അറിഞ്ഞിരിക്കാന്‍

‘യാഹ്‌വെ’ എന്ന പേരില്‍ മറഞ്ഞിരിക്കുന്ന വിസ്മയരഹസ്യങ്ങള്‍!

Print By
about

27 - 05 - 2026                   YouTube

പുരാതന ഗ്രന്ഥങ്ങളില്‍ നാം കാണുന്നതനുസരിച്ച്, ദൈവത്തോട് പേര് ചോദിച്ച ആദ്യത്തെ വ്യക്തി മോശയായിരുന്നു. അന്ന് ദൈവം തന്റെ പരിശുദ്ധമായ പേര് അവന് വെളിപ്പെടുത്തി നല്‍കുകയും ചെയ്തു. എന്നാല്‍, അന്ന് മോശയ്ക്ക് വെളിപ്പെടുത്തിയ ആ പേരിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച് ഇന്നും ലോകത്തില്‍ പലവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. ഈ വ്യാഖ്യാനങ്ങളൊന്നും തന്നെ ആ പേരിന്റെ യഥാര്‍ത്ഥ ആഴത്തോടോ ആത്മീയ സത്യത്തോടോ പൂര്‍ണ്ണമായി നീതി പുലര്‍ത്തുന്നവയല്ല. ആയതിനാല്‍, ​‘യാഹ്‌വെ’ എന്ന് ഉച്ചരിക്കപ്പെടുന്ന നാല് ഹീബ്രു അക്ഷരങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ അര്‍ത്ഥവും ആ പരിശുദ്ധമായ പേരിലെ നിഗൂഢമായ രഹസ്യങ്ങളുമാണ് ഈ പഠനത്തിലൂടെ നാം അനാവരണം ചെയ്യാന്‍ പോകുന്നത്.

സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തെ അറിയുകയെന്നത് ഈ ഭൂമിയില്‍ ജനിച്ച ഏതൊരു മനുഷ്യന്റെയും ഉത്തരവാദിത്തമാണ്. ആ ദൈവം ആരാണെന്നും അവന്റെ പേര് എന്താണെന്നും ഓരോ മനുഷ്യനും അറിഞ്ഞിരിക്കണം. ദൈവത്തെ അറിയാമോ എന്ന ചോദ്യം ഓരോരുത്തരുടെയും മുന്‍പിലെത്തുമ്പോള്‍ ആദ്യമായി അറിഞ്ഞിരിക്കേണ്ട ഒരു ദൈവവചനമുണ്ട്. വചനമിതാണ്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേഹ്ശുവാ മ്ശിയാഹിനെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹന്നാ‌ന്‍: 17; 3). അതെ, ഏകസത്യദൈവത്തെയും അവന്‍ അയച്ച യേഹ്ശുവാ മ്ശിയാഹിനെയും ആയിരിക്കുന്ന അവസ്ഥയില്‍ ഒരുവന്‍ അറിഞ്ഞാല്‍, അവന്‍ സകലത്തിന്റെയും സ്രഷ്ടാവായ ഏകസത്യദൈവത്തെ അറിഞ്ഞിരിക്കുന്നു. എന്തെന്നാല്‍, ഏകസത്യദൈവത്തിന്റെ പരിപൂര്‍ണ്ണമായ മനുഷ്യാവതാരമാണ് യേഹ്ശുവാ മ്ശിയാഹ്!

യേഹ്ശുവാ എന്ന പേരിന്റെ യഥാര്‍ത്ഥ അര്‍ത്ഥം, ‘യാഹ്‌വെ രക്ഷിക്കുന്നു’ അഥവാ ‘യാഹ്‌വെ രക്ഷയാകുന്നു’ എന്നാണ്. ‘യാഹ്‌വെ’ എന്ന പേരിനോടൊപ്പം രക്ഷ എന്നര്‍ത്ഥമുള്ള ‘ശുവാഹ്’ എന്ന വാക്ക് ചേര്‍ത്താണ് ‘യേഹ്ശുവാ’ എന്ന പേരിലേക്കെത്തുന്നത്. ഈ പേരിന് ദൈവത്തിന്റെ പ്രവൃത്തിയുമായി (ദൗത്യം) ബന്ധമുണ്ട്. ‘ശുവാഹ്’ എന്ന ഹീബ്രുവാക്കിന്റെ അര്‍ത്ഥം ‘രക്ഷ’ എന്നാണെങ്കിലും, അത് ‘യാഹ്‌വെ’ എന്ന പേരിനോട് ചേരുമ്പോള്‍ ‘രക്ഷിക്കുന്നു’ എന്ന ക്രിയാരൂപമായി മാറുകയും രക്ഷാകരമായ ആ വലിയ ദൗത്യത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു. അതായത്, ദൈവം ഈ ഭൂമിയില്‍ മനുഷ്യാവതാരം ചെയ്തത് ഏത് ദൗത്യം നിര്‍വ്വഹിക്കാനാണോ, ആ ദൗത്യം അവന്‍ തന്റെ പേരിനോടൊപ്പം ചേര്‍ത്തുവച്ചു. അപ്പോഴാണ്‌ ദൈവം തന്റെ പേരിന്റെ പൂര്‍ണ്ണരൂപം ലോകത്തിന് വെളിപ്പെടുത്തിയത്. തന്റെ ദൗത്യംതന്നെ തന്റെ പേരായി മാറ്റിയതിലൂടെ, തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം നല്‍കിയത് രക്ഷയുടെ ഉറപ്പായ വാഗ്ദാനമാണ്. അതെ, യേഹ്ശുവാ എന്നാണ് ഏകസത്യദൈവത്തിന്റെ പൂര്‍ണ്ണമായ പേര്!

ഇനി നമുക്ക് ഈ പരിശുദ്ധമായ പേരിന്റെ അര്‍ത്ഥതലങ്ങള്‍ സൂക്ഷ്മതയോടെ പഠനവിധേയമാക്കാം. പുറപ്പാട് പുസ്തകത്തിന്റെ മൂന്നാം അദ്ധ്യായത്തിലാണ് ദൈവം തന്റെ പേര് മോശയ്ക്ക് വെളിപ്പെടുത്തിയ സംഭവം വിവരിച്ചിരിക്കുന്നത്. സത്യദൈവം തന്റെ പേര് ആദ്യമായി പ്രഖ്യാപിച്ചത് പതിനാലാമത്തെ വാക്യത്തിലാണ്. എന്നാല്‍, ഇന്നോളം ഒരു പരിഭാഷയിലും ഈ വാക്യം കൃത്യതയോടെ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാന്‍ കഴിയില്ല. ആയതിനാല്‍, മനോവ ബൈബിളില്‍നിന്നുള്ള കൃത്യമായ പരിഭാഷ ഇവിടെ കുറിക്കുന്നു. ഹീബ്രുമൂലത്തില്‍നിന്നുള്ള യഥാര്‍ത്ഥ പരിഭാഷ ഇതാണ്: “ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ എന്തായിരിക്കുമോ, അത് തന്നെയായിരിക്കും ഞാന്‍ (യാഹ്‌വെ). യിസ്രായേല്‍ മക്കളോട് നീ പറയുക: ആയിരിക്കുന്നവന്‍ (യാഹ്‌വെ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു”(പുറപ്പാട്: 3; 14).

‘ഞാന്‍ എന്തായിരിക്കുമോ, അത് തന്നെയായിരിക്കും ഞാന്‍’ എന്നാണ് സത്യദൈവം വെളിപ്പെടുത്തിയ തന്റെ പേര്. ഹീബ്രുവില്‍ അത് (אֶהְיֶה אֲשֶׁר אֶהְיֶה) ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘എഹ്യെഹ് അഷെര്‍ എഹ്യെഹ്’ (Ehyeh Asher Ehyeh) എന്നാണ് ഇതിന്റെ ശരിയായ ഉച്ചാരണം. ഈ വിഷയം പഠിക്കുമ്പോള്‍ ഗൗരവമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എന്തെന്നാല്‍, പതിനാലാം വാക്യത്തില്‍ ദൈവം വെളിപ്പെടുത്തിയത് തന്റെ പേരായിരുന്നില്ല; മറിച്ച്, തന്റെ സത്വത്തെയാണ്‌ (Identity) അവന്‍ വെളിപ്പെടുത്തിയത്. തന്നെ അഭിസംബോധന ചെയ്യാനുള്ള പേര് ദൈവം വെളിപ്പെടുത്തിയത് പതിനഞ്ചാം വാക്യത്തിലാണ്. ആ പേരാണ് ‘യാഹ്‌വെ’! പതിനഞ്ചാം വാക്യം വായിച്ചതിനുശേഷം നമുക്ക് പേരിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. വചനമിതാണ്: “അവന്‍ വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോട് നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 15).

സര്‍വ്വ തലമുറകളിലൂടെയും ‘യാഹ്‌വെ’ എന്ന പേരില്‍ താന്‍ അനുസ്മരിക്കപ്പെടണമെന്ന് ദൈവം മോശയ്ക്ക് മുന്നറിയിപ്പ് നല്‍കി. ദൈവത്തിന്റെ പരിശുദ്ധമായ ഈ പേര് ഹീബ്രുഭാഷയിലെ നാല് വ്യഞ്ജനാക്ഷരങ്ങള്‍ ചേരുന്നതാണ്. യോദ് (י - Yod), ഹെ (ה - He), ​വാവ് (ו - Waw), ഹെ (ה - He) എന്നിവയാണ് ആ നാല് വ്യഞ്ജനാക്ഷരങ്ങള്‍. ഹീബ്രു അക്ഷരങ്ങള്‍ക്ക് പകരം ലാറ്റിന്‍ അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ ‘Y-H-W-H’ (יהוה) എന്നാകും. അതായത്, ‘യാഹ്‌വെ’ (יהוה) എന്ന പേരിന്റെ ഹീബ്രുവിലെ സ്പെല്ലിംഗ്, യോദ് (י - Yod), ഹെ (ה - He), ​വാവ് (ו - Waw), ഹെ (ה - He) എന്നാണ്. എന്നാല്‍, ലാറ്റിന്‍ ലിപി ഉപയോഗിക്കുന്നവര്‍ക്ക് ഈ നാല് അക്ഷരങ്ങള്‍ക്ക് സമാനമായ അക്ഷരങ്ങളിലൂടെ ‘യാഹ്‌വെ’ എന്ന ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയില്ല. ലാറ്റിന്‍ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ‘യാഹ്‌വെ’ എന്ന പേരിന്റെ ശബ്ദം ലഭിക്കണമെങ്കില്‍, ‘Y (വൈ), A (എ), H (എച്ച്), W (ഡബ്ല്യു), E (ഈ) H (എച്ച്) എന്നീ ലാറ്റിന്‍ അക്ഷരങ്ങള്‍ ഉപയോഗിക്കണം.

കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യോദ് (י - Yod), ഹെ (ה - He), ​വാവ് (ו - Waw), ഹെ (ה - He) എന്നീ നാല് വ്യഞ്ജനാക്ഷരങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഹീബ്രുഭാഷയില്‍ ‘യാഹ്‌വെ’ എന്ന ഉച്ചാരണം ലഭിക്കുമെങ്കില്‍, യൂറോപ്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ‘യാഹ്‌വെ’ എന്ന ഉച്ചാരണം ലഭിക്കണമെങ്കില്‍, ‘Y (വൈ), A (എ), H (എച്ച്), W (ഡബ്ല്യു), E (ഈ) H (എച്ച്) എന്നീ അക്ഷരങ്ങള്‍ ആവശ്യമാണ്‌. മറ്റ് ഭാഷകാരുടെ കാര്യത്തിലും ഈ തത്വം തന്നെയാണ് സ്വീകരിക്കേണ്ടത്. ‘യാഹ്‌വെ’ എന്ന ശബ്ദത്തിന് ആവശ്യമായ അക്ഷരങ്ങള്‍ അവരവരുടെ ഭാഷയില്‍നിന്ന് തിരഞ്ഞെടുത്ത് ഉപയോഗിക്കണം.

ഇനി നാം മനസ്സിലാക്കേണ്ടത് ‘Y-H-W-H’ (יהוה) എന്ന പേരിലെ ഓരോ അക്ഷരത്തിന്റെയും അര്‍ത്ഥമാണ്. ‘യാഹ്‌വെ’ എന്ന പേരിന് ഹീബ്രുവില്‍ നാല് അക്ഷരങ്ങളാണ് ഉള്ളതെന്ന് നാം മനസ്സിലാക്കി. അതില്‍ ഹെ (ה - He) എന്ന അക്ഷരം ആവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍, യോദ് (י - Yod), ഹെ (ה - He), ​വാവ് (ו - Waw) എന്നീ അക്ഷരങ്ങളുടെ അര്‍ത്ഥങ്ങളാണ് അറിയേണ്ടത്. ആ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ആരും ഞെട്ടിവിറയ്ക്കും. എന്തെന്നാല്‍, ആ അര്‍ത്ഥങ്ങള്‍ വിരല്‍ചൂണ്ടുന്നത് യേഹ്ശുവായിലേക്കാണ്. ‘യോദ്’ എന്നാല്‍ ഹീബ്രുവില്‍ ‘കൈ’ എന്നും, ‘ഹെ’ എന്നാല്‍ നോക്കുക എന്നും, ‘വാവ്’ എന്നാല്‍ ‘ആണി’ എന്നുമാണ് അര്‍ത്ഥം. അതായത്, ‘Y-H-W-H’ എന്നാല്‍ കൈ നോക്കുക ആണി നോക്കുക എന്നാണ്! ഓരോ അക്ഷരവും പ്രതിനിധാനം ചെയ്യുന്ന അര്‍ത്ഥങ്ങളാണിത്. Hand, Behold, Nail, Behold എന്ന് ഇംഗ്ലീഷില്‍ വായിക്കാം.

