31 - 12 - 2016
ക്രിസ്ത്യാനികളുടെ പേരില്‍ അറിയപ്പെടുന്ന ക്രിസ്തീയവിരുദ്ധ പ്രസിദ്ധീകരണമാണ് ദീപിക! ക്രിസ്തീയ വിരുദ്ധത എന്നത് ആഗോളതലത്തിലുള്ള മാധ്യമ അജണ്ടയാണ്. ക്രിസ്ത്യാനികള്‍ക്ക് മനുഷ്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍ ഒരു മാധ്യമങ്ങളെയും മനുഷ്യസ്നേഹികളായി ചമഞ്ഞുനടക്കുന്ന സാംസ്കാരിക കോമാരങ്ങളെയും എവിടെയും കാണാറില്ല. എന്നാല്‍, ഏതെങ്കിലും ക്രൈസ്തവരാജ്യങ്ങളില്‍ ഒരു അന്യമത വിശ്വാസിയുടെ നേരെ ആരെങ്കിലും തുറിച്ചുനോക്കിയാല്‍ വംശീയ വിദ്വേഷം എന്നപേരില്‍ ഒന്നാംപേജില്‍ വാര്‍ത്തയാകും. ഇസ്ലാമികരാജ്യങ്ങളില്‍ ക്രിസ്ത്യാനികളെ കഴുത്തറുത്തു കൊന്നാലും പിഞ്ചുകുഞ്ഞുങ്ങളെ പൈശാചികമായി വകവരുത്തിയാലും മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയല്ല. ക്രിസ്തീയ വിശ്വാസങ്ങളെ ഹനിക്കുന്ന ആവിഷ്ക്കാരങ്ങളുമായി രംഗത്തിറങ്ങുന്ന വിഷജീവികളെ സംരക്ഷിക്കാനും മാധ്യമങ്ങള്‍ മത്സരിക്കുന്നു. ഇത്തരം മാധ്യമ ജീര്‍ണ്ണതകള്‍ നിലനില്‍ക്കുമ്പോള്‍, വേറിട്ടൊരു ശബ്ദമാണ് ക്രിസ്ത്യാനികള്‍ ആഗ്രഹിക്കുന്നത്. തങ്ങള്‍ക്കുവേണ്ടി അനര്‍ഹമായ പരിഗണനയൊന്നും ക്രൈസ്തവര്‍ ആവശ്യപ്പെടുന്നില്ല; മറിച്ച്, ക്രിസ്ത്യാനിയായി എന്നതിന്റെ പേരില്‍ നീതിരഹിതമായി മാധ്യമവിചാരണ നേരിടുമ്പോള്‍, സത്യത്തിന്റെ പക്ഷത്തുനില്‍ക്കുന്ന ഒരു ശബ്ദം ക്രൈസ്തവര്‍ ആഗ്രഹിക്കുന്നു. കത്തോലിക്കാസഭയുടെ നേരിട്ടുള്ള നിയന്ത്രണം അവകാശപ്പെടുന്ന പത്രമായ ദീപികയില്‍നിന്നു വിശ്വാസികള്‍ ഇത് ആഗ്രഹിക്കുന്നത് അതിമോഹമല്ല. എന്തെന്നാല്‍, വിശ്വാസികള്‍ നല്‍കിയ പണം കൊണ്ടാണ് ദീപിക പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, ക്രിസ്തീയതയ്ക്കെതിരേ ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കുതന്ത്രങ്ങളുടെ കുഴലൂത്തുകാരായി ദീപിക അധഃപതിച്ചുപോയി! ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി നെഞ്ചുപൊട്ടി കരയുന്നതില്‍ ഇവരേക്കാള്‍ കേമന്മാര്‍ കേരളത്തിലില്ല. ദീപിക എന്ന ദിനപ്പത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന ഈ യാഥാര്‍ത്ഥ്യങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് മനോവ ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, മറ്റേതെങ്കിലും മാധ്യമങ്ങളെ പിന്തുണയ്ക്കാനോ അവയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനോ ഇവിടെ ശ്രമിക്കുന്നില്ല. എന്നാല്‍, ക്രിസ്തീയതയോട് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന അസഹിഷ്ണുത വെളിവാക്കാന്‍ മനോവ ശ്രമം നടത്തും.
ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ വിഷയങ്ങളിലും മനുഷ്യത്വത്തിന്റെ പക്ഷത്തുനിന്ന് പ്രവര്‍ത്തിച്ച സമൂഹമാണ് ക്രൈസ്തവര്‍! ലോകത്തിന്റെ ഏതു കോണിലും കടന്നുചെന്ന് പീഡിതര്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ ക്രിസ്ത്യാനികളോളം പങ്കുവഹിച്ച മറ്റൊരു സമൂഹവും ഇന്നുവരെ ഈ ഭൂമുഖത്തുണ്ടായിട്ടില്ല. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും സാന്ത്വനം നല്‍കാനും എക്കാലത്തും ക്രിസ്ത്യാനികള്‍ ഉണ്ടായിട്ടുണ്ട്. സമൂഹം പുറന്തള്ളിയ ജീവിതങ്ങളെ ഏറ്റെടുത്തു പരിപാലിക്കാന്‍ എന്നും ക്രിസ്ത്യാനികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ! എന്നിരുന്നാലും, അകാരണമായ പീഡനം മാത്രമാണ് ക്രിസ്ത്യാനികള്‍ക്ക് പ്രതിഫലമായി ലഭിച്ചിട്ടുള്ളൂ. ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഇന്നോളം പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ക്രിസ്തീയതയോട് ലോകത്തിന്റെ ഈ അസഹിഷ്ണുതയ്ക്ക് എന്തെങ്കിലും കാരണമുണ്ടോ? ആരെയെങ്കിലും ദ്രോഹിക്കാന്‍ പഠിപ്പിക്കുന്ന മതമാണോ ക്രിസ്തുമതം? എവിടെയെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്തീയ സഭകള്‍ നേതൃത്വം കൊടുക്കുന്നുണ്ടോ? ഇതിന്റെയൊന്നും കാരണങ്ങള്‍ അന്വേഷിച്ച് മറ്റെവിടെയും പോകേണ്ടാ; എല്ലാറ്റിന്റെയും ഉത്തരം ബൈബിളിലുണ്ട്. ബൈബിള്‍ നല്‍കുന്ന ഉത്തരം എന്താണെന്നു നോക്കുക: "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്പെടും"(മത്താ: 10; 22).
