08 - 12 - 2018
ഇടത് വിപ്ലവകാരികളും ചില ആക്റ്റിവിസ്റ്റുകളും ചേര്‍ന്ന് നാസ്തികവാദത്തെ മഹത്വമണിയിക്കാന്‍ നടത്തുന്ന കുത്സിതശ്രമങ്ങളെ നാം കാണാതെപോകരുത്. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനെ നാസ്തികവാദിയാക്കി മാറ്റിയാല്‍ നവോത്ഥാനം ആകുമെന്ന് ചിലര്‍ ചിന്തിക്കുന്നു. എതിരാളികളെ വെട്ടിനുറുക്കാന്‍ യാതൊരു മടിയുമില്ലാത്ത രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വക്താക്കളാണ് ഇത്തരത്തിലുള്ള നവോത്ഥാന ഗീര്‍വാണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിശ്വാസത്തില്‍നിന്ന്‍ അവിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനങ്ങളെ നവോത്ഥാനമായി വ്യാഖ്യാനിക്കുന്ന ഇക്കൂട്ടര്‍ക്ക് വ്യക്തമായ അജണ്ടയുണ്ട്. ഈ അജണ്ട തിരിച്ചറിയാതെ, ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ആശയങ്ങളുടെ അടിമകളായി അധഃപതിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ടെന്നത് വലിയ ദുരന്തമായി കാണേണ്ടിയിരിക്കുന്നു. ആയതിനാല്‍, നവോത്ഥാനത്തിനു പുത്തന്‍ നിര്‍വ്വചനങ്ങള്‍ രചിക്കുന്ന പിണറായി സര്‍ക്കാരിന്റെ കപടമുഖം വലിച്ചുകീറുക എന്നത് ആദ്ധ്യാത്മിക ശുശ്രൂഷയായിത്തന്നെ മനോവ പരിഗണിക്കുന്നു. കേരളത്തില്‍ നടന്നിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങളില്‍ കമ്മ്യൂണിസ്റ്റുകളുടെ സംഭാവന പൂജ്യം' ആണെന്ന യാഥാര്‍ത്ഥ്യം സ്ഥിരീകരിക്കേണ്ട ഉത്തരവാദിത്വവും മനോവ ഏറ്റെടുക്കുന്നു!
ചരിത്രത്തിലിന്നോളം നവോത്ഥാനരംഗത്ത് ഒന്നും സംഭാവന ചെയ്തിട്ടില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് നവോത്ഥാനങ്ങളുടെയെല്ലാം പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്! കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയിട്ടുള്ള നരനായാട്ടുകളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതിലും ഇവര്‍ വിജയിച്ചു. പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയത് ഇങ്ങനെയാണ്.വാരിക്കുന്തം ഉപയോഗിച്ച് കര്‍ഷകരെ വകവരുത്തിയ പുന്നപ്ര-വയലാര്‍ സമരത്തിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! തങ്ങള്‍ക്ക് അനഭിമതരായ ഭൂവുടമകളെ ജന്മികളെന്നു മുദ്രകുത്തി വകവരുത്തുന്ന ശൈലിയാണ് കമ്മ്യൂണിസ്റ്റുകള്‍ അവലംബിക്കുന്നത്. ആടിനെ പട്ടിയാക്കുകയും പിന്നീട് പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകളുടെ പൊതുശൈലിയാണ്.
നവോത്ഥാനവുമായി കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്ന് മനോവ തറപ്പിച്ചു പറയുമ്പോള്‍, എതിരഭിപ്രായമുള്ളവര്‍ തങ്ങളുടെ വാദങ്ങളെ വസ്തുതകളുടെ പിന്‍ബലത്തോടെ തെളിയിക്കണം. എന്തെന്നാല്‍, മനോവയുടെ പ്രഖ്യാപനം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതാണ്. സാമൂഹ്യവിരുദ്ധരും അസംതൃപ്തരുമായ സമൂഹങ്ങളെ കൂട്ടുപിടിച്ച് ഉന്മൂലനത്തിലൂടെ സ്ഥാപിച്ച ആധിപത്യങ്ങളാണ് ഓരോ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും. ഇത്തരം ഭരണകൂടങ്ങളില്‍ ചിലതുമാത്രമാണ് ഈ ഭൂമുഖത്ത് ഇന്ന് അവശേഷിക്കുന്നത്. കമ്മ്യൂണിസത്തിന്റെ പൈശാചികതയില്‍നിന്ന്‍ വിടുതല്‍പ്രാപിച്ച അനേകം രാജ്യങ്ങള്‍ നമുക്കുമുന്നില്‍ ദൃഷ്ടാന്തമായുണ്ട്. ആ രാജ്യങ്ങളിലെ നവോത്ഥാന മുന്നേറ്റങ്ങളാണ് കമ്മ്യൂണിസത്തെ അവരുടെ നാട്ടില്‍നിന്നു ബഹിഷ്ക്കരിച്ചത്. അതായത്, ആ രാജ്യങ്ങളിലെ നവോത്ഥാനമെന്നത് കമ്മ്യൂണിസത്തെ തുടച്ചുമാറ്റുന്നതിനുവേണ്ടി നടത്തിയ സമരങ്ങളാണ്! സ്വാതന്ത്ര്യം അനുവദിക്കാത്തതുകൊണ്ടു മാത്രമാണ് ഉത്തരകൊറിയയിലും ചൈനയിലും ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നത്.
അങ്ങനെയെങ്കില്‍, എന്താണ് 'നവോത്ഥാനം' എന്ന വാക്കിന്റെ യഥാര്‍ത്ഥ നിര്‍വ്വചനം? ഏറ്റവും ലളിതമായി പറഞ്ഞാല്‍, ഒരു സമൂഹത്തെയോ നാടിനെയോ വരിഞ്ഞുകെട്ടിയിരിക്കുന്ന മാരണത്തില്‍നിന്നുള്ള വിമോചനമാണ് നവോത്ഥാനം! എന്നാല്‍, നവോത്ഥാനം, നവീകരണം എന്നിങ്ങനെ കേള്‍വിക്ക് ഇമ്പമുള്ള വിശേഷണങ്ങളുടെ മറവില്‍ നടക്കുന്നത് യഥാര്‍ത്ഥത്തില്‍ പൈശാചികവത്ക്കരണമാണ്. കൃപലഭിച്ചവര്‍ക്കു മാത്രം തിരിച്ചറിയാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിത്. നവോത്ഥാനം അനിവാര്യമായ മേഖലകള്‍ ഉണ്ടായിരുന്നുവെന്നു മാത്രമല്ല, അങ്ങനെയുള്ള മേഖലകള്‍ ഇന്നുമുണ്ട്. എന്നാല്‍, നവോത്ഥാനം ആവശ്യമുള്ള മേഖലകളില്‍ അതിനു ശ്രമിക്കാതെ, തിന്മയുടെ വ്യാപനത്തിനായി ഇന്ന് നവോത്ഥാനം എന്ന വാക്ക് ദുരുപയോഗിക്കപ്പെടുന്നു. ആയതിനാല്‍, നവോത്ഥാനത്തിനു പിന്നിലുള്ള നന്മതിന്മകള്‍ വിവേചിക്കാനുള്ള ശ്രമമായി ഈ ലേഖനത്തെ പരിഗണിക്കുക!
നവോത്ഥാനം എന്ന വാക്കിന് നിഘണ്ടുവിലുള്ള അര്‍ത്ഥം പുതിയ ഉയര്‍ച്ചയെന്നാണ്. ഇത് അപൂര്‍ണ്ണമായ വ്യാഖ്യാനമാണെന്നു മനോവ കരുതുന്നു. ആയതിനാല്‍, അല്പംകൂടി വിശദമായി നവോത്ഥാനത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാം. എഴുന്നേല്‍ക്കല്‍, ഉദയം, ഉണര്‍വ്വ്, ഉയര്‍ച്ച, പ്രയത്നം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് 'ഉത്ഥാനം' എന്ന പദം വഹിക്കുന്നത്. ഉറക്കത്തില്‍നിന്ന് ഉണരുന്നതും മരണത്തില്‍നിന്ന് ഉയിര്‍ക്കുന്നതും ഉത്ഥാനത്തിന്റെ പരിധിയില്‍ വരും. നവം, ഉത്ഥാനം എന്നീ പദങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോഴാണ് 'നവോത്ഥാനം' എന്ന പദം ഉണ്ടാകുന്നതെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, 'നവം' എന്ന വാക്കിന്റെ അര്‍ത്ഥംകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. പുതിയത്, പുതുമ, സ്തുതി, കാക്ക തുടങ്ങിയ അര്‍ത്ഥങ്ങള്‍ 'നവം' എന്ന വാക്കിനുണ്ട്. കൂടാതെ, ഒന്‍പത് എന്ന സംഖ്യയെ സൂചിപ്പിക്കാനും 'നവം' എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.
