എഡിറ്റോറിയല്‍

അതിശയോക്തിയുടെ സുവിശേഷകര്‍!

Print By
about

ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ട വചനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ബൈബിള്‍! ഇതിലെ വാക്കുകള്‍ കടുപ്പിക്കുകയോ മൃദുലപ്പെടുത്തുകയോ ചെയ്യേണ്ടത് മനുഷ്യരില്‍ നിക്ഷിപ്തമായ അവകാശമല്ല; മറിച്ച്, അവ ആയിരിക്കുന്ന അവസ്ഥയില്‍ പ്രചരിപ്പിക്കുകയെന്നതാണ് ക്രിസ്തീയ ധര്‍മ്മവും അപ്പസ്തോലിക ദൗത്യവും!

തങ്ങളുടെ വാദങ്ങളെ ഉറപ്പിക്കാന്‍, ബൈബിളില്‍ ഇല്ലാത്ത വാക്കുകളെ കൂട്ടിച്ചേര്‍ക്കുകയോ ബൈബിള്‍ വചനങ്ങളെ വിഴുങ്ങുകയോ ചെയ്യുന്ന പ്രവണത സഭാവ്യത്യാസമില്ലാതെ അനേകം 'സുവിശേഷകര്‍' അനുവര്‍ത്തിക്കുന്നുണ്ട്! വിദൂരഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഈ വിഷയം ഇന്നു നാം ചര്‍ച്ചചെയ്യുകയാണ്. ഇവിടെ ആദ്യമായി ചിന്തിക്കേണ്ടതായ വിഷയം, നാം ശുശ്രൂഷിക്കുന്നത് രക്ഷകനായ യേഹ്ശുവായെയോ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളെയോ എന്നതാകുന്നു. യേഹ്ശുവായെയാണു നാം ശുശ്രൂഷിക്കുന്നതെങ്കില്‍ നമ്മുടേതായ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ വചനത്തിലുള്ളവ വിട്ടുകളയുകയോ ചെയ്യേണ്ടതില്ല!

വചനത്തില്‍ വ്യക്തമായ ഉള്‍ക്കാഴ്ചകള്‍ ഇല്ലാത്തവരും എന്നാല്‍, ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന തീക്ഷ്ണതയുള്ളവരുമായ ചിലര്‍ വചനത്തെ ശക്തമാക്കാന്‍, ഈ വചനത്തോടുചേര്‍ത്ത് സ്വന്തമായ ചില സംഭാവനകള്‍ക്കൂടി നല്കാറുണ്ട്. ഇത്തരക്കാര്‍ സ്വന്തം ആത്മീയ വളര്‍ച്ചയെതന്നെയാണ് തകര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ല! മനോവ ഉദ്ദേശിച്ചത് എന്താണെന്ന്‍ ഒരുപക്ഷെ വായനക്കാര്‍ക്ക് വ്യക്തമായിട്ടുണ്ടാകില്ല. അതിനാല്‍, കുറച്ചുകൂടി വിശദമായി ഈ വിഷയം നമുക്ക് ചിന്തിക്കാം.

ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണത, ചിലരില്‍ അതിതീക്ഷ്ണതയായി പരിണമിക്കുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള തീക്ഷ്ണത വചനാധിഷ്ഠിതമല്ലേ എന്നു ചോദിച്ചേക്കാം. തീക്ഷ്ണത അനിവാര്യമാണെന്നു തന്നെയാണ് ബൈബിളിനെ അടിസ്ഥാനമാക്കി മനോവയുടെ മതം! കാരണം, യാഹ്‌വെയുടെ മഹാപ്രവാചകനായ യേലിയാഹ് തീക്ഷ്ണതയാല്‍ ജ്വലിച്ചിരുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. യാഹ്‌വെ യേലിയാഹ് പ്രവാചകനോടു ചോദിച്ചു: "യേലിയാഹ്, നീ അവിടെ എന്തുചെയ്യുന്നു? യേലിയാഹ് ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെപ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്"(1 രാജാ: 19; 10). യാഹ്‌വെയെപ്രതിയുള്ള തീക്ഷ്ണതയാല്‍ നാം ജ്വലിക്കുന്നത് അവിടുത്തേക്ക് പ്രീതികരമാണെന്ന്, ആഗ്നേയരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട യേലിയാഹിന്റെ മാതൃക നമുക്കു സാക്ഷ്യം നല്‍കുന്നു! അതുപോലെതന്നെ, പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന ഉപദേശവും ഇതുതന്നെയാണെന്നു കാണാം: "തീക്ഷ്ണതയില്‍ മാന്ദ്യംകൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി യേഹ്ശുവായെ ശുശ്രൂഷിക്കുവിന്‍"(റോമാ: 12; 11). എന്നാല്‍, മനോവ ഇവിടെ വ്യക്തമാക്കുന്നത് ഈ തീക്ഷ്ണതയല്ല! അത് എപ്രകാരമുള്ള തീക്ഷ്ണതയാണെന്നു വെളിപ്പെടുത്താം.

അതിതീക്ഷ്ണതയാല്‍ സത്യത്തില്‍നിന്ന്‍ വ്യതിചലിക്കുന്ന അനേകം അവസ്ഥകള്‍ ഉണ്ടെങ്കിലും പ്രധാനമായി ഇതിനെ രണ്ടായി തിരിക്കാം. മതാന്തര സംവാദങ്ങളിലും സഭാന്തര സംവാദങ്ങളിലുമാണ് ഇത്തരം പ്രവണതകളുടെ അതിപ്രസരം കണ്ടുവരുന്നത്. ഈ രണ്ട് സാഹചര്യങ്ങളിലും എപ്രകാരമാണ് വ്യതിചലനം കടന്നുവരുന്നത് എന്നകാര്യം വിചിന്തനത്തിനെടുക്കാം.

മതാന്തര സംവാദങ്ങളിലെ അതിതീക്ഷ്ണത!

ക്രിസ്തുവിലൂടെയുള്ള ഏകരക്ഷ അറിയുകയും അനുഭവിക്കുകയും ചെയ്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, താന്‍ അറിഞ്ഞ സത്യം ലോകത്തെ അറിയിക്കുകയെന്നത് സ്വാഭാവികമായ പ്രവര്‍ത്തി മാത്രമല്ല, തന്റെ ഉത്തരവാദിത്വവുമാണ്! ഇതിനേക്കാള്‍ മഹത്തരമായ മറ്റൊരു ജീവകാരുണ്യപ്രവര്‍ത്തി ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം! നിത്യജീവനിലേക്ക്‌ നയിക്കുക എന്നതില്‍ കവിഞ്ഞ് മറ്റെന്തു ജീവകാരുണ്യമാണുള്ളത്? ആത്മരക്ഷയെ മാറ്റിവച്ചുകൊണ്ടു നടത്തുന്ന കാരുണ്യപ്രവര്‍ത്തികള്‍ ഒന്നുംതന്നെ യേഹ്ശുവായുടെ അഭിഷ്ടമല്ല! "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തുകൊടുക്കും?"(മത്താ: 16; 26). ഓരോ വ്യക്തികളോടും യേഹ്ശുവാ സംസാരിക്കുന്ന വാക്കുകളാണിത്. എന്നിരുന്നാലും, തന്നെപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കുകയെന്ന വചനത്തെ അനുസരിക്കുന്നുവെങ്കില്‍, ഈ വചനത്തിന്റെ വ്യാപ്തിയും വര്‍ദ്ധിക്കും.

