അറിഞ്ഞിരിക്കാന്‍

തെറ്റു തിരുത്താന്‍ ഒരമ്മ; അവള്‍ ദൈവമക്കള്‍ക്കു മാതാവായി!

Print By
about

15 - 10 - 2015

ലോകത്തേക്ക് ശാപങ്ങള്‍ കൊണ്ടുവന്ന രണ്ട് അമ്മമാരുണ്ടായിരുന്നു. എന്നാല്‍, മൂന്നാമത്തെ അമ്മ ഈ ശാപങ്ങള്‍ നീക്കിക്കളയാന്‍ സ്വയം താഴ്ത്തി തന്നെത്തന്നെ സമര്‍പ്പിച്ചു! ഇവിടെ ഇന്നു നാം ചിന്തിക്കുന്നത് മൂന്ന് അമ്മമാരെക്കുറിച്ചാണ്!

അനുസരണക്കേട് കാട്ടിയ രണ്ട് അമ്മമാരെയും അതുമൂലം ഈ ഭൂമുഖത്ത് വന്നുഭവിച്ച ദുരന്തങ്ങളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം അനുസരണത്തിലൂടെ ഈ ശാപങ്ങളെ ഇല്ലായ്മചെയ്ത മറ്റൊരമ്മയേയും പരിചയപ്പെടുന്നു. സ്ത്രീകളില്‍ ഏറ്റവും അനുഗൃഹീതയായ ഈ അമ്മയാണ് പിന്നീട് ലോകത്തിലെ സകല ദൈവമക്കള്‍ക്കും അമ്മയായി പരിണമിച്ചത്! ഈ അമ്മവരെയുള്ള ലോകമാതാക്കളുടെ ചരിത്രം നമുക്കിവിടെ അനാവരണം ചെയ്യാം!

അനുസരണക്കേടിന്റെ ഫലമായി ഈ ഭൂമിയിലേക്ക് ആദ്യത്തെ പാപം കടന്നുവന്നത് ഒരു അമ്മയിലൂടെയാണ്. നമ്മുടെയെല്ലാം ആദ്യമാതാവായ ഹവ്വായിലൂടെ മാനവരാശി മുഴുവനിലേക്കും പാപവും അതുമൂലമുള്ള മരണവും കടന്നുവന്നു. മനുഷ്യനു നിത്യമായി വസിക്കാന്‍ ദൈവം തന്ന പറുദീസാ നഷ്ടപ്പെടുത്തിയത് ഈ അമ്മയുടെ അനുസരണക്കേടിന്റെ അനന്തരഫലമാണെന്ന് നമുക്കറിയാം.

ഒന്നാമത്തെ പാപം അനുസരണക്കേട് ആയിരുന്നെങ്കില്‍ രണ്ടാമത്തെ അമ്മയുടെ പാപം അവിശ്വാസമായിരുന്നു. ഈ രണ്ട് പാപങ്ങളെയും പരിഹരിക്കാന്‍ ഹേതുവായത് മൂന്നാമത്തെ അമ്മയായിരുന്നുവെന്ന സത്യത്തെ വചനത്തിന്റെ വെളിച്ചത്തില്‍ സ്ഥിരീകരിക്കുകയെന്ന കര്‍ത്തവ്യമാണ് ഇവിടെ മനോവ ഏറ്റെടുത്തിരിക്കുന്നത്! ബൈബിളിലെ ഓരോ വചനവും ജീവനുള്ളതും മരണമില്ലാത്തതുമാണ്. അതുകൊണ്ടുതന്നെ, എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനന്തതയിലും നിലനില്‍ക്കുന്നതാകുന്നു. അനുസരണക്കേട്, അവിശ്വാസം എന്നീ അവിവേകത്തിന്, അനുസരണം, വിശ്വാസം എന്നീ വിവേകത്തിലൂടെ ലോകമാതാവായി ഉയര്‍ത്തപ്പെട്ടത് ആരാണെന്നത് വായനക്കാര്‍ ഇപ്പോഴേ ഊഹിച്ചുവെന്ന് മനോവയ്ക്കറിയാം. എന്നാല്‍, ഇതിനു വചനം നല്‍കുന്ന തെളിവ് എല്ലാവരും മനസ്സിലാകിയിട്ടുണ്ടാകണമെന്നില്ല. അതിനാല്‍, ഓരോ അമ്മമാരെയും അവര്‍ ചെയ്ത പാപവും പരിശോധിക്കുന്നതോടൊപ്പം 'മറിയം' എന്ന അമ്മ ഈ പാപത്തെ പരിഹരിക്കാന്‍ എങ്ങനെ ഹേതുവായെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു!

'ഹവ്വാ' ജീവനുള്ളവരുടെയെല്ലാം മാതാവ്!

ഹവ്വായെ ഇങ്ങനെയാണ് ബൈബിള്‍ വിശേഷിപ്പിക്കുന്നത്: "ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്"(ഉല്‍പ:3;20). ജീവനുള്ളവരുടെയെല്ലാം മാതാവായ ഇവള്‍, ഈ ഭൂമിയിലേക്ക് മരണം കൊണ്ടുവന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! ദൈവം മനുഷ്യനെ സൃഷ്ടിച്ചത് മരിക്കാന്‍വേണ്ടി ആയിരുന്നില്ല; ജീവനോടെയിരിക്കാന്‍ വേണ്ടിയായിരുന്നു. മനുഷ്യന്‍ പിടിച്ചുവാങ്ങിയതാണു മരണം. ബൈബിള്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്: "അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും"(ഉല്‍പ:2;16,17). പ്രലോഭകനായ സര്‍പ്പത്തോട് ഹവ്വാ ഇത് ആവര്‍ത്തിക്കുന്നുമുണ്ട്: "എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്"(ഉല്‍പ:3;3).

മരിക്കുമെന്ന് ദൈവം പറഞ്ഞുവെങ്കില്‍,  സര്‍പ്പം അവളോട് മരിക്കില്ലെന്നാണു പറഞ്ഞത്: "സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം"(ഉല്‍പ:3;4,5). ദൈവം പറഞ്ഞ വാക്കുകളെക്കാള്‍ സര്‍പ്പത്തിന്റെ നുണയുപദേശമായിരുന്നു സ്ത്രീയ്ക്ക് സ്വീകാര്യം! അങ്ങനെയവള്‍ തനിക്കു ജീവന്‍ നല്‍കിയ ദൈവത്തിന്റെ ഉപദേശത്തെ അവഗണിച്ച്, അന്യന്റെ ഉപദേശത്തെ അനുസരിച്ചു; മനുഷ്യരാശിയെ മരണം ഗ്രസിക്കുകയും ചെയ്തു!

