അറിഞ്ഞിരിക്കാന്‍

‘കൂനന്‍കുരിശും’ ചില സത്യങ്ങളും!

Print By
about

രിത്രത്തില്‍ കുറിക്കപ്പെട്ടിട്ടുള്ള ഒരു  പ്രധാന സംഭവമാണ് കൂനന്‍കുരിശുസത്യം! ഈ സംഭവത്തെ പഠനവിഷയമാക്കുമ്പോള്‍ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ക്കൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. എന്തായിരുന്നു കൂനന്‍കുരിശുസത്യം എന്ന് പരിശോധിക്കുന്നതിനുമുമ്പ് ഇതിനു കാരണമായ വിഷയങ്ങളെയും ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ക്രിസ്തീയതയുടെ ആരംഭംമുതല്‍ കൂനന്‍കുരിശുസത്യം വരെയുള്ള ആയിരത്തിയറുന്നൂറു വര്‍ഷത്തെ ചരിത്രം ഒരു ലേഖനത്തില്‍ ഒതുക്കുകയെന്നത് സാഹസമായ ഒരു കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ! എങ്കിലും, കാതലായ സംഭവങ്ങളെ വിട്ടുകളയാതെതന്നെ ചരിത്രത്തിന്റെ ഒരു രത്നച്ചുരുക്കമാണ്‌ ഇവിടെ കുറിക്കുന്നത്!

1653-ല്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെയും ‘മാര്‍ത്തോമാ’ ഒന്നാമന്റെയും നേതൃത്വത്തില്‍ മട്ടാഞ്ചേരിയിലെ കുരിശുതൊട്ടു നടത്തിയ സത്യമാണ് കൂനന്‍കുരിശുസത്യം എന്നപേരില്‍ അറിയപ്പെടുന്നത്. ഇതിനു കാരണമായ സാഹചര്യം ഇന്ത്യയിലെ ക്രൈസ്തവസഭയോളം പഴക്കമുള്ളതും ദൈര്‍ഘ്യമുള്ളതുമാണ്! എന്നാല്‍, റോമന്‍ കത്തോലിക്കാ വിരുദ്ധരും പൗരസ്ത്യവാദത്തിന്റെ വിഷം മുറ്റിനില്‍ക്കുന്നവരും ഈ ചരിത്രത്തിനു വെറും 54 വര്‍ഷത്തെ പഴക്കം മാത്രമേ കാണുന്നുള്ളു. സ്വന്തം അസ്ഥിത്വത്തെ നിഷേധിക്കുകയും സത്യത്തെ വികലമാക്കുകയും ചെയ്യുന്ന സ്ഥാപിത താത്പര്യക്കാരുടെ നുണക്കഥകള്‍ സത്യാന്വേഷികള്‍ക്ക് പര്യാപ്തമല്ല. അതിനാല്‍, സത്യത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ക്കായി, A.D 52 കാലങ്ങളില്‍നിന്നുതന്നെ നമുക്ക് ആരംഭിക്കാം.

മണ്‍സൂണ്‍ കാറ്റിനെ ആശ്രയിച്ച് ഈജിപ്തില്‍നിന്നു പുറപ്പെട്ട പായക്കപ്പല്‍ നാല്പതു ദിവസത്തെ യാത്രയ്ക്കുശേഷം A.D.52-ല്‍ കൊടുങ്ങല്ലൂരിലെ മുസ്സിരീസ് തീരത്തു നങ്കുരമിട്ടു! യേഹ്ശുവായുടെ അപ്പസ്തോലനായ തോമാശ്ലീഹായെ വഹിച്ചുകൊണ്ടുള്ള കപ്പലായിരുന്നു അത്. മണ്‍സൂണ്‍ കാറ്റിന് ഈജിപ്തില്‍നിന്ന് ഇന്ത്യന്‍ തീരത്ത് എത്താനുള്ള സമയമാണ് നാല്പതു ദിവസം! അങ്ങനെ ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി ഒരു ക്രൈസ്തവന്‍ കാലുകുത്തി!

കേരളത്തിലെ ആദ്യകാല ക്രൈസ്തവര്‍!

കൊടുങ്ങല്ലൂരിലെ ‘മുസ്സിരീസ്’ എന്ന പ്രാചീന തുറമുഖനഗരം ഒരു വാണീജ്യകേന്ദ്രമായിരുന്നു. പഴയ റോമന്‍ സാമ്രാജ്യവുമായും യിസ്രായേല്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളെല്ലാമായും കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നതു പ്രധാനമായും ഈ തുറമുഖം വഴിയായിരുന്നു. അതുകൊണ്ടാണ് ചിതറിക്കപ്പെട്ട യെഹൂദരുടെ സാന്നിദ്ധ്യം കൊടുങ്ങല്ലൂരും സമീപപ്രദേശങ്ങളിലും ഉണ്ടായത്. ഈ യെഹൂദസാന്നിദ്ധ്യം തോമാശ്ലീഹായുടെ ഇന്ത്യന്‍ യാത്രയ്ക്ക് ഹേതുവായി എന്നതാണു യാഥാര്‍ത്ഥ്യം. അല്ലാതെ, വഴിതെറ്റി ഇന്ത്യയിലെത്തിയ അപ്പസ്തോലന്‍ ആയിരുന്നില്ല തോമാശ്ലീഹ! ഈ ക്രിസ്തുശിഷ്യന്‍ സുവിശേഷം അറിയിച്ചത് ചിലരെങ്കിലും ചിന്തിക്കുന്നതുപോലെ കേരളത്തിലെ ഹിന്ദുക്കളോടായിരുന്നില്ല; മറിച്ച്, യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളോടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവര്‍ യെഹൂദരായിരുന്നു. തോമാശീഹാ മാമോദീസാ നല്‍കിയെന്നു പറയപ്പെടുന്ന അഞ്ചു കുടുംബങ്ങള്‍ നമ്പൂരിമാരോ ഹിന്ദുക്കളോ ആയിരുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതവും, ഹൈന്ദവകുബുദ്ധികളുടെയും ഇവരുടെ സ്വാധീനത്തില്‍ കഴിഞ്ഞ 'കാവിക്രിസ്ത്യാനി'കളുടെയും കുപ്രചരണവുമാണ്.

തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിനുശേഷം വ്യക്തമായ നേതൃത്വം കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആചാരങ്ങളോടു സമരസപ്പെട്ട്‌ അന്ധവിശ്വാസങ്ങളുടെ തടവറയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ജാതകവും രാഹുകാലവുമടക്കം എല്ലാ ഹൈന്ദവ പൈശാചികതകളും ആചാരങ്ങളുടെ ഭാഗമായി കേരളത്തിലെ ക്രൈസ്തവര്‍ കൊണ്ടുനടന്നു! ഇതിന്റെ സ്വാധീനമാണ് ആധുനികസഭയിലും  പൈശാചികശേഷിപ്പുകളായി കണ്ടുവരുന്ന വിജാതിയ അനുകരണം. നയിക്കാന്‍ നാഥനോ പഠിപ്പിക്കാന്‍ ആത്മീയ ആചാര്യന്മാരോ ഇല്ലാതെ അനാഥമായി മാര്‍ത്തോമാ സഭാസമൂഹം നീങ്ങിയപ്പോള്‍, പ്രവാസികളായി കടന്നുവന്ന അന്ത്യോക്യന്‍ ക്രിസ്ത്യാനികള്‍ ഭരണമേറ്റെടുത്തു. സിറിയയില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തുവന്നവരെ കേരളത്തിലെ ക്രൈസ്തവര്‍ സ്വീകരിക്കുകയായിരുന്നു. ഇങ്ങനെയാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ സുറിയാനി ക്രിസ്ത്യാനികളായി മാറിയത്! പരിഷ്കാരത്തിന്റെ നാള്‍വഴികളില്‍ 'സീറോ മലബാര്‍', 'സീറോ മലങ്കര' എന്നിങ്ങനെ ലോപിച്ചുവെന്നതുകൂടാതെ പരസ്പരം ഭിന്നിച്ചുനില്‍ക്കുന്ന അനേകം സഭകളുമുണ്ടായി!

ആദ്യകാലങ്ങളിലോന്നും കത്തോലിക്കാസഭയുമായി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു യാതൊരു ബന്ധവുമില്ലായിരുന്നു. തോമാശ്ലീഹായുടെ കാലത്ത് യെരുശലേമിലെ സഭയുമായി ബന്ധം നിലനിന്നിരുന്നതായി ചരിത്രത്തില്‍ രേഖകളുണ്ട്. എല്ലാ പ്രാദേശികസഭകളും ഒരു നേതൃത്വത്തിന്‍ കീഴിലായിരുന്നു. യെരുശലേമില്‍ നടക്കുന്ന സൂനഹദോസുകളിലേക്ക് ഓരോ സഭകളും പ്രതിനിധികളെ അയച്ചിരുന്നതുപോലെ അപ്പസ്തോലനായ തോമായും യെരുശലേമിലെ സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, തോമാശ്ലീഹായുടെ മരണത്തിനുശേഷം ഈ പതിവുകള്‍ ഇല്ലാതായി. പിന്നീട് നേതൃത്വം ഏറ്റെടുത്ത അന്ത്യോക്യന്‍ പാതിരിമാര്‍ കത്തോലിക്കാസഭയോടും റോമിലെ സിംഹാസനത്തോടും കടുത്ത വിദ്വേഷം പുലര്‍ത്തിയിരുന്നവരായതിനാല്‍ ഈ വിദ്വേഷം കേരളസഭയിലേക്കും പടര്‍ന്നു!

സഭകളുടെ ഭിന്നതയും പിളര്‍പ്പും യേഹ്ശുവായെ വേദനിപ്പിക്കും എന്നതിന്റെ തെളിവാണ് അന്ത്യോക്യന്‍സഭയുടെ തകര്‍ച്ച. ഇതിന്റെ വസ്തുതകള്‍ വ്യക്തമാകണമെങ്കില്‍ ആഗോള ക്രൈസ്തവസഭയുടെ ആദ്യകാലത്തെ വളര്‍ച്ചയും തളര്‍ച്ചയും പഠനവിഷയം ആക്കേണ്ടിയിരിക്കുന്നു. ചരിത്രത്തിന്റെ വലിയൊരു വിവരണം സാധ്യമല്ലെങ്കിലും ചെറുതായെങ്കിലും മനസ്സിലാക്കേണ്ടത് ഇവിടെ ആവശ്യമാണ്‌! ആദിമസഭകളും ആധുനീകസഭകളും എന്ന ശീര്‍ഷകത്തോടെ മനോവ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തില്‍ ഈ ചരിത്രം വിവരിച്ചിട്ടുണ്ട്. എങ്കിലും, ഈ ലേഖനത്തിന് ആവശ്യമായതും അവിടെ വിവരണത്തില്‍ മിതത്വം പാലിച്ചതുമായ ചില വസ്തുതകളെ ഇവിടെ അനാവരണം ചെയ്യുന്നു!