ആത്മാവിനേക്കാള്‍ അധികമായി ശരീരത്തെ പരിഗണിക്കുന്നവരാണ് രക്ഷയുടെ സദ്വാര്‍ത്തയെ പ്രഥമസ്ഥാനത്തുനിന്ന് മാറ്റിവച്ചുകൊണ്ടുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്. ഈ ലോകത്തിന്റെ പ്രശംസയാണ് ഇക്കൂട്ടരുടെ പ്രധാന ലക്‌ഷ്യം!

നാമിവിടെ വിചിന്തനം ചെയ്യുന്ന വിഷയത്തെതന്നെ നമുക്ക് ഗൗരവത്തോടെ സമീപിക്കാം. ധ്യാനങ്ങളിലൂടെയോ മറ്റേതെങ്കിലും അനുഭവങ്ങളിലൂടെയോ പരിശുദ്ധാത്മാവിന്റെ സ്പര്‍ശമേറ്റ് വിശ്വാസത്തിലേക്ക് കടന്നുവന്ന വ്യക്തികളില്‍ പലരും ആരംഭശൂരന്മാരായി ഓടിനടക്കുകയും, സമീപഭാവിയില്‍ത്തന്നെ പഴയതിനേക്കാള്‍ അപ്പുറമായി അധഃപതിക്കുയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ ആദ്യമായി കടന്നുചെല്ലേണ്ടത്. വചനമാകുന്ന വിത്തിന് ആഴത്തില്‍ വേരൂന്നി വളരുവാന്‍ പാകമായ മണ്ണിലല്ല ഇവ പതിക്കുന്നതെങ്കില്‍, ഈ വചനത്തിനു വളരുവാനോ ഫലം പുറപ്പെടുവിക്കുവാനോ സാധിക്കുകയില്ല എന്നതാണ് അടിസ്ഥാന കാരണമായി നാം പരിഗണിക്കേണ്ടത്. ഇതു വ്യക്തമാക്കുന്ന വചനം ബൈബിളില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു: "വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാത്തതിനാല്‍ അതു പെട്ടെന്ന്‍ മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തുവീണു. അതു നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും വിളവു നല്‍കി"(മത്താ: 13; 3-8).

പാറപ്പുറത്ത് വീണതും പെട്ടെന്ന്‍ മുളച്ചുപൊങ്ങിയതുമായ വിത്തുകളാണ് ആരംഭശൂരത്വത്തിന്റെ വക്താക്കള്‍! ഇപ്പോള്‍ത്തന്നെ സകലരെയും മാനസാന്തരപ്പെടുത്തിക്കളയാം എന്ന കാഴ്ചപ്പാടോടെ ഇവര്‍ പുറപ്പെടും! വചനത്തില്‍ ആഴമില്ലാത്തതിനാല്‍ തങ്ങളുടെ വകയായി ചില 'പൊടിപ്പും തൊങ്ങലും' വചനത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും! കടുപ്പമുള്ള ഹൃദയത്തെ മൃദുലപ്പെടുത്തുമ്പോള്‍ മാത്രമാണ് വചനത്തിനു വേരൂന്നിവളരുവാന്‍ കഴിയുകയുള്ളുവെന്ന സന്ദേശം യേഹ്ശുവായുടെ വാക്കുകളില്‍ വ്യക്തമാണ്. "ഹൃദയം നുറുങ്ങിയവര്‍ക്ക് യാഹ്‌വെ സമീപസ്ഥനാണ്"(സങ്കീ: 34; 18) എന്ന്‍ എഴുതപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥമായ അനുതാപവും മാനസാന്തരവുമാണ് ഹൃദയം നുറുങ്ങല്‍കൊണ്ട് വിവക്ഷിക്കുന്നത്. ഒരു വചനമാകാം ഒരുവനെ മാനസാന്തരാനുഭവത്തിലേക്കു നയിക്കുന്നതെങ്കിലും, മാനസാന്തരം പൂര്‍ണ്ണമാകുമ്പോഴാണ് വചനം അവനില്‍ ആഴ്ന്നിറങ്ങുകയുള്ളു. ഇത്തരത്തില്‍ വചനം നിറയാതെ സുവിശേഷം പ്രസംഗിക്കുന്നവര്‍ അതിശയോക്തിയുടെ സുവിശേഷകരാകാന്‍ സാദ്ധ്യതയുണ്ട്! കാരണം, പ്രതിയോഗികളുടെ വാക്കുകള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരികയും, പിടിച്ചുനില്‍പ്പിനായി സ്വന്തം അനുഭവസാക്ഷ്യത്തില്‍പ്പോലും അതിശയോക്തി കലര്‍ത്തുകയും ചെയ്യുന്നു.

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന ചിന്തയില്‍ വ്യാജം പ്രചരിപ്പിക്കുന്നത് ക്രിസ്തീയമല്ല. അനുഭവിച്ചറിയാത്ത രക്ഷയെ പ്രചരിപ്പിക്കേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. നേരില്‍ കണ്ടിട്ടില്ലാത്തതും കേട്ടറിവ് മാത്രവുമായ അദ്ഭുതങ്ങളെ നേരില്‍ കണ്ടിട്ടുള്ളതായി പ്രചരിപ്പിക്കുന്ന സാഹചര്യവും സുവിശേഷകരുടെയിടയില്‍ കാണാറുണ്ട്. ഏതു ലക്ഷ്യത്തോടെയാണെങ്കിലും വ്യാജം പറയുന്ന അധരങ്ങള്‍ യാഹ്‌വെയ്ക്കു വെറുപ്പാണെന്നു നാം അറിഞ്ഞിരിക്കണം. അവിടുത്തെ രക്ഷയുടെ സന്ദേശം വിജാതിയരോട് പ്രസംഗിക്കാന്‍ വ്യാജത്തിന്റെ ആവശ്യമില്ലെന്നു മാത്രമല്ല, ഇത് വിജാതിയരുടെ ശൈലിയെ കടംകൊള്ളലാണ്!

