അറിഞ്ഞിരിക്കാന്‍

യാഹ്‌വെയുടെ രാജ്യവും നീതിയും അന്വേഷിച്ചിട്ടുണ്ടോ?

Print By
about

02 - 03 - 2019

ജീവിതം പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നില്ലായെന്നും ആവലാതിപ്പെട്ടുകൊണ്ട് അനേകര്‍ മനോവയ്ക്ക് കത്തുകള്‍ അയയ്ക്കാറുണ്ട്. അവരോടു മനോവ ചോദിക്കുന്ന ഒറ്റച്ചോദ്യമാണ് ഈ ലേഖനത്തിനു ശീര്‍ഷകമായി നല്‍കിയിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാത്തതിന്റെയും പ്രതിസന്ധികള്‍ക്കൊണ്ട് ജീവിതം വരിഞ്ഞുമുറുക്കപ്പെടുന്നതിന്റെയും യഥാര്‍ത്ഥ കാരണമെന്താണ്? രാവും പകലും കഠിനാദ്ധ്വാനം ചെയ്തിട്ടും അഭിവൃദ്ധി പ്രാപിക്കാത്തതിനു കാരണം വല്ലതുമുണ്ടോ? കഠിനാദ്ധ്വാനത്തിന്റെ ഫലം സ്വന്തമായി ആസ്വദിക്കാന്‍ കഴിയാതെ വരുന്നതെന്തുകൊണ്ട്? താന്‍ കഠിനമായി അദ്ധ്വാനിക്കുന്നു; എന്നാല്‍, അന്യര്‍ അതിന്റെ ഫലമെടുക്കുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരും ആശങ്കയിലാണ്! പ്രാര്‍ത്ഥനകള്‍ക്കും നേര്‍ച്ചകാഴ്ചകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യാതൊരു ഭംഗവും വരുത്താത്തവരുടെ ദീനവിലാപവും ഇതിലുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാം കണ്ടെത്തിയേ മതിയാകൂ. അതിനായുള്ള പഠനമാണ് ഈ ലേഖനം!

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതെവരുമ്പോള്‍ ചിലര്‍ ദൈവത്തിനുമേല്‍ അതീവഗുരുതരമായ ഒരു കുറ്റം ആരോപിക്കാറുണ്ട്. ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും എന്നതാണ് ആ പൈശാചിക വചനം! തങ്ങളെത്തന്നെ നീതീകരിക്കുവാനും, നീതിപൂര്‍വ്വം വര്‍ത്തിക്കുന്നവരെയല്ല, അനീതി പ്രവര്‍ത്തിക്കുന്നവരെയാണ് ദൈവം തുണയ്ക്കുന്നത് എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് സാത്താനാണ്‌. ബൈബിളില്‍ ഒരിടത്തും കണ്ടെത്താന്‍ കഴിയാത്ത പൈശാചികവും നിന്ദ്യവുമായ ഈ വാക്കുകള്‍ ദൈവത്തിനുമേല്‍ ആരോപിക്കാന്‍ ശ്രമിക്കുന്നത് അജ്ഞതകൊണ്ടാണെങ്കില്‍, ഈ അജ്ഞത അവരെ മരണത്തിലേക്കു നയിക്കുമെന്ന വസ്തുത ഭയത്തോടെ ഓര്‍ക്കണം. ബൈബിളില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്ന മുഖവുരയോടെയാണ്‌ പലരും ഈ വ്യാജവചനം പ്രസംഗിക്കുന്നത്. എന്നാല്‍, ദൈവത്തിന്റെ വചനം എന്താണു പ്രഖ്യാപിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക: “നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലെബെനോനിലെ സെദാര്‍മരംപോലെ വളരും. അവരെ യാഹ്‌വെയുടെ ഭവനത്തില്‍ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും”(സങ്കീ: 92; 12-14).

നീതിമാന്മാരെക്കുറിച്ചു ദൈവമായ യാഹ്‌വെ അറിയിച്ച അനുഗൃഹവചനങ്ങള്‍ ദുഷ്ടന്മാര്‍ക്കും ദുഷ്ടതയ്ക്കുംവേണ്ടി വളച്ചൊടിക്കുന്നതു പിശാചാണ്. ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തുമെന്നോ ദുഷ്ടനെ ഏതെങ്കിലും തരത്തില്‍ ദൈവം അനുഗ്രഹിക്കുമെന്നോ ബൈബിളില്‍ ഒരിടത്തും സൂചനയില്ലാതിരിക്കെ, ഇത്തരം നുണകള്‍ ബൈബിളിന്റെ പേരില്‍ നടത്തുന്നത് ദുരന്തം ക്ഷണിച്ചുവരുത്തുന്ന ചെയ്തിയാണെന്നു മറക്കരുത്. ഇത്തരക്കാര്‍ പ്രചരണം നടത്തുന്നത് സുവിശേഷകരുടെ വേഷത്തിലായാതുകൊണ്ടുതന്നെ അപകടം വലുതാണ്‌. ദുഷ്ടന്റെ അഭിവൃത്തി പ്രഖ്യാപിക്കുന്ന ഒരു സൂചനപോലും ബൈബിളില്‍ ഇല്ലെന്നു മാത്രമല്ല, ദുഷ്ടന്റെയും ദുഷ്ടതയുടെയും ക്ഷണികതയും സര്‍വ്വനാശവും പ്രഖ്യാപിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം! ഈ വചനം ശ്രദ്ധിക്കുക: “ദുഷ്ടരെക്കണ്ട് നീ അസ്വസ്ഥനാകേണ്ട്; ദുഷ്കര്‍മ്മികളോട് അസൂയപ്പെടുകയും വേണ്ട. അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും”(സങ്കീ: 37; 1, 2).

സങ്കീര്‍ത്തകന്‍ വീണ്ടും പറയുന്നു: “അല്പസമയം കഴിഞ്ഞാല്‍ ദുഷ്ടന്‍ ഇല്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല. എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; സമൃദ്ധിയുടെ തികവില്‍ അവര്‍ ആനന്ദിക്കും. ദുഷ്ടന്‍ നീതിമാനെതിരായി ഗൂഢാലോചന നടത്തുകയും അവനെതിരെ പല്ലിറുമ്മുകയും ചെയ്യുന്നു. എന്നാല്‍ യാഹ്‌വെ ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു. ദുഷ്ടര്‍ വാളൂരുകയും വില്ലു കുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ത്ഥഹൃദയരെ വധിക്കാനുംതന്നെ. അവരുടെ വാള്‍ അവരുടെതന്നെ ഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും”(സങ്കീ: 37; 10-16). പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതെവരുമ്പോള്‍ വചനവിരുദ്ധമായ വാക്കുകളിലൂടെ ദൈവത്തെ ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പു നല്‍കുന്നതിനാണ് ഇത്രയും കുറിച്ചത്. ദൈവജനത്തെ പഠിപ്പിക്കാന്‍ ചുമതലപ്പെട്ടവരെന്നു കരുതപ്പെടുന്നവരിലൂടെതന്നെ ഇത്തരം അപകടകരമായ ആശയങ്ങള്‍ കടന്നുവരുമ്പോഴുള്ള അപകടം ചെറുതല്ല. ആയതിനാല്‍, പറയുന്ന വ്യക്തിയുടെ പദവികളെ പരിഗണിച്ച്, കേള്‍ക്കുന്നതെല്ലാം അതേപടി വിഴുങ്ങുന്ന രീതി അവസാനിപ്പിക്കണം. ബൈബിളില്‍ അന്വേഷിച്ചു സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ഉപദേശങ്ങള്‍ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാവൂ! എന്തെന്നാല്‍, ദൈവജനത്തെ വഴിതെറ്റിക്കുന്ന വ്യാജപ്രബോധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ അനേകം ദൈവമക്കളെ വഴിതെറ്റിക്കാനും, അതുവഴി അവര്‍ പിശാചിന്റെ മക്കളായി മാറാനുമുള്ള സാദ്ധ്യത നാം തള്ളിക്കളയരുത്. അജ്ഞരും അറിവില്ലാത്തവരുമായ പ്രബോധകരിലൂടെ ഭൂമിയിന്നു മലീമസമായിരിക്കുന്നു. ദൈവജനത്തെ നേരായി നയിക്കാന്‍ ചുമതലപ്പെട്ടവര്‍ ഇന്ന് സാത്താന്റെ ശുശ്രൂഷകരായി അധഃപതിച്ചിരിക്കുന്ന അവസ്ഥയുമുണ്ട്. പ്രവാചകകാലഘട്ടത്തില്‍ ദൈവജനത്തിനു വന്നുഭവിച്ച ദുരന്തത്തിന്റെ തനിയാവര്‍ത്തനമാണ് അറിവിന്റെ ഈ കാലഘട്ടത്തെയും ഗ്രസിച്ചിരിക്കുന്നത്. സുവിശേഷത്തിന്റെ പ്രചാരകവേഷത്തില്‍ വ്യാപരിക്കുന്നവരില്‍ പലരും ദൈവവചനം പ്രസംഗിക്കുന്നില്ല; മറിച്ച്, തങ്ങളുടെതന്നെ യുക്തിവിചാരങ്ങളെ പരിശുദ്ധാത്മാവു നല്‍കിയ വെളിപാടാണെന്ന പ്രഖ്യാപനത്തോടെ പ്രഘോഷിക്കുകയാണ്. വിജ്ഞാനം തിരസ്ക്കരിച്ച വ്യക്തികളുടെ പ്രബോധനങ്ങളാല്‍ വഴിതെറ്റിയ ദൈവജനത്തെ തിരികെക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഓരോ ക്രിസ്ത്യാനികളും ഏറ്റെടുക്കണം.

