10 - 11 - 2018
വേദപുസ്തകം, വേദപാഠം, വേദോപദേശം എന്നിങ്ങനെയുള്ള പദങ്ങളും വിശേഷണങ്ങളും ക്രിസ്തീയതയില്‍ കടന്നുകൂടിയതിനെ പലരും ഗൗരവത്തോടെ ശ്രദ്ധിച്ചിട്ടില്ല. അതുപോലെതന്നെ, ബൈബിളിനെ വേദപുസ്തകം എന്ന് വിളിക്കുന്നതിനെ നിരുപദ്രവകരമായ ഒരു കാര്യമായി മാത്രമേ പലരും ഗൗനിച്ചിട്ടുള്ളു. എന്നാല്‍, തികച്ചും വിജാതിയവും അതിനാല്‍ത്തന്നെ പൈശാചികവുമായ ഈ വിശേഷണത്തിന്റെ പിന്നിലെ അപകടം വ്യക്തമാക്കാന്‍ മനോവ ഇവിടെ ശ്രമിക്കുന്നു.
സുറിയാനിസഭകളാണ് പ്രധാനമായും ബൈബിളിനെ വേദപുസ്തകം എന്ന് വിശേഷിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍നിന്നു പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയ പെന്തക്കോസ്തു സമൂഹങ്ങളാകട്ടെ, 'വേദപുസ്തകം' എന്നതിനെ കുറച്ചുകൂടി പരിഷ്ക്കരിച്ച് 'സത്യവേദപുസ്തകം' ആക്കിമാറ്റി! എന്നാല്‍, ബൈബിളിനോ ബൈബിള്‍ പരിചയപ്പെടുത്തുന്ന സത്യദൈവത്തിനോ വേദങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! വിജാതിയതയില്‍നിന്നു തോണ്ടിയെടുത്തു സ്വന്തമാക്കിയ അനേകം പൈശാചികതകളുടെ കൂട്ടത്തില്‍ കടന്നുകൂടിയ 'തൊണ്ടിമുതല്‍' ആണ് 'വേദപുസ്തകം' എന്ന പ്രയോഗവും!
വേദഗ്രന്ഥം, വേദപുസ്തകം, വേദവാക്യം, വേദശാസ്ത്രം, വേദപാഠം, വേദാന്തം എന്നിങ്ങനെ വേദവുമായി ബന്ധപ്പെട്ട പല പദങ്ങളുമുണ്ട്. ബൈബിളിനെയും ബൈബിളിലെ വചനങ്ങളെയും വിശേഷിപ്പിക്കാന്‍ ശ്രേഷ്ഠമായതും തനതായതുമായ പദങ്ങള്‍ നിലവിലുള്ളപ്പോള്‍, വിജാതിയര്‍ തങ്ങളുടെ ഗ്രന്ഥങ്ങളെ വിശേഷിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള പദങ്ങളെ അനുകരിക്കുന്നത് തികച്ചും പൈശാചികമാണ്. സാത്താന്യമതങ്ങളുടെ ഗ്രന്ഥങ്ങള്‍ക്കു തുല്യമാണ് ബൈബിളിലെ വിശുദ്ധലിഖിതങ്ങളും എന്ന തെറ്റായ ധാരണ ജനിപ്പിക്കാനുള്ള പൈശാചിക കൗശലം ഇതിനുപിന്നിലുണ്ട്. മറ്റൊരു ഗ്രന്ഥത്തോടും തുലനം ചെയ്യാന്‍ കഴിയുന്ന ഗ്രന്ഥമല്ല ബൈബിള്‍! മറ്റു മതഗ്രന്ഥങ്ങള്‍ മനുഷ്യസൃഷ്ടിയോ പൈശാചിക പ്രബോധനങ്ങളോ ആണെങ്കില്‍, ബൈബിള്‍ ദൈവനിവേശിത ഗ്രന്ഥമാണ്! ഈ വെളിപ്പെടുത്തല്‍ നോക്കുക: "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപപ്പെട്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2 പത്രോ: 1; 20, 21). ഇതിനോടു ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന മറ്റൊരു ഗ്രന്ഥവും ഈ ഭൂമുഖത്ത് ഇന്നേവരെ രചിക്കപ്പെട്ടിട്ടില്ല; ഇനി രചിക്കപ്പെടുകയുമില്ല!