യെരുശലേംമുതല്‍ വത്തിക്കാന്‍വരെ!

സെഹിയോന്‍ മാളികയില്‍ അപ്പസ്തോലന്മാരാകുന്ന അടിത്തറയില്‍ സ്ഥാപിതമാണ് സഭ! യേഹ്ശുവാ തന്റെ ശിഷ്യനായ ശിമയോനോടു പറഞ്ഞു: "നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പ - പാറ എന്നു നീ വിളിക്കപ്പെടും"(യോഹ: 1; 42). യേഹ്ശുവാ ശിമയോനോടു പറയുന്ന മറ്റൊരു വാക്ക് ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19). കേപ്പായെ സഭയുടെ തലവനാക്കുന്നതുമായി ബന്ധപ്പെട്ട ഒരു വചനംകൂടി കുറിക്കുന്നത് നല്ലതായിരിക്കും: "യേഹ്ശുവാ ശിമയോന്‍ എന്ന കേപ്പായോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് നാഥാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേഹ്ശുവാ അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക"(യോഹ: 21; 15). മൂന്നുവട്ടം ഇത് കേപ്പായെക്കൊണ്ട് ഏറ്റുപറയിക്കുന്നതായി പിന്നീടുള്ള ഭാഗത്ത് കാണാം.

ഈ കേപ്പായുടെ പിന്‍ഗാമികളാണ് യഥാര്‍ത്ഥ സഭയുടെ വക്താക്കള്‍! മറിച്ച്, തന്നിഷ്ടപ്രകാരം ആരെങ്കിലും ഉണ്ടാക്കുന്ന സഭകളെയൊന്നും യേഹ്ശുവാ അംഗീകരിച്ചിട്ടില്ല. സഭയിലെ അംഗസംഖ്യയോ അംഗങ്ങളുടെ സമൂഹത്തിലെ സ്ഥാനമോ ഒന്നുംതന്നെ അവയ്ക്കുള്ള ദൈവത്തിന്റെ അംഗീകാരമായി കണക്കാക്കാന്‍ സാധിക്കില്ല. കേപ്പായോ, കേപ്പാ ചുമതലപ്പെടുത്തുന്ന വ്യക്തിയോ കൈവയ്പ്പു നടത്താതെ ഈ അഭിഷേകം പകരപ്പെടുകയില്ല! ഈ അവകാശങ്ങളുടെമേല്‍  യേഹ്ശുവാപോലും കൈകടത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. സഭയിലെ ഏറ്റവും വലിയ സുവിശേഷകന്‍ പൗലോസ് അപ്പസ്തോലന്‍ ആയിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, ഈ അപ്പസ്തോലനെ യേഹ്ശുവാ നേരിട്ട് അഭിഷേകം ചെയ്യുകയായിരുന്നില്ല. അവിടുന്ന് ഈ ദൗത്യം അനനിയാസിനെയാണ്‌ ഏല്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വചനം നോക്കുക: "അനനിയാസ് എന്ന് പേരായ ഒരു ശിഷ്യന്‍ ദമാസ്ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ യേഹ്ശുവാ അവനെ വിളിച്ചു: അനനിയാസ്; അവന്‍ വിളികേട്ടു: യേഹ്ശുവായേ, ഇതാ ഞാന്‍! യേഹ്ശുവാ അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന്‍ യെഹൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ ശൗവുലിനെ അന്വേഷിക്കുക. അവന്‍ ഇതാ, പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്റെമേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു"(അപ്പ. പ്രവര്‍: 9; 10-12).

പൗലോസിനെ സമീപിച്ച് അനനിയാസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: "അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെമേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ ശൗവുല്‍, മാര്‍ഗ്ഗമദ്ധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട രക്ഷകനായ യേഹ്ശുവാ, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു"(അപ്പ. പ്രവര്‍: 9; 17). യേഹ്ശുവായുടെ അഭിഷിക്തരുടെ കൈവയ്പ്പില്ലാത്ത, സ്വയംപ്രഖ്യാപിത അഭിഷിക്തരുടെ കൈവയ്പ്പാണ് ഇന്നത്തെ പല ശുശ്രൂഷകര്‍ക്കും ഉള്ളതെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. അനനിയാസിന്റെ കൈവയ്പ്പ് ലഭിച്ചതിനുശേഷമാണ് പൗലോസ് ശുശ്രൂഷകള്‍ ആരംഭിച്ചത്; മാത്രവുമല്ല, ശിഷ്യന്മാരുടെ സംഘത്തില്‍ ചേരാനാണ് അവന്‍ ശ്രമിച്ചതെന്നു ബൈബിളില്‍ വായിക്കാന്‍ കഴിയും. പുതിയ സഭയുണ്ടാക്കി പുറത്തുചാടാന്‍ അവസരം നോക്കിയിരിക്കുന്നവരുടെ ഗണത്തിലായിരുന്നില്ല പൗലോസ്! "യെരുശലേമിലെത്തിയപ്പോള്‍ ശിഷ്യന്മാരുടെ സംഘത്തില്‍ ചേരാന്‍ അവന്‍ പരിശ്രമിച്ചു"(അപ്പ. പ്രവര്‍: 9; 26). അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പതിനഞ്ചാം അദ്ധ്യായം വായിക്കുന്നവര്‍ക്ക് പത്രോസും പൗലോസും മറ്റു ശിഷ്യന്മാരും എത്രത്തോളം സാഹോദര്യത്തോടെയാണ് സഹകരിച്ചതെന്നും യെരുശലേമിലെ സഭയോട് എത്രത്തോളം അനുസരണയുള്ളവര്‍ ആയിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും.

ക്രൈസ്തവര്‍ ആദ്യമായി ക്രിസ്ത്യാനികളെന്നു വിളിക്കപ്പെട്ടത് അന്ത്യോക്യായില്‍ വച്ചായിരുന്നു(അപ്പ. പ്രവര്‍: 11; 26). ആസ്ഥാനം യെരുശലേമില്‍ ആയിരുന്നപ്പോള്‍തന്നെ അന്ത്യോക്യയിലാണ് ക്രിസ്തീയത ഏറ്റവും ശക്തമായത്. ഈ കാലങ്ങളിലൊക്കെയും റോമന്‍ ഭരണകൂടം ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ കിരാതമായ പീഡനത്തിനിരയായത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. റോമന്‍ സാമ്രാജ്യത്തിന്റെ വേരുകള്‍ ലോകത്തില്‍ ജനവാസമുണ്ടായിരുന്ന മിക്ക പ്രദേശങ്ങളിലും ഉണ്ടായിരുന്നുവെന്നത് ക്രിസ്തീയതയുടെമേലുള്ള പീഡനത്തിന്റെ ആഴം മനസ്സിലാക്കാന്‍ പര്യാപ്തമാണ്! നാലാം നൂറ്റാണ്ടിന്റെ ആരംഭംവരെ റോമന്‍സാമ്രാജ്യത്തിന്റെ മതപീഡനം ക്രിസ്ത്യാനികള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും പിന്നീട് സ്ഥിതി മാറി. A.D 311-ല്‍ ഗലേറിയുസ് മാക്സിമിയാനുസ് എന്ന റോമന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ നിയമാനുസൃതമാക്കി. കോണ്‍സ്റ്റാന്റിന്‍ ഒന്നാമന്‍ A.D 313-ല്‍ 'മിലാന്‍'വിളംബരത്തിലൂടെ മതപരമായ സമദൂരനയം പ്രഖ്യാപിച്ചു. പിന്നീട് A.D 380 ഫെബ്രുവരി 27-ല്‍ തിയോഡോസിയുസ് ഒന്നാമന്‍ ചക്രവര്‍ത്തി, നിയമംമൂലം ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും മറ്റു മതങ്ങളെയെല്ലാം പാഷാണ്ഡമാക്കുകയും(heretics) ചെയ്തു.

യെരുശലേമില്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് ജീവിക്കാന്‍ കഴിയാത്തവിധം പീഡിപ്പിക്കപ്പെടുകയും റോമില്‍ ക്രിസ്തീയതയ്ക്ക് ചുവപ്പു പരവതാനി വിരിക്കപ്പെടുകയും ചെയ്തപ്പോള്‍ സഭയുടെ ആസ്ഥാനം റോമിലേക്കു മാറ്റപ്പെട്ടുവെന്നതാണ് ചരിത്രം! റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചവരെ ക്രൈസ്തവസഭ ഏകമായിരുന്നു! നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാ സാമ്രാജ്യം പിളര്‍ന്ന് പൗരസ്ത്യ റോമാസാമ്രാജ്യം(ബൈസാന്ത്യം), പാശ്ചാത്യ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായിത്തീര്‍ന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ആദ്യത്തേതിന്റെയും റോം രണ്ടാമത്തേതിന്റെയും തലസ്ഥാനമായി. റോമാസാമ്രാജ്യത്തില്‍ നാലു പാത്രിയാര്‍ക്കീസുമാരാണ് ഉണ്ടായിരുന്നത്. ക്രി.വ 451-ലെ പിളര്‍പ്പിനുശേഷം റോമാസാമ്രാജ്യത്തിന്റെ പ്രഥമ തലസ്ഥാനമെന്ന നിലയില്‍ റോമന്‍ പാത്രിയാര്‍ക്കീസ് മറ്റെല്ലാ പാത്രിയാര്‍ക്കീസുമാരേക്കാളും വിശിഷ്ഠനായി കണക്കാക്കി. കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് അതിനു തൊട്ടടുത്ത സ്ഥാനവും അലങ്കരിച്ചു പോന്നു. എന്നാല്‍, ജര്‍മ്മാനിക് വര്‍ഗ്ഗത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് പാശ്ചാത്യ റോമാസാമ്രാജ്യം ശക്തി ക്ഷയിക്കാന്‍ തുടങ്ങിയത് സഭയെയും ക്ഷീണിപ്പിച്ചു. എന്നിരുന്നാലും, പൗരസ്ത്യ റോമാസാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടുവരെ നിലനിന്നു. റോമാസാമ്രാജ്യം തകര്‍ന്നെങ്കിലും ക്രിസ്തുമതത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് കുറവുണ്ടായില്ല. എന്നാല്‍ റോമാസാമ്രാജ്യം പുനരുദ്ധരിക്കുക അസാദ്ധ്യമായപ്പോള്‍ അന്നത്തെ മാര്‍പാപ്പ 751-ല്‍ ഫ്രഞ്ച് രാജാവായ 'പെപ്പി'നെ റോമന്‍ സാമ്രാട്ടായി അവരോധിച്ചു. രാജഭരണത്തിന്റെ സഹായം ലഭിക്കാനായിരുന്നു ഇത്. പകരമായി ഇറ്റലിയിലെ ‘റാവെന്ന’ രാജ്യത്തിന്റെ രാജപദവി പാപ്പയ്ക്ക് നല്‍കി. അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു.

