എഡിറ്റോറിയല്‍

അയ്യര്‍ ദി ഗ്രേയ്റ്റില്‍ നിന്നൊരു 'ഹിഡന്‍' അജണ്ട!

Print By
about

ജീവിതത്തിന്റെ സായാഹ്നമായപ്പോള്‍ അയ്യര്‍ക്കൊരു മോഹം! തന്നെ മന്ത്രിക്കസേരയില്‍ ഇരുത്തിയ കമ്മ്യൂണിസ്റ്റുകാര്‍ ഇന്നു ഭരണം നടത്തുന്ന ഏകരാജ്യമായ ചൈനയുടെ നയം കേരളത്തില്‍ പ്രതിഷ്ഠിക്കുകയും, അതോടൊപ്പം മന്ത്രിക്കസേരയില്‍നിന്നു കമ്മ്യൂണിസ്റ്റുകാരെ തെറിപ്പിച്ചു കളഞ്ഞ 'വിമോചന സമരക്കാരെ' (ക്രൈസ്തവരെ) ഒരു പാഠം പഠിപ്പിക്കുകയും ചെയ്തുകളയാം! 'ഒരു വെടിക്ക് രണ്ടു പക്ഷി!' അതിനുവേണ്ടി അയ്യരു വച്ച 'നനഞ്ഞ' വെടിയായിരുന്നു 'വിമന്‍സ് കോഡ് ബില്ല്'!

മാവോ സേതുംഗ്, ജോസഫ് സ്റ്റാലിന്‍, തുടങ്ങിയവരുടെ പരമ്പരയിലെ അവസാന കണ്ണിയായി അവസാനിക്കാനുള്ള മോഹമാണ് കൃഷ്ണയ്യര്‍ക്കുള്ളതെങ്കില്‍, ഇതു ചൈനയല്ല സഖാവേ! 'കിരാത' വാഴ്ചയിലൂടെ കുപ്രസിദ്ധി നേടിയ സര്‍. സി.പി രാമസ്വാമി അയ്യര്‍ക്കുശേഷം അഭിനവ സി.പി ആകാനാണ് ഈ അയ്യരുടെ ശ്രമം! ഇപ്പോഴും സുപ്രീകോടതി ജഡ്ജിയാണെന്നാണ് അയ്യര്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ ഓര്‍ക്കുക; പണ്ടെന്നോ ആനയുണ്ടായിരുന്നു എന്നു കരുതി 'ചന്തിയില്‍' തഴമ്പ് തപ്പേണ്ട. ഇതു ജനാധിപത്യ രാജ്യമാണ്; പാര്‍ലമെന്റിലാണു നിയമം നിര്‍മ്മിക്കുന്നത്; കോടതിയിലല്ല! താങ്കളോ താങ്കളുടെ തലമുറയിലെ ആരെങ്കിലുമോ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാളിലൊരിക്കലും കേരളത്തില്‍ ഈ നിയമം നടപ്പാകില്ല! അണയാന്‍ പോകുന്ന തിരിയുടെ ആളിക്കത്തലാണിത്.

ഈ ബില്ലിലെ ശുപാര്‍ശ പ്രകാരം, രണ്ടു കുട്ടികളിലധികം ജനിപ്പിക്കുന്നവരെയും ജനിപ്പിക്കണമെന്നു ബോധപൂര്‍വ്വം പ്രചരണം നടത്തുന്നവരെയും ശിക്ഷിക്കുവാന്‍ നിയമമുണ്ടാക്കുകയാണ് ലക്‌ഷ്യം! ഇത്തരക്കാര്‍ക്ക് പതിനായിരം രൂപാ പിഴയോ മൂന്നുമാസം തടവോ നല്‍കാവുന്നതാണ് നിയമം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണമെന്ന് ഏറ്റവും അധികം വാദിക്കുന്നത് കത്തോലിക്കാസഭയും ഇതര ക്രൈസ്തവ സഭകളുമാണ്. ഈ നിയമത്തിലൂടെ കൃഷ്ണയ്യര്‍ ആരെയാണു ലക്ഷ്യമിടുന്നതെന്ന് വളരെ വ്യക്തം! മനുഷ്യാവകാശങ്ങളെ ഏറ്റവുമധികം ഹനിക്കുന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ മൃഗീയ ഭരണത്തിന് ‘കുപ്രസിദ്ധി’ നേടിയ ചൈനയെ അനുകരിക്കാനുള്ള ‘സഖാവ്’ കൃഷ്ണയ്യരുടെ മോഹം സ്വാഭാവികം! ഇതിലൂടെ വൈദീകരെയും ക്രൈസ്തവരെയും മൊത്തമായി തുറങ്കിലടച്ചിട്ട് സമാധാനമായി അന്ത്യശ്വാസം വലിക്കാമെന്നു സഖാവു കരുതി!

