21 - 10 - 2013
ഇപ്പോള്‍ ലോകമെങ്ങും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള മുറവിളികളാണ്! ഗാഡ്ഗിലും കസ്തൂരിരംഗനുമൊക്കെ മാറിമാറി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതു നാം കണ്ടു. വരാനിരിക്കുന്ന തലമുറകളെയും ഭൂമിയുടെ സംതുലിതാവസ്ഥയെയും സുരക്ഷിതമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആണവനിലയങ്ങളും പ്ലാസ്റ്റിക്കും മനുഷ്യരെയും ജീവജാലങ്ങളെയും മാത്രമല്ല; പ്രകൃതിയെയും സാരമായി ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. സൂര്യനില്‍നിന്നുള്ള അള്‍ട്രവയലറ്റ് രശ്മികള്‍ ഭൂമിയില്‍ നേരിട്ട് പതിക്കുന്നതിനെ തടയുന്നത് 'ഓസോണ്‍' പാളികളാണെന്നു ശാസ്ത്രീയമായി നമുക്കറിയാം. ഈ 'ഓസോണ്‍' പാളികളില്‍ വിള്ളലുകള്‍ സംഭവിച്ചിരിക്കുന്നു എന്നത് പുതിയ കണ്ടെത്തലാണ്. ഭൂമിയില്‍നിന്നും ഉയരുന്ന 'കാര്‍ബണ്‍ മോണോക്സൈഡ്' ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ഹേതു! വര്‍ത്തമാനകാലത്ത് തന്നെയോ വരും നൂറ്റാണ്ടുകളില്‍ ഏതെങ്കിലുമൊന്നിലോ 'അള്‍ട്രാ വയലറ്റ്' ദുരന്തം ഭൂമിയില്‍ പതിക്കും!
വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒന്നുപോലെ പുറന്തള്ളുന്ന ഈ മാലിന്യങ്ങളെ നിയന്ത്രിക്കുക എളുപ്പമുള്ള കാര്യമല്ല. വ്യവസായ ശാലകള്‍ മാത്രമല്ല; പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതങ്ങള്‍പോലും ഉയര്‍ത്തി വിടുന്നത് 'ഓസോണ്‍' പാളികളുടെ 'അന്തകനെ' ആണെന്നിരിക്കെ എന്ത് പ്രതിവിധിയാണ് നമുക്ക് മുന്നിലുള്ളത്? ഏതെങ്കിലും ഒരു രാജ്യവും ആ ജനതയും ഉണ്ടാക്കുന്ന പരിസ്ഥിതി ദുരന്തം അവരെ മാത്രമല്ല, ലോകംമുഴുവനെയും ബാധിക്കും എന്നതാണ് ഏറെ ദുരന്തകരം! അതുകൊണ്ടുതന്നെ, പരിസ്ഥിതി സംരക്ഷണത്തിനായി അന്താരാഷ്‌ട്ര സംഘടനകള്‍ കോടികള്‍ ചിലവിടുന്നു.
മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ പരിണിതഫലം തലമുറകള്‍ ചുമക്കുന്ന അവസ്ഥയാണ് പരിസ്ഥിതി പ്രശ്നത്തിലൂടെ സംഭവിക്കുന്നത്. മുന്‍തലമുറ ചെയ്ത അകൃത്യത്തിന് വരുംതലമുറ അനുഭവിക്കേണ്ടിവരുന്ന ഭവിഷ്യത്ത്! ശാസ്ത്രീയമായ തെളിവുകള്‍ ഉള്ളതിനാല്‍ ഈ ശാപങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, ഇതിലും ഭീകരമായ ചില ശാപങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വരുംതലമുറ എന്നത് വിസ്മരിക്കരുത്. പൂര്‍വ്വീകര്‍ സ്ഥാപിച്ച ആണവനിലയങ്ങളും, അവര്‍ വലിച്ചെറിഞ്ഞ 'പ്ലാസ്റ്റിക്കും' വരുത്തുന്നതിനേക്കാള്‍ ഗുരുതരമായ ദുരന്തങ്ങള്‍ തലമുറയെ കാത്തിരിക്കുന്നു.
വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത ഒരു വ്യക്തി ഉപേക്ഷിച്ച മാലിന്യവും, അറിയാതെ കയ്യില്‍നിന്നും വീണുപോയ പ്ലാസ്റ്റിക്കും ഭൂമിക്ക് ഭാരവും ദുരന്തവുമാണ്. അറിഞ്ഞുകൊണ്ട് ചെയ്താലും അറിയാതെ ചെയ്താലും ഫലം ഒന്നുതന്നെ! അറിവുകേടുകൊണ്ട് സംഭവിച്ച കാര്യങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നര്‍ത്ഥം! സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ബൈബിളില്‍ എഴുതിവച്ച വാക്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. "തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്കര്‍മ്മികളുടെ സന്തതി, ദുര്‍മ്മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ യാഹ്‌വെയെ പരിത്യജിക്കുകയും യിസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍നിന്നു തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ?"(യേശൈയാഹ്: 1; 4, 5). അനീതിയുടെ ഭാരംവഹിക്കുന്ന ജനതയെക്കുറിച്ചാണ് വചനം സൂചന നല്‍കുന്നത്. മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളുടെ പരിണിതഫലം പിന്‍ഗാമികളെ വേട്ടയാടുകതന്നെ ചെയ്യും. ഇത് ഒരു ചരിത്ര സത്യവും കൂടിയാണ്. സ്വന്തം പ്രവര്‍ത്തിവഴി തങ്ങളിലേക്കും തലമുറകളിലെക്കും ദൈവത്തിന്റെ പ്രഹരം പിടിച്ചുവാങ്ങണമോ എന്നാണു യാഹ്‌വെ ചോദിക്കുന്നത്.
ദൈവകോപം ആളികത്തിയ 'സോദോം-ഗൊമോറ' ദേശങ്ങള്‍ ഇന്നും ചരിത്ര സ്മാരകമായി നിലനില്‍ക്കുന്നില്ലേ? എന്തായിരുന്നു ഈ പട്ടണത്തിലേക്ക് ദുരന്തം വിളിച്ചു വരുത്തിയ പാപം? ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നടപ്പാക്കപ്പെട്ട ദാരുണമായ ശിക്ഷാവിധിയായിരുന്നു സോദോമിലും ഗൊമോറയിലും സംഭവിച്ചത്. ബൈബിളിലെ ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പിതാവായ അബ്രാഹം തന്റെ സഹോദര പുത്രന്‍ ലോത്തിന് വിട്ടുകൊടുത്ത ഫലഭൂയിഷ്ടമായ ദേശമായിരുന്നു സോദോം-ഗൊമോറ'! ഈ സ്ഥലങ്ങളെക്കുറിച്ച് വചനം പറയുന്നത് ഇപ്രകാരമാണ്: "യോര്‍ദ്ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു. അത് യാഹ്‌വെയുടെ തോട്ടംപോലെയും സോവാറിനു നേരെയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. യാഹ്‌വെ സോദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥയായിരുന്നു അത്"(സൃഷ്ടി: 13; 10 ).
പ്രകൃതിസഹജമല്ലാത്തതും ദൈവം വെറുക്കുന്നതുമായ സ്വവര്‍ഗ്ഗഭോഗമായിരുന്നു ഈ ദേശങ്ങളുടെ നാശത്തിനു കാരണം. ഇതിനെക്കുറിച്ച് സൃഷ്ടിയുടെ പുസ്തകത്തില്‍ പതിനെട്ടും പത്തൊമ്പതും അദ്ധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. ഈ ലൈംഗീക വൈകൃതം ദൈവകോപം വിളിച്ചു വരുത്തും എന്നതിന് ഉത്തമമായ തെളിവുകളാണ് സോദോമും ഗൊമോറയും! നാലായിരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ട് ശിക്ഷയുടെ ഭീകരരൂപിയായി ഈ ദേശങ്ങള്‍ നിലനില്‍ക്കുന്നു.