ദൈവത്തിന്റെ നിയമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഏക ഗ്രന്ഥമാണ് ബൈബിള്‍! മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിയമങ്ങളുണ്ടെങ്കിലും അവയിലൊന്നുപോലും ദൈവത്തില്‍നിന്നുള്ളതല്ല. ബൈബിളിലെ നിയമങ്ങള്‍ മോശവഴിയാണ് നല്കപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. ഈ നിയമങ്ങളെ സംബന്ധിച്ച് മോശ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം:4; 7, 8). ദൈവത്തില്‍നിന്നുള്ള നിയമം രേഖപ്പെടുത്തിയിരിക്കുന്ന ഏക ഗ്രന്ഥമായ ബൈബിളിനോടു ചേര്‍ത്തുവച്ചു മറ്റൊരു ഗ്രന്ഥത്തെ പരിഗണിക്കുന്നതുപോലും പൈശാചികമാണ്. സമാനതകളില്ലാത്തതും ദൈവത്തിന്റെ വചനങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ ബൈബിളിനോടു ചേര്‍ത്തുവച്ചു പരിഗണിക്കപ്പെടാന്‍ മറ്റൊരു മതഗ്രന്ഥവും ഇല്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, ക്രൈസ്തവരെന്നു പറയപ്പെടുന്ന ചിലര്‍തന്നെ ബൈബിളിനെ വേദപുസ്തകമാക്കിയത് അവരില്‍ കുടികൊള്ളുന്ന പൈശാചികതയുടെ സ്വാധീനമായി പരിഗണിക്കപ്പെടണം.
എന്താണ് വേദം?
വൈദികസംസ്കൃതത്തില്‍ (അലൗകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങള്‍. 'അറിയുക' എന്ന് അര്‍ത്ഥമുള്ള 'വിദ്' എന്ന വാക്കില്‍നിന്നാണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകന്‍) 'ശാസ്ത്രീയ' വിശകലനത്തില്‍, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197 കോടി അഥവാ 1.97 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇതുപോലൊരു ജ്യോതിഷിമൂലം കേരളത്തിലെ പതിനൊന്നു ജില്ലകള്‍ വെള്ളത്താല്‍ മൂടപ്പെട്ടതും ഇത്തരുണത്തില്‍ സ്മരിക്കേണ്ടിയിരിക്കുന്നു. ഇക്കൊല്ലം കൊടിയ വരള്‍ച്ചയെ നേരിടേണ്ടി വരുമെന്നു ഗണിച്ചുപറഞ്ഞ ജ്യോതിഷിയുടെ പിതാമഹന്മാരാണ് 197 കോടി വര്‍ഷം എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നത്! ഹിന്ദുക്കള്‍ അവരുടെ മതഗ്രന്ഥങ്ങളായി പരിഗണിച്ചിരിക്കുന്ന വേദങ്ങളെ ദൈവീകമായി കരുതുന്ന ചില ക്രൈസ്തവ നാമധാരികള്‍ നമുക്കിടയിലുണ്ട്. അബദ്ധപഠനങ്ങളാല്‍ അജ്ഞത ബാധിച്ച സമൂഹമാണ് വേദങ്ങളില്‍ ദൈവീകത ദര്‍ശിക്കുന്നത്. വേദങ്ങളില്‍ മന്ത്രങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അത് ക്രിസ്തീയവിരുദ്ധവും പൈശാചികവുമാണെന്നു മനസ്സിലാക്കാന്‍ കഴിയും.
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെയുള്ള നാലു വേദങ്ങളിലും മന്ത്രങ്ങളുണ്ടെന്നു സമ്മതിക്കുന്നത് ഹിന്ദുക്കള്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ മൂന്ന് വേദങ്ങളേ ഈശ്വരന്റെ (വിജാതിയരുടെ ദേവന്‍) സൃഷ്ടിയായി ഉള്ളതെന്നും അതില്‍ അഥര്‍വവേദം ഇല്ലെന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീതയിലും പറയുന്നു. വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു പഠിപ്പിക്കുന്ന മതമാണ് ക്രിസ്തുമതമെന്നു നമുക്കറിയാം. അങ്ങനെയെങ്കില്‍, ഈശ്വരനെന്നു ഹിന്ദുക്കള്‍ വിളിക്കുന്നത് ആരെയായിരിക്കുമെന്നു മനസ്സിലാക്കാനുള്ള വിവേകം ക്രൈസ്തവര്‍ക്കുണ്ടായിരിക്കണം. ഓരോ വേദങ്ങളും ഉള്‍ക്കൊള്ളുന്നത് എന്തൊക്കെയാണെന്നു മനസ്സിലാക്കിയാല്‍ അവയില്‍ കുടികൊള്ളുന്ന പൈശാചികത വ്യക്തമാകും. ആയതിനാല്‍, ഓരോ വേദങ്ങളെയും സംബന്ധിച്ച് ഹിന്ദുക്കള്‍ പറയുന്നത് എന്താണെന്നു പരിശോധിക്കാം.
