അറിഞ്ഞിരിക്കാന്‍

അധികാരികള്‍ക്ക് വിധേയപ്പെടുന്നവര്‍ അധികാരത്തെ തിരിച്ചറിയണം!

Print By
about

നേതാക്കന്മാര്‍ തങ്ങളുടെ അവിവേകത്തില്‍നിന്ന്‍ രൂപികരിച്ച ആശയങ്ങള്‍ അവര്‍ സ്വയം തിരുത്തുന്നതുവരെ അറിവുള്ളവര്‍പ്പോലും ഈ അജ്ഞതയ്ക്കു കീഴ്പ്പെടുന്നതിനെയാണ് അധികാരത്തോടുള്ള വിധേയത്വമായി പരിഗണിക്കുന്നതെന്ന്‍ ആരും കരുതരുത്! അന്ധകാരത്തിലൂടെ നയിക്കാനുള്ള അധികാരം ഒരുവനും ദൈവം നല്‍കിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഓരോ വ്യക്തികളും തിരിച്ചറിയണം. ബൈബിളിലെ ഒരു വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് അധികാരമെന്ന അടിമത്വം ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കുന്നത്. പൌലോസ് അപ്പസ്തോലന്‍ നല്‍കിയ ഉപദേശം ഇപ്രകാരമായിരുന്നു: "ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയരായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്"(റോമാ:13;1,2).

ഈ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ദൈവജനത്തിനുമേല്‍ പുരോഹിത വിഭാഗം അടിച്ചേല്പിക്കുന്ന ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വിശകലനം ചെയ്യുവാന്‍ നാമിവിടെ ശ്രമിക്കുകയാണ്. അധികാരം ദൈവത്താല്‍ സ്ഥാപിതമാണെന്നും അധികാരത്തെ ധിക്കരിക്കുന്നവര്‍ ദൈവീകസംവീധാനങ്ങളെയാണു ധിക്കരിക്കുന്നതെന്നും വചനം വ്യക്തമാക്കിയിരിക്കുന്നതിനാല്‍, അവയെ എതിര്‍ക്കാന്‍ മനോവ ആരെയും പ്രോത്സാഹിപ്പിക്കില്ല! എന്നാല്‍, ദൈവത്തില്‍നിന്നുള്ള അധികാരം എന്താണെന്നും അധികാരികള്‍ ആരെല്ലാമാണെന്നും തിരിച്ചറിയാതെ, പിശാചിനും അവന്റെ നിയമങ്ങള്‍ക്കും വിധേയപ്പെട്ടു ജീവിക്കുന്നവരുടെ കഴുത്തിലെ നുകം എടുത്തുമാറ്റേണ്ടത് മനോവയുടെ ഉത്തരവാദിത്വമായിരിക്കുന്നു! ദൈവത്തില്‍നിന്നല്ലാത്തതും തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി മാത്രം രൂപംകൊടുത്തതുമായ നിയമങ്ങള്‍ ജനത്തിനുമേല്‍ അടിച്ചേല്പിച്ചിരിക്കുന്ന അവസ്ഥ ഇന്നുണ്ട്! ഇതു തിരിച്ചറിയണമെങ്കില്‍, ദൈവജനം നിയമം അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം പിശാചിന്റെ നിയമങ്ങള്‍ക്കു വിധേയപ്പെട്ടു നിത്യശിക്ഷയില്‍ നിപതിക്കും എന്നതിനെക്കുറിച്ചും വചനം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്! മോശയിലൂടെ നല്‍കപ്പെട്ടിട്ടുള്ള നിയമത്തെ അസാധുവാക്കാതെതന്നെ സ്ഥിരപ്പെടുത്തുകയും കഠിനമാക്കുകയും ചെയ്തവനിലാണ് ക്രൈസ്തവന്റെ പ്രത്യാശ!

യാഹ്‌വെയുടെ നിയമങ്ങളും കല്പനകളും നെറ്റിയില്‍ മുദ്രയായി അണിയേണ്ടവരാണു നാം! ഇതു തലമുറകളിലേക്കു പകര്‍ന്നുകൊടുക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കും സഭാനേതൃത്വത്തിനുമുണ്ട്. വചനം ഇങ്ങനെ പറയുന്നു: "നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവന്‍ അവ ഹൃദയത്തില്‍നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം. ഹോറെബില്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മുമ്പില്‍ നിങ്ങള്‍ നിന്ന ദിവസം യാഹ്‌വെ എന്നോട് ആജ്ഞാപിച്ചു: ജനത്തെ എന്റെ മുമ്പില്‍ വിളിച്ചുകൂട്ടുക. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളം കാലം എന്നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും, അവര്‍ അതു തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനും എന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ"(നിയമം:4;9,10). മോശ വീണ്ടും പറയുന്നു: "നിങ്ങള്‍ ചെന്നു കൈവശമാക്കുന്ന ദേശത്തു നിങ്ങള്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ യാഹ്‌വെ അന്ന്‍ എന്നോടു കല്പിച്ചു"(നിയമം:4;14). യാഹ്‌വെയുടെ ചൂണ്ടുവിരല്‍ക്കൊണ്ട് എഴുതിയ കല്പനകള്‍ ജനത്തെ പഠിപ്പിക്കാന്‍ മോശയോടു കല്പിച്ചെങ്കില്‍, മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നുവെന്നു ധരിക്കുന്നവര്‍ക്ക് ഇതു തുടരാനുള്ള ബാധ്യതയുണ്ട്! ഈ മഹത്തായ കല്പനകള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ പഠിപ്പിക്കുന്നവര്‍ മോശയുടെയും അപ്പസ്തോലന്മാരുടെയും പിന്‍ഗാമികളല്ല. അധികാരത്തെ ഇപ്രകാരമാണ് നാം തിരിച്ചറിയേണ്ടത്! പ്രമാണങ്ങള്‍ ലംഘിക്കാനുള്ള പഴുതുകള്‍ അന്വേഷിക്കുകയും, ദൈവീകനിയമങ്ങള്‍ക്കു ബദല്‍രേഖ ചമയ്ക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ അഭിഷിക്തരോ പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും പിന്മുറക്കാരോ ആണെന്നു തെറ്റിദ്ധരിക്കരുത്!

ഇത്തരക്കാരെക്കുറിച്ച് അപ്പസ്തോലനായ പൗലോസ് പറയുന്നത്, കപട അപ്പസ്തോലന്മാര്‍ എന്നാകുന്നു. വചനത്തിനു വിരുദ്ധമായതും, തങ്ങളുടെ യുക്തിയ്ക്കുമാത്രം ഇണങ്ങിയതുമായ പ്രബോധനങ്ങളുമായി ഇറങ്ങിയിരിക്കുന്ന ഇടയന്മാരെ സൂക്ഷിക്കുക; അവര്‍ ആടുകളുടെ ചോരകുടിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന ചെന്നായ്ക്കളാണ്. കപടവിനയത്തോടെ അവര്‍ നിങ്ങളെ സമീപിച്ചാലും, അവരെ അനുസരിക്കുകയോ അവരുടെ ചെയ്തികളെ അനുകരിക്കുകയോ ചെയ്യരുത്. യേഹ്ശുവാ ഇതു വ്യക്തമാക്കിയിട്ടുണ്ട്: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന്‍ ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരടുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ:5;18-20). ചെറിയ വാചകത്തില്‍ അനേകം സത്യങ്ങളെ തുറന്നുവയ്ക്കുന്ന വചനമാണിത്! സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവന്‍ എന്നു വിളിക്കപ്പെടും എന്നതുകൊണ്ട് അവിടെ എത്താമെന്ന ധാരണയൊന്നും വേണ്ട. ഇത്തരക്കാരെ സ്വര്‍ഗ്ഗരാജ്യം പരിഗണിക്കുന്നതു നിസ്സാരന്മാരായിട്ടാണെന്ന വ്യാഖ്യാനമാണ് ഈ വചനത്തില്‍ ഉള്ളത്! മാത്രവുമല്ല, നിയമം അനുസരിക്കാതിരിക്കുകയോ, ലംഘിക്കാന്‍ പഠിപ്പിക്കുകയോ ചെയ്യുന്നവരുടെ പ്രതിഫലമാണ് ഈ വചനത്തിന്‍റെ അന്ത്യത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ നമ്മുടെ നീതി അതിശയിക്കണം! അതിശയിക്കുകയെന്നാല്‍, മുന്‍കടന്നുനില്‍ക്കുക, മറികടക്കുക എന്നിങ്ങനെയാണ് അര്‍ത്ഥം! നേതാക്കാന്മാരായി ചമഞ്ഞിറങ്ങിയിരിക്കുന്നവര്‍ പഠിപ്പിക്കുന്ന ഭോഷ്ക്കുകളെ, വചനത്തിലെ സത്യത്തോടുചേര്‍ന്നു മറികടക്കാത്തവര്‍ സ്വര്‍ഗ്ഗരാജ്യം സ്വപ്നം കാണേണ്ടാ എന്നു വിവക്ഷ!

കല്പനകള്‍ അനുസരിക്കുന്നതുകൊണ്ടു മാത്രം സ്വര്‍ഗ്ഗരാജ്യം ഒരുവനെ വലിയവനായി പരിഗണിക്കുന്നില്ല; ഈ കല്പനകള്‍ അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകകൂടി ചെയ്യുമ്പോഴാണ് ഒരുവന്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ അംഗീകാരത്തിനു പാത്രമാകുന്നത്! യേഹ്ശുവാ വ്യക്തമാക്കിയ ഈ സത്യങ്ങളെ മറികടക്കുന്ന അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ തുനിയുന്നവരുടെ സ്ഥാനചിഹ്നങ്ങള്‍ പരിഗണിച്ചു വഞ്ചിതരാകരുത്! കാരണം, ഒരു നിയമത്തെയും യേഹ്ശുവാ അസാധുവാക്കുകയോ മയപ്പെടുത്തുകയോ ചെയ്തിട്ടില്ല. യാഹ്‌വെയുടെ നിയമങ്ങളോടും ചട്ടങ്ങളോടും എപ്രകാരമാണു ചേര്‍ന്നുനില്‍ക്കേണ്ടത് എന്നകാര്യവും വചനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്: "എന്റെ വചനം ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കയ്യില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. നിങ്ങളുടെ വീടുകളുടെ കട്ടിളക്കാലുകളിലും പടിവാതിലുകളിലും അവ രേഖപ്പെടുത്തണം. അപ്പോള്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു യാഹ്‌വെ ശപഥം ചെയ്ത നാട്ടില്‍ നിങ്ങളും നിങ്ങളുടെ മക്കളും ദീര്‍ഘകാലം, ഭൂമിക്കുമുകളില്‍ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം വസിക്കും"(നിയമം:11;18-21). ഇന്നത്തെ ചില പുരോഹിതരുടെ മുറിയുടെ വാതില്‍ക്കല്‍ എഴുതി പതിപ്പിച്ചിരിക്കുന്നത്: 'സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നത് നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്' എന്ന ഭോഷ്ക്കാണ്!

