അറിഞ്ഞിരിക്കാന്‍

പരിശുദ്ധ ത്രിത്വത്തിന്റെ മറച്ചുവയ്ക്കപ്പെട്ട സത്യം!

Print By
about

29 - 06 - 2026            YouTube

നിഗൂഢതകളില്ലാത്ത പരിശുദ്ധത്രിത്വം!

ത്രിത്വത്തിന്റെ രഹസ്യം നിഗൂഢമാണ് എന്ന പൊതുബോധം ക്രൈസ്തവരുടെയിടയില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ത്രിത്വം എന്നത് നിഗൂഢമോ ദുരൂഹമോ അല്ലെന്നും; മറിച്ച്, ഏതൊരു മനുഷ്യനും മനസ്സിലാക്കാന്‍ സാധിക്കുന്നവിധം ലളിതമാണെന്നും വ്യക്തമാക്കാനാണ് ഈ ലേഖനത്തിലൂടെ മനോവ ശ്രമിക്കുന്നത്! ആദ്യമായി നാം തിരിച്ചറിയേണ്ടത്, തങ്ങളുടെ യുക്തിയിലും ബുദ്ധിയിലും ത്രിത്വത്തെ വിശകലനം ചെയ്യാന്‍ ശ്രമിച്ചതിലൂടെ ചില പണ്ഡിതനാട്യക്കാര്‍ അതിനെ ദുരൂഹവും നിഗൂഢവുമാക്കി മാറ്റി എന്ന യാഥാര്‍ത്ഥ്യമാണ്! ത്രിത്വത്തെക്കുറിച്ച് പഠിക്കാന്‍ അനേകം ബുദ്ധിജീവികള്‍ ഒറ്റയ്ക്കും സംഘംചേര്‍ന്നും ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളില്‍ ഒന്നുപോലും ആരെയും സത്യത്തിലേക്ക് നയിക്കുന്നതായിരുന്നില്ല. ഏതൊരു ശിശുവിനും ഗ്രഹിക്കാന്‍ സാധിക്കുന്ന ഒരു വിഷയത്തെ ബൗദ്ധികമായ ഔന്നത്യംകൊണ്ട് അനാവരണം ചെയ്യാന്‍ ശ്രമിച്ചാലുള്ള സ്വാഭാവിക തടസ്സമാണ് അവരെ സത്യത്തില്‍ എത്തിച്ചേരാതെ തടുത്തുനിര്‍ത്തിയത്. പരാജിതരായവരില്‍ ചിലര്‍, ത്രിത്വത്തില്‍ നിഗൂഢത ആരോപിച്ച് തങ്ങളുടെ പഠനം എന്നേക്കുമായി അവസാനിപ്പിച്ചു.

ത്രിത്വത്തെ ദുരൂഹവും നിഗൂഢവുമാക്കാന്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ വഹിച്ച പങ്ക് നിസ്സാരമായി കാണാന്‍ കഴിയില്ല. അതില്‍ത്തന്നെ ഏറ്റവുമധികം സംഭാവന നല്‍കിയിട്ടുള്ളത് അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന വിഭാഗങ്ങളാണ്! എന്നാല്‍, ത്രിത്വം നിഗൂഢമല്ല എന്നതാണ് സത്യം. അന്വേഷിക്കേണ്ടിടത്ത് അന്വേഷിക്കാത്തതുകൊണ്ടാണ് ത്രിത്വത്തെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും പരാജയപ്പെട്ടത്. അന്വേഷിക്കേണ്ടിടത്ത് അന്വേഷിച്ചാല്‍ തീര്‍ച്ചയായും ത്രിത്വം അനാവരണം ചെയ്യപ്പെടുമായിരുന്നു. എന്തെന്നാല്‍, മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ത്തന്നെ ത്രിത്വത്തിന്റെ രഹസ്യം അനാവരണം ചെയ്യപ്പെട്ടിരുന്നുവെന്നതാണ്‌ യഥാര്‍ത്ഥ സത്യം! ആയതിനാല്‍, ബുദ്ധിമാന്മാരും വിവേകികളുമായ പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ച് ദുരൂഹവും വികൃതവുമാക്കി വച്ചിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് മനോവ ഇവിടെ സംസാരിക്കുന്നത്.

മനുഷ്യപുത്രനായ യേഹ്ശുവാ അരുളിച്ചെയ്ത ഒരു വചനത്തില്‍നിന്നുതന്നെ ഈ പഠനം നമുക്ക് ആരംഭിക്കാം. വചനമിതാണ്: “യേഹ്ശുവാ ഉദ്‌ഘോഷിച്ചു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്ന് മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സര്‍വ്വവും എന്റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല”(മത്തായി: 11; 25-27). അതെ, ബുദ്ധിയുടെ തലങ്ങളില്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കാത്തതും, എന്നാല്‍ ശിശുഭാവത്തോടെ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കുന്നതുമായ സത്യമാണ് ഇന്ന് നമുക്ക് മുന്‍പില്‍ അനാവരണം ചെയ്യപ്പെടാന്‍ പോകുന്നത്. അതിന് മുന്‍പ് നാം മനസ്സിലാക്കിയിരിക്കേണ്ടത്, പണ്ഡിതനാട്യക്കാര്‍ നടത്തിയ അന്വേഷണങ്ങളും അവയുടെ പിന്നിലെ നിഗൂഢ ലക്ഷ്യങ്ങളുമാണ്.

പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ചുള്ള അന്വേഷണം വെറും വ്യര്‍ത്ഥമാണെന്ന ചിന്തയില്‍ കഴിയുന്ന അനേകരുണ്ട്. റോമന്‍ കത്തോലിക്കാസഭ വിശുദ്ധനായി പരിഗണിക്കുന്ന അഗസ്റ്റ്യന് ലഭിച്ച ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിന്ത ഉടലെടുത്തത്. വലിയ തത്വചിന്തകനും ബുദ്ധിജീവി എന്ന വിശേഷണത്താല്‍ അലംകൃതനുമായിരുന്ന അഗസ്റ്റ്യനാണ് ത്രിത്വത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയതെന്ന് റോമന്‍ കത്തോലിക്കന്‍ സഭാചരിത്രം വ്യക്തമാക്കുന്നു. ഈ ചിന്തയുമായി ഒരു കടല്‍ത്തീരത്ത് കൂടി ഇദ്ദേഹം യാത്രചെയ്തപ്പോള്‍, ഒരു കൊച്ചുകുട്ടി ചെയ്ത പ്രവര്‍ത്തി അഗസ്റ്റ്യന്റെ ശ്രദ്ധയെ തിരിച്ചു. കടല്‍ത്തീരത്ത് കുഴിച്ച ഒരു ചെറിയ കുഴിയില്‍ കടല്‍വെള്ളം കോരി നിറയ്ക്കുകയായിരുന്നു ആ കുഞ്ഞ്. അവന്റെ ഉദ്യമലക്ഷ്യമെന്താണെന്ന് അഗസ്റ്റ്യന്‍ ആരാഞ്ഞു. താന്‍ കുഴിച്ച ചെറുകുഴിയില്‍ കടലിലെ വെള്ളം നിറച്ചുകൊണ്ട് കടല്‍ വറ്റിക്കാനുള്ള ശ്രമത്തിലാണ് താന്‍ എന്നായിരുന്നു ആ ബാലന്റെ മറുപടി.

ഇത് കേട്ട അഗസ്റ്റ്യന്‍ ആ ബാലനോട് അവന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യമത്തിലെ അസാദ്ധ്യത ചൂണ്ടിക്കാണിച്ചു. അപ്പോള്‍ ബാലന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “നീ ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യവും ഇതുപോലെതന്നെയാണ്”. ഇതോടെ ത്രിത്വത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍നിന്ന് അഗസ്റ്റ്യന്‍ വിരമിച്ചുവെന്നതാണ്‌ ചരിത്രം! അഗസ്റ്റ്യന്‍ മാത്രമല്ല, റോമന്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാരില്‍ ആരുംതന്നെ പിന്നീടൊരിക്കലും ത്രിത്വത്തെ സംബന്ധിച്ചുള്ള പഠനത്തിന് വേണ്ടത്ര ഗൗരവം കൊടുത്തിട്ടില്ല. ത്രിത്വത്തെ നിഗൂഢമാക്കുന്നതില്‍ അഗസ്റ്റ്യന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നുമറ്റേതെങ്കിലും ക്രൈസ്തവ സഭകള്‍ ത്രിത്വത്തെ സംബന്ധിക്കുന്ന യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളതായും മനോവയ്ക്കറിയില്ല!

പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് നാം വിളിക്കുന്ന ത്രിത്വത്തിന് സത്യത്തില്‍ ഇത്രമാത്രം നിഗൂഢതകളുണ്ടോ? ഇല്ലെന്നുതന്നെയാണ് മനോവ പറയുന്നത്. ആയതിനാല്‍, ത്രിത്വത്തെ സംബന്ധിച്ച് മനോവയ്ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുള്ള സത്യങ്ങള്‍ ഇവിടെ തുറന്നുവയ്ക്കുകയാണ്. ചുരുങ്ങിയ വാക്കുകള്‍ക്കൊണ്ടുതന്നെ ത്രിത്വത്തെ വെളിപ്പെടുത്താന്‍ സാധിക്കുമെങ്കിലും, ഈ വിഷയത്തിന്റെ ഗൗരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് വചനത്തിന്റെ ആധികാരികതയോടെ വെളിപ്പെടുത്താനാണ് മനോവ ഉദ്യമിക്കുന്നത്! മാത്രവുമല്ല, ത്രിത്വത്തെ നിഗൂഢവും ദുരൂഹവും വിവാദവിഷയവുമാക്കി മാറ്റിയ ഗവേഷണങ്ങളുടെ ചരിത്രംകൂടി ആമുഖമായി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

കോണ്‍സ്റ്റന്റൈന്‍ സഭ ദുരൂഹമാക്കിയ ത്രിത്വം!

നിഖ്യാസൂനഹദോസിലാണ് ത്രിത്വത്തില്‍ മൂന്ന് ആളുകളുണ്ട് എന്ന വചനവിരുദ്ധവും ദൈവദൂഷണപരവുമായ ആശയം വിശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടത്. നിഖ്യാ വിശ്വാസപ്രമാണം നിര്‍മ്മിക്കപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ വിശ്വാസപ്രമാണത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരെക്കുറിച്ചുള്ള ക്രിസ്തീയവിശ്വാസം രേഖപ്പെടുത്തുകയും അത് ക്രൈസ്തവ സമൂഹത്തിന്റെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിക്കുകയും ചെയ്തതാണ് സൂനഹദോസിലെ മറ്റൊരു തീരുമാനം. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ‘എന്നിവര്‍’ എന്ന ബഹുവചനപ്രയോഗംതന്നെ ത്രിത്വം ഒന്നല്ല എന്ന പ്രഖ്യാപനമായി കാണാം. പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് ഒരുവന്‍തന്നെയാണെന്നുള്ള പ്രവാചകലിഖിതത്തെ അസാധുവാക്കുന്നതാണ് ഈ തീരുമാനം. ദൈവത്തില്‍ മൂന്ന് ആളത്വം ഉണ്ടെന്നുള്ള വിജണ്ഡവാദത്തെ സഭയുടെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിച്ചതോടെ, കോണ്‍സ്റ്റന്റൈന്‍ സ്ഥാപിച്ച മതത്തിന് അപ്പസ്തോലികസഭയുമായി ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു!

നിഖ്യാവിശ്വാസപ്രമാണത്തിലൂടെ ഗ്രീക്ക് മിത്തോളജിയിലെ ‘ത്രിമൂര്‍ത്തി’ ദൈവസങ്കല്പത്തെ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഗ്രീക്ക് മിത്തോളജിയില്‍ അധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട ഹിന്ദുമതത്തിലും ‘ത്രിമൂര്‍ത്തി’ ദൈവസങ്കല്പമാണ് ഉള്ളതെന്ന് നമുക്കറിയാം. എല്ലാ വിജാതീയ മതങ്ങളുടെയും അടിസ്ഥാനം ഗ്രീക്ക് മിത്തോളജി ആയതുകൊണ്ടാണ്‌ വിജാതീയര്‍ എന്നതിന് ഗ്രീക്കുകാര്‍ എന്നുകൂടി ബൈബിളില്‍ പരാമര്‍ശം കാണുന്നത്. നിഖ്യാസൂനഹദോസ് എന്നത് ക്രിസ്തീയതയെ വിജാതീയവത്കരിക്കാന്‍ വിളിച്ചുചേര്‍ക്കപ്പെട്ട സമ്മേളനം ആയിരുന്നുവെന്ന് മനോവ പറയുന്നത് ഇതുകൊണ്ടാണ്. ഗ്രീക്ക് മിത്തോളജിയിലെ ‘ത്രിമൂര്‍ത്തികള്‍’ ആരൊക്കെയാണെന്ന് കൂടി വെളിപ്പെടുത്താം.

സിയൂസ്, പോസൈഡോണ്‍, ഹാഡെസ് എന്നീ മൂര്‍ത്തികളാണ് ഗ്രീക്ക് മിത്തോളജിയിലെ ‘ത്രിമൂര്‍ത്തികള്‍’! ദൈവങ്ങളുടെ രാജാവ് എന്ന് കരുതപ്പെടുന്ന പ്രധാന ദൈവസങ്കല്പമാണ് ‘സിയൂസ്’. പിതാവ് എന്ന സ്ഥാനത്തിന് സമാനമായി കരുതപ്പെടുന്നതും ഈ മൂര്‍ത്തിയാണ്. ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദൈവം എന്ന വിശേഷണവും ഈ മൂര്‍ത്തിയ്ക്കുണ്ട്. സമുദ്രങ്ങളുടെയും ഭൂമികുലുക്കങ്ങളുടെയും ദൈവമായി കരുതപ്പെടുന്ന ‘പോസൈഡോണ്‍’ ആണ് ത്രിമൂര്‍ത്തികളില്‍ രണ്ടാമന്‍. ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍, പാതാളത്തിന്റെയും മരണാനന്തര ലോകത്തിന്റെയും അധിപനായി പരിഗണിക്കുന്ന ‘ഹാഡെസ്’ ആണ്. ഗ്രീക്ക് മിത്തോളജിയിലെ ഈ ത്രിമൂര്‍ത്തികളുടെ ഹൈന്ദവ പതിപ്പാണ്‌ ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ (മഹേശന്‍) എന്നീ സങ്കല്‍പ്പങ്ങള്‍! ഗ്രീക്ക് മിത്തോളജിയിലെയും ഹിന്ദുമതത്തിലെയും ത്രിമൂര്‍ത്തികളെ സംബന്ധിക്കുന്ന കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. നിഖ്യാസൂനഹദോസിലൂടെ കോണ്‍സ്റ്റന്റൈന്‍ നടപ്പാക്കിയ പൈശാചികതയുടെ ആഴം വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞുവെച്ചത്. നിഖ്യാസൂനഹദോസിന്റെ സംഭാവനയായ ത്രിത്വത്തിലെ മൂന്ന് ആളത്വം എന്ന ആശയം വന്ന വഴി മനസ്സിലാക്കാന്‍ ഇതില്‍ക്കൂടുതല്‍ വിശദാംശങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 

ദൈവത്തില്‍ മൂന്ന് ആളുകളുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നിലെ പൈശാചിക അജണ്ട തിരിച്ചറിയാന്‍ സാധിക്കാത്തവരാണ് ഇന്നും ക്രൈസ്തവസഭകളുടെ ഭാഗമായി തുടരുന്നത്. അപ്പസ്തോലികസഭയെ വേരോടെ പിഴുതെറിയാന്‍ സാത്താന്‍ കണ്ടെത്തിയ ഏറ്റവും മാരകമായ ആയുധമായിരുന്നു ത്രിത്വത്തിലെ മൂന്ന് ആളത്വം! നിഖ്യാസൂനഹദോസ് വിളിച്ചുചേര്‍ക്കുന്നതുവരെ അപ്പസ്തോലികസഭയില്‍ ഒരുവന്‍ അംഗമാകുന്നത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെ ആയിരുന്നു. അതായത്, യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കാതെ ആര്‍ക്കും അപ്പസ്തോലികസഭയുടെ ഭാഗമാകാന്‍ കഴിയുമായിരുന്നില്ല. അപ്പസ്തോലികസഭയുടെ ഈ നിയമം അന്നും ഇന്നും എന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നു. ഈ യഥാര്‍ത്ഥ ജ്ഞാനസ്നാനം ഇല്ലാതാകുന്നതോടെ അപ്പസ്തോലികസഭയും ഇല്ലാതാകുമെന്ന് സാത്താനറിയാം. അതിന് വേണ്ടത് യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിക്കപ്പെടുകയാണ്. അതെ, നിഖ്യാസൂനഹദോസിലെ രണ്ടാമത്തെ തീരുമാനപ്രകാരം യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിച്ചു!

ജ്ഞാനസ്നാനത്തിന്റെ ശക്തി എന്നത് സ്നാനം നല്‍കുന്ന വ്യക്തിയുടെ മഹത്വമോ സ്നാനത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ പവിത്രതയോ അല്ല; മറിച്ച്, ജ്ഞാനസ്നാനം നല്‍കുമ്പോള്‍ ഉച്ചരിക്കുന്ന പേരിന്റെ സര്‍വ്വശക്തിയും സര്‍വ്വാധികാരവുമാണ്. ആ പേര് പ്രയോഗിക്കാത്ത സ്നാനത്തെ വെറും ‘കുളി’ മാത്രമായേ കാണേണ്ടതുള്ളു. ജ്ഞാനസ്നാനത്തെ വെറും ‘കുളി’ മാത്രമാക്കി മാറ്റിയാലേ പരിശുദ്ധാത്മാവില്ലാത്ത ഒരു ആള്‍ക്കൂട്ടമായി ക്രിസ്തീയതയെ അധഃപതിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് കോണ്‍സ്റ്റന്റൈനും അവന്റെ പിന്നിലുണ്ടായിരുന്ന അന്ധകാരശക്തിയും മനസ്സിലാക്കി. നിഖ്യാസൂനഹദോസിലൂടെ ത്രിത്വത്തില്‍ മൂന്ന് ആളുകളെ പ്രതിഷ്ഠിച്ചപ്പോള്‍, യഥാര്‍ത്ഥത്തില്‍ നടന്നത് യേഹ്ശുവായുടെ പേരിനെ ജ്ഞാനസ്നാനത്തില്‍നിന്ന് പുകച്ചുപുറത്താക്കുക എന്ന കൗശലമായിരുന്നു.

യേഹ്ശുവായുടെ പേരിലുള്ളതും അപ്പസ്തോലന്മാരും ആദിമസഭയും നല്കിവന്നതുമായ ജ്ഞാനസ്നാനത്തിലൂടെ മാത്രമേ ഒരുവന് പരിശുദ്ധാത്മാവിനെ ലഭിക്കുകയുള്ളൂ. ഈ സത്യം അറിയണമെങ്കില്‍ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം വായിച്ചാല്‍ മതി. ഈ വിവരണം ശ്രദ്ധിക്കുക: “അപ്പൊല്ലോ കോറിന്തിലായിരുന്നപ്പോള്‍ ശൗവുല്‍ ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെ കണ്ടു. അവന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല, പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല. അവന്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ, നിങ്ങള്‍ ഏത് സ്‌നാനമാണ് സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം. അപ്പോള്‍ ശൗവുല്‍ പറഞ്ഞു: യോഹന്നാന്‍ തനിക്ക് പിന്നാലെ വരുന്നവനില്‍, അതായത്, യേഹ്ശുവായില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണ് നല്‍കിയത്. അവര്‍ ഇതുകേട്ട് നാഥനായ യേഹ്ശുവായുടെ പേരില്‍ സ്‌നാനം സ്വീകരിച്ചു. ശൗവുല്‍ അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 19; 1-6).