എത്ര സന്താനങ്ങളെ ജനിപ്പിക്കണമെന്നതു വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത്തരം സ്വാതന്ത്ര്യങ്ങളുടെമേല്‍ കടന്നു കയറുകയെന്നത് കമ്മ്യൂണിസത്തിന്റെ തനതു ശൈലിയാണെന്നു നമുക്കറിയാം! രാജീവ് ഗാന്ധിയെ കൊന്ന കൊലയാളികള്‍ക്കുവേണ്ടി നെഞ്ചുപൊട്ടുന്ന സഖാവ് കൃഷ്ണയ്യരുടെത് മുതലക്കണ്ണീരാണെന്നു തിരിച്ചറിയാന്‍ ബില്ലിലെ ഒരു ശുപാര്‍ശ മാത്രം നോക്കിയാല്‍ മതി. ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ അരുംകൊല നടത്തുന്നതിന് ഉദാര സൗകര്യമൊരുക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ ഇയാളുടെ രക്തദാഹം മറനീക്കി പുറത്തുവരുന്നു. മൂന്നാമത്തെ കുഞ്ഞ് ഉദരത്തില്‍ ഉരുവായിപ്പോയാല്‍ ഭീഷണിപ്പെടുത്തി അതിനെ വധിക്കാന്‍ നാടൊട്ടുക്കും ഉന്നതമായ സൗകര്യം ഒരുക്കണമല്ലോ? താനോ നീതിബോധമുള്ള ന്യായാധിപന്‍? നാടിനെ ചാരമാക്കാന്‍ കടലുകടന്നുവന്ന് വര്‍ഗ്ഗീയ വിഷം തുപ്പിയ കാപാലികരായ ‘അജ്മല്‍ കസബിനും’ മറ്റു ഭീകരര്‍ക്കും പിന്തുണയുമായി ഇറങ്ങിയവന്റെ ജീവനോടുള്ള സ്നേഹം’ ഗര്‍ഭപാത്രത്തെ കൊലക്കളമാക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ തിരിച്ചറിയുന്നു!

കോടിക്കണക്കിനു ജനങ്ങളുടെ നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളികളെ തൂക്കു കയറില്‍നിന്നു രക്ഷപെടുത്തിയാല്‍ രാഷ്ട്രീയമായി താങ്കള്‍ക്കൊരു പ്രതികാരം ചെയ്യാം! നിങ്ങളുടെ പക്ഷം കൂടാന്‍ കുറച്ചു തമിഴ്പുലികളും കണ്ടേക്കാം! എന്നാല്‍ ആരും വാദിക്കാനില്ലാതെ നീതിനിഷേധിക്കപ്പെട്ട് ഉറക്കെ കരയാന്‍പോലും കഴിയാതെ രക്തസാക്ഷികളാകുന്ന കുഞ്ഞുങ്ങള്‍ താങ്കള്‍ക്കുവേണ്ടി കൈയ്യടിക്കാന്‍ ഉണ്ടാകില്ലല്ലോ! എന്നാല്‍ ഓര്‍ക്കുക അയ്യരേ, ഈ കുഞ്ഞുങ്ങളുടെ രക്തം താങ്കളുടെ ആത്മാവിനെപ്പോലും പിന്തുടരും! തലമുറയുടെ അടിവേരുപോലും പുഴുതിന്നും! താനിരുന്ന സുപ്രീം കോടതിയിലെ നീതിപീഠംപോലും ശപിക്കപ്പെട്ടതായിത്തീരും!

റിട്ടേര്‍ മെന്റ് കഴിഞ്ഞപ്പോള്‍ ന്യായാധിപന്‍ ആരാച്ചാരുടെ തസ്തികയില്‍ ചേരുന്നത് താങ്കളുടെ നരച്ചമുടിക്ക് ഒട്ടും ഭൂഷണമല്ല! ആരെതിര്‍ത്താലും നടപ്പാക്കുമെന്നാണ് അയ്യര്‍ പറയുന്നത്. അത് അയാളുടെ തമാശയായി മാത്രമെ കാണുന്നുള്ളു. കാര്യങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ കേരള സര്‍ക്കാര്‍ (ചൈനാപാര്‍ട്ടി) വച്ച കമ്മീഷന്‍ മാത്രമാണിത്. പന്ത്രണ്ടംഗങ്ങളുള്ള കമ്മീഷനിലെ മറ്റംഗങ്ങളെ ധിക്കരിച്ചുകൊണ്ട് ധാര്‍ഷ്ട്യത്തോടെ പ്രവര്‍ത്തിക്കുന്ന സഖാ. അയ്യര്‍ക്ക് നിയമം അറിയില്ലെന്നു കരുതുന്നില്ല. ഒന്നുകില്‍ വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങളോ അല്ലെങ്കില്‍ 'അമ്പട ഞാനേ' എന്ന ഭാവമോ ആകാം!
 
