അറിഞ്ഞിരിക്കാന്‍

പരിശുദ്ധാത്മാവിന്റെ അടയാളങ്ങള്‍!

Print By
about

16 - 02 - 2019

രിശുദ്ധാത്മാവിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചാല്‍ ക്രൈസ്തവര്‍പോലും വ്യത്യസ്തമായിട്ടേ പ്രത്യുത്തരിക്കുകയുള്ളു. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ മുതിരാതെ, പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ അടയാളമെന്താണെന്ന് ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ മനോവ ശ്രമിക്കുന്നു. അതീവ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു വിഷയമാണ് നാമിവിടെ ചര്‍ച്ചചെയ്യുന്നത്. എന്തെന്നാല്‍, ആത്മാക്കളെ വിവേചിക്കാന്‍ സാധിക്കാത്തവര്‍ക്ക് വന്നുഭവിക്കുന്ന ദുരന്തം അത്രത്തോളം ഗുരുതരമാണ്.

പരിശുദ്ധാത്മാവിന്റെ വരങ്ങള്‍, ദാനങ്ങള്‍, ഫലങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുള്ളവരാണ് നമ്മളില്‍ പലരും. ഈ വര-ദാന-ഫലങ്ങളെ കുറിച്ചു കേള്‍ക്കുകയെങ്കിലും ചെയ്യാത്ത ക്രിസ്ത്യാനികള്‍ കുറവായിരിക്കും. പരിശുദ്ധാത്മാവിന്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും തങ്ങളില്‍ നിറയണമെന്ന് ആഗ്രഹിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! ഇതിനായി തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിക്കണമെന്ന് യേഹ്ശുവായും അപ്പസ്തോലന്മാരും നമ്മോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അപ്പസ്തോലനായ പൗലോസ് ഇപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നു: “എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം”(1 കോറി: 12; 31). അപ്പസ്തോലന്റെ ഈ വാക്കുകള്‍ പരിശുദ്ധാത്മാവിന്റെ വര-ദാന-ഫലങ്ങളെക്കുറിച്ചുള്ള വിവരണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടത്തിനായുള്ള പ്രാര്‍ത്ഥനയുടെ അനിവാര്യത യേഹ്ശുവായും വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായുടെ പേരില്‍ നാം ചോദിക്കേണ്ട പ്രധാന അനുഗ്രഹം പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ്.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!”(ലൂക്കാ: 11; 13). ഏതൊരു ക്രൈസ്തവനും പരമപ്രധാനമായി ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കേണ്ടത് പരിശുദ്ധാത്മാവിനുവേണ്ടിയാണ്. ഒരുവന്റെ പ്രാര്‍ത്ഥനയിലെ നിയോഗങ്ങളെ അടിസ്ഥാനമാക്കിയാണ് ദൈവം അവന്റെ വിവേകം അളക്കുന്നത്. ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ദൈവഭക്തി, ദൈവഭയം എന്നിവയാണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങള്‍. അതായത്, പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളത് ജ്ഞാനമാണ്. ഒരുവന്‍ പരിശുദ്ധാത്മാവിനുവേണ്ടി ദാഹിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നാമതായി അഭിലഷിക്കുന്നതു ജ്ഞാനത്തിനായിട്ടാണെങ്കില്‍, അവനെ ദൈവം വിവേകിയായി പരിഗണിക്കും. ശലോമോനില്‍ ദൈവം വിവേകിയെ ദര്‍ശിച്ചത് അവന്റെ പ്രാര്‍ത്ഥനയിലെ നിയോഗത്തെ അടിസ്ഥാനമാക്കിയാണ്. ബൈബിളിലെ ഈ വിവരണം ശ്രദ്ധിക്കുക: “ആ രാത്രിയില്‍ ദൈവം ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: നിനക്ക് എന്തു വരമാണു വേണ്ടത്? ചോദിച്ചുകൊള്ളുക. ശലോമോന്‍ പ്രതിവചിച്ചു: എന്റെ പിതാവായ ദാവീദിനെ അവിടുന്ന് അത്യധികം സ്‌നേഹിച്ചു; എന്നെ അവന്റെ പിന്‍ഗാമിയും രാജാവുമായി നിയമിക്കുകയും ചെയ്തു. ദൈവമായ യാഹ്‌വേ, എന്റെ പിതാവിനോടു ചെയ്ത വാഗ്ദാനം നിറവേറ്റണമേ! ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഈ ജനത്തെ ഭരിക്കാന്‍ എന്നെ അവിടുന്നു രാജാവാക്കിയല്ലോ. ഈ ജനത്തെ നയിക്കാന്‍ ജ്ഞാനവും വിവേകവും എനിക്കു നല്‍കണമേ! അവയില്ലാതെ, അവിടുത്തെ ഈ വലിയ ജനതതിയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും?”(2 ദിനവൃത്താന്തം: 1; 7-10).

ശലോമോന്റെ അപേക്ഷയോടു യാഹ്‌വെയുടെ പ്രതികരണം എന്തായിരുന്നുവെന്നു നോക്കുക: “ദൈവം ശലോമോന് ഉത്തരമരുളി: കൊള്ളാം, സമ്പത്തോ ധനമോ പ്രശസ്തിയോ ശത്രുനിഗ്രഹമോ ദീര്‍ഘായുസ്സു പോലുമോ നീ ചോദിച്ചില്ല. ഞാന്‍ നിന്നെ രാജാവാക്കി, നിനക്ക് അധീനമാക്കിയിരിക്കുന്ന എന്റെ ജനത്തെ ഭരിക്കാന്‍ ജ്ഞാനവും വിവേകവും നീ ചോദിച്ചു. ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്‍കുന്നു. കൂടാതെ, നിന്റെ മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത സമ്പത്തും ധനവും പ്രശസ്തിയും ഞാന്‍ നിനക്കു നല്‍കും”(2 ദിനവൃത്താന്തം: 1; 11, 12). തന്റെ സന്നിധിയില്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുന്നവനാണ് സത്യദൈവം. പരിശുദ്ധാത്മാവിനുവേണ്ടിയും പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കുവേണ്ടിയും ദൈവസന്നിധിയിലേക്ക് ഉയരുന്ന പ്രാര്‍ത്ഥനകള്‍ക്കു മുന്തിയ പരിഗണന അവിടുന്നു നല്‍കുന്നു. ഈ വചനം ശ്രദ്ധിക്കുക: “യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു”(സങ്കീ: 14; 2). ജ്ഞാനം അന്വേഷിക്കുന്ന വിവേകികള്‍ ദൈവത്തിനു പ്രിയങ്കരരാണ്. ജ്ഞാനം അഭിലഷിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ക്ക് ധാരാളമായി അതു നല്‍കാന്‍ ദൈവമായ യാഹ്‌വെ സന്നദ്ധനാകുന്നു.