മാനവരാശിയെ മുഴുവന്‍ ഗ്രസിച്ച നിത്യമായ മരണത്തില്‍നിന്ന് നിത്യജീവനിലേക്കുള്ള പുനരുത്ഥാനം അനിവാര്യമായിരുന്നു. ഈ പുനരുത്ഥാനമാണ് യേഹ്ശുവാ വഴി സാധ്യമായത്! അവിടുന്ന് പറഞ്ഞു: "ഞാനാണ്  പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും"(യോഹ:11;25). യേഹ്ശുവായ്ക്കു മുന്‍പോ പിന്‍പോ ഇത്തരത്തിലൊരു വാദമോ വാഗ്ദാനമോ ആരും ഉയര്‍ത്തിയിട്ടില്ല. മാത്രവുമല്ല, യേഹ്ശുവാ ഇതു തെളിയിക്കുകയും ചെയ്തു. മരിച്ചവരെ ഉയിര്‍പ്പിക്കുകയും മരണാനന്തരം ഉത്ഥിതനാകുകയും ചെയ്തു. ഇതു തെളിയിക്കുന്ന വചനങ്ങള്‍ മനോവയുടെ വായനക്കാര്‍ക്കുവേണ്ടി ഇവിടെ ഉദ്ധരിക്കേണ്ടതില്ലെന്നു കരുതുന്നു.

യേഹ്ശുവായുടെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും മാറ്റിമറിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. ജീവനുള്ളവരുടെയെല്ലാം മാതാവ് 'ഹവ്വാ' ആണെങ്കില്‍ ജീവനുള്ളവരുടെയെല്ലാം പിതാവ് ആദം ആയിരിക്കുകയെന്നത് സ്വാഭാവിക തത്വമാണ്! എന്നാല്‍, തന്റെ പുനരുത്ഥാനത്തോട് ഐക്യപ്പെടുന്നവര്‍ ദൈവത്തിന്റെ മക്കളാകുന്നു എന്നതാണ്  യേഹ്ശുവായിലൂടെ സംഭവിച്ച മാറ്റിമറിക്കല്‍! "ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്"(റോമാ:8;14). ഇത് എങ്ങനെയാണു സാധ്യമായതെന്നും ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്: "ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിഹായിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു"(റോമാ:8;1,2). ലോകത്ത് ജീവിച്ചിരിക്കുന്ന എല്ലാവരെയുമല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്; യേഹ്ശുവായോട് ഐക്യപ്പെട്ടിരിക്കുന്നവരെ മാത്രമാണ്! അതുകൊണ്ട്, ശിക്ഷാവിധിയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രാപ്തമാകണമെങ്കില്‍ അവിടുത്തോട്‌ ഐക്യപ്പെടുകയെന്നത് അനിവാര്യമാണ്!

ഒരുവന് എങ്ങനെയാണ് യേഹ്ശുവായോട് ഐക്യപ്പെടാന്‍ സാധിക്കുന്നത് എന്നകാര്യവും ബൈബിള്‍ ഭംഗിയായി പറഞ്ഞുതന്നിട്ടുണ്ട്: "യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ്  ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്ത് സംസ്കരിക്കപ്പെട്ടു"(റോമാ:6;3,4). ഇനി എന്താണു സംഭവിക്കുന്നതെന്നു നോക്കുക: "അവന്റെ മരണത്തോടു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും"(റോമാ:6;5). പ്രായമായില്ലെന്നു പറഞ്ഞുകൊണ്ട് ശിശുക്കളെ ജ്ഞാനസ്നാത്തില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്നവരില്‍ കുടികൊള്ളുന്നത് ഏതാത്മാവാണെന്നു തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല! സ്വന്തം മക്കളെപ്പോലും നിത്യജീവനില്‍നിന്ന് അകറ്റുന്ന ഇവരാണോ രക്ഷിക്കപ്പെട്ടവര്‍?!

യേഹ്ശുവാ മ്ശിഹാവഴി ജീവനുള്ളവരായിത്തീരുന്ന എല്ലാവരുടെയും പിതാവായി ദൈവം മാറുന്നതാണ് നാമിവിടെ കണ്ടത്. ആദം മരിച്ചതുപോലെ അവന്റെ സന്തതികളും മരിക്കും! എന്നാല്‍, ഇന്നു ദൈവംതന്നെയായ യേഹ്ശുവാ ആത്മാവില്‍ ഉയിര്‍പ്പിക്കപ്പെട്ടതുവഴി അവനോടൊപ്പം ക്രൂശിക്കപ്പെട്ടവര്‍(ജ്ഞാനസ്നാനം സ്വീകരിച്ചവര്‍) അവന്റെ നാമത്തില്‍ ഉയിര്‍ക്കും! അങ്ങനെ ജീവന്‍ പ്രാപിച്ചവരെല്ലാം ദൈവമക്കളായിരിക്കുകയും യേഹ്ശുവായോടൊപ്പം പിതാവില്‍ കൂട്ടവകാശികളാകുകയും ചെയ്യും. ജീവനുള്ളവരുടെയെല്ലാം പിതാവായി സ്വര്‍ഗ്ഗത്തിലെ ദൈവത്തെ നല്‍കുന്നത് അവിടുത്തെ പുത്രനായ യേഹ്ശുവായാണ്! മാത്രവുമല്ല,  ജീവനുള്ളവരുടെയെല്ലാം പിതൃസ്ഥാനം ആദത്തില്‍നിന്നു നീക്കപ്പെട്ടപ്പോള്‍ മാതൃസ്ഥാനം ഹവ്വയില്‍നിന്നും മാറ്റപ്പെട്ടു!

ഹവ്വായില്‍നിന്ന് എടുക്കപ്പെട്ട മാതൃത്വം പിന്നീട് ആര്‍ക്കാണു നല്‍കപ്പെട്ടതെന്ന് പറയുന്നതിനുമുമ്പ് ആ പ്രക്രിയ വിവരിക്കേണ്ടിയിരിക്കുന്നു. ദൈവവചനം അടിവരയിട്ടു വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: "അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷയ്ക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും"(റോമാ:5;18,19). ജീവനുള്ളവരുടെ മുഴുവന്‍ പിതാവെന്ന സ്ഥാനം യേഹ്ശുവാ മ്ശിഹാവഴി ആദത്തില്‍നിന്ന് ദൈവത്തിലേക്കു മാറ്റപ്പെട്ടതുപോലെ, ഹവ്വയുടെ മാതൃസ്ഥാനം മറ്റൊരു വ്യക്തിയുടെ അനുസരണംമൂലം അവളില്‍നിന്ന് നീക്കപ്പെട്ടു! ദൈവത്തെ അനുസരിക്കാത്ത സ്ത്രീയിലൂടെ നഷ്ടപ്പെട്ട ജീവന്‍ ആരുടെ അനുസരണംമൂലം വീണ്ടെടുക്കപ്പെട്ടുവോ അവള്‍ക്ക് ഈ മാതൃസ്ഥാനവും നല്‍കപ്പെട്ടു!