ഋഗ്വേദം: സ്തുതിക്കുക എന്നര്‍ത്ഥമുള്ള 'ഋച്' എന്ന ധാതുവില്‍നിന്ന് ഉണ്ടായ പദമാണ് 'ഋക്'. ഇതിലെ കീര്‍ത്തനങ്ങളാണ് 'സംഹിതകള്‍'. ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്ന തരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ നിലവില്‍ വന്നത്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നതാണ് ചാതുര്‍വര്‍ണ്ണ്യ വിഭാഗങ്ങള്‍. ഇതില്‍ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങള്‍, ഊരുക്കള്‍, കാല്‍പ്പാദം എന്നിവിടങ്ങളില്‍നിന്ന് യഥാക്രമം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിവര്‍ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തില്‍ പറയുന്നു.
ക്രൈസ്തവര്‍ ആരാധിക്കുന്ന സത്യദൈവത്തെയല്ല ഹിന്ദുക്കള്‍ ആരാധിക്കുന്നതെന്നു വ്യക്തമാകാന്‍ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ മാത്രം കണക്കിലെടുത്താല്‍ മതിയാകും. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെയുള്ള നാലു വിഭാഗത്തെ സത്യദൈവമായ യാഹ്‌വെ സൃഷ്ടിച്ചിട്ടില്ല. അവിടുന്ന് തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചുവെന്ന് നമുക്കറിയാം. ജാതിയും വര്‍ണ്ണവും സൃഷ്ടിച്ചത് ദൈവമല്ല; പിശാചാണ്! ഇങ്ങനെയുള്ള സൃഷ്ടി നടത്തിയ ദേവനെ സ്തുതിക്കുന്ന വേദശാഖയാണ് 'ഋഗ്വേദം'! അങ്ങനെയെങ്കില്‍ അത് ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പൈശാചിക സ്തുതികള്‍(കീര്‍ത്തനങ്ങള്‍) ആണ്!
യജുര്‍വ്വേദം: ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നു. യജുര്‍വ്വേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുര്‍വേദം. മന്ത്രദേവതാസിദ്ധികള്‍, ആയുധവിദ്യകള്‍ എന്നിവ പരാമര്‍ശിക്കപ്പെടുന്നതും ഇതിലാണ്. മന്ത്രങ്ങളും മന്ത്രവാദങ്ങളും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‍ അറിയാത്തവരായി ആരെങ്കിലും നമുക്കിടയിലുണ്ടെന്നു മനോവ കരുതുന്നില്ല. ഈ വചനം ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്"(നിയമം: 18; 9-11). മന്ത്രവാദികളെയും വെളിച്ചപ്പാടുകളെയും ജനത്തിനിടയില്‍നിന്നു നീക്കിക്കളയാന്‍ കല്പിച്ച ദൈവത്തെയാണ് ക്രിസ്ത്യാനികള്‍ ആരാധിക്കുന്നത്. എന്നാല്‍, ഹിന്ദുക്കളുടെ ദേവന്മാര്‍ ഇത്തരം മ്ലേച്ഛതകള്‍ കാംക്ഷിക്കുന്നു! ബൈബിളിനെ വേദപുസ്തകം എന്നു വിളിക്കരുതാത്തതിന്റെ കാരണങ്ങളാണ് നാം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
സാമവേദം: യജ്ഞങ്ങള്‍ നടക്കുമ്പോള്‍ സ്തുതിക്കുന്ന അല്ലെങ്കില്‍ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തില്‍ ഉളളത്. അവയില്‍ പലതും ഋഗ്വേദസംബന്ധിയാണ്. മന്ത്രങ്ങളും തന്ത്രങ്ങളുമില്ലാത്ത വേദങ്ങളില്ല എന്ന വസ്തുതയാണ് ഇവിടെയെല്ലാം വെളിപ്പെടുന്നത്. ദൈവം വെറുക്കുന്ന പ്രവൃത്തികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും അവയെ മഹത്വവത്ക്കരിച്ചുകൊണ്ടും തയ്യാറാക്കിയിരിക്കുന്ന ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്ന പദങ്ങള്‍ ഉപയോഗിച്ച് ബൈബിളിനെ പരിചയപ്പെടുത്തുന്നതുതന്നെ ദൈവനിന്ദയാണ്! ക്രിസ്ത്യാനികളുടെ മതഗ്രന്ഥത്തിനു വ്യക്തമായ ഒരു പേരുണ്ട്. ദൈവത്തിന്റെ നാമംപോലും പരിഭാഷപ്പെടുത്തിയ കുബുദ്ധികളാണ് ബൈബിളിന്റെ പേര് പരിഭാഷപ്പെടുത്താനും മാറ്റിമറിക്കാനും ശ്രമിക്കുന്നത്. ചെറിയ പുസ്തകം എന്നര്‍ത്ഥം വരുന്ന 'ബിബ്ലിയ' എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് ബൈബിള്‍ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെ വിശ്വാസികള്‍ ബൈബിളിനെ പരിഗണിക്കുന്നു! ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായോ ദൈവവചനമായോ മറ്റൊരു മതഗ്രന്ഥത്തെയും പരിചയപ്പെടുത്താന്‍ കഴിയില്ല. ആരെങ്കിലും അങ്ങനെ അവകാശപ്പെടുന്നുവെങ്കില്‍ അവര്‍ അത് തെളിയിക്കട്ടെ!
