ഒരിക്കല്‍ ഒരു സന്യാസി തന്റെ ശിഷ്യനെ തപസ്സനുഷ്ഠിക്കുവാന്‍ മറ്റൊരിടത്തേയ്ക്ക് അയച്ചു. ഒരു പ്രത്യേകരീതിയിലുള്ള തപസ്സാണ് നിര്‍ദ്ദേശിച്ചിരുന്നത്. രണ്ടു കൗപീനമല്ലാതെ മറ്റൊരു വസ്ത്രവും അനുവദിച്ചിരുന്നില്ല. ഒരു കൗപീനം കഴുകി ഉണക്കുമ്പോള്‍ മറ്റൊന്ന് ഉപയോഗിക്കുകയായിരുന്നു പതിവ്. അങ്ങനെ തുടരവേ ഒരുനാള്‍ അലക്കി ഉണങ്ങാനിട്ടിരുന്ന കൗപീനം 'എലി' കരണ്ടിരിക്കുന്നതായി കണ്ടു. ആകെയുള്ള രണ്ട് കൗപീനങ്ങളില്‍ ഒന്ന് അങ്ങനെ നഷ്ടമായി. ഉണക്കാനിടുന്ന കൗപീനത്തിനു കാവലിരിക്കുന്നത് തപസ്സിനു തടസ്സമായതിനാല്‍ ഒരു പൂച്ചയെ വളര്‍ത്തുവാന്‍ യുവസന്യാസി തീരുമാനിച്ചു. തന്റെ കൗപീനത്തിന്റെ സംരക്ഷണത്തിനായി അപ്രകാരം ചെയ്തു.
എന്നാല്‍, പൂച്ചയ്ക്കുള്ള പാല് വാങ്ങാനായി ദിവസവുമുള്ള യാത്ര തപസ്സിനെ ബാധിച്ചു തുടങ്ങിയപ്പോള്‍ ആശ്രമവളപ്പില്‍ ഒരു പശുവിനെ വളര്‍ത്തുവാന്‍ അദ്ദേഹം തീരുമാനിച്ചു. ധാരാളം പുല്ല് ഉള്ളതിനാല്‍ പശുവിനെ വളര്‍ത്തുവാന്‍ ബുദ്ധിമുട്ടില്ലെന്നു സന്യാസിക്കു മനസ്സിലായി. എലിയെ ഓടിക്കാന്‍ പൂച്ചയുണ്ട്, പൂച്ചയ്ക്ക് പാല് കൊടുക്കാന്‍ പശുവും. എന്നാല്‍, പശുവിന്റെ കാര്യങ്ങള്‍ നോക്കുവാനും പാല് കറവയ്ക്ക് ഒരു ജോലിക്കാരന്‍ അത്യാവശ്യമായിരിക്കുന്നു. അങ്ങനെ ഒരു ജോലിക്കാരനെയും നിയമിച്ചു. അപ്പോള്‍ സന്യാസിക്കു തോന്നി; ഏതായാലും ജോലിക്കാരനുള്ളപ്പോള്‍ കുറച്ചുകൂടി പശുക്കളെ വളര്‍ത്താന്‍ ബുദ്ധിമുട്ടില്ല. പെട്ടന്നുതന്നെ ആശ്രമവളപ്പില്‍ ഒരു കന്നുകാലി ഫാം` വളര്‍ന്നുവന്നു. പിന്നീട് പാലുത്പ്പന്നങ്ങളുടെ സംസ്കരണ കേന്ദ്രവും മറ്റുമായി വലിയൊരു പ്രസ്ഥാനം യുവസന്യാസിയുടെ നിയന്ത്രണത്തില്‍ ഉണ്ടായി.
അങ്ങനെയിരിക്കെ ഒരുദിവസം, തന്റെ ശിഷ്യന്റെ തപസ്സ് കാണാന്‍ വൃദ്ധസന്യാസി ആശ്രമത്തിലെത്തി. തന്റെ വത്സലശിഷ്യനെ കണ്ടപ്പോള്‍ ഗുരു ഞെട്ടിപ്പോയി. രണ്ടു കൗപീനവുമായി തപസ്സിനു വന്ന ശിഷ്യന്‍, കറങ്ങുന്ന കസേരയിലിരുന്ന് `മൊബൈല്‍` ഫോണിലൂടെ `വലിയ` കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇതെല്ലാം കണ്ട് കണ്ണുമിഴിച്ച ഗുരുവിനോടായി ശിഷ്യന്‍ മൊഴിഞ്ഞു: 'എല്ലാം കൗപീന രക്ഷാര്‍ത്ഥം!'
കഥയില്‍ അല്‍പ്പം അതിശ്ശയോക്തി തോന്നാമെങ്കിലും; ചിന്തനീയമായ പല വസ്തുതകളും ഇതിലുണ്ട്. ദൗത്യത്തില്‍നിന്ന് വ്യതിചലിച്ച് വലിയ പ്രസ്ഥാനങ്ങളായി വളര്‍ന്നിരിക്കുകയാണ് പല കൂട്ടായ്മകളും. നല്ല ലക്ഷ്യത്തോടെയാണ് പല സംരംഭങ്ങളും ആരംഭിക്കുന്നത്. എന്നാല്‍, എത്തിനില്‍ക്കുന്നത് ലക്ഷ്യത്തില്‍നിന്നും വ്യത്യസ്ഥമായ വഴിയിലാണ്.
