എഡിറ്റോറിയല്‍

'എംപെറര്‍ ഇമ്മാനുവേലും' ചില ആധുനിക പാഷണ്ഡതകളും!

Print By
about

ത്യത്തില്‍നിന്നു ദൈവജനത്തെ വഴിതെറ്റിക്കാന്‍ ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥങ്ങളായ പാഷണ്ഡതകള്‍ ക്രൈസ്തവസഭകളില്‍ ഉയര്‍ന്നുവരാറുണ്ട്! ദൈവവചനത്തിലെ സത്യങ്ങള്‍ പലതും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ അപകടകരമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിഗൂഢതയാണ് ഇത്തരം പാഷണ്ഡതകളുടെ ശൈലി! അതിനാല്‍, 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടത് വിശ്വാസസമൂഹത്തിന് അനിവാര്യമായിരിക്കുന്നു.

ഈ അടുത്തനാളുകളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടതും നന്മയുടെ മൂടുപടം അണിഞ്ഞ് ദൈവജനത്തെ വഞ്ചിക്കുന്നതുമായ ഒരു ദുരന്തമാണ് 'എംപെറര്‍ ഇമ്മാനുവേല്‍'! കൗശലപൂര്‍വ്വം ഇവര്‍ പഠിപ്പിക്കുന്ന ചില അബദ്ധങ്ങളെ ദൈവജനത്തിനുമുന്നില്‍ അനാവരണം ചെയ്യേണ്ടത് മനോവയുടെ ധര്‍മ്മമാണെന്ന തിരിച്ചറിവാണ് ഈ മുഖപ്രസംഗത്തിന് ആധാരം!

'എംപെറര്‍ ഇമ്മാനുവേല്‍' എന്നപേരില്‍ കത്തോലിക്കാസഭയുടെ മറവില്‍ ഉടലെടുത്ത ഒരു ആദ്ധ്യാത്മിക 'പ്രസ്ഥാനം' തൃശൂര്‍ ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് വായനക്കാരില്‍ ചിലര്‍ക്കെങ്കിലും അറിവുള്ളതായിരിക്കും. യേഹ്ശുവായെ ഏകരക്ഷകനായി ആരാധിക്കുന്നതില്‍ എല്ലാ ക്രൈസ്തവസഭകളെയുംപോലെ ഇവരും ശ്രദ്ധിക്കുന്നുവെന്നത് ക്രിസ്തീയതയുടെ പൂര്‍ണ്ണതയായി പരിഗണിക്കരുതെന്ന മുന്നറിയിപ്പോടെ മുഖപ്രസംഗം ആരംഭിക്കട്ടെ!

യേഹ്ശുവായുടെ രണ്ടാംവരവ് ക്രിസ്തീയ വിശ്വാസസത്യങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും പല ക്രൈസ്തവസഭകളും ഗൗരവത്തോടെ ഇത് പ്രചരിപ്പിക്കുന്നില്ല എന്നത് ഇത്തരം 'ന്യൂ ജനറേഷന്‍' സഭകള്‍ക്ക് സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല! കത്തോലിക്കാസഭയിലെ ആധുനിക ദൈവശാസ്ത്രങ്ങള്‍ സത്യവിശ്വാസികള്‍ക്ക് ഇടര്‍ച്ചവരുത്താന്‍ പോന്നവയാണെന്നതും ഇത്തരക്കാരുടെ വളര്‍ച്ചയ്ക്ക് വളമാകുന്നു. ആധുനികതയുടെയും സാംസ്കാരികതയുടെയും പേരിട്ട് കത്തോലിക്കാസഭാ നേതൃത്വം സത്യത്തില്‍നിന്നു വ്യതിചലിക്കുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ പുതിയ ആലയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, അവര്‍ ചെന്നെത്തുന്നത് ഭീകരമായ ദുരന്തത്തിലാണെന്നത് വേദനയോടെ തിരിച്ചറിയണം! പുത്തന്‍സഭകള്‍ ഉടലെടുക്കുന്നതിന്റെ മൂലകാരണം കത്തോലിക്കാസഭയുടെ നേതൃത്വം തന്നെയാണെന്ന്‍ മറക്കരുത്. ഭ്രമണപഥത്തില്‍നിന്നു വ്യതിചലിച്ച ഗ്രഹങ്ങള്‍പ്പോലെ അപ്പസ്തോലിക പ്രബോധനങ്ങളെ അവഗണിച്ച് അബദ്ധചരണം നടത്തുന്ന കപട അപ്പസ്തോലന്മാരെ നിയന്ത്രിക്കാന്‍ സഭ തയ്യാറാകാത്തപക്ഷം ഇനിയും ഇത്തരം മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കണം!

സഭാവസ്ത്രം എന്ന പേരിലുള്ള ഒരു വസ്ത്രമുണ്ടെങ്കില്‍ എന്തു വിവരക്കേടിനും ആദ്ധ്യാത്മികതയുടെ പ്രശസ്തിപത്രം നല്‍കാന്‍ തയ്യാറാകുന്ന സഭാധികാരികളുടെ പ്രവണതയാണ് പല പാഷണ്ഡതകളുടെയും മൂലകാരണം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ബോബി ജോസ് കപ്യൂച്ച്യനെപ്പോലെയുള്ള ആള്‍ദൈവങ്ങളെയും 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ ചട്ടുകങ്ങളായ മെത്രാന്മാരെയും നിലയ്ക്കുനിര്‍ത്താന്‍ സഭയുടെ ഉന്നതനേതൃത്വം തയ്യാറായാല്‍ ദൈവജനം പാഷണ്ഡതകള്‍ക്കുപിന്നാലെ പോകുകയില്ല! അത്മായരിലൂടെ ഉടലെടുക്കുന്ന പാഷണ്ഡതകളെക്കാള്‍ എന്തുകൊണ്ടും അപകടകരമാണ് അധികാരികളില്‍നിന്ന്‍ കടന്നുവരുന്നവ! ദുര്‍ബലരായ വിശ്വാസികളെ വഴിതെറ്റിക്കാന്‍ ഇത്തരക്കാരുടെ ആശയങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്. കേരളത്തില്‍ കരിസ്മാറ്റിക് മുന്നേറ്റം ശക്തമായിരുന്ന തൊണ്ണൂറുകളില്‍ 'ദാ വന്നു, ദാ പോയി' എന്നപോലെ വന്നുപോയ സിസ്റ്റര്‍ ഉഷയുടെ ആദ്ധ്യാത്മിക ആഭാസംതന്നെ ഇതിനുള്ള തെളിവാണ്! ആ നാളുകളില്‍ അനേകം കരിസ്മാറ്റിക്കുകളെ വഴിപിഴപ്പിക്കാന്‍ ഉഷയ്ക്കും സംഘത്തിനും സാധിച്ചു! ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന അപകടകാരിയാണ് ബോബി ജോസ് കപ്യൂച്ച്യന്‍!