ഇവിടെ ഒരുകാര്യം നാം പ്രത്യേകമായി മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, ‘Y-H-W-H’ എന്നീ ലാറ്റിന്‍ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ‘യാഹ്‌വെ’ എന്ന പേര് ആകില്ല. എന്തെന്നാല്‍, ‘Y-H-W-H’ എന്നീ അക്ഷരങ്ങള്‍ ‘യാഹ്‌വെ’ എന്ന പേരെഴുതാന്‍ ഹീബ്രുവില്‍ ഉപയോഗിക്കുന്ന നാല് വ്യഞ്ജനാക്ഷരങ്ങള്‍ക്ക് സമാനമായ നാല് ലാറ്റിന്‍ അക്ഷരങ്ങള്‍ മാത്രമാണ്. അതായത്, ‘യോദ്’ എന്ന ഹീബ്രു അക്ഷരത്തിന് പകരമായി ‘Y’ എന്ന ലാറ്റിന്‍ അക്ഷരവും, ‘ഹെ’ എന്ന ഹീബ്രു അക്ഷരത്തിന് പകരമായി ‘H’ എന്ന ലാറ്റിന്‍ അക്ഷരവും, ‘വാവ്’ എന്ന ഹീബ്രു അക്ഷരത്തിന് പകരം ‘W’ എന്ന ലാറ്റിന്‍ അക്ഷരവും സ്വീകരിച്ചുവെന്നതുകൊണ്ട്, ഈ ലാറ്റിന്‍ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് ഉച്ചരിച്ചാല്‍ ‘യാഹ്‌വെ’ എന്ന ശബ്ദം ഉണ്ടാകില്ല. ‘യാഹ്‌വെ’ എന്ന പരിശുദ്ധമായ പേരിന്റെ ശബ്ദം പുറപ്പെടുവിക്കണമെങ്കില്‍, ‘Y-A-H-W-E-H’ എന്നീ ലാറ്റിന്‍ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് ഉച്ചരിക്കണം.

ഉദാഹരണത്തിന്: രാജന്‍ എന്ന പേര് ലാറ്റിന്‍ അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതുന്നതിന് ‘R-A-J-A-N’ എന്നീ അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്. ഈ പേരിന്റെ സ്പെല്ലിംഗ് പറയുന്നത് മലയാളത്തിലാണെങ്കില്‍ ‘ആര്‍-എ-ജെ-എ-എന്‍’ എന്നായിരിക്കും. ഇത് ‘രാജന്‍’ എന്ന് എഴുതാന്‍ ഉപയോഗിച്ച ലാറ്റിന്‍ അക്ഷരങ്ങളുടെ മലയാളത്തിലുള്ള ശബ്ദമാണ്. ഈ ശബ്ദത്തെ മലയാളം അക്ഷരങ്ങളിലൂടെ എഴുതിയാല്‍, ‘ആര്‍എജെഎഎന്‍’ എന്നായിരിക്കും വായിക്കാന്‍ കഴിയുന്നത്. ഇത് ചേര്‍ത്തുവായിച്ചാല്‍ ‘രാജന്‍’ എന്ന ശബ്ദം ഉണ്ടാകില്ലെന്ന് മാത്രമല്ല, അവ്യക്തമായ എന്തോ ശബ്ദം മാത്രമേ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇതുതന്നെയാണ് ‘യാഹ്‌വെ’ എന്ന പേരിന്റെ ശബ്ദത്തിന് നല്‍കപ്പെട്ടിരിക്കുന്ന നാല് ഹീബ്രു അക്ഷരങ്ങള്‍ക്ക് പകരം ലാറ്റിനിലെ നാല് അക്ഷരങ്ങളായ ‘Y-H-W-H’ ഉപയോഗിക്കുമ്പോഴും സംഭവിക്കുന്നത്.    

പേരുകള്‍ ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന് ലിഖിതരൂപം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണിത്. ശബ്ദത്തിന് ലിഖിതരൂപം നല്‍കുന്ന ഈ പ്രക്രിയയ്ക്ക് പറയുന്നതാണ് ലിപ്യന്തരണം അഥവാ ട്രാന്‍സ് ലിറ്ററേഷന്‍! ‘യാഹ്‌വെ’ എന്ന പേര് ഉച്ചരിക്കാന്‍ ആവശ്യമായ അക്ഷരങ്ങള്‍ എല്ലാ ഭാഷകളിലും ഉണ്ട്. അതുപോലെതന്നെ, യേഹ്ശുവാ എന്ന പേര് ഉച്ചരിക്കാന്‍ അക്ഷരങ്ങള്‍ ഇല്ലാത്ത ഭാഷകള്‍ ഇന്ന് ലോകത്തില്ല. ‘ലിപി’ ഇല്ലാത്തതും സംസാരത്തിന് മാത്രമായി ഉപയോഗിക്കുന്നതുമായ ഏതെങ്കിലും ഭാഷകള്‍ ഉണ്ടെങ്കില്‍പ്പോലും, വാമൊഴിയായി ലഭിക്കുന്ന ഈ പേര് ഉച്ചരിക്കാന്‍ ആ ഭാഷക്കാര്‍ക്കും സാധിക്കും. ഇതുവരെ നാം മനസ്സിലാക്കിയത് ‘യാഹ്‌വെ’ എന്ന പേരിന്റെ നാല് ഹീബ്രു അക്ഷരങ്ങളുടെ അര്‍ത്ഥമാണ്. ‘കൈ നോക്കുക, ആണി നോക്കുക’ എന്നാണ് പേരിലെ അക്ഷരങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അര്‍ത്ഥങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

‘ടെട്രാഗ്രാമാറ്റണ്‍’!

‘യാഹ്‌വെ’ എന്ന പേരിനെക്കുറിച്ച് പഠിക്കുമ്പോള്‍ ‘ടെട്രാഗ്രാമാറ്റണ്‍’ എന്താണെന്നുകൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ‘യാഹ്‌വെ’ എന്ന പേരിലെ നാല് പരിശുദ്ധമായ അക്ഷരങ്ങളെ സൂചിപ്പിക്കാന്‍ നവീന കാലഘട്ടത്തിലെ പണ്ഡിതന്മാരും ഗവേഷകരും ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ‘ടെട്രാഗ്രാമാറ്റണ്‍’! ഗ്രീക്ക് ഭാഷയില്‍നിന്നാണ് ഈ വാക്ക് ഉണ്ടായത്. ‘ടെട്ര’ എന്നാല്‍ നാല് എന്നും, ‘ഗ്രാമാറ്റണ്‍’ എന്നാല്‍ അക്ഷരങ്ങള്‍ എന്നുമാണ് അര്‍ത്ഥം. അതായത്, യോദ്, ഹെ, വാവ്, ഹെ എന്നീ നാല് വ്യഞ്ജനാക്ഷരങ്ങളെ ഒരുമിച്ച് വിളിക്കുന്ന പേരാണിത്. അതെ, നാല് അക്ഷരങ്ങളുള്ള പേരിനെ സൂചിപ്പിക്കാന്‍ ‘ടെട്രാഗ്രാമാറ്റണ്‍’ എന്ന പദം ഉപയോഗിക്കുന്നു!

‘ടെട്രാഗ്രാമാറ്റണ്‍’ എന്ന സൂചനാപദം ഉപയോഗിക്കാന്‍ പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കും കാരണമുണ്ടായിരുന്നു. ‘യാഹ്‌വെ’ എന്ന പേര് അത്യന്തം വിശുദ്ധമായി കരുതിയിരുന്ന യെഹൂദര്‍ ഈ പേര് ഉച്ചരിക്കാതെ, പകരം അദോനായ് അഥവാ നാഥന്‍ എന്നാണ് ഉച്ചരിച്ചിരുന്നത്. പേര് ഉച്ചരിക്കാതിരിക്കാന്‍ വേറെയും കാരണമുണ്ടായിരുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. അവരുടെ പ്രവാസകാലങ്ങളില്‍ മറ്റുള്ളവരുടെ ഇടയില്‍ തങ്ങളുടെ ‘ഐഡന്റിറ്റി’ മറച്ചുവയ്ക്കുക എന്നതാണ് ആ കാരണം. ‘യാഹ്‌വെ’ എന്ന പേര് പുരാതന യിസ്രായേല്‍ജനത്തിന്റെ പ്രധാന അടയാളമായിരുന്നു. എന്നാല്‍, നവീന കാലഘട്ടത്തിലെ ഗ്രീക്ക് പണ്ഡിതന്മാര്‍ ഈ പേരിലെ നാല് അക്ഷരങ്ങളെ മാത്രം സൂചിപ്പിക്കാന്‍ ‘ടെട്രാഗ്രാമാറ്റണ്‍’ എന്ന പദം ഉപയോഗിച്ച് തുടങ്ങി. ഇനി നമുക്ക് ‘യാഹ്‌വെ’ എന്ന പേരില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു അദ്ഭുതം പരിശോധിക്കാം.

‘യാഹ്‌വെ’ എന്ന പേരിന്റെ അര്‍ത്ഥം!

‘യാഹ്‌വെ’ എന്ന പേരിലെ നാല് അക്ഷരങ്ങളുടെ അര്‍ത്ഥങ്ങള്‍ നാം കണ്ടു. അതുപോലെതന്നെ, ‘യാഹ്‌വെ’ എന്ന പേരിനും വ്യക്തമായ അര്‍ത്ഥമുണ്ടെന്ന് നാം അറിഞ്ഞിരിക്കണം. ഹീബ്രുഭാഷയിലെ അതിപരിശുദ്ധമായ നാല് വ്യഞ്ജനാക്ഷരങ്ങള്‍ കേവലം ഒരു പേര് മാത്രമല്ല, അത് ദൈവത്തിന്റെ അസ്തിത്വത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. വളരെ ആഴമേറിയതാണ് ഈ പേരിന്റെ അര്‍ത്ഥം! പുരാതന ഗ്രന്ഥങ്ങളില്‍ അയ്യായിരത്തിലധികം തവണ ആവര്‍ത്തിക്കുന്ന ‘യാഹ്‌വെ’ എന്ന പേരിന്റെ വിശാലമായ അര്‍ത്ഥം ‘ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും ഞാനാകുന്നു’ എന്നാണ്. ഇത് ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്ന് കാലങ്ങളെയും ഒരേസമയം സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, ‘കാലാതീതനായി എന്നും നിലനില്‍ക്കുന്നവന്‍’ എന്നാണ് ഇതിന്റെ പൊരുള്‍! അതായത്, കാലത്തിന് അതീതമായ ദൈവത്തിന്റെ നിലനില്‍പ്പിനെക്കൂടി പ്രഖ്യാപിക്കുന്നതാണ് അവന്റെ പേര്!

‘യാഹ്‌വെ’ എന്ന വാക്ക് ഹീബ്രുഭാഷയിലെ ‘ഹയാഹ്’ എന്ന ക്രിയയില്‍നിന്നാണ് ഉണ്ടായത്. ഇതിന്റെ അര്‍ത്ഥം ‘ആയിരിക്കുക’ (To be) എന്നാണ്. ‘ഹയാഹ്’ എന്ന ക്രിയയുടെ വിവിധ രൂപങ്ങള്‍ ചേര്‍ന്നതാണ് ‘യാഹ്‌വെ’ എന്ന അതിപരിശുദ്ധമായ പേര്! ഈ പേരില്‍ത്തന്നെ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഹയാഹ് (Hayah), ഹോവെഹ് (Howeh), യിഹ്യെഹ് (Yihyeh) എന്നീ മൂന്ന് അവസ്ഥകളാണ് അത്. ഹയാഹ് (Hayah) എന്നാല്‍, അവന്‍ ആയിരുന്നവന്‍ (He was) എന്നാണ് അര്‍ത്ഥം. ഇത് ദൈവത്തിന്റെ അനന്തമായ ഭൂതകാലത്തെ സൂചിപ്പിക്കുന്നു. ഹോവെഹ് (Howeh) എന്നതിന്റെ അര്‍ത്ഥം, അവന്‍ ആയിരിക്കുന്നവന്‍ (He is) എന്നാണ്. ഇത് ദൈവത്തിന്റെ സജ്ജീവമായ വര്‍ത്തമാനകാലത്തെ സൂചിപ്പിക്കുന്നു. അവന്‍ ആയിരിക്കാനിരിക്കുന്നവന്‍ അഥവാ വരാനിരിക്കുന്നവന്‍ എന്ന അര്‍ത്ഥമാണ് യിഹ്യെഹ് (He will be) എന്ന പദത്തില്‍ ഉള്ളത്. ഇത് ദൈവത്തിന്റെ മാറ്റമില്ലാത്ത ഭാവികാലത്തെ സൂചിപ്പിക്കുന്നു. എന്നും ആയിരിക്കുന്നവന്‍ അല്ലെങ്കില്‍ ഇനിയും ആയിരിക്കേണ്ടവന്‍ എന്നൊക്കെ ഈ പദം സൂചിപ്പിക്കുന്നുണ്ട്. അതായത്, ഹീ വാസ് (He was), ഹീ ഈസ് (He is), ഹീ വില്‍ ബി (He will be) എന്നീ മൂന്ന് ക്രിയാരൂപങ്ങള്‍ ചേരുന്നതാണ് ‘യാഹ്‌വെ’ എന്ന പേര്!

വെളിപാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വസൃഷ്ടികളുടെയും അധിപനും ആയ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആല്‍ഫയും ഒമേഗയും ആകുന്നു”(വെളിപാട്: 1; 8). ദൈവത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന കൃത്യമായ വിശേഷണമാണിത്. ‘യാഹ്‌വെ’ എന്ന പേര് പറയാതെ, ആ പേരിന്റെ അര്‍ത്ഥം ഇവിടെ പറഞ്ഞിരിക്കുന്നു. ‘യാഹ്‌വെ’ എന്ന പേരില്‍ നിറഞ്ഞുനില്‍ക്കുന്നത് ദൈവത്തിന്റെ അസ്തിത്വമാണ്. കാലം അവന്റെ മുന്നില്‍ സ്തംഭിച്ചുനില്‍ക്കുന്നു! വരാനിരിക്കുന്നതിനെ കാണുന്നവന്‍ മാത്രമല്ല, അതില്‍ ആയിരിക്കുന്നവന്‍ കൂടിയാണ് അവന്‍!

പുറപ്പാട് പുസ്തകം മൂന്നാം അദ്ധ്യായത്തിന്റെ പതിനാലാം വാക്യത്തില്‍ പറയുന്നത് ‘ഞാന്‍’ എന്നും, ഈ വിവരണത്തില്‍ പറയുന്നത് ‘അവന്‍’ എന്നും ആകുന്നത് എങ്ങനെയാണ് എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരാം. ഒരു പേരില്‍ത്തന്നെ അവന്‍ എന്നും ഞാന്‍ എന്നുമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് പതിനാലാം വാക്യവും പതിനഞ്ചാം വാക്യവും തമ്മില്‍ ചേര്‍ത്തുവച്ച് കൃത്യമായി മനസ്സിലാക്കുമ്പോഴാണ്. പതിനാലാം വാക്യം ഒരിക്കല്‍ക്കൂടി വായിച്ചതിനുശേഷം ലളിതമായി അത് വിശദമാക്കാം. വചനമിതാണ്: “ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ എന്തായിരിക്കുമോ, അത് തന്നെയായിരിക്കും ഞാന്‍ (യാഹ്‌വെ). യിസ്രായേല്‍ മക്കളോട് നീ പറയുക: ആയിരിക്കുന്നവന്‍ (യാഹ്‌വെ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു”(പുറപ്പാട്: 3; 14).

ദൈവം തന്റെ സത്വത്തെ (Identity) വെളിപ്പെടുത്തിയത് പതിനാലാം വാക്യത്തിലാണ്; അവിടെ ‘ഞാന്‍ എന്തായിരിക്കുമോ, അത് തന്നെയായിരിക്കും ഞാന്‍’ എന്ന് ഒന്നാം പുരുഷനില്‍ സ്വയം പ്രഖ്യാപിച്ചു. എന്നാല്‍, മനുഷ്യര്‍ അവനെ അഭിസംബോധന ചെയ്യേണ്ടുന്ന പേര് പതിനഞ്ചാം വാക്യത്തിലാണ് നല്‍കിയത്. അതായത്, പതിനാലാം വാക്യത്തില്‍ ‘യാഹ്‌വെ’ എന്ന പേര് പറഞ്ഞിട്ടില്ല; പതിനഞ്ചാം വാക്യത്തിലാണ് അത് പ്രഖ്യാപിക്കുന്നത്. ആ വാക്യം നോക്കുക: “അവന്‍ വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍ മക്കളോട് നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 15). ദൈവം തന്റെ പരിശുദ്ധമായ പേര് പ്രഖ്യാപിച്ചിരിക്കുന്നത് ഇവിടെയാണ്‌.

ഹീബ്രു മൂലഗ്രന്ഥം പരിശോധിച്ചാല്‍ പതിനാലാം വാക്യത്തില്‍ ‘എഹ്യെഹ്’ (Ehyeh) എന്ന് മാത്രമാണ് ഉള്ളതെന്ന് കാണാം. ‘എഹ്യെഹ് അഷെര്‍ എഹ്യെഹ്’ (Ehyeh Acher Ehyeh) എന്നാണ് പൂര്‍ണ്ണരൂപം. ഇതിന്റെ അര്‍ത്ഥം ‘ഞാന്‍ എന്തായിരിക്കുമോ, അത് തന്നെയായിരിക്കും ഞാന്‍’ എന്നാണ്! എന്നാല്‍, അതേ വാക്യത്തിന്റെ അവസാനഭാഗത്ത്, യിസ്രായേല്‍ മക്കളോട് പറയാന്‍ മോശയോട് നിര്‍ദ്ദേശിക്കുമ്പോള്‍ ദൈവം പറയുന്നത് ‘എഹ്യെഹ് (ആയിരിക്കുന്നവന്‍) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നാണ്. അതായത്, ആ വാക്യത്തിന്റെ തുടക്കത്തില്‍ തന്റെ സത്വത്തെ പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ മൂന്ന് വാക്കുകള്‍ ഉപയോഗിച്ച ദൈവം, തന്നെ തിരിച്ചറിയാനുള്ള ഒരു വാക്കായി ആ വാക്യത്തിന്റെ അവസാനം ‘എഹ്യെഹ്’ എന്ന് മാത്രം ഉപയോഗിച്ചു. അതുകൊണ്ട്, സത്വത്തെ വെളിപ്പെടുത്തുമ്പോള്‍ ‘എഹ്യെഹ് അഷെര്‍ എഹ്യെഹ്’ (ഞാന്‍ എന്തായിരിക്കുമോ, അത് തന്നെയായിരിക്കും ഞാന്‍) എന്നും, അയച്ചവനെ സൂചിപ്പിക്കുമ്പോള്‍ ‘എഹ്യെഹ്’ (ആയിരിക്കുന്നവന്‍ അഥവാ ആയിരിക്കുന്ന ഞാന്‍) എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

പതിനാലാം വാക്യത്തിലെ ഈ ‘എഹ്യെഹ്’ എന്ന ഒന്നാം പുരുഷ (First Person) പ്രയോഗമാണ് പതിനഞ്ചാം വാക്യത്തിലേക്ക് എത്തുമ്പോള്‍ ‘യാഹ്‌വെ’ എന്ന പ്രഥമ പുരുഷ നാമം (Third Person Noun) ആയി മാറുന്നത്. ‘എഹ്യെഹ്’ എന്നത് ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള First Person പ്രഖ്യാപനമാണെങ്കില്‍, ‘യാഹ്‌വെ’ എന്നത് നമ്മള്‍ ദൈവത്തെക്കുറിച്ച് പറയുന്ന Third Person രൂപമാണ്. ‘അവന്‍ ആയിരുന്നു, അവന്‍ ആയിരിക്കുന്നു, അവന്‍ ആയിരിക്കും’ എന്ന് അര്‍ത്ഥം വരുന്ന‘ ഹയാഹ് ഹോവെഹ് യെഹ്യെഹ്’ എന്ന കാലാതീതമായ മൂന്ന് പദങ്ങളിലെയും ‘അവന്‍’ എന്ന അംശം ദൈവത്തിന്റെ കാലാതീതമായ സാന്നിദ്ധ്യത്തെ നമ്മുടെ മുന്‍പില്‍ ഉറപ്പിച്ച് നിര്‍ത്തുന്നു. ചുരുക്കത്തില്‍, ദൈവം ‘ഞാന്‍’ എന്ന് പ്രഖ്യാപിച്ച സത്യത്തെ മനുഷ്യകുലം ‘അവന്‍’ എന്ന് ആദരവോടെ ഏറ്റുവിളിക്കുന്നതാണ് ‘യാഹ്‌വെ’ എന്ന അതിപരിശുദ്ധമായ പേര്! അതെ, ‘അവന്‍’ ആയിരുന്നവനാണ്, ‘അവന്‍’ ആയിരിക്കുന്നവനാണ്, ‘അവന്‍’ വരാനിരിക്കുന്നവനാണ്! ദൈവത്തെ ‘അവന്‍’ എന്ന് മനോവ സംബോധന ചെയ്യുമ്പോള്‍, അത് അനാദരവാണെന്ന് കുറ്റപ്പെടുത്തന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്! ദൈവം ആവശ്യപ്പെട്ടത് എങ്ങനെയോ, അങ്ങനെതന്നെ ദൈവത്തിന് കൊടുക്കുന്നതാണ് ദൈവത്തിന് ഇഷ്ടം! നമ്മുടെ വക അലങ്കാരപ്പണികള്‍ ഒന്നും ആവശ്യമില്ല!

‘യാഹ്‌വെ’ എന്ന ആ പേരില്‍ നിറഞ്ഞിരിക്കുന്ന മൂന്ന് അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് പദങ്ങളുടെ അര്‍ത്ഥങ്ങളാണ് നാം ഇവിടെ കണ്ടത്. ആ വാക്കുകള്‍ മൂന്നിലും ഉള്ളത് അവന്‍ എന്നാണ്. അതായത്, അവന്‍ എന്ന് തന്നെ സംബോധന ചെയ്യാനാണ് ദൈവം നമ്മോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി നമുക്ക് ദൈവത്തിന്റെ അതിപരിശുദ്ധമായ പേരില്‍ മറഞ്ഞിരിക്കുന്ന ആ അതീവരഹസ്യം എന്താണെന്ന് നോക്കാം. ‘യാഹ്‌വെ’ എന്ന പേരില്‍ ഉള്ള നാല് ഹീബ്രു അക്ഷരങ്ങളുടെ അര്‍ത്ഥവുമായി നാം ഇനി കടന്നുചെല്ലുന്നത് യേഹ്ശുവായുടെ കുരിശിന്‍ ചുവട്ടിലേക്ക് ആണ്. ആ കുരിശില്‍ നമുക്ക് യോദ് ഹെ വാവ് ഹെ അഥവാ, കൈ നോക്കുക, ആണി നോക്കുക എന്ന് എഴുതിയിരിക്കുന്നത് കാണാം.

യെഹൂദരുടെ രാജാവായ നസ്രെത്തുകാരന്‍ യേഹ്ശുവാ!

യേഹ്ശുവായെ ക്രൂശിച്ചപ്പോള്‍ അവന്റെ കുരിശിന് മുകളില്‍ പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി വച്ചിരുന്നു. യോഹന്നാന്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിന് മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: നസ്രായേനായ യേഹ്ശുവാ, യെഹൂദരുടെ രാജാവും. യേഹ്ശുവായെ ക്രൂശിച്ച സ്ഥലം പട്ടണത്തിന് സമീപമായിരുന്നതിനാല്‍ യെഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു”(യോഹന്നാ‌ന്‍: 19; 19, 20). മൂന്ന് ഭാഷകളില്‍ എഴുതപ്പെട്ട ആ ശീര്‍ഷകത്തില്‍ രേഖപ്പെടുത്തിയത് എന്തായിരുന്നുവെന്നത് മനുഷ്യരില്‍നിന്ന് ഇക്കാലമത്രയും മറച്ചുവയ്ക്കപ്പെട്ടുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. കോണ്‍സ്റ്റന്റൈന്‍ പ്രചരിപ്പിച്ചതും റോമന്‍ കത്തോലിക്കാസഭ തങ്ങളുടെ ഔദ്യോഗിക ചിഹ്നമായി കൊണ്ടുനടക്കുന്നതുമായ കുരിശില്‍ കാണുന്നത് വ്യാജ ലിഖിതമാണ്. അതായത്, റോമന്‍ കത്തോലിക്കാസഭയുടെ കുരിശില്‍ എഴുതിയിരിക്കുന്ന ‘INRI’ എന്ന നാല് അക്ഷരങ്ങള്‍ക്ക് പീലാത്തോസ് എഴുതിയ ശീര്‍ഷകവുമായി ഒരു ബന്ധവുമില്ല.

സത്യദൈവത്തിന്റെ പേരുമായി ബന്ധപ്പെടുത്തി യേഹ്ശുവായുടെ കുരിശിലെ ശീര്‍ഷകം പഠനവിധേയമാക്കുമ്പോള്‍, നാം പരിഗണിക്കുന്നത് ഹീബ്രു ലിഖിതത്തെ മാത്രമാണ്. എന്തെന്നാല്‍, ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും ആണ് പീലാത്തോസ് ശീര്‍ഷകം എഴുതി വച്ചിരുന്നതെങ്കിലും, ഹെബ്രായയില്‍ എഴുതിയ ലിഖിതത്തിന് മാത്രമാണ് ദൈവത്തിന്റെ പേരുമായി ബന്ധമുള്ളത്. അതുകൊണ്ടുതന്നെ, ദൈവഹിതപ്രകാരം എഴുതപ്പെട്ടത് ഹെബ്രായ ലിഖിതം മാത്രമാണെന്ന് മനസ്സിലാക്കാം. യെരുശലേമിലും പരിസരപ്രദേശങ്ങളിലും അക്കാലത്ത് റോമാക്കാരും ഗ്രീക്കുകാരും അടക്കമുള്ള വിദേശികള്‍ ധാരാളമായി പാര്‍ത്തിരുന്നതുകൊണ്ട്, അവര്‍ക്കുകൂടി വായിക്കാന്‍ സാധിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം പീലാത്തോസ് മൂന്ന് ഭാഷകള്‍ തിരഞ്ഞെടുത്തത്. യാഥാര്‍ത്ഥ്യം എന്തുതന്നെയായിരുന്നാലും ദൈവിക ഇടപെടല്‍ ദര്‍ശിക്കാന്‍ കഴിയുന്നത് ഹെബ്രായ ലിഖിതത്തില്‍ മാത്രമാണ്.

