01 - 09 - 2019
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത സംവിധായകരില്‍ ഒരുവനാണ് ജോഷി! സ്വതന്ത്ര സംവിധായകന്‍ എന്നനിലയില്‍ നാലു ദശാബ്ദത്തിലേറെ പരിചയസമ്പത്ത് ഇദ്ദേഹത്തിനുണ്ട്. തികഞ്ഞ ഒരു അന്ധവിശ്വാസികൂടിയായ ഇദ്ദേഹത്തിനു ‘ന്യൂമറോളജി’യില്‍ കടുത്ത വിശ്വാസമാണുള്ളത്. ‘ജോഷി’ എന്ന തന്റെ ഒരേയൊരു പേരിനെ ഓരോ കാലഘട്ടങ്ങളിലും പരിഷ്കരിച്ചുകൊണ്ടിരുന്നത് ഈ അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്! 1978-ല്‍ പുറത്തിറങ്ങിയ ‘ടൈഗര്‍ സലിം’ എന്ന ആദ്യ സിനിമ മുതല്‍ ഇന്നുവരെയിറങ്ങിയ ഓരോ സിനിമകളുടെയും ‘ടൈറ്റില്‍ കാര്‍ഡുകള്‍’ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും. Joshi, Joshy, Joshiy എന്നിങ്ങനെ മൂന്നു പരിഷ്കരണങ്ങള്‍ സ്വന്തം പേരില്‍ പരീക്ഷിച്ചു കഴിഞ്ഞു. ഉച്ചാരണസ്വരത്തില്‍ മാറ്റമില്ലാതെ, അക്ഷരങ്ങളെ ഇത്തരത്തില്‍ മാറ്റി പരീക്ഷിക്കുന്നതിന്റെ പിന്നില്‍ അന്ധവിശ്വാസമല്ലാതെ, മറ്റൊന്നുമല്ല! എന്നാല്‍, സംഖ്യാശാസ്ത്രത്തെ വെറും അന്ധവിശ്വാസം എന്ന് എഴുതിത്തള്ളാന്‍ കഴിയുമോ? കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! വിശദാംശങ്ങള്‍ ആവശ്യമായ ഈ വിഷയമാണ് ഇവിടെ നാം ചര്‍ച്ചചെയ്യുന്നത്.
അടിമുടി അന്ധവിശ്വാസങ്ങളാല്‍ പൈശാചികവത്കരിക്കപ്പെട്ട ഒരു മേഖലയാണ് ഇന്ത്യയിലെ ചലച്ചിത്രരംഗം! മലയാള സിനിമയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു സിനിമയുടെ ചര്‍ച്ച ആരംഭിക്കുമ്പോള്‍ മുതല്‍ പ്രദര്‍ശനത്തിനെത്തുന്നതുവരെ സകലവിധ പൂജകളും ക്ഷുദ്രപ്രയോഗങ്ങളും അതിനുവേണ്ടി നടത്തിക്കഴിഞ്ഞിരിക്കും. സാങ്കേതിക പ്രവര്‍ത്തകരും നടീനടന്മാരും നിര്‍മ്മാതാവുമെല്ലാം ഈ അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും എതിരായുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഒരു സിനിമയെടുത്താല്‍പ്പോലും ഗണപതിഹോമത്തോടെയേ തുടങ്ങുകയുഉള്ളു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം! മലയാളസിനിമയെ ഗ്രസിച്ചിരിക്കുന്ന പൈശാചികതയുടെ ആഴം അത്രത്തോളമാണ്! സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് ഈ അന്ധവിശ്വാസികള്‍ വിഹരിക്കുന്നതെന്നു നാം മറക്കരുത്. മാത്രവുമല്ല, മലയാളസിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വ്യക്തികളും ഇടതുപക്ഷ സഹയാത്രികരാണെന്നത് വിഷയത്തിന്റെ ഗൗരവം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു! സാംസ്കാരിക നായകര്‍, ബുദ്ധിജീവികള്‍, പുരോഗമനവാദികള്‍ എന്നൊക്കെയാണ് ഇവര്‍ക്കു സമൂഹം നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍! ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് യാതൊരു ഉളുപ്പുമില്ലാതെ സദാചാരം പ്രസംഗിക്കാനും ഇവര്‍ തയ്യാറാണ്. ബുദ്ധിജീവികളായതുകൊണ്ടുതന്നെ, ഇവരുടെ ഇരുകൈത്തണ്ടകളിലും ബന്ധിച്ചിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത മന്ത്രച്ചരടുകളെ ‘മെഴുക്ക്’ ആവരണം ചെയ്തിരിക്കുന്നതു കാണാം! ചരടുകളിലെ മെഴുക്കിന്റെ അളവനുസരിച്ചാണ് പൈശാചികബന്ധനത്തിന്റെ കാഠിന്യം നിശ്ചയിക്കപ്പെടുന്നത്.
സാംസ്കാരിക നായകപട്ടം അണിഞ്ഞിരിക്കുന്ന കലാകാരന്മാരുടെ സദാചാരപ്രഘോഷണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍, ഇവര്‍ ധരിച്ചിരിക്കുന്ന മന്ത്രച്ചരടുകളെയും ഏലസ്സുകളെയും കൂടി പരിഗണിക്കാന്‍ മറക്കരുത്. സംഖ്യാശാസ്ത്രം എന്ന വിഷയത്തിലേക്കുതന്നെ ശ്രദ്ധയൂന്നാം. ബഹുഭൂരിപക്ഷം സിനിമാപ്രവര്‍ത്തകരും സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. തിരക്കഥയെഴുതാന്‍ തിരഞ്ഞെടുക്കുന്ന ഹോട്ടല്‍, റൂമിന്റെ നമ്പര്‍, റിക്കോര്‍ഡിംഗ് തിയ്യതി, നായകനെ കാണാന്‍ പോകുന്ന വാഹനത്തിന്റെ നമ്പര്‍, പൂജനടത്തുന്ന ദിവസം, പൂജയ്ക്ക് ക്ഷണിക്കപ്പെടുന്ന ആളുകളുടെ എണ്ണം എന്നിങ്ങനെ എല്ലാക്കാര്യത്തിലും സംഖ്യാശാസ്ത്രം പരിഗണിക്കപ്പെടുന്നു. സിനിമാപ്രവര്‍ത്തകരുടെയിടയിലെ അന്ധവിശ്വാസങ്ങളും പൈശാചികതയും ചര്‍ച്ചചെയ്യുക എന്നതല്ല നാമിവിടെ ലക്ഷ്യമിടുന്നത്. ന്യൂമറോളജിയുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു കടന്നുവരാന്‍ സിനിമാമേഖലയിലൂടെ ഒന്ന് കയറിയിറങ്ങിയന്നേയുള്ളു! സംവിധായകന്‍ ജോഷിയുടെ പേരിലെ അക്ഷരങ്ങളില്‍ കൂട്ടലുകളും കുറയ്ക്കലുകളും വരുത്തുന്നത് സംഖ്യാശാസ്ത്രത്തിലുള്ള വിശ്വാസംകൊണ്ടാണെന്നു മനസ്സിലാക്കാന്‍ ഈ കയറിയിറങ്ങല്‍ നമ്മേ സഹായിച്ചു. ജോഷിയുടെ വിശ്വാസത്തെ, വിശ്വാസമെന്നാണോ അന്ധവിശ്വാസമെന്നാണോ വിളിക്കേണ്ടതെന്ന് മനോവ ഇപ്പോള്‍ പറയുന്നില്ല; ജ്ഞാനമുള്ളവര്‍ അത് വിവേചിച്ചുകൊള്ളട്ടെ. നമുക്കു വിഷയത്തിലേക്കു കടക്കാം.
ഒരു പേരില്‍ എന്തിരിക്കുന്നു? പേരിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? ഒരു തിരിച്ചറിയല്‍ അടയാളത്തിനപ്പുറം പേരിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ പേരുമായി ബന്ധപ്പെട്ട് നാം കേട്ടിട്ടുണ്ട്. പേരില്‍ വലിയ കാര്യമൊന്നും ഇല്ലെന്നു വിശ്വസിക്കുന്നവരാണ് അധികംപേരും. ഇങ്ങനെ വിശ്വസിക്കാന്‍ അവര്‍ക്ക് അവരുടെതായ വാദമുഖങ്ങളുണ്ട്. ഒരേ പേരില്‍ത്തന്നെ പണ്ഡിതനും പാമരനും ജീവിക്കുന്നു. ഒരേ പേരില്‍ത്തന്നെ രാജാവും യാചകനും ജീവിച്ചിട്ടുണ്ട്. നീതിമാന്റെ പേരില്‍ത്തന്നെ നീതിരഹിതന്‍ വിളിക്കപ്പെടുന്നതും വിരളമല്ല. വിശ്വാസത്തെ വിളംബരം ചെയ്യുന്ന പേരുകള്‍ ഉള്ളതുപോലെതന്നെ, വിശ്വാസത്തെ മറച്ചുപിടിക്കുന്ന പേരുകളുമുണ്ട്. മതേതര പേരായ ഷാജിയും ലിംഗനിര്‍ണ്ണയത്തിനു പ്രയാസമുള്ള ഷിജിയും മലയാളികള്‍ ഇഷ്ടപ്പെടുന്ന പേരുകളാണ്. മാതാപിതാക്കളുടെ പേരുകളില്‍നിന്നു ചുരണ്ടിയെടുത്ത അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് അര്‍ത്ഥശൂന്യമായ പേരുകള്‍ നിര്‍മ്മിക്കുന്ന വിരുതരും മലയാളികളിലുണ്ട്. ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള പല അടയാളങ്ങളിലൊന്ന് എന്നതിനപ്പുറം പേരിനു പ്രാധാന്യം നല്കാത്തവരാണിവര്‍. എന്നാല്‍, പേരിനു ഗൗരവകരമായ പ്രാധാന്യമുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം!