'നവോത്ഥാനം' എന്ന പദത്തിന്റെ സൃഷ്ടിയ്ക്കായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത് 'പുതിയത്' എന്ന അര്‍ത്ഥം വരുന്ന 'നവം' ആയിരിക്കുമല്ലോ! അതുപോലെതന്നെ, എഴുന്നേല്‍ക്കല്‍, ഉണര്‍വ്, ഉയര്‍ച്ച, ഉദയം എന്നീ അര്‍ത്ഥങ്ങളില്‍ ഏതുവേണമെങ്കിലും ഉത്ഥാനത്തിനായി പരിഗണിക്കാം. അതായത്, പുതിയ എഴുന്നേല്‍പ്പെന്നോ പുത്തന്‍ ഉണര്‍വ്വെന്നോ പുത്തന്‍ ഉദയമെന്നോ പുതിയ ഉയര്‍ച്ചയെന്നോ സൂചിപ്പിക്കുന്ന പദമാണ് 'നവോത്ഥാനം'! അതിനാല്‍ത്തന്നെ, എല്ലാ നവോത്ഥാനങ്ങളും നന്മയാകണമെന്നില്ല. ആയിരുന്ന അവസ്ഥയില്‍നിന്ന് ആയിരിക്കുന്ന അവസ്ഥയിലേക്ക് വന്ന മാറ്റം മാത്രമാണ് നവോത്ഥാനം. ആയിരുന്ന അവസ്ഥയെക്കാള്‍ ഭേദപ്പെട്ടതാണ് ആയിരിക്കുന്ന അവസ്ഥയെങ്കില്‍, ഈ മാറ്റത്തെ നല്ലതെന്നു വിളിക്കാന്‍ സാധിക്കും. എന്നിരുന്നാലും, മാറ്റത്തിലെ ശരിതെറ്റുകള്‍ വിവേചിക്കപ്പെടേണ്ടത് വിദൂരഭാവിയെക്കൂടി പരിഗണിച്ചായിരിക്കണം. ഭാവിയില്‍ വലിയ അപകടങ്ങള്‍ക്കു സാധ്യതയുള്ള മാറ്റങ്ങള്‍പ്പോലും നവോത്ഥാനത്തിന്റെ പട്ടികയിലാണ് ലോകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത്, നവോത്ഥാനം എന്നത് എല്ലായ്പ്പോഴും നല്ല മാറ്റമായിരിക്കണമെന്നില്ല. നവോത്ഥാനത്തെ വിപ്ലവകരമായ മുന്നേറ്റമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇക്കാര്യംകൂടി തിരിച്ചറിയണം.
നവോത്ഥാനത്തെ പുകഴ്ത്തുന്നവര്‍ അറിഞ്ഞോ അറിയാതെയോ പഴയതെല്ലാം മോശമാണെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതാണ് നവോത്ഥാനം വിതയ്ക്കുന്ന ഏറ്റവും വലിയ ദുരന്തം! അനേകം ദുരാചാരങ്ങള്‍ തുടച്ചുമാറ്റാന്‍ നവോത്ഥാനങ്ങള്‍ കാരണമായിട്ടുണ്ടെങ്കിലും, ഇന്നത്തെ നവോത്ഥാന മുന്നേറ്റങ്ങളില്‍ അധികവും അധാര്‍മ്മികതയിലേക്കുള്ള കൂപ്പുകുത്തലുകളാണ്. ഇന്നത്തെ നവോത്ഥാന മുന്നേറ്റങ്ങളുടെയെല്ലാം നേതൃത്വം സാത്താന്‍ ഏറ്റെടുത്തിരിക്കുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. ആധുനികലോകത്തിന്റെ അടിമകളായ മനുഷ്യര്‍ക്കു സ്വീകാര്യമായ മാറ്റങ്ങളാണ് നവോത്ഥാനത്തിന്റെ പേരില്‍ ഇന്ന് ഘോഷിക്കപ്പെടുന്നത്. പഴയതിലെ നന്മകളെ പരിഗണിക്കാതെ, നവീനതയ്ക്കുവേണ്ടി അവയെല്ലാം നീക്കംചെയ്യപ്പെടുന്നു. കുടുംബബന്ധങ്ങളിലും മാനുഷികബന്ധങ്ങളിലും ശിഥിലീകരണം സംഭവിച്ചത് അങ്ങനെയാണ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല, ഭാര്യാഭര്‍തൃ ബന്ധത്തില്‍പ്പോലും ലോകത്തിന്റെ നിയമങ്ങള്‍ കടന്നുകയറ്റം നടത്തി. എല്ലാ ധാര്‍മ്മികതയേയും അധാര്‍മ്മികതയുടെ വ്യാപനത്തിനായി ഉന്മൂലനം ചെയ്തതും നവോത്ഥാനത്തിന്റെ പേരില്‍ത്തന്നെയാണ്!
മതപരമായ നിയമങ്ങള്‍മൂലം ഒരു കുടുംബബന്ധവും ഇന്നോളം തകര്‍ന്നിട്ടില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് നല്‍കപ്പെട്ട നിയമങ്ങളെ മുറുകെപ്പിടിച്ചിരിക്കുന്ന രണ്ടു മതങ്ങളും ഇതില്‍പ്പെടും. യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും നിയമങ്ങള്‍ക്ക് മൂന്നര സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും, ഈ നിയമങ്ങളോടു തുലനംചെയ്യാന്‍ പോന്ന മറ്റൊരു നിയമവും മാനവരാശിയുടെ മുന്നില്‍ ഇന്നേവരെ അവതരിക്കപ്പെട്ടിട്ടില്ല. ബൈബിളിലെ ദൈവം മോശയിലൂടെ അറിയിച്ച വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?(നിയമം: 4; 8). അന്നത്തേതുപോലെതന്നെ ഇന്നും നിലനില്‍ക്കുന്ന ചോദ്യമാണിത്. ലോകം നിര്‍മ്മിച്ച നിയമങ്ങള്‍ക്ക് കാലത്തെ അതിജീവിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട് അവയെല്ലാം പിന്നീട് അസാധുവാക്കപ്പെട്ടു. എന്നാല്‍, കാലങ്ങളെ അതിജീവിച്ചുകൊണ്ടു നിലനില്‍ക്കുന്ന നിയമം യാഹ്‌വെയുടെ നിയമം മാത്രമാണ്! ഈ നിയമത്തെ നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സാത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നവോത്ഥാനം എന്ന വാക്ക് തന്റെ അനുയായികളിലൂടെ സാത്താന്‍ ദുരുപയോഗിക്കുന്നതും ഇതേ ലക്ഷ്യപ്രാപ്തിക്കായിട്ടാണ്.
മതപരമായ ആചാരങ്ങളെല്ലാം ദുരാചാരങ്ങളാണെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവിധം ദുരാചാരങ്ങളാല്‍ സമ്പന്നമായ മതങ്ങളെ സൃഷ്ടിച്ചതും സാത്താന്‍തന്നെയാണ്. സാത്താന്‍ സൃഷ്ടിച്ച മതങ്ങളിലെ ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയതും അവന്‍തന്നെയാണെന്നു നാം തിരിച്ചറിയണം. സാത്താനില്‍നിന്ന് അഭിഷേകം സ്വീകരിച്ച വ്യക്തികള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളും ആചാരങ്ങളും പൈശാചികമായിരിക്കും. ഇത്തരം നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ അവന്റെ അനുയായികള്‍ ചില ദുര്‍ബ്ബലമായ ചെറുത്തുനില്പുകള്‍ക്കുശേഷം തയ്യാറാകും. ഇവരെ നവോത്ഥാന നായകന്മാരായി വാഴ്ത്തുകയും ചെയ്യും. ഇതിന്റെ ചുവടുപിടിച്ച്, ക്രൈസ്തവരില്‍ സമ്മര്‍ദ്ദം ചെലുത്താനും തങ്ങള്‍ക്കു തങ്ങളുടെ ദൈവത്തില്‍നിന്നു സംലഭ്യമായ നിയമങ്ങളിലും അനുഷ്ഠാനങ്ങളിലും ഭേദഗതികള്‍ വരുത്താനും സാധിക്കുമെന്ന് സാത്താന്‍ കണക്കുകൂട്ടുന്നു. അതിനായി ചില നവീകരണവാദികളെ ക്രൈസ്തവസഭകളില്‍ അവന്‍ തിരുകിക്കയറ്റിയിട്ടുണ്ട്. 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' ആശയങ്ങളുമായി സഭകളുടെ ഉന്നതസ്ഥാനങ്ങളില്‍പ്പോലും കടന്നുകൂടിയിട്ടുള്ള ഈ പൈശാചികശക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കപടനവോത്ഥാന ആശയങ്ങള്‍! ഈ തിരിച്ചറിവ് എല്ലാ ക്രിസ്ത്യാനികള്‍ക്കും ലഭിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം.
