അറിഞ്ഞിരിക്കാന്‍

'ബൈബിള്‍' പഠിതാക്കള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശനം!

Print By
about

12 - 05 - 2018

ബൈബിള്‍ വായിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെതന്നെ, ദൈവവചനം പ്രസംഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതും പിന്തുടരേണ്ടതുമായ അനേകം നിഷ്ടകളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായത് സത്യത്തില്‍ നിലകൊള്ളുക എന്നതും അതുമാത്രമേ പ്രഘോഷിക്കുകയുള്ളുവെന്ന നിലപാടെടുക്കുക എന്നതുമാണ്. എന്തെന്നാല്‍, യേഹ്ശുവാ പ്രബോധനപരമായി നമ്മോടു ചോദിക്കുന്നു: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?"(മത്താ: 16; 26). സ്വന്തം ആത്മാവിന്റെ രക്ഷയെക്കുറിച്ചുള്ള ജാഗ്രത നിലനിര്‍ത്തിക്കൊണ്ടായിരിക്കണം ബൈബിള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ടത്! എന്നാല്‍, വേദനയോടെ പറയട്ടെ, ഈ ജാഗ്രത പുലര്‍ത്തുന്ന പഠിതാക്കളും അദ്ധ്യാപകരും ഇന്ന് വളരെ കുറവാണ്! കത്തോലിക്കാസഭയെ അടിക്കാനുള്ള വടി അന്വേഷിക്കുന്ന കത്തോലിക്കാവിരുദ്ധ പഠിതാക്കളും, പ്രൊട്ടസ്റ്റന്റ് സമൂഹത്തെ തറപറ്റിക്കാനുള്ള വചനങ്ങള്‍ അന്വേഷിക്കുന്ന കത്തോലിക്കരുമാണ് പഠിതാക്കളില്‍ ഏറെയും! ബൈബിളില്‍ വടി അന്വേഷിക്കുന്നതിനെ മനോവ സ്വാഗതം ചെയ്യുന്നു! എന്നാല്‍, ആ 'വടി' മറ്റു സമൂഹങ്ങളെയോ വ്യക്തികളെയോ അടിക്കാനുള്ള 'വടി' ആയിരിക്കരുത്; മറിച്ച്, തങ്ങളിലുള്ള തെറ്റായ ബോധ്യങ്ങളെയും അറിവുകേടുകളെയും അടിച്ചു പുറത്താക്കാനുള്ള 'വടി' ആയിരിക്കണം അന്വേഷിക്കേണ്ടത്!

ബൈബിള്‍ പഠിതാക്കള്‍ ആദ്യമായി അറിഞ്ഞിരിക്കേണ്ടത് എന്താണ് ബൈബിള്‍ എന്നതുതന്നെയാണ്. ഒട്ടുമിക്ക ക്രിസ്ത്യാനികളും ഈ ഗ്രന്ഥത്തെ ദൈവനിവേശിതം എന്ന് വിശേഷിപ്പിക്കുന്നു. നിവേശിക്കുകയെന്നാല്‍, പ്രവേശിക്കുക, കുടിയേറുക, പാളയമടിക്കുക എന്നിങ്ങനെയാണ് അര്‍ത്ഥം. അങ്ങനെയെങ്കില്‍, ദൈവനിവേശിതം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്, ദൈവം ഒരുവനില്‍ പ്രവേശിച്ച്, അവനെക്കൊണ്ടു ചെയ്യിക്കുന്ന പ്രവൃത്തിയെയാണ്. അതായത്, ദൈവത്തിന്റെ പ്രേരണയാല്‍ ഒരുവന്‍ ചെയ്യുന്ന പ്രവൃത്തിയെ ദൈവനിവേശിതമെന്നു പറയാം. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ദൈവത്തിന്റെ സഹായത്തോടെയും ദൈവീക നിശ്ചയപ്രകാരവും നടക്കുന്ന പ്രവര്‍ത്തനത്തെ ദൈവനിവേശിതമായി പരിഗണിക്കുന്നു. ദൈവീകനിയോഗത്താല്‍ എഴുതപ്പെട്ട ഗ്രന്ഥമായതുകൊണ്ടാണ് ബൈബിളിനെ ദൈവനിവേശിത ഗ്രന്ഥമായി പരിഗണിക്കുന്നത്. ചിലര്‍ ബൈബിളിലെ എല്ലാ വചനങ്ങളെയും ദൈവവചനങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇത് ശരിയായ ഒരു വിശേഷണമല്ല. എന്തെന്നാല്‍, ബൈബിളിലെ എല്ലാ വാക്കുകളും ദൈവവചനങ്ങളാണെന്ന ധാരണ തികച്ചും തെറ്റാണ്. അതുപോലെത്തന്നെ, ബൈബിളിനെക്കുറിച്ചുള്ള അനേകം തെറ്റിദ്ധാരണകള്‍ ക്രൈസ്തവരുടെയിടയിലുണ്ട്. ഈ തെറ്റിദ്ധാരണകള്‍ നീക്കുകയും ബൈബിള്‍ പഠിക്കേണ്ടത് എങ്ങനെയെന്നു മനസ്സിലാക്കുകയും ചെയ്യുവാനുള്ള ഉദ്യമമാണ് ഈ ലേഖനം!

ഇവിടെ നാം ചിന്തിച്ചതുപോലെ, ബൈബിള്‍ എന്താണെന്ന പഠനത്തോടെ നമുക്ക് ആരംഭിക്കാം. ബൈബിളില്‍ എഴുപത്തിമൂന്നു പുസ്തകങ്ങളുണ്ട്. ഒരുപക്ഷെ ചിലര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. ബൈബിളില്‍ അറുപത്തിയാറ് പുസ്തകങ്ങളെയുള്ളു എന്ന നുണയുടെ പ്രചാരകര്‍ നമുക്കിടയില്‍ ചുറ്റിത്തിരിയുന്നതുകൊണ്ടാണ് മനോവ ഇത് സൂചിപ്പിച്ചത്. വെറും സൂചനയില്‍ ഈ വിഷയം ഒതുക്കിയാല്‍ യാഥാര്‍ത്ഥ്യം ദൈവമക്കള്‍ക്കു ഗ്രഹിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ട് സത്യങ്ങള്‍ ഇവിടെ മറനീക്കി പുറത്തുവരേണ്ടിയിരിക്കുന്നു. അറുപത്തിയാറ് പുസ്തകങ്ങളുടെ വക്താക്കള്‍ ഈ ഭൂമുഖത്ത് രൂപപ്പെട്ടിട്ടു നൂറു വര്‍ഷംപോലും തികഞ്ഞിട്ടില്ല. ഇവര്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പാണ് ക്രിസ്തീയത ഈ ലോകത്ത് എതിത്തുതോല്‍പ്പിക്കാന്‍ കഴിയാത്ത ഒരു ശക്തിയായി വളര്‍ന്നത്. ഈ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും എഴുപത്തിമൂന്നു പുസ്തകങ്ങളുള്ള ബൈബിളായിരുന്നു ക്രിസ്ത്യാനികളുടെ ആയുധം! ഒരു നൂറ്റാണ്ടിനുമുമ്പ് ലോകത്തു പ്രചരിച്ച സ്വകാര്യ സഭാകളാണ് അറുപത്താറു പുസ്തകമുള്ള ബൈബിളിന്റെ ആധികാരികത ഉയര്‍ത്തിപ്പിടിക്കുന്നതെന്നു നാം കണ്ടു. ഇവര്‍ക്കു പ്രചോദനമായത് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച മാര്‍ട്ടിന്‍ ലൂഥര്‍ എന്ന മനുഷ്യനാണ്. പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന പുരോഹിതനും ദൈവശാസ്ത്രജ്ഞനും സര്‍വ്വകലാശാലാദ്ധ്യാപകനും ആയിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍. ഹാന്‍സ് ലൂഥറുടേയും അദ്ദേഹത്തിന്റെ പത്നി മര്‍ഗരെത്തെ ലൂഥറുടേയും മൂത്ത മകനായി 1483 നവമ്പര്‍ 10-ന് ജര്‍മ്മനിയില്‍, വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 'ഈസ്ലെബെന്‍' നഗരത്തില്‍ ലൂഥര്‍ ജനിച്ചു. അടുത്ത ദിവസം പ്രഭാതത്തില്‍ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ തിരുനാളില്‍ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി.

മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ എല്ലാ ആശയങ്ങളെയും തള്ളിക്കളയാന്‍ മനോവ തയ്യാറല്ല; എന്നാല്‍, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികള്‍ അദ്ദേഹത്തിലെ ആദ്ധ്യാത്മിക ചൈതന്യം കെടുത്തിക്കളഞ്ഞു എന്നതാണു യാഥാര്‍ത്ഥ്യം. ലൂഥര്‍ ഉയര്‍ത്തിയ 95 ആശയങ്ങളില്‍ പകുതിയിലേറെയും ന്യായമായിരുന്നുവെങ്കിലും, പല വാദങ്ങളും പൈശാചികമായിരുന്നു. ഇന്ന് ജര്‍മ്മനിയിലടക്കം ഭൂമിയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ലൂഥറന്‍ ചര്‍ച്ചിന്റെ സാന്നിദ്ധ്യമുണ്ട്. എന്നാല്‍, ലൂഥര്‍ ഉയര്‍ത്തിയ വാദങ്ങളില്‍ കത്തോലിക്കാസഭ തള്ളിക്കളഞ്ഞ വാദങ്ങളെല്ലാം ലൂഥറുടെ സഭയും തള്ളിക്കളഞ്ഞു. അങ്ങനെയെങ്കില്‍ എന്തിനായിരുന്നു കത്തോലിക്കാസഭയില്‍നിന്നു പുറത്താക്കപ്പെടാനുള്ള സാഹചര്യം ലൂഥര്‍ ഒരുക്കിയത്? ഒരു സാധാരണ വൈദീകന്‍ മാത്രമായിരുന്ന ലൂഥറെ കേള്‍ക്കാനും ചര്‍ച്ചചെയ്യാനും മാര്‍പ്പാപ്പപോലും തയ്യാറായിട്ടും ലൂഥര്‍ വഴങ്ങിയില്ല. ലൂഥറെ കത്തോലിക്കാസഭയില്‍നിന്നു പുറത്താക്കുകയായിരുന്നുവെങ്കിലും, ഈ പുറത്താക്കപ്പെടല്‍ ആദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ക്ഷണിച്ചുവരുത്തിയതാണ്. സഭയെ ശുദ്ധീകരിക്കാന്‍ തനിക്കു ലഭിച്ച അവസരത്തെ ലൂഥര്‍ കളഞ്ഞുകുളിച്ചു എന്നതാണു സത്യം! ലൂഥറുടെ ധാര്‍ഷ്ട്യത്തിന്റെ പരിണിതഫലമായി സഭയില്‍നിന്നു പുറത്താക്കപ്പെട്ടതിലൂടെ, വന്നുഭവിച്ച ദുരന്തമാണ് ഇന്നു കാണുന്ന സ്വകാര്യസഭകള്‍! ലൂഥര്‍ എന്ന ഈ വ്യക്തിയില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ച വ്യക്തികള്‍ സ്വന്തമായി തട്ടിക്കൂട്ടിയ പ്രസ്ഥാനങ്ങളാണ് ബൈബിളിലെ പുസ്തകങ്ങളില്‍ ചിലതെല്ലാം നീക്കംചെയ്തതും!

