'കപട' ചരിത്രാന്വേഷികള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ദൈവവചനത്തിലൂടെ ഇക്കാര്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ അസ്വസ്ഥരാകാണ്ടതില്ല. എന്നിരുന്നാലും, നമ്മുടെ വരുംതലമുറകളും, ഇപ്പോഴുള്ള പുതുതലമുറയും വഴിതെറ്റുവാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടുകൊണ്ട് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത നാം കൊടുക്കേണ്ടിയിരിക്കുന്നു.
ചരിത്രം വളച്ചൊടിക്കപ്പെടുമ്പോള്‍, വരുംതലമുറകള്‍ തെറ്റായ അറിവുകളാല്‍ നയിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം. അസത്യത്തെ സത്യമെന്ന് ധരിക്കപ്പെടുന്ന അപകടകരമായ അവസ്ഥയാണത്!
വിശ്വാസം തലമുറകളിലേക്കു പകര്‍ന്നുകൊടുക്കുന്നതിലെ താത്പര്യക്കുറവ് ഇതിനു നിദാനമാകും. ഇസ്രായേല്‍ മക്കളുടെ കാനാന്‍ ദേശത്തേക്കുള്ള പലായനം തലമുറകളെ പഠിപ്പിക്കണമെന്നത് ഇസ്രായേലില്‍ ഒരു ചട്ടമായിരുന്നു. വലിയ അടയാളങ്ങളിലൂടെയും അദ്ഭുതങ്ങളിലൂടെയും ചെങ്കടല്‍കടത്തി മരുഭൂമിയിലൂടെ നയിച്ച ദൈവത്തെ തലമുറകള്‍ വിസ്മരിക്കാതിരിക്കാന്‍ എക്കാലത്തേക്കുമുള്ള നിയമമായി അവര്‍ അതനുസരിച്ചു.
ലോകം വികാസം പ്രാപിക്കുമ്പോള്‍ പുതിയ തലമുറകള്‍ ഈ മഹാദ്ഭുതങ്ങളെ അവഗണിക്കുകയും, കെട്ടുകഥകളായി ധരിക്കുവാനും സാധ്യതയുണ്ട്. ഈ ദുരന്തത്തിനു തടയിടാന്‍ സാധിച്ചത് തലമുറകളിലേക്കുള്ള പകര്‍ന്നുനല്‍കലിലൂടെ ആയിരുന്നു. എല്ലാ ചരിത്രങ്ങളും ഇപ്രകാരം തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കണം എന്നുതന്നെയാണ് ഇതില്‍നിന്നു ലഭിക്കുന്ന പാഠം!
ഒട്ടുമിക്ക ചരിത്രാന്വേഷികളും, ക്രൈസ്തവീകതയെ തകര്‍ക്കുവാനുള്ള തെളിവുകളുടെ ശേഖരണത്തിലാണ്. അന്വേഷിച്ചു വരുമ്പോള്‍ സകലതും അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നുണ്ടെങ്കിലും വ്യാജമായ പ്രചരണങ്ങള്‍ നടത്തുവാന്‍ പലരും ഉത്സാഹം കാണിക്കുന്നു.
പാരമ്പര്യത്തിന്റെയും, ചരിത്രത്തിന്റെയും, പുരാവസ്തു(ആര്‍ക്കിയോളജി)ഗവേഷണത്തിന്റെയും പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സത്യത്തെ വിശകലനം ചെയ്യുവാനാണ് നാമിവിടെ ശ്രമിക്കുന്നത്. വ്യക്തമായ രേഖകളുള്ളതും, യുക്തിക്ക് നിരക്കുന്നതുമായ സത്യങ്ങളെ മറച്ചു വയ്ക്കാന്‍ നടത്തുന്ന വിഫലശ്രമങ്ങള്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടംനല്‍കാതിരിക്കാന്‍ ഇത് ഉപകരിക്കുമെന്ന് കരുതാം.
ചരിത്രത്തെ വികലമാക്കുന്നവരുടെ ലക്ഷ്യം!
തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ വരുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ ആരും ശ്രമിക്കാറില്ല. അന്വേഷിച്ചാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സംഗതികളൊന്നുമല്ല ഇവയൊന്നും. അതിനായി ദിവസങ്ങളോ മാസങ്ങളോ നഷ്ടപ്പെടുത്തേണ്ടതുമില്ല. ദൈവം നല്‍കിയ സംവീധാനങ്ങളെ നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുപകരം ദുരുപയോഗിക്കുന്ന അവസ്ഥ മാറിയാല്‍, സത്യമറിയാന്‍ ഏവര്‍ക്കും കഴിയും. വിവരസാങ്കേതികവിദ്യ എല്ലാറ്റിനേയും നമ്മുടെ കിടപ്പുമുറിയില്‍ എത്തിച്ചിട്ടുണ്ടല്ലോ!?
യേഹ്ശുവാ ജനിച്ചിട്ടുപോലുമില്ലെന്നു പ്രചരിപ്പിക്കാനുള്ള ചില 'കുത്സിത' ശ്രമങ്ങളുടെ വക്രതയെയും അവയ്ക്കുപിന്നിലെ 'ശക്തികളെയും' നിസ്സാരമായി തള്ളരുത്. എല്ലാറ്റിനേയും നിസ്സാരമായി കാണുന്നവരും, ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ഗ്രഹിക്കാത്തവരുമായവര്‍ തലമുറകളെ അന്ധകാരത്തിലേക്കാണു നയിക്കുന്നത്.
കഴിഞ്ഞനാളുകളില്‍ ഇംഗ്ലണ്ടിലെ ചില യൂണിവേഴ്സിറ്റികള്‍ കൌമാരക്കാരില്‍ നടത്തിയ പഠനങ്ങള്‍ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു..എണ്‍പതു ശതമാനത്തിലധികം പുത്തന്‍ തലമുറക്കാരും ഗാന്ധിജി ജീവിച്ചിരുന്ന വ്യക്തിയാണെന്നുപോലും വിശ്വസിക്കുന്നില്ല. ഉപഭോഗ സംസ്കാരം കൊടികുത്തി വാഴുന്ന കാലഘട്ടത്തില്‍, മറ്റുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച് ജീവിച്ചവരെ കെട്ടുകഥകളായി മാത്രമെ കരുതുന്നുള്ളു. സ്വന്തം ഷൂസിന്റെ 'ലെയ്സ്' പോലും സ്വയം കെട്ടാന്‍ മടിയുള്ള പുതിയ തലമുറയ്ക്ക്, മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വയം ത്യജിക്കുന്നവരെ എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും?! അതായത്, തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിനും അപ്പുറം ചെന്നെത്താന്‍ ചിന്തകള്‍ക്ക് കഴിയാത്തവിധം അറിവിന്റെ തലങ്ങള്‍ ശാസ്ത്രീയതയിലേക്കു മാത്രമായി ചുരുങ്ങിപോയി! അല്ലെങ്കില്‍, സ്വാര്‍ത്ഥതയുടെ ആവരണത്തില്‍ അകപ്പെട്ട ജീവിതങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു!
ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസത്തിന്റെ മേഖലകളില്‍ വ്യക്തമായ പരിശീലനം ലഭിക്കാത്ത കൌമാരക്കാര്‍ക്ക് ക്രിസ്തുവും അപ്പസ്തോലന്മാരും വിശുദ്ധരുമൊക്കെ സാങ്കല്പീക കഥാപാത്രങ്ങളായി കരുതാനേ കഴിയൂ. അങ്ങനെയിരിക്കെ ഗൂഢലക്ഷ്യത്തോടെ ചരിത്രത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ അപകടം തുലോം കൂടുതലായിരിക്കും !
ആഗോളമായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന സംഘടിതമായ നീക്കങ്ങളാണിത്. ക്രിസ്തുവിനെ ഒരു ഐതീഹ്യം മാത്രമായി തള്ളിക്കളയാന്‍ പ്രേരണനല്‍കുന്ന ആശയങ്ങള്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ശാസ്ത്രത്തിന്റെയും യുക്തിയുടെയും തലങ്ങളെ വിശകലനം ചെയ്യുന്ന രീതി, കാലഘട്ടങ്ങള്‍ക്കു മുന്‍പേ നിലവിലുണ്ടല്ലോ! എന്നാല്‍, ശാസ്ത്രീയമായ ഒരു പഠനങ്ങള്‍ക്കും ബൈബിളിന്റെയോ ക്രിസ്തുവിന്റെയോ സത്യത്തെ മറികടക്കാനുള്ള യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ശാസ്ത്രത്തിന്റെ വികാസം യേഹ്ശുവായെയും വിശുദ്ധ ബൈബിളിനെയും കൂടുതല്‍ തെളിവുള്ളതാക്കി.
ക്രൈസ്തവര്‍ ബൈബിളിനെയും ക്രിസ്തുവിനെയും നിഗൂഢമായി ഒളിച്ചുവച്ചില്ല. ഏതു ശാസ്ത്രീയ പഠനങ്ങളെയും അഭിമുഖീകരിക്കാന്‍ ക്രൈസ്തവസഭകള്‍ തയ്യാറായിട്ടുണ്ട്. മനുഷ്യന്‍ നിര്‍മ്മിച്ചതായ ഒന്നും ബൈബിളിലും ക്രിസ്തുവിലും ഇല്ലാത്തതുതന്നെയാണ് ഇതിന്റെ പ്രധാന കാരണം. മനുഷ്യ നിര്‍മ്മിതമായ വിശ്വാസങ്ങളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുവെങ്കില്‍ അതിനുപിന്നില്‍ കാപട്യമുണ്ടെന്നു വ്യക്തം! കപടതകള്‍ വെളിപ്പെടുന്നതിനെ ഭയക്കുന്നവര്‍, വിശ്വാസകാര്യങ്ങള്‍ എന്നുപറഞ്ഞ് അന്വേഷണങ്ങളെ എതിര്‍ക്കുന്നു. ഇവിടെ ക്രൈസ്തവരുടെ തുറന്ന നിലപാടിനെ എന്തിനു സംശയിക്കണം? മുഹമ്മദിന്റെ രോമം കത്തില്ലെന്നു പറയുകയും ശാസ്ത്രീയ പരിക്ഷണങ്ങളില്‍നിന്ന് ഓടിയൊളിക്കുകയും ചെയ്യുന്ന ഇസ്ലാമാണ് ക്രിസ്തീയതയ്ക്കെതിരേ ശാസ്ത്രീയതയുമായി ഇറങ്ങിയിരിക്കുന്ന വേറൊരു കൂട്ടര്‍!
കത്തോലിക്കാസഭ വിശുദ്ധരായി ഉയര്‍ത്തിയിട്ടുള്ള 37 വ്യക്തികളുടെ ഭൌതീക ശരീരങ്ങള്‍ അഴുകാതെ നിലനില്‍ക്കുന്നുണ്ട്. ഏതു ശാസ്ത്രീയ പഠനങ്ങളെയും തടഞ്ഞിട്ടുള്ളതായി ആര്‍ക്കും പറയാന്‍ കഴിയില്ല. നിലവിലുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങള്‍ക്കും വിധേയമാക്കിയതിനുശേഷം മാത്രമെ സഭ ഇവയെ ഔദ്യോഗികമായി അംഗീകരിക്കാറുള്ളൂ. അതുകൊണ്ടുതന്നെ നാളിന്നുവരെ കത്തോലിക്കാസഭ അംഗീകരിച്ചിട്ടുള്ള അദ്ഭുതങ്ങളിലൊന്നും പിന്നീട് തിരുത്തേണ്ടി വന്നിട്ടില്ല. രണ്ടായിരത്തിലധികം വര്‍ഷങ്ങളായി തുടരുന്ന അദ്ഭുതരോഗശാന്തികളോ, മറ്റേതെങ്കിലും അദ്ഭുതങ്ങളോ ഇന്നേവരെ ആര്‍ക്കും തെറ്റെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടുമില്ല.