പരിശുദ്ധാത്മാവിന്റെ വര-ദാന-ഫലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ജ്ഞാനത്തിനുള്ളതെന്നു നാം കണ്ടുകഴിഞ്ഞു. മറ്റു വരങ്ങളും ദാനങ്ങളും ഫലങ്ങളും അപ്രധാനങ്ങളാണെന്നു സ്ഥാപിക്കാനുള്ള മനോവയുടെ ശ്രമമായി ഇതിനെ കാണരുത്. എന്തെന്നാല്‍, പരിശുദ്ധാത്മാവില്‍നിന്നുള്ള എന്തും മഹത്തരമാണ്! പരിശുദ്ധാത്മാവിന്റെ ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍ എന്ന് പൗലോസ് പറഞ്ഞരിക്കുന്നത് വെറുതെയല്ല. ഓരോരുത്തരെയും വ്യത്യസ്തമായ വരങ്ങളും ദാനങ്ങളുംകൊണ്ട് സമ്പന്നരാക്കുന്നവന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്! ഈ ആത്മാവിനോട് ഒരുവന്‍ എത്രത്തോളം വിശ്വസ്തതയോടെ ചേര്‍ന്നുനില്‍ക്കുന്നുവോ, അത്രത്തോളം വരങ്ങളും ദാനങ്ങളും ഫലങ്ങളും അവനിലേക്കു വര്‍ഷിക്കപ്പെടും. അതായത്, അവിടത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരുവന് ഒന്നിലധികം വരങ്ങള്‍ നല്‍കാന്‍ അവിടുന്ന് തയ്യാറാകും. നല്‍കപ്പെട്ടിരിക്കുന്ന വരങ്ങളും ദാനങ്ങളും എപ്രകാരം ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതലായി നല്‍കുന്നത്. താലന്തുകളുടെ ഉപമ വായിക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് കൂടുതല്‍ വിവരണമില്ലാതെതന്നെ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഒരുവന്റെമേല്‍ ദൈവം അവിടുത്തെ ആത്മാവിനെ വര്‍ഷിക്കുന്നത് സഭയുടെ നന്മയ്ക്കുകൂടി വേണ്ടിയാണ്. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട വ്യക്തികളുടെ സമൂഹത്തെയാണ് സഭയെന്ന് മനോവ ഉദ്ദേശിച്ചത്. ഈ സഭയുടെ പൊതുനന്മയ്ക്കുവേണ്ടി ഓരോരുത്തരിലേക്കും വ്യത്യസ്തങ്ങളായ വരങ്ങളും ദാനങ്ങളും ഫലങ്ങളും ചൊരിയപ്പെടുന്നു. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നതിനായി ഒരുവനു ലഭിച്ചിരിക്കുന്ന ഭാഷാവരം മാത്രമാണ് വ്യക്തിപരമായി അവന്റെ ആദ്ധ്യാത്മിക അഭിവൃത്തിയ്ക്കായുള്ളത്. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “അതേസമയം ആത്മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍. ഭാഷാവരമുള്ളവന്‍ മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. അവന്‍ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍ മനുഷ്യരോടു സംസാരിക്കുന്നു. അത് അവരുടെ ഉത്കര്‍ഷത്തിനും പ്രോത്‌സാഹത്തിനും ആശ്വാസത്തിനും ഉപകരിക്കുന്നു. ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത്കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍”(1 കോറി: 14; 1-5).

വളരെ വ്യക്തമായിത്തന്നെ അപ്പസ്തോലന്‍ ഇവിടെ വിശദീകരണം നല്‍കിയിട്ടുണ്ട്. പ്രവചനവരത്തിന്റെ മാഹാത്മ്യം മാത്രമല്ല, സഭയ്ക്കു കരുത്തുപകരുന്ന എല്ലാ വരങ്ങളും ദാനങ്ങളും ശ്രേഷ്ഠമാണെന്ന പ്രഖ്യാപനമാണ് വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്നത്. അതുപോലെതന്നെ, സഭയുടെ ഉന്നമനത്തിനായി പരിശുദ്ധാത്മാവ് അവിടുത്തെ വരങ്ങളും ദാനങ്ങളും എങ്ങനെയാണു വിഭജിച്ചു നല്കുന്നതെന്നു ശ്രദ്ധിക്കുക: “ദാനങ്ങളില്‍ വൈവിദ്ധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിദ്ധ്യം ഉണ്ടെങ്കിലും യേഹ്ശുവാ ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിദ്ധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ്. ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവുതന്നെ നല്‍കുന്നു. തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെതന്നെ പ്രവൃത്തിയാണ് ഇതെല്ലാം”(1 കോറി: 12; 4-11). ശരീരത്തിലെ അവയവങ്ങള്‍ വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതുപോലെയാണ് സഭയില്‍ ആത്മാവിന്റെ പ്രവര്‍ത്തനങ്ങളും. ശരീരത്തിലെ ഓരോ അവയവങ്ങളും എന്നപോലെ വ്യത്യസ്തങ്ങളായ ശുശ്രൂഷകള്‍ സഭയിലെ അംഗങ്ങള്‍ക്കു വിഭജിച്ചു നല്‍കിയിരിക്കുന്നു.

ഈ വെളിപ്പെടുത്തല്‍ നോക്കുക: “ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യെഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു. ഒരു അവയവമല്ല, പലതു ചേര്‍ന്നതാണ് ശരീരം. ഞാന്‍ കൈ അല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു കാല്‍ പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? അതുപോലെതന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? ശരീരം ഒരു കണ്ണു മാത്രമായിരുന്നെങ്കില്‍ ശ്രവണം സാദ്ധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവി മാത്രമായിരുന്നെങ്കില്‍ ഘ്രാണം സാദ്ധ്യമാകുന്നതെങ്ങനെ? എന്നാല്‍, ദൈവം സ്വന്തം ഇഷ്ടമനുസരിച്ച് ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു”(1 കോറി: 12; 12-18). ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെയാണ് സഭയില്‍ ആത്മാവ് ഓരോ വ്യക്തികളിലൂടെയും പ്രവര്‍ത്തിക്കുന്നത്.

ഈ വിശദീകരണംകൂടി വായിക്കുക: “നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധ ഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?”(1 കോറി: 12; 27-30). ഇനിയുമൊരു വിശദീകരണത്തിന്റെ അനിവാര്യതയ്ക്കിടമില്ലാത്ത വിധം വ്യക്തതയോടെയുള്ള വിവരണമാണ് അപ്പസ്തോലന്‍ നടത്തിയിരിക്കുന്നത്. ആയതിനാല്‍, ക്രിസ്തുവിന്റെ സഭയില്‍ അവിടുത്തെ പരിശുദ്ധാത്മാവ് ഓരോ വ്യക്തികളിലൂടെയും ചെയ്യുന്ന പ്രവര്‍ത്തനത്തെ വിശദീകരിക്കാന്‍ മനോവ മിനക്കെടുന്നില്ല.

ദൈവാത്മാവിന്റെ അടയാളങ്ങള്‍!