പ്രവാചകകാലഘട്ടത്തില്‍ വഴിതെറ്റിപ്പോയ ദൈവജനത്തോടു പറഞ്ഞതുതന്നെയാണ് ഇന്നത്തെ ദൈവജനത്തോടും യാഹ്‌വെയ്ക്കു പറയാനുള്ളത്. അന്നത്തെ ദൈവജനം എപ്രകാരം അധഃപതിച്ചുവോ, അതിനേക്കാള്‍ പതിന്മടങ്ങ്‌ അധഃപതിച്ച അവസ്ഥയിലാണ് ഇന്നത്തെ തലമുറ. അന്ന് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “അജ്ഞത നിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും”(ഹോസെയാ: 4; 6). ദൈവത്തിന്റെ കല്പനകള്‍ പഠിപ്പിക്കേണ്ടവര്‍ ഇന്ന് ലോകത്തിന്റെ പ്രമാണങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയല്ലേ ഇന്നുള്ളത്! ദൈവത്താല്‍ തിരസ്ക്കരിക്കപ്പെട്ടവരാണ് ഇന്നത്തെ പ്രബോധകരില്‍ അധികവും! ദൈവജനത്തെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, നാശത്തിന്റെ മാര്‍ഗ്ഗത്തെ സ്വര്‍ഗ്ഗീയപാതയാണെന്നു പറഞ്ഞ് ജനത്തെ വഞ്ചിക്കുകയും ചെയ്യുന്നു. ഈ വചനം ശ്രദ്ധിക്കുക: “പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്കി: 2; 7-9).

ദുഷ്ടന്റെ പനപോലെയുള്ള വളര്‍ച്ചയെ സംബന്ധിച്ചു കൂടുതല്‍ വിവരണങ്ങളിലേക്കു കടക്കുന്നില്ല. എന്തെന്നാല്‍, പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ചുള്ള പഠനത്തിനിടയില്‍ പ്രതിപാദിക്കേണ്ട വിഷയമായതുകൊണ്ട് ഇത്രയും കുറിച്ചുവെന്നു മാത്രം. ദൈവത്തിനുമേല്‍ വ്യാജം ആരോപിക്കുന്ന ശൈലി അപകടം ക്ഷണിച്ചുവരുത്തുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സ്ഥിതിക്ക് വിഷയത്തിലേക്കു പ്രവേശിക്കാം.

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന ആവലാതിയുമായി മനോവയെ സമീപിക്കുന്നവരോട് ചോദിക്കുന്ന ചോദ്യമാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകമെന്നു പറഞ്ഞുകഴിഞ്ഞു. അങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ മനോവയെ പ്രേരിപ്പിക്കുന്ന വചനമിതാണ്: “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും”(മത്താ: 6; 33). യേഹ്ശുവായുടെ വാക്കുകളാണ് നാമിവിടെ വായിച്ചത്. മുപ്പത്തിനാല് വാക്യങ്ങളുള്ള ഈ അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു പൂര്‍ണ്ണമായും പ്രാര്‍ത്ഥനയേ സംബന്ധിച്ചാണ്. എന്താണു പ്രാര്‍ത്ഥിക്കേണ്ടത്, എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടത് എന്നെല്ലാം അതില്‍ വ്യക്തമാക്കിയിരിക്കുന്നു. അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക എന്ന ഉപദേശത്തിന്റെ പൂര്‍ണ്ണരൂപം ശ്രദ്ധിക്കുക: “അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി”(മത്താ: 6; 31-34).

ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരുന്നതിനുവേണ്ടി തുറന്നിരിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ എല്ലായിടത്തുമുണ്ട്. ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത് ദൈവമാണെന്ന തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണ് ഈ സ്ഥാപനങ്ങളിലെ ഉപഭോക്താക്കള്‍! ചില പ്രത്യേക വിഷയങ്ങളില്‍ പ്രസിദ്ധി നേടിയിട്ടുള്ള സ്പെഷ്യാലിറ്റി സ്ഥാപനങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്! പീഡിയാട്രിക്, ഗൈനക്കോളജി,...എന്നിങ്ങനെ ആരോഗ്യപരിപാലന രംഗത്ത് വിവിധ മേഖലകള്‍ ഉള്ളതുപോലെ, ഉദ്ദിഷ്ടകാര്യ പരിഹാര രംഗത്തും വിവിധങ്ങളായ വിഭാഗങ്ങളുണ്ട്. ഭൂമി വില്പനയും വാങ്ങലും (റിയലെസ്റ്റേറ്റ്), വിവാഹതടസ്സം നീക്കല്‍, സന്താനസൗഭാഗ്യം, സര്‍ക്കാര്‍ ജോലി, വിദേശ ജോലി,....എന്നിങ്ങനെയുള്ള ഓരോ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ സ്പെഷ്യലിസ്റ്റുകളായ പ്രതിഷ്ഠകളും നമ്മുടെ നാട്ടിലുണ്ട്. തുലാഭാരം, ഉരുളല്‍, തൊട്ടില് കെട്ടല്‍, താലികെട്ടാല്‍, ശൂലം തറയ്ക്കല്‍, അമ്പ്‌, വില്ല്, ആള്‍രൂപം, ശരീരത്തിലെ പാര്‍ട്സുകള്‍(കാല്, കൈ, ചെവി,..etc...), പൂമൂടല്‍,...എന്നിങ്ങനെ വഴിപാടുകള്‍ പലതുണ്ട്. ജാതിമതഭേദമന്യേ എല്ലാ വിഭാഗങ്ങളും ഇത്തരം വ്യവസായകേന്ദ്രങ്ങള്‍ നടത്തിവരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് ചിലര്‍ക്കെല്ലാം അനുഗ്രഹങ്ങള്‍ ലഭിക്കുന്നുണ്ട് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, ദൈവത്തില്‍നിന്നാണ് ഈ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്നതെന്നു ചിന്തിച്ചാല്‍ തെറ്റുപറ്റും!

