എഡിറ്റോറിയല്‍

ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമോ?!

Print By
about

15 - 07 - 2017

കേരളത്തിലെ രണ്ടു പ്രമുഖ നേതാക്കന്മാര്‍ ഈ അടുത്ത നാളുകളില്‍ നടത്തിയ അഭിപ്രായപ്രകടനം നാം കേള്‍ക്കുകയും കാണുകയും വായിക്കുകയും ചെയ്തു. കവലപ്രസംഗം നടത്തുന്നവരുടെ ജല്പനങ്ങളായി ഇതിനെ കാണാന്‍ മനോവയ്ക്കു കഴിയില്ല. എന്തെന്നാല്‍, കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ എന്നതിലുപരി, ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ഉന്നതരായ വ്യക്തികളാണ് ഇവര്‍. പിണറായി വിജയനും രമേശ്‌ ചെന്നിത്തലയും വെറും രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല. അതിനാല്‍ത്തന്നെ, ഇവര്‍ നടത്തുന്ന പ്രസ്താവനകളെ നാം ഗൗരവമായി കാണണം. ആയതിനാല്‍, കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ മനസ്സോടെ നടത്തിയ ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനയുടെ നിജസ്ഥിതി ഈ ലേഖനത്തിലൂടെ നാം പരിശോധിക്കുകയാണ്.

കേരളത്തിന്റെ മൂന്നിലൊന്നു വലിപ്പം മാത്രമുള്ള ഇസ്രായേല്‍ എന്ന രാജ്യത്ത് പതിനായിരത്തോളം ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തോടെയും സുരക്ഷിതത്വത്തോടെയും ജോലിചെയ്യുന്നുണ്ട്. പൊതുനിരത്തില്‍ ഇറങ്ങിനടക്കുമ്പോള്‍ കേരളത്തിലെപ്പോലെ സ്ത്രീകള്‍ അവിടെ പീഡിപ്പിക്കപ്പെടാറില്ല! പശുവിറച്ചി കൈവശം വച്ചതിന്റെ പേരില്‍ അവിടെ ആരും പച്ചയ്ക്കു കൊളുത്തപ്പെട്ടിട്ടില്ല! രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അമ്പത്തിരണ്ടു വെട്ടുവെട്ടി ആരെയും അവിടെ കൊല്ലാറില്ല! കഥ എഴുതിയതിന്റെ പേരില്‍ ആരുടേയും കൈകള്‍ അവിടെ വെട്ടിമാറ്റപ്പെട്ടിട്ടില്ല! ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ അവിടെ അഗ്നിക്കിരയാക്കപ്പെട്ടിട്ടില്ല! മത സ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെട്ടിട്ടില്ല! ആരെയും അവിടെ രണ്ടാംതരം പൗരന്മാരായി മാറ്റിനിര്‍ത്തുന്നില്ല! ആ രാജ്യത്ത് ആരും പട്ടിണി അനുഭവിക്കുന്നില്ല! സ്വദേശികളും പരദേശികളും സുരക്ഷിതത്വത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനായി ജീവന്‍ പണയംവച്ച് ജാഗരൂകരായി നിലകൊള്ളുന്ന ശക്തമായ സൈന്യം അവിടെയുണ്ട്! ഇസ്രായേലിനെ സംബന്ധിച്ച് ഇനിയും ഏറെ വിശേഷണങ്ങള്‍ നല്‍കാനുണ്ട്. ഈ രാജ്യത്തെയാണ് ചില ശുംഭന്മാര്‍ ഭീകരരാഷ്ട്രം എന്നുവിളിച്ച് ആക്ഷേപിച്ചത്.

ഇസ്രായേലില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് കേരളത്തില്‍ ലഭിക്കാത്ത സുരക്ഷിതത്വം അവിടെ ലഭിക്കുന്നു എന്നതാണ് അനുഭവം! ഇത് മനോവയുടെ വാക്കുകളല്ല; മറിച്ച്, അവിടെ ജീവിക്കുന്ന പതിനായിരത്തോളം ഇന്ത്യക്കാര്‍ ഏകസ്വരത്തില്‍ പറയുന്ന വാക്കുകളാണ്! ഇസ്രായേലിനെ പുലഭ്യം പറയുന്ന രമേശ്‌ ചെന്നിത്തലയും പിണറായി വിജയനും ഒരുകാര്യം മനസ്സിലാക്കണം. ഈ ലോകത്തു ജീവിക്കുന്ന ഇരുന്നൂറു കോടിയിലേറെ ക്രിസ്ത്യാനികള്‍ തങ്ങളുടെ പുണ്യഭൂമിയായി പരിഗണിച്ചിരിക്കുന്ന രാജ്യമാണ് ഇസ്രായേല്‍! ഒരുകോടി മുപ്പത്തഞ്ചുലക്ഷം യഹൂദരുടെ വികാരമാണ് ആ രാജ്യം! കേരളത്തിലെ സംഘടിത വോട്ടുബാങ്ക് ആയ ഇസ്ലാമിനെ പ്രീണിപ്പിക്കാനാണ് നിങ്ങളുടെ ശ്രമം എന്നു മനോവയ്ക്കറിയാം. ക്രിസ്ത്യാനികളുടെ വികാരത്തെ വൃണപ്പെടുത്തിയാല്‍ പ്രതികരിക്കാന്‍ ആരും ഉണ്ടാകില്ലെന്ന ചിന്തയാണ് നിങ്ങളെ ധൈര്യപ്പെടുത്തുന്നതെങ്കില്‍, ആ കാലമൊക്കെ കഴിഞ്ഞുവെന്ന് ചെന്നിത്തലയും പിണറായിയും മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്കു കൊള്ളാം!

എന്തിനും ഏതിനും സമനില തെറ്റിയവനെപ്പോലെ അഭിപ്രായം പറയുന്ന ചെന്നിത്തലയുടെ വാക്കുകളെ മനോവ കാര്യമായെടുക്കുന്നില്ല. സ്വബോധമില്ലാത്ത ഒരുവന്റെ ജല്പനമായി മാത്രമേ അതിനെ കാണുന്നുള്ളൂ. എന്നാല്‍, മദ്യപിക്കാത്ത പിണറായി വിളിച്ചുപറയുന്നത് സ്വബോധത്തോടെ തന്നെയാണെന്നു മനോവ കരുതുന്നു. ഒരുപക്ഷേ, ബൊളീവിയന്‍ കാടുകളില്‍ അലഞ്ഞുനടക്കുന്ന ചെഗുവേരയുടെ ദുരാത്മാവായിരിക്കാം പിണറായിയെക്കൊണ്ട് ഇതു പറയിക്കുന്നത്! മനോവ ഇതു പറഞ്ഞതിനു കാരണമുണ്ട്. 2014 ജൂലൈയില്‍ ബൊളീവിയന്‍ പ്രസിഡന്റ് ഈവ മൊറെയ്ല്‍സ് പറഞ്ഞ വാക്കുകളാണ് പിണറായി ഇപ്പോള്‍ പറഞ്ഞത്. നാല്‍പ്പതു വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ഇസ്രായേല്‍ ബന്ധം ഉപേക്ഷിച്ചുകൊണ്ട് ബൊളീവിയന്‍ പ്രസിഡന്റ് അന്നു പ്രഖ്യാപിച്ചത് ഇസ്രായേല്‍ ഒരു ഭീകരരാഷ്ട്രം ആണെന്നായിരുന്നു. നാലുപതിറ്റാണ്ടായി ഇസ്രയേലുമായി തുടര്‍ന്നുപോന്ന യാത്രാ ഇളവ് അവസാനിപ്പിക്കാന്‍ ബൊളീവിയ തീരുമാനിച്ചതും അന്നുതന്നെ! ബൊളീവിയന്‍ കാടുകളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും സിരകളില്‍ രക്തം തിളയ്ക്കുമെന്ന് നമുക്കറിയാം. എന്നാല്‍, ചെന്നിത്തല ആരെ സ്വപ്നംകണ്ടിട്ടാണ് ഈ പിച്ചുംപേയും പറയുന്നതെന്നു മനസ്സിലാകുന്നില്ല.

