എഡിറ്റോറിയല്‍

മരിക്കുകയാണെങ്കില്‍ 'സായ്പ്പിന്റെ' കൈകൊണ്ട് മരിക്കണം!

Print By
about

കേരളീയര്‍ക്ക് കാര്യങ്ങള്‍ ഏകദേശം മനസ്സിലായിക്കാണുമെന്ന് മനോവ കരുതുന്നു! ഇറ്റാലിയന്‍ നാവീകരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചപ്പോള്‍ ഇന്ത്യക്കാരുടെ പൗരബോധവും ദേശസ്നേഹവും അവയുടെ ഉച്ഛസ്ഥായിയില്‍ എത്തി. ഇതിലെ കാപട്യം മനോവ തുറന്ന് പങ്കുവച്ചപ്പോള്‍ ചിലര്‍ പ്രതികരിച്ചത് ഇറ്റലിയുടെ എച്ചിലുതിന്നുന്ന മനോവയെന്നായിരുന്നു. ചിലരാകട്ടെ മനോവയുടെ പ്രവാചക ശബ്ദമെന്നും പ്രതികരിച്ചു. മനോവയുടെ യാത്രയില്‍ അഭിവാദ്യങ്ങളും കൂക്കുവിളികളും ഒരുപോലെതന്നെ കാണുന്നു!

കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവം തന്നെയായിരുന്നു മത്സ്യത്തൊഴിലാളികളുടെ ദാരുണമായ മരണം. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ വാക്കുകളെ മനോവ അന്ന് എതിര്‍ത്തില്ല,  ഇന്ന്‍  എതിര്‍ക്കുന്നുമില്ല. കാരണം, അദ്ദേഹം പറഞ്ഞത് എന്താണെന്നു തിരിച്ചറിയാന്‍ മനോവയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനെ രാഷ്ട്രീയവും സാമുദായികവുമായി വളച്ചൊടിച്ച് ഉപയോഗിക്കാന്‍ സ്ഥാപിത താത്പര്യക്കാരായ മാധ്യമങ്ങളും രാഷ്ട്രീയ- സാമുദായിക ശക്തികളും തുനിഞ്ഞു.

ചിലരെങ്കിലും ഇവരുടെ ആക്രോശങ്ങള്‍ ആത്മാര്‍ത്ഥതയുടേതാണെന്നു തെറ്റിദ്ധരിച്ചിട്ടുമുണ്ടാകാം! മത്സ്യത്തൊഴിലാളികളോടും ലത്തീന്‍ സമുദായത്തോടും മാധ്യമങ്ങളും സംഘടനകളും കോടതിപോലും കാണിക്കുന്നത് അവരോടുള്ള സ്നേഹമാണെന്ന് പാവങ്ങള്‍ കരുതിക്കാണും! ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കാനും തോന്നിക്കാണും! മൂന്നുകോടി മേശപ്പുറത്തു വയ്ക്കാതെ ശ്വാസം വിടരുതെന്ന കോടതിയുടെ അന്ത്യശാസനം കേട്ടപ്പോള്‍ ഇന്ത്യന്‍ നീതിപീഠത്തിന് ഇത്ര ആജ്ഞാശക്തിയോ എന്ന് ആശ്ചര്യപ്പെട്ടവരും വിരളമായിരിക്കില്ല. ഇത്രമാത്രം ഭരണകൂടവും നീതിപീഠവും രാഷ്ട്രീയകക്ഷികളും സമുദായങ്ങളും ജനങ്ങളും ഒറ്റക്കെട്ടായിനിന്ന മറ്റൊരു സംഭവവും ഇന്ത്യയിലുണ്ടായിട്ടില്ല. സ്വാതന്ത്ര്യസമര കാലത്തുപോലും കമ്യൂണിസ്റ്റുകള്‍ പാരവച്ച കഥകള്‍ നമുക്കറിയാമല്ലോ!