ശലോമോന്റെ പേരില്‍ത്തന്നെ ജീവിച്ചു കടന്നുപോയ അനേകം വിഡ്ഢികള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, ഒരുവന്റെ പേര് അവന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ജീവിതത്തിലെ വിജയപരാജയങ്ങളെയും മാത്രമല്ല, ആദ്ധ്യാത്മികതെയെപ്പോലും സ്വാധീനിക്കും എന്നത് നാമേവരും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണ്. സ്വന്തം ഇഷ്ടപ്രകാരം പേരു തിരഞ്ഞെടുക്കാന്‍ ഏതൊരു വ്യക്തിക്കും അവകാശമുണ്ടെങ്കിലും, ബഹുഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നത് മറ്റാരെങ്കിലും നല്‍കിയ പേരുകളിലാണ്. പിതൃഭവനത്തിന്റെ പേരിലാണ് ഒട്ടുമിക്കപേരും അറിയപ്പെടുന്നത്. മക്കള്‍ക്കു പേരിടാന്‍ ഏറ്റവും അവകാശമുള്ളത് അവരുടെ പിതാവിനാണ്. പിതാവ് നല്‍കുന്നതാണ് അവന്റെ പേര്! ഈ പേര് മാറ്റാന്‍ അവകാശമുള്ളത് പേര് വഹിച്ചിരിക്കുന്ന വ്യക്തിയ്ക്കു മാത്രമാണ്. രാജാവിനോ ഭരണാധികാരികള്‍ക്കോ ആത്മീയാചാര്യന്മാര്‍ക്കോ ആരുടെയെങ്കിലും പേര് മാറ്റാനോ പരിഷ്കരിക്കാനോ അവകാശമില്ല! ഒരു വ്യക്തിക്ക് തന്റെ പേര് മാറ്റാനും പരിഷ്കരിക്കാനും അവകാശമുണ്ട്. ഗസറ്റില്‍ പരസ്യം ചെയ്ത് ശശിക്ക് സോമനാകാന്‍ സാധിക്കും! ടിന്റുമോന് പീതാംബരന്‍ ആകാനും അവകാശമുണ്ട്. ഇത്തരത്തില്‍ പേരുകള്‍ മാറ്റിയ അനേകരെ നമുക്കറിയാം.
കത്തോലിക്കാസഭയിലെ ഒരുവന്‍ സന്യാസജീവിതത്തിലേക്കു പ്രവേശിക്കുമ്പോള്‍ പേരുകളില്‍ മാറ്റംവരുത്തുന്ന രീതിയുണ്ട്. പൗരോഹിത്യ ശുശ്രൂഷകര്‍, മെത്രാന്മാര്‍, കന്യാസ്ത്രിമാര്‍, പോപ്പ് എന്നിവര്‍ പദവികള്‍ സ്വീകരിക്കുമ്പോള്‍, ആ പദവിക്കു യോജിച്ച പേരുകള്‍ തിരഞ്ഞെടുക്കുന്നു. കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ തന്നെയാണ് പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍! അന്നക്കുട്ടി അല്‍ഫോന്‍സ ആയതും ആഗ്നസ് മദര്‍ തെരേസ ആയതും ആദ്ധ്യാത്മികമായ പേരുമാറ്റലിലൂടെയാണ്. പുതിയ പേര് തിരഞ്ഞെടുക്കുന്നതോടെ പഴയ പേരുകള്‍ അപ്രസക്തമാകും. പിന്നീടൊരിക്കലും പഴയ പേരില്‍ അവര്‍ അറിയപ്പെടില്ല. ഇത് കത്തോലിക്കാസഭയിലെയോ ക്രിസ്തീയതയിലെയോ മാത്രം പ്രത്യേകതയായി ആരും ചിന്തിക്കേണ്ട; ഹൈന്ദവസന്യാസത്തിലും ഈവിധം പേരുമാറ്റലുകള്‍ ഉണ്ട്. പൂര്‍വ്വാശ്രമത്തിലെ പേരില്‍ ആയിരിക്കില്ല ഹൈന്ദവ സന്യാസിമാരും സന്യാസിനിമാരും അറിയപ്പെടുന്നത്. സുധാമണി എന്ന സ്ത്രീയാണ് അമൃതാനന്ദമയി ആയത്. പികെ ഷിബുവാണ് സന്ദീപാനന്ദഗിരി ആയതെന്നും നമുക്കറിയാം.
പേരില്‍ ഒരു കാര്യവുമില്ലെങ്കില്‍ എന്തിനാണ് ഇപ്രകാരം പേരുകള്‍ മാറ്റുന്നത്? സന്ദീപാനന്ദഗിരിയുടെയും അമൃതാനന്ദമയിയുടെയും മാത്രം കാര്യമല്ലിത്. ക്രൈസ്തവസഭകളിലെ ആചാര്യന്മാരും പൂര്‍വ്വാശ്രമത്തിലെ പേരുകള്‍ ഉപേക്ഷിച്ച് മറ്റൊന്ന് തിരഞ്ഞെടുക്കുന്നു. സകല മേഖലയിലും വിജാതിയത അനുകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്രൈസ്തവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് ആരും ചിന്തിക്കരുത്. എന്തെന്നാല്‍, ഹിന്ദുമതം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ക്രിസ്ത്യാനികളുടെയിടയില്‍ ഈ രീതിയുണ്ടായിരുന്നു. തങ്ങള്‍ക്കു പ്രചോദനമായ ശ്രേഷ്ഠരുടെ പേരുകള്‍ തിരഞ്ഞെടുക്കുന്നതാണ് ക്രിസ്ത്യാനികളുടെയിടയിലുള്ള രീതി. ഓരോരുത്തരും വഹിക്കുന്ന പദവിക്കു യോജിച്ച പേരുകള്‍ തിരഞ്ഞെടുക്കുകയെന്നത് ഉചിതവും അനിവാര്യവുമായ കാര്യമാണ്. പോപ്പിന്റെയോ പ്രധാനമാന്ത്രിയുടെയോ പേര് ‘ടിന്റുമോന്‍’ എന്നായിരുന്നാല്‍ എത്ര അരോചകമായിരിക്കും! കുഞ്ഞൂഞ്ഞ്, കുഞ്ഞേലി എന്നൊക്കെയുള്ളത് ഓമനപ്പേരുകള്‍ മാത്രമാണെന്നു ചിന്തിച്ചാല്‍ തെറ്റുപറ്റും; എന്തെന്നാല്‍, ചിലരുടെയെല്ലാം ഔദ്യോഗിക പേരുകള്‍പോലും ഇങ്ങനെയൊക്കെയാണ്!
കേള്‍വിയിലെ ഇമ്പം മാത്രമല്ല പേരുകള്‍ വഹിക്കുന്ന പങ്ക്. ഒരുവന്റെ സ്വഭാവരൂപീകരണത്തെപ്പോലും സാരമായി സ്വാധീനിക്കുന്നതാണ് അവന്റെ പേര്! കേവലം മാനുഷികമായ ചിന്തകള്‍ക്കുമപ്പുറം ദൈവികമായ ഇടപെടലുകളും പേരുകളില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പേരുകള്‍ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യുന്നതിനെ അന്ധവിശ്വാസത്തിന്റെ തലത്തില്‍ മാത്രം പരിഗണിക്കാന്‍ മനോവ തയ്യാറാകാത്തത്. തന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും ദൈവം സൃഷ്ടിച്ച ആദ്യമനുഷ്യന് ആദം എന്ന പേരുലഭിച്ചത് അവന്‍ മണ്ണില്‍നിന്ന് എടുക്കപ്പെട്ട മനുഷ്യനായതുകൊണ്ടാണ്. മനുഷ്യന്‍ എന്നാണ് ആദം എന്ന പേരിന്റെ അര്‍ത്ഥം. ആദമാണ് അവന്റെ ഭാര്യയ്ക്കു പേരിട്ടത്. ബൈബിളിലെ വെളിപ്പെടുത്തല്‍ നോക്കുക: “ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്”(സൃഷ്ടി: 3; 20). ദൈവം സൃഷ്ടിച്ച സകല ജീവികള്‍ക്കും പേരിട്ടത് ആദമായിരുന്നു. ഈ വചനം നോക്കുക: “ദൈവമായ യാഹ്‌വെ ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു. എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു”(സൃഷ്ടി: 2; 19, 20).
