എഡിറ്റോറിയല്‍

കമ്യൂണിസ്റ്റുകാരുടെ 'യേഹ്ശുവാ' വിപ്ലവകാരിയോ!?

Print By
about

മ്യൂണിസ്റ്റുകാരുടെ കാപട്യത്തിന്റെ അവസാന രൂപമാണ് ഈ നാളുകളില്‍ കേരളജനത കണ്ടുകൊണ്ടിരിക്കുന്നത്. യേഹ്ശുവായെക്കുറിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ഈ വെളിപ്പെടുത്തലില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് ഈ പ്രസ്ഥാനത്തെ പിരിച്ചുവിട്ട് ഏതെങ്കിലും ക്രൈസ്തവ സഭയില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്! യേഹ്ശുവാ വിപ്ലവകാരിയും വിമോചന നായകനും ആണെങ്കില്‍ ക്രിസ്തീയത യേഹ്ശുവായുടെ വിപ്ലവ ആശയങ്ങളെ വഹിക്കുന്നതായിരിക്കണമല്ലോ?!

ഇന്നത്തെ കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഇപ്പോള്‍ പരോക്ഷമായി പറയുന്നത് കമ്യൂണിസവും മാര്‍ക്സിസവും ഉടലെടുക്കേണ്ടിയിരുന്നില്ല എന്നല്ലേ? അല്ലെങ്കില്‍ ക്രിസ്തുവില്‍നിന്ന് ഉള്‍ക്കൊണ്ട വിപ്ലവത്തിന്റെ ആശയം  പ്രാവര്‍ത്തികമാക്കിയ ശൈലി അബദ്ധമായിപ്പോയി എന്നുമാകാം! കമ്യൂണിസ്റ്റുകള്‍ ഒന്നു തിരിച്ചറിയുക; യേഹ്ശുവാ അന്നും ഇന്നും എന്നും ഒരുവന്‍ തന്നെയാണ്! മാറിയതോ മാറേണ്ടതോ ആയത് കമ്മ്യൂണിസമാണ്. രണ്ടായിരം വര്‍ഷമായി ഇന്നും ക്രിസ്തീയത വളരുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ലഘുവായ ചില ആശയഭിന്നത ഒഴിവാക്കിയാല്‍, ക്രിസ്തുവിനെയും ക്രിസ്തീയതയെയും സംബന്ധിച്ച് യാതൊരു അഭിപ്രായവ്യത്യാസങ്ങളും സഭകള്‍തമ്മില്‍ നിലവിലില്ല. എന്നാല്‍, കമ്യൂണിസത്തിന്റെ കാര്യം അങ്ങനെയല്ല. സ്വതന്ത്രമായി ചിന്തിക്കാന്‍ മനുഷ്യന് അവകാശമുള്ള ഒരിടത്തും ഈ പ്രസ്ഥാനം നിലവിലില്ല. മനുഷ്യസ്നേഹവും വര്‍ഗ്ഗസ്നേഹവും ഉദ്ഘോഷിക്കുന്ന കമ്യൂണിസത്തോളം മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ച മറ്റൊരു പ്രസ്ഥാനമുണ്ടെങ്കില്‍ അത് ഇസ്ലാംമതം മാത്രമാണ്. മനുഷ്യാവകാശ ധ്വംസനത്തിന്റെ കാര്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെമേലുള്ള കടന്നുകയറ്റത്തിന്റെ കാര്യത്തിലും 'ഒരേ തൂവല്‍പ്പക്ഷികള്‍' ആണ് ഇസ്ലാംമതവും കമ്യൂണിസവും! മുന്‍കാല ചരിത്രങ്ങളും ആനുകാലിക സംഭവങ്ങളും ഈ സത്യത്തെ ബലപ്പെടുത്തുന്നതാണ്!

കമ്യൂണിസ്റ്റുകാരുടെ ഈ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയും, ക്രിസ്തീയതയും കമ്യൂണിസവും തമ്മിലുള്ള വൈരുദ്ധ്യവും വ്യക്തമാക്കിയതിനുശേഷം ഇസ്ലാമിന്‍റെ കമ്യൂണിസ്റ്റ് സമാനത ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാം!

ക്രിസ്തുവിനെ കമ്യൂണിസ്റ്റാക്കുമ്പോള്‍!

ക്രിസ്തുവിനെ കമ്യൂണിസ്റ്റ് ആശയത്തിന്റെ വക്താവാക്കുന്നതിലൂടെ രണ്ടു ലക്ഷ്യം ഇവര്‍ മുന്നില്‍ കാണുന്നുണ്ട്. വളരെ അപകടമുള്ള ഈ രണ്ട് നിഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിയേണ്ടത് ഒരോ ക്രൈസ്തവരുടെയും സ്വയരക്ഷയ്ക്ക് അത്യാവശ്യമാണ്. താത്ക്കാലികമായി ഇവര്‍ ലക്ഷ്യം വച്ചിരിക്കുന്നത് ക്രൈസ്തവ വിശ്വാസികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്നുള്ള രാഷ്ട്രീയ കുതന്ത്രമാണ്. ചിലരെയെങ്കിലും കമ്യൂണിസത്തിലേക്ക് നയിക്കാന്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ കാരണമായേക്കാം. അതിലൂടെ അവരെ നാസ്തികവാദികളാക്കി നശിപ്പിക്കാന്‍ സാധിക്കും. ഇസ്ലാംമതക്കാര്‍ യേഹ്ശുവായെ മുന്നില്‍ നിര്‍ത്തി പ്രചരണം നടത്തുന്നതും യേഹ്ശുവായുടെ രക്ഷയില്‍നിന്ന്‍ ക്രൈസ്തവരെ വിടുവിക്കാനാണെന്ന് നമുക്കറിയാം! അതേ ശൈലിതന്നെയാണ് കമ്യൂണിസ്റ്റ് കുബുദ്ധികളും പ്രയോഗിക്കുന്നത്. എന്നാല്‍, ക്രിസ്തുവിനെ കമ്യൂണിസ്റ്റാക്കിക്കൊണ്ട്, ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ 'ചുവന്നസര്‍പ്പം' മറ്റൊരു കെണി ഒരുക്കിയിട്ടുണ്ട്!

ക്രിസ്തു ഒരു വിപ്ലവകാരിയും വിമോചന നായകനുമാണെന്ന പിണറായിയുടെയും അനുയായികളുടെയും ജല്പനം യേഹ്ശുവായുടെ ദൈവത്വത്തെ തള്ളിക്കളഞ്ഞുകൊണ്ട് വെറുമൊരു മനുഷ്യനാക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്. യേഹ്ശുവാ കുരിശില്‍ മരിച്ചെന്നു സമ്മതിക്കുന്ന കമൂണിസ്റ്റ് ആചാര്യന്മാര്‍ അവിടുത്തെ ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും അംഗീകരിക്കുമോ? ഇവ രണ്ടിനോടുമൊപ്പം യേഹ്ശുവായുടെ രണ്ടാം വരവിനെയും അംഗീകരിച്ച് ഏറ്റുപറയാത്ത ഏതൊരു പ്രസ്ഥാനവും ക്രിസ്തീയതയുടെ എതിരാളിയാണ്! യേഹ്ശുവായില്‍ കമൂണിസ്റ്റുകള്‍ക്ക് കുറ്റം ആരോപിക്കാന്‍ കഴിയുന്നില്ല എന്നത് ആ പാര്‍ട്ടിയുടെ മഹത്വമൊന്നുമല്ല. യേഹ്ശുവായില്‍ കുറ്റം അരോപിക്കാന്‍ ഒരു മതക്കാരും തയ്യാറാകുകയില്ല. മാത്രവുമല്ല, യേഹ്ശുവായെ മരണത്തിനു വിധിച്ച പീലാത്തോസിനുപോലും അവനില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് യേഹ്ശുവാ നല്ലവനാണെന്ന് പിണറായി പറഞ്ഞില്ലെങ്കിലാണ് ചികിത്സയുടെ ആവശ്യം വരിക! സൂര്യനു ചൂടുണ്ടെന്നും കടലില്‍ മീനുണ്ടെന്നും പറയുന്നവന്‍ പ്രത്യേകമായ ഏതെങ്കിലും ശാസ്ത്രീയ കണ്ടുപിടുത്തം നടത്തിയെന്ന പേരില്‍ 'നൊബേല്‍' സമ്മാനം പ്രതീക്ഷിച്ചു കാത്തിരിക്കേണ്ടതുണ്ടോ?!

കമ്യൂണിസം അനുവര്‍ത്തിക്കുന്ന വിപ്ലവങ്ങളൊന്നും യേഹ്ശുവാ പ്രവര്‍ത്തിച്ചിട്ടില്ലെന്നു മാത്രമല്ല, അതിനാരെയും ആഹ്വാനം ചെയ്തിട്ടുമില്ല. രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കാന്‍ യേഹ്ശുവാ പറഞ്ഞപ്പോള്‍, രണ്ടുള്ളവനില്‍നിന്ന് സകലതും പിടിച്ചെടുക്കാന്‍ 'കാറല്‍ മാര്‍ക്സ്' പഠിപ്പിച്ചു! ഇല്ലാത്തവനുമായി പങ്കുവയ്ക്കാനുള്ള ധാര്‍മ്മീകത സമ്പന്നനെ ഉപദേശിക്കുക മാത്രമാണ് യേഹ്ശുവാ ചെയ്തത്. അദ്ധ്വാനിച്ച് സമ്പത്തുണ്ടാക്കുന്നവരെ നോക്കി അസ്വസ്ഥനാകുന്ന അലസനായ വ്യക്തിക്ക് കമ്യൂണിസം മനോഹരമായ ആശയമാണ് എന്നതില്‍ തര്‍ക്കമില്ല. 'നമ്മളു കൊയ്യണ വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ' എന്നു പാടി പഠിപ്പിച്ചാണല്ലോ തൊഴിലാളികളെ കമ്യൂണിസത്തിലേക്ക് വശീകരിച്ചത്! 'അന്നം' തരുന്ന വ്യക്തിയുടെ 'അണ്ണാക്കില്‍ പാര' തിരുകുന്ന നയത്തിലേക്ക് അദ്ധ്വാനവര്‍ഗ്ഗത്തെ നയിച്ചുകൊണ്ട്, അന്യന്റെ വസ്തുക്കള്‍ മോഹിക്കരുതെന്നു കല്പിച്ച യേഹ്ശുവായെ ആക്ഷേപിക്കുകയാണോ അംഗീകരിക്കുകയാണോ കമ്യൂണിസത്തിന്റെ നയം എന്നത് അവര്‍തന്നെ വ്യക്തമാക്കണം!