‘യാഹ്‌വെ’ എന്ന പേരിന്റെ സാന്നിദ്ധ്യമുള്ള ഹെബ്രായ ലിഖിതമാണ് പ്രധാനമായും പഠനവിധേയമാക്കുന്നതെങ്കിലും, മൂന്ന് ഭാഷകളില്‍ എഴുതപ്പെട്ടുവെന്നത് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്ന ചരിത്രസത്യം ആയതിനാല്‍, ആ ഭാഷകളില്‍ എഴുതപ്പെട്ടത് എന്തായിരുന്നുവെന്ന് കൂടി വ്യക്തമാക്കാം. നസ്രായേനായ യേഹ്ശുവാ, യെഹൂദരുടെ രാജാവും എന്നതാണ് ശീര്‍ഷകത്തിലെ ലിഖിതത്തിന്റെ കൃത്യമായ മലയാള പരിഭാഷ എന്ന് നാം കണ്ടു. നിഖ്യാസൂനഹദോസിന് മുന്‍പുവരെ പേരുകള്‍ എല്ലാ ഭാഷകളിലും മാറ്റമില്ലാതെ തുടര്‍ന്നിരുന്നതുകൊണ്ട്, യേഹ്ശുവാ എന്ന പേര് മൂന്ന് ഭാഷകളിലും ഒരേപോലെ തന്നെ ആയിരിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. മിലാന്‍ വിളംബരവും നിഖ്യാസൂനഹദോസും കോണ്‍സ്റ്റന്റൈന്‍ എന്ന ട്രോജന്‍ കുതിരയും ഉണ്ടായിരുന്നില്ലെങ്കില്‍, യേഹ്ശുവാ എന്ന പേരല്ലാതെ, മറ്റൊരു പേരും മ്ശിയാഹിന് ഉണ്ടാകുമായിരുന്നില്ല. ഇനി നമ്മുടെ ശ്രദ്ധ പീലാത്തോസ് എഴുതിയ ശീര്‍ഷകത്തിലേക്ക് തിരിക്കാം.

ഹീബ്രു, ലത്തീന്‍, ഗ്രീക്ക് എന്നീ മൂന്ന് ഭാഷകളിലാണ് ശീര്‍ഷകം എഴുതിവച്ചതെന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ വായിക്കാമെങ്കിലും, ഹീബ്രുവിലെ ലിഖിതം മാത്രമാണ് അപ്പസ്തോലന്‍ ഉദ്ധരിച്ചിട്ടുള്ളത്. എല്ലാ ഭാഷകളിലും സമാനമായ കാര്യംതന്നെ എഴുതപ്പെട്ടതുകൊണ്ടും, യോഹന്നാന്‍ ഹെബ്രായ ഭാഷയില്‍ സുവിശേഷം രചിച്ചതുകൊണ്ടും മറ്റ് ഭാഷകളിലെ ലിഖിതങ്ങള്‍ ബൈബിളില്‍ കാണുന്നില്ല. എല്ലാ ഭാഷകളിലും ഒരേ കാര്യംതന്നെയാണ് എഴുതിയതെന്ന് അപ്പസ്തോലന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുകൊണ്ട് അതാണ്‌ സത്യം. അങ്ങനെയെങ്കില്‍, ലത്തീനിലും ഗ്രീക്കിലും എഴുതിയത് ഹെബ്രായയില്‍ എഴുതിയതിന്റെ വിവര്‍ത്തനങ്ങള്‍ ആയിരിക്കും. മാത്രവുമല്ല, ബൈബിളിന് സമാന്തരമായ പല ചരിത്രരേഖകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ആയതിനാല്‍, ആദ്യം ലത്തീനിലെയും ഗ്രീക്കിലെയും വിവര്‍ത്തനങ്ങള്‍ നമുക്ക് പരിശോധിക്കാം.

ലത്തീന്‍ ഭാഷയില്‍ പീലാത്തോസ് എഴുതിയത് ഇങ്ങനെയാണ്: “YEHSHUWAH NAZARENVS REX IVDAEORVM”. (യേഹ്ശുവാ നസറേനുസ് റെക്സ് യൂദായോരും). ‘നസ്രായേനായ യേഹ്ശുവാ, യെഹൂദരുടെ രാജാവും’ എന്നാണ് ഇതിന്റെ മലയാളം. ഈ ലിഖിതത്തിന്റെ ചുരുക്കെഴുത്താണ് റോമന്‍ കത്തോലിക്കാസഭയുടെ കുരിശിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് ഇവര്‍ വാദിക്കുന്നത്. ഈ വാദം ശരിയാണെങ്കില്‍, ‘INRI’ എന്ന് രേഖപ്പെടുത്തിയത്തിലെ സാംഗത്യം ചോദ്യംചെയ്യപ്പെടും. കാരണം, പീലാത്തോസ് എഴുതിവച്ച ലത്തീന്‍ ശീര്‍ഷകത്തിന്റെ ചുരുക്കെഴുത്താണെങ്കില്‍, ‘YNRI’ എന്ന് രേഖപ്പെടുത്തണമായിരുന്നു. അതായത്, ലത്തീന്‍ ഭാഷയില്‍ യേഹ്ശുവാ എന്ന പേര് ആരംഭിക്കുന്നത് ‘Y’ എന്ന അക്ഷരത്തിലാണ്. ‘I’ എന്ന ലാറ്റിന്‍ അക്ഷരം എങ്ങനെ കുരിശിലെ ശീര്‍ഷകത്തിന്റെ ചുരുക്കെഴുത്തില്‍ സ്ഥാനംപിടിച്ചുവെന്ന് അറിയണമെങ്കില്‍, നാലാം നൂറ്റാണ്ടില്‍ നടന്ന അട്ടിമറി എന്തായിരുന്നുവെന്ന് അന്വേഷിച്ചാല്‍ മതി.

നാലാം നൂറ്റാണ്ടില്‍ ക്രൈസ്തവസഭയില്‍ നടന്നത് വന്‍ അട്ടിമറി ആയിരുന്നു. യേഹ്ശുവാ എന്ന സത്യദൈവത്തിന് പകരം ‘യീസുസ്’ എന്ന വ്യാജമൂര്‍ത്തിയെ കോണ്‍സ്റ്റന്റൈന്‍ പ്രതിഷ്ഠിച്ചതാണ് ആ അട്ടിമറി. യിരെമിയാഹിന്റെ പ്രവചനമാണ് അങ്ങനെ പൂര്‍ത്തിയായത്. പ്രവചനമിതാണ്: “ഏതെങ്കിലും ജനത തങ്ങളുടെ ദൈവങ്ങളെ മാറിയിട്ടുണ്ടോ, അവ വ്യാജദൈവങ്ങളായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ത്ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്ന് നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ട് തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു”(യിരെമിയാഹ്: 2; 11-13). ഈ പ്രവചനമാണ് നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ പൂര്‍ത്തിയായത്.

യേഹ്ശുവായ്ക്ക് പകരം യീസുസിനെ പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമായി കുരിശിലെ ശീര്‍ഷകവും തിരുത്തി. അങ്ങനെ തിരുത്തിയ ശീര്‍ഷകത്തിന്റെ ചുരുക്കെഴുത്താണ് ഇന്ന് റോമന്‍ കത്തോലിക്കാസഭയുടെ കുരിശില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. നാലാം നൂറ്റാണ്ടില്‍ തിരുത്തിയെഴുതിയ ശീര്‍ഷകം ഇങ്ങനെയാണ്: “Iesus Nazarenus, Rex Iudaeorum” (യീസുസ് നസറേനൂസ്, റെക്സ് യൂദായോരും). ‘നസ്രായേനായ യീസുസ്, യെഹൂദരുടെ രാജാവും’ എന്നാണ് ഇതിന്റെ മലയാളം. AD 1524 - ന് ശേഷം യീസുസ് (Iesus) എന്ന വ്യാജമൂര്‍ത്തി ജീസസ് (Jesus) ആയി മാറിയിട്ടും ‘INRI’ അതേപടി തുടര്‍ന്നുവെന്നതാണ് മറ്റൊരു ദുരൂഹത! AD 1524 - ന് ശേഷമാണ് ‘I’ എന്ന അക്ഷരത്തിന് പകരം ‘J’ എന്ന അക്ഷരം സ്ഥാനം പിടിച്ചത്. അതിന് മുന്‍പ് ‘J’ എന്ന അക്ഷരം ലാറ്റിന്‍ അക്ഷരമാലയില്‍ ഉണ്ടായിരുന്നില്ല. യീസുസിനെ ജീസസ് ആക്കിയ സ്ഥിതിക്ക് ‘INRI’ എന്നത് സ്വാഭാവികമായും ‘JNRI’ എന്ന് തിരുത്തേണ്ടതാണ്! ഇനി നമുക്ക് പീലാത്തോസ് എഴുതിവച്ച ഗ്രീക്ക് ശീര്‍ഷകവും നാലാം നൂറ്റാണ്ടിലെ അട്ടിമറിയും പരിശോധിക്കാം.

​ഗ്രീക്ക് ഭാഷയില്‍ പീലാത്തോസ് എഴുതിയത് ഇങ്ങനെയായിരുന്നു: “Ιεχουσουά (Yehshuwah) ὁ Ναζωραῖος ὁ βασιλεὺς τῶν Ἰουദാίων” (യേഹ്ശുവാ ഹോ നസൊറായോസ് ഹോ ബാസിലെയുസ് ടോണ്‍ ഇയൗദായോന്‍). ഇതിന്റെ മലയാളവും ‘നസ്രായേനായ യേഹ്ശുവാ, യെഹൂദരുടെ രാജാവും’ എന്നുതന്നെയാണ്. അക്കാലത്ത് നിലവിലുണ്ടായിരുന്ന കൊയ്നേ ഗ്രീക്കിലാണ് ഇത് എഴുതപ്പെട്ടത്. ഈ ഭാഷയില്‍ യേഹ്ശുവാ എന്ന് കൃത്യതയോടെ എഴുതാന്‍ ചില പരിമിതികള്‍ ലിപിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഗ്രീക്ക് ലിഖിതത്തില്‍ യേഹ്ശുവാ എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നത് Ιεχουσουά (ഇ-യേ-ഹൂ-സൂ-ആ) എന്നാണ് ഉച്ചരിക്കുന്നത്. എന്നാല്‍, നാലാം നൂറ്റാണ്ടിലെ അട്ടിമറിയില്‍ Ἰησοῦς (ഇയേസൂസ്) ആയി പരിണമിച്ചു. അതായത്, പീലാത്തോസ് എഴുതിയ യഥാര്‍ത്ഥ ശീര്‍ഷകത്തില്‍നിന്ന് വ്യത്യസ്തമായ ലിഖിതമാണ് നാലാം നൂറ്റാണ്ട് മുതല്‍ ഗ്രീക്കുകാരുടെയിടയില്‍ പ്രചാരത്തിലുള്ളത്. അത് “Ἰησοῦς (Iēsoûs) ὁ Ναζωραῖος ὁ βασιλεὺς τῶν Ἰουദാίων” (ഇയേസൂസ് ഹോ നസൊറായോസ് ഹോ ബാസിലെയുസ് ടോണ്‍ ഇയൗദായോന്‍) എന്നാണ്. പിന്നീടിത് യീസുസ് ആയി രൂപാന്തരപ്പെട്ടു.

ഹെബ്രായ ഭാഷയിലെ ‘യേഹ്ശുവാ’ എന്ന പേരിലെ പവിത്രമായ അക്ഷരങ്ങളെയും ഉച്ചാരണത്തെയും ഉള്‍ക്കൊള്ളാന്‍ ഗ്രീക്ക് ഭാഷാ നിയമങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. ‘ഷ’ എന്ന ശബ്ദംപോലും ഇല്ലാത്ത ഒരു ഭാഷയിലേക്ക് രക്ഷകന്റെ പേരിനെ മാറ്റിയപ്പോള്‍, ആ പേരില്‍ അടങ്ങിയിരുന്ന Y-H-W-H എന്ന രഹസ്യം പതിനേഴ്‌ നൂറ്റാണ്ട് മനുഷ്യകുലത്തില്‍നിന്ന് മറയ്ക്കപ്പെട്ടു. ഭാഷയുടെ വളര്‍ച്ചയ്ക്ക് അനുസരണമായി പേരിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുത്താന്‍ പാടില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കരുത്. എന്തെന്നാല്‍, ദൈവം തന്റെ പേര് വെളിപ്പെടുത്തിയപ്പോള്‍ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറപ്പാട്: 3; 15). കല്ലേപ്പിളര്‍ക്കുന്ന കല്പനയാണിത്!

അട്ടിമറികളിലൂടെ വന്നുഭവിച്ച ദുരന്തത്തിന്റെ ആഘാതത്തെ ഗൗരവമായി ആരും ശ്രദ്ധിക്കാത്തതുകൊണ്ടാണ് കഴിഞ്ഞ പതിനേഴ്‌ നൂറ്റാണ്ടുകള്‍ സകലരില്‍നിന്നും സത്യം മറച്ചുവയ്ക്കപ്പെട്ടത്. രക്ഷകന്റെ യഥാര്‍ത്ഥ പേരായ ‘യേഹ്ശുവാ’ എന്നതിലെ ദിവ്യരഹസ്യം (YHWH) വായനക്കാരില്‍നിന്ന് മറച്ചുപിടിക്കാന്‍വേണ്ടി, ഗ്രീക്ക് ഭാഷയിലെ ‘ഇയേസൂസ്’ (Ἰησοῦς) എന്ന പദത്തെ മൂലരൂപമായി അവര്‍ പ്രതിഷ്ഠിച്ചു. പിന്നീട് ലത്തീന്‍ സ്വാധീനത്തില്‍ ഇത് 'യീസുസ്' ആയി മാറിയപ്പോള്‍ ആ സത്യം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു.

