27 - 05 - 2017
ചില മതങ്ങളെ ക്രിസ്തുമതത്തിന്റെ സഹോദര മതങ്ങളായി പരിഗണിക്കുന്ന ചിലരുണ്ട്. എല്ലാ മതങ്ങളും പരസ്പരം സഹോദരങ്ങളായി ചിന്തിച്ചുകൊണ്ട് സാഹോദര്യത്തിന്റെ തലങ്ങളെ വിശാലമാക്കുന്നവരും കുറവല്ല. എന്നാല്‍, ക്രിസ്തുമതത്തിനു സഹോദര മതങ്ങളുണ്ടോ? ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇതു കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും യെഹൂദരെ ഓര്‍മ്മിക്കാന്‍ സാധ്യതയുണ്ട്. മറ്റു ചിലരാകട്ടെ, ഇസ്ലാംമതത്തെ സഹോദര മതമായി കാണുന്നവരായിരിക്കാം. ഇസ്ലാംമതം ക്രിസ്തീയതയുടെ സഹോദര മതമാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട്, അത് സത്യമായി കരുതുന്നവര്‍ അനേകരാണ്. വിവരംകെട്ട ചിലരുടെ അപകടകരമായ ചിന്തയില്‍നിന്നു കടന്നുവന്ന അബദ്ധ പ്രബോധനം മാത്രമായി അതിനെ കണ്ടാല്‍ മതി.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം രണ്ടു വിധത്തിലുള്ള സാഹോദര്യമാണ് അവനുള്ളത്. ശാരീരിക ക്രമപ്രകാരമുള്ള സാഹോദര്യവും ആത്മീയ തലത്തിലുള്ള സാഹോദര്യവുമാണ് അവ. ഒരേ മാതാപിതാക്കള്‍ക്കു ജനിച്ച മക്കള്‍ പരസ്പരം സഹോദരങ്ങളാണെന്നു നമുക്കറിയാം. പിതാവോ മാതാവോ ഒരു വ്യക്തിയായിരുന്നാലും സഹോദരങ്ങള്‍തന്നെയാണ്. പിതാവിന്റെയോ മാതാവിന്റെയോ സഹോദരീ-സഹോദരന്മാരുടെ മക്കളെയും ക്രിസ്ത്യാനികള്‍ തങ്ങളുടെ സഹോദരങ്ങളായി പരിഗണിക്കുന്നു. ഇവരൊക്കെയാണ് ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും അടുത്ത സഹോദരങ്ങള്‍. ഇവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് അനുവദനീയമല്ല. എന്തെന്നാല്‍, മോശയിലൂടെ ദൈവം ഇതു വിലക്കിക്കൊണ്ട് നിയമം നല്‍കിയിരിക്കുന്നു. നിയമം ഇതാണ്: "നിങ്ങളില്‍ ആരും തന്റെ ചാര്‍ച്ചക്കാരുടെ നഗ്നത അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണ് യാഹ്‌വെ"(ലേവ്യര്‍: 18; 6). നഗ്നത അനാവൃതമാക്കരുത് എന്ന നിയമത്തിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു നമുക്കറിയാം. നിയമം നല്കപ്പെടുന്നതുവരെ ഈ നിയമം ബാധകമായിരുന്നില്ല. അബ്രാഹം വിവാഹം കഴിച്ചത് തന്റെ സഹോദരിയെ തന്നെയായിരുന്നു. ആദ്യപിതാവായ ആദത്തെ സംബന്ധിച്ചിടത്തോളം തന്റെ ശരീരത്തിന്റെ ഭാഗംതന്നെയായിരുന്ന സഹോദരിയായിരുന്നു ഹവ്വാ! ഇവരുടെ സന്തതികള്‍ ഭാര്യമാരായി സ്വീകരിച്ചത് തങ്ങളുടെ സഹോദരിമാരെത്തന്നെ ആയിരിക്കുമല്ലോ! അതായത്, നിയമം നല്‍കപ്പെട്ടത് മുന്‍കാല പ്രാബല്യത്തോടെയല്ല.
സാഹോദര്യത്തിന്റെ പരിധി അല്പംകൂടി വിശാലമാണ്. എന്തെന്നാല്‍, മാതാപിതാക്കളുടെ തൊട്ടുമുന്‍പുള്ള തലമുറയിലെ അംഗങ്ങളെയും സഹോദരങ്ങളായി പരിഗണിക്കാന്‍ സാധിക്കും. 'സെക്കന്‍ഡ് കസിന്‍' എന്നറിയപ്പെടുന്നത് ഇവരെയാണ്. രണ്ടോമൂന്നോ തലമുറകളെയും ക്രിസ്ത്യാനികള്‍ തങ്ങളുടെ ചാര്‍ച്ചക്കാരായി പരിഗണിക്കാറുണ്ട്. ശാരീരിക നിയമപ്രകാരം ക്രിസ്ത്യാനികളുടെ സഹോദരങ്ങള്‍ ഇവരാണ്. എന്നാല്‍, യിസ്രായേല്‍ക്കാര്‍ക്കു സാഹോദര്യം കുറേക്കൂടി വിശാലമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. യാക്കോബിന്റെ തലമുറയില്‍പ്പെട്ടവരെല്ലാം പരസ്പരം സഹോദരങ്ങളായി പരിഗണിക്കപ്പെടുന്നു. എന്നാല്‍, വിവാഹത്തെ സംബന്ധിച്ചുള്ള നിയമത്തില്‍ മാറ്റമില്ല. യാക്കോബിന്റെ മക്കളായ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ പരമ്പരയാണ് യിസ്രായേല്‍ജനം! ശലോമോനുശേഷം നടന്ന വിഭജനത്തില്‍ ഇവര്‍ രണ്ടു വിഭാഗങ്ങളായി മാറി. യെഹൂദാഗോത്രവും ബെന്യാമിന്‍ഗോത്രവും ചേര്‍ന്നു യെഹൂദ വിഭാഗമുണ്ടായി. ഇവരുടെ രാജ്യമായിരുന്നു യെഹൂദാരാജ്യം! രണ്ടു ഗോത്രങ്ങള്‍ ഒഴികെയുള്ള ഗോത്രങ്ങളെല്ലാം ചേര്‍ന്ന് യിസ്രായേല്‍ എന്ന രാജ്യമായി നിലനിന്നു. ഇവരാണ് ശെമരിയാക്കാര്‍ എന്നപേരില്‍ അറിയപ്പെട്ടത്. യെഹൂദായുടെ തലസ്ഥാനം യെരുശലെമും, യിസ്രായേലിന്റെ തലസ്ഥാനം ശെമരിയായും ആയിരുന്നതുകൊണ്ടാണ് ശെമരിയാക്കാരെന്ന് ഇവര്‍ വിളിക്കപ്പെടാനുണ്ടായ കാരണം. യെഹൂദരും ശെമരിയാക്കാരും പരസ്പരം ശത്രുക്കളെപ്പോലെയാണു കഴിഞ്ഞിരുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇവര്‍ സഹോദരങ്ങളാണ്.
