കേള്‍വിക്ക് ഇമ്പമുള്ള അനേകം ഗാനങ്ങള്‍ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പാടാറുണ്ട്. വചനവുമായോ സത്യവുമായോ യാതൊരു ബന്ധവുമില്ലാത്ത പാട്ടുകളും ഇക്കൂട്ടത്തിലുണ്ട് എന്നകാര്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. സാധാരണഗതിയില്‍ ഒരു പ്രാര്‍ത്ഥനയോ പാട്ടോ തിരഞ്ഞെടുക്കുമ്പോള്‍, സഭാനേതൃത്വം അതു പരിശോധിക്കുകയും ഉചിതമെങ്കില്‍ അംഗീകരിക്കുകയുമായിരുന്നു പതിവ്. ഒരുപക്ഷെ, ഇത്തരത്തിലുള്ള പരിശോധനകളിലൂടെ ആയിരിക്കാം ഇന്നത്തെ പാട്ടുകള്‍ സഭയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇന്നു പള്ളികളില്‍ പാടുന്ന പാട്ടുകളില്‍ പലതും അബദ്ധജടിലങ്ങളാണ് എന്ന വസ്തുത പറയാതെ വയ്യാ! ഈ തെറ്റുകള്‍ ചെറുപ്പംമുതല്‍ കേട്ടുപഠിക്കുന്ന പുതിയ തലമുറ ആശയക്കുഴപ്പത്തില്‍ അകപ്പെടും എന്നകാര്യത്തില്‍ തര്‍ക്കമില്ല! ബൈബിളിലെ സത്യങ്ങള്‍ക്കു നേര്‍വിപരീതമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ചില ഗാനങ്ങളെ വിശകലനം ചെയ്യുകയാണ് നാം ഈ ലേഖനത്തിലൂടെ.
ഈ അടുത്തനാളുകളില്‍ ഒരു യുവാവ് മനോവയോടു പങ്കുവച്ച ചില സംശയങ്ങളാണ് ഇത്തരത്തില്‍ ഒരു ഉദ്യമത്തിനു പ്രേരണയായത്. ചെറുപ്പംമുതല്‍ നാം കേട്ടിട്ടുള്ള 'മനോഹരമായ' ഒരു ഗാനമാണ്, 'നട്ടുച്ചനേരത്ത് കിണറിന്റെ തീരത്ത് വെള്ളത്തിനായി....' എന്നു തുടങ്ങുന്ന ഗാനം. യഥാര്‍ത്ഥത്തില്‍ അത് നട്ടുച്ചയ്ക്കായിരുന്നോ എന്നതാണ് ഈ യുവാവിന്റെ സംശയം! അനേകം തവണ കേട്ടിട്ടുള്ള ഈ ഗാനത്തെക്കുറിച്ച് ഇത്തരത്തിലൊരു സംശയം അന്നുവരെ ഉണ്ടായിരുന്നില്ല. ശ്രദ്ധിച്ചില്ല എന്നതാണു യാഥാര്‍ത്ഥ്യം!
സമരിയാക്കാരിയുമായി യേഹ്ശുവാ സംഭാഷണത്തിലേര്‍പ്പെട്ടത് യഥാര്‍ത്ഥത്തില്‍ നട്ടുച്ചയ്ക്കായിരുന്നില്ല; മറിച്ച്, പുലര്‍ച്ചയ്ക്ക് ഏകദേശം ആറുമണിക്കായിരുന്നു. പിന്നെ എങ്ങനെയാണ് കവിയ്ക്ക് ഇത് നട്ടുച്ചയായത്? ബൈബിള്‍ വ്യക്തമായി പഠിക്കാത്ത ഏതൊരുവനും സംഭവിക്കാവുന്ന പിഴവാണിത്. നിസ്സാരമെന്നു തോന്നുന്ന പിഴവുകള്‍ അനേകര്‍ക്ക് ഇടര്‍ച്ചവരുത്തും എന്നതാണ് ഇവിടെ സംഭവിക്കുന്ന ദുരന്തം! കാരണം, ആയിരം പ്രഭാഷണങ്ങളെക്കാള്‍ മനുഷ്യനെ സ്വാധീനിക്കാനുള്ള കഴിവ് ഒരു ഗാനത്തിനുണ്ട്. ഒരിക്കല്‍ കേള്‍ക്കുന്ന ഗാനങ്ങള്‍പ്പോലും ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉതകുന്ന വിധത്തിലുള്ള 'ട്യൂണുകള്‍' സംഗീതത്തിലുണ്ടെന്നു നമുക്കറിയാം. ഇക്കാരണത്താല്‍ത്തന്നെയാണ് ആദ്യകാലങ്ങളില്‍ കാവ്യരൂപത്തില്‍ പുസ്തകങ്ങള്‍ രചിച്ചിരുന്നത്. പല വിശുദ്ധരുടെയും ചരിത്രങ്ങള്‍ ഗാനരൂപത്തില്‍ പൂര്‍ണ്ണമായും അവതരിപ്പിക്കുന്നവര്‍ ഒരു തലമുറ മുന്‍പുവരെ ജീവിച്ചിരുന്നു. പുസ്തകങ്ങള്‍ സുലഭമല്ലാതിരുന്ന കാലത്ത് വള്ളിപുള്ളി വ്യത്യാസമില്ലാതെ തലമുറകളിലേക്കു ചരിത്രം പകര്‍ന്നിരുന്നത് ഇപ്രകാരമായിരുന്നു! ഒരു വാക്കുപോലും ഘടന മാറാതെ ബൈബിള്‍ വാക്യം പറയാന്‍ ബുദ്ധിമുട്ടുന്നവര്‍, ആ വചനം കാവ്യരൂപത്തിലാക്കി പരീക്ഷിച്ചാല്‍ ഇതിലെ യാഥാര്‍ത്ഥ്യം മനസ്സിലാകും!