ക്രി.വ.1150 കളില്‍ കിഴക്കു(ബൈസാന്ത്യം)-പടിഞ്ഞാറന്‍ പിളര്‍പ്പു സഭയില്‍ ഉടലെടുത്തു. കുറേ നാളായി നിലനിന്ന സം‌വേദനത്തിന്റെ അഭാവമാണിതിനെല്ലാം കാരണമായത് എന്നു കരുതപ്പെടുന്നു. ഈ പിളര്‍പ്പ് പാശ്ചാത്യ റോമന്‍ കത്തോലിക്ക സഭയുടെയും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ(ബൈസാന്ത്യന്‍ സഭ)യുടെയും രൂപീകരണത്തിടയാക്കി. പിന്നീട് 1274 ലും 1439 ലും ഈ സഭകള്‍ തമ്മില്‍ യോജിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയപ്രാപ്തി നേടിയില്ല.

പിന്നീട് പാശ്ചാത്യ റോമാസാമ്രാജ്യം സാവധാനം ശക്തിപ്രാപിച്ചു. ജര്‍മ്മനി ശക്തമായതോടെ സഭയും ശക്തമായി. എന്നാല്‍, ഇസ്ലാംമതത്തിന്റെ വളര്‍ച്ച പൗരസ്ത്യ റോമാ സാമ്രാജ്യത്തെ ക്ഷീണിപ്പിച്ചു. ഈ സമയത്തെല്ലാം പാശ്ചാത്യസഭ പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ശക്തിപ്രാപിച്ചു. എന്നാല്‍ പതിനാറാം നൂറ്റാണ്ടായപ്പോള്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് നവീകരണം പാശ്ചാത്യ സഭയുടെ (റോമന്‍ കത്തോലിക്ക സഭയുടെ) അനിഷേധ്യ സ്ഥാനം എടുത്തു കളഞ്ഞു.

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സഭയുടെ പിളര്‍പ്പിനു തുടക്കമായതെങ്കിലും യഥാര്‍ത്ഥത്തില്‍ റോമാസാമ്രാജ്യത്തിന്റെ പിളര്‍പ്പ് സഭയുടെ പിളര്‍പ്പായി എന്നുവേണം കരുതാന്‍. കാരണം, രണ്ടു പാത്രിയാര്‍ക്കീസുമാരുടെ നേതൃത്വം സഭയില്‍ വരികയും പാശ്ചാത്യ-പൗരസ്ത്യവാദം ഉടലെടുക്കുകയും ചെയ്തതുവഴി ആചാരത്തിലും അനുഷ്ടാനത്തിലും മാത്രമല്ല, അടിമുടി ഭിന്നത ആരംഭിച്ചിരുന്നു! പാശ്ചാത്യ-പൗരസ്ത്യ സഭകള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതായത് ഈ ഭിന്നതയ്ക്കു വളമായി. A.D.1150 കളില്‍ ഭിന്നത പൂര്‍ണ്ണമാകുകയും ക്രിസ്തു ശിരസ്സായ സഭ വേര്‍പിരിയുകയും ചെയ്തു! രണ്ടോ അതിലധികമോ ശിരസ്സ് ക്രിസ്തുവിനുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം! നിലവിലുള്ള സഭകളാണ് ഇതിനുള്ള ഉത്തരം നല്‍കേണ്ടത്. എന്നാല്‍, ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഇപ്രകാരമാണ് വ്യക്തമാക്കിയിരിക്കുന്നത്: "ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്"(എഫേ: 5; 23). ഈ വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് സഭയുടെ ശിരസ്സ് ക്രിസ്തുവാണ്‌ എന്നതാകുന്നു. അങ്ങനെയെങ്കില്‍, ക്രിസ്തുവിന്റെ ശിരസ്സു വിഭജിക്കപ്പെട്ടുവോ?

ഇല്ലാ, എന്ന് മനോവ അസന്ദിഗ്ദ്ധമായി പറയും! ഇത് മനസ്സിലാക്കിത്തരുന്ന വചനം ബൈബിളിലുണ്ട്; അപ്പസ്തോലനായ പൗലോസിന്റെ കാലത്ത് വിഭാഗിയത ഉടലെടുത്തപ്പോള്‍, പൗലോസ് എഴുതിചോദിച്ച വാക്കുകള്‍ ഇങ്ങനെ: "ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?"(1 കോറി: 1; 12). അക്കാലത്ത് വ്യക്തികളുടെ പേരില്‍ അറിയപ്പെടാന്‍ ചിലര്‍ ശ്രമിച്ചു. തങ്ങളെ സുവിശേഷം അറിയിച്ചവരുടെ ആളുകളാണ് തങ്ങളെന്ന് അവര്‍ ചിന്തിക്കുകയും പറയുകയും ചെയ്തു. ഇന്നത്തെ വ്യക്തിസഭകളുടെ ചെറിയൊരു പതിപ്പായിരുന്നു അത്. എന്നാല്‍, ഇത്തരം വിഭാഗിയതകള്‍ ഗുരുതരമായ വീഴ്ചയാണെന്ന് ആത്മാവില്‍ തിരിച്ചറിവുണ്ടായിരുന്ന പൗലോസ് ഇതിനെ ചോദ്യംചെയ്തുകൊണ്ട് എഴുതിയ കത്തിലെ ഒരു വാക്യമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. അവരോടു ചോദിച്ച ചോദ്യത്തില്‍തന്നെ സഭകളെക്കുറിച്ചുള്ള ദൈവഹിതം ആലേഖനം ചെയ്തിട്ടുണ്ട്! ക്രിസ്തുവിന്റെ ശിരസ്സ് വിഭാജിക്കപ്പെട്ടിട്ടില്ലെന്നതിന്റെ ജീവിക്കുന്ന തെളിവാണ് അന്ത്യോക്യന്‍സഭ!

മുകളില്‍ വിവരിച്ച വിഭജന ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന യാഥാര്‍ത്ഥ്യത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് മനോവ നടത്തുന്നത്. റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിന്റെ പരിണിതഫലമാണ് സഭയുടെ വിഭജനമെന്നത് ഈ ചരിത്രത്തില്‍ മറഞ്ഞിരിക്കുമ്പോഴും,കുറ്റം മുഴുവന്‍ റോമാസാമ്രാജ്യത്തിനുമേല്‍ ചുമത്താനുള്ള കുത്സിതശ്രമം ഏതോ കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. സഭയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ കാലംമുതല്‍ കേട്ടു പഴകിയതും പാടി പതിഞ്ഞതുമായ നുണക്കഥകള്‍ മനഃസാക്ഷിയില്‍ തെറ്റായ ബോദ്ധ്യമായി സ്ഥാനംപിടിച്ചപ്പോള്‍, ഈ കഥകള്‍ നാം ഏറ്റുപാടി എന്നതാണ് യാഥാര്‍ത്ഥ്യം! (സുറിയാനിസഭ എഴുതിവച്ചിരിക്കുന്ന ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് മുകളില്‍ കുറിക്കപ്പെട്ടത്)

റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയിലൂടെ സഭ തകര്‍ക്കപ്പെടുമെങ്കില്‍ ആദ്യം തകരേണ്ടത് പാശ്ചാത്യസഭയായിരുന്നു! എന്നാല്‍, സാമ്രാജ്യത്തിന്റെ തകര്‍ച്ചയിലൂടെ പാശ്ചാത്യസഭയ്ക്ക് ഒരു പോറല്‍പോലും ഏറ്റില്ല എന്നതാണ് ചരിത്രം! പതിനഞ്ചാം നൂറ്റാണ്ടുവരെ നിലനിന്നുവെന്ന് അവകാശപ്പെടുന്ന പൗരസ്ത്യസഭ എവിടെയാണ് നിലനിന്നത് എന്നകാര്യം എന്തുകൊണ്ടിവര്‍ മറച്ചുവയ്ക്കുന്നു? പാശ്ചാത്യറോമന്‍സാമ്രാജ്യം വിഭജനശേഷം അധികനാള്‍ നിലനിന്നില്ല എന്നകാര്യം ചരിത്രത്തില്‍നിന്നു മനസ്സിലാക്കി. എന്നാല്‍, പൗരസ്ത്യറോമന്‍സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടുവരെ ശക്തമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ ശക്തിയെ ആശ്രയിച്ചായിരുന്നു ക്രിസ്തീയസഭയുടെ നിലനില്പെങ്കില്‍ പാശ്ചാത്യസഭ തകരുകയും പൗരസ്ത്യസഭ ശക്തിപ്രാപിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍, സംഭവിച്ചത് നേരെ വിപരീതമാണ്! പതിനഞ്ചാംനൂറ്റാണ്ടുവരെ പൗരസ്ത്യറോമാസാമ്രാജ്യം പ്രതാപത്തോടെ നിലനിന്നുവെങ്കിലും ക്രിസ്തീയത തകര്‍ക്കപ്പെടുകയും ഇസ്ലാംമതം ശക്തിപ്രാപിക്കുകയും ചെയ്തു! ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാംമതം സ്വീകരിച്ചു. ശേഷിച്ചവരില്‍ അധികവും കൂട്ടത്തോടെ പലായനം ചെയ്തു! വിശ്വാസത്തില്‍ പിടിച്ചുനിന്നവരില്‍ ഭൂരിപക്ഷത്തെയും മുഹമ്മദീയര്‍ വാളിനിരയാക്കി!