അബ്രാഹം തന്റെ സഹോദരപുത്രനായ ലോത്തിനെ സഹോദനെന്നാണ് വിശേഷിപ്പിച്ചത്. അബ്രാഹത്തിന്റെ വാക്കുകള്‍ നോക്കുക: "നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്"(സൃഷ്ടി: 13; 8). ഇവിടെ രണ്ടുകാര്യങ്ങള്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. സ്വന്തം സഹോദരങ്ങളെക്കൂടാതെ, സഹോദരങ്ങളുടെ മക്കളെയും ചാര്‍ച്ചക്കാരെയും സഹോദരങ്ങളായി പരിഗണിക്കപ്പെടുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യമിതാണ്: ലോകത്തുള്ള സകലരെയും അബ്രാഹം തന്റെ സഹോദരങ്ങളുടെ ഗണത്തില്‍ പരിഗണിച്ചിട്ടില്ല. സഹോരന്മാര്‍ തമ്മില്‍ കലഹമുണ്ടാകാതിരിക്കാനാണ് ലോത്തിനെ തന്റെ അരികത്തുനിന്ന് അകറ്റി പാര്‍പ്പിക്കാന്‍ അബ്രാഹം തയ്യാറാകുന്നത്. ലോത്തിനെ മാത്രമേ സഹോദരനായി അബ്രാഹം പരിഗണിച്ചിട്ടുള്ളൂ എന്നകാര്യം ഇവിടെ വ്യക്തമാകുന്നു. അതായത്, അബ്രാഹത്തിന്റെ സന്തതികള്‍ക്ക് അന്യരെയും പരദേശികളെയും സഹോദരന്‍ എന്നു സംബോധന ചെയ്യാന്‍ കഴിയില്ല! അബ്രാഹത്തിന്റെ സന്തതികള്‍ പരസ്പരം സഹോദരങ്ങളാണ്. എന്നാല്‍, ഇത് ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന പ്രത്യേകതകൂടിയുണ്ട്. ആ വ്യവസ്ഥ എന്താണെന്നു വ്യക്തമാക്കുന്നതിനുമുമ്പ് മറ്റൊരു കാര്യം ചിന്തിക്കണം. എന്തെന്നാല്‍, ദൈവമായ യാഹ്‌വെ അബ്രാഹവുമായി ഒരു ഉടമ്പടി സ്ഥാപിച്ചു. ആ ഉടമ്പടി ഇങ്ങനെയാണ്: "ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു"(സൃഷ്ടി: 17; 4, 5).
പൈതൃകത്തെ അടിസ്ഥാനപ്പെടുത്തിയാണ് സാഹോദര്യം നിശ്ചയിക്കപ്പെടുന്നത്. എന്നിരുന്നാലും അബ്രാഹത്തിന്റെ സന്തതിയായി പരിഗണിക്കപ്പെടാന്‍ ശാരീരികമായ പുത്രത്വം മാത്രം പോരാ! അബ്രാഹത്തിന്റെ ദൈവത്തെ വിശ്വസിക്കുകയും ആ വിശ്വാസത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നവരെയാണ് സന്തതികളായി പരിഗണിക്കുന്നത്. യിസഹാക്കിനെക്കൂടാതെ, മറ്റു പുത്രന്മാര്‍ അബ്രാഹത്തിനു ജനിച്ചുവെങ്കിലും അവര്‍ വിശ്വാസത്തില്‍ നിലനില്‍ക്കാത്തതുകൊണ്ട് പുത്രസ്ഥാനത്തുനിന്നു പരിത്യക്തരായി. തന്റെ മാതാവിന്റെ നാടായ ഈജിപ്തില്‍നിന്നു വിവാഹം കഴിക്കുകയും ആ ജനതയോടു ചേരുകയും ചെയ്തതിലൂടെ യിസ്മായില്‍ പുത്രത്വത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടു. സൈന്യങ്ങളുടെ ദൈവം അവിടുത്തെ പേര് മോശയ്ക്കു വെളിപ്പെടുത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). യാഹ്‌വെ എന്ന പേര് ധരിച്ചിരിക്കുന്ന ദൈവത്തെ മാത്രം ദൈവമായി പരിഗണിക്കുന്ന മക്കളെ മാത്രമേ അബ്രാഹത്തിന്റെ പരമ്പരയില്‍ പരിഗണിക്കുകയുള്ളൂ. ശരീരപ്രകാരം മക്കളല്ലാത്തരെക്കൂടി അബ്രാഹത്തിന്റെ സന്തതികളായി പരിഗണിക്കുന്നത് അവരുടെ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
അബ്രാഹം ആരാധിച്ച ദൈവത്തെ ആരാധിക്കാന്‍ തയ്യാറാകുന്നവരെക്കൂടി അബ്രാഹത്തിന്റെ സന്തതികളുടെ ഗണത്തിലേക്കു ചേര്‍ത്തതിലൂടെ സാഹോദര്യത്തിന്റെ പരിധി വിശാലമാക്കപ്പെട്ടു. നിന്നെ അനേകം ജനതകളുടെ പിതാവാക്കും എന്ന് അബ്രാഹത്തിനു ദൈവം നല്‍കിയ വാഗ്ദാനം ഇങ്ങനെയാണ് നിറവേറപ്പെടുന്നത്. പരിച്ഛേദനം സ്വീകരിക്കുന്ന അടിമകള്‍ക്കും അബ്രാഹത്തിന്റെ സന്തതികളാകാന്‍ കഴിയും. എന്നാല്‍, പരിച്ഛേദനത്തിലൂടെ മാത്രം ഒരുവനു സന്തതിയാകാന്‍ കഴിയില്ലാ എന്ന യാഥാര്‍ത്ഥ്യം കൂടി നാം മനസ്സിലാക്കിയിരിക്കണം. അബ്രാഹത്തിന്റെ ദൈവമായ യാഹ്‌വെയെ മാത്രം ദൈവമായി പരിഗണിക്കുന്ന വ്യക്തികൂടിയായിരിക്കണം. യിസ്രായേല്‍ക്കാരുടെ വീട്ടിലെ വിജാതിയരായ ജോലിക്കാരെ പരിച്ഛേദനത്തിലൂടെ സജാതീയരാക്കിയിരുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിനു നല്‍കിയ ഈ ചട്ടം നോക്കുക: "പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ് പരദേശിയായ ഒരുവനും പെസഹാ ഭക്ഷിക്കരുത്. എന്നാല്‍, വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്ഛേദിതനെങ്കില്‍ അവന് ഭക്ഷിക്കാം. പരദേശിയും കൂലിക്കാരനും അതു ഭക്ഷിക്കരുത്"(പുറ: 12; 43-45). ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി യാഹ്‌വെയുടെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്"(പുറ: 12; 48).