ഒരുകാര്യം കൂടി ഈ വിഷയത്തില്‍ മനസ്സിലാക്കാനുണ്ട്. എന്തെന്നാല്‍, റോമന്‍ കത്തോലിക്കാസഭയുടെ കുരിശില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ‘INRI’ എന്നല്ല പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ കുരിശില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ കുരിശിലെ ചുരുക്കെഴുത്ത് ‘INBI’ എന്നാണ്. ‘B’ എന്ന അക്ഷരം ‘ബാസിലെയുസ്’ എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ‘രാജാവ്’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. അതായത്, ലത്തീനില്‍ ‘രാജാവ്’ എന്നതിന് Rex എന്ന് ഉപയോഗിക്കുമ്പോള്‍ ഗ്രീക്കില്‍ അത് ‘ബാസിലെയുസ്’ (Basileus) ആണ്. അതുകൊണ്ടാണ് ലത്തീനില്‍ ‘R’ വന്നിടത്ത് ഗ്രീക്കില്‍ ‘B’ വരുന്നത്. പല കിഴക്കന്‍ ഓര്‍ത്തഡോക്സ് (Eastern Orthodox) പള്ളികളിലെയും കുരിശുകളില്‍ ‘INRI’ക്ക് പകരം ‘INBI’ എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും. ഇനി നമുക്ക് ദൈവം കയ്യൊപ്പ് ചാര്‍ത്തിയ ഹീബ്രു ലിഖിതം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം.

യെഹൂദരെ ആലോസരപ്പെടുത്തിയ കുരിശിലെ ശീര്‍ഷകം!

പീലാത്തോസ് എഴുതിവച്ച ശീര്‍ഷകം യെഹൂദരെ ആലോസരപ്പെടുത്തിയെന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. ഈ വെളിപ്പെടുത്തല്‍ നോക്കുക: “യെഹൂദരുടെ പുരോഹിതപ്രമുഖന്മാര്‍ പീലാത്തോസിനോട് പറഞ്ഞു: യെഹൂദരുടെ രാജാവ് എന്നല്ല, യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്. പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി”(യോഹന്നാ‌ന്‍: 19; 21, 22). പീലാത്തോസ് എഴുതിവച്ച ശീര്‍ഷകത്തെ ഭയന്നത് ഗ്രീക്കുകാരും റോമാക്കാരും മാത്രമല്ല, യെഹൂദരുടെ പുരോഹിതന്മാരും അതിനെ ഭയന്നിരുന്നു. ആ ശീര്‍ഷകത്തിനെതിരേ ഗ്രീക്കുകാരും റോമാക്കാരും നടത്തിയ അട്ടിമറികള്‍ നാം കണ്ടു. എന്നാല്‍, അത് എഴുതിവച്ചപ്പോള്‍ത്തന്നെ എതിര്‍ത്തവരാണ് യെഹൂദരുടെ പുരോഹിതപ്രമുഖന്മാര്‍! 

ആ ശീര്‍ഷകത്തിനെതിരേ ഇത്രയേറെ അട്ടിമറികള്‍ ലത്തീനിലും ഗ്രീക്കിലും നടന്നെങ്കില്‍, പീലാത്തോസ് ഹീബ്രുവില്‍ എഴുതിയ ആ യഥാര്‍ത്ഥ ശീര്‍ഷകം എന്തായിരുന്നു? എന്തുകൊണ്ടാണ് യെഹൂദ പ്രമാണികള്‍ അത് കണ്ടപ്പോള്‍ പരിഭ്രമിച്ചതും അത് മാറ്റണമെന്ന് പീലാത്തോസിനോട് കെഞ്ചിയതും? ആ ഹീബ്രു വരികളിലെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ തെളിയുന്ന ആ മഹാസത്യം നമുക്ക് പരിശോധിക്കാം.

യേഹ്ശുവായുടെ കുരിശിന് മുകളില്‍ പീലാത്തോസ് എഴുതിവച്ചതും ദൈവത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ടതുമായ ഹീബ്രു ശീര്‍ഷകം ഇപ്രകാരമായിരുന്നു: “യേഹ്ശുവാ ഹനസ്രെയ് വുമെലെഖ് ഹയെഹുദിം” (Yehshuwah Hanazrei Wumelech Hayehudim). നാല് വാക്കുകള്‍ മാത്രമാണ് ഈ ഹീബ്രു ലിഖിതത്തിലുള്ളത്. ഇതിന്റെ മലയാളം നാം മുന്‍പ് മനസ്സിലാക്കിയതുപോലെ, ‘നസ്രായേനായ യേഹ്ശുവാ, യെഹൂദരുടെ രാജാവും’ എന്നാണ്. ഇത് എഴുതാന്‍ ഉപയോഗിച്ച നാല് വാക്കുകളില്‍ ഓരോന്നിന്റെയും ആദ്യാക്ഷരങ്ങളും ‘യാഹ്‌വെ’ (יהוה) എന്ന പേരിലെ നാല് അക്ഷരങ്ങളും ശ്രദ്ധിച്ചാല്‍ ഒരു അദ്ഭുതം ദര്‍ശിക്കാന്‍ കഴിയും. യാഹ്‌വെ എന്ന പേരെഴുതാന്‍ നാല് ഹീബ്രു അക്ഷരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നാം മനസ്സിലാക്കിയതാണ്. ആ അക്ഷരങ്ങളുടെ ഉച്ചാരണവും വ്യക്തതയോടെ നാം മനസ്സിലാക്കി. യോദ്-ഹെ-വാവ്-ഹെ’ എന്നിങ്ങനെയാണ് ആ അക്ഷരങ്ങളുടെ ഉച്ചാരണം. അതായത്, ‘യാഹ്‌വെ’ എന്ന പേരിന്റെ ആദ്യത്തെ അക്ഷരം ‘യോദ്’, രണ്ടാമത്തെ അക്ഷരം ‘ഹെ’, മൂന്നാമത്തെ അക്ഷരം ‘വാവ്’, നാലാമത്തെ അക്ഷരം വീണ്ടും ‘ഹെ’. ഈ ക്രമത്തില്‍ ഈ നാല് അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ‘യാഹ്‌വെ’ (יהוה) എന്ന് വായിക്കാന്‍ കഴിയും. ലാറ്റിന്‍ ലിപി ഉപയോഗിച്ച് എഴുതിയാല്‍ ഇത് ‘Y-H-W-H’ എന്നാണ് വായിക്കുന്നത്. 

ഇനി നമുക്ക് കുരിശിന് മുകളില്‍ പീലാത്തോസ് എഴുതിവച്ച ഹീബ്രു ശീര്‍ഷകത്തിലേക്ക് നോക്കാം. അവിടെ എഴുതിവച്ചിരിക്കുന്നത് ഹീബ്രുവിലെ നാല് അക്ഷരങ്ങള്‍ അല്ല, നാല് ഹീബ്രു വാക്കുകളാണ്. ഒന്നാമത്തെ വാക്ക് ‘യേഹ്ശുവാ’ (Yehshuwah), രണ്ടാമത്തെ വാക്ക് ‘ഹനസ്രെയ്’ (HaNatzrei), മൂന്നാമത്തെ വാക്ക് ‘വുമെലെഖ്’ (Wumelech), നാലാമത്തെ വാക്ക് ‘ഹയെഹുദിം’ (HaYehudim) എന്നിങ്ങനെയാണ് വാക്കുകളുടെ ക്രമം. ഈ വാക്കുകളില്‍ ഓരോന്നിന്റെയും ലാറ്റിന്‍ ലിപ്യന്തരത്തിലെ ആദ്യാക്ഷരങ്ങള്‍ എടുത്ത് ചേര്‍ത്തുവച്ചാല്‍ അത് ‘Y-H-W-H’ എന്നായിരിക്കും. യേഹ്ശുവാ എന്ന പേരിന്റെ ആദ്യാക്ഷരം മലയാളത്തില്‍ ഉച്ചരിക്കുന്നത് ‘യ’ എന്നാണെങ്കിലും, ഹീബ്രുവില്‍ ഇതിന്റെ ഉച്ചാരണം ‘യോദ്’ എന്നാണ്. ‘ഹനസ്രെയ്’ എന്ന രണ്ടാമത്തെ വാക്കിന്റെ ആദ്യാക്ഷരം മലയാളത്തില്‍ ‘ഹ’ എന്ന് ഉച്ചരിക്കുമ്പോള്‍, ഹീബ്രുവില്‍ ഇത് ‘ഹെ’ എന്നാണ് ഉച്ചരിക്കുന്നത്. മൂന്നാമത്തെ വാക്ക് ‘വുമെലെഖ്’ ആണ്. ഈ വാക്കിന്റെ ആദ്യാക്ഷരം മലയാളത്തില്‍ ‘വു’  എന്നും ഹീബ്രുവില്‍ ‘വാവ്’ എന്നും ഉച്ചരിക്കുന്നു. പീലാത്തോസ് എഴുതിയ നാലാമത്തെ വാക്ക് ‘ഹയെഹുദിം’ ആണ്. ഈ വാക്കിന്റെ ആദ്യാക്ഷരം മലയാളത്തില്‍ ‘ഹ’ എന്ന് ഉച്ചരിക്കുമ്പോള്‍, ഹീബ്രുവില്‍ ‘ഹെ’ എന്നാണ് ഉച്ചരിക്കുന്നത്.

ലാറ്റിന്‍ ലിപി ഉപയോഗിച്ച് ഇതെഴുതുമ്പോള്‍, ആ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുവച്ചാല്‍ അത് ‘Y-H-W-H’ എന്നായിരിക്കും. യെഹൂദരുടെ പുരോഹിതപ്രമുഖന്മാരെ ആലോസരപ്പെടുത്തിയതും കോപാകുലരാക്കിയതും ഈ ശീര്‍ഷകമാണ്! അവര്‍ ക്രൂശിക്കാന്‍ വിട്ടുകൊടുത്ത യേഹ്ശുവായുടെ കുരിശിന് മുകളില്‍ ‘യാഹ്‌വെ’ (יהוה) എന്ന പേര് എഴുതിവച്ചത് കണ്ടപ്പോള്‍ അവര്‍ ഭയന്നുവിറച്ചതുകൊണ്ടാണ് പീലാത്തോസിനോട് അത് തിരുത്താന്‍ അപേക്ഷിച്ചത്. ആ നാല് വാക്കുകള്‍ ഹീബ്രു അക്ഷരങ്ങളില്‍ എഴുതിയാല്‍ അത് എപ്രകാരമായിരിക്കുമെന്ന് നോക്കുക:

യേഹ്ശുവാ (Yehshuwah) (യ - ישוע) 
​ഹനസ്രെയ് (HaNatzrei) (ഹ - הַנָּצְרִי)
​വുമെലെഖ് (Wumelech) (വു - ומלך)
​ഹയെഹുദിം (HaYehudim) (ഹ - היהודים)

ഈ നാല് വാക്കുകളുടെ ആദ്യാക്ഷരങ്ങളാണ് യെഹൂദരുടെ പുരോഹിതപ്രമുഖന്മാരെ അസ്വസ്ഥരാക്കിയത്! ഹീബ്രുവില്‍ എഴുതുന്നതും വായിക്കുന്നതും വലത്തുനിന്ന് ഇടത്തോട്ട് ആയതിനാല്‍, ആദ്യാക്ഷരം ഏറ്റവും വലത്തുവശത്ത്‌ കാണുന്നതാണ്. ഈ ആദ്യാക്ഷരങ്ങള്‍ ക്രമമായി ചേര്‍ത്തുവെച്ചാല്‍, ‘യാഹ്‌വെ’ (יהוה) എന്ന് വായിക്കാന്‍ സാധിക്കും. ലാറ്റിന്‍ അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതിയിരിക്കുന്ന വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ വായിക്കാന്‍ സാധിക്കുന്നതാകട്ടെ, ‘Y-H-W-H’ എന്നുമാണ്! ‘യാഹ്‌വെ’ എന്ന അതിപരിശുദ്ധമായ ഈ പേര് നീക്കംചെയ്താണ് ‘INRI’ എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച അര്‍ത്ഥശൂന്യമായ വാക്ക് കുരിശില്‍ പ്രതിഷ്ഠിച്ചത്! 

പുരോഹിതന്മാരുടെ കൗശലവും പീലാത്തോസിന്റെ ഉറപ്പും!

