17 - 03 - 2018
തെളിവുകള്‍ പ്രതികൂലമാകുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ലോകത്തിന്റെ നിയമവ്യവസ്ഥകളിലുണ്ട്. അതുപോലെതന്നെ, തെളിവുകളുടെ അഭാവംകൊണ്ട് ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ട കൊടുംകുറ്റവാളികളും ഉണ്ട്. ഇവയെ താരതമ്യം ചെയ്യുമ്പോള്‍, രണ്ടാമത്തെ സാഹചര്യത്തിനാണ് കൂടുതല്‍ സാദ്ധ്യത നിലനില്‍ക്കുന്നത്. കാരണം, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി ഓരോ രാജ്യങ്ങളിലെയും കോടതികള്‍ നിലകൊള്ളുന്നു! നീതിന്യായ വ്യവസ്ഥിതിയിലെ നന്മ-തിന്മകള്‍ വിശകലനം ചെയ്യാനുള്ള ഒരുക്കമല്ല ഈ മുഖവുര. അതുപോലെതന്നെ, ഈ ശീര്‍ഷകം സൂചിപ്പിക്കുന്ന വിഷയം ഇവിടെ ചര്‍ച്ചചെയ്യുന്നുമില്ല. സുപ്രധാനമായ ഒരു വിഷയത്തിലേക്കുള്ള പ്രവേശനകവാടമായി മാത്രം ഇതിനെയെല്ലാം പരിഗണിച്ചാല്‍ മതി. ആയതിനാല്‍, കേരളം ചര്‍ച്ചചെയ്ത രണ്ടു കൊലക്കെസുകളെ താരതമ്യം ചെയ്തുകൊണ്ട് വിഷയത്തിലേക്കു പ്രവേശിക്കാം.
കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും ആഘോഷമാക്കിയ മറിയക്കുട്ടി കൊലക്കേസിനെക്കുറിച്ച് പുതിയ തലമുറക്കാര്‍ക്ക് എത്രത്തോളം അറിവുണ്ടെന്ന് മനോവയ്ക്കറിയില്ല. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മറിയക്കുട്ടി വധിക്കപ്പെട്ടത്. 1966-ല്‍ കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകകേസാണ് മാടത്തരുവി കേസ് എന്ന് അറിയപ്പെടുന്നത്. വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം ഇന്നത്തെ പത്തനംതിട്ട ജില്ലയില്‍ റാന്നി അടുത്തുള്ള മാടത്തരുവിയില്‍ 1966 ജൂണ്‍ 16-നു കാണപ്പെട്ടു. ഇതാണ് കേസിന് ആധാരമായ സംഭവം. ബെനഡിക്‌ട് ഓണംകുളം എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനാണ് കുറ്റവാളി എന്ന ആരോപണമാണ് കേസിലേയ്ക്ക് വ്യാപകമായ മാധ്യമശ്രദ്ധയും ജനശ്രദ്ധയും ആകര്‍ഷിച്ചത്.
ബെനഡിക്ട് മറിയക്കുട്ടിയുമായി അനാശാസ്യബന്ധം പുലര്‍ത്തിയിരുന്നെന്നും അവരുടെ മരണസമയത്തുണ്ടായിരുന്ന കുട്ടിയുടെ പിതാവ് അദ്ദേഹമാണെന്നും ആരോപിക്കപ്പെട്ടിരുന്നു. ഈ കേസില്‍ 1966 ജൂണ്‍ 24-ന് ബെനഡിക്ടച്ചന്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു കത്തോലിക്കാപുരോഹിതന്‍ ഇത്തരം കുറ്റാരോപണത്തില്‍ അറസ്റ്റുചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യസംഭവമായിരുന്നു അത്. കൊല്ലത്തെ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയെ തുടര്‍ന്ന് 1966 നവംബര്‍ 19 ന് ബെനഡിക്‌ട് അച്ചന് ശിക്ഷവിധിച്ചു. സെഷന്‍സ് ജഡ്‌ജി കുഞ്ഞിരാമന്‍ വൈദ്യരാണ് അഞ്ചുവര്‍ഷത്തെ കഠിനതടവും വധശിക്ഷയും വിധിത്. കേസ് അന്വേഷിച്ച രീതിയില്‍ പലതരം വീഴ്ചകള്‍ കണ്ടെങ്കിലും, പ്രതി പുരോഹിതനാണെന്നതിനാല്‍ കുറ്റകൃത്യത്തെ ഗൗരവമായെടുത്ത് കഠിനതരമായ ശിക്ഷ വിധിക്കുകയായിരുന്നു. കീഴ്‌കോടതിയുട ഈ നിലപാട്, ബെനഡിക്ടിന്റെ അപ്പീല്‍ പരിഗണിച്ച കേരളാ ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച് അംഗീകരിച്ചില്ല. ന്യായാധിപന്മാരായ പി ടി രാമന്‍ നായരും വി പി ഗോപാലനുമായിരുന്നു ആ ബെഞ്ചിലെ അംഗങ്ങള്‍. നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരാണെന്ന നീതിപൂര്‍വ്വകമായ നിലപാട് ബഞ്ച് സ്വീകരിച്ചു. മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് 1967 ഏപ്രില്‍ 7-ന് പുറപ്പെടുവിച്ച വിധിയില്‍ ബെനഡിക്ട് അച്ചനെ വെറുതേ വിട്ടു.
അപ്പീല്‍ പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാരില്‍ ഒരാളായിരുന്ന പി ടി രാമന്‍ നായര്‍, ന്യായാധിപനെന്ന നിലയില്‍ തനിക്കു കൈകാര്യം ചെയ്യേണ്ടി വന്നതില്‍ ഏറ്റവും വിഷമം പിടിച്ച കേസ് ഇതായിരുന്നുവെന്ന് പിന്നീട് ഒരഭിമുഖത്തില്‍ പറഞ്ഞു. കോടതി അച്ചനെ വെറുതെ വിട്ടുവെങ്കിലും കേരളത്തിലെ സാംസ്കാരിക 'ബുദ്ധിജീവികളും' ക്രൈസ്തവ വൈരികളും അച്ചനെ വെറുതെവിടാന്‍ തയ്യാറായില്ല. അവര്‍ കഥകളും സിനിമകളും ചമച്ചു. മാടത്തരുവി കൊലക്കേസിനെ ആധാരമാക്കി 'മാടത്തരുവി', 'മൈനത്തരുവി കൊലക്കേസ്' എന്നീ പേരുകളില്‍ രണ്ടു മുഴുനീള ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മാടത്തരുവി എന്ന ചിത്രത്തില്‍, കൊല ചെയ്യപ്പെട്ട സ്ത്രീയായി വേഷമിട്ടത് മലയാളത്തിലെ പ്രസിദ്ധ അഭിനേത്രി ഷീല ആയിരുന്നു. കേസിലെ പ്രതിയായ വൈദീകനെ, കൊലചെയ്യപ്പെട്ട സ്ത്രീയോടു കാട്ടിയ കാരുണ്യം മൂലം കുഴപ്പത്തില്‍പ്പെട്ട നിരപരാധിയായാണ് രണ്ടു ചിത്രങ്ങളിലും ചിത്രീകരിച്ചത്.