പെസഹാ ആചരിക്കാന്‍ ഒരുവന്‍ ആഗ്രഹിക്കുന്നത് യാഹ്‌വെയിലുള്ള വിശ്വാസം നിമിത്തമാണ്. ഈ വിശ്വാസത്തിന്റെ അടയാളമായി പരിച്ഛേദനം സ്വീകരിക്കുന്നതിലൂടെ ഒരു വിജാതിയന്‍ സജാതിയനായി മാറുന്നു. പരിച്ഛേദനം എന്നത് വരാനിരിക്കുന്ന ജ്ഞാനസ്നാനത്തിന്റെ പ്രതിരൂപമായിരുന്നു. വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെ ഒരുവന്‍ ദൈവത്തിന്റെ സഭയോടു ചേര്‍ക്കപ്പെടുന്നതുപോലെ, വിശ്വസിച്ചു പരിച്ഛേദനം സ്വീകരിക്കുന്ന ഒരുവന് യിസ്രായേല്‍ജനത്തോടു ചേരാനും സാധിക്കുമായിരുന്നു. അനേകം ജനതകളുടെ പിതാവാക്കുമെന്ന് ദൈവമായ യാഹ്‌വെ അബ്രാഹത്തോടു ചെയ്ത ഉടമ്പടിയാണിത്. അബ്രാഹവുമായി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ സ്ഥാപിച്ച ഉടമ്പടിയുടെ ഭാഗമാണ് പരിച്ഛേദനം! അവിടുത്തെ ഉടമ്പടി ശ്രദ്ധിക്കുക: "ദൈവം അബ്രാഹത്തോടു കല്പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം. നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്. നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനോ, നിന്റെ സന്താനങ്ങളില്‍പ്പെടാത്ത വിലയ്ക്കുവാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്ഛേദനം ചെയ്യപ്പെടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും. പരിച്ഛേദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. അവന്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു"(സൃഷ്ടി: 17; 9-14).
ക്രിസ്ത്യാനികള്‍ എട്ടാംദിവസം സ്നാനം സ്വീകരിക്കുന്നത് ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. പരിച്ഛേദനം ചെയ്യപ്പെടാത്തവര്‍ അബ്രാഹത്തിന്റെ സന്തതികളുടെ ഗണത്തില്‍നിന്നു പുറത്തായിരിക്കുന്നതുപോലെ, എട്ടാംദിവസം സ്നാനം സ്വീകരിക്കാത്തവര്‍ ക്രൈസ്തവസഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണ്. അബ്രാഹത്തിന്റെ ഉടമ്പടിയുമായി ഒരുവനെ ഐക്യപ്പെടുത്തുന്നത് പരിച്ഛേദനമാണെന്നു നാം കണ്ടു. അതുപോലെതന്നെ, യേഹ്ശുവായുമായി ഒരുവനെ ഐക്യപ്പെടുത്തുന്നത് ജ്ഞാനസ്നാനമാണ്. ഇതാണ് പുതിയ ഉടമ്പടി! ഈ വചനം നോക്കുക: "യേഹ്ശുവാ മ്ശിയാഹിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. മ്ശിയാഹ് മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്"(റോമാ: 6; 3, 4). അബ്രാഹവുമായി ഉടമ്പടി സ്ഥാപിക്കുന്നതിനു മുന്‍പ് നോഹുമായി ദൈവം ഉടമ്പടി സ്ഥാപിച്ചിരുന്നു. അബ്രാഹവുമായി സ്ഥാപിക്കപ്പെട്ട ഉടമ്പടി രണ്ടാമത്തെ ഉടമ്പടിയാണ്. ആദ്യത്തെ ഉടമ്പടിയും രണ്ടാമത്തെ ഉടമ്പടിയും ശാശ്വതമായ ഉടമ്പടിയും രക്തത്താല്‍ തന്നെയാണ് ഉറപ്പിക്കപ്പെടുന്നത്. ഒന്നാമത്തെ ഉടമ്പടി ഉറപ്പിക്കപ്പെട്ടത് ശുദ്ധിയുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും രക്തത്താലായിരുന്നുവെങ്കില്‍, രണ്ടാമത്തെ ഉടമ്പടി ഉറപ്പിക്കപ്പെട്ടത് അബ്രാഹത്തിന്റെതന്നെ രക്തത്താലായിരുന്നു. പരിച്ഛേദനത്തിലൂടെയാണ് അത് സാദ്ധ്യമായത്. ക്രിസ്തുവരെയുള്ള എല്ലാ പുരുഷന്മാരും തങ്ങളുടെതന്നെ രക്തംകൊണ്ട് ദൈവത്തിന്റെ ഉടമ്പടിയുടെ ഭാഗമായി! എന്നാല്‍, ശാശ്വതമായ ഉടമ്പടി ഉറപ്പിക്കപ്പെടുന്നത് യേഹ്ശുവായുടെ രക്തത്താലാണ്. അതിനാല്‍, ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പരിച്ഛേദനം ആവശ്യമില്ല. ഇക്കാര്യം ബൈബിള്‍ സ്ഥിരീകരിക്കുന്നുണ്ട്.