ഗദ്യരൂപത്തിലുള്ളതിനേക്കാള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനും മനഃപാഠമാക്കുവാനും സാധിക്കുന്നത് പദ്യരൂപത്തിലുള്ളവയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഇതിന്റെ ശാസ്ത്രീയ വിശകലനമല്ല ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത് എന്നതിനാല്‍, അതിനു തുനിയുന്നില്ല!
സമരിയാക്കാരി സ്ത്രീ വെള്ളമെടുക്കാന്‍ വന്നത് നട്ടുച്ചയ്ക്കോ രാവിലെയോ എന്നകാര്യം പരിശോധിക്കണമെങ്കില്‍, ബൈബിളിലെ മറ്റു ചില സംഭവങ്ങളും ചരിത്രവും ചര്‍ച്ചചെയ്യണം. അതിനാല്‍, ഈ വിഷയം അവസാനം പരിഗണിച്ചുകൊണ്ട് മറ്റുചില ആഭാസഗാനങ്ങള്‍ വിമര്‍ശന വിഷയമാക്കാം. ഇന്ന് ആത്മീയഗാനങ്ങള്‍ എന്നപേരില്‍ പുറത്തിറങ്ങുന്ന ഗാനങ്ങളില്‍ മിക്കതും നിരര്‍ത്ഥകവും സത്യവിരുദ്ധവുമൊക്കെയാണ്. യേഹ്ശുവായുടെയോ കന്യകാമറിയത്തിന്റെയോ പേരുണ്ടെങ്കില്‍ ആ ഗാനം ആത്മീയമാണെന്നു കരുതന്നവരും കുറവല്ല. ആത്മീയഗാന രംഗവും വാണീജ്യവാത്ക്കരിക്കപ്പെട്ടപ്പോള്‍, വാചകകസര്‍ത്തുകള്‍ ആത്മീയതയുടെപേരില്‍ വിറ്റഴിയുന്നുവന്നതാണ് യാഥാര്‍ത്ഥ്യം! കച്ചവടം മുന്നില്‍ക്കണ്ട് വിജാതിയരും ക്രിസ്തീയ ഭക്തിഗാന രംഗത്തേക്കു കടന്നുവന്നപ്പോള്‍, തന്ത്രപൂര്‍വ്വം ദൈവനിഷേധവും പാട്ടുകളായി ക്രൈസ്തവ ഭവനങ്ങളില്‍ സ്ഥാനംപിടിച്ചു! യേശുദേവനും ശ്രീയേശുവുമൊക്കെ ക്രൈസ്തവരുടെ അധരങ്ങളില്‍ തത്തിക്കളിച്ചത് ഇങ്ങനെയാണ്. സാത്താന്റെ കൗശലം തിരിച്ചറിയാതെ ദൈവാലയങ്ങളിലെ പ്രാര്‍ത്ഥനാഗാനങ്ങളായി ഇവ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബലിയര്‍പ്പണ വേളകളിലെ പരമപ്രധാനമായ ഭാഗങ്ങള്‍പ്പോലും അര്‍ത്ഥശൂന്യമായ ഗാനങ്ങള്‍ കീഴടക്കിയത് ഗൗരവമായി കണ്ടേ മതിയാകു! ശ്രീയേശുവും യേശുദേവനും നമ്മുടെ രക്ഷകനായ യേഹ്ശുവാ അല്ല എന്നു വ്യക്തമാക്കുന്ന ലേഖനം മുന്‍പുതന്നെ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായിച്ചിട്ടില്ലാത്തവര്‍ 'ശ്രീയേശുവും യേശുദേവനും' എന്ന ലേഖനം വായിക്കുക!
എല്ലാറ്റിനെയും നിസംഗതയോടെ സമീപിക്കുന്നവരും വിശുദ്ധകര്‍മ്മങ്ങള്‍ വെറും ആചാരങ്ങള്‍ മാത്രമായി കാണുന്ന പുത്തന്‍ സംസ്കാരത്തിന്റെ വക്താക്കളുമാണ് ഈ ദുരന്തങ്ങളെ വിശുദ്ധസ്ഥലത്ത് പ്രതിഷ്ഠിക്കുന്നത്! ഇത്തരത്തിലുള്ള ചില ഗാനങ്ങളും അവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും നമുക്ക് പരിശോധിക്കാം.
കത്തോലിക്കാ ദൈവാലയങ്ങളില്‍ ബലിയര്‍പ്പണത്തിനുശേഷം പരിശുദ്ധ കന്യകാമറിയത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ആലപിക്കാറുണ്ട്. എല്ലാ പള്ളികളിലും ഈ പതിവുണ്ടോയെന്നു മനോവ അന്വേഷിച്ചിട്ടില്ല. എങ്കിലും, മിക്ക പള്ളികളിലും ഇങ്ങനെയൊരു പതിവുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പരിശുദ്ധകുര്‍ബാന സ്വീകരിക്കുന്ന വ്യക്തിയില്‍ കടന്നുവരുന്നത് പരിശുദ്ധാത്മാവ് ആയതിനാല്‍, മറിയത്തെ പ്രകീര്‍ത്തിക്കുന്നത് സ്വാഭാവികമാണ്! കാരണം, പരിശുദ്ധാത്മാവില്‍ നിറഞ്ഞപ്പോള്‍ എലിസബത്തും മറിയത്തെ പ്രകീര്‍ത്തിച്ചതായി ബൈബിളില്‍ വായിക്കാന്‍ സാധിക്കും: "എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ രക്ഷകന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. യാഹ്‌വെ അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി"(ലൂക്കാ: 1; 41-45). പരിശുദ്ധാത്മാവിനെ സ്വീകരിച്ച വ്യക്തികള്‍ ഇപ്രകാരം മറിയത്തെ പ്രകീര്‍ത്തിക്കുന്നത് തികച്ചും ഉചിതമാണ്! എന്നാല്‍, പരിശുദ്ധാത്മാവിന്റെ പേരില്‍ സഭയുണ്ടാക്കുകയും അതില്‍നിന്നുകൊണ്ട് മറിയത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നവരുടെ ആത്മാവ് ഏതാണെന്നു തിരിച്ചറിയണം.