യെഹൂദരുടെ പുരോഹിതപ്രമുഖന്മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ശീര്‍ഷകം തിരുത്തിയെഴുതാന്‍ പീലാത്തോസ് തയ്യാറായിരുന്നുവെങ്കില്‍ എന്ത് മാറ്റമാണ് സംഭവിക്കുന്നതെന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാകുകയുള്ളു. പുരോഹിതന്മാര്‍ ആവശ്യപ്പെട്ടത് “യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് അവന്‍ പറഞ്ഞു”(യോഹന്നാന്‍ 19:21) എന്ന് എഴുതാനാണല്ലോഈ വാചകം ഹീബ്രു ഭാഷയില്‍ എഴുതിയാല്‍ അത് ഏകദേശം ഇപ്രകാരമായിരിക്കും: ​אָמַר אֲנִי מֶלֶך הַיְּהוּדִים (Amar Ani Melekh HaYehudim). ​ഈ വാചകത്തിന്റെ ഘടന നമുക്കൊന്ന് പരിശോധിക്കാം:

​אָמַר (Amar): അവന്‍ പറഞ്ഞു (Said)
​אֲנִי (Ani): ഞാന്‍ (I am)
​מֶלֶךְ (Melekh): രാജാവ് (King)
​הַיְּהוּדִים (HaYehudim): യെഹൂദരുടെ (Of the Jews)

ഇവിടെയാണ് ആ പ്രധാന മാറ്റം സംഭവിക്കുന്നത്. പീലാത്തോസ് എഴുതിയ ശീര്‍ഷകത്തില്‍ ഉണ്ടായിരുന്നത് നാല് വാക്കുകളായിരുന്നു. Yehshuwah, HaNatzrei, Wumelekh, HaYehudim എന്നിങ്ങനെയായിരുന്നു അത്. പുരോഹിതന്മാര്‍ പറഞ്ഞത് പോലെ എഴുതിയാല്‍ അവിടെയും നാല് വാക്കുകള്‍ തന്നെ വരാം. അത് അമര്‍ (Amar), അനി (Ani), മെലെഖ് (Melekh), ​ഹയെഹുദിം (HaYehudim) എന്നിങ്ങനെയായിരിക്കും. അപ്പോള്‍ ‘യേഹ്ശുവാ’ (Yehshuwah) എന്ന പേരും ‘ഹനസ്രെയ്’ (HaNatzrei) എന്ന വാക്കും പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. പീലാത്തോസിന്റെ ലിഖിതത്തില്‍ ‘യേഹ്ശുവാ’ എന്ന പേരാണ് ഒന്നാമത്. അതിന്റെ ആദ്യക്ഷരമായ 'യോദ്' (Y) ആണ് ദൈവത്തിന്റെ പേരിലെ (YHWH) ആദ്യ അക്ഷരം. എന്നാല്‍, പുതിയ വാചകത്തില്‍ ഒന്നാമത്തെ വാക്ക് ‘അമര്‍’ (Amar) ആണ്. ഹീബ്രുവിലെ ‘ആലഫ്’ (A) ആണ് അതിന്റെ ആദ്യക്ഷരം. അതോടെ ആ കോഡ് തകരുന്നു.

പീലാത്തോസ് എഴുതിയ രണ്ടാമത്തെ വാക്ക് ‘ഹനസ്രെയ്’ (HaNatzrei) ആയിരുന്നുവെന്ന് നാം കണ്ടതാണ്. അതുകൊണ്ടുതന്നെ, ‘ഹെ’ - (H) ആണ് പീലാത്തോസിന്റെ ലിഖിതത്തിലെ ആദ്യക്ഷരം. പുരോഹിതന്മാര്‍ പറഞ്ഞ വരിയിലെ രണ്ടാമത്തെ വാക്കാകട്ടെ, ‘അനി’ (Ani) ആണ്. അങ്ങനെയെങ്കില്‍, ‘ആലഫ്’ (A) തന്നെയാണ് ഇതിന്റെയും ആദ്യക്ഷരം​ചുരുക്കത്തില്‍, പീലാത്തോസ് എഴുതിയ ആ ശീര്‍ഷകത്തിന് മുന്‍പില്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയല്ല, മറിച്ച് ദൈവത്തിന്റെ പേര് വെളിവാകുന്ന ആ രണ്ട് പ്രധാന വാക്കുകളെ (യേഹ്ശുവാ, ഹനസ്രെയ്) ശീര്‍ഷകത്തില്‍നിന്ന് മാറ്റിക്കളയുക എന്നതായിരുന്നു പുരോഹിതന്മാരുടെ തന്ത്രം. അവര്‍ നിര്‍ദ്ദേശിച്ച വാചകത്തിലെ വാക്കുകളുടെ ആദ്യക്ഷരങ്ങള്‍ നാം ശ്രദ്ധിച്ചാല്‍, അവിടെ ‘Y-H-W-H’ (יהוה)എന്ന പരിശുദ്ധമായ പേര് അപ്രത്യക്ഷമാകുന്നത് കാണാം. പകരം വരുന്ന അക്ഷരങ്ങള്‍ ദൈവത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, ‘AAMH’ എന്ന അര്‍ത്ഥശൂന്യമായ വാക്ക് പ്രതിഷ്ഠിക്കപ്പെടുകയാണ് ചെയ്യുന്നത്. പുരോഹിതന്മാരുടെ ഈ കുടിലതന്ത്രം പീലാത്തോസിലൂടെ ദൈവം നിഷ്ഫലമാക്കി“ഞാനെഴുതിയത് എഴുതി” എന്ന പീലാത്തോസിന്റെ ‘ഇംപീരിയല്‍’ മറുപടിയിലൂടെ, മാനുഷികമായ കൗശലങ്ങളെ തകര്‍ത്ത് ദൈവം തന്റെ കയ്യൊപ്പ് അവിടെ നിലനിര്‍ത്തി. ലോകത്തിന്റെ രക്ഷകനായ യേഹ്ശുവാ ആരാണെന്ന് ആ ഹീബ്രു അക്ഷരങ്ങളിലൂടെ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നു.

​യേഹ്ശുവാ കുരിശില്‍ തൂങ്ങിക്കിടക്കുമ്പോള്‍ ആ തലയ്ക്ക് മുകളില്‍ ദൈവത്തിന്റെ പരിശുദ്ധമായ പേര് തെളിഞ്ഞുനില്‍ക്കുന്നത് പുരോഹിതരെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെയാണ് ആ പേര് അവിടെനിന്നും മാറ്റാന്‍ അവര്‍ ശ്രമിച്ചത്അതെ, പീലാത്തോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് പിന്നിലെ ദൈവിക ഇടപെടല്‍ നാം തിരിച്ചറിയണം. എന്നാല്‍, നാലാം നൂറ്റാണ്ടില്‍ എല്ലാം തകിടം മറിഞ്ഞു. യെഹൂദരുടെ പുരോഹിതപ്രമുഖന്മാര്‍ക്ക് സാധിക്കാത്തത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും അവന്റെ ആജ്ഞാനുവര്‍ത്തികളായ ക്രൈസ്തവ നേതാക്കന്മാരും ചേര്‍ന്ന് സാദ്ധ്യമാക്കി. ദൈവികമുദ്ര നീക്കംചെയ്ത കുരിശുമായി ഇന്നത്തെ ക്രൈസ്തവസമൂഹവും അവരെ അനുഗമിക്കുന്നു!

‘യാഹ്‌വെ’ എന്ന സത്യവും ‘യഹോവ’ എന്ന വ്യാജവും!

​കുരിശിലെ ശീര്‍ഷകത്തില്‍ തെളിയുന്ന ഈ നാല് ഹീബ്രു അക്ഷരങ്ങളെ (יהוה - YHWH) ‘യഹോവ’ (Jehovah) എന്ന് വിളിക്കുന്നത് ഭാഷാപരമായ വലിയൊരു തെറ്റാണെന്ന് ഇവിടെ നാം തിരിച്ചറിയണം. ദൈവത്തിന്റെ പരിശുദ്ധമായ പേരായ ‘യാഹ്‌വെ’ എന്നതിലെ വ്യഞ്ജനാക്ഷരങ്ങളോടൊപ്പം ‘അദോനായ്’ (Adonai) എന്ന പദത്തിലെ സ്വരചിഹ്നങ്ങള്‍ പില്‍ക്കാലത്ത് മനുഷ്യര്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ രൂപമാണ് ‘യഹോവ’. ‘J’ എന്ന അക്ഷരത്തിന് ‘ജ’ എന്ന ശബ്ദമുള്ള ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളില്‍ ഈ പേര് ദൈവത്തിന്റെ യഥാര്‍ത്ഥ പേരിനെ പൂര്‍ണ്ണമായും വികലമാക്കുന്നു. ഹീബ്രു മൂലത്തോട് നീതിപുലര്‍ത്തുന്ന ശരിയായ ഉച്ചാരണം ‘യാഹ്‌വെ’ (Yahweh) എന്ന് തന്നെയാണ്. ‘യാഹ്‌വെ രക്ഷയാകുന്നു’ എന്നാണ് യേഹ്ശുവാ (Yehshuwah) എന്ന പേരിന്റെ അര്‍ത്ഥം എന്നുകൂടി നാം കാണുമ്പോള്‍, യഥാര്‍ത്ഥ ദൈവനാമം ‘യാഹ്‌വെ’ ആണെന്ന് സംശയരഹിതമായി തെളിയുന്നു. ലോകത്തെ രക്ഷിക്കാന്‍ മനുഷ്യാവതാരം ചെയ്ത ഏകസത്യദൈവത്തിന്റെ പരിപൂര്‍ണ്ണമായ പേരാണ് ‘യേഹ്ശുവാ’!

ഹീബ്രു ഭാഷയുടെ വ്യാകരണ നിയമങ്ങളെ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് ‘യഹോവ’ എന്ന പദം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം. പുരാതന ഹീബ്രു ലിപിയില്‍ വ്യഞ്ജനാക്ഷരങ്ങള്‍ (Consonants) മാത്രമേ ഉണ്ടായിരുന്നുള്ളൂ; സ്വരാക്ഷരങ്ങള്‍ (Vowels) പില്‍ക്കാലത്ത് ‘മാസോറെറ്റുകള്‍’ കൂട്ടിച്ചേര്‍ത്തതാണ്. ‘യാഹ്‌വെ’ (YHWH) എന്ന അതിപരിശുദ്ധമായ പേര് ഉച്ചരിക്കാന്‍ പ്രവാസകാലങ്ങളില്‍ ഭയപ്പെട്ടിരുന്ന യെഹൂദര്‍, ആ പേര് കാണുന്നിടത്തെല്ലാം ‘അദോനായ്’ (നാഥന്‍) എന്ന് വായിക്കാന്‍വേണ്ടി ഒരു സൂചന നല്‍കി. അതായത്, ‘യാഹ്‌വെ’ എന്ന പേരിലെ നാല് വ്യഞ്ജനാക്ഷരങ്ങള്‍ക്ക് ചുവടെ ‘അദോനായ്’ എന്ന വാക്കിലെ സ്വരചിഹ്നങ്ങള്‍ (Vowel points) അവര്‍ രേഖപ്പെടുത്തി. ഇതൊരു വായനാനിയമം മാത്രമായിരുന്നു. എന്നാല്‍, ഈ വ്യാകരണരഹസ്യം അറിയാതിരുന്ന പില്‍ക്കാല പരിഭാഷകര്‍, ‘യാഹ്‌വെ’ എന്ന വ്യഞ്ജനാക്ഷരങ്ങളെയും ‘അദോനായ്’ എന്ന സ്വരചിഹ്നങ്ങളെയും അന്ധമായി കൂട്ടിച്ചേര്‍ത്ത് ‘യഹോവ’ (Yehowah) എന്ന വിചിത്രമായ ഒരു ഹൈബ്രിഡ് പദം നിര്‍മ്മിച്ചെടുത്തു. ഹീബ്രു ഭാഷയില്‍ ‘യഹോവ’ എന്ന വാക്കിന് യാതൊരു അര്‍ത്ഥവുമില്ലെന്ന് മാത്രമല്ല, സ്രഷ്ടാവിന്റെ പേരിനെ കേവലമൊരു പദക്കൂട്ടമായി തരംതാഴ്ത്തുകയാണ് ഇതിലൂടെ ചെയ്തത്.

ദൈവനാമത്തെ വികലമാക്കുന്നതില്‍ ‘J’ (ജെ) എന്ന ലാറ്റിന്‍ അക്ഷരത്തിന്റെ കടന്നുകയറ്റം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, ഹീബ്രു ഭാഷയിലോ ഗ്രീക്കിലോ ലാറ്റിന്റെ ആദ്യകാല രൂപങ്ങളിലോ ‘J’ എന്ന അക്ഷരമോ ‘ജ’ എന്ന ഉച്ചാരണമോ ഇല്ലായിരുന്നു. പുരാതന ലാറ്റിന്‍ ലിഖിതങ്ങളില്‍ ‘I’ (ഐ), ‘Y’ (വൈ) എന്നീ അക്ഷരങ്ങളാണ് ‘യ’ എന്ന ശബ്ദത്തിനായി ഉപയോഗിച്ചിരുന്നത്. ‘യീസുസ്’ എന്ന ഉച്ചാരണത്തില്‍ ‘IESUS’ എന്ന് എഴുതിയിരുന്നത് അതുകൊണ്ടാണ്. എന്നാല്‍ പതിനാറാം നൂറ്റാണ്ടിനുശേഷം ലാറ്റിന്‍ എഴുത്തുശൈലിയില്‍ ഉണ്ടായ മാറ്റങ്ങളുടെ ഫലമായി ‘I’ എന്ന അക്ഷരത്തിന് താഴേക്ക് ഒരു വാല് നല്കി‍ ‘J’ എന്ന പുതിയ രൂപം സൃഷ്ടിക്കപ്പെട്ടു. അതോടെയാണ് ‘I , Y’ (ഐ, വൈ) എന്നീ അക്ഷരങ്ങളില്‍ ആരംഭിച്ചിരുന്ന വാക്കുകളില്‍ സ്ഥാനത്തും അസ്ഥാനത്തും ‘J’ എന്ന പുതിയ അക്ഷരം പരീക്ഷിക്കപ്പെട്ടത്. ഈ പുതിയ അക്ഷരത്തിന് ‘ജ’ എന്ന കടുപ്പമേറിയ ഉച്ചാരണം ലഭിച്ചതോടെ, ‘IESUS’ എന്നത് ‘JESUS’ (ജീസസ്) ആയും ‘യാഹ്‌വെ’ എന്നതിലെ ‘യ’ കാരം (Y) ‘ജ’ ആയും മാറ്റിമറിക്കപ്പെട്ടു. ഇത്തരത്തില്‍ ഭാഷാപരമായ കൃത്രിമത്വത്തിലൂടെ ‘യാഹ്‌വെ’ എന്ന പേര് ‘യഹോവ’യായും പിന്നീട് ‘ജെഹോവ’ (Jehovah) ആയും രൂപാന്തരപ്പെട്ടപ്പോള്‍, ദൈവനാമത്തിന്റെ ഹീബ്രു മൂലത്തിലുള്ള ആത്മീയമായ ശക്തിയും അര്‍ത്ഥവും വായനക്കാരില്‍നിന്ന് ബോധപൂര്‍വ്വം മറച്ചുവെക്കപ്പെടുകയാണുണ്ടായത്.