യേഹ്ശുവാ വീണ്ടും അരുളിച്ചെയ്യുന്നു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19). ലോകത്തിനു സ്വീകരിക്കാന്‍ കഴിയാത്ത ഒരു ജനതയാണ് ദൈവത്തിന്റെ ജനം! കാരണം, ഈ ലോകം സാത്താന്റെ ആധിപത്യത്തിലാണ്. കലാ-സാംസ്കാരിക രംഗം മുഴുവനും അവന്റെ അധീനതയിലായിരിക്കുന്നതുകൊണ്ട്, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ദൈവദൂഷകര്‍ സംഘംചേരും. ഇവരെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങള്‍ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും അണിനിരക്കും! യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ലോകത്തിന്റെ ആദരവിനു പാത്രമാകില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. അതുപോലെതന്നെ, മാധ്യമങ്ങളെല്ലാം പിശാചിനും അവന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കും വിടുവേല ചെയ്യുമ്പോള്‍ ക്രിസ്ത്യാനികള്‍ അദ്ഭുതപ്പെടുകയും ചെയ്യരുത്. എന്നാല്‍, ക്രിസ്ത്യാനികളുടെ ചിലവില്‍ ക്രിസ്തീയതയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ അതിന് അനുവദിച്ചുകൂടാ! ദീപിക ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്! ക്രിസ്ത്യാനികളുടെ പത്രം എന്നപേരില്‍ നിലകൊള്ളുന്നതുകൊണ്ട് ദീപികയിലെ വാര്‍ത്തകള്‍ക്ക് ആധികാരികത കല്പിക്കുന്ന അനേകം വിശ്വാസികളുണ്ട്. വൈദീകരുടെ വേഷത്തില്‍ കടന്നുവന്നു പറഞ്ഞാല്‍ ഏതു ദൈവനിഷേധത്തെയും സ്വീകരിക്കുന്ന ദുര്‍ബ്ബലരായ വിശ്വാസികള്‍ ഉള്ളതുപോലെ, വൈദീകരുടെ മേല്‍വിലാസത്തില്‍ നിലകൊള്ളുന്ന ദീപികയുടെ വാക്കുകളെയും അന്ധമായി ഇവര്‍ വിശ്വസിക്കുന്നു. അതിനാല്‍, ദീപിക എന്ന പത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും, ഈ പത്രത്തിന്റെ രഹസ്യ അജണ്ടകളും വിശ്വാസികള്‍ക്കു മുന്നില്‍ അനാവരണം ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു.
കത്തോലിക്കാസഭയുടെ മാധ്യമരംഗം!
ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നും, മലയാളത്തിലെ ആദ്യത്തെ ദിനപത്രവുമാണ് ദീപിക. 1887-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രം ഇപ്പോള്‍ കോട്ടയം, കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍നിന്നും പ്രസിദ്ധീകരിക്കുന്നു. നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്ന കത്തോലിക്കാ പുരോഹിതനാണ് 'നസ്രാണി ദീപിക' എന്ന പേരില്‍ ഈ പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂര്‍-പുത്തന്‍കൂര്‍ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട 'നസ്രാണി ജാത്യൈക്യസംഘം' എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങള്‍ക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. 'പൊതുവായ പത്രം' എന്ന പദ്ധതി നടപ്പായില്ലെങ്കിലും സംഘത്തിലെ കത്തോലിക്കര്‍ മുപ്പതിലധികം വൈദികരുടെയും അത്മായ പ്രതിനിധികളുടെയും നേതൃത്വത്തില്‍ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന മാര്‍ സലീനോസിനെ സന്ദര്‍ശിച്ച് ഒരു പത്രം തുടങ്ങുന്നതിനുള്ള അനുമതി നേടിയെടുത്തു. 1887 ഏപ്രില്‍ 15-നാണ് പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. കോട്ടയത്തിനടുത്തുള്ള മാന്നാനത്തെ സെന്റ്. ജോസഫ് അച്ചടിശാലയിലെ തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്. 130 വര്‍ഷം പഴക്കമുള്ള ഈ പത്രത്തിന്റെ ആദ്യ ചീഫ് എഡിറ്റര്‍ നിധീരിക്കല്‍ മാണിക്കത്തനാരായിരുന്നു.