പരിശുദ്ധാത്മാവിന്റെ വരങ്ങളെയും ദാനങ്ങളെയും സംബന്ധിച്ച് ആമുഖമായി നാം ചിന്തിച്ചു. എന്നാല്‍, പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ ഏതൊക്കെയാണെന്നു നാം പരിശോധിച്ചില്ല. ദൈവാത്മാവില്‍നിന്ന് വരങ്ങളും ദാനങ്ങളും സ്വീകരിച്ച ഒരുവനില്‍ പ്രകടമാകുന്ന സാരമായ മാറ്റത്തെയാണ് ആത്മാവിന്റെ ഫലങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ജഡത്തിന്റെ വ്യാപാരങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കിയതിനുശേഷം പരിശുദ്ധാത്മാവിന്റെ ഫലങ്ങളെക്കുറിച്ചു പഠിക്കുന്നതാണ് അഭികാമ്യം. ആയതിനാല്‍, ജഡത്തിന്റെ വ്യാപാരങ്ങളെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന വിവരണം ശ്രദ്ധിക്കുക: “നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു. ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു”(ഗലാത്തി: 5; 16-21).

ജഡികമനുഷ്യനില്‍ പ്രകടമാകുന്ന അടയാളങ്ങളായി ഇവയെ കണക്കാക്കാന്‍ സാധിക്കും. അതുപോലെതന്നെ, ആത്മീയമനുഷ്യനില്‍ പ്രകടമാകുന്നത് പരിശുദ്ധാത്മാവിന്റെ അടയാളങ്ങളായിരിക്കും. അവ ഏതെല്ലാമാണെന്ന് നോക്കുക: “എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്”(ഗലാത്തി: 5; 22, 23). അപ്പസ്തോലനായ പൗലോസ് നല്‍കിയിരിക്കുന്ന ഈ പ്രബോധനം തെറ്റാണെന്നു പറയാന്‍ മനോവ തയ്യാറല്ല; എന്നാല്‍, ഇവിടെ പതിയിരിക്കുന്ന ചില അപകടങ്ങള്‍ വ്യക്തമാക്കാതിരിക്കാന്‍ മനോവയ്ക്കു കഴിയില്ല. എന്തെന്നാല്‍, ഈ അപകടത്തെ സംബന്ധിച്ച് പൗലോസ് അപ്പസ്തോലന്‍തന്നെ നല്‍കിയിട്ടുള്ള മറ്റൊരു ഗൗരവകരമായ പ്രബോധനമുണ്ട്. ആ പ്രബോധനംകൂടി മനസ്സിലാക്കിയതിനുശേഷം കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാം. പ്രബോധനം ഇപ്രകാരമാണ്: “അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും”(2 കോറി: 11; 14, 15).

പരിശുദ്ധാത്മാവിന്റെ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ പ്രബോധനം അവഗണിക്കരുത്. ദൈവമക്കളെ വശീകരിക്കാനായി വ്യാജപ്രബോധകര്‍ കടന്നുവരുന്നത് വ്യാജമായ അടയാളങ്ങള്‍ ആവരണമായി അണിഞ്ഞുകൊണ്ടായിരിക്കും. കപട അപ്പസ്തോലന്മാരെക്കുറിച്ച് ഏറ്റവുമധികം മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നതും പൗലോസ് അപ്പസ്തോലനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. സൗമ്യതയും സ്നേഹവും ക്ഷമയുമെല്ലാം ആവരണങ്ങളായി അണിഞ്ഞിരിക്കുന്നവരില്‍ കുടികൊള്ളുന്ന യഥാര്‍ത്ഥ ആത്മാവിനെ വിവേചിച്ചറിയാന്‍ നമുക്കു സാധിക്കണം. അല്ലാത്തപക്ഷം നിത്യനാശമായിരിക്കും അവരെ കാത്തിരിക്കുന്നത്. ഇത്തരത്തില്‍ വഴിമാറി യാത്രചെയ്യുന്ന അനേകര്‍ നമുക്കു ചുറ്റുമുണ്ട്. ആയതിനാല്‍, പരിശുദ്ധാത്മാവിന്റെ ഫലങ്ങളുടെ പട്ടികയിലുള്ള ഓരോ വികാരങ്ങളെയും വേറിട്ടുതന്നെ നാം പരിശോധിക്കാന്‍ പോകുകയാണ്!

സ്നേഹം, സമാധാനം, ക്ഷമ, .....!

വ്യാജമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന വികാരങ്ങളാണ് പരിശുദ്ധാത്മാവിന്റെ ഫലങ്ങളുടെ പട്ടികയിലെ ഒട്ടുമിക്കതും! വഞ്ചകര്‍ തങ്ങളുടെ എല്ലാ വഞ്ചനകളും നടപ്പാക്കുന്നത് ഇവയെല്ലാം നടിച്ചുകൊണ്ടാണ്. പിശാചിനോടുപോലും ദയാപൂര്‍വ്വം വര്‍ത്തിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കാറുണ്ട്. ലോകത്തിന്റെ അംഗീകാരം പിടിച്ചുപറ്റാന്‍ കപട വിനയവും മനുഷ്യസ്നേഹവും പ്രകടിപ്പിക്കുന്നവരെ നാം ദിനംപ്രതി കണ്ടുകൊണ്ടാണിരിക്കുന്നത്. മനുഷ്യരുടെ പേടിസ്വപ്നമായിരുന്ന ബിന്‍ലാദന്റെ ചിരിയില്‍ വിരിയുന്ന സൗമ്യതയും സ്നേഹവും നന്മയുമൊക്കെ കുപ്രസിദ്ധമാണല്ലോ! ശ്രീ ശ്രീ രവിശങ്കറിന്റെ മുഖം ദര്‍ശിക്കുന്നവര്‍ക്കും ഇതു കാണാന്‍ കഴിയും. ഇവരുടെയെല്ലാം ഉള്ളില്‍ വസിക്കുന്നത് പരിശുദ്ധാത്മാവാണെന്നു പറയാന്‍ യഥാര്‍ത്ഥ ദൈവമക്കള്‍ക്കു സാധിക്കുമോ? ഇസ്ലാമിക ഭീകരന്മാരോടു ക്ഷമിക്കുകയും, അവരെ സ്നേഹിച്ചുകൊണ്ട് കാരുണ്യം ചൊരിയുകയും ചെയ്യുന്ന കുപ്രസിദ്ധനായ ഒരു ഭരണാധികാരി യൂറോപ്പിലുണ്ട്. ക്രിസ്ത്യാനികളുടെ സംരക്ഷകന്റെ പദവിയില്‍ അനധികൃതമായി കുടിയേറിയ ഈ മനുഷ്യന്‍മൂലം ദൈവജനം അനുഭവിക്കുന്ന പീഡനങ്ങള്‍ നാമിന്നു കണ്ടുകൊണ്ടിരിക്കുന്നു. വത്തിക്കാനിലെ രാജപദവി പിടിച്ചടക്കിയ ഇല്ല്യുമിനാറ്റി തലവനെക്കുറിച്ചു തന്നെയാണ് മനോവ ഉദ്ദേശിച്ചത്. മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കപടസമാധാനം ആശംസിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ഈ മനുഷ്യന്റെ യഥാര്‍ത്ഥ മുഖം പലരും തിരിച്ചറിഞ്ഞിട്ടില്ല!

