്ചുനിന്നു. ‘95 വാദങ്ങള്‍’ ഉള്‍പ്പെടെയുള്ള രചനകളിലെ 41 നിലപാടുകള്‍ 60 ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ലൂഥറെ സഭാഭ്രഷ്ടനാക്കുമെന്ന് മാര്‍പ്പാപ്പ 1520 ജൂണ്‍ 15-ലെ ഒരു ഉത്തരവിലൂടെ ഇദ്ദേഹത്തിനു മുന്നറിയിപ്പു നല്‍കി. ഈ ഉത്തരവിനെ ജൊഹാന്‍ എക്ക്, ജര്‍മ്മനിയിലെ നഗരങ്ങളില്‍ പ്രചരിപ്പിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധിയായ കാള്‍വോണ്‍ മില്‍റ്റിറ്റ്സ് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാര്‍പ്പാപ്പയുടെ ഉത്തരവിനെ 1520 ഡിസംബര്‍ 10-ന് ലൂഥര്‍ വിറ്റന്‍ബര്‍ഗില്‍ പരസ്യമായി അഗ്നിക്കിരയാക്കി. തുടര്‍ന്ന് 1521 ജനുവരി 3-ന് ലിയോ പത്താമന്‍ മാര്‍പ്പാപ്പ ലൂഥറെ സഭയില്‍നിന്നു പുറത്താക്കുകയും ഇദ്ദേഹത്തിന്റെ രചനകള്‍ക്കു വിലക്കു കല്പിക്കുകയും ചെയ്തു.
ലൂഥറുമായി ബന്ധപ്പെട്ട സംഭവത്തില്‍നിന്നു മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. 95 വാദങ്ങള്‍ ഇദ്ദേഹം ഉയര്‍ത്തിയപ്പോള്‍, അവയില്‍ 41 വാദങ്ങളെ മാത്രമേ സഭയ്ക്ക് എതിര്‍ക്കാന്‍ കഴിഞ്ഞുള്ളു. അതായത്, മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ 54 വാദങ്ങളും ന്യായമായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്? ലൂഥര്‍ കൊണ്ടുവന്ന 95 ആശയങ്ങളും സഭയിലെ ശുദ്ധീകരണം ലക്ഷ്യംവച്ചുള്ളതായിരുന്നു. ഈ ആശയങ്ങളില്‍ ചിലതെല്ലാം തന്റെ യുക്തിയില്‍ ഉരുത്തിരിഞ്ഞ അബദ്ധങ്ങളായിരുന്നുവെങ്കിലും, ഭൂരിപക്ഷവും വചനത്തിന്റെ സത്യത്തോടു ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു എന്നതു നാം വിസ്മരിക്കരുത്! സഭയ്ക്ക് അന്നു സ്വീകാര്യമായി തോന്നിയ ശുദ്ധീകരണ ആശയങ്ങള്‍ കാലാന്തരേണ നീക്കംചെയ്യപ്പെട്ടുവെങ്കിലും, അതിനേക്കാള്‍ വചനവിരുദ്ധമായ പുതിയ മാലിന്യങ്ങള്‍ സഭയില്‍ കടന്നുകൂടി. മാര്‍ട്ടിന്‍ ലൂഥര്‍ ഉന്നയിച്ച 95 വാദങ്ങളില്‍ സഭയ്ക്ക് അസ്വീകാര്യമായ 41 എണ്ണവും പാഷണ്ഡതകളായിരുന്നുവെന്നു ചിന്തിക്കാന്‍ നമുക്കു കഴിയില്ല. അന്നത്തെ നേതൃത്വത്തിനു സ്വീകാര്യമായിരുന്നില്ല എന്നതുകൊണ്ട് പൂര്‍ണ്ണമായും തള്ളിക്കളയേണ്ടവയായി കരുതരുത്. എന്തെന്നാല്‍, 54 ദുരാചാരങ്ങള്‍ സഭയിലുണ്ടെന്ന തിരിച്ചറിവോടെയാണ്, അവയുമായി സഭ നിലകൊണ്ടതെന്നു നാം മനസ്സിലാക്കണം. ലൂഥര്‍ ഉയര്‍ത്തിയ വാദങ്ങളില്‍ സഭ തള്ളിക്കളഞ്ഞ 41 ആശയങ്ങളും പാഷണ്ഡതകള്‍ ആയിരുന്നുവെങ്കില്‍തന്നെയും, 54 അശുദ്ധിയുമായി നിലനില്‍ക്കുന്നവര്‍ക്ക് എങ്ങനെയാണ് 41 അശുദ്ധിയുള്ളവനെ പാഷണ്ഡിയെന്നു വിളിക്കാന്‍ കഴിയുക?! ലൂഥറില്‍ ഉണ്ടായിരുന്നത് 41 വചനവിരുദ്ധ ആശയങ്ങളും, കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നത് 54 വചനവിരുദ്ധ ആശയങ്ങളുമായിരുന്നു എന്നത് സഭതന്നെയല്ലേ സമ്മതിച്ചത്? അങ്ങനെയെങ്കില്‍ ലൂഥറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പാഷണ്ഡതകള്‍ ഉണ്ടായിരുന്നത് കത്തോലിക്കാസഭയില്‍ ആയിരുന്നില്ലേ?
മാര്‍ട്ടിന്‍ ലൂഥറിലൂടെ പ്രചരിപ്പിക്കപ്പെട്ട തിന്മകളെ ന്യായീകരിക്കാന്‍ തയ്യാറല്ലാത്തതുപോലെതന്നെ, ഇദ്ദേഹം ഉയര്‍ത്തിയ നന്മകളെ തള്ളിക്കളയാനും മനോവ ഒരുക്കമല്ല. അതുപോലെതന്നെ, മറ്റെല്ലാ പാഷണ്ഡതകളുടെയും ആരംഭം നന്മയില്‍നിന്നായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത! സഭയില്‍ അടിഞ്ഞുകൂടുന്ന തിന്മകളെ ചൂണ്ടിക്കാണിക്കുന്ന തിരുത്തല്‍ ശക്തികള്‍ക്കുനേരെ സഭാനേതൃത്വം അവലംബിക്കുന്ന ധാര്‍ഷ്ട്യവും അസഹിഷ്ണുതയുമാണ് പാഷണ്ഡതകളില്‍ പരിണമിക്കുന്നത്! സഭയിലെ ഓരോ അംഗങ്ങളും ചേര്‍ന്നാല്‍ മാത്രമേ സഭ പൂര്‍ണ്ണമാവുകയുള്ളുവെന്ന സത്യം അംഗീകരിക്കാത്ത നേതാക്കന്മാര്‍ക്കും പാഷണ്ഡതകളുടെ ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കാന്‍ കഴിയില്ല. ഏതെങ്കിലും ചില വ്യക്തികളിലൂടെ മാത്രമേ പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുകയുള്ളു എന്ന അബദ്ധധാരണയില്‍ കഴിയുന്ന ‘നേതാക്കന്മാര്‍’ സഭയിലുണ്ട്. എന്നാല്‍, സഭയുടെ ആരംഭകാലംമുതല്‍ ഈ ധാരണകളെ അതിലംഘിക്കുന്ന പ്രവര്‍ത്തനമാണ് പരിശുദ്ധാത്മാവ് നിര്‍വ്വഹിച്ചിട്ടുള്ളത്! മനുഷ്യന്റെ യുക്തിവിചാരങ്ങള്‍ക്കുമപ്പുറമാണ് ദൈവീക തിരഞ്ഞെടുപ്പ്! ആദിമുതല്‍ തുടരുന്ന ഈ ശൈലിയില്‍ അവിടുന്നു മാറ്റംവരുത്തിയിട്ടുമില്ല! തങ്ങളുടെ ദൃഷ്ടിയില്‍ അയോഗ്യരും നിസ്സാരരുമായ വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ദൈവം തിരുമനസ്സാകുമ്പോള്‍, ദൈവത്തിന്റെ ഈ തീരുമാനത്തെ ഉള്‍ക്കൊള്ളാന്‍ അധികാരം കയ്യാളുന്നവര്‍ക്കു കഴിയുന്നില്ല! ദൈവജനത്തില്‍നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങളുടെ ഗുണദോഷങ്ങളെ പരിശോധിക്കുവാന്‍പോലും തയ്യാറാകാത്ത അവസ്ഥയില്‍നിന്നാണ് പല പാഷണ്ഡതകളും ഉടലെടുത്തിട്ടുള്ളത്!
