07 - 03 - 2010
യാത്രക്കാര്‍ക്ക് സുഗമമായ പാതയൊരുക്കാനാണ് വഴിവിളക്കുകള്‍ എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍, വഴികളില്‍ പ്രകാശംപരത്തി യഥാര്‍ത്ഥ വഴിയില്‍നിന്ന് യാത്രക്കാരെ വ്യതിചലിപ്പിക്കുകയോ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരത്താല്‍ വഴിതെറ്റിക്കുകയോ ചെയ്യുന്ന വഴിമുടക്കികളായ വഴിവിളക്കുകളെയാണ് ഈ ലേഖനത്തിലൂടെ നാം പരിചയപ്പെടുന്നത്!
ആമുഖമായി ഒരുകാര്യംകൂടി വ്യക്തമാക്കുകയാണ്.മനോവ പോരാടുന്നത് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ്. എഫേസോസ് ലേഖനത്തിലൂടെ പരിശുദ്ധാത്മാവ് ഈ ദൗത്യമാണ് ഏവരെയും ഭരമേല്പിച്ചത് (എഫേ: 6; 12). പ്രത്യേകമായി ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ശത്രു, സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കളാണ്! ഈ ദുരാത്മാക്കളുടെ സ്വാധീനത്തില്‍ കഴിയുന്നവരാണ് വഴികാട്ടികളുടെ ഭാവത്തില്‍ നിലകൊള്ളുന്ന വഴിമുടക്കികള്‍!
അതിശക്തമായ തിന്മയാല്‍ ബന്ധിതരായി, അനേകരെ വഴിതെറ്റിക്കുന്ന ചില വ്യക്തികള്‍ക്ക് എതിരായി മനോവ പ്രതികരിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ വ്യക്തിപരമായ വിമര്‍ശനത്തിന് മുതിര്‍ന്നിട്ടില്ല. എന്നാല്‍, മനോവയെ വ്യക്തിപരമായി വിമര്‍ശിച്ചുകൊണ്ട് ദൈവവചന വിരുദ്ധമായ ചില 'ബ്ലോഗുകള്‍' പ്രത്യക്ഷപ്പെട്ടപ്പോള്‍ മറുപടി നല്‍കേണ്ടത് ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് 'ഷാര്‍ജ'യില്‍നിന്നുള്ള ഒരു പ്രവാസിയുടെ 'ബ്ലോഗിന്' നല്‍കുന്ന മറുപടികൂടിയാണ് ഈ ലേഖനം!
യേഹ്ശുവായുടെ നാമത്തെ സ്തുതിക്കുകയും ആരാധിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവരെ മാത്രമല്ല, അവിടുത്തെ വചനം അനുസരിച്ച് ജീവിക്കുന്നവരെയും സാത്താന്‍ അസഹിഷ്ണുതയോടെയാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ പിശാചിന്റെ ആധിപത്യത്തില്‍ കഴിയുന്നവര്‍ വചനമനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവരെ ദുഷിക്കുകയും പഴിക്കുകയും ചെയ്യുന്നു!
ഈ അസ്വസ്ഥതയുടെ കാരണം ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായെ യെരുശലേമിലേക്ക് ആനയിച്ചുകൊണ്ട് ജനങ്ങള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ അസ്വസ്ഥരായത് ആരാണെന്നു നമുക്കറിയാം.വിജ്ഞാനത്തിന്‍റെ താക്കോല്‍ കൈയ്യിലുണ്ടെന്നു ധരിച്ച് കപടതയില്‍ ജീവിച്ച ഫരിസേയരും പുരോഹിതരുമായിരുന്നു അവര്‍! അവരുടെ തലമുറ ഇന്നും ഈ ഭൂമുഖത്ത് വസിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ദൈവസ്തുതികളോടുള്ള അസഹിഷ്ണുത! അന്നത്തെ കപടനാട്യക്കാരോട് യേഹ്ശുവാ പറഞ്ഞ വചനംതന്നെയാണ് അവരുടെ തലമുറയോടും ആവര്‍ത്തിക്കുന്നത്: “ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു”(ലൂക്കാ: 19; 40).
ഇത്തരം വഴിമുടക്കികളെക്കുറിച്ച് യേഹ്ശുവാ അറിയിച്ച വചനം ശ്രദ്ധിച്ചാല്‍ ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ദുരന്തം വ്യക്തമാകും. യേഹ്ശുവാ അവരെ നോക്കി വിളിച്ചുപറഞ്ഞു: “കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം!”(മത്താ: 23; 13-15).
മനോവയുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ 'ബ്ലോഗിലൂടെ' ശ്രമിച്ച വിദ്ധ്വാന്‍ വചനം അനുസരിച്ചു ജീവിക്കുന്ന സകലരേയും ദുഷിക്കുകയാണു ചെയ്തത്. അയാളുടെ വിവരണങ്ങളില്‍ ചിലത് വായനക്കാരോട് പങ്കുവയ്ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തോന്നിയതിനാല്‍ ഇവിടെ കുറിക്കുകയാണ്. ദൈവത്തെ സ്തുതിക്കേണ്ട നാവുകൊണ്ട് അപവാദം പ്രചരിപ്പിക്കുകയും ദൈവത്തെ ദുഷിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരെക്കുറിച്ച് ഇയാള്‍ക്ക് യാതൊരു ആവലാതിയുമില്ല. എന്നാല്‍, ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവമക്കളെക്കുറിച്ച് ഈ 'ജ്ഞാനി'യുടെ ഉത്കണ്ഠ അയാളുടെ വാക്കുകളില്‍തന്നെ ശ്രദ്ധിക്കുക: 'എവിടൊക്കെ ധ്യാനമുണ്ടോ അവിടെല്ലാം പോയി അതില്‍ കൂടും. കാറില്‍ എപ്പോഴും വചനപ്രഘോഷണവും, ഭക്തിഗാനങ്ങളും മാത്രമേ കേള്‍ക്കൂ. ഒരു അഞ്ചു ധ്യാനങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ അവര്‍ മറ്റൊരു ഇടയനായി സ്വയം അവരോധിക്കും. പിന്നെ, കാണുന്നവരെയെല്ലാം ഉപദേശിക്കാന്‍ തുടങ്ങും. നമ്മെ അഭിസംബോധന ചെയ്യുന്നത് തന്നെ "ഹല്ലോ പ്രൈസ് ദി ലോര്‍ഡ്" എന്നാണ്. അതിനി റോഡിലെന്നില്ല, പാര്‍ക്കിലെന്നില്ല, പൊതു കക്കൂസ്സിനുള്ളില്‍ വച്ചായിരുന്നാലും ശരി, അതെടുത്ത് താങ്ങും. "ദൈവനാമം പൂജിതമാണ്. അത് വൃഥാ പ്രയോഗിക്കരുത്" എന്ന കല്പനപോലും ഇങ്ങിനെ ധിക്കരിച്ച്, ഇത്തരം അഭിനവ ഇടയന്‍മാര്‍ പള്ളിപ്പരിസരത്ത് എപ്പോഴും കറങ്ങി നടക്കുന്നത് കാണാം.
ആവശ്യത്തിന് ദൈവസ്തുതിയും, ദേവാലയശുശ്രൂഷയും, കുടുംബപ്രാര്‍ത്ഥനയും നടത്തുന്ന എന്നെ കാണുമ്പോഴും, "ഹല്ലോ.. പ്രൈസ് ദി ലോര്‍ഡ് ഒണ്ട് കേട്ടാ" പള്ളിയും പ്രാര്‍ത്ഥനയും ഒക്കെ ഉണ്ടോ? "ഉണ്ട്" എന്ന് എന്റെ മറുപടി.... അദ്ദേഹം ഉടന്‍, എന്ത് പ്രാര്‍ത്ഥന? ആത്മാവില്‍ രക്ഷ നേടാതെ എന്ത് പ്രാര്‍ത്ഥന? താന്‍ ധ്യാനം കൂടണം, മാനസാന്തരപ്പെട്ടു പ്രാര്‍ത്ഥിക്കണം, കര്‍ത്താവില്‍ രക്ഷ നേടണം, മനസ്സില്‍ അനുഭവം ഉണ്ടാവണം. എന്നാലേ പ്രാര്‍ത്ഥന ഫലവത്താവൂ. കര്‍ത്താവേ! എന്റെയും എന്റെ അപ്പനപ്പൂപ്പന്‍മാരുടെയും ഒക്കെ, ഈ ചേട്ടന്‍ പറഞ്ഞതുപോലുള്ള "ആത്മാവില്‍ രക്ഷയും മനസ്സില്‍ അനുഭവവും" നേടാതെയുള്ള പ്രാര്‍ത്ഥന ഇതുവരെ ഫലവത്തായില്ലല്ലോ എന്ന ദുഖത്തില്‍ ഞാന്‍ തലകുനിച്ച് വീട്ടിലേയ്ക്ക് മടങ്ങും.'........
ദൈവജനത്തെക്കുറിച്ച് ഇയാള്‍ക്കുള്ള ഉത്കണ്ഠ അവസാനിച്ചിട്ടില്ല. ഇത്രയും ഭാഗത്തുള്ള അസ്വസ്ഥത പരിഹരിച്ച് മുന്നോട്ടുപോകാം. ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ടത് ഇയാളുടെ ആത്മീയ അവസ്ഥയെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോഴുണ്ടാകുന്ന കുറ്റബോധമാണ്! തന്റെ പൂര്‍വ്വീകരും നാശത്തിലായിരുന്നു എന്ന വേദനയും ഈ വാക്കുകളിലുണ്ട്. തനിക്കോ തന്റെ പൂര്‍വ്വീകര്‍ക്കോ അനുവര്‍ത്തിക്കാന്‍ കഴിയാത്ത വിശുദ്ധജീവിതം മറ്റുള്ളവര്‍ നയിക്കുന്നതു കാണുമ്പോഴുള്ള അസൂയയും നൈരാശ്യവും ഈ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇയാളുടെ വാക്കുകളെക്കുറിച്ച് വചനം എന്തുപറയുന്നു എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവനാമം എപ്പോഴും നിന്റെ അധരങ്ങളില്‍ ഉണ്ടാകണമെന്നും അവിടുത്തെ സ്തുതിക്കണമെന്നും ബൈബിളില്‍ ദൈവം വ്യക്തമാക്കിയിരിക്കുന്നത് തമാശയായിട്ടാണോ ഇവരെല്ലാം കരുതിയിരിക്കുന്നത്?
“ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ. ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങ് ജനതകളെ നീതിപൂര്‍വ്വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!”(സങ്കീ: 67; 3-5). ദൈവത്തിന്റെ പ്രിയദാസന്‍ ദാവീദിന്റെ വാക്കുകളാണിത്. ദാവീദിനെക്കുറിച്ച് യാഹ്‌വെ പറഞ്ഞത് 'എന്റെ ഹൃദയത്തിന് ഏറ്റവും ഇണങ്ങിയവന്‍' എന്നാണ്. “യാഹ്‌വെയെ സ്തുതിക്കുവിന്‍; യാഹ്‌വെയുടെ നാമത്തെ സ്തുതിക്കുവിന്‍; യാഹ്‌വെയുടെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍. യാഹ്‌വെയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, ദൈവത്തിന്റെ ഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍, യാഹ്‌വെയെ സ്തുതിക്കുവിന്‍, അവിടുന്ന് നല്ലവനാണ്; അവിടുത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്ന് കാരുണ്യവാനാണ്”(സങ്കീ: 135; 1-3).
പൂര്‍വ്വപിതാക്കന്മാരുടെ കാലത്തു മാത്രമല്ല യേഹ്ശുവായും ഇതു തന്നെയാണ് നമ്മോടു പറഞ്ഞിരിക്കുന്നത്. യേഹ്ശുവായുടെ അപ്പസ്തോലന്മാരും ആദിമക്രൈസ്തവ സമൂഹവും പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതു ഇതു തന്നെയായിരുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി കാത്തിരുന്ന അപ്പസ്തോലന്മാര്‍ എന്താണു ചെയ്തതെന്ന് ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. “ഇവര്‍ ഏകമനസ്സോടെ യേഹ്ശുവായുടെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു”(അപ്പ. പ്രവ: 1; 14). പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാര്‍ മൗനമായി ഇരിക്കുകയല്ല ചെയ്തത്. യെരുശലേമില്‍ സമ്മേളിച്ചിരുന്ന സകലരും കേള്‍ക്കുന്നവിധത്തില്‍ ദൈവത്തെ സ്തുതിച്ചു. ഇത് കേട്ടവരില്‍ ചിലര്‍ 'ഷാര്‍ജ്ജ'യിലെ പ്രവാസിയുടെ മനോഭാവത്തില്‍ പ്രതികരിക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തല്‍ നോക്കുക: “മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്”(അപ്പ. പ്രവ: 2; 13).
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍ ദൈവത്തെ സ്തുതിക്കുകയും, ആത്മാവിനെക്കുറിച്ച് കേട്ടറിവുപോലും ഇല്ലാത്തവര്‍ പരിഹസിക്കുകയും ചെയ്യുന്ന രീതി അന്നും ഇന്നുമുണ്ട്. അപ്പസ്തോലനായ പൗലോസ് എല്ലാ ദൈവജനത്തോടുമായി പറഞ്ഞു: “എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേഹ്ശുവാ മ്ശിഹായില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള്‍ നിര്‍വ്വീര്യമാക്കരുത്. പ്രവചനങ്ങളെ നിന്ദിക്കരുത്”(1 തെസ: 5; 16-19). ദൈവഹിതം ഇതായിരിക്കെ അതിനോടു സഹകരിക്കുന്നതോ മറുതലിക്കുന്നതോ ഏതാണു യുക്തമെന്നത് ദൈവജനം ചിന്തിക്കുക!
യേഹ്ശുവായെയും അവിടുത്തെ പിതാവിനെയും സ്തുതിക്കുന്നതു മാത്രമാണ് ഈ മാന്യനെ അലോസരപ്പെടുത്തുന്നത്. ഇയാളെ കേരളത്തില്‍നിന്ന് അറബികളുടെ ഇടയിലേക്കാണ് ദൈവം പ്രവാസത്തിന് അയച്ചിരിക്കുന്നത്. ഗള്‍ഫില്‍ പ്രവാസജീവിതം നയിക്കുന്നത് അപമാനകരമാണെന്ന് മനോവ ചിന്തിക്കുന്നില്ല. റേഡിയോയും ടെലിവിഷനും തുറന്നാല്‍ ഓരോ വാക്കിനും ഒരു ഖുറാന്‍ വചനവും ഔദ്യോഗികമായ അറിയിപ്പുകള്‍ക്കുമുമ്പില്‍ അല്ലാഹുവിനെ കീര്‍ത്തിക്കലും ഇസ്ലാമിക രാജ്യങ്ങളിലെ പ്രത്യേകതയാണ്! ഈ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍പോലും സംസാരത്തിനിടയില്‍ അനേകം കീര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഇതൊക്കെ ക്ഷമയോടെ സ്വീകരിക്കുന്ന 'വചനവിദ്വേഷി'ക്ക് ക്രിസ്ത്യാനിയുടെ 'ഹല്ലേലൂയാഹ്' മാത്രമാണ് അസഹനീയമെങ്കില്‍ രോഗം തിരിച്ചറിയാന്‍ ദൈവമക്കള്‍ക്ക് കഴിയും!