സഭകളുടെ ആവിര്‍ഭാവത്തെ സംബന്ധിച്ചുള്ള പഠനത്തില്‍ മുന്നോട്ടുപോകാന്‍ മനോവ തയ്യാറാകുന്നില്ല. ആയതിനാല്‍ത്തന്നെ, ബൈബിളിനെ സംബന്ധിച്ചുള്ള പഠനമായി ഈ ലേഖനത്തെ ചുരുക്കുകയാണ്! ബൈബിള്‍ ക്രോഡീകരിച്ചത് ഈ കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകള്‍ക്കിടയില്‍ മുളച്ചുപൊന്തിയ വ്യക്തിസഭകളല്ല എന്നകാര്യത്തില്‍ തര്‍ക്കത്തിനിടയുണ്ടാകാന്‍ സാധ്യതയില്ല! അഥവാ, തര്‍ക്കിക്കാന്‍ ആരെങ്കിലും ഒരുമ്പെട്ടാല്‍ അതിനു വസ്തുതയുടെ പിന്‍ബലം ഉണ്ടാകുമെന്ന് ആരും കരുതുകയും വേണ്ട. എന്നാല്‍, ഓരോ സഭകളിലെയും സ്ഥാപിതതാത്പര്യക്കാരുടെ വ്യാജപ്രബോധനങ്ങളെ ശിരസ്സാവഹിച്ചുകൊണ്ട് ചിലര്‍ ബൈബിളിനെ സംബന്ധിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നു. ഇത്തരം അപ്പോളജിസ്റ്റുകളാണ് ഇന്ന് ക്രിസ്തീയത നേരിടുന്ന യഥാര്‍ത്ഥ ദുരന്തം. മൂപ്പെത്താതെ പഴുത്ത ഫലങ്ങള്‍ എന്ന വിശേഷണം മാത്രമേ ഇക്കൂട്ടര്‍ക്കു ചേരുകയുള്ളൂ. നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളെ വെള്ളംതൊടാതെ വിഴുങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇവര്‍ സത്യത്തിന്റെ ശത്രുക്കളായി മാറുകയാണെന്ന തിരിച്ചറിവ് ഇവര്‍ക്കില്ല! ശ്രേഷ്ഠമായ ശുശ്രൂഷയിലാണ് തങ്ങളെന്ന ചിന്ത ഇവരെ ഭരക്കുന്നതുമൂലമാണ് ഇത്! അപ്പസ്തോലനായ യാക്കോബ് നല്‍കിയിരിക്കുന്ന പ്രബോധനം ഓരോ 'നവ' സുവിശേഷകരുടെയും ധ്യാനങ്ങളില്‍ ഉണ്ടായിരുന്നെങ്കിലെന്നു മനോവ ആശിക്കുന്നു! പ്രബോധനമിതാണ്: "എന്റെ സഹോദരരേ, നിങ്ങളില്‍ അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍"(യാക്കോ: 3; 1).

പ്രബോധനമെന്നത് ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ മഹത്തായ ശുശ്രൂഷയുടെ ഭാഗമാകാന്‍ തയ്യാറാകുന്നവര്‍ സത്യം ഗ്രഹിക്കുവാനും അതില്‍ നിലനില്‍ക്കുവാനും ശ്രമിക്കണം. അതായത്, ഒരുവന്‍ പ്രബോധനം നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്നതിനേക്കാള്‍ വലിയ ദുരന്തമാണ് തെറ്റായ പ്രബോധനങ്ങളിലൂടെ സംജാതമാകുന്നത്! ഒരുവനെ സത്യത്തിലേക്കു നയിക്കാന്‍ വിളിക്കപ്പെട്ടവനാണ് പ്രബോധകന്‍. എന്നാല്‍, ഒരുവനെ അസത്യത്തിലേക്കും, അതുവഴി നാശത്തിലേക്കും നയിക്കാന്‍ പ്രബോധകനു സാധിക്കും. അതുകൊണ്ടുതന്നെയാണ് അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുതെന്ന് അപ്പസ്തോലന്‍ താക്കീതു നല്‍കിയത്. ഇത് പ്രബോധനം എന്ന മഹത്തായ ദൗത്യത്തില്‍നിന്ന് ഒരുവനെ പിന്തിരിപ്പിക്കാനുള്ള ഉപദേശമായി ആരും കരുതരുത്. എന്തെന്നാല്‍, ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് പ്രബോധനത്തിന്റെ ഉത്തരവാദിത്വത്തിലേക്കാണ്! യേഹ്ശുവായുടെ ആഹ്വാനം ശ്രദ്ധിക്കുക: "ആകയാല്‍ നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 19, 20). യേഹ്ശുവാ ഭരമേല്പിച്ചത് പ്രബോധനത്തിന്റെ ദൗത്യമാണെന്ന കാര്യം ഇവിടെ വ്യക്തമാകുന്നു! ഓരോ ക്രിസ്ത്യാനിയുടെമേലും ഈ ദൗത്യം നിലനില്‍ക്കുമ്പോഴാണ് അപ്പസ്തോലനായ യാക്കോബിന്റെ ഉപദേശം പ്രസക്തമാകുന്നത്!

അപ്പസ്തോലനായ യാക്കോബ് ഇപ്രകാരം ഉപദേശിച്ചത് പ്രബോധനത്തില്‍ അനുവര്‍ത്തിക്കേണ്ട സുതാര്യതയെ മുന്‍നിര്‍ത്തിയാണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങളെ വ്യക്തമായി പഠിക്കുകയും, ഈ പ്രബോധനങ്ങളെ വ്യക്തമായി ഗ്രഹിക്കുകയും ചെയ്തതിനുശേഷമേ ഒരുവന്‍ പ്രബോധനത്തിനു മുതിരാവു! അതായത്, ദുര്‍വ്യാഖ്യാനങ്ങള്‍ക്കു സാധ്യതയുള്ളതുകൊണ്ടുതന്നെയാണ് യാക്കോബ് ഇപ്രകാരം ഉപദേശിച്ചത്. അപ്പസ്തോലന്മാരുടെ നേതാവായ പത്രോസ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപപ്പെട്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2 പത്രോ: 1; 20, 21). പ്രവചനങ്ങളെ വ്യാഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പാണ് നാമിവിടെ വായിച്ചത്! ഈ ഉപദേശത്തെ വേണ്ടവിധത്തില്‍ ഗ്രഹിക്കാത്ത അനേകര്‍ നമ്മുടെ സമൂഹത്തില്‍ സുവിശേഷകരായി വിരാജിക്കുന്നുണ്ട്. ആരുടെയെങ്കിലും ഒരു പ്രഘോഷണം കേട്ടാല്‍, അതില്‍നിന്ന് ആവേശംകൊണ്ട് പ്രബോധകരായി ഇറങ്ങുന്നവരാണ് ഇവരില്‍ അധികവും! ബൈബിള്‍ എന്താണെന്നുപോലും അറിയാത്ത ഇക്കൂട്ടരാല്‍ വഞ്ചിക്കപ്പെട്ട അനേകര്‍, വഞ്ചനയുടെ ഒരു പരമ്പരതന്നെ ഇവിടെ സൃഷ്ടിക്കുന്നു! ഈ അപകടങ്ങളെ മുന്നില്‍ക്കണ്ടാണ് അപ്പസ്തോലന്മാര്‍ നമുക്ക് ഉപദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ആയതിനാല്‍, യേഹ്ശുവായുടെ ഉപദേശത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഉപദേശങ്ങള്‍തന്നെയാണ് പത്രോസും യാക്കോബും നല്‍കിയിരിക്കുന്നതെന്നു നാം ഗ്രഹിക്കണം!

ബൈബിള്‍ പഠിക്കാന്‍ തയ്യാറാകുന്നവര്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ വിവരങ്ങള്‍ ചര്‍ച്ചചെയ്യാനാണ് നാം ഇനി ശ്രമിക്കുന്നത്.

എന്താണ് 'ബൈബിള്‍'?

ബൈബിള്‍ ദൈവവചനമാണ് എന്ന ധാരണ ബൈബിളിനെ സംബന്ധിച്ചുള്ള പല തെറ്റിദ്ധാരണകളില്‍ ഒന്നാണ്. ബൈബിളില്‍ ദൈവവചനമുണ്ടെങ്കിലും, ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ദൈവവചനമല്ല. ദൈവം സംസാരിച്ച വാക്കുകളോടൊപ്പം, മനുഷ്യരുടെയും പിശാചിന്റെയും വാക്കുകള്‍ ബൈബിളിലുണ്ട്. ഈ വിഷയത്തിലൂടെ യാത്ര ചെയ്യുന്നതിനുമുമ്പ് ബൈബിളിന്റെ ഘടന മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, നാം തുടങ്ങിവച്ച ഒരു ചര്‍ച്ച പൂര്‍ത്തിയാക്കിക്കൊണ്ട് നമ്മുടെ പഠനം തുടരാം.

എഴുപത്തിമൂന്നു പുസ്തകങ്ങളില്‍നിന്ന് ഏഴു പുസ്തകങ്ങള്‍ നീക്കംചെയ്യപ്പെട്ട സാഹചര്യം എന്തായിരുന്നു? ക്രിസ്ത്യാനികളില്‍നിന്നു പ്രതീക്ഷിക്കാന്‍ പാടില്ലാത്ത കാര്യമാണ് പുതുതലമുറ സഭകളില്‍നിന്നുണ്ടായത്. ക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ച കാലത്ത് നിലവിലുണ്ടായിരുന്ന പുസ്തകങ്ങളെയാണ് ഈ വിഭാഗം നീക്കംചെയ്തതെന്ന സത്യം തിരിച്ചറിയുമ്പോള്‍, പുതുതലമുറ സഭകളുടെ ആദ്ധ്യാത്മിക വ്യതിചലനം കൂടുതല്‍ വ്യക്തമാകും. ക്രിസ്തു മനുഷ്യനായി ജീവിച്ച കാലത്ത് യഹൂദര്‍ പിന്തുടര്‍ന്ന പുസ്തകങ്ങളാണ് കത്തോലിക്കാസഭ തങ്ങളുടെ ബൈബിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴയനിയമ പുസ്തകങ്ങള്‍ എന്നാണ് അത് അറിയപ്പെടുന്നതെന്നു നമുക്കറിയാം. പഴയനിയമം എന്ന പ്രയോഗം ശുദ്ധ അസംബന്ധമാണ് എന്ന യാഥാര്‍ത്ഥ്യം തുടര്‍ന്നുള്ള പഠനത്തില്‍ നമുക്കു വ്യക്തമാകും. എന്നിരുന്നാലും, ആ സത്യം നമുക്കു വെളിപ്പെടുന്നതുവരെ ലോകം നല്‍കിയ വിശേഷണത്തിലൂടെ നമുക്ക് ആ ഗ്രന്ഥങ്ങളെ പരിഗണിക്കാം.