പ്രവാചകന്മാരുടെ കാര്യവും വ്യത്യസ്തമല്ല; അന്നത്തെ പുരോഹിതന്മാരുടെ ഗണത്തില്‍നിന്ന് ഒരു പ്രവാചകനെയും ദൈവം ഉയര്‍ത്തിയില്ല. അഭിഷിക്തരായി പരിഗണിക്കപ്പെട്ടിട്ടുള്ള രാജാക്കന്മാരുടെയും പുരോഹിതരുടെയും ഇടയിലേക്കു തിരുത്തല്‍ശക്തികളായിട്ടാണ് പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടത്! കൃഷിക്കാരെയും ആട്ടിടയന്മാരെയുമൊക്കെ ഇത്തരത്തില്‍ ദൈവം നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, കത്തോലിക്കാസഭയുടെ തലവന്മാരായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന മേലാളന്മാരെ തിരുത്താന്‍ ശ്രമിക്കുന്നവര്‍ക്കു ലഭിക്കുന്നത് സഭാവിരുദ്ധന്‍ എന്ന വിശേഷണമാണ്!
ആശാരിക്കുടുംബത്തില്‍നിന്നു വന്ന മ്ശിഹായെ അന്നത്തെ പ്രമാണിമാര്‍ തള്ളിക്കളഞ്ഞതുപോലെ, ഇന്നത്തെ പ്രമാണിമാരാല്‍ തള്ളപ്പെട്ട അനേകം നന്മകളുണ്ട്! എന്നാല്‍, സമര്‍പ്പിതര്‍ എന്ന വിഭാഗമായി സ്വയം മാറിനില്‍ക്കുന്ന സംഘങ്ങളില്‍നിന്ന് എന്തു പൈശാചികത കടന്നുവന്നാലും, അവയെയെല്ലാം വിശ്വാസികളുടെ തലയില്‍ കെട്ടിയേല്പിക്കുമ്പോള്‍, പാഷണ്ഡതകള്‍ ആധുനിക ദൈവശാസ്ത്രങ്ങളായി മാറും! പരസ്യമായ വചനനിഷേധത്തെപ്പോലും ദൈവശാസ്ത്രങ്ങളായി സഭയില്‍ അടിച്ചേല്പിക്കുന്ന പ്രവണത ഈ കാലഘട്ടത്തില്‍ ഏറിവരുന്നതും കാണാതെപോകരുത്! പാഷണ്ഡതകള്‍ ആരുടെ ഭാഗത്തുനിന്നു വന്നാലും അവയെ തള്ളിക്കളയാനുള്ള ആര്‍ജ്ജവം ഇല്ലെന്നതാണ് സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംഘടിതരായ സന്യാസസഭകളും റീത്തുകളും വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ആചരിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരേ കണ്ണടയ്ക്കുന്ന അധികാരികള്‍, സാധാരണ വിശ്വാസികളില്‍ ഉയര്‍ന്നുവരുന്ന ആത്മീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നത് നമുക്കറിയാം. റീത്തുകളും സന്യാസസഭകളും അനുകരിക്കുന്ന ക്രിസ്തീയവിരുദ്ധമായ ആചാരങ്ങളെയെല്ലാം ന്യായീകരിക്കുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. അങ്ങനെയെങ്കില്‍, കത്തോലിക്കാസഭയില്‍ ഉടലെടുത്തതും നിയമമാക്കിയതുമായ ഏറ്റവും വലിയ പാഷണ്ഡത രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല! കാരണം, കത്തോലിക്കാസഭയിലെ മുഴുവന്‍ അഴിഞ്ഞാട്ടങ്ങളും ഈ സൂനഹദോസിന്റെ പേരിലാണു നടക്കുന്നത്!
പാഷണ്ഡതകളെ സംബന്ധിച്ചുള്ള വിവരണമല്ല ഈ ലേഖനത്തിലൂടെ മനോവ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തെ പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ ‘പാഷണ്ഡതകള്‍’ ആരോപിക്കപ്പെടുന്നതിലെ കള്ളത്തരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സഭയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചില പാഷണ്ഡതകളെ തുറന്നുകാണിക്കാന്‍ ശ്രമിച്ചിട്ടുള്ളവരെ ‘പാഷണ്ഡികള്‍’ എന്നു മുദ്രകുത്തി പുറത്താക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യവും നാം അറിഞ്ഞിരിക്കണം. മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ വാദങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ ശ്രമിച്ചതും ഇക്കാരണത്താലാണ്. നെസ്തോറിയന്‍ ആശയങ്ങളെ പാഷണ്ഡതയെന്നു മുദ്രകുത്തി അപ്പാടെ തള്ളിക്കളഞ്ഞപ്പോള്‍, അനേകം സത്യങ്ങളും അതോടൊപ്പം തള്ളപ്പെട്ടിട്ടുണ്ട്! വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍ ലഭിക്കാതെ ഇരുട്ടില്‍ത്തപ്പുകയും അനേകരെ ഈ അന്ധകാരത്തിലൂടെ നയിക്കുകയും ചെയ്ത അധികാരികള്‍ക്കു ഗ്രഹിക്കാന്‍ കഴിയാത്ത ആത്മീയ വെളിപ്പെടുത്തലുകളുമായി ആരെങ്കിലും ഉയര്‍ന്നുവന്നാല്‍, ഇവര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് പാഷണ്ഡത കല്പിക്കുന്ന രീതി എല്ലാക്കാലത്തുമുണ്ട്. ഒരിക്കല്‍ പാഷണ്ഡത ആരോപിക്കപ്പെട്ടു കഴിഞ്ഞാല്‍, അവര്‍ ഉയര്‍ത്തിയിട്ടുള്ള നല്ല ആശയങ്ങളും അവഗണിക്കപ്പെടുന്നുവെന്ന അപകടവും ഈ നടപടികളിലുണ്ട്. വചനത്തില്‍നിന്നു ലഭിക്കുന്ന പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്താന്‍ ആരെങ്കിലും മുതിര്‍ന്നാല്‍, മുന്‍പെന്നോ പാഷണ്ഡികളായി മുദ്രയടിക്കപ്പെട്ടവരുടെ ആശയങ്ങളുമായി ബന്ധമുണ്ടെന്ന പേരില്‍ സത്യത്തെ നിഷേധിക്കുന്ന രീതിയും കണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മനോവയും അഭിമുഖീകരിക്കുന്നുണ്ട്.
പെന്തക്കോസ്തു സഭകളിലെ നല്ല ആശയങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകുമ്പോള്‍, മനോവയെ പെന്തക്കോസ്തായി മുദ്രകുത്തുന്നത് ഇതിന്റെ ഭാഗമാണ്! ആധുനീക പാഷണ്ഡതയായ എമ്പറര്‍ എമ്മാനുവേല്‍ ഉയര്‍ത്തിയിട്ടുള്ള ആശയങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയപ്പെടേണ്ടവയാണെന്നു മനോവ കരുതുന്നില്ല. അങ്ങനെ ചിന്തിച്ചാല്‍, വചനനിഷേധികളുടെ ഗണത്തില്‍ മനോവയും എണ്ണപ്പെടും! ആയതിനാല്‍, മനോവ ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയത്തില്‍ പാഷണ്ഡത ആരോപിച്ചു തള്ളുവാന്‍, മുന്‍കാല പാഷണ്ഡികളുടെ ആശയങ്ങളോട് ഈ വിഷയത്തിനു സാദൃശ്യം കല്പിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക: വചനമാണ് സത്യം! ഈ സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടേണ്ടത് അന്ധകാരപൂര്‍ണ്ണമായ നമ്മുടെ മനസ്സാക്ഷിയാണ്! വചനത്തില്‍ മറഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാരമ്പര്യത്തിന്റെ കെട്ടുകളില്‍നിന്നു വിടുതല്‍ പ്രാപിക്കുകയും വചനം ഗ്രഹിക്കുവാന്‍ ഹൃദയങ്ങള്‍ തുറക്കുകയും ചെയ്യുക! പരിശുദ്ധാത്മാവു മുഖേന സകലര്‍ക്കും അതിനുള്ള കൃപ ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു!