ഈ പാപം എത്ര ഗുരുതരമാണെന്നു വ്യക്തമാക്കുന്നതാണ് ഇന്നത്തെ 'സോദോം-ഗൊമോറ'യുടെ അവസ്ഥ! ഒരു പ്രദേശത്തെ ശിശുക്കളെയും ജീവജാലങ്ങളെയും ഒന്നിച്ച് അഗ്നിക്ക് ഇരയാക്കാന്‍ പ്രേരിപ്പിക്കുന്ന കോപം ദൈവസന്നിധിയില്‍ ജനിപ്പിച്ചു. തിരിഞ്ഞുനോക്കരുതെന്ന ദൈവകല്പന നിലനില്‍ക്കെ, പാപത്തിലേക്കും ശാപംപേറുന്ന സമ്പത്തിലേക്കും തിരിഞ്ഞുനോക്കിയവള്‍ ദുരന്തത്തിന്റെ 'സ്മാരകശില'യായി ഇപ്പോഴും അവശേഷിക്കുന്നു! (ലോത്തിന്റെ ഭാര്യ 'ഉപ്പുതൂണായി' ഇന്നും സോദോമിലുണ്ട്.) ഇതെല്ലാം ചരിത്രത്തിനു മായ്ച്ചുകളയാന്‍ കഴിയാത്ത സത്യങ്ങളാണ്. ദൈവവചനവും ചരിത്രവും ഇവയെല്ലാ വ്യക്തമായി വരച്ചുകാണിച്ചിട്ടും, മനുഷ്യന്‍ പാഠം പഠിക്കുന്നില്ല എന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണ്.
ദൈവത്തെയും ദൈവീക നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, രാജ്യങ്ങളും നിയമ വ്യവസ്ഥകളും മുന്നേറുന്നതു ഭീതിയോടെ കാണേണ്ടിയിരിക്കുന്നു. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കിയിട്ടുള്ള രാജ്യങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. ഈ അടുത്തകാലത്ത് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കിയ രാജ്യമാണ് അര്‍ജന്റീന. ഹോളണ്ട്, ബെല്‍ജിയം, സ്പെയിന്‍, കാനഡ, പോര്‍ച്ചുഗല്‍, സ്വീഡന്‍, നോര്‍വേ, ഐസ് ലാന്റ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഈ നിയമം നിലവിലുണ്ട്. ഏറ്റവും പുതിയതായി കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ്ഗരതിയ്ക്ക് അനുകൂലമായി, സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍നിന്നു പ്രഖ്യാപനം വന്നു. ദൈവവചനം ലോകത്തിന്റെ അതിര്‍ത്തികളില്‍ എത്തിക്കാന്‍ ത്യാഗം ചെയ്ത രാജ്യങ്ങളാണ് ഇതില്‍ അധികവുമെന്നത് വേദനാജനകമാണ്! പൂര്‍വ്വീകര്‍ ചെയ്ത പുണ്യംകൊണ്ട് മാത്രം നിലനില്‍ക്കുന്ന രാജ്യങ്ങള്‍!!
മ്ലേച്ഛതയില്‍ കഴിയുന്ന ചിലര്‍ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന നിയമനിര്‍മ്മാണ സഭകള്‍ നിരപരാധികള്‍ക്ക് ശിക്ഷ നേടിക്കൊടുക്കുകയാണ്. മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന കാമാഭ്രാന്തിനു നിയമപരിരക്ഷ നല്‍കുന്നവരാണ് യഥാര്‍ത്ഥ പരിസ്ഥിതി പ്രശ്നം! സ്വവര്‍ഗ്ഗഭോഗികളും, അവര്‍ക്കുവേണ്ടി നിയമം എഴുതിയുണ്ടാക്കുന്നവരും 'ഇസ്ലാമിക് സ്റ്റേറ്റിനേക്കാള്‍ നാടിന് ആപത്താണ്. ജീവിച്ചിരിക്കുന്ന തലമുറയെപോലും ദുരന്തത്തില്‍ മുക്കിക്കൊല്ലുന്ന ഇവരെ ഒറ്റപ്പെടുത്തുക എന്നതാണ് പരിസ്ഥിതി സംരക്ഷണം!
പ്രകൃതിയെപോലും നാണിപ്പിക്കുന്ന ഈ പ്രകൃതിവിരുദ്ധ ചെയ്തിയ്ക്ക് അംഗീകാരം നല്‍കുന്ന നിയമ നിര്‍മ്മാണസഭകള്‍ ആലോചിക്കുക; ഈ ഭൂമിയില്‍ മൃഗങ്ങളുമായി ഇണചേരുന്ന പിശാചിന്റെ സന്തതികളുണ്ട്! അവര്‍ക്ക് മൃഗങ്ങളെ വിവാഹം കഴിക്കാന്‍ അനുമതി കൊടുക്കുമോ? സാത്താന്‍ നിയമ വ്യവസ്ഥിതികളില്‍ കയറിക്കൂടിയാല്‍ അതിലുമപ്പുറം സംഭവിച്ചേക്കാം! പ്രതികരിക്കാന്‍ കഴിവില്ലാത്ത മൃഗങ്ങളുടെ അന്തസ്സിനുപോലും വിലകൊടുക്കാത്ത സംസ്കാര ശൂന്യന്മാരുടെ ആധിപത്യം ഭൂമിക്കു ദുരിതമാണ്!
