അറിഞ്ഞിരിക്കാന്‍

പുരുഷന്‍ പുരുഷനായിരിക്കട്ടെ; സ്ത്രീ സ്ത്രീയും!

Print By
about

22 - 07 - 2017

സ്ത്രീ-പുരുഷ സമത്വം എന്ന വിഷയത്തെ സംബന്ധിച്ചുള്ള അനേകം ചര്‍ച്ചകള്‍ നാം കേട്ടിട്ടുണ്ട്. ലിംഗ സമത്വം എന്നപേരിലും ചര്‍ച്ചകള്‍ സജ്ജീവമാണ്. പല കോണുകളില്‍നിന്നായി ഒറ്റപ്പെട്ടു കേട്ടിരുന്ന ഈ ശബ്ദം ഒരു മുറവിളിയായി മാറിയിട്ട് അധികകാലം ആയില്ല. എന്നാല്‍, മതപരവും സാമൂഹിക പരവുമായി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ നിലനില്‍ക്കെ, ഈ വിഷയമാണ് മനോവ ഇവിടെ ചര്‍ച്ചചെയ്യാന്‍ എടുത്തിരിക്കുന്നത്.

തങ്ങള്‍ ആയിരിക്കുന്ന ശാരീരിക അവസ്ഥയുടെ മാഹാത്മ്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില സ്ത്രീകളാണ് ലിംഗ സമത്വം എന്ന വാദവുമായി നിലകൊള്ളുന്നത്. ഇവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവി നാട്യക്കാരും കുറവല്ല. മറ്റു ജീവജാലങ്ങളൊക്കെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ലിംഗ വ്യത്യാസങ്ങളോടെതന്നെയാണ്. അവയ്ക്കൊന്നും അതില്‍ പരാധിയുമില്ല. ഓരോ ജീവജാലങ്ങളും തങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അവസ്ഥയോടു സഹകരിച്ചു തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. എന്നാല്‍, തങ്ങള്‍ ആയിരിക്കുന്ന ശാരീരിക അവസ്ഥകളോട് സമരം ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. ദൈവത്തോടുള്ള സമരവും വെല്ലുവിളിയുമായിട്ടേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. ഓരോ ജീവികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇണകളായിട്ടാണ്. സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാക്കേണ്ടതിന് അവയെ ലിംഗവ്യത്യാസങ്ങളോടെ ദൈവം രൂപപ്പെടുത്തി. മനുഷ്യരൊഴികേ മറ്റെല്ലാ ജീവികളും തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയെ നിലനിര്‍ത്തുകയും പ്രായം വരുത്തുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. കായികശേഷിയുടെ കാര്യത്തിലും ആണ്‍-പെണ്‍ വ്യത്യാസം എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്. പക്ഷികളിലും മൃഗങ്ങളിലും മനുഷ്യരിലും ഈ അന്തരം ദര്‍ശിക്കാന്‍ കഴിയും. ഇവിടെയാണ്‌ സ്ത്രീകള്‍ ഉയര്‍ത്തുന്ന സമത്വവാദത്തിന്റെ പൊള്ളത്തരവും പ്രകൃതിവിരുദ്ധതയും ചര്‍ച്ചചെയ്യപ്പെടേണ്ടത്!

സ്ത്രീ-പുരുഷ സമത്വം എന്ന വിഷയം മാത്രമാണ് ഇവിടെ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മനോവയെ സ്ത്രീ വിരുദ്ധതയുടെ പ്രതീകമായി അടയാളപ്പെടുത്തുകയും അരുത്. എന്തെന്നാല്‍, സ്ത്രീയെ അവള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതില്‍ മനോവ ഒട്ടും പിന്നിലല്ല. സ്ത്രീ-പുരുഷ സമത്വം എന്ന വിഷയത്തോടൊപ്പം മനോവ ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റുചില വിഷയങ്ങള്‍ക്കൂടിയുണ്ട്. എന്തെന്നാല്‍, ദൈവീക സംവീധാനങ്ങളെ നിഷേധിക്കാനും മാറ്റിമറിക്കാനുമായി ഈ കാലഘട്ടത്തില്‍ ലോകം നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഒരു നേര്‍ചിത്രം വരച്ചുകാട്ടേണ്ടതും അനിവാര്യമായിരിക്കുന്നു. ഓരോരുത്തരും ചിന്തിക്കുകയും പുനരാലോചന നടത്തുകയും ചെയ്യേണ്ടതായ ഒരു വിഷയമാണിത്.

ആത്മീയതയില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു പഠനത്തോടൊപ്പം ആനുകാലികമായ ചില സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും മനോവ ഇവിടെ ശ്രമിക്കുന്നു. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വചനത്തില്‍നിന്നുതന്നെ തുടങ്ങാം. വചനമിതാണ്: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു"(ഉത്പ: 1; 26, 27). അനേകം കാര്യങ്ങള്‍ ഈ വചനത്തില്‍നിന്നു നമുക്കു ഗ്രഹിക്കേണ്ടതായുണ്ട്. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത്, ദൈവത്തിന്റെ ഛായ മൃഗങ്ങളുടെയോ പക്ഷികളുടെയോ ഇഴജീവികളുടെയോ ജലജീവികളുടെയോ അല്ല; മറിച്ച്, മനുഷ്യന്‍ മാത്രമേ അവിടുത്തെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ! പശുവിന്റെയോ കുരങ്ങിന്റെയോ ആനയുടെയോ പാമ്പിന്റെയോ സാദൃശ്യത്തില്‍ ദൈവത്തെ കാണുന്നവന്‍ അവിടുത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്! ഏറ്റവും നികൃഷ്ടങ്ങളായ ജന്തുക്കളെപ്പോലും ദൈവങ്ങള്‍ എന്നു വിളിച്ചുകൊണ്ട് ദൈവത്തെ നിന്ദിക്കുന്ന പൈശാചിക സന്തതികള്‍ പുരാതനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. ഈ വചനം നോക്കുക: "അതിനിന്ദ്യമായ ജന്തുക്കളെപ്പോലും ദൈവങ്ങളായി ആരാധിച്ച് അവര്‍ തെറ്റായ പാതയില്‍ ബഹുദൂരം സഞ്ചരിച്ചു"(ജ്ഞാനം: 12; 24). ഇനിയുമുണ്ട് തെളിവുകള്‍. മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകളുടെയും ആരംഭവും കാരണവും അവസാനവും"(ജ്ഞാനം: 14; 27).

"സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). എന്തിന്റെമേലെല്ലാം മനുഷ്യന്‍ ആധിപത്യം നേടണമെന്നു ദൈവം കല്പിച്ചുവോ, അവയുടെയെല്ലാം അടിമകള്‍ ആകുകയും അവയെ ദൈവങ്ങളായി ആരാധിക്കുകയും ചെയ്തത് മനുഷ്യന്റെ ബുദ്ധിശൂന്യതയാണ്. സര്‍വ്വ ചരാചരങ്ങളെയും അടക്കി വാഴേണ്ടവന്റെ ഈ അധഃപതനം അവനോടു മാത്രമുള്ള നിന്ദയായിരുന്നില്ല; മറിച്ച്, ദൈവത്തോടുള്ള വെല്ലുവിളികൂടിയായിരുന്നു. എന്തെന്നാല്‍, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ ഛായയിലാണ്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍, മൃഗങ്ങളുടെയും ഇഴജീവികളുടെയും മുമ്പില്‍ ശിരസ്സ്‌ നമിക്കുമ്പോള്‍, നിന്ദിക്കപ്പെടുന്നത് ദൈവത്തിന്റെ ഛായയാണ്! ദൈവത്തെ പ്രകോപിപ്പിക്കാന്‍ മനുഷ്യന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങളെല്ലാം അവനു വിനയായി ഭവിച്ചു. "മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു"(ജ്ഞാനം: 16; 1).

മറ്റെല്ലാ ജീവജാലങ്ങളെക്കാളും ഏറെ ഉന്നതങ്ങളിലാണ് മനുഷ്യനു ദൈവം സ്ഥാനം നല്‍കിയിരിക്കുന്നത്. ഈ സത്യത്തെ ആരും നിസ്സാരമായി കാണരുത്. പ്രകൃതി സ്നേഹികള്‍ എന്നപേരില്‍ ചില അവതാരങ്ങള്‍ ഈ കാലഘട്ടത്തില്‍ ജന്മമെടുത്തിട്ടുണ്ട്. കൊച്ചുകുഞ്ഞുങ്ങളെപ്പോലും തെരുവു നായ്ക്കള്‍ കടിച്ചുകീറുമ്പോള്‍, ഈ കുഞ്ഞുങ്ങളോട് ഇല്ലാത്ത കാരുണ്യം തെരുവു നായ്ക്കള്‍ക്കുവേണ്ടി പ്രകടിപ്പിക്കുന്ന ചില സാമൂഹ്യ 'ദുരന്തങ്ങള്‍' നമുക്കിടയില്‍ ജീവിക്കുന്നു. പ്രകൃതി സ്നേഹികളിലെ ഏറ്റവും മാരകമായ വിഷമുള്ള ഇനമാണ് ഇവര്‍!

രണ്ടാമതായി മനസ്സിലാക്കേണ്ട വിഷയവും വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യന്റെ മനസ്സ് മൃഗങ്ങളിലും ഇഴജീവികളിലും ഒതുങ്ങിനിന്നില്ല. ദൈവത്തെ പ്രകോപിപ്പിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ അവന്‍ അന്വേഷിച്ചു കണ്ടെത്തി. പ്രപഞ്ചശക്തികളെയും അവന്‍ തന്റെ ആരാധനാപാത്രങ്ങളാക്കി. "അഗ്നി, വായു, കാറ്റ്, നക്ഷത്രവലയങ്ങള്‍, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകള്‍ ഇവ ലോകത്തെ ഭരിക്കുന്ന ദേവന്മാരായി അവര്‍ കരുതി"(ജ്ഞാനം: 13; 2). മനുഷ്യന്റെ ആരാധന പ്രപഞ്ചശക്തികളിലേക്കു തിരിഞ്ഞപ്പോള്‍, ഇതേ ശക്തികള്‍തന്നെ അവന്റെ ശത്രുക്കളായി പരിണമിച്ചു. പ്രകൃതിക്ഷോഭങ്ങളിലൂടെ മനുഷ്യന്‍ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. മനുഷ്യന്‍ കീഴടക്കേണ്ടവയ്ക്കു സ്വയം കീഴടങ്ങിയപ്പോള്‍ വന്നുഭവിച്ച ദുരന്തം ഇന്നും അവനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു! പ്രപഞ്ചശക്തികളെ ആരാധിക്കുന്നത് പൊള്ളത്തരമാണെന്ന അറിവിലേക്ക് ആധുനികലോകം വളരുന്നുവെന്നു കണ്ടപ്പോള്‍ പൈശാചിക ശക്തികള്‍ പുതിയ ആശയവുമായി കടന്നുവന്നിരിക്കുകയാണ്. പരിസ്ഥിതിവാദികളുടെ രൂപത്തിലാണ് സാത്താന്‍ ഇപ്പോള്‍ വ്യാപരിക്കുന്നത്. പ്രപഞ്ചശക്തികളുടെ ആരാധകരെ ഉറപ്പിച്ചു നിര്‍ത്തുന്നതിനും, പുതിയ ആരാധകരെ ആകര്‍ഷിക്കുന്നതിനുമായി സാത്താന്‍ ഒരുക്കിയിരിക്കുന്ന രണ്ടു കെണികളാണ്‌ പരിസ്ഥിതിവാദവും പ്രകൃതി ചികിത്സയും! 'മെഡിറ്റേഷന്‍' എന്ന ഓമനപ്പേരിട്ട് വിപണിയിലിറക്കിയിരിക്കുന്ന യോഗയാണ് ഇതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത്.

