അറിഞ്ഞിരിക്കാന്‍

മറഞ്ഞിരിക്കുന്ന സാത്താനെ തുറന്നുകാട്ടുന്നവര്‍ സൂക്ഷിക്കുക!

Print By
about

10 - 12 - 2016

റഞ്ഞിരുന്നു പ്രവര്‍ത്തിക്കുന്ന സാത്താനെ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ നാം അതീവജാഗ്രത പുലര്‍ത്തണം. എന്തെന്നാല്‍, തന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാണിക്കുന്നവരോട് ഇവന് അടങ്ങാത്ത പകയാണുള്ളത്. അതുപോലെതന്നെ, തന്റെ അനുയായികളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെ വെളിപ്പെടുത്തുന്നവരോടും ഇവന്‍ പ്രതികാരം ചെയ്യും! എതിര്‍ക്രിസ്തു എന്നറിയപ്പെടുന്ന എതിര്‍ മ്ശിഹായെ വ്യക്തതയോടെ ആരും മനസ്സിലാക്കരുതെന്ന് ആഗ്രഹിക്കുന്ന പിശാച്, തന്റെ അനുയായികളെ വിവിധ സഭകളില്‍ വിന്യസിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സകലരെയും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവന്‍ കടന്നുവരുമ്പോള്‍, അവനെ തിരിച്ചറിയുന്നവരായി ആരും ഉണ്ടാകരുതെന്നതാണ് അവന്റെ ആഗ്രഹം. ഇക്കാരണത്താല്‍ത്തന്നെ, എതിര്‍ക്രിസ്തുവിനെ വെളിപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നവര്‍ സൂക്ഷ്മതയോടെ നിലകൊള്ളണം! ആയതിനാല്‍, സാത്താന്റെ ഒളിത്താവളങ്ങളെക്കുറിച്ചും അവന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും അവനെ എപ്രകാരം ലോകത്തിനുമുന്നില്‍ അനാവരണം ചെയ്യണം എന്നതിനെക്കുറിച്ചുമാണ് ഈ ലേഖനത്തിലൂടെ ചിന്തിക്കുന്നത്. കൂടാതെ, അവനെ വെളിപ്പെടുത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചും നാമിവിടെ ചര്‍ച്ചചെയ്യുന്നു.

നാം വളരെ ഗൗരവമായി ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്യേണ്ട ഒരു വചനം ആരംഭത്തില്‍ത്തന്നെ കുറിക്കുകയാണ്. വചനമിതാണ്: "വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനംമുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെ ആരാധിക്കും"(വെളി: 13; 8). ഇത്തരത്തില്‍ സ്വീകാര്യതയുള്ളവനായി ഈ ഭൂമുഖത്തേക്ക് കടന്നുവരുന്ന ഒരുവനാണ് എതിര്‍ മ്ശിഹായെങ്കില്‍, അവനെ തിരിച്ചറിയുകയെന്നത് ശ്രമകരമാണ്. അതിനാല്‍ത്തന്നെ, നാം അതീവജാഗ്രതയോടെ മാത്രമേ ഓരോന്നിനെയും വിവേചിക്കാവൂ! ബൈബിള്‍ നല്‍കുന്ന ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "കാരണം, കള്ള മ്ശിഹാമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു"(മര്‍ക്കോ: 13; 22, 23). യേഹ്ശുവായുടെ വാക്കുകളാണിത്! ആയതിനാല്‍, ഈ വിഷയങ്ങളെക്കുറിച്ചെല്ലാം ഗൗരവമായി നാമിവിടെ ചിന്തിക്കാന്‍ പോകുന്നു.

എതിര്‍ മ്ശിഹായെയും അവന്റെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് അനേകം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇവയില്‍ ഏറെയും അബദ്ധങ്ങളും ഊഹങ്ങളും മാത്രമാണ്. പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യാന്‍ മനോവ ശ്രമിക്കുന്നില്ല. തങ്ങള്‍ക്കു ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തില്‍ ആത്മാര്‍ത്ഥതയോടെ തന്നെയാണ് ഇവരില്‍ ഏറെപ്പേരും പ്രചരണം നടത്തുന്നത്. എന്നാല്‍, എതിര്‍ മ്ശിഹായെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലോകമറിയാതിരിക്കാന്‍, സാത്താന്‍തന്നെ പ്രബോധനം നല്‍കി രംഗത്തിരക്കിയിരിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. സത്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അസത്യം പ്രചരിപ്പിക്കുമ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നത് ഗൗരവത്തോടെ നാം ഓര്‍ക്കണം. യേഹ്ശുവായുടെ നാമത്തില്‍ത്തന്നെ വ്യാജപ്രബോധകര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍, ആത്മീയജ്ഞാനം നേടിയിട്ടില്ലാത്ത സകലരും അപകടത്തില്‍ നിപതിക്കും. ആയതിനാല്‍, വചനം എപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ടായിരിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. വചനവിരുദ്ധമെന്നു തോന്നുന്ന ഏതൊരു പ്രബോധനത്തെയും, അവ പ്രചരിപ്പിക്കുന്നവരുടെ അധികാരസ്ഥാനങ്ങളെയും ചിഹ്നങ്ങളെയും പരിഗണിക്കാതെതന്നെ തള്ളിക്കളയണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ മ്ശിഹായാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും"(മത്താ: 24; 4,7).

മ്ശിഹായാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അധികപേര്‍ നമ്മേ സമീപിച്ചില്ലെങ്കിലും, അവിടുത്തെ നാമത്തിലാണ് താന്‍ വന്നിരിക്കുന്നതെന്നു സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നവര്‍ അനേകരായിരിക്കും. യഥാര്‍ത്ഥ വചനത്തില്‍നിന്നു വ്യതിചലിച്ചുള്ള ആശയങ്ങളിലേക്ക് പടിപടിയായി നയിക്കുകയെന്ന ശൈലിയായിരിക്കും ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. വചനത്തില്‍ ആഴമായ ബോധ്യമില്ലാത്തവരെ എളുപ്പത്തില്‍ വഴിതെറ്റിക്കാന്‍ കഴിയുന്നവിധം കപടവിനയം ഇവരുടെ മുഖമുദ്രയായിരിക്കും! വിനയത്തോടെ നമ്മെ സമീപിക്കുന്നവരെല്ലാം വ്യാജന്മാരാണെന്ന വ്യാഖ്യാനം ഈ വരികളില്‍ വായിച്ചെടുക്കരുത്. ഏതൊരു സുവിശേഷകന്റെയും ഹൃദയത്തില്‍ വിനയം അനിവാര്യമാണ്. എന്നിരുന്നാലും, അമിതമായ വിനയപ്രകടനങ്ങളെ സൂക്ഷിക്കണം. എന്തെന്നാല്‍, ഭാവത്തില്‍ വിനയവും ഹൃദയത്തില്‍ അഹങ്കാരവും കാത്തുസൂക്ഷിക്കുന്ന അനേകരുണ്ട്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടുകൂടെ വ്യര്‍ത്ഥമായി അഹങ്കരിക്കുന്നവരത്രേ"(കൊളോ: 2; 18). ഏകരക്ഷകനില്‍നിന്നു നമ്മെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന എല്ലാ പ്രബോധനങ്ങളെയും നാം സൂക്ഷിക്കണം. നമ്മുടെ രക്ഷയെ തീഷ്ണമായി അഭിലഷിക്കുന്ന ദൈവദാസന്മാരായ അപ്പസ്തോലന്മാരാണ് ഇക്കാര്യങ്ങളിലൊക്കെ നമുക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്!

ദര്‍ശനങ്ങളും വെളിപാടുകളും വ്യാഖ്യാനിച്ചുകൊണ്ട് നമുക്കിടയില്‍ ചുറ്റിത്തിരിയുന്നരെയും അടയാളങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരെയും ശ്രദ്ധിക്കുന്നതുപോലും അപകടം വരുത്തിവയ്ക്കും. ഓരോ കാലങ്ങളിലും ഇത്തരക്കാര്‍ നമുക്കിടയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വപ്നത്തില്‍ സ്വര്‍ഗ്ഗരാജ്യ സന്ദര്‍ശനം നടത്തിയവര്‍ തങ്ങളുടെ ദര്‍ശനങ്ങള്‍ വിവരിച്ചുകൊണ്ട്, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം വിവരണങ്ങളുമായി ആരെയും ദൈവം നമ്മുടെ അടുക്കലേക്ക് അയച്ചിട്ടില്ല. ഭാവിയില്‍ അവിശ്വാസത്തിലേക്കുപോലും നയിക്കപ്പെട്ടേക്കാവുന്ന അടയാളങ്ങളുമായി നമ്മേ സമീപിക്കുന്നവരും കുറവല്ല. അടയാളങ്ങളെല്ലാം ദൈവത്തില്‍നിന്നാണെന്നു കരുതരുത്. എന്തെന്നാല്‍, വലിയ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അനേകരെ വഴിതെറ്റിക്കാന്‍ സാത്താന്‍ ശ്രമിക്കും. അടയാളങ്ങളെ വ്യാഖ്യാനിക്കാനുള്ള ആത്മീയജ്ഞാനം ലഭിച്ചിട്ടില്ലാത്തവര്‍ പിശാചിനെ അനുഗമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാരണത്താല്‍ത്തന്നെ, അടയാളങ്ങളെയും അദ്ഭുതങ്ങളെയും സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് യേഹ്ശുവാ നല്‍കിയിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തല്‍ നോക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസ: 2; 9- 12).