ദൈവാലയത്തില്‍ നാം സ്വീകരിക്കുന്ന പരിശുദ്ധകുര്‍ബാനയില്‍ ത്രിത്വൈക ദൈവമാണു വസിക്കുന്നത്. അതുകൊണ്ടുതന്നെ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഒരുവനില്‍ ദൈവാത്മാവ് വന്നു വസിക്കുന്നു. ഇത് ഒരുക്കത്തോടെയുള്ള സ്വീകരണമല്ലെങ്കില്‍ ആത്മാവിനുപകരം ശിക്ഷാവിധിയായിരിക്കും ലഭിക്കുക! അതുകൊണ്ട്, ആത്മശോധനയോടെയാണ് ഓരോ ദിവ്യകാരുണ്യ സ്വീകരണവും നാം നടത്തുന്നത്. ഈ ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം പുരോഹിതന്റെ ആശിര്‍വാദം സ്വീകരിക്കുന്നു. പിന്നീടാണ് പരിശുദ്ധ അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനാലാപനം! ഇത്രയും കാര്യങ്ങളെ മനോവ പരിപൂര്‍ണ്ണമായി അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യും! എന്നാല്‍, ഇവിടെ തിരഞ്ഞെടുക്കുന്ന ചില മരിയന്‍ഗാനങ്ങള്‍ മനോവയ്ക്കോ ദൈവത്തിനുതന്നെയോ അംഗീകരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല! ദിവ്യബലിയുടെ സമാപനത്തില്‍ ആലപിക്കാറുള്ള ഒരു മരിയന്‍ഗീതം നോക്കുക: 'നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപ്പെടട്ടെ... നന്മനിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗൃഹമാകട്ടെ....' എന്ന വരികളില്‍ തുടങ്ങുന്ന ഗാനം കേള്‍ക്കാത്ത ഒരു ക്രിസ്ത്യാനിയും കേരളത്തിലുണ്ടാകാന്‍ സാധ്യതയില്ല. വളരെ പഴക്കമുള്ളതും മനോഹരവുമായ ഒരു ഗാനമാണിത്. ഈ ഗാനത്തെക്കുറിച്ച് നന്മയല്ലാതെ മറ്റൊന്നും പറയാന്‍ മനോവയെ നയിക്കുന്ന പരിശുദ്ധാത്മാവ് അനുവദിക്കുന്നുമില്ല!
എന്നാല്‍, ഇവിടുത്തെ പ്രശ്നം മറ്റൊന്നാണ്. ഈ ഗാനത്തിലെ ചില വരികള്‍ കുര്‍ബാന സ്വീകരണത്തിനുശേഷം ആലപിക്കുന്നത് അനുചിതമാണ് എന്നതാകുന്നു ഈ ഗാനാലാപനത്തിലെ കല്ലുകടി! ആ വരികള്‍ക്കൂടി ശ്രദ്ധിച്ചതിനുശേഷം മനോവയുടെ വിമര്‍ശനത്തിനു സാധുതയുണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കുക. ഇതാണ് ആ വരികള്‍: 'കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചില്‍പ്പുറങ്ങളിലൂടെ, അന്തിക്കിടയനെ കാണാതലഞ്ഞിടും ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍....' ഇവിടെ എന്തെങ്കിലും കല്ലുകടി അനുഭവപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍, ചെറിയൊരു വിവരണം നല്‍കാം. പരിശുദ്ധ കുര്‍ബാനയില്‍ വസിക്കുന്ന യേഹ്ശുവാ ഇടയനാണെന്ന് ക്രിസ്ത്യാനികള്‍ക്കെല്ലാം അറിവുള്ളതാണ്. ഈ വിശ്വാസമുള്ളവരാണ് ദിവ്യകാരുണ്യം സ്വീകരിക്കുന്നതെന്നും നമുക്കറിയാം. അങ്ങനെയെങ്കില്‍, ഇടയനെ അറിയാതെ അലഞ്ഞുതിരിയുന്ന ആടുകളാണോ അല്പംമുന്‍പ് ദിവ്യകാരുണ്യം സ്വീകരിച്ചവര്‍? ദിവ്യകാരുണ്യത്തില്‍ യേഹ്ശുവാ വസിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവര്‍ ഈ ഗാനം പാടുന്നത് ഉചിതമാണോ? ഇടയനെ അറിയാതിരിക്കുകയും ഇടയന്റെ അമ്മയെ അറിയുകയും ചെയ്യുന്നവര്‍ ഇടയന്റെ ശരീരം ഭക്ഷിച്ചത് എന്തു യോഗ്യതയാലാണ്? ഇടയനെ കണ്ടെത്താത്ത ആടുകള്‍ പാടേണ്ട ഗാനം ദൈവമക്കള്‍ പാടുന്നത് ദൈവത്തിനു സ്വീകാര്യമാണെന്നു മനോവ കരുതുന്നില്ല!
താളക്കൊഴുപ്പില്‍ അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍!