ചെന്നിത്തല ആരാണെന്നു ചെന്നിത്തലയ്ക്കുപോലും പിടികിട്ടാത്ത കാലമാണിത്. ചിലപ്പോള്‍ കറകളഞ്ഞ ഒരു സംഘിയായി പ്രത്യക്ഷപ്പെടും; മറ്റുചിലപ്പോള്‍ കാനത്തിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാകും! ഇതൊക്കെയാണെങ്കിലും, ഉള്ളിന്റെയുള്ളില്‍ താത്പര്യമില്ലെങ്കില്‍ക്കൂടി ഇസ്ലാമിനെ പ്രീണിപ്പിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. വ്യക്തമായ നിലപാടില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ചെന്നിത്തലയെ ആരും ഗൗനിക്കാത്ത കാലം വിദൂരത്തല്ല! സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതു തിരിച്ചറിയണമെങ്കില്‍ സ്വബോധം വീണ്ടെടുക്കുകതന്നെ വേണം!

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേലിനെ ഭീകരരാഷ്ട്രമായി ചെന്നിത്തലയും പിണറായിയും പ്രഖ്യാപിച്ചത്? സകല ഭീകരരെയും സംരക്ഷിക്കുന്ന സൗദിഅറേബ്യയെ പുണ്യഭൂമിയായി പ്രഖ്യാപിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. ഇന്ത്യക്കാരെയും മലയാളികളെയും മൂന്നാംതരം പൗരന്മാരായിട്ടാണ് സൗദി കാണുന്നത്. മറ്റു മതക്കാര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്ന രാജ്യമാണത്. ഇന്ത്യക്കാരുടെ ചോരയും നീരും ഊറ്റിക്കുടിച്ചതിനുശേഷം കരിമ്പിന്‍ ചണ്ടിപോലെ രാജ്യത്തുനിന്നു പുറത്താക്കാന്‍ അവര്‍ക്കു യാതൊരു മടിയുമില്ല. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയ ദാവൂദ് ഇബ്രാഹിമിനെ സംരക്ഷിക്കുന്ന ദുബായ് എന്ന രാജ്യത്തിനു മുമ്പിലും പട്ടിയെപ്പോലെ വാലാട്ടിനില്‍ക്കാന്‍ പിണറായിക്കും ചെന്നിത്തലയ്ക്കും മടിയില്ല. ഇവരാണ് ഇസ്രായേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതു ഭീകരനെയാണ് ഇസ്രായേല്‍ ഒളിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നത്? ഇന്ത്യയ്ക്കെതിരേ ഒരിക്കലെങ്കിലും ഇവര്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ടോ? ചുറ്റും കിടക്കുന്ന ഇരുപത്തിരണ്ട് ഇസ്ലാമിക രാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് നിലകൊള്ളുന്ന മഹത്തായ രാജ്യമാണ് ഇസ്രായേല്‍! ലോകരക്ഷകനായ യേഹ്ശുവായുടെ പാദസ്പര്‍ശംകൊണ്ട് അനുഗൃഹീതമായ മണ്ണാണ് അത്! പൈശാചികത അതിന്റെ പൂര്‍ണ്ണതയില്‍ ആവാഹിച്ച വ്യക്തികള്‍ക്കു മാത്രമേ ഇസ്രായേലിനെ നോക്കി ഭീകരരാഷ്ട്രമെന്നു ജല്പിക്കാന്‍ കഴുകയുള്ളൂ!

ഈ വരുന്ന ജൂലൈ 19-ന് കേരള സംസ്ഥാനത്തെ എല്ലാ ജില്ലാ-ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം പാര്‍ട്ടി ഘടകങ്ങളോടു നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഭീകരരാഷ്ട്രമായ ഇസ്രായേലിനെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാക്കിയതിലാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രതിഷേധം! ജന്മനാടിനുവേണ്ടി പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഇവര്‍! അല്ലയോ കമ്മ്യൂണിസ്റ്റുകാരാ, നിങ്ങളെയൊക്കെ ചരിത്രം പഠിപ്പിച്ചതാരാ? തുര്‍ക്കിയില്‍നിന്നും മറ്റ് അറബിരാജ്യങ്ങളില്‍നിന്നും കയറ്റുമതിചെയ്ത അറബികളാണ് ഇന്ന് പലസ്തീനില്‍ ജീവിക്കുന്നത്. യഹൂദര്‍ക്ക് എതിരേ പോരാടാന്‍ പണവും ആയുധവും നല്‍കുന്നത് അറബിരാജ്യങ്ങളാണ്! പലസ്തീനികള്‍ എന്നറിയപ്പെടുന്ന അറബികളെ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് ഇസ്രായേലിന്റെ ഉറക്കംകെടുത്താനാണ്. ഒരിക്കല്‍പ്പോലും ഇസ്രായേല്‍ എന്ന രാജ്യം പലസ്തീന്‍ അറബികളെ അങ്ങോട്ട്‌ ആക്രമിച്ചിട്ടില്ല. എന്നാല്‍, പലസ്തീനിലെ അറബികള്‍ രാവിലെ എഴുന്നേല്‍ക്കുന്നതുപോലും ഇസ്രായേലിനുനേരേ പടക്കം എറിയാനാണ്‌!

പലസ്തീനിലെ അറബികള്‍ ജീവിക്കുന്ന മണ്ണുപോലും ഇസ്രായേലിന്റെ ജന്മാവകാശമാണ്. എന്തെന്നാല്‍, ഒരിക്കല്‍ അവിടെനിന്നും കുടിയിറക്കപ്പെട്ട ജനതയാണ് ഇസ്രായേല്‍ക്കാര്‍! ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കേ, പിണറായിയുടെ പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ദേശാഭിമാനിയിലെ ചില വാചകങ്ങള്‍ ഇവിടെ കുറിക്കാം. 'പലസ്തീന്‍ ജനതയ്ക്ക് അവകാശപ്പെട്ട മണ്ണില്‍ ഇസ്രായേലെന്ന രാജ്യത്തെ കുടിയിരുത്തിയിട്ട് അവിടത്തെ യഥാര്‍ത്ഥ ജനതയായ പലസ്തീന്‍കാര്‍ക്ക് സ്വന്തം രാജ്യം നിഷേധിക്കാന്‍ അതിര്‍ത്തികടന്ന് ബോംബും തോക്കും വര്‍ഷിച്ച് കുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും കൊന്നോടുക്കുകയാണ് സയണിസ്റ്റ് രാഷ്ട്രം. ഇസ്രായേലിന്റെ പിറവിമൂലം ജന്മഭൂമിയില്‍നിന്ന് ബലപ്രയോഗത്തിലൂടെ ആട്ടിയോടിക്കപ്പെട്ട പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസവും രാജ്യവും കിട്ടുന്നതിനുവേണ്ടി പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം നിന്ന രാജ്യമാണ് ഇന്ത്യ. നെഹ്റുവും ഗാന്ധിയും അക്കാര്യത്തില്‍ അണുവിട ചാഞ്ചാടിയില്ല. പി.എല്‍.ഒ നേതാവ് യാസര്‍ അറാഫത്തും ഇന്ദിരാഗാന്ധിയും തമ്മിലുള്ള ഹസ്തദാനചിത്രം മറക്കാന്‍ കഴിയുന്നതല്ല.'....ഇങ്ങനെ പോകുന്നു ദേശാഭിമാനിയുടെ ആത്മരോഷത്തിന്റെ വരികള്‍!