ഈ സ്ഥിരീകരണം ശ്രദ്ധിക്കുക: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന മ്ശിയാഹിന്റെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്ക്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു"(കൊളോ: 2; 11,12). അതായത്, പരിച്ഛേദനം എന്ന ഉടമ്പടിയുടെ പൂര്‍ത്തീകരണമാണ് ജ്ഞാനസ്നാനം. ഇക്കാരണത്താല്‍ത്തന്നെ, ആത്മീയജ്ഞാനമുള്ളവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എട്ടാംദിവസം ജ്ഞാനസ്നാനം നല്‍കുന്നു! പരിച്ഛേദനം സ്വീകരിക്കാത്തവര്‍ യിസ്രായേല്‍ സമൂഹത്തിന്റെ ഭാഗമല്ലാത്തുപോലെ, സ്നാനം സ്വീകരിക്കാത്തവര്‍ ആധുനീക യിസ്രായേലായ ക്രിസ്തീയതയുടെ ഭാഗമായിരിക്കുകയില്ല! പഴയ ഉടമ്പടിയുടെ മുദ്രയായി പരിച്ഛേദനത്തെ പ്രഖ്യാപിച്ചത് ദൈവമായ യാഹ്‌വെയായിരുന്നു. പുതിയ ഉടമ്പടിയുടെ മുദ്രയായി ജ്ഞാനസ്നാനത്തെ പ്രഖ്യാപിച്ചതും ദൈവമായ യാഹ്‌വെ തന്നെയാണ്. ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവായുടെ പേരിലാണ് നാം ജ്ഞാനസ്നാനം സ്വീകരിച്ചത്. അതായത്, മനുഷ്യപുത്രനായ യേഹ്ശുവാ മരണാനന്തരം ഉയിര്‍പ്പിക്കപ്പെട്ടത് അവിടുന്ന് ആദിമുതല്‍ ആയിരുന്ന അവസ്ഥയിലാണ്. ദൈവമായ യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 16). വിശ്വസിക്കുന്നവര്‍ സ്വീകരിക്കേണ്ട മുദ്രയാണ് സ്നാനം! വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് വിധിക്കാന്‍ അധികാരമുള്ള ന്യായാധിപന്‍ തന്നെയാണ്. വിശ്വസിക്കുന്നവര്‍ സ്വീകരിക്കേണ്ട മുദ്രയേതെന്നും ന്യായാധിപന്‍ വ്യക്തമാക്കിയിരിക്കുന്നു.
ജ്ഞാനസ്നാനം ഒരു മുദ്രയാണ് എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ. എന്തെന്നാല്‍, പരിച്ഛേദനം ഒരു മുദ്രയാണെങ്കില്‍, ജ്ഞാനസ്നാനവും ഒരു മുദ്രതന്നെ! എട്ടാം ദിവസം പരിച്ഛേദനം സ്വീകരിച്ച ഒരുവനു പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന്‍ യാഹ്‌വെയുടെ നിയമങ്ങളിലും ചട്ടങ്ങളിലുംനിന്ന് വ്യതിചലിക്കുകയോ അന്യദൈവങ്ങളെ സേവിക്കുകയോ ചെയ്‌താല്‍, അവന്‍ സ്വീകരിച്ചിട്ടുള്ള പരിച്ഛേദനത്തിന്റെ അടയാളംകൊണ്ട് അവനു യാതൊരു നേട്ടവും ലഭിക്കില്ല. യാഹ്‌വെയെ മാത്രം ദൈവമായി അംഗീകരിക്കുകയും അവിടുത്തെ നിയമങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് പരിച്ഛേദനത്തിന്റെ മുദ്രയുടെ ഫലം അനുഭവിക്കാന്‍ സാധിക്കുന്നത്. ജ്ഞാനസ്നാനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണു നിയമം. എട്ടാംദിവസം സ്നാനം സ്വീകരിച്ചുവെങ്കിലും, യേഹ്ശുവായെ ഏകരക്ഷകനും ഏകദൈവവുമായി ഏറ്റുപറയുകയും അവിടുത്തെ പേരില്‍ നിലനില്‍ക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവന്‍ സ്വീകരിച്ച സ്നാനത്തിന്റെ ഫലം സ്വീകരിക്കാന്‍ അവനു കഴിയില്ല.
യിസ്രായേല്‍ക്കാരെക്കൂടാതെ പരിച്ഛേദനം സ്വീകരിക്കുന്ന മറ്റൊരു വിഭാഗമാണ് ഇസ്ലാംമതക്കാര്‍. എന്നാല്‍, യാഹ്‌വെ എന്ന പേര് വഹിക്കുന്ന സത്യദൈവത്തെ അംഗീകരിക്കാത്തതുകൊണ്ട് ഇവരുടെ പരിച്ഛേദനം ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. ഇസ്ലാംമതക്കാര്‍ ആരാധിക്കുന്നത് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തെ ആയിരുന്നുവെങ്കില്‍ യാഹ്‌വെ എന്ന പേരില്‍ ദൈവത്തെ വിളിക്കുമായിരുന്നു. എന്തെന്നാല്‍, സത്യദൈവത്തിന്റെ പേര് യാഹ്‌വെ എന്നാണ്! ഈ ദൈവത്തെ ആരാധിക്കുകയും മോശയിലൂടെ ഈ ദൈവം നല്‍കിയ ചട്ടങ്ങള്‍ പാലിക്കുകയും ചെയ്യാത്തതുമൂലം അബ്രാഹത്തിന്റെ സന്തതികള്‍ എന്ന പദവിയില്‍നിന്ന് ഇവര്‍ വിച്ഛേദിക്കപ്പെട്ടു. മാത്രവുമല്ല, യേഹ്ശുവായെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ തയ്യാറാകാത്തതുമൂലം നിത്യജീവനില്‍നിന്ന് അകറ്റപ്പെടുകയും ചെയ്തിരിക്കുന്നു! ആയതിനാല്‍, ഇസ്ലാംമതത്തില്‍ തുടരുന്ന ഒരുവനും യിസ്രായേല്‍ഭവനത്തിലെ അംഗങ്ങള്‍ക്കു സഹോദരനല്ല! അഗ്രചര്‍മ്മവും അല്പം രക്തവും നഷ്ടപ്പെട്ടുവെന്നല്ലാതെ, ഇസ്ലാമിന്റെ പരിച്ഛേദനംകൊണ്ട് അവര്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുമെന്ന് ആരും കരുതരുത്!