എല്ലാ പാപങ്ങള്‍ക്കും നിയമപരമായ അംഗീകാരം നല്‍കുന്ന പ്രവണതയുടെ ഭാഗമാണ് സ്വവര്‍ഗ്ഗവിവാഹം. ഭ്രൂണഹത്യയെ നിയമംമൂലം സംരക്ഷിക്കുന്ന രാഷ്ട്രങ്ങള്‍ ഇന്ന് നിലവിലുണ്ടല്ലോ! ദൈവം വെറുക്കുന്ന കാര്യങ്ങളെ അംഗീകരിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ അഹങ്കാരവും അജ്ഞതയുംമൂലം ദുരന്തത്തില്‍ അകപ്പെടുന്നത് ഒരു രാഷ്ട്രം മുഴുവനുമാണ്. മണ്ണിനടിയില്‍ പെട്ടുപോയ പ്ലാസ്റ്റിക്കാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ആരും ചിന്തിക്കരുത്. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്കുള്ള ഉത്തരമായി സോദോം-ഗൊമോറ എന്നീ 'ശവക്കുഴികള്‍' ഭീകര രൂപംപൂണ്ട് നില്‍ക്കുന്നുവെന്ന് അറിയുക! ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമായി കത്തോലിക്കാസഭയില്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്ന നിയമങ്ങളില്‍നിന്നു പിന്തിരിയാത്തപക്ഷം സഭ നേരിടേണ്ടതു ദൈവത്തിന്റെ ക്രോധത്തെയായിരിക്കും! അതിനെ അതിജീവിക്കാനുള്ള ശക്തി ഈ ലോകത്തിനില്ല!
ഭ്രൂണഹത്യയിലൂടെ ഭൂമിയില്‍ പതിച്ചിട്ടുള്ള നിഷ്കളങ്ക രക്തം ദൈവസന്നിധിയില്‍ നിലവിളിക്കുന്നു. മണ്ണില്‍ പതിച്ച ഈ രക്തമാണ് മണ്ണിന്റെ ശാപം; മറിച്ച്, പ്ലാസ്റ്റിക് അല്ല! അനുതപിക്കാത്ത നഗരങ്ങളോടും രാജ്യങ്ങളോടും യേഹ്ശുവാ പറയുന്നു: "കഫര്‍ണാമേ, നീ സ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെട്ടു വെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്നും നിലനില്‍ക്കുമായിരുന്നു. ഞാന്‍ നിന്നോടു പറയുന്നു; വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്റെതിനേക്കാള്‍ സഹനീയമായിരിക്കും"(മത്താ: 11; 23, 24). സത്യം അറിയാനുള്ള അവസരം ലഭിച്ചിട്ടും അത് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. സോദോം നമ്മുടെ കണ്‍മുമ്പിലുണ്ടെന്നു മറക്കരുത്.
പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ ശിക്ഷിക്കാതിരിക്കാം എന്ന് പറഞ്ഞ ദൈവത്തിന്റെ കാരുണ്യമാണ് ശിക്ഷയെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍; പത്തിലധികം നീതിമാന്മാര്‍ ഈ ദേശങ്ങളില്‍ വസിക്കുന്നുണ്ടായിരിക്കാം! ഭൂമിക്ക് ഭാരമായ പാപികള്‍ ജീവിക്കുന്നത് നീതിമാന്മാരുടെ ഔദാര്യത്തിലാണെന്ന് വ്യക്തം! നീതിമാനുവേണ്ടി ഉദിപ്പിക്കുന്ന സൂര്യനെയും പെയ്യിക്കുന്ന മഴയെയും ആവോളം ആസ്വദിച്ചുകൊണ്ട് യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ജീവിക്കുന്ന വിഡ്ഢികളാണ് ദൈവീകനിയമങ്ങള്‍ക്കു ബദല്‍രേഖ ചമയ്ക്കുന്നത്!
