30 - 04 - 2016
ഇത് കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചത് വത്തിക്കാനിലെ രാജാവായ ഫ്രാന്‍സീസാണ്. ഇത്തരത്തിലുള്ള ആദ്ധ്യാത്മീക ഭോഷ്ക്കുകള്‍ മുന്‍പും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസവര്‍ഷം, സുവിശേഷവത്ക്കരണ വര്‍ഷം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഓരോ വര്‍ഷവും കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ ഓരോ വര്‍ഷങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇങ്ങനെയൊരു പ്രഖ്യാപനത്തെ ബൈബിളോ ദൈവമോ പിന്തുണയ്ക്കുന്നുണ്ടോ? കരുണയുടെ വര്‍ഷം എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ വര്‍ഷത്തില്‍ പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രാര്‍ത്ഥനയിലെ വചനവിരുദ്ധത എന്താണ്? കത്തോലിക്കാസഭയുടെ ഒദ്യോഗിക പ്രാര്‍ത്ഥനകളില്‍ പൈശാചികത കടന്നുവന്നിട്ടുണ്ടോ? ഇത്തരം വിഷയങ്ങളാണ് ഈ ലേഖനത്തിലൂടെ നാം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നത്.
ഔദ്യോഗികവും അനൌദ്യോഗികവുമായ അനേകം പ്രാര്‍ത്ഥനകള്‍ കത്തോലിക്കാസഭയില്‍ ഇന്നു നിലവിലുണ്ട്. വൈദീകരുടെ അംഗീകാരത്തോടെ തയ്യാറാക്കപ്പെട്ടിട്ടുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഔദ്യോഗികമായി സഭയില്‍ അനുവദിക്കുകയുള്ളുവെന്ന് അറിയാത്ത ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. അത്മായരായ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനകള്‍ തയ്യാറാക്കുവാനോ പ്രചരിപ്പിക്കുവാനോ ഉള്ള അവകാശം കത്തോലിക്കാസഭയിലെ അധികാരികള്‍ നല്‍കിയിട്ടില്ല. രണ്ടോമൂന്നോ വ്യക്തികള്‍ ഏതെങ്കിലും ഭവനത്തില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തുന്നതിനെയും അധികാരികള്‍ വിലക്കിയിട്ടുണ്ട്! ഇത് കത്തോലിക്കാസഭയിലെ മാത്രം കാര്യമല്ല; അപ്പസ്തോലിക സഭകളായി പരിഗണിക്കപ്പെടുന്ന യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളിലും ഈ നിയന്ത്രണമുണ്ട്. ഈ അടുത്തകാലത്ത് ഒരു ചെറുപ്പക്കാരന്‍ പങ്കുവച്ച അനുഭവം ഇവിടെ കുറിക്കാം.
ഓര്‍ത്തഡോക്സ് സഭയിലെ അംഗമായ ഒരു ചെറുപ്പക്കാരനാണ് തന്റെ ദുരനുഭവം മനോവയോടു പങ്കുവച്ചത്. സത്യദൈവത്തെ തിരിച്ചറിഞ്ഞ് അവിടുത്തെ ആരാധിക്കാന്‍ ആരംഭിച്ചപ്പോള്‍ സഭാധികാരികളില്‍നിന്ന് അനുഭവിക്കേണ്ടിവന്ന വേദനയായിരുന്നു ആ ചെറുപ്പക്കാരന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്! ദൈവം ആരാണെന്നുപോലും അറിയാത്തവനായി ഓര്‍ത്തഡോക്സ് സഭയില്‍ തുടര്‍ന്നിരുന്ന കാലത്തൊന്നും ആരുടെയും നിയന്ത്രണം ഈ യുവാവിന്റെമേല്‍ ഉണ്ടായിരുന്നില്ല. വ്രതമെടുത്ത് ശബരിമലയില്‍ സന്ദര്‍ശനം നടത്തുകയും വിജാതിയ ആലയങ്ങളില്‍ ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്ത കാലത്തും സഭാധികാരികളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നതും വിസ്മരിക്കരുത്! എന്നാല്‍, സത്യദൈവത്തെ ആരാധിക്കാന്‍ ആരംഭിച്ചതുമുതല്‍ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി! യാമ പ്രാര്‍ത്ഥനകളല്ലാതെ മറ്റൊരു പ്രാര്‍ത്ഥനയും പാടില്ലെന്ന ഉത്തരവുമായി ഈ ചെറുപ്പക്കാരനെ സമീച്ചത് ഇടവക വികാരിയാണ്. ബൈബിള്‍ വായിക്കുകയും ധ്യാനിക്കുകയും ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കുകയും ചെയ്യാറുണ്ടെന്ന വെളിപ്പെടുത്തലാണ് ഇടവക വികാരിയെ ചൊടിപ്പിച്ചത്!
ദൈവത്തെ അറിഞ്ഞതുമുതല്‍ ചെറിയ ശുശ്രൂഷകളൊക്കെ ഈ ചെറുപ്പക്കാരന്‍ ചെയ്യുമായിരുന്നു. ഇതിന്റെ ഭാഗമായി ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ ആരംഭിക്കുകയും സമപ്രായക്കാരായ കുറച്ചുപേരെ സംഘടിപ്പിച്ച് പ്രാര്‍ത്ഥന നടത്തുകയും ചെയ്തുവന്നു. ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും ചെറിയരീതിയിലുള്ള പ്രഘോഷണവും ഈ കൂട്ടായ്മയുടെ ഭാഗമാണ്. മറ്റു മതത്തില്‍പ്പെട്ട സുഹൃത്തുക്കളും ഈ കൂട്ടായ്മയില്‍ ആകൃഷ്ടരായി ഇവരോടൊപ്പം ചേര്‍ന്നു. എന്നാല്‍, ഈ കൂട്ടായ്മയെയും ഇടവക വികാരി വിലക്കി! എന്താണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്? തങ്ങള്‍ പറയുന്നതുപോലെയല്ലാതെ പ്രാര്‍ത്ഥന നടത്താന്‍പോലും അനുവദിക്കാത്തവിധം ആദ്ധ്യാത്മിക തടവറയിലാണോ വിശ്വാസികള്‍? പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തിനുമേല്‍പ്പോലും കടന്നുകയറാനുള്ള അധികാരം ആര്‍ക്കെങ്കിലും ദൈവം നല്‍കിയിട്ടുണ്ടോ?