കോടതി വെറുതെവിട്ടെങ്കിലും, വിശ്വാസികളടക്കമുള്ള ജനങ്ങള്‍ അച്ചന്റെ നിരപരാധിത്വം പൂര്‍ണ്ണമായി അംഗീകരിച്ചില്ല. സംശയത്തിന്റെ കരിനിഴലില്‍ തന്നെയായിരുന്നു അച്ചന്റെ ശിഷ്ടകാല ജീവിതത്തിന്റെ അന്ത്യഘട്ടംവരെ! വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ സ്വാഭാവികമായി സംഭവിക്കാവുന്ന വിസ്മൃതിയുടെ ഗുണഫലം അനുഭവിക്കാന്‍ ബെനഡിക്ട് അച്ചനെ അനുവദിക്കാതിരിക്കാന്‍ സാംസ്കാരിക അശ്രീകരങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ഉദാഹരിക്കാന്‍ 'മാടത്തരുവി' കൊലക്കേസ് ഇക്കൂട്ടര്‍ ഉയര്‍ത്തിപ്പിടിക്കും. അഭയാക്കേസ് വീണുകിട്ടുന്നതുവരെ മറ്റൊന്നും ഉയര്‍ത്തിപ്പിടിക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് തത്സ്ഥിതി തുടര്‍ന്നു!
മാടത്തരുവി കേസുമായി ബന്ധപ്പെട്ട് 2000-ാം ആണ്ടില്‍ നടന്ന ഒരു വെളിപ്പെടുത്തലിലൂടെ വീണ്ടും ഈ വിഷയം ജനശ്രദ്ധ ക്ഷണിച്ചുവരുത്തി. ഒരു എസ്റ്റേറ്റുടമയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന മറിയക്കുട്ടി മരിച്ചത് അയാളുടെ ആവശ്യമനുസരിച്ച് ഒരു ഡോക്ടര്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ തുടര്‍ന്നായിരുന്നു എന്ന ആ വെളിപ്പെടുത്തല്‍ നടത്തിയത് ആ ഡോക്ടറുടെ 93 വയസ്സുള്ള പത്നിയും രണ്ടു മക്കളുമാണ്. ആദ്യം ബെനഡിക്ട് അച്ചനോടും പിന്നീട് ചില മാധ്യമങ്ങളോടും ഇവര്‍ സത്യം വെളിപ്പെടുത്തി. എസ്റ്റേറ്റുടമയും ഡോക്ടറും നേരത്തേ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തില്‍ തുടരെ ഉണ്ടായിക്കൊണ്ടിരുന്ന അനിഷ്ടസംഭവങ്ങളില്‍ ആത്മീയസാന്ത്വനം തേടി ഒരു കത്തോലിക്കാ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ ധ്യാനത്തിനെത്തിയപ്പോഴാണ് ഡോക്ടറുടെ പത്നിയുടെ ഈ വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനാ കേന്ദ്രത്തിന്റെ തലവന്റെ അടുക്കല്‍ കൗണ്‍സലിംഗ് വേളയില്‍ ഭര്‍ത്താവിന്റെ കുറ്റം ഏറ്റുപറയുകയും തുടര്‍ന്നു കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് ബെനഡിക്ട് അച്ചനെ സന്ദര്‍ശിക്കുകയും ചെയ്തു. സന്ദര്‍ശനവേളയില്‍ മറിയക്കുട്ടിയുടെ മരണപശ്ചാത്തലം അച്ചനോട് വെളിപ്പെടുത്തി അവര്‍ മാപ്പിരന്നു. അതിരമ്പുഴയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ബെനഡിക്ടച്ചന്‍ ഒരു വര്‍ഷത്തിനുള്ളില്‍, 2001 ജനുവരി 11-ന് അന്തരിച്ചു.
അതിരമ്പുഴയിലെ മാതാവിന്റെ പള്ളിയോടു ചേര്‍ന്നുള്ള വൈദികരുടെ സിമിത്തേരിയില്‍ സംസ്കരിക്കപ്പെട്ടിരിക്കുന്ന ബെനഡിക്ടച്ചന്റെ മദ്ധ്യസ്ഥതയില്‍ പല അത്ഭുതങ്ങളും നടന്നതായി പിന്നീട് അവകാശവാദങ്ങള്‍ ഉയര്‍ന്നു. വിശ്വാസികളില്‍ ചിലര്‍ അദ്ദേഹത്തെ 'സഹനദാസന്‍' എന്നു വിളിക്കാനും തുടങ്ങി. തുടര്‍ന്ന്, കത്തോലിക്കാസഭ ലോകമൊട്ടാകെ വൈദികവര്‍ഷമായി അചരിച്ച 2009-10-ല്‍ ബെനഡിക്ടച്ചന്റെ കല്ലറ പുനര്‍നിര്‍മ്മിക്കുകയും അദ്ദേഹത്തിന്റെ പേരുവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ സഭ അനുവദിക്കുകയും ചെയ്തു. താമസിയാതെ, ഫാദര്‍ ബെനഡിക്ടിനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാനായുള്ള പ്രാരംഭ നടപടികള്‍ക്കും കത്തോലിക്ക സഭ തുടക്കമിട്ടു.
മുപ്പത്തിയഞ്ചു വര്‍ഷക്കാലം വ്യഭിചാരിയെന്നും കൊലയാളിയെന്നും മുദ്രചാര്‍ത്തപ്പെട്ട ജീവിതമാണ് ബെനഡിക്ടച്ചന്‍ നയിച്ചത്. മതിയായ തിളിവുകളിലെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടുവെങ്കിലും സമൂഹം അത് പൂര്‍ണ്ണമായി അംഗീകരിച്ചില്ല. സഭയിലെ വിശ്വാസികളും സഹപ്രവര്‍ത്തകരും അച്ചനെ സംശയത്തോടെയാണ് വീക്ഷിച്ചത്. ജീവിതത്തിന്റെ അവസാനനാളുകളില്‍ യഥാര്‍ത്ഥ പ്രതികള്‍ പ്രത്യക്ഷപ്പെടുന്നതുവരെ സംശയത്തിന്റെ നിഴലില്‍ത്തന്നെയായിരുന്നു. ഇതാണ് ബെനഡിക്റ്റ് അച്ചന്റെ ചരിത്രം! തെളിവുകള്‍ പ്രതികൂലമായപ്പോള്‍ കുറ്റവാളിയായി വിധിക്കപ്പെട്ട നിരപരാധിയായ മനുഷ്യന്റെ ഉത്തമ ഉദാഹരണമാണ് ഫാദര്‍ ബെനഡിക്റ്റ്! എന്നാല്‍, ഇതേ തെളിവുകളെത്തന്നെ പരിഗണിച്ച ഹൈക്കോടതി, ആ തെളിവുകളിലെ അപര്യാപ്തത കണ്ടെത്തുകയും ജീവന്‍ തിരിച്ചു നല്‍കുകയും ചെയ്തു. എന്നിരുന്നാലും, ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ ഈ വൈദീകനെ സംശയത്തോടെയാണ് നോക്കിയത്. സത്യം ലോകത്തിനു മുന്‍പില്‍ മറനീക്കി പുറത്തുവന്നിട്ടും, കുറ്റവാളിയെന്നു മുദ്രകുത്തി ആഘോഷിച്ച മാധ്യമങ്ങള്‍ മൗനം പാലിച്ചു. സാംസ്ക്കാരിക അശ്രീകരങ്ങളില്‍ ഒന്നാമനും ക്രിസ്ത്യാനി എന്നു കേള്‍ക്കുമ്പോള്‍ തന്റെ 'കുരുപൊട്ടല്‍' എന്ന രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്ന ജയശങ്കര്‍ പറയുന്നത്, കത്തോലിക്കാസഭയുടെ നാടകമായിരുന്നു കുറ്റസമ്മതം എന്നാണ്!