അര്‍ത്ഥമുള്ളതും അര്‍ത്ഥശൂന്യവുമായ പേരുകള്‍ മനുഷ്യര്‍ തങ്ങളുടെ മക്കള്‍ക്കു നല്‍കിയിട്ടുണ്ട്. അതായത്, പേരുകളെ സംബന്ധിച്ച് അന്നുംമിന്നും മനുഷ്യനു സമ്മിശ്രമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നത്. ശ്രേഷ്ഠമായ പേരുകള്‍ തിരഞ്ഞെടുത്തു മക്കള്‍ക്കു നല്‍കുന്നവര്‍ അന്നുമിന്നും കുറവാണ്. എന്നാല്‍, പേരുകളെ വലിയ പ്രാധാന്യത്തോടെയാണു ദൈവം കാണുന്നത്. അബ്രാഹത്തിനും ഭാര്യ സാറായ്ക്കും അവരുടെ മാതാപിതാക്കള്‍ നല്‍കിയ പേരുകള്‍ യഥാക്രമം അബ്രാം, സാറായി എന്നിങ്ങനെയായിരുന്നു. ദൈവമായ യാഹ്‌വെ അവരുടെ പേരുകളില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് അബ്രാഹവും സാറായുമായി അവര്‍ മാറിയത്. ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: “ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു”(സൃഷ്ടി: 17; 4, 5). യിസ്മായേല്‍ ജനിച്ചതിനുശേഷമാണ് അബ്രാഹം എന്ന പേര് അവനു ദൈവം നല്‍കിയത്. അതായത്, യിസ്മായേല്‍ അബ്രാമിന്റെ പുത്രനും യിസഹാക്ക് അബ്രാഹത്തിന്റെ പുത്രനുമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ദൈവം ഉടമ്പടി സ്ഥാപിച്ചതിനുശേഷം ജനിച്ച സന്തതി യിസഹാക്കും, ഉടമ്പടി സ്ഥാപിക്കുന്നതിനു മുന്‍പ് ജനിച്ചവന്‍ യിസ്മായേലും! വാഗ്ദാനങ്ങളുടെയും ഉടമ്പടിയുടെയും പുത്രന്‍ യിസഹാക്ക് ആണെന്നു മാത്രമല്ല, അബ്രാഹത്തിന്റെ ആദ്യജാതനും അവന്‍തന്നെ!
സാറായിയ്ക്ക് സാറാ എന്ന് പേര് നല്‍കിയതും യാഹ്‌വെയാണ്. ഈ തിരുവെഴുത്ത് ശ്രദ്ധിക്കുക: “ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും”(സൃഷ്ടി: 17; 15). ബൈബിളിലെ സുപ്രധാനമായ മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ യിസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും”(സൃഷ്ടി: 17; 19). യിസഹാക്കിനു പേരിട്ടതും സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെതന്നെയാണ്! ഇവിടെ നാം ഗൗരവമായി ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ട ഒരു സത്യമുണ്ട്. എന്തെന്നാല്‍, അബ്രാഹത്തോടു യാഹ്‌വെ പറഞ്ഞത്, ഇനിമേല്‍ നീ അബ്രാം എന്ന് വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹം എന്നായിരിക്കും എന്നാണ്. ഇനിമേല്‍ അബ്രാഹം എന്നു മാത്രമേ വിളിക്കപ്പെടാന്‍ പാടുള്ളു എന്ന ആജ്ഞ ഈ വചനത്തിലുണ്ട്. അതായത്, ഇബ്രാഹിം എന്ന് വിളിക്കപ്പെടുന്നത് അബ്രാഹത്തെയല്ല! അബ്രാഹം എന്ന് വിളിച്ചാല്‍ മാത്രമേ അത് പിതാവായ അബ്രാഹത്തെ ആകുകയുള്ളു. അവറാച്ചന്‍ എന്നോ ഇബ്രാഹിം എന്നോ അവിര എന്നോ പേരിടാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഈ പേരുകള്‍ അബ്രാഹത്തിന്റെ പേരാണെന്നു പറയുന്നത് വിവരക്കേടാണ്! എന്തെന്നാല്‍, യാഹ്‌വെ അരുളിച്ചെയ്ത നിമിഷംമുതല്‍ അബ്രാഹത്തിന്റെ പേര് അബ്രാഹം എന്നു മാത്രമാണ്; മറ്റൊരു പരിഷ്കരണവും ആ പേരിനുമേല്‍ വരുകയില്ല. അവറാച്ചന്‍, അവറാച്ചനാണ് അബ്രാഹമല്ല; അതുപോലെ, ഇബ്രാഹിം, ഇബ്രാഹിം മാത്രമായിരിക്കും!
ഇത് പേരിന്റെ പ്രധാനപ്പെട്ട പ്രത്യേകതയാണ്; പേരിനു സ്ഥൈര്യഭാവമുണ്ട്. ഒരുവനു നല്‍കപ്പെട്ടിരിക്കുന്ന പേരില്‍ മാറ്റംവരുത്താന്‍ ആ പേര് വഹിക്കുന്ന വ്യക്തിയ്ക്കു മാത്രമാണ് അവകാശം. തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത് ദൈവമാണെങ്കിലും, ആ പേരിടുന്നത് പിതാവാണ്. വാഗ്ദത്ത പുത്രനെ യിസഹാക്ക് എന്ന പേര് വിളിക്കണമെന്ന് അബ്രാഹത്തോടു ദൈവം നിര്‍ദ്ദേശിച്ചു. പിന്നീട് എപ്പോഴെങ്കിലും യിസഹാക്കിനു തന്റെ പേര് മാറ്റാന്‍ അവകാശമുണ്ട്. എന്നാല്‍, മറ്റാര്‍ക്കും അതിനുള്ള അവകാശമില്ല. ഒരുവന്റെ പേരില്‍നിന്ന് വള്ളിയോ പുള്ളിയോ നീക്കം ചെയ്യാനും, പേരിനോടൊപ്പം വള്ളിയോ പുള്ളിയോ കൂട്ടിച്ചേര്‍ക്കാനും അവകാശമുള്ളത് അവനു മാത്രമായിരിക്കും. ദൈവം നിര്‍ദ്ദേശിക്കുന്ന മാറ്റം സ്വന്തം പേരില്‍ വരുത്താന്‍ തയ്യാറാകുന്നവരാണ് ദൈവീകമനുഷ്യര്‍! ദൈവം ഒരുവനെ തന്റെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കുമ്പോള്‍, ആ ശുശ്രൂഷയ്ക്ക് ഇണങ്ങുന്നതും അര്‍ത്ഥവത്തുമായ പേരുകള്‍ നല്കാറുണ്ട്. ഒരക്ഷരത്തിന്റെ മാറ്റം മാത്രം നടത്തിക്കൊണ്ടാണ് അബ്രാമിന്റെ പേര് അബ്രാഹം എന്നാക്കിയത്. അതുപോലെ, സാറായി എന്ന പേരിലും ചെറിയൊരു പരിഷ്ക്കാരം മാത്രമേ അവിടുന്ന് വരുത്തിയിട്ടുള്ളൂ. (Abram - Abraham, Sarai - Sarah). പേരിലുള്ള ഓരോ അക്ഷരങ്ങളും പ്രധാനപ്പെട്ടതാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഓരോ അക്ഷരങ്ങളെയും ദൈവം പരിഗണിക്കുന്നു എന്നതും ഗൗരവത്തോടെ നാം മനസ്സിലാക്കണം. അബ്രാമിനെ അബ്രാഹമാക്കിയെങ്കില്‍, അതൊരു നേരംപോക്കായിരുന്നില്ല എന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും നമുക്കുണ്ടായിരിക്കണം.
യാക്കോബിന് യിസ്രായേല്‍ എന്ന പേര് നല്‍കിയതും യാഹ്‌വെയാണെന്നു നമുക്കറിയാം. പേരിന്റെ ഗൗരവം നാം ഗ്രഹിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. സൈന്യങ്ങളുടെ ദൈവം അവിടുത്തെ പേര് വെളിപ്പെടുത്തിയപ്പോള്‍ വലിയൊരു താക്കീതുകൂടി മോശവഴി നമുക്കു നല്‍കി! ഇതാണ് ആ താക്കീത്: “ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). യാഹ്‌വെ എന്ന ഒരേയൊരു പേരിലല്ലാതെ, താന്‍ അനുസ്മരിക്കപ്പെടാന്‍ പാടില്ല എന്ന താക്കീതാണ് സൈന്യങ്ങളുടെ ദൈവം നല്‍കിയത്. എന്നേയ്ക്കുമുള്ള അവിടുത്തെ പേരാണെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, ആ പേരിനുമേല്‍ കൈകടത്താന്‍ സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഉള്ള ഒരുവനെയും ദൈവം അനുവദിച്ചിട്ടില്ല. ഈ സത്യമാണ് മനോവ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. യാഹ്‌വെ തന്നെ രക്ഷകനായി ഭൂമിയിലേക്കു കടന്നുവന്നതുകൊണ്ട്, ‘യാഹ്‌വെ രക്ഷകന്‍’ എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്ന് ക്രിസ്തുവിനു പേര് നല്‍കപ്പെട്ടു! രക്ഷകനായി ‘യാഹ്‌വെ’ വന്നപ്പോള്‍ ‘യേഹ്ശുവാ’ എന്ന പേര് അവിടുന്ന് സ്വീകരിച്ചുവെന്നതാണ് യഥാര്‍ത്ഥ സത്യം! ‘യാഹ്‌വെ’ എന്ന പേരിന്റെ അര്‍ത്ഥം ‘ഞാന്‍ ആകുന്നു’ എന്നാണെങ്കില്‍, ‘യേഹ്ശുവാ’ എന്ന പേരിന്റെ അര്‍ത്ഥം ‘ഞാന്‍ ആകുന്നു രക്ഷകന്‍’ അഥവാ ‘ഞാന്‍ രക്ഷകന്‍ ആകുന്നു’ എന്നാണ്! അതേ, യേഹ്ശുവാ തന്നെയാണ് സത്യദൈവമായ യാഹ്‌വെ! അതിനാല്‍ത്തന്നെ, യേഹ്ശുവാ എന്ന പേരിനുമേലും പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ ആര്‍ക്കും അവകാശമില്ല! സുസ്ഥിരമാക്കപ്പെട്ട പേരാണിത്!
