അറിഞ്ഞിരിക്കാന്‍

പ്രവാചകത്വവും പൗരോഹിത്യവും അവസാനിച്ചുവോ?

Print By
about

13 - 08 - 2014

പ്രവാചകരില്‍ അവസാനത്തെയാള്‍ സ്നാപകയോഹന്നാനാണെന്ന് യേഹ്ശുവാ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, എന്നേയ്ക്കുമുള്ള ഏകബലിയര്‍പ്പിച്ച പുരോഹിതന്‍ യേഹ്ശുവായാണെന്നും ബൈബിളില്‍ വായിക്കുന്നു! അങ്ങനെയെങ്കില്‍, പ്രവാചകത്വവും പൗരോഹിത്യവും അവസാനിച്ചുവോ? കത്തോലിക്കാസഭയിലും ഇതര ശ്ലൈഹീകസഭകളിലും ഇന്ന് അര്‍പ്പിക്കപ്പെടുന്ന ബലികള്‍ക്കു സാധുതയില്ലേ? ഈ സഭകളില്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ പുരോഹിതരല്ലേ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനം. പ്രവാചകന്‍ ആരെന്നും പുരോഹിതന്‍ ആരെന്നുമുള്ള വ്യക്തമായ പഠനം ഇവിടെ അനിവാര്യമാണ്. ആയതിനാല്‍, പ്രവാചകന്‍ ആരെന്നുള്ള വിഷയത്തില്‍നിന്നുതന്നെ നമുക്ക് പഠനം ആരംഭിക്കാം.

പ്രവാചകനെയും പ്രവാചകത്വത്തെയും പഠനവിഷയമാക്കുമ്പോള്‍, ഈ വചനത്തില്‍ ആരംഭിക്കുന്നതാകും ഉചിതം: “നിയമവും പ്രവാചകന്മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു”(ലൂക്കാ: 16; 16). എന്താണ് ഈ വചനത്തിന്റെ അര്‍ത്ഥമെന്ന് ഒറ്റ വാചകത്തില്‍ ഉത്തരം നല്‍കാന്‍ കഴിയുകയില്ല. എന്നാല്‍, ഉത്തരമുണ്ട്. ആ ഉത്തരം മറ്റൊരവസരത്തില്‍ നല്‍കാം.

ആരാണ് പ്രവാചകന്‍? എന്താണ് പ്രവാചകത്വം?

“എന്റെ ദൈവത്തിന്റെ ജനമായ യെഫ്രായിമിന്റെ കാവല്‍ക്കാരനാണ് പ്രവാചകന്‍”(ഹോസെയാ: 9; 8). മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “മനുഷ്യപുത്രാ, യിസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം”(യെസെക്കിയേല്‍: 33; 7). പ്രവാചകനായ യെസെക്കിയേലിനോട് ദൈവമായ യാഹ്‌വെ അരുളിച്ചെയ്ത വചനമാണിത്. ദൈവജനം പ്രമാണങ്ങളില്‍നിന്നു വ്യതിചലിച്ച് പാപത്തില്‍ നിപതിക്കുമ്പോള്‍, അവരുടെമേല്‍ ശിക്ഷ അയയ്ക്കുന്നതിനു മുന്‍പ് പ്രവാചകന്മാരെ അയച്ചു താക്കീതു നല്‍കുന്ന രീതി ദൈവത്തിനുണ്ട്. ഇവരുടെ താക്കീതുകള്‍ സ്വീകരിച്ചുകൊണ്ട് പാപത്തില്‍നിന്നു പിന്തിരിയാന്‍ ജനം തയ്യാറായാല്‍ ശിക്ഷ പിന്‍വലിക്കാന്‍ അവിടുന്ന് തയ്യാറാകുന്നു. പ്രവാചകന്റെ താക്കീതുകള്‍ മാനിച്ചുകൊണ്ട് പാപത്തില്‍നിന്നു പിന്തിരിഞ്ഞ നിനവേ നിവാസികളെ ബൈബിളില്‍ നാം കാണുന്നുണ്ട്. എന്നാല്‍, പ്രവാചകന്മാരുടെ മുന്നറിയിപ്പുകളെ അവഗണിക്കുകയും, തത്ഫലമായി ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത ചരിത്രമാണ് യിസ്രായേലില്‍ കൂടുതല്‍ കണ്ടിട്ടുള്ളത്.

അടിസ്ഥാനപരമായി പ്രവാചകനില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം യിസ്രായേലിനു കാവല്‍ക്കാരനായിരിക്കുക എന്നതാണ്. ദൈവീകനിയമങ്ങളില്‍നിന്നു ദൈവജനം വ്യതിചലിക്കുമ്പോള്‍ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയും, അവരുടെമേലുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത് പ്രവാചകനാണ്‌! ചെറുതും വലുതുമായ പതിനെട്ടോളം പ്രവാചകന്മാരെ ഓരോ കാലഘട്ടങ്ങളിലും ദൈവം അയച്ചിട്ടുണ്ട്. രാജാക്കന്മാരും പുരോഹിതന്മാരും ജനത്തെ നയിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെയാണ് പ്രവാചകന്മാരും അയയ്ക്കപ്പെട്ടത് എന്നകാര്യം മറക്കരുത്. ദൈവത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമായി രാജാക്കന്മാര്‍ ഭരണംനടത്തുമ്പോള്‍, ആ രാജാക്കന്മാരെ തിരുത്തുന്നതിനായി പ്രവാചകന്മാര്‍ നിയുക്തരാകുന്നു. ജനത്തിനു ശുശ്രൂഷചെയ്യാന്‍ ചുമതലയുള്ള പുരോഹിതര്‍ തങ്ങളുടെ ശുശ്രൂഷകളില്‍ അശ്രദ്ധരാകുമ്പോള്‍, ഇവരെ തിരുത്തുന്നതും പ്രവാചകനാണ്‌! അതായത്, രാജാക്കന്മാരെയും പുരോഹിതരെയും ദൈവജനത്തെയും ദൈവത്തിന്റെ ദൂത് അറിയിക്കുന്ന സ്വര്‍ഗ്ഗത്തിന്റെ സ്ഥാനപതികളാണ് പ്രവാചകര്‍!

കുലമഹിമ, പ്രായം, ജീവിതപശ്ചാത്തലം, ഗോത്രം, സമൂഹത്തിലെ സ്ഥാനം എന്നിവയൊന്നും പരിഗണിച്ചല്ല പ്രവാചകനെ ദൈവം തിരഞ്ഞെടുക്കുന്നത്. ബാല്യത്തില്‍ത്തന്നെ പ്രവാചക ദൗത്യം ഭരമേല്പിക്കപ്പെട്ടവരാണ് ഒട്ടുമിക്ക പ്രവാചകന്മാരും. ആമോസ് പ്രവാചകന്റെ വാക്കുകള്‍ ഇങ്ങനെയാണു വായിക്കുന്നത്: “ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് യാഹ്‌വെ അരുളിച്ചെയ്തു: എന്റെ ജനമായ യിസ്രായേലില്‍ ചെന്ന് പ്രവചിക്കുക”(ആമോസ്: 7; 14, 15). ബാല്യത്തില്‍ത്തന്നെ പ്രവാചകദൗത്യം ഭരമേല്പിക്കപ്പെട്ട വ്യക്തിയായിരുന്നു യിരെമിയാഹ്. താന്‍ പ്രവാചകനായി വിളിക്കപ്പെടുന്ന വേളയില്‍ ദൈവവുമായി നടന്ന സംഭാഷണത്തെക്കുറിച്ച് യിരെമിയാഹ് പ്രവാചകന്‍ പറയുന്നത് ശ്രദ്ധിക്കുക: “മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ യാഹ്‌വേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല. യാഹ്‌വെ എന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്പിക്കുന്നതെന്തും സംസാരിക്കണം”(യിരെമിയാഹ്: 1; 5-7). ദൈവമായ യാഹ്‌വെ ഒരുവനെ പ്രവാചകനായി തിരഞ്ഞെടുക്കുന്നത് ഏതു മാനദണ്ഡത്തിലാണെന്നു വ്യക്തമാക്കാനാണ് ഈ ബൈബിള്‍ഭാഗങ്ങള്‍ ഇവിടെ ചേര്‍ത്തത്.

രാജാക്കന്മാരുടെയും പുരോഹിതരുടെയും അടുക്കലേക്കു ദൂതുമായി അയയ്ക്കപ്പെട്ട ചെറുതും വലുതുമായ പതിനെട്ടു പ്രവാചകഗ്രന്ഥങ്ങളാണ് ബൈബിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മറ്റനേകം പ്രവാചകന്മാര്‍ ദൈവജനത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. പ്രവാചകന്മാരുടെ ഗണത്തില്‍ ഉള്‍പ്പെടാത്ത ചിലര്‍, അവര്‍പ്പോലും അറിയാതെ പ്രവചനം നടത്തിയിട്ടുമുണ്ട്. മോശ ഒരു പ്രവാചകനായിരുന്നുവെങ്കിലും ജനനേതാവ് എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. പ്രവാചകന്മാരില്‍ത്തന്നെ ശ്രേഷ്ഠനായി പരിഗണിക്കപ്പെടുന്ന മോശയുടെ പ്രധാന ദൗത്യം ജനത്തെ വാഗ്ദത്ത നാട്ടിലേക്കു നയിക്കുക എന്നതായിരുന്നു. ഈജിപ്തിലെ ഫറവോയുടെ അടുക്കലേക്ക് ദൈവദൂതുമായി കടന്നുചെന്നത് മോശയായിരുന്നുവെന്നും നമുക്കറിയാം. ദൈവത്തില്‍നിന്നു കേള്‍ക്കുന്ന വാക്കുകള്‍ അതേപടി ദൈവജനത്തെ അറിയിച്ചുകൊണ്ടിരുന്ന മോശയിലൂടെ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പലകാര്യങ്ങളും അവിടുന്ന് വെളിപ്പെടുത്തിയിട്ടുണ്ട്! സത്യദൈവത്തിന്റെ ഭൂമിയിലെ സ്ഥാനപതിയായിരുന്നു മോശ. അഹറോനു മോശ ദൈവത്തെപ്പോലെയായിരിക്കണമെന്ന് യാഹ്‌വെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “അവന്‍ നിനക്കു പകരം ജനത്തോടു സംസാരിക്കും; അവന്‍ നിന്റെ വക്താവായിരിക്കും; നീ അവനു ദൈവത്തെപ്പോലെയും”(പുറ: 4; 16). മോശ ദൈവത്തെപ്പോലെ ആയിരിക്കുമെന്ന് യാഹ്‌വെ അരുളിച്ചെയ്തത് അഹറോനെ സംബന്ധിച്ചിടത്തോളം മാത്രമായിരുന്നില്ല. ഈ വചനം നോക്കുക: “യാഹ്‌വെ മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹറോന്‍, നിന്റെ പ്രവാചകനായിരിക്കും”(പുറ: 7; 1).

പ്രവാചക ഗണത്തില്‍ അറിയപ്പെടാത്തവരും, എന്നാല്‍, പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളവരുമായ ചിലരെയും ബൈബിളില്‍ കാണുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രവാചകനായിരുന്നു ദാവീദ്!