വിശുദ്ധരുടെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കില്ലെന്നു പറയാന്‍ മനോവ തയ്യാറായാല്‍ അത് വചനവിരുദ്ധമാകും എന്നതിനാല്‍, ശാപഗ്രസ്തമായ അത്തരം വാദങ്ങളൊന്നും ഇവിടെ നടത്തുന്നില്ല. എന്നാല്‍, വിശുദ്ധരുടെ പേരില്‍ വിജാതിയമായ ശൈലികള്‍ അനുകരിച്ചുകൊണ്ടു നടത്തപ്പെടുന്ന ഭക്താഭാസങ്ങളുടെ പരിസരത്തുപോലും സത്യദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്നു തറപ്പിച്ചു പറയാന്‍ ദൈവവചനത്തിന്റെ പിന്തുണ മനോവയ്ക്കുണ്ട്. വിജാതിയ അനുകരണങ്ങള്‍ വെറുക്കുന്ന ദൈവത്തെ, അതേ തിന്മകള്‍ക്കൊണ്ടു പ്രസാദിപ്പിക്കാം എന്നു ചിന്തിക്കുന്നതുപോലും ഭോഷത്തമാണ്! നിലവിളക്കില്‍ എണ്ണയൊഴിച്ച് ആര്‍ക്കെങ്കിലും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നിലെ ശക്തി സാത്താനാണെന്നു തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു സാധിക്കണം! ദൈവം വെറുക്കുന്ന കാര്യങ്ങള്‍ അവിടുന്ന് ചെയ്യില്ലെന്നു ചിന്തിക്കാനുള്ള വിവേകമെങ്കിലും മനുഷ്യരില്‍നിന്നു സ്വര്‍ഗ്ഗം പ്രതീക്ഷിക്കുന്നുണ്ട്.

ഉദ്ദിഷ്ടകാര്യ സിദ്ധികള്‍ ഉണ്ടെന്നു പറയപ്പെടുന്നതും, ക്രിസ്തീയ വിശുദ്ധരുടെ പേരില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതുമായ ആരാധനാലയങ്ങളിലെല്ലാംതന്നെ വിജാതിയ ആചാരങ്ങളുടെ അതിപ്രസരം ദര്‍ശിക്കാന്‍ കഴിയും. വിജാതിയ ക്ഷേത്രങ്ങളില്‍ ആചരിക്കപ്പെടുന്ന എല്ലാ മ്ലേച്ഛതകളും ഇവിടെയുമുണ്ട്. ഇത്തരം ഇടങ്ങളില്‍ ക്രിസ്തുവിന്റെയോ അവിടുത്തെ പേരില്‍ വിശുദ്ധജീവിതം നയിച്ചു കടന്നുപോയ വ്യക്തികളുടെയോ സാന്നിദ്ധ്യം ഉണ്ടെന്നു പറഞ്ഞാല്‍ അത് ദൈവത്തിന്റെ പരിശുദ്ധിക്കെതിരേയുള്ള ദൂഷണമായി കണക്കാക്കപ്പെടും. ദൈവമായ യാഹ്‌വെയുടെ പരിശുദ്ധിക്ക് യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല; ഇനിയൊട്ടു സംഭവിക്കുകയുമില്ല. ഇക്കാരണത്താല്‍ത്തന്നെ, ഇത്തരം ഉദ്ദിഷ്ടകാര്യ വിതരണകേന്ദ്രങ്ങളില്‍ നടക്കുന്ന അദ്ഭുതങ്ങളെല്ലാം പിശാചില്‍നിന്നു വരുന്നതാണ്! ഇത്തരം കേന്ദ്രങ്ങളിലൂടെ ആരെങ്കിലും മാനസ്സാന്തരപ്പെട്ട് ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നവരായി പരിണമിച്ചിട്ടില്ല എന്നതാണ് ഇക്കാര്യത്തിലുള്ള തെളിവ്.

വിശുദ്ധരുടെ മാദ്ധ്യസ്ഥത്തിലൂടെയോ ക്രിസ്തുവില്‍നിന്നു നേരിട്ടോ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ വ്യക്തമായ അടയാളങ്ങളുണ്ട്. ദൈവവചന വിരുദ്ധമായ അനുഷ്ഠാനങ്ങളിലൂടെ ദൈവത്തില്‍നിന്ന് അനുഗ്രഹം കടന്നുവരില്ല എന്നത് ദൈവീക ഇടപെടല്‍ തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ ഒന്നാണ്. അതിനാല്‍ത്തന്നെ, വിജാതിയ അനുകരണങ്ങള്‍ക്കൊണ്ടു മലീമസമായ ഒരു ആരാധനാലയത്തില്‍നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ദൈവത്തിന്റെ ദാനമായി ആരും പരിഗണിക്കരുത്. ഇത്തരം ആലയങ്ങളില്‍ ദൈവത്തിന്റെയോ ദൈവവുമായി ബന്ധപ്പെട്ട ആരുടെയെങ്കിലുമോ സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ട്, ഈ ആലയങ്ങളില്‍ ഉയര്‍ത്തപ്പെടുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നത് പിശാചായിരിക്കും.

പിശാചില്‍നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുമോ എന്ന ചോദ്യം സ്വാഭാവികമായി ഇവിടെ ഉയരാം. ലഭിക്കും എന്നതാണു യാഥാര്‍ത്ഥ്യം! മനുഷ്യരോടുള്ള സ്നേഹംകൊണ്ടാണ് പിശാച് ചില അനുഗ്രഹങ്ങള്‍ നല്‍കുന്നതെന്ന് ആരും ചിന്തിക്കരുത്. ദൈവത്തിന്റെ ഛായിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ സ്നേഹിക്കാന്‍ പിശാചിനു സാധിക്കില്ല. എന്നാല്‍, ദൈവത്തില്‍നിന്നും ദൈവീകനിയമങ്ങളില്‍നിന്നും മനുഷ്യനെ എന്നേക്കുമായി വിച്ഛേദിച്ച്, അവനെ നിത്യനാശത്തിലേക്കു നയിക്കാന്‍ സാദ്ധ്യമാകുന്നതെല്ലാം പിശാച് ചെയ്യും. വിജാതിയമായ അനുഷ്ഠാനങ്ങളിലൂടെ അദ്ഭുതങ്ങള്‍ സംഭവിക്കുന്നത് ദൈവത്തില്‍നിന്നാണെന്നു ചിന്തിക്കാന്‍ ഇടവരുന്നതിനുവേണ്ടിയാണ് പിശാച് നിലകൊള്ളുന്നത്. ഈ കൗശലം പലരും തിരിച്ചറിയുന്നില്ല. നിലവിളക്കുകളും പൈശാചിക പ്രതിഷ്ഠകളുമുള്ള ആരാധനാലയങ്ങളില്‍ പിശാചു പ്രവര്‍ത്തിക്കുന്ന അദ്ഭുതങ്ങളിലൂടെ ദൈവത്തിനു നിഷിദ്ധമായവ മഹത്വവത്ക്കരിക്കപ്പെടുന്നു! അതായത്, ദൈവമായ യാഹ്‌വെയ്ക്കു മ്ലേച്ഛവും നിഷിദ്ധവുമായവ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളില്‍ നടക്കുന്ന അദ്ഭുതങ്ങള്‍ ദര്‍ശിക്കുന്നവര്‍ക്ക് ദൈവീകനിയമങ്ങള്‍ അവഗണിക്കാനുള്ള പ്രേരണയുണ്ടാകും. സാത്താന്‍ ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്!

