അറിഞ്ഞിരിക്കാന്‍

ക്രിസ്തുവിന്റെ സഭയെ വിഴുങ്ങാന്‍ 'ട്രോജന്‍ കുതിരകള്‍'!

Print By
about

18 - 09 - 2020

യേഹ്ശുവാ അരുളിച്ചെയ്ത ഒരു വചനം ശ്രവിച്ചുകൊണ്ട് നമ്മുടെ അന്വേഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിക്കാം. വചനമിതാണ്: “ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ”(മത്താ: 10; 29-31). ദൈവമക്കളായ നാം നമ്മുടെ ജീവിതത്തില്‍ സൂക്ഷ്മതയുള്ളവരായിരിക്കണം. എന്തെന്നാല്‍, ദൈവീകസംരക്ഷണം നമുക്കു ലഭിക്കുന്നതിന് നിയമനിഷ്ഠ ഒരു പ്രധാന ഘടകമാണ്. എപ്പോഴെല്ലാം യിസ്രായേല്‍ക്കാര്‍ നിയമങ്ങളില്‍നിന്ന് അകന്നുപോയിട്ടുണ്ടോ, അപ്പോഴെല്ലാം അവര്‍ ദൈവീകസംരക്ഷണം നഷ്ടപ്പെട്ടവരായിത്തീരുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വചനത്തിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ നാം കടക്കുന്നില്ല. നമ്മുടെ അന്വേഷണയാത്രയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഈ വചനത്തിന്റെ പ്രായോഗികത നമുക്കു ചര്‍ച്ചചെയ്യാം. ആയതിനാല്‍, നാം വിഷയത്തിലേക്കു കടക്കുകയാണ്. 'പള്ളികള്‍ അടച്ചുപൂട്ടിയത് ക്രിസ്തുവോ ശത്രുവോ?' എന്ന വിഷയത്തിലൂന്നിയുള്ള തുടരന്വേഷണമാണ് നാമിവിടെ നടത്തുന്നത്. അന്വേഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിക്കാം.

ഒന്നാം ഘട്ടത്തിലെ അന്വേഷണം രണ്ടാം ഘട്ടത്തിലൂടെ കടന്നുപോയപ്പോഴും ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തെ കടന്നാക്രമിച്ച ശത്രുക്കളുടെ പട്ടികയില്‍ പൊതുവായി നാം കണ്ടത് ഇസ്ലാമിനെയും കമ്മ്യൂണിസത്തെയുമാണ്‌. കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറി അതിന്റെ ഉന്നതമായ പദവികളില്‍ സ്ഥാനംപിടിച്ചിരിക്കുന്ന കച്ചവടസംഘത്തെയും കണ്ടു. ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും അപേക്ഷിച്ച് ഈ കച്ചവടസംഘത്തെക്കുറിച്ചുള്ള പരാമര്‍ശം പരിമിതപ്പെടുത്തിയത് ഇവര്‍ താരതമ്മ്യേന നിസ്സാരന്മാരും നിരുപദ്രവകാരികളുമായതുകൊണ്ടല്ല. മറിച്ച്, അതൊരു ആമുഖം മാത്രമായിരുന്നതുകൊണ്ടാണ്. സഭയ്ക്കു പുറത്തുനിന്നു സഭയ്ക്കെതിരേ യുദ്ധംചെയ്യുന്ന ശത്രുക്കളെക്കാള്‍ അപകടകാരികള്‍ സഭയ്ക്കുള്ളിലെ ശത്രുക്കള്‍ തന്നെയാണെന്നു തിരിച്ചറിയാന്‍ സാമാന്യബുദ്ധിയുള്ള ഏതൊരു മനുഷ്യനും സാധിച്ചിട്ടുള്ളതുപോലെ മനോവയ്ക്കും സാധിച്ചിട്ടുണ്ട്. സഭയുടെ ഏറ്റവും വലിയ ശത്രു വചനവിരോധികളായ ക്രൈസ്തവനാമധാരികള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതും ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്. പുറത്തുനിന്നു സഭയെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയ ശത്രുക്കള്‍ തങ്ങളുടെ ദൗത്യനിര്‍വ്വഹണത്തിനായി വിശ്വാസികളുടെ വേഷമണിഞ്ഞ് സഭയിലേക്കു നുഴഞ്ഞുകയറുന്ന രീതിയുമുണ്ട്. ഇതിനെക്കുറിച്ചൊക്കെ വ്യക്തമായ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു അപ്പസ്തോലന്മാര്‍! സഭയില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയുള്ളവരെയായിരിക്കണമെന്ന് അവര്‍ നമ്മെ ഉപദേശിച്ചിട്ടുണ്ട്. പൗലോസിന്റെ ഈ ഉപദേശം ശ്രദ്ധിക്കുക: “അവന്‍ പുതുതായി വിശ്വാസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നുവരും”(1 തിമോ: 3; 6).

പൗലോസ് അപ്പസ്തോലന്‍ ഇവിടെ പറയുന്നത് പുതുതായി വിശ്വാസം സ്വീകരിച്ച ഒരുവനെ മെത്രാനാക്കിയാല്‍, അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു തനിക്കുതന്നെ ദുരന്തം വരുത്തിവയ്ക്കാനുള്ള സാദ്ധ്യതയെക്കുറിച്ചാണ്. എന്നാല്‍, അഹങ്കാരംകൊണ്ടു മതിമറക്കുന്ന ഒരു മെത്രാന്‍ തനിക്കു മാത്രമല്ല, സഭയ്ക്കു മുഴുവന്‍ ദുരന്തഹേതുവാകുന്നുവെന്നത് വരികള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ കഴിയും. മെത്രാന്‍ എന്ന പദവിയെ ഇവിടെ നാം കാണേണ്ടത് അപ്പസ്തോലന്റെ ഒരു പ്രതീകാത്മക പ്രതിപാദ്യമായി മാത്രമായിരിക്കണം. കാരണം, അപ്പസ്തോലന്റെ ഉപദേശം മെത്രാന്‍സ്ഥാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ല; മറിച്ച്, സഭയിലെ ഏതൊരു ശ്രേഷ്ഠപദവിയിലും പുതുതായി വിശ്വാസം സ്വീകരിച്ചവനെ പരിഗണിക്കുന്നത് അപകടമാണ്. വിശ്വാസത്തിലെ സ്ഥൈര്യഭാവവും ഉപദേശങ്ങളിലെ സുതാര്യതയും ദൈവവചനത്തോടുള്ള വിധേയത്വവും തെളിയിക്കപ്പെടുന്നതുവരെ ഒരു വിശ്വാസിയും ശ്രേഷ്ഠപദവികളില്‍ അവരോധിക്കപ്പെടരുത്. ദൈവികനിയമങ്ങളെ സംബന്ധിച്ച് വ്യക്തമായ അവഗാഹമുള്ളവനും അതില്‍ മായംചേര്‍ക്കാത്തവനുമായ വ്യക്തിയെ മാത്രമേ ഇത്തരം പദവികളില്‍ നിയമിക്കാവൂ. മോശയുടെ നിയമങ്ങള്‍ അറിയാത്തവന്‍ എങ്ങനെ മോശയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും!? അപ്പസ്തോലിക പ്രബോധനങ്ങളില്‍നിന്നു വ്യതിചലിച്ചുള്ള പഠിപ്പിക്കലുകളുമായി ആരെങ്കിലും സഭയില്‍ പ്രത്യക്ഷപ്പെട്ടാല്‍, അങ്ങനെയുള്ളവരെ നാം വ്യാജന്മാരായി കണക്കാക്കി അവഗണിക്കണം. പുതുതായി വിശ്വാസം സ്വീകരിച്ചവരെ ഉന്നതപദവികളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ അപകടകരമായ ആശയങ്ങള്‍ക്കൊണ്ട് സഭയുടെ പ്രബോധനങ്ങള്‍ കളങ്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. പൗലോസ് അപ്പസ്തോലന്റെ ഉപദേശത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ മുന്നറിയിപ്പിനെ അവഗണിച്ചതുമൂലമാണ് ക്രിസ്തീയവിരുദ്ധ ആശയങ്ങളെ പിതാക്കന്മാരുടെ പാരമ്പര്യം എന്നപേരില്‍ തോളിലേറ്റി നടക്കാന്‍ വിധിക്കപ്പെട്ട ക്രൈസ്തവനാമധാരികള്‍ ഉണ്ടായത്! പല ട്രോജന്‍ കുതിരകളും വിശ്വാസികളെ ആശയപരമായി വിഴുങ്ങിയതും, അപ്പസ്തോലന്റെ ഉപദേശത്തെ അവഗണിച്ചതുമൂലമാണ്. 

ക്രൈസ്തവസഭയുടെ ചരിത്രം പരിശോധിച്ചാല്‍, ശത്രുക്കള്‍ സമ്മാനിച്ച ട്രോജന്‍ കുതിരകളെ ഏറ്റുവാങ്ങിയതിന്റെ ദുരന്തങ്ങള്‍ കാണാന്‍ കഴിയും. ട്രോജന്‍ കുതിരകളെ ആത്മീയ പിതാക്കന്മാരായി സ്വീകരിച്ചതിലൂടെ പല ക്രിസ്തീയസഭകള്‍ക്കും ക്രിസ്തുവുമായി ബന്ധമില്ലാതായി എന്നതാണ് സത്യം! ക്രൈസ്തവര്‍ സമ്മാനമായി സ്വീകരിച്ച ആദ്യത്തെ 'ട്രോജന്‍ കുതിര' ആണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി! ട്രോജന്‍ കുതിരകളില്‍ ആദ്യത്തേത് എന്നതിലുപരി, ക്രിസ്തീയതയുടെമേല്‍ വിനാശം വിതയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തി എന്നനിലയിലും കോണ്‍സ്റ്റന്റൈനെ സ്മരിക്കാവുന്നതാണ്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ തന്റെ പൂര്‍വ്വീകര്‍ നടത്തിയ കിരാതകൃത്യങ്ങളെക്കുറിച്ചെല്ലാം നല്ല അറിവ് കോണ്‍സ്റ്റന്റൈനുണ്ടായിരുന്നു. നീറോയുടെയുടെ ഉഗ്രപീഡനങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ക്രിസ്തീയത വളരുന്നത് അവന്‍ കണ്ടു. പുറത്തുനിന്നുള്ള ഒരു ശക്തിക്കും ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ തിരിച്ചറിയുകയും ചെയ്തു. കൗശലക്കാരനായ കോണ്‍സ്റ്റന്റൈന്‍ ഒരു ട്രോജന്‍ കുതിരയാകാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണം ഈ തിരിച്ചറിവാണ്! ഗ്രീക്ക് ഇതിഹാസങ്ങളിലെ ട്രോജന്‍ കുതിരയെക്കുറിച്ച് ഗ്രീക്കുകാരനായ കോണ്‍സ്റ്റന്റൈനെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ലല്ലോ! ഒരു വിശ്വാസിയായി അഭിനയിച്ചുകൊണ്ട് ക്രിസ്തീയതയെ അവന്‍ വിഴുങ്ങുന്നതാണ് പിന്നീടുള്ള ചരിത്രം! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെയും അവിടുത്തെ മനുഷ്യാവതാരമായ യേഹ്ശുവായുടെയും നാമത്തിനുമേല്‍ കൈവച്ചുകൊണ്ടാണ് കോണ്‍സ്റ്റന്റൈന്‍ തന്റെ പൈശാചിക പരിഷ്ക്കരണങ്ങള്‍ക്കു തുടക്കമിട്ടത്!