ലോകമെമ്പാടുമുള്ള പലയിടങ്ങളിലും ദിവ്യകാരുണ്യ അദ്ഭുതങ്ങളും, മറ്റുപല അദ്ഭുതങ്ങളും സംഭവിക്കുമ്പോള്‍ അതേപടി സ്വീകരിക്കുകയോ തള്ളുകയോ കത്തോലിക്കാസഭ ചെയ്യാറില്ല. മറിച്ച്, ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ അന്വേഷണങ്ങളും പരിശോധനകളും നടത്തിയാണ് ഇത് സ്ഥിരീകരിക്കുന്നത്. ഇവയെക്കുറിച്ച് ഏതു മതവിഭാഗങ്ങള്‍ക്കും, യുക്തിവാദ സംഘങ്ങള്‍ക്കും പരിശോധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, പഴയ വിശുദ്ധരെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി പോപ്പ് ഫ്രാന്‍സീസ് മുന്നോട്ടുപോകുമ്പോള്‍, ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായേക്കാം! അശുദ്ധരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട്, മുന്‍കാല വിശുദ്ധരുടെ മാഹാത്മ്യത്തെ ഇകഴ്ത്തുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയാണ് ഫ്രാന്‍സീസ് നടപ്പാക്കുന്നത്!
ക്രിസ്തുവിനെ നിഷേധിക്കുന്ന തത്ത്വങ്ങളും വാദങ്ങളുമായി സാത്താനും അവന്റെ അനുയായികളും ഇറങ്ങിയിട്ടുള്ളത് ഇന്നും ഇന്നലെയുമൊന്നുമല്ല. ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും വികലമായി ചിത്രീകരിച്ചുകൊണ്ട് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ക്രിസ്തുവിനേയും ക്രിസ്തീയതയേയും മറ്റു ചില വിശ്വാസങ്ങള്‍പോലെ ഐതീഹ്യം മാത്രമാണെന്ന് വരുത്തിതീര്‍ക്കുക എന്ന ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ട്. അത്തരക്കാരുടെ മതവിശ്വാസങ്ങളെ സത്യമെന്ന് പ്രഖ്യാപിക്കാനുള്ള യാതൊന്നും അതില്‍ ഇല്ലാത്തതിനാല്‍, ക്രിസ്തീയതയും അവയെപ്പോലെ ഒന്നു മാത്രമാണെന്നു ധരിപ്പിക്കുകയെന്ന കുതന്ത്രം!
തോമാശ്ലീഹായുടെ ഇന്ത്യന്‍ യാത്ര കെട്ടുകഥ!
ഹനുമാന്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് ചാടിക്കടന്നുവെന്നും, മരുന്നിന്റെ പേരു മറന്നതിനാല്‍ മല ഒന്നടങ്കം ചുമന്നുകൊണ്ട് വന്നുവെന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ചില വിദ്വാന്മാര്‍ക്ക്, തോമാശ്ലീഹ ഇന്ത്യയിലേക്ക് കപ്പല്‍യാത്ര ചെയ്തത് യുക്തിസഹമല്ലാത്തതിലെ യുക്തിയാണ് മനസ്സിലാകാത്തത്!
കപട ചരിത്രാന്വേഷികളുടെ കണ്ടെത്തലുകളില്‍, A.D. 52 കാലഘട്ടങ്ങളില്‍ ഇന്ത്യയിലേക്ക് കപ്പല്‍യാത്ര ക്ലേശകരവും അസാദ്ധ്യവുമാണെന്ന് വാദിക്കുന്നു. അനേക വര്‍ഷങ്ങള്‍ യാത്രചെയ്താല്‍ മാത്രമെ തോമാശ്ലീഹക്ക് ഇന്ത്യയില്‍ എത്താന്‍ കഴിയുകയുള്ളു എന്നാണ് മറ്റൊരു വാദമുഖം. അങ്ങനെ വരുമ്പോള്‍ A.D. 52 -ല്‍ എത്തിച്ചേരുകയെന്നത് സാദ്ധ്യമല്ല. വിവരക്കേട് എഴുതിയാലും 'ഡോക്ടറേറ്റ്' കൊടുക്കാന്‍ സര്‍വ്വകലാശാലകളുള്ള നാട്ടില്‍, ഇത്തരം ജല്പനങ്ങളെയൊന്നും അതിശയിക്കേണ്ടതില്ല. ചരിത്രത്തെ ഭൂമിശാസ്ത്രവുമായി ചേര്‍ത്തുവച്ച് വിശകലനം ചെയ്യാന്‍ തയ്യാറായാല്‍ ഇവരുടെ അല്പത്തരം വ്യക്തമാകും!വ്യക്തമായ ലക്ഷ്യങ്ങളോടെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവരെ ബോധവത്കരിക്കാനോ, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനോ വേണ്ടിയല്ല ഇവിടെ തുനിയുന്നത്. എന്നാല്‍, വഞ്ചിക്കപ്പെടാന്‍ സാദ്ധ്യതയുള്ള നിഷ്കളങ്കരെ സത്യം അറിയിക്കുകയെന്നതാണ് ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്.
കപ്പല്‍ യാത്രകളുടെ ചരിത്രങ്ങള്‍!
കപ്പല്‍ ഗതാഗതത്തിന് ഇന്ത്യയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ക്രിസ്തുവിനു മുന്‍പുതന്നെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധം നിലനിന്നിരുന്നതായി വ്യക്തമായ തെളിവുകള്‍ ചരിത്രത്തില്‍ കാണാം. കേരളത്തിലെ കൊടുങ്ങല്ലൂര്‍ വഴിയാണ്, വിദേശികള്‍ ഇന്ത്യയില്‍ വരുകയും വ്യാപാരത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നത്. കൊടുങ്ങല്ലൂര്‍ മുന്‍പ് അറിയപ്പെട്ടിരുന്നത് 'മുസ്സിരീസ്' എന്നായിരുന്നു.
1984-ല്‍ കേരളത്തിലെ 'വളുവള്ളി' മാധവിയമ്മയുടെ പുരയിടത്തില്‍നിന്ന് ആയിരത്തിലധികം സ്വര്‍ണ്ണനാണയങ്ങള്‍ കുഴിച്ചെടുത്തതില്‍ 'നീറോ, അഗസ്റ്റസ്' എന്നിവരെയാണ്, ആലേഖനം ചെയ്തിരുന്നത്. പുരാവസ്തു മ്യൂസിയത്തില്‍ ഇവയില്‍ അഞ്ഞൂറെണ്ണം സൂക്ഷിച്ചിട്ടുണ്ട്. ഇത് വ്യാപാര ബന്ധത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ബൈബിളിലെ പഴയനിയമ പുസ്തകത്തില്‍ ഇന്ത്യയുമായി വ്യാപാര ബന്ധമുണ്ടായിരുന്നു എന്ന സൂചനയെ ഉറപ്പിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍! ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ള നാണയങ്ങളില്‍ പലതും ക്രിസ്തുവിന് മുന്‍പ് നിലനിന്നിരുന്നവയാണ്.
പുരാതനകാലം മുതല്‍ക്കെ ഈജിപ്തില്‍നിന്നും കപ്പലുകള്‍ ഇന്ത്യയില്‍ വരികയും പോവുകയും ചെയ്തിരുന്നു. തുറമുഖ നഗരം കൊടുങ്ങല്ലൂര്‍(മുസ്സിരീസ്) ആയിരുന്നുവെന്ന് ചരിത്രരേഖകള്‍ അറിയിക്കുന്നുണ്ട്. എന്നാല്‍, എഴുതിവച്ച രേഖകള്‍ കേരള ചരിത്രത്തെ സംബന്ധിച്ച് ഇല്ലെന്നുള്ളതാണ് വസ്തുത! 'ആര്‍ക്കിയോളജി' വിഭാഗം ഇക്കാലങ്ങളില്‍ കണ്ടെത്തുന്നവയാണ് പ്രധാന തെളിവുകള്‍! ഇവിടെയാണ് പാരമ്പര്യമായ വിശ്വാസങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇന്നത്തെ കപട ചരിത്രകാരന്മാര്‍ യുക്തിയുടെ 'മറ' പിടിച്ച് യാതൊരു യുക്തിയുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പാരമ്പര്യത്തെ ഖണ്ഡിക്കുകയാണ്. സമുദ്രശാസ്ത്രമോ, ഭൂമിശാസ്ത്രമോ, കാലാവസ്ഥാശാസ്ത്രമോ അന്വേഷിക്കാന്‍ ശ്രമിക്കാതെ ഇവരെ കേള്‍ക്കുന്നവര്‍ വഴിതെറ്റും.
തോമാശ്ലീഹായ്ക്കുവേണ്ടി വാദിക്കുന്ന ആളുകള്‍ പ്രചരിപ്പിക്കുന്ന അതിശയോക്തി നിറഞ്ഞ ചില കെട്ടുകഥകള്‍ സത്യത്തെപ്പോലും അസത്യമെന്നു ചിന്തിപ്പിക്കാന്‍ വഴിവച്ചുവെന്നതും വിസ്മരിക്കരുത്. തങ്ങളുടെ പൂര്‍വ്വീകര്‍ നമ്പൂരിമാരായിരുന്നുവെന്ന 'നുണക്കഥ'യാണ് ഇവയിലൊന്ന്! പൂര്‍വ്വീകരുടേതെന്ന അവകാശവാദത്തോടെ ചില ഛായാചിത്രങ്ങള്‍ ഭിത്തിയില്‍ തൂക്കിയിരിക്കുന്ന 'നമ്പൂരിവാദികള്‍' സ്വയം പരിഹാസിതരാകുന്ന അവസ്ഥയും ഇപ്പോഴുണ്ട്. 'കുടുമ'വച്ച് പൂണൂലും ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ വരച്ചു പ്രദര്‍ശിപ്പിക്കുന്ന ഇത്തരം അല്പന്മാര്‍, യഥാര്‍ത്ഥ സത്യത്തെപ്പോലും അസത്യമാക്കാന്‍ സഹായികളായി വര്‍ത്തിക്കുന്നു! കേരളത്തില്‍ ജാതിവ്യവസ്ഥ രൂപംകൊണ്ടത് എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിലായിരുന്നുവെന്ന് ഈ 'അഭിനവ നമ്പൂരിമാര്‍' അറിഞ്ഞില്ല! തോമാശ്ലീഹയെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഇവരുടെ നുണക്കഥകള്‍ കാരണമായി എന്നതാണ് വസ്തുത!
ചരിത്രത്തിലേക്കുതന്നെ മടങ്ങിവരാം. മണ്‍സൂണ്‍ കാറ്റിന്‍റെ വേഗത്തിന് ബി. സി. എന്നോ എ. ഡി. എന്നോ വ്യത്യാസമില്ലെന്ന് മറക്കരുത്. ഈ ജിപ്തില്‍നിന്ന് മണ്‍സൂണ്‍ കാറ്റിന് ഇന്ത്യയിലെത്താന്‍ നാല്‍പ്പതു ദിവസം മതി. അതായത്, ഒരു പായ്കപ്പലിന് ഈജിപ്തില്‍നിന്ന് ഇന്ത്യന്‍ തീരത്തെത്താന്‍ നാല്‍പ്പത് ദിവസം! 'നാവിഗേഷനും' മറ്റ് ആധുനിക സൌകര്യങ്ങളും ഇപ്പോള്‍ ലഭ്യമായതിനാല്‍, ഇരുപത്തിയേഴു ദിവസംകൊണ്ട് ഈജിപ്തിന്റെ തീരത്തുനിന്ന് ഇന്ത്യന്‍ തീരത്ത് എത്താന്‍ കഴിയും!
ആറാം നൂറ്റാണ്ടില്‍ ഇസ്ലാമിക അധിനിവേശംവരെ, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുമായി വ്യാപാരബന്ധം തുടര്‍ന്നുപോന്നത് ഈജിപ്ത്യന്‍ തീരത്തെ ആശ്രയിച്ചായിരുന്നു എന്നാണ് ചരിത്രം! ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവംവരെ ഗള്‍ഫ്നാടുകളില്‍ ക്രൈസ്തവരായിരുന്നു. ക്രൈസ്തവര്‍ക്കുമുന്‍പ് യഹൂദരും, അതിനുമുന്‍പ് 'അറബി-പാഗണ്‍സ്'(മതമില്ലാത്തവര്‍) എന്നിങ്ങനെയാണ് അറബികളുടെ പരിണാമ ചരിത്രം.