ദാവീദ് ഒരു പ്രവാചകനായിരുന്നില്ല; മറിച്ച്, യിസ്രായേലിന്റെ രാജാവായിരുന്നു. ദാവീദിന്റെ ഭരണകാലത്ത് യിസ്രായേലില്‍ മറ്റു പ്രവാചകന്മാര്‍ ഉണ്ടായിട്ടുണ്ട്. ഒരേ കാലയളവില്‍ത്തന്നെ ഒന്നിലധികം പ്രവാചകന്മാരെ ഒരേ ദൗത്യവുമായി ദൈവം അയയ്ക്കാറില്ല! ദാവീദ് ഭരണം നടത്തിയിരുന്ന കാലത്ത് യിസ്രായേലില്‍ ജീവിച്ച രണ്ടു പ്രവാചകന്മാരായിരുന്നു ശമുയേലും നാഥാനും. വ്യത്യസ്ഥ കാലഘട്ടങ്ങളിലാണ് ഇവര്‍ പ്രവചിച്ചത്. എന്നാല്‍, പ്രവാചകന്‍ എന്നപേരില്‍ അറിയപ്പെടാതിരുന്നിട്ടുപോലും ദാവീദ് അനേകം പ്രവചനങ്ങള്‍ നടത്തിയതായി ബൈബിളില്‍ വായിക്കുന്നുണ്ട്. തന്റെ ജീവിതത്തില്‍ അനുഭവിച്ച കൊടിയ വേദനകള്‍ ദൈവത്തിനുമുന്നില്‍ തുറന്നുവച്ചപ്പോള്‍, ആ വാക്കുകള്‍ പ്രവചനമായി മാറുകയാണുണ്ടായത്. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ പലതും ദാവീദിന്റെ വേദനകളും നെടുവീര്‍പ്പുകളുമായിരുന്നുവെന്ന് കാണാന്‍ കഴിയും. ഇത്തരത്തില്‍, താന്‍ അറിയാതെ ദാവീദ് നടത്തിയ ചില പ്രവചനങ്ങള്‍ ശ്രദ്ധിക്കുക: “നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മ്മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ തുറിച്ചുനോക്കുന്നു; അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു”(സങ്കീ: 22; 16-18).

ദാവീദ് തന്റെ വേദനയാണ് നെടുവീര്‍പ്പായി ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍, താന്‍പോലും അറിയാതെ ഒരു പ്രവചനം ഇവിടെ ദാവീദു നടത്തി. ദാവീദ് നടത്തിയ മറ്റൊരു പ്രവചനം നോക്കുക: “അവന്റെ അസ്ഥികളെ യാഹ്‌വെ കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല”(സങ്കീ: 34; 20). യെരുശലേം ദൈവാലയത്തില്‍ യേഹ്ശുവാ നടത്തിയ ശുദ്ധീകരണത്തെക്കുറിച്ച് ദാവീദ് മുന്‍കൂട്ടി പ്രവചിച്ചത് ഇപ്രകാരമായിരുന്നു: “അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു”(സങ്കീ: 69; 9). ഇത്തരത്തിലുള്ള അനേകം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഒരു പ്രവാചകന്‍ എന്ന നിലയിലായിരുന്നില്ല ദാവീദ് അറിയപ്പെട്ടിരുന്നത്.

യിസ്രായേലില്‍നിന്ന് അല്ലാത്തവരും പ്രവാചകന്മാരായി ജീവിക്കുകയും ദൈവമായ യാഹ്‌വെയില്‍ നിന്ന് അരുളപ്പാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ഒരു പ്രവാചകനെ സംഖ്യയുടെ പുസ്തകത്തില്‍ പരിചയപ്പെടുന്നുണ്ട്. യിസ്രായേല്‍ജനത്തെ ശപിക്കാനായി മൊവാബ്യ രാജാവായിരുന്ന ബാലാക് കൂലിക്കെടുത്തത് ഒരു പ്രവാചകനെയായിരുന്നു. അമാവിന്റെ ദേശത്തു യൂഫ്രട്ടെസ് തീരത്തുള്ള പെത്തോറില്‍ ജീവിച്ചിരുന്ന ബയോറിന്റെ മകന്‍ ബാലാം ആയിരുന്നു ആ പ്രവാചകന്‍. യാക്കോബിന്റെ സന്തതികളില്‍പ്പെടാത്തവന്‍ ആയിരുന്നുവെങ്കിലും ഇവന്‍ സേവിച്ചിരുന്നത് യിസ്രായേലിന്റെ ദൈവത്തെയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. തന്നെ കൂലിക്കെടുക്കാന്‍ വന്ന ബാലാക്കിന്റെ സേവകരോട് ബാലാം പറയുന്നത് ശ്രദ്ധിക്കുക: “ബാലാക് തന്റെ വീടുനിറയെ വെള്ളിയും സ്വര്‍ണ്ണവും എനിക്കു തന്നാലും എന്റെ ദൈവമായ യാഹ്‌വെ കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യുക എനിക്കു സാദ്ധ്യമല്ല”(സംഖ്യ: 22; 18). ബാലാമിനോട്‌ യാഹ്‌വെ സംസാരിക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: “ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയുമരുത്. എന്തെന്നാല്‍, അവര്‍ അനുഗൃഹീതരാണ്”(സംഖ്യ: 22; 12). ബൈബിളിലെ ഒരു വാക്യംകൂടി ശ്രദ്ധിക്കുക: “അപ്പോള്‍ യാഹ്‌വെ ബാലാമിന്റെ കണ്ണുകള്‍ തുറന്നു. ഊരിയവാളേന്തി വഴിയില്‍ നില്‍ക്കുന്ന യാഹ്‌വെയുടെ ദൂതനെ കണ്ട് അവന്‍ കമിഴ്ന്നു വീണു”(സംഖ്യ: 22; 31). യിസ്രായേല്‍ജനത്തില്‍ പെടാത്തവരിലും സത്യദൈവമായ യാഹ്‌വെയെ സേവിക്കുന്നവര്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇത്! ഹീബ്രുമൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് യാഹ്‌വെ എന്നുതന്നെയാണ്! യിസ്രായേലിലെ പ്രവാചകന്മാരിലേക്കുതന്നെ നമ്മുടെ ശ്രദ്ധതിരിക്കാം.

പ്രത്യേകമായ ദൗത്യം ഭരമേല്പിക്കപ്പെട്ട പ്രവാചകന്മാര്‍ കുറവായിരുന്നെങ്കിലും, മറ്റനേകം പ്രവാചകന്മാര്‍ യിസ്രായേലില്‍ ഉണ്ടായിരുന്നു. അവരില്‍ത്തന്നെ സത്യപ്രവാചകന്മാരും വ്യാജപ്രവാചകന്മാരും ഉണ്ടായിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. പ്രവാചകന്മാരുടെ കൂട്ടങ്ങളെ ബൈബിളില്‍ പലയിടത്തും കണ്ടുമുട്ടുന്നുണ്ട്. യിസ്രായേലിന്റെ പ്രഥമ രാജാവായി ശൗവുലിനെ അഭിഷേകം ചെയ്തതിനുശേഷം ശമുയേല്‍ ദീര്‍ഘദര്‍ശി ഇപ്രകാരം പറഞ്ഞു: “പട്ടണത്തിലേക്കു കടക്കുമ്പോള്‍ സാരംഗി, ചെണ്ട, കുഴല്‍, കിന്നരം എന്നീ വാദ്യമേളങ്ങളോടെ മലമുകളില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ നീ കണ്ടുമുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോള്‍ യാഹ്‌വെയുടെ ആത്മാവ് ശക്തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും”(1 ശമുയേല്‍: 10; 5, 6). ഉപജീവനത്തിനായി പ്രവാചകവേഷം കെട്ടിയ വ്യാജപ്രവാചകന്മാരും യിസ്രായേലില്‍ ഉണ്ടായിരുന്നു. വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെടുകയും ചിലരെയൊക്കെ ഇവര്‍ വഴിപിഴപ്പിക്കുകയും ചെയ്തതായി നമുക്കു കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ പ്രവാചകന്മാരെ തിരിച്ചറിയേണ്ടതിനു ചില അടയാളങ്ങളും ദൈവം നമുക്കു തന്നിട്ടുണ്ട്! വ്യാജപ്രവാചകനെ തിരിച്ചറിയുന്നതിനായി ബൈബിള്‍ നല്‍കുന്ന ആദ്യത്തെ മുന്നറിയിപ്പ് നിയമാവര്‍ത്തന പുസ്തകത്തിലാണ് വായിക്കുന്നത്. അതീവ ഗൗരവത്തോടെ അറിഞ്ഞിരിക്കേണ്ട ആ വചനം ഇങ്ങനെ: “നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്”(നിയമം: 13; 1, 2).

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരിലും പുരോഹിതരിലും ചിലരൊക്കെ വഴിപിഴച്ചുപോയ ചരിത്രം ബൈബിളില്‍ വായിക്കുന്നുണ്ടെങ്കിലും, ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഒരു പ്രവാചകന്‍പോലും ദൗത്യത്തില്‍നിന്നു വ്യതിചലിച്ചതായി ബൈബിളില്‍ കാണാന്‍ കഴിയില്ല. പ്രവാചകനെ തിരഞ്ഞെടുക്കുന്നതില്‍ സ്വര്‍ഗ്ഗം എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നു എന്നതിന്റെ തെളിവാണിത്! ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുള്ള രാജാക്കന്മാരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ദൈവത്തോടു ചേര്‍ന്നുനിന്നത്. എന്നാല്‍, രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും അടുക്കലേക്ക് അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ എല്ലാവരും ദൈവത്തോടു വിശ്വസ്തത പുലര്‍ത്തി. രാജാക്കന്മാരുടെ മുന്നിലും പുരോഹിതന്മാരുടെ മുന്നിലും അപേക്ഷയുമായി ഒരു പ്രവാചകനും കടന്നുചെന്നില്ല; മറിച്ച്, ആജ്ഞാവചനങ്ങളുമായിട്ടാണ് പ്രവാചകന്മാര്‍ ഇവരെ സമീപിച്ചത്! രാജാക്കന്മാരും പുരോഹിതരും പ്രവാചകന്മാരുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ക്കുമുന്നില്‍ അസ്വസ്ഥരായി. എന്നാല്‍, ദൈവഭയമുള്ള രാജാക്കന്മാര്‍ പ്രവാചകന്മാരുടെ മുന്നില്‍ വിനയാന്വിതരായി എന്നതാണു സത്യം. തന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍ എന്ന ബഹുമതിയ്ക്കു പാത്രമായ ദാവീദിന്റെ മുന്നില്‍പ്പോലും പ്രവാചകന്റെ ശബ്ദം മയപ്പെട്ടില്ല!

ഊറിയായുടെ ഭാര്യയെ തട്ടിയെടുത്ത ദാവീദിന്റെ സമക്ഷം പ്രവാചകനായ നാഥാന്റെ ശബ്ദം ഇങ്ങനെയായിരുന്നു: നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീ തന്നെ. യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗവുലില്‍നിന്നു നിന്നെ രക്ഷിച്ചു. നിന്റെ യജമാനന്റെ ഭവനം നിനക്കു നല്‍കി; അവന്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ യിസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു. പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്റെ മുന്‍പാകെ ഈ തിന്മ ചെയ്തു? അമ്മോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു; അവന്റെ ഭാര്യയെ നീ അപഹരിച്ചു. എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍നിന്നു തന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു. ഞാനിതു യിസ്രായേലിന്റെ മുഴുവന്‍മുന്‍പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും(2 ശമുയേല്‍: 12; 7-12). എന്നാല്‍, ഇന്നത്തെ അധികാരികള്‍ ചെയ്യുന്ന തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍, അധികാരം, അഭിഷിക്തന്‍, വിധേയത്വം തുടങ്ങിയ വാക്കുകള്‍ക്കൊണ്ട് വിമശനങ്ങളുടെ മുനയൊടിക്കുകയാണു ചെയ്യുന്നത്!