സഭയില്‍ പാഷണ്ഡതകള്‍ ഉടലെടുക്കാനുള്ള പ്രധാനമായ കാരണങ്ങളെ സൂചിപ്പിച്ചുകൊണ്ടുതന്നെ ഇതിന്റെ വിവരണത്തിലേക്കു കടക്കുന്നത് കൂടുതല്‍ ഉചിതമാകും എന്നതുകൊണ്ടാണ് ഈ ആമുഖം! ഇത്രയുംകൂടി കുറിക്കുന്നു: സഭയില്‍ രൂപമെടുക്കുന്ന ആത്മീയമുന്നേറ്റങ്ങള്‍ പാഷണ്ഡതകളിലേക്കു വഴിമാറുന്നത് സഭാധികാരികളുടെ വചനവിരുദ്ധമായതും ധാര്‍ഷ്ട്യം ഉള്‍ക്കൊള്ളുന്നതുമായ സമീപനങ്ങള്‍ മൂലമാണ്! സഭയുടെ സംവീധാനങ്ങള്‍ ഉപയോഗപ്പെടുത്തി അത്മായമുന്നേറ്റങ്ങളെ ഇകഴ്ത്തുകയും നുണപ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുറച്ചു നാളുകള്‍ക്കുമുന്‍പ് മംഗലപ്പുഴ സെമിനാരിയിലെ വൈദീകവിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഒരു പുസ്തകം തയ്യാറാക്കുകയുണ്ടായി. സ്പിരിറ്റ്‌ ഇന്‍ ജീസസ്, എംപെറര്‍ ഇമ്മാനുവേല്‍ തുടങ്ങിയ ഗ്രൂപ്പുകളെ അവഹേളിക്കുന്ന ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നതെല്ലാം വെറും ഊഹങ്ങളും കേട്ടറിവുകളും മാത്രമായിരുന്നു. ഒരു പ്രസ്ഥാനത്തെ എതിര്‍ക്കാന്‍ നുണപ്രചരണം നടത്തുന്നത് മാന്യതയ്ക്ക് യോജിച്ച നടപടിയായി മനോവ കാണുന്നില്ല! ഈ പ്രസ്ഥാനങ്ങളില്‍ തെറ്റുകള്‍ ഉണ്ടെങ്കിലും, യഥാര്‍ത്ഥത്തിലുള്ള തെറ്റുകളെയല്ല ഈ സെമിനാരി വിദ്യാര്‍ഥികള്‍ വിമര്‍ശിച്ചത്. അവര്‍ സഭാവിരുദ്ധമോ വചനവിരുദ്ധമോ ആയ എന്തെങ്കിലും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍, സഭയുടെ യഥാര്‍ത്ഥ പ്രബോധനം എന്താണെന്ന് വിശ്വാസികളെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇതിനു സഭാധികാരികള്‍ തയ്യാറാകില്ല എന്നതാണു യാഥാര്‍ത്ഥ്യം. കാരണം, അങ്ങനെ തയ്യാറായാല്‍ കത്തോലിക്കാസഭയില്‍ ഇന്നുള്ള പല സന്യാസസഭകളും പിരിച്ചുവിടേണ്ടി വരും!

എന്താണ് 'എംപെറര്‍ ഇമ്മാനുവേല്‍'?

തൃശൂര്‍ ജില്ലയിലെ മുരിയാട് എന്ന സ്ഥലത്തു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ 'ഗ്രൂപ്പ്' ആണ് 'എംപെറര്‍ ഇമ്മാനുവേല്‍'! ആരംഭദശയില്‍ കത്തോലിക്കാസഭയോട് കൂടുതല്‍ അടുത്തും എന്നാല്‍, സഭയിലെ ജീര്‍ണ്ണതയില്‍നിന്നു വേറിട്ടുനിന്നുമുള്ള പ്രവര്‍ത്തനമായിരുന്നു ഇവരുടേത്. പിന്നീട് സഭയില്‍നിന്നു പുറത്തിറങ്ങി സ്വതന്ത്രസഭയായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതോടെ ഇവരുടെ പ്രബോധനങ്ങള്‍ വചനവിരുദ്ധവും സഭാവിരുദ്ധവുമായി മാറി! സഭയുടെ ഉള്ളില്‍നിന്നുകൊണ്ട് ഒരു തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിച്ചപ്പോള്‍ കത്തോലിക്കാസഭയെ യഥാര്‍ത്ഥ സഭയായി പ്രചരിപ്പിച്ചവര്‍തന്നെ തങ്ങള്‍ നുണയന്മാരായിരുന്നുവെന്ന്‍ സ്വയം പ്രഖ്യാപിക്കുന്നതാണ് ഇന്നു കാണുന്നത്. സഭകളെല്ലാം എടുത്തുമാറ്റപ്പെടും എന്ന പെന്തക്കോസ്ത് സിദ്ധാന്തമാണ്‌ ഇന്നിവരുടെ പ്രചരണായുധം! സഭയില്‍നിന്നു പുറത്താക്കപ്പെടുകയോ പുറംചാടുകയോ ചെയ്തിട്ടുള്ള ഏവരും സ്വാഭാവികമായി പ്രഖ്യാപിക്കാറുള്ള ഭോഷ്ക്കാണിത്! കൂടെ നില്‍ക്കാന്‍ ആരെയെങ്കിലും കിട്ടണമെങ്കില്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കാതെ തരമില്ലല്ലോ! 'മുല്ലക്കര' ദേവസ്യയുടെ തനിയാവര്‍ത്തനം നമുക്കിവിടെ കാണാം!

എന്തുകൊണ്ടാണ് മനോവ ഇത്തരമൊരു ലേഖനത്തിനു തയ്യാറായത് എന്നകാര്യം ചുരുക്കമായെങ്കിലും വെളിപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. കുറേ നാളുകളായി കത്തുകളിലൂടെയും മറ്റ് ആശയവിനിമയ സംവീധാനങ്ങളിലൂടെയും 'എംപെറര്‍ ഇമ്മാനുവേല്‍' എന്ന പ്രസ്ഥാനത്തെക്കുറിച്ച് വായനക്കാര്‍ സംശയനിവാരണത്തിനു ശ്രമിച്ചുവെങ്കിലും അതിനോടു പ്രതികരിക്കാന്‍ മനോവ തയ്യാറായിരുന്നില്ല. കാരണം, വ്യക്തമായി അറിയാത്ത ഒരു വിഷയത്തെ സംബന്ധിച്ച് പ്രതികരിക്കുന്ന ശീലം മനോവയ്ക്കില്ല എന്നതുതന്നെ! മാത്രവുമല്ല, സുവിശേഷം പ്രചരിപ്പിക്കുന്ന ഒരുവനെ എതിര്‍ക്കുന്നതിലൂടെ വന്നുഭവിക്കുന്ന ദുരന്തത്തിനു പാത്രമാകാന്‍ മനോവ തയ്യാറുമായിരുന്നില്ല. "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം!"(റോമാ: 10; 15). ഈ വചനം നിലനില്‍ക്കേ മറിച്ചൊരു പ്രതികരണത്തിനു മുതിരണമെങ്കില്‍ ഇവര്‍ പഠിപ്പിക്കുന്ന ആശയങ്ങള്‍ വചനവിരുദ്ധമാണോ എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിന്നു.

"ആത്മാര്‍ത്ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും"(ഫിലിപ്പി: 1; 18). പൗലോസ് അപ്പസ്തോലന്റെ ഈ അഭിപ്രായം തന്നെയാണ് മനോവയുടേതും. ക്രിസ്തു അറിയിച്ച സത്യങ്ങളാണ് പ്രഘോഷിക്കപ്പെടുന്നതെങ്കില്‍ അവരെ ശ്ലാഘിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല; എന്നാല്‍, ദൈവജനത്തെ അന്ധകാരത്തിലേക്കു നയിക്കുന്നവിധം വചനത്തെ വളച്ചൊടിച്ചാല്‍ അവരുടെ സ്ഥാനചിഹ്നങ്ങളെ കണക്കിലെടുക്കാതെ എതിര്‍ക്കുവാന്‍ മനോവയ്ക്ക് ഭയവുമില്ല! ഇവിടെ 'എംപെറര്‍ ഇമ്മാനുവേലിന്റെ' നന്മകളെ ശ്ലാഘിച്ചുകൊണ്ടുതന്നെ അവരുടെ പാഷണ്ഡത തുറന്നുകാണിക്കാനാണ് മനോവ ശ്രമിക്കുന്നത്. ആദ്യമായി ഈ പ്രസ്ഥാനത്തിന്റെ നന്മകളെ വ്യക്തമാക്കാം.

അപ്പസ്തോലിക ദൗത്യം!

