അറിഞ്ഞിരിക്കാന്‍

തലയിലെഴുത്തിനു പിന്നില്‍ ദൈവമോ പിശാചോ?

Print By
about

20 - 01 - 2018

രോരുത്തരും ജനിക്കുന്നതിനു മുന്‍പോ ജനിച്ചതിനു ശേഷമോ, ഭാവിയില്‍ ഇവര്‍ ആരായിത്തീരുമെന്നു ദൈവം ഇവരുടെ ശിരസ്സില്‍ കോറിയിട്ടിണ്ടെന്നു ചിലര്‍ പറയുന്നു! ഇവരുടെ മരണം എപ്രകാരമായിരിക്കും എന്നതിനെക്കുറിച്ചും തലയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവരുടെ ചിന്ത! ഇതിനെ മൊത്തത്തില്‍ വിളിക്കുന്നത് 'തലയിലെഴുത്ത്' എന്നാണ്! ദൈവം ആരുടെയെങ്കിലും ശിരസ്സില്‍ ഇപ്രകാരമുള്ള ഏതെങ്കിലും എഴുത്തു നടത്തിയിട്ടുണ്ടോ? എന്തെങ്കിലുമൊരു പ്രശ്നം ജീവിതത്തില്‍ കടന്നുവരുമ്പോള്‍, പലരും പറയുന്നത് തങ്ങളുടെ തലയിലെഴുത്ത് ഇപ്രകാരമായിരുന്നു എന്നാണ്. ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ എന്ന പരിശോധനയാണ് ഈ ലേഖനത്തിലൂടെ നാം നടത്താന്‍ പോകുന്നത്!

ദൈവത്തിന്റെ ഒരു വചനത്തെ ആധാരമാക്കി നമുക്കു മുന്നോട്ടുപോകാം. വചനമിതാണ്: "മനസ്സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്, അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാ: 15; 15-17). ആരാണ് മനുഷ്യന്റെ തലയില്‍ എഴുതിയത് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ വചനത്തിലുണ്ട്. ഒരു വ്യക്തിയുടെ തലയില്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍, അത് അവന്‍തന്നെ എഴുതിയതാണ്. ഈ യാഥാര്‍ത്ഥ്യത്തില്‍നിന്നു മനുഷ്യന്റെ വിശാസത്തെ വ്യതിചലിപ്പിക്കാന്‍ സാത്താന്‍ ഒരുക്കിയ കെണിയാണു 'ജാതകം'! ചിലരുടെ ജീവിതത്തില്‍ 'ജാതകം' കൃത്യമാകുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍, ജാതകത്തില്‍ എന്തൊക്കെയോ സത്യങ്ങളില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ആമുഖമായിത്തന്നെ പറയുന്നു: ഇത് ഒരു മനഃശാസ്ത്രപരമായ ദുര്‍ബ്ബലാവസ്ഥയുടെ പരിണിതഫലമായി സംഭവിക്കുന്ന ദുരന്തം മാത്രമാണ്!

അന്ധവിശ്വാസങ്ങളെല്ലാം ഉടലെടുക്കുന്നത് അജ്ഞതയാല്‍ സൃഷ്ടിക്കപ്പെടുന്ന ഭയത്തില്‍നിന്നാണെന്നു നാം മനസ്സിലാക്കിയിരിക്കണം. മന്ത്രവാദികളും ആഭിചാരക്കാരും ഭാവിപ്രവചിക്കുന്നവരുമെല്ലാം നിലനില്‍ക്കുന്നത് അജ്ഞതയെയും അതുമൂലമുണ്ടാകുന്ന ഭയത്തെയും ചൂഷണം ചെയ്തുകൊണ്ടാണ്. ജാതകപ്രകാരം ഒരുവന്റെ ആയുസ്സ് കുറിക്കപ്പെടുകയും അവന്‍ ഈ ജാതകത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ ആ സമയം അടുത്തുവരുമ്പോള്‍ അവനില്‍ ഭയം ഉടലെടുക്കും. ഇത് സ്വാഭാവികമായ ഒരു മനഃശാസ്ത്ര പ്രതിഭാസമായി കണ്ടാല്‍ മതി. എന്തെന്നാല്‍, ജാതകത്തെ അന്ധമായി വിശ്വസിക്കുന്ന ഒരുവന്റെ മനോനില അനുസരിച്ച് അതില്‍ കുറിക്കപ്പെട്ട ദിവസംതന്നെ അവന്‍ മരിക്കണം. ഈ ചിന്ത ഇവനെ മരണത്തിലേക്കു നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്! മറിച്ച്, മരണത്തെ സംബന്ധിച്ച് ദൈവം ആരുടേയും തലയില്‍ ഒന്നും കുറിച്ചിട്ടില്ല. എന്നാല്‍, അനന്തജ്ഞാനിയായ ദൈവത്തിന് മനുഷ്യരെക്കുറിച്ചു മാത്രമല്ല, ഈ പ്രപഞ്ചത്തെ മുഴുവനായും അറിയാം. ഈ അറിവ് മുന്‍കൂട്ടിയുള്ള വിധിയായി ആരും കണക്കാക്കരുത്. ഒരുവന്റെ വിധി പ്രധാനമായും അവന്റെ പ്രവൃത്തിയുടെ പരിണിതഫലമായി അവന്‍തന്നെ സൃഷ്ടിക്കുന്നതാണ്. ശിക്ഷാര്‍ഹമായ തെറ്റുചെയ്യുന്ന ഒരുവന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത് അവന്റെ പ്രവൃത്തിയുടെ പരിണിതഫലമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, താന്‍ അനുഭവിക്കുന്ന ശിക്ഷ ദൈവവിധിയും ദൈവഹിതവുമായി പ്രഖ്യാപിക്കുന്ന അനേകര്‍ ഈ ലോകത്തു ജീവിക്കുന്നുണ്ട്. തന്റെ പാപത്തിന്റെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ കെട്ടിവയ്ക്കുന്നവരാണ് ഇക്കൂട്ടര്‍!

തങ്ങളുടെ ചെയ്തികളുടെ അനന്തരഫലം ദൈവത്തിനുമേല്‍ ആരോപിക്കാന്‍ അനേകം പ്രയോഗങ്ങള്‍ നിലവിലുണ്ട്. തലവര, തലേലെഴുത്ത്, ജാതകദോഷം, സമയദോഷം, ദൈവീകപദ്ധതി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ദൈവീകപദ്ധതി എന്നത് ഒരു വ്യക്തിയുടെമേലുള്ള വിധിയായി തെറ്റിദ്ധരിച്ചിരിക്കുന്ന ആത്മീയ മനുഷ്യര്‍പ്പോലും ക്രിസ്ത്യാനികളുടെയിടയിലുണ്ട്. ദൈവത്തിന്റെ ചില വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതുമൂലം സംഭവിച്ച പിഴവാണിത്. ദൈവത്തിന്റെ വചനം ഇപ്രകാരം പറയുന്നു: "നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കും; ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്നു യാഹ്‌വെ അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലുംനിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്ഥലങ്ങളിലേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - യാഹ്‌വെ അരുളിച്ചെയ്യുന്നു"(ജറെ: 29; 11-14). ഇത് ആരോടെങ്കിലും വ്യക്തിപരമായി പറഞ്ഞിട്ടുള്ള വാഗ്ദാനമല്ല. ആദ്യത്തെ ഒരു വാക്യം മാത്രം പരിഗണിച്ചുകൊണ്ട്‌ വ്യക്തിപരമായ സന്ദേശമായി ഈ വചനത്തെ പരിഗണിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഇസ്രായേലിന്റെ പുനഃസ്ഥാപനത്തെ സംബന്ധിച്ചുള്ള പ്രവചനമാണിതെന്നു നാം മനസ്സിലാക്കിയിരിക്കണം. ഇസ്രായേലിന്റെ പ്രവൃത്തിയുടെ പരിണിതഫലമായി അവര്‍ ചിതറിക്കപ്പെട്ടുവെങ്കിലും, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുമ്പോള്‍ അവരുടെ പൂര്‍വ്വസ്ഥിതി പുനഃസ്ഥാപിക്കപ്പെടുമെന്ന വാഗ്ദാനമാണ് നാമിവിടെ വായിച്ചെടുക്കേണ്ടത്. ഇസ്രായേല്‍ ചിതറിക്കപ്പെടുകയെന്നത് ദൈവത്തിന്റെ പദ്ധതിയായിരുന്നില്ല; മറിച്ച്, ചിതറിക്കപ്പെട്ട ഇസ്രായേലിനെ പുനഃദ്ധരിക്കുകയെന്നതാണ് അവിടുത്തെ പദ്ധതി!