ഈ വിദ്വാന്‍ സ്വയം പരിചയപ്പെടുത്തുന്നത് താനൊരു 'പള്ളിപ്പാട്ടുകാരന്‍' ആണെന്നാണ്! പള്ളിയില്‍ പാടുന്നത് എന്തായിരിക്കും എന്നത് ഇയാള്‍ക്കുതന്നെ മനസ്സിലാകുന്നുണ്ടാകില്ല. ദൈവനാമത്തില്‍ അഭിവാദ്യം ചെയ്യുന്നത് അവിടുത്തെ തിരുനാമം 'വൃഥാ' പ്രയോഗിക്കല്‍ ആണെന്ന് ഈ വിജ്ഞാനി പുലമ്പുമ്പോള്‍ ഭ്രാന്ത് അതിന്റെ ഉന്നത സീമയിലേക്ക് ഉയരുകയാണ്! ഈ 'പാട്ടുകാരന്‍കുട്ടി' നിലവിളക്കിനും സകല പൈശാചികതയ്ക്കും ഹൈന്ദവര്‍പോലും ചിന്തിക്കാത്ത പുതിയ മാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്! ഇയാളുടെ ബ്ലോഗില്‍ മനോവയെ പരിഹസിച്ചുകൊണ്ട് എഴുതിയത് ഇപ്പോഴാണെങ്കില്‍, രണ്ടുവര്‍ഷംമുമ്പ് മനോവയെ പുകഴ്ത്തിയ സന്ദേശവും നല്‍കിയിരുന്നു. രണ്ടുവര്‍ഷം കൊണ്ട് മനോവയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല; എന്നാല്‍, 'കൂതറ' എന്ന തൂലികാനാമം സ്വീകരിച്ച ഇയാള്‍ ഒരു 'കൂതറ' ആയി മാറി എന്നതാണ് സത്യം!
ഇദ്ദേഹത്തിന്റെ ആവലാതി അതിരുവിടുന്ന ചില സൂചനകളും 'ബ്ലോഗില്‍ ' കണ്ടു. ആത്മീയരായ വ്യക്തികളെ പള്ളിപ്പരിസരത്ത് കാണുന്നതാണ് ഈ വിരുതന്റെ ഉദരവേദന വര്‍ദ്ധിപ്പിക്കുന്നത്. അയാളുടെ വാക്കുകള്‍ നോക്കുക: 'ഇതുപോലുള്ള ചേട്ടന്‍മാരെയും, ചേടത്തിമാരെയും ഈ ഗള്‍ഫിലെ പള്ളിപ്പരിസരങ്ങളില്‍ എപ്പോഴും കാണാം. സംശയമുണ്ടോ? ഷാര്‍ജ, ദുബായ്, അബുദാബി കത്തോലിക്കാ ദേവാലയങ്ങളില്‍ വൈകുന്നേരം ആവുമ്പോള്‍ ഒന്ന് ചെന്ന് എത്തിനോക്കിയാല്‍ ഇക്കൂട്ടരെ കാണാം. അഞ്ചു ധ്യാനം കൂടിയാല്‍ അവരും ധ്യാനഗുരുക്കന്‍മാരായി. പിന്നെ, ബൈബിളിനെക്കുറിച്ചും, സഭയെക്കുറിച്ചും, ആരാധനാക്രമങ്ങള്‍, അള്‍ത്താര എന്നുവേണ്ട സര്‍വ്വതിനെക്കുറിച്ചും അവര്‍ മഹാജ്ഞാനികളായി.'.....
ആത്മീയതയില്‍ ജീവിക്കുന്ന ദൈവമക്കള്‍ വരേണ്ടത് പള്ളിയിലാണെന്നു മനോവയും കരുതുന്നു. ദൈവമക്കളെ ബാറിലും വേശ്യാലയത്തിലും കണ്ടുമുട്ടാന്‍ കഴിയാത്തതില്‍ പാട്ടുകാരന്‍ ആവലാതിപ്പെട്ടിട്ടു കാര്യമില്ല. വൈകുന്നേരംവരെ ജോലിചെയ്ത് വലഞ്ഞ് പാവപ്പെട്ട പ്രവാസികള്‍ ആരാധനാലയത്തില്‍ കടന്നുവരുന്നത് എത്ര ശ്ലാഘനീയമെന്നു കരുതാതെ, പാട്ടുകാരനോടൊപ്പം അനാശാസ്യങ്ങളില്‍ മുഴുകണമെന്നാണോ പറയുന്നത്? പള്ളികളില്‍ വരുന്ന ഈ സാധുക്കളെ എന്തുകൊണ്ട് പള്ളിയില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നില്ല എന്ന ചോദ്യത്തോടെയാണ്, ബ്ലോഗിലെ ജല്പനം അവസാനിപ്പിക്കുന്നത്. മുപ്പതു വര്‍ഷത്തിലേറെ പള്ളികളില്‍ പാട്ടുകാരനായിരുന്നു എന്നു പറയുന്ന ഈ വ്യക്തി ഇത്രമാത്രം വിഷം ചീറ്റുന്നവനായി മാറിയത് വിജാതിയമായ അടിമത്വം കൊണ്ടാണെന്ന് അയാളുടെ വാക്കുകളില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആരെയാണു പള്ളിയില്‍നിന്ന് ആട്ടിയിറക്കേണ്ടത്? “ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ -വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ-”(മത്താ: 24; 15).