യേഹ്ശുവാ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് അപ്പസ്തോലന്മാരെ ചില ദൗത്യങ്ങള്‍ ഭരമേല്പിച്ചു. ആ ദൗത്യമാണ് അപ്പസ്തോലിക ദൗത്യം! ഈ ദൗത്യത്തില്‍നിന്നു വ്യതിചലിക്കുകയെന്നാല്‍, അപ്പസ്തോല പദവിയില്‍നിന്നു സ്വയം വിരമിക്കുകയെന്നാണ് അര്‍ത്ഥം. യേഹ്ശുവാ ഏല്പിച്ച ദൗത്യം പിന്തുടരുന്നതിലൂടെ സഭ അപ്പസ്തോലിക സഭയായി നിലനില്‍ക്കും! സഭയിലെ ഏതെങ്കിലും വ്യക്തികള്‍ ഈ ദൗത്യത്തെ അവഗണിച്ചാല്‍ അവര്‍ മാത്രമേ പദവിയില്‍നിന്നു വിച്ഛേദിക്കപ്പെടുന്നുള്ളു. എന്തായിരുന്നു യേഹ്ശുവാ ഏല്പിച്ച ദൗത്യമെന്ന് ഇനി നമുക്കു പരിശോധിക്കാം.

യേഹ്ശുവാ പറഞ്ഞു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). യുഗാന്തംവരെ തുടരണമെന്ന ആഹ്വാനത്തോടെ ഏല്പിച്ച ദൗത്യം ഇതായിരുന്നു. ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, കല്പിച്ചവ അനുസരിക്കാന്‍ പഠിപ്പിക്കുക! ഈ മൂന്നു ദൗത്യങ്ങളില്‍നിന്നു വിരമിച്ചവര്‍ അപ്പസ്തോലിക ദൗത്യത്തില്‍നിന്നു വിരമിച്ചവരാണ്! അത്തരക്കാരുടെ വാക്കുകള്‍ക്കു നാം ചെവികൊടുക്കുകയോ അവരെ ശ്രദ്ധിക്കുകപോലുമോ വേണ്ട! യഥാര്‍ത്ഥ ദൗത്യത്തില്‍നിന്നു വ്യതിചലിച്ച ഫരിസേയരെക്കുറിച്ച് യേഹ്ശുവാ പറഞ്ഞതും ഇതുതന്നെയായിരുന്നു: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്"(മത്താ: 15; 14).

യേഹ്ശുവാ ഭരമേല്പിച്ച ദൗത്യങ്ങളില്‍ മൂന്നാമത്തേത് വളരെ വിശാലമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സ്വര്‍ഗ്ഗരാജ്യപ്രവേശത്തിന് അനിവാര്യമായ കാര്യങ്ങളെല്ലാം ഇതില്‍പ്പെടും. വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതുമായ സകലതും അപ്പസ്തോലന്മാരെ അവിടുന്ന് പഠിപ്പിച്ചു. ഈ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ അടിസ്ഥാനമിട്ടതാണ് കത്തോലിക്കാസഭ! അതിനാല്‍ത്തന്നെ, ഇവ പിന്തുടരേണ്ടത് സഭയുടെ ധാര്‍മ്മിക ഉത്തരവാദിത്വവുമാണ്! അന്നും ഇന്നും സഭയുടെ വിശ്വാസസത്യങ്ങളില്‍ പ്രധാനപ്പെട്ടത്, യേഹ്ശുവായുടെ വീണ്ടുംവരവിനെ സംബന്ധിച്ചുള്ളതാകുന്നു. നിര്‍ഭാഗ്യവശാല്‍, സഭയുടെ വിശ്വാസപ്രമാണങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു സത്യമായി ഇത് ഒതുക്കപ്പെട്ടു! യേഹ്ശുവാ കല്പിച്ചവ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍നിന്നു സഭാധികാരികള്‍ പിന്നോട്ടുപോകുമ്പോള്‍ സഭാമക്കള്‍ ഈ ദൗത്യം ഏറ്റെടുക്കുന്നത് ശ്ലാഘനീയവും ശ്രേഷ്ഠവുമാണെന്ന് വചനത്തെ അടിസ്ഥാനപ്പെടുത്തി മനോവ പറയും! കാരണം, സുവിശേഷ പ്രഘോഷണം ഏതൊരു വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്. വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ പറഞ്ഞ അടയാളങ്ങളില്‍ ഒന്നാണിത്: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കയ്യിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 17, 18). എല്ലാ വിശ്വാസികള്‍ക്കുമായി വാഗ്ദാനം ചെയ്യപ്പെട്ട അടയാളങ്ങളെ ചിലര്‍ കുത്തകയാക്കി വച്ചിരിക്കുന്നത് ദൈവവചനം പ്രചരിക്കുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ഇന്നത്തെ അവസ്ഥയില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്! ഏതു വിശ്വാസത്തില്‍ ജീവിച്ചാലും രക്ഷപെടുമെന്ന പൈശാചിക വാദങ്ങളുമായി അധികാരികളില്‍ ഭൂരിപക്ഷവും അധഃപതിച്ചത് നാം കാണുന്നുണ്ടല്ലോ!

കത്തോലിക്കാസഭയെ ഇന്നു ഗ്രസിച്ചിരിക്കുന്ന ഏറ്റവും ദാരുണമായ അവസ്ഥകളില്‍ ഒന്ന്‍ വിജാതിയ അനുകരണമെന്ന ഒന്നാംപ്രമാണ ലംഘനമാണ്. ഈ അശുദ്ധിയുടെ പരിണിതഫലമായി പൈശാചികശക്തികളെപ്പോലും അംഗീകരിക്കുന്ന തിന്മ സഭയില്‍ കടന്നുവന്നു. നിലവിളക്കും ആരതിയുഴിയലും പൊട്ടും മന്ത്രച്ചരടുകളുമെല്ലാം ഇതിന്റെ ഭാഗമായി കടന്നുകൂടിയ പൈശാചികതകളാണ്. എന്നാല്‍, ഇത്തരം പൈശാചികതയ്ക്കെതിരെ തിരുത്തല്‍ ശക്തിയായി ചില മുന്നേറ്റങ്ങളുണ്ടായതില്‍ ഒന്നായിരുന്നു 'എംപെറര്‍ ഇമ്മാനുവേല്‍'! അണുവിട വ്യതിചലിക്കാതെ വചനത്തെ അനുസരിക്കുന്നതില്‍ ഇവര്‍ ആദ്യകാലങ്ങളില്‍ കാണിച്ച ജാഗ്രതയെ മനോവ ഉള്‍പ്പുളകത്തോടെയാണു നോക്കിക്കണ്ടത്. എന്നാല്‍, സഭവിട്ടു പുറത്തിറങ്ങിയതോടെ സാത്താന്‍ അവരെ ഏറ്റെടുത്തു! പിന്നീട് അവരിലുണ്ടായ ആശയവ്യതിയാനം ഇതിനുള്ള തെളിവാണ്! ഇന്ന്‍ ഒന്നിലധികം പാഷണ്ഡതകളുടെ ഊരാക്കുരുക്കിലാണ് ഈ പ്രസ്ഥാനത്തെ സാത്താന്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പാഷണ്ഡതകളില്‍നിന്നു പാഷണ്ഡതകളിലേക്ക് ഭ്രാന്തമായ ആവേശത്തോടെ ഓടുന്ന ഇവരുടെ ചില അബദ്ധങ്ങള്‍ ഇവിടെ കുറിക്കുന്നു.

'മുരിയാടു'സംഘത്തിന്റെ രഹസ്യഅജണ്ട!