മുസ്സിരിസ് റോമന്‍ വാണിജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. ഇവിടെ അഗസ്റ്റസ് ദേവാലയം ഉണ്ടായിരുന്നതായും ചരക്കുകള്‍ സംരക്ഷിക്കാന്‍ റോമന്‍ പട്ടാളക്കാര്‍ അവിടെ കാവല്‍ നിന്നിരുന്നതായും പറയുന്നു.
ക്രിസ്തുവര്‍ഷത്തിനുമുമ്പും അതിനു ഏതാനും ശതാബ്ദങ്ങള്‍ക്കുശേഷവും ലോകത്തെ പ്രമുഖരായ സഞ്ചാരികളും ശാസ്ത്രജ്ഞന്മാരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്. മെഗസ്തനീസ്, പെരിപ്ലസിന്റെ കര്‍ത്താവ് പ്ലീനി, ടോളമി, ഫായിയാന്‍, ഹുന്‍സാങ് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. മെഗസ്തനീസ് എന്ന ഗ്രീക്കുസഞ്ചാരിയാണ് ആദ്യം കേരളത്തെക്കുറിച്ച് സൂചന നല്കുന്നത്. ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്ക് ബി.സി. 302-ല്‍ സെലൂക്കസ് നിക്കട്ടോര്‍ അയച്ച ഗ്രീക്ക് സഞ്ചാരിയാണ് മെഗസ്തനീസ്. അദ്ദേഹം എഴുതിയ 'ഇന്‍ഡിക്ക' ചരിത്രകാരുടെ സഹായിയാണ്. കേരളത്തിലെ മുത്തുകള്‍, കുരുമുളക്, ചന്ദനം എന്നിവയെക്കുറിച്ച് മെഗസ്തീനിസ് വിവരിക്കുന്നു. എ.ഡി. 23ല്‍ വടക്കേ ഇറ്റലിയില്‍ ജനിച്ച പ്ലീനി, ലോകത്ത് ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനാണ്. കേരളവും റോമും തമ്മിലുള്ള ബന്ധം, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെപ്പറ്റി പ്ലീനിയുടെ പുസ്തകത്തിലുണ്ട്. എ.ഡി. 60-ല്‍ രചിച്ച 'പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ' (ചെങ്കടലിലൂടെയുള്ള പര്യടനം)യുടെ ഗ്രന്ഥകര്‍ത്താവ് അജ്ഞാതനാണ്. അതിലും കേരളമുണ്ട്. വിഖ്യാതശാസ്ത്രജ്ഞനും ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര പണ്ഡിതനുമായ ഗ്രീക്കുകാരന്‍ ടോളമി (എ.ഡി. 95-162)യും ചൈനീസ് സഞ്ചാരികളായ ഫാഹിയാന്‍(എ.ഡി. 399-414)നും, ഹുന്‍സാങ് (എ.ഡി. 629-645) എന്നിവരും കേരളത്തെപ്പറ്റി വിവരം നല്കുന്നു.
ബി.സി. 100 മുതല്‍ എ.ഡി 100 വരെ ശക്തമായ വ്യാപാരബന്ധം റോമാസാമ്രാജ്യവും ഇന്ത്യയുമായി നിലനിന്നിരുന്നു. ഈ കാലഘട്ടത്തില്‍ത്തന്നെ യഹൂദര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതായി ചരിത്രപരമായ തെളിവുകളുണ്ട്. എവിടെ വ്യാപാരമുണ്ടോ അവിടെ യഹൂദനുണ്ട് എന്നൊരു സംസാരം മുന്‍പേയുണ്ടായിരുന്നു. തോമാശ്ലീഹ ഇന്ത്യയിലേക്ക് വരാനുള്ള നിമിത്തംതന്നെ ഇവിടെയുള്ള യഹൂദരായിരുന്നിരിക്കാം! യഹൂദര്‍ ഉള്ളിടത്തെല്ലാം സുവിശേഷം അറിയിക്കുക എന്ന ലക്ഷ്യം ക്രിസ്തുശിഷ്യന്മാരില്‍ ഭരമേല്പ്പിക്കപ്പെട്ടിരുന്നു.
തോമാശ്ലീഹ ക്രൈസ്തവ സമൂഹങ്ങള്‍ക്കുരൂപം കൊടുത്തത് കൊടുങ്ങല്ലൂര്‍, പറവൂര്‍, പാലയൂര്‍, കൊല്ലം, കോതമംഗലം, നിരണം, ചായല്‍ എന്നിവിടങ്ങളിലാണ്. ഇതില്‍ ആദ്യത്തെ ആറ് സ്ഥലങ്ങളിലും യഹൂദരുണ്ടായിരുന്നു. ഇതുമായി കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം ഇന്ത്യക്കാരെ അറിയിക്കുക എന്നതിനേക്കാള്‍, ചിതറിക്കിടക്കുന്ന യഹൂദരെ സത്യം അറിയിക്കുക എന്ന ദൌത്യമായിരുന്നു വിശുദ്ധ തോമാശ്ലീഹായുടേത്! വിജാതിയരെ രക്ഷിക്കാനായി യഹൂദനെ ആദ്യം ചിതറിച്ചു എന്നും ചിന്തിക്കാം.
വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും ചായല്‍(നിലയ്ക്കല്‍) യഹൂദരുള്ള സ്ഥലമാകാന്‍ സാധ്യതയുണ്ട്. കാരണം ചായല്‍(നിലയ്ക്കല്‍) ഒരു വ്യാപാരകേന്ദ്രമായിരുന്നു. ആദിമ ക്രൈസ്തവര്‍, യഹൂദരെ മാത്രമെ ക്രിസ്തുവിനെക്കുറിച്ച് അറിയിച്ചിരുന്നുള്ളു. യഹൂദര്‍ അവഗണിച്ചപ്പോഴാണ് മറ്റുള്ളവരെ അറിയിക്കാന്‍ തുടങ്ങിയതെന്ന് നമുക്കറിയാം! പലരും പറയുന്നതുപോലെ നമ്പൂതിരിമാരാണ് കേരളക്രൈസ്തവരുടെ ആദ്യ തലമുറയെന്നത് നുണയാണെന്നും, യഹൂദര്‍ തന്നെയായിരുന്നു കേരളക്രൈസ്തവരുടെയും പൈതൃകമെന്നും വായിച്ചെടുക്കാന്‍ ഇവിടെ സാധിക്കും.
ഒന്നാം നൂറ്റാണ്ടില്‍തന്നെ ക്രിസ്തീയത ഇന്ത്യയില്‍ വേരോടിയിരുന്നു എന്നതിനു വേറെയും അനേകം തെളിവുകളുണ്ട്.
'തരിസാപ്പള്ളി ചെപ്പേട്'
കേരളത്തെ സംബന്ധിക്കുന്ന ചരിത്രങ്ങളുടെ പഠനങ്ങളില്‍ വലിയ പങ്ക് ചെപ്പേടുകള്‍ക്കുണ്ട്. മറ്റു ലിഖിത ചരിത്രങ്ങളൊന്നും ലഭ്യമല്ല. രചനാ വൈഭവമുള്ളവരുടെ അപര്യാപ്തതയോ, ഭാവിയില്‍ ഇവയുടെ പ്രാധാന്യത്തെ ദീര്‍ഘവീക്ഷണത്തോടെ കാണാനുള്ള കഴിവുള്ളവര്‍ കേരളത്തിലില്ലാതിരുന്നതോ ആയിരിക്കാം ഇതിനു കാരണം!
ചരിത്ര രചനയില്‍ ചെപ്പേടുകള്‍ക്കുള്ള സ്വാധീനം വലുതാകാന്‍ കാരണം അതിന്റെ ആധികാരികത തന്നെയാണ്. ചെമ്പുതകിടില്‍ രാജാവിന്റെ ശാസനങ്ങള്‍ മുദ്രവച്ചു നല്‍കുന്നതാണ്, 'ചെപ്പേട്'! ഇതില്‍ വര്‍ഷവും മാസവും തിയ്യതിയുമെല്ലാം കുറിക്കുന്നതിനാല്‍ കാലഘട്ടങ്ങളെക്കുറിച്ച് അറിവു ലഭിക്കാന്‍ ചെപ്പേടുകള്‍ ഉപകരിക്കും.
849-ല്‍ ക്രൈസ്തവര്‍ക്ക് ചില പദവികള്‍ നല്‍കിക്കൊണ്ട് എഴുതി മുദ്രവച്ചു പുറപ്പെടുവിച്ച രാജകല്പനയാണ് 'തരിസാപ്പള്ളി ചെപ്പേട്'! രാജാവില്‍നിന്നും പ്രത്യേക പദവികള്‍ സ്വീകരിക്കാന്‍ തക്ക പ്രാധാന്യമുള്ള സമൂഹമായി അക്കാലത്തുതന്നെ ക്രൈസ്തവര്‍ വളര്‍ന്നിരുന്നുവെന്ന് ഇതിലൂടെ അനുമാനിക്കാം. എഴുപത്തിരണ്ട് പദവികളാണ് ക്രിസ്ത്യാനികള്‍ക്ക് അന്നു ലഭിച്ചത്. രാജാവില്‍നിന്ന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ശേഷിയുള്ള സംഘശക്തി ആ നാളുകളില്‍ ഉണ്ടായിരുന്നുവെങ്കില്‍, ക്രൈസ്തവരുടെ സാന്നിദ്ധ്യം ആദ്യനൂറ്റാണ്ടില്‍ തന്നെ ഇവിടെയുണ്ടെന്നതു സ്പഷ്ടമാണ്.
എഴുപത്തിരണ്ട് പദവികളില്‍ രസകരവും പ്രാധാന്യമുള്ളതുമായ ഒരു പദവിയുണ്ട്. ക്രൈസ്തവ സ്ത്രീകള്‍ക്ക് 'മാറ്' മറയ്ക്കാനുള്ള അവകാശമായിരുന്നു അത്. നമ്പൂതിരി സ്ത്രീകള്‍ക്ക് മാത്രമെ അന്നുവരെ ഈ അവകാശം ഉണ്ടായിരുന്നുള്ളു. കേരളത്തില്‍ ജാതിവ്യവസ്ഥ രൂപംകൊണ്ടുവരുന്ന കാലഘട്ടമായിരുന്നു എട്ടാംനൂറ്റാണ്ട്. ക്രിസ്ത്യാനികളായ സ്ത്രീകള്‍ക്കും ഈ ശാസനയിലൂടെ 'മാറ്' മറയ്ക്കാന്‍ അവകാശം ലഭിച്ചു! അതായത്, ജാതിവ്യവസ്ഥയുടെ ആരംഭത്തില്‍ത്തന്നെ ക്രൈസ്തവര്‍ ഉന്നതകുലജാതരുടെ ഗണത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു! തങ്ങളും നമ്പൂരിമാരാണെന്ന ചിന്ത രൂപപ്പെടാന്‍ ഈ അംഗീകാരവും കാരണമായിട്ടുണ്ടാകാം! ക്രിസ്തീയതയില്‍ വിജാതിയ അനുകരണം കടന്നുവന്ന കാലഘട്ടവും കേരളത്തിലെ ജാതിവ്യവസ്ഥയുടെ ആവിര്‍ഭാവവും തമ്മില്‍ ബന്ധമുണ്ട്. എട്ടാംനൂറ്റാണ്ടില്‍ ജാതി-വര്‍ണ്ണ വ്യവസ്ഥിതികള്‍ ഉടലെടുക്കുന്നതിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കേരളത്തില്‍ കുടിയേറിയ സുറിയാനികള്‍ ഇവിടുത്തെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെമേല്‍ അവരുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചിരുന്നു. അതുകൊണ്ടാണ് വിജാതിയ അനുകരണത്തിന് ഇവര്‍ തയ്യാറായത്. വിശ്വാസത്തില്‍ കര്‍ശന നിലപാടുണ്ടായിരുന്ന വ്യക്തിയായിരുന്നു തോമാശ്ലീഹായെന്നു നമുക്കറിയാം. യേഹ്ശുവായുടെ പുനരുത്ഥാനത്തെപ്പോലും തൊട്ടറിഞ്ഞു സ്ഥിരീകരിച്ചതിനുശേഷം വിശ്വസിച്ചയാളായിരുന്നു അപ്പസ്തോലനായ തോമാ! ഇങ്ങനെയുള്ള ഒരുവന്‍ അടിസ്ഥാനരഹിതമായ ആചാരങ്ങളെ സ്വീകരിക്കുകയോ, അനുയായികളെ അതിനു വിട്ടുകൊടുക്കുകയോ ചെയ്യില്ല!