യാഹ്‌വെയെ സ്വീകരിക്കാന്‍ തയ്യാറാകുന്ന ഒരുവന്‍ ശാരീരിക ക്രമപ്രകാരം അബ്രാഹത്തിന്റെ പുത്രനല്ലെങ്കില്‍ക്കൂടി, അവന്റെ വിശ്വാസംമൂലം പുത്രപദവിയിലേക്കു ദത്തെടുക്കപ്പെടുന്നു. എന്നാല്‍, അബ്രാഹത്തിന്റെ പരമ്പരയില്‍ ജനിച്ച പുത്രന്‍, അബ്രാഹത്തിന്റെ ദൈവമായ യാഹ്‌വെയെ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, അവന്റെ അവിശ്വാസംനിമിത്തം പുത്രപദവി അവനു നഷ്ടമാകും! എന്തെന്നാല്‍, എല്ലാറ്റിന്റെയും അടിസ്ഥാനം വിശ്വാസമാണ്! വിശ്വാസത്തിലൂടെയുള്ള നീതീകരണത്തിന്റെ അടയാളം മാത്രമാണു പരിച്ഛേദനം. അബ്രാഹം അപരിച്ഛേദിതനായിരുന്നപ്പോഴാണ് വിശ്വാസത്തിലൂടെ നീതീകരിക്കപ്പെട്ടത്. ഈ നീതീകരനത്തിന്റെ മുദ്രയായി പരിച്ഛേദനം ചെയ്യപ്പെട്ടു. ഈ വിവരണം ശ്രദ്ധിക്കുക: "അപരിച്ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭിച്ച നീതിയുടെ മുദ്രയായി പരിച്ഛേദനം എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത് പരിച്ഛേദനം കൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത് അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു. മാത്രമല്ല, അതുവഴി അവന്‍ പരിച്ഛേദിതരുടെ, പരിച്ഛേദനം ഏല്‍ക്കുക മാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹത്തിനു പരിച്ഛേദനത്തിനു മുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടി ചെയ്തവരുടെ പിതാവായി"(റോമാ: 4; 11, 12). അബ്രാഹം പരിച്ഛേദനം സ്വീകരിക്കുന്നതിനു മുമ്പുണ്ടായിരുന്നവരും അബ്രാഹത്തിന്റെ ദൈവത്തില്‍ വിശ്വസിച്ചവരുമായ സകലരുടെയും പിതാവായി അബ്രാഹം പരിഗണിക്കപ്പെട്ടു. സ്നാനത്തിന്റെ കാര്യത്തിലും ഇങ്ങനെതന്നെയാണ്. യേഹ്ശുവായുടെ പേരിലുള്ള സ്നാനം സ്ഥാപിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്നവര്‍ നീതീകരിക്കപ്പെടുന്നത് അവിടുത്തെ ആഗമനത്തെ പ്രതീക്ഷിച്ചിരുന്നവരുടെ വിശ്വാസം നിമിത്തമാണ്. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളിലൊരുവന്‍ നീതീകരിക്കപ്പെട്ടത് അവന്റെ വിശ്വാസത്തിലൂടെയായിരുന്നു. അവന്‍ സ്നാനം സ്വീകരിച്ചില്ലെങ്കിലും അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടു.
എല്ലാ യെഹൂദരും യിസ്രായേല്‍ക്കാരാണ്; എന്നാല്‍, എല്ലാ യിസ്രായേല്‍ക്കാരും യെഹൂദരല്ല. അബ്രാഹത്തിന്റെ സന്തതികളും യിസ്രായേല്‍ ഭവനത്തിലെ അംഗങ്ങളുമായ ശെമരിയാക്കാര്‍ യെഹൂദരല്ലെങ്കിലും അവരുടെ പുത്രത്വം അസാധുവാക്കപ്പെട്ടില്ല. എന്തെന്നാല്‍, അവര്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്തത് അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയെയാണ്. കൂടാതെ, എല്ലാ യെഹൂദരെയുംപോലെ മ്ശിയാഹിനെ (ക്രിസ്തുവിനെ) പ്രതീക്ഷയോടെ കാത്തിരുന്ന സമൂഹവുമാണ്! ശെമരിയാക്കാരി സ്ത്രീയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആ സ്ത്രീ പറഞ്ഞു: മ്ശിയാഹ് -ക്രിസ്തു- വരുമെന്ന് എനിക്കറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും"(യോഹ: 4; 25). ഈ പ്രത്യശമൂലം ശെമരിയാക്കാര്‍ക്ക് അബ്രാഹത്തിന്റെ സന്തതിപരമ്പരയില്‍ തുടരാന്‍ സാധിച്ചു.
യെഹൂദര്‍ ക്രൈസ്തവരുടെ സഹോദരങ്ങളോ?
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ വിശ്വസിക്കുകയും ഈ വിശ്വാസത്തിന്റെ അടയാളമായി പരിച്ഛേദനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അബ്രാഹത്തിന്റെ സന്തതികളാണ്. എന്നാല്‍, ഇത് യേഹ്ശുവായുടെ ബലി പൂര്‍ത്തിയാകുന്നതിനുമുമ്പ് കടന്നുപോയവരുടെ കാര്യത്തില്‍ മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. എന്തെന്നാല്‍, അബ്രാഹത്തിന്റെ സന്തതികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന മ്ശിയാഹാണ് യേഹ്ശുവാ! ദൈവത്തില്‍നിന്നുള്ള രക്ഷയായ യേഹ്ശുവായെ അറിയുകയെന്നതാണ് നിത്യജീവന്‍. രക്ഷകനെ അറിയുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യാതെ ആര്‍ക്കും നീതീകരണം സാദ്ധ്യമാകുന്നില്ല. അബ്രാഹത്തിനു മുമ്പുണ്ടായിരുന്നവരുടെയും രക്ഷ യേഹ്ശുവായിലൂടെ മാത്രമാണ്. അബ്രാഹത്തിനു മുമ്പുണ്ടായിരുന്നവര്‍ യാഹ്‌വെയിലുള്ള വിശ്വാസത്തിലൂടെ നീതീകരിക്കപ്പെട്ടു. അബ്രാഹത്തിനുശേഷം യേഹ്ശുവാ വരെയുള്ളവര്‍ യാഹ്‌വെയിലുള്ള വിശ്വാസവും അതിന്റെ അടയാളമായ പരിച്ഛേദനവും വഴിയാണു നീതീകരിക്കപ്പെട്ടത്. എന്നാല്‍, യേഹ്ശുവായ്ക്കു ശേഷമുള്ളവര്‍ യേഹ്ശുവായിലുള്ള വിശ്വാസവും അതിന്റെ അടയാളമായ ജ്ഞാനസ്നാനവും വഴി നീതീകരിക്കപ്പെടുകയും നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യുന്നു.
