09 - 06 - 2018
ഇങ്ങനെയൊരു വചനം ബൈബിളിലുണ്ടോ? ഇത് ബൈബിളിലുള്ള വചനംതന്നെയാണ് എന്നകാര്യത്തില്‍ സംശയിക്കേണ്ടതായി ഒന്നുമില്ല. എന്നാല്‍, ഈ വചനത്തിന്റെ എക്കാലത്തെയും ഗുണഭോക്താക്കള്‍ പറയുന്നതുപോലെ, പ്രവാചക കാലത്തെ പുരോഹിതരെയോ ഇപ്പോഴത്തെ വൈദീകരെയോ ഉദ്ദേശിച്ചുള്ളതല്ല ഈ വചനം എന്നതാണ് യാഥാര്‍ത്ഥ്യം. ആയതിനാല്‍, ഈ വചനത്തില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥതലങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ആരാണ് അഭിഷിക്തന്‍ എന്ന് മനസ്സിലാക്കേണ്ടതും അനിവാര്യമായിരിക്കുന്നു. എന്തെന്നാല്‍, ഇനി ആരും വഞ്ചിതരാകരുത്.
എന്റെ അഭിഷിക്തരെ തൊട്ടുപോകരുത് എന്ന വചനം ബൈബിളിലുണ്ടെങ്കിലും, ഈ വചനം വലിയൊരു വചനത്തില്‍നിന്നു മുറിച്ചെടുത്ത അപൂര്‍ണ്ണ വചനമാണ്! ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്ത വ്യക്തിത്വങ്ങളായി സഭകളിലെ പ്രഥമസ്ഥാനത്ത് ഉപവിഷ്ടരാകാന്‍ വൈദീകസമൂഹം 'എഡിറ്റ്' ചെയ്തുണ്ടാക്കിയ വചനമാണിത്. ദാവീദിന്റെ സങ്കീര്‍ത്തനങ്ങളില്‍ കുറിക്കപ്പെട്ട ഈ വചനത്തിന്റെ പൂര്‍ണ്ണരൂപം ശ്രദ്ധിക്കുക: "അവിടുന്ന് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും; തന്റെ വാഗ്ദാനം തലമുറവരെ ഓര്‍മ്മിക്കും. അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വ്വം നല്‍കിയ വാഗ്ദാനംതന്നെ. അവിടുന്ന് അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരു ഉടമ്പടിയായും സ്ഥിരീകരിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നിനക്കു നിശ്ചയിച്ച ഓഹരിയായി ഞാന്‍ കാനാന്‍ദേശം നല്‍കും. അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരും നിസ്സാരരും അവിടെ പരദേശികളും ആയിരുന്നു. അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു. ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്ന് സമ്മതിച്ചില്ല; അവരെപ്രതി അവിടുന്ന് രാജാക്കന്മാരെ ശാസിച്ചു. എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു"(സങ്കീ: 105; 8-15). ഈ വചനത്തിലൂടെ എന്താണു നാം മനസ്സിലാക്കേണ്ടത്? വൈദീകസമൂഹത്തെ സംരക്ഷിക്കാന്‍ നല്‍കപ്പെട്ട വചനമാണോ ഇത്?
അബ്രാഹവുമായി യാഹ്‌വെ ചെയ്ത ഉടമ്പടിയും അതുമായി ബന്ധപ്പെട്ട വാഗ്ദാനവും എന്നേക്കും അനുസ്മരിക്കപ്പെടുമെന്നും, ഇസ്രായേലിനു ശാശ്വതമായ ഉടമ്പടിയായി അതു സ്ഥിരീകരിക്കപ്പെടുമെന്നുമാണ് അവിടുന്ന് അരുളിച്ചെയ്തത്. ഈ ഉടമ്പടിയിലെ വാഗ്ദാനപ്രകാരം കാനാന്‍ദേശം അവകാശമായി നല്‍കിയപ്പോള്‍, ആ ദേശത്ത് ഇസ്രായേല്‍ക്കാര്‍ പരദേശികളായി അലഞ്ഞുനടന്നിട്ടും അവരെ പീഡിപ്പിക്കാന്‍ ആരെയും അവിടുന്ന് അനുവദിച്ചില്ല. അവര്‍ക്കുവേണ്ടി രാജാക്കന്മാരെ ശാസിച്ചു. ആ ശാസനയാണ് ഇത്: "എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു"(സങ്കീ: 105; 15). അതായത്, ഇസ്രായേല്‍ ജനമാണ് യാഹ്‌വെയുടെ അഭിഷിക്തര്‍. എന്നാല്‍, ഇത് വരാനിരിക്കുന്ന ഇസ്രായേലിനെ സംബന്ധിച്ചുള്ള പ്രവചനമായിരുന്നു എന്നതാണു നാം മനസ്സിലാക്കേണ്ടത്. എന്തെന്നാല്‍, പ്രവാചക കാലഘട്ടത്തിലെ അഭിഷിക്തരുടെ ഗണത്തില്‍ പ്രവാചകരും രാജാക്കന്മാരും പുരോഹിതരും മാത്രമായിരുന്നുവെങ്കില്‍, കൃപയുടെ കാലഘട്ടത്തിലേക്ക് എത്തുമ്പോള്‍, ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും സീകരിച്ചിരിക്കുന്ന ഓരോ ക്രിസ്ത്യാനിയും അവിടുത്തെ അഭിഷിക്തരാണ്. അതായത്, ദാവീദിന്റെ വാക്കുകളില്‍ പലതും പ്രവചനമായിരുന്നതുപോലെ, ഇതും ഒരു പ്രവചനമായിരുന്നു. ഇത് തെളിയിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ ലേഖനത്തില്‍ അവയെല്ലാം നാം പരിശോധിക്കുന്നുണ്ട്.
ഇവിടെ നാം മനസ്സിലാക്കിയതനുസരിച്ച്, പ്രവാചകര്‍, രാജാക്കന്മാര്‍, പുരോഹിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അഭിഷിക്തരെങ്കിലും, ഇസ്രായേല്‍ ജനത്തിന്റെമേല്‍ പൊതുവായ ഒരു അഭിഷേകമുണ്ട്. ഉടമ്പടി, വാഗ്ദാനം, വിളി, അനുഗൃഹം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിഷേകമാണിത്. ഇതു വ്യക്തമാക്കുന്ന ചില വചനങ്ങള്‍ പരിശോധിച്ചുകൊണ്ട് ഈ പഠനം നമുക്കു മുന്നോട്ടുകൊണ്ടുപോകാം.
