അറിഞ്ഞിരിക്കാന്‍

വിശ്വാസം കേള്‍വിയിലൂടെ ലഭിക്കുന്നു; അവിശ്വാസവും അങ്ങനെതന്നെ!

Print By
about

14 - 01 - 2016

"ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി മ്ശിഹായെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമ: 10; 17). തങ്ങള്‍ക്കു കേള്‍വിയിലൂടെ സംലഭ്യമായ അറിവില്‍ ജീവിക്കുന്നവരാണ് ഓരോരുത്തരും. എത്തരത്തിലുള്ള അറിവാണു തങ്ങള്‍ക്കു ലഭിച്ചത് എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഇവരുടെ വിശ്വാസങ്ങളെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ! അതായത്, ഇന്ന് ഓരോ വ്യക്തികളും മുന്നോട്ടുപോകുന്നത് തങ്ങള്‍ക്കു കേള്‍വിയിലൂടെ പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും, ഈ വിശ്വാസങ്ങള്‍ സത്യമാകണമെന്നു നിര്‍ബന്ധമില്ല. നിത്യതയെ ലക്ഷ്യമാക്കി ജീവിതയാത്ര തുടരുന്നവര്‍, അതിന് ആവശ്യമായ അറിവിലാണോ യാത്രചെയ്യുന്നതെന്ന് സൂക്ഷ്മ പരിശോധന നടത്തണം. കാരണം, യേഹ്ശുവായെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവു ലഭിച്ചിട്ടുള്ളവരാണ് നിത്യജീവനു നിയോഗം ലഭിച്ചിട്ടുള്ളവര്‍! ഇതു ലഭ്യമാകുന്നത് കേള്‍വിയിലൂടെയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു. യേഹ്ശുവാ അറിയിച്ച വചനമിതാണ്: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ:17; 3). ഈ അറിവിനുള്ള മാര്‍ഗ്ഗമാണു കേള്‍വി. അതുകൊണ്ടാണ് അപ്പസ്തോലന്‍ ഇങ്ങനെ പറഞ്ഞത്: "എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?"(റോമാ: 10; 14). കേള്‍വിയിലൂടെ വിശ്വാസം മാത്രമല്ല നമുക്കു ലഭിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കിയിരിക്കണം. ഈ ലേഖനത്തിലൂടെ മനോവ ഉയര്‍ത്തുന്ന ആശയവും ഇതുതന്നെയാണ്!

വലിയൊരു വിവരണം ഇല്ലാതെതന്നെ വ്യക്തമാക്കാന്‍ സാധിക്കുന്ന വിഷയമാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. ആയതിനാല്‍ത്തന്നെ, ഇതൊരു വലിയ ലേഖനമായിരിക്കില്ല എന്ന മുഖവുരയോടെ ആരംഭിക്കട്ടെ!

വ്യത്യസ്ത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന അനേകം കോടി ജനങ്ങള്‍ ഈ ഭൂമുഖത്ത് ഇന്നു വസിക്കുന്നുണ്ട്. പൈതൃകമായി പകര്‍ന്നുകിട്ടിയ വിശ്വാസങ്ങളാണ് ഇവയില്‍ ഏറെയും. ജീവിതചക്രത്തിലെ ഏതോ സന്ധിയില്‍ വഴിപിരിഞ്ഞുണ്ടായ വിശ്വാസങ്ങളും ചിലരെ നയിക്കുന്നുണ്ട്. പുത്തന്‍ അന്വേഷണങ്ങളുടെ പരിണിതഫലമായി കൈവന്ന വിശ്വാസങ്ങളാല്‍ നയിക്കപ്പെടുന്നവരും കുറവല്ല! പരമ്പരാഗതമായി ലഭിച്ചിട്ടുള്ള വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമൂലം ഇന്നും അന്വേഷണങ്ങളുടെ പാതയില്‍ സഞ്ചരിക്കുന്നവരും അനേകരാണ്! എന്നാല്‍, നിത്യജീവന്‍ പ്രാപിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം യേഹ്ശുവായിലുള്ള വിശ്വാസം മാത്രമാണ്. ഈ വിശ്വാസമാണു നമുക്ക് കേള്‍വിയിലൂടെ ലഭിച്ചിരിക്കുന്നതെങ്കില്‍, നാം ഓരോരുത്തരും രക്ഷയിലേക്കു പ്രവേശിച്ചവരാണ്. കാരണം, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും"(അപ്പ.പ്രവര്‍:16:31). ഒരുവന്റെ വിശ്വാസം അവനെ മാത്രമല്ല, അവന്റെ കുടുംബത്തെപ്പോലും രക്ഷിക്കുന്നതാണ്! ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല"(എഫേ: 2; 8, 9). വിശ്വാസമെന്നത് ദൈവീകദാനമാണെന്നുള്ള വെളിപ്പെടുത്തലും ഈ വചനത്തിലുണ്ട്. ഈ ദാനം നമുക്കു നല്‍കുന്നതിന് അവിടുന്ന് വ്യത്യസ്ഥങ്ങളായ മാര്‍ഗ്ഗങ്ങളാണ് ഒരുക്കുന്നത്! ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമാണു കേള്‍വി.

നമ്മുടെ വിശ്വാസം രൂപപ്പെടുത്തുന്നതിന് ആവശ്യമായ കേള്‍വി ലഭിക്കുന്നതു പ്രധാനമായും ഭവനങ്ങളില്‍ നിന്നുതന്നെയാണ്. വിശ്വാസത്തില്‍ അടിയുറച്ച ജീവിതം നയിക്കുന്ന മാതാപിതാക്കളിലൂടെ പകര്‍ന്നുകിട്ടുന്ന വിശ്വാസം വളരെ ശക്തിയുള്ളതാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇവിടെനിന്നുള്ള അടിസ്ഥാനത്തില്‍ നാം ജീവിതയാത്ര ആരംഭിക്കുന്നുവെങ്കിലും, വിവിധങ്ങളായ മേഖലകളില്‍നിന്നുള്ള കേള്‍വികളും നമ്മെ സ്വാധീനിക്കാറുണ്ട്. വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതും വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കുന്നതുമായ അനേകം കേള്‍വികള്‍ ഇതില്‍പ്പെടും! ആയതിനാല്‍, കേള്‍വിയിലൂടെ വിശ്വാസം കൈവരുന്നതുപോലെതന്നെ, വിശ്വാസശോഷണവും അവിശ്വാസവും കേള്‍വികളിലൂടെ കടന്നുവരുന്നു! ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയാതെ, എല്ലാറ്റിനെയും ശ്രവിക്കാനുള്ള ഒരുവന്റെ നെട്ടോട്ടം അവന്റെമേല്‍ അപകടം ക്ഷണിച്ചുവരുത്തും. ഇത്തരത്തില്‍, അവിശ്വാസികളോ വികലമായ വിശ്വാസങ്ങള്‍ക്ക് അധീനരായവരോ ആയ അനേകര്‍ നമുക്കിടയിലുണ്ട്! നമുക്കു വിശ്വാസം ലഭിക്കുന്നതു കേള്‍വിയിലൂടെ ആയിരിക്കുന്നതുപോലെതന്നെ, അവിശ്വാസികളായി ഒരുവനെ അധഃപതിപ്പിക്കുന്നതും കേള്‍വിയാണെന്നു പറയുന്നത് ഇക്കാരണത്താലാണ്!