നിരുപദ്രവകാരി എന്ന മനോഭാവത്തോടെ ഇതിനെയൊക്കെ സാമാന്യജനം സമീപിക്കുന്നു എന്നത് അപകടത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പ്രാചീനകാലത്തെ ആരാധനാരീതികളിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണിത്. ഇവയ്ക്കെല്ലാം ശാസ്ത്രീയത കല്പിച്ചു നല്‍കുന്നത് ഇതിന്റെ ഭാഗമാണ്. പ്രകൃതിശക്തികളെ ആരാധിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഈ ആരാധനയുടെ അര്‍ത്ഥശൂന്യതയും അപകടവും മനസ്സിലാക്കി വിടുതല്‍ പ്രാപിച്ചിട്ടുണ്ട്. മറ്റുചിലരാകട്ടെ, തങ്ങളുടെ ആരാധനാരീതികളെ സംബന്ധിച്ച് ആശയക്കുഴപ്പത്തിലുമാണ്. ഇത്തരത്തില്‍ സംശയിച്ചു നില്‍ക്കുന്നവരെ ഉറപ്പിച്ചുനിര്‍ത്താന്‍ ശാസ്ത്രീയതയുടെ മേമ്പൊടി ഉപകരിക്കുന്നുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല! യോഗയും പ്രകൃതിചികിത്സയും പരിസ്ഥിതി പ്രണയവുമൊക്കെ എത്തിച്ചേരുന്നത് പ്രപഞ്ചശക്തികളുടെ ആരാധനയിലാണ്. ഇത് തിരിച്ചറിയാനുള്ള വിവേകമാണ് നമുക്ക് അനിവാര്യമായി വേണ്ടത്. എല്ലാറ്റിനോടും നിസംഗത പുലര്‍ത്തുന്ന ശൈലി അപകടത്തില്‍ കലാശിക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

ഈ ആധുനിക കാലഘട്ടത്തില്‍പ്പോലും പ്രകൃതി ശക്തികളെ ആരാധിക്കുന്ന അനേകരുണ്ട്. കേട്ടുകേള്‍വി മാത്രമുള്ള ആകാശഗോളങ്ങളെപ്പോലും ഇവര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളായി പരിഗണിക്കുന്നു. ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കി സ്വന്തം ഭാവി നിര്‍ണ്ണയിക്കുന്ന വിഡ്ഢികള്‍ക്ക് ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ പ്രപഞ്ചത്തില്‍ ഉള്ളതുതന്നെയാണോ എന്നുപോലും അറിയില്ല. പ്രപഞ്ചശക്തികളുടെ ആരാധകര്‍ ഏറ്റവുമധികം ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ! ജീവനില്ലാത്ത ദൈവങ്ങളുടെ പ്രചാരകരായി നിലകൊള്ളുന്നതും ഇന്ത്യയിലെ സനാതന സംഘികളാണ്! നിര്‍ജ്ജീവങ്ങളായ വസ്തുക്കളെപ്പോലും ഇവര്‍ വ്യക്തികളായി പരിഗണിക്കുന്നു. 'സനാതനം' മൂര്‍ദ്ധാവിലെത്തിയ ഒരു 'സംഘി' ഈ അടുത്തകാലത്ത് സുപ്രിംകോടതിയില്‍ ആവലാതിയുമായി എത്തി. ഗംഗ, യമുനാ എന്നീ നദികളെ വ്യക്തികളായി പരിഗണിക്കണം എന്നതായിരുന്നു ഈ പമ്പര വിഡ്ഢിയുടെ ആവശ്യം! കോടതി ഏതായാലും അത് അനുവദിച്ചില്ല. അനുവദിച്ചിരുന്നുവെങ്കില്‍, ഇന്ത്യയുടെ കിരീടത്തില്‍ ഒരു 'പൊന്‍തൂവല്‍' കൂടി ചാര്‍ത്തപ്പെടുമായിരുന്നു!

നദികളെയും മലകളെയും വ്യക്തികളായി കോടതി അംഗീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ സനാതനക്കാര്‍ക്ക് നദികളും മലകളും ദൈവങ്ങളാണ്. ഇതുതന്നെയാണ് ബൈബിള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഒരിക്കല്‍ക്കൂടി ആ വചനം ശ്രദ്ധിക്കുക: "അഗ്നി, വായു, കാറ്റ്, നക്ഷത്രവലയങ്ങള്‍, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകള്‍ ഇവ ലോകത്തെ ഭരിക്കുന്ന ദേവന്മാരായി അവര്‍ കരുതി"(ജ്ഞാനം: 13; 2). ക്ഷോഭിച്ച സമുദ്രത്തെ ദേവനായി പരിഗണിച്ചിരിക്കുന്ന സമൂഹംതന്നെയാണ് ഗംഗാനദിയെ വ്യക്തിയായി കാണുന്നത്! വിജാതിയതയുടെ അടിസ്ഥാനം ഇതാണ്. വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ ഉപേക്ഷിക്കണമെന്നു നിര്‍ബന്ധിക്കാന്‍ മനോവയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ല. സത്യം അറിയിക്കുക എന്നതിനപ്പുറമുള്ള ദൗത്യമൊന്നും മനോവയെ ആരും ഏല്പിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ, സത്യദൈവത്തെ ആരാധിക്കാന്‍ തയ്യാറാകാത്ത ഇവരെ ഇവരുടെ വഴിക്ക് വിട്ടുകൊണ്ട് നമുക്ക് തുടരാം.

ക്രിസ്ത്യാനികളായ ദൈവമക്കള്‍ വഞ്ചിക്കപ്പെടരുത് എന്നകാര്യത്തില്‍ മനോവയ്ക്ക് ജാഗ്രതയുണ്ട്. ഓരോരുത്തരും സഹോദരന്റെ കാവല്‍ക്കാരാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള ജാഗ്രതയാണിത്. പാപത്തിനു നിയമസാധുത കല്പിച്ചു നല്‍കാന്‍ ലോകത്തിലെ മുഴുവന്‍ സംവീധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. സ്ത്രീ-പുരുഷ സമത്വവുമായി ബന്ധപ്പെട്ട പഠനം വഴിമാറിപ്പോയി എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ല. എന്തെന്നാല്‍, ആ വിഷയത്തിലേക്കുതന്നെയാണ് മനോവ സഞ്ചരിക്കുന്നത്. ദൈവീക നിയമങ്ങള്‍ക്കു ബദലായി ലോകത്തിന്റെ നിയമങ്ങള്‍ നിര്‍മ്മിക്കുന്ന സാഹചര്യം മനസ്സിലാക്കിയാല്‍ മാത്രമേ, സ്ത്രീ-പുരുഷ സമത്വത്തെ സംബന്ധിച്ചുള്ള ദൈവീക നിയമവും ലോകനിയമവും തമ്മിലുള്ള അന്തരം ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ഇക്കാരണത്താലാണ്, വിശാലമായ ഒരു വിവരണത്തിനു മനോവ മുതിരുന്നത്. മാത്രവുമല്ല, ആരംഭത്തില്‍ നാം പരിശോധിച്ച വചനത്തില്‍നിന്നുള്ള വ്യതിചലനം ഇവിടെ സംഭവിച്ചിട്ടുമില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് അരുളിച്ചെയ്ത വാക്കുകളുടെ ആന്തരീകമായ അര്‍ത്ഥതലങ്ങളാണ് നാമിവിടെ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നു നാം മനസ്സിലാക്കി. മനുഷ്യനില്‍നിന്നു വ്യത്യസ്തമായ ഒരു ഛായ ദൈവത്തിനില്ല. അതിനാല്‍ത്തന്നെ, മൃഗങ്ങളുടെയോ പക്ഷികളുടെയോ ഇഴജീവികളുടെയോ രൂപത്തില്‍ ആരും ദൈവത്തെ കാണരുതെന്നും നാം മനസ്സിലാക്കി കഴിഞ്ഞു. അതുപോലെതന്നെയാണ് പ്രപഞ്ചശക്തികളുടെ കാര്യവും.

എന്നാല്‍, ആധുനീക ലോകം കൗശലങ്ങളിലൂടെ ഇത്തരം ശക്തികളിലേക്കു മനുഷ്യനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഇത്രയും കാര്യങ്ങളാണ് ഇതുവരെ നാം മനസ്സിലാക്കിയത്. ദൈവീകനിയമങ്ങള്‍ക്കു ബദലായി രാഷ്ട്രങ്ങള്‍ മാത്രമല്ല നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. അന്താരാഷ്‌ട്ര നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു പൈശാചിക സംഘടനതന്നെയുണ്ട്. ഈ വിഷയങ്ങള്‍ നമുക്കു പിന്നീട് ചര്‍ച്ചചെയ്യാം. ആയതിനാല്‍, ഇനി ആദ്യത്തെ വചനത്തിലേക്കുതന്നെ നമുക്ക് മടങ്ങിപ്പോകാം. "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം"(ഉത്പ: 1; 26). ഈ വചനത്തില്‍നിന്നാണ് നാം ആരംഭിച്ചത്. ദൈവം ആദ്യം സൃഷ്ടിച്ചത് പുരുഷനെയോ സ്ത്രീയെയോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. പലരും കരുതുന്നത് പുരുഷനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചത് എന്നാണ്. എന്നാല്‍, അതല്ല യഥാര്‍ത്ഥ സത്യം. ഒരു വചനംകൂടി പരിശോധിച്ചതിനുശേഷം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. വചനമിതാണ്: "അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു"(ഉത്പ: 1; 27). പുരുഷനും സ്ത്രീയും എന്നാണ് മലയാളം ഒഴികെ മറ്റെല്ലാ ഭാഷകളിലുമുള്ള ബൈബിളില്‍ വായിക്കാന്‍ കഴിയുന്നത്. സ്ത്രീയും പുരുഷനും എന്ന പരിഭാഷ മലയാളം ബൈബിളില്‍ മാത്രമുള്ള പ്രതിഭാസമാണ്! ഇനി സ്ത്രീ-പുരുഷ സമത്വം എന്ന വിഷയത്തിലേക്കു കടക്കാം!

ദൈവീക പദ്ധതിയില്‍ സ്ത്രീ-പുരുഷ സ്ഥാനങ്ങള്‍!

ആദ്യമായി ദൈവം സൃഷ്ടിച്ചത് പുരുഷനെയോ സ്ത്രീയെയോ അല്ല; മനുഷ്യനെയാണ്‌. ഈ മനുഷ്യനില്‍ത്തന്നെ പുരുഷനും സ്ത്രീയും ഉണ്ടായിരുന്നു. ആദ്യ സൃഷ്ടിയായ മനുഷ്യന്‍ ബാഹ്യമായ ആകൃതിയില്‍ പുരുഷനെപ്പോലെ ആയിരുന്നുവെങ്കിലും ഈ മനുഷ്യനില്‍നിന്നുതന്നെയാണ് സ്ത്രീയെ വേര്‍പെടുത്തിയത്! ഈ വചനം നോക്കുക: "ദൈവമായ യാഹ്‌വെ മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി. മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപം കൊടുത്തു. അവളെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും"(ഉത്പ: 2; 21-23). പുരുഷനാണോ സ്ത്രീയാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ നമുക്കു ലഭിച്ചു കഴിഞ്ഞു. ആദിയില്‍ മനുഷ്യനെ പുരുഷരൂപത്തില്‍ ദൈവം സൃഷ്ടിച്ചപ്പോള്‍ത്തന്നെ അവനോടൊപ്പം സ്ത്രീയുമുണ്ടായിരുന്നു. അതായത്, ആദിയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ പുരുഷനും സ്ത്രീയും തുല്യഭാവത്തിലാണ് ഉണ്ടായിരുന്നത്. സ്ത്രീയെ ദൈവം രണ്ടാംതരമായി കണ്ടില്ല.