ഇഎംഎസ്സ്. ന്റെ ഭരണത്തില്‍ പോലീസ് വെടിവച്ചുകൊന്ന ഗര്‍ഭിണിയായ സ്ത്രീയടക്കമുള്ള മത്സ്യത്തൊഴിലാളികളുടെ കഥ ഓര്‍ക്കുകപോലും ചെയ്യാതെ ഇറ്റാലിയന്‍ മാഫിയകളെ ക്രൂശിക്കുകയെന്ന് സഖാക്കള്‍ വിളിച്ചു പറഞ്ഞതും കേരളം 'കോരിത്തരിപ്പോടെ' കണ്ടു! ഇന്ത്യക്കാരുടെ ഒത്തൊരുമ കണ്ട് ഇറ്റലിക്കാര്‍ മാത്രമല്ല ലോകം മുഴുവന്‍ ഞെട്ടി! എന്നാല്‍, ആ ഞെട്ടലിന് അധികം ആയുസ്സില്ലായിരുന്നു.

ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പേ വീണ്ടും കടലില്‍ അപകടമുണ്ടായി. വിദേശികളെ ഒന്നടങ്കം വകവരുത്താനും കപ്പലിനെ വരച്ചവരയില്‍ നിര്‍ത്തി കാശുവാങ്ങാനും നേവിയടക്കമുള്ള തീരദേശസേന കടലിലേക്ക് കുതിച്ചു. അക്രമികളെ തത്സമയം പ്രദര്‍ശിപ്പിക്കാന്‍ എല്ലാ പരിപാടികളും മാറ്റിവച്ച് 'ഓ ബി' വാനുമായി മാധ്യമങ്ങള്‍ കരയില്‍ 'നങ്കുരമിട്ടു'!

പട്ടി ചന്തയ്ക്കുപോയി എന്നു പറഞ്ഞപോലെ 'കോസ്റ്റ്ഗാര്‍ഡും ' സംഘവും മടങ്ങിവന്നതാണ് പിന്നീടു കണ്ടത്. സമീപത്തുകൂടി കടന്നുപോയ ഒമ്പതു കപ്പലുകളും അധികാരികളുടെ സന്ദേശങ്ങളോട് പ്രതികരിച്ചപ്പോഴും പ്രതികളെന്നു കരുതുന്നവര്‍ തിരിഞ്ഞുനോക്കിയില്ല. ഈ ധാര്‍ഷ്ട്യത്തിനുമുന്നില്‍ പഴയ പുലികള്‍ എലികളായി മാറി! ഇന്ത്യയിലെ അധികാരികള്‍ക്കും സേനയ്ക്കും ചിലകാര്യങ്ങള്‍ വ്യക്തമായി; വിദേശികളെ ഞെട്ടിക്കുന്നതുപോലെ സ്വദേശികളോടു സാധിക്കില്ലെന്നും തങ്ങള്‍ വരയ്ക്കുന്ന വരയില്‍ നില്‍ക്കാന്‍ വിദേശികളെ മാത്രമെ കിട്ടുകയുള്ളു എന്നുമുള്ള സത്യം! വിദേശികളെ വിലങ്ങുവച്ചു കൊണ്ടുവരുന്നത് തത്സമയം കാണിക്കാന്‍ കാത്തിരുന്ന മാധ്യമപ്പടയും നിരാശരായി! ഇന്ത്യാവിഷന്‍ വാടകയ്ക്കെടുത്ത 'ഓ ബി' വാനിന്റെ വാടകയും നഷ്ടം!