എന്നാല്‍, പാശ്ചാത്യസഭയെ സംരക്ഷിക്കാന്‍ ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് യേഹ്ശുവാ തയ്യാറായി! വിഭാഗിയത വളര്‍ത്തിയ പൌരസ്ത്യസഭയുടെ അവസ്ഥ ദാരുണമായ തകര്‍ച്ചയായിരുന്നു! കരുത്തരായ പൗരസ്ത്യ റോമാസാമ്രാജ്യത്തിനുപോലും ഇവരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല! റോമിലെ സിംഹാസനത്തെയാണ് യേഹ്ശുവാ സ്ഥാപിച്ചതും അംഗീകരിച്ചതും എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ അടയാളങ്ങള്‍ വിരല്‍ ചൂണ്ടുന്നത്!

പേര്‍ഷ്യന്‍ ആധിപത്യം കേരളസഭയില്‍!

ഇസ്ലാമിക പീഡനത്തില്‍ ചിതറിക്കപ്പെട്ട പൌരസ്ത്യസഭ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. ഇവിടെനിന്നു പലായനം ചെയ്യപ്പെട്ടവരാണ് ഗ്രീസിലും റഷ്യയിലും ഓര്‍ത്തഡോക്സ് വിഭാഗമായി ഇന്നുള്ളത്. ഇത്തരത്തില്‍ പ്രാണരക്ഷാര്‍ത്ഥം അഭയംതേടിയ അഭയാര്‍ഥികള്‍ കേരളത്തിലെ മാര്‍ത്തോമാക്രിസ്ത്യാനികളെ 'സുറിയാനി'ക്രിസ്ത്യാനികളാക്കി! A.D.342, A.D.700, A.D. 848 വര്‍ഷങ്ങളില്‍ അന്ത്യോക്ക്യ, അര്‍മേനിയ, ബാബിലോണ്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവടങ്ങളില്‍നിന്ന്‍ പുരോഹിതന്മാരടക്കം ക്രിസ്ത്യാനികള്‍ കേരളത്തില്‍ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അധികവും അവിടങ്ങളിലെ മതപീഡനം ഭയന്ന് പലായനം ചെയ്തവരായിരുന്നു! കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ നേതൃത്വം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു പിന്നീടുണ്ടായത്. കേരളത്തിലെ ക്രൈസ്തവര്‍ തുടര്‍ന്നിരുന്ന ആചാരങ്ങളായ രാഹുകാലം നോക്കല്‍, മന്ത്രവാദം, ജാതകം എഴുത്ത്, അയിത്തം, തീണ്ടലും തൊടീലും തുടങ്ങിയ മുഴുവന്‍ പൈശാചികതകളും തുടരുന്നതില്‍ ഈ നേതൃത്വം എതിര്‍ത്തില്ലെന്നു മാത്രമല്ല, അവയെല്ലാം സ്വീകരിക്കാനും തയ്യാറായി. അതിനുപകരമായി തങ്ങളുടെ ആരാധനാരീതികള്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെമേല്‍ അടിച്ചേല്പിക്കുകയും ചെയ്തു. അതായത്, ഇന്നത്തെ സുറിയാനിസഭ, പേര്‍ഷ്യന്‍ സംസ്കാരത്തിന്റെയും ഇന്ത്യന്‍ സംസ്കാരത്തിന്റെയും സങ്കരസംസ്കാരമാണ്! വ്യക്തമായി പഠിച്ചാല്‍, രണ്ടു വിജാതിയ സംസ്കാരങ്ങള്‍ ഒന്നായിച്ചേര്‍ന്ന് രൂപപ്പെട്ട വിജാതിയ സംസ്കാരമാണ് സുറിയാനിസഭയെന്നു മനസ്സിലാക്കാന്‍ കഴിയും!

റോമന്‍ കത്തോലിക്കാസഭയുടെ സാന്നിദ്ധ്യം ഇന്ത്യയില്‍ എത്തുന്ന പതിനാറാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ചരിത്രത്തില്‍(ഉദയംപേരൂര്‍ സൂനഹദോസ് രേഖകള്‍) കുറിച്ചുവച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. സൂനഹദോസില്‍ പങ്കെടുക്കാന്‍ എത്തിയ പ്രമാണിമാരായ ക്രിസ്ത്യാനികളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: 'സൂനഹദോസില്‍ പങ്കെടുത്ത ഇടവക പ്രമാണിമാര്‍ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവര്‍ക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍നിന്ന് അവരെ തിരിച്ചറിയണമെങ്കില്‍ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദര്‍ശിക്കണം. എല്ലാവരും കാതില്‍ കടുക്കനും സ്വര്‍ണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലര്‍ക്ക് അംഗരക്ഷകര്‍ ഉണ്ടായിരുന്നു. മറ്റു ചിലര്‍ വാള്‍ ധരിച്ചിരുന്നു. മഴക്കാലമായതിനാല്‍ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാന്‍ അരയില്‍ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയില്‍ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയില്‍ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളില്‍ പഞ്ചലോഹ മോതിരങ്ങളും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും കനമുള്ള കര്‍ണ്ണാഭരണങ്ങളും കാണപ്പെട്ടു'.(ഉദയംപേരൂര്‍ സൂനഹദോസ് വിക്കിപീഡിയ).

ഇന്ത്യയില്‍ ക്രിസ്തീയത വളരുന്നതില്‍ തടസ്സമായി നിന്ന ഘടകം എന്താണെന്നും ഉദയംപേരൂര്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും! സൂനഹദോസ് വിളിച്ചുചേര്‍ത്ത റോമന്‍കത്തോലിക്കാസഭയുടെ നേതാക്കന്മാര്‍ക്കുമുന്നില്‍ സുറിയാനിസഭ ഉയര്‍ത്തിയ വാദം ഇവിടുത്തെ ക്രിസ്ത്യാനികളുടെ ക്രൈസ്തവവിരുദ്ധ നിലപാടിന്റെ വ്യക്തമായ തെളിവായി കണക്കാക്കാം. ഏഴു ദിവസം നീണ്ടുനിന്ന സൂനഹദോസിലെ ഏഴാംദിവസത്തെ തീരുമാനം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: 'താഴ്ന്ന ജാതിയില്‍നിന്ന് മതം മാറി വരുന്നവര്‍ക്കായി പ്രത്യേകം പള്ളി വേണമെന്ന് സുറിയാനി കത്തനാര്‍മാര്‍ വാദിച്ചതിന്‍റെ ഫലമായി അതനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവര്‍ക്ക് ഏത് പള്ളിയില്‍നിന്നും കൂദാശ സ്വികരിക്കാമെന്ന് വിധിച്ചു.'

താഴ്ന്ന ജാതിക്കാരെ അന്നുവരെ വിശ്വാസത്തിലേക്ക് സ്വീകരിക്കാന്‍ കേരളത്തിലെ സുറിയാനി തലവന്മാര്‍ അനുവദിച്ചിരുന്നില്ല എന്നതിന്റെ സൂചനയായി ഇതിനെ കരുതാം. അന്നത്തെ ക്രൈസ്തവരിലെ ഈ മാടമ്പിത്തരമായിരുന്നു അനേകരുടെ രക്ഷയെ തടഞ്ഞുനിര്‍ത്തിയത്! പോര്‍ച്ചുഗീസുകാരുടെ കടന്നുവരവോടെയാണ് താഴ്ന്ന ജാതിക്കാര്‍ക്കും രക്ഷപ്രാപിക്കാനുള്ള അവസരമൊരുങ്ങിയത് എന്നകാര്യം ആരും വിസ്മരിക്കരുത്. താഴ്ന്ന ജാതികളില്‍നിന്ന്‍ ക്രിസ്തീയതയിലേക്കു കടന്നുവന്നവരെ 'പുതുക്രിസ്ത്യാനികള്‍' എന്ന്‍ വിളിച്ചത് ഈ വസ്തുതയ്ക്ക് കൂടുതല്‍ ഉറപ്പു നല്‍കുന്നു. മുന്‍കാലങ്ങളില്‍ ഇവര്‍ക്ക് വിശ്വാസം സ്വീകരിക്കാനുള്ള അവസരമുണ്ടായിരുന്നുവെങ്കില്‍ ഈ പേരിനു പ്രസക്തിയുണ്ടാകുമായിരുന്നില്ല! ക്രിസ്തുമതം സ്വീകരിച്ച താഴ്ന്ന വിഭാഗക്കാരെ പുലയരെന്നു വിളിച്ചാക്ഷേപിക്കുന്ന രീതി സുറിയാനികള്‍ പിന്നീടും തുടര്‍ന്നുപോന്നു. ഇന്നും ഈ പ്രവണത മദ്ധ്യതിരുവിതാംകൂറിലെ സുറിയാനി'മാടമ്പിമാര്‍' തുടരുന്നുണ്ട്! റോമന്‍ കത്തോലിക്കാസഭ കേരളത്തില്‍ എത്തുന്നതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ക്രിസ്തീയതയുടെ വൈരികളായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍!

കുടുമയില്‍ 'കുരിശ്' ചൂടിയ വിജാതിയര്‍!

വിജാതിയരില്‍നിന്നു വിഭിന്നമല്ലാത്ത ആചാരങ്ങളുമായി കഴിഞ്ഞവരും നമ്പൂരിമാരുടെ പിന്മുറക്കാരെന്ന്‍ തെറ്റിദ്ധരിച്ച്‌ ജീവിച്ചിരുന്നവരുമായ പ്രാകൃത സമൂഹമായിരുന്നു പോര്‍ച്ചുഗീസുകാര്‍ കടന്നുവരുമ്പോള്‍ കേരളത്തിലുണ്ടായിരുന്ന ക്രൈസ്തവനാമധാരികള്‍! പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് ഈ അവസ്ഥയെന്നത് സുറിയാനി(പേര്‍ഷ്യന്‍)വത്കരണത്തിലൂടെ കേരളത്തിലുണ്ടായ ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.

ഉദയംപേരൂര്‍ സൂനഹദോസിലെ അവസാന സമ്മേളന ദിനത്തില്‍ ചില തീരുമാനങ്ങളെടുത്തത് ശ്രദ്ധിച്ചാല്‍ പതിനാറാം നൂറ്റാണ്ടുവരെ കേരളത്തില്‍ ക്രൈസ്തവര്‍ ഇല്ലായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും. അവ ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: 'അവസാനദിവസം അസന്മാര്‍ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്‍ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാക്കി'.