മാടത്തരുവി കൊലക്കേസുമായി ബന്ധപ്പെട്ട വിഷയം ഇവിടെ ഉപസംഹരിക്കുന്നു. തെളിവുകള്‍ പ്രതികൂലമായി വരുന്ന സാഹചര്യത്തില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാണിക്കാനാണ് ഈ വിഷയം ഇവിടെ അവതരിപ്പിച്ചത്. ഇനി, തെളിവുകളുടെ അഭാവത്താല്‍ നീതിമാന്മാരായി വിഹരിക്കുന്ന അനേകം കൊടുംകുറ്റവാളികളില്‍നിന്ന് ഒരുദാഹരണം നോക്കാം. കാല്‍നൂറ്റാണ്ട് മുന്‍പ് നടന്നതും ഇതുവരെ ദുരൂഹതകള്‍ നീങ്ങാത്തതുമായ ഒരു മരണത്തെക്കുറിച്ചാണ് നാം ഇവിടെ ചിന്തിക്കുന്നത്. 1992 മാര്‍ച്ച് 27-ന് കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇറ്റലിയില്‍ ജോലിചെയ്തിരുന്ന ബന്ധുവായ കന്യാസ്ത്രിയുടെ സ്വാധീനമാണ് അഭയയെ സന്യാസജീവിതം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് സന്യാസജീവിതം സ്വീകരിക്കാന്‍ തയ്യാറായ അഭയയ്ക്ക് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. കാല്‍ നൂറ്റാണ്ടിലേറെയായി അനേകം അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇപ്പോഴും ദുരൂഹത അവശേഷിക്കുന്ന കേസാണ് ഈ കൊലക്കേസ്.
സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന ലോക്കല്‍ പൊലീസ് നിഗമനത്തിലത്തെിയോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയര്‍മാന്‍ പി.സി. ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് 1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു. സിബിഐയുടെ അന്വേഷണത്തിലൂടെ സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ടതാണെന്ന് അവര്‍ കണ്ടെത്തി. അരുതാത്ത കാഴ്ച്ച കണ്ടതിനാണ് അഭയയെ നിശബ്ദമാക്കിയതെന്ന സിബിഐയുടെ കണ്ടെത്തല്‍ ഈ കേസിനെ വീണ്ടും സമകാലിക പ്രസക്തമാക്കി.
അന്വേഷണത്തിന്റെ ആരംഭഘട്ടം മുതല്‍ ഓരോ ഘട്ടങ്ങളിലും അനേകം ബാഹ്യ ഇടപെടലുകള്‍ ഉണ്ടായ കേസാണ് അഭയക്കേസ്! അഭയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും എത്തിച്ചേര്‍ന്നത് ഈ ബാഹ്യ ഇടപെടലുകള്‍ മൂലമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബോധമുള്ള ആര്‍ക്കും സാധിക്കും. എന്തെന്നാല്‍, സ്വന്തം തലയില്‍ കോടാലികൊണ്ട് അടിച്ചതിനുശേഷം കിണറ്റില്‍ ചാടിയാണ് അഭയ മരിച്ചതെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് വിശ്വസിക്കാന്‍ സാധിക്കുന്നത്?! ഈ കേസിന്റെ എല്ലാ ശാസ്ത്രീയമായ പരിശോധനകളുടെയും റിപ്പോര്‍ട്ടുകള്‍ തിരുത്തപ്പെട്ടത് ആര്‍ക്കുവേണ്ടിയായിരിക്കും? ആത്മഹത്യയായിരുന്നുവെങ്കില്‍ എന്തിനാണ് ഫോറന്‍സിക് അടക്കം എല്ലാ ശാസ്ത്രീയ പരിശോധനകളുടെയും ഫലങ്ങള്‍ തിരുത്തപ്പെട്ടിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍ എഎസ്‌ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യചെയ്തു. അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എഎസ്‌ഐയായിരുന്ന അഗസ്റ്റിനാണ്. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണ്ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പല തവണ ഇയാളെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. 75 വയസുള്ള അഗസ്റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റി. കേസന്വേഷണത്തിനിടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു.
സിസ്റ്റര്‍ അഭയ, മറിയക്കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണമല്ല മനോവ ഉദ്ദേശിക്കുന്നത്. ആയതിനാല്‍, ഇന്ന് അഭയകൊലക്കേസിന്റെ അന്വേഷണം എവിടെ എത്തില്‍ക്കുന്നുവെന്ന് കുറിച്ചുകൊണ്ട്, ഈ കേസിന്റെ നാള്‍വഴികള്‍ വിവരിക്കുന്നത് ഇവിടെ അവസാനിപ്പിക്കുന്നു. സിബിഐ മൂന്നു പ്രതികളെ അറസ്റ്റുചെയ്തു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളാക്കിക്കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സിസ്റ്റര്‍ സെഫിയുമായി വൈദീകര്‍ക്കുണ്ടായിരുന്ന അവിഹിതബന്ധം സിസ്റ്റര്‍ അഭയ കണ്ടതുകൊണ്ടാണ് അവളെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ സിബിഐ എഴുതി. ഏറ്റവുമൊടുവില്‍, രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിനെ മതിയായ തെളിവില്ലെന്നു നിരീക്ഷിച്ചുകൊണ്ട് പ്രതിപട്ടികയില്‍നിന്നു കോടതി ഒഴിവാക്കി. ഇനി നമുക്ക് പ്രധാന വിഷയത്തിലേക്കു പ്രവേശിക്കാം!
പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട പുതൃക്കയുടെ പ്രതികരണമാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം! എന്നാല്‍, ഈ വിഷയത്തിലേക്കു കടക്കാന്‍ വൈദീകര്‍ പ്രതികളാക്കപ്പെട്ട രണ്ടു കേസുകള്‍ താരതമ്യം ചെയ്യേണ്ടിയിരുന്നു. ബെനഡിക്റ്റ് അച്ചനെ കുറ്റവിമുക്തനാക്കിയതും പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതും സമാന കാരണങ്ങളാലാണ്. മതിയായ തെളിവുകളില്ല എന്നതാണ് ഈ രണ്ടുപേര്‍ക്കും അനുകൂലമായ വിധിവരാന്‍ കാരണം. ബെനഡിക്റ്റ് അച്ചനെ വെറുതെ വിട്ടതിന് വര്‍ഷങ്ങള്‍ക്കുശേഷം യഥാര്‍ത്ഥ പ്രതികളെ ലോകം കണ്ടു. എന്നാല്‍, പുതൃക്കയില്‍ കുറ്റവിമുക്തനാകുമ്പോള്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അഭയയുടെ മരണം കൊലപാതകമാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടതാണ്. പിടിക്കപ്പെട്ട പ്രതികളില്‍ ഒരുവന്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ശേഷിക്കുന്ന രണ്ടുപേരും രക്ഷപ്പെട്ടേക്കാം. ഇവിടെ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള പ്രതികള്‍ എല്ലാവരും നിരപരാധികളാണെങ്കില്‍, യഥാര്‍ത്ഥ പ്രതികള്‍ ആരാണ്? മറ്റുള്ളവര്‍ക്ക് അതിക്രമിച്ചു കയറാന്‍ പ്രയാസമുള്ള കോണ്‍വന്റിനുള്ളില്‍ കടന്നുകയറി അഭയെ ആരെങ്കിലും കൊന്നുവെങ്കില്‍ അതിനു കാരണം വേണം. അതുപോലെതന്നെ, ഈ കൊല നടത്തിയ വ്യക്തിയോ വ്യക്തികളോ ആരാണെന്ന് കോണ്‍വന്റിലെ അന്തേവാസികളില്‍ ആര്‍ക്കെങ്കിലും അറിയാം. ആരുമറിയാതെ ഇങ്ങനെയൊരു കൊലപാതകം നടത്താന്‍ മഠത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ സാധിക്കുകയില്ല. അങ്ങനെ സാധിച്ചുവെന്നിരിക്കട്ടെ; മറ്റാരോ നടത്തിയ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാന്‍ മഠം അല്ലെങ്കില്‍ ക്നാനായ സഭ എന്തിനു താത്പര്യം കാണിക്കണം. ഇവിടെ ആരെ രക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്? ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവര്‍ പ്രതികളല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതികളെ ക്നാനായ സഭ വിട്ടുകൊടുക്കണം!
ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാത്തതുകൊണ്ടുതന്നെ, അഭയയുടെ കൊലപാതത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കാന്‍ ക്നാനായ സഭയ്ക്ക് കഴിയില്ല. ഒന്നുകൂടി ഉറപ്പിച്ചുപറയാം; മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ മഠത്തിനോ സഭയ്ക്കോ സാധിക്കാത്തിടത്തോളം, പിടിക്കപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളാണെന്നു സ്ഥിരീകരിക്കേണ്ടിവരും! പ്രതിപട്ടികയില്‍നിന്നു ഒഴിവാക്കപ്പെട്ട പുതൃക്കയില്‍ നടത്തിയ പ്രതികരണം, മൂവരും നിരപരാധികളാണ് എന്നായിരുന്നു. അങ്ങനെയെങ്കില്‍, യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് മഠം വെളിപ്പെടുത്തണം. അല്ലാത്തപക്ഷം, തെളിവുകളുടെ അഭാവത്താല്‍ കുറ്റവിമുക്തരാക്കപ്പെട്ട കുറ്റവാളികളായി മാത്രമേ ഇവരെ കാണാന്‍ കഴിയുകയുള്ളു.
കോടതിവിധിയില്‍ ദൈവത്തിന്റെ കൈയ്യോപ്പോ?!
ഇവിടെ എത്താന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു നാം ഇതുവരെ. കോടതിവിധിയോടു പുതൃക്കയില്‍ നടത്തിയ പ്രതികരണത്തില്‍ 'ദൈവത്തിന്റെ കയ്യൊപ്പ്' എന്നൊരു പരാമാശം നാം കേട്ടു! ചില ഊരാക്കുടുക്കുകളില്‍നിന്ന് അദ്ഭുതകരമായി മോചനം ലഭിക്കുന്നവര്‍ ഉയര്‍ത്തുന്ന നന്ദിപ്രകടനമോ നെടുവീര്‍പ്പോ ആയി ഇത്തരം പ്രയോഗങ്ങള്‍ കേള്‍ക്കാറുണ്ട്. തങ്ങള്‍ക്കു നീതി ലഭിക്കുമ്പോഴും മറ്റൊരുവനു ലഭിക്കേണ്ട നീതി അനര്‍ഹമായി തങ്ങളിലേക്കു വന്നുചേരുമ്പോഴും ദൈവത്തെ പങ്കാളിയാക്കുന്ന അവസ്ഥയാണിത്. മോഷണശ്രമത്തിനിടെ പിടിക്കപ്പെടാതെ രക്ഷപ്പെടുന്ന ചില മോഷ്ടാക്കളും തങ്ങളുടെ സുരക്ഷിതത്തിനായി ദൈവത്തിന്റെ നാമം വലിച്ചിഴയ്ക്കുന്നു. പുതൃക്കയിലിനെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ അദ്ദേഹം ദൈവത്തിനു നന്ദിപ്രകാശിപ്പിക്കുന്നതിനെ കുറ്റപ്പെടുത്താനോ മനോവ ശ്രമിക്കുന്നില്ല. എന്നാല്‍, തെറ്റുകള്‍ പിടിക്കപ്പെടാതെ വരുമ്പോള്‍ ദൈവത്തിന്റെ കയ്യൊപ്പാണ് തനിക്കു തുണയായതെന്നു പറയുന്നവന്‍ രണ്ടാംപ്രമാണത്തിനെതിരേ ഗുരുതരമായ പാപം ചെയ്യുന്നു. ചില സംഭവങ്ങള്‍ പരിശോധിച്ചുകൊണ്ട് ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാം.
പതിമൂന്നാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ 1986 മേയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്സിക്കോയില്‍ അരങ്ങേറി. പശ്ചിമ ജര്‍മ്മനിയെ 3-2 നു തോല്പിച്ച് അര്‍ജന്റീന രണ്ടാം തവണ ലോക ജേതാക്കളായി. അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ച മറഡോണ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപന്ത് നേടി. ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരിലൊരാളായി കരുതപ്പെടുന്ന ഡിയേഗോ മറഡോണ ആയിരുന്നു ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. അര്‍ജന്റീനയെ രണ്ടാം തവണ കിരിടം ചൂടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതും അദ്ദേഹമാണ്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ടു ഗോളുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ഈ മത്സരത്തില്‍ മറഡോണ നേടിയ രണ്ടാമത്തെ ഗോളാണ് നൂറ്റാണ്ടിന്റെ 'ഗോള്‍' ആയി ഫിഫ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഒന്നാമത്തെ ഗോളാകട്ടെ, 'ദൈവത്തിന്റെ കൈ' എന്ന വിശേഷണത്തോടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംനേടി! വിശദമായി പറഞ്ഞാല്‍, റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈകൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്പിച്ചു.