ഇന്ദിരാഗാന്ധിയെ എന്നുമുതലാണ് കമ്മ്യൂണിസ്റ്റുകള്‍ സ്നേഹിക്കാന്‍ തുടങ്ങിയത്? ഒരു കാര്യം ദേശാഭിമാനി അറിഞ്ഞിരിക്കുക. പലസ്തീനികള്‍ ജീവിക്കുന്നത് അവരുടെ സ്വന്തം മണ്ണിലല്ല. പലസ്തീനില്‍ കുടിയേറിപ്പാര്‍ത്ത ഇവരുടെ പൈതൃകം ആ മണ്ണിലാണ് കുടികൊള്ളുന്നത് എന്ന ധാരണ നിങ്ങളുടെ അജ്ഞതയില്‍നിന്നു രൂപപ്പെട്ടതാണ്. അറബിനാടുകളില്‍ ചിതറിപ്പാര്‍ത്ത മടിയന്മാരായ ആളുകളെ പലസ്തീനില്‍ കുടിയിരുത്തിയത് തുര്‍ക്കികളാണെന്ന യാഥാര്‍ത്ഥ്യം ചരിത്രം പഠിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. ദേശാഭിമാനിക്കാരന്‍ പരിഹസിച്ച സയണിസ്റ്റുകളുടെ പിതൃസ്വത്തിലാണ് അറബികളെ കുടിയിരുത്തിയിരിക്കുന്നത്. സമയമുണ്ടെങ്കില്‍ പിണറായിയും സംഘവും പലസ്തീനിലും ഇസ്രായേലിലും ഒരു സന്ദര്‍ശനം നടത്തണം. തുര്‍ക്കികള്‍ കുടിയിരുത്തിയിരിക്കുന്ന മടിയന്മാരായ  അറബികളെ നേരിട്ടു കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതുവഴി സാധിക്കും. സിയോണിസ്റ്റ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യഹൂദര്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ കുടിയേറാന്‍ തുടങ്ങുന്നതിനുമുമ്പ് നാനൂറു വര്‍ഷം ആ ഭൂമി കൈവശംവച്ചത് തുര്‍ക്കികളായിരുന്നു. ഈ കാലത്ത് അറബിനാടുകളില്‍ അലഞ്ഞുനടന്നവരെ തുര്‍ക്കികളാണ് അവിടേക്കു കയട്ടിവിട്ടത്. ഉടുതുണിക്ക് മറുതുണിയില്ലാതെ, ആ മരുഭൂമിയിലൂടെ അറബികള്‍ അലഞ്ഞുനടന്നു. ഒരു പുല്‍ച്ചെടിപോലും സ്വന്തം കൈകൊണ്ടു അറബികള്‍ അവിടെ വച്ചുപിടിപ്പിച്ചില്ല. ഇസ്രായേല്‍ക്കാര്‍ മടങ്ങിവരുന്നതിനു മുന്‍പുതന്നെ അവിടെ കുടിയേറിയ അറബികളുടെ പലസ്തീന്‍ രാജ്യം ഇന്നും നാശക്കൂമ്പാരമായി നിലകൊള്ളുന്നു.

ഖത്തറും മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളും പലസ്തീന്‍ ജനതയെ ദത്തെടുത്തു പരിപാലിക്കുകയാണ്. മാത്രവുമല്ല, ലോകത്തുള്ള സകല മുസ്ലീങ്ങളും പണപ്പിരിവുകള്‍ നടത്തുന്നത് പലസ്തീന്‍ ജനതയെ സഹായിക്കുന്നതിനുവേണ്ടിയാണ്. എന്നിട്ടും പലസ്തീനികള്‍ ചൊറിയും കുത്തി ഇരിക്കുന്നത് എന്തുകൊണ്ടാണ്! ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍അവീവ് ലോകത്തെ ഏറ്റവും വലിയ പട്ടണമായി ഉയര്‍ന്നു. രാജ്യത്തെ ഓരോ പൗരന്മാരും ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നു. ഒരേ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള രാജ്യങ്ങളാണ് ഇസ്രായേലും പലസ്തീനും! ലോകത്തെ സകല മുസ്ലീങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും പലസ്തീനികളുടെ ജീവിതനിലവാരം എന്തുകൊണ്ട് ഓരോ ദിവസവും താഴോട്ടുപോകുന്നു? വെള്ളവും വൈദ്യുതിയും മാത്രമല്ല, മരുന്നും ഭക്ഷണവും പലസ്തീനികള്‍ക്കു നല്‍കുന്നത് ഇസ്രായേലാണ്. ഈ ഇസ്രായേലിനെയാണ് കമ്മ്യൂണിസ്റ്റുകളും ചെന്നിത്തലയനും ഭീകരരാഷ്ട്രമെന്ന് ആക്ഷേപിച്ചത്. കുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും കൊല്ലുന്നവരല്ല ഇസ്രായേല്‍ക്കാര്‍. കാരണം, അവരുടെ ദൈവം അവരോടു കല്പിച്ചതില്‍നിന്ന് അണുവിട വ്യതിചലിക്കുന്നവരല്ല അവരെ നയിക്കുന്ന നേതാക്കന്മാര്‍! ഒരു പലസ്തീനിയെ വെടിവച്ചു കൊന്നതിന്റെ പേരില്‍ തങ്ങളുടെ സേനയിലെ പട്ടാളക്കാരനെ ശിക്ഷിച്ചവരാണ് ഇസ്രായേല്‍ ഭരണകൂടം! അതിര്‍ത്തികടന്നുവന്ന ഭീകരനെ വധിക്കുന്നതിനു പകരം, ജീവനോടെ പിടിക്കുക എന്നതാണ് ഇസ്രായേലിന്റെ നയം!

ആഗോള ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത്‌ അനിവാര്യമായ കാര്യമാണ്. എന്തെന്നാല്‍, ഇസ്രായേലിന്റെ ചരിത്രത്തെ വളച്ചൊടിച്ചു വ്യാജ കഥയുണ്ടാക്കിയാണ് ഇസ്ലാംമതം സ്ഥാപിച്ചത്. ഈ വ്യാജം നിലനിര്‍ത്തണമെങ്കില്‍ ഇസ്രായേലിന്റെ ഭൂപ്രദേശം ഇസ്ലാമിന്റെ അധീനതയിലായിരിക്കണം. തുര്‍ക്കികള്‍ അതു പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിച്ചതും അറബികളെ അവിടെ പ്രതിഷ്ഠിച്ചതും ഇക്കാരണത്താലാണ്. എന്നാല്‍, രണ്ടാംലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികള്‍ പിടിച്ചെടുത്ത ഈ ഭൂപ്രദേശം ബ്രിട്ടന്റെ കീഴിലായി. യുദ്ധത്തില്‍ സഖ്യസേനയെ സഹായിച്ച യഹൂദര്‍ക്കു നല്‍കാന്‍വേണ്ടിയാണ് ബ്രിട്ടന്‍ അതു പിടിച്ചെടുത്തതെങ്കിലും അവര്‍ അതു നല്‍കിയില്ല!

ലോകം ഇസ്രായേലിനോടു ചെയ്ത ക്രൂരതകള്‍!