സൈന്യങ്ങളുടെ ദൈവം അവിടുത്തെ നാമം വെളിപ്പെടുത്തിയപ്പോള്‍ വലിയൊരു താക്കീതുകൂടി മോശവഴി നമുക്കു നല്‍കി! ഇതാണ് ആ താക്കീത്: “ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). യാഹ്‌വെ എന്ന ഒരേയൊരു നാമധേയത്തിലല്ലാതെ, താന്‍ അനുസ്മരിക്കപ്പെടാന്‍ പാടില്ല എന്ന താക്കീതാണ് സൈന്യങ്ങളുടെ ദൈവം നല്‍കിയത്. യേഹ്ശുവായ്ക്കു നല്‍കപ്പെട്ടതും ഈ നാമംതന്നെയാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ! ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ ഞാന്‍ അവരെ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു”(യോഹ: 17; 11, 12). സ്വര്‍ഗ്ഗത്തില്‍നിന്നു നമുക്കു നല്‍കപ്പെട്ട രക്ഷയുടെ ഈ നാമത്തെ വികലമാക്കിക്കൊണ്ടാണ് 'ട്രോജന്‍ കുതിര' അതിന്റെ പണിതുടങ്ങിയത്! കടുത്ത യെഹൂദവിരോധിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ആദ്യംതന്നെ ഹെബ്രായഭാഷയെ ക്രിസ്തീയതയില്‍നിന്നു നീക്കംചെയ്യുകയും, തന്റെ ഭാഷയായ ഗ്രീക്കുഭാഷയെ ക്രൈസ്തവസഭയുടെ ഔദ്യോഗിക ഭാഷയാക്കുകയും ചെയ്തു. പേരുകള്‍ക്ക് പരിഭാഷ പാടില്ല എന്ന സാമാന്യതത്വത്തെ മറികടന്ന് ഹെബ്രായനാമങ്ങളെല്ലാം പരിഷ്ക്കരിച്ചു! സ്വര്‍ഗ്ഗത്തില്‍നിന്നു പ്രഖ്യാപിക്കപ്പെട്ട നാമങ്ങളെപ്പോലും വികലമാക്കിക്കൊണ്ട് കോണ്‍സ്റ്റന്റൈന്‍ തന്റെ പൈശാചിക പരിഷ്ക്കരണങ്ങള്‍ തുടര്‍ന്നു. വിജാതിയരുടെ ആരാധനാമൂര്‍ത്തികളുടെയോ അവരുടെ പ്രവാചകന്മാരുടെയോ പേരുകള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലെന്നതും നാമിവിടെ ഓര്‍ക്കണം. കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിരയുടെ കുതന്ത്രം തിരിച്ചറിയേണ്ടത് ഇവിടെയാണ്‌!

രണ്ടാംപ്രമാണം ലംഘിച്ചുകൊണ്ടും അതു ലംഘിക്കാന്‍ ക്രിസ്ത്യാനികളെ നിര്‍ബ്ബന്ധിതരാക്കിക്കൊണ്ടുമാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തീയതയെ 'ഹൈജാക്ക്' ചെയ്തത്. രണ്ടാംപ്രമാണം ഇതാണ്: “നിന്റെ ദൈവമായ യാഹ്‌വെയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്ഷിക്കാതെ വിടുകയില്ല”(പുറ: 20; 7). ദൈവത്തിന്റെ നാമത്തിന്റെ പ്രത്യേകതകള്‍ പിശാചിനറിയാം. അവിടുത്തെ നാമത്തിലാണ് രക്ഷയെന്നും പിശാച് മനസ്സിലാക്കിയിട്ടുണ്ട്. യാഹ്‌വെ എന്ന നാമം വിളിച്ചപേക്ഷിക്കുന്നവരെയാണ് അവിടുന്ന് രക്ഷിക്കുന്നതെന്നും ആ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും രക്ഷയില്ലെന്നും വ്യക്തമായി അറിയാവുന്ന പിശാചിന്, ആ നാമം ക്രിസ്ത്യാനികളില്‍നിന്നു നീക്കംചെയ്യേണ്ടത് അനിവാര്യമായിരുന്നു. യേഹ്ശുവാ എന്ന നാമത്തില്‍ യാഹ്‌വെ ഉണ്ട്. ആയതിനാല്‍, യേഹ്ശുവാ എന്ന നാമം വിളിച്ചപേക്ഷിക്കുന്ന സമൂഹത്തെ സമീപിക്കാന്‍പോലും പിശാചിനു സാധിക്കില്ല! യേഹ്ശുവാ എന്ന സ്വര്‍ഗ്ഗീയനാമത്തെ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തി വികലമാക്കുക മാത്രമായിരുന്നില്ല കോണ്‍സ്റ്റന്റൈനിലൂടെ പിശാച് ചെയ്തത്; മറിച്ച്, തന്റെ ദേവനായ സൂര്യദേവന്റെ പുത്രനാണെന്നു പ്രഖ്യാപിക്കുകകൂടി ചെയ്തു. സൂര്യദേവനായ സിയൂസിന്റെ പുത്രനായതുകൊണ്ട് 'യി-സിയൂസ്' എന്ന പേരും നല്‍കി! വാഴ്ത്തപ്പെട്ട സിയൂസ് എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. ഈ പേര് ലോപിച്ചതാണ് 'യീസുസ്'! യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള പേരുകളിലൊന്നും ഇന്ന് ക്രിസ്തു വിളിക്കപ്പെടുന്നില്ല എന്നതാണ് ഭയാനകമായ യാഥാര്‍ത്ഥ്യം! വാഴ്ത്തപ്പെട്ട സിയൂസ് എന്ന അര്‍ത്ഥമുള്ള യിസുസ് ആണോ രക്ഷയ്ക്കായി നമുക്കു നല്‍കപ്പെട്ടിരിക്കുന്ന നാമം? അല്ലേയല്ല! സൂര്യദേവനല്ല നമ്മുടെ രക്ഷകന്‍! അവിടുത്തെ നാമം യേഹ്ശുവാ എന്ന് മാത്രമാണ്! യഥാര്‍ത്ഥത്തില്‍ പരിഭാഷയ്ക്കു വിധേയമാക്കപ്പെട്ടത് ക്രിസ്തുവിന്റെ നാമം അല്ലായെന്ന് സൂക്ഷമമായി പരിശോധിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. യേഹ്ശുവാ എന്ന നാമമാണ് പരിഭാഷയിലൂടെ വിവിധ പേരുകളാക്കി മാറ്റിയതെന്ന് ആരും തെറ്റിദ്ധരിക്കരുത്. 'യി-സിയൂസ്' എന്ന 'യീസുസ്' (iesus) ആണ് പരിഭാഷപ്പെടുത്തപ്പെട്ട നാമം!

ചില വിവരദോഷികള്‍ ത്രിത്വത്തിന്റെ ചിത്രം വരയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. ഒരു പടുവൃദ്ധനെയും ഒരു ചെറുപ്പക്കാരനെയും ഒരു പ്രാവിനെയുമാണ് ഇവര്‍ വരച്ചുവയ്ക്കുന്നത്. ചില പള്ളികളില്‍പ്പോലും ഈ ആഭാസചിത്രം സ്ഥാനംപിടിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ വൃദ്ധനെ വരച്ചിരിക്കുന്നത് ഗ്രീക്കുദേവന്മാരില്‍ പ്രധാനിയായ സിയുസിന്റെ ഛായയിലാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ബി.സി. പതിനഞ്ചാം നൂറ്റാണ്ടില്‍ ഒളിമ്പിയായില്‍ സ്ഥാപിതമായ സിയൂസിന്റെ മാര്‍ബിള്‍ പ്രതിമ കണ്ടാല്‍ ഇക്കാര്യം വ്യക്തമാകും. (ചിത്രം കാണുക)       

ക്രിസ്തുവിന്റെതായി അനേകം പേരുകള്‍ നാം കേട്ടിട്ടുണ്ട്. യേശു, യേസുസ്, യീസുസ്, ജീസസ്, ഈശോ എന്നീ പേരുകളൊക്കെയാണ് അവയില്‍ പ്രധാനപ്പെട്ടത്. യേഹ്ശുവാ എന്ന യഥാര്‍ത്ഥ നാമത്തിന്റെ പരിഭാഷകളാണ് ഇവയെല്ലാമെന്ന് ഒട്ടുമിക്ക ക്രൈസ്തവരും വിശ്വസിക്കുന്നു. എന്നാല്‍, ഇത് തികച്ചും തെറ്റിദ്ധാരണയില്‍നിന്നു രൂപപ്പെട്ട വിശ്വാസമാണ്! എന്തെന്നാല്‍, 'യാഹ്‌വെ' രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള ഒരു പരിഭാഷപോലും ഇക്കൂട്ടത്തിലില്ല! ഗ്രീക്ക്, സുറിയാനി, ലത്തീന്‍, ഇംഗ്ലീഷ് തുടങ്ങിയ പരിഭാഷകളാണ് ഇവയെങ്കില്‍, ഈ പേരുകളുടെയെല്ലാം അര്‍ത്ഥം ഒന്നായിരിക്കണമെന്നു മാത്രമല്ല, ആ അര്‍ത്ഥം 'യാഹ്‌വെ' രക്ഷിക്കുന്നു എന്നായിരിക്കണം! ചില അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് അര്‍ത്ഥശൂന്യമായ വാക്കുകള്‍ നിര്‍മ്മിച്ചുവെന്നല്ലാതെ, യേഹ്ശുവാ എന്ന അര്‍ത്ഥസമ്പുഷ്ടമായ നാമവുമായി ഈ വാക്കുകള്‍ക്ക് യാതൊരു ബന്ധവുമില്ല! എന്നാല്‍, ഗ്രീക്കുകാരുടെ ദുര്‍മ്മൂര്‍ത്തിയായ സിയൂസുമായി ജീസസിനും യേസുസിനും ഈശോയ്ക്കും പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. അത് അറിയണമെങ്കില്‍, യി-സിയുസില്‍ നിന്ന് യീസുസിലേക്കും, യീസുസില്‍ നിന്ന് ജീസസിലേക്കുമുള്ള പരിണാമം പരിശോധിച്ചാല്‍ മതി! എന്തെന്നാല്‍, യേഹ്ശുവായുടെതായി നാം കേള്‍ക്കുന്ന എല്ലാ അപരനാമങ്ങളുടെയും മൂലനാമം 'യി-സിയുസ്' ആണ്!

'യീസുസ്' എങ്ങനെ ജീസസും ഈശോയുമായി?

ജീസസ്, ഈശോ, യേശു, യേസുസ് തുടങ്ങിയ പേരുകള്‍ യേഹ്ശുവാ എന്ന പേരിന്റെ പരിഭാഷയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അവയൊന്നും യേഹ്ശുവായുടെ പരിഭാഷയല്ല, അവയെല്ലാം യി-സിയുസ് എന്ന യീസുസിന്റെ പരിഭാഷയാണ്! അതായത്, വാഴ്ത്തപ്പെട്ട സിയുസ് ഇന്ന് പല വകഭേദങ്ങളായി കറങ്ങിനടക്കുന്നു! യീസുസ് എന്ന പേരാണ് ഗ്രീക്കുകാര്‍ യേസുസ് എന്ന് ഉച്ചരിച്ചത്. മലയാളികള്‍ അതിനെ യേശു എന്ന് ഉച്ചരിച്ചു! ഈ ഉച്ചാരണങ്ങളൊന്നും യഥാര്‍ത്ഥ അര്‍ത്ഥത്തോട് നീതിപുലര്‍ത്തുന്നില്ല എന്നതുകൊണ്ടുതന്നെ, ക്രിസ്തുവുമായി ഈ പേരുകള്‍ക്ക് യാതൊരു ബന്ധവുമില്ല. ക്രിസ്തുവിന്റെ പേരില്‍ പൈശാചിക പരിഷ്ക്കരണത്തിനു മുതിര്‍ന്ന കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിരയുടെ പേര് ഏതു ദേശത്തു ചെന്നാലും വള്ളിയ്ക്കോ പുള്ളിയ്ക്കോ മാറ്റമില്ല എന്നതാണ് സമചിത്തത വീണ്ടെടുത്തു ചിന്തിക്കേണ്ട യാഥാര്‍ത്ഥ്യം! ലോകചരിത്രത്തിലിന്നോളം ആരുടെയെങ്കിലും പേരുകളില്‍ ഭാഷാടിസ്ഥാനത്തില്‍ പരിഷ്ക്കരണം വരുത്തിയിട്ടുണ്ടെങ്കില്‍ അത് ബൈബിളിലെ ഹെബ്രായനാമങ്ങളില്‍ മാത്രമാണ്. യേഹ്ശുവായുടെ നാമത്തെ ലക്ഷ്യമാക്കിയാണ് പിശാച് ഈ കെണിയൊരുക്കിയത്! പേരിനും അതിന്റെ അര്‍ത്ഥത്തിനും കാര്‍ക്കശ്യത്തോടെ പരിഗണന നല്‍കുന്ന ദൈവമാണ് യാഹ്‌വെ! അബ്രാം എന്ന പേരിനെ അബ്രാഹം എന്നും സാറായി എന്ന പേരിനെ സാറാ (Sarah) എന്നും പരിഷ്ക്കരിച്ചത് യാഹ്‌വെയാണ്. പേരുകള്‍ക്ക് അവിടുന്ന് നല്‍കുന്ന പരിഗണനയാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്തുവിനെ ഏതു പേരില്‍ വിളിക്കണമെന്ന് യാഹ്‌വെ അവിടുത്തെ ദൂതനെ അയച്ചു കല്പിച്ചതുപോലെതന്നെ, സ്നാപകന്‍ വിളിക്കപ്പെടേണ്ടത് യോഹന്നാന്‍ എന്ന പേരിലായിരിക്കണമെന്നും അവിടുന്ന് കല്പിച്ചു! തന്റെ ശിഷ്യനായ ശിമയോന്റെ പേര് 'കേപ്പാ' എന്നാക്കിയത് സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനാണെന്നു നാം വിസ്മരിക്കരുത്. പേരിനെ ഇത്രത്തോളം ഗൗരവത്തോടെ പരിഗണിക്കുന്ന ദൈവത്തിന്റെ പേരിനുമേലാണ് പിശാച് അവന്റെ അഭ്യാസം ആരംഭിച്ചത്! 