ചെയ്തുകൂട്ടിയതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ മുഴുവന്‍ പോക്രിത്തരങ്ങളെയും ന്യായീകരിക്കുന്നതും, ചെയ്യാനിരിക്കുന്ന മ്ലേച്ഛതകള്‍ക്കു മുന്‍‌കൂര്‍ ജാമ്യമെടുക്കുന്നതുമായ ഈ പൈശാചിക വാക്കുകളാണ്, ചില പുരോഹിതകോമാളികളുടെ ആപ്തവാക്യം! പ്രത്യക്ഷമായും പരോക്ഷമായും അന്യദേവന്മാരിലേക്കു നയിക്കുമ്പോള്‍ത്തന്നെ, തങ്ങളുടെ വാക്കുകള്‍ അനുസരിക്കാന്‍ ദൈവജനം ബാധ്യസ്ഥരാണെന്നു പ്രഖ്യാപിക്കാനുള്ള വചനം ബൈബിളില്‍നിന്നു ചികഞ്ഞെടുക്കുന്നതാണ് വിചിത്രമായ കാര്യം! ഇണവചനങ്ങളെക്കുറിച്ചുള്ള അനിവാര്യത മറച്ചുവച്ചുകൊണ്ട് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വചനമിതാണ്: "നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്"(മത്താ:23;2,3). രണ്ടാമത്തെ വാക്യത്തെ മറച്ചുവച്ചുകൊണ്ട്, ഒന്നാമത്തെ വാക്യത്തെ മഹത്വവത്ക്കരിക്കുന്നത് തങ്ങളുടെ നിലനില്പിനെ ലക്ഷ്യമാക്കിയാണ്. മാത്രവുമല്ല, നിയമജ്ഞരുടെയും ഫരിസേയരുടെയും പിന്മുറക്കാരാണു തങ്ങളെന്ന അബദ്ധവും ഇവര്‍ വിളിച്ചുപറയുന്നു. പൌരോഹിത്യത്തിന്റെ കാര്യം വരുമ്പോള്‍ ഇവര്‍ അഹറോന്റെ മക്കളും, അധികാരത്തിന്റെ കാര്യത്തില്‍ മോശയുടെ ശിഷ്യന്മാരുമായി സ്വയം പ്രഖ്യാപിക്കുന്നു! ചുരുക്കത്തില്‍, ബൈബിളിലെ ബഹുമാനം കല്പിച്ചു നല്‍കിയിരിക്കുന്ന പദവികളെല്ലാം തങ്ങളുടെതായി കരുതുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്! ദുര്‍വ്വാശിക്കാരായ ചില കുട്ടികളെപ്പോലെ, ആവശ്യമുള്ളതും അല്ലാത്തതുമായ മുഴുവന്‍ കളിക്കോപ്പുകളും സ്വന്തമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഗ്രഹണി ബാധിച്ച കുട്ടികളെപ്പോലെ, എല്ലാ ഭക്ഷണത്തോടും ആര്‍ത്തി കാണിക്കുകയും ഒന്നും കഴിക്കാതെ എച്ചിലാക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് പുരോഹിതരിലെ ഒരു വിഭാഗം!

ദൈവവചനം പ്രസംഗിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നു പറയുകയും, വചനം പ്രസംഗിക്കുന്നതില്‍നിന്നു പിന്‍മാറുകയും ചെയ്ത ഇക്കൂട്ടര്‍, വചനം പ്രഘോഷിക്കുന്ന വിശ്വാസികളെ വിലക്കുന്നത് ഇക്കാരണത്താലാണ്. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് സുവിശേഷപ്രചരണം ഇല്ലാതാക്കുകയെന്ന സാത്താന്റെ പദ്ധതിയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. സുവിശേഷം പ്രചരിപ്പിക്കുക എന്നത് എല്ലാ ക്രൈസ്തവരുടെയും ധര്‍മ്മമായിരിക്കെ, വിശ്വാസികള്‍ക്കു കൂച്ചുവിലങ്ങിടുകയും സുവിശേഷം തടയുകയും ചെയ്യുന്നതിനെ ന്യായീകരിക്കാനുള്ള ഒരു നിയമവും ബൈബിളിലില്ല. മോശയുടെ സിംഹാസനവും അഹറോന്റെ സിംഹാസനവും ദാവീദിന്റെ സിംഹാസനവും പത്രോസിന്റെ സിംഹാസനവും മാത്രമല്ല, മുഴുവന്‍ അപ്പസ്തോലന്മാരുടെയും അധികാരങ്ങളും കൈവശം വച്ചിരിക്കുന്ന ഒരു വിഭാഗമായി കത്തോലിക്കാസഭയിലെ പുരോഹിതവിഭാഗം വിശ്വാസികളെ കബളിപ്പിക്കുകയാണ്! മോശയ്ക്കോ ദാവീദിനോ യാഹ്‌വെയുടെ പ്രവാചകന്മാര്‍ക്കോ ഇല്ലാതിരുന്ന എല്ലാ അധികാരങ്ങളും ഒറ്റ കേന്ദ്രത്തില്‍ ഒത്തുചേരുന്ന പ്രതിഭാസമാണ് കത്തോലിക്കാസഭയിലെ പൗരോഹിത്യം! യേഹ്ശുവാ അപ്പം വര്‍ദ്ധിപ്പിച്ചപ്പോള്‍, അതു വാങ്ങി ഭക്ഷിച്ചവരും, ദാവീദിന്റെ പുത്രന് ഹോസാനാ എന്ന്‍ ആര്‍പ്പുവിളിച്ചുകൊണ്ട് ജറുസലേമിലേക്ക് അവിടുത്തെ ആനയിച്ചവരുമായ ജനതയുടെ ഓഹരിയാണ് വിശ്വാസികള്‍ക്ക് ഇവര്‍ നീക്കിവച്ചിരിക്കുന്നത്! ദൈവത്തെ മഹത്വപ്പെടുത്തുന്നതു ശ്രേഷ്ഠമെങ്കിലും, ദൈവമേ, ദൈവമേ എന്നു വിളിക്കാന്‍വേണ്ടി മാത്രമാണോ നാം സഭയില്‍ ചേര്‍ക്കപ്പെട്ടത്? ഇത് ദൈവത്തിന്റെ വചനത്തിനു വിരുദ്ധമായ ചെയ്തിയാണെന്നു വിനീതവിധേയരായ വിശ്വാസികള്‍ തിരിച്ചറിയുന്നില്ല! യേഹ്ശുവാ നീക്കിക്കളഞ്ഞ നുകം അതിനേക്കാള്‍ ഭാരത്തോടെ ദൈവജനത്തിനുമേല്‍ കെട്ടിവയ്ക്കുന്ന ഇവരുടെ അധികാരത്തിന്റെ പൊള്ളത്തരങ്ങള്‍ വചനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കു പരിശോധിക്കാം.

വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും എന്നു പറഞ്ഞുകൊണ്ട് യേഹ്ശുവാ നല്‍കിയ ചില അധികാരങ്ങള്‍ ഉണ്ട്. അവ ഇപ്രകാരം ബൈബിളില്‍ വായിക്കുന്നു: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ:16;17,18). ഈ അടയാളങ്ങളില്‍ ആദ്യത്തേതും അവസാനത്തേതും വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പിശാചിനെ ബഹിഷ്ക്കരിക്കലും രോഗികളെ തൊട്ടു സുഖപ്പെടുത്തലും എല്ലാ വിശ്വാസികളിലും നിക്ഷിപ്തമായിരിക്കുന്ന അടയാളത്തോടുകൂടിയ അവകാശമാകുന്നു. എന്നാല്‍, അത്മായര്‍ക്ക് പിശാചിനെ ബഹിഷ്ക്കരിക്കാനോ വിശ്വാസികളില്‍ പ്രകടമാകേണ്ട മറ്റു ശുശ്രൂഷകള്‍ ചെയ്യാനോ അധികാരമില്ലെന്നു പഠിപ്പിക്കുന്നവര്‍ ദൈവരാജ്യം വളരുന്നതിനു പ്രതിബന്ധമാണെന്നു തിരിച്ചറിയണം. പിശാചിനെ ബഹിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു പുരോഹിതനെ സമീപിച്ചാല്‍ പരിഹാസമല്ലാതെ അദ്ദേഹത്തില്‍നിന്നു മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല! യേഹ്ശുവാ പറഞ്ഞവ അനുസരിക്കാന്‍ തയ്യാറല്ലാത്തവര്‍, അതിനു തയ്യാറാകുന്നവരെ തടയുന്നതിന്റെ പിന്നിലെ ആത്മാവ് സാത്താനില്‍നിന്നുള്ളതാകുന്നു!

ക്രൈസ്തവര്‍ രാജകീയപുരോഹിതര്‍!

സഭയുലെ ആദ്യത്തെ മാര്‍പ്പാപ്പയുടെ വാക്കുകള്‍ നോക്കുക: "എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു. എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം"(1പത്രോ:2;8,9). ഈ വചനത്തില്‍ ഒരു വെളിപ്പെടുത്തലും ഒരു കല്പനയും അടങ്ങിയിട്ടുണ്ട്. നാം ആരാണെന്ന വെളിപ്പെടുത്തലും, നമ്മില്‍ നിക്ഷിപ്തമായ ചുമതല പ്രാവര്‍ത്തികമാക്കണമെന്ന കല്പനയും ആണ് അവ! ദൈവത്തിന്റെ വിശുദ്ധജനതയുടെ ഭാഗവും രാജകീയപുരോഹിതരുമാണ് നാം ഓരോരുത്തരും എന്ന സുപ്രധാന വെളിപ്പെടുത്തലാണ് ഇവിടെ പത്രോസ് അപ്പസ്തോലന്‍ നല്‍കുന്നത്! പഴയനിയമകാലത്തെ പൌരോഹിത്യത്തില്‍നിന്നു വ്യത്യസ്ഥമായ പൌരോഹിത്യമാണ് പുതിയനിയമ കാലഘട്ടത്തിലേത് എന്നകാര്യം അംഗീകരിച്ചേ മതിയാകു. കാരണം, ക്രൈസ്തവരെല്ലാം രാജകീയപുരോഹിതരാണെങ്കിലും എല്ലാവരും ബലിയര്‍പ്പണത്തിനു നിയോഗിക്കപ്പെടുന്നില്ല. എന്നാല്‍, പഴയനിയമത്തിലെ പുരോഹിതരുടെ പ്രധാന ചുമതല ബലിയര്‍പ്പണമായിരുന്നു.

ദൈവാലയവും ബലിപീഠവുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിച്ചിരുന്നതു പുരോഹിതരായിരുന്നുവെന്ന് ബൈബിളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയും. പുരോഹിതശുശ്രൂഷ ഭരമേല്പിച്ചപ്പോള്‍ അഹറോനോടും പുത്രന്മാരോടും യാഹ്‌വെ കല്പിച്ചു: "നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരിസാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും"(ലേവ്യര്‍:10;8,9). അതായത്, ആത്മീയമായി മരിച്ചുപോയ വ്യക്തികളുടെ ശവങ്ങളാണ് കത്തോലിക്കാ പുരോഹിതരില്‍ പലരുമെന്ന് മനസ്സിലാക്കാം! മദ്യപിച്ചു ലക്കുകെട്ട് തൃശൂര്‍ അതിരൂപതയുടെ 'മോണ്‍സിഞ്ഞോര്‍' കാറോടിച്ചപ്പോള്‍, എത്ര വാഹനങ്ങളെയാണ് തകര്‍ത്തതെന്നു മാധ്യമങ്ങളില്‍ നാം കണ്ടു! ഇന്നും നിയമപരമായി ഇയാള്‍ വൈദീകനും 'അധികാരിയും' ആണെന്നു മനോവ മറക്കുന്നില്ല! വൈദീകര്‍ക്കു യാഹ്‌വെ നല്‍കുന്ന മറ്റൊരു നിര്‍ദ്ദേശം ഇങ്ങനെ: "യാഹ്‌വെ മോശവഴി കല്പിച്ചിട്ടുള്ളവയെല്ലാം അനുഷ്ഠിക്കാന്‍ നിങ്ങള്‍ ഇസ്രായേല്‍ ജനത്തെ പഠിപ്പിക്കുകയും വേണം"(ലേവ്യര്‍:10;11). സ്വന്തമായി നിയമങ്ങള്‍ ഉണ്ടാക്കാന്‍ വൈദീകരോടു യാഹ്‌വെ നിര്‍ദ്ദേശിച്ചിട്ടില്ല; മറിച്ച്, മോശവഴി നല്‍കപ്പെട്ട നിയമങ്ങള്‍ അനുസരിക്കാന്‍ പഠിപ്പിക്കുകയാണു വേണ്ടത്! ആധുനിക പുരോഹിതര്‍ക്ക് ഈ നിയമങ്ങള്‍ അപ്രിയങ്ങളായതിനാല്‍, കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി പുത്തന്‍ നിയമങ്ങളുടെ പരീക്ഷണങ്ങളിലാണ് ഇന്നിവര്‍!