കാനാന്‍ദേശത്തേക്കുള്ള യാത്രാമധ്യേ ഇസ്രായേല്‍ ജനം മൊവാബു താഴ്വരയിലെത്തി. ഇസ്രായേലിനെ മൊവാബ് ഭയപ്പെട്ടതിനാല്‍, മൊവാബ്യരുടെ രാജാവ് അസ്വസ്ഥനായി. അതിനാല്‍, ഇസ്രായേല്‍ജനത്തെ ശപിക്കുന്നതിനായി ബാലാമിനെ കൂലിക്കെടുത്തു. ബാലാമിനെ ക്ഷണിക്കുന്നതിനുവേണ്ടി ബാലാക്ക് അയച്ച പ്രമാണിമാരോടു പറയാനായി യാഹ്‌വെ അറിയിച്ച വചനം ഇപ്രകാരമായിരുന്നു: "നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍, അവര്‍ അനുഗൃഹീതരാണ്"(സംഖ്യ: 22; 12). യാഹ്‌വെയില്‍ നിന്നുള്ള അനുഗൃഹം ഒരു അഭിഷേകമാണെന്നു നാം തിരിച്ചറിയണം. ബാലാക്ക് അയച്ച പ്രമാണികളോടൊപ്പം പോകാന്‍ ബാലാം വിസമ്മതിച്ചുവെങ്കിലും, കൂടുതല്‍ ബഹുമാന്യരായ പ്രമാണിമാരെ അയയ്ക്കാന്‍ ബാലാക്ക് തയ്യാറായി. ഈ പ്രമാണിമാരോടൊപ്പം പോകാന്‍ ബാലാമിനെ യാഹ്‌വെ അനുവദിക്കുകയും അവന്‍ പോകുകയും ചെയ്തു. യാഹ്‌വെ ഇപ്രകാരം ബാലാമിനോട് അരുളിച്ചെയ്തു: "ആ മനുഷ്യന്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ എഴുന്നേറ്റ് അവരോടൊപ്പം പോകുക. എന്നാല്‍, ഞാന്‍ ആജ്ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ"(സംഖ്യ: 22; 20). ഇസ്രായേലിനെ ശപിക്കുന്നതിനായി ബാലാക്ക് കൂലിക്കെടുത്ത ബാലാം എന്ന പ്രവാചകന്‍, ശപിക്കുന്നതിനു പകരം അനുഗ്രഹിക്കുന്നതാണു കണ്ടത്. ദൈവത്തിന്റെ അനുഗൃഹം പ്രാപിച്ച ഇസ്രായേലിനുമേലുള്ളത് അഭിഷേകമായിരുന്നു. ആയതിനാല്‍, ബാലാം ഇപ്രകാരം അവരെ അനുഗ്രഹിച്ചു: "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയും കുറിച്ചു പറയേണ്ട സമയമാണിത്"(സംഖ്യ: 23; 23).
എന്റെ അഭിഷിക്തരെ തൊട്ടുപോകരുതെന്ന് യാഹ്‌വെ കല്പിച്ചിരിക്കുന്നതിനാലാണ്, ഒരു പ്രവാചകന് ഇസ്രായേലിനെതിരേ ശാപവാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയാതിരുന്നത്. മോശയും അഹറോനും മാത്രമല്ല അവിടെ സംരക്ഷിക്കപ്പെട്ടതെന്നു നാം കണ്ടു. ഇസ്രായേല്‍ മുഴുവനും അഭിഷിക്ത ജനമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെട്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം ഇപ്രകാരമായിരിക്കെ, വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള സാഹസത്തിനു വൈദീകസമൂഹം മുതിരുന്നത് സ്വയം മഹത്വവത്ക്കരിക്കാനും സ്വേച്ഛാധിപതികളായി ഭരണം നടത്താനുമുള്ള തൃഷ്ണമൂലമാണ്!
പ്രവാചക കാലഘട്ടത്തിലെ ഇസ്രായേലും കൃപയുടെ കാലഘട്ടത്തിലെ ഇസ്രായേലും യാഹ്‌വെയുടെ അഭിഷിക്തരാണെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. പ്രവാചക കാലഘട്ടത്തിലെ അഭിഷിക്തര്‍ തങ്ങളുടെ അഭിഷേകം നിലനിര്‍ത്തുന്നത് യേഹ്ശുവായിലൂടെ മാത്രമാണ്. ഇക്കാരണത്താല്‍ത്തന്നെ, ക്രിസ്തുവിലൂടെയുള്ള ഏക രക്ഷയിലേക്കു കടന്നുവരാന്‍ തയ്യാറാകാതെ, യഹൂദരായി തുടരുന്നവര്‍ തങ്ങളുടെ അഭിഷേകം പുതുക്കാത്തവരാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഉടമ്പടി പുതുക്കപ്പെട്ടത് യേഹ്ശുവായിലൂടെയാണെന്നു നമുക്കറിയാം. യേഹ്ശുവായുടെ പുതിയ ഉടമ്പടിയിലൂടെ പഴയ ഉടമ്പടികളെല്ലാം പുതുക്കപ്പെടുന്നു. പാസ്പോര്‍ട്ടും മറ്റു രേഖകളും കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരുന്നാല്‍ അവയുടെ ആധികാരികത നഷ്ടപ്പെടുന്നതുപോലെ, ക്രിസ്തുവിലൂടെ നവീകരിക്കപ്പെടുമെന്നു പ്രവാചകരിലൂടെ വെളിപ്പെടുത്തപ്പെട്ട ഉടമ്പടിയുടെ ഭാഗമാകാന്‍ തയ്യാറാകാത്തവര്‍ വാഗ്ദാനത്തില്‍നിന്നു വിച്ഛേദിക്കപ്പെടും.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള മോശയുടെ പ്രവചനം ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്. ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്റെ ദൈവമായ യാഹ്‌വെയോടു നീ യാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ ദൈവമായ യാഹ്‌വെയുടെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു. അന്നു യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും"(നിയമം: 18; 15-19). അപ്പസ്തോലനായ പത്രോസ് ഈ പ്രവചനത്തെ അനുസ്മരിക്കുന്ന ഭാഗം വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരും.
പത്രോസ് ഇപ്രകാരം ഓര്‍മ്മപ്പെടുത്തി: "മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം. ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെടും"(അപ്പ. പ്രവര്‍: 3; 22, 23). ഉടമ്പടിയില്‍നിന്നും വാഗ്ദാനങ്ങളില്‍നിന്നും വിച്ഛേദിക്കപ്പെടുന്നത് ഇപ്രകാരമാണ്. ആയതിനാല്‍, ക്രിസ്തുവിലൂടെ നവീകരിക്കപ്പെട്ട ഉടമ്പടിയോടു ചേരാന്‍ വിമുഖത കാട്ടിയ യഹൂദരില്‍ ആരിലും ഉടമ്പടിയുടെ വാഗ്ദാനം നിലനില്‍ക്കുന്നില്ല. അതായത്, ക്രിസ്തുവിന്റെ വരവിനു മുന്‍പ് അഭിഷിക്തരായിരുന്ന ഇസ്രായേല്‍ ജനത്തിന് അഭിഷേകം നിലനിര്‍ത്തണമെങ്കില്‍, ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയെ ഏറ്റുപറഞ്ഞ് അഭിഷേകം പുതുക്കെണ്ടിയിരിക്കുന്നു. ഇക്കാര്യമാണ് മോശ പ്രവചിച്ചത്. അല്ലാത്തപക്ഷം പഴയ ഇസ്രായേല്‍ക്കാര്‍ പൂര്‍ണ്ണത പ്രാപിക്കുന്നില്ല. ചില പ്രൊട്ടസ്റ്റന്റ് സമൂഹങ്ങള്‍ ക്രിസ്തീയതയെക്കാള്‍ പൂര്‍ണ്ണത കല്പിച്ചു നല്‍കിയിരിക്കുന്നത് യഹൂദര്‍ക്കാണ്! ഇക്കൂട്ടരുടെ യഹൂദ പ്രണയം കാണുമ്പോള്‍, ക്രിസ്തീയതയെക്കാള്‍ പൂര്‍ണ്ണതയുള്ള സമൂഹം യഹൂദരാണെന്നും ക്രിസ്തുവിന്റെ മരണം വൃഥാവിലായെന്നും തോന്നിപ്പോകും!