അല്പകാലത്തിനകം നസ്രാണി ദീപിക പത്രം 'ജാത്യൈക്യസംഘ'വുമായി പിരിഞ്ഞു മാന്നാനം ആശ്രമത്തിന്റെ നേരിട്ടുള്ള ചുമതലയിലായി. പിന്നീട് ഒരു നൂറ്റാണ്ട് കത്തോലിക്കാ സഭയുടെ കീഴിലുള്ള സി.എം.ഐ സന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലാണ് ദീപികക്ക് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്. കത്തോലിക്കാസഭയിലെ കച്ചവടക്കാരെന്നു കുപ്രസിദ്ധി നേടിയിട്ടുള്ള സി. എം. ഐ സന്യാസ സമൂഹത്തിന്റെ കീഴില്‍ എന്തുകൊണ്ട് ദീപിക സാമ്പത്തീക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയെന്നത് ദുരൂഹമാണ്. ഇത് കെട്ടിച്ചമച്ച പ്രതിസന്ധിയായിരുന്നുവെന്നതാണ് യഥാര്‍ത്ഥ സത്യം. കത്തോലിക്കാസഭയുടെ കീഴില്‍ എന്തെങ്കിലും ഒരു സ്ഥാപനത്തിനു തുടക്കമിട്ടാല്‍, അതിനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കുകയെന്നത് സി. എം. ഐ ഗ്രൂപ്പിന്റെ ശൈലിയാണ്. ഇതിനു തെളിവായി അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. ശാലോം ടെലിവിഷനെ 'ഹൈജാക്ക്' ചെയ്തത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്!
ക്രിസ്ത്യാനികളോടോ ക്രിസ്തീയതയോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരും, വെറും കച്ചവട താത്പര്യങ്ങള്‍ മാത്രം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നവരുമായ സി. എം. ഐ എന്ന 'കോര്‍പ്പറേറ്റ്' സ്ഥാപനം നിരത്തിയ നഷ്ടക്കണക്കുകള്‍ ആരാണ് പരിശോധിച്ചത്? കത്തോലിക്കാസഭയുടെ പേരില്‍ കച്ചവടം നടത്തുന്ന ഈ സന്യാസഭയ്ക്ക് മറ്റു വ്യവസായികളില്‍നിന്നു വ്യത്യസ്തമായി ചില സൗകര്യങ്ങളുണ്ട്. സഭയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ നിലകൊള്ളുന്നതുകൊണ്ട് ലഭിക്കുന്ന നികുതിയിളവുകളും മറ്റിതര ആനുകൂല്യങ്ങളുമാണ് ഇവര്‍ ആസ്വദിക്കുന്ന സൗകര്യങ്ങള്‍! ഈ സൗകര്യങ്ങള്‍ വേണ്ടവിധം ആസ്വദിച്ചു മുന്നേറുന്ന സി. എം. ഐ എന്തിനാണ് ദീപികയെ പാപ്പരാക്കിയത്? ദീപികയെ ഒരു 'പബ്ലിക് ലിമിറ്റഡ് കമ്പനി' ആക്കാനുള്ള കുതന്ത്രമായിരുന്നു ഇത്. 1989-ല്‍ ദീപിക ദിനപ്പത്രത്തെ വൈദികരും വിശ്വാസികളും ഡയറക്ടര്‍മാരും ഓഹരി ഉടമകളുമായുള്ള 'രാഷ്ട്രദീപിക ലിമിറ്റഡ്' എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറ്റി. വിപുലീകരണത്തിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സിനിമാ മാസികയും ഇക്കൂട്ടത്തില്‍പ്പെടും!
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാത്യു അറയ്ക്കല്‍ ചെയര്‍മാനായതിനെ തുടര്‍ന്ന് 2005 - ല്‍ കമ്പനിയുടെ ഓഹരികളില്‍ ഏറിയപങ്കും ചില വ്യക്തികള്‍ വാങ്ങിയതും പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ഥിര ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതിയിലൂടെ പുറത്താക്കിയതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കി. സി. എം. ഐ ഒരു കച്ചവട സ്ഥാപനമാണെങ്കില്‍, കാഞ്ഞിരപ്പള്ളി മെത്രാന്‍ വ്യക്തിപരമായിത്തന്നെ ഒരു കച്ചവടക്കാരനാണ്. അനേകം വിവാദങ്ങളില്‍ ഉള്‍പ്പെടുകയും വിവാദ നായകന്മാരുമായുള്ള ബന്ധത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് ഈ മെത്രാന്‍! ഫാരീസ് അബുബക്കറിനെപ്പോലെയുള്ള വിവാദ വ്യവസായിയുമായി ഒരു കത്തോലിക്കാ മെത്രാന്‍ പുലര്‍ത്തുന്ന സൗഹൃദം ദുരൂഹതയുണര്‍ത്തുന്നതാണ്. മെത്രാനുമായുള്ള വ്യക്തിബന്ധത്തിലൂടെ ദീപികയുടെ ഓഹരികള്‍ ഫാരീസ് വാങ്ങിക്കൂട്ടിയത്.
ഫാരിസ് അബുബക്കര്‍ വെറുക്കപ്പെട്ടവന്‍ തന്നെയാണെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. സിംഗപ്പൂരില്‍ വൃക്ക തട്ടിപ്പ് കേസില്‍നിന്ന് പണം കൊടുത്ത് ഒഴിവായ ആളാണ് ഇയാളെന്ന് അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തി. അവിഹിതമായി നേടിയ പണംകൊണ്ടാണ് ഇയാള്‍ ദീപിക പത്രം വിലയ്ക്കുവാങ്ങിയതെന്നും അച്ചുതാനന്ദന്‍ പറഞ്ഞിരുന്നു. പിണറായി വിജയന്റെ ബിനാമിയാണ് ഫാരീസ് അബുബക്കര്‍ എന്നുപോലും മാധ്യമങ്ങള്‍ അന്ന് ചര്‍ച്ചചെയ്തിട്ടുണ്ട്. ദീപികയുടെ നിയന്ത്രണം ഫാരീസിന്റെ കൈകളിലെത്തിയപ്പോള്‍ മുഖപ്രസംഗത്തില്‍പ്പോലും 'പിണറായി ഭക്തി' പ്രകടമായിരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. തങ്ങള്‍ക്ക് അനഭിമതരായിട്ടുള്ളവരെ വെട്ടിനിരത്തുകയും സതീര്‍ത്ഥ്യര്‍ക്ക് ഒശാനപാടുകയും ചെയ്യുന്ന കച്ചവട മാധ്യമങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തില്‍ ദീപിക അധഃപതിച്ചതും മലയാളികള്‍ കണ്ടു.