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയാണ് യേഹ്ശുവാ നമ്മെ പഠിപ്പിച്ചത്. എന്നാല്‍, നമ്മുടെ ഹൃദയത്തിന്റെ നെടുവീര്‍പ്പുകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്നതിനെ യേഹ്ശുവാ ഒരിക്കലും തടഞ്ഞിട്ടില്ല! അന്ത്യത്താഴത്തിനുശേഷം ഗത് സെമനിയില്‍ പ്രാര്‍ത്ഥനയിലായിരുന്ന യേഹ്ശുവാ തന്റെ പ്രിയ ശിഷ്യന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു: "പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍. ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്"(മര്‍ക്കോ: 14; 38). സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പൊതുവായ പ്രാര്‍ത്ഥന നിലനില്‍ക്കുമ്പോള്‍ത്തന്നെ, സ്വയം പ്രേരിതമായ പ്രാര്‍ത്ഥനയെ യേഹ്ശുവാ പ്രോത്സാഹിപ്പിച്ചിരുന്നു. ഈ സന്ദര്‍ഭം ശ്രദ്ധിക്കുക: "അവര്‍ ജറീക്കൊയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേഹ്ശുവായാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേഹ്ശുവായേ, എന്നില്‍ കനിയണമേ! നിശ്ശബ്ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! യേഹ്ശുവാ പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; യേഹ്ശുവാ നിന്നെ വിളിക്കുന്നു. അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേഹ്ശുവായുടെ അടുത്തെത്തി. യേഹ്ശുവാ ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേഹ്ശുവാ പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ യേഹ്ശുവായെ അനുഗമിച്ചു"മര്‍ക്കോ: 10; 46- 52).
ഈ അന്ധനെ ആരെങ്കിലും പഠിപ്പിച്ച പ്രാര്‍ത്ഥനയല്ല അവന്റെ നിലവിളിയായി ഉയര്‍ന്നത്; മറിച്ച്, അവന്റെ ഹൃദയത്തിന്റെ രോദനമായിരുന്നു! വിശ്വാസത്തോടെയുള്ള ഒരുവന്റെ പ്രാര്‍ത്ഥനയോടു പ്രതികരിക്കാതിരിക്കാന്‍ ദൈവത്തിനു സാധിക്കില്ല! "വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപപെടുത്തും; യാഹ്‌വെ അവനെ എഴുന്നേല്പിക്കും; അവന്‍ പാപങ്ങള്‍ ചെയതിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും"(യാക്കോബ്: 5;15). പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. അവയെല്ലാം ഇവിടെ കുറിക്കുന്നില്ല. എന്നിരുന്നാലും, യഥാര്‍ത്ഥ പ്രാര്‍ത്ഥന എന്താണെന്നു വ്യക്തമാക്കുന്ന ഒരു വെളിപ്പെടുത്തല്‍ക്കൂടി നമുക്കു ശ്രദ്ധിക്കാം: "നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്"(റോമ: 8; 26, 27). ആത്മാവും ആത്മാവും തമ്മില്‍ സംവദിക്കലാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന! ഇത് എഴുതിവച്ച പ്രാര്‍ത്ഥനളില്‍നിന്നു ലഭിക്കുന്ന കൃപയല്ല; മറിച്ച്, ഹൃദയത്തിന്റെ നിറവില്‍നിന്ന് അധരങ്ങളിലേക്കു കടന്നുവരേണ്ടതാണ്. എന്തെന്നാല്‍, "ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്"(ലൂക്കാ: 6; 45). അനുഷ്ഠാനങ്ങളില്‍ ഊന്നിയുള്ള പ്രാര്‍ത്ഥനകളിലെ വ്യര്‍ത്ഥതയും, ആത്മാവിലുള്ള പ്രാര്‍ത്ഥനയുടെ മാഹാത്മ്യവും നമുക്കു വ്യക്തമാക്കിത്തന്നത് യേഹ്ശുവായാണ്. അവിടുത്തെ ഒരു വചനം ശ്രദ്ധിക്കുക: "യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്"(യോഹ: 4; 23, 24). പ്രാര്‍ത്ഥനയെ സംബന്ധിച്ച് ഇതിനപ്പുറം മറ്റൊരു പ്രബോധനമില്ല!
ഓര്‍ത്തഡോക്സ് സഭയിലെ ഒരു ചെറുപ്പക്കാരനു നേരിടേണ്ടിവന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നു. യഥാര്‍ത്ഥ പ്രാര്‍ത്ഥന എന്താണെന്ന് നാം മനസ്സിലാക്കുകയും ചെയ്തു. ഇനി നാം ആരംഭത്തില്‍ സൂചിപ്പിച്ച വിഷയത്തിലേക്കു നമുക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭകളും കത്തോലിക്കാസഭയും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള പ്രാര്‍ത്ഥനകളിലെ വചനവിരുദ്ധതയാണ് നാം പരിശോധിക്കുന്നത്.
നവനാള്‍ പ്രാര്‍ത്ഥനകള്‍ അഥവാ നൊവേനകള്‍!