നിലവിളക്കും മറ്റു പൈശാചിക വസ്തുക്കളും ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ ഉയര്‍ത്തുന്നത് അവിടെയെല്ലാം നടക്കുന്ന അദ്ഭുതങ്ങളെക്കുറിച്ചുള്ള വാദങ്ങളാണെന്നു നമുക്കറിയാം. ഇത്തരം ആഭാസങ്ങളെ നിലനിര്‍ത്തുന്നതും അവിടെ നടക്കുന്ന ചില ഭൗതിക നേട്ടങ്ങളാണ്. വിജാതിയ അനുകരണങ്ങള്‍ ദൈവത്തിനു സ്വീകാര്യമല്ലെന്നു പറയുന്നവരെ നോക്കി ഈ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടും! ദൈവത്തിനു സ്വീകാര്യമല്ലാത്ത ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഇടങ്ങളില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവം തയ്യാറാകുമോ എന്നതാണ് ഇവരുടെ ചോദ്യം! ഈ ചോദ്യം ഇവരെക്കൊണ്ട് ചോദിപ്പിക്കുന്ന പിശാചുതന്നെയാണ് അദ്ഭുതങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ അറിയുന്നില്ല! ആദ്ധ്യാത്മിക അജ്ഞതയില്‍ ജീവിക്കുന്നവരെ ഇരകളാക്കാന്‍ പിശാചിന് എളുപ്പത്തില്‍ സാധിക്കുന്നതും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ആയതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ ചിലര്‍പോലും അവന്റെ കെണിയില്‍ വീണുപോകുന്നു. മാത്രവുമല്ല, ആരാണ് വിശുദ്ധര്‍ എന്നത് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്! ഒരുവനെ വിശുദ്ധനോ അശുദ്ധനോ ആയി മുദ്രകുത്താന്‍ മനുഷ്യര്‍ക്ക് അവകാശമില്ല. അത് വിധിയുടെ ഭാഗമാണ്!

മനോവയുടെ താളുകളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിച്ചിട്ടുള്ള വചനങ്ങളിലൊന്ന് ഇവിടെ കുറിക്കുന്നു: “നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്”(നിയമം: 12; 31). ഏറ്റവും കൂടുതല്‍ തവണ ബൈബിളില്‍ ആവര്‍ത്തിച്ചിരിക്കുന്നതും ഈ ഉപദേശം തന്നെയാണ്. ഒരു വിഷയം അനേകം തവണ ആവര്‍ത്തിക്കുന്നത് ആ വിഷയത്തിന്റെ ഗൗരവത്തെയാണു സൂചിപ്പിക്കുന്നത്. മോശയിലൂടെ അറിയിച്ച ഈ വചനം നിലനില്‍ക്കുന്ന കാലത്തോളം, വിജാതിയ അനുകരണങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ദൈവത്തിന്റെ അനുഗ്രഹമോ സാന്നിദ്ധ്യമോ ഉണ്ടാകില്ലെന്ന് യിസ്രായേല്‍ ജനത്തിന്റെ അനുഭവങ്ങളിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, അദ്ഭുതങ്ങളുടെ ഉറവിടത്തെ വിവേചിക്കാന്‍ കഴിയാത്തവര്‍ പിശാചിന്റെ പ്രവൃത്തികളെ ദൈവത്തിന്റേതായി തെറ്റിദ്ധരിക്കുന്നു. ശബരിമലയെയും മൂകാംബികയെയും നിലനിര്‍ത്തുന്നവനാരോ, അവന്‍ തന്നെയാണ് ക്രിസ്തീയമെന്നു പറയപ്പെടുന്ന സ്ഥാപനങ്ങളിലെ പൈശാചിക പ്രതിഷ്ഠകള്‍ നിലനിര്‍ത്തുന്നതും.

സത്യദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ ആരാധിക്കുന്ന വ്യക്തികള്‍ക്കുവേണ്ടി പിശാച് അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കില്ല എന്നകാര്യംകൂടി നാം അറിഞ്ഞിരിക്കണം. ഭൗതിക നേട്ടങ്ങള്‍ക്കായി ജാതിമതഭേദമന്യേ ജനങ്ങള്‍ ഓടിക്കൂടുന്ന സങ്കേതങ്ങളില്‍ കടന്നുചെല്ലുന്ന എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കാത്തതിന്റെ കാരണമിതാണ്. വിജാതിയര്‍ക്കും ക്രിസ്ത്യാനികളുടെയിടയിലെ വിജാതിയര്‍ക്കുമായി സംവരണം ചെയ്യപ്പെട്ടവയാണ് പിശാചിന്റെ അനുഗ്രഹങ്ങള്‍! വിജാതിയരെക്കാള്‍ നിര്‍ഭാഗ്യവാന്മാരാണ് ക്രിസ്തീയ പേരുകളില്‍ അറിയപ്പെടുന്ന വിജാതിയ സ്വാധീനക്കാര്‍! ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടി ആരുടെ മുന്‍പിലും മുട്ടുകുത്താന്‍ ഇരുകൂട്ടരും തയ്യാറാണ്. തങ്ങളുടെ ആരാധനാമൂര്‍ത്തികളെപ്പോലെ ക്രിസ്ത്യാനികളുടെ ദൈവങ്ങളില്‍ ഒരുവാനായിട്ടാണ് കലൂരിലെ അന്തോനീസിനെ വിജാതിയര്‍ കാണുന്നത്. ക്രിസ്ത്യാനികളുടെതായി അറിയപ്പെടുന്നതും വിജാതിയ അനുകരണങ്ങളാല്‍ മലീമാസമാക്കപ്പെട്ടതുമായ ആരാധനാസ്ഥാപനങ്ങള്‍ കാണുന്ന വിജാതിയര്‍ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ! കുപ്രസിദ്ധ 'കലൂര്‍ഭക്തനായ' ശ്രീശാന്തിനെ നോക്കിയാല്‍ ഇത്തരം സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ മുഖം ദര്‍ശിക്കാന്‍ കഴിയും.

ഹിന്ദുക്കളെ ഹിന്ദുമതത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും, ക്രിസ്ത്യാനികളുടെ പേരില്‍ വിജാതിയ അനുകരണങ്ങള്‍ നടത്തുന്നവരെ അതില്‍ ഉറപ്പിച്ചുനിര്‍ത്താനും സാത്താന്‍ നടത്തുന്ന അദ്ഭുതങ്ങളുടെ വിഹിതം ദൈവമക്കള്‍ക്കു ലഭിക്കാതിരിക്കുന്നതാണ് ഉത്തമം. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്”(1 കോറി: 15; 19). വിജാതിയര്‍ക്ക് ഒരുപക്ഷെ തങ്ങളുടെ വിഗ്രഹങ്ങളുടെ വ്യര്‍ത്ഥത ബോധ്യമാകുകയും സത്യദൈവത്തെ സ്വീകരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തേക്കാം. എന്നാല്‍, ഈ ലോകത്തിനുവേണ്ടി ക്രിസ്തീയ മാര്‍ഗ്ഗത്തെ ദുഷിക്കുന്ന ക്രൈസ്തവനാമധാരികളുടെ രക്ഷ ദുഷ്ക്കരമാണ്! സാത്താന്‍ നല്‍കുന്നതുപോലും ദൈവത്തില്‍നിന്നാണെന്നു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇവരുടെ അജ്ഞതയാണെങ്കില്‍, ആ അജ്ഞത ഇവരുടെ അന്തകനായി ഭവിക്കും. അതിനാല്‍ത്തന്നെ, ദൈവമക്കള്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് അനുഗ്രഹത്തിനു പകരം ദുരിതങ്ങളായിരിക്കും ലഭിക്കുന്നത്. ദൈവമക്കള്‍ക്ക് തങ്ങളുടെ പിതാവില്‍നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് ഭക്താഭാസങ്ങളിലൂടെയല്ല;  അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുന്നതിലൂടെയാണ്. ആയതിനാല്‍, ദൈവത്തിന്റെ രാജ്യവും നീതിയും എന്താണെന്നു മനസ്സിലാക്കാനുള്ള പഠനത്തിലേക്കു പ്രവേശിക്കാം!