യേഹ്ശുവാ മ്ശിയാഹിന്റെ പേരിലുള്ള ജ്ഞാനസ്നാനമല്ലാതെ, മറ്റേതെങ്കിലും സ്നാനത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സ്ഥിരീകരിക്കുന്ന സാക്ഷ്യമാണ് നാമിവിടെ കണ്ടത്. അപ്പസ്തോല പ്രമുഖനായ കേപ്ഫാ തന്റെ പ്രഥമ പ്രസംഗത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവരണം നോക്കുക: “ഇത് കേട്ടപ്പോള്‍ അവര്‍ ഹൃദയംനുറുങ്ങി കേപ്ഫായോടും മറ്റ് അപ്പസ്‌തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? കേപ്ഫാ പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിയാഹിന്റെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്ക് ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 2; 37-39).

ത്രിത്വത്തില്‍ മൂന്ന് ആളത്വം ആരോപിക്കപ്പെട്ടതോടെ യേഹ്ശുവാ വെറും രണ്ടാമനായി മാറി! ഒന്നാമനും രണ്ടാമനും മൂന്നാമനും ഇല്ലെന്നും, ദൈവം ഏകനാണെന്നുമുള്ള സത്യത്തെ തള്ളിക്കളയുക കൂടിയാണ് ഇവിടെ ചെയ്തത്. അതുപോലെതന്നെ, സര്‍വ്വശക്തനായ ദൈവത്തില്‍നിന്ന് അല്പം താഴ്ന്ന പദവിയാണ്‌ യേഹ്ശുവായ്ക്ക് ഉള്ളതെന്ന പൊതുബോധം സൃഷ്ടിക്കപ്പെടുകയും, യേഹ്ശുവായെ സംബന്ധിക്കുന്ന സത്യത്തില്‍നിന്ന് അകന്നുപോകുകയും ചെയ്തു. ത്രിത്വ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതോടെ, സുവിശേഷ പ്രഘോഷണത്തില്‍നിന്ന് വിരമിച്ച് ത്രിത്വത്തിലെ മൂന്ന് ആളത്വത്തെ സംബന്ധിക്കുന്ന ഗവേഷണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം.

ദൈവത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും മാത്രമല്ല, മറ്റ് മതങ്ങളുടെ മഹത്വത്തെക്കുറിച്ചുപോലും ഗവേഷണങ്ങള്‍ ആരംഭിച്ചു. ബുദ്ധിയുടെ തലത്തില്‍ നടത്തിയ അന്വേഷണങ്ങളൊന്നും ഇന്നോളം എവിടെയും എത്തിയിട്ടില്ല എന്ന സത്യവും നാം വിസ്മരിക്കരുത്. പണ്ഡിതന്മാരുടെയും ബുദ്ധിമാന്മാരുടെയും അന്വേഷണങ്ങളെല്ലാം അവരെ എത്തിച്ചത് മിഥ്യാബോധത്തിലാണ്! അതുകൊണ്ടുതന്നെ, അവര്‍ ഇന്നും ഇരുട്ടില്‍ത്തപ്പുന്നു! ബുദ്ധിയുടെ തലത്തില്‍ ദൈവത്തെ അന്വേഷിച്ച് നടത്തുന്ന ഏതൊരു യാത്രയും സാത്താന്‍ വെട്ടുന്ന പാതയിലൂടെ ആയിരിക്കുമെന്നതാണ് ഇതിന് കാരണം!

ദൈവശാസ്ത്ര പഠനം എന്നപേരില്‍ ബുദ്ധികൊണ്ട് ദൈവത്തെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്ക് നാന്ദികുറിക്കപ്പെട്ടത് നിഖ്യാസൂനഹദോസിന് ശേഷമാണ്. അതിന്റെയെല്ലാം തുടക്കം പുതിയ ത്രിത്വസിദ്ധാന്തത്തില്‍ നിന്നായിരുന്നു. പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജ്ഞാനം. പരിശുദ്ധാത്മാവ് നല്‍കുന്ന ഈ ജ്ഞാനത്തിന് വിജ്ഞാനവുമായി ഒരു ബന്ധവുമില്ല. വിജ്ഞാനത്തില്‍ അഭിരമിക്കുന്ന ഒരുവന് ജ്ഞാനത്തെ സമീപിക്കാന്‍പോലും കഴിയില്ലെന്നാണ് യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, വിജ്ഞാനം എന്നത് ഈ ലോകത്തില്‍ ഒതുങ്ങിനില്‍ക്കുന്ന അറിവാണ്. ലൗകിക വിഷയങ്ങളിലുള്ള അറിവ് ഒരുവനെ വിജ്ഞാനിയാക്കുമെങ്കിലും, അവനെ അത് ജ്ഞാനിയാക്കില്ല! മാത്രവുമല്ല, യേഹ്ശുവായുടെ പേരിലുള്ള ജ്ഞാനസ്നാനം നിരോധിച്ചതോടെ പരിശുദ്ധാത്മാവില്ലാത്ത ഒരു ആള്‍ക്കൂട്ടമായി ക്രൈസ്തവ സമൂഹങ്ങള്‍ അധഃപതിച്ചു. അപ്പോഴും അവര്‍ ധരിച്ചുവെച്ചിരുന്നത് തങ്ങളെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് എന്നാണ്! അതുകൊണ്ടാണ് അവരുടെ അന്വേഷണങ്ങളെല്ലാം വ്യര്‍ത്ഥതയിലേക്കുള്ള പര്യടനങ്ങളായി പരിണമിച്ചത്

അപ്പസ്തോലന്മാര്‍ പ്രസംഗിച്ച സുവിശേഷവും അവര്‍ പരിചയപ്പെടുത്തിയ മ്ശിയാഹും നിഗൂഢമായിരുന്നില്ല. ശൗവുലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അത് നാശത്തിലേക്ക് പോകുന്നവര്‍ക്ക് മാത്രമാണ്. ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളായ അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ മ്ശിയാഹിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്ക് ദൃശ്യമല്ല”(2 കോറിന്ത്: 4; 3-4). പരിശുദ്ധാത്മാവില്ലാതെ നടത്തുന്ന അന്വേഷണയാത്രകളെ നയിക്കുന്നതും പാതയൊരുക്കുന്നതും സാത്താന്‍ ആണെന്നും, അത് എത്തിച്ചേരുന്നത് നാശത്തിലാണെന്നും സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് അപ്പസ്തോലന്‍ ഇവിടെ നടത്തിയിരിക്കുന്നത്. നിഗൂഢമല്ലാത്ത സുവിശേഷത്തെ നിഗൂഢമാക്കിയത് നിഖ്യാസൂനഹദോസിന് ശേഷമാണ്. ഗ്രീക്ക് മിത്തോളജിയുമായി ക്രിസ്തീയതയെ സമന്വയിപ്പിച്ച് അപ്പസ്തോലികസഭയുടെ തനിമ ഇല്ലാതാക്കാന്‍ ദൈവശാസ്ത്ര പണ്ഡിതന്മാര്‍ ഉദയം ചെയ്തതും ഈ സൂനഹദോസിന്റെ അനന്തരഫലമായിരുന്നു. ഈ പണ്ഡിതഭാവികള്‍ നിഗൂഢതകളിലാണ് ത്രിത്വത്തെ അന്വേഷിച്ചത്! 

ത്രിത്വം നിഗൂഢമായ ഒരു രഹസ്യമോ?

ത്രിത്വത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വ്യാപൃതരായ വ്യക്തികളില്‍ പ്രധാനി അഗസ്റ്റ്യനാണെന്ന് നാം കണ്ടു. ഈ അഗസ്റ്റ്യന്റെ ചരിത്രം വായിച്ചിട്ടുള്ളവര്‍ക്ക്, ഇയാളെ വലിയൊരു പണ്ഡിതനായി അവതരിപ്പിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ സഭകള്‍ ശ്രമിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ആദ്ധ്യാത്മിക രഹസ്യങ്ങളെ വെളിപ്പെടുത്തുന്നത് പണ്ഡിതന്മാര്‍ക്കാണെന്ന അബദ്ധധാരണ സഭയിലെ പലര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ, ദൈവശാസ്ത്രത്തിലോ മറ്റേതെങ്കിലും വിഷയങ്ങളിലോ ഡോക്ടറേറ്റ് നേടിയ വൈദീകരെ മാത്രമാണ് മെത്രാന്മാരായി പരിഗണിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിലും ശാസ്ത്രീയ നൃത്തത്തിലും ഡോക്ടറേറ്റ് നേടിയവരും റോമന്‍ കത്തോലിക്കാസഭയിലെ വൈദികരുടെ കൂട്ടത്തിലുണ്ട്. ഇവരൊക്കെ ചേര്‍ന്ന് വിശ്വാസികളെ നയിക്കുന്നതുകൊണ്ടാണ് യേഹ്ശുവായുടെ പ്രത്യാഗമനത്തെപ്പോലും സംശയത്തോടെ കാണുന്ന ആള്‍ക്കൂട്ടമായി ക്രൈസ്തവസമൂഹങ്ങള്‍ അധഃപതിച്ചത്.

സഭയുടെ ആദ്യത്തെ മാര്‍പാപ്പയ്ക്ക് ഡോക്ടറേറ്റ് നല്‍കിയ യൂണിവേഴ്സിറ്റി ഏതാണെന്ന് മനോവയ്ക്കറിയില്ല! ‘ദൈവശാസ്ത്ര’ പണ്ഡിതന്മാര്‍ എന്നൊരു വിഭാഗം റോമന്‍ കത്തോലിക്കാസഭയില്‍ എങ്ങനെയുണ്ടായി എന്നതും ദുരൂഹമാണ്. ശാസ്ത്രമാണ് എല്ലാറ്റിന്റെയും അവസാനത്തെ ഉത്തരമെന്ന് കരുതുന്ന ചിലര്‍ ക്രൈസ്തവസഭകളില്‍ കയറിക്കൂടുകയും ആധിപത്യമുറപ്പിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് ഇന്ന് ദൈവജനം അനുഭവിക്കുന്നത്! ‘ദൈവശാസ്ത്രം’ എന്നൊരു ‘ശാസ്ത്രം’ ഇല്ലെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയുന്നില്ലെങ്കില്‍, ഇത്തരം ‘ശാസ്ത്ര’ പണ്ഡിതന്മാരോടൊപ്പം അനേകം ദൈവജനങ്ങളും ദൈവത്തിന്റെ പ്രതികാരം രുചിച്ചറിയും!

ശാസ്ത്രീയമായി ആരെങ്കിലും വിവേചിച്ചതുകൊണ്ടല്ല യേഹ്ശുവായുടെ ജനനത്തെ സഭ വിശ്വസിക്കുന്നത്. പുരുഷനെ അറിയാത്ത ഒരു കന്യക ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തുവെന്ന് ഏതെങ്കിലും ശാസ്ത്രശാഖ സമ്മതിക്കുമോ? ശാസ്ത്രത്തിന്റെ യുക്തിയെ നിഷ്പ്രഭമാക്കുന്ന സത്യമാണ് യേഹ്ശുവാ! അവന്‍ ഈ ഭൂമിയില്‍ പ്രവര്‍ത്തിച്ച അടയാളങ്ങളും അങ്ങനെതന്നെ. രണ്ടോ മൂന്നോ പേര്‍ യേഹ്ശുവായുടെ പേരില്‍ ഒരുമിച്ച് കൂടിയാല്‍, ആ സമൂഹത്തില്‍ അദൃശ്യസാന്നിദ്ധ്യമായി അവന്‍ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാന്‍ ശാസ്ത്രത്തിന്റെ സാക്ഷ്യം തേടി പോകുന്നിടത്താണ് ആത്മീയ അധഃപതനം ആരംഭിക്കുന്നത്. യേഹ്ശുവായുടെ വാഗ്ദാനത്തില്‍ വിശ്വാസിക്കാത്തവര്‍ക്ക് അവന്റെ സഭയുടെ ഭാഗമായിരിക്കാന്‍ സാധിക്കില്ല. ഇതാണ് യേഹ്ശുവായുടെ വാഗ്ദാനം: “എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ പേരില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും”(മത്തായി: 18; 20). യേഹ്ശുവാ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് സംഭവിക്കും എന്ന ഉറപ്പാണ് വിശ്വാസത്തിന്റെ അടിസ്ഥാനം! ഈ വിശ്വാസത്തിലേക്ക് ഒരുവന് വളരാന്‍ പാണ്ഡിത്യം ആവശ്യമില്ല!

രണ്ടോ മൂന്നോ പേര്‍ തന്റെ പേരില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മദ്ധ്യേ താന്‍ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ പറഞ്ഞത് സത്യമാണോ എന്നറിയാന്‍ ശാസ്ത്രത്തെ ആശ്രയിച്ചിട്ട്‌ കാര്യമുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരമായി ഒരു സുപ്രധാന പ്രബോധനം ശ്രദ്ധിക്കുക: “വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്. ഇതുമൂലമാണ് പൂര്‍വ്വികന്മാര്‍ അംഗീകാരത്തിന് അര്‍ഹരായത്. ലോകം ദൈവവചനത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അദൃശ്യമായതില്‍നിന്ന് ദൃശ്യമായത് ഉണ്ടായെന്നും വിശ്വാസം നിമിത്തം നാം അറിയുന്നു”(ഹെബ്രായര്‍: 11; 1-3). ഇതാണ് വിശ്വാസത്തെ സംബന്ധിക്കുന്ന അപ്പസ്തോലിക പ്രബോധനമെങ്കില്‍, വിശ്വാസത്തില്‍ യുക്തിക്കും ശാസ്ത്രത്തിനും എന്ത് പ്രസക്തിയാണ് ഉള്ളത്! ശാസ്ത്രത്തിനും യുക്തിക്കും അവയുടേതായ സ്ഥാനമുണ്ട്. എന്നാല്‍, ദൈവ-മനുഷ്യ ബന്ധത്തില്‍ അതിന് സ്ഥാനമില്ല. ശാസ്ത്രം ഇന്നും ഇരുട്ടില്‍ തപ്പുന്ന അനേകം സത്യങ്ങള്‍ ഈ പ്രപഞ്ചത്തില്‍ത്തന്നെയുണ്ട്. ഓരോ കാലത്തും ഓരോ നിഗമനങ്ങളാണ് പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച് ശാസ്ത്രത്തിനുള്ളത്. എന്നാല്‍, ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ സൃഷ്ടിയുടെ ചരിത്രം മോശയിലൂടെ ലോകത്തിന് വെളിപ്പെടുത്തി. ദൈവം വെളിപ്പെടുത്തിയ ഈ സത്യങ്ങളെ അസാധുവാക്കാന്‍ മനുഷ്യന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്.

പ്രപഞ്ചത്തിന്റെ സൃഷ്ടിയെ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ ശാസ്ത്രം പരാജയപ്പെട്ടുവെന്നതുകൊണ്ട് പ്രപഞ്ചം എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ല! ശാസ്ത്രത്തിന്റെ സ്ഥിരീകരണം വരെ പ്രപഞ്ചം എന്നത് യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കില്ലെന്ന് വാശിപിടിക്കുന്നതുപോലെയാണ് ദൈവത്തെക്കുറിച്ച് ശാസ്ത്രീയമായ സ്ഥിരീകരണത്തിന് കാത്തിരിക്കുന്നതും. ശൗവുല്‍ നല്‍കിയതാണ് വിശ്വാസത്തെ സംബന്ധിക്കുന്ന യഥാര്‍ത്ഥ നിര്‍വ്വചനം! എഴുപത്തഞ്ച് വയസ്സ് പിന്നിട്ടപ്പോഴാണ് അബ്രാഹത്തിന് ദൈവം സന്തതിയെ വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനത്തെ അവിശ്വസിക്കാതെ ഇരുപത്തഞ്ച് വര്‍ഷം കാത്തിരുന്ന അബ്രാഹമാണ് വിശ്വാസികളുടെ പിതാവ്! അബ്രാഹം ആശ്രയിച്ചത് ശാസ്ത്രത്തെ അല്ല! അതുകൊണ്ടുതന്നെ, അബ്രാഹത്തിന്റെ വിശ്വാസം പിന്തുടരുന്നവര്‍ ദൈവത്തെ അന്വേഷിക്കുന്നത് ശാസ്ത്രത്തെ ആശ്രയിച്ചായിരിക്കരുത്. ബുദ്ധിയുടെയും യുക്തിയുടെയും തലങ്ങളില്‍ ദൈവത്തിന്റെ അസ്തിത്വം അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും അത് കണ്ടെത്താന്‍ കഴിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോണ്‍സ്റ്റന്റൈന്‍ സഭകളും അഗസ്റ്റ്യന്റെ തിയറിയും! ക്രൈസ്തവസഭകളുടെ നിലവിലെ ത്രിത്വസിദ്ധാന്തത്തെ വേണമെങ്കില്‍ ‘അഗസ്റ്റീനിയനിസം‘ എന്ന് വിളിക്കാം!

വിശ്വാസത്തെ സംബന്ധിച്ച് ശൗവുല്‍ നല്‍കിയ പ്രബോധനവും കോണ്‍സ്റ്റന്റൈന്‍ സഭകളുടെ ‘ദൈവശാസ്ത്രവും’ ചേര്‍ത്തുവെച്ച് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്, നിഖ്യാവിശ്വാസപ്രമാണത്തെ അംഗീകരിക്കുന്ന സമൂഹങ്ങള്‍ അപ്പസ്തോലികസഭയുടെ ഭാഗമല്ല എന്ന സത്യമാണ്. എന്തെന്നാല്‍, സൃഷ്ടിയുടെ പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങള്‍ യക്ഷിക്കഥയാണെന്നാണ് പ്രമുഖ കോണ്‍സ്റ്റന്റൈന്‍ സഭയായ റോമന്‍ കത്തോലിക്കാസഭയിലെ ‘ശാസ്ത്രികള്‍’ പറയുന്നത്. ഈ ശാസ്ത്രികളെയോ ഇവരെ അനുഗമിക്കുന്നവരെയോ അപ്പസ്തോലികസഭയുടെ ഭാഗമായി പരിഗണിക്കാന്‍ സാധിക്കില്ല! പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച് മോശയിലൂടെ പ്രഖ്യാപിക്കപ്പെട്ട സത്യങ്ങള്‍ വിശ്വസിക്കാന്‍ ശാസ്ത്രത്തിന്റെ സാക്ഷ്യപത്രം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരെ എങ്ങനെയാണ് ദൈവത്തിന്റെ സ്ഥാനപതികളായി പരിഗണിക്കാന്‍ സാധിക്കുന്നത്? മോശയുടെ പീഠത്തിലാണ് തങ്ങള്‍ ഇരിക്കുന്നതെന്ന് ഒരുവന് അവകാശപ്പെടാന്‍ സാധിക്കണമെങ്കില്‍, അവന്‍ മോശയിലൂടെ പ്രഖ്യാപിക്കപ്പെട്ട സത്യങ്ങളെ അംഗീകരിക്കുന്നവന്‍ ആയിരിക്കണം.