എന്നാല്‍, യഹൂദര്‍ക്കു പൂര്‍ണ്ണത കൈവരണമെങ്കില്‍, അവര്‍ യേഹ്ശുവായില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ഇങ്ങനെ ജ്ഞാനസ്നാനം സ്വീകരിക്കുകയും യേഹ്ശുവായുടെ നാമത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്ത യഹൂദരായിരുന്നു അവിടുത്തെ ശിഷ്യന്മാര്‍! പിന്നീട് പത്രോസിന്റെ പ്രസംഗം കേട്ട് ജ്ഞാനസ്നാനം സ്വീകരിച്ച മൂവായിരം പേരും യഹൂദര്‍ തന്നെയായിരുന്നുവെന്ന് നമുക്കറിയാം. യഹൂദമതത്തില്‍ പൂര്‍ണ്ണതയില്ലാത്തതുകൊണ്ടാണ് അവരെല്ലാം യേഹ്ശുവായുടെ നാമത്തിലുള്ള സ്നാനം സ്വീകരിച്ച് ക്രിസ്ത്യാനികളായി മാറിയത്. ഇങ്ങനെ ക്രിസ്ത്യാനിയായി ഒരുവന്‍ മാറുമ്പോള്‍, ഇസ്രായേലിനുമേലുള്ള അഭിഷേകം പുതുക്കപ്പെടുകയും അവന്‍ അഭിഷിക്തന്‍ എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യനുമാകുന്നു. അഭിഷിക്തന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ്. അതായത്, അഭിഷേകം സ്വീകരിച്ച ഏതൊരു വ്യക്തിയും അഭിഷിക്തന്‍ അഥവാ അഭിഷിക്തയാണ്!
കത്തോലിക്കാസഭയില്‍നിന്നു സ്വീകരിക്കപ്പെടുന്ന ഓരോ കൂദാശകളിലും പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ട്. തൈലം പൂശിയുള്ള കൂദാശകളെ മാത്രമാണ് അഭിഷേകമായി പരിഗണിക്കുന്നുള്ളുവെങ്കില്‍, സ്ഥൈര്യലേപനം, വൈദീകപട്ടം, രോഗിലേപനം എന്നിവയില്‍ തൈലാഭിഷേകമുണ്ട്. അങ്ങനെയെങ്കില്‍, പത്തുവയസ് പൂര്‍ത്തിയായ എല്ലാ കത്തോലിക്കനും സ്ഥൈര്യലേപനം സ്വീകരിച്ച അഭിഷിക്തരാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, വൈദീകരായി തിരഞ്ഞെടുക്കുന്ന കൂദാശയില്‍ മാത്രമേ അഭിഷേകമുള്ളു എന്നരീതിയിലുള്ള പ്രചരണത്തിനു പിന്നില്‍ ചില ദുരൂഹതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അനേകം വിശ്വാസികള്‍ ഇന്ന് ഇത്തരം നുണക്കഥകളില്‍ വഞ്ചിതരാകുകയും അടിമകളായി ജീവിക്കുകയും ചെയ്യുന്നു. വിശ്വാസികളെ അടിമകളാക്കി ഭരണം നടത്താന്‍ വൈദീകസമൂഹം വചനത്തെ വളച്ചൊടിച്ചു എന്നതാണു യാഥാര്‍ത്ഥ്യം! ഈ സത്യം ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കേണ്ട ഉത്തരവാദിത്വമാണ് മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്.
ക്രിസ്ത്യാനികള്‍ എല്ലാവരും അഭിഷിക്തരാണെന്നു വ്യക്തമാക്കുന്ന ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാക്കാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍"(1 യോഹ: 2; 27). മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല എന്ന വെളിപ്പെടുത്തലിനെ ആരും തെറ്റിദ്ധരിക്കരുത്. അന്യമതക്കാരില്‍നിന്നുള്ള പഠനത്തിനു വിധേയരാകരുതെന്ന ഉപദേശമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തുവിന്റെ അഭിഷേകം നിലനില്‍ക്കുന്ന ഒരുവന്‍ സത്യത്തില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. അതായത്, സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു കടന്ന ഒരുവനെ പഠിപ്പിക്കാന്‍ തക്കവിധമുള്ള സത്യം മറ്റൊരു മതത്തിലുമില്ല. ഇവിടെ ഒരു അഭിഷേകത്തെക്കുറിച്ച് അപ്പസ്തോലന്‍ പറയുന്നത് നാം വായിച്ചു. ഈ അഭിഷേകമാണ് ക്രിസ്ത്യാനികള്‍ക്ക് പൊതുവായി നല്‍കപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ അഭിഷേകം!
ക്രിസ്തുവില്‍നിന്നു നാമോരോരുത്തരും സ്വീകരിച്ചിരിക്കുന്ന അഭിഷേകത്തെക്കുറിച്ചും അതുവഴി നാമെല്ലാം അഭിഷിക്തരായതിനെക്കുറിച്ചും കൂടുതല്‍ പരിശോധിക്കുന്നതിനു മുന്‍പായി പ്രവാചക കാലഘട്ടത്തിലെ അഭിഷിക്തരെക്കുറിച്ചുള്ള അറിവു നേടേണ്ടത് അനിവാര്യമാണെന്നു തോന്നുന്നു. ആയതിനാല്‍, അഭിഷേകങ്ങളുടെ നാള്‍വഴികള്‍ നമുക്കു പരിശോധിക്കാം.
ഇസ്രായേലിന്റെ ചരിത്രത്തിലെ ആദ്യത്തെ അഭിഷേകം നാം കാണുന്നത് പുറപ്പാടിന്റെ പുസ്തകത്തിലാണ്. അഹറോനെയും അവന്റെ സന്തതികളെയും പുരോഹിതരായി മോശ അഭിഷേകം ചെയ്യുന്നതാണ് നാം അവിടെ വായിക്കുന്നത്. എപ്രകാരമാണ് അഭിഷേകം ചെയ്യേണ്ടതെന്ന് മോശയോട് യാഹ്‌വെ നിര്‍ദ്ദേശിക്കുന്നതു നോക്കുക: "നീ അഹറോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക. അങ്കി, എഫോദിന്റെ നീലയങ്കി, എഫോദ്, ഉരസ്ത്രാണം, എഫോദിന്റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെ അനിയിക്കണം. അവന്റെ തലയില്‍ തലപ്പാവും തലപ്പാവിന്മേല്‍ വിശുദ്ധകിരീടവും വയ്ക്കണം. അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക"(പുറ: 29; 4-7). ഇത് പുരോഹിതനെ അഭിഷേകം ചെയ്യേണ്ടതിനുള്ള നിയമമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടതായ വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, ഒരുവനെ അഭിഷേകം ചെയ്യാനുള്ള അധികാരം മറ്റൊരു അഭിഷിക്തനു മാത്രമാണ്. അതായത്, അഹറോനെ അഭിഷേകം ചെയ്ത മോശയും അഭിഷിക്തനായിരുന്നിരിക്കണം. അങ്ങനെയെങ്കില്‍, മോശയെ അഭിഷേകം ചെയ്തത് ആരായിരിക്കും?