പഴയനിയമം എന്ന് പൊതുവേ പറയപ്പെടുന്നതും പ്രവാചക കാലഘട്ടത്തില്‍ നല്കപ്പെട്ടതുമായ പുസ്തകങ്ങളില്‍നിന്നാണ് ഏഴു പുസ്തകങ്ങള്‍ ചില സ്ഥാപിതതാത്പര്യക്കാര്‍ നീക്കം ചെയ്തത്. ക്രിസ്തുവിനുശേഷം പ്രഖ്യാപിക്കപ്പെട്ട സുവിശേഷങ്ങളിലോ, അപ്പസ്തോലന്മാരുടെ ഉപദേശങ്ങളായ ലേഖനങ്ങളിലോ മാറ്റങ്ങള്‍ ഒന്നുംതന്നെയില്ല. പ്രവാചക കാലഘട്ടത്തില്‍ നല്‍കപ്പെട്ടതും ക്രിസ്തുവിന്റെ മനുഷ്യജീവിതകാലത്ത് നിലനിന്നതുമായ പുസ്തകങ്ങളില്‍ ചിലത് തള്ളിക്കളയാന്‍ തീരുമാനിച്ചത് യഹൂദരായിരുന്നു. ഈ യഹൂദരാകട്ടെ, ക്രിസ്തുവിനെ തള്ളിക്കളഞ്ഞ വിഭാഗവുമായിരുന്നു. എന്തായിരുന്നു ഈ തള്ളിക്കളയലിനു പിന്നിലെ ആശയമെന്നു പരിശോധിക്കേണ്ടത് ബൈബിള്‍ പഠനത്തിന് അനിവാര്യമായതുകൊണ്ട് നമുക്കത് പരിശോധിക്കാം.

ദൈവദത്തമായ പ്രബോധനാധികാരം ഉപയോഗിച്ച് വിശ്വാസികളുടെ സമൂഹത്തിനു നേതൃത്വം നല്‍കിയവര്‍ പ്രാമാണികമായി അംഗീകരിച്ച ഗ്രന്ഥത്തെ 'കാനോനിക' ഗ്രന്ഥമെന്നു വിളിക്കുന്നു. ക്രിസ്തുവര്‍ഷം 80-100- ല്‍ നടന്ന 'യാമ്നിയ' സമ്മേളനത്തില്‍വച്ചാണ് യഹൂദ നേതാക്കന്മാര്‍ അവരുടെ കാനോനികഗ്രന്ഥങ്ങള്‍ നിര്‍ണ്ണയിച്ചത്. ഹെബ്രായഭാഷയിലുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു. ഗ്രീക്ക്-അരമായഭാഷകളിലുള്ളതും പല യഹൂദസമൂഹങ്ങളും സ്വീകരിച്ചിരുന്നതുമായ മറ്റു ഗ്രന്ഥങ്ങള്‍ അവര്‍ അപ്രാമാണികമായി തള്ളി. കത്തോലിക്കര്‍ ഒഴികെയുള്ള ക്രൈസ്തവസമൂഹങ്ങള്‍ യഹൂദനിലപാടാണ് സ്വീകരിച്ചത്. ക്രിസ്തുവിന്റെ മനുഷ്യജീവിത കാലഘട്ടത്തില്‍, അവിടുന്ന് നിഷേധിക്കാത്ത ഗ്രന്ഥങ്ങളെയാണ് യഹൂദര്‍ തള്ളിയത്! യഹൂദര്‍ തള്ളിക്കളഞ്ഞതിനെ തള്ളിക്കളയാന്‍ ഒരു ക്രൈസ്തവസമൂഹം തയ്യാറാകുന്നുവെങ്കില്‍, ഇക്കൂട്ടര്‍ ആദ്യം തള്ളേണ്ടത് ക്രിസ്തുവിനെയല്ലേ? എന്തെന്നാല്‍, ക്രിസ്തുവിനെ നിഷേധിച്ചവരാണ് പ്രവാചകകാലഘട്ടത്തിലെ ചില തിരുവെഴുത്തുകള്‍ തള്ളിക്കളഞ്ഞത്! ഈ തിരുവെഴുത്തുകള്‍ തള്ളിക്കളയാന്‍ യഹൂദര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യവും നാമിവിടെ പരിഗണിക്കണം. എന്തെന്നാല്‍, ഈ പുസ്തകങ്ങളുടെ ഹെബ്രായഭാഷയിലുള്ള മൂലങ്ങള്‍ നമുക്കും യഹൂദര്‍ക്കും ലഭിച്ചുകഴിഞ്ഞു. ചാവുകടല്‍ ചുരുളുകളാണ് ഈ മൂലഗ്രന്ഥങ്ങള്‍!

1947-നും 1956-നും ഇടക്ക്, പശ്ചിമേഷ്യയില്‍ ചാവുകടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിര്‍ബത് കുമ്രാനോടുചേര്‍ന്നുള്ള 'കുമ്രാന്‍' താഴ്വരയിലെ പതിനൊന്നു ഗുഹകളില്‍നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടല്‍ ചുരുളുകള്‍ എന്നറിയപ്പെടുന്നത്. ഇവയില്‍ ഒരു പ്രധാനഭാഗം ഹെബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളുമാണ്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന്, ഇന്നു ലഭ്യമായ ചുരുക്കം ബൈബിള്‍ രേഖകളില്‍ ഉള്‍പ്പെടുന്ന ഇവ, മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്. ജെറുസലേമിലെ രണ്ടാം ദൈവാലയത്തിന്റെ അവസാനകാലത്തെ യഹൂദമതത്തിനുള്ളില്‍, വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലവിലിരുന്ന ഗണ്യമായ വൈവിദ്ധ്യത്തിലേക്ക് ഇവ വെളിച്ചം വീശുന്നു. ഹെബ്രായ, അരമായ ഭാഷകളിലും ഗ്രീക്കുഭാഷയുടെ കൊയ്നെ വകഭേദത്തിലും ആണ് അവ എഴുതപ്പെട്ടിരിക്കുന്നത്. മിക്കവയും മൃഗചര്‍മ്മത്തില്‍ ഉള്ളവയാണെങ്കിലും പാപ്പിറസില്‍ എഴുതപ്പെട്ടിരിക്കുന്നവയും ഉണ്ട്. ഈ കയ്യെഴുത്തുപ്രതികള്‍ ക്രിസ്തുവിനുമുന്‍പ് 250-നും  70-നും ഇടയ്ക്കുള്ളവയാണെന്ന് പുരാതന രചനാപഠനത്തിലൂടെയും കാര്‍ബണ്‍-14 പരീക്ഷണത്തിലൂടെയും  തെളിഞ്ഞിട്ടുണ്ട്.

ചാവുകടലിന്റെ വടക്കുപടിഞ്ഞാറെ തീരത്ത് ഒരു കിലോമീറ്റര്‍ പരപ്പിലാണ് കുമ്രാനിലെ അധിവാസസ്ഥാനം. അധിവാസകേന്ദ്രത്തില്‍നിന്ന് 125 മീറ്റര്‍ (നാലാമത്തെ ഗുഹ) മുതല്‍ ഒരു കിലോമീറ്റര്‍ (ഒന്നാം ഗുഹ) വരെ ദൂരെയാണ് ചുരുളുകള്‍ ലഭിച്ച പതിനൊന്നു ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ജെറീക്കോ നഗരത്തില്‍നിന്ന് പതിമൂന്നു കിലോമീറ്റര്‍ തെക്കോട്ടുമാറിയാണിത്. 1947-ല്‍, ബെദൂവിനുകളുടെ താമിരാ ഗോത്രത്തില്‍പ്പെട്ട മുഹമ്മദ് ആദ്ദിബ്ബ് എന്ന പതിനഞ്ചുവയസ്സുകാരന്‍ ബാലനാണ് ആദ്യത്തെ ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തിയതെന്നു പൊതുവേ കരുതപ്പെടുന്നു. കാണാതെപോയ ഒരാടിനെ അന്വേഷിച്ചുപോയ ആദ്ദീബ്, ഗുഹകളിലൊന്നിലേക്ക് കല്ലെറിഞ്ഞപ്പോള്‍ മണ്‍പാത്രം പൊട്ടുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് ഗുഹയില്‍ പ്രവേശിച്ച അവന്‍, തുണിയില്‍ പൊതിഞ്ഞ് തോല്‍ച്ചുരുളുകള്‍ സൂക്ഷിച്ചിരിക്കുന്ന മണ്‍ഭരണികള്‍ കണ്ടെത്തി. ചുരുളുകളുടെ മൂല്യം മനസ്സിലാക്കിയ പുരാവസ്തു വ്യാപാരി 'ഇബ്രാഹിം ഇജാ' എന്ന ഒരു ബെത്‌ലഹേംകാരന്‍ അവ ബാലനോടു വാങ്ങി. എന്നാല്‍, ഇയാള്‍ വാങ്ങുന്നതിനു മുന്‍പ്, അനേകം ചുരുളുകള്‍ ചില വീട്ടമ്മമാര്‍ അടുപ്പില്‍ തീകത്തിക്കാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു.

താന്‍ ബാലനോടു വാങ്ങിയ ചുരുളുകള്‍ ഏതെങ്കിലും സിനഗോഗില്‍നിന്ന് മോഷ്ടിച്ചവയായിരിക്കുമെന്ന് മുന്നറിയിപ്പുകിട്ടിയ ഇജാ അവ ബാലനുതന്നെ തിരികെകൊടുത്തു. 'കാന്‍ഡൊ' എന്നും പേരുള്ള ഖലീല്‍ എസ്കന്ദര്‍ ഷാഹിന്റെ കൈവശമാണ് പിന്നീട് അവ എത്തിയത്. ചെരുപ്പുകുത്തിയായിരുന്ന അയാള്‍ പുരാവസ്തു വ്യാപാരത്തിലും ഏര്‍പ്പെട്ടിരുന്നു. ഗുഹയില്‍നിന്ന് ആദ്ദീബ് എടുത്തുമാറ്റിയത് മൂന്നു ചുരുളുകള്‍ മാത്രമായിരുന്നുവെന്നാണ് പറയപ്പെടുന്നതെങ്കിലും, അവന്‍ കൂടുതല്‍ ചുരുളുകള്‍ക്കായി വീണ്ടും സ്ഥലം സന്ദര്‍ശിച്ചുവെന്നും, അതൊരുപക്ഷേ 'കാന്‍ഡോ'യുടെ പ്രേരണമൂലം ആയിരുന്നിരിക്കാമെന്നും പറയപ്പെടുന്നു. 'കാന്‍ഡോ' തന്നെ ഒരു രഹസ്യപര്യവേഷണം നടത്തിയെന്നതാണ് മറ്റൊരു നിഗമനം.

അതിനിടെ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ അവസരമുണ്ടാകുവോളം ഈ ചുരുളുകള്‍ ജോര്‍ജ്ജ് ഇശയാ എന്ന ഇടനിലക്കാരന്റെ കൈവശമിരിക്കട്ടെ എന്നു ബെദൂവിനുകള്‍ക്കിടയില്‍ തീരുമാനമായി. സുറിയാനി ഓര്‍ത്തോഡോക്സ് സഭാവിശ്വാസിയായിരുന്ന ഇശയാ, ഈ ചുരുളുകളുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കാനായി, ജെറുസലേമിലെ വിശുദ്ധ മര്‍ക്കോസിന്റെ സന്ന്യാസാശ്രമവുമായി ബന്ധപ്പെട്ടു. കണ്ടെത്തലിന്റെ ഈ വാര്‍ത്ത, മാര്‍ സാമുവല്‍ എന്നറിയപ്പെട്ടിരുന്ന മെത്രാപ്പോലീത്താ 'അത്താനാസിയസ് യേശു സാമുവലിന്റെ' അടുത്ത് ഈ ചുരുളുകള്‍ എത്തിച്ചേരാന്‍ കാരണമായി. പരിശോധനക്കുശേഷം ഈ ചുരുളുകള്‍ പുരാതനമായിരി‍ക്കാമെന്ന് സംശയിച്ച മാര്‍ സാമുവല്‍ അവ വിലയ്ക്കുവാങ്ങാന്‍ തയ്യാറായി. നാലു ചുരുളുകള്‍ അങ്ങനെ അദ്ദേഹത്തിന്റെ കൈവശമെത്തി. ഇപ്പോള്‍ ഏറെ പ്രശസ്തമായ ഏശയ്യാ, സഭാപ്രസംഗകന്‍, ഹബക്കുക്ക് പുസ്തകത്തിന്റെ വ്യാഖ്യാനം, ഉല്പത്തി, വെളിപാട് എന്നീ ചുരുളുകളായിരുന്നു അവ. 24 പൗണ്ട് ആണ് അദ്ദേഹം ഈ അമൂല്യരേഖകള്‍ക്ക് വിലയായി കൊടുത്തതെന്നു പറയപ്പെടുന്നു.