അഥര്‍വ്വവേദം: ഹൈന്ദവ വേദങ്ങളില്‍ നാലാമത്തേതാണ് അഥര്‍വ്വവേദം! മന്ത്രങ്ങളും ആഭിചാരങ്ങളും ക്ഷുദ്രവിദ്യകളുമൊക്കെ ഈ വേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചതുര്‍വേദങ്ങളില്‍ നാലാമത്തെ വേദമായ അഥര്‍വ്വത്തിന്റെ വാഗര്‍ത്ഥം അഗ്നിപുരോഹിതന്‍ എന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു.
അഥര്‍വ്വവേദം പ്രധാനമായും ആഭിചാരപ്രവൃത്തികളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. ഇതിലെ മന്ത്രങ്ങള്‍ മഹാവ്യാധികളെ ശമിപ്പിക്കാനും ക്രൂരമൃഗങ്ങള്‍ എന്നിവയില്‍നിന്നും രക്ഷനേടാനും, മാന്ത്രികന്മാര്‍, ബ്രാഹ്മണദ്വേഷികള്‍ എന്നിവരെ നശിപ്പിക്കാനും ഉള്ളവയാണ്. എന്നാല്‍, മംഗളാശംസകളും ഐശ്വര്യവര്‍ദ്ധകങ്ങളുമായ മറ്റനേകം മന്ത്രങ്ങളും ഇതിലുണ്ട്. അവ കുടുംബജീവിതത്തില്‍ ശത്രുക്കളുമായുള്ള അനുരഞ്ജനം, ആയുസ്സ്, ധനം, ആരോഗ്യം എന്നിവയ്ക്കുവേണ്ടിയുള്ളവയാണ്. അഥര്‍വ്വവേദം എന്നത് ആരംഭംമുതല്‍ അവസാനംവരെ ക്രിസ്തീയ വിരുദ്ധമാണെന്നു നാം അറിഞ്ഞിരിക്കണം. ഹിന്ദുക്കള്‍പ്പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
വേദാന്തം!!
വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ് വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേരുണ്ട്. ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ് അടിസ്ഥാന ഗ്രന്ഥങ്ങള്‍. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര്‍ ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങള്‍ വേദാന്തത്തില്‍തന്നെ പല വിഭാഗങ്ങള്‍ ഉടലെടുത്തു. അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. വേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അര്‍ത്ഥം.
വേദത്തിന് അവസാനമുണ്ടെങ്കില്‍, ദൈവത്തിന്റെ വചനത്തിന് അവസാനമോ ആരംഭമോ ഇല്ല! ഈ വചനം ശ്രദ്ധിക്കുക: "പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും"(ഏശയ്യാ: 40; 8). ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ടതായ പല കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വേദങ്ങള്‍ക്ക് അവസാനമോ നാശമോ സംഭവിക്കും എന്നതാണ്. നശിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നതൊന്നും ദൈവത്തില്‍നിന്നുള്ളതല്ല. നശ്വരമായതിന്റെയെല്ലാം ഉപജ്ഞാതാക്കള്‍ മനുഷ്യരോ സാത്താനോ ആയിരിക്കും. എന്നാല്‍, അനശ്വരമായത് ദൈവത്തില്‍നിന്നുള്ളതാണെന്നു നാം മനസ്സിലാക്കണം. നശ്വരമായതില്‍നിന്ന് അനശ്വരമായതിനുവേണ്ടി എന്തെങ്കിലും സ്വീകരിക്കേണ്ടതുണ്ടോ? നശിച്ചുപോകുന്ന ഒന്നില്‍നിന്നു നശിക്കാത്തതിനു മേല്‍വിലാസം സ്വീകരിക്കണമോ? ശുദ്ധമായ സ്വര്‍ണ്ണത്തിനുമേല്‍ 'ഈയം' പൂശുന്നതിലൂടെ സ്വര്‍ണ്ണത്തിന്റെ മാഹാത്മ്യം ഇകഴ്ത്തുകയാണെന്നു നമുക്കറിയാം! ബൈബിളിനു വേദപുസ്തകം എന്ന് പേരിട്ടവര്‍ ചെയ്തതും തത്തുല്യമായ പാതകമാണ്!