കോണ്‍സ്റ്റന്റൈന്‍ ഈ പേരിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതുവരെ യേഹ്ശുവായുടെ നാമത്തെ വികലമാക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഗ്രീക്കുകാരുടെയിടയില്‍ സുവിശേഷ പ്രചരണത്തിനു നേതൃത്വം നല്‍കിയ പൗലോസ് പ്രസംഗിച്ചത് യീസുസിനെ ആയിരുന്നില്ല, യേഹ്ശുവായെ ആയിരുന്നു! ഈ പേര് ഹെബ്രായഭാഷയില്‍ നല്‍കപ്പെട്ടതാണെന്നു നമുക്കറിയാം. 'യാഹ്‌വെ' എന്ന ദൈവനാമവും ഹെബ്രായഭാഷയിലാണ് വെളിപ്പെടുത്തപ്പെട്ടത്. യേഹ്ശുവാ എന്ന പേരിനുള്ളില്‍ യാഹ്‌വെയുണ്ട്. യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥം നിലനില്‍ക്കണമെങ്കില്‍ യേഹ്ശുവാ എന്ന പേര് നിലനില്‍ക്കണം. മറ്റൊരു നാമത്തിലും രക്ഷയില്ല എന്നതുകൊണ്ട് രക്ഷിക്കാന്‍ കഴിവുള്ള ഒരേയൊരു നാമം യേഹ്ശുവാ എന്ന നാമമാണ്! ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു സുപ്രധാന കാര്യമുണ്ട്. അത് ഭാഷകള്‍ തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്നതാണ്. സംസ്കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുള്ള ഭാഷയാണ്‌ മലയാളം. ചെന്തമിഴില്‍നിന്നാണ് മലയാളഭാഷ ഉണ്ടായതെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും ദ്രാവിഡഭാഷാകുടുബത്തിലെ അംഗങ്ങളാണ് തമിഴും മലയാളവും എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതുപോലെ, ഹെബ്രായഭാഷയില്‍നിന്ന് ഉത്ഭവിച്ച ഭാഷയാണ്‌ അരമായഭാഷ! ഈ ഭാഷയ്ക്ക് ഹെബ്രായഭാഷയുമായുള്ളത് പൊക്കിള്‍ക്കൊടി ബന്ധമാണെന്നു പറയാം. എന്നാല്‍, ഈശോവാദികളായ സുറിയാനികള്‍ പറയുന്നത് അരമായഭാഷയും സുറിയാനിഭാഷയും ഒന്നാണെന്നാണ്. ഈ വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, ഈ നുണപ്രചാരണത്തിനു പിന്നില്‍ ഗൂഢലക്‌ഷ്യവുമുണ്ട്. ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക; എന്തെന്നാല്‍, സുറിയാനിഭാഷയുടെ മാതാവ് അറബിഭാഷയും അരമായിക് ഭാഷയുടെ മാതാവ് ഹീബ്രുവുമാണ്!

വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്നുവെന്നതൊഴിച്ചാല്‍, ഹീബ്രുഭാഷയും അറബിഭാഷയും തമ്മില്‍ വലിയ ബന്ധങ്ങളൊന്നുമില്ല. എന്നാല്‍,  'സെമിറ്റിക്' വിഭാഗത്തില്‍പ്പെടുന്ന ഭാഷകളാണ് ഇവരണ്ടും! അക്കാദിയന്‍, അരമായിക്, ഹീബ്രു, അറബി (Akkadian, Aramaic, Hebrew, Arabic) എന്നീ ഭാഷകളാണ് സെമിറ്റിക് വിഭാഗത്തില്‍പ്പെടുന്ന പ്രധാന ഭാഷകള്‍. സുറിയാനി അടക്കം അനേകം ചെറുഭാഷകള്‍ ഈ വിഭാഗത്തിലുണ്ട്. ഭാഷ ഉപയോഗിക്കുന്നവരുടെ സംഖ്യയെ അടിസ്ഥാനമാക്കിയാണ് ഭാഷയുടെ വലുപ്പച്ചെറുപ്പം നിശ്ചയിക്കുന്നത്. സെമിറ്റിക് വിഭാഗത്തില്‍പ്പെടുന്ന ഭാഷകളെല്ലാം ഒന്നാണെന്നു പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. കാരണം, ആയിരക്കണക്കിനു ഭാഷകളുണ്ടെങ്കിലും, ഈ ഭാഷകളെ ചില പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ജര്‍മ്മാനിക് എന്ന വിഭാഗത്തിലാണ് ഒട്ടുമിക്ക യൂറോപ്യന്‍ ഭാഷകളും ഉള്‍പ്പെടുന്നത്. എന്നാല്‍, ലിപികളിലെ പൊരുത്തമല്ലാതെ, ഈ ഭാഷകള്‍ തമ്മില്‍ മറ്റു ബന്ധങ്ങളൊന്നുമില്ല എന്നതാണു വസ്തുത. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകള്‍ ദ്രാവിഡഭാഷാഗോത്രത്തിലെ പ്രധാന ഭാഷകളാണ്. മലയാളവുമായി തെലുങ്കിനും കന്നഡയ്ക്കും എന്തെങ്കിലും ബന്ധമുണ്ടോ? തമിഴുമായി മലയാളത്തിന് ചെറിയ സമാനതകളുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ഭാഷകളാണ് ഇവയെല്ലാം. ലിപികള്‍പോലും വ്യത്യസ്തമാണ്. സെമിറ്റിക് ഭാഷകളിലും ഈ വ്യത്യാസങ്ങള്‍ പ്രകടമാണ്. അറബിയും ഹീബ്രുവുംപോലെ സുറിയാനിയും വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്നുവെന്നത് സുറിയാനിഭാഷയ്ക്ക് ഹീബ്രുമായുള്ള ബന്ധത്തെയാണ് സ്ഥിരീകരിക്കുന്നതെങ്കില്‍, ലോകത്തെ ഒട്ടുമിക്ക ഭാഷകളിലെയും എഴുത്തുകള്‍ ഇടത്തുനിന്നു വലത്തോട്ടാണ്. അവയ്ക്കു തമ്മില്‍ എന്തു പൊരുത്തമാണുള്ളത്‌?

തമിഴിന് മലയാളവുമായുള്ള ബന്ധംപോലെ, ചില സമാനതകള്‍ ഉള്ളത് അറബിയും സുറിയാനിയും തമ്മിലാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അറബിയിലെ പല വാക്കുകളും നാമങ്ങളും അതുപോലെതന്നെ സുറിയാനിയിലുമുണ്ട്. അറബികളുടെ പേരുകളെല്ലാം വള്ളിയോ പുള്ളിയോ മാറ്റമില്ലാതെ സുറിയാനികളും സ്വീകരിച്ചിരിക്കുന്നത് നമുക്കറിയാം. കേരളത്തിലെ സുറിയാനികള്‍ തങ്ങളുടെ ആത്മീയപിതാക്കന്മാരായി പരിഗണിക്കുന്ന അഹത്തുള്ള, അബ്ദുള്‍ജലീല്‍ തുടങ്ങിയവരുടെ പേരുകളെ ഉദാഹരണമായെടുക്കാം. എന്നാല്‍, ഇത്തരം പേരുകള്‍ ഹെബ്രായഭാഷ സംസാരിക്കുന്നവരോ അരമായഭാഷ സംസാരിക്കുന്നവരോ ഇന്നോളം സ്വീകരിച്ചിട്ടില്ല. ഹെബ്രായഭാഷയിലെ പേരുകള്‍ വള്ളിയോ പുള്ളിയോ മാറ്റാതെയാണ് അരമായഭാഷക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതായത്, ഹെബ്രായഭാഷയുടെ ഭാഷാഭേദമാണ് അരമായിക്! അതായത്, യേഹ്ശുവാ എന്ന ഹെബ്രായനാമത്തെ വള്ളിയോ പുള്ളിയോ മാറ്റാതെയാണ് അരമായഭാഷ സംസാരിച്ചിരുന്ന യെഹൂദര്‍ വിളിച്ചിരുന്നത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഹെബ്രായഭാഷയില്‍ മാത്രമേ യെഹൂദര്‍ പേരുകള്‍ സ്വീകരിച്ചിട്ടുള്ളു; അരമായഭാഷയില്‍ പേരുകള്‍ ഒന്നും നല്കപ്പെട്ടിട്ടില്ല. കാരണം, അരമായഭാഷ സംസാരിച്ചിരുന്ന യെഹൂദരുടെ ഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരുന്നത് ഹീബ്രുഭാഷയിലാണ്. മോശയുടെ നിയമങ്ങളും പ്രവാചകന്മാരുടെ തിരുവെഴുത്തുകളും സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ഹീബ്രുഭാഷയിലായിരുന്നു! പിതാക്കാന്മാരുടെ പേരുകളെ പരമ്പരാഗതമായി പേറുന്നവരാണ് യെഹൂദര്‍! അവയെല്ലാം ഹെബ്രായഭാഷയിലുള്ളതും അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതുമാണ്! അതായത്, ഹെബ്രായനാമങ്ങള്‍ വെറും അക്ഷരങ്ങളല്ല!