ദൈവവും മനുഷ്യനുമായ യേഹ്ശുവാ മ്ശിഹാ!
യേഹ്ശുവാ മ്ശിഹാ ദൈവമല്ലെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിനുതന്നെ അര്‍ത്ഥമില്ലാതാകും. അവിടുന്ന് ദൈവമല്ലെന്ന വാദവുമായി ലോകത്തു പ്രത്യക്ഷപ്പെട്ട മതമാണ് ഇസ്ലാംമതമെന്നു നമുക്കറിയാം. “ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേഹ്ശുവാ മ്ശിഹായിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും”(1 യോഹ: 5; 20). സത്യദൈവവും നിത്യജീവനും ആരാണെന്ന് ഇവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ യേഹ്ശുവാ ദൈവമാണെന്ന് ഏറ്റുപറയാത്ത ഒരുവനും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല! കാരണം, സ്വര്‍ഗ്ഗത്തിലെ എല്ലാ അധികാരങ്ങളും തനിക്കു കീഴ്പ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞത് ദൈവപുത്രനായ യേഹ്ശുവാതന്നെയാണ്. അവിടുന്ന് അരുളിച്ചെയ്ത ഈ വചനം ശ്രദ്ധിക്കുക: “യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു”(മത്താ: 28; 18). ഈ യാഥാര്‍ത്ഥ്യത്തെ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ് സ്വര്‍ഗ്ഗരാജ്യത്തേക്കു പ്രവേശനം സാധ്യമാകുകയുള്ളു! ഒരു രാജ്യത്തിന്റെ ഭരണഘടനയും നിയമസംവിധാനങ്ങളും അംഗീകരിക്കാത്തവന്‍ രാജ്യദ്രോഹിയായി ഗണിക്കപ്പെടുമെന്നു നമുക്കറിയാം. സ്വര്‍ഗ്ഗരാജ്യത്തിന്റെ നിയമവും ഭരണഘടനയുമെല്ലാം യേഹ്ശുവാ എന്ന ദൈവപുത്രനാണ്! അവനെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല എന്ന വചനത്തില്‍ ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നു. “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല”(യോഹ: 1; 1-3). മോശയിലൂടെ ദൈവജനത്തിനു നല്‍കപ്പെട്ട നിയമവും സ്വര്‍ഗ്ഗരാജ്യത്തിലെ നിയമവും യേഹ്ശുവായിലാണ് സ്ഥിതിചെയ്യുന്നത്. എന്തെന്നാല്‍, യേഹ്ശുവായാണ് നിയമത്തിന്റെ പൂര്‍ത്തീകരണം. അവിടുത്തെ വാക്കുകള്‍ ഇങ്ങനെ വായിക്കുന്നു: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്”(മത്താ: 5; 17). ആയതിനാല്‍, ഇത് അംഗീകരിക്കാന്‍ തയ്യാറല്ലാത്തവന്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ ശത്രുവാണ്. ഇത്തരക്കാരെ ഈ രാജ്യം സ്വീകരിക്കുകയില്ല.
സ്വര്‍ഗ്ഗരാജ്യത്തെ സൗഭാഗ്യങ്ങള്‍ ആസ്വദിച്ചു ജീവിച്ച ദൂതന്മാര്‍പ്പോലും പുറത്താക്കപ്പെട്ടുവെന്നത് നാം വിസ്മരിച്ചുകൂടാ! സ്വര്‍ഗ്ഗത്തിലെ അധികാരങ്ങളെ ചോദ്യംചെയ്യാന്‍ മുതിര്‍ന്നതാണ് ഇവരുടെ പുറത്താക്കപ്പെടലിനു കാരണം. ദൈവത്തിന്റെ നിയമത്തിനു ബദലായി നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നത് ലോകത്തിന്റെ ശൈലിയാണ്. അതുകൊണ്ടുതന്നെയാണ് അപ്പസ്തോലന്‍ ഇങ്ങനെ വിളിച്ചുപറഞ്ഞത്: “വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു”(യാക്കോബ്: 4; 4). ആയതിനാല്‍, ദൈവത്തിന്റെ മിത്രമായി നിന്നുകൊണ്ട് ദൈവത്തില്‍നിന്നുള്ള സത്യങ്ങള്‍ ഗ്രഹിക്കാന്‍ നമുക്കു തയ്യാറാകാം!
യേഹ്ശുവാ ഒരേ സമയം ദൈവവും മനുഷ്യനുമായിരുന്നു എന്ന ചിന്തയും പഠനവും ദൈവവചന വിരുദ്ധവും കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങളെ അസാധുവാക്കുന്നതുമാണ്. മുപ്പത്തിമൂന്നു വര്‍ഷം യേഹ്ശുവാ ഈ ഭൂമിയില്‍ ജീവിച്ചത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടായിരുന്നു എന്ന സത്യം എന്തുകൊണ്ടാണ് മറച്ചുവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്? പരിശുദ്ധ കത്തോലിക്കാസഭയിലെ ഒരു റീത്തായ സീറോമലബാര്‍ സഭയുടെ കുര്‍ബ്ബാനയില്‍ വിളിച്ചുപറയുന്ന സത്യത്തെ മൂടിവയ്ക്കാന്‍ എന്തിനാണ് ശ്രമിക്കുന്നത്? ‘അവന്‍ പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്ന് ജാതനായി’ എന്ന് ഓരോ ബലിയിലും നാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നില്ലേ! അങ്ങനെയെങ്കില്‍, യേഹ്ശുവാ ഒരേസമയം ദൈവവും മനുഷ്യനുമാണോ?
യേഹ്ശുവാ പൂര്‍ണ്ണനായ മനുഷ്യന്‍!
പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായവനെയാണ് നാമിവിടെ പഠിക്കുന്നത്. കത്തോലിക്കാസഭയോ മറ്റു സഭകളോ എന്തുതന്നെയും പഠിപ്പിച്ചുകൊള്ളട്ടെ. എന്നാല്‍, വചനം നമ്മെ പഠിപ്പിക്കുന്നത് എന്താണെന്നുള്ളതാണ് പരമപ്രധാനം! ബൈബിള്‍ നല്‍കുന്ന ഈ വെള്ളിപ്പെടുത്തല്‍ സൂക്ഷ്മതയോടെ ഗ്രഹിക്കുക: “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി”(ഫിലിപ്പി: 2; 6-8). ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇവിടെ എന്താണു വ്യക്തമാക്കിയിരിക്കുന്നത്? ദൈവത്തിന്റെ രൂപത്തിലായിരുന്ന ഒരുവന്‍ ആ സാദൃശ്യം പരിഗണിക്കാതെ സമ്പൂര്‍ണ്ണ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു എന്നുതന്നെയാണ്. സമ്പൂര്‍ണ്ണ മനുഷ്യനാകാതെ ആര്‍ക്കും മരിക്കാന്‍ കഴിയില്ല. കുരിശുമരണംവരെ അവന്‍ അങ്ങനെയായിരുന്നു. ഈ സത്യത്തില്‍നിന്നു വ്യത്യസ്തമായി ആരെങ്കിലും നമ്മെ പഠിപ്പിക്കുന്നുവെങ്കില്‍, അവരാരും ദൈവത്തില്‍നിന്നുള്ളവരല്ല! കാരണം, ഇതാണ് വചനസത്യം!