യേഹ്ശുവാ അരുളിച്ചെയ്യുന്നു: "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല"(മത്താ: 24; 35). വേദങ്ങള്‍ക്ക് അവസാനമുണ്ടെങ്കില്‍, ബൈബിളിലെ വചനങ്ങള്‍ക്ക് ഒരിക്കലും അവസാനമില്ല; അത് നിത്യതയിലും നിലനില്‍ക്കും! സമാനതകളില്ലാത്ത പ്രത്യേകതകളുള്ളതും ദൈവത്തിന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ബൈബിളിനെ മനുഷ്യനിര്‍മ്മിതമായ മറ്റു മതഗ്രന്ഥങ്ങളോടു ചേര്‍ത്തുവച്ചു പരിചയപ്പെടുത്തരുതെന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. അഥര്‍വ്വവേദം അടക്കമുള്ള മറ്റു വേദങ്ങളുടെ വിഭാഗത്തില്‍ പരിഗണിക്കപ്പെടാന്‍ കാരണമാകുന്ന വിധത്തില്‍ ബൈബിളിനെ വേദപുസ്തം എന്ന് ആരും വിളിക്കരുത്!
വിശുദ്ധലിഖിതം; വിശുദ്ധഗ്രന്ഥം; തിരുവെഴുത്തുകള്‍; 'ബൈബിള്‍'!
Online Etymology Dictionary പ്രകാരം ബൈബിള്‍ എന്ന പദം ഉദ്ഭവിച്ചത്, ആംഗ്ലോ-ലത്തീന്‍ പദമായ biblia യില്‍ നിന്നുമാണ്. ഈ വാക്കിന്റെ ഉദ്ഭവം മദ്ധ്യകാല ലത്തീനിലും പില്‍ക്കാല ലത്തീനിലും ഉപയോഗിച്ചിരുന്ന biblia sacra(വിശുദ്ധ ഗ്രന്ഥങ്ങള്‍) എന്ന പദത്തില്‍നിന്നാണെന്ന് അനുമാനിക്കാം. ഈ പദം biblion('കടലാസ്' അഥവാ 'ചുരുള്‍') എന്ന പദത്തില്‍നിന്നുദ്ഭവിച്ച 'biblia ta hagia' (വിശുദ്ധ ഗ്രന്ഥങ്ങള്‍) എന്ന പദത്തില്‍നിന്നാണ്. (ഗ്രീക്ക്: τὰ βιβλία τὰ ἅγια).
ബൈബിള്‍ പണ്ഡിതന്മാര്‍ക്ക് ഹാമില്‍ട്ടന്റെ സമര്‍ത്ഥനപ്രകാരം, Ta biblia(പുസ്തകങ്ങള്‍) എന്ന പദശേഖരമാണ് പ്രധാനമായും ഗ്രീക്ക് സംസാരിച്ചിരുന്ന ജൂതന്മാര്‍, ക്രിസ്തുവിനു പല നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നത്. ക്രിസ്തുവര്‍ഷം 223-ല്‍ പോലും ഗ്രീക്ക് പദമായ Ta Biblia ക്രിസ്തീയ വിശുദ്ധ ഗ്രന്ഥത്തെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നതായി Online Etymology Dictionary സമര്‍ത്ഥിക്കുന്നു.
വിശുദ്ധലിഖിതമെന്നോ വിശുദ്ധഗ്രന്ഥമെന്നോ തിരുവെഴുത്തുകളെന്നോ ബൈബിളിനെ വിളിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഏതെങ്കിലും വിജാതിയഗ്രന്ഥങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന വിശേഷണങ്ങള്‍ ബൈബിളിനു ചേരുന്നതല്ലെന്നു മാത്രമല്ല, ദൈവം അതു വെറുക്കുന്നതുമാണ്. ദൈവം വെറുക്കുന്ന മന്ത്രവാദങ്ങളും ക്ഷുദ്രപ്രയോഗങ്ങളും വേദങ്ങളിലുണ്ട്. സത്യദൈവത്തിനു നിന്ദ്യരായ വ്യാജദൈവങ്ങളെയാണ് വേദഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നത്. നിത്യരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിച്ചുകൊണ്ട് മനുഷ്യരെ വഞ്ചിക്കുന്ന ഒരു ഗ്രന്ഥമായി മാത്രമേ വേദങ്ങളെ പരിഗണിക്കാന്‍ കഴിയുകയുള്ളു. പൈശാചികതകളെ മഹത്വവത്ക്കരിക്കുകയും യഥാര്‍ത്ഥ സത്യത്തില്‍നിന്നു മനുഷ്യരെ വ്യതിചലിപ്പിക്കാന്‍ സാത്താനൊരുക്കിയ ഈ കെണി തിരിച്ചറിയാത്ത ക്രൈസ്തവ നാമധാരികളാണ് ബൈബിളിനെ വേദപുസ്തകം എന്ന് വിളിക്കുന്നത്.