'ഒരു വ്യക്തി എന്റെയരുകില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നപ്പോള്‍' എന്ന മുഖവുരയോടെ ഒരേ കഥതന്നെ അവതരിപ്പിക്കുന്ന വ്യത്യസ്ഥരായ സുവിശേഷകരെ കണ്ടിട്ടുണ്ട്. ഇത്തരക്കാരെല്ലാം തനിക്കുതന്നെ നാശം വരുത്തുന്നുവെന്ന് ഇവര്‍ അറിയുന്നില്ല. താന്‍ പറയുന്നവ സത്യമല്ലെന്ന തിരിച്ചറിവ് തങ്ങളുടെ മനസ്സാക്ഷിതന്നെ കുറ്റപ്പെടുത്തുമ്പോള്‍, വിശ്വാസത്തില്‍നിന്നു പിന്നോട്ടുപോകാന്‍ കാരണമാകും. കൂടാതെ, അതിശയോക്തിയും വ്യാജവും മുഖേന അറിയിക്കുന്ന സുവിശേങ്ങള്‍ വിജാതിയര്‍ക്ക് ഇടര്‍ച്ചയ്ക്ക് കാരണമാകുന്ന സാഹചര്യവുമുണ്ട്.

യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ ലോകത്തെ അറിയിക്കാന്‍ നമ്മുടെ നുണകള്‍ അവിടുത്തേക്ക് ആവശ്യമുണ്ടോ? ഒരിക്കലുമില്ലെന്നു മാത്രമല്ല, സത്യവചനത്തില്‍ അസത്യം കൂട്ടിക്കലര്‍ത്തുന്നത് യേഹ്ശുവായ്ക്കു സ്വീകാര്യവുമല്ല. ഇത്തരം സുവിശേഷകര്‍ അധികകാലം മുന്നോട്ടു പോകുകയില്ല എന്നത് അനേകരുടെ അനുഭവത്തില്‍നിന്നു തെളിഞ്ഞിട്ടുള്ളതുമാണ്. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ നോക്കുക: "ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു"(2 കോറി: 2; 17). ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ എന്നകാര്യം ഇവിടെ വ്യക്തമാണ്!

ഇന്ത്യയിലെത്തിയപ്പോള്‍ കത്തോലിക്കാസഭയിലെ പല വിശുദ്ധരും അപസര്‍പ്പക കഥകളിലെ വീരന്മാരായി പരിണമിച്ചത് ശ്രദ്ധേയമാണ്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ക്രൈസ്തവര്‍ വിജാതിയരോടു മത്സരിക്കുന്ന സ്ഥിതിയുമുണ്ട്. ഗീവര്‍ഗ്ഗീസ് 'പുണ്യവാളന്‍' പാമ്പിനെ വിട്ടു ദ്രോഹിക്കുന്നവനും നേര്‍ച്ചയിടാത്തവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്തുന്നവനുമായി പ്രചരിപ്പിക്കുന്നു. കൊരട്ടിപ്പള്ളിയിലെ മാതാവ്(കൊരട്ടിമുത്തി) വയറുവേദനയുണ്ടാക്കിയ കഥയും പാണന്മാര്‍ പാടിനടക്കുന്നു! മാതാവിനോടും വിശുദ്ധരോടും സ്നേഹത്തെക്കാള്‍ ഭയം ജനിപ്പിക്കുന്ന ഇത്തരം കഥകള്‍ സാത്താന്‍ അവതരിപ്പിക്കുന്ന നുണകളാണെന്നു നമുക്കറിയാം. ഇത്തരം യക്ഷിക്കഥകള്‍ വ്യാജമായി ചമയ്ക്കുമ്പോള്‍ യഥാര്‍ത്ഥ അദ്ഭുതങ്ങളെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനേ ഉപകരിക്കുകയുളളു. യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളുടെയും അവിടുത്തെ നാമത്തില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന അദ്ഭുതങ്ങളുടെയും പ്രഭകെടുത്തുന്ന കെട്ടുകഥകള്‍ സത്യത്തെ നിഷേധിക്കാന്‍ സാത്താന്‍ ഒരുക്കുന്ന 'മകരവിളക്കുകള്‍' മാത്രമാണെന്നു തിരിച്ചറിയുക!

വിജാതിയരുടെ ദൃഷ്ടിയില്‍ തങ്ങളുടെ ദേവന്മാരില്‍നിന്നു വിഭിന്നരല്ലാത്ത അവതാരങ്ങളായി വിശുദ്ധരെ പരിഗണിക്കുന്നതു മാത്രമല്ല, യേഹ്ശുവായെപ്പോലും ഇതിഹാസനായകനായി ചിന്തിക്കാന്‍ ഇത്തരത്തിലുള്ള അതിശയോക്തികളും കെട്ടുകഥകളും കാരണമായിട്ടുണ്ട്!

സഭാന്തരസംവാദങ്ങളിലെ അതിശയോക്തി!

വചനത്തെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കുകയും തങ്ങളുടെതന്നെയും മറ്റുള്ളവരുടെയും നാശത്തിനായി വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായി കാണുന്നത് സഭാന്തരസംവാദങ്ങളിലാണ്. വിവിധ സഭകളില്‍ അംഗങ്ങളായിരിക്കുന്ന വ്യക്തികള്‍ പരസ്പരം ഏര്‍പ്പെടുന്ന വാദങ്ങളില്‍, തങ്ങളുടെ നിലപാടുകളെ ഉറപ്പിക്കാന്‍ വചനത്തെ വളച്ചൊടിക്കുകയോ സത്യത്തെ മനഃപൂര്‍വ്വം മറച്ചുവയ്ക്കുകയോ ചെയ്യുന്നു. ഇത്തരക്കാര്‍ ക്രിസ്തുവിനെയല്ല; മറിച്ച്, തങ്ങളുടെ ആശയങ്ങളെയാണ് ശുശ്രൂഷിക്കുന്നത്. വചനത്തെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാതെ, ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രയോഗിക്കുന്ന ശൈലികള്‍ക്ക് അനേകം ഉദാഹരണങ്ങളുണ്ട്. ഈ അനീതി പരിശുദ്ധാത്മാവിനോടാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല!

ബൈബിളിലെ ഓരോ വചനങ്ങളെയും സ്ഥിരീകരിക്കാന്‍ ഇണവചനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. ഒരു വചനത്തിന്റെ വ്യാഖ്യാനം മറ്റൊരു വചനത്തിലൂടെ നല്‍കിയിരിക്കുന്നതു കണ്ടെത്താന്‍ ശ്രമിക്കാതെ സ്വന്തം ബുദ്ധികൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ ആശയങ്ങളില്‍ നമ്മെ കൊണ്ടുചെന്നെത്തിക്കും. വചനം പറയുന്നത് ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെയുടെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു"(യേശൈയാഹ്: 34; 16). അതുപോലെതന്നെ, വചനത്തെ സ്വീകരിക്കേണ്ടത് ചരിത്രത്തെയും അവ എഴുതപ്പെട്ട സാഹചര്യങ്ങളെയും പരിഗണിച്ചായിരിക്കണം. ഇതില്‍നിന്നു വ്യത്യസ്ഥമായ വ്യാഖ്യാനങ്ങളാണ് അപടം വിളിച്ചുവരുത്തുന്നത്.