“അവന്‍ പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായി”. ഇത് മനോവയുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ പ്രത്യയശാസ്ത്രമല്ല; മറിച്ച്, പരിശുദ്ധ കത്തോലിക്കാസഭയുടെ ഭാഗമായ സീറോമലബാര്‍ റീത്തിലെ കുര്‍ബ്ബാനക്രമത്തില്‍ ഏറ്റുചൊല്ലുന്ന ഭാഗമാണ്! വൈദീകന്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഇപ്രകാരമാണ്: “കര്‍ത്താവായ ദൈവമേ, സ്വര്‍ഗ്ഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്കു ഞങ്ങള്‍ കൃതജ്ഞത സമര്‍പ്പിക്കുന്നു. അങ്ങയില്‍ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയോടു സദൃശ്യനും അങ്ങയില്‍നിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിച്ഛായയുമായ വചനമാകുന്ന ദൈവത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ അവിടുന്നു തന്നെത്തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടുംകൂടെ പരിപൂര്‍ണ്ണ മനുഷ്യനായി, സ്ത്രീയില്‍നിന്നു ജാതനായി”(സീറോമലബാര്‍ കുര്‍ബ്ബാന). ഈ വാചകങ്ങള്‍ കേള്‍ക്കുന്നവരാണ് സീറോമലബാര്‍ സഭയില്‍ അംഗങ്ങളായ ഓരോരുത്തരും! വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രാര്‍ത്ഥന ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൗലോസ് അപ്പസ്തോലന്‍ രേഖപ്പെടുത്തിയതും ഇതുതന്നെയാണ്. അതായത്, യേഹ്ശുവാ ഈ ഭൂമിയിലേക്ക് കടന്നുവന്നത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ്. ഇതില്‍നിന്നു വ്യത്യസ്തമായ പഠനങ്ങള്‍ ദൈവത്തില്‍നിന്നുള്ളതല്ല!
യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി പിറന്നത് ഒരു പ്രത്യേക ദൗത്യത്തിനായിരുന്നുവെന്ന് നമുക്കറിയാം. മാനവരുടെ വിമോചനത്തിനായി ബലിയര്‍പ്പിക്കാനുള്ള ബലിവസ്തുവായിട്ടാണ് അവിടുന്ന് വന്നത്. അതായത്, മരണവും ഉയിര്‍പ്പും അവിടുത്തെ മനുഷ്യാവതാരത്തില്‍ അനിവാര്യ ഘടകമായിരുന്നു. ദൈവത്തിനു മരിക്കാനോ പീഡനമേല്ക്കാനോ കഴിയില്ല എന്നതുകൊണ്ടുതന്നെ, യേഹ്ശുവായ്ക്ക് പരിപൂര്‍ണ്ണ മനുഷ്യനാകേണ്ടിയിരുന്നു. ജനനം മുതല്‍ കുരിശുമരണം വരെ മനുഷ്യനായി തുടര്‍ന്ന യേഹ്ശുവാ, മരണാനന്തരം ദൈവത്വവുംകൂടി പ്രാപിക്കുകയും ചെയ്തു! ദൈവത്തെ വധിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന സത്യം ഗ്രഹിക്കാന്‍ കഴിയുന്ന ഏതൊരുവനും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയും! ബൈബിളില്‍ ഇതിനുള്ള തെളിവ് ഇപ്രകാരം വായിക്കുന്നു: “മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്‍പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു”(ഹെബ്രാ: 2; 9). ഇതില്‍നിന്നു നാം ഗ്രഹിക്കേണ്ടത് എന്താണ്? ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായി യേഹ്ശുവാ കടന്നുവന്നെങ്കില്‍, പരിപൂര്‍ണ്ണ മനുഷ്യന്‍ എന്നല്ലാതെ, മറ്റെന്താണു നാം ഗ്രഹിക്കേണ്ടത്? അപ്പസ്തോലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് നല്‍കിയിരിക്കുന്നത്, ഒരേസമയം പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമായിട്ടാണ് യേഹ്ശുവാ ഭൂമിയില്‍ വന്നതെന്നുള്ള വാദത്തെ അപ്പാടെ അസാധുവാക്കുന്ന വെളിപ്പെടുത്തലാണ്!
മുപ്പത്തിമൂന്നു വര്‍ഷം യേഹ്ശുവാ മനുഷ്യന്‍ മാത്രമായിരുന്നുവെന്നതിനു ബൈബിളില്‍ അനേകം തെളിവുകളുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ”(മത്താ: 24; 36). യേഹ്ശുവായുടെ ദൈവത്വവും മനുഷ്യത്വവും ഒരുമിച്ചായിരുന്നുവെന്ന വാദം ഇവിടെ പൊളിയുകയല്ലേ? അന്ത്യദിനത്തെക്കുറിച്ച് അറിയാത്തവനല്ല ദൈവമായ യേഹ്ശുവാ! എന്നാല്‍, മനുഷ്യനായി അവതരിച്ച യേഹ്ശുവായ്ക്ക് അന്ത്യദിനം എന്നാണെന്ന് അറിയില്ലായിരുന്നു. ഇന്നും ആ സ്ഥിതിയിലാണ് ദൈവപുത്രനായ യേഹ്ശുവാ എന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ ദൈവനിഷേധകര്‍!
“അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). വീണ്ടും വരാനിരിക്കുന്നവനു തന്റെ വരവിന്റെ സമയമോ കാലമോ അറിയില്ലെന്നു കരുതുന്നവരാണ് മണ്ടന്മാര്‍! മനുഷ്യപുത്രനായ യേഹ്ശുവായ്ക്ക് അറിയില്ല എന്നുപറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ദൈവമായ യേഹ്ശുവായ്ക്ക് അറിയാത്തതായി ഒന്നുമില്ല! ഇന്ന് അവിടുന്ന് പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവര്‍ അന്ത്യദിനത്തില്‍ വഞ്ചിതരാകും! മനുഷ്യന്‍ മാത്രമായിരുന്ന യേഹ്ശുവാ പറഞ്ഞതാണ് ദൈവമായ യേഹ്ശുവായുടെയും അഭിപ്രായമെന്ന് ആരും ധരിക്കരുത്! തന്റെ കുരിശുമരണംവരെ അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തിയത് മനുഷ്യപുത്രന്‍ എന്നായിരുന്നു. എന്നാല്‍, ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവായെ ആരും തിരിച്ചറിഞ്ഞില്ല. വര്‍ഷങ്ങളോളം കൂടെനടന്ന ശിഷ്യന്മാരോ കുട്ടിക്കാലത്തുപോലും കളിച്ചുനടന്ന അര്‍ദ്ധസഹോദരന്മാര്‍ക്കോ തിരിച്ചറിയാത്തവിധം യേഹ്ശുവാ എങ്ങനെ രൂപാന്തരപ്പെട്ടു? ദൈവമായ യേഹ്ശുവായെയും മനുഷ്യനായ യേഹ്ശുവായെയും തിരിച്ചറിയാന്‍ കഴിയാതിരുന്നാല്‍ സംഭവിക്കുന്ന ദുരന്തം വലുതാണ്. വിജാതിയരുടെയിടയില്‍പ്പോലും അപഹാസിതരാകാന്‍ ഇത് കാരണമായിട്ടുണ്ട്!
എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ അവിടുത്തെ തിരിച്ചറിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം നാം ബൈബിളില്‍ വായിക്കുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായെ എന്തുകൊണ്ടാണ് ഇവര്‍ക്കൊന്നും തിരിച്ചറിയാന്‍ കഴിയാതിരുന്നത്? ദൗത്യകാലത്ത് കണ്ടിരുന്ന യേഹ്ശുവായില്‍നിന്നു തികച്ചും വ്യത്യസ്ഥനായ യേഹ്ശുവായാണ് ഉയിര്‍ത്തെഴുന്നേറ്റവനെന്ന് ഇവിടെ സ്ഥിരീകരിക്കപ്പെടുകയാണ്! എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്കു മാത്രമല്ല, ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായെ തിരിച്ചറിയാന്‍ കഴിയാത്തത്. മഗ്ദലേഥ് മറിയത്തിനും യേഹ്ശുവായെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേഹ്ശുവാ നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേഹ്ശുവായാണെന്ന് അവള്‍ക്കു മനസ്സിലായില്ല”(യോഹ: 20; 14). തിബേരിയോസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ! ആ സന്ദര്‍ഭം നോക്കുക: “ഇതിനുശേഷം യേഹ്ശുവാ തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ശിമയോന്‍ എന്ന കേപ്പാ, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗെലീലെയായിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബ്ദിയുടെ പുത്രന്‍മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ എന്ന കേപ്പാ പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്‌സായപ്പോള്‍ യേഹ്ശുവാ കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേഹ്ശുവായാണെന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല”(യോഹ: 21; 1-3).