'സോദോം-ഗൊമോറ'യില്‍നിന്നും നീതിമാനായ ലോത്തിനെയും കുടുംബത്തെയും രക്ഷിച്ച യാഹ്‌വെയ്ക്ക്, നീതി പ്രവര്‍ത്തിക്കുന്നവരെ രക്ഷിച്ചുകൊണ്ടുതന്നെ പാപികളെയും അവരുടെ തലമുറയെയും നശിപ്പിക്കാന്‍ കഴിയുമെന്ന് ചിന്തിക്കണം. താന്‍ സ്വവര്‍ഗ്ഗരതിക്കാരനാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞിട്ടുള്ള ചിലരെ ഭരണാധികാരികളാക്കാന്‍ മനസ്സുവച്ചവരും ഇന്നുണ്ട്. ഇത്തരം അധികാരികളെ വാഴിക്കുമ്പോള്‍, ദൈവത്തെ വെല്ലുവിളിക്കുകയാണെന്ന് മറക്കരുത്. രാജാക്കന്മാരും ഭരണാധികാരികളും രാജ്യത്തിന്റെയും ജനതകളുടെയും പ്രതിനിധികളാണ്. അതിനാല്‍, അവരിലൂടെ നാടിനെ അറിയുന്നു. ദുഷ്കര്‍മ്മിയായ രാജാവുമൂലം രാജ്യമാണ് ദുഷിക്കപ്പെടുന്നത്. ഇത്തരം ഭരണാധികാരികള്‍ കാരണം രാജ്യവും ജനങ്ങളും ശിക്ഷിക്കപ്പെട്ട ചരിത്രം നിരവധിയുണ്ട്. അതുകൊണ്ട്, ശപിക്കപ്പെട്ടവരെ പ്രതിനിധികളായി തിരഞ്ഞെടുക്കുന്നതും അപകടം വിളിച്ചുവരുത്തും. "പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല"(പ്രഭാ: 12; 13, 14).
പരസ്യമായി ഇത്തരം പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്നവരെ, പ്രകൃതിയിലൂടെതന്നെ ശിക്ഷിക്കുമ്പോള്‍ ആരും സഹതപിക്കില്ല. പ്ലാസ്റ്റിക്കും ആണവനിലയങ്ങളും വരുത്തുന്ന ദുരന്തങ്ങളെക്കാള്‍ എന്തുകൊണ്ടും കഠിനമാണ് സ്വവര്‍ഗ്ഗഭോഗമെന്നു ചരിത്രം മുന്നറിയിപ്പ് നല്‍കുകയും, ജീവിക്കുന്ന തെളിവുകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, അതിനെ വിസ്മരിച്ചുകൊണ്ട്, സങ്കല്പങ്ങള്‍ക്ക് പിന്നാലെയാണ് പരിസ്ഥിതി സ്നേഹികള്‍! അഗ്നിപര്‍വ്വതങ്ങളുടെ ചരിത്രം കോടിക്കണക്കിന് വര്‍ഷങ്ങളാണെന്നു പറയപ്പെടുന്നു. അങ്ങനെയെങ്കില്‍, അന്തരീക്ഷത്തിലേക്ക് മാലിന്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കോടിക്കണക്കിന് വര്‍ഷങ്ങളായിട്ടുണ്ട്. എന്നാല്‍, മനുഷ്യന്റെ പാപംമൂലം ഭൂമിയേല്‍ക്കുന്ന ഭാരവും ശാപവും മറ്റെന്തിനേക്കാളും വലുതാണ്. മനുഷ്യന്‍ വികാസംപ്രാപിച്ച കാലംമുതല്‍ പാറ പൊട്ടിക്കലും മണല്‍ ഖനനവും നടക്കുന്നുണ്ട്. ഈ നൂറ്റാണ്ടില്‍ ആരംഭിച്ച സംഗതികളാണ് ഇവയെല്ലാമെന്നു തോന്നുന്ന വിധത്തിലാണ് പരിസ്ഥിതിവാദികള്‍ പ്രചരണം നടത്തുന്നത്! പാപംമൂലം ഭൂമി ശപിക്കപ്പെട്ടതായി മാറുമ്പോള്‍ ഉണ്ടാകുന്ന ആഘാതത്തോടു തുലനം ചെയ്യുമ്പോള്‍ ഇവയെല്ലാം എത്രയോ തുച്ഛം!