ഇണവചനങ്ങളെ പരിഗണിക്കാതെ ഒരേയൊരു വചനത്തെ,ആ വചനം നല്‍കുവാനുണ്ടായ സാഹചര്യങ്ങള്‍പ്പോലും പരിഗണിക്കാതെ ദുര്‍വ്യാഖ്യാനം ചെയ്തതിലൂടെ വന്നുഭവിച്ച ദുരന്തമാണ് ചില സഭകളെ ശിശുസ്നാനത്തിന്റെ അനിവാര്യതയില്‍നിന്ന്‍ അകറ്റിയത്. "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല"(യോഹ: 3; 5). യേഹ്ശുവാ അറിയിച്ച ഈ വചനം മനുഷ്യരാശിയോടു മുഴുവനുമുള്ള ആഹ്വാനമായിരിക്കെ, സ്നാനത്തിനു പ്രായം നിശ്ചയിക്കുന്ന നിയമം ദൈവത്തില്‍നിന്നല്ല. "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 16). ഈ ഒരു വചനത്തിന്റെ മുന്‍പും പിന്‍പും സാഹചര്യവും അവഗണിച്ചുകൊണ്ട് നിയമനിര്‍മ്മാണം നടത്തിയ സഭകള്‍ സ്വന്തം മക്കളെപ്പോലും ദൈവരാജ്യത്തില്‍നിന്ന്‍ അകറ്റുകയാണ്! ഈ വചനം അറിയിക്കാനുണ്ടായ സാഹചര്യം നമുക്ക് പരിശോധിക്കാം.

യേഹ്ശുവാ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് ശിഷ്യന്മാരെ ശുശ്രൂഷ ഭരമേല്‍പിക്കുന്ന ഭാഗത്താണ് ഈ വചനം നല്‍കുന്നത്. സുവിശേഷ ശുശ്രൂഷയുടെ ആരംഭം ആയതുകൊണ്ടുതന്നെ വിശ്വാസികളായി ആരുംതന്നെ ഉണ്ടാവാനുള്ള സാദ്ധ്യതയുമില്ല. യേഹ്ശുവായിലൂടെയുള്ള രക്ഷ അറിഞ്ഞിട്ടില്ലാത്ത വ്യക്തികളോടും സമൂഹത്തോടും സുവിശേഷം അറിയിക്കാനാണ് ശിഷ്യന്മാര്‍ നിയോഗിക്കപ്പെട്ടത് എന്നതിനാല്‍, നിര്‍ബ്ബന്ധപൂര്‍വ്വമോ മറ്റെന്തെങ്കിലും ഭൗതീക വാഗ്ദാനങ്ങള്‍ നല്‍കിയോ ഒരുവനെ സ്നാനപ്പെടുത്തരുത് എന്ന മുന്നറിയിപ്പ് മാത്രമാണ് ഈ വചനത്തിലുടെ നല്‍കിയിരിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍, ബൈബിളില്‍ എവിടെയെങ്കിലും സ്നാനത്തിനുള്ള പ്രായം വ്യക്തമാക്കുമായിരുന്നു. എന്നാല്‍, സ്നാനമില്ലാതെ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന യേഹ്ശുവായുടെ വാക്കുകളെ തങ്ങളുടെ സൗകര്യാര്‍ത്ഥം അവഗണിക്കുകയാണ് ഇവര്‍ ചെയ്യുന്നത്! മരിച്ചവര്‍ക്ക് വേണ്ടിപ്പോലും സ്നാനം സ്വീകരിച്ചിരുന്ന പാരമ്പര്യം അപ്പസ്തോലന്മാരുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന സത്യം സഭകള്‍ ഒന്നടങ്കം വിസ്മരിക്കുന്നതും അപകടകരമായ അജ്ഞതയുടെ പരിണിതഫലമാണ്! ഈ വചനം ശ്രദ്ധിക്കുക: "അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം"(1 കോറി: 15; 29).

മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടും എന്നതുകൊണ്ടുതന്നെ, ജ്ഞാനസ്നാനം സ്വീകരിക്കാതെ മരിച്ചുപോയവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കുന്നത് ദൈവസന്നിധിയില്‍ സ്വീകാര്യമാണെന്നും അത്തരം പാരമ്പര്യം സഭയില്‍ നിലനിന്നിരുന്നുവെന്നും മറക്കരുത്. നൂറ്റാണ്ടുകള്‍ക്കുശേഷം കടന്നുവന്ന ഏതെങ്കിലും പാഷാണ്ഡതയായിരുന്നില്ല ഇത്; ആദ്യനൂറ്റാണ്ടില്‍ ഉണ്ടായിരുന്നതാണ്! ഇതൊരു പാഷാണ്ഡതയോ അന്ധവിശ്വാസമോ ആയിരുന്നെങ്കില്‍, അതിനെ കുറ്റപ്പെടുത്താന്‍ യാതൊരു മടിയുമില്ലാത്ത ശക്തനായ പൗലോസാണ്‌ ഇതു വെളിപ്പെടുത്തിയത്! ഈ സ്നാനത്തെ എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്തുകൊണ്ട് ഒരു വാക്കുപോലും അപ്പസ്തോലന്‍ കുറിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്! ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ്, കഴിഞ്ഞ നൂറ്റാണ്ടിലെ 'പുത്തന്‍കുറ്റുകാര്‍' ശിശുക്കള്‍ക്ക് 'ഭ്രഷ്ട്' കല്പിച്ചത്! "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്"(മത്താ: 19; 14) എന്ന വചനം ഇവരെക്കൂടി ലക്ഷ്യംവച്ചാണ് യേഹ്ശുവാ അറിയിച്ചതെന്ന് അറിയേണ്ടവര്‍ അറിയുന്നില്ല! സ്വന്തം മക്കളുടെ ജ്ഞാനസ്നാനത്തില്‍ മാതാപിതാക്കള്‍ തീരുമാനമെടുത്താല്‍, അത് അവരുടെ വിവേചനാധികാരത്തിനുമേലുള്ള കടന്നുകയറ്റമായി ഗണിക്കുന്നവര്‍ ആരെയാണ് അനുഗമിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയും! കുടുംബം മുഴുവനും ജ്ഞാനസ്നാനം സ്വീകരിച്ചതിന്റെ ഒന്നിലധികം തെളിവുകള്‍ വചനത്തിലുണ്ട് എന്ന വസ്തുതയും ശിശുസ്നാന വിരോധികള്‍ വിസ്മരിക്കുന്നു. ഒരുവനെ കുടുംബത്തിലെ അംഗമായി പരിഗണിക്കാന്‍ വോട്ടവകാശമാണോ മാനദണ്ഡമായി ഇവര്‍ പരിഗണിക്കുന്നതെന്ന് മനോവയ്ക്ക് അറിയില്ല!