ഇതില്‍നിന്നെല്ലാം നാം എന്താണു മനസ്സിലാക്കേണ്ടത്? മരണാനന്തരം ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ വ്യത്യസ്തനായിരുന്നു എന്നുതന്നെയല്ലേ!? ദൈവമായ യേഹ്ശുവായ്ക്കു മരിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യമാണ് നാമിവിടെ തിരിച്ചറിയേണ്ടത്. ദൈവത്തെ വധിക്കാന്‍ കെല്പുള്ള ആരെങ്കിലും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല; ഇനിയൊട്ടു ജനിക്കുകയുമില്ല! യേഹ്ശുവാ ഒരിക്കല്‍ പറഞ്ഞു: “മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല”(മത്താ: 12; 32). ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനത്തിലൂടെ വലിയ കാര്യങ്ങളാണ് അവിടുന്ന് വെളിപ്പെടുത്തിയത്. യേഹ്ശുവായെ വധിക്കാനിരിക്കുന്നവരോടുള്ള ക്ഷമയും, അവിടുത്തെ മനുഷ്യത്വവും ഇവിടെ വെളിപ്പെടുത്തി! എന്നാല്‍, ഉത്ഥിതനായ യേഹ്ശുവായെ ദുഷിക്കുകയെന്നത് പരിശുദ്ധാത്മാവിനെ ദുഷിക്കുന്നതിനു തുല്യമാണ്! കാരണം, ത്രിത്വമെന്നത് ഏകമാണ്!
യേഹ്ശുവായുടെ പീഢാസഹനത്തെ കുറച്ചുകാണിക്കാനുള്ള പൈശാചിക അജണ്ടയും നാം തിരിച്ചറിയണം. ദൈവമായ യേഹ്ശുവായാണ് പീഢകള്‍ സഹിച്ചതെങ്കില്‍ ആ സഹനത്തെ സഹനമായി കാണാന്‍ ആര്‍ക്കും കഴിയില്ല. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലാത്തതുകൊണ്ടുതന്നെ, ഈ സഹനത്തെ ഇല്ലാതാക്കുവാന്‍ അവിടുത്തേക്ക് കഴിയുമായിരുന്നു. വരാനിരിക്കുന്ന ദാരുണമായ മരണത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയുണ്ടായിരുന്ന യേഹ്ശുവായാണ് ഒലിവുമലയില്‍ രക്തം വിയര്‍ത്തത്! അവിടുന്ന് പിതാവിനോട് ഇപ്രകാരം യാചിച്ചു: “അവന്‍ അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, സാദ്ധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ”(മത്താ: 26; 39). ഇവിടെ നാം കാണുന്നത് ദൈവമായ യേഹ്ശുവായെയല്ല; മറിച്ച്, മനുഷ്യനായ യേഹ്ശുവായെയാണ്! ചിലരെങ്കിലും തങ്ങളുടെ സഹനങ്ങളെക്കുറിച്ചു വിലപിക്കുമ്പോള്‍, യേഹ്ശുവായുടെ സഹനങ്ങളെ ലഘൂകരിച്ചു കാണാറുണ്ട്. അവിടുന്ന് ദൈവമായതുകൊണ്ട് സഹിക്കാനുള്ള ശക്തിയുണ്ടായിരുന്നു എന്നതാണ് ഇക്കൂട്ടരുടെ ന്യായീകരണം. എന്നാല്‍, യേഹ്ശുവാ ഈ ഭൂമുഖത്ത് ജീവിച്ച മുപ്പത്തിമൂന്നു വര്‍ഷവും പരിപൂര്‍ണ്ണ മനുഷ്യനായിരുന്നുവെന്നു തിരിച്ചറിയുന്നവര്‍ക്കു മാത്രമേ അവിടുത്തെ സഹനത്തിന്റെ പൂര്‍ണ്ണത അംഗീകരിക്കാന്‍ കഴിയുകയുള്ളൂ!
മനുഷ്യനായ യേഹ്ശുവായെ അറിയാന്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍”(ഹെബ്രാ: 4; 15). ദൈവത്തെ ആര്‍ക്കെങ്കിലും പരീക്ഷിക്കുവാന്‍ കഴിയുമോ? യേഹ്ശുവാ അനേകം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം ചെയ്യുമ്പോള്‍ അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചതായി നാം ബൈബിളില്‍ വായിക്കുന്നു. മനുഷ്യനായ യേഹ്ശുവായെയാണ് നാം അവിടെയെല്ലാം കാണുന്നത്. എന്നാല്‍, അവിടുന്ന് ദൈവപുത്രന്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്. ദൈവത്തിന്റെ പുത്രനാണെങ്കില്‍, അവന്‍ ദൈവമായിരിക്കില്ലേ എന്ന ചോദ്യം ഇവിടെ ഉയരാം. യേഹ്ശുവാ ദൈവപുത്രനും ദൈവവുമാണ്! എന്നാല്‍, ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍ പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു! ആദ്യമനുഷ്യനായ ആദം ദൈവപുത്രനായിരുന്നുവെന്ന യാഥാര്‍ത്ഥ്യവും ഇവിടെ നാം വിസ്മരിക്കരുത്. പാപം ചെയ്തതുവഴി ദൈവപുത്രസ്ഥാനം ആദത്തിനു നഷ്ടമാകുകയായിരുന്നു. മനുഷ്യന്‍ പാപം ചെയ്യുകയും, ആ പാപം മാനവരാശി മുഴുവനിലേക്കും പകരപ്പെടുകയും ചെയ്തപ്പോള്‍, മനുഷ്യരെല്ലാം പാപികളായിത്തീര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം! മനുഷ്യന്റെ പാപം പരിഹരിക്കാന്‍ ദൈവം മനുഷ്യനായി ഈ ഭൂമിയിലേക്കു വന്നു. കാരണം, മനുഷ്യന്‍ ചെയ്ത പാപത്തിനു പരിഹാരം ചെയ്യേണ്ടത് മനുഷ്യന്‍തന്നെയാണ്. പാപപരിഹാരാര്‍ത്ഥം ഒരിക്കല്‍ മനുഷ്യനായ യേഹ്ശുവാ കടന്നുവന്നെങ്കില്‍, ഇനി വരാനിരിക്കുന്നത് വിധിക്കുവാന്‍ അധികാരമുള്ള ദൈവവും മനുഷ്യനുമായ യേഹ്ശുവായാണ്! ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 27, 28).
മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷമാണ് വിധി! മനുഷ്യനായ യേഹ്ശുവാ മരിക്കുകയും ദൈവത്വത്തില്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു! ഇനി അവിടുന്ന് വരുന്നത് വിനീത ഭാവത്തില്‍ ആയിരിക്കില്ല; മറിച്ച്, വിധിയാളനായിട്ടാണ്! യേഹ്ശുവായുടെ വീണ്ടുംവരവില്‍ അവിടുന്ന് ദൈവം മാത്രമായിരിക്കില്ല; ദൈവവവും മനുഷ്യനുമായിട്ടായിരിക്കും. ഇതു വ്യക്തമാക്കുന്ന വചനം അവിടുന്നുതന്നെ അരുളിചെയ്തിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു”(യോഹ: 5; 22). ഇതിന്റെ കാരണം അവിടുന്നു വ്യക്തമാക്കിയിരിക്കുന്നത് വായിക്കുമ്പോള്‍, മനോവയുടെ വാദം സ്ഥിരീകരിക്കപ്പെടും. ഈ വചനം നോക്കുക: “മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു”(യോഹ: 5; 27). അതായത്, യേഹ്ശുവായുടെ പുനരാഗമനത്തില്‍ അവിടുന്ന് ദൈവവും മനുഷ്യനുമായിരിക്കും. അന്ത്യവിധി പൂര്‍ത്തിയാകുന്നതുവരെ ഈ സ്ഥിതി തുടരുകയും ചെയ്യും!
ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയായോ?
“കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു യാഹ്‌വെ പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്”(മത്താ: 1; 22, 23). ഈ പ്രവചനം പൂര്‍ത്തിയായെങ്കില്‍, ആരെങ്കിലും എപ്പോഴെങ്കിലും യേഹ്ശുവായെ ‘ഇമ്മാനുവേല്‍’ എന്ന് വിളിക്കുമായിരുന്നു. യേഹ്ശുവായെ ആരെങ്കിലും ഇങ്ങനെ വിളിച്ചിട്ടുണ്ടോ? ഇപ്പോള്‍ ചിലര്‍ ‘ഇമ്മാനുവേല്‍’ എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് പാട്ടുപാടുന്നത് പരിഗണിക്കേണ്ട കാര്യമില്ല. യേഹ്ശുവാ അവിടുത്തെ ദൗത്യവുമായി ഭൂമിയില്‍ ജീവിച്ച കാലത്ത് എപ്പോഴെങ്കിലും ഈ പേര് വിളിച്ചതായി ബൈബിളില്‍ വായിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ പ്രവചനം പൂര്‍ത്തിയായില്ല എന്ന സത്യം നാം തിരിച്ചറിയണം. എന്തെന്നാല്‍, ഈ പ്രവചനം പൂര്‍ത്തിയാകണമെങ്കില്‍ ദൈവമായ യേഹ്ശുവാ നമ്മോടൊപ്പം വസിക്കണം. ആത്മീയമായി അവിടുന്ന് ഇപ്പോഴും എപ്പോഴും നമ്മോടുകൂടി ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, ശാരീരികമായിത്തന്നെ, ദൃഷ്ടിഗോചരമായി നമ്മോടുകൂടെയില്ല. യഥാകാലം പൂര്‍ത്തിയാകേണ്ട അവിടുത്തെ പ്രവചനങ്ങള്‍ എല്ലാം പൂര്‍ത്തിയാകുകതന്നെ ചെയ്യും. ഇമ്മാനുവേല്‍ പ്രവചനവും പൂര്‍ത്തിയാകും! എന്നാല്‍, ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയാകുന്നത് അവിടുത്തെ പുനരാഗമനത്തിലാണ്.
അത് വ്യക്തമാക്കുന്ന മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). യേഹ്ശുവായുടെ പുനരാഗമാനത്തിലാണ് ഇത് സംഭവിക്കുന്നത്. ഒലിവുമലയില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയ യേഹ്ശുവായെ നോക്കിനിന്ന ശിഷ്യസമൂഹത്തോട് ദൈവദൂതന്മാര്‍ ഇപ്രകാരം അരുളിച്ചെയ്തു: “അല്ലയോ ഗലീലെയാക്കാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക്‌പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെതിരിച്ചുവരും”(അപ്പ. പ്രവര്‍: 1; 11). ദൂതന്മാര്‍ പറഞ്ഞത് സ്വര്‍ഗ്ഗത്തിന്റെ തീരുമാനമായതുകൊണ്ടുതന്നെ, അതു സംഭവിക്കണം. അതായത്, ഒലിവുമലയില്‍ തന്നെ ഇറങ്ങണം. അത് വ്യക്തമാക്കുന്ന പ്രവചനം ശ്രദ്ധിക്കുക: “യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും”(ശെഖരിയാഹ്: 14; 4). യേഹ്ശുവാ അവിടുത്തെ രാജ്യം സ്ഥാപിക്കാന്‍ കടന്നുവരികയും, ആ രാജ്യത്ത് അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരെ ആയിരം വര്‍ഷം ഭരിക്കുകയും ചെയ്യും. അപ്പോഴാണ് ദൈവം നമ്മോടുകൂടെ എന്ന അവസ്ഥ യാഥാര്‍ത്ഥ്യമാകുന്നതും ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയാകുന്നതും!
പരിശുദ്ധ കന്യകാമാതാവ് മനുഷ്യപുത്രന്റെ അമ്മ!
മനുഷ്യപുത്രനായ യേഹ്ശുവായുടെ അന്ത്യനിമിഷങ്ങളില്‍ അവിടുന്ന് ഇപ്രകാരം യോഹന്നാനോട് അരുളിച്ചെയ്തു: “യേഹ്ശുവാ തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു”(യോഹ: 19; 26, 27). ഉത്ഥിതനായ യേഹ്ശുവാ ഒരിക്കല്‍പ്പോലും പരിശുദ്ധ അമ്മയെ ‘അമ്മ’ എന്ന് സംബോധന ചെയ്തതായി ബൈബിളില്‍ വായിക്കുന്നില്ല. ആയതിനാല്‍, പരിശുദ്ധ കന്യകാമറിയം മനുഷ്യപുത്രനായ യേഹ്ശുവായുടെ അമ്മയാണ്. മനുഷ്യന്‍ എന്ന അവസ്ഥയില്‍നിന്നു വിരമിക്കുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷത്തില്‍ത്തന്നെ അവിടുന്ന് തന്റെ അമ്മയെ മാനവകുലത്തിന് അമ്മയായി നല്‍കി! എന്നാല്‍, പരിശുദ്ധ അമ്മയെ ദൈവമാതാവായി പരിഗണിക്കുന്ന അവസ്ഥ കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലുമുണ്ട്. ഇത് തികച്ചും ദൈവനിഷേധമാണെന്നു പറയാതെവയ്യ! കാരണം, പരിശുദ്ധാത്മാവില്‍നിന്നു ജനിച്ച മനുഷ്യപുത്രനായ യേഹ്ശുവായുടെ അമ്മയാണ് പരിശുദ്ധ കന്യകാമറിയം! ദൈവമായ യേഹ്ശുവായെ സംബന്ധിച്ചുള്ള ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്”(ഹെബ്രാ: 7; 3).
മെല്‍ക്കിസെദേക്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണെങ്കില്‍ക്കൂടി ഈ വരികളില്‍ ഒരു യാഥാര്‍ത്ഥ്യം തെളിഞ്ഞുനില്‍പ്പുണ്ട്. ദൈവപുത്രനായ യേഹ്ശുവായ്ക്ക് പിതാവോ മാതാവോ ഇല്ലെന്ന സത്യമാണ് അത്. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തില്‍ ഇപ്രകാരം നാം ഏറ്റുചൊല്ലുന്നു: “ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങള്‍ക്കെല്ലാം മുമ്പ് പിതാവില്‍നിന്നു ജനിച്ചവനും, എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും ഏക കര്‍ത്താവുമായ(നാഥന്‍) യേഹ്ശുവാ മ്ശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു”(വിശ്വാസപ്രമാണം). പ്രമാണം ഇപ്രകാരമാണ് തുടരുന്നത്: “മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയത്തില്‍നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു”(വിശ്വാസപ്രമാണം). ദൈവമായ യേഹ്ശുവായെയും മനുഷ്യനായ യേഹ്ശുവായെയും വ്യക്തമാക്കിക്കൊണ്ടാണ് സഭയുടെ വിശ്വാസപ്രമാണം ചിട്ടപ്പെടുത്തിയിരിക്കുന്നത്! കന്യകാമറിയത്തില്‍നിന്നു പിറന്നത് മനുഷ്യനായ യേഹ്ശുവാ ആയിരിക്കെ, എങ്ങനെയാണ് ഈ അമ്മ ദൈവമാതാവാകുന്നത്?