ഈ സ്ഥാനാരോഹണ ചടങ്ങാണ് യോഹന്നാന്റെ സുവിശേഷത്തില്‍ നാം കാണുന്നത്! "അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ നിന്റെ അമ്മ"(യോഹ:19;27). എന്തായിരുന്നു ഈ അമ്മയുടെ അനുസരണമെന്ന് അറിയണമെങ്കില്‍ അതും ബൈബിളിലുണ്ട്. യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് ഗബ്രിയേല്‍ ദൂതന്‍ മറിയത്തെ അറിയിക്കുമ്പോള്‍ അവളുടെ പ്രതികരണമാണ്  ഈ അനുസരണം! വചനം നോക്കുക: "മറിയം പറഞ്ഞു: ഇതാ യാഹ്‌വെയുടെ ദാസി!  നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!"(ലൂക്കാ:1;38). ദൈവത്തിന്റെ വാക്കുകളെ അനുസരണയോടെ സ്വീകരിച്ചവള്‍ക്ക് മനുഷ്യപുത്രന്‍ സമ്മാനം നല്‍കുന്ന ചടങ്ങാണ് കാല്‍വരിമലയില്‍ നാം കാണുന്നത്!

യേഹ്ശുവാ അവിടുത്തെ പിതാവിനെ ആര്‍ക്കെല്ലാം പങ്കുവച്ചുവോ അവര്‍ക്കെല്ലാം അമ്മയെയും പങ്കുവച്ചു! മറിയത്തെ യേഹ്ശുവായുടെ അമ്മയായിപ്പോലും പരിഗണിക്കാന്‍ തയ്യാറാകാത്തവര്‍ക്കായി ഒരു വചനംകൂടി ചേര്‍ക്കാം. പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്ത് പറയുന്ന വാക്കുകളാണിത്: "എന്റെ രക്ഷകന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്‍?"(ലൂക്കാ:1;43). പരിശുദ്ധാത്മാവില്‍ നിറഞ്ഞ ഒരു വ്യക്തിയുടെ വാക്കുകളെ ദൈവവചനമായി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ വളരെ കഷ്ടമാണ്‌! ബൈബിളില്‍ പിശാചിന്റെതായി കൊടുത്തിട്ടുള്ള വാക്കുകളെപ്പോലും ദൈവവചനമായി കരുതുന്നവര്‍ ഇവിടെ കാണിക്കുന്ന ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു കഴിയും! ഈ സംഗതികളൊക്കെ സന്ദര്‍ഭവശാല്‍ സംഭവിച്ചുപോയതാണെന്ന് ആരും കരുതരുത്. ലോകത്തിലേക്ക് പാപം കടന്നുവന്നപ്പോള്‍തന്നെ അതിനുള്ള പരിഹാരവും ദൈവം നിശ്ചയിച്ചിരുന്നു. മറിയം എന്നൊരു സ്ത്രീയെയും അവളുടെ സന്തതിയിലൂടെ തിന്മയുടെ ഉന്മൂലനത്തെയും ദൈവം മുന്‍കൂട്ടി വെളിപ്പെടുത്തുന്നത് ഉല്‍പത്തിയുടെ പുസ്തകത്തിലേക്ക് തിരിച്ചുപോയാല്‍ കാണാവുന്നതാണ്!

സ്ത്രീയും അവളുടെ സന്തതിയും!

സ്ത്രീയെയും അതുവഴി മനുഷ്യരാശിയെയും വഞ്ചിച്ച പുരാതനസര്‍പ്പത്തോട് യാഹ്‌വെ പറഞ്ഞു: "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും"(ഉല്‍പ:3;15). ലോകത്തുണ്ടാകാനിരിക്കുന്ന എല്ലാ സ്ത്രീകളെയും അവരുടെ സന്തതികളെയുമാണ് ഇവിടെ ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇപ്രകാരമായിരുന്നില്ല പറയേണ്ടത്; 'സ്ത്രീകളും നീയും തമ്മിലും അവരുടെ സന്തതികളും നിന്റെ സന്തതികളും തമ്മിലും' എന്നായിരുന്നു! ഇത് ദൈവത്തിനു നാവു പിഴച്ചതല്ല; അവിടുത്തേക്ക് തെറ്റുപറ്റുകയുമില്ല. വരാനിരിക്കുന്ന രക്ഷകനെയും അവന്റെ അമ്മയെയും മാത്രം ഉദ്ദേശിച്ചുള്ള പ്രവചനമാണ്  ഇവിടെ നല്‍കുന്നത്.

സാത്താനുമായി ശത്രുതയുള്ള സ്ത്രീയെ കൂടുതലായി മനസ്സിലാക്കണമെങ്കില്‍ വെളിപാടിന്റെ പുസ്തകത്തില്‍ പരിശോധിക്കണം. ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്‍പത്തിയില്‍ നല്‍കുന്ന സൂചനയെ അവസാനത്തെ പുസ്തകമായ വെളിപാടില്‍ സ്ഥിരീകരിക്കുന്നത് അവിചാരിതമല്ല. ആരംഭത്തിലും അവസാനത്തിലും ഉറപ്പിച്ചിരിക്കുന്ന സത്യംകൊണ്ട് ഉള്ളടക്കത്തെ മുഴുവന്‍ മുദ്രയിട്ടിരിക്കുകയാണ്!  യോഹന്നാനു ലഭിച്ച വെളിപാടില്‍ ഇങ്ങനെ പറയുന്നു: "ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു: സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍"(വെളി:12;4,5). വെളിപാടിലെ പന്ത്രണ്ടാമത്തെ അദ്ധ്യായത്തിന്റെ പേരുതന്നെ 'സ്ത്രീയും ഉഗ്രസര്‍പ്പവും' എന്നാണ്! സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഈ സ്ത്രീയും സര്‍പ്പവും ഏതാണെന്നു ഗ്രഹിക്കാന്‍ പ്രയാസമുണ്ടാകില്ല.