'യാഹ്‌വെ' എന്ന നാമത്തോട് 'ശുവാഹ്' എന്ന വാക്ക് ചേര്‍ത്തുവച്ചതാണ് 'യേഹ്ശുവാ' എന്ന നാമം. യാഹ്‌വെ രക്ഷിക്കുന്നുവെന്ന അര്‍ത്ഥം ഈ നാമത്തിനുണ്ട്. യാഹ്‌വെയുടെ നാമമാണ് താന്‍ വഹിക്കുന്നതെന്നും പിതാവിന്റെ നാമത്തിലാണ് താന്‍ വന്നിരിക്കുന്നതെന്നും യേഹ്ശുവാ പറഞ്ഞത് ഇക്കാരണത്താലാണ്. യേഹ്ശുവായുടെതായി പ്രചാരത്തിലുള്ള മറ്റേതു നാമത്തിലാണ് 'യാഹ്‌വെ' ഉള്ളത്? കല്‍ദായരുടെ ഈശോയിലെ ഏത് അക്ഷരമാണ് യാഹ്‌വെയെ പ്രതിനിധീകരിക്കുന്നത്? രക്ഷയെ സൂചിപ്പിക്കുന്ന കല്‍ദായ അക്ഷരം 'ഈ' ആണോ 'ശോ' ആണോ? ഈശോയിലും ഈസായിലും മാത്രമല്ല, ജീസസ് അടക്കം മറ്റൊരു നാമത്തിലും യാഹ്‌വെയുമില്ല, രക്ഷയുമില്ല! കേപ്പാ ഇപ്രകാരം വിളിച്ചുപറഞ്ഞു: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവ: 4; 12). ക്രിസ്തീയതയുടെമേല്‍ നിലനിന്നിരുന്ന സംരക്ഷണം ഇല്ലാതാക്കാന്‍ രക്ഷയുടെ നാമം സഭയില്‍നിന്നു നീക്കംചെയ്യണമെന്ന് കോണ്‍സ്റ്റന്റൈന്‍ മനസ്സിലാക്കി. എന്തെന്നാല്‍, ക്രിസ്ത്യാനികളെ കൊന്നുതള്ളുന്നതിന്റെ ഇരട്ടിശക്തിയോടെ ക്രിസ്തീയത വളരുന്നതാണ് വൈരികള്‍ കണ്ടത്. പൗരസ്ത്യദേശത്തെ ക്രിസ്തീയതയെ കുഴിവെട്ടിമൂടാന്‍ 'ഈശോ' എന്ന വാക്കിനു സാധിച്ചു! ഈശോയ്ക്കു പകരം ഈസായും, ഈസാവഴി അല്ലാഹുവും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു! 

അറബികളും പേര്‍ഷ്യാക്കാരും വ്യാപകമായി ഉപയോഗിച്ചിരുന്നതും, പിന്നീട് എട്ടാംനൂറ്റാണ്ടോടെ അറബിഭാഷയില്‍ ലയിച്ച് ഇല്ലാതായിപ്പോകുകയും ചെയ്ത അസീറിയന്‍ ഭാഷയാണ്‌ സുറിയാനി. ഇറാക്കിലും സിറിയയിലുമാണ് ഈ ഭാഷ നിലനിന്നിരുന്നത്. ഈ ഭാഷയ്ക്ക് ഹീബ്രുവുമായോ അരമായിക്കുമായോ യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, ആംഗ്യം കാട്ടിയല്ലാതെ ആശയവിനിമയം നടത്താന്‍ ഇരുകൂട്ടര്‍ക്കും തമ്മില്‍ സാധിക്കില്ലായിരുന്നു എന്നതിന് ബൈബിളില്‍ തെളിവുണ്ട്. യിസ്രായേല്‍ജനം പ്രവാസികളായി കഴിഞ്ഞ രാജ്യങ്ങളെക്കുറിച്ചും യിസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളെക്കുറിച്ചും ബൈബിളില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. പുരാതന യിസ്രായേലിന്റെ അതിര്‍ത്തികളല്ല ഇപ്പോഴത്തെ അതിര്‍ത്തികളായി പരിഗണിക്കപ്പെടുന്നതെന്നു നമുക്കറിയാം. എന്നിരുന്നാലും, അതിര്‍ത്തികളെ അടിസ്ഥാനമാക്കി ചില വസ്തുതകള്‍ നമുക്കു പരിശോധിക്കേണ്ടതുണ്ട്. യിസ്രായേലിന്റെ വടക്കുകിഴക്കായി സിറിയയും തെക്കുപടിഞ്ഞാറായി ഈജിപ്തും സ്ഥിതിചെയ്യുന്നു. ഇതില്‍ ഈജിപ്താണ് യിസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം. നാലു നൂറ്റാണ്ടിലേറെ പ്രവാസത്തില്‍ കഴിഞ്ഞതും തങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതുമായ ഈജിപ്തിലെ ഭാഷപോലും യിസ്രായേല്‍ക്കാര്‍ക്ക് അന്യമായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. സങ്കീര്‍ത്തകന്‍ പറയുന്നതു ശ്രദ്ധിക്കുക: “യിസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍, യെഹൂദാ അവിടുത്തെ വിശുദ്ധമന്ദിരവും യിസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി”(സങ്കീ: 114; 1, 2).

ഈജിപ്തിലെ പ്രവാസജീവിതത്തിനുശേഷം ബാബിലോണിലും അസീറിയായിലും യിസ്രായേല്‍ക്കാര്‍ പ്രവാസജീവിതം നയിച്ചിട്ടുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളൊക്കെ യിസ്രായേലില്‍ അധിനിവേശം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഹെബ്രായര്‍ തങ്ങളുടെ ഭാഷ ഉപേക്ഷിക്കുകയോ തങ്ങളെ അടിമകളാക്കിയ ജനതകളുടെ ഭാഷകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. എന്തെന്നാല്‍, തങ്ങളുടെ നിയമഗ്രന്ഥം രചിക്കപ്പെട്ടത് ഹെബ്രായഭാഷയിലാണ്. ചരിത്രവും തിരുലിഖിതങ്ങളുമെല്ലാം ഹെബ്രായഭാഷയില്‍ തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ ബാബിലോണ്‍കാരും അസീറിയക്കാരും ഗ്രീക്കുകാരും റോമാക്കാരും മാത്രമല്ല, യിസ്രായേലിനു ചുറ്റിലും ജീവിച്ച സകല ജനതകളും ഹെബ്രായഭാഷയെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്രിസ്തുവിനുശേഷം യിസ്രായേല്‍ ചിതറിക്കപ്പെട്ടപ്പോള്‍ താത്ക്കാലികമായി ഈ ഭാഷ ഇല്ലാതായെങ്കിലും, അത് തിരിച്ചുവന്നു. ഒരിക്കലും തിരിച്ചുവരില്ലെന്ന് ലോകം വിധിയെഴുതിയ ഹെബ്രായഭാഷയുടെ തിരിച്ചുവരവിനു സാക്ഷ്യംവഹിച്ചവരാണ് നാം. യേഹ്ശുവായെ ഈശോയാക്കി, ഈസായ്ക്കും ഇസ്ലാമിനും വഴിയൊരുക്കുകയെന്ന വിജാതിയ അജണ്ട ഇപ്പോള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ സുറിയാനികള്‍ നടത്തുന്ന ശ്രമത്തെ നാം നിസ്സാരമായി കാണരുത്. ആയതിനാല്‍, ചില വസ്തുതകള്‍ക്കൂടി ഇവിടെ വെളിപ്പെടുത്തുകയാണ്.

കിഴക്കന്‍ അരമായ ഭാഷയുടെ ഭാഷാഭേദമാണ് സുറിയാനി എന്ന് പ്രചരിപ്പിക്കുന്ന കുബുദ്ധികള്‍ കേരളത്തിലുണ്ട്. സിറിയാക്കാര്‍പ്പോലും ഈ വാദം ഉയര്‍ത്താത്തപ്പോള്‍, കേരളത്തിലെ സുറിയാനിവാദികള്‍ ഈ സാഹസത്തിനു മുതിരുന്നതിനു പിന്നിലെ താത്പര്യം സുവ്യക്തം! 'ഈശോ' എന്ന വ്യാജനാമത്തെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ നാമമായി തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന വിഫലശ്രമത്തിന്റെ ഭാഗമാണ് ഈ സാഹസം! സെമിറ്റിക് വിഭാഗത്തില്‍പ്പെടുന്ന 'ബെര്‍ബര്‍' ഭാഷയായിരുന്നു ഈജിപ്തിലെ പുരാതനഭാഷ! സിറിയാക്കാരുടെ ഭാഷയാകട്ടെ, അസീറിയന്‍ ഭാഷയായ അക്കേദിയന്‍ ഭാഷയായിരുന്നു. യിസ്രായേല്യരെ സംബന്ധിച്ചിടത്തോളം ഈ ഭാഷകള്‍ അന്യഭാഷകളായിരുന്നുവെന്ന് ബൈബിള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നത് നാം കണ്ടു. ആഗോള ക്രൈസ്തവസമൂഹങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് 'ഈശോ' എന്ന അപകടനാമം ക്രിസ്തുവിന്റെതായി പരിഗണിക്കുന്നത്. ഈ വിഭാഗംതന്നെയാണ് ഈസാനബി എന്ന എതിര്‍ക്രിസ്തുവിനെ രക്ഷകനായ യേഹ്ശുവായുടെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നതും! ഈസാ എന്നത് ഈശോയുടെ ഒരു വകഭേദമാണ്.

ഇവിടെ നാം അറിഞ്ഞിരിക്കേണ്ട രണ്ട് ഇംഗ്ലീഷ് വാക്കുകളാണ് Translation, Transliteration എന്നീ വാക്കുകള്‍. വിവര്‍ത്തനം, ലിപ്യന്തരണം എന്നിങ്ങനെയാണ് യഥാക്രമം ഈ വാക്കുകളുടെ അര്‍ത്ഥം! പേരുകളുടെ കാര്യത്തില്‍ ലിപ്യന്തരണം മാത്രമേ പാടുള്ളു! തലയ്ക്കു വെളിവുള്ള ആരും തന്റെ പേര് ഭാഷാടിസ്ഥാനത്തില്‍ പരിഷ്ക്കരിക്കില്ല! 'കുഞ്ഞോനാച്ചന്‍' എന്നാണ് ഒരുവന്റെ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരെങ്കില്‍, അവന്‍ ഏതു രാജ്യത്തു വിമാനമിറങ്ങിയാലും, അവിടെ എമിഗ്രേഷന്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അവനെ 'കുഞ്ഞോനാച്ചന്‍' എന്നുതന്നെ വിളിക്കും! ആ ഉദ്യോഗസ്ഥന്റെ വായില്‍ ഈ പേര് വഴങ്ങാത്തതുകൊണ്ട്‌ 'കുഞ്ചോനാച്ചന്‍' എന്ന് വിളിച്ചെന്നിരിക്കട്ടെ! അന്നുമുതല്‍ കുഞ്ഞോനാച്ചന്‍ കുഞ്ചോനാച്ചന്‍ ആകില്ല! പ്രാഥമികമായ ഈ അറിവെങ്കിലും ക്രിസ്ത്യാനികള്‍ അടിയന്തിര പ്രാധാന്യത്തോടെ ആര്‍ജ്ജിക്കണം! അല്ലാത്തപക്ഷം, ഉഗ്രപീഡനത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്ന ഈ അന്ത്യകാലത്ത് നിങ്ങള്‍ അരക്ഷിതരായിരിക്കും! എന്തെന്നാല്‍, യേഹ്ശുവാ എന്ന നാമം വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമേ വാളിനെയും പീഡനങ്ങളെയും അതിജീവിക്കുകയുള്ളു! മനോവയല്ല, അവിടുന്നുതന്നെയാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്!