ഗീബല്‍സിന്റെ സിദ്ധാന്തം!

നാസി ജര്‍മ്മനിയുടെ പ്രചരണ മന്ത്രിയായിരുന്നു പോള്‍ യോസെഫ് ഗീബെല്‍സ്. അഡോള്‍ഫ് ഹിറ്റ്ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബെല്‍സ് യാദൃച്ഛികമായി ജര്‍മ്മനിയുടെ ഒരു ദിവസത്തെ ചാന്‍സലറുമായിരുന്നിട്ടുണ്ട്. സെമിറ്റിക് വിരുദ്ധതയ്ക്കും പ്രസംഗപാടവത്തിനും പേരുകേട്ട ആളായിരുന്നു ഗീബെല്‍സ്. ഹിറ്റ്ലറുടെയും ഗീബെല്‍സിന്റെയും ശത്രുക്കള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ള കഥകളല്ലാതെ (നുണക്കഥകള്‍) മറ്റൊന്നും അവരെക്കുറിച്ച് ലോകം അറിഞ്ഞിട്ടില്ല. കാരണം, അവരുടെ ചരിത്രം കുറിക്കുന്ന പുസ്തകങ്ങളെല്ലാം സ്റ്റാലിന്‍ നശിപ്പിച്ചു. കമ്മ്യൂണിസ്റ്റുകളും സഖ്യകക്ഷികളും നിയോഗിക്കുന്ന വ്യക്തികള്‍ക്കല്ലാതെ, ഹിറ്റ്ലറുടെ ചരിത്രമെഴുതാന്‍ അനുവാദമുണ്ടായിരുന്നില്ല. യുദ്ധാനന്തര ജര്‍മ്മനിയില്‍ ഹിറ്റ്ലറെക്കുറിച്ചു സംസാരിക്കുന്നതുപോലും കുറ്റകരമായിരുന്നു. അതുകൊണ്ടുതന്നെ, ഹിറ്റ്ലറുടെയും ഗീബെല്‍സിന്റെയും യഥാര്‍ത്ഥ ചരിത്രമല്ല ലോകം പഠിക്കുന്നത്.

ജര്‍മ്മന്‍ ജനതയെ അക്രമോല്‍സുകമായ യുദ്ധത്തിന്‌ മാനസികമായി ഒരുക്കുന്നതിനുവേണ്ടി ആധുനിക പ്രചരണതന്ത്രങ്ങള്‍ ഗീബെല്‍സ് പ്രയോഗിച്ചുവെന്നാണ് ഹിറ്റ്ലറുടെ ശത്രുക്കളായ ഇല്ല്യുമിനാറ്റികള്‍ ഇന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു നുണ നിരന്തരം ആവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍, അത് പിന്നീട് പൊതുജനം വിശ്വസിക്കും എന്ന ഇല്ല്യുമിനാറ്റി സിദ്ധാന്തം ഹിറ്റ്ലറുടെ സഹകാരിയായ ഗീബെല്‍സിനുമേല്‍ ചാര്‍ത്തിക്കൊടുത്തുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ജോസഫ് സ്റ്റാലിനും കമ്മ്യൂണിസ്റ്റുകളുമാണ് ഈ സിദ്ധാന്തത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍. 'ഗീബെല്‍സ്യന്‍ സിദ്ധാന്തം' എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി ഗീബെല്‍സിനെ ഉയര്‍ത്തിക്കാട്ടാന്‍ ഇല്ല്യൂമിനാറ്റി-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനു സാധിച്ചതുതന്നെ ഈ സിദ്ധാന്തത്തിന്റെ ആധികാരികതയായി പരിഗണിക്കാം. ഇല്ല്യുമിനാറ്റിയുടെ യഥാര്‍ത്ഥ ആയുധമാണ് നുണ! കമ്മ്യൂണിസ്റ്റുകളും ഇല്ല്യുമിനാറ്റിയുടെ തണലില്‍ വളരുന്ന മതങ്ങളും പ്രധാന ആയുധമായി ഇത് പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.

സത്യം എക്കാലവും സത്യമായിതന്നെ നിലനില്‍ക്കുമെങ്കിലും, ഈ സത്യത്തെ മറച്ചുവയ്ക്കാന്‍ നുണകളിലൂടെ സാദ്ധ്യമാകും. ഹിറ്റ്ലറെക്കുറിച്ചും ഗീബെല്‍സിനെക്കുറിച്ചും ഇല്ല്യൂമിനാറ്റികള്‍ കെട്ടിച്ചമച്ച നുണക്കഥകള്‍ ലോകം സ്വീകരിച്ചത് ആവര്‍ത്തിച്ചു പറയുന്ന നുണകളിലൂടെ സത്യത്തെ മറച്ചുവയ്ക്കാന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തമാണ്. സ്റ്റാലിന്റെ നരനായാട്ടുകള്‍ ഇന്ന് ഹിറ്റ്ലറുടെ പേരിലാണ് അറിയപ്പെടുന്നത്. ജോസഫ് സ്റ്റാലിന്‍ എന്ന നരകസന്തതിയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഈ കൗശലത്തെക്കുറിച്ച് ഹിറ്റ്ലര്‍ക്ക് അറിവുനല്കിയ വ്യക്തിയായിരുന്നു യോസെഫ് ഗീബെല്‍സ്! താത്ക്കാലികമായെങ്കിലും, കുറേ മനുഷ്യരെ തങ്ങളുടെ ആശയത്തിന്റെ അടിമകളാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിഞ്ഞു. വ്യാജചരിത്രങ്ങള്‍ രചിച്ചും, അവ പാഠപുസ്തകങ്ങളാക്കിയും പ്രസംഗവേദികളില്‍ ചര്‍വ്വിതചര്‍വ്വണം നടത്തിയുമാണ് ഇല്ല്യുമിനാറ്റികള്‍ ഈ നുണകള്‍ക്കു സത്യത്തിന്റെ പരിവേഷം നല്‍കിയത്. നുണയാണെങ്കില്‍ക്കൂടി, പറയുന്ന വ്യക്തിയുടെ വാക്സാമര്‍ത്ഥ്യത്തിലൂടെ മറ്റുള്ളവരില്‍ വിശ്വാസം ജനിപ്പിക്കാന്‍ സാധിക്കും. ഇക്കാരണത്താല്‍ തന്നെയാണ് വിവിധങ്ങളായ മതങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നത്! യേഹ്ശുവായുടെ കുരിശുമരണത്തെ നിഷേധിക്കുന്ന ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കാന്‍ മുഹമ്മദിനു സാദ്ധ്യമായതും ‘ഗീബെല്‍സ്യന്‍’ സിദ്ധാന്തത്തിലൂടെയാണ്! സ്റ്റാലിനും ഗീബെല്‍സും ജീവിച്ചത് ഇരുപതാംനൂറ്റാണ്ടിലാണെങ്കിലും, ഭൂമിയില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട കാലമുതല്‍ ഈ സിദ്ധാന്തത്തിന്റെ സ്വാധീനം നിലനിന്നിരുന്നു. സാത്താന്‍ പറഞ്ഞ നുണയുടെ സ്വാധീനത്താലായിരുന്നു ഹവ്വാ വഞ്ചിക്കപ്പെട്ടത്. പറുദീസായില്‍ ആരഭിച്ച ഈ തിന്മയെ ഒരു സിദ്ധാന്തമായി അവതരിപ്പിച്ചത് സ്റ്റാലിനും കമ്മ്യൂണിസ്റ്റുകളും ആയിരുന്നു. സത്യം വിളിച്ചുപറയുന്ന പുസ്തകങ്ങളും മറ്റു ശേഷിപ്പുകളും അഗ്നിക്കിരയാക്കിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ നുണക്കഥകള്‍ പ്രചരിപ്പിച്ചത്. ഇസ്ലാമിന്റെ പ്രചരണ തന്ത്രവും ഇത്തരത്തില്‍ തന്നെയായിരുന്നു. സൗദിഅറേബ്യയില്‍ ബൈബിള്‍ നിരോധിച്ചിരിക്കുന്നത് നുണ പ്രചരിപ്പിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ്.