സഭാധികാരികളുടെയും പത്ര നടത്തിപ്പുകാരുടെയും കെടുകാര്യസ്ഥതമൂലം പലപ്പോഴും പ്രതിസന്ധിയിലായ പത്രത്തെ നിലനിര്‍ത്തിപ്പോന്നത് വിശ്വാസികള്‍ നല്‍കുന്ന സംഭാവനകളിലൂടെയാണ്. പത്രത്തിന്റെ നടത്തിപ്പിലെ പാകപ്പിഴകളോ ഉള്ളടക്കത്തിലെ ധാര്‍മ്മീക നിലവാരമോ ചോദ്യംചെയ്യാന്‍ അവകാശമില്ലാത്തവരും അധികാരികളെ അന്ധമായി വിശ്വസിക്കുന്നവരുമായ അടിമകള്‍ എക്കാലത്തും വിശ്വാസികളുടെ ഭാഗമായി ഉണ്ടായിരുന്നതുകൊണ്ട് ദീപിക നൂറ്റിമുപ്പതു വയസ്സിലേക്കു പ്രവേശിച്ചു. ദീപിക പ്രതിസന്ധിയിലാണ് എന്ന പ്രഖ്യാപനത്തിനപ്പുറം, ഈ പ്രതിസന്ധിയുടെ കാരണം ആരോടെങ്കിലും വെളിപ്പെടുത്തേണ്ട ഉത്തരവാദിത്ത്വം ആര്‍ക്കുമില്ല. അതുപോലെതന്നെ, പണം നല്‍കുക എന്നതില്‍ക്കവിഞ്ഞ് കണക്കു ചോദിക്കാനുള്ള അവകാശം വിശ്വാസികള്‍ക്കുമില്ല! കത്തോലിക്കാസഭ ആരംഭിച്ച ജീവന്‍ ടീവി ഇന്ന് ആരുടെ ഉടമസ്ഥതയിലാണ്? ഇങ്ങനെയൊരു ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നതിന് വിശ്വാസികള്‍ നല്‍കിയ പണം എവിടെ? ടെലിവിഷന്‍ ചാനല്‍ എന്ന ആശയവുമായി തൃശ്ശൂര്‍ അതിരൂപതയുടെ മതബോധന കേന്ദ്രത്തില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ മനോവയും പങ്കെടുത്തിരുന്നു. കന്യാസ്ത്രീ മഠങ്ങളുടെ ചാരിറ്റി ഫണ്ടില്‍നിന്നുപോലും നിര്‍ബന്ധിത പിരിവ് നടത്തിയാണ് ചാനല്‍ ആരംഭിച്ചത്. വിശ്വാസികളില്‍നിന്നു പണം സമാഹരിക്കാന്‍ കത്തോലിക്കാസഭയുടെ ഓരോ പള്ളികളിലും ഇടയലേഖനം വായിച്ചു. ഞായറാഴ്ചകളില്‍ നടത്തുന്ന പിരിവുകള്‍ ജീവന്‍ ടീവിയ്ക്കായി മാറ്റിവച്ചു. ഇപ്പോള്‍ ഈ ചാനലിന്റെ ഉടമസ്ഥത സ്വകാര്യ മുതലാളിമാരുടെ കൈകളില്‍ എങ്ങനെ എത്തിച്ചേര്‍ന്നു? ചാനല്‍ വിറ്റപ്പോള്‍ ലഭിച്ച തുക വിശ്വാസികള്‍ക്കു മടക്കി നല്‍കിയോ? ഇതുതന്നെയാണ് ദീപികയുടെ അവസ്ഥയും!
സമുദായത്തിന്റെ ശബ്ദമായി നിലകൊള്ളാന്‍ സ്ഥാപിതമായ ദീപികയിലൂടെ നാം കേട്ടത് സമുദായ ദ്രോഹിയുടെ ശബ്ദമാണ്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ അഴിഞ്ഞാടുന്ന ഇസ്ലാമിക തീവ്രവാദികളുടെ കുഴലൂത്തുകാരായി അധഃപതിച്ച ഈ പത്രത്തെ താങ്ങിനിര്‍ത്താനുള്ള ഉത്തരവാദിത്വം ക്രിസ്ത്യാനികള്‍ ഏറ്റെടുക്കണമോ എന്നത് ആലോചിച്ചുനോക്കുക. ഇസ്ലാമിക തീവ്രവാദികളാല്‍ കൊലചെയ്യപ്പെടുന്ന ക്രിസ്ത്യാനികളെ ദീപിക കാണാറില്ല. എന്നാല്‍, ഭീകരന്മാര്‍ക്ക് യൂറോപ്പില്‍ സംരക്ഷണമൊരുക്കാനുള്ള നെട്ടോട്ടത്തില്‍ എല്ലാ ക്രിസ്തീയവിരുദ്ധ മാധ്യമങ്ങളെയും പിന്നിലാക്കിക്കൊണ്ട് ദീപിക തങ്ങളുടെ നിലപാട് വ്യക്തമാക്കി. യൂറോപ്പില്‍ കടന്നുകൂടിയ ഭീകരന്മാര്‍ അഴിഞ്ഞാടുമ്പോള്‍പ്പോലും ഇവരെ ന്യായീകരിക്കുന്ന നിലപാടാണ് ദീപിക സ്വീകരിക്കുന്നത്. ക്രിസ്തുമസ് ചന്തയിലേക്ക് ട്രക്കുമായി ഇടിച്ചുകയറി നിരപരാധികളെ വകവരുത്തിയപ്പോഴും, യൂറോപ്പിലെ സ്ത്രീകളുടെ വസ്ത്രം ഉരിഞ്ഞപ്പോഴും ദീപിക പുലര്‍ത്തിയ നിസംഗത ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇസ്രായേലിന്റെ അതിര്‍ത്തി പ്രശ്നത്തില്‍ ദൈവവചന വിരുദ്ധമായ നിലപാടിലൂടെ ദീപികയുടെ പൈശാചിക പക്ഷപാതം കൂടുതല്‍ വ്യക്തമായി. സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുകയും ഭ്രൂണഹത്യ നടത്തുന്നതിനു പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഹിലാരി ക്ലിന്റണെ പിന്തുണച്ചതിലൂടെ കത്തോലിക്കാവിരുദ്ധ പക്ഷത്താണ് തങ്ങളെന്ന് ഈ പത്രം ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഭ്രൂണഹത്യയെയും സ്വവര്‍ഗ്ഗ വിവാഹത്തെയും ശക്തമായി എതിര്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ ഇപ്പോഴും അംഗീകരിക്കാന്‍ ദീപികയ്ക്കു സാധിച്ചിട്ടില്ല! ഇസ്ലാമിനുവേണ്ടി വിടുവേല ചെയ്യുന്ന ഇവരെയാണോ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ പിന്തുണയ്ക്കേണ്ടത്?