ദൈവത്തിന്റെ ഈ കൈയെക്കുറിച്ചാണ് നാം ഇവിടെ ചിന്തിക്കുന്നത്! മറഡോണയുടെ പിഴവിനെ മറച്ചുവയ്ക്കാന്‍ ദൈവം ഇടപെട്ടുവെന്നു പറഞ്ഞാല്‍, എതിര്‍പക്ഷത്തിനു നീതി നിഷേധിക്കാന്‍ ദൈവം പക്ഷപാതം കാണിച്ചുവെന്നല്ലേ കരുതേണ്ടത്!? കള്ളത്തരത്തിലൂടെ ഒരുവനു വിജയം നല്കുന്നവനല്ല സത്യദൈവം! ആയതിനാല്‍, മറഡോണയുടെ വാക്കുകളെ ദൈവനിഷേധത്തിന്റെ വാക്കുകളായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. മറഡോണയുടെ ഈ വാക്കുകള്‍ക്കുശേഷം ഏഴു ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടന്നു. മികച്ച 'ഫോമില്‍' ആയിരുന്നിട്ടും അര്‍ജന്റീനയ്ക്ക് പിന്നീട് ഒരിക്കല്‍പ്പോലും ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതും നാം ചിന്തിക്കണം. തൊട്ടടുത്ത ലോകകപ്പിന്റെ (1990) ഫൈനല്‍ വരെയെത്തിയപ്പോഴും മറഡോണ തന്നെയാണ് അര്‍ജന്റീനയെ നയിച്ചത്. പശ്ചിമജര്‍മ്മനിയോടു പരാജയപ്പെട്ട ഈ ഫൈനല്‍ മത്സരത്തിലെ വിജയം യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഫൈനലില്‍ ഒരേയൊരു ഗോള്‍ മാത്രം പിറന്നത്. ആ ഗോളാവട്ടെ പെനാല്‍റ്റിയുടെ സൃഷ്ടിയും! തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളിലൂടെ അര്‍ജന്റീനയുടെ ഗോള്‍വലയം കാത്ത സെര്‍ജിയോ ഗോയ്ക്കോഷ്യയുടെ മികവും ഇവര്‍ക്ക് രക്ഷയായില്ല. മുന്‍ ലോകചാമ്പ്യന്മാര്‍ എന്ന ആധികാരികതയോടെ ഇറ്റലിയിലെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങിയ അര്‍ജന്റീനയെ നവാഗതരായ കാമറൂണ്‍ തറപറ്റിച്ചു!
1994 -ല്‍ അമേരിക്കയാണ് ലോകകപ്പിന് വേദിയായത്. ഈ ലോകകപ്പില്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട മറഡോണ പുറത്താക്കപ്പെട്ടു! പിന്നീടുള്ള ഓരോ ലോകകപ്പിലും ഉജ്ജ്വല ഫോമില്‍തന്നെയാണ് അര്‍ജന്റീന മത്സരത്തിനിറങ്ങിയത്. എന്നാല്‍, ഒരിക്കല്‍പ്പോലും ലോകകപ്പില്‍ മുത്തമിടാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല! നീണ്ട മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ലോകകപ്പുപോലും നേടാന്‍ അര്‍ജന്റീനയ്ക്ക് കഴിയാത്തത് കളി മോശമായതുകൊണ്ടോ നല്ല കളിക്കാര്‍ ഇല്ലാതുകൊണ്ടോ അല്ല! ഇവിടെയാണ് 'ദൈവത്തിന്റെ കൈ' മനോവ കാണുന്നത്! തങ്ങളുടെ തിന്മകള്‍ക്കു മറപിടിക്കാന്‍ ദൈവത്തെ കൂട്ടുപിടിക്കുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും ഇതൊരു വലിയ പാഠമാണ്!
ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ തിന്മ ആ രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണമാകും. ദൈവനിഷേധികളായ ഭരണാധികാരികളുടെ കീഴില്‍ ഭരണം നടന്നപ്പോഴൊക്കെ ഇസ്രായേല്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. അര്‍ജന്റീനയുടെ ക്യാപ്ടന്‍ സ്ഥാനത്തു നിന്നുകൊണ്ടാണ് മറഡോണ ദൈവത്തിന്റെ നാമം ദുരുപയോഗിച്ചത്! ടീമിലെ ഒരു കളിക്കാരന്റെ പ്രവൃത്തിയേക്കാള്‍ സാരമായത് നായകന്റെ പ്രവൃത്തികളാണ്. എന്തെന്നാല്‍, രാജാവിന്റെ ശബ്ദം രാജ്യത്തിന്റെ ശബ്ദമായിരിക്കുന്നതുപോലെയാണ് ഏതൊരു ടീമിന്റെയും നായകന്റെ ശബ്ദം പരിഗണിക്കപ്പെടുന്നത്. 'ദൈവത്തിന്റെ കൈ' എന്ന പ്രയോഗത്തിലൂടെ മറഡോണ തന്റെ ടീമിന്റെമേല്‍ ദൈവകോപം ക്ഷണിച്ചുവരുത്തി! മറഡോണയുടെ അധഃപതനം ആരംഭിച്ചതും അവിടെനിന്നാണ്!
ഇത് നമുക്കുമുന്നില്‍ ഒരു ദൃഷ്ടാന്തമാണ്. തന്റെ തിന്മകളെ ന്യായീകരിക്കുന്നതിനായി ദൈവത്തിന്റെ നാമം ദുരുപയോഗിക്കുന്നവന്‍ ശിക്ഷയേല്‍ക്കാതിരിക്കില്ല. ഗൃഹനാഥന്റെ തിന്മ ഭവനത്തെയും രാജാവിന്റെ തിന്മ രാജ്യത്തെയും വേട്ടയാടും! സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള നാമമല്ല സൈന്യങ്ങളുടെ ദൈവത്തിന്റെ നാമം! ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: "സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്ക്കോല്‍ പോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്"(മലാക്കി: 4; 1, 2). ദൈവത്തിന്റെ നാമത്തെ ഭയപ്പെടാത്തവര്‍ അഹങ്കാരികളാണ്. അങ്ങനെയുള്ളവര്‍ ദൈവനാമത്തിന്റെ ശക്തി തിരിച്ചറിയുകയോ മഹത്വപ്പെടുത്തുകയോ ചെയ്യുന്നില്ല! നര്‍മ്മം പറയാനും വഷളത്തരം പറയാനുമായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, തങ്ങള്‍ ചെയ്യുന്ന പാപത്തിന്റെ ഗൗരവം ഇവരില്‍ പലരും അറിയുന്നില്ല. നിരുത്തരവാദപരമായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നതിനെ കല്പനയിലൂടെ വിലക്കിയത് ദൈവംതന്നെയാണ്!
സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയ കല്ലേപ്പിളര്‍ക്കുന്ന കല്പന ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്ഷിക്കാതെ വിടുകയില്ല"(പുറ: 20; 7). ഈ ലേഖനത്തിലൂടെ മനോവ പറഞ്ഞുവയ്ക്കുന്നതും ഇതുതന്നെയാണ്. എന്തിനുമേതിനും ദൈവത്തെ വിളിച്ച് അവിടുത്തെ നാമം മലിനമാക്കുന്നവര്‍ ജാഗ്രതപാലിക്കണം. അവിടുത്തെ നാമം രക്ഷിക്കുന്ന നാമമാണ്. അവിടുത്തെ മഹത്വപ്പെടുത്താനും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കാനും അവിടത്തോടു പ്രാര്‍ത്ഥിക്കാനുമാണ് ആ പരിശുദ്ധനാമം ഉപയോഗിക്കാന്‍ പാടുള്ളു. എന്നാല്‍, ചിലരെങ്കിലും ഈ കല്പനയെ തെറ്റായി ധരിച്ചുവച്ചിട്ടുണ്ട്. വൃഥാ ഉപയോഗിക്കരുത് എന്നു കല്പിച്ചിരിക്കുന്നതിനാല്‍, ആ പരിശുദ്ധനാമം ഉപയോഗിക്കുവാന്‍പോലും ഇവര്‍ ഭയപ്പെടുന്നു. അതിനാല്‍ത്തന്നെ, ആ നാമത്തിനു പകരമായ നാമം കണ്ടെത്തുകയും അത് ലോകത്തിന് ഒരു കെണിയായി പരിണമിക്കുകയും ചെയ്തു. വ്യാജനാമങ്ങളില്‍ വിളിച്ചാല്‍ വിളികേള്‍ക്കുന്ന വ്യാജദേവനല്ല സത്യദൈവമെന്നു മനസ്സിലാക്കാന്‍ സാധിക്കാത്തവിധം ഇവരുടെ ബുദ്ധി മന്ദീഭവിച്ചുപോയി.
തന്റെ സ്വന്തം ജനത്തിന് അനുസ്മരിക്കാനും വിളിച്ചപേക്ഷിക്കുവാനും മഹത്വപ്പെടുത്തുവാനുമായി സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വെളിപ്പെടുത്തിയതാണ് അവിടുത്തെ നാമം! അവിടുന്ന് ഈ നാമം വെളിപ്പെടുത്തിയപ്പോള്‍ ഒരു ശാസനയും നല്‍കി. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). എന്നാല്‍, ദൈവജനം അവിടുത്തെ ശാസനയ്ക്ക് വിലകൊടുത്തില്ല. സൈന്യങ്ങളുടെ ദൈവത്തിന്റെ നാമമായ 'യാഹ്‌വെ' എന്ന പരിശുദ്ധ നാമത്തിനു പകരമായി അനേകം നാമങ്ങളും നാമവിശേഷണങ്ങളും അവര്‍ കണ്ടെത്തി. ഇന്ന് യാഹ്‌വെ എന്ന പരിശുദ്ധനാമം വിസ്മൃതിയിലായി. ഇന്ന് പലര്‍ക്കും ഈ നാമം അറിയില്ലെന്നതും വലിയ അപകടമാണ്. എന്തെന്നാല്‍, വചനം ഇപ്രകാരം പറയുന്നു: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും"(സങ്കീ: 91; 14, 15). അവിടുത്തെ നാമം അറിയുകയും ആ നാമം വിളിച്ച് അപേക്ഷിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നുവെങ്കിലും അന്ത്യകാലത്തേക്ക് അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്ന അവിടുത്തെ ജനതയ്ക്ക് ഈ നാമം അവിടുന്ന് വെളിപ്പെടുത്തും. ഈ പ്രവചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും, ഏക മനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും"(സെഫാനിയാ: 3; 9).
ദൈവത്തിന്റെ നാമം അറിയാതെ എങ്ങനെയാണ് അവിടുത്തെ നാമത്തില്‍ ശുശ്രൂഷചെയ്യാനും അവിടുത്തെ നാമത്തില്‍ മറ്റെന്തെങ്കിലും ചെയ്യാനും കഴിയുന്നത്? ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: "നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം യേഹ്ശുവാ വഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍"(കൊളോ: 3; 17). അവിടുത്തെ നാമം അറിയേണ്ടതിന്റെ ആവശ്യകതയാണ് ഈ വചനങ്ങളിലൂടെയെല്ലാം നാം മനസ്സിലാക്കേണ്ടത്. ഈ വിഷയങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ നിലവിലുണ്ട്. അതിനാല്‍ത്തന്നെ, അവിടുത്തെ നാമത്തിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാം.
അകൃത്യങ്ങള്‍ക്കു മറയിടാന്‍ ദൈവനാമം ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗമായി പരിഗണിക്കപ്പെടും. എപ്പോഴും ദൈവത്തെ സ്തുതിക്കുന്നത് ദുരുപയോഗമല്ല; അത് ദൈവത്തിനു പ്രീതികരമായ പ്രവൃത്തിയാണ്. യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: "ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?"(മത്താ:21;16). ദൈവത്തെ മഹത്വപ്പെടുത്താന്‍ അവിടുത്തെ നാമം ഉപയോഗിക്കുന്നത് ദുരുപയോഗമായി കാണേണ്ടതില്ല. ഇസ്ലാംമതക്കാര്‍ അവരുടെ ദൈവത്തിന്റെ പേരുപയോഗിച്ചാണ് എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്നത്. ക്രിസ്ത്യാനികളുടെ കഴുത്തറുക്കുമ്പോഴും അവര്‍ അവരുടെ ദേവന്റെ നാമം ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഹിന്ദു ഭീകരന്മാര്‍ അവരുടെ ദേവന്മാരുടെ പേരുപയോഗിച്ചു നടത്തുന്ന ഭീകരതയും നാം കണ്ടിട്ടുണ്ട്. എല്ലാക്കാര്യത്തിനും തങ്ങളുടെ ആരാധനാമൂര്‍ത്തികളുടെ പേരുപയോഗിക്കുന്നത് വിജാതിയ ശൈലിയാണ്! എന്നാല്‍, ദൈവമക്കളായ നമ്മേ സംബന്ധിച്ചിടത്തോളം നമ്മുടെ ദൈവം പരിശുദ്ധനും അസഹിഷ്ണുവുമാണ്. അവിടുത്തെ നാമത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്നകാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നമുക്കു നല്‍കപ്പെട്ടിരിക്കുന്നു.
ദൈവത്തെക്കൊണ്ട് ആണയിടരുതെന്നു കല്പിച്ചത് യേഹ്ശുവായാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "വ്യാജമായി ആണയിടരുത്; യാഹ്‌വെയോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വ്വികരോടു കല്പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ട് ആണയിടരുത്; അത് ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും ആണയിടരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു"(മത്താ: 5; 33-37). ദൈവത്തെ വിളിച്ചുള്ള ആണയിടല്‍ മാത്രമല്ല യേഹ്ശുവാ വിലക്കിയത്; ദൈവവുമായി ബന്ധപ്പെട്ട ഒന്നിനെക്കൊണ്ടും ആണയിടരുതെന്ന്‍ അവിടുന്ന് കല്പിച്ചു. ഈ കല്പനയോടു ചേര്‍ന്നുനില്‍ക്കുന്നവരാണ് ദൈവമക്കള്‍! ഇതിനു വിരുദ്ധമായ ശപഥങ്ങള്‍ ദുഷ്ടനില്‍നിന്നാണ് വരുന്നതെന്ന മുന്നറിയിപ്പും യേഹ്ശുവാ നമുക്കു നല്‍കിയിരിക്കുന്നു.
ദൈവം എന്നതു നാമമല്ല!