യേഹ്ശുവായുടെ പേരിനെക്കുറിച്ചും അവിടുത്തെ പേരിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. ആയതിനാല്‍, കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാതെ, ഇന്നത്തെ ചിന്തവിഷയത്തിലേക്കു കടക്കാം. പേരിന്റെ പ്രാധാന്യംതന്നെയാണല്ലോ ഇവിടെയും ചര്‍ച്ചചെയ്യുന്നത്! മനുഷ്യരുടെ പേരുകള്‍ക്ക് അര്‍ത്ഥവും സ്ഥിരതയും ഉണ്ടാകണമെന്ന് ദൈവത്തിനു നിര്‍ബ്ബന്ധമുണ്ട്. അബ്രാഹം, സാറാ, യിസഹാക്ക്, യിസ്രായേല്‍ തുടങ്ങിയവരുടെ പേരുകള്‍ അവിടുന്നുതന്നെയാണ് നിശ്ചയിച്ചത്. അതുപോലെതന്നെ, അന്ത്യപ്രവാചകനു യോഹന്നാന്‍ എന്ന് പേരിടണമെന്ന് തന്റെ ദൂതനിലൂടെ അവിടുന്ന് നിര്‍ദ്ദേശിച്ചു. ഗബ്രിയേല്‍ ദൂതന്‍ ഇപ്രകാരം ദൈവത്തിന്റെ ദൂത് ശെഖരിയാഹിനെ അറിയിച്ചത് ഇപ്രകാരമാണ്: “ശെഖരിയാഹ് ഭയപ്പെടേണ്ടാ, നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ യെലീഷെവായില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം”(ലൂക്കാ: 1; 13). ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം ശെഖരിയാഹ് തന്റെ മകന് യോഹന്നാന്‍ എന്ന് പേരിട്ടു. ഇനി മറ്റാര്‍ക്കെങ്കിലും യോഹന്നാന്റെ പേര് ജോണ്‍ എന്നു മാറ്റിയിടാന്‍ അവകാശമുണ്ടോ? ഇല്ല, യോഹന്നാന്‍ എന്ന് ശെഖരിയാഹ് ഇട്ട പേര് എക്കാലവും അങ്ങനെതന്നെ നിലനില്‍ക്കും. പേരിന്റെ ഈ പ്രത്യേകത സൃഷ്ടിയുടെ ആരംഭം മുതല്‍ക്കേ ഉള്ളതാണ്.
പേരുകള്‍ക്കു പരിഭാഷയില്ല!
പേരിന്റെ അര്‍ത്ഥത്തിനു മാറ്റം വരാത്തവിധം പരിഭാഷ അനുവദനീയമാണോ? ഒരുവന്റെ പേരിലെ അക്ഷരങ്ങള്‍പ്പോലും മാറ്റാന്‍ പാടില്ലെന്നിരിക്കെ, ഈ ചോദ്യത്തിന് പ്രസക്തിയില്ല. ശശിയും ചന്ദ്രനും ഉറ്റചങ്ങാതിമാരാണ്! ഇരുവരുടെയും പേരിന്റെ അര്‍ത്ഥം ഒന്നുതന്നെയാണ്. ചന്ദ്രന്റെ പര്യായപദമാണ് ശശി. എന്നിരുന്നാലും, ശശിയെ ചന്ദ്രനെന്നോ, ചന്ദ്രനെ ശശിയെന്നോ ആരെങ്കിലും വിളിക്കുമോ? അര്‍ത്ഥമുള്ള പേരുകള്‍ ഇടണം എന്നതാണ് ദൈവത്തിന്റെ ഇഷ്ടമെങ്കിലും, പേരുകള്‍ പരിഭാഷപ്പെടുത്താന്‍ അവിടുന്ന് അനുവദിച്ചിട്ടില്ല. ഏതു ഭാഷ സംസാരിക്കുന്നവരുടെ നാട്ടില്‍ ചെന്നാലും ശശിയുടെ പേര് ശശി എന്നുതന്നെയായിരിക്കും. വ്യക്തമായ കാരണമുള്ളതുകൊണ്ടുതന്നെയാണ് പേരുകള്‍ പരിഭാഷപ്പെടുത്താന്‍ പാടില്ല എന്ന് അലിഖിത നിയമം നിലനില്‍ക്കുന്നത്.
ബൈബിളില്‍ നാം വായിക്കുന്ന പേരുകള്‍ക്കെല്ലാം അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍, അര്‍ത്ഥം മാത്രമല്ല പേരുകളെ ആധികാരികമാക്കുന്നത്. വള്ളിയോ പുള്ളിയോ മാറാത്തവിധം ഓരോ പേരുകളെയും സ്ഥിരപ്പെടുത്തുകകൂടി ചെയ്തിരിക്കുന്നു. ഈ വചനം ശ്രദ്ധിക്കുക: “ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു”(യേശൈയാഹ്: 49; 16). നിന്നെ ഞാന്‍ ഉള്ളംകയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് ഒരുവനോടു പറഞ്ഞാല്‍, അത് അവന്റെ പേരായിരിക്കുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റൊരു വചനം ശ്രദ്ധിക്കുക: “നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍”(ലൂക്കാ: 10; 20). യേഹ്ശുവായുടെ വാക്കുകളാണിത്. യേഹ്ശുവായുടെ പേരില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തരുടെയും പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെടുന്നു എന്ന് യേഹ്ശുവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു മാറ്റമുണ്ടാകുകയില്ല. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും യേഹ്ശുവായ്ക്കുള്ളതാണ്. സ്വര്‍ഗ്ഗത്തില്‍ ഒരുവന്റെ പേര് എഴുതപ്പെടുന്നത് പരിഭാഷപ്പെടുത്തിയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പേരിന്റെ പര്യായപദങ്ങളും അവിടെ കുറിക്കപ്പെടുന്നില്ല. ഒരുവന്‍ ഏതു പേരില്‍ വിളിക്കപ്പെട്ടുവോ, ആ പേരുതന്നെയാണ് സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെടുന്നത്.
ഇനിയും വ്യക്തമായില്ലെങ്കില്‍ മറ്റൊരു പ്രഖ്യാപനം ശ്രദ്ധിക്കുക: “അവരുടെ നെറ്റിയില്‍ അവന്റെ പേരും അവന്റെ പിതാവിന്റെ പേരും എഴുതിയിട്ടുണ്ട്”(വെളി: 14; 1). ഈ വചനം ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലേക്കു നയിച്ചേക്കാം. അവന്റെ പേരും അവന്റെ പിതാവിന്റെ പേരും എന്നതിലൂടെ രണ്ടു പേരുകളെ ഇവിടെ സൂചിപ്പിക്കുന്നില്ലേ എന്നതാണ് ആ ആശയക്കുഴപ്പം. ഇവിടെ നാം മനസ്സിലാക്കേണ്ടത്, മനുഷ്യപുത്രനായ യേഹ്ശുവായ്ക്ക് നല്‍കപ്പെട്ടത് പിതാവിന്റെ പേരുതന്നെയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. താനും പിതാവും ഒന്നാണെന്നു മാത്രമല്ല, പിതാവ് നല്‍കിയ അവിടുത്തെ പേരാണ് തനിക്കുള്ളതെന്നും യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ നെറ്റിയില്‍ എഴുതപ്പെടുന്നത് ‘യേഹ്ശുവാ’ എന്ന ഒരേയൊരു പേര് മാത്രമായിരിക്കും. ഈ പേരില്‍ ഏകദൈവമായ ത്രിത്വമുണ്ട്. വെളിപാടിന്റെ പുസ്തകത്തില്‍നിന്നുള്ള മറ്റൊരു വചനം നോക്കുക: “അവിടുത്തെ പേര് അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും”(വെളി: 22; 4). യേഹ്ശുവായുടെ പേരിനെക്കുറിച്ചാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. നിത്യജീവനു നിയോഗം ലഭിച്ചവരുടെ നെറ്റിയില്‍ രേഖപ്പെടുത്തുന്നത് ‘യേഹ്ശുവാ’ എന്ന പേരാണ്. കേരളത്തില്‍നിന്നുള്ള സുറിയാനികള്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍, അവരുടെ നെറ്റിയില്‍ ഈശോ എന്നോ യേശു എന്നോ ജീസസ് എന്നോ രേഖപ്പെടുത്തുമെന്ന് ആരും ചിന്തിക്കേണ്ട. ഒരേ അര്‍ത്ഥമുള്ള പര്യായപദങ്ങള്‍പ്പോലും പരിഗണിക്കപ്പെടുന്നില്ല എന്നിരിക്കെ, യാതൊരു അര്‍ത്ഥവുമില്ലാത്ത ഈശോയും ജീസസും യേശുവുമൊക്കെ അംഗീകരിക്കപ്പെടുമെന്നു ചിന്തിക്കുന്നതുപോലും മൗഢ്യമാണ്. ‘യേഹ്ശുവാ’ എന്ന ഒരേയൊരു പേരല്ലാതെ മറ്റൊരു പേരും അവിടുത്തേക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരുവന്റെ നെറ്റിയിലും അക്ഷരത്തെറ്റു കൂടാതെ ആ പേര് രേഖപ്പെടുത്തും. ‘യേഹ്ശുവാ’ എന്ന പേര് അറിഞ്ഞിട്ടും അതിനെ അംഗീകരിക്കാതെ മറുതലിക്കുന്ന സകലരും ലജ്ജിതരാകുന്നത് അന്നായിരിക്കും!