പലസ്തീന്‍ പ്രശ്നത്തില്‍ സ്വീകരിച്ച നിലപാടും ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയ ഡൊണാള്‍ഡ് ട്രംപിനോട് കാണിക്കുന്ന അസഹിഷ്ണുതയും ദീപികയുടെ ക്രിസ്തീയവിരുദ്ധത വ്യക്തമാക്കുന്നതാണ്. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുന്ന ഇസ്ലാമിന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നതിലൂടെ ഇത് കൂടുതല്‍ വ്യക്തമായി. ഇസ്രായേലിന് തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചു കൊടുത്തത് അവര്‍ സേവിക്കുന്ന അവരുടെ ദൈവമാണ്. ഈ ലോകത്ത് നിലവിലുള്ള മറ്റേതൊരു ജനതയോടും അവരുടെ ദേവന്മാര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ദൈവം നല്‍കിയ മണ്ണ് പൂര്‍ണ്ണമായി സ്വന്തമാക്കാന്‍ ഇതുവരെയും ഇസ്രായേലിനു കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍, എക്കാലവും ഈ ജനത്തിനു ഭീഷണിയായി സമീപത്തു കയറിക്കൂടിയിരിക്കുന്ന അപരിഷ്കൃത സമൂഹമായ ഇസ്ലാമിനുവേണ്ടി ലോകം നിലകൊള്ളുന്നു. ലോക മാധ്യമങ്ങളെല്ലാം ഹമാസ് എന്ന തീവ്രദസംഘടനയുടെ പക്ഷത്താണ്. ഇത് ലോകത്തിന്റെയും അതിന്റെ സംവീധാനങ്ങളുടെയും പ്രത്യേകതയാണ്. എന്നാല്‍, ക്രിസ്ത്യാനികളുടെ വക്താക്കളായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ദീപിക ഈ പക്ഷത്തു നില്‍ക്കാന്‍ പാടില്ല. എന്തെന്നാല്‍, ഇസ്രായേലിന്റെ ദൈവംതന്നെയാണ് ക്രിസ്ത്യാനികളുടെയും ദൈവം! ഈ ദൈവത്തിന്റെ തീരുമാനത്തിനെതിരേ നിലപാടെടുക്കുന്ന ദീപിക ദൈവനിഷേധിയുടെ വക്താവായി അധഃപതിച്ചു. അതിനാല്‍ത്തന്നെ, ദീപിക ക്രൈസ്തവരുടെ ശത്രുപക്ഷത്താണ്!
ക്രിസ്തീയതയ്ക്കുവേണ്ടിയോ ക്രിസ്തീയ വിശ്വാസികള്‍ക്കുവേണ്ടിയോ ദീപിക ഒരു സംഭാവനയും ചെയ്തിട്ടില്ല. എന്നാല്‍, വിശ്വാസികളില്‍നിന്നു സംഭാവന സ്വീകരിക്കുന്നതില്‍ ഒരു മടിയും കാണിച്ചിട്ടുമില്ല. സഭയിലെ മെത്രാന്മാര്‍ക്കും വൈദീകര്‍ക്കും സന്യാസസമൂഹത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ദീപികയുടെ ദൃഷ്ടിയില്‍ ഇക്കൂട്ടര്‍ മാത്രമാണ് സഭ! കത്തോലിക്കാസഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ക്ക് എന്തെങ്കിലും ഭീഷണിയുണ്ടായാല്‍ ദീപിക ഉണരാറുണ്ട്. എന്നാല്‍, സാധാരണ വിശ്വാസികള്‍ നേരിടുന്ന വിശ്വാസപരവും സാമൂഹികപരവുമായ പ്രശ്നങ്ങള്‍ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. കത്തോലിക്കാസഭയുടെ 'കോര്‍പ്പറേറ്റ്' സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുവേണ്ടി മാത്രമായി ഒരു പത്രത്തെ താങ്ങിനിര്‍ത്താനുള്ള ബാധ്യത വിശ്വാസികള്‍ ഏറ്റെടുക്കേണ്ടതില്ല. നഴ്സിംഗ് മേഖലയില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. ക്രിസ്ത്യന്‍ മാനേജുമെന്റിനു കീഴില്‍ പണിയെടുക്കുന്ന ഇവര്‍ ന്യായമായ വേതനം ആവശ്യപ്പെടുമ്പോള്‍ ദീപികയെടുക്കുന്ന നിലപാട് ആരോടൊപ്പമാണ്? വിശ്വാസികളെ ചൂഷണംചെയ്യുന്ന വിഭാഗത്തോടൊപ്പം എക്കാലവും നിലയുറപ്പിച്ചിട്ടുള്ള ദീപിക വിശ്വാസികളുടെ പത്രമല്ല! ഈ പത്രത്തെ നിലനിര്‍ത്തേണ്ടത് കത്തോലിക്കാസഭയിലെ കച്ചവടക്കാരുടെ മാത്രം അനിവാര്യതയാണെന്നു നാം തിരിച്ചറിയണം. കാഞ്ഞിരപ്പള്ളി മെത്രാനും സി. എം. ഐ സമൂഹത്തിനും മാത്രമല്ല, സഭയെ മറയാക്കി കച്ചവടം നടത്തുന്ന ഓരോരുത്തര്‍ക്കും ദീപിക പ്രിയങ്കരിയാണ്!