ഒരു വചനം എടുത്തുപയോഗിച്ചുകൊണ്ട് മറുചോദ്യം ഉന്നയിക്കുന്നവരുണ്ട്. യെലീഷെവാ പരിശുദ്ധാത്മാവില്‍ നിറഞ്ഞപ്പോള്‍ പറഞ്ഞ വാക്കുകളാണ് ആ വചനം. ലൂക്കാ സുവിശേഷകന്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ യെലീഷെവായുടെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. യെലീഷെവാ പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ ‘കര്‍ത്താവിന്റെ’ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?”(ലൂക്കാ: 1; 41-43). ‘കര്‍ത്താവിന്റെ അമ്മ’ എന്ന പ്രയോഗമാണ് പലരെയും തെറ്റിദ്ധാരണയിലേക്കു നയിച്ചത്. ഹെബ്രായ ബൈബിള്‍ പരിശോധിക്കുന്ന വ്യക്തികള്‍ക്ക് ഈ തെറ്റിദ്ധാരണ നീങ്ങും. അവിടെ നാം വായിക്കുന്നത്, എന്റെ അദോനായിയുടെ അമ്മ എന്നാണ്! അദോനായ് എന്ന വാക്കിനു ദൈവം എന്ന അര്‍ത്ഥമല്ല ഉള്ളത്; മറിച്ച്, നാഥന്‍ എന്ന അര്‍ത്ഥമാണുള്ളത്! അദോനായ് എന്ന പദത്തിനു സമാനമായ ‘കിരിയോസ്’ പദമാണ് ഗ്രീക്ക് പരിഭാഷയിലും കാണുന്നത്! മലയാളം ബൈബിളില്‍ കടന്നുകൂടിയ അനേകം തെറ്റുകള്‍ പേറിനടക്കേണ്ടി വന്നതിലൂടെ വലിയ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ‘കര്‍ത്താവ്’ എന്ന വാക്കിനു ദൈവം എന്ന അര്‍ത്ഥമുണ്ടെന്ന് ആരാണ് പഠിപ്പിച്ചത്? അങ്ങനെയെങ്കില്‍, ദൈവമായ ‘കര്‍ത്താവ്’ എന്ന് പറയുന്നതിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നത്? ദൈവമായ ദൈവമെന്നോ? ‘കര്‍ത്താവ്’ എന്നത് ബൈബിളില്‍ അവിഹിതമായി കടന്നുവന്ന ഒരു വാക്കാണ്! ദൈവത്തിന്റെ പേരായി ചില കുബുദ്ധികള്‍ ഈ വാക്ക് ഉപയോഗിച്ചതാണ് വലിയ അപകടത്തിന് ആധാരമായത്! എക്കാലവും ഈ പേരില്‍ അറിയപ്പെടണം എന്ന കല്പനയോടെ അവിടുത്തെ പേര് അവിടുന്ന് വെളിപ്പെടുത്തി. ഈ പേരിനെ വിസ്മൃതിയിലാഴ്ത്താന്‍ പിശാച്ചു നടത്തിയ ശ്രമം ബൈബിളില്‍ കാണാം! മലയാളം ബൈബിളില്‍, യാഹ്‌വെയെയും യേഹ്ശുവായെയും ‘കര്‍ത്താവ്’ എന്നുവിളിക്കുമ്പോള്‍, ഹീബ്രു ബൈബിളില്‍ ഇങ്ങനെയല്ല വായിക്കുന്നത്. പൗരാണികഗ്രന്ഥങ്ങളില്‍ ദൈവത്തിന്റെ പേര് വായിക്കുന്നിടത്തൊക്കെ ‘യാഹ്‌വെ’ എന്നാണു കാണുന്നതെങ്കില്‍, മത്തായിയുടെ സുവിശേഷം മുതല്‍ പുത്രനെ സംബോധനചെയ്യുന്നത് ‘അദോനായ്’ എന്നാണ്!
ഈ വിഷയത്തെ സംബന്ധിച്ചുള്ള ഒന്നിലധികം ലേഖനങ്ങള്‍ മനോവയിലുണ്ട്. മനുഷ്യപുത്രനായ യേഹ്ശുവായുടെയും ദൈവമായ യാഹ്‌വെയുടെയും പേര് മാറ്റിമറിച്ചത് മനുഷ്യരാണെന്നു മനോവ കരുതുന്നില്ല. ഇത് പിശാചിന്റെ കുതന്ത്രങ്ങളില്‍ ഒന്നായി മാത്രമേ കാണുന്നുള്ളൂ! സൃഷ്ടി മുതല്‍ മലാക്കി വരെയുള്ള പുരാതനഗ്രന്ഥങ്ങളില്‍ നാം കാണുന്ന ദൈവതന്നെയാണ് നവീനഗ്രന്ഥങ്ങളിലെ യേഹ്ശുവാ! അവിടുന്ന് ഭൂമില്‍ പിറന്നത് മനുഷ്യപുത്രനായിട്ടാണ്. കന്യകാമറിയത്തില്‍നിന്ന് ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു എന്നാണു കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്! മനുഷ്യനായി പിറക്കേണ്ടതിനാണ് കന്യകയായ മനുഷ്യപുത്രിയെ ദൈവം തിരഞ്ഞെടുത്തത് എന്ന യാഥാര്‍ത്ഥ്യം ഇവിടെ വ്യക്തമാകുന്നു!
പുരാതനഗ്രന്ഥങ്ങളില്‍ നാം കാണുന്ന ദൈവത്തിന്റെ പേര് തിരുത്തിയതിനുപിന്നിലും വലിയ അജണ്ടയുണ്ട്. എന്തെന്നാല്‍, ആ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമാണ് രക്ഷപ്രാപിക്കുന്നത്. യാഹ്‌വെ രക്ഷകനാകുന്നു എന്ന അര്‍ത്ഥമുള്ള ‘യേഹ്ശുവാ’ എന്ന പേര് വിളിച്ചപേക്ഷിക്കാത്ത ആരും രക്ഷപ്രാപിക്കില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിച്ചുകൂടാ! ആയതിനാല്‍ത്തന്നെ, ഈ പേര് ഉന്മൂലനം ചെയ്യേണ്ടത് പിശാചിന്റെ മുഖ്യ അജണ്ടയുമാണ്. ഈ അജണ്ടയുടെ ഭാഗമായി നിലകൊണ്ടവരില്‍ ചിലര്‍ ബൈബിളിന്റെ പരിഭാഷകരായി കടന്നുകൂടിയപ്പോള്‍ അവിടുത്തെ പേര് നീക്കംചെയ്യപ്പെട്ടു. അവിടുത്തെ കല്പന ഇതായിരുന്നു: “അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). ‘യാഹ്‌വെ’ എന്ന പേര് പുരാതനഗ്രന്ഥങ്ങളില്‍നിന്നു നീക്കിക്കളഞ്ഞതുപോലെ, നവീനഗ്രന്ഥങ്ങളിലെ ‘യേഹ്ശുവാ’ എന്ന പേരും നീക്കപ്പെട്ടു! സര്‍വ്വപുരുഷാന്തരങ്ങളിലും ഈ പേരില്‍ അറിയപ്പെടണമെന്നത് ദൈവത്തിന്റെ അലംഘനീയമായ കല്പനയാണ് ഇവിടെ ലംഘിക്കപ്പെട്ടത്!
ഈ കല്പനയെ തിരസ്കരിച്ചതുമൂലം വന്നുഭവിച്ച അനേകം ദുരന്തങ്ങളില്‍ ഒന്ന് ഇവിടെ കുറിക്കുന്നു: “പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്: കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു”(മര്‍ക്കോ: 12; 36). പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായിത്തന്നെയാണ് ദാവീദ് സംസാരിച്ചതെങ്കിലും, ദാവീദ് പറഞ്ഞ യഥാര്‍ത്ഥ വാചകം ഇതായിരുന്നില്ല. ഹീബ്രു ബൈബിളില്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും! മലയാളത്തില്‍ വായിക്കുന്നത് ഇപ്രകാരമാണ്: “കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക”(സങ്കീ: 110; 1). എന്നാല്‍, ഹീബ്രുമൂലം പറയുന്നത്, “യാഹ്‌വെ എന്റെ അദോനായിയോട് അരുളിച്ചെയ്തു” എന്നാണ്! ദൈവമായ യാഹ്‌വെ തന്റെ ഏകജാതനും മനുഷ്യനുമായ യേഹ്ശുവായോട് അരുളിച്ചെയ്തു എന്നാണു നാമിവിടെ വായിക്കേണ്ടത്! കൃത്യമായ മലയാള പരിഭാഷ ഇതാണ്: “യാഹ്‌വെ എന്റെ നാഥനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക”(സങ്കീ: 110; 1). ‘യാഹ്‌വെ’, ‘അദോനായ്’ എന്നീ വാക്കുകള്‍ക്ക് പൊതുവായി നല്‍കപ്പെട്ട പദമായ ‘കര്‍ത്താവ്’ എന്ന പദമാണ് എല്ലാ ദുരന്തങ്ങളുടെയും ആധാരം. കര്‍ത്താവ്(Lord) എന്ന പദം മനുഷ്യസൃഷിടിയാണ്. ഈ പദംമൂലമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെമേല്‍ ദൈവമാതാവ് എന്ന ആരോപണം അടിച്ചേല്പിക്കപ്പെട്ടത്!