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഗുലാംനബി ആസാദ് ഈ ബില്ലിനെ പുച്ഛിച്ചുതള്ളിയത് ശ്ലാഘനീയമാണ്. ഭരണകൂടവും മനസ്സാക്ഷി മരവിച്ചുപോകാത്ത നന്മയുടെ മനുഷ്യരും ഈ ബില്ലിനെ തള്ളിക്കളയുമ്പോള്‍ തോറ്റുപോകുന്നത് അയ്യരും അനുയായികളുമായിരിക്കും. അതായിരിക്കും അയ്യര്‍ക്കു ലഭിക്കാന്‍പോകുന്ന മരണാനന്തര ബഹുമതിയും!

എന്താണു വിമന്‍സ് കോഡ് ബില്ല് എന്ന് വ്യക്തമായി അറിവില്ലാത്ത വായനക്കാര്‍ക്കായി ഈ ബില്ലിലെ ശുപാര്‍ശകളും അതിലെ ദൈവീക (ക്രൈസ്തവ) നിന്ദയും ഇവിടെ വെളിപ്പെടുത്തുകയാണ്.

'വിമന്‍സ് കോഡ്' ബില്ലിലെ ശുപാര്‍ശകള്‍!

1. കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുക!

2. രണ്ടിലധികം കുട്ടികളെ ജനിപ്പിക്കണമെന്നു പ്രചരണം നടത്തുന്നവരെ തടവും പിഴയും നല്‍കി ശിക്ഷിക്കുക!

3. വിവാഹമോചനങ്ങള്‍ കോടതിക്കു പുറത്ത് സാധ്യമാക്കുന്നതിനായി മാര്യേജ് ഓഫീസറെ നിയമിക്കുക!

4. സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിനായി എല്ലാ ആശുപത്രികളിലും സൗജന്യമായി സൗകര്യമൊരുക്കുക!

5. കൃഷ്ണയ്യരുടെ ശുപാര്‍ശകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അവാര്‍ഡ്! ശുപാര്‍ശകള്‍ എതിര്‍ക്കുന്നവര്‍ക്ക് ശിക്ഷ! (കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനം!)

6. കൂടുതല്‍ കുട്ടികള്‍ക്കായി മതം ജാതി വംശം പ്രാദേശികത എന്നിവയെ ഉപയോഗിക്കാന്‍ പാടില്ല!

7. നിയമപരമായി വിവാഹമോചനം നേടിയ ദമ്പതികളില്‍ ആര്‍ക്കെങ്കിലും കുട്ടികളുണ്ടായാല്‍ മറ്റൊരു കുടുംബത്തിലെ അംഗമായി കണക്കാക്കാം!

8. രണ്ടിലധികം കുട്ടികളെ ജനിപ്പിച്ചവര്‍ക്ക് ആനുകൂല്യങ്ങളെല്ലാം നീക്കിക്കളയുക!

അധികാരികള്‍ക്ക് സമര്‍പ്പിക്കേണ്ടതായ ഈ 'ബില്ല്'  വാര്‍ദ്ധക്യം പരിഗണിച്ച് ഇക്കഴിഞ്ഞ സെപ്തംപര്‍ 24-ന് മുഖ്യമന്തി ആയ്യരുടെ കിടക്കയില്‍ പോയി വാങ്ങി. ശരീരത്തിനും ബുദ്ധിക്കും ആരോഗ്യമില്ലാത്ത അവസ്ഥയില്‍ ഒരു വ്യക്തി എടുക്കുന്ന തീരുമാനങ്ങള്‍ കോടതിയില്‍പോലും നിലനില്‍ക്കില്ലെന്നു മുന്‍ ന്യായാധിപന് അറിയില്ലെന്നുണ്ടോ? ഈ ശുപാര്‍ശകളിലെ മനുഷ്യത്വരഹിതമായ നിബന്ധനകളും അതു നടപ്പാക്കിയാല്‍ സംഭവിക്കുന്ന ദുരന്തങ്ങളും ലളിതമായെങ്കിലും ചിന്തിക്കുന്നത് സന്ദര്‍ഭോചിതമാണ്.