താമസിയാതെ, പുരാവസ്തുച്ചന്തയില്‍ കൂടുതല്‍ ചുരുളുകളെത്തി. അങ്ങനെയെത്തിയവയില്‍ കാന്‍ഡോയുടെ കൈവശമുണ്ടായിരുന്ന മൂന്നെണ്ണം, ഇസ്രായേലിലെ പുരാവസ്തുവിജ്ഞാനിയും ഹെബ്രായ സര്‍വകലാശാലയിലെ പണ്ഡിതനുമായിരുന്ന 'എലയാസര്‍ സുകേനിക്' 1947 നവംബര്‍ 29-ന് വാങ്ങി. യുദ്ധച്ചുരുള്‍ (മക്കബായരുടെ പുസ്തകങ്ങള്‍), സങ്കീര്‍ത്തനങ്ങളുടെ ചുരുള്‍, കൂടുതല്‍ ശിഥിലമായിരുന്ന മറ്റൊരു ഏശയ്യാ ചുരുള്‍ എന്നിവയായിരുന്നു അവ.

മാര്‍ സാമുവേലിന്റെ കൈവശമുള്ള ചുരുളുകളുടെ കാര്യം അറിഞ്ഞ സുകേനിക് 1947 അവസാനത്തോടെ അവ വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം ചുരുളുകള്‍, ജെറുസലേമിലെ അമേരിക്കന്‍ പൗരസ്ത്യഗവേഷണ വിദ്യാലയത്തിലെ ജോണ്‍ സി. ട്രെവറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബൈബിളിന്റെ അന്ന് അറിയപ്പെട്ടിരുന്നവയില്‍ ഏറ്റവും പുരാതന കയ്യെഴുത്തു പ്രതിയാ നാഷ് പാപ്പിറസിലെ ലിപികളെ ഈ ചുരുളുകളിലെ ലിപിയുമായി താരതമ്യം ചെയ്ത അദ്ദേഹം പല സമാനതകളും കണ്ടെത്തി.

1948 ഫെബ്രുവരി 28-ന് മാര്‍ സാമുവെലുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ, ഛായാഗ്രഹണത്തില്‍ ഏറെ തല്പരനായിരുന്ന ട്രെവര്‍, ചുരുളുകളുടെ ചിത്രമെടുത്തു. തുണിപ്പൊതിയില്‍നിന്ന് വെളിയിലെടുത്തതിലൂടെ തുടങ്ങിയ രാസപ്പകര്‍ച്ച ഫലമായി ചുരുളുകളിലെ ലിഖിതങ്ങളുടെ ചായം ഇപ്പോള്‍ മങ്ങാന്‍ തുടങ്ങി. അതിനാല്‍, ചുരുളുകളിലെ മൂല ലിഖിതങ്ങളേക്കാള്‍ വ്യക്തത, ട്രെവര്‍ അന്നെടുത്ത ചിത്രങ്ങള്‍ക്ക് ഇന്നുണ്ട്. 1948-ല്‍ അറേബ്യന്‍ നാടുകളും ഇസ്രായേലും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, സുരക്ഷക്കായി യഥാര്‍ത്ഥ ചുരുളുകള്‍ ഇസ്രായേലില്‍നിന്ന് ലെബനനിലെ ബെയ്റൂട്ടിലേക്ക് മാറ്റപ്പെട്ടു.

1948 സെപ്റ്റംബര്‍ ആദ്യം, മാര്‍ സാമുവേല്‍, പൗരസ്ത്യ ഗവേഷണ വിദ്യാലയത്തിന്റെ പുതിയ ഡയറക്ടറായിരുന്ന പ്രൊഫസര്‍ ഓവിഡ് ആര്‍ സെല്ലേഴ്സിനടുത്ത്, തനിക്ക് ആയിടെ കിട്ടിയ ചില ചുരുള്‍ശകലങ്ങള്‍ കൊണ്ടുചെന്നു. എന്നാല്‍, ആദ്യത്തെ കണ്ടെത്തലിന് രണ്ടുവര്‍ഷത്തിനുശേഷം 1948-ന്നൊടുവില്‍പ്പോലും ചുരുള്‍ കണ്ടെടുത്ത ഗുഹയെക്കുറിച്ച് പണ്ഡിതന്മാര്‍ ഇരുട്ടിലായിരുന്നു. യുദ്ധസാഹചര്യങ്ങള്‍മൂലം വന്‍തോതിലുള്ള പര്യവേഷണങ്ങളൊന്നും സാധ്യമായിരുന്നില്ല എന്നതുകൊണ്ടാണ് അത്. ഗുഹ കണ്ടെത്താന്‍, തന്നെ സഹായിക്കാന്‍ സെല്ലേഴ്സ് സിറിയയോട് അഭ്യര്‍ഥിച്ചുവെന്നും അവര്‍ ആവശ്യപ്പെട്ട പ്രതിഫലം അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവില്‍ 1949 ജനുവരി 29-ന് ഒന്നാം ഗുഹ കണ്ടെത്താന്‍ കഴിഞ്ഞത് ഒരു ഐക്യരാഷ്ട്രസഭാ നിരീക്ഷകനാണ്.

അതിനിടെ തന്റെ കൈവശമുണ്ടായിരുന്ന ചുരുളുകള്‍ മാര്‍ സാമുവേല്‍ അമേരിക്കയിലേക്ക് കൊണ്ടുപോയി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, അവയെ സംബന്ധിച്ച ഒരു പരസ്യം 1954 ജൂണ്‍ ഒന്നാം തിയ്യതി അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് പത്രികയില്‍ 'നാലു ചാവുകടല്‍ ചുരുളുകള്‍' എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടു. പലവക പരസ്യങ്ങളുടെ വിഭാഗത്തിലെ, 'വില്പനക്ക്' എന്ന ഉപവിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട ആ പരസ്യം ഇതായിരുന്നു: ക്രിസ്തുവിന് മുന്‍പ് 200-ാം ആണ്ട് വരെയെങ്കിലും പഴക്കമുള്ള ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍ വില്കാനുണ്ട്. വ്യക്തിയുടെയോ സംഘടനയുടെതോ വകയായി, ഏതെങ്കിലും മതസ്ഥാപനത്തിനോ വിദ്യാഭ്യാസസ്ഥാപനത്തിനോ ഉപഹാരമായി നല്‍കാന്‍ എറ്റവും അനുയോജ്യം. -ബോക്സ് എഫ് 206 വാള്‍ സ്ട്രീറ്റ് പത്രിക-

ഇവയെല്ലാം സ്ഥിരീകരിക്കുന്ന നൂറുകണക്കിന് തെളിവുകള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. അങ്ങനെയുള്ള തെളിവുകള്‍ കണ്ടെത്തിക്കൊണ്ടാണ് മനോവ ഉദ്ബോധിപ്പിക്കുന്നത്. ബൈബിളിലെ പുസ്തകങ്ങളെ അറുപത്തിയാറാക്കി ചുരുക്കിയവര്‍ ഉയര്‍ത്തിപ്പിടിച്ച വാദഗതികളില്‍ ഒന്നുപോലും ഇന്ന് നിലനില്‍ക്കുന്നതല്ല. ജാള്യത മറച്ചുവയ്ക്കാന്‍ സത്യത്തോട് മറുതലിക്കുന്നതല്ല ക്രിസ്തീയത. മറിച്ച്, സത്യം മനസ്സിലാക്കിക്കഴിയുമ്പോള്‍ തിരുത്താന്‍ തയ്യാറാകുക എന്നതാണു ക്രിസ്തീയത!

കത്തോലിക്കാസഭ ആധികാരികമായി അംഗീകരിച്ചിരിക്കുന്ന 73 പുസ്തകങ്ങളില്‍ ചേര്‍ക്കപ്പെടാത്ത പുസ്തകങ്ങളും 'ചാവുകടല്‍ ചുരുളുകളില്‍' കണ്ടെത്തിയിട്ടുണ്ട്. 'ഹെനോക്കിന്റെ പുസ്തകം' എന്ന ഗ്രന്ഥം അവയിലൊന്നാണ്! ഒന്നാംനൂറ്റാണ്ടില്‍ യഹൂദര്‍ വിളിച്ചുകൂട്ടിയ യാമ്നിയ സൂനഹദോസില്‍ വച്ച് അവര്‍ നീക്കംചെയ്ത ഗ്രന്ഥങ്ങള്‍ ഇന്ന് അവരുടെ കൈവശമുണ്ട്. സുകേനിക്കും മകനുമായി വാങ്ങിയ ഏഴു ചുരുളുകളും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത് ജറുസലേമിലെ 'ഗ്രന്ഥങ്ങളുടെ ആലയത്തില്‍' ആണ് (Shrine of the Book). പ്രവാചക കാലത്തെ എസ്തേറിന്റെ പുസ്തകം ഒഴിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ശകലങ്ങളെങ്കിലും ഉള്‍പ്പെടുന്ന കുമ്രാനിലെ ബൈബിള്‍ രേഖാസമുച്ചയവും, നേരത്തെ ലഭ്യമായിരുന്നവയെക്കാള്‍ ഏറെ പഴക്കമുള്ള ഒരു ബൈബിള്‍ പാരമ്പര്യപരിച്ഛേദം പണ്ഡിതലോകത്തിന് സമ്മാനിച്ചുവെന്ന് ഓക്സ്ഫോര്‍ഡ് പുരാവസ്തു വിജ്ഞാനസഹായി പറയുന്നു. കുമ്രാനിലെ ബൈബിള്‍ കയ്യെഴുത്തുപ്രതികളില്‍ മിക്കവയും എബ്രായ ഭാഷയിലുള്ള, പ്രവാചകനിയമത്തിന്റെ പരക്കെ സ്വീകാര്യതകിട്ടിയ മസോറെട്ടിക്ക് പ്രതിയെ പിന്തുടരുന്നവയാണ്.

73 പുസ്തകങ്ങളെക്കൂടാതെ, ലഭ്യമായ പുസ്തകങ്ങളില്‍ ചിലത് പൗരസ്ത്യസഭകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ക്രിസ്തുവിന്റെ കാലത്ത് യഹൂദര്‍ അംഗീകരിച്ചിരുന്ന ഗ്രന്ഥങ്ങളെ മാത്രമേ സത്യസഭ സ്വീകരിച്ചുള്ളു! എന്തെന്നാല്‍, ആധികാരികതയുള്ളത് അതിനു മാത്രമാണ്! യേഹ്ശുവാ കല്പിച്ച വചനം ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്തായി: 5; 17, 18). ഈ ഉപദേശത്തെ അതേപടി സ്വീകരിച്ചിരിക്കുന്നത് റോമന്‍ കത്തോലിക്കാസഭയിലെ റീത്തുകള്‍ മാത്രമാണ്!