ദീപികയെ വളര്‍ത്താന്‍ വീണുകിട്ടിയ അവസരം!
മലയാള മനോരമ പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത ചിത്രത്തെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ നാം കണ്ടു. ആവിഷ്കാരത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന ധാര്‍ഷ്ട്യം ചിലര്‍ വച്ചുപുലര്‍ത്തുന്നതിനെ ന്യായീകരിക്കാന്‍ മനോവ തയ്യാറല്ല. ഇത്തരത്തിലുള്ള ആവിഷ്ക്കാരങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കില്‍, അവയെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആസ്വാദകര്‍ക്കുമുണ്ട്. ദേശീയഗാനം തന്നിഷ്ടപ്രകാരം ആവിഷ്കരിക്കാന്‍ ആര്‍ക്കെങ്കിലും സ്വാതന്ത്ര്യമുണ്ടോ? ദേശീയപതാകയുടെ കാര്യത്തിലും ഈ ചോദ്യംതന്നെ ആവര്‍ത്തിക്കുന്നു. ആടുജീവിതം നയിച്ചവന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കടുക്കാവെള്ളത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ ബെന്ന്യാമിന്‍ ഒരുപക്ഷെ അതിന്റെ പ്രചാരകനായി മാറിയേക്കാം. എന്നാല്‍, മയക്കുമരുന്നിന്റെ ലഹരിയില്‍ തൂലിക ചലിപ്പിക്കുന്നവര്‍ക്ക് ആരുടെമേലും കടന്നുകയറാമെന്നു കരുതുന്നുവെങ്കില്‍ അത് ദുര്‍മ്മോഹം മാത്രമാണ്. ഭാഷാപോഷിണിയിലെ ലേഖനവും ചിത്രവും പിന്‍വലിച്ചുവെങ്കിലും, അത് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങിയെന്നത് അവരുടെ ധാര്‍ഷ്ട്യമായിത്തന്നെ കാണുന്നു.
എന്നാല്‍, മനോരമയ്ക്കു നേരേ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ നടത്തിയ കോലാഹലങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കാരണം, ഇതിനുപിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്! ക്രിസ്തീയ വിശ്വാസത്തിനു ഭീഷണിയാകുന്ന വിധത്തിലുള്ള എന്തെങ്കിലും മനോരമയിലോ ഭാഷാപോഷിണിയിലോ പ്രസിദ്ധീകരിച്ചിട്ടില്ല. അന്ത്യാത്താഴ ചിത്രത്തിനോടു സാമ്യമുള്ള ഒരു ചിത്രം പ്രസിദ്ധീകരിക്കാന്‍ ഇവര്‍ ഒരുങ്ങിയെന്നത് വിശ്വാസത്തെ ഏതെങ്കിലും തരത്തില്‍ വൃണപ്പെടുത്തുമെന്ന് കരുതാന്‍ വയ്യ. യേഹ്ശുവായോടോ അവിടുത്തെ ശിഷ്യന്മാരോടോ സാമ്യമുള്ള ആരെയും ആ ചിത്രത്തില്‍ കാണാന്‍ കഴിയില്ല. യേഹ്ശുവായെ മോശമായി ചിത്രീകരിച്ചിരുന്നുവെങ്കില്‍ ഈ എതിര്‍പ്പിനെ ന്യായീകരിക്കാന്‍ കഴിയുമായിരുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. യേഹ്ശുവായെ മോശമാക്കി എന്നതല്ല എതിരാളികളുടെ പ്രശ്നം; മറിച്ച്, വൈദീകര്‍ക്കും സന്യാസിനികള്‍ക്കും പൊള്ളി എന്നതാണ് വിഷയം! യേഹ്ശുവായെ ഏറ്റവും മോശമായി ചിത്രീകരിക്കാന്‍ വൈദീകര്‍ക്ക് ഒരു മടിയുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! വൈദീകര്‍ നടത്തുന്ന സന്യാസാശ്രമങ്ങളില്‍ യേഹ്ശുവായെ ചിത്രീകരിച്ചിരിക്കുന്നത് എത്ര മ്ലേച്ഛമായിട്ടാണ്! വിശ്വാസികള്‍ക്ക് ഇതിലുള്ള വേദന ആരെങ്കിലും കണക്കിലെടുക്കുന്നുണ്ടോ? മഹാഭാരതം കഥയിലെ കൃഷ്ണനെപ്പോലെയും 'ബോധിവൃക്ഷ' ചുവട്ടില്‍ ധ്യാനിച്ചിരിക്കുന്ന ബുദ്ധനെപ്പോലെയും യേഹ്ശുവായെ ചിത്രീകരിച്ചു പരിഹസിക്കാന്‍ ഒരു സങ്കോചവും ഇല്ലാത്തവരാണ് അന്ത്യാത്താഴ ചിത്രം ഉയര്‍ത്തിപ്പിടിച്ചു കൊലവിളി നടത്തുന്നത്.
അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന ഒന്നും നാം ചെയ്യരുതെന്ന താക്കീത് നമ്മുടെ ദൈവം നല്‍കിയിട്ടുണ്ട്. ഈ ദൈവത്തെത്തന്നെ അന്യദേവന്മാരുടെ രൂപത്തില്‍ ചിത്രീകരിക്കുന്നത് അവിടുത്തെ വെല്ലുവിളിക്കുന്നതിനു സമമാണ്. നിങ്ങള്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നതല്ല. ശിവലിംഗത്തിനു മുകളില്‍ കുരിശു സ്ഥാപിച്ചുകൊണ്ട് വിശ്വാസികളെ വേദനിപ്പിക്കുന്നത് നിങ്ങളല്ലേ? വിജാതിയ ആചാരങ്ങള്‍ കെട്ടിയേല്പിച്ചുകൊണ്ട് വിശ്വാസികളെ നിങ്ങള്‍ വഞ്ചിക്കുന്നില്ലേ? സൂര്യനമസ്കാരത്തെ 'യേശു നമസ്കാരം' ആക്കിയത് മനോരമയാണോ? ഇത്തരത്തിലുള്ള അനേകം മ്ലേച്ഛതകള്‍ സഭയില്‍ സ്ഥാപിച്ചുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കുന്ന നിങ്ങള്‍ക്ക് മനോരമയെ ചോദ്യംചെയ്യാന്‍ എന്ത് അധികാരമാണുള്ളത്?! ക്രിസ്തീയതയെ അവഹേളിക്കുകയും വിശ്വാസികളെ വേദനിപ്പിക്കുകയും ചെയ്യുന്ന ഇക്കൂട്ടരെ നിലക്കുനിര്‍ത്താന്‍ കഴിയാത്തവര്‍ എന്തിനു മനോരമയ്ക്കെതിരെ രോഷംകൊള്ളുന്നു? രാമായണമാസം ആഘോഷിക്കുകയും ആശംസിക്കുകയും ചെയ്യുന്ന വൈദീകവേഷധാരികള്‍ ക്രിസ്തീയ സഭകളിലുണ്ട്. ഇവരൊക്കെ നല്‍കുന്നതിനേക്കാള്‍ അധികമായ വേദനയൊന്നും മൈക്കല്‍ ആഞ്ചലോയുടെ ഭാവനയില്‍ കൈവച്ചവര്‍ ക്രിസ്ത്യാനികള്‍ക്കു നല്‍കിയിട്ടില്ല. മൈക്കല്‍ ആഞ്ചലോ ഒരു നല്ല കലാകാരനാണ് എന്നത് സമ്മതിക്കുന്നു. എന്നാല്‍, ആ മനുഷ്യന്റെ ഭാവനകളെല്ലാം ദൈവീക ദര്‍ശനങ്ങളായിരുന്നില്ല. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാവനകളും മൈക്കല്‍ ആഞ്ചലോയുടെ ചിത്രങ്ങളിലുണ്ട്. ഇവയില്‍ ചിലതെല്ലാം ദിവ്യപരിവേഷം നല്‍കി അള്‍ത്താരകളില്‍ സ്ഥാപിച്ചിട്ടുമുണ്ട്. ഇത്തരം ചിത്രങ്ങളെ ആരെങ്കിലും മോശമായി ഉപയോഗിക്കുന്നതിലൂടെ ക്രിസ്ത്യാനികളുടെ വിശ്വാസം വൃണപ്പെടുന്നില്ല.
മറ്റെല്ലാ മാധ്യമങ്ങളെയുംപോലെ കച്ചവട ലക്ഷ്യത്തോടെ നിലകൊള്ളുന്ന പത്രമാണ് മനോരമ. തങ്ങള്‍ ക്രിസ്തീയതയുടെ പ്രചാരകരാണെന്നോ, ഏതെങ്കിലും സമുദായത്തിന്റെ സംരക്ഷകരാണെന്നോ മനോരമ ഇന്നുവരെ അവകാശപ്പെട്ടിട്ടില്ല. ഏതെങ്കിലും സമുദായങ്ങളുടെ ചെയ്തികളെ മറച്ചുപിടിക്കാനുള്ള ഉത്തരവാദിത്വവും അവര്‍ ഏറ്റെടുത്തിട്ടില്ല. പിന്നെ എന്താണ് നിങ്ങളെ ചൊടിപ്പിച്ചത്? മാപ്പുചോദിക്കുകയും തെറ്റുതിരുത്തുകയും ചെയ്തിട്ടും ക്ഷമിക്കാനാകാത്തവിധം മനോരമയോടുള്ള പകയുടെ പിന്നില്‍ എന്താണുള്ളത്?