ഒന്‍പതു ദിവസങ്ങളിലായി നടത്തുന്ന പ്രാര്‍ത്ഥനയെയാണ് നവനാള്‍ പ്രാര്‍ത്ഥന അഥവാ നൊവേന എന്ന് വിളിക്കപ്പെടുന്നത്! ഭൗതീകമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി വിശുദ്ധരുടെ മുന്നില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഒന്ന്‍ ഈ നവനാള്‍ പ്രാര്‍ത്ഥനയാണ്. ഭൗതീക കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെയോ വിശുദ്ധരോട് മാധ്യസ്ഥം തേടുന്നതിനെയോ മനോവ എതിര്‍ക്കുന്നില്ല. എന്നാല്‍, വിശുദ്ധരെ പ്രഖ്യാപിക്കുന്ന രീതിയെ അംഗീകരിക്കാന്‍ മനോവയ്ക്കു കഴിയില്ല. ജനിച്ചിട്ടുപോലുമില്ലാത്ത ഗീവര്‍ഗ്ഗീസിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളെയും മനോവ എതിര്‍ക്കുന്നു! മാത്രവുമല്ല, യേഹ്ശുവായുടെ നാമത്തിനുവേണ്ടി ജീവിക്കുകയും, അവിടുത്തെ നാമത്തെപ്രതി രക്തസാക്ഷികളായി ജീവന്‍ വെടിയുകയും ചെയ്ത വിശുദ്ധരെ കോമാളികളായി അവതരിപ്പിക്കുന്ന രീതിയും എതിര്‍ക്കപ്പെടേണ്ടതാണ്! പുതിയേടത്ത് ഭഗവതി എന്ന പൈശാചിക മൂര്‍ത്തിയെ സെബസ്ത്യാനോസിന്റെ സഹോദരിയാക്കാന്‍ കത്തോലിക്കാസഭയിലെ അധികാരികള്‍ തയ്യാറായത് ഏത് അര്‍ത്ഥത്തിലാണ് അംഗീകരിക്കേണ്ടത്? ഈ സെബസ്ത്യാനോസിനെ ശബരിമല അയ്യപ്പന്‍റെ ഉറ്റ ചങ്ങാതിയായും ഇവര്‍ പ്രചരിപ്പിക്കുന്നു. കാഞ്ഞൂര്‍ പള്ളിയിലും അര്‍ത്തുങ്കല്‍ പള്ളിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ള ഹതഭാഗ്യര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാകും! ഇതുപോലുള്ള അനേകം നീചപ്രവര്‍ത്തികള്‍ വിവിധ ക്രൈസ്തവസഭകളില്‍ നടക്കുന്നുണ്ട്.
നവനാള്‍ പ്രാര്‍ത്ഥനയുടെ കാര്യത്തിലേക്കുതന്നെ നമുക്കു തിരികെപ്പോകാം. നൊവേനയില്‍ അര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകള്‍ പലപ്പോഴും അതിരുകടന്നു വചന വിരുദ്ധതയിലേക്ക് വഴുതിമാറുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് അപ്പുറം അവരോടുള്ള പ്രാര്‍ത്ഥനയായി ഇതു മാറുന്നു. ഇത്തരത്തിലുള്ള ഒരു പ്രാര്‍ത്ഥന ദൈവം നമുക്ക് അനുവദിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. മാലാഖമാര്‍പ്പോലും തങ്ങളെ വണങ്ങാന്‍ മനുഷ്യനെ അനുവദിക്കാത്തപ്പോള്‍, ദൂതന്മാരെക്കാള്‍ അല്പം താഴെയുള്ള മനുഷ്യനെ വണങ്ങുവാന്‍ മറ്റൊരു മനുഷ്യന് അനുവാദമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം! ഒരു വചനം നോക്കുക: "യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയും ചെയ്തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്‍മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്. ദൈവത്തെ ആരാധിക്കുക"(വെളി: 22; 8, 9).
ഈ ദൂതനെക്കാള്‍ താഴെയാണ് മനുഷ്യന്റെ സ്ഥാനമെന്നു വ്യക്തമാക്കുന്ന രണ്ടു വചനങ്ങള്‍ ശ്രദ്ധിക്കുക: "ദൂതന്‍മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു"(ഹെബ്രാ: 2; 7). കുറച്ചുകൂടി വ്യക്തമായി ഇത് യേഹ്ശുവാ വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്"(മത്താ: 11; 11). സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവനായ സ്നാപകയോഹന്നാന്‍പോലും സ്വര്‍ഗ്ഗത്തിലെ ഏറ്റവും ചെറിയ ദൂതനെക്കാള്‍ ചെറിയവനാണ്! അതായത്, ഇന്ന് വിശുദ്ധരായി പരിഗണിക്കപ്പെട്ടിട്ടുള്ളവരില്‍ ആരുംതന്നെ യോഹന്നാനെക്കാള്‍ വലിയവരല്ല. ഈ യോഹന്നാനെക്കാള്‍ വലിയവനായ ദൂതന്റെ മുന്നില്‍പ്പോലും വണങ്ങുവാന്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍നിന്ന് അനുവാദം നല്കപ്പെട്ടിട്ടില്ല! അങ്ങനെയിരിക്കെ, ചില നൊവേനകളില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ വചന വിരുദ്ധമല്ലേ? ഇനി നമുക്ക് യൂദാ തദേവൂസിന്റെ നാമത്തിലുള്ള നൊവേനയിലെ പ്രാര്‍ത്ഥന ശ്രദ്ധിക്കാം. വിശ്വാസികളെക്കൊണ്ട് വൈദീകന്‍ എടുപ്പിക്കുന്ന പ്രതിജ്ഞ ശ്രദ്ധിക്കുക: "എന്റെ ജീവിതകാലത്തില്‍ അങ്ങയെ എന്റെ പ്രത്യേക മദ്ധ്യസ്ഥനായി വണങ്ങിക്കൊള്ളാമെന്നും ഞങ്ങളുടെ ആവശ്യങ്ങള്‍ ഏറ്റവും വേഗത്തില്‍ സാധിച്ചുതരുവാന്‍ പ്രാപ്തമായ വിധം ശക്തിയായി വാദിക്കുന്ന അങ്ങയോടുള്ള ഭക്തിയെ പ്രചരിപ്പിച്ചുകൊള്ളാമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു"(യൂദാ തദേവൂസിന്റെ നൊവേനയില്‍നിന്ന്).