സൂനഹദോസിലെ മറ്റു ചില തീരുമാനങ്ങള്‍ ശ്രദ്ധിക്കുക: 'ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്‍ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ പ്രാര്‍ത്ഥനകളില്‍നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്‍ നശിപ്പിക്കാനും തീരുമാനമായി'. ഇത്തരം പാഷാണ്ഡതകളെല്ലാം സിറിയയില്‍നിന്ന് കേരളത്തിലെത്തിയതായിരുന്നു. പേര്‍ഷ്യയില്‍നിന്ന്‍ കുടിയേറിയ സുറിയാനികള്‍ കേരളത്തില്‍ പ്രചരിപ്പിച്ച പാഷാണ്ഡതകള്‍ നിറഞ്ഞ ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായി. പാഷാണ്ഡതകളായി പ്രഖ്യാപിച്ചു നശിപ്പിച്ചതും നിഷിദ്ധമാക്കിയതുമായ ഗ്രന്ഥങ്ങള്‍ ഇവയായിരുന്നു: പാര്‍സിമാന്‍, മാര്‍ഗസീശ, പിതാക്കന്മാരുടെ പുസ്തകം, പവിഴത്തിന്റെ പുസ്തകം, മാക്കമൊത്ത്‌(പറുദീസ), മിശിഹായുടേ തിരുബാല പുസ്തകം, സുന്നഹദോസുകളുടെ പുസ്തകം, സ്വര്‍ഗത്തില്‍നിന്നും വന്ന കത്ത്‌, നര്‍സായുടേ പുസ്തകം, പ്രഹന്‍ പുസ്തകം(യൗസേപ്പിന്‌ മറിയത്തെ കല്യാണം കഴിക്കുന്നതിനു മുന്‍പ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു), യോഹന്നാന്‍ വരകല്‍ദോസ- (യേഹ്ശുവായും ദൈവത്തിന്റെ പുത്രനും വെവ്വേറെയാണെന്നു പറയുന്ന പുസ്തകം), വാവാകട്ടെ പുസ്തകം, നുഹറ, എംങ്കര്‍ത്താപുസ്തകം, കമ്മീസിന്റെ പാട്ടുകള്‍, ഇദാറ, സുബാടേ നമസ്കാരം, അന്‍പത്‌ നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന.

ഈ പുസ്തകങ്ങളില്‍ ഇസ്ലാമികതയുമായുള്ള സാമ്യം സൂചിപ്പിക്കുന്നത് സിറിയയില്‍ നിന്ന്‍ ഇറക്കുമതി ചെയ്ത പൈശാചിക സിദ്ധാന്തങ്ങള്‍ ഇവയില്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നാണ്. സ്വര്‍ഗ്ഗത്തില്‍നിന്നു ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്ന ഖുറാന്റെയും ഉത്പത്തി സിറിയയില്‍നിന്ന് ആയിരുന്നുവല്ലോ!?

മാനിക്കേയിന്‍, നെസ്തോറിയന്‍ പാഷാണ്ഡതകളില്‍ മാത്രമല്ല, ക്രിസ്തീയ വിരുദ്ധമായ ദുരാചാരങ്ങളില്‍ പൂര്‍ണ്ണമായും തളയ്ക്കപ്പെട്ടിരുന്ന ഒരു ജനതയെ യഥാര്‍ത്ഥ ക്രിസ്തീയ ചൈതന്യത്തിലേക്ക് നയിക്കാന്‍ പോര്‍ച്ചുഗീസ് മിഷ്ണറിമാര്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. എന്നാല്‍, വിഭാഗിയതയുണ്ടാക്കി സഭയെ തകര്‍ക്കാന്‍ നാലാം നൂറ്റാണ്ടുമുതല്‍ ശ്രമിക്കുന്ന പൗരസ്ത്യ വാദക്കാര്‍ പ്രചരിപ്പിക്കുന്നത്; വൈദേശിക ആധിപത്യമാണ്‌ കേരളത്തിലെ ക്രൈസ്തവരെ നശിപ്പിച്ചതെന്നാണ്. ഇത് ചരിത്രത്തെയും സത്യത്തെയും വളച്ചൊടിക്കുന്ന കപട പ്രചാരണമാണെന്നു തിരിച്ചറിയണം. മന്ത്രവാദം, കോഴിവെട്ട്, തുടങ്ങിയ എല്ലാ പൈശാചികതയും സാംസ്കാരികതയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ ആചരിച്ചുപോരുന്ന നാമമാത്ര ക്രിസ്ത്യാനികളാണ് ഈ പ്രചാരണത്തിനുപിന്നില്‍!

അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സുന്നഹദോസിന്റെ രേഖകളില്‍നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നു. സൂനഹദോസില്‍ പങ്കെടുത്ത ഇടവക പ്രമാണിമാര്‍ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവര്‍ക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍നിന്ന് അവരെ തിരിച്ചറിയണമെങ്കില്‍ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദര്‍ശിക്കണം. എല്ലാവരും കാതില്‍ കടുക്കനും സ്വര്‍ണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലര്‍ക്ക് അംഗരക്ഷകര്‍ ഉണ്ടായിരുന്നു. മറ്റു ചിലര്‍ വാള്‍ ധരിച്ചിരുന്നു. മഴക്കാലമായതിനാല്‍ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാന്‍ അരയില്‍ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയില്‍ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയില്‍ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളില്‍ പഞ്ചലോഹ മോതിരങ്ങളും സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കര്‍ണ്ണാഭരണങ്ങളും കാണപ്പെട്ടു.(ഉദയംപേരൂര്‍ സൂനഹദോസ്-വിക്കിപീഡിയ)

'കൂനന്‍' കുരിശ് സത്യം!

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ കുറിച്ചതുപോലെ, റോമന്‍ കത്തോലിക്കാസഭയുടെ അധികാരികളില്‍നിന്ന്, വിശിഷ്യാ പോര്‍ച്ചുഗീസ്-ഇറ്റാലിയന്‍ മേധാവിത്വത്തില്‍നിന്ന്‍ കേരളസുറിയാനിസഭയെ മോചിപ്പിക്കാന്‍ നടത്തിയ സമരമായിരുന്നു 'കൂനന്‍കുരിശു'സത്യം! സുറിയാനികള്‍ ഇതിനെ സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നു എന്ന്‍ മാത്രമല്ല, 54 വര്‍ഷത്തെ പോര്‍ച്ചുഗീസ് സംരക്ഷണത്തെ ഒരു ദുരന്തമായി ഇന്നും വിലപിക്കുകയും ചെയ്യുന്നു!

പോര്‍ച്ചുഗീസ് മിഷ്ണറിമാര്‍ കേരളത്തിലെ സഭയിലേക്ക് ഇടിച്ചുകയറി വന്നവരല്ല എന്ന വസ്തുത സൗകര്യപൂര്‍വ്വം ഇക്കൂട്ടര്‍ മറച്ചുവയ്ക്കുകയാണ്. ഏതു സാഹചര്യത്തിലായിരുന്നു പാശ്ചാത്യ മിഷ്ണറിമാര്‍ നമ്മുടെ നാട്ടില്‍ എത്തിയതെന്ന ചരിത്രം ലഘുവായെങ്കിലും മനസ്സിലാക്കിയാല്‍ മാത്രമേ നമ്മുടെ നന്ദികേടിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. സുറിയാനികള്‍ കേരളത്തില്‍ എത്തിയതിനു പിന്നാലെ അവരുടെ പ്രതിയോഗികളായ മുസ്ലീങ്ങളും ഇവിടെയ്ക്ക് കടന്നുവന്നു. അക്കാലത്ത് ഇസ്ലാംമതക്കാരും ഈ നാട്ടിലെ വിജാതിയരും ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ആരംഭിച്ചു. ഈ പീഡനത്തില്‍നിന്നുള്ള സംരക്ഷണം തേടി ക്രിസ്ത്യാനികള്‍ വാസ്കോ ഡി ഗാമയെ സമീപിക്കുകയായിരുന്നു. ഇവരുടെ ദുരവസ്ഥ കണ്ട് ഗാമ സഹായിക്കാന്‍ തയ്യാറായി. ഇതിനെക്കുറിച്ച്‌ വിക്കിപീഡിയയില്‍ പറയുന്നത് നോക്കുക: 'പീഡനങ്ങളില്‍ ദുഃഖിതരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ 1502-ല്‍ വന്നെത്തിയ വാസ്കോ ഡ ഗാമയുടെ അടുത്ത് തങ്ങളെ പോര്‍ച്ചുഗല്‍ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു. അങ്ങനെ പോര്‍ട്ടുഗീസുകാര്‍ അവരുടെകൂടെ മിഷ്ണറിമാരെ കൊണ്ടുവന്നു തുടങ്ങി. ആദ്യം ഇവരോട് വളരെ സൗഹാര്‍ദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളില്‍ വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യറിന്റെ നേതൃത്വത്തില്‍ മത പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതൊന്നും ആരും എതിര്‍ത്തിരുന്നില്ല.'(കൂനന്‍ കുരിശു സത്യം-വിക്കിപീഡിയ). പോര്‍ച്ചുഗീസുകാര്‍ സഭയുടെ നേതൃത്വം ഏറ്റെടുക്കുവാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പുകള്‍ ഇതാണ്.

1541-ല്‍ ഫ്രാന്‍സിസ്കന്‍ വൈദികര്‍ കൊടുങ്ങല്ലൂരില്‍ ദൈവാലയം നിര്‍മ്മിച്ചു. 1542-ല്‍ ഈശോസഭക്കാരും(ജെസ്യൂട്ട്) 1548-ല്‍ ഡൊമിനിക്കന്‍ സഭക്കാരും 1572-ല്‍ അഗസ്തീനിയന്‍ സഭക്കാരും ഇന്ത്യയില്‍ എത്തി. ഇതില്‍ 'ജെസ്യൂട്ട്' സഭക്കാരുടെ പ്രവര്‍ത്തനങ്ങളാണ് ക്രിസ്തുമതത്തിന് ഇവിടെ കൂടുതല്‍ വേരോട്ടം നല്‍കിയത്. പോര്‍ട്ടുഗീസുകാര്‍ക്ക് അഭിമതരായിരുന്നു 'ജെസ്യൂട്ട്' സഭക്കാര്‍. (കൂനന്‍കുരിശു സത്യം-വിക്കിപീഡിയ).