കൂടുതല്‍ ആഴങ്ങളിലേക്ക് ഈ വിഷയവുമായി ഇറങ്ങുവാന്‍ മനോവയിവിടെ ഉദ്യമിക്കുന്നില്ല. മറ്റു ലേഖനങ്ങളില്‍ ഇതിന്‍റെ വിവരണം നല്‍കിയിട്ടുണ്ട് എന്നതാണ് അതിനു കാരണം. സാന്ദര്‍ഭികമായി ഇത്രയും സൂചിപ്പിച്ചത് വിഷയത്തിന്റെ ഗൗരവം പരിഗണിച്ചുകൊണ്ടാണ്. ശിശുസ്നാനത്തെ നിഷേധിക്കുവാനായി ബൈബിളിലെ പല വചനങ്ങളെയും വളച്ചൊടിക്കുകയും അനേകം വചനങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന പ്രവണത പെന്തക്കോസ്ത് സമൂഹങ്ങളിലുണ്ട്. ഇവരോട് ഒരേയൊരു ചോദ്യം മാത്രം ഉയര്‍ത്തിക്കൊണ്ട് ഈ വിഷയം ദൈവത്തിന്റെ നീതിയ്ക്ക് വിടുന്നു. ചോദ്യമിതാണ്: 'ശിശുക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കി എന്നതിന്റെ പേരില്‍ ആ ശിശുക്കളോ അവരെ സ്നാനപ്പെടുത്തുന്നവരോ നരകശിക്ഷയ്ക്ക് വിധിക്കപ്പെടുമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍, പിന്നെ എന്താണ് ബാലിശമായ ഈ വാദത്തിനുപിന്നിലെ അജണ്ട?'

അതിശയോക്തിയുടെ സുവിശേഷം പ്രചരിപ്പിക്കുന്നത് പെന്തക്കോസ്തു സഭകള്‍ മാത്രമാണെന്ന് മനോവ കരുതുന്നില്ല. കത്തോലിക്കരും മറ്റിതര ക്രൈസ്തവസഭകളും തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, മനഃപൂര്‍വ്വമോ അല്ലാതെയോ സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്താറുണ്ട്. പെന്തക്കൊസ്തുകളുടെ ചില വാദങ്ങളെ എതിരിടാന്‍ വചനത്തെ ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നു. വിജാതിയ അനുകരണങ്ങളെ സംബന്ധിച്ചുള്ള സഭാവിരുദ്ധരുടെ വാദങ്ങളെ പ്രതിരോധിക്കാന്‍ ഇവര്‍ നിരത്തുന്ന പ്രതിവാദങ്ങളെല്ലാം സഭയിലെ വിജാതിയവത്കരണത്തിന്റെ വക്താക്കള്‍ പടച്ചുവിട്ട ഭോഷ്ക്കുകള്‍ മാത്രമാണ്! ഇത് തങ്ങള്‍ക്കുതന്നെ മഹാദുരന്തം വരുത്തിവയ്ക്കുന്ന ദൈവനിന്ദയാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍, ആരെങ്കിലും വചനത്തിലൂടെ സംസാരിക്കുമ്പോള്‍, ആ വചനം വായിച്ചു മനസ്സിലാക്കാതെ പ്രതിവാദത്തിനു മുതിരരുത്. കത്തോലിക്കാസഭയിലെ കല്‍ദായവാദികള്‍ തങ്ങളുടെ അബദ്ധസിദ്ധാന്തത്തിന് ആധികാരികതയുണ്ടാക്കാന്‍, ചരിത്രത്തെപ്പോലും വളച്ചൊടിക്കാനും മായ്ച്ചുകളയാനും പെടാപ്പാടുപെടുകയാണ്! തോമാശ്ലീഹായെ 'ക്ലാവര്‍കുരിശു' പിടിപ്പിക്കാന്‍ ഇവര്‍ ചമയ്ക്കുന്ന വ്യാജകഥകളുടെ പിന്നാമ്പുറക്കഥകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്! അതിനാല്‍, ഈ വിഷയത്തെയും കൂടുതല്‍ വിശകലനം ചെയ്യുന്നില്ല.

മറ്റു സഭകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമായി പ്രചരിപ്പിക്കുന്ന രീതിയും ചില വ്യക്തികള്‍ക്കുണ്ട്. മറ്റു മതങ്ങളെക്കുറിച്ചാണെങ്കില്‍ തന്നെയും നുണ പ്രചരിപ്പിക്കുന്നത് ദൈവത്തിനു സ്വീകാര്യമല്ല. ഇന്റര്‍നെറ്റിലൂടെയും മറ്റിതര മാധ്യമങ്ങളിലൂടെയും 'മോര്‍ഫ്' ചെയ്ത ചിത്രങ്ങള്‍ അപകീര്‍ത്തിപരമായി പ്രചരിപ്പിക്കുന്നത് ഇന്ന്‍ കണ്ടുവരുന്നു. സ്വന്തം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, മറ്റു വിശ്വാസങ്ങളിലെ കാപട്യങ്ങള്‍ തുറന്നുകാണിക്കുന്നത് തെറ്റല്ല. നമ്മുടെ വിശ്വാസങ്ങള്‍ മറ്റു വിശ്വാസങ്ങളില്‍നിന്ന്‍ എപ്രകാരം വ്യത്യസ്ഥവും ശ്രേഷ്ഠവുമായിരിക്കുന്നുവെന്ന് ധരിപ്പിക്കാനുള്ള സംവാദങ്ങളില്‍ ഇത് അനിവാര്യമായി വന്നേക്കാം. "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). ഈ വചനമാണ് സുവിശേഷ പ്രഘോഷണത്തിന്റെ മൂലക്കല്ലും അടിത്തറയും എന്നതിനാല്‍, ഈ സത്യം ലോകത്തെ അറിയിക്കുമ്പോള്‍ മറ്റുള്ള മതങ്ങള്‍ക്കു വേദനയുണ്ടാവുക സ്വാഭാവികമാണ്. ഇതു പറയാന്‍ തയ്യാറാകാതെ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നതാണു വസ്തുത! എന്നാല്‍, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതോ കെട്ടിച്ചമച്ചതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. കാരണം, നമ്മുടെ ദൈവം ഇത് അംഗീകരിക്കുന്നില്ല!