എന്നാല്‍, സുറിയാനികളുടെ ആധിപത്യത്തിന്‍കീഴില്‍ മാര്‍ത്തോമാപാരമ്പര്യങ്ങള്‍ ഇല്ലാതായി എന്നുവേണം അനുമാനിക്കാന്‍. കേരളത്തില്‍ ഉടലെടുത്ത ജാതീയവ്യവസ്ഥിതികളുടെ ഭാഗമായി ക്രൈസ്തവര്‍ അധഃപതിച്ചത് ഇക്കാരണത്താലാകാം. കല്‍ദായ-അന്ത്യോക്യന്‍ പാരമ്പര്യങ്ങള്‍ അവകാശപ്പെടുകയും യഹൂദനായ തോമാശ്ലീഹയാണ് തങ്ങളുടെ ആത്മീയപിതാവെന്നു വാദിക്കുകയും ചെയ്യുന്നതില്‍ പൊരുത്തക്കേടുണ്ട്. കാരണം, തോമാശ്ലീഹായുടെ പാരമ്പര്യം ഇവ രണ്ടുമല്ല; യഹൂദമാണ്! ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്കുപോലും സംശയമുണ്ടാക്കുന്ന വിധത്തിലുള്ള പാരമ്പര്യവാദങ്ങളാണ് ഇവര്‍ നിരത്തുന്നത്! തോമാശ്ലീഹായുടെ പേരില്‍ ഉണ്ടാക്കിയെടുത്ത വിചിത്രമായ കുരിശുപോലും തങ്ങളുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തിയിട്ടുണ്ട്! സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയുള്ള ആരിലും സംശയം ജനിപ്പിക്കാന്‍ കാരണമാകുന്ന തങ്ങളുടെ പാരമ്പര്യവാദങ്ങളാണ് മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ ശത്രുവെന്ന് ഇവര്‍ അറിയുന്നില്ല! തോമാശ്ലീഹാ ഇന്ത്യയില്‍ വന്ന കാലത്ത് ഇവിടെയില്ലായിരുന്ന ഒരു മതത്തിന്റെ പാരമ്പര്യമാണ് തങ്ങളുടെ പൈതൃകമെന്നു വാദിക്കുമ്പോള്‍, സ്വന്തം പൈതൃകത്തിനു ശവക്കുഴിതോണ്ടുകയാണ് ഇവര്‍ ചെയ്യുന്നത്!
ചരിത്രത്തിലേക്കുതന്നെ നമുക്ക് മടങ്ങിവരാം. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ വാണീജ്യമായി ശക്തിപ്രാപിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആണെന്നിരിക്കെ 849-ല്‍ ക്രിസ്ത്യാനിക്ക് പദവികള്‍ നല്‍കിയതായി കാണുന്ന തെളിവ്, ക്രിസ്തീയത മുന്‍പേ ഇവിടെ ഉണ്ടായിരുന്നുവെന്ന സത്യത്തിലേക്കാണ് വെളിച്ചം വീശുന്നത്. മാത്രവുമല്ല, പോര്‍ട്ടുഗീസുകാരുമായി ഇവിടെയുണ്ടായിരുന്ന ക്രൈസ്തവര്‍ പൂര്‍ണ്ണമായും യോജിച്ചിരുന്നില്ല. അതാണല്ലോ 'കൂനന്‍കുരിശു സത്യം' എന്ന 'കു'പ്രസിദ്ധമായ സംഭവത്തിന്റെ മൂലകാരണം!
കേരള സംസ്കാരത്തിന്റെ നാള്‍വഴികള്‍!
പറഞ്ഞുപറഞ്ഞ് വലുതാക്കപ്പെട്ട കേരളസംസ്കാരത്തിന്റെ പരിണാമത്തെ വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. പലരും പറഞ്ഞുകേട്ട്, അത് പാടിപ്പുകഴ്ത്തുമ്പോള്‍ പൊള്ളത്തരങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കേണ്ടത് അനിവാര്യമാണ്.
സ്വന്തം നാടിന്റെ സംസ്കാരത്തെ സകലരും ശ്രേഷ്ഠമായി കരുതുമെന്നത് സ്വാഭാവികമാണ്. എന്നാല്‍, മറ്റു സംസ്കാരങ്ങളെക്കാള്‍ ഉന്നതമാണ് തങ്ങളുടേതെന്ന് ഊറ്റം കൊള്ളുമ്പോള്‍, മറ്റു സംസ്കാരങ്ങളെയും മനസ്സിലാക്കിയിരിക്കണം. അതുപോലെ നമ്മുടെ സംസ്കാരം എങ്ങനെ രൂപപ്പെട്ടുവെന്നും ചിന്തിക്കണം. കേരളത്തിന്റെ 'തനതായ' സംസ്കാരം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ പറയുന്ന പൈതൃക സംസ്കാരം എന്താണെന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല.
വര്‍ത്തമാനകാലത്ത് ജീവിക്കുന്ന വ്യക്തികളുടെ മൂന്നോ നാലോ തലമുറകള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കേരളത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിച്ചാല്‍, പാരമ്പര്യ സംസ്കാരത്തിന്റെ ജീര്‍ണ്ണത മനസ്സിലാകും. ഇന്നത്തെപോലെ സാംസ്കാരിക കേരളം രൂപപ്പെട്ടതിലെ ഹേതുക്കള്‍ എന്താണെന്നും ആരൊക്കെയാണെന്നും പഠിക്കുമ്പോള്‍ വിദേശികള്‍ക്കു മുന്‍പില്‍ ഒരു മലയാളിയും 'വന്‍പു' പറയില്ല. കാരണം, നാലാളുടെ മുന്‍പില്‍ പറയാന്‍ കൊള്ളാവുന്ന സംസ്കാരം കേരളത്തില്‍ രൂപപ്പെടുത്തിയതില്‍ മുഖ്യപങ്ക് വിദേശികള്‍ക്കു നല്‍കേണ്ടിവരും!
നൂറ്, അല്ലെങ്കില്‍ നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളം എന്തായിരുന്നുവെന്നും ഇവിടെ നിലനിന്നിരുന്ന രീതികളും സംസ്കാരവും എന്തായിരുന്നുവെന്നും ആദ്യം ചിന്തിക്കാം. അതിനുശേഷം വന്ന മാറ്റങ്ങള്‍ എങ്ങനെ സംഭവിച്ചുവെന്നത് ചരിത്രരേഖകളുടെ പശ്ചാത്തലത്തില്‍ നോക്കിക്കാണുകയും ചെയ്യാം!
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുള്ള കേരളം!
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് നമ്മുടെ കൊച്ചു കേരളം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. നാലു പ്രധാന നാട്ടുരാജ്യങ്ങളും അനവധി ചെറുരാജ്യങ്ങളും! ഒരു പഞ്ചായത്തിന്‍റെ വലിപ്പം പോലുമില്ലാത്ത രാജ്യങ്ങളും ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള നിരന്തരമായ യുദ്ധവും ഭീഷണിയുമായിരുന്നു രാഷ്ട്രീയ അന്തരീക്ഷം!
1728-ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ 1956-ല്‍ അവസാനിച്ച ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയെന്ന തിരു-കൊച്ചി രാജപ്രമുഖന്‍ വരെയുള്ള പതിമൂന്നു നാട്ടുരാജാക്കന്മാര്‍ തിരുവിതാംകൂര്‍ മഹാരാജ്യത്ത് ഭരണംനടത്തി.
1731-ല്‍ രവിവര്‍മ്മയില്‍ ആരംഭിച്ച് 1948-ല്‍ രാമവര്‍മ്മ (പരീക്ഷിത്ത് തമ്പുരാന്‍) വരെയുള്ള ഇരുപത്തിമൂന്ന് ഭരണകാലഘട്ടങ്ങളാണ് കൊച്ചി രാജ്യത്തുണ്ടായത്. 1949 മുതല്‍ 1956 വരെ ഇരുരാജ്യങ്ങളും ചേര്‍ന്ന് തിരു-കൊച്ചിയായി. രാജാക്കന്മാരെ കൂടാതെ ദളവമാരും ദിവാന്മാരും ഇരുരാജ്യങ്ങളിലും ഉണ്ടായിരുന്നതായി കാണാം.
പതിനെട്ടാം ശതകത്തിന്റെ അവസാനംവരെ പാലിയത്തച്ചന്മാരായിരുന്നു പാരമ്പര്യ മുറയ്ക്ക് കൊച്ചിയില്‍ മുഖ്യമന്ത്രിമാരായിരുന്നത്. ശക്തന്‍തമ്പുരാന്റെ കാലത്ത് പ്രഭുക്കന്മാരുടെ ഭരണം അവസാനിച്ചതോടുകൂടി പാലിയം കുടുംബത്തേക്കുള്ള അവകാശവും നിര്‍ത്തലാക്കപ്പെട്ടു. 1779-ല്‍ നിര്യാതനായ പാലിയത്തു കോമി അച്ചന്‍ ആയിരുന്നു പാരമ്പര്യമുറയ്ക്കുള്ള അവസാനത്തെ മന്ത്രി.
മുഗളന്മാരും അറബികളും!
ഡല്‍ഹി കേന്ദ്രമാക്കി അന്ന് ഭരണം നടത്തിയിരുന്നത് മുഗള്‍ചക്രവര്‍ത്തിമാരായിരുന്നു. ഇന്ത്യയില്‍ മുഗള്‍സാമ്രാജ്യത്തിനു തുടക്കം കുറിക്കുന്നത് അഫ്ഘാന്‍ ഭരണാധികാരിയായിരുന്ന ബാബര്‍ ആണ്. ഡല്‍ഹിയിലെ അവസാന സുല്‍ത്താന്‍ ആയിരുന്ന ഇബ്രാഹിം ലോധിയെ 1526 ഏപ്രില്‍ 12-ന് 'പാനിപ്പട്ട്' യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് ബാബര്‍ ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിനു തുടക്കമിടുന്നത്. ഈ കാലങ്ങളില്‍ അറബികള്‍ കേരളവുമായി കച്ചവട ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരായിരുന്നു കേരളവുമായി കൂടുതല്‍ വാണീജ്യ ഇടപാടുകള്‍ നടത്തിയിരുന്നത് എന്നതിനാലും എതിരാളികള്‍ ഇല്ലാതിരുന്നതുകൊണ്ടും ഈ മേഖലയില്‍ അറബികളുടെ ചൂഷണം നന്നായി അനുഭവിച്ചു!
യൂറോപ്പിന്റെ വ്യാപാരബന്ധം!