നിയമങ്ങളില്‍ പഴയതും പുതിയതും!

പഴയനിയമം പുതിയനിയമം എന്നിങ്ങനെ നിയമത്തെ രണ്ടായി വിഭജിക്കുന്ന പ്രവണത എല്ലാ സഭകളിലുമുണ്ട്. യേഹ്ശുവായോ അവിടുത്തെ ശിഷ്യന്മാരോ ഒരിക്കല്‍പ്പോലും നിയമത്തെ വിഭജിച്ചു നമ്മേ പഠിപ്പിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. നിയമത്തെ വിഭജിച്ചത് യേഹ്ശുവായാണെന്ന തെറ്റിദ്ധാരണയില്‍ കഴിയുന്നവരുണ്ടെന്നു നമുക്കറിയാം. വചനം പ്രഘോഷിക്കുന്നവരാണ് ഇവരില്‍ ഏറെയും! ഇക്കൂട്ടരില്‍ മനോവയുടെ മുന്‍പില്‍ തങ്ങളുടെ വാദത്തെ സാധൂകരിക്കുന്നതിനായി ഉയര്‍ത്തിയ വചനം ഇവിടെ കുറിക്കാം. യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനം ശ്രദ്ധിക്കുക: "അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടുപറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്"(മത്താ: 26: 27, 28). ഈ ഉടമ്പടിയെ സംബന്ധിച്ചുള്ള വ്യക്ത നമുക്കു നല്‍കിയത് പൗലോസ് അപ്പസ്തോലനാണ്. എന്നാല്‍, ഈ ഉടമ്പടിയെ നിയമമായി ആരും തെറ്റിദ്ധരിക്കരുത്. മാത്രവുമല്ല, ബൈബിളില്‍ നാം രണ്ട് ഉടമ്പടികള്‍ മാത്രമല്ല കാണുന്നത്. കായേനുമായും നോഹയുമായും അബ്രാഹവുമായും ഉടമ്പടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇസ്രായേലുമായി പലവട്ടം ഉടമ്പടികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നമുക്കറിയാം.

യേഹ്ശുവാ സ്ഥാപിച്ചത് എന്നേക്കുമായുള്ള അവസാനത്തെ ഉടമ്പടിയാണ്! പ്രവാചകനും ജനനായകനുമായ മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ അസാധുവാക്കുകയോ തിരുത്തുകയോ അവിടുന്ന് ചെയ്തില്ല. മറിച്ച്, കൂടുതല്‍ ശക്തിയോടെ അവയെല്ലാം സ്ഥിരപ്പെടുത്തുകയാണ് അവിടുന്ന് ചെയ്തത്!

തര്‍ക്കത്തിനുവേണ്ടി ചിലര്‍ ഉന്നയിക്കുന്ന മറ്റൊരു വചനമിതാണ്: "ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും"(യോഹ: 13; 34, 35). ഈ വചനം പൂര്‍ണ്ണമായി വായിക്കാത്തവരാണ് തര്‍ക്കത്തിനിറങ്ങുന്നത്. എന്തെന്നാല്‍, ഇവിടെ യേഹ്ശുവാ നല്‍കിയത് നിയമമല്ല; മറിച്ച്, കല്പനയാണ്! നിയമവും (Law) കല്പനയും ( Command ) തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. മോശയുടെ നിയമങ്ങള്‍ എന്നു നാം പറയാറുണ്ടെങ്കിലും, മോശയുടെ കല്പനകള്‍ എന്നു നാം പറയാറില്ല. ഇക്കാര്യം വ്യക്തമാക്കാനായി രണ്ടു വചനശകലങ്ങള്‍ മനോവ ഇവിടെ കുറിക്കാം. യേഹ്ശുവാ അവിടുത്തെ പ്രബോധനങ്ങളിലോന്ന് ഇപ്രകാരമാണ് തുടങ്ങുന്നത്: "മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ സാബത്തു ദിവസം പരിച്ഛേനം ..."(യോഹ: 7; 23). മോശയുടെ നിയമം എന്നാണ് യേഹ്ശുവാ ഇവിടെ പറയുന്നത്!

എന്നാല്‍, കല്പനയെക്കുറിച്ചു പ്രതിപാദിക്കുന്ന വചനം എങ്ങനെയാണ് യേഹ്ശുവാ ആരംഭിക്കുന്നതെന്നു ശ്രദ്ധിക്കുക: "ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ കല്പനകള്‍ അനുസരിക്കുക"(മത്താ: 19; 17). കല്പനകളെ സംബന്ധിച്ചുള്ള യേഹ്ശുവായുടെ ഓര്‍മ്മപ്പെടുത്തലുകളില്‍ ഒന്നും 'മോശയുടെ' എന്ന് പറയുന്നില്ല. നിയമവും കല്പനയും രണ്ടായതുകൊണ്ടാണ് അവിടുന്ന് അപ്രകാരം പഠിപ്പിച്ചത്. ഇവിടെ ചിലര്‍ക്ക് മനോവയോട് അസ്വസ്ഥത തോന്നിയിട്ടുണ്ടാകാം. എന്തെന്നാല്‍, മലയാളം ബൈബിളില്‍ ആരും ഇങ്ങനെയൊരു വചനം വായിച്ചിട്ടില്ല. വഴിപോക്കാന്മാരെയും വിജാതിയരെയും വിളിച്ചിരുത്തി ബൈബിള്‍ പരിഭാഷ ഏല്പിച്ചതുകൊണ്ട് സംഭവിച്ച അനേകം പൈശാചിക അബദ്ധങ്ങളില്‍ ഒന്നാണ് ഈ വചനത്തിലും കണ്ടത്. ബൈബിള്‍ പരിഭാഷയില്‍ വന്നിട്ടുള്ള അബദ്ധങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല; എന്നാല്‍, ഇവിടെ സംഭവിച്ചിരിക്കുന്ന പിഴവ് ചൂണ്ടിക്കാണിക്കാതെ കടന്നുപോകാന്‍ കഴിയില്ല. മനോവ ഇവിടെ കുറിച്ചത്, ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ കല്പനകള്‍ അനുസരിക്കുക എന്നാണെങ്കില്‍, മലയാളം ബൈബിളുകളിലെല്ലാം 'പ്രമാണങ്ങള്‍' അനുസരിക്കുക എന്നാണ്!

ഇത് നിസ്സാരമായ വ്യത്യാസമാണെന്ന് ആരും ചിന്തിക്കരുത്. മറ്റേതെങ്കിലും ഭാഷകളിലുള്ള ബൈബിള്‍ പരിശോധിച്ചാല്‍, അവിടെയെല്ലാം 'കല്പനകള്‍' എന്നുമാത്രമേ വായിക്കാന്‍ കഴിയുകയുള്ളു! അതായത്, കല്പന എന്ന വാക്കിന്; ശാസന, ആജ്ഞ എന്നൊക്കെയുള്ള അര്‍ത്ഥങ്ങളുണ്ട്. ഇംഗ്ലീഷില്‍ 'Commands' എന്ന് വായിക്കും. എന്നാല്‍, പ്രമാണം എന്ന വാക്കിന് ഇംഗ്ലീഷില്‍ പറയുന്നത് 'Documents' എന്നാണ്! ബൈബിളിനെ മൊത്തമായി വേണമെങ്കില്‍ പ്രമാണം (Document) എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല! എന്നാല്‍, കല്പനകള്‍ കല്പനകള്‍തന്നെയാണ്. മലയാളത്തിലെ 'പ്രമാണം' എന്ന പ്രയോഗത്തിനു ചേരുന്ന വാക്കുകള്‍ മറ്റൊരു ഭാഷയിലെ ബൈബിളിലും കാണാന്‍ കഴിയില്ല. ഏതെങ്കിലും പ്രത്യേക സഭകളുടെ ബൈബിളില്‍ മാത്രം കാണുന്ന തെറ്റുകളല്ല ഇവയൊന്നും! പ്രോട്ടസ്റ്റന്റ് ബൈബിളില്‍ 'യഹോവ' നാമം ഉണ്ടെന്നതൊഴിച്ചാല്‍, സകല വിജാതിയതയും ഈ പുസ്തകത്തില്‍ കണ്ടെത്താന്‍ കഴിയും. ദേവാലയമെന്നും ശ്രീകോവിലെന്നും പരിഭാഷപ്പെടുത്താന്‍ എല്ലാ സഭകളും തയ്യാറായിട്ടുണ്ടെങ്കില്‍, പ്രോട്ടസ്റ്റന്റ് ബൈബിളില്‍ ഒരുപടികൂടി കടന്ന്, 'ഏഴു തിരികളിട്ട നിലവിളക്കും' ഉണ്ട്. ജറുസലേം ദൈവാലയത്തില്‍ നിലവിളക്കുണ്ടായിരുന്നുവെന്ന് വാദിക്കുന്നവരുടെ കൂട്ടത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബയാ സഭകളിലെ ഭൂരിഭാഗം വിശ്വാസികളെയും എണ്ണേണ്ടിവരും. പള്ളികളില്‍ മറ്റെന്തിനെയുംകാള്‍ നിലവിളക്കിനു പരിഗണന നല്‍കാന്‍ പൗരസ്ത്യസുറിയാനികള്‍ വാശിപിടിക്കുന്നതിലെ സാംഗത്യവും ഇതുതന്നെ!

ജറുസലേമിലെ ദൈവാലയത്തില്‍ സ്ഥാപിക്കാനായില്‍ നിര്‍മ്മിച്ച വിളക്കിന്റെ ആകൃതി വര്‍ണ്ണിച്ചപ്പോള്‍ ചില 'വിജാതിയ ക്രിസ്ത്യാനികള്‍' ഭാവനയില്‍ കണ്ടത് അമ്പലത്തിലിരിക്കുന്ന മ്ലേച്ഛരൂപത്തെയാണ്! അതുകൊണ്ടുതന്നെ  ഈ പരിഭാഷകര്‍ ബൈബിളില്‍ മ്ലേച്ഛത കുത്തിനിറച്ചു. നിയമത്തിലെ പഴമയെക്കുറിച്ചും പുതുമയെക്കുറിച്ചുമാണ് നാമിവിടെവരെ ചിന്തിച്ചത്. നിയമത്തില്‍ പഴയതെന്നോ പുതിയതെന്നോ ഇല്ലെന്നും, ആകാശവും ഭൂമിയും ഇതേപോലെ നിലനില്‍ക്കുന്ന കാലമത്രയും നിയമങ്ങളെല്ലാം പുതുമയോടെ നിലനില്‍ക്കുമെന്നും പറഞ്ഞവന്റെ നാമത്തില്‍ സ്നാനനം സ്വീകരിച്ചവര്‍ എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് അടുത്ത ഉപശീര്‍ഷകത്തിലേക്കു പ്രവേശിക്കുകയാണ്. ഒരു വചനോപദേശംകൂടി ഇവിടെ കുറിക്കുന്നു: "ഞാനിന്നു കല്പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്"(നിയമം: 28; 14).

പ്രവാചക കാലഘട്ടവും കൃപയുടെ കാലഘട്ടവും!