തൊഴിലാളികളെ ചൂഷണംചെയ്ത് സമ്പത്തുണ്ടാക്കുന്ന അനേകം മുതലാളിമാരും കിരാതന്മാരും ലോകത്ത് അന്നും ഇന്നുമുണ്ട്. അത്തരം ക്രൂരതകളുള്ള ദേശത്തൊന്നും കമ്യൂണിസത്തിന്റെ നിഴലുപോലും ഇല്ലെന്നതാണു വസ്തുത. വടക്കെ ഇന്ത്യയിലെ ബീഹാര്‍ പോലെയുള്ള സ്ഥലങ്ങളില്‍ തൊഴിലാളികള്‍ അടിമകളായി വേലചെയ്യുമ്പോള്‍ വികസിത മേഖലകളില്‍ തൊഴിലാളികളെയും തൊഴിലുടമകളെയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നയ്ക്കളായി കമ്യൂണിസം അധഃപതിക്കുന്നത് മനുഷ്യന്‍ തിരിച്ചറിയുന്നുണ്ട്. സ്വന്തം മണ്ണില്‍ പകലന്തിയോളം പണിയെടുത്ത് ജീവിക്കുന്ന കര്‍ഷകരെപ്പോലും 'ബൂര്‍ഷകളുടെ' ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന മാര്‍ക്സിസ്റ്റുകാരന്‍, തൊഴിലാളികളുടെ ചോരകുടിച്ച് 'ഇ. പി. ജയരാജ'ന്മാരായി കൊഴുത്തതും ലോകത്തിന്റെ മുന്നില്‍നിന്ന് മറഞ്ഞിരിക്കുന്നില്ല.

കമ്യൂണിസവും മാര്‍ക്സിസവും!

തൊഴിലാളിവര്‍ഗ്ഗത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഭരണത്തെയാണ്‌ തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യമെന്നു പറയുന്നത്‌. പ്രസ്തുത സര്‍വ്വാധിപത്യം സ്ഥാപിച്ചെടുക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാം. ചതിയോ, കൊലയോ ഭീഷണിയോ, അടിച്ചമര്‍ത്തലോ, കള്ളവോട്ടോ ഏതുമാകാം. ലക്ഷ്യം മാര്‍ഗ്ഗങ്ങളെ നീതീകരിക്കുന്നു എന്നാണു സിദ്ധാന്തം. തടസ്സം നില്‍ക്കുന്നത്‌ മതമോ ദൈവമോ ഭരണഘടനയോ കോടതിയോ എന്തായാലും അതിനെയൊക്കെ നശിപ്പിക്കണം. തൊഴിലാളിവര്‍ഗ്ഗമോചനം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വ്യക്തികളുടെ അഭിപ്രായത്തിനോ സ്വത്തിനോ ജീവനോ ഒന്നും വിലയില്ല.

ഈ  സിദ്ധാന്തത്തിന്റെ ഒന്നാംനമ്പര്‍ ശത്രു മതമാണ്‌. അയല്‍ക്കാരനെ സ്നേഹിക്കണം, ശത്രുവിനെ സ്നേഹിക്കണം, അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്‌ എന്നൊക്കെ ഉപദേശിക്കുന്ന ക്രിസ്തുമതം ശത്രുനിരയുടെ മുമ്പില്‍ വരും. മതവിശ്വാസികള്‍ക്കൊക്കെ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടെന്നു പറയുന്നതും മറ്റും അടവു നയങ്ങള്‍ മാത്രം. അതൊന്നും കേരളീയരോട്‌ ഇനി പറയേണ്ട കാര്യമില്ല.

വ്യവസായരാജ്യങ്ങളായ  ഇംഗ്ലണ്ടിലും സ്വിറ്റ്സര്‍ലണ്ടിലുമൊക്കെ ആദ്യം വിപ്ലവം നടക്കുമെന്ന മാര്‍ക്സിയന്‍ സ്വപ്നം ഫലിച്ചില്ല. ആദ്യം വിപ്ലവം നടന്നത്‌ കാര്‍ഷികരാജ്യമായ റഷ്യയിലാണ്‌. അവിടെ തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യമെന്ന പേരില്‍ പാര്‍ട്ടി സര്‍വ്വാധിപത്യമേറ്റെടുത്തത്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ജോസഫ്‌ സ്റ്റാലിനാണ്‌. സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തെ എതിര്‍ത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍- സ്റ്റാലിന്റെ സഹപ്രവര്‍ത്തകനായിരുന്ന ട്രോട്സ്കി ഉൾപ്പെടെയുള്ളവർ കൊല ചെയ്യപ്പെട്ടു. പിന്നീട്‌ അവിടെ നടന്ന മനുഷ്യക്കുരുതികള്‍ക്കു കണക്കില്ല. സ്റ്റാലിന്റെ പേരു പറയാതെ, അതുപോലൊരു മീശക്കാരനെ ചിത്രീകരിച്ചതിനാണ്‌ സോള്‍സെനിറ്റ്സിന്‍ എന്ന മഹാസാഹിത്യകാരനെ 14 കൊല്ലം സൈബീരിയന്‍ തടങ്കല്‍പ്പാളയത്തിലടച്ചത്‌. (സോള്‍സെനിറ്റ്സിന്‍ അടുത്ത കാലത്ത്‌ അന്തരിച്ചു).

പിണറായിയുടെ കൊട്ടാരതുല്യമായ വീടിന്റെ ചിത്രം ഇന്റെര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിന് ഇടതു  ഭരണകാലത്ത് ഒരുവനെ പീഡിപ്പിച്ചത് നാം കണ്ടു. യേഹ്ശുവായുടെ അന്ത്യാത്താഴ ചിത്രം ഇന്റെര്‍നെറ്റില്‍ ഉണ്ടെന്നാണ് പിണറായി പറയുന്നത്. അതിനെ പാര്‍ട്ടിക്ക്  ഉപയോഗിക്കുന്നത് പ്രശ്നമില്ലെങ്കില്‍ വീടിന്റെ ഫോട്ടോയെക്കുറിച്ച് എന്തിനായിരുന്നു ആവലാതി? സന്ദര്‍ഭോചിതമായി ഇത് സൂചിപ്പിച്ചുവെന്നുമാത്രം. നമുക്ക് വിഷയത്തിലേക്കു കടക്കാം!

സ്റ്റാലിന്റെ  മനുഷ്യക്കുരുതികളെക്കുറിച്ച്‌ ആദ്യസൂചന ലഭിക്കുന്നത്‌ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ക്രൂഷ്ചേവില്‍നിന്നാണ്‌. സോവ്യറ്റ്‌റഷ്യ ഭൂമിയിലെ പറുദീസയാണെന്നു പാര്‍ട്ടിക്കാര്‍ ലോകം മുഴുവന്‍ പറഞ്ഞുപരത്തി.

സ്റ്റാലിന്‍ ഭരണകാലത്ത്‌ റഷ്യന്‍ അനുഭാവിയും മാര്‍ക്സിസ്റ്റും കേരളത്തിലെ പ്രഥമ  കമ്യൂണിസ്റ്റുമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയുമായിരുന്ന സി. അച്ചുതമേനോന്‍ പിന്നീട്‌  അതിനെക്കുറിച്ച്‌ എഴുതിയതിങ്ങനെയാണ്‌: "സോവ്യറ്റ്‌ യൂണിയനെപ്പറ്റി എന്തെല്ലാം നുണകളാണു നമ്മെ പറഞ്ഞു ധരിപ്പിച്ചിരുന്നത്‌. അന്നും നമ്മുടെ സുഹൃത്തുക്കളായ പല കമ്യൂണിസ്റ്റിതരരും നമ്മോടു പറഞ്ഞു; സംഗതികള്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല സോവ്യറ്റ്‌ യൂണിയനില്‍ നടക്കുന്നതെന്ന്‌... പക്ഷേ, അവര്‍ പറഞ്ഞതൊന്നും നമ്മള്‍ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അവര്‍ പറഞ്ഞതായിരുന്നു ശരി, നമ്മള്‍ ധരിച്ചുവച്ചതത്രയും നുണയായിരുന്നുവെന്നും തെളിഞ്ഞു" (കലാകൗമുദി 1989 സെപ്റ്റംബര്‍ 10)

ചൈനയില്‍ നടക്കുന്നതും ഇതേ മോഡല്‍ തൊഴിലാളി സര്‍വ്വാധിപത്യമാണെന്ന്‌ ടിയാനെന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കുരുതി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അച്ചുതമേനോന്‍ കണക്കുകള്‍ സഹിതം  തെളിയിച്ചു. കേവലം മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സ്വരമുയര്‍ത്തിയ പാര്‍ട്ടിക്കാരായ അസംഖ്യം യുവാക്കളെയാണ്‌ അക്കൊല്ലം (1989) ടിയാനെന്‍മെന്‍ സ്ക്വയറില്‍ പട്ടാളക്കാര്‍ വളഞ്ഞു വെടിവച്ചുകൊന്നത്‌. അച്ചുതമേനോന്‍ പറയുന്നു: "ജനങ്ങളുടെ സൈന്യം തങ്ങളെ വെടിവയ്ക്കില്ലെന്നുള്ള ഉറപ്പില്‍ അക്രമരഹിതസമരം നടത്തിയ യുവാക്കളായിരുന്നു അവര്‍. സമാധാനപരമായ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തിക്കാമായിരുന്ന ഒരു സമരത്തെയാണ്‌ ചൈനീസ്‌ സര്‍ക്കാര്‍ ഇങ്ങനെ ക്രൂരമായി അടിച്ചമര്‍ത്തിയത്‌"(നവംബര്‍ 19-ന്‌ കോഴിക്കോട്ടു നടന്ന എസ്‌എഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തെയും മന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചുവത്രെ. അവരെ ആരും വളഞ്ഞു വെടിവയ്ക്കാതിരുന്നത്‌ ഇന്ത്യയില്‍ മറ്റൊരു കേന്ദ്രസര്‍ക്കാരും ഭരണഘടനയും നിലവിലുള്ളതുകൊണ്ടാണെന്ന്‌ പാവം വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയുന്നുണ്ടോ ആവോ?).