ചരിത്രത്തിലിന്നോളം അനേകം തവണ പ്രവാസികളാക്കപ്പെട്ട ജനതയാണ് ഇസ്രായേല്‍ജനം. അവരുടെ ദൈവമായ യാഹ്‌വെ അവര്‍ക്കു നല്‍കിയ ദേശത്തുനിന്ന് പലപ്പോഴായി അവര്‍ ബഹിഷ്കൃതരായിട്ടുണ്ട്. പിതാക്കന്മാരായ അബ്രഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി പ്രകാരമാണ് യാക്കോബിന്റെ മക്കള്‍ക്ക് ആ ദേശം യാഹ്‌വെ നല്‍കിയത്. എന്നാല്‍, യാഹ്‌വെയുടെ നിയമങ്ങളില്‍നിന്നു വ്യതിചലിച്ചു പാപം ചെയ്തപ്പോള്‍ ആ ദേശത്തുനിന്ന് അവര്‍ തിരസ്കൃതരായി. ഇക്കാര്യം ദൈവം അവരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കിലും, യാഹ്‌വെയുടെ നിയമങ്ങളെ വിസ്മരിക്കുകയും അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുകയും ചെയ്തു! നിയമം ഇതായിരുന്നു: "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചുകളയുകയും ചെയ്യും. എന്തെന്നാല്‍, നിങ്ങളുടെ മദ്ധ്യേ വസിക്കുന്ന ദൈവമായ യാഹ്‌വെ അസഹിഷ്ണുവായ ദൈവമാണ്"(നിയമം: 6; 14, 15).

ദൈവത്തിന്റെ നിയമത്തില്‍നിന്നു വ്യതിചലിച്ചപ്പോഴൊക്കെ പ്രഹരമേറ്റ ജനതയാണ് ഇസ്രായേല്‍. അശുദ്ധിയില്‍ നിലനില്‍ക്കാന്‍ കഴിയാത്ത അസഹിഷ്ണുവായ ദൈവം, ഇസ്രായേല്‍ അശുദ്ധരായപ്പോഴെല്ലാം അവരില്‍നിന്ന് അകന്നുപോയി! ദൈവം കൂടെയില്ലാത്ത സമയത്തെല്ലാം അവര്‍ ശത്രുക്കള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്തെന്നാല്‍, ഇസ്രായേലിനെ ജനതകള്‍ ഭയപ്പെട്ടത് അവരുടെ അംഗബലത്തിലോ കായികശേഷിയിലോ ആയിരുന്നില്ല. അവരോടുകൂടെ വസിച്ച അവരുടെ ദൈവത്തിന്റെ ശക്തിയാണ് അവരെ ഉയര്‍ത്തിനിര്‍ത്തിയത്! ഈ വചനം നോക്കുക: "യാഹ്‌വെ നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു"(നിയമം: 7; 7). ദൈവത്തിന്റെ ശക്തമായ കരത്താല്‍ അജയ്യരായിത്തീര്‍ന്ന ജനതയാണ് ഇസ്രായേല്‍! അവരുടെയിടയില്‍ അന്യദേവന്മാരുടെ സാന്നിദ്ധ്യം കടന്നുവരുമ്പോള്‍, ദൈവത്തിന്റെ സംരക്ഷണം അവരെ വിട്ടുപോകും. വിഗ്രഹങ്ങളുടെ സാന്നിദ്ധ്യംമൂലം പലപ്പോഴും ഇസ്രായേല്‍ പരാജിതരായിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 12).

ഇത്രത്തോളം പുരാതനമായ ചരിത്രത്തിന്റെ ശേഷിപ്പുള്ള മറ്റൊരു ജനതയും ഈ ഭൂമുഖത്തില്ല എന്നതാണു യാഥാര്‍ത്ഥ്യം! പഴക്കമുള്ളതും രേഖപ്പെടുത്തപ്പെട്ടതുമായ ചരിത്രം ഇസ്രായേലിനു മാത്രം അവകാശപ്പെട്ടതാണ്. ഈ ജനത എപ്പോഴൊക്കെ പ്രവാസത്തിലേക്കു പോയിട്ടുണ്ട് എന്നത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പൂര്‍ണ്ണമായും ചിതറിക്കപ്പെട്ടത് യേഹ്ശുവായുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷമായിരുന്നു. എ.ഡി.40 മുതല്‍ എ.ഡി.70 വരെയുള്ള കാലഘട്ടത്തില്‍ റോമന്‍ ഭരണകൂടം ഇസ്രായേലിനെ സ്വന്തം രാജ്യത്തുനിന്നു തുടച്ചുനീക്കി. ജറുസലേം ദൈവാലയം തകര്‍ത്തുകളഞ്ഞു. സ്വന്തം നാട്ടില്‍ വസിക്കാന്‍ കഴിയാതെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു. ലോകമുഴുവനിലുമായി അവര്‍ ചിതറിക്കപ്പെടുകയും സ്വന്തം ഭാഷപോലും അന്യമാവുകയും ചെയ്തു! പിന്നീട് ഈ ജനത അനുഭവിച്ച പീഡനങ്ങള്‍ എത്രത്തോളം ഭീകരമായിരുന്നു എന്നത് നമുക്കെല്ലാം അറിവുള്ളതാണ്. ഇവര്‍ പ്രവാസജീവിതം നയിച്ച സകല രാജ്യങ്ങളിലും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു!

ഇസ്രായേലിന്റെ പുനരുദ്ധാരണം ആരംഭിക്കുന്നത് 1800 -ന് ശേഷമായിരുന്നു. ആയിരം യഹൂദര്‍പോലും ഇല്ലാതിരുന്ന സ്വന്തം ദേശത്തേക്ക് അവര്‍ തിരിച്ചുപോക്ക് ആരംഭിച്ചു. 1897-ല്‍ 'സിയോണിസ്റ്റ് മൂവ്മെന്റ്' സംഘടനയ്ക്ക് രൂപംനല്‍കുകയും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന യഹൂദര്‍ക്ക് ഈ സംഘടന സഹായം ചെയ്യുകയുമുണ്ടായി. റഷ്യയില്‍ കടുത്ത യഹൂദപീഡനം നടന്നപ്പോള്‍ 1882-ല്‍ 'ലവേഴ്സ് ഓഫ് സിയോണ്‍' എന്ന സംഘടനയ്ക്ക് രൂപംകൊടുത്ത് ഇസ്രായേലിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി വാങ്ങാനുള്ള സാമ്പത്തീക സഹായം നല്‍കി. 'ലവേഴ്സ് ഓഫ് സിയോണ്‍', 'സിയോണിസ്റ്റ് മൂവ്മെന്റ്' എന്നീ സംഘടനകള്‍, തിരിച്ചുപോകുന്ന യഹൂദര്‍ക്ക് അറബികളുടെ കൈയ്യില്‍നിന്ന് ഭൂമി വാങ്ങാന്‍ 20 മില്യന്‍ ഡോളര്‍ നല്‍കി. ഉപ്പുനിലങ്ങളിലെ ഉപ്പുവെള്ളം ഊറ്റിക്കളയുകയും മരുഭൂമിയില്‍ വെള്ളമൊഴിക്കുകയും ചെയ്ത് യഹൂദര്‍ അവിടെ കൃഷിയാരംഭിച്ചു. മരുഭൂമിയും ചതുപ്പുനിലങ്ങളും ഇവര്‍ വാങ്ങിക്കൂട്ടി. 130 വര്‍ഷംമുമ്പ് 20 മില്യന്‍ അമേരിക്കന്‍ ഡോളറിന് എന്തു മൂല്യമുണ്ടായിരുന്നെന്ന് ചിന്തിച്ചാല്‍, അവര്‍ നല്‍കിയത് 'പൊന്നുവില' ആണെന്നു മനസ്സിലാകും! 850 ലക്ഷം മരങ്ങളാണ് അക്കാലത്ത് യഹൂദര്‍ അവിടെ വച്ചുപിടിപ്പിച്ചത്.