ദൈവമായ യാഹ്‌വെ പുരോഹിതര്‍ക്കു നല്‍കുന്ന മറ്റൊരു നിര്‍ദ്ദേശം: "വിശുദ്ധവും അവിശുദ്ധവും, ശുദ്ധവും അശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചരിയണം"(ലേവ്യര്‍:10;10). വിഗ്രഹാലയങ്ങളില്‍നിന്നും ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍നിന്നും ഇറങ്ങാന്‍ സമയമില്ലാത്ത ഇവര്‍, എല്ലാ മ്ലേച്ഛതകളെയും ശുദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ലേവ്യരുടെ കടമകള്‍ എന്തെല്ലാമാണെന്നു നോക്കുക: "അവര്‍ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം സമാഗമകൂടാരത്തിനു മുമ്പില്‍ അഹറോനും സമൂഹത്തിനും വേണ്ടി സേവനമനുഷ്ഠിക്കട്ടെ. സമാഗമകൂടാരത്തിലെ വസ്തുക്കളുടെ മേല്‍നോട്ടവും അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ഇസ്രായേല്‍ജനത്തിനും അവര്‍ സേവനം ചെയ്യണം"(സംഖ്യ:3;7,8). സേവനത്തെ അധികാരമായി വ്യാഖ്യാനിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല! പഴയനിയമകാലത്ത് പുരോഹിതരെക്കൂടാതെ, ജനനേതാക്കന്മാര്‍, ന്യായാധിപന്മാര്‍, രാജാക്കന്മാര്‍ പ്രവാചകന്മാര്‍ എന്നിങ്ങനെ വ്യത്യസ്ഥമായ അവകാശങ്ങള്‍ ഭരമേല്പിക്കപ്പെട്ട അധികാരകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ഇവരെല്ലാം പൊതുവായി പാലിക്കേണ്ട നിയമങ്ങളില്‍ പ്രധാനപ്പെട്ടത്, അന്യദേവന്മാരില്‍നിന്നും അവരുടെ ആലയങ്ങളില്‍നിന്നും അകന്നുനില്‍ക്കുക എന്നതാണ്. ഈ പാരമ്പര്യമാണ് കത്തോലിക്കാസഭ പിന്തുടരുന്നതെങ്കില്‍, മാര്‍പ്പാപ്പയും കര്‍ദ്ദിനാള്‍മാരും പുരോഹിതരിലെ വലിയൊരു വിഭാഗവും സംശയത്തിന്റെ നിഴലില്‍ത്തന്നെയാണെന്നു വ്യക്തം! മാത്രവുമല്ല, പുരോഹിതരെ ഒരിക്കലും അധികാരികളായി ദൈവം നിയോഗിച്ചിട്ടില്ല. പൗരോഹിത്യം എന്നത് ഒരു ശുശ്രൂഷയാണ്!

ഒരുവന്‍ സഭയില്‍ ചേര്‍ക്കപ്പെടുന്നത് ജ്ഞാനസ്നാനം വഴിയാണെന്നു നമുക്കറിയാം. എട്ടാംദിവസം ജ്ഞാനസ്നാനം സ്വീകരിക്കുന്ന ശിശുവിനുവേണ്ടി തലതൊട്ടപ്പനും തലതൊട്ടമ്മയും(ആത്മീയ മാതാപിതാക്കള്‍) ഏറ്റുപറയുന്ന പ്രതിജ്ഞ നാം മറക്കരുത്! സഭയിലേക്കു ചേര്‍ക്കപ്പെടുന്നു എന്നതിന്റെ പ്രതീകാത്മകമായ ഒരു ചടങ്ങോടെയാണ് ഈ ശുശ്രൂഷ ആരംഭിക്കുന്നത്. ജ്ഞാനസ്നാനം സ്വീകരിക്കപ്പെടുന്ന കുഞ്ഞിനെയുമായി പള്ളിയുടെ പുറത്തുനില്‍ക്കുന്ന തലതോട്ടപ്പനോടും തലതൊട്ടമ്മയോടും പുരോഹിതന്‍ ചില ചോദ്യങ്ങള്‍ ചോദിക്കും. ചോദ്യങ്ങളിലെ ഉള്ളടക്കം ഇങ്ങനെ: 'പാപത്തെയും പാപ സാഹചര്യങ്ങളെയും വെറുത്തുപേക്ഷിക്കുന്നുവോ? സാത്താനെയും അവന്റെ ആഡംബരങ്ങളെയും വെറുത്തുപേക്ഷിക്കുന്നുവോ?' ഈ ചോദ്യങ്ങള്‍ക്ക്, ഉപേക്ഷിക്കുന്നു എന്ന ഉത്തരം നല്‍കിയാല്‍, അടുത്ത ചോദ്യം ഇങ്ങനെ: 'യേഹ്ശുവായെ നിന്റെ ഏകരക്ഷകനും ഏകനാഥനും ഏക ദൈവവുമായി നീ സ്വീകരിക്കുന്നുവോ?' സ്വീകരിക്കുന്നുവെന്ന ഉത്തരം ലഭിച്ചുകഴിയുമ്പോഴാണ് സഭയിലേക്കു പ്രവേശിപ്പിക്കുകയും സ്നാനം സ്വീകരിക്കാന്‍ യോഗ്യതനേടുകയും ചെയ്യുന്നത്! രാജകീയപുരോഹിതഗണത്തിലേക്കും വിശുദ്ധരുടെ സഹപൗരത്വത്തിലേക്കുമാണ് ഈ വ്യക്തി ഇപ്രകാരം ചേര്‍ക്കപ്പെടുന്നത്! വെറുത്തുപേക്ഷിച്ചുവെന്നു പറഞ്ഞവയെ വീണ്ടും സ്വീകരിക്കുന്നപക്ഷം, ലോകത്തിനുമുന്നില്‍ അവന്‍ സഭയില്‍ അംഗമാണെങ്കില്‍പ്പോലും, യഥാര്‍ത്ഥത്തില്‍ അവന്‍ സഭയ്ക്കു പുറത്താണ്! പിന്നീടു സഭയിലേക്കു തിരിച്ചുവരാനുള്ള മാര്‍ഗ്ഗമാണ് അനുരഞ്ജനത്തിന്റെ കൂദാശയായ കുമ്പസാരം!

അന്യദേവന്മാരെ അംഗീകരിക്കുകയോ അവരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യുമ്പോള്‍, സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താക്കപ്പെടുമെന്ന തിരിച്ചറിവു ദൈവജനത്തിനു നല്‍കുന്നതില്‍ പുരോഹിത വിഭാഗം താത്പര്യമെടുക്കുന്നില്ല! പകരം, ഈ സത്യം വിളിച്ചുപറയുന്നവരെ സഭയില്‍നിന്നു പുറത്താക്കാന്‍ ഉത്സാഹം കാട്ടുന്നു! തങ്ങളുടെ ചെയ്തികളെ മറച്ചുവയ്ക്കാനായി സഭാനിയമങ്ങളില്‍ മായംചേര്‍ക്കുകയും നിയമങ്ങള്‍ പൊളിച്ചെഴുതുകയും ചെയ്‌താല്‍, ഇത്തരം നിയമങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ അസാധുവാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകു!

വിജാതിയരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അവരുടെ ആചാരങ്ങള്‍ അനുകരിക്കരുതെന്നുമുള്ള നിയമങ്ങളെ മറികടക്കാന്‍ വിജാതിയതയ്ക്കു പുതിയ നിര്‍വ്വചനവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ അഭിനവ കര്‍ദ്ദിനാളിന്റെ വ്യാഖ്യാനത്തില്‍, വിജാതിയരെന്നാല്‍ നിരീശ്വരവാദികള്‍ മാത്രമാണ്! മറ്റു മതത്തില്‍പ്പെട്ടവരൊക്കെ ഓരോ പേരുകളില്‍ ദൈവത്തെ ആരാധിക്കുന്നവരാണ്! ഇത്തരം ഭോഷ്ക്കുകള്‍ വിളിച്ചുപറയാന്‍ യാതൊരു സങ്കോചവുമില്ലാത്ത അജ്ഞന്മാര്‍ കര്‍ദ്ദിനാള്‍ പദവിയിലെത്തിയതും ദുരൂഹമാണ്! "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). ഇതു പൗലോസ് അപ്പസ്തോലനിലൂടെ നല്‍കപ്പെട്ട വചനമാണെന്നു നമുക്കറിയാം. നിരീശ്വരവാദികള്‍ ഏതു ക്ഷേത്രത്തിലാണ് ബലിയപ്പിക്കുന്നതെന്നു മനോവയ്ക്ക് അറിയില്ല! വിഗ്രഹങ്ങളെ പ്രണയിക്കുന്നവര്‍, മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായി ബൈബിളില്‍ ചില കുതന്ത്രങ്ങള്‍ ഒപ്പിച്ചിട്ടുണ്ട്! വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചുള്ള വിവരണത്തിലാണ് ഇതു കാണുന്നത്! കത്തോലിക്കാസഭയുടെ ബൈബിളില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നതു നോക്കുക: "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം"(1കോറി:8;4). ഒരു ചെറിയ തിരിമറിയിലൂടെ വിപരീത അര്‍ത്ഥം ഉണ്ടാക്കിയ കുതന്ത്രം കാണണമെങ്കില്‍, ഗ്രീക്കു ഭാഷയിലുള്ള മൂലഗ്രന്ഥം വായിക്കണം. അതില്‍ എഴുതിയിരിക്കുന്നത്, വിഗ്രഹം എന്നൊന്നില്ല എന്നല്ല; വിഗ്രഹം 'ഒന്നുമല്ല' എന്നാണ്! എന്തിനായിരുന്നു ഈ തിരിമറി എന്നാലോചിക്കുമ്പോള്‍, പൈശാചികമായ ചില അജണ്ടകള്‍ മറനീക്കി പുറത്തുവരും.

വിഗ്രഹാര്‍പ്പിത ഭക്ഷണത്തോടുള്ള അഭിനിവേശം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍, വിഗ്രഹം എന്നൊന്നില്ല എന്ന വാദത്തോടെ തങ്ങളുടെ ആശകള്‍ നിറവേറ്റുന്നു. ബൈബിള്‍ തിരുത്തുന്നതിനെക്കാള്‍ എളുപ്പം, വ്യാഖ്യാനങ്ങളിലൂടെ ജനത്തെ വഞ്ചിക്കുകയാണെന്നു പിശാചിനും അവന്റെ അനുചരന്മാര്‍ക്കും അറിയാം. അതുകൊണ്ടാണ്, വിജാതിയതയുടെ നിര്‍വ്വചനവുമായി ഇക്കൂട്ടരുടെ തലവന്‍ ഇറങ്ങിയിരിക്കുന്നത്! മാത്രവുമല്ല, വരും തലമുറയെ ബൈബിളില്‍നിന്ന്‍ അകറ്റുവാന്‍, ബൈബിളും കാമശാസ്ത്രവും കൂട്ടിച്ചേര്‍ത്ത 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന പൈശാചിക ഗ്രന്ഥവും ഇവര്‍ ഇറക്കിയിട്ടുണ്ട്! ദൈവത്തിന്റെ ആത്മാവിനാല്‍ പ്രേരിതരായ അവിടുത്തെ അപ്പസ്തോലന്മാരും പ്രവാചകന്മാരും അറിയിച്ചിട്ടുള്ള സത്യങ്ങളാണ് ബൈബിളില്‍ ഉള്ളത്. ഈ സത്യവചനത്തെ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞാല്‍, തങ്ങളെ നയിക്കുന്ന നേതാക്കന്മാരില്‍ പലരും സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യം ദൈവജനം തിരിച്ചറിയും. ഇതിനെ മറികടക്കാനുള്ള കുത്സിതശ്രമമായും കമ്മ്യൂണിറ്റി ബൈബിളിനെ കാണാം!