ചൈനയില്‍ തൊഴിലാളി വര്‍ഗ്ഗഭരണമൊന്നുമില്ലെന്നും അമേരിക്കന്‍ മൂലധനം കരാറുകളിലൂടെ  സ്വായത്തമാക്കി പാവങ്ങളെക്കൊണ്ട്‌ നിര്‍ബന്ധിത ജോലി ചെയ്യിച്ച്‌ ചൈനീസ്‌  ഉല്‍പന്നങ്ങളുണ്ടാക്കി ലോകവിപണിയില്‍ വിറ്റഴിക്കുകയാണ്‌ ചെയ്യുന്നതെന്നും അച്ചുതമേനോന്‍ തുടര്‍ന്നെഴുതുന്നുണ്ട്‌. (ഈ ചൈനീസ്‌ അമേരിക്കന്‍ കുത്തകമുതലാളിത്ത കൂട്ടുകെട്ടിന്റെ  ആഴം ഒബാമയുടെ ചൈനാസന്ദര്‍ശവും സംയുക്ത പ്രസ്താവനയും സൂചിപ്പിക്കുന്നുണ്ടല്ലൊ). ഇതിന്റെയെല്ലാം നേര്‍ക്ക്‌ കണ്ണടച്ചിരുട്ടാക്കിക്കൊണ്ടാണ്‌ തിരുത്തല്‍ രേഖകള്‍ ചമച്ച്‌  നമ്മുടെ കണ്ണില്‍ പൊടിയിടാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ശ്രമിക്കുന്നത്‌.

മാര്‍ക്സിസ്റ്റു തൊഴിലാളി വര്‍ഗ്ഗസിദ്ധാന്തത്തിന്‌ ഇന്ത്യയില്‍ വല്ല പ്രസക്തിയുമുണ്ടോ? സ്വപ്രയത്നംകൊണ്ട്‌ തൊഴിലാളി മുതലാളിയാകുന്നതും ധൂര്‍ത്തും അലസതയുംകൊണ്ടു മുതലാളി തൊഴിലാളിയാകുന്നതും ഇവിടെ നാം കണ്ടുകൊണ്ടിരിക്കുന്നു. മുതലാളിയെയും തൊഴിലാളിയെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖ ഏതാണ്‌? അഞ്ചുസെന്റു കിടപ്പാടമുള്ളവന്റെ ദൃഷ്ടിയില്‍ അരയേക്കര്‍ പറമ്പുള്ളവന്‍ മുതലാളി. ദിവസം മുന്നൂറു രൂപ അട്ടിമറിക്കൂലി വാങ്ങുന്നവന്റെ ദൃഷ്ടിയില്‍ പ്രതിമാസം മൂവായിരം രൂപ ശമ്പളം കിട്ടുന്ന, വെളുത്ത ഷര്‍ട്ടിട്ടു നടക്കുന്ന ഗുമസ്തന്‍ മുതലാളിയാണ്‌. ഇന്നത്തെ തൊഴിലാളിക്ക്‌ തന്റെ മകന്‍ നാളെ മുതലാളിയാകണമെന്നാണാഗ്രഹം. ഇങ്ങനെ ആര്‌ ഏതു വര്‍ഗ്ഗത്തില്‍പെടുന്നു എന്നു നിശ്ചയിക്കാനാകാതിരിക്കെ വര്‍ഗ്ഗങ്ങളെ വേര്‍തിരിച്ചു സമരം ചെയ്യിച്ച്‌ സ്വര്‍ഗ്ഗമുണ്ടാക്കിത്തരാമെന്നു പറയുന്നതിനെന്തര്‍ത്ഥം?

ഈ  യാഥാര്‍ത്ഥ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടി ഇവിടെ ഒരു  അടിസ്ഥാനവര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌. കറുത്തവര്‍ഗ്ഗക്കാരെന്നു  പറയുന്ന ദളിതരും ആദിവാസികളും ചേര്‍ന്നതാണ്‌ അവരുടെ അടിസ്ഥാനവര്‍ഗ്ഗം. അവരുടെ  മോചനത്തിനുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണത്രെ മാര്‍ക്സിസ്റ്റുപാര്‍ട്ടി. കഴിഞ്ഞകാലങ്ങളില്‍ ദളിതരും ആദിവാസികളും ഇതു കുറെയൊക്കെ വിശ്വസിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥിരം വോട്ടുബാങ്കുകളായി അവര്‍ വര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ സ്വന്തം ജാതീയസംഘടനകളുണ്ടാക്കി പാര്‍ട്ടിയുടെ പിടിയില്‍നിന്ന്‌ അകലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണു നാം കാണുന്നത്‌. ഒരു സംഘടനാനേതാവ്‌ മാതൃഭൂമി  ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍നിന്ന്‌ ഉദ്ധരിക്കാം.

'അടിസ്ഥാനവര്‍ഗ്ഗപദവി നല്‍കി പട്ടികജാതിപട്ടികവര്‍ഗ്ഗക്കാരെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കുത്തകവോട്ടുബാങ്കുകളാക്കാനുള്ള ഈ ശ്രമത്തെ പട്ടികജാതിക്കാര്‍ സംശയദൃഷ്ടിയോടെയാണു കാണുന്നത്‌. ഈ വിഭാഗത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥയ്ക്ക്‌ നാലര പതിറ്റാണ്ട്‌ പാര്‍ട്ടി വഹിച്ച പങ്ക്‌ ചെറുതല്ലല്ലോ... മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ 1970-ല്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്ന പേരില്‍ ഇവരെ പാര്‍ട്ടിയുടെ കീഴില്‍ ഒരു വര്‍ഗ്ഗസംഘടനയായി രൂപപ്പെടുത്തുകയാണുണ്ടായത്‌. പാര്‍ട്ടിയുടെ കീഴിലെ മറ്റു വര്‍ഗ്ഗസംഘടനകള്‍ ഏകോപിച്ച്‌ സമരരംഗത്തു വരുമ്പോള്‍ കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍നിന്ന്‌ ഇവരെ ബോധപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുകയാണുണ്ടായത്‌. 1964 നുശേഷം പട്ടികജാതിക്കാര്‍ പാര്‍ട്ടിയുടെ സമസ്തമേഖലകളിലും പിന്തള്ളപ്പെട്ടുവെന്നത്‌ അവിതര്‍ക്കിതമാണ്‌. മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടികജാതിക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ നിരവധിയാണ്‌.'(പശ്ചിമബംഗാളില്‍ അധ:കൃതവര്‍ഗ്ഗങ്ങള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കെതിരേ സംഘടിക്കുകയും മാവോയിസ്റ്റു വിപ്ലവഗ്രൂപ്പുകളുണ്ടാക്കി മുന്‍ കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റിനെതിരേ ആഞ്ഞടിച്ചത്‌ ഇവിടെ ചേര്‍ത്തുവായിക്കണം).

കേരളത്തിലെ പട്ടികജാതിവര്‍ഗ്ഗക്കാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതൃത്വത്തില്‍ തങ്ങളുടെ ദുരിതാവസ്ഥയ്ക്കു പരിഹാരം ഉണ്ടാവുകയില്ലെന്നുമുള്ള വ്യക്തമായ തിരിച്ചറിവിലാണ്‌ ഈ സമൂഹം സ്വയം സംഘടിച്ച്‌ രാഷ്ട്രീയശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഇവരുടെ  സ്വത്വബോധത്തെയും സംഘടിതശക്തിയെയും തടയുകയും മുന്‍കാലങ്ങളിലെപ്പോലെ ഇവരുടെ രാഷ്ട്രീയശക്തിയെ ശിഥിലീകരിക്കുകയും അതുവഴി തങ്ങളുടെ രാഷ്ട്രീയമേധാവിത്വം എക്കാലവും  ഇവരുടെമേല്‍ നിലനിര്‍ത്തുകയും ചെയ്യുക എന്ന ഗൂഢോദ്ദേശ്യമാണ്‌ പാര്‍ട്ടിക്കുള്ളതെന്ന്‌ ഇവര്‍ മനസ്സിലാക്കുന്നു. (മാതൃഭൂമി: 9-8-2008)ചെങ്ങറ സമരവും പര്യവസാനവും  സമരനേതാക്കളുടെ പ്രസ്താവനകളും ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്‌.

ക്രിസ്തുവിന്റെ വിപ്ലവവും കമ്മ്യൂണിസ്റ്റ് വിപ്ലവവും!