രാജാക്കന്മാരില്‍ ചിലരെങ്കിലും പ്രവാചകന്മാരെ ആദരിച്ചിരുന്നുവെങ്കില്‍, യിസ്രായേലിലെ പുരോഹിതരില്‍ ആരുംതന്നെ പ്രവാചകരോട് സഹിഷ്ണുത കാണിച്ചതായി മനസ്സിലാക്കാന്‍ കഴിയില്ല. യിസ്രായേലിന്റെയും യെഹൂദായുടെയും ചരിത്രം പരിശോദിച്ചാല്‍, പ്രവാചകന്മാരുടെ ശത്രുക്കള്‍ രാജാക്കന്മാരായിരുന്നില്ലെന്നും പുരോഹിതന്മാരായിരുന്നുവെന്നും കണ്ടെത്താന്‍ സാധിക്കും. ഉന്നത പ്രവാചകനായിരുന്ന യേലിയാഹിന്റെ കാര്യത്തില്‍, ആഹാബ് രാജാവിന്റെ ഭാര്യയും രാജ്ഞിയുമായിരുന്ന യെശെബെല്‍ പീഡിപ്പിച്ചതൊഴിച്ചാല്‍, മറ്റു പ്രവാചകന്മാര്‍ക്കെതിരേ ഗൂഡാലോചന നടത്തിയതെല്ലാം അതാതു കാലങ്ങളിലെ പുരോഹിതന്മാരായിരുന്നു. വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പ്രവാചകന്മാരിലൂടെ ദൈവം തന്റെ ജനത്തെ അറിയിക്കുമ്പോള്‍, പ്രവാചകന്മാര്‍ക്കെതിരേ ആരോപണങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്നത് പുരോഹിതരാണ്. പ്രവാചകന്മാരെല്ലാം വ്യാജന്മാരാണെന്നു ജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അവരെ പാപത്തില്‍ കെട്ടിയിടുകയും, അതുവഴി ശിക്ഷയ്ക്കു വിധേയരാക്കുകയും ചെയ്തിരുന്നത് പുരോഹിതരായിരുന്നു! ഇവര്‍ക്കു പിന്തുണയുമായി സ്തുതിപാടകരായ വ്യാജപ്രവാചകന്മാരും ഇവരോടൊപ്പം ഉണ്ടായിരുന്നു. രാജസന്നിധികളില്‍ കടന്നുചെന്നു രാജാക്കന്മാരെ തെറ്റിദ്ധരിപ്പിക്കുകയും പ്രവാചകന്മാര്‍ക്കെതിരേ ഇവരെ ഇളക്കിവിടുകയും ചെയ്തിരുന്നതും ഇവര്‍തന്നെ!

യിസ്രായേലിനോടു അനുതപിക്കാനുള്ള ആഹ്വാനവുമായിട്ടാണ് ആമോസ് പ്രവാചകന്‍ ദൗത്യം ആരംഭിച്ചത്. ആമോസിന്റെ വാക്കുകള്‍ ഇങ്ങനെ: “യിസ്രായേല്‍ ഭവനത്തോട് യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്നെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും; ബെഥേലിനെ അന്വേഷിക്കുകയോ ഗില്‍ഗാലില്‍ പ്രവേശിക്കുകയോ ബേര്‍ഷെബായിലേക്കു കടക്കുകയോ അരുത്. കാരണം, ഗില്‍ഗാല്‍ നാടുകടത്തപ്പെടും. ബെഥേല്‍ ശൂന്യമാകും. ന്യായത്തെ കീഴ്‌മേല്‍ മറിക്കുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, യാഹ്‌വെയെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍, അവിടുന്ന് അഗ്‌നിപോലെ യോസെഫിന്റെ ഭവനത്തിനുനേരേ പുറപ്പെട്ട് അതിനെ വിഴുങ്ങിക്കളയും. ബെഥേലില്‍ ഒരുവനും അതു കെടുത്താന്‍ ആവില്ല. കാര്‍ത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെ പേര് യാഹ്‌വെ എന്നാണ്”(ആമോസ്: 5; 4-8). ആമോസ് ദീര്‍ഘദര്‍ശിയുടെ പ്രവചനങ്ങള്‍ക്കെതിരേ രാജാവിനെ അന്ന് ഇളക്കിവിട്ടത് ബെഥേലിലെ പുരോഹിതനായ അമാസിയാഹ് ആയിരുന്നു. ഈ വാക്യങ്ങള്‍ നോക്കുക: “അപ്പോള്‍ ബഥേലിലെ പുരോഹിതനായ അമാസിയാഹ് യിസ്രായേല്‍രാജാവായ യെരോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ യിസ്രായേല്‍ ഭവനത്തിന്റെ മദ്ധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകള്‍ പൊറുക്കാന്‍ നാടിനു കഴിയുന്നില്ല. കാരണം, യെരോബോവാം വാളിനിരയാകും, യിസ്രായേല്‍ സ്വന്തം നാട്ടില്‍നിന്ന് പ്രവാസത്തിലേക്കു പോകും എന്ന് ആമോസ് പറയുന്നു”(ആമോസ്: 7; 10, 11).

രാജസന്നിധിയില്‍ ആമോസിനെതിരേ വ്യാജം പ്രചരിപ്പിച്ചതുകൂടാതെ, പ്രവാചകനെ നേരിട്ടു ശകാരിക്കാനും പുരോഹിതനായ അമാസിയാഹ് തയ്യാറായി. മുന്‍പ് നാം വായിച്ച പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “അമാസിയാഹ് ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യെഹൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക. ഇനിമേല്‍ ബെഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ ഭവനവുമാണ്”(ആമോസ്: 7; 12, 13). ആധുനിക യിസ്രായേലിലെ സ്ഥിതിയും ഇതുതന്നെയാണ്. ദൈവജനം സത്യത്തില്‍നിന്നു വ്യതിചലിക്കുകയും പുരോഹിതര്‍ ഒന്നടങ്കം അബദ്ധപ്രബോധനങ്ങളുമായി ജനത്തെ നയിക്കുകയും ചെയ്യുമ്പോള്‍, ആരെങ്കിലും ഈ ദുരവസ്ഥയ്ക്കെതിരേ ശബ്ദിച്ചാല്‍ ഇതുതന്നെയായിരിക്കും പ്രതികരണം. കത്തോലിക്കാസഭയെ നയിക്കുന്നത് പരിശുദ്ധാത്മാവ് ആയതിനാല്‍, ഈ സഭയ്ക്ക് തെറ്റുപറ്റില്ലെന്നും നരകകവാടങ്ങള്‍ പ്രബലപ്പെടില്ലെന്നും ഇവര്‍ വീമ്പിളക്കുന്നു. തെറ്റുപറ്റാത്ത സഭ ഇതിനോടകം അനേകവട്ടം തെറ്റുതിരുത്തിയത് ലോകം കണ്ടു. നരകകവാടങ്ങള്‍ പ്രബലപ്പെടുക മാത്രമല്ല, സാത്താന്‍ നേരിട്ടു ഭരണം നടത്തിയ കാലവും സഭയില്‍ ഉണ്ടായിട്ടുണ്ട്! ആന്റി പോപ്പുമാര്‍ വര്‍ഷങ്ങളോളം സഭയെ നയിച്ചിരുന്നതായി സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും വിസ്മരിക്കരുത്!

തെറ്റുചെയ്യുന്ന പുരോഹിതരെ എതിര്‍ക്കുന്നത് ക്ഷമിക്കപ്പെടാത്ത പാപമാണെന്നു പ്രചരിപ്പിക്കുന്നവര്‍ അമാസിയാഹ് എന്ന പുരോഹിതന്റെ വാക്കുകള്‍ക്ക് ആമോസ് പ്രവാചകന്‍ നല്‍കുന്ന മറുപടി എന്തായിരുന്നു എന്നുകൂടി വായിക്കുക: “ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് യാഹ്‌വെ അരുളിച്ചെയ്തു: എന്റെ ജനമായ യിസ്രായേലില്‍ ചെന്ന് പ്രവചിക്കുക. അതിനാല്‍, ഇപ്പോള്‍ യാഹ്‌വെയുടെ വാക്കു കേള്‍ക്കുക. യിസ്രായേലിനെതിരേ പ്രവചിക്കരുതെന്നും യിസഹാക്കിന്റെ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു. അതിനാല്‍, യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്റെ പുത്രന്‍മാരും പുത്രികളും വാളിനിരയാകും, നിന്റെ ഭൂമി അളന്നു പങ്കിടും. അശുദ്ധദേശത്തു കിടന്നു നീ മരിക്കും. യിസ്രായേല്‍ തീര്‍ച്ചയായും സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകും”(ആമോസ്: 7; 14-17). ഈ ശാപവാക്കുകളെപ്രതി ആമോസ് പ്രവാചകന്‍ കുമ്പസാരക്കൂടുകള്‍ അന്വേഷിച്ചുനടന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല!

ദൈവം അരുളിച്ചെയ്യുന്ന വാക്കുകള്‍ മയപ്പെടുത്തി പ്രഖ്യാപിക്കുകയെന്നത് പ്രവാചകനു ഭൂഷണമല്ല. ഇത്തരത്തില്‍ മായംചേര്‍ത്ത് അവതരിപ്പിക്കുകയും, അധികാരികളില്‍നിന്നു പട്ടുംവളയും പാരിതോഷികമായി സ്വീകരിക്കുകയും ചെയ്തിട്ടുള്ള പ്രവാചകന്മാര്‍ യിസ്രായേലിന്റെ ചരിത്രത്തിലെന്നപോലെ ആധുനീക യിസ്രായേലിലുമുണ്ട്. എന്നാല്‍, ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന വചനങ്ങളെ അതേ മൂര്‍ച്ചയോടെതന്നെ അധികാരികള്‍ക്കു മുന്നിലും ദൈവജനത്തിനു മുന്നിലും അവതരിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ പ്രവാചകന്‍! ഇവര്‍ക്കാര്‍ക്കും മനുഷ്യരുടെ കൈകളില്‍നിന്നു പട്ടോ വളയോ ലഭിക്കില്ലെന്നു മാത്രമല്ല, എല്ലാവിധത്തിലും ഇവര്‍ പീഡിപ്പിക്കപ്പെടും എന്നതാണ് ചരിത്രം നല്‍കുന്ന പാഠം! യിരെമിയാഹ് പ്രവാചകനോട് യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: നീ ദൈവാലയാങ്കണത്തില്‍ ചെന്നുനിന്ന്, യാഹ്‌വെയുടെ ആലയത്തില്‍ ആരാധനയ്ക്കു വരുന്ന യെഹൂദാനിവാസികളോട് ഞാന്‍ കല്പിക്കുന്ന എല്ലാ കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്. അവര്‍ അതു ശ്രദ്ധിച്ച് തങ്ങളുടെ ദുഷ്പ്രവൃത്തികളില്‍നിന്നു പിന്‍തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവരോടു ചെയ്യാന്‍ ഉദ്‌ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും”(യിരെമി: 26; 2, 3). തലമുറകള്‍തോറും എല്ലാക്കാലവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന വാഗ്ദാനം പിതാക്കന്മാര്‍ക്കു ലഭിച്ച ജനത്തോടാണ് പ്രവാചകനിലൂടെ ഇവരുടെ നാശം പ്രഖ്യാപിക്കുന്നത്. വാഗ്ദാനത്തോടൊപ്പം നല്‍കിയ ചട്ടങ്ങളെ അവഗണിച്ചാല്‍, ഇതുതന്നെയാണ് ആധുനിക യിസ്രായേലിനും സംഭവിക്കുക! ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട് ദൈവജനത്തെ വഞ്ചിക്കുന്നവര്‍ ആരാണെന്നും വചനം വെളിപ്പെടുത്തിയിട്ടുണ്ട്. “കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ പേര് തുടച്ചുമാറ്റും”(നിയമം: 29; 18-20).