യേഹ്ശുവാ ദൈവമായിരുന്നുവെങ്കിലും പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ് സ്ത്രീയില്‍നിന്നു ജാതനായത്. അങ്ങനെയെങ്കില്‍, പരിശുദ്ധ കന്യകാമറിയം എങ്ങനെയാണ് ദൈവമാതാവാകുന്നത്? ഇനി വരാനിരിക്കുന്ന യേഹ്ശുവാ മനുഷ്യനല്ല; മനുഷ്യപുത്രന്‍ ആയിരിക്കുമ്പോള്‍ത്തന്നെ, ദൈവവുമാണ്! ത്രിത്വം എന്ന അവസ്ഥയെ സംബന്ധിക്കുന്ന എല്ലാ ദുരൂഹതകളും നീക്കിക്കൊണ്ടാണ് അവിടുന്ന് വീണ്ടും വരുന്നത്. ആര്‍ക്കും മനസ്സിലാകാത്തവിധം വ്യാഖ്യാനിച്ചു ദുരൂഹമാക്കുകയും മൂന്ന് ആളത്വം എന്ന ദൈവദൂഷണപരമായ ചിന്തയിലേക്ക് ക്രൈസ്തവരെ തള്ളിയിടുകയും ചെയ്ത ആചാര്യന്മാരെ ലജ്ജിപ്പിച്ചുകൊണ്ട് അവിടുന്ന് പ്രത്യക്ഷനാകും! ശെഖരിയാഹ് പ്രവാചകന്റെ പുസ്തകം ഇങ്ങനെ വെളിപ്പെടുത്തുന്നു: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). ഇവിടെ എന്താണ് നാം മനസ്സിലാക്കേണ്ടത്? ത്രിത്വം ഏകത്വമാകുന്നു എന്നുതന്നെയല്ലേ? അതായത്, മനുഷ്യപുത്രന്‍ മാത്രമായ യേഹ്ശുവാ ഇനിയില്ല; അവന്‍ ഇന്ന് മനുഷ്യപുത്രനും പൂര്‍ണ്ണനായ ദൈവവുമാണ്! അതിനാല്‍ത്തന്നെ, പരിശുദ്ധ കന്യകാമറിയം ഈ ദൈവത്തിന്റെ അമ്മയല്ല! ദൈവത്തിനു മാതാവോ പിതാവോ വംശപരമ്പരയോ ഇല്ല!
ഈ ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും താന്‍ ദൈവമാണെന്ന് യേഹ്ശുവാ പറഞ്ഞിട്ടില്ല. എന്നാല്‍, മരിച്ചുയര്‍ത്തെഴുന്നേറ്റ യേഹ്ശുവാ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അപ്പസ്തോലനായ തോമസ് അവിടുത്തെ ഇപ്രകാരം സംബോധന ചെയ്യുന്നു: “തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!”(യോഹ: 20; 28). ഈ വചനം ഇപ്രകാരം തന്നെയാണെന്നു കരുതുന്നവര്‍ക്ക് വലിയ തെറ്റുപറ്റും. ഹീബ്രു ബൈബിള്‍ പരിശോധിച്ചാല്‍ കാണുന്നത് ഇങ്ങനെയാണ്: “എന്റെ അദോനായി, എന്റെ ദൈവമേ”. ഈ വചനം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെ വായിക്കും: “തോമസ് പറഞ്ഞു: എന്റെ നാഥാ, എന്റെ ദൈവമേ!”(യോഹ: 20; 28). മരിച്ചുയിര്‍ത്ത യേഹ്ശുവാ ദൈവവും മനുഷ്യനുമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ആയതിനാല്‍ത്തന്നെ, യേഹ്ശുവായും അത് നിഷേധിച്ചില്ല! യേഹ്ശുവായുടെ പേരില്‍ ‘യാഹ്‌വെ’ ഉള്ളതുകൊണ്ടുതന്നെ, ‘യാഹ്‌വെ’ എന്നു സംബോധന ചെയ്താല്‍പ്പോലും ഇവിടെ തെറ്റുപറയാന്‍ കഴിയില്ല. എന്തെന്നാല്‍, ‘യാഹ്‌വെ’ എന്ന പേരിന്റെ പൂര്‍ണ്ണതയാണ് ‘യേഹ്ശുവാ’ എന്ന പേര്! എന്നാല്‍, മനുഷ്യനായിരുന്ന യേഹ്ശുവായെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അപ്പസ്തോലനായ കേപ്പാ നടത്തുന്ന ഒരു വിശ്വാസപ്രഖ്യാപനം ബൈബിളില്‍ വായിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: “ശിമയോന്‍ എന്ന കേപ്പാ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്”(മത്താ: 16; 16). ഈ തിരിച്ചറിവ് പൂര്‍ണ്ണമായും സത്യമാണ്! ദൈവത്തിന്റെ പുത്രനും, രക്ഷകനായി അഭിഷിക്തനുമാണ് യേഹ്ശുവാ! ഈ സത്യമാണ് കേപ്പാ വിളിച്ചുപറഞ്ഞത്!
ദൈവത്തിന്റെ പുത്രന്‍ ദൈവമായിരിക്കില്ലേ എന്ന ചോദ്യം ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഉത്തരം യേഹ്ശുവാതന്നെ വെളിപ്പെടുത്തുന്നു: “ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ?”(യോഹ: 10; 35, 36). അതായത്, ആത്മാവിനാല്‍ പൂരിതരാകുന്ന സകലര്‍ക്കും ദൈവമക്കളുടെ പദവി ലഭിക്കുന്നുണ്ട്. മരണാനന്തരം ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ വഴി നമുക്കും ദൈവമക്കളാകാനുള്ള അവസരമുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും”(1 യോഹ: 3; 1, 2). യേഹ്ശുവായില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന സൗഭാഗ്യമാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നാമെല്ലാം ദത്തെടുക്കപ്പെട്ട മക്കളും, മനുഷ്യപുത്രനായ യേഹ്ശുവാ ദൈവത്തിന്റെ ഏക പുത്രനുമാണ്! ആദം ദൈവപുത്രനായിരുന്നുവെന്നും, ഈ സ്ഥാനം ആദം നഷ്ടപ്പെടുത്തിയതാണെന്നും ഒരിക്കല്‍ക്കൂടി ഇവിടെ ഓര്‍മ്മിപ്പിക്കുന്നു!
മനുഷ്യനായ യേഹ്ശുവായെയും ദൈവമായ യേഹ്ശുവായെയും വെളിപ്പെടുത്തുക എന്നതായിരുന്നു ഈ ലേഖനത്തിലൂടെ ലക്ഷ്യമിട്ടത്! യേഹ്ശുവാ ദൈവമായിരുന്നുവെങ്കിലും, ഭൂമിയില്‍ കടന്നുവന്നത് പൂര്‍ണ്ണനായ മനുഷ്യാനായിട്ടായിരുന്നു. ഈ മനുഷ്യനാണ് മാനവരാശിയുടെ പാപപരിഹാരത്തിനു ബലിയായി സ്വയം സമര്‍പ്പിച്ചത്. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടത് മനുഷ്യനും പരിപൂര്‍ണ്ണ ദൈവവുമായിട്ടാണ്! ആയതിനാല്‍ത്തന്നെ, പരിശുദ്ധ കന്യകാമറിയം ദൈവമാതാവല്ല! മനോവയുടെയും യേഹ്ശുവായില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരുടെയും അമ്മയാണ് പരിശുദ്ധ കന്യകാമറിയം!
ഇനിയും വിശദ്ദീകരണങ്ങള്‍ക്കു മുതിരാതെതന്നെ ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു.
പരിശുദ്ധ കന്യകാമറിയമേ, രക്ഷകനായി ഭൂമിയിലേക്കു വന്ന യേഹ്ശുവായുടെ അമ്മേ, മക്കളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ!
ചേര്‍ത്തുവായിക്കാന്‍: മുപ്പത്തിമൂന്നു വര്‍ഷത്തോളം ഈ ഭൂമിയില്‍ ജീവിച്ച യേഹ്ശുവാ, ദൈവം നമ്മോടുകൂടെ എന്ന അര്‍ത്ഥമുള്ള ‘ഇമ്മാനുവേല്‍’ എന്ന് ഒരിക്കല്‍പ്പോലും വിളിക്കപ്പെടാത്തതിന്റെ കാരണം അന്വേഷിക്കാന്‍ ആരെങ്കിലും തയ്യാറായിട്ടുണ്ടോ? ഈ പ്രവചനം പൂര്‍ത്തിയാകാന്‍ ഇനി അധികം വൈകില്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-