ആടുകള്‍ക്കുവേണ്ടി ജീവന്‍ നല്കുന്നവനാണ് യഥാര്‍ത്ഥ ഇടയന്‍! തന്റെ അജഗണത്തെ നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത ഇടയനാണ് ഈ മനുഷ്യനെങ്കില്‍, ആടുകളെ ചെന്നായ്ക്കളില്‍നിന്നും കവര്‍ച്ചക്കാരില്‍നിന്നും രക്ഷിക്കാനുള്ള ശ്രമമെങ്കിലും നടത്തുമായിരുന്നു. എന്നാല്‍, ആടുകളുടെ ശത്രുപക്ഷത്താണ് ഈ ഇടയന്‍ എല്ലായ്പ്പോഴും നിലയുറപ്പിക്കുന്നത്. വായ തുറക്കുമ്പോഴെല്ലാം ചെന്നായ്ക്കള്‍ക്കു സമാധാനം ആശംസിക്കുകയും അവറ്റകളുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവനെ ദൈവം തന്റെ ആടുകളുടെമേല്‍ ചുമതലയേല്പിക്കുകയില്ല! നിരപരാധികളായ ക്രിസ്ത്യാനികളെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയ്ക്ക് ഒറ്റുകൊടുക്കുന്ന ഇയാളുടെയുള്ളില്‍ വസിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ആരും പറയരുത്. എന്തെന്നാല്‍, അങ്ങനെ പറയുന്നതുപോലും പരിശുദ്ധാത്മാവിനെതിരായ പാപമാണ്!

കത്തോലിക്കാസഭയുടെ യഥാര്‍ത്ഥ ദൗത്യം ക്രിസ്തീയത പ്രചരിപ്പിക്കുകയെന്നതാണ്. നിത്യരക്ഷയുടെ പ്രചാരണം തന്നെയാണ് ക്രിസ്തീയതയുടെ പ്രചാരണത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഈ ദൗത്യത്തില്‍നിന്നു പിന്‍വലിഞ്ഞാല്‍ അതോടെ കത്തോലിക്കാസഭ ക്രിസ്തുവിന്റെ സഭയല്ലാതായി മാറും. കത്തോലിക്കാസഭയെ ക്രിസ്തീയമല്ലാതാക്കാന്‍ പിശാചില്‍നിന്ന് അച്ചാരം വാങ്ങിയ ചിലര്‍ സഭയുടെ ഉന്നതശ്രേണികളില്‍ കയറിക്കൂടിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഫ്രാന്‍സീസ് ഏറ്റെടുത്തിരിക്കുന്നത് ആര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷയാണെന്നു പരിശോധിക്കാന്‍ തയ്യാറാകേണ്ടതും ഇക്കാരണത്താലാണ്. ക്രിസ്തീയത പ്രചരിപ്പിക്കുകയെന്ന ദൗത്യമല്ല ഫ്രാന്‍സീസ് നിര്‍വ്വഹിക്കുന്നതെന്നു മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള എല്ലാവര്‍ക്കും സാധിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളുടെ ചിലവില്‍ ഇസ്ലാമികത പ്രചരിപ്പിക്കുന്ന ഫ്രാന്‍സീസിന്റെ ലക്‌ഷ്യം അനേകരുടെ നിത്യരക്ഷ തടയുക എന്നതാണെന്നു തിരിച്ചറിയാന്‍ ആര്‍ക്കെങ്കിലും കഴിയുന്നില്ലെങ്കില്‍, അത് അവരുടെയുള്ളില്‍ പരിശുദ്ധാത്മാവ് ഇല്ലാത്തതുകൊണ്ടാണ്! അനേകം മനുഷ്യരെ കപടനാട്യത്തിലൂടെ വഞ്ചിക്കാന്‍ ഫ്രാന്‍സീസിനു സാധിക്കുന്നുണ്ടെങ്കില്‍, പരിശുദ്ധാത്മാവിന്റെ ഫലങ്ങളെ അനുകരിക്കാന്‍ പിശാചിനു സാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് സ്ഥിരീകരിക്കപ്പെടുന്നത്!

ഉള്ളിലുള്ള വികാരം മറ്റൊന്നായിരിക്കെ, പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ വികാരങ്ങള്‍ കാപട്യത്തോടെ പ്രകടിപ്പിക്കുന്നവരെയാണ് കപടനാട്യക്കാര്‍ എന്ന് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഇത്തരം ആളുകള്‍ എല്ലാ മേഖലകളിലും സജ്ജീവമായി വ്യാപരിക്കുന്നുണ്ട്. യേഹ്ശുവായുടെ മനുഷ്യജീവിതകാലത്ത് ജീവിച്ചിരുന്ന ഫരിസേയരെയും നിയമജ്ഞരെയും അവിടുന്ന് സംബോധന ചെയ്തതു കപടനാട്യക്കാര്‍ എന്നായിരുന്നില്ലേ! അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മ്മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്മാരുടെ രക്തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്”(മത്താ: 23; 29, 30). കപടനാട്യക്കാര്‍ എന്ന സംബോധന പരിശോധിക്കാന്‍വേണ്ടി മാത്രമാണ് ഈ വചനം ഇവിടെ കുറിച്ചത്. കപടനാട്യത്തെക്കുറിച്ചും കപടനാട്യക്കാരെക്കുറിച്ചും വ്യക്തമാക്കുന്ന അനേകം പ്രബോധനങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ സാധിക്കും. ദൈവജനം വഞ്ചിക്കപ്പെടാനുള്ള സാദ്ധ്യതയുള്ളതുകൊണ്ടാണ് ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവിലും ഈ കപടനാട്യം ദൃശ്യമാകുമെന്ന് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നു.

ഈ വചനം ശ്രദ്ധിക്കുക: “ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്”(വെളി: 13; 13-15). മഹാപ്രവാചകന്മാരിലൂടെ യാഹ്‌വെ നടത്തിയ അദ്ഭുതങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള അടയാളങ്ങളുമായിട്ടാണ് എതിര്‍ക്രിസ്തുവും അവന്റെ കൂട്ടാളികളും പ്രത്യക്ഷപ്പെടുന്നത്. ആകാശത്തുനിന്ന് അഗ്നിയിറക്കിയ യേലിയാഹിനെപ്പോലെ അവരും പ്രവര്‍ത്തിക്കും. ആത്മാക്കളെ വിവേചിച്ചറിയാന്‍ വരം ലഭിച്ചിട്ടില്ലാത്ത സകലരും വഞ്ചിക്കപ്പെടുന്നത് ഇവിടെയാണ്‌. പ്രതിമകളില്‍നിന്നു തേനും പാലും രക്തവും ഒഴുകുന്ന അടയാളങ്ങളുടെ പിന്നാലെ ഓടുന്നവരുടെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ല. എന്തെന്നാല്‍, പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍പോലും സാത്താനു സാധിക്കും.