യേഹ്ശുവായുടെ പേരില്‍ മുറിക്കപ്പെടുന്ന അപ്പം അവന്റെ ശരീരമായി രൂപാന്തരപ്പെടും എന്നത് വിശ്വാസ സത്യമാണ്. ഏത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് ഈ അപ്പത്തില്‍ യേഹ്ശുവായുടെ ശരീരത്തിന്റെയും രക്തത്തിന്റെയും സാന്നിദ്ധ്യം അനുഭവിച്ചറിയുന്നത്? ശാസ്ത്രത്തിന് മനസ്സിലാക്കാന്‍ കഴിയാത്ത അനേകം കാര്യങ്ങള്‍ ഈ ലോകത്തുള്ളതുപോലെദൈവത്തിന്റെ പ്രവര്‍ത്തികളിലും ശാസ്ത്രത്തെ വിസ്മയിപ്പിക്കുന്ന അനേകം സത്യങ്ങളുണ്ട്! ദൈവശാസ്ത്രജ്ഞന്മാരെന്ന് വിളിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ബൈബിളിലെ പല കാര്യങ്ങളും ഗ്രഹിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം, ഇവരെ നയിക്കുന്നത് ദൈവശാസ്ത്ര പഠനങ്ങള്‍ മാത്രമാണ്! പഠനം പൂര്‍ത്തീകരിക്കാത്ത വ്യക്തികള്‍ പഠിപ്പിക്കാനിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് സാമാന്യബോധമുള്ളവര്‍ ചിന്തിക്കണം. ആരെങ്കിലും തങ്ങളുടെ ഹൃദയശസ്ത്രക്രിയ നടത്തുവാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സമീപിക്കുമോ? തലച്ചോറിനെ കീറിമുറിക്കാന്‍ തയ്യാറാകുന്നവരും പരിചയസമ്പന്നരെ മാത്രമേ സമീപിക്കൂ! അങ്ങനെയെങ്കില്‍, ഹൃദയത്തെക്കാളും തലച്ചോറിനെക്കാളും എത്രയോ പ്രധാനപ്പെട്ടതാണ് നമ്മുടെ ആത്മാവ്! ഈ ആത്മാവിനെ ശുശ്രൂഷിക്കുന്നവരാകട്ടെ പഠനം പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികളും! ഇവിടെയാണ്‌ ഒരു പുനര്‍വിചിന്തനം അനിവാര്യമാകുന്നത്!

‘ദൈവശാസ്ത്രം’ എന്നത് പരിശുദ്ധാത്മാവിനെ ഉപേക്ഷിച്ച് സ്വന്തം യുക്തികൊണ്ടു നടത്തുന്ന ദൈവാന്വേഷണമാണ്. അതുകൊണ്ടുതന്നെയാണ് ത്രിത്വത്തെ സംബന്ധിച്ചുള്ള സത്യത്തില്‍നിന്ന് ‘ദൈവശാസ്ത്ര’ പണ്ഡിതന്മാര്‍ അകറ്റപ്പെട്ടിരിക്കുന്നത്. അതായത്, ജ്ഞാനത്തെ അവഗണിച്ച് വിജ്ഞാനത്തെ മുറുകെപ്പിടിച്ചിരിക്കുന്നവരാണ് ‘ദൈവശാസ്ത്ര’ പണ്ഡിതന്മാര്‍! ഇവരെ നയിക്കുന്നത് ജ്ഞാനമായിരുന്നുവെങ്കില്‍ സൃഷ്ടിയുടെ പുസ്തകത്തിലെ ആദ്യത്തെ ആറദ്ധ്യായങ്ങള്‍ യക്ഷിക്കഥയാണെന്ന് പറയുമായിരുന്നില്ല. റോമന്‍ കത്തോലിക്കാസഭയിലെ ആചാര്യസമൂഹം ഒന്നടങ്കം ഇന്ന് ഈ ബോദ്ധ്യത്തിലാണ് ജീവിക്കുന്നത്. ദൈവമായ യാഹ്‌വെ മോശയിലൂടെ അരുളിച്ചെയ്ത സത്യങ്ങളില്‍ ഏതെങ്കിലുമൊന്ന് യക്ഷിക്കഥയായി പരിഗണിക്കുന്നവര്‍ക്ക് മറ്റെല്ലാം അങ്ങനെതന്നെയായിരിക്കും. എന്തെന്നാല്‍, പരിശുദ്ധാത്മാവിനെ നിഷേധിക്കുന്നവരെ സ്ഥലജലവിഭ്രാന്തി പിടികൂടുകയും വിഗ്രഹങ്ങളുടെ മാലിന്യങ്ങളിലേക്ക് ഇവര്‍ വശീകരിക്കപ്പെടുകയും ചെയ്യും! തങ്ങളുടെ ബുദ്ധിക്ക് അഗ്രാഹ്യമായ സത്യങ്ങളെ ‘യക്ഷിക്കഥ’ എന്ന് ആക്ഷേപിക്കുന്നവരാണ് ഒരു സമൂഹത്തെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതെങ്കില്‍, ഈ സമൂഹം ദൈവികസത്യങ്ങളില്‍നിന്ന് പൂര്‍ണ്ണമായി അകറ്റപ്പെടും!

ത്രിത്വത്തിന്റെ യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തുന്നതിന് മുന്‍പ് നിഖ്യാ വിശ്വാസപ്രമാണത്തിലെ ‘ത്രിത്വ’ നിര്‍വ്വചനം കൂടി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ‘ദൈവശാസ്ത്ര’ പണ്ഡിതന്മാരുടെ ഭോഷത്തം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകുകയുള്ളു.

നിഖ്യാ വിശ്വാസപ്രമാണവും ത്രിത്വത്തിന്റെ ‘ശാസ്ത്രീയ’ വിശകലനവും!

ത്രിത്വത്തില്‍, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകള്‍ ഉണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് നിഖ്യാ വിശ്വാസപ്രമാണം. നിഖ്യാ വിശ്വാസപ്രമാണത്തിലെ (Nicene Creed) പല പദപ്രയോഗങ്ങളും സാധാരണക്കാര്‍ക്ക് പോയിട്ട്, അത് പഠിപ്പിക്കുന്നവര്‍ക്ക് പോലും വ്യക്തമായി വിശദീകരിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണവും ദാര്‍ശനികവുമാണ്. ക്രൈസ്തവ വിശ്വാസത്തെ ഗ്രീക്ക് ദര്‍ശനങ്ങളുമായി (Greek Philosophy) കൂട്ടിക്കലര്‍ത്തിയതിന്റെ പരിണതഫലമാണ് ഈ ദുരൂഹത. ദൈവത്തിന്റെ അസ്തിത്വത്തെ മനുഷ്യന്റെ യുക്തിയുപയോഗിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യാനും നിര്‍വ്വചിക്കാനും നിഖ്യാ സൂനഹദോസ് നടത്തിയ വിഫലശ്രമമാണ് ഈ വിശ്വാസപ്രമാണത്തില്‍ കാണുന്നത്. വിശുദ്ധ ലിഖിതങ്ങളെക്കാള്‍ ഉപരിയായി ഗ്രീക്ക് ദാര്‍ശനിക ശാസ്ത്രത്തിലെ (Greek Metaphysics) പദാവലികള്‍ ഇതിനായി അവര്‍ ഉപയോഗിച്ചിരിക്കുന്നതായും നമുക്ക് കാണാം.

നിഖ്യാ വിശ്വാസപ്രമാണത്തിലെ ത്രിത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ പരിശോധിച്ച് അതിലെ ഗുരുതരമായ വചനവിരുദ്ധത നമുക്ക് ഉറപ്പുവരുത്താം. ആദ്യഭാഗം ഇങ്ങനെയാണ്: “സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു; ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു; ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനും യുഗങ്ങള്‍ക്കെല്ലാം മുന്‍പ് പിതാവില്‍നിന്ന് ജനിച്ചവനും, എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും, ഏകകര്‍ത്താവുമായ ഈശോ മിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, പിതാവിനോട് കൂടെ ഏക സത്തയും ആകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു.”

ഈ വരികളില്‍ നാം കാണുന്നത് പിതാവ്, പുത്രന്‍ എന്നിങ്ങനെ രണ്ട് ആളുകളെ സൃഷ്ടിക്കാന്‍ നിഖ്യാ വിശ്വാസപ്രമാണത്തിലൂടെ നടത്തുന്ന സാഹസമാണ്. ആദ്യവാചകം വചനത്തോട് ചേര്‍ന്നുനില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും, ഇതിന് തൊട്ടുപിന്നാലെ വരുന്ന പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നിര്‍വ്വചനങ്ങള്‍ ഈ ‘ഏകത്വത്തെ’ മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. സ്രഷ്ടാവായ ദൈവത്തെ ഒരു വലിയ പദാര്‍ത്ഥത്തിന്റെ (Substance) ഉറവിടമായി മാത്രം ഇവിടെ കാണുന്നു. ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്ന വലിയൊരു യുക്തിവൈരുദ്ധ്യവും വചനവിരുദ്ധതയും നാം മനസ്സിലാക്കിയിരിക്കണം. “പിതാവില്‍നിന്ന് ജനിച്ചവന്‍ എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവന്‍” എന്ന പ്രയോഗം തന്നെ മനുഷ്യബുദ്ധിയെയും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തെയും പരിഹസിക്കുന്നതാണ്. ജനിക്കുക എന്ന പ്രയോഗം തന്നെ ഒരു തുടക്കത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ യേഹ്ശുവായെക്കുറിച്ച് വെളിപാട് പുസ്തകത്തില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും”(വെളിപാട്: 22; 13).

താന്‍തന്നെ ആദിയും അന്തവും (തുടക്കവും ഒടുക്കവും) ആണെന്ന് യേഹ്ശുവാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുമ്പോള്‍, അവന് പിതാവില്‍ നിന്നുള്ള ഒരു ‘ജനനം’ അഥവാ ഒരു തുടക്കം ഉണ്ടായിരുന്നുവെന്ന് പഠിപ്പിക്കുന്നത് വചനവിരുദ്ധമല്ലേ? ആദിയും അന്തവുമായവന്‍ എങ്ങനെയാണ് മറ്റൊരാളില്‍ നിന്ന് ജനിച്ചവന്‍ ആകുന്നത്? ഈ ലളിതമായ ചോദ്യത്തിന് മുന്നില്‍ നിഖ്യാ വിശ്വാസപ്രമാണത്തിലെ ദാര്‍ശനിക കസര്‍ത്തുകള്‍ തകര്‍ന്നടിയുന്നു. ത്രിത്വത്തെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യം വചനാധിഷ്ഠിതമായി മനസ്സിലാക്കുമ്പോള്‍, “പിതാവില്‍നിന്ന് ജനിച്ച പുത്രന്‍” എന്ന നിഖ്യാവാദം വിജാതീയ സ്വാധീനത്തിന്റെ ദുരന്തമാണെന്ന് വ്യക്തമാകും. തുടര്‍ന്ന് നാം മനസ്സിലാക്കാന്‍ പോകുന്നത് ആ സത്യമാണ്. അതിന് മുന്‍പ് നിഖ്യാവാദത്തിലെ മറ്റുചില തെറ്റുകള്‍ക്കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

നിഖ്യാ വിശ്വാസപ്രമാണത്തിലെ ഏറ്റവും ഗൗരവകരമായ പിഴവ് ‘പിതാവിനോട് കൂടെ ഏക സത്ത (Consubstantial/Homoousios)’ എന്ന പ്രയോഗമാണ്. ദൈവത്തിന്റെ അസ്തിത്വത്തെ വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഭൗതികമായ ഒരു ‘പദാര്‍ത്ഥം’ (Substance) ആയി വിശകലനം ചെയ്യാനാണ് ഇവിടെ ആചാര്യന്മാര്‍ ശ്രമിച്ചത്. ഒരു ലോഹത്തില്‍ നിന്ന് മറ്റൊരു കഷ്ണം വേര്‍പെട്ട് വരുന്നത് പോലെ, അല്ലെങ്കില്‍ ഒരു ദ്രാവകത്തില്‍ നിന്ന് മറ്റൊന്ന് പകരുന്നത് പോലെ, ദൈവത്തെ പദാര്‍ത്ഥവിജ്ഞാനത്തിന്റെ (Physical Science) അളവുകോലുകള്‍ വെച്ച് നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് എത്രത്തോളം വലിയ അറിവുകേടാണെന്ന് നാം തിരിച്ചറിയണം! ദൈവത്തെ ‘സത്ത’ എന്ന നിലയില്‍ കീറിമുറിച്ച് പരിശോധിക്കാന്‍ ശ്രമിക്കുന്നതിലൂടെ ദൈവത്തിന്റെ അസ്തിത്വത്തെ ഇവര്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല, ഏകനായ ദൈവത്തെ മൂന്ന് ആള്‍ ആക്കിയപ്പോള്‍, ഏകസത്യദൈവത്തിന്റെ മനുഷ്യാവതാരമാണ് യേഹ്ശുവാ എന്ന സത്യത്തെ ഇവര്‍ കൗശലപൂര്‍വ്വം തള്ളിക്കളഞ്ഞു.

ഇനി നമുക്ക് ത്രിത്വത്തിലെ മൂന്നാമത്തെ ആളെക്കുറിച്ച് നിഖ്യാ വിശ്വാസപ്രമാണത്തില്‍ എന്താണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നോക്കാം: “പിതാവില്‍നിന്ന് പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധ റൂഹായിലും ഞങ്ങള്‍ വിശ്വസിക്കുന്നു.” അതായത്, പിതാവില്‍നിന്ന് പുറപ്പെടുന്ന സത്യാത്മാവാണ് മൂന്നാമത്തെ ആളെന്ന് നിഖ്യാ വിശ്വാസപ്രമാണം പറയുന്നു. ദൈവത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ദൈവത്തിന്റെ ആത്മാവ് എങ്ങനെയാണ് മറ്റൊരു ആളാകുന്നത്? മനസ്സും ശരീരവും ആത്മാവും ചേരുന്നതല്ലേ ഒരാള്‍? ഒരുവന്റെ ശരീരത്തെയും ആത്മാവിനെയും മനസ്സിനെയും വെവ്വേറെ ആളുകളായി പരിഗണിക്കുന്നതിനെ ഭോഷത്തം എന്നല്ലാതെ, മറ്റെന്താണ് വിശേഷിപ്പിക്കാന്‍ സാധിക്കുന്നത്?

ഇവിടെയാണ് നിഖ്യാ വിശ്വാസപ്രമാണം അതിന്റെ ഭോഷത്തത്തിന്റെ പൂര്‍ണ്ണരൂപത്തില്‍ എത്തുന്നത്. ദൈവത്തിന്റെ ആത്മാവിനെ ദൈവത്തില്‍നിന്ന് അടര്‍ത്തി മാറ്റി മറ്റൊരു ‘ആളായി’ (Person) പ്രതിഷ്ഠിക്കുന്നതിലൂടെ ഇവര്‍ ദൈവത്തെ മൂന്നായി വിഭജിച്ചു. ഒരുവന്റെ ആത്മാവിനെ അവനില്‍നിന്ന് വേര്‍പെടുത്തി മറ്റൊരു വ്യക്തിയായി കാണുകയെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ഭോഷത്തമാണ്. ഒരു മൂലകത്തില്‍നിന്ന് വാതകം പുറപ്പെടുന്നത് പോലെ (Emission) ദൈവത്തില്‍നിന്ന് പരിശുദ്ധാത്മാവ് പുറപ്പെടുന്നു എന്ന നിര്‍വ്വചനം ശാസ്ത്രീയമായി ദൈവത്തെ അപഗ്രഥിക്കാന്‍ നോക്കുന്നതിന്റെ ഭാഗമായി കാണാം. ഇത് വിജാതീയരുടെ ‘ത്രിമൂര്‍ത്തി’ സങ്കല്പത്തെ ശാസ്ത്രീയമായി ക്രിസ്തീയതയില്‍ സ്ഥാപിക്കാനുള്ള ഗൂഢശ്രമമായിരുന്നു.

പരിശുദ്ധാത്മാവിനെ മൂന്നാമത്തെ ആളായി അവതരിപ്പിക്കാന്‍ ‘പുറപ്പെടുക’ (Procession) എന്ന പദമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ദൈവത്തിന്റെ ശക്തിയെയും സാന്നിദ്ധ്യത്തെയും ഒരു പ്രത്യേക വ്യക്തിത്വമാക്കി മാറ്റിയാല്‍ മാത്രമേ ഗ്രീക്ക് മിത്തോളജിയിലെ സിയൂസ്-പോസൈഡോണ്‍-ഹാഡെസ് എന്ന ‘ത്രിമൂര്‍ത്തി’ (Triad) സങ്കല്പം ക്രൈസ്തവതയില്‍ പ്രതിഷ്ഠിക്കാന്‍ കഴിയുമായിരുന്നുള്ളൂ. സത്യത്തില്‍, ദൈവത്തിന്റെ ഏകത്വത്തെ തകര്‍ക്കാന്‍ വേണ്ടി പൈശാചികമായി രൂപപ്പെടുത്തിയെടുത്ത ഒരു ‘ശാസ്ത്രീയ’ ഫോര്‍മുല മാത്രമാണ് നിഖ്യാ വിശ്വാസപ്രമാണത്തിലെ ഈ മൂന്നാം ആളത്വ നിര്‍വ്വചനം. അര്‍ത്ഥം ഗ്രഹിക്കാതെ ഇത് ഏറ്റുചൊല്ലുന്നവര്‍, അറിഞ്ഞോ അറിയാതെയോ വചനവിരുദ്ധമായ ഒരു സങ്കല്പത്തെയാണ് ദൈവമായി ആരാധിക്കുന്നത്.

ഗ്രീക്ക് മിത്തോളജിയിലെ ത്രിമൂര്‍ത്തികളായ സിയൂസ്, പോസൈഡോണ്‍, ഹാഡെസ് എന്നീ സങ്കല്പങ്ങളുടെ തനി പതിപ്പാണ്‌ നിഖ്യാ സൂനഹദോസില്‍ പ്രഖ്യാപിക്കപ്പെട്ട ത്രിത്വം എന്ന് അറിയണമെങ്കില്‍, നിഖ്യാ സൂനഹദോസിന്റെ അടിസ്ഥാനത്തില്‍ വരച്ചിട്ടുള്ള ത്രിത്വത്തിന്റെ ചിത്രം പരിശോധിച്ചാല്‍ മതി. ഒരു വൃദ്ധനും ഒരു യുവാവും ഒരു പ്രാവും ആണ് ത്രിത്വത്തിന്റെതായി വരച്ച ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലുള്ള വൃദ്ധനും യുവാവും കാണപ്പെടുന്നത് മനുഷ്യരൂപത്തിലാണ്. ദൈവം ഏകനാണെന്ന് സൃഷ്ടി മുതല്‍ വെളിപാട് വരെയുള്ള പുസ്തകങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കെ എങ്ങനെയാണ് രണ്ട് മനുഷ്യരൂപങ്ങളും ഒരു പ്രാവും ത്രിത്വത്തില്‍ ഉണ്ടാകുന്നത്? അങ്ങനെയെങ്കില്‍ നിഖ്യാ സൂനഹദോസില്‍ നടന്നത് പിതാവും പുത്രനും രണ്ട് ശരീരങ്ങളുള്ള രണ്ട് വ്യക്തികളാണ് എന്ന പ്രഖ്യാപനമല്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്നും, ഞാനും പിതാവും ഒന്നാണെന്നും ഉള്ള യേഹ്ശുവായുടെ പ്രഖ്യാപനത്തെ അപ്പാടെ തള്ളിക്കളയുന്നതാണ് നിഖ്യാ സൂനഹദോസും നിഖ്യാ വിശ്വാസപ്രമാണവും!