ഇസ്ലാംമതം മാത്രമല്ല, ഈ ഭൂമിയിലുള്ള സകല വിജാതിയതയും നിലനില്‍ക്കുന്നത് ‘ഗീബെല്‍സ്യന്‍’ സിദ്ധാന്തത്തിന്റെ സ്വാധീനത്താലാണ്! ഇരുന്നൂറു വര്‍ഷത്തെ പഴക്കംപോലും ഇല്ലാത്ത ഹിന്ദുമതത്തിന് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടാക്കിയെടുത്തതും ഈ സിദ്ധാന്തത്തിലൂടെ ആയിരുന്നു. അതായത്, ആവര്‍ത്തിച്ചു കേള്‍ക്കുന്ന നുണകളെ സത്യമായി പരിഗണിക്കപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല. കേള്‍വിയിലൂടെ കടന്നുവരുന്ന അപകടത്തിന്റെ ആഴമാണ് ഇതിലൂടെയെല്ലാം നാം മനസ്സിലാക്കേണ്ടത്! വിശ്വാസം കേള്‍വിയിലൂടെ ലഭിക്കുന്നതുപോലെതന്നെ, അവിശ്വാസവും അബദ്ധവിശ്വാസങ്ങളും കടന്നുവരാനും കേള്‍വി കാരണമാകും!

ആവര്‍ത്തിച്ചു പറഞ്ഞ നുണയിലൂടെ മാനവരാശിയുടെമേല്‍ അരക്കിട്ടുറപ്പിക്കപ്പെട്ട ഒരു വലിയ ദുരന്തത്തെക്കൂടി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. മനുഷ്യരുടെ അധരങ്ങളില്‍നിന്ന് ദൈവത്തിന്റെ തിരുനാമത്തെ നീക്കംചെയ്യാന്‍ സാത്താന്‍ പ്രയോഗിച്ചതും ‘ഗീബെല്‍സ്യന്‍’ എന്നപേരില്‍ അറിയപ്പെടുന്ന ഇല്ല്യുമിനാറ്റി കുതന്ത്രമായിരുന്നുവെന്ന് നാം മനസ്സിലാക്കിയിരിക്കണം. എല്ലാ തലമുറകളിലും അവിടുന്ന് 'യാഹ്‌വെ' എന്ന നാമത്തില്‍ അറിയപ്പെടണമെന്നു കല്പിച്ചത് അവിടുന്നു തന്നെയായിരുന്നു. അവിടുത്തെ കല്പന ശ്രദ്ധിക്കുക: “ദൈവം മോശയോട് അരുളിച്ചെയ്തു:യാഹ്‌വെ(ഞാന്‍ ഞാന്‍ തന്നെ). യിസ്രായേല്‍ മക്കളോടു നീ പറയുക: യാഹ്‌വെ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 14, 15).  ഞാനാകുന്നവന്‍ എന്നോ ഞാന്‍ ഞാന്‍തന്നെ എന്നോ അല്ല ഹെബ്രായ മൂലഗ്രന്ഥത്തില്‍ വായിക്കുന്നത്. അവിടെ വായിക്കുന്നത് 'യാഹ്‌വെ' എന്നാണ്. ജര്‍മ്മന്‍ ഭാഷയില്‍ പരിഭാഷചെയ്യപ്പെട്ട ബൈബിളിലും 'യാഹ്‌വെ' എന്നുതന്നെയാണുള്ളത്! എന്നാല്‍, ഇംഗ്ലീഷ് ബൈബിളില്‍ 'ലോര്‍ഡ്‌' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു.