ആയതിനാല്‍, യേഹ്ശുവായുടെ ബലി അര്‍പ്പിക്കപ്പെട്ടതിനുശേഷം ഒരുവന്‍ നീതീകരിക്കപ്പെടാനുള്ള ഏകമാര്‍ഗ്ഗം യേഹ്ശുവാ മാത്രമാണ്! യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ പേരില്‍ സ്നാനമേല്ക്കുകയും ചെയ്യാത്ത ഒരുവന്‍പോലും അബ്രാഹത്തിന്റെ സന്തതികളല്ല. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികളുടെ സഹോദരങ്ങളുമല്ല! യേഹ്ശുവായുടെ പേരില്‍ വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരുവന്‍ ദൈവപുത്രനായി മാറുന്നത്. ഈ വിധത്തില്‍ ദൈവമക്കളായിത്തീരുന്നവര്‍ പരസ്പരം സഹോദരീ-സഹോദരന്മാരാണ്! ഒരേ അമ്മയുടെ ഉദരത്തില്‍ പിറന്നവരാണെങ്കില്‍പ്പോലും വിശ്വാസത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ സാഹോദര്യം നിലനില്‍ക്കുകയുള്ളൂ. വിശ്വാസത്തില്‍ ഒരേ ഭവനത്തില്‍ അംഗങ്ങളായവര്‍ മാത്രമാണ് ക്രിസ്ത്യാനികളുടെ സഹോദരീ-സഹോദരന്മാര്‍! ദൈവമക്കളുടെ സഹോദരങ്ങള്‍ ദൈവമക്കള്‍ മാത്രമാണ്. പിതൃത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം സാഹോദര്യം നിശ്ചയിക്കുന്നത്. ശാരീരിക നിയമവും ആത്മീയ നിയമവും ഇക്കാര്യത്തില്‍ ഒന്നുതന്നെയാണ്. യേഹ്ശുവായിലുള്ള വിശ്വാസം നിമിത്തം ഒരുവന്‍ യാഹ്‌വെയുടെ പുത്രനായി പരിണമിക്കുന്നു. ഇത്തരത്തില്‍ പുത്രത്വത്തിലേക്കു കടന്നുവന്ന ഏതൊരുവനും പരസ്പരം സഹോദരങ്ങളാണ്. ഈ വചനം ശ്രദ്ധിക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ പേരില്‍ വിശ്വസിച്ചവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1;12). യേഹ്ശുവായെ സ്വീകരിക്കുകയും അവിടുത്തെ പേരില്‍ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രം നല്‍കപ്പെടുന്ന കഴിവാണ് ഒരുവനെ ദൈവപൈതലാക്കി ഉയര്‍ത്തുന്നത്.
ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "യേഹ്ശുവാ മ്ശിയാഹിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. മ്ശിയാഹിനോട് ഐക്യപ്പെടാന്‍ സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും മ്ശിയാഹിനെ ധരിച്ചിരിക്കുന്നു. യെഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേഹ്ശുവാ മ്ശിയാഹില്‍ ഒന്നാണ്. നിങ്ങള്‍ മ്ശിയാഹിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്റെ സന്തതികളുമാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്"(ഗലാ: 3; 26-29). ഇസ്ലാമോ യെഹൂദനോ മറ്റു വിജാതിയരോ ക്രിസ്തുവിനെ സ്വീകരിച്ചിട്ടില്ലാത്തതുകൊണ്ട് ഇവരാരും അബ്രാഹത്തിന്റെ മക്കളോ ദൈവമക്കളോ അല്ല! ഇവര്‍ പരിച്ഛേദനം സ്വീകരിച്ചവരാണെങ്കില്‍പ്പോലും അത് അവര്‍ക്കു നീതീകരണമായി ഭവിക്കുന്നില്ല! യേഹ്ശുവായുടെ പേരില്‍ വിശ്വസിക്കുകയും അവനെ സ്വീകരിക്കുകയും ചെയ്യുന്നതുവരെ ആരും ദൈവമക്കളായി പരിഗണിക്കപ്പെടുന്നില്ല എന്നതാണ് പുതിയ ഉടമ്പടി! ഇക്കാര്യത്തില്‍ യെഹൂദനും ഗ്രീക്കുകാരനും ഒരു നിയമംതന്നെയാണ്! അതിനാല്‍ത്തന്നെ, ഒരു യെഹൂദന്‍ ക്രിസ്തുവിനെ സ്വീകരിക്കുകയും യേഹ്ശുവാ എന്ന അവിടുത്തെ പേരില്‍ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ അവനും ക്രിസ്ത്യാനികള്‍ക്കു സഹോദരനാകും. അതുവരെ അവന്‍ സാഹോദര്യത്തിനു വെളിയിലാണ്!
സഹോദരങ്ങള്‍ പരസ്പരം പാലിക്കേണ്ട അനേകം നിയമങ്ങള്‍ ബൈബിളിലുണ്ട്. എന്നാല്‍, സാഹോദര്യം എന്താണെന്നു മനസ്സിലാക്കാതെ എങ്ങനെയാണ് ഈ നിയമങ്ങള്‍ ഒരുവനു പാലിക്കാന്‍ സാധിക്കുന്നത്? സ്വന്തം യുക്തിയുടെ അടിസ്ഥാനത്തില്‍ സാഹോദര്യത്തെ നിര്‍വ്വചിക്കുമ്പോള്‍ തെറ്റുപറ്റും എന്നകാര്യത്തില്‍ സംശയമില്ല. പിശാചുക്കളെപ്പോലും സഹോദരങ്ങളായി പരിഗണിച്ചിരിക്കുന്ന വിശാലമനഃസ്ക്കര്‍ ക്രൈസ്തവരുടെയിടയിലുണ്ട്. ചെന്നായ്ക്കളെയും മറ്റു വന്യമൃഗങ്ങളെയും സഹോദരനെന്നു സംബോധന ചെയ്ത ഒരു മനുഷ്യനെ കത്തോലിക്കാസഭയിലെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുള്ളതും നമുക്കറിയാം. ഈ മനുഷ്യനെ രണ്ടാം ക്രിസ്തുവെന്ന് വിശേഷിപ്പിക്കാന്‍പോലും ചിലര്‍ തയ്യാറായി. രണ്ടാം ക്രിസ്തു എന്ന പദവി ഒരു മഹത്വമായി ചിന്തിച്ച ചില കുബുദ്ധികളാണ് ഈ നീക്കത്തിനു പിന്നില്‍. എതിര്‍ക്രിസ്തുവാണ് രണ്ടാം ക്രിസ്തു എന്നകാര്യം മനസ്സിലാക്കിയിട്ടാണോ ഇവര്‍ ഫ്രാന്‍സീസ് അസീസിക്ക് ഈ വിശേഷണം നല്‍കിയത് എന്നു മനോവയ്ക്കറിയില്ല. സ്വര്‍ഗ്ഗത്തില്‍നിന്ന് രണ്ടു ക്രിസ്തുമാര്‍ ഏതായാലും വന്നിട്ടില്ല എന്നകാര്യത്തില്‍ മനോവയ്ക്ക് ഉറപ്പുണ്ട്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "യേഹ്ശുവാ മ്ശിയാഹ് ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്"(ഹെബ്രാ: 13; 8). എന്നാല്‍, വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെടുമെന്ന് യേഹ്ശുവാതന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍, ഫ്രാന്‍സീസ് അസീസിക്ക് ഏതോ കുബുദ്ധികള്‍ ചാര്‍ത്തിക്കൊടുത്ത ഈ വിശേഷണം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനു മഹിമയാണോ?