മനുഷ്യനില്‍നിന്നു സ്ത്രീയെ വേര്‍പെടുത്തുന്നതിനുമുമ്പ് ദൈവം അവന്റെ മുമ്പില്‍ മൃഗങ്ങളെയും മറ്റു ജീവികളെയും കൊണ്ടുവന്നുവെങ്കിലും തനിക്കിണങ്ങിയ തുണയെ അവനു കണ്ടെത്താന്‍ സാധിച്ചില്ല. ആദിമനുഷ്യനായ ആദത്തിന് ഭൂമിയിലെ മറ്റൊരു ജീവിയെയും തനിക്കു സമമായി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും ഇവിടെ വായിച്ചെടുക്കാന്‍ സാധിക്കും. സ്ത്രീ-പുരുഷ സമത്വത്തോടെ എന്നുമാത്രമല്ല, പുരുഷനെയും സ്ത്രീയെയും വേറിട്ടല്ല ദൈവം സൃഷ്ടിച്ചത്. മനുഷ്യനില്‍നിന്നുതന്നെ മനുഷ്യനു തുണയെ നല്‍കുവാന്‍ ദൈവം തിരുമനസ്സായി! സാത്താനാല്‍, സ്ത്രീ വഞ്ചിക്കപ്പെടുന്നതുവരെ പുരുഷന് സ്ത്രീയെക്കാള്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്നില്ല. അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും ആയിരിക്കുന്നതുകൊണ്ടുതന്നെ, ഇവരുടെ 'ജീന്‍' പോലും ഒരേ ഘടനയില്‍ ആയിരുന്നിരിക്കണം. എന്നാല്‍, സ്ത്രീ തനിക്കു ലഭിച്ച സ്ഥാനം സ്വയം നഷ്ടപ്പെടുത്തുകയും അതുവഴി താഴ്ത്തപ്പെടുകയും ചെയ്തു! അധഃപതനം എവിടെയാണ് ആരംഭിച്ചതെന്നു നോക്കുക: "ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു"(ഉത്പ: 3; 6).

ദൈവമായ യാഹ്‌വെയുടെ കല്പന ആദ്യമായി ലംഘിച്ചത് സ്ത്രീയാണ്; അവള്‍ മൂലം പുരുഷനും ആ പാപത്തിന്റെ പങ്കാളിയായി! ഈ സംഭവം നോക്കുക: "തിന്നരുതെന്ന് ഞാന്‍ കല്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ യാഹ്‌വെ സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു"(ഉത്പ: 3; 11-13). സര്‍പ്പത്താല്‍ വഞ്ചിക്കപ്പെട്ടത് പുരുഷനല്ല, സ്ത്രീയാണ്! പുരുഷനാകട്ടെ, വഞ്ചിക്കപ്പെട്ടത് സര്‍പ്പത്താലല്ല, സ്ത്രീ മുഖേനയാണ്! ഇവിടെയാണ്‌ പുരുഷനും സ്ത്രീയും തമ്മിലുള്ള അന്തരം ആരംഭിച്ചത്. സ്ത്രീ എത്രത്തോളം തലകുത്തി മറിഞ്ഞാലും ഈ അന്തരം മാറുകയില്ല. എന്തെന്നാല്‍, ഈ സംഭവത്തിനുശേഷം പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ ശിക്ഷയാണ് ദൈവം നല്‍കിയത്. ആ ശാപകരമായ ശിക്ഷകള്‍ ഏതൊക്കെയാണെന്നു ശ്രദ്ധിക്കുക: "അവിടുന്ന് സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും"(ഉത്പ: 3; 16). സ്ത്രീ ചെയ്ത തെറ്റിനു ലഭിച്ച ശിക്ഷ ഇതായിരുന്നു.

പുരുഷനു ലഭിച്ച ശിക്ഷ എന്താണെന്നു നോക്കുക: "ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ്‍ ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാദ്ധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനം ചെയ്യും. അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും"(ഉത്പ: 3; 17-19). പാപത്തിനു ലഭിച്ച ശിക്ഷകള്‍ ഇവയായിരുന്നു! പുരുഷന്‍, തനിക്കു ലഭിച്ച ശിക്ഷ തലമുറകള്‍തോറും പരാതിയില്ലാതെ ഇന്നും അനുഭവിച്ചുവരുന്നു. എന്നാല്‍, സ്ത്രീയാകട്ടെ, തങ്ങള്‍ക്കു ലഭിച്ച ശിക്ഷയെപ്രതി ദൈവത്തെയും പുരുഷനെയും ശപിച്ചുകൊണ്ട്, തങ്ങളുടെ ശാപം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു. പുരുഷനുമേല്‍ ഉയരാന്‍ ഇവര്‍ ശ്രമിക്കുമ്പോഴൊക്കെ ഒരുപടികൂടി താഴ്ന്നുപോകുന്ന അവസ്ഥ നാം കണ്ടുകൊണ്ടാണിരിക്കുന്നത്! പുരുഷനെ പഠിപ്പിക്കാനോ പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കാനോ സ്ത്രീയെ ദൈവം അനുവദിച്ചിട്ടില്ല. ആദ്യപാപത്തിന്റെ അനുഭവത്തില്‍നിന്നുള്ള നിയമമാണിത്. ദൈവീക നിയമങ്ങളെ നിസ്സാരമായി തള്ളിക്കളഞ്ഞത് സ്ത്രീയായിരുന്നു. പുരുഷനെ അപേക്ഷിച്ച്, പിശാചിനു സ്ത്രീകള്‍ എളുപ്പത്തില്‍ കീഴടങ്ങുന്നു. ആത്മീയരെന്നു പറയപ്പെടുന്ന സ്ത്രീകളില്‍ ഭൂരിപക്ഷത്തിന്റെയും അവസ്ഥ ഭൗതീകതയില്‍ ഊന്നിയുള്ളതാണ്. ഇവരെ കീഴ്പ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് പിശാചിനും അറിയാം.

പുരുഷനെ വഞ്ചിച്ചത് സ്ത്രീയായിരുന്നു. സ്ത്രീയുടെ വാക്കു കേട്ടാണ് പുരുഷന്‍ അധഃപതിച്ചത്. അതിനാല്‍ത്തന്നെ, സ്ത്രീയുടെ പഠിപ്പിക്കല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരിക്കും. എന്നാല്‍, ദൈവവുമായി ചേര്‍ന്നുനില്‍ക്കുകയും ദൈവീകനിയമങ്ങളെ കര്‍ശനമായി പാലിക്കുകയും ചെയ്യുന്ന സ്ത്രീകളെ ആത്മീയജ്ഞാനത്താല്‍ ദൈവം അനുഗ്രഹിക്കുന്നു. ഇത്തരം സ്ത്രീകള്‍ ന്യൂനപക്ഷമാണ് എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഈ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. മറ്റു മതങ്ങളിലെ യുവാക്കളെ പ്രണയിച്ചു മതം മാറുന്നതില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. ആദ്യപാപത്തില്‍ സാത്താന്റെ വഞ്ചനയില്‍ കുടുങ്ങിയ സ്ത്രീയുടെ പാതതന്നെയാണ് ഇന്നത്തെ തലമുറയിലെ സ്ത്രീകളും പിന്തുടരുന്നത്. പ്രണയത്തിന്റെ പേരിലും മാംസദാഹത്തിന്റെ ശമനത്തിനുമായി ദൈവത്തെ ഉപേക്ഷിക്കാനും മതം മാറാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല! ഇത് സ്ത്രീയുടെ സ്ഥായീഭാവം ആയതുകൊണ്ടുതന്നെ, പുരുഷനെ പഠിപ്പിക്കാനോ പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കാനോ സ്ത്രീയെ ദൈവം അനുവദിക്കുന്നില്ല!

പൗലോസ് അപ്പസ്തോലന്റെ പ്രഖ്യാപനം ശ്രദ്ധിക്കുക: "സ്ത്രീ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ. പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല"(1 തിമോത്തി: 2; 11, 12). ദൈവജനത്തിന്റെ ഭാഗമായ സ്ത്രീകള്‍ക്ക് അപ്പസ്തോലന്‍ നല്‍കുന്ന താക്കീതാണിത്. ഹവ്വായെ സൃഷ്ടിച്ചത് ഇപ്രകാരമായിരുന്നില്ല. എന്നാല്‍, ഹവ്വാ മൂലം സ്ത്രീകള്‍ക്ക് വന്നുഭവിച്ച അവസ്ഥയാണിത്. ഈ അവസ്ഥ സംജാതമാകാന്‍ ഉണ്ടായ കാരണം അപ്പസ്തോലന്‍തന്നെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍, സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു"(1 തിമോത്തി: 2; 14). ഇതുതന്നെയാണ് ഉത്പത്തി പുസ്തകത്തെ അടിസ്ഥാനമാക്കി മനോവ വ്യക്തമാക്കിയതും. സ്ത്രീ പഠിപ്പിക്കാന്‍ തുനിഞ്ഞാല്‍ ഉണ്ടാകുന്ന ദുരന്തം ആദ്യത്തെ സ്ത്രീയില്‍നിന്നുതന്നെ നാം തിരിച്ചറിഞ്ഞതാണ്. സാത്താനാല്‍ വഞ്ചിക്കപ്പെട്ട പാരമ്പര്യം സ്ത്രീയ്ക്കുണ്ട്. അതിനാല്‍ത്തന്നെ, സാത്താന്റെ പ്രബോധനങ്ങള്‍ സ്ത്രീകളെ എളുപ്പത്തില്‍ സ്വാധീനിക്കുകയും അടിമപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള സ്ത്രീകളുടെ പഠിപ്പിക്കലുകളില്‍ സാത്താന്റെ ആശയങ്ങള്‍ കടന്നുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും, ചെറിയൊരു വിഭാഗം സ്ത്രീകള്‍ ആത്മീയജ്ഞാനത്താല്‍ പൂരിതരായി സമൂഹത്തിനു നന്മ പ്രദാനം ചെയ്യുന്നുണ്ട്.

സ്ത്രീകള്‍ക്കു പ്രാപിക്കാന്‍ കഴിയുന്ന രക്ഷയെ സംബന്ധിച്ച് അപ്പസ്തോലന്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "എങ്കിലും, സ്ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്‍ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും"(1 തിമോത്തി: 2; 15). സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ മുറുകെപ്പിടിക്കേണ്ടത് ഈ ഉപദേശമാണ്! വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും വിനയത്തോടെ ജീവിക്കുകയെന്നത് ഒരു പോരായ്മയായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ ധാര്‍ഷ്ട്യക്കാരും ദുര്‍ന്നടപ്പുകാരുമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. മാന്യമായ ജീവിതത്തെ അസ്വാതന്ത്ര്യമായി കരുതുന്നവരും അങ്ങനെതന്നെ! ദൈവരാജ്യം ലക്ഷ്യവച്ചു ജീവിക്കുന്നവര്‍ പുരുഷന്മാരോ സ്ത്രീകളോ ആരുതന്നെയായിരുന്നാലും അവര്‍ നിയമം പാലിക്കുക തന്നെവേണം. മാത്രവുമല്ല, സ്ത്രീകള്‍ക്കു ചില പ്രത്യേക വിഷയങ്ങളിലൊഴികെ, പുരുഷന്മാരില്‍നിന്നു വ്യത്യസ്തമായ നിയമങ്ങളൊന്നുമില്ല എന്നതും ഓര്‍ത്തിരിക്കണം.