അബ്രാഹം എന്ന പേരിന്റെ ദാതാവ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണെന്നു നമുക്കറിയാം. അവിടുന്ന് മോശയോടു സംസാരിച്ചത് ഹെബ്രായഭാഷയിലാണെന്നും നമുക്കറിയാം. സൃഷ്ടി മുതല്‍ നിയമാവര്‍ത്തനം വരെയുള്ള അഞ്ചു ഗ്രന്ഥങ്ങളുടെയും രചന നിര്‍വ്വഹിച്ചത് മോശയാണ്. ഹെബ്രായഭാഷയിലാണ് ആ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്. അതായത്, പൂര്‍വ്വപിതാക്കന്മാരുടെയെല്ലാം പേരുകള്‍ ഹെബ്രായഭാഷയിലുള്ളതും വ്യക്തമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതുമാണ്. ആയതിനാല്‍, അര്‍ത്ഥശൂന്യമായ അക്ഷരക്കൂട്ടങ്ങള്‍ക്ക് ആധികാരികത നല്‍കാന്‍ സുറിയാനികള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും വിഫലമാകും. ഹെബ്രായഭാഷയുടെ തിരിച്ചുവരവുപോലെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ പേരും തിരിച്ചുവരുമ്പോള്‍, വ്യാജനാമങ്ങളുടെ വക്താക്കള്‍ ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. അസാദ്ധ്യമെന്ന് ലോക ഭാഷാഗവേഷകരും ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയും ഒരേസ്വരത്തില്‍ വിധിയെഴുതിയിട്ടും ഹെബ്രായഭാഷ തിരിച്ചുവന്നത് വെറുതെയാണെന്ന് ആരും ചിന്തിക്കേണ്ട! തള്ളിക്കളഞ്ഞും വികലമാക്കിയും ദൈവമക്കളുടെ അധരങ്ങളില്‍നിന്നു നീക്കംചെയ്യപ്പെട്ട രക്ഷയുടെ നാമത്തെ തിരികെക്കൊണ്ടുവരേണ്ടത് ദൈവത്തിന്റെ ഉത്തരവാദിത്തമാണ്. അവിടുന്നത് നിറവേറ്റും! അവിടുത്തെ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും”(സെഫാ: 3; 9). ഒരിക്കലും തിരിച്ചുവരില്ലെന്നു പറഞ്ഞ ഹെബ്രായഭാഷ തിരിച്ചുവന്നു! രക്ഷകന്റെ പുനരാഗമാനത്തിനു മുന്‍പ് അവിടുത്തെ നാമവും തിരിച്ചുവരും! ആ നാമം വിളിച്ചപേക്ഷിക്കുന്നവരെല്ലാം രക്ഷപ്രാപിക്കുകയും ചെയ്യും! ക്രിസ്ത്യാനികളുടെ അധരങ്ങളില്‍നിന്നു ക്രിസ്തുവിന്റെ നാമം അപ്രത്യക്ഷമായിട്ട് ആയിരത്തിയെഴുന്നൂറു വര്‍ഷമായെങ്കില്‍, അതിനേക്കാളേറെ വര്‍ഷങ്ങള്‍ മറഞ്ഞിരുന്ന ഭാഷയാണ്‌ ഹെബ്രായഭാഷ!

യീസുസ് എങ്ങനെ ജീസസ് ആയി എന്നുകൂടി പരിശോധിച്ചുകൊണ്ട് ഒന്നാമത്തെ ട്രോജന്‍ കുതിരയുടെ ചരിത്രം ഉപസംഹരിക്കാം. ക്രിസ്തുവോ അവിടുത്തെ അപ്പസ്തോലന്മാരോ സുവിശേഷം പ്രസംഗിച്ച കാലത്ത് ഇംഗ്ലീഷ് ഭാഷ ഉണ്ടായിട്ടില്ലെന്നു നമുക്കറിയാം. കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിരയുടെ നാളുകളിലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ജീസസും അക്കാലത്തുണ്ടായിരുന്നില്ല. പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം ഇംഗ്ലീഷ് ഭാഷ ഉടലെടുത്തുവെങ്കിലും ബൈബിള്‍ പരിഭാഷപ്പെടുത്താനുള്ള ശ്രമമാരംഭിച്ചത് പതിനാലാം നൂറ്റാണ്ടിലാണ്. 1380- ല്‍ ഫിലോസഫറും തിയോളജിയനുമായിരുന്ന ജോണ്‍ വിക്ക്ലിഫാണ് അതിനുള്ള ശ്രമം തുടങ്ങിയത്. വിക്ക്ലിഫ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ ലത്തീന്‍ ഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്ക് ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ഏതാനും കയ്യെഴുത്തുപ്രതികള്‍ തയ്യാറാക്കുകയും ചെയ്തു. ഇത് സഭാചാര്യന്മാരെയും ഇംഗ്ലണ്ടിലെ രാജാവിനെയും ചൊടിപ്പിച്ചു. അന്നുവരെ ഗ്രീക്കിലും ലത്തീനിലും മാത്രമേ ബൈബിള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇദ്ദേഹത്തെ സഭാചാര്യന്മാര്‍ വെറുതെ വിട്ടില്ല 1382-ല്‍ ലണ്ടനിലെ Black Friars- ല്‍ വച്ചു നടന്ന സിനഡ് ഇദ്ദേഹത്തെ ദൈവനിഷേധി(Heretic)യായി വിധിച്ചു. ശിക്ഷാനടപടികളുണ്ടാകുന്നതിനു മുന്‍പുതന്നെ വിക്ക്ലിഫ് അന്ത്യശ്വാസം വലിച്ചു. എന്നാല്‍, സഭാചാര്യന്മാരുടെ ക്രോധം പെട്ടെന്നൊന്നും ശമിച്ചില്ല. 1384-ല്‍  മരണമടഞ്ഞ വിക്ക്ലിഫിന്റെ ഭൗതികാവശിഷ്ടം മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കുശേഷം, 1415 മേയ് നാലാംതിയതി മാന്തിയെടുത്തു കത്തിച്ച്, ചാരം നദിയിലൊഴുക്കി. മാത്രവുമല്ല, പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം, സാധിക്കുന്നത്ര കോപ്പികള്‍ കണ്ടെടുത്ത് അവയെല്ലാം അഗ്നിയ്ക്കിരയാക്കുകയും ചെയ്തു.

വിക്ക്ലിഫിനുശേഷം ബൈബിള്‍ പരിഭാഷയ്ക്ക് ശ്രമിച്ചത് വില്യം ടിന്‍ഡല്‍ (William Tyndale) ആണ്. എന്നാല്‍, വിക്ക്ലിഫിനു സംഭവിച്ചതെന്താണെന്ന് നല്ലവണ്ണം അറിയാമായിരുന്ന ടിന്‍ഡല്‍ തന്റെ ശ്രമം ഇംഗ്ലണ്ടിന്റെ മണ്ണില്‍വച്ചു നടത്തുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നു മനസ്സിലാക്കി, 1524-ല്‍ ജര്‍മ്മനിയിലെ കൊളോണില്‍ അഭയംതേടി. രണ്ടുവര്‍ഷത്തിനുശേഷം, ലത്തീന്‍, ഗ്രീക്ക് ബൈബിളുകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പുതിയൊരു പരിഭാഷ തയ്യാറാക്കി. അപ്പോഴേയ്ക്കും അച്ചടിയന്ത്രം യാഥാര്‍ത്ഥ്യമായിരുന്നതുകൊണ്ട് കൂടുതല്‍ കോപ്പികള്‍ സാദ്ധ്യമായി. ആറായിരം കോപ്പികള്‍ അച്ചടിപ്പിച്ചു. ഈ വിവരം മണത്തറിഞ്ഞ ഇംഗ്ലണ്ടിലെ രാജാവ് ഹെന്‍റി എട്ടാമനും സംഘവും ഇതിന്റെ കോപ്പി രാജ്യത്തെത്താതിരിക്കാനുള്ള സകല സംവിധാനങ്ങളുമൊരുക്കി. എങ്കിലും, കോപ്പികള്‍ എത്തുകതന്നെ ചെയ്തു. അപ്പോള്‍ ലണ്ടന്‍ ബിഷപ്പിനൊരു ബുദ്ധി തോന്നി - മുഴുവന്‍ കോപ്പികളും വിലയ്ക്കു വാങ്ങി നശിപ്പിക്കുകയെന്ന കൗശലമാണ് ബിഷപ്പിന്റെ ബുദ്ധിയിലുദിച്ചത്. ടിന്‍ഡല്‍ ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടുതന്നെ കോപ്പികള്‍ മുഴുവന്‍ ബിഷപ്പിനു വിറ്റു. അങ്ങനെ ലഭിച്ച പണംകൊണ്ട്, പരിഷ്‌ക്കരിച്ച പതിപ്പ് തയ്യാറാക്കി.

1535-ല്‍ രാജാവിന്റെ ചാരന്മാര്‍ ബെല്‍ജിയത്തുനിന്ന് ടിന്‍ഡലിനെ പിടികൂടുകയും, 1536 ഒക്ടോബര്‍ ആറാംതിയതി അദ്ദേഹത്തിന്റെ നാല്പത്തിരണ്ടാം വയസ്സില്‍ ശ്വാസം മുട്ടിച്ചു വധിക്കുകയും, ഭൗതിക ശരീരം കത്തിച്ചുകളയുകയും ചെയ്തു. ടിന്‍ഡലിനെ വധിച്ച ഹെന്‍റി എട്ടാമാനാണ് ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ സ്ഥാപകന്‍! സ്പെയിന്‍കാരിയായ തന്റെ  ഭാര്യ കാതറൈനെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നതിനുവേണ്ടിയാണ് ഹെന്‍റി എട്ടാമന്‍ വത്തിക്കാനുമായി പിണങ്ങുകയും പുതിയൊരു സഭയുണ്ടാക്കുകയും ചെയ്തത്. മാത്രവുമല്ല, ഇംഗ്ലണ്ടിലെ സഭയുടെ തലവന്‍ താന്‍തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്, ഇയാള്‍തന്നെ മുന്‍കൈയെടുത്ത് ബൈബിള്‍ പരിഭാഷപ്പെടുത്തി എന്നതാണ് ദുരൂഹതയുടെ തുടക്കം. ഇക്കാലംവരെ ഇംഗ്ലീഷില്‍ 'J' എന്ന അക്ഷരമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അന്നുവവരെ ക്രിസ്തുവിന്റെ പേര് ഇംഗ്ലീഷ് ലിപിയില്‍ എഴുതിയിരുന്നത് 'Yesus' എന്നായിരുന്നു. കോണ്‍സ്റ്റന്റൈന്‍ നല്‍കിയ പേരുതന്നെ സ്വരവ്യത്യാസമില്ലാതെ ഇംഗ്ലീഷ് ലിപിയില്‍ എഴുതുകയാണ് ചെയ്തിരുന്നത്. അതായത്, ഉച്ചാരണം 'യീസുസ്' എന്നുതന്നെയായിരുന്നു. എന്നാല്‍, 'J' എന്ന അക്ഷരംകൂടി ഇംഗ്ലീഷ് അക്ഷരമാലയില്‍ സ്ഥാനംപിടിച്ചതോടെ 'Y' എന്ന അക്ഷരങ്ങളുടെയെല്ലാം സ്ഥാനത്ത് 'J' എന്ന അക്ഷരം പ്രതിഷ്ഠിച്ചു! അങ്ങനെ യീസുസ് (Yesus) ജീസസ് (Jesus) ആയി! 'Y' ക്കുപകരം 'J' വന്നതോടെ 'യ' എന്ന സ്വരം 'ജ' എന്ന സ്വരത്തിനു വഴിമാറി! ദുരന്തം അതിന്റെ പൂര്‍ണ്ണതയിലെത്തുകയും ചെയ്തു! ഇക്കഴിഞ്ഞ സഹസ്രാബ്ദത്തിലെ എല്ലാ ദുരന്തങ്ങളുടെയും ഈറ്റില്ലം ഇംഗ്ലണ്ടാണെന്നു പറഞ്ഞാല്‍, അതിനെ അതിശയോക്തിപരമെന്നു പറയാന്‍ കഴിയില്ല. അതുപോലെതന്നെ, ഹെന്‍റി എട്ടാമനെ മറ്റൊരു ട്രോജന്‍ കുതിരയായി പരിഗണിക്കാവുന്നതുമാണ്!

ട്രോജന്‍ കുതിരകള്‍ വാഴ്ത്തപ്പെടുമ്പോള്‍!?