അധികാരത്തെക്കുറിച്ചുള്ള പഠനത്തിനായി ഈ ലേഖനം മാറ്റിവച്ചിരിക്കുന്നതിനാല്‍, പുതിയനിയമത്തിലെ പുരോഹിതരെക്കുറിച്ചും അവരുടെ ശുശ്രൂഷകളെക്കുറിച്ചും ചിന്തിക്കാന്‍ സമയമായി. മ്ശിഹാ എന്നേയ്ക്കുമുള്ള ഏകബലിയായി തന്നെത്തന്നെ സമര്‍പ്പിച്ചതിനാല്‍, അതിനുശേഷമുള്ള ബലികളെല്ലാം ഈ ബലിയുടെ അനുസ്മരണമാണ്. കുരിശിലെ ബലിയ്ക്കു മുന്നോടിയായി ശിഷ്യന്മാര്‍ക്കായി ഒരുക്കിയ അത്താഴവിരുന്നില്‍വച്ച്, ഈ ബലിയുടെ അനുസ്മരണത്തിന്റെ അനിവാര്യത യേഹ്ശുവാ വ്യക്തമാക്കിയിരുന്നു! ഇതായിരുന്നു അവിടുത്തെ കല്പന: "യേഹ്ശുവാ, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്"(1കോറി:11;23-26). ഈ അനുസ്മരണം യേഹ്ശുവായുടെ പ്രത്യാഗമനംവരെ തുടരേണ്ടതാണെന്ന വസ്തുത ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു! മാത്രവുമല്ല, ഏതെങ്കിലും പ്രത്യേക ഗോത്രത്തില്‍ നിക്ഷിപ്തമായിരുന്ന പുരോഹിതശുശ്രൂഷ, പന്ത്രണ്ടു ഗോത്രങ്ങള്‍ക്കുമായി വിപുലപ്പെടുത്തി! കാരണം, ഈ അപ്പസ്തോലന്മാരോട് യേഹ്ശുവാ മുന്‍പു പറഞ്ഞ ഒരു വചനം നോക്കുക: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും"(മത്താ:19;28). അന്ത്യത്താഴവേളയില്‍, ഓരോ ഗോത്രങ്ങളുടെയും പ്രതിനിധികളായ ശിഷ്യന്മാരോടാണ് അവിടുന്നു കല്പിച്ചത്!

വിശ്വാസികളായ സകലരെയും രാജകീയപുരോഹിതഗണം എന്നു വിളിച്ചുകൊണ്ട്, അപ്പസ്തോലപ്രമുഖനായ പത്രോസ് ഇതുതന്നെയാണ് പ്രഖ്യാപിച്ചത്! എന്നാല്‍, എല്ലാ വിശ്വാസികളും പുരോഹിതരാണെങ്കിലും, ബലിയര്‍പ്പിക്കാന്‍ എല്ലാവരും നിയോഗിക്കപ്പെടുന്നില്ല. അതിന്റെ കാരണം, വിശ്വാസികളുടെ സമൂഹമായ സഭയെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. ഓരോ വിശ്വാസികളും ചേരുന്നതാണ് സഭയെന്നു നാം കണ്ടു. വ്യക്തമായി പറഞ്ഞാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കളുടെ കൂട്ടായ്മയാണ് സഭ! എന്തുകൊണ്ടാണ് എല്ലാവരും പുരോഹിതരോ, എല്ലാവരും പ്രബോധകാരോ ആകാതിരിക്കുന്നത് എന്നറിയണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കണം. ഈ വചനം ശ്രദ്ധിക്കുക: "ദൈവം സഭയില്‍ ഒന്നാമത് അപ്പസ്തോലന്മാരെയും, രണ്ടാമത് പ്രവാചകന്മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന്‍ അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു"(1കോറി:12;28). തുടര്‍ന്നുള്ള വചനംകൂടി വായിക്കുമ്പോള്‍, കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും: "എല്ലാവരും അപ്പസ്തോലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകാരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തി വരങ്ങളുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ? എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍"(1കോറി:12;29-31).

എല്ലാവരും പുരോഹിതരാണെങ്കില്‍ക്കൂടി ബലിയര്‍പ്പിക്കാന്‍ നിയുക്തരാകുന്നത് ചിലര്‍ മാത്രമായത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന്റെ ഉത്തരമിതാണ്. ഓരോ സഭാംഗങ്ങള്‍ക്കും വ്യത്യസ്ഥമായ ശുശ്രൂഷകള്‍ വിഭജിച്ചുനല്‍കിയിരിക്കുന്നത് പരിശുദ്ധാത്മാവണെന്ന്‍ ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. സഭയിലെ അംഗങ്ങളെല്ലാവരും സഭയിലെ ശുശ്രൂഷകരാണ്. ഓരോരുത്തരുടെയും ചുമതലകള്‍ വ്യത്യസ്ഥമാണെങ്കിലും, പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ട അഭിഷിക്തരാണ് ഓരോ സഭാമക്കളും. അഭിഷിക്തര്‍ എന്ന പദവി ചിലര്‍മാത്രം അവകാശപ്പെടുകയും, തങ്ങളുടെ ഈ അവകാശവാദത്തെ അബദ്ധപ്രബോധനങ്ങളിലൂടെ സ്ഥിരപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! സ്ഥൈര്യലേപനം എന്ന കൂദാശയില്‍ തൈലാഭിഷേകം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, തിരുപ്പട്ടം സ്വീകരിച്ചവരെ മാത്രം അഭിഷിക്തരായി പരിഗണിക്കുകയും, പരിഗണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്, പുരോഹിതവിഭാഗം തങ്ങളുടെ പ്രാമാണിത്വം നിലനിര്‍ത്താന്‍ നടത്തുന്ന കൗശലമായി കണ്ടാല്‍ മതി.

പൊതുപൗരോഹിത്യത്തില്‍ എല്ലാ ക്രൈസ്തവരും ഭാഗഭാക്കായിരിക്കുന്നതിനാല്‍, വചനശുശ്രൂഷകളില്‍നിന്ന്‍ ആരെയും മാറ്റിനിര്‍ത്താന്‍ മനുഷ്യര്‍ക്ക് അവകാശമില്ല. കാരണം, ഈ പൗരോഹിത്യം നല്‍കിയത് മനുഷ്യരല്ല; പരിശുദ്ധാത്മാവാണ്! മാത്രവുമല്ല, ഒരുവന്‍ ഏതു ശുശ്രൂഷ ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം അവനോ മറ്റു വ്യക്തികള്‍ക്കോ ഇല്ല! സഭയ്ക്കോ, മറ്റേതെങ്കിലും വ്യക്തികള്‍ക്കോ, സ്വയംതന്നെയോ തീരുമാനിക്കാന്‍ കഴിയുന്നതല്ല ഒരു വ്യക്തിയുടെ ശുശ്രൂഷാ മേഖല! ഒരുവനെ ഏതു വിധത്തിലാണു പരിശുദ്ധാത്മാവു നയിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അവന്റെ ശുശ്രൂഷ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്! വചനം ഇപ്രകാരം പറയുന്നു: "അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുന്നില്ല"(ഹെബ്രാ:5;4). ഇത്തരത്തില്‍ ദൈവത്താല്‍ വിളിക്കപ്പെടുന്നവരാണ്, യേഹ്ശുവാ എകരക്ഷകനാണെന്നു പ്രഖ്യാപിക്കുന്ന ശുശ്രൂഷകര്‍! അതിനു വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് ഇങ്ങനെ വെളിപ്പെടുത്തുന്നു: "ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ മ്ശിഹായില്‍ ഞങ്ങള്‍ സംസാരിക്കുന്നു"(2കോറി:3;17).

ദൈവത്താല്‍ നിയോഗിക്കപ്പെടാത്തവരായ കപടശുശ്രൂഷരും ഉണ്ടെന്നല്ലേ ഈ വചനം നല്‍കുന്ന മുന്നറിയിപ്പ്? അപ്പസ്തോലന്മാര്‍ പഠിപ്പിച്ച ഏകരക്ഷയ്ക്കു വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ അന്യദേവന്മാരെ ശ്ലാഘിക്കുകയോ ചെയ്യുന്നവര്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരല്ല! ആരാണ് ദൈവത്തിന്റെ ശുശ്രൂഷകരെന്നും, ആരാണ് പിശാചിന്റെ സേവകരെന്നും തിരിച്ചറിയാന്‍ ഇങ്ങനെ സാധിക്കും. ആരെങ്കിലും നിങ്ങളോടു വചനം അറിയിച്ചാല്‍, അത്തരത്തില്‍ ഒരു വചനം ബൈബിളില്‍ ഉണ്ടോയെന്നു പരിശോധിക്കാനെങ്കിലും തയ്യാറായില്ലെങ്കില്‍ അപകടത്തില്‍ അകപ്പെടും! കാരണം, വചനം ഇങ്ങനെ പറയുന്നു: "വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനത്തിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു"(1തിമോത്തി:4;1). മറ്റൊരു വചനം ശ്രദ്ധിക്കുക: "അതുപോലെ തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും"(2പത്രോ:2;1,2).

ഇതുതന്നെയല്ലേ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത്തരത്തിലുള്ള വ്യാജപ്രബോധകര്‍ നമ്മുടെ ഇടയില്‍ത്തന്നെയാണെന്നു പരിശുദ്ധാത്മാവ് വ്യക്തമാക്കിയിരിക്കുന്നു. യേഹ്ശുവാ ഏകരക്ഷകനാണെന്ന സത്യത്തില്‍നിന്നു വ്യതിചലിച്ച ആശയങ്ങള്‍ നാഥനെ നിഷേധിക്കുന്നതിനു തുല്യമാണ്! ഓരോരുത്തരുടെയും ജഡികവാസനകളെ അംഗീകരിച്ചുകൊണ്ട്, അവയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ നേതാക്കന്മാരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുമ്പോള്‍, ഈ വചനം ഓര്‍ക്കുക: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2തിമോത്തി:4;3,4). ജഡത്തിന്റെ സുഖങ്ങള്‍ക്കുവേണ്ടി ദൈവത്തെയും ദൈവീകനിയമങ്ങളെയും ധിക്കരിച്ച്, അധാര്‍മ്മികതയില്‍ ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ വത്തിക്കാന്‍ രാജാവിനെ മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു! ഇദ്ദേഹത്തെ വീരനായകനായി ഉയര്‍ത്തിക്കാട്ടുന്നവരെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തല്‍ ഈ വചനത്തിലുണ്ട്. പോപ്പിന്റെ ആരാധകര്‍ക്കു സഭയോടും അധികാരത്തോടും ഒരിക്കലുമില്ലാത്ത വിധേയത്വം കാണുമ്പോള്‍ മനോവയ്ക്കു ചിലതു പറയാനുണ്ട്. ഇതിനുമുന്‍പും മാര്‍പ്പാപ്പമാര്‍ സഭയില്‍ ഉണ്ടായിരുന്നു! അവരൊന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട അധികാരികളായിരുന്നില്ലേ?! ബെനഡിക്റ്റ് പതിനാറാമന്‍ പ്രഖ്യാപിച്ച വചനസത്യങ്ങളെ പുച്ഛിച്ചുതള്ളിയവര്‍ ഇന്നു കാണിക്കുന്ന സഭാസ്നേഹത്തിന്റെ ആത്മാര്‍ഥത തിരിച്ചറിയാന്‍ മനോവയ്ക്കു കഴിയും!