താന്‍തന്നെയാണ് വഴിയും സത്യവും ജീവനുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് യേഹ്ശുവായാണ്. അവിടുത്തെ വാക്കുകളില്‍ ഒരു നിഗൂഢതയും മറഞ്ഞിരിപ്പില്ല. ആര്‍ക്കും മനസ്സിലാകുന്നവിധത്തില്‍ ലളിതമായിത്തന്നെയാണ് അവിടുന്ന് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ ഗ്രഹിക്കാന്‍ യാതൊരു പാണ്ഡിത്യവും ആവശ്യവുമില്ല. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങള്‍ കൗശലപൂര്‍വ്വം പഠിപ്പിക്കുന്ന അനേകര്‍ ഈ ലോകത്തുണ്ട്. ലളിതമായ വചനങ്ങളെ കഠിനമാക്കി പഠിപ്പിക്കുന്നവരുടെ അജണ്ടകള്‍ നാം തിരിച്ചറിയണം. യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പഠിച്ച അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളാണ് നമ്മുടെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം. അപ്പസ്തോലനായ പത്രോസ് ഇപ്രകാരം വിളിച്ചുപറഞ്ഞു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). യേഹ്ശുവാ വെളിപ്പെടുത്തിയതും അപ്പസ്തോലന്മാര്‍ ഓര്‍മ്മപ്പെടുത്തിയതുമായ ഈ സത്യത്തില്‍നിന്നു വ്യതിചലിക്കുന്ന ഓരോരുത്തരും തങ്ങളുടെ നാശമാണ് തിരഞ്ഞെടുക്കുന്നത്. യേഹ്ശുവായാണ് ഏകരക്ഷയെന്നു സമ്മതിക്കുകയും, മറ്റിതര മാര്‍ഗ്ഗങ്ങളിലൂടെയും ഈ രക്ഷ സ്വന്തമാക്കാമെന്ന് കൗശലപൂര്‍വ്വം സമര്‍ത്ഥിക്കുകയും ചെയ്യുന്ന വ്യാജപണ്ഡിതന്മാര്‍ ഇറങ്ങിയിട്ടുണ്ട്. വിഗ്രഹം ഇല്ലെന്നും, അതിനാല്‍ത്തന്നെ വിഗ്രഹാരാധന എന്നത് വെറും ഭാവനയാണെന്നും ഇവര്‍ പഠിപ്പിക്കുന്നു. അന്യദേവന്മാരും വിജാതിയതയും ഇല്ലെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. വിഗ്രഹാരാധനയില്‍ തുടരുന്നവരെ മാനസ്സീകവും ആത്മീയവുമായി ശക്തിപ്പെടുത്തി, ആ തിന്മയില്‍ നിലനിര്‍ത്താനുള്ള സാത്താന്റെ കുതന്ത്രമാണ് ഇതിലൂടെ ഇവര്‍ നടപ്പാക്കുന്നത്.

സാത്താനു മറപിടിക്കാന്‍ സുവിശേഷകരും!

അറിഞ്ഞുകൊണ്ടോ അറിയാതെയോ സാത്താനു മറപിടിക്കുന്നവരായി സുവിശേഷകരും മാറാറുണ്ട്. അപകടകരമായ ആശയങ്ങളുടെ വക്താക്കളെ അന്ധമായി പിന്‍പറ്റുന്ന നിഷ്കളങ്കരും ഇക്കൂട്ടത്തില്‍പ്പെടും. തങ്ങള്‍ ഗുരുതുല്യരായി പരിഗണിച്ചിരിക്കുന്ന ചില പ്രഘോഷകരുടെ ആശയങ്ങള്‍ക്കപ്പുറം വചനത്തില്‍ ആഴമില്ലാത്തവരാണ് ഇക്കൂട്ടര്‍! ആദ്ധ്യാത്മികതയില്‍ ഒരുവനെ കൈപിടിച്ചുയര്‍ത്തിയ വ്യക്തികളും സമൂഹങ്ങളും ആചാര്യന്മാരുമുണ്ടാകാം. അവരെയെല്ലാം നന്ദിയോടെ സ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. എന്നാല്‍, അവര്‍ ഉയര്‍ത്തുന്ന എല്ലാ ബോധ്യങ്ങളെയും അപ്പാടെ വിഴുങ്ങുകയെന്നതല്ല യഥാര്‍ത്ഥ ആദ്ധ്യാത്മികത. പാല് കുടിക്കേണ്ട പ്രായത്തില്‍ പാല് കുടിക്കുകയും, കട്ടിയാഹാരം ദഹിക്കാന്‍ പ്രായമാകുമ്പോള്‍ കട്ടിയാഹാരത്തിലേക്കു തിരിയുകയും ചെയ്യേണ്ടത് വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നു നമുക്കറിയാം. ആദ്ധ്യാത്മികതയിലും ഇത്തരത്തിലുള്ള ഘട്ടങ്ങളുണ്ട്. ചില ആത്മീയാചാര്യന്മാരോടുള്ള പ്രത്യേക മമതമൂലം അവരുടെ പ്രഘോഷണങ്ങള്‍ എന്താണെന്നുപോലും ശ്രദ്ധിക്കാതെ അവ പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന ചിലരെ മനോവ ശ്രദ്ധിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളിലൂടെ പുറപ്പെടുന്ന നന്മയുടെ സന്ദേശങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്നവരും അനേകരാണ്.

കത്തോലിക്കാസഭയില്‍നിന്നു വിട്ടുപോകാന്‍ തയ്യാറെടുത്തുനിന്ന അനേകരെ സഭയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ മനോവയുടെ ലേഖനങ്ങള്‍ കാരണമായിട്ടുണ്ട്. ദൈവത്തെ വിശ്വസിക്കാത്ത പലരെയും ദൈവവിശ്വാസത്തിലേക്കു നയിക്കാനും മനോവ നിമിത്തമായിട്ടുണ്ട്. യേഹ്ശുവായുടെ യഥാര്‍ത്ഥ നാമം അറിയുവാനും വിജാതിയതയിലെ ദുരന്തം മനസ്സിലാക്കാനും മനോവയുടെ ലേഖനങ്ങള്‍ കാരണമായി. ഇസ്ലാമികതയുമായി ക്രിസ്തീയതയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന യാഥാര്‍ത്ഥ്യം അനേകര്‍ തിരിച്ചറിഞ്ഞത് മനോവയിലൂടെയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെ, മനോവയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്! എന്തെന്നാല്‍, നിങ്ങളെ യഥാര്‍ത്ഥ വഴിയില്‍ എത്തിക്കുകയെന്ന ഉത്തരവാദിത്ത്വം മാത്രമാണ് മനോവ ഏറ്റെടുത്തത്; മറിച്ച്, മനോവ ഉയര്‍ത്തുന്ന എല്ലാ ആശയങ്ങളുടെയും അടിമകളാക്കാന്‍ ശ്രമിക്കുന്നില്ല. വചനത്തില്‍ അടിസ്ഥാനമില്ലാത്ത ആശയങ്ങള്‍ മനോവ ഉയര്‍ത്തിയാല്‍, മുന്‍കാലത്ത് നിങ്ങളെ പടുത്തുയര്‍ത്താന്‍ സഹായിച്ചുവെന്ന കാര്യം പരിഗണിക്കാതെതന്നെ ഇത്തരം ആശയങ്ങള്‍ തള്ളിക്കളയണം. സാത്താന്‍ കൗശലക്കാരനും മറഞ്ഞിരിക്കുന്നവനുമാണെന്ന വസ്തുത ആരും വിസ്മരിക്കരുത്. ഒരുവന്റെ ആത്മാവിനു പകരമായി നല്‍കാന്‍ ഒന്നുമില്ല. മനോവയോ സഭാനേതാക്കന്മാരോ മറ്റേതെങ്കിലും ആചാര്യന്മാരോ അല്ല നിങ്ങള്‍ക്കായി പരിഹാരബലി അര്‍പ്പിച്ചത്! ആത്മീയമായി പടുത്തുയര്‍ത്താന്‍ ദൈവം നിയോഗിച്ച വ്യക്തികളും സംവീധാനങ്ങളും എന്ന പരിഗണന അത് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുക. ആത്മീയതയില്‍ അടിമത്വമില്ല; എല്ലാവരെയും സ്വാതന്ത്ര്യത്തിലേക്കാണ് അവിടുന്ന് നയിച്ചത്. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്"(റോമാ: 8; 15). ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുടെയോ, ഏതെങ്കിലും അബദ്ധസിദ്ധാന്തങ്ങളുടെയോ അടിമകളായി സ്വയം സമര്‍പ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക!