ഇമ്പമുള്ള താളങ്ങളുടെ അകമ്പടിയോടെ സ്ഥാനത്തും അസ്ഥാനത്തും വാരിവിതറിയ അക്ഷരങ്ങളാണ് ഇന്നു പല ഭക്തിഗാനങ്ങളിലുമുള്ളത്. 'ക ഖ ഗ ഘ ങ' എന്നു താളത്തില്‍ പാടിയാല്‍ പാട്ടാകുന്ന ഇന്നത്തെ സംഗീതാഭാസത്തിന്റെ സ്വാധീനം ക്രൈസ്തവ ഭക്തിഗാനങ്ങളിലും കാണാം! അര്‍ത്ഥശൂന്യമോ വിപരീതാര്‍ത്ഥം ഉള്‍ക്കൊള്ളുന്നതോ ആയ ഗാനങ്ങള്‍ കീര്‍ത്തനങ്ങളായി ആലപിക്കുമ്പോള്‍ കീര്‍ത്തിക്കുപകരം അപകീര്‍ത്തിയാകും അര്‍പ്പിക്കപ്പെടുക! അതുവഴി ദൈവജനത്തെക്കൊണ്ട് ദൈവദൂഷണം പറയിക്കുകയെന്ന സാത്താന്റെ പദ്ധതിയാണ് വിജയം വരിക്കുന്നത്!
പാട്ടുകള്‍ നല്ലതാണെന്നു കരുതി സ്ഥാനത്തും അസ്ഥാനത്തും പാടിയാല്‍, കല്യാണവീട്ടില്‍ ചരമഗീതം പാടുന്നതുപോലെ അപഹാസ്യമാകും! ഈ വിശകലനം ഇവിടെ ഉപസംഹരിച്ചുകൊണ്ട് സമരിയാക്കാരിയുടെ അരികിലേക്കു തിരികെപ്പോകാം.
ഇസ്രായേല്‍ സ്ത്രീകള്‍ നട്ടുച്ചയ്ക്ക് കിണറ്റിന്‍കരയിലോ?!
ഇസ്രായേലിലെ സ്ത്രീകള്‍ സാധാരണഗതിയില്‍ വെള്ളമെടുക്കാന്‍ കിണറിന്‍കരയില്‍ വരുന്നത് രാവിലെയും വൈകിട്ടുമാണ്. ഇതൊരു കല്പനയായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇത്തരത്തില്‍ സൂചനനല്‍കുന്ന സംഭവങ്ങള്‍ വായിക്കാന്‍ കഴിയും. അബ്രാഹത്തിന്റെ വാഗ്ദത്ത സന്തതിയായ ഇസഹാക്കിനു ഭാര്യയെ കണ്ടെത്താന്‍, തന്റെ ഭൃത്യനെ അയക്കുന്ന സംഭവം ബൈബിളിലുണ്ട്. അബ്രാഹത്തിന്റെ ആജ്ഞയനുസരിച്ച് ഭൃത്യന്‍ മെസൊപ്പൊട്ടാമിയായിലേക്കു യാത്രയായി. അവിടെ എത്തിയതിനുശേഷമുള്ള ഒരു സംഭവം ബൈബിളില്‍ ഇങ്ങനെയാണു വായിക്കുന്നത്: "അവന്‍ മെസൊപ്പൊട്ടാമിയായില്‍ നാഹോറിന്റെ നഗരത്തിലെത്തി. വൈകുന്നേരം സ്ത്രീകള്‍ വെള്ളം കോരാന്‍ വരുന്ന സമയത്ത് അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു വെളിയില്‍ വെള്ളമുള്ള ഒരു കിണറിനടുത്ത് നിര്‍ത്തി"(ഉല്‍പ: 24; 10, 11). സ്ത്രീകള്‍ക്കു വെള്ളം കോരാന്‍ വരുന്നതിനു സമയം നിശ്ചയിച്ചിട്ടുണ്ട് എന്നല്ലേ നാം മനസ്സിലാക്കേണ്ടത്! അതെ, സ്ത്രീകള്‍ക്കു വെള്ളമെടുക്കാന്‍ വരുന്നതിനു പ്രത്യേകമായ സമയം നിശ്ചയിച്ചിട്ടുണ്ട് എന്നുതന്നെയാണ് ഈ വചനം വ്യക്തമാക്കുന്നത്! ഇത് ആധികാരികമായി എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റു തെളിവുകള്‍ പരിശോധിക്കാം.
യേഹ്ശുവായുടെ പരസ്യജീവിതകാലത്ത് ഇസ്രായേല്യരുടെയിടയില്‍ രണ്ടുതരം സമയക്രമങ്ങളാണ് നിലവിലുണ്ടായിരുന്നത്. യഹൂദര്‍ സ്വീകരിച്ചുപോന്ന സമയരീതിയായിരുന്നില്ല റോമന്‍ സമയക്രമം. യഹൂദരുടെ രീതിയനുസരിച്ച് വൈകുന്നേരം ആറുമണി മുതല്‍ ദിവസം ആരംഭിക്കും. പുലര്‍ച്ചയ്ക്ക് ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ ദിവസം എന്നുപറയുകയും, വൈകുന്നേരം ആറുമണിമുതല്‍ പുലര്‍ച്ച ആറുമണിവരെ രാത്രിയുടെ യാമങ്ങളായി കണക്കാക്കുകയും ചെയ്യുന്നു. മൂന്നു മണിക്കൂര്‍ സമയമാണ് ഒരു യാമം! രാത്രിയുടെ ഒന്നാംയാമം എന്നുപറയുന്നത്, വൈകുന്നേരം ആറുമണിമുതല്‍ ഒമ്പതുമണി വരെയാണ്! അപ്രകാരം രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരിക്കുന്നു. പകല്‍ ആരംഭിക്കുന്ന ആറുമണിമുതല്‍ ഏഴുമണിവരെയുള്ള സമയത്തിനാണ് ദിവസത്തിന്‍റെ ഒന്നാം മണിക്കൂര്‍ എന്നു പറയുന്നത്! അതായത്, പകലിനെയാണ് ദിവസമായി കണക്കാക്കുന്നത്. മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ സുവിശേഷകര്‍ യഹൂദ സമയക്രമമാണ് തങ്ങളുടെ രചനയില്‍ ഉപയോഗിച്ചത്. കാരണം, ഇവര്‍ സുവിശേഷം അറിയിക്കാന്‍ ശ്രമിച്ചത് യഹൂദരെയായിരുന്നു. എന്നാല്‍, യോഹന്നാന്‍ സുവിശേഷം രചിച്ചത് A.D 95-ല്‍ എഫേസോസില്‍ വച്ചായിരുന്നു. അവിടെ നിലനിന്നിരുന്ന റോമന്‍ സമയക്രമമാണ് യോഹന്നാന്‍ തന്റെ രചനയ്ക്കായി അവലംബിച്ചത്!