സാഹോദര്യത്തെ വിശാലമാക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നു ബഹുദൂരം വ്യതിചലിച്ചിരിക്കുന്നു. അന്യദൈവങ്ങളെ സേവിക്കുന്നവര്‍ ക്രിസ്ത്യാനികളുടെ സഹോദരങ്ങളാണെന്നു ചിന്തിക്കുന്നത് ദൈവത്തെ വേണ്ടവിധം അറിയാത്തതുകൊണ്ടാണ്. അതുപോലെതന്നെ, ജീവജാലങ്ങളെ സഹോദരങ്ങളായി പ്രഖ്യാപിക്കുന്നവരും വ്യത്യസ്തരല്ല! ആയതിനാല്‍, യഥാര്‍ത്ഥ സഹോദരങ്ങള്‍ ആരാണെന്ന തിരിച്ചറിവിലേക്കു വളരാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കുക. സഹോദരങ്ങളല്ലാത്തവരും വ്യാജ സഹോദരങ്ങളും നമുക്കിടയിലുണ്ടെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. വിജാതിയരാരും ക്രൈസ്തവരുടെ സഹോദരങ്ങളല്ലെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ബൈബിളിലുണ്ട്. പൗലോസ് അപ്പസ്തോലന്റെ ഈ ഉപദേശം ശ്രദ്ധിക്കുക: "വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നുവെങ്കില്‍ നിങ്ങള്‍ ലോകത്തുനിന്നുതന്നെ പുറത്തുപോകേണ്ടി വരുമായിരുന്നു. പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്"(1 കോറി: 5; 9-11). നാം ആയിരിക്കുന്ന സഭയിലെ അംഗമാണ് സഹോദരന്‍ എന്ന് വിളിക്കപ്പെടുന്നവന്‍! മറ്റുള്ളവരെ സഹോദര പദവിയില്‍ അംഗീകരിച്ചിട്ടില്ലെന്ന് വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയും.
യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ: 18; 15-17). എത്ര വ്യക്തമാണ് ഈ വചനം! ഇവിടെ സഹോദരന്‍ എന്ന് പറഞ്ഞിരിക്കുന്നതു സഭയിലെ അംഗത്തെ ആയതുകൊണ്ടാണ് സഭയോടു പറയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, പിന്നീടവന്‍ വിജാതിയനെപ്പോലെ ആയിരിക്കട്ടെ എന്ന് യേഹ്ശുവാ പറഞ്ഞിരിക്കുന്നു. അതായത്, സഭയെപ്പോലും അനുസരിക്കാത്ത ഒരുവനെ സഹോദരനായി പരിഗണിക്കേണ്ടതില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, വിശ്വാസത്തില്‍ ഒരേ ഭവനത്തിലെ (സഭയിലെ) അംഗങ്ങള്‍ മാത്രമാണ് പരസ്പരം സഹോദരങ്ങളായിരിക്കുന്നത്. യെഹൂദര്‍പ്പോലും ക്രിസ്ത്യാനികള്‍ക്കു സഹോദരങ്ങളല്ലെന്നിരിക്കെ, മുസ്ലീം സഹോദരങ്ങള്‍, ഹൈന്ദവ സഹോദരങ്ങള്‍ തുടങ്ങിയ വിശേഷണങ്ങളുമായി നടക്കുന്ന ക്രൈസ്തവ പേരുധാരികളുടെ ഭോഷത്തം വായനക്കാര്‍ക്കു വ്യക്തമായെന്ന് കരുതുന്നു.
സഹോദരനുമായി ബന്ധപ്പെട്ട നിയമങ്ങള്‍!
സഹോദരന്‍ ആരാണെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ സഹോദരനോടുള്ള കടമ നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളൂ. പല നിയമങ്ങളും നല്കപ്പെട്ടിരിക്കുന്നത് സഹോദരനുമായി ബന്ധപ്പെടുത്തിയാണ്. ദൈവമായ യാഹ്‌വെ കായേനോട് ചോദിച്ചു: "നിന്റെ സഹോദരന്‍ ആബേല്‍ എവിടെ?"(സൃഷ്ടി: 4; 9). സഹോദരനെ കൊല്ലുന്നവനു ലഭിക്കുന്ന ശിക്ഷയാണ് പിന്നീടു കാണുന്നത്. യേഹ്ശുവാ ഇപ്രകാരം പറഞ്ഞു: "കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വ്വീകരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ: 5; 21-24). ഇവിടെയെല്ലാം സഹോദരന്‍ എന്ന വാക്കാണ് യേഹ്ശുവാ ഉപയോഗിച്ചിരിക്കുന്നത്. സഹോദരന്‍ ആരാണെന്നു മനസ്സിലാക്കിയിട്ടുള്ളവര്‍ക്കു മാത്രമേ ഈ നിയമം അതിന്റെ പൂര്‍ണ്ണതയില്‍ അനുസരിക്കാന്‍ സാധിക്കുകയുള്ളൂ.
അപ്പസ്തോലനായ യോഹന്നാന്‍ ഇപ്രകാരം വെളിപ്പെടുത്തി: "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്"(1 യോഹ: 3; 15). ഇത് വിജാതിയരുമായി ബന്ധപ്പെടുത്തിയുള്ള നിയമമല്ല. മൃഗങ്ങളെയോ മറ്റു കീടങ്ങളെയോ ഇവിടെ സഹോദരനായി പരിഗണിച്ചിട്ടില്ല. നമുക്ക് ഉപദ്രവം വരുത്തുന്ന ബാക്ടീരിയ, വൈറസ്, കീടങ്ങള്‍ ഇവയെ വെറുക്കുന്നതിലൂടെ ആരും കൊലപാതകികളായി മാറുന്നില്ല. ഫ്രാന്‍സീസ് അസീസിയുടെ ദൈവശാസ്ത്രപ്രകാരം സകലരും കൊലപാതകികളാണ്. എന്തെന്നാല്‍, സാംക്രമിക കീടങ്ങള്‍പ്പോലും സഹോദരങ്ങളായിരിക്കെ, അവയെ വെറുക്കുന്നവരെല്ലാം കൊലപാതകികളായി മാറുന്നു. പിശാചിനെയും അവന്റെ ആഘോഷങ്ങളെയും വെറുത്തുപേക്ഷിക്കുമ്പോള്‍ മാത്രമാണ് നമുക്ക് ദൈവത്തെ സ്വീകരിക്കാന്‍ സാദ്ധ്യമാകുന്നത്. തന്റെ സാമ്രാജ്യം സ്ഥാപിക്കാനായി പിശാച് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളാണ് വിജാതിയ മതങ്ങള്‍! ഇത്തരം സംവിധാനങ്ങളെ സഹോദര സ്ഥാപനങ്ങളായി പരിഗണിക്കാന്‍ പാടില്ല. ഇവയെയെല്ലാം വെറുക്കാതെ ദൈവത്തെ സ്വീകരിക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(മത്താ: 6; 24).