ദൈവത്താല്‍ സ്ഥാപിതമായ ആചാരങ്ങളിലൊന്നും ന്യൂനതകളില്ലെങ്കിലും, പൈശാചികശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ദൈവീകനിയമങ്ങളിലെ അന്യൂനമായ അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. ആചാരങ്ങളെയും അനാചാരങ്ങളെയും വേര്‍തിരിച്ചറിയേണ്ടത് ഇവിടെയാണ്. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേര്‍തിരിവുപോലെ ആചാരങ്ങളും അനാചാരങ്ങളും തമ്മിലും വ്യക്തമായ വേര്‍തിരിവുണ്ട്. എന്നാല്‍, വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിച്ചറിയാന്‍ ശേഷിയില്ലാത്ത നാസ്തികവാദികളാണ് ഇന്ന് സകലത്തെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്നതുപോലും അന്ധവിശ്വാസമായി പ്രചരിപ്പിക്കുന്നവര്‍ക്ക് എങ്ങനെയാണ് ആചാരങ്ങളെ അനാചാരങ്ങളില്‍നിന്നു വേറിട്ടു കാണാന്‍ സാധിക്കുക? നാസ്തികവാദികളുടെ ദൃഷ്ടിയില്‍ ദൈവവിശ്വാസം എന്നതുതന്നെ അന്ധവിശ്വാസമാണ്. അതിനാല്‍ത്തന്നെ, മതാചാരങ്ങളെയെല്ലാം അന്ധവിശ്വാസത്തില്‍നിന്നു രൂപീകൃതമായ അനാചാരങ്ങളായി മാത്രമേ ഇവര്‍ക്കു കാണാന്‍ കഴിയുകയുള്ളു. ലോകത്തിന്റെ നിയമനിര്‍മ്മാണ സഭകളിലെല്ലാം ദൈവനിഷേധികള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. ഈ അവസ്ഥ നിലനില്‍ക്കുന്നിടത്തോളം നീതിയുക്തമായ നിയമങ്ങളോ ചട്ടങ്ങളോ അംഗീകരിക്കപ്പെടുകയില്ല!
ആചാരങ്ങളും അനാചാരങ്ങളും!
ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ എല്ലാ ആചാരങ്ങളെയും അനാചാരങ്ങളായി കാണാനേ കഴിയുകയുള്ളുവെന്നു നാം മനസ്സിലാക്കി. അതുപോലെതന്നെ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവിശ്വാസികളുടെ ഓരോ വാക്കുകളെയും പ്രവൃത്തികളെയും ഭോഷത്തമായി മാത്രം കണക്കാക്കുന്നു. അവിശ്വാസികളും വിശ്വാസികളും തമ്മില്‍ മാത്രമല്ല ഈ എതിര്‍പ്പ് നിലനില്‍ക്കുന്നത്; മറിച്ച്, വിവിധ മതങ്ങളിലെ വിശ്വാസികള്‍ തമ്മിലും ഈ ഭിന്നത നിലനില്‍ക്കുന്നു. ശബരിമലയിലെ ആചാരങ്ങളെ അനാചാരങ്ങളായി മാത്രമേ ഇസ്ലാംമത വിശ്വാസിക്കും ക്രിസ്ത്യാനികള്‍ക്കും കാണാന്‍ സാധിക്കുകയുള്ളു. മക്കയില്‍ ആണ്ടുതോറും നടത്തിവരുന്ന ഹജ്ജിനെ ദുരാചാരമായിട്ടാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ കാണുന്നത്. യേഹ്ശുവാ വീണ്ടും വരികയും ഭൂമി മുഴുവന്റെയും രാജാവായി ആയിരം വര്‍ഷം ഭരണം നടത്തുമെന്നും പ്രഘോഷിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! ഈ വിശ്വാസത്തെ അന്ധവിശ്വാസമായി മറ്റു സമൂഹങ്ങള്‍ വീക്ഷിക്കുന്നു. ഒരു യഥാര്‍ത്ഥ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം മറ്റു മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങള്‍ മാത്രമാണ്. അവരുടെ ആചാരങ്ങളെ അനാചാരങ്ങളായും പൈശാചികതയായും കണക്കാക്കുന്നു. അന്യമതക്കാരുടെ ആചാരങ്ങളെ വെറുക്കുന്ന ദൈവത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. അവരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണ്. അവരുടെ ആചാരങ്ങള്‍ അനുകരിക്കുന്നതും അങ്ങനെതന്നെ!
യാഥാര്‍ത്ഥ്യം ഇതായിരിക്കെ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിര്‍വ്വചിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? നാസ്തികവാദികളെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളുടെയും ആചാരങ്ങള്‍ അനാചാരങ്ങളാണെന്നു നാം മനസ്സിലാക്കി. അതായത്, ഓരോ മതവിഭാഗങ്ങളും തങ്ങളുടെ മതാചാരങ്ങളെ പവിത്രമായി പരിഗണിക്കുകയും മറ്റുള്ളവരുടെ ആചാരങ്ങളെ ദുരാചാരങ്ങളായി വിശ്വസിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും വിശ്വാസങ്ങളെ അവരവര്‍ക്കു വിട്ടുകൊടുക്കുക എന്നതാണ് സമാധാനാന്തരീക്ഷം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്! മതസൗഹാര്‍ദ്ദവും മാനവസൗഹാര്‍ദ്ദവും നിലനില്‍ക്കണമെങ്കില്‍ ഈ സഹിഷ്ണുത കൂടിയേതീരു! മതങ്ങളെ അനുകരിക്കാലോ മതാചാരങ്ങളില്‍ പങ്കുചേരലോ ആണ് മതസൗഹാര്‍ദ്ദമെന്നു വ്യര്‍ത്ഥമായി ധരിച്ചുവച്ചിരിക്കുന്ന അനേകരുണ്ട്. എന്നാല്‍, മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയെന്നതാണ് യഥാര്‍ത്ഥ മതസൗഹാര്‍ദ്ദം!
ഓരോരുത്തര്‍ക്കും തങ്ങളുടെ മതങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, തങ്ങളുടെ മതത്തിലേക്കു ക്ഷണിക്കുന്നത് നിര്‍ബ്ബന്ധപൂര്‍വ്വം ആകരുത്. ഓരോരുത്തര്‍ക്കും സ്വീകാര്യമായി തോന്നുന്ന വിശ്വാസങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും ഉപേക്ഷിക്കാനുമുള്ള അവകാശവും നിഷേധിക്കരുത്. തങ്ങളുടെ മതത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ താത്പര്യമില്ലാത്തവര്‍ക്ക് മതം ഉപേക്ഷിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണം. മറിച്ച്, മതങ്ങളില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ തങ്ങള്‍ക്കുവേണ്ടി പരിഷ്ക്കരിക്കണമെന്നു വാശിപിടിക്കുന്നത് മാന്യതയായി കരുതരുത്. തങ്ങള്‍ അംഗങ്ങളായിരിക്കുന്ന മതത്തിന്റെ ആചാരങ്ങളെ അസഹിഷ്ണുതയുള്ളവര്‍ സ്വാതന്ത്ര്യത്തോടെ പുറത്തുവരികയും ശ്രേഷ്ഠമെന്നു തോന്നുന്ന വിശ്വാസങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് എല്ലായ്പ്പോഴും അഭികാമ്യം! സ്വന്തമായി മതങ്ങള്‍ നിര്‍മ്മിക്കാന്‍പോലും സാധിക്കുമെന്നു നമുക്കറിയാം. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍, ഏതെങ്കിലും മതത്തിന്റെ ആചാരങ്ങളില്‍ ഭേദഗതികള്‍ വരുത്തണമെന്നു വാശിപിടിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും ആധാരം.
ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം പരിഷ്കരിക്കപ്പെടാവുന്ന ഒന്നല്ല മതനിയമങ്ങളും മതാചാരങ്ങളും. എന്തെന്നാല്‍, ഏതെങ്കിലുമൊരു ആചാര്യന്റെ ആശയത്തിനുമേല്‍ ഉയര്‍ന്നുവന്നതാണ് ഓരോ മതങ്ങളും. ആ ആചാര്യന്റെ ആശയങ്ങളില്‍ ആകൃഷ്ടരാകുന്നവരാണ് ആ മതത്തിലെ വിശ്വാസികള്‍. മതസ്ഥാപകന്‍ ഉയര്‍ത്തിയ ആശയങ്ങളിലും ആചാരങ്ങളിലും മാറ്റംവരുന്നതോടെ ആ മതത്തിന്റെ അന്തഃസത്തയില്‍ മാറ്റംവരുന്നു. വേറിട്ട ആചാരങ്ങളും ആശയങ്ങളും സ്വീകരിക്കുന്നതോടെ പഴയ മതം ഇല്ലാതാവുകയും തത്സ്ഥാനത്ത് പുതിയത് ഉയര്‍ന്നുവരികയും ചെയ്യുന്നു. പിന്നീടൊരിക്കലും പഴയ ആചാര്യന്റെ പേരില്‍ അത് അറിയപ്പെടാന്‍ പാടില്ല. എന്തെന്നാല്‍, പഴയ ആചാര്യന്‍ ഉയര്‍ത്തിയ ആശയങ്ങളും ചിട്ടപ്പെടുത്തിയ ആചാരങ്ങളും നീക്കംചെയ്യപ്പെടുന്നതോടെ ആചാര്യന്‍തന്നെയാണ് ബഹിഷ്ക്കരിക്കപ്പെടുന്നത്. നവീകരിക്കപ്പെട്ട മതത്തിന്റെ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ആയി പഴയ ആചാര്യനു യാതൊരു ബന്ധവുമില്ല. വ്യക്തമായിപ്പറഞ്ഞാല്‍, പുതിയ ആശയങ്ങളുമായി വരുന്നവര്‍ പുതിയ മതം സ്ഥാപിക്കുക എന്നല്ലാതെ, പഴയതിനെ നവീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും ആ മതത്തെ ഇല്ലാതാക്കും. 'വൈറല്‍' തലമുറയുടെ ഇംഗിതനുസരിച്ചു ഭേദഗതികള്‍ വരുത്തി മതങ്ങള്‍ക്കു നിലനില്‍ക്കാനാവില്ല. സമൂഹമാധ്യമങ്ങളില്‍ 'വൈറല്‍' ആയതെല്ലാം ക്ഷണികങ്ങളായിരുന്നുവെന്ന് നമുക്കറിയാം. ജാസിഗിഫ്റ്റിന്റെ പാട്ടുകള്‍പോലെ ഇല്ലാതാകുന്നതാണ് 'വൈറല്‍ ആശയങ്ങള്‍'!
ഒരു മതത്തിന്റെ സ്ഥാപിതനിയങ്ങളിലും ആചാരങ്ങളിലും ഉറച്ചുനില്‍ക്കുന്ന ഒരുവനെങ്കിലുമുണ്ടെങ്കില്‍ അവനിലൂടെ ആ മതം നിലനില്‍ക്കുന്നു. ഏതു മതത്തെയെടുത്താലും, ആ മതത്തിന്റെ സ്ഥാപകനെ ദൈവപുരുഷനായി പരിഗണിക്കുന്നവരായിരിക്കും അതിന്റെ അനുയായികള്‍! യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെങ്കില്‍പ്പോലും വിശ്വാസികളുടെ ധാരണ അങ്ങനെതന്നെയായിരിക്കും. തങ്ങളുടെ മതം ദൈവീകമല്ലെന്നു കരുതുന്ന ആരെങ്കിലുമുണ്ടെന്നു മനോവ കരുതുന്നില്ല. ദൈവീകമായ മതത്തിലെ നിയമങ്ങളും ആചാരങ്ങളും ദൈവീകമായിരിക്കണം. അതിനാല്‍ത്തന്നെ, ദൈവീകനിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ മനുഷ്യന് അവകാശമില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ആരെങ്കിലും തങ്ങളുടെ മതത്തിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അവര്‍ ആ മതത്തെയോ മതനിയമങ്ങളെയോ ദൈവീകമായി പരിഗണിക്കുന്നില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതായത്, നവീകരണവാദികള്‍ മതത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന വിഘടനവാദികള്‍ തന്നെയാണ്. ഏതെങ്കിലുമൊരു മതം അതിന്റെ സ്ഥാപിതനിയമങ്ങളില്‍നിന്നു വ്യതിചലിച്ചിട്ടുണ്ടെങ്കില്‍, സ്ഥാപിതനിയമങ്ങളിലേക്കു തിരികെപ്പോകാന്‍ നടത്തുന്ന ശ്രമങ്ങളാണ് മതത്തിന്റെ നിലനില്‍പ്പിന് സഹായകരമാകുന്നത്. ഇത്തരം മുന്നേറ്റങ്ങളെ നവീകരണമെന്നോ നവോത്ഥാനമെന്നോ വിളിക്കാന്‍ സാധിക്കുകയില്ല. ഇത് മതത്തിന്റെയുള്ളില്‍ നടക്കുന്ന ശുദ്ധീകരണമാണ്! ശുദ്ധീകരണം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ആരംഭത്തില്‍ ആയിരുന്നതുപോലെ ആയിത്തീരും! ഇതാണ് ദൈവീകമതങ്ങളില്‍ നടക്കേണ്ട പ്രക്രിയ!
എന്നാല്‍, ആചാരങ്ങള്‍ അനാചാരങ്ങളായി പരിണമിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആചാരങ്ങള്‍ തുടച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നവോത്ഥാനം എന്നപേരില്‍ നടന്നിട്ടുള്ളത്. ആചാരങ്ങളില്‍നിന്ന് അനാചാരങ്ങളെ വേര്‍തിരിച്ചു കാണാന്‍ കഴിയുമ്പോഴാണ് അവ നീക്കംചെയ്യാനുള്ള ശ്രമം ആരംഭിക്കേണ്ടത്. ആയതിനാല്‍, അനാചാരങ്ങളും ദുരാചാരങ്ങളും എന്താണെന്നു നമുക്കു പരിശോധിക്കാം.
ആചാരങ്ങളിലെ ധാര്‍ഷ്ട്യഭാവം!
ഒരു മതത്തിന്റെ ആചാരങ്ങള്‍ മറ്റൊരു മതത്തിന്റെ സ്വാതന്ത്യത്തിനുമേല്‍ കടന്നുകയറ്റം നടത്തുന്നുവെങ്കില്‍ ആ ആചാരങ്ങളെ അനാചാരങ്ങളെന്നോ ദുരാചാരങ്ങളെന്നോ വിളിക്കാം. ഒരു മതത്തിന്റെ ആചാരങ്ങള്‍ ആ മതത്തില്‍ ഒതുങ്ങിനില്‍ക്കുന്നതും ആ മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ബാധിക്കുന്നതുമായിരിക്കണം. മറ്റു സമൂഹങ്ങളിലെ സ്ത്രീകളുടെ 'മാറ്' തുറക്കാന്‍ ശഠിക്കുന്ന ആചാരങ്ങളും നിയമങ്ങളും ജനിക്കുന്നത് ധാര്‍ഷ്ട്യത്തില്‍നിന്നാണ്. തങ്ങള്‍ ഉപവസിക്കുമ്പോള്‍ സമൂഹം ഒന്നടങ്കം ഉപവസിക്കണമെന്നു ശഠിക്കുന്നതും ധാര്‍ഷ്ട്യംതന്നെ! പന്നിയിറച്ചിയോ പശുവിറച്ചിയോ ഭക്ഷിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, തങ്ങള്‍ക്കു നിഷിദ്ധമായവ മറ്റാരും ഭക്ഷിക്കരുതെന്നു ശഠിക്കുന്നത് ചികിത്സ അനിവാര്യമായ ധാര്‍ഷ്ട്യമാണെന്നു മാത്രമല്ല, ഇത്തരം ധാര്‍ഷ്ട്യക്കാരെ സമൂഹത്തില്‍നിന്നു നീക്കംചെയ്യേണ്ടതുമാണ്.
ഏതൊരു മതത്തിന്റെയും നിയമങ്ങളിലോ ആചാരങ്ങളിലോ കോടതികള്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടോ എന്നത് തര്‍ക്കവിഷയമായ ചോദ്യമാണ്. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള രാജ്യങ്ങളിലെ കോടതികള്‍ക്ക് മതപരമായ ആചാരങ്ങളെ അനാചാരങ്ങളായി കണ്ട് നിരോധിക്കണമെങ്കില്‍ അത് മറ്റു സമൂഹങ്ങളെ ബാധിക്കുന്ന ആചാരങ്ങളായിരിക്കണം. എന്തെന്നാല്‍, ഒരുവന്റെ വിശ്വാസങ്ങളും ആചാരങ്ങളും അപരന് ഹാനികരമാകുമ്പോള്‍ മാത്രമേ പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നു പറയാന്‍ കഴിയുകയുള്ളു. ആചാരങ്ങള്‍ അനാചാരങ്ങളും ദുരാചാരങ്ങളുമായി മാറുന്നത് ഇങ്ങനെയാണ്. മറിച്ച്, മതത്തിനു പുറത്തുള്ളവര്‍ക്ക് അനാചാരമായി തോന്നുന്നതിലൂടെ ആചാരങ്ങളൊന്നും അനാചാരങ്ങളാകുന്നില്ല. നാം ആരംഭത്തില്‍ കണ്ടതുപോലെ, ഏതൊരു മതത്തില്‍ വിശ്വസിക്കുന്നവനും മറ്റു മതങ്ങളിലെ ആചാരങ്ങള്‍ അനാചാരങ്ങള്‍ തന്നെയാണ്. അതുപോലെതന്നെ, നാസ്തികവാദികളുടെ ദൃഷ്ടിയില്‍ എല്ലാ മതാചാരങ്ങളും ദുരാചാരങ്ങളായിരിക്കും! വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വക്താക്കളുടെ താത്പര്യം പരിഗണിച്ചുകൊണ്ട് മതങ്ങളിലെ ആചാരങ്ങളും അനാചാരങ്ങളും വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ അവിശ്വാസികളുടെ കടന്നുകയറ്റമായി കാണണം.