ദൈവം എന്നത് ഒരു പേരല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയെങ്കില്‍, ദൈവം എന്ന പദം ഉപയോഗിക്കുന്നതുകൊണ്ട് തെറ്റുണ്ടോ എന്ന ചോദ്യമുയരുക സ്വാഭാവികം. മാത്രവുമല്ല, വിജാതിയര്‍ എല്ലാക്കാര്യത്തിനും ദൈവത്തെ വിളിച്ച് ആണയിട്ടിട്ടും അവര്‍ക്ക് ഉപദ്രവമൊന്നും വരുന്നുമില്ല! എന്താണിതിനു കാരണം? ദൈവം എന്നത് ഒരു നാമം അല്ലാത്തതുകൊണ്ടും അതൊരു പദവിയായതുകൊണ്ടും, ദൈവം എന്ന് ഉച്ചരിക്കുമ്പോള്‍ സത്യദൈവത്തിന്റെ നാമം അവമതിക്കപ്പെടുന്നില്ല എന്ന വാദത്തെ ആദ്യം പരിഗണിക്കാം. ഒരുപരിധിവരെ ഈ വാദത്തില്‍ കഴമ്പുണ്ട്. എന്നാല്‍, ഒരു ക്രിസ്ത്യാനി ദൈവമെന്നു വിളിക്കുകയോ ദൈവത്തെക്കുറിച്ചു ചിന്തിക്കുകയോ ചെയ്യുമ്പോള്‍ അവന്റെ മനസ്സില്‍ തെളിഞ്ഞുവരുന്നത് യേഹ്ശുവായുടെ മുഖമായിരിക്കും. ഇത് മനഃശാസ്ത്രപരമായ ഒരു അവസ്ഥാന്തരമാണ്. പിതാവിനെയും മാതാവിനെയും അറിയാവുന്ന വ്യക്തികള്‍ അവരെക്കുറിച്ചു സംസാരിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് അവരുടെ മുഖമായിരിക്കുമെന്നു നമുക്കറിയാം. ഏതൊരു വ്യക്തികളെ അനുസ്മരിക്കുമ്പോഴും ഇതു ബാധകമാണ്. അതായത്, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈവം എന്നു പറഞ്ഞുകൊണ്ട് നടത്തുന്ന ശപഥങ്ങളില്‍ അനുസ്മരിക്കപ്പെടുന്നത് സത്യദൈവത്തിന്റെ മുഖമായിരിക്കും! ക്രിസ്ത്യാനിയായിരുന്ന മറഡോണ 'ദൈവത്തിന്റെ കൈ' എന്ന പ്രയോഗം നടത്തിയപ്പോള്‍ അനുസ്മരിക്കപ്പെട്ടത് യേഹ്ശുവായെ ആയിരുന്നു. ഇതാണ് അയാളുടെ വാക്കുകളിലൂടെ കടന്നുവന്ന ദുരന്തം! പുതൃക്കയില്‍ പറഞ്ഞ 'കൈയ്യൊപ്പും' ഈ ദൈവത്തിന്റെതായതിനാല്‍, നൂറുശതമാനം സത്യം അദ്ദേഹത്തിന്റെ പക്ഷത്തില്ലെങ്കില്‍, അതിന്റെ ദുരന്തഫലം സമീപഭാവിയില്‍ നമുക്കു ദര്‍ശിക്കാന്‍ സാധിക്കും.
ഇനി ഇസ്ലാമിന്റെ കാര്യം ചിന്തിക്കാം. ഇസ്ലാംമതക്കാര്‍ എല്ലാക്കാര്യത്തിലും അവരുടെ ദേവന്റെ നാമമായ അല്ലാഹു എന്ന നാമത്തെ കൂട്ടുപിടിക്കാറുണ്ട്. നിരപരാധികളെ കൊന്നുടുക്കുമ്പോഴും ചാവേറുകളായി പൊട്ടിത്തെറിക്കുമ്പോഴും അവര്‍ ഈ നാമം വിളിച്ച് അവരുടെ ദേവനെ മഹത്വപ്പെടുത്തുന്നു. ആവശ്യത്തിനും അനാവശ്യത്തിനും, നന്മചെയ്യാനും തിന്മചെയ്യാനും ഈ നാമം വിളിക്കുകയെന്നത് ഇസ്ലാമിന്റെ പൊതുശൈലിയാണെന്നു നമുക്കറിയാം. ഇവിടെ നാം മനസ്സിലാക്കേണ്ടത് സത്യദൈവമായ യാഹ്‌വെയും ഇസ്ലാമിന്റെ ദേവനായ അല്ലാഹുവും തമ്മിലുള്ള അന്തരമാണ്! യാഹ്‌വെ എന്ന നാമത്തിന്റെ പരിശുദ്ധിയും പരമശക്തിയും അല്ലാഹു എന്ന നാമത്തിനില്ല. ഈ നാമം ഉരുവിടുന്ന ഇസ്ലാമിന്റെ മനസ്സില്‍ സത്യദൈവത്തിന്റെ രൂപമോ ചിന്തകളോ ഇല്ല; മറിച്ച്, അല്ലാഹുവിന്റെയും മുഹമ്മദിന്റെയും സ്മരണകള്‍ മാത്രമാണ് അവരുടെ മനസ്സുകളില്‍ അങ്കുരിക്കുന്നത്. അതിനാല്‍ത്തന്നെ, സത്യദൈവത്തിന്റെ നാമം അവര്‍ ദുരുപയോഗിക്കുന്നുമില്ല ഉപയോഗിക്കുന്നുമില്ല!
ഇതുതന്നെയാണ് ഹിന്ദുക്കളടക്കം മറ്റെല്ലാ വിജാതിയരുടെയും അവസ്ഥ! അവര്‍ വിളിക്കുന്ന ദേവീ-ദേവന്മാരുമായി സത്യദൈവമായ യാഹ്‌വെയ്ക്കു യാതൊരു ബന്ധവുമില്ല. അവര്‍ അവരുടെ ദേവീ-ദേവന്മാരുടെ നാമം പറയാതെ, ദൈവം എന്നു മാത്രം പറഞ്ഞാലും സത്യദൈവത്തെ അത് ബാധിക്കുന്നില്ല. കാരണം, അവര്‍ ദൈവമെന്നു വിളിക്കുമ്പോള്‍ അവരുടെ മനസ്സില്‍ കടന്നുവരുന്ന രൂപം അവര്‍ ആരാധിക്കുന്ന ഏതെങ്കിലും മൂര്‍ത്തികളുടെ രൂപമായിരിക്കും. വിജാതിയര്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് പിശാചിനെയാണെന്നു നമുക്കറിയാം. ഈ വെളിപ്പെടുത്തല്‍ നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, വിജാതിയര്‍ വിളിക്കുന്ന വിളിയില്‍ ഓടിയെത്തുന്നത് സാത്താനാണ്. എന്തെന്നാല്‍, തന്റെ ആശ്രിതര്‍ ദൈവമെന്നു വിളിക്കുന്നത് തന്നെയാണെന്നു പിശാചിനറിയാം. ഗുളികന്‍, രാഹു തുടങ്ങിയ മാരണങ്ങളെപ്പോലും 'ദൈവം' എന്നു സംബോധനചെയ്യുന്നവരാണ് ഹിന്ദുക്കള്‍! അതുപോലെ, വിജാതിയര്‍ ദൈവം എന്ന് വിളിക്കുന്നത് തന്നെയല്ലെന്നു സത്യദൈവത്തിനു നല്ല നിശ്ചയമുണ്ട്. സാത്താനെ സംബന്ധിച്ചിടത്തോളം അവന്റെ നാമം എന്തുകാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിലും അവനു പരാതിയില്ല. കള്ളസാക്ഷ്യം നല്‍കാനോ വ്യാജമായ കാര്യങ്ങള്‍ക്കോ അവന്റെ നാമം ഉപയോഗിക്കുന്നത് അവനെ കൂടുതല്‍ സന്തോഷിപ്പിക്കും. ദൈവത്തിന്റെ ഛായയിലുള്ള മനുഷ്യനെതിരെ ഏതുവിധത്തിലുള്ള തിന്മയും ആരോപിക്കാന്‍ അവന്റെ നാമം ഉപയോഗിക്കുന്നത് പിശാചിന് ഏറെ സന്തോഷം ഉളവാക്കുന്ന കാര്യമാണ്! അവന്റെ നാമം ഉപയോഗിച്ചുകൊണ്ട് ആരെ ദുഷിക്കുന്നതും അവന്‍ സ്വാഗതം ചെയ്യുന്നു.