ലിപിയിലുണ്ടായ ഈ മാറ്റം ദൈവനാമത്തെ മാത്രമല്ല, ബൈബിളിലെ മറ്റു പ്രമുഖ പേരുകളെയും എങ്ങനെ ബാധിച്ചുവെന്ന് താഴെ പറയുന്ന ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും:

​IESUS എന്നത് JESUS (ജീസസ്) ആയി മാറി.
YACOB എന്നത് JACOB (ജേക്കബ്) ആയി മാറി.

യിരെമിയാഹിന്റെയും യേശൈയാഹിന്റെയും യേലിയാഹിന്റെയും മാത്രമല്ല, എല്ലാ ദൈവപുരുഷന്മാരുടെയും പേരുകള്‍ മാറ്റപ്പെട്ടു! പകരം പ്രതിഷ്ഠിക്കപ്പെട്ടത് അര്‍ത്ഥശൂന്യമായ ചില വാക്കുകളാണ്. അക്ഷരമാലയില്‍ വന്ന ഈ പരിഷ്കാരം കേവലം എഴുത്തിലെ മാറ്റം മാത്രമായിരുന്നില്ല; മറിച്ച്, പരിശുദ്ധമായ പേരുകളുടെ യഥാര്‍ത്ഥ ഉച്ചാരണത്തെയും ആത്മീയമായ അര്‍ത്ഥത്തെയും തകിടം മറിക്കാനുള്ള ഒരു ഉപാധിയായി ഇത് മാറുകയായിരുന്നു. എന്തെന്നാല്‍, ബൈബിളിലെ എല്ലാ പേരുകള്‍ക്കും കൃത്യമായ അര്‍ത്ഥമുണ്ട്.

‘യഹോവ’ എന്ന പദത്തിന്റെ ഉല്‍പ്പത്തിയിലെ വ്യാകരണ പിശകുകള്‍ക്കപ്പുറം, ഹീബ്രു ഭാഷയില്‍ ആ വാക്കിന് വരുന്ന അര്‍ത്ഥം ഏറെ ഗൗരവകരമാണ്. ഹീബ്രു നിഘണ്ടു പരിശോധിച്ചാല്‍ ‘ഹോവ’ (Hovah - הוה) എന്ന വാക്കിന്റെ അര്‍ത്ഥം ‘വിനാശം’ (Destruction), ‘വിപത്ത്’ (Mischief), ‘നാശം’ (Ruin) എന്നൊക്കെയാണെന്ന് കാണാന്‍ സാധിക്കും. ‘യാഹ്’ (Yah) എന്ന ദൈവനാമത്തിന്റെ ചുരുക്കരൂപത്തോടൊപ്പം ‘വിനാശം’ എന്നര്‍ത്ഥം വരുന്ന ‘ഹോവ’ എന്ന പദം ചേര്‍ത്തുണ്ടാക്കിയ ഈ ഹൈബ്രിഡ് രൂപം യഥാര്‍ത്ഥത്തില്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നതിന് തുല്യമാണ്. ദൈവത്തിന്റെ പരിശുദ്ധമായ പേരിനെ ‘നാശത്തിന്റെ ദൈവം’ എന്ന് വിശേഷിപ്പിക്കാന്‍ സാത്താന്‍ ഒരുക്കിയ ഒരു ഭാഷാപരമായ കെണിയായിരുന്നു ഈ വാക്ക് എന്ന് ഇവിടെ വ്യക്തമാകുന്നു. ഇത്രയും ഭയാനകമായ അര്‍ത്ഥമുള്ള ഒരു പദത്തെ ‘ദൈവനാമം’ എന്ന് കരുതി കൊണ്ടുനടക്കുന്നത് എത്ര വലിയ ആത്മീയ അപകടമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതെ, ‘യഹോവ’ എന്ന് വിളിക്കുന്നത് ദൈവദൂഷണമാണ്!

യാഹ്ശുവായോ യേഹ്ശുവായോ? വ്യാകരണ സത്യം തിരിച്ചറിയുക!

പുരാതന യിസ്രായേല്‍ക്കാര്‍ പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, യാഹ്‌വെ (יהוה) എന്ന പരിശുദ്ധ നാമത്തിന്റെ ചുരുക്കരൂപം പേരിന്റെ ആരംഭത്തിലോ അവസാനത്തിലോ ചേര്‍ക്കുന്ന രീതി നിലനിന്നിരുന്നു. യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെയും ഭൂരിഭാഗം പ്രവാചകന്മാരുടെയും പേരുകള്‍ പരിശോധിച്ചാല്‍ നമുക്കിത് വ്യക്തമാകും. എന്നാല്‍, പേരുകളോടൊപ്പം യാഹ്‌വെ (יהוה) എന്ന നാമത്തിന്റെ ചുരുക്കരൂപം ചേര്‍ക്കുമ്പോള്‍ ഹീബ്രുഭാഷാ നിയമങ്ങള്‍ അവര്‍ പാലിച്ചിരുന്നു. അതായത്, ‘യാഹ്‌വെ’ (יהוה) എന്ന പേരിന്റെ ശബ്ദം ചേര്‍ത്ത് മറ്റൊരു പേര് സൃഷ്ടിക്കുമ്പോള്‍, അതിന്റെ ഉച്ചാരണവും സ്ഥാനവും എങ്ങനെയായിരിക്കണം എന്നതിന് ഹീബ്രു വ്യാകരണത്തില്‍ സുവ്യക്തമായ നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ സത്യദൈവത്തിന്റെ പേര് വികലമാക്കപ്പെടുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍, ഒരു പേര് സൃഷ്ടിക്കുമ്പോള്‍ അതിനോടൊപ്പം ‘യാഹ്‌വെ’ എന്ന പേര് തങ്ങള്‍ക്ക് തോന്നിയതുപോലെ കൂട്ടിച്ചേര്‍ക്കാനോ ഉച്ചരിക്കാനോ ആര്‍ക്കും അവകാശമില്ല!

യാഹ്‌വെ (יהוה) എന്ന പരിശുദ്ധ നാമത്തിന്റെ ചുരുക്കരൂപം ഒരു പേരിന്റെ തുടക്കത്തില്‍ വരുമ്പോള്‍ അത് എങ്ങനെ ഉച്ചരിക്കണം എന്നതിനെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞതയാണ് ‘യാഹ്ശുവാ’, ‘യഹോശുവാ’ തുടങ്ങിയ തെറ്റായ പ്രയോഗങ്ങള്‍ക്ക് കാരണം. ഹീബ്രു വ്യാകരണ നിയമപ്രകാരം (Pre-tonic reduction), ദൈവനാമത്തിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങളായ യോദ്’ (י), ഹേ’ (ה) എന്നിവ ഒരു പേരിന്റെ തുടക്കത്തില്‍ വരുമ്പോള്‍ അത് യാഹ്’ (Yah) എന്നല്ല, മറിച്ച് യേഹ്’ (Yeh) എന്നാണ് ഉച്ചരിക്കേണ്ടത്. യെഹോവഹാസ്, യെഹോയാക്കിം, യെഹോയാഖിന്‍, യോസിയാഹ്, ഹെസെക്കിയാഹ് എന്നീ യിസ്രായേല്‍-യെഹൂദാ രാജാക്കന്മാരുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍, ഹീബ്രുഭാഷയിലെ വ്യാകരണ നിയമം എങ്ങനെ പാലിക്കപ്പെട്ടുവെന്ന് മനസ്സിലാകും. ഉദാഹരണമായി ചൂണ്ടിക്കാണിച്ച ആദ്യത്തെ മൂന്ന് പേരുകളില്‍ ദൈവനാമം ചേര്‍ക്കപ്പെട്ടിരിക്കുന്നത് പേരുകളുടെ ആരംഭത്തിലാണെങ്കില്‍, മറ്റ് രണ്ട് പേരുകളുടെ അവസാനഭാഗത്താണ് ദൈവനാമം വരുന്നത്. അതായത്, യാഹ്‌വെ (יהוה) എന്ന പരിശുദ്ധ നാമത്തിന്റെ ചുരുക്കരൂപമായ യാഹ്’ (Yah) ചേര്‍ത്ത് ഒരു പേര് സൃഷ്ടിക്കുമ്പോള്‍, അത് പേരിന്റെ അവസാനഭാഗത്തും, ‘യേഹ്’ (Yeh) ചേര്‍ത്താണ് പേര് സൃഷ്ടിക്കുന്നതെങ്കില്‍, അത് പേരിന്റെ ആരംഭത്തിലും ആയിരിക്കണം. അതുകൊണ്ട് യാഹ്’ (Yah) എന്ന പദം നേരിട്ട് ചേര്‍ത്ത് യാഹ്ശുവാ’ എന്ന് വിളിക്കുന്നത് ഹീബ്രു ഭാഷാ നിയമങ്ങള്‍ക്ക് വിരുദ്ധവും കേവലം വൈകാരികമായ ഒരു നിര്‍മ്മിതിയുമാണ്.

ഇനി നമുക്ക് ‘യെഹോശുവാ’, ‘യേശുവ’, ‘യെശുവ’ തുടങ്ങിയ ഉച്ചാരണങ്ങളിലെ അബദ്ധങ്ങള്‍ മനസ്സിലാക്കാം. ​‘യഹോവ’ എന്ന പേര് ഉണ്ടാക്കിയതുപോലെ തന്നെ കൃത്രിമമായ ഒരു കൂട്ടിച്ചേര്‍ക്കലാണ് ‘യെഹോശുവാ’ (Yehoshua) എന്ന പ്രയോഗവും. ഹീബ്രു മൂലഗ്രന്ഥത്തില്‍ ഒരിടത്തും ഇല്ലാത്ത ഈ പേര്, ‘യാഹ്‌വെ’ എന്ന നാമത്തിലെ അക്ഷരങ്ങളും ‘ശുവാ' എന്ന പദവും തമ്മില്‍ അശാസ്ത്രീയമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ച പിശകാണ്. അതുപോലെ തന്നെ ‘യേശുവ’, ‘യെശുവ’ തുടങ്ങിയ രൂപങ്ങള്‍ ഈ നാമത്തിന്റെ മഹത്വത്തെ ലഘൂകരിക്കാന്‍ ബാബിലോണിയന്‍ പ്രവാസകാലത്തിന് ശേഷം ബോധപൂര്‍വ്വമോ അല്ലാതെയോ സൃഷ്ടിച്ച വ്യതിയാനങ്ങളാണ്. മൂലഭാഷയായ ഹീബ്രുവിലെ ‘യേ’ (יְ) എന്ന അക്ഷരത്തിന് താഴെയുള്ള ‘ഷെവ’ (Sheva) എന്ന ചിഹ്നം കൃത്യമായി ഉച്ചരിച്ചാല്‍ അത് ‘യേഹ്’ എന്ന ശബ്ദമാണ് നല്‍കുന്നത്. ഈ കൃത്യത പാലിക്കാതെ വരുമ്പോള്‍ അത് വെറും ‘യേ’ എന്നോ ‘യെ’ എന്നോ ആയി ചുരുങ്ങിപ്പോകുന്നു. ‘യേഹ്’ എന്ന് കൃത്യമായി ഉച്ചരിക്കുന്നതിന് പകരം, അനാവശ്യമായി ‘ഒ’ (O) എന്ന ശബ്ദം തിരുകിക്കയറ്റിയാണ് ‘യെഹോശുവാ’ എന്ന തെറ്റായ പേര് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

യെഹോവഹാസ്, യെഹോയാക്കിം, യെഹോയാഖിന്‍ എന്നീ പേരുകള്‍ ആരംഭിക്കുന്നത് ‘യെഹോ’ എന്ന ഉച്ചാരണത്തിലായിരിക്കെ, ‘യെഹോശുവാ’ എന്ന ഉച്ചാരണം എങ്ങനെ തെറ്റാകും എന്ന ചോദ്യം ഉയരാന്‍ സാദ്ധ്യതയുണ്ട്. അതിവിടെ വ്യക്തമാക്കാം. മേല്‍പ്പറഞ്ഞ രാജാക്കന്മാരുടെ പേരുകള്‍ ഹീബ്രു മൂലഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ ‘യേഹ്’ (Yeh) എന്ന ഉച്ചാരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. എന്നാല്‍, ‘യേഹ്ശുവാ’ എന്ന പേരിന്റെ കാര്യത്തില്‍ ബാബിലോണിയന്‍ പ്രവാസത്തിന് ശേഷമുള്ള ചരിത്രരേഖകളില്‍ പേരിന്റെ ആദ്യഭാഗം ലോപിച്ച് ‘യെശുവ’ (Yeshua) ആയി മാറുകയായിരുന്നു. ഈ ചുരുക്കരൂപത്തെ പിന്നീട് ‘യഹോവ’ (Yehovah/Jehovah) എന്ന തെറ്റായ നാമത്തോടുള്ള സാമ്യം നിലനിര്‍ത്താനായി ‘യെഹോശുവാ’ എന്ന് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് അശാസ്ത്രീയമാകുന്നത്.