യേഹ്ശുവായുടെത് സ്നേഹത്തിന്റെ ഭാഷയായിരുന്നു. കൂടെനില്‍ക്കുന്ന അനുയായികളെ ശത്രുക്കള്‍ക്ക് മുന്നില്‍ ഉപേക്ഷിച്ച് സ്വയം രക്ഷനേടുന്ന ശൈലി യേഹ്ശുവായില്‍ നാം കാണുന്നില്ല. തന്നെ പിടിക്കാന്‍ പടയാളികള്‍ വന്നപ്പോള്‍ യേഹ്ശുവാ അവരോടു പറയുന്നത് വായിച്ചാല്‍ അതു മനസ്സിലാകും. 'നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ എന്നെ പിടിച്ചുകൊള്ളുക; ഇവര്‍ പൊയ്ക്കൊള്ളട്ടെ' എന്ന് ശിഷ്യരെ ചൂണ്ടി അവിടുന്ന് പറഞ്ഞു. എപ്പോഴും അനുയായികളെ, മുന്നില്‍നിന്നു നയിക്കുന്ന യേഹ്ശുവായില്‍നിന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ വിപ്ലവവീര്യം ഉള്‍ക്കൊണ്ടതെങ്കില്‍ ഇത്രയധികം രക്തസാക്ഷികളെ ഈ പ്രസ്ഥാനത്തിനു ലഭിക്കില്ലായിരുന്നു. ഒളിഞ്ഞിരുന്ന് വിപ്ലവത്തിന് ആഹ്വാനംചെയ്യുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ക്രിസ്തുവില്‍നിന്ന് പഠിച്ചവരല്ല.

വിമോചന നേതാക്കളില്‍ യേഹ്ശുവായില്‍നിന്ന് പഠിച്ച ഒരുവനെ നമുക്കു മാതൃകയായുണ്ട്; അതു രാഷ്ട്രപിതാവായി പരിഗണിക്കപ്പെട്ടിരിക്കുന്ന ഗാന്ധിയാണ്. അദ്ദേഹം ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലെ പ്രാധാന്യം മനസ്സിലാക്കി അനുകരിച്ചു. അതുകൊണ്ടുമാത്രം ഇന്ത്യക്കു സ്വാതന്ത്രം ലഭിച്ചു. (ആത്മീയത പകര്‍ത്തിയില്ല; മറിച്ച്, തനിക്ക് ആവശ്യമുള്ളത് ക്രിസ്തുവില്‍നിന്നു കടമെടുത്തു). ആയുധമെടുത്ത് ബ്രിട്ടീഷുകാരെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുമായിരുന്നില്ല. ഒരു കരണത്ത് അടിക്കുന്നവന്, മറുകരണം കാണിച്ചുകൊടുക്കാന്‍ പറഞ്ഞ യേഹ്ശുവായെ പൂര്‍ണ്ണമായി അനുകരിച്ച ഗാന്ധിയെ ബ്രിട്ടീഷുകാരുടെ 'ചെരിപ്പു നക്കി' എന്ന് ആക്ഷേപിച്ച ഇന്ത്യയിലെ 'ചൈനാവാദി കമ്മ്യൂണിസ്റ്റുകള്‍' ഇപ്പോള്‍ യേഹ്ശുവായെ ഉയര്‍ത്തിപ്പിടിക്കുന്നതിലെ കാപട്യം തിരിച്ചറിയാന്‍ കഴിയും! ഗാന്ധി അനുകരിച്ച യേഹ്ശുവായുടെ മാര്‍ഗ്ഗമല്ല സി പി എം അനുകരിക്കുന്നത്; മറിച്ച്, യേഹ്ശുവായുടെ ചരിത്രത്തിലെ മറ്റൊരു സംഭവം വികലമാക്കി അനുകരിക്കുകയാണ്. എന്താണ്, ആ സംഭവമെന്ന് 'പിണറായി'യും സംഘവും വ്യക്തമായി പഠിക്കുകയാണു വേണ്ടത്! ബൈബിളിലെ വാക്യങ്ങള്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ കമ്മ്യൂണിസത്തിന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിക്കൊള്ളുക. ഇസ്ലാമിന്റെ ഈ ശൈലി കമ്മ്യൂണിസത്തിന്റെ 'അന്ത്യകൂദാശ'യാണെന്നത് കാലം തെളിയിക്കും! 'പിണറായിപാര്‍ട്ടി' പിണമാകാനുള്ള തയ്യാറെടുപ്പിലാണെന്ന്‍ ഇത്തരം ജല്പനങ്ങളിലൂടെ മനസ്സിലാക്കാം! 'വിനാശകാലേ വിപരീത ബുദ്ധി' എന്നൊരു ചൊല്ലുണ്ടല്ലോ!

വലിയ ബൈബിള്‍പണ്ഡിതന്റെ ഭാവത്തോടെ പിണറായി വിജയന്‍ പ്രസംഗിക്കുന്നതു കേട്ടു. കൊള്ളപ്പലിശക്കാരെയും മദ്യക്കച്ചവടക്കാരെയും യേഹ്ശുവാ ചമ്മട്ടിക്കടിച്ച് ദൈവാലയത്തില്‍നിന്ന് പുറത്താക്കി എന്നായിരുന്നു പ്രസംഗത്തിലെ വിഷയം! പിണറായിയുടെയും കമ്മ്യൂണിസ്റ്റുകളുടെയും ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത മുഴുവന്‍ പ്രതിഫലിപ്പിക്കുന്നത് എല്ലാ ദൃശ്യമാധ്യമങ്ങളും കാണിച്ചു. നാലു സുവിശേഷകരും എഴുതിയിട്ടുള്ള ഒരു സംഭവമാണ് യേഹ്ശുവാ ദൈവാലയം ശുദ്ധീകരിക്കുന്ന സംഭവം. മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ സുവിശേഷകര്‍ 'ചമ്മട്ടി' ഉപയോഗിച്ചുവെന്നത് എഴുതിയിട്ടില്ല. എന്നാല്‍, യോഹന്നാന്റെ സുവിശേഷത്തില്‍ യേഹ്ശുവാ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കിയെന്ന് എഴുതിയിട്ടുണ്ടെങ്കിലും അതുപയോഗിച്ചതായോ അതുകൊണ്ട് ആരെയെങ്കിലും തല്ലിയതായോ പറഞ്ഞിട്ടില്ല.

വചനത്തില്‍ ഇല്ലാത്തകാര്യം പിണറായി പറയണമെങ്കില്‍ ക്രിസ്തുവിനെ ഒരു 'കമ്മ്യൂണിസ്റ്റ് തെരുവുഗുണ്ട' ആക്കാനുള്ള തത്രപ്പാടായിരിക്കാം! തങ്ങള്‍ ചെയ്യുന്ന പൈശാചികതയ്ക്ക് മറയിടാനും ന്യായീകരിക്കാനും യേഹ്ശുവായെ കൂട്ടുപിടിക്കാന്‍ തുനിയുന്നവര്‍ ക്രിസ്തുവിനെയും ക്രിസ്തീയതയെയും പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എത്ര ക്രൂരനായ പാപിയെപ്പോലും യേഹ്ശുവാ അവനെ ഉപദ്രവിക്കുന്നതായി ബൈബിളില്‍ കാണുന്നില്ല. യേഹ്ശുവായുടെ വിപ്ലവം സ്നേഹമായിരുന്നു എന്ന സത്യം വീണ്ടും ആവര്‍ത്തിക്കുകയാണ്. യേഹ്ശുവായെ തെറ്റായി പ്രചരിപ്പിക്കാന്‍ ബൈബിളിലില്ലാത്തവ ഉണ്ടെന്നു പറയുകയും ഉള്ളവയെ തള്ളിക്കളയുകയും ചെയ്ത ഇസ്ലാംമതക്കാര്‍, അവരുടെ പ്രചരണത്തിനായി സ്വന്തം താത്പര്യങ്ങള്‍ കുത്തിനിറച്ച് സ്വയമായി ബൈബിള്‍ നിര്‍മ്മിച്ചു. അവര്‍ ഉണ്ടാക്കിയ ബൈബിളാണ് യഥാര്‍ത്ഥ ബൈബിളെന്നു ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇവരെ അനുകരിക്കുന്ന കമ്യൂണിസ്റ്റ് ശൈലി വരാനിരിക്കുന്ന ഒരു ധ്രുവീകരണത്തിന്റെ ദുഃസൂചനയാണ്! യെഹൂദനെയും ക്രൈസ്തവനെയും ഉന്മൂലനം ചെയ്യാന്‍ ഇസ്ലാമും കമ്മ്യൂണിസ്റ്റും കൈകോര്‍ത്തത് ആരും വിസ്മരിച്ചിട്ടില്ല. ഇന്നും ഈ അവിശുദ്ധകൂട്ടുകെട്ടിന്റെ കാഹളം മുഴങ്ങികേള്‍ക്കാം!

ജനാധിപത്യം കമ്മ്യൂണിസത്തിലും ഇസ്ലാമിലും!
 
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ ആധിപത്യം പുലര്‍ത്തുകയെന്നതാണ് കമ്മ്യൂണിസത്തിനും ഇസ്ലാമിനും ജനാധിപത്യത്തെക്കുറിച്ചുള്ള പൊതുവായ നയം!
ജനാധിപത്യവ്യവസ്ഥ ഇസ്ലാമിനു വിലക്കപ്പെട്ടതായിരിക്കുന്നതുപോലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും ഇത് അപ്രിയമായ കാര്യമാണ്! ഇസ്ലാമിക രാജ്യങ്ങളിലെ മതഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളോട് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ നിലപാട് ഇതിനെ കൂടുതല്‍ ബലപ്പെടുത്തുന്നു. എന്നാല്‍, അമേരിക്കയിലും മറ്റുപാശ്ചാത്യരാജ്യങ്ങളിലും ജനാധിപത്യഭരണകൂടങ്ങള്‍ക്കെതിരെയുള്ള സമരരീതികളെ 'പിണറായിപാര്‍ട്ടി'പോലും പിന്തുണക്കുന്നത് കമ്മ്യൂണിസത്തെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ശരിവക്കുന്നതാണ്.