മറ്റു മതഗ്രന്ഥങ്ങളില്‍നിന്നു ബൈബിളിനെ ഉയര്‍ത്തിനിര്‍ത്തുന്ന അനേകം ഘടകങ്ങളുണ്ട്. ബൈബിളിലെ വചനങ്ങള്‍ക്കു ജീവനുണ്ടെന്നതും, ആ വചനം ദൈവമാണെന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട ഔന്നത്യം! ആദിയില്‍, പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്ന തിനു മുന്‍പുതന്നെ ഉണ്ടായിരുന്നു എന്നതാണ് ബൈബിളിലെ വചനത്തിന്റെ മറ്റൊരു ശ്രേഷ്ഠത! പ്രപഞ്ചത്തെ സൃഷ്ടിച്ചത് ബൈബിളിലെ വചനമാണെന്നത് മറ്റൊരു മതഗ്രന്ഥങ്ങള്‍ക്കും പങ്കിട്ടു നല്‍കാന്‍ കഴിയാത്ത സത്യമാണ്! ജീവനുള്ളതും മരണമില്ലാത്തതും സകലത്തെയും സൃഷ്ടിച്ചതുമായ ദൈവമാണ് ബൈബിളിലെ വചനം! വചനം പ്രഖ്യാപിക്കുന്നു: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല"(യോഹ: 1; 1-5). ഇങ്ങനെ അവകാശപ്പെടാന്‍ കഴിയുന്ന വചനം മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍ ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ സാധിക്കുമോ?
ദൈവമായിരിക്കെ മനുഷ്യശരീരമാകാന്‍ സാധിക്കുമെന്നതാണ് ബൈബിളിലെ വചനത്തിന്റെ മറ്റൊരു പ്രത്യേകത! വചനം അത് തെളിയിക്കുകയും ചെയ്തു: "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു"(യോഹ: 1; 14). ഈ ശരീരം മനുഷ്യര്‍ക്കു നിത്യജീവന്‍ പ്രദാനംചെയ്യുന്ന ഭക്ഷണമാക്കി നല്‍കാന്‍ കഴിയുന്നുവെന്നത് സമാനതകളില്ലാത്ത മറ്റൊരു പ്രത്യേകതയാണ്! വചനം അരുളിച്ചെയ്യുന്നു: "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും"(യോഹ: 6; 54-58). നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്ന മറ്റേതു മതഗ്രന്ഥമാണ് ലോകത്തുള്ളത്? ബൈബിളിനോടു തുല്യമായി വയ്ക്കാന്‍ ഈ ഭൂമുഖത്ത് മറ്റൊരു ഗ്രന്ഥമില്ല!
ദൈവവചനം ഉള്‍ക്കൊള്ളുന്ന വിശുദ്ധഗ്രന്ഥമാണ് ബൈബിള്‍. ദൈവത്തിന്റെ വചനത്തെ എത്രത്തോളം ഗൗരവത്തോടെ സമീപിക്കണമെന്ന് അവിടുന്നുതന്നെ കല്പിച്ചിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ: 66; 2). വചനം വീണ്ടും അരുളിച്ചെയ്യുന്നു: "യാഹ്‌വെയുടെ വചനം കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്നവരേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍"(ഏശയ്യാ: 66; 5). ദൈവവചനത്തെ ഭയത്തോടും വിറയലോടുംകൂടെ സമീപിക്കേണ്ടതാണ്. എന്നാല്‍, ദൈവത്തിന്റെ വചനത്തിന്റെ ശക്തിയും പരിശുദ്ധിയും മനസ്സിലാകാത്ത ഭോഷന്മാര്‍ ഈ വചനത്തെ പൈശാചിക ഗ്രന്ഥങ്ങളോടു സമരസപ്പെടുത്തുന്നു. ബൈബിള്‍ പരിഭാഷപ്പെടുത്തിയപ്പോഴും അനേകം പിഴവുകളും വിജാതിയ സ്വാധീനവും കടന്നുവന്നിട്ടുണ്ട്. ദൈവാലയം ദേവാലയമായതും വിശുദ്ധമന്ദിരം ശ്രീകോവിലായതും മാത്രമല്ല, 'മെനൊര' എന്ന ഇസ്രായേല്‍ക്കാരുടെ വിളക്ക് നിലവിളക്കായി മാറുകയും ചെയ്തത് ശക്തമായ വിജാതിയ സ്വാധീനത്തെ വ്യക്തമാക്കുന്നു! ബൈബിള്‍ പരിഭാഷയില്‍ വിജാതിയ സ്വാധീനം കടന്നുവന്നത് എങ്ങനെയാണെന്ന് അറിയണമെങ്കില്‍, അത് പരിഭാഷപ്പെടുത്തിയ വ്യക്തികള്‍ ആരെല്ലാമാണെന്ന് അന്വേഷിച്ചാല്‍ മതി.