ആത്മീയതയില്‍ വ്യാപരിക്കുന്ന ഓരോരുത്തരും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആത്മീയ ഉപദേശങ്ങളെത്തന്നെയാണ്. ഒരു ആത്മീയ മനുഷ്യനെ നശിപ്പിക്കണമെങ്കില്‍ ആത്മീയതയുടെ പരിവേഷം അനിവാര്യമാണെന്ന് പിശാചിനറിയാം. അതിനാല്‍, മാലാഖാമാരുടെ വേഷത്തില്‍പ്പോലും അവന്‍ കടന്നുവരുമെന്ന് നാം മനസ്സിലാക്കിയിരിക്കണം. ആശയപരമായ അബദ്ധങ്ങളില്‍ ഒരുവന്‍ വീണുപോയാല്‍ അവന്റെ മോചനം എളുപ്പമല്ല. ആത്മീയ ചിഹ്നങ്ങളും നാമങ്ങളും കണ്ട് വഞ്ചിതരായ അനേകരുണ്ട്. ആയതിനാല്‍, ഈ ഉപദേശം ഗൗരവത്തോടെ പരിഗണിക്കുക: "അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്തോലന്മാരും വഞ്ചകരായ ജോലിക്കാരും മ്ശിഹായുടെ അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണ്. അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2 കോറി: 11; 13- 15). യേഹ്ശുവാ എന്ന ഏകരക്ഷയിലേക്ക് വിരല്‍ചൂണ്ടാത്ത ആശയങ്ങളെ മുഴുവന്‍ തള്ളിക്കളയുക. യേഹ്ശുവായിലേക്ക് നയിക്കാന്‍ നിഗൂഢമായ വഴികളൊന്നുമില്ല; ഗ്രഹിക്കാന്‍ പ്രയാസമുള്ള ആശയക്കസര്‍ത്തുകളും ആവശ്യമില്ല! എന്നാല്‍, സത്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ നിഗൂഢമായ പല ആശയങ്ങളും പ്രയോഗിക്കേണ്ടിവരും! ഇവിടെയാണ്‌ നമ്മുടെ ജാഗ്രത ആവശ്യമായി വരുന്നത്. ആത്മീയയാത്രയില്‍ അനേകം കൈച്ചൂണ്ടികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും നമ്മുടെ ലക്ഷ്യസ്ഥാനമോ വിശ്രമകേന്ദ്രങ്ങളോ അല്ല. കൈച്ചൂണ്ടികള്‍ക്ക് കീഴെ വിശ്രമം കണ്ടെത്തിയ അനേകര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാതെ പരാജയപ്പെട്ടിട്ടുണ്ട്! ആയതിനാല്‍, ആത്മീയ ശുശ്രൂഷകരെ കൈച്ചൂണ്ടികളായി പരിഗണിക്കുമ്പോള്‍പ്പോലും, നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ ശ്രദ്ധിക്കണം.

സാത്താനു മറപിടിക്കുന്ന സുവിശേഷകരുള്ളതുപോലെതന്നെ, സഭകള്‍ പ്രചരിപ്പിക്കുന്ന ആധുനീക മതബോധനങ്ങളും അവനു ഒളിത്താവളമായി മാറിയിട്ടുണ്ട്. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥങ്ങളിലൊന്നായ യുവജന മതബോധനഗ്രന്ഥം ഇക്കൂട്ടത്തിലുള്ള ഒരു ഒളിത്താവളമാണ്. ധ്യാനകേന്ദ്രങ്ങളിലും കത്തോലിക്കാസഭയുടെ മറ്റിതര സ്ഥാപനങ്ങളിലും അതീവതാല്‍പര്യത്തോടെ പ്രചരിപ്പിക്കുന്ന ഈ പുസ്തകത്തില്‍ ഒളിഞ്ഞിരിക്കുന്ന സാത്താനെ പലരും തിരിച്ചറിഞ്ഞിട്ടില്ല. വരാനിരിക്കുന്ന എതിര്‍ മ്ശിഹായെ ഈ പുസ്തകം രക്ഷകനായി അവതരിപ്പിച്ചിരിക്കുന്നു. പലപ്പോഴായി ഈ വിഷയം വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മനോവ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരിക്കല്‍ക്കൂടി അതിവിടെ കുറിക്കുന്നു.

യുവജന മതബോധനഗ്രന്ഥത്തിന്റെ എണ്‍പത്തിനാലാം പേജ് (മലയാളം പരിഭാഷ) ഇങ്ങനെയൊരു ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്: "സഭ മറ്റു മതങ്ങളെ എങ്ങനെ കാണുന്നു?" ദൈവജനത്തെ ബോധവത്ക്കരിക്കാനായി ഉയര്‍ത്തിയ ഈ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയാണു വായിക്കുന്നത്: "മറ്റു മതങ്ങളില്‍ നന്മയായും സത്യമായും കാണുന്നവയെയെല്ലാം സഭ ബഹുമാനിക്കുന്നു. മനുഷ്യാവകാശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സഭ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. എന്നാലും മനുഷ്യവംശം മുഴുവന്‍റെയും ഏകരക്ഷകന്‍ യേശുക്രിസ്തു ആണെന്നു സഭ പറയുന്നു. അവിടുന്നു മാത്രമാണ് വഴിയും സത്യവും ജീവനും"(പേജ് നമ്പര്‍:84). സത്യദൈവ വിശ്വാസികളെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ പിശാചിലേക്കു നയിക്കുന്നതിനുള്ള പ്രാരംഭ നടപടി മാത്രമാണ് ഈ ഉത്തരം. എന്തെന്നാല്‍, പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി അപ്പസ്തോലനായ പൗലോസ് ഇപ്രകാരം എഴുതിവച്ചിരിക്കുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പിശാചിനെ സേവിക്കുന്നവരില്‍നിന്ന് എന്തു നന്മയും സത്യവുമാണ് ഈ വിജ്ഞാനികള്‍ കണ്ടെത്തിയത്! യേഹ്ശുവാ മാത്രമാണ് വഴിയും സത്യവും ജീവനും എന്ന് ഏറ്റുപറഞ്ഞുകൊണ്ടുതന്നെ ഇത്തരം ഭോഷ്ക്കുകള്‍ പറയുന്നവര്‍ ഓര്‍ക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). ദൈവത്തിന്റെ താക്കീതുകളെ അവഗണിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ അവസ്ഥ ഇതാണ്: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1 കോറി: 8; 2).

പ്രബോധനം ഇവിടംകൊണ്ട് അവസാനിച്ചിട്ടില്ല. യുവജന മതബോധന ഗ്രന്ഥത്തിലൂടെ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ തന്റെ 'വിജ്ഞാനം' ദൈവജനത്തിലേക്കു പകരുന്നത് ശ്രദ്ധിക്കുക: "ദൈവത്തെ അന്വേഷിക്കുന്ന ആരും ക്രൈസ്തവരായ നമ്മോട് അടുപ്പമുള്ളവരാണ്. മുസ്ലിങ്ങളോട് സവിശേഷമായ ഒരളവില്‍ 'ചാര്‍ച്ച'യുണ്ട്. യഹൂദമതവും ക്രിസ്തുമതവും പോലെ ഇസ്ലാംമതവും ഏകദൈവ വിശ്വാസമുള്ള മതമാണ്‌(ഏകദൈവവിശ്വാസം). മുസ്ലീങ്ങളും സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു"(പേജ് നമ്പര്‍:84). മദ്രസയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കൊച്ചുകുട്ടികളില്‍നിന്നു കേട്ടതിനപ്പുറം, ഖുറാന്‍ എന്ന പുസ്തകം തുറന്നുനോക്കാനെങ്കിലും ഷോണ്‍ബോണും സംഘവും തയ്യാറായിരുന്നെങ്കില്‍ ഈ വിഡ്ഢിത്തം എഴുതുമായിരുന്നില്ല. മുഹമ്മദിനെ പ്രവാചകനായി പ്രഖ്യാപിച്ചുവെന്ന് അവന്‍ അവകാശപ്പെടുന്ന ദൈവത്തെയാണ് കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ വിശ്വസിക്കുന്നതെങ്കില്‍, ആ ദൈവത്തെയല്ല മനോവ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്! പിശാചിനെ ഏകദൈവമായി ഏതെങ്കിലും മതം പ്രഖ്യാപിച്ചാല്‍, ആ ദൈവത്തെ സത്യദൈവമായി പരിഗണിക്കാന്‍ കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്ക് ബാധ്യതയുണ്ടോ? സത്യദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്‍റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല"(ബാറൂക്ക്:3;23). ഹാഗാറിന്റെ സന്തതികള്‍ ജ്ഞാനം അന്വേഷിക്കുന്നവരല്ല; മറിച്ച്, കെട്ടുകഥകളെ സത്യമെന്നു കരുതി അന്ധകാരത്തില്‍ ജീവിക്കുന്നവരാണ്! അല്ലാഹുവെന്ന് ഇവര്‍ വിളിക്കുന്ന ചന്ദ്രദേവനെയല്ല സത്യവിശ്വാസികള്‍ വിശ്വസിക്കുന്നത്!