മുതലാളിത്വത്തിന്റെ അടിമത്വത്തില്‍നിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ  അടിമത്വത്തില്‍ വന്നുപെട്ട പാവങ്ങളുടെ അവസ്ഥ, 'വറചട്ടിയില്‍നിന്ന് എരിതീയിലേക്കു വീണതുപോലെയായി!' മുന്‍പൊക്കെ ജോലിസ്ഥലത്ത് മാത്രം അനുഭവിച്ചിരുന്ന അടിമത്വം സര്‍വ്വമേഖലയിലേക്കും വ്യാപിച്ചു. ഇന്നിപ്പോള്‍ പാര്‍ട്ടിവിരുദ്ധ പത്രം വായിക്കാനോ ടെലിവിഷന്‍ ചാനല്‍ കാണാനോ പാര്‍ട്ടിവിരുദ്ധര്‍ക്ക് പെണ്‍മക്കളെ കെട്ടിച്ചുകൊടുക്കാനോ അത്തരക്കാരുടെ മക്കളെ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥകളിലാണ് പാര്‍ട്ടിക്കാര്‍ക്ക്. ഇത് വെറും വിമര്‍ശനമല്ല; വടക്കന്‍ കേരളത്തിലെ പാര്‍ട്ടിഗ്രാമങ്ങളിലെ നിയമങ്ങളാണിത്! ഭാര്യയോടൊപ്പം അന്തിയുറങ്ങതും മറ്റെല്ലാ സ്വകാര്യതകളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിമയാണ് പാര്‍ട്ടിയംഗത്വമുള്ള വ്യക്തി!

ജനാധിപത്യരാജ്യങ്ങളിലെ ജനകീയസമരങ്ങളെ തോക്കുകൊണ്ട് അടിച്ചമര്‍ത്തുന്നില്ല എന്നതും ഇസ്ലാമികരാജ്യങ്ങളിലെ സമരങ്ങള്‍ സായുധവിപ്ലവമായി മാറുന്നതും നാമിന്നു കാണുന്നുണ്ട്. റഷ്യയിലും ചൈനയിലുമെല്ലാം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ക്രൂരതകള്‍ പുറംലോകം അറിയാതിരിക്കാന്‍ മാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. എങ്കിലും പുറത്തുവരുന്ന ചെറിയ വാര്‍ത്തകള്‍പോലും ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. അമേരിക്കയിലെ 'വാള്‍സ്ട്രീറ്റ്' പ്രക്ഷോഭംപോലെ വര്‍ഷങ്ങള്‍ക്കുമുന്‍പ് ചൈനയില്‍ ഒരു സമരം നടന്നു. 'ടിയാനന്‍മെന്‍ സ്ക്വയറില്‍' തടിച്ചുകൂടിയ ലക്ഷക്കണക്കിനു സ്വാതന്ത്ര്യദാഹികളായ യുവാക്കളെ നിഷ്കരുണം കൊലപ്പെടുത്തിയത് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ഈ പ്രസ്ഥാനമാണ് യേഹ്ശുവായില്‍നിന്ന് ആശയം സ്വീകരിച്ചവരെന്ന് അവകാശപ്പെടുന്നത്!

'ടിയാനന്‍മെന്‍ സ്ക്വയര്'‍ കൂട്ടക്കുരുതിയെ ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ സ്മരിക്കുന്നതു നല്ലതാണ്. സമത്വസുന്ദരമായൊരു ഭാവിയുടെ പ്രതീക്ഷകള്‍ നല്‍കി ജനങ്ങളെ പ്രത്യയശാസ്ത്രത്തിന്റെ അടിമകളാക്കി വയ്ക്കാന്‍ ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ട്‌. അതിലെ കാപട്യം തിരിച്ചറിഞ്ഞതോടെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ നുകം ഇളക്കിയെറിഞ്ഞ്‌ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്‌. കിഴക്കന്‍ യൂറോപ്പിലും സോവ്യറ്റ്‌ യൂണിയനിലും ഇതു കണ്ടതാണ്‌. ജനാധിപത്യാവകാശങ്ങള്‍ ചോദിച്ച യുവാക്കളുടെമേല്‍ പട്ടാളടാങ്കുകള്‍ ഓടിച്ചുകയറ്റിയാണ്‌ ചൈന ജനങ്ങളുടെ സ്വാതന്ത്ര്യദാഹത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചത്‌. ടിയാനന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൂരുതി ലോക ജനാധിപത്യ ചരിത്രത്തിലെ കറുത്ത പാടായി. ചൈനീസ്‌ തലസ്ഥാനമായ ബെയ്ജിംഗിലെ പൊതുസമ്മേളന വേദിയായ ടിയാനന്‍മെന്‍ സ്ക്വയറില്‍ 1989 ജൂലൈ നാലിനാണ്‌ ലോകമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കൊല നടന്നത്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം നടത്തിയ പട്ടാള നടപടിയില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. ചൈനയില്‍ ജനാധിപത്യത്തിനുവേണ്ടി വാദിച്ച നേതാവ്‌ ഹുയാവോബാങ്ങിന്റെ നിര്യാണത്തില്‍ അനുശോചിക്കാനാണ്‌ വിദ്യാര്‍ഥികളും ബുദ്ധിജീവികളുമടക്കമുള്ളവര്‍ 1989 ഏപ്രില്‍ 15-ന്‌ ടിയാനന്‍മെന്‍ സ്ക്വയറില്‍ യോഗം ചേര്‍ന്നത്‌. ഈ അനുശോചന സമ്മേളനം പെട്ടെന്നുതന്നെ പ്രക്ഷോഭരൂപം പ്രാപിച്ചു. ടിയാനന്‍മെന്‍ സ്ക്വയറില്‍ ഒത്തുചേര്‍ന്നവര്‍ പിരിഞ്ഞുപോയില്ല. കൂടുതല്‍ ആളുകള്‍ അവിടേക്ക്‌ എത്തിക്കൊണ്ടിരുന്നു. ഒരു ലക്ഷത്തോളം പേര്‍ ടിയാനന്‍മെന്‍ സ്ക്വയറില്‍ തടിച്ചുകൂടി.

ചൈനയില്‍ ജനാധിപത്യ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭം ഒരു മാസത്തിലധികം നീണ്ടതോടെ ചൈനയിലെ മറ്റു നഗരങ്ങളിലും അതിന്റെ പ്രതിധ്വനികളുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനാധിപത്യ പ്രക്ഷോഭം ശക്തിയാര്‍ജിച്ച സമയമായിരുന്നു അത്‌. പക്ഷേ യൂറോപ്പിലെ ജനാധിപത്യബോധം ചൈനയിലില്ലല്ലോ! പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഉത്തരവിട്ടു. സമരനേതാക്കള്‍ മിക്കവരും അറസ്റ്റിലും തടങ്കലിലുമായി. വിദേശ മാധ്യമങ്ങള്‍ക്ക്‌ ചൈനയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തപ്പെട്ടു. സമരത്തോട്‌ അനുഭാവം പ്രകടിപ്പിച്ച പാര്‍ട്ടി നേതാക്കള്‍ക്കുപോലും ശാസന കിട്ടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാവോ സിയാംഗ്‌ അടക്കമുള്ള ഉന്നതര്‍ വീട്ടുതടങ്കലിലായി. ജനാധിപത്യം കൊതിച്ച തീക്ഷ്ണ യൗവനങ്ങള്‍ക്കുമേല്‍ ടാങ്കുകള്‍ ഓടിച്ചുകയറ്റി പട്ടാളം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആജ്ഞ ശിരസാവഹിച്ചു. ആ രക്തം വീണ്‌ ടിയാനന്‍മെന്‍ സ്ക്വയര്‍ ചുവന്നു.

ലോകം നടുങ്ങിയെങ്കിലും ചൈനക്കാര്‍ക്ക്‌ അതില്‍ പുതുമയൊന്നും തോന്നിയില്ല. മാവോ സേതൂംഗിന്റെ നേതൃത്വത്തില്‍ 1949 ഒക്ടോബര്‍ ഒന്നിന്‌ ചൈനയില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണം സ്ഥാപിച്ചതു മുതല്‍ ഇത്തരം ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ അവര്‍ കാണുന്നതാണ്‌. മാവോയുടെ നേതൃത്വത്തില്‍ സാംസ്കാരിക വിപ്ലവം നടന്ന കാലത്ത്‌ ചൈനയില്‍ ഏഴര ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയ്ക്ക്‌ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ്‌ കണക്ക്‌. മൂന്നു കോടിയോളം പേര്‍ മറ്റുവിധ പീഡനങ്ങള്‍ക്കിരയായി. നഗരവാസികളെ ഗ്രാമങ്ങളില്‍ കൊണ്ടുവന്ന്‌ അടിമപ്പണി ചെയ്യിക്കുകയായിരുന്നു മാവോയുടെ മറ്റൊരു വിനോദം. പരിഷ്കരണവാദിയായ ഡെംഗ്‌ സിയാവോ പിംഗ്‌ 1978-ല്‍ നേതൃത്വം ഏറ്റെടുത്തതോടെ ചൈനയുടെ സാമ്പത്തിക നയത്തില്‍ മാറ്റമുണ്ടായി. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന സിദ്ധാന്തക്കാരനായിരുന്ന ഡെംഗ്‌ വിപണി സമ്പദ്‌വ്യവസ്ഥയിലൂടെ ചൈനയെ കരകയറ്റാന്‍ ശ്രമിച്ചു. ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ നിഷേധിച്ചാണ്‌ ചൈന ഇന്നും കമ്മ്യൂണിസ്റ്റ്‌ ലേബല്‍ നിലനിര്‍ത്തുന്നത്‌. സാമ്പത്തിക വളര്‍ച്ചക്കെന്നു പറഞ്ഞ്‌ എല്ലാവിധ ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അവിടെ ലൈസന്‍സ്‌ നല്‍കുന്നു.