യൂറോപ്പില്‍നിന്നും കടല്‍മാര്‍ഗ്ഗം ഇന്ത്യയിലും കിഴക്കന്‍ നാടുകളിലുമെത്തുക എന്ന യൂറോപ്യന്‍ രാജാക്കന്മാരുടെ സ്വപ്നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു വഴിതെളിച്ച പ്രധാനസംഭവം തുര്‍ക്കികളുടെ ആക്രമണമാണ്. 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ യൂറോപ്പിലേക്കുള്ള വ്യാപാരത്തിന്റെ വാതിലുകള്‍ അടഞ്ഞു. കടലിലൂടെയും കരയിലൂടെയും യൂറോപ്യന്‍ വിപണിയിലെത്തിക്കൊണ്ടിരുന്ന ഇന്ത്യയിലെ തെക്കന്‍ പ്രദേശത്തുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വരവു നിലച്ചത് അവിടത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. കരയിലൂടെയല്ലാതെ കടലിലൂടെ യൂറോപ്പില്‍നിന്നും ഇന്ത്യയിലെത്താനുള്ള ഒരു വഴി കണ്ടുപിടിക്കാന്‍ ഇതാണു പ്രേരണയായത്. സ്പെയിന്‍, പോര്‍ച്ചുഗല്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനുവേണ്ടി നാവികര്‍ക്ക് സഹായവും പ്രോത്സാഹനവും നല്കി. ഇതില്‍ ആദ്യം വിജയിച്ചത് സ്പെയിന്‍കാരും പോര്‍ട്ടുഗീസുകാരുമാണ്. 1492ല്‍ സ്പെയിനിന്റെ സഹായത്തോടെ ഇന്ത്യയിലെത്താന്‍ കടലിലിറങ്ങിയ നാവികനായ ക്രിസ്റ്റഫര്‍ കൊളംബസും സംഘവും അവസാനം എത്തിച്ചേര്‍ന്നത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപിലായിരുന്നു.
അതാണ് 'ഇന്ത്യ' എന്ന് 1506-ല്‍ മരിക്കുന്നതുവരെ ക്രിസ്റ്റഫര്‍ കൊളംബസ് വിശ്വസിച്ചു. എന്നാല്‍, അമേരിഗോ വെസ്പൂച്ചിയാണ് യഥാര്‍ഥത്തില്‍ അമേരിക്ക പിന്നീട് കണ്ടുപിടിച്ചത്. 1498-ല്‍ പോര്‍ട്ടുഗീസ് രാജാവായ ഇമ്മാനുവലിന്റെ സഹായത്തോടെ യാത്ര തിരിച്ച വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടലിലൂടെ ആഫ്രിക്കന്‍ മുനമ്പുചുറ്റി പിന്നീട് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മലബാറിലെ കോഴിക്കോട്ട് എത്തിയത്. ഈ സാഹസിക യാത്രയ്ക്ക് 317 ദിവസം എടുത്തു. ഈ സംഭവം ലോകചരിത്രത്തിലെ പുതിയ അദ്ധ്യായമായി മാറി. പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാതയുടെ കണ്ടുപിടിത്തമാണ് പിന്നീട് ലോകത്തു നടന്ന എല്ലാ പ്രധാന ചരിത്രസംഭവങ്ങള്‍ക്കും കാരണമായി മാറിയത്.
പോര്‍ട്ടുഗീസുകാരുടെ വരവോടെ കേരളത്തിലെ ഉത്പന്നങ്ങള്‍ക്ക് നല്ല വരുമാനം കിട്ടാന്‍ തുടങ്ങി. ഇതോടെ അറബികളുടെ കുത്തക അവസാനിക്കുകയും, അറബികളുടെ ശത്രുക്കളായി പോര്‍ട്ടുഗീസുകാര്‍ മാറുകയും ചെയ്തു. അക്കാലത്തെ പ്രധാന കടല്‍ കച്ചവടക്കാരനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ അന്ത്യംവരെ പോര്‍ട്ടുഗീസുകാരുമായി പോരാടിക്കൊണ്ടിരുന്നു.
വാളും കുന്തവും അമ്പും വില്ലുമൊക്കെയായി പോരാടിക്കൊണ്ടിരുന്ന നാട്ടുരാജാക്കന്മാര്‍, തോക്കും പീരങ്കിയുമൊക്കെയുള്ള പോര്‍ട്ടുഗീസുകാരെ തങ്ങളുടെ പക്ഷത്തു നിര്‍ത്താന്‍ പരസ്പരം മത്സരിച്ചു. പോര്‍ട്ടുഗീസുകാരുടെ വരവിനു നൂറു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡച്ചുകാര്‍(നെതര്‍ലന്റ്) കേരളത്തിലെത്തുന്നത്.
പോര്‍ട്ടുഗീസുകാരെ കൂടെ നിര്‍ത്താന്‍ കോഴിക്കോട് സാമൂതിരിയെ പ്രേരിപ്പിച്ച പ്രധാനഘടകം, കേരളത്തിന്റെ ചക്രവര്‍ത്തിയാകുക എന്ന ആഗ്രഹമായിരുന്നു. എന്നാല്‍, പോര്‍ട്ടുഗീസുകാര്‍ കൊച്ചിയുടെ പക്ഷത്തു നിന്നപ്പോള്‍ സാമൂതിരി ഡച്ചുകാരെ ആശ്രയിച്ചു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്തുവച്ച് നടക്കുന്ന 'മാമാങ്കം' എന്നചടങ്ങിനുകേരളത്തിലെ എല്ലാ രാജാക്കന്മാരും പങ്കെടുക്കാറുണ്ട്. ഇതിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് വള്ളുവക്കോനാതിരിയായിരുന്നു. ഡച്ചുകാരെ കൂടെനിര്‍ത്തി ഈ സ്ഥാനം നേടാന്‍ സാമൂതിരിക്കു കഴിഞ്ഞു.
ചരിത്രത്തിന്റെ വിവരണം ലേഖനത്തിന്റെ താളുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികമായതിനാല്‍ കൂടുതല്‍ എഴുതാന്‍ മുതിരുന്നില്ല. യൂറോപ്പ്യന്‍ അധിനിവേശത്തിന്റെ കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യം ഏറെക്കുറെ ഇതായിരുന്നു. അന്നു നിലവിലുണ്ടായിരുന്ന ആചാരങ്ങളെയും സംസ്കാരങ്ങളെയും അല്പം അടുത്തറിയാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
മണ്ണാനോ, പുലയനോ നായര്‍സ്ത്രീയെ തൊട്ടാല്‍!
ഒരുകാലത്ത് കേരളത്തിലെ നായര്‍സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. ഒരു നിശ്ചിത മാസത്തില്‍ രാത്രികാലങ്ങളില്‍ നായര്‍ സ്ത്രീകളെ തൊട്ട് ഭ്രഷ്ടരാക്കി സ്വന്തമാക്കാനുള്ള അവകാശം മണ്ണാന്മാര്‍ക്കും, പുലയര്‍ക്കും ഉണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇത് തടയാന്‍ നായര്‍ ഭവനങ്ങളില്‍ പ്രത്യേക കാവലേര്‍പ്പെടുത്തിയിരുന്നു. ആചാരം പേടിച്ച് സ്ത്രീകള്‍ രാത്രി പുറത്തിറങ്ങാറില്ലായിരുന്നു. പറമ്പത്ത് ഒളിച്ചിരിക്കുന്ന താണജാതിയില്‍പ്പെട്ട പുരുഷന്മാര്‍ വീടിനുപുറത്ത് ഇറങ്ങുന്ന സ്ത്രീകളെ സ്പര്‍ശിക്കുകയോ, കല്ലോ കമ്പോ കൊണ്ട് എറിഞ്ഞുകൊള്ളിക്കുകയോ ചെയ്തശേഷം 'കണ്ടേ കണ്ടേ' എന്നുവിളിച്ചുപറയുന്നതോടെ ഭ്രഷ്ടായി. പിന്നീട് ആ സ്ത്രീ മണ്ണനോടോ പുലയനോടോ ഒപ്പം ആജീവനാന്തം താമസിക്കണം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അവളെ ബന്ധുക്കള്‍ ചേര്‍ന്നുതന്നെ വധിക്കുമായിരുന്നു.
എന്നാല്‍ ഈ ആചാരത്തിന് ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തനിച്ച് സഞ്ചരിക്കുന്നതോ, വീട്ടിനു പുറത്ത് ഇറങ്ങുന്നതോ ആയ സ്ത്രീകളെ മാത്രമേ ഇത്തരത്തില്‍ ഭ്രഷ്ടാക്കി സ്വന്തമാക്കാന്‍ അവകാശം ഉണ്ടായിരുന്നുള്ളൂ. മൂന്നുവയസ്സെങ്കിലും പ്രായമുള്ള ആണ്‍കുട്ടി ഒപ്പം ഉണ്ടെങ്കില്‍ അവരെ ഭ്രഷ്ടരാക്കാന്‍ പാടില്ല. ഗര്‍ഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കില്‍ പ്രസവം കഴിഞ്ഞേ അവളെ സ്വന്തമാക്കാന്‍ പാടുള്ളൂ. പ്രത്യേകം പുരകെട്ടി അവളെ അവിടെ സൂക്ഷിയ്ക്കും. പ്രസവിക്കുന്നത് ആണ്‍കുട്ടിയെ ആണെങ്കില്‍ അവള്‍ക്ക് ഭ്രഷ്ട് ഉണ്ടാകില്ല.
'സര്‍ക്കാര്‍' അടിമകള്‍!
ഈ അടുത്ത കാലത്തുവരെ വയനാട്ടില്‍ അടിമക്കച്ചവടം ഉണ്ടായിരുന്നു. സാമൂതിരി രാജാവ് അടിമവ്യാപാരം നടത്തിയിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍പോലും തിരുവിതാംകൂര്‍ സര്‍ക്കാരിന് ഒരു ലക്ഷത്തിയറുപത്തഞ്ചായിരം അടിമകളുണ്ടായിരുന്നു. 1857 ലെ കാനേഷുമാരി കണക്ക് പ്രകാരം 1,87,812 അടിമകള്‍ മലബാറില്‍ ഉണ്ടായിരുന്നു. 59,000 അടിമകളായിരുന്നു കൊച്ചിയിലുണ്ടായിരുന്നത്.
1855 ല്‍ അടിമവ്യാപാരം നിര്‍ത്തലാക്കിക്കൊണ്ടുള്ള വിളംബരവും 1859-ല്‍ എല്ലാവര്‍ക്കും വസ്ത്രധാരണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള വിളംബരവും പുറത്തുവന്നു.
മിഷണറിമാര്‍ തങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക യത്നങ്ങളിലൂടെ ഒരു നിശബ്ദ വിപ്ലവത്തിനു തിരികൊളുത്തുകയാണു ചെയ്തത്. എതിരാളിയുടെ ചോരചൊരിയാതെയും തലയരിയാതെയും നടത്തിയ വിപ്ലവം!
'സതി'!
ഭാര്യ ജീവിച്ചിരിക്കെ ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രജപുത്ര വംശത്തിലായിരുന്നു സതി തുടക്കത്തില്‍ ഉണ്ടായിരുന്നത്. വടക്കേഇന്ത്യയില്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. 'രാജാറാം മോഹന്‍ റായ്' എന്ന സാമൂഹിക പരിഷ്കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവുവരെ കാരണമായി. എങ്കിലും ഇന്നും സതി എന്ന ദുരാചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങള്‍ വടക്കേഇന്ത്യയില്‍ നടക്കുന്നുണ്ട്.
കേരളത്തിലെ 'മേല്‍മുണ്ട്' സമരം
അവര്‍ണ്ണസ്ത്രീകള്‍ 'മാറ്' മറയ്ക്കാന്‍ പാടില്ലെന്ന നിരോധനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ കേരളത്തില്‍ നിലനിന്നിരുന്നു. ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരോട് ബഹുമാനം കാണിക്കാന്‍ സ്ത്രീകള്‍ അനുഷ്ഠിക്കേണ്ടിയിരുന്ന ആചാരം തങ്ങളുടെ വക്ഷസ്സില്‍നിന്ന് വസ്ത്രം എടുത്ത് മാറ്റുക എന്നതായിരുന്നു. (പി എം ഗോപാലകൃഷ്ണന്‍, കേരള സാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. പേജ് 49).