രോഗിയുടെ ഇച്ഛയ്ക്ക് അനുസൃതമായി മരുന്നു കുറിക്കുന്ന വൈദ്യനോടുള്ള പ്രണയം മരണത്തില്‍ കലാശിക്കുമെന്നു മറക്കരുത്! ഇത്തരം വൈദ്യന്മാര്‍ക്കു താത്ക്കാലികമായി രോഗികളെ കിട്ടിയാലും അധികകാലം മുന്നോട്ടുപോകില്ല! ലോകത്തിന്റെ ദൃഷ്ടിയില്‍പ്പോലും അധാര്‍മ്മികമായി കണക്കാക്കപ്പെടുന്നതും മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നതുമായ ലൈംഗീക വൈകൃതങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതിലൂടെ ഫ്രാന്‍സീസിന്റെ വരവ് എവിടെനിന്നാണെന്നു അദ്ദേഹം വ്യക്തമാക്കി! ഭ്രൂണഹത്യയെന്ന അരുംകൊലയെ ഭാഗീകമായെങ്കിലും അംഗീകരിക്കാനുള്ള നീക്കം, ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവനില്‍നിന്നുണ്ടാകില്ല. ഫ്രാന്‍സീസ് വായ്‌ തുറന്നതൊക്കെ ദൈവനിഷേധത്തിനായിരുന്നുവെന്ന് അക്കമിട്ടു നിരത്താന്‍ മനോവ തയ്യാറാണ്! മനോവയുടെ ഈ വാക്കുകള്‍ വായിക്കുമ്പോള്‍ വാളെടുക്കാന്‍ തുനിയുന്നവര്‍ ആദ്യം ചെയ്യേണ്ടത് ദൈവവചനമാകുന്ന വാളെടുക്കുകയാണ്! തിന്മ പ്രവര്‍ത്തിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും, അതു മറച്ചുവയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നത് ക്രിസ്തീയതയ്ക്കു വിരുദ്ധമായ നിലപാടാണെന്ന വസ്തുത വിസ്മരിക്കരുത്.

അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവീകസംവീധാനത്തെ ധിക്കരിക്കുന്നു!

ഇതു ദൈവവചനമാണ്‌! അതുകൊണ്ടുതന്നെ, ദൈവജനം ഈ വചനത്തിനു വിധേയരായിരിക്കണം. എന്നാല്‍, അധികാരം എന്താണെന്നുള്ള ഉത്തമബോധ്യം ഇല്ലാതിരുന്നാല്‍ അപകടം ചെറുതല്ല! എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നാണ് എന്ന വചനത്തെ പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടുതന്നെ, എല്ലാ അധികാരങ്ങള്‍ക്കും നമ്മുടെമേല്‍ സ്വാധീനമില്ല എന്ന സത്യം വെളിപ്പെടുത്താന്‍ മനോവ ആഗ്രഹിക്കുന്നു! ഇതു വായിച്ച് ആരും അസ്വസ്ഥരാകേണ്ട; കാരണം, ഇതാണു സത്യം! എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തലിനു മനോവ മുതിര്‍ന്നതെന്നു വ്യക്തമാക്കാം.

ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാപനത്തിലെ തലവന്‍ അധികാരിയാണ്. എന്നാല്‍, അവന്റെ അധികാരം ആ സ്ഥാപനത്തില്‍മാത്രം ഒതുങ്ങുന്നു! ഒരു വിദ്യാര്‍ത്ഥി തന്റെ അധ്യാപകനെ അനുസരിക്കാന്‍ കടപ്പെട്ടവനാണെന്നു നമുക്കറിയാം. എന്നാല്‍, വ്യക്തിപരമായ ജീവിതത്തില്‍ ഈ അധ്യാപകനെ അനുസരിക്കാനുള്ള കടമ വിദ്യാര്‍ത്ഥികള്‍ക്കില്ല! കോടതികള്‍ ശിക്ഷ വിധിച്ചാല്‍, അത് അനുഭവിക്കാന്‍ വിധിക്കപ്പെടുന്നവനു ബാധ്യതയുണ്ട്. എന്നാല്‍, സുപ്രിംകോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ച ഒരു കേസില്‍ കീഴ്ക്കോടതിക്കു ശിക്ഷിക്കാനുള്ള അധികാരമില്ല എന്നതും ഓര്‍ക്കണം! അതായത്, ഈ അധികാരങ്ങളെല്ലാം ദൈവത്താല്‍ സ്ഥാപിതമാണെങ്കിലും, എല്ലാ അധികാരങ്ങളും എല്ലാവരെയും ബാധിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇനി നമുക്കൊരു വചനം നോക്കാം: "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം അര്‍ഹിക്കുന്നവനു ബഹുമാനം"(റോമാ:13;7). നാം ആരംഭത്തില്‍ പരിശോധിച്ച വചനത്തിന്റെ തുടര്‍ച്ചയാണ് ഈ വചനം. എല്ലാ അധികാരവും ദൈവത്തില്‍നിന്നാണെങ്കിലും, നമ്മുടെമേല്‍ സ്വാധീനമില്ലാത്ത അധികാരങ്ങളുമുണ്ട്. അത്തരത്തിലുള്ള അധികാരങ്ങള്‍ക്കു വിധേയപ്പെടാന്‍ പരിശുദ്ധാത്മാവു നമ്മോട് ആവശ്യപ്പെട്ടിട്ടില്ല!

സഭയുടെ അധികാരത്തിന്റെ കാര്യവും ഇങ്ങനെതന്നെയാണ്. ബൈബിളിലെ വചനങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ അനുസരിക്കാന്‍ നമ്മോട് ആരെങ്കിലും കല്പിച്ചാല്‍, അവരെ അനുസരിക്കുന്നതുവഴി നമ്മുടെ നാശമായിരിക്കും ഫലം! പറയുന്ന വ്യക്തിയെ മാത്രമല്ല, പറയുന്ന കാര്യങ്ങളിലെ സത്യവും നാം ഗ്രഹിക്കണം. ഇതു വ്യക്തമാക്കുന്ന ഒരു വചനം ശ്രദ്ധിക്കുക: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്ഥമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ"(ഗലാത്തി:1;8). അങ്ങനെയെങ്കില്‍, യേഹ്ശുവാ ഏകരക്ഷകനല്ല എന്നു പറയുന്ന ഒരുവനെ അനുഗമിക്കുകയോ അനുസരിക്കുകയോ ചെയ്യാന്‍ നമുക്കു കടമയുണ്ടോ? സുവിശേഷം പ്രചരിപ്പിക്കുകയോ വിജാതിയരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയോ ചെയ്യുന്നതിനു പകരം, അവര്‍ നല്ലവരായി ജീവിക്കാന്‍ ഉപദേശിച്ചാല്‍ മതിയെന്ന് അഭിനവ പോപ്പ് പ്രഖ്യാപിച്ചാല്‍, ദൈവമക്കള്‍ അത് അനുസരിക്കേണ്ടതില്ല. കാരണം, ദൈവവചനം ഇപ്രകാരം കല്പിച്ചിരിക്കുന്നു: "ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക"(2തിമോ:4;2).

യേഹ്ശുവായുടെ അപ്പസ്തോലന്മാര്‍തന്നെ പിന്നീടു തിരുത്തിപ്പറഞ്ഞാലും സ്വര്‍ഗ്ഗത്തിലെ ഒരു ദൂതന്‍ വന്ന്‍ തിരുത്തിയാലും അതു സ്വീകരിക്കരുതെന്നു കല്പിച്ചിരിക്കുന്നത് ഗൌരവത്തോടെ കാണണം. അഭിനവ അപ്പസ്തോലന്മാര്‍ കടന്നുവന്ന് ദൈവവചനത്തെ ദുഷിക്കാനുള്ള സാധ്യതയാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടത്. ബൈബിളിലെ ഒരു വാക്കുപോലും തിരുത്താനുള്ള അവകാശം മാര്‍പ്പാപ്പമാര്‍ക്കില്ല! അങ്ങനെയുള്ള അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ നമുക്കു ചുറ്റുമുണ്ട് എന്നതും വിസ്മരിക്കരുത്!

യേഹ്ശുവാ നമ്മോടു കല്പിച്ചിരിക്കുന്നതുകൂടി വായിക്കുക: "ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ:28;19,20). നാം ആരെയാണ് അനുസരിക്കേണ്ടത്? സുവിശേഷത്തെ തടയാന്‍ ശ്രമിച്ച പുരോഹിത ശ്രേഷ്ഠന്മാരോട് പത്രോസ് ചോദിച്ചത് ഇങ്ങനെയാണ്: "ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ?"(അപ്പ.പ്രവര്‍:4;19). അധികാരങ്ങളെല്ലാം ദൈവത്തില്‍നിന്നാണ് എന്നകാര്യം പത്രോസിന് അറിയില്ലായിരുന്നോ? അന്ന്‍ അധികാരത്തിനു വിധേയപ്പെട്ടു സുവിശേഷ പ്രചരണം അവസാനിപ്പിക്കാന്‍ അപ്പസ്തോലന്മാര്‍ തയ്യാറായിരുന്നെങ്കില്‍, ഇന്നു മനോവ ഉണ്ടാകില്ലായിരുന്നു! ഇല്ലാത്ത അധികാരത്തിനു വിധേയപ്പെടാന്‍ പരിശുദ്ധാത്മാവു നമ്മോട് ആവശ്യപ്പെട്ടിട്ടില്ല. കത്തോലിക്കാസഭയിലെ നേതാക്കന്മാര്‍ക്കു ദൈവജനത്തിനുമേലുള്ള അധികാരം എന്താണെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം നോക്കുക: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2കോറി:10;8). യേഹ്ശുവാലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ആരെയും നമ്മുടെ അധികാരികളായി അവിടുന്ന് അയച്ചിട്ടില്ല. വിജാതിയ ആചാരങ്ങള്‍ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ സാത്താന്റെ ശുശ്രൂഷകാരാണെന്നു തിരിച്ചറിയുകയും അവരെ അവഗണിക്കുകയും ചെയ്യണം!

ലളിതമായി പറഞ്ഞാല്‍, നമുക്കുമേലുള്ള അധികാരം എന്താണെന്നു മനസ്സിലാക്കുകയും യഥാര്‍ത്ഥത്തില്‍ നമ്മെ ദൈവത്തിലേക്കു നയിക്കുന്ന അധികാരങ്ങള്‍ക്കു വിധേയപ്പെടുകയും ചെയ്യണം. എന്നാല്‍, സത്യത്തില്‍നിന്നു നമ്മെ വ്യതിചലിപ്പിക്കുന്ന അധികാരങ്ങളെ നാം ഭയപ്പെടുകയോ വിധേയപ്പെടുകയോ ചെയ്യരുത്! കാരണം, നമ്മുടെ ആത്മാവിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല! സത്യദൈവത്തില്‍നിന്നു നമ്മെ അകറ്റുന്നവരെല്ലാം നമ്മുടെ ശത്രുക്കളും എതിരാളികളുമാണ്. ഇവരോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണമെന്ന് യേഹ്ശുവാ നല്‍കിയിരിക്കുന്ന ഉപദേശം ശ്രദ്ധിക്കുക: "ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. മറിച്ച്. ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ:10;28). വിജാതിയരെ മാത്രമല്ല, സിനഗോഗുകളില്‍നിന്നു നമ്മെ പുറത്താക്കുന്ന സഭാധികാരികളെയും ഉള്‍പ്പെടുത്തിയാണ് ഈ വചനം നല്‍കിയിരിക്കുന്നത്. വചനത്തിന്റെ ആദ്യഭാഗം വായിക്കുന്നവര്‍ക്ക് ഇതു മനസ്സിലാകും.

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം!