സ്ത്രീയെ സൃഷ്ടിച്ചതിനുശേഷം പുരുഷനില്‍നിന്നു വ്യത്യസ്തമായ നിയമങ്ങളൊന്നും ദൈവം നല്‍കിയിരുന്നില്ല. പുരുഷനും സ്ത്രീയ്ക്കും ഒരേ നിയമം മാത്രം അനുശാസിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, പൊതുവായി നല്‍കിയ ഈ നിയമത്തെ ആദ്യമായി അവഗണിച്ചത് സ്ത്രീയാണ്. അതിന്റെ പരിണിതഫലമായി സ്ത്രീയുടെമേല്‍ ചില നിയമങ്ങള്‍ കടന്നുവന്നു. താന്‍ ചെയ്ത പാപത്തിലേക്കു പുരുഷനെ വലിച്ചിഴയ്ക്കുകയും തന്റെ പാപത്തില്‍ പങ്കാളിയാക്കുകയും ചെയ്തതുകൊണ്ട്, പുരുഷനുമേല്‍ അധികാരം സ്ഥാപിക്കാനോ അവനെ പഠിപ്പിക്കാനോ സ്ത്രീയ്ക്ക് അവകാശമില്ലാതായി. ആരംഭത്തില്‍ ഇല്ലാതിരുന്ന ഈ നിയമം സ്ത്രീതന്നെയാണ് പ്രാബല്യത്തില്‍ വരുത്തിയത്. പുരുഷനെ ഭരിക്കാനും പഠിപ്പിക്കാനും അവകാശമില്ല എന്നതുകൊണ്ട്‌ സ്ത്രീയ്ക്ക് എന്തെങ്കിലും നഷ്ടമുണ്ടെന്ന് ചിന്തിക്കാന്‍ കഴിയില്ല. മാത്രവുമല്ല, വിനയം മൂലം ഏതെങ്കിലും സ്ത്രീയുടെ മഹത്വം നഷ്ടപ്പെടുമെന്നു കരുതാനും കഴിയില്ല. എന്നാല്‍, ദുര്‍ന്നടപ്പുകാരികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം എല്ലാ നിയമങ്ങളും അവര്‍ക്കു ഭാരങ്ങളായിരിക്കും! ഈ ഉപദേശം ശ്രദ്ധിക്കുക: "പുരുഷന്‍ സൃഷ്ടിക്കപ്പെട്ടത് സ്ത്രീയ്ക്കുവേണ്ടിയല്ല; സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ്"(1 കോറി: 11; 9). ഇതൊരു യാഥാര്‍ത്ഥ്യമാണ്; ആര്‍ക്കും ഇത് നിഷേധിക്കാന്‍ സാധിക്കില്ല!

ക്രിസ്തീയതയില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങള്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്നു. പിതൃത്വവും മാതൃത്വവും രണ്ടായിരിക്കുന്നതുപോലെതന്നെ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങളുമുണ്ട്. അവരവര്‍ക്കു നിശ്ചയിച്ചു നല്‍കിയിരിക്കുന്ന ധര്‍മ്മങ്ങള്‍ നിറവേറ്റുകയെന്നതാണ് ഓരോരുത്തരുടെയും കടമ. മറ്റു ജീവികളെല്ലാം തങ്ങളുടെ ധര്‍മ്മം നിറവേറ്റുന്നതുകൊണ്ടാണ് പ്രപഞ്ചം ഇന്നും നിലനില്‍ക്കുന്നത്! ഈ വെളിപ്പെടുത്തല്‍ നോക്കുക: "യേഹ്ശുവായില്‍ പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുന്നത്. എന്തെന്നാല്‍, സ്ത്രീ പുരുഷനില്‍നിന്ന്‍ ഉണ്ടായതുപോലെ ഇന്ന് പുരുഷന്‍ സ്ത്രീയില്‍നിന്നു പിറക്കുന്നു"(1 കോറി: 11; 11,12). ഗര്‍ഭംധരിക്കാനും അമ്മയാകാനുമുള്ള അവകാശം ലഭിച്ചിട്ടുള്ളത് സ്ത്രീയ്ക്കു മാത്രമാണ്. അമ്മ എന്ന തലത്തില്‍ സ്ത്രീ എല്ലായിടത്തും എക്കാലത്തും ആദരിക്കപ്പെടുന്നു. ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉപദേശം ശ്രദ്ധിക്കുക: "ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍"(1 പത്രോ: 3; 7). ഭാര്യമാരെ ബഹുമാനിക്കാന്‍ ഭര്‍ത്താക്കന്മാരോട് ഉപദേശിക്കുന്ന വിശ്വാസ മാര്‍ഗ്ഗമാണ് ക്രിസ്തീയത. അതുപോലെതന്നെ, ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിക്കാന്‍ ഭാര്യമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കുന്നു. ഭര്‍ത്താക്കന്മാര്‍ക്കു വിധേയരാകാത്ത സ്ത്രീകളെ സ്വന്തം മക്കള്‍പ്പോലും ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല!

സ്ത്രീകള്‍ക്കുള്ള സംവരണം!

ഒരുവശത്ത് സമത്വത്തിനുവേണ്ടി വാദിക്കുകയും മറ്റൊരു വശത്ത്‌ സംവരണത്തിനുവേണ്ടി അലമുറയിടുകയും ചെയ്യുന്ന സ്ത്രീ സംഘടനകളെ കാണുമ്പോള്‍ മനോവയ്ക്ക് ഇവരോടു സഹതാപമാണു തോന്നുന്നത്. ഒരു മതവിഭാഗത്തിനോ സമൂഹത്തിനോ സംവരണം ആവശ്യമായി വരുന്നത് അവരുടെ അധഃസ്ഥിതി പരിഗണിച്ചാണ്. സാധാരണ ജനങ്ങളില്‍നിന്നു വ്യത്യസ്തമായി എല്ലാ മേഖലകളിലും താഴ്ന്ന നിലവാരം പുലര്‍ത്തുന്ന വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയാണ് സംവരണം. വികസിത രാജ്യങ്ങളിലും പരിഷ്കൃത സമൂഹങ്ങള്‍ക്കിടയിലും സംവരണം എന്ന വാക്ക് അവര്‍ കേട്ടിട്ടുപോലുമില്ല എന്നകാര്യം മറ്റൊരു യാഥാര്‍ത്ഥ്യം. അപരിഷ്കൃതരും അധഃസ്ഥിതരുമായ ആളുകളെ പരിഷ്കൃത സമൂഹത്തിന്റെ ഒപ്പമെത്തിക്കാനുള്ള പ്രയത്നമാണ് സംവരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-ഉദ്യോഗ തലങ്ങളില്‍ മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും സംവരണമുണ്ട്. ഇന്ത്യയില്‍ കടന്നുവന്ന ജാതിവ്യവസ്ഥയാണ് സംവരണം സംവിധാനം അനിവാര്യമാക്കിയത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനും ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും സംവരണം ഒരു അനുഗൃഹമാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല!

ഇത്തരക്കാരോടൊപ്പം സ്ത്രീകള്‍ക്കു സംവരണം നല്‍കുന്നത് എന്തിനുവേണ്ടിയാണ് എന്ന ചോദ്യമാണ് മനോവ ഇവിടെ ഉയര്‍ത്തുന്നത്. കഴിവിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷനു തുല്യരാണെന്നു വാദിക്കുന്നവര്‍ക്ക് സംവരണത്തിലൂടെ എന്തെങ്കിലും നേടാനുണ്ടോ? നേടാനുണ്ട് എന്നാണ് ഉത്തരമെങ്കില്‍, നിങ്ങള്‍ പുരുഷനു തുല്യരല്ല എന്ന് സ്വയം സമ്മതിക്കലാണ്! തങ്ങള്‍ക്ക് എന്തൊക്കെയോ കുറവുകളുണ്ട് എന്ന ബോധ്യമാണ് സ്ത്രീകളെ സംവരണത്തിനുവേണ്ടി വാദിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്ത്രീ-പുരുഷ സമത്വം നല്ല കാര്യമാണെന്നു മനോവ സമ്മതിക്കുന്നു. എന്നാല്‍, അത് സമത്വമായിരിക്കണം; മറിച്ച്, പുരുഷനു നീതി നിഷേധിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കലാകരുത്! തുല്യനീതി ഉറപ്പുവരുത്തുന്നില്ലെങ്കില്‍ സമത്വം എന്ന വാക്ക് വെറും പാഴ്വാക്കായി മാറും! തങ്ങളുടെ പോരായ്മകളെ അംഗീകരിക്കാന്‍ തയ്യാറാകാതെ സംവരണത്തിന്റെ ആനുകൂല്യം ആസ്വദിക്കുന്ന സ്ത്രീകള്‍ കവര്‍ന്നെടുക്കുന്നത് പുരുഷന്മാരുടെ അവകാശങ്ങളാണെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. സമത്വമാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ആദ്യം ചെയ്യേണ്ടത് ആനുകൂല്യങ്ങള്‍ ഉപേക്ഷിക്കുകയാണ്. കഴിവുള്ള സ്ത്രീകള്‍ തങ്ങളുടെ കഴിവു തെളിയിച്ചാല്‍ അര്‍ഹമായ സ്ഥാനം അവര്‍ക്കു ലഭിക്കും എന്നകാര്യത്തില്‍ സംശയമില്ല.

ഇന്ത്യയിലെ രാഷ്ട്രീയ രംഗത്താണ് ഏറെ തമാശകള്‍ അരങ്ങേറുന്നത്. പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനമാണ് സ്ത്രീ സംവരണമെന്നതുകൊണ്ട് യോഗ്യരായ സ്ത്രീ സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടമോടുകയാണ് പാര്‍ട്ടികള്‍. അടുക്കളയില്‍നിന്നും അങ്കണവാടികളില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടു വരുന്നവരാണ് ഗണ്യമായ ഭാഗം. ഫലം, ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു. കുടുംബജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ചെയര്‍പേഴ്സന്‍ പദവിക്കുകൂടി സംവരണം ബാധകമാക്കിയതിനാല്‍ മൊത്തം ഭരണം അവതാളത്തിലായ പഞ്ചായത്തുകളും നഗരസഭകളും കുറവല്ല. കഴിവു തെളിയിച്ച അനേകം സ്ത്രീകള്‍ ലോകത്തുണ്ട്. ഭരണതലത്തിലും മറ്റിതര മേഖലകളിലും തങ്ങളുടെ യോഗ്യത തെളിയിക്കാന്‍ സ്ത്രീകള്‍ക്കു സാധിച്ചിട്ടുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇവരാരും സംവരണത്തിന്റെ ആനുകൂല്യത്തില്‍ കയറിക്കൂടിയവരല്ല.

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് പ്രതികൂലമായി നില്‍ക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് സംവരണം. കഴിവും പ്രാഗത്ഭാവുമുള്ളവരെ പിന്തള്ളി മന്ദബുദ്ധികളെ ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന സംവീധാനമാണിത്! ഡോക്ടര്‍ അംബേദ്‌കര്‍, കെ ആര്‍ നാരായണന്‍ എന്നിവരൊന്നും സംവരണത്തിന്റെ ആനുകൂല്യത്തില്‍ ഉന്നതങ്ങളില്‍ എത്തിയവരല്ല. സ്ത്രീ സംവരണത്തിന്റെ ആനുകൂല്യത്തിലല്ല ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്. കഴിവുള്ളവര്‍ എല്ലാ മേഖലകളിലും ഉയര്‍ന്നുവരണം. ജാതിയോ മതമോ ലിംഗമോ പരിഗണിക്കാതെതന്നെ അവരെ അംഗീകരിക്കുകയും വേണം! ലിംഗപരമോ മതപരമോ ജാതിപരമോ എന്നല്ല, ഏതു തരത്തിലുള്ള സംവരണമായിരുന്നാലും യോഗ്യരായ വ്യക്തികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കല്‍ തന്നെയാണ്! കലാകാരന്മാര്‍ക്കും കായികതാരങ്ങള്‍ക്കും സംവരണമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇവര്‍ക്കു 'ഗ്രേസ്' മാര്‍ക്ക് നല്‍കാറുണ്ട്. ഇവിടെ കവര്‍ന്നെടുക്കപ്പെടുന്നത് ഉറക്കമിളച്ചു പഠിച്ച കുട്ടികളുടെ അവകാശങ്ങളാണ്. കലാ-കായിക രംഗത്ത് ശോഭിക്കുന്നവര്‍ക്ക് അവര്‍ ആയിരിക്കുന്ന മേഖലകളില്‍നിന്ന് പണവും പ്രശസ്തിയും ആവശ്യത്തിലേറെ ലഭിക്കുന്നു. എന്നാല്‍, കലയിലോ കായികരംഗത്തോ പ്രാവിണ്യം ഇല്ലാത്തവര്‍ പഠനരംഗത്തു മികവു തെളിയിക്കുന്നു. എന്നാല്‍, പഠിക്കാത്തവര്‍ക്കു 'ഗ്രേസ്' മാര്‍ക്ക് നല്‍കി പഠിക്കുന്നവരെ പിന്നിലാക്കുന്ന രീതി തികച്ചും നീതിരഹിതമാണെന്നു പറയാതെവയ്യ!