ദൈവത്തിന്റെ രാജ്യവും നീതിയും!

ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കണമെങ്കില്‍ അവ എന്താണെന്ന് അറിയണം. അവ അറിയണമെങ്കില്‍ അന്വേഷിക്കണം. അതായത്, ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിച്ചറിയുന്നവര്‍ക്ക് ആവശ്യമുള്ളതെല്ലാം അവിടുന്ന് കൂട്ടിച്ചേര്‍ത്തു നല്‍കും! ആയതിനാല്‍, ദൈവത്തിന്റെ രാജ്യം, നീതി എന്നിവയെക്കുറിച്ചുള്ള അന്വേഷണം ഇവിടെ ആരംഭിക്കാം. ആദ്യമായി നാം അന്വേഷിക്കുന്നത് ദൈവത്തിന്റെ നീതിയെ സംബന്ധിച്ചാണ്. എന്തെന്നാല്‍, അവിടുത്തെ നീതി എന്താണെന്നു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് അതോടൊപ്പം അവിടുത്തെ രാജ്യം എന്താണെന്ന അവബോധവുംകൂടി ലഭിക്കും. ഈ വചനം ശ്രദ്ധിക്കുക: “ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്”(റോമാ: 14; 17). അപ്പസ്തോലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയ ഈ വചനം സൂക്ഷമതയോടെ പരിശോധിക്കുന്നവര്‍ക്ക് മനോവ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായിട്ടുണ്ടാകും. എന്തെന്നാല്‍, ദൈവരാജ്യം എന്നത് നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണെന്ന പ്രഖ്യാപനത്തില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്, ദൈവരാജ്യവും നീതിയും തമ്മിലുള്ള ഇഴയടുപ്പമാണ്.

ദൈവത്തിന്റെ നീതി അന്വേഷിക്കുന്നവര്‍ക്ക് ദൈവരാജ്യാനുഭവം സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണു പരമാര്‍ത്ഥം. ഒരുകാര്യംകൂടി ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന മനുഷ്യന്‍ ചെന്നെത്തുന്നത് അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അവിടുത്തെക്കുറിച്ചുള്ള അറിവിലാണ്. ദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അറിയാനുള്ള അന്വേഷണമെന്ന് ഈ അന്വേഷണത്തെ വിശേഷിപ്പിക്കാന്‍ സാധിക്കും. ഒരുവന്‍ സംരക്ഷിക്കപ്പെടുന്നതും അവന്റെ പ്രാര്‍ത്ഥനകള്‍ക്ക് സ്വീകാര്യതയുണ്ടാകുന്നതും അവന്‍ നിത്യരക്ഷപ്രാപിക്കുന്നതും ദൈവത്തെക്കുറിച്ചുള്ള അറിവില്‍ എത്തിച്ചേരുകയും നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ്!

ദൈവീകനീതിയെക്കുറിച്ചുള്ള പഠനം ആരംഭിക്കേണ്ടത് സൃഷ്ടിയുടെ പുസ്തകത്തില്‍നിന്നു തന്നെയാണ്. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പാലിച്ച സൂക്ഷ്മതതന്നെ അവിടുത്തെ നീതി വിളിച്ചോതുന്നു. അപൂര്‍ണ്ണതകളോ വൈകല്യങ്ങളോ ഇല്ലാതെ, എല്ലാറ്റിനെയും പൂര്‍ണ്ണതയോടെ അവിടുന്നു സൃഷ്ടിച്ചു. മനുഷ്യന്റെ കാര്യത്തിലൂന്നി ഈ വിഷയം പഠിക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യം. ആയതിനാല്‍, ഈ പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിനെയും മാറ്റിവച്ചുകൊണ്ട്, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിലെ നീതിപൂര്‍ണ്ണത പഠനവിധേയമാക്കാം. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണെന്നു മാത്രമല്ല, സര്‍വ്വ സ്വാതന്ത്ര്യവും അനുവദിച്ചുകൊണ്ടാണ് അവനെ ഭൂമിയുടെ അധിപതിയാക്കിയത്! ദൈവീകനീതിയുടെ മഹനീയതയാണ് സ്വാതന്ത്ര്യം. താന്‍ സൃഷ്ടിച്ചു ജീവന്‍ നല്‍കിയ മനുഷ്യനു സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവിടുന്ന് സ്വാതന്ത്ര്യം നല്‍കി. അതുപോലെതന്നെ, സ്വാതന്ത്ര്യം ദുരുപയോഗിക്കുന്നതിലൂടെ വന്നുഭവിക്കുന്ന ദുരന്തത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അറിവിന്റെ വൃക്ഷത്തില്‍നിന്നുള്ള ഫലം ഭക്ഷിച്ചാല്‍ സംഭവിക്കുന്നത് മരണമായിരിക്കുമെന്ന് ദൈവം മനുഷ്യനെ അറിയിച്ചു.

സത്യം മാത്രം പറയുകയെന്നത് ദൈവത്തിന്റെ നീതിയുടെ മറ്റൊരു സവിശേഷതയാണ്. സ്വാതന്ത്ര്യം ദുപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മരണമാണെന്ന സത്യം മനുഷ്യനെ അറിയിച്ചത് ദൈവമാണെങ്കില്‍, മരിക്കില്ല എന്ന നുണയുമായി അവന്റെ മുമ്പില്‍ സാത്താന്‍ വന്നു. പാപത്തിന്റെ ശമ്പളം മരണമാണെന്ന സത്യമാണ് ദൈവം മനുഷ്യനെ അറിയിച്ചത്. എന്നാല്‍, പാപം ചെയ്യുന്നവര്‍ ദൈവത്തെപ്പോലെയാകും എന്ന നുണയിലൂടെ സാത്താന്‍ മനുഷ്യനെ വഞ്ചിച്ചു. ദൈവത്തിന്റെ നീതി സത്യത്തിന്റെ പൂര്‍ണ്ണതയാണ്! യാഹ്‌വെയുടെ ആദ്യത്തെ കല്പന ഇതാണ്: “തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും”(സൃഷ്ടി: 2; 16, 17). ദൈവമക്കള്‍ എന്ന പദവിയില്‍ മനുഷ്യന്‍ എന്നേക്കും തുടരണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിന്റെ മുന്നറിയിപ്പാണിത്. എന്നാല്‍, സാത്താന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന നുണയുടെ ഉപദേശം ശ്രദ്ധിക്കുക: “നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം”(സൃഷ്ടി: 3; 5). തങ്ങളുടെ അധഃപതനം ആഗ്രഹിക്കുന്ന സാത്താനെ അനുസരിക്കാനാണ് മനുഷ്യനു താത്പര്യം! തങ്ങള്‍ ദൈവമക്കളുടെ പദവിയിലാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത മനുഷ്യന്‍, സാത്താന്റെ ഉപദേശം അനുസരിച്ച് തങ്ങളുടെ ദൈവപുത്ര പദവി നഷ്ടമാക്കി!