1817-ല്‍ ബൈബിള്‍ പൂര്‍ണ്ണമായി തര്‍ജ്ജമ ചെയ്യുവാനും കോട്ടയത്തുനിന്ന്‍ അതു പ്രസിദ്ധീകരിക്കുവാനും ബൈബിള്‍ സൊസൈറ്റി തീരുമാനിച്ചു. അതിനുവേണ്ടി ചര്‍ച്ച് മിഷണറി സൊസൈറ്റി (സി.എം.എസ്.) റവ. ബെഞ്ചമിന്‍ ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ ഹെബ്രായ ഭാഷാ പണ്ഡിതന്‍ മോശെ ഈശാര്‍ഫനി എന്ന യഹൂദന്‍, ത്രിഭാഷാ പണ്ഡിതനായ ചെറുശ്ശേരി ചാത്തു നായര്‍, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യര്‍ എന്നിവര്‍ വിവര്‍ത്തന പ്രക്രിയയില്‍ ബെയ്‌ലിയുടെ സഹായകരായി. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. ആരിലൂടെയെല്ലാമാണ് വിജാതിയത ബൈബിളില്‍ കടന്നുകൂടിയതെന്ന് മനസ്സിലാക്കാന്‍ ഇനിയൊരു വിവരണം ആവശ്യമുണ്ടെന്നു കരുതുന്നില്ല. ഇവിടെ അടിവരയിട്ടിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളുടെ പേരിനു താഴെയാണ്!
വേദപാഠമല്ല മതബോധനം!
ബൈബിളിനെ വേദപുസ്തകമാക്കിയവര്‍ തന്നെയാണ് മതബോധനത്തെ വേദപാഠമാക്കിയത്. കത്തോലിക്കാസഭയുടെയോ മറ്റിതര സഭകളുടെയോ മതബോധന ക്ലാസുകളില്‍ വേദം പഠിപ്പിക്കുന്നതായി മനോവയ്ക്കറിയില്ല. ലോകത്താകമാനം പല രാജ്യങ്ങളിലും ബൈബിള്‍ കോളേജുകള്‍ ഉണ്ടെന്നു നമുക്കറിയാം. ഈ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നത് 'വേദപഠന കേന്ദ്രം' എന്നല്ല; മറിച്ച്, 'ബൈബിള്‍ കോളേജുകള്‍' എന്നാണ്! എന്തു മ്ലേച്ഛതകളായിരുന്നാലും, അവയെല്ലാം വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ദുരാത്മാവ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ദുരാത്മാവിന്റെ സ്വാധീനമാണ് മലയാളികളായ ക്രിസ്ത്യാനികളെ വിജാതിയ അനുകരണത്തിനു പ്രേരിപ്പിക്കുന്നത്. ദുര്‍ഗ്ഗന്ധിയായതെന്തും സ്വന്തം ഭവനത്തിലേക്കു ചുമന്നുകൊണ്ടുവരാനും അത് ഭവനത്തിലെ പ്രധാനസ്ഥാനത്തു പ്രതിഷ്ഠിക്കാനും ക്രൈസ്തവ നാമധാരികള്‍ക്കു പ്രത്യേക നൈപുണ്യമുണ്ട്. വിഗ്രഹങ്ങളിലെ മ്ലേച്ഛതയും അതില്‍നിന്നു വമിക്കുന്ന ദുര്‍ഗ്ഗന്ധവും തിരിച്ചറിയാന്‍ കഴിയാത്തവിധം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നിലച്ചുപോയതാണ് ഇതിനു കാരണം! നിത്യസഹവാസംമൂലം ദുര്‍ഗ്ഗന്ധത്തോടു സമരസപ്പെടുന്ന അവസ്ഥ സ്വാഭാവിക പ്രതിഭാസമാണ്! മാലിന്യസംസ്ക്കരണ യൂണിറ്റില്‍ ജോലിചെയ്യുന്നവന് ദുര്‍ഗ്ഗന്ധത്തിന്റെ രൂക്ഷത അനുഭവവേദ്യമാകില്ല. വിഗ്രഹങ്ങളുമായുള്ള സഹവാസവും ഒരുവനെ ഈ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുന്നു!