മതബോധന ഗ്രന്ഥത്തിലൂടെ ഇസ്ലാമിനെ മഹത്വവത്കരിക്കുന്ന മറ്റൊരു സന്ദേശമിതാണ്: "യേശുവിനെ വലിയൊരു പ്രവാചകനായി ഖുറാന്‍ പരിഗണിക്കുന്നു"(പേജ് നമ്പര്‍ 84). ഖുറാനില്‍ എവിടെയും യേഹ്ശുവായുടെ നാമം ഇല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നത് സാത്താനാണ്‌. മനുഷ്യപുത്രനായി പിറന്ന ദൈവപുത്രനെ ഇസ്ലാം അംഗീകരിക്കുന്നില്ല. പാപികള്‍ക്കുവേണ്ടി കുരിശില്‍ മരിക്കുകയും മൂന്നാംനാള്‍ ഉയിപ്പിക്കപ്പെടുകയും ചെയ്ത യേഹ്ശുവായെ അംഗീകരിക്കുന്ന ഒരുവന്‍പോലും ഇസ്ലാമിലില്ല. യേഹ്ശുവായിലൂടെ ഈ ലോകത്തിനു ദൈവം തന്ന അനുഗ്രഹത്തെ നിഷേധിക്കുന്നതിനുവേണ്ടി മാത്രമാണ് മുഹമ്മദും ഇസ്ലാമും ഈ ലോകത്ത് അവതരിച്ചത്.

ഈസാനബി തന്നെയാണ് യേഹ്ശുവാ എന്ന് പ്രചരിപ്പിക്കുന്നവരെ നയിക്കുന്നത് എതിര്‍ മ്ശിഹായുടെ ആത്മാവാണ്! എന്തെന്നാല്‍, 'എതിര്‍ക്രിസ്തു' എന്ന്‍ അറിയപ്പെടുന്ന എതിര്‍ മ്ശിഹാ തന്നെയാണ് ഈസാനബി. ഖുറാനിലെ ഈസാനബിയെ സംബന്ധിച്ചുള്ള എല്ലാ അടയാളങ്ങളും ബൈബിളിലെ എതിര്‍ മ്ശിഹായില്‍ കാണാന്‍ കഴിയും! കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന പുസ്തകത്തിലൂടെ വരാനിരിക്കുന്ന ദുരന്തം ചെറുതല്ല. അനേകരെ എതിര്‍ മ്ശിഹായുടെ അനുയായികളാക്കാനും നശിപ്പിക്കാനും സാത്താന്‍ ഒരുക്കിവച്ചിരിക്കുന്ന കെണിയാണ്‌ ഈ പുസ്തകം! പൗരസ്ത്യസഭയില്‍ ഉടലെടുത്ത പൈശാചികതയെ ആഗോള കത്തോലിക്കാസഭ ഏറ്റെടുത്തു എന്നതിന്റെ ഏറ്റവും വലിയ തെളിവായും ഈ പുസ്തകത്തെ കാണാം. പൗരസ്ത്യ സുറിയാനി സഭയുടെ സംഭാവനയാണ് ഇസ്ലാംമതം എന്നകാര്യം ആരും മറക്കരുത്. വറക്ക ഇബ്നു നൗഫല്‍ എന്ന സുറിയാനി പാതിരിയാണ് ഖുറാന്റെ സൃഷ്ടാവ്! ഈ പാതിരിയും മുഹമ്മദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനോവ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. സുറിയാനിവാദികള്‍ക്ക് ഇസ്ലാമിനോടുള്ള പ്രണയത്തിന്റെ ഫലമായി ക്രിസ്ത്യാനികളുടെ സഹോദരമതമായി ഈ പൈശാചികതയെ അംഗീകരിക്കുകയും ചെയ്യുന്നു. കേരളത്തിലെ തീവ്ര സുറിയാനി വാദക്കാര്‍ തങ്ങളുടെ ആത്മീയപിതാക്കന്മാരില്‍ ഒരുവനായി പരിഗണിക്കുന്നത് അബ്ദുള്‍ ജലീലിനെയാണ്. അബ്ദുള്ള എന്നാല്‍ അല്ലാഹുവിന്റെ അടിമ എന്നാണ് അര്‍ത്ഥം! അല്ലാഹുവിന്റെ അടിമ എങ്ങനെ ക്രിസ്ത്യാനിയുടെ ആത്മീയ പിതാവാകും?

ക്രിസ്തീയതയെ ആകമാനം ബാധിച്ചിരിക്കുന്ന 'ഈസ്റ്റേണ്‍ മിസ്റ്റിസിസം' എന്ന പൈശാചികതയും പൗരസ്ത്യ ആദ്ധ്യാത്മികതയുടെ സംഭാവനയാണ്. ഈ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കു കടക്കാതെതന്നെ, ഇസ്ലാമികതയുമായി എതിര്‍ മ്ശിഹായ്ക്കുള്ള ബന്ധവും, ഇത് തിരിച്ചറിയാത്ത ക്രിസ്ത്യാനികള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തത്തിന്റെ ആഴവും പരിശോധിക്കാം. യേഹ്ശുവായുടെ പുനരാഗമാനത്തെ പ്രതീക്ഷിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികള്‍! കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തില്‍ ഇത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, ഈസാനബിയുടെ വരവിനെ ഇസ്ലാമിക വിശ്വാസികളും പ്രതീക്ഷിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, യേഹ്ശുവായും ഈസാനബിയും ഒരുവന്‍തന്നെയാണെന്നു കരുതുന്ന ക്രിസ്ത്യാനികള്‍ക്ക് അപകടം സംഭവിക്കും. എന്തെന്നാല്‍, ഇസ്ലാം കാത്തിരിക്കുന്നത് ഇമാം മഹ്ദിയുടെ സഹായിയായി കടന്നുവരുന്ന ഈസാനബിയെയാണ്. വെളിപാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വ്യാജപ്രവാചകന്റെ എല്ലാ അടയാളങ്ങളോടും കൂടെയാണ് മഹ്ദി വരുന്നത്. അതുപോലെതന്നെ, വ്യാജപ്രവാചകനെ പിന്തുണച്ചുകൊണ്ട് എതിര്‍ മ്ശിഹാ എന്ന അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷനാകും. ഇവനെ നശിപ്പിക്കാന്‍ ഒലിവുമലയില്‍ ഇറങ്ങിവരുന്നവനാണ് യഥാര്‍ത്ഥ രക്ഷകനായ യേഹ്ശുവാ! അതായത്, ഇസ്ലാം കാത്തിരിക്കുന്ന ഈസാനബി യഥാര്‍ത്ഥത്തില്‍ എതിര്‍ മ്ശിഹായാണ്. ഈസാനബിയെ യേഹ്ശുവായായി പരിഗണിക്കുന്ന സകലരും ഇത്തരത്തില്‍ വഞ്ചിക്കപ്പെടുകയും നരകശിക്ഷയ്ക്ക് ഇരയാകുകയും ചെയ്യും! ഇക്കാര്യങ്ങളൊക്കെ വിശദമായി വെളിപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.

`ഇമാം മഹ്ദി` വരുന്നു....ഇസ്ലാം അവനായി കാത്തിരിക്കുന്നു!

ഇമാം മഹ്ദിയും ഇസ്ലാമിന്റെ വ്യാമോഹങ്ങളും!