ദൈവം അവിടുത്തെ പ്രതിച്ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചത് ജാരസന്തതികളായിട്ടല്ല. അവിടുത്തെ മക്കളുടെ പദവി നല്‍കിയെന്നു പറയുമ്പോള്‍, മനുഷ്യനെ അവിടുന്ന് സൃഷ്ടിച്ചത് തന്നെപ്പോലെതന്നെ ആയിരുന്നുവെന്നല്ലേ നാം മനസ്സിലാക്കേണ്ടത്! ഇതാണ് ദൈവത്തിന്റെ നീതിയുടെ ഒരു പ്രധാനതലം! വൈകല്യത്തോടെ ആരെയും ഒന്നിനെയും അവിടുന്ന് സൃഷ്ടിച്ചില്ല. താന്‍ സൃഷ്ടിച്ച ഓരോന്നിനെക്കുറിച്ചും ദൈവമായ യാഹ്‌വെ അഭിപ്രായമിതായിരുന്നു: “താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു”(സൃഷ്ടി: 1; 31). ഇതേ ദൈവംതന്നെ, അവിടുത്തേക്ക്‌ കാഴ്ചയായി അര്‍പ്പിക്കേണ്ടവയെ സംബന്ധിച്ചു പറയുന്നതു ശ്രദ്ധിക്കുക: “ന്യൂനതയുള്ള ഒന്നിനെയും കാഴ്ചവയ്ക്കരുത്. അതു സ്വീകാര്യമാകുകയില്ല. ആരെങ്കിലും യാഹ്‌വെയ്ക്കു നേര്‍ച്ചയും സ്വാഭീഷ്ടക്കാഴ്ചയും സമാധാനബലിയായി അര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ കാലിക്കൂട്ടത്തിലോ ആട്ടിന്‍കൂട്ടത്തിലോ നിന്നെടുത്ത ഊനമറ്റ മൃഗത്തെ കാഴ്ചവയ്ക്കണം. അതിന് ഒരുന്യൂനതയും ഉണ്ടായിരിക്കരുത്. അന്ധതയുള്ളതോ അംഗഭംഗം സംഭവിച്ചതോ മുടന്തുള്ളതോ എന്തെങ്കിലും വ്രണമോ തടിപ്പോ പുഴുക്കടിയോ ഉള്ളതോ ആയ ഒന്നിനെയും യാഹ്‌വെയ്ക്കു സമര്‍പ്പിക്കരുത്. ഇവയെ യാഹ്‌വെയുടെ ബലിപീഠത്തില്‍ ദഹനബലിയായി അര്‍പ്പിക്കരുത്”(ലേവ്യര്‍: 22; 20-22). ദൈവം സൃഷ്ടിച്ച ഒന്ന് അവിടുത്തേക്ക്‌ അസ്വീകാര്യമാകുന്നത് എന്തുകൊണ്ടാണ്?

സകലത്തെയും സൃഷ്ടിച്ചത് ദൈവമാണെന്നു പറയുന്നത് അവിടുത്തെക്കുറിച്ചുള്ള അറിവില്‍ പക്വതപ്രാപിക്കാത്തവരാണ്. അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അവിടുത്തെ അറിയാന്‍ മനുഷ്യനു കഴിഞ്ഞില്ലെങ്കില്‍, ഒരുപക്ഷെ അവന്‍ ദൈവദൂഷകനായി അധഃപതിച്ചേക്കാം. ഈ ഉപശീര്‍ഷകത്തിന്റെ തുടക്കത്തില്‍ നാം ചിന്തിച്ചത് ദൈവത്തെ അറിയേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചായിരുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന എല്ലാവരും സത്യദൈവമായ യാഹ്‌വെയെയല്ല ദൈവമായി പരിഗണിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, സത്യദൈവമായ യാഹ്‌വെയില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നവരില്‍ത്തന്നെ ചുരുക്കം ചിലര്‍ മാത്രമാണ് അവിടുത്തെ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞിട്ടുള്ളത്. സത്യദൈവത്തെ അറിഞ്ഞിരുന്നുവെങ്കില്‍, ആരും ഒരിക്കലും തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ദൈവത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നില്ല. തന്നെ എന്തുകൊണ്ട് വൈകല്യങ്ങളുള്ളവനായും രോഗിയായും ദരിദ്രനായും സൃഷ്ടിച്ചുവെന്ന് ദൈവത്തോടു പരിതപിക്കുന്ന ഒരുവന്‍പോലും ദൈവത്തെ അറിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! മനുഷ്യനെയെന്നല്ല, ജീവജാലങ്ങളില്‍ ഒന്നിനെപ്പോലും വൈകല്യത്തോടെയോ ഫലശൂന്യമായോ അവിടുന്ന് സൃഷ്ടിച്ചിട്ടില്ല. അവിടുത്തേക്ക്‌ കാഴ്ചകളായി സമര്‍പ്പിക്കുന്ന ഒന്നിനും ന്യൂനതകള്‍ ഉണ്ടാകരുതെന്നു കല്പിച്ചിരിക്കുന്നത്, അവിടുന്ന് ഒന്നിനെയും ന്യൂനതയോടെ സൃഷ്ടിക്കാത്തതുകൊണ്ടാണ്!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു പുരോഹിത ശുശ്രൂഷചെയ്യുന്നതിന് അഹറോന്റെ പരമ്പരയില്‍നിന്നു സന്തതിയെ തിരഞ്ഞെടുക്കുമ്പോഴും, അവിടുത്തെ സഭയില്‍ ഒരുവനു പ്രവേശനം അനുവദിക്കുമ്പോഴും ചില മാനദണ്ഡങ്ങള്‍ അവിടുന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്‌. പുരോഹിതനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കുക: “അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്. കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍, ഒടിഞ്ഞ കയ്യോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍, ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തുവരരുത്. പുരോഹിതനായ അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും യാഹ്‌വെയ്ക്കു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്”(ലേവ്യര്‍: 21; 16-21). ദൈവം സൃഷ്ടിച്ച ഒരുവനെ അവിടുന്നുതന്നെ മാറ്റിനിര്‍ത്തുന്നുവെങ്കില്‍, ആ പ്രവൃത്തിയെ നീതിയുക്തമെന്നു വിലയിരുത്താന്‍ നീതിബോധമുള്ള ആര്‍ക്കും സാധിക്കില്ല! ഇവിടെയാണ് ദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അറിയേണ്ടതിന്റെ പ്രാധാന്യം പ്രസക്തമാകുന്നത്. ആറുദിവസംകൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച ദൈവത്തെ അറിഞ്ഞിരുന്നുവെങ്കില്‍, വൈകല്യങ്ങളുടെയും ദുരന്തങ്ങളുടെയും ഉത്തരവാദിത്തം ദൈവത്തിനുമേല്‍ ആരും ആരോപിക്കുമായിരുന്നില്ല.   

ഈ വചനം ശ്രദ്ധിക്കുക: “അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. ദൈവം തന്റെ ജോലി ഏഴാംദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്നു വിശ്രമിച്ചു”(സൃഷ്ടി: 2; 1, 2). വിരമിച്ചതിനുശേഷം ആരും ജോലിയില്‍ തിരികേ പ്രവേശിക്കുകയില്ലെന്നു നമുക്കറിയാം. പിന്നീട് ഈ പ്രപഞ്ചത്തില്‍ നടന്നിട്ടുള്ള സൃഷ്ടികളിലൊന്നും ദൈവം കൈകടത്തിയിട്ടില്ല; സൃഷ്ടികള്‍ തന്നെയാണു പിന്നീടു സൃഷ്ടികര്‍മ്മം ഏറ്റെടുത്തത്! മനുഷ്യന്‍ തന്റെ തലമുറയെ സൃഷ്ടിക്കുന്നതിനു മുന്‍പുതന്നെ മറ്റുരണ്ടു സൃഷ്ടികള്‍ നടത്തിയിരുന്നു. ദൈവം സൃഷ്ടിക്കാത്തതും മനുഷ്യന്‍ സൃഷ്ടിച്ചതുമായ ആ രണ്ടു സൃഷ്ടികള്‍ പാപവും മരണവുമാണ്! പാപത്തെയും മരണത്തെയും ദൈവം സൃഷ്ടിച്ചിട്ടില്ല! ഈ വചനം നോക്കുക: “ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ളാദിക്കുന്നുമില്ല”(ജ്ഞാനം: 1; 13). എന്നാല്‍, മനുഷ്യന്‍ സൃഷ്ടിച്ച ഈ പാപത്തെയും മരണത്തെയും ഇല്ലാതാക്കാന്‍ ദൈവം തിരുമനസ്സായി എന്നതാണ് അവിടുത്തെ നീതി! നീതിയുടെ മറ്റൊരു തലമാണിത്‌!