ഇവിടെയാണ് പ്രവാചകരുടെ അഭിഷേകവുമായി ബന്ധപ്പെട്ട പഠനം അനിവാര്യമാകുന്നത്. ബൈബിളിന്റെ അടിസ്ഥാനത്തില്‍ പഠിക്കുമ്പോള്‍, പ്രവാചകന്മാരുടെ അഭിഷേകം ദൈവത്തില്‍നിന്നു നേരിട്ടാണ്; മനുഷ്യരില്‍നിന്നല്ല. പ്രവാചകന്റെ അഭിഷേകമെന്നത് ദൈവത്തിന്റെ വിളിയിലൂടെ ലഭ്യമാകുന്ന ഒന്നാണ്! ഒരിക്കല്‍ ഒരു തര്‍ക്കത്തിനിടയില്‍ പ്രധാനപുരോഹിതന്മാരോടും ജനപ്രമാണിമാരോടുമായി യേഹ്ശുവാ ഒരു ചോദ്യം ചോദിച്ചു. ആ സന്ദര്‍ഭവും അവിടെനിന്നു ലഭിക്കുന്ന സന്ദേശവും സൂക്ഷ്മതയോടെ ശ്രദ്ധിക്കുക: "യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെനിന്നായിരുന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്ന്‍ എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ടു നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു"(മത്താ: 21; 25, 26). പലരും ശ്രദ്ധിക്കാതെപോയതും എന്നാല്‍, ഗൗരവമുള്ള ഒരു സത്യം തെളിഞ്ഞു നില്‍ക്കുന്നതുമായ ഒരു ബൈബിള്‍ ഭാഗമാണ് നാമിവിടെ വായിച്ചത്. യോഹന്നാന്റെ സ്നാനം മനുഷ്യരില്‍നിന്നാണ് എന്നു പറയാനുള്ള ധൈര്യം അവര്‍ക്കില്ലാതെപോയത് ജനങ്ങളെ ഭയന്നതുകൊണ്ടാണ്. പ്രവാചകന്മാരുടെ ജ്ഞാനസ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നാണ് എന്ന അറിവ് യഹൂദര്‍ക്കുണ്ടായിരുന്നു. അതായത്, പ്രവാചകന്മാര്‍ സ്നാനമേല്‍ക്കുന്നത് സ്വര്‍ഗ്ഗത്തില്‍നിന്നാണ്! ഈ പ്രവാചകന്മാരാണ് പുരോഹിതരെയും രാജാക്കന്മാരെയും അഭിഷേകം ചെയ്യുന്നത്.
ബൈബിളില്‍ നാം കണ്ടുമുട്ടുന്ന പ്രവാചകന്മാരില്‍ ആരെയും മനുഷ്യര്‍ അഭിഷേകം ചെയ്യുന്നതായി കാണുന്നില്ല. മറിച്ച്, പുരോഹിതനായോ രാജാവായോ ഒരുവന്‍ അഭിഷിക്തനാകുന്നത് പ്രവാചകന്മാരുടെ കരങ്ങളിലൂടെയാണ്. ഇസ്രായേല്‍ ജനത്തിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി സാവൂളായിരുന്നു. സാവൂളിന്റെ അഭിഷേകം എപ്രകാരമായിരുന്നുവെന്ന് നോക്കുക: "സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: യാഹ്‌വെ തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു"(1 സാമു: 10; 1). ഇസ്രായേലിന്റെ രാജാവിനെ അഭിഷേചിക്കാന്‍ ദൈവം തിരഞ്ഞെടുത്ത പ്രവാചകനായിരുന്നു സാമുവല്‍. സാവൂള്‍ ജീവിച്ചിരിക്കെത്തന്നെ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തതും ഇതേ സാമുവല്‍ തന്നെയായിരുന്നു. രാജത്വത്തില്‍നിന്നു സാവൂള്‍ പരിത്യക്തനായത് എന്തുകൊണ്ടായിരുന്നു എന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. അഭിഷേകങ്ങളിലെ വ്യത്യസ്തതയും പ്രാധാന്യവും സ്ഥിരീകരിക്കുന്ന സംഭവമായിരുന്നു അത്.
പ്രവാചക കാലഘട്ടത്തില്‍ വ്യത്യസ്തങ്ങളായ അഭിഷേകങ്ങള്‍ നിലനിന്നിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അഭിഷേകമായ പ്രവാചകത്വമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ പ്രവാചകന്മാര്‍ മുഖേന നല്‍കപ്പെടുന്ന രണ്ട് അഭിഷേകങ്ങള്‍കൂടി അക്കാലത്തുണ്ടായിരുന്നു. അവ യഥാക്രമം പൗരോഹിത്യവും രാജത്വവുമാണ്. പൗരോഹിത്യ അഭിഷേകം ഒരു ഗോത്രത്തിനു മാത്രം മാറ്റിവച്ചിരിക്കുന്നു. ഈ ഗോത്രത്തില്‍നിന്നുള്ളവര്‍ക്കും പൗരോഹിത്യ അഭിഷേകം പ്രാപിചിട്ടുള്ളവര്‍ക്കും മാത്രമേ ബലിയര്‍പ്പിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളു. എന്നാല്‍, സാമുവല്‍ പ്രവാചകന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് സാവൂള്‍ ബലിയര്‍പ്പിച്ചതുകൊണ്ട് അവന്‍ രാജത്വത്തില്‍നിന്നു പുറത്താക്കപ്പെട്ടു. സാമുവല്‍ പ്രവാചകന്റെ നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു: "എനിക്കു മുമ്പേ ഗില്‍ഗാലിലേക്കു നീ പോകണം. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക"(1 സാമു: 10; 8). ഏഴുദിവസം കാത്തിരുന്നിട്ടും സാമുവല്‍ വന്നില്ല. ജനങ്ങള്‍ സാവൂളിനെ വിട്ടുപിരിയാന്‍ അതു കാരണമായി. ഈ സാഹചര്യത്തില്‍ സാവൂള്‍ എന്ത് ചെയ്തുവെന്നു നോക്കുക: "എന്നിട്ട് അവന്‍തന്നെ ദഹനബലിയര്‍പ്പിച്ചു. ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി"(1 സാമു: 13; 9, 10).
ഏല്പിക്കാത്ത ശുശ്രൂഷകള്‍ ചെയ്യാന്‍ തയ്യാറായതുകൊണ്ടാണ് സാവൂള്‍ പരിത്യക്തനായത്. സാമുവല്‍ പ്രവാചകന്‍ ഇപ്രകാരം സാവൂളിനോടു പറഞ്ഞു: "നീ വിഡ്ഢിത്തമാണ് ചെയ്തത് നിന്റെ ദൈവമായ യാഹ്‌വെയുടെ കല്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. യാഹ്‌വെയുടെ കല്പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു"(1 സാമു: 13; 13, 14). ദാവീദിനെ വധിക്കാനുള്ള അവസരം കാത്തിരുന്ന സാവൂള്‍ രാജാവിനെ നമുക്കറിയാം. എന്നാല്‍, പലതവണ സാവൂളിനെ ദാവീദിന്റെ കരങ്ങളില്‍ യാഹ്‌വെ ഏല്പിച്ചുകൊടുത്തിട്ടുണ്ട്. തന്റെ ശത്രുവായിരുന്നിട്ടുപോലും സാവൂളിനെ വധിക്കാന്‍ ദാവീദ് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നു നോക്കുക: "എന്റെ യജമാനനെതിരേ കയ്യുയര്‍ത്താന്‍ അവിടുന്ന് ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന്‍ യാഹ്‌വെയുടെ അഭിഷിക്തനാണ്"(1 സാമു: 24; 6). സമാനമായ മറ്റൊരവസരത്തില്‍ ദാവീദ് ഇപ്രകാരം പറഞ്ഞു: "യാഹ്‌വെയുടെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദ്ദോഷനായിരിക്കാന്‍ ആര്‍ക്കു കഴിയും? യാഹ്‌വെയാണേ, അവിടുന്ന് അവനെ ശിക്ഷിച്ചുകൊള്ളും. യഥാകാലം അവന്‍ മരിക്കുകയോ യുദ്ധത്തില്‍ വധിക്കപ്പെടുകയോ ചെയ്യും. യാഹ്‌വെയുടെ അഭിഷിക്തന്റെമേല്‍ കൈവയ്ക്കുന്നതില്‍നിന്ന് അവിടുന്ന് എന്നെ തടയട്ടെ!"(1 സാമു: 26; 9-11).