റോമന്‍ സമയരീതി യഹൂദരുടെ രീതിയില്‍നിന്നു തികച്ചും വ്യത്യസ്ഥമാണ്. രാത്രി പന്ത്രണ്ടു മണിമുതലാണ് റോമന്‍ ക്രമത്തില്‍ ദിവസം ആരംഭിക്കുന്നത്. അതായത്, റോമന്‍ ശൈലിയില്‍ ദിവസത്തിന്റെ ആറാം മണിക്കൂര്‍ എന്നു പറയുന്നത് രാവിലെ ആറുമണി തന്നെയാണ്! യോഹന്നാന്റെ സുവിശേഷത്തിലെ മറ്റെല്ലാ ഭാഗത്തും സമയത്തെ സൂചിപ്പിക്കുന്നിടത്ത് ഈ ശൈലിതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അങ്ങനെയിരിക്കേ, ഒരു സംഭവത്തില്‍ മാത്രം വ്യത്യസ്ഥമായി കുറിക്കാനുള്ള സാധ്യതയില്ല! ഇതു കൂടുതല്‍ വ്യക്തമാകണമെങ്കില്‍, യേഹ്ശുവായുടെ ക്രൂശീകരണവുമായി ബന്ധപ്പെട്ട് യോഹന്നാന്‍ നല്‍കുന്ന വിവരണം ശ്രദ്ധിച്ചാല്‍ മതി. മറ്റു സുവിശേഷകരെല്ലാം സ്വീകരിച്ച രീതിയില്‍നിന്നു വ്യത്യസ്ഥമായ രീതി അവിടെ കാണാം. യോഹന്നാന്റെ സുവിശേഷത്തില്‍ പീലാത്തോസ് യേഹ്ശുവായെ വിധിക്കുന്ന സമയം രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു"(യോഹ: 19; 14). യേഹ്ശുവായെ മരണത്തിനു വിധിക്കുന്ന ആറാം മണിക്കൂര്‍ എന്നത് രാവിലെ ആറുമണിയാണ്. യഹൂദനിയമമാണ് ഇവിടെ അവലംബിച്ചതെങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയാകണം. ഈ സമയത്ത് യേഹ്ശുവാ കുരിശില്‍ തൂങ്ങിക്കിടക്കുകയാണെന്ന് മറ്റു സുവിശേഷകര്‍ പറയുന്നു! ക്രൂശീകരണത്തെക്കുറിച്ച് മാര്‍ക്കോസ് നല്‍കുന്ന വിവരണം ഇനി നോക്കാം.
"അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാംമണിക്കൂറായിരുന്നു"(മര്‍ക്കോ: 15; 25). യോഹന്നാനും മര്‍ക്കോസും വ്യത്യസ്ഥമായ സമയരീതികളാണ് അവലംബിച്ചതെന്നു മനസ്സിലാക്കാന്‍ ഈ വചനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി. യോഹന്നാന്‍ എഴുതിയിരിക്കുന്നത്, ആറാം മണിക്കൂറില്‍ വിധി നടക്കുന്നുവെന്നും മാര്‍ക്കോസ് എഴുതിയിരിക്കുന്നത് മൂന്നാം മണിക്കൂറില്‍ കുരിശില്‍ തറച്ചുവെന്നുമാണ്! മര്‍ക്കോസിന്റെ വിവരണം തുടരുന്നത് ഇങ്ങനെ: "ആറാം മണിക്കൂര്‍മുതല്‍ ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഒന്‍പതാം മണിക്കൂര്‍ ആയപ്പോള്‍ യേഹ്ശുവാ ഉച്ചത്തില്‍ നിലവിളിച്ചു"(മര്‍ക്കോ: 15; 33, 34). കുരിശു നാട്ടിയത്തിനുശേഷമുള്ള കാര്യമാണിത്. യഹൂദ സമയപ്രകാരം ഉച്ചയ്ക്കു പന്ത്രണ്ടു മണിമുതല്‍ മൂന്നുമണിവരെ കുരിശില്‍ തൂങ്ങിക്കിടക്കുകയും മൂന്നുമണിയായപ്പോള്‍ മരണം സംഭവിക്കുകയും ചെയ്തു! യോഹന്നാന്‍ പറഞ്ഞിരിക്കുന്ന ആറാം മണിക്കൂര്‍ ഉച്ചയ്ക്കു പന്ത്രണ്ടു മണിയാണെങ്കില്‍, വിധി പുറപ്പെടുവിച്ചത് ക്രൂശീകരണത്തിനു ശേഷമാണെന്നു കരുതേണ്ടിവരും!