ഉല്‍പത്തിയില്‍ സൂചിപ്പിക്കുന്ന സ്ത്രീയും വെളിപാടിലെ സ്ത്രീയും ഒന്നുതന്നെയാണെന്ന്
വ്യക്തമാക്കുന്ന സൂചനകള്‍ വേറെയുമുണ്ട്. പരിശുദ്ധ കന്യകാമറിയത്തോടുള്ള സാത്താന്റെ ശത്രുത വ്യക്തമാകണമെങ്കില്‍ സഭയെ ഭിന്നിപ്പിക്കാന്‍ സാത്താന്‍ കൊണ്ടുവന്ന പെന്തക്കോസ്തുകാരെ നോക്കിയാല്‍ മതി! ഇവരുടെ പ്രസംഗങ്ങളില്‍ ഏറിയപങ്കും മറിയത്തിനെതിരെയുള്ള ദൂഷണമായിരിക്കും. ഈ ഭൂമുഖത്തുള്ള ഏതൊരു സ്ത്രീയ്ക്ക് നല്‍കുന്ന പരിഗണനപോലും യേഹ്ശുവായുടെ അമ്മയായ മറിയത്തിനു നല്‍കാന്‍ തയ്യാറാകാത്തവരുടെ ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവ് ദൈവത്തില്‍ നിന്നുള്ളതല്ല! സര്‍പ്പവും സ്ത്രീയും തമ്മിലുള്ള ശത്രുതയുടെ ഉത്തമ ഉദാഹരണമാണ് പെന്തക്കൊസ്തുകാര്‍!

യേഹ്ശുവാ തന്റെ അമ്മയായ മറിയത്തെ 'സ്ത്രീ' എന്നു സംബോധന ചെയ്തത് അപകീര്‍ത്തിയായി കാണുന്നവര്‍ സ്വന്തം അജ്ഞതയെ പുരമുകളില്‍ പ്രഘോഷിക്കുന്നവരാണ്! 'സ്ത്രീ' എന്ന സംബോധന ബഹുമാനിക്കലിന്റെ ഭാഗമാണെന്നു തിരിച്ചറിയാവുന്ന വിദേശികളായ പെന്തക്കോസ്തുകാര്‍ ഈ വിവരക്കേട് വിളിച്ചു പറയാറില്ല! ഇന്ത്യയിലെ പെന്തക്കോസ്തുകാരാണ് ഇതുമായി കറങ്ങുന്നത്! യേഹ്ശുവാ സംസാരിച്ചത് ഇന്ത്യന്‍ ഭാഷകളിലോ, രക്ഷാകരചരിത്രം സംഭവിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിലോ അല്ല! തെക്കന്‍ കേരളത്തിലെ ഏതോ ഗ്രാമത്തിലായിരുന്നു യേഹ്ശുവായുടെ പരസ്യജീവിതമെന്നു തോന്നിപ്പോകും ഇത്തരക്കാരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍! കേരളത്തിലെ ചില ജില്ലകളില്‍ ബഹുമാനത്തോടെ ഉപയോഗിക്കുന്ന പദങ്ങള്‍ മറ്റു ജില്ലകളില്‍ അപമര്യാദയായി കണക്കാക്കറുണ്ട്.

ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം: 'നിങ്ങള്‍'  എന്ന വാക്ക് മലയാളത്തില്‍ ബഹുവചനത്തെ കുറിക്കുന്നതാണ്. ഒന്നിലധികം വ്യക്തികളെ അഭിവാദ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ എന്ന് പറയാറുണ്ട്. എന്നാല്‍, മലബാറില്‍, പ്രത്യേകിച്ച് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഈ വാക്ക് ഏകവചനത്തിലും ഉപയോഗിക്കുന്നു. അതായത്, അമ്മയെയോ അപ്പനെയോ മറ്റു ബഹുമാനിക്കപ്പെടേണ്ട വ്യക്തികളെയും നിങ്ങള്‍ എന്നു ചേര്‍ക്കുന്നത് അവരോടുള്ള ആദരവായി കണക്കാക്കുന്നു. നേരേമറിച്ച് തെക്കന്‍ കേരളത്തിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ ഇത്തരം സംബോധന അവമതിയായി ഗണിക്കും. ഇത് ഓരോ പ്രദേശങ്ങളിലെയും ഭാഷാസംസ്കാരത്തിന്റെ ഭാഗമാണ്!

യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളെ ആദരവോടെ വിളിക്കുമ്പോള്‍ അവരുടെ പേരിനുമുമ്പില്‍ 'സ്ത്രീ' എന്നുകൂടി ചേര്‍ക്കാറുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍, ജര്‍മ്മന്‍ഭാഷയില്‍ സ്ത്രീ എന്നതിന്,  'ഫ്രാവു'(Frau)  എന്ന വാക്കാണ്  ഉപയോഗിക്കുന്നത്.   ഇത്  ബഹുവചനത്തില്‍ 'ഫ്രാവെന്‍'(Frauen)  എന്നാകും. ഇവിടെ സ്ത്രീകളെ പേരിനുമുമ്പില്‍ 'ഫ്രാവു'(Frau) എന്നു ചെര്‍ത്താണ്, സംബോധന ചെയ്യാറുള്ളത്. പേരറിയാത്ത വ്യക്തിയാണെങ്കില്‍ അവരെ 'ഫ്രാവു'(Frau) എന്നു മാത്രം വിളിക്കുന്നതും ബഹുമതിയായി ഇവര്‍ കണക്കാക്കും. ഇത് മലയാളത്തിലേക്ക് ശുദ്ധമായി പരിഭാഷപ്പെടുത്തി, 'സ്ത്രീയേ'  എന്നു വിളിക്കുമ്പോൾ, അതു നിന്ദയാകുമെങ്കില്‍, പകരംവയ്ക്കാന്‍ മറ്റേതു വാക്കാണുള്ളത്? ഓരോ നാടിന്റെയും സംസ്കാരത്തിനു യോജിച്ച വിധത്തിലുള്ള വാക്കുകള്‍ പരിഭാഷയില്‍ ലഭിക്കണമെന്നില്ല! അതുകൊണ്ട് പരിശുദ്ധ കന്യകാ മറിയത്തോട് 'സ്ത്രീയേ നിനക്കും എനിക്കും എന്ത്' എന്ന് യേഹ്ശുവാ ചോദിക്കുന്നത്, ഇന്ത്യയ്ക്കുപുറത്ത് ജീവിക്കുന്നവര്‍ക്കു ബഹുമാനമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്! കോട്ടയം പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ എവിടെയെങ്കിലും ആയിരുന്നില്ല യേഹ്ശുവായും മറിയവും ജീവിച്ചതെന്ന് ആ നാട്ടില്‍ ജീവിക്കുന്നവര്‍ മനസ്സിലാക്കിയാല്‍, ഇത്തരം വാദങ്ങളുമായി നടക്കില്ല!