സ്വവര്‍ഗ്ഗഭോഗികള്‍ക്കും വ്യഭിചാരികള്‍ക്കുമുള്ള താക്കീതാണ് ' സോദോ'മെന്ന് ദൈവവചനം ഓര്‍മ്മപ്പെടുത്തുന്നു. "സോദോമിനെയും ഗോമോറയെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി അവിടുന്ന് എല്ലാവര്‍ക്കും ദൃഷ്ടാന്തം നല്‍കിയിരിക്കുന്നു"(യെഹൂദാഹ്: 1; 7).
ഇന്ന് ഭയപ്പെടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഭൂമിയില്‍ കൂടുതല്‍ ദുരന്തം വിതയ്ക്കാന്‍ ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. എന്നാല്‍, മനുഷ്യന്റെ പാപം ഏല്പിക്കുന്ന ദുരന്തങ്ങള്‍ക്ക് ഒരു പുരുഷായുസ്സിന്റെ ദൈര്‍ഘ്യത്തിലും അധികമില്ലെന്ന് തിരിച്ചറിയണം! അബ്രാഹത്തിന്റെയും ലോത്തിന്റെയും ജീവിതകാലത്തു തന്നെയാണ് സോദോം അഗ്നിക്കിരയായത്. മാത്രവുമല്ല, നോഹിന്റെ കാലത്ത് ഭൂമുഖമാകെ നശിപ്പിക്കപ്പെട്ടതിനുശേഷം പത്താമത്തെ തലമുറയിലാണ് അബ്രാഹം ജനിക്കുന്നത്. ഈ കാലയളവില്‍ ഉടലെടുത്ത തിന്മയായിരുന്നു സ്വവര്‍ഗ്ഗരതി! ഇത്തരം മ്ലേച്ഛതയില്‍ ജീവിക്കുന്നവരുമായി സഹകരിക്കുകയോ ഇടപെടുകയോ അരുതെന്ന കര്‍ശനമായ താക്കീത് വചനത്തിലുണ്ട്. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "മാംസദാഹത്താല്‍ കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടു ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍"(യെഹൂദാഹ്: 1; 23).
"സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗീകവൈകൃതമാണ്. ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. നിങ്ങള്‍ക്കു മുമ്പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈ വിധം മ്ലേച്ഛതകള്‍ക്കൊണ്ട് നാട് മലിനമാക്കി. ആകയാല്‍, ഈ ദേശം നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഇത്തരം മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(ലേവ്യര്‍: 18; 22-29). മുന്നറിയിപ്പുകളെ അവഗണിച്ച് നാശം വരുത്തിവച്ചാല്‍ സഹതപിക്കാന്‍ ആരുമുണ്ടാകില്ല; മറിച്ച്, പാമ്പു കടിയേറ്റ പാമ്പാട്ടിയുടെ ഗതിയായിരിക്കും!
നശിപ്പിക്കപ്പെട്ട ദേശങ്ങളുടെ പൂര്‍വ്വസ്ഥിതിയെയും ആ നാടുകളില്‍ നടമാടിയ പാപത്തിന്റെ വെറിക്കൂത്തുകളെയും ചിന്തിക്കുക. പറഞ്ഞതുപോലെതന്നെ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ ക്രോധത്തെയും വിസ്മരിക്കരുത്! ദൈവത്തിന്റെ കല്പനകളെ നിസ്സാരമായി കരുതുകയോ, ദീര്‍ഘക്ഷമയെ കഴിവുകേടായി ചിന്തിക്കുകയോ അരുത്. കരുണയും സ്നേഹവും അനുഗ്രഹവും യാഹ്‌വെയുടെ കരങ്ങളില്‍ ഉള്ളതുപോലെ, സോദോമില്‍ ചൊരിഞ്ഞ അഗ്നിയും ഗന്ധകവും അവിടുത്തെ പക്കലുണ്ട്.
ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് കത്തോലിക്കാസഭയുടെ അഭിനവ പോപ്പ് ഫ്രാന്‍സീസിന്റെയും കൂട്ടാളികളുടെയും ജല്പനങ്ങള്‍! കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ ആലഞ്ചേരി നടത്തിയ പ്രഖ്യാപനം മനോവയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു! പോപ്പ് ഫ്രാന്‍സീസ് വിളിച്ചുപറയുന്ന ഭോഷ്ക്കുകളെക്കുറിച്ച് മനോവ അദ്ഭുതപ്പെടുന്നില്ല. കാരണം, അന്ത്യകാലത്ത് കത്തോലിക്കാസഭയില്‍ ഇതുപോലൊരു അവതാരം പ്രത്യക്ഷപ്പെടുമെന്നു വചനം മുന്നറിയിപ്പു തന്നിട്ടുണ്ട്! വചനം പൂര്‍ത്തിയാകേണ്ടതിന് അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍, ആലഞ്ചേരിയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു എന്നതാണ് മനോവയുടെ നടുക്കത്തിനാധാരം! ഇദ്ദേഹത്തിന്റെ വാക്കുകള്‍ എത്ര ഗുരുതരമാണെന്നു നോക്കുക: "സ്വവര്‍ഗ്ഗാനുരാഗികളെ കുറ്റവാളികളായി കാണുന്നില്ല; മറിച്ച്, സ്വവര്‍ഗ്ഗ വിവാഹത്തെയാണ് സഭ എതിര്‍ക്കുന്നത്"
യാഹ്‌വെ കല്പിച്ചത് ഇപ്രകാരമായിരുന്നോ? സോദോമിനെ നശിപ്പിച്ചത്, സ്വവര്‍ഗ്ഗരതിമൂലമോ സ്വവര്‍ഗ്ഗവിവാഹംമൂലമോ? സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെങ്കില്‍, അവരുടെ വിവാഹം എങ്ങനെ കുറ്റകരമാകും? അതായത്, അന്യന്റെ ഭാര്യയോടൊത്ത് അവിഹിതവേഴ്ച നടത്തിയാല്‍ പാപമല്ല; എന്നാല്‍, അവളെ വിവാഹം കഴിക്കുന്നതാണു പാപം എന്നാണോ ആലഞ്ചേരി വിവക്ഷിച്ചത്?! ചിന്താശേഷി നശിച്ചിട്ടില്ലാത്തവരുടെ ചിന്താധാരയിലേക്ക് ഈ വിഷയം സമര്‍പ്പിച്ചുകൊണ്ട് മനോവ ഈ വിഷയത്തില്‍നിന്നു തത്ക്കാലം വിരമിക്കുകയാണ്!
ഇനി ചിന്തിക്കുക: എന്താണ് പ്രകൃതിയുടെ നിലനില്‍പ്പിനുള്ള ഭീഷണി? ആണവനിലയങ്ങളോ, മണല്‍ മാഫിയയോ, അല്‍ക്വയ്ദയോ, താലീബാനോ, ഇസ്ലാമിക് സ്റ്റേറ്റോ, വ്യവസായശാലകളോ,.......? ഇവയെല്ലാം ഉയര്‍ത്തുന്ന ഭീഷണികളെക്കാള്‍ എന്തുകൊണ്ടും ഭീകരമാണ് ഭ്രൂണഹത്യയും സ്വവര്‍ഗ്ഗവിവാഹവും മറ്റു ദൈവനിഷേധങ്ങളും! സമൂഹത്തില്‍നിന്നു പുറന്തള്ളപ്പെടേണ്ടതായ ഈ മ്ലേച്ഛതയ്ക്ക് സാമൂഹിക പരിരക്ഷ നല്‍കാന്‍ ശ്രമിക്കുന്നവര്‍ ഈ ഭൂമുഖത്തെയൊന്നാകെ ദുരന്തത്തിന് ഏല്പിച്ചുകൊടുക്കുകയാണ്! പാപത്തെ പാപമെന്നും പുണ്യത്തെ പുണ്യമെന്നും വിളിക്കാനുള്ള ആര്‍ജ്ജവമില്ലാത്ത ഭരണാധികാരികള്‍ നാടിനും സമൂഹത്തിനും ആപത്താണെന്നു മറക്കരുത്. കത്തോലിക്കാസഭയുടെ അമരത്തു കയറിയിരുന്ന് ദൈവനിഷേധം പുലമ്പുകയും സ്വന്തം താത്പര്യം സംരക്ഷിക്കാനായി ദൈവീകനിയമങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നവര്‍ ഓര്‍ക്കുക: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 കേപ്പാ: 3; 10).
അനുബന്ധലേഖനം: സ്വവര്‍ഗ്ഗാനുരാഗികളേ, ഭയന്നു വിറയ്ക്കുവിന്‍; നിങ്ങള്‍ വഞ്ചിക്കപ്പെടും!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-