ഹെന്‍റി എട്ടാമനു മുന്‍പും ശേഷവും അനേകം ട്രോജന്‍ കുതിരകള്‍ ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിട്ടുണ്ട്. കോണ്‍സ്റ്റന്റൈനില്‍ തുടങ്ങിയ പടയോട്ടം ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ട്രോജന്‍ കുതിരകള്‍ സഭകളില്‍ നുഴഞ്ഞുകയറുന്നതല്ല യഥാര്‍ത്ഥ ദുരന്തം; പിന്നെയോ, ഈ മരക്കുതിരകള്‍ സഭയില്‍ ആദരിക്കപ്പെടുന്നു എന്നതാണ്! ശത്രുവിനെയും സ്നേഹിതനെയും വിവേചിച്ചറിയാന്‍ കഴിവില്ലാത്തവരാണ് ക്രൈസ്തവസഭകളുടെ നായകസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്. ട്രോജന്‍ കുതിരകളെ വിശുദ്ധരായി പരിഗണിച്ചു വണങ്ങുന്ന ദുരവസ്ഥപോലും ക്രൈസ്തവസഭകളില്‍ ഇന്നുണ്ട്. ക്രിസ്തുവിന്റെ കല്പനകളെയും അപ്പസ്തോലിക പ്രബോധനങ്ങളെയും നിഷേധിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിച്ച വ്യക്തികളില്‍ പലരും ഇന്ന് കത്തോലിക്കാസഭയിലെ വിശുദ്ധരാണ്. യൂറോപ്പില്‍ ഭരണം നടത്തിയ ഒട്ടുമിക്ക രാജാക്കന്മാരുടെയും അമ്മമാര്‍ ഈ പട്ടികയില്‍ സ്ഥാനംപിടിച്ചത് നാം നിസ്സാരമായി കാണരുത്. പോപ്പ്, രാജാവ്, ചക്രവര്‍ത്തി, വിശുദ്ധര്‍ എന്നീ പദവികളൊക്കെ ചില കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു. രാജാക്കന്മാരെ സന്തോഷിപ്പിക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്ക് വിശുദ്ധപദവി നല്‍കുന്നത് ഈ കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമാണ്. കാരണം, പോപ്പിനെ തിരഞ്ഞെടുക്കുമ്പോള്‍ ചക്രവര്‍ത്തിമാര്‍ക്ക് 'വീറ്റോ' അധികാരം ഉപയോഗിക്കാന്‍ സാധിക്കും. ചക്രവര്‍ത്തിക്ക് അനഭിമതനായ ഒരാള്‍ക്ക് കത്തോലിക്കാസഭയുടെ പോപ്പാകാന്‍ കഴിയില്ല. യൂറോപ്പില്‍ രാജഭരണം അവസാനിക്കുന്നതുവരെ ഇതായിരുന്നു കത്തോലിക്കാസഭയിലെ സ്ഥിതി. ചുരുക്കത്തില്‍, തങ്ങളുടെ അജണ്ട നടപ്പാക്കിയതിനുശേഷം അത് പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്ന രീതിയാണ് നാലാംനൂറ്റാണ്ടു മുതല്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ അവലംബിക്കുന്നത്.

ചില ദോഷങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ചക്രവര്‍ത്തിമാര്‍ക്കു സഭയുടെമേലുണ്ടായിരുന്ന ഈ സ്വാധീനം ഒരുപരിധിവരെ നന്മയായിരുന്നു എന്നതാണ് അനുഭവം നമുക്കു നല്‍കുന്ന പാഠം. രാജാക്കന്മാരും സഭാചാര്യന്മാരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഒരു യാഥാര്‍ത്ഥ്യമായിരുന്നെങ്കിലും, പരസ്പരമുള്ള നിയന്ത്രണം സഭയ്ക്കും രാജ്യത്തിനും ഗുണകരമായിരുന്നു. രാജാക്കന്മാര്‍ക്ക് സഭാനേതൃത്വത്തെയും, സഭാനേതൃത്വത്തിനു രാജാക്കന്മാരെയും അവഗണിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ, തന്‍പ്രമാണിത്തം ഇരുപക്ഷത്തും നിയന്ത്രിക്കപ്പെട്ടു. സഭയിലും രാജ്യത്തും സമാധാനത്തോടെ സുരക്ഷിതരായി ജീവിക്കാന്‍ യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കു സാധിച്ചത് ഭരണകൂടവും സഭയും തമ്മിലുള്ള സഹവര്‍ത്തിത്വവും പരസ്പരബഹുമാനവും നിലനിന്നതുകൊണ്ടാണ്. അതായത്, ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും സ്വാധീനം യൂറോപ്പിലെ ക്രിസ്തീയതയ്ക്ക് എക്കാലത്തും കാവലായിരുന്നു. വിജാതിയരുടെ ആക്രമണങ്ങളില്‍നിന്നു ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ യൂറോപ്പിലെ രാജാക്കന്മാര്‍ വഹിച്ച പങ്ക് ചെറുതല്ല. നീതിബോധവും അടിയുറച്ച ക്രൈസ്തവവിശ്വാസവും കാത്തുസൂക്ഷിച്ച രാജാക്കാന്മാരുടെ നിയന്ത്രണം സഭയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു മാത്രമല്ല, വൈദികസംവിധാനത്തില്‍ കടന്നുകൂടിയ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘം സഭയുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ പ്രതിരോധിച്ചതും രാജാക്കന്മാരാണ്‌. കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായി ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ തലവന്‍ അവരോധിക്കപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍, അതിനെ വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞത് യൂറോപ്പിലെ ഒരു ചക്രവര്‍ത്തിയായിരുന്നു. ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫാണ് ആ മഹാനായ ചക്രവര്‍ത്തി!

ലോകത്തെ പരിപൂര്‍ണ്ണമായി തന്റെ ആധിപത്യത്തില്‍ ഉറപ്പിക്കണമെങ്കില്‍, കത്തോലിക്കാസഭയെ തന്റെ വരുതിയില്‍ നിര്‍ത്തേണ്ടത് അനിവാര്യമാണെന്നു സാത്താന് നന്നായി അറിയാം. 1717-ല്‍ ഫ്രീമേസണ്‍ സംഘടനയ്ക്കു രൂപംനല്‍കിയതുതന്നെ ഈ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. 1738 മുതല്‍ ഓരോ മാര്‍പ്പാപ്പമാരും ഈ സത്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 1832-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്‍ 'മിയാറി വോസ്' (Miari Vos) എന്ന അപ്പസ്തോലിക വിളംബരത്തില്‍ ഒരു കാര്യം വ്യക്തമാക്കി. കത്തോലിക്കാസഭയില്‍ 'ഫ്രീമേസണ്‍ ഫിലോസഫി' നുഴഞ്ഞുകയറിക്കഴിഞ്ഞു എന്ന സത്യമാണ് ഈ പാപ്പാ അന്നു പ്രഖ്യാപിച്ചത്! പിന്നീടുവന്ന മാര്‍പ്പാപ്പാമാരില്‍ ആരും ഈ പൈശാചികത പുറത്തുപോയതായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, സഭയില്‍ കയറിക്കൂടിയ ദുര്‍ഭൂതം ഇവിടെ പെറ്റുപെരുകി എന്നതാണു വസ്തുത! സഭയില്‍ നുഴഞ്ഞുകയറിയ ഫ്രീമേസണുകള്‍ ലക്ഷ്യമിട്ടത് മാര്‍പ്പാപ്പയുടെ പദവിയാണ്‌. ഈ പദവിയിലൂടെ സഭയെ പൂര്‍ണ്ണമായി തന്റെ അധീനതയിലാക്കാമെന്ന് പിശാചു കണക്കുകൂട്ടി. എന്നാല്‍, ഈ ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു തടസമായി നിലനിന്നത് യൂറോപ്പിലെ രാജഭരണവും രാജാക്കന്മാര്‍ക്ക് സഭയിലുണ്ടായിരുന്ന നിര്‍ണ്ണായക സ്വാധീനവുമാണ്. ഈ തടസ്സം നീക്കുന്നതിനുവേണ്ടിയാണ് ഇല്ല്യുമിനാറ്റികള്‍ ഒന്നാം ലോകമഹായുദ്ധം ആസൂത്രണംചെയ്തത്. ഒന്നാം ലോകമഹായുദ്ധത്തോടെ യൂറോപ്പിലെ രാജഭരണം അവസാനിക്കുകയും കത്തോലിക്കാസഭയില്‍ ഇദംപ്രഥമമായി ഒരു ഫ്രീമേസണ്‍ പോപ്പ് അവരോധിക്കപ്പെടുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തില്‍ ആദ്യം തലവെട്ടിയത് ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റേതായിരുന്നുവെന്ന് അറിയുമ്പോഴാണ് ഈ സംഘത്തിനു ലോകത്തുള്ള സ്വാധീനം വ്യക്തമാകുന്നത്. കത്തോലിക്കാസഭയില്‍ ആന്റി അപ്പസ്തോലനെ സ്ഥാപിക്കുകയെന്ന ലക്ഷ്യം 1958-ലാണ് സാദ്ധ്യമായത്. ഗ്രിഗറി പതിനേഴാമന്‍ എന്ന തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ വീട്ടുതടങ്കലില്‍ ആക്കിക്കൊണ്ട് 'ഫ്രീമേസണ്‍' തലവന്‍ കര്‍ദ്ദിനാള്‍ 'ആഞ്ചലോ റോങ്കാളി' സ്വയംപ്രഖ്യാപിത പോപ്പായി! ഇയാളാണ് കുപ്രസിദ്ധമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ശില്പിയായ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍! പോപ്പിന്റെ പദവിയില്‍ ഉപവിഷ്ടനായ ആദ്യത്തെ ട്രോജന്‍ കുതിരയും ഇവന്‍തന്നെ! ഈ ട്രോജന്‍ കുതിരയെ വിശുദ്ധനായി പ്രഖ്യാപിച്ചത് പോപ്പുസ്ഥാനത്ത് അനധികൃതമായി കടന്നുകയറിയ മറ്റൊരു ട്രോജന്‍ കുതിരയാണെന്നു മനസ്സിലാക്കുമ്പോള്‍, ഈ മരക്കുതിരകള്‍ തമ്മിലുള്ള പരസ്പരധാരണയും അജണ്ടകളുടെ പൊതുസ്വഭാവവും വ്യക്തമാകും. 1925 സംവത്സരം മുറുകെപ്പിടിച്ച വിശ്വാസസത്യങ്ങളെ പൊളിച്ചെഴുതിയവനാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍! ആത്മരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം ക്രിസ്തീയതയാണ് എന്ന സത്യത്തെയാണ്‌ ഈ അധമനായ മനുഷ്യന്‍ തിരുത്തിയത്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ ഈ പൈശാചിക ആശയമാണ് യൂറോപ്പിലെ ക്രിസ്തീയതയുടെ ആണിക്കല്ലിളക്കിയതെന്നു മനസ്സിലാക്കാന്‍ 62 വര്‍ഷം പിന്നോട്ടു നടന്നാല്‍ മതി. എന്നാല്‍, പിശാചിനാല്‍ നയിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഈ മനുഷ്യന്‍ പ്രിയങ്കരനാണ്. അന്യദേവന്മാര്‍ക്കുവേണ്ടി വിടുവേല ചെയ്യുന്ന ക്രൈസ്തവനാമധാരികള്‍, തങ്ങളുടെ ഈ പൈശാചികതയ്ക്ക് പുണ്ണ്യപരിവേഷം നല്‍കുന്നത് ജോണ്‍ ഇരുപത്തിമൂന്നാമന്റെ പ്രഖ്യാപനങ്ങളെ ഉയര്‍ത്തിക്കാട്ടിയാണെന്നതും നാം വിസ്മരിക്കരുത്.