ഇവിടെ വണങ്ങല്‍ എന്ന തിന്മ മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്; മറിച്ച് ഭക്തിയെ പ്രചരിപ്പിക്കലും വാഗ്ദാനം ചെയ്യുന്നു! നമ്മള്‍ ദൈവഭക്തരാണോ വിശുദ്ധരുടെ ഭക്തരാണോ എന്ന ചോദ്യത്തോടൊപ്പം ഒരു കാര്യവുംകൂടി ചിന്തിക്കണം. എന്തെന്നാല്‍, യേഹ്ശുവാ നമ്മെ ഏല്പിച്ചത് വിശുദ്ധരുടെ ഭക്തിയെ പ്രചരിപ്പിക്കുന്ന ദൗത്യമല്ല! മറിച്ച്, സുവിശേഷത്തിന്റെ പ്രചാരകരായി അയയ്ക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും! യേഹ്ശുവാ അവസാനമായി പറഞ്ഞ വാക്കുകള്‍ ഇതാണ്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). ഇതില്‍നിന്നു വ്യത്യസ്തമായി ആരോടെങ്കിലുമുള്ള ഭക്തി പ്രചരിപ്പിക്കുകയെന്നത് അവിടുത്തെ ഹിതമല്ല.
വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേനയിലുമുണ്ട് അപകടങ്ങള്‍. അര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധപ്പെട്ടുള്ള ഒരു ഗാനമുമുണ്ട്. അതിലെ വരികള്‍ കേള്‍ക്കുന്നവരില്‍ ദൈവീകജ്ഞാനമുള്ളവര്‍ക്ക് അതില്‍ അടങ്ങിയിരിക്കുന്ന തിന്മ തിരിച്ചറിയാന്‍ കഴിയും. ആ ഗാനത്തിലെ വരികള്‍ ഓരോന്നും പരിശോധിച്ചുകൊണ്ട്, അതില്‍ അടങ്ങിയിരിക്കുന്ന തിന്മ നമുക്ക് പരിശോധിക്കാം. വിശുദ്ധനായ സെബസ്ത്യാനോസേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ രണ്ടാമത്തെ വരിയില്‍ നാം ഇങ്ങനെ ശ്രവിക്കുന്നു: 'പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍ പണ്ട് ഉണര്‍ബോനയില്‍ ജനിച്ചവനേ, പാവങ്ങള്‍ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യം തരാന്‍ പീഡനമേറ്റു തളര്‍ന്നവനേ'. പാപിയായിരിക്കുന്ന ഒരുവനെ പരിശുദ്ധനാക്കുന്നത് സെബസ്ത്യാനോസ് ആണെന്ന പ്രഖ്യാപനം ക്രിസ്തീയ വിരുദ്ധമാണ്. മാത്രവുമല്ല, നമുക്ക് സ്വര്‍ഗ്ഗരാജ്യം തരാന്‍ കഴിവുള്ള മറ്റൊരു നാമവും ഈ ഭൂമിയില്‍ നല്കപ്പെട്ടിട്ടില്ല. ആ മഹത്തായ നാമം യേഹ്ശുവാ മ്ശിഹാ എന്ന നാമം മാത്രമാണ്! ഇതാണ് പ്രഖ്യാപിതമായ ആ വചനം: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). സ്വര്‍ഗ്ഗരാജ്യത്ത് നമുക്കു പ്രവേശനം തരുന്ന ഒരേയൊരു വാതിലാണ് യേഹ്ശുവാ! അവിടുത്തെ പരിശുദ്ധ നാമവും അവിടുത്തെ രക്തവും മാത്രമാണ് നമ്മെ ശുദ്ധീകരിക്കുന്നത്! സെബസ്ത്യാനോസ് എന്ന വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ മനോവ മഹത്വപ്പെടുത്തുന്നു. എന്നാല്‍, ഈ രക്തസാക്ഷിത്വം മറ്റുള്ളവരുടെ രക്ഷയ്ക്കുള്ളതല്ല. ഈ രക്തസാക്ഷിത്വം വഴി സെബസ്ത്യാനോസ് എന്ന വ്യക്തിയ്ക്ക് രക്ഷ ലഭിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം! അതിശയോക്തിയുടെ സുവിശേഷവുമായി ഇറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടാകാം. എന്നാല്‍, യഥാര്‍ത്ഥ സുവിശേഷത്തിന് എതിരായ പ്രാര്‍ത്ഥനകളും പ്രഘോഷണങ്ങളും ദൈവസന്നിധിയില്‍ സീകാര്യമല്ല!