നിത്യജീവനിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത ലഭിക്കുന്നത്, സത്യദൈവത്തിന്റെ യഥാര്‍ത്ഥ പേര് നെറ്റിത്തടത്തില്‍ ആലേഖനം ചെയ്യപ്പെട്ടവര്‍ക്കു മാത്രമാണെന്നും ഇവിടെ അര്‍ത്ഥമുണ്ട്. അത് അറിയാന്‍ നെറ്റിത്തടത്തിന്റെ പ്രത്യേകതയും ദൈവത്തിന്റെ പേര് ആലേഖനം ചെയ്യുന്ന രീതിയും അറിഞ്ഞിരിക്കണം. അതിനെക്കാളുപരി, സത്യദൈവത്തിന്റെ പേര് എന്താണെന്നും അറിഞ്ഞിരിക്കണം. സത്യദൈവത്തിന്റെ പേര് എന്താണെന്നു മനസ്സിലാക്കാന്‍ ത്രിത്വവുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ദുരൂഹതകള്‍ തുറന്നുകാണിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ത്രിത്വത്തെ സംബന്ധിക്കുന്ന സത്യങ്ങള്‍ ഇവിടെയിപ്പോള്‍ ചര്‍ച്ചചെയ്യാന്‍ കഴിയില്ല. എന്തെന്നാല്‍, വളരെ ലളിതമാണെങ്കില്‍പ്പോലും ഒരു ഉപവിഷയമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ത്രിത്വത്തിന്റെ സത്യം! ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള അനേകം ചോദ്യങ്ങള്‍ക്കു മുന്‍കൂട്ടിത്തന്നെ ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ലേഖനം അതിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ആയതിനാല്‍, ത്രിത്വം എന്നത് മൂന്നു വ്യക്തികളല്ല, ഏകനായ ദൈവത്തില്‍ സ്ഥിതിചെയ്യുന്ന മൂന്ന് ഭാവങ്ങളാണ് എന്ന് ചുരുക്കമായി പറഞ്ഞുകൊണ്ട് വിഷയത്തിലേക്കു കടക്കാം.
പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നത് ദൈവത്തില്‍ നിലനില്‍ക്കുന്ന മൂന്നു ഭാവങ്ങളാണ്. അതിനാല്‍ത്തന്നെ, അവിടുത്തേക്ക് ഒരു പേര് മാത്രമേയുള്ളു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ മൂന്നു ഭാവങ്ങളിലൊന്നാണ് യേഹ്ശുവാ! പൂര്‍വ്വപിതാക്കന്മാരോട് ദൈവം അവിടുത്തെ പേര് വെളിപ്പെടുത്തിയത് ‘യാഹ്‌വെ’ എന്നാണ്. എന്നാല്‍, സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ അവിടുന്ന് തന്റെ ജനത്തെ രക്ഷിക്കാനായി കടന്നുവരുമ്പോള്‍, ‘യാഹ്‌വെ രക്ഷകന്‍’ എന്ന അര്‍ത്ഥമുള്ള ‘യാഹ്‌വെശുവാഹ്’ എന്ന പേര് പ്രഖ്യാപിക്കും. യേഹ്ശുവായിലൂടെ പൂര്‍ത്തിയായത് അതാണ്. ‘യേഹ്ശുവാഹ്’ എന്നാണ് അവിടുത്തെ പേര്! ‘ഹ്’ എന്ന അക്ഷരത്തിനു ശബ്ദമില്ലാത്തതുകൊണ്ടാണ് ‘യേഹ്ശുവാ’ എന്ന് നാം അവിടുത്തെ വിളിക്കുന്നത്. യാഹ്‌വെ എന്ന പേരിനും ഈ പ്രത്യേകതയുണ്ട്. ‘യാഹ്‌വെഹ്’(YAHWEH) എന്ന് എഴുതുകയും ‘യാഹ്‌വെ’ എന്ന് ഉച്ചരിക്കുകയും ചെയ്യുന്നു. യാഹ്‌വെ തന്നെയാണ് രക്ഷകന്‍ എന്നതുകൊണ്ട്, ദൈവത്തിന്റെ യഥാര്‍ത്ഥ പേര് ‘യാഹ്‌വെ രക്ഷകന്‍’ എന്ന അര്‍ത്ഥമുള്ള ‘യേഹ്ശുവാ’ എന്നാണ്. അതായത്, യാഹ്‌വെതന്നെയാണ് യേഹ്ശുവാ! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിന്റെ പേര് ‘യേഹ്ശുവാ’ എന്നാകുന്നു! ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9).
ആരാണ് ഭൂമി മുഴുവന്റെയും രാജാവായി വാഴാന്‍ വരാനിരിക്കുന്നത്? യേഹ്ശുവായുടെ പുനരാഗമാനമാണ് ദൈവമക്കള്‍ പ്രത്യാശിക്കുന്നതെന്നു നമുക്കറിയാം. ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: “മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 27, 28). യേഹ്ശുവായുടെ പ്രത്യാഗമനത്തിനായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായിട്ടാണ് അവിടുന്ന് വരുന്നത്. അങ്ങനെയെങ്കില്‍, ‘യാഹ്‌വെ രക്ഷകന്‍’ എന്ന പേര് അന്വര്‍ത്ഥമാകുന്നത് യേഹ്ശുവായുടെ പുനരാഗമനത്തില്‍ മാത്രമാണ്. നിത്യജീവനു നിയോഗം ലഭിച്ച സകലരുടെയും നെറ്റിത്തടങ്ങളില്‍ ‘യേഹ്ശുവാ’ എന്ന പേരാണ് ആലേഖനം ചെയ്യപ്പെടുന്നത്! അവന്റെ പേരും അവന്റെ പിതാവിന്റെ പേരും എഴുതിയിട്ടുണ്ടെന്ന് വെളിപാടില്‍ പറഞ്ഞിരിക്കുന്നത് നാം വായിച്ചു. ‘യേഹ്ശുവാ’ എന്ന പേരില്‍ അന്തര്‍ലീനമായിരിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിന്റെ പേരാണ്. യേഹ്ശുവാ തന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രവചനംകൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇതു നിറവേറ്റും”(യേശൈയാഹ്: 9; 6, 7). ഇവിടെ കുറിച്ചിരിക്കുന്ന വിശേഷണങ്ങള്‍ സൂക്ഷ്മതയോടെ വായിക്കുന്നവര്‍ക്ക് ത്രിത്വത്തില്‍ മൂന്ന് ആളത്വം ഇല്ലെന്നു വ്യക്തമാകും!
‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍’ ജ്ഞാനസ്നാനം സ്വീകരിക്കാന്‍ പറഞ്ഞിട്ടുള്ളത് നമുക്കറിയാം. അവിടെ ‘പേരുകളില്‍’ എന്നല്ല പറഞ്ഞിരിക്കുന്നത്; മറിച്ച്, ‘പേരില്‍’ എന്നാണ്! കൂടുതല്‍ വ്യക്തതയ്ക്കായി ഒന്നുകൂടി വിശദ്ദീകരിക്കാം. ഈ വചനം ശ്രദ്ധിക്കുക: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍”(മത്താ: 28; 20). യേഹ്ശുവായുടെ വാക്കുകളാണിത്. യേഹ്ശുവായുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കേപ്പാ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി യേഹ്ശുവാ മ്ശിഹായുടെ പേരില്‍ സ്നാനം സ്വീകരിക്കുവിന്‍”(അപ്പ. പ്രവര്‍: 2; 38). പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ‘പേര്’ എന്നത് യേഹ്ശുവാ എന്ന പേരുതന്നെയാണെന്ന് പരിശുദ്ധാത്മാവിനെ സ്വീകരിച്ചയുടനെ കേപ്പായ്ക്ക് വെളിപ്പെട്ടുകിട്ടി! ഈ പേരാണ് നെറ്റിത്തടത്തില്‍ എഴുതപ്പെടുന്നത്. എന്താണ് നെറ്റിത്തടം എന്ന് പരിശോധിച്ചാല്‍ നമുക്കു വ്യക്തമാകുന്നത് തലച്ചോറിന്റെ മുന്‍പില്‍ പിടിപ്പിച്ചിരിക്കുന്ന ഒരു ഫലകം എന്നായിരിക്കും. നിയമപരമായി അംഗീകാരമുള്ള ഏതൊരു സ്ഥാപനത്തിന്റെയും മുന്‍പില്‍ ആ സ്ഥാപനത്തിന്റെ പേരും സ്വഭാവവും വ്യക്തമാക്കുന്ന ‘ബോര്‍ഡ്’ സ്ഥാപിച്ചിട്ടുണ്ടാകും. അതുപോലെതന്നെയാണ് നെറ്റിത്തടവും! തലച്ചോറിന്റെ സ്വഭാവമാണ് നെറ്റിത്തടത്തില്‍ എഴുതിയിരിക്കുന്നത്. അതായത്, മനുഷ്യന്റെ അറിവുകള്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് തലച്ചോറിലാണ്.