1975-ല്‍ അടിയന്തിരാവസ്ഥയുടെ മറവില്‍ ഡല്‍ഹിയിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിര്‍ബന്ധിത കുടുംബാസൂത്രണം നടപ്പിലാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ പതനത്തിലാണു കലാശിച്ചത്. അന്നുമുതല്‍ ഇന്നുവരെ സുസ്ഥിരമായ ഒരു ഏകകക്ഷി ഭരണം കേന്ദ്രത്തില്‍ സാധ്യമായിട്ടില്ല. കുടുംബാസൂത്രണവും ഗര്‍ഭഛിദ്രവും നടത്താന്‍ നേതൃത്വം നല്‍കിയ ഇന്ദിരാഗാന്ധിയുടെയും പുത്രന്‍ സഞ്ജയ്‌ഗാന്ധിയുടെയും അന്ത്യം ലോകം കണ്ടു!

കുഞ്ഞുങ്ങള്‍ വളരേണ്ടതായ അടിവയറ്റില്‍ തന്റെ സുരക്ഷാ'ഗാര്‍ഡു'കളുടെ വെടിയേറ്റ് അരിപ്പപോലെ ആയപ്പോള്‍, മക്കള്‍ക്കു വന്നുഭവിച്ചത് ഗര്‍ഭഛിദ്രത്തില്‍ കുഞ്ഞുങ്ങള്‍ ചിതറിക്കപ്പെടുന്നതുപോലെ ഛിന്നഭിന്നം ആകുകയായിരുന്നു. രണ്ടു കുട്ടികള്‍ മാത്രമായിരുന്ന ഇന്ദിരക്ക് ബലികൊടുക്കാനോ ശേഷിപ്പിക്കാനോ മറ്റൊരു സന്തതി ഉണ്ടായിരുന്നില്ല!

ഗര്‍ഭഛിദ്രത്തിനു നിര്‍ലോഭം സഹായമൊരുക്കിയ പാശ്ചാത്യരാജ്യങ്ങള്‍ മറുവശത്ത് കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണ്. അനുകൂല്യങ്ങളും സാമ്പത്തിക സഹായകവും നല്‍കുകവഴി ശതകോടികള്‍ ചിലവഴിക്കുന്നു. ജനസാന്ദ്രതയാണ് ഒരു രാജ്യത്തിന്റെ ശക്തിയെന്ന് വികസിത രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. വികസനത്തിനും ഉയര്‍ച്ചക്കും മനുഷ്യസമ്പത്ത് വലിയ ഘടകമാണെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇന്ത്യയും ചൈനയും. ലോകരാജ്യങ്ങള്‍ ഭയത്തോടും അങ്കലാപ്പോടും കൂടിയാണ് ഈ രാജ്യങ്ങളുടെ വളര്‍ച്ചയെ നോക്കിക്കാണുന്നത്.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും മൂലകാരണങ്ങള്‍ ജനസംഖ്യാ ബാഹുല്യമാണെന്ന കണ്ടെത്തല്‍ ശുദ്ധവിവരക്കേടാണെന്നു ലോകത്തെ അറിഞ്ഞിട്ടുള്ള ഏവര്‍ക്കും മനസ്സിലാകും! ലോകത്ത് ഏറ്റവും അധികം പട്ടിണി മരണങ്ങള്‍ നടക്കുന്ന സോമാലിയ ജനസാന്ദ്രതയില്‍ വളരെ പിന്നിലാണെന്നു മറക്കരുത്! വെറും ഒരുകോടി ജനങ്ങള്‍ മാത്രമുള്ള സോമാലിയയിലെ മൂന്നില്‍രണ്ടു ജനങ്ങളും മുഴുപ്പട്ടിണിയിലാണ്. യു. എന്‍ ഉം യൂറോപ്യന്‍ രാജ്യങ്ങളും വര്‍ഷങ്ങളായി പരിശ്രമിച്ചിട്ടും ഒരു മാറ്റവും വരുത്താന്‍ കഴിയുന്നില്ലെന്ന സത്യം ഇതിന്റെ കാരണത്തിലേക്ക് ചിന്തകളെ നയിക്കുന്നു. കുറച്ചു കടല്‍ കൊള്ളക്കാരല്ലാതെ അദ്ധ്വാനിക്കുന്ന വിഭാഗം അവിടെയില്ല. പാശ്ചാത്യ രാജ്യങ്ങള്‍ കൊടുക്കുന്ന ഭക്ഷണപ്പൊതി നോക്കിയിരിക്കുന്ന ഈ രാജ്യത്തെ എയിഡ്സ് രോഗികളുടെ എണ്ണം ലോകശരാശരിയിലും ഏറെ മുന്നിലാണ്. അദ്ധ്വാനിക്കാന്‍ തയ്യാറാകുന്ന ജനതയുള്ളിടത്ത് പട്ടിണിയില്ലെന്നു മനസ്സിലാക്കണം!