സെബസ്ത്യാനോസിനെ പ്രകീര്‍ത്തിക്കുന്ന ഗാനത്തിലെ മറ്റൊരു വരി ശ്രദ്ധിക്കുക: 'ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍ അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനേ'. വിശുദ്ധ സെബസ്ത്യാനോസ് ഇരിക്കുന്നത് അര്‍ത്തുങ്കല്‍ പള്ളിയിലാണോ? മനോവ കരുതുന്നത് പറുദീസായിലാണെന്നാണ്! യേഹ്ശുവായുടെ നാമത്തില്‍ മരണമടഞ്ഞ വിശുദ്ധര്‍ക്ക് ഇപ്പോള്‍ നല്‍കപ്പെട്ടിട്ടുള്ള താത്ക്കാലിക വാസസ്ഥലമാണ് പറുദീസാ! ശബരിമല അയ്യപ്പന്‍റെ കളിത്തോഴനായി അര്‍ത്തുങ്കല്‍ പള്ളിയില്‍ ഇരിക്കുന്നത് വിശുദ്ധ സെബസ്ത്യാനോസ് അല്ല. കാഞ്ഞൂര്‍ പള്ളിയില്‍ കുടിയിരിക്കുന്ന വ്യക്തിയും ഈ സെബസ്ത്യാനോസ് അല്ല! എന്തെന്നാല്‍ ഇത്തരത്തില്‍ കുടിയിരിക്കുന്ന ദേവന്മാരുടെ ഗണത്തില്‍ ദൈവത്തിന്റെ ദാസന്മാരില്ല എന്നതാണു വചനസത്യം! കാഞ്ഞൂര്‍ പള്ളിയിലെ പ്രദക്ഷിണം ഇറങ്ങുമ്പോള്‍ കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കും. ശബരിമലയിലും അങ്ങനെതന്നെ! ഇത്തരത്തില്‍ വിജാതിയതയോടും അന്യദേവന്മാരോടും ചേര്‍ത്തുവച്ച്, സത്യദൈവത്തിന്റെ ദാസന്മാരെ അവഹേളിക്കുകയെന്നത് പിശാചിന്റെ കുതന്ത്രങ്ങളില്‍ ഒന്നുമാത്രമാണ്! അതിനു ചേര്‍ന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള പൈശാചിക സന്തതികളെ അവന്‍ ജനിപ്പിച്ചിട്ടുമുണ്ട്! അര്‍ത്തുങ്കല്‍ പള്ളിയിലെ ഗാനത്തിന്റെ ഒരു വരികൂടി ശ്രദ്ധിക്കുക: 'അംഗങ്ങളൊക്കെയും ഞങ്ങളെ രക്ഷിക്കാന്‍ അമ്പുകള്‍കൊണ്ടു മുറിഞ്ഞവനേ'. നമ്മെ രക്ഷിക്കാന്‍ ആരുടെ മുറിവുകളാണ് കാരണമായതെന്ന് അറിയാത്ത വ്യക്തികളാണ് നമ്മെ നയിക്കുന്നതെങ്കില്‍ എന്തായിരിക്കും പരിണിതഫലം?! (അര്‍ത്തുങ്കല്‍ ഗാനം പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക)
ഇത്തരം വിവരക്കേടുകള്‍ പ്രചരിപ്പിക്കുകയും സഭാമക്കളുടെമേല്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നവരാണ് വ്യക്തിപരമായ നമ്മുടെ പ്രാര്‍ത്ഥനകളെപ്പോലും നിയന്ത്രിക്കാന്‍ അച്ചാരം വാങ്ങി ഇറങ്ങിയിരിക്കുന്നത്! ശുദ്ധ ഭോഷ്ക്കുകളെ ദൈവജനത്തിനുമേല്‍ കെട്ടിവച്ചുകൊണ്ട് ഉപജീവനം കഴിക്കുന്നവര്‍ക്ക് ദൈവത്തിന്റെ വചനം ഒരു പ്രശ്നമല്ല! സകലരുടെയും രക്ഷയ്ക്കുവേണ്ടി മുറിവേറ്റവന്‍ യേഹ്ശുവാ മാത്രമാണ്! ഈ യാഥാര്‍ത്ഥ്യം വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവന്‍ മാത്രമാണ് രക്ഷിക്കപ്പെടുന്നത്! ഇനിയും അനേകം അബദ്ധങ്ങളെ ചൂണ്ടിക്കാണിക്കുവാനുണ്ടെങ്കിലും, അവയെല്ലാം വായനക്കാരുടെ അന്വേഷണങ്ങള്‍ക്കു വിട്ടുതന്നുകൊണ്ട്, വിശുദ്ധരോടുള്ള പ്രാര്‍ത്ഥനകളിലും അവരെ പ്രകീര്‍ത്തിക്കന്ന ഗാനങ്ങളിലും കയറിക്കൂടിയിരിക്കുന്ന തിന്മകളെ സംബന്ധിച്ചുള്ള വിവരണം ഇവിടെ ഉപസംഹരിക്കുകയാണ്. എന്നാല്‍, അതിനുമുന്‍പ് ഒരു ചോദ്യം മനോവ ഉന്നയിക്കുന്നു. ഇതാണ് ആചോദ്യം: രക്തസാക്ഷികളായ വിശുദ്ധരെ കച്ചവടത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരുടെ രക്തസാക്ഷിത്വത്തിന്റെ കാരണം പ്രഘോഷിക്കാതിരിക്കുന്നത്? യേഹ്ശുവായെക്കൂടാതെ മറ്റൊരു രക്ഷയുണ്ടെന്നു സമ്മതിച്ചിരുന്നുവെങ്കില്‍ അവര്‍ രക്തസാക്ഷികളാകുമായിരുന്നോ? എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു പ്രഘോഷിക്കുന്ന നിങ്ങള്‍ എന്തിനാണ് ഈ വിശുദ്ധരെ ഉയര്‍ത്തിപ്പിടിക്കുന്നത്? ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളെ ഇവിടെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അടുത്ത വിഷയത്തിലേക്കു മനോവ പ്രവേശിക്കുന്നു!
പ്രാര്‍ത്ഥനായോഗങ്ങള്‍ നിരോധിക്കുകയും വ്യക്തിപരമായ പ്രാര്‍ത്ഥനകളെ നിരോധിക്കുകയും ചെയ്യുന്ന ആദ്ധ്യാത്മിക വേഷധാരികള്‍ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു പ്രാര്‍ത്ഥനയിലെ വചനവിരുദ്ധതകൂടി പരിശോധിക്കാം!
കരുണയുടെ ജപമാല!