എതിരാളികളുടെ വക്താവ് എന്നനിലയില്‍, മഹാപണ്ഡിതനായ ഡോക്ടര്‍ പാമ്പ്ലാനി തന്നെ പകയുടെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. ഈ കാരണങ്ങളൊന്നും വിശ്വാസത്തെയോ വിശ്വാസികളെയോ ബാധിക്കുന്നതല്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. പാമ്പ്ലാനി ഉയര്‍ത്തിയ കാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും. അഭയകേസില്‍ പ്രതികളെന്നു കരുതപ്പെടുന്നവരെ സിബിഐ പിടികൂടിയപ്പോള്‍, മനോരമയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നതാണ് പാമ്പ്ലാനിയെയും സംഘത്തെയും വേദനിപ്പിച്ച ഒരു സംഭവം! വൈദീകര്‍ പ്രതിസ്ഥാനത്തു വരുന്ന വാര്‍ത്തകള്‍ക്ക് മനോരമ അമിത പ്രാധാന്യം കൊടുക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. ഒരുകാര്യം ഓര്‍ക്കുക: ടെലിവിഷന്‍ ചാനലുകളുടെ കാര്യത്തിലും പത്രമാധ്യമങ്ങളുടെ കാര്യത്തിലും മാത്രമല്ല, സമൂഹ മാധ്യമങ്ങളുടെ കാര്യത്തിലും മലയാളികളോളം സ്വയംപര്യാപ്തത കൈവരിച്ച മറ്റൊരു സമൂഹവും ഈ ഭൂമുഖത്തില്ല. അതുകൊണ്ടുതന്നെ, പഴയതുപോലെ എല്ലാക്കാര്യങ്ങളും അധികകാലം മൂടിവയ്ക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വളരുകയും, സഭയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന വ്യക്തികളെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് അധികാരികള്‍ ചെയ്യേണ്ടത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടില്‍നിന്നു നേതൃത്വം പിന്‍തിരിയണം. പൈശാചികതയുടെ വക്താക്കളായ ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍മൂലം ദുഷിക്കുന്നത് സഭ ഒന്നടങ്കമാണ്! വിശുദ്ധരായ വൈദീകരെപ്പോലും അപകീര്‍ത്തിപ്പെടുത്തുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭയുടെ അകത്തളങ്ങളില്‍ വിലസുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുമ്പോഴും വിശ്വാസങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴും ഇല്ലാത്ത കോലാഹലങ്ങള്‍ മനോരമയിലെ ചിത്രത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നവര്‍ എന്തുകൊണ്ടാണ് 'മഹാരാജാസ് കോളേജിലെ ആഭാസന്മാരോട് പ്രതികരിക്കാത്തത്? യേഹ്ശുവായെയും പരിശുദ്ധ കന്യകാമറിയത്തെയും ആക്ഷേപിച്ചപ്പോള്‍ ആര്‍ക്കും എന്താണ് വേദനിക്കാത്തത്? വൈദീകര്‍ക്കും അധികാരികള്‍ക്കും വ്യക്തിപരമായി വേദനയുണ്ടാക്കുന്ന വിഷയം മാത്രമാണ് സഭയുടെ വിഷയം. മാത്രവുമല്ല, ദീപികയെ വളര്‍ത്തിയെടുക്കാന്‍ വീണുകിട്ടിയ അവസരമായി ഇതിനെ കാണുകയും ചെയ്യുന്നു. മഹാരാജാസ് കോളേജിലെ എസ്. എഫ്. ഐ പ്രവര്‍ത്തകരുടെ പൈശാചികതയോടു പ്രതികരിക്കുന്നതിലൂടെ അധികാരികള്‍ക്ക് നേട്ടമൊന്നുമില്ല. ദീപിക എന്ന മഞ്ഞപ്പത്രത്തെ വിശ്വാസികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ കഴിയുന്ന യാതൊന്നും മഹാരാജാസ് സംഭവം ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ ലഭിക്കാനുമില്ല! മനോരമയെ ബഹിഷ്കരിച്ച്, പകരം ദീപികയുടെ വരിക്കാരാകാനുള്ള ആഹ്വാനവുമായി ഇടയലേഖനങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു! വിശ്വാസികള്‍ ഈ വഞ്ചനയില്‍ കുടുങ്ങരുത്. ക്രിസ്തീയ വിരുദ്ധതയുടെ പൂര്‍ണ്ണതയായ ദീപികയെ ബഹിഷ്കരിക്കാന്‍ നാം തയ്യാറാകണം! എന്തെന്നാല്‍, ക്രിസ്ത്യാനികളുടെ മേല്‍വിലാസത്തില്‍ ക്രിസ്തീയതയെ നിഷേധിക്കുന്ന പത്രമാണ് ദീപിക!
ചേര്‍ത്തുവായിക്കാന്‍: സുറിയാനി കത്തോലിക്കരുടെ സ്വന്തം പത്രമായ ദീപികയുടെ മുതലാളിയായി ഫാരീസ് അബുബക്കര്‍ മാറിയത് വിശ്വാസികള്‍ അറിഞ്ഞില്ല. ഇന്ത്യാവിഷനും മാതൃഭൂമിയും അച്യുതാനന്ദനുമാണ് ഇത് വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്! വിവാദമായപ്പോള്‍ ഫാരീസ് ഒഴിഞ്ഞുവെന്ന് പറയുന്നുവെങ്കിലും എന്താണു സത്യമെന്ന് ആര്‍ക്കും അറിയില്ല! ഇനി ആര്‍ക്കെങ്കിലും വില്പന നടത്തിയാല്‍പ്പോലും ചോദ്യംചെയ്യാനുള്ള അവകാശവും വിശ്വാസികള്‍ക്കില്ല! അപ്രമാദിത്വ അധികാരത്തിനുകീഴില്‍ എല്ലാം ഭദ്രം! വിശ്വാസികളില്‍ ആരെയെങ്കിലും അധികാരികള്‍ വില്‍ക്കുകയോ പണയംവയ്ക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് ഓരോരുത്തരും കൂടെക്കൂടെ അന്വേഷിച്ചുകൊണ്ടിരിക്കുക!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-