ഇറ്റാലിയന്‍ കൊലയാളികളെ വിലങ്ങുവയ്ക്കാന്‍ ധീരത കാണിച്ച പോലീസ് ഉദ്യോഗസ്ഥനെ പ്രകീര്‍ത്തിച്ച് 'തലക്കെട്ട്' എഴുതിയ മാധ്യമങ്ങള്‍ക്കുമുന്നിലൂടെ തലയില്‍ മുണ്ടിട്ട് ഈ പോലീസ് മേധാവി കടന്നുപോയത് ഈ മാധ്യമ 'സിന്‍ഡിക്കേറ്റുകള്‍' കണ്ടുമില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയെ ഇറ്റലിക്കാര്‍ കുറച്ചുകാണരുതെന്ന് ലോകത്തിനു താക്കീതുകൊടുത്ത കോടതി ഇപ്പോള്‍ അവധിയിലാണെന്നു തോന്നുന്നു!

നങ്കുരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്ത കപ്പല്‍!

കടലില്‍ നങ്കുരമിട്ടുകിടന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്ത് ഒന്നുമറിയാത്തവരെപ്പോലെ കപ്പല്‍ കടന്നുപോയി. മനോവ മുന്‍പ് പറഞ്ഞതുപോലെ ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിവച്ചത് ഒരുപക്ഷെ കടല്‍ക്കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ചാകാം. ഇതൊക്കെ അന്വേഷണത്തിലൂടെ വെളിപ്പെട്ടതിനുശേഷം കുറ്റവാളികളെ ശിക്ഷിക്കുകയെന്നാണ്, മനോവ പറഞ്ഞത്. ഇതുതന്നെയാണ് മാര്‍ ആലഞ്ചേരിയും പറഞ്ഞത് കുറ്റവാളികളാണെന്ന് തെളിയുന്നതുവരെയെങ്കിലും കാത്തിരിക്കണമല്ലോ! ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ മുദ്രാവാക്യം! ഇതിനു വിരുദ്ധമായി ആലഞ്ചേരി പിതാവ് എന്തെങ്കിലും പറഞ്ഞതായി മനസ്സിലാകുന്നില്ല.

നിയമം ആര്‍ക്കെങ്കിലും വേണ്ടിമാത്രം ഉള്ളതാകരുത്. സമ്പന്നനും ദരിദ്രനും അധികാരികള്‍ക്കും പ്രജകള്‍ക്കും ഒരുപോലെ നീതി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇറ്റാലിയന്‍ നാവികര്‍ക്കും കപ്പലുടമകള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനിക്കും നീതി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനു വിരുദ്ധമായിരുന്നില്ലേ കോടതിയുടെ പരാമര്‍ശം? മൂന്നുകോടി കെട്ടിവയ്ക്കാന്‍ എന്താണു നിങ്ങള്‍ക്ക് ബുദ്ധിമുട്ട്? ഇന്‍ ഷ്വറന്‍സ് കമ്പനിയല്ലേ പണമടയ്ക്കുന്നത്? എന്നൊക്കെയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. എന്താണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്? ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നീതി ലഭിക്കാന്‍ അര്‍ഹതയില്ലെന്നോ? വാഹനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റം ചെയ്യാതെതന്നെ പണം ഈടാക്കാമെന്നാണോ കോടതി പറയുന്നത്? ഇത്തരം വാചകങ്ങളെ നീതിയെന്നു വിളിക്കാന്‍ കഴിയാതെ വരും. അപ്പോഴാണ് എം വി ജയരാജന്‍ പറഞ്ഞത് ശ്ലാഘനീയമാണെന്നു പറയേണ്ടിവരുന്നത്! ഇറ്റാലിയന്‍ കപ്പലിന്റെ ഭാഗത്ത് തെറ്റില്ലെങ്കിലും ഉണ്ടെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനി പണം കൊടുക്കണമെന്ന വാദം തെറ്റായ പ്രവണത സൃഷ്ടിക്കാന്‍ കാരണമാകും. ഈ ന്യായങ്ങളും വാദങ്ങളും ഉന്നയിക്കാന്‍ ഇപ്പോള്‍ കോടതിയും നിയമവും എവിടെപ്പോയി?