ദൈവത്തിന്റെ ആത്മാവിന് പ്രാവിന്റെ രൂപം നല്‍കാന്‍ ആചാര്യന്മാരെ പ്രേരിപ്പിച്ചത് ദൈവവചനം പഠിക്കാത്തവര്‍ ആചാര്യന്മാരായി വേഷംകെട്ടിയതിന്റെ പരിണിതഫലമാണ്. യേഹ്ശുവായുടെ ജ്ഞാനസ്നാന വേളയില്‍ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ വന്നതുകൊണ്ടാണ് ത്രിത്വത്തില്‍ മൂന്നാമനായി പ്രാവിനെ ഉള്‍പ്പെടുത്തിയതെന്ന് ഇവര്‍ വാദിക്കുന്നു. ഇത് സ്നാപകയോഹന്നാന്‍ ആവശ്യപ്പെട്ട ഒരു അടയാളം മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്തവരാണോ ഈ ആചാര്യന്മാര്‍? പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവന്നത് യോഹന്നാന്‍ മാത്രമാണ് ദര്‍ശിച്ചത്. അതായത്, അത് യോഹന്നാന് വ്യക്തിപരമായി നല്‍കപ്പെട്ട ദര്‍ശനമായിരുന്നു. യേഹ്ശുവായുടെ ജ്ഞാനസ്നാനവുമായി ബന്ധപ്പെട്ട സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് മത്തായി, മാര്‍ക്കോ, ലൂക്കാ എന്നീ മൂന്ന് സുവിശേഷകരാണ്. സുവിശേഷകനായ യോഹന്നാന്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, അതിനെക്കുറിച്ച് തന്റെ സുവിശേഷത്തില്‍ വ്യക്തതയോടെ പരാമര്‍ശിച്ചിട്ടുണ്ട്.

യോഹന്നാന്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: “ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ യിസ്രായേലിന് വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്ന് ജലത്താല്‍ സ്‌നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ട് സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്‌നാനം നല്‍കുന്നവന്‍. ഞാന്‍ അത് കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു”(യോഹന്നാ‌ന്‍: 1; 31-34). യേഹ്ശുവായെ തിരിച്ചറിഞ്ഞ് സാക്ഷ്യപ്പെടുത്തുവാന്‍ സ്നാപകയോഹന്നാന് നല്‍കിയ അടയാളം മാത്രമാണ് പ്രാവ്. സ്നാപകന്‍ അല്ലാതെ മറ്റാരും ഈ പ്രാവിനെ കണ്ടില്ല. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സ്വരം മറ്റാരും കേട്ടുമില്ല!

ആത്മാവില്ലാത്ത ഒരു പക്ഷിയെ പരിശുദ്ധാത്മാവിന്റെ രൂപമായി ചിത്രീകരിക്കാന്‍ മുതിര്‍ന്ന ധൈര്യം വിവേകശൂന്യതയില്‍നിന്ന് ഉടലെടുത്ത ധാര്‍ഷ്ട്യം തന്നെയാണ്. സൃഷ്ടിയുടെ മകുടമായ മനുഷ്യനെക്കാള്‍ താഴ്ന്ന ഒരു ജീവിയുടെ രൂപം പരിശുദ്ധാത്മാവിന് നല്‍കിയത് പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണെന്ന് നാം തിരിച്ചറിയണം. അതുകൊണ്ടുതന്നെ, അത്തരം ചിത്രങ്ങള്‍ ഒരു ഭവനത്തില്‍ സൂക്ഷിച്ചാല്‍, ആ ഭവനത്തിലേക്ക് ശാപത്തെ ക്ഷണിച്ചുവരുത്തും. ശൗവുലിന്റെ വാക്കുകള്‍ നോക്കുക: “ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്ക് കൈമാറി”(റോമാ: 1; 22-23). അതായത്, പ്രാവിന്റെ രൂപത്തില്‍ ദൈവത്തെ ചിത്രീകരിക്കുന്നത് ദൈവനിന്ദയാണ്!

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിലെ രാഷ്ട്രീയ ഐക്യത്തിന് വേണ്ടി ക്രൈസ്തവ ആചാര്യന്മാരെ സമ്മര്‍ദ്ദത്തിലാക്കി രൂപപ്പെടുത്തിയതാണ് ഈ വിശ്വാസപ്രമാണം. വിജാതീയരായ ഗ്രീക്കുകാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ക്രിസ്തീയതയെ മാറ്റിയെഴുതുകയായിരുന്നു അവിടെ ചെയ്തത്. ഇവിടെ നാം തിരിച്ചറിയേണ്ട മറ്റൊരു യാഥാര്‍ത്ഥ്യം കൂടി ഉണ്ട്. എന്തെന്നാല്‍, നിഖ്യാ വിശ്വാസപ്രമാണം ചൊല്ലുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇന്നും ഇതിന്റെ അര്‍ത്ഥം ഗ്രഹിക്കാതെ ഒരു മന്ത്രംപോലെ ഉരുവിടുകയാണ് ചെയ്യുന്നത്. ഏകദൈവമായ യാഹ്‌വെയെയും (YHWH) അവന്റെ പരിശുദ്ധമായ പേരിനെയും മറച്ചുപിടിക്കാന്‍ ഈ ദുരൂഹ നിര്‍വ്വചനങ്ങള്‍ വലിയ പങ്കുവഹിച്ചു എന്നതും തിരിച്ചറിയാതെ പോകരുത്. ഇനി നമുക്ക് ദൈവത്തിന്റെ അസ്തിത്വമാകുന്ന യഥാര്‍ത്ഥ ത്രിത്വം എന്താണെന്ന് പരിശോധിക്കാം.

‘ത്രിത്വം’ എന്നത് ദൈവത്തിന്റെ അസ്തിത്വം!

‘ത്രിത്വം’ എന്ന വാക്ക് ബൈബിളില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ദൈവത്തിന്റെ അസ്തിത്വം എന്നത് ത്രിത്വമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദൈവത്തിന്റെ പ്രതിച്ഛായയാണ് യഥാര്‍ത്ഥത്തില്‍ അവന്റെ അസ്തിത്വം. ബൈബിളിന്റെ മലയാള വിവര്‍ത്തനങ്ങളില്‍ എല്ലാംതന്നെ (മനോവ ബൈബിള്‍ ഒഴികെ) ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് കാണുന്നത്. എന്നാല്‍, മനോവ ബൈബിള്‍ ഹീബ്രുഭാഷയിലെ വാക്കുകളെ കൃത്യതയോടെ വിവര്‍ത്തനം ചെയ്തതുകൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ‘പ്രതിച്ഛായയിലും സാദൃശ്യത്തിലും’ എന്നാണ്. ഛായ, സാദൃശ്യം എന്നീ വാക്കുകളുടെ അര്‍ത്ഥം പരിശോധിച്ചാല്‍ ഏകദേശം ഒന്നുതന്നെയാണെന്ന് മനസ്സിലാകും. ബാഹ്യമായ രൂപത്തെയാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍, മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ‘നമ്മുടെ ഛായയിലും സാദൃശ്യത്തിലും അവനെ സൃഷ്ടിക്കാം’ എന്ന് ദൈവം പറഞ്ഞത് എന്തിനാണ്? ദൈവത്തിന്റെ വായില്‍നിന്ന് പുറപ്പെടുന്ന ഓരോ വാക്കിലും കൃത്യതയുണ്ട്. സൈന്യങ്ങളുടെ ദൈവം പാഴ്വാക്കുകള്‍ പറയുന്നവനല്ല. ഇവിടെയാണ്‌ വിവര്‍ത്തനത്തില്‍ വന്ന പിഴവ് വലിയൊരു ദുരന്തമായി മാറുന്നത്.

ഹീബ്രുമൂലത്തിലുള്ള വാക്കുകളുടെ അര്‍ത്ഥം വളരെ വ്യക്തമാണ്. ‘ചെലെം’ (צֶלֶם - Tselem), ‘ദെമൂത്ത്’ (דְּמוּת - Demuth) എന്നീ വാക്കുകളാണ് ഹീബ്രുമൂലത്തില്‍ നാം കാണുന്നത്. ‘ദെമൂത്ത്’ (Demuth) എന്ന വാക്ക് സൂചിപ്പിക്കുന്നത് ബാഹ്യമായ രൂപത്തെയും, ‘ചെലെം’ (Tselem) എന്ന വാക്ക് സൂചിപ്പിക്കുന്നത് ആന്തരികമായ അസ്തിത്വത്തെയും ആണ്. അതായത്, ‘ചെലെം’ (Tselem) എന്ന വാക്കിന്റെ കൃത്യമായ അര്‍ത്ഥം പ്രതിച്ഛായ എന്നാണ്, ഛായ എന്നല്ല. ഛായയും പ്രതിച്ഛായയും തമ്മില്‍ അര്‍ത്ഥതലങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. അത് ബാഹ്യമായ രൂപവും ആന്തരികമായ അസ്തിത്വവും തമ്മിലുള്ള വ്യത്യാസമാണ്.

പ്രശസ്തനായ ഒരു വ്യക്തിക്കെതിരേ എന്തെങ്കിലും ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, ആ വ്യക്തിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് പറയാറുണ്ട്‌. ഇത് ബാഹ്യമായ ഒരു മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. ആരോപണങ്ങളിലൂടെ ഒരുവന് നഷ്ടമാകുന്നത് അവന്റെ മുഖസൗന്ദര്യമോ ശരീരത്തിന്റെ ആകൃതിയോ അല്ല; മറിച്ച്, അവന്റെ പ്രതിച്ഛായയാണ്! അമ്മയുടെ അതേ ഛായയാണ് മകള്‍ക്ക് ലഭിച്ചതെന്ന് പറയാറുണ്ട്.  നാം കേട്ടിട്ടുള്ള മറ്റൊരു വാക്കാണ്‌ മുഖച്ഛായ. ബാഹ്യമായ രൂപത്തെയാണ് ഇവിടെയെല്ലാം ഉദ്ദേശിക്കുന്നത്. മുഖച്ഛായയും പ്രതിച്ഛായയും ‘ഛായ’ എന്ന വാക്കിന്റെ വ്യത്യസ്തമായ രണ്ട് തലങ്ങളാണ്. ബാഹ്യമായ രൂപത്തെയാണ് ‘മുഖച്ഛായ’ എന്ന വാക്ക് പ്രതിനിധീകരിക്കുന്നതെങ്കില്‍, ഒരു വ്യക്തിയുടെ അസ്തിത്വത്തെയും ഉണ്‍മയെയുമാണ്‌ ‘പ്രതിച്ഛായ’ എന്ന വാക്ക് പ്രതിനിധീകരിക്കുന്നത്. അതായത്, ഹീബ്രുമൂലത്തിലെ ‘ചെലെം’ (צֶלֶם - Tselem) എന്ന വാക്കിന് ഏറ്റവും ചേരുന്നത് ‘പ്രതിച്ഛായ’ എന്ന മലയാള വാക്കാണ്‌. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സൃഷ്ടിയുടെ പുസ്തകത്തിലെ വചനം നമുക്ക് പരിശോധിക്കാം. അപ്പോള്‍ നമുക്ക് ത്രിത്വം എന്താണെന്നുകൂടി മനസ്സിലാകും. 

വചനമിതാണ്: “ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്ക് നമ്മുടെ പ്രതിച്ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക് കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ പ്രതിച്ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; തന്റെ പ്രതിച്ഛായയില്‍ ദൈവം അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു”(സൃഷ്ടി: 1; 26-27). പ്രതിച്ഛായ, സാദൃശ്യം എന്നീ വാക്കുകള്‍ ഈ വചനത്തില്‍ നമുക്ക് കാണാം. ഈ പ്രതിച്ഛായയെയും സാദൃശ്യത്തെയും കുറിച്ചാണ് നാം ഇതുവരെ ചര്‍ച്ചചെയ്തത്. പ്രതിച്ഛായ എന്നത് ഒരു വ്യക്തിയുടെ അസ്തിത്വവും ഉണ്‍മയും ആണെന്നും, സാദൃശ്യം എന്നത് ബാഹ്യരൂപമാണെന്നും അതിലൂടെ നാം മനസ്സിലാക്കി. ഇനി നാം മറ്റൊരു വചനംകൂടി പരിശോധിക്കുകയാണ്. 

ഇതാണ് ആ വചനം: “എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്ന് ഭൂതലമെല്ലാം നനച്ചു. ദൈവമായ യാഹ്‌വെ ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു”(സൃഷ്ടി: 2; 6-7). ദൈവമായ യാഹ്‌വെ ഭൂമിയിലെ പൂഴി അഥവാ മണ്ണുകൊണ്ട് മനുഷ്യനെ രൂപപ്പെടുത്തിയെന്നാണ് ഈ വചനം പറയുന്നത്. രൂപപ്പെടുത്തുകയെന്നാല്‍, ബാഹ്യമായ രൂപം അഥവാ ആകൃതി നല്‍കുകയെന്ന പ്രവൃത്തിയാണെന്ന് നമുക്കറിയാം. അതായത്, ദൈവം മണ്ണുകൊണ്ട് മെനഞ്ഞെടുത്ത ബാഹ്യരൂപമാണ് മനുഷ്യന് നല്‍കപ്പെട്ട അവന്റെ സാദൃശ്യം. ദൈവം തന്റെ സാദൃശ്യത്തില്‍ മെനഞ്ഞെടുത്ത ആ രൂപത്തിന്റെ നാസാരന്ധ്രങ്ങളിലേക്ക് ജീവശ്വാസം ഊതിയപ്പോള്‍, അവനിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടതാണ് ദൈവത്തിന്റെ പ്രതിച്ഛായ.

ഇവിടെ ഒരു പ്രത്യേക കാര്യം നാം ഓര്‍ക്കണം. എന്തെന്നാല്‍, മണ്ണ് എന്നര്‍ത്ഥമുള്ള ‘അഡാമ’ (മണ്ണ്) എന്ന ഹീബ്രു വാക്കില്‍ നിന്നാണ് ‘ആദം’ (אָדָם - Adam) എന്ന വാക്ക് രൂപപ്പെടുന്നത്. അതുകൊണ്ട് ‘ആദം’ എന്ന വാക്കിന്റെ അര്‍ത്ഥം ‘മണ്ണില്‍ നിന്നുള്ളവന്‍’ അല്ലെങ്കില്‍ ‘ചുവന്ന മണ്ണില്‍ നിന്ന് മെനയപ്പെട്ടവന്‍’ എന്നാണ്. ഈ വാക്കാണ് പിന്നീട് ഹീബ്രുവില്‍ പൊതുവായി ‘മനുഷ്യന്‍’ (Human/Mankind) എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതായത്, ആദ്യമനുഷ്യനെ ദൈവം ‘ആദം’ എന്ന് വിളിച്ചത് കൃത്യമായ അര്‍ത്ഥത്തിലാണ്!

സൃഷ്ടികര്‍മ്മം പൂര്‍ത്തിയായ ആറാം ദിവസത്തിലാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. മറ്റ് ജീവജാലങ്ങളെല്ലാം അതിന് മുന്‍പ് സൃഷ്ടിക്കപ്പെട്ടു. അവയെ ദൈവം സൃഷ്ടിച്ചത് മനുഷ്യനെ സൃഷ്ടിച്ചതുപോലെ ആയിരുന്നില്ല. ഒരു ജീവിയുടെയും നാസാരന്ധ്രങ്ങളിലേക്ക് ദൈവം നിശ്വസിച്ചതായി വിശുദ്ധലിഖിതം സാക്ഷ്യപ്പെടുത്തുന്നുമില്ല. അതുമാത്രമല്ല, മനുഷ്യസൃഷ്ടിയുടെ വേളയിലാണ് ‘നമുക്ക് നമ്മുടെ പ്രതിച്ഛായയിലും സാദൃശ്യത്തിലും’ സൃഷ്ടിക്കാം എന്ന് ദൈവം അരുളിച്ചെയ്തതായി വിശുദ്ധലിഖിതം സാക്ഷ്യപ്പെടുത്തുന്നത്. മറ്റ് ജീവികള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് നോക്കുക: “ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു. അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് ദൈവം കണ്ടു”(സൃഷ്ടി: 1; 24-25). ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. മറ്റ് ജീവികളില്‍നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന് മനസ്സും ശരീരവും ആത്മാവും ഉണ്ടെന്നതാണ്. അതുതന്നെയാണ് ദൈവത്തിന്റെ പ്രതിച്ഛായ! 

‘നമുക്ക്, നമ്മുടെ’ എന്നീ പ്രയോഗങ്ങള്‍ വിരല്‍ചൂണ്ടുന്നത് ദൈവത്തിലെ മൂന്ന് ആളത്വത്തിലേക്കാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ വിശുദ്ധലിഖിതത്തിലെ ‘നമുക്ക് നമ്മുടെ പ്രതിച്ഛായയില്‍ മനുഷ്യനെ സൃഷ്ടിക്കാം’ എന്ന ദൈവത്തിന്റെ അരുളപ്പാട് ത്രിത്വത്തിലെ മൂന്ന് ആളത്വങ്ങളെ സൂചിപ്പിക്കുന്ന ഒന്നല്ല. മറിച്ച്, സ്വര്‍ഗ്ഗീയ ശരീരവും ദൈവത്തിന്റെ സാദൃശ്യവും ധരിച്ച സ്വര്‍ഗ്ഗത്തിലെ ദൂതന്മാരോടാണ് ദൈവം അന്ന് സംസാരിച്ചത്. ദൈവദൂതന്മാരെ വിശേഷിപ്പിച്ചിരുന്നത് ‘ദൈവപുത്രന്മാര്‍’ എന്നായിരുന്നുവെന്നതിന് ബൈബിളില്‍ തെളിവുണ്ട്. ഈ ലിഖിതം ശ്രദ്ധിക്കുക: “മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്ക് പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്ന് കണ്ട് ദൈവപുത്രന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു”(സൃഷ്ടി: 6; 1-2). ഇവിടെ ‘ദൈവപുത്രന്മാര്‍’ എന്ന് വിശേഷിപ്പിക്കുന്നത് ദൈവദൂതന്മാരെയാണ്. ദൈവത്തിന്റെ പ്രതിച്ഛായ തന്നെയാണ് അവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നത്. 

അതായത്, ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതിച്ഛായ എന്നത് മൂന്ന് ആളത്വങ്ങളല്ല, മറിച്ച് ശരീരം, ആത്മാവ്, മനസ്സ് എന്നീ മൂന്ന് അവസ്ഥകളുടെ സന്തുലിതാവസ്ഥയാണ്. ഇതാണ് യഥാര്‍ത്ഥ ത്രിത്വം. ഈ ത്രിത്വഭാവത്തിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. ആദ്യ മനുഷ്യനായ ആദം സൃഷ്ടിക്കപ്പെട്ടത് മൂന്ന് വ്യത്യസ്ത വ്യക്തികളായല്ല, മറിച്ച് ഒരേയൊരു ശരീരവും മനസ്സും ആത്മാവുമുള്ള പൂര്‍ണ്ണനായ ഒരൊറ്റ വ്യക്തിയായിട്ടാണ് എന്ന വസ്തുത ഈ സത്യത്തെ അടിവരയിട്ടുറപ്പിക്കുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുവന്‍തന്നെ!

പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് ആളുകള്‍ അല്ലെന്ന് വ്യക്തമാക്കുന്ന പ്രവചനം ശ്രദ്ധിക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ രാജപീഠത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ച് പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇത് നിറവേറ്റും”(യേശൈയാഹ്: 9; 6, 7). ഈ പ്രവചനത്തില്‍ കൃത്യമായി പറയുന്നതുപോലെ, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ വിളിക്കപ്പെടുന്നത് ദാവീദിന്റെ പുത്രനായി മനുഷ്യാവതാരം ചെയ്ത യേഹ്ശുവാ തന്നെയാണ്!

പരിശുദ്ധാത്മാവ് എന്ന വാക്ക് ഈ പ്രവചനത്തില്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും, ആത്മാവിന്റെ വിശേഷണമായ ‘ഉപദേഷ്ടാവ്’ എന്ന വാക്ക് ഇവിടെ കാണാം. ‘വിസ്മയനീയനായ ഉപദേഷ്ടാവ്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനെയാണ്. ദൈവത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവാണ് സത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നത്. യേഹ്ശുവായുടെ പ്രബോധനം ശ്രദ്ധിക്കുക: “അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും”(യോഹന്നാ‌ന്‍: 16; 8). ലോകത്തെ ബോദ്ധ്യപ്പെടുത്തുകയെന്നാല്‍, ലോകത്തെ ഉപദേശിക്കുമെന്നും പഠിപ്പിക്കുമെന്നും ആണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യപുത്രനായ യേഹ്ശുവാ വാഗ്ദാനം ചെയ്തത് ദൈവമായ തന്റെ ആത്മാവിനെയാണ്. മനുഷ്യപുത്രനായ താന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിയാല്‍ മാത്രമേ സഹായകനായ ആത്മാവിനെ ലോകത്തേക്ക് അയയ്ക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഈ വാഗ്ദാനത്തിന് തൊട്ടുമുന്‍പ് യേഹ്ശുവാ വ്യക്തമാക്കുന്നുണ്ട്.

ഈ വാക്കുകള്‍ നോക്കുക: “എങ്കിലും, സത്യം ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയയ്ക്കും”(യോഹന്നാ‌ന്‍: 16; 7). ദൈവാത്മാവെന്നും സത്യാത്മാവെന്നും വിളിക്കപ്പെടുന്ന പരിശുദ്ധാത്മാവിനെ നമ്മുടെ അടുക്കലേക്ക് അയയ്ക്കുന്നത് ദൈവമാണെന്ന് പ്രവാചകന്മാരിലൂടെ മുന്‍കൂട്ടി അരുളിച്ചെയ്തിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: “അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും”(യോയേല്‍: 2; 28, 29). ഇതുമായി ബന്ധപ്പെട്ട അനേകം പ്രവചനങ്ങള്‍ ബൈബിളില്‍ വേറെയുമുണ്ട്.

എന്നാല്‍, മനുഷ്യപുത്രനായിരുന്നപ്പോള്‍ യേഹ്ശുവാ പ്രഖ്യാപിച്ചത് സഹായകനായ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കുവേണ്ടി അയയ്ക്കുന്നത് താനാണെന്നാണ്. മാത്രവുമല്ല, താന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ലെന്നും അവന്‍ വ്യക്തമാക്കി. ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്, മനുഷ്യപുത്രന്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പ്രവേശിക്കുന്നതോടെ, അനാദിയിലേ താന്‍ ആയിരുന്ന ദൈവിക പദവിയിലേക്ക് കൂടിയാണ് തിരികെ പ്രവേശിക്കുന്നത് എന്നാണ്. താന്‍ അയയ്ക്കുന്ന സത്യാത്മാവിനെക്കുറിച്ചുള്ള യേഹ്ശുവായുടെ പ്രഖ്യാപനം നോക്കുക: “സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും”(യോഹന്നാ‌ന്‍: 16; 13). യേഹ്ശുവായുടെ ഈ വാക്കുകളെയും പ്രാവാചക ലിഖിതങ്ങളെയും ചേര്‍ത്തുവെച്ച് നാം ഒരു സത്യം മനസ്സിലാക്കണം. എന്തെന്നാല്‍, പുരാതനകാലത്ത്‌ പൂര്‍വ്വപിതാക്കന്മാരോട് സംസാരിച്ച അതേ ദൈവം തന്നെയാണ് കാലസമ്പൂര്‍ണ്ണതയില്‍ മനുഷ്യപുത്രനായി അവതരിച്ച യേഹ്ശുവാ എന്നും, സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അവന്‍ തന്റെ അനന്തമായ ദൈവിക മഹിമയിലേക്ക് പുനഃപ്രവേശിച്ചു എന്നും മനസ്സിലാക്കുമ്പോഴാണ് ത്രിത്വത്തിന്റെ യഥാര്‍ത്ഥ രഹസ്യം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത്.

ദൈവം തന്റെ ദൈവികത സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഭൂമിയില്‍ മനുഷ്യനായി അവതരിച്ചതാണ്‌ യേഹ്ശുവാ മ്ശിയാഹ്. അതായത്, ഭൂമിയിലേക്ക് അവന്‍ വന്നത് ദൈവികമായ അവസ്ഥയില്‍ ആയിരുന്നില്ല. ഈ സത്യം കൃത്യതയോടെ വ്യാഖ്യാനിച്ചത് അപ്പസ്തോലനായ ശൗവുല്‍ ആയിരുന്നു. ശൗവുലിന്റെ വ്യാഖ്യാനം ശ്രദ്ധിക്കുക: “ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ അവസ്ഥ സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി”(ഫിലിപ്പി: 2; 6-8). ദൈവം എന്ന അവസ്ഥയില്‍ ആയിരുന്നില്ല ഈ ഭൂമിയില്‍ മുപ്പത്തിമൂന്ന് വര്‍ഷം യേഹ്ശുവാ ജീവിച്ചത്. എന്തെന്നാല്‍, ദൈവം എന്ന യഥാര്‍ത്ഥ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അവന് മരണത്തിലൂടെ പാപപരിഹാരം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു”(ഹെബ്രായര്‍: 2; 9). മരണംവരെ യേഹ്ശുവാ ജീവിച്ചത് ദൈവദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ട പരിപൂര്‍ണ്ണ മനുഷ്യനായാണ് എന്നും, മരണാനന്തരം അവന്‍ മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെട്ടുവെന്നുമാണ് ശൗവുല്‍ ഇവിടെ വ്യക്തമാക്കിയത്. സ്വര്‍ഗ്ഗത്തില്‍ അവന്‍ തിരികെ പ്രവേശിച്ചത് തന്റെ ദൈവികമായ പൂര്‍വ്വാവസ്ഥയിലേക്കായിരുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ പേരുകള്‍ക്കും ഉപരിയായ പേര് നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ പേരിന് മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിയാഹ് നാഥനാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്”(ഫിലിപ്പി: 2; 9-11).

ഈ വെളിപ്പെടുത്തലില്‍നിന്ന് എന്താണ് നാം മനസ്സിലാക്കേണ്ടത്? യേഹ്ശുവാ ഈ ഭൂമിയില്‍ പരിപൂര്‍ണ്ണ മനുഷ്യനായി ജീവിച്ചപ്പോള്‍ ‘പിതാവേ’ എന്ന് വിളിച്ചത് താന്‍ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിയിരിക്കുന്ന ദൈവികതയെ ആയിരുന്നു. ആ കാലയളവില്‍ അവന്‍ ദൂതന്മാരെക്കാള്‍ താഴ്ത്തപ്പെട്ടവനും മനുഷ്യന്റേതായ എല്ലാ വികാരങ്ങളും ഉള്ളവനും ആയിരുന്നുവെങ്കിലും, അവന്‍ ഒരിക്കലും പാപം ചെയ്തില്ല. അവന്‍ ജനിച്ചതും പാപമില്ലാത്തവനായാണ്. ഭൂമിയില്‍ മനുഷ്യനായിരുന്നപ്പോള്‍ അവന്‍ പൂര്‍ണ്ണമായും സ്വര്‍ഗ്ഗത്തിലെ ദൈവത്തിന് വിധേയനും അനുസരണമുള്ളവനും ആയിരുന്നു. ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി. ആ ഉയര്‍ത്തല്‍ ദൈവികമായ അവസ്ഥയിലേക്കുള്ള പുനഃപ്രവേശമായിരുന്നു. അതിനുശേഷം സ്വര്‍ഗ്ഗത്തില്‍ അവനല്ലാതെ മറ്റൊരു ദൈവമോ മറ്റൊരു അധികാരസ്ഥാനമോ ഉണ്ടായിട്ടില്ല! അതുകൊണ്ടാണ് അവന്റെ പേരിന് മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നത്. നിഖ്യാസൂനഹദോസ് പറയുന്നതുപോലെ, പിതാവായ ദൈവത്തിന്റെ മുമ്പില്‍ രണ്ടാമനാണ് യേഹ്ശുവാ എങ്കില്‍, ‘സകലരും’ മുട്ടുകള്‍ മടക്കണം എന്ന ദൈവവചനപ്രകാരം പിതാവും അവന്റെ മുമ്പില്‍ മുട്ടുമടക്കേണ്ടി വരും എന്ന വിരോധാഭാസത്തിലേക്കാണ് അത് ചെന്നെത്തുക!

മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ത്തന്നെ തന്റെ പ്രതിച്ഛായ ദൈവം വെളിപ്പെടുത്തിയതാണ്. തുടര്‍ന്ന് പ്രവാചകനായ യേശൈയാഹിലൂടെ തന്റെ അസ്തിത്വത്തെ സംബന്ധിക്കുന്ന എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിച്ചു. പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് ഒരേയൊരാള്‍ തന്നെയാണെന്ന പ്രഖ്യാപനമാണ് യേശൈയാഹിലൂടെ അവന്‍ നടത്തിയത്. ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ദാവീദിന്റെ രാജപീഠത്തില്‍ ഭരണം നടത്താനിരിക്കുന്ന യേഹ്ശുവായാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും അധികാരമുള്ള ഏകദൈവം! അതുകൊണ്ടുതന്നെ, നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ശില്പികളായ പണ്ഡിതന്മാരുടെ പാണ്ഡിത്യം ദൈവദൂഷണപരമായിരുന്നുവെന്നത് ഇവിടെ തെളിയുകയാണ്. വിജ്ഞാനികളും വിവേകികളും എന്ന് അഭിമാനിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭോഷന്മാരായിരുന്നു എന്നല്ലേ നാമിവിടെ മനസ്സിലാക്കേണ്ടത്? യേശൈയാഹിന്റെ പ്രവചനത്തെ (യേശൈയാഹ്: 29; 14) ഉദ്ധരിച്ചുകൊണ്ട് ശൗവുല്‍ പറഞ്ഞ വാക്കുകള്‍ നോക്കുക: “വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ”(1 കോറിന്ത്: 1; 19).

ത്രിത്വത്തെക്കുറിച്ച് കല്പിതകഥകള്‍ രചിക്കാന്‍ പണ്ഡിതന്മാരെ നയിച്ചത് അവരുടെ യുക്തിചിന്തകള്‍ മാത്രമായിരുന്നു. തങ്ങള്‍ക്ക് അപ്രാപ്യമായത് സര്‍വ്വര്‍ക്കും അങ്ങനെതന്നെയായിരിക്കുമെന്ന് ദൈവമക്കളെ അവര്‍ പഠിപ്പിച്ചു. വിശ്വാസികളുടെമേല്‍ ആചാര്യസമൂഹം സ്ഥാപിച്ച ഈ അധീശത്വം നിലനില്‍ക്കുന്ന കാലത്തോളം വചനസത്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ആത്മാവിന്റെ പ്രേരണയ്ക്കനുസൃതമായി വിശ്വാസജീവിതം ക്രമീകരിക്കാന്‍ കഴിയാത്തവിധം വിശ്വാസികള്‍ ഇന്ന് ‘ദൈവശാസ്ത്ര’ അടിമത്തത്തില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കും എന്ന പ്രവചനം നിറവേറിയാല്‍ മാത്രമേ ഈ അടിമത്തത്തില്‍നിന്ന് വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ. പൂര്‍ത്തിയാകാനിരിക്കുന്ന ആ പ്രവചനം ഇതാണ്: “സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോട് ചേര്‍ന്നുനില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബ്ബലര്‍ക്കെതിരേ ഞാന്‍ കരം ഉയര്‍ത്തും”(ശെഖരിയാഹ്: 13; 7). നിഖ്യാ സൂനഹദോസിന് ശേഷം വിശ്വാസികളുടെമേല്‍ ആധിപത്യം സ്ഥാപിച്ച വ്യാജ ഇടയന്മാരില്‍നിന്ന് ആടുകളെ മോചിപ്പിക്കും എന്നുള്ള ആശ്വാസകരമായ പ്രഖ്യാപനമാണ് ഈ പ്രവചനം. ഈ യുഗാന്തകാലത്ത് അത് സംഭവിക്കും!

ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ സംബന്ധിക്കുന്ന യഥാര്‍ത്ഥ സത്യമാണ് വചനാധിഷ്ഠിതമായി ഇവിടെ വെളിപ്പെടുത്തപ്പെട്ടത്. എന്നിരുന്നാലും അനേകം ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തരുടെയും ചിന്തകളില്‍ ഉയര്‍ന്നുവരും എന്നകാര്യം ഉറപ്പാണ്; ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയും ചെയ്യും. എന്തെന്നാല്‍, അത്രത്തോളം വലിയ ആശയക്കുഴപ്പങ്ങളാണ് വചനത്തെ ദുരുപയോഗിച്ചുകൊണ്ട് ആചാര്യന്മാര്‍ ഈ വിഷയത്തില്‍ വിശ്വാസികളുടെയിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. ആയതിനാല്‍, ബൈബിള്‍ വാക്യങ്ങളെ ഉയര്‍ത്തി ഉന്നയിക്കാന്‍ സാദ്ധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലേക്ക് മനോവ കടക്കുകയാണ്.

ത്രിത്വത്തെ സംബന്ധിക്കുന്ന ചോദ്യോത്തരങ്ങള്‍! 

നിഖ്യാ വിശ്വാസപ്രമാണത്തിലൂടെ വിശ്വാസികളുടെയിടയില്‍ ത്രിത്വത്തെ സംബന്ധിച്ച് ഒരു വ്യാജമായ പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അടിച്ചേല്‍പ്പിക്കപ്പെട്ട ഈ പൊതുബോധത്തില്‍നിന്ന് വിശ്വാസികളെ പുറത്തുകൊണ്ടുവരിക എന്നത് ശ്രമകരമായ ഒരു ദൗത്യമാണെന്ന് മനോവയ്ക്കറിയാം. എന്തെന്നാല്‍, ആയിരത്തിയെഴുന്നൂറ് വര്‍ഷംകൊണ്ട് അരക്കിട്ടുറപ്പിക്കപ്പെട്ട അബദ്ധപാരമ്പര്യത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചാല്‍ മാത്രമേ സത്യത്തിന് സ്വീകാര്യത ലഭിക്കുകയുള്ളൂ. ബൈബിള്‍ വായിച്ച് സത്യം കണ്ടെത്താന്‍ അവസരമില്ലാതിരുന്ന കാലത്താണ് വിശ്വാസികളുടെമേല്‍ ഈ ദുരന്തം അടിച്ചേല്പിക്കപ്പെട്ടത്. സത്യം അന്വേഷിച്ചറിയാന്‍ അവസരം ഒരുങ്ങിയപ്പോഴേക്കും വ്യാജം അതിന്റെ സ്ഥാനം കീലുപോലെ ഉറപ്പിച്ചുകഴിഞ്ഞിരുന്നു! എന്നാല്‍, നിത്യജീവന് നിയോഗം ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ യുഗാന്തകാലത്ത് വിടുതല്‍ ലഭിക്കും എന്നകാര്യം ഉറപ്പാണ്.

ഇവിടെ നാം പ്രത്യേകം ഓര്‍ക്കേണ്ട ഒരു പ്രവചനമുണ്ട്. ഇതാണ് ആ പ്രവചനം: “പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്ക് കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്ഖി: 2; 7-9). നിഖ്യാ സൂനഹദോസിന് ശേഷം സംഭവിച്ച ദുരന്തത്തെക്കുറിച്ചുള്ള പ്രവചനമാണിത്. അന്ന് മുതല്‍ ഇന്നോളം പിന്തുടരുന്ന ഈ ദുരവസ്ഥ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ത്രിത്വത്തെ സംബന്ധിക്കുന്ന ചോദ്യങ്ങളിലേക്കും അവയ്ക്കുള്ള ഉത്തരങ്ങളിലേക്കും കടക്കുകയാണ്.

ദൈവപുത്രന്‍?

ദൈവപുത്രന്‍, അത്യുന്നതന്റെ പുത്രന്‍ എന്നിങ്ങനെ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുകയും, ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്ന് യേഹ്ശുവായെക്കുറിച്ച് സ്വര്‍ഗ്ഗത്തിലെ ദൈവം സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളത് ചൂണ്ടിക്കാണിച്ച് ‘ത്രിമൂര്‍ത്തി’ വാദികള്‍ തങ്ങളുടെ വാദത്തെ സാധൂകരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്താണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്? അത്യുന്നതന്റെ പുത്രന്‍ എന്ന് ബൈബിളില്‍ ആദ്യമായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന വചനം ഇതാണ്: “നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ രാജപീഠം ദൈവമായ യാഹ്‌വെ അവന് കൊടുക്കും”(ലൂക്കാ: 1; 31, 32). ഇവിടെ ‘അത്യുന്നതന്റെ പുത്രന്‍’ എന്ന് യേഹ്ശുവായെ വിശേഷിപ്പിക്കുന്നുണ്ട്. ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്ന് സാക്ഷ്യപ്പെടുത്തുന്ന ഭാഗംകൂടി വായിച്ചതിനുശേഷം വിശദമായ മറുപടിയിലേക്ക് കടക്കാം.

ഇവന്‍ എന്റെ പ്രിയപുത്രന്‍ എന്ന് രണ്ട് തവണയാണ് യേഹ്ശുവായെ സ്വര്‍ഗ്ഗം സാക്ഷ്യപ്പെടുത്തുന്നത്. ആദ്യത്തെ സാക്ഷ്യം ഇതാണ്: “ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ സംപ്രീതന്‍ എന്ന് ഒരു സ്വരം സ്വര്‍ഗ്ഗത്തില്‍നിന്ന് കേട്ടു”(മത്തായി: 3; 17). ഈ സ്വരം കേട്ടത് സ്നാപകയോഹന്നാന്‍ ആയിരുന്നു. താബോര്‍ മലയില്‍ വെച്ച് ശിഷ്യന്മാരായ കേപ്ഫായും യാക്കോബും യോഹന്നാനും കേട്ടതുകൂടി ശ്രദ്ധിക്കുക: “അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്ക് ശ്രവിക്കുവിന്‍”(മത്തായി: 17; 5).