ദൈവത്തെ സ്തുതിക്കുന്നതാണ് ദൈവനാമം വൃഥാ പ്രയോഗിക്കല്‍ എന്ന ഇയാളുടെ വാദത്തെക്കുറിച്ച് കൂടുതലായി മനോവ ഒന്നും പറയുന്നില്ല; കാരണം, വായനക്കാര്‍ ഇതിനെ മനസ്സിലാക്കും എന്ന് മനോവയ്ക്ക് അറിയാം. കാറിലും സ്വന്തം ഭവനത്തിലും ദൈവവചനവും ആത്മീയഗാനങ്ങളും കേള്‍ക്കുന്നത് ഇയാളെ അസ്വസ്ഥനാക്കുന്നതിലെ കാരണം തിരിച്ചറിയാനുള്ള പക്വതയും മനോവയുടെ വായനക്കാര്‍ക്കുണ്ട്! ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നവര്‍ ഇയാളുടെ പള്ളിപാട്ടിലെ അപശ്രുതി തിരിച്ചറിയുമെന്ന ആകുലതയും ഒരുപക്ഷെ അസ്വസ്ഥതയ്ക്ക് കാരണമാവാം!
മനോവയുടെ ലേഖനം കിട്ടിയപ്പോള്‍തന്നെ ചവറ്റുകൊട്ടയില്‍ എറിഞ്ഞു എന്ന പ്രഖ്യാപനം നുണയായിരുന്നുവെന്ന് അയാളുടെ ബ്ലോഗില്‍നിന്നുതന്നെ മനസ്സിലാകും. കാരണം മനോവയെ വളരെ ആഴമായി വിശകലനം ചെയ്തുകൊണ്ടായിരുന്നു ഈ പ്രവാസിയുടെ രോദനം! എന്നാല്‍, അയാളുടെ ലേഖനത്തെ മനോവ ചവറ്റുകൊട്ടയില്‍ എറിഞ്ഞില്ല. എന്തെന്നാല്‍, ക്രൈസ്തവരിലെ മൗഢ്യം എത്രത്തോളം എന്നതിന് ഇത്തരക്കാരെ അളവുകോലാക്കുകയും മനോവയുടെ ദൗത്യത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ അതുമൂലം സാധിക്കുന്നു.
ഇത് ഒരു ഭീകരമായ ദുരന്തമാണ് എന്നത് ഗൗരവമായി എടുക്കണം. സഭാശുശ്രൂഷകരുടെ നാട്യത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ വേഗത്തില്‍ സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇതൊരു ദുരവസ്ഥയാണ്! വഴിതെറ്റിക്കുകയോ വഴിമുടക്കുകയോ ചെയ്യുന്ന 'വഴിവിളക്കുകള്‍' ആണിവര്‍! ഇത്തരത്തില്‍ ക്രൈസ്തവ സഭകളിലേക്ക് സാത്താന്‍ 'റിക്രൂട്ട്' ചെയ്ത് പ്രവേശിപ്പിച്ചിരിക്കുന്ന അനേകരുണ്ട്. ഇന്ന് സഭകളെ ബാധിച്ചിരിക്കുന്ന ഭയാനകമായ ജീര്‍ണ്ണത ഇതുതന്നെയാണെന്നു പറയാതെവയ്യ!
“ഇടയന്മാര്‍ വഴിതെറ്റിച്ച് മലയില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി”(യിരെമി: 50; 6). ഇത് ദൈവത്തിന്റെ വേദനയാണ്! ഉന്നത സ്ഥാനത്തിരുന്ന് ദൈവജനത്തെ നരകസന്തതികളാക്കാന്‍ മത്സരിക്കുന്നവരെ നോക്കി അവിടുന്ന് പറഞ്ഞത് ഇന്നും അന്വര്‍ത്ഥമാണ്. വചനം ശ്രദ്ധിക്കുക: “എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും”(ഹോസി: 4; 8, 9).
സഭകളില്‍ സാത്താന്‍ ഭരണം നടത്തുന്നു!
ഏതെങ്കിലും ഒരു സഭയെ മാത്രം ഉദ്ദേശിച്ചല്ല ഇതു പറയുന്നത്. ഭൂമിയിലെ സകല സഭകളിലും സാത്താന്‍ അവന്റെ ആളുകളെ അഭിഷേകം ചെയ്ത് പ്രവേശിപ്പിച്ചിട്ടുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സഭകളെല്ലാം മലിനപ്പെട്ടുകഴിഞ്ഞു. അപ്പസ്തോലിക സഭകളെയാണ് കൂടുതലായി അവന്‍ ലക്ഷ്യംവച്ചിരിക്കുന്നത്. വചനത്തിലെ സത്യത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്ന നിയമങ്ങളും ദൈവശാസ്ത്രങ്ങളും തിരുകി കയറ്റുന്നത് സഭാശുശ്രൂഷകരെന്ന നാട്യത്തില്‍ കയറിക്കൂടിയിരിക്കുന്ന സാത്താന്റെ ശുശ്രൂഷകരാണ്!