സംവരണം എന്ന സംവീധാനത്തിലെ ഏറ്റവും അപകടകാരിയാണ് സ്ത്രീ സംവരണം! സ്ത്രീകളുടെ സംരക്ഷകരായി ഭാവിച്ചുകൊണ്ടു കവല പ്രസംഗങ്ങള്‍ നടത്തുന്ന അനേകം 'സ്ത്രീരൂപികള്‍' ഈ കാലഘട്ടത്തില്‍ അവതരിച്ചിട്ടുണ്ട്. പുരുഷനില്ലാതെയും സ്ത്രീയ്ക്കു ജീവിക്കാമെന്നാണ് ഈ പ്രകൃതിവിരുദ്ധര്‍ ഘോഷിക്കുന്നത്. അങ്ങനെയെങ്കില്‍, എന്തിനാണ് നിങ്ങള്‍ക്ക് സംവരണം? സ്വന്തം കഴിവുകള്‍ തെളിയിക്കാന്‍ സംവരണം ആവശ്യമുണ്ടോ? പുരുഷന്മാര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന പല ജോലികളുമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കു മാത്രം സാധിക്കുന്ന തൊഴില്‍ മേഖലകള്‍ ഉള്ളതായി അറിയില്ല. വീട് നന്നായി സൂക്ഷിക്കാനും ഭക്ഷണം പാകംചെയ്യാനും സ്ത്രീകള്‍ക്ക് നൈപുണ്യമുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാല്‍, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാചക വിദഗ്ദ്ധരായി സ്ത്രീകള്‍ ഇല്ലെന്നുതന്നെ പറയാം. സംവരണം ആവശ്യമായി വരുന്നത് വൈകല്യമുള്ളവര്‍ക്കു മാത്രമാണ്. ചില പ്രത്യേക മേഖലകളെ ഇവര്‍ക്കായി ഒഴിച്ചിടുന്നതിനെ മനോവ സ്വാഗതം ചെയ്യുന്നു. അതുപോലെതന്നെ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനും സംവരണം നല്‍കാം. എന്നാല്‍, തൊഴില്‍ മേഖലയിലോ ഭരണരംഗത്തോ ഇവരെ പ്രതിഷ്ഠിച്ചുകൊണ്ടാവരുത്. പഠനത്തിനും മറ്റും സാമ്പത്തീകമായ സഹായങ്ങള്‍ ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആവശ്യം. മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ സാമ്പത്തീക സഹായമാണ് കൂടുതല്‍ അഭികാമ്യം.

സ്ത്രീപക്ഷ വാദവും പുരുഷവിരോധവും!

സ്ത്രീപക്ഷ വാദികള്‍ എന്നപേരില്‍ ചില അവതാരങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വളരെ ഗൗരവത്തോടെ നാം കാണണം. യഥാര്‍ത്ഥത്തില്‍ ഇവര്‍ സ്ത്രീകളുടെ സംരക്ഷകരല്ല; മറിച്ച്, സ്ത്രീകളുടെ അന്തഃകരാണ്! കടുത്ത പുരുഷ വിദ്വേഷികളായ ഇവര്‍മൂലം സമൂഹത്തില്‍ സ്ത്രീകള്‍ ഒറ്റപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും ആരും തിരിച്ചറിയുന്നില്ല. സ്ത്രീകളോടു പുരുഷന്മാര്‍ക്കുള്ള സഹാനുഭൂതിയും സ്നേഹവും ഇല്ലാതാക്കാനാണ് സ്ത്രീപക്ഷ വാദികള്‍ ശ്രമിക്കുന്നത്. പുരുഷന്മാരെ അധിക്ഷേപിക്കാനും സ്ത്രീകളില്‍ പുരുഷവിദ്വേഷം ആളിക്കത്തിക്കാനും ഇവര്‍ പരിശ്രമിക്കുമ്പോള്‍, പുരുഷരൂപത്തില്‍ ജനിച്ച ചില മൂന്നാംലിംഗക്കാര്‍ പിന്തുണയുമായി നിലകൊള്ളുന്നതും കാണാതെ പോകരുത്!

സ്ത്രീകള്‍ക്ക് അനുവദിക്കുന്ന അമിതമായ അവകാശങ്ങള്‍ ഇവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതി ഉറപ്പുവരുത്താന്‍ സമരരംഗത്ത് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇന്ന് പുരുഷന്മാര്‍! നിരപരാധികളായ പുരുഷന്മാര്‍ക്ക് നീതി നിഷേധിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നത് എതിര്‍ക്കപ്പെടണം. നീതി ലഭിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശമുണ്ട്‌. സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യവഹാരങ്ങളില്‍ രണ്ടുതരം നീതി ഇന്നുണ്ട്. സ്ത്രീയാണ് എതിര്‍കക്ഷി എങ്കില്‍, പുരുഷനു നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. മാന്യനായ ഒരു പുരുഷനെ ഏതൊരു അഭിസാരികയ്ക്കും അപകീര്‍ത്തിപ്പെടുത്താന്‍ ഇന്നു സാധിക്കും. പതിനാലു സെക്കന്റില്‍ കൂടുതല്‍ ഒരു സ്ത്രീയെ നോക്കുന്ന പുരുഷന്‍ ശിക്ഷിക്കപ്പെടുന്ന വിചിത്രമായ നിയമം നിലവിലുള്ള ഏക രാജ്യമാണ് നമ്മുടെ രാജ്യം.

ഒരു സംഭവകഥ കൂടി ഇവിടെ ചേര്‍ത്തുവയ്ക്കാം. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചിയില്‍ നടന്നതാണ് ഈ സംഭവം. ഇരുപത്തിയഞ്ചു വര്‍ഷത്തോളം ഗള്‍ഫിലെ മണലാരണ്യത്തില്‍ ജോലിചെയ്ത ഒരുവന്‍, തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ താന്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന തന്റെ ഭാര്യയുടെ പേരില്‍ എഴുതിവച്ചു. ഇവര്‍ക്ക് രണ്ടു കുഞ്ഞുങ്ങളുമുണ്ട്. എന്നാല്‍, ഈ കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്, തന്റെ പേരില്‍ ലഭിച്ച സമ്പത്തുമായി ഈ സ്ത്രീ മറ്റൊരു പുരുഷനോടൊപ്പം ഇറങ്ങിപ്പോയി. മീന്‍ വില്പനക്കാരനോടൊപ്പം ഇറങ്ങിപ്പോയ ഈ സ്ത്രീയുടെ പക്ഷത്തു നില്‍ക്കാനാണ് കേരളത്തിലെ അഭിസാരികകളായ സ്ത്രീപക്ഷവാദികള്‍ തയ്യാറായത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ആരും ധരിക്കരുത്. ഇതുപോലുള്ള ആയിരക്കണക്കിനു സംഭവങ്ങള്‍ കേരളത്തില്‍ മാത്രം നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുന്നതില്‍ തെറ്റുണ്ടെന്നു മനോവ പറയില്ല. എന്നാല്‍, നീതിരഹിതമായ കാര്യങ്ങളില്‍ പിന്തുണ നല്‍കിക്കൊണ്ട് സ്ത്രീ ശാക്തീകരണത്തിനു ശ്രമിക്കുമ്പോള്‍, സ്ത്രീകളെ വെറുക്കുന്ന ഒരു സമൂഹം പുരുഷന്മാര്‍ക്കിടയില്‍ രൂപപ്പെടും എന്നകാര്യം വിസ്മരിക്കരുത്.

സ്ത്രീകള്‍ക്കു നല്‍കിയിരിക്കുന്ന അമിതമായ അവകാശങ്ങളെല്ലാം ദുരുപയോഗിക്കപ്പെടുന്ന അവസ്ഥ ഇന്ന് നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മാധ്യമങ്ങളും 'ഫെമിനിസ്റ്റ്' സംഘടനകളും സ്ത്രീലമ്പടന്മാരായ സാംസ്ക്കാരിക അശ്രീകരങ്ങളും ചേര്‍ന്ന് സ്ത്രീകളെ ഇന്നു വഞ്ചിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകളുടെ നീതിരഹിതമായ പ്രവൃത്തികളെ പിന്തുണച്ചുകൊണ്ടാണ് ഇവരെ അവര്‍ വഞ്ചിക്കുന്നത്. പുരുഷവിരോധം ആളിക്കത്തിച്ചുകൊണ്ട്‌ ന്യൂനപക്ഷമായ ഒരു വിഭാഗം വ്യാപരിക്കുമ്പോള്‍, നല്ലവരായ സ്ത്രീകളും അപമാനിക്കപ്പെടുന്നു എന്ന സത്യം തിരിച്ചറിയണം. മാന്യമായ കുടുംബജീവിതം നയിക്കുന്ന ശ്രേഷ്ഠരായ സ്ത്രീകള്‍ക്കുപോലും അപമാനമായി നിലകൊള്ളുന്ന അഭിസാരികകളെ നിലയ്ക്കു നിര്‍ത്താന്‍ മുന്നിട്ടിറങ്ങേണ്ടതു സ്ത്രീകള്‍ തന്നെയാണ്. അല്ലാത്തപക്ഷം, നീതി നിഷേധിക്കപ്പെടുന്ന പുരുഷന്മാരുടെ രോഷത്തിനു സ്ത്രീകള്‍ പാത്രമാകേണ്ടിവരും!

ഇരകളും വേട്ടക്കാരും!

ലൈംഗീക അതിക്രമങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ഇന്ത്യയിലാണ്. കാമവെറിയന്മാരായ പുരുഷരൂപികള്‍ ഈ സമൂഹത്തിലുണ്ട് എന്നതുപോലെതന്നെ, കാമത്താല്‍ ജ്വലിക്കുന്ന സ്വൈരിണികളും അത്രത്തോളംതന്നെ ഉണ്ട്. എന്നാല്‍, അപമാനിക്കപ്പെടുന്നത് പുരുഷന്മാര്‍ മാത്രമാണ്. പുരുഷന്മാരെ എല്ലായ്പ്പോഴും വേട്ടക്കാരായി ചിത്രീകരിക്കാനാണ് സമൂഹത്തിനു താത്പര്യമെങ്കില്‍, ഏതൊരു അഭിസാരികയെയും ഇരകള്‍ എന്ന പരിഗണന നല്‍കി സംരക്ഷിക്കുന്നു. ഉഭയസമ്മതത്തോടെ നടക്കുന്ന അവിഹിത വേഴ്ച്ചകളില്‍പ്പോലും, പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അതിനെ പീഡനമാക്കി മാറ്റാന്‍ സ്ത്രീകള്‍ക്കു നല്ല സാമര്‍ത്ഥ്യമാണുള്ളത്. സ്ത്രീ പുരുഷനെ കടന്നുപിടിക്കുന്ന അവസ്ഥയും കുറവല്ല. ഈ സാഹചര്യത്തില്‍പ്പോലും പുരുഷന്മാരെ വേട്ടക്കാരുടെ പട്ടികയില്‍പ്പെടുത്തി പരസ്യവിചാരണ നടത്താന്‍ സമൂഹത്തിനു മടിയില്ല. ഇത്തരം സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ വളരെ കൂടുതലാണെങ്കിലും, പുരാതന കാലംമുതല്‍ക്കേ ഇതുണ്ടായിരുന്നു. ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ ഒരു സംഭവം ഉദാഹരണമായി പരിഗണിക്കാന്‍ കഴിയും. ഫറവോയുടെ ഉദ്യോഗസ്ഥനായിരുന്ന പൊത്തിഫറുടെ ഭാര്യയാണ് സംഭവത്തിലെ പ്രതിനായിക. യാക്കോബിന്റെ പുത്രന്‍ ജോസാഫിനോടൊപ്പം ശയിക്കാന്‍ പൊത്തിഫറുടെ ഭാര്യ ആഗ്രഹിച്ചു. ജോസഫ് അവള്‍ക്കു വഴങ്ങാതിരുന്നതുകൊണ്ട് ഗുരുതരമായ ആരോപണം അവന്റെമേല്‍ ചുമത്തപ്പെടുകയും അവന് കാരാഗൃഹവാസം അനുഭവിക്കേണ്ടിവരികയും ചെയ്തു. ഉത്പത്തി പുസ്തകത്തിലെ മുപ്പത്തിയൊന്‍പതാമത്തെ അദ്ധ്യായത്തില്‍ ഈ സംഭവം വായിക്കാന്‍ കഴിയും.