പോര്‍ച്ചുഗീസുകാരുടെ ആധിപത്യത്തോട് കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് (നസ്രാണി)ആയിരുന്നില്ല അസ്വസ്ഥത; മറിച്ച്, ഇവരെ നൂറ്റാണ്ടുകളായി പാഷാണ്ഡതകളിലൂടെ നയിക്കുകയും അടക്കി വാഴുകയും ചെയ്തിരുന്ന സിറിയക്കാര്‍ക്കായിരുന്നു. അവര്‍ പ്രചരിപ്പിച്ച ക്രിസ്തീയവിരുദ്ധ പാഷാണ്ഡതകളെ ഉന്മൂലനം ചെയ്യുകയും അവരുടെ സ്വാധീനം അസ്തമിക്കുകയും ചെയ്തതാണ് അവരെ രോഷാകുലരാക്കിയത്. 'കൂനന്‍കുരിശു സത്യത്തിലൂടെ തങ്ങളുടെ സ്വാധീനം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെമേല്‍ ഉറപ്പിക്കാന്‍ അവര്‍ സിറിയയില്‍നിന്ന്‍ ഇറക്കുമതി ചെയ്ത വിമോചനപ്പോരാളികളുടെ പേരില്‍ത്തന്നെ ചില നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ട്! 1650-ല്‍ തോമ്മാ ആര്‍ച്ച് ഡീക്കന്‍ അന്ത്യോക്ക്യയിലെ സുറിയാനി പാത്രിയാര്‍ക്കീസിനോടും അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാര്‍ക്കീസിനോടും തങ്ങളെ ഭരിക്കുന്നതിന് ഒരു മെത്രാനെ അയച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇഗ്നാത്തിയൂസ് അഹത്തുള്ള എന്ന സുറിയാനി ഓര്‍ത്തഡോക്സ് മെത്രാന്‍ മൈലാപ്പൂരില്‍ എത്തി. ഇദ്ദേഹമായിരുന്നു കൂനന്‍കുരിശു സത്യത്തിന്റെ സൂത്രധാരകന്‍!

പൗരസ്ത്യവാദം നടത്തി ക്രൈസ്തവസഭയെ ആദ്യമായി പിളര്‍ത്തുകയും സ്വയം ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തവര്‍ തന്നെയാണ് കേരളത്തിലെ സഭയെ ഭിന്നിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതും. ഇതേ പൗരസ്ത്യസഭയിലെ ഒരു പാതിരിയും മുഹമ്മദുനബിയുടെ ആദ്യഭാര്യ ഖദീജയുടെ അമ്മാവനുമായ വ്യക്തിയായിരുന്നു ഇസ്ലാംമതം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് മനോവ മുന്‍പ് വെളിപ്പെടുത്തിയിരുന്നു! സുറിയാനിസഭയുടെ നേതൃത്വം ഏറ്റെടുക്കാന്‍ എത്തിയ അഹത്തുള്ളയുടെ മരണത്തിനുപിന്നില്‍ പോര്‍ട്ടുഗീസുകാരാണെന്ന് ആരോപിച്ചായിരുന്നു കൂനന്‍കുരിശു സത്യത്തിലേക്ക് നയിച്ച ലഹളയുടെ ആരംഭം!

1653-ല്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെയും മാര്‍ത്തോമാ ഒന്നാമന്റെയും നേതൃത്വത്തില്‍  മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുന്‍പില്‍ കൂട്ടംചേര്‍ന്ന് കുരിശില്‍ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍, എല്ലവര്‍ക്കും ഒരേ സമയം കുരിശില്‍ തൊടാന്‍ കഴിയാത്തതിനാല്‍ കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ചു സത്യം ചെയ്തു. ‘മേലാല്‍ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂര്‍ പാതിരിമാരുടെ കീഴില്‍ ഇരിക്കുകയില്ലയില്ല’ എന്നായിരുന്നു ആ ചരിത്ര വാചകം. വലിക്കുന്ന ശക്തിയാല്‍ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനന്‍കുരിശു പ്രതിജ്ഞ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു.(കൂനന്‍കുരിശു സത്യം-വിക്കിപീഡിയ).

കൂനന്‍കുരിശു സത്യത്തിനുശേഷം 'തോമാ ആര്‍ച്ചു ഡീക്കനെ' കൈവയ്പ്പ് ഇല്ലാതെതന്നെ മെത്രാനായി വാഴിച്ചു. തനിക്കു കൈവയ്പ്പ് ലഭിക്കാനായി അന്ത്യോക്യയിലെ മെത്രാന്മാരുമായി അനേകം കത്തിടപാടുകള്‍ നടത്തിയെങ്കിലും അതു സാധിച്ചില്ല. ഒടുവില്‍ 1665-ല്‍ പലസ്തീനില്‍നിന്നു യെരുശലേമിന്റെ മെത്രാപ്പോലീത്തയാണെന്ന പ്രഖ്യാപനവുമായി കേരളത്തിലെത്തിയ ഗ്രിഗോറിയോസ് അബ്ദുള്‍ജലീല്‍ മാര്‍ത്തോമായ്ക്കു കൈവയ്പ്പു നല്‍കി! കേരളത്തിലെ സഭയുടെ പിളര്‍പ്പിന് അവിടെ ആരംഭം കുറിക്കുകയും ചെയ്തു! കേരളസഭയിലെ പിളര്‍പ്പിലൂടെ സൃഷ്ടിക്കപ്പെട്ട രണ്ടു വിഭാഗങ്ങളില്‍ ഒന്ന് 'പുത്തന്‍കൂറ്' എന്നും കത്തോലിക്കാസഭയില്‍ തുടര്‍ന്ന രണ്ടാമത്തെ വിഭാഗം 'പഴയകൂറ്' എന്നും അറിയപ്പെട്ടു. പുത്തന്‍കൂറുകാര്‍ വീണ്ടും പിരിഞ്ഞ് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഉണ്ടായി!

യാക്കോബിന്റെ സന്തതികളുടെമേല്‍ യിസ്മായേല്‍ സന്തതികള്‍!

കേരളത്തിലെ ക്രൈസ്തവര്‍ ഹിന്ദുക്കളില്‍നിന്നോ മറ്റു വിജാതിയരില്‍നിന്നോ പരിവര്‍ത്തനം ചെയ്യപ്പെട്ടവരല്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെയുള്ള ക്രിസ്ത്യാനികളില്‍ പലരും തിരിച്ചറിഞ്ഞിട്ടില്ല. യിസ്രായേലിലെ നഷ്ടപ്പെട്ടുപോയ ആടുകളെ അന്വേഷിച്ച് കേരളത്തിലെത്തിയ തോമാശ്ലീഹാ അവരെ തന്നെയാണ് കണ്ടെത്തിയതും സ്നാനപ്പെടുത്തിയതും. ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയോ നൂറ്റാണ്ടുകള്‍ വഴിപിഴച്ചു ജീവിച്ച പൂര്‍വ്വീകരുടെ സ്വാധീനമോ ആയിരിക്കാം ഈ ദുരവസ്ഥയ്ക്ക് ആധാരമായത്. ഈ വിഷയത്തെക്കുറിച്ച് കൂടുതലായി വിവരിച്ചിരിക്കുന്ന 'ഇന്ത്യയിലെ ക്രൈസ്തവര്‍; യെഹൂദരില്‍നിന്നോ ബ്രാഹ്മണരില്‍നിന്നോ?' എന്ന ലേഖനം വായിച്ചാല്‍ വ്യക്തത കൈവരും എന്നതിനാല്‍ ഇനിയൊരു വിവരണത്തിനു മുതിരുന്നില്ല. എന്നാല്‍, സാന്ദര്‍ഭികമായി ചിലതു സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

അബ്രാഹത്തിന്റെ വാഗ്ദത്ത പുത്രനായ യിസഹാക്കും, യിസഹാക്കിന്റെ പുത്രനായ യാക്കോബും പിന്നീട് യാക്കോബിന്റെ സന്തതികളുമാണ് യാഹ്‌വെയാല്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്ന വസ്തുത തിരുവചനത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് അറിയാം. യാക്കോബും അവന്റെ സന്തതികളുമാണ് യിസ്രായേല്‍ജനം! അബ്രാഹം മുതല്‍ യാക്കോബു വരെയുള്ള തലമുറകളില്‍ പുറന്തള്ളപ്പെട്ടവരില്‍ രണ്ടു പ്രധാനികളായിരുന്നു യിസ്മായേലും യേസാവും! ഇവര്‍ പുറന്തള്ളപ്പെടാനുണ്ടായ സാഹചര്യങ്ങളെയും അവരിലൂടെ പുറപ്പെട്ട ജനതകളെയും കുറിച്ച് 'അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട യിസ്മായേലും യേസാവും!' എന്ന ലേഖനത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അതിനാല്‍, ആ വിഷയത്തെ സ്പര്‍ശിക്കാതെ ചിലത് വെളിപ്പെടുത്തുകയാണ്!

യിസ്രായേലിലെ നഷ്ടപ്പെട്ടുപോയവരെ തിരികെ കൊണ്ടുവരാനും ആ ഭവനത്തില്‍പ്പെടാത്തവരായി മുന്‍പേതന്നെ പുറന്തള്ളപ്പെട്ടവരെ ഭവനത്തില്‍ ചേര്‍ക്കുവാനുമായിരുന്നു യേഹ്ശുവാ ഭൂമിയിലേക്കു മനുഷ്യരൂപംധരിച്ചു വന്നത്! ഈ രക്ഷകനെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിക്കുന്നവര്‍ മാത്രമാണ് യിസ്രായേല്‍ഭവനത്തോടു വീണ്ടും ചേര്‍ക്കപ്പെടുന്ന ഭാഗ്യപ്പെട്ടവര്‍! ഇവരില്‍ എല്ലാ ജനതകളിലുംപെട്ടവര്‍ ഉണ്ടെന്നു വചനം നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. യേഹ്ശുവാ ഇങ്ങനെ പറഞ്ഞു: "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും"(യോഹ: 10; 16). യിസ്രായേല്‍ഭവനത്തില്‍ അംഗമല്ലാതിരുന്ന വിജാതിയര്‍ക്ക് പ്രത്യാശ നല്‍കുന്ന വാക്കുകളാണ് ദൈവപുത്രനായ യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ടത്! യേഹ്ശുവായുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സുവിശേഷവുമായി അപ്പസ്തോലന്മാര്‍ കടന്നുചെന്നപ്പോള്‍ യെഹൂദരേക്കാള്‍ അധികമായി വിജാതിയര്‍ വിശ്വാസം സ്വീകരിക്കാന്‍ തയ്യാറായി എന്ന് തറപ്പിച്ചു പറയാന്‍ കഴിയില്ല! കാരണം, യെഹൂദര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ലോകവ്യാപകമായി ചിതറിക്കപ്പെട്ടിരുന്നു. പല ജനതകളോടും ഇടകലര്‍ന്നു മലിനമാക്കപ്പെട്ടവരും ഉണ്ടായിരുന്നു. ഫലത്തില്‍ ഇവരും വിജാതിയരായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും വേര് യിസ്രായേല്‍ ഭവനത്തില്‍നിന്നുതന്നെ ആണെന്നു കരുതേണ്ടിവരും.