രക്ഷയ്ക്കായുള്ള അറിവ് തലച്ചോറില്‍ ഉണ്ടെങ്കില്‍ അത് നെറ്റിത്തടത്തില്‍ രേഖപ്പെടുത്തിയിരിക്കും. ഈ വചനം നോക്കുക: “അവന്‍ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും”(സങ്കീ: 91; 14). യേഹ്ശുവായുടെ പേര് ഒരുവന്‍ അറിഞ്ഞാല്‍, അത് സൂക്ഷിക്കപ്പെടുന്നത് തലച്ചോറിലല്ലാതെ മറ്റെവിടെയാണ്! തലച്ചോറില്‍ ഉള്ളതെന്തോ, അത് നെറ്റിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേഹ്ശുവാ അരുളിച്ചെയ്തിരിക്കുന്നു: “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ: 17; 3). തലച്ചോറിലെ അറിവ് യേഹ്ശുവായെ സംബന്ധിച്ചാണെങ്കില്‍, നെറ്റിത്തടത്തില്‍ ആ പേര് ഉണ്ടാകും. നെറ്റിത്തടം ഒരു വിളംബരഫലകമാണ്! ‘ഇന്നത്തെ സ്പെഷ്യല്‍’ എന്നെഴുതിയ പരസ്യഫലകം ചില ഭക്ഷണശാലകളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. ആ ഭക്ഷണശാലയില്‍ അന്ന് വിളമ്പുന്ന പ്രധാന വിഭവത്തെക്കുറിച്ചുള്ള വിളംബരമാണത്. ഒരു മനുഷ്യന്റെ ബ്രെയിനില്‍ സൂക്ഷിച്ചിരിക്കുന്നവയില്‍വച്ച് ഏറ്റവും വിശിഷ്ടമായതെന്തോ, അതാണ് അവന്റെ നെറ്റിത്തടത്തില്‍ രേഖപ്പെടുത്തുന്നത്! അത് വായിക്കാനുള്ള ‘സെന്‍സര്‍’ ദൈവത്തിന്റെ കയ്യിലുണ്ട്. അവിടുന്ന് അത് വായിക്കും! ചിലര്‍ തങ്ങളുടെ നെറ്റിത്തടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശിവഭക്തിയുടെ അടയാളമായ ‘പൊട്ട്’ ആണ്! നിത്യജീവനു നിയോഗം ലഭിച്ച ആരുടേയും നെറ്റിയില്‍ ഈ ‘വ്യഭിചാരക്കല’ ഉണ്ടായിരിക്കില്ല! നിത്യജീവന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഭോഷത്തത്തിനു മാപ്പുപറയുകയും തിരുത്തുകയും ചെയ്യും!
പേരുകള്‍ പരിഭാഷപ്പെടുത്തുകയോ, അതില്‍ വള്ളിക്കോ പുള്ളിക്കോ മാറ്റംവരുത്തുകയോ ഇല്ലെന്നുമാണ് നാമിവിടെ ചിന്തിച്ചുവന്നത്. പേരിന്റെ പ്രാധാന്യം വ്യക്തമാക്കാനായിരുന്നു ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയില്‍ കൊണ്ടുവന്നത്. അബ്രാഹത്തിന്റെയും സാറായുടെയും പേരുകള്‍ മഹത്തരമാക്കിയത് നാം കണ്ടു. എന്തുകൊണ്ടാണ് ദൈവം ഓരോരുത്തരുടെയും പേരുകള്‍ക്ക് ഇത്രത്തോളം പ്രാധാന്യം നല്‍കിയിരിക്കുന്നത്? തുടക്കംമുതല്‍ നാം പഠിച്ചുകൊണ്ടിരുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. നമ്മുടെ പഠനം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ന്യൂമറോളജിയുമായി ചെറുതല്ലാത്ത ബന്ധം ഈ ഘട്ടത്തിനുണ്ട്! അത് പേരിന്റെ സംഖ്യയാണ്!
പേരിന്റെ സംഖ്യ!
“ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്”(വെളിപാട്: 13; 18). സംഖ്യാശാസ്ത്രത്തില്‍ സത്യമുണ്ട്. എന്നാല്‍, ആ സത്യത്തില്‍ത്തന്നെ നന്മയും തിന്മയും കുടികൊള്ളുന്നു. ദൈവികമനുഷ്യന്‍ സത്യത്തെ നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍, ലൗകികമനുഷ്യന്‍ അതിനെ പാപത്തിനായി ഉപയോഗപ്പെടുത്തുന്നു! അതായത്, ജ്ഞാനത്തില്‍നിന്നുള്ള ബുദ്ധി പ്രയോഗിച്ച് ദൈവമക്കള്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടുന്നത് അതില്‍നിന്ന് അകന്നുനില്‍ക്കാനാണെങ്കില്‍, ലൗകികമനുഷ്യന്‍ തന്റെ ബുദ്ധിയുപയോഗിച്ച് മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടുകയും അതിനെ ആരാധിക്കുകയും ചെയ്യും! ഇതാണ് ന്യൂമറോളജിയിലെ നന്മതിന്മകള്‍!
സാത്താനെക്കുറിച്ചോ അവന്റെ സംവിധാനങ്ങളെക്കുറിച്ചോ എന്തെങ്കിലും അറിവുകള്‍ മനുഷ്യന്‍ നേടുന്നുണ്ടെങ്കില്‍, അത് അവനില്‍നിന്ന് അകന്നുനില്‍ക്കുന്നതിനും അവന്റെ കോട്ടകള്‍ തകര്‍ക്കുന്നതിനും വേണ്ടിയുള്ളവ മാത്രമായിരിക്കണം. അതിനപ്പുറം അവനെക്കുറിച്ചു ചിന്തിക്കുന്നതുപോലും അപകടമാണ്! ദൈവം നമ്മില്‍നിന്ന് ഇത്തരമൊരു അന്വേഷണം ആഗ്രഹിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം! പിശാചിന്റെ കെണികള്‍ തിരിച്ചറിഞ്ഞ്, അതില്‍നിന്നു മാറിനടക്കാന്‍ ആവശ്യമുള്ളതു മാത്രം നാം അറിഞ്ഞിരിക്കുക! വിജാതിയര്‍ തങ്ങളുടെ ദൈവമായി കരുതി ആരാധിക്കുന്നത് സാത്താനെയാണെന്ന തിരിച്ചറിവാണ് അവനെക്കുറിച്ചുള്ള അടിസ്ഥാനപഠനം! ഈ തിരിച്ചറിവാണ് രക്ഷയുടെ ആരംഭവും!
സംഖ്യാശാസ്ത്രത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ‘സംഖ്യാശാസ്ത്രം’ അഥവാ ‘ന്യൂമറോളജി’ എന്നപേരില്‍ വിവിധങ്ങളായ ‘മെത്തേഡുകള്‍’ ഇന്ന് നിലവിലുണ്ട്. ഭൗതികമായ ലാഭങ്ങള്‍ക്കായി പലരും തങ്ങളുടെ യുക്തിചിന്തകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയവയാണ് അതിലേറെയും. അതിനാല്‍ത്തന്നെ, സംഖ്യാശാസ്ത്രത്തിന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന മെത്തേഡുകളില്‍ ഏറെയും പിശാചിന്റെ പ്രേരണയാല്‍ ചിട്ടപ്പെടുത്തിയവയാണ്. ഭാവിപ്രവചിക്കുന്ന ദുരാത്മാക്കളാല്‍ നയിക്കപ്പെടുന്ന അനേകര്‍ ഇതിനെ സാത്താന്യമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സംഖ്യാശാസ്ത്രത്തെ അന്ധവിശ്വാസമായി മാത്രമേ കണക്കാക്കാന്‍ കഴിയുകയുള്ളു. അതായത്, ഭൗതികമായ ലക്ഷ്യങ്ങള്‍ക്കായി ന്യൂമറോളജിയില്‍ ആശ്രയം വയ്ക്കുന്നവര്‍ പിശാചിന്റെ കെണിയില്‍ അകപ്പെടും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, വ്യക്തമായ വിവേചനവും ശുദ്ധമായ ലക്ഷ്യവും ഉണ്ടെങ്കില്‍ ‘ന്യൂമറോളജി’ ഒരു സത്യമാണ്! സത്യമല്ലായിരുന്നുവെങ്കില്‍, മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടാനുള്ള ജ്ഞാനത്തിന്റെ അനിവാര്യതയെക്കുറിച്ച് പരിശുദ്ധാത്മാവ് സംസാരിക്കുമായിരുന്നില്ല! പരിശുദ്ധാത്മ ജ്ഞാനത്തില്‍നിന്നുള്ള ബുദ്ധിയും ഈ ലോകത്തിന്റെ വിജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ബുദ്ധിയുമുണ്ട്. അജഗജാന്തരമാണ് ഈ ബുദ്ധികള്‍ തമ്മിലുള്ള ബന്ധം! ഒരു ബുദ്ധിയുടെ ഉറവിടം ജ്ഞാനവും രണ്ടാമത്തെ ബുദ്ധിയുടെ ഉറവിടം വിജ്ഞാനവുമാണ്! ജ്ഞാനം അഭ്യസിച്ചിട്ടുള്ളവരോട് ബുദ്ധിയുപയോഗിച്ച് മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടാന്‍ അവിടുന്ന് ആവശ്യപ്പെട്ടിരിക്കുന്നു.