ഇത് അപ്രതീക്ഷിതമായ ഒരു സംഭവമായി ആരും കരുതേണ്ട. വചനം ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോള്‍ യേഹ്ശുവായുടെ വരവ് സമീപിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കണം! “ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്തെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!”(മത്താ: 24; 3). യേഹ്ശുവായോട് അവിടുത്തെ ശിഷ്യന്മാര്‍ നടത്തിയ അഭ്യര്‍ത്ഥനയായിരുന്നു ഇത്. ഈ ചോദ്യത്തിനു മറുപടിയായി യേഹ്ശുവാ പറഞ്ഞ വാക്കുകളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ആനുകാലിക സംഭവങ്ങളെ മനസ്സിലാക്കുകയും ചെയ്താല്‍ വചനത്തില്‍ വ്യക്തത കൈവരും.
യേഹ്ശുവാ പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍ . പലരും എന്റെ നാമത്തില്‍വന്ന് ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍ ഇനിയും അവസാനം ആയിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്”(മത്താ: 24; 4-8). ഇവയില്‍ പലതും സംഭവിക്കുകയും ചിലതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അടുത്ത വചനം നോക്കുക: “അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും”(മത്താ: 24; 9). ക്രിസ്തീയതയുടെ ആരംഭംമുതല്‍ പീഡനവും വധവുമെല്ലാം ഉണ്ട്. എന്നാല്‍, സര്‍വ്വജനങ്ങളും യേഹ്ശുവായുടെ നാമംനിമിത്തം ദ്വേഷിക്കുന്ന അവസ്ഥ ഇപ്പോഴാണ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയത്. സ്വന്തം സഭയിലെ സഹോദരര്‍ എന്നു കരുതുന്നവര്‍പോലും യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്നതിന്റെ പേരില്‍ ദ്വേഷിക്കുന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ആദിമ ക്രൈസ്തവസഭയില്‍ സഹോദരങ്ങള്‍ ഏകമനസ്സോടെയാണു വ്യാപരിച്ചത്. അടുത്ത വചനം ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കാഴ്ചയാണോ എന്നു നോക്കുക: “അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും”(മത്താ: 24; 10).
സഭയോടും സഭാമാനേജര്‍മാരോടും വിധേയത്വം ഭാവിച്ച് ഔദാര്യങ്ങളില്‍ പങ്കുപറ്റുകയും മാറിനിന്ന് ദുഷിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ ഇത്തരം ആത്മാക്കളുടെ സ്വാധീനത്തിലുള്ളവരാണ്. തെറ്റു കണ്ടാല്‍ നേരിട്ട് എതിര്‍ക്കുന്നതിനുപകരം അവയെ പ്രോത്സാഹിപ്പിക്കുകയും രഹസ്യമായി ദുഷിക്കുകയും ചെയ്യുന്ന സ്തുതിപാഠകരുടെ ഗുഹയായി സഭകള്‍ മാറി. അന്ത്യനാളുകളില്‍ പ്രവര്‍ത്തനം നടത്തുന്ന എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് ഇവരില്‍ കുടികൊള്ളുന്നത്. ഇങ്ങനെയുള്ള ആത്മാവിന്റെ അടിമയാണ് ആദ്യം സൂചിപ്പിച്ച പാട്ടുകാരന്‍! ഇയാള്‍ രണ്ടു വര്‍ഷംമുമ്പ് മനോവയിലേക്ക് അയച്ച കത്ത് മെത്രാന്മാരെയും മറ്റും വിമര്‍ശിച്ചുകൊണ്ടായിരുന്നു. ഗള്‍ഫുനാടുകളിലെ പള്ളികളിലെ തിന്മകളെക്കുറിച്ച് ആവലാതി ഉള്ളവനെപ്പോലെ കത്തയച്ചു. ഇപ്പോള്‍ ബ്ലോഗുകളിലൂടെ വ്യാജമേല്‍വിലാസത്തില്‍ സകല ആത്മീയരെയും ദുഷിക്കുകയും സഭയില്‍ നടപ്പാക്കുന്ന വിജാതിയവത്ക്കരണത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. സൗകര്യം കിട്ടുമ്പോള്‍ ആരെയും ദൂഷണം പറയുന്ന വ്യക്തിയാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകും. ഇയാള്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയിലൂടെ ഏതാത്മാവാണ് തന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്വയം വ്യക്തമാക്കുന്നുണ്ട്.