അടിസ്ഥാനപരമായി എല്ലാ വിജാതിയരും പിശാചിനെയാണ് ആരാധിക്കുന്നതെങ്കിലും ഇസ്ലാംമതത്തിനു മറ്റു വിജാതിയ മതങ്ങളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ട്. മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായി ഇവര്‍ വ്യാജ മ്ശിഹായെ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഏക ജനതയാണ്. അതുപോലെതന്നെ, ഈസാനബി തന്നെയാണ് യേഹ്ശുവാ എന്ന് ശക്തമായി വിശ്വസിക്കുന്ന ഒരു വിഭാഗം ക്രിസ്തീയതയിലുമുണ്ട്. പൗരസ്ത്യസഭക്കാര്‍ യേഹ്ശുവായുടെ പേരുപോലും ഈശോ എന്നാക്കിയത് ഗൗരവമായി കാണണം. ഈസാ എന്ന വ്യാജനു സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഇതു കാരണമായി. പാശ്ചാത്യരാജ്യങ്ങളില്‍ ഈസാ എന്ന വ്യാജന് അത്രതന്നെ സ്വീകാര്യതയുണ്ടാകാതിരുന്നതും ശ്രദ്ധിക്കണം. 'ഈസ്റ്റേണ്‍ മിസ്റ്റിസിസം' കത്തോലിക്കാസഭയെ ആകമാനം വിഴുങ്ങുകയും രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളംബരം ചെയ്ത പൈശാചികത യൂറോപ്പിലെ ആത്മീയതയെ ഉണ്മൂലനംചെയ്യുകയും ചെയ്തപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ഇസ്ലാമിനെ യൂറോപ്പില്‍ വളര്‍ത്തുവാനുള്ള ഫ്രാന്‍സീസിന്റെ നീക്കങ്ങളും എതിര്‍ മ്ശിഹായുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. ക്രിസ്തീയ ആദ്ധ്യാത്മികതയില്‍ യാതൊരു ജ്ഞാനവുമില്ലാത്ത ജനതയായി യൂറോപ്പിലെ വിശ്വാസികള്‍ മാറിയതിനു പിന്നിലും ക്രൈസ്തവസഭകളുടെ പങ്ക് വലുതാണ്‌. സെക്കുലറിസത്തിന്റെ പിടിയില്‍ അകപ്പെട്ടുപോയ ഈ സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ഇസ്ലാമിന്റെ തുറുപ്പുചീട്ടാണ്‌ 'ഈസാനബി'! വ്യാജമായതിനെ സ്വീകരിക്കാനുള്ള മിഥ്യാബോധത്തിലേക്ക്‌ ക്രിസ്ത്യാനികളെ അധഃപതിപ്പിച്ചത് ആരാണ്?

യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി കടന്നുകൂടിയ മുസ്ലിങ്ങളുടെ മുഖ്യതൊഴില്‍ മതപ്രചരണവും ഖുറാന്‍ വിതരണവുമാണ്. ബൈബിളിലെ യേഹ്ശുവാതന്നെയാണ് ഈസാനബി എന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥമാണ് ഇവര്‍ തെളിവിനായി ഉയര്‍ത്തിക്കാണിക്കുന്നത്. 'ഫ്രീമേസണ്‍' സംഘങ്ങളുടെ ആസൂത്രിത നീക്കമായി ഇതിനെ കാണാം. ഇസ്ലാമിനെ മഹത്വവത്ക്കരിക്കുന്ന മതബോധനഗ്രന്ഥം മുന്‍കൂട്ടി തയ്യാറാക്കിയത് കത്തോലിക്കാസഭയിലെ ഫ്രീമേസണുകള്‍ ആണ്. അതുപോലെതന്നെ, ഇസ്ലാമിന് യൂറോപ്പില്‍ വിഹരിക്കാനുള്ള സൗകര്യം ഒരുക്കിയതും ഇവര്‍തന്നെ! ഇസ്ലാമിക അഭയാര്‍ത്ഥികളോടു കരുണകാണിക്കുകയും ക്രിസ്ത്യാനികളോട് ക്രൂരത കാണിക്കുകയും ചെയ്തുകൊണ്ട് വത്തിക്കാനിലെ രാജാവ് തന്റെ തനിനിറം വ്യക്തമാക്കുകയും ചെയ്തു! വ്യജമതത്തെ സമാധാനത്തിന്റെ മതമായി പ്രഖ്യാപിച്ചതിന്റെ പിന്നിലെ ലക്ഷ്യവും നാം തിരിച്ചറിയണം. എതിര്‍ മ്ശിഹായെ സ്വീകരിക്കുന്ന വലിയൊരു സമൂഹത്തെ ഒരുക്കിനിര്‍ത്തുകയെന്ന പൈശാചിക അജണ്ടയുടെ ഭാഗമായി കരുണയുടെ വര്‍ഷത്തെപ്പോലും സംശയിക്കണം.

ഇസ്ലാംമതവുമായോ മറ്റേതെങ്കിലും മതങ്ങളുമായോ ക്രിസ്തീയതയ്ക്ക് യാതൊരു ബന്ധവുമില്ല. ഇസ്രായേലിന്റെ പിന്തുടര്‍ച്ചക്കാരും യഥാര്‍ത്ഥ ഇസ്രായേലുമാണ് ക്രിസ്ത്യാനികള്‍! മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍ യേഹ്ശുവായെ തിരയുന്നവര്‍ വലിയ അപകടത്തിലായിരിക്കും അകപ്പെടുക. എന്തെന്നാല്‍, മറ്റൊരു മതഗ്രന്ഥങ്ങളിലും രക്ഷകനായ യേഹ്ശുവാ ഇല്ല! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ, യേഹ്ശുവായെ വിജാതിയരുടെ മതഗ്രന്ഥങ്ങളില്‍ അന്വേഷിച്ചുനടക്കുന്നവര്‍ സാത്താന്‍ ഒരുക്കിവച്ചിരിക്കുന്ന കെണികളില്‍ അകപ്പെട്ടിട്ടുണ്ട്. യേഹ്ശുവായുമായി രൂപസാദൃശ്യമുള്ള ഏതെങ്കിലും കഥാപാത്രങ്ങളെ ഇവര്‍ കണ്ടെത്തുകയും, അത് യേഹ്ശുവായാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ഇത്തരം ഗ്രന്ഥങ്ങളെക്കൂടി വിശുദ്ധ ഗ്രന്ഥങ്ങളായി പരിഗണിക്കാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ്! സാത്താന്റെ ആശയങ്ങള്‍ ദൈവമക്കളുടെമേല്‍ അടിച്ചേല്പിക്കുന്നതില്‍ ഇത്തരം അന്വേഷകര്‍ നിമിത്തമായിട്ടുണ്ട്. വിജാതിയരുടെ ആചാരങ്ങള്‍ അന്വേഷിക്കരുതെന്ന നിയമത്തില്‍ അടങ്ങിയിരിക്കുന്ന വിശാലമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവരാണ് ഈ അന്വേഷകര്‍! സത്യത്തില്‍നിന്നു ദൈവജനം വ്യതിചലിക്കാന്‍ സാധ്യതയുള്ള സകല മേഖലകളും നിയമംമൂലം ദൈവം വിലക്കിയിട്ടുണ്ട്. എന്നാല്‍, ദൈവീക നിയമങ്ങളോടു മറുതലിക്കുന്നതിനായി ഇക്കൂട്ടര്‍ തങ്ങളുടെ യുക്തിക്ക് ഇണങ്ങുന്ന നിയമങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നു!

ഏറ്റവും സുരക്ഷിതമായ ഇടങ്ങളാണ് തന്റെ ഒളിത്താവളങ്ങളായി സാത്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സുവിശേഷകരിലും മതബോധനങ്ങളിലും പതിയിരിക്കുന്ന സാത്താനെ തിരിച്ചറിയാന്‍ നമുക്കു കഴിയണം. ഇതിനെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1- 3). വിജാതിയരുടെ മതഗ്രന്ഥങ്ങള്‍ പരിശോധിക്കുന്നതും ആചാരങ്ങള്‍ അന്വേഷിക്കുന്നതും അന്യദേവന്മാരെ പിഞ്ചെല്ലുന്നതിന്റെ ഭാഗംതന്നെയാണ്. മറ്റു ദേവന്മാരിലൂടെയും വിശ്വാസങ്ങളിലൂടെയും സത്യത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന അബദ്ധങ്ങളുടെ പ്രഘോഷകരായി അധഃപതിച്ചവരെല്ലാം ഇത്തരത്തില്‍ നിയമം ലംഘിച്ചവരാണ്!