മാത്രവുമല്ല, ഉല്‍പത്തി പുസ്തകത്തില്‍ ദൈവമായ യാഹ്‌വെ പറയുന്നതും യോഹന്നാനു ലഭിച്ച വെളിപാടില്‍ അറിയിക്കുന്നതുമായ 'സ്ത്രീ'  തന്‍റെ അമ്മയായ മറിയം തന്നെയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം യേഹ്ശുവായ്ക്കുണ്ടായിരുന്നു! അതുകൊണ്ട്, കാനായിലെ കല്യാണവീട്ടില്‍വച്ചും കാല്‍വരിയിലെ കുരിശില്‍ കിടന്നുകൊണ്ടും യേഹ്ശുവാ ഈ സത്യം വെളിപ്പെടുത്തി! പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കെല്ലാം അതു തിരിച്ചറിയാന്‍ കഴിയുന്നുമുണ്ട്!

ചിലരുടെയൊക്കെ ബാലിശമായ വാദങ്ങള്‍ കേട്ടാല്‍, മാതാപിതാക്കളെ ബഹുമാനിക്കണമെന്നു കല്പന തന്ന ദൈവംതന്നെ എതിര്‍സാക്ഷ്യത്തിലൂടെ നമ്മെ കബളിപ്പിച്ചുവെന്നു തോന്നിപ്പോകും. യേഹ്ശുവായെ അനുകരിക്കാനാണ്  അവിടുന്ന് നമ്മോടു കല്പിച്ചിട്ടുളത്. അവിടുന്ന് തന്റെ മാതാവിനെ അനാദരിച്ചുവെന്ന് വരുത്തിത്തീര്‍ക്കേണ്ടത് സാത്താന്റെ ആവശ്യമായിരുന്നു. ഈ ആവശ്യനിര്‍വ്വഹണത്തിനായി അവന്‍ പ്രചരിപ്പിച്ച നുണസന്ദേശമായിരുന്നു യേഹ്ശുവായും മാതാവുമായുള്ള രംഗങ്ങളിലെ വാക്കുകള്‍ വളച്ചൊടിച്ചുകൊണ്ട് നടത്തിയത്. യേഹ്ശുവാ എല്ലാ സമയത്തും മറിയത്തോട് അനാദരവു കാട്ടുന്ന വ്യക്തിയായിരുന്നെങ്കില്‍ ജനക്കൂട്ടത്തില്‍വച്ച് ഈ അപമാനം ഏല്‍ക്കാന്‍ മറിയം അവിടെ വരില്ലായിരുന്നു. മറിയത്തിനും ജോസഫിനും വിധേയപ്പെട്ടാണ് യേഹ്ശുവാ ജീവിച്ചതെന്നു വ്യക്തമാക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, അതിനെ അവഗണിച്ചുകൊണ്ടുള്ള പ്രചരണം മഹിമയണിഞ്ഞവരെ ദുഷിക്കുന്ന അശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്!

യേഹ്ശുവായുടെ ബാല്യകാലത്ത് മാതാപിതാക്കളോടൊപ്പം തിരുനാളില്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ആ വിവരണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു"(ലൂക്കാ:2;51). മാതാപിതാക്കള്‍ക്കു വിധേയപ്പെടുക എന്നതിന്റെ അര്‍ത്ഥമെന്താണെന്നെങ്കിലും ഗ്രഹിക്കുന്നത് നല്ലതാണ്! ഒരുകാര്യം മറക്കാതിരിക്കുക: യഹൂദനിയമങ്ങള്‍ കൃത്യതയോടെ പാലിക്കാന്‍ യേഹ്ശുവാ അതീവജാഗ്രത കാട്ടിയിരുന്നു. കാരണം, അവിടുത്തേയ്ക്കെതിരെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ പുരോഹിതന്മാരുടെയും ഫരിസേയരുടെയും 'ഇന്‍റലിജന്‍സ്' എല്ലായിടത്തും പിന്തുടര്‍ന്നിരുന്നു! 'സ്ത്രീയേ' എന്ന സംബോധന യഹൂദരുടെയിടയില്‍ അനാദരവായിരുന്നുവെങ്കില്‍ യേഹ്ശുവായ്ക്കെതിരെയുള്ള കുറ്റാരോപണങ്ങളില്‍ അതും ഉള്‍പ്പെടുത്തുമായിരുന്നു! ഒന്നോര്‍ക്കുക: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1കോറി:8;2).

പരിശുദ്ധ കന്യകാമറിയത്തെ ഇകഴ്ത്തുവാനായി സാത്താന്‍ അവന്റെ അനുയായികളെ ഉപയോഗിച്ച് വചനത്തെ വളച്ചൊടിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആരും കരുതേണ്ടാ. കാരണം, സാത്താനും സ്ത്രീയും തമ്മിലുള്ള ശത്രുത ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇതിന്റെ വ്യക്തമായ തെളിവാണ് ബൈബിളിലെ ആദ്യപുസ്തകമായ ഉല്‍പത്തിയില്‍ പ്രഖ്യാപിക്കപ്പെട്ട ഈ ശത്രുത, അവസാനത്തെ പുസ്തകമായ വെളിപാടിലും തുടരുന്നത്! മറിയത്തെക്കുറിച്ച് മിഥ്യാധാരണ ജനിപ്പിക്കാന്‍ കൌശലപൂര്‍വ്വം സാത്താന്‍ പ്രചരിപ്പിക്കുന്ന മറ്റനേകം നുണകളുണ്ടെങ്കിലും അവയെല്ലാം ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍ വിഷയത്തില്‍നിന്ന് പൂര്‍ണ്ണമായും നാം വ്യതിചലിക്കും. അതിനാല്‍, ഈ വിഷയങ്ങളെ മനോവയുടെ മറ്റു താളുകളിലേക്ക് മാറ്റിവച്ച്, അമ്മമാരിലേക്ക് തിരിച്ചുവരാം! വായനക്കാരുടെ ചിന്തകളെ രണ്ടാമത്തെ അമ്മയിലേക്ക് തിരിക്കാന്‍ സമയമായി!