ദൈവത്തിന്റെ പദ്ധതികളിലൊന്നിലും നാശം പതിയിരിക്കുന്നില്ല; മറിച്ച്, ക്ഷേമവും ഐശ്വര്യവും മാത്രമാണ് അവിടുത്തെ പദ്ധതികളിലുള്ളത്. ഇസ്രായേലിനെ തിരഞ്ഞെടുത്ത ദൈവം അവര്‍ നിലനില്‍ക്കാന്‍ ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും നല്‍കി. ഈ നിയമങ്ങളിലും ചട്ടങ്ങളിലുംനിന്ന് ഇടംവലം വ്യതിചലിക്കാതിരുന്നാല്‍ മാത്രമേ തങ്ങള്‍ക്ക് അവകാശമായ മണ്ണില്‍ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അവിടുന്ന് മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇസ്രായേല്‍ നിയമങ്ങളെയും ചട്ടങ്ങളെയും നിസ്സാരമായി കണ്ടു. ഇക്കാരണത്താലാണ് അവര്‍ ചിതറിക്കപ്പെട്ടത്. ഇത് ദൈവത്തിന്റെ പദ്ധതിയോ വിധിയോ ആയിരുന്നില്ല. തങ്ങളുടെതന്നെ ചെയ്തികളുടെ പരിണിതഫലമായി സ്വയം തിരഞ്ഞെടുത്ത വിധിയാണ് അവര്‍ അനുഭവിച്ചത്. ഈ വചനം ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെയുടെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേല്‍ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും. നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും. സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും. നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുമ്പില്‍വച്ചു യാഹ്‌വെ തോല്പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും. നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്നങ്ങളിലും യാഹ്‌വെ അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ യാഹ്‌വെ നിനക്കു തരുന്ന ദേശത്ത് അവിടുന്ന് നിന്നെ അനുഗ്രഹിക്കും. അവിടുത്തെ കല്പനകള്‍ പാലിച്ച് അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിച്ചാല്‍ യാഹ്‌വെ നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെ തന്റെ വിശുദ്ധ ജനമായി ഉയര്‍ത്തും. യാഹ്‌വെയുടെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും"(നിയമം: 28; 1-10).

അനുഗ്രഹങ്ങളുടെ നീണ്ട പട്ടികയുടെ ആദ്യഭാഗമാണ് നാമിവിടെ വായിച്ചത്. പട്ടികയുടെ അവസാനം ഇപ്രകാരം കുറിച്ചിരിക്കുന്നു: "ഞാനിന്നു കല്പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്"(നിയമം: 28; 14). ഒരുവന്റെ അനുഗ്രഹം എഴുതിവച്ചിരിക്കുന്നത് അവന്റെ തലയിലല്ല; മറിച്ച്, നിയമപുസ്തകത്തിലാണ്! നിയമപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും അനുഗ്രഹത്തിനു കാരണമാകുന്നതുമായ നിയമങ്ങള്‍ ഓരോരുത്തരും തങ്ങളുടെ തലയില്‍ സ്വയം എഴുതുകയും ആ നിയമം അനുസരിച്ചു ജീവിക്കുകയും ചെയ്‌താല്‍ ഐശ്വര്യം ആസ്വദിക്കും! മറിച്ച്, നിയമത്തില്‍നിന്നു വ്യതിചലിച്ച് തന്നിഷ്ടപ്രകാരം ഒരുവന്‍ ജീവിച്ചാല്‍ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും അവന്റെ പ്രതിഫലം. ഇവിടെ അവന്‍തന്നെയാണ് അവന്റെ വിധി സ്വന്തം തലയില്‍ എഴുതിപ്പിടിപ്പിച്ചത്. ഈ വചനം ശ്രദ്ധിക്കുക: "എന്നാല്‍, നീ നിന്റെ ദൈവമായ യാഹ്‌വെയുടെ സ്വരം ശ്രവിച്ച് ഞാന്‍ ഇന്നു നിനക്കു നല്‍കുന്ന അവിടുത്തെ കല്പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വം അനുസരിക്കാതിരുന്നാല്‍ താഴെപ്പറയുന്ന ശാപമൊക്കെയും നിന്റെമേല്‍ പതിക്കും; നഗരത്തിലും വയലിലും നീ ശപിക്കപ്പെട്ടവനായിരിക്കും. നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും ശാപഗ്രസ്തമായിരിക്കും. നിന്റെ സന്താനങ്ങളും വിളവുകളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും ശപിക്കപ്പെടും. സകല പ്രവൃത്തികളിലും നീ ശപ്തനായിരിക്കും. നിന്റെ ദുഷ്കൃത്യങ്ങള്‍വഴി യാഹ്‌വെയെ ഉപേക്ഷിച്ചതിനാല്‍ നീ നശിക്കുന്നതുവരെ നിന്റെ എല്ലാ പ്രയത്നങ്ങളിന്‍മേലും അവിടുന്ന് ശാപവും ക്ലേശവും ശകാരവും അയയ്ക്കും; നീ ക്ഷണത്തില്‍ നിശ്ശേഷം നശിച്ചുപോകും. നീ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിന്നെ സംഹരിക്കുന്നതുവരെ യാഹ്‌വെ നിന്റെമേല്‍ തീരാവ്യാധികള്‍ അയയ്ക്കും. ക്ഷയം, പനി, വീക്കം, അത്യുഷ്ണം, വാള്‍, വരള്‍ച്ച, വിഷക്കാറ്റ്, പൂപ്പല്‍ ഇവകൊണ്ടു യാഹ്‌വെ നിന്നെ പ്രഹരിക്കും; നിശ്ശേഷം നശിക്കുന്നതുവരെ ഇവ നിന്നെ വേട്ടയാടും. നിനക്കു മുകളിലുള്ള ആകാശം പിത്തളയും കീഴിലുള്ള ഭൂമി ഇരുമ്പും ആയി മാറും. യാഹ്‌വെ നിന്റെ ദേശത്ത് മഴയ്ക്കുപകരം പൊടിയും പൂഴിയും വര്‍ഷിക്കും. നീ നശിക്കുംവരെ ആകാശത്തുനിന്ന് അവ നിന്റെമേല്‍ പതിക്കും"(നിയമം: 28; 15-24).

ദൈവമായ യാഹ്‌വെ നല്‍കിയ നിയമങ്ങളിലും ചട്ടങ്ങളിലുംനിന്നു വ്യതിചലിക്കുന്നവരുടെമേല്‍ പതിക്കുന്ന ശാപങ്ങളുടെ പട്ടിക പൂര്‍ത്തിയായിട്ടില്ല. തുടര്‍ന്നുള്ള വചനങ്ങളിലും അത് വായിക്കാന്‍ കഴിയും. ഇവിടെ നാം മനസ്സിലാക്കേണ്ട പല കാര്യങ്ങളുണ്ട്. ഓരോരുത്തരുടെയും പ്രവര്‍ത്തിയുടെ പരിണിതഫലമായിട്ടാണ് ശാപങ്ങളും ദുരന്തങ്ങളും കടന്നുവരുന്നത് എന്നതാണ് പ്രധാനമായും നാം അറിഞ്ഞിരിക്കേണ്ടത്. അതുപോലെതന്നെ, ശപിക്കപ്പെട്ട ജീവിതം നയിക്കുന്ന വ്യക്തികളുടെ സന്തതികളും ശപിക്കപ്പെട്ടവരായിരിക്കുമെന്ന മുന്നറിയിപ്പും ഏറെ ഗൗരവത്തോടെ പരിശോധിക്കുകയും ഗ്രഹിക്കുകയും വേണം. പൂര്‍വ്വീകശാപത്തെ സംബന്ധിച്ചുള്ള സ്ഥിരീകരണമായും ഈ മുന്നറിയിപ്പിനെ പരിഗണിക്കേണ്ടിവരും. എന്നാല്‍, ഈ ശാപത്തെ തലയിലെഴുത്തായി ആരും കാണരുത്. എന്തെന്നാല്‍, പിതാക്കന്മാരുടെ ശാപത്തില്‍നിന്നു മോചനം പ്രാപിക്കാനുള്ള മാര്‍ഗ്ഗം ക്രിസ്തീയതയിലുണ്ട്. ക്രിസ്ത്യാനികള്‍ക്കു മാത്രം ലഭ്യമാകുന്ന ആശ്വാസമാണിത്. ഈ വചനം നോക്കുക: "പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്? ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല"(എസക്കി: 18; 1-3). മറ്റൊരു പ്രവചനംകൂടി ശ്രദ്ധിക്കുക: "പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല. ഓരോരുത്തരും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കൂ"(ജറെ: 31; 29, 30). ആ നാളുകളില്‍ അവര്‍ പറയുകയില്ല എന്നതിലൂടെ എന്താണു നാം മനസ്സിലാക്കേണ്ടത്? ഇതൊരു പ്രവചനമാണ്. അതിനാല്‍ത്തന്നെ, ഭാവിയില്‍ സംഭവിക്കേണ്ട കാര്യവുമാണ്!

