ഒരിക്കല്‍ ശൗവുല്‍ എന്ന യുവാവ്, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനുവേണ്ടി അധികാരികളില്‍ നിന്ന് സമ്മതപത്രവുമായി യെരുശലെമില്‍നിന്നും ദമാസ്ക്കസിലേക്കു പോകുകയായിരുന്നു. വഴിമദ്ധ്യേ ആകാശത്തുനിന്നു സൂര്യപ്രഭയെ വെല്ലുന്ന ഒരു പ്രകാശം ശൗവുലിന്റെയും സഹയാത്രികരുടെയും ചുറ്റും ജ്വലിച്ചു. ആകാശത്തുനിന്ന് ഒരു മിന്നലൊളി പതിക്കുകയും എല്ലാവരും നിലംപതിക്കുകയും ചെയ്തു.
"ശൗവുല്‍, ശൗവുല്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്"(അപ്പ. പ്രവര്‍: 22; 7). ഹെബ്രായഭാഷയില്‍ ഇപ്രകാരം ഒരു സ്വരവും അവന്‍ കേട്ടു.
ഇത് ശൗവുല്‍ എന്ന യെഹൂദ തീവ്രവാദിയുടെ മാനസ്സാന്തര ചരിത്രമാണ്. ഈ ശൗവുലാണ് ക്രിസ്തുവിന്റെ അപ്പസ്തോലനായിരുന്ന പൗലോസായി മാറിയതെന്ന് ഏവര്‍ക്കും അറിയാം. ക്രിസ്തുവിനുശേഷം ആദ്യനൂറ്റാണ്ടില്‍ സംഭവിച്ച ഈ ചരിത്രത്തിനും, അന്ന് സ്വര്‍ഗ്ഗത്തില്‍നിന്നും കേട്ട വചനത്തിനും ഇന്നു വളരെയധികം പ്രസക്തിയുണ്ട്. ആദിമനൂറ്റാണ്ടിലെ അത്ര തീവ്രമല്ലെങ്കിലും ക്രിസ്ത്യാനികള്‍ ഇന്നും പീഡിപ്പിക്കപ്പെടുന്നു. പീഡനമേല്‍ക്കുക എന്നതു ക്രിസ്ത്യാനിയുടെ അവകാശമാണെങ്കിലും, പീഡിപ്പിക്കുന്ന സമൂഹത്തിന്റെമേല്‍ ഈ വചനം നിലനില്‍ക്കുന്നുണ്ട്.`ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് അപകടമാണ്.`
ക്രിസ്തീയതയെ തകര്‍ക്കുവാന്‍ ശ്രമിച്ചപ്പോളൊക്കെ ഇതു തെളിയിക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലും ഗുജറാത്തിലും ഒറീസയിലും സംഭവിച്ചത് നമ്മളാരും മറന്നിട്ടില്ല. ഇതു പറയുമ്പോള്‍ ആരുടെയും നെറ്റി ചുളിയുകയും പരിഭവിക്കുകയും വേണ്ട. മതമൗലികവാദി എന്നോ യാഥാസ്ഥിതികനെന്നോ വിളിച്ചാലും സത്യം ഇതുതന്നെയാണ്. ഒരുവന്‍ ചെയ്ത തെറ്റിനു അനേകര്‍ ശിക്ഷിക്കപ്പെടുമോയെന്നു ചിന്തിച്ചേക്കാം. തിന്മയോടു ചേര്‍ന്നു നില്‍ക്കുന്ന സമൂഹത്തിന്റെമേലും അതിന്റെ പ്രത്യാഘാതം വന്നു ഭവിക്കുന്നതായി ചരിത്രം പഠിപ്പിക്കുന്നുണ്ട്.
ഈജിപ്തിലെ ഫറവോ ചെയ്ത തെറ്റിന് ആ ദേശത്തെ കടിഞ്ഞൂലുകള്‍ മുഴുവന്‍ വധിക്കപ്പെട്ടു. നിരപരാധികള്‍ വധിക്കപ്പെട്ടാല്‍ അവരുടെ ആത്മാവിനെ രക്ഷിക്കാന്‍ ദൈവത്തിനു സാധിക്കും. ക്രിസ്തീയതയില്‍ മരണം എന്നതു ഒരു നഷ്ടമല്ല; മറിച്ച് നേട്ടമാണ്. പൗലോസ് അപ്പസ്തോലന്‍ പറയുന്നു: "എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്"(ഫിലിപ്പി: 1; 21). മരണത്തോടെ അവസാനിക്കുന്നതാണ് ജീവിതമെങ്കില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍ യേഹ്ശുവായാണെന്നു ചിന്തിക്കേണ്ടി വരും. ഇതു ദൈവവചനത്തിന്‍റെ വിശ്വാസ്യതയും ദൈവത്തിന്റെ വിശ്വസ്ഥതയും വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ്. വചനം പറഞ്ഞിട്ടുള്ളതെല്ലാം അപ്രകാരം തന്നെ സംഭവിക്കും.