വിശ്വാസികളുടെ പിതാവും 'അവിശ്വാസിനിയായ' മാതാവും!

"അപരിച്‌ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭിച്ച നീതിയുടെ മുദ്രയായി പരിച്‌ഛേദനം എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത് പരിച്‌ഛേദനം കൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത് അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു. മാത്രമല്ല, അതുവഴി അവന്‍ പരിച്‌ഛേദിതരുടെ, പരിച്‌ഛേദനം ഏല്‍ക്കുക മാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹത്തിനു പരിച്‌ഛേദനത്തിനുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടിചെയ്തവരുടെ പിതാവായി"(റോമാ:4;11,12). അബ്രാഹത്തെ വിശ്വാസികളുടെ പിതാവാക്കിയതിലൂടെ അവന്റെ വിശ്വാസത്തില്‍ പങ്കുചേരുന്ന എല്ലാവര്‍ക്കും അവന്‍ പിതാവായി! ഇതൊരു വാഗ്ദാനമായിരുന്നുവെന്ന് നാം വചനത്തില്‍ പഠിക്കുന്നുണ്ട്.

"അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്റെ എല്ലാ സന്തതിക്കും-നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും-ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്. ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ച ദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു. നൂറു വയസ്‌സായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബലമായില്ല"(റോമാ:4;16-19). അബ്രാഹത്തെ വിശ്വാസികളുടെ പിതാവാക്കിയത് അവനിലുണ്ടായിരുന്ന വിശ്വാസത്തിന്റെ ഉറപ്പിനാലായിരുന്നു. ദൈവത്തിന് എല്ലാം സാധ്യമാണെന്നും അവിടുത്തെ വാഗ്ദാനം മാറ്റമില്ലാത്തതാണെന്നും വിശ്വസിക്കാന്‍ അബ്രാഹത്തിനു കഴിഞ്ഞു. അങ്ങനെ അബ്രാഹം വിശ്വാസികളുടെ മുഴുവന്‍ പിതാവായി ഉയര്‍ത്തപ്പെട്ടു!

ജീവനുള്ളവരുടെയെല്ലാം മാതാവിനെയും പിതാവിനെയും ഒന്നാമതായി നാം കാണുകയും അവരുടെ സ്ഥാനം ആത്മീയമായി കൈമാറ്റം ചെയ്യപ്പെട്ടത് മനസ്സിലാക്കുകയും ചെയ്തു! അനുസരണക്കേടിനെ അനുസരണമെന്ന പുണ്യംകൊണ്ട് കീഴ്പ്പെടുത്തിക്കൊണ്ട് മറിയം ഈ സ്ഥാനത്ത് എത്തിയെങ്കില്‍, പുത്രന്റെ അനുസരണംമൂലം സ്വര്‍ഗ്ഗത്തിലെ പിതാവ് അവനില്‍ വിശ്വസിക്കുന്നവരുടെ പിതാവായി! അങ്ങനെ ജീവനുള്ളവരുടെയെല്ലാം പിതാവായി ജീവനുള്ള ദൈവം മാറി! ഇത് യേഹ്ശുവാ തന്റെ പിതാവിന് സമ്മാനിച്ചപ്പോള്‍, പിതാവ് പുത്രനെ എല്ലാ നാമങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തുകയും ആകാശത്തിലും ഭൂമിയിലുമുള്ള സകലത്തിന്റെ അവകാശിയായി പ്രഖ്യാപിക്കുകയും ചെയ്തു! അതുപോലെ അവിടുത്തെ ശിഷ്യരുടെ മുഴുവന്‍ അമ്മയായി മറിയവും ഉയര്‍ത്തപ്പെട്ടുവെന്നതാണ്  യാഥാര്‍ത്ഥ്യം! ദൈവവചനപ്രകാരം ഇതിന്  അടിസ്ഥാനമുണ്ടോയെന്ന് ആശങ്കപ്പെടുന്നവര്‍ക്കായി ഒരു വചനം ഇവിടെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഈ വചനം ധ്യാനിക്കുക: "താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ച് സര്‍പ്പം പുറപ്പെട്ടു. സര്‍പ്പത്തിന്റെ വായില്‍നിന്നു രക്ഷപെട്ടു തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്ത്രീക്കു വന്‍കഴുകന്റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവള്‍ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. സ്ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്റെ വായില്‍നിന്നു നദിപോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു. എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്തുറന്ന് സര്‍പ്പം വായില്‍നിന്ന് ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു"(വെളി:12;13-17).

ഇവിടെ പറഞ്ഞിരിക്കുന്ന സര്‍പ്പം ഏതാണെന്നും അമ്മയയും മകനും ആരാണെന്നും തിരിച്ചറിയാനുള്ള ജ്ഞാനം മനോവയുടെ എല്ലാ വായനക്കാരിലും പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീയെയോ അവള്‍ പ്രസവിച്ച കുഞ്ഞിനെയോ തൊടാന്‍ കഴിയാതെവന്നപ്പോള്‍ സര്‍പ്പം പുറപ്പെട്ടത് ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായ വ്യക്തികളുടെ അടുക്കലേക്കാണ്! അവരെല്ലാം ആ സ്ത്രീയുടെ മക്കളാനെന്നു പറഞ്ഞിരിക്കുന്നത് മനോവയല്ല; പരിശുദ്ധാത്മാവാണ്! യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരെല്ലാം അവിടുത്തെ ശിഷ്യന്മാരാണ് എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? അതുകൊണ്ടാണ് 'ദൈവമക്കളായ' ക്രിസ്ത്യാനികള്‍ കന്യകാമറിയത്തെ അമ്മയെന്നു വിളിക്കുന്നത്!

ഇനി വിഷയത്തിലേക്കു വരാം; ജഡപ്രകാരം എല്ലാ മനുഷ്യരുടെയും പിതാവ് ആദവും  വിശ്വാസപ്രകാരം എല്ലാ വിശ്വാസികളുടെയും പിതാവ് അബ്രാഹവും ആയി. എന്നാല്‍, യേഹ്ശുവാ വഴി അവനില്‍ വിശ്വസിക്കുന്ന സകലരുടെയും പിതാവാകാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവം തയ്യാറാകുകയും നമ്മെ ദൈവമക്കളായി പരിഗണിക്കുകയും ചെയ്തു. ഇപ്രകാരം ദൈവമക്കളായിത്തീരുന്നവര്‍ക്കു മാത്രമാണ്  സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം ലഭിക്കുന്നത്! ഇതാണ്, "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല"(യോഹ:14;6)  എന്ന യേഹ്ശുവായുടെ വാക്കുകളിലെ പൊരുള്‍! ഇതില്‍നിന്നു വ്യത്യസ്ഥമായ ആശയങ്ങളുമായി ചുറ്റിത്തിരിയുന്നവരുടെ ലക്‌ഷ്യം മനുഷ്യരെ എവിടേക്ക് നയിക്കാനാണെന്നു ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ ഗ്രഹിക്കട്ടെ!