തങ്ങളുടെ ആശയങ്ങളെ ദൈവജനത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ പുരോഹിതവിഭാഗം കൌശലപൂര്‍വ്വം പ്രചരിപ്പിക്കുന്ന ഒരു വചനമാണ്, 'അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം' എന്നത്! ഈ വചനം ബൈബിളില്‍ ഉണ്ടോ എന്നുപോലും പരിശോധിക്കാതെ പ്രചരിപ്പിക്കുന്ന ചില വിനീതവിധേയരുമുണ്ട്. ഈ വചനം ബൈബിളില്‍ ഉണ്ടെന്നു സമ്മതിച്ചുകൊണ്ടുതന്നെ, ഇതു അപൂര്‍ണ്ണമായ വചനമാണെന്നു മനോവ വെളിപ്പെടുത്തട്ടെ! ബൈബിളില്‍ ഈ വചനം എങ്ങനെയാണ് കാണുന്നതെന്നു നോക്കുക: "തന്‍റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ യാഹ്‌വെയ്ക്കു പ്രീതികാരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്സിനെക്കാള്‍ ഉത്കൃഷ്ടം. മാത്സര്യം മന്ത്രവാദംപോലെ പാപമാണ്; മര്‍ക്കടമുഷ്ടി വിഗ്രഹാരാധനപോലെയും. യാഹ്‌വെയുടെ വചനം തിരസ്കരിച്ചതിനാല്‍, അവിടുന്ന് രാജത്വത്തില്‍ നിന്ന്‍ നിന്നെയും തിരസ്കരിച്ചിരിക്കുന്നു"(1സാമു:15;22,23). ഇതാണു പൂര്‍ണ്ണമായ വചനമെന്നിരിക്കെ, ഇടയില്‍ നിന്നൊരു കഷണം മുറിച്ചെടുത്തു ദൈവജനത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതിലെ കൗശലം മനസ്സിലായി എന്നു കരുതുന്നു! എങ്കിലും, കുറച്ചുകൂടി വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.

ഇസ്രായേലിലെ ആദ്യത്തെ രാജാവായിരുന്ന സാവൂളിനോട് സാമുവല്‍ പ്രവാചകന്‍ പറഞ്ഞ വാക്കുകളാണിത്. യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കാതെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ച അഭിഷിക്തനായ സാവൂളിനോടാണ് ഈ വാക്കുകള്‍ അറിയിക്കുന്നത് എന്നകാര്യം പ്രധാനമാണ്! വചനത്തെ സ്വീകരിക്കേണ്ടത്, അതു നല്‍കപ്പെട്ട സാഹചര്യത്തെയുംകൂടി പരിഗണിച്ചുകൊണ്ടായിരിക്കണം. യാഹ്‌വെയുടെ കല്പനകളെ അവഗണിച്ച്, സ്വന്തം ബലിയര്‍പ്പിച്ച സാവൂളിനോട്, അനുസരണമാണു ബലിയേക്കാള്‍ ശ്രേഷ്ഠമെന്നു പ്രവാചകന്‍ പറയുന്നു. എല്ലാ വിഷയത്തിലും പരിഗണിക്കേണ്ട വചനമായി ഇതിനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഒരു കൗശലം മറഞ്ഞിരിപ്പുണ്ട്. മാത്രവുമല്ല, ഈ വചനം അവസാനിപ്പിക്കുന്നത് എപ്രകാരമാണെന്നു മറച്ചുവയ്ക്കുന്നതും കൌശലത്തിന്റെ ഭാഗംതന്നെ! യാഹ്‌വെയുടെ വചനം തിരസ്കരിച്ചതിനാല്‍, അവിടുന്ന് രാജത്വത്തില്‍നിന്ന്‍ നിന്നെയും തിരസ്കരിച്ചിരിക്കുന്നു എന്നാണ് ഇവിടെ പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്! അതായത്, യാഹ്‌വെയുടെ കല്പനകളെ തിരസ്കരിക്കുമ്പോള്‍ അധികാരം നഷ്ടമാകും! ഇത്തരത്തില്‍ അധികാരം നഷ്ടപ്പെട്ടവരാണ് അധികാരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്! ഇവരെ അനുസരിച്ചാല്‍ സംഭവിക്കുന്ന മഹാദുരന്തത്തെക്കുറിച്ചും വചനത്തിലൂടെ നാം മനസ്സിലാക്കുന്നുണ്ട്. അതുകൂടി നമുക്കു പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും!

ദൈവത്താല്‍ അഭിഷിക്തനായ ആദ്യത്തെ രാജാവായിരുന്ന സാവൂളിന്റെ അനുസരണക്കേടും അതിനു ലഭിച്ച ശിക്ഷയുമാണ് നാം ഇതുവരെ ചിന്തിച്ചത്. ഇനി നാം പരിശോധിക്കുന്നത്, യാഹ്‌വെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത ആദ്യത്തെ പുരോഹിതന്റെ ചെയ്തികളെയാണ്. പഴയനിയമകാലത്തെയും പുതിയനിയമകാലത്തെയും പുരോഹിതരുടെ 'റോള്‍ മോഡല്‍' ആയി പരിഗണിക്കപ്പെടുന്നത് അഹറോനെയാണെന്നു നമുക്കറിയാം. വസ്ത്രധാരണത്തില്‍പ്പോലും ഈ അഹറോനെ അനുകരിക്കുന്ന ശൈലിയാണ് അപ്പസ്തോലിക സഭകളിലുള്ളത്. യേഹ്ശുവായ്ക്കു മുന്‍പെന്നോ പിന്‍പെന്നോ വ്യത്യാസമില്ലാതെ പുരോഹിതരെല്ലാം തങ്ങളുടെ അധികാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനും അതു നിലനിര്‍ത്താനും അഹറോന്റെ പേരു വലിച്ചിഴയ്ക്കുന്നത് കാണാം. അഹറോന്റെ പ്രവര്‍ത്തികളെ അനുകരിക്കുകയും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളെയും അനുസരിക്കുകയും ചെയ്യുന്നത് ഉചിതമാണോ എന്നത് ഈ വചനഭാഗം ശ്രദ്ധിച്ചതിനുശേഷം തീരുമാനിക്കുക.

ഈജിപ്തില്‍നിന്നു വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രാമധ്യേയാണ് അഹറോന്‍ അഭിഷിക്തനാകുന്നത്. സീനായ്മലയുടെ മുകളില്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി മോശ ചിലവഴിച്ച നാളുകളില്‍, അവന്റെ അസാന്നിദ്ധ്യത്തില്‍ ഇസ്രായേല്‍ജനം അഹറോനെ സമീപിച്ചു പറഞ്ഞു: "ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല"(പുറ:32;1). ഇതു കേട്ടമാത്രയില്‍ യാതൊരു സങ്കോചവുംകൂടാതെ, അവര്‍ക്കുവേണ്ടി സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുന്ന അഹറോനെയാണ് തൊട്ടടുത്ത വചനത്തില്‍ കാണുന്നത്. ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് അവരെ നയിക്കുന്ന അഹറോനെ ഇവിടെ നമുക്കു കാണാം. ജനങ്ങള്‍ക്കു വേണമെങ്കില്‍ സ്വന്തമായി വിഗ്രഹങ്ങളെ ഉണ്ടാക്കാം. എന്നാല്‍, അഹറോനിലൂടെ നിര്‍മ്മിച്ചുകിട്ടുമ്പോള്‍ അത് കൂടുതല്‍ ആധികാരികമാകും എന്നതുകൊണ്ടാണ് ജനം അവനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ജനങ്ങളുടെ അഭിഷ്ടമനുസരിച്ച് അവരെ നയിക്കാനല്ല ദൈവം നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നത്. യാഹ്‌വെ കല്പിച്ചിട്ടുള്ളവയില്‍ നിലനിന്നുകൊണ്ട്, അവയെ പഠിപ്പിക്കുകയാണ് നേതാക്കന്മാര്‍ ചെയ്യേണ്ടത്. അഹറോന്‍ നിര്‍മ്മിച്ചു നല്‍കിയ വിഗ്രഹമായിരുന്നു എന്നതുകൊണ്ട്, അതിനെ ആരാധിച്ചവര്‍ ശിക്ഷിക്കപ്പെടാതിരുന്നില്ല എന്നകാര്യം നമുക്കു മുന്നില്‍ വലിയൊരു ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു!

ആ വിഗ്രഹത്തോടും അതിനെ ആരാധിച്ചവരോടും എന്താണു മോശ പ്രവര്‍ത്തിച്ചതെന്നു നോക്കുക: "അവന്റെ കോപം ആളിക്കത്തി. അവന്‍ കല്പലകകള്‍ വലിച്ചെറിഞ്ഞു. മലയുടെ അടിവാരത്തില്‍ വച്ച് അവ തകര്‍ത്തുകളഞ്ഞു. അവന്‍ കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചു പൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി ഇസ്രായേല്‍ ജനത്തെക്കൊണ്ടു കുടിപ്പിച്ചു"(പുറ:32;19,20). അതിനുശേഷം അഹറോനോടു മോശ ചോദിക്കുന്ന ചോദ്യമാണു പ്രധാനം: "മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്‍റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?"(പുറ:32;21). മോശ ചോദിച്ച ഇതേ ചോദ്യമാണ് ഇന്നത്തെ പുരോഹിതരോടു മനോവ ആവര്‍ത്തിക്കുന്നത്: 'ഈ ജനത്തിന്റെമേല്‍ അനര്‍ത്ഥം വരുത്തിവയ്ക്കാന്‍ എന്ത് അപരാധമാണ് ഇവര്‍ നിങ്ങളോടു ചെയ്തത്?'

അഹറോന്റെ ഈ പ്രവര്‍ത്തിയെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെയാണ്: "ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെ അനുവദിച്ചു"(പുറ:32;25). ഇന്നത്തെ കത്തോലിക്കാസഭയുടെ അവസ്ഥയും ഇതുതന്നെയാണ്! വിജാതിയരുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം, അവര്‍പോലും ഉപേക്ഷിച്ച മ്ലേച്ഛതകള്‍ സഭയില്‍ സ്ഥാപിച്ചുകൊണ്ട് ദൈവജനത്തെ അഴിഞ്ഞാട്ടക്കാരാക്കുന്നത് സഭയുടെ നേതാക്കന്മാരാണ്! അഹറോനാണു നിര്‍മ്മിച്ചു നല്‍കിയത് എന്നതിലൂടെ കാളക്കുട്ടി സ്വീകാര്യമാകുന്നില്ല എന്നാണ് ഇവിടെ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ, അധികാരികളുടെ അജ്ഞതയിലൂടെയോ അഹങ്കാരത്തിലൂടെയോ വന്നുഭവിക്കുന്ന ദുരന്തങ്ങള്‍ നീതികരിക്കപ്പെടുന്നവയല്ല എന്ന യാഥാര്‍ത്ഥ്യം നാം ഭയത്തോടെ ഓര്‍ക്കണം! അഹറോനോ മോശയോ ആരുതന്നെയായിരുന്നാലും, യാഹ്‌വെയുടെ കല്പനകള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയോ അനുഷ്ഠാനങ്ങള്‍ നടത്തുകയോ ചെയ്‌താല്‍, അവിടുത്തെ ക്രോധം അവര്‍ക്കെതിരെയും അവര്‍ക്കു വിധേയപ്പെടുന്ന ജനത്തിനെതിരെയും ജ്വലിക്കും! യാഹ്‌വെ അഭിഷേകം ചെയ്ത രാജാക്കന്മാരായിരുന്നു ഇസ്രായേലില്‍ ഭരണം നടത്തിയിരുന്നത്. അനീതി നിറഞ്ഞ അവരുടെ ചെയ്തികള്‍ക്ക് ജനം ഒന്നടങ്കം ശിക്ഷ ഏറ്റുവാങ്ങിയ ചരിത്രം നമുക്കു മുന്നിലുണ്ട്! മോശയെക്കാളോ അഹറോനെക്കാളോ ശ്രേഷ്ഠരായ നേതാക്കന്മാരാണ് കത്തോലിക്കാസഭയെ നയിക്കുന്നതെന്നു മനോവ കരുതുന്നില്ല. ആയതിനാല്‍, പുരോഹിതരോ, മെത്രാന്മാരോ, പോപ്പുതന്നെയോ പ്രമാണങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങളുമായി നമ്മെ സമീപിച്ചാല്‍, അവ അനുസരിക്കാനുള്ള ബാധ്യത നമുക്കില്ല! മാത്രവുമല്ല, അവ അനുസരിക്കുന്നതിലൂടെ ദൈവകോപം നമ്മുടെമേലും ഉണ്ടാകുമെന്നാണ് വചനം നല്‍കുന്ന സാക്ഷ്യം!