യിരെമിയാഹ് പ്രവാചകനിലേക്കുതന്നെ നമുക്കു തിരിച്ചുവരാം. ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ അതേപടി പ്രഖ്യാപിച്ച യിരെമിയാഹ് പ്രവാചകനു സംഭവിച്ചത് എന്താണെന്നു നോക്കുക: “ദൈവാലയത്തില്‍വച്ച് യിരെമിയാഹ് ഇങ്ങനെ പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും കേട്ടു. ജനത്തോടു പറയാന്‍ യാഹ്‌വെ കല്പിച്ച കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും ചേര്‍ന്ന് അവനെ പിടികൂടി. അവര്‍ പറഞ്ഞു: നീ മരിച്ചേ മതിയാകൂ”(യിരെമി: 26; 7, 8). സത്യപ്രവാചകന്മാര്‍ക്ക് എന്നും ഭീഷണിയായി നിലനിന്നത് പുരോഹിതരായിരുന്നു. പല രാജാക്കന്മാരും പ്രവാചകന്മാരെ കേള്‍ക്കാന്‍ തയ്യാറായപ്പോഴൊന്നും ഒരു പുരോഹിതന്‍പോലും പ്രവാചകന്മാരെ അംഗീകരിച്ചിട്ടില്ല. യിരെമിയാഹിനെ പിടികൂടാന്‍ പുരോഹിതരോടൊപ്പം പ്രവാചകന്മാരും ഉണ്ടായിരുന്നതായി വചനം വെളിപ്പെടുത്തിയിരിക്കുന്നത് നാം കണ്ടു. ആരായിരുന്നു ഈ പ്രവാചകന്മാര്‍? പുരോഹിതന്മാര്‍ ഇഛ്ചിക്കുന്നതുപോലെ അവര്‍ക്കുവേണ്ടി പ്രവചനം നടത്തി അവരെ ആനന്ദിപ്പിക്കുകയും അവരുടെ വാലായി അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നവരാണ് ഈ പ്രവാചകന്മാര്‍! ഇന്നും ഇക്കൂട്ടര്‍ സഭയിലുണ്ട്. കത്തോലിക്കാസഭയിലെ ഷെവലിയര്‍മാരില്‍ ബഹുഭൂരിപക്ഷവും ഈ സ്തുതിപാടകരായ വാലാട്ടികളാണ്! ഓര്‍ത്തഡോക്സ് സഭയില്‍ ഇക്കൂട്ടര്‍ അറിയപ്പെടുന്നത് കമാന്‍ഡര്‍ എന്ന പേരിലാണ്. കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലേഡ് കമ്പനിക്കാരനാണ് ഓര്‍ത്തഡോക്സ് സഭയുടെ കമാന്‍ഡര്‍മാരില്‍ ഒരുവന്‍. കത്തോലിക്കാസഭയിലെ അധികാരികള്‍ക്ക് സ്തുതിപാടുന്നവരെ അവര്‍ ഷെവലിയര്‍ പദവി നല്‍കി ആദരിക്കുമ്പോള്‍, ഓര്‍ത്തഡോക്സ് സഭയുടെ തലവന്മാര്‍ ആരായിരിക്കണം എന്നത് കമാന്‍ഡര്‍മാര്‍ തീരുമാനിക്കും! ഇക്കാര്യത്തില്‍ ഇരു സഭകളും തമ്മില്‍ ഈ ഒരു വ്യത്യാസം മാത്രമേയുള്ളൂ! 

ഓരോ പ്രവാചകന്മാരുടെയും ചരിത്രം പരിശോധിച്ചാല്‍ അവരുടെയെല്ലാം എതിരാളികള്‍ പുരോഹിതരായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയും. രാജാക്കന്മാര്‍ പൊതുവേ പ്രവാചകന്മാരെ ആദരിക്കുകയോ ഭയപ്പെടുകയോ ചെയ്തിട്ടുള്ളവരാണ്. അന്ത്യപ്രവാചകന്‍ യോഹന്നാന്റെ കാര്യത്തിലും ഇങ്ങനെതന്നെയായിരുന്നു. ഹൊറേദോസ് രാജാവ് യോഹന്നാനെ കാരാഗൃഹത്തില്‍ അടച്ചുവെങ്കിലും അവന്‍ ഭയപ്പെട്ടിരുന്നു. തന്റെ സഹോദരഭാര്യയായിരുന്ന ഹൊറേദിയാ നിമിത്തമായിരുന്നു അവന്‍ യോഹന്നാനെ ബന്ധിച്ചത്. പ്രവാചകനെ വധിച്ചതുപോലും ഇവള്‍ നിമിത്തമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്: “ഹൊറേദോസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹൊറേദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെ ചെയ്തത്. അവന്‍ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാന്‍ ഹൊറേദോസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. തന്‍മൂലം, ഹൊറേദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹൊറേദോസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്‍കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു”(മര്‍ക്കോ: 6; 17-20).

യിസ്രായേലിന്റെ ചരിത്രത്തിലുടനീളം പരിശോധിച്ചാല്‍, നശിച്ചുപോയ രാജാക്കന്മാരുടെയെല്ലാം നാശത്തിനുപിന്നില്‍ പുരോഹിതന്മാരെയോ സ്ത്രീകളെയോ കണ്ടെത്താന്‍ കഴിയും. പ്രവാചകന്മാരില്‍നിന്നു രാജാക്കന്മാരെ അകറ്റുന്നതില്‍ ഒരു പുരോഹിതനോ ഒരു സ്ത്രീയോ നിമിത്തമായിട്ടുണ്ട്! പ്രവാചകനും പുരോഹിതനുമായ യേഹ്ശുവായുടെ കാര്യത്തിലും പുരോഹിതരായിരുന്നു വില്ലന്മാര്‍! നിയമത്തെ വളച്ചൊടിച്ചു ദൈവജനത്തെ വഞ്ചിക്കുന്ന പുരോഹിതര്‍ക്കെതിരെയാണ് ഓരോ പ്രവാചകന്മാരും അയയ്ക്കപ്പെട്ടത്! അതുകൊണ്ടുതന്നെ, എല്ലാ പ്രവാചകന്മാരെയും ഈ വര്‍ഗ്ഗം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു! “ ”  ‘ ’

പൗരോഹിത്യം പ്രവാചക കാലത്ത്!

പ്രവാചകകാലത്തെ ബലിയര്‍പ്പണത്തെ രണ്ടു കാലഘട്ടങ്ങളായി തിരിക്കേണ്ടിയിരിക്കുന്നു. അഹറോനു മുന്‍പുണ്ടായിരുന്ന ബലികളും അഹറോന്റെ ബലികളും എന്നിങ്ങനെ രണ്ടായി ഇവയെ കാണണം. കായേനും ആബേലും നോഹയും ബലിയര്‍പ്പിച്ചതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ബലികള്‍ ദൈവത്തിനുമുമ്പില്‍  അര്‍പ്പിക്കപ്പെട്ടതും നമുക്കറിയാം. ഇവിടെയൊക്കെ ബലിയര്‍പ്പിച്ചത് പുരോഹിതന്മാരായി പ്രത്യേകം മാറ്റിനിര്‍ത്തപ്പെട്ട വ്യക്തികളായിരുന്നില്ല.

യോഹാന്നനുശേഷം പ്രവാചകത്വവും യേഹ്ശുവായ്ക്കുശേഷം പൗരോഹിത്യവും അവസാനിച്ചുവോ എന്ന വിഷയത്തിലേക്കു തന്നെയാണ് നാം കടന്നുവരുന്നത്. അതിനായി പഴയനിയമത്തിലെ പ്രവാചകത്വം നാം പരിശോധിക്കുകയായിരുന്നു. പഴയനിയമത്തിലെ പൗരോഹിത്യത്തെക്കൂടി മനസ്സിലാക്കിയതിനുശേഷം ഇവരണ്ടും പുതിയനിയമത്തില്‍ എങ്ങനെയാണ് തുടരുന്നതെന്ന് ചിന്തിക്കാം.

അഹറോനെയും അവന്റെ പുത്രന്മാരെയും പൗരോഹിത്യ ശുശ്രൂഷ ഭരമേല്പിക്കുന്നതിനു മുന്‍പ് ബലിയര്‍പ്പണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കി. കായേനോ ആബേലോ പുരോഹിതന്മാരായിരുന്നില്ലെങ്കിലും അവര്‍ ബലിയര്‍പ്പിച്ചിരുന്നു. നോഹയുടെ ബലി ബൈബിളില്‍ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "നോഹ യാഹ്‌വെയ്ക്ക് ഒരു ബലിപീഠം നിര്‍മ്മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന്‍ അവന്‍ അവിടുത്തേക്ക്‌ ഒരു ദഹനബലിയര്‍പ്പിച്ചു"(ഉത്പ:8;20). അബ്രാഹം മുതലുള്ള എല്ലാ പൂര്‍വ്വപിതാക്കന്മാരും യാഹ്‌വെയ്ക്കു ബലിയര്‍പ്പിച്ചിട്ടുള്ളതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവരെക്കൂടാതെ, മറ്റു ജനതകളും ബലിയര്‍പ്പണം നടത്തിയിരുന്നു. യാക്കോബിന്റെ മക്കളായ ഇസ്രായേല്‍ജനത്തില്‍ പെടാത്തവരും സത്യദൈവമായ യാഹ്‌വെയ്ക്കു ബലിയര്‍പ്പിച്ചിരുന്നു. മോശയുടെ അമ്മായിയപ്പനായ റവുവേല്‍(ജത്രോ) മിദിയാനിലെ ഒരു പുരോഹിതനായിരുന്നുവെന്ന് ബൈബിളില്‍ വായിക്കാന്‍ കഴിയും. ഈ പുരോഹിതനും യാഹ്‌വെയ്ക്കു തന്നെയാണോ ബലിയര്‍പ്പിച്ചിരുന്നത് എന്നകാര്യം ഇവിടെ വ്യക്തമാക്കിയിട്ടില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, ജത്രോ ബലിയര്‍പ്പിച്ചിരുന്നത് യാഹ്‌വെയ്ക്ക് ആയിരുന്നില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേരാന്‍ കഴിയുന്നത്. കാരണം, ഇസ്രായേല്‍ ജനം കാനാന്‍ദേശം ലക്ഷ്യമാക്കി യാത്രചെയ്യുമ്പോള്‍, മോശയെ കാണാന്‍ ജത്രോയും മോശയുടെ ഭാര്യയും രണ്ടു മക്കളും വരുന്നുണ്ട്. ഈ അവസരത്തില്‍ ജത്രോ പറയുന്ന വാക്കുകള്‍ ഇങ്ങനെയാണ്: "ഈജിപ്തുകാരില്‍നിന്നും ഫറവോയില്‍നിന്നും നിങ്ങളെ രക്ഷിച്ച യാഹ്‌വെ വാഴ്ത്തപ്പെട്ടവനാകുന്നു. യാഹ്‌വെ സകല ദേവന്മാരെയുംകാള്‍ വലിയവനാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു"(പുറ:18;10,11). ഇതു പറഞ്ഞതിനുശേഷം ജത്രോ യാഹ്‌വെയ്ക്ക് ദഹനബലിയും മറ്റു ബലികളും അര്‍പ്പിക്കുന്നതായി ബൈബിള്‍ വ്യക്തമാക്കുന്നു!