സോവ്യറ്റ്‌ യൂണിയന്റെ രക്ഷാകര്‍തൃത്വം നഷ്ടപ്പെട്ടതോടെ ചൈനയായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ കാവല്‍മാലാഖ. ചൈന പറയുന്നതായി പിന്നെ പ്രമാണം. ഇന്ത്യ- അമേരിക്ക ആണവക്കരാര്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ അതു കണ്ടതാണ്‌. ഊര്‍ജസ്വയംപര്യാപ്തതയും പ്രതിരോധ രംഗത്തെ മുന്നേറ്റവും ലക്ഷ്യം വച്ചാണ്‌ ഇന്ത്യ ആണവക്കരാറില്‍ ഒപ്പിട്ടത്‌. എന്നാല്‍, ഇന്ത്യയുടെ മുന്നേറ്റം തങ്ങള്‍ക്കു ഭീഷണിയായി ചൈന കണ്ടു. അന്താരാഷ്ട്ര അണുശക്തി ഏജന്‍സി ആണവക്കരാറിന്‌ ഇന്ത്യക്ക്‌ അനുമതി നല്‍കുന്നത്‌ അട്ടിമറിക്കാന്‍ ചൈന സകല അടവും പയറ്റി. ആണവക്കരാര്‍ രാജ്യതാത്പര്യത്തിനു വിരുദ്ധമാണെന്നു വാദിച്ചുകൊണ്ട്‌ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചൈനയുടെ മെഗാഫോണുകളായി മാറി. സി.പി.എം അന്ന് പുറത്തിറക്കിയിരുന്ന പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനം തന്നെ തങ്ങള്‍ക്കു സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആണവക്കരാര്‍ റദ്ദാക്കുമെന്നാണ്‌. റഷ്യയിലോ ചൈനയിലോ മഴ പെയ്‌തെന്നു കേട്ടാല്‍ ഇവിടെ കുട പിടിക്കുന്ന പതിവ്‌ കമ്മ്യൂണിസ്റ്റുകാര്‍ക്കു പണ്ടേയുണ്ട്‌.

1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച്‌ ഇന്ത്യന്‍ ഭൂമി പിടിച്ചെടുത്തപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച പാരമ്പര്യവും അവര്‍ക്കുണ്ട്‌. പഞ്ചശീലതത്ത്വം പറഞ്ഞും ഭായി- ഭായി വിളിച്ചും ഇന്ത്യയുടെ തോളില്‍ കൈയിട്ടുനടന്ന ചൈനയുടെ വഞ്ചനയ്ക്കെതിരേ രാജ്യത്തുടനീളം കടുത്ത പ്രതിഷേധമുയര്‍ന്നു. എന്നാല്‍, നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഭൂമി എന്നു പറഞ്ഞ്‌ ചൈനീസ്‌ കൈയേറ്റത്തെ ന്യായീകരിക്കാനാണ്‌ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ ശ്രമിച്ചത്‌. കാഷ്മീരില്‍ ലഡാക്കിന്റെ ഭാഗമായുള്ള, 42,685 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അക്സായിചിന്‍ പ്രദേശം ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണ്‌. (കേരളത്തിന്റെ വിസ്തൃതി 38,863 ച.കി.മീ. മാത്രം). കേരളത്തിനും ബംഗാളിനുമപ്പുറം വളരാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ കഴിയാതെ പോയത്‌ ഇത്തരം നിലപാടുകള്‍ കൊണ്ടാണോ? അതിനിടെ ആണവക്കരാറും ഇന്ത്യയുടെ യിസ്രയേല്‍ ബന്ധവും പ്രകടനപത്രികയില്‍ മുഖ്യവിഷയങ്ങളാക്കുമ്പോള്‍ സി.പി.എം പ്രകടിപ്പിക്കുന്നത്‌ വിദേശനയം തങ്ങള്‍ ആഗ്രഹിക്കുന്നവിധത്തില്‍ മാറാത്തതിലുള്ള നിരാശ മാത്രമല്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. 

അമേരിക്കയേയും യിസ്രയേലിനെയും കുറ്റം പറഞ്ഞാല്‍ ലഭിക്കുന്ന വോട്ടുകളിലാണ്‌ അവരുടെ കണ്ണെന്നതും രഹസ്യമല്ല. ഇതാണോ വിപ്ലവം? ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമാണ്‌ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍. പിന്നെ ജീവസന്ധാരണത്തിന്‌ വരുമാനത്തിനായി തൊഴിലും. കൂടുതല്‍ പുരോഗതി നേടുന്നതനുസരിച്ച്‌ വിദ്യാഭ്യാസത്തിനും വിനോദത്തിനും സൗകര്യങ്ങള്‍ വേണം. എല്ലാത്തിനുമുപരിയായി ശുദ്ധവായുവും സ്വാതന്ത്ര്യവും വേണം. ഇതിനെല്ലാമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ്‌ ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യം. ഇതു നിര്‍വ്വഹിക്കപ്പെടാതെ വരുമ്പോള്‍ ജനങ്ങള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരേ തിരിയും. വിപ്ലവത്തിനു കളമൊരുങ്ങും. ജനഹിതം മാനിക്കാത്ത സര്‍ക്കാരുകള്‍ക്കെതിരേ അതൃപ്തി രേഖപ്പെടുത്താനും ജനഹിതത്തിനൊത്തു നീങ്ങുന്ന ഭരണകര്‍ത്താക്കള്‍ക്ക്‌ അംഗീകാരം നല്‍കാനും ജനാധിപത്യത്തിലുള്ള സംവിധാനമാണ്‌ തെരഞ്ഞെടുപ്പ്‌. ആ അര്‍ത്ഥത്തില്‍ ഓരോ തെരഞ്ഞെടുപ്പും ഓരോ ജനകീയ വിപ്ലവമാണ്‌. അതു വിജയിക്കണമെങ്കില്‍ ആദ്യം വേണ്ടത്‌ ജനാധിപത്യം നിലനില്‍ക്കുന്നു എന്നുറപ്പു വരുത്തുകയാണ്‌. ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞിറങ്ങുന്നവര്‍ക്ക്‌ യഥാര്‍ത്ഥ ജനാധിപത്യസ്വഭാവം ഒരിക്കലും ലഭിക്കില്ല. ഇത്തരം കിരാതശൈലികള്‍ യേഹ്ശുവായില്‍നിന്നാണ് സ്വീകരിച്ചതെന്ന് വരുത്തിതീര്‍ക്കുന്നതിലൂടെ യേഹ്ശുവായെ അപമാനിക്കുകയാണെന്ന് ചില 'പുരോഹിത' സഖാക്കന്മാര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല. 

കമ്മ്യൂണിസ്റ്റ് ചരിത്രം അറിയാവുന്നവരും ക്രിസ്തീയത ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചവരുമായ പുരോഹിതരെ  നോക്കി 'പിണറായി' കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിറക്കി. ചില പുരോഹിതര്‍ രാഷ്ട്രീയം കളിക്കുന്നു' എന്നാണു സൈദ്ധാന്തികന്‍റെ കണ്ടുപിടുത്തം! പിണറയിക്കു കുഴലൂതാത്തവരും മാര്‍ക്സിന്റെയും സ്റ്റാലിന്റെയും കിരാതനയം മറക്കാത്തവരുമായ നിഷ്കളങ്കര്‍ക്കുനേരെ ചെളിവാരിയെറിയുന്നവര്‍ 'ക്യാപ്പിറ്റല്‍ പണീഷ്മെന്റിന്റെ' ലഹരിയിലായിരിക്കാം!

അദ്ധ്വാനവര്‍ഗ്ഗത്തിന്റെ വിമോചകരെന്നു വിളിച്ചുകൂവുന്ന കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവംതന്നെ ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു. കമ്മ്യൂണിസ്റ്റ് ചരിത്രം വ്യക്തമാക്കുന്നത് അതുതന്നെയാണ്. വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത ഇക്കൂട്ടര്‍ ആദ്യം ചെയ്തത് ക്രൈസ്തവ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് മ്യൂസിയങ്ങളാക്കുകയായിരുന്നു. ബൈബിള്‍ വായിക്കുന്നതും കൈവശം വയ്ക്കുന്നതും സോവിയറ്റ് റഷ്യയിലും ചൈനയിലുമെല്ലാം നിഷിദ്ധമായിരുന്നു. പ്രാര്‍ത്ഥിച്ചു എന്ന കാരണത്താല്‍ തുറങ്കിലടക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത അനേക രക്തസാക്ഷികളുണ്ട്. ഇവരാണോ യേഹ്ശുവായെ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. നാല് വോട്ടിനുവേണ്ടി ഒറീസായില്‍ പ്രാര്‍ത്ഥനയ്ക്കായി പാര്‍ട്ടി ഓഫീസ് തുറന്നുകൊടുത്തത് ക്രിസ്തീയതയോടുള്ള സ്നേഹംകൊണ്ടോ ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിച്ചതുകൊണ്ടോ ആണെന്നു ക്രൈസ്തവര്‍ കരുതരുത്. 'ശത്രുവിന്റെ ശത്രു മിത്രമെന്ന' നയത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്തിനെതിരെ നിലനിന്നു എന്നുമാത്രം.