യേഹ്ശുവായിലൂടെ നിവര്‍ത്തിയാകേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് പ്രവാചകന്‍ ഇവിടെ പ്രവചിച്ചിരിക്കുന്നത്. മാത്രവുമല്ല, പിതാക്കന്മാരുടെ ദുഷ്പ്രവര്‍ത്തികളെ തള്ളിപ്പറയുകയും ഉപേക്ഷിക്കുക്കയും ചെയ്തുകൊണ്ട് നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ ഒരുവന്‍ തയ്യാറാകുമ്പോള്‍, യേഹ്ശുവായിലൂടെ അവന്‍ മോചനം പ്രാപിക്കുമെന്ന ഉറപ്പും ഈ പ്രവചനത്തിലുണ്ട്. ഈ പ്രവചനം നോക്കുക: "പിതാവിന്റെ ദുഷ്ടതകള്‍ക്കുള്ള ശിക്ഷ പുത്രന്‍ അനുഭവിക്കാത്തതെന്ത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവും ന്യായപ്രകാരവും വര്‍ത്തിക്കുകയും എന്റെ കല്പനകള്‍ അനുസരിക്കുന്നതില്‍ ശ്രദ്ധവയ്ക്കുകയും ചെയ്‌താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും. പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കുവേണ്ടിയോ പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും"(എസക്കി: 18; 19, 20). മുജ്ജന്മപാപമോ പൂര്‍വ്വീകശാപമോ ക്രിസ്ത്യാനിയെ ബാധിക്കില്ല എന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. മുജ്ജന്മപാപം എന്നതിലൂടെ വിജാതിയര്‍ വിവക്ഷിക്കുന്നത് പൂര്‍വ്വജന്മത്തില്‍ ചെയ്ത പാപത്തെക്കുറിച്ചാണ്. അങ്ങനെയൊരു ജന്മം മനുഷ്യര്‍ക്കോ ജീവജാലങ്ങള്‍ക്കോ ഇല്ലെന്ന യാഥാര്‍ത്ഥ്യം ദൈവമക്കള്‍ക്കറിയാം. എന്നാല്‍, പിതാക്കന്മാരിലൂടെ തലമുറകളിലേക്ക് പാപത്തിന്റെ പരിണിതഫലമായ ശാപം കടന്നുവരും. അതായത്, പിതാക്കന്മാരുടെ പാപത്തിന്റെയും ശാപത്തിന്റെയും പാരമ്പര്യം പിന്തുടരുന്നുവെങ്കില്‍, ആ ശാപത്തില്‍നിന്നു പുത്രനു മോചനം ലഭിക്കുന്നില്ല!

ശാപം തലമുറകളിലേക്കു കടന്നുപോകുന്നു എന്നതിന്റെ സ്ഥിരീകരണം ശ്രദ്ധിക്കുക: "യാഹ്‌വെ കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോടു കരുണ കാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെ നേരെ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍ "(പുറ: 34; 6, 7). ഈ ശിക്ഷയില്‍നിന്നു മക്കള്‍ക്കു മോചനം ലഭിക്കേണ്ടതിനു രണ്ടുകാര്യങ്ങള്‍ ചെയ്യണം. ഒന്നാമതായി ഒരുവന്‍ ചെയ്യേണ്ടത് പൂര്‍വ്വീകരുടെ ശാപഗ്രസ്തമായ ജീവിതരീതികളില്‍നിന്നു വിടുതല്‍ പ്രാപിക്കുകയും നീതി അന്വേഷിക്കുകയും ചെയ്യുകയെന്നതാണ്. രണ്ടാമതായി ചെയ്യേണ്ടത് യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ച്, ആ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുക. രക്ഷപ്രാപിക്കാന്‍ ഇതല്ലാതെ മറ്റു വഴികള്‍ ഒന്നും മനുഷ്യരുടെ മുമ്പിലില്ല! അപ്പസ്തോലനായ പൗലോസിനോട്‌ ഒരുവന്‍ ഇപ്രകാരം ചോദിച്ചു: "യജമാനന്‍മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം?"(അപ്പ. പ്രവര്‍: 16; 30). പൗലോസിന്റെ മറുപടി ഇതായിരുന്നു: "രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 16; 31). രക്ഷയെ സംബന്ധിച്ച് ജനങ്ങളുടെ ചോദ്യത്തിന് അപ്പസ്തോലനായ പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 38, 39). രക്ഷയെ സംബന്ധിച്ചുള്ള വചനങ്ങളാണ് നാമിവിടെ വായിച്ചത്. തലമുറകളിലേക്കു ശാപം കടന്നുപോകുന്നതിന്റെ പ്രധാന കാരണം അന്യദേവാരാധനയാണ്. അന്യദേവന്മാരെ ആരാധിക്കുകയോ അന്യദേവാരാധനയുടെ ഭാഗമായ മന്ത്രവാദം, ആഭിചാരം, ക്ഷുദ്രവിദ്യകള്‍ തുടങ്ങിയില്‍ ഭാഗഭാക്കാകുകയോ ചെയ്യുന്നവരുടെ തലമുറകളിലേക്കാണ് ശാപം കൂടുതലായി പകരപ്പെടുന്നത്.

പിതാക്കന്മാരുടെ ചെയ്തികളെ തള്ളിപ്പറയുകയും അവര്‍ അധാര്‍മ്മികമായി നേടിയ സമ്പത്ത് ഉപേക്ഷിക്കുകയും ചെയ്യാത്തപക്ഷം മക്കള്‍ക്കു ശാപത്തില്‍നിന്നു വിടുതല്‍ ലഭിക്കില്ല. തലമുറകളിലേക്ക് പകരപ്പെടുന്ന ശാപത്തില്‍നിന്നു വിടുതല്‍പ്രാപിച്ച ഒരു വ്യക്തിയെ നാം ബൈബിളില്‍ കണ്ടുമുട്ടുന്നുണ്ട്. സക്കേവൂസ് യേഹ്ശുവായോടു പറഞ്ഞു: "ഇതാ, എന്റെ സമ്പത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു"(ലൂക്കാ:19;8). സക്കേവൂസ് ഇതു പറഞ്ഞപ്പോള്‍ യേഹ്ശുവാ നല്‍കുന്ന അനുഗ്രഹ വചനം ഇവിടെ ശ്രദ്ധേയമാണ്: "ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു"(ലൂക്കാ:19;9).  പാപത്തില്‍നിന്നു നേടിയവ കൈവശം വച്ചുകൊണ്ട് പാപം ഉപേക്ഷിക്കുന്നത് മാനസാന്തരത്തിന്റെ പൂര്‍ണ്ണതയല്ല. മോശയിലൂടെ നല്‍കപ്പെട്ട നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് സക്കേവൂസ് ഇപ്രകാരം പറഞ്ഞത്. നിയമം ശ്രദ്ധിക്കുക: "ഒരുവന്‍ കാളയേയോ ആടിനേയോ മോഷ്ടിച്ചു കൊല്ലുകയോ വില്‍ക്കുകയോ ചെയ്‌താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയേയും ഒരാടിനു പകരം നാല് ആടിനേയും കൊടുക്കണം"(പുറപ്പാ: 22; 1). ശാപത്തില്‍നിന്നു മോചനം പ്രാപിക്കണമെങ്കില്‍ പരിഹാരം അനിവാര്യമാണ്!