അഹറോനെ പൗരോഹിത്യം ഏല്പിക്കുന്നതിനു മുന്‍പ് സത്യദൈവത്തിന്റെ പുരോഹിതന്‍ എന്നപേരില്‍ ഒരുവനെ മാത്രമേ ബൈബിളില്‍ നാം കാണുന്നുള്ളു. 'മെല്‍ക്കിസെദെക്ക്' ആയിരുന്നു ആ പുരോഹിതന്‍! തന്റെ സഹോദരപുത്രനായ ലോത്തിനെ രക്ഷിക്കുന്നതിനുവേണ്ടി അബ്രാഹം (അബ്രാം) നടത്തിയ യുദ്ധത്തില്‍ വിജയംവരിച്ചു മടങ്ങിവന്നപ്പോള്‍ സ്വീകരിക്കാന്‍ വന്നവരില്‍ ഈ പുരോഹിതനുമുണ്ടായിരുന്നു. മെല്‍ക്കിസെദെക്കിനെക്കുറിച്ച് ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്: "സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍"(ഉത്പ:14;18). അബ്രാഹത്തെ സന്ദര്‍ശിച്ച ഈ പുരോഹിതന്‍ വരാനിരിക്കുന്ന ദൈവപുത്രന്റെ പ്രതീകമായിരുന്നു. മെല്‍ക്കിസെദെക്കിനെക്കുറിച്ചുള്ള വിവരണം ശ്രദ്ധിച്ചാല്‍ ഇക്കാര്യം നമുക്കു വ്യക്തമാകും. പ്രവാചകന്‍ അല്ലാതിരുന്നിട്ടും ദാവീദിലൂടെ ഇത് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രവചനം നോക്കുക: "യാഹ്‌വെ ശപഥംചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല"(സങ്കീ:110;4). അപ്പസ്തോലനായ പൗലോസ് കുറച്ചുകൂടി വിശദമായി ഇത് വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ത്ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഹെബ്രാ:7;1-3).

അബ്രാഹത്തിനു മുന്‍പ് താന്‍ ഉണ്ടായിരുന്നുവെന്നും, അബ്രാഹം തന്നെ കണ്ടുവെന്നും യേഹ്ശുവാ പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വചനത്തിന്റെ സത്യം ആഴത്തില്‍ ഗ്രഹിക്കുവാന്‍ സാധിക്കും. അഹറോനെയും അവന്റെ സന്തതികളെയും ഭരമേല്പിച്ച പൗരോഹിത്യവുമായി മെല്‍ക്കിസെദെക്കിന്റെ പൗരോഹിത്യത്തിനു സാമ്യമൊന്നുമില്ല. ആയതിനാല്‍, പൗരോഹിത്യത്തെക്കുറിച്ചുള്ള പഠനം തുടരുമ്പോള്‍, തത്കാലത്തേയ്ക്കെങ്കിലും മെല്‍ക്കിസെദെക്കിന്റെ പൗരോഹിത്യത്തില്‍നിന്നു മാറി സഞ്ചരിക്കേണ്ടിയിരിക്കുന്നു. അഹറോന്റെ പൗരോഹിത്യം എന്തായിരുന്നുവെന്ന വിചിന്തനത്തിനുശേഷം മെല്‍ക്കിസെദെക്കില്‍ ഈ പഠനം നമുക്ക് ഉപസംഹരിക്കാം.

പൗരോഹിത്യം ലേവിയുടെ ഗോത്രത്തിന്!

അഹറോനെയും അവന്റെ പുത്രന്മാരെയും പൗരോഹിത്യം ഏല്പിക്കുന്നതുവരെ ദൈവത്തെ ആരാധിക്കുന്നവരെല്ലാം ബലിയര്‍പ്പിച്ചിരുന്നുവെന്നത് നാം കണ്ടുകഴിഞ്ഞു. എന്നാല്‍, പൗരോഹിത്യം അഹറോനും പുത്രന്മാര്‍ക്കുമായും ദൈവാലയശുശ്രൂഷകള്‍ ഇവരുടെ പിതൃഗോത്രമായ ലേവി ഗോത്രത്തിനായും മാറ്റിവയ്ക്കപ്പെട്ടതിനുശേഷം രാജാവിനുപോലും ബലിയര്‍പ്പണം നിഷിദ്ധമായിരുന്നു. സ്വന്തമായി ബലിയര്‍പ്പണം നടത്തിയ സാവൂള്‍ രാജാവ് ശിക്ഷിക്കപ്പെടുന്നത് സാമുവല്‍ പ്രവാചകന്റെ ഒന്നാം പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഹറോനെ പുരോഹിതനായി അഭിഷേകം ചെയ്യുന്നതിനുമുന്‍പ് മോശ ബലിയര്‍പ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് അഹറോനും പുത്രന്മാരുമാണ് ബലിയര്‍പ്പണം നടത്തിയത്. ഈ വചനം നോക്കുക: "പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്‍മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍നിന്നു നിന്റെയടുക്കലേക്കു വിളിക്കുക. നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനു വേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ധന്‍മാരോടും നീ ആവശ്യപ്പെടുക"(പുറ:28;1-3).

പുരോഹിത വസ്ത്രങ്ങളെക്കുറിച്ചുള്ള വിവരണത്തിലേക്കു കടക്കുന്നതിനുമുന്‍പ്‌ ബലികളെക്കുറിച്ച് ചെറിയൊരു വിവരണം ആവശ്യമായിരിക്കുന്നു. പാപപരിഹാരബലി, ദഹനബലി, സമാധാനബലി, പ്രായശ്ചിത്തബലി, ധാന്യബലി തുടങ്ങിയ വിവിധതരം ബലികളെക്കുറിച്ചും ഇവ ഓരോന്നും അര്‍പ്പിക്കേണ്ട വിധവും ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. കാളക്കുട്ടി, ആട്ടിന്‍‌കുട്ടി, ചങ്ങാലി, നേരിയ മാവ് എന്നിവയെല്ലാം ബലിവസ്തുക്കളില്‍ പെടുന്നവയാണ്! പൗരോഹിത്യശുശ്രൂഷയില്‍ സംഭവിക്കുന്ന എല്ലാ വീഴ്ചകളുടെയും ഉത്തരവാദിത്വം അഹറോനും മക്കള്‍ക്കും മാത്രമായിരിക്കും. കാരണം, ബലിപീഠവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റാരും ഇടപെടാന്‍ പാടില്ല എന്നതാണ് ചട്ടം. ഈ വചനം നോക്കുക: "യാഹ്‌വെ അഹറോനോട്‌ അരുളിച്ചെയ്തു: നീയും പുത്രന്മാരും നിന്റെ പിതൃഭവനം മുഴുവനും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നിങ്ങളുടെ പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന തെറ്റുകള്‍ നീയും പുത്രന്മാരും ഏറ്റെടുക്കണം. നീയും പുത്രന്മാരും സാക്ഷ്യകൂടാരത്തിനു മുമ്പില്‍ വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതിന് നിന്റെ പിതൃഗോത്രജരായ ലേവ്യസഹോദരന്മാരെയും കൊണ്ടുവരുക. അവര്‍ നിങ്ങളെ പരിചരിക്കുകയും കൂടാരത്തിലെ പരിചാരകവൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യട്ടെ. എന്നാല്‍, വിശുദ്ധമന്ദിരത്തിലെ പാത്രങ്ങളെയോ ബലിപീഠത്തെയോ അവര്‍ സമീപിക്കരുത്; സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും. അവര്‍ നിങ്ങളുടെ കൂടെനിന്ന് സമാഗമകൂടാരത്തിലെ സകല ജോലികളും ചെയ്യണം. മറ്റാരും നിങ്ങളെ സമീപിക്കരുത്"(സംഖ്യ:18;1-4).

പുരോഹിതര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ നല്‍കപ്പെട്ടിരുന്നു. "യാഹ്‌വെ അഹറോനോടു പറഞ്ഞു: നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരിസാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും. വിശുദ്ധവും അശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം"(ലേവ്യ:10;8-10). പാപപരിഹാരത്തിനും പ്രായശ്ചിത്തത്തിനുമെല്ലാം അഹറോനും പുത്രന്മാരും അര്‍പ്പിച്ചിരുന്ന ബലികളെല്ലാം വരാനിരിക്കുന്ന വലിയ ബലിയുടെ നിഴല്‍ മാത്രമായിരുന്നു. അന്ന് പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട ബലികളുടെ ഫലം ലഭിച്ചത് യേഹ്ശുവാ അര്‍പ്പിച്ച ബലിയിലൂടെയാണ്! അതുകൊണ്ടുതന്നെ, പഴയനിയമത്തിലെ എല്ലാത്തരം ബലികളുടെയും സമന്വയമായിരുന്നു യേഹ്ശുവാ കുരിശില്‍ അര്‍പ്പിച്ച ബലി! ഇതു തിരിച്ചറിയണമെങ്കില്‍, പഴയനിയമത്തിലെ ഓരോ ബലികളും യേഹ്ശുവാ കുരിശില്‍ അര്‍പ്പിച്ച ബലികളും ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ മതി. പ്രായശ്ചിത്തബലി, നിരന്തര ദഹനബലി, ധാന്യബലി, പാപപരിഹാരബലി, സമാധാനബലി എന്നിവയുടെ പൂര്‍ത്തീകരണം യേഹ്ശുവായുടെ ബലിയില്‍ കാണാം. ഓരോ ബലികളുടെയും നിയമങ്ങള്‍ യേഹ്ശുവായുടെ ബലിയില്‍ വ്യക്തതയോടെ ആവിഷ്കരിക്കപ്പെട്ടു. ഓരോ ബലികളും വിവരിച്ചുകൊണ്ട്, ഇവ എപ്രകാരം യേഹ്ശുവായില്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന്‍ ഈ ലേഖനത്തില്‍ വിവരിക്കുക സാധ്യമല്ല. യഥാര്‍ത്ഥ വിഷയത്തില്‍നിന്നു പൂര്‍ണ്ണമായും വ്യതിചലിക്കും എന്നതുതന്നെ കാരണം. എങ്കിലും ചില പ്രധാന സൂചനകള്‍ നല്‍കിക്കൊണ്ട് അടുത്തഭാഗത്തേക്കു നമുക്കു പ്രവേശിക്കാം.

ബലിമൃഗത്തിന്റെമേല്‍ പുരോഹിതന്‍ കുറ്റം ആരോപിക്കണം എന്നത് പാപപരിഹാരബലിയുടെ ഒരു പ്രധാന ഭാഗമാണ്. പീലാത്തോസിന്റെ അരമനയില്‍ വച്ച് യേഹ്ശുവായുടെമേല്‍ പുരോഹിതന്മാര്‍ കുറ്റം ആരോപിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ കഴിയും. ഓരോ ബലികളുടെയും പൂര്‍ണ്ണമായ വിവരണം നല്‍കണമെങ്കില്‍, ലേവ്യരുടെ പുസ്തകത്തിലെ ആദ്യത്തെ എട്ട് അദ്ധ്യായങ്ങള്‍ അതേപടി ഇവിടെ പകര്‍ത്തിയെഴുതണം എന്നതിനാലാണ് അതിനു മുതിരാത്തത്. ബലിമൃഗത്തിന്റെ തോല് ഉരിഞ്ഞുമാറ്റുന്നതിന്റെ പ്രതീകമായി ബലിപീഠമാകുന്ന കുരിശിനു സമീപത്തുവച്ച് യേഹ്ശുവായുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി! പുരോഹിതന്‍ തന്റെ വിരലുകള്‍ക്കൊണ്ട് ബലിമൃഗത്തിന്റെ രക്തമെടുത്ത് ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം എന്നതാണ് ചട്ടം. ബലിമൃഗവും പുരോഹിതനുമായ യേഹ്ശുവാ തന്റെ രക്തം അവിടുത്തെ വിരലുകള്‍ക്കൊണ്ടുതന്നെ കുരിശിന്റെ ഇരു കൊമ്പുകളിലും പുരട്ടി എന്നകാര്യം നമുക്കറിയാം. അവശേഷിക്കുന്ന രക്തം മുഴുവന്‍ ബലിപീഠത്തിനു ചുവട്ടില്‍ ഒഴിക്കണം. യേഹ്ശുവായുടെ അവസാനത്തുള്ളി രക്തവും ഒഴുക്കപ്പെട്ടു എന്നതും നമുക്കറിയാം. യേഹ്ശുവായുടെ ക്രൂശീകരണം വിവരിക്കുന്ന ബൈബിള്‍ ഭാഗങ്ങളും ലേവ്യരുടെ പുസ്തകവും ചേര്‍ത്തുവച്ചു വായിച്ചാല്‍, പഴയനിയമത്തില്‍ പറയപ്പെടുന്ന എല്ലാത്തരം ബലികളും പൂര്‍ത്തിയാക്കപ്പെട്ടത് യേഹ്ശുവായിലാണെന്നു മനസ്സിലാകും.