വിജാതിയര്‍ സേവിക്കുന്നത് പിശാചിനെയാണെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇവരുടെ മതഗ്രന്ഥങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയും പിശാചുതന്നെ! താന്‍ പതിയിരിക്കുന്ന ഈ ഗ്രന്ഥങ്ങളിലേക്ക് ദൈവജനത്തെ ആകര്‍ഷിക്കാന്‍ ആവശ്യമായ എല്ലാ കൗശലങ്ങളും സാത്താന്‍ ഇവയില്‍ പ്രയോഗിച്ചിട്ടുണ്ട്. അതിനാല്‍, ബൈബിള്‍ വചനങ്ങളെ സ്ഥിരീകരിക്കാന്‍ വിജാതിയ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട്  പ്രഘോഷണം നടത്തുന്നവരെ നാം സൂക്ഷിക്കണം. സാത്താന്‍ പതിയിരിക്കുന്ന അനേകം ഒളിത്താവളങ്ങള്‍ വേറെയുമുണ്ട്. ശാരീരികക്ഷമത നിലനിര്‍ത്താന്‍ നടത്തുന്ന ചില മെഡിറ്റേഷനുകള്‍, ചികിത്സാരീതികള്‍, ധ്യാനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ സാത്താന്‍ ഒളിഞ്ഞിരിക്കുന്നു. കലാകായിക രംഗങ്ങളില്‍ ഇവന്റെ സാന്നിധ്യം വ്യക്തവും ശക്തവുമാണ്!

സാത്താനെ വെളിപ്പെടുത്തുന്നവര്‍ ശ്രദ്ധിക്കുക!

യേഹ്ശുവായെ ലോകത്തിനു വെളിപ്പെടുത്തുന്നവരാണ് ഓരോ ദൈവശുശ്രൂഷകരും. എന്നാല്‍, മറഞ്ഞിരിക്കുന്ന സാത്താനെ വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വവും ഇവര്‍ക്കുണ്ട്. സത്യസന്ധമായാണ് ഒരുവന്‍ ബൈബിള്‍ പ്രഘോഷിക്കുന്നതെങ്കില്‍,  അവന്‍ സാത്താന്റെ കുടിലതകളെയും വെളിപ്പെടുത്തുന്നു. എന്തെന്നാല്‍, സാത്താനെയും അവന്റെ കൗശലങ്ങളെയും വ്യക്തതയോടെ വെളിപ്പെടുത്തിയിരിക്കുന്ന ബൈബിളാണ് ഇവന്റെ ആയുധം! ഓരോ ദൈവമക്കളും സാത്താനെതിരേ പോരാടുന്ന യോദ്ധാക്കളാണെന്നു ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക: "സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്"(എഫേ: 6; 11, 12). സ്വര്‍ഗ്ഗീയ ഇടങ്ങള്‍ ഏതെല്ലാമാണെന്നു നാം പരിശോധിച്ചുകഴിഞ്ഞു. ആത്മീയ പരിവേഷത്തോടെ കടന്നുവരികയും അബദ്ധങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളും സഭകളും മാത്രമല്ല, ചില മതഗ്രന്ഥങ്ങള്‍പ്പോലും ഈ ഗണത്തില്‍പ്പെടും. പോലീസ് അന്വേഷിക്കുന്ന ഒരു കുറ്റവാളിക്ക് ഒളിച്ചുകഴിയാന്‍ ഏറ്റവും സുരക്ഷിതമായ താവളം പോലീസ് മന്ത്രിയുടെ വീടുതന്നെയാണ്. ഇത് ഓരോരുത്തരുടെയും ചിന്തയിലുണ്ടായിരിക്കണം. ആയതിനാല്‍, നാം എന്തുചെയ്യണം?

ഈ ഉപദേശം ശ്രദ്ധിക്കുക: "അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും. അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫേ: 6; 13- 17). ഈ ഉപദേശത്തെ വ്യക്തതയോടെ ഗ്രഹിക്കാത്ത ആരും വചനശുശ്രൂഷയ്ക്ക് ഇറങ്ങരുത്. ആയതിനാല്‍, ദൈവീക ശുശ്രൂഷകള്‍ക്ക് ഇറങ്ങുന്ന ഓരോരുത്തരും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ഉപദേശത്തെ പഠനവിഷയമാക്കേണ്ടിയിരിക്കുന്നു.

സുവിശേഷ പ്രഘോഷണം ഒരു യുദ്ധംതന്നെയാണ്. ആയതിനാല്‍, യേഹ്ശുവായുടെ നാമത്തില്‍ ശുശ്രൂഷ ചെയ്യാന്‍ തയ്യാറാക്കുന്നവര്‍ എല്ലാ ആയുധങ്ങളും ധരിക്കേണ്ടിയിരിക്കുന്നു.നാം ഏര്‍പ്പെടാന്‍ പോകുന്നത് അസത്യത്തിനെതിരെയുള്ള പോരാട്ടമായതിനാല്‍ സത്യംകൊണ്ട് അരമുറുക്കണം. 'അരമുറുക്കല്‍' എന്നാല്‍ ദൗത്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ്. 'അരയും തലയും മുറുക്കി' എന്ന പ്രയോഗം നമുക്കെല്ലാം സുപരിചിതമാണല്ലോ! സുവിശേഷത്തിനായി ഒരുമ്പെട്ടിറങ്ങുന്ന ഓരോരുത്തരും മുറുകെപ്പിടിക്കേണ്ടത് സത്യമാണ്. അതായത്, സുവിശേഷത്തില്‍ മായംചേര്‍ക്കല്‍ അനുവദിച്ചിട്ടില്ല. മറ്റുള്ളവരെ വിശ്വസിപ്പിക്കേണ്ടതിനായി തങ്ങളുടേതായ ഒന്നും കൂട്ടിച്ചേര്‍ക്കേണ്ടതില്ല എന്നുതന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍, സുവിശേഷകരില്‍ ചിലരെങ്കിലും അതിശയോക്തിയുടെ പ്രഘോഷകരായി മാറിയിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. വ്യാജം പറഞ്ഞുകൊണ്ട് സുവിശേഷം പ്രചരിപ്പിക്കാന്‍ ആരെയും ദൈവം അയച്ചിട്ടില്ല. ഇത്തരക്കാരോടൊപ്പം യേഹ്ശുവായുടെ വാഗ്ദാനമായ പരിശുദ്ധാത്മാവ് വ്യാപരിക്കുമെന്ന് ആരും കരുതേണ്ടാ! എന്തെന്നാല്‍, വ്യാജം പറയുന്ന അധരങ്ങളെ ദൈവം വെറുക്കുന്നു. വചനം നോക്കുക: "കള്ളം പറയുന്ന അധരങ്ങള്‍ യാഹ്‌വെയ്ക്കു വെറുപ്പാണ്"(സുഭാ: 12; 22).

എന്നാല്‍, പിശാച് നുണയനും നുണയുടെ പിതാവുമാണെന്ന് നമുക്കറിയാം. അവനെക്കുറിച്ചുള്ള യേഹ്ശുവായുടെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്"(യോഹ: 8; 44). ആയതിനാല്‍, അസത്യത്തിനെതിരെയുള്ള പോരാട്ടത്തിനായി നാം ധരിക്കേണ്ട ആദ്യത്തെ ആയുധം സത്യമാണ്. അസത്യം പറയുമ്പോള്‍ നമ്മോടൊപ്പം സംരക്ഷകനായി ദൈവമുണ്ടാകില്ല. ഈ അവസരത്തില്‍ സാത്താനു നമ്മേ അനായാസം കീഴ്പ്പെടുത്താന്‍ സാധിക്കും.