പരിശുദ്ധാത്മാവിന്റെ ഫലങ്ങളെ സംബന്ധിച്ച് അപ്പസ്തോലനായ പൗലോസ് നല്‍കിയ പ്രബോധനത്തെ അടിസ്ഥാനപ്പെടുത്തി ആത്മാക്കളെ വിവേചിക്കാന്‍ ശ്രമിച്ചാല്‍ അപകടത്തില്‍പ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മുന്‍പ് സൂചിപ്പിച്ച കാര്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്; എന്തെന്നാല്‍, നമ്മില്‍ പ്രവൃത്തിക്കുന്ന ആത്മാവിനെ വിവേചിക്കുന്നതിനല്ലാതെ, മറ്റൊരുവനിലെ ആത്മാവിനെ തിരിച്ചറിയാനുള്ള അടയാളമായി പരിശുദ്ധാത്മഫലങ്ങള്‍ പരിഗണിക്കാന്‍ പാടില്ല. സൗമ്യമായ മുഖഭാവത്തോടെ സമീപിച്ച് രക്തം ഊറ്റിക്കുടിക്കുന്ന ചുടലയക്ഷികള്‍ നമുക്കു ചുറ്റിനുമുണ്ട്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന നരാധമന്മാരും കുറവല്ല! പാപത്തിലേക്കു നയിക്കാനായി കടന്നുവരുന്ന ഏതൊരു വ്യക്തിയുടെയും മുഖത്തു പ്രതിഫലിക്കുന്ന വികാരം പൈശാചികമായിരിക്കുമെന്നു കരുതരുത്. കലാകാരന്മാര്‍ തങ്ങളുടെ ഭാവനയില്‍ രൂപപ്പെടുത്തിയിരിക്കുന്നതുപോലെ ഭീകരരൂപിയാണു സാത്താനെന്നു കരുതിയാല്‍ തെറ്റുപറ്റും! സുന്ദരനും സുശീലനുമായി മാത്രമല്ല, ആരെയും കീഴ്പ്പെടുത്താന്‍ സാധിക്കുന്നവിധം വശ്യതയോടെ സംസാരിക്കുന്നവനുമായിട്ടാണ് അവന്‍ മനുഷ്യരെ സമീപിക്കുന്നത്! വിനാശകനെ സംബന്ധിച്ചുള്ള അടയാളങ്ങളില്‍ ഒരെണ്ണം ശ്രദ്ധിക്കുക: “ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖസ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. കുറേക്കാലത്തേക്ക് അവര്‍ വാളും തീയും അടിമത്തവും കവര്‍ച്ചയുംകൊണ്ട് വീഴുമെങ്കിലും ജനത്തിന്റെ ഇടയിലെ ജ്ഞാനികള്‍ അനേകര്‍ക്ക് അറിവു പകരും”(ദാനിയേല്‍: 11; 32, 33).

രണ്ടു പ്രധാന കാര്യങ്ങള്‍ ഈ വചനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒന്നാമതായി വ്യക്തമാക്കുന്നത് ഉടമ്പടി ലംഘിക്കുന്നവരെ മുഖസ്തുതികൊണ്ടു വഴിതെറ്റിക്കും എന്നകാര്യമാണ്! ഏത് ഉടമ്പടിയുടെ കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്? യേഹ്ശുവാ അവിടുത്തെ സഭയുമായി രണ്ട് ഉടമ്പടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യേഹ്ശുവായുടെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് അതിലൊന്ന്. അവിടുത്തെ പേരില്‍ സമ്മേളിക്കുമ്പോഴെല്ലാം അനുസ്മരിക്കണമെന്ന ആഹ്വാനത്തോടെയുള്ള ആ ഉടമ്പടിയാണ് വിശുദ്ധ കുര്‍ബ്ബാന! അവിടുന്ന് അരുളിച്ചെയ്തു: “ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍”(1 കോറി: 11; 25). അവിടുത്തെ പ്രത്യാഗമനം വരെ തുടരേണ്ടതായ ഈ ബലിയാണ് എതിര്‍ക്രിസ്തു നിരോധിക്കുന്നത്. ഈ പ്രവചനം ശ്രദ്ധിക്കുക: “പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും”(ദാനിയേല്‍: 9; 27). ബലിയോ കാഴ്ചകളോ ഇല്ലാത്ത സഭകളെ ബാധിക്കുന്ന കാര്യമല്ല ഇത്. ഈ ഉടമ്പടി ലംഘിക്കുന്നവരാണ് മുഖസ്തുതികളാല്‍ വഴിതെറ്റുന്ന ഒരുകൂട്ടര്‍!

യേഹ്ശുവാ അവിടുത്തെ സഭയുമായി സ്ഥാപിച്ചിരിക്കുന്ന മറ്റൊരുടമ്പടി ഇതാണ്: “ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 20). മൂന്നു ദൗത്യങ്ങള്‍ ഭാരമേല്പിച്ചിരിക്കുന്ന ഈ ഉടമ്പടിയില്‍ ഒരു വാഗ്ദാനവും ചേര്‍ത്തുവച്ചിട്ടുണ്ട്. യുഗാന്തംവരെ എന്നും അവിടുന്ന് കൂടെയുണ്ടായിരിക്കും എന്നതാണ് അവിടുത്തെ മഹനീയമായ വാഗ്ദാനം! യേഹ്ശുവാ കൂടെയുള്ള അവസ്ഥയില്‍ ആര്‍ക്കും സഭയെ നേരിടാന്‍ ഒരു ശക്തിയ്ക്കും സാധിക്കില്ല. ആയതിനാലാണ് യേഹ്ശുവാ സഭയോടുകൂടെയില്ലാത്ത അവസ്ഥ സൃഷ്ടിക്കാന്‍ സാത്താനും അവന്റെ അനുചരന്മാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യേഹ്ശുവാ കൂടെയില്ലാത്ത അവസ്ഥയില്‍ സഭ ആയിത്തീരണമെങ്കില്‍ അവിടുന്ന് ഏല്പിച്ച ദൗത്യങ്ങളില്‍നിന്നു സഭ സ്വമേധയാ വിരമിക്കണം. അതായത്, യേഹ്ശുവായുമായുള്ള ഉടമ്പടിയില്‍നിന്നു പുറത്തുവന്നാല്‍ മാത്രമേ അവിടുന്ന് വാഗ്ദാനംചെയ്ത സംരക്ഷണം പിന്‍വലിക്കപ്പെടുകയുള്ളു. ഇക്കാരണത്താലാണ് ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖസ്തുതികൊണ്ട് വഴിതെറ്റിക്കുന്നത്. ഇതെല്ലാം സാദ്ധ്യമാകണമെങ്കില്‍ അവന്‍ തന്റെ ഭീകരരൂപം മറച്ചുവയ്ക്കുകയും, സമാധാനത്തിന്റെ വെള്ളരിപ്രാവിനു സദൃശ്യനായി മാറുകയും വേണം.

ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ”(കൊളോ: 2; 18). ഇവിടെയാണ്‌ ജ്ഞാനം ആര്‍ജ്ജിക്കേണ്ടതിന്റെയും  പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ അടയാളങ്ങള്‍ അറിഞ്ഞിരിക്കേണ്ടതിന്റെയും അനിവാര്യത! ജ്ഞാനം മറഞ്ഞിരിക്കുന്നത് യാഹ്‌വെയുടെ നിയമത്തിലും അവിടുത്തെ വചനത്തിലുമാണ്. ആയതിനാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ അറിഞ്ഞിരിക്കുക തന്നെവേണം! അവിടുത്തെ നിയമവും അവിടുത്തെ വചനവും പാദങ്ങള്‍ക്കു പ്രകാശമാണ്!

പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ അടയാളങ്ങള്‍!