വിജാതിയത എന്നത് ഭോഷത്തമായതുകൊണ്ടുതന്നെ, വിജാതിയര്‍ ഭോഷന്മാരാണ്. ഭോഷത്തത്തില്‍ നിലനില്‍ക്കുന്നവരെ ഭോഷന്മാര്‍ എന്നല്ലാതെ മറ്റെന്താണു വിളിക്കാന്‍ കഴിയുന്നത്! വിജാതിയരെ സഹോദരന്മാരുടെ ഗണത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ വിജാതിയതയെ സഹോദരമതമായി അംഗീകരിക്കേണ്ടിവരും. മാത്രവുമല്ല, നാം മഹത്വപ്പെടുത്തേണ്ടിയും വരും. എന്തെന്നാല്‍, സഹോദരനെ ഭോഷനെന്നോ വിഡ്ഢിയെന്നോ വിളിക്കാന്‍ പാടില്ല. അതുപോലെതന്നെ, വിജാതിയ മതങ്ങള്‍ സഹോദരമതങ്ങളാണെങ്കില്‍, വിജാതിയതയെ ഭോഷത്തമെന്നോ വിഡ്ഢിത്തമെന്നോ പറയാന്‍ പാടില്ല. വിഗ്രഹാരാധകര്‍ ഭോഷത്തം ആവര്‍ത്തിക്കുന്നവരാണ്. അവരെ ഭോഷന്മാരെന്നു വിളിക്കുന്നതിലൂടെ ആരും ന്യായവിധിക്ക് വിധേയനാകേണ്ടി വരില്ല! എന്തെന്നാല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(യേശൈയാഹ്: 5; 20).
വിജാതിയര്‍ ആരാധിക്കുന്നത് ദൈവത്തെയല്ലെന്നും, അവര്‍ ദൈവമായി പരിഗണിച്ചിരിക്കുന്നത് ഭൂതഗണങ്ങളെയാണെന്നും തിരിച്ചറിഞ്ഞിട്ടുള്ളവര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ എന്ന പദവിക്കു യോഗ്യത നേടുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു ദുര്‍ഭൂതങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ദുര്‍ഭൂതങ്ങളെ ദൈവമായി പരിഗണിച്ചിരിക്കുന്ന മതം എങ്ങനെയാണ് ക്രിസ്തീയതയുടെ സഹോദര മതമാകുന്നത്? പിശാചുക്കളെയും ദുര്‍ഭൂതങ്ങളെയും സേവിക്കുന്നവര്‍ എങ്ങനെയാണ് ദൈവമക്കള്‍ക്കു സഹോദരങ്ങളാകുന്നത്? സത്യദൈവത്തെ ആരാധിക്കുന്നവര്‍ യേഹ്ശുവായുടെ പേരില്‍ ദൈവമക്കളാണ്; പിശാചിനെ ആരാധിക്കുന്നവര്‍ പിശാചിന്റെ മക്കളും! പിശാചിന്റെ മക്കള്‍ ദൈവത്തിന്റെ മക്കളുടെ സഹോദരങ്ങളല്ല! ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും തമ്മില്‍ തിരിച്ചറിയാനുള്ള അടയാളമിതാണ്: "ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ"(1 യോഹ: 3; 10). വിശ്വാസത്തിലൂടെയാണ് ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നു നാം കണ്ടുകഴിഞ്ഞു. സത്യദൈവത്തെ വിശ്വസിക്കുന്നതിലൂടെ ഒരുവനെ യേഹ്ശുവാ നീതീകരിക്കുന്നു. ഇവര്‍ പരസ്പരം സഹോദരങ്ങളാണ്.
യേഹ്ശുവാ അറിയിച്ച ഒരു വചനം ഉപയോഗിച്ചുകൊണ്ട് ഈ സത്യത്തെ എതിര്‍ക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. വചനമിതാണ്: "ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്"(മത്താ: 9; 13). പാപികളോടും ചുങ്കക്കാരോടുംകൂടെയാണ് സഹവസിച്ചിരുന്നതെന്ന ആരോപണങ്ങളുമായി ചിലര്‍ നിലകൊള്ളുന്നുണ്ട്. യേഹ്ശുവാ ഒരിക്കലും ചുങ്കക്കാരുടെയും പാപികളുടെയുംകൂടെ സഹാവസിച്ചിട്ടില്ല. പാപം ഉപേക്ഷിച്ചവരോടൊപ്പമാണ് യേഹ്ശുവാ സഹവസിച്ചത്. മാത്രവുമല്ല, അവരാരും വിജാതിയരായിരുന്നുമില്ല. യിസ്രായേല്‍ മക്കളെയാണ് അവിടുന്ന് സുവിശേഷം അറിയിച്ചത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്"(മത്താ: 15; 24). തന്റെ ദൗത്യത്തെക്കുറിച്ചു നല്ല ബോദ്ധ്യമുള്ള യേഹ്ശുവാ ഒരിക്കലും അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കില്ല. എന്നാല്‍, വിശ്വാസത്തിലൂടെ ഒരുവന് യിസ്രായേലിന്റെ ഭാഗമാകാനുള്ള അവകാശം നിഷേധിക്കുകയുമില്ല. വിശ്വാസത്തിലൂടെ ഏവര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്ന രക്ഷയാണ് യേഹ്ശുവായില്‍ സ്ഥിതിചെയ്യുന്നത്! ആയതിനാല്‍, സ്വര്‍ഗ്ഗം ഇപ്രകാരം അരുളിച്ചെയ്തു: "ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, നാഥനായ യേഹ്ശുവാ മ്ശിയാഹ് ഇന്നു ജനിച്ചിരിക്കുന്നു"(ലൂക്കാ: 2; 10, 11). യേഹ്ശുവായെ സ്വീകരിക്കുന്നവര്‍ക്കു ദൈവമക്കളാകാന്‍ സാധിക്കും. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ദൈവമക്കളുടെ സമൂഹവും പരസ്പരം സഹോദരങ്ങളുമാണ്. ഈ സമൂഹത്തിനു മറ്റു സമൂഹങ്ങളുമായി സാഹോദര്യം നിലനില്‍ക്കുന്നില്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-