സ്വര്‍ഗ്ഗത്തിലെ ദൈവം വെളിപ്പെടുത്തുകയും, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമത്തില്‍ത്തന്നെ അറിയപ്പെടണം എന്നു കല്പിക്കുകയും ചെയ്യപ്പെട്ടിട്ടുള്ള നാമത്തെ മാറ്റിമറിക്കാന്‍ അധികാരമുള്ള മനുഷ്യന്‍ ആരാണ്? ഈ ഭൂമുഖത്ത് രണ്ടു പേരുകള്‍ മാത്രമാണ് ഭാഷകളെ അടിസ്ഥാനമാക്കി പരിഭാഷപ്പെടുത്തിയിട്ടുള്ളു! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെയും അവിടുത്തെ പുത്രനായ യേഹ്ശുവായുടെയും യഥാര്‍ത്ഥ പേരുകളെ നീക്കിക്കളഞ്ഞതു പിശാചും അവന്റെ ആജ്ഞാനുവര്‍ത്തികളും ചേര്‍ന്നാണ്! പിതാവായ ദൈവത്തെയും പുത്രനായ യേഹ്ശുവായെയും ഇന്ന് ജനങ്ങള്‍ വിളിക്കുന്ന പേരുകളില്‍ ഒന്നുപോലും യഥാര്‍ത്ഥമല്ല! ഭാഷയുടെ അടിസ്ഥാനത്തില്‍ പരിഭാഷപ്പെടുത്തിയതാണെങ്കില്‍, യഥാര്‍ത്ഥ പേരിന്റെ അര്‍ത്ഥം വരുന്ന പേരുകള്‍ തിരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍, യാതൊരു അര്‍ത്ഥവുമില്ലാത്ത വാക്കുകളിലൂടെയാണ് സൈന്യങ്ങളുടെ ദൈവവും അവിടുത്തെ പുത്രനും ഇന്നു വിളിക്കപ്പെടുന്നത്! ലോര്‍ഡ്‌, കര്‍ത്താവ്, തമ്പുരാന്‍ തുടങ്ങിയ വാക്കുകളില്‍ ഒന്നുപോലും 'ഞാനാകുന്നവന്‍' എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്നില്ല. ഈ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ഒരേയൊരു നാമം 'യാഹ്‌വെ' എന്നതു മാത്രമാണ്! യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമാണ് യേഹ്ശുവാ എന്ന പേരിലുള്ളത്. എന്നാല്‍, ജീസസ്, യേശു, ഈശോ, ഈസാ, കര്‍ത്താവ് തുടങ്ങിയ വാക്കുകളൊന്നും ഈ അര്‍ത്ഥം വഹിക്കുന്നവയല്ല! അതായത്, ദൈവപുത്രനായ യേഹ്ശുവായെ വിളിക്കുവാനായി സ്വര്‍ഗ്ഗത്തില്‍നിന്നു നല്‍കപ്പെട്ട പരിശുദ്ധവും അര്‍ത്ഥവത്തുമായ നാമം നീക്കംചെയ്യപ്പെട്ടു! പരിശുദ്ധ കന്യകാമറിയത്തോടു ദൈവദൂതനായ ഗബ്രിയേല്‍ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം"(ലൂക്കാ: 1; 30, 31). ഈ നാമം ആദ്യമായി വികലമാക്കിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ മനോവയുടെ മറ്റു താളുകളില്‍ കുറിക്കപ്പെട്ടിട്ടുള്ളതിനാല്‍, ഇനിയും അതിനു മുതിരുന്നില്ല. എന്നാല്‍, എന്തുകൊണ്ടാണ് ആ നാമം സാത്താന്‍ നീക്കം ചെയ്തതെന്നു നാം അറിഞ്ഞിരിക്കണം.

യേഹ്ശുവാ എന്ന നാമത്തില്‍ അടങ്ങിയിരിക്കുന്ന ശക്തിയെക്കുറിച്ചു പിശാച് ബോധവാനാണ്! പിശാചിനെ ബഹിഷ്കരിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും മരിച്ചവരെ ഉയിര്‍പ്പിക്കുവാനും ഈ നാമത്തിനു ശക്തിയുണ്ടെന്നു മാത്രമല്ല, സ്വയം രക്ഷയ്ക്കുള്ള കവചമായും ഈ നാമം നമ്മോടൊപ്പം വ്യാപാരിക്കും. പിതാവായ ദൈവത്തോടു നാം പ്രാര്‍ത്ഥിക്കുമ്പോള്‍, യേഹ്ശുവാ എന്ന നാമാത്തിലാണ് നാം അതു ചെയ്യേണ്ടത്! പീഡനത്തിന്റെ നാളുകളില്‍ നാം സംരക്ഷിക്കപ്പെടുന്നത് ഈ നാമം വിളിച്ചപേക്ഷിക്കുന്നതിലൂടെയാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യാഹ്‌വെയുടെ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(ജോയേല്‍: 2; 31, 32). അപ്പസ്തോലനായ പത്രോസും ഇത് ആവര്‍ത്തിക്കുന്നുണ്ട്: "യാഹ്‌വെയുടെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 2; 20, 21). അവിടുത്തെ നാമം എന്താണെന്ന് അറിയാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? ഈ നാമം വിളിച്ചപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കേണ്ടതിന്, ദൈവജനത്തിന്റെ അധരങ്ങളില്‍നിന്ന് ഈ നാമം എടുത്തുകളഞ്ഞതു പിശാചാണ്‌! പിതാവിന്റെയും പുത്രന്റെയും നാമം ഒന്നുതന്നെയായതിനാല്‍, ഈ നാമങ്ങള്‍ അവന്‍ നീക്കംചെയ്തു! ദൈവപുത്രന്‍ വഹിക്കുന്നത് പിതാവിന്റെ നാമമാണെന്ന് വെളിപ്പെടുത്തിയത് യേഹ്ശുവാതന്നെയാണ്. ഈ വചനം നോക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ:17;11). ഗീബെലസ്യന്‍ തന്ത്രത്തിലൂടെ സാത്താനും അവന്റെ അനുചരന്മാരും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ ഓരോകാലത്തും വ്യത്യസ്തരായ വ്യക്തികള്‍ തയ്യാറായി! അങ്ങനെ, യാതൊരു അര്‍ത്ഥവുമില്ലാത്ത വാക്കുകളാല്‍ ദൈവത്തെ വിളിക്കുന്ന ഏക സമൂഹമായി ക്രൈസ്തവര്‍ മാറി! പിശാചിനെ ആരാധിക്കുന്നവര്‍പ്പോലും അവരുടെ ആരാധനാമൂര്‍ത്തികളുടെ പേര് മാറിയിട്ടില്ല!

ഒരു പ്രവാചകവചനം കൂടി കുറിച്ചുകൊണ്ട് അടുത്ത ഉപശീര്‍ഷകത്തിലേക്കു പ്രവേശിക്കുകയാണ്: "ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ, അവ വ്യാജദേവന്മാരായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു"(യിരെമി: 2; 11).

കേള്‍വിയുടെ മാസ്മരിക ശക്തി!

വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഒരു ചൊല്ലുണ്ട്. ഈ ചൊല്ലിന്റെ അര്‍ത്ഥമെന്താണെന്നു നമുക്കറിയാം. കൈവിട്ടു പോകുന്ന കല്ലുപോലെയാണ് വായില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കും. അപ്പസ്തോലനായ യാക്കോബിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും"(യാക്കോബ്: 3; 2). നാം പറയുന്ന ഓരോ വാക്കുകള്‍ക്കും വലിയ ശക്തിയാണുള്ളത്. അപ്പസ്തോലന്‍ തുടര്‍ന്നു പറയുന്നത് ഇങ്ങനെയാണ്: "നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്‌നിയാല്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു. എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്. എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്"(യാക്കോബ്: 3; 6-8). നമ്മുടെ ചില വാക്കുകള്‍ നമ്മെ ദുഷിപ്പിക്കുക മാത്രമല്ല, മറ്റുള്ളവരുടെ ആത്മാവിനെ നശിപ്പിക്കാനും സാധ്യതയുണ്ട്. കാരണം, വിശ്വാസം കേള്‍വിയിലൂടെ ലഭിക്കുന്നതുപോലെ, ഒരുവനെ അവിശ്വാസിയും അന്ധവിശ്വാസിയുമാക്കുന്നതിനു കേള്‍വി കാരണമാകും. കേള്‍വിക്ക് അത്രത്തോളം മാസ്മരീകമായ ശക്തിയുണ്ട്!

നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തിയ ചില വാക്കുകള്‍ എത്രകാലം കഴിഞ്ഞാലും നാം മറക്കാറില്ല. നമ്മെ മുറിപ്പെടുത്തിയ വ്യക്തി നമ്മോടു ക്ഷമ ചോദിച്ചാല്‍പ്പോലും ആ വാക്കുകള്‍ നമ്മില്‍നിന്ന് മാഞ്ഞുപോകുന്നില്ല! അതുകൊണ്ടുതന്നെ, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കാന്‍ നാം ശ്രദ്ധിക്കണം. കുടുംബജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പറഞ്ഞിട്ടുള്ള വാക്കുകള്‍ ജീവിതാന്ത്യംവരെ തലയിലേറ്റി നടക്കുന്നവര്‍ നമ്മുടെയിടയിലുണ്ട്. അമ്പതു വര്‍ഷം മുന്‍പ് ഭര്‍ത്താവു പറഞ്ഞ വാക്കുകള്‍ ഇന്നും ചില ഭാര്യമാരുടെ കാതുകളില്‍ മുഴങ്ങുന്നു. ഇത് വാക്കിന്റെ ശക്തിയാണ്. പടുത്തുയര്‍ത്തലിന്റേതും ഉന്മൂലനത്തിന്റേതുമായ രണ്ടുതരം ശക്തികളാണ് വാക്കുകളിലുള്ളത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും"(മത്താ: 12; 36, 37). ഒരുവന്‍ പറയുന്ന വാക്കുകളാല്‍ അവന്‍ നീതീകരിക്കപ്പെടുന്നതുപോലെ, അവന്റെ വാക്കുകളാല്‍ത്തന്നെ അവന്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും! വിശ്വാസം കേള്‍വിയിലൂടെ; അവിശ്വാസവും അങ്ങനെതന്നെ എന്ന് മനോവ പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്! ദൈവത്തിന്റെ വചനം പ്രസംഗിക്കുന്ന ഒരുവന്‍ ആ വചനത്താല്‍ നീതികരിക്കപ്പെടുന്നു. അവന്റെ വായില്‍നിന്നു പുറപ്പെടുന്ന വചനം ശ്രവിക്കുന്നവരും ആ വചനത്താല്‍ത്തന്നെ നീതീകരിക്കപ്പെടും. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം!"(റോമാ: 10; 15). ഇതുകൂടി ശ്രദ്ധിക്കുക: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! ഞാന്‍ സ്വമനസ്‌സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്"(1 കോറി: 9; 16, 17).

നിന്റെ വാക്കുകളാല്‍ നീ നീതികരിക്കപ്പെടുമെന്ന യേഹ്ശുവായുടെ വചനം അന്വര്‍ത്ഥമാകുന്നത് സുവിശേഷ പ്രഘോഷണത്തിലൂടെയാണെന്നു സാക്ഷ്യപ്പെടുത്തുന്ന വചനങ്ങളാണു നാം പരിശോധിച്ചത്. ദൈവത്തെ മഹത്വപ്പെടുത്തുവാനും അവിടുത്തെ നാമം ലോകത്തോടു പ്രഘോഷിക്കുവാനും നാം തയ്യാറാകുമ്പോള്‍, നമ്മുടെ വാക്കുകളാല്‍ നാം നീതീകരിക്കപ്പെടും. മറ്റൊരു വെളിപ്പെടുത്തല്‍കൂടി ശ്രദ്ധിക്കുക: "എന്റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില്‍ പാപിയെ തെറ്റായ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍?(യാക്കോബ്: 5; 19, 20). ഒരുവനെ പാപമാര്‍ഗ്ഗത്തില്‍നിന്നു മോചിപ്പിക്കുവാന്‍ നമ്മുടെ വാക്കുകള്‍ക്കു സാധിക്കുന്നത് വചനം പറയുന്നതിലൂടെയാണ്. ഇപ്രകാരം പ്രസംഗിക്കുന്ന വ്യക്തി തന്റെതന്നെ ആത്മാവിനെ രക്ഷിക്കുന്നതോടൊപ്പം, പാപിയെ പാപത്തില്‍നിന്നു മോചിപ്പിക്കുന്നു. മാത്രവുമല്ല, ഇത്തരം വാക്കുകളിലൂടെ തന്റെ നിരവധിയായ പാപങ്ങള്‍ക്കു പരിഹാരവും ലഭിക്കുന്നു! എന്നാല്‍, യേഹ്ശുവാ അറിയിച്ച മറ്റൊരു കാര്യംകൂടി നാം ഗൗരവമായി കാണേണ്ടിയിരിക്കുന്നു. നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടും എന്ന മുന്നറിയിപ്പിനെ നാം അവഗണിക്കാന്‍ പാടില്ല.

യേഹ്ശുവായിലൂടെയുള്ള രക്ഷയെ മറച്ചുവച്ചുകൊണ്ട്, രക്ഷപ്രാപിക്കാനുള്ള പുതിയ വഴികള്‍ വെട്ടിത്തുറക്കുന്നവര്‍ കുറ്റം വിധിക്കപ്പെടും എന്നതില്‍ ആരും സംശയിക്കേണ്ട! കാരണം, ഇത്തരം വഴികള്‍ ആരെയും രക്ഷിക്കുകയില്ലെന്നു മാത്രമല്ല, ശിക്ഷാവിധിയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. യേഹ്ശുവാതന്നെ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം ശ്രദ്ധിക്കുക: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). സകല ജനതകളുടെയും രക്ഷയ്ക്കായി ഈ ഭൂമിയിലേക്കു മനുഷ്യനായി കടന്നുവന്ന ദൈവപുത്രന്റെ ഈ വാക്കുകളെക്കാള്‍ മറ്റേതു വാക്കിനെയും നാം വിശ്വസിക്കേണ്ടതില്ല. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു പ്രഖ്യാപിക്കുന്നവര്‍, അവരുടെ വാക്കുകളാല്‍ത്തന്നെ കുറ്റം വിധിക്കപ്പെടും! എന്തെന്നാല്‍, പിതാവിന്റെ സന്നിധിയിലേക്ക് ഒരു വഴി മാത്രമേയുള്ളു. ആ വഴി മാത്രമാണു നിത്യജീവനിലേക്കുള്ള ഏകവഴി! ആ വഴിയല്ലാതെ മറ്റൊരു സത്യവുമില്ല! ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നവരും അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നവരും ശിക്ഷാവിധിയിലാണെന്ന വസ്തുത നാം വിസ്മരിക്കരുത്! അപ്പസ്തോല ശ്രേഷ്ഠനായ പത്രോസ് ഇപ്രകാരം വിളിച്ചുപറഞ്ഞു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). ഇതാണ് ആദിമസഭയുടെ ഔദ്യോഗിക പ്രഖ്യാപനം! ആദ്ധ്യാത്മികതയില്‍ വഴിപിഴച്ചുപോയ തലമുറകള്‍, രക്ഷയ്ക്കായുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, അവരെ കേള്‍ക്കുന്നവര്‍ തങ്ങളുടെ കേള്‍വിയിലൂടെ അശുദ്ധരായിത്തീരുന്നു!

ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നുന്ന ആശയങ്ങളെ പ്രചരിപ്പിക്കാന്‍ ആരും തിടുക്കം കൂട്ടരുത്. വചനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാറ്റിനെയും വിവേചിച്ചറിയാതെ പ്രഘോഷണത്തിനു മുതിരുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടേക്കാം. അപ്പസ്തോലനായ യാക്കോബിന്റെ ഉപദേശം നോക്കുക: "എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹാരാകുമെന്നു മനസ്സിലാക്കുവിന്‍"(യാക്കോബ്: 3; 1). കേള്‍വിയിലൂടെ അനേകര്‍ വഴിതെറ്റിപ്പോകാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തിയാണ് അപ്പസ്തോലന്‍ ഇപ്രകാരം ഉപദേശിച്ചിരിക്കുന്നത്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം എന്നുപറഞ്ഞ പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ക്കു കടകവിരുദ്ധമായ ഉപദേശമാണ് അപ്പസ്തോലനായ യാക്കോബ് നല്‍കിയിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍ അതു ശരിയല്ല. സുവിശേഷം പ്രഘോഷിക്കുകയെന്നത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. ആയതിനാല്‍, സാഹചര്യം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും സുവിശേഷ പ്രഘോഷണത്തില്‍ നാം ശ്രദ്ധവയ്ക്കണം. അങ്ങനെയെങ്കില്‍, അപ്പസ്തോലനായ യാക്കോബ് എന്തായിരിക്കും ഉദ്ദേശിച്ചത്? അപ്പസ്തോലന്‍ ഇവിടെ പറഞ്ഞിരിക്കുന്നത് സുവിശേഷ പ്രഘോഷണത്തെ സംബധിച്ചല്ല; മറിച്ച്, പ്രബോധനത്തെ സംബന്ധിച്ചാണ്! എന്തെന്നാല്‍, പ്രബോധനവും സുവിശേഷ പ്രഘോഷണവും എല്ലായ്പ്പോഴും ഒന്നാകണമെന്നില്ല. ബൈബിളില്‍ എഴുതിവച്ചിരിക്കുന്ന സത്യങ്ങളെ മായം ചേര്‍ക്കാതെ പറയുകയെന്നതാണ് സുവിശേഷ പ്രഘോഷണം. എന്നാല്‍, പ്രബോധനത്തിനു മുതിരുന്നവര്‍ സുവിശേഷം മാത്രമായിരിക്കില്ല പ്രസംഗിക്കുന്നത്. അവര്‍ തങ്ങളുടെ യുക്തികൂടി മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കും. ഇത്തരം ആശയങ്ങളുടെ പ്രചാരകരാണ്‌ സഭയില്‍ വിജാതിയത കടത്തിക്കൊണ്ടു വന്നത്! ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചും വ്യക്തമായ അവബോധമില്ലാത്തതിനാല്‍, തങ്ങളുടെ യുക്തിയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ വചനത്തോടു ചേര്‍ത്തുവച്ച് അവതരിപ്പിക്കും. സഭയുടെ വസ്ത്രത്തിനുള്ളില്‍ ആയിരുന്നുകൊണ്ട് പറയുന്നവയെ, നെല്ലും പതിരും വേര്‍തിരിക്കാതെ സ്വീകരിക്കുന്ന അനേകം നിഷ്കളങ്ക വിശ്വാസികള്‍ സഭകളിലുണ്ട്.

ഇത്തരം പ്രബോധകരെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ അപ്പസ്തോലന്മാരായ കേപ്പായും പൗലോസും നല്‍കിയിട്ടുണ്ട്. വിശുദ്ധ പത്രോസിന്റെ ഉപദേശം ശ്രദ്ധിക്കുക: "ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു"(2 കേപ്പാ: 2; 1-3). സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടുന്നതു നാം കണ്ടുകൊണ്ടാണിരിക്കുന്നത്! രക്ഷപ്രാപിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെന്നു പഠിപ്പിക്കുന്നവര്‍, ഏകസത്യ മാര്‍ഗ്ഗത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്. നമ്മെ വിലകൊടുത്തു വാങ്ങിയത് യേഹ്ശുവായാണ്! ഈ യേഹ്ശുവായിലൂടെയല്ലാതെ ആര്‍ക്കും രക്ഷപ്രാപിക്കാന്‍ കഴിയില്ല. യേഹ്ശുവാ അവിടുത്തെ രക്തം നല്‍കിക്കൊണ്ടു വീണ്ടെടുത്ത നമ്മെ ഏതെങ്കിലും വിശുദ്ധര്‍ക്ക് അടിമവയ്ക്കാന്‍ പാടുള്ളതല്ല! യേഹ്ശുവാപോലും നമ്മെ അടിമകളായി പരിഗണിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു"(യോഹ: 15; 15).

എന്നാല്‍, ഇന്നു കത്തോലിക്കാസഭയിലെ ഒരു ദുരാചാരമാണ് അടിമവയ്ക്കല്‍! കാശ് കൊടുത്ത് അടിമയാകാന്‍ തയ്യാറായി അനേകര്‍ 'ക്യൂ' നില്‍ക്കുന്ന അവസ്ഥ കത്തോലിക്കാ പള്ളികളില്‍ കാണാം. ഇത് ദൈവവചന വിരുദ്ധമായ ദുരാചാരമാണ്! ക്രിസ്ത്യാനികള്‍ ആരുടെയും അടിമകളല്ല. യേഹ്ശുവാ വഴി പിതാവായ ദൈവത്തിന്റെ മക്കളായി തീര്‍ന്ന നാം ആരുടെയെങ്കിലും അടിമയാകാന്‍ ശ്രമിക്കുന്നുവെങ്കില്‍, നമുക്കുവേണ്ടി ചിന്തപ്പെട്ട രക്തത്തോടു ചെയ്യുന്ന പാപമാണ് അത്! ഈ പൈശാചിക പ്രവൃത്തിയില്‍നിന്ന് ഇനിയെങ്കിലും ദൈവജനം വിടുതല്‍ പ്രാപിക്കണം! പൗലോസ് അപ്പസ്തോലന്റെ ഉപദേശം നോക്കുക: "അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട് അതിന്റെ ചൈതന്യത്തെനിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്ക്കുക"(2 തിമോത്തി: 3; 5). ഭക്താഭാസങ്ങള്‍ക്കുവേണ്ടി വചനത്തിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ നിഷേധിക്കുന്ന അവസ്ഥ ഇന്നുണ്ട്. ഇത്തരം ഉപദേശികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് അപ്പസ്തോലന്‍ ഉപദേശിച്ചത്! അപ്പസ്തോലന്റെ മഹത്തായ ഉപദേശം ശ്രദ്ധിക്കുക: "അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, യേഹ്ശുവായുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പിക്കുന്നു"(2 തെസലോ: 3; 6). പിതാക്കാന്മാരുടെ പാരമ്പര്യം എന്നപേരില്‍ വിജാതിയരുടെ പാരമ്പര്യങ്ങളെ പിന്തുടരുന്നവരില്‍നിന്ന്‍ ഒഴിഞ്ഞുനില്‍ക്കാന്‍ നാം തയ്യാറായില്ലെങ്കില്‍, നമ്മുടെ നാശമായിരിക്കും ഫലം! എത്ര ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരാണെങ്കിലും അവരെ അനുസരിക്കുകയോ അനുകരിക്കുകയോ ചെയ്യാന്‍ നമ്മെ ദൈവം അനുവദിച്ചിട്ടില്ല! ഇസ്രായേല്‍ ജനത്തിനു വിഗ്രഹം നിര്‍മ്മിച്ചു നല്‍കിയത് അഹറോനായിരുന്നു! പുരോഹിതനായ അഹറോന്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളെ ആരാധിച്ചവരും ദൈവകോപത്താല്‍ മരണമടഞ്ഞു!