ബൈബിളിലെ ഒരുകാര്യവും രഹസ്യമായി പഠിപ്പിക്കേണ്ടതല്ല; കാരണം, പരസ്യമായി പ്രഖ്യാപിക്കാന്‍ ലജ്ജിക്കേണ്ടതായ ഒന്നുംതന്നെ ക്രിസ്തു നമ്മെ പഠിപ്പിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ! എന്നാല്‍, എംപെറര്‍ ഇമ്മാനുവേലെന്ന 'മുരിയാടുസംഘം' ഇതില്‍നിന്നു വ്യത്യസ്ഥമായ രീതിയാണ് അവലംബിക്കുന്നത്. പരസ്യമായി പറയുന്നതും രഹസ്യമായി പഠിപ്പിക്കുന്നതുമായ രണ്ട് ആശയങ്ങള്‍ ഇവര്‍ക്കുണ്ട്. കത്തോലിക്കാസഭയില്‍നിന്ന്‍ അംഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് സഭയിലെ ദുരാചാരങ്ങളാണെങ്കിലും, തങ്ങളുടെ വരുതിയില്‍ എത്തിയവരെ വിനാശകരമായ ചില ആശയങ്ങള്‍ പഠിപ്പിക്കുന്നു. ഇത്തരത്തില്‍ പഠിപ്പിക്കുന്ന ആശയങ്ങളെക്കുറിച്ച് പരസ്യമായി യാതൊരു പ്രഖ്യാപനവും ഇല്ലെന്നതാണ് ഇവരുടെ കാപട്യം! ഈ ആശയങ്ങള്‍ വചനത്തില്‍ അധിഷ്ഠിതമാണെങ്കില്‍ എന്തുകൊണ്ട് ഇവ പരസ്യമായി പ്രഖ്യാപിക്കാന്‍ ഭയപ്പെടണം?

ഇവരുടെ രഹസ്യപഠനങ്ങളുടെ ചുരുളഴിക്കുന്നതിനുമുന്‍പ് ഇത്തരത്തിലുള്ള കാപട്യങ്ങളെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കാം: "ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും"(2 കേപ്പാ: 2; 1, 2).

രഹസ്യമായി പഠിപ്പിക്കുന്നവയിലെ അപകടം തിരിച്ചറിയണമെങ്കില്‍ ആ പഠനങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയിരിക്കണം. ഇവരുടെ ഔദ്യോഗിക 'വെബ്സൈറ്റില്‍'പോലും വെളിപ്പെടുത്താത്ത ഈ വ്യാജോപദേശങ്ങള്‍ മനോവ വെളിപ്പെടുത്തുകയാണ്!     

യേഹ്ശുവായുടെ രണ്ടാംവരവ്!

യേഹ്ശുവായില്‍ വിശ്വസിക്കുന്ന ഏതൊരു വിശ്വാസിയുടെയും പ്രത്യാശയാണ് അവിടുത്തെ പുനരാഗമനം. വിശ്വാസം ശക്തമോ ആശക്തമോ ആയിരുന്നാലും കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളില്‍ മുഖ്യമായതും വിശ്വാസികളെക്കൊണ്ട് നിരന്തരം ഏറ്റുപറയിക്കുന്നതും ഈ രണ്ടാംവരവാണ്! സഭയുടെ വിശ്വാസപ്രമാണത്തില്‍ ഇങ്ങനെ പറയുന്നു: 'ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ അവിടുന്ന് വീണ്ടും വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'.

യേഹ്ശുവായുടെ ആഗമനത്തെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. എവിടെയാണ് വരുന്നതെന്നും അത് എപ്രകാരം ആയിരിക്കുമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും, എന്നായിരിക്കും വരികയെന്ന ചോദ്യത്തിന്, അത്തിമരത്തില്‍നിന്നു പഠിക്കുകയെന്ന ഉപദേശമാണ് യേഹ്ശുവാ നല്‍കിയത്. ഒലിവുമലയില്‍ അവിടുന്ന് വരുമെന്ന് വ്യക്തമാക്കുന്ന രണ്ടു പ്രവചനങ്ങള്‍ പ്രവചനഗ്രന്ഥങ്ങളില്‍നിന്നും അപ്പസ്തോലിക ഗ്രന്ഥത്തില്‍നിന്നുമായി നമുക്ക് പരിശോധിക്കാം. "യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന്‍ അവിടുന്ന് നിലയുറപ്പിക്കും"(ശെഖരിയാഹ്: 14; 4). ശെഖരിയാഹ് പ്രവാചകനിലൂടെ യാഹ്‌വെ അരുളിച്ചെയ്ത ഈ പ്രവചനം ദൈവദൂതന്‍ ആവര്‍ത്തിക്കുന്നത് അപ്പസ്തോലിക ഗ്രന്ഥത്തില്‍ വായിക്കാന്‍ കഴിയും. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണ വേളയിലാണ് ദൂതന്‍ ഇതു പറയുന്നത്: "നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ. പ്രവര്‍: 1; 11). യേഹ്ശുവാ സംവഹിക്കപ്പെട്ടത് ഒലിവുമലയില്‍നിന്നാണെന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പന്ത്രണ്ടാമത്തെ വാക്യം ഇതിനു തെളിവു നല്‍കുന്നു!

എന്നാല്‍, മുരിയാടുസംഘം അവകാശപ്പെടുന്നത്, തങ്ങളുടെ മുരിയാടുള്ള കേന്ദ്രത്തില്‍ അവരുടെ രക്ഷകന്‍ വന്നിറങ്ങും എന്നാണ്! സാമാന്യബുദ്ധിയുള്ള ഏതെങ്കിലും ഒരുവനോട് ഇതു പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്നകാര്യത്തില്‍ നല്ല ബോദ്ധ്യമുള്ളതുകൊണ്ട് ഇക്കാര്യം ഇവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നില്ല. സഭവിട്ട് ഇറങ്ങിവന്ന് തങ്ങളുടെ അടിമായിത്തീരുന്ന വ്യക്തികളെയാണ് ഇത്തരം ഭോഷ്ക്കുകള്‍ അടിച്ചേല്പിക്കുന്നത്! ഇവരുടെ വ്യാജപ്രബോധനങ്ങളില്‍ കുടുങ്ങി സകലതും വിറ്റ്‌ മുരിയാടുകേന്ദ്രത്തില്‍ അഭയാര്‍ത്ഥികളെപ്പോലെ തമ്പടിച്ചിരിക്കുന്ന അനേകരുണ്ട്! കാരണം, യേഹ്ശുവാ വന്നിറങ്ങുമ്പോള്‍ ഇവര്‍ മാത്രമേ സ്വീകര്യരാവുകയുള്ളുവെന്ന അബദ്ധം ഇവരില്‍ അടിച്ചേല്പിച്ചിരിക്കുകയാണ്. യൂറോപ്പിലെ പ്രവാസജീവിതം ഉപേക്ഷിച്ച്, മുരിയാട് നിര്‍മ്മിച്ചിരിക്കുന്ന 'പെട്ടകത്തില്‍ കയറിയിരിക്കുന്ന വ്യക്തിയെ മനോവയ്ക്കറിയാം. ഇത്തരത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള അനേകരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ട്!

ക്രിസ്തീയതയെ വിജാതിയരുടെ ഇടയില്‍പ്പോലും അവഹേളിക്കുന്ന ഇത്തരം വിശ്വാസഭോഷ്ക്കുകള്‍ എവിടെനിന്ന് വരുന്നുവെന്ന് തിരിച്ചറിയാന്‍ സത്യവിശ്വാസികള്‍ക്കു കഴിയണം. അല്ലാത്തപക്ഷം ഇത്തരക്കാരുടെ പിടിയില്‍ അകപ്പെട്ടുപോകാം!

മുരിയാടുസഭയുടെ വിചിത്ര ത്രിത്വം!

പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ത്രിത്വൈക ദൈവത്തെയാണ് എല്ലാ ക്രൈസ്തവരും വിശ്വസിക്കുന്നത്. മുരിയാടുസഭയ്ക്ക് ഒഴികെ മറ്റെല്ലാ സഭകള്‍ക്കും ത്രിത്വത്തെക്കുറിച്ച് സമാനമായ ധാരണയും വിശ്വാസവുമാണ് ഉള്ളത്. ത്രിത്വത്തെക്കുറിച്ച് മനോവ പ്രസിദ്ധീകരിച്ച ലേഖനത്തെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും ഒന്നുപോലെ സ്വീകരിച്ചത് ഇതിന്റെ തെളിവായി പരിഗണിക്കാം. എന്നാല്‍, മുരിയാടുസഭ രഹസ്യമായി പഠിപ്പിക്കുന്ന ഭോഷ്ക്ക് നിസ്സാരമല്ല! അവരുടെ വിചിത്രമായ കണ്ടെത്തലില്‍ പിതാവായ ദൈവം യൗസേപ്പിതാവും പുത്രനായ ദൈവം യേഹ്ശുവായും പരിശുദ്ധാത്മാവായ ദൈവം കന്യകാമറിയവുമാണ്!

ഇത്രമാത്രം വിനാശകരമായ ആശയം പ്രചരിപ്പിക്കുന്ന മറ്റൊരു സഭയും ഈ ഭൂമിയില്‍ ഉണ്ടാകില്ല! അതീവരഹസ്യമായി ഇവര്‍ പ്രചരിപ്പിക്കുന്ന ഈ പാഷണ്ഡത ഇവരുടെ മാധ്യമങ്ങളിലൊന്നും കുറിക്കാതെ, തങ്ങളുടെ അടിമകളെ മാത്രം പഠിപ്പിക്കുന്ന ശൈലിയാണ് ഇവര്‍ അനുവര്‍ത്തിക്കുന്നത്! ത്രിത്വൈക ദൈവത്തെക്കുറിച്ചുള്ള മിഥ്യാധാരണ വിശ്വാസികളില്‍ കുത്തിനിറയ്ക്കാനുള്ള പൈശാചിക തന്ത്രമാണ് മുരിയാടുസംഘത്തെക്കൊണ്ട് സാത്താന്‍ നടപ്പാക്കുന്നത്! സഭയുമായി ഭിന്നതയില്‍ ആയിരിക്കുന്നവരും വചനത്തില്‍ ആഴമില്ലാത്തവരുമായ ദുര്‍ബ്ബലരെ വശീകരിച്ചു വരുതിയിലാക്കുന്ന ഹീനമായ തന്ത്രം ഇവര്‍ ഇതിനായി പ്രയോഗിക്കുന്നു.

മുഹമ്മദു നബിയിലൂടെയും അവന്റെ അനുചരന്മാരിലൂടെയും ത്രിത്വത്തെ എതിര്‍ക്കാന്‍ സാത്താന്‍ പരിശ്രമിച്ചു. ഇസ്ലാംമതക്കാര്‍ ഈ ഹീനകൃത്യം ഇന്നും തുടരുകയും ചെയ്യുന്നു. 'യഹോവാസാക്ഷികള്‍' എന്ന ദൈവനിഷേധികളും ത്രിത്വത്തെക്കുറിച്ച് മിഥ്യാധാരണ ജനങ്ങളില്‍ പരത്തുന്നത് നമുക്കറിയാം. ത്രിത്വത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഓരോ കാലങ്ങളിലും വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരുന്ന സാത്താന്‍ ഈ കാലഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത് 'മുരിയാടു'സംഘത്തെയാണ്!

പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് കൂടുതലായി വിവരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. കാരണം, `ത്രിത്വം` ഒരു മിഥ്യയല്ല; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ് എന്ന ലേഖനത്തില്‍ ഇതു വ്യക്തമായി വിവരിച്ചിട്ടുണ്ട്.

സഭകളുടെ പൊതുശത്രു കത്തോലിക്കാസഭ!

എന്തുകൊണ്ടാണ് എല്ലാ സഭകളും കത്തോലിക്കാസഭയുടെ നേരേ വാളോങ്ങുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ യേഹ്ശുവായാല്‍ സ്ഥാപിതമായ സഭ ഏതാണെന്നു കണ്ടെത്താന്‍ കഴിയും! ഈ സഭയില്‍ കേപ്പായുടെ സിംഹാസനമുണ്ട് എന്നതാണ് സാത്താനിതിനോടുള്ള ശത്രുതയ്ക്ക് ആധാരം! യേഹ്ശുവാ ഈ സഭയ്ക്കു നല്‍കിയ അനുഗ്രഹം, ഫലത്തില്‍ സാത്താന്റെ സകല ശക്തികളെയും നിര്‍വ്വീര്യമാക്കുന്നതായിരുന്നു. ആ വചനം നോക്കുക: "നീ കേപ്പായാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19). ഏതുവിധത്തില്‍ വ്യാഖ്യാനിച്ചാലും ഇത് കേപ്പായോട് യേഹ്ശുവാ പറഞ്ഞ വാക്കുകളാണെന്ന കാര്യത്തില്‍ സഭകള്‍ക്കൊന്നും തര്‍ക്കമുണ്ടാകാന്‍ സാദ്ധ്യതയില്ല. ഈ പാറമേല്‍ എന്നു പറഞ്ഞിരിക്കുന്നത് യേഹ്ശുവായെക്കുറിച്ചാണെന്ന് പെന്തക്കൊസ്തുകാര്‍ വാദിക്കാറുണ്ടെങ്കിലും അതില്‍ കഴമ്പില്ല. കാരണം, ഈ വാക്കുകള്‍ അറിയിക്കുന്നത് യേഹ്ശുവായാണെന്നും അറിയിച്ചത് കേപ്പായെയാണെന്നും സന്ദര്‍ഭവും വാക്കുകളും പരിശോധിച്ചാല്‍ മനസ്സിലാകും.

പെന്തക്കൊസ്തുകാര്‍ക്കും കത്തോലിക്കാവിരുദ്ധര്‍ക്കും ഇതു പറയാതെ മറ്റു വഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ വചനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അംഗീകരിച്ചാല്‍ തങ്ങള്‍ കെട്ടിപ്പടുത്ത സഭകളുടെ ആധികാരികത ചോദ്യംചെയ്യപ്പെടും എന്ന് അവര്‍ക്കറിയാം! സഭയെയും യേഹ്ശുവായെയും ചേര്‍ത്തുകൊണ്ട് അറിയിച്ചിരിക്കുന്ന വചനങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന യാഥാര്‍ത്ഥ്യങ്ങളെ കൗശലപൂര്‍വ്വം മറച്ചുവയ്ക്കുന്നത് തങ്ങളുടെ സഭയുടെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യാപ്പെടാതിരിക്കാന്‍ മാത്രമാണ്!

കത്തോലിക്കാസഭയില്‍ ആയിരുന്നപ്പോള്‍ ഈ സഭയ്ക്കുവേണ്ടി മുരിയാടുസഭ തീവ്രമായി വാദിച്ചിരുന്നുവെങ്കിലും ഇന്ന് കത്തോലിക്കാസഭയെ മുഖ്യശത്രുവായി കണ്ടുകൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍! ഇതിന്റെ ഭാഗമായി പുതിയ സിദ്ധാന്തങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. സഭകളെല്ലാം എടുത്തുമാറ്റപ്പെടുമെന്ന പഴഞ്ചന്‍ പെന്തക്കോസ്തു സിദ്ധാന്തമാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്. സഭയില്‍നിന്നു പുറത്തുപോയവര്‍ തങ്ങളുടെ നിലനില്പിനുവേണ്ടി വിളിച്ചുപറയുന്ന സ്വയംന്യായീകരണമായി മാത്രം ഇതിനെ കണ്ടാല്‍മതി!