1931-ല്‍ മന്നത്തു പത്മനാഭന്‍ കോട്ടയ്ക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ചതിനുശേഷം ഇങ്ങനെ രോഷംകൊണ്ടു. "ഇവിടുത്തെ ക്ഷേത്രത്തില്‍ ഇക്കാലത്തിനു പറ്റാത്ത ഒരു ദുരാചാരം കൂടിയുണെ്ടന്നു കേട്ടു. നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ വേണംപോലും അമ്പലത്തില്‍ കടക്കാന്‍. എന്ത്, ഇത്രയും പരിഷ്കാരമുള്ള ഈ ദേശത്ത് ഈ ജുഗുപ്സാവഹമായ നടപടി എങ്ങനെ നിലനില്‍ക്കുന്നു? നായര്‍ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ദേവന്‍ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിന്റെ മാനസംരക്ഷണത്തിനുവേണ്ടി ഇതിനെ ഉടനെ ധ്വംസിക്കേണ്ടതാണ്." സമുദായാചാര്യന്‍ നീറുന്ന നെഞ്ചില്‍നിന്നു നിലവിളിച്ചു നിര്‍ദ്ദേശിക്കുന്ന മഹത്തായ ആ അവകാശം (മാനസംരക്ഷണം) കേരളത്തിനു നേടികൊടുക്കാനണ് കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ഇവിടുത്തെ ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനം പ്രയോജനപ്പെട്ടത്.
സമൂഹത്തില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണത്. അതു നിഷേധിക്കപ്പെട്ടവരുടെ ഇടയില്‍ സുവിശേഷ പ്രബോധനങ്ങളിലൂടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ, ആതുരശുശ്രൂഷയിലൂടെ, ദളിത് സമുദ്ധാരണ യത്നങ്ങളിലൂടെ കര്‍മ്മനിരതരാവുകയാണ് ആദ്യകാല ക്രൈസ്തവ മിഷണറിമാര്‍ ചെയ്തത്.
ചാന്നാര്‍ സ്ത്രീകള്‍ക്ക് 'മാറ്' മറയ്ക്കുന്നതിലെ നിയന്ത്രണം നീക്കികൊണ്ട് 1859 ജൂലൈ 26ന് തിരുവതാംകൂര്‍ ഗവണ്‍മെന്റ് രാജകീയ വിളംബരം പുറപ്പെടുവിച്ചു. എന്നാല്‍ മാറുമറയ്ക്കുന്ന കാര്യത്തില്‍ സവര്‍ണ്ണരെ അനുകരിക്കരുതെന്ന വിലക്ക് വിളബരത്തില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് ബ്രീട്ടീഷ് ഭരണകൂടമാണ് ഈ വിലക്ക് നീക്കിയത്. ഫ്യൂഡല്‍ പ്രഭുത്വത്തിനും ജാതിമേധാവിത്വത്തിനുമെതിരെ നടന്ന മനുഷ്യാവകാശ പ്രക്ഷോഭമായിരുന്നു കൃത്യം 150 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചാന്നാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുന്ന 'മേല്‍മുണ്ട്' സമരം. ചരിത്രകൃതികളില്‍ 'മുലക്കച്ച' സമരം എന്നും ഇത് പരാമര്‍ശിക്കപ്പെടുന്നു. ( MSA Rao, Social Movement in India, Manohar: Delhi, 1978, p.29 )
ക്രിസ്തുമതം സ്വീകരിച്ച ചന്നാന്മാരാണ്, ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച തര്‍ക്കം ആദ്യമായി ഉന്നയിച്ചത് ചാന്നാര്‍ സ്ത്രീകള്‍ ക്രിസ്ത്യാനികളായപ്പോള്‍ ചട്ടക്കുപ്പായത്തിന് പുറമെ ഒരു മേല്‍മുണ്ട് ചുമലില്‍ചുറ്റി മാറ് മറച്ചു നടക്കാന്‍ തുടങ്ങി. ഇതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. ധര്‍മ്മഭ്രംശത്തിനെതിരെ തോവാള, അഗസ്തീശ്വരം, ഇരണീയല്‍, കല്‍ക്കുളം എന്നിവിടങ്ങളിലെല്ലാം പ്രക്ഷോഭം നടന്നു. അവര്‍ണ്ണര്‍ സഹിച്ച അനവധി പീഡനങ്ങള്‍ക്കൊടുവിലാണ് വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കപ്പെട്ടത്.
തെക്കന്‍കേരളത്തില്‍, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉദ്ബുദ്ധരായിത്തീര്‍ന്ന ചാന്നാര്‍ സ്ത്രീകള്‍ 'മാറു' മറയുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതാണു ലഹളയ്ക്കു കാരണം. 1822-ല്‍ കക്കുളത്താണ് ആദ്യലഹളയുണ്ടായത്. വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ സ്ത്രീകളെ യാഥാസ്ഥിതികര്‍ പരസ്യമായി അവഹേളിച്ചു. അവരുടെ വസ്ത്രം വലിച്ചുകീറി, മര്‍ദിച്ചവശരാക്കി. ഇതിനെതിരേ മിഷണറിമാര്‍ കോടതിയില്‍ പോയി. വിധി ചാന്നാന്മാര്‍ക്കനുകൂലമായിരുന്നു. പക്ഷേ, അതൊന്നും അത്ര എളുപ്പത്തില്‍ പ്രായോഗികമാക്കാന്‍ പ്രമാണിമാര്‍ സമ്മതിച്ചില്ല. വീണ്ടും വീണ്ടും ലഹളകളുണ്ടായി. മിഷണറിമാരെ വധിക്കാനും ശ്രമങ്ങളുണ്ടായി. നിരവധി ചാന്നാര്‍ യുവാക്കള്‍ വധിക്കപ്പെട്ടു. രാജഭരണത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ സഹായം മിഷണറിമാര്‍ക്കുണ്ടായിരുന്നതു ചാന്നാര്‍ സമൂഹത്തിന് ആശ്വാസമായി. ഈ പ്രക്ഷോഭങ്ങള്‍ അധികാരികളുടെ കണ്ണുതുറപ്പിച്ചു. 1829 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്കു കുപ്പായം ധരിക്കാന്‍ അനുവാദം നല്‍കുന്ന വിളംബരമുണ്ടായി.
തരിസാപ്പള്ളി ചെപ്പേടില്‍, ക്രൈസ്തവര്‍ക്ക് അനുവദിച്ച പദവികളില്‍ 'മാറ്' മറയ്ക്കാനുള്ള അവകാശം ഇവിടെ പ്രസക്തമാണ്! പോര്‍ട്ടുഗീസ് മിഷനറിമാരുടെ കാലത്ത് സ്ത്രീകളെ 'മുലക്കച്ച' ധരിക്കാന്‍ നിര്‍ബന്ധിച്ചിട്ടും സവര്‍ണ്ണര്‍ ബലമായി അഴിപ്പിക്കുമായിരുന്നു എന്നാണ് ചരിത്രം! ഈ നിയമം ലംഘിച്ച സ്ത്രീകളുടെ 'മുല' മുറിച്ചുകളഞ്ഞ സംഭവവും സാസ്കാരിക കേരളത്തിന്റെ ചരിത്രതില്‍ എഴുതപ്പെട്ടിട്ടുണ്ട്! ഈ സമ്പ്രദായം അവസാനിച്ചിട്ട് ഒന്നര നൂറ്റാണ്ടുപോലും കഴിഞ്ഞിട്ടില്ല.
'മീശ' വയ്ക്കാനും നികുതി!
സര്‍ക്കാരിന്റെ പ്രത്യേകമായ അനുവാദമില്ലാതെ ഈഴവര്‍, ചാന്നാര്‍, മുക്കുവര്‍ തുടങ്ങിയവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചാല്‍ അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന നിയമമുണ്ടായിരുന്നു. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി 1813-ല്‍ ലക്ഷ്മി പാര്‍വതീഭായി തമ്പുരാട്ടി ഈ നിയമം റദ്ദാക്കിയെങ്കിലും മാടമ്പികളുടെ തേര്‍വാഴ്ചകളുടെ പിന്തുണയോടെ അവര്‍ണ്ണര്‍ക്ക് സ്വര്‍ണ്ണാഭരണം നിഷിദ്ധംപോലെ തന്നെയായിരുന്നു. പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിക്കുക, തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവെക്കുക മുതലായവയ്ക്ക്പോലും രാജാവിനോ നാടുവാഴിക്കോ പതിവ് നിരക്കനുസരിച്ച് അടിയറവെച്ച് അനുവാദം വങ്ങേണ്ടതുണ്ടായിരുന്നു. മീശയ്ക്ക് നികുതി ഏര്‍പ്പെടുത്തിയ മറ്റൊരു നാടും ഈ ഭൂമുഖത്ത് ഉണ്ടായിരുന്നിരിക്കാന്‍ തരമില്ല!
തീണ്ടല്‍പ്പാട് കടന്നു ഒരു നായരെ സമീപിക്കാന്‍ ഇടവരുന്ന അവര്‍ണ്ണനെ തല്‍ക്ഷണം വെട്ടിവീഴ്ത്തുകയായിരുന്നു പതിവ്. അവര്‍ണ്ണനെ കണ്ടാലുടന്‍ തിരിച്ചറിയുന്നതിന് അവര്‍ ശരീരം അരക്കുമേല്‍ വസ്ത്രം ധരിക്കരുതെന്നായിരുന്നു ചട്ടം. പാദരക്ഷ, കുട, നല്ലവസ്ത്രം, വിലപ്പെട്ട ആഭരണങ്ങള്‍ ഇവയെല്ലാം അവര്‍ണ്ണന് നിഷിദ്ധമായിരുന്നു. കോരിച്ചൊരിയുന്ന മഴയത്തുപോലും അവര്‍ണ്ണന് കുടപിടിക്കന്‍ പാടില്ലായിരുന്നു. സവര്‍ണ്ണസ്ത്രീകളെപ്പോലെ വസ്ത്രധാരണം നടത്താനുള്ള അവകാശം ലഭിക്കുന്നതിനായ് ചാന്നാര്‍ സ്ത്രീകള്‍ തെക്കന്‍ തിരുവതാകൂറില്‍ ഘോരമായ സമരങ്ങളാണ് സംഘടിപ്പിച്ചത്.അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമാണ് ഈ സമരത്തെ നയിച്ചിരുന്നത്.
മുട്ടുമറച്ച് മുണ്ടുടുക്കുക, മുടിക്രോപ്പ് ചെയ്യുക, കല്ലും മാലയും (സ്ത്രീകള്‍) ബഹിഷ്കരിക്കുക, പൊതുവഴിയിലൂടെ നടക്കുക. എന്നിവയായിരുന്നു പ്രസ്തുത ഘോര സമരങ്ങള്‍. നിരവധി സംഘട്ടനങ്ങള്‍ത്തന്നെ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മില്‍ ഇതിന്റെപേരില്‍ അരങ്ങേറി. അറുനൂറോളം പുലയക്കുടിലുകള്‍ തീവയ്ക്കപ്പെട്ടു.
ഇതുപോലെ നൂറുകണക്കിന്, ദുരാചാരങ്ങളാല്‍, ദുഷിച്ച സംസ്കാരങ്ങളില്‍നിന്ന് വിടുതല്‍ നേടിയിട്ട് ഒന്നര നൂറ്റാണ്ടു മാത്രമെ ആയിട്ടുള്ളു. ഈ മാറ്റത്തിനുവേണ്ടി നേരിട്ടും അല്ലാതെയും ക്രൈസ്തവരും ക്രിസ്ത്യന്‍ മിഷ്ണറിമാരും വഹിച്ച പങ്ക് വളരെ ഏറെയാണ്. കേരളത്തിന്റെ തനതായ സംസ്കാരം എന്നുപറയുമ്പോള്‍ ഇതൊന്നും മറക്കരുത്! എന്നാല്‍, പുത്തന്‍ സാമൂഹിക പരിഷ്കര്‍ത്താക്കളും കപട ചരിത്രകാരന്മാരും സൗകര്യപൂര്‍വ്വം വിസ്മരിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്നു. നിരവധി ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളില്‍ ചിലതെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
കേരള ക്രൈസ്തവസഭകളും നവോത്ഥാന നായകരും!
ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്യമായ സംസ്കാരം കേരളത്തില്‍ രൂപംനല്‍കാന്‍ ക്രൈസ്തവരോളം ത്യാഗം സഹിച്ച മറ്റൊരു സമൂഹവും ഇല്ല. വിദ്യാഭ്യാസം ആതുരസേവനം, എന്നിവയോടൊപ്പം ജീവിത നിലവാരം ഉയര്‍ത്തുവാനും സമത്വം സ്ഥാപിക്കാനും സാമ്പത്തീക ഉന്നമനത്തിനും സഭകള്‍ വലിയ സംഭാവനയാണ് ചെയ്തത്. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു.
ചാവറയച്ചന്‍!
1864-ല്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ മാന്നാനത്ത് ഒരു മലയാളം സ്കൂള്‍ സ്ഥാപിച്ചു. അവിടെ വിദ്യാഭ്യാസം സൗജന്യമായിരുന്നു. ഉയര്‍ന്ന വിഭാഗക്കാര്‍ സ്കൂളുകളില്‍ സ്വയം വന്നു ചേര്‍ന്നു. പക്ഷേ ദളിത് വിഭാഗം സംശയിച്ചും ഭയപ്പെട്ടും ഒളിഞ്ഞുനിന്നു. ചാവറയച്ചന്‍ അവരെ വീടുകളില്‍ ചെന്നു കൂട്ടിക്കൊണ്ടുപോന്നു. വസ്ത്രം നല്‍കിയും ഭക്ഷണം നല്‍കിയും അവര്‍ക്കു പഠിക്കാന്‍ സൗകര്യം ഒരുക്കി. സ്വയം കണ്ടെത്തിയ വിഭവങ്ങളും സാമ്പത്തികശേഷിയുള്ള വീടുകളില്‍നിന്നു ശേഖരിച്ച വിഭവങ്ങളും അദ്ദേഹം ഇതിനുവേണ്ടി വിനിയോഗിച്ചു. ഇതിലേക്കു ചാവറയച്ചന്‍ കണ്ടെത്തിയ പിടിയരിപിരിവാണു പില്‍ക്കാലത്ത് സാമുദായിക സാമൂഹിക സേവനരംഗങ്ങളിലെല്ലാം ജനപങ്കാളിത്തം ഉറപ്പാക്കിയ പിരിവുകളുടെ തുടക്കം.
ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കു സ്കൂളില്‍ ഭക്ഷണവും വസ്ത്രവും നല്‍കുന്ന ക്ഷേമയജ്ഞത്തിനു തുടക്കം കുറിച്ചതും ആ മഹാത്മാവുതന്നെ. ഇതിനെത്തുടര്‍ന്നാണ് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ രജതരേഖകളിലൊന്നായ അദ്ദേഹത്തിന്റെ സര്‍ക്കുലര്‍ പുറപ്പെടുന്നത്. എല്ലാ കത്തോലിക്കാ ദൈവാലയങ്ങളോടും ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണം എന്നു സുറിയാനി കത്തോലിക്കരുടെ 'വികാരി ജനറാള്‍' എന്ന നിലയില്‍ നല്‍കിയ കല്‍പ്പന.
കേരളത്തിന്റെ വികസനചരിത്രത്തിലെ സുപ്രധാനമായ ഈ നവീകരണയത്നങ്ങളുടെ ഗുണഭോക്താക്കള്‍ ക്രൈസ്തവര്‍ മാത്രമായിരുന്നില്ല. ജാതിമതഭേദമില്ലാതെ വര്‍ണ്ണവ്യത്യാസമില്ലാതെ അത് എല്ലാ വിഭാഗം ജനങ്ങളെയും ഉദ്ബുദ്ധരാക്കി. ശ്രീനാരായണ ഗുരുവിന്റെയും മന്നത്തു പദ്മനാഭന്റെയും സമുദായ പരിഷ്കരണ സംരംഭങ്ങള്‍ ഈ ഉദ്ബുദ്ധതയെ കൂടുതല്‍ വ്യാപകമാക്കി. അവര്‍ നടന്നുകയറിയതും മിഷണറിമാര്‍ തെളിച്ചിട്ട പാതയിലൂടെ തന്നെയായിരുന്നല്ലോ.
മാണിക്കത്തനാര്‍!
നിധീരിക്കല്‍ മാണിക്കത്തനാര്‍- അറിവിന്റെ നിധിപേറുന്ന ആള്‍രൂപമായിരുന്നു. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍. 2004 ജൂണ്‍ 20 ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ചരമ ശതാബ്ദിയായിരുന്നു.
'നസ്രാണി ദീപിക' എന്ന പത്രത്തിന്റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികന്‍ എന്ന നിലയില്‍ മാത്രമല്ല നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ. കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം. വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍. അദ്ദേഹത്തിന്റെ ജീവിതം വൈദികവൃത്തിയുടെ ളോഹകളില്‍ ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി.
ഭാഷാപണ്ഡിതനായിരുന്ന മാണിക്കത്തനാര്‍ മലയാളവും ഇംഗ്ലീഷും കൂടാതെ സുറിയാനി, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇറ്റാലിയന്‍ തുടങ്ങി പതിനഞ്ചിലേറെ ഭാഷകള്‍ അറിയാമായിരുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്.
തെക്കേഇന്ത്യയില്‍ മാണിക്കത്തനാരെപോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണം.
കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലേയും മുന്നണിപ്പോരാളി, കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലി, ആത്മീയാചാര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസവിചക്ഷണന്‍, പുനരൈക്യപ്രസ്ഥാനത്തിന്റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ പലതരത്തിലും മാണിക്കത്തനാരെ വിശേഷിപ്പിക്കാം.
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഏറ്റവും ആദ്യത്തെ ആസൂത്രിത രാഷ്ട്രീയ പ്രക്ഷോഭമായി കരുതുന്ന മലയാളി മെമ്മോറിയല്‍ സമരങ്ങളുടെ മുന്‍നിരയില്‍ കത്തനാരുണ്ടായിരുന്നു.തിരുവിതാംകൂറിലെ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങളിലെന്നും മാണിക്കത്തനാരുടെതായിരുന്നു.
ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്!
സുവിശേഷ പ്രവര്‍ത്തനത്തിനായി 1815-ല്‍ സ്ഥാപിതമായ സംഘടനയാണ് ബാസല്‍മിഷന്‍. സ്വിറ്റ്‌സര്‍ലണ്ടിലെ ബാസല്‍ എന്ന സ്ഥലത്തായിരുന്നു മിഷന്റെ ആസ്ഥാനം. വൈദികപഠനം പൂര്‍ത്തിയാക്കിയ ഹെര്‍മ്മന്‍ തത്വശാസ്‌ത്രത്തിലും ഭാഷാശാസ്‌ത്രത്തിലും ഡോക്‌ടറേറ്റ് നേടി. ഇന്ത്യയിലുടനീളം യാത്ര ചെയ്യുക എന്നത് ഹെര്‍മ്മന്റെ വലിയ ഒരു ആഗ്രഹമായിരുന്നു. ബാസല്‍ മിഷനുമായുള്ള പ്രവര്‍ത്തനം ഇന്ത്യയെപ്പറ്റിയുള്ള കൂടുതല്‍ അറിവ് അദ്ദേഹത്തിന് കൊടുത്തിരിക്കാം.
1836-ല്‍ ഏപ്രില്‍ 1-ന് ആയിരുന്നു ഇന്ത്യയിലേക്കുള്ള ഹെര്‍മ്മന്റെ കന്നിയാത്ര. 'പെര്‍ഫെക്‌ടര്‍' എന്ന കപ്പലിലെ ആ യാത്രയില്‍ തന്നെ ബംഗാളി, തെലുങ്ക് ഭാഷകള്‍ കുറെയൊക്കെ ഹെര്‍മ്മന്‍ വശത്താക്കി. ഒരു വര്‍ഷം മദിരാശിയില്‍ താമസിച്ച് മിഷനറി പ്രവര്‍ത്തനം നടത്തി. ഈ സമയത്ത് തമിഴും തെലുങ്കും പഠിച്ചു. 1838 ജൂലൈ 23-ന് ജൂലിയ ഡിബോവാ എന്ന ഫ്രഞ്ചു യുവതിയെ വിവാഹം ചെയ്‌തു. തിരുനല്‍വേലിയില്‍ 'ലണ്ടന്‍മിഷന്‍' സഭയിലാണ് ഹെര്‍മന്‍ ജോലി ചെയ്തിരുന്നത്.
1838 ഒക്‌ടോബര്‍ 6ന് അദ്ദേഹം ആദ്യമായി കേരളത്തിലെത്തി. തലശ്ശേരിയില്‍ ഇല്ലിക്കുന്ന് എന്ന സ്ഥലത്ത് ബാസല്‍ മിഷനുണ്ടയിരുന്ന ബംഗ്ലാവില്‍ താമസം ആരംഭിച്ചു. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂരില്‍ താമസിച്ചിരുന്ന ഊരഞ്ചേരി ഗുരുനാഥന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലായാളം പഠിപ്പിക്കാന്‍ തേടിയെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി താമസിപ്പിച്ചായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്. അതിനുശേഷം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. കേരളത്തിലെ നാടന്‍ പള്ളിക്കൂടങ്ങളില്‍ കണക്കും മലയാളവും മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷും ചരിത്രവും ഭൂമിശാസ്‌ത്രവുമൊക്കെകൂടി കുട്ടികളെ പഠിപ്പിക്കണമെന്ന് ഹെര്‍മ്മന്‍ തീരുമാനിച്ചു. അങ്ങനെ സ്‌കൂളുകള്‍ ആരംഭിച്ചു.
ആയിടയ്‌ക്കാണ് ഹെര്‍മ്മന്‍ കോട്ടയം സന്ദര്‍ശിച്ചത്. ആ യാത്രയില്‍ ബെഞ്ചമിന്‍ ബെയ്‌ലിയെ പരിചയപ്പെടുവാനും മലയാള ഭാഷയുമായി കൂടുതല്‍ അറിയുവാനും ബെയ്‌ലിയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും അവസരം ലഭിച്ചു. കോട്ടയത്തുനിന്നും ഇല്ലിക്കുന്നില്‍ മടങ്ങിയെത്തിയ ഹെര്‍മ്മന്‍ ചരിത്രം, ഭൂമിശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ പാഠപുസ്‌തകങ്ങള്‍ എഴുതിയുണ്ടാക്കി. അവ അച്ചടിക്കുന്നതിന് ഒരു കല്ലച്ചുകുടവും ഉണ്ടാക്കി. ആ കല്ലച്ചുകുടത്തില്‍ നിന്നാണ് 1847ല്‍ മലയാളത്തിന്‍റെ ആദ്യ വാര്‍ത്ത പത്രികയായ 'രാജ്യസമാചാരം' പിറവിയെടുത്തത്. പിന്നീട് പശ്ചിമോദയം എന്ന മാസികയും ആരംഭിച്ചു. പിന്നീട് 1854-ല്‍ പുതിയ നിയമത്തിന്റെയും 1859ല്‍ പഴയനിയമത്തിന്റെയും വിവര്‍ത്തനം പൂര്‍ത്തീകരിച്ച് പ്രസിദ്ധപ്പെടുത്തി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ പരിപോക്ഷിപ്പിക്കുന്നതോടൊപ്പം അനാഥരേയും ദരിദ്രരേയും സംരക്ഷിക്കുന്ന കാര്യത്തിലും ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ശ്രദ്ധിച്ചു. വിദ്യാലയത്തോടൊപ്പം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനാഥാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു.
പാഠമാല, കേരളപ്പഴമ, പഴഞ്ചന്‍മാല, മലയാള ഭാഷവ്യാകരണം, മലയാള രാജ്യം, മലയാള-ഇംഗ്ലീഷ് നിഘണ്ടു എന്നിവ കൂടാതെ ഇരുപതോളം കൃതികള്‍ അദ്ദേഹം രചിച്ചു. 1859 മെയ് 24-ന് ഹെര്‍മ്മന്‍ തിരികെ ബാസല്‍ നഗരത്തിലെത്തിച്ചേര്‍ന്നു. ജര്‍മ്മനിയില്‍ മതപരമായ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിന് പണ്‌ഡിതന്‍മാരെ സഹായിക്കുകയും പിന്നീട് ആ പ്രവര്‍ത്തനത്തിന്റെ അദ്ധ്യക്ഷനാകുകയും ചെയ്‌തു.