പഴയനിയമകാലം പുതിയനിയമകാലം എന്നിങ്ങനെയല്ല കാലഘട്ടം വിഭജിക്കപ്പെട്ടിരിക്കുന്നത്; മറിച്ച്, ക്രിസ്തുവിനു മുന്‍പും ശേഷവും എന്നാണ് ലോകചരിത്രം വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്! പഴയനിയമ കാലം എന്ന് പറയുന്നതിലൂടെ നിയമത്തെത്തന്നെ പഴഞ്ചനാക്കി പുറന്തള്ളുകയാണു ചെയ്യുന്നതെന്നു നാം തിരിച്ചറിയണം. ഇത്തരത്തില്‍ മോശയുടെ നിയമങ്ങളെ മാത്രമല്ല, ദൈവത്തിന്റെ കല്പനകളെപ്പോലും അവഗണിച്ചു തള്ളിയ ക്രൈസ്തവനാമധാരികള്‍ നമുക്കിടയിലുണ്ട്! സ്ഥാപിതതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ നിലകൊള്ളുന്നത്. എന്നാല്‍, ഇവരുടെ വഞ്ചനയുടെ ഫലമനുഭവിക്കുന്ന പാവങ്ങളെക്കുറിച്ചുള്ള ചിന്തയും വേദനയും നമ്മിലുണ്ടായിരിക്കണം.

ഈ അടുത്തനാളുകളില്‍ ഒന്നിലധികം വ്യക്തികള്‍ മനോവയോട് ഒരെകാര്യംതന്നെ എഴുതിച്ചോദിച്ചു. ചിലര്‍ ആധികാരികതയോടെയുള്ള മുന്നറിയിപ്പാണ് നല്‍കിയത്. ഇവര്‍ക്കെല്ലാം ലഭിച്ചിരിക്കുന്നത് ഒരു കേന്ദ്രത്തില്‍നിന്നു തന്നെയുള്ള ഉപദേശമാണെന്നു വ്യക്തമാകാന്‍ ഇത്രയും മതിയല്ലോ! സംശയവും മുന്നറിയിപ്പും ഇതാണ്: 'ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ, സകല മനുഷ്യരും നിത്യജീവന്‍ പ്രാപിക്കും. പിന്നെ എന്തിനാണ് മനോവ ഇങ്ങനെ കഷ്ടപ്പെടുന്നത്?!' ഇവരിലാര്‍ക്കെങ്കിലും മറുപടികൊടുക്കാന്‍ മനോവയ്ക്ക് സമയമില്ലെന്ന് ഇവര്‍തന്നെ മനസ്സിലാക്കട്ടെ! എന്നാല്‍, ഈ ഉപദേശത്തിന്റെ ഉറവിടം ഏതാണെന്നു മനസ്സിലാക്കാന്‍ വായനക്കാരില്‍ ഭൂരിപക്ഷത്തിനും സാധിക്കുമെന്ന് മനോവയ്ക്കറിയാം. ഇത്തരം ആശയങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയെന്നതാണ് മനോവ ഏറ്റെടുത്തിരിക്കുന്ന ദൗത്യം!

കൃപയുടെ കാലഘട്ടത്തില്‍ ജീവിക്കാനും അതുവഴി നിത്യജീവനെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണത പ്രാപിക്കാനുള്ള സൗകര്യങ്ങള്‍ ആസ്വദിക്കാനുമുള്ള ഭാഗ്യം സിദ്ധിച്ചവരാണ് നാം. എന്നാല്‍, ഈ സൗകര്യങ്ങളെ തിന്മയ്ക്കായി ഉപയോഗിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്നവരാണ് ബഹുഭൂരിപക്ഷം മനുഷ്യരും. ഇത്തരം ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് കിന്നരംവായിക്കുന്ന വ്യക്തികളായി പല സുവിശേഷകരും നിലകൊള്ളുന്നു! ആദ്ധ്യാതികതയുടെ പേരില്‍ നടക്കുന്ന ഈ വ്യഭിചാരങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ ശാപം! ക്രൈസ്തവ വൈദീകര്‍ എന്നപേരിലും സുവിശേഷകര്‍ എന്ന നാട്യത്തിലും വ്യാപരിക്കുന്ന ഇവരോളം ശപിക്കപ്പെട്ട മറ്റൊരു ജന്മം ഭൂമിയിലുണ്ടാകില്ല! ഇവരോടല്ല, ഇവരാല്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുള്ള ചഞ്ചലചിത്തരായ മനുഷ്യരോടായി മനോവയ്ക്കു പറയാനുള്ള വചനങ്ങളില്‍ ഒന്നിതാണ്: "യേഹ്ശുവാ താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 11; 20-22). കൃപയുടെ യുഗത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്തവരുടെ ഹൃദയങ്ങളില്‍ ഈ വചനം തറഞ്ഞുകയറട്ടെ!

എങ്ങനെ ജീവിച്ചാലും രക്ഷപ്പെടുമെന്നു പഠിപ്പിക്കാന്‍ ഒരു പ്രഘോഷകനെ ഇവിടെയാര്‍ക്കെങ്കിലും ആവശ്യമുണ്ടോ? പഠിച്ചാലും പഠിച്ചില്ലെങ്കിലും 'ഫുള്‍മാര്‍ക്ക്' കിട്ടുമെന്ന് ഉപദേശിക്കാന്‍ ഒരു അദ്ധ്യാപകനെ ലോകത്തിന് ആവശ്യമുണ്ടോ? ഇത്തരം പ്രഘോഷകരുടെയെല്ലാം പ്രഭവസ്ഥാനം തിച്ചറിയാന്‍ കഴിയുന്നത് ഇക്കൂട്ടര്‍ പുറപ്പെടുവിക്കുന്ന ഫലത്തിലൂടെയാണ്. എങ്ങനെ ജീവിച്ചാലും നിത്യജീവന്‍ പ്രാപിക്കുമെങ്കില്‍ അവര്‍ അങ്ങനെ രക്ഷപ്രാപിക്കട്ടെ! ഇതു പറയാനായി ഇവറ്റകള്‍ മനുഷ്യരുടെ പിന്നാലെ നടക്കുന്നത് അവരുടെ വിയര്‍പ്പിന്റെ ചൊരുക്ക് ആസ്വദിക്കാനാണോ? എങ്ങനെ ജീവിച്ചാലും ഏതു വിശ്വാസത്തില്‍ നിലകൊണ്ടാലും രക്ഷപ്രാപിക്കുമെന്ന ഉപദേശവുമായി നടക്കുന്ന ഇവരുടെ ദൃഷ്ടിയില്‍ രക്ഷപ്രാപിക്കാത്ത ഒരുകൂട്ടരുണ്ട്‌! യേഹ്ശുവായിലൂടെ മാത്രമേ രക്ഷപ്രാപിക്കുവെന്ന വിശ്വാസത്തില്‍ ജീവിക്കുകയും, ഈ സത്യം മറ്റുള്ളവരെ അറിയിക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്ന വ്യക്തികളാണ് ഇവറ്റകളുടെ ദൃഷ്ടിയില്‍ രക്ഷപ്രാപിക്കില്ലാത്ത കൂട്ടര്‍!

ദൈവത്തിന്റെ ശുശ്രൂഷകരെ നിന്ദിച്ചുകൊണ്ട് പാപത്തിനു വളരാന്‍ വെള്ളവും വളവുമായി നിലകൊള്ളുന്ന വിഭാഗത്തിനു നല്‍കാന്‍ ഉപദേശമല്ല, ശാപമാണ് മനോവ കാത്തുവച്ചിരിക്കുന്നത്! ആ ശാപവാക്കുകള്‍ ഇങ്ങനെ: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും"(നിയമം: 29;18-20). കാലത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ്, ഇത്തരത്തിലുള്ള പ്രഘോഷകരെ ബഹിഷ്ക്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയെന്നത് ഏറ്റവും ശ്രേഷ്ഠമായ സാമൂഹിക നന്മകൂടിയായി പരിഗണിക്കണം! ഇത് മനോവയുടെ വാക്കുകളല്ല; മറിച്ച്, ഇവരെ സമൂഹത്തില്‍നിന്നു വിച്ഛേദിച്ചു കളയണമെന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ആജ്ഞയാണ്!

സുവിശേഷത്തിന്റെ 'കച്ചവടക്കാര്‍'!

സുവിശേഷം വില്പനയ്ക്ക് വച്ചിരിക്കുന്നവര്‍ തങ്ങളെത്തന്നെ അനുഗ്രഹിച്ചുകൊണ്ട്‌ പറയുന്ന ചില സുവിശേഷങ്ങളുണ്ട്. ഒരെണ്ണമിതാണ്: "സ്വന്തം ചെലവില്‍ സൈനിക സേവനത്തിനു പോകുന്നവനുണ്ടോ? മുന്തിരിത്തോട്ടം ഉണ്ടാക്കിയിട്ട് അതിന്റെ ഫലത്തില്‍നിന്നു ഭക്ഷിക്കാത്തവനുണ്ടോ? ആ ട്ടിന്‍പറ്റത്തെ വളര്‍ത്തിയിട്ട് അതിന്റെ പാല്‍ കുടിക്കാത്തവനുണ്ടോ?"(1 കോറി: 9; 7). ബൈബിളിലെ ഉപദേശങ്ങള്‍ നമ്മുടെ ജീവനാണ്. അതുകൊണ്ടുതന്നെ, ഈ ഉപദേശങ്ങള്‍ സ്വീകാര്യവുമാണ്. എന്നാല്‍, പട്ടാളത്തിലെ ശമ്പളവും വാങ്ങി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരും, പാല് കുടിച്ചിട്ട് ആടിനെ ചെന്നായ്ക്കളുടെ മുന്നില്‍ തള്ളിയിടുകയും ചെയ്യുന്നവര്‍ക്ക് തങ്ങളെത്തന്നെ ന്യായീകരിക്കാനുള്ളതല്ല ബൈബിള്‍ വചനങ്ങള്‍! ബൈബിള്‍ പഠിക്കേണ്ടത് എങ്ങനെയെന്നു മനസ്സിലാക്കുന്നതിനുമുമ്പ് പഠിതാക്കള്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് ഇവയെല്ലാം. ആയതിനാല്‍, നമ്മുടെ പഠനം അല്പംകൂടി നീണ്ടുപോയേക്കാം!

ആദ്ധ്യാതികത വ്യാപരമാക്കിയവരുടെ മറ്റുചില വചനോപദേശങ്ങള്‍ക്കൂടിയുണ്ട്. വചനത്തെ വാളാക്കുന്നതിനു പകരം പരിചയാക്കുന്നവരുടെ പ്രഖ്യാപനങ്ങളില്‍ മറ്റൊന്നിങ്ങനെ: "എന്തെന്നാല്‍, മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നു: ധാന്യം മെതിക്കുന്ന കാളയുടെ വായ് നിങ്ങള്‍ മൂടിക്കെട്ടരുത്. കാളയുടെ കാര്യത്തിലാണോ ദൈവത്തിനു ശ്രദ്ധ? അവിടുന്നു സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുകുന്നവന്‍ പ്രതിഫലേച്ഛയോടും മെതിക്കുന്നവന്‍ ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയോടുംകൂടെ ജോലിചെയ്യുന്നതിന് നമുക്കുവേണ്ടി ഇതെഴുതപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്മീയ നന്‍മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍നിന്ന് ഭൗതികഫലങ്ങള്‍ കൊയ്യുന്നത് അധികപ്പറ്റാണോ?"(1 കോറി: 9-11). ഒരു പ്രബോധനംകൂടി നോക്കിയിട്ട് നമുക്കു വിഷയത്തിലേക്കു കടക്കാം: "ദൈവാലയ ജോലിക്കാര്‍ക്കുള്ള ഭക്ഷണം ദൈവാലയത്തില്‍നിന്നാണെന്നും അള്‍ത്താര ശുശ്രൂഷകര്‍ ബലിവസ്തുക്കളുടെ പങ്കു പറ്റുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? അതുപോലെ, സുവിശേഷ പ്രഘോഷകര്‍ സുവിശേഷംകൊണ്ടുതന്നെ ഉപജീവനം കഴിക്കണമെന്നു യാഹ്‌വെ കല്പിച്ചിരിക്കുന്നു"(1 കോറി: 9; 13, 14).