അന്ന് ഭൂപ്രദേശം ഒരു രാജ്യമാല്ലായിരുന്നു. വ്യക്തികള്‍ കൈവശംവച്ച് അനുഭവിച്ചിരുന്ന മണ്ണാണ് യഹൂദര്‍ വിലകൊടുത്തു വാങ്ങിയത്. തരിശുഭൂമിക്ക് നല്ല വില ലഭിച്ചപ്പോള്‍ അറബികള്‍ അതു വില്‍ക്കാന്‍ തയ്യാറായി. ഇതായിരുന്നു കുടിയേറ്റത്തിന്റെ ആരംഭം. സ്വന്തം മണ്ണ് വിലകൊടുത്തു വാങ്ങിയ ഏക ജനതയാണ് ഇസ്രായേല്‍ജനം! നൂറ്റാണ്ടുകളോളം അറബികള്‍ കയ്യേറി ജീവിച്ച പ്രദേശത്ത് പച്ചപ്പുണ്ടായത് ഇസ്രായേല്‍ക്കാര്‍ മടങ്ങിവന്നതിനുശേഷമാണ്. ബ്രിട്ടീഷുകാര്‍ കാണിച്ച വഞ്ചനയുടെ ചരിത്രത്തിലേക്കുതന്നെ മടങ്ങിവരാം.

രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടന്‍ ഇസ്രായേലിനുവേണ്ടി പിടിച്ചെടുത്ത ഭൂമി പൂര്‍ണ്ണമായും അവര്‍ക്കു നല്‍കിയില്ല എന്നതാണ് ആദ്യത്തെ വഞ്ചന. ഈ ഭൂമി മൂന്നായി ഭാഗിച്ച്, രണ്ടുഭാഗം ജോര്‍ദ്ദാന്‍ എന്നൊരു രാജ്യമുണ്ടാക്കി ഇസ്ലാമിനു നല്‍കി. അവശേഷിച്ച ഒരുഭാഗം വീണ്ടും മൂന്നായി ഭാഗിച്ച്, പലസ്തീന്‍ എന്ന രാജ്യമുണ്ടാക്കി അറബികളായ മുസ്ലീങ്ങള്‍ക്കും നല്‍കി. അതായത്, സ്വന്തം രാജ്യത്തിന്റെ ഒന്‍പതില്‍ ഒരുഭാഗം മാത്രമാണ് യഹൂദര്‍ക്കു ലഭിച്ചത്! ബ്രിട്ടീഷുകാര്‍ യഹൂദരോട് നീതി കാണിച്ചില്ല. റഷ്യയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം ഇസ്രായേലിലേക്ക് കപ്പലുകളില്‍ വന്ന യഹൂദരെ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിക്കൊല്ലുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്! എന്നാല്‍, ഇന്ന് ഇസ്രായേലിന്റെ ഭൂവിസ്തൃതി ഇതല്ല. അങ്ങോട്ടു കടന്നുചെന്നു യുദ്ധംചെയ്തല്ല ഇസ്രായേല്‍ തങ്ങളുടെ ഭൂവിസ്തൃതി വിശാലമാക്കിയത്. ഓരോ കാലത്തും ഇസ്രായേലിനെ കടന്നാക്രമിക്കാന്‍ ഇസ്ലാം ശ്രമിച്ചുകൊണ്ടിരുന്നു. പലസ്തീനിലെ അറബികളെ ഉപയോഗിച്ചാണ് എക്കാലത്തും ഇസ്ലാം ഇസ്രായേലിനെ നേരിട്ടത്. എന്നാല്‍, ഇരുപത്തിരണ്ടു രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ശ്രമിച്ചിട്ടും ഒരു യുദ്ധത്തില്‍പ്പോലും ഇസ്രായേലിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഓരോ യുദ്ധത്തിലും പലസ്തീന്റെ ഭൂപ്രദേശങ്ങള്‍ നഷ്ടമാകുക മാത്രമായിരുന്നു ഫലം! യുദ്ധത്തില്‍ പലസ്തീനു നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പലതും തിരിച്ചുകൊടുക്കാനുള്ള ഔദാര്യം ഇസ്രായേല്‍ കാട്ടിയതുകൊണ്ടു മാത്രമാണ് പലസ്തീന്‍ എന്ന രാജ്യം ഇന്നു നിലനില്‍ക്കുന്നത്.

ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചതുപോലും പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിട്ടാണ്. 1948 മെയ് 14 ന്, പതിമൂന്നിനെതിരെ മുപ്പത്തിമൂന്ന് വോട്ടുകളോടെ ഇസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സായി. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു! എന്തായിരുന്നു ആ പ്രവചനമെന്നു നോക്കുക: "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(ഏശയ്യാ: 66; 8, 9).

1973-ല്‍ ഇസ്രായേലിനെ ആക്രമിക്കുവാന്‍ സിറിയയും ഈജിപ്തും സംയുക്തമായി കടന്നുവന്നു. ഈ യുദ്ധമാണ് ചരിത്ര പ്രസിദ്ധമായ 'യോംകിപ്പര്‍ വാര്‍' എന്നപേരില്‍ അറിയപ്പെടുന്നത്! ഈ യുദ്ധം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുശേഷമായിരുന്നു യുദ്ധത്തിന്റെ പരിസമാപ്തി എങ്ങനെയായിരുന്നുവെന്ന് ലോകം അറിഞ്ഞത്. 1976-ല്‍ ഇത് വെളിപ്പെടുത്തിയത് 'ടൈം മാഗസിന്‍' ആയിരുന്നു.

ഇസ്രായേലിന്റെ വടക്കുഭാഗത്തുനിന്ന് സിറിയ 'ഗോലന്‍ ഹൈറ്റ്സ്' ലൂടെ വിജയിച്ചുമുന്നേറുന്നു. തെക്കുഭാഗത്തുനിന്ന് ഈജിപ്തുകാര്‍ അവരുടെ സര്‍വ്വസന്നാഹവുമായി സീനായ് മരുഭൂമിയും കടന്ന് മുന്നേറ്റം നടത്തുന്നു. എല്ലയിടത്തുനിന്നും പരാജയം ഉറപ്പായതോടെ ഇസ്രായേല്‍ എടുത്ത തീരുമാനമാണ് 'സാംസണ്‍ ഓപ്ഷന്‍'! അവര്‍ പ്രഖ്യാപിച്ച മുദ്രാവാക്യമിതാണ്: “We Go Down, Everyone Goes!” ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാംസണെ അനുകരിക്കുകയായിരുന്നു അത്. സാംസണ്‍ പറഞ്ഞു: "ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ"(ന്യായാ: 16; 30). അവന്‍ അപ്രകാരംതന്നെ ചെയ്തു! "മരണസമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികമായിരുന്നു"(ന്യായാ: 16; 30 ). സാംസണ്‍ തന്റെ മുഴുവന്‍ ശത്രുക്കളെയും കൊന്നൊടുക്കിക്കൊണ്ടാണ് മരിച്ചത്! ഇസ്രായേലിനെതിരെ ഇസ്ലാം നടത്തിയ ചരിത്രപ്രധാനമായ ഒരു യുദ്ധം ഇതായിരുന്നു. ഈ ഭൂമുഖത്തുള്ള ഒരു രാജ്യത്തെയും ഇസ്രായേല്‍ അങ്ങോട്ടുചെന്ന്‍ ആക്രമിച്ചിട്ടില്ല! ഈ ഇസ്രായേലിനെയാണോ ഭീകരരാഷ്ട്രം എന്ന് പാണന്മാര്‍ വിളിക്കുന്നത്?!