ക്രൈസ്തവ സഭകളുടെ ഇന്നത്തെ അവസ്ഥയും ഇതില്‍നിന്നു വ്യത്യസ്തമല്ല. യേഹ്ശുവായുടെ സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ പ്രഘോഷിക്കുവാന്‍ അഭിഷേകം ചെയ്യപ്പെട്ട പലസഭകളും ഇന്നു വ്യവസായ വത്കരിക്കപ്പെട്ടിരിക്കുകയാണ്. സമ്പത്തിന്റെ പിന്നാലെ പരക്കംപാഞ്ഞ് പലതും നേടി. ഇന്ന് ഈ സമ്പത്തിന്റെ സംരക്ഷണമാണ് മുഖ്യലകഷ്യം. അതിനുവേണ്ടി വിശ്വാസ സത്യങ്ങളെപോലും ബലികഴിക്കാന്‍ തയ്യാറാവുകയാണ് വിവിധ സഭകള്‍!
സുവിശേഷ വത്കരണത്തിന് വിദ്യാഭ്യാസം അത്യാവശ്യം തന്നെയായിരുന്നു. അതിനായി മിഷണറിമാര്‍ പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിച്ചു. കത്തോലിക്ക സഭയുടെ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയ പലരും ക്രിസ്തുമത വിദ്വേഷികളായി മാറി. വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യം വച്ചതല്ല പ്രാവര്‍ത്തികമാക്കിയത്. വിദ്യാഭ്യാസ മേഖല കച്ചവട വത്കരിക്കപ്പെട്ടുവെങ്കില്‍, ആ കച്ചവടം ക്രിസ്തുവിന്റെ സഭയ്ക്ക് ആവശ്യമുണ്ടോ? ലക്ഷ്യത്തില്‍നിന്നും വ്യതിചലിച്ചുള്ള യാത്ര അനാവശ്യമായ അപകടം വിളിച്ചുവരുത്തും. സുവിശേഷം അറിയിക്കുന്നതിനുള്ള ധനാഗമ മാര്‍ഗ്ഗമായി ഇവയെ ഉപയോഗിക്കുകയായിരുന്നുവെങ്കില്‍ നന്മയാകുമായിരിന്നു. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്നും ന്യൂനപക്ഷമായിരിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഇന്ത്യയിലെ ഇന്നത്തെ സഭ!
ഇന്ത്യയിലെ സുവിശേഷ പ്രവര്‍ത്തനത്തിനായി വിദേശികളായ പാവങ്ങള്‍ നല്‍കുന്ന പണം ഉപയോഗിക്കുന്നത് യേഹ്ശുവായെ അവഹേളിക്കുവാനാണെന്ന് അവരറിയുന്നില്ല. കേരളത്തിലുള്ള മൂന്നു റീത്തുകള്‍ക്കും അവരുടെതായ `സോഷ്യല്‍ ഓര്‍ഗനൈസേഷനുകള്‍` ഉണ്ട്. സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയിലെ ഒരു 'മൈക്രോ ഫിനാന്‍സിംഗ്' സംഘടനയാണ് `സി.ഓ.ഡി`. ഇവരുടെ സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഒരു മതസൗഹാര്‍ദ്ദ ഗാനം ആലപിക്കാറുണ്ട്. ചില മഹാന്മാരായ വ്യക്തികളെയും ഹൈന്ദവര്‍ ദൈവമായി ആരാധിക്കുന്ന കഥാനായകന്മാരെയും ഇസ്ലാം മതവിശ്വാസികള്‍ തങ്ങളുടെ പ്രവാചകന്‍ എന്നു കരുതുന്ന മുഹമ്മദിനെയും യേഹ്ശുവായോടു സമന്മാരാക്കി കീര്‍ത്തിക്കുന്ന ഒരു ഗാനം! ഈ പാട്ട് കേള്‍ക്കുമ്പോള്‍ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നു ഊറ്റം കൊള്ളുന്നവര്‍ തോമാശ്ലീഹായെ ഒന്നോര്‍ക്കുക!
ദൈവത്തിനും അവിടുത്തെ ആലയത്തിനും വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത് എന്നു ചിന്തിക്കുക!(1കോറി:6;16). യേഹ്ശുവായാണ് ഏകരക്ഷകന്‍ എന്നു പറയാന്‍ ശ്രമിക്കാതെ, സകല വിഗ്രഹങ്ങള്‍ക്കുമൊപ്പം യേഹ്ശുവായെ തരംതാഴ്ത്താന്‍ ഉപയോഗിക്കുന്ന പണം ആരുടെ വിയര്‍പ്പിന്റെ ഫലമാണ്? യേഹ്ശുവായിലൂടെയുള്ള രക്ഷ വിജാതിയരെ അറിയിക്കാനായി ദൈവമക്കള്‍ തരുന്നതാണ്. "അങ്ങനെ ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നന്മകള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി"(എഫേ: 1; 21). എന്നാല്‍, ദൈവം ഉയര്‍ത്തിയവനെ മനുഷ്യന്‍ തരംതാഴ്ത്തുന്ന കാഴ്ച വിചിത്രംതന്നെ!