പുരോഹിതനും ബലിവസ്തുവും ഒരുവന്‍തന്നെ!

അഹറോന്റെ ക്രമപ്രകാരമുള്ള ബലിവസ്തുവും മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനുമായിട്ടാണ് യേഹ്ശുവാ അവിടുത്തെ ബലി പൂര്‍ത്തിയാക്കിയത്. നൂറ്റാണ്ടുകളായി അഹറോന്റെ പുത്രന്മാരുടെ പരമ്പരയിലെ പുരോഹിതര്‍ അര്‍പ്പിച്ചുവന്ന എല്ലാ ബലികളും ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. അങ്ങനെ എന്നേയ്ക്കുമുള്ള ഏകബലി അര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു! അങ്ങനെയെങ്കില്‍, അപ്പസ്തോലിക സഭകളില്‍ ഇന്നും തുടര്‍ന്നുവരുന്ന ബലികള്‍ അസാധുവല്ലേ എന്ന സംശയം സ്വാഭാവികമായും ഉയരാം. അഹറോന്റെ ക്രമപ്രകാരമാണ് ഇന്ന്‍ അപ്പസ്തോലിക സഭകള്‍ ബലിയര്‍പ്പിക്കുന്നതെങ്കില്‍, ഈ ബലികളെല്ലാം വെറും പ്രഹസനം മാത്രമാണെന്നേ ഇക്കാര്യത്തില്‍ മനോവയ്ക്കു പറയാന്‍ കഴിയൂ!

"നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ച കളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേഹ്ശുവാ മ്ശിഹായുടെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി"(ഹെബ്രാ:10;8-12). പഴയനിയമത്തിലെ ബലികളുടെ പൂര്‍ത്തീകരണവും പുതിയനിയമത്തിലേക്കുള്ള പാതയുമായിരുന്നു ക്രിസ്തുവിന്റെ ബലി. ലോകാരംഭംമുതല്‍ ലോകാന്ത്യം വരേക്കുമുള്ള ഏകബലിയാണ് യേശു അര്‍പ്പിച്ചത്! പഴയനിയമത്തിലെ ബലി പഴയനിയമകാലത്തുപോലും അപൂര്‍ണ്ണമായിരിക്കെ, പുതിയനിയമകാലത്ത് ആവര്‍ത്തിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല! അങ്ങനെയെങ്കില്‍ എന്തിനാണ് കത്തോലിക്കാസഭയും മറ്റിതര അപ്പസ്തോലികസഭകളും ബലിയര്‍പ്പണം ഇന്നും തുടരുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്കു കണ്ടെത്താം.

കത്തോലിക്കാസഭയിലെ ഒരു വിഭാഗത്തിന്റെ ബലിയര്‍പ്പണത്തില്‍ ചില അപാകതകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയിലെ പൗരസ്ത്യ വിഭാഗക്കാര്‍ അവരുടെ ബലിയര്‍പ്പണത്തില്‍ പിന്തുടരുന്നത് അഹറോന്റെ പാരമ്പര്യമാണ്. ഈ ബലിയര്‍പ്പണം യേഹ്ശുവായുടെ ബലിയോടെ പൂര്‍ത്തീകരിക്കപ്പെട്ടതിനാല്‍ ഇനിയും അത് തുടരുന്നത് അപഹാസ്യമാണ്! യേഹ്ശുവാ കുരിശില്‍ അര്‍പ്പിച്ചത് അഹറോന്റെ ക്രമപ്രകാരമുള്ള ബലിയായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, അഹറോന്റെ ബലിയിലെ ബലിവസ്തു മാത്രമായിരുന്നു യേഹ്ശുവാ! അങ്ങനെയെങ്കില്‍ യേഹ്ശുവാ നിത്യപുരോഹിതനല്ലേ എന്ന ചോദ്യമുയരാം. ശരിയാണ്, യേഹ്ശുവാ നിത്യപുരോഹിതന്‍ തന്നെയാണ്. എന്നിരുന്നാലും, അത് അഹറോന്റെ ക്രമപ്രകാരമുള്ള പൗരോഹിത്യമല്ല; മറിച്ച്, മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള പൗരോഹിത്യമാണ്! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നമ്മുടെ യേഹ്ശുവാ ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്പഷ്ടമാണ്. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല. മെല്‍ക്കിസെദേക്കിന്റെ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്ഷനാകുന്നതില്‍നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു. ഇവനോ, ശാരീരിക ജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവന്റെ ശക്തിനിമിത്തമാണ് പുരോഹിതനായത്. എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന് അവനെക്കുറിച്ചു സാക്ഷ്യമുണ്ട്"(ഹെബ്രാ:7;14-17). ലേവി ഗോത്രത്തില്‍ ജനിച്ച അഹറോന്റെ പിന്തുടര്‍ച്ചക്കാര്‍ക്കു മാത്രമായി നിശ്ചയിക്കപ്പെട്ട പൗരോഹിത്യത്തില്‍ യൂദാഗോത്രത്തില്‍ ജനിച്ച യേഹ്ശുവായ്ക്കു പുരോഹിതനാകാന്‍ കഴിയില്ല; കാരണം, അത് നിയമമാണ്!

യേഹ്ശുവായുടെ വചനം ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ:5;17,18). ഈ വചനം അരുളിച്ചെയ്തവന്‍തന്നെ ഇത് ലംഘിക്കുമെന്ന് ആരും കരുതരുത്. ഇസ്രായേലിലെ എല്ലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുതന്നെയാണ് യേഹ്ശുവാ അവിടുത്തെ രക്ഷാകരദൗത്യം പൂര്‍ത്തിയാക്കിയത്! യേഹ്ശുവാ നിയമം ലംഘിക്കാത്തതുകൊണ്ടുതന്നെ, അവിടുത്തെ പൗരോഹിത്യം മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരം ആയിരുന്നുവെന്ന് സ്പഷ്ടമാണ്! സങ്കീര്‍ത്തകനിലൂടെ ദൈവം ഇതു പ്രവചിച്ചിരിക്കുന്നതു നോക്കുക: "യാഹ്‌വെ ശപഥംചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല"(സങ്കീ:110;4). ദാവീദ് തന്നെക്കുറിച്ചുതന്നെ പറഞ്ഞതാണ് ഈ വാക്കുകള്‍ എന്ന് ചിന്തിക്കാന്‍ കഴിയില്ല. കാരണം, ദാവീദ് ഒരിക്കലും പുരോഹിതശുശ്രൂഷ ചെയ്തിട്ടില്ല!

യേഹ്ശുവായുടെ പൗരോഹിത്യമാണ് ക്രൈസ്തവരുടെമേല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നതെങ്കില്‍, അത് മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള പൗരോഹിത്യമാണ്. ഈ പൗരോഹിത്യം തന്നെയാണ് അന്ത്യത്താഴവേളയില്‍ യേഹ്ശുവാ നമ്മെ കാണിച്ചുതന്നതും പിന്തുടരാന്‍ കല്പിച്ചതും. എന്തെന്നാല്‍, അപ്പവും വീഞ്ഞും സമര്‍പ്പിക്കുന്ന ബലി മെല്‍ക്കിസെദെക്കിന്റെതാണ്. ഇത് ശ്രദ്ധിക്കുക: "സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍"(ഉത്പ:14;18). ഈ പൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ചക്കാരനും നിത്യപുരോഹിതനുമാണ് താനെന്നു സാക്ഷ്യപ്പെടുത്തുവാന്‍ യേഹ്ശുവാ അപ്പവും വീഞ്ഞും ആശിര്‍വദിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി! അടുത്തുതന്നെ അര്‍പ്പിക്കാനിരിക്കുന്ന ബലിയിലെ ബലിവസ്തുവായ കുഞ്ഞാടു താനാണെന്നും അവിടെ യേഹ്ശുവാ പ്രഖ്യാപിച്ചു. ഈ വചനം നോക്കുക: "അവന്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേഹ്ശുവാ അപ്പമെടുത്ത് ആശിര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്"(മത്താ:26;26-28). അതായത്, മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതശുശ്രൂഷ യേഹ്ശുവാ അവിടെ നടത്തിയപ്പോള്‍, അഹറോന്റെ പൗരോഹിത്യപ്രകാരമുള്ള ബലിവസ്തുവാണു താനെന്ന് പ്രഖ്യാപിക്കുകയും ചെയ്തു! കാരണം, ഉടമ്പടിയുടെ രക്തം അര്‍പ്പിക്കുന്നത് അഹറോന്റെ ക്രമപ്രകാരമുള്ള ബലിയിലാണ്!

ലളിതമായി പറഞ്ഞാല്‍, അന്ത്യത്താഴവേളയില്‍ സംഭവിച്ചത് രണ്ടു ബലികളുടെ സമന്വയമാണ്. മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനും, അഹറോന്റെ ക്രമപ്രകാരമുള്ള ബലിവസ്തുവും ഒരേയാള്‍ത്തന്നെ! ഈ അര്‍പ്പണമാണ് ഇന്ന് അപ്പസ്തോലിക സഭകള്‍ പിന്തുടരുന്നത്. സഭകള്‍ തങ്ങള്‍ക്കു തോന്നിയതുപോലെ ആരംഭിച്ചതല്ല ഈ അനുസ്മരണം; മറിച്ച്, യേഹ്ശുവായുടെ കല്പനപ്രകാരം തന്നെയാണ്. ഈ വചനം നോക്കുക: "നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്"(1കോറി:11;25,26). യേഹ്ശുവായുടെ പ്രത്യാഗമനം ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതുകൊണ്ട് അപ്പസ്തോലികസഭകള്‍ ഇത് തുടരുന്നു! യേഹ്ശുവാ അപ്പം മുറിച്ചു നല്‍കിയത് പെസഹാ ദിനത്തില്‍ ആയിരുന്നതുകൊണ്ടുതന്നെ, ആ അപ്പം പുളിപ്പില്ലാത്തതായിരുന്നു എന്നകാര്യം സ്പഷ്ടമാണ്! എന്നാല്‍, ചില പൗരസ്ത്യസഭകള്‍ പുളിപ്പുള്ള അപ്പമാണ് മുറിക്കുന്നത്. ആയതിനാല്‍, ഇവര്‍ ആരുടെ ബലിയാണ് അനുസ്മരിക്കുന്നതെന്ന് മനോവയ്ക്കറിയില്ല! മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരം യേഹ്ശുവാ മുറിച്ചു നല്‍കിയത് പുളിപ്പില്ലാത്ത അപ്പമായിരുന്നുവന്നു മാത്രമല്ല, അഹറോന്‍ അര്‍പ്പിച്ചിരുന്ന ധാന്യബലികളിലും പുളിപ്പ് അനുവദനീയമായിരുന്നില്ല. പിന്നെ ഇവര്‍ക്ക് ഈ പുളിപ്പ് എവിടെനിന്നു കിട്ടി?