ഇസ്ലാമിക ഭീകരന്മാര്‍ ഈ ലോകത്തു നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്രായേലിനുമേല്‍ ആരോപിക്കുന്ന രീതി ഇസ്ലാമിനുണ്ട്. ഇസ്ലാമിനോടൊപ്പം ഈ പ്രചാരണത്തില്‍ സജ്ജീവമായി നിലകൊള്ളുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍! 'വേള്‍ഡ് ട്രേഡ് സെന്റര്‍' ആക്രമിക്കപ്പെട്ടപ്പോഴും ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് ആ കുറ്റം ഇസ്രായേലിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. ഉത്തരവാദിത്വം ബിന്‍ലാദന്‍ ഏറ്റെടുത്തിട്ടും കമ്മ്യൂണിസ്റ്റ്-ഇസ്ലാം കൂട്ടുകെട്ട് അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിതൃത്വവും ഇസ്രായേലിന്റെ ചുമലില്‍ വച്ചുകെട്ടി പരിഹാസിതരാകുന്നതും ഇവര്‍തന്നെ! ഈ വാദങ്ങളെ ന്യായീകരിക്കാന്‍ ചില കണ്ടെത്തലുകളും ഇവര്‍ നടത്തിയിട്ടുണ്ടത്രെ! വേള്‍ഡ് ട്രേഡ് സെന്ററില്‍ യഹൂദര്‍ മരിക്കാത്തതാണ് അതിന്റെ ഉത്തരവാദിത്വം ഇസ്രായേലിനുമേല്‍ കെട്ടിവയ്ക്കാന്‍ കണ്ടെത്തിയ തെളിവ്! ഇസ്രായേലിനെ സംരക്ഷിക്കുന്ന ദൈവത്തിന്റെ ശക്തി എന്താണെന്ന് അറിയാത്തവര്‍ക്ക് സ്വാഭാവികമായും ഇത്തരം വിവരംകെട്ട ചിന്തകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന ഒരിക്കല്‍പ്പോലും ഇസ്രായേലിനെ ആക്രമിച്ചിട്ടില്ല എന്നതാണ് ആ സംഘടനയുടെ പിതൃത്വം ഇസ്രായേലിനു നല്‍കാന്‍ ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റുകളെയും പ്രേരിപ്പിക്കുന്നത്. ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാവി എന്തായിരിക്കുമെന്ന് ആ സംഘടനയ്ക്ക് നന്നായറിയാം! അല്ലെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്കട്ടെ!

വ്യാജപ്രചരണങ്ങളിലൂടെ ഇസ്രായേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ല; ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിതമായ കാലംമുതല്‍ ഇവര്‍ അതു ചെയ്തുകൊണ്ടിരിക്കുന്നു! നുണക്കഥകള്‍ ചമയ്ക്കുന്നതില്‍ ഇരുകൂട്ടരും ഒന്നിനൊന്നു കേമന്മാരാണ്! റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തലവനായി ജോസഫ് സ്റ്റാലിന്‍ എന്ന ഭീകരന്‍ ഭരിച്ചിരുന്ന കാലത്താണ് മുപ്പതുലക്ഷം യഹൂദരെ കൊന്നുതള്ളിയത്. ഇയാള്‍ കൊന്നവരുടെ കണക്കുകൂടി ഹിറ്റ്‌ലറുടെ തലയില്‍ വച്ചുകെട്ടി! ഇസ്ലാമിനെപ്പോലെതന്നെ കമ്മ്യൂണിസ്റ്റുകളും സ്വന്തം ചെയ്തികള്‍ മറ്റുള്ളവരുടെമേല്‍ ആരോപിക്കുന്നതില്‍ സമര്‍ത്ഥരാണ്!

ഇസ്രായേലിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു ധൈര്യമുണ്ടോ?

ഇസ്രായേലുമായുള്ള സഹകരണം ഇന്ത്യ അവസാനിപ്പിക്കണം എന്ന മുദ്രാവാക്യവുമായാണ് കമ്മ്യൂണിസ്റ്റുകള്‍ സമരരംഗത്തുള്ളത്. ഈ നിസ്സഹകരണം പാര്‍ട്ടിതലത്തില്‍ ആരംഭിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറാകുമോ? ഇസ്രായേലിന്റെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കില്ലെന്നു തീരുമാനിച്ചുകൊണ്ട് നിങ്ങളുടെ ആത്മാര്‍ത്ഥത തെളിയിച്ചതിനുശേഷം ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതാണ് മാന്യത! ഇക്കാര്യത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ മനോവ വെല്ലുവിളിക്കുന്നു. ചെന്നിത്തലയും പിണറായിയും മാത്രമല്ല, എല്ലാ ഇസ്രായേല്‍ വിരുദ്ധരും ബഹിഷ്ക്കരണത്തിനു തയ്യാറാകണം. ഒരു ഭീകരരാഷ്ട്രം നല്‍കുന്ന സേവനങ്ങള്‍ ആസ്വദിക്കുന്നത് ലജ്ജാകരമായ പ്രവര്‍ത്തിയല്ലേ? ബഹിഷ്ക്കരണത്തിന്റെ തുടക്കം എന്നനിലയില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ഇസ്രായേല്‍ ഉത്പന്നങ്ങളും സേവനങ്ങളും വേണ്ടെന്നു തീരുമാനിക്കുക. അങ്ങനെയൊരു തീരുമാനമെടുത്താല്‍, പുതിയ നേതാക്കന്മാരെ കമ്മ്യൂണിസ്റ്റുകാര്‍ കണ്ടെത്തേണ്ടിവരും. എന്തെന്നാല്‍, ഇന്‍സുലിന്‍ എന്ന മരുന്നിന്റെ ബലത്തില്‍ ജീവിക്കുന്ന നേതാക്കന്മാരാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷവും! ഇസ്രായേല്‍ ഈ ലോകത്തിനു നല്‍കിയ സംഭാവനയായ 'ഇന്‍സുലിന്‍' ഉപയോഗിക്കാതെ ഒരു മാസമെങ്കിലും ജീവിക്കാന്‍ സാധിക്കുന്ന എത്ര നേതാക്കന്മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്?!

കമ്മ്യൂണിസ്റ്റുകള്‍ ഉപേക്ഷിക്കേണ്ട ഉത്പന്നങ്ങളുടെ പേരുകള്‍ മുഴുവന്‍ കുറിക്കണമെങ്കില്‍, ഈ ലേഖനം ഒരു പരമ്പരയായി പ്രസിദ്ധീകരിക്കേണ്ടി വരും! ആയതിനാല്‍, വളരെ പ്രധാനപ്പെട്ട ചില ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരം മാത്രം ഇവിടെ കുറിക്കാം. ദയവുചെയ്ത് കമ്മ്യൂണിസ്റ്റുകളും ഇസ്രായേല്‍ വിരുദ്ധരും പോളിയോ വാക്സിന്‍ എടുക്കരുത്. വരുന്നത് വരട്ടെ എന്ന ധീരമായ നിലപാട് സ്വീകരിക്കുക. കാരണം, ജോനാസ് സാല്‍ക് (Jonas Salk) എന്ന യഹൂദ ഭീകരനാണ് അത് കണ്ടുപിടിച്ചത്! പ്രമേഹ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിച്ച ഭീകരന്റെ പേര് മിന്‍കോവ്സ്കി (Minkowsky) എന്നാണ്. പ്രമേഹം മൂത്ത് ചത്താലും അത് നിങ്ങള്‍ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു താക്കീതു നല്‍കണം! സിഫിലീസ്, ഗൊണേറിയ തുടങ്ങിയ രോഗങ്ങള്‍ക്ക് ഒരു കാരണവശാലും ചികിത്സ തേടരുത്. സിഫിലീസിനുള്ള 'Salvarsan' എന്ന മരുന്നു മാത്രമേ ഫലപ്രദമായി അംഗീകരിക്കപ്പെട്ടിട്ടുള്ളു. ഇതാകട്ടെ, Dr. Ehrlich എന്ന ഭീകരന്റെ കണ്ടുപിടുത്തവും! ഗൊണേറിയയുടെ കാര്യവും വ്യത്യസ്തമല്ല; Neissner എന്ന ഭീകരനാണ് ഗൊണേറിയയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചത്. സിഫിലീസ് ഉണ്ടോ എന്നറിയാന്‍ ടെസ്റ്റുപോലും നടത്തരുത്. കാരണം, ഈ രോഗത്തിനുള്ള ടെസ്റ്റ്‌ ആയ Wassarmaan test കണ്ടുപിടിച്ചതും ഒരു ഭീകരനാണ്!