ഇനി വീണ്ടും നമുക്കു കിണറിന്‍കരയിലേക്കു വരാം. ഇവിടെ എഴുതിയിരിക്കുന്നതു നോക്കുക: "യാത്ര ചെയ്തു ക്ഷീണിച്ച യേഹ്ശുവാ ആ കിണറിന്റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു"(യോഹ: 4; 6). ദൈവാത്മാവിന്റെ ശക്തമായ നിയന്ത്രണത്തിലാണ് ഓരോ സുവിശേഷകനും തൂലിക ചലിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാണല്ലോ ബൈബിളിനെ ദൈവനിവേശിതമെന്നു നാം വിളിക്കുന്നത്. എന്നാല്‍, ബൈബിള്‍ ഒരു മാനുഷീക സൃഷ്ടിയും കെട്ടിച്ചമച്ച ചരിത്രവുമാണെന്ന്‍ പ്രചരിപ്പിക്കുന്ന വിജാതിയ കുബുദ്ധികള്‍ ആദ്യകാലംമുതല്‍ക്കുണ്ട്. യേഹ്ശുവായുടെ പുനരുത്ഥാനത്തെ നിഷേധിക്കുവാനായി യഹൂദര്‍ പ്രചരിപ്പിച്ച നുണക്കഥകളായിരുന്നു ഇതില്‍ ആദ്യത്തേത്! പിന്നീട് ആറാംനൂറ്റാണ്ടിലെ തിന്മയുടെ അവതാരമായ മുഹമ്മദും സംഘവും കൂടുതല്‍ ഗുരുതരമായ നുണകള്‍ പ്രചരിപ്പിച്ചു! യേഹ്ശുവായുടെ കുരിശുമരണത്തെപ്പോലും നിഷേധിക്കുന്ന കാപട്യങ്ങള്‍ ഇവനും സംഘവും പ്രചാരണായുധമാക്കി. താനൊരു പ്രവാചകനാണെന്നു വരുത്തിത്തീര്‍ക്കാനും താന്‍ പ്രചരിപ്പിക്കുന്ന വ്യാജങ്ങള്‍ സത്യമാണെന്നു സ്ഥിരീകരിക്കാനുമായി അനേകം കൌശലങ്ങള്‍ മുഹമ്മദു പ്രയോഗിച്ചത് നമുക്കറിയാം. ബൈബിള്‍ മാത്രമല്ല, യഹൂദരുടെ ഗ്രന്ഥംപോലും തിരുത്തപ്പെട്ടതാണെന്നു പ്രചരിപ്പിക്കാതെ തന്റെ ആശയങ്ങള്‍ക്കു സ്വീകാര്യത ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇവനെ ഇത്തരത്തിലുള്ള നീചകൃത്യങ്ങള്‍ക്കു പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള കാപട്യക്കാരുടെ വാദങ്ങളെ ശരിവയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതും വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ അബദ്ധങ്ങള്‍ ക്രൈസ്തവ നേതാക്കന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണ് ഏറ്റവും ദുരന്തകരം!
പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ എഴുതപ്പെട്ട തിരുവെഴുത്തുകള്‍ വ്യാഖ്യാനിക്കണമെങ്കില്‍ ഇതേ ആത്മാവിന്റെ സഹായം അനിവാര്യമാണ്! എന്നാല്‍, പരിശുദ്ധാത്മാവിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തവര്‍ വചനത്തെ വ്യാഖ്യാനിച്ചാലുണ്ടാകുന്ന സ്വാഭാവിക പിഴവുകളാണ് വലിയ അപകടങ്ങളായി പരിണമിക്കുന്നത്. ഇതെല്ലാം വെറും നിസ്സാര കാര്യങ്ങളല്ലേ എന്നുള്ള വിശ്വാസികളുടെ നിസംഗതയെ സാത്താന്‍ കാര്യമായിത്തന്നെ ഉപയോഗിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ഒരുവന്‍ പറഞ്ഞ കാര്യം നുണയായിരുന്നുവെന്ന് വസ്തുതാപരമായി മനസ്സിലായാല്‍, അവന്‍ പറഞ്ഞിട്ടുള്ള സത്യങ്ങള്‍പ്പോലും സംശയത്തിന്റെ നിഴലിലാകും എന്നത് സാമാന്യമായ അവസ്ഥയാണ്. അതുകൊണ്ട് ഒരു പിഴവെങ്കിലും ബൈബിളില്‍ ഉണ്ടെന്നു വരുത്തേണ്ടത് ക്രിസ്തുവൈരികളുടെ ലക്ഷ്യമായി നാം കാണണം. ഇവരുടെ ലക്ഷ്യപ്രാപ്തിക്ക് ക്രൈസ്തവരുടെ ഭാഗത്തുനിന്നു സഹായങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതാണു പരമാര്‍ത്ഥം! അവയില്‍ പ്രധാനപ്പെട്ടത് വിശ്വാസികളുടെ അജ്ഞതയും അലംഭാവവുമാണ്!
നട്ടുച്ചയ്ക്കാണ് സമരിയാക്കാരി സ്ത്രീയെ യേഹ്ശുവാ കണ്ടുമുട്ടിയതെന്നു വാദിക്കുന്നവര്‍ ചില യുക്തികള്‍ നിരത്തുന്നുണ്ട്. എന്നാല്‍, വചനത്തിലെ സത്യങ്ങളെ യുക്തികൊണ്ടു നിഷേധിക്കാന്‍ മിനക്കെടുന്നവര്‍ നിഴലിനെ പിടിക്കാന്‍ ശ്രമിക്കുന്നവരാണ്. അതുകൊണ്ടുതന്നെ, ഇവര്‍ ഉയര്‍ത്തുന്ന യുക്തികളെ യുക്തികൊണ്ടുതന്നെ പ്രതിരോധിക്കാനും മനോവയ്ക്കു പ്രതിബദ്ധതയുണ്ട്!
സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ എത്തിയ യേഹ്ശുവാ, യാത്രചെയ്തു ക്ഷീണിച്ചതിനാല്‍ കിണറിന്റെ കരയില്‍ ഇരുന്നുവെന്ന വചനം വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ സമയത്തെ നട്ടുച്ചയായി ഇവര്‍ പ്രചരിപ്പിക്കുന്നത്. ഉച്ചയ്ക്കു യാത്രചെയ്താല്‍ മാത്രമേ ക്ഷീണിക്കുകയുള്ളുവെന്ന കണ്ടുപിടുത്തം ബാലിശമായി കാണാനേ കഴിയൂ. ശരീരത്തില്‍നിന്നു കലോറി നഷ്ടപ്പെട്ടാല്‍ സ്വാഭാവികമായും ക്ഷീണം അനുഭവപ്പെടും. അതിനു സമയമോ കാലമോ ബാധകമല്ല. എന്നാല്‍, ഉച്ചവെയില്‍ കൊണ്ടുള്ള യാത്ര കൂടുതല്‍ ക്ലേശകരമാണെന്ന കാര്യം മനോവയും സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ ഉച്ചസമയം ഒഴിവാക്കാന്‍ ശ്രമിക്കും! യൂദായില്‍നിന്നു സമരിയായിലേക്ക് ഒന്‍പതു കിലോമീറ്റര്‍ ദൂരമാണുള്ളത്. സ്വാഭാവികമായും രാത്രിയിലാണ് യാത്ര ചെയ്തതെന്ന് അനുമാനിക്കാന്‍ വേറെയും കാരണമുണ്ട്. യൂദായില്‍നിന്നു പുറപ്പെടുമ്പോള്‍ യാത്രാസംഘം ഭക്ഷണം കരുതിയിരുന്നില്ല എന്നതുതന്നെ ഒരു കാരണം! യേഹ്ശുവാ കിണറിന്റെ കരയില്‍ വിശ്രമിക്കുന്ന സമയത്ത് ശിഷ്യന്മാര്‍ ഭക്ഷണം വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു. "അവന്റെ ശിഷ്യന്മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു"(യോഹ: 4; 8). അസമയത്ത് യാത്ര പുറപ്പെട്ടതിനാലാകാം ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെപോയത്. മാത്രവുമല്ല, യഹൂദരുടെ ഭക്ഷണരീതിയെ കേരളീയശൈലിയില്‍ ആക്കിയതും വിനയായി! ഉച്ചയ്ക്കു മൃഷ്ടാന്നം ഭക്ഷിക്കുന്ന ശൈലി മറ്റുള്ളവര്‍ക്കില്ല; രാവിലെയും വൈകുന്നേരവുമാണ് ഇവര്‍ ഗുരുവായ ഭക്ഷണം കഴിക്കുന്നത്. ഇതുതന്നെയാണ് പാശ്ചാത്യരുടെ ഭക്ഷണരീതിയും. ഇവയെല്ലാം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള മനോവയുടെ നിഗമനങ്ങള്‍ മാത്രമാണ്. എന്നാല്‍, വചനത്തിലെ സത്യങ്ങള്‍ നിഗമനമല്ല എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമില്ല!
വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ ഗാനം മൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് ആബേലച്ചന്‍ എഴുതിയതാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചത് കായേനിന്റെ ആത്മാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല! ബൈബിളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നതിനെ ഗൗരവമായി എടുക്കുന്നതിനുപകരം ആബേലച്ചനെ ന്യായീകരിക്കാന്‍ ചിലര്‍ മറ്റുചില വാദങ്ങളും ഉയര്‍ത്താറുണ്ട്. സമരിയാക്കാരിസ്ത്രീ ഒരു വേശ്യയായിരുന്നതിനാല്‍, മറ്റു സ്ത്രീകള്‍ വെള്ളമെടുക്കാന്‍ വരുന്ന സമയത്ത് ഇവള്‍ വന്നില്ല എന്നതാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം. ഈ സ്ത്രീയൊരു പരസ്യവേശ്യയാണെന്നു ബൈബിളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഇവള്‍ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ട് ഇവള്‍ വേശ്യയാകണമെന്നു നിര്‍ബന്ധമുണ്ടോ? മോശയുടെ നിയമപ്രകാരം ഉപേക്ഷാപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാനും പിന്നീടു മറ്റൊരാളുമായി വിവാഹത്തിലേര്‍പ്പെടാനും കഴിയും. ഇത്തരത്തില്‍ വിവാഹങ്ങള്‍ പലതു കഴിച്ചവര്‍ മോശക്കാരായി പരിഗണിക്കപ്പെടുന്നില്ല! ഈ വാദത്തെ സാധൂകരിക്കുന്ന വചനം ബൈബിളിലുണ്ട്. സദുക്കായരായ ചിലര്‍ യേഹ്ശുവായെ പരീക്ഷിക്കാനായി ചോദിക്കുന്ന ചോദ്യംതന്നെ ഉദാഹരമായി എടുക്കാന്‍ കഴിയും. മത്തായിയുടെ സുവിശേഷത്തിലെ ഇരുപത്തിരണ്ടാം അദ്ധ്യായത്തില്‍ ഇതു കാണാം. "ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ആ വിധവയെ വിവാഹംചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന് മോശ അനുശാസിച്ചിട്ടുണ്ട്. ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട് അവന്‍ മരണമടഞ്ഞു. ഇങ്ങനെ രണ്ടാമനും മൂന്നാമനും, അങ്ങനെ ഏഴാമന്‍വരെയും"(മത്താ: 22; 24-26). ഈ സ്ത്രീയെ വേശ്യയായി പരിഗണിക്കാന്‍ കഴിയുമോ? സമരിയാക്കാരിയുടെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ലെങ്കില്‍പ്പോലും അവള്‍ വേശ്യയായിരുന്നുവെന്ന് ബൈബിള്‍ പറയുന്നില്ല! മാത്രവുമല്ല, അവളൊരു പരസ്യവേശ്യയായിരുന്നുവെങ്കില്‍ യേഹ്ശുവാ അവളുടെ കാര്യങ്ങള്‍ പറഞ്ഞതില്‍ അവള്‍ അദ്ഭുതപ്പെടെണ്ട ആവശ്യവും ഉണ്ടായിരുന്നില്ല! നാട്ടുകാര്‍ക്കു മുഴുവന്‍ അറിയാവുന്ന ഒരു കാര്യം പറഞ്ഞതിന്, പട്ടണത്തില്‍ച്ചെന്ന്‍ ആളുകളോട് വിളിച്ചുപറയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല!