ഏതൊരു സുവിശേഷ ശുശ്രൂഷകനും, തന്റെ ശുശ്രൂഷയില്‍ അതിശയോക്തി കലര്‍ത്തരുത് എന്ന നിയമം ബൈബിളില്‍ എഴുതിവച്ചിട്ടുള്ളതാണ്. വചനത്തില്‍നിന്ന്‍ എന്തെങ്കിലും ഒന്ന്‍ എടുത്തുമാറ്റാനോ എന്തെങ്കിലും ഒന്ന്‍ അതിനോട് കൂട്ടിച്ചേര്‍ക്കാനോ മനുഷ്യനെ ദൈവം അനുവദിച്ചിട്ടില്ല എന്നകാര്യം നമുക്കറിയാം. അതുപോലെതന്നെ, ഏതൊരു ലക്ഷ്യത്തോടെയാണെങ്കില്‍പ്പോലും തിന്മയെ ന്യായീകരിക്കാനോ നന്മയെ നിഷേധിക്കിവാനോ പാടില്ല. സ്വന്തം സഭയിലെ തിന്മകള്‍ മറച്ചുവച്ചുകൊണ്ട് മറ്റുള്ള സഭകള്‍ക്കുനേരേ വിരല്‍ചൂണ്ടുന്ന സമീപനം ക്രിസ്തീയമല്ല. നമ്മള്‍ ആയിരിക്കുന്ന സഭയെ ശുദ്ധീകരിക്കുമ്പോള്‍ മാത്രമേ മറ്റു സഭകളുടെയോ മതങ്ങളുടെയോ പോരായ്മകളെ തുറന്നുകാണിക്കാനുള്ള ധാര്‍മ്മികത നമുക്കു കൈവരികയുള്ളു. വിധിക്കാനുള്ള അധികാരം ദൈവത്തിനു മാത്രമാണെങ്കിലും വിചാരണ നടത്താന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ട്. പ്രവാചകന്മാരും അപ്പസ്തോലന്മാരും ഇതുതന്നെയാണു ചെയ്തത്! തിന്മയെ തിന്മയെന്നും നന്മയെ നന്മയെന്നും പറയാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനിലും നിക്ഷിപ്തമാണ്. "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം"(യേശൈയാഹ്: 5; 20). ഇത് ദൈവവചനമാണ്‌!

അതിനാല്‍, നമ്മുടെ സഭയിലോ ഭവനത്തിലോ എവിടെയായിരുന്നാലും ആരുടേയും തിന്മയെ മൂടിവയ്ക്കാന്‍ നാം ശ്രമിക്കരുത്. നന്മയായിട്ടുള്ളതിനെ അംഗീകരിക്കുന്നതിലും നാം മടിക്കരുത്! അപ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥ ക്രൈസ്തവരായി മാറുകയുള്ളു. നുണ പറയുന്നവന്‍ ക്രിസ്ത്യാനിയല്ല; മരിക്കേണ്ടിവന്നാലും സത്യം മാത്രം പറയുന്നവനാണ് ക്രിസ്ത്യാനി! ക്രിസ്തീയത ഈ ഭൂമുഖത്തു വളര്‍ന്നത് വ്യാജപ്രചരണത്തിലൂടെ ആയിരുന്നില്ല. യേഹ്ശുവാ എന്തായിരിക്കുന്നുവോ, അതുമാത്രം ലോകത്തെ അറിയിക്കാനാണു നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്! എല്ലാ ക്രൈസ്തവ സഭകളിലും പൊതുവേ കാണപ്പെടുന്ന ഒരു വിഭാഗത്തെക്കൂടി പരിചയപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.

സാക്ഷ്യത്തൊഴിലാളികള്‍!

ധ്യാനമന്ദിരങ്ങളിലും മറ്റു വചനപ്രഘോഷണ വേദികളിലും മുഖ്യപ്രാസംഗികനെക്കാള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത് സാക്ഷ്യംപറയുന്ന വ്യക്തികളാണ്! അതിനു പല കാരണങ്ങളുണ്ടെങ്കിലും ആ കാരണങ്ങളിലേക്കെല്ലാം ആഴമായി കടന്നുപോകാന്‍ ഇവിടെ ഉദ്യമിക്കുന്നില്ല! എന്നിരുന്നാലും, ചില പ്രധാന വിഷയങ്ങള്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ജീവിതസാക്ഷ്യത്തില്‍പ്പോലും മായംചേര്‍ത്തു കച്ചവടം നടത്തുന്ന സാക്ഷ്യത്തൊഴിലാളികള്‍ ക്രൈസ്തവസഭകളില്‍ ഉണ്ടെന്നത് മറച്ചുവയ്ക്കേണ്ട കാര്യമില്ല. തന്റെ മാനസാന്തരകഥ പൊലിപ്പിക്കാന്‍ മുന്‍കാല ചരിത്രത്തില്‍ അതിശയോക്തി കലര്‍ത്തുന്നരാണ് ഇക്കൂട്ടര്‍. അതിക്രൂരന്മാരായിരുന്നതിനുശേഷം മാനസാന്തപ്പെട്ടുവെന്നു പറഞ്ഞാല്‍, കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന ധാരണയാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. കേള്‍വിക്കാരുടെ കരഘോഷം ഇത്തരക്കാരെ ലഹരിയിലാഴ്ത്താറുമുണ്ട്! അതുകൊണ്ടുതന്നെ, താന്‍ എല്ലാ സാക്ഷ്യക്കാരെക്കാള്‍ മോശക്കാരായിരുന്നുവെന്നു സ്ഥാപിക്കാനുള്ള മത്സരവും ഈ രംഗത്തു കാണാം. തങ്ങളുടെ കുറ്റങ്ങള്‍ മൂടിവയ്ക്കാന്‍ സ്വയം മാന്യത പ്രഘോഷിക്കുന്ന ആളുകള്‍ ജീവിക്കുന്ന നാട്ടില്‍, സ്വന്തം ജീവിതത്തിനുമേല്‍ ദുരാരോപണങ്ങള്‍ നടത്തി ഉപജീവനം കഴിക്കുന്ന ആളുകള്‍ ഉണ്ടെന്നതാണു രസകരം! ഒരുതരത്തില്‍ പറഞ്ഞാല്‍ ഇവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മാന്യരായി ജീവിച്ച ഒരുത്തന്റെ സുവിശേഷം കേള്‍ക്കാന്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ദുഷ്ടരുടെ മാനസാന്തരകഥ കേള്‍ക്കാന്‍ തടിച്ചുകൂടുമെന്ന ധാരണ സംഘാടകര്‍ക്കുണ്ട്! അതുകൊണ്ടാണ്, സുവിശേഷ പ്രസംഗകന്റെ പേരിനോടൊപ്പം 'ബ്രായ്ക്കറ്റില്‍' മദ്രാസിലെ മോന്‍ എന്ന്‍ എഴുതുന്നത്!

കൊടിയ പാപികള്‍ മാനസാന്തരപ്പെടുന്നതിനെ ആത്മപുളകത്തോടെയാണ് മനോവ കാണുന്നത്. എല്ലാവരും രക്ഷപ്രാപിക്കണമെന്ന തീക്ഷ്ണമായ അഭിവാഞ്ഛയാണ് ഈ ശുശ്രൂഷയുടെ പിന്നിലെ ഘടകവും. എന്നിരുന്നാലും, അതിശയോക്തിയുടെ സുവിശേഷത്തെ ഭയത്തോടെയാണ് മനോവ കാണുന്നത്! കേരളത്തിലെ പെന്തക്കോസ്തു സുവിശേഷകരില്‍ മിക്കവരും തങ്ങളുടെ ജീവിതസാക്ഷ്യവും പ്രസംഗത്തോടൊപ്പം പ്രഖ്യാപിക്കാറുണ്ട്‌. ഇവരില്‍ എല്ലാവരുടെയും പ്രസംഗത്തിന്റെ മുഖവുര ഒന്നായിരിക്കും എന്നതാണ് രസകരമായ കാര്യം. പെന്തക്കോസ്തു ജീവിതസാക്ഷ്യത്തിന്റെ ശൈലി ഇവിടെ മനോവ കുറിക്കുമ്പോള്‍, അതില്‍ അതിശയോക്തിയുണ്ടെങ്കില്‍ വായനക്കാര്‍ പ്രതികരിച്ചുകൊള്ളുക!