സഹായവുമായി വരുന്ന പാശ്ചാത്യരെ തടയുന്ന ഇസ്ലാമിക തീവ്രവാദികളും ഈ രാജ്യത്തിന്റെ നാശമാണ്. ഈ ലേഖനത്തില്‍ ചിന്തിക്കുന്ന വിഷയം ഇതല്ലാത്തതുകൊണ്ട് അതവിടെ നില്‍ക്കട്ടെ!

രണ്ടുകുട്ടികള്‍ എന്നത് ബുദ്ധിമാന്ദ്യം സംഭവിച്ചവന്റെ തലയില്‍ ഉദിച്ചതാണെന്നു വ്യക്തമാക്കുന്ന ഒരു കണക്കു ശ്രദ്ധിക്കുക: രണ്ടു വ്യക്തികള്‍(സ്ത്രീയും പുരുഷനും) ചേര്‍ന്ന് രണ്ടു വ്യക്തികള്‍ക്ക് ജീവന്‍ നല്‍കുക; അതുവഴി സംതുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് ഈ 'മഹാപണ്ഡിതന്‍' ലക്ഷ്യം വയ്ക്കുന്നത്. ചില ദമ്പതികള്‍ക്ക് ഒരു കുഞ്ഞു മാത്രമെയുള്ളു എന്നു വയ്ക്കുക; അവിടെ സംതുലിതാവസ്ഥക്ക് എന്താണു 'വിജ്ഞാനികള്‍ ' പ്രതിവിധി കണ്ടിരിക്കുന്നത്? ചില കുട്ടികള്‍ രോഗത്തിലും അപകടത്തിലുമൊക്കെ മരണപ്പെടുന്നു; രോഗങ്ങളും വന്ധ്യതയും മൂലം പല ദമ്പതികള്‍ക്കും മക്കളുണ്ടാകാതിരിക്കുന്നു. യു. എന്‍. കണക്കനുസരിച്ച് 15 ശതമാനം പുരുഷന്മാര്‍ക്കും, 12 ശതമാനം സ്ത്രീകള്‍ക്കും വന്ധ്യതയുണ്ട്. ഇവിടെയെല്ലാം 'മഹാനായ' അയ്യര്‍ എന്തു മറുമാര്‍ഗ്ഗമാണു നിശ്ചയിച്ചിരിക്കുന്നത്? വിദൂഷക വേഷമണിഞ്ഞ്‌ അരങ്ങൊഴിയാനുള്ള ബദ്ധപ്പാടിലാണ് 'ശ്രീമാന്‍' കൃഷ്ണയ്യര്‍ എന്ന് തോന്നുന്നു!

1.7 ജനനനിരക്ക്‌ രേഖപ്പെടുത്തിയിരുന്ന കേരളത്തില്‍ കഴിഞ്ഞ സെന്‍സസിലെ കണക്കുകള്‍ കാണിക്കുന്നത്‌ 1.5-ല്‍ താഴെയായി കുറഞ്ഞെന്നാണ്‌. ഇങ്ങനെ പോയാല്‍ അടുത്ത തലമുറയില്‍ കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറും. യു.എന്‍ കണക്കനുസരിച്ച്‌ 2.2 ജനനനിരക്ക്‌ ഉണ്ടെങ്കിലേ ജനസംഖ്യ സന്തുലിതമാകൂ. ഈ കണക്കുകള്‍ പ്രകാരം ഒരു കുടുംബത്തില്‍ നാലു കുട്ടികള്‍ ജനിച്ചാല്‍ മാത്രമേ ഈ അവസ്ഥകള്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇതില്‍നിന്ന് വ്യക്തമാകുന്നത് ഒന്നുകില്‍ അയ്യരുടെ തലക്ക് ഓളം! അല്ലെങ്കില്‍ സ്ഥാപിതമായ ഏതോ നിഗൂഢ ലക്‌ഷ്യം!