സാവൂളിനെയാണ് അഭിഷിക്തന്‍ എന്ന് ദാവീദ് സംബോധന ചെയ്തത്. സാവൂള്‍ ഒരുകാലത്തും പുരോഹിതനായിരുന്നില്ല എന്നകാര്യം നാം മനസ്സിലാക്കിയതാണ്. രാജാവായി അഭിഷേകം ചെയ്യപ്പെട്ടവനായിരുന്നെങ്കിലും, അഭിഷേകം നഷ്ടപ്പെട്ട് രാജത്വത്തില്‍നിന്നു പുറത്താക്കപ്പെട്ടവനായിരുന്നു സാവൂള്‍. ദാവീദിന്റെ ഈ വാക്കുകളെപ്പോലും വൈദീകര്‍ തങ്ങളെക്കുറിച്ചുള്ള നിയമമായി ഏറ്റെടുത്തുവെന്നതാണ്ശ്രദ്ധേയം!
കൂടുതല്‍ ചരിത്ര പഠനത്തിന് ഉദ്യമിക്കാതെതന്നെ വിഷയം അവതരിപ്പിക്കാം. ക്രിസ്തുവിനു മുന്‍പ് പ്രവാചകകാലഘട്ടത്തില്‍, പ്രവാചകന്‍, പുരോഹിതന്‍, രാജാവ് എന്നീ പദവികള്‍ വഹിക്കാന്‍ നിയുക്തരാകുന്നവര്‍ അഭിഷിക്തരായിരുന്നു. ഈ മൂന്നു പദവികളുംകൂടി ഒന്നിച്ചു വഹിക്കാനോ രണ്ടു പദവികള്‍ ഏറ്റെടുക്കാനോ ദൈവമായ യാഹ്‌വെ ആരെയും അനുവദിച്ചിരുന്നില്ല. ലേവി ഗോത്രത്തിനും അഹറോന്റെ തലമുറയ്ക്കുമായി പൗരോഹിത്യം നിജപ്പെടുത്തുന്നതിനു മുന്‍പ് ആര്‍ക്കും ബലിയര്‍പ്പിക്കാനുള്ള അവകാശമുണ്ടായിരുന്നു എന്നകാര്യം ബൈബിള്‍ പഠിക്കുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. ആബേലും കായേനും മാത്രമല്ല, നോഹ്, അബ്രാഹം, യിസഹാക്ക്, യാക്കോബ്, മെല്‍ക്കിസെദെക്ക് എന്നിവരുടെ ബലികളെക്കുറിച്ചു ബൈബിളില്‍ പ്രതിപാദ്യമുണ്ട്.
അഹറോനില്‍ ആരംഭിച്ച പൗരോഹിത്യം അവന്റെ തലമുറയില്‍നിന്നു വിളിക്കപ്പെട്ട പുരോഹിതരിലൂടെ തുടര്‍ന്നത് ക്രിസ്തുവിന്റെ ബലിവരെയാണ്! അതിനുശേഷം അഹറോന്റെ പുരോഹിത്യ വിധിപ്രകാരമുള്ള ബലിയര്‍പ്പണത്തിനു സാധുതയില്ല. എന്നാല്‍, ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവര്‍ ക്രൈസ്തവ സഭകളിലുമുണ്ട്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ കാത്തിരിക്കുന്നത് ജറുസലെമില്‍ ദൈവാലയം പണിത്, അവിടെ ബലിയര്‍പ്പണം പുനരാരംഭിക്കുന്ന ദിനമാണെങ്കില്‍, ചില പൗരസ്ത്യസഭകള്‍ ഇന്നും അഹറോന്റെ വേഷഭൂഷാദികള്‍ക്കൊണ്ട് വൈദീകരെ അലങ്കരിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നു. ഇരുകൂട്ടരും ഒന്നുപോലെ ഇരുട്ടില്‍ത്തപ്പുകയാണ്! ജറുസലെമില്‍ ഇനിയൊരു ദൈവാലയവും ബലിയര്‍പ്പണവും യാഹ്‌വെയുടെ ചിന്തയിലില്ല. എന്തെന്നാല്‍, എന്നേക്കുമുള്ള ഏകബലി യേഹ്ശുവാ അര്‍പ്പിച്ചു കഴിഞ്ഞതിനുശേഷം, കാളകളെയും ആടുകളെയും അര്‍പ്പിക്കുന്ന അപൂര്‍ണ്ണങ്ങളായ ബലികള്‍ക്കു സാധുതയില്ല. പ്രൊട്ടസ്റ്റന്റ് സമൂഹങ്ങള്‍ മനസ്സിലാക്കേണ്ടത് ഈ വസ്തുതയാണ്. അതുപോലെതന്നെ, ക്രിസ്ത്യാനികള്‍ എന്നനിലയില്‍ തങ്ങള്‍ അര്‍പ്പിക്കേണ്ടത് മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരം പുരോഹിതനായ യേഹ്ശുവാ അര്‍പ്പിച്ച ബലിയുടെ അനുസ്മരണ ബലിയാണെന്ന തിരിച്ചറിവാണ് പൗരസ്ത്യസഭകള്‍ മനസ്സിലാക്കേണ്ടത്. ആയതിനാല്‍, അഹറോനെ അനുകരിച്ചുകൊണ്ടുള്ള വേഷഭൂഷാദികളെ പ്രതിയുള്ള നിഷ്ഫലമായ വാശികളില്‍നിന്നു പൗരസ്ത്യസഭകള്‍ വിരമിക്കുക!
പൗരോഹിത്യം ഭരണം നടത്തുന്നില്ല!
പ്രവാചക കാലഘട്ടത്തില്‍ പുരോഹിതന്മാരുണ്ടായിരുന്നുവെങ്കിലും ഭരണം നടത്താനുള്ള അവകാശം അവര്‍ക്കില്ലായിരുന്നു. ദൈവജനത്തിനുവേണ്ടി യാഹ്‌വെയുടെ സന്നിധിയില്‍ ബലിയര്‍പ്പിക്കുവാനുള്ള ഉത്തരവാദിത്വമാണ് അവര്‍ വഹിച്ചിരുന്നത്. ഓരോ കാലഘട്ടങ്ങളിലും ജനത്തെ നയിക്കാനും ഭരിക്കാനുമായി ചിലരെ അവിടുന്ന് തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തു. മോശയുടെ കാലത്ത് ദൈവജനത്തെ നയിക്കാനുള്ള ജനനേതാവായി അവനെ ദൈവം ഉയര്‍ത്തി. പിന്നീട് യോഷ്വായും ജനനേതാവായി ഉയര്‍ത്തപ്പെട്ടു. അതിനുശേഷം ന്യായാധിപന്മാരെ അവിടുന്ന് നിയോഗിച്ചു. ന്യായാധിപന്മാര്‍ക്കുശേഷമാണ് ഇസ്രായേല്‍ജനത്തിനുവേണ്ടി രാജാക്കന്മാരെ അഭിഷേകം ചെയ്യാന്‍ യാഹ്‌വെ തയ്യാറായത്. ജനനേതാക്കള്‍, ന്യായാധിപന്മാര്‍, രാജാവ് എന്നെ പദവികളില്‍ ഒരിക്കല്‍പ്പോലും ലേവിഗോത്രത്തില്‍നിന്നുള്ള പുരോഹിതര്‍ അവരോധിക്കപ്പെട്ടിട്ടില്ല എന്ന സത്യവും നമ്മുടെ അറിവിലുണ്ടായിരിക്കണം.