തലയിലെഴുത്ത് എന്ന അന്ധവിശാസത്തിന്റെ കാണാപ്പുറങ്ങളിലേക്കുതന്നെ മടങ്ങിവരാം. ദൈവത്തിന്റെ ചില വചനങ്ങളെ എടുത്തുകാണിച്ചുകൊണ്ട് തലയിലെഴുത്തിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നവര്‍ ക്രിസ്ത്യാനികളുടെയിടയിലും കയറിക്കൂടിയിട്ടുണ്ട്. അങ്ങനെയുള്ള ചില വചനങ്ങള്‍ നമുക്കു പരിശോധിക്കാം. ഈ വചനം ശ്രദ്ധിക്കുക: "ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു"(ഏശയ്യാ: 49; 16). ഈ വചനത്തെ തലയിലെഴുത്തുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമോ? ഇത് ഇസ്രായേലിനെ സംബന്ധിച്ചുള്ള പ്രവചനമാണ്. ഇസ്രായേലിന്റെ തലയില്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്; മറിച്ച്, ഇസ്രായേലിനെ അനുസ്മരിക്കാനായി അവന്റെ നാമം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് ഇവിടെ നടത്തിയിരിക്കുന്നത്. അവിടുന്ന് തിരഞ്ഞെടുത്തവരെ പ്രത്യേകമായി പരിഗണിക്കുന്നുവെന്നത് അവിടുത്തെ കരുതലിനെ അടിവരയിടുന്നു! ഇനിയുമുണ്ട് ബൈബിളിലെ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെതുകൊണ്ടുള്ള പ്രചരണം. വെളിപാടിന്റെ പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്"(വെളി: 14; 1). ഇത് തലയിലെഴുത്തിനെയാണോ സൂചിപ്പിക്കുന്നത്? ഒരിക്കലും ഇതൊരു തലയിലെഴുത്തിന്റെ പരിധിയില്‍ വരുന്നില്ല. എന്തെന്നാല്‍, ഒരുവന്റെ പ്രവര്‍ത്തിയുടെ പരിണിതഫലമായി അവനില്‍ വന്നുചേരുന്ന ഭാഗ്യമാണ് ഈ എഴുത്ത്. അന്യദേവന്മാരെ അനുഗമിക്കുകയും പിശാചിന്റെ മുദ്ര സ്വീകരിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കാന്‍ സഹനം വരിക്കുകയും ചെയ്തതിലൂടെ ഒരുവനില്‍ വന്നുഭവിക്കുന്ന മുദ്രയാണിത്. അതായത്, രക്ഷപ്രാപിക്കുന്നവര്‍ക്കും മാത്രം ലഭിക്കുന്ന മുദ്ര!

ഇനിയുമുണ്ട് മറ്റൊരു മുദ്രകൂടി! അന്യദേവന്മാരെ അനുഗമിക്കുന്നതിലൂടെ പതിപ്പിക്കപ്പെടുന്ന മുദ്രയാണത്. ആ മുദ്രയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും"(വെളി: 14; 9, 10). ഇതാണ് അപകടകരമായ പൈശാചിക മുദ്ര! അന്യദേവന്മാരെ അനുസ്മരിപ്പിക്കുന്ന അടയാളം നെറ്റിയിലോ കയ്യിലോ മാത്രമല്ല, ശരീരത്തിന്റെ ഏതൊരു ഭാഗത്തും സ്വീകരിക്കാന്‍ ഒരുവനു സാധിക്കും. പൊട്ടുകുത്തി നടക്കുന്ന ഒരു സ്ത്രീ സ്വീകരിച്ചിരിക്കുന്നത് അന്യദേവന്റെ മുദ്രതന്നെയാണ്. അതുപോലെതന്നെ, ശരീരത്തില്‍ പച്ചകുത്തുന്നവരും അന്യദേവന്മാര്‍ക്ക് തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന ഏതൊരുവനും അന്യദേവന്റെ ആധിപത്യത്തിലാണ്. ദൈവത്തിന്റെ നിയമം കര്‍ശനമായി വിലക്കിയിരിക്കുന്ന ഒന്നാണ് പച്ചകുത്തല്‍! ഈ താക്കീതു ശ്രദ്ധിക്കുക: "ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് യാഹ്‌വെ"(ലേവ്യര്‍: 19; 28). ഇതിനെ അതിലംഘിച്ചുകൊണ്ട്‌ ഒരുവന്‍ മുന്നോട്ടു പോകുന്നുവെങ്കില്‍, അവന്‍ എത്ര ഉന്നതാനായി പരിഗണിക്കപ്പെടുന്നവനാണെങ്കിലും അന്യദേവന്‍ എന്ന പിശാചിന്റെ അടിമയാണ്!ഈ ഒരു വചനം പ്രാധാന്യത്തോടെ ഗ്രഹിക്കുക: "മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ, ആരാധിക്കുകയും നെറ്റിയിലും കയ്യിലും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു"(വെളി: 20; 4). രക്ഷപ്രാപിക്കുന്നവരുടെ അടയാളം ഇതാണ്: "അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും"(വെളി: 22; 4). അവിടുത്തെ നാമം എന്താണെന്നുപോലും അറിയാത്തവരുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരം!

തലയില്‍ എഴുതിയത് നീയോ പിശാചോ?

ദൈവം ആരുടേയും തലയില്‍ അവരുടെ ഭാവി എഴുതിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം വചനത്തിന്റെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കി. ദൈവമല്ലാതെ മറ്റാരെങ്കിലും ആരുടെയെങ്കിലും ശിരസ്സില്‍ അവന്റെ ഭാവിയെക്കുറിച്ചോ മറ്റെന്തിനെയെങ്കിലും കുറിച്ചോ എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കാം. ഉണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി മാത്രമേ ഈ പരിശോധന മുന്നോട്ടുപോകുകയുള്ളൂ. അങ്ങനെയെങ്കില്‍ ആരൊക്കെയാണ് ഈ എഴുത്തുകാര്‍? എഴുത്തുകാരുണ്ടെന്നു മാത്രമല്ല, തലയിലെഴുത്തും ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ദൈവത്തിനുമേല്‍ ഈ എഴുത്തിന്റെ ഉത്തരവാദിത്വം കെട്ടിയേല്പിക്കുന്നത് തികച്ചും പൈശാചികവും യഥാര്‍ത്ഥ കുറ്റവാളികളെ കുറ്റവിമുക്തരാക്കുന്ന നിലപാടുമായിരിക്കും.

ഒരുവന്റെ തലയില്‍ എഴുതുന്നത് മൂന്നു സംവീധാനങ്ങളിലൂടെയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വയമെഴുത്തുതന്നെ. തങ്ങളെക്കുറിച്ചു സ്വയം എഴുതുന്ന എഴുത്തിനെയാണ് സ്വയമെഴുത്ത് എന്ന് മനോവ വിവക്ഷിച്ചത്. ഒരു വ്യക്തിക്ക് തങ്ങളെത്തന്നെ കെട്ടിയിടാന്‍ സാധിക്കുമെന്നത് നാം മനസ്സിലാകിയിരിക്കണം. തെറ്റായ അറിവുകളില്‍ തങ്ങളെത്തന്നെ കെട്ടിയിടുന്നവര്‍ അനേകരാണ്. ഇതിന് ഒരു ഉദാഹരണം പറയാം. ചില പ്രസിദ്ധീകരണങ്ങളില്‍ വാരഫലം എന്ന അപകടകരമായ പംക്തിയുണ്ട്‌. ഒരു വ്യക്തി തന്റെ നാളിനെ അടിസ്ഥാനപ്പെടുത്തി വാരഫലം പരിശോധിക്കുമ്പോള്‍, അവന്‍ സ്വയം തന്നെത്തന്നെ കെട്ടിയിടുകയാണു ചെയ്യുന്നത്. അവന്റെ ഈ ആഴ്ചയില്‍ ചില അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഏതോ ഒരു വിഡ്ഢി പ്രവചിച്ചിരിക്കുന്നു. ഈ വിവരക്കേടിനെ അംഗീകരിക്കാത്തവരില്‍പ്പോലും ഭയം കടന്നുകൂടും എന്നത് മനഃശാസ്ത്രപരമായ വസ്തുതയാണ്. സ്വന്തം തലയില്‍ ചില അസത്യങ്ങള്‍ എഴുതുവയ്ക്കുന്നതിന്റെ ഒരു വഴി ഇതായി പരിഗണിക്കാം. മന്ത്രവാദികളിലേക്കും ആഭിചാര കര്‍മ്മങ്ങള്‍ക്കൊണ്ടും ഉപജീവനം കഴിക്കുന്ന സാത്താന്റെ സന്തതികളിലേക്ക് ഒരുവന്‍ ആകഷിക്കപ്പെടുന്നത് ഇത്തരം അജ്ഞതമൂലമാണ്.

കേരളത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ഭവനത്തില്‍ ദിവസം അറിയാനുള്ള കലണ്ടര്‍ ഉണ്ട്. കേരളത്തില്‍ വില്‍ക്കപ്പെടുകയോ വിതരണം ചെയ്യപ്പെടുകയോ ചെയ്യുന്ന എല്ലാ കലണ്ടറുകളിലും അനേകം പൈശാചികതകള്‍ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നു. 'നാള്‍' എന്ന പൈശാചികതയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ദുരന്തം. മകം പിറന്ന മങ്കയും പൂരുരുട്ടാതി പിറന്ന പുരുഷനും പൂരം പിറന്ന പുലയനും വീടിന് ഐശ്വര്യം നല്‍കുമെന്ന ചിന്തയില്‍ ജീവിക്കുന്ന പൈശാചിക വ്യക്തിത്വങ്ങളായി മലയാളികള്‍ മാറിയതും നാം ഗൗരവത്തോടെ മനസ്സിലാക്കണം. കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്ന നാളിനെ അടിസ്ഥാനമാക്കി ഒരു മലയാളി തന്റെ ജീവിതം അടിയറവയ്ക്കുന്നു. ജന്മനക്ഷത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന കലണ്ടറുകള്‍ ശാപമായി മാറുന്നത് ഇങ്ങനെയാണ്!

അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നവര്‍പ്പോലും തങ്ങളുടെ ജന്മനക്ഷത്രം മനസ്സിലാക്കുന്നത് കലണ്ടറില്‍നിന്നാണ്. ഇത്തരത്തില്‍ നക്ഷത്രങ്ങള്‍ മനസ്സിലാക്കുന്നവര്‍ തങ്ങളുടെ വാരഫലം പരിശോധിക്കുകയും, ഇത് എഴുതിയ വിഡ്ഢിയുടെ ജല്പനങ്ങളെ തങ്ങളുടെ ജീവിതത്തില്‍ അനിവാര്യമായി സംഭവിക്കേണ്ട കാര്യങ്ങളായി പരിഗണിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ ഒരു പ്രതിഭാസമായി കണ്ടാല്‍മതി. എന്നാല്‍, ഇത് തങ്ങളെത്തന്നെ കെട്ടിയുടന്ന അവസ്ഥയായി പരിഗണിക്കണം. കേരളത്തിലെ കൊല്ലം എന്ന ജില്ലയില്‍നിന്നു വന്ന ഏറ്റവും വലിയ പൈശാചികത എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്? അജ്ഞതയില്‍നിന്നു വികാസംപ്രാപിച്ച ഒരു ദുരന്തം, മനുഷ്യന്റെ മാനസീകമായ അവസ്ഥകളെ സ്വാധീനിക്കുന്നതുകൊണ്ടു മാത്രമാണ് ജോതിഷികള്‍ ഇന്ന് ജീവിക്കുന്നത്! മനുഷ്യനു തന്നെത്തന്നെയും മറ്റുള്ളവരെയും കെട്ടിയിടാനും അഴിച്ചുവിടാനും സാധിക്കുമെന്ന തിരിച്ചറിവ് നല്‍കുന്നത് ബൈബിള്‍ മാത്രമാണ്. അജ്ഞതയുടെ പരിണിതഫലമായി സ്വയം കെട്ടപ്പെട്ടവര്‍ക്കും മറ്റുള്ളവരെ കെട്ടിയിട്ടവര്‍ക്കും ആശ്വാസം പകരുന്ന ഈ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 18). ഈ സത്യം ലോകത്തെ അറിയിച്ചത് യേഹ്ശുവായാണ്.അവിടുന്ന് എന്തെങ്കിലും നമ്മെ അറിയിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരുകാലത്തും മാറ്റമുണ്ടാവുകയില്ല.

തങ്ങളെത്തന്നെ ഒരുവന്‍ സ്വയം കെട്ടുന്നതിന് അവനെ പ്രേരിപ്പിക്കുന്ന അനേകം ഘടകങ്ങളുണ്ട്. ജോതിഷികളും പൈശാചികതയുടെ സന്ദേശവാഹകരും മനുഷ്യരെ അജ്ഞതയില്‍ കെട്ടിയിടുന്ന പൈശാചിക വ്യക്തിത്വങ്ങളാണ്. ഇവരുടെ ഉപദേശങ്ങളെ വിശ്വാസത്തിലെടുക്കുന്ന ഓരോ വ്യക്തികളും തങ്ങളെത്തന്നെ ഈ ലോകത്തെ അധാര്‍മ്മികതയില്‍ കെട്ടിയിടുന്നു. ഇക്കൂട്ടരുടെ ഭാവി ഇരുളടഞ്ഞതാകുന്നത് ഇപ്രകാരമാണ്. അതായത്, ഇക്കൂട്ടര്‍ തങ്ങളുടെ ശിരസ്സില്‍ സ്വയം എഴുതുന്നതിനെ തലേലെഴുത്ത് എന്ന് ഇവര്‍ പറയുന്നു. ഇത്തരം തലേലെഴുത്തുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണെന്നു തിരിച്ചറിഞ്ഞിട്ടുള്ളവര്‍ ചുരുക്കം പേരാണ്. അതിനാല്‍ത്തന്നെ, ഈ ദുരന്തത്തിന്റെ ആഘാതം തുലോം വലുതാണെന്നത് നാം മനസ്സിലാക്കിയിരിക്കണം. ദൈവം എഴുതാത്ത ഒന്ന് സ്വയം എഴുതിയതിനുശേഷം ദൈവത്തെ പഴിക്കുന്നവരാക്കി മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന പിശാചിനെയും അവന്റെ ലക്ഷ്യങ്ങളെയുമാണ് ദൈവമക്കള്‍ തിരിച്ചറിയേണ്ടത്. സ്വയം എഴുതുന്ന അവസ്ഥയെ കൂടാതെ മറ്റുള്ളവരാല്‍ എഴുതപ്പെടുന്ന അവസ്ഥയും മനുഷ്യജീവിതത്തിലുണ്ട്. ഇതിന്റെ പിന്നിലും മറഞ്ഞുനിന്നു പ്രവര്‍ത്തിക്കുന്നത് സാത്താന്‍ തന്നെയാണ്.

ശാപവാക്കുകളിലൂടെ ചിലരെ മറ്റുള്ളവര്‍ കെട്ടിയുടുന്ന പ്രവണത നമുക്കറിയാം. ഇവരുടെ ശാപവാക്കുകള്‍ ഒരുവനെ സ്വാധീനിക്കുന്നതും മനഃശാസ്ത്രപരമായ വിഷയമാണ്. മറ്റുള്ളവര്‍ ഒരു വ്യക്തിക്കെതിരെ പറഞ്ഞിരിക്കുന്ന വാക്കുകള്‍ അവനെ ബാധിക്കുമെന്ന ചിന്ത അവനില്‍ അങ്കുരിക്കാന്‍ സാധ്യതയുണ്ട്. അവന്‍ ആ ശാപത്തിന്റെ പിടിയില്‍ അകപ്പെടാതിരിക്കണമെങ്കില്‍ വചനത്തില്‍ വളരണം. വചനത്തില്‍ ഇപ്രകാരം നമുക്ക് അറിവു നല്‍കിയിരിക്കുന്നു: "പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവല്‍പ്പക്ഷിയും എങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല"(സുഭാഷിതങ്ങള്‍: 26; 2). ഒരുവനുമേല്‍ ആരെങ്കിലും പറയുന്ന വാക്കുകളുടെ കെട്ടില്‍ അവന്‍ തന്റെ ജീവിതം തളച്ചിടരുത്. ന്യായമല്ലാത്ത ഒരുവാക്കും ആര്‍ക്കും ഉപദ്രവം വരുത്തുന്നില്ല. എന്നാല്‍, ന്യായമായ കാര്യത്തിന് ആരെങ്കിലും ശാപവാക്കുകള്‍ പറഞ്ഞില്ലെങ്കില്‍പ്പോലും അവനില്‍ ശാപം കുടികൊള്ളുന്നു എന്ന യാഥാര്‍ത്ഥ്യവും നാം അറിഞ്ഞിരിക്കണം. ഒരുവന്‍ തന്നെത്തന്നെ കെട്ടിയിടുന്നതുപോലെ, മറ്റു വ്യക്തികളാലും ചിലര്‍ കെട്ടപ്പെടുന്നു. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണ്‌. ദൈവത്തെ പഴിക്കാനായി സാത്താന്‍ വിഭാവനം ചെയ്തു നടപ്പില്‍വരുത്തുന്ന കാര്യങ്ങളെ നാം മനസ്സിലാക്കിയില്ലെങ്കില്‍ നമ്മുടെ ജീവിതം ശാപഗ്രസ്തമായി മാറിയേക്കാം.