ഹൃദ്രോഗമുള്ള കമ്മ്യൂണിസ്റ്റുകള്‍ ഒരു കാരണവശാലും scientific basis to digitails therapy ഉപയോഗിക്കരുത്. കാരണം, Dr. Ludwig Traube എന്ന യഹൂദ ഭീകരന്‍ കണ്ടുപിടിച്ച സംവീധാനം ഉപയോഗിക്കുന്നതിലും ഭേദം ജീവത്യാഗമാണ്! പല്ലുവേദന വന്നാല്‍ സഖാക്കളോട് സഹിക്കാന്‍ പറയുക. എന്തെന്നാല്‍, Widal, Weil എന്നീ ഭീകരന്മാര്‍ ചേര്‍ന്നാണ് പല്ലുവേദനയ്ക്കുള്ള Novocaine കണ്ടുപിടിച്ചത്. തലവേദന വന്നാലും ശ്രദ്ധിക്കണം. Pyramidon, Antypyrin എന്നിവ കണ്ടുപിടിച്ചത് Spiro, Ellege എന്നീ ഭീകരന്മാര്‍ കൂട്ടായിട്ടാണ്! സഖാക്കന്മാര്‍ക്ക് കോച്ചിവലിച്ചില്‍ (convulsions) അനുഭവപ്പെട്ടാല്‍ ക്ലോറല്‍ ഹൈട്രെറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, അതു കണ്ടുപിടിച്ചത് Oscar Leibreich എന്ന കൊടും ഭീകരനാണ്! ഏതെങ്കിലും സഖാക്കള്‍ക്ക് മാനസീരോഗം വന്നാല്‍ നെല്ലിക്കാത്തളം മാത്രമേ പാടുള്ളൂ. എന്തെന്നാല്‍, ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവ് (father of psycho analysis) ഫ്രോയിഡ് ഒരു ഭീകരനാണല്ലോ!!

നോബല്‍ സമ്മാന ജേതാവും കൊടും ഭീകരനുമായ റോബര്‍ട്ട് ബരാം (Robert Baram) കണ്ടുപിടിച്ചതാണ് ear and brain damage ട്രീറ്റ്മെന്റ്. തലയ്ക്കോ ചെവിക്കോ എന്തുതന്നെ സംഭവിച്ചാലും സഖാക്കള്‍ സഹിക്കണം! ജയില്‍വാസം അനുഭവിച്ചിട്ടുള്ള സഖാക്കള്‍ക്ക് ക്ഷയരോഗ സാധ്യത വളരെ കൂടുതലാണ്. എന്നാല്‍, ഒരു കാരണവശാലും ചികിത്സിക്കരുത്. കാരണം, ക്ഷയരോഗത്തിനുള്ള മരുന്നായ Streptomycin കണ്ടുപിടിച്ചത് സല്‍മാന്‍ വാക്സ്മാന്‍ (Zalman Waxman) എന്ന ഭീകരനാണു സഖാക്കളേ! ഇനിയുമുണ്ട് വളരെയധികം പറയാന്‍.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കാര്യം പറയാതെതന്നെ അറിയാമല്ലോ! ഒരുകാര്യംകൂടി പറയുമ്പോള്‍ സഖാക്കള്‍ക്ക് വിഷമം തോന്നരുത്. സഖാക്കളേ, നിങ്ങളുടെ കൈവശമുള്ള മൂലധനം (Das Kapital), കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (communist manifesto) തുടങ്ങിയ പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കുക. കാരണം, അത് എഴുതിയ കാറല്‍ മാര്‍ക്സ് ഒരു കൊടും ഭീകരനാണ്! ഇസ്രായേലില്‍ ജീവിക്കുന്നവര്‍ ഭീകരന്മാര്‍ ആയതുകൊണ്ടാണല്ലോ ആ രാജ്യം ഭീകരരാഷ്ട്രമായത്. മറിച്ച്, രാജ്യം തനിയേ ഭീകരരാജ്യമായി മാറില്ലല്ലോ! ഇസ്രായേലില്‍ ജീവിക്കുന്ന ഭീകരരായ യഹൂദര്‍ നിമിത്തമാണ് ആ രാജ്യം ഭീകരരാഷ്ട്രമായതെങ്കില്‍, കാറല്‍ മാര്‍ക്സും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും അടക്കമുള്ള എല്ലാ യഹൂദരെയും നിങ്ങള്‍ ബഹിഷ്ക്കരിക്കണം. ഈ ബഹിഷ്ക്കരണം പാര്‍ട്ടി തലത്തില്‍ ആരംഭിച്ചു വിജയിച്ചതിനുശേഷം ഇന്ത്യയെ പൂര്‍ണ്ണമായി ഇസ്രായേല്‍ വിരുദ്ധരാക്കാം. അതല്ലേ സഖാക്കളേ ഫലപ്രദമായ നടപടി?

കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഒരു ഭീകരപ്രസ്ഥാനമാണ്!

കൊടിസുനി, കിര്‍മ്മാണി മനോജ്‌ തുടങ്ങിയ ഭീകരന്മാരെ വളര്‍ത്തുന്നത് ഇസ്രായേലാണോ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ആണോ എന്ന് ദേശാഭിമാനി പറയുക. കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെയുള്ള കേരളത്തിനുള്ളില്‍ മാത്രം പതിനായിരക്കണക്കിന് ഭീകരന്മാര്‍ വടിവാളുമായി കറങ്ങിനടക്കുന്നുണ്ട്. മനുഷ്യന് ഭയകൂടാതെ ജീവിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിലില്ല. സ്ത്രീപീഡനത്തിന്റെയും കൊലപാതകത്തിന്റെയും വാര്‍ത്തകള്‍ ഒഴിഞ്ഞ ഒരു ദിവസംപോലും കേരളത്തിലില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആഗോള ഭീകരസംഘടനയില്‍പ്പോലും കേരളത്തില്‍നിന്നുള്ള അംഗങ്ങളുണ്ട്‌. ഈ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇസ്രായേലിനെ ഭീകരരാഷ്ട്രമായി മുദ്രകുത്തിയത്. നാണമില്ലേ സഖാവേ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ജല്പിക്കാന്‍?! സഖാക്കന്മാര്‍ ഒരുകാര്യം ഓര്‍ക്കുക: ഇസ്രായേല്‍ എന്ന രാജ്യത്ത് കൊടിസുനിമാരും കിര്‍മ്മാണി മനോജുമാരും ഇല്ല. ചന്ദ്രശേഖരന്മാര്‍ വെട്ടേറ്റു വീഴാറുമില്ല.