രണ്ടിലധികം മക്കള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്കെതിരെ കൊലവിളി നടത്തുന്ന മഹാപണ്ഡിതനും അനുയായികളും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലത്തവരാണെന്നു തിരിച്ചറിഞ്ഞാല്‍ നല്ലത്. ഇന്ന് അവര്‍ ആസ്വദിക്കുന്ന സകലതും യാഥാര്‍ത്ഥ്യമാക്കിയ മഹാരഥന്മാര്‍ 90 ശതമാനവും രണ്ടുമക്കള്‍ക്കുശേഷം ജനിച്ചവരായിരുന്നു. അയ്യര്‍ സ്വിച്ചിടുമ്പോള്‍ തെളിയുന്ന ബള്‍ബടക്കം വീട്ടിലിരിക്കുന്ന മിക്കതിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച 'തോമസ് ആല്‍വാ എഡിസണെ' അറിയാതിരിക്കാന്‍ വഴിയില്ല. സാമുവല്‍ നാന്‍സി ദമ്പതികളുടെ നാലാമത്തെ മകനായി ജനിച്ച തോമസ് ആല്‍വാ എഡിസണ്‍ അയ്യരുടെ നിയമം അനുസരിച്ച് ജനിക്കാന്‍ പാടില്ലാത്ത വ്യക്തിയായിരുന്നു. എത്രയോ 'എഡിസണ്‍'മാരെ ജനിപ്പിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ നാടിന്റെ പൊതുശല്യമായി പ്രഖ്യാപിക്കുകയാണു വേണ്ടത്!

നിയമം നടപ്പില്‍ വരുത്തുമ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കി, ആറു മക്കളെ ജനിപ്പിച്ച പിതാവിന്റെ പിഴ അയ്യര്‍ ഏറ്റെടുക്കുക! താങ്കളും മൂന്നുമാസം തടവില്‍ കിടന്ന് പിതാവിന്റെ 'മഹാപരാധ'ത്തിനു പരിഹാരം ചെയ്യുക!

മുഹമ്മദ് ബിന്‍ തുക്ലക് എന്നൊരു ഭരണാധികാരി ഉണ്ടായിരുന്നു. ലോകത്ത് നടപ്പാക്കുന്ന സകല വിവരക്കേടും 'തുക്ലക്' പരിഷ്കാരങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അത്രമാത്രം വിവരക്കേടില്‍ പ്രാവിണ്യം നേടിയ ആളായിരുന്നു തുക്ലക്. വരുംകാലം ഈ പരിഷ്കാര നിര്‍ദ്ദേശങ്ങളും തുക്ലക് പരിഷ്കാരങ്ങളുടെ ഗണത്തില്‍പെടുത്തും!

ഗര്‍ഭത്തില്‍വച്ച് കുഞ്ഞുങ്ങളെ കൊല്ലാന്‍വേണ്ടി എല്ലാ ആശുപത്രികളിലും സംവീധാനമൊരുക്കാന്‍ നിര്‍ദ്ദേശിക്കുന്നവര്‍ നാടിനെ നിഷ്കളങ്ക രക്തത്തില്‍ മുക്കിനശിപ്പിക്കാനുള്ള ചെകുത്താന്റെ കരങ്ങളാവുകയാണ്. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങളുടെ ദുരന്തങ്ങളെ അന്വേഷിച്ചറിയുന്നതും നല്ലതുതന്നെ! വികലാംഗരും വൃദ്ധരും നാടിനു ഭാരമാണെന്നു ചിന്തിച്ച് ഇവരെ കൊന്നുകൊണ്ട് ചരിത്രത്തില്‍ കരിമഷിയാല്‍ എഴുതപ്പെട്ട ഹിറ്റ്ലറെ അയ്യര്‍ അറിയില്ലേ? ജര്‍മ്മന്‍കാര്‍ ഇന്നും പുച്ഛത്തോടെ മാത്രം കാണുന്ന ഇയാള്‍ അയ്യരെക്കാള്‍ എത്രയോ ഭേദം! ഇരുപതു ലക്ഷം യഹൂദരെ കൊന്നുവെന്നു കരുതുന്ന ഹിറ്റ്ലറും ഗര്‍ഭപാത്രം പിളര്‍ന്നതായി കേട്ടിട്ടില്ല. ജനസംഖ്യ കുറക്കാനുള്ള മാര്‍ഗ്ഗമാണു നോക്കുന്നതെങ്കില്‍ ഇക്കാലംവരെ ജീവിച്ച അയ്യരും അയാളെപ്പോലെ ചിന്തിക്കുന്ന സമപ്രായക്കാരും ഇനിയും ഒരു പുരാവസ്തുപോലെ ഇരിക്കണോ എന്നു സ്വയം ചിന്തിച്ച് തീരുമാനമെടുക്കുക!

'ഫെമിനിസ്റ്റുകളും' ശിഖണ്ഡികളും!