ഒരു വ്യക്തി തന്നെത്തന്നെ കെട്ടിയിടുന്ന അവസ്ഥയെ നാം മനസ്സിലാക്കി. ഇത് സ്വന്തം തലയില്‍ താന്‍തന്നെ എഴുതുന്ന അവസ്ഥയാണ്. എന്നാല്‍, മറ്റുള്ളവരാല്‍ എഴുതപ്പെടുന്ന അവസ്ഥയും നിലവിലുണ്ട്. മന്ത്രവാദികള്‍, ഭാവി പ്രവചിക്കുന്നവര്‍, വെളിച്ചപ്പാടുകള്‍, ജോതിഷികള്‍ തുടങ്ങിയവരെല്ലാം മറ്റുള്ളവരുടെ ശിരസ്സില്‍ അബദ്ധങ്ങള്‍ കോറിയിടുന്നവരാണ്. ഇവരുമായുള്ള സമ്പര്‍ക്കംപോലും മനുഷ്യന് അപകടമാണ്. ഇവരിലൂടെ പ്രവര്‍ത്തിക്കുന്നത് സാത്താനാണെന്നു തിരിച്ചറിയുകയും ഇവരുടെ സാന്നിദ്ധ്യംപോലും ഒഴിവാക്കുകയും ചെയ്യുന്നിടത്താണ് ഒരുവന്റെ ജയ-പരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ഒരു കൈനോട്ടക്കാരനോ ഭാവി പ്രവചിക്കുന്നവനോ തന്നെത്തന്നെ വിശ്വാസ്യതയില്‍ എടുക്കാന്‍ ശ്രമിക്കുന്നത് ഒരുവന്റെ ഭൂതകാലം വെളിപ്പെടുത്തിക്കൊണ്ടാണ്. കഴിഞ്ഞുപോയ ജീവിതത്തിലെ ഒരു സംഭവം വെളിപ്പെടുത്തിക്കൊണ്ട് ഇവന്‍ മറ്റുള്ളവരുടെ വിശ്വാസം പിടിച്ചുപറ്റുന്നു. ഒരുവന്റെ ജീവിതത്തില്‍ കടന്നുപോയ നാളുകളില്‍ സംഭവിച്ചതെല്ലാം വ്യക്തമായി അറിയാവുന്നവനാണ് സാത്താന്‍! സാത്താന്റെ സഹായത്തോടെയാണ് മന്ത്രവാദികളും ഭാവി പ്രവചിക്കുന്നവനും നിലകൊള്ളുന്നത്. ഇക്കാരണത്താല്‍ത്തന്നെ പഴയ കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ഓരോരുത്തരെയും അദ്ഭുതപ്പെടുത്താന്‍ ഇവര്‍ക്കു സാധിക്കുന്നു! എന്നാല്‍, ഭാവിയെ സംബന്ധിച്ചുള്ള ഇവരുടെ വെളിപ്പെടുത്തല്‍ അതേപടി സംഭവിക്കുന്നത് ഓരോരുത്തരുടെയും മാനസികനിലയെ ആശ്രയിച്ചായിരിക്കും. ഇത്തരം അധഃമ മനുഷ്യരുടെ വാക്കുകളെ ദൈവവചനമായി പരിഗണിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തികളും ഭയത്തോടെയായിരിക്കും.ഇവിടെ ഒരുകാര്യം പ്രത്യേകമായി ചിന്തിക്കണം. എന്തെന്നാല്‍, ഭാവി പ്രവചിക്കുന്നവന്‍ വാഗ്ദാനം ചെയ്യുന്ന നന്മകള്‍ ഇന്നുവരെയും ആര്‍ക്കും ലഭിച്ചിട്ടില്ല. എന്നാല്‍, ഇവര്‍ പറയുന്ന മരണം അടക്കമുള്ള ദുരന്തങ്ങള്‍ സംഭവിക്കാന്‍ ആധ്യതയുണ്ട്. കാരണം, ഇവിടെ ഉണരുന്ന വികാരം ഭയമാണ്. ഈ ഭയത്തില്‍നിന്ന്‍ അവന്റെമേല്‍ ദുരന്തം കടന്നുവരുന്നത് മനഃശാസ്ത്രപരമായ കാരണങ്ങള്‍ക്കൊണ്ടാണ്.

ജാതകം എഴുതുന്നവനും ഭാവി പ്രവചിക്കുന്നവനും ചിലരുടെ തലകളില്‍ എഴുതിവയ്ക്കുകയും അതിന്റെ ദൂരവ്യാപകമായ ഭവിഷത്തുകളെ കാത്തിരിക്കുകയും ചെയ്യുന്ന അനേകര്‍ നമ്മുടെ നാട്ടിലുണ്ട്. ഈ ലോകത്തെ കീഴ്മേല്‍ മറിച്ച കണ്ടുപിടുത്തങ്ങള്‍ നടത്തുകയോ ലോകത്തിന് എന്തെങ്കിലും സംഭാവനകള്‍ നല്‍കുകയോ ചെയ്തിട്ടുള്ള ഒരുവന്റെയും ജാതകം ആരും കുറിച്ചിട്ടില്ല. ജാതകം കുറിക്കപ്പെട്ട ഒരുവനും ഈ ലോകത്തിന് എന്തെങ്കിലും സംഭാവന ചെയ്തിട്ടില്ലെന്നു മാത്രമല്ല, അവര്‍ ഈ ഭൂമിയെ മലിനമാക്കി കടന്നുപോയവരുമാണ്! ഒരു സമൂഹത്തെ ഒന്നടങ്കം നിര്‍വീര്യമാക്കാന്‍ ജാതമെഴുത്തുകാര്‍ക്കും ജോതിഷികള്‍ക്കും സാധിക്കും. തങ്ങള്‍ക്കുവേണ്ടി എഴുതിവച്ചിരിക്കുന്ന ജാതകത്തെ അടിസ്ഥാനമാക്കി തങ്ങളെത്തന്നെ ചുരുക്കി പ്രതിഷ്ഠിക്കുന്നവരും തങ്ങളുടെ ഭാവിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്ന പൈശാചിക ശക്തികളുടെ വാക്കുകളില്‍ കെട്ടപ്പെട്ടിരിക്കുന്നവരും ഇന്ന് ലോകത്തുണ്ട്. ഇവരുടെയെല്ലാം പരാജയത്തിനു കാരണം ഇവരുടെ തലയില്‍ ദൈവം എഴുതിവച്ച എഴുത്തുകളാണെന്നു ചിന്തിക്കുന്ന വിഭാഗമാണ്‌ ഇവര്‍! ഇവരെ തെറ്റിദ്ധരിപ്പിച്ച സമൂഹം ഇവരുടെ അജ്ഞതയെ ചൂഷണം ചെയ്തു മൃഷ്ടാന്നഭോചനം നടത്തുന്നു!

സത്യദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം വ്യാജന്മാരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് ഇവര്‍ വീണ്ടുംവീണ്ടും വഞ്ചിതരാകുന്ന പ്രവണതയും നാം കാണുന്നുണ്ട്. അനേകരുടെ ജീവിതങ്ങളില്‍ അവരുടെ നാശത്തിനായി എഴുത്തുകള്‍ നടത്തുന്ന ദുഷ്ടന്മാര്‍ ഏറെയും ജീവിക്കുന്നത് ഇന്ത്യയിലാണ്! കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരിലാണ്  ചാത്തന്‍സേവക്കാരുടെ മഠങ്ങള്‍ ഏറ്റവുമധികം ഉള്ളത്. അതുപോലെതന്നെ, കേരളത്തെ ഏറ്റവുമധികം പിന്നോട്ടടിച്ച മഹാശാപം ഉടലെടുത്തത് കൊല്ലം എന്ന ജില്ലയിലാണെന്നും നാം അറിഞ്ഞിരിക്കണം. മലയാളികള്‍ ഉള്ളിടത്തെല്ലാം ശാപമായി അവരെ പിന്തുടരുന്ന കൊല്ലവര്‍ഷം എന്ന കലണ്ടര്‍ ഉണ്ടായത് ഈ പൈശാചിക ജില്ലയിലാണ്.

ജന്മനക്ഷത്രം എന്ന പൈശാചികത രേഖപ്പെടുത്താത്ത കലണ്ടറുകള്‍ മലയാളിക്ക് ലഭിക്കാത്തത് ഏതു പിശാചിന്റെ സ്വാധീനംകൊണ്ടാണെന്നും നാം ചിന്തിക്കണം! ഇത്തരത്തില്‍ അനേകം വ്യക്തികളും സമൂഹങ്ങളും എഴുതുന്ന എഴുത്തുകളെ തലേലെഴുത്തും ദൈവവിധിയുമായി തെറ്റിദ്ധരിക്കുന്ന അനേകര്‍ ഇന്നുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണെന്നു തിരിച്ചറിയുന്നിടത്താണ് മനുഷ്യന്റെ വിജയം. ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഗ്രഹങ്ങള്‍ക്കോ നക്ഷത്രങ്ങള്‍ക്കോ മനുഷ്യന്റെ ഭാവി നിശ്ചയിക്കാന്‍ കഴിയില്ല. ഈ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ആത്മാവില്ലാത്തതുകൊണ്ടുതന്നെ ജീവനുമില്ല. ജീവനില്ലാത്ത മൃതദേഹങ്ങള്‍ക്ക് എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഇവയ്ക്കും എന്തെങ്കിലും നാശം വരുത്താന്‍ സാധിക്കുകയുള്ളൂ. മനുഷ്യനു ദൈവം നല്‍കിയിരിക്കുന്ന ജ്ഞാനത്താല്‍ അവന്‍ പല ഗ്രഹങ്ങളെയും കീഴടക്കിക്കഴിഞ്ഞു. ചന്ദ്രനെക്കുറിച്ചും ചൊവ്വയെക്കുറിച്ചും മനുഷ്യന്‍ പര്യവേഷണങ്ങള്‍ നടത്തുമ്പോള്‍ ചിലര്‍ ചൊവ്വാദോഷത്തിന്റെ പേരില്‍ നരകിക്കുന്നു! ഇത്തരം വിഡ്ഢിത്വങ്ങള്‍ എങ്ങനെയാണ് പ്രചരിക്കപ്പെട്ടത്?