പിശാചിന്റെ നാമത്തില്‍ ചെയ്യാവുന്ന അനേകം പ്രവര്‍ത്തികളുണ്ട്. പിശാചിനെ സംബന്ധിച്ച് യേഹ്ശുവാ അറിയിച്ച വചനം ശ്രദ്ധിക്കുക: "അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍ സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്"(യോഹ: 8; 44). പിശാചിന്റെ സ്വഭാവങ്ങളില്‍ ചിലതാണിത്. കൊലപാതകിയും നുണയനുമായ പിശാചിനെ സംബന്ധിച്ചിടത്തോളം കൊലയാളികളും നുണയന്മാരും സ്വീകാര്യരാണ്. അവര്‍ ഈ പാപങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തങ്ങളുടെ പിതാവായ പിശാചിന്റെ നാമം ഏറ്റുപറയുന്നു. ഇസ്ലാമിക ഭീകരന്മാര്‍ ആക്രമണം നടത്തുമ്പോള്‍ തങ്ങളുടെ ദൈവവും പിതാവുമായ പിശാചിന്റെ നാമം ഉച്ചത്തില്‍ പ്രഘോഷിക്കുന്നത് ഇക്കാരണത്താലാണ്!
ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, വിജാതിയര്‍ ദൈവത്തെ വിളിച്ച് ആണയിടുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്താലും, അവരുടെമേല്‍ ദുരന്തങ്ങള്‍ കടന്നുവരുന്നില്ല. ആണയിടരുതെന്നോ ശപഥം ചെയ്യരുതെന്നോ അവരുടെ ദേവന്മാര്‍ അവരോടു കല്പിച്ചിട്ടില്ല. എന്നാല്‍, ക്രിസ്ത്യാനികളുടെ കാര്യം അങ്ങനെയല്ല; ക്രിസ്ത്യാനികളുടെ ദൈവം പരിശുദ്ധമായ നാമം വഹിക്കുന്നവനും അസഹിഷ്ണുവുമാണ്. അശുദ്ധിയിലും അസത്യത്തിലും അവിടുത്തേക്കു വസിക്കാന്‍ സാധിക്കില്ല. മലിനരായ വ്യക്തികളുടെയിടയില്‍ അവിടുന്ന് വ്യാപരിക്കുകയുമില്ല! ആയതിനാല്‍, എന്തെങ്കിലും കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമം ഉപയോഗിക്കുന്നത് അപകടമാണെന്നു തിരിച്ചറിഞ്ഞ് അതില്‍നിന്നു പിന്മാറുക! നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്!
വളരെ പ്രധാനപ്പെട്ട ഒരു കാര്യംകൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ചില അവസരങ്ങളില്‍ പ്രതിജ്ഞയെടുക്കേണ്ടത് അനിവാര്യമായിവരും. ഉദാഹരണത്തിന്: ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോഴും കോടതിയില്‍ സാക്ഷിയാകേണ്ടി വരുമ്പോഴും പ്രതിജ്ഞ നിര്‍ബ്ബന്ധമാണ്. ഇവിടെ രണ്ടുതരം പ്രതിജ്ഞകള്‍ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ദൈവനാമത്തിലുള്ള പ്രതിജ്ഞയും ദൃഢപ്രതിജ്ഞയുമാണ് അവ. ഇവിടെ കമ്മ്യുണിസ്റ്റുകളുംടെയും നിരീശ്വരവാദികളുടെയും തിരഞ്ഞെടുപ്പിനെ അനുകരിക്കുന്നതാണ് ഉത്തമം. സഗൗരവം പ്രതിജ്ഞചെയ്യുക! മനുഷ്യനു പിഴവുകള്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ടുതന്നെ, ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നത് അപകടമാണ്. എന്തെന്നാല്‍, അവിടുത്തെ നാമത്തില്‍ പ്രതിജ്ഞയെടുത്ത ഒരുവന് ഒരു ചെറിയ പിഴവുപോലും സംഭവിക്കാന്‍ പാടില്ല. മാത്രവുമല്ല, ദൈവത്തിന്റെ നാമത്തിലുള്ള ആണയിടല്‍ യേഹ്ശുവാ നിരോധിച്ചതുമാണ്!
ഉപസംഹാരം!
മറിയക്കുട്ടി കൊലക്കേസും അഭയക്കേസും താരതമ്യം ചെയ്തുകൊണ്ടാണ് നാം ആരംഭിച്ചത്. തെളിവുകളുടെ അഭാവത്താല്‍ സ്വതന്ത്രരാക്കപ്പെടുന്ന കുറ്റവാളികളെയും, തെളിവുകള്‍ എതിരായി വരുമ്പോള്‍ ശിക്ഷിക്കപ്പെടുന്ന നിരപരാധികളെയും സൂചിപ്പിക്കാനാണ് ഈ താരതമ്യപഠനം ആവശ്യമായിവന്നത്. അഭയക്കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ കുറ്റവാളികളാണെന്നു സ്ഥിരീകരിക്കാന്‍ മനോവ ഇവിടെ ശ്രമിച്ചിട്ടില്ല. എന്നാല്‍, അഭയയെ കൊലപ്പെടുത്തിയത് ആരാണെന്ന് മഠത്തിലെ അധികാരികള്‍ക്കും ക്നാനായ സഭയിലെ ഉന്നതര്‍ക്കും അറിയാം. ഈ സാഹചര്യത്തില്‍ പുതൃക്കയിലിന്റെ മോചനത്തെ ആരെയുംപോലെ സംശയത്തോടെ വീക്ഷിക്കാനാണ് മനോവയ്ക്കും സാധിക്കുകയുള്ളു. ഇവിടെയാണ് ജോസ് പുതൃക്കയില്‍ ഉയര്‍ത്തിയ 'ദൈവത്തിന്റെ കയ്യൊപ്പ്' എന്ന പ്രയോഗം ചോദ്യചെയ്യപ്പെടുന്നത്. അനീതിയോ നീതിയോ എന്തുതന്നെയോ ആകട്ടെ, ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിച്ചുകൊണ്ട് അവ സ്ഥിരീകരിക്കാന്‍ ശ്രമിക്കരുത്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-