വേദഗ്രന്ഥം, വേദപുസ്തകം, വേദവാക്യം, വേദശാസ്ത്രം, വേദപാഠം എന്നീ പദങ്ങളൊന്നും ക്രിസ്തീയതയിലേക്ക് ആരും വലിച്ചുകൊണ്ടുവരാന്‍ ശ്രമിക്കരുത്. അങ്ങനെ കൊണ്ടുവന്നിട്ടുള്ള സകല മാലിന്യങ്ങളും നീക്കംചെയ്ത് സഭകളെ ശുദ്ധീകരിക്കാന്‍ ദൈവമക്കള്‍ തയ്യാറാകണം. എന്തെന്നാല്‍, ദൈവത്തിനു സ്വീകാര്യമല്ലാത്തത് ദൈവത്തിന്റെ സഭയിലേക്കു കടത്തിക്കൊണ്ടുവന്നാല്‍, ദൈവം ആ സഭയെ വിട്ടുപോകും! ഇത് ഇസ്രായേലിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമായതിന് അനേകം തെളിവുകള്‍ നമുക്കു മുന്നിലുണ്ട്. ആധുനിക ഇസ്രായേലിന്റെ കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത നാം പാലിക്കണം. കാരണം, ജീവിക്കുന്ന ദൈവം മൂലക്കലും ശിരസ്സും ആയിട്ടുള്ളതാണ് അവിടുത്തെ സഭ! സഭയുടെ ശരീരവും അവിടുന്നുതന്നെ! ഈ വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്‌സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും"(എഫേ: 5; 23). ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കാനാണ് ഇക്കാര്യം അറിയിച്ചതെങ്കിലും, സഭ എന്താണെന്നുള്ള ചോദ്യത്തിന്റെ ഉത്തരവും ഈ വെളിപ്പെടുത്തലിലുണ്ട്!
ബൈബിളില്‍ ദൈവവചനമുണ്ടെന്നും ഈ വചനം ദൈവമാണെന്നും ഈ ദൈവം ആരംഭമോ അവസാനമോ ഇല്ലാത്തവനാണെന്നും നമുക്കറിയാം. ബൈബിളില്‍ ദൈവവചനം ഉണ്ടെന്നു പറയുമ്പോള്‍, ബൈബിളില്‍ ദൈവം ഉണ്ടെന്നുതന്നെയല്ലേ അര്‍ത്ഥമാക്കുന്നത്? ദൈവം വസിക്കുന്ന ഒരു ഗ്രന്ഥത്തെ മന്ത്രവാദവും ആഭിചാരവും അന്യദേവന്മാരുടെ നിറസാന്നിദ്ധ്യവുമുള്ള വേദങ്ങളോടു സമരസപ്പെടുത്തുന്നത് തികച്ചും പൈശാചികമായ നടപടിയല്ലേ? എല്ലാ അര്‍ത്ഥത്തിലും അനുയോജ്യമായ ഒരു പേരാണ് 'ബൈബിള്‍' എന്നുള്ളത്! ഏതു ഭാഷ സംസാരിക്കുന്ന വ്യക്തിയാണെങ്കിലും, ബൈബിള്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് എന്താണെന്ന് അവനു മനസ്സിലാകും! എന്നാല്‍, വേദപുസ്തകം എന്നുപറഞ്ഞാല്‍, മലയാളികളില്‍ത്തന്നെ പലര്‍ക്കും അറിയില്ല! പിന്നെ എന്തിനാണ് ഈ പൈശാചിക പരീക്ഷണങ്ങള്‍ ബൈബിളില്‍ നടത്തുന്നത്? നമുക്കു നമ്മുടെതായ മേല്‍വിലാസം ഉള്ളപ്പോള്‍ മറ്റാരുടെയെങ്കിലും മേല്‍വിലാസത്തില്‍ നാം അറിയപ്പെടേണ്ടതില്ല. വിജാതിയരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന പ്രവണത ക്രൈസ്തവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കുക! പിച്ചതെണ്ടി നടന്ന ഇന്ത്യപോലും വിദേശസഹായം സ്വീകരിക്കുന്ന പരിപാടി അവസാനിപ്പിച്ചു. ഇപ്പോള്‍ പതഞ്ജലി രാമനെയും അമൃതാനന്ദമയിയെയും പോലെയുള്ളവരെ ഉപയോഗിച്ചാണ് ഇവരുടെ തെണ്ടല്‍!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-