ജീവനും മരണവും ദൈവനീതിയും!

മനുഷ്യന്‍ സൃഷ്ടിച്ച മരണത്തെയും, ഈ മരണത്തില്‍നിന്നു നിത്യജീവന്‍ തിരികെനല്‍കാന്‍ ദൈവമൊരുക്കിയ രക്ഷയെയും മനുഷ്യന്റെ മുന്‍പില്‍ അവിടുന്ന് തിരഞ്ഞെടുപ്പിനായി വച്ചു. ഈ വചനം ശ്രദ്ധിക്കുക: “ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു”(നിയമം: 30; 15). മനുഷ്യന്‍ അവന്റെ രക്ഷയ്ക്കായി എന്തു തിരഞ്ഞെടുക്കണമെന്ന ഉപദേശവും അവിടുന്ന് നല്‍കിയിരിക്കുന്നതു നോക്കുക: “ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക”(നിയമം: 30; 19). തന്നോടുകൂടെ എന്നും ആയിരിക്കാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാല്‍, മരണത്തെ സൃഷ്ടിച്ചുകൊണ്ട് മനുഷ്യന്‍ ജീവനെ നഷ്ടമാക്കി. ഈ നഷ്ടത്തില്‍നിന്നു മനുഷ്യനെ കരകയറ്റാന്‍ ദൈവം ഒരുക്കിയത് യേഹ്ശുവാ എന്ന നിത്യരക്ഷയെയാണ്. യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്”(യോഹ: 10; 10). ഇത് ദൈവീകനീതിയുടെ ഉന്നത തലമാണ്!

നിത്യജീവനിലേക്കു മനുഷ്യനെ തിരികെക്കൊണ്ടുവരാന്‍ ദൈവം നടത്തുന്ന ശ്രമങ്ങളുടെ ആകെത്തുകയാണ് അവിടുത്തെ നീതി! “യേഹ്ശുവാ മ്ശിഹാവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു”(എഫേ: 1; 5). ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചു”(എഫേ: 2; 4, 5). ദൈവീകനീതിയുടെ പൂര്‍ണ്ണതയാണു നാമിപ്പോള്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തെ വ്യക്തതയോടെ അറിയുമ്പോള്‍ മാത്രമാണ് അവിടുത്തെ നീതിയുടെ മഹത്വം ദര്‍ശിക്കാന്‍ നമുക്കു സാധിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മഹനീയമായ നീതി അവിടുത്തെ നിയമങ്ങളിലുണ്ട്. തന്റെ നിയമങ്ങളെക്കുറിച്ച് മോശയിലൂടെ യാഹ്‌വെ വെളിപ്പെടുത്തുന്നതു നോക്കുക: “ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?”(നിയമം:4; 8). യാഹ്‌വെയുടെ നീതി അന്വേഷിക്കുന്നവര്‍ അവിടുത്തെ നിയമത്തില്‍ അതു ദര്‍ശിക്കും. ദൈവത്തിന്റെ നിയമങ്ങള്‍ അവിടുത്തെ സ്വഭാവമാണ് വരച്ചുവച്ചിരിക്കുന്നത്. നിയമദാദാവിനെ അറിയാന്‍ നിയമം പരിശോധിച്ചാല്‍ മതി. ആയതിനാല്‍, യാഹ്‌വെയുടെ നിയമങ്ങളിലൂടെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അവിടുത്തെ അറിയാന്‍ നമുക്കു സാധിക്കും.

ഒരു രാജ്യത്തിന്റെ നിയമം പരിശോധിക്കുന്നതിലൂടെ, ആ രാജ്യത്തിന്റെ പൊതുധാര്‍മ്മികത മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെ നാം പഠനത്തിനു വിഷയമാക്കിയിരിക്കുന്നത് ദൈവത്തിന്റെ രാജ്യവും നീതിയുമാണ്. ദൈവത്തിന്റെ നിയമത്തില്‍ ഇവ രണ്ടുമുണ്ട്. ദൈവത്തിനും ദൈവരാജ്യത്തിനും സ്വീകാര്യമായവ ഏതെന്നും സ്വീകാര്യമാല്ലാത്തവ ഏതെന്നും വ്യക്തമായി മനസ്സിലാക്കാന്‍ നിയമപഠനത്തിലൂടെ കഴിയും! യാഹ്‌വെയുടെ താത്പര്യങ്ങള്‍ അവിടുത്തെ നിയമത്തിലുണ്ട്. അവിടുത്തെ രാജ്യത്തിന്റെ നിയമംതന്നെയാണ് അവിടുത്തെ ജനത്തിന് അവിടുന്ന് നല്‍കിയിരിക്കുന്നത്. അതായത്, മോശയിലൂടെ നമുക്കു നല്‍കിയിരിക്കുന്നത് ദൈവരാജ്യത്തിന്റെ ഭരണഘടനയാണ്! നിത്യജീവന്‍ എന്നത് ദൈവത്തോടും വിശുദ്ധരോടുമൊപ്പം ദൈവരാജ്യത്തില്‍ ആസ്വദിക്കേണ്ട മഹത്തായ ഭാഗ്യമാണെന്നു നമുക്കറിയാം. നിത്യജീവന്‍, നിത്യരക്ഷ, സ്വര്‍ഗ്ഗരാജ്യം, ദൈവരാജ്യം എന്നെല്ലാം ബൈബിളില്‍ നാം വായിക്കുന്നത് ഒരേ കാര്യത്തെക്കുറിച്ചാണെന്നും മനസ്സിലാക്കാന്‍ സാധിക്കും. നിത്യജീവന്‍ സ്വന്തമാക്കാന്‍ താന്‍ എന്തുചെയ്യണമെന്ന് ഒരു യുവാവ് യേഹ്ശുവായോടു ചോദിച്ചു. അതിന് അവിടുന്ന് നല്‍കിയ ഉത്തരമിതാണ്: “ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക”(മത്താ: 19; 17). പിന്നീട് എന്താണു സംഭവിച്ചതെന്നു ബൈബിളില്‍നിന്നു നമുക്കറിയാം. പ്രമാണങ്ങള്‍ അനുസരിക്കുന്ന ഒരുവന്‍, ലോകത്തോടുള്ള മൈത്രി ഉപേക്ഷിക്കേണ്ടതായുണ്ട് എന്ന അറിവ് അവനെ നിത്യജീവന്‍ എന്ന ആഗ്രഹത്തില്‍നിന്ന് അകറ്റി.

യുവാവ് സങ്കടത്തോടെ തിരിച്ചുപോയി എന്നാണ് ബൈബിള്‍ പറയുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍, ഈ യുവാവ് തിരിച്ചുപോയതിനുശേഷം യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: “ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്”(മത്താ: 19; 24). യുവാവ് ചോദിച്ചത് നിത്യജീവനില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചായിരുന്നുവെന്ന് നാം കണ്ടു. എന്നാല്‍, യേഹ്ശുവാ പിന്നീടു പറയുന്നത് സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നതിനെ സംബന്ധിച്ചാണ്. നിത്യജീവനും സ്വര്‍ഗ്ഗരാജ്യവും രണ്ടല്ല എന്നു സ്ഥിരീകരിക്കാനാണ് ഈ സംഭവം നാം പരിശോധിച്ചത്. മരണത്തില്‍നിന്നു നിത്യജീവനിലേക്ക്‌ പ്രവേശനാനുമതി ലഭിച്ചവര്‍ക്കുള്ള വാസസ്ഥലമാണ് ദൈവരാജ്യം. ഇത് ഭൂമിയിലാണെന്ന് വാദിക്കുന്നവര്‍ നമുക്കിടയിലുണ്ട്. തങ്ങളുടെ ഈ വാദത്തെ സാധൂകരിക്കുന്നതിനായി ചില വചനങ്ങള്‍ ഇവര്‍ ദുരുപയോഗിക്കുന്നു എന്നതാണ് മറ്റൊരു ദുരന്തം. യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നാല്‍, ദൈവകരംകൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു”(ലൂക്കാ: 11; 20). ഭൂമിയില്‍ തന്നെയാണ് ദൈവരാജ്യം സ്ഥാപിതമാകുന്നതെന്നും, അത് ഇതിനോടകം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞുവെന്നും വാദിക്കുന്നവര്‍ ദുരുപയോഗിക്കുന്ന വചനമാണിത്.