തങ്ങളുടെ അനീതിനിറഞ്ഞ നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ നേതാക്കന്മാര്‍ പ്രയോഗിക്കുന്ന വചനമിതാണ്: "നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല"(മത്താ:23;2,3). ആരംഭത്തില്‍ ചിന്തിച്ച ഈ വചനത്തിന്‍റെ ആദ്യഭാഗം നേതാക്കന്മാര്‍ക്കു പ്രിയങ്കരമാണ്. രണ്ടാമത്തെ ഭാഗം മറച്ചുവച്ചുകൊണ്ട് ആദ്യഭാഗം പഠിപ്പിക്കുന്ന ഇവരെ ശ്രദ്ധിക്കണമെന്നു യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ:23;13,14). ഇവരെ അനുസരിക്കുന്നതിലൂടെ സ്വര്‍ഗ്ഗരാജ്യപ്രവേശം നഷ്ടമാകും എന്ന വ്യക്തമായ വെളിപ്പെടുത്തലാണ്, പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നില്ല എന്ന വചനത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്! അങ്ങനെയെങ്കില്‍, ആദ്യത്തെ വചനത്തിന്റെ അര്‍ത്ഥമെന്താണെന്ന ചോദ്യം സ്വാഭാവികമായും ഉയരം.

മോശയുടെ സിംഹാസനത്തില്‍ ഇരിക്കുകയെന്നാല്‍, മോശയുടെ നിയമം പഠിപ്പിക്കുക എന്നാണ് അര്‍ത്ഥം! അവര്‍ പഠിപ്പിക്കുന്നത് മോശയുടെ നിയമം ആണെന്നു വ്യക്തമായി നാം അറിഞ്ഞിരിക്കണം. ഇന്ത്യയിലെ ഒരു ഭരണാധികാരി ഭരണഘടന അനുസരിച്ചല്ല പ്രഖ്യാപനങ്ങള്‍ നടത്തുന്നതെങ്കില്‍, അവന്റെ പ്രഖ്യാപനങ്ങള്‍ക്കു നിയമസാധുതയില്ല. അത് അനുസരിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കില്ലെങ്കിലും, നിയമത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ അറിവില്ലാത്തവര്‍ ഇവരെ അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍, ഈ പ്രവര്‍ത്തികള്‍ക്കും നിയമപരിരക്ഷ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! അതായത്, ജാനാധിപത്യ ഭരണം നിലവിലുള്ള ഒരു രാജ്യത്തെ ഭരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഒരുവന്‍ തെറ്റുചെയ്താല്‍, ഭരണാധികാരിയുടെ വാക്കനുസരിച്ചു എന്നതിന്റെ പേരില്‍ കുറ്റവിമുക്തനാക്കപ്പെടുകയില്ല! ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ മാത്രമേ ഓരോ പൌരനും അനുഭവിക്കാന്‍ കഴിയുകയുള്ളു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കില്‍ നിയമങ്ങള്‍ അസാധുവാക്കാനും പുതുതായി എഴുതിച്ചേര്‍ക്കാനും ജനാധിപത്യത്തില്‍ സാധ്യതകള്‍ ഉണ്ട്. എന്നാല്‍, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ പ്രതിനിധി ഭരിക്കുന്ന രാജ്യത്തേയ്ക്കല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്; നീതിമാനായ രാജാവു ഭരണം നടത്തുന്ന രാജത്വത്തിലേക്കാണ്! അതുകൊണ്ടാണല്ലോ രാജകീയപുരോഹിതഗണമെന്നു നാം വിളിക്കപ്പെടുന്നത്!

ഭൂമിയിലെ രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ മാറ്റിമറിക്കാന്‍ മനുഷ്യനു സാധിക്കും. കാരണം, അപൂര്‍ണ്ണരായ മനുഷ്യരാണ് ഇതു നിര്‍മ്മിച്ചത്. എന്നാല്‍, സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു തെറ്റുതിരുത്താന്‍, അവിടുത്തേക്കു പിഴവുകള്‍ സംഭവിച്ചിട്ടില്ല; സംഭവിക്കുകയുമില്ല! തിരുത്താന്‍ അവകാശമുള്ളവനും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും അധിപനുമായ യേഹ്ശുവാ മ്ശിഹാ തിരുത്താന്‍ തയ്യാറാകാത്തതും, തിരുത്തരുതെന്നു കല്പിച്ചതുമായ നിയമങ്ങളെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശം മനുഷ്യരുടെ രക്ഷയല്ല! അതിനാല്‍, മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നവര്‍, മോശയുടെ നിയമങ്ങളും, പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അവന്റെ നിയമവും പഠിപ്പിക്കണം. ഇരിക്കുന്ന സിംഹാസനത്തോടു വിശ്വസ്തത പുലര്‍ത്താത്ത നേതാക്കന്മാരെയും അവരെ അനുസരിച്ച ജനത്തിന്റെയും ദുരന്തം ഈ ലേഖനത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും വ്യക്തമായി ഗ്രഹിക്കാത്തവര്‍ വചനം വായിക്കുക, ധ്യാനിക്കുക, പ്രാര്‍ത്ഥിക്കുക!

വിഗ്രഹങ്ങളെ സേവിക്കുന്നവര്‍ക്കുവേണ്ടി അവരെ ശ്ലാഘിക്കുകയും, സ്വവര്‍ഗ്ഗാനുരാഗികളെ പ്രീണിപ്പിക്കാന്‍ ഈ പാപത്തെ ന്യായീകരിക്കുകയും, നിരീശ്വരവാദികളുടെ പ്രശംസ നേടാന്‍ അവര്‍ക്കനുകൂലമായി പ്രസ്താവനകള്‍ നടത്തുകയും, സ്ത്രീകളുടെ കയ്യടിനേടാന്‍ സ്ത്രീകള്‍ക്കു പൗരോഹിത്യം വാഗ്ദാനം ചെയ്യുകയും ചെയ്യുമ്പോള്‍, ഇവയെ പിന്തുണയ്ക്കുന്ന സകലരുടെയുംമേല്‍ ദൈവകോപം ജ്വലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല! ഇതു കാലത്തിന്റെ അടയാളമാണ്; യാഹ്‌വെയുടെ നിയമങ്ങള്‍ക്കുപരിയായി ലോകത്തിന്റെയും നരകത്തിന്റെയും നിയമങ്ങള്‍ സ്ഥാപിക്കാനുള്ള എതിര്‍ക്രിസ്തുവിന്റെ പ്രവര്‍ത്തികളുടെ ആരംഭം! യേഹ്ശുവാ മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതിനാല്‍, ഇവയൊക്കെ സംഭവിക്കുക തന്നെവേണം! എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട ദൈവജനം ജാഗ്രതപാലിക്കാതിരുന്നാല്‍, ദുരന്തം നിങ്ങളുടെമേല്‍ നിപതിക്കും! അതിനാല്‍, ദൈവജനം പ്രാവിനെപ്പോലെ നിഷ്കളങ്കരായി ജീവിക്കുക മാത്രമല്ല, സര്‍പ്പത്തെപ്പോലെ വിവേകികളുമാകണം. അനേകം അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും നിങ്ങളെ വഞ്ചിക്കാന്‍ സാത്താനും അവന്റെ അനുയായികളും ഇറങ്ങിയിട്ടുണ്ട്. ശത്രുപാളയത്തില്‍നിന്നാണ് എതിരാളികള്‍ വരുന്നതെങ്കില്‍ അപകടം താരതമ്യേന കുറഞ്ഞിരിക്കുമായിരുന്നു; കാരണം, നമുക്കു കരുതലോടെ നിലകൊള്ളാന്‍ കഴിയും. എന്നാല്‍, ശത്രു സ്വന്തം ഭവനത്തിലാകുമ്പോള്‍ അപകടത്തിന്റെ വ്യാപ്തിയും വര്‍ദ്ധിക്കും! അതെ, നമ്മുടെ ശത്രു നമ്മുടെ സഭയില്‍ തന്നെയാണ്!

യോഗാധ്യാനങ്ങളും വിജാതിയമായ അനുകരണങ്ങളും ദൈവം വെറുക്കുന്നുവെന്ന് അറിഞ്ഞിട്ടും, ഇവയ്ക്കു ശാസ്ത്രീയ പരിവേഷങ്ങള്‍ നല്‍കി വിശ്വാസികളെ വഞ്ചിക്കുന്ന സാത്താന്റെ അഭിഷിക്തര്‍ നമ്മുടെ സഭയില്‍ നുഴഞ്ഞുകയറിയിരിക്കുന്നതിനെ ഭയത്തോടെ നാം കാണണം. ഇത് അന്ത്യകാലമാണ്; അതുകൊണ്ടുതന്നെ, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന പൈശാചിക ശക്തികള്‍ സഭയില്‍ സ്ഥാനംപിടിക്കും എന്ന സത്യം വചനത്തിലൂടെ നമ്മെ അറിയിച്ചിട്ടുണ്ട്. ഈ വചനവും അതിന്റെ പൊരുളും നിങ്ങള്‍ അറിഞ്ഞിരിക്കുക: "പകുതി ആഴ്ചത്തേക്ക് ബലികളും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നിലനില്‍ക്കും"(ദാനി:9;27). ഇതേ വചനം യേഹ്ശുവായും അറിയിച്ചിട്ടുള്ളതാണെന്നു നമുക്കറിയാം. മറ്റൊരു പ്രവചനംകൂടി ശ്രദ്ധിക്കുക: "നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി:7;25). വേറൊരു പ്രവചനം ഇങ്ങനെ വായിക്കുന്നു: "നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുന്നൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും"(ദാനി:12;11). കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പ്രവചനമാണിതെന്നു പലരും ഗ്രഹിക്കുന്നില്ല!

രാജത്വം ഇന്നും നിലനില്‍ക്കുന്ന ഏക സഭ കത്തോലിക്കാസഭ ആണെന്നകാര്യം എല്ലാവര്‍ക്കും അറിയാം. കത്തോലിക്കാസഭയുടെ തലവന്‍ വത്തിക്കാന്‍ എന്ന രാജ്യത്തിന്റെ ഭരണാധികാരികൂടിയാണ്. അതുപോലെ, നിരന്തരദഹനബലി(വിശുദ്ധ കുര്‍ബാന) അര്‍പ്പിക്കുന്നതില്‍ നിഷ്കര്‍ഷത പുലര്‍ത്തുന്ന ചുരുക്കം ചില സഭകളില്‍ പ്രധാനപ്പെട്ടതും ഈ സഭയാണ്. കത്തോലിക്കാസഭ ഔദ്യോഗികമായി കൊണ്ടാടുന്ന അനേകം ഉത്സവദിനങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ, പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന ദൈവാലയം കത്തോലിക്കാസഭയാണ്! ഈ സഭയിലെ ഉത്സവങ്ങളും ബലിയര്‍പ്പണവും നിര്‍ത്തലാക്കാന്‍, ഈ ഭൂമിയിലെ ഏതെങ്കിലും രാഷ്ട്രത്തലവന്മാരോ, മുഴുവന്‍ ഭരണാധികാരികളും ഒരുമിച്ചോ ശ്രമിച്ചാല്‍ സാധിക്കുന്നതല്ല! കാരണം, ബൈബിളും ക്രിസ്തീയ മുദ്രകളും നിരോധിച്ചിട്ടുള്ള സൗദി അറേബ്യയില്‍പ്പോലും അനേകം ദിവ്യബലികള്‍ രഹസ്യമായി നടത്തപ്പെടുന്നു! ലോകത്തിന്റെ നിയമപ്രകാരം കത്തോലിക്കാസഭയിലെ ബലിയര്‍പ്പണം നിരോധിച്ചാലും, ഒരു പുരോഹിതനെങ്കിലും സഭയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, അതു തുടരുകതന്നെ ചെയ്യും! അങ്ങനെയെങ്കില്‍ നിരന്തര ദഹനബലി നിര്‍ത്തലാക്കുകയും ഉത്സവദിനങ്ങള്‍ മാറ്റുകയും ചെയ്യുന്നത് ആരായിരിക്കും? അതിനു കഴിവുള്ള ഒരുവന്‍ മാത്രമേ ഈ ഭൂമിയില്‍ ഉള്ളു; കത്തോലിക്കാസഭയുടെ പോപ്പ് വിചാരിച്ചാല്‍ മാത്രം സാധ്യമാകുന്ന കാര്യമാണ് ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത്!