ജ്ഞാനമുള്ളവര്‍ക്ക് ഏതു മെത്തേഡ് ആണ് സത്യമെന്നു ഗ്രഹിക്കാന്‍ കഴിയും. എന്നാല്‍, തെറ്റായ ‘മെത്തേഡുകള്‍’ പ്രചരിപ്പിക്കുന്ന അനേകര്‍ ആത്മീയതയുടെ കപടവേഷം ധരിച്ച് ഇറങ്ങിരിക്കുന്നതിനാല്‍ അനേകര്‍ വഞ്ചിക്കപ്പെടുന്നു. ഹീബ്രു, ഗ്രീക്ക് തുടങ്ങിയ ‘വേര്‍ഷനുകള്‍’ ആണ് സത്യമെന്നു പ്രചരിപ്പിക്കുന്നവരാണ് പെന്തക്കൊസ്തുകാര്‍! മൃഗത്തിന്റെ സംഖ്യയെ സംബന്ധിച്ച് ‘പ്രൊട്ടസ്റ്റന്റ്’ സമൂഹങ്ങളിലധികവും ഹീബ്രു ഭാഷയെയും പാരമ്പര്യത്തെയും മുറുകെപ്പിടിക്കുന്നു. ബൈബിള്‍ രചിക്കപ്പെട്ടതും സത്യദൈവം സംസാരിച്ചതും ഹെബ്രായഭാഷയിലായിരുന്നതിനാല്‍, അനേകര്‍ ഇവരുടെ ആശയങ്ങളാല്‍ വഞ്ചിക്കപ്പെടുന്നുണ്ട്. മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടേണ്ടത് ഹീബ്രു അക്ഷരങ്ങളെ പരിഗണിച്ചാണെന്നു പ്രചരിപ്പിക്കുന്നത് വഞ്ചനയാണെന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനമായി നമുക്കുണ്ടായിരിക്കേണ്ടത്. യേഹ്ശുവായുടെ കാലത്തു നിലനിന്നിരുന്ന ഹെബ്രായഭാഷയിലും അതിന്റെ ഘടനയിലും സാരമായ മാറ്റം വന്നിട്ടുണ്ട്. മാത്രവുമല്ല, യെഹൂദര്‍ക്കു മാത്രമായി നല്‍കിയിട്ടുള്ള മുന്നറിയിപ്പല്ല വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ചെറിയ ഒരു സമൂഹത്തിനു മാത്രം അറിയാവുന്ന ഭാഷയിലാണ് മൃഗം വരുന്നതെന്ന ചിന്തയും അടിസ്ഥാനരഹിതമാണ്. ഒരു കൊച്ചു ദ്വീപില്‍നിന്നുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ബ്രിട്ടനെ സാത്താന്‍ സഹായിച്ചത് ഒരു ആഗോളഭാഷ പ്രചരിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ഇന്ന് അവതരിപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാ പൈശാചികതയും ഇംഗ്ലീഷ് ഭാഷയില്‍നിന്നാണെന്നു തിരിച്ചറിയാനും ജ്ഞാനം അനിവാര്യമാണ്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് മൃഗത്തിന്റെ സംഖ്യ ഇപ്പോള്‍ത്തന്നെ സകലയിടങ്ങളിലും പതിച്ചുകഴിഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിലുണ്ടായിരുന്ന സകല രാജ്യങ്ങളിലും ‘666’ എന്ന സംഖ്യ പതിപ്പിച്ചു കഴിഞ്ഞു എന്നതാണ് യഥാര്‍ത്ഥ സത്യം! ബ്രിട്ടീഷുകാര്‍ സാമ്രാജ്യത്വം സ്ഥാപിച്ച ഇടങ്ങളില്‍ അവര്‍ സുവിശേഷം പ്രചരിപ്പിച്ചിരുന്നുവെങ്കില്‍, ഏഷ്യാ ഭൂഖണ്ഡത്തില്‍ മറ്റൊരു മതവും ഇന്ന് ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഏഷ്യയിലെ ഏറ്റവും ചെറിയ സമൂഹമാണ് ക്രിസ്ത്യാനികള്‍! അതായത്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സാത്താനായിരുന്നു. മൃഗത്തിന്റെ സംഖ്യ പ്രചരിപ്പിക്കുക എന്നതായിരുന്നു ഇതിലൂടെ അവന്‍ ലക്ഷ്യമിട്ടത്. വളച്ചുകെട്ടില്ലാതെ പറയട്ടെ: ഇഗ്ലീഷ് ഭാഷയിലെ ഇരുപത്തിയാറ് അക്ഷരങ്ങളെ അടിസ്ഥാനമാക്കിയാല്‍, ‘ന്യൂമറോളജി’ സത്യമാണ്! ‘പൈതഗോറിയന്‍ സിസ്റ്റം’ എന്ന് അറിയപ്പെടുന്ന ചാര്‍ട്ടാണ് നാം അതിനായി പരിഗണിക്കേണ്ടത്. ഒന്‍പത് അക്കങ്ങളും ഇരുപത്തിയാറ് അക്ഷരങ്ങളും അടങ്ങുന്ന ആ ചാര്‍ട്ട് ഇവിടെ ചേര്‍ക്കുന്നു: ‘പൈതഗോറിയന്‍ സിസ്റ്റം!’ ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള സംഖ്യകളാണ് ഇംഗ്ലീഷിലെ ഓരോ അക്ഷരങ്ങളുടെയും മൂല്യം! ഇതിലൂടെ ഓരോ പേരുകളുടെയും സംഖ്യ കണക്കുകൂട്ടാന്‍ സാധിക്കും. മറ്റു പല ചാര്‍ട്ടുകളിലും എട്ടുവരെയുള്ള സംഖ്യകളാണ് പരിഗണിച്ചിരിക്കുന്നത്. ഇത് മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു കെണിയാണ്!
ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള സംഖ്യകളില്‍ ഏതെങ്കിലും ഒരു സംഖ്യയായിരിക്കും ഓരോ പേരുകളുടെയും ‘ന്യൂമെറിക്കല്‍ വാല്യു’! ഓരോ അക്ഷരങ്ങളുടെയും സംഖ്യകള്‍ കൂട്ടിയാല്‍ മൊത്തം സംഖ്യയുടെ വാല്യു ലഭിക്കും. ഉദാഹരണത്തിന്: യാഹ്‌വെ (YAHWEH) എന്ന പേരിന്റെ ‘ന്യൂമെറിക്കല്‍ വാല്യു’ ഏഴാണ്. (7+1+8+5+5+8=34, 3+4=7). ഓരോ പേരുകളുടെയും ‘ന്യൂമെറിക്കല്‍ വാല്യു’ കണക്കുകൂട്ടേണ്ടത് ഇങ്ങനെയാണ്. ഇംഗ്ലീഷില്‍ ‘OFF’ ന്റെ സംഖ്യ 6 6 6 ആണെന്ന് ചാര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനമുള്ള എല്ലാ രാജ്യങ്ങളിലെയും ഭവനങ്ങളില്‍ ഈ സംഖ്യ പതിക്കപ്പെട്ടിട്ടുണ്ട്. പവര്‍ സ്വിച്ചില്‍ ON/OFF എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഓരോ സംഖ്യകളുടെയും പ്രത്യേകതകള്‍ വ്യക്തമാക്കിയിരിക്കുന്ന ‘ചാര്‍ട്ട്’ പരിശോധിക്കാന്‍ ഇവിടെ ‘ക്ലിക്ക്’ ചെയ്യുക: ‘numerology chart legend.’
മൃഗത്തിന്റെ സംഖ്യ എങ്ങനെയാണ് കണക്കുകൂട്ടിയിരിക്കുന്നതെന്ന് അറിയാന്‍: ‘മൃഗത്തിന്റെ സംഖ്യ’. ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരു ‘മെത്തേഡ്’ ആണ്. വേറൊരു മെത്തേഡ് നോക്കുക: Revelation 13 : 18 . മൃഗത്തിന്റെ സംഖ്യ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ‘666’ സംഖ്യായിട്ടുള്ള മൃഗം കുറുക്കനാണ്. FOX ന്റെ സംഖ്യ 6 - 15 - 6 ആണെന്നും 15 ന്റെ വാല്യു ആറാണെന്നും കണ്ടെത്തുമ്പോള്‍, ‘കുറുക്കന്‍’ എന്ന മൃഗത്തോടാണ് എതിര്‍ക്രിസ്തുവിനെ ഉപമിച്ചിരിക്കുന്നതെന്ന് വ്യക്തമാകും. യേഹ്ശുവായെ വധിക്കാന്‍ ശ്രമിച്ച ഹൊറേദോസിനെ അവിടുന്ന് സംബോധനചെയ്തത് ‘കുറുക്കന്‍’ എന്നാണ്. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും”(ലൂക്കാ: 13; 32). ക്രിസ്തുവിനെ എതിര്‍ക്കുന്നവനാണ് എതിര്‍ക്രിസ്തു. ഇവരെ പൊതുവായി ‘കുറുക്കന്‍’ എന്ന് വിളിക്കാവുന്നതാണ്.
‘യാഹ്‌വെ’ എന്ന പേരിന്റെ സംഖ്യ കണ്ടെത്താന്‍ സ്വീകരിച്ച രീതിയല്ല മറ്റുചില പൈശാചിക പേരുകളുടെ സംഖ്യ കണ്ടെത്താന്‍ സ്വീകരിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല. സ്വാഭാവികമായും ഉയരാവുന്ന സംശയമാണിത്. ‘യാഹ്‌വെ’ എന്ന പേരിന്റെ ‘ന്യൂമെറിക്കല്‍ വാല്യു’ ആണ് ഏഴ്. എന്നാല്‍, OFF, FOX തുടങ്ങിയ പദങ്ങളുടെ ‘ന്യൂമെറിക്കല്‍ വാല്യു’ അല്ല നാം പരിഗണിച്ചിരിക്കുന്നത്. അതിനു കാരണമുണ്ട്. മൂന്ന് അക്ഷരങ്ങള്‍ വീതമുള്ള മൂന്നു പദങ്ങളിലെ ഓരോ അക്ഷരത്തിന്റെയും ‘ന്യൂമെറിക്കല്‍ വാല്യു’ ആറാണ്. അതായത്, ഈ പദങ്ങളില്‍ത്തന്നെ ‘666’ എന്ന സംഖ്യയുണ്ട്. ആയതിനാല്‍, ഈ സംഖ്യയുടെ വാല്യുവായ ‘9’ ഏത് സംഖ്യയോടു കൂട്ടിയാലും ആ സംഖ്യയുടെ വാല്യുവില്‍ മാറ്റം വരുന്നില്ല. മറ്റൊരു സംഖ്യയുടെ വാല്യുവില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റം വരുത്താനുള്ള കഴിവ് ഒന്‍പതിന് ഇല്ല!