ദൈവരാജ്യം സ്ഥാപിച്ചുകഴിഞ്ഞു എന്ന പ്രഖ്യാപനം ഈ വചനത്തിലുണ്ടോ? ഇല്ല എന്നതിന് യേഹ്ശുവാ തന്നെയാണു സാക്ഷി! പീലാത്തോസിന്റെ ചോദ്യത്തിനു മറുപടിയായി യേഹ്ശുവാ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: “എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യെഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല”(യോഹ: 18; 36). ഇഹലോകത്തെ സംബന്ധിച്ചത് എന്നാണ് ഐഹികം എന്ന വാക്കിന്റെ അര്‍ത്ഥം. യേഹ്ശുവായുടെ രാജ്യം എന്നത് ദൈവരാജ്യമാണെന്നു നമുക്കറിയാം. എന്നാല്‍, യേഹ്ശുവാ പറയുന്നത് അവിടുത്തെ രാജ്യം ഐഹികമല്ല എന്നാണ്. അതിനാല്‍ത്തന്നെ, ദൈവരാജ്യം എന്നത് ഈ ഭൂമിയില്‍ സ്ഥാപിതമാകുന്ന ഒരു രാജ്യമാണെന്നു ചിന്തിച്ചാല്‍ തെറ്റുപറ്റും. അങ്ങനെയെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു എന്ന പ്രഖ്യാപനത്തിലൂടെ യേഹ്ശുവാ ഉദ്ദേശിച്ചത് എന്താണ്?

ക്രിസ്തുവിനെ ഒരുവന്‍ സ്വീകരിക്കുകയും, ഈ ലോകത്തോടുള്ള മൈത്രിയില്‍നിന്നു വിടുതല്‍ നേടുകയും ചെയ്യുന്ന ഒരുവന്‍ ദൈവരാജ്യാനുഭവത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഇത്തരത്തില്‍ ഉയര്‍ത്തപ്പെടുന്ന ആദ്ധ്യാത്മിക മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവരാജ്യത്തിന്റെ പൗരന്മാരാണ്! ആയതിനാല്‍ത്തന്നെ, ഇവരുടെയിടയില്‍ ദൈവരാജ്യം സ്ഥാപിക്കപ്പെട്ടു. ശാരീരികമായി ഈ ലോകത്തില്‍ ആയിരിക്കുമ്പോഴും, ആത്മീയമായി ഇവര്‍ ദൈവരാജ്യത്തിന്റെ പൗരത്വം വഹിക്കുന്നു! ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തിന്റെ സ്ഥാനപതി കാര്യലയം (Embassy) ഉണ്ടെങ്കില്‍, ആ സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം ആ രാജ്യത്തിന്റെതായിരിക്കും. അതുപോലെതന്നെ, ഓരോ യഥാര്‍ത്ഥ ക്രിസ്ത്യാനികളും സ്വര്‍ഗ്ഗരാജ്യത്തിന്റെ (ക്രിസ്തുവിന്റെ) സ്ഥാനപതികളാണ്! ക്രിസ്തു ആരില്‍ യഥാര്‍ത്ഥമായി വസിക്കുന്നുവോ, അവന്‍ ദൈവത്തിന്റെ സ്ഥാനപതിയും അവിടുത്തെ രാജ്യവുമായിരിക്കും. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ നോക്കുക: “ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ പേരില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്”(2 കോറി: 5; 20). ഭൂമിയിലെ ദൈവരാജ്യത്തെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നില്ല.

ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിച്ചാല്‍?!      

ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ദൈവത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവു മാത്രമല്ല; മറിച്ച്, ഓരോരുത്തര്‍ക്കും ആവശ്യമായതെല്ലാം ലഭിക്കും എന്നത് യേഹ്ശുവായുടെ വാഗ്ദാനമാണ്! അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് ലഭിക്കുകതന്നെ ചെയ്യും. എന്തെന്നാല്‍, അവിടുന്ന് വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. എന്നാല്‍, ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുകയും, അതിലൂടെ ദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അറിയുകയും ചെയ്ത വ്യക്തിയുടെ പ്രാര്‍ത്ഥനകളില്‍ വലിയ മാറ്റങ്ങളുണ്ടാകും. ദൈവത്തെ ആയിരിക്കുന്ന അവസ്ഥയില്‍ അറിയാന്‍ കഴിയുന്നതോടെ ഒരുവന്റെ മനോഭാവത്തില്‍ വരുന്ന ഗൗരവകരമായ മാറ്റം അവന്റെ പ്രാര്‍ത്ഥനകളെയും സ്വാധീനിക്കുന്നു. ലോകത്തിന്റെതായ ഒന്നിനുവേണ്ടിയും അവന്‍ പ്രാര്‍ത്ഥിക്കുകയില്ല; മറിച്ച്, അവന്റെ ജീവിതം നന്ദിയുടെതും സ്തുതിയുടെതുമായി രൂപാന്തരപ്പെടും. എന്നാല്‍, അവന്‍ തന്റെ ആവശ്യങ്ങള്‍ ദൈവസന്നിധിയില്‍ ഉയര്‍ത്തിയില്ലെങ്കില്‍പ്പോലും, അവന്റെ എല്ലാ ആവശ്യങ്ങളും യഥാസമയം നടത്തിക്കൊടുക്കാന്‍ സ്വര്‍ഗ്ഗം സന്നദ്ധമാകുന്നു.

പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും ജീവിതങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യങ്ങളാണ് ഇവിടെ കുറിക്കപ്പെട്ടിരിക്കുന്നത്. ഭൗതിക വിഷയങ്ങള്‍ക്കായി പ്രാര്‍ഥിക്കാതിരുന്നിട്ടും യേലിയാഹിന്റെ വിശപ്പടക്കാനുള്ള അപ്പം അവനു നല്‍കാന്‍ കാക്കയോടു കല്പിച്ചവന്‍ തന്നെയാണ് ഇന്നും സ്വര്‍ഗ്ഗത്തിലെ ദൈവം! സ്വഗ്ഗത്തിന്റെയും ക്രിസ്തുവിന്റെയും സ്ഥാനപതികള്‍ ശയനപ്രദക്ഷിണം നടത്താനോ തുലാഭാരം നേരാനോ മുതിരില്ല! ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നതാണ് ക്രിസ്തുവില്‍ മനോവയ്ക്കുള്ള ഉറപ്പും അനുഭവവും! ദൈവത്തെ മുഖാഭിമുഖം ദര്‍ശിച്ചവന്‍ അവിടുത്തോട്‌ വിലകുറഞ്ഞ എന്തെങ്കിലും ചോദിക്കുമോ? ഇനിയും വളരെയേറെ പറയാനുണ്ട്. അവയെല്ലാം ക്രിസ്തുവിന്റെ പേരില്‍ സ്വര്‍ഗ്ഗം അനുവദിക്കുമെങ്കില്‍ മറ്റൊരവസരത്തില്‍ പറയാം!

“അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും”(മത്താ: 6; 31-33).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3675 views

LOG IN

Lost your password?

SIGN UP

LOST PASSWORD