ഏറ്റവുമേറെ വചനവിരുദ്ധതകൊണ്ടു നിറഞ്ഞ പ്രാര്‍ത്ഥനയാണ് കരുണയുടെ ജപമാല! ഇത് കേള്‍ക്കുമ്പോള്‍ പലരുടെ നെറ്റികളില്‍ ചുളിവുകള്‍ വീണേക്കാം. എന്നിരുന്നാലും, യാഥാര്‍ത്ഥ്യം വെളിപ്പെടുത്താതിരിക്കാന്‍ മനോവയ്ക്കാവില്ല. 1930- ല്‍ സിസ്റ്റര്‍ ഫൌസ്റ്റീനയ്ക്ക് സ്വപ്നത്തില്‍ ലഭിച്ച പ്രാര്‍ത്ഥനയാണ് കരുണയുടെ ജപമാല എന്ന് കരുതപ്പെടുന്നു. വ്യക്തമായ ആധികാരികതയൊന്നും ഇക്കാര്യത്തിലില്ല. എന്തെന്നാല്‍, ആരുടെയെങ്കിലും സ്വപ്നങ്ങളെ പിന്തുടരുകയെന്നത് ക്രിസ്തീയതയ്ക്ക് അഭിലഷണീയമായ കാര്യമല്ല! മാത്രവുമല്ല, ഏതെങ്കിലും ഒരു പ്രാര്‍ത്ഥനയെ അംഗീകരിക്കണമെങ്കില്‍, ഈ പ്രാര്‍ത്ഥന ദൈവവചനവുമായി ചേര്‍ന്നുനില്‍ക്കുന്നതാകണം. എന്നാല്‍, കരുണയുടെ ജപമാല ദൈവവചനവുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രാര്‍ത്ഥനയാണോ? ഈ വിഷയമാണ് നാമിവിടെ പരിശോധിക്കുന്നത്.
എന്തുകൊണ്ടാണ് ഒരു അത്മായനു ലഭിക്കുന്ന വെളിപാടുകളെ അംഗീകരിക്കാന്‍ സഭയിലെ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് ഇവിടെയും ബാധകമാണ്. വചനത്തിനു വിരുദ്ധമായ പ്രാര്‍ത്ഥനകളെ നിഷേധിക്കുകയെന്ന അടിസ്ഥാന തത്വം എല്ലായിടത്തും ബാധകമാണ്. സഭയുടെ അധികാരികള്‍ എന്ന് അഭിമാനിക്കുന്നവര്‍ എഴുതി തയ്യാറാക്കുന്ന പ്രാര്‍ത്ഥനകളെ ദൈവീക വെളിപാടായി പരിഗണിക്കുമ്പോള്‍, അവയില്‍ അടങ്ങിയിരിക്കുന്ന വചനവിരുദ്ധതയെ ആരും ശ്രദ്ധിക്കുന്നില്ല! കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനങ്ങളെപ്പോലും അസാധുവാക്കുന്നവിധം അബദ്ധങ്ങള്‍ സഭയില്‍ കടന്നുകൂടിയത് ഈ വിധത്തിലാണ്! യോഗാ എന്ന കത്തോലിക്കാവിരുദ്ധ ആഭാസം അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്ന വൈദീകരും സന്യസ്തരും സഭയുടെ ഭാഗമായി നിലകൊള്ളുന്നുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ തയ്യാറാകാത്ത അധികാരികളാണ് പ്രാര്‍ത്ഥനായോഗങ്ങളെ ഉന്മൂലനംചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്! സഭയിലെ ഒരു സന്യാസിനി എന്ന പരിഗണന നല്‍കിക്കൊണ്ട്, സിസ്റ്റര്‍ ഫൌസ്റ്റീനയുടെ വെളിപ്പെടുത്തലുകളെ അപ്പാടെ വിഴുങ്ങിയ കത്തോലിക്കാസഭ ചിലത് ചിന്തിക്കണം.എന്തെന്നാല്‍, ഫൌസ്റ്റീനയിലൂടെ വെളിപ്പെടുത്തി എന്നു പറയപ്പെടുന്ന കരുണയുടെ ജപമാല ബൈബിള്‍ വിരുദ്ധമാണ്! എന്തുകൊണ്ട് ഈ പ്രാര്‍ത്ഥന വചന വിരുദ്ധമായി മനോവ കാണുന്നു? ഈ വിഷയം വ്യക്തമാക്കാന്‍ മനോവയ്ക്ക് ഉത്തരവാദിത്വമുണ്ട്.
ഈശോയുടെ അതിദാരുണമായ പീഢാസഹനങ്ങളെ ഓര്‍ത്ത്, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ എന്നതാണ് ഈ ജപമാലയിലെ പ്രധാന പ്രാര്‍ത്ഥന! ഇവിടെ ഈശോ എന്നതിനു പകരം യേഹ്ശുവാ എന്ന് ആക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടില്ല. എന്തെന്നാല്‍, യേഹ്ശുവായുടെ ഈ വാക്കുകള്‍ക്ക് നാം വിലകൊടുക്കണം. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, അങ്ങ് എനിക്കു നല്‍കിയ വചനം ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അവര്‍ക്കുവേണ്ടിയാണു പ്രാര്‍ത്ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്"(യോഹ: 17; 8, 9). ലോകത്തിനു മുഴുവനുമായി യേഹ്ശുവാപോലും പ്രാര്‍ത്ഥിച്ചിട്ടില്ല. അങ്ങനെയിരിക്കെ നമുക്ക് ഇത്തരത്തിലുള്ള പ്രാര്‍ത്ഥന നടത്താനുള്ള ഉത്തരവാദിത്തം ഇല്ല! ദൈവത്തെ മനഃപൂര്‍വം നിഷേധിക്കുന്നവരെ നമ്മുടെ പ്രാര്‍ത്ഥനയുടെ ഭാഗമാക്കുന്നത് അപകടമാണ്! ഇക്കാരണത്താല്‍തന്നെയാണ് യേഹ്ശുവാ നമുക്ക് ഇത്തരത്തിലുള്ള ഒരു മാതൃക നല്‍കിയത്. പ്രവാചകനായ ജറെമിയായിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന വെളിപ്പെടുത്തല്‍ നോക്കുക: "ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോ യാചിക്കുകയോ വേണ്ടാ. അവര്‍ക്കുവേണ്ടി എന്റെ മുന്‍പില്‍ നീ മാധ്യസ്ഥ്യം പറയരുത്; ഞാന്‍ നിന്റെ അപേക്ഷ കേള്‍ക്കുകയില്ല"(ജറെ:7; 