ഇത്തരത്തിലുള്ള അനീതിനിറഞ്ഞ വിധികളെ നേരിടേണ്ടി വരുന്ന സാഹചര്യം ഇന്നും പുരുഷന്മാര്‍ക്കുണ്ട്. അതായത്, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതുപോലെതന്നെ പുരുഷന്മാരും പീഡിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, പരസ്യവിചാരണ നേരിടേണ്ടിവരുന്നത് പുരുഷന്മാര്‍ മാത്രമായിരിക്കും! കേരളത്തില്‍ അനേകം പെണ്‍വാണിഭങ്ങള്‍ നടക്കുന്നത് നമുക്കറിയാം. ഈ കേസുകളില്‍ ഒക്കെയും ഇടനിലക്കാരായി വര്‍ത്തിക്കുന്നത് സ്ത്രീകളാണെന്ന കാര്യം ആരും ശ്രദ്ധിക്കാറില്ല. വേശ്യാലയങ്ങളുടെ നടത്തിപ്പുകാരായും കൂട്ടിക്കൊടുപ്പുകാരായും നിലകൊള്ളുന്നതില്‍ ഏറെയും സ്ത്രീകളാണ്! സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോഴൊക്കെ, പുരുഷന്മാരുടെയെല്ലാം ലിംഗം ഛേദിക്കണമെന്ന ആക്രോശവുമായി ചാനലകളില്‍ പ്രത്യക്ഷപ്പെടുന്ന താടകമാരെ നാം കാണാറുണ്ട്‌. പിതൃശൂന്യകളായ ഇവരുടെയൊക്കെ ഭവനത്തില്‍ കടന്നുചെന്നാല്‍, കുടുംബത്തിലെ ധാര്‍മ്മിക നിലവാരം മനസ്സിലാക്കാന്‍ സാധിക്കും! ഉഭയസമ്മതത്തോടെ അവിഹിതവേഴ്ചയില്‍ ജീവിക്കുന്ന ഇവരാണ് സ്ത്രീകളുടെ മുഴുവന്‍ പ്രാതിനിധ്യം ഏറ്റെടുത്തു ഉറഞ്ഞുതുള്ളുന്നത്!

ഇരയെന്ന പരിഗണന നല്‍കിക്കൊണ്ട് സ്ത്രീകളുടെ പേരുകള്‍ മറച്ചുവയ്ക്കുന്ന ഒരു പ്രഹസനം നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, കുറ്റം ആരോപിക്കപ്പെടുമ്പോള്‍ത്തന്നെ പുരുഷന്മാര്‍ സമൂഹമധ്യത്തില്‍ പരസ്യവിചാരണയ്ക്ക് ഇരയാകുന്നു. ഇവരുടെ ഭവനത്തില്‍ അമ്മയും സഹോദരിമാരും ഭാര്യയും പെണ്‍മക്കളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം ആരും പരിഗണിക്കുന്നില്ല. കുറ്റാരോപിതരെ കുറ്റവാളികളായി ചിത്രീകരിച്ച് ആഘോഷമാക്കുന്ന മാധ്യമങ്ങളാണ് സദാചാരത്തിന്റെ അപ്പസ്തോല പദവി സ്വയം ഏറ്റെടുത്തിരിക്കുന്നത്. കുറ്റം തെളിയുന്നതിനു മുന്‍പുതന്നെ പരസ്യവിചാരണ നടത്തി അപമാനിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ വ്യക്തിഹത്യയ്ക്കു കേസ് എടുക്കാനുള്ള നിയമ നിര്‍മ്മാണമാണു വേണ്ടത്. നിരപരാധികളായ അനേകം പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും മാധ്യമ സദാചാരക്കാര്‍ കൊന്നിട്ടുണ്ട്! പുരുഷ സമൂഹത്തെ ഒന്നടങ്കം വേട്ടക്കാരുടെ പട്ടികയില്‍ ചേര്‍ത്തുവച്ച് ആഘോഷമാക്കുന്നവര്‍ സ്വന്തം പിതാവിന്റെ മുഖം ഓര്‍ക്കുന്നതു നല്ലതാണ്! അന്യപുരുഷന്റെ കുഞ്ഞിനെ സ്വന്തമായി കരുതി വളര്‍ത്തുന്ന അനേകം പുരുഷന്മാര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട് എന്നകാര്യം ആരും വിസ്മരിക്കരുത്! ഇവിടെ ആരാണ് ഇര? ആര്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നത്?

കാമുകനോടൊപ്പം ജീവിക്കാനായി സ്വന്തം കുഞ്ഞിനെയും ഭര്‍ത്താവിനെയും വധിച്ച സ്ത്രീയെ കേരളം കണ്ടതാണ്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി ആരും ചിന്തിക്കേണ്ടാ. മാധ്യമങ്ങള്‍ ആഘോഷമാക്കാത്തതുകൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടാതെപോകുന്ന അനേകം സംഭവങ്ങള്‍ കേരളത്തില്‍ത്തന്നെ നടക്കുന്നുണ്ട്. ഇവിടെയൊക്കെ ഇര ആരാണെന്ന് ചിന്തിച്ചുനോക്കുക! ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം അവിഹിതജീവിതം നയിക്കുന്ന സിനിമാനടിയെ മഹിമയണിയിച്ച്, സ്ത്രീശാക്തീകരണത്തിന്റെ വക്താവാക്കിയിരിക്കുന്നതും കേരളത്തിലെ മാധ്യമങ്ങളാണ്! മാന്യമായ കുടുംബജീവിതം നയിക്കുന്ന സ്ത്രീകളെ അടിമകളെന്നു വിളിച്ചു പരിഹസിക്കുകയും, അഴിഞ്ഞാട്ടക്കാരികളെ മഹത്വംകൊണ്ടു മൂടുകയും ചെയ്യുന്ന അവസ്ഥ മാറാതെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ആരും പ്രതീക്ഷിക്കേണ്ടാ. വനിതകളുടെ ഹോസ്റ്റലില്‍ രാത്രി ഒന്‍പതു മണിക്ക് പുരുഷന്മാര്‍ സന്ദര്‍ശിക്കുന്നതു വിലക്കിയാല്‍ ആ സ്ഥാപനത്തിനെതിരേ ആക്രോശിക്കുന്ന സ്ത്രീപക്ഷവാദികള്‍ ഇന്നുണ്ട്. കാമുകനോടൊപ്പം സെക്കന്റ് ഷോയ്ക്ക് പോകാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരേ മനുഷ്യാവകാശ ധ്വംസനത്തിനു പരാതിപ്പെടുന്നവരും ഇവിടെയുണ്ട്. ഉഭയസമ്മതപ്രകാരം വ്യഭിചരിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്നവരാണ് സ്ത്രീകളുടെ പ്രതിനിധികളായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഇവരെ നിയന്ത്രിച്ചാല്‍ മാത്രമേ പീഡനം അവസാനിക്കുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക! അതായത്, സ്ത്രീകളുടെ പ്രധാന ശത്രുക്കള്‍ സ്ത്രീസംഘടനകള്‍ തന്നെയാണ്! സൃഷ്ടിയുടെ ആരംഭംമുതല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന പരിഗണനകളും ആദരവും അംഗീകാരവും ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം! മോശക്കാരായ പുരുഷന്മാരും സ്ത്രീകളും ഈ ലോകത്തുണ്ട്. നല്ലവരുടെ ഗണത്തിലും ഇരുകൂട്ടരുമുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. അതുപോലെതന്നെ, ഇരകളും വേട്ടക്കാരും ഇരുപക്ഷത്തുമുണ്ട്! 

സ്ത്രീപീഡനവും വസ്ത്രധാരണവും!

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. നിയമങ്ങളും ഭരണകൂടങ്ങളും നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അധമവാസനയുള്ള സമൂഹം ഉള്ളിടത്തോളം കാലം സ്ത്രീപീഡനവും പുരുഷപീഡനവും നിര്‍ബ്ബാധം തുടരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പീഡിപ്പിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ സ്വയം സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകുക എന്നതാണ് ഏറ്റവും നല്ല പോംവഴി. നീചന്മാരായ വ്യക്തികള്‍ക്കൂടി അടങ്ങുന്ന സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മുന്‍കരുതലുകള്‍ അനിവാര്യമാണ്. അപരിചിതമായ സ്ഥലങ്ങളിലും അസമയങ്ങളിലും സ്ത്രീകള്‍ തനിച്ചു യാത്രചെയ്യുന്നത് ഒഴിവാക്കണം. ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ ആരെങ്കിലും നല്‍കിയാല്‍, അവര്‍ക്കെതിരേ ആക്രോശിക്കാന്‍ ചില 'സ്ത്രീസംരക്ഷകര്‍' രംഗത്തുവരും എന്നകാര്യം മനോവയ്ക്കറിയാം. അവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടാണ് മനോവ ഇത് പറയുന്നത്. നഷ്ടപ്പെട്ടതിനുശേഷം ചാനല്‍ ചര്‍ച്ചകളില്‍ രോഷംകൊണ്ടിട്ടു കാര്യമില്ല. നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം!

എല്ലാത്തരം തിന്മകളെയും പ്രോത്സാഹിപ്പിക്കുകയും, അവയെല്ലാം മൗലീക സ്വാതന്ത്ര്യമാണെന്നു വാദിക്കുകയും ചെയ്യുന്ന സ്ത്രീപക്ഷ വാദികള്‍ നമുക്കിടയിലുണ്ട്. പീഡിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു പീഡനത്തിനിരയാക്കുക എന്നതാണ് ഇവരുടെ ശൈലി. സ്വന്തം ഭവനത്തില്‍നിന്നും തൊട്ടടുത്ത ബന്ധുക്കളില്‍നിന്നും പീഡനമേല്ക്കുന്ന പെണ്‍കുട്ടികളെ ഉദ്ദേശിച്ചല്ല ഇവിടെ ഇത് പറയുന്നത്. ആരുടെയെങ്കിലും 'മിസ്ഡ് കോള്‍' പിന്തുടരുന്നവരും അനാവശ്യമായ സൗഹൃദം സൂക്ഷിക്കുന്നവരും എല്ലാറ്റിനെയും നിസംഗതയോടെ സമീപിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. വിവാഹപൂര്‍വ്വ ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്നവരും ഉഭയസമ്മതത്തോടെയുള്ള ലൈംഗീകതയ്ക്കു പച്ചക്കൊടി കാണിക്കുന്നവരുമായ 'പുരോഗമന' വാദികളായ സ്ത്രീകളുമുണ്ട്. ഇവരെല്ലാം ചേര്‍ന്നുകഴിഞ്ഞാല്‍ പീഡനം ഇനിയും വര്‍ദ്ധിക്കുകയല്ലാതെ, ഒരിക്കലും അത് അവസാനിക്കുമെന്ന് കരുതരുത്. ലൈംഗീകതയുടെ പവിത്രത കാര്യമായി പരിഗണിക്കാത്ത സ്ത്രീകളാണ് ഇന്ന് ഏറെയും. തങ്ങളുടെ അനുവാദത്തോടെയാണെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന ചിന്തയിലേക്കു മനുഷ്യന്‍ അധഃപതിച്ചു കഴിഞ്ഞു. ഈ അവസ്ഥ സംജാതമായതില്‍ സ്ത്രീപക്ഷ വാദികളുടെ പങ്ക് ചെറുതല്ല.