അബ്രാഹം വിശ്വാസികളുടെ പിതാവായത് വിശ്വാസം വഴിയാണെങ്കില്‍, 'സാറാ' വിശ്വാസികളുടെ അമ്മയായത് ജഡപ്രകാരമായിരുന്നു! പൂര്‍വ്വപിതാക്കന്മാരുടെയും ഗോത്രപിതാക്കന്മാരുടെയും അമ്മ എന്ന നിലയിലാണ് 'സാറാ' ഈ സ്ഥാനം അലങ്കരിച്ചത്! അബ്രാഹത്തിന്റെ വിശ്വാസത്തിലൂടെ അവനു ലഭിച്ച ഓഹരിയുടെ പങ്ക് ഭാര്യ എന്നനിലയിലും ഇസഹാക്കിന്റെ അമ്മയെന്ന നിലയിലും ലഭിച്ചുവെന്നേയുള്ളു! യഥാര്‍ത്ഥത്തില്‍ 'സാറാ' ഒരു അവശ്വാസിനിയായിരുന്നു! അവളുടെ അവിശ്വാസംമൂലം ഈ ഭൂമുഖത്തേക്ക് വന്നത് വലിയൊരു ദുരന്തമായിരുന്നുവെന്നത് ചരിത്രത്തിന്റെ ആവര്‍ത്തനവുമായി! ഒരു സ്ത്രീയുടെ അനുസരണക്കേടിന്റെ ഫലമായി മരണം കടന്നുവന്നതുപോലെ, സാറായുടെ അവിശ്വാസംമൂലം മരണത്തിനുമേല്‍ മറ്റൊരു ദുരന്തമാണു കടന്നുവന്നത്. ഈ ദുരന്തം ഇന്നും ഭൂവാസികളെ ഭീതിയിലാഴ്ത്തുന്നു!

സാറായുടെ അവിശ്വാസവും അതുമൂലം വന്നുഭവിച്ച ദുരന്തവും എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അബ്രാഹത്തിനും സാറായ്ക്കും അവരുടെ വാര്‍ദ്ധക്യത്തില്‍ ദൈവമായ യാഹ്‌വെ ഒരു വാഗ്ദാനം നല്‍കി. ആ സംഭവം ബൈബിളില്‍ ഇങ്ങനെയാണു വിവരിച്ചിരിക്കുന്നത്: "അബ്രാമിനു ദര്‍ശനത്തില്‍ യാഹ്‌വയുടെ  അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു: യാഹ്‌വെയായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെ അവകാശി. അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി. വീണ്ടും അവനു യാഹ്‌വെ അരുളപ്പാടുണ്ടായി: നിന്റെ അവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍ തന്നെയായിരിക്കും. അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും.  അവന്‍ യാഹ്‌വെയില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി"(ഉല്‍പ:15;1-6).

യാഹ്‌വെയുടെ വാക്കുകളെ അബ്രാഹം വിശ്വസിച്ചതുപോലെ സാറാ വിശ്വസിച്ചില്ല. ദൈവത്തിന്റെ ഈ വാക്കുകളെ സാറാ അവിശ്വസിച്ചു എന്നതിന്റെ തെളിവാണ്, പിന്നീട് അവള്‍ ചെയ്ത പ്രവര്‍ത്തികള്‍! യാഹ്‌വെയുടെ വാഗ്ദാനം കാത്തിരിക്കാതെ അവള്‍ സ്വന്തമായി തീരുമാനമെടുക്കുന്നത് പിന്നീടു കാണുന്നുണ്ട്. സാറായുടെ അവിശ്വാസം നിമിത്തം അവള്‍ തന്റെ ദാസിയില്‍ സന്തതിയെ ജനിപ്പിക്കാന്‍ അബ്രാഹത്തെ പ്രേരിപ്പിച്ചു! "അബ്രാമിനു ഭാര്യ സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസി ഉണ്ടായിരുന്നു. സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ഒരുപക്‌ഷേ അവള്‍മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു"(ഉല്‍പ:16;1,2). ദൈവത്തിന്റെ വാഗ്ദാനത്തെ കാത്തിരിക്കാതെ സാറാ പ്രവര്‍ത്തിച്ച ബുദ്ധിശൂന്യതയ്ക്ക് ലഭിച്ച പ്രതിഫലമാണ്, ഇസ്ലാം എന്ന പൈശാചിക മതം!

യാഹ്‌വെ വാഗ്ദാനം ചെയ്തത് സാറായുടെ ദാസിയില്‍ ജനിക്കുന്ന പുത്രനെ ആയിരുന്നില്ല; യഥാര്‍ത്ഥ ഭാര്യയായ സാറായില്‍തന്നെയാണ് വാഗ്ദാനപുത്രന്‍ ജനിക്കേണ്ടത് എന്ന് വ്യക്തമാക്കാന്‍ യാഹ്‌വെ വീണ്ടും വന്നു! "യാഹ്‌വെ പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു"(ഉല്‍പ:18;10). അബ്രാഹം ഇതു വിശ്വസിച്ചെങ്കിലും സാറാ വിശ്വസിച്ചില്ല. യാഹ്‌വെയുടെ വാക്കുകേട്ട് അവള്‍ ചിരിക്കുകയാണു ചെയ്തത്! "യാഹ്‌വെ അബ്രാഹത്തോടു ചോദിച്ചു:വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്? യാഹ്‌വെയ്ക്കു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത് വസന്തത്തില്‍ ഞാന്‍ നിന്റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും"(ഉല്‍പ:18;13,14). ദൈവം ഇതു സാറായോടു ചോദിച്ചപ്പോഴും അവള്‍ നിഷേധിച്ചു: "സാറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള്‍ ഭയപ്പെട്ടു. അവിടുന്നുപറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെ ചെയ്തു"(ഉല്‍പ:18;15).