എന്താണ് സഭയെന്നും യേഹ്ശുവായും സഭയും തമ്മില്‍ എപ്രകാരമാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും വളരെ വ്യക്തമായി വചനത്തില്‍ വിവരിച്ചിട്ടുണ്ട്. കേപ്പാ എന്ന പാറമേല്‍ പണിതുയര്‍ത്തപ്പെട്ട സഭയുടെ മൂലക്കല്ലും ശിരസ്സും ക്രിസ്തുവാണെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടും ഇതിനെ വളച്ചൊടിക്കുവാനുള്ള സഭാവിരുദ്ധരുടെ കുത്സിതശ്രമങ്ങള്‍ പരിശുദ്ധാത്മാവിനോടുള്ള യുദ്ധമായിട്ടാണ് മനോവ കാണുന്നത്! "അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌"(എഫേ: 2; 20). സഭയുടെ മൂലക്കല്ല് യേഹ്ശുവായും മറ്റു കല്ലുകള്‍ അപ്പസ്തോലന്മാരും പ്രവാചകന്മാരുമാണെന്ന് ഈ വചനത്തില്‍ വ്യക്തമാകുമ്പോള്‍, ആ സഭ ഉയര്‍ത്തപ്പെട്ട പാറ എങ്ങനെയാണ് യേഹ്ശുവായാകുന്നത്?

വിശ്വാസികളാണ് സഭയുടെ ശരീരമെന്നും അതു ക്രിസ്തുവിന്റെതന്നെ ശരീരമാണെന്നും വചനം വെളിപ്പെടുത്തുന്നുണ്ട്: "സഭ അവന്റെ ശരീരമാകുന്നു"(എഫേ: 1; 23). ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ അറിയിക്കുന്ന വചനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്"(എഫേ: 5; 23). ഈ വചനങ്ങളിലൂടെ സഭയുടെ മൂലക്കല്ലും ശരീരവും ശിരസ്സും ആരാണെന്ന് വ്യക്തമാകുന്നുണ്ട്. മൂലക്കല്ലിനോട് ചേര്‍ത്തുവച്ചിരിക്കുന്ന മറ്റു കല്ലുകളെയും വചനം മനസ്സിലാക്കിത്തരുന്നു. കൂടാതെ, ഈ സഭ നിലനില്‍ക്കുന്ന പാറ ഏതാണെന്നും വചനത്തിലൂടെ നമുക്കു മനസ്സിലാക്കാം. യേഹ്ശുവായെ 'ജീവിക്കുന്ന ദൈവത്തിന്റെ പുത്രനെന്ന്' ഏറ്റുപറഞ്ഞപ്പോള്‍, അതിനുള്ള അംഗീകാരമായി അവിടുന്ന് നല്‍കിയ ബഹുമതിയാണ് കേപ്പായ്ക്കു ലഭിച്ചത്! യേഹ്ശുവാ നല്‍കിയ ബഹുമതിയേയും അധികാരത്തെയും മനുഷ്യര്‍ക്കോ സാത്താനോ ഒന്നും ചെയ്യാന്‍ കഴിയില്ല! കാരണം, നരകകവാടങ്ങള്‍ ഇതിനെതിരെ പ്രബലപ്പെടുകയില്ല എന്നു പറഞ്ഞിരിക്കുന്നത് യേഹ്ശുവായാണ്!

ലോകം അവസാനിക്കാത്തതിന്റെ ഉത്തരവാദി കത്തോലിക്കാസഭയോ?

2012-ല്‍ ലോകം അവസാനിക്കുമെന്ന പ്രചരണം നടത്തുകയും പെട്ടകം പണിത് അതില്‍ കയറി ഇരിക്കുകയും ചെയ്ത മുരിയാടുസംഘം ഒടുവില്‍ ഇളിഭ്യരായപ്പോള്‍ കത്തോലിക്കാസഭയെ പുലഭ്യം പറയുന്നതിന്റെ ധാര്‍മ്മികത മനോവയ്ക്കു മനസ്സിലാകുന്നില്ല! ഇത് ഇവരുടെ മാത്രം പ്രത്യേകതയല്ല; സഭയില്‍നിന്നു വേറിട്ടുപോയി കുടുംബസഭകള്‍ ഉണ്ടാക്കിയ സകലരുടെയും പൊതുസ്വഭാവമാണിത്. സ്വതന്ത്രമായി ചില പ്രവചനങ്ങള്‍ നടത്തുകയും അതൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ തങ്ങളുടെ സഭയെ യേഹ്ശുവാ അംഗീകരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നുണ്ട്. എന്നാല്‍, അതു തുറന്നുസമ്മതിക്കാന്‍ തയ്യാറാകാതെ തങ്ങള്‍ ഇറങ്ങിപ്പോന്ന ഭവനത്തെ പുലഭ്യംപറയും!

ഭൂമിയില്‍ കെട്ടുന്നത് സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടുമെന്നും ഭൂമിയില്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടുമെന്നുമുള്ള വാഗ്ദാനത്തോടെ അധികാരം നല്‍കിയത് മറ്റ് അപ്പസ്തോലന്മാരില്‍ ആര്‍ക്കുമല്ല; കേപ്പായ്ക്കു മാത്രമാണ്! എന്നാല്‍, മത്തായിയുടെ സുവിശേഷത്തില്‍ പതിനെട്ടാം അദ്ധ്യായത്തില്‍ പതിനെട്ടാമത്തെ വാക്യത്തില്‍, കെട്ടാനും അഴിക്കാനും അധികാരം നല്‍കുന്ന ഭാഗമുണ്ട്. ഈ സന്ദര്‍ഭം മറ്റൊന്നാണ്. ഇവിടെ പറഞ്ഞിരിക്കുന്നത്; സഭയില്‍നിന്ന് ഒരുവനെ പുറത്താക്കുന്ന വിഷയമാണെന്നു മനസ്സിലാക്കണമെങ്കില്‍ വചനം പൂര്‍ണ്ണമായി വായിക്കണം! ആ വചനം ഇങ്ങനെ: "നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോകുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 15-18).

ഇവിടെ 'നിങ്ങള്‍' എന്നാണു പറഞ്ഞിരിക്കുന്നതെങ്കില്‍, പതിനാറാം അദ്ധ്യായത്തില്‍ കേപ്പായോട് പറയുന്നത് 'നീ' എന്ന ഏകവചനത്തില്‍ ആണ്! അതായത്, ഇവ രണ്ടും വ്യത്യസ്ഥമായ അധികാരങ്ങളെയാണ് സൂചിപ്പിക്കുന്നത്! മാത്രവുമല്ല, രണ്ടു വ്യത്യസ്ഥ സാഹചര്യങ്ങളിലാണ് യേഹ്ശുവാ ഇവ പ്രഖ്യാപിക്കുന്നത്.

സ്വതന്ത്ര സഭകളും കുടുംബസഭകളും പ്രവചിക്കുന്നതോ പ്രഖ്യാപിക്കുന്നതോ സ്വര്‍ഗ്ഗത്തില്‍ ഒരു ചലനവും സൃഷ്ടിക്കാത്തതിനാല്‍, വെറും അധരവ്യായാമം മാത്രമായി നിഷ്ഫലമാകുന്നത് സ്വാഭാവികം! കേപ്പായുടെ സിംഹാസനത്തില്‍നിന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത് എന്തുതന്നെയായിരുന്നാലും, അത് വചനസത്യങ്ങളാണെങ്കില്‍, അത് സ്വര്‍ഗ്ഗത്തിലും പ്രഖ്യാപിക്കപ്പെടും. സഭാവിരുദ്ധരെക്കൊണ്ട് അധരവ്യായാമം ചെയ്യിപ്പിക്കുന്ന സാത്താനും ഇക്കാര്യം നന്നായറിയാം. ഈ കാരണത്താലാണ് പ്രവചനങ്ങള്‍ നിറവേറാതെവരുമ്പോള്‍ കത്തോലിക്കാസഭയെ പുലഭ്യംപറയുന്നത്! തങ്ങളുടെ പ്രഖ്യാപനത്തിനു പിന്നാലെ കത്തോലിക്കാസഭയും പ്രഖ്യാപനം നടത്താത്തതിന്റെ ദേഷ്യം തീര്‍ക്കുകയാണ് ഇക്കൂട്ടര്‍! വചനത്തെ വ്യക്തമായി വിശകലനം ചെയ്യാതെ ഒരുകാര്യവും കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയില്ല. ചില മെത്രാന്മാരും നേതാക്കന്മാരും എന്തെങ്കിലുമൊക്കെ പറയുന്നത് കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനമാണെന്നു ധരിക്കരുത്!