അരാജകത്വത്തിന്‍റെ മനുഷ്യനുവേണ്ടി നിലകൊള്ളുന്ന ഒരുവന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ വരും എന്നതിന്റെ സൂചനയാണ് പ്രവചനങ്ങളിലെല്ലാം തെളിഞ്ഞു നില്‍ക്കുന്നത്! ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്ലേച്ഛത വരുമെന്നു പറയുമ്പോള്‍, അത് പ്രതീകാത്മകമാണെന്നു മനസ്സിലാകും. കാരണം, ദൈവാലയമെന്നത് ജറുസലേമിലെ ആരാധനാലയമാണെങ്കില്‍, അതിനു ചിറകില്ലെന്നു നമുക്കറിയാം. പക്ഷികള്‍ക്കു പറന്നുയരാന്‍ ചിറകുകള്‍ ആവശ്യമാണ്. ഈ ചിറകിനുമേല്‍ എന്തെങ്കിലും വച്ചുകൊണ്ട് പറക്കാന്‍ കഴിയില്ല എന്നകാര്യം ഊഹിക്കാവുന്നതെയുള്ളു. കത്തോലിക്കാസഭയെയാണ് ദൈവാലയം എന്നു പ്രതീകാത്മകമായി സൂചിപ്പിക്കുന്നതെന്ന മനോവയുടെ വാദത്തിനു ന്യായീകരണമുണ്ട്. ജറുസലേമിലെയോ മറ്റെവിടെയെങ്കിലുമോ ഉള്ള ഒരു പള്ളിയെയാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍, മുകളില്‍ കുറിച്ച വചനങ്ങളില്‍ ഒന്നുപോലും യോജിക്കുമായിരുന്നില്ല! കത്തോലിക്കാസഭയുടെ വളര്‍ച്ചയെയും മുന്നോട്ടുള്ള പ്രയാണത്തെയും തടസ്സപ്പെടുത്തുന്ന മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടും എന്നുതന്നെയാണു പ്രവചനത്തിലെ ഉള്ളടക്കം! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയുടെ പ്രയാണത്തിനു തടസ്സമായി സെക്കുലറിസമെന്ന വിനാശകരമായ മ്ലേച്ഛത പടിപടിയായി സ്ഥാപിക്കപ്പെട്ടു തുടങ്ങി. ഇപ്പോള്‍ ഈ മ്ലേച്ഛത അതിന്റെ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുകയാണ്! ഈ അടുത്തനാളില്‍ ഫ്രാന്‍സീസ് പറഞ്ഞത് കൂട്ടിവായിക്കുമ്പോള്‍ അതു മനസ്സിലാകും! സുവിശേഷം പ്രചരിപ്പിക്കുകയോ ക്രിസ്തീയതയിലേക്ക് ആളുകളെ ക്ഷണിക്കുകയോ വേണ്ട; പകരം, മറ്റുള്ളവരോടു നന്നായി ജീവിക്കാന്‍ ഉപദേശിച്ചാല്‍ മതിയെന്നാണ് അഭിനവ പോപ്പിന്റെ ഒടുവിലത്തെ ആഹ്വാനം! സുവിശേഷം പ്രചരിക്കപ്പെടുന്നത് സാത്താനെ എത്രത്തോളം അസ്വസ്ഥനാക്കുന്നുവെന്ന് ഈ വാക്കുകളില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും!

ഫ്രാന്‍സീസിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് ഒരു പുരോഹിതന്‍ ദൃഢപ്രതിജ്ഞയെടുക്കുകയും അനേകം നിഷ്കളങ്ക വിശ്വാസികളെക്കൊണ്ട് ഈ ഭോഷ്ക്കിന് ആമ്മേന്‍ പറയിപ്പിക്കുകയും ചെയ്തത് മനോവയെ ഞെട്ടിച്ചു! കത്തോലിക്കാസഭയിലെ പുരോഹിതന്‍ യേഹ്ശുവായോടു വിധേയപ്പെട്ട്‌, അവിടുത്തെ പൗരോഹിത്യത്തില്‍ ഭാഗമായിരിക്കുന്ന വ്യക്തിയാണ്. കത്തോലിക്കാസഭ പഠിപ്പിക്കുന്ന വിശ്വാസപ്രമാണത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ അതില്‍നിന്ന് ഏതെങ്കിലും ഭാഗം നീക്കംചെയ്യാനോ ഒരു പുരോഹിതനും അധികാരമില്ല. ഈ വിശ്വാസപ്രമാണത്തില്‍ എവിടെയും പോപ്പിനു വിധേയനായി ജീവിച്ചുകൊള്ളാമെന്ന്‍ ഏറ്റുപറയുന്നില്ല എന്നകാര്യം നമുക്കറിയാം. എന്നാല്‍, ഈ പുരോഹിതന്‍ പ്രഖ്യാപിച്ചതും അനേകരെക്കൊണ്ട് ഏറ്റുപറയിപ്പിക്കുകയും ചെയ്ത പ്രതിജ്ഞ നോക്കുക: "ഞാന്‍, (ഫാദര്‍........), ഇതിനാല്‍ പ്രഖ്യാപിക്കുന്നു, പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ട, ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിയെ ഞാന്‍ പിന്തുണക്കുകയും മരണംവരെ അദ്ദേഹത്തെ പ്രതിരോധിക്കുകയും വിധേയനായിരിക്കുകയും ചെയ്യും.."

മരണംവരെയെന്ന പ്രതിജ്ഞ ഒരു രക്തപ്രതിജ്ഞയാണ്! അതുകൊണ്ടുതന്നെ ഇതു ദൈവീകമല്ല, കാരണം, പോപ്പിന്റെ സ്ഥാനത്തിരിക്കുന്ന വ്യക്തി തന്റെ ദൗത്യത്തില്‍നിന്നു വ്യതിചലിച്ചാലും നാം എടുക്കുന്ന പ്രതിജ്ഞയില്‍നിന്നു നമുക്കു മോചനം ലഭിക്കുന്നില്ല! ആത്മീയജ്ഞാനമുള്ള സഭാപിതാക്കന്മാര്‍ വിശ്വാസപ്രമാണം രൂപപ്പെടുത്തിയപ്പോള്‍ അറിയാതെ വിട്ടുപോയതാണെന്ന ചിന്തയിലാണോ ഈ സാഹസത്തിന് ഇദ്ദേഹം മുതിര്‍ന്നത്? അതോ പോപ്പ് ഫ്രാന്‍സീസിനോടുള്ള ആരാധന അതിരുകടന്നപ്പോള്‍ 'ഫാന്‍സ്‌ അസോസിയേഷന്‍' തട്ടിക്കൂട്ടിയ വിരുതന്മാരെപ്പോലെ ഇദ്ദേഹവും അധഃപതിച്ചുവോ?

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം കണ്ട വചനത്തിന്റെ അര്‍ത്ഥം ഇനി വ്യക്തമാക്കാം. ആ വചനം ഒന്നുകൂടി ഇവിടെ കുറിക്കുന്നു: "ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയരായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്"(റോമാ:13;1,2). പൗലോസ് അപ്പസ്തോലന്‍ റോമായിലെ വിശ്വാസികള്‍ക്ക് എഴുതിയതാണ് ഈ വാക്കുകള്‍! ക്രൈസ്തവരെ ഏറ്റവുമധികം പീഡിപ്പിച്ചിരുന്നത് റോമന്‍ ഭരണകൂടമായിരുന്നു എന്നകാര്യം ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അതുകൊണ്ടുതന്നെ റോമായിലെ വിശ്വാസികള്‍ ഭരണകൂടത്തിനെതിരായിരുന്നു. ഇവരെ ഉപദേശിച്ചുകൊണ്ട് അപ്പസ്തോലന്‍ എഴുതിയ കത്തിലെ ഒരു ഭാഗമാണ് സഭാധികാരികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ വചനഭാഗം! ഭൗതീക അധികാരികള്‍ക്കു വിധേയരായിരിക്കണം എന്നുള്ള ഈ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ കസ്തൂരിരംഗന്‍ കമ്മീഷനെയും ഭരണകൂടങ്ങളെയും ഭീഷണിപ്പെടുത്താന്‍ 'ജാലിയന്‍ വാലാബാഗ്' 'വാഗണ്‍ ട്രാജഡി' തുടങ്ങിയ വാക്കുകള്‍ വിളിച്ചുപറയുന്നവര്‍ തന്നെയാണ് മേല്പറഞ്ഞ വചനത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുന്നതും!

ഈ ലേഖനത്തിന്റെ ദൈര്‍ഘ്യം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാതെ ഇവിടെ ഉപസംഹരിക്കുകയാണ്. ഒരുകാര്യം മറക്കാതിരിക്കുക; അധികാരികളെയും അധികാരത്തെയും തിരിച്ചറിയുകയും ദൈവത്തില്‍നിന്നുള്ളവരാണെന്നും ദൈവീകമാണെന്നും വ്യക്തമായാല്‍, വിധേയപ്പെടുകയും ചെയ്യുക! ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയണം!    

സൂക്ഷിച്ചു വീക്ഷിക്കാന്‍: കത്തോലിക്കാസഭയെ പിരിച്ചുവിടാനുള്ള നീക്കമാണ് വത്തിക്കാനിലെ രാജാവ് ഇന്നു നടത്തിക്കൊണ്ടിരിക്കുന്നത്! സുവിശേഷം പ്രചരിപ്പിക്കുന്നില്ലെങ്കില്‍ കത്തോലിക്കാസഭയ്ക്ക് എന്തു പ്രസക്തിയാണുള്ളത്? ലോകം മുഴുവനിലും സുവിശേഷം എത്തിക്കുകയെന്ന ലക്ഷ്യം നടപ്പാക്കുന്നതിനുവേണ്ടി സ്ഥാപിതമായതാണ് മ്ശിഹായുടെ സഭ! സ്വവര്‍ഗ്ഗരതിക്കാരുടെയും നിരീശ്വരവാദികളുടേയും ആള്‍ദൈവങ്ങളുടെയും യോഗാചാര്യന്മാരുടെയും ഗുഹയാക്കി മാറ്റാനുള്ളതല്ല ഈ സഭ! അങ്ങനെ ചെയ്യുന്ന ദുഷ്ടനായ അധികാരി സഭയുടെ ഉന്നതസ്ഥാനത്തു അവിഹിതമായി കടന്നുകൂടുകയും, യേഹ്ശുവാ വന്ന്‍ ഈ സഭയെ ശുദ്ധീകരിക്കുകയും ചെയ്യും! ജറുസലേം ദൈവാലയത്തില്‍ അവിടുന്നു നടത്തിയ ശുദ്ധീകരണം, വരാനിരിക്കുന്ന ശുദ്ധീകരണത്തിന്റെ പ്രതീകം മാത്രമായിരുന്നു! യേഹ്ശുവാ നടത്താനിരിക്കുന്ന ശുദ്ധീകരണത്തിനു വഴിയൊരുക്കലാണു മനോവയുടെ ദൗത്യം! ഏലിയായുടെ ചൈതന്യത്തോടെ സ്നാപകയോഹന്നാന്‍ നടത്തിയ ശുശ്രൂഷയുടെ തുടര്‍ച്ചയാണിത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4525 views

LOG IN

Lost your password?

SIGN UP

LOST PASSWORD