ദൈവമായ യാഹ്‌വെ വീണ്ടും അബ്രാഹത്തിനും സാറായ്ക്കും വാഗ്ദാനം നല്‍കുന്ന സന്ദര്‍ഭമായിരുന്നു ഇത്. അവിടുന്ന് തന്റെ വാഗ്ദാനം നിറവേറ്റുന്നതില്‍ മാറ്റം വരുത്തിയില്ല. മനുഷ്യന്റെ അവിശ്വസ്തതയെ അതിലംഘിക്കുന്നതാണ് ദൈവത്തിന്റെ വിസ്വസ്തത എന്നതിനു ദൃഷ്ടാന്തമായി ഇസഹാക്കിനെ സാറാ പ്രസവിച്ചു!

മുഹമ്മദിനു സ്വയം പ്രവാചകനായി ചമയാന്‍  ദാസിയില്‍ ജനിച്ച ഇസ്മായില്‍ ആണു വാഗ്ദത്തപുത്രനെന്ന് വ്യാജമായി പ്രചരിപ്പിച്ചു. അതുതന്നെയാണ്, ഇസ്ലാം ഇന്നും പാടിനടക്കുന്നത്! ഇത്തരമൊരു പാട്ട് മുന്‍കൂട്ടി ദൈവം അറിഞ്ഞിരുന്നതുകൊണ്ട് വാഗ്ദാനസന്തതിക്ക് ഒരു അടയാളവും അവിടുന്നു നല്‍കി! യാഹ്‌വെ ആദ്യമായി വാഗ്ദാനം നല്‍കിയപ്പോഴാണ് ഈ അടയാളം നല്‍കിയത്. ഇതായിരുന്നു ആ അടയാളം: "അപ്പോള്‍ യാഹ്‌വെ അരുളിച്ചെയ്തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും. നീ സമാധാനത്തോടെ നിന്റെ പിതാക്കളോടുചേരും. വാര്‍ദ്ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും. നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാല്‍, അമോര്യരുടെ ദുഷ്ടത ഇനിയും പൂര്‍ത്തിയായിട്ടില്ല"(ഉല്‍പ:15;13-16). ഈ പ്രവചനം ആരുടെമേല്‍ പൂര്‍ത്തിയായി എന്നതിലൂടെ വാഗ്ദത്തസന്തതിയെ തിരിച്ചറിയാം! നാനൂറു വര്‍ഷം ഈജിപ്തില്‍ അടിമകളായി ജീവിച്ചത് ഇസ്മായേലിന്റെ സന്തതികളായിരുന്നില്ല; ഇസഹാക്കിന്റെ പുത്രനായ യാക്കോബിന്റെ സന്തതികളായിരുന്നു!

സാറായുടെ അവിശ്വാസത്തെ വിശ്വാസത്തിലൂടെ പരിഹരിച്ചുകൊണ്ട് സകലവിശ്വാസികളുടെയും മാതാവായി കന്യകാമറിയം ഉയര്‍ത്തപ്പെടുകയും, ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ കടന്നുവന്നപ്പോള്‍ ഈ മനുഷ്യപുത്രന്റെ അമ്മയാകുകയും ചെയ്തു! പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്ത് മറിയത്തിന്റെ വിശ്വാസത്തെ ഇങ്ങനെ പ്രകീര്‍ത്തിച്ചു: "അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ രക്ഷകന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. യാഹ്‌വെ അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി"(ലൂക്കാ:1;40-45). എലിസബത്ത് പരിശുദ്ധാത്മാവില്‍ നിറഞ്ഞപ്പോള്‍ ഉണ്ടായ മാറ്റമാണ്! ഇങ്ങനെ പറയണമെങ്കില്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവ് നിറയുകതന്നെവേണം!

യാഹ്‌വെ അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിക്കാത്ത സാറായുടെ അവിശ്വാസത്തെ മറിയം വിശ്വാസംകൊണ്ട് പരാജയപ്പെടുത്തിയപ്പോള്‍ ലോകമാതാവായി മറിയം ഉയര്‍ത്തപ്പെട്ടു! ഇതാണ്, യാഹ്‌വെ അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച ഭാഗ്യവതിയായ അമ്മ! 'ഹവ്വാ' എന്ന അമ്മയുടെ അനുസരണക്കേടിലൂടെ മാനവരാശിയുടെമേല്‍ കടന്നുവന്ന ദുരന്തവും 'സാറാ' എന്ന അമ്മയുടെ അവിശ്വാസത്തിലൂടെ ഈ ഭൂമുഖത്തേക്ക് കടന്നുവന്ന ദുരന്തവും എങ്ങനെയാണു മറ്റൊരമ്മ പരിഹരിച്ചതെന്ന് വ്യക്തമാക്കുകയായിരുന്നു ഇവിടെ. അനുസരണക്കേടിനെ അനുസരണത്തിലൂടെയും അവിശ്വാസത്തെ വിശ്വാസത്തിലൂടെയുമാണ് കന്യകാമറിയം പരിഹരിച്ചതെന്ന് വചനത്തെ അടിസ്ഥാനമാക്കി നാം കണ്ടുകഴിഞ്ഞു. മ്ശിഹായുടെ ശിഷ്യരായി ഈ ഭൂമിയില്‍ അവശേഷിച്ചിട്ടുള്ള സകലരുടെയും അമ്മയാണിവള്‍! യേഹ്ശുവായുടെ ശിഷ്യനായ യോഹന്നാനോടു പറഞ്ഞത് അവനോടു മാത്രമല്ല എന്നതിന് വ്യക്തമായ തെളിവ് വെളിപാടില്‍ എഴുതപ്പെട്ടിട്ടുണ്ട്: "ദൈവകല്പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു"(വെളി:12; 17). ആരെല്ലാമാണ് അവളുടെ സന്തതികളെന്ന് ഇതിലുമപ്പുറമൊരു വ്യക്തത ആവശ്യമുണ്ടെന്നു കരുതുന്നില്ല.

കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കുകയും ഗ്രഹിക്കാന്‍ ഹൃദയമുള്ളവര്‍ ഗ്രഹിക്കുകയും ചെയ്യട്ടെ! ഒരുകാര്യം വിസ്മരിക്കാതിരിക്കുക: ദൈവം തിരഞ്ഞെടുത്ത് മഹിമയണിയിച്ചവരെ മനുഷ്യര്‍ ദുഷിക്കാന്‍ തയ്യാറായാല്‍, മോശയോട് എതിരിട്ടവര്‍ക്കു ലഭിച്ചപ്രതിഫലം ഇവരെയും കാത്തിരിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5804 views

LOG IN

Lost your password?

SIGN UP

LOST PASSWORD