16). നാം പ്രാര്‍ത്ഥിക്കാന്‍ പാടില്ലാത്ത വ്യക്തികളും മേഖലകളും നമുക്കിടയിലുണ്ട് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ദൈവം നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല. സാത്താനെ സേവിക്കുന്നവരും ദൈവത്തെ പൂര്‍ണ്ണമായി ഉപേക്ഷിച്ചവരുമായ അനേകര്‍ ഈ ലോകത്തുണ്ട്. അജ്ഞതകൊണ്ട് ദൈവത്തെ ഉപേക്ഷിച്ചവരല്ല ഇവരൊന്നും. ബ്ലാക്ക് മാസ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കുവേണ്ടി നാം എന്താണു പ്രാര്‍ത്ഥിക്കേണ്ടത്? കത്തോലിക്കാസഭയിലെ കര്‍ദ്ദിനാള്‍മാര്‍പ്പോലും ബ്ലാക്ക് മാസ് ചെയ്യുന്നുവെങ്കില്‍, ഇവര്‍ ഈ പ്രവര്‍ത്തികളില്‍ വ്യാപൃതരാകുന്നത് അജ്ഞതകൊണ്ടല്ല; മറിച്ച്, വ്യക്തമായ ബോധ്യത്തോടെയാണ് ഇവരുടെ പ്രവൃത്തി! ഇത്തരം പാപം ചെയ്യുന്നവര്‍ മരണാര്‍ഹരാണ്. മരണാര്‍ഹമായ പാപങ്ങള്‍ ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ സ്വീകാര്യമല്ലെന്നു മാത്രമല്ല, അത് ദൈവത്തെ പ്രകോപിപ്പിക്കുന്നതുമാണ്. ഈ ഉപദേശം ശ്രദ്ധിക്കുക: "മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല"(1 യോഹ: 5; 16). ലോകം മുഴുവനുംവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍നിന്ന്‍ യേഹ്ശുവാപോലും മാറിനിന്നെങ്കില്‍, ലോകത്തിലെ സകലര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നമ്മോടു പരിശുദ്ധാത്മാവ് ആഹ്വാനംചെയ്യില്ല!
ദൈവത്തെ അറിഞ്ഞിട്ടും അവിടുത്തെ ദൈവമായി അംഗീകരിക്കാത്ത ആളുകളാണ് 'ബ്ലാക്ക് മാസ്' പോലെയുള്ള കാര്യങ്ങളില്‍ വ്യാപൃതരായി ജീവിക്കുന്നത്. പരിശുദ്ധാത്മാവിനെതിരയുള്ള ഈ വ്യാപരിപ്പിനെ സംബന്ധിച്ചിടത്തോളം യേഹ്ശുവാ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വചനം നോക്കുക: "മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല"(മത്താ: 12; 32). പരിശുദ്ധാത്മാവിനെതിരേ ദൂഷണം പറയുന്ന ആളുകള്‍ ഈ ലോകത്ത് ജീവിക്കുന്നുണ്ട്. ഇത്തരക്കാരോട് കരുണകാണിക്കാന്‍ നാം പ്രാര്‍ത്ഥിക്കുന്നത് ദൈവവചനത്തിനു വിരുദ്ധമായ ആശയമാണ്! മരണാര്‍ഹമായ പാപം ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങളൊന്നും ദൈവത്തില്‍നിന്നുള്ളതല്ല. ആയതിനാല്‍ത്തന്നെ, സിസ്റ്റര്‍ ഫൗസ്റ്റീനയിലൂടെ ലഭിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കരുണയുടെ ജപമാല ദൈവത്തില്‍നിന്നുള്ളതാണെന്നു കരുതരുത്!
എന്തെന്നാല്‍, സ്വര്‍ഗ്ഗത്തിന്റെ തീരുമാനങ്ങള്‍ വ്യക്തമായി അറിയിക്കാന്‍ യേഹ്ശുവായോളം അധികാരമുള്ള ആരും ഈ ലോകത്ത് കടന്നുവന്നിട്ടില്ല. അവിടുന്ന് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയെ അതിലംഘിക്കുന്ന ഒരു പ്രാര്‍ത്ഥനയും സ്വര്‍ഗ്ഗത്തില്‍നിന്നു ലഭിക്കുകയുമില്ല. അങ്ങനെയെങ്കില്‍, ലോകം മുഴുവനോടും കരുണകാണിക്കാന്‍ അപേക്ഷിക്കുന്ന ഈ ജപമാല ദൈവത്തില്‍നിന്നു വന്നതാണെന്നു കരുതാന്‍ ന്യായമില്ല!
വചനവിരുദ്ധമായ പ്രാര്‍ത്ഥനകള്‍ ദൈവജനത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കുന്ന അധികാരികള്‍ സഭയിലുണ്ട്. എന്നാല്‍, ഹൃദയത്തിന്റെ നെടുവീര്‍പ്പുകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളെ ഇക്കൂട്ടര്‍ തടയുകയും ആദ്ധ്യാത്മിക ഭ്രഷ്ട് കല്പിക്കുകയും ചെയ്യുന്നു! രണ്ടോ മൂന്നോ പേര്‍ യേഹ്ശുവായുടെ നാമത്തില്‍ ഒരുമിച്ചു ചേരുന്ന എല്ലായിടത്തും അവിടുന്ന് സന്നിഹിതനാണെന്നത് അവിടുത്തെ വാഗ്ദാനമാണ്. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ അവിടുത്തെയാണ് നാം പിന്‍ചെല്ലേണ്ടത്. സത്യത്തില്‍നിന്നു നമ്മെ അകറ്റുന്ന അനേകം പ്രാര്‍ത്ഥനകള്‍ സഭയുടെ പേരില്‍ പ്രസിദ്ധമാണ്. ഇവ ഓരോന്നും സൂക്ഷമായി പരിശോധിക്കാതിരുന്നാല്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. മരിച്ചവര്‍ക്കുവേണ്ടി അപേക്ഷിക്കുന്ന ഒപ്പീസില്‍പ്പോലും അതീവഗുരുതരമായ അബദ്ധങ്ങള്‍ കയറിക്കൂടിയിട്ടുണ്ട്.