ആണോ പെണ്ണോ എന്നു സ്ഥിരീകരിക്കാത്ത ചില സ്ത്രീ ശാക്തീകരണ വാദക്കാര്‍ അയ്യര്‍ക്ക് പിന്തുണയുമായി വന്നിരിക്കുന്നത് ഖേദകരമാണ്. സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ചുരുങ്ങിയത് സ്ത്രീ എന്തെന്നെങ്കിലും അറിഞ്ഞിരിക്കണം. അമ്മയാകുമ്പോഴാണ് ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത്! എത്ര പ്രസവിക്കണം എന്നു തീരുമാനിക്കുന്നത് പുരുഷനോ സ്ത്രീയോ വക്കീലോ ജഡ്ജിയോ സാംസ്കാരിക നായകന്മാരോ അല്ല; മറിച്ച് ദമ്പതികളാണ്! അവര്‍ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണത്. അല്ലാതെ വഴിയില്‍ക്കൂടെ പോകുന്നവന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. സ്വന്തം മക്കളെയും ഭവനത്തെയും നോക്കാതെ നാടു നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന ഇവരെ സകലര്‍ക്കും അറിയാം!

വിവാഹശേഷം ഭാര്യ സ്വയം തീരുമാനിക്കുന്നതല്ല മക്കളെ ജനിപ്പിക്കുന്ന കാര്യം! അങ്ങനെ സ്വയം തീരുമാനിക്കണമെന്നുള്ളവര്‍ വിവാഹത്തിനു മുമ്പേ തുറന്നു പറയുകയാണു വേണ്ടത്. മക്കള്‍ വേണ്ടെന്നുള്ളവര്‍ അത്തരക്കാരുമായി വിവാഹം ചെയ്യുക; അല്ലെങ്കില്‍ വിവാഹം കഴിക്കാതിരിക്കുക. കൂടുതല്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്ന നല്ല സ്ത്രീകളും ഈ ഭൂമിയിലുണ്ട്! അങ്ങനെയുള്ളവര്‍, അതിനോട് യോജിക്കുന്നവരുമായി ചേര്‍ന്നു ജീവിക്കുക! അങ്ങനെയാകുമ്പോള്‍ സ്ത്രീകളുടെ സംരക്ഷകരായി ചമഞ്ഞിറങ്ങിയവര്‍ക്കു പണിയില്ലാതാകും! പത്തുമാസം ചുമന്നു എന്നു നിരന്തരം പറയുന്നവര്‍ ഓര്‍ക്കുക; അമ്മ ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നതില്‍ തര്‍ക്കമില്ല (അതിനു വിരുദ്ധമായ വാര്‍ത്തകള്‍ ഓരോ ദിവസവും കേള്‍ക്കുന്നുണ്ടെങ്കിലും) എന്നാല്‍, ഈ പത്തുമാസം(9 മാസവും 9 ദിവസവും) മാത്രമല്ല കുഞ്ഞിന്റെ ജീവിതം! അവര്‍ക്കുവേണ്ടി അവരുടെ സ്വയം പര്യാപ്തതവരെ കഠിനാദ്ധ്വാനം ചെയ്യുന്ന പുരുഷനു(അപ്പന്‍)വേണ്ടി വാദിക്കാന്‍ എഴുത്തുകാരില്ല. 'സ്ത്രീഹോര്‍മ്മോണിന്റെ' അതിപ്രസരമുള്ള എഴുത്തുകാര്‍ അരങ്ങു വാഴുമ്പോള്‍ ഇതെ നടക്കൂ!

രണ്ടുകുഞ്ഞുങ്ങള്‍ മാത്രമുള്ളവര്‍ എപ്പോഴും ഈ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠയിലാണ്. ഏറ്റവും ഉന്നതമായ ജോലിയിലേക്കാണു വളര്‍ത്തുന്നത്. ചില വിശേഷപ്പെട്ട ജോലികള്‍ ചെയ്യാന്‍ മാത്രമെ ആളുള്ളു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത അവസ്ഥയിലേക്കു കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത് മുന്നോട്ടുള്ള നാടിന്റെ പ്രയാണത്തിനു ഭീഷണിയാണ്. കാര്‍ഷിക മേഖലയാണ് ഒരു നാടിന്റെ പരമപ്രധാനമായ ഘടകം. ഇതു നശിച്ചാല്‍ നാടു നശിക്കും! എത്ര ഉന്നതനാണെങ്കിലും ഭക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയുമോ? ഭക്ഷ്യമേഖലയിലെ കുറവ് വിലക്കയറ്റവും അതുവഴി അസംതുലിതാവസ്ഥയുമുണ്ടാകും!