അനാവശ്യ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്ന ചിന്തയില്‍ സ്ത്രീകളില്‍ പലരും എത്തിപ്പെട്ടിട്ടുണ്ട്. പതിനാലു സെക്കന്റ് സ്ത്രീയെ നോക്കിയാല്‍ പുരുഷന്‍ ശിക്ഷിക്കപ്പെടും എന്ന നിയമം നമ്മുടെ നാട്ടിലുണ്ട്. തങ്ങളെ പുരുഷന്മാര്‍ നോക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു സ്ത്രീയെങ്കിലും ഭൂമിയിലുണ്ടോ? ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ വസ്ത്രധാരണം നടത്തുന്നത് ആരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ്? പുരുഷനെ വികാരം കൊള്ളിക്കുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തുകയും നോക്കരുതെന്നു പറയുകയും ചെയ്യുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? പുരുഷന്റെ ലൈംഗീകതയെ ഉണര്‍ത്തുന്ന വിധത്തില്‍ അര്‍ദ്ധനഗ്നരായി സമൂഹത്തില്‍ ഇറങ്ങുന്നത് സ്ത്രീകള്‍ ഒഴിവാക്കണം. പുരുഷന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതിനുശേഷം പീഡിപ്പിച്ചു എന്ന് വിലപിച്ചിട്ടു കാര്യമില്ല. ഒരുപരിധിവരെ, സ്ത്രീപീഡനത്തിന്റെ ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണ്! വന്യമൃഗങ്ങള്‍ ജീവിക്കുന്ന വനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് എപ്പോഴും കരുതലുണ്ടാകും. ഈ കരുതല്‍ എല്ലായിടത്തും അനിവാര്യമാണ്!

"സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉദ്ദേശിക്കുന്നു"(1 തിമോത്തി: 2; 9).

സ്ത്രീയുടെ സൗന്ദര്യം!

പുരുഷനെ അപേക്ഷിച്ച് സ്ത്രീ തന്റെ സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ട്. അതുപോലെതന്നെ, സ്ത്രീകളെയാണ് സൗന്ദര്യത്തിന്റെ പ്രതീകമായി പരിഗണിച്ചിരിക്കുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം ഇതാണോ? മനുഷ്യനെ മാറ്റിനിര്‍ത്തി മറ്റു ജീവികളെ ശ്രദ്ധിച്ചാല്‍ സംഗതി മനസ്സിലാകും. പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റു ജീവികളുടെയും ഇണകളെ ശ്രദ്ധിച്ചാല്‍, പെണ്ണിനേക്കാള്‍ അഴകുള്ളത് ആണിനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്നിട്ടും അഴകിന്റെ അവകാശികളായി സ്ത്രീകള്‍ എന്തുകൊണ്ടു പരിഗണിക്കപ്പെടുന്നു? ഇതിനു പല കാരണങ്ങളുണ്ട്. പുരുഷന്‍ അവകാശവാദം ഉന്നയിക്കുന്നില്ല എന്നതാണ് ഇതില്‍ പ്രധാന കാരണം! സ്ത്രീകളുടെ അപ്രീതി സമ്പാദിക്കാതിരിക്കാന്‍ പുരുഷന്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതുമൂലം സൗന്ദര്യത്തിന്റെ കുത്തക സ്ത്രീകള്‍ സ്വയം അണിഞ്ഞിരിക്കുന്നു. മേനിയഴകാണ് യഥാര്‍ത്ഥ സൗന്ദര്യം എന്ന ചിന്തയാണ് പല സ്ത്രീകളെയും ഭരിക്കുന്നത്. ശരീരത്തെ മാത്രം സ്നേഹിക്കുന്ന പുരുഷനും ഈ ചിന്തതന്നെ വച്ചുപുലര്‍ത്തുന്നു എന്നതും വസ്തുതയാണ്.

മുടി ചീകിയൊതുക്കുന്നു എന്നതിനപ്പുറം മുഖത്ത് ചമയങ്ങള്‍ ഒന്നുതന്നെ പുരുഷന്‍ നടത്താറില്ല. സ്ത്രൈണ ഭാവമുള്ള പുരുഷന്മാരെ പരിഗണിക്കാതെയാണ് ഇത് മനോവ പറയുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സ്ത്രീയുടെ മാത്രം പ്രത്യേകതയാണ്. മൃഗങ്ങളിലെയും പക്ഷികളിലെയും മറ്റു ജീവികളിലെയും പെണ്‍വര്‍ഗ്ഗങ്ങള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുകയും ചമയങ്ങള്‍ നടത്തുകയും ചെയ്‌താല്‍ ഒരുപക്ഷെ ആണ്‍വര്‍ഗ്ഗത്തെക്കാള്‍ അഴകുള്ളവരായി കാണപ്പെട്ടേക്കാം. അതായത്, യഥാര്‍ത്ഥ അവസ്ഥയില്‍ സ്ത്രീകളെ കാണുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെന്നാല്‍, തങ്ങളുടെ ചമയങ്ങളില്ലാത്ത മുഖം പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ വളരെ കുറവാണ്!

എന്താണ് സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം? ആകാരഭംഗിയോ നിറമോ അല്ല ഒരു സ്ത്രീയുടെ സൗന്ദര്യം. വിനയം, ദൈവഭക്തി, വിശ്വസ്തത, സംസാരത്തിലെ മിതത്വം ഇവയൊക്കെയാണ് ഒരു സ്ത്രീയെ മഹതിയാക്കുന്നത്! എന്നാല്‍, ആധുനീകലോകവും സ്ത്രീശാക്തീകരണത്തിന്റെ വക്താക്കള്‍ ചമഞ്ഞുനടക്കുന്ന ദുര്‍ന്നടപ്പുകാരികളും ചേര്‍ന്ന് സ്ത്രീകളെ വഞ്ചിക്കുകയാണ്. സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇല്ലാതാക്കുന്നത് ഇവരാണെന്ന വസ്തുത സ്ത്രീകള്‍ തിരിച്ചറിയണം. അഹങ്കാരികളും തന്നിഷ്ടക്കാരികളുമായ സ്ത്രീകളെ ഒരു പുരുഷനും ഇഷ്ടപ്പെടുന്നില്ല. പുരുഷന്മാരോടൊത്തു ചുറ്റിത്തിരിയുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന 'ന്യൂജന്‍ ഫ്രീക്കന്മാര്‍' ഉണ്ടായിരിക്കാം. എന്നാല്‍, തങ്ങളോടൊപ്പം കറങ്ങിനടന്ന ഒരുത്തിയെയും ഇവര്‍ വിവാഹം കഴിക്കില്ല. പാര്‍ക്കിലും മാളിലും സിനിമയ്ക്കും പോകാന്‍ ഇവര്‍ കൂടെയുണ്ടാകും. സ്വന്തം ജീവിതത്തില്‍ പങ്കാളിയാക്കാന്‍ ഒരുവളെ ആലോചിക്കുമ്പോള്‍, സ്വഭാവശുദ്ധിക്ക് മുന്തിയ പരിഗണന നല്‍കും! കാരണമിതാണ്: "കലഹക്കാരിയായ ഭാര്യയോടൊത്തു വീടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍ മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്"(സുഭാഷിതങ്ങള്‍: 25; 24). പ്രായോഗിക ജീവിതത്തില്‍ ഇതാണു യാഥാര്‍ത്ഥ്യം! ബാഹ്യസൗന്ദര്യത്തിനു പരിഗണന നല്‍കിക്കൊണ്ടുള്ള വിവാഹങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാകില്ല. വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളിലോന്ന് ഇതാണ്!

"ദുഷ്ടയായ ഭാര്യയോടൊത്തു ജീവിക്കുന്നതിനെക്കാള്‍ അഭികാമ്യം സിംഹത്തിന്റെയോ വ്യാളിയുടെയോകൂടെ വസിക്കുന്നതാണ്"(പ്രഭാ: 25; 16). ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ തിരിച്ചറിഞ്ഞിട്ടുള്ള പുരുഷന്‍ വിവേകത്തോടെ തന്റെ പങ്കാളിയെ തിരഞ്ഞെടുക്കും. അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാര്‍ പ്രണയിക്കുന്നത് ശരീരത്തെ മാത്രമാണ്. ശരീരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുകയോ ഈ സൗന്ദര്യത്തോടു മടുപ്പുതോന്നുകയോ ചെയ്യുമ്പോള്‍ അവന്‍ പുതുമ തേടിപ്പോകും! ഇത് പുരുഷന്റെ മാത്രം കാര്യമല്ല; ബാഹ്യസൗന്ദര്യത്തിലും ഭൗതീക സമ്പത്തിലും കണ്ണുവച്ച് പങ്കാളിയെ സ്വീകരിക്കുന്ന സ്ത്രീയുടെ കാര്യവും ഇതുതന്നെ! "വിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ സമാധാനത്തോടെ ആയുസ്സു തികയ്ക്കും"(പ്രഭാ: 26; 2).

സ്ത്രീകളുടെ സൗന്ദര്യം എന്താണെന്ന് അപ്പസ്തോലനായ പത്രോസ് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: "ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണ്ണാഭരണമോ വിശേഷവസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വര രത്നം അണിഞ്ഞ ആന്തരീക വ്യക്തിത്വമാണ്"(1 പത്രോ: 3; 3, 4). ബാഹ്യമായ സൗന്ദര്യമെല്ലാം ഒരിക്കല്‍ നഷ്ടപ്പെടും; എന്നാല്‍, ആന്തരീകമായ സൗന്ദര്യം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും! വൃത്തിയായി ശരീരം സൂക്ഷിക്കാനും പരിപാലിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. മാന്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും അത്യാവശ്യത്തിനുള്ള ചമയങ്ങള്‍ നടത്തുന്നതും തെറ്റല്ല. എന്നാല്‍, ഇതിനെക്കാള്‍ പ്രധാനം ആന്തരീക സൗന്ദര്യമാണ്. അതിനാല്‍ത്തന്നെ, കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആന്തരീക സൗന്ദര്യത്തെയായിരിക്കണം!

പുരുഷന്‍ പുരുഷനായിരിക്കട്ടെ! സ്ത്രീ സ്ത്രീയും!

"സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിന്റെ ദൈവമായ യാഹ്‌വെയ്ക്കു നിന്ദ്യരാണ്"(നിയമം: 22; 5). ചിലരെങ്കിലും കരുതുന്നതുപോലെ, സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെയല്ല ഈ നിയമത്തിലൂടെ വിലക്കിയിരിക്കുന്നത്. ഈ നിയമം നല്‍കപ്പെടുമ്പോള്‍ 'ജീന്‍സ്' എന്ന വസ്ത്രം ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, 'ജീന്‍സ്' പുരുഷനുവേണ്ടി രൂപകല്‍പന ചെയ്ത വസ്ത്രവുമല്ല. സ്ത്രീ-പുരുഷ ഭേദമന്യേ കല്‍ക്കരി ക്വാറിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിച്ച ചാക്കുവസ്ത്രമാണ് 'ജീന്‍സ്' ആയി പരിണമിച്ചത്. പുരുഷനായിരിക്കെ ഒരുവന്‍ തന്നെത്തന്നെ സ്ത്രീയെ എന്നപോലെ അലങ്കരിക്കുന്നതിനെയാണ്‌ ഇവിടെ വിലക്കിയിരിക്കുന്നത്. പുരുഷനെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ വേഷംകെട്ടുന്നതും വിലക്കിയിരിക്കുന്നു.