അന്ധകാരശക്തിയുടെ ആധിപത്യത്തില്‍ ജീവിക്കുന്നവരും ഉപജീവനത്തിനായി പിശാചിനെ കൂട്ടുപിടിച്ചവരുമായ നരകസന്തതികള്‍ ഈ ലോകത്ത് പ്രചരിപ്പിക്കുന്ന തിന്മയെ സത്യമെന്നും ധരിച്ചവരാണ് യഥാര്‍ത്ഥ പ്രചാരകര്‍! പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഇവര്‍ പ്രചരിപ്പിക്കുന്ന കഥകളിലൂടെ അനേകര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ തങ്ങളുടെ ദുരന്തങ്ങള്‍ക്കു കാരണം ദൈവമാണെന്നു പരിതപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവരുടെ തലയില്‍ എഴുതിയത് ഇവരും ഇവര്‍ ആശ്രയിച്ച പൈശാചിക വ്യക്തിത്വങ്ങളും ചേര്‍ന്നാണ്! കൊല്ലവര്‍ഷം രേഖപ്പെടുത്തിയിരിക്കുന്ന കലണ്ടറുള്ള ഭവനത്തില്‍ ഒരു കുഞ്ഞു ജനിച്ചാല്‍ അറിഞ്ഞോ അറിയാതെയോ ആ കുഞ്ഞിന്റെ ജന്മനക്ഷത്രം ശ്രദ്ധയില്‍പ്പെടുകയും ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യും. വാരഫലം എന്ന പൈശാചിക പംക്തിയുള്ള പ്രസിദ്ധീകരണങ്ങള്‍ കയ്യില്‍കിട്ടിയാല്‍ ഈ നക്ഷത്രഫലം ശ്രദ്ധിക്കുകയും, അതിനനുസരിച്ചു തങ്ങളുടെ വാരം എന്താകുമെന്നു നിശ്ചയിക്കുകയും ചെയ്യും. ഇത്തരം പൈശാചിക ആഭാസങ്ങള്‍ പിന്തുടരാത്ത സമൂഹം ഈ ലോകത്തു കൈവരിക്കുന്ന നേട്ടങ്ങളില്‍നിന്നെങ്കിലും തങ്ങളുടെ വിവരക്കേടുകള്‍ തിരിച്ചറിയാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ഈ പൈശാചികതയെ അരക്കിട്ടുറപ്പിക്കാന്‍ ചില ശുംഭന്മാര്‍ എല്ലാ മതവിഭാഗങ്ങളിലും കയറിക്കൂടിയിട്ടുണ്ട്. ഇവരൊക്കെ തലയിലെഴുത്ത് എന്ന വിവരക്കേടിനെ വിജ്ഞാനത്തിന്റെ തലത്തില്‍ പ്രതിഷ്ഠിക്കുന്ന സാത്താന്യസന്തതികളാണ്! ഇവറ്റകളെ അകറ്റിനിര്‍ത്തുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ വളരുകയും ചെയ്യുന്നില്ലെങ്കില്‍, തലേലെഴുത്തും തലേവരയും നിങ്ങളെ ജീവിതകാലം മുഴുവന്‍ വേട്ടയാടും എന്നകാര്യത്തില്‍ സംശയമില്ല.

തലയില്‍ വരയ്ക്കുന്ന ചിലര്‍ ക്രൈസ്തവസഭകളിലും കടന്നുകൂടിയിട്ടുണ്ട്. കരിസ്മാറ്റിക് ഉണര്‍വ് മുന്നേറ്റങ്ങളുടെ ഭാഗമായിട്ടാണ് ഈ നുഴഞ്ഞുകയറ്റം യാഥാര്‍ത്ഥ്യമായത്. കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ ഉയര്‍ന്നുവന്ന ചില വെളിച്ചപ്പാടുകള്‍, 'കൗണ്‍സിലര്‍മാരായി' നിലകൊള്ളുകയും മറ്റുള്ളവരുടെ ഭാവി പ്രവചിക്കുകയും ചെയ്യുന്നതിനെയാണ് മനോവ ഇവിടെ ഉദ്ദേശിച്ചത്. ഇവരുടെ വ്യാജമായ പ്രവചനങ്ങളെ ആശ്രയിച്ചു ജീവിതം ഹോമിച്ചവര്‍ അനേകരാണ്. ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പിനു പാത്രമായിട്ടുള്ള വ്യക്തികള്‍ മുന്നോട്ടുപോകേണ്ട വഴികള്‍ പ്രവാചകരിലൂടെ മുന്‍കൂട്ടി അവര്‍ക്കു വെളിപ്പെടുത്താറുണ്ട് എന്നകാര്യത്തില്‍ മനോവയ്ക്ക് എതിരഭിപ്രായമില്ല. എന്നാല്‍, ഭാവി പ്രവചിക്കുന്ന ദുരാത്മാക്കളെ അംഗീകരിക്കാന്‍ മനോവയ്ക്കു സാധിക്കുകയില്ല. തങ്ങളുടെ ഭൗതീകമായ ഉയര്‍ച്ചകള്‍ എന്തെന്നറിയുക എന്ന ലക്ഷ്യത്തോടെ ചില പ്രവാചകരെ സമീപിക്കുന്നതും വെളിച്ചപ്പാടുകളെ സമീപിക്കുന്നതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?! ഇത്തരം പ്രവാചകര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് മറ്റൊരുവന്റെ തലയില്‍ എഴുതുകയാണ്. ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന പരിമിതമായ അറിവിന്റെ അടിസ്ഥാനത്തില്‍ ഒരുവനു പ്രശ്നപരിഹാരം നിശ്ചയിക്കുന്നു. വിശുദ്ധരുടെ സന്നിധിയില്‍ നവനാള്‍ പ്രാര്‍ത്ഥനകള്‍ക്കായി അയയ്ക്കുന്നതും ഇവരുടെ ആദ്ധ്യാത്മിക അജ്ഞതയുടെ ഭാഗമാണ്. ഭൂമിയില്‍ ജീവിച്ചിട്ടില്ലാത്ത 'ഗീവര്‍ഗീസിന്റെ' അടുത്തേയ്ക്കുപോലും പ്രശ്നപരിഹാരാര്‍ത്ഥം അയയ്ക്കുന്ന ചില വെളിച്ചപ്പാടുകള്‍ കരിസ്മാറ്റിക്കുകളുടെ ഇടയിലുണ്ട്. ഇവരിലൂടെയൊക്കെ എഴുതപ്പെട്ട തലയിലെഴുത്തുകളെ മായ്ച്ചുകളയുന്നവനാണ് യേഹ്ശുവാ!

തലയിലെഴുത്തിനെക്കുറിച്ച് ആകുലപ്പെട്ടും ചൊവ്വാദോഷത്തെക്കുറിച്ച് ആകുലപ്പെട്ടോ ഒരുവന്‍ ജീവിക്കുന്നുണ്ടെങ്കില്‍ അവന്റെ തലയില്‍ എഴുതിയത് പിശാചാണ്. പിശാച് എഴുതിയ എഴുത്തിനെ മായ്ച്ചുകളയാനും ശുഭമായ ഭാവിയെക്കുറിച്ച് അറിയിക്കാനുമാണ് യേഹ്ശുവാ ഈ ഭൂമുഖത്ത് മനുഷ്യനായി അവതരിച്ചത്! ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കുന്നു: "നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കും; ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്നു യാഹ്‌വെ അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലുംനിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്ഥലങ്ങളിലേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - യാഹ്‌വെ അരുളിച്ചെയ്യുന്നു"(ജറെ: 29; 11-14). യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുകയും അവിടുന്ന് നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്യുന്നവര്‍ക്കായി നല്‍കപ്പെട്ടിരിക്കുന്ന വാഗ്ദാനമാണിത്. ഇക്കാരണത്താല്‍ത്തന്നെ ക്രിസ്ത്യാനികള്‍ ഈ ഭൂമുഖത്തെ ഏറ്റവും അനുഗ്രഹീതരായ ജനതയാണെന്നു സ്ഥിരീകരിക്കപ്പെടുന്നു!