ബൈബിളിലെ തെറ്റുകള്‍ ചികഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി കറങ്ങിനടക്കുന്ന സാത്താന്റെ പിണയാളുകള്‍ ഈ ലോകത്തുണ്ട്. ഇവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ക്കുമുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വൈദീകരെയും മനോവ കണ്ടിട്ടുണ്ട്. കത്തോലിക്കാസഭയിലെ ചില പുരോഹിതന്മാര്‍ ഇസ്ലാമിക സംവാദക്കാരുടെ മുന്നില്‍ വിയര്‍ക്കുന്നതുകണ്ട് സഹികെട്ടപ്പോഴാണ് മനോവ ഈ ദൗത്യം ഏറ്റെടുത്തത്! വഴിയേപോകുന്ന തെമ്മാടികള്‍ സ്വന്തം അപ്പനുനേരെ കയ്യോങ്ങുന്നതു കാണേണ്ടിവന്ന ജാരസന്തതിയല്ലാത്തവന്റെ ആത്മരോഷമായി ഇതിനെ കണ്ടാലും തെറ്റില്ല! മനോവയുടേതു പുത്രധര്‍മ്മമാണ്!
ജീവിക്കുന്ന ദൈവത്തിന്റെ ജനത്തെ നാല്പതു ദിവസം വെല്ലുവിളിച്ച ഗോലിയാത്ത് എന്ന അതികായനുമുന്നില്‍ ഇസ്രായേലിലെ സകല യോദ്ധാക്കളും വാലുച്ചുരുട്ടിയപ്പോള്‍, ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരു ദാവീദുണ്ടായിരുന്നു. സാവൂള്‍ രാജാവിനോട് ദാവീദു പറഞ്ഞു: "പിതാവിന്‍റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന്‍ ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ച് കൊല്ലും. അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്ഛേദിതനായ ഈ ഫിലിസ്ത്യനും അവയിലൊന്നിനെപ്പോലെയാകും. സിംഹത്തിന്റെയും കരടിയുടെയും കയ്യില്‍നിന്ന് എന്നെ രക്ഷിച്ച യാഹ്‌വെ ഈ ഫിലിസ്ത്യന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കും"(1 സാമു: 17; 34-37). ബാലനായ ദാവീദിനെ ശക്തനാക്കിയ അതേ യാഹ്‌വെതന്നെയാണ് മനോവയെ ശക്തിപ്പെടുത്തുകയും താങ്ങിനിര്‍ത്തുകയും ചെയ്യുന്നത്! ആടുകളെ സംരക്ഷിക്കേണ്ടവര്‍ പരാജയപ്പെട്ടിടത്ത് ആടുകളുടെ കാവല്‍ക്കാരനായി മനോവ നിലയുറപ്പിക്കും!
"എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍"(ഹെബ്രാ: 3; 12, 13). മനുഷ്യരുടെ വിശ്വാസ തീഷ്ണതയെ കെടുത്തിക്കളയുന്ന ആശയക്കുഴപ്പങ്ങളില്‍ ചെന്നു പതിക്കാതിരിക്കാനുള്ള മനോവയുടെ ഉപദേശങ്ങളിലെ ആത്മാര്‍ത്ഥതയെ വിഘടനവാദമായി കരുതരുത്. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുമ്പോള്‍, അന്യദേവന്മാരെ കീര്‍ത്തിക്കുന്ന ശൈലി അനുകരിക്കരുത്. ഇത് നമ്മുടെ ദൈവമായ യാഹ്‌വെ വെറുക്കുന്നു! ലോകത്തിന്റെ വിജ്ഞാനമല്ല; ദൈവത്തെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ കഠിനപ്രയത്നം ചെയ്യാം. അതുവഴി യേഹ്ശുവായ്ക്കു പ്രീതികരമായത് എന്തെന്നു മനസ്സിലാക്കുകയും അവിടുത്തെ പ്രത്യക്ഷീകരണത്തില്‍ കറയോ ചുളിവോ ഇല്ലാത്തവരായി നമ്മുടെ ആത്മാക്കളെ അവിടുത്തേക്കു സമര്‍പ്പിക്കാം!
ചേര്‍ത്തുവായിക്കാന്‍: ദൈവാലായ ശുശ്രൂഷകളുടെ മുഴുവന്‍ കാര്‍മ്മികത്വവും ഗായകസംഘം കൈയ്യടക്കിയിരിക്കുന്ന ദാരുണമായ അവസ്ഥയും ചിലയിടങ്ങളില്‍ കാണാം. ഏതു പാട്ടു പാടണമെന്ന് അവര്‍ തീരുമാനിക്കും. ഗണപതിക്കുമുന്നില്‍ അരങ്ങേറ്റം നടത്തിയ ഇക്കൂട്ടരില്‍നിന്ന്‍ ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല!
"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും"(യോഹ: 8; 32).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-