ബലിപീഠ ശുശ്രൂഷയ്ക്കായി മാത്രം നിയുക്തരായ വ്യക്തികളാണ് പുരോഹിതര്‍! ദൈവജനത്തിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനോ വില്പന നടത്താനോ ഇവര്‍ക്ക് അവകാശമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആതുരാലയങ്ങളോ മറ്റിതര വ്യവസായങ്ങളോ നടത്താന്‍ പുരോഹിതര്‍ക്ക് അവകാശമില്ലെന്നു മാത്രമല്ല, അത് കുറ്റകരമായ വീഴ്ചയുമാണ്. എന്തെന്നാല്‍, ബലിപീഠ ശുശ്രൂഷകള്‍ക്കപ്പുറം ഇസ്രായേലിലെ ഒരുതരി മണ്ണിനുപോലും അവകാശമില്ലാത്തവരും, ദൈവജനത്തിന്റെ ദശാംശംകൊണ്ട് ഉപജീവനം കഴിക്കേണ്ടവരുമാണ് പുരോഹിതര്‍! മാത്രവുമല്ല, പ്രവാചകന്റെയോ ജനനേതാവിന്റെയോ മേല്‍ പുരോഹിതന് അധികാരം ദൈവം അനുവദിച്ചിട്ടുമില്ല. തന്റെ ജ്യേഷ്ഠസഹോദരനും പുരോഹിതനുമായ അഹറോനെക്കാള്‍ ഉന്നതമായ സ്ഥാനം മോശയ്ക്കുണ്ടായിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. അഹറോനെ അഭിഷേകം ചെയ്തതുപോലും മോശയായിരുന്നു. തന്റെ അഭാവത്തില്‍ അഹറോന്‍ ചെയ്ത തിന്മയെപ്രതി മോശ അവനെ ശാസിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ കഴിയും.
യാഹ്‌വെയില്‍നിന്നു കല്പനകള്‍ സ്വീകരിക്കേണ്ടതിന് മോശ സീനായ്‌മലയില്‍ നാല്പതു രാവും നാല്പതു പകലും ഭക്ഷണപാനിയങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതായി നമുക്കറിയാം. ഈ അവസരത്തില്‍ ഇസ്രായേല്‍ജനം അഹറോനെ സമീപിച്ച്, തങ്ങള്‍ക്ക് ആരാധിക്കാനായി കാളക്കുട്ടിയെ ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. അഹറോന്‍ അത് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. സീനായ്‌മലയില്‍നിന്നു തിരികെവന്ന മോശ ഇസ്രായേല്‍ ജനത്തോടും അഹറോനോടും പ്രതികരിച്ചത് എപ്രകാരമായിരുന്നുവെന്ന് ശ്രദ്ധിക്കുക: "അവന്റെ കോപം ആളിക്കത്തി. അവന്‍ കല്പലകകള്‍ വലിച്ചെറിഞ്ഞു, മലയുടെ അടിവാരത്തില്‍ വച്ച് അവ തകര്‍ത്തുകളഞ്ഞു. അവന്‍ കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചു പൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി ഇസ്രായേല്‍ ജനത്തെക്കൊണ്ടു കുടിപ്പിച്ചു. മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?"(പുറ: 32; 19-21). പുരോഹിതരെയും രാജാക്കന്മാരെയും ചോദ്യം ചെയ്യാനുള്ള അധികാരം പ്രവാചകന്മാര്‍ക്കുണ്ട്. ആദ്യത്തെ പുരോഹിതനായ അഹറോന്‍ ചെയ്ത പാപംതന്നെയാണ് ഇന്നത്തെ വൈദീകരും ചെയ്തുകൊണ്ടിരിക്കുന്നത്. ദൈവജനത്തിനു വിഗ്രഹങ്ങളെ നിര്‍മ്മിച്ചു നല്‍കി അവരെ കഠിന പാപികളാക്കി മാറ്റുന്നു! വിഷയത്തില്‍നിന്നു വഴിമാറുകയല്ല; മറിച്ച്, ആനുകാലിക അവസ്ഥകളുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന വചനം മുന്‍പില്‍ വന്നപ്പോള്‍, വായനക്കാരുടെ ശ്രദ്ധ അതിലേക്കു ക്ഷണിച്ചു എന്നുമാത്രം.
പ്രവാചകന്മാര്‍ക്ക് യാഹ്‌വെയുടെ സന്നിധിയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുണ്ടെന്ന് വെളിവാക്കുന്ന വചനം ശ്രദ്ധിക്കുക: "ദൈവമായ യാഹ്‌വെ തന്റെ ദാസരായ പ്രവാചകന്മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യില്ല. സിംഹം ഗര്‍ജ്ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ യാഹ്‌വെ സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും?"(ആമോസ്: 3; 7, 8). പുരോഹിതന്മാരെയും രാജാക്കന്മാരെയും യാഹ്‌വെയുടെ ശാസന അറിയിക്കാന്‍ നിയുക്തരായ ദൈവപുരുഷന്മാരാണ് പ്രവാചകന്മാര്‍! അതിനാല്‍ത്തന്നെ, പ്രവാചകന്മാര്‍ അവരെ ശാസിക്കും. രാജാക്കന്മാരെയും പുരോഹിതന്മാരെയും വിമര്‍ശിക്കാനും താക്കീതു ചെയ്യുവാനുമുള്ള അധികാരം കയ്യാളുന്നവരാണ് പ്രവാചകന്മാര്‍ എന്നതിന് അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. ഒരു ഉദാഹരണംകൂടി ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുന്നു.
അമസിയാ എന്ന പുരോഹിതനും ആമോസ് പ്രവാചകനുമായി നടന്ന വാഗ്വാദങ്ങള്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. ആ സന്ദര്‍ഭവും വാഗ്വാദവും ശ്രദ്ധിക്കുക: "അപ്പോള്‍ ബഥേലിലെ പുരോഹിതനായ അമസിയാ ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ ഇസ്രായേല്‍ ഭവനത്തിന്റെ മദ്ധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകള്‍ പൊറുക്കാന്‍ നാടിനു കഴിയുന്നില്ല. കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേല്‍ സ്വന്തം നാട്ടില്‍നിന്ന് പ്രവാസത്തിലേക്കു പോകും എന്ന് ആമോസ് പറയുന്നു. അമസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക. ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്. രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ രാജധാനിയുമാണ്. ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് യാഹ്‌വെ അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലില്‍ ചെന്ന് പ്രവചിക്കുക. അതിനാല്‍, ഇപ്പോള്‍ യാഹ്‌വെയുടെ വാക്കു കേള്‍ക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും യിസഹാക്കിന്റെ ഭാവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു. അതിനാല്‍, യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്റെ പുത്രന്മാരും പുത്രികളും വാളിനിരയാകും, നിന്റെ ഭൂമി അളന്നു പങ്കിടും. അശുദ്ധദേശത്തു കിടന്നു നീ മരിക്കും. ഇസ്രായേല്‍ തീര്‍ച്ചയായും സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകും"(ആമോസ്: 7; 10-17).