'ഞാന്‍ ഒരു യാഥാസ്ഥിതിക കത്തോലിക്കാ(ഓര്‍ത്തഡോക്സ്, യാക്കോബായ) കുടുംബത്തിലെ അംഗമായിരുന്നു. സഭയുടെ എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും തീക്ഷ്ണതയോടെ ആചരിക്കുകയും ജപമാലയില്‍ ശ്രദ്ധവയ്ക്കുകയും ചെയ്തിരുന്നു...പള്ളിയുമായി ഏറ്റവും ചേര്‍ന്നു പ്രവര്‍ത്തിച്ച എനിക്ക് ദൈവത്തെ മാത്രം അനുഭവിക്കാന്‍ കഴിഞ്ഞില്ല....ഇത്തരത്തില്‍ അല്ലാത്ത ഒരു സാക്ഷ്യവും പെന്തക്കോസ്തു സഭകളില്‍നിന്നു മനോവ കേട്ടിട്ടില്ല! ഒരു യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തില്‍ ജനിക്കുകയും കൂദാശകളും മറ്റ് ആത്മീയകാര്യങ്ങളിലും ശ്രദ്ധാപൂര്‍വ്വം പങ്കുകൊള്ളുകയും ചെയ്തിട്ട്, സഭയില്‍നിന്നു പുറത്തുപോയ ഒരു വ്യക്തിയും രണ്ടായിരം വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല എന്നത് 'യാഥാസ്ഥിതികരായ' കത്തോലിക്കരെ ആരും പഠിപ്പിക്കേണ്ടതില്ല! ആദ്യകുര്‍ബാന സ്വീകരണത്തിനുശേഷം പള്ളിയില്‍ കയറിയിട്ടുപോലും ഇല്ലാത്തവര്‍ എങ്ങനെയാണ് യാഥാസ്ഥിതിക കത്തോലിക്കന്‍ ആകുന്നത്? കത്തോലിക്കാ, ഓര്‍ത്തഡോക്സ്, യാക്കോബയാ വിഭാഗങ്ങളില്‍നിന്നാണ് ഇവര്‍ പെന്തക്കോസ്ത് ആയത് എന്നകാര്യത്തില്‍ മനോവ എതിര്‍ക്കുന്നില്ല. എന്നാല്‍, ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിച്ചു ജീവിച്ച ഒരുവനായിരുന്നുവെന്ന നുണ ഇവര്‍ പ്രചരിപ്പിക്കുന്നത് മനോവയ്ക്കു നന്നായി അറിയാം. ഇത്തരം സാക്ഷ്യത്തൊഴിലാളികള്‍ സ്വന്തം നാട്ടിലോ, ജില്ലയില്‍പ്പോലുമോ സാക്ഷ്യം പറയില്ല എന്നത് വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സ്വന്തം വീട്ടിലും നാട്ടിലും സാക്ഷ്യമില്ലാത്തവരാണ്, തങ്ങളുടെ യാഥാസ്ഥിതിക നുണക്കഥകളുമായി വിദേശപര്യടനം നടത്തുന്നത്! ഒരുകാര്യം വ്യക്തമായി പറയാം: യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തില്‍ ജനിക്കുകയും ആദ്ധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുകയും ചെയ്തു ജീവിച്ച ഒരുവന്, മറ്റൊരു സഭയിലേക്കു കൂടുമാറി ദൈവത്തെ കണ്ടെത്തിയെന്നു പറഞ്ഞാല്‍, വിജാതിയര്‍ ഒരുപക്ഷെ വിശ്വസിച്ചേക്കാം! ഒരു വര്‍ഷത്തിനിടയില്‍ പന്ത്രണ്ടു സഭകളില്‍ മാറിമാറി പരീക്ഷിക്കുകയും ഒടുവില്‍ സ്വന്തമായി സഭ തട്ടിക്കൂട്ടുകയും ചെയ്ത വ്യക്തിയുടെ 'യാഥാസ്ഥിതിക' പാരമ്പര്യം മറ്റെവിടെ ചിലവാകാന്‍!

ഇത്തരത്തില്‍, സ്വന്തം ജീവിതത്തില്‍ അതിശയോക്തി കലര്‍ത്തി സുവിശേഷം പ്രചരിപ്പിക്കാന്‍ യേഹ്ശുവാ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? പെന്തക്കോസ്തു സഭകള്‍ക്കു നിലനില്‍ക്കണമെങ്കില്‍ കത്തോലിക്കാസഭയെയും മറ്റു ശ്ലൈഹീകസഭകളെയും കുറ്റം പറയാതെ വേറെ വഴിയൊന്നുമില്ല. പെന്തക്കോസ്തു സഭകളുടെ ആവിര്‍ഭാവം ശ്ലൈഹീകസഭകളിലെ മൂല്യച്യുതി മൂലമാണെന്ന കാര്യം സമ്മതിക്കാനും മനോവയ്ക്കു മടിയില്ല! വിവാഹമോചനം നടത്തി വീണ്ടും വിവാഹം കഴിക്കാന്‍ സഭ വിട്ടവരും, സഭാധികാരികളോടുള്ള വിദ്വേഷംമൂലം സഭവിട്ടവരും പെന്തക്കോസ്തു സഭകളില്‍ ചേക്കേറിയാലും സാക്ഷ്യം മേല്‍പ്പറഞ്ഞതില്‍നിന്നു വ്യത്യസ്ഥമായിരിക്കില്ല!