അടുത്തതായി നാം ധരിക്കേണ്ടത് നീതിയുടെ കവചമാണ്. സുവിശേഷം പ്രഘോഷിക്കുന്നവര്‍ അനീതി പ്രവര്‍ത്തിക്കുന്നവരായാല്‍ ദൈവത്തിനു കൂടെനില്‍ക്കാന്‍ സാധിക്കില്ല; കാരണം, അവിടുന്ന് നീതിമാനാണ്! നമ്മിലെ നീതി പരിഗണിച്ചാണ് നാം വിധിക്കപ്പെടുന്നത്. അന്ത്യവിധിയെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ യേഹ്ശുവാ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ സുവിശേഷകരാണെങ്കില്‍പ്പോലും അവര്‍ പുറംതള്ളപ്പെടുമെന്ന വെളിപ്പെടുത്തല്‍ നോക്കുക: "അന്ന് പലരും എന്നോടു ചോദിക്കും: യേഹ്ശുവായേ, യേഹ്ശുവായേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍"(മത്താ: 7; 22, 23). എല്ലാത്തരം അനീതിയില്‍നിന്നും നാം അകന്നിരിക്കണം. നീതിയായിരിക്കണം നമ്മുടെ കവചം. അതായത്, നീതിമാനായ യേഹ്ശുവായെ നാം കവചമായി ധരിക്കണം. അന്യദേവന്മാരുടെ ആലയങ്ങളുമായോ വിഗ്രഹങ്ങളുമായോ യാതൊരു ബന്ധവും സുവിശേഷകര്‍ക്ക് പാടില്ല! അവിശ്വാസികളുമായുള്ള കൂട്ടുകെട്ടുകള്‍പോലും അനീതിയാണ്. വിഗ്രഹങ്ങളും വിഗ്രഹാലയങ്ങളും അനീതിയുടെ പൂര്‍ണ്ണതയാണെന്നു വ്യക്തമാക്കുന്ന ബൈബിള്‍ സന്ദേശം ശ്രദ്ധിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?"(2 കോറി: 6; 14). വെളിപ്പെടുത്തല്‍ ഇങ്ങനെ തുടരുന്നു: "ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്"(2 കോറി: 6; 16).

ദൈവം നമുക്ക് കവചമായിരിക്കണമെങ്കില്‍ അന്യദേവന്മാരുടെ മാലിന്യം നമ്മിലുണ്ടാകരുത്. ഇതാ, അവിടുത്തെ വെളിപ്പെടുത്തല്‍: "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 17, 18). നമുക്കുവേണ്ടി ദൈവം തന്നിരിക്കുന്ന നീതിയുടെ കവചം യേഹ്ശുവാതന്നെയാണ്!

ഇനി നാം ധരിക്കേണ്ടത് പാദരക്ഷകളാണ്! സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. നാം അറിയിക്കുന്നത് സമാധാനത്തിന്റെ സുവിശേഷമാണ്. അതിനാല്‍ത്തന്നെ, നമ്മില്‍ ഈ സമാധാനം ഉണ്ടായിരിക്കണം. നമ്മുടെ ഭവനത്തിലും നമ്മില്‍ത്തന്നെയും സമാധാനത്തിന്റെ അന്തരീക്ഷമില്ലാതെ മറ്റുള്ളവരോടു സമാധാനം പ്രഘോഷിക്കാന്‍ കഴിയില്ല. നമ്മില്‍ ഇല്ലാത്തത് പങ്കുവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ പാദങ്ങള്‍ ഇടറും. അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആ ശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും"(ലൂക്കാ: 10; 5, 6). അപ്പസ്തോലന്മാരോടും നമ്മോടും അവിടുന്ന് ആശംസിക്കാന്‍ നിര്‍ദ്ദേശിച്ചത് യേഹ്ശുവാ എന്ന സമാധാനത്തെയാണ്. യേഹ്ശുവായുടെ ജനനവുമായി ബന്ധപ്പെട്ട് സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ നോക്കുക: "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!"(ലൂക്കാ: 2; 14).

ദൈവകൃപ ലഭിച്ചവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സമാധാനം ലഭിക്കുകയുള്ളൂ. ഈ യഥാര്‍ത്ഥ സമാധാനം നല്‍കുന്നത് യേഹ്ശുവാ മാത്രമാണ്. ആയതിനാല്‍, യേഹ്ശുവായെ ധരിക്കാത്തവന് അവിടുത്തെ സമാധാനം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയില്ല. അതുപോലെതന്നെ, യേഹ്ശുവായെ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് സമാധാനം ലഭിക്കുന്നുമില്ല. ഇക്കാരണത്താലാണ്, സമാധാനത്തിന്റെ ദൂതന്‍ ഇല്ലാത്ത വ്യക്തികളില്‍നിന്നും ഭവനങ്ങളില്‍നിന്നും, നാം ആശംസിക്കുന്ന സമാധാനം നമ്മിലേക്കുതന്നെ മടങ്ങിവരും എന്ന് യേഹ്ശുവാ പറഞ്ഞത്. അവിടുന്ന് നമുക്കു തന്നിട്ടുപോയതും ഈ സമാധാനമാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്"(യോഹ: 14; 27). ഓരോ സുവിശേഷകനെയും കാലിടറാതെ കാക്കുന്നത് ഈ പാദരക്ഷകളാണെന്നു നാം തിരിച്ചറിയുക.

ഒരു സുവിശേഷകന് ഇനി വേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്. നമുക്കെതിരേ വരുന്ന ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തിക്കളയുന്ന ശക്തിയാണ് വിശ്വാസം! ദൈവത്തിലുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസത്തിനുമുന്നില്‍ ഒരു ശക്തിക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അവിശ്വാസം ജനിപ്പിക്കുന്ന വിധത്തിലുള്ള ഞെരുക്കങ്ങളും പ്രതിസന്ധികളും സുവിശേഷകരിലേക്ക് സാത്താന്‍ അയയ്ക്കും. എന്നാല്‍, വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവനില്‍നിന്നു സാത്താന്‍ ഓടിമറയും. സാത്താന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ദൈവമക്കളുടെ വിശ്വാസത്തെയാണ്! വിശ്വാസിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ അരുളിച്ചെയ്ത അടയാളം എന്താണെന്നു ശ്രദ്ധിക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ക്കോ: 16; 17).

അടുത്ത ആയുധം രക്ഷയാകുന്ന പടത്തൊപ്പിയാണ്. അതായത്, സുവിശേഷത്തെ ശുശ്രൂഷിക്കാന്‍ ഇറങ്ങുന്ന ഓരോരുത്തരും തങ്ങളുടെ ശിരസ്സില്‍ രക്ഷയാകുന്ന മ്ശിഹായെ അണിയണം. ശിരസ്സാണ് നമ്മെ നിയന്ത്രിക്കുന്നതെന്നു നമുക്കറിയാം. നമ്മുടെ ശിരസ്സ് യേഹ്ശുവായാണെങ്കില്‍, നമ്മെ നിയന്ത്രിക്കുന്നത് അവിടുന്നായിരിക്കും. നമ്മുടെ ബുദ്ധിയും ചിന്തകളും യുക്തിവിചാരങ്ങളും പൂര്‍ണ്ണമായി യേഹ്ശുവായ്ക്കു മുന്‍പില്‍ അടിയറവച്ചതിനുശേഷം മാത്രമേ അവിടുത്തെ ശുശ്രൂഷയ്ക്കായി ഇറങ്ങാവൂ. യേഹ്ശുവാ ഇപ്രകാരം നമ്മേ ഉപദേശിക്കുന്നു: "നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്"(മത്താ: 10; 18- 20).

വചനമാകുന്ന വാളാണ് ഇനി ധരിക്കേണ്ട ആയുധം. വചനം വ്യക്തതയോടെ പഠിക്കുകയും അതില്‍ നിലനില്‍ക്കുകയും ചെയ്യേണ്ടത് സുവിശേഷകനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു കാര്യമാണ്. തക്കസമയത്ത് നമുക്കു നല്‍കപ്പെടുന്നത് നമ്മില്‍ത്തന്നെയുള്ള വചനമാണെന്ന് നാം അറിഞ്ഞിരിക്കണം. എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ഉള്ള മുന്നൊരുക്കങ്ങളൊന്നും ആവശ്യമില്ലെങ്കിലും വചനത്തില്‍ ആഴപ്പെടുകയെന്നത് ഒഴിച്ചുകൂടാനാകാത്ത ആയുധമാണ്! വചനമുപയോഗിച്ച് യേഹ്ശുവായെ നേരിടാന്‍ ശ്രമിച്ച സാത്താനെ അവിടുന്ന് പരാജയപ്പെടുത്തിയത് വചനംകൊണ്ടുതന്നെയാണ്.

ഇത്തരത്തിലുള്ള ഒരുക്കങ്ങളോടെയല്ലാതെ, സാത്താന്റെ ഒളിത്താവളങ്ങള്‍ അന്വേഷിക്കുകയും അവ ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. പഴുതുനോക്കി ഒരുവനെ തകര്‍ക്കുന്ന ശപിക്കപ്പെട്ട കൊലപാതകിയാണ്‌ പിശാച്! അവനെതിരേ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും അവന്റെ ശത്രുവാണ്. അവന് അവസരം കൊടുത്താല്‍ അവന്‍ ആധിപത്യം പുലര്‍ത്തും. യഥാര്‍ത്ഥ ഒരുക്കത്തോടെയല്ലാതെ ശുശ്രൂഷയ്ക്ക് ഇറങ്ങിയിട്ടുള്ള അനേകര്‍ സാത്താന്റെ ക്രോധത്തിന് ഇരയായി തകര്‍ന്നുപോയിട്ടുള്ളത് മനോവയ്ക്കറിയാം. സാത്താന്‍ നിരായുധനാണെന്ന് ആരും ധരിക്കരുത്; ജലിക്കുന്ന കൂരമ്പുകള്‍ അവന്റെ കൈവശമുണ്ട്!