ഇസ്രായേലിലെ പുരോഹിതനോട് പ്രവാചകന്‍ പറഞ്ഞ ശാപവാക്കുകളാണ് നാമിവിടെ വായിച്ചത്. തെറ്റുകള്‍ക്കെതിരേ മുഖംനോക്കാതെ ദൈവത്തിന്റെ ശാസന അറിയിക്കാന്‍ നിയുക്തനായ വ്യക്തിയാണ് പ്രവാചകന്‍! രാജാവെന്നോ പുരോഹിതനെന്നോ പരിഗണന നല്‍കി, ദൈവത്തിന്റെ ശാസനകളെ മയപ്പെടുത്താന്‍ പ്രവാചകന്‍ ശ്രമിച്ചാല്‍ അവനെ പ്രവാചകനായി ആരും പരിഗണിക്കേണ്ടതില്ല. സ്നാപകയോഹന്നാന്‍ വരെയുള്ള പ്രവാചകന്മാരില്‍ ആരും തിന്മയ്ക്കെതിരേ ശബ്ദമുയര്‍ത്തിയപ്പോള്‍ തങ്ങളുടെ സ്വരം മൃദുലമാക്കിയില്ല. ക്രിസ്തുവില്‍നിന്നു പ്രവാചകത്വത്തിന്റെ ആത്മാവിനെ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ ഇന്നും നമുക്കിടയിലുണ്ട്. വൈദീകര്‍ക്കും ഭരണാധികരികള്‍ക്കും നേരേ ഇവരുടെ ശബ്ദം കനക്കുമ്പോള്‍, തങ്ങള്‍ അഭിഷിക്തരാണെന്നും, തങ്ങളെ തൊട്ടുപോകരുതെന്നും ആക്രോശിച്ചിട്ടു കാര്യമില്ല! വചനവിരുദ്ധമായ പ്രവര്‍ത്തികളുമായി മുന്നോട്ടുപോകുന്ന ഒരുവന്റെമേലും അവിടുത്തെ അഭിഷേകം നിലനില്‍ക്കുന്നില്ല. സാവൂളിനെപ്പോലെ പരിത്യക്തരായ ഇവര്‍ കരുതുന്നത് ഇപ്പോഴും തങ്ങളുടെമേല്‍ അഭിഷേകം നിലനില്‍ക്കുന്നുവെന്നാണ്!
പ്രവാചകകാലഘട്ടത്തില്‍ നല്‍കിയിട്ടുള്ള വചനങ്ങളില്‍ തങ്ങള്‍ക്കു താത്പര്യമുള്ളവ മാത്രം അംഗീകരിക്കുന്ന വൈദീകസമൂഹമാണ് ഇന്നുള്ളത്. വിജാതിയതയുമായി ബന്ധപ്പെട്ട വചനങ്ങളും പുരോഹിതര്‍ക്കെതിരേയുള്ള പ്രവചനങ്ങളും അപ്പാടെ തള്ളിക്കളഞ്ഞ സമൂഹമാണ്, എന്റെ അഭിഷിക്തരെ തൊട്ടുപോകരുതെന്ന വചനത്തെ ഉപയോഗിച്ച് തങ്ങളുടെ സ്വേച്ഛാധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. അഭിഷിക്തര്‍ ആരാണെന്ന തിരിച്ചറിവു പ്രാപിക്കാത്ത ക്രിസ്ത്യാനികളെ അടിമകളാക്കി ഇവര്‍ ഭരണം നടത്തുന്നു. ഒരേസമയം പ്രവാചകനും പുരോഹിതനും രാജാവുമായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഇവരുടെ ചെയ്തികള്‍ക്കിരയായി വിശ്വാസംപോലും നഷ്ടപ്പെട്ടവര്‍ അനേകരാണ്! അധികാരത്തിന്റെ മുഷ്ടിപ്രയോഗത്തില്‍ മനംനൊന്തവരില്‍ പലരും മറ്റു സഭകളില്‍ ചേക്കേറിയെന്നതും നാം കാണാതെപോകരുത്.
ക്രിസ്ത്യാനികളെല്ലാം അഭിഷിക്തര്‍!
ഒരുവന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയാണെങ്കില്‍ അവന്‍ അഭിഷിക്തനുമാണ്! ഇതു സ്ഥിരീകരിക്കുന്ന അനേകം വചനങ്ങളില്‍ ഒന്നാണ് നാം മുന്‍പു വായിച്ചത്. ഒരിക്കല്‍ക്കൂടി ആ വെളിപ്പെടുത്തല്‍ ഇവിടെ കുറിക്കാം. ഇതാണ് ആ വെളിപ്പെടുത്തല്‍: "ക്രിസ്തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാക്കാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍"(1 യോഹ: 2; 27). അപ്പസ്തോലനായ യോഹന്നാന്‍ ക്രൈസ്തവസഭകള്‍ക്ക് എഴുതിയ കത്തില്‍നിന്നുള്ള ഭാഗമാണിത്. അങ്ങനെയെങ്കില്‍, ക്രൈസ്തവരെല്ലാം അഭിഷിക്തരാണെന്ന പ്രഖ്യാപനമാണ് അപ്പസ്തോലന്‍ നടത്തിയിരിക്കുന്നത് എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? മനോവയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ക്രൈസ്തവര്‍ അഭിഷിക്തരാണെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ ഇനിയുമുണ്ട്. പ്രവാചകകാലഘട്ടത്തില്‍ ഏതെല്ലാം പദവികള്‍ വഹിക്കുന്നവരെയാണ് അഭിഷിക്തരായി പരിഗണിച്ചിരുന്നതെന്നു നാം കണ്ടു. പ്രവാചകനും രാജാവും പുരോഹിതനുമാണ് പ്രത്യേകമായ അഭിഷേകം ലഭിച്ചിട്ടുള്ള അഭിഷിക്തര്‍ എന്നു മനസ്സിലാക്കിയതോടൊപ്പം, ഇസ്രായേല്‍ ജനം ഒന്നടങ്കം പൊതുവായ അഭിഷേകം സ്വീകരിച്ച അഭിഷിക്തരായിരുന്നുവെന്നും നാം മനസ്സിലാക്കി. എന്നാല്‍, ഇസ്രായേലിന്റെ പൂര്‍ണ്ണതയും ആധുനിക ഇസ്രായേലുമായ ക്രൈസ്തവ സമൂഹത്തിനുമേല്‍ രാജത്വവും പൗരോഹിത്യവും ക്രിസ്തുവിന്റെ നാമത്തില്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). ഇതു പ്രഖ്യാപിച്ചിരിക്കുന്നത് സഭയുടെ ആദ്യത്തെ അദ്ധ്യക്ഷനായ പത്രോസാണ്. ഒരു സമൂഹത്തിന് രാജകീയപുരോഹിതഗണം ആകണമെങ്കില്‍, രാജാവിന്റെയും പുരോഹിതന്റെയും അഭിഷേകം സ്വീകരിക്കണം. സ്ഥൈര്യലേപനത്തിലൂടെ (ആത്മാവില്‍ വീണ്ടുംജനനം) ക്രിസ്ത്യാനികള്‍ ഈ അഭിഷേകം പ്രാപിക്കുന്നു!
ഒരുവന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നത് ആത്മാവില്‍ അഭിഷേകം പ്രാപിക്കലാണ്. അതുകൊണ്ടാണ്, ആത്മാവില്‍ വീണ്ടുംജനിക്കുന്ന ഒരു വ്യക്തി അഭിഷിക്തനാണെന്നു പറയുന്നത്. ആരെല്ലാമാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതെന്നും, ആത്മാവിനെ സ്വീകരിക്കുന്ന ഒരുവനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പ്രഖ്യാപനം ശ്രദ്ധിക്കുക: "അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും. എന്റെ ദാസന്മാരുടെയും ദാസികളുടെയും മേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍: 2; 17, 18). പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന ഏവരും പ്രവാചകത്വത്തിന്റെ ആത്മാവിനെ സീകരിക്കുന്നു എന്ന സത്യത്തിന്റെ സ്ഥിരീകരണം ഈ വെളിപ്പെടുത്തലിലുണ്ട്. ജോയേല്‍ പ്രവാചകനിലൂടെ യാഹ്‌വെ നടത്തിയ പ്രവചനത്തെക്കുറിച്ചാണ് പത്രോസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. യാഹ്‌വെയുടെ ഏതൊരു പ്രവാചകനും അഭിഷിക്തനാണ് എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട!