ധാന്യബലിയുടെ നിയമം നോക്കുക: "ധാന്യബലിയുടെ നിയമം ഇതാണ്: അത് അഹറോന്റെ പുത്രന്‍മാര്‍ യാഹ്‌വെയുടെ സന്നിധിയില്‍ ബലിപീഠത്തിനു മുന്‍പില്‍ അര്‍പ്പിക്കണം. പുരോഹിതന്‍ ധാന്യബലിക്കുള്ള നേരിയ മാവില്‍നിന്ന് ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണാംശമായി ബലിപീഠത്തില്‍വച്ചു യാഹ്‌വെയ്ക്കു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം. ശേഷിക്കുന്നത് അഹറോനും പുത്രന്‍മാരും ഭക്ഷിക്കണം. വിശുദ്ധസ്ഥലത്തുവച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്ഷിക്കാന്‍. സമാഗമകൂടാരത്തിന്റെ അങ്കണത്തില്‍വച്ച് അവര്‍ അതു ഭക്ഷിക്കണം. അതു പുളിപ്പുചേര്‍ത്തു ചുടരുത്"(ലേവ്യര്‍:6;14-16). യേഹ്ശുവാ മുറിച്ചു നല്‍കിയതും അഹറോന്‍ അര്‍പ്പിച്ചുവന്നതും പുളിപ്പില്ലാത്ത അപ്പമായിരുന്നെങ്കില്‍, പൗരസ്ത്യസഭകളുടെ ബലിയര്‍പ്പണം ആധികാരികമാണെന്നു പറയാന്‍ മനോവയ്ക്കു സാധിക്കില്ല. മാത്രവുമല്ല, ലോകത്തൊരിടത്തും ദിവ്യകാരുണ്യ അദ്ഭുതങ്ങളിലൂടെ ഇവരുടെ ബലികള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല! യേഹ്ശുവായുടെ ശരീരമായി അപ്പം രൂപാന്തരപ്പെടണമെങ്കില്‍, പുളിപ്പില്ലാത്ത അപ്പമായിരിക്കണമെന്നു മാത്രമല്ല, അത് ഗോതമ്പിന്റെ മാവുകൊണ്ട് ഉണ്ടാക്കിയതുമായിരിക്കണം. "ആരെങ്കിലും യാഹ്‌വെയ്ക്കു ധാന്യബലി അര്‍പ്പിക്കുന്നെങ്കില്‍ ബലിവസ്തു നേര്‍മ്മയുള്ള മാവായിരിക്കണം"(ലേവ്യര്‍:2;1). ഈ വചനം നോക്കുക: "യാഹ്‌വെയ്ക്കു നിങ്ങള്‍ കൊണ്ടുവരുന്ന ധാന്യബലി പുളിപ്പുചേര്‍ത്തതായിരിക്കരുത്. ദഹനബലിയായി പുളിമാവോ തേനോ അര്‍പ്പിക്കരുത്"(ലേവ്യര്‍:2;11). ധാന്യബലിയെക്കുറിച്ചു യാഹ്‌വെ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്: "യാഹ്‌വെയ്ക്കുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്"(ലേവ്യര്‍:2;3)(ലേവ്യര്‍:2;10).

പൗരസ്ത്യസഭകളിലെ വൈദീകര്‍ ബലിയര്‍പ്പണവേളയില്‍ അണിയുന്ന വസ്ത്രങ്ങള്‍പ്പോലും അഹറോനെ അനുകരിച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ഇത് ക്രിസ്തീയ പൗരോഹിത്യത്തിനു ഭൂഷണമല്ല! അഹറോന്റെ ക്രമപ്രകാരം ബലിവസ്തു മാത്രമായിരുന്നു യേഹ്ശുവായെന്നു നാം കണ്ടു. മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരം എന്നേയ്ക്കും പുരോഹിതനായ യേഹ്ശുവായുടെ പൗരോഹിത്യത്തിന്റെ ഭാഗഭാക്കുകളായ ക്രൈസ്തവര്‍ അഹറോനെ അനുകരിക്കുന്നത് ദുരൂഹമാണ്! പൗരസ്ത്യസഭകളിലെ വൈദീകവസ്ത്രം അഹറോന്റെ വസ്ത്രത്തിന്റെ തനിപ്പകര്‍പ്പാണെന്ന വസ്തുത മനസ്സിലാക്കണമെങ്കില്‍ പുറപ്പാട് പുസ്തകത്തിലെ ഇരുപത്തിയെട്ടാം അദ്ധ്യായവും മുപ്പത്തിയെട്ടാം അദ്ധ്യായവും വായിക്കുക.

ക്രൈസ്തവരും രാജകീയ പൗരോഹിത്യവും!

ഒരു പ്രത്യേക വംശത്തിനു മാറ്റിവയ്ക്കപ്പെട്ട പൗരോഹിത്യമായിരുന്നു പഴയനിയമത്തിലേതെങ്കില്‍, ക്രിസ്തീയതയിലെ പൗരോഹിത്യം അങ്ങനെയല്ല. നിത്യപുരോഹിതനായ യേഹ്ശുവായോട് ഐക്യപ്പെടുന്ന സകലരും ഈ പൗരോഹിത്യത്തിന്റെ ഭാഗമാണ്. കാരണം, ക്രിസ്ത്യാനികളായ നാമെല്ലാവരും ക്രിസ്തുവില്‍ കൂട്ടവകാശികളാണെന്നു വചനം വെളിപ്പെടുത്തുന്നു! യേഹ്ശുവായില്‍ എന്തൊക്കെയുണ്ടോ, അവയുടെയെല്ലാം ഓഹരിക്ക് ഓരോ ക്രൈസ്തവരും അവകാശികളാണ്. യേഹ്ശുവാ ദൈവപുത്രനായതുകൊണ്ട്, യേഹ്ശുവായോട് ഐക്യപ്പെടുന്നവര്‍ ദൈവമക്കളായി പരിഗണിക്കപ്പെടുന്നതുപോലെ, പുരോഹിതനായ യേഹ്ശുവായുടെ പൗരോഹിത്യത്തിലും ഇവര്‍ക്കു ഭാഗഭാഗിത്വം ലഭിക്കുന്നു. വിശുദ്ധ പത്രോസ് വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1പത്രോ:2;9). അങ്ങനെയെങ്കില്‍, പൗരോഹിത്യം അവസാനിച്ചുവെന്ന ചില ആധുനീകസഭകളുടെ വാദം നിലനില്‍ക്കുന്നതാണോ? അല്ലെന്നു മാത്രമല്ല, പൗരോഹിത്യം വിശാലമാക്കപ്പെടുകയാണു ചെയ്തത്!

എന്തടിസ്ഥാനത്തിലാണ് കത്തോലിക്കാസഭയും മറ്റിതര ശ്ലൈഹീകസഭകളും പൗരോഹിത്യത്തെ പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം. കാലങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. വളരെ ലളിതമായിത്തന്നെ അതിന്റെ ഉത്തരം നല്‍കിയതിനുശേഷം വിശദാംശങ്ങളിലേക്കു കടക്കാം. പുരോഹിതര്‍ എന്നപേരില്‍ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തുന്നത് ക്രിസ്തീയ വിരുദ്ധമാണ് എന്നുള്ളതാകുന്നു ഇതിന്റെ ലളിതമായ ഉത്തരം! കാരണം, ക്രൈസ്തവരെല്ലാം പൗരോഹിത്യത്തിന്റെ ഭാഗമായിരിക്കേ, ഇത്തരമൊരു വേര്‍തിരിവ് ദൈവവചന വിരുദ്ധമാണ്! എന്നാല്‍, പൗരോഹിത്യശുശ്രൂഷകര്‍ എന്നപേരില്‍ അറിയപ്പെടുന്നതില്‍ തെറ്റില്ല! എന്തെന്നാല്‍, അഹറോന്റെ പുത്രന്മാരെല്ലാം പൗരോഹിത്യശുശ്രൂഷയ്ക്ക് യോഗ്യരായിരുന്നുവെങ്കിലും, എല്ലാ പുത്രന്മാരും പുരോഹിതശുശ്രൂഷ ഏറ്റെടുത്തിരുന്നില്ല! ഇതിനു പല കാരണങ്ങളുണ്ടായിരുന്നു. അഹറോന്റെ പുത്രന്മാരാണെങ്കിലും പുരോഹിതശുശ്രൂഷ ഏറ്റെടുക്കുന്നതിനു ചില മാനദണ്ഡങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നു നോക്കുക: "അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്. കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍, ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍, ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്. പുരോഹിതനായ അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും യാഹ്‌വെയ്ക്ക് ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്. എന്നാല്‍, ദൈവത്തിന്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം. അവന്‍ ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. കാരണം, യാഹ്‌വെയായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്"(ലേവ്യര്‍:21;17-23).

ദൈവത്തിന്റെ ബലിപീഠത്തെ സമീപിക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടവരെപ്പോലെതന്നെ, ബലിപീഠശുശ്രൂഷയില്‍നിന്നു സ്വയം മാറിനിന്നവരും ഉണ്ടായിരുന്നു. എന്നാല്‍, ഇവരെല്ലാം പുരോഹിതഗണത്തില്‍ അറിയപ്പെട്ടിരുന്നു! കാരണം, മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി ഇവര്‍ക്ക് അതിവിശുദ്ധമായ അപ്പം ഭക്ഷിക്കാന്‍ അവകാശമുണ്ടായിരുന്നു! ഇതിനു സമാനമായി, പുരോഹിതശുശ്രൂഷയ്ക്കായി പുരോഹിതഗണമായ ക്രൈസ്തവരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്നു. ഓരോ ക്രൈസ്തവനും പൗരോഹിത്യത്തിന്റെ ഭാഗമായതുകൊണ്ട്, യോഗ്യതയുള്ള ഏവര്‍ക്കും അതിവിശുദ്ധ അപ്പം ഭക്ഷിക്കാം. അഹറോന്റെ മക്കളെല്ലാവരും പുരോഹിതരാണെങ്കിലും ചിലര്‍മാത്രം ബലിപീഠശുശ്രൂഷ ചെയ്തിരുന്നതുപോലെ, ക്രൈസ്തവരെല്ലാം പൗരോഹിത്യത്തിന്റെ ഭാഗമാണെങ്കിലും എല്ലാവരും ബലിപീഠശുശ്രൂഷ ചെയ്യുന്നില്ല! ക്രൈസ്തവര്‍ എന്നനിലയില്‍ എല്ലാവരും ബലിപീഠശുശ്രൂഷയ്ക്ക് യോഗ്യരാണ്‌ എന്നര്‍ത്ഥം! ആയതിനാല്‍, പുരോഹിതര്‍ അത്മായര്‍ തുടങ്ങിയ പദങ്ങള്‍ക്കൊണ്ടു വിശ്വാസികളെ വേര്‍തിരിക്കുന്ന രീതി ക്രിസ്തീയമല്ല! ഓരോ ക്രിസ്ത്യാനിയും വ്യത്യസ്തമായ ശുശ്രൂഷകള്‍ക്കായി വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ഒരു ശുശ്രൂഷ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് ആരും കരുതരുത്. കാരണം, ശ്രേഷ്ഠത നിശ്ചയിക്കുന്നത് ശുശ്രൂഷ ഭരമേല്പിച്ചവാനാണ്! ഏതാണ് ശ്രേഷ്ഠമെന്ന് അവന്‍ വെളിപ്പെടുത്താത്തിടത്തോളം ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കുക മാത്രമാണു വേണ്ടത്. ഓരോ ക്രിസ്ത്യാനിയും സഭയുടെ ശുശ്രൂകരാണ് ആരും ആരുടേയും യജമാനനോ, ഒരാള്‍ മറ്റൊരാളുടെ ദാസനോ അല്ല! സഭയുടെ ശിരസ്സായ ക്രിസ്തു ആരെയും ദാസരായി പരിഗണിക്കാത്തിടത്തോളം, ആരെയും നാം ദാസരായി കാണാതിരിക്കുക! ഇതാണ് യേഹ്ശുവായുടെ വാക്കുകള്‍: "ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു"(യോഹ:15;14,15).

പ്രവചനം അവസാനിച്ചിട്ടില്ല!