സ്വകാര്യസഭകള്‍ നടത്തുന്നവര്‍ക്ക് പത്രോസിനെക്കാള്‍ പ്രിയങ്കരന്‍ പൗലോസായത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ? അപ്പസ്തോലന്റെ ഉപദേശങ്ങളെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തോടെ സ്വീകരിച്ചാല്‍ അത് സുവിശേഷപ്രഘോഷകര്‍ക്ക് ശക്തിയാണ്. അനേകം സുവിശേഷ ശുശ്രൂഷകര്‍ ഉണ്ടാകേണ്ടതിനും അവരുടെ ശുശ്രൂഷകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കേണ്ടതിനുമായി പൗലോസ് അപ്പസ്തോലന്‍ നല്‍കിയ ന്യായമായ ഉപദേശങ്ങളാണ് ഇവയെല്ലാം. എന്നാല്‍, ഉപജീവനത്തില്‍ ആരംഭിച്ച് പിടിച്ചുപറിയിലൂടെ കടന്ന് വലിയ കച്ചവടക്കാരനാകുകയും, പിന്നീട് സ്വിറ്റ്സര്‍ലന്‍ഡില്‍ പോയി അവിടെയുള്ള ഏതെങ്കിലുമൊരു ബാങ്കില്‍ അകൌണ്ട് എടുക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് പലരും വേലയ്ക്കിറങ്ങുന്നത്. ഈ സമ്പാദനത്തെ ഉദ്ദേശിച്ചല്ല അപ്പസ്തോലന്‍ ഇത്തരമൊരു അവകാശത്തെക്കുറിച്ചു നമ്മെ ബോധാവാന്മാരാക്കിയത്! ആയിരുന്നുവെങ്കില്‍ അപ്പസ്തോലനും ഈ അവകാശം സ്വീകരിക്കുമായിരുന്നു. പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, ഇതൊന്നും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനുവേണ്ടി ഞാന്‍ ഇക്കാര്യങ്ങള്‍ എഴുതുകയുമല്ല. എന്തെന്നാല്‍, മറ്റൊരുവനില്‍നിന്ന് അഭിമാനക്ഷതമേല്‍ക്കുന്നതില്‍ ഭേദം മരിക്കുകയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!"(1 കോറി: 9; 15, 16).

സ്വന്തം കൈകള്‍ക്കൊണ്ട് അദ്ധ്വാനിച്ച് ഉപജീവനത്തിനുള്ള വക കണ്ടെത്തിക്കൊണ്ടാണ് പൗലോസ് ശുശ്രൂഷകളില്‍ വ്യാപരിച്ചത്. തെസ്സലോനിക്കാക്കാര്‍ക്ക് എഴുതിയ രണ്ടാംലേഖനത്തിലെ മൂന്നാം അദ്ധ്യായത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ സുവിശേഷത്തെ വിപണിയിലിറക്കി ശാപം പിടിച്ചു പറ്റുന്നവരായി അധഃപതിച്ചവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടാതിരിക്കാന്‍ ഓരോ വചന വിദ്യാര്‍ത്ഥിയും ജാഗ്രതപാലിക്കണം. ചെറിയ വ്യതിചലനമാണ് കേരളത്തിലെ പല വചന വ്യവസായികളെയും സൃഷ്ടിച്ചത്. കേള്‍വിക്കാരുടെ ഇമ്പത്തിനനുസരണമായി പ്രസംഗിക്കാന്‍ വിരുതുള്ളവരാണിവര്‍! സാമ്പത്തിക തകര്‍ച്ചയില്‍നിന്നുള്ള മുക്തി, രോഗശാന്തി തുടങ്ങിയ പരസ്യവാചകങ്ങളുമായി നടക്കുന്ന പലരെയും വായനക്കാര്‍ കണ്ടിട്ടുണ്ടാകാം. രോഗശാന്തിയും മനഃശാന്തിയും സാമ്പത്തിക ബാധ്യതകളില്‍നിന്നുള്ള വിടുതലുമൊന്നും ആഗ്രഹിക്കാന്‍ പാടില്ലാത്ത ഒന്നല്ല! എന്നാല്‍, മനുഷ്യന്റെ ഈ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് പരസ്യംചെയ്യുകയും, ശുശ്രൂഷകളില്‍ പ്രഥമസ്ഥാനം ഇത്തരം വിടുതലുകള്‍ക്കുവേണ്ടി മാറ്റിവയ്ക്കുകയും ചെയ്യുന്നവര്‍ തേങ്ങാപ്പീരകൊണ്ട് പുട്ടുണ്ടാക്കുന്ന പാര്‍ട്ടികളാണ്! ദൈവവചനം ശ്രവിക്കുമ്പോള്‍, പരിശുദ്ധാത്മാവ് നല്‍കുന്ന അടയാളങ്ങള്‍ മാത്രമാണ് അദ്ഭുതരോഗശാന്തികള്‍! സ്തോത്രക്കാഴ്ച്ചയുടെ അളവ് വര്‍ദ്ധിക്കണമെങ്കില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ വേദികളില്‍ പ്രസംഗിക്കണം. അതു മനസ്സിലാക്കിയ പല തങ്കുമാരും സാമ്പത്തിക സുവിശേഷത്തില്‍ 'സ്പെഷ്യലൈസ്' ചെയ്ത് ഇറങ്ങിയിരിക്കുകയാണ്!

ഇവരെക്കുറിച്ചാണ് അപ്പസ്തോലനായ പൗലോസ് ഇപ്രകാരം പ്രവചിച്ചത്: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 3, 4). പുത്തന്‍പുരയ്ക്കല്‍ ജോസഫിനെപ്പോലെയുള്ള 'കാമകൊമേഡിയന്മാര്‍ക്ക്' സ്വീകാര്യതയുണ്ടാകുന്ന ഈ കാലത്തെക്കുറിച്ചാണ് അപ്പസ്തോലന്‍ ഇത് പ്രവചിച്ചത്. ഈ മനുഷ്യന്‍ ബൈബിളിലെ ഒരു വാക്കുപോലും പറയില്ലെന്നു മാത്രമല്ല, വചനം പറയുന്നവരെ ആക്ഷേപിക്കുകയും ചെയ്യും. അത്തരം വഷളത്തരങ്ങളില്‍ ആഹ്ലാദം തേടുന്ന പ്രവാസികള്‍ ഇയാളെ ക്ഷണിച്ചുവരുത്തുകയും കുടുംബമായി ഒത്തിരുന്ന് ആസ്വദിക്കുകയും ചെയ്യും. ഉപഭോക്താവിന്റെ ആവശ്യം മനസ്സിലാക്കി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നവനാണ് യഥാര്‍ത്ഥ കച്ചവടക്കാരനെങ്കില്‍, ഇവരെയൊക്കെ മിടുക്കന്മാരായ കച്ചവടക്കാരുടെ ഗണത്തില്‍പ്പെടുത്താം!

സുവിശേഷം പ്രസംഗിക്കാന്‍ ഇറങ്ങുന്ന ഏതൊരുവനും ഏറ്റെടുത്തിരിക്കുന്നത് മഹത്തായ ഒരു ശുശ്രൂഷയാണ്. എന്നാല്‍, ഈ മഹത്തായ ശുശ്രൂഷയെ ധനാഗമ മാര്‍ഗ്ഗമായി പരിഗണിക്കാന്‍ തുടങ്ങുമ്പോള്‍ അത് ശാപമായി മാറും. സുവിശേഷം പഠിക്കുന്നവവര്‍ക്കുള്ള ഉപദേശവും അപ്പസ്തോലന്‍ നല്‍കിയിട്ടുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: "വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തന്റെ അദ്ധ്യാപകനു നല്‍കണം. നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്തെടുക്കും"(ഗലാത്തി: 6; 6-8). വചനം പഠിക്കുന്നവന് അവനെ പഠിപ്പിക്കുന്നവനോടു പുലര്‍ത്തേണ്ട വിശ്വസ്തതയെ സംബന്ധിച്ചാണ് ഈ പ്രബോധനം. എന്നാല്‍, അദ്ധ്യാപകന്‍ ഒരിക്കലും തന്റെ ശിഷ്യന്റെ സമ്പത്തില്‍ കണ്ണുവച്ചുകൊണ്ട് അദ്ധ്യാപനത്തിന് ഇറങ്ങരുത്. നല്‍കിയാല്‍ വാങ്ങാം എന്ന സ്വാതന്ത്ര്യം ഒരിക്കലും ദുര്‍മ്മോഹത്തെ ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരാന്‍ ഇടയാകുംവിധം ആകരുത്. ഒരു സുവിശേഷകന്റെ മനോഭാവം ഇങ്ങനെയായിരിക്കട്ടെ: "ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍"(മത്താ: 10; 8). യേഹ്ശുവായുടെ ഉപദേശമാണിത്!

ബൈബിള്‍ ദൈവവചനമാണോ?

നമ്മുടെ പഠനം ആരംഭിച്ചത് ഈ വിഷയത്തില്‍നിന്നാണ്. ആയതിനാല്‍, പറഞ്ഞുനിര്‍ത്തിയിടത്തുനിന്നുതന്നെ അത് പൂര്‍ത്തിയാക്കെണ്ടിയിരിക്കുന്നു. ചരിത്രം, നിയമം, പ്രവചനം, പ്രബോധനം എന്നിവ ചേരുന്നതാണ് ബൈബിള്‍! എന്നാല്‍, കത്തോലിക്കാസഭയുടെ ഔദ്യോഗിക മലയാളം ബൈബിളായ POC ബൈബിളിന്റെ ആമുഖം എഴുതിയവര്‍ക്ക് പ്രവാചക കാലഘട്ടത്തിലെ(പഴയനിയമം) പുസ്തകങ്ങളില്‍ മൂന്നു ഘടകങ്ങള്‍ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. നിയമം അവര്‍ക്കില്ല! ബൈബിള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍പ്പോലും അനേകം തെറ്റുകള്‍ വരുത്തിയെങ്കില്‍, ആമുഖത്തില്‍ എഴുതിയിരിക്കുന്നതിനെ അതിന്റെ വഴിക്കുവിടാം! ഏതായാലും നമുക്ക് നാലു ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് പഠിക്കേണ്ടിയിരിക്കുന്നു. ഈ നാലു ഘടകങ്ങളിലും ദൈവവചനമുണ്ടെങ്കിലും, ഈ ഘടകങ്ങളില്‍ ഉള്ളത് പൂര്‍ണ്ണമായി ദൈവത്തിന്റെ വചനമല്ല. ഉത്പത്തിയുടെ പുസ്തകം ഒരു ചരിത്രപരമായ പുസ്തകമാണെന്നു നമുക്കറിയാം. ഈ പുസ്തകത്തില്‍ നാം പരിചയപ്പെടുന്ന പിതാക്കന്മാരില്‍, ആദംമുതല്‍ ജോസഫ് വരെയുള്ള എല്ലാവരോടും ദൈവം സംസാരിച്ചിട്ടില്ല. ദൈവം അരുളിച്ചെയ്യുന്നുവെന്ന വിവരണത്തോടെ നല്കുന്ന വെളിപ്പെടുത്തലുകളില്‍, ദൈവത്തിന്റെ വാക്കുകളോടൊപ്പം ഗ്രന്ഥകാരന്റെ വാക്കുകളുമുണ്ട്. ഉദാഹരണമായി ബൈബിളിലെ ഒരു വാക്യം നമുക്കു പരിശോധിക്കാം.