1885 സെപ്‌റ്റംബര്‍ 18-ന് തന്റെ പ്രിയ പത്‌നി ജൂലിയ ലോകത്തോട് വിട പറഞ്ഞു. ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ മരിക്കണമെന്നായിരുന്നു ഗുണ്‍ടര്‍ട്ടിന്റെ ആഗ്രഹം. 1893 ഏപ്രില്‍ 25-ന് 80 വര്‍ഷത്തെ ലോകജീവിതത്തിനൊടുവില്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് വിടവാങ്ങി. മലയാളഭാഷ ഉള്ളിടത്തോളം ഈ ക്രിസ്ത്യന്‍ മിഷ്ണറിയേയും ഓര്‍ക്കും. എന്നാല്‍, നന്ദികെട്ട മലയാളികള്‍ക്ക് മലയാള ഭാഷയുടെ പിതാവായി എഴുത്തച്ചനെ ഉയര്‍ത്തിക്കാട്ടാനാണ് താത്പര്യം! മലയാളത്തില്‍ ഇന്നുപയോഗിക്കുന്ന വാക്കുകളില്‍ ഏറെയും പോര്‍ട്ടുഗീസ് ഭാഷയില്‍നിന്ന് എടുത്തിട്ടുള്ളതാണെന്ന് ഉപയോഗിക്കുന്നവര്‍ അറിയുന്നില്ല. നരേന്ദ്രമോഡി കേരളത്തില്‍വന്ന്‍ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ തലതൊട്ടപ്പനായി ശ്രീനാരായണ ഗുരുവിനെ പ്രഖ്യാപിച്ചപ്പോള്‍ ശിവഗിരിയിലെ സന്യാസിശുംഭന്മാര്‍ ആര്‍പ്പുവിളിച്ചതും നാം കണ്ടു!
മദര്‍ തെരേസയെപോലെ അനേകം ക്രൈസ്തവര്‍ പ്രതിഫലം ആഗ്രഹിക്കാതെ ഈനാടിന്റെ ഉന്നമനത്തിനായി ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടാണിരിക്കുന്നത്. ചിലരെ മാത്രം പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു എന്നുമാത്രം! അനേകം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇവരെല്ലാം സേവനം ചെയ്തത്. കേരളത്തിലെ എല്ലാ നവീകരണ മുന്നേറ്റത്തിനും, പിന്തുണയേക്കാള്‍ അധികമായി എതിര്‍പ്പുകളേയും നേരിടേണ്ടി വന്നു എന്നതാണ് വസ്തുത!
നവീകരണത്തെ എതിര്‍ത്ത ശക്തികള്‍!
ചൂഷിതവിഭാഗത്തെ അടിച്ചമര്‍ത്തി വാണിരുന്ന സവര്‍ണ്ണര്‍, ക്രൈസ്തവ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ത്തു. ഈ എതിര്‍പ്പിനു പല കാരണങ്ങളുണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍ പെട്ടവരെ തങ്ങളോടൊപ്പം തുല്യരായി കാണാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അവര്‍ണ്ണ സമൂഹത്തിന്റെ അജ്ഞത ചൂഷണം ചെയ്തു കഴിഞ്ഞിരുന്നവരായിരുന്നു സവര്‍ണ്ണര്‍! അറിവു ലഭിക്കുന്നതിലൂടെ അവര്‍ സ്വതന്ത്രരാകുമെന്ന ഭയം ഉന്നത വിഭാഗത്തിനുണ്ടായിരുന്നു. മാത്രവുമല്ല, അടിയാന്മാരുടെ മക്കളോടൊപ്പം തങ്ങളുടെ മക്കളെ പള്ളിക്കൂടത്തില്‍ അയക്കാന്‍ സവര്‍ണ്ണര്‍ തയ്യാറായിരുന്നില്ല. ഇതിനെല്ലാമപ്പുറം, ഇവര്‍ ആചരിച്ചുപോന്ന അന്ധവിശ്വാസങ്ങളുടെ സ്വാധീനം വളരെ വലുതായിരുന്നു.
ജാതിവ്യവസ്ഥ കടന്നുവന്നപ്പോള്‍, അതിന്റെ ഭാഗമായിത്തീര്‍ന്ന ക്രൈസ്തവരുടെ ദുരാചാരങ്ങളും ആദ്യകാലങ്ങളിലെ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. താഴ്ന്ന ജാതിയില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരെ ഇത്തരക്കാര്‍ അകറ്റിനിര്‍ത്തി. വിവാഹം പോലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുകയോ, പള്ളിയുടെ ഭരണകാര്യങ്ങളില്‍ പങ്കാളിത്തം കൊടുക്കാനോ 'സവര്‍ണ്ണക്രൈസ്തവര്‍' തയ്യാറായില്ല. മിഷ്ണറിമാരുടെ സമത്വ ഭാവനയോട് പൂര്‍ണ്ണമായും സഹകരിക്കാന്‍ അവര്‍ കൂട്ടാക്കാതിരുന്നത്, മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു രാജ്യങ്ങളിലേതുപോലെ ക്രിസ്തീയത വളരുന്നതിലും തടസമായി.
സവര്‍ണ്ണ ഹൈന്ദവ മനോഭാവം ക്രൈസ്തവരില്‍ ഉണ്ടായിരുന്നുവെന്നത് വേദനാകരമായ ഒരു വസ്തുതയാണ്. ഒരേ മാമോദീസ സ്വീകരിച്ചവരെ 'പുതുക്രിസ്ത്യാനി' എന്നു വേര്‍തിരിച്ചു നിര്‍ത്തിയതിനാല്‍, ഹിന്ദുക്കളില്‍നിന്ന് വിഭിന്നമായി ക്രിസ്തീയതയെ കാണാന്‍ കീഴ്ജാതിക്കാര്‍ക്കു സാധിച്ചില്ല.
പോര്‍ട്ടുഗീസ് മിഷ്ണറിമാരുടെ നവീകരണ മുന്നേറ്റങ്ങളിലാണ്, കുറേയെങ്കിലും മാറ്റം ക്രൈസ്തവരിലുണ്ടായത്. എങ്കിലും പാരമ്പര്യവാദികള്‍ അല്‍പ്പം അകലം പാലിച്ചു. ഒരളവുവരെ 'കൂനന്‍കുരിശു സത്യം' പോലും ഇതിന്‍റെ സ്വാധീനമായിരുന്നു!
ടിപ്പു സുല്‍ത്താന്‍!
ടിപ്പു സുല്‍ത്താനു ക്രിസ്ത്യന്‍ മിഷ്ണറിമാരോടുള്ള വിരോധത്തിനു കാരണമുണ്ട്. ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താനുതകുന്ന മഹത്വം ഇസ്ലാം മതത്തിന് ഇല്ലായിരുന്നു എന്നതിനാല്‍, ടിപ്പുവിന്റെ ദൗത്യം ഇവരുടെമേല്‍ വിജയിച്ചില്ല. മാത്രവുമല്ല മലബാറിന്, അപ്പുറത്തേക്ക് പട നയിക്കാന്‍ കൊച്ചിയിലെ പോര്‍ട്ടുഗീസ് സ്വാധീനം ടിപ്പുവിനു തടസമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ അറബികളുടെ കച്ചവടം അസ്തമിച്ചുപോയത് ടിപ്പുവിനെ ചൊടിപ്പിച്ചു. അറബികള്‍ മുഖേന തുര്‍ക്കിയുടെ സഹായം ടിപ്പുവിനു ലഭിച്ചിരുന്നു. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ പോലെയാകുമായിരുന്നു എന്നതാണ്, സത്യം!
ഇന്ത്യയുടെ വടക്കുഭാഗം മുഗളന്മാരും, തെക്കുഭാഗം ടിപ്പുവും ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാം രാജ്യമാക്കാനുള്ള നീക്കം ബ്രിട്ടനും പോര്‍ട്ടുഗീസുമാണ് തടയിട്ടത്. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമെല്ലാം.
ക്രൈസ്തവര്‍ ബലമായി മതം മാറ്റിയിരുന്നെങ്കില്‍ 121 കോടിയും ക്രൈസ്തവരാകുമായിരുന്നു. കാരണം, ബ്രിട്ടനും പോര്‍ട്ടുഗീസും ഇന്ത്യയില്‍ സര്‍വ്വാധികാരികളായിരുന്നു എന്നതു വിസ്മരിക്കരുത്.
ചരിത്രത്തെ വെല്ലുവിളിക്കുന്ന 'ചരിത്ര' സിനിമകള്‍!
എന്നാല്‍, സത്യത്തെ മുഴുവന്‍ വിസ്മരിച്ചുകൊണ്ട് എല്ലാ രംഗത്തും ക്രൈസ്തവരെ എതിര്‍ക്കുന്ന കാഴ്ച വളരെ ഖേദകരമാണ്. ക്രൈസ്തവരെയും ക്രൈസ്തവ മിഷ്ണറിമാരെയും അവഹേളിക്കുവാനായി ചരിത്രത്തെ വളച്ചൊടിച്ച് സിനിമകളും നാടകങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഒരു അജണ്ടയുടെ ഭാഗമാണ്!
രോമകൂപങ്ങളില്‍പോലും വര്‍ഗ്ഗീയവിഷം ചീറ്റുന്ന ചില സംവീധായകര്‍ ക്രിസ്തീയതക്കെതിരെ സിനിമകള്‍ ഇറക്കുമ്പോള്‍ പണം മുടക്കുന്നവരില്‍ പലരും ക്രൈസ്തവരാണെന്നത് ദയനീയമായ അവസ്ഥതന്നെ!
പോര്‍ട്ടുഗീസുകാരെയും, പ്രത്യേകിച്ച് വാസ്കോഡിഗാമയേയും കൊള്ളക്കാരായി അവതരിപ്പിച്ചുകൊണ്ട് സന്തോഷ് ശിവന്‍ 'ഉറുമി' വീശുമ്പോള്‍ നൂറുകൊല്ലം പുറകോട്ടൊന്നു നോക്കുക. സന്തോഷ് ശിവന്റെ മുതുമുത്തശ്ശി മാറു മറച്ചതു പോര്‍ട്ടുഗീസുകാരുടെ ഔദാര്യവും സംസ്കാരവും കൊണ്ടാണ്! ചരിത്രകാരന്മാര്‍ക്ക് അതെഴുതുവാനും പ്രചരിപ്പിക്കുവാനുമുള്ള സാഹചര്യവും സാങ്കേതികത്വവും ഒരുക്കിയതും അവര്‍തന്നെ!
എല്ലാ മേഖലകളിലും ഒരു ക്രൈസ്തവവിരുദ്ധ അജണ്ട ദൃശ്യമാകുന്നത് പുതിയ കാര്യമല്ല! ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഈ വിശ്വാസം എതിര്‍പ്പുകളെ നേരിട്ടിട്ടുണ്ട്. എന്നാല്‍, ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ക്ക് സാഹചര്യമൊരുക്കാന്‍ ക്രൈസ്തവസഭകള്‍ തുനിയരുത്! പാരമ്പര്യത്തിന്റെ പേരില്‍ ഐതീഹ്യങ്ങളെ ആശ്രയിച്ചതും നുണക്കഥകള്‍ ചമച്ചതും കേരളത്തിലെ ക്രൈസ്തവര്‍ക്കുതന്നെ ഭീഷണിയായി ഇന്നു മാറി!
തുടരും..
ഈ ലേഖനത്തിന്‍റെ രണ്ടാംഭാഗം: 'പട്ടരില്‍ പൊട്ടനില്ലെങ്കില്‍ അതിനു കാരണവുമുണ്ട്!'
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-