ഇസ്രായേല്‍ ഒരിക്കല്‍പ്പോലും കമ്മ്യൂണിസ്റ്റുകളെ കൂട്ടക്കുരുതി നടത്തിയിട്ടില്ല. ഇസ്രായേല്‍ ഏതെങ്കിലും ജനതയെയോ പ്രസ്ഥാനത്തെയോ തകര്‍ക്കാന്‍ കൂട്ടക്കുരുതികള്‍ നടത്തിയതായി ചരിത്രമില്ല. എന്നാല്‍, ഇസ്ലാമും കമ്മ്യൂണിസ്റ്റുകലും അനേകം കൂട്ടക്കുരുതികള്‍ നടത്തിയിട്ടുണ്ട്. മുപ്പതുലക്ഷം യഹൂദരെ കൊന്നുതള്ളിയത് സ്റ്റാലിനാണെങ്കില്‍, ചെഗുവേരയും മാവോയും മാത്രമല്ല, എല്ലാ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളും ചോരകുടിച്ചു വളര്‍ന്നവരാണ്. ഈ പൈശാചികത ഇവര്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ ചരിത്രവും വ്യത്യസ്തമല്ല. അര്‍മേനിയന്‍ കൂട്ടക്കുരുതി എന്നപേരില്‍ കുപ്രസിദ്ധമായ നരവേട്ട നടത്തിയത് ഇസ്ലാമായിരുന്നു. 1915 മുതല്‍ 1920 വരെയുള്ള കാലത്ത് ഓട്ടൊമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ ലക്ഷക്കണക്കിന് അര്‍മേനിയന്‍ വംശജരെ കൊല ചെയ്ത സംഭവത്തെയാണ് അര്‍മേനിയന്‍ കൂട്ടക്കുരുതി എന്നറിയപ്പെടുന്നത്. ഈ കൂട്ടക്കുരുതിയില്‍ എട്ട് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ അര്‍മേനിയന്‍ വംശജര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്ലാമിന്റെ ആരംഭം മുതല്‍ ഇന്നുവരെ നരനായാട്ടില്‍നിന്ന് ഇവര്‍ വിരമിച്ചിട്ടില്ല. ഇവരൊക്കെയാണ് ഇസ്രായേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ മുറവിളികൂട്ടുന്നത്!

ഇസ്ലാമിക രാജ്യങ്ങളില്‍ കാലുകുത്താന്‍ യഹൂദരെ അവര്‍ അനുവദിക്കാറില്ല. എന്നാല്‍, ഇസ്രായേലില്‍ ലക്ഷക്കണക്കിന്‌ മുസ്ലീങ്ങള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. മുസ്ലീങ്ങള്‍ സുരക്ഷിതരായി ജീവിക്കുന്ന ഏക രാജ്യം ഇസ്രായേലാണ്. പരസ്പരം കൊലനടത്തിക്കൊണ്ട് ജീവിക്കുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഓരോ ഇസ്ലാമിനും അറിയാം. എന്നാല്‍, ഇസ്രായേലില്‍ ജീവിക്കുന്ന ഇസ്ലാമിന് ആ ഭീതിയില്ല. എന്തെന്നാല്‍, അവരെ സംരക്ഷിക്കാന്‍ ജാഗരൂകരായി നിലകൊള്ളുന്നതു യാക്കോബിന്റെ സന്തതികളാണ്‌! തങ്ങളുടെ ദേശത്തു ജീവിക്കുന്ന പരദേശികളെ ആദരിക്കാന്‍ യാക്കോബിന്റെ മക്കള്‍ക്കറിയാം. തങ്ങളെപ്പോലെതന്നെ പരദേശികളെയും പരിഗണിക്കുന്ന ഇസ്രായേല്‍ക്കാരെ കണ്ടു പഠിക്കാന്‍ ഓരോ ജനതയും തയ്യാറാകണം. ഇസ്ലാമിക രാജ്യങ്ങളില്‍ എവിടെയാണ് മറ്റു ജനതകള്‍ക്ക് ബഹുമാനം നല്‍കുന്നത്? അറബിനാടുകളിലെ കാര്യങ്ങള്‍ നമുക്കെല്ലാം അറിവുള്ളതാണ്. എന്നാല്‍, പ്രവാസികളെ എങ്ങനെയാണ് ഇസ്രായേല്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് അവിടെ ജീവിക്കുന്ന മലയാളികളോടു ചോദിക്കുക. എന്തുകൊണ്ടാണ് പരദേശികളെ ഇസ്രായേല്‍ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്?

ഇസ്രായേലിന്റെ ദൈവവും മറ്റു ദൈവങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഇസ്രായേല്‍ ജനതയിലൂടെ നാം മനസ്സിലാക്കേണ്ടത്. അവരുടെ ദൈവമായ യാഹ്‌വെ അവരോടു കല്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "നിങ്ങള്‍ പരദേശികളെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ"(പുറ: 22; 21). ഈ നിയമം നിലനില്‍ക്കുമ്പോള്‍, പരദേശികളെ ദ്രോഹിക്കാനോ ഞെരുക്കാനോ യാക്കോബിന്റെ മക്കള്‍ക്കു സാധിക്കില്ല. ഗള്‍ഫ് നാടുകളില്‍ പരദേശികളുടെ ചോരയും നീരും ഊറ്റിയെടുത്തു ഞെരുക്കുമ്പോള്‍, ഇസ്രായേല്‍ അത് ചെയ്യാത്തത് ഇസ്ലാമിന്റെ ദൈവവും ഇസ്രായേലിന്റെ ദൈവവും വ്യത്യസ്തരായാതുകൊണ്ടാണ്! യാഹ്‌വെയുടെ നിയമവും അല്ലാഹുവിന്റെ നിയമവും തമ്മിലുള്ള അന്തരമാണ് ഇവരെ വ്യത്യസ്തരാക്കിയത്! ഒരു നിയമംകൂടി ശ്രദ്ധിക്കുക: "അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന്‍ നിന്റെ സഹോദരനോ നിന്റെ നാട്ടിലെ പട്ടണങ്ങളിലൊന്നില്‍ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്. അവന്റെ കൂലി അന്നന്നു സൂര്യനസ്തമിക്കുന്നതിനു മുന്‍പു കൊടുക്കണം. അവന്‍ ദരിദ്രനും അതിനായി കാത്തിരിക്കുന്നവനുമാണ്. അവന്‍ നിനക്കെതിരായി യാഹ്‌വെയോടു നിലവിളിച്ചാല്‍ നീ കുറ്റക്കാരനായിത്തീരും"(നിയമം: 24; 14, 15).

പരദേശിയെ സംബന്ധിക്കുന്ന നിയമങ്ങള്‍ ഇനിയുമുണ്ട്. ഈ നിയമം നോക്കുക: "പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്. വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നും നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അവിടെനിന്നു മോചിപ്പിച്ചുവെന്നും ഓര്‍ക്കണം"(നിയമം: 24; 16-18). പരദേശികള്‍ക്കു നീതി നടപ്പാക്കി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന അനേകം നിയമങ്ങള്‍ ഇസ്രായേലിനു നല്‍കപ്പെട്ടിട്ടുണ്ട്. ഈ നിയമം അനുസരിക്കുന്ന സമൂഹത്തില്‍നിന്ന് അനീതി ആരും പ്രതീക്ഷിക്കേണ്ടതില്ല! ആയതിനാല്‍, ഇസ്രായേലിനെ ഭീകരരാഷ്ട്രം എന്ന് ആക്ഷേപിക്കുന്ന ശുംഭന്മാര്‍ ഭീകരതയുടെ വക്താക്കളും ഭീകരതയുടെ സംരക്ഷകരുമാണ്! പിണറായിയും ചെന്നിത്തലയും ആരാണെന്ന് അവരുടെ വാക്കുകളില്‍നിന്നുതന്നെ തിരിച്ചറിയുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7426 views

LOG IN

Lost your password?

SIGN UP

LOST PASSWORD