എന്നാല്‍, ഈജിപ്ത്, സിറിയ തുടങ്ങിയ പ്രദേശങ്ങളില്‍ യിസ്മായേല്യരും യേസാവിന്റെ വംശാവലിയില്‍പ്പെട്ടവരും ആയിരുന്നു വസിച്ചിരുന്നത്! അതുപോലെതന്നെ, അറബികള്‍ യിസ്മായേല്‍ വംശജരായിരുന്നു എന്നതിനും ബൈബിളില്‍ തെളിവുകളുണ്ട്. ആദ്യകാല ക്രൈസ്തവസമൂഹങ്ങളില്‍ ഏറ്റവും പ്രബലമായത് യിസ്മായേല്‍ സന്തതികളില്‍നിന്നു വിശ്വാസത്തിലേക്ക് കടന്നുവന്ന് ക്രിസ്ത്യാനികളായ വിഭാഗമായിരുന്നു. ദമാസ്കസിലെ പ്രബലമായ സഭയെ പീഡിപ്പിക്കാനായിരുന്നു ശൗവുല്‍ യെഹൂദരില്‍നിന്ന് സമ്മതിപത്രവുമായി പുറപ്പെട്ടതെന്ന് നമുക്കറിയാം.

ക്രിസ്തീയത കടന്നുവന്നപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുപോലെ എന്തിനെയും സ്വീകരിക്കാന്‍ മടിയില്ലാത്തവരായിരുന്നു ഈ യിസ്മായേല്യര്‍ എന്നതിനുള്ള തെളിവാണ് ആറാംനൂറ്റാണ്ടില്‍ ഇസ്ലാമികതയെ പുല്‍കാന്‍ ഇവര്‍ കൂട്ടത്തോടെ തയ്യാറായത്! ക്രൈസ്തവരുടെ കേന്ദ്രമായിരുന്ന സിറിയയില്‍ ക്രിസ്ത്യാനികള്‍ ഇല്ലെന്നുതന്നെ പറയേണ്ടിവരും. ഇസ്ലാമികതയെ ഭയന്ന് ചിലരൊക്കെ പലായനം ചെയ്തപ്പോള്‍, അവരില്‍ ചിലര്‍ വന്നെത്തിയത് ഇന്ത്യയിലാണെന്ന് നാം കണ്ടു. അതുപോലെതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിയേറ്റങ്ങളില്‍ സിംഹഭാഗവും പഴയ 'സോവ്യറ്റ് യൂണിയന്റെ' പ്രദേശങ്ങളിലേക്കായിരുന്നു! ഇന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗമായി അറിയപ്പെടുന്നത് ഇവരാണ്! ഇസ്ലാമിനെ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ ആയിരുന്നുവെങ്കില്‍പ്പോലും ഉറപ്പില്ലാത്ത വിശ്വാസത്തിന്റെ തെളിവായി അവരെയും കാണാം! യൂറോപ്പില്‍ ഉടലെടുത്ത കമ്യൂണിസമെന്ന വൈരുദ്ധ്യാത്മിക ഭൗതീകവാദം അവിടത്തുകാര്‍ അവജ്ഞയോടെ പുറന്തള്ളിയപ്പോള്‍ അതിനെ തോളിലേറ്റിയത് ഈ അന്ത്യോക്യന്‍ പരമ്പരയുടെ വക്താക്കളായിരുന്നു! എന്തിനേയും ഏതിനേയും ചുമക്കാനുള്ള ആത്മീയമായ അപക്വതയാണ് ഇന്ത്യയില്‍ വേരുറപ്പിച്ച സിറിയന്‍ ക്രിസ്ത്യാനികളും തെളിയിച്ചത്. ജാതകവും മന്ത്രവാദവും മറ്റെല്ലാ ദുരാചാരങ്ങളും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതും സാംസ്കാരികതയുടെ പേരില്‍ പൈശാചികത പാരമ്പര്യമായി സ്വീകരിച്ചതും യിസ്മായേലിന്റെ 'ജാരസ്വാധീനം' ഇവരില്‍ ഉള്ളതുകൊണ്ടാണ് എന്നകാര്യത്തില്‍ സംശയിക്കേണ്ടാ!

യാക്കോബിന്റെ വംശാവലിയുടെമേല്‍ അധീശത്വം പുലര്‍ത്താനുള്ള യിസ്മായേല്‍ സന്തതികളുടെ സ്വപ്നസാഫല്യമാണ് കേരളത്തിലെ നസ്രാണികളുടെമേലുള്ള സിറിയന്‍(യിസ്മായേല്യര്‍)ആധിപത്യത്തിലൂടെ നടപ്പായത്! യെഹൂദരില്‍നിന്നു വിശ്വാസം സ്വീകരിച്ചവരായിരുന്നിട്ടും കേരളത്തിലെ നസ്രാണികള്‍ ഹിന്ദുക്കളായിരുന്നുവെന്ന് പ്രചരിപ്പിക്കുകയും പുത്തന്‍ തലമുറയെ മിഥ്യാബോധത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കാപട്യത്തിനുപിന്നില്‍ സുറിയാനി വാദികള്‍ക്കു വ്യക്തമായ അജണ്ടയുണ്ട്!

ബൈബിളില്‍ ഉടനീളം പരിശോധിച്ചാലും അഹത്തുള്ളയെന്നോ അബ്ദുള്‍ജലീലെന്നോ പേരുകളുള്ള ആരെയും യാക്കോബിന്റെ തലമുറയില്‍ കാണാന്‍ കഴിയില്ല. ഇത്തരം പേരുകള്‍ യിസ്മായേലിന്റെയും യേസാവിന്റെയും തലമുറയിലാണുള്ളത്. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ പിതാവായിരുന്നു അബ്ദുള്ള! അബ്ദുള്ളയെന്ന പേരിന്റെ അര്‍ത്ഥം 'അള്ളാഹുവിന്റെ അടിമ' എന്നാണ്. അല്ലാഹു ദൈവമല്ലെന്നും ഖുറൈഷികളുടെ ഗോത്രദേവന്മാരില്‍ ഒരുവനായ ചന്ദ്രദേവനാണെന്നും അറിയാവുന്ന ക്രിസ്ത്യാനിക്ക് ഈ പേര് എങ്ങനെ സ്വീകാര്യമാകും? മെത്രാപ്പോലീത്താ ചമഞ്ഞ് വന്നവര്‍ കൂനന്‍കുരിശു സത്യം നടത്തി സഭയെ ഭിന്നിപ്പിച്ചപ്പോള്‍ തിരിച്ചറിയേണ്ടതായ മറ്റൊരു കാര്യമുണ്ട്. സഭയെ ആദ്യമായി ഭിന്നിപ്പിക്കുകയും പിളര്‍ന്നുമാറി സ്വയം ശിഥിലമാകുകയും ചെയ്തത് ഇവരുടെ പിതാക്കന്മാരായിരുന്നു! ഇന്ത്യന്‍ ക്രൈസ്തവരില്‍ അന്യംനിന്നുപോകുമായിരുന്ന ദുരാചാരങ്ങളെ പൊടിതട്ടിയെടുത്ത് സജ്ജീവമാക്കാനല്ലാതെ കൂനന്‍കുരിശു സത്യംകൊണ്ട് ഒരു നന്മയും ഉണ്ടായിട്ടില്ല! വിദേശമിഷ്ണറിമാര്‍ നീക്കംചെയ്ത ക്രൈസ്തവവിരുദ്ധമായ ദുരാചാരങ്ങളെ വീണ്ടും പ്രതിഷ്ടിക്കാനുള്ള സാത്താന്റെ നിഗൂഢ പദ്ധതിയായിരുന്നു കൂനന്‍കുരിശുസത്യം!

കേരളത്തിലെ സുറിയാനി വിഭാഗക്കാരായ കത്തോലിക്കാരോ ഓര്‍ത്തഡോക്സ്-യാക്കോബയാ സഭകളോ യിസ്മായേല്‍ വംശജരാണെന്ന് ആരും ചിന്തിക്കേണ്ട; മറിച്ച്, യിസ്മായേല്യരായ അന്ത്യോക്യന്‍ കുബുദ്ധികളാല്‍ വഞ്ചിക്കപ്പെട്ട യാക്കോബിന്റെ സന്തതികളാണിവര്‍! സുറിയാനി സഭകളിലെ അനേകം വിശ്വാസികള്‍ ദുരാചാരങ്ങളെ വെറുത്തുപേക്ഷിച്ചുവെങ്കിലും ഇന്നും ഇത്തരം പൈശാചികതകളെ അലങ്കാരമായി ചുമക്കുന്ന പുരോഹിതന്മാര്‍പോലും ഉണ്ടെന്നത് ഇതിന്റെ സ്വാധീനം വ്യക്തമാക്കുന്നു.

ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക: കേരളസഭയുടെമേലുള്ള വൈദേശിക ആധിപത്യത്തെ നീക്കംചെയ്യാനുള്ള സമരമായിരുന്നില്ല കൂനന്‍കുരിശുസത്യം; മറിച്ച്, പ്രാദേശിക ദുരാചാരങ്ങളെ തോളിലേറ്റാനും ഉപേക്ഷിച്ച പൈശാചികതയെ തിരികെ പ്രതിഷ്ഠിക്കാനും സാത്താന്‍ ഒരുക്കിയ കൌശലമായിരുന്നു. പിന്നീട് സഭയില്‍ ഉടലെടുത്ത വിഭാഗിയതയും ജീര്‍ണ്ണതയും ഈ സത്യത്തെ തിരിച്ചറിയാന്‍ സഹായകമാണ്. ഇന്ത്യന്‍സഭയുടെ രക്ഷകര്‍തൃത്വം പോര്‍ച്ചുഗീസുകാര്‍ സ്വയം ഏറ്റെടുക്കുകയായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ചില കല്‍ദായവാദികള്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നത് ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണെന്നു കരുതരുത്. ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ തങ്ങളുടെ അജണ്ട പുതുതലമുറയില്‍നിന്നു മറച്ചു പിടിക്കാനുള്ള വിഫലശ്രമത്തിലാണ്! ആധുനികലോകത്തില്‍ സത്യം അറിയണമെന്നുള്ളവര്‍ക്ക് അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കേ, പൂച്ചയെപ്പോലെ കണ്ണടച്ചു പാല് കുടിക്കുകയാണ് ഇക്കൂട്ടര്‍!

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു മാത്രമല്ല, കേരളജനതയുടെ മുഴുവന്‍ നവോത്ഥാനത്തിന് പോര്‍ച്ചുഗീസുകാരോളം സംഭാവന നല്‍കിയ മറ്റൊരു വിഭാഗവുമില്ല! വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നില്‍ കേരളവും ഗോവയും എത്തിപ്പെടാനുള്ള കാരണം അന്വേഷിച്ചാല്‍ അത് പോര്‍ച്ചുഗീസുകാരുടെ സംഭാവനയാണെന്ന് തിരിച്ചറിയാന്‍ കഴിയും! കേരളത്തില്‍ ക്രൈസ്തവര്‍ ഇത്രയുമെങ്കിലും അവശേഷിക്കാനുള്ള കാരണവും, 'പറങ്കികള്‍' എന്ന് വിജാതിയവാദികള്‍ ആക്ഷേപിക്കുന്ന പോര്‍ച്ചുഗീസുകാരാണെന്ന് മറക്കരുത്! ഈ വാക്കുകളില്‍ ആരും അസ്വസ്ഥരാകേണ്ടാ; കാരണം, യാഥാര്‍ത്ഥ്യം ഇതുതന്നെയാണ്!

പാലായിലേതുപോലെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന പ്രദേശമായ മലപ്പുറം ജില്ല ഇസ്ലാമിന്റെ കോട്ടയായത് എങ്ങനെയാണെന്ന ചരിത്രം സത്യസന്ധമായി പഠിക്കാന്‍ തയ്യാറായാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. മലബാറിലെ മലപ്പുറം, വയനാട്, കണ്ണൂര്‍ പ്രദേശങ്ങളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികള്‍ ആയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടത്തില്‍ ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ വാളിനിരയാക്കുകയോ മതപരിവര്‍ത്തനം നടത്തുകയോ ആയിരുന്നുവെന്നും പലര്‍ക്കും അറിയില്ല! ആധുനിക ചരിത്രകാരന്മാര്‍ സത്യം മറച്ചുവയ്ക്കുമ്പോഴും തെളിഞ്ഞുവരുന്ന ചരിത്രരേഖകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. തെക്കന്‍ കേരളത്തിലേക്കുള്ള ടിപ്പുവിന്റെ കടന്നുവരവിനെ തടഞ്ഞുനിര്‍ത്തിയത് കൊച്ചിയിലെ പോര്‍ച്ചുഗീസ് സാന്നിദ്ധ്യമായിരുന്നു! അവരില്ലായിരുന്നുവെങ്കില്‍ കേരളം പൂര്‍ണ്ണമായും മലപ്പുറംപേലെ ആകുമായിരുന്നു!

ഇന്ന്‍ മലബാറിലുള്ള ക്രൈസ്തവരെല്ലാം ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ മദ്ധ്യകേരളത്തില്‍നിന്നു കുടിയേറിയവരാണ്! പിന്നീട്, രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുണ്ടായ വറുതിയില്‍ കുടിയേറിയവരും ഇന്ന് മലബാറിലുണ്ട്. ഇവരെ കുടിയേറ്റത്തിനു സഹായിച്ചതും സംരക്ഷിച്ചതും കോഴിക്കോട് രൂപത(ലത്തീന്‍)ആയിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാദ്ധ്യതയില്ല! കാരണം, സത്യങ്ങള്‍ അറിയാവുന്ന കുടിയേറ്റക്കാരില്‍ ചിലരെല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ട്! ലത്തീന്‍സഭ(റീത്ത്) ആരെയും അടിമകളാക്കിയില്ല എന്നതിന്റെ തെളിവാണ്, അവരുണ്ടാക്കിയ പള്ളികളും പള്ളിക്കൂടങ്ങളും ആതുരാലയങ്ങളും സീറോമലബാര്‍സഭ(സുറിയാനി) ഇന്നു കൈയ്യാളുന്നത്! സാഹസീകമായ കുടിയേറ്റത്തിന്റെ ആരംഭദശയില്‍ മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പോരാടി വിശ്വാസികളോടൊപ്പം വനത്തില്‍ അന്തിയുറങ്ങി സഭയെ കെട്ടിപ്പടുത്ത് ഇറ്റലിയില്‍നിന്നും പോര്‍ച്ചുഗലില്‍നിന്നും വന്ന വൈദീകരായിരുന്നുവെന്ന സത്യം വിസ്മരിക്കുന്നത് നന്ദികേടാകും. സൗകര്യങ്ങള്‍ കടന്നുവന്നപ്പോള്‍ അധികാരം കൈയ്യാളുകയെന്ന ഉത്തരവാദിത്വമല്ലാതെ, വിശ്വാസികളുടെ സംരക്ഷണത്തിനു സുറിയാനിസഭ ഒന്നും ചെയ്തിട്ടില്ല. അതായത്, സമ്പന്നതയില്‍ വിശ്വാസികളോടുള്ള ഈ പങ്കുചേരല്‍ അവരുടെ ദാരിദ്ര്യത്തില്‍ ഉണ്ടായിരുന്നില്ല എന്നുതന്നെ!

എന്നിട്ടും സുറിയാനിവാദികള്‍ ഇന്നു പാടിനടക്കുന്നത് 'ലത്തീന്‍സഭക്കാര്‍ സുറിയാനികളെ ഭരിച്ചുമുടിച്ചു' എന്നാണ്! മാര്‍ത്തോമാ ക്രിസ്ത്യാനികളെ 'ഹൈജാക്ക്' ചെയ്ത് അവരെക്കൊണ്ട് റോമന്‍ കത്തോലിക്കാസഭയെ പുലഭ്യം പറയിപ്പിക്കുന്ന 'സിറിയന്‍' വാദികളുടെ പാരമ്പര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയുമൊരു പിളര്‍പ്പിലേക്കായിരിക്കും സഭ എത്തിച്ചേരുന്നത്. അതിനുള്ള നിഗൂഢനീക്കമാണ് ചിലരുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ കാണുന്നത്! യൂറോപ്പില്‍ തമ്പടിച്ച് ലത്തീന്‍ കത്തോലിക്കാസഭയുടെ ഔദാര്യം ചൂഷണം ചെയ്തുകൊണ്ടാണ് വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ക്കു ചരടുവലിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം!

പൗരസ്ത്യവാദവുമായി ഊരുചുറ്റുന്ന വിഘടനവാദികള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്താന്‍ ഈ ലേഖനം ഇവിടെ കുറിക്കുന്നത് സീറോമലബാര്‍ സഭാംഗമായ ഒരു നസ്രാണി തന്നെയാണ്! കത്തോലിക്കാസഭയെ സ്നേഹിക്കുന്നവര്‍ ജാഗ്രത പാലിക്കുക തന്നെവേണം. ആഗോള കത്തോലിക്കാസഭയിലേക്ക് ഭാരതസംസ്കാരവും അതിന്റെ പൈശാചിക പ്രതീകങ്ങളായ 'യോഗയും നിലവിളക്കും' സ്ഥാപിച്ച് അതിനെ വിജാതിയവത്കരിക്കാന്‍ രണ്ടു 'സീറോ' റീത്തുകള്‍ മത്സരിക്കുന്നതും മനോവ കാണുന്നു!

കൂനന്‍കുരിശു സത്യം കേരളത്തിലെ ക്രൈസ്തവരില്‍ വിഭാഗിയത ഉടലെടുക്കാനല്ലാതെ യാതൊരുവിധ നന്മയും ഉണ്ടായിട്ടില്ലെന്ന് ഈ ചരിത്രവും പിന്നീടുണ്ടായ സംഭവങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാകും!

ചില സഭാധികാരികള്‍ക്ക് ബൈബിളിന്റെയോ, ക്രിസ്തുവിന്റെയോ, അപ്പസ്തോലന്മാരുടെയോ പാരമ്പര്യം ഒരു പ്രശ്നമല്ലെങ്കിലും പൗരസ്ത്യ പാരമ്പര്യം ഒഴിച്ചുകൂടാനാകില്ല. ഈ കാരണത്താലാണ് ഏഷ്യയില്‍ സഭ വളരാത്തതും നിരന്തരം പീഡിപ്പിക്കപ്പെടുന്നതും. സുവിശേഷം പ്രസംഗിക്കുന്നതില്‍ താത്പര്യം കാണിക്കാതെ പ്രാദേശിക പാരമ്പര്യം വിളിച്ചുകൂകുന്നവര്‍ ക്രിസ്തുവിന്റെ വൈരികളാണെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക! അപ്പസ്തോലികസഭയെന്ന് മേനിപറയുന്നവര്‍ക്കായി പൗലോസിലൂടെ അറിയിച്ച ഒരു വചനം ഇവിടെ അനിവാര്യമായിരിക്കുന്നു: "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീക പാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ: 2; 8). ഇതുതന്നെയാണ് യേഹ്ശുവാ പറഞ്ഞിരിക്കുന്നതും: "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷീകനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു"(മത്താ: 15; 6-9).

ഈ ലേഖനത്തിന് ആധാരമായ തെളിവുകള്‍: സുറിയാനിസഭ വിക്കിപീഡിയ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ വിക്കിപീഡിയ, കൂനന്‍ കുരിശുസത്യം വിക്കിപീഡിയ, ഉദയംപേരൂര്‍ സൂനഹദോസ് വിക്കിപീഡിയ, കത്തോലിക്കാസഭ വിക്കിപീഡിയ, കേരള നസ്രാണികള്‍.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    12627 views

LOG IN

Lost your password?

SIGN UP

LOST PASSWORD