ക്രിസ്തുവിന്റെ നാമത്തെ വികലമാക്കിക്കൊണ്ടാണ് കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിര പടയോട്ടത്തിനു തുടക്കമിട്ടതെങ്കില്‍, പിന്നീട് ചെറുതും വലുതുമായ അനേകം ട്രോജന്‍ കുതിരകള്‍ സഭയില്‍ കടന്നുവന്ന് നശീകരണം തുടര്‍ന്നിട്ടുണ്ട്. ട്രോജന്‍ കുതിരകള്‍ത്തന്നെ സഭയുടെ നിയന്ത്രണം സാങ്കേതികമായി ഏറ്റെടുത്ത കാലഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ, മരക്കുതിരകള്‍ക്കൊന്നും സഭയുടെ സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറേണ്ട ആവശ്യമുണ്ടായിട്ടില്ല; കാരണം, അവറ്റകള്‍ക്കായി വിരിക്കപ്പെട്ട ചുവപ്പുപരവതാനി ഇപ്പോഴും അങ്ങനെതന്നെയുണ്ട്‌. ട്രോജന്‍ കുതിരകളാല്‍ പഠിപ്പിക്കപ്പെട്ടവരാണ് വിശ്വാസികളില്‍ ഏറെയുമെന്നതിനാല്‍, ശത്രുക്കളെ മിത്രങ്ങളായും മിത്രങ്ങളെ ശത്രുക്കളായും പരിഗണിക്കുന്ന ദുരവസ്ഥ അവരെ ഗ്രസിച്ചിരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍, ഇസ്ലാമിക ജിഹാദികളെ പൂച്ചെണ്ടു നല്‍കി യൂറോപ്പിലെ ക്രൈസ്തവര്‍ സ്വീകരിക്കുമായിരുന്നില്ല.

ക്രിസ്തുവിന്റെ പ്രബോധനങ്ങളെ അപ്രസക്തമാക്കുന്നതിനായി ചിലരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. വചനവിരുദ്ധമായ ആശയങ്ങളുടെ വക്താക്കളെ വിശുദ്ധരായും പിതാക്കന്മാരായും സ്വീകരിച്ചതിലൂടെ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കു പകരം ട്രോജന്‍ കുതിരകളുടെ ചിനക്കലുകള്‍ പ്രമാണങ്ങളായി സ്ഥാനംപിടിച്ചു. വിശുദ്ധരെ പ്രഖ്യാപിക്കുകയെന്ന ക്രിസ്തീയവിരുദ്ധ ആശയത്തിന്റെ ദുരന്തം തിരിച്ചറിയേണ്ടത് ഇവിടെയാണ്‌. ക്രിസ്തുവിന്റെ ഒരു വചനം ശ്രദ്ധിക്കുക: “നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, യേശൈയാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു”(മത്താ: 15; 6-9). പിതാക്കന്മാരുടെ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതിനായി ദൈവികനിയമങ്ങളെയും തിരുലിഖിതങ്ങളെയും തമസ്ക്കരിക്കുന്ന പ്രവണത ക്രൈസ്തവരുടെയിടയില്‍ വ്യാപകമായുണ്ട്. ബൈബിളില്‍ എഴുതിവച്ചിരിക്കുന്ന സത്യങ്ങളെ അവഗണിക്കാനുള്ള എളുപ്പവഴിയായി പിതാക്കന്മാരുടെ പാരമ്പര്യത്തെ ഇവര്‍ കാണുന്നു. ഇതിനെ ആരും നിസ്സാരമായി കാണരുത്. എന്തെന്നാല്‍, ഇത് സാത്താന്‍ ഒരുക്കിയിരിക്കുന്ന കെണിയാണ്‌. ക്രിസ്തുവിന്റെ പ്രബോധനങ്ങളോടു ചേര്‍ന്നുപോകാത്ത ഒരു പാരമ്പര്യത്തെയും ക്രിസ്ത്യാനി തോളിലേറ്റരുത്. ക്രിസ്തുവില്‍നിന്നു പഠിച്ച അപ്പസ്തോലന്മാരുടെ പാരമ്പര്യമല്ലാതെ, മറ്റൊരു പാരമ്പര്യവും ക്രിസ്ത്യാനികള്‍ക്കു ദൈവം അനുവദിച്ചിട്ടില്ല. ആയതിനാല്‍, ഈ പ്രബോധനം ശ്രദ്ധിക്കുക: “ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം”(കൊളോ: 2; 8).

ദൈവവചനത്തെ ഖണ്ഡിക്കാന്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പാരമ്പര്യവാദങ്ങളെ നാം സൂക്ഷിക്കണം. പാരമ്പര്യങ്ങളെല്ലാം തെറ്റാണെന്നല്ല മനോവ പറയുന്നത്; മറിച്ച്, ഏതൊരു പാരമ്പര്യത്തിനും ദൈവികനിയമങ്ങളുടെ പിന്തുണയുണ്ടായിരിക്കണം. അല്ലാത്തപക്ഷം, പിതാക്കന്മാരുടെ പാരമ്പര്യം എന്നപേരില്‍ പാഷാണ്ഡതകളെ തോളിലേറ്റി നടക്കുന്ന ദുരവസ്ഥയുണ്ടാകും. വിശുദ്ധരെന്നു പറയപ്പെടുന്ന വ്യക്തികളുടെ ആശയങ്ങളെയാണ് പലരും പൂര്‍വ്വീക പാരമ്പര്യമായി പിന്തുടരുന്നത്. ക്രിസ്തുവിന്റെ വചനത്തിനു നേര്‍വിപരീതമായ ആശയങ്ങള്‍പ്പോലും ഇക്കൂട്ടത്തിലുണ്ട്. ഇവിടെയാണ്‌ അപകടം പതിയിരിക്കുന്നത്! വഴിപിഴച്ചവരുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഈ പാരമ്പര്യം ഒരു കെണിയായിരിക്കും. പൂര്‍വ്വപിതാക്കന്മാരുടെ കൂട്ടത്തില്‍ ട്രോജന്‍ കുതിരകളും ഉണ്ടായിരുന്നതുകൊണ്ടാണ് വചനവിരുദ്ധ പാരമ്പര്യം സഭകളില്‍ കടന്നുകൂടിയത്. ആയതിനാല്‍, പാരമ്പര്യങ്ങളെ നാം വിവേചിച്ചറിയണം. ക്രിസ്തുവിനു യോജിക്കാത്ത ഏതൊരു പാരമ്പര്യത്തില്‍നിന്നും ഇറങ്ങിവരാന്‍ തയ്യാറാകുകയെന്നതാണ് വിവേകപരമായ നടപടി! വിശുദ്ധരെ പ്രഖ്യാപിക്കുക എന്ന ഭോഷ്ക്കിനു പിന്നിലും പിശാചിന്റെ അജണ്ട വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. വചനവിരുദ്ധ ആശയങ്ങള്‍ വിശുദ്ധരുടെ വാമൊഴിമുത്തുകളായി അവതരിപ്പിക്കുമ്പോള്‍ വിശ്വാസികളുടെമേല്‍ എളുപ്പത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുമെന്ന് അനുഭവത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണ്‌. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനു പിന്നില്‍ ഇതുപോലുള്ള താത്പര്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്. സകലവിധ കച്ചവടങ്ങളും ഭക്താഭാസങ്ങളും വെടിവഴിപാടുകളും നടക്കുന്നത് വിശുദ്ധരെന്നു പറയപ്പെടുന്നവരുടെ പേരിലാണ് എന്നകാര്യവും വിസ്മരിക്കരുത്. ക്രിസ്തു കല്പിക്കാത്തതും, അവിടുന്ന് മനസ്സില്‍പ്പോലും ചിന്തിക്കാത്തതുമായ ഒരു നടപടിയാണ് വിശുദ്ധരെ പ്രഖ്യാപിക്കല്‍! ഇത് യേഹ്ശുവായോടുള്ള ഒരു വെല്ലുവിളികൂടിയാണെന്ന് നാം മനസ്സിലാക്കിയിരിക്കണം.

വിശുദ്ധരെ പ്രഖ്യാപിക്കുന്നത് എങ്ങനെയാണ് യേഹ്ശുവായോടുള്ള വെല്ലുവിളിയാകുന്നതെന്ന് അറിയണമെങ്കില്‍ ഈ ലേഖനം വായിക്കുക: 'വിശുദ്ധരെ പ്രഖ്യാപിക്കലും വിഗ്രഹ നിര്‍മ്മാണവും!' തങ്ങളുടെ സമൂഹത്തില്‍നിന്നു വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനായി സന്യാസസമൂഹങ്ങള്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ദി സെയ്ന്‍റ് ' എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മമ്മൂട്ടിയുടെ 'പ്രാഞ്ചിയേട്ടന്‍' എന്ന കഥാപാത്രത്തിന് 'പത്മശ്രീ' തരപ്പെടുത്തിയെടുക്കാന്‍ 'വ്യാജപ്രൊഫൈല്‍' തയ്യാറാക്കുന്നതാണ് ആ രംഗം! പാശ്ചാത്യ-പൗരസ്ത്യ സഭകളിലെ പല വിശുദ്ധരുടെയും പ്രൊഫൈലുകള്‍ ഇങ്ങനെ വ്യാജമായി എഴുതിയുണ്ടാക്കിയവയാണ്! ജനിച്ചിട്ടുപോലുമില്ലാത്ത 'ഗീവര്‍ഗ്ഗീസിനും' ഇത്തരത്തില്‍ 'പ്രൊഫൈല്‍' ഉണ്ടായി! ഒരു ട്രോജന്‍ കുതിര മറ്റൊരു ട്രോജന്‍ കുതിരയ്ക്കു നല്‍കിയ ഉപഹാരമാണ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ വിശുദ്ധപദവി! മരണാനന്തരം തന്നെയൊരു വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതിന്, ജീവിച്ചിരിക്കെത്തന്നെ കുതന്ത്രങ്ങള്‍ മെനഞ്ഞ വ്യക്തിയാണ് ജോണ്‍പോള്‍! നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയെന്നു മാത്രമല്ല, തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളെല്ലാം നശിപ്പിക്കുകയും, അവയ്ക്കുപകരം 'വ്യാജപ്രൊഫൈല്‍' എഴുതിയുണ്ടാക്കുകയും ചെയ്തു. അതേ, ട്രോജന്‍ കുതിരകള്‍ വാഴ്ത്തപ്പെടുമ്പോള്‍, ഇകഴ്ത്തപ്പെടുന്നത് ക്രിസ്തുവും അവിടുത്തെ വചനവുമാണ്!

ബെര്‍ഗോളിയും ഒരു ട്രോജന്‍ കുതിരതന്നെ! 

ക്രിസ്തുവിന്റെ പേരില്‍ അറിയപ്പെടുന്ന അനേകം സഭകള്‍ ഭൂമിയിലുണ്ട്. അവയില്‍ പലതും ക്രിസ്തുവിന്റെ പേരിനോടു മാത്രം ബന്ധംപുലര്‍ത്തുന്നതും, ക്രിസ്തുവുമായി മറ്റു ബന്ധങ്ങളൊന്നും നിലനിര്‍ത്താത്തതുമാണ്. അങ്ങനെയുള്ള സഭകളില്‍ പ്രധാനപ്പെട്ട ഒരു സമൂഹമാണ് ആംഗ്ലിക്കന്‍ സമൂഹം! ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങള്‍ക്കു തുടക്കമിട്ടതും, ഈ പ്രസ്ഥാനങ്ങളെ കാത്തുപരിപാലിക്കുന്നതും ആംഗ്ലിക്കന്‍ സഭയാണെന്ന് പലവട്ടം മനോവ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ വത്തിക്കാനിലെ ഇല്ല്യുമിനാറ്റി തലവനായ ബെര്‍ഗോളി ചില നീക്കങ്ങള്‍ രഹസ്യമായി നടത്തുന്നുണ്ട്. ആംഗ്ലിക്കന്‍ സഭയെ കത്തോലിക്കാസഭയില്‍ ലയിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ബെര്‍ഗോളിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. എക്യുമിനിക്കല്‍ ചര്‍ച്ചകളില്‍ മറഞ്ഞിരിക്കുന്ന അജണ്ട തിരിച്ചറിയാത്തവര്‍ക്ക് ഈ ലയനത്തിലെ അപകടവും തിരിച്ചറിയാന്‍ കഴിയില്ല! വിവാഹമോചനം, സ്വവര്‍ഗ്ഗവിവാഹം, സ്ത്രീപൗരോഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ നിലപാട് വചനാധിഷ്ഠിതവും യാഥാസ്ഥിതികവുമാണ്. എന്നാല്‍, ബെര്‍ഗോളിയന്‍ പക്ഷക്കാരുടേത് തികച്ചും വിഭിന്നമാണെന്നു നമുക്കറിയാം. തന്റെ പൈശാചിക അജണ്ട നടപ്പാക്കാന്‍ ബെര്‍ഗോളി നടത്തിയ കുതന്ത്രങ്ങളെല്ലാം നിഷ്ഫലമായപ്പോള്‍, പുതിയ അടവുമായി ഇയാള്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്. മേല്പറഞ്ഞ എല്ലാ മ്ലേച്ഛതകളും അലങ്കാരമായി ശിരസ്സിലണിഞ്ഞിരിക്കുന്ന ആംഗ്ലിക്കന്‍സഭയെ കത്തോലിക്കാസഭയില്‍ ലയിപ്പിക്കുകയെന്നതാണ് ഈ അടവ്!