മുന്‍കാലങ്ങളിലെ കൂട്ടായ്മകളും സ്നേഹവും നഷ്ടപ്പെട്ട് സ്വാര്‍ത്ഥതയിലേക്കു ജനങ്ങള്‍ മാറുന്നത് ഇപ്പോള്‍തന്നെ പ്രകടമാണ്. ഇതിന്റെയെല്ലാം പിന്നില്‍ 'അണുകുടുംബ' സംസ്കാരമാണെന്നു തിരിച്ചറിയാത്തവരുണ്ടോ? സാമൂഹിക സേവനത്തിനും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമല്ല, സൈന്യത്തില്‍ ചേരാന്‍പോലും ആളെ കിട്ടാത്ത അവസ്ഥ നമ്മുടെ നാട്ടില്‍വരും! പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്നുള്ളതുപോലെ നിര്‍ബന്ധിത സൈനീക സേവനവും വിദൂരത്തല്ല! സ്വന്തം കാര്യങ്ങള്‍ക്കപ്പുറം നാടിന്റെയോ സമൂഹത്തിന്റെയോ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കന്‍ ആളുണ്ടാകാതിരിക്കുക എന്നത് സാത്താന്റെ ആഗ്രഹമാണ്. വൈദീകരും കന്യാസ്ത്രീകളും ഉണ്ടാകുന്നതിനെക്കുറിച്ചാണ് അയ്യരുടെ അനുയായികള്‍ പറയുന്നത്. ഇവര്‍ ക്രൈസ്തവരുടെ ഉന്നമനത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നു നിങ്ങള്‍ ചിന്തിക്കരുത്. മദര്‍ തെരേസയുടെ സേവനം സ്വീകരിച്ചവരില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നില്ല.

ഇതു ക്രൈസ്തവരുടെ മാത്രം പ്രശ്നമാണെന്ന ചിന്തയാണ് അയ്യര്‍ക്കും അയ്യരുടെ കൂടെയുള്ള സഖാക്കള്‍ക്കും ഉള്ളതെങ്കില്‍ നിങ്ങള്‍ മൂഢസങ്കല്പത്തിലാണ്! നിങ്ങള്‍ക്കുവേണ്ടി ‘പോസ്റ്റര്‍’ ഒട്ടിക്കാന്‍പോലും ആരെയും കിട്ടാത്ത അവസ്ഥയാണെന്നു നിങ്ങള്‍ തന്നെ തിരിച്ചറിഞ്ഞതല്ലെ? രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൂലിക്കുപോലും ആളെ കിട്ടാത്ത ദുരവസ്ഥയാണു നിങ്ങളെ കാത്തിരിക്കുന്നത്!

തിന്മയില്‍നിന്നുപോലും നന്മയെ  ഉളവാക്കുന്ന ദൈവം!

കൃഷ്ണയ്യരിലൂടെ സാത്താന്‍ കൊണ്ടുവന്ന തിന്മയെ ദൈവം നന്മയാക്കി മാറ്റി! ക്രിസ്ത്യാനിയെ നോവിക്കാനാണ് അയ്യരും കൂട്ടരും നോക്കിയതെങ്കില്‍ ക്രിസ്തീയതയെ ഉണര്‍ത്താനാണ് ഈ ‘വിമന്‍സ് കോഡ് ബില്ല്’ കാരണമായത്! ഇത്രത്തോളം ചര്‍ച്ചകള്‍ നടന്നതുമൂലം ഇതിനെക്കുറിച്ച് ജാഗ്രതയുള്ളവരാകാന്‍ ക്രൈസ്തവനെ പ്രേരിപ്പിച്ചു. മാത്രവുമല്ല കൂടുതല്‍ കുഞ്ഞുങ്ങളുള്ളവരെ ആദരിക്കാനും സഹായിക്കാനും സഭ ഉണരുകയും ചെയ്തു!

ഇക്കാര്യത്തിലെങ്കിലും ക്രൈസ്തവസഭകള്‍ ഒരേ സ്വരത്തില്‍ പ്രതികരിച്ചത് ക്രിസ്തുവിനെയും സ്വര്‍ഗ്ഗരാജ്യത്തെയും ഏറെ സന്തോഷിപ്പിച്ചു! ഒത്തിരി നാളായി ഈ കൂട്ടായ്മ യേഹ്ശുവാ കൊതിക്കുകയായിരുന്നു! ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ഇതിലൂടെ സഭകള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍! ഒരിടയനും ഒരു തൊഴുത്തും ആയിരുന്നെങ്കില്‍!

അയ്യരെപ്രതി യേഹ്ശുവായ്ക്കു നന്ദി; യേഹ്ശുവായുടെ നാമത്തില്‍ അയ്യര്‍ക്കും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3849 views

LOG IN

Lost your password?

SIGN UP

LOST PASSWORD