കത്തോലിക്കാ വിരുദ്ധ മനഃശാസ്ത്രം!

സ്വന്തമായി 'പൂട്ടും താക്കോലും' ഉണ്ടാക്കി വില്‍ക്കുന്ന ഒരു 'കൊല്ലന്‍' തന്റെ മുഖ്യശത്രു 'ഗോദ്റേജ് കമ്പനി' ആണെന്നു പറയുന്നതുപോലെയാണ്, പത്ത് അംഗങ്ങള്‍പ്പോലും തികച്ചില്ലാത്ത സഭകള്‍ കത്തോലിക്കാസഭയെ മുഖ്യ എതിരാളിയായി പ്രഖ്യാപിക്കുന്നത്! ഇതിലൊരു മനഃശാസ്ത്രമുണ്ട്; എതിരാളികള്‍ ശക്തരാണെന്നു പ്രഖ്യാപിച്ച് സ്വയം വലുതാകാന്‍ ശ്രമിക്കുന്ന മനഃശാസ്ത്ര സമീപനമാണിത്! സിനിമകളില്‍ നായകന്റെ പ്രതിയോഗികളായി കരുത്തന്മാരായ വ്യക്തികളെ അവതരിപ്പിക്കുകയും, അവരെ നായകന്‍ നിലംപരിശാക്കുകയും ചെയ്യുന്നതിലൂടെ കാഴച്ചക്കാരില്‍ മിഥ്യാധാരണ ജനിപ്പിക്കുന്ന മനഃശാസ്ത്ര തന്ത്രമാണ് ഇവിടെ 'പുത്തന്‍സഭക്കാര്‍' പ്രയോഗിക്കുന്നത്!

'എംപെറര്‍ ഇമ്മാനുവേലി'ന്റെ 'വെബ്സൈറ്റ്' സന്ദര്‍ശിച്ചാല്‍ ഇത്തരത്തിലുള്ള ചില കുതന്ത്രങ്ങള്‍ കാണാം. കത്തോലിക്കാസഭയെ 'ക്വട്ടേഷന്‍' സംഘമായി അവതരിപ്പിക്കുന്ന രസകരമായ അവതരണം ഇവരുടെ 'വെബ്സൈറ്റില്‍' ഉണ്ട്. കത്തോലിക്കാസഭയില്‍നിന്ന്‍ ഇവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതിദാരുണമായ പീഡനങ്ങള്‍ വായിച്ചറിയുന്നവരില്‍, സത്യം അന്വേഷിച്ചറിയാന്‍ തയ്യാറാകാത്തവര്‍ ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ചേക്കാം: 'കത്തോലിക്കാസഭയുടെ തലപ്പത്തിരിക്കുന്നവര്‍ അഭിനവ നീറോമാരാണ്'!

ആശയപരമായി നേരിടാന്‍ ത്രാണിയില്ലാത്തവര്‍, ദുരാരോപണങ്ങളിലൂടെ എതിരാളികളുടെ വീര്യംകെടുത്താന്‍ ശ്രമിക്കുന്ന നീചമായ യുദ്ധതന്ത്രമാണിത്! വ്യക്തികളോ പ്രസ്ഥാനങ്ങളോ ആരുതന്നെയായിരുന്നാലും കുപ്രചാരണങ്ങള്‍ നടത്തുന്നുവെങ്കില്‍ അവരില്‍ കുടികൊള്ളുന്നത് ക്രിസ്തുവിന്റെ ആത്മാവല്ല. കത്തോലിക്കാസഭ മറ്റേതെങ്കിലും സഭകളെക്കുറിച്ച് നുണപ്രചാരണങ്ങള്‍ നടത്തുന്നതായി കാണാന്‍ കഴിയില്ല. ഏതെങ്കിലും വ്യക്തികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ അതു സഭയുടെ ഔദ്യോഗിക അംഗീകാരത്തോടെയാണെന്നു ധരിക്കരുത്. ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, മംഗലപ്പുഴ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ ഇറക്കിയ പുസ്തകം വത്തിക്കാന്റെ ഔദ്യോഗിക ഗ്രന്ഥമായി പരിഗണിക്കുകയും വേണ്ടാ! എന്നാല്‍, സഭാമക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ അവരെ സത്യം അറിയിക്കേണ്ട ഉത്തരവാദിത്വം സഭയുടെ നേതാക്കന്മാര്‍ക്കുണ്ട്. ഇടയലേഖനങ്ങളിലൂടെയും ധ്യാനമന്ദിരങ്ങളിലൂടെയും സഭയുടെ മറ്റു സംവിധാനങ്ങളിലൂടെയും ഇത് നിര്‍വ്വഹിക്കുമ്പോള്‍, ആരും ആവലാതിപ്പെട്ടിട്ടു കാര്യമില്ല!

കത്തോലിക്കാസഭയില്‍നിന്ന്‍ വധഭീഷണിയുണ്ടെന്നാണ് 'മുരിയാടുസംഘം' തങ്ങളുടെ 'വെബ്സൈറ്റില്‍' കുറിച്ചിരിക്കുന്നത്! ഇത് ഇവരുടെയൊരു മനോവൈകല്യമായിട്ടേ മനോവ കാണുന്നുള്ളൂ! 'ഒരുത്തനെതന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും' എന്നത് മനസ്സിന്റെ ഒരു കളിയാണ്. മുരിയാടുസംഘത്തിലെ ആരെയെങ്കിലും, തണ്ടും തടിയുമുള്ള മറ്റാരെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍, അവരെ കത്തോലിക്കാസഭ അയച്ച 'ക്വട്ടേഷന്‍'കാരനായി കാണുകയും ഭയപ്പെടുകയും ചെയ്യുന്നതിനെ മാനസികവിഭ്രാന്തി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?! തങ്ങളുടെ സംഘത്തില്‍പ്പെട്ട ആരെങ്കിലും ഒരു പഴത്തൊലിയില്‍ തെന്നിവീണാല്‍, അത് കത്തോലിക്കാസഭയെ പഴിചാരുന്ന രീതിയിലേക്ക് ഈ മനോരോഗം വളര്‍ന്നിരിക്കുന്നുവെന്ന്‍ ഇവരുടെ പ്രചരണങ്ങളില്‍നിന്ന്‍ വ്യക്തമാകും!

മുരിയാടുസംഘത്തിന്റെ മറ്റൊരാരോപണം, തങ്ങള്‍ക്കെതിരെ കത്തോലിക്കാസഭ 'കൂടോത്രവും മന്ത്രവാദവും' ചെയ്തുവെന്നാണ്! ഇതും ഒരു മാനസികപ്രശനം തന്നെ! വിജാതിയരും ചില വിജാതിയവാദികളും തങ്ങള്‍ക്ക് എന്തെങ്കിലും അനര്‍ത്ഥം സംഭവിക്കുമ്പോള്‍, ആരോ തങ്ങള്‍ക്കെതിരെ ക്ഷുദ്രവിദ്യ ചെയ്തുവെന്ന്‍ ചിന്തിക്കും! ഇതിനു പ്രധാനമായും ആവശ്യമായത് ചികിത്സയാണെന്ന കാര്യത്തില്‍ സംശയമില്ല! "യാക്കോബിന് ആഭിചാരം എല്ക്കുകയില്ല; യിസ്രായേലിനെതിരെ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ: 23; 23). ഈ വചനത്തിന്റെ ഫലം അനുഭവിക്കണമെങ്കില്‍ യിസ്രായേലാകാതെ തരമില്ല! ഇതൊന്നും മനോവ ഭാവനയില്‍ സൃഷ്ടിച്ച ആരോപനങ്ങളല്ല; മറിച്ച്, ഇവരുടെ 'വെബ്സൈറ്റില്‍' ആര്‍ക്കും വായിക്കാവുന്നതാണ്.