പിശാചിനോടും തിന്മയോടും സൗമ്യതയോടെ നിലകൊള്ളുന്നതാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്ന് ധരിച്ചുവച്ചിരിക്കുന്ന അനേകരുണ്ട്. എന്നാല്‍, പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിച്ചവരായി ബൈബിളില്‍ നാം പരിചയപ്പെടുന്ന ആരിലും ഈ അടയാളം ദര്‍ശിക്കാന്‍ കഴിയില്ല. മോശ മുതല്‍ സ്നാപകയോഹന്നാന്‍ വരെയുള്ള പ്രവാചകന്മാരിലോ, അതിനുശേഷം ദൈവീകശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ട അപ്പസ്തോലന്മാരിലോ ദര്‍ശിക്കാന്‍ കഴിയാത്ത അടയാളങ്ങളെ പരിശുദ്ധാത്മാവിന്റെ അടയാളങ്ങളായി പരിഗണിക്കുന്ന ഏതൊരുവന്റെയും നില അപകടത്തിലാണ്! ആയതിനാല്‍, പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ അടയാളങ്ങള്‍ ഏതെല്ലാമാണെന്ന് വചനാടിസ്ഥാനത്തില്‍ നാം പരിശോധിക്കുന്നു.

പൗലോസ് അപ്പസ്തോലന്‍ അറിയിച്ച ഓരോ വികാരങ്ങളും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാണ് എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍, മറ്റുള്ളവരിലെ പരിശുദ്ധാത്മ സാന്നിദ്ധ്യം മനസ്സിലാക്കാനായി ഈ അടയാളങ്ങള്‍ കണക്കിലെടുക്കരുത്. മറിച്ച്, പരിശുദ്ധാത്മാവ് തങ്ങളിലുണ്ടോ എന്ന് സ്വയം ബോധ്യപ്പെടാനുള്ള അടയാളമായി ഇവ പരിഗണിക്കാം. എല്ലാറ്റിലും ഉപരിയായി ദൈവത്തെയും, തന്നെപ്പോലെതന്നെ സഹോദരങ്ങളെയും സ്നേഹിക്കാന്‍ കഴിയുന്നുവെങ്കില്‍ അത് പരിശുദ്ധാത്മാവിന്റെ അടയാളമാണ്. ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നുവെങ്കില്‍, സമാധാനം അനുഭവവേദ്യമാകുന്നുവെങ്കില്‍, ക്ഷമിക്കാന്‍ കഴിയുന്നുവെങ്കില്‍, ദയയും നന്മയും വിശ്വസ്തതയും ആത്മസംയമനവും ഉണ്ടെന്നു ബോദ്ധ്യപ്പെടുന്നുവെങ്കില്‍, സൗമ്യതയോടെ സകല പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ സാധിക്കുന്നുവെങ്കില്‍, ഇതെല്ലാം നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കുതന്നെ വിവേചിച്ചറിയാനുള്ള അടയാളങ്ങളാണ്! എന്നാല്‍, മറ്റൊരുവനിലെ ആത്മാവിനെ ഈ അടയാളങ്ങളിലൂടെ വിവേചിച്ചറിയാന്‍ സാധിക്കില്ല. ഇക്കാര്യമാണ് നാം ഇതുവരെ പഠിച്ചത്! 

“എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. യെരുശലെമിലും യെഹൂദയാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും”(അപ്പ. പ്രവര്‍: 1; 8). പരിശുദ്ധാത്മാവിന്റേതായി യേഹ്ശുവാ വെളിപ്പെടുത്തിയ അടയാളങ്ങളില്‍ ഒന്നാണിത്. ശക്തിപ്രാപിക്കുകയും ഭൂമിയുടെ അതിര്‍ത്തികള്‍വരെ യേഹ്ശുവായുടെ സാക്ഷികളായിരിക്കുകയും ചെയ്യുമെന്നതാണ് ഈ അടയാളം! പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേഹ്ശുവാ ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേഹ്ശുവാ ദൈവമാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു”(1 കോറി: 12; 3). വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്; അതായത്, യേഹ്ശുവാ ഏകരക്ഷകനാണെന്നു സാക്ഷ്യപ്പെടുത്തണമെങ്കില്‍ പരിശുദ്ധാത്മാവു കൂടിയേതീരൂ!

പരിശുദ്ധാത്മാവ് ശക്തിയാണെന്നു വെളിപ്പെടുത്തിയിരിക്കുന്ന വേറെയും വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനം നോക്കുക: “ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍”(ലൂക്കാ: 24; 49). പരിശുദ്ധാത്മാവിനെ സംബന്ധിച്ച് യേഹ്ശുവാ അറിയിച്ച ചില സത്യങ്ങള്‍ക്കൂടിയുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും”(യോഹ: 15; 26). സത്യാത്മാവിനെക്കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: “അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും -  അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും, ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോദ്ധ്യപ്പെടുത്തും”(യോഹ: 16; 7-11). ഒരു വചനംകൂടി വായിച്ചതിനുശേഷം വിശദാംശങ്ങളിലേക്കു പ്രവേശിക്കാം. വചനമിതാണ്: “സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും”(യോഹ: 16; 13, 14).

യേഹ്ശുവായെക്കുറിച്ചുള്ള യഥാര്‍ത്ഥ സത്യം ധൈര്യപൂര്‍വ്വം പ്രഘോഷിക്കുകയും അവിടുന്നിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെക്കുറിച്ചു സാക്ഷ്യം നല്‍കുകയും ചെയ്യുന്നതാണ് പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ അടയാളം! മറ്റ് ആശയങ്ങളുമായി യാതൊരുവിധത്തിലും സന്ധിചെയ്യാതെ, ആരെങ്കിലും സത്യത്തിനു സാക്ഷ്യംവഹിക്കുന്നതു നാം കാണുമ്പോള്‍, പരിശുദ്ധാത്മാവ് അവനിലുണ്ടെന്നു സ്ഥിരീകരിക്കാന്‍ കഴിയും! യേഹ്ശുവായിലൂടെ അല്ലാതെ മറ്റേതെങ്കിലും മതങ്ങളിലൂടെയോ മാര്‍ഗ്ഗങ്ങളിലൂടെയോ നിത്യരക്ഷ പ്രാപിക്കാമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അവരുടെയുള്ളില്‍ വസിക്കുന്ന ആത്മാവ് പരിശുദ്ധാത്മാവല്ല; മറിച്ച്, സത്യത്തെ നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്ന ദുഷ്ടാത്മാവാണ് അവനില്‍ വസിക്കുന്നത്. ഇത്തരത്തിലുള്ള പ്രബോധനങ്ങള്‍ നടത്തുന്ന വ്യക്തികളില്‍ കുടികൊള്ളുന്നതും പിശാചിന്റെ ആത്മാവുതന്നെയാണ്! പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിച്ച ഒരുവനും യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ പ്രഘോഷിക്കുന്നതില്‍ വേറൊരു ആശയത്തോടും സന്ധിചെയ്യില്ല. അതുപോലെതന്നെ, തിന്മയോടും അനീതിയോടും യാഹ്‌വെ പുലര്‍ത്തുന്ന സമീപനം തന്നെയായിരിക്കും അവന്‍ സ്വീകരിക്കുന്നത്!

അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ട ഒരു ദൈവപുരുഷനെ നമുക്കറിയാം. അത് സ്നാപകയോഹന്നാനാണ്. പ്രവാചകനെക്കാള്‍ വലിയവന്‍ എന്നാണ് യേഹ്ശുവാ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നത്. യേഹ്ശുവായുടെ സാക്ഷ്യം ശ്രദ്ധിക്കുക: “അല്ലെങ്കില്‍, പിന്നെ എന്തിനാണു നിങ്ങള്‍ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്കു വഴിയൊരുക്കും. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല”(മത്താ: 11; 9-11). അവിടുത്തെ സാക്ഷ്യം തുടരുന്നത് ഇപ്രകാരമാണ്: “യോഹന്നാന്‍വരെ സകല പ്രവാചകന്മാരും  നിയമവും പ്രവചനം നടത്തി. നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന യെലിയാഹ്". ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”(മത്താ: 11; 13-16). സ്നാപകയോഹന്നാനില്‍ പരിശുദ്ധാത്മാവ് ഇല്ലായിരുന്നുവെന്ന് ഏതെങ്കിലും ക്രിസ്ത്യാനികള്‍ പറയുമെന്ന് മനോവ കരുതുന്നില്ല! പരിശുദ്ധാത്മാവിന്റെ നിറവില്‍ പ്രബോധനം നടത്തിയിട്ടുള്ള പ്രവാചകന്മാരില്‍ ഉന്നതശ്രേഷ്ഠന്‍ തന്നെയായിരുന്നു സ്നാപകന്‍.

പരിശുദ്ധാത്മാവിന്റെ അഭിഷേകം ഒരുവനെ ഗൗരവപ്രകൃതനാക്കുന്നു എന്നതാണ് ഏറ്റവും വലിയ അടയാളം. എല്ലാ പ്രവാചകന്മാരിലും ദര്‍ശിക്കാന്‍ കഴിയുന്ന അടയാളമാണിത്. തീക്ഷ്‌ണമതികളും ഗൗരവത്തോടെ ദൈവവചനം പ്രഘോഷിക്കുകയും ശാസിക്കുകയും തിരുത്തുകയും ചെയ്യാന്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൂടിയേതീരൂ. ഹാസ്യാത്മകമായി വഷളത്തം പ്രഘോഷിക്കുന്ന പുത്തന്‍പുരമാരില്‍ കുടികൊള്ളുന്നത് പരിശുദ്ധാത്മാവല്ല എന്ന യാഥാര്‍ത്ഥ്യം കൂടിയാണ് ഇവിടെ പ്രഖ്യാപിക്കുന്നത്. ഇത്തരം പ്രഘോഷകരിലും ഇവരുടെ പ്രഘോഷണത്തിന്റെ ആസ്വാദകരിലും നിറഞ്ഞുനില്‍ക്കുന്നത് ലോകത്തിന്റെ അരൂപിയാണ്. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും”(2 തിമോ: 4; 3, 4). പ്രവാചകന്മാരും അപ്പസ്തോലന്മാരും പ്രഘോഷിച്ചത് ലോകത്തിന്റെ അഭിരുചിക്കിണങ്ങിയ രീതിയിലായിരുന്നില്ല. ആയിരുന്നുവെങ്കില്‍ അവരാരും വധിക്കപ്പെടുമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്.

പ്രവാചകന്മാരും അപ്പസ്തോലന്മാരും അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞവരായിരുന്നു. ഇവരുടെ ശൈലി പിന്തുടരുന്നവര്‍ മാത്രമാണ് ക്രിസ്തുവുമായുള്ള ഉടമ്പടിയില്‍ നിലനില്‍ക്കുന്നത്! ദൈവീകനിയമങ്ങള്‍ അവഗണിക്കുകയോ, ക്രിസ്തുവിന്റെ ആഹ്വാനം നടപ്പാക്കുന്നതില്‍നിന്നു വിരമിക്കുകയോ ചെയ്തിട്ടുള്ളവരാണ് ഉടമ്പടിയുടെ ലംഘകര്‍! ലോകം ഇവരെ ഉന്നതസ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കും. എന്നാല്‍, ദൈവത്തില്‍നിന്ന് ഇവര്‍ക്കു ലഭിക്കുന്നത് ഉടമ്പടിയുടെ ലംഘകര്‍ക്കുള്ള പ്രതിഫലം മാത്രമായിരിക്കും. സകല ജനതകളെയും ശിഷ്യപ്പെടുത്തുവാനും, അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവാനും, യേഹ്ശുവാ കല്പിച്ചതൊക്കെ അവരെ പഠിപ്പിക്കുവാനുമുള്ള അഭിഷേകമാണ് പരിശുദ്ധാത്മാവില്‍നിന്ന് ഓരോ ക്രിസ്ത്യാനിയും പ്രാപിക്കുന്നത്. എന്നാല്‍, യേഹ്ശുവായുടെ ഈ ഉടമ്പടിയില്‍നിന്ന് ഒരുവന്‍ വിരമിക്കുന്നതോടെ അവനില്‍നിന്ന് പരിശുദ്ധാത്മാവ് വിട്ടകലും.

യേഹ്ശുവായുടെ വാഗ്ദാനം പ്രാപിക്കുന്നതിനായി കാത്തിരുന്ന അപ്പസ്തോലന്മാരുടെമേല്‍ പന്തക്കുസ്താനാളില്‍ പരിശുദ്ധാത്മാവിനെ അവിടുന്ന് അഭിഷേകം ചെയ്തുവെന്നു നമുക്കറിയാം. ഈ സത്യാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ അടയാളങ്ങള്‍ അപ്പസ്തോലന്മാരില്‍ പ്രത്യക്ഷപ്പെട്ടു. യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുക എന്ന അടയാളം ആദ്യം ദൃശ്യമായത് കേപ്ഫായിലാണ്. ആത്മാവിനാല്‍ പൂരിതനായപ്പോള്‍ കേപ്ഫാ ഇപ്രകാരം യേഹ്ശുവായെ സാക്ഷ്യപ്പെടുത്തി: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12). പരിശുദ്ധാത്മാവിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ അടയാളം ഇതാണ്! മറ്റൊരാത്മാവിനും ഈ സത്യം ഇതേ പൂര്‍ണ്ണതയില്‍ പ്രഖ്യാപിക്കാന്‍ കഴിയില്ല! അപ്പസ്തോലന്മാരിലെല്ലാം നിറഞ്ഞത്‌ ഒരേ ആത്മാവായതുകൊണ്ട്, അവരെല്ലാം ഒരേ സത്യംതന്നെ സാക്ഷ്യപ്പെടുത്തി. കേപ്ഫായില്‍ നിറഞ്ഞുനിന്ന ആത്മാവുതന്നെയാണ് പൗലോസിലൂടെ നമ്മോടു സംസാരിച്ചതും! മറ്റാരിലും രക്ഷയില്ല എന്ന് കേപ്ഫാലൂടെ പരിശുദ്ധാത്മാവ് പ്രഖ്യാപിച്ചപ്പോള്‍, ഈ സത്യത്തെ അരക്കിട്ടുറപ്പിക്കുന്ന സാക്ഷ്യം പൗലോസിലൂടെ പ്രഖ്യാപിക്കപ്പെട്ടത് ശ്രദ്ധിക്കുക: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്”(1 കോറി: 10; 20). എന്നാല്‍, പിശാചിലൂടെയും രക്ഷപ്പെടാം എന്ന സന്ദേശവുമായിട്ടാണ് വ്യാജപ്രബോധകരും കപട അപ്പസ്തോലന്മാരും ഇന്ന് കളം നിറയുന്നത്.