എല്ലാ കേള്‍വികള്‍ക്കും ചെവികൊടുക്കരുത്!

ദൈവവചന പ്രഘോഷണ വേദികള്‍പ്പോലും അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അവസ്ഥയാണ് ഇന്നു നിലവിലുള്ളത്! ആയതിനാല്‍, നമ്മുടെ കാതുകളെ എല്ലാ വചനപ്രഘോഷണങ്ങള്‍ക്കും തുറന്നുകൊടുക്കരുത്! ദിവ്യകാരുണ്യത്തിന്റെ മറവില്‍പ്പോലും പൈശാചികത പ്രചരിപ്പിക്കുന്ന അനേകം ധ്യാനമന്ദിരങ്ങള്‍ കേരളത്തിത്തന്നെയുണ്ട്‌. കേരളത്തിലെ കാലടിയില്‍ M C B S എന്ന സന്യാസസഭ നടത്തുന്ന ധ്യാനങ്ങള്‍ ഇത്തരത്തിലുള്ള ഒന്നാണ്! ഈ ചാത്തന്‍സേവാ സംഘം അടുത്തനാളില്‍ നല്‍കിയ ഒരു പത്രപ്പരസ്യം ഇപ്രകാരമായിരുന്നു: 'കാലടി എംസിബിഎസ് ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 6 മുതല്‍ 10 വരെ ക്രിസ്ത്വാനുഭവ യോഗാധ്യാനം നടക്കുന്നു. ഭാരതത്തിന്റെ ആത്മീയതയും ക്രൈസ്തവ ആത്മീയതയും സമന്വയിപ്പിച്ചു നടത്തുന്ന ഈ ധ്യാനത്തില്‍, യോഗാ, മെഡിറ്റേഷന്‍, പ്രാണായാമം, യോഗ ക്രമത്തിലുള്ള ഭക്ഷണം, നിശബ്ദത തുടങ്ങിയവ ഉണ്ടായിരിക്കും....' പരസ്യം ഇപ്രകാരം തുടരുമ്പോള്‍, നാം ചിന്തിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഈ സഭാസമൂഹം കത്തോലിക്കാസഭയില്‍ തുടരുമ്പോള്‍, കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനമാണ് ആദ്യമായി ചിന്തിക്കേണ്ടത്! 'യോഗ' ക്രിസ്തീയമല്ലെന്ന പ്രഖ്യാപനം കത്തോലിക്കാസഭ നടത്തിയിട്ടുണ്ട്. ആദരണീയനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌ ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. 'യോഗ' എന്നത് തികച്ചും മതപരമായ ഒരു ആരാധനാരീതിയാണ്. വിജാതിയമായ ഈ ആരാധനയെ അനുകരിക്കുവാന്‍ തക്കവിധം ആശയദാരിദ്ര്യം കത്തോലിക്കാസഭയിലില്ല. 'ഫ്രീമേസണ്‍' പ്രസ്ഥാനവുമായി യോഗയ്ക്ക് ബന്ധമുള്ളതിനാല്‍, ഇത് ചെയ്യുന്നവര്‍ക്ക് കത്തോലിക്കാസഭയുടെ 'കൂദാശകള്‍' വിലക്കിയിട്ടുമുണ്ട്. അതായത്, ദിവ്യകാരുണ്യ ധ്യാനമെന്ന പേരില്‍ ഇത്തരം ധ്യാനങ്ങള്‍ നടത്തുന്ന സഭ, കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നു സ്വാഭാവികമായും പുറത്താണ്!

ഇന്ത്യയുടെ ആദ്ധ്യാത്മികതയുമായി ക്രിസ്തീയ ആദ്ധ്യാത്മികതയെ സമന്വയിപ്പിക്കാനുള്ള അധികാരം ഇവര്‍ക്ക് ആരും നല്‍കിയിട്ടില്ല. മാത്രവുമല്ല, അത് ദൈവത്തോടും ദൈവീക നിയമത്തോടുമുള്ള ധിക്കാരപൂര്‍വ്വമായ വെല്ലുവിളിയുമാണ്! കാരണം, നിയമത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). വിജാതിയരുടെ ആരാധനകളുമായി നമ്മുടെ ആരാധനയെ സമന്വയിപ്പിക്കുവാനുള്ള അധികാരമാണോ ഇവിടെ നല്‍കിയിരിക്കുന്നത്! അവരെ അനുകരിച്ചു വഞ്ചിതരാകരുത് എന്ന താക്കീതാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അതായത്, എം സി ബി എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സന്യാസസഭയെ അനുസരിക്കുന്നവര്‍ വഞ്ചിതരാകും എന്നകാര്യത്തില്‍ സംശയമില്ല! ഇന്ത്യയുടെ ആദ്ധ്യാത്മികത എന്നത് വിജാതിയതയാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ച സകലതും ഈ ആദ്ധ്യാത്മികതയിലുണ്ട്. ഈ ആദ്ധ്യാത്മികതയെ ക്രൈസ്തവ ആദ്ധ്യാത്മികതയുമായി സമന്വയിപ്പിക്കുകയെന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവ് പിശാചിന്റെ ആത്മാവാണ്! ആയതിനാല്‍, ഇവര്‍ ധരിച്ചിരിക്കുന്ന ളോഹയില്‍ ആകൃഷ്ടരായി ഇവരെ അനുഗമിക്കുന്നവര്‍ വഞ്ചിതരാകും!