ഇറ്റാലിയന്‍ കപ്പല്‍ ഇന്ത്യന്‍ തീരസേനയുടെ ആജ്ഞ സ്വീകരിച്ചതിനുശേഷം നിന്നിടത്തുനിന്നും അനങ്ങിയിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അധികൃതരുടെ ആവശ്യപ്രകാരം കൊച്ചി തീരത്ത് അടുപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ കപ്പലിനോട് ആജ്ഞാപിച്ചില്ല അപേക്ഷിച്ചു നോക്കി. എന്നിട്ടെന്തായി? അവര്‍ പറഞ്ഞു അവരുടെ സൗകര്യംപോലെ ചെന്നൈ തീരത്ത് വരാം; അവശ്യമെങ്കില്‍ അവിടെവന്ന് പരിശോധിക്കുക എന്നായിരുന്നു അവരുടെ മറുപടി. കേരളാപോലീസും പരിവാരങ്ങളും ചെന്നൈക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നു!

ഇതൊക്കെ നോക്കിക്കാണുന്ന ലോക മാധ്യമങ്ങളും രാഷ്ട്രങ്ങളുമുണ്ടെന്നു മറക്കരുത്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ അപമാനിക്കുകയും വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇതിന്റെപേരില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കുകയെങ്കിലും വേണം.

മാധ്യമങ്ങളുടെ തനിനിറം!

ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ആഘോഷമാക്കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ അത്രകണ്ട് ഉത്സാഹത്തിലല്ല. 'തെലാനി' ഷിപ്പിങ് കമ്പനിയെന്ന കൂറ്റന്‍ സ്ഥാപനത്തിനെതിരെ പോരാടാന്‍മാത്രം മാധ്യമ ധര്‍മ്മമൊന്നും ഇവിടുത്തെ മാധ്യമങ്ങള്‍ക്കില്ല. കാരണം, അനേകവ്യവസായങ്ങളുടെ ഉടമയാണ് ഈ കമ്പനി. അവരുടെ പരസ്യങ്ങള്‍ നിലച്ചാല്‍ പല ചാനലുകളും പൂട്ടിക്കെട്ടും! ഈ അപകടത്തിനുപിന്നില്‍ 'തെലാനി' ഗ്രൂപ്പിന്റെ എം വി പ്രഭുദയ എന്ന കപ്പലാണെന്ന് അറിഞ്ഞതുമുതല്‍ ഇന്ത്യാവിഷന്‍ ചാനലിന് ഈ സ്ഥാപനത്തെ പുകഴ്ത്താനെ നേരമുണ്ടായിരുന്നുള്ളു. അതില്‍നിന്നുതന്നെ ഇറ്റാലിയന്‍ മാഫിയ ഇന്ത്യന്‍ മാഫിയയ്ക്കുമുന്നില്‍ ഒന്നുമല്ലെന്നു തെളിഞ്ഞു.

ക്രൈസ്തവരെ പരിഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താത്ത ഇന്ത്യാവിഷനും 'മാധ്യമം' എന്ന താലിബാന്‍ പത്രവും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രസ്താവന അദ്ദേഹം നിഷേധിച്ചിട്ടും കൂട്ടാക്കാതെ അതില്‍തൂങ്ങി ആടുകയായിരുന്നു. രണ്ടുപേരുടെ മരണത്തിനിടയായ സംഭവത്തെക്കാള്‍ എന്തുകൊണ്ടും അഞ്ചുപേരുടെ മരണമായിരിക്കണമല്ലോ പ്രധാനപ്പെട്ടത്. അദ്യത്തെ സംഭവത്തില്‍ മരിച്ചവരുടെ അതേ സമുദായത്തിലുള്ളവരും തൊഴില്‍ ചെയ്യുന്നവരുമാണ് രണ്ടാമത്തെ അപകടത്തില്‍ മരിച്ചവരും. എന്നാല്‍, രണ്ടുപേരെ കൊന്നത് ഇറ്റലിക്കാരും അഞ്ചുപേരെ കൊന്നത് ഇന്ത്യക്കാരും എന്ന വ്യത്യാസമുണ്ട്! 'ഞങ്ങളുടെ ആളുകളെ ഞങ്ങള്‍ കൊന്നാല്‍ നിങ്ങള്‍ക്കെന്താ സായിപ്പേ' എന്നാണോ മാധ്യമങ്ങളും അധികാരികളും പറയുന്നത്?