ദൈവപുത്രന്‍ എന്ന് യേഹ്ശുവാ വിളിക്കപ്പെടുന്നത് അവന്‍ ദൈവപുത്രനായതുകൊണ്ടുതന്നെയാണ്. എന്നാല്‍, ദൈവപുത്രന്മാരില്‍ ആരെങ്കിലും ദൈവമാണെന്ന് പറയാന്‍ കഴിയില്ല. ഈ സത്യം മനസ്സിലാക്കണമെങ്കില്‍ ആദ്യമനുഷ്യനായ ആദത്തില്‍നിന്ന് പഠനമാരംഭിക്കണം. ആദം ദൈവത്തിന്റെ പുത്രനായിരുന്നുവെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള നാമെല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ആദം ദൈവപുത്രനാണെന്നും ആദത്തിന്റെ പിതാവ് ദൈവമാണെന്നും സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തല്‍ നോക്കുക: “കൈനാന്‍ യേനോസിന്റെയും യേനോസ് സേത്തിന്റെയും സേത്ത് ആദത്തിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റെതുമായിരുന്നു”(ലൂക്കാ: 3; 38). ആദം ദൈവത്തിന്റെ പുത്രനാണ് എന്നതിന് വേറെ തെളിവ് ആവശ്യമുണ്ടോ? ആദത്തിന് മുന്‍പ് മനുഷ്യരാരും ഈ ഭൂമിയില്‍ ഉണ്ടായിരുന്നില്ല; അതുകൊണ്ടുതന്നെ, അവന്‍ മനുഷ്യപുത്രനുമല്ല!

പാപമില്ലാത്തവരെല്ലാം ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമാണ്. ദൈവദൂതന്മാര്‍ പാപംചെയ്യാത്തതുകൊണ്ട് അവര്‍ ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടുന്നു. അവരെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: “പ്രഭാതനക്ഷത്രങ്ങള്‍ ഗീതങ്ങളാലപിക്കുകയും ദൈവപുത്രന്മാര്‍ സന്തോഷിച്ചാര്‍ക്കുകയും ചെയ്തപ്പോള്‍ അതിന്റെ അടിസ്ഥാനങ്ങള്‍ ഏതിന്മേല്‍ ഉറപ്പിക്കപ്പെട്ടു? അതിന് മൂലക്കല്ലിട്ടതും ആര്‍?”(ഇയൗബ്: 38; 7). ദൈവപുത്രന്മാര്‍ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ദൈവദൂതന്മാരെക്കുറിച്ചാണ്. മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്ക് പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്ന് കണ്ട് ദൈവപുത്രന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു”(സൃഷ്ടി: 6; 1-2). ദൈവപുത്രന്മാര്‍ എന്ന് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതും ദൈവദൂതന്മാരെക്കുറിച്ചാണെന്ന് വ്യക്തം! ദൈവപുത്രന്മാരായിരുന്ന ദൂതന്മാരില്‍ ചിലര്‍ പാപം ചെയ്തപ്പോഴാണ് അവര്‍ക്ക് ദൈവപുത്രസ്ഥാനവും സ്വര്‍ഗ്ഗവും നഷ്ടമായത്.

ആദം സൃഷ്ടിക്കപ്പെട്ടത് പാപത്തോടെ ആയിരുന്നില്ലെന്ന് നമുക്കറിയാം. ദൈവത്തില്‍നിന്ന് ജനിച്ചവനും പാപമില്ലാത്തവനും ആയിരുന്ന ആദം, പിന്നീട് പാപം ചെയ്യുകയും, അതുവഴി ദൈവപുത്രസ്ഥാനം അവന്‍ നഷ്ടമാക്കുകയും ചെയ്തു. ആദത്തിന്റെ പാപം അവന്റെ തലമുറയെ മുഴുവന്‍ ഗ്രസിച്ചതിനാല്‍, സകല മനുഷ്യര്‍ക്കും ദൈവമക്കളുടെ പദവി നഷ്ടമായി. എന്നാല്‍, ഒന്നാം ആദത്തിന്റെ അനുസരണക്കേടിന്റെ പരിണിതഫലമായി നഷ്ടമായ ദൈവമക്കളുടെ പദവി, രണ്ടാം ആദമായ യേഹ്ശുവയുടെ അനുസരണത്തിലൂടെ വീണ്ടെടുക്കപ്പെട്ടു. അതിനുവേണ്ടിയാണ് യേഹ്ശുവാ മനുഷ്യപുത്രനായി ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവനെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്”(1 യോഹന്നാ‌ന്‍: 3; 1, 2).

നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ് എന്ന് പറഞ്ഞതില്‍നിന്ന് മുന്‍പ് അങ്ങനെ ആയിരുന്നില്ലെന്ന് മനസ്സിലാക്കാം. അതായത്, യേഹ്ശുവായുടെ പേരില്‍ വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവര്‍ക്ക് മാത്രം ലഭിക്കുന്നതാണ് ‘ദൈവമക്കള്‍’ എന്ന പദവി. ഈ വചനം നോക്കുക: “എന്നാല്‍ അവനെ സ്വീകരിച്ചവര്‍ക്കെല്ലാം, അവന്റെ പേരില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ അധികാരം നല്‍കി”(യോഹന്നാ‌ന്‍: 1; 12). ‘ദൈവപുത്രന്‍’ എന്ന പദവി ലഭിക്കുന്നതിലൂടെ ആരും ദൈവമാകുന്നില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്”(റോമാ: 8; 14). ഈ ഭൂമിയില്‍ ആയിരുന്ന കാലയളവില്‍ യേഹ്ശുവാ ദൈവപുത്രനായിരുന്നുവെങ്കിലും ദൈവമായിരുന്നില്ല. ദൈവത്തിന് മരണം അസാദ്ധ്യമായതുകൊണ്ട് അവന്‍ ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായി ഭൂമിയില്‍ ജീവിച്ചു. ദൈവദൂതന്മാരെക്കാള്‍ താഴ്ന്ന ദൈവമുണ്ടോ?

യേഹ്ശുവായുടെ പേരില്‍ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ സമൂഹമാണ് ആദിമസഭ. ആ സഭയെയും അപ്പസ്തോലന്മാരെയും നയിച്ചത് പരിശുദ്ധാത്മാവാണ് എന്നകാര്യത്തിലും സംശയമില്ല. അതുകൊണ്ടുതന്നെ അവരെല്ലാവരും ദൈവമക്കള്‍ ആയിരുന്നുവെന്ന് മനസ്സിലാക്കാം. എന്നാല്‍, അവരില്‍ ആരെങ്കിലും ദൈവമാണെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഈ ഭൂമിയിലായിരിക്കുമ്പോള്‍ ഒരുവന് ദൈവപുത്രനായിരിക്കാന്‍ സാധിക്കുന്നത് അവന്റെ ജന്മപാപം നീക്കം ചെയ്യപ്പെടുകയും, തുടര്‍ന്നുള്ള ജീവിതത്തില്‍ പാപം ചെയ്യാതിരിക്കുകയും ചെയ്യുമ്പോഴാണ്. അങ്ങനെയെങ്കില്‍, മനുഷ്യപുത്രനായ യേഹ്ശുവായാണ് ‘ദൈവപുത്രന്‍’ എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യന്‍! അവനെക്കാള്‍ യോഗ്യനായി മറ്റാരും ഇല്ലെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് ദൈവമക്കളാകാന്‍ യോഗ്യത നല്‍കുന്നതും അവനാണ്!

യോഹന്നാന്റെ ഈ പ്രബോധനം ശ്രദ്ധിക്കുക: “പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്. ദൈവത്തില്‍നിന്ന് ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവികജീവന്‍ അവനില്‍ നിലനില്‍ക്കുന്നു. അവന്‍ ദൈവത്തില്‍നിന്ന് ജനിച്ചവനായതുകൊണ്ട് അവന് പാപംചെയ്യാന്‍ സാദ്ധ്യമല്ല. ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ”(1 യോഹന്നാ‌ന്‍: 3; 8-10). മനുഷ്യപുത്രന്‍ ആയിരിക്കുമ്പോള്‍ത്തന്നെ ഒരുവന് ദൈവത്തിന്റെ പുത്രനോ പിശാചിന്റെ പുത്രനോ ആകാന്‍ സാധിക്കുമെന്ന് ഈ പ്രബോധനം സ്ഥിരീകരിക്കുന്നു. ഈ ഭൂമിയില്‍ പരിപൂര്‍ണ്ണ മനുഷ്യനായി വന്നപ്പോള്‍ ‘ദൈവപുത്രന്‍’ എന്ന് യേഹ്ശുവാ വിളിക്കപ്പെട്ടത് ദൈവമായതുകൊണ്ടല്ല എന്ന യാഥാര്‍ത്ഥ്യമാണ് വചനാധിഷ്ഠിതമായി ഇവിടെ സ്ഥിരീകരിക്കപ്പെട്ടത്. ഇനി മറ്റൊരു ചോദ്യത്തിന്റെ ഉത്തരത്തിലേക്ക്‌ കടക്കാം.

ദൈവത്തിന്റെ വലത്തുഭാഗം!

പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ പുത്രനായ ദൈവം ശാരീരികമായി ഇരിക്കുന്നു എന്ന വ്യാജസങ്കല്പമാണ് വിശ്വാസികളില്‍ അടിച്ചേല്പിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ സഭയിലെ ആചാര്യന്മാര്‍ ശ്രമിച്ചത്. ഈ സങ്കല്പത്തെ ഒരു പൊതുബോധമാക്കി മാറ്റാന്‍ അക്കാലത്തെ കലാകാരന്മാരെക്കൊണ്ട് ചിത്രങ്ങളും ശില്പങ്ങളും അവര്‍ സൃഷ്ടിച്ചെടുത്തു. അവര്‍ വരച്ചുണ്ടാക്കിയ ‘പിതാവായ ദൈവത്തിന്റെ’ മുഖവും ഗ്രീക്ക് പുരാണത്തിലെ വ്യാജദൈവമായ ‘സിയൂസിന്റെ’ മുഖവും ഒരേപോലെയായത് ഒട്ടും യാദൃശ്ചികമല്ല. ദൈവത്തെ ആരും കണ്ടിട്ടില്ലെന്ന വചനസത്യം നിലനില്‍ക്കെ, സ്വര്‍ഗ്ഗത്തില്‍ രണ്ട് ദൈവങ്ങള്‍ അടുത്തടുത്തായി കസേരയിട്ടിരിക്കുന്നു എന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ തികച്ചും വചനവിരുദ്ധമാണ്. ദൈവം ഒരുവന്‍ മാത്രമാണെങ്കില്‍, അവന് ഒന്നിലധികം രൂപങ്ങള്‍ ഉണ്ടാകില്ല. പിതാവായ ദൈവത്തിന്റെ രൂപം എന്നത് ഭൂമിയിലേക്ക് വന്ന പുത്രനാണ്. പീലിപ്പോയുടെ ചോദ്യത്തിന് ഉത്തരമായി ഇക്കാര്യം യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരണം എന്ന് പീലിപ്പോ അപേക്ഷിച്ചപ്പോള്‍ യേഹ്ശുവാ നല്‍കിയ മറുപടി ഇതാണ്: “യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ച് തരുക എന്ന് നീ പറയുന്നതെങ്ങനെ?”(യോഹന്നാ‌ന്‍: 14; 9). ഏക മനസ്സും ഏക ആത്മാവും ഏക ശരീരവുമുള്ള ഒരേയൊരു രൂപം മാത്രമാണ് ദൈവത്തിനുള്ളത്. ഈ ഭൂമിയിലേക്ക് വന്നത് ആ ശരീരമാണ്. അതുകൊണ്ടുതന്നെ, മറ്റൊരു ശരീരം കാണിച്ചുകൊടുക്കാന്‍ യേഹ്ശുവായ്ക്ക് സാധിക്കില്ല. യേഹ്ശുവായുടെ രൂപമല്ലാതെ മറ്റൊരു രൂപം ദൈവത്തിന്റെതായി ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രനാണ് അവനെ വെളിപ്പെടുത്തിയത്”(യോഹന്നാ‌ന്‍: 1; 18). അതായത്, ത്രിത്വത്തിന്റെത് എന്ന രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും ദൈവനിന്ദയാണ്! 

അങ്ങനെയെങ്കില്‍, ദൈവത്തിന്റെ വലത്തുഭാഗം എന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? യഥാര്‍ത്ഥത്തില്‍, ബൈബിള്‍ പറയുന്ന ‘ദൈവത്തിന്റെ വലത്തുഭാഗം’ എന്നത് ഏതെങ്കിലും ഒരു ഭൗതിക സ്ഥാനത്തെയോ കസേരയെയോ അല്ല സൂചിപ്പിക്കുന്നത്, മറിച്ച് ദൈവത്തിന്റെ പരമാധികാരത്തെയും ശക്തിയെയുമാണ്. ദൈവത്തിന്റെ വലത്തുഭാഗത്തെ സംബന്ധിച്ചുള്ള വചനങ്ങളുടെ ആത്മീയ രഹസ്യം മനസ്സിലാക്കാന്‍ പ്രവചനങ്ങളിലേക്കും യേഹ്ശുവായുടെ സ്വന്തം വാക്കുകളിലേക്കും നമുക്കൊന്ന് കണ്ണോടിക്കാം. ആദ്യമായി മനസ്സിലാക്കേണ്ടത് വലത്തുഭാഗത്തെ സംബന്ധിക്കുന്ന നിര്‍വ്വചനമാണ്.

ബൈബിള്‍ ഭാഷയിലും പുരാതന യെഹൂദ സംസ്കാരത്തിലും ഒരാളുടെ ‘വലത്തുഭാഗം’ അല്ലെങ്കില്‍ ‘വലതുകൈ’ എന്നത് കേവലമൊരു ഭൗതിക സ്ഥാനത്തെയല്ല, മറിച്ച് ശക്തി, പരമാധികാരം, വിജയം, മഹത്വം, ശ്രേഷ്ഠത എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. വലതുഭാഗം എന്നാല്‍ ‘ശരിയുടെ പക്ഷം’ അല്ലെങ്കില്‍ ‘നീതിയുടെ പക്ഷം’ എന്നൊരു മഹത്തായ അര്‍ത്ഥംകൂടി ബൈബിള്‍ നമുക്ക് നല്‍കുന്നുണ്ട്. അന്ത്യവിധിനാളില്‍ മനുഷ്യരെയെല്ലാം വിധിന്യായപീഠത്തിന് മുന്‍പില്‍ വേര്‍തിരിക്കുന്നതിനെക്കുറിച്ച് യേഹ്ശുവാ അരുളിച്ചെയ്തിട്ടുള്ളത് നോക്കുക: “അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിര്‍ത്തും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍”(മത്തായി: 25; 33, 34). ഇവിടെ നീതി പ്രവര്‍ത്തിച്ചവരെയാണ് യേഹ്ശുവാ തന്റെ വലതുഭാഗത്ത് അഥവാ ശ്രേഷ്ഠമായ ശരിയുടെ പക്ഷത്ത് നിര്‍ത്തുന്നത്. ദൈവത്തിന്റെ ശാരീരികമായ വലതുഭാഗത്തെ സൂചിപ്പിക്കുന്നതിനല്ല വചനത്തില്‍ ഇങ്ങനെയൊരു പ്രയോഗം ഉള്ളത്, മറിച്ച് മനുഷ്യര്‍ക്ക് ഗ്രഹിക്കാനാകാത്ത ദൈവിക ശക്തിയെയും നീതിയെയും വ്യക്തമാക്കാന്‍ വേണ്ടിയാണ്.

സങ്കീര്‍ത്തകന്‍ പാടുന്നത് നോക്കുക: “യാഹ്‌വെയുടെ വലത്തുകൈ മഹത്വമാര്‍ജ്ജിച്ചിരിക്കുന്നു; യാഹ്‌വെയുടെ വലത്തുകൈ കരുത്ത്‌ പ്രകടമാക്കി”(സങ്കീര്‍ത്തനങ്ങള്‍: 118; 16). മോശയുടെ കീര്‍ത്തനത്തിലും ഇതേ സത്യം നാം കാണുന്നു. അത് ഇപ്രകാരമാണ്: “യാഹ്‌വേ, നിന്റെ വലത്തുകൈ ശക്‌തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; യാഹ്‌വേ, നിന്റെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു”(പുറപ്പാട്: 15; 6). ഈ വചനങ്ങളിലെല്ലാം ‘വലത്തുഭാഗം’ അല്ലെങ്കില്‍, വലത്തുവശം എന്നത് ദൈവത്തിന്റെ രക്ഷാകരമായ ശക്തിയെയും, വിജയത്തെയും, നീതിയെയും, പരമാധികാരത്തെയുമാണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തം. അങ്ങനെയെങ്കില്‍, പിതാവിന്റെ വലത്തുഭാഗത്ത് യേഹ്ശുവാ ഇരിക്കുന്നു എന്ന് പറയുന്നതിന്റെ യഥാര്‍ത്ഥ ആത്മീയ രഹസ്യം എന്താണ്? അത് വ്യക്തമാക്കുന്ന പ്രവചനങ്ങളിലേക്കും യേഹ്ശുവായുടെ സ്വന്തം വാക്കുകളിലേക്കും നമുക്ക് കടക്കാം.

ദൈവത്തിന്റെ വലത്തുഭാഗത്തെ സംബന്ധിച്ച് പുരാതനഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രവചനങ്ങളില്‍ ഏറ്റവും സുപ്രധാനമായ പ്രവചനം ദാവീദിന്റെ സങ്കീര്‍ത്തനത്തിലാണ് നാം കാണുന്നത്. പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ദാവീദ് ഇപ്രകാരം പ്രവചിച്ചു: “യാഹ്‌വെ എന്റെ നാഥനോട്‌ - അദോനിയോട് - അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക”(സങ്കീര്‍ത്തനങ്ങള്‍: 110; 1). പിതാവായ ദൈവം പുത്രനായ യേഹ്ശുവായോട് പറയുന്ന വാക്കുകളാണ് ഇവിടെ നാം വായിച്ചത്. രണ്ട് ആളുകള്‍ ഉള്ളതുകൊണ്ടും, ഒരാളുടെ വലത്തുഭാഗത്ത്‌ മറ്റൊരാള്‍ ഇരിക്കുന്നതുകൊണ്ടുമല്ലേ ദാവീദ് ഇപ്രകാരം പറഞ്ഞതെന്ന് പലരും ചിന്തിച്ചേക്കാം. എന്നാല്‍, ഇവിടെ നാം ആദ്യം മനസ്സിലാക്കേണ്ടത് ദാവീദ് ഇവിടെ നടത്തിയത് ഒരു പ്രവചനമായിരുന്നുവെന്നാണ്. വരാനിരിക്കുന്ന സംഭവത്തെക്കുറിച്ച് മുന്‍കൂട്ടി നടത്തുന്ന വെളിപ്പെടുത്തലാണ് പ്രവചനം. സംഭവിച്ചുകഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ച് പറയുന്നതിനെ പ്രവചനം എന്നല്ല, ചരിത്രവിവരണം എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, ദാവീദ് ഇത് പറയുമ്പോള്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. എന്നാല്‍, ഭാവിയില്‍ അത് സംഭവിക്കും! അത് സംഭവിക്കുകയും ചെയ്തു!