കര്‍ത്താവേ, നിന്‍ കുരിശിനെ ഞാന്‍ ആരാധിച്ചു വണങ്ങുന്നു....എന്ന് തുടരുന്ന ഗാനം ദൈവത്തിനിന്നാണോ? കുരിശിനെ നാം ആരാധിക്കാന്‍ പാടുണ്ടോ? കുരിശിനു നാം നല്‍കേണ്ടത് ആരാധനയല്ല; ആദരവാണ്! ഇത്തരം അപകടകരമായ പ്രാര്‍ത്ഥനകള്‍ നമ്മുടെമേല്‍ അടിച്ചേല്പിക്കുന്നത് സഭയിലെ മൂപ്പന്മാരാണെന്നു നമുക്കറിയാം, എന്നാല്‍, അത്മായരുടെ ആത്മീയ ഉണര്‍വിനെ നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കുന്നതും ഇതേ മൂപ്പന്മാര്‍ തന്നെ! ഈ ലോകത്തിലെ സകല വിഗ്രഹങ്ങളെയും ആരാധിച്ചുകൊണ്ടു ജീവിക്കുമ്പോള്‍ ഇവരുടെ നിയന്ത്രണം നാം കാണാറില്ല. എന്നാല്‍, സത്യദൈവത്തെ ആരാധിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് ഇവരുടെ നിയന്ത്രണം നമ്മുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നത്!
കരുണയുടെ വര്‍ഷം ഇസ്ലാമിനുവേണ്ടിയോ?
ഇസ്ലാമിക തീവ്രവാദികളെ യൂറോപ്പില്‍ കുടിയിരുത്താന്‍ ഫ്രാന്‍സീസ് ഒരുക്കിയ അവസാനത്തെ അടവാണ് കരുണയുടെ വര്‍ഷം! യൂറോപ്യന്‍ ജനത ഒന്നടങ്കം ഇസ്ലാമിനെ വെറുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് യൂറോപ്പ്. ഇത് മനസ്സിലാക്കിയ ഫ്രാന്‍സീസിന്റെ അവസാനത്തെ കൗശലമാണ് കരുണയുടെ വര്‍ഷം എന്ന പ്രഖ്യാപനം! ഏതെങ്കിലും പ്രത്യേക വര്‍ഷത്തില്‍ മാത്രമാണോ ദൈവത്തിന്റെ കരുണ വര്‍ഷിക്കപ്പെടുന്നത്? മാത്രവുമല്ല, ആടുകളോട് കരുണയില്ലാത്ത ഇടയന്റെ കരുണ എങ്ങനെ നാം വിശ്വസിക്കും? ആടുകളുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന ചെന്നായ്ക്കളോട് കരുണകാണിക്കാന്‍ ഫ്രാന്‍സീസ് ഒരുക്കിയ കരുണയുടെ നാടകത്തില്‍ അകപ്പെട്ടുപോയ അനേകം വിശ്വാസികള്‍ കത്തോലിക്കാസഭയിലുണ്ട്. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന അധര്‍മ്മികളെയാണ് ഫ്രാന്‍സീസ് തോളിലേറ്റിയിരിക്കുന്നത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ പണമുപയോഗിച്ച് ഉല്ലാസയാത്രകള്‍ നടത്തുന്ന നരേന്ദ്രമോഡിയെപ്പോലെ, കത്തോലിക്കാസഭയിലെ വിശ്വാസികളുടെ പണം ദുരുപയോഗിച്ചുകൊണ്ട്, സഭയെ തകര്‍ക്കുകയാണ് ഫ്രാന്‍സീസ്! ഇയാളുടെ ഓരോ യാത്രകളിലും ഇസ്ലാമിക തീവ്രവാദികളെ യൂറോപ്പിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതും നാം കാണാതെപോകരുത്!
ഫ്രാന്‍സീസ് നടത്തുന്ന ചവിട്ടുനാടകത്തിന്റെ ഇതിവൃത്തം അറിയാതെ കഥാപാത്രങ്ങളായി ആടുന്ന അനേകര്‍ സഭയിലുണ്ടെന്നതാണ് ഇയാളുടെ വിജയം. യൂറോപ്പിലെ ക്രിസ്ത്യാനികളോട് കരുണകാണിക്കാന്‍ തയ്യാറാകാത്ത ഈ മനുഷ്യന്‍ ലോകത്തിലെ സകല ചെന്നായ്ക്കളോടും കരുണകാണിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതിലെ കാപട്യം തിരിച്ചറിയണം. ലോകത്തിനു മുഴുവന്‍ ഭീഷണിയായ ഇസ്ലാമിനെ സമാധാനത്തിന്റെ മതമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് തന്റെ പൈശാചികത വ്യക്തമാക്കിയത്. ഇസ്ലാമിലൂടെ യൂറോപ്പ് അനുഭവിക്കുന്ന കൊടും യാതനകള്‍ കണക്കിലെടുക്കാതെ ഫ്രാന്‍സീസ് കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ ആരോടുള്ള കരുണയാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു! കൂടുതല്‍ വിശകലനത്തിനായി മനോവ മുതിരുന്നില്ല.
കത്തോലിക്കാസഭ പിന്തുടരുന്ന പ്രാര്‍ത്ഥനകള്‍ അപ്പാടെ സ്വീകരിച്ചുകൊണ്ട് പിശാചിന് കീഴ്പ്പെടരുതെന്ന അഭ്യര്‍ത്ഥനയോടെ ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്! പ്രാര്‍ത്ഥനകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയുകയും പരിശുദ്ധാത്മാവില്‍ വ്യാപരിക്കുകയും ചെയ്യുക!
പ്രാര്‍ത്ഥന: യേഹ്ശുവായുടെ അതിദാരുണമായ പീഢാസഹനങ്ങളെയോര്‍ത്ത്, ഞങ്ങളുടെമേലും യേഹ്ശുവായ്ക്ക് നല്‍കപ്പെട്ടവരുടെമേലും കരുണയായിരിക്കേണമേ!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-