ഇത് ഒരു വ്യക്തിമാത്രമാണെന്ന് ആരും ധരിക്കരുത്; അനേകം വ്യക്തികളുടെ പ്രതീകമാണിയാള്‍! സഭാമാനേജര്‍മാരുടെ മുന്നില്‍ വിധേയത്വം ഭാവിക്കുകയും അവരില്‍നിന്ന് ലഭിക്കാവുന്ന സൗകര്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന സ്തുതിപാഠകരെ തിരിച്ചറിയാത്തതാണ്, സഭകളുടെ ഒരു ജീര്‍ണ്ണത. ക്രൈസ്തവസഭകളില്‍ പ്രകടമായ രണ്ടുവിഭാഗങ്ങളുണ്ട്. വചനത്തോടു കൂടുതലായി ചേര്‍ന്ന് നില്‍ക്കുന്ന യഥാര്‍ത്ഥ കരിസ്മാറ്റിക് വിഭാഗമാണ് ഇതിലൊന്ന്. സഭയുടെ ആത്മീയകാര്യങ്ങളില്‍ ഏറ്റവും സഹകരിക്കുന്നവരും ഇക്കൂട്ടരാണ്. എന്നാല്‍, സഭയുടെ സ്തുതിപാഠകരായ ചില കപടനാട്യക്കാരാണ് സഭയെ തെറ്റായി നയിക്കുന്നത്. കരിസ്മാറ്റിക് അനുഭാവമുള്ളവരുടെ ഇടയില്‍ സഭയുടെ പോരായ്മകള്‍ നിരത്തുകയും സഭാനേതൃത്വത്തോട് ആത്മീയമനുഷ്യര്‍ സഭയുടെ എതിരാളികളാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്ന ഇത്തരക്കാരെ തിരിച്ചറിയണം. ഇന്ന് കരിസ്മാറ്റിക് പ്രസ്ഥാനത്തെ സഭയുടെ ശത്രുവാണെന്നു ധരിപ്പിക്കാനും അധികാരികളുമായി ഇവരെ ഭിന്നിപ്പിക്കാനും ഇടനിലക്കാരായി വര്‍ത്തിക്കുന്നത് ഇത്തരക്കാരാണ്!
അതിനാല്‍, കരിസ്മാറ്റിക് പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ വിമര്‍ശനങ്ങളില്‍നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കേണ്ടത് അനിവാര്യമാണ്! തെറ്റെന്നു തോന്നുന്നവ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നേതൃത്വത്തെ ധരിപ്പിക്കുമ്പോള്‍ വിഘടന അവസ്ഥയ്ക്ക് തടയിടാന്‍ കഴിയും! സഭാനേതൃത്വത്തെയും സഭാമക്കളെയും ഭിന്നിപ്പിക്കാന്‍ സാത്താന്‍ കൗശലപൂര്‍വ്വം നിയോഗിക്കുന്ന വ്യക്തികളുമായി വിമര്‍ശനപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കണം. സഭാനേതാക്കളും ചിലതു തിരിച്ചറിയേണ്ടതുണ്ട്. എല്ലാവിധ അശുദ്ധമായ ജീവിതരീതികളും വച്ചുപുലര്‍ത്തിക്കൊണ്ട് അധികാരികളോട് അമിതവിധേയത്വം നടിക്കുന്നവരെ മനസ്സിലാക്കണം. അധികാരികള്‍ പറയുന്നത് എന്തും ശ്രേഷ്ഠമാണെന്ന് സമ്മതിച്ച് കൂടെനില്‍ക്കുന്നവരുടെ ഭൗതീക കൂട്ടുകെട്ടുകളും ജീവിതരീതിയും മനസ്സിലാക്കിവേണം അവര്‍ പറയുന്നവ സ്വീകരിക്കാന്‍. ആത്മീയരും പ്രാര്‍ത്ഥനാചൈതന്യം ഉള്ളവരുമായവര്‍ ഒരുപക്ഷെ സ്തുതിപാഠകരുടെ ചെയ്തികള്‍ വെളിപ്പെടുത്തിയെന്നു വരില്ല. എന്നാല്‍, പ്രാര്‍ത്ഥനക്കാരെ വിമര്‍ശിക്കാനും അവര്‍ സഭയുടെ ശത്രുക്കാളാണെന്നു പ്രചരിപ്പിക്കാനും സ്തുതിപാഠകര്‍ ജാഗ്രതയുള്ളവരായിരിക്കും. മദ്യശാലകളിലും ലോകത്തിന്റെ മറ്റ് അശുദ്ധസംഘങ്ങളിലും ഇവര്‍ പങ്കുവയ്ക്കുന്നത് സഭയെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളായിരിക്കും.