"നിയമവും പ്രവാചകന്മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു"(ലൂക്കാ:16;16). യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനം നിലനില്‍ക്കുന്നിടത്തോളം, പ്രവചനം അവസാനിച്ചിട്ടില്ലെന്ന മനോവയുടെ വാക്കുകള്‍ വചനവിരുദ്ധമല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചേക്കാം. ഇപ്രകാരം ചിന്തിക്കുന്നവരോട് മനോവയ്ക്കു പറയാനുള്ളത് ഇതാണ്: യേഹ്ശുവാ അറിയിച്ച വചനവും മനോവ പറഞ്ഞ വാക്കുകളും സത്യമാണ്! കാരണം, യോഹന്നാനുശേഷം പ്രവാചകന്മാര്‍ ഇല്ലെന്നു മാത്രമേ യേഹ്ശുവാ പറഞ്ഞിട്ടുള്ളൂ; പ്രവചനം അവസാനിച്ചുവെന്ന് അവിടുന്നു പറഞ്ഞിട്ടില്ല!

പ്രവാചക കാലഘട്ടത്തില്‍ എല്ലാ മനുഷ്യരുടെമേലും പരിശുദ്ധാത്മാവിനെ നല്‍കിയിരുന്നില്ലെന്നു നമുക്കറിയാം. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത ചിലരുടെമേല്‍ മാത്രമായിരുന്നു പരിശുദ്ധാത്മാവിനെ നല്‍കിയിരുന്നത്. രാജാക്കന്മാരെയും പുരോഹിതരെയും അഭിഷേകം ചെയ്തിരുന്നതുപോലെ, ചിലരെ പ്രത്യേകമായി തിരഞ്ഞെടുത്ത് പ്രവാചകന്മാരായി അഭിഷേകം ചെയ്തിരുന്നു. എന്നാല്‍, ജോയേല്‍ പ്രവാചകനിലൂടെ ദൈവം ഇപ്രകാരം പ്രഖ്യാപിച്ചു:

അന്ന് ഇങ്ങനെ സംഭവിക്കും: "എല്ലാവരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും"(ജോയേല്‍:2;28,29). ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് ആദ്യ സഭാസമ്മേളനത്തില്‍ നാം കാണുന്നത്. അപ്പസ്തോലപ്രമുഖനായ പത്രോസ് ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ? മറിച്ച്, ജോയേല്‍ പ്രവാചകന്‍ പറഞ്ഞതാണിത്: ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും. എന്റെ ദാസന്മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും"(അപ്പ.പ്രവര്‍:2;15-18). ഇവിടെ ഒരു പ്രവചനത്തെക്കുറിച്ച് പ്രവാചകനും അപ്പസ്തോലനും പറയുന്നുണ്ട്. ഇതാണ് ക്രൈസ്തവരുടെമേലുള്ള പ്രവചനത്തിന്റെ ആത്മാവ്!

ക്രിസ്തുവിനുമുമ്പ് ചിലരെ പ്രത്യേകമായി തിരഞ്ഞെടുത്ത് പ്രവാചകന്മാരാക്കിയതുപോലെ, കൃപയുടെ കാലഘട്ടമായ ഇന്ന് പ്രവാചകന്മാര്‍ എന്ന പ്രത്യേക തസ്തികയില്ല; മറിച്ച്, പരിശുദ്ധാത്മാവിനെ സ്വീകരിച്ച എല്ലാവരും പ്രവചനത്തിന്റെ ആത്മാവിനെയും സ്വീകരിച്ചിരിക്കുന്നു! പഴയനിയമകാലത്ത് രാജാക്കന്മാരും പുരോഹിതരും പ്രവാചകന്മാരും മാത്രമാണ് അഭിഷിക്തര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന എല്ലാവരും കൃപയുടെ കാലത്തെ അഭിഷിക്തരാണ്! അതായത്, സ്ഥൈര്യലേപനം എന്ന കൂദാശ സ്വീകരിച്ചിട്ടുള്ള മുഴുവന്‍ വിശ്വാസികളും കത്തോലിക്കാസഭയിലെ അഭിഷിക്തരാണ്! മറിച്ചുള്ള പഠിപ്പിക്കലുകള്‍ വിശ്വാസികളുടെമേല്‍ 'കുതിരകയറാന്‍' ചിലര്‍ രൂപപ്പെടുത്തിയ സിദ്ധാന്തങ്ങള്‍ മാത്രമാകുന്നു! 'എന്റെ അഭിഷിക്തനെ തൊട്ടുപോകരുത്' എന്ന വചനമൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നവ തന്നെയാണ്. എന്നാല്‍, അഭിഷിക്തര്‍ എന്നപേരില്‍ വേര്‍തിരിച്ചു നിര്‍ത്തപ്പെട്ടിരിക്കുന്നവര്‍ മാത്രമല്ല അഭിഷിക്തര്‍ എന്നകാര്യം വിസ്മരിക്കരുത്!

സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത് എപ്രകാരമാണെന്ന് നോക്കുക: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്"(എഫേ:2;19,20). ഇതാണ് ഓരോ ക്രൈസ്തവനും ആയിരിക്കുന്ന അവസ്ഥ. ആരെങ്കിലും നിങ്ങളെ അന്യരോ പരദേശികളോ അടിമകളോ ആയി അവഗണിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ക്രിസ്തുവിന്റെ സഭയില്‍ ഭാഗഭാഗിത്വമില്ല! ക്രൈസ്തവരായിരിക്കുന്ന നാം ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. നമുക്കു ലഭിച്ചിരിക്കുന്ന രാജകീയപൗരോഹിത്യത്തില്‍ പ്രവാചകത്വംകൂടി സമന്വയിപ്പിച്ചിരിക്കുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്‍കി"(എഫേ:4;11). ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി നല്‍കപ്പെട്ടിരിക്കുന്ന പദവികളല്ല; മറിച്ച്, സ്ഥൈര്യലേപനത്തിലൂടെ അഭിഷിക്തരായിത്തീര്‍ന്ന നാം ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ഉന്നതസ്ഥാനമാണ്!

പ്രവാചക കാലത്ത്, രാജാവ്, പുരോഹിതന്‍, പ്രവാചകന്‍ തുടങ്ങിയവര്‍ക്കു മാത്രമായിരുന്നു അഭിഷിക്തന്‍ എന്ന പദവി ഉണ്ടായിരുന്നതെങ്കില്‍, ക്രിസ്തുവിനുശേഷം ഈ അവസ്ഥയ്ക്കു മാറ്റംവന്നിരിക്കുന്നു. കാരണം, രാജകീയപുരോഹിതഗണം എന്നതില്‍ രാജത്വവും പൗരോഹിത്യവും അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ, പ്രവാചകന്മാരിലൂടെ ദൈവം വാഗ്ദാനംചെയ്ത പരിശുദ്ധാത്മാവിനെ സ്വീകരിച്ചതുവഴി പ്രവചനത്തിന്റെ വരവും ലഭിച്ചു! ദാവിദിന്റെ പുത്രന്‍ എന്നനിലയില്‍ രാജാവും, മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരം പുരോഹിതനും, മോശയിലൂടെ വെളിപ്പെടുത്തിയ വചനപ്രകാരം പ്രവാചകനുമാണ് യേഹ്ശുവാ! ആയതിനാല്‍, യേഹ്ശുവായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ മൂന്നു പദവികളിലും കൂട്ടവകാശികളാണ്. എന്നാല്‍, നാമാരും രാജാവോ പുരോഹിതനോ പ്രവാചകനോ അല്ല! ഇവയിലെല്ലാം നാം ഭാഗഭാക്കുകളാണെങ്കിലും, രാജാവും പുരോഹിതനും പ്രവാചകനും ദൈവവും യേഹ്ശുവാ മാത്രമാണ്! ഇക്കാരണത്താല്‍, പ്രവചനത്തിന്റെ ആത്മാവ് നമ്മില്‍ ഉണ്ടായിരിക്കുകയും, ഈ ആത്മാവിനാല്‍ നാം പ്രവചിക്കുകയും ചെയ്താലും നമ്മിലാരും പ്രവാചകന്‍ എന്നു വിളിക്കപ്പെടുന്നില്ല! നമ്മുടെ ഭവനത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നത് അമ്മയാണെന്നു കരുതി, അമ്മയെ ആരെങ്കിലും പാചകക്കാരിയെന്നു വിളിക്കാറുണ്ടോ? സ്വന്തമായി വാഹനം ഡ്രൈവ് ചെയ്യുന്നവരെയെല്ലാം ഡ്രൈവര്‍ എന്നും വിളിക്കാറില്ല! അതുപോലെ പ്രവചനവും പൗരോഹിത്യവുമെല്ലാം ക്രിസ്തീയ ശുശ്രൂഷകളുടെ ഭാഗമാണ്!

സ്നാപകയോഹന്നാനുശേഷം പ്രവാചകന്മാരില്ല എന്ന് യേഹ്ശുവാ പ്രഖ്യാപിച്ചതിന്റെ പൊരുള്‍ ഇതാണ്! മാത്രവുമല്ല, അന്ത്യകാലത്തു വരാനിരിക്കുന്ന വ്യാജപ്രവാചകനെ തിരിച്ചറിയാന്‍ ഇതൊരു അടയാളവുമാണ്. അതായത്, അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന വ്യാജപ്രവാചകനാണ് മുന്‍പു വന്നുപോയ മുഹമ്മദ്‌! അവന്‍തന്നെ സ്വയം പ്രഖ്യാപിച്ചത്, താന്‍ അന്ത്യപ്രവാചകനാണ് എന്നായിരുന്നു. ഇനിയും അവന്‍ വരുന്നത് 'ഇമാം മഹ്ദി' എന്ന ഇസ്ലാമിന്റെ രക്ഷകനായിട്ടായിരിക്കും! ഇവന്റെ സഹായിയായി ഇവന്‍ പ്രഖ്യാപിച്ചതുപോലെതന്നെ ഈസാനബി എന്ന എതിര്‍ക്രിസ്തുവും വരും! ഈ വിഷയത്തെ അധികരിച്ചുള്ള ലേഖനം ഇതിനോടകം മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിനാല്‍, ഇനിയുമൊരു വിവരണത്തിനു മുതിരാതെ, പ്രവാചകത്വവും പൗരോഹിത്യവും എന്ന വിഷയം ഇവിടെ ഉപസംഹരിക്കുന്നു!

"നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍"(വെളി:1;6).

ഇത് ഓര്‍മ്മയില്‍ സൂക്ഷിക്കുക: പുരോഹിത ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ച വ്യക്തികള്‍ വിശ്വാസികളായ ദൈവജനത്തിന്റെ ഭരണകര്‍ത്താക്കളല്ല; മറിച്ച്, വിശ്വാസസമൂഹത്തിന്റെ ശുശ്രൂഷകരാണ്! ഇവരാണ് എല്ലാ ശുശ്രൂഷകളുടെയും കാര്യവിചാരിപ്പുകാര്‍ എന്ന ധാരണ തികച്ചും അബദ്ധമാണെന്നു തിരിച്ചറിയണം. കാരണം, സുവിശേഷത്തെ തടയുകയെന്ന ലക്ഷ്യത്തോടെ അനേകം 'പുരോഹിതവേഷധാരികള്‍' സഭയില്‍ കടന്നുകൂടിയിട്ടുണ്ട്.

രത്നച്ചുരുക്കം: സകലജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കാനിരിക്കുന്ന രാജാവും(വെളി:12;5), പാപങ്ങള്‍ക്കുവേണ്ടി എന്നേയ്ക്കുമുള്ള ഏകബലി അര്‍പ്പിച്ച നിത്യപുരോഹിതനും, എല്ലാ പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും പ്രവാചകന്മാരുടെ പ്രവാചകനുമാണ് യേഹ്ശുവാ! അവിടുത്തോട്‌ ഐക്യപ്പെട്ടിരിക്കുന്ന നാമോ, എല്ലാറ്റിനും കൂട്ടവകാശികളും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- 

    6749 views

LOG IN

Lost your password?

SIGN UP

LOST PASSWORD