ദാവീദിന്റെ പ്രവചനം നിറവേറിയത് എപ്പോഴാണെന്ന് മനസ്സിലാക്കുമ്പോള്‍ വലത്തുഭാഗത്തെക്കുറിച്ചുള്ള ആശങ്കകളും ഒരുപരിധിവരെ പരിഹരിക്കപ്പെടും. പരിപൂര്‍ണ്ണ മനുഷ്യനായി ഈ ഭൂമിയില്‍ യേഹ്ശുവാ വന്നപ്പോഴാണ് ദാവീദിന്റെ ഈ പ്രവചനം നിറവേറിയത്. പ്രവചനത്തില്‍ പറയുന്നത് ‘യാഹ്‌വെ എന്റെ നാഥനോട് അരുളിച്ചെയ്തു’ എന്നാണ്. മനുഷ്യനായി ഭൂമിയില്‍ അവതരിക്കുന്ന യേഹ്ശുവായെ സംബോധനചെയ്യാനാണ് ‘നാഥന്‍’ അഥവാ ‘അദോനി’ എന്ന വാക്ക് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദാവീദിന്റെ പ്രവചനത്തില്‍ ‘യാഹ്‌വെ’ എന്ന സംജ്ഞാനാമവും ‘നാഥന്‍’ അഥവാ ‘അദോനി’ എന്ന സാമാന്യനാമവും ഉണ്ട്. അതുകൊണ്ടുതന്നെ ഈ പ്രവചനത്തില്‍ രണ്ട് ആളുകള്‍ ഉണ്ടെന്ന് വ്യക്തം. എന്നാല്‍, ആദ്യം നാം മനസ്സിലാക്കിയതുപോലെ, ഇത് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യത്തെക്കുറിച്ച് മുന്‍കൂട്ടി പറയുന്നതായതുകൊണ്ട്, ഭൂമിയില്‍ മനുഷ്യനായി അവതരിച്ച യേഹ്ശുവായോട് സ്വര്‍ഗ്ഗത്തില്‍നിന്ന് ദൈവം പറയുന്നതാണെന്ന് നാം മനസ്സിലാക്കണം. അതായത്, ദൈവമായ യാഹ്‌വെ പറയുന്നത് തന്റെതന്നെ മനുഷ്യാവതാരത്തോടാണ്!

ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും ശത്രുവായ പിശാചിനെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയുക എന്നതായിരുന്നു മനുഷ്യാവതാരം ചെയ്ത യേഹ്ശുവായുടെ ദൗത്യം. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഭൂമിയില്‍ അവതരിച്ച യേഹ്ശുവായോട്, അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന ദൈവീകതയാണ് ‘ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഇരിക്കുക’ എന്ന് പറയുന്നത്. ‘പാദപീഠമാക്കല്‍’ എന്ന ‘പ്രോസസ്’ പൂര്‍ത്തിയായത് കുരിശുമരണം, പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം എന്നീ ഘട്ടങ്ങളിലൂടെയാണ്. കുരിശുമരണം എന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് രൂപാന്തരീകരണവേളയില്‍ ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്ന് സ്വര്‍ഗ്ഗത്തില്‍നിന്ന് കേട്ട ശബ്ദം ഇതുമായി ചേര്‍ത്ത് വായിക്കണം. നാം കൃത്യമായി മനസ്സിലാക്കിയതുപോലെ, പാപമില്ലാത്തവരെല്ലാം ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആണ് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സാക്ഷ്യത്തെ പരിഗണിക്കാവൂ. എന്നാല്‍, ഈ ഭൂമിയിലേക്ക് പരിപൂര്‍ണ്ണ മനുഷ്യനായി കടന്നുവരുന്നതിന് മുന്‍പ് യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവമായിരുന്നുവെന്ന സത്യം നാം വിസ്മരിക്കരുത്.

ദാവീദിലൂടെ നാം കേട്ടത് സകലതിനെയും സൃഷ്ടിച്ച സര്‍വ്വശക്തനായ ദൈവം സ്വര്‍ഗ്ഗത്തിലെ തന്റെ രാജപീഠത്തില്‍ ആയിരുന്നുകൊണ്ട് നടത്തിയ പ്രവചനമാണ്. ആ പ്രവചനമാകട്ടെ, മാനവരാശിയുടെ രക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്യാനിരിക്കുന്ന തന്നോട് തന്നെയായിരുന്നു. ഫിലിപ്പി ലേഖനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ, ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. ദൈവത്തിന്റെ അവസ്ഥയിലല്ലാതെ, ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായി കാണപ്പെട്ട യേഹ്ശുവായോടാണ് ‘ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഇരിക്കുക’ എന്ന് താന്‍ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിയിരിക്കുന്ന ദൈവികത അരുളിച്ചെയ്തത്. ദാവീദിലൂടെ ഇത് അരുളിച്ചെയ്ത സമയത്ത് ഏകദൈവം അല്ലാതെ മറ്റൊരാള്‍ അവനോടൊപ്പം ഉണ്ടായിരുന്നില്ല. തന്റെ പ്രതിരൂപമായ ശരീരത്തെ പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്ക് അയച്ചപ്പോഴും ദൈവം എന്ന പദവിയില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനസ്സ്, ആത്മാവ്, ശരീരം എന്നീ മൂന്ന് തലങ്ങളെ കൃത്യതയോടെ വിവേചിക്കേണ്ടത് ഇവിടെയാണ്‌.

ശിരസ്സുമായി ബന്ധപ്പെട്ടാണ് ഇച്ഛ അഥവാ മനസ്സ് ആയിരിക്കുന്നത്. ശിരസ്സിന്റെ ആജ്ഞ അനുസരിക്കാന്‍ മാത്രമേ ശരീരത്തിന് സാധിക്കുകയുള്ളൂ. മനസ്സും ശരീരവും തമ്മിലുള്ള ഗാഢബന്ധം നിലനിര്‍ത്തുന്നത് ആത്മാവാണ്. ആത്മാവ് വിട്ടുപോകുമ്പോള്‍ മനസ്സും ശരീരവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടും. പിന്നീട് ശിരസ്സിന്റെ ആജ്ഞ ശരീരം അനുസരിക്കില്ല. മനുഷ്യപുത്രനായ യേഹ്ശുവായും സ്വര്‍ഗ്ഗത്തിലെ ദൈവവും തമ്മിലുള്ള ബന്ധത്തെ ശരീരവും മനസ്സും തമ്മിലുള്ള ബന്ധമായി മനസ്സിലാക്കാന്‍ രണ്ട് വചനങ്ങളും അപ്പസ്തോലനായ ശൗവുലിന്റെ ഒരു പ്രബോധനവും ചേര്‍ത്തുവെച്ച് പഠിച്ചാല്‍ മതി. ഒരു വചനം ഇതാണ്: “സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്ക് സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വ്വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്”(യോഹന്നാ‌ന്‍: 5; 30). യേഹ്ശുവായുടെ വാക്കുകളാണിത്. അയച്ചവന്റെ ഇഷ്ടം അഥവാ ഇച്ഛയാണ് താന്‍ അന്വേഷിക്കുന്നതെന്ന് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.

അതായത്, ശരീരം പ്രവര്‍ത്തിക്കുന്നത് മനസ്സിന്റെ അഥവാ, ശിരസ്സിന്റെ ഇച്ഛയ്ക്ക് അനുസൃതമായാണ്. ഭൂമിയിലായിരുന്നപ്പോള്‍ യേഹ്ശുവാ പ്രവര്‍ത്തിച്ചത് സ്വര്‍ഗ്ഗത്തിലായിരിക്കുന്ന തന്റെ ശിരസ്സിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. ദൈവത്തിന്റെ ഇച്ഛയില്‍നിന്നാണ് സകലതും സൃഷ്ടിക്കപ്പെട്ടത്. സകലത്തെയും പരിപാലിക്കുന്നതും ദൈവത്തിന്റെ ഇച്ഛയാണ്. ആഗ്രഹം, ഇഷ്ടം, ഹിതം എന്നൊക്കെ ഇച്ഛയെ വിവക്ഷിക്കാം. ശിരസ്സുമായി ബന്ധപ്പെട്ട വികാരമാണിത്. ശിരസ്സ് ആഗ്രഹിക്കുന്നതും ആജ്ഞാപിക്കുന്നതും ശരീരം പ്രാവര്‍ത്തികമാക്കുന്നു. മനുഷ്യപുത്രന്‍ ഈ ഭൂമിയില്‍ ജീവിച്ചപ്പോഴും മരണാനന്തരം കല്ലറയില്‍ അടയ്ക്കപ്പെട്ടപ്പോഴും പ്രപഞ്ചത്തെ നയിച്ചത് സ്വര്‍ഗ്ഗത്തില്‍ വസിച്ച ദൈവേച്ഛയാണ്. രണ്ടാമത്തെ വചനം നോക്കുക: “സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും”(മത്തായി: 12; 50).

ഇവിടെ നാം വായിച്ച രണ്ട് വചനങ്ങളിലും പൊതുവായി കാണുന്നത് ‘പിതാവിന്റെ ഇഷ്ടം’ എന്ന പ്രയോഗമാണ്. ഇഷ്ടം ഉണ്ടാകുന്നത് മനസ്സിലാണെന്ന് നമുക്കറിയാം. എല്ലാ വൈകാരികതകളും മനസ്സിലാണ് ഉദ്ഭവിക്കുന്നത്. യേഹ്ശുവായുടെ വായില്‍നിന്ന് പുറപ്പെട്ട ഈ വചനങ്ങള്‍ ചേര്‍ത്തുവെച്ച് പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്, ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ യേഹ്ശുവായ്ക്ക് സ്വമേധയാ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ്. ത്രിത്വത്തിലെ രണ്ട് തലങ്ങളായ മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന മനുഷ്യര്‍ക്ക് യേഹ്ശുവായുടെ സഹോദരനും സഹോദരിയും അമ്മയും ആകാന്‍ കഴിയുമെന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, ഈ ഭൂമിയില്‍ പിതാവിന്റെ ഇഷ്ടം മാത്രം നിറവേറ്റിയ യേഹ്ശുവാ മരണംവരെ പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു എന്നുകൂടിയല്ലേ?

മനസ്സും ശരീരവും ആത്മാവുമാണ് ത്രിത്വമെന്ന് മനസ്സിലാക്കാന്‍ അപ്പസ്തോലനായ ശൗവുലിന്റെ ഒരു പ്രബോധനംകൂടി നമുക്ക് പരിശോധിക്കാം. ഈ പ്രബോധനം ശ്രദ്ധിക്കുക: “പുരുഷന്റെ ശിരസ്സ് മ്ശിയാഹും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും മ്ശിയാഹിന്റെ ശിരസ്സ് ദൈവവുമാണെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”(1 കോറിന്ത്: 11; 3). ശൗവുലിന്റെ മറ്റൊരു പ്രബോധനവുംകൂടി വായിച്ചതിനുശേഷം ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ഇതാണ് ആ പ്രബോധനം: “എന്തെന്നാല്‍, മ്ശിയാഹ് തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; മ്ശിയാഹ് തന്നെയാണ് ശരീരത്തിന്റെ രക്ഷകനും”(എഫേസോസ്: 5; 23). എഫേസോസുകാര്‍ക്കും കോറിന്തുകാര്‍ക്കും എഴുതിയ വ്യത്യസ്തങ്ങളായ രണ്ട് ലേഖനങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ഇവിടെ നാം വായിച്ചത്. ഭാര്യാഭര്‍തൃബന്ധം എന്താണെന്ന് വ്യക്തമാക്കാനാണ് അപ്പസ്തോലന്‍ ഈ രണ്ട് ലേഖനങ്ങളിലും ശ്രമിച്ചതെങ്കിലും, ത്രിത്വത്തിന്റെ യഥാര്‍ത്ഥ സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന വെളിപ്പെടുത്തലും ഈ പ്രബോധനങ്ങളിലുണ്ട്.

സ്ത്രീയുടെ ശിരസ്സ് പുരുഷനാണെന്നും പുരുഷന്റെ ശിരസ്സ് മ്ശിയാഹ് ആണെന്നും പറഞ്ഞതിനുശേഷം, മ്ശിയാഹിന്റെ ശിരസ്സ് ദൈവമാണെന്ന് പറഞ്ഞതിനെയാണ് അതീവ ഗൗരവത്തോടെ നാം കാണേണ്ടത്. മനുഷ്യപുത്രന്റെ ശിരസ്സ് സ്വര്‍ഗ്ഗത്തിലെ ഏകദൈവമാണെന്ന് കൃത്യതയോടെതന്നെ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു. തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് മ്ശിയാഹ് എന്ന വെളിപ്പെടുത്തലിലും ത്രിത്വത്തിന്റെ സത്യം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. എന്തെന്നാല്‍, ശരീരമാകുന്ന സഭയുടെ ശിരസ്സാണ് മ്ശിയാഹ് എങ്കില്‍, മ്ശിയാഹ് ആകുന്ന ശരീരത്തിന്റെ ശിരസ്സാണ് ദൈവം എന്നും ഇവിടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ശിരസ്സിനെയാണ് നാം മനസ്സ് എന്ന് വിശേഷിപ്പിക്കുന്നത്. ശരീരവും മനസ്സും ഉള്ളതുപോലെ ആത്മാവും ദൈവത്തിനുണ്ട്. ആ ആത്മാവാണ് പരിശുദ്ധാത്മാവ്! മനുഷ്യനെ ദൈവം സൃഷ്ടിച്ചത് തന്റെ ഈ പ്രതിച്ഛായയില്‍ ആണ്.

ആത്മാവിനെയും മനസ്സിനെയും കണ്ണുകള്‍ക്കൊണ്ട് നമുക്ക് കാണാന്‍ സാധിക്കില്ലെങ്കിലും ശരീരത്തെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ യേഹ്ശുവായുടെ രൂപത്തിലല്ലാതെ ദൈവത്തെ ആര്‍ക്കും ദര്‍ശിക്കാന്‍ സാധിക്കില്ല. പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരണം എന്ന് പീലിപ്പോ അപേക്ഷിച്ചപ്പോള്‍, തന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്ന് യേഹ്ശുവാ അരുളിച്ചെയ്തതിന്റെ പൊരുള്‍ ഇതാണ്. അതായത്, പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്ന സര്‍വ്വശക്തനായ ദൈവമാണ് ദാവീദിന്റെ ഗോത്രത്തില്‍ മനുഷ്യനായി അവതരിച്ചത്! അത് മൂന്നാള്‍ അല്ല, ഒരാള്‍ ആണ്! ഈ പ്രബോധനം ശ്രദ്ധിക്കുക: “യേഹ്ശുവാ മ്ശിയാഹ് ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്”(ഹെബ്രായര്‍: 13; 8). ഈ യേഹ്ശുവാ മ്ശിയാഹിന്റെ പേരിന് മുന്‍പിലാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നത്! പിതാവും പുത്രനും രണ്ടാള്‍ ആണെങ്കില്‍, പുത്രന്റെ പേരിന് മുന്‍പില്‍ പിതാവ് മുട്ടുകള്‍ മടക്കേണ്ടിവരില്ലേ?!

ദൈവത്തിന്റെ വലത്തുഭാഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാളുടെ വലത്തുവശം അല്ലെന്ന് സ്ഥിരീകരിക്കുന്ന പ്രബോധനമാണ് ഹെബ്രായ ലേഖനത്തില്‍ നാം വായിച്ചത്. ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയായ യേഹ്ശുവായാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്നതെങ്കില്‍, സ്വര്‍ഗ്ഗത്തില്‍ അവനല്ലാതെ മറ്റൊരു ദൈവമോ അധികാരസ്ഥാനമോ ഇല്ലെന്ന് വ്യക്തം! അങ്ങനെയെങ്കില്‍ ത്രിത്വത്തില്‍ മൂന്ന് ആളത്വം ഉണ്ടെന്ന വാദത്തിന് പിന്നിലെ താത്പര്യം എന്തായിരിക്കും?

ത്രിത്വത്തിലെ ആളത്വം ആരുടെ അജണ്ട?

ഹിന്ദുപുരാണത്തില്‍ ബ്രഹ്മാവ്, മഹാവിഷ്ണു, മഹേശ്വരന്‍(ശിവന്‍) എന്നീ ത്രിമൂര്‍ത്തികളുള്ളപ്പോള്‍, ഗ്രീക്ക് പുരാണത്തില്‍ സിയൂസ്, പോസൈഡോണ്‍, ഹാഡെസ് എന്നീ ത്രിമൂര്‍ത്തി ദൈവസങ്കല്പത്തെക്കുറിച്ച് പറയുന്നുണ്ട്. അവര്‍ ആകാശം, സമുദ്രം, പാതാളം എന്നിവയുടെ അധിപരായി കണക്കാക്കപ്പെട്ടിരുന്നു. എല്ലാ വിജാതിയതയുടെയും അടിസ്ഥാനം ഗ്രീക്ക് സംസ്ക്കാരമാണ്. ആകാശം, ഭൂമി, പാതാളം എന്ന ത്രിലോകസങ്കല്പത്തില്‍നിന്ന് തുടങ്ങുന്നതാണ് വിജാതിയതയിലെ ത്രിത്വാശയം! കോണ്‍സ്റ്റന്റൈനിലൂടെ ഈ ത്രിത്വം ക്രിസ്തീയതയിലും പ്രതിഷ്ഠിക്കപ്പെട്ടു!

മനുഷ്യന് ദൈവം നല്‍കിയ അവന്റെ പ്രതിച്ഛായ മനസ്സും ശരീരവും ആത്മാവും ആയ ത്രിത്വമാണ്. ഈ ത്രിത്വത്തെയാണ് വിജാതിയതയിലെ മൂവര്‍സങ്കല്പവുമായി സമന്വയിപ്പിച്ചത്. ഇതിന്റെ പിന്നില്‍ സാത്താന്റെ വലിയ ഇടപെടലുണ്ട്. വിജാതിയതയെന്നത് സാത്താന്റെ സ്വന്തം സംവിധാനമാണെന്ന് ബൈബിളില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. താന്‍ ദൈവമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ ആരാധകസമൂഹത്തെ സൃഷ്ടിക്കുന്നതിനായി അനേകം വിജാതിയ മതങ്ങള്‍ അവന്‍ സ്ഥാപിച്ചു. ആരാധനാമൂര്‍ത്തികളുടെ പേരുകളിലും രൂപങ്ങളിലും ആരാധനാരീതികളിലും ആചാരങ്ങളിലും വ്യത്യസ്തതകളുണ്ടെങ്കിലും, എല്ലാ വിജാതിയ മതങ്ങളിലും ആരാധിക്കപ്പെടുന്നത് സാത്താനാണ്‌. ഈ സത്യം ബൈബിള്‍ നമ്മോട് വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് ദുര്‍ഭൂതങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണ് ഞാന്‍ പറയുന്നത്. നിങ്ങള്‍ ദുര്‍ഭൂതങ്ങളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”(1 കോറിന്ത്: 10; 20).