എന്നാല്‍, ഇവര്‍ ആരോപിക്കുന്ന കാര്യങ്ങളൊക്കെ യഥാര്‍ത്ഥത്തില്‍ ഇവര്‍തന്നെയാണ് ചെയ്യുന്നത്! ഈ അടുത്തദിവസം ഒരു വ്യക്തി മനോവയോടു പറഞ്ഞത് ഇതിനു തെളിവാണ്! ഇവരുടെ പാഷണ്ഡതകളെ തുറന്നുകാണിക്കുന്ന ഒരു ലേഖനം ഈ വ്യക്തി, തന്റെ ബ്ലോഗില്‍ 'പോസ്റ്റ്‌' ചെയ്തപ്പോള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്ന്‍ ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുക മാത്രമല്ല, അവരുടെ 'ലോഗോ' ഉപയോഗിച്ചു എന്നതിന് നിയമനടപടിക്ക് ഒരുങ്ങുകയും ചെയ്യുന്നു! ഇതാണ് 'എംപെറര്‍ ഇമ്മാനുവേല്‍'!

രഹസ്യ അജണ്ടകള്‍ ദൈവത്തില്‍നിന്നല്ല!

യേഹ്ശുവാ അവിടുത്തെ പരസ്യജീവിതകാലത്ത് ഒരുകാര്യവും രഹസ്യമായി പഠിപ്പിച്ചിട്ടില്ല. യേഹ്ശുവാ പരസ്യമായി പ്രഖ്യാപിച്ചതുപോലെതന്നെ അവിടുത്തെ അപ്പസ്തോലന്മാരും എല്ലാക്കാര്യങ്ങളും പരസ്യമായി പ്രഖ്യാപിച്ചു! ഇതാണ് അപ്പസ്തോലികസഭകളും പിന്തുടരേണ്ടത്. കത്തോലിക്കാസഭ തങ്ങളുടെ എല്ലാ നിലപാടുകളും വിശ്വാസങ്ങളും ഇന്നോളം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന വിശ്വാസങ്ങളില്‍നിന്നു വിഭിന്നമായ യാതൊന്നും സഭ രഹസ്യമായി പഠിപ്പിക്കുന്നുമില്ല. കാരണം, പരസ്യമായി പറയാന്‍ കൊള്ളാത്തതൊന്നും ബൈബിളിലില്ല! എന്നാല്‍, 'മുരിയാടുസംഘം' പരസ്യമായി പ്രഖ്യാപിക്കുന്നതും രഹസ്യമായി പഠിപ്പിക്കുന്നതും വെവ്വേറെ ആശയങ്ങളാണെന്നു നാം കണ്ടു! ഇതില്‍നിന്നുതന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ യേഹ്ശുവായ്ക്കോ അവിടുത്തെ അപ്പസ്തോലന്മാര്‍ക്കോ ചേര്‍ന്നതല്ലെന്നും മറ്റെല്ലാ പാഷണ്ഡതകളെയുംപോലെ കെട്ടടങ്ങാനുള്ളതാണെന്നും മനസ്സിലാക്കാം!

ഇവരെപ്പോലെതന്നെ ലോകാവസാനത്തിന്റെ തിയ്യതി നിശ്ചയിച്ചു കാത്തിരിക്കുകയും ഒടുവില്‍ സ്വയം ജീവനോടുക്കുകയും ചെയ്ത അഞ്ഞൂറുപേരുടെ സംഘത്തെ ചരിത്രം ഇന്നും വിസ്മരിച്ചിട്ടില്ല! വചനം ഇങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്: "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല. ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ"(മത്താ: 24; 35, 36).

തിന്മയുടെ പ്രചാരകരായി നിലകൊള്ളുന്ന അനേകം നേതാക്കന്മാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടെന്നകാര്യം യാഥാര്‍ത്ഥ്യമാണ്; എന്നാല്‍, അവയിലൊന്നുപോലും കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനങ്ങളല്ല! പ്രാദേശികതയുടെയും സാംസ്കാരികതയുടെയും വാദങ്ങളുമായി സഭയെ ദുഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരെ വെള്ളപൂശാനുള്ള ശ്രമമായി മനോവയുടെ ഈ ലേഖനത്തെ ആരും ഗണിക്കരുത്. ഇത്തരക്കാരുടെ വഷളത്തരങ്ങളെ തുറന്നുകാട്ടാനും എതിരിടാനും മനോവ എന്നും മുന്നില്‍നില്‍ക്കുന്നുവെന്ന് വായനക്കാര്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്.  പുറത്തുനില്‍ക്കുന്നവരുടെ പാഷണ്ഡതകളെക്കാള്‍ അപകടകരമായത് അകത്തുനില്‍ക്കുന്നവരുടെ പാഷണ്ഡതകളാണെന്ന് മനോവ ഇതിനോടകം അനേകം തവണ പ്രഖ്യാപിച്ചിട്ടുണ്ട്!  നേതാക്കന്മാരായി കണക്കാക്കപ്പെടുന്നവരും വചനവിരോധികളുമായ ചിലരുടെ ധാര്‍ഷ്ട്യമാണ് പല പാഷണ്ഡതകളും ഉടലെടുക്കാന്‍ കാരണമെന്നതും തിരിച്ചറിയേണ്ടാതാകുന്നു!

ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ മുരിയാടുസംഘം ഒരുകാര്യം ഓര്‍ക്കുക: കുരിശില്‍ കിടന്നുകൊണ്ട്, യോഹന്നാനോട് യേഹ്ശുവാ പറഞ്ഞത്; 'ഇതാ, നിന്റെ അമ്മ' എന്നാണ്; ഇതാ, പരിശുദ്ധാത്മാവ് എന്നല്ല! യേഹ്ശുവായും അപ്പസ്തോലന്മാരും അപ്പസ്തോലികസഭകളും വിശിഷ്യാ കത്തോലിക്കാസഭയും പരിശുദ്ധ കന്യകാമറിയത്തെ തങ്ങളുടെ അമ്മയായി പരിഗണിച്ചു സ്നേഹിക്കുന്നതുപോലെ മനോവയുടെയും സ്നേഹനിധിയായ അമ്മയാണ്‌ മറിയം! എന്നാല്‍, ഈ അമ്മ പരിശുദ്ധാത്മാവാണെന്നു ചിന്തിക്കാനുള്ള വിവരക്കേടില്ല! ഇത്തരത്തിലുള്ള വാദങ്ങള്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണമായി മനോവ കണക്കാക്കുന്നു. രണ്ടു വചനങ്ങള്‍ക്കൂടി കുറിച്ചുകൊണ്ട് ഈ മുഖപ്രസംഗം വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു!

"പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന്‍ ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു"(അപ്പ. പ്രവര്‍: 2; 1-4). അവര്‍ ആരൊക്കെയായിരുന്നു എന്നറിയണമെങ്കില്‍ ഈ വചനം നോക്കുക: "ഇവര്‍(അപ്പസ്തോലന്മാര്‍) ഏകമനസ്സോടെ യേഹ്ശുവായുടെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു"(അപ്പ. പ്രവര്‍: 1; 14).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4684 views

LOG IN

Lost your password?

SIGN UP

LOST PASSWORD