ഇത്തരത്തില്‍ പെന്തക്കോസ്തു സഭകളെ മാറിമാറി പരീക്ഷിച്ച ഒരു 'സഭാശുശ്രൂഷകന്‍' പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണക്കഥകളില്‍ ഒന്ന്‍ ഇവിടെ സൂചിപ്പിക്കെണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയില്‍ മരിയഭക്തി ഉടലെടുത്തത് റോമന്‍ ദേവതയെ അനുകരിച്ചുകൊണ്ടായിരുന്നു എന്നാണ് ഈ 'കൂപമണ്ഡൂകത്തിന്റെ കണ്ടെത്തല്‍! റോമന്‍ സാമ്രാജ്യത്തിന്റെ പീഡനം ക്രൈസ്തവരുടെമേല്‍ ശക്തിയാര്‍ജ്ജിച്ചിരുന്ന കാലത്തും സത്യക്രിസ്ത്യാനികള്‍ മാതാവിനെ ബഹുമാനിക്കുകയും അമ്മയായി സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് ഈ തവളയ്ക്ക് അറിയാത്തത്, യാഥാസ്ഥിതിക കുടുംബത്തിന്റെ പാരമ്പര്യം ഇയാള്‍ക്കു ശക്തമായി ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം! പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ വ്യത്യാസമില്ലാതെ, ക്രിസ്ത്യാനികളായ എല്ലാവരും യേഹ്ശുവായുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചിരുന്നു എന്നകാര്യം നൂറുവര്‍ഷത്തെ പാരമ്പര്യം മാത്രമുള്ളവര്‍ അറിയാതെപോയത് സ്വാഭാവികം! കന്യകാമറിയത്തെ റോമന്‍ ദേവതയോട് ഉപമിക്കുന്നവര്‍ സൗകര്യം കിട്ടിയാല്‍ യേഹ്ശുവായെ ഏതെങ്കിലും ദേവന്മാരോട് ഉപമിക്കാനും മടിക്കില്ല! പെന്തക്കോസ്തു 'മാഹാത്മ്യങ്ങള്‍' കൂടുതലായി വിളമ്പാന്‍ മനോവ തയ്യാറാകാത്തത്, മനോവയുടെ ലക്ഷ്യം സ്വന്തം ഭവനത്തിന്റെ ശുദ്ധീകരണം ആയതിനാലാണ്. മാത്രവുമല്ല, സഭകള്‍ തമ്മിലുള്ള യുദ്ധത്തിലൂടെ സംഭവിക്കുന്ന ദോഷഫലങ്ങളെ മനോവ മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍, കുളം കലങ്ങിക്കിടക്കുമ്പോള്‍ വരാലിനെ പിടിക്കാനുള്ള ശ്രമമാണു വ്യക്തിസഭകള്‍ നടത്തുന്നതെങ്കില്‍, രേഖകള്‍ സഹിതം പൊളിച്ചടുക്കാന്‍ മനോവയ്ക്ക് ഭയവുമില്ല!

അന്ത്യവിധി, എതിര്‍ക്രിസ്തുവിന്റെ അടയാളം എന്നിവയെക്കുറിച്ചുള്ള പെന്തക്കോസ്തു വ്യാഖ്യാനങ്ങളില്‍ തൊണ്ണൂറു ശതമാനവും പച്ചക്കള്ളവും യുക്തിയെ ആശ്രയിച്ചുള്ള ഊഹങ്ങളുമാണ്. അന്ത്യവിധിയെക്കുറിച്ചും എതിര്‍ക്രിസ്തുവിനെക്കുറിച്ചും അവന്റെ ചിഹ്നമായ '666' നെ കുറിച്ചുമെല്ലാം ഇവര്‍ പ്രചരിപ്പിക്കുന്ന അബദ്ധങ്ങള്‍ വലിയ അപകടം നിറഞ്ഞതാണ്‌! ഇതു സത്യമാണെന്നു കരുതുന്നവര്‍ എതിര്‍ക്രിസ്തുവിനെ തിരിച്ചറിയാതെ അവന്റെ അനുയായികളായി മാറും എന്നതാണു ഭയപ്പെടേണ്ട വിഷയം. അതുതന്നെയാണ് അവന്റെ ലക്ഷ്യവും! പെന്തക്കൊസ്തുസഭകളിലെ തീഷ്ണതയെ അംഗീകരിക്കാന്‍ മനോവ മടിക്കുന്നില്ല. എന്നാല്‍, അവരിലൂടെ പുറത്തുവരുന്ന നന്മകളെല്ലാം യഥാര്‍ത്ഥ തിന്മയെ മറച്ചുവയ്ക്കാനുള്ള മറമാത്രമാണ്. യോഹന്നാനു ലഭിച്ച വെളിപാടിനെക്കുറിച്ചുള്ള പെന്തക്കോസ്തു വ്യാഖ്യാനങ്ങളിലെ കാപട്യവും പൊള്ളത്തരങ്ങളും വ്യക്തമാക്കുന്ന ലേഖനം മനോവയില്‍ ഉടന്‍തന്നെ പ്രസിദ്ധീകരിക്കും!

സഭകളിലെ നന്മകളെ ശ്ലാഘിച്ചുകൊണ്ടുതന്നെ മനോവ പറയട്ടെ: സുവിശേഷത്തിലോ, സ്വന്തം ജീവിതസാക്ഷ്യത്തിലോ നിങ്ങള്‍ അതിശയോക്തി കലര്‍ത്തരുത്. അതു നിങ്ങളുടെതന്നെ നിത്യജീവനെ നശിപ്പിക്കും. നിസ്സാരമെന്നു കരുതുന്ന നുണകളെപ്പോലും വെറുക്കുന്ന സത്യവാനായ ദൈവമാണു നമ്മുടെ യാഹ്‌വെ! അവിടുത്തെ രാജ്യം വളര്‍ത്താന്‍ നിങ്ങളുടെ വ്യാജങ്ങള്‍ അവിടുത്തേക്ക് ആവശ്യമില്ല. യുദ്ധം ചെയ്തു രാജ്യം പിടിച്ചടക്കാനായിരുന്നുവെങ്കില്‍ യാഹ്‌വെയ്ക്കു നമ്മെ ആരെയും ആവശ്യവുമില്ല; അവിടുന്ന് സൈന്യങ്ങളുടെ ദൈവമാണ്!

പിശാചിനെക്കുറിച്ച് യേഹ്ശുവാ പറയുന്നത് ശ്രദ്ധിക്കുക: "അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍ സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്"(യോഹ: 8; 44). ഇതു പറഞ്ഞ യേഹ്ശുവായുടെ വചനം പ്രചരിപ്പിക്കാനും അവിടുത്തെ സഭ വളര്‍ത്താനും നമുക്ക് വ്യാജത്തെ ആശ്രയിക്കേണ്ടതില്ല! സത്യത്തെ മുറുകെപ്പിടിച്ച്‌ യേഹ്ശുവായില്‍ നമുക്കു മുന്നേറാം. കാരണം, അവിടുന്നു മാത്രമാണ് സത്യം! ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു: വിജാതിയര്‍ക്ക് അവരുടെ മതം പ്രചരിപ്പിക്കണമെങ്കില്‍ അനേകം നുണകള്‍ അനിവാര്യമാണെങ്കിലും, നമ്മുടെ യേഹ്ശുവായുടെ സുവിശേഷം വളര്‍ന്നത് സത്യത്തില്‍ മാത്രമാണ്!

"അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫേ:6;14-17). ഇതാണ് യേഹ്ശുവായുടെ പോരാളി!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4166 views

LOG IN

Lost your password?

SIGN UP

LOST PASSWORD