താന്‍ ദൈവമാണെന്ന് ആരാധകരെ തെറ്റിദ്ധരിപ്പിക്കണമെങ്കില്‍ ചില അനുകരണങ്ങള്‍ അനിവാര്യമാണ്. മാത്രവുമല്ല, സത്യദൈവമാണെന്ന് ധരിപ്പിക്കണമെങ്കില്‍ അനുകരിക്കുന്നതും അവനെ തന്നെയായിരിക്കണം. വിജാതിയതയില്‍ ത്രിമൂര്‍ത്തികളെ അവതരിപ്പിച്ചതിലൂടെ സാത്താന്‍ ലക്‌ഷ്യമിട്ടതും അതുതന്നെ! ആദ്യമനുഷ്യനായ ആദത്തെ സൃഷ്ടിച്ചപ്പോള്‍ത്തന്നെ ദൈവം തന്റെ ത്രിത്വൈകഭാവം വെളിപ്പെടുത്തിയിരുന്നു. സാത്താനും ഈ സത്യമറിയാം. ത്രിത്വത്തെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ സത്യത്തെ മറച്ചുവച്ചുകൊണ്ട് ത്രിമൂര്‍ത്തി ആശയം അവന്‍ അവതരിപ്പിച്ചു. അതിലൂടെ ഏകനായ ദൈവത്തില്‍ ബഹുത്വം ആരോപിക്കാനും അനേകരെ ബഹുദൈവവിശ്വാസത്തിലേക്ക് നയിക്കാനും അവന് സാധിക്കുകയും ചെയ്തു. എന്നാല്‍, നോഹ്, അബ്രാഹം, യിസഹാക്ക്, യാക്കോബ് തുടങ്ങിയ അനേകം നീതിമാന്മാര്‍ ഏകദൈവ വിശ്വാസികളായി നിലകൊള്ളുകയും തങ്ങളെത്തന്നെ സുരക്ഷിതരാക്കുകയും ചെയ്തു. ആയതിനാല്‍, യാക്കോബിന്റെ സന്തതികളെ തന്റെ ജനമായി ഏകസത്യദൈവം തിരഞ്ഞെടുത്തു. അതേ, ഏകസത്യദൈവത്തിന്റെ ഏകജനം യിസ്രായേലാണ്! ആധുനിക യിസ്രായേലായ അപ്പസ്തോലിക സഭയും ഏകദൈവ വിശാസമാണ് പിന്‍പറ്റിയത്.

ക്രൈസ്തവരുടെമേല്‍ ത്രിമൂര്‍ത്തി ദൈവസങ്കല്പം അടിച്ചേല്പിക്കപ്പെട്ടത് AD 325 - ല്‍ കോണ്‍സ്റ്റന്റൈന്‍ എന്ന വിജാതിയന്‍ വിളിച്ചുചേര്‍ത്ത നിഖ്യാ സൂനഹദോസിലാണ്! അന്നുമുതലാണ് പരിശുദ്ധ ത്രിത്വത്തെ ത്രിമൂര്‍ത്തികളാക്കി ക്രൈസ്തവവിശ്വാസത്തെ വികലമാക്കിയത്! പിതാവായ ദൈവം സ്വര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍, ഭൂമിയിലേക്ക് പുത്രനായ ദൈവം വന്നുവെന്നും, അവന്‍ ഭൂമിയില്‍ ഒരേസമയം പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനും ആയിരുന്നുവെന്നും സ്ഥാപിക്കാന്‍ ബൈബിള്‍ വിവര്‍ത്തനങ്ങളില്‍പ്പോലും അവര്‍ തിരിമറികള്‍ നടത്തി. അത് അറിയണമെങ്കില്‍ ഈ വചനം ശ്രദ്ധിക്കുക: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രനാണ് അവനെ വെളിപ്പെടുത്തിയത്”(യോഹന്നാ‌ന്‍: 1; 18). മൂലഗ്രന്ഥത്തില്‍നിന്നുള്ള യഥാര്‍ത്ഥ വിവര്‍ത്തനമാണിത്. മനോവ ബൈബിളിലെ ഈ വിവര്‍ത്തനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സത്യവേദപുസ്തകത്തിലെ മലയാള വിവര്‍ത്തനം. അത് ഇപ്രകാരമാണ്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു”(യോഹന്നാന്‍: 1; 18).

ഇതേ വചനംതന്നെ പിഓസി ബൈബിളില്‍ എങ്ങനെയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നതെന്ന് നോക്കുക: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്”(യോഹന്നാന്‍: 1; 18). മറ്റെല്ലാ വിവര്‍ത്തനങ്ങളിലും ‘പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതന്‍’ എന്ന് വിവര്‍ത്തനം ചെയ്തപ്പോള്‍, പിഓസി ബൈബിളിലെ വിവര്‍ത്തനത്തില്‍ കാണുന്നത് ‘പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതന്‍’ എന്നാണ്. ‘ദൈവംതന്നെയായ’ എന്ന വിശേഷണം മറ്റൊരു ഭാഷയിലും കണ്ടെത്താന്‍ കഴിയില്ലെന്നതാണ് നാം അറിഞ്ഞിരിക്കേണ്ട ഏറ്റവും വലിയ യാഥാര്‍ത്ഥ്യം. ഗ്രീക്ക് വിവര്‍ത്തനത്തെ അമിതമായി ആശ്രയിക്കാതെ വിവര്‍ത്തനം ചെയ്തിട്ടുള്ള ജര്‍മ്മന്‍ ബൈബിള്‍ അടക്കം മറ്റ് ഭാഷകളിലെ വിവര്‍ത്തനങ്ങളിലൊന്നിലും ‘ദൈവംതന്നെയായ’ എന്ന വിശേഷണം കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു വിശേഷണം തിരുകിക്കയറ്റിയത് യാദൃച്ഛികമായി സംഭവിച്ച പിഴവാണെന്ന് ആരും തെറ്റിദ്ധരിക്കരുത്കന്യകാമറിയത്തെ ‘ദൈവമാതാവ്’ എന്ന പദവിയിലേക്ക് ഉയര്‍ത്തുകയെന്നതായിരുന്നു ഇതിന്റെ പിന്നിലെ ലക്‌ഷ്യംയേഹ്ശുവാ ഈ ഭൂമിയിലും ദൈവമായിരുന്നുവെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാല്‍ മാത്രമേ മറിയത്തിന് ‘ദൈവമാതൃത്വം’ കല്പിച്ചുനല്‍കാന്‍ സാധിക്കുകയുള്ളൂ!

പിതാവിന്റെ മടി എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നുകൂടി വ്യക്തമാക്കാം. മരിച്ചുപോയ നീതിമാന്മാരുടെ ആത്മാക്കള്‍ ആയിരിക്കുന്നത് പിതാവായ അബ്രാഹത്തിന്റെ മടിയിലാണ് എന്ന പരമ്പരാഗത വിശ്വാസം പുരാതന യിസ്രായേല്‍ക്കാര്‍ വെച്ചുപുലര്‍ത്തിയിരുന്നു. അവരുടെ ഈ വിശ്വാസത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ലാസറിന്റെയും ധനവാന്റെയും ഉപമയില്‍ യേഹ്ശുവായും ഇത് സൂചിപ്പിച്ചത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു”(ലൂക്കാ: 16; 22). മരണാനന്തരം എല്ലാ നീതിമാന്മാരും അബ്രാഹത്തിന്റെ മടിയില്‍ ഇരിക്കുമെന്നാണോ ഇവിടെ നാം മനസ്സിലാക്കേണ്ടത്? ഒരിക്കലുമല്ല! വിശ്വാസികളുടെ പിതാവും നീതിമാനുമായ അബ്രാഹം എവിടെയായിരിക്കുന്നുവോ, അവിടേക്ക് എല്ലാ നീതിമാന്മാരും സംവഹിക്കപ്പെടും എന്നാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്.

അതുപോലെതന്നെ, മനുഷ്യപുത്രന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് പോയപ്പോള്‍, അവന്‍ മുന്‍പ് ആയിരുന്ന ദൈവിക മഹത്വത്തില്‍ വീണ്ടും പ്രവേശിക്കുകയും സ്വര്‍ഗ്ഗീയ രാജപീഠത്തില്‍ വീണ്ടും ഉപവിഷ്ടനാകുകയും ചെയ്തു! ഇതാണ് പിതാവായ ദൈവത്തിന്റെ മടിയും അബ്രാഹത്തിന്റെ മടിയും! പിതാവായ ദൈവത്തിന്റെ മടി, പിതാവായ അബ്രാഹത്തിന്റെയും മടി എന്നതെല്ലാം നിത്യതയെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം പ്രതീകങ്ങളെ വാച്യാര്‍ത്ഥത്തില്‍ എടുക്കരുത്.

ഈ വചനംകൂടി ശ്രദ്ധിക്കുക: “ഞാന്‍ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവന്റെ രാജപീഠത്തില്‍ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത് എന്റെ രാജപീഠത്തില്‍ ഞാന്‍ ഇരുത്തും”(വെളിപാട്: 3; 21). പിതാവിനോടൊത്ത് അവന്റെ രാജപീഠത്തില്‍ ഇരിക്കുന്നവന്‍ എന്നാണ് തന്നെക്കുറിച്ചുതന്നെ യേഹ്ശുവാ ഇവിടെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, മറ്റ് ചില ലിഖിതങ്ങളില്‍ ദൈവത്തിന്റെ വലത്തുവശത്ത്‌ ഇരിക്കുന്നവനായി യേഹ്ശുവായെ കാണാം. ഈ ലിഖിതം നോക്കുക: “മ്ശിയാഹിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും സ്വര്‍ഗ്ഗത്തില്‍ അവന്റെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത് ഈ ശക്തിയാണ്. അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ പേരുകള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവന്‍ എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്ക് കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്ക് തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണ്ണതയുമാണ്”(എഫേസോസ്: 1; 20-23).

ദൈവത്തിന്റെ വലത്തുവശത്ത്‌ ഇരിക്കുന്നവന്‍ എന്ന വിശേഷണം കൂടാതെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ പേരുകള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി എന്നുകൂടി ഈ ലിഖിതത്തില്‍ കാണാം. ദൈവത്തിന്റെ ‘വലത്തുവശം’ എന്നത് ഭൗതികതലത്തില്‍ പരിഗണിച്ചാല്‍, യേഹ്ശുവാ വഹിക്കുന്ന അധികാരങ്ങളെക്കുറിച്ചും മറ്റുമുള്ള വെളിപ്പെടുത്തല്‍ അതുമായി ചേര്‍ന്നുപോകില്ല. അതായത്, ബൈബിളില്‍ ‘മഹത്വത്തിന്റെ വലത്തുവശം’ അഥവാ ‘ദൈവത്തിന്റെ വലത്തുഭാഗം’ (Right hand of the Majesty) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭൗതികമായ ഒരു വശത്തെയല്ല; മറിച്ച് യേഹ്ശുവായ്ക്ക് സ്വര്‍ഗ്ഗത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന പദവി, അധികാരം, ആദരവ്, ജയം എന്നിവയെയാണ്.

വലത്തുവശത്തെ സംബന്ധിക്കുന്ന വേറെയും വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. ഈ പ്രബോധനം ശ്രദ്ധിക്കുക: “ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വര്‍ഗ്ഗത്തില്‍ മഹിമയുടെ രാജപീഠത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്”(ഹെബ്രായര്‍: 8; 1). മഹിമയുടെ രാജപീഠത്തിന്റെ വലത്തുഭാഗം എന്നാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. സമാനമായ മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: “അവന്‍ ദൈവത്തിന്റെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിര്‍ത്തുന്നു. പാപങ്ങളില്‍നിന്ന് നമ്മെ ശുദ്ധീകരിച്ചതിനുശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന്‍ ഉപവിഷ്ടനായി”(ഹെബ്രായര്‍: 1; 3). ഇവിടെയെല്ലാം ഒന്നിലധികം വ്യക്തികളിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളുണ്ടെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണ്. ബൈബിളിലെ പ്രതീകാത്മക സൂചനകളെയെല്ലാം ഭൗതികമായ അര്‍ത്ഥത്തില്‍ പരിഗണിക്കാന്‍ തയ്യാറാകുന്നവരെയാണ് ഇത്തരത്തില്‍ വഞ്ചിക്കാന്‍ സാധിക്കുന്നത്. എന്നാല്‍, പരിശുദ്ധാത്മാവിന്റെ വഴിനടത്തലില്‍ ദൈവവചനം പഠിക്കാന്‍ തയ്യാറായാല്‍ എല്ലാ വചനവിരുദ്ധ ആശയങ്ങളിലുംനിന്ന് പുറത്തുവരാന്‍ നമുക്ക് സാധിക്കും. അബ്രാഹത്തിന്റെ മടി, പിതാവിന്റെ മടി, മഹിമയുടെ വലത്തുഭാഗം, ദൈവത്തിന്റെ വലത്തുഭാഗം, രാജപീഠത്തിന്റെ വലത്തുഭാഗം എന്നിവയെല്ലാം പ്രതീകാത്മക സൂചകങ്ങളാണ്.

ലളിതമായി പറഞ്ഞാല്‍, പാപമൂലം മലിനമായ മണ്ണിലേക്ക് ഇറങ്ങിവരാന്‍ ദൈവത്തിന് തന്റെ അതിപരിശുദ്ധമായ ദൈവീകാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് സാധിക്കുകയില്ല. അവന്‍ ഇറങ്ങിവരുന്ന നിമിഷത്തില്‍ത്തന്നെ ഭൂമി കത്തി ചാമ്പലാകും. എന്നാല്‍, പാപപരിഹാരത്തിന് അവന്‍ വന്നേ മതിയാകൂ. ആയതിനാല്‍, ദൈവം എന്ന അവസ്ഥ നിലനിര്‍ത്തേണ്ടത് ഒരു കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി, ഒരു ദാസന്റെ അവസ്ഥ സ്വീകരിച്ച് പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയില്‍ അവന്‍ അവതരിച്ചു. കുരിശുമരണംവരെ അവന്‍ അങ്ങനെത്തന്നെയായിരുന്നു. ദൈവം എന്ന അവസ്ഥയില്‍ മരണം അസാദ്ധ്യമായതുകൊണ്ടുകൂടിയാണ് അവന്‍ ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായ മനുഷ്യന്റെ അവസ്ഥ സ്വീകരിച്ചത്. മരണത്തെ ആശ്ലേഷിക്കാന്‍ മനുഷ്യനായി വന്നവന്‍, അതിനെ ആശ്ലേഷിക്കുകയും, തന്റെ ദൈവീകാവസ്ഥയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു! അതെ, താന്‍ മനുഷ്യനായി ഭൂമിയില്‍ ആയിരുന്നപ്പോള്‍ തന്നിലെ ദൈവീകത എവിടെയായിരുന്നുവോ, ആ ദൈവികതയിലേക്ക് തിരികെ പ്രവേശിച്ചു എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.

ഉപസംഹാരം!

ശിരസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട്‌ ഈ പഠനം നമുക്ക് ഉപസംഹരിക്കാം. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല എന്നത് പരമമായ യാഥാര്‍ത്ഥ്യമാണ്. എന്തെന്നാല്‍, ഭൂമിയില്‍ അവന്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ഒരിക്കലും തന്റെ പൂര്‍ണ്ണമായ ദൈവിക അവസ്ഥയിലല്ല. ഭൂമിയില്‍ അവന്‍ ശാരീരികമായി പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെയും അവനിലെ ദൈവികത, അഥവാ പിതൃസ്ഥാനത്തുള്ള 'മനസ്സ്' സ്വര്‍ഗ്ഗീയ രാജപീഠത്തില്‍ത്തന്നെയായിരുന്നു! യോഹന്നാന്റെ സുവിശേഷത്തില്‍ സൃഷ്ടിയെക്കുറിച്ച് പറയുന്നതുപോലെ, അവനിലൂടെയും അവനുവേണ്ടിയുമാണല്ലോ സകലതും സൃഷ്ടിക്കപ്പെട്ടത്. സൃഷ്ടിക്കാന്‍ തീരുമാനമെടുത്തത് ദൈവത്തിന്റെ മനസ്സോ ശിരസ്സോ ആണെങ്കില്‍, ആ സൃഷ്ടികര്‍മ്മം പ്രപഞ്ചത്തില്‍ നടപ്പാക്കിയത് ദൈവത്തിന്റെ ശരീരമാണ്; അതായത് ശിരസ്സിന്റെ ആജ്ഞ ശരീരം അനുസരിക്കുകയായിരുന്നു.

​ശിരസ്സിന്റെ ആജ്ഞയാണ് ശരീരം അനുസരിച്ചത് എന്നതിന് യേഹ്ശുവാ തന്നെ കൃത്യമായ തെളിവ് നല്‍കുന്നുണ്ട്. അവന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു: “സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്ക് സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു”(യോഹന്നാ‌ന്‍: 5; 30). മറ്റൊരു ഭാഗത്ത് അവന്‍ ഇത് കൂടുതല്‍ വ്യക്തമാക്കുന്നു: “ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്”(യോഹന്നാ‌ന്‍: 6; 38). ഒരു മനുഷ്യന്റെ ശരീരം സ്വന്തം മനസ്സിന്റെ ആജ്ഞ കൂടാതെ സ്വമേധയാ ഒന്നും ചെയ്യാത്തതുപോലെ, പുത്രനായ ശരീരം പിതാവായ മനസ്സിന്റെ ഇഷ്ടം മാത്രമാണ് ഭൂമിയില്‍ നിറവേറ്റിയത്!

​അങ്ങനെയെങ്കില്‍, ഏദന്‍ തോട്ടത്തില്‍ ആദത്തോടൊപ്പം ഉലാത്താന്‍ ഇറങ്ങിവന്നത് ദൈവത്തിന്റെ ശരീരമാണ്; മോശയ്ക്ക് ദൃശ്യമാക്കിയ പിന്‍രൂപവും ദൈവത്തിന്റെ ദൃശ്യരൂപമായ ഈ ശരീരം തന്നെയാണ്! അബ്രാഹത്തിന് ദര്‍ശനം നല്‍കിയ മെല്‍ക്കിസെദേക്കും ദൈവപുത്രന് സദൃശനായ ഈ ശരീരത്തിന്റെ വെളിപ്പെടലായിരുന്നു. കാലസമ്പൂര്‍ണ്ണതയില്‍ സകല മനുഷ്യര്‍ക്കും ദര്‍ശിക്കാന്‍ കഴിയുംവിധം അവന്‍ മാംസം ധരിച്ച് ഭൂമിയിലേക്ക് ഇറങ്ങിവന്നപ്പോഴും, അവന്റെ പരമാധികാരമായ ദൈവികത സ്വര്‍ഗ്ഗത്തില്‍ത്തന്നെ നിലകൊണ്ടിരുന്നു. ചുരുക്കത്തില്‍, അദൃശ്യനായ ദൈവത്തിന്റെ മനസ്സും ചിന്തയും പ്രപഞ്ചത്തിന് മുന്‍പില്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തിയത് ദൈവത്തിന്റെ ശരീരമായ പുത്രന്‍ മാത്രമാണ്!

ത്രിത്വത്തെ സംബന്ധിക്കുന്ന സകല സത്യങ്ങളും ഉദ്ഘോഷിക്കപ്പെട്ടിരിക്കുന്ന പ്രവചനം ഒരിക്കല്‍ക്കൂടി വായിച്ചുകൊണ്ട് ഈ പഠനം നമുക്ക് ഉപസംഹരിക്കാം. പ്രവചനമിതാണ്: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ രാജപീഠത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ച് പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇത് നിറവേറ്റും”(യേശൈയാഹ്: 9; 6, 7).

ഇതാ, ഒരു മുന്നറിയിപ്പുകൂടി: “വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മ്ശിയാഹ് മനുഷ്യശരീരം ധരിച്ച് വന്നു എന്ന് സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണ് വഞ്ചകനും എതിര്‍മ്ശിയാഹും”(2 യോഹന്നാ‌ന്‍: 1; 7).

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ട് 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്ന് തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    166 views

LOG IN

Lost your password?

SIGN UP

LOST PASSWORD