അലസതമൂലം ദരിദ്രരായി കഴിയുന്നവര്‍ക്ക് അദ്ധ്വാനിച്ച് സമ്പന്നരായവരോട് അസൂയയും അസ്വസ്ഥതയുമുണ്ടാകുന്നത് സ്വാഭാവികമാണ്. ജോലിചെയ്യാതെ കൂലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മടിയന്മാരായ തൊഴിലാളികള്‍ക്കും മുതലാളിമരോട് അപ്രിയമായിരിക്കും. ഇത്തരക്കാരാണ്, കമ്മ്യൂണിസത്തില്‍ ആശവച്ച് മാര്‍ക്സിന്റെ ആദ്യകാല അനുയായികളായത്. തൊഴിലാളികളെ ചൂഷണം ചെയ്ത് അടിമവേല ചെയ്യിപ്പിച്ചിരുന്ന ജന്മിമാരും ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍, നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്ന തൊഴിലുടമകളെയും അനീതി പ്രവര്‍ത്തിക്കുന്നവരുടെ ഗണത്തില്‍പ്പെടുത്തി ബൂര്‍ഷ്വകളെന്നു വിളിക്കാന്‍ കമ്മ്യൂണിസം പ്രേരിപ്പിച്ചു. മുതലാളിമാരെ തൊഴിലാളികളുടെ നിലവാരത്തിലേക്ക് താഴെയിറക്കി സമത്വമുണ്ടാക്കുമെന്ന വാഗ്ദാനം ചൂഷിത തൊഴിലാളികള്‍ക്കൊപ്പം അലസ്സരായ രാജ്യദ്രോഹികളിലും ആവേശമുളവാക്കി.

ക്രൈസ്തവ  മതനിയമങ്ങള്‍ മുതലാളിത്വത്തെ പ്രീണിപ്പിക്കുന്നതാണെന്നു കമ്മ്യൂണിസ്റ്റുകള്‍ പഠിപ്പിച്ചു. പൊതുവെ ക്രൈസ്തവര്‍ അദ്ധ്വാനശീലരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ സാമ്പത്തികമായി ഉയര്‍ച്ചനേടി. ഇന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ ആത്മീയതയുടെ ശേഷിപ്പ് അല്പമെങ്കിലുമുള്ളത് കാര്‍ഷികമേഖലയിലെ അദ്ധ്വാനിക്കുന്ന ക്രൈസ്തവര്‍ക്കു മാത്രമാണ്. കേരളത്തിലെ കാര്‍ഷികമേഖലയില്‍ എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകന് ഒരു 'ഹെക്ടര്‍' പുരയിടമുണ്ടെങ്കില്‍ അവനെയും പെറ്റിബൂര്‍ഷ്വാ'യെന്നു വിളിക്കാന്‍ ചോരകുടിച്ചു ചീര്‍ത്ത 'ജയരാജന്മാര്‍' അധരവ്യായാമം നടത്തുന്നു.

ചുവന്ന 'തലേക്കെട്ടു' കെട്ടി 'നോക്കുകൂലി' വാങ്ങുന്നവന് ഒരു ദിവസം കിട്ടുന്ന വരുമാനം ഈ 'പെറ്റിബൂര്‍ഷ്വാ'കള്‍ക്ക് ഒരുമാസം കിട്ടുന്നില്ലെന്ന് ആര്‍ക്കാണ്, അറിയാത്തത്? ആത്മാര്‍ത്ഥതയുള്ള തൊഴിലാളികള്‍ക്ക് മുതലാളീമാരുമായി യാതൊരു പ്രശ്നവുമില്ല എന്നത് മനസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണ്.

കേരളത്തിലെ ആദ്യകാല ക്രൈസ്തവരില്‍ സവര്‍ണ്ണമേധാവിത്വത്തിന്റെ സ്വാധീനമുണ്ടായിരുന്നു. ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ ശൗര്യം 'സവര്‍ണ്ണ' ക്രൈസ്തവര്‍ ഏറ്റെടുത്തതാണ് അതിനു കാരണം. ഇതു ക്രിസ്തീയതയുടെ പോരായ്മയായി കരുതാന്‍ കഴിയില്ല; മറിച്ച്, ആചാര്യന്മാരുടെ അവിവേകമായി കണ്ടാല്‍മതി. കമ്മ്യൂണിസം എന്നത് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും തലയില്‍ രൂപപ്പെടുന്നതിനു മുന്‍പുതന്നെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയത് ക്രൈസ്തവ മിഷ്ണറിമാരാണ്. താഴ്ന്ന ജാതിയില്‍ പെട്ടവരെ മനുഷ്യരായി കാണാനും അവര്‍ക്ക് വിദ്യാഭ്യാസവും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും നേടിക്കൊടുത്തതും ക്രൈസ്തവരുടെ പ്രവര്‍ത്തന ഫലമായിരുന്നു.

മൂന്നുനേരം ഭക്ഷണം കഴിക്കുന്ന ആരെങ്കിലും ഉള്ളിടത്ത് അരിവാളും ചുറ്റികയുമായിവന്ന് അവരുടെ ഭക്ഷണം രണ്ടുനേരമാക്കി കുറക്കാന്‍ കമ്മ്യൂണിസം ഓടിയെത്തും. എന്നാല്‍, ആഫ്രിക്കയില്‍ പട്ടിണികിടക്കുന്ന ജനങ്ങളെ അദ്ധ്വാനശീലരാക്കാന്‍ എന്തുകൊണ്ട് ഇവരെ കാണുന്നില്ല? അദ്ധ്വാനിച്ചുണ്ടാക്കിയതു പിടിച്ചുപറിക്കാനുള്ളത്ര സുഖം അദ്ധ്വാനിക്കുന്നതില്‍ ഇല്ലെന്നതാണ് ഇതിനു കാരണം! ഇതും ഇസ്ലാമികതയില്‍നിന്നു കമ്മ്യൂണിസ്റ്റുകള്‍ കടംകൊണ്ടതാണ്.

'നീറോ' മുതല്‍ സ്റ്റാലിനിലൂടെ തുടര്‍ന്ന ക്രൈസ്തവപീഡനം!

ആദിമ  ക്രൈസ്തവസമൂഹം ഏറ്റവുമധികം സഹിച്ചത് 'നീറോ' ചക്രവര്‍ത്തിയില്‍ നിന്നായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തിളയ്ക്കുന്ന എണ്ണയിലിട്ടു പൊരിക്കുക, പന്തമായി കത്തിച്ചു നിര്‍ത്തുക തുടങ്ങിയ ക്രൂരമായ പീഡനങ്ങള്‍ 'നീറോ'യില്‍നിന്ന് ക്രൈസ്തവര്‍ സഹിച്ചു. രാജഭരണത്തിന്റെ ഏകാധിപത്യത്തിലായിരുന്നു അന്നു സഹിച്ചതെങ്കില്‍ പിന്നീട് ഇസ്ലാമിന്റെ പിടിച്ചടക്കലുകള്‍ക്കും ക്രൈസ്തവസമൂഹം ഇരയായി. എന്നാല്‍, ആധുനിക കാലത്ത് ക്രിസ്തീയതയുടെ ശത്രു കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളായി. ഇന്നും വ്യക്തിസ്വാതന്ത്ര്യത്തിനു യാതൊരു വിലയും കൊടുക്കാതെ ആശയപരമായും വിശ്വാസപരമായും അടിച്ചമര്‍ത്തപ്പെട്ട സമൂഹമായി ചൈനയില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുകയാണ്. സ്വാതന്ത്ര്യത്തോടെ സുവിശേഷം പ്രസംഗിക്കാന്‍ കഴിയാത്ത അവസ്ഥ ചൈനയിലും ചില ഇസ്ലാമിക രാജ്യങ്ങളിലുമാണ് ഇന്നുള്ളത്. ഒരു ക്രൈസ്തവ രാജ്യങ്ങളിലും ഇസ്ലാമിക മതപ്രചരണത്തിന് തടസ്സമില്ലാതിരിക്കെ, സൗദിഅറേബ്യ, മാലി, നൈജീരിയ, സോമാലിയ തുടങ്ങിയ അനേകം ഇസ്ലാമിക രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് ആരാധനാ സ്വാതന്ത്യം പോലുമില്ല. ക്രിസ്തീയതയെ തകര്‍ക്കുന്ന ദൗത്യത്തില്‍ ഇസ്ലാമും കമ്യൂണിസ്റ്റു ഭരണകൂടങ്ങളും ഒറ്റക്കെട്ടാണ്.

ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും ക്രിസ്ത്യാനികളോടു മാത്രമല്ല, യെഹൂദരോടും അകാരണമായ ശത്രുതയാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.  രണ്ടാംലോകമഹായുദ്ധത്തില്‍ സ്റ്റാലിന്‍ യൂറോപ്പിലാകമാനം കൊന്നുതള്ളിയ യെഹൂദരുടെ കണക്ക് നാസികളുടെ തലയില്‍ കെട്ടിവച്ചത് കമ്മ്യൂണിസ്റ്റുകളാണ്. ഈ കാലഘട്ടത്തില്‍തന്നെ സോവിയറ്റ് റഷ്യയില്‍ സ്റ്റാലിന്‍ കൊന്നുതള്ളിയ യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും കണക്ക് പുറംലോകം അറിയാന്‍ കാലങ്ങളെടുത്തു. മാധ്യമങ്ങള്‍ക്കു സ്വാതന്ത്ര്യമില്ലാത്ത പൈശാചിക ഭരണമായിരുന്നു സ്റ്റാലിന്റേത്. പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തവരെ പിന്നാലെചെന്ന് ആക്രമിച്ച കിരാതനായ ജോസഫ് സ്റ്റാലിന്റെ ചിത്രത്തിനു സമീപം യേഹ്ശുവായുടെ ചിത്രം പ്രതിഷ്ഠിക്കുന്നത് അപമാനിക്കലോ അംഗീകരിക്കലോ?