സഭയെ യഥാര്‍ത്ഥ ദൗത്യത്തില്‍നിന്നും വ്യതിചലിപ്പിച്ച് ഒരു പ്രസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്. എന്താണ് സഭയുടെ ഇപ്പോഴത്തെ ദൗത്യം? ലോക സാക്ഷരതയോ ഭൂമിയില്‍ സ്വര്‍ഗ്ഗം പടുത്തുയര്‍ത്തുകയോ? ഇതു രണ്ടും യേഹ്ശുവാ ഭരമേല്പിച്ച ദൗത്യമല്ല!
ആതുരശുശ്രൂഷ ദൈവം ഏല്‍പ്പിച്ചു; എന്നാല്‍, വിജാതിയര്‍പോലും സഭയേക്കാള്‍ നന്നായി ആ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെയും സഭയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലാതായി. ലോകമെങ്ങും പോയി സുവിശേഷം അറിയിക്കാന്‍ യേഹ്ശുവാ ചുമതലപ്പെടുത്തിയിട്ടും, ആരെയാണ് സഭ അതറിയിക്കുന്നത്? ചില സന്യാസ സമൂഹം സുവിശേഷത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തളര്‍ത്തുന്ന സമീപനമാണ് സഭയുടെ ഭാഗത്തുനിന്ന് കാണുന്നത്. ആരെങ്കിലും സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ അവരെ പള്ളിയില്‍ നിന്നും പുറത്താക്കുമ്പോള്‍, പരസ്യപാപം ചെയ്തു ജീവിക്കുന്നവര്‍ അരമനകളില്‍ അത്താഴ വിരുന്നുണ്ണുന്നതോ സുവിശേഷവത്കരണം?
സുവിശേഷവത്ക്കരണം 2000 എന്നെഴുതിയ ബാനറുകളില്‍ പലതും പകുതി ദ്രവിച്ച് കവലകളില്‍ നില്‍ക്കുന്നുണ്ട്. വെറും `കൗപീനത്തെ` രക്ഷിക്കാന്‍വേണ്ടി കെട്ടിപ്പൊക്കുന്ന സൗധങ്ങളല്ല യേഹ്ശുവായ്ക്ക് ആവശ്യം; ആത്മാക്കളെ രക്ഷ അറിയിക്കുന്ന മുന്നേറ്റങ്ങളാണ്. കരിസ്മാറ്റിക് മുന്നേറ്റം സഭയില്‍ കടന്നു വന്നപ്പോള്‍; അവരെ ഭ്രാന്തന്മാര്‍ എന്നാക്ഷേപിച്ച് മാറ്റി നിര്‍ത്തിയവര്‍ ഓര്‍ക്കുക! ആ മുന്നേറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ധ്യാന മന്ദിരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് വിശ്വാസികളെ ശബാത്താചരിക്കാന്‍പോലും കിട്ടുമായിരുന്നില്ല!
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് യെരുശലേം ദൈവാലയത്തില്‍ യേഹ്ശുവാ പ്രവര്‍ത്തിച്ചത് എന്താണെന്ന് അറിയാമല്ലോ! ദൈവത്തിന്റെ ആലയം കച്ചവടക്കാരന്റെ ഗുഹയാക്കി മാറ്റരുത്. യെഹൂദര്‍ സ്വീകരിക്കാത്തതു മൂലം രക്ഷ ലഭിച്ച പലരും നമുക്കിടയിലുണ്ട്. സ്വാഭാവിക ശിഖരങ്ങള്‍ വെട്ടിമാറ്റി പ്രകൃതിസഹജമല്ലാത്തവിധം കൂട്ടിച്ചേര്‍ക്കപ്പെട്ട കാട്ടൊലിവിന്റെ ശിഖരങ്ങള്‍! എന്നാല്‍, ഈ ശിഖരങ്ങള്‍ ഫലം നല്‍കാതിരുന്നാല്‍ വീണ്ടും വെട്ടി മാറ്റപ്പെടും. സ്വാഭാവിക ശിഖരംതന്നെ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും!(റോമ: 11; 24).
എവിടെ വഴിതെറ്റിയോ അവിടെവരെ തിരിച്ചു നടക്കുക; പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരാകുക. ലോകത്തിന്റെ സ്വരത്തിനു കാതുകൊടുത്തു യാത്ര ചെയ്യുമ്പോള്‍, ഒരിക്കല്‍ യേഹ്ശുവാ വീണ്ടുംവരും! അന്ന് അവിടത്തോട് ഇങ്ങനെ പറയേണ്ടിവരും: 'എല്ലാം കൗപീന രക്ഷാര്‍ത്ഥം!!'
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-