ഒരുകാര്യം ശ്രദ്ധിക്കുക: സഭയിലെ പുരോഹിതശുശ്രൂഷകര്‍ക്ക് ഒരു വീഴ്ച സംഭവിച്ചാല്‍ അതു പാടിനടക്കുന്നത് കരിസ്മാറ്റിക്കുകള്‍ ആയിരിക്കില്ല. ഒരുപക്ഷെ സ്തുതിപാഠകരുടെ പ്രചരണങ്ങള്‍ അവര്‍തന്നെ പ്രാര്‍ത്ഥനക്കാരുടെ തലയില്‍ കെട്ടിവച്ചേക്കാം! സഭകളില്‍ അന്തഃഛിദ്രമുണ്ടാക്കുന്ന ഇത്തരക്കാരെ അധികാരികളും സഭാമക്കളും തിരിച്ചറിഞ്ഞ് കരുതലോടെ നീങ്ങിയില്ലെങ്കില്‍ വലിയ അപകടമായിരിക്കും ഫലം. സഭയില്‍ പ്രതിഷ്ഠിക്കപ്പെടുന്ന വിനാശകരമായ മ്ലേച്ഛതകളിലൊന്ന് ഇക്കൂട്ടരാണെന്ന് നാമെല്ലാം അറിഞ്ഞിരുന്നാല്‍ കൂട്ടായ്മ ശക്തിപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
സഭയിലെ തെറ്റായ രീതികളെ ചൂണ്ടിക്കാണിക്കുന്നവരല്ല യഥാര്‍ത്ഥ ശത്രുക്കള്‍; തെറ്റുകളെ മൂടിവയ്ക്കാന്‍ കൂട്ടുനില്‍ക്കുന്ന കാപട്യക്കാരാണ്! തെറ്റുകളെ നേരിട്ട് വിമര്‍ശിക്കുകയും സംശയങ്ങള്‍ ഉണര്‍ത്തിക്കുകയും ചെയ്യുന്നവരെ സ്നേഹത്തോടെ സമീപിക്കുന്നതില്‍ സഭയുടെ ഭാഗത്ത് വലിയ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. അധികാരികളെപ്പോലെ കാനോന്‍ നിയമത്തില്‍ കൂടുതലായ പഠനങ്ങള്‍ സഭാമക്കള്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവികമായും സംശയങ്ങളുണ്ടാകാം. ഇവരുടെ സംശയങ്ങളെ ശത്രുതയോടെ വീക്ഷിക്കുന്നത് അധികാരികള്‍ക്ക് ഭൂഷണമല്ല. ശാസനയും തെറ്റുതിരുത്തലും സ്നേഹത്തോടെ ആകുമ്പോള്‍ ഭിന്നതകള്‍ ഇല്ലാതാകും!
സാത്താന്റെ ഇഷ്ടനിര്‍വ്വഹണത്തിനായി സഭകളില്‍ ഭിന്നത വിതയ്ക്കുന്നവരെ തിരിച്ചറിയുകയെന്നത് സഭയെ സ്നേഹിക്കുന്ന എല്ലാവരുടെയും കര്‍ത്തവ്യമാണ്. സഭയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ആത്മീയജീവിതത്തിലെ പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍ സഭാമക്കള്‍ ഒരിക്കലും കപടനാട്യക്കാരെ സമീപിക്കരുത്. കഴിവതും അവരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ്, ഉചിതം! യഥാര്‍ത്ഥമായി സഭയെ സ്നേഹിക്കുന്നവരെ തിരിച്ചറിയേണ്ടത് സഭാനേതൃത്വത്തിന്റെ ധര്‍മ്മമാണ്. സഭാസ്ഥാപനങ്ങളില്‍ സ്വാധീനമുണ്ടാക്കി സ്വാര്‍ത്ഥലാഭം ഉണ്ടാകുന്നവരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തുക തന്നെവേണം. അല്ലാത്തപക്ഷം സഭയെ വേഗത്തില്‍ ഇക്കൂട്ടര്‍ ദുഷിപ്പിക്കും.
നിര്‍ഭാഗ്യമെന്നു പറയട്ടേ; സഭകളിലെ അത്മായശബ്ദമായി മുഴങ്ങിക്കേള്‍ക്കുന്നത് ഇത്തരം 'മണിയടി'ക്കാരായ ഉപജാപകസംഘത്തിന്റെ ശബ്ദമാണ്! വിജാതിയത്വം സഭകളില്‍ പ്രതിഷ്ഠിക്കാന്‍ സഭയുടെ തലപ്പത്ത് സാത്താന്റെ ശുശ്രൂഷകരെ അവന്‍ അഭിഷേകം ചെയ്ത് വച്ചിരിക്കുന്നതുപോലെ അത്മായരുടെ നേതാക്കളായും അവന്റെ ആളുകളെ അണിനിരത്തിയിരിക്കുകയാണ്! ഈ രണ്ടുവിഭാഗങ്ങള്‍ ചേര്‍ന്നാണ് ഭരണം കൈയ്യാളുന്നത്! ഇവിടെ ഏറ്റവും ശക്തമായ ചെറുത്തിനില്‍പ്പ് പ്രാര്‍ത്ഥനയാണ് എന്നകാര്യം മറക്കരുത്. ഉപദേശങ്ങളും വിമര്‍ശനങ്ങളും ഫലം നല്‍കില്ലെന്ന് അനുഭവത്തിലൂടെ നാം കണ്ടുകഴിഞ്ഞു! എന്നാല്‍, പ്രതികരിക്കാനും എതിര്‍ക്കാനുമുള്ള ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കാനും പാടില്ല!
സഭാനേതാക്കളെയും സഭാമക്കളെയും വഴിതെറ്റിക്കുകയോ വഴിമുടക്കുകയോ ചെയ്തുകൊണ്ട് വഴിവിളക്കുകള്‍ എന്നപോലെ നിലകൊള്ളുന്നവരെ തിരിച്ചറിഞ്ഞ്, നമുക്കൊരുമിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം സത്യമാര്‍ഗ്ഗത്തില്‍ ചരിക്കാം!
“സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനെ, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവനെ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍നിന്നും വിരമിക്കുകയെല്ലേ? ഇതാ യാഹ്‌വെയുടെ കരം ഇപ്പോള്‍ നിന്റെമേല്‍ പതിക്കും”(അപ്പ.പ്ര: 13; 10, 11).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-