ഇന്ത്യാവിഷനിലൂടെ അരമണിക്കൂര്‍ ഇടവിട്ട് നല്‍കിക്കൊണ്ടിരുന്ന ഒരു വാര്‍ത്ത മനോവയുടെ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഏഴുപേരെയും ബോട്ടിനെയും തകര്‍ത്ത് തിരിഞ്ഞുനോക്കാതെ പോയ എം വി പ്രഭുദയ എന്ന കപ്പലിന്റെ മലയാളിയായ ക്യാപ്ടന്‍ സുരക്ഷിതനാണെന്ന് വീട്ടുകാരെ അറിയിച്ചുവെന്നായിരുന്നു ഈ വാര്‍ത്ത! കടലില്‍ തകര്‍ത്തിട്ട ബോട്ടിനെക്കുറിച്ചും അതിലുണ്ടായിരുന്ന ഏഴു ജീവനെക്കുറിച്ചും ഇല്ലാത്ത ഉത്ക്കണ്ഠ കൊലയാളിയുടെ സുരക്ഷയെക്കുറിച്ചായിരുന്നു. ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. വിദേശികളാല്‍ കൊല്ലപ്പെട്ടാലും സ്വദേശികളാല്‍ കൊല്ലപ്പെട്ടാലും മരിച്ചവരുടെ ആശ്രിതരുടെ നഷ്ടത്തിനു വ്യത്യാസമുണ്ടാകില്ല.

കത്തോലിക്കാസഭയിലെ 'റീത്തു'കളെ തമ്മിലടിപ്പിക്കാന്‍ ഇന്ത്യാവിഷന്‍ നന്നായി ശ്രമിച്ചുനോക്കിയെങ്കിലും ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ ഇവരുടെയും കമ്യൂണിസ്റ്റുകാരുടെയും മോഹങ്ങള്‍ ചിറകറ്റു വീഴുന്നതാണു കണ്ടത്. മാത്രവുമല്ല ഇറ്റലിക്കാരെ തൂക്കിലേറ്റാനുള്ള വ്യഗ്രതയില്‍, കടലില്‍ പൊലിഞ്ഞുപോയ ആളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍പോലും താത്പര്യം ഒരു ഭാഗത്തിനിന്നും കാണുന്നില്ല. ലത്തീന്‍ ക്രൈസ്തവര്‍ പ്രക്ഷോഭം ശക്തമാക്കുന്നുവെന്നു കണ്ടപ്പോള്‍ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ ഉണരുകയും ചെയ്തപ്പോള്‍ ഇന്ത്യാവിഷനു മാത്രമായി മിണ്ടാതിരിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ അവരും മനസ്സില്ലാമനസ്സോടെ ഇറങ്ങിയിട്ടുണ്ട്. ചാനലുകളിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ് ഇതെല്ലാം!

ജലസ്റ്റിന്റെയും പിങ്കുവിന്റെയും ആശ്രിതരുടെ വേദന ഒപ്പിയെടുക്കാന്‍ ക്യാമറയുമായി അവരുടെ വീട്ടില്‍ താമസമാക്കിയ ചാനലുകള്‍ ഇപ്പോള്‍ എവിടെ? ഈ ഏഴുപേര്‍ക്ക് ബന്ധുക്കളില്ലേ? അതോ അവരുടെ ബന്ധുക്കള്‍ക്കു വേദനയില്ലേ?

കോടതികള്‍ക്ക് ഇനിയെന്തു പറയാനുണ്ട്?

ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ മാഹാത്മ്യത്തെക്കുറിച്ച് ഇറ്റാലിയന്‍ അധികൃതരോട് വാചാലരാകുകയും കേരളിയരെ കുളിരണിയിക്കുകയും ചെയ്ത കോടതി ഇനിയെന്തു ചെയ്യും! സകല തെളിവുകളും നശിപ്പിക്കാന്‍ സമയം കൊടുത്തിട്ട് ചെന്നൈയിലേക്ക് ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്. തിരിച്ചുവരുമ്പോള്‍ പറയാന്‍ പോകുന്നതു മനോവയ്ക്കും ഓരോ മലയാളിക്കും അറിയാം. ഇനിയെന്താണ് കോടതിയുടെ തീരുമാനമെന്നു കേള്‍ക്കാന്‍ ഓരോ മലയാളികളെയുംപോലെ മനോവയും കാത്തിരിക്കുകയാണ്! ഇന്‍ഷ്വറന്‍സ് കമ്പനിയോട് പത്തുകോടി വാങ്ങി മരിച്ചവരുടെ കുടുംബത്തിനു കൊടുക്കുമോ? അതല്ലേ ന്യായം? രണ്ടുപേര്‍ മരിച്ചതിന് നാലുകോടി ആയിരുന്നല്ലോ കല്പിച്ചത്! മരിച്ചവരുടെ കുടുംബത്തിനു മൂന്നു കോടിയും ബോട്ടുടമയ്ക്ക് ഒരുകോടിയും! അതിന്റെ അനുപാതത്തില്‍ പത്തുകോടി കിട്ടണമല്ലോ? മാത്രവുമല്ല കപ്പലിലെ ക്യാപ്ടന്മാര്‍ക്ക് പരമാവധി ശിക്ഷയെന്ന സാമാന്യനീതിയും നടപ്പാക്കുമോ? അതോ അടുത്ത ഓണത്തിന്, ഓരോ ഓണക്കോടിയില്‍ ഈ കോടികള്‍ എഴുതിത്തള്ളുമോ?

മൃതശരീരങ്ങളോട് കോടതി വിവേചനം കാണിക്കില്ലെന്നു മനോവ കരുതുന്നു. രണ്ടപകടങ്ങളിലുമായി മരണപ്പെട്ട ഏഴുപേരുടെയും ആശ്രിതരോടും പരിക്കേറ്റു കിടക്കുന്നവരോടും ബോട്ടു തര്‍ന്ന് കടക്കെണിയിലായ ബോട്ടുടമകളോടും ഒരേ പരിഗണന കോടതി കാണിച്ചാല്‍ അതു നീതിയെന്നു പറയാം. ലോകരാജ്യങ്ങളുടെ മുന്നില്‍ നാണംകെടേണ്ടി വരികയുമില്ല. ഇറ്റാലിയന്‍ നാവീകരുടെമേല്‍ കൊലക്കുറ്റം ചുമത്തിയതുപോലെ പ്രഭുദയയുടെ ക്യാപ്ടന്മാരുടെ പേരിലും കൊലക്കുറ്റം ചുമത്തിയാല്‍ കോടതിയുടെ നിഷ്പക്ഷത തെളിയിക്കാം!

മരിച്ചുപോയവരെക്കുറിച്ച് സഹതപിച്ചുകൊണ്ടും അവരുടെ ഉറ്റവരുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ടും പറയുകയാണ്; "മരിക്കുന്നുവെങ്കില്‍ സായ്പ്പുമാരുടെ കൈകൊണ്ടാകണം; മറിച്ച്, ഇന്ത്യന്‍ ഭീമന്മാരാല്‍ കൊല്ലപ്പെടാതിരിക്കട്ടെ" എന്ന് പറയാന്‍ ഇടവരുത്തുമോ ഇന്ത്യന്‍ നീതിപീഠങ്ങള്‍!?

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3144 views

LOG IN

Lost your password?

SIGN UP

LOST PASSWORD