ക്രിസ്തുവില്‍ ഏതെല്ലാം അഭിഷേകങ്ങള്‍ ഉണ്ടായിരുന്നുവോ അവയെല്ലാം പ്രാപിച്ചിരിക്കുന്ന വ്യക്തികളാണ് ഓരോ ക്രിസ്ത്യാനികളും. ക്രിസ്തുവില്‍ ഉണ്ടായിരുന്നത് നാലു വ്യത്യസ്തങ്ങളായ അഭിഷേകങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതു പ്രവാചകത്വം, പൗരോഹിത്യം, രാജത്വം, പുത്രത്വം എന്നിവയാണ്. ക്രിസ്തുവിലുള്ള ദൈവപുത്രത്വമാണ് അവനില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തികള്‍ക്കും സൗജന്യമായി ലഭിക്കുന്നത്. ഈ വചനം നോക്കുക: "കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല"(1 യോഹ: 3; 1). ജന്മനാ ഒരുവനു ലഭിക്കുന്ന അഭിഷേകമല്ല ദൈവപുത്രത്വം; മറിച്ച്, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ കൈവരിക്കുന്ന അഭിഷേകമാണ്! ഈ സത്യത്തെ സ്ഥിരീകരിക്കുന്ന വചനം ശ്രദ്ധിക്കുക: “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ 1: 12).
യേഹ്ശുവാ ഈ ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്നു വര്‍ഷക്കാലം പരിപൂര്‍ണ്ണമായും മനുഷ്യപുത്രനായിരുന്നെങ്കിലും, മരിച്ചുയിര്‍ത്ത അവിടുന്ന് പരിപൂര്‍ണ്ണ ദൈവംകൂടിയാണ്. ആയതിനാല്‍, അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവിടുന്ന് അയച്ച സഹായകനായ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഏവര്‍ക്കും ദൈവപുത്രസ്ഥാനം അഭിഷേകമായി ലഭിക്കുന്നു. യേഹ്ശുവായെ സ്വീകരിച്ചവര്‍ക്കും അവിടുത്തെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കും മാത്രമാണ് ഈ സൗഭാഗ്യം ലഭിക്കുന്നത്. ഈ അഭിഷേകം സ്വീകരിക്കാനുള്ള മറ്റൊരു യോഗ്യത, യേഹ്ശുവായിലൂടെയല്ലാതെ മറ്റൊരുവനിലൂടെയും രക്ഷയില്ലെന്ന സത്യത്തെ മുറുകെപ്പിടിക്കുക എന്നതാണ്! അതായത്, തങ്ങളാണ് അഭിഷിക്തര്‍ എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന പലരും അഭിഷിക്തരല്ലെന്നു സാരം!
യേഹ്ശുവായില്‍ ഉണ്ടായിരുന്ന രാജത്വത്തിന്റെ അഭിഷേകത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തില്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല"(ലൂക്കാ: 1; 30-33). ദാവീദിന്റെ സിംഹാസനത്തില്‍ എന്നേക്കും ഭരണം നടത്തുന്ന രാജത്വത്തിന്റെ അഭിഷേകവും ദൈവപുത്രത്വത്തിന്റെ അഭിഷേകവും ഈ വചനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. പ്രവാചകത്വത്തിന്റെ അഭിഷേകത്തെ സംബന്ധിച്ച് മോശയുടെ പ്രവചനം നാം കണ്ടതാണ്. അതുപോലെതന്നെ, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനായ യേഹ്ശുവാ, ലേവിഗോത്രത്തിനു മാത്രമായിരുന്ന പൗരോഹിത്യത്തെ സര്‍വ്വഗോത്രങ്ങള്‍ക്കുമായി നല്‍കി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന് അവനെക്കുറിച്ചു സാക്ഷ്യമുണ്ട്"(ഹെബ്രാ: 7; 17).
യേഹ്ശുവായിലുള്ള നാല് അഭിഷേകങ്ങളും നാം കണ്ടുകഴിഞ്ഞു. യേഹ്ശുവായില്‍ വിശ്വസിച്ച്, അവിടുത്തെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഏതൊരുവനിലേക്കും പകരപ്പെടുന്നതാണ് ഈ നാല് അഭിഷേകങ്ങള്‍! അതുകൊണ്ടാണ്, ക്രൈസ്തവരായ നാമോരോരുത്തരും രാജകീയപുരോഹിതഗണത്തിന്റെ ഭാഗമാണെന്ന് പത്രോസ് വ്യക്തമാക്കിയത്. ആയതിനാല്‍, വൈദീകപട്ടം മാത്രമാണ് അഭിഷേകം എന്ന അബദ്ധചിന്തയില്‍നിന്നു വിടുതല്‍ പ്രാപിക്കാന്‍ നാമോരോരുത്തരും തയ്യാറാകണം. പ്രഥമവും പ്രധാനവുമായ ജ്ഞാനസ്നാനം എന്ന കൂദാശയാണ് എല്ലാ കൂദാശകളിലേക്കുമുള്ള പ്രവേശന കവാടം! അതിനാല്‍ത്തന്നെ, മറ്റു കൂദാശകളില്‍നിന്ന് ഒരുപടി ഉയരത്തില്‍ത്തന്നെയാണ് ജ്ഞാനസ്നാനം എന്ന കൂദാശ! ക്രൈസ്തവരായ നാമെല്ലാവരും അഭിഷിക്തരാണെന്നു വ്യക്തമാക്കുന്ന ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങള്‍ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍നിന്നല്ലാത്തതുകൊണ്ടുമാണ്"(1 യോഹ: 2; 20, 21). ഇത് അപ്പസ്തോലനായ യോഹന്നാന്‍ വൈദീകരോടു മാത്രമായി അറിയിച്ചതല്ല; മറിച്ച്, സഭയിലെ മുഴുവന്‍ ദൈവമക്കളോടുമായി അറിയിച്ച സത്യമാണ്!
ഉപസംഹാരം!
യേഹ്ശുവാ ഏകരക്ഷകനാണെന്നു വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന വൈദീകര്‍ അഭിഷിക്തരാണ് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതുപോലെതന്നെ, യേഹ്ശുവായില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിച്ച സകലരും അഭിഷിക്തരാണെന്ന് വൈദീകര്‍ സമ്മതിക്കുകയും വേണം. എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവവും ചെയ്യരുത് എന്ന് ആജ്ഞാപിച്ചത് യാഹ്‌വെയാണ്. ഇസ്രായേല്‍ ജനത്തെ സംബന്ധിച്ചായിരുന്നു ഇതെന്നു നാം മനസ്സിലാക്കി. എന്നാല്‍, അവിടുത്തെ യഥാര്‍ത്ഥ അഭിഷിക്തനായ യേഹ്ശുവായെ സംബന്ധിച്ചുള്ള പ്രവചനമായിരുന്നു അത് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. എല്ലാ അഭിഷേകവും പൂര്‍ണ്ണതയോടെ വഹിച്ചിരുന്ന യേഹ്ശുവായിലൂടെയാണ് അവിടുത്തെ അനുയായികള്‍ അഭിഷേകം പ്രാപിച്ചിരിക്കുന്നത്. അവരെ തൊട്ടവരാരും പ്രഹരിക്കപ്പെടാതിരുന്നിട്ടില്ല. ആയതിനാല്‍, അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ എന്റെ കണ്മണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും"(സഖറിയാ: 2; 8). ആയതിനാല്‍, അവിടുത്തെ അഭിഷിക്തരെ തൊട്ടുപോകരുത്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-