ഇനിയൊരു കാര്യംകൂടി വ്യക്തമാക്കാനുണ്ട്. എന്തെന്നാല്‍, ഓരോ ക്രിസ്ത്യാനിയുടെയും നെറ്റിയില്‍ അവന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയാണെങ്കില്‍ ഒരു മുദ്രയുണ്ടാകും. ഇത് ജന്മത്താല്‍ അവനു ലഭിക്കുന്നതല്ല; മറിച്ച്, അവന്‍ സത്യത്തില്‍ ജീവിച്ചു വിജയം വരിച്ചവനാണെങ്കില്‍ അവന്റെ അന്ത്യദിനത്തില്‍ ചാര്‍ത്തപ്പെടുന്ന മുദ്രയാണ്. ആ മുദ്രയെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലു ദൂതന്മാര്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. കരയിലോ കടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍ ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിര്‍ത്തിയിരുന്നു. വേറൊരു ദൂതന്‍ ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന്‍ ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്‍കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്"(വെളി: 7; 1-3). ഈ മുദ്രയില്ലാത്തവര്‍ക്ക് അന്ത്യകാലത്ത് പീഡനമേല്ക്കും. ഈ വചനം ശ്രദ്ധിക്കുക: "നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കല്പിച്ചു. മനുഷ്യരെ കൊല്ലാനല്ല, അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാനാണ് അവയ്ക്ക് അനുവാദം നല്‍കപ്പെട്ടത്‌. അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തെതുപോലെതന്നെ. ആ നാളുകളില്‍ മനുഷ്യര്‍ മരണത്തെ തേടും; പക്ഷേ, കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും; എന്നാല്‍, മരണം അവരില്‍നിന്ന് ഓടിയകലും"(വെളി: 9; 4-6). ദൈവത്തിന്റെ മുദ്ര ചാര്‍ത്തപ്പെടാത്തവരുടെ അവസ്ഥയാണിത്‌.

എന്താണ് ആ മുദ്രയെന്നു നോക്കുക: "അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്"(വെളി: 14; 1). അവന്‍ ആരെന്നും അവന്റെ പിതാവ് ആരെന്നും അറിയാത്ത ക്രിസ്ത്യാനികള്‍ ഈ ഭൂമുഖത്തുണ്ടെന്നു മനോവ കരുതുന്നില്ല! ഇതൊരു പ്രതീകാത്മകമായ എഴുത്താണ്. അന്യദേവന്റെ അടയാളം പതിപ്പിക്കപ്പെടാത്തവരുടെ നെറ്റിയില്‍ മാത്രം മുദ്രിതമാകുന്ന നാമങ്ങളാണിത്! യേഹ്ശുവായുടെ നാമവും അവിടുത്തെ പിതാവിന്റെ നാമവും മുദ്രചെയ്യപ്പെട്ടവരാണ് രക്ഷപ്രാപിക്കുന്നതെന്നു വ്യക്തമാക്കുന്ന വചനമാണ് നാം വായിച്ചത്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. എന്തെന്നാല്‍, പിതാവിന്റെ നാമവും യേഹ്ശുവായുടെ നാമവും രണ്ടല്ല എന്നതാണ് ആ വസ്തുത! യേഹ്ശുവായോട് അവിടുത്തെ ശിഷ്യനായ പീലിപ്പോസ് ഒരു ചോദ്യം ഉന്നയിച്ചപ്പോള്‍ അവിടുത്തെ വ്യക്തിത്വവും അവിടുത്തെ നാമവും അവിടുന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ നാമമാണ് രക്ഷപ്രാപിക്കുന്നവരുടെ നെറ്റിത്തടങ്ങളില്‍ രേഖപ്പെടുത്തുന്നത്. പീലിപ്പോസിന്റെ അന്വേഷണം ഇതായിരുന്നു: "പീലിപ്പോസ് പറഞ്ഞു: യേഹ്ശുവായേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി"(യോഹ:14; 8). യേഹ്ശുവായുടെ മറുപടി ശ്രദ്ധിക്കുക: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ" എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍"(യോഹ: 14; 10-12). യേഹ്ശുവാ ധരിച്ചിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമംതന്നെയായിരുന്നുവെന്ന സത്യം അറിയുമ്പോഴാണ് രക്ഷപ്രാപിക്കുന്നവരുടെ നെറ്റിയില്‍ ചാര്‍ത്തപ്പെടുന്ന നാമം ഏതാണെന്നു നാം തിരിച്ചറിയുന്നത്.

യേഹ്ശുവാതന്നെയാണ് ഇക്കാര്യം നമ്മോടു വെളിപ്പെടുത്തിയത്. അവിടുന്ന് ധരിച്ചിരിക്കുന്നത് ആരുടെ നാമമാണെന്ന സത്യം അവിടുത്തെ വാക്കുകളില്‍നിന്നുതന്നെ മനസ്സിലാക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ"(യോഹ: 17; 11). ഇത്രത്തോളം വ്യക്തമായി യേഹ്ശുവാ ഈ സത്യം അറിയിച്ചിട്ടും സത്യദൈവത്തിന്റെ നാമത്തെ സംബന്ധിച്ച് ഇരുട്ടില്‍ത്തപ്പുകയാണ് ക്രിസ്ത്യന്‍ നാമധാരികള്‍! ഏതു നാമമാണ് യേഹ്ശുവാ വഹിക്കുന്നത്? സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ താന്‍ അനുസ്മരിക്കപ്പെടണം എന്ന താക്കീതോടെ സത്യദൈവം വെളിപ്പെടുത്തിയ നാമം ധരിച്ചുകൊണ്ടാണ് യേഹ്ശുവാ ഈ ഭൂമുഖത്തു മനുഷ്യാവതാരം ചെയ്തത്. ഈ നാമം ആരുടെയെല്ലാം നെറ്റിത്തടങ്ങളില്‍ ആലേഖനം ചെയ്യപ്പെടുന്നുവോ, അവര്‍ മാത്രമാണ് നിത്യതയില്‍ പ്രവേശിക്കുകയുള്ളൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന സാത്താന്‍ സകലരെയും തെറ്റിദ്ധരിപ്പിക്കുകയും അബദ്ധനാമങ്ങള്‍ നെറ്റിത്തടങ്ങളില്‍ പതിക്കപ്പെട്ടവരായി ദൈവജനത്തെ ശിക്ഷയുടെ പാത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഒരുവന്‍ ദൈവത്തിന്റെ വചനം അനുസരിച്ച് അന്ത്യംവരെ ജീവിക്കുമ്പോള്‍ എഴുതപ്പെടുന്ന നാമമാണ് കുഞ്ഞാടിന്റെ നാമം. ഇത് മുന്‍കൂട്ടി എഴുതപ്പെടുന്നുവെന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്നത് പിശാചും അവന്റെ സന്തതികളുമാണ്. ഈ ഉപദേശത്തെ ശിരസ്സാവഹിക്കുന്നവര്‍ സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി അധഃപതിക്കുന്നു!

രക്ഷിക്കാന്‍ കഴിവില്ലാത്തതും നശിപ്പിക്കാനുള്ള പ്രഹരശേഷിയുള്ളതുമായ നാമങ്ങളെയോ നാമത്തിന്റെ മുദ്രകളെയോ നെറ്റിത്തടങ്ങളില്‍ സ്വീകരിക്കുന്നവര്‍ക്കും മാത്രമാണ് തലയിലെഴുത്ത് ബാധകമാകുന്നത്. അതായത്, ഒരുവന്റെ ശിരസ്സില്‍ അവനു തിന്മായിട്ടുള്ളതും ഭൗതീക നന്മ ലഭിക്കുമെന്ന ധാരണ ജനിപ്പിക്കുന്നതുമായ എന്തെങ്കിലും എഴുതുന്നത് സാത്താനും അവന്റെ കൂട്ടാളികളായ മനുഷ്യരുമാണ്! ആരുടേയും ദുരന്തം ആഗ്രഹിക്കാത്തവനാണ് നമ്മുടെ ദൈവം. അതിനാല്‍ത്തന്നെ, ആരുടേയും തലയില്‍ അവരുടെ ദുരന്തം അവിടുന്ന് എഴുതിവയ്ക്കുകയുമില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3737 views

LOG IN

Lost your password?

SIGN UP

LOST PASSWORD