മറഞ്ഞിരിക്കുന്ന സാത്താനെ വെളിപ്പെടുത്തുന്നവര്‍ സൂക്ഷിക്കുക!

സാമ്പത്തീക ഭദ്രതയോ കോടികളുടെ ബാങ്ക് ഡെപ്പോസിറ്റുകളോ പ്രതീക്ഷിച്ചുകൊണ്ട് ആരും സുവിശേഷ ശുശ്രൂഷയ്ക്ക് തയ്യാറെടുക്കേണ്ടാ! കോടികള്‍ മുടക്കി വിവാഹങ്ങള്‍ നടത്തുന്നവരും ഭൗതീക സമ്പത്തുകള്‍ കുന്നുകൂട്ടുന്നവരുമായ സുവിശേഷകരെ ഒരുപക്ഷെ നാം കണ്ടിട്ടുണ്ടാകാം. എന്നാല്‍, യഥാര്‍ത്ഥ ശുശ്രൂഷകരെ സംബന്ധിച്ച് വചനം ഇങ്ങനെയാണു പറയുന്നത്: "എന്റെ മകനേ, നീ ദൈവശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്. അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്‌നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ യാഹ്‌വെയ്ക്കു സ്വീകാര്യരായ മനുഷ്യരും"(പ്രഭാ: 2; 1- 5). യേഹ്ശുവായും ഇതുതന്നെയാണു പറയുന്നത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്റെ നാമം മൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍"(മത്താ: 10; 22, 23). മറ്റൊരു മുന്നറിയിപ്പ് നോക്കുക: "അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും"(മത്താ: 24; 9).

സാമ്പത്തീക ഉന്നമനത്തിലും രോഗശാന്തിയിലും ശ്രദ്ധകേന്ദ്രീകരിച്ച്, വചനത്തെ വികലമാക്കുന്ന അനേകരുണ്ട്. ദൈവത്തിന്റെ കാരുണ്യം ഇവര്‍ പ്രഘോഷിക്കുന്നു. എന്നാല്‍, അവിശ്വാസികള്‍ക്കും തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭിക്കാനിരിക്കുന്ന ശിക്ഷയുടെ കാഠിന്യം ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. കേള്‍വിക്കാര്‍ക്ക് ഇമ്പമുള്ള കാര്യങ്ങള്‍ പറയാനാണ് പലര്‍ക്കും താത്പര്യം. ഇക്കൂട്ടരുടെ പ്രഘോഷണ വേദികളിലേക്ക് ജനം ഇരച്ചുകയറുന്നു! എന്നാല്‍, യഥാര്‍ത്ഥ ശുശ്രൂഷകനെ ലോകം അംഗീകരിക്കുകയോ ബഹുമതികള്‍ നല്‍കി ആദരിക്കുകയോ ചെയ്യില്ല. തന്നെത്തന്നെ പരിത്യജിച്ചുകൊണ്ടു മാത്രമേ ഒരുവന്‍ ശുശ്രൂഷയ്ക്കായി ഒരുങ്ങാവൂ. ഭൗതീകമായ പല നഷ്ടങ്ങളെയും നേരിടേണ്ടി വന്നേക്കാം. ലോകത്തിന്റെ ആദരവ് പ്രതീക്ഷിച്ചുകൊണ്ട് സുവിശേഷവേലയ്ക്ക് ഇറങ്ങുന്നവര്‍ നിരാശരാകേണ്ടി വരും എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്തെന്നാല്‍, വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍േറതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും"യോഹ: 15; 18- 20).

ലോകത്തിന്റെ അംഗീകാരത്തിനു പാത്രമായ പലരുടെയും മുഖം നിങ്ങളുടെ മുന്നില്‍ തെളിയുന്നുണ്ടെങ്കില്‍, അവരാരും യഥാര്‍ത്ഥ സത്യം ലോകത്തോടു വിളിച്ചുപറഞ്ഞവരല്ല. ലോകത്തിന് ഇമ്പമുള്ളത് പ്രഘോഷിച്ചവരും ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം നടത്തിയവരുമാണ്. സെക്കുലര്‍ ആശയങ്ങളെ പ്രഘോഷിക്കാനല്ല യേഹ്ശുവാ അവിടുത്തെ ശുശ്രൂഷകരെ തിരഞ്ഞെടുത്തയച്ചത്; സത്യദൈവത്തെ പ്രഘോഷിക്കാനും അസത്യദൈവങ്ങളിലൂടെ വന്നുഭവിക്കുന്ന ദുരന്തത്തിന്റെ ആഘാതം തുറന്നുകാണിക്കാനുമാണ്! അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞ അപ്പസ്തോലന്മാര്‍ക്കു ലഭിച്ചതില്‍ക്കൂടുതല്‍ ഒന്നുതന്നെ യഥാര്‍ത്ഥ ശുശ്രൂഷകര്‍ക്ക് ലഭിക്കില്ല. എന്തെന്നാല്‍: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4). ദൈവത്തിന്റെ ശത്രുക്കള്‍ക്ക് എങ്ങനെ ദൈവരാജ്യത്തെക്കുറിച്ച് സത്യസന്ധതയോടെ പ്രസംഗിക്കാന്‍ കഴിയും?

ദൈവവചന ശുശ്രൂഷകരെല്ലാം ദാരിദ്രത്തില്‍ കഴിയേണ്ടിവരും എന്ന ചിന്തയൊന്നും ആര്‍ക്കും വേണ്ടാ. എന്തെന്നാല്‍, വചനം ഇപ്രകാരം പറയുന്നു: "നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കള്‍ ഭിക്ഷയാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല"(സങ്കീ: 37; 25). ദൈവത്തെ ശുശ്രൂഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. അപ്പസ്തോലന്മാരോ പ്രവാചകന്മാരോ തങ്ങള്‍ക്കുവേണ്ടി ഭവനങ്ങള്‍ പണിത് അതില്‍ വസിച്ചിട്ടില്ല. എന്നാല്‍, അവരുടെ ജീവിതത്തില്‍ ആവശ്യമുള്ളതെല്ലാം ദൈവം അവര്‍ക്കു നല്‍കി. ഏലിയാപ്രവാചകനു ഭക്ഷണം നല്‍കാന്‍ കാക്കയോടു കല്പിച്ച ദൈവംതന്നെയാണ് ഇന്നും ദൈവം! എന്നാല്‍, ഭൗതീക നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം ദൈവത്തെ ശുശ്രൂഷിക്കാന്‍ കടന്നുവരുന്നവര്‍ നിരാശരായി മടങ്ങേണ്ടിവരും. ആയതിനാല്‍, തന്നെത്തന്നെ പരിത്യജിച്ച് ദൈവവേലയ്ക്കായി ഇറങ്ങുക. സാത്താന്‍ ഒളിച്ചിരിക്കുന്ന ഓരോ താവളങ്ങളും കണ്ടെത്തി അവനെ അനാവരണം ചെയ്യുക! കൂടാതെ, മേല്‍പ്പറഞ്ഞ കാര്യങ്ങളിലൊക്കെ നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്യുക. "സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!"(റോമാ: 16; 20).

ചേര്‍ത്തുവായിക്കാന്‍: യേഹ്ശുവായുടെ പുനരാഗമനവുമായി ബന്ധപ്പെട്ട് അനേകം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അവിടുന്ന് വീണ്ടും വരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, അവിടുത്തെ വരവിനു മുന്നോടിയായി ചില പ്രവചനങ്ങള്‍ നിവൃത്തിയാകാനുണ്ട്. ഈസാനബി എന്ന എതിര്‍ മ്ശിഹായുടെ പ്രത്യക്ഷീകരണമാണ് അതില്‍ പ്രധാനപ്പെട്ടത്. കപടസമാധാനത്തോടെ മൂന്നരവര്‍ഷം അവന്‍ വാഴ്ച നടത്തുമ്പോള്‍, അവനെ എതിര്‍ക്കാനായി മോശയും ഏലിയായും വരികയും അവര്‍ വധിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിനുശേഷമാണ് യേഹ്ശുവായുടെ പുനരാഗമനം. തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കും ശത്രുക്കളോടുള്ള പ്രതികാരത്തിനുമായി അവിടുന്ന് അന്ന്‍ ഒലിവുമലയില്‍ നിലയുറപ്പിക്കും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7448 views

LOG IN

Lost your password?

SIGN UP

LOST PASSWORD