അഞ്ചുനാള്‍ ഇവരുടെ വാക്കുകള്‍ക്ക് ഒരുവന്‍ ചെവികൊടുക്കുന്നതിലൂടെ തെറ്റായ ബോധ്യങ്ങള്‍ അവന്റെ മനഃസാക്ഷിയിലേക്ക് അടിച്ചേല്പിക്കപ്പെടും. വികലമായതും അവിശുദ്ധവുമായ ആദ്ധ്യാത്മികത രൂപപ്പെടുന്നതും കേള്‍വിയിലൂടെ തന്നെയാണെന്നു നാം വിസ്മരിക്കരുത്! ഓരോ മസ്തിഷ്ക പ്രക്ഷാളനവും നടക്കുന്നത് കേള്‍വിയിലൂടെയാണ്. അതുകൊണ്ടുതന്നെയാണ്, എല്ലാ കേള്‍വികള്‍ക്കും നാം ചെവികൊടുക്കരുത് എന്നു പറഞ്ഞതിന്റെ പൊരുള്‍! ആദ്ധ്യാത്മികതയുടെ പേരിലാണെങ്കില്‍പ്പോലും വിവേചിച്ചറിയാത്ത ഒന്നിനെയും നാം സ്വീകരിക്കരുത്. വിജാതിയ ദേവന്മാരെയും വിജാതിയ ഗ്രന്ഥങ്ങളെയും ഉദാഹരിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ നടത്തുന്ന 'സുവിശേഷകര്‍' അനേകരുണ്ട്. തമാശകള്‍ പറഞ്ഞു ചിരിപ്പിക്കുന്ന ധ്യാനഗുരുക്കന്മാരും നമ്മുടെയിടയിലുണ്ട്. ഇത്തരക്കാരുടെ പ്രസംഗങ്ങള്‍ ശ്രവിക്കുന്നതിലൂടെ നാമറിയാതെതന്നെ ഭക്തിരാഹിത്യം നമ്മില്‍ വേരുറപ്പിക്കും. ആയതിനാല്‍, ബൈബിളിനെ അടിസ്ഥാനമാക്കിയല്ലാത്ത പ്രഘോഷണങ്ങള്‍ ശ്രവിക്കുന്നതിനായി നമ്മുടെ കാതുകളെ സമര്‍പ്പിക്കരുത്. വചനത്തെ അടിസ്ഥാനമാക്കിയാണ് ഒരുവന്‍ പ്രസംഗിക്കുന്നതെങ്കില്‍, ആ വ്യക്തി അറിയിക്കുന്ന വചനം ബൈബിളിലുണ്ടെന്ന് ഉറപ്പുവരുത്തണം. മാത്രവുമല്ല, അയാള്‍ തിരഞ്ഞെടുത്ത വിഷയവുമായി ഈ വചനത്തിനുള്ള ബന്ധവും പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു വചനത്തെ വ്യക്തമായി ഗ്രഹിക്കണമെങ്കില്‍, മുകളിലും താഴെയുമുള്ള വചനഭാഗങ്ങള്‍ക്കൂടി സൂക്ഷ്മമായി പഠിക്കണം. അല്ലാത്തപക്ഷം നാം വഞ്ചിതരാകും. ഇത്തരത്തില്‍ കേള്‍വിയിലൂടെ വഞ്ചിതരായ അനേകരുടെ അനുഭവം നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം.

ചെറിയൊരു ഉദാഹരണം ഇവിടെ കുറിക്കാം. വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും വളര്‍ന്നുവന്ന ഒരു മകന്‍, സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നു. വിജാതിയരും നാസ്തികവാദികളുമൊക്കെയാണ് ഇവന്റെ സ്നേഹിതര്‍. ഈ മകന്‍ അവധിക്കു നാട്ടില്‍ വരുമ്പോള്‍ ഇവനില്‍ വന്ന മാറ്റം എന്താണെന്നു പരിശോധിക്കുന്നവര്‍ക്ക്, കേള്‍വിയിലൂടെ രൂപപ്പെടുന്ന അവിശ്വാസത്തിന്റെ നേര്‍ചിത്രം വ്യക്തമാകും! യുക്തിവാദികളുടെ പ്രസംഗങ്ങള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഠന ക്ലാസുകള്‍, വിജാതിയരുടെ പ്രസംഗങ്ങള്‍ എന്നിവയിലൂടെ അവിശ്വാസത്തിന്റെ അശുദ്ധി നമ്മില്‍ കടന്നുകൂടും. സത്യത്തെക്കുറിച്ചു ചിന്തിക്കുന്ന വേളകളില്‍ നമ്മെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് അവിശ്വാസത്തിന്റെ ഈ അശുദ്ധി കടന്നുവരികയും ചെയ്യും! പലതിനു ചെവികൊടുക്കുന്നതിലൂടെ ആത്മസംഘര്‍ഷം ഉടലെടുക്കുന്നതും സ്വാഭാവികമാണ്! ആത്മീയതയില്‍ ശക്തിപ്രാപിച്ചവര്‍ക്കുപോലും ചഞ്ചലിപ്പുണ്ടാകുന്ന വിധത്തില്‍ വാഗ്വിലാസത്തോടെ  പ്രസംഗിക്കാന്‍ പാടവമുള്ളവര്‍ ഈ ലോകത്തുണ്ട്. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം ഉപദേശിച്ചത്: "നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ"(1 കോറി: 10; 12). തന്റെതന്നെ ശക്തിയില്‍ ആശ്രയിച്ച പലരും വീണുപോയത് അബദ്ധസിദ്ധാന്തങ്ങള്‍ കാതില്‍ പതിച്ചപ്പോഴാണ്! പറയുന്ന വ്യക്തിയ്ക്ക് സമൂഹത്തിലുള്ള സ്വാധീനംപോലും അവന്റെ വാക്കുകളുടെ സ്വീകര്യതയ്ക്ക് കാരണമാകും!

ആയതിനാല്‍, എല്ലാ കേള്‍വികള്‍ക്കും ചെവികൊടുത്തു മലിനരാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ആദ്ധ്യാത്മികതയുടെ പുറംചട്ടയിട്ട പ്രഘോഷകരാണ് ഏറ്റവും അപകടകാരികളെന്ന തിരിച്ചറിവ് ഓരോ ആത്മീയമനുഷ്യനും ഉണ്ടായിരിക്കണം! വൈജ്ഞാനികരെന്ന ഭാവത്തോടെ പുത്തന്‍ ദൈവശാസ്ത്രങ്ങള്‍ അവതരിപ്പിക്കുന്നവരെ ജാഗ്രതയോടെ സമീപിക്കുക. "അധാര്‍മ്മികമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക. ഇവയെ അംഗീകരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നുപോയിട്ടുണ്ട്"(1 തിമോത്തി: 6; 20, 21). ഇതിനപ്പുറം ഒന്നും മനോവയ്ക്കും പറയാനില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5381 views

LOG IN

Lost your password?

SIGN UP

LOST PASSWORD