ഉദാരദൈവശാസ്ത്രത്തിന്റെ വക്താവായ 'പാസ്റ്റര്‍' സജിത്ത് കത്തോലിക്കാസഭയിലേക്ക് മടങ്ങിവന്നത് ആഘോഷമാക്കിയ ചില കത്തോലിക്കരെ മനോവ കണ്ടു. ഇവരെപ്പോലെയുള്ളവരാണ് ട്രോജന്‍ കുതിരകള്‍ക്ക് സഭയില്‍ ലായമൊരുക്കുന്നതെന്നു പറയാതെവയ്യ! മിന്നുന്നതിനെയെല്ലാം പൊന്നായി പരിഗണിച്ചാല്‍ അത് അബദ്ധമാകും. അകറ്റിനിര്‍ത്തേണ്ടവരെ അകറ്റിനിര്‍ത്തുകയും സൂക്ഷിച്ചു വീക്ഷിക്കേണ്ടവരെ സൂക്ഷിച്ചു വീക്ഷിക്കുകയും വേണം! പ്രാവിനെപ്പോലെ നിഷ്ക്കളങ്കരാകുക മാത്രമല്ല, സര്‍പ്പത്തെപ്പോലെ വിവേകശാലികളും ആയാല്‍ മാത്രമേ ആത്മീയജീവിതത്തെ അപകടരഹിതമായി നയിക്കാന്‍ കഴിയുകയുള്ളു! ഉപദേശകരായി വരുന്നവര്‍ ട്രോജന്‍ കുതിരകളല്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. അല്ലാത്തപക്ഷം മാരിയോ ജോസഫ് മാത്രമല്ല, അവന്റെ വിവേകശൂന്യയായ ഭാര്യപോലും തലയില്‍ കയറി കാഷ്ടിക്കും!

ക്രിസ്തുവിന്റെ ഉപദേശങ്ങളെ തള്ളിക്കളഞ്ഞവരാണ് ഉപദേശകരായി നിയോഗിക്കപ്പെടുന്നതെങ്കില്‍ ഉപദേശത്തിനു വിധേയരാകുന്നവരുടെ സ്ഥിതിയെന്തായിരിക്കും? ക്രിസ്തുവിന്റെ ഉപദേശങ്ങളെ പാടേ തള്ളിക്കളഞ്ഞവരാണ് ഇന്ന് കത്തോലിക്കാസഭയിലെ ഉപദേശകരില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനം പേരും. സഭ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇതുതന്നെ! ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഡോക്ടറേറ്റ് എടുത്തവര്‍ വിശ്വാസികളെ നയിക്കുന്നുവെന്നതാണ് കത്തോലിക്കാസഭയിലെ ദുരവസ്ഥകളിലൊന്ന്‌. ദൈവത്തെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചും പ്രാഥമിക ജ്ഞാനംപോലുമില്ലാത്തവര്‍ കത്തോലിക്കാസഭയിലെ വൈദികരായി അഹര്‍വൃത്തി കഴിക്കുന്നുണ്ട്. എല്ലാവിധ ദൈവദൂഷണങ്ങളെയും ന്യായീകരിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന വൈദികവേഷധാരികള്‍ കത്തോലിക്കാസഭയിലുണ്ട്. വിനാശകരമായ ആശയങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ പിന്തുണയുണ്ടെന്നു സ്ഥാപിക്കാന്‍ ഇവറ്റകള്‍ക്കു സാധിക്കുന്നത് വിശ്വാസികളെ ഗ്രസിച്ചിരിക്കുന്ന മിഥ്യാബോധം കാരണമാണ്. നോബിള്‍ പാറയ്ക്കല്‍, മാരിയോ ജോസഫ് എന്ന സുലൈമാന്‍, ആന്റണി നെറ്റിക്കാടന്‍ തുടങ്ങിയ മരക്കുതിരകളാണ് കേരളത്തിലെ മെത്രാന്മാരെ ഇന്ന് നയിക്കുന്നത്. പണ്ഡിതനായിരുന്ന മൈക്കിള്‍ കാരിമറ്റം ഇന്ന് പാമരനായി പരുങ്ങുന്നത് മാരിയോ ജോസഫ് എന്ന ട്രോജന്‍ കുതിരയുടെ പൈശാചികതയ്ക്കു തന്നെത്തന്നെ സമര്‍പ്പിച്ചതുകൊണ്ടാണ്. പരിശുദ്ധാത്മാവ് നഷ്ട്ടപ്പെട്ടാല്‍ ഏതു കാരിമറ്റവും കരിക്കട്ടയ്ക്കു തുല്യമാകും! ദൈവം ആരാണെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയില്‍ ഒരു ബൈബിള്‍ പണ്ഡിതനെ ആക്കിത്തീര്‍ക്കാന്‍ സുലൈമാനു കഴിഞ്ഞു!

ളോഹയിട്ടവര്‍ ചെയ്യുന്ന വ്യഭിചാരങ്ങളെ വിശുദ്ധസംഗമം എന്ന് വ്യാഖ്യാനിച്ചു സ്വയം അപഹാസിതനാകുന്ന ഒരു കോമാളിയാണ് നോബിള്‍ പാറയ്ക്കന്‍! പച്ചമാമ എന്ന പൈശാചിക വിഗ്രഹത്തെ പള്ളിയില്‍ പ്രതിഷ്ഠിച്ചു ധൂപമര്‍പ്പിച്ച ബെര്‍ഗോളിയെ ന്യായീകരിക്കാന്‍ ഉളുപ്പില്ലാതെ ഇറങ്ങിയവനാണ് നോബിള്‍! 'ഹാഗിയ സോഫിയ' വിഷയത്തില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത് ഇവന്റെ മാനസാന്തരമായി മനോവ കാണുന്നില്ല. ആണോ പെണ്ണോ ആയി ജനിച്ച ക്രിസ്ത്യാനികളെല്ലാം 'ഹാഗിയ സോഫിയ' വിഷയത്തില്‍ ഇസ്ലാമിന്റെ പൈശാചികതയെ പരസ്യമായി എതിര്‍ക്കുമ്പോള്‍, ബെര്‍ഗോളിയന്‍ വരട്ടുവാദങ്ങളുമായി ഇറങ്ങിയാല്‍ മോന്തയ്ക്ക് തേമ്പ്‌ കിട്ടുമെന്ന് നോബിള്‍ പാറയ്ക്കനറിയാം. അതുകൊണ്ടാണ് ഇവന്‍ ഇസ്ലാമിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്. എന്നാല്‍, ഈ വിഷയത്തിലൊക്കെ ഒളിച്ചുകളിച്ച ബെര്‍ഗോളിയുടെ കാപട്യത്തെ ഒരു വാക്കുകൊണ്ടുപോലും ഇവന്‍ കുറ്റപ്പെടുത്തിയില്ല. സ്വീഡനില്‍ ഇസ്ലാമിക അഭയാര്‍ത്ഥികള്‍ അഴിഞ്ഞാടിയതിനെയും യൂറോപ്പിലെ പള്ളികള്‍ അഗ്നിക്കിരയാക്കിയതിനെയും കണ്ടില്ലെന്നു നടിച്ച ബെര്‍ഗോളിയുടെ ഇസ്ലാമിക അജണ്ടയെക്കുറിച്ച് ഇവനെന്തുകൊണ്ട് മൗനം പാലിക്കുന്നു? യൂറോപ്പിലെ അറബി അധിനിവേശത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ബെര്‍ഗോളി നടത്തിയ ജല്പനങ്ങള്‍ നാം കണ്ടതാണ്. യൂറോപ്പിലാകമാനം ഇസ്ലാമിക പരിഷകള്‍ അഴിഞ്ഞാടുമ്പോഴാണ് ബെര്‍ഗോളി എന്ന 'ട്രോജന്‍ കുതിര' ഈ പൈശാചിക പ്രസ്താവന നടത്തിയത്. ഹാഗിയ സോഫിയ പിടിച്ചെടുത്ത എര്‍ദോഗനെയല്ല പാറയ്ക്കന്‍ വിമര്‍ശിക്കേണ്ടത്; മറിച്ച്, എര്‍ദോഗന്മാര്‍ക്കു വിടുവേല ചെയ്യുന്ന ബെര്‍ഗോളി എന്ന ട്രോജന്‍ കുതിരയെയാണ്‌!

ആയിരത്തിനാന്നൂറു വര്‍ഷത്തിലേറെയായി ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമെതിരേ പീഡനയന്ത്രമെന്നപോലെ പ്രവര്‍ത്തിച്ചുവരുന്ന നാരകീയമതമാണ് ഇസ്ലാംമതം! ഈ മതത്തെ യൂറോപ്പില്‍ നട്ടുവളര്‍ത്തുന്ന ബെര്‍ഗോളിയെയും ഇയാളുടെ കുഴലൂത്തുകാരെയും തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷവും നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ അപകടാവസ്ഥയില്‍ നിര്‍ത്തിയിരിക്കുകയാണ്!

“അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു”(ഹോസി: 4; 6). ദൈവത്താല്‍ തിരസ്ക്കരിക്കപ്പെട്ടവരുടെ അങ്കിയില്‍നിന്നു കരങ്ങള്‍ പിന്‍വലിക്കുക! എന്തെന്നാല്‍, അവര്‍ക്കു മുന്‍പില്‍ അഗാതമായ ഗര്‍ത്തമുണ്ട്. അത് എരിയുന്ന ഗന്ധകാഗ്നിത്തടാകമാണ്!

കത്തോലിക്കാസഭയുടെയും മറ്റിതര ക്രൈസ്തവസമൂഹങ്ങളുടെയും ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ കാരണക്കാരായ ട്രോജന്‍ കുതിരകളെക്കുറിച്ചാണ് നാമിവിടെ ചര്‍ച്ചചെയ്തത്. ഇവറ്റകള്‍ മൂലം കത്തോലിക്കാസഭയുടെ പള്ളികള്‍ ഇന്ന് ദൈവാലയങ്ങളല്ലാതായി! ദൈവാലയങ്ങളില്‍നിന്നു ദൈവം അകന്നുപോയാല്‍ അത് വെറും കെട്ടിടങ്ങള്‍ മാത്രമാകും! ഇന്നത്തെ ആരാധനാലയങ്ങളില്‍ പലതിന്റെയും അവസ്ഥയിതാണ്. ശത്രുക്കള്‍ നമ്മുടെ പള്ളികള്‍ തകര്‍ക്കുന്നതിനെക്കാള്‍ വലിയ ദുരന്തമാണ് നമ്മുടെ ചെയ്തികള്‍നിമിത്തം പള്ളികളില്‍നിന്നു ദൈവം അകന്നുപോകുന്നത്! ആയതിനാല്‍, ഈ ലേഖനപരമ്പരയുടെ നാലാമത്തെയും അവസാനത്തെയും ഭാഗത്തു നാം ചര്‍ച്ചചെയ്യുന്നത് ദൈവം അടച്ചുപൂട്ടുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്! ദൈവം അടച്ച പള്ളികള്‍ മനുഷ്യന്‍ ചവിട്ടിത്തുറക്കരുത്!

ഈ പരമ്പരയുടെ ഉപസംഹാരലേഖനം: 'ക്രിസ്തു അടച്ചുപൂട്ടുന്ന ആരാധനാലയങ്ങള്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫേസ്ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3702 views

LOG IN

Lost your password?

SIGN UP

LOST PASSWORD