ഒരു മതത്തിന്റെ നിയമങ്ങള്‍ ആ മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ബാധിക്കുന്നതായിരിക്കണമെന്നു നാം കണ്ടു. ഈ നിയമങ്ങളില്‍ അസഹിഷ്ണുതയുള്ളവര്‍ക്ക് പുറത്തുപോകാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതും പ്രാകൃതനിയമമായി പരിഗണിക്കണം. മതത്തില്‍നിന്നു പുറത്തുപോകുന്നവരെ കായികമായി ഉന്മൂലനം ചെയ്യുന്ന മതങ്ങളുണ്ടെങ്കില്‍, ആ മതങ്ങള്‍ സാമൂഹിക ദുരന്തമായി പരിഗണിച്ച് നിരോധിക്കേണ്ടത് അനിവാര്യമാണ്. കോടതികളും നവോത്ഥാന പ്രസ്ഥാനങ്ങളും ഇടപെടേണ്ടത് ഇത്തരം മതനിയമങ്ങളിലാണ്. ഇന്ത്യയിലെ മതങ്ങളില്‍ ഇപ്പോഴും അനാചാരങ്ങളുണ്ട്. മതത്തിന് പുറത്തുനില്‍ക്കുന്നവരുടെ സ്വാഭാവിക കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള അനാചാരങ്ങളല്ല ഇവയൊന്നും. മറിച്ച്, മറ്റു സമൂഹങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ആചാരങ്ങളെ മാത്രം അനാചാരങ്ങളായി പരിഗണിച്ചുകൊണ്ടുള്ള നിരീക്ഷണമാണ്. പശുവിറച്ചി ഭക്ഷിക്കുന്നവനെ കായികമായി നേരിടുന്ന ശൈലിയെ നിലനില്‍ക്കുന്ന അനാചാരങ്ങളില്‍ ഒന്നായി കാണാന്‍ കഴിയും.
നവോത്ഥാനത്തിലൂടെ ഭാഗീകമായെങ്കിലും നീക്കംചെയ്യപ്പെട്ട അനേകം ദുരാചാരങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു. സ്വയംപ്രഖ്യാപിത സവര്‍ണ്ണര്‍ മറ്റു സമൂഹത്തിനുമേല്‍ കെട്ടിവച്ച നിയമങ്ങളായിരുന്നു അവയെല്ലാം. തങ്ങള്‍ നടക്കുന്ന വഴിയിലൂടെ മറ്റാരും നടക്കരുതെന്ന നിയമത്തെ ധാര്‍ഷ്ട്യത്തില്‍നിന്നുള്ള ദുരാചാരമായി കണക്കാക്കാന്‍ സാധിക്കും. എന്നാല്‍, മറ്റുള്ളവര്‍ നടക്കുന്ന വഴിയിലൂടെ തങ്ങള്‍ നടക്കില്ലെന്നു തീരുമാനിക്കാന്‍ ഏതൊരുവനും അവകാശമുണ്ട്. അതായത്, മറ്റുള്ളവരെ പൊതുസ്ഥലങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ആര്‍ക്കും അവകാശമില്ലെങ്കിലും, മറ്റുള്ളവര്‍ സമ്മേളിക്കുന്ന പൊതുസ്ഥലങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനുള്ള അവകാശം ഏതൊരുവനുമുണ്ട്. ഒരുവനു തന്റെ സ്വകാര്യമുറിയില്‍ നഗ്നനായി നില്‍ക്കാന്‍ അവകാശമുണ്ട്; എന്നാല്‍, പൊതുസ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നു നമുക്കറിയാം. മറ്റേതെങ്കിലും സമൂഹത്തില്‍പ്പെട്ട സ്ത്രീകള്‍ അവരുടെ മാറിടങ്ങള്‍ തങ്ങള്‍ക്കു മുന്‍പില്‍ അനാവരണം ചെയ്യണമെന്നു ശഠിക്കുന്ന മതവിഭാഗമുണ്ടെങ്കില്‍, ആ മതവിഭാഗത്തെ വേരോടെ പിഴുതെറിയേണ്ടത് സാമൂഹിക ഉത്തരവാദിത്വമായി ഓരോരുത്തരും ഏറ്റെടുക്കുന്നു. മറ്റുള്ളവര്‍ എങ്ങനെ വസ്ത്രധാരണം നടത്തണം, എന്തു ഭക്ഷിക്കണം, എന്തു പഠിക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെ നിശ്ചയിക്കാന്‍ ഒരു സമൂഹത്തിനും അവകാശമില്ല. ഇത്തരത്തിലുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അവയെ ഉന്മൂലനം ചെയ്യുന്നതിനുള്ള മുന്നേറ്റങ്ങളെയാണ് നവോത്ഥാന മുന്നേറ്റങ്ങളായി പരിഗണിക്കേണ്ടത്.
ഒരു മതത്തിന്റെ ആരാധനാലയങ്ങളില്‍ അന്യമതസ്ഥര്‍ക്കു പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കില്‍, അതിനെ ചോദ്യംചെയ്യാന്‍ നവോത്ഥാന നായകന്മാര്‍ക്കോ ലോകത്തിന്റെ നിയമങ്ങള്‍ക്കോ അവകാശമില്ല. എന്നാല്‍, തങ്ങളുടെ ആരാധനാലയത്തില്‍ എല്ലാവരും പ്രവേശിച്ച് ആരാധന നടത്തണമെന്നു നിര്‍ബ്ബന്ധിക്കുന്ന നിയമം എതിര്‍ക്കപ്പെടണം. പശുക്കുട്ടിയെ (കാളക്കുട്ടിയെ) ആരാധിക്കുന്ന സമൂഹങ്ങള്‍ ചരിത്രാതീത കാലംമുതല്‍ക്കേ ഭൂമിയിലുണ്ട്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഈ ആരാധന പൈശാചികവും അനാചാരപരവുമാണ്. എന്നാല്‍, പശുക്കളെ ആരാധിക്കുന്ന സമൂഹത്തെ അവരുടെ ആരാധനയുടെ പേരില്‍ നീക്കംചെയ്യാന്‍ ക്രൈസ്തവര്‍ക്ക് അധികാരമില്ല. മതസ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ കാര്യമാണിത്; മറിച്ച്, മതനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇത്തരമൊരു സ്വാതന്ത്ര്യം പ്രതീക്ഷിക്കരുത്. കാലക്കുട്ടികളെ ആരാധിക്കുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ പരസ്യമായി അതു ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതുപോലെതന്നെ, മതസ്വാതന്ത്ര്യം ഉണ്ടെങ്കില്‍ക്കൂടി മറ്റൊരു മതവിഭാഗത്തെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടരുത്. ഉദാഹരണത്തിന്: പശുവിനെ ദൈവമായി ആരാധിക്കുന്ന മതവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഈ ആരാധകരെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ പശുവിനെ കൊല്ലുകയോ പശുവിറച്ചി വില്‍ക്കുകയോ ചെയ്യുന്നത് തികച്ചും ധാര്‍ഷ്ട്യമാണ്.
ഒരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ മറ്റു മതക്കാര്‍ പ്രവേശിക്കുന്നത് തടയാനുള്ള അവകാശം ആ മതവിഭാഗത്തിനുണ്ടെന്നു നാം കണ്ടു. ഇത്തരത്തില്‍ അന്യമതക്കാരുടെ പ്രവേശനം തടഞ്ഞിരിക്കുന്ന ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം അന്യമതക്കാര്‍ക്കില്ല. അതുപോലെതന്നെ, അന്യമതക്കാരുടെ ആലയങ്ങളില്‍ പ്രവേശിക്കുകയോ അവരുടെ ആരാധനാമൂര്‍ത്തികളെ വണങ്ങുകയോ ചെയ്യരുതെന്നു നിയമമുള്ള മതങ്ങളുണ്ട്. ക്രിസ്ത്യാനികളെ സംബന്ധിച്ച് ഇപ്രകാരമൊരു നിയമം നിലനില്‍ക്കുന്നു. ഈ നിയമം ലംഘിച്ച്, അന്യമതക്കാരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നവരെ തങ്ങളുടെ സമൂഹത്തില്‍നിന്നു പുറത്താക്കാനുള്ള അവകാശം ക്രിസ്തീയസഭകള്‍ക്കുണ്ട്. ഇതാണ് ആ നിയമം: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). ഈ നിയമം ലംഘിക്കുന്നവര്‍ സ്വാഭാവികമായും ക്രൈസ്തവസമൂഹത്തില്‍നിന്നു പുറത്തുപോകും! ഇത് ക്രിസ്തീയസഭകളുടെ ആഭ്യന്തരനിയമമാണ്. ഇതിനെ ചോദ്യംചെയ്യാന്‍ ക്രിസ്തീയതയ്ക്കു പുറത്തോ അകത്തോ ഉള്ള ആര്‍ക്കും അവകാശമില്ല! വിശ്വാസപരമായ ആഭ്യന്തരനിയമങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്കുപോലും അവകാശമില്ല എന്നതാണ് വസ്തുത.
ഇത്തരത്തിലുള്ള അനേകം ആഭ്യന്തരനിയമങ്ങള്‍ ക്രിസ്തീയതയിലുണ്ട്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മറ്റു മതവിഭാഗങ്ങള്‍ ആരാധിക്കുന്നത് പിശാചിനെയാണ്. ഈ അറിവ് ക്രിസ്ത്യാനികള്‍ക്കു ലഭിച്ചത് ബൈബിളില്‍നിന്നായതുകൊണ്ട് അവര്‍ അത് പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഈ വിശ്വാസം പിന്തുടരാന്‍ പാടില്ലെന്ന് ക്രിസ്ത്യാനികളോടു കല്പിക്കാന്‍ ഏതെങ്കിലും കോടതിക്കു സാധിക്കുമോ? കോടതികള്‍ കല്പിച്ചാല്‍ അത് ഗൗനിക്കാന്‍ ഏതെങ്കിലും ക്രിസ്ത്യാനി തയ്യാറാകുമോ?
എന്നാല്‍, മതപരമായ വിഷയത്തില്‍ കോടതികള്‍ക്ക് ഇടപെടാവുന്ന ചില സാഹചര്യങ്ങളുമുണ്ട്. മതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ രാജ്യത്തിന്റെ നിയമസംവീധാനങ്ങള്‍ക്ക് ഇടപെടാനുള്ള അവകാശമുണ്ട്. ഏതൊരു മതത്തിന്റെയും സാമ്പത്തിക കാര്യങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്കു കീഴിലായിരിക്കണം. സ്ഥാവരജംഗമ വസ്തുക്കളുടെ ക്രയവിക്രയങ്ങള്‍ രാജ്യത്തിന്റെ നിയമത്തിനു കീഴിലാണ്. രാജ്യത്തിന്റെ നിയമത്തിനു വിരുദ്ധമായി ആയുധങ്ങളോ നിരോധിത വസ്തുക്കളോ സൂക്ഷിക്കാന്‍ ആരാധനാലയങ്ങള്‍ തിരഞ്ഞെടുത്താല്‍, അത് പരിശോധിക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും രാജ്യത്തിന്റെ സംവീധാനങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു മതത്തിന്റെ ആചാരങ്ങളും നിയമങ്ങളും മറ്റൊരു മതത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകുമ്പോഴും കോടതികള്‍ ഇടപെടും. നരബലി, ശിശുഹത്യ, കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയവ മതപരമായ ആചാരത്തിന്റെ ഭാഗമാണെങ്കില്‍, ആ മതത്തെ നിരോധിക്കണം. മതത്തില്‍നിന്നു സ്വതന്ത്രമായി പുറത്തുവരാന്‍ കുട്ടികള്‍ക്കു സാധിക്കാത്തതുകൊണ്ട്, കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന യാതൊന്നും മതനിയമങ്ങളായി അംഗീകരിക്കാന്‍ പാടില്ല. കുട്ടികള്‍ക്കു ചേലാകര്‍മ്മം നടത്തുന്നത് ബാലാവകാശ ലംഘനമല്ലേ എന്ന ചോദ്യം ഇവിടെ സ്വാഭാവികമായി ഉയരാം.
കുട്ടികളില്‍ ചേലാകര്‍മ്മം നടത്തുന്നത് ബാലാവകാശ ലംഘനമല്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പ്പുകളും ശസ്ത്രക്രിയകളും നടത്തുന്നത് ബാലാവകാശ ലംഘനമല്ലാത്തതുകൊണ്ടുതന്നെ, പരിച്ഛേദനകര്‍മ്മവും എതിര്‍ക്കപ്പെടാവുന്ന ആചാരമല്ല. അതുപോലെതന്നെ, മതാചാരപ്രകാരമോ അല്ലാതെയോ കുട്ടികളുടെ കാതുകുത്തുന്നതും അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നില്ല.
ഇന്ത്യയിലെ നവോത്ഥാന മുന്നേറ്റങ്ങള്‍!
ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവോത്ഥാന ചരിത്രത്തെ വളച്ചൊടിയ്ക്കാനുള്ള ശ്രമം തുടങ്ങിയത് ഈ അടുത്തകാലത്താണ്. അനാചാരങ്ങളും ദുരാചാരങ്ങളും തുടച്ചുമാറ്റിയതും വിദ്യാഭ്യാസത്തിനു തുടക്കമിട്ടതും ഇവരൊക്കെയാണെന്നു സ്ഥാപിക്കാന്‍ സംഘപരിവാരങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാന്‍ കമ്മ്യൂണിസ്റ്റുകളും തയ്യാറാകുന്നതില്‍ മനോവ അദ്ഭുതപ്പെടുന്നില്ല. ക്രിസ്ത്യാനികളെ ചരിത്രത്തില്‍നിന്നു തിരസ്ക്കരിക്കുകയെന്നത് സംഘപരിവാരങ്ങളെപ്പോലെതന്നെ കമ്മ്യൂണിസ്റ്റുകളുടെയും താത്പര്യമാണ്. എന്നാല്‍, ക്രൈസ്തവ മിഷ്നറിമാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ ഏതെങ്കിലും നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രം രേഖപ്പെടുത്താന്‍ കഴിയില്ല. മാത്രവുമല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണംനടത്തിയ കാലത്താണ് എല്ലാ നവോത്ഥാനങ്ങളും നടന്നിട്ടുള്ളത്. അതായത്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളം ഒരു നവോത്ഥാനവും നടന്നിട്ടില്ല.
താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കു മാറ് മറയ്ക്കാനുള്ള അവകാശമില്ലാതിരുന്ന നാട്ടില്‍ നവോത്ഥാന മുന്നേറ്റം നയിച്ചത് അയ്യങ്കാളിയോ ചട്ടമ്പിസ്വാമിയോ നങ്ങേലിയോ ആയിരുന്നില്ല. കേരളത്തില്‍ സുവിശേഷ പ്രചരണം നടത്തിയ പോര്‍ച്ചുഗീസ് മിഷ്നറിമാരുടെ പ്രവര്‍ത്തനഫലമായി ലഭിച്ചതാണ് മാറ് മറയ്ക്കാനുള്ള അവകാശം. തെക്കന്‍കേരളത്തില്‍, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ ക്രൈസ്തവ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉദ്ബുദ്ധരായിത്തീര്‍ന്ന ചാന്നാര്‍ സ്ത്രീകള്‍ 'മാറു' മറയുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതാണു ലഹളയ്ക്കു കാരണം. 1822-ല്‍ കക്കുളത്താണ് ആദ്യലഹളയുണ്ടായത്. വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ സ്ത്രീകളെ യാഥാസ്ഥിതികര്‍ പരസ്യമായി അവഹേളിച്ചു. അവരുടെ വസ്ത്രം വലിച്ചുകീറി, മര്‍ദ്ദിച്ചവശരാക്കി. ഇതിനെതിരേ മിഷ്ണറിമാര്‍ കോടതിയില്‍ പോയി. വിധി ചാന്നാന്മാര്‍ക്കനുകൂലമായിരുന്നു. പക്ഷേ, അതൊന്നും അത്ര എളുപ്പത്തില്‍ പ്രായോഗികമാക്കാന്‍ പ്രമാണിമാര്‍ സമ്മതിച്ചില്ല. വീണ്ടും വീണ്ടും ലഹളകളുണ്ടായി. മിഷ്ണറിമാരെ വധിക്കാനും ശ്രമങ്ങളുണ്ടായി. നിരവധി ചാന്നാര്‍ യുവാക്കള്‍ വധിക്കപ്പെട്ടു. രാജഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ സഹായം മിഷ്ണറിമാര്‍ക്കുണ്ടായിരുന്നതു ചാന്നാര്‍ സമൂഹത്തിന് ആശ്വാസമായി. ഈ പ്രക്ഷോഭങ്ങള്‍ അധികാരികളുടെ കണ്ണുതുറപ്പിച്ചു. 1829 -ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്കു കുപ്പായം ധരിക്കാന്‍ അനുവാദം നല്‍കുന്ന വിളംബരമുണ്ടായി. (MSA Rao, Social Movement in India, Manohar: Delhi, 1978, p.29)
പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കിയതു ചാവറയച്ചനോ ശ്രീനാരായണഗുരുവോ എന്ന് അഭിനവ ചരിത്രകാരന്മാര്‍ വ്യക്തമാക്കണം. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന മുദ്രാവാക്യം മുഴക്കിയത് ചാവറയച്ചനായിരുന്നു. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത മാണിക്കത്തനാര്‍ എന്ന ക്രാന്തദര്‍ശിയെയും പുതിയ ചരിത്രകാരന്മാര്‍ മറന്നു. സമൂഹത്തില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ ഇടയില്‍ സുവിശേഷ പ്രബോധനങ്ങളിലൂടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ, ആതുരശുശ്രൂഷയിലൂടെ, ദളിത് സമുദ്ധാരണ യത്നങ്ങളിലൂടെ കര്‍മ്മനിരതരാവുകയാണ് ആദ്യകാല ക്രൈസ്തവ മിഷ്ണറിമാര്‍ ചെയ്തത്.