പ്രവാചകന്മാരില്‍ നിറഞ്ഞ ആത്മാവുതന്നെയാണ് അപ്പസ്തോലന്മാരിലും നിറഞ്ഞതെന്നു സമ്മതിക്കാന്‍ എന്തുകൊണ്ടാണ് അഭിനവ അപ്പസ്തോലന്മാര്‍ തയ്യാറാകാത്തത്? ദൈവത്തിനോ ദൈവത്തിന്റെ ആത്മാവിനോ മാറ്റം സംഭവിച്ചുവെന്നാണോ ഇവരുടെ വാദം? സെഹിയോന്‍ മാളികയില്‍ ഇറങ്ങിവന്ന ആത്മാവ് കേപ്ഫായിലൂടെ പ്രഖ്യാപിച്ച സത്യത്തില്‍നിന്ന് അണുവിട മാറിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ക്രിസ്ത്യാനികളെങ്കിലും തിരിച്ചറിയണം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പുതിയ രക്ഷകന്മാര്‍ അവതരിച്ചുവെന്നാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പ്രഖ്യാപിച്ചതെങ്കില്‍, അവന്റെയുള്ളില്‍ വസിച്ചത് പിശാചിന്റെ ആത്മാവാണെന്നു പറയാന്‍ മനോവയ്ക്ക് ആരെയും ഭയമില്ല. കത്തോലിക്കാസഭയ്ക്കുവേണ്ടി തട്ടിക്കൂട്ടിയ മതബോധനഗ്രന്ഥത്തിന്റെ ശില്പികളില്‍ വസിച്ചതും പിശാചിന്റെ ആത്മാവായിരുന്നു. തേനില്‍ പൊതിഞ്ഞ് പാഷാണം വിതരണംചെയ്യുന്ന വത്തിക്കാന്‍രാജാവില്‍ വസിക്കുന്നതും നരകത്തിന്റെ ആത്മാവാണ്! ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണമെങ്കില്‍ പരിശുദ്ധാത്മാവില്‍നിന്നു വിവേചനത്തിന്റെ വരം ലഭിക്കണം. ആത്മാക്കളെ വിവേചിക്കാനുള്ള വരം നല്‍കുന്നത് പരിശുദ്ധാത്മാവാണ്. സ്നേഹവും സൗമ്യതയും ദയയും വിശ്വസ്തതയുമെല്ലാം ആവരണമായി ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെടുന്നവരിലെ യഥാര്‍ത്ഥ ആത്മാവിനെ വിവേചിക്കാന്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിക്കാത്തവര്‍ക്കു സാധിക്കില്ല!

യേഹ്ശുവാ ഏക രക്ഷകനാണെന്നും മറ്റാരിലും രക്ഷയില്ലെന്നും വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയാണെന്നും സാക്ഷ്യപ്പെടുത്താത്ത ആത്മാവ് പരിശുദ്ധാത്മാവല്ല! യേഹ്ശുവായെ ഏക രക്ഷകനായി പ്രഖ്യാപിക്കുകയും വിജാതിയരുടെ ആരാധനാമൂര്‍ത്തികളുടെ യഥാര്‍ത്ഥ മുഖം തുറന്നുകാണിക്കുകയും ചെയ്യുന്നതിനുള്ള ശക്തി നല്‍കുന്നത് സത്യാത്മാവാണ്! സത്യാത്മാവ് വരുമ്പോള്‍ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും! അവിടുത്തെ സന്നിധിയില്‍ ഒന്നും മറഞ്ഞിരിക്കുന്നില്ല എന്നതുകൊണ്ട് സകല രഹസ്യങ്ങളും അവിടുന്ന് വെളിപ്പെടുത്തും! പരിശുദ്ധാത്മാവിന്റെ മറ്റൊരടയാളംകൂടി വെളിപ്പെടുത്തിക്കൊണ്ട്‌ ഈ ലേഖനം ഉപസംഹരിക്കുന്നു!

മോശയെപ്പോലെ ധൈര്യം അവലംബിക്കും എന്നത് പരിശുദ്ധാത്മാവിന്റെ അടയാളമാണ്. യേഹ്ശുവായാണ് ഏക രക്ഷകനെന്നു വിളിച്ചുപറയാനുള്ള ധൈര്യം ഒരുവനു പ്രദാനം ചെയ്യുന്നത് പരിശുദ്ധാത്മാവാണ് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. മറ്റുള്ളവരില്‍ ശത്രുതയുളവാക്കാന്‍ കാരണമായേക്കാം എന്ന ഭയംമൂലം സത്യം തുറന്നുപറയാന്‍ മടിക്കുന്ന ആരിലും പരിശുദ്ധാത്മാവ് വസിക്കുന്നില്ല. എന്തെന്നാല്‍, യേഹ്ശുവായുടെ പേരില്‍ അയയ്ക്കപ്പെടുന്ന ആത്മാവ് ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ആത്മാവല്ലെന്നു പരിശുദ്ധാത്മാവുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഈ വചനം ശ്രദ്ധിക്കുക: “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്”(റോമാ: 8; 15). ദൈവത്തിന്റെ മക്കള്‍ ആരെയാണു ഭയപ്പെടേണ്ടത്?! ഭയന്നുവിറച്ച് മുറിക്കുള്ളില്‍ ഒളിച്ചിരുന്ന അപ്പസ്തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവു വന്നപ്പോള്‍ അവരുടെ ഭയം നീങ്ങിപ്പോയി! ധൈര്യപൂര്‍വ്വം അവര്‍ സത്യത്തിനു സാക്ഷ്യം വഹിച്ചു!

ഒരുകാര്യം വിസ്മരിക്കാതിരിക്കുക; എന്തെന്നാല്‍, മോശ മുതല്‍ മലാക്കി വരെയുള്ളവരിലും, പിന്നീട് സ്നാപകയോഹന്നാനിലും നാം ദര്‍ശിച്ചത് യാഹ്‌വെയുടെ നിയമങ്ങളെക്കുറിച്ചുള്ള തീക്ഷ്ണതയായിരുന്നു. അവരിലാരിലും തമാശക്കാരെ നാം ദര്‍ശിച്ചില്ല! അവരെപ്പോലെതന്നെ ഗൗരവക്കാരായിരുന്നു യേഹ്ശുവായുടെ അപ്പസ്തോലന്മാരും! പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ വന്ന മാറ്റമായിരുന്നു അത്! രാജാക്കന്മാരുടെയും ന്യായാധിപസംഘത്തിന്റെയും മുന്‍പില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയാന്‍ അവര്‍ക്കെല്ലാം സാധിച്ചത് സത്യാത്മാവു നല്‍കിയ ശക്തിയും ധൈര്യവും ജ്ഞാനവും മുഖേനയാണ്! ഈ സത്യാത്മാവിനെയാണ് നാമും ധരിക്കേണ്ടത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6317 views

LOG IN

Lost your password?

SIGN UP

LOST PASSWORD