ഹഗ്ഗായി പ്രവാചകന്‍ തന്റെ പുസ്തകത്തില്‍ (ഹഗ്ഗായി 1:12) ‘യോഹ്ശ്വ’ എന്ന് രേഖപ്പെടുത്തിയതിലൂടെ വ്യക്തമാക്കുന്നത്, രക്ഷകന്റെ പേരില്‍ ദൈവനാമത്തിന്റെ അംശം ഒഴിവാക്കാനോ അനാവശ്യ സ്വരങ്ങള്‍ ചേര്‍ത്ത് വികലമാക്കാനോ പാടില്ല എന്നതാണ്. ചുരുക്കത്തില്‍, രാജാക്കന്മാരുടെ പേരുകള്‍ വ്യാകരണ നിയമങ്ങളാല്‍ സ്വാഭാവികമായി രൂപപ്പെട്ടപ്പോള്‍, ‘യേഹ്ശുവാ’ എന്ന പേരിനെ ‘യെഹോശുവാ’ ആക്കി മാറ്റിയത് ‘യഹോവ’ എന്ന കൃത്രിമമായ പേരിന് സാധുത നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. രക്ഷകന്റെ പേര് അതിന്റെ പൂര്‍ണ്ണമായ ആന്തരാര്‍ത്ഥത്തില്‍ ഉച്ചരിക്കപ്പെടണമെങ്കില്‍, ഈ കൃത്രിമ ഉച്ചാരണങ്ങള്‍ ഉപേക്ഷിച്ച്, ‘യേഹ്’ (യാഹ്‌വെ) എന്ന പദത്തോട് ‘ശുവാഹ്’ (രക്ഷ) ചേര്‍ത്ത് ‘യേഹ്ശുവാ’ എന്ന് തന്നെ ഉപയോഗിക്കേണ്ടതുണ്ട്.

ഇവിടെ ഒരുകാര്യം പ്രത്യേകം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, യേഹ്ശുവാ എന്ന പേര് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്, ‘യാഹ്‌വെ’ എന്ന പേരും ‘ശുവാഹ്’ എന്ന വാക്കും ചേര്‍ത്താണ്. ‘ശുവാഹ്’ എന്ന വാക്കിന്റെ അര്‍ത്ഥം രക്ഷ എന്നാണെങ്കിലും, വചനപ്രകാരം ഇതിനെ കേവലം രക്ഷ എന്ന് മാത്രം വിളിച്ചാല്‍ അതിന്റെ പൂര്‍ണ്ണതയാകില്ല. ഹീബ്രു മൂലഭാഷയില്‍ ഇതിന് മൂന്ന് പ്രധാന അര്‍ത്ഥതലങ്ങളാണുള്ളത്ഇത് സൂചിപ്പിക്കുന്നത് പാപത്തില്‍നിന്നും മരണത്തില്‍നിന്നും നിത്യമായ നാശത്തില്‍നിന്നുമുള്ള വിമോചനത്തെയാണ്. മറിച്ച്, വെറുമൊരു അപകടത്തില്‍നിന്നുള്ള രക്ഷയല്ല! സമൃദ്ധി അഥവാ വിശാലത എന്ന അര്‍ത്ഥവും ‘ശുവാഹ്’ എന്ന വാക്കിനുണ്ട്. അടിമത്തത്തിന്റെ ഇടുങ്ങിയ സാഹചര്യത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് ഒരാളെ എത്തിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

‘ശുവാഹ്’ എന്ന വാക്കിന്റെ മറ്റൊരു തലം ‘സഹായത്തിനായി ഉറക്കെ വിളിക്കുക’ എന്നതാണ്. അതായത്, ഒരു മനുഷ്യന്‍ തന്റെ നിസ്സഹായതയില്‍ ദൈവത്തെ നോക്കി നടത്തുന്ന ആഴമായ നിലവിളിയും അതിനുള്ള ദൈവത്തിന്റെ ഉത്തരവുമാണ് ഈ പദത്തില്‍ അടങ്ങിയിരിക്കുന്നത്. ‘യാഹ്‌വെ രക്ഷയാകുന്നു’ എന്നതാണ് ‘യേഹ്ശുവാ’ എന്ന പേരിന്റെ അര്‍ത്ഥം. കൃത്യമായിപ്പറഞ്ഞാല്‍, ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും ആയവന്‍ രക്ഷയാകുന്നു എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ഒരേയൊരു പേര് ‘യേഹ്ശുവാ’ എന്നതാണ്! ഈ പേര് ഒരുവന്‍ ഏറ്റുപറയുമ്പോള്‍, യാഹ്‌വെയോട് തന്നെ രക്ഷിക്കണമേ എന്ന് നിലവിളിക്കുന്നതായും വ്യാഖ്യാനിക്കാം! ഈ വചനം ഇവിടെ അനുസ്മരിക്കുന്നത് അവസരോചിതമായിരിക്കും: “മറ്റാരിലും രക്ഷയില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെയിടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 4; 12).

മുന്‍പ് നാം കണ്ടതുപോലെ, ഹീബ്രുവില്‍ ദൈവനാമം ഒരു പദത്തിന്റെ അവസാനത്തില്‍ വരുമ്പോള്‍ മാത്രമാണ് ‘യാഹ്’ (Yah) എന്ന് ഉച്ചരിക്കുന്നത്. ‘ഹാലേലൂയാഹ്’ (Hallelujah) എന്ന പദത്തില്‍ ദൈവനാമം വരുന്നത് അവസാനത്തിലാണ്. അതുകൊണ്ടാണ് അവിടെ ‘യാഹ്’ എന്ന് പ്രയോഗിക്കുന്നത്. എന്നാല്‍, ദൈവം തന്റെ രക്ഷാകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി മനുഷ്യപുത്രനായി അവതരിച്ചപ്പോള്‍ സ്വീകരിച്ച പേരില്‍ ദൈവനാമം ചേര്‍ത്തത് തുടക്കത്തിലാണ്. അതുകൊണ്ടുതന്നെ അവിടെ ‘യേഹ്’ (Yeh) എന്ന് മാത്രമേ വരാന്‍ പാടുള്ളൂ. ഈ വ്യാകരണ സത്യത്തെ മറികടന്നുകൊണ്ട് ‘യാഹ്ശുവാ’ എന്ന് വാദിക്കുന്നവര്‍ ദൈവവചനത്തെക്കാള്‍ സ്വന്തം യുക്തിക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇനി യുക്തിപരമായി ചിന്തിച്ചാലും, ദൈവത്തിന്റെ പേര് വിളിച്ച് രക്ഷിക്കണേ എന്ന് നിലവിളിക്കണമെങ്കില്‍, ആദ്യം പേരും ഒടുവില്‍ യാചനയും വരണം. പന്ത്രണ്ട് വര്‍ഷത്തെ ആഴമേറിയ പഠനത്തിലൂടെ മനോവ ബൈബിള്‍ പുറത്തുകൊണ്ടുവന്ന ‘യേഹ്ശുവാ’ എന്ന പേരാണ് ചരിത്രപരമായും ഭാഷാപരമായും ഏറ്റവും ശുദ്ധമായ രൂപം.

ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരാം; എന്തെന്നാല്‍, യെസ്രാ, നെഹെമിയാഹ് എന്നീ പുസ്തകങ്ങളുടെ ഹീബ്രു മൂലത്തില്‍ ‘യെശുവ’ എന്ന് രേഖപ്പെടുത്താന്‍ കാരണമെന്ത് എന്നതാണ് ആ ചോദ്യം. ഇത് ബാബിലോണിയന്‍ പ്രവാസകാലത്ത് ഹീബ്രു ഭാഷയ്ക്കും സംസാരശൈലിക്കും സംഭവിച്ച ഒരു വലിയ ദുരന്തത്തിന്റെ ഭാഗമാണെന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നു. ഈ വ്യതിയാനം വ്യക്തമാകണമെങ്കില്‍, ഇതേ കാലഘട്ടത്തില്‍ത്തന്നെ എഴുതപ്പെട്ട ഹഗ്ഗായിയുടെ പ്രവചന ഗ്രന്ഥത്തില്‍ 'യോഹ്ശ്വ’ എന്ന് കൃത്യമായി എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മതി (ഹഗ്ഗായി 1:12). യെസ്രാ, നെഹെമിയാഹ് എന്നീ പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നതും ഹഗ്ഗായിയുടെ പ്രവചനത്തില്‍ പരാമര്‍ശിക്കുന്നതും ഒരേ വ്യക്തിയെക്കുറിച്ച് തന്നെയാണ്. ‘യേഹ്ശുവാ’ എന്ന പേരിന്റെ അതേ അര്‍ത്ഥവും ഘടനയും തന്നെയാണ് ‘യോഹ്ശ്വ’ എന്ന പേരിനും ഉള്ളത്. അതായത്, ബാബിലോണിയന്‍ സാംസ്കാരിക സ്വാധീനത്താല്‍ ചരിത്രരേഖകളില്‍ പേര് ലഘൂകരിക്കപ്പെട്ടപ്പോഴും (യെശുവ), ദൈവീക ദര്‍ശനങ്ങള്‍ രേഖപ്പെടുത്തിയ പ്രവാചകന്മാര്‍ ദൈവനാമത്തിന്റെ പരിശുദ്ധി നിലനിര്‍ത്തിക്കൊണ്ടുള്ള ആധികാരിക രൂപം തന്നെ ഉപയോഗിച്ചു. യെസ്രാ, നെഹെമിയാഹ് എന്നീ പുസ്തകങ്ങള്‍ ചരിത്രവിവരണങ്ങള്‍ എന്ന നിലയ്ക്കാണ് ബൈബിളില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്നും വ്യക്തമാകുന്നത്, ‘യെശുവ’ എന്നത് പ്രവാസകാലത്തെ ഒരു വൈകല്യം മാത്രമാണെന്നും, പ്രവാചകന്മാരും പുരാതന വ്യാകരണ നിയമങ്ങളും സാക്ഷ്യപ്പെടുത്തുന്ന ‘യേഹ്ശുവാ’ എന്നതാണ് സത്യമെന്നുമാണ്.

ചുരുക്കത്തില്‍, അരാമിക് സ്വാധീനത്താല്‍ ഉണ്ടായ ‘യേശുവ’ (Yeshua) എന്ന രൂപമോ, തെറ്റായ വ്യാകരണ സംയോജനത്താല്‍ ഉണ്ടായ ‘യാഹ്ശുവാ’ (Yahshuwah) എന്ന രൂപമോ സത്യമല്ല. ദൈവമായ യാഹ്‌വെ തന്റെ മനുഷ്യാവതാരത്തില്‍ ധരിച്ച പേര് അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും വ്യാകരണ ശുദ്ധിയിലും നിലനില്‍ക്കുന്നത് ‘യേഹ്ശുവാ’ എന്ന പേരില്‍ മാത്രമാണ്. മനുഷ്യപുത്രനായി ഭൂമിയില്‍ അവതരിച്ച രക്ഷകന് മറിയം നല്‍കിയതും സ്വര്‍ഗ്ഗത്തില്‍നിന്ന് ദൂതന്‍ അറിയിച്ചതുമായ ആ യഥാര്‍ത്ഥ പേരിനെ വികലമാക്കാനുള്ള സാത്താന്റെ തന്ത്രങ്ങളെ നാം തിരിച്ചറിയണം. ലോകം മുഴുവന്‍ തെറ്റായ പേരുകള്‍ക്ക് പിന്നാലെ പോകുമ്പോഴും, വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ക്ക് മാത്രമേ ഈ പേരിന്റെ മഹിമ വെളിപ്പെടുകയുള്ളൂ.

ഇനി എന്താണ് ചെയ്യേണ്ടത്?

​സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന വചനമനുസരിച്ച്, ഇതുവരെ നാം അറിവില്ലായ്മയാല്‍ ഉപയോഗിച്ചുവന്ന അര്‍ത്ഥശൂന്യവും അപകീര്‍ത്തികരവുമായ ‘വ്യാജനാമങ്ങള്‍’ ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. സ്രഷ്ടാവായ ദൈവം തനിക്ക് വേണ്ടി വെളിപ്പെടുത്തിയ അതിപരിശുദ്ധമായ പേരല്ലാതെ, മറ്റൊരു പേര് അവന് നല്‍കാന്‍ സൃഷ്ടിയായ മനുഷ്യന് അധികാരമില്ല. ദൈവം വെളിപ്പെടുത്തിയ പേര് ‘യാഹ്‌വെ’ (Yahweh) എന്നാണ്. ആ ‘നാമത്തില്‍’ മനുഷ്യാവതാരം ചെയ്ത ഏകരക്ഷകന്റെ പേര് ‘യേഹ്ശുവാ’ (Yehshuwah) എന്നുമാണ്.

​ഭാഷാപരമായ ഈ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ്, സത്യത്തിന്റെ വഴിയിലേക്ക് മടങ്ങുക എന്നതാണ് ഓരോ വിശ്വാസിയുടെയും കടമ. 'വിനാശം' എന്ന് അര്‍ത്ഥം വരുന്ന 'യഹോവ' എന്ന വിളി അവസാനിപ്പിച്ച്, 'യാഹ്‌വെ രക്ഷയാകുന്നു' എന്ന അര്‍ത്ഥമുള്ള 'യേഹ്ശുവാ' എന്ന അതിപരിശുദ്ധ പേര് നമുക്ക് നെഞ്ചേറ്റാം. അക്ഷരങ്ങളിലെ മാറ്റത്തേക്കാള്‍ ഉപരിയായി, സത്യത്തെ സത്യമായി സ്വീകരിക്കുന്ന ഹൃദയത്തെയാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമേ ഉഗ്രപീഡനത്തെ അതിജീവിക്കുകയും രക്ഷപ്രാപിക്കുകയും ചെയ്യുകയുള്ളൂ. ഈ വെളിച്ചം മറ്റുള്ളവരിലേക്കും എത്തിക്കുക, ഇരുള്‍ നീങ്ങി സത്യം ജയിക്കട്ടെ!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    186 views

LOG IN

Lost your password?

SIGN UP

LOST PASSWORD