എഡിറ്റോറിയല്‍

ആരാണ്, അല്ലെങ്കില്‍ എന്താണ് നിന്‍റെ ദൈവം?

Print By
about

രിക്കല്‍ ഒരു വ്യക്തി വലിയൊരു ജലപ്രളയത്തില്‍ അകപ്പെട്ടു. ശക്തമായ ഒഴുക്കില്‍പെട്ട് ഒഴുകിയൊഴുകി പോവുകയാണ്. താന്‍ അമൂല്യമായി സൂക്ഷിച്ചിരുന്ന രത്നങ്ങള്‍ അടങ്ങിയ ഒരു ചെറുസഞ്ചിയും കൈപ്പിടിയിലുണ്ട്. ഇത് ബാങ്കിലെ 'ലോക്കറില്‍' സൂക്ഷിക്കാന്‍ പോകുന്ന വഴിയിലായിരുന്നു ഈ ദുരന്തം! കുറച്ചുകൂടി താഴേക്ക് ഒഴുകിയെത്തിയാല്‍ വലിയൊരു വെള്ളച്ചാട്ടത്തിലേക്ക് പതിക്കും എന്നത് ഭയത്തോടെ അയാള്‍ ഓര്‍മ്മിച്ചു! ആരെയും രക്ഷയ്ക്കായി കാണുന്നുമില്ല. താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഉറപ്പിച്ചു.

ഭാഗ്യം അയാളുടെ തുണയ്ക്കെത്തിയത് പൊടുന്നനെയിരുന്നു. പെരുവെള്ളത്തില്‍ ഒഴുകികൊണ്ടിരുന്നയാളെ അകലെനിന്നും ഒരു മനുഷ്യന്‍ കണ്ടു. അവന്‍ ആളുകളെ വിളിച്ചുകൂട്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളില്‍നിന്നും രക്ഷയുടെ പ്രതീക്ഷ അയാളില്‍ അങ്കുരിച്ചു! രക്ഷാപ്രവര്‍ത്തകര്‍ ഇട്ടുകൊടുത്ത വലിയൊരു 'വടം' തൊട്ടടുത്തെത്തി. ഇനി കൈനീട്ടി അതില്‍ പിടിച്ചാല്‍ മാത്രംമതി! തന്റെ കയ്യിലിരുന്ന രത്നങ്ങളടങ്ങിയ സഞ്ചി വായില്‍ കടിച്ചുപിടിക്കാമെന്ന് കരുതിയപ്പോഴാണ് ഒരുകാര്യം മനസ്സിലായത്‌. അപകടത്തിലെപ്പോഴോ തന്റെ പല്ലും ചുണ്ടുകളും തകര്‍ന്നിരിക്കുകയാണ്. വടം തന്റെ തൊട്ടടുത്തെത്തി! കരയില്‍ നിന്നവര്‍ വടത്തില്‍ പിടിക്കാന്‍ വിളിച്ചുപറയുന്നുമുണ്ട്. ഇനിയും അല്പംകൂടി മുന്നോട്ടു പോയാല്‍  ദുരന്തകരമായ വെള്ളച്ചാട്ടത്തില്‍ താന്‍ പതിക്കും!! വടത്തില്‍ പിടിച്ചാല്‍ കയ്യിലെ രത്നങ്ങള്‍ നഷ്ടപ്പെടും! മറ്റു വഴികള്‍  ചിന്തിക്കാനുള്ള സമയം തനിക്ക്‌ മുന്നിലില്ല.. പൂര്‍ത്തീകരിക്കാതെതന്നെ കഥയിവിടെ നിര്‍ത്താം!

ഒരുപക്ഷെ ഇതൊരു സാങ്കല്പിക കഥയോ സംഭവകഥയോ ആകാം. അല്ലെങ്കില്‍ ഇതിനോട് സമാനമായ മറ്റു  സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ടാകുകയും ചെയ്യാം.