1864-ല്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ മാന്നാനത്ത് ഒരു മലയാളം സ്കൂള്‍ സ്ഥാപിച്ചു. അവിടെ വിദ്യാഭ്യാസം സൗജന്യമായിരുന്നു. ഉയര്‍ന്ന വിഭാഗക്കാര്‍ സ്കൂളുകളില്‍ സ്വയം വന്നു ചേര്‍ന്നു. പക്ഷേ ദളിത് വിഭാഗം സംശയിച്ചും ഭയപ്പെട്ടും ഒളിഞ്ഞുനിന്നു. ചാവറയച്ചന്‍ അവരെ വീടുകളില്‍ ചെന്നു കൂട്ടിക്കൊണ്ടുപോന്നു. വസ്ത്രം നല്‍കിയും ഭക്ഷണം നല്‍കിയും അവര്‍ക്കു പഠിക്കാന്‍ സൗകര്യം ഒരുക്കി. സ്വയം കണ്ടെത്തിയ വിഭവങ്ങളും സാമ്പത്തികശേഷിയുള്ള വീടുകളില്‍നിന്നു ശേഖരിച്ച വിഭവങ്ങളും അദ്ദേഹം ഇതിനുവേണ്ടി വിനിയോഗിച്ചു. ഇതിലേക്കു ചാവറയച്ചന്‍ കണ്ടെത്തിയ പിടിയരിപിരിവാണു പില്‍ക്കാലത്ത് സാമുദായിക സാമൂഹിക സേവനരംഗങ്ങളിലെല്ലാം ജനപങ്കാളിത്തം ഉറപ്പാക്കിയ പിരിവുകളുടെ തുടക്കം. ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കു സ്കൂളില്‍ ഭക്ഷണവും വസ്ത്രവും നല്‍കുന്ന ക്ഷേമയജ്ഞത്തിനു തുടക്കം കുറിച്ചതും ആ മഹാത്മാവുതന്നെ. ഇതിനെത്തുടര്‍ന്നാണ് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ രജതരേഖകളിലൊന്നായ അദ്ദേഹത്തിന്റെ സര്‍ക്കുലര്‍ പുറപ്പെടുന്നത്. എല്ലാ കത്തോലിക്കാ ദൈവാലയങ്ങളോടും ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണം എന്നു സുറിയാനി കത്തോലിക്കരുടെ 'വികാരി ജനറാള്‍' എന്ന നിലയില്‍ നല്‍കിയ കല്പന.
1855 -ല്‍ അടിമവ്യാപാരം നിര്‍ത്തലാക്കിക്കൊണ്ടുള്ള വിളംബരവും 1859-ല്‍ എല്ലാവര്‍ക്കും വസ്ത്രധാരണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള വിളംബരവും പുറത്തുവന്നു. മിഷ്ണറിമാര്‍ തങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക യത്നങ്ങളിലൂടെ ഒരു നിശബ്ദ വിപ്ലവത്തിനു തിരികൊളുത്തുകയാണു ചെയ്തത്. ബ്രിട്ടീഷുകാരുടെയും വിദേശ മിഷ്ണറിമാരുടെയും സമ്മര്‍ദ്ദം നാട്ടുരാജാക്കന്മാരെ വിളംബരങ്ങള്‍ക്കു പ്രേരിപ്പിച്ചു എന്നതാണു യാഥാര്‍ത്ഥ്യം. എതിരാളിയുടെ ചോരചൊരിയാതെയും തലയരിയാതെയും നടത്തിയ വിപ്ലവം! ഈ നവോത്ഥാന മുന്നേറ്റങ്ങളുടെയെല്ലാം പിതൃത്വം മറ്റുചിലര്‍ക്കു കല്പിച്ചു നല്‍കിയത് വ്യക്തമായ അജണ്ടയുടെ ഭാഗമായിത്തന്നെയാണ്.
മലയാളഭാഷയ്ക്ക് നിഘണ്ടു തയ്യാറാക്കിയ ഡോക്ടര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് (ജര്‍മ്മനി), മലയാളഭാഷയ്ക്ക് വ്യാകരണം തയ്യാറാക്കിയ അര്‍ണോസ് പാതിരി(ഇറ്റലി), മലയാളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച ബെഞ്ചമില്‍ ബെയ്‌ലി, നസ്രാണി ദീപികയുടെ തുടക്കക്കാരനായ നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലെ നവോത്ഥാന ചരിത്രം രേഖപ്പെടുത്താന്‍ സാധിക്കില്ല. ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29-ന് കല്‍ക്കട്ടയില്‍നിന്നും പ്രസിദ്ധീകരണം തുടങ്ങി യ 'ബംഗാള്‍ ഗസ്റ്റ്' ആണ് ഇന്ത്യയിലെ പ്രഥമ വര്‍ത്തമാന പത്രം. മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായ 'രാജ്യസമാചാരം' (1847) പുറത്തിറക്കിയത് ബെഞ്ചമിന്‍ ബെയ്‌ലിയാണെന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെങ്കിലും വിസ്മരിക്കരുത്.
ക്രിസ്ത്യാനികള്‍ നേതൃത്വം നല്‍കാത്ത ഒരേയൊരു നവോത്ഥാന മുന്നേറ്റം മാത്രമേ കേരളത്തില്‍ നടന്നിട്ടുള്ളു. അത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട നവോത്ഥാനമാണ്. ഇതിനെയൊരു നവോത്ഥാന ദുരന്തമായി മാത്രമേ മനോവ കാണുന്നുള്ളു. ചിലരില്‍ മാത്രം ഒതുങ്ങിനിന്ന പൈശാചികതയെ സകലരിലേക്കും പ്രസരിപ്പിക്കാന്‍ സാത്താന്റെ ശക്തികള്‍ നടത്തിയ നവോത്ഥാന മുന്നേറ്റമായിരുന്നു അത്. ഇന്ത്യയെ മുഴുവന്‍ ശാപംകൊണ്ടു മൂടാന്‍ ഈ നവോത്ഥാന മുന്നേറ്റത്തിനു സാധിച്ചു. അന്ധകാരപൂര്‍ണ്ണമായിരുന്ന ഇന്ത്യയില്‍ പ്രകാശം പരത്തിയ നവോത്ഥാനമാണ് ക്രിസ്ത്യാനികളുടെ സംഭാവനയെങ്കില്‍, പ്രകാശത്തെ തല്ലിക്കെടുത്തുന്ന നവോത്ഥാനമാണ് വിജാതിയ ആചാര്യന്മാരിലൂടെ ഇന്ത്യയില്‍ സംഭവിച്ചത്.
കമ്മ്യൂണിസ്റ്റുകളും നവോത്ഥാന ഗീര്‍വാണങ്ങളും!
കാലത്തിനു പിന്നാലെ ഓടിയെത്താന്‍ കഴിയാതെ കിതയ്ക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത് നവോത്ഥാന രാഷ്ട്രീയപ്രസ്ഥാനം എന്നാണ്! ആയിരംവട്ടം നുണകള്‍ ആവര്‍ത്തിച്ചുകൊണ്ട് നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാകാന്‍ എക്കാലത്തും ഇവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ലോകത്ത് ഇന്നോളം നടന്നിട്ടുള്ള നന്മയുടെ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഒന്നില്‍പ്പോലും ഒരു കമ്മ്യൂണിസ്റ്റുകാരനും അണിചേര്‍ന്നിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം!