ക്രിസ്തീയ ആരാധനാലയങ്ങള്‍ മ്യൂസിയങ്ങളാക്കി മാറ്റുകയും അഗ്നിക്കിരയാക്കുകയും ചെയ്ത, മതം മനുഷ്യനെ മയക്കുന്ന 'കറുപ്പ്' ആണെന്ന സിദ്ധാന്തത്തിന്റെ വക്താവായ, മരണാനന്തര ജീവിതമോ ആത്മാവോ ഇല്ലെന്നു പ്രചരിപ്പിച്ച, വൈരുദ്ധ്യാത്മക ഭൗതീകവാദത്തിന്റെ വിഢിത്തം മരണംവരെ ചുമന്ന സ്റ്റാലിനും മാര്‍ക്സിനും മറ്റു ദൈവനിഷേധികള്‍ക്കുമൊപ്പം ദൈവപുത്രനെ തരം താഴ്ത്തുകയാണ് പിണറായിയും സംഘവും!

ക്രിസ്തു ഏവര്‍ക്കും സ്വന്തം!

ക്രിസ്തുവിനെ  സ്വീകരിക്കുന്ന എല്ലാവര്‍ക്കും അവനെ സ്വന്തമാക്കാം! ക്രിസ്തുവിനെ  സ്വന്തമാക്കുന്നവന്‍ ജീവന്‍ സ്വന്തമാക്കിയെന്നാണ് പൗലോസ് അപ്പസ്തോലന്‍ എഴുതിയിരിക്കുന്നത്. അതു നിത്യജീവനെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലായിരുന്നു. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കാത്തവരും ആത്മാവില്ലെന്നു കരുതുന്നവര്‍ക്കും യേഹ്ശുവായെ സ്വന്തമാക്കിയിട്ടെന്തു പ്രയോജനം? യേഹ്ശുവാ പറഞ്ഞത് ഇങ്ങനെയാണ്: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?"(മത്താ: 17; 26). ഇതു പറഞ്ഞ യേഹ്ശുവായെയാണ് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തതെങ്കില്‍ ഈ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കൊപ്പം അവിടുത്തെ സ്ഥാപിക്കുന്നത് ദൈവനിന്ദയാണ്! യേഹ്ശുവാ ദൈവമാണെന്ന് സകല ക്രൈസ്തവരും വിശ്വസിക്കുന്നു.

ഭൗതീകതയില്‍ മാത്രം വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഇന്നു ക്രിസ്തുവിനെ തിരിച്ചറിഞ്ഞു എന്നതു കാപട്യമാണ്. ക്രിസ്തുവിനെ വെറുമൊരു വിപ്ലവകാരിയാക്കി യഥാര്‍ത്ഥ യേഹ്ശുവായെ വികലമാക്കി പ്രചരിപ്പിക്കുന്നത് ഇസ്ലാമിന്റെവഴി പിന്തുടരുന്നതിന്റെ ഭാഗമാണ്. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാത്ത ചില ക്രൈസ്തവരെ മുങ്ങുന്ന കപ്പലിലേക്ക് വലിച്ചുകയറ്റി മുക്കിക്കൊല്ലാനുള്ള ശ്രമമാണിത്. യേഹ്ശുവായെ മഹത്വപ്പെടുത്തുകയല്ല; മറിച്ച്, യേഹ്ശുവായുടെ നാമം ഉപയോഗിച്ച് ആളെക്കൂട്ടുകയെന്ന വൃത്തികെട്ട പരസ്യതന്ത്രമാണിതെന്നു ക്രൈസ്തവര്‍ തിരിച്ചറിയണം!

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അഴിമതി കാണിക്കുന്നതിലും എന്തുകൊണ്ടും നല്ലതു ദൃഢപ്രതിജ്ഞയാണെന്നതില്‍ മനോവയും അനുകൂലിക്കുന്നു. ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുതെന്ന കല്പനയുണ്ട്!എന്നാല്‍, ആത്മീയതയോടുള്ള വിയോജിപ്പും മറുതലിപ്പുമാണ് കമ്മ്യൂണിസ്റ്റുകാരുടെ ഈ ദൃഢപ്രതിജ്ഞക്കു പിന്നിലെങ്കില്‍ അത് അംഗീകരിക്കുക വയ്യ! വളരെ വ്യക്തമായി പറയുന്നു; മരണാനന്തര ജീവിതത്തെ എതിര്‍ക്കുന്നിടത്തോളം കാലം ​കമ്മ്യൂണിസം ക്രൈസ്തവരുടെ ശത്രു തന്നെയായിരിക്കും! ഇവ രണ്ടും ഒരുമിച്ചുപോകുക അസാദ്ധ്യവുമാണ്!

മരണംവരെ യേഹ്ശുവായെയും ക്രിസ്തീയ വിശ്വാസത്തെയും എതിര്‍ക്കുകയും ക്രൂരമായ പീഡനങ്ങളാല്‍ ക്രിസ്ത്യാനികളെ വധിക്കുകയും ചെയ്ത മാര്‍ക്സുമുതല്‍ പാര്‍ട്ടി ഓഫിസില്‍ ചില്ലിട്ടുവച്ചിരിക്കുന്ന മുഴുവന്‍ ഭ്രാന്തന്മാരുടെയും വിഗ്രഹങ്ങള്‍ ഉച്ഛിഷ്ടക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു വന്നാല്‍ പിണറായി മുതല്‍ P. ശശിവരെ ആര്‍ക്കും ക്രിസ്തുവിനെ സ്വന്തമാക്കാം. ഇവിടെ ഒരു വചനവുംകൂടി ഓര്‍മ്മിപ്പിക്കുകയാണ്: "രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(മത്താ: 6; 24).

പള്ളിയെ തള്ളിപ്പറഞ്ഞു വന്നാല്‍ ഇടതുമുന്നണിയില്‍ ചേര്‍ക്കാമെന്നു പി. ജെ. ജോസഫിനോടു പറഞ്ഞ സ. നായനാരുടെ ശവം മതാചാരപ്രകാരം നടത്തിയതും കേരളജനത കണ്ടു. മരിച്ചുപോയവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംവിധാനമില്ലാത്തതു നായനാരുടെ ഭാഗ്യമോ ഭാഗ്യക്കേടോ! ഏതായാലും 'ക്യാപ്പിറ്റല്‍ പണീഷ്മെന്റ്' മരണാനന്തര ബഹുമതിയായി പ്രഖ്യാപിക്കാത്തതിനാല്‍ അതു കൊടുക്കാന്‍ പാര്‍ട്ടിക്ക് അവസരം കിട്ടിയില്ല!

കമ്മ്യൂണിസ്റ്റുകാരെ ന്യായീകരിച്ച് ചില മെത്രാന്മാരും വൈദീകരും ഇറങ്ങിയിട്ടുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും നേടുവാനും നിലനിര്‍ത്തുവാനുമായി എത്രത്തോളവും തരംതാഴാനും, വേണമെങ്കില്‍ ക്രിസ്തുവിനെ പണയപ്പെടുത്താനും മടിയില്ലാത്തവര്‍ സഭകളിലുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഏ.കെ.ജി. സെന്റെറിലെ ഔദാര്യത്തില്‍ കണ്ണുംനട്ടിരിക്കുന്ന; കമ്മ്യൂണിസത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു ജീവിക്കുന്ന ഇത്തരം വൈദീക 'വേഷധാരികള്‍' ഓര്‍ക്കുക: സ്റ്റാലിന്റെ തോക്കിന്റെ മുന്നില്‍ പിടഞ്ഞുവീണു മരിച്ച ക്രൈസ്തവ രക്തസാക്ഷികളുടെ തലമുറയിന്ന് ചിതറിക്കപ്പെട്ട സോവിയറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. അവര്‍ക്കുനേരെയുള്ള 'കൊഞ്ഞനംകുത്തലാണ്' നിങ്ങളുടെ ഈ വിപ്ലവസ്നേഹം! ചൈനയിലെ ദൈവാലയങ്ങളിലെ അള്‍ത്താരകളില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ കമ്മ്യൂണിസ്റ്റ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച വിശുദ്ധരായ വൈദീകരുടെ ആത്മാക്കളെ ഉടുതുണി ഉയര്‍ത്തിക്കാണിക്കുന്ന പുരോഹിത സഖാക്കള്‍ ചിന്തിച്ചുകൊള്ളുക; നിങ്ങളെ വളര്‍ത്താനല്ല, വിഴുങ്ങാനാണ് കമ്മ്യൂണിസം ഉണ്ടായത്!

വായിച്ചു ചിന്തിക്കാന്‍: ഇന്റെര്‍നെറ്റില്‍ കാണുന്ന എല്ലാ ചിത്രങ്ങളും പാര്‍ട്ടി അണികളെക്കൊണ്ട് ചുവരില്‍ പതിപ്പിക്കാന്‍ തുനിയുന്ന പിണറായിയെന്ന 'ദരിദ്രന്റെ' പല കഥകളും കോടികള്‍ മുടക്കിയുണ്ടാക്കിയ ബംഗ്ലാവിന്റെ ചിത്രങ്ങളും ഇന്റെര്‍ നെറ്റിലുണ്ട്. അവയെല്ലാം കേരളത്തിലെ ഭിത്തികളില്‍ നിറച്ചാല്‍ കുട്ടിസഖാക്കള്‍ക്ക് ഹാലിളകുമോ?

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4397 views

LOG IN

Lost your password?

SIGN UP

LOST PASSWORD