എന്നാല്‍, ആധുനിക കാലഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷന്‍ സ്ത്രീയായും, സ്ത്രീ പുരുഷനായും മാറുന്ന പൈശാചിക പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആഭാസങ്ങള്‍ കാട്ടിക്കൂട്ടുന്നവരെപ്പോലെതന്നെ, ഇതിനെ ന്യായീകരിക്കുന്നവരും ശിക്ഷിക്കപ്പെടും. ഭിന്നലിംഗക്കാരെന്നു വിളിക്കപ്പെടുന്ന ചിലര്‍ സമൂഹത്തിലുണ്ട്. തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാന്‍ തയ്യാറാകാത്തവരാണ് ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് ലിംഗമാറ്റത്തിനു മുതിരുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവത്തിനു നിന്ദ്യരാണ്! പുരുഷന്‍ പുരുഷനായും, സ്ത്രീ സ്ത്രീയായും ജീവിക്കുകയെന്നതാണ് ദൈവഹിതം. പുരുഷനെപ്പോലെയാകാന്‍ സ്ത്രീയോ, സ്ത്രീയെപ്പോലെയാകാന്‍ പുരുഷനോ ശ്രമിക്കരുത്. പുരുഷന്റെ വേഷം സ്ത്രീയും, സ്ത്രീയുടെ വേഷം പുരുഷനും അണിയരുത് എന്ന നിയമത്തിന്റെ പൊരുളിതാണ്!

ഒരുകാര്യം നാം വിസ്മരിക്കാതിരിക്കുക: പുരുഷനില്‍ താത്പര്യം ഉണര്‍ത്തുന്ന രൂപത്തിലാണ് സ്ത്രീയെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. അതുപോലെതന്നെ, സ്ത്രീയ്ക്ക് അഭിലാഷം ജനിക്കുന്ന വിധത്തില്‍ പുരുഷനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത് ദൈവീക പദ്ധതിയാണ്. ആദത്തിന്റെ മുമ്പില്‍ ഹവ്വയെ നിര്‍ത്തിയപ്പോള്‍ മാത്രമാണ് അവന്‍ തൃപ്തനായത്. മറ്റൊരു ജീവികളില്‍നിന്നും ആദം തനിക്ക് ഇണയെ തിരഞ്ഞെടുത്തില്ല. ഹവ്വാ തന്റെ മുമ്പില്‍ നില്‍ക്കുന്നതുകണ്ടാപ്പോള്‍ ആദം ഇപ്രകാരം പറഞ്ഞു: "ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും"(ഉത്പ: 2; 23). പുരുഷന് പുരുഷനോടും സ്ത്രീയ്ക്ക് സ്ത്രീയോടും തോന്നുന്ന അഭിലാഷം പ്രകൃതി വിരുദ്ധമാണ്!

പൗരുഷമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. സ്ത്രൈണഭാവമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്കെന്നല്ല, പുരുഷന്മാര്‍ക്കും താത്പര്യമില്ല. അതുപോലെതന്നെയാണ് പുരുഷന്മാര്‍ക്ക് സ്ത്രീകളോടുള്ള ആകര്‍ഷണവും. സ്ത്രീയ്ക്ക് ഇണങ്ങുന്ന സ്വഭാവവും രൂപവുമാണ് പുരുഷന്‍ സ്ത്രീയില്‍ ആഗ്രഹിക്കുന്നത്. സ്ത്രീയ്ക്കും പുരുഷനും ജന്മംകൊണ്ടുതന്നെ ചില പ്രത്യേകതകളുണ്ട്. ഈ പ്രത്യേകതയാണ് ഇരുകൂട്ടരുടെയും വ്യക്തിത്വം! സ്ത്രീയുടെ രൂപവും പുരുഷന്റെ ഭാവവുമുള്ള സ്ത്രീകളെ ഏതു പുരുഷനാണ് ഇഷ്ടപ്പെടുന്നത്. അതുപോലെതന്നെ, രൂപത്തില്‍ പുരുഷനും ഭാവത്തില്‍ സ്ത്രീയുമായ പുരുഷനെ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ സ്ത്രീകളല്ല! ആയതിനാല്‍, പുരുഷന്‍ എല്ലാ അര്‍ത്ഥത്തിലും പുരുഷനായിരിക്കട്ടെ! സ്ത്രീകളും എല്ലാ അവസ്ഥകളിലും സ്ത്രീയായിത്തന്നെ അവളുടെ ജന്മം മഹത്വപൂര്‍ണ്ണമാക്കട്ടെ!

സമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്നവര്‍!

സ്ത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി ഉയര്‍ത്തുന്ന പല വാദങ്ങളും സമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്നവയാണ്! ഭര്‍ത്താവിനെ ബഹുമാനിക്കുന്നതും മക്കളെ വളര്‍ത്തുന്നതും അടിമത്വമായി പ്രചരിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരായ സ്ത്രീരൂപികള്‍ ഇറങ്ങിയിട്ടുണ്ട് ഇവരെ മാതൃകയാക്കുന്ന സ്ത്രീകളുടെ ഭാവി ദുരന്തപൂര്‍ണ്ണമാകും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ട. എന്തെന്നാല്‍, പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ പിതാവിനെ അപേക്ഷിച്ച് മാതാവിന്റെ പങ്ക് തുലോ കൂടുതലാണ്. വളരുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം ലഭിക്കാത്ത സാഹചര്യമാണ് ഇന്നു നിലവിലുള്ളത്. അതുകൊണ്ടുതന്നെ, വഴിപിഴച്ച ഒരു തലമുറ വാര്‍ത്തെടുക്കപ്പെടുന്നു. സ്ത്രീകള്‍ ജോലിക്കു പോകുന്നതിനെ പൂര്‍ണ്ണമായി എതിര്‍ക്കാന്‍ മനോവ തയ്യാറാകുന്നില്ല. എന്നാല്‍, സാധിക്കുമെങ്കില്‍ ഒഴിവാക്കുന്നതുതന്നെയാണ് ഉത്തമം. അമ്മയുടെ ശിക്ഷണവും പരിചരണവുമില്ലാതെ വളരുന്ന കുഞ്ഞുങ്ങള്‍ ഈ സമൂഹത്തിനുതന്നെ ദുരന്തമായി മാറുന്നത് നാം കാണാതെപോകരുത്. ഏതെല്ലാം അവസ്ഥകളില്‍ സ്ത്രീ അവമതിക്കപ്പെട്ടാലും, അമ്മ എന്ന തലത്തില്‍ അവള്‍ ആദരിക്കപ്പെടുന്ന അവസ്ഥ സമൂഹത്തില്‍ നിലനിന്നിരുന്നു. ഈ അവസ്ഥ പടിപടിയായി ഇല്ലാതാകുന്നത് സ്ത്രീകളെങ്കിലും തിരിച്ചറിയണം.

വിവാഹമോചനം ആവശ്യപ്പെടുന്നതില്‍ ഇന്ന് സ്ത്രീകളാണ് മുന്നില്‍നില്‍ക്കുന്നത്. ഇതിനെ പ്രകീര്‍ത്തിക്കാന്‍ ചിലരൊക്കെ മുന്നിട്ടിറങ്ങുന്നതും കാണാന്‍ കഴിയും! പുറത്തുനിന്നു പ്രോത്സാഹിപ്പിക്കുന്നവരുടെ ദുരുദ്ദേശം ഗ്രഹിക്കാത്ത സ്ത്രീകള്‍, തങ്ങള്‍ ചെയ്തത് ശ്രേഷ്ഠമായ കാര്യമാണെന്ന് ചിന്തിക്കുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ത്രീകളും, ഭാര്യമാരെ ഉപേക്ഷിച്ചു മറ്റൊരുവളെ വരിച്ച പുരുഷനും ഇന്നുവരെ സന്തോഷകരമായ ജീവിതം നയിച്ചിട്ടില്ല. ഇത്തരത്തിലുള്ള ബന്ധങ്ങളെല്ലാം തകര്‍ന്നടിയുന്നതു കണ്ടാലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത അവസ്ഥയും ഇന്നുണ്ട്. തങ്ങളുടെ ചില ഭൗതീക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പുതിയ ജീവിതങ്ങള്‍ തിരഞ്ഞെടുക്കുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. നിങ്ങള്‍ക്കു ജനിച്ച കുഞ്ഞുങ്ങള്‍ എന്തു തെറ്റാണു ചെയ്തത്? വിവാഹമോചനത്തിലൂടെ മാതാവിന്റെയും പിതാവിന്റെയും സാന്നിദ്ധ്യവും പരിചരണവും സ്നേഹവും അവര്‍ക്കു നിഷേധിക്കപ്പെടുകയല്ലേ? വിവാഹമോചനം നേടുന്ന ദമ്പതിമാരുടെ മക്കള്‍ അമ്മയോടൊപ്പം നില്‍ക്കാന്‍ താത്പര്യം കാണിക്കാത്ത സ്ഥിതി ഇന്നു വര്‍ദ്ധിച്ചു വരികയാണ്. അപ്പനെ തള്ളിക്കളയുന്ന അമ്മമാരെ മക്കളും തള്ളിക്കളയുന്നു എന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. ദൈവവചനം ഇപ്രകാരം വെളിപ്പെടുത്തുന്നു: "ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും "(പ്രഭാ: 26; 26).

മാധ്യമശ്രദ്ധ നേടിയ പല വിവാഹമോചനങ്ങളും പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സാധിക്കും. നിസ്സാര പ്രശ്നങ്ങള്‍പ്പോലും വിവാഹമോചനത്തില്‍ കലാശിക്കുന്നതിന്റെ ഉത്തരവാദികള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീപക്ഷ വാദികള്‍ തന്നെയാണ്! പുരുഷനെ നിഷേധിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന പുതുതലമുറയിലെ സ്ത്രീപക്ഷ വാദികളുടെ സ്വകാര്യജീവിതത്തെ പഠനവിധേയമാക്കിയാല്‍ അവരുടെ ധാര്‍മ്മീകത മനസ്സിലാക്കാന്‍ കഴിയും! സ്വന്തം മക്കളെയും കുടുംബത്തെയും നേരേ നയിക്കാന്‍ കഴിയാത്തവരാണ് സ്ത്രീകളുടെ മുഴുവന്‍ ഉന്നമനം തങ്ങളുടെ കരങ്ങളിലാണെന്നു വാദിക്കുന്നത്! യഥാര്‍ത്ഥത്തില്‍ ഈ വിഭാഗമാണ്‌ സ്ത്രീകളുടെ മുഖ്യശത്രുക്കള്‍! നൂറുശതമാനം പ്രശ്നരഹിതമായ ഒരു കുടുംബബന്ധവും ഈ ഭൂമിയിലില്ല. അക്കരപ്പച്ച തേടി അലയുന്നവരും, മറ്റുള്ള വ്യക്തികളെ അകന്നുനിന്നു വീക്ഷിക്കുന്നവരും അപകടത്തില്‍ പതിക്കും എന്നകാര്യം ആരും വിസ്മരിക്കരുത്! നല്ല ഭാര്യയും നല്ല അമ്മയും ആദരിക്കപ്പെടും എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്ത്രീ മഹിമയണിയുന്നത് അവളുടെ നല്ല മാതൃത്വത്തിലൂടെ മാത്രമാണ്. ഇത് മനോവയുടെ വാക്കുകളല്ല; മറിച്ച്, ദൈവത്തിന്റെ വാക്കുകളാണ്! ഇത് ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "എങ്കിലും, സ്ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്‍ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും"(1 തിമോ: 2; 15).

ചേര്‍ത്തുവായിക്കാന്‍: സ്ത്രീവിരോധികളായ പുരുഷന്മാരും പുരുഷവിരോധികളായ സ്ത്രീകളും സമൂഹത്തിനു ദുരന്തമാണ്. അതുകൊണ്ടുതന്നെ, ഇവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു വിച്ഛേദിക്കപ്പെടണം! പുരുഷനോ സ്ത്രീയോ ആകട്ടെ, ഇവര്‍ ആദരിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ അരുത്. പുരുഷനും സ്ത്രീയും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നേറുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ സമതുലിതാവസ്ഥ നിലനില്‍ക്കുകയുള്ളൂ! ഇരുകൂട്ടരും അവരവരുടെ ധര്‍മ്മം നിറവേറ്റട്ടെ! അപ്പോള്‍ സകലരും ആദരിക്കപ്പെടും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6909 views

LOG IN

Lost your password?

SIGN UP

LOST PASSWORD