'മാറ്' മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ പോരാടിയെങ്കില്‍, 'മാറ്' തുറക്കാനുള്ള അവകാശത്തിനുവേണ്ടി ആക്ടിവിസ്റ്റുകള്‍ നടത്തുന്ന ആഭാസസമരങ്ങളെ പിന്തുണയ്ക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍! ഇതാണ് കമ്മ്യൂണിസ്റ്റുകള്‍ നടത്തിയിട്ടുള്ളതും നടത്തിക്കൊണ്ടിരിക്കുന്നതുമായ നവോത്ഥാന മുന്നേറ്റങ്ങളുടെ പൊതുസ്വഭാവം! കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നന്മയ്ക്കെതിരെയുള്ള യുദ്ധമാണ്. നാസ്തികതയില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം അതിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മഹാഭാരതം എന്ന സാഹിത്യകൃതിയില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി നടത്തുന്ന യുദ്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ആക്ടിവിസ്റ്റുകളെ മുന്‍നിര്‍ത്തി കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിക്കുന്നതും അത്തരമൊരു യുദ്ധതന്ത്രമാണ്! ഇതിനെ അന്ത്യകാല അടയാളമായും കാണാവുന്നതാണ്. എന്തെന്നാല്‍, 'ദൈവം' എന്ന് വിളിക്കപ്പെടുന്ന സകലത്തിനെയും എതിര്‍ക്കുന്ന ശക്തി ലോകത്ത് ഉയര്‍ന്നുവരും എന്നത് പ്രവചനമാണ്.
സത്യദൈവത്തെ ആരാധിക്കുന്നവര്‍ തങ്ങളുടെ ദൈവത്തെ 'ദൈവം' എന്ന് വിളിക്കുന്നതുപോലെ, അസത്യദൈവങ്ങളെ ആരാധിക്കുന്നവരും തങ്ങളുടെ ആരാധനാമൂര്‍ത്തിയെ 'ദൈവം' എന്നുതന്നെയാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദൈവമല്ലെങ്കില്‍ക്കൂടി 'ദൈവം' എന്ന വിളി ഏറ്റുവാങ്ങുകയും ആസ്വദിക്കുകയും ചെയ്യുന്ന പൈശാചിക വിഗ്രഹങ്ങള്‍ ലോകത്തുണ്ട്. ഇത്തരത്തിലുള്ള വ്യാജദൈവങ്ങളുടെ ആരാധകരെ പൊതുവായി വിളിക്കുന്നത് വിജാതിയര്‍ എന്നാണ്. വിജാതിയര്‍ ദൈവമെന്നു വിളിക്കുന്ന മൂര്‍ത്തികള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്ന ആചാരങ്ങളില്‍ മാറ്റംവരുത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നത് സത്യദൈവത്തിന്റെ നിയമങ്ങളെ ലക്ഷ്യമിട്ടാണെന്നു തിരിച്ചറിയണം. അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചനം ശ്രദ്ധിക്കുക: "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും"(2 തെസലോ: 2; 3, 4). സത്യദൈവത്തെ മാത്രമല്ല, ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതൊ ആയ എല്ലാറ്റിനെയും എതിര്‍ക്കുന്ന പ്രസ്ഥാനം ഏതാണെന്നു ചിന്തിക്കുക!
വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയായിരുന്നിട്ടും എന്തുകൊണ്ടാണ് അതിനെ അവന്‍ എതിര്‍ക്കുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകാം. ഇത് സാത്താന്റെ കൗശലങ്ങളിലൊന്നാണ്! ഇതിലൂടെ അവനു പല ലക്ഷ്യങ്ങളുണ്ട്. സത്യദൈവത്തെ വിശ്വസിക്കുന്ന ദൈവമക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയെന്നതാണ് ഒരു ലക്‌ഷ്യം. സത്യദൈവത്തിന്റെ നിയമങ്ങളിലേക്കു കടന്നുകയറാനുള്ള വഴിയായി അവന്‍ ആദ്യംതന്നെ വ്യാജദൈവങ്ങളുടെ നിയമങ്ങളില്‍ ഇടപെടുന്നു. വിജാതിയര്‍ തങ്ങളുടെ നിയമങ്ങളിലും ആചാരങ്ങളിലും ഭേദഗതികള്‍ വരുത്താന്‍ തയ്യാറാകുന്നതിലൂടെ സത്യദൈവത്തിന്റെ മതത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്ന് സാത്താനറിയാം. അതായത്, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ സാത്താന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍, ശബരിമലയില്‍ സാത്താനും പിണറായിയും വിജയിച്ചാല്‍, ക്രിസ്തീയതയില്‍ കടന്നുകയറാനുള്ള വഴി തുറന്നുകിട്ടും. ആരാധനാവിഷയമായ എല്ലാറ്റിനെയും എതിര്‍ക്കുന്നത് ക്രൈസ്തവസഭയില്‍ കടന്നുകൂടി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ് നാം വായിച്ച പ്രവചനത്തിന്റെ തുടര്‍ന്നുള്ള ഭാഗം. പ്രവചനം ഇപ്രകാരം തുടരുന്നു: "അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും."(2 തെസലോ: 2; 4). സാത്താനുവേണ്ടിയുള്ള വഴിവെട്ടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തീയനിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുമെന്നതും അന്ത്യകാല പ്രവചനങ്ങളില്‍ ഒന്നാണ്.
ഈ പ്രവചനം ശ്രദ്ധിക്കുക: "അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി: 7; 25). മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: "അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്‌ളേച്ഛ വിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനി: 11; 31). കത്തോലിക്കാസഭയില്‍ മാത്രം അര്‍പ്പിക്കപ്പെടുന്ന നിരന്തര ദഹനബലിയെയാണ് സാത്താന്‍ ലക്ഷ്യമിടുന്നത്. അതിനായി നവീകരണവാദികളുടെ രൂപത്തില്‍ ചില വട്ടോളിമാരെ അവന്‍ സഭയില്‍ തിരുകിക്കയറ്റിയിട്ടുമുണ്ട്. അനുകൂലമായ സാഹചര്യത്തിനുവേണ്ടി കാത്തിരിക്കുന്ന ഇവറ്റകള്‍ ഉണരാന്‍ സമയമായിരിക്കുന്നു. സ്ത്രീകള്‍ക്ക് ദിവ്യബലി അര്‍പ്പിക്കാനും കുംബസാരം എന്ന കൂദാശ പരികര്‍മ്മം ചെയ്യാനും അവകാശമുണ്ടെന്നു വാദിക്കുന്ന നവീകരണശബ്ദങ്ങളെ തിരിച്ചറിയാന്‍ നമുക്കു സാധിച്ചില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും വന്നുഭവിക്കുന്നത്. നിരന്തരദഹനബലി അര്‍പ്പിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ ബലിയര്‍പ്പണംതന്നെ ഇല്ലാതാകും! ഇതിനെല്ലാം സഹായകമായ വിധം വര്‍ത്തിക്കുന്ന നവീകരണവാദികള്‍ക്ക് ലോകത്തിന്റെ അംഗീകാരം ലഭിക്കുമെന്നതും പ്രവചനമാണ്. ഈ പ്രവചനം നോക്കുക: "ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖസ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും"(ദാനി: 11; 32). ദിവ്യബലി ഒരു ഉടമ്പടിയാണെന്നു നമുക്കറിയാം. ഈ ഉടമ്പടിയ്ക്കെതിരേ നിലകൊള്ളുന്ന വട്ടോളിമാര്‍ക്ക് ലോകം നല്‍കുന്ന ബഹുമതികളെ തിരിച്ചറിയാന്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം അനിവാര്യമാണ്!
കമ്മ്യൂണിസ്റ്റുകള്‍ നടത്തുന്ന നവോത്ഥാന ഗീര്‍വാണങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അതിന്റെ പിന്നിലെ നിരീശ്വരവാദ അജണ്ട തിരിച്ചറിയാന്‍ കഴിയും. നാസ്തികവാദത്തിലേക്കു നയിക്കുന്ന നവോത്ഥാനമാണ് കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നവോത്ഥാനങ്ങളിലൂടെ സാത്താന്‍ ലക്ഷ്യമിടുന്നത് സത്യദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങളെയും ചട്ടങ്ങളെയുമാണെന്നു തിരിച്ചറിയാനുള്ള കൃപലഭിച്ചവര്‍ അനുഗൃഹീതര്‍!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-