"അബ്രാമിനു ദര്‍ശനത്തില്‍ യാഹ്‌വെയുടെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ, ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു: യാഹ്‌വെയായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണ് ലഭിക്കുക?"(ഉത്പ: 15; 1, 2). ഈ വചനത്തെ മൂന്നു നിറങ്ങള്‍ക്കൊണ്ടു വേര്‍തിരിച്ചിരിക്കുന്നത് ദൈവത്തിന്റെ വചനവും മറ്റുള്ളവരുടെതും വേറിട്ടു മനസ്സിലാക്കുന്നതിനാണ്. വിവരണത്തിന്റെ സഹായമില്ലാതെതന്നെ എല്ലാവര്‍ക്കും മനസ്സിലായെന്നു കരുതുന്നു. ഈ വിധത്തിലാണ് ബൈബിളിനെ ഉടനീളം നാം പരിശോധിക്കേണ്ടത്. ഉത്പത്തി പുസ്തകത്തില്‍ ഒന്നാമത്തെ അദ്ധ്യായത്തില്‍ നാം കേള്‍ക്കുന്നത് ദൈവത്തിന്റെ ശബ്ദവും മോശയുടെ ശബ്ദവും മാത്രമാണ്. ദൈവം അരുളിച്ചെയ്ത വാക്കുകള്‍ക്കു പുറമേ മോശയുടെ ശബ്ദം ഈ അദ്ധ്യായത്തില്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ ആരും അതിശയിക്കേണ്ടാ. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു കാനാനിലേക്ക് യാക്കോബിന്റെ മക്കള്‍ പലായനം ചെയ്ത നാല്പതു വര്‍ഷത്തെ കാലയളവിനുള്ളില്‍ ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത കാര്യങ്ങളാണ് ഉത്പത്തിയുടെ പുസ്തകമായി നമ്മുടെ മുന്നില്‍ ഇപ്പോള്‍ കാണുന്നത്. ഉത്പത്തിയുടെ പുസ്തകം കൂടാതെ, പുറപ്പാട്, ലേവ്യര്‍, സംഖ്യാ, നിയമാവര്‍ത്തനം എന്നീ പുസ്തകങ്ങളുടെയും ഗ്രന്ഥകാരന്‍ മോശയാണെന്നു നാം വിശ്വസിക്കുന്നു.

ഉത്പത്തി മുതല്‍ നിയമാവര്‍ത്തനം വരെയുള്ള ഗ്രന്ഥങ്ങള്‍ രചിച്ചത് മോശയാണെന്നു പറയാന്‍ വ്യക്തമായ കാരണമുണ്ട്. ദൈവം അവിടുത്തെ നാമം ആദ്യമായി വെളിപ്പെടുത്തിയത് മോശയ്ക്കായിരുന്നുവെന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍, തന്റെ മുന്‍ഗാമികളില്‍ ഏഴാമത്തെ തലമുറയിലെ പിതാവായ അബ്രഹാം എങ്ങനെയാണ് അവിടുത്തെ നാമം അറിഞ്ഞത്? 'യാഹ്‌വെ'  എന്നാണ് ദൈവത്തിന്റെ നാമമെന്ന് മോശ അറിഞ്ഞതിനുശേഷം, താന്‍ രചിച്ച ഗ്രന്ഥത്തിലൂടെ തലമുറകള്‍ക്കു പരിചയപ്പെടുത്തിയ തന്റെ പിതാക്കന്മാര്‍ക്കുവേണ്ടി സംഭാഷണങ്ങള്‍ തയ്യാറാക്കിയതും മോശതന്നെയാണ്. ദൈവമായ യാഹ്‌വെ പറഞ്ഞുകൊടുത്തതു മാത്രമാണ് മോശ എഴുതിയത്. തനിക്കുമുമ്പ് ആരും അറിഞ്ഞിട്ടില്ലാതിരുന്ന നാമംതന്നെയാണ് തന്റെ പിതാക്കന്മാരും ദൈവത്തെ വിളിക്കാനായി ഉപയോഗിച്ചിരുന്നതെന്ന് പറയണമെങ്കില്‍ മോശയ്ക്കു മാത്രമേ സാധിക്കുകയുള്ളു. ഇങ്ങനെ തറപ്പിച്ചു പറയാന്‍ വേറെയും കാരണമുണ്ട്. മോശയ്ക്കു മുമ്പുണ്ടായിരുന്ന തലമുറകളില്‍ ആര്‍ക്കും 'യാഹ്‌വെ' എന്ന നാമം അറിയാത്തതുകൊണ്ട്, അവരെഴുതിയാല്‍ ദൈവത്തിന്റെ നാമം ഉത്പത്തിയുടെ പുസ്തകത്തില്‍ ഉണ്ടാകുമായിരുന്നില്ല.

മോശയ്ക്കുശേഷം വന്ന ആരെങ്കിലും എഴുതിയതാണ് ഈ പുസ്തകമെങ്കിലും 'യാഹ്‌വെ' എന്ന നാമം മോശയുടെ മുകളിലുള്ള തലമുറകളെക്കൊണ്ട് 'യാഹ്‌വെ' എന്ന് വിളിപ്പിക്കാനുള്ള ധൈര്യം അവര്‍ക്കുണ്ടാകില്ല. കാരണം, ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "യാഹ്‌വെ മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. യാഹ്‌വെയാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും, ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്‌"(നിയമം: 34; 10-12). ഇനി നമുക്ക് അടുത്ത ചിന്തകളിലേക്കു കടക്കാം!

ബൈബിള്‍ ദൈവവചനമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ്‌ ഈ ഉപശീര്‍ഷകത്തിനു താഴെ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്പത്തിയുടെ പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തില്‍ ആരുടെയെല്ലാം വചനങ്ങളുണ്ടെന്നു നാം മനസ്സിലാക്കി. ഇനി രണ്ടാം അദ്ധ്യായത്തില്‍ ദൈവത്തിന്റെയും മോശയുടെയും ശബ്ദംകൂടാതെ ആദത്തിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്. "ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും"(ഉത്പ: 2; 23). ഹവ്വാ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കിലും ഈ അദ്ധ്യായത്തില്‍ അവളുടെ സംസാരമില്ല. മൂന്നാമത്തെ അദ്ധ്യായത്തില്‍ ഹവ്വായുടെ ശബ്ദംകൂടാതെ, പുതിയൊരു അതിഥിയുടെ ശബ്ദവുംകൂടി കടന്നുവരുന്നുണ്ട്. ആ ശബ്ദമാണ് പുരാതന സര്‍പ്പത്തിന്റെ ശബ്ദം! "അത് സ്ത്രീയോട് ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ? സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍ തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഞങ്ങള്‍ ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്"(ഉത്പ: 3; 1-3). ബൈബിളില്‍ പിശാചിന്റെതായി മുഴങ്ങിക്കേട്ട വചനമാണിത്! ഇവിടെയും നിറങ്ങള്‍ മാറ്റികൊടുത്തിരിക്കുന്നത് ഓരോരുത്തരുടെയും വാക്കുകള്‍ വേറിട്ടു മനസ്സിലാക്കാനാണ്! ഈ വിധത്തില്‍ പരിശോധിക്കുമ്പോള്‍, ദൈവത്തിന്റെതായി കേള്‍ക്കാന്‍ കഴിയുന്ന വചനങ്ങളെക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ വചനങ്ങളായിരിക്കും.

യേഹ്ശുവായുടെ കാലഘട്ടത്തെ സംബന്ധിച്ചുള്ള ബൈബിളില്‍ സാത്താന്റെ വചനം പലയിടങ്ങളിലായി നമുക്കു വായിക്കാന്‍ കഴിയും. മരുഭൂമിയിലെ പരീക്ഷയുടെ ഘട്ടത്തില്‍ യേഹ്ശുവായോടുപോലും പിശാച് സംസാരിക്കുന്നു! "നീ സാഷ്ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും"(മത്താ: 4; 9). ഇത് പിശാചിന്റെ വചനമാണ്! യൂദാസിന്റെയും ഫരിസേയരുടെയും പീലാത്തോസിന്റെയുമെല്ലാം വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ ബൈബിളിനെ മൊത്തത്തില്‍ ദൈവവചനമായി പരിഗണിക്കുന്നത് തികച്ചും അപകടകരമായ കാര്യമാണ്! ബൈബിളില്‍ ദൈവവചനം ഉണ്ടെന്നത് പരമമായ സത്യമാണ്. എന്നാല്‍, യേഹ്ശുവായുടെയും ദൈവദൂതന്മാരുടെയും കന്യകാമറിയത്തിന്റെയും മനുഷ്യരുടെയും സാത്താന്റെയും വചനങ്ങള്‍ ബൈബിളിലുണ്ട്. ബൈബിളിനെ ദൈവനിവേശിത ഗ്രന്ഥമായി പരിഗണിക്കാന്‍ കഴിയും എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ദൈവവചനത്തെ പരിശുദ്ധമെന്നു പറയണം! എന്നാല്‍, ബൈബിളിനെ വിശുദ്ധമെന്നു പറയാന്‍ സാധിക്കില്ല! അതുപോലെതന്നെ, പ്രോട്ടസ്റ്റന്റ് ബൈബിളിനെ 'സത്യവേദപുസ്തകം' എന്ന് വിശേഷിപ്പിക്കുന്നത് സമ്പൂര്‍ണ്ണ അബദ്ധമാണ്! ബൈബിള്‍ ഒരു വേദപുസ്തകം അല്ലെന്നതാണ് പ്രധാനപ്പെട്ട അബദ്ധം.

ഇന്ത്യയിലെ ഹിന്ദുക്കള്‍ ഗ്രീക്ക് പൈശാചികതയെ തട്ടിയെടുത്തുണ്ടാക്കിയ വേദങ്ങളുമായി ക്രിസ്ത്യാനികള്‍ക്ക് എന്തു ബന്ധമാണുള്ളത്! മാത്രവുമല്ല, ചരിത്രങ്ങളും പ്രബോധങ്ങളും ഉള്‍ക്കൊള്ളുന്ന മഹത്തായ ഏഴു ഗ്രന്ഥങ്ങളെ കൗശലപൂര്‍വ്വം ചീന്തിക്കളഞ്ഞതിനുശേഷം, അറുപത്തിയാറു ഗ്രന്ഥങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആ പുസ്തകം എങ്ങനെ സത്യമാകും?

എഴുതിയാലും എഴുതിയാലും തീരാത്തത്ര വലിയ വിഷയമാണ് മനോവ ഇവിടെ ഏറ്റെടുത്തത്. എന്നിരുന്നാല്‍പ്പോലും, ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്! എന്നാല്‍ അവസാനിക്കുന്നില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6639 views

LOG IN

Lost your password?

SIGN UP

LOST PASSWORD