ഒരു വ്യക്തിയുടെ അനുസരണക്കേടിന്റെ ഫലമായിട്ടാണല്ലോ പാപം ഭൂമിയിലേക്കു കടന്നുവന്നത്. ഒരാളുടെ പ്രസിദ്ധി അവന്റെ വീടിനെ മാത്രമല്ല നാടിനെയും ഉയരങ്ങളില്‍ എത്തിക്കാറുണ്ട്. ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടിയ വ്യക്തിയിലൂടെ, അവന്റെ വീടും നാടും അംഗീകരിക്കപ്പെടുന്നു. അതുപോലെ, ഒരു പാപിമൂലം അവനും കുടുംബവും മത്രമല്ല സമൂഹവും അപമാനിക്കപ്പെടുന്നു.
അവിശ്വാസികളുമായി നിങ്ങള്‍ കൂട്ടുചേരരുത് എന്നു ബൈബിള്‍ വ്യക്തമായും പറയുന്നു(2 കോറി: 6; 14). പാപിയുമായി കൂടിനില്‍ക്കുമ്പോള്‍ അവനു വന്നുചേരുന്ന അനര്‍ത്ഥങ്ങള്‍ അവനോടു ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കും ലഭിച്ചേക്കാം.
നാം ആയിരിക്കുന്ന സമൂഹത്തില്‍ ആരെങ്കിലുംവഴി സംഭവിക്കുന്ന നന്മയും തിന്മയും, സമൂഹത്തെ മുഴുവനും ബാധിക്കാറുണ്ട്. ഈ അടുത്ത നാളുകളില്‍ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങള്‍ അതിന് ഉദാഹരണമാണ്. `ഫ്രാന്‍സിസ്കന്‍-ക്ലാര`സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധ പദവിയില്‍ എത്തിയപ്പോള്‍ അവരുടെ സഭ മാത്രമല്ല; കേരളത്തിലെ കത്തോലിക്ക സഭ ഒന്നടങ്കം അഭിമാനിച്ചു! സഭയ്ക്കു ബഹുമാനം ലഭിക്കാന്‍ അതു കാരണമായി.
അടുത്തകാലത്ത് നടന്ന മറ്റൊരു സംഭവമാണ് `അഭയ കേസ്`. ചില വ്യക്തികള്‍ മൂലം ഒരു സമൂഹം മുഴുവന്‍ അപമാനിക്കപ്പെട്ടു. തിന്മയോടു ചേര്‍ന്നു നില്‍ക്കുന്നവരും അത് മുഖേന ശിക്ഷിക്കപ്പെടും. അതുകൊണ്ട് ദൈവവചനം പറയുന്നതുപോലെ; "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍"(2 കോറി: 6; 17).
ക്രിസ്ത്യാനികളെയും ക്രിസ്തീയതയെയും എതിര്‍ക്കുന്നതു മാത്രമല്ല ഇരുമ്പാണിമേലുള്ള `തൊഴി`. നിയമങ്ങളെയും പ്രവാചക വചനങ്ങളെയും നിഷേധിക്കുന്നതും അപകടമാണ്. ദൈവവചനത്തിലൂടെയും ആനുകാലിക സംഭവങ്ങളിലൂടെയും വ്യക്തമാകുന്നത്, ഇരുമ്പാണിമേല്‍ തൊഴിക്കുന്നതുപോലെതന്നെ അങ്ങനെയുള്ളവരുമായി കൂട്ടുചേരുന്നതിലൂടെയും അപകടം സംഭവിക്കാമെന്നതാണ്.
അതുകൊണ്ട് ഇരുമ്പാണിമേല്‍ തൊഴിക്കാതിരിക്കാം! തൊഴിക്കുന്നവരോടൊപ്പം ചേരാതെയും സൂക്ഷിക്കാം!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-