മൃഗത്തിന്റെ സംഖ്യ ‘666’ ആണെന്ന് വെളിപാടിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. സ്വാഭാവികമായി ഇവിടെ സംശയം ഉയരേണ്ടതല്ലേ? അറുന്നൂറ്റിയറുപത്തിയാറിനെ ഒന്‍പതായി ചുരുക്കാത്തത് എന്തുകൊണ്ടാണ്? അതിനു കാരണമുണ്ട്. പേരിന്റെ സംഖ്യയും ആ സംഖ്യയുടെ വാല്യുവും രണ്ടാണ്. ഓരോ അക്ഷരങ്ങളും പ്രതിനിധാനം ചെയ്യുന്ന സംഖ്യകളാണ് പേരിന്റെ സംഖ്യ. എന്നാല്‍, പേരിന്റെ ‘ന്യൂമെറിക്കല്‍ വാല്യു’ എന്നത് അക്ഷരങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളുടെ ആകെത്തുക ഒറ്റസംഖ്യയിലാക്കുന്നതാണ്. അറുന്നൂറ്റിയറുപത്തിയാറിന്റെ ആകെത്തുക പതിനെട്ടും, അതിന്റെ ഒറ്റസംഖ്യ ഒന്‍പതും ആണെന്നു നമുക്കറിയാം. അതായത്, മൃഗത്തിന്റെ സംഖ്യ അറുന്നൂറ്റിയറുപത്തിയാറും ‘ന്യൂമെറിക്കല്‍ വാല്യു’ ഒന്‍പതും ആയിരിക്കും. പേരിന്റെ സംഖ്യയും പേരിന്റെ ന്യൂമെറിക്കല്‍ വാല്യുവും തമ്മിലുള്ള വ്യത്യാസം ഇതാണ്. പേരിന്റെ ന്യൂമെറിക്കല്‍ വാല്യു ‘6’ ആയിവരുന്ന മൂന്നു വ്യക്തികള്‍ ചേര്‍ന്ന് ഏതെങ്കിലും സംരഭത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവിടെ ‘666’ ന്റെ കൂടിച്ചേരലാണ്. ‘666’ എന്ന തന്റെ സംഖ്യ കൗശലപൂര്‍വ്വം സൂക്ഷിക്കുന്ന കുറുക്കനാണ് എതിര്‍ക്രിസ്തു. വെളിപാടിന്റെ പുസ്തകത്തില്‍ തന്റെ ‘ഐഡന്റിറ്റി’ വെളിപ്പെടുത്തിയിരിക്കുന്ന വാക്യംപോലും അവന്‍ എടുത്തുപയോഗിക്കുന്നു. 13:18 എന്നത് എതിര്‍ക്രിസ്തുവിന്റെ പേരിന്റെ സംഖ്യയായ ‘666’ ആയി പരിഗണിച്ചിരിക്കുന്നത് കൗശലത്തിന്റെ ഭാഗമാണ്. ബൈബിള്‍ വായിക്കുന്നവര്‍പ്പോലും ഈ കൗശലം തിരിച്ചറിഞ്ഞെന്നു വരില്ല. വെളിപാടിന്റെ പുസ്തകത്തിലെ പതിമൂന്നാം ആദ്ധ്യായത്തില്‍ പതിനെട്ടാമത്തെ വാക്യം എന്താണെന്നു പരിശോധിച്ചാല്‍ കുറുക്കന്റെ കൗശലം തിരിച്ചറിയാന്‍ സാധിക്കും.
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിന്, ജീവനും മരണവും പതിയിരിക്കുന്നു എന്ന ഉത്തരമാണ് മനോവയുടെ പക്കലുള്ളത്! ‘വായില്‍ തോന്നുന്നത് കോതയ്ക്കു പാട്ട്’ എന്നവിധത്തില്‍ തങ്ങളുടെ മക്കള്‍ക്കു പേരുകള്‍ തിരഞ്ഞെടുക്കുന്നവര്‍ സൂക്ഷിക്കണം! വിജാതിയ ദേവന്മാരുടെ പേരുകളുടെ സംഖ്യ ആരും കണക്കുകൂട്ടേണ്ടതില്ല. കാരണം, വിജാതിയരുടെ ആരാധനാമൂര്‍ത്തികള്‍ സ്വതവേ പിശാചുക്കള്‍ തന്നെയാണ്. മാത്രവുമല്ല, ഇവരില്‍ പലരുടെയും പേരുകളിലെ സംഖ്യയിലൂടെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. അതായത്, യാഹ്‌വെ എന്ന പേരിന്റെ സഖ്യയായ ‘ഏഴ്’ പിശാചുക്കളില്‍ ചിലതിന്റെ പേരിലും കണ്ടെത്താന്‍ കഴിയും! ഒന്നുകൂടി വ്യക്തമാക്കിയാല്‍, എല്ലാ ഏഴുകളും ദൈവീകമല്ല; എന്നാല്‍, ‘666’ എല്ലായ്പ്പോഴും സാത്താന്റേതുതന്നെ! ആയതിനാല്‍ പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, ദൈവം തിരഞ്ഞെടുത്ത വ്യക്തികളിലൂടെ വിശുദ്ധീകരിക്കപ്പെട്ട പേരുകള്‍ തിരഞ്ഞെടുക്കണം. പ്രവാചകന്മാരും അപ്പസ്തോലന്മാരും ബൈബിളിലെ ശ്രേഷ്ഠന്മാരും വഹിച്ച പേരുകള്‍ അവരിലൂടെത്തന്നെ വിശുദ്ധമായി സ്വര്‍ഗ്ഗം അംഗീകരിച്ചിരിക്കുന്നതാണ്. ഈ പേരുകള്‍ ഏതെങ്കിലും പൈശാചിക വ്യക്തികള്‍ ഉപയോഗിച്ചതുകൊണ്ട് മലിനമാകുന്നില്ല. എന്തെന്നാല്‍, പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും മറ്റു ശ്രേഷ്ഠന്മാരുടെയും വിശുദ്ധിയെ മറികടക്കാന്‍പോന്ന ഒരു പൈശാചികശക്തിയും, ഭൂമിയിലോ പാതാളത്തിലോ നരകത്തിലോ ഇല്ല!
ഒരിക്കല്‍ക്കൂടി വ്യക്തമാക്കട്ടെ, പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും പേരുകളുടെ സംഖ്യ ഏതാണെന്നു പരിശോധിക്കാതെതന്നെ, ആ പേരുകള്‍ മനഃശ്ചാഞ്ചല്യംകൂടാതെ സ്വീകരിക്കാം. എന്നാല്‍, പരിഷ്കരിക്കപ്പെടുന്നതോടെ ആ പേരുകള്‍ പ്രവാചകന്മാരുടെയോ അപ്പസ്തോലന്മാരുടെയോ പേരുകളല്ലാതാകുന്നു. യാക്കോബ് എന്ന പേരിനെ ജയിംസ് എന്നാക്കുമ്പോഴും ജേക്കബ്, ചാക്കോ എന്നിങ്ങനെയൊക്കെ പരിഷ്കരിക്കുമ്പോഴും പ്രവാചകന്മാരോ അപ്പസ്തോലന്മാരോ വഹിച്ച പേരല്ലാതാകും. എന്നിരുന്നാലും ആ പേരുകള്‍ അശുദ്ധമാകണം എന്ന് നിര്‍ബ്ബന്ധമില്ല. അത് ആരെപ്രതിയാണോ സ്വീകരിക്കുന്നത്, അവരെപ്രതി സ്വര്‍ഗ്ഗം പരിഗണിക്കുന്നു. അതുപോലെതന്നെ, കത്തോലിക്കാസഭയോ മറ്റേതെങ്കിലും സഭകളോ വിശുദ്ധരായി പ്രഖ്യാപിച്ചതുകൊണ്ട് ആരെങ്കിലും വിശുദ്ധരോ അശുദ്ധരോ ആകുന്നില്ല. ഉദാഹരണത്തിന്: എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഫ്രാന്‍സീസ് ഒരു പിശാചിനെ വിശുദ്ധനാക്കിയിട്ടുണ്ട്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ‘ഇല്ല്യുമിനാറ്റി’ തലവനാണ് അവന്‍! അവനെപ്രതി ആരെങ്കിലും ‘ജോണ്‍’ എന്ന പേര് സ്വീകരിച്ചാല്‍, അത് പൈശാചികമായി ഗണിക്കപ്പെടും! ആയതിനാല്‍, പേരുകള്‍ തിരഞ്ഞെടുക്കുന്നവര്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ചെറിയ അവഗണനയിലൂടെ മൃഗത്തിന്റെ പേര് സ്വീകരിക്കപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയരുത്! യേഹ്ശുവാ എന്ന പരിശുദ്ധമായ പേരിന് എന്നുമെന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമ്മേന്‍!
ചേര്‍ത്തുവായിക്കാന്‍: പേരുകള്‍ പരിഷ്കരിക്കുന്നവര്‍ ഒരുകാര്യം അറിഞ്ഞിരിക്കുക. പേരില്‍ ഒരു വള്ളിയോ പുള്ളിയോ മാറ്റം വന്നാല്‍ ആ പേരിന്റെ സംഖ്യയിലും ന്യൂമെറിക്കല്‍ വാല്യുവിലും മാറ്റംവരും. യാഹ്‌വെ, യേഹ്ശുവാ എന്നീ പേരുകളുടെ കാര്യത്തിലും ഇതു ബാധകമാണ്. ദൈവത്തിന്റെ പേരിന്റെ സംഖ്യയില്‍ മാറ്റം വരുത്തുന്നത് ദൈവമക്കള്‍ക്കു ഭൂഷണമാണോ എന്ന് ഓരോരുത്തരും ചിന്തിക്കുക! നമ്മുടെ ദൈവം അസഹിഷ്ണുവായ ദൈവമാണ്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-