എന്തുതന്നെയായിരുന്നാലും, ഈ കഥ നാം വളരെ ചിന്തിക്കേണ്ട ഒരു കാര്യമാണ്. നമ്മള്‍ ഇപ്പോള്‍ ശ്രദ്ധിച്ച കഥയ്ക്ക്‌ രണ്ടുതരത്തിലുള്ള അന്ത്യത്തിന് സാദ്ധ്യതയുണ്ടെന്ന് നമുക്കറിയാം. ഒന്നുകില്‍ രത്നങ്ങള്‍ ഉപേക്ഷിച്ച് ജീവനെ രക്ഷിക്കാം. അല്ലെങ്കില്‍ രത്നങ്ങളോടൊപ്പം ജീവനെയും നഷ്ടപ്പെടുത്താം!

ആത്മീയ ജീവിതത്തില്‍ ഇത്തരമൊരു തീരുമാനം എടുക്കലിന്റെ പ്രതിസന്ധി നമ്മുടെയെല്ലാം ജീവിതത്തില്‍ വന്നിട്ടുണ്ട്. രത്നങ്ങള്‍ ഉപേക്ഷിച്ച് ജീവനെ രക്ഷിച്ചവരാണ് ഇന്ന്‍ ആത്മീയ ജീവിതത്തില്‍ തുടരുന്നത്. ദൈവത്തിലേക്ക് തിരിയാന്‍ തടസമായി ഇത്തരം പല രത്നങ്ങളുമുണ്ട്. ഉപേക്ഷിക്കാന്‍ കഴിയാത്ത ജഡമോഹങ്ങളുടെ പ്രതിബന്ധങ്ങള്‍! ദൈവത്തിനു സ്വീകാര്യമല്ലാത്തവ നമ്മിലുണ്ടെങ്കില്‍ ഒരിക്കലും ദൈവത്തിന്റെ കൃപകള്‍ സ്വീകരിക്കുവാന്‍ കഴിയില്ല. ഏതാണ് കൂടുതല്‍ ശേഷ്ഠമെന്നു തിരിച്ചറിഞ്ഞ് നല്ലത് തിരഞ്ഞെടുക്കാനുള്ള, ഒരു തിരഞ്ഞെടുപ്പിന്റെ മുന്‍പിലാണ് നാമെല്ലാവരും! നമ്മുടെ ജീവന്‍, പാപകരമായ ദുര്‍വാസനകളോടെ നിത്യനാശത്തില്‍ പതിക്കണമോ?താത്കാലിക സൗഭാഗ്യങ്ങളെ ഉപേക്ഷിച്ച് നിത്യത അവകാശമാക്കണമോ? ഇതാണ് എല്ലാവരുടെയും മുന്നിലുള്ള ചോദ്യം! ഇന്നു പലരും അമൂല്യമെന്ന്  കരുതി മുറുകെ പിടിച്ചിരിക്കുന്ന രത്നങ്ങളാണ് അവരെ രക്ഷയില്‍നിന്നും അകറ്റിയിരിക്കുന്നത്.

നഷ്ടപ്പെടുന്നവ എന്തുതന്നെ ആയിരുന്നാലും, ഇവയേക്കാള്‍ എത്രയോ  മടങ്ങ്‌ നല്‍കാന്‍ ദൈവത്തിനു കഴിയും എന്ന് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ദൈവത്തെയും ദൈവരാജ്യത്തെയുംപ്രതി എന്തുതന്നെ  ഉപേക്ഷിക്കേണ്ടിവന്നാലും അവയെല്ലാം നൂറിരട്ടിയായി ദൈവം നല്‍കും എന്നാണ് വചനം  പറയുന്നത്. "എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കില്ല- ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും"(മര്‍ക്കോ: 10; 30).

ഇത് ദൈവത്തിന്റെ വാഗ്ദാനമാണ്. പലപ്പോഴും വിശ്വാസക്കുറവുമൂലം വാഗ്ദാനങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നില്ല. അപകടകരമായ നീര്‍ച്ചുഴിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ ദൈവം  നീട്ടിത്തരുന്ന കരംപിടിക്കാന്‍ നമുക്ക് കഴിയാതെ വരുന്നത് ഇത്തരം ചില 'രത്നങ്ങളാണ്'! അത് പലരൂപത്തിലും വരാം! അബദ്ധമായ ചില വിശ്വാസങ്ങളോ അപകടകരമായ കൂട്ടുകെട്ടുകളോ ആകാം. ഈ വിശ്വാസങ്ങളും കൂട്ടുകെട്ടുകളുമായി യാത്ര ചെയ്യുന്നത് വലിയ അപകടത്തിലേക്കാണെന്ന് തിരിച്ചറിയുമ്പോഴേക്കും രക്ഷ അസാദ്ധ്യമായേക്കാം!

ഈ കഥയില്‍, രത്നങ്ങള്‍ സൂക്ഷിക്കാനുള്ള യാത്രയിലാണ് അയാള്‍ അപകടത്തില്‍പെടുന്നത്. സ്വന്തം ജീവനെ കൂടുതലായി കരുതിയിരുന്നെങ്കില്‍ അപകടത്തില്‍ അകപ്പെടാന്‍ സാദ്ധ്യതയില്ലായിരുന്നു. ആത്മീയതയിലും ഇങ്ങനെ തന്നെയാണ്. ചില  ബന്ധങ്ങളും വിശ്വാസങ്ങളുമാണ് പല അപകടങ്ങളിലും നമ്മെ കൊണ്ടെത്തിക്കുന്നത്. ദുരന്തത്തില്‍ അകപ്പെട്ടാല്‍പോലും ഉപേക്ഷിക്കാതെ മുറുകെപ്പിടിച്ചിരിക്കുന്ന  പലതും വലിച്ചെറിയാന്‍ തയ്യാറായാല്‍ രക്ഷപെടുക എളുപ്പമാകും. എന്നെങ്കിലുമൊരിക്കല്‍ തീര്‍ച്ചയായും ഉപേക്ഷിച്ച് പോകേണ്ട ഒന്നിനുവേണ്ടി നഷ്ടപ്പെടുത്തുന്നത് നിത്യമായ സന്തോഷമാണെന്ന് മനസ്സിലാക്കണം.

പാപങ്ങളില്‍നിന്നും ലഭിച്ചേക്കാവുന്ന താത്കാലിക സന്തോഷങ്ങള്‍ വലിയ 'ഊരാകുരുക്കുകളില്‍'  കൊണ്ടെത്തിക്കും. "നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക"(സംഖ്യ: 32; 23). എന്ന് തിരുവചനം മുന്നറിയിപ്പ് തരുന്നുണ്ട്. നമുക്ക് മുന്നില്‍ തുറന്നുവച്ചിരിക്കുന്ന രക്ഷയുടെ സുവിശേഷത്തെ കയ്യെത്തിപിടിക്കാന്‍ എന്താണ് നമ്മിലുള്ള തടസ്സമെന്നു കണ്ടെത്തി അവയെ വലിച്ചെറിഞ്ഞാല്‍ ശാശ്വതമായ രക്ഷയെ നമുക്ക് സ്വന്തമാക്കാം.

നമ്മെ അപകടത്തിലേക്ക് നയിച്ചിട്ടുള്ളതും വിലപിടിപ്പുള്ളതെന്നു നാം കരുതുന്നതുമായ എന്തും ഉപേക്ഷിക്കാന്‍ നമുക്ക് തയ്യാറാകാം. അപ്പോള്‍ യഥാര്‍ത്ഥമായ നിധി കണ്ടെത്താന്‍ കഴിയും.നാം നല്ലതെന്ന് കരുതുന്നവ ദൈവത്തിനു ശ്രേഷ്ഠമാകണമെന്നില്ല. ദൈവത്തിനു സ്വീകാര്യമായവയും അല്ലാത്തവയും എന്താണെന്ന് അറിയണമെങ്കില്‍ വചനം പരിശോധിക്കണം. അതുകൊണ്ട്, ദൈവത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് കടന്നുവരുവാന്‍ നമ്മിലുള്ള തടസങ്ങള്‍  കണ്ടെത്തി അവയെ നീക്കികളയുക. എത്ര വിലപിടിപ്പുള്ള രത്നങ്ങളായാലും നമ്മുടെ ആത്മാവിനേക്കാള്‍ വിലയേറിയതല്ല. "നീ ഈ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്ത് പ്രയോജനം?" എന്നല്ലേ യേഹ്ശുവാ ചോദിക്കുന്നത്?

എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നത് ഏറ്റവും പ്രധാനമായ കല്പനയെന്നു നമുക്കറിയാം. അതങ്ങനെ തന്നെയാണെന്ന് മിക്കവരും പറയും. ദൈവത്തെക്കാള്‍ ഉപരിയായി ആരെയും താന്‍ സ്നേഹിക്കുന്നില്ല എന്നുതന്നെയാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, ചില നഷ്ടപ്പെടലുകള്‍ ജീവിതത്തില്‍ വരുമ്പോഴാണ് യഥാര്‍ത്ഥ  സത്യം നമുക്ക് മനസ്സിലാകുക! ദൈവം അരുതെന്ന് പറഞ്ഞിട്ടുള്ളവയെ നാം സ്വീകരിക്കുമ്പോള്‍, ദൈവത്തിനാണോ ജീവിതത്തില്‍ ഒന്നാം സ്ഥാനം? ദൈവത്തിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ തടസമായിട്ടുള്ളവയെ ഉപേക്ഷിക്കാന്‍ കഴിയാത്തതും കല്പനയ്ക്കെതിരാണ്.അങ്ങനെയുള്ളവ വസ്തുക്കളായാലും വ്യക്തികളായാലും വിഗ്രഹങ്ങളാണ്. അവരുടെ ദൈവവും ഇവതന്നെ!

മുങ്ങിത്താഴുന്ന കപ്പലില്‍നിന്നു ഭക്ഷണസാധനങ്ങള്‍പോലും  കടലിലേക്ക് വലിച്ചെറിയുന്നതായി കേട്ടിട്ടില്ലേ? യാത്രക്കാരുടെ  ജീവനാണ് ഏറ്റവുമധികം പ്രാധാന്യം കല്പിക്കുന്നത്. എത്ര വിലപിടിപ്പുള്ളവയും  ഉപേക്ഷിക്കുന്നത് മനുഷ്യജീവന് കൂടുതല്‍ വില കൊടുത്തിരിക്കുന്നത് കൊണ്ടാണല്ലോ! ഇത് നമ്മുടെ ആത്മീയ ജീവിതത്തില്‍ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍, രക്ഷയിലെത്തിയെന്നു  നമുക്ക് സന്തോഷിക്കാം.

യേഹ്ശുവാ, അവിടുത്തെ രക്ഷാകരമായ കരം നമുക്ക് നേരെ നീട്ടിയിരിക്കുന്നു. ആ കരംപിടിക്കാന്‍  തടസ്സമായി  നമ്മുടെ കരങ്ങളില്‍ ചുരുട്ടി പിടിച്ചിരിക്കുന്നവ വലിച്ചെറിയാം! നഷ്ടപ്പെടുത്തുന്നവ എന്തും തരാന്‍ കഴിവുള്ളവന്റെ കരങ്ങളില്‍ നമുക്ക് പിടിക്കാം